മനുഷ്യന്‍ കൃഷി തുടങ്ങിയത് ക്രിസ്തുവിനു 12,000 വര്‍ഷം മുമ്പായിരുന്നിരിക്കണമെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. അന്നും ഇന്നും ഊര്‍ജ്ജവും കൃഷിയില്‍ ഉപയോഗിച്ചുവരുന്നു. പ്രവര്‍ത്തിചെയ്യാന്‍ ആവശ്യമായ കഴിവാണല്ലോ ഊര്‍ജ്ജം. പക്ഷെ അന്നത്തെ കൃഷിയില്‍ മനുഷ്യശക്തി തന്നെയായിരുന്നു പ്രധാന ഊര്‍ജ്ജസ്രോതസ്സ്. പിന്നെയും ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞ് മാത്രമാണ് ഊര്‍ജ്ജത്തിനായി മൃഗങ്ങളെ ഉപയോഗിച്ചുതുടങ്ങിയത്. കൃഷി ചരിത്രത്തിന്‍റെ നാള്‍വഴിയില്‍ ഡീസല്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറുകളുമൊക്കെ ഉപയോഗിച്ച് തുടങ്ങിയത് വളരെ അടുത്തകാലത്ത് മാത്രം. 1900-ല്‍ പാരീസില്‍ നടന്ന ഒരു പ്രദര്‍ശനത്തിലാണ് റുഡോള്‍ഫ് ഡീസല്‍ എന്ന ജര്‍മന്‍ എഞ്ചിനീയര്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത എഞ്ചിന്‍ ആദ്യമായി അവതരിപ്പിച്ചത്. സസ്യഎണ്ണയാണ് അന്ന് ആ എഞ്ചിനില്‍ ഉപയോഗിച്ചത് എന്നതും സത്യം. ഇന്നത്തെ പെട്രോള്‍-ഡീസല്‍ പ്രചാരത്തിലാവാന്‍ പിന്നെയും കാലം കുറെ വേണ്ടിവന്നു.
എന്നാല്‍, ഇന്ന് ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നതിനേക്കാളധികം ഡീസല്‍ കൃഷിയില്‍ ഉപയോഗിക്കുന്നു. വൈദ്യുതിയുടെ ഉപയോഗവും നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്നു. കൃഷിയേയും കൃഷിക്കാരനെയും പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനമെന്ന ആഗോളവിപത്തിന് പ്രധാനകാരണം കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ ഖനിജ ഊര്‍ജ്ജസ്രോതസ്സുകളുടെ അമിതോപയോഗമാണ്. 2015 ഡിസംബറില്‍ പാരീസില്‍ നടന്ന അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ കല്‍ക്കരിയുടെയും പെട്രോളിയം ഉത്പ്പന്നങ്ങളുടെയും ഉപയോഗം പരമാവധി നിയന്ത്രിച്ച് ആഗോളതാപനം രണ്ട് ഡിഗ്രിയില്‍ കൂടാതെ പിടിച്ചുനിര്‍ത്താനാണ് തീരുമാനം.
മറ്റ് മേഖലകളിലെപ്പോലെതന്നെ നാള്‍ക്കുനാള്‍ ഊര്‍ജോപയോഗം വര്‍ധിച്ചുവരുന്ന ആധുനിക കൃഷിയിലും ഊര്‍ജ്ജസംരക്ഷണത്തിനും അക്ഷയോര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിനും മുന്തിയ പരിഗണന കൊടുക്കേണ്ടത് അത്യാവശ്യമാണ്. പുരയിടക്കൃഷി വ്യാപകമായി കേരളം പോലുള്ള സ്ഥലങ്ങളില്‍ കൃഷിയിലെയും വീട്ടിലെയും ഊര്‍ജ്ജ ഉപഭോഗത്തെ ഒരുമിച്ച് പരിഗണിക്കുകയാണ്.
കാര്‍ഷിക-ഗാര്‍ഹിക മേഖലകളില്‍ അക്ഷയോര്‍ജ്ജത്തിന്‍റെ സാധ്യതകളെപ്പറ്റി പറയുമ്പോള്‍ ഏറ്റവും പ്രധാനം ജൈവോര്‍ജ്ജത്തിന് തന്നെയാണ്. ജൈവോര്‍ജ്ജം എന്നാല്‍ ജീവനുള്ള സസ്യങ്ങളില്‍നിന്നും മൃഗാവശിഷ്ടങ്ങളില്‍ നിന്നുമൊക്കെ ലഭ്യമായ ഊര്‍ജ്ജം എന്നാണ് അര്‍ത്ഥമാക്കുന്നത്. ജൈവ ഡീസല്‍ മുതല്‍ ജൈവ വാതകം വരെയും വിരക് മുതല്‍ കാളകളുടെ ശക്തിവരെയും ഈ വിഭാഗത്തില്‍പ്പെടും. ഒരു മരം മുറിച്ച് വിറക് കത്തിക്കുകയാണെങ്കില്‍ ആ മരം ജീവിച്ചിരുന്ന കാലത്ത് അന്തരീക്ഷത്തില്‍നിന്നും ആഗിരണം ചെയ്ത കാര്‍ബണ്‍ ഡയോക്സൈഡ് മാത്രമേ പുറന്തള്ളുന്നുള്ളൂ. പകരം ഒരു മരം നടുമ്പോള്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡിനെ തിരികെ പിടിക്കാനും പറ്റുന്നു. കാര്‍ബണ്‍ സീക്വസ്ട്രേഷന്‍ എന്നാണ് പ്രവര്‍ത്തനത്തിന്‍റെ സാങ്കേതിക സംജ്ഞ.
ജൈവോര്‍ജ്ജ സ്രോതസ്സുകളില്‍ ഇക്കാലത്ത് ഏറ്റവും പ്രധാനം ജൈവവാതകം തന്നെയാണ്. ജൈവമാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്നതാണിതിന്‍റെ ഗുണം. പലതരത്തിലും വലുപ്പത്തിലുമുള്ള ജൈവവാതക പ്ലാന്‍റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാറ്റി സ്ഥാപിക്കാവുന്ന വിവിധതരം പ്ലാന്‍റുകളും ഇന്ന് സുലഭമാണ്. ജൈവവസ്തുക്കള്‍ അവായു ബാക്ടീരിയകളാല്‍ വിഘടിപ്പിക്കുമ്പോള്‍ മീഥേനും കാര്‍ബണ്‍ ഡയോക്സൈഡും പ്രധാന ഘടകങ്ങളായ ഒരു ഇന്ധന വാതകം ലഭ്യമാകുന്നു. ഏകദേശം 55-60 ശതമാനം മീഥേനുള്ള ഈ വാതകത്തിന്‍റെ താപമൂല്യം ഒരു ക്യുബിക് മീറ്ററിന് 20 മെഗാജൂള്‍ ആണ്. സാധാരണ ഒരു ബര്‍ണര്‍ ഒരു മണിക്കൂര്‍ കത്തുവാന്‍ ഏകദേശം 300 ലിറ്റര്‍ ജൈവവാതകം ആവശ്യമുണ്ട്. ഒരുകിലോ അടുക്കള മാലിന്യത്തില്‍നിന്നും ഏതാണ്ട് 50-60 ലിറ്റര്‍ ജൈവവാതകം ലഭിക്കും. (ചാണകമാണെങ്കില്‍ 35-40 ലിറ്റര്‍).
ജലാംശം കുറവുള്ള ചിരട്ട, വിറക്, മറ്റ് കാര്‍ഷികാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നും വാതകം ഉത്പാദിപ്പിക്കാനുള്ള തെര്‍മോ കെമിക്കല്‍ ഗ്യാസിഫയറുകളും ഇന്ന് പ്രചാരം നേടിവരുന്ന സാങ്കേതികവിദ്യയാണ്. വിറകുപയോഗിക്കാവുന്ന ഗ്യാസിഫയര്‍ അടുപ്പുകളും ചില ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കരിയും പുകയും ഇല്ലാതെ വിറകുകൊണ്ട് പാചകംചെയ്യാവുന്നവയാണ് ഇത്തരം അടുപ്പുകള്‍.
സൗരോര്‍ജ്ജം നേരിട്ടുപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ ഇന്ന് ഏറെ പ്രചാരം നേടിവരുന്നു. സൌരോര്‍ജ്ജഘടകങ്ങളായ താപവും പ്രകാശവും ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യകള്‍ വിഭിന്നങ്ങളാണ്. പ്രകാശത്തില്‍നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന ഫോട്ടോ വോള്‍ട്ടേയിക് സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായിരുന്ന സോളാര്‍ പാനലുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്നുണ്ട്. മലയാളികള്‍ ഒരു നല്ല ടോയ്‌ലറ്റിന് ചെലവാക്കുന്ന തുകയ്ക്ക് ഒരു കിലോവാട്ടിന്‍റെ സോളാര്‍ പവര്‍ സംവിധാനം സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് സത്യം. സോളാര്‍ പാനല്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന പമ്പുകളും ലഭ്യമാണ്.
സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ മിക്ക രാജ്യങ്ങളിലും വളരെ വ്യാപകമായി ഉപയോഗിക്കുന്നു. വൈദ്യുതിച്ചെലവില്ലാതെ വെള്ളം ചൂടാക്കാനുള്ള ഈ സംവിധാനം പാചകാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. സോളാര്‍ വാട്ടര്‍ ഹീട്ടറില്‍നിന്നുള്ള ചൂടുവെള്ളമുപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ പകുതിയിലധികം ഇന്ധനം ലാഭിക്കാന്‍ കഴിയും.
വിളകള്‍ ഉണങ്ങിയെടുക്കാന്‍ പരമ്പരാഗതമായി സൂര്യന്‍റെ താപം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സോളാര്‍ ഡ്രയറുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വൃത്തിയായും വേഗത്തിലും സുഗന്ധവിളകളും മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങളും ഉണക്കിയെടുക്കാന്‍ കഴിയും.
ഇതിനൊക്കെ പുറമേ കൃഷിയിലെ ഊര്‍ജ്ജോപഭോഗം കുറയ്ക്കാനായി കാര്‍ഷികോപകരണങ്ങളുടെ കാര്യക്ഷമത കൂട്ടേണ്ടതുണ്ട്. ജലസേചന പമ്പുകള്‍ മുതല്‍ ട്രാക്ടര്‍ വരെയുള്ള യന്ത്രോപകരണങ്ങളുടെ ക്ഷമത കൂട്ടേണ്ടത് അത്യാവശ്യമാണ്. ട്രാക്ടറില്‍ ഘടിപ്പിച്ചുപയോഗിക്കാവുന്ന റോട്ടവേറ്റര്‍ പൊടിപ്പുട്ടിനു ഊര്‍ജ്ജം ലാഭിക്കാവുന്നതാകുന്ന ഉപകരണമാണ്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത് സര്‍ക്കാര്‍ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന കെ.എ.യു. പഡ്ലര്‍ ചെളിപ്പൂട്ടില്‍ ഊര്‍ജ്ജവ്യയം കുറയ്ക്കാനുതകുന്ന ഉപകരണമാണ്. ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ഒരു കിലോ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പോകുന്നത് തടയുന്നതിന് തുല്യമാണ്. ഓരോ തുള്ളി ഇന്ധനത്തിന്‍റെയും പാഴ്ചെലവ് ആഗോളതാപനത്തിന് വഴിവയ്ക്കും.
അക്ഷയോര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗിച്ചും ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കിയും ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാനുള്ള ശ്രമങ്ങളില്‍ നമുക്ക് പങ്കുചേരാം.
ഡോ.പി.ഷാജി ജെയിംസ്
കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി, കേരള കാര്‍ഷിക സര്‍വ്വകലാശാല, തൃശ്ശൂര്‍
കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷികഗൈഡ്
അവസാനം പരിഷ്കരിച്ചത് : 8/30/2019