കാലവര്‍ഷം കനിഞ്ഞപ്പോള്‍ വയനാട്ടിലെ കാരാപ്പുഴ, ബാണാസുര അണകളില്‍ ജലസമൃദ്ധിയുടെ ചൈതന്യം. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന മഴ വയനാട് ജില്ലയിലെ രണ്ടു വന്‍കിട അണകളിലും ജലനിരപ്പ് ഉയര്‍ത്തുകയാണ്. കാരാപ്പുഴ അണയില്‍ 758.2-ഉം ബാണാസുരയില്‍ 769.65-ഉം എം എസ്എല്‍ ആണ് 2018 ജൂൺ എട്ടിന് രേഖപ്പെടുത്തിയ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ കാരാപ്പുഴ അണയുടെ ഷട്ടറുകള്‍ ഇ ഭാഗികമായി ഉയര്‍ത്തുകയാണ് പതിവ്.. 76.5 മില്യണ്‍ ക്യുബിക് മീറ്ററാണ് കാരാപ്പുഴ അണയുടെ ജലസംഭരണശേഷി. 775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ 75.84 മില്ലീ മീറ്റര്‍ മഴ പെയ്തു. ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെ 1081.30 മില്ലീമീറ്റര്‍ മഴ വയനാട്ടിൽ ലഭിച്ചു.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്ത പദ്ധതിക്കായി നിര്‍മിച്ചതാണ് കാരാപ്പുഴ അണ. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 1978-ല്‍ 7.60 കോടി രൂപ മതിപ്പുചെലവില്‍ വിഭാവനം ചെയ്ത പദ്ധതി ഇപ്പോഴും പൂര്‍ണമായും കമ്മീഷന്‍ ചെയ്തിട്ടില്ല. റിസര്‍വോയറിന്റെ ഭാഗമാക്കുന്നതിനു നെല്ലാറച്ചാല്‍, കുമിള്‍ക്കണ്ടി എന്നിവിടങ്ങളിലായി ഏഴ് ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ ബാക്കിയാണ്. ജനവാസമുള്ള ഈ പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യത്തിലാണ് ഇന്നലെ അണയുടെ ഷട്ടറുകള്‍ ഭാഗികമായി തുറന്നത്.
കാരാപ്പുഴ അണയിലെ വെള്ളം നിലവില്‍ ഏകദേശം 592 ഏക്കറിലാണ് കൃഷി ആവശ്യത്തിനു പ്രയോജനപ്പെടത്തുന്നത്. പദ്ധതിയുടെ വലതുകര കനാല്‍ തുറക്കുന്നതിനു ജോലികള്‍ പൂര്‍ത്തിയായിട്ടില്ല.
കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലും വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകളിലുമായി തുടങ്ങിയതും ആരംഭിക്കാനിരിക്കുന്നതുമായ കുടിവെള്ള പദ്ധതികളുടെ സ്രോതസും കാരാപ്പുഴ അണയാണ്. അടിത്തട്ടില്‍ മണ്ണടിഞ്ഞ് അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള (കെഇആര്‍ഐ) വിദഗ്ധസംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അടിഞ്ഞുകുടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നുകെഇആര്‍ഐ ശിപാര്‍ശ ചെയ്‌തെങ്കിലും നടപടി വൈകുകയാണ്.
കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കടുത്തുള്ള ബാണാസുര അണ. ബാണാസുരമലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെ സമുദ്രനിരപ്പില്‍നിന്നു ഏകദേശം 2000 അടി ഉയരത്തിലാണിത്. ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള മണ്ണണയാണിത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 224 ഹെക്ടര്‍ വനം അടക്കം 1604 ഹെക്ടര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അണയില്‍ സംഭരിക്കുന്ന ജലത്തില്‍ 1.7 ടിഎംസി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉത്പാദത്തിനും വിനിയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. അണയിലെ ജലം കക്കയത്ത് എത്തിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും കരമാന്‍തോട് തടത്തില്‍ 3200 ഹെക്ടറിലും കുറ്റിയാടി തടത്തില്‍ 5200 ഹെക്ടറിലും ജലസേചനമെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാലുകളും നീര്‍പാലങ്ങളും വെറുതെകിടക്കുകയാണ്.
വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നത് കര്‍ണാടകയിലെ ബീച്ചനഹള്ളി അണയിലും ജലനിരപ്പ് ഉയരുന്നതിനു ഇടയാക്കി. ബീച്ചനഹള്ളിയില്‍ കബനി നദിക്കു കുറുകെയാണ് അണ. കാവേരി നദിയുടെ മുഖ്യകൈവഴികളില്‍ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനി നദിയുടെ ഉദ്ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് വയനാട്ടിലെ മാനന്തവാടി, പനമരം പുഴകള്‍. കന്നാരംപുഴ, മുദ്ദള്ളി തോട്, കടമാന്‍തോട് എന്നിവയും കബനിയുടെ കൈവഴികളാണ്.
അവസാനം പരിഷ്കരിച്ചത് : 1/11/2022