Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹരിതകേരളം മിഷന്‍

കൂടുതല്‍ വിവരങ്ങള്‍

ഹരിതകേരളം എന്തിന്?

രന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര, ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.  ശുചിത്വമാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഹരിതകേരളം മിഷനിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാണ് ശ്രമിക്കുന്നത്.

ഇതിനായി മൂന്ന് ഉപമിഷനുകൾ ഉണ്ടാകും:

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതു വഴി പ്രാദേശിക തലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ ഉപമിഷന്‍റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കു ന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.  രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങ ളുടെയും പങ്കാളിത്തം ഉറപ്പാക്കും.  ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം, ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യസംസ്കരണ-കൃഷി വികസന കർമ്മസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്.  അതോടൊപ്പം ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷന്‍റെ ലക്ഷ്യങ്ങളാണ്.  ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരപ്രദേശങ്ങള്‍ക്കായി നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കും.  വീടുകള്‍ തോറുമുള്ള കൃഷി സാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്‍പന്നങ്ങളിലും സ്വയംപര്യാപ്തത നേടാനുതകുന്ന വിധത്തില്‍ പൊതുവായ ഇടപെടലുകളും കൃഷി വികസന ഉപമിഷൻ  ലക്ഷ്യമിടുന്നതാണ്. ഇക്കാര്യത്തില്‍ മൂന്ന് ടാസ്ക് ഫോഴ്സുകളും സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ജനകീയ കൂട്ടായ്മയുണ്ടാകണം.  സാക്ഷരതായജ്ഞവും വികേന്ദ്രീകൃത ആസൂത്രണവും നമുക്ക് വഴികാട്ടിയാവുന്നു.  ഈ മേഖലയുമായി ബന്ധപ്പെട്ടു വകുപ്പുകള്‍ ഏകോപിച്ചു നടത്തുന്ന മിഷന്‍ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം പ്രധാനമാണ്.  നമ്മുടെ മണ്ണും വെള്ളവും, നെല്ലും സംരക്ഷിക്കേണ്ടത് പൗരന്‍ എന്ന നിലയില്‍ നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. ബഹുജന സംഘടനകള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സാങ്കേതിക വിദഗ്ദർ, യുവജനത, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവരും ഒത്തൊരുമിച്ച് നടത്തേണ്ട മറ്റൊരു മുന്നേറ്റ മാണിത്.

സംസ്ഥാന ഹരിത കേരളം കണ്‍സോര്‍ഷ്യത്തിന്‍റെ ഘടന:

അധ്യക്ഷന്‍

:

:

മുഖ്യമന്ത്രി

സഹഅധ്യക്ഷര്‍

:

:

തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാര്‍

ഉപ അധ്യക്ഷർ

:

:

എംഎല്‍എമാര്‍/ മുന്‍ മന്ത്രി/ മുന്‍ എംഎല്‍എ/ മുന്‍ എംപി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി

ഉപദേഷ്ടാവ്

:

:

സീനിയര്‍ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്‍

പ്രത്യേകക്ഷണിതാവ്

:

:

പ്രതിപക്ഷ നേതാവ്

അംഗങ്ങള്‍

:

:

എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആസൂത്രണ ബോര്‍ഡിലെ ഒരംഗം, പ്രിന്‍സിപ്പല്‍ സെക്രട്ടറി (തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം), സംസ്ഥാനത്തെ മൂന്ന് ടാസ്ക് ഫോഴ്സുകളുടെയും ചീഫ് എക്സിക്യൂട്ടീവുമാർ

മിഷന്‍സെക്രട്ടറി

:

:

ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

നിങ്ങൾ ചെയ്യേണ്ടത്

നമുക്ക് ഓരോരുത്തർക്കും ഹരിതകേരളം സൃഷ്ടിക്കാൻ ഒത്തൊരുമിക്കാം. ഈ മഹത്തായ യത്നത്തിൽ പങ്കാളിയാവാൻ നമ്മുടെ വാർഡ് മെമ്പറെ ആണ് സമീപിക്കേണ്ടത്. സാക്ഷരതാ യജ്ഞം പോലെ ജലവും, മണ്ണും, വിളവും ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കാനുള്ള ദൗത്യം നമുക്ക് ഏറ്റെടുക്കണം. വാർഡ് മെമ്പറെ അതിനായി സഹായിക്കണം.ഡിസംബർ എട്ടു മുതൽ ഹരിതകേരളത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മുൻഗണന നൽകുന്ന നിരവധി ജോലികളുണ്ട്. ജനകീയ പങ്കാളിത്തത്തോടെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.. ഇതിനായി വികേന്ദ്രീകരണ ആസൂത്രണ മാതൃകയിൽ പ്രാദേശിക കൂട്ടായ്മകാലുണ്ടാവണം.. സാങ്കേതിക വിദഗദ്ധർ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ്മയിലൂടെ ആവണം ഈ പദ്ധതികൾ നടപ്പിലാക്കേണ്ടത്. താഴെ പറയുന്ന പദ്ധതികൾ പ്രാദേശിക ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങൾക്കും അനുസരിച്ചു വിദഗ്ദ്ധരുമായി ആലോചിച്ചു നടപ്പിലാക്കാവുന്നതാണ്.

ജലസംരക്ഷണം

 • പൊതു കിണറുകളുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്രദമാക്കുക. ഇവയുടെ പരിസരപ്രദേശങ്ങളും വൃത്തിയാക്കി തയ്യാറാക്കുക.
 • കുളങ്ങളുടെ പട്ടിക തയ്യാറാക്കി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുക.
 • തോടുകളെയും കനാലുകളെയും പുനരുജ്ജീവിപ്പിക്കുക.
 • കായലുകള്‍ ശുചീകരിക്കുക.
 • മത്സ്യകൃഷിക്ക് സാധ്യമായ സ്ഥലങ്ങളില്‍ അവയ്ക്ക് തുടക്കം കുറിക്കുക.
 • കുന്ന്, ചരിവ്, താഴ്വാരം, മണ്ണിന്‍റെ ആഴം, ഘടന, മണ്ണൊലിപ്പ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശത്തും ജലലഭ്യത ഉറപ്പുവരുത്താവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക.
 • കനാലുകള്‍ വഴി വിതരണം ചെയ്യുന്ന ജലം കൂടുതല്‍ ഫലപ്രദമാകുന്ന രീതിയില്‍ പ്രവൃത്തികള്‍ ചെയ്യുക.
 • മഴക്കുഴികളുടെ നിര്‍മ്മാണം ശാസ്ത്രീയമായി ക്രമീകരിക്കുക.
 • നിലവിലുള്ള മഴവെള്ള സംഭരണികള്‍ വൃത്തിയാക്കി, പ്രവര്‍ത്തനക്ഷമമാക്കുകയും അവയുടെ തുടര്‍പ്രവര്‍ത്തനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുക.
 • കഴിയുന്നത്ര കുളങ്ങള്‍/ ജലസ്രോതസ്സുകള്‍ എന്നിവയില്‍ നീന്തല്‍ പഠനം ആരംഭിക്കാനുള്ള നടപടി ഏറ്റെടുക്കുക.
 • ബണ്ട് നിര്‍മ്മാണം, താല്‍ക്കാലിക തടയണകളുടെ നിര്‍മ്മാണം എന്നിവ വഴി വേനല്‍ മഴയുടെ ജലസംഭരണം.
 • സ്കൂളുകളിലെ കിണറുകളിലെ വിഷബീജമകറ്റല്‍ (disinfection) നടത്തുക. (ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗപ്പെടുത്തി)
 • സ്കൂള്‍ കോമ്പൗണ്ടിലെ ജലം മണ്ണിലേക്ക് കിനിഞ്ഞിറക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍.
 • മേല്‍ രണ്ട് പ്രവര്‍ത്തനങ്ങളും വീടുകളിലേക്കും വ്യാപിപ്പിക്കാം.

ശുചിത്വ – മാലിന്യ സംസ്കരണം

 • കിണറുകള്‍, ചിറകള്‍ എന്നിവയിലെ പായല്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ വാരി മാറ്റി വൃത്തിയാക്കുക.
 • മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയില്ലെന്ന് ഉറപ്പാക്കല്‍.
 • ഖരമാലിന്യ ശേഖരണം.
 • പൊതു പങ്കാളിത്തത്തോടെ, മാലിന്യ കൂമ്പാരങ്ങള്‍ ഉള്ള സ്ഥലത്തുനിന്നും അവ മാറ്റല്‍.
 • വികേന്ദ്രീകൃത കമ്മ്യൂണിറ്റിതല കമ്പോസ്റ്റിങ്ങ് സംവിധാനം ചെയ്യല്‍.
 • ഉറവിട അഴുക്കുജല പരിപാലനം.
 • വീടുകളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും അഴുകുന്ന മാലിന്യം പുറത്തേക്ക് പോവുന്നില്ലെന്ന് ഉറപ്പാക്കലും ഉറവിടത്തില്‍ തന്നെ സംസ്കരിക്കലും.
 • എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മാലിന്യം കുറയ്ക്കാന്‍ നടപടി.
 • എല്ലാ ജില്ലകളിലും സ്വാപ് ഷോപ്പ് സംരംഭകരെയും പാഴ് വസ്തു വ്യാപാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കല്‍.
 • ആശുപത്രികള്‍, ഹോട്ടലുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവയിലായി ബന്ധപ്പെട്ട്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക ശ്രദ്ധയും പദ്ധതിയും ഉണ്ടെന്ന് ഉറപ്പാക്കല്‍.
 • പ്ലാസ്റ്റിക് ബാഗ് ഇല്ലാത്ത കടകള്‍ ഉറപ്പാക്കല്‍.

ജൈവകൃഷി

 • എല്ലാ വീടുകളിലും താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് (കൃഷിഭവന്‍, കുടുംബശ്രീ, നബാര്‍ഡ് ഫാര്‍മേഴ്സ് ക്ലബ്ബുകള്‍, എന്‍.ജി.ഒകള്‍) പച്ചക്കറി വിത്തുകളുടെ ഒരു കിറ്റ് ലഭ്യമാക്കാന്‍ കൃഷിവകുപ്പ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമായി എല്ലാ വീട്ടുകാരും ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തുക.
 • പഞ്ചായത്ത് തലത്തില്‍, ജലസേചന സൗകര്യം ഉറപ്പാക്കിക്കൊണ്ട് തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ വിഷുവിനാവശ്യമായ പച്ചക്കറി ഉല്‍പ്പാദനത്തിന് കുടുംബശ്രീ ഗ്രൂപ്പുകള്‍ വഴി നടപടി സ്വീകരിക്കുക.
 • വിത്ത് ബാങ്കുകള്‍, കര്‍ഷക ഗ്രൂപ്പ് വഴി MGNREGS ലിങ്ക് ചെയ്യാം.
 • സ്കൂളുകളില്‍ പച്ചക്കറിത്തോട്ടം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ഉല്‍പ്പന്നങ്ങള്‍ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇതിനായി സ്കൂള്‍തല ഹരിതസേനകള്‍ക്ക് രൂപം നല്‍കാന്‍ നടപടി എടുക്കുക.
 • അടുക്കളത്തോട്ടങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം.

ആശയങ്ങൾ നൽകാം

സംസ്ഥാനം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള യത്നമാണ് ഹരിതകേരളം. ഈ യത്നത്തിൽ നമുക്കെല്ലാം പങ്കാളികളാവാം. പുതിയ ആശയങ്ങൾ നൽകാം.

വിഭവങ്ങള്‍ പങ്കുവയ്ക്കാം

ഹരിതമിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനപങ്കാളിത്തം ആവശ്യമുള്ളവയാണ്.  മാത്രമല്ല നമ്മുടെ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടായി പരിരക്ഷിക്കാന്‍ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.  ഈ പ്രവർത്തനത്തില്‍ കൈവശമുള്ള വിഭവങ്ങള്‍കൊണ്ട് സഹായം നല്‍കാന്‍...

സാങ്കേതിക വിദ്യ നൽകാം

ഹരിതകേരളം മിഷനില്‍ പങ്കാളിയാകാന്‍ ഒരു പുതിയ സാങ്കേതികവിദ്യ നല്‍കുന്നതിലൂടെ സാധ്യമാകും.  മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍, പാടത്ത് കൃഷിയിറക്കാന്‍, തുടങ്ങി ഏതെല്ലാം മാർഗ്ഗങ്ങളില്‍ നമുക്ക് പങ്കാളിയാവാം.  ഹരിതമിഷനില്‍ സാങ്കേതിക സഹായം നല്‍കുവാനുള്ള നിർദ്ദേശം ഇവിടെ കുറിക്കാം…

അടിസ്ഥാന സൗകര്യം

ജനകീയ പങ്കാളിത്തത്തോടെ ആണ് ഹരിതമിഷന്‍റെ പ്രവർത്തനങ്ങൾ നടക്കുക. പങ്കാളിത്തം പല തരത്തിലാവാം. ഉപയോഗിക്കാത്ത അടിസ്ഥാനസൗകര്യങ്ങൾ മിഷന്‍റെ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാം. മീറ്റിംഗുകൾക്ക് ഒരിടം, അല്ലെങ്കിൽ ഒരു പരിശീലന കേന്ദ്രം , ഉപകരണങ്ങൾ തുടങ്ങി ഒത്തിരി കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടാകാമല്ലോ. മിഷന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുമ്പോൾ അതിനനുസരിച്ചു ആവശ്യങ്ങൾ കണ്ടറിഞ്ഞു പങ്കാളിയാവാം. സഹായം ഇവിടെ പോസ്റ്റ് ചെയ്യൂ…

കൃഷി

നിലവിലെ അവസ്ഥ

സംസ്ഥാനവരുമാനത്തിന്‍റെ 11.6 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് താഴേക്കാണ്. കൂടാതെ, വന്‍തോതില്‍ കാര്‍ഷിക ഭൂമി മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്തുന്നതും വ്യാപകമാണ്.

യന്ത്രവത്കരണത്തിന്‍റെ കുറവുകളും, അശാസ്ത്രീയ കൃഷിയും, കാര്‍ഷികാവശ്യങ്ങള്‍ മനസിലാക്കാതെയുള്ള ജലസേചനവും, രാസവളങ്ങളുടെ അമിതോപയോഗവും ഒക്കെ കാര്‍ഷികമേഖലയിലെ വര്‍ത്തമാനകാല തിരിച്ചടികളാണ്.

കൂടാതെ, കര്‍ഷകര്‍ക്ക് വിപണിയുമായി ബന്ധമില്ലാത്തത്, പ്രവര്‍ത്തന മൂലധനം എളുപ്പത്തില്‍ ലഭ്യമാകാത്തത്, ജലസേചന സൗകര്യമില്ലായ്മ, അത്യുല്‍പാദന വിത്തുകള്‍ ലഭ്യമല്ലാത്തത്, ശേഖരണ സംവിധാനമില്ലാത്തത്, കാര്‍ഷിക ഭൂമിയുടെ അപര്യാപ്തത, തുടങ്ങിയവ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണ്.

ലക്ഷ്യങ്ങള്‍

സുരക്ഷിത ഭക്ഷ്യേല്‍പാദനത്തില്‍ സ്വയംപര്യാപ്തത, കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം, കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍തോതില്‍ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കല്‍ എന്നിവയാണ് ‘ഹരിതകേരള’ ത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

സുജലം സുഫലം

ജലസേചന പദ്ധതികളുടെ സംയോജനം, മാലിന്യ പുനഃചംക്രമണം, വിപണികളുമായി ബന്ധപ്പെടുത്തല്‍, മൂല്യവര്‍ധന, കര്‍ഷകര്‍ക്ക് പിന്തുണ, കൃഷിക്ക് കൂടുതല്‍ ഭൂമി ലഭ്യമാക്കല്‍, അനുകൂല കാലാവസ്ഥ സൃഷ്ടിക്കല്‍, തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

ഉല്‍പാദനം, വിപണനം, പിന്തുണ എന്നീ മേഖലകളില്‍ സുജലം സുഭലം പദ്ധതി ലക്ഷ്യമിടുന്നു.

ഉല്‍പാദനം

പങ്കാളിത്തകൃഷി, കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍ക്ക് പ്രോത്സാഹനം എന്നിവ ഉല്‍പാദന മേഖലക്ക് ഊര്‍ജ്ജമേകും.  തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്‍െറയും പിന്തുണ ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കും. ഇത്തരത്തില്‍ കൂടുതല്‍ മേഖലയില്‍ കൃഷി, ശാസ്ത്രീയ രീതിയില്‍ കൃഷി, അത്യുല്‍പാദന വിത്തുകളുടെ ഉപയോഗം, ആധുനിക കാര്‍ഷിക രീതികള്‍ എന്നിവ നടപ്പാക്കും.

പ്രാദേശികതല ആസൂത്രണം

ഭൂമി ലഭ്യത, നിലവിലെ കൃഷികള്‍, ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയവ പ്രാദേശിക തലത്തില്‍ വിലയിരുത്തപ്പെടും.  അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്തുതലത്തില്‍ ഇക്കാര്യങ്ങള്‍ നടക്കും.  അത്തരത്തില്‍, ജനങ്ങള്‍ തീരുമാനിക്കും എന്തു കൃഷിചെയ്യണം, എങ്ങനെ വേണം എന്നൊക്കെ.

എല്ലാ പഞ്ചായത്തുകളും ഇത്തരത്തില്‍ ലഭ്യമായ സൗകര്യങ്ങളും പ്രാദേശിക സാധ്യതകളും അധിഷ്ഠിതമായി കൃഷി പദ്ധതികള്‍ ആവിഷ്കരിക്കും.  ഇതിനായി പഞ്ചായത്ത് റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും.  വിവിധ മേഖലയിലെ വിദഗ്ദ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്‍റെ ഭാഗമാകും.  ഈ ഗ്രൂപ്പുകള്‍ക്ക് ജില്ലാതല പരിശീലനം നല്‍കുകയും, ഇവരുടെ നേതൃത്വത്തില്‍ വാര്‍ഡുതല യോഗങ്ങള്‍ നടത്തി കൃഷിക്കാവശ്യമായ പദ്ധതികള്‍ക്ക്  പിന്തുണ നല്‍കും.

വിവിധ കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുത്തി സംയോജിത കാര്‍ഷിക സമ്പ്രദായവും കര്‍ഷകര്‍ക്കായി ആവിഷ്കരിക്കും.  വാര്‍ഡുതല കാര്‍ഷിക പ്ലാനും പഞ്ചായത്തുതല കാര്‍ഷിക പ്ലാനുംരൂപീകരിക്കും.  ഗ്രാമീണ വികസന പദ്ധതികളുമായി ഏകോപിപ്പിക്കുവാന്‍ ബ്ളോക്ക് പ്ലാനുമുണ്ടാകും.  ഇത്തരത്തിലെ പദ്ധതികള്‍ സംയോജിപ്പിക്കുവാന്‍ ജില്ലാതല പ്ലാനുമുണ്ട്.

പ്രത്യേക കാര്‍ഷിക സോണുകള്‍ (സ്പെഷ്യല്‍ അഗ്രികള്‍ചറല്‍ സോണ്‍)

ഇത്തരം സോണുകള്‍ മുഖാന്തിരം ഉല്‍പാദനത്തിന് ഇണങ്ങുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കും.  കൂടുതല്‍ കൃഷിയിലൂടെ കൂടുതല്‍ ഉല്‍പാദനം എന്നത് ലക്ഷ്യമാക്കും. സാധ്യമായ ഭൂമികളിലെല്ലാം കൃഷിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. ജലസേചന സൗകര്യവും ആധുനിക കാര്‍ഷിക സങ്കേതങ്ങളും ഒരുക്കിനല്‍കും.  പ്രത്യേക സാമ്പത്തിക മേഖലകളിലേതുപോലെ ഇന്‍സെന്‍റീവുകള്‍ ലഭ്യമാക്കും.

മുഴുവന്‍ സമയ കര്‍ഷകരുടെയും ഭൂമിയുടേയും ലഭ്യത, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, കര്‍ഷക കൂട്ടായ്മകളുടെ ശക്തമായ സാന്നിധ്യം, അനുയോജ്യമായ മണ്ണ്, കാര്‍ഷിക കാലാവസ്ഥ എന്നിവ പരിഗണി ച്ചായിരിക്കും സോണുകളുടെ തെരഞ്ഞെടുപ്പ്.

പ്രത്യേക കാര്‍ഷിക സോണുകളില്‍ ആഗ്രോ സര്‍വീസ് സെന്‍ററുകള്‍, കാര്‍ഷിക കര്‍മസേന, ബയോ കണ്‍ട്രോള്‍ലാബ്, പ്ലാന്‍റ് ക്ലിനിക്കുകള്‍, ലീഡ് ഫാര്‍മര്‍ ഇന്‍ഷ്യേറ്റീവ്, റിസോഴ്സ് ഗ്രൂപ്പുകള്‍, വിത്ത് നഴ്സറികള്‍, പ്രദേശിക വിപണി, മണ്ണ് പരിശോധനാ ലാബ്, കമ്പോസ്റ്റ് ഫെര്‍ട്ടിലൈസര്‍ യൂണിറ്റ്, മാലിന്യ പുനഃചംക്രമണ യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍, ബയോ ഫാര്‍മസി, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങളുടെയും ഫെര്‍ട്ടിലൈസറുകളുടേയും ശേഖരണ സൗകര്യം, കോള്‍ഡ് ചെയിന്‍ ഫെസിലിറ്റി തുടങ്ങിയ ഒരുക്കും.  ആര്‍.ഡി.ഒ യുടെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് ഏകജാലക സഹായത്തിനായി പ്രത്യേക ഓഫീസുകളും സ്ഥാപിക്കും.

പദ്ധതി അധിഷ്ഠിത സമീപനമായിരിക്കും പ്രത്യേക കാര്‍ഷിക സോണുകളില്‍. വിപണി ബന്ധവും മൂല്യവര്‍ധിത ഉല്‍പന്നകേന്ദ്രങ്ങളും ഉറപ്പാക്കും. പലിശരഹിത വായ്പകള്‍ക്ക് സൗകര്യമുണ്ടാകും. വിള ഇന്‍ഷുറന്‍സ് പദ്ധതികളും ഇതിന്‍റെ ഭാഗമാകും. കിസാന്‍, സോയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, നിരന്തര പരിശീലനം തുടങ്ങിയവയുമുണ്ടാകും.

ശാസ്ത്രീയ കൃഷിക്ക് ഉന്നത ഗുണനിലവാരമുള്ള വിത്തുകള്‍, മണ്ണ് പരിശോധനയും വിലയിരുത്തലും, യന്ത്രവത്കരണം, മികച്ച കര്‍ഷക ശീലങ്ങള്‍, തുടങ്ങിയവ പ്രോത്സാഹിപ്പിക്കും.

കര്‍ഷക കൂട്ടായ്മകള്‍

കര്‍ഷകരുടെ എണ്ണം കാലതോറുംകുറഞ്ഞു വരുന്നതിന് തടയിടാന്‍ കര്‍ഷക കൂട്ടായ്മകള്‍ സഹായകമാകും. കൂട്ടുകൃഷി ചെലവും ബാധ്യതയും കുറയ്ക്കാന്‍ ഏറെ സഹായകമാകും.

കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും. അഞ്ചു മുതല്‍ 20 വരെ അംഗങ്ങളുള്ള ക്ലസ്റ്ററുകള്‍ കര്‍ഷക കൂട്ടായ്മയിലൂടെ രൂപീകരിക്കും.

വിപണനസാധ്യതകള്‍

പൊതുവില്‍ കര്‍ഷകര്‍ക്ക് വിപണി ബന്ധത്തിനും വിപണനത്തിനുമുള്ള സൗകര്യങ്ങളും മികവും കുറവായി കണ്ടുവരുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങള്‍ പോലും നിലവില്‍കേരളത്തിന് പുറത്ത് വന്‍തോതിലുള്ള വിപണനത്തിന് സൗകര്യമൊരുക്കുന്നില്ല.

ഉല്‍പന്നങ്ങള്‍ പ്രത്യേക സീസണുകളില്‍ ലഭ്യമാകുന്നതിനാല്‍ ഇവ സംസ്ഥാനത്തിനും പുറത്തും വിപണനം ചെയ്യേണ്ടതുണ്ട്. അധികോല്‍പാദനം മൂല്യാധിഷ്ഠിത ഉല്‍പന്നങ്ങളാക്കി മാറ്റാനും സൗകര്യങ്ങള്‍ ഒരുക്കും.

പോര്‍ട്ടല്‍

ഒരു ഇ-പോര്‍ട്ടലിലൂടെ കൃഷിയിടം മുതല്‍ കര്‍ഷകരേയും സ്ഥാപനങ്ങളേയും വിപണിയേയും ഉള്‍പ്പെടെ ബന്ധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് ഉല്‍പന്നം എത്തിക്കുന്ന രീതിയിലേക്ക് വളരും.

വിപണനം

കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി 25 അഗ്രോ ബസാറുകളും 1000 ഇക്കോ ഷോപ്പുകളും കൃഷി വകുപ്പിന്‍റെയും വി.എഫ്.പി.സി.കെയുടേയും ഹോര്‍ട്ടികോര്‍പിന്‍റെയും ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍റെയും നേതൃത്വത്തില്‍ ആരംഭിക്കും.  കര്‍ഷക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പ്.

അഗ്രോ ബസാറുകള്‍

പ്രമുഖ പട്ടണങ്ങളിലായിരിക്കും അഗ്രോ ബസാറുകള്‍ വരിക. സേഫ് ടു ഈറ്റ് ഭക്ഷണ സാമഗ്രികളുടെ കേന്ദ്രമാകും ഇവിടം. പച്ചക്കറികള്‍ മാത്രമല്ല, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ മത്സ്യം, ചിക്കന്‍, എണ്ണ, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കും.

കൂടാതെ, ഓണ്‍ലൈന്‍വഴി ഇത്തരം ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോര്‍ട്ടലൊരുക്കും. ‘കര്‍ഷകമിത്ര’ യിലൂടെയും ഇത്തരം വിപണനം സാധ്യമാക്കും.

കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)

കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനുള്ള പ്രധാന സംരംഭമാകും ഈകമ്പനി. അഗ്രോപാര്‍ക്കുകളും അഗ്രോ മാളുകളും സ്ഥാപിക്കല്‍, പച്ചക്കറി-പഴം-നാണ്യവിളകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനം, ഇവയുടെ പ്രാദേശിക വിപണി, കയറ്റുമതി എന്നിവയ്ക്ക് സഹായിക്കല്‍ തുടങ്ങിയവക്ക് കമ്പനി മുന്‍കൈ എടുക്കും.  കാര്‍ഷിക സമൂഹത്തിന് വിവിധ വിഷങ്ങളില്‍ കൈത്താങ്ങ്, പുതുവിപണി കണ്ടെത്തല്‍, ഐ.ടി അധിഷ്ഠിതമായ സേവനങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയും കമ്പനി മേല്‍നോട്ടം വഹിക്കും. കൃഷി മന്ത്രിയായിരിക്കും കമ്പനി ചെയര്‍മാന്‍.

പിന്തുണ

സബ്സിഡികള്‍, പലിശരഹിത വായ്പകള്‍, പ്രത്യേക പാക്കേജുകള്‍, ഉന്നത നിലവാരമുള്ള വിത്തുകള്‍, യന്ത്രവല്‍ക്കരണം, മനുഷ്യവിഭവശേഷി, നയപരമായ സഹായങ്ങള്‍, രോഗങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനു മുള്ള സഹായങ്ങള്‍ തുടങ്ങിയ പിന്തുണകള്‍ കൃത്യമായി നല്‍കും.

ഇത്തരത്തില്‍ കൃഷി ആസൂത്രണം മുതല്‍ വിപണിയിലെത്തിക്കല്‍ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷികമേഖലയെ ഉണര്‍ത്താനും കര്‍ഷകര്‍ക്ക് നവാവേശം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതികളാണ് ‘ഹരിതകേരളം’ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ജലസംരക്ഷണം

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്‍റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജന സംഘടനകള്‍, വിദ്യാർത്ഥികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും

ലക്ഷ്യം
രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണെങ്കിലും ഓരോ വർഷം കഴിയുന്തോറും കടുത്ത വരള്‍ച്ചയുടേയും ശുദ്ധജലദൗർലഭ്യത്തിന്‍റേയും പിടിയിലായി ക്കൊണ്ടിരിക്കുകയാണ് സംസ്ഥാനം.  കണക്കുകളനുസരിച്ച് ശരാശരി 3000 മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അത് പ്രയോജനപ്പെടുത്താനാവുന്നില്ല.  ഇവിടെയാണ് ജലസുരക്ഷയുടെ പ്രസക്തി.  ജലസംരക്ഷണത്തിന്‍റെ ആദ്യഘട്ടം എന്നനിലയില്‍ എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.  അഞ്ചുവർഷത്തിനുള്ളില്‍ കുളങ്ങള്‍, തോടുകള്‍, നദികള്‍, കിണറുകള്‍, തുടങ്ങിയ ജലസ്രോതസ്സുകളിലെ ജലലഭ്യത വർദ്ധിപ്പിക്കാ നാണ് ഹരിതകേരള മിഷന്‍ കർമ്മപദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

നിർവ്വഹണം
കുളങ്ങള്‍, നീർച്ചാലുകള്‍, അരുവികള്‍, തോടുകള്‍, എന്നിവ പുനരുദ്ധരിക്കുക, മഴവെള്ള സംരക്ഷണത്തിലൂടെ സംസ്ഥാനത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ കിണറുകളിലെ ജലലഭ്യത ഉറപ്പാക്കണം. CWDRM കണക്കുകള്‍ പ്രകാരം 45 ലക്ഷം കിണറുകളാണ് സംസ്ഥാന ത്തുള്ളത്. ഇവയെ സമ്പൂർണ കിണർ റീചാർജ് പദ്ധതിയിലൂടെ റീചാർജ് ചെയ്ത് ജലസമൃദ്ധ മാക്കണം. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യമുള്ള മലനാട്, ഇടനാട്, തീരപ്രദേശം എന്നിവക്ക് അതിനനുസൃതമായ ജല, മണ്ണ്, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തയ്യാറാക്കുക.  ജ്യോഗ്രഫിക്കല്‍ ഇന്‍ഫർമേഷന്‍ സിസ്റ്റം ഉപയോഗിച്ച് നദീതടം, ഉപനദീതടം എന്നിവ വേർതിരിച്ച് അതിനകത്തുവരുന്ന പ്രകൃതിദത്തവും മനുഷ്യ നിർമ്മിതവുമായ ജല സ്രോതസ്സുകള്‍ അടയാളപ്പെടുത്തി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുക.  നദീതട മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള തടയണകള്‍, റെഗുലേറ്റ റുകള്‍ എന്നിവ ആവശ്യം വേണ്ടിടത്ത് നിർമ്മിക്കുക. മലയോര മേഖലയില്‍ അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള തടയണകളെക്കുറിച്ച് പഠിച്ച് ശാസ്ത്രീയ പരിഹാരമാർഗ്ഗങ്ങള്‍ നിർദ്ദേശിക്കുക. ഓരോ നദീതടത്തിലുമുള്ള ജലവിഭവ ലഭ്യത, വിവിധ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ ജലവിനിയോഗം എന്നിവ പഠിച്ച് ശാസ്ത്രീയമായ ജലസംരക്ഷണ വിനിയോഗ മാർഗ്ഗങ്ങള്‍ ഏർപ്പെടുത്തണം. ജലാശയങ്ങളിലെ/ നദികളിലെ മാലിന്യ ലഘൂകരണത്തിനുള്ള നടപടി സ്വീകരിക്കുക.  നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക.  സാമൂഹിക ഓഡിറ്റ് മാതൃകകള്‍ രൂപപ്പെടുത്തുക.  മിഷന്‍റെ ലക്ഷ്യവും പരിപാടികളും ജീവനക്കാരില്‍ എത്തിക്കാനുള്ള പരിശീലനം, ജലവിഭവ വിവരസാങ്കേതിക വിനിമയ സംവിധാനം ദേശീയ ഹൈഡ്രോളജി പ്രോജക്ടിന്‍റെ സഹായത്തോടെ രൂപപ്പെടുത്തുക. വിവിധ വകുപ്പുകള്‍, ഏജന്‍സികളുടെ കൈവശമുള്ള നീർത്തട മാപ്പുകള്‍ ഏകോപിപ്പിച്ച് ഓരോ നീർത്തടത്തിലും നടത്തേണ്ട പ്രവർത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ രൂപപ്പെടുത്തുക.  വന്‍കിട ജലസേചന പദ്ധതികളില്‍ നിന്നുള്ള ജലവിതരണ കനാലുകളിലെ ജലനഷ്ടം കുറച്ച് സമീപത്തെ കുളങ്ങളുമായി ബന്ധിപ്പിച്ച് വേനല്‍ക്കാലത്ത് കുളങ്ങളിലെ ജലലഭ്യത ഉറപ്പാക്കുക. കനാല്‍ജലം കെട്ടിനിന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി പ്രസ്തുത ജലം ഉപകാരപ്രദമായി വിനിയോഗിക്കുക.

പരിപാടി

 • നീരൊഴുക്ക് ശാസ്ത്രീയമായി മാനേജ് ചെയ്യുക.
 • മണ്ണിലെ ജലാംശം സംരക്ഷിച്ച്‌ വർദ്ധിപ്പിക്കുക. നീർത്തട അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനങ്ങള്‍.
 • മുകളില്‍ നിന്ന് താഴോട്ട് (Ridge to Valley) എന്ന രീതി ശാസ്ത്രം.
 • സമഗ്ര നദീതട വികസനം സാധ്യമാക്കുന്ന തരത്തിലായിരിക്കും നീർത്തട ഇടപെടല്‍.
 • ജനപങ്കാളിത്തത്തോടുകൂടിയായിരിക്കും പദ്ധതി നടത്തിപ്പ്
 • തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തി കോണ്ടൂര്‍ ബണ്ടുകളുടെ നിർമ്മാണം
 • ആവശ്യമായ ഇടങ്ങളില്‍ തടയണകള്‍ നിർമ്മിക്കുക
 • കനാലുകളുടെ സമയബന്ധിതമായ പരിപാലനവും സംരക്ഷണവും
 • നിലവിലുള്ള തടയണകളുടെ സ്ഥിതി വിലയിരുത്തി ആവശ്യമായ സംരക്ഷണവും, ആവശ്യമുള്ള ഇടങ്ങളില്‍ പുതിയ തടയണകളുടെ നിർമ്മാണവും
 • മറ്റു ജലാശയങ്ങളുടെ നവീകരണവും പുനരുദ്ധാരണവും
 • ജലവിഭവ സംബന്ധിയായ എല്ലാ അടിസ്ഥാന വിവരങ്ങളും (Data) പൊതുജനങ്ങള്‍ക്കും  സർക്കാര്‍ സ്ഥാപനങ്ങള്‍ക്കും  ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനം

പരിപാടി (2016-17)

 • ജനപങ്കാളിത്തത്തോടെ/ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കുളങ്ങളുടെ നവീകരണം
 • 40974 കുളങ്ങളില്‍ 9453 എണ്ണം പുന:രുദ്ധരിക്കും
 • കനാലുകളുമായി കുളങ്ങളെ ബന്ധിപ്പിച്ച് ജലലഭ്യത ഉറപ്പാക്കും
 • ജലസേചനപദ്ധതി ഇല്ലാത്തിടങ്ങളില്‍ നീർത്തടാടിസ്ഥാനത്തില്‍ മുന്‍ഗണന തീരുമാനിച്ച് കുളങ്ങള്‍ പുന:രുദ്ധരിക്കും
 • കൈത്തോടുകള്‍/ അരുവികള്‍ പുന:സ്ഥാപിക്കുന്ന പണികള്‍
 • ജലസേചന കനാലുകളിലെ ജലനഷ്ടം കുറച്ച് ക്ഷമത വർദ്ധിപ്പിക്കുക
 • കനാലുകളില്‍ നിന്നുള്ള ചോർച്ചകൊണ്ടുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി/ജലം തിരിച്ചു വിട്ട് ഉപയോഗ യോഗ്യമാക്കി മാറ്റുക
 • ഓരു ജലക്കയറ്റം തടയുന്നതിനുള്ള പ്രവർത്തനം
 • മഴവെള്ള സംഭരണം/കിണര്‍ റീ-ചാർജ്ജ് നീർത്തട/നദീതട അടിസ്ഥാനത്തില്‍ ജലവിഭവ ലഭ്യതാ/ഉപയോഗ പഠനം
 • ജലവിഭവ സംരക്ഷണത്തിനായി മലനാട്, ഇടനാട്, തീരപ്രദേശം എന്നീ ഭൂവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍/ പരിപാടികള്‍ രൂപപ്പെടുത്തുക.

രീതിശാസ്ത്രം

 • കേരളത്തിന് പൊതുവില്‍ ബാധകമാക്കുന്ന ഏകരൂപമുള്ള നീർത്തടമാപ്പ് തയ്യാറാക്കുക
 • നീർത്തടമാപ്പ് നദീതടവുമായി ബന്ധിപ്പിക്കുക
 • നദീതടങ്ങളെ ജലസേചന പ്രോജക്ട് ഉളളവയെന്നും ഇല്ലാത്തവയെന്നും വേർതിരിച്ചുള്ള പദ്ധതി ആസൂത്രണം
 • കനാലുകളും കുളങ്ങളും GIS ഉപയോഗിച്ച് മാപ്പിംഗ് നടത്തി, ആസൂത്രണ – മോണിറ്ററിംഗിനായി ഉപയോഗിക്കുക
 • ജനപങ്കാളിത്തത്തോടുകൂടി ആസൂത്രണവും നിർവ്വഹണവും
 • വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയ നിർവ്വഹണവും ആസൂത്രണവും

ആസൂത്രണ ഘട്ടങ്ങള്‍

പരിശീലനം

സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പ്
പരിശീലന പുസ്തകങ്ങള്‍/ നിർവ്വഹണ സഹായികള്‍ എന്നിവ തയ്യാറാക്കല്‍, നിർവ്വഹണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധി-പരിശീലനം, ബ്ല്രോക്ക്/ഗ്രാമ പഞ്ചായത്ത് തല പരിശീലനം, പ്രോജക്ട് പരിശോധന ഗ്രൂപ്പ് രൂപീകരണം- ബ്ലോക്ക് തലം, ഗ്രാമ പഞ്ചായത്ത് തല റിസോഴ്‌സ് ഗ്രൂപ്പ് പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ പട്ടികപ്പെടുത്തുന്നു

സംഘടനാ സംവിധാനം

ചീഫ് സെക്രട്ടറി അധ്യക്ഷനായി എംപവേർഡ് കമ്മിറ്റി
ജലവിഭവ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി
സംസ്ഥാന മിഷന്‍ ചീഫ്
നിർവ്വഹണ വകുപ്പ് മേധാവികള്‍
ജില്ലാ മിഷന്‍ ചീഫ്
ജില്ലാ നിർവ്വഹണ ഉദ്യോഗസ്ഥര്‍
ബ്ലോക്ക് തല നീർത്തട വികസന സാങ്കേതിക സമിതി/ നദീതട പദ്ധതി ജില്ലാതല സമിതി

മോണിറ്ററിംഗ്

വിവിധ തലങ്ങളില്‍ സമയബന്ധിതമായ നീരീക്ഷണം.
നീരീക്ഷണത്തിനായി പ്രത്യേക സാങ്കേതിക സഹായം – സോഫ്ട് വെയര്‍ വികസിപ്പിക്കും.
ആഴ്ചതോറുമുള്ള വിലയിരുത്തല്‍.
പ്രാദേശിക വിലയിരുത്തല്‍
സാമൂഹിക വിലയിരുത്തല്‍/ഓഡിറ്റിംഗ്.


ശുചിത്വ മാലിന്യസംസ്കരണം

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം.

ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു.  ഇന്ന് കേരള സമൂഹം അവലംബിക്കുന്ന മാലിന്യസംസ്കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തത്തിനുതന്നെ സാക്ഷിയാകേണ്ടിവരും എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കർമ്മ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ശുചിത്വ മാലിന്യസംസ്കരണ കർമപരിപാടിയുടെ ബഹുമുഖ വികസന തന്ത്രങ്ങളില്‍ ദീർഘകാല, ഇടക്കാല, അടിയന്തിര ദൗത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ദീർഘകാല ആസൂത്രണ കാഴചപ്പാടെന്ന നിലയില്‍ മാലിന്യസംസ്കരണത്തിന് ഒരു വിഭവ പരിപാലനനയം അത് വിഭാവനം ചെയ്യുന്നു.  സമ്പൂർണ്ണ മാലിന്യമുക്തി (zero waste), പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്‍റെ അളവ് ചുരുക്കല്‍ (waste minimize reduce), പുനരുപയോഗം, പുനഃചംക്രമണം (recycling), തിരിച്ചെടുക്കല്‍ (recovery) എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണത്.  മാലിന്യമുക്ത കേരളത്തിന് സമഗ്രമായ വികസന തന്ത്രങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും നിശ്ചയിച്ച് അടുത്ത നാലു വർഷക്കാലത്തേക്കുള്ള ഇടക്കാലനയവും ഓരോ വർഷവും സ്വീകരിക്കേണ്ട പ്രവർത്തനങ്ങള്‍ ചിട്ടപ്പെടുത്തി അടിയന്തിര കർമ്മപരിപാടിയും ആവിഷ്കരിച്ച് നടപ്പാക്കുക.

ശുചിത്വ മാലിന്യസംസ്കരണ കർമപരിപാടിയുടെ ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തവും സാധാരണ ജനങ്ങളുടെ ശീലങ്ങളിലും ജീവിതശൈലിയിലുള്ള മാറ്റവും നിർണായകവുമാണ്.  അതിനാല്‍ തീവ്രവും തുടർച്ചയായുള്ളതുമായ കാമ്പയിന്‍ ആവശ്യമാണ്.  ജൈവ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം എന്നിവയ്ക്കാവശ്യമായ ഭ‍ൗതിക സംവിധാനങ്ങള്‍ ഒരുക്കും.  പുതിയ അറിവും സാങ്കേതികവിദ്യയും അനുദിനം പ്രയോഗത്തില്‍ വന്നുകൊണ്ടിരിക്കുന്ന മേഖലയായതിനാല്‍ ശുചിത്വ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷിയും സാങ്കേതിക വൈദഗ്ദ്ധ്യവും വർദ്ധിപ്പിക്കുന്നതിന് പ്രധാന പരിഗണന നല്‍കും.  സുസ്ഥിരതയും തുടർച്ചയും ഉറപ്പു വരുത്തുന്നതിന് നൂതന സംരംഭങ്ങളെയും സംരംഭകരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കും.

ജൈവ മാലിന്യ സംസ്കരണത്തിന് ഗാർഹിക, സ്ഥാപന തലങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നല്‍കും.  പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ജൈവമാലിന്യം ചെറിയ വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് സംസ്കരിക്കും.  പരമ്പരാഗത മാർഗങ്ങള്‍ പ്രായോഗികമല്ലാതെവരുന്ന പ്രത്യേക പരിതസ്ഥിതി കളില്‍ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം ആരായും.  മാലിന്യ സംസ്കരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന് കൃഷിവകുപ്പുമായി ചേർന്ന് വിപണന സംവിധാനം രൂപപ്പെടുത്തും.

അജൈവ മാലിന്യത്തിന്‍റെ തോത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി കുറയ്ക്കും.  പുനരുപയോഗ പുനചംക്രമണ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കും.  പുനഃചംക്രമണ സാധ്യതയുള്ള പേപ്പർ, ഗ്ലാസ്സ്, മെറ്റല്‍, ഇ-വേസ്റ്റ്, തുടങ്ങിയവ പരമാവധി ചംക്രമണം ചെയ്യും.  വാർഡ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, വ്യവസായ വകുപ്പുമായി ചേർന്ന് റീസൈക്ലിംഗ് പാർക്കുകള്‍ ആരംഭിക്കും.  സാനിട്ടറി വെയ്സ്റ്റിന് ആശുപത്രി മാലിന്യം സംസ്കരിക്കുന്ന രീതി സ്വീകരിക്കും.

ആശുപത്രികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, അതിഥി മന്ദിരങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍ എന്നിവിട ങ്ങളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിഗണന.

ദ്രവമാലിന്യം സാധ്യമായ സാഹചര്യത്തില്‍ അതത് സ്ഥലത്തുതന്നെ ശുദ്ധീകരിക്കും.  മറ്റ് സ്ഥലങ്ങളില്‍ സീവറേജ് – സെപ്റ്റേജ് ട്രീറ്റ്മെന്‍റ്  സംവിധാനങ്ങള്‍ ഏർപ്പെടുത്തും.

നിർവ്വഹണം
കാമ്പയിന്‍ നിർവഹണത്തിന്‍റെ ആത്യന്തിക ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കും.  തദ്ദേശ സ്വയംഭരണവാർഡ് ആയിരിക്കും നിർവ്വഹണ ത്തിലെ അടിസ്ഥാന യൂണിറ്റ്.  വാർഡ് തലത്തില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ള വ്യക്തികളെയും സംഘടനകളെയും വാർഡ് തല സാനിട്ടേഷന്‍ സമിതിയില്‍ ഉള്‍പ്പെടുത്തും.  കുടുംബശ്രീ സംഘടനാ സംവിധാനത്തെ കാമ്പയിന്‍ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമായി പ്രയോജനപ്പെടുത്തും.

പരിപാടികളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ശേഷീവർദ്ധനയും പരിശീലനവും പ്രധാനമാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവർത്തകർ, വിദഗ്ദ്ധർ, കർമപരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, എഞ്ചിനീയർമാരുള്‍പ്പെട്ട സാങ്കേതിക വിദഗ്ദ്ധർ, വീടുകളില്‍ സ്ഥാപിക്കുന്ന ശുചിത്വസംവിധാനങ്ങളുടെ സർവ്വീസിംഗിന് നിയോഗിക്കപ്പെടുന്ന, സംരഭകത്വരീതിയില്‍ പ്രവർത്തിക്കുന്ന അടിസ്ഥാനതല സാങ്കേതിക വിദഗ്ദ്ധർ (barefoot technicians), സേവന ദാതാക്കള്‍, സന്നദ്ധ സംഘടനകള്‍, സർക്കാറിതര സംഘടനകള്‍, ജനകീയ കൂട്ടായ്മകള്‍ എന്നിവർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കും.

കാമ്പയിന്‍ നിർവ്വഹണത്തിനും വിവിധ പരിശീലനങ്ങള്‍ നടത്തുന്നതിനും സംസ്ഥാന ജില്ലാതലങ്ങളില്‍ റിസോഴ്സ് പേഴ്സണ്‍മാരെ കണ്ടെത്തി നിയോഗിക്കും.  സംസ്ഥാന ജില്ലാതല ങ്ങളില്‍ രൂപീകരിക്കുന്ന ഫാക്കല്‍ട്ടി ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന ശുചിത്വമിഷന്‍ പരിശീലനം നല്‍കും.  ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും രൂപീകരിക്കുന്ന റിസോഴ്സ് മാനേജ്മെന്‍റ് സെല്ലിന്‍റെ ഭാഗമായി ഇവർ പ്രവർത്തിക്കും.  കാമ്പയിന്‍ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് വിശദമായ മാർഗനിർദ്ദേശങ്ങളും കൈപ്പുസ്തകങ്ങളും സംസ്ഥാന മിഷന്‍ തയ്യാറാക്കി നല്‍കും.

കടപ്പാട്-http:haritham.kerala.gov.in

3.17857142857
ANUSHA.M Aug 09, 2017 04:59 PM

നല്ല ലേഖനം ,ഹരിത കേരളം എന്താന്നെന്നു ഉൾകൊള്ളാൻ സാധിച്ചു അതുപോലതന്നെ കൃഷിയുടെ നിലവിലുള്ള അവസ്ഥ എന്താണന്നു മനസിലാക്കാൻ അത് ഗ്രഹിക്കാനും സാധിച്ചു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top