Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സോളാര്‍ എനര്‍ജി

കൂടുതല്‍ വിവരങ്ങള്‍

നമുക്കാവശ്യമായ സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

ഇലക്ട്രിസിറ്റി ബില്ലിന്റെ ഭാരം കൊണ്ടും, തുടർച്ചയായുള്ള പവർ കട്ട് മൂലവും ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നല്ലൊരു കൂട്ടം ആളുകള്‍  സോളാര്‍ പവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത്
പലപലതരത്തിലുള്ളതും തലത്തിലുള്ളതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള  പൊള്ളയായ പരസ്യങ്ങൾ ദിവസേനയെന്നോണം കാണുമ്പോൾ  ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാവുക സ്വാഭാവികമാണ്‌. കൃത്യമായ കപ്പാസിറ്റിയിൽ,
ശരിയായി പ്രവർത്തിക്കുന്നത് തിരഞ്ഞെടുക്കാതെ പരസ്യങ്ങളിലും മറ്റും കുടുങ്ങി വിലകുറവ് മാത്രം നോക്കി സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചാൽ സ്ഥാപിച്ചാൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ സ്ഥലവും നഷ്ടമാകും.
ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാനായി മാത്രം  സോളാർ പ്ലാന്റുകൾ സ്ഥാപിക്കരുതെന്നാണാദ്യമേ സൂചിപ്പിക്കാനുള്ളത് കാരണം സോളാർ പവർ പ്ലാന്റിനായി മുടക്കുന്ന തുക ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നൽകിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് ഇലക്ട്രിസിറ്റിബില്ല് അടക്കാനാവും.
ഔദ്യോഗികമായും അനൌദ്യോഗികമായും ലോഡ് ഷെഡ്ഡിങ്ങടക്കം പല സമയങ്ങളിലും വൈദ്യുതിലഭിക്കാത്ത കേരളത്തിലെ വീടുകളിൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഒരു പരിധിവരെയെങ്കിലും ഇലക്ട്രിസിറ്റിൽ സ്വയം പര്യാപ്തത കൈവരിക്കുക ഒപ്പം ജലസ്രോദസ്സുകളെ പ്രധാനമായും ഡിപ്പെൻഡ് ചെയ്യുന്ന കേരള വൈദ്യുത മേഖലയെ രക്ഷിക്കുക,
പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കുക തുടങ്ങിയ വിശാല ഉദ്ദേശങ്ങളായിരിക്കണം സോളാർ പവർ പ്ലാന്റ് സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ഉപഭോക്താവ് ലക്ഷ്യം വെക്കേണ്ടത്.
സോളാർ പവർ പ്ലാന്റിന്റെ കപാസിറ്റി
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വതും സോളാർ പവറിൽ പ്രവർത്തിപ്പിക്കാമെങ്കിലും, സാമാന്യം നല്ല വിലയുള്ളതും കപ്പാസിറ്റിക്കനുബന്ധമായി കൂടുന്നതുമാണ് സോളാർ പവർ പ്ലാന്റുകളുടെ വില.
അതുകൊണ്ട്തന്നെ ഏതൊക്കെ ഉപകരണങ്ങളാണ് സോളാർ പവറിൽ പ്രവർത്തിക്കേണ്ടതെന്ന ഒരു ധാരണ  ആദ്യമേയുണ്ടായാൽ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തിരഞ്ഞെടുക്കാൻ സാധിക്കും.
ഉദാഹരണത്തിന്, എ.സി (എയർ കണ്ടീഷൻ), പമ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുന്നതിനേക്കാൾ, ലൈറ്റ്, ഫാന്, ടി.വി. തുടങ്ങിയവ മാത്രം പ്രവർത്തിപ്പിക്കാനായി സോളാർ പവർ പ്ലാന്റുകൾ തിരഞ്ഞെടിക്കുന്നതാണ് ഉത്തമം.
അതുപോലത്തന്നെ, കൂടുതൽ ഉപകരണങ്ങൾ സോളാറിൽ പ്രവർത്തിപ്പിക്കാനായി ഉൾപ്പെടുത്തുന്നതിനേക്കാൾ നല്ലത്  അത്യാവശ്യത്തിന് പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലാന്റ് തിരഞ്ഞെടുക്കുന്നതാണ്.
അതായത്, കൂടുതൽ ഉപകരണങ്ങൾ ഉൾപ്പെടുത്തി 2000 വാട്ട് / 5 മണിക്കൂർ പ്രവർത്തിക്കുന്ന പ്ലാന്റിനേക്കാൾ ഉത്തമം 1000വാട്ട് പ്ലാന്റ് പത്തോ പതിനഞ്ചോ മണിക്കൂർ പ്രവർത്തിക്കുന്ന പ്ലാന്റാണ് ഉത്തമം.
ഇതൊക്കെയാണെങ്കിലും ഇതൊക്കെയാണെങ്കിലും ഉപഭോക്താവിന്റെ കഴിവനുസരിച്ച് സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി തീരുമാനിക്കാം

ബാക്കപ്പ് ടൈം
സൂര്യപ്രകശമുള്ളപ്പോൾ മാത്രമേ സോളാർ പാനലുകൾ വൈദ്യുതി ഉത്പാദിപ്പിക്കുകയുള്ളൂ .ഇലക്ട്രിസിറ്റിയില്ലാത്ത, രാത്രിയിലോ മേഘാവൃതമായ സമയത്തോ എത്ര സമയം പവർ പ്ലാന്റ് വൈദ്യുതി ലഭ്യമാക്കും എന്നതാണ് ബാക്കപ്പ് ടൈമുകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, 1000 വാട്ട് പവർ / ബാക്ക് അപ്പ് ടൈം ഏഴുമണിക്കൂർ എന്നുപറഞ്ഞാൽ;
ദിവസത്തിൽ സൂര്യപ്രകാശമില്ലെങ്കിലും  ഏഴുമണിക്കൂർ സമയം 1000W വൈദ്യുതി ലഭിക്കും. കപ്പാസിറ്റിയും, ബാക്കപ്പ് ടൈമും തീരുമാനിച്ചുകഴിഞ്ഞതിനു ശേഷം ഉപഭോക്താവിനത് സോളാർ കമ്പനികളെ സമീപിക്കാം.
ഇനിയാണ് ഉപഭോക്താവ് വഞ്ചിക്കപ്പെടാനുള്ളതെല്ലാമിരിക്കുന്നത്.
വാങ്ങിക്കേണ്ട കപ്പാസിറ്റിയും ബാക്കപ് ടൈമും അറിയീച്ചാൽ മോഹവിലയോടെ പല ഉറപ്പുകളുമായും സെയിത്സ് മാൻ നിങ്ങളെ സമീപിക്കും. നിങ്ങൾക്ക് തരാൻ പോകുന്ന സോളാർ പവർ പ്ലാന്റിന്റെ ഓരോ ഘടകങ്ങളും വിലയിരുത്താതെ സെയിത്സ് മാൻ തന്ന ‘ഉറപ്പിൽ’ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ,
തീരെ പ്രവർത്തിക്കാത്തതോ അപൂർണ്ണമായി പ്രവർത്തിക്കുന്നതോ ആയ നീല നിറത്തിലുള്ള കുറച്ച് ഗ്ലാസ്സ് ഫ്രെയിമുകളാവും നിങ്ങളുടെ ടെറസ്സിൽ ഇരിക്കുന്നത്. നിങ്ങൾക്ക് വാങ്ങാനായി സൂചിപ്പിച്ച സോളാർ പവർ പ്ലാന്റിന്റെ സ്പെസിഫിക്കേഷൻ നോക്കിയാൽ സ്വയമുറപ്പിക്കാനാവും സൂചിപ്പിച്ച കപ്പാസിറ്റിയും ബാക്കപ്പ് ടൈമും ലഭിക്കുമോ എന്നത്. ചില ഉദാഹരണങ്ങൾ താഴെ കൊടുത്തിട്ടുണ്ട്,
സ്പെസിഫിക്കേഷൻ നോക്കി മനസ്സിലാക്കാനായില്ലെങ്കിൽ സോളാർ കമ്പനിയിലെ ആളുകളോട് തന്നെ കണക്കുകൂട്ടി പറഞ്ഞുതരാനോ ആവശ്യപ്പെടുക.
ബാറ്ററികളുടെ കപ്പാസിറ്റിയാണ് baackup time അടിസ്ഥാനപ്പെടുത്തുന്നത്, ബാറ്ററിയുടെ കപ്പാസിറ്റി പറയുന്നത് Ampere Hour ( Ah) ലാണ്. ഉദാഹരണത്തിന് 125Ah/ 12Volts. ഒരു ബാറ്ററിയുടെ Ah അറിഞ്ഞാൽ അതെത്ര വൈദ്യുതി / എത്രസമയം ഉത്പാദിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ എത്ര ബക്കപ്പ് കിട്ടുമെന്നും കണക്കുകൂട്ടി കണ്ടുപിടിക്കാം.
ഉദാഹരണത്തിന്, 125Ah/ 12Volts ബാറ്ററി 12 X125 = 1500 Whr = 1.5 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും;
ഈ ബാറ്ററി ഒരു മണിക്കൂർ സമയം 1500വാട്ട് വൈദ്യുതി  ഉത്പാദിപ്പിക്കുമെന്ന് നമ്മൾ കണക്കുകൂട്ടി കണ്ടെത്തി!.
എന്നാലിതുറപ്പിക്കാനായിട്ടില്ല!
നമ്മൾ കണക്കുകൂട്ടിയ, ഒരു മണിക്കൂർ നേരത്തേക്ക് 1500 ഈ ബാറ്ററി  ലഭ്യമാക്കുമോ എന്നതുറപ്പിക്കാൻ മറ്റൊന്ന് കൂടി നോക്കേണ്ടതുണ്ട്, ബാറ്ററിയുടെ കപ്പാസിറ്റി അധവാ “ C ” .
വിശദമാക്കാം.
ബാറ്ററികൾ തിരഞ്ഞെടുക്കുമ്പോൾ വെറും “ Ah “ മാത്രം നോക്കിയാൽ പോര അതിനൊപ്പം “C” യും നോക്കണം എന്നാലേ തിരഞ്ഞെടുത്ത ബാറ്ററി ആവശ്യത്തിനുപകരിക്കുമോ എന്നുറപ്പിക്കാനാവൂ.
125 Ah/ C3 ബാറ്ററി ഉത്പാദിപ്പിക്കുന്ന പവറും തരുന്നതും 125Ah / C10 ഒന്നല്ല.
125 Ah/ C3 ബാറ്ററി 500 വാട്ട് പവർ  മൂന്ന് മണിക്കൂർ സമയം ഉത്പാദിപ്പിക്കുമ്പോൾ 125Ah / C10 ബാറ്ററി 150 വാട്ട് പവർ പത്തുമണിക്കൂർ സമയത്തേക്ക് ഉത്പാദിപ്പിക്കുന്നു.
അതായത്, 500 വാട്ട് ആവശ്യമുള്ള ഒരാൾ തിരഞ്ഞെടുക്കേണ്ട ബാറ്ററി 125 Ah/ C3 ആണ്. 125Ah / C10 തിരഞ്ഞെടുത്താൽ ആവശ്യമുള്ള പവർ ലഭിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ!
വിലയുടെ കാര്യമെടുത്താൽ, C3 റേറ്റിങ്ങുള്ളവക്ക് C10 നെക്കാൾ വിലയും കൂടും!
മിക്കവരും ഈ “C” റേറ്റിങ്ങ് കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.
അറിയുക, 125 Ah ബാറ്ററിയുടെ ഒരു നിശ്ചിത ശതമാനമേ ഉപയോഗിക്കാൻ പാടുള്ളു, അതാണ്  " DoD" Depth of Discharge എന്നറിയപ്പെടുന്നത്,
125Ah/ DoD 85% എന്നു സൂചിപ്പിച്ചാൽ അതിനർത്ഥം നമുക്കുപയോഗിക്കാനാവുക 106Ah മാത്രമാണ്!
ചുരുക്കത്തിൽ തിരഞ്ഞെടുക്കുന്ന ബാറ്ററിയുടെ  ഈ മൂന്ന് പരാമീറ്ററുകളും മനസ്സിലാക്കി, ഉദ്ദേശിച്ച ബാക്കപ്പ് ലഭിക്കുമോ എന്നുറപ്പുവരുത്തുക അല്ലാത്ത പക്ഷം കമ്പനികൾ  പറയുന്ന ബാക്കപ്പ് ടൈം / പവർ  ലഭിക്കണമെന്നില്ല.
സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞും ചാര്ജ്ജ് ചെയ്യുകയും തുടര്ച്ചയായി റീചാര്ജ്ജ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡീപ് ഡിസ്ചാര്ജിങ്ങ് ടൈപ്പ് ബാറ്ററികളാണ് സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കേണ്ടത്.
സോളാർ കമ്പനി ഓഫർ ചെയ്യുന്ന ബാറ്ററി സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ എന്ന് ശ്രദ്ധിക്കുക. കാര്‍ ബാറ്ററികൾ, നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ച ച്ഛാർ‌ജിങ്ങ് ഡിസ്ചാർ‌ജിച്ച് മൂലം അധികകാലം പ്രവർത്തിക്കില്ല.

സോളാർ പവർ പ്ലാന്റിന്റെ ഘടകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

സോളാര്‍ പാനലുകള്‍ കൺസ്ട്രക്ഷൻ (നിർമ്മിതി)
സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കു സോളാര്‍ പാനലുകളാണ് സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകം. പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള സോളാർ പാനലുകളാണുള്ളത്, മോണോ ക്രിസ്റ്റലൈന്‍ , പോളി ക്രിസ്റ്റലൈന്‍,
തിൻ ഫിലിം.  ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞതിനാൽ തിൻ ഫിലിം വിഭാഗമൊഴിച്ച് മറ്റ് രണ്ട് വിഭാഗമാണ് സാധാരണയായുള്ളത്.
നിർമ്മിതിയിലെ വ്യത്യാസമാണ് തരം തിരിവിനാധാരം. സാധാരണ രീതിയിൽ കറുപ്പ് നിറത്തിലാണ് മോണോ വിഭാഗത്തെ കാണുക,
പ്രവർത്തന ക്ഷമത മോണോവിഭാഗത്തിന് പോളിയെ അപേക്ഷിച്ച് കൂടുതലാണ്, വിലയും മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിനാണ് കൂടുതൽ.
ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട  ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തൽ വളരെ പ്രധാനമാണ്. കാഴ്ചയിൽ തന്നെ നിലവാരമുള്ള പാനലുകൾ തിരിച്ചറിയാനാവും.
അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമിലുള്ള പാനലുകൾ നല്ലതാണ്‌.  പാനൽ ഫ്രെയിമുകളുടെ മൂലകൾ ഷാർപ്പായി പൊന്തിനിൽക്കുന്നതാണെങ്കിൽ ആഭാഗത്ത് പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണ കപ്പാസിറ്റിയിൽ വൈദ്യുതി ഉതപാദിപ്പിക്കാതിരിക്കാൻ സാധ്യതയുണ്ട്.
കോർണ്ണറുകൾ ഷാർപ്പല്ലെങ്കിൽ മഴവെള്ളവും മറ്റും തങ്ങിനിൽക്കാതെ ഒഴുകുന്നതിനാൽ ഷാർപ്പില്ലാത്ത കോർൺറുകളുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
സോളാർ പാനലുകൾ - പവർ
വൈദ്യുതി ഉത്പാദിക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ പല വാട്ട് പവറിലാണ് സോളാർ  പാനലുകള്‍ ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250 W അങ്ങിനെ പോകുന്നു. തിരഞ്ഞെടുക്കുന്ന പാനലുകളുടെ പവർ കണക്കാക്കൽ വളരെ പ്രധാനമാണ്.
പ്ലാന്റിന്റെ കപ്പാസിറ്റി എന്നത്  ഏറ്റവും ചുരുങ്ങിയത് സോളാർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം. 1000വാട്ട് പ്ലാന്റിന് ഏറ്റവും ചുരുങ്ങിയത് 250വാട്ടിന്റെ നാലുപാനലുകളോ 200വാട്ടിന്റെ അഞ്ച്പാനലുകളോ വേണം. ഇതിൽ കുറഞ്ഞാൽ അറിയുക നിങ്ങളുടെ പ്ലാന്റ് നിങ്ങളുദ്ദേശിച്ച പവർ തരുന്ന ഒന്നല്ല!
250വാട്ട് എന്നെഴുതിയിരിക്കുന്ന ഒരു സോളാർ പാനൽ 250വാട്ട് ലഭ്യമാക്കുക STC ( Standard Testing Condition) ൽ മാത്രമാണ്, Standard Testing Condition = 25 ഡിഗ്രി ചൂടും 1000W/sq.m സൂര്യപ്രകാശത്തിന്റെ ശക്തി.
ഇവയിൽ വ്യത്യാസമുണ്ടാവുമ്പോൾ പവർ കുറയും. എല്ലാസമയവും വെയിലത്തിരിക്കുന്ന സോളാർ പാനലുകളുടെ ടെമ്പെറേചർ അമ്പതിനോടടുത്ത് വന്നാൽ 250 വാട്ട് പാനൽ 250 ൽ കുറവേ ഉത്പാദിപ്പിക്കൂ, എത്ര ഉത്പാദിപ്പിക്കുമെന്നത്  പ്രസ്ഥുത സോളാർ പാനലിന്റെ ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ് അനുസരിച്ചിരിക്കും.
അങ്ങിനെ നോക്കുമ്പോൾ, 1000വാട്ട് പ്ലാന്റിന് 1000വാട്ടിനേക്കാൾ കൂടുതൽ പവർ വേണമെന്ന് മനസ്സിലാവും.

ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ്
250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W വൈദ്യുതി ഉത്പാദിപ്പിക്കുക 25 ഡിഗ്രി സെന്റിഗ്രേഡിലാണ്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച്  അതുത്പാദിപ്പിക്കുന്ന വൈദ്യുതിയിലും കുറവുവരും,
എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും. ഒരേകദേശ കണക്കായി 35 ഡിഗ്രി ചൂടിൽ സൂര്യപ്രകാശം കൊണ്ടിരിക്കുന്ന സോളാർ പാനൽ, നാല്പത്തഞ്ചു ഡിഗ്രി ചൂടിൽ പ്രവർത്തിക്കുകയാണെങ്കിൽ 20XTemperature Coeff വാട്ട് പവർ 250 W ൽ നിന്നും കുറവുമാത്രമേ ലഭിക്കുകയുള്ളൂ.
പവർ ടോളറൻസ്
സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര വൈദ്യുതി ലഭ്യമാക്കും എന്ന് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. നിലവാരമുള്ള എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250 W സോളാർ പാനലിൽ എഴുതിയിരിക്കുക 250+- 5% ( എന്നോ +3%) എന്നോ ഒക്കെ ആയിരിക്കും.
ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്.
ഉപയോഗിക്കുന്ന മെറ്റീരിയലിന്റെയും നിർമ്മിക്കുന്നതിന്റേയും മറ്റും നിലവാരമനുസരിച്ച് ഇതിൽ വ്യത്യാസവും വരും.ഗുണനിലവാരമുള്ള പഥാർത്ഥങ്ങളും  അത്യാധുനികമായ സാങ്കേതികത്തോടെ നിലവാരത്തിൽ നിർമ്മിച്ച പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് “ + “ മാത്രം നൽകുന്നവരുണ്ട്,
ഉദാഹരണത്തിന് 250+ 0 / 3% അതായത് . അത്തരം സോളർ പാനലുകൾ 250 W ഓ 257.5 വാട്ടോ  ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power out put തരുന്നെന്നർത്ഥം.
വാറണ്ടി
ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല  സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.
കാലപ്പഴക്കം കൊണ്ട് സോളാർ പാനലിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവിനാണ് കുറവുവരിക അല്ലാതെ പാനലുകൾ അമ്പതുവർഷം കഴിഞ്ഞാലും കാണാൻ ഒരുപോലിരിക്കാം.
ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളുടെ ഗുണനിലവാരവും, നിർമ്മിതിക്കുപയോഗപ്പെടുത്തുന്ന  സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനമിരിക്കുന്നത്.
നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുമുള്ള ഗുണനിലവാരങ്ങളനുസരിച്ച് പാനലുകളുടെ അടിസ്ഥാന ഘടകമായ സെല്ലുകളുടെ നിലവാരം നാലായി ( അനൌദ്യോഗികമായി) തിരിച്ചിട്ടുണ്ട്. ഈ പല നിലവാരത്തിലുമുള്ള സെല്ലുകൾ കൊണ്ടുണ്ടാക്കുന്ന സോളാർ പാനലുകള്‍ കാലപ്പഴക്കം കൂടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കും; ഇവിടെയാണ്‍ വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.
ഇരുപത്തഞ്ചുവര്‍ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല്‍ എത്ര ശതമാനം പവര്‍ തരുമെന്നതിനാണ്‍ വാറണ്ടി നല്‍കേണ്ടത്. 25 വർഷം കഴിഞ്ഞാൽ 80% പവർ തരും എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്‍ഷമോ അഞ്ചു വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ്. അതുപോലെ ചുരുങ്ങിയ കാലയളവിൽ എത്ര പവർ തരുമെന്ന് സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാൺ ഉത്തമം.
വിശദമാക്കാം;  80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.
100% Power output @ 10 വര്ഷത്തേക്ക് വാറണ്ടി കൊടുക്കുന്ന അത്യാധുനിക സോളാർ പാനലുകളും ഇന്ന് മാർക്കെറ്റിൽ ഉണ്ട്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാനലുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.
ഇന്‍വേര്‍ട്ടർ
തന്റെ വീട്ടിലുള്ള ഇൻ‌വേർട്ടറുകൾ  സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചുകൂടേ എന്നത് മിക്ക ഉപഭോക്താക്കൾക്കുമുള്ള ഒരു സംശയമാണ്. സോളാർ ഇൻ‌വേർട്ടർ കരുതുന്നതുപോലെ വെറുമൊരു ഇൻ‌വേർട്ടറല്ല, അതിനൊപ്പം സോളാർ പവർ ചാർജിങ്ങ് കണ്ട്രോൾ ചെയ്യാനുള്ളതെല്ലാം അടങ്ങിയ ഒന്നാണ്. ഇൻ‌വേർട്ടറുകളിൽ പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപ്പാസിറ്റി രണ്ട് വേവ് ഫോം.
പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ പവറിന്റെ ആകെത്തുകയായിരിക്കണം സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻ‌വേർട്ടറിന്റെ കപ്പാസിറ്റി. വേവ്ഫോം Pure Sine wave ആകുന്നതാണുത്തമം.
സാമാന്യം നല്ല വിലയുള്ള ഒന്നാണ് സോളാർ പവർ പ്ലാന്റുകൾ, അതു വാങ്ങുമ്പോൾ മുകളിൽ സൂചിപ്പിച്ചതെല്ലാം നോക്കി മനസ്സിലാക്കി ഉറപ്പുവരുത്തിമാത്രം വാങ്ങിക്കുക അല്ലെങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സോളർ പവറിലല്ല കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ തന്നെയായിരിക്കും.
വിലകുറവില്‍ സോളാര്‍ പ്ലാന്റുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യകമ്പനികളോട് മുകളിൽ സൂചിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി കൃത്യമായി സർ‌ട്ടിഫിക്കറ്റുകളുള്ളവ വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക, പരസ്യക്കെണിയില്‍ വീഴാതിരിക്കുക, നല്ല സോളാര്‍ പാനലുകൾക്ക് നല്ല വില കൊടുക്കണം ആരുകുറവില്‍ തരുന്നുവോ ശ്രദ്ധിക്കുക അതിലെന്തോ ഒളിഞ്ഞുകിടപ്പുണ്ട്.
ഹൈലൈറ്റ്സ്:

 • സോളാർ പ്ലാന്റിന്റെ കപ്പാസിറ്റി ഏറ്റവും ചുരുങ്ങിയത് തുല്യമായ സോളാർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം, പാനലുകൾ IEC 61215, IEC 61730 തുടങ്ങിയവയുള്ളതാണോ എന്നുറപ്പുവരുത്തുക.
 • ബാറ്ററിയുടെ  മാത്രം നൊക്കിയാൽ പോര, യും യും നോക്കി പറയുന്ന ബാക്കപ്പ് ലഭിക്കുമോ എന്നുറപ്പുവരുത്തണം
 • ബാറ്ററിയുടെ കപ്പാസിറ്റി കൂട്ടിയാൽ മാത്രം  ബാക്കപ്പ് ടൈം ലഭിക്കില്ല, കൂട്ടിയ കപ്പാസിറ്റി ചാർജ്ജ് ചെയ്യാനുള്ള സോളാർ പാനലുകൽ അധികമായിട്ട് വേണം
 • വാറണ്ടി ലഭിക്കേണ്ടത് ഇത്രവർഷം ഇത്ര പവർ തരുമെന്നതിനായിരിക്കണം അല്ലാതെ 25 വർഷം വാറണ്ടി എന്നതല്ല, അഞ്ചോ പത്തോവർഷം കഴിയുമ്പോൾ എത്ര പവർ ലഭിക്കുമെന്നതിനുള്ള വാറണ്ടിയാണുത്തമം.
 • ഇന്‌വേർട്ടർ വാങ്ങുമ്പോൾ “ Watt “  1000 Watt കപ്പാസിറ്റിയിൽ വാങ്ങുന്നതാണ് “ VA “ 1000 VA യിൽ വാങ്ങുന്നതിനേക്കാൾ ഉത്തമം.

 

സോളാർ പവർ‌ പ്ലാന്റുകളുടെ ബാക്കപ്പ് ടൈം

സോളാർ പവർ  പ്ലാന്റുകൾ  വാങ്ങാൻ പോകുന്നവർ  ചിന്തിക്കുന്ന ഒരു വിഷയമാണ് ബാക്കപ്പ് ടൈം.
ഇലക്ട്രിസിറ്റിയില്ലാത്ത, രാത്രിയിലോ മേഘാവൃതമായ സമയത്തോ എത്ര സമയം  ഉപകരണങ്ങൾ പ്രവർത്തിക്കുമെന്നാണ്  ബാക്കപ്പ്  ടൈമെന്ന് പറയുന്നത്.  മൂന്ന് മണിക്കൂർ മുതൽ മുപ്പതുമണിക്കൂർ വരെ ബക്കപ്പ് ടൈം നൽകുന്ന സോളാർ കമ്പനികൾ / സോളാർ പവർ പ്ലാന്റുകളുണ്ട് എന്നാൽ ഇവരൊക്കെ സൂചിപ്പിക്കുന്ന ബക്കപ്പ് ടൈം ലഭിക്കുമോ എന്ന് വാങ്ങിക്കുന്നവർക്ക് കണക്കാക്കി തിട്ടപ്പെടുത്താവുന്നതാണ്.

ബാറ്ററികളുടെ കപ്പാസിറ്റിയാണ് backup time അടിസ്ഥാനപ്പെടുത്തുന്നത്, കപ്പാസിറ്റി പറയുന്നത് Ampere Hour ( Ah) ലാണ്, കബളിക്കപ്പെടാൻ ചാൻസുള്ളതും ഇവിടെത്തന്നെ!
ബാറ്ററികളുടെ കപ്പാസിറ്റിക്കൊപ്പം C” റേറ്റിങ്ങും  അറിഞ്ഞാൽ  മാത്രമേ സൂചിപ്പിച്ച ബാക്ക് ടൈം കിട്ടുമോ എന്നുറപ്പിക്കാനാവൂ.

മാത്രമല്ല, ഒരേ ആവശ്യത്തിനു്,   125 Ah/ C10 ബാറ്ററി തരുന്ന ബാക്കപ്പ് ടൈമിനേക്കാൾ വളരെ കുറവ് ബാക്ക് അപ്പ് ടൈം മാത്രമേ 125Ah/ C20 തരികയുള്ളൂ,; വിലയുടെ കാര്യമെടുത്താൽ, C10 റേറ്റിങ്ങുള്ളവക്ക് C20 നെക്കാൾ വിലയും കൂടും!
മിക്കവരും ഈ “C” റേറ്റിങ്ങ് കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

സോളാർ പവർ പ്ലാന്റിനൊപ്പം നൽകുന്ന ബാറ്ററിയുടെ കപ്പാസിറ്റിയും / റേറ്റിങ്ങും അറിഞ്ഞ്, അത് സൂചിപ്പിച്ച ബാക്ക് ടൈം തരുമോ എന്നുറപ്പ് വരുത്തുക, അതുകണക്കുകൂട്ടാൻ സാധിക്കില്ലെങ്കിൽ സോളാർ കമ്പനിയോട് കണക്കുതരാൻ ആവശ്യപ്പെടുക അല്ലാത്ത പക്ഷം സൂചിപ്പിച്ച ബാക്കപ്പ് ടൈം ലഭിക്കാതെ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം!

സൂര്യനാണ്‌ താരം!

(ആര്‍ വി ജി മേനോന്‍) 
പിളര്‍ക്കാന്‍ പറ്റാത്തത്‌ എന്ന്‌ കരുതപ്പെട്ടിരുന്ന പരമാണുവിനെ പിളര്‍ക്കാമെന്നും അതിലൂടെ ഊര്‍ജം മോചിപ്പിക്കാമെന്നും 1938 ല്‍ ജര്‍മ്മന്‍കാര്‍ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഈ വിദ്യയുപയോഗിച്ച്‌ സര്‍വനനാശകമായ ആറ്റംബോംബ്‌ ഉണ്ടാക്കാനും ജര്‍മ്മനി ശ്രമിച്ചു.
പക്ഷേ അതില്‍ വിജയം കണ്ടത്‌ അമേരിക്കയാണ്‌. മഹായുദ്ധത്തിന്‌ അന്ത്യംകുറിച്ചുകൊണ്ട്‌ 1945 ആഗസ്റ്റ്‌ ആറിന്‌ ഹിരോഷിമയിലും ഒന്‍പതിന്‌ നാഗസാക്കിയിലും ലോകം കണ്ട ഏറ്റവും വിനാശകരമായ ആയുധപ്രയോഗം നടന്നു. രണ്ടു ലക്ഷത്തിലേറെ മനുഷ്യര്‍, സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ വെന്തു മരിച്ചു.യുദ്ധത്തിനുശേഷവും അമേരിക്ക കൂടുതല്‍ ശക്തിയേറിയ ആണവായുധങ്ങള്‍ (ഹൈഡ്രജന്‍ ബോംബ്‌, ന്യൂട്രോണ്‍ ബോംബ്‌) വികസിപ്പിക്കുന്നതു തുടര്‍ന്നു. പക്ഷേ പിന്നാലെ തന്നെ സോവിയറ്റ്‌ യൂണിയനും ഇംഗ്ലണ്ടും ഫ്രാന്‍സും, രണ്ട്‌ പതിറ്റാണ്ടുകള്‍ക്കുശേഷം ചൈനയും ആണവായുധശേഷി നേടി. ലോകം ഒരു ആണവപ്പന്തയത്തിന്‌ മുമ്പില്‍ വിറങ്ങലിച്ചു നിന്നു. ഭൂഗോളത്തിനെ പട്ടവട്ടം തകര്‍ത്തു തരിപ്പണമാക്കാനുള്ള ആണവായുധങ്ങളാണ്‌ ഈ രാജ്യങ്ങളുടെ കലവറയില്‍ കാത്തിരിക്കുന്നത്‌.
ഒരു ഭ്രാന്തന്‍ മനസ്സിന്റെ താളം തെറ്റിയ നീക്കം മതി, സര്‍വനാശകരമായ ആണവയുദ്ധത്തിന്‌ തിരികൊളുത്താന്‍. അധികാര ഭ്രാന്ത്‌ തലയ്‌ക്കു പിടിച്ച മറ്റൊരു ഹിറ്റ്‌ലറോ മുസ്സോളിനിയോ ഉണ്ടാവില്ലെന്നെന്താണുറപ്പ്‌? അതുകൊണ്ട്‌ ലോകമെമ്പാടും അണുവായുധങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടായി. സമ്പൂര്‍ണ ആവണ നിരായുധീകരണത്തിനായി ആഹ്വാനങ്ങള്‍ ഉയര്‍ന്നു. പക്ഷേ ആണവായുധങ്ങള്‍ സ്വായത്തമാക്കിയ ഒരു വന്‍ശക്തിയും അതു വേണ്ടെന്നു വയ്‌ക്കാന്‍ തയ്യാറായില്ല! അണുശക്തി സമാധാനത്തിന്‌ (Atoms for peace) എന്നാല്‍ ഇതിന്‌ സമാന്തരമായി അണുശക്തിയെ മെരുക്കിയെടുത്ത്‌ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടായിരുന്നു. 1954 ല്‍ സോവിയറ്റ്‌ യൂണിയനിലും 1956 ല്‍ ബ്രിട്ടനിലും 1960 ല്‍ അമേരിക്കയിലും വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉണ്ടാക്കി വില്‍ക്കുന്ന ആണവ നിലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലും ജവഹര്‍ലാല്‍ നെഹ്രുവിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ഡോ. ഹോമി ഭാഭയുടെ നേതൃത്വത്തില്‍, ആണവഗവേഷണം 1950 കളില്‍ ആരംഭിച്ചു. കാനഡയുടെ സഹായത്തോടെ ഇകഞഡട എന്ന ഗവേഷണ റിയാക്‌ടര്‍ സ്ഥാപിക്കപ്പെട്ടു.
അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്‌ കമ്പനിയില്‍ നിന്ന്‌ വിലയ്‌ക്കു വാങ്ങിയ താരാപ്പൂര്‍ റിയാക്‌ടര്‍ 1962 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചു തുടങ്ങി. പക്ഷേ അമേരിക്കയുടേതില്‍ നിന്നും മറ്റ്‌ രാജുങ്ങളുടേതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ആണവോര്‍ജ വികസന പരിപാടിയാണ്‌ ഡോ.ഭാഭ വിഭാവനം ചെയ്‌തത്‌. ഇതിന്‌ അതിന്റേതായ കാരണവും ഉണ്ടായിരുന്നു.ആണവ റിയാക്‌ടറുകളില്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന ഇന്ധനം യുറേനിയം ആണ്‌. യുറേനിയത്തിന്‌ പലതരം ഐസോടോപ്പുകള്‍ ഉണ്ട്‌. എല്ലാ യുറേനിയം ആറ്റത്തിന്റെയും അണുകേന്ദ്രത്തില്‍ (Nucleus) 92 പ്രോട്ടോണുകള്‍ ഉണ്ടാകും; പക്ഷേ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. 92 പ്രോട്ടോണും 146 ന്യൂട്രോണും ചേര്‍ന്ന്‌ 238 കണികകളുള്ള യുറേനിയം - 238 ആണ്‌ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഐസോടോപ്പ്‌. സ്വാഭാവിക യുറേനിയത്തിന്റെ (Natural Uranium) 99.3 ശതമാനവും ഡ238 ആണ്‌. ബാക്കിയുള്ള 0.7% ആറ്റങ്ങളുടെ ന്യുക്ലിയസ്സില്‍ 146 ന്‌ പകരം 143 ന്യൂട്രോണുകളേ ഉണ്ടാവൂ. അതുകൊണ്ട്‌ അവയെ U235 എന്നാണ്‌ പറയുക. (92+143 = 235). ഈ U235 ആണ്‌ യഥാര്‍ത്ഥ ഇന്ധനം. അതില്‍ ഒരു ന്യൂട്രോണ്‍ പതിച്ചാല്‍ അത്‌ പിളര്‍ന്ന്‌ രണ്ട്‌ കഷണമാകും. കൂടെ രണ്ടോ മൂന്നോ ന്യൂട്രോണുകള്‍ സ്വതന്ത്രമാവുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു ന്യൂട്രോണ്‍ മറ്റൊരു ഡ235 അണുകേന്ദ്രത്തെ പിളര്‍ത്തിയാല്‍ പിന്നെയും രണ്ടോ മൂന്നോ സ്വതന്ത്ര ന്യൂട്രോണുകള്‍ ജനിക്കും. ഈ ശൃംഖല തുടര്‍ന്നാല്‍ അന്തമില്ലാത്ത ഒരു നിലനിര്‍ത്താനാകും. ഇതിനെയാണ്‌ ശൃഖലാ പ്രവര്‍ത്തനം (Chain reaction) എന്ന്‌ പറയുന്നത്‌. ഇതാണ്‌ ആണവ റിയാക്‌ടറിന്റെ അടിസ്ഥാന തത്വം.
പക്ഷേ ഈ ശൃംഖല നിലനിര്‍ത്തണമെങ്കില്‍ സ്വതന്ത്രമാകുന്ന ന്യൂട്രോണുകള്‍ ചോര്‍ന്നു പോകാതെയും അവയെ പരിരക്ഷിച്ച്‌ അവയിലൊരെണ്ണമെങ്കിലും പുതിയൊരു ഡ235 ല്‍ പ്രവേശിച്ച്‌ പിളര്‍പ്പു നടത്തുന്നു എന്നുറപ്പാക്കേണ്ടതുണ്ട്‌. ഇതത്ര എളുപ്പമല്ല. അത്‌ സുഖകരമാക്കാനായി രണ്ട്‌ മാര്‍ഗങ്ങളുണ്ട്‌. ഒന്നുകില്‍ യുറേനിയം ഇന്ധനത്തിലെ U235 അനുപാതം കൃത്രിമമായി വര്‍ദ്ധിപ്പിച്ച്‌ ഏതാണ്ട്‌ 3% ആക്കുക. ഇതിനെ സംപുഷ്‌ടീകരണം (Enrichment) എന്ന്‌ പറയുന്നു. അല്ലെങ്കില്‍, ന്യൂട്രോണ്‍ വിഴുങ്ങികളായ വസ്‌തുക്കളുടെ അളവ്‌ റിയാക്‌ടറിനകത്തു കഴിവതും കുറയ്‌ക്കുക. ഇതെങ്ങനെ സാധിക്കും? റിയാക്‌ടറിനകത്തു രണ്ട്‌ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്‌. ഒന്ന്‌ അണുവിഘടനത്തിന്റെ ഫലമായുണ്ടാകുന്ന അത്യുന്നത താപം പകര്‍ന്നെടുക്കുക. അതില്‍ നിന്നാണ്‌ നമുക്ക്‌ വൈദ്യുതി യന്ത്രങ്ങള്‍ കറക്കാന്‍ വേണ്ട ഊര്‍ജം കിട്ടേണ്ടത്‌. ഇതിനായി ഒരു ശീതീകാരി (Coolant) കൂടിയേ തീരൂ. രണ്ടാമത്തേത്‌, വിഘടനത്തില്‍ നിന്നുണ്ടാകുന്ന അത്യുന്നത ഊര്‍ജമുള്ള ന്യൂട്രോണുകളെ തുടര്‍ച്ചയായ 'കൂട്ടിയിടി'കളിലൂടെ വേഗം കുറച്ച്‌ 'തണുപ്പിക്കുക.' എങ്കില്‍ മാത്രമേ അവയ്‌ക്കു യുറേനിയം 235 അണുകേന്ദ്രത്തില്‍ പ്രവേശിച്ച്‌ പിളര്‍പ്പുണ്ടാക്കാനുള്ള സാദ്ധ്യത കൂടുകയുള്ളൂ. ഈ പ്രക്രിയയെ മന്ദീകരണം (Moderation) എന്ന്‌ പറയുന്നു. ശീതീകാരി (coolant) ആയിട്ടും മന്ദീകാരി (Moderator) ആയിട്ടും സാധാരണ ജലം ഉപയോഗിക്കാം. പക്ഷേ സാധാരണ ജലത്തിന്‌ ന്യൂട്രോണുകളെ വിഴുങ്ങാനുള്ള ആര്‍ത്തി കൂടുതലാണ്‌. എന്നാല്‍ പ്രകൃതിയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഘനജല (Heavy water) ത്തിന്‌ ന്യൂട്രോണിനോട്‌ അത്ര തന്നെ ആര്‍ത്തിയില്ല. എന്തെന്നാല്‍ ഘനജലത്തിലെ ഹൈഡ്രജന്‍ അണുകേന്ദ്രത്തില്‍ ഒരു പ്രോട്ടോണിനുപുറമേ ഒരു ന്യൂട്രോണ്‍ കൂടി നേരത്തെ തന്നെ കയറിക്കൂടിയിട്ടുണ്ട്‌! ഇപ്രകാരം ഘനജലം ശീതീകാരിയായും മന്ദീകാരിയായും ഉപയോഗിച്ചാല്‍ സംപുഷ്‌ടീകരിക്കാത്ത സാധാരണ യുറേനിയം തന്നെ ഇന്ധനമാക്കിക്കൊണ്ട്‌ ആണവ റിയാക്‌ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ റിയാക്‌ടറുകളും സംപുഷ്‌ടീകരിച്ച യുറേനിയവും സാധാരണ ജലവും ഉപയോഗിക്കുന്നവയത്രേ. എന്നാല്‍ കാനഡ, സ്വാഭാവിക യുറേനിയവും ഘനജലവും ഉപയോഗിക്കുന്ന റിയാക്‌ടറുകള്‍ക്കാണ്‌ രൂപം കൊടുത്തത്‌. സംപുഷ്‌ടീകരണത്തിനാവശ്യമായ സങ്കീര്‍ണ സാങ്കേതികവിദ്യ സ്വായത്തമല്ലാതിരുന്ന ഇന്ത്യ, കനേഡിയന്‍ മാതൃക പിന്തുടരാനാണ്‌ തീരുമാനിച്ചത്‌. പക്ഷേ ആ മാതൃകയെ സ്ഥായിയായി ആശ്രയിക്കാനും ഇന്ത്യയ്‌ക്കു കഴിയുമായിരുന്നില്ല. എന്തെന്നാല്‍ നമ്മുടെ യുറേനിയം നിക്ഷേപങ്ങള്‍ പരിമിതമായിരുന്നു. കഷ്‌ടിച്ച്‌ 65000 ടണ്‍ മാത്രം. ഇതുപയോഗിച്ച്‌ പരമാവധി 10,000 ങണ ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഇന്ത്യന്‍ കടല്‍തീരത്ത്‌ സമൃദ്ധമായി കാണപ്പെടുന്ന തോറിയത്തില്‍ ന്യൂട്രോണുകളെ കടത്തിവിട്ടാല്‍ അത്‌ യുറേനിയം - 233 ആയി മാറുമെന്നും അത്‌ ഒരു ഉത്തമ ഇന്ധനമാണെന്നും ഭാഭ മനസ്സിലാക്കി. പക്ഷേ അതിനായി മറ്റൊരു തരം റിയക്‌ടര്‍ കൂടി വേണ്ടി വരും. അതാണ്‌ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍. ഫാസ്റ്റ്‌ ബ്രീഡര്‍ എന്ന അക്ഷയപാത്രം U235 ഇന്ധനമായുപയോഗിക്കുന്ന റിയാക്‌ടറുകളില്‍ U235 നു പുറമേ U238 കൂടി ഉണ്ടാകുമല്ലോ. ഈ U238 ല്‍ ന്യൂട്രോണ്‍ വര്‍ഷം ഏല്‍ക്കുമ്പോള്‍ അവ രൂപാന്തരം ഭാവിച്ച്‌ ക്രമേണ പ്ലൂട്ടോണിയം ആയി മാറും (Pu239). ഇതൊരു ഉത്തമ ഇന്ധനമാണ്‌. ബോംബുണ്ടാക്കാനും കൊള്ളാം. (എല്ലാ ആണവ റിയാക്‌ടറുകളിലും പ്ലൂട്ടോണിയം ഉറഞ്ഞു കൂടുന്നു എന്നുള്ളതുകൊണ്ടാണ്‌, ആണവ റിയാക്‌ടറുകളുള്ള രാജ്യങ്ങള്‍ ആ പ്ലൂട്ടോണിയം ഊറ്റി എടുത്ത്‌ ബോംബ്‌ ഉണ്ടാക്കുമോ എന്ന ഭയം വന്‍ശക്തികള്‍ക്കുള്ളത്‌. അതിരിക്കട്ടെ). ഇങ്ങനെ ഇന്ത്യയുടെ യുറേനിയം - ഘനജലം റിയാക്‌ടറുകളില്‍ നിന്ന്‌ ലഭിക്കുന്ന പ്ലൂട്ടോണിയവും യുറേനിയവും ഉപയോഗിച്ച്‌ ഉണ്ടാക്കാവുന്ന പുതിയൊരു തലമുറ റിയാക്‌ടറാണ്‌ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍. അവയെ 'ഫാസ്റ്റ്‌' എന്നു പറയാന്‍ കാരണം, മറ്റു റിയാക്‌ടറുകളില്‍ ചെയ്യുന്നതുപോലെ അതിലെ ന്യൂട്രോണുകളെ മന്ദീകാരികള്‍ ഉപയോഗിച്ച്‌ വേഗം കുറയ്‌ക്കുന്നില്ല എന്നതാണ്‌. ഈ ഫാസ്റ്റ്‌ ന്യൂട്രോണുകള്‍ പ്ലൂട്ടോണിയത്തില്‍ മാത്രമല്ല U238 ലും പിളര്‍പ്പ്‌ ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണ്‌. മന്ദീകാരികളുമായുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുന്നതുകൊണ്ട്‌ അവയിലെ ന്യൂട്രോണ്‍ നഷ്‌ടവും കുറവായിരിക്കും. അതുകൊണ്ട്‌ ഓരോ പിളര്‍പ്പിലും സ്വതന്ത്രമാകുന്ന രണ്ടോ മൂന്നോ ന്യൂട്രോണുകളില്‍, ഒരെണ്ണം ശൃംഖല നിലനിര്‍ത്താനായി ഉപയോഗിക്കപ്പെട്ടാല്‍ പോലും, മറ്റൊരെണ്ണത്തിന്‌ പുതിയൊരു U238 ല്‍ കയറിക്കൂടി അതിനെ Pu239 ആക്കി മാറ്റാന്‍ കഴിയും. അങ്ങനെയായാല്‍ കത്തിത്തീരുന്ന ഇന്ധനത്തിനു പകരം കത്തുന്നതിലേറെ പുതിയ ഇന്ധനം സൃഷ്‌ടിക്കപ്പെടും! അതുകൊണ്ടാണതിന്‌ ബ്രീഡര്‍ റിയാക്‌ടര്‍ എന്നു പേരു വീണത്‌. ഡോ ഭാഭ കണക്കുകൂട്ടിയത്‌ നമ്മുടെ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറുകളില്‍ യുറേനിയത്തോടൊപ്പം തോറിയത്തിന്റെ (Th232) ഒരു പുതപ്പുകൂടി വച്ചാല്‍ ഈ തോറിയം 232 രൂപാന്തരപ്പെട്ട്‌ യൂറേനിയം 233 ആയി മാറും എന്നായിരുന്നു. അങ്ങനെയായാല്‍ ആ U233 ഇന്ധനമായുപയോഗിച്ചുകൊണ്ട്‌ നമ്മുടെ മൂന്നാം തലമുറ റിയാക്‌ടറുകള്‍ക്കു രൂപംകൊടുക്കാം. തോറിയം സമൃദ്ധമായുള്ള ഇന്ത്യയ്‌ക്ക്‌ അതോടെ മറ്റൊരു രാജത്തെയും ആശ്രയിക്കാതെ സ്വന്തമായ റിയാക്‌ടറുകള്‍ ആവശ്യംപോലെ നിര്‍മ്മിച്ചെടുക്കാനുള്ള ശേഷി കൈവരും. ഇതായിരുന്നു ഭാഭയുടെ പ്രസിദ്ധമായ മൂന്നാം ഘട്ട പരിപാടി.
തിരിച്ചടികള്‍
എന്നാല്‍ ഭാഭ വിഭാവനം ചെയ്‌തതുപോലെ ഇന്ത്യന്‍ ആണവോര്‍ജ പരിപാടി വളര്‍ന്നില്ല. 1980 ഓടെ 10,000 ങണ ശേഷിയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ റിയാക്‌ടര്‍ നിര്‍മ്മാണ പരിപാടികള്‍ പലതും ഇഴഞ്ഞു നീങ്ങി. ഇതിനിടെ 1974 ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ഒരു ആണവ വിസ്‌ഫോടന പരീക്ഷണവും നടത്തി. അതോടെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ആവണ സഹകരണം അവസാനിപ്പിച്ചു. ആണവോര്‍ജവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ എല്ലാം വിലക്കുണ്ടായി. സ്വാഭാവികമായും ഈ വിലക്ക്‌ നമ്മുടെ റിയാക്‌ടര്‍ നിര്‍മ്മാണ പരിപാടികളെ വീണ്ടും പിന്നോട്ടടിച്ചു. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ഇതൊരു ഉര്‍വശീശാപംപോലെ ഉപകാരപ്രദവുമായി. നമ്മുടെ സ്വാശ്രയത്വം വര്‍ദ്ധിച്ചു. ആണവോര്‍ജവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഇവിടെത്തന്നെ ഉണ്ടാക്കിയെടുക്കാനുള്ള ശേഷി നാം ആര്‍ജിക്കേണ്ടി വന്നു. രാജസ്ഥാനിലെ റാണാപ്രതാപ്‌ സാഗറിലെ ആണവ നിലയങ്ങളുടെ പണി നടക്കുമ്പോഴാണ്‌ ഈ വിലക്കുകള്‍ വന്നത്‌. അതിനെ അതിജീവിച്ചുകൊണ്ട്‌ ആ റിയാക്‌ടര്‍ പൂര്‍ത്തിയാക്കാനും നറോറ, കാക്രപ്പാറ, കൈഗ, കല്‍പാക്കം എന്നീ റിയാക്‌ടറുകളും, തുടര്‍ന്ന്‌ നേരത്തേയുണ്ടായിരുന്ന 220 ങണ ശേഷിക്കു പകരം 540 ങണ ശേഷിയുള്ള പുതിയ റിയാക്‌ടറുകള്‍ രൂപകല്‌പന ചെയ്യാനും പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തിപ്പിക്കാനും നമുക്ക്‌ കഴിഞ്ഞു. ഇതിനു പുറമേ കല്‍പാക്കത്ത്‌ ഒരു പരീക്ഷണ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറും സ്ഥാപിച്ചിട്ടുണ്ട്‌. തീര്‍ച്ചയായും ഇതെല്ലാം അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്‌. എന്നിരുന്നാലും, ഇപ്പോഴും നമ്മുടെ ആണവോര്‍ജ ഉത്‌പാദനശേഷി കഷ്‌ടിച്ച്‌ 4000 ങണ മാത്രമാണെന്നതും ഇന്ധനക്ഷാമം നിമിത്തം അതുതന്നെയും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല എന്നതും തിരിച്ചടികളാണ്‌. രണ്ടാം ഘട്ടത്തില്‍ തോറിയം പുതപ്പ്‌ ഉപയോഗിച്ച്‌ U233 ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ ഇനിയും തുടങ്ങിയിട്ടുമില്ല.
ഈ സാഹചര്യത്തിലാണ്‌ വിദേശത്തു നിന്ന്‌ ആണവ ഇന്ധനവും വേണമെങ്കില്‍ ആണവ റിയാക്‌ടറുകള്‍ തന്നെയും ഇറക്കുമതി ചെയ്യാന്‍ സഹായിക്കുന്ന ഒരു കരാറില്‍ ഇന്ത്യയും അമേരിക്കയും ആണവ സാമഗ്രികള്‍ കച്ചവടം ചെയ്യുന്ന മറ്റു രാജ്യങ്ങളും (Nuclear Suppliers Group - NSG) ഏര്‍പ്പെടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്‌.
ആണവക്കരാര്‍
ഇന്ത്യ പൊഖ്‌റാനില്‍ നടത്തിയ വിസ്‌ഫോടന പരീക്ഷണങ്ങളെ തുടര്‍ന്ന്‌ ഇന്ത്യയ്‌ക്ക്‌ ആണവ സാമഗ്രികള്‍ നല്‍കുന്നത്‌ അമേരിക്കയും മറ്റും നിരോധിച്ചിരിക്കുകയാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. ഈ നിരോധനം നീക്കണമെങ്കില്‍ ഇന്ത്യ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (Nuclear Non Proliferation Treaty - NPT) ചേരണം എന്നാണവര്‍ പറയുന്നത്‌. ഈ കരാറാകട്ടെ തികച്ചും വിവേചനപരമായ ഒന്നാണ്‌. അതില്‍ രണ്ടു വിധ അംഗത്വമുണ്ട്‌. ആണവായുധ രാജ്യങ്ങളും അല്ലാത്തവരും. ആണവായുധ രാജ്യങ്ങള്‍ക്ക്‌ (അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ചൈന) തുടര്‍ന്നും ബോംബുണ്ടാക്കാം, പരീക്ഷിക്കാം. ഒരു തടസ്സവുമില്ല. പക്ഷേ മറ്റുള്ളവര്‍ അതൊന്നും ചെയ്യാന്‍ പാടില്ല. അവര്‍ക്ക്‌ ആണവ റിയാക്‌ടറുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാം. പക്ഷേ ആ റിയാക്‌ടറുകളില്‍ ഉറഞ്ഞു കൂടുന്ന പ്ലൂട്ടോണിയം വേര്‍തിരിച്ചെടുത്ത്‌ ബോംബുണ്ടാക്കുന്നില്ല എന്നുറപ്പുവരുത്താനായി അവരുടെ സകല ആണവ സ്ഥാപനങ്ങളെയും അന്താഷ്‌ട്ര ആണവ ഏജന്‍സി (IAEA) യുടെ പരിശോധനയ്‌ക്കായി തുറന്നു കൊടുക്കണം. ഈ വിവേചനം തങ്ങള്‍ക്ക്‌ സ്വീകാര്യമല്ല എന്ന കാരണത്താല്‍ ഇന്ത്യ ചജഠ യില്‍ ഒപ്പുവച്ചിട്ടില്ല. (പാക്കിസ്ഥാനും ഇസ്രയേലുമാണ്‌ ചജഠ ക്കു പുറത്തുള്ള മറ്റു രാജ്യങ്ങള്‍)
ഈ തടസ്സം തരണം ചെയ്യാനാണ്‌ അമേരിക്ക സഹായിക്കാമെന്ന്‌ ഏറ്റിരിക്കുന്നത്‌. അതിനായി, ചജഠ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ വ്യാപാരം പാടില്ല എന്നു നിഷ്‌കര്‍ഷിക്കുന്നവരുടെ ആണവോര്‍ജ നിയമത്തിന്‌ അവര്‍ ഒരു ഭേദഗതി കൊണ്ടുവന്നതാണ്‌ ഹൈഡ്‌ ആക്‌ട്‌. (ഹെന്‍റി ഹൈഡ്‌ എന്ന സെനറ്റര്‍ ആണ്‌ ആ നിയമഭേദഗതിക്കു രൂപം കൊടുത്തത്‌). പക്ഷേ ആ ആക്‌ടില്‍ ഇന്ത്യയ്‌ക്ക്‌ ആണവ സാമഗ്രികള്‍ നല്‌കുന്നതിനു പകരമായി ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്‌. ആ വ്യവസ്ഥകളെച്ചൊല്ലിയാണ്‌ ഇന്ത്യയില്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്‌. ഹൈഡ്‌ ആക്‌ട്‌ പ്രകാരം ഇന്ത്യയുടെ മൊത്തം ആണവ പരിപാടികളെയും സ്ഥാപനങ്ങളെയും സിവില്‍ എന്നും മിലിട്ടറി എന്നും വേര്‍തിരിക്കണം. അവ തമ്മില്‍ ഒരു ബന്ധവും മേലില്‍ ഉണ്ടാവാന്‍ പാടില്ല. സിവില്‍ നിലയങ്ങളും സാമഗ്രികളും എല്ലാ അന്താരാഷ്‌ട്ര പരിശോധനയ്‌ക്കായി, എക്കാലത്തും തുറന്നു കൊടുക്കണം. മിലിട്ടറി സ്ഥാപനങ്ങള്‍ രഹസ്യമാക്കി വയ്‌ക്കാം. വേണമെങ്കില്‍ ബോംബു നിര്‍മ്മാണം തുടരുകയും ചെയ്യാം. പക്ഷേ ഇനിയൊരു പരീക്ഷണ വിസ്‌ഫോടനം നടത്താന്‍ പാടില്ല. നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന്‌ പിന്മാറും. അതോടെ ഈ കരാര്‍ പ്രകാരം നമുക്ക്‌ ലഭിച്ച എല്ലാ സാമഗ്രികളും വസ്‌തുക്കളും നാം തിരിച്ചു കൊടുക്കുകയും വേണം.
ഈ നിയമത്തിലെ മറ്റൊരു വ്യവസ്ഥ, അമേരിക്കയുടെ വിദേശ നയത്തിന്‌ സമാനമായ ഒരു വിദേശനയം ഇന്ത്യ പിന്തുടരണം എന്നതാണ്‌. എടുത്തു പറയുന്ന ഒരു സംഗതി, ഭീകരതയ്‌ക്കെതിരെ, വിശേഷിച്ച്‌ ഇറാനെതിരെ, അമേരിക്ക നടത്തുന്ന നീക്കങ്ങളില്‍ ഇന്ത്യ സര്‍വാത്മനാ സഹകരിക്കണം. അങ്ങനെ സഹകരിക്കുന്നുണ്ടെന്ന ഒരു സര്‍ട്ടിഫിക്കറ്റ്‌ ഓരോ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‌ നല്‍കിയാല്‍ മാത്രമേ കരാര്‍ തുടരൂ!
മേല്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ അപമാനകരമാണെന്നും അവയ്‌ക്കു വഴങ്ങി ഇത്തരമൊരു കരാറില്‍ ഒപ്പിടേണ്ട ആവശ്യമില്ല എന്നും അല്ലാതെ തന്നെ നമുക്ക്‌ ഊര്‍ജസുരക്ഷ കൈവരിക്കാന്‍ കഴിയും എന്നുമാണ്‌ കരാറിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌.
ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാം?
നാഷണല്‍ പ്ലാനിങ്ങ്‌ കമ്മീഷന്‍ രൂപം കൊടുത്ത ഉദ്‌ഗ്രഥിത ഊര്‍ജനയം (IEP) അനുസരിച്ച്‌ 2032 ആകുമ്പോഴേക്ക്‌ ഇന്ത്യയ്‌ക്ക്‌ ഏതാണ്ട്‌ ഏഴു ലക്ഷം മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദനശേഷി വേണ്ടി വരും. ഇന്നത്തേതിന്റെ അഞ്ചിരട്ടി. അന്നുണ്ടാക്കുന്ന വൈദ്യുതിയുടെ 78% താപനിലയങ്ങളില്‍ നിന്നും 11% ജലവൈദ്യുത നിലയങ്ങളില്‍ നിന്നും 10% ആണവ നിലയങ്ങളില്‍ നിന്നും കഷ്‌ടിച്ച്‌ 1% മാത്രം സൗരോര്‍ജം, കാറ്റ്‌, ജൈവദ്രവ്യങ്ങള്‍ തുടങ്ങിയ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്നും കിട്ടും എന്നാണ്‌ ഈ രേഖയില്‍ കണക്കുകൂട്ടുന്നത്‌. ഇതിനോട്‌ പല വിദഗ്‌ദ്ധരും വിയോജിക്കുന്നു. ഉദാഹരണമായി, ഇപ്പോള്‍ തന്നെ ഉദ്ദേശം 8700 മെഗാവാട്ടു വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള കാറ്റാടി യന്ത്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ആണവശേഷിയുടെ ഇരട്ടി. അവയ്‌ക്ക്‌ ആണവ നിലയങ്ങളെക്കാള്‍ ചെലവ്‌ കുറവാണ്‌, കാലതാമസമില്ല, ഒരപകട സാദ്ധ്യതയും ഇല്ലതാനും. കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള മൊത്തം സാദ്ധ്യത ഇന്ത്യയില്‍ അമ്പതിനായിരത്തോളം മെഗാവാട്ട്‌ ഉണ്ടെന്നാണ്‌ പഠനം കാണിക്കുന്നത്‌. അതുപോലെ കരിമ്പിന്‍ചണ്ടി മുതലായ കാര്‍ഷികാവശിഷ്‌ടങ്ങളില്‍ നിന്നും നഗരമാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള പല പദ്ധതികളും ഇപ്പോഴേ പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞു. അവയില്‍ നിന്ന്‌ 18000 മെഗാവാട്ടോളം ലഭ്യമാക്കാമെന്നാണ്‌ പ്രതീക്ഷ. സൗരോര്‍ജത്തിന്റെ സാദ്ധ്യതകളാണ്‌ ഏറ്റവും പ്രോത്സാഹജനകം. രാജസ്ഥാനിലെ മരുഭൂമിയില്‍ മാത്രമല്ല, രണ്ടു മഴക്കാലങ്ങളുള്ള കേരളത്തില്‍പോലും നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറാനുള്ള വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കാന്‍ കഴിയും. സൗരോര്‍ജത്തെ നേരിട്ട്‌ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോ വോള്‍ട്ടയിക്‌ പ്രഭാവത്തിന്റെ രഹസ്യം കണ്ടുപിടിച്ചത്‌ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ആയിരുന്നു, 1905 ല്‍. (പക്ഷേ ആറ്റംബോംബിന്റെ അടിസ്ഥാന സമവാക്യമായ E = MC2 അദ്ദേഹം കണ്ടുപിടിച്ചത്രേ നമ്മള്‍ ഓര്‍ക്കാറുള്ളൂ എന്നത്‌ രസകരമാണ്‌). ഫോട്ടോ വോള്‍ട്ടയിക്‌ സെല്ലുകള്‍ (സോളാര്‍ പാനല്‍) അറുപതുകളില്‍ തന്നെ വിപണിയിലെത്തി. പക്ഷേ വില വളരെ കൂടുതല്‍. ഒരു വാട്ടു ശേഷിയുള്ള സെല്ലിന്റെ വില നൂറു ഡോളര്‍! (ഇന്നത്തെ 4,300 രൂപ). പക്ഷേ ബഹിരാകാശ ആവശ്യങ്ങള്‍ക്കായി ഉത്‌പാദനം വര്‍ദ്ധിച്ചതോടെ ചെലവ്‌ കുറഞ്ഞു. നൂറ്‌ എന്നത്‌ ഇരുപത്‌, പത്ത്‌, അഞ്ച്‌ എന്നിങ്ങനെ ക്രമമായി കുറഞ്ഞ്‌ തൊണ്ണൂറുകളില്‍ വാട്ടിന്‌ മൂന്നര ഡോളര്‍ (150 രൂപ) എന്ന നിരക്കിലെത്തി, അവിടെ ദീര്‍ഘനാള്‍ ഉടക്കി നിന്നു. ഈ വില, വാട്ടിന്‌ ഒരു ഡോളര്‍ ആയി കുറഞ്ഞാല്‍ മാത്രമേ സൗര വൈദ്യുതി ലാഭകരമാകൂ.
അടുത്തിടെ പുറത്തുവന്ന ഏറ്റവും നല്ല വാര്‍ത്ത,

 • ഒരു വാട്ടിന്‌ ഒരു ഡോളര്‍
 • എന്ന നിരക്കില്‍ സോളാര്‍ പാനലുകള്‍ അന്താരാഷ്‌ട്ര വിപണിയില്‍ എത്തിയിരിക്കുന്നു എന്നതാണ്‌.
 • നാനോ സോളാര്‍
 • എന്ന അമേരിക്കന്‍ കമ്പനിയാണ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. ഇനി എത്രയും പെട്ടെന്ന്‌ ആയിരക്കണക്കിന്‌ മെഗാവാട്ട്‌ ഉത്‌പാദിപ്പിക്കാനാവശ്യമായ സോളാര്‍ പാനലുകള്‍
 • മാസ്സ്‌ പ്രൊഡക്‌ഷനിലൂടെ
 • വിപണിയില്‍ എത്തിത്തുടങ്ങുമെന്നു പ്രതീക്ഷിക്കാം.

അതോടെ വൈദ്യുതി ഉത്‌പാദനത്തില്‍ പുതിയൊരു യുഗം പിറക്കും. ഈ പുതിയ സോളാര്‍ പാനലുകള്‍ വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റുകളാണ്‌; പരവതാനിപോലെ. അവ സൗകര്യം പോലെ പുരപ്പുറത്തു വിതര്‍ത്തിയിടാം. പകല്‍ സമയത്ത്‌ അവയിലൂറുന്ന വൈദ്യുതി ബാറ്ററികളില്‍ ശേഷിച്ചു വച്ച്‌ ആവശ്യാനുസരണം ഉപയോഗിക്കാം. ഓരോ വീടിനും വേണമെങ്കില്‍ വൈദ്യുതിക്കാര്യത്തില്‍ സ്വയം പര്യാപ്‌തമാകാം. അല്ലെങ്കില്‍ പകല്‍ സമയത്ത്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു കൊടുത്തിട്ട്‌, നമുക്കാവശ്യമുള്ള സമയത്ത്‌ ലൈനില്‍ നിന്നെടുക്കാം. കൂടുതലെടുക്കുന്നതിന്‌ കാശു കൊടുത്താല്‍ മതി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍, അടുത്ത പത്തുവര്‍ഷത്തിനകം ഇങ്ങനത്തെ പത്തു ലക്ഷം സൗരഭവനങ്ങള്‍ ഒരുക്കാന്‍ അവര്‍ പദ്ധതിയിട്ടിരിക്കുന്നുവത്രേ.
ഫാക്‌ടറികളിലും മറ്റും ആവശ്യത്തിനായി കൂട്ടത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്‌ വന്‍തോതില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനും കഴിയും. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത്‌ നട്ടുച്ച സമയത്തു വീഴുന്ന സൗരോര്‍ജത്തിന്റെ അളവ്‌ ഒരു കിലോവാട്ട്‌ ആണ്‌. അതിന്റെ 10% വൈദ്യുതിയാക്കി മാറ്റാം എന്ന്‌ കണക്കുകൂട്ടിയാല്‍ ഒരു കിലോവാട്ടുശേഷി കിട്ടാന്‍ പത്തു ചതുരശ്രമീറ്റര്‍ സ്ഥലത്ത്‌ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. ഒരു മെഗാവാട്ട്‌ കിട്ടാന്‍ ഒരു ഹെക്‌ടര്‍ സ്ഥലം വേണം. രാജസ്ഥാനിലെ മരുഭൂമി പോലെ കേരളത്തില്‍ തുറസ്സായ സ്ഥലങ്ങള്‍ ഇല്ലെങ്കിലും നമ്മുടെ പുറമ്പോക്കും വഴിയോരങ്ങളും വന്‍ കെട്ടിടങ്ങളുടെ ടെറാും ഉപയോഗിക്കാം. മറ്റൊരു സാദ്ധ്യത നമ്മുടെ കായലുകളിലും ഇടുക്കി പോലുള്ള വന്‍ ജലാശയങ്ങളിലും (ഇടുക്കി ജലാശയത്തിന്റെ വിസ്‌തൃതി 6000 ഹെക്‌ടര്‍ ആണ്‌) ചങ്ങാടങ്ങളിട്ട്‌ അവയില്‍ സോളാര്‍ പാനലുകള്‍ നിരത്തുകയാണ്‌. തീര്‍ച്ചയായും ആലോചിക്കാവുന്ന കാര്യമാണ്‌.
ഏതായാലും ഒരു കാര്യം ഉറപ്പ്‌: ഇനി വരുന്നത്‌ സൗരയുഗമാണ്‌. മാനവരാശി ഇന്ന്‌ മൊത്തം ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ പതിനായിരമിരട്ടിയിലേറെ ഊര്‍ജം നമുക്ക്‌ സൂര്യനില്‍ നിന്നും കിട്ടുന്നുണ്ട്‌

പുരപ്പുറത്തെ സോളാര്‍ സാധ്യത

പി. വത്സരാജ്‌

വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസ്സുകളില്‍ സോളാര്‍പാനലുകള്‍ വിന്യസിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് വിതരണശൃംഖലയിലേക്ക് സ്വീകരിക്കുന്ന സംവിധാനങ്ങള്‍ ജര്‍മനി മുതലായ വിദേശരാജ്യങ്ങളില്‍ വളരെയേറെ വിജയിച്ചതാണ്

വൈദ്യുതിക്കമ്മി എന്ന യാഥാര്‍ഥ്യവും ചാര്‍ജ്‌വര്‍ധന എന്ന അനിവാര്യതയും പാരമ്പര്യേതര ഊര്‍ജരൂപങ്ങളെ പൊതുവേയും സോളാര്‍ വൈദ്യുതിയെ വിശേഷിച്ചും സജീവ പരിഗണനാ വിഷയമാക്കിയിരിക്കയാണ്. കേരളം സ്ഥിതിചെയ്യുന്ന ഭൗമമേഖലയില്‍ ഓരോ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലും ഏതാണ്ട് ഒരു കിലോവാട്ടിനടുത്ത് നിരക്കില്‍ സൗരോര്‍ജം ഭൂമിയില്‍ പതിക്കുന്നുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഒരു ചതുരശ്ര മീറ്ററില്‍ ഒരു മണിക്കൂറില്‍ ഒരുയൂണിറ്റ് വൈദ്യുതിക്ക് തുല്യമായ സൗരോര്‍ജം ഇവിടെ പതിക്കുന്നു. എന്നാല്‍, നിലവില്‍ സൗരോര്‍ജത്തെ വൈദ്യുതിയാക്കി പരിവര്‍ത്തനം ചെയ്യാനുള്ള സോളാര്‍ പാനലുകളുടെ ശേഷി കുറവായതിനാല്‍ (ഏകദേശം 15 ശതമാനം) ഇപ്രകാരം പതിക്കുന്ന സൗരോര്‍ജത്തിന്റെ ഒരു ചെറിയഭാഗംമാത്രമേ വൈദ്യുതിയായി രൂപാന്തരപ്പെടുത്താന്‍ കഴിയുകയുള്ളൂ.

സോളാര്‍ പാനലുകളില്‍ പതിക്കുന്ന സൂര്യരശ്മിയിലെ പ്രകാശോര്‍ജം സ്വീകരിച്ച് വൈദ്യുതിയാക്കി പരിവര്‍ത്തനംചെയ്യുന്ന സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് (എസ്.പി.വി.) മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ച് വിതരണ ശൃംഖലയിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കുന്ന പവര്‍പ്ലാന്റുകള്‍ ഏതാനും വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജര്‍മനി, അമേരിക്ക, ഓസ്‌ട്രേലിയ മുതലായ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ഇന്ത്യയില്‍ ഗുജറാത്ത് തുടങ്ങിയ ചില സംസ്ഥാനങ്ങളിലും സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണ ശൃംഖലയിലേക്ക് നല്‍കുന്ന മെഗാവാട്ട് നിലവാരത്തിലുള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കേരളത്തില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ആഭ്യന്തര ആവശ്യത്തിന് ഉപയോഗിക്കുന്ന ചെറുസംവിധാനങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍, ഇപ്രകാരം വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണ ശൃംഖലയിലേക്ക് നല്‍കി വില ഈടാക്കുന്ന തരത്തിലുള്ള പ്ലാന്റുകള്‍ ഒന്നുംതന്നെ ഇവിടെ നിലവില്‍ വന്നിട്ടില്ല. വൈദ്യുതി ഉത്പാദനത്തിന് വേണ്ടിവരുന്ന താരതമ്യേന കൂടിയചെലവ്, സോളാര്‍ പാനലുകള്‍ വിന്യസിക്കാന്‍ വേണ്ട അനുയോജ്യമായ സ്ഥലത്തിന്റെ ലഭ്യതക്കുറവ്, സാങ്കേതികപരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് സോളാര്‍ വൈദ്യുതിയുടെ വ്യാപനത്തിന് പ്രധാനമായും തടസ്സമാകുന്നത്.

ഇന്ന് ലഭ്യമായ വിവിധതരം സോളാര്‍പാനലുകള്‍ ഉപയോഗിച്ച് ഒരു മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാന്‍ ഏകദേശം നാലുമുതല്‍ ആറുവരെ ഏക്കര്‍ സ്ഥലം ആവശ്യമാണ്. ഈ ശേഷിയുള്ള ഒരു പ്ലാന്റ് നിര്‍മിക്കാന്‍ ഏകദേശം 12 കോടിയോളം രൂപ ചെലവ് കണക്കാക്കുന്നു. ഇന്നത്തെ നിലയില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് ഏതാണ്ട് 10 രൂപയ്ക്കടുത്ത് വില കിട്ടിയാലേ ഇപ്രകാരമുള്ള വൈദ്യുതി ഉത്പാദനം പ്രായോഗികമാവുകയുള്ളൂ.

അനുയോജ്യമായ സ്ഥലത്തിന്റെ പരിമിതി ആദ്യഘട്ടങ്ങളില്‍ പ്രശ്‌നമാവില്ല എന്നാണ് കാണുന്നത്. കാല്‍ മെഗാവാട്ട് മുതല്‍ രണ്ടും മൂന്നും മെഗാവാട്ട് വരെ പദ്ധതി സ്ഥാപിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ഒട്ടേറെ അന്വേഷണങ്ങള്‍ അനെര്‍ട്ടില്‍ ലഭിക്കുന്നുണ്ട്. വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കിയാല്‍ എന്ത് നിരക്കില്‍ വില ലഭിക്കും എന്ന കാര്യത്തിലാണ് അന്വേഷണങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടിയശേഷിയുള്ള സോളാര്‍ പാനലുകള്‍ ഉപയോഗിക്കുകവഴി കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും കാണാവുന്നതാണ്.

സ്ഥലലഭ്യതയുടെ തടസ്സം മറികടക്കാനുള്ള ഫലപ്രദമായ മാര്‍ഗമായി പുരപ്പുറത്തെ (റൂഫ് ടോപ്പ്) സോളാര്‍ പ്ലാന്റുകളെ കാണാവുന്നതാണ്. വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസ്സുകളില്‍ സോളാര്‍പാനലുകള്‍ വിന്യസിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് വിതരണശൃംഖലയിലേക്ക് സ്വീകരിക്കുന്ന സംവിധാനങ്ങള്‍ ജര്‍മനി മുതലായ വിദേശരാജ്യങ്ങളില്‍ വളരെയേറെ വിജയിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും ഇന്ന് ഫലപ്രദമായ സംവിധാനങ്ങള്‍ ലഭ്യമാണ്. എന്നാല്‍, വീടിനടുത്തുകൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിലെ വോള്‍ട്ടേജ്/ഫ്രീക്വന്‍സി സ്റ്റബിലിറ്റി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിര്‍ണായകമാണ് എന്നതിനാല്‍ ഇന്നത്തെ നിലയില്‍ എല്ലാ വീടുകളില്‍ നിന്നും സമീപലൈനിലേക്ക് സോളാര്‍ വൈദ്യുതി സുഗമമായി കടത്തിവിടാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, സമാന്തര പ്രാദേശിക ശൃംഖല സൃഷ്ടിച്ച് അതിലേക്ക് വീടുകളില്‍ നിന്നുള്ള സോളാര്‍ വൈദ്യുതി സ്വീകരിച്ച് ഒരു കേന്ദ്രസ്ഥാനത്ത് എത്തിച്ച് വിതരണശൃംഖലയിലേക്ക് സ്വീകരിക്കുന്ന സംവിധാനംവഴി ഈ പ്രശ്‌നം തരണംചെയ്യാവുന്നതാണ്. പുരപ്പുറ സംവിധാനവുമായി ബന്ധപ്പെട്ട മറ്റുചില നടത്തിപ്പുപരമായ പ്രശ്‌നങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.

വിതരണശൃംഖലയിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ അളവ് ആര്, എങ്ങനെ രേഖപ്പെടുത്തും, എത്രനിരക്കില്‍ എപ്രകാരം ഇതിന്റെ വില വീട്ടുടമസ്ഥന് ലഭിക്കും എന്നിവയെല്ലാം പരിഗണിക്കേണ്ടിയിരിക്കുന്നു. ഈവക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന 'നെറ്റ് മീറ്ററിങ്' സംവിധാനത്തെപ്പറ്റിയും ചിന്തിക്കാവുന്നതാണ്. വീട്ടുടമസ്ഥന്‍ വിതരണശൃംഖലയില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുമ്പോള്‍ ഇത്തരം മീറ്ററുകള്‍ സാധാരണ ദിശയില്‍ കറങ്ങുകയും, വീട്ടിലെ സോളാര്‍ സംവിധാനത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇതേമീറ്ററിലൂടെ വിതരണ ശൃംഖലയിലേക്ക് കയറ്റിവിടുമ്പോള്‍ മീറ്റര്‍ വിപരീതദിശയില്‍ കറങ്ങുകയും ചെയ്യുന്നു. ഫലത്തില്‍ വീട്ടുടമസ്ഥന്‍ വാങ്ങിയ വൈദ്യുതിയില്‍നിന്ന് താന്‍ ഉത്പാദിപ്പിച്ച് നല്‍കിയ വൈദ്യുതിയുടെ അളവ് കുറച്ചശേഷമുള്ള ഉപയോഗത്തിനേ വൈദ്യുതിച്ചാര്‍ജ് അടയ്‌ക്കേണ്ടിവരികയുള്ളൂ.

സാങ്കേതിക പ്രശ്‌നങ്ങളെക്കാളും സ്ഥല ലഭ്യതയെക്കാളും ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയം സോളാര്‍ വൈദ്യുതിയുടെ ഉയര്‍ന്ന ഉത്പാദനച്ചെലവുതന്നെയാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ സാധാരണ വൈദ്യുതിയുടെ വില ക്രമാതീതമായി ഉയര്‍ന്നുവരുമെന്നും സോളാര്‍വൈദ്യുതിയുടെ വില വളരെയേറെ താഴ്ന്നില്ലെങ്കിലും കൂടുതല്‍ ഉയരാതെ നിലനില്‍ക്കുമെന്നും ന്യായമായും പ്രതീക്ഷിക്കാം. വില തുല്യതവരുന്ന ആ ഘട്ടത്തില്‍ സോളാര്‍ വൈദ്യുതിയുടെ വ്യാപനം സ്വാഭാവികമായും സ്വയമേവ സാധ്യമാവുമെന്ന് ഉറപ്പാണ്. അതുവരെ സോളാര്‍ വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വ്യാപകമായി സാധ്യമാകണമെങ്കില്‍ ഇതിന്റെ ഇന്നത്തെ നിലയിലെ താരതമ്യേന കൂടിയചെലവ് ഏതെങ്കിലും വിധത്തില്‍ വഹിക്കാന്‍ വഴികണ്ടെത്തേണ്ടിയിരിക്കുന്നു.

കൂടിയ വൈദ്യുതിച്ചാര്‍ജ് വഹിക്കാന്‍ കഴിവുള്ളതും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതുമായ വിഭാഗങ്ങള്‍ നിര്‍ബന്ധിതമായി ഇത്ര സോളാര്‍ വൈദ്യുതി ഉപയോഗിക്കണം എന്ന് നിഷ്‌കര്‍ഷിക്കുക ഒരു മാര്‍ഗമാണ്. എന്നാല്‍, പ്രകൃതിയോടും ഭാവിതലമുറയോടും ഉള്ള ഉത്തരവാദിത്വം പ്രകടമാക്കിക്കൊണ്ട് ഇത്തരം വിഭാഗങ്ങള്‍ സ്വന്തംനിലയ്ക്ക് മുന്നോട്ടുവന്ന്, ഇവിടെ ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി ഉയര്‍ന്ന നിരക്ക് നല്‍കി തങ്ങളുടെ കഴിവനുസരിച്ച് നിശ്ചിത യൂണിറ്റ് വാങ്ങാന്‍ സ്വയം സന്നദ്ധമാവുന്ന അവസ്ഥ (വളന്ററി പര്‍ച്ചേസ്) കൂടുതല്‍ ഗുണകരമായിരിക്കും. ഇത്തരക്കാര്‍ക്ക് സോളാര്‍ വൈദ്യുതിക്ക് ഇപ്പോള്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന നിരക്ക്, ഒരു സോളാര്‍ പ്ലാന്റിന്റെ ആയുസ്സ് (20-25 വര്‍ഷം) വരെ ഒരേതരത്തില്‍ നിശ്ചയിച്ചുകൊടുക്കാന്‍ ആവുമോ എന്ന് നോക്കണം. അങ്ങനെയാണെങ്കില്‍ നിരക്ക്, കാലംചെല്ലുമ്പോള്‍ അവര്‍ക്ക് ലാഭകരമായി മാറും. ഈ പ്രോത്സാഹനം സോളാര്‍ വൈദ്യുതിയുടെ വ്യാപനത്തെ തീര്‍ച്ചയായും ത്വരപ്പെടുത്തുമെന്ന് കരുതണം. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുകയും അതുവഴി പുരപ്പുറ പ്ലാന്റുകള്‍ സാര്‍വത്രികമാവുകയും ചെയ്താല്‍ത്തന്നെ, ആയിരക്കണക്കിന് മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദനം കേരളത്തില്‍ സാധ്യമാവുമെന്ന് കാണാവുന്നതാണ്.

(ലേഖകന്‍ അനെര്‍ട്ട് ഡയറക്ടറാണ്.)

സോളാര്‍ വൈദ്യുതിയെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍

ഷാജി മുള്ളൂര്‍ക്കാരന്


വൈദ്യുതോര്‍ജ്ജം എന്നത് ഇന്ന് നമ്മുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എന്തിനും ഏതിനും നമുക്ക് വൈദ്യതി വേണം. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഒന്നിനോടല്ലെങ്കില്‍ മറ്റൊന്നിനോട് വൈദ്യതി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകരാജ്യങ്ങള്‍ രൂക്ഷമായ ഊര്‍ജ്ജപ്രതിസന്ധി നേരിടുകയാണ് ഈ കാലഘട്ടത്തില്‍. വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയും അതിനനുസരിച്ചുണ്ടാകുന്ന ഊര്‍ജ്ജവിഭവങ്ങളുടെ അമിത ഉപയോഗവും ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നു. ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്നതും പുനരുദ്പാദനം ഇല്ലാത്തതുമായ ഫോസില്‍ ഇന്ധനങ്ങളാണ് നമ്മള്‍ കുറെയേറേക്കാലമായി പ്രധാനമായും ഉപയോഗിക്കുന്നത്. പ്രകൃതിദത്ത ഊര്‍ജ്ജശ്രോതസ്സുകളായ കാറ്റ്, തിരമാല, സൗരോര്‍ജ്ജം എന്നിവയില്‍ നിന്നുള്ള ഊര്‍ജ്ജം നാം വളരെക്കുറച്ചുമാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളു. നമ്മുടെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസാണ് സൂര്യന്‍. വസ്ത്രങ്ങളും ധാന്യങ്ങളും മറ്റും ഉണക്കിയെടുക്കുന്നതിനും, വെള്ളവും അന്തരീക്ഷവും ചൂടാക്കുന്നതിനുമാണ് സാധാരണയായി സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. മറ്റ് ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്ക് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളും കല്‍ക്കരി, ചുരുങ്ങിയ തോതില്‍ ജൈവ ഇന്ധനങ്ങള്‍ എന്നിവയും ഉപയോഗിക്കുന്നു.

സൗരോര്‍ജ്ജത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍, മനുഷ്യന്റെ ഇന്നത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് അതൊന്നുമാത്രം മതിയാകും. സൗരോര്‍ജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സോളാര്‍ ഹീറ്ററുകളും സോളാര്‍ കുക്കറുകളും, വെള്ളം ചൂടാക്കുന്നതിനും ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നതിനും ഉപയോഗിക്കാം. ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ എന്നറിയപ്പെടുന്ന സോളാര്‍ സെല്ലുകള്‍ ചേര്‍ത്തുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് സൗരോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കിമാറ്റി, നമ്മുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. പല ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനും കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് വൈദ്യുതി നല്‍കുവാനും വൈദ്യുതി എത്താത്ത ഗ്രാമപ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്തിക്കുവാനും സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്നു. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വ്യാവസായികമായി ഉദ്പാദനം നടത്തുന്ന കാലം വിദൂരമല്ല, കാരണം, ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്നു എന്നത് പുതിയ ഊര്‍ജസ്രോതസ്സുകള്‍ തേടാനും, സൗരോര്‍ജം പോലുള്ള ഊര്‍ജ്ജ ശ്രോതസ്സുകളിലേക്ക് മാറാനും നമ്മളെ നിര്‍ബന്ധിക്കുന്നു എന്നത് തന്നെ.

സൗരോര്‍ജ വൈദ്യുതസംവിധാനത്തിലെ പ്രധാന ഘടകമായ സോളാര്‍ സെല്‍, ഫോട്ടോ വോള്‍ട്ടായിക് ഇഫക്ട് പ്രയോജനപ്പെടുത്തിയാണ് പ്രകാശോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നത്. ഒരു ഫോട്ടോ വോള്‍ട്ടായിക് സെല്‍ ആയ സോളാര്‍ സെല്ലില്‍ പ്രകാശം പതിയുമ്പോള്‍, പ്രകാശത്തിലെ പ്രാഥമിക ഊര്‍ജകണങ്ങളായ ഫോട്ടോണുകള്‍ ഇലക്ട്രോണുകളായി മാറി വൈദ്യുതസാന്നിധ്യത്തിന് വഴിയൊരുക്കുന്നു. തന്മൂലം, പ്രകാശോര്‍ജം വൈദ്യുതോര്‍ജമാകുന്നു. സിലിക്കണ്‍, ജര്‍മേനിയം, ആര്‍സനൈഡ്, കാഡ്മിയം സള്‍ഫൈഡ് എന്നിവയൊക്കെ ഫോട്ടോ വോള്‍ട്ടായിക് ഇഫക്ട് കിട്ടാനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ കൂടുതലും സോളാര്‍ സെല്ലുകള്‍ നിര്‍മിക്കുന്നത് സിലിക്കണ്‍ സെല്ലുകള്‍ ഉപയോഗിച്ചാണ്. കാല്‍ക്കുലേറ്റര്‍ മുതല്‍, സൌരോര്‍ജം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകളും സോളാര്‍ വാഹനങ്ങളും ഇപ്പോള്‍ നമുക്ക് സുപരിചിതമാണ്. വീട്ടിലെ മിക്ക ഇലക്ട്രിക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സോളാര്‍ വൈദ്യുതികൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. പ്രധാനമായും സോളാര്‍ ഹോം സിസ്റ്റത്തിന് നാല് ഭാഗങ്ങളാണുള്ളത്. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശേഷിയുള്ള സോളാര്‍ പാനലുകള്‍, ഒരു ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റ്, സോളാര്‍ പാനലില്‍നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററികള്‍, ശേഖരിച്ച വൈദ്യുതിയെ എ സി വൈദ്യുതി ആക്കി മാറ്റാനുള്ള, നമ്മുടെ ആവശ്യത്തിനനുസരിച്ച് കപ്പാസിറ്റി ഉള്ള ഒരു ഇന്‍വേര്‍ട്ടര്‍ എന്നിവയാണ് ഇവ. താഴെയുള്ള ചിത്രം കാണുക.

പ്രവര്‍ത്തനം വിശദമാക്കാന്‍, ഒരു (One Battery) ബാറ്ററി വച്ചുള്ള ലൈറ്റിംഗ് സിസ്റ്റത്തിന്റെ കാര്യം എടുക്കാം. 12 വോള്‍ട്ട് ഡി സി 100 Ah ശേഷിയുള്ള ഒരു ബാറ്ററി, എട്ട് വോള്‍ട്ട് ഉള്ള അവസ്ഥയില്‍ നിന്നും അതിന്റെ പൂര്‍ണ്ണ സംഭരണ ശേഷിയായ 12 വോള്‍ട്ടില്‍ എത്തണമെങ്കില്‍ 13.5 വോള്‍ട്ട് 4 ആമ്പിയര്‍ ഡി സി വൈദ്യുതി മൂന്ന് മണിക്കൂര്‍ ആ ബാറ്ററിയിലേക്ക് നല്‍കണം എന്ന് വയ്ക്കുക. ഇതിനായി നമ്മള്‍ സ്ഥാപിക്കുന്നത്, പരമാവധി സൂര്യ പ്രകാശം ലഭിച്ചാല്‍ 8 ആമ്പിയര്‍ വൈദ്യുതിയും മൂടിക്കെട്ടിയ അവസ്ഥയിലോ കുറഞ്ഞ വെളിച്ചമുള്ള അവസ്ഥയിലോ 5 ആമ്പിയര്‍ വൈദുതിയും നല്‍കുന്ന ഒരു സോളാര്‍ പാനല്‍ സെറ്റ് ആയിരിക്കും. ഒരു ബാറ്ററി ചാര്‍ജ് ആകാന്‍ ആവശ്യമായതിലും കൂടുതല്‍ കറന്റ് പാനലുകളില്‍ നിന്നും വന്നാലും പാനലിനും ബാറ്ററിക്കും ഇടയില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിംഗ് കണ്ട്രോള്‍ സര്‍ക്യൂട്ട് വഴി ആവശ്യമായ കറന്റ് മാത്രമേ ബാറ്ററിയിലേക്ക് കടത്തി വിടുകയുള്ളൂ. ഒന്നുകൂടി വിശദമാക്കിയാല്‍, ചാര്‍ജിംഗ് കണ്‍ട്രോള്‍ സര്‍ക്യൂട്ടിന്റെ ഇന്‍പുട്ടില്‍ കൂടുതലായി എത്ര കറന്റ് വന്നാലും ബാറ്ററിയിലേക്ക് നല്‍കപ്പെടുന്നത് അത് ചാര്‍ജ് ആകാന്‍ ആവശ്യമായ കറന്റ് മാത്രമായിരിക്കും. കുറഞ്ഞ വെളിച്ചം മാത്രം കിട്ടുന്ന അവസ്ഥയിലും പാനലില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 5 ആമ്പിയര്‍ കറന്റ് വരുന്നതിനാല്‍ അപ്പോഴും ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ആകുന്നതിന് പ്രശ്‌നം ഉണ്ടാകുന്നില്ല.

മുകളില്‍ ഉള്ള കണക്കു എളുപ്പത്തില്‍ മനസ്സിലാകാന്‍ വേണ്ടി വിശദമാക്കി എന്നെ ഉള്ളൂ. ഹോം ലൈറ്റിംഗ് സിസ്റ്റത്തില്‍ കുറെ ഏറെ സോളാര്‍ പാനലുകള്‍ / ബാറ്ററികള്‍ ആവശ്യമായി വരും. അതുകൊണ്ട്തന്നെ ആനുപാതികമായി മുകളില്‍ പറഞ്ഞ കണക്കുകള്‍ വ്യത്യാസപ്പെടും എന്ന് പറയേണ്ടതില്ലല്ലോ. ഒരു ഇടത്തരം വീട്ടിലേക്ക് (ഏകദേശം ഒരു എണ്ണൂറ് വാട്ട് കണക്ടഡ് ലോഡ് ഉള്ള വീട്) പൂര്‍ണ്ണമായുള്ള സൗരോര്‍ജ വൈദ്യുതപദ്ധതി നടപ്പിലാക്കണമെങ്കില്‍ ഇപ്പോഴത്തെ കണക്കില്‍ ഏകദേശം രണ്ടര ലക്ഷം രൂപയോളം ചെലവ് വരും. അഞ്ചോ ആറോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ബാറ്ററികള്‍ മുഴുവനും മാറ്റി സ്ഥാപിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ചെലവ് വേറെയും കാണണം. ഇത്തരത്തില്‍ ഒരു വൈദ്യുത പദ്ധതി നടപ്പിലാക്കിയാല്‍, മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു വീട്ടിലെ നിലവിലുള്ള വൈദ്യുത ചാര്‍ജ് വച്ച് താരതമ്മ്യം ചെയ്യുകയാണെങ്കില്‍, ചിലവ് അഞ്ചോ ആറോ ഇരട്ടിയാണ്. അതുകൊണ്ട് തന്നെ, വൈദ്യുതി ഉള്ളയിടങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിലും നല്ലത്, വൈദ്യുതി എത്താന്‍ ഒട്ടും സാധ്യതയില്ലാത്തയിടങ്ങളില്‍ ആവശ്യമെങ്കില്‍ പരിഗണിക്കാം എന്നതാണ്.

മേല്‍പ്പറഞ്ഞ രീതിയില്‍ അല്ലാതെ ചുരുങ്ങിയ ചിലവില്‍, പൂര്‍ണ്ണമായും ഡി സി വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ലാമ്പുകളും ഫാനുകളും ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ലഭ്യമാണ്. നാല് ഒന്‍പതു വാട്ട് സി എഫ് എല്‍ ലാമ്പുകളോ എല്‍ ഈ ഡീ വിളക്കുകളോ ഉള്‍പ്പെട്ട, ആറോ ഏഴോ മണിക്കൂര്‍ പ്രവര്ത്തിക്കാനുള്ള ഡി സി സോളാര്‍ ലൈറ്റിംഗ് സിസ്റ്റത്തിന്, ഇപ്പോഴത്തെ കണക്കനുസരിച്ച് ഇരുപതിനായിരം ഇരുപത്തി അയ്യായിരം രൂപയോളം മാത്രമേ ചെലവ് വരുന്നുള്ളൂ. സോളാര്‍ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ഭാരിച്ച ചെലവ് വരും എന്നുള്ളതു തന്നെയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രതികൂലമായ ഒരു ഘടകം. 32W കപ്പാസിറ്റിയുള്ള ഒരു സോളാര്‍ പാനലിന് ഒരു പത്തു വര്‍ഷം മുന്‍പ് വില ഇരുപതിനായിരത്തിന് അടുത്തായിരുന്നു. ഇപ്പോള്‍ ഏകദേശം പതിനായിരത്തോളമായി കുറഞ്ഞു വന്നു കഴിഞ്ഞു ഭാവിയില്‍ സാധാരണക്കാര്‍ക്ക് ബദല്‍ വൈദ്യുത പദ്ധതി എന്ന നിലയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലേക്ക് ഇവയുടെ വില കുറയുകയോ, സര്‍ക്കാര്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവ വഴി സബ്‌സിഡികള്‍ നല്‍കി സൗരോര്‍ജ വൈദ്യുത പദ്ധതി പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു.

കുറഞ്ഞ ചെലവില്‍ സൗരോര്‍ജ ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് സോളാര്‍ പ്ലസ് പവര്‍ കേരളത്തില്‍ 
കൊച്ചി: രാജ്യാന്തര സോളാര്‍ വൈദ്യുത ഉത്പാദകരായ  സോളാര്‍ പ്ലസ്  പവര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിലെ വ്യാവസായിക-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സോളാര്‍ ഊര്‍ജത്തിന്റെ പ്രയോജനം ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഡയറക്ടര്‍ അനില്‍ ആര്‍ തമ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനോടൊപ്പം തന്നെ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ലൈറ്റുകളും ഫാനുകളും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ കമ്പനി കേരള വിപണിയില്‍ എത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 
ഒരു ചതുരശ്രഅടിയില്‍  ഒരു ദിവസം ആറു മണിക്കൂര്‍ പതിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും ദിവസവും അഞ്ചു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.  കേരളത്തില്‍ മഴയുടെ ദൗര്‍ലഭ്യം ജലവൈദ്യുതി പദ്ധതികള്‍ക്ക് തടസ്സമാണ്. പാലക്കാടും രാമക്കല്‍മേട്ടിലുമൊഴികെ മറ്റൊരിടത്തും കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ പരിസ്ഥിതി ഹാനികരമല്ലാത്ത ഏക ഊര്‍ജസ്രോതസ്സ് സൂര്യന്‍ തന്നെയാണ്. വ്യാവസായിക ലാഭങ്ങള്‍ക്കപ്പുറം പ്രതൃതിദത്തമായ രീതിയില്‍ പരിസ്ഥിതി സൗഹാര്‍ദപരമായ ഒരു ഊര്‍ജ സ്രോതസ്സ് ലഭ്യമാക്കുകയാണ് സോളാര്‍ പ്ലസ് പവര്‍.
ഇന്ത്യയിലെ ഒരുകൂട്ടം വിദഗ്ധരായ സ്‌പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ ജര്‍മ്മനി, യു എസ് എ, യു കെ, ഹോ ങ്കോംഗ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യയെ വൈദ്യുതി ഉത്പാദന രംഗത്ത് സ്വയംപര്യാപ്തമാക്കുകയും കേരളത്തെ സൗരോര്‍ജ സംസ്‌കാരത്തിലേക്ക് നയിക്കുകയുമാണ്   സോളാര്‍ പവര്‍ പ്ലസിന്റെ പദ്ധതി.
വ്യവസായ വിപണനരംഗത്ത് പരിജ്ഞാനമുള്ള പ്രൊഫഷണലായ അനില്‍ ആര്‍ തമ്പി, നിര്‍മാണ മേഖലയില്‍ 36 വര്‍ഷത്തെ ചരിത്രമുള്ള വര്‍ഗീസ് മാത്യു, സെല്‍ഫോണ്‍ ജാമിംഗിന്റെയും മൊബൈല്‍ സിഗ്നലിന്റെയും നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ച സാങ്കേതിക വിദഗ്ദ്ധനായ കുമാര്‍ താക്കര്‍ എന്നിവര്‍ ഒത്തുചേര്‍ന്നതാണ് സോളാര്‍ പവര്‍ പ്ലസ്. 
ഇവരുടെ നൂതന  കണ്ടെത്തലുകളും നിരന്തരമായ പരിശ്രമങ്ങളും സോളാര്‍ പവര്‍ പ്ലസിനെ മികവുറ്റ ബ്രാന്റാക്കി മാറ്റുന്നു.

സോളാര്‍ പവര്‍ ചില സിമ്പിള്‍ കണക്കുകള്‍

ഒരു 12V/25W CFL ഉം 12V/25W ഫാനും മാത്രം ഉപയോഗിക്കുന്ന ചെറിയൊരു സോളാര്‍ പവര്‍ സ്റ്റേഷന് ആവശ്യമായ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ബാറ്ററി: 12V-40AH (12വോള്‍ട്ട് – 40 ആംപിയര്‍ അവര്‍)
40AH ബാറ്ററി എന്നാല്‍, ഒരു ആംപിയര്‍ വീതം തുടര്‍ച്ചയായി 40 മണിക്കൂര്‍ നല്‍കാന്‍ കഴിവുണ്ടെന്നര്‍ത്ഥം അല്ലെങ്കില്‍ 2 ആംപിയര്‍ വീതം 20 മണിക്കൂര്‍ അതായത് ബാറ്ററിയുടെ ‘ആംപിയര്‍ അവര്‍’ ÷ ലോഡ് ആംപിയര്‍ = ഡിസ്ചാര്‍ജ്ജ് സമയം.
ഇനി, 25 വാട്ട്സ് പവര്‍ ഉള്ള CFL ലാംന്പ് എത്ര മണിക്കൂര്‍ നേരം നമ്മുടെ ബാറ്ററിയില്‍ വര്‍ക്ക് ചെയ്യും എന്നറിയാന്‍ CFL എത്ര ആംപിയര്‍ കറന്റെടുക്കും എന്നറിയണം അതിനുള്ള സൂത്ര വാക്യമാണ് വാട്ട്സ് = വോള്‍ട്ട് x ആംപിയര്‍ (P=VxI)
25W = 12V x ?A(ഇവിടെ കറന്റ് എത്രയാണെന്ന് അറിയില്ല)
അത്കൊണ്ട് – I = P÷V
25W ÷ 12V = 2.08A
40AH ÷ 2.08 = 19.23 – 40AH ഉള്ള ബാറ്ററിയില്‍ നിന്ന് 25വാട്ട്സിന്റെ CFL 19മണിക്കൂര്‍ കത്തിക്കാം. 25വാട്ടസിന്റെ DCഫാനും കൂടി ഒന്നിച്ചുപയോഗിക്കുന്പോള്‍ കുറഞ്ഞത് 9 മണിക്കൂറെങ്കിലും വര്‍ക്ക് ചെയ്യിക്കാം യാഥാര്‍ത്ഥത്തിലുള്ള ഉപയോഗം, ലൈറ്റ് മൂന്നോ നാലോ മണിക്കൂറും ഫാന്‍ എട്ട് മണിക്കൂറുമായിരിക്കും

12 വോള്‍ട്ടിന്റെ ഉപകരണങ്ങള്‍ ലഭ്യമാകാത്ത അവസരത്തില്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കേണ്ടി വരുന്നു അപ്പോഴുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടമെല്ലാം കണക്കിലെടുത്താല്‍ തന്നെ ഒരു ലൈറ്റിനും ഫാനിനും 40AH ബാറ്ററി മതിയാവുന്നതാണ്.
അടുത്തതായി സോളാര്‍ പാനലുപയോഗിച്ച് ബറ്ററി ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ എത്ര സമയമെടുക്കും? നമ്മുടെ കൈവശം 12V/80W പാനലാണ് എന്ന് വിചാരിക്കുക. മുകളില്‍ വിവരിച്ച പോലെതന്നെ നമുക്കത് കണ്ടുപിടിക്കാം.
80W = 12V x ?A അപ്പോള്‍ 80W ÷ 12V = 6.6A ആണ് ഒരു മണിക്കൂറില്‍ നമ്മുടെ പാനല്‍ ഉല്‍പ്പാദിപ്പിക്കുന്ന കറന്റ്
40AH ബാറ്ററി ഒരു ആംപിയര്‍ കറന്റില്‍ ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ചാര്‍ജ്ജാവാന്‍ 40 മണിക്കൂറെടുക്കുമെങ്കില്‍, 6.6 ആംപിയറില്‍ ആറ് മണിക്കൂര്‍ കൊണ്ട് ചാര്‍ജ്ജ് ചെയ്യാമെന്നത് വളരെ സിംപിളായ കണക്കാണ്.

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
Jinash c Jun 14, 2017 10:31 PM

സോളാറിന് സർക്കാർ സഹായം കിട്ടുമോ എന്താണ് ചെയ്യേണ്ടത് ....,. മൊബൈൽ 735 6519100

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top