Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / ഊർജ്ജ സംരക്ഷണം / ഊർജ്ജ സംരക്ഷണം നാടിന്റെ നന്മയ്ക്ക്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഊർജ്ജ സംരക്ഷണം നാടിന്റെ നന്മയ്ക്ക്

ഊർജ്ജ സംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

ഊര്‍ജ്ജ സംരക്ഷണം നാടിന്റെ നന്മയ്ക്ക്

ഡിസംബര്‍ 14 ഊര്‍ജ്ജസംരക്ഷണ ദിനമാണ്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം തടഞ്ഞുനിര്‍ത്തുവാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിപുലമായ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ പ്രബലസംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഊര്‍ജ്ജസംരക്ഷണം, വൈദ്യുതി സുരക്ഷ എന്നീ വിഷയങ്ങളില്‍ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ബോധവത്കരണ പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഊര്‍ജ്ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ലാഭേച്ഛയില്ലാതെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ വര്‍ഷത്തെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വിജയകരമായി നടപ്പിലാക്കിയ ഒന്നരക്കോടി സി.എഫ്.എല്‍. വിതരണപദ്ധതി വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രവര്‍ത്തനമായിരുന്നു. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നത്തേക്കാളുമുപരി വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. വൈദ്യുതി ഉപയോഗം കുറയുന്നതുവഴി കേവലം പണം ലാഭിക്കാം എന്നതിനുപരിയായി വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനും ആഗോളതാപനമെന്ന സാമൂഹ്യവിപത്തിനെ ഫലപ്രദമായി ചെറുക്കുന്നതിനുവരെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സഹായകരമാവുന്നുണ്ട്. ഈ നേട്ടങ്ങളെല്ലാം ഓരോന്നായി പരിശോധിക്കുന്നത് ഈ അവസരത്തില്‍ വളരെ ഉചിതമായിരിക്കും.

വൈദ്യുതി ചാര്‍ജ്ജ്

കേരളത്തിലെ ഒരു കോടി പത്തുലക്ഷം വരുന്ന ഉപഭോക്താക്കളില്‍ 85 ലക്ഷത്തിലധികവും ഗാര്‍ഹിക വിഭാഗത്തില്‍പെടുന്നവരാണ്. സ്വന്തം വീട്ടില്‍ നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി വൈദ്യുതി ചാര്‍ജ്ജ് ഗണ്യമായി കുറക്കുവാന്‍ കഴിയുന്നു എന്നുള്ളത് ഓരോ ഉപഭോക്താവിനും നേരിട്ട് ലഭിക്കുന്ന നേട്ടമാണ്. ഓരോ നൂറുവാട്ട് ബള്‍ബിനും പകരമായി 15 വാട്ടിന്റെ ഇഎഘ കളും കുറേകൂടി വെളിച്ചം വേണ്ടിടത്ത് ഇലക്ട്രോണിക് ചോക്ക് ഘടിപ്പിച്ച സ്ളിം ടൂബുകളും ഉപയോഗിച്ച് ഉപഭോഗം ഗണ്യമായി കുറക്കാം. പ്രകൃതി ദത്തമായ വെളിച്ചവും കാററും പരമാവധി പ്രയോജനപ്പെടുത്തി പകല്‍ സമയത്തെ ഉപയോഗവും നിയന്ത്രിക്കാവുന്നതാണ്. സ്റാര്‍ ലേബലുകളുള്ള ഫ്രിഡ്ജ്, വാഷിംഗ്മെഷീന്‍, ഘഇഉ ടെലിവിഷന്‍ എന്നിവ പഴയ ഉപകരണങ്ങള്‍ക്ക് പകരമായി ഘട്ടം ഘട്ടമായി ഉപയോഗത്തില്‍ കൊണ്ടുവരുന്നതോടെ ഉയര്‍ന്ന ഉപയോഗം പിടിച്ചു നിറുത്താവുന്നതാണ്. സൂര്യപ്രകാശത്തില്‍ ചാര്‍ജ്ജ് ചെയ്യുന്ന ഇന്‍വര്‍ട്ടറുകളും വാട്ടര്‍ ഹീറററുകളും വളരെ ഫലപ്രദമാണ്. വൈദ്യുതി ഉപകരണങ്ങള്‍ കാര്യക്ഷമമായും യുക്തിബോധത്തോടെയും ഉപയോഗിക്കുന്നതുവഴി പാഴായി പോവുന്ന ഊര്‍ജ്ജത്തിന്റെ അളവ് പരമാവധി കുറച്ചുകൊണ്ടുവരാവുന്നതാണ്. കുട്ടികളും മുതിര്‍ന്നവരും ഇക്കാര്യങ്ങളില്‍ വളരെയധികം നിഷ്കര്‍ഷത പാലിക്കേണ്ടതാണ്.

പവര്‍കട്ടും ലോഡ് ഷെഡിംഗും ഒഴിവാക്കിയെടുക്കാം.

രാജ്യമെമ്പാടും കടുത്ത വൈദ്യുതി ക്ഷാമം അനുഭവിക്കുമ്പോഴും ഒന്നരവര്‍ഷം മുമ്പുവരെ പവര്‍കട്ട്, ലോഡ് ഷെഡിംഗ് എന്നീ പദങ്ങള്‍ കേരള ജനതയ്ക്ക് ന്അന്യമായിരുന്നത് മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മൂലമായിരുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ദേശീയ അവാര്‍ഡുകള്‍ ഇക്കാലയളവില്‍ വൈദ്യുതി ബോര്‍ഡിനു ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് പവര്‍കട്ട്, ലോഡ് ഷെഡിംഗ് എന്നിവ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ഇവ രണ്ടും ഒരേ അര്‍ത്ഥത്തിലാണ് സാധാരണ ജനങ്ങള്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇവ തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതം കറണ്ട് പോവുന്നത് ലോഡ് ഷെഡിംഗ് മൂലമാണ്. അതായത് നമ്മുടെ വൈദ്യുതി ശൃംഖലയ്ക്ക് താങ്ങാവുന്നതിലധികം ആവശ്യകത ഒരേ സമയം അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ സബ് സ്റേഷനുകളില്‍ നിന്നും 11 കെ. വി. ഫീഡറുകള്‍ ഓരോന്നായി നിശ്ചിത ഇടവേളകളില്‍ ഓഫ് ചെയ്യുന്നു. വൈദ്യുതി ശൃംഖല മൊത്തത്തില്‍ തകരാറാവുന്നത് ഒഴിവാക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.

പവര്‍കട്ട് നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ തങ്ങളുടെ ഉപഭോഗം സ്വയം കുറയ്ക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ഓരോ വിഭാഗത്തില്‍പെടുന്ന ഉപഭോക്താക്കള്‍ക്കും ഒരു നിശ്ചിത യൂണിററ് അവരുടെ പ്രതിമാസ ക്വാട്ട ആയി നിശ്ചയിച്ചു നല്‍കുന്നു. ഇതിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുവാന്‍ നിയമപരമായി ആര്‍ക്കും അധികാരമില്ല. ക്വാട്ടാ പരിധി ലംഘിക്കുന്ന ഉപഭോക്താക്കള്‍ അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്നവില നല്‍കേണ്ടതായി വരുന്നു.

ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗമാണ് രാവിലെയുള്ള അധിക ആവശ്യകതയ്ക്ക് കാരണമാവുന്നത്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ പോലും ഇന്ന് ഇന്‍ഡക്ഷന്‍ കുക്കറിനെ അമിതമായി ആശ്രയിക്കുന്നു. ഇത് വൈദ്യുതി ശൃംഖലയെ വളരെയധികം ദോഷകരമായ ബാധിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും വാട്ടേജ് കൂടിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉപഭോക്താക്കള്‍ സ്വയം ഒഴിവാക്കിയാല്‍ മാത്രമെ ലോഡ് ഷെഡിംഗില്‍ നിന്നും രക്ഷപെടാനാവൂ.
എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ വൈദ്യുതി മുഴുവന്‍ ദിവസവും വിതരണം ചെയ്യുവാന്‍ കെ. എസ്. ഇ. ബി. യുടെ കൈവശം ഇല്ലാതെ വരുമ്പോഴാണ് പവര്‍കട്ട് ഏര്‍പ്പെടുത്തുവാന്‍ നിര്‍ബന്ധിതരാവുന്നത്. കേരളത്തിലെ ജലനിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനവും കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിയും ചേര്‍ത്ത്വച്ചാലും നമ്മുടെ ആവശ്യകത നിറവേററുവാന്‍ സാധിക്കാതെ വരുന്നുണ്ട്. ബ്രഹ്മപുരം, കോഴിക്കോട്, കായംകുളം എന്നീ താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയും നാം ഉപയോഗിക്കുന്നുണ്ട്. ഇതു കൂടാതെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി പുറമെ നിന്നും ലഭ്യമാക്കിയാണ് ഉപഭോക്താക്കളുടെ ആവശ്യകത നിറവേററുന്നത്. ഇങ്ങനെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി പുറമെ നിന്നും എത്തിക്കുന്നതിന് പല സാങ്കേതിക തടസ്സങ്ങളും വന്നു ചേരാറുണ്ട് കൂടാതെ കെ.എസ്.ഇ.ബി. ക്ക് കടുത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാവുന്നുണ്ട്.

ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പവര്‍കട്ട്, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കിയെടുക്കുവാനുള്ള മാര്‍ഗ്ഗം. എന്നാല്‍ ഉല്‍പാദന പദ്ധതികളൊന്നും തന്നെ പുതുതായി തുടങ്ങുവാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഇന്നു കേരളത്തിലുള്ളത്. വളരെ പ്രതീക്ഷയോടെ കേരളം ഉററു നോക്കിയിരുന്ന ആതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നു. പൂയ്യംകുട്ടി, പാത്രക്കടവ് പദ്ധതികള്‍ ഇന്ന് വിദൂര സ്മരണയില്‍ പോലുമില്ലാത്ത അവസ്ഥയിലാണ്. ഒറീസ്സ സംസ്ഥാനത്തിനകത്ത് ഒരു കല്‍ക്കരിപാടം കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് നേടിയെടുക്കുവാന്‍ സാധിച്ചെങ്കിലും ഇതുപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ചെടുക്കുവാനുള്ള ക്രിയാത്മകമായ നടപടികളൊന്നും തന്നെ ഇപ്പോള്‍ നടക്കുന്നില്ല. കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാര്യത്തിലും വലിയ അവ്യക്തതയാണ് നിലനില്‍ക്കുന്നത്. കൂടംകുളത്തെ ആണവനിലയത്തില്‍ നിന്നും നമുക്ക് അര്‍ഹതപ്പെട്ട വിഹിതം കൊണ്ടുവരാനുള്ള പ്രസരണ ലൈനുകളുടെ നിര്‍മ്മാണവും തടസ്സപ്പെട്ടു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുവാനുള്ള ബദല്‍ മാര്‍ഗ്ഗം ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.

ആഗോള താപനത്തെ ചെറുക്കാം.

കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് ധാരാളമായി വന്നു ചേരുന്നു. ഇവയ്ക്ക് സൂര്യപ്രകാശത്തിലെ ചൂടിനെ ആഗിരണം ചെയ്യുവാനുള്ള ശേഷി ഉണ്ട്. അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുംതോറും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പ്രതിഭാസത്തെയാണ് ആഗോള താപനം എന്നു പറയുന്നത്. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതുവഴി ധ്രുവങ്ങളിലെ മഞ്ഞുരുകി കടല്‍നിരപ്പ് ക്രമാതീതമായി ഉയരുകയും കാററിന്റെ സ്വാഭാവിക ഗതി വ്യത്യാസപ്പെടുകയും ചെയ്യുന്നു. ഇതുവഴി കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം ഉടലെടുത്തിരിക്കുന്നു. ഇന്നു ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയമാണിത്. കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക വിളകള്‍ നശിക്കുകയും മാറാരോഗങ്ങള്‍ പിടിപെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഇവിടെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ വലിയ സാമൂഹ്യപ്രാധാന്യം ഉണ്ട്. നമ്മുടെ വീട്ടില്‍ ഒരു യൂണിററ് വൈദ്യുതി ലാഭിച്ചാല്‍ താപനിലയങ്ങളില്‍ ഒരു കിലോഗ്രാം കല്‍ക്കരി കത്തിക്കുന്നത് ഒഴിവാക്കുവാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെട്ടി രിക്കുന്നത്. രാജ്യത്തെ ഉല്‍പാദന നിലയങ്ങളിലെ സിംഹഭാഗവും കല്‍ക്കരി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി ഒഴിവാക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് വളരെ ഗണ്യമാണ്. അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളായ സൂര്യന്‍, കാററ്, തിരമാല, ബയോഗ്യാസ് എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതിയുല്‍പ്പാദനത്തിന് വളരെയധികം സാമൂഹ്യപ്രാധാന്യമാണ് ഇന്നുള്ളത്. കല്‍ക്കരി, പെട്രോളിയം എന്നീ ഊര്‍ജ്ജ സ്രോതസ്സുകള്‍ അമിതമായി ഉപയോഗിച്ച് തീരുന്നത് ഒഴിവാക്കാനും ഇതുമൂലം സാധിക്കുന്നു.

കമ്പോളവത്കരണം ദോഷം ചെയ്യുന്നു.

കേന്ദ്രഗവണ്‍മെന്റ് 2003ല്‍ കൊണ്ടുവന്ന പുതിയ വൈദ്യുതി നിയമപ്രകാരം വൈദ്യുതി മേഖല കമ്പോളവത്കരിക്കപ്പെട്ടിരിക്കുകയാണ്. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ച് വൈദ്യുതി മേഖലയില്‍ പവര്‍ ട്രേഡിംഗ്, പവര്‍ എക്സ്ചേഞ്ച് എന്നീ പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. വൈദ്യുതിയുടെ ആവശ്യക്കാരെ ഉല്‍പാദകരുമായി ബന്ധിപ്പിക്കുന്ന ഇടനില സംവിധാനങ്ങളാണിവ. സ്വകാര്യവ്യക്തികള്‍ക്ക് രാജ്യത്തെവിടെ വേണമെങ്കിലും വൈദ്യുതി ഉല്‍പാദിപ്പിക്കുവാനും അങ്ങിനെ ഉല്‍പാദിപ്പിച്ച വൈദ്യുതി നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെ എവിടേക്കു കൊണ്ടുപോവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പഴയനിയമത്തില്‍ വൈദ്യുതി മേഖലയുടെ നിയന്ത്രണം പൊതുമേഖലയില്‍ മാത്രം നിക്ഷിപ്തമായിരുന്നു. അന്ന് കാര്‍ഷിക-വ്യാവസായിക മേഖലകളിലുള്‍പ്പെടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനു വേണ്ടിയാണ് വൈദ്യുതി മേഖല നിലനിന്നിരുന്നത്.

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേററുവാന്‍ പവര്‍ എക്സ്ചേഞ്ചുകളിലെത്തുന്നുണ്ട്. രാജ്യത്തെ വിവിധ വൈദ്യുതി ഉല്‍പാദകരും ഇവിടെ വരുന്നു. ഉല്‍പാദകര്‍ തമ്മില്‍ മത്സരിച്ച് ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്ന മഹത്തായ ആശയമാണ് ആഗോളവത്കരണ വക്താക്കള്‍ കൊട്ടിഘോഷിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങുന്നവര്‍ തമ്മിലുള്ള മത്സരമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഇത് വൈദ്യുതിയുടെ വിലവര്‍ദ്ധനവിലേക്കാണ് നയിക്കപ്പെടുന്നത്. കടുത്ത വൈദ്യുതി ക്ഷാമമുള്ള സമയങ്ങളില്‍ വൈദ്യുതി വാങ്ങുന്നവര്‍ തമ്മില്‍ ശക്തിയേറിയ മത്സരം നടക്കുന്നതിന്റെ ഫലമായി വൈദ്യുതിയുടെ വില യൂണിററിന് 15 രൂപ മുതല്‍ 19 രൂപ വരെ ഉയരുന്നു. ഏത് ഇന്ധനത്തില്‍ നിന്നാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എന്ന വസ്തുത ഇവിടെ തികച്ചും അപ്രസക്തമായ കാര്യമാണ്. സ്വകാര്യ മുതലാളിമാര്‍ നമ്മെ അമിതമായി കൊള്ളയടിക്കുന്ന അവസ്ഥാവിശേഷമാണ് ഇന്ന് വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതിന്റെ ഭാരം ഒടുവിലായി വന്നു ചേരുന്നത് നമ്മെപ്പോലുള്ള വൈദ്യുതി ഉപഭോക്താക്കളുടെ ചുമലിലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി വലിയൊരളവ് വരെ ഈ ചൂഷണങ്ങള്‍ തടയാവുന്നതാണ്. ഇതിലേക്കായി എല്ലാ വിഭാഗം ആളുകളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു

Kadappad: KSEB  Officers’ Association

2.94230769231
Paulvin Jan 28, 2017 05:01 AM

Super

സില് Nov 14, 2015 09:33 PM

കുഴപ്പമില്ല.ഉപകരപ്രദമാന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top