অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എൽ. പി. ജി

എൽ.പി.ജി.-വസ്തുതകൾ

എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..

ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോഅതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..

എൽ.പി.ജി ലീക്ക്‌ ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..

എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..

ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിന്‍റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിന്‍റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..

ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്. നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..

വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..

തീ ഉണ്ടാകുന്നത് എങ്ങനെ

ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിന്‍റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..

ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..

1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ

2, ഫ്യുവൽ അല്ലെങ്കിൽ ഇന്ധനം

3, ഹീറ്റ് അല്ലെങ്കിൽ ചൂട്

ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.

സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..

ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.

രണ്ടാമതായി ഫ്യുവൽ അതായത് ഇന്ധനം. ആ ഇന്ധനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..

ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..

എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്ധനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്ഫോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിന്‍റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...

ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സ്ഫോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..

നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള പ്രവണത വളരെയധികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം പ്രവണത കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെന്‍റൻസി കാണിക്കുകയും വലിയ സ്ഫോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..

തെറ്റായ ധാരണ

ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.

പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാദമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !

എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.

കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.

അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.

അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.

പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ. നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.

ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു സാദ്ധ്യത കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽനിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇനി എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...

1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്‍റെ അരുകിലോ, വാതിലന്‍റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.

2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..

3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്‍റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.

4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്‍റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..

5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...

എൽ.പി.ജി ലീക്കായാൽ ചെയ്യേണ്ട കാര്യങ്ങൾ

ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..

1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്‍വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..

2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്‍റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)

3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..

4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..

5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..

6, എൽ.പി.ജി ലീക്ക് ആയ റൂമിന്‍റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..

8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..

9, ഫയർ ആന്‍റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്‍റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.

10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...

വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...

അവസാനം പരിഷ്കരിച്ചത് : 6/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate