অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാറ്റില്‍ നിന്ന് വൈദ്യുതി

പൊതുവേ ഇന്ധനഉപയോഗത്തില്‍ തീരെ ശ്രദ്ധയില്ലാത്ത ഒരു രാഷ്ട്രമാണ് അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന് പരക്കെ ആരോപണം ഉണ്ട്. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ഹരിത വാതകങ്ങളുടെ തോതില്‍ അമേരിക്ക മുമ്പില്‍ തന്നെ .അതോടൊപ്പം തന്നെ ഹരിത വാതകങ്ങളുടെ ഉത്പാദനം കുറഞ്ഞ ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ക്ക് അമേരിക്കയില്‍ അടുത്തകാലത്ത് വളരെ അധികം പ്രാധാന്യം നല്‍കി വരുന്നു എന്നത് ആശ്വാസ ജനകം ആണ്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ ജനസംഖ്യയില്‍ മുന്‍പന്തിയില്‍ നില്‍കുന്ന രാഷ്ട്രങ്ങള്‍ മാരകമായ അണുശക്തിയില്‍ നിന്നും   വൈദ്യുത ഉത്പാദനത്തിന് വേണ്ടി വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുമ്പോള്‍ അമേരിക്കയില്‍ കാറ്റില്‍ നിന്നും സൌരോര്‍ജതില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുവാന്‍ വന്‍പദ്ധതികള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികം മുന്‍ഗണന കൊടുത്തു വരുന്നു.

അമേരിക്കയിലെ കാറ്റില്‍ നിന്നുള്ള വൈദ്യുതോത്പാദനതെപ്പറ്റി ചില വിവരങ്ങള്‍


മനുഷ്യന്‍ കാറ്റില്‍ നിന്ന് കിട്ടുന്ന ഊര്‍ജം ബി സി 5000നു മുന്‍പ് തന്നെ ഉപയോഗിച്ചിരുന്നു. പായക്കപ്പല്‍ ഓടിക്കാനും കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനും മനുഷ്യന്‍ എന്നേ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഗൌരവമായ ശ്രമങ്ങള്‍ 1930ല്‍ മാത്രമാണ് തുടങ്ങിയത് എന്ന് തോന്നുന്നു. യാതൊരു മലിനീകരണവും ഇല്ലാത്ത ഈ ഊര്‍ജരൂപം ഉപയോഗപ്പെടുത്താന്‍ ഇത്ര വൈകിയതെന്തേ എന്നേ ആലോചിക്കേണ്ടതുള്ളു.. മനുഷ്യര്‍ ഒരു വര്ഷം 400ക്വാട്രില്ല്യന്‍ ( 400 X 1000,000,000, 000,000 ) ബി റ്റി യു  ഊര്‍ജമാണ് കത്തിക്കുന്നത്. ഒരു തീപ്പെട്ടികൊള്ളി കത്തുമ്പോള്‍ ഒരു ബി റ്റി യു ഊര്‍ജം ആണ് ചിലവാകുന്നത് ഏന് മനസിലാകുമ്പോള്‍ ഇത് എത്രമാത്രം ഉണ്ടെന്നു  ഒരു ഏകദേശ രൂപം കിട്ടുമല്ലോ. പൊതുവേ കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രങ്ങള്‍ വളരെ വലിപ്പമുള്ളതാണ്.  അവയില്‍ പലതിനും 120 മീറ്ററില്‍ കൂടുതല്‍ ഉയരവും 400 ടണ്ണിലധികം ഭാരവും ഉണ്ട് എന്നത് സത്യമാണ്.


മറ്റു ചില വിവരങ്ങള്‍


1: അമേരിക്കയില്‍ ഇന്നുത്പാദിപ്പിക്കുന്നതിന്റെ  പത്തിരട്ടി വൈദ്യുതി കാറ്റില്‍ നിന്നുത്പാദിപ്പിക്കാം.
കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി താരതമ്യേന പുതിയ സാങ്കേതിക വിദ്യയാണല്ലോ. കഴിഞ്ഞ മൂന്നോ നാലോ ദശാബ്ദങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ രീതിയ്ക്കുള്ള അനന്തമായ സാദ്ധ്യതകളാണ് ഈ വ്യവസായത്തില്‍ ഇത്തരം ശ്രദ്ധ ഉണ്ടാക്കിയത്. അമേരിക്കയിലെ പാരമ്പര്യേതര ഊര്‍ജ വകുപ്പ് ഉണ്ടാക്കിയ കണക്കനുസരിച്ച് ഇന്ന് അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ പത്തിരട്ടി കാറ്റില്‍ നിന്ന് അവിടെ ഉത്പാദിപ്പിക്കാന്‍ കഴിയും.  ഹാര്വേര്ദ് യൂനിവേര്സിറ്റിയില്2009ല്‍  നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് കാറ്റാടി ജനരേറ്ററുകളുടെ ഒരു ശ്രുംഖല 20%കഴിവില്‍ പ്രവര്‍ത്തിച്ചാല്‍ പോലും  ലോകത്തിലെ ഇന്നത്തെ വൈദ്യുതാവശ്യതിന്റെ 40ഇരട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും  എന്നാണു.
2:അമേരിക്കയിലെ 38 സംസ്ഥാനങ്ങളില്‍ കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് വൈദ്യുതി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു.
കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ അമേരിക്ക മറ്റു രാജ്യങ്ങളുടെ പുറകിലൊന്നും അല്ല.  അമ്പതു സംസ്ഥാനങ്ങളില്‍ 38 ലും വന്‍കിട കാറ്റാടി വൈദ്യുത ഉത്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 14 സംസ്ഥാനങ്ങളില്‍ 1000മെഗാവാട്ടിലധികം സ്ഥാപിത ശേഷി ഉണ്ട്. ഏറ്റവും മുന്‍പന്തിയില്‍ നില്‍കുന്ന അഞ്ചു സംസ്ഥാനങ്ങളുടെ ഉത്പാദന ശേഷി 20,000ലധികം മെഗാവാട്ട് വരുമത്രേ. 2008 ല്‍ അമേരിക്കന്‍ ഊര്‍ജ വകുപ്പിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച യോഗത്തില്‍ 2030ലെങ്കിലും   രാഷ്ട്രത്തിന്റെ ഊര്ജഉപഭോഗത്തിന്റെ 20% എങ്കിലും  കാറ്റില്‍ നിന്ന് ഉണ്ടാക്കാനുള്ള സാദ്ധ്യതാപഠനങ്ങളും  സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങളും  വിലയിരുത്തി. ഇന്നത്തെ ഊര്‍ജ ഉത്പാദന മാര്‍ഗങ്ങള്‍ പോലെ ഈ മാര്‍ഗവും ലാഭകരമാക്കാന്‍  എന്ത് ചെയ്യാം എന്നും ആലോചിച്ചു.  ഇതോടൊപ്പം  കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ സംരംഭത്തില്‍ ഭാഗഭാക്കുകളാകുകയും ചെയ്തു.

3. 2008ല്‍  കൊളറാഡോ  സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള വൈദ്യുതി കാറ്റില്‍ നിന്ന് തന്നെ അമേരിക്കയില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു.
52 ബില്ല്യന്‍ യൂനിറ്റ് വൈദ്യുതിയാണ് 2008ല്‍ അമേരിക്കയില്‍ കാറ്റില്‍ നിന്നുത്പാദിപ്പിച്ചത്. ഒരു വര്‍ഷത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഒരു ശതമാനത്തിലധികം ആണിത്. ഇത് നിസ്സാരമാണെന്നു തോന്നാം എങ്കിലും ഇത്ര ഊര്‍ജം അമ്പതു ലക്ഷം വീടുകള്‍ക്ക് വേണ്ട ഊര്‍ജമാണ്, കൊളറാഡോ സംസ്ഥാനത്തിന്റെ വാര്‍ഷിക ഉപഭോഗം ഇത്ര തന്നെയാണ്.പുതിയ സാങ്കേതിക വിദ്യകള്‍ വികസപ്പിച്ചെക്കുന്നതോടൊപ്പം  സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായം, നികുതിഇളവു മുതലായ  പ്രോത്സാഹനങ്ങളും ഉണ്ടായിരിക്കും.  പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ വൈദ്യുത നിരക്കില്‍  കുറവുകൊടുക്കുന്നതും പതിവാക്കി.
4: ഏറ്റവും കൂടുതല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപിത ശേഷി യുള്ള സംസ്ഥാനമാണ് ടെക്സാസ് .ടെക്സാസില്‍ കാറ്റിന്റെ ശക്തി വളരെ കൂടുതലാണ്, മറ്റു പലതും പോലെ. കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ ഈ സംസ്ഥാനം മുന്നില്‍ ആണ്. 2008 ല്‍ സ്ഥാപിതശേഷി7,907 മെ.വാ. ആയിരുന്നു, തൊട്ടടുത്ത്‌ നില്‍കുന്ന അയോവാ സംസ്ഥാനത്തിന്റെ 2,883 മെ വാ ല്‍ നിന്നും വളരെ മുന്‍പില്‍. ടെക്സാസിലെ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അമേരിക്കയിലെ ആകെ ഉത്പാടിപ്പിക്കുന്നതിന്റെ മൂന്നില്‍ ഒന്നോളം വരും. ഇതിനു പ്രധാന കാരണം ഈ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം തന്നെയാണ്. ഉയര്‍ന്ന ഭൂപ്രദേശം, പൊതുവേ തടസ്സങ്ങള്‍ ഇല്ലാത്ത ഭൂപ്രകൃതി, കാറ്റിന്റെ സുലഭത എല്ലാം അനുകൂലമാണ്. ഇതിനോടൊപ്പം കേന്ദ്ര സര്‍കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങളും അത് പരമാവധി ഉപയോഗിക്കാന്‍ തയാറുള്ള കമ്പനികളും ടെക്സാസിനെ കാറ്റില്‍ നിന്ന് വൈദ്യുതി വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ എത്തിച്ചു.
5: 2000 മുതല്‍ 2006 വരെ ലോകത്തിലെ കാറ്റില്‍ നിന്നുള്ള വൈദ്യുതോത്പാദനം നാല് മടങ്ങായി.അമേരിക്കയില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും 2000 മുതല്‍ 2006 വരെയുള്ള കാലഘട്ടം വളര്ച്ചയുടെതായിരുന്നു. ഇപ്പോള്‍ കാറ്റില്‍ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതി 250,000,000ആള്‍ക്കാരുടെ ആവശ്യത്തിനു മതിയാവും. 70 രാജ്യങ്ങള്‍ ഇതില്‍ പങ്കാളികള്‍ ആയിട്ടുണ്ട്. സാമ്പതിക മാന്ദ്യം അനുഭവപ്പെട്ട 2009 നു ശേഷവും അമേരിക്കയില്‍ ഈ മേഖലയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്, 158,000 മെഗാ വാട്ട് (30%) വര്‍ധന. ഐക്യരാഷ്ട്ര സഭ അടുത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ അടുത്ത രണ്ടു ദശാബ്ദക്കാലം പാരമ്പര്യേതര വൈദ്യുതി (കാറ്റില്‍ നിന്നുള്ളതുള്‍പെടെ) ഉത്പാദിപ്പിക്കാന്‍ 12 ട്രില്ല്യന്‍ (12,000,000,000,000) ഡോളര്‍ ചിലവാക്കേണ്ടി വരുമെന്ന് കണക്കാക്കിയിരിക്കുന്നു, പാരമ്പര്യ രീതിയില്‍ വൈദ്യുതി ഇത്പാദിപ്പിക്കുന്നതിനേക്കാള്‍ ചെലവ് കൂടിയ ഈ മാര്‍ഗങ്ങളുടെ വികസനം  നിലനിര്‍ത്തുവാന്‍  ഗവര്‍മെന്റുകള്‍ കാര്യമായി ശ്രമിക്കേണ്ടി വരും, തീര്‍ച്ച, സാമ്പത്തിക ആനുകൂല്യങ്ങളും പ്രോത്സാഹങ്ങളും വഴി.
6: കാറ്റില്‍ നിന്നുള്ള വൈദ്യുതി സൌരോര്‍ജം തന്നെയാണ്.
ഈ പരിമിതികളില്ലാത്ത, ഇത്ര ശുദ്ധമായ, പണം കൊടുക്കാതെ കിട്ടുന്ന ഈ ഊര്ജതിനെ ഉറവിടം സൌരോര്‍ജം തന്നെ. സൂര്യന്‍ ഭൂമിയെ തപിപ്പിക്കുന്നു, ഭൂമിയിലെ  പ്രതലങ്ങളുടെ വ്യത്യാസങ്ങളും ഭൂമിയുടെ സ്വയം കറങ്ങുന്ന സ്വഭാവവും കൊണ്ടാണ് കാറ്റുണ്ടാവുന്നത്. ഭൂമിയില്‍ എല്ലായിടവും ഒരു പോലെയല്ല ചൂടാവുന്നത്. താപനിലയില്‍ ഉള്ള വ്യതിയാനങ്ങള്‍ അന്തരീക്ഷ മര്‍ദ്ദത്തില്‍ വ്യത്യാസം വരുത്തി ഉന്നതമര്‍ദ്ദം നില നില്‍കുന്ന ഇടങ്ങളില്‍ നിന്ന് കുറഞ്ഞ മര്‍ദ്ദം ഉള്ള ഭാഗങ്ങളിലേക്ക് കാറ്റുണ്ടാക്കുന്നു.  കാറ്റിന്റെ തീവ്രതയും നില നില്പും പല കാരണങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്, കാലാവസ്ഥ, വൃക്ഷങ്ങളുടെ സാന്നിദ്ധ്യം, ഉപരിതജലസാന്നിദ്ധ്യം, ഭൂപ്രകൃതി എന്നിവയാണ് ഏറ്റവും നിര്‍ണായകം. ഇക്കാരണങ്ങളാല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍കുന്നു, സ്ഥിരമായ ഒരു ഊര്‍ജ പ്രഭവകേന്ദ്രമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല എന്നതും കാറ്റ് കൂടുതല്‍ കിട്ടാന്‍ സാദ്ധ്യത കടലിനുള്ളില്‍ ആണെന്നതും ഇത്തരം വൈദ്യുതിക്കുവേണ്ടി വരുന്ന നിര്മാണചിലവ് കൂട്ടുന്നു.
7: കാറ്റാടി യന്ത്രങ്ങള്‍ പക്ഷികള്‍ക്ക് നാശം വരുത്തുന്നില്ല.പരിസ്ഥിതി വാദികളുടെ ഒരു പ്രധാന പ്രതികൂല വാദം  കൂറ്റന്‍ കാറ്റാടി യന്ത്രങ്ങളുടെ ശ്രുംഖല പക്ഷികളുടെ ദേശാടനത്തെയും അവയുടെ ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും എന്നതായിരുന്നു. ഭീമാകാരമായ ടര്‍ബയിനുകള്‍ വളരെ ഉയര്‍ന്ന വേഗത്തില്‍ കറങ്ങുമ്പോള്‍ സ്വാഭാവികമായും ഈ ഭയം പൂര്‍ണമായും അസ്ഥാനത്തല്ല. കാലിഫോര്‍ണിയയിലെ ഒരു പ്രത്യേക കാറ്റാടി യന്ത്രങ്ങളുടെ നിര ദേശാടനപക്ഷികളുടെ മാര്‍ഗത്തില്‍ ആയിരുന്നത് കൊണ്ടു ഒറ്റ വര്ഷം തന്നെ വിവിധ ഇനത്തില്‍ പെട്ട ( കഴുകന്‍, ഫാല്കന്‍, പരുന്ത്‌ ) 1300 പക്ഷികള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും ഇവര്‍ ഈ വാദത്തിനു അനുകൂലമാക്കി പറഞ്ഞു. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും കാറ്റാടി യന്ത്രങ്ങള്‍ പക്ഷികളുടെ നാശത്തിനു കാരണമല്ല എന്ന് തെളിയിക്കാന്‍ കഴിഞ്ഞു. കാറ്റാടി യന്ത്രങ്ങളില്‍ ഇടിച്ചു മരിക്കുന്ന പക്ഷികള്‍ ഒരു വര്ഷം കൊല്ലപ്പെടുന്ന മറ്റുപക്ഷികളുടെ തുച്ഛമായ ഒരു ശതമാനം മാത്രമേ വരുന്നുള്ളൂ എന്ന് അമേരിക്കയിലെ ശാസ്ത്ര അക്കാഡെമി അവരുടെ വിശദമായ പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
8: കാറ്റില്‍ നിന്നും ഒരു മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കുംപോള്‍ കുറയുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം 2,600 ടണ്ണ്‍ അത്രേ.
ശുദ്ധമായ ഊര്ജതെപ്പറ്റി ഇത്രയൊക്കെ പറഞ്ഞെങ്കിലും ഇതില്‍ നിന്നും എന്താണിത്ര പ്രയോജനം? കാറ്റില്‍ നിന്നും ഒരു മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം 2,600 ടണ്ണ്‍ കുറയുന്നു  എന്ന ഒറ്റ കാര്യം തന്നെ മതിയാവും ഇതിന്റെ ഗുണഫലം ആയി കാണിക്കാന്‍. ഇന്ധന ഉപയോഗം കുറയുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനവും കുറയുന്നു. ഇതാണ് കാറ്റാടിയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ നിന്നുള്ള ഏറ്റവും പ്രധാനമായ മെച്ചം. 2004 ല്‍ മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ഒരാള്‍ 4.5 ടണ്‍  കാര്‍ബണ്‍ ഡയോക്സൈഡ് ആണ്‌  ഉണ്ടാക്കിയത്.  ഒരു മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കുംപോള്‍ 400വീടുകളില്‍  നിന്ന്  കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദിപ്പിക്കുകയില്ല., ഇതോടൊപ്പം 4.9 മില്ല്യന്‍ ലിറ്റര്‍ വെള്ളവും ഉപയോഗിക്കേണ്ടി വരുന്നില്ല.
9: കാറ്റില്‍ നിന്നുള്ള ഊര്‍ജം ഏറ്റവും പഴയ ഊര്‍ജ രൂപമാണ്ഏകദേശം ക്രി.മു. 5000 മുതല്‍ കാറ്റാടി യന്ത്രങ്ങള്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്നു, പഴയ കാലത്തെ പായ്കപ്പലുകളും  അതോടിച്ചിരുന്ന കപ്പിത്താന്‍മാരും ഭൂമിയിലെ താപനില പഠിക്കാനും അങ്ങനെ തെര്‍മോ ഡൈനാമിക്സ്  എന്ന ശാസ്ത്രശാഖ തന്നെ വളരാന്‍ കാരണമായി. വെള്ളം പമ്പ് ചെയ്യാനും മറ്റും കൃഷിയില്‍ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വഴി വളരെ ശ്രമകരവും കൂടുതല്‍ സമയം വേണ്ടതുമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞു. ആദ്യകാലത്തെ കാറ്റാടി യന്ത്രങ്ങള്‍ പായ്കളില്‍ വീഴുന്ന കാറ്റാണ് ഉപയോഗിച്ചത്.  ആവിയന്ത്രങ്ങള്‍ പോലെയുള്ള മറ്റു പുതിയവ വന്നപ്പോഴാണ് കാറ്റാടിയന്ത്രങ്ങള്‍ അവഗണിക്കപ്പെട്ടത്. ചുരുക്കത്തില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി പൂര്‍വകാല ശക്തിയോടെ തിരിച്ചു വരുകയാണ്. ചരിത്രം ആവര്‍ത്തിക്കുകയാണ്. ഇന്ധനങ്ങളുടെ ദൌര്‍ലഭ്യം വൈദ്യുതോത്പാദനതിനു മെച്ചപ്പെട്ട മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വന്നത് കൊണ്ടുതന്നെയാണെങ്കിലും .
10. 2009ല്‍ അമേരിക്കയില്‍ ഉത്പാദിപ്പിച്ച വൈദ്യുതിയില്‍ 1.9 %  കാറ്റില്‍ നിന്നായിരുന്നു.
അമേരിക്കയില്‍ മറ്റു പാരമ്പര്യേതര വൈദ്യുതി ഉത്പാദന മാര്‍ഗങ്ങളെ അപേക്ഷിച്ചു കാറ്റില്‍നിന്നുള്ള വൈദ്യുതിയാണു മുന്‍പന്തിയില്‍ നില്കുന്നത്. 2008 നും 2009 നും ഇടയ്ക്ക് 31 % ആണ് ഇതില്‍ വര്‍ധനവ്‌ ഉണ്ടായത്. ഗവണ്മെന്റില്‍ നിന്നുണ്ടായ പ്രോത്സാഹനവും 2008 ലെ കാര്‍ഷിക ബില്ലിലെ അനുകൂല വ്യവസ്ഥകളും കാരണം കര്‍ഷകര്‍ക്ക്  ഇത്തരം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അനുകൂലമായ ഘടകങ്ങളും ഈ വളര്‍ച്ചയ്ക്ക് കാരണമായി. ആകെ ഉത്പാദനത്തിന്റെ രണ്ടു ശതമാനത്തില്‍ കൂടുതല്‍ ഒന്നും അല്ല, എന്നാലും കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ ശ്രമങ്ങള്‍ നിസ്സാരമായി തോന്നാമെങ്കിലും  മറ്റു ഊര്‍ജോത്പാദന മാര്ഗത്തില്‍ നിന്നും തികച്ചും  വ്യത്യസ്തമായ അപരിമിതമായ ഈ ഊര്‍ജസ്രോതസ്സിനെ  പ്രായോഗിക തലത്തിലേക്ക് പ്രതിഷ്ടിക്കുവാന്‍ ഈ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

വിവിധ രാജ്യങ്ങളിലെ പാരമ്പര്യേതര വൈദ്യുതോത്പാദനം

Rank Nation Year Total Hydro Wind Bio mass Solar Geo  thermal
10 ഇറ്റലി 2012 89.759 43.256 13.333 9.281 (2010) 18.637 5.252
9 ജപ്പാന്‍ 2011 116.4 82.5 4.35 23.1 3.80 2.89
8 നോര്‍വേ 2011 121.4 119.6 1.29 0.48 0.02
7 ജര്‍മനി 2012 136.1 21.2 45.3 40.9 28.0 0.03
6 ഇന്ത്യ 2011 162 131 26 4 1
5 റഷ്യ 2010 166.6 163.3 0.004 2.8 0 0.47
4 ക്യാനഡാ 2011 399.1 372.6 19.7 6.4 0.43
3 ബ്രസീല്‍ 2011 459.2 424.3 2.71 32.2 0.0002
2 യുഎസ 2011 520.1 325.1 119.7 56.7 1.81 17.0
1 ചൈന 2011 797.4 687.1 73.2 34 3
ലേഖകൻ : പ്രൊഫ കെ പി മോഹൻദാസ്‌
kp.mohandas62@gmail.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate