തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ല്‍ കേരള സര്‍ക്കാരിനാല്‍ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബര്‍ 5 - ാം തീയതി ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി സയന്‍ന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയില്‍ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകര്‍ന്നു കൊടുക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.
മ്യൂസിയത്തിന്റെ ഭരണപരമായ നടത്തിപ്പിന്റെ ചുമതല പതിനേഴ് അംഗ ഗവേണിംഗ് ബോഡിയില്‍ നിക്ഷിപ്തമാണ്. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗവേണിംഗ് ബോഡിയുടെ അധ്യക്ഷനായിരിക്കും. മ്യൂസിയത്തിന്റെ ദൈനംദിന ഭരണ ചുമതല ഡയറക്ടര്‍ക്കായിരിക്കും. ഇതുകൂടാതെ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ഒന്‍പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്.
മ്യൂസിയത്തിന്റെ ആദ്യഘട്ടം മുന്നൂറോളം പ്രദര്‍ശന വസ്തുക്കളുള്ള ഗ്യാലറികളോടെ 1984 ല്‍ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്, പോപ്പുലര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ഗ്യാലറികള്‍ ആരംഭിച്ചു. പ്രിയദര്‍ശിനി പ്ളാനറ്റേറിയം എന്ന മഹത്തായ സംരംഭം 1994 - ല്‍ പ്രവര്‍ത്തനം തുടങ്ങി. 1997 - ല്‍ കുട്ടികളുടെ ശാസ്ത്രോദ്യാനവും സമര്‍പ്പിച്ചു. തുടര്‍ന്ന് കംപ്യൂട്ടര്‍ ഗ്യാലറിയും സോളാര്‍ എനര്‍ജി ഗ്യാലറിയും നിലവില്‍ വന്നു. പതിമൂന്ന് ശാസ്ത്ര കളിക്കോപ്പുകള്‍ അടങ്ങിയ പ്ളേ പാര്‍ക്ക് 2005 - ല്‍ പ്രവര്‍ത്തനമാരംഭിച്ചു. എനര്‍ജി പാര്‍ക്ക്, ത്രിമാന സിനിമാ തീയേറ്റര്‍, ഡിജിറ്റല്‍ വെയിംഗ് മെഷീന്‍, എഡ്യൂസാറ്റ് ടാക്ക്ബാക്ക് ടെര്‍മിനല്‍, എനര്‍ജി ബോള്‍ മുതലായവയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
പ്രവേശന സമയം : | രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.00 മണി വരെ |
പ്രവേശന നിരക്ക് |
മുതിര്‍ന്നവര്‍ - രൂപ 15.00 (ഒരാള്‍ക്ക്)
|
പ്ളാനറ്റേറിയം | |
പ്രദര്‍ശനസമയം |
രാവിലെ 10.30 ഉച്ചയ്ക്ക് 12.00 ഉച്ച കഴിഞ്ഞ് 3.00 to 5.00 |
പ്രവേശന നിരക്ക് | പ്രവേശന നിരക്ക് - മുതിര്‍ന്നവര്‍ രൂപ 15.00 (ഒരാള്‍ക്ക്) കുട്ടികള്‍ രൂപ 10.00 (10 വയസ്സില്‍ താഴെ, ഒരാള്‍ക്ക്) വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം രൂപ 10.00 (ഒരാള്‍ക്ക്) |
3 ഡി തീയേറ്റര്‍ | |
പ്രദര്‍ശന സമയം : | 10.00 മുതല്‍ 5.00 വരെ |
പ്രവേശന നിരക്ക് | രൂപ 10.00 (ഒരാള്‍ക്ക്) |
ത്രില്ലേറിയം | |
പ്രദര്‍ശന സമയം |
10.00 മുതല്‍ 5.00 വരെ (തിങ്കള്‍ അവധി) |
പ്രവേശന നിരക്ക് |
മുതിര്‍ന്നവര്‍ രൂപ 20.00 (ഒരാള്‍ക്ക്) കുട്ടികള്‍ രൂപ 10.00 (ഒരാള്‍ക്ക്) |
ലേസേറിയവും സംഗീതജലധാരയും | |
പ്രദര്‍ശന സമയം |
വൈകുന്നേരം 7.00 മണി |
പ്രവേശന നിരക്ക് |
മുതിര്‍ന്നവര്‍ രൂപ 20.00 (ഒരാള്‍ക്ക്) കുട്ടികള്‍ രൂപ 10.00 (10 വയസ്സില്‍ താഴെ ഒരാള്‍ക്ക്) വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം : രൂപ 10.00 (ഒരാള്‍ക്ക്) |
വാനനിരീക്ഷണവും ഹാം റേഡിയോയും | |
പ്രദര്‍ശന സമയം |
വ്യാഴം, വെള്ളി ദിവസങ്ങള്‍ മാത്രം വൈകുന്നേരം 6.30 മുതല്‍ 8.00 വരെ |
പ്രവേശന നിരക്ക് | മുതിര്‍ന്നവര്‍ രൂപ 15.00 (ഒരാള്‍ക്ക്) കുട്ടികള്‍ രൂപ 10.00 (10 വയസ്സില്‍ താഴെ, ഒരാള്‍ക്ക്) വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം : രൂപ 10.00 (ഒരാള്‍ക്ക്) |
സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശന യൂണിറ്റ് | |
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും |
രൂപ 3000യ- (രണ്ടു ദിവസത്തേക്ക്) |
മറ്റുള്ളവര്‍ | രൂപ 4000.00 (രണ്ടു ദിവസത്തേക്ക്) പിന്നീട് ഓരോ ദിവസത്തേക്കും രൂപ 2000.00 |
അസ്ട്രോവാന്‍ | |
സ്കൂളുകള്‍, കോളേജുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് |
രൂപ 1000/- ദിവസേന |
സെമിനാര്‍ ഹാള്‍ (ശീതീകരിച്ചത്) | |
വാടക | രൂപ 11000.00 (ദിവസേന, രാവിലെ 10.00 മുതല്‍ വൈകിട്ട് 5.00 വരെ) രൂപ 5000.00 സുരക്ഷ നിക്ഷേപം രൂപ 5500.00 + രൂപ 5000.00 സുരക്ഷാ നിക്ഷേപം (അര ദിവസം) സീറ്റുകള്‍ : 200 |
കോണ്‍ഫറന്‍സ് ഹാള്‍ (ശീതീകരിച്ചത്) | |
വാടക | രൂപ 3000.00 (ദിവസേന) രൂപ 1500.00 (അര ദിവസം) സീറ്റുകള്‍ : 25 |
സ്കൂള്‍ അഡോപ്ഷന്‍ പരിപാടി | രൂപ 10.00 (ഒരാള്‍ക്ക്, 30 പേര്‍ മാത്രം) ശാസ്ത്ര കളിക്കോപ്പു കേന്ദ്രം, ടെലിസ്കോപ്പു നിര്‍മ്മാണം, ശാസ്ത്ര വിശകലന പ്രഭാഷണം. |
അവധിക്കാല സയന്‍സ് വര്‍ക്ക്ഷോപ്പ്
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വര്‍ഷവും മ്യൂസിയത്തില്‍ അവധിക്കാല ശാസ്ത്ര ക്യാമ്പുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നു. മാര്‍ച്ച് മാസം ആപ്ളിക്കേഷന്‍ സ്വീകരിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ളാസ്സുകള്‍ നടത്തുകയാണ് പതിവ്. വര്‍ഷം തോറും ഏകദേശം 200 വിദ്യാര്‍ത്ഥികള്‍ ഈ സൌകര്യം പ്രയോജനപ്പെടുത്തി വരുന്നു.
പ്രഗല്ഭരായ പ്രൊഫസര്‍മാരും വിഷയ വിദഗ്ധരും, ശാസ്ത്രജ്ഞരും മ്യൂസിയം അധ്യാപകരും നയിക്കുന്ന ക്ളാസുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. വാനശാസ്ത്രം, ഇലക്ട്രോണിക്സ്, ഗണിതശാസ്ത്രം, കൃഷി, തുടങ്ങി റോബോട്ടിക്സ്, ബഹിരാകാശ ശാസ്ത്രം എന്നിവയില്‍ വരെ ക്ളാസ്സുകള്‍ നടത്തി വരുന്നു. തീയറി ക്ളാസുകള്‍ക്ക് ശേഷമുള്ള പ്രവര്‍ത്തി പരിചയ ക്ളാസ്സുകള്‍ കുട്ടികളില്‍ ശാസ്ത്രത്തോട് ഉള്‍ക്കടമായ ആഭിമുഖ്യം വളര്‍ത്തുകയും ഒരു ശാസ്ത്രസംസ്കാരം തന്നെ അവരില്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ശാസ്ത്ര തത്വങ്ങള്‍ അറിയുന്നതിനുപരിയായി ശാസ്ത്രത്തെ അറിയുവാനും ശാസ്ത്രാന്വേഷണത്വര കുട്ടികളില്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് ഈ പദ്ധതിയിലൂടെ മ്യൂസിയം നടത്തിവരുന്നത്.
സ്കൂള്‍ അഡോപ്ഷന്‍ പ്രോഗ്രാം
സയന്‍സ് ക്ളബ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം മുഴുവന്‍ മ്യൂസിയത്തില്‍ ചിലവഴിക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പ്ളാനറ്റേറിയ പ്രദര്‍ശനം, ഗാലറി സന്ദര്‍ശനം, 3ഡി പ്രദര്‍ശനം എന്നതിനു പുറമേ വിദഗ്ധരുടെ ക്ളാസ്സുകളും ശാസ്ത്രാധിഷ്ഠിത പ്രവര്‍ത്തിപരിചയ ക്ളാസ്സുകളും, ടെലിസ്കോപ്പ് നിര്‍മ്മാണ പരിശീലനവും ഈ പാക്കേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് മ്യൂസിയം അധികൃതരുമായി ബന്ധപ്പെടാം.
കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ഒരു പദ്ധതിയാണ് ഇന്‍കള്‍കെയ്റ്റ്. കേരളത്തിലെ അഞ്ചു സര്‍വ്വകലാശാലകളുമായി സഹകരിച്ച് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രാഭിമുഖ്യമുള്ള പ്രതിഭകളെ ചെറുപ്രായത്തില്‍ത്തന്നെ കണ്ടെത്തി വേണ്ട പരിശീലനം നല്‍കി ഉത്തമ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളത്തിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ പ്രഗത്ഭരായ സര്‍വ്വകലാശാല അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവരുമായി ബന്ധപ്പെടുത്തിയുള്ള 'മെന്റര്‍ഷിപ്പ്' ഈ പദ്ധതിയുടെ ഭാഗമാണ്.
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും നൂതന ശാസ്ത്രശാഖകളിലുമുള്ള തുടര്‍വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിശീലന പരിപാടികള്‍ നടത്തപ്പെടുന്നു. അഞ്ചു വര്‍ഷക്കാലം ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥി തനിക്കേറ്റവും അനുയോജ്യമായ ഉന്നത വിദ്യാഭ്യാസശാഖ തിരഞ്ഞെടുക്കാന്‍ പ്രാപ്തനായിത്തീരുന്നു.
സെമിനാര്‍ ഹാളും കോണ്‍ഫറന്‍സ് ഹാളും : സെമിനാറുകള്‍, ശാസ്ത്ര പ്രഭാഷണങ്ങള്‍, ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനുള്ള 200 ഇരിപ്പിടങ്ങളോടുകൂടിയ ശീതീകരിച്ച സെമിനാര്‍ ഹാള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാണ്. തനതായ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഹാളില്‍ ബന്ധപ്പെട്ട സാധനങ്ങളുടെ പ്രദര്‍ശനത്തിനുള്ള സൌകര്യമുണ്ട്. വാഹനങ്ങളുടെ വിശാലമായ പാര്‍ക്കിംഗ് സ്ഥലം മറ്റൊരു പ്രത്യേകതയാണ്. 11,000 രൂപ പ്രതിദിന വാടകയില്‍ ഈ സൌകര്യം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
25 പേര്‍ക്ക് ഉപയോഗിക്കാവുന്ന സെമിനാര്‍ ഹാള്‍ / ബോര്‍ഡ് മീറ്റിംഗ് മുറിയും ഇവിടെ ലഭ്യമാണ്. ആധുനിക സംവിധാനങ്ങളോടുകൂടിയ ഇത് 3000 രൂപ പ്രതിദിന വാടകയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.
ശാസ്ത്ര സാങ്കേതിക ഗ്രന്ഥശാല : ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതനമായ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക ശീതീകരിച്ച ലൈബ്രറി മ്യൂസിയത്തില്‍ പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര സാങ്കേതിക എന്‍സൈക്ളോപീഡിയകള്‍ ഉള്‍പ്പെടെ ഏകദേശം മൂവായിരത്തോളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രന്ഥങ്ങള്‍ റഫറന്‍സ് സൌകര്യത്തോടെ ലഭ്യമാണ്. വാനശാസ്ത്രം, ഭൌതികശാസ്ത്രം, പരിസ്ഥിതി, രസതന്ത്രം, ജീവശാസ്ത്രം, തുടങ്ങി വിവരസാങ്കേതികവിദ്യ വരെയുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. കൂടാതെ ഏകദേശം അന്‍പതോളം ജേര്‍ണലുകളും സന്ദര്‍ശകര്‍ക്ക് ഉപയുക്തമാക്കാം.
ക്യാന്റീന്‍ : തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ ഘടകം നടത്തുന്ന ക്യാന്റീന്‍ സൌകര്യം ഇവിടെ ലഭ്യമാണ്. ഞായറാഴ്ചകളുള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവിടെ ലഭിക്കുന്നതാണ്. സന്ദര്‍ശകര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കുന്നവര്‍ക്കുമൊക്കെ ഭക്ഷണം അഭിരുചിക്കിണങ്ങുന്നവിധം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ജ്യോതിശാസ്ത്ര ഗ്യാലറി
സൂര്യന്റെ ചലനം, ചന്ദ്രന്റെ ചലനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നതെന്ത് ? നക്ഷത്രങ്ങള്‍ മറ്റൊരു രീതിയില്‍ ചലിക്കുന്നതെന്തുകൊണ്ട് ? നക്ഷത്രക്കൂട്ടങ്ങളുടെ സ്ഥാനം ദിവസങ്ങള്‍ കഴിയുന്തോറും വ്യത്യസ്തപ്പെടുന്നതെന്തുകൊണ്ട് ? മുന്‍തലമുറകളെ അപേക്ഷിച്ച് ഇന്ന് ജ്യോതിശാസ്ത്രം കൂടുതല്‍ നവീകരണം സംഭവിച്ച് ഒരു ശാസ്ത്രമായും കലയായും വളര്‍ന്നിരിക്കുന്നു. ഈ ഗ്യാലറി നിങ്ങളെ പുതിയൊരു ലോകത്തെത്തിക്കുന്നു - പുരാതന ശിലായുഗം മുതല്‍ പ്രപഞ്ചത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന ഏറ്റവും പുതിയ ആകാശ വാന നിരീക്ഷണ ശാലകള്‍ വരെ നിങ്ങള്‍ക്കിവിടെ പരിചയപ്പെടാം.
ഡാം കോംപ്ളക്സും ജല വൈദ്യുതോല്‍പാദനകേന്ദ്രവും
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഒരു ചെറിയ രൂപം സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു. കമാനാകൃതിയിലുള്ള അണക്കെട്ടുകളെക്കുറിച്ച് അറിയുന്നതിന് വളരെ സഹായകരമായിരിക്കും ഇത്. പരിശോധനക്കുള്ള തുരങ്കം വഴി സഞ്ചരിക്കുന്നതിനുള്ള സംവിധാനങ്ങളും പദ്ധതിയെ സംബന്ധിച്ച സാങ്കേതിക വിവരങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നതിന് പരിപാടിയുണ്ട്.
എനര്‍ജി പാര്‍ക്ക് :- പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. നിത്യജീവിതത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് എനര്‍ജി പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന നിരവധി മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സൌരോര്‍ജ്ജം, കാറ്റ്, ബയോഗ്യാസ് ആദിയായവയില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദന സാധ്യത ഇവ മനസ്സിലാക്കി തരുന്നു.
ചിത്രശലഭ ഉദ്യാനം :- ചിത്രശലഭ പാര്‍ക്ക് ആണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെ ആളുകള്‍ക്ക് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം വിവിധ ഇനം ചിത്രശലഭങ്ങളെ അടുത്ത് കാണാവുന്നതാണ്. അവയെ കാണുന്നതോടൊപ്പം ശലഭങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാനും സാധിക്കുന്നതാണ്.
കള്ളിമുള്‍ച്ചെടി ഉദ്യാനം :- ഈ പാര്‍ക്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഇനം കള്ളിമുള്‍ച്ചെടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാര്‍ക്കിലെ ചെടികളുടെ ക്രമീകരണരീതി അവയെപ്പറ്റി ആളുകള്‍ക്ക് കൂടുതല്‍ അറിവുകള്‍ പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. കള്ളിമുള്‍ ചെടികളുടെ ആവാസ വ്യവസ്ഥ, വലിപ്പം, ആകാരത്തിലുള്ള വ്യത്യാസങ്ങള്‍ ഇവ മനസ്സിലാക്കാവുന്നതാണ്.
വാനനിരീക്ഷണം : വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 8.00 മണി വരെ പൊതുജനങ്ങള്‍ക്കായി വാനനിരീക്ഷണ സൌകര്യം ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുപയോഗിച്ച് ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, നെബുലകള്‍ മുതലായവ കാലാവസ്ഥ അനുകൂലമെങ്കില്‍ സന്ദര്‍ശകര്‍ക്ക് നിരീക്ഷിക്കാവുന്നതാണ്.
ടെലിസ്ക്കോപ്പുകള്‍ : ഓട്ടോ ട്രാക്കിംഗ്, ജി.പി.എസ് സംവിധാനങ്ങളോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുകള്‍ രാത്രി വാന നിരീക്ഷണത്തിനായി ലഭ്യമാണ്. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.
സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനയൂണിറ്റ് : ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജനറല്‍ സയന്‍സ്, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 24 സ്വയം പ്രവര്‍ത്തന മാതൃകകളും മിനി പ്ളാനറ്റേറിയവും അടങ്ങിയ രണ്ടു മൊബൈല്‍ ശാസ്ത്രപ്രദര്‍ശന യൂണിറ്റുകള്‍ ലഭ്യമാണ്. ഇതിന്റെ പ്രദര്‍ശനം നടത്തുന്നതിനായി വാടക ഇനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 3000/- രൂപയും (രണ്ടു ദിവസത്തേക്ക്, മിനി പ്ളാനറ്റേറിയം ഉള്‍പ്പെടെ) മറ്റുള്ളവര്‍ ദിവസേന 2000/- രൂപയും (മിനി പ്ളാനറ്റേറിയം ഒഴിച്ച്) ഈടാക്കുന്നതാണ്.
ലേസര്‍ പ്രദര്‍ശനവും മ്യൂസിക്കല്‍ ഫൌണ്ടനും : ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ ശാസ്ത്രോദ്യാനത്തില്‍ പുതിയതായി നിര്‍മ്മിച്ചിട്ടുള്ള ആംഫിതീയറ്ററിലാണ് ലേസര്‍ പ്രദര്‍ശനവും മ്യൂസിക്കല്‍ വാട്ടര്‍ ഫൌണ്ടനും ഒരുക്കിയിട്ടുള്ളത്. വിനോദത്തിലൂടെ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യമാണ് ഈ ഉദ്യമത്തിനു പിന്നില്‍. തികച്ചും വ്യത്യസ്തവും എന്നാല്‍ രസകരവുമായ ഒരു ദര്‍ശനാനുഭൂതി സന്ദര്‍ശകര്‍ക്ക് സമ്മാനിക്കാന്‍ ഈ ലേസര്‍ പ്രദര്‍ശനത്തിനു സാധിക്കുന്നു. മറ്റ് ലേസര്‍ പ്രദര്‍ശനശാലകളില്‍ നിന്നും വ്യത്യസ്തമായി സ്ക്രീന്‍ ഇഫക്റ്റും, ബീം ഇഫക്റ്റും സമന്വയിപ്പിച്ച ഒരു പുത്തന്‍ പരീക്ഷണമാണ് സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ വിസ്മയത്തില്‍ ചുവടുവയ്ക്കുന്ന ജലഫൌണ്ടന്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കും. ശാസ്ത്രാധിഷ്ഠിതമായ ലേസര്‍ പ്രദര്‍ശനമാകട്ടെ ശാസ്ത്രകുതുകികളെ തൃപ്തരാക്കുകയും ചെയ്യും.
തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളേയും വിജ്ഞാനന്വേഷതരേയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ ഈ ദൃശ്യ-ശ്രാവ്യ മാധ്യമത്തിനു കഴിയും. ഇന്ത്യയിലെതന്നെ ഇത്തരത്തിലെ ആദ്യ പ്രദര്‍ശനശാലയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
സയന്‍സ് ലബോറട്ടറി : മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ആധുനിക സയന്‍സ് ലബോറട്ടറിയില്‍ ഹൈസ്കൂള്‍, പ്ളസ്ടു, ബിരുദ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുവാനുള്ള അവസരമുണ്ട്. ഏകദേശം മുപ്പതില്‍പ്പരം വിദേശ ശാസ്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കും. ഗുരുത്വാകര്‍ഷണ സിദ്ധാന്തം മുതല്‍ ജി.പി.എസ് സാങ്കേതിക വിദ്യ വരെയുള്ള നിരവധി ശാസ്ത്ര സിദ്ധാന്തങ്ങള്‍ പരീക്ഷിച്ചറിയുന്നതിനുള്ള വിഭവങ്ങള്‍ ലഭ്യമാണ്. മ്യൂസിയത്തിലെ ശാസ്ത്രാധ്യാപകരുടെ സേവനവും കുട്ടികള്‍ക്ക് ലഭ്യമാണ്. ഭൌതികശാസ്ത്രത്തില്‍ എന്നപോലെ രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും അടിസ്ഥാന പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താനുള്ള ക്രമീകരണം ഈ ലബോറട്ടറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ അടിസ്ഥാനഘടകങ്ങളായ നിരീക്ഷണം, പരീക്ഷണം, വിശകലനം എന്നിവ ഉള്‍ക്കൊണ്ടുള്ള ശാസ്ത്രപഠനമാണ് ഈ ലബോറട്ടറിയിലൂടെ ലക്ഷ്യമിടുന്നത്.
എഡ്യൂസാറ്റ് ടെര്‍മിനല്‍ : അനൌപചാരിക വിദ്യാഭ്യാസത്തിലുള്ള പുത്തന്‍ സമ്പ്രദായമാണ് ഉപഗ്രഹാധിഷ്ഠിത 'എഡ്യൂസാറ്റ് വിനിമയ ശൃംഖല'. ഐ.എസ്.ആര്‍.ഒ യുടെ 'വികസന വിദ്യാഭ്യാസ വിനിമയ യൂണിറ്റിന്റെയും' (ഡി.ഇ.സി.യു) കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക സ്ഥാപനമായ വിജ്ഞാന്‍ പ്രസാറിന്റെ സഹകരണത്തോടെയുമാണ് എഡ്യൂസാറ്റ് ശൃംഖല പ്രവര്‍ത്തിക്കുന്നത്. 'എഡ്യൂസാറ്റ് ' ഉപഗ്രഹത്തിന്റെ സഹായത്തോടെ നടത്തപ്പെടുന്ന ഈ ദൃശ്യശ്രാവ്യ വിനിമയ ശൃംഖല വിദ്യാഭ്യാസത്തിനു പുറമേ ദുരന്തനിവാരണത്തിനും ഉപയുക്തമാക്കാം.
മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുള്ള 'സാറ്റലൈറ്റ്' ഇന്ററാക്റ്റീവ് ടെര്‍മിനലില്‍' സന്നിഹിതരായിരിക്കുന്ന കുട്ടികള്‍ക്ക് വിജ്ഞാന്‍ പ്രസാറിലെ ശാസ്ത്രജ്ഞരുടെ ക്ളാസ്സുകളില്‍ സംബന്ധിക്കാനും വിദഗ്ധ പ്രൊഫസര്‍മാരുമായി ആശയവിനിമയം നടത്തി സംശയനിവാരണം വരുത്തുവാനും സാധിക്കും. ചുരുക്കത്തില്‍ ഇത് ഇന്ത്യയൊട്ടാകെയുള്ള ഒരു ക്ളാസ്റൂമായി പ്രവര്‍ത്തിക്കും. താല്‍പര്യമുള്ള സ്കൂള്‍ അധികൃതര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.
നിലവില്‍ മ്യൂസിയത്തില്‍ വിവിധ ശാസ്ത്രസാങ്കേതിക വിഭാഗങ്ങളിലായി പത്ത് ഗാലറികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇലക്ട്രിക്കല്‍ ഗാലറി : വൈദ്യുതിയുടെ കണ്ടുപിടുത്തം മുതല്‍ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവര്‍ത്തിക്കുന്ന വിവിധ ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനം, ജനജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനം ഇവ ഇലക്ട്രിക്കല്‍ ഗാലറിയിലൂടെ അനായാസേന മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഇലക്ട്രോണിക്സ് ഗാലറി : വാക്വം ട്യൂബ് മുതല്‍ അത്യന്താധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെയുള്ള വികാസം മാതൃകകളുടെ സഹായത്തോടെ ഈ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്വങ്ങള്‍ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ ഈ ഗാലറി ഉപകരിക്കും.
പോപ്പുലര്‍ സയന്‍സ് ഗാലറി : നിത്യജീവിതത്തില്‍ സ്വാധീനം വ്യക്തമാക്കുന്ന ഈ ഗാലറി ശാസ്ത്രകൌതുകികള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഹരം പകരും.
ഗണിത ഗാലറി : പ്രഹേളികളുടെ ഒരു വന്‍ ശേഖരമാണ് ഈ ഗാലറിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഗണിതശാസ്ത്ര അധ്യയനത്തില്‍ ഒരു പുത്തന്‍ സമീപനം സ്വീകരിക്കാന്‍ സന്ദര്‍ശകരെ ഈ ഗാലറി സഹായിക്കും. പ്രദര്‍ശനവസ്തുക്കള്‍ക്കുപരി മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ക്രിയകള്‍ക്കാണ് ഇതില്‍ പ്രാധാന്യം.
മെക്കാനിക്കല്‍ ഗാലറി : മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന തത്വങ്ങള്‍ ലളിതമായി ബോധ്യപ്പെടുത്തുന്നതിനു പുറമേ ബോയിലറുകളുടെ നിരവധി മാതൃകകളും ഇതില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.
ഓട്ടോമൊബൈല്‍ ഗാലറി : വാഹനങ്ങളുടെയും അവയുടെ എന്‍ഞ്ചിന്റേയും സങ്കീര്‍ണ്ണ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അതീവ ലളിതമായി വിവിധ മോഡലുകളുടെ സഹായത്തോടെ ഈ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ബയോമെഡിക്കല്‍ ഗാലറി : സന്ദര്‍ശകരോട് നേരിട്ട് സംവദിക്കുന്ന അനേകം മോഡലുകള്‍ ഈ ഗാലറിയില്‍ കാണാം. ആധുനിക ആശുപത്രിയില്‍ ലഭ്യമായ മിക്കവാറും എല്ലാ ഉപകരണങ്ങളുടേയും പ്രവര്‍ത്തനം അനിമേഷനുകളുടേയും മറ്റും സഹായത്തോടെ ബോധ്യപ്പെടാം.
കമ്പ്യൂട്ടര്‍ ഗാലറി : അബാക്കസ് മുതല്‍ ഇന്നത്തെ ആധുനിക കമ്പ്യൂട്ടര്‍ വരെയുള്ള വികാസചരിത്രത്തിനാണ് ഇതില്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. കാലവും സാങ്കേതികവിദ്യയും കമ്പ്യൂട്ടറുകളുടെ രൂപ-വേഗ പ്രവര്‍ത്തനത്തില്‍ വരുത്തിയ വിസ്മയകരമായ മാറ്റം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും.
സൌരോര്‍ജ്ജ ഗാലറി : പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രാധാന്യം വക്തമാക്കുകയാണ് ഈ ഗാലറിയുടെ ഉദ്ദേശ്യം.
ബഹിരാകാശ ഗാലറി : ബഹിരാകാശ ചരിത്രത്തിന്റെ സചിത്രവിവരണത്തോടൊപ്പം റോക്കറ്റ് എഞ്ചിനുകളുടെ വിവിധ മോഡലുകളും ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മോഷന്‍ സിമുലേറ്റര്‍
6 വ്യത്യസ്തരീതിയിലുള്ള ചലനങ്ങളോടുകൂടിയ (6 ഡിഗ്രീസ് ഓഫ് ഫ്രീഡം) ഇന്ത്യയിലെ ആദ്യത്തെ 24 സീറ്റുകളോടുകൂടിയ മോഷന്‍ സിമുലേറ്ററാണ് ഇത്. മുകളിലേക്കും താഴേക്കുമുള്ള ചലനം - ഹീവിങ്, ഇടത്തോട്ടും വലത്തോട്ടുമുള്ള ചലനം - സ്വേയിംഗ്, മുന്‍പോട്ടും പുറകോട്ടും ഉള്ള ചലനം - സര്‍ജിംഗ്, മുന്‍പോട്ടും പുറകോട്ടുമുള്ള ചരിവ് - പിച്ചിംഗ്, ഇടത്തോട്ടും വലത്തോട്ടുമുള്ള തിരിയല്‍ - യോവിംഗ്, ഒരു വശത്തുനിന്ന് മറുവശത്തേക്കുള്ള ചരിവ് - റോളിംഗ്, എന്നിങ്ങനെ ആറുരീതികളിലുള്ള ചലനങ്ങളോടോപ്പം മഞ്ഞ്, സുഗന്ധം, കാറ്റ് മുതലായ അനുഭവങ്ങളും കൂടിയാകുമ്പോള്‍ ഇത് ശരിക്കും ഒരു പ്രത്യേകാനുഭവമായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് കാണുകയും, കേള്‍ക്കുകയും, അനുഭവിച്ചറിയുകയും, സുഗന്ധം അനുഭവപ്പെടുക വരെയും ചെയ്യും.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം
പ്രിയദര്‍ശിനി പ്ളാനറ്റേറിയം
വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം - 33
ഫോണ്‍ : 0471 2306024, 2306025
ഇ.മെയില്‍ : directorksstm@gmail.com
വെബ്സൈറ്റ് :www.kstmuseum.com
അവസാനം പരിഷ്കരിച്ചത് : 2/16/2020