Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / വിദ്യാഭ്യാസത്തിലെ നയമാതൃകകൾ / വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍

വിശദ വിവരങ്ങള്‍

വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍ - ആമുഖം

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു എന്നത് അഭിമാനാര്‍ഹമായ സംഗതിയാണ്, മാറ്റങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെങ്കിലും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയില്‍ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തില്‍ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയില്‍ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകള്‍ അഭ്യസിക്കുന്നതിന് കളരികള്‍ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴില്‍ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. മിഷണറി സംഘങ്ങളാണ് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. അയിത്ത ജനവിഭാഗങ്ങളുടെ ഉണര്‍വ് വിദ്യാഭ്യാസം സാര്‍വത്രികമാവുന്നതില്‍ സാരമായ പങ്കു വഹിച്ചു. ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം വഴി ബ്രിട്ടീഷുകാരുടെ ലക്ഷ്യം തങ്ങള്‍ക്കാവശ്യമുള്ള കണക്കപ്പിള്ളമാരെ (ഭരണ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ) വാര്‍ത്തെടുക്കുക എന്നതായിരുന്നെങ്കിലും അവരുദ്ദേശിക്കാത്ത ഫലങ്ങളും അതുകൊണ്ടുണ്ടായി. കോളനി വിരുദ്ധ സമരങ്ങളിലേക്ക് ഒരു കൂട്ടം ആളുകളെ തിരിച്ചുവിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് വിധിവൈപരീത്യമായി തോന്നാം.
സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങള്‍ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയില്‍ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.
ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍
വിദ്യാഭ്യാസം മുഖ്യമായും ഒരു ഭരണവര്‍ഗ സ്ഥാപനമായിരിക്കുമ്പോള്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. അധീന വര്‍ഗ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനാണ് പാഠപുസ്തകങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. ബ്രിട്ടീഷ് വാഴ്ചയെ അത് മഹത്വവല്‍കരിച്ചു. സ്വാതന്ത്ര്യാനന്തരം പരസ്യമായ കോളനീസ്തുതികള്‍ അപ്രത്യക്ഷപ്പെട്ടുവെങ്കിലും നവ കൊളോണിയലസത്തിന്റെ സ്വാധീനത്തില്‍ നിന്നും മുക്തമാണ് നമ്മുടെ വിദ്യാഭ്യാസ രംഗം എന്നു പറഞ്ഞുകൂടാ. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്. പരിണാമവാദം ഒരു വാദം എന്നതില്‍ കവിഞ്ഞ ശാസ്ത്രീയ സത്യം എന്ന നിലയ്ക്ക് പഠിപ്പിക്കപ്പെടുന്നത് ഉദാഹരണം. വിജ്ഞാനത്തിന്റെ വിദാതാക്കള്‍ യൂറോപ്യരും വെള്ളക്കാരുമാണെന്ന അസത്യം നമ്മുടെ ചരിത്ര പാഠപുസ്തകങ്ങള്‍ ചരിത്ര സത്യം എന്ന വ്യാജേനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യാ വര്‍ധനവാണ് നാമനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം മൂലഹേതു എന്ന മട്ടിലുള്ള പാഠപുസ്തക പ്രസ്താവനകള്‍ കൊളോണിയല്‍ യുക്തികളില്‍ നിന്നു നാം മോചിതരല്ല എന്നതിനുള്ള മറ്റൊരുദാഹരണമാണ്.
പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ ‘ബ്രൗണ്‍ സായ്പു’മാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. ‘വൈറ്റ് കോളര്‍’ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ ‘കരിയറിസ്റ്റുക’ളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ ‘പ്രഫഷനലുകളെ’ ഉല്‍പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. ഐ.ടി. വിദ്യാഭ്യാസത്തിനു നല്‍കിവരുന്ന അമിത പ്രാധാന്യം ആഗോള വിപണിക്കു വേണ്ട പണിയാളുകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ആവേശത്തിന്റെ പ്രകടന പത്രികയാകുന്നു. വിപണിയാണ് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.
പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. ‘സ്കൂള്‍ നിരാസം’ എന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ ‘വിദ്യാഭ്യാസം വിമോചന’ത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളില്‍ കുട്ടികളില്‍ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്‍പര്യങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ ‘സമ്മിതി നിര്‍മാണ’ത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.
ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങള്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
ഒന്ന്
കുട്ടിക്ക് ഒന്നും അറിയില്ലെന്നും ‘സര്‍വജ്ഞനായ’ അധ്യാപകന്‍ കുട്ടിയെ ‘പൊള്ള’യായ ‘തലമണ്ട’യിലേക്ക് വിവരങ്ങള്‍ കോരി ഒഴിച്ചു കൊടുക്കുകയാണെന്നുമുള്ള ‘ബിഹേവിയറിസ്റ്റ്’ കാഴ്ചപ്പാടില്‍ നിന്ന് കുട്ടിയുടെ ഉള്ളില്‍ അറിവിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവയെ ജ്വലിപ്പിക്കാന്‍ സഹായിക്കുക മാത്രമാണ് അധ്യാപകന്റെ ധര്‍മമെന്നും സിദ്ധാന്തിക്കുന്ന ‘കണ്‍സ്ട്രക്റ്റിവിസ്റ്റ്’ ചിന്താഗതിയിലേക്കുള്ള മാറ്റം ലോകവ്യാപകമായി തന്നെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും ഉടച്ചു വാര്‍ത്തു. കുട്ടിയുടെ ഉള്ളില്‍ നിന്നു വരുന്ന പ്രചോദനമാണ് പഠനത്തിനു സഹായിക്കുന്നത്. അല്ലാതെ നേരത്തെ സങ്കല്‍പിക്കപ്പെട്ടിരുന്നതുപോലെ, പുറത്തു നിന്നുള്ള പ്രലോഭനമോ ഭീഷണിയോ അല്ല എന്ന തിരിച്ചറിവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തല്ലിയും ചൊല്ലിയുമുള്ള പഠിപ്പില്‍ നിന്ന് ചെയ്തും പരസ്പരം സഹകരിച്ചുമുള്ള പഠനം നിലവില്‍ വന്നു. കുട്ടികള്‍ സ്വയം അന്വേഷിച്ചറിഞ്ഞും കണ്ടെത്തിയും സ്വയം പരീക്ഷണങ്ങള്‍ നടത്തിയും പ്രവര്‍ത്തിച്ചും പഠിക്കുന്ന സമ്പ്രദായം നടപ്പായി. പഠനം വ്യക്തിനിഷ്ഠമായ അനുഷ്ഠാനം എന്നതില്‍ നിന്ന് സാമൂഹികമായ പ്രക്രിയയായി വളര്‍ന്നു. സംഘപഠനം എന്ന ആശയം പ്രബലപ്പെട്ടു.
രണ്ട്
കുട്ടിയും അധ്യാപകനും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു. അധ്യാപകന്‍ വിവരങ്ങള്‍ നല്‍കുന്നയാളും കുട്ടി അവ സ്വീകരിക്കുന്ന ആളും എന്നതില്‍ നിന്നു മാറി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആശയ വിനിമയം നടത്തി കുട്ടിയെ താനുള്ള അറിവിന്റെ പടിയില്‍ നിന്ന് അടുത്ത പടിയിലേക്ക് കയറാന്‍ സഹായിക്കുന്ന സഹായിയും മിത്രവുമായി അധ്യാപകന്‍ മാറി. കുട്ടിയും അധ്യാപകനും തമ്മിലുള്ള ‘അകലം’ കുറഞ്ഞു.
മൂന്ന്
ക്ലാസ് മുറികള്‍ മരണ വീട്ടിലെ ‘ശാന്തത’യില്‍ നിന്ന് കല്യാണ വീട്ടിലെ ‘ബഹള’മയമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. ചെറിയ ക്ലാസുകളില്‍ പ്രത്യേകിച്ചും ഈ മാറ്റം ഇപ്പോള്‍ പ്രകടമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷമായി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കാഴ്ചയാണ് ക്ലാസ് റൂമുകളില്‍ ഇപ്പോഴത്തെ കാഴ്ച. ഏതു നിമിഷവും ഏതു ദിക്കില്‍ നിന്നും പുറത്തോ തുടയിലോ പാറി വീണേക്കാവുന്ന ചൂരലിന്റെ ഭയപ്പെടുത്തുന്ന സാന്നിധ്യം പുതിയ ക്ലാസ് മുറികളിലില്ല. ശിക്ഷാ ഭയമല്ല അറിയുന്നതിന്റെ ആന്തരിക ആഹ്ലാദമാണ് പഠനത്തെ സഹായിക്കുന്നത് എന്ന നടേ സൂചിപ്പിച്ച കാഴ്ചപ്പാടിനാണ് ഈ മാറ്റത്തിനു നന്ദി പറയേണ്ടത്.
നാല്
ബഹുമുഖ ബുദ്ധിയെക്കുറിച്ചുള്ള അറിവ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ക്കു വഴി തുറന്നു. ഓരോ കുട്ടിയിലും പ്രമുഖമായി നില്‍ക്കുന്ന ഒന്നോ രണ്ടോ അതിലധികമോ ബുദ്ധിഘടകങ്ങളുണ്ടാവും. എല്ലാവരിലും എല്ലാ ഘടകങ്ങളും ഒരേ അളവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ പാട്ടു പാടുന്നതിലും പാട്ടോ കവിതയോ എഴുതുന്നതിലും പുതിയ ഈണങ്ങള്‍ കണ്ടെത്തുന്നതിലുമെല്ലാം മിടുക്കരായിരിക്കും. ചിലര്‍ക്ക് ഇഷ്ടം കണക്കും യുക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലുമായിരിക്കും. മറ്റൊരു കൂട്ടം കുട്ടികള്‍ക്ക് കായികമായ അധ്വാനത്തിലും കായിക വിനോദങ്ങളിലുമൊക്കെയായിരിക്കും വാസന കൂടുതല്‍. ചിലര്‍ക്ക് പ്രസംഗകല, എഴുത്ത് എന്നിങ്ങനെ ഭാഷ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലാവും പ്രതിഭ. ഇങ്ങനെ ഒമ്പത് ബുദ്ധിമേഖലകള്‍ ഉണ്ടെന്ന് ഹൊവാര്‍ഡ് ഗാര്‍ഡ്നര്‍ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചു. ‘കണക്കറിയാത്തവരെല്ലാം മണ്ടന്മാരാണ്’ എന്ന കാഴ്ചപ്പാട് ശരിയല്ല എന്ന് ഇതോടെ സ്ഥാപിക്കപ്പെട്ടു. ക്ലാസ് റൂമില്‍ അധ്യാപകന്റെ ചുമതല തന്റെ മുമ്പിലിരിക്കുന്ന കുട്ടികള്‍ ഏതേത് ബുദ്ധി മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്ന് കണ്ടെത്തി ആ മേഖലകളില്‍ വളരാന്‍ ആവശ്യമായ സാഹചര്യം അവര്‍ക്കൊരുക്കിക്കൊടുക്കുകയാണ് എന്ന് വന്നു.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോള്‍ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകര്‍ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാന്‍ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
അഞ്ച്
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവും വിദ്യാഭ്യാസത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് മനുഷ്യന്‍ അറിവു നേടുന്നത് എന്നു പ്രസിദ്ധം. എന്നാല്‍ ഓരോ മനുഷ്യനും അറിവു സമ്പാദിക്കുന്നതിന് ഏത് സംവേദനേന്ദ്രിയത്തെയാണ് ആശ്രയിക്കുന്നത് എന്നത് ആ മനുഷ്യന്റെ പഠന രീതിയെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. കേട്ടു പഠിക്കുന്നതായിരിക്കും ചിലര്‍ക്ക് കൂടുതല്‍ പ്രിയം. മറ്റു ചിലര്‍ കണ്ടുപഠിക്കുന്നതില്‍ ഉത്സുകരാവുന്നു. കണ്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടിക്ക് അതിനുള്ള അവസരം ക്ലാസില്‍ ലഭിക്കണം. സദാ ‘പറഞ്ഞു’ കൊണ്ടിരിക്കുന്ന അധ്യാപകന് കേട്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടികളുടെ ആവശ്യത്തെ മാത്രമേ നിറവേറ്റിക്കൊടുക്കാനാവുകയുള്ളൂ. ചില കുട്ടികള്‍ക്ക് സദാ ഒരിടത്ത് ഇരുന്നു പഠിക്കാനാവുകയില്ല. ചലന പ്രിയരായിരിക്കും അവര്‍. സംഘ പ്രവര്‍ത്തനങ്ങളിലൂടെ അത്തരം കുട്ടികളുടെ പഠനാവശ്യത്തെ പരിഗണിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കും.
ആറ്
ചെവി കേള്‍ക്കാത്തവര്‍, മന്ദബുദ്ധികള്‍, സംസാര വൈകല്യമുള്ളവര്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവരെ ‘പൊട്ടന്മാര്‍’ എന്ന് മുദ്രകുത്തി വെളിയിലേക്കു തള്ളുകയായിരുന്നു പരമ്പരാഗത വിദ്യാലയങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. സമീപ കാലത്ത് ഇതില്‍ വലിയ മാറ്റം സംഭവിച്ചു. ‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍’(ഇവശഹറൃലി ംശവേ ുെലരശമഹ ിലലറ)െ എന്നാണ് ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പദം. ഓരോ കുട്ടിക്കും അവന്റെ/അവളുടെ ആവശ്യത്തിനും ഉള്‍ക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങള്‍ മിക്കവാറും സ്കൂളുകളില്‍ നടപ്പാക്കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ സഹായത്തിനായി നിയമിക്കുകയും ചെയ്തുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമീപ ദശകങ്ങള്‍ ദര്‍ശിച്ച ഗുണകരമായ മാറ്റമാണിതെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
ഏഴ്
അവസാനമായി, പരീക്ഷ (മൂല്യനിര്‍ണയം)യില്‍ വന്ന മാറ്റങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഒരെഴുത്തു പരീക്ഷയിലൂടെ കുട്ടികളുടെ എല്ലാ കഴിവുകളും അളന്നു തിട്ടപ്പെടുത്തി ‘മാര്‍ക്കിട്ടു’കളയാം എന്ന് പണ്ടേ തന്നെ ആര്‍ക്കും അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ പ്രായോഗികമായി അതാണു നടന്നുവന്നിരുന്നത് എന്നു മാത്രം. കുട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്തി, ഒരു മേഖലയിലല്ലെങ്കില്‍ മറ്റൊരു മേഖലയിലെ കഴിവു കൂടി കണക്കിലെടുത്ത് ഗ്രേഡ് നിശ്ചയിക്കുന്ന ‘സമഗ്രവും നിരന്തരവുമായ മൂല്യ നിര്‍ണയ’ രീതിയാണ് സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള സ്കൂളുകളില്‍ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്നത്. കുറ്റമറ്റതാണെന്നു പറഞ്ഞുകൂടെങ്കിലും പഴയ സമ്പ്രദായത്തെ അപേക്ഷിച്ച് ചില മേന്മകള്‍ ഈ രീതിക്കുണ്ടെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
വിദ്യാലയങ്ങള്‍: മാറുന്ന മുഖച്ഛായ
ലോകം കീഴ്മേല്‍ മറിഞ്ഞാലും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാറ്റമൊന്നും സംഭവിക്കുകയില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ. നൂറ്റൊന്നു കൊല്ലം നിദ്രയിലാണ്ട ഒരു വാധ്യാര്‍ ഉറക്കമുണര്‍ന്നാല്‍ താന്‍ ഏതു നാട്ടുകാരനാണെന്ന് അയാള്‍ക്ക് മനസ്സിലാവണമെങ്കില്‍ അയാളെ താന്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത പള്ളിക്കൂടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മതിയാവും എന്നൊരു തമാശ പറഞ്ഞുവരാറുണ്ടായിരുന്നു. സ്കൂളുകള്‍ മാത്രമാണ് അവ നിര്‍മിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് യാതൊരുവിധ മാറ്റവും കൂടാതെ നിലനില്‍ക്കുക എന്നും പ്രദേശത്തെ വീടുകളും കടകളുമെല്ലാം നിരന്തരം പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് ഈ തമാശ പ്രകാശിപ്പിക്കുന്ന ആശയം. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ പഴയ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം അവയുടെ സ്ഥിരമായ ദൈന്യഭാവം ഉപേക്ഷിച്ചു അന്തസാര്‍ന്ന സൗധങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നതായി കാണാം.
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് ‘സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ല’ എന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ലഭ്യമാണ്.
അധ്യയന നിലവാരത്തിലും ഈ സ്കൂളുകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് വാസ്തവമാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഈ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യത്തെയെന്നപോലെ പഠന മികവിനെയും മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. പഠന പ്രക്രിയയില്‍ പുതുവഴികള്‍ വെട്ടുന്നതില്‍ നേതൃത്വപരമായ പങ്കാണ് പൊതുവിദ്യാലയങ്ങള്‍ ഇന്നു വഹിക്കുന്നത്. ഇതും സമീപ ദശകങ്ങളില്‍ മാത്രം ദൃശ്യമായ മാറ്റമാണ്.
വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം (ഇവശഹറ ളൃശലിറഹ്യ) ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ‘ഒന്നാം ക്ലാസ് ഒന്നാന്തരം’ എന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.
രക്ഷാകര്‍ത്താക്കളുടെ പങ്കാളിത്തം
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും മനോഭാവ നിര്‍മിതിയിലും രക്ഷാകര്‍ത്താക്കള്‍ക്കുള്ള പങ്ക് സുവിദിതമാണ്. എന്നിരുന്നാലും ഔപചാരിക വിദ്യാഭ്യാസത്തില്‍ തങ്ങളുടെ പങ്ക് തുലോം പരിമിതമാണെന്ന ധാരണയാണ് സമീപകാലം വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു പൊതുവെ ഉണ്ടായിരുന്നത്. അധ്യാപകരക്ഷാ കര്‍തൃ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം അടുത്ത കാലം വരെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസ ക്ലാസ് പി.ടി.എ കളില്‍ വരെ സ്ഥിരമായി പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ ഉത്സാഹം കാണിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമാണിത്.
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. തങ്ങളുടെ കുട്ടികളെ ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ മുന്നിലെത്തിക്കേണ്ടതുണ്ട് എന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കുന്നു. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോവുന്ന ഗൂഢ സംഘങ്ങള്‍ സജീവമാണ്. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
കുട്ടികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. അവര്‍ തങ്ങള്‍ക്ക് നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള തത്രപ്പാടില്‍ കുട്ടികളുടെ മനോവികാസത്തെ തടസ്സപ്പെടുത്തുന്ന അമിതാവേശ പ്രവൃത്തികളില്‍ അഭയം തേടുകയും ചെയ്യുന്നു. കുട്ടികളുടെ പ്രകൃതത്തെസ്സംബന്ധിച്ചോ കഴിവുകളെസ്സംബന്ധിച്ചോ ശരിയായ ധാരണയില്ലാത്തവരാണ് കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശിയില്‍ കുട്ടികളെ നശിപ്പിക്കുന്നത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെയുള്ള ‘വിദ്യാഭ്യാസ പീഡനം’ വിപരീത ഫലമേ ഉളവാക്കൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പതുക്കെയാണെങ്കിലും ആളുകള്‍ ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
നാളേക്കുള്ള കരുതലും നിക്ഷേപവും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടെങ്കിലും തൊഴില്‍ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടാണ് പലരും തങ്ങളുടെ ധാരണകളെ കരുപ്പിടിപ്പിക്കുന്നത് എന്നത് വലിയൊരു പരിമിതിയായി ശേഷിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വിമോചന മൂല്യം വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് നേര്. ‘അറിവ് എന്ന തിരിച്ചറിവില്‍ നിന്നാവണം വിദ്യാഭ്യാസത്തിന്റെ മൂല്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍. അറിവു നേടുന്നതിലൂടെ തന്റെ കുട്ടി അധികാരത്തില്‍ പങ്കാളിയാകുകയാണ് എന്ന പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയെ അന്ധകാരങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ വരുംനാളുകളില്‍ ഉയരും എന്നു നമുക്ക് പ്രത്യാശിക്കാം.

എ.കെ. അബ്ദുല്‍ മജീദ്

സർക്കാർ ഉദ്യോഗസ്ഥന്മാരും അടിസ്ഥാന വർഗവും

ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ഏറ്റവും വലിയ പോരായ്മ, അതെപ്പോഴും ന്യൂനപക്ഷത്തിന്റെ ഭരണകൂടമായിരിക്കുമെന്നതാണ്. അതായത് ഭൂരിപക്ഷം വരുന്നവർ പുറത്തുനിൽക്കുമ്പോഴാണ് ന്യൂനപക്ഷം ഭരണം കയ്യാളുന്നത്. പല രാഷ്ട്രീയ കക്ഷികൾ ഭിന്നിച്ചു നിൽക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ ലോകത്തെവിടെയും ജനാധിപത്യത്തിന്റെ ദുർവിധിയാണത്. നരേന്ദ്രമോഡി അധികാരത്തിലിരിക്കുന്നത് 39% ജനതയുടെ പിന്തുണ കൊണ്ടുമാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണകൂടം നടപ്പിൽ വരുത്തുന്ന നിയമങ്ങൾ, നിയമ പരിഷ്‌കാരങ്ങൾ തുടങ്ങി ജനതയുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവിധ വ്യവഹാരങ്ങൾക്കും ഭൂരിപക്ഷത്തിന്റെ പിൻതുണ ഉണ്ടായിരിക്കണമെന്നില്ല. പ്രതിപക്ഷത്തിരിക്കുന്നവർ അധികാരത്തിൽ വരുമ്പോഴും ഇതേ പ്രതിസന്ധി നിലനിൽക്കുന്നതായി കാണാം. ഈയൊരു അസാധാരണത്വം ജനാധിപത്യ സമ്പ്രദായത്തിൽ നിലനിൽക്കുന്നത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വിസ്റ്റർലാന്റിൽ, ഭരണത്തിലിരിക്കുന്നവൻ ജനവിരുദ്ധനായി മാറുമ്പോൾ അവനെ തിരിച്ചുവിളിക്കാനുള്ള അവകാശം അന്നാട്ടിൽ നിലവിൽ വന്നത്. കാലാവധി പൂർത്തിയാക്കാതെ തന്നെ അവിടെ അധികാരം വിട്ടൊഴിയേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഭരിക്കുന്നവൻ ഉള്ള കാലം ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലാവും.

ഇത്രയും കുറിക്കേണ്ടിവന്നത്, കേരള സർക്കാർ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ്. കേരളത്തിലെ  മൊത്തം വരുന്ന സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും അല്ലാതെ പെൻഷൻ പറ്റി ശിഷ്ടകാലം സമാധാന ജീവിതം നയിക്കുന്ന പെൻഷനേഴ്‌സിനും വേണ്ടിയാണ് സർക്കാറിന്റെ റവന്യൂ വരുമാനത്തിന്റെ നാൽപ്പത് ശതമാനത്തിലേറെ ഇന്ന് ചിലവഴിക്കുന്നത്. ഭീമമായ ഈ തുക ഓരോ വർഷവും ഖജനാവിൽ നിന്ന് നീക്കിവെക്കേണ്ടിവരുമ്പോൾ, മറ്റാവശ്യങ്ങൾക്കുവേണ്ടി സർക്കാർ ശ്രദ്ധ കൊടുക്കേണ്ട അവശ്യ സർവീസുകളെ പാടെ അവഗണിക്കേണ്ടി വരികയോ, മാറ്റിവയ്‌ക്കേണ്ടിവരികയോ ചെയ്യുന്ന അവസ്ഥയിലാണ്. നിലവിലുള്ള സാമ്പത്തിക സ്ഥിതിയെ പാടെ മാറ്റിമറിക്കുന്ന അവസ്ഥയിലേക്ക് പുതിയ ശമ്പള കമ്മീഷൻ റിപ്പോർട്ട് മാറുമ്പോൾ, പുറത്ത് നിൽക്കുന്ന പരശ്ശതം സാധാരണക്കാരന്റെ നികുതിപ്പണം എവിടേക്ക് ഒഴുകിപ്പോവുന്ന എന്നു തിരിച്ചറിയുക കൂടി വേണം.

സംസ്ഥാന ജീവനക്കാർ എന്നു പറയുന്നത് അധ്യാപകരടക്കമുള്ള വിവിധ തട്ടുകളിൽ ജോലി ചെയ്യുന്നവരാണ്. ആനുപാതിക ക്രമപ്രകാരം 2000 മുതൽ 12,000 രൂപ വരെയാണ് ശമ്പള വർധന ആവശ്യപ്പെടുന്നത്. മാത്രവുമല്ല, ശമ്പളത്തിന് 2014 ജൂലായ് ഒന്നു മുതൽ പ്രാബല്യമുണ്ടായിരിക്കണമെന്നും കമ്മീഷൻ പറയുന്നു. സർക്കാറിന് 5,277 കോടി അധിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ തലങ്ങളിൽ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം പെൻഷൻ പ്രായം കൂട്ടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സർവീസിൽനിന്ന് പെൻഷൻ പറ്റി വിശ്രമ ജീവിതം നയിക്കുന്ന പെൻഷനേഴ്‌സിന്റെയും കുറഞ്ഞ പെൻഷൻ 8500 ഉം കൂടിയത് 60,000വും ആക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സർവീസ് സമൂഹത്തിനു കിട്ടാതിരിക്കുമ്പോൾ, അയാൾക്കെന്തിന് കൂടുതൽ ആനുകൂല്യമെന്നത് അപ്രസക്തമായ ചോദ്യമാണെന്ന് പറയുന്നവരുണ്ട്.

അധ്വാനിക്കുന്ന വർഗത്തിന് ജീവിക്കാൻ തക്ക വരുമാനം ഉണ്ടെങ്കിൽ മാത്രമേ, അയാൾക്കും അയാളുടെ തണൽപറ്റി ജീവിക്കുന്നവർക്കും മുന്നോട്ടു പോകാൻ കഴിയൂ. അതുകൊണ്ട് ശമ്പള പരിഷ്‌കരണത്തെ എതിർക്കുന്നത് അന്യായമാണെന്ന് വേണമെങ്കിൽ പറയാം. അപ്പോഴും അത് എത്രമാത്രം എന്നതാണ് അന്വേഷിക്കേണ്ടത്. താഴെ തട്ടിൽ ജീവിക്കുന്നവനും ഉയർന്ന വരുമാന സ്രോതസ്സുള്ളവനും ഒരേപോലെ കേരളത്തിൽ നികുതി അടയ്ക്കാൻ ബാധ്യസ്ഥനാണ്. ഭൂനികുതിയായും, കെട്ടിട നികുതിയായും, തൊഴിൽ നികുതിയായും സർക്കാർ ഇത് ഈടാക്കുന്നുണ്ട്. ഈ കൃഷിക്കാരൻ ഒരു വർഷത്തെ നികുതി കുടിശ്ശിക അടയ്ക്കാൻ പിഴവു വരുത്തിയാൽ അതിന് പിഴ ചുമത്തി ഈടാക്കാൻ മിടുക്കരാണ് ഉദ്യോഗസ്ഥന്മാരും സർക്കാറും. കോടികൾ നികുതി തട്ടിപ്പ് നടത്തുന്ന വൻ ലോബികളെ ഇവർ കണ്ടെന്നും വരില്ല. സാധാരണക്കാരന്റെ നികുതിപ്പണംകൊണ്ട് വേണം, സർക്കാറിന് ആരോഗ്യ രംഗത്തും ഗതാഗത രംഗത്തും ചിലവഴിക്കാൻ. നമ്മുടെ കേരളത്തിന്റെ ആരോഗ്യ രംഗത്തെയും, ഗതാഗത രംഗത്തെയും ശോച്യാവസ്ഥയ്ക്ക് കാരണം നികുതിപ്പണത്തിന്റെ വലിയൊരു ശതമാനം സർക്കാർ ശമ്പളയിനത്തിലേക്ക് മാറ്റിവെക്കപ്പെടുന്നതുകൊണ്ടാണ്.

എങ്കിലും സാധാരണക്കാരന് ഈ സർക്കാർ ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ തുലോം പരിമിതമെന്നു മാത്രമല്ല, അവഗണന കൂടിയാണ്. പലരും ഓഫീസിൽ എത്തിച്ചേരുന്നത് തന്നെ പത്ത് മണിക്ക് ശേഷമത്രെ! ഒരു ദിവസത്തിലെ ജോലി സമയത്തിൽ ചെറിയൊരു ശതമാനം മാത്രമാണ് ഈ സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യവുമായി വരുന്നവന്റെ പരാതികൾക്ക് കാത് കൊടുക്കുന്നുള്ളൂ എന്നു കാണാം. ഒരു കാര്യത്തിനുവേണ്ടി പല തവണ ഓഫീസിന്റെ പടികൾ കയറിയിറങ്ങേണ്ട ഗതികേടും ഇവർക്കുണ്ട്. തീർത്തും ജനപക്ഷമാകേണ്ട ഇത്തരം സ്ഥാപനങ്ങൾ ജനവിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാൻ ഒരു വില്ലേജ് ഓഫീസിലോ, കൃഷി ഓഫീസിലോ നേരിട്ട് ചെന്നാൽ മതി. തന്റെ മുന്നിൽ നിൽക്കുന്ന പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ടാണ് താൻ മൂന്നു നേരവും മൃഷ്ടാന്നം ഭക്ഷിക്കുന്നതെന്ന വിചാരം ഒരംശംപോലും ഈ സർക്കാർ സേവകന്റെ അകത്ത് ഉണ്ടായിരിക്കുകയില്ല. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാത്തിടത്തോളം ശമ്പള പരിഷ്‌കരണം കൊണ്ടു മാത്രം മുന്നോട്ടു പോകാൻ കഴിയാത്തതാണ് ഭരണകൂട പരിഷ്‌കരണം.

അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. സർക്കാർ ജീവനക്കാരേക്കാൾ എത്രയോ മടങ്ങ് താഴെ തട്ടിൽ ജീവിക്കുന്നവരായി നമ്മുടെ സമൂഹത്തിലുണ്ട്. ഇവരാണ് അടിസ്ഥാന വർഗം. പലപ്പോഴും അസംഘടിത മേഖലകളിൽ രാപ്പകൽ ഭേദമില്ലാതെ തൊഴിൽ ചെയ്യുന്നവർ. തൊഴിൽ വിദഗ്ധരും അല്ലാത്തവരും ഈ കൂട്ടത്തിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ലഭിക്കുന്ന തൊഴിൽ സുരക്ഷിതത്വമോ, ബോണസോ, പെൻഷനോ ഒന്നും ലഭിക്കാത്തവരാണിവർ. ഒരു ഭരണകൂടവും ഇവരുടെ തൊഴിൽ പ്രശ്‌നങ്ങളിലേക്ക് കണ്ണെറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. അടിക്കടിയുണ്ടാവുന്ന വിലക്കയറ്റവും മറ്റും ഈ വിഭാഗമെങ്ങനെ തുച്ഛമായ വരുമാനംകൊണ്ട് മറികടക്കുന്നു എന്ന് ആരും ആഴത്തിൽ ചിന്തിച്ചിട്ടുണ്ടാവില്ല. പത്തും ഇരുപതും വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്ന മാസവരുമാനത്തിൽ ഒട്ടും മാറ്റം വരാതെ ഇന്നും തൊഴിൽ ചെയ്യുന്നവർ ഉണ്ടെന്നത് കാണാതിരുന്നു കൂടാ. ഇവരും ഇവിടെ ജനിച്ചവരാണെന്ന ബോധ്യം തെല്ലെങ്കിലും ഉണ്ടായാൽ നന്ന്.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യാ പ്രവണതയ്ക്ക് ഏറ്റവും വലിയ കാരണമായിത്തീരുന്നത് സാമ്പത്തിക അസന്തുലിതാവസ്ഥ തന്നെയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോജിപ്പിക്കാൻ കഴിയാതെ ഒടുക്കം മരണത്തെ കൂട്ടുപിടിക്കുന്നവരാണിവർ. സ്ത്രീകളും കുട്ടികളും മാത്രമല്ല, വൃദ്ധന്മാർ വരെ ആത്മഹത്യാ പ്രവണത കാണിക്കുന്നതാണ് കേരളത്തിന്റെ പുത്തൻ സാമൂഹിക സാമ്പത്തികാവസ്ഥ. ഇതിനെക്കൂടി മറികടക്കുന്നതാവണം ഏതൊരു ജനോപകാരപ്രദമായ സർക്കാറിന്റെയും മുഖ്യ അജണ്ട.

വായിച്ചാലേ വളരൂ

എട്ടാം ക്ലാസിൽ പുതിയ അധ്യാപകൻ വന്നപ്പോൾ കുട്ടികളുടെ വിവരം ഒന്നു പരിശോധിക്കാമെന്ന് വച്ചു. ഒരു സിമ്പിൾ ചോദ്യമെയ്തു; ‘ആരാണ് നമ്മുടെ രാജ്യത്തിന്റെ പ്രസിഡണ്ട്?’ ഒരു കുട്ടിക്കും ഉത്തരമില്ല. എങ്ങനെ ഈ കുട്ടികളെ പഠിപ്പിക്കും എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കുട്ടൻ ഉത്തരവുമായി എണീറ്റത്: ‘ഞാൻ പറയാം സാർ’. ഹാവൂ സമാധാനമായി. വിവരമുള്ളവൻ ഒരുത്തനെങ്കിലുമുണ്ടല്ലോ. അവൻ പറഞ്ഞു: ‘വേലായുധേട്ടൻ’. അന്ധാളിച്ചു നിൽക്കുമ്പോൾ അവൻ വീണ്ടും: ‘എന്റെ അയലത്തെ വേലായുധേട്ടനാണ് പ്രസിഡണ്ട്. ഉറപ്പായിട്ടും ആണ് സാർ.’ ശരിയാണ്; സ്‌കൂളിലെ പി.ടി.എ പ്രസിഡണ്ട് വേലായുധേട്ടൻ തന്നെയാണ്. കുട്ടിക്ക് അത്രേ അറിയൂ. ഇന്ത്യാ മഹാരാജ്യത്തിന് ഒരു പ്രസിഡണ്ടും പ്രധാന മന്ത്രിയുമുണ്ടെന്ന കാര്യം അറിഞ്ഞിട്ടെന്താ ഞങ്ങൾക്ക് കാര്യം എന്ന് കുട്ടികൾ ചോദിക്കാതിരുന്നത് ഭാഗ്യം.

ഇന്നത്തെ തലമുറയുടെ മൊത്തം സ്ഥിതിയാണിത്.  വാട്ട്‌സപ്പ് വിവരമല്ലാതെ മറ്റൊന്നും പഠിക്കാൻ നേരമില്ല. പുസ്തകങ്ങൾ ഇന്ന് ഇന്റർനെറ്റിലും ലഭ്യമാണ്. എന്നാലും അത് വായിച്ച് സമയം വെയ്‌സ്റ്റാക്കുന്നതെന്തിനെന്നാ ഇവരുടെ ചോദ്യം. മൊബൈൽ വന്നതിനു ശേഷം ഓർമ ശക്തി തന്നെ കുറഞ്ഞുപോയി.  ഒരു നമ്പറും കാണാതെ അറിയുന്നില്ല. ഒന്നും കാണാതെ പഠിക്കേണ്ട കാര്യമില്ലാതായി. ഒരു മനക്കണക്കും അറിയണ്ട. കൂട്ടാനും കിഴിക്കാനും മൊബൈൽ റെഡിയാണ്. മുമ്പു കാലത്ത് ഒന്ന് കൂട്ടാനും കിഴിക്കാനും കൈയിലേയും കാലിലേയും വിരലുകൾ തികയില്ലായിരുന്നു. ഇന്ന് മൊബൈലുണ്ടെങ്കിൽ ഒറ്റ വിരല് കൊണ്ട് മല മറിക്കാം.  മൊബൈലില്ലെങ്കിൽ ഇന്ന് ലൈഫുണ്ടോ?

ചൊല്ലാനുള്ളതൊക്കെ ഇപ്പോൾ മൊബൈലിലാക്കി വച്ചിരിക്കയാണ്. കാണാതെ പഠിക്കാതെ കാര്യം നേടാനാണ് തിടുക്കം. പരീക്ഷക്ക് വരെ എല്ലാം മൊബൈലിൽ പകർത്തിപ്പോവുകയാണ്. ഇപ്പോൾ ഒരു ഇലക്‌ട്രോണിക് വാച്ചുണ്ടത്രേ. അത് കണ്ടാൽ വാച്ചാണ്. വാച്ചിൽ ഒന്ന് സ്പർശിച്ചാൽ അത് മെബൈൽ പോലെയാണ്. ഒരായിരം ഉത്തരങ്ങൾ അതിൽ ഫീഡ് ചെയ്ത് വച്ചിരിക്കും. മെെൈബൽ വാങ്ങി വച്ചാലും നമ്മുടെ കുട്ടികൾ ഇതുപയോഗിച്ച്  കോപ്പിയടിക്കും. അവരെ പറഞ്ഞിട്ടെന്താ,. പഠിച്ചതൊന്നും തലയിൽ കേറുന്നില്ല.

പഠിക്കാത്ത മതക്കാരും രാഷ്ട്രീയക്കാരും വെയ്‌സ്റ്റായി മാറുന്നതും വികാര ജീവികളായിത്തീരുന്നതും ഇതു കൊണ്ടാണ്. ഇത്തരക്കാർക്ക് മതമറിയില്ല. രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയവും.  പഠിച്ചാലേ  വിവേകം വരൂ. വിവേകമുണ്ടെങ്കിൽ പഠിക്കാത്തതും നമുക്ക് അറിയാനാവും. പഠിപ്പും പരിചയവും വേണം.  പാചക പുസ്തകം മുന്നിൽ വച്ച് പെട്ടെന്നൊരു പലഹാരമുണ്ടാക്കണമെന്ന് വച്ചാൽ സംഗതി നടക്കില്ല. മുമ്പേ പരിചയം വേണം. പാചക പരിചയമുള്ളവർക്ക്  എന്തുണ്ടാക്കാനും ഇഷ്ടമായിരിക്കും. അങ്ങനെയുള്ളവർക്ക് വിരുന്നുകാർ വന്ന് കിട്ടാൻ കൊതിയായിരിക്കും. അവരുടെ പാചക മേൻമ നാലാളെ അറിയിക്കുകയും ചെയ്യാം. പാചക പരിചയമില്ലെങ്കിലോ വിരുന്നുകാർ വരാതിരിക്കട്ടേ എന്ന് തേടും. പഠിപ്പും പരിചയവുമില്ലാത്തവരെ വീട്ടിൽ കേറ്റാൻ കൊള്ളില്ലാ എന്ന് കാരണവൻമാർ പറയുന്നത് ഇതുകൊണ്ടാണ്.

സാമാന്യ വിവരം എല്ലാവർക്കും വേണം. പത്രങ്ങൾ വായിക്കണം. പത്രം വായിക്കുമ്പോൾ വിരവമുണ്ടാക്കണമെന്ന് വച്ച് വായിക്കണം.  ചീഞ്ഞുനാറുന്ന റിപ്പോർട്ടുകളും കഥകളും വായിച്ച് സമയം വെയ്‌സ്റ്റാക്കരുത്. വലിയ അഴിമതിക്കഥകൾ വായിച്ച് വെറുതെ ഞെട്ടി സമയം കളയണ്ട. നാളെ അഴിമതിക്കാരനെ വെറുതെ വിട്ടെന്ന് കേൾക്കാം. ഞെട്ടിയതൊക്കെ വെറുതെയാവും.

ലോകത്തെ സംഭവ വികാസങ്ങളും മാറ്റങ്ങളും നമുക്കിഷ്ടമില്ലെങ്കിലും വായിച്ചറിയണം. കേരളത്തിൽ ഇന്ദിരാ ഗാന്ധി വന്ന കാലത്ത് ഒരു എം. എൽ.എ സ്വാഗത പ്രസംഗത്തിൽ ഇന്ദിരയെ വാഴ്ത്തിയതിങ്ങനെ:  ‘മഹാനായ ഗാന്ധിയുടെ മഹതിയായ പുത്രി.’ ഇന്ദിരാ ഗാന്ധിക്ക് മലയാളം അറിയാത്തത് കൊണ്ട്  രക്ഷപ്പെട്ടു. പക്ഷേ എം.എൽ.എയുടെ വിവരം നാട്ടുകാരറിഞ്ഞു.

‘വിദ്യ കൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നൂ ചിലർ’ എന്ന് പൂന്താനം പാടിയല്ലോ? വിവരം സ്വയം ഉണ്ടാക്കണം. മറ്റുള്ളവർക്ക് വിവരം നൽകാൻ യത്‌നിക്കുകയും വേണം. സമ്പാദ്യത്തിലൊരു പങ്ക് സമൂഹത്തിന്റെ വിദ്യാ വികസനത്തിനായി മാറ്റി വച്ചോളൂ.

ലക്ഷ്യമുണ്ടെങ്കിൽ വിജയമുണ്ട്

ചേരി തുറക്കലിലെ ‘സൈനാസിൽ’ ഇപ്പോഴും ബഹളമയം. മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ ഒന്നാം റാങ്ക് ഇത്തവണ പടികയറി വന്നത് ഈ വീട്ടിലേക്കാണ്. ആഹ്ലാദ നിറവിലാണ് റാങ്കുകാരിപി. ഹിബ.

എസ്.എസ്.എൽ.സി. പരീക്ഷയുടെ വിജയഭേരിക്കു പിന്നാലെ എത്തിയ പ്ലസ്ടു പരീക്ഷാഫലവും മലപ്പുറത്തിന് പൊൻതിളക്കമാണ് ചാർത്തിയത്. തൊട്ടുപിറകെ എത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിലും ജില്ലയുടെ വിജയത്തിന് പത്തരമാറ്റാണ്. ആദ്യ പത്തു റാങ്കുകാരിൽ മൂന്നുപേരും മലപ്പുറത്തു നിന്നുള്ളവരാണ്. എസ്.സി. വിഭാഗത്തിൽ ഒന്നാം റാങ്കും ജില്ലയിലെ പള്ളിക്കൽ ചൈത്രം വീട്ടിൽ നിർമൽ കൃഷ്ണനാണ് സ്വന്തമാക്കിയത്. ആദ്യത്തെ നൂറ് റാങ്കുകാരിൽ കൂടുതലും ജില്ലയിൽ നിന്നുതന്നെ. 15 പേർ. ആദ്യത്തെ ആയിരം റാങ്കുകാരിലും മലപ്പുറത്തിനുതന്നെ മിടുക്ക്. 154 പേരാണ് ഈ പട്ടികയിൽ ഇടംനേടിയ മലപ്പുറം ജില്ലക്കാർ.

106873 വിദ്യാർത്ഥികൾ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയപ്പോൾ അതിൽ ഒന്നാമതെത്തിയത് മഞ്ചേരി തുറക്കലിലെ പരേതനായ ഹൈദർമാൻ കുട്ടിയുടെയും സൈനബയുടെയും രണ്ടാമത്തെ മകൾ ഹിബയാണ്. റാങ്കിന്റെ തിളക്കത്തിലും അതിലേക്കുള്ള നാൾവഴികളെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും ഹിബ പൂങ്കാവനത്തോട് സംസാരിക്കുന്നു.

ചോദ്യം: അഭിമാനകരമായ അംഗീകാരം നേടിയതിന് ആദ്യമേ അഭിനന്ദനങ്ങൾ. ഈ ബഹുമതി സ്വന്തമാക്കുന്നതിന് സ്വീകരിച്ച വഴികളും പഠന രീതികളും ഒന്നു വ്യക്തമാക്കാമോ?

ഉത്തരം: ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. മറ്റുള്ളവർക്കില്ലാത്ത പ്രത്യേകതകളൊന്നും എനിക്കില്ല. ഇടത്തരം വീട്ടിൽ ജനിച്ചു. മോശമില്ലാതെ പഠിച്ചു. താഴ്ന്ന ക്ലാസുകളിൽ നിന്നേ നന്നായി പഠിച്ചിരുന്നു. ഒരു ലക്ഷ്യം അന്നേ ഉണ്ടായിരുന്നു. അതെത്തിപ്പിടിക്കാൻ പരിശ്രമിച്ചു. പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ അങ്ങനെ ഒരു ലക്ഷ്യബോധമുണ്ടെങ്കിൽ മെഡിക്കൽ പ്രവേശന പരീക്ഷ ഒരു ബാലികേറാമലയൊന്നുമല്ല. പഠനത്തിന് കൃത്യമായ ചിട്ടയും ക്രമവും ഉണ്ടെങ്കിൽ ആർക്കും സാധിക്കാവുന്നതേയുള്ളൂ അത്. അങ്ങനെയാണ് എനിക്കും അതിന് സാധിച്ചത്.

ചോദ്യം: അങ്ങനെ പറയുമ്പോഴും പഠനത്തിന് തിരഞ്ഞെടുക്കുന്ന സമയം. എത്ര സമയം പഠിക്കും? സെമസ്റ്റർ തിരിച്ചുള്ള പ്ലാൻ ഇവയൊക്കെ വ്യക്തമാക്കാമോ?

ഉത്തരം: വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു രീതിയിലായിരുന്നു എന്റെ പഠനം. ടെൻഷനില്ലാതെ പഠനത്തെ സമീപിക്കുക. ടെൻഷനില്ലാതെ പരീക്ഷയെ സമീപിക്കുക. അങ്ങനെയെങ്കിൽ ഈസിയായി വിജയിക്കാം. പരിശ്രമം മാത്രം മതി. അതിരാവിലെ എഴുന്നേറ്റ് പഠിക്കാനിരിക്കുന്നതല്ല എന്റെ രീതി. രാത്രിയിലാണ് പഠനം. ഉറക്കം വരുംവരെ വായിക്കും. 12 മണിവരെയെങ്കിലും ഇതു തുടരും. മറ്റു സമയങ്ങളിൽ അപ്പോഴത്തെ മാനസികാവസ്ഥ പോലെയും വായിക്കും. അതോടൊപ്പം മറ്റു കാര്യങ്ങൾക്കും സമയം കണ്ടെത്തും. എന്തൊക്കെയായാലും ഊണിലും ഉറക്കിലും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്നെയായിരുന്നു ഞാനെപ്പോഴും.

പഠനസമയത്തെക്കുറിച്ച് പലർക്കും പല കൺസെപ്റ്റാണ്. ചിലർ കാലത്തെഴുന്നേറ്റ് പഠിക്കുന്നു. വേറെ ചിലർ പകലിൽ ഇതിനായി തിരഞ്ഞെടുക്കുന്നു. അതിരാവിലെ പഠിക്കാനിരിക്കുന്നവർക്ക് നല്ലൊരു ഉറക്കം കഴിഞ്ഞ് മനസ്സ് വളരെ പ്രസന്നമായിരിക്കുന്നതിനാൽ ഏകാഗ്രത കൂടുമെന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്.

ചോദ്യം: വീട്ടുകാരുടെ ഇടപെടൽ. സമ്മർദ്ദത്തിലാകുന്ന രക്ഷിതാക്കൾ. റാങ്കും എപ്ലസുകളും നേടാനായി അവർ ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചിരുന്നോ?

ഉത്തരം: ഉപ്പയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഡോക്ടറാക്കുക എന്നത്. എന്നാൽ, അത് കാണാൻ ഉപ്പക്ക് ഭാഗ്യമുണ്ടായില്ല. മുന്നു വർഷം മുമ്പാണ് ഉപ്പ ഞങ്ങളെ വിട്ടുപോയത്. എനിക്ക് എൻജിനീയറിംഗിനോടായിരുന്നു താൽപര്യം. പക്ഷെ ഉപ്പയുടെ സ്വപ്നത്തിന് പിന്നീട് പ്രാധാന്യം നൽകി. എന്നാൽ ഒരിക്കൽപോലും ഉപ്പയോ ഉമ്മയോ സഹോദരിയോ പഠനത്തിന്റെ പേരിൽ വഴക്കുപറഞ്ഞിട്ടില്ല. പറയാറുമില്ല. ഏതു നേരവും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് ആരും സമ്മർദ്ദത്തിലാക്കാറുമില്ല. എന്റെ ലക്ഷ്യത്തിലേക്ക് ഞാനെത്തിച്ചേരുമെന്ന് അവർക്കറിയാമായിരുന്നു. കഴിഞ്ഞ വർഷം എൻജിനീയറിംഗ് പരീക്ഷയും എഴുതിയിരുന്നു. 429-ാം റാങ്ക് നേടി. എന്നാൽ അതിൽ തൃപ്തി പോരാഞ്ഞപ്പോൾ മെഡിക്കൽ എൻട്രൻസിന് പഠനം തുടങ്ങി. കഴിഞ്ഞ വർഷം ഏറെ പിന്നിലായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും എഴുതിയത്.

ചോദ്യം: വീട്ടുകാരെക്കുറിച്ച്, ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച്?

ഉത്തരം: ഉപ്പ 2012-ലാണ് കാൻസർ ബാധിച്ച് മരിച്ചത്. അതോടെ ഞങ്ങൾ തളർന്നുപോയി. എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ ഞങ്ങൾക്ക് ജീവിച്ചല്ലേ പറ്റൂ. മഞ്ചേരിയിലെ ഒരു സ്ഥാപനത്തിൽ ഉമ്മക്ക് ജോലി ഉണ്ടായിരുന്നു. കമ്പനി പൂട്ടിയതോടെ അതും നഷ്ടമായി. ഉമ്മ ഏറെ കഷ്ടപ്പെട്ടു. ബന്ധുക്കളുടെ സഹായമുണ്ടായത് എന്നും തുണയായി.

അർബുദം ബാധിച്ച് ഉപ്പ തളർന്നു കിടന്നതോടെയാണ് ആതുര സേവനമാണ് എന്റെ വഴിയെന്ന് തീർച്ചപ്പെടുത്തിയത്.  പിന്നെ അതിനുള്ള കഠിന ശ്രമം ആരംഭിച്ചു. മഞ്ചേരി എൻ.എസ്.എസ്. ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടാനായി. മഞ്ചേരി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടുവിനും എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. അതിനുശേഷം മെഡിക്കൽ എൻട്രൻസ് പരീക്ഷക്കുള്ള കഠിന പ്രയത്‌നവും ആരംഭിച്ചു.

ഏക സഹോദരി ആദില ബി.ബി.എ. പഠനം പൂർത്തിയാക്കി. ഏക സഹോദരൻ മഞ്ചേരി ഗവ: ബോയ്ഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.

ചോദ്യം: റാങ്ക് പ്രതീക്ഷിച്ചിരുന്നോ?

ഉത്തരം: കഴിഞ്ഞ തവണത്തെ പരീക്ഷയിലെ കാര്യം പറഞ്ഞുവല്ലോ. അതുകൊണ്ട് ഇത്തവണ മികച്ച വിജയമായിരുന്നു ലക്ഷ്യം. മെഡിസിന് 3121-ാം റാങ്കായിരുന്നു കഴിഞ്ഞ തവണ. അവിടെനിന്നാണ് ഒന്നാമതെത്തിയത്. ഒരിക്കലും പ്രതീക്ഷിച്ചതല്ല. പരീക്ഷ കഴിഞ്ഞ് ഉത്തരങ്ങൾ ഒത്തുനോക്കിയിരുന്നു. ബയോളജിയിൽ ഒരു ചോദ്യവും തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. രസതന്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലും ഓരോ ഉത്തരങ്ങൾ തെറ്റിയിരുന്നു. എന്നാൽ ഈ ചോദ്യാവലിയിൽ നിന്ന് ഒരു ചോദ്യം ഒഴിവാക്കിയതായി പിന്നീട് പ്രഖ്യാപനമുണ്ടായി. എനിക്ക് തെറ്റിയ ഉത്തരമാണ് ഒഴിവാക്കിയതെന്നും മനസ്സിലായി. എന്തായാലും (950/960) മാർക്കു വരെ ലഭിക്കാം എന്നും കണക്കുകൂട്ടിയിരുന്നു. അതാണ് ഫലം വന്നപ്പോൾ 954.7826  എന്ന സ്‌ക്വാറിൽ ഒന്നാം റാങ്കായത്. രണ്ടാം റാങ്കു നേടിയ കുട്ടിക്ക് എന്നേക്കാൾ പത്ത് മാർക്കിന്റെ കുറവുണ്ട്.

ചോദ്യം: എവിടെ തുടർന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്?

ഉത്തരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഓൾ ഇന്ത്യാ പ്രവേശന പരീക്ഷയുടെ ഫലംകൂടി അറിയട്ടെ. അതിനുശേഷം തീരുമാനമെടുക്കും.

*****

അധ്വാനത്തിന്റെ ഫലം മധുരിക്കണമെങ്കിൽ വിത്തും വേരും കായ്ക്കുന്നത് തന്നെയാകണം. വിജയത്തിന് കുറുക്കുവഴികളില്ല. പരിശ്രമം മാത്രം. കൃത്യമായ ലക്ഷ്യവും വ്യക്തമായ ഉന്നവും ഉണ്ടെങ്കിൽ ആർക്കും കയ്യെത്തിപ്പിടിക്കാവുന്നതു തന്നെയാണ് ഉയർച്ചയുടെ ഓരോ പടവുകളും. ഹിബയുടെ വിജയം തരുന്ന സന്ദേശം അതുതന്നെയാണ്. പാഠമാകട്ടെ ഈ പത്തരമാറ്റ് വിജയം മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും.

തയ്യാ: ഫാതിഹ ബിഷർ

സ്‌കൂൾ തുറക്കുന്നു… പഠനം മെച്ചപ്പെടുത്താൻ 10 വഴികൾ

വിദ്യാഭ്യാസ രംഗത്ത് അനുദിനം മത്സരം വർദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രാഥമിക തലം മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള മിക്ക വിദ്യാർത്ഥികളുടെയും പഠന രീതികൾ ശാസ്ത്രീയമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനം ഏറെ സങ്കീർണ്ണമായ ഒരു മാനസിക പ്രക്രിയയായതിനാൽ ഉൽകൃഷ്ടമായ  ശൈലികൾ തന്നെ സ്വീകരിക്കുമ്പോഴാണ്  പഠന മുന്നേറ്റം സാധ്യമാവുന്നത്. അതിനു സഹായകമായ പത്തു വഴിൾ:

1) പഠന സമയം ക്രമീകരിക്കുക

ഒരു ദിവസം ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്ന് മുൻകൂട്ടിക്കണ്ട് ഓരോന്നിനും വേണ്ട സമയം കൃത്യമായി നിശ്ചയിച്ച് തയാറാക്കുന്ന ടൈം ടേബിൾ  സമയ ക്രമീകരണത്തിന്  അനിവാര്യമാണ്. ഒരു കെട്ടിടം  നിർമിക്കുന്നതിനുമുമ്പ് തന്നെ അതിന്റെ പ്ലാൻ തയ്യാറാക്കുന്നത് പോലെ പഠിക്കാനിരിക്കുന്നതിനു മുമ്പ് അതിന്റെ പ്ലാനും തയ്യാറാക്കണം. ശരിയായ സമയക്രമീകരണത്തിലൂടെയാണ് ഏറ്റവും മികച്ച വിജയം കരസ്ഥമാക്കാൻ  സാധിക്കുക.  പാഠഭാഗങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാതെ പഠിച്ച് തീർക്കുകയും പ്രയാസമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകുകയും വേണം. കടുപ്പമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും എളുപ്പമുള്ള വിഷയങ്ങൾക്ക് കുറഞ്ഞ സമയവും അനുവദിക്കുന്ന വിധത്തിലാകണം ടൈംടേബിൾ. ഏറ്റവും ഊർജ്ജസ്വലമായ സമയമാണ് കടുപ്പമുള്ള വിഷയങ്ങൾ പഠിക്കാനായി തിരഞ്ഞെടുക്കേണ്ടത്. അതിപ്രധാനമായ കാര്യങ്ങൾ തുടക്കത്തിലും അപ്രധാനമായവ ഒടുക്കത്തിലും വരുന്ന രീതിയിലാവുകയും വേണം പഠനം. അതോടെ പഠിക്കാൻ സമയം കിട്ടുന്നില്ലെന്ന പരിഭവം സ്വയം ഇല്ലാതായിക്കൊള്ളും.

2) നല്ല പഠനാന്തരീക്ഷം ഉണ്ടാക്കുക

പഠിക്കാൻ വേണ്ടി പ്രത്യേകം സ്ഥലം ഉണ്ടാവുന്നത് നല്ലതാണ്. കാറ്റും വെളിച്ചവുമുള്ളതും അതേസമയം മറ്റുള്ളവരുടെ ശല്യമില്ലാത്തതുമായ മുറിയാണ് പഠനത്തിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. പഠനമുറിയുമായി ആത്മബന്ധം ഉണ്ടാക്കിയെടുത്താൽ പഠനത്തിനുള്ള  അനുകൂല മനോഭാവം ഉണ്ടായിത്തീരും. വെളിച്ചത്തിനു നേരെ താഴെയോ അഭിമുഖമായോ ഇരിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇടതു തോളിന്റെ ഭാഗത്തുനിന്നും വെളിച്ചം വരുന്ന വിധമാണ് ഇരിക്കേണ്ടത്. അതേ സമയം എഴുതാൻ വേണ്ടി ഇടതുകൈ ഉപയോഗിക്കുന്നവർ വെളിച്ചം വലതു തോളിന്റെ ഭാഗത്ത് നിന്ന് വരുന്ന വിധത്തിലും ഇരിക്കണം.  അടുക്കും ചിട്ടയുമുള്ള സ്ഥലമായിരിക്കണം അത്. പഠനത്തിനാവശ്യമായ പേന, പുസ്തകങ്ങൾ, പഠനസഹായികൾ എന്നിവയെല്ലാം കയ്യെത്തും ദൂരത്തുണ്ടാവണം. പഠനസാമഗ്രികൾ എവിടെയാണുള്ളതെന്ന് കൃത്യമായി അറിഞ്ഞിരിക്കുകയും അവ ഉപയോഗിക്കേണ്ടി വന്നാൽ ആവശ്യം കഴിഞ്ഞതിനു ശേഷം അതേസ്ഥാനത്ത് തിരിച്ച് വെക്കുകയും വേണം. രാത്രി പഠനത്തിനുശേഷം മുഴുവൻ ക്രമീകരണങ്ങളും നടന്നിട്ടാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷവും അല്ലെങ്കിൽ അലസതയുമാണ് അനുഭവപ്പെടുക. പഠനവേളയിൽ ഉറക്കം വരുമ്പോൾ ചെറിയ വ്യായാമങ്ങൾ ചെയ്തും നടന്ന് പഠിച്ചും സ്ഥലം മാറിയിരുന്നും എഴുതിപ്പഠിച്ചും ഉറക്കം മാറ്റണം. മാപ്പ്, ചാർട്ട് എന്നീ രൂപത്തിൽ പഠനഭാഗങ്ങൾ ക്രമീകരിച്ച് പഠിക്കുന്ന രീതിയും ഏറെ പ്രയോജനകരമാണ് .

3) ആവർത്തിച്ച് വായിക്കുക

ആവർത്തനമാണ് ഓർമ ശക്തി വർദ്ധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പഠനത്തിനിടയിൽ ഓരോ അധ്യായത്തിലെയും പ്രധാന ഭാഗങ്ങളുടെ ലഘുക്കുറിപ്പ് തയ്യാറാക്കുകയും പഠനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഒരു തവണയെങ്കിലും കുറിപ്പുകൾ വായിക്കുകയും  ചെയ്യണം.  ഓരോ വ്യക്തിക്കും ഹൃസ്വകാല ഓർമ(ടവീൃ േലേൃാ ാലാീൃ്യ), മധ്യകാല ഓർമ(ങലറശൗാ ലേൃാ ാലാീൃ്യ), ദീർഘകാല ഓർമ(ഘീിഴ  ലേൃാ ാലാീൃ്യ) എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഓർമ്മശക്തിയാണല്ലോ ഉള്ളത.് ഓരോ ദിവസവും ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ വൈകീട്ട് വീട്ടിലിരുന്ന് വായിക്കുമ്പോൾ ഹൃസ്വകാല ഓർമ്മ നേടുന്നു. രാവിലെ കൂടി വായിക്കുമ്പോൾ അത് ദൃഢമാവുകയും ചെയ്യുന്നു. പിന്നീട് ഓരോ ശനിയാഴ്ചയും ആ ആഴ്ചയിൽ പഠിച്ച കാര്യങ്ങൾ വീണ്ടും പഠിക്കുമ്പേൾ മധ്യകാല ഓർമ്മയും ശേഷം ഓരോ രണ്ടാം ശനിയാഴ്ചയും അതുവരെ പഠിച്ചവ പുനർപഠനം നടത്തുമ്പോൾ ദീർഘകാല ഓർമ്മയും നേടാനാവുന്നു.

4) കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുക

ഉത്സാഹജനകമായ അന്തരീക്ഷം, സമയ ക്രമം പാലിക്കുന്നതിനുള്ള സഹായം, പാഠ്യേതര വായനക്കും മറ്റു ഹോബികൾക്കുമുള്ള പ്രചോദനം തുടങ്ങിയവയെല്ലാം കുടുംബത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കണം. സംതൃപ്തമായ കുടുംബ ബന്ധവും അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സാഹചര്യങ്ങളും പഠന പ്രക്രിയയെ സുഖകരമാക്കും. പരീക്ഷയടുക്കുമ്പോൾ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അവ കുട്ടികളിലേക്ക്  പകരാതിരിക്കാൻ ബദ്ധ ശ്രദ്ധ വേണം.  (ചിലരുടെയെങ്കിലും പെരുമാറ്റം കണ്ടാൽ രക്ഷിതാക്കളാണ് പരീക്ഷയെഴുതുന്നതെന്ന് തോന്നാറുണ്ട്). കുട്ടികൾ ആവശ്യപ്പെടാത്ത പക്ഷം അവരുടെ പഠനത്തിൽ ഇടപെടാനോ അതിനു മേൽനോട്ടം വഹിക്കാനോ രക്ഷിതാക്കൾ മുതിരരുത്. കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പർ വിശകലനം ചെയ്ത് അവരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം അടുത്ത പരീക്ഷക്ക് മനസ്സമാധാനത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. ശാസനകൾ, വഴക്കുകൾ, ടെൻഷനുണ്ടാക്കുന്ന ചോദ്യങ്ങൾ എന്നിവ ഒഴിവാക്കി പഠിക്കാനുള്ള സാഹചര്യമൊരുക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും വേണം. കുട്ടികളുടെ പഠന സമയങ്ങളിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വിനോദോപാധികളിൽ ഏർപ്പെടാതിരിക്കാനും സഹകരിക്കണം.

5) സ്‌കൂൾ അന്തരീക്ഷം മെച്ചപ്പെടുത്തുക

സമാധാനപരമായി പഠിക്കാനുള്ള അവസരമുണ്ടാവുക, മുഴുവൻ കുട്ടികൾക്കും തുല്യ പരിഗണന നൽകുക, അത്യാവശ്യമുള്ള വിദ്യാർത്ഥികൾക്ക് അധിക ക്ലാസ് സംഘടിപ്പിക്കുക, പിന്നാക്കമുള്ള വിഷയങ്ങളിൽ മാത്രം സ്‌പെഷൽ ക്ലാസ് നൽകുക എന്നിവയെല്ലാം കൂടുതൽ ഗുണകരമാണ്.

6) നന്നായി ഉറങ്ങുക

ഉറക്കം സുഗമമായ പഠനത്തിനു വേണ്ട പ്രധാനമായ ഘടകമാണ്. ഒരു വ്യക്തിയുടെ ഊർജ്ജവും ആരോഗ്യവുമെല്ലാം ഉറക്കത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കുട്ടികൾ നിർബന്ധമായും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. ഓർമ്മശേഷി വർദ്ധിക്കുവാൻ ഉറക്കം ഏറെ  സഹായകമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.ഉറങ്ങുമ്പോൾ തലച്ചോറിനുള്ളിലെ നാഡീകോശങ്ങൾ തമ്മിൽ രൂപപ്പെടുന്ന പ്രത്യേകതരം ബന്ധമാണ് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോക്ടർ ബെൻ ബയോഗാൻ പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. കാര്യങ്ങൾ പഠിക്കാനും നടന്നകാര്യങ്ങൾ വീണ്ടും ഓർമ്മിക്കാനും അവ തമ്മിൽ പൊരുത്തപ്പെടുത്തി മനസ്സിലുറപ്പിക്കാനും ഉറക്കം അത്യാവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

7) അനാവശ്യമായ പരീക്ഷാ ഭീതി ഒഴിവാക്കുക

പരീക്ഷയുടെ ഫല പ്രഖ്യാപനത്തിൽ റാങ്കുകൾ ഒഴിവാക്കിയതും പകരം ഗ്രേഡുകൾ നിലവിൽ വന്നതും പരീക്ഷപ്പേടിയിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും പരീക്ഷക്കാലം പലർക്കും ഇപ്പോഴും ഭീതിയുടെ കാലം തന്നെയാണ്. മാതൃകാ ചോദ്യങ്ങൾ ഉപയോഗപ്പെടുത്തിയും മോഡൽ പരീക്ഷകൾ ആസൂത്രണം ചെയ്തും പരീക്ഷാഭീതി ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. എന്നാൽ പരീക്ഷക്കാലമെന്ന് കരുതി ദിനചര്യകളിൽ വലിയ മാറ്റങ്ങൾ വരുത്താതിരിക്കലാണ് അഭികാമ്യം.

8) വ്യായാമത്തിനു വേണ്ടി സമയം കണ്ടെത്തുക

മനസ്സിന് അയവും മയവും വരാനും അതുമൂലം പഠന പ്രക്രിയ പുരോഗതിപ്പെടാനും വ്യായാമം സഹായകമാണ്. മികച്ച ആരോഗ്യം നിലനിർത്താനും ശരീരഭംഗി കാത്തു സൂക്ഷിക്കാനും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമെല്ലാം വ്യായാമം അനിവാര്യമായതു പോലെ പഠനനിലവാരം ഉയർത്താനും ഇത് ആവശ്യമാണ്. വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ പഠനപ്രക്രിയയെ സഹായിക്കുമെന്ന് സെന്റർ ഹോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി.

9) ആത്മ വിശ്വാസമുണ്ടാവുക

വലിയ ലക്ഷ്യം മുന്നിൽക്കണ്ട് പഠനം ആരംഭിക്കുകയാണ് വേണ്ടത.് പിന്നീട് ആ ലക്ഷ്യത്തോട് വിശ്വസ്തത പുലർത്തി മുന്നേറുക കൂടി ചെയ്താൽ എല്ലാവിഷയത്തിലും എ പ്ലസ് നേടി വിജയിക്കാൻ എല്ലാവർക്കും സാധിക്കും. നിങ്ങൾ ആരാവണമെന്ന് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നുവോ അത് നിങ്ങൾ ആയിത്തീരുമെന്നാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി  പറഞ്ഞത്. പാതി വഴിയിൽ തളർന്നിരിക്കുന്നവർക്ക് ഒരിക്കലും വിജയികളാവാൻ സാധിക്കില്ല. സ്ഥിരമായി അധ്വാനിക്കുന്ന മനസ്സും തന്റേടവും പരിശീലനത്തിലൂടെ നേടിയെടുക്കുക തന്നെ വേണം.സ്വന്തം കഴിവിലും സിദ്ധിയിലും വിശ്വസിച്ച് കഠിനാധ്വാനം ചെയ്യുമ്പോഴാണ് പരിശ്രമങ്ങളുടെ ഉദ്ദിഷ്ട ഫലം കരഗതമാകുന്നത്. ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കണമെന്ന അദമ്യമായ ആഗ്രഹമാണ് പ്രധാനം. നെഗറ്റീവായ ചിന്തകളുണ്ടാകുമ്പോൾ അവയെ പിഴുതെറിയുകയും ശുഭപ്രതീക്ഷയുള്ള ചിന്തകളാൽ മനസ്സു നിറക്കുകയും വേണം. ആത്മവിശ്വാസത്തിനുണ്ടാകുന്ന കുറവ് വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ദോഷകരമായി ബാധിക്കും. നീന്തൽ, നടത്തം, ഓട്ടം തുടങ്ങിയവയെല്ലാം മനസ്സിന്റെ ഭാരം കുറക്കുകയും ആത്മവിശ്വാസം ഉയർത്തുകയും ചെയ്യുന്ന കാര്യങ്ങളാണ്.

10) കൗൺസലിങ് നടത്തുക

പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർത്ഥികളെ നിരന്തരം വിമർശിക്കുന്നതിനു പകരം പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരത്തിന് ശ്രമിക്കുകയാണ്  വേണ്ടത്. പഠന പാഠ്യേതര വൈകാരിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള കൗൺസലിങ് നടപടികൾ വ്യാപകമാക്കുന്നത് ഈ മേഖലകളിലുള്ള വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

സൈനുദ്ധീൻ ഇർഫാനി മാണൂർ

ഏതു തൊഴിലിനും മക്കളെ പ്രാപ്തരാക്കണം

പേര്കേട്ട ഒരു സീനിയര്‍ കോളേജ്. ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പില്‍ ക്ലാസെടുക്കാന്‍ ചെന്നതാണ്. പരിചയപ്പെടുന്നതിനിടയില്‍ കുട്ടികളുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചു. ഒട്ടുമിക്കവരും പറഞ്ഞത് ഒരു സര്‍ക്കാര്‍ ജോലിയാണ് അന്തിമ ലക്ഷ്യമെന്നാണ്. അവര്‍ തെരഞ്ഞെടുത്തു പഠിക്കുന്ന വിഷയവും അവര്‍ ആഗ്രഹിക്കുന്ന കരിയറും തമ്മില്‍ പൊരുത്തമില്ലെന്ന് ബന്ധപ്പെട്ട അധ്യാപകരുടെ ശ്രദ്ധയില്‍ പെടുത്തി. എന്തു പഠിച്ചാലും വെള്ളക്കോളര്‍ ജോലി തന്നെ വേണെമെന്ന മോഹത്തിനു പിന്നിലെ പ്രചോദനം എന്തെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ലല്ലോ.

വിദ്യാലയങ്ങളിലും മറ്റും മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ക്ലാസില്‍ ‘നിങ്ങളുടെ മക്കള്‍ ആരായിത്തീരണം’ എന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം: മകന്‍/മകള്‍ എഞ്ചിനീയറാകണം, ഡോക്ടറാകണം, കലക്ടറാകണം, പ്രൊഫസറാകണം, ടീച്ചറാകണം, നേഴ്സാകണം, മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ ജോലിയുള്ളവനാകണം എന്നൊക്കെയാണ്. എല്ലാവര്‍ക്കും വേണ്ടത് വൈറ്റ് കോളര്‍ ജോബ്!

ഇതില്‍നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നത് തൊഴിലിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വികലമായിരിക്കുന്നു എന്നാണ്. പണ്ടുകാലത്ത് എന്തു പണിയെടുക്കാനും എല്ലാവരും തയ്യാറായിരുന്നു. പാടത്തും പറമ്പിലും പണിയെടുക്കാനും ചുമടു ചുമക്കാനും ആര്‍ക്കും മടിയില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്കിതിലൊന്നിനും താല്‍പര്യമില്ല. എങ്ങനെയെങ്കിലും ഒരു സര്‍ക്കാര്‍ ജോലി സന്പാദിച്ച് ജീവിതം സുരക്ഷിതമാക്കുക. അല്ലെങ്കില്‍ എങ്ങനെയും ധാരാളം പണമുണ്ടാക്കി ജീവിതം അടിപൊളിയാക്കുക. ഈ രണ്ട് ആശയങ്ങള്‍ക്ക് ആക്കം കൂടിവരികയാണ്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥലക്ഷ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടുതന്നെയാണിത്തരം വികല ചിന്താഗതികള്‍ ഉടലെടുക്കുന്നത്.

മനുഷ്യന്‍ സ്വജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും എന്തെന്ന് കണ്ടെത്തണം. മാനുഷികതയുടെയും ബന്ധങ്ങളുടെയും മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. മനുഷ്യന്‍ തന്‍റെ മഹത്വം മനസ്സിലാക്കണം. മറ്റു ജീവികള്‍ക്കില്ലാത്ത ഒരുപാട് കഴിവുകളും നന്മകളും ഉള്ളവരാണ് മനുഷ്യര്‍. ബുദ്ധിയും സ്വതന്ത്ര ചിന്തയുമുള്ള ഒരേയൊരു ജീവിയാണ് മനുഷ്യന്‍. ഈ ബുദ്ധിയും സിദ്ധിയും ദൈവം നല്‍കിയത് തന്‍റെ ഉത്തരവാദിത്തം യഥോചിതം നിര്‍വഹിക്കാന്‍ വേണ്ടിയാണ്. അത് തിരിച്ചറിയാനാണ് ആദ്യമായി ശ്രമിക്കേണ്ടത്.

സ്വതന്ത്രമായ അവസ്ഥയില്‍ മാത്രമേ മനുഷ്യന് നന്മകള്‍ വിവേചിച്ചറിയാനാകൂ. ഏതു കാര്യത്തിലുമെന്നപോലെ തിരഞ്ഞെടുക്കുന്ന കരിയറിന്‍റെ കാര്യത്തിലും വേണമിത്. അന്ധമായ തോന്നലുകള്‍ക്കോ ബാഹ്യസ്വാധീനങ്ങള്‍ക്കോ കീഴടങ്ങാതെ സ്വയം പ്രേരിതവും തങ്ങളുടെ ഉള്ളില്‍ നിന്നുതന്നെ പ്രചോദിതവുമായ അറിവോടെയായിരിക്കണമിത്. സ്വന്തം ബുദ്ധിക്കും തനിമക്കും അന്തസ്സിനുമനുസരിച്ച് തെരഞ്ഞെടുപ്പു നടത്താനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം.

ഇവിടെ നാം സ്വയം വിലയിരുത്തലിനും തയ്യാറാകണം. മക്കളെ അതിനു പ്രാപ്തരാക്കണം. മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്നു തിരിച്ചറിയാനാണാദ്യം ശ്രമിക്കേണ്ടത്. മാനുഷികതയുടെ പൂര്‍ണതക്കും പൂര്‍ത്തീകരണത്തിനും ഉതകുന്ന ഒരു ജീവിതം നയിക്കുക എന്നതാണ് ഓരോരുത്തരുടെയും കടമ. ഇത് പൂര്‍ണമായി നിര്‍വഹിക്കാനുതകുംവിധം ജീവിതത്തെയും തെരഞ്ഞെടുക്കുന്ന തൊഴിലിനെയും കാണണം. ഏതു തൊഴിലാണെങ്കിലും അതു ചെയ്യാനുള്ള കഴിവ് നമ്മിലുണ്ടെങ്കില്‍ അതിനെ അവഗണിച്ചും തട്ടിത്തെറിപ്പിച്ചും എത്തിപ്പെടാന്‍ കഴിയാത്തവയെക്കുറിച്ച് സ്വപ്നം കാണുന്നതില്‍ അര്‍ത്ഥമില്ല. അത് അനൗചിത്യവും അനാരോഗ്യകരവുമാണ്.

മനുഷ്യന്‍ തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവനും അതിന് വിധിക്കപ്പെട്ടവനുമാണ്. കാരണം അതിലൂടെ മാത്രമേ സ്വജീവിതത്തിനപ്പുറം സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം കുടുംബത്തിന്‍റെ ക്ഷേമത്തിനുവേണ്ടിയാണ് ഓരോരുത്തരും അധ്വാനിക്കുന്നത്. സ്വന്തം തൊഴിലിനോട് നീതി പുലര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതിന്‍റെ ചേതോവികാരവും മറ്റൊന്നല്ല.

തൊഴില്‍ ചെയ്യുന്നതിന് ശാരീരികവും മാനസികവും ആത്മീയവുമായ അര്‍പ്പണം ആവശ്യമാണ്. സ്വതന്ത്രമായും സ്വന്തം ഉത്തരവാദിത്തപരമായും ചിന്തിക്കുന്നവര്‍ക്കു മാത്രമേ ഈ അര്‍പ്പണം പൂര്‍ണമായി നടത്താനാകൂ. അതുപോലെ തൊഴില്‍ ചെയ്യുന്നതിലൂടെ തന്നെത്തന്നെ പ്രകടിപ്പിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള സൗകര്യവും സാഹചര്യവും വേണം. ഇങ്ങനെ തന്നെത്തന്നെ ആ തൊഴിലിലേക്ക് സ്വയം വിട്ടുകൊടുക്കുമ്പോഴേ തൊഴില്‍ എന്ന കര്‍മം പൂര്‍ണതയിലെത്തുന്നുള്ളൂ. അതെ, ഒരാള്‍ പാടത്തു പണിയെടുക്കുമ്പോള്‍, ചുമടെടുക്കുമ്പോള്‍, വണ്ടി ഓടിക്കുമ്പോള്‍, പഠിപ്പിക്കുമ്പോള്‍, രോഗിയെ ശുശ്രൂഷിക്കുമ്പോള്‍, ഓഫീസില്‍ ഫയലുകള്‍ നോക്കുമ്പോള്‍ ഒക്കെ വ്യക്തി തന്നെത്തന്നെ ആ പ്രവര്‍ത്തനത്തിലേക്ക് സ്വയം വിട്ടുകൊടുക്കുകയാണ്. ഇതിനൊക്കെ അവനെ/അവളെ പ്രചോദിപ്പിക്കുന്നത് അവരുടെ നൈസര്‍ഗികമായ കഴിവുകളാണ്; ആ തൊഴിലിലെ വാസനയാണ്; താല്‍പര്യമാണ്. അനുയോജ്യമായ അവസരം ഉണ്ടാകുമ്പോള്‍ ഏതൊരാളും തന്‍റെ കഴിവുകളെ (സിദ്ധികളെ) ആ ജോലിയില്‍ വ്യാപരിപ്പിക്കുന്നു. അങ്ങനെ സ്വയം മറന്ന് പ്രവര്‍ത്തനനിരതരാകുന്നു. ഉന്നത ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയാലും ചിലര്‍ അവര്‍ക്കിഷ്ടപ്പെട്ട മറ്റു തൊഴിലുകള്‍ സ്വീകരിക്കുന്നതും അതില്‍ ജീവിത സായൂജ്യം കണ്ടെത്തുന്നതും ഇതുകൊണ്ടാണ്.

മക്കളെ ഭാവിയില്‍ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല. ഇതിനാദ്യം വേണ്ടത് തൊഴിലെടുക്കാന്‍ ചെറുപ്പം മുതലേ അവരെ ശീലിപ്പിക്കുകയാണ്. വീട്ടുജോലികളില്‍ നിന്നുതന്നെ തുടങ്ങണമിത്. മക്കളെ പണിയെടുപ്പിക്കാതിരിക്കുന്നത് ഭാവിയിലവരുടെ ജീവിത പരാജയത്തിനേ ഇടവരുത്തുകയുള്ളൂ. പെണ്‍മക്കളെ അടുക്കള ജോലികളും വീട്ടിലെ അത്യാവശ്യം ജോലികളും പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒരു കുടുംബം മുന്നോട്ടു നയിക്കാന്‍ കഴിയുകയില്ല. അതുപോലെ സ്വന്തം വസ്ത്രം പോലും അലക്കാനും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില്ലറ ഉത്തരവാദിത്തങ്ങളും ആണ്‍കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ അവരുടെ ഭാവി ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. ഇതൊക്കെ അടിസ്ഥാനപരമായ കാര്യങ്ങളാണ്. ഇനി മക്കളുടെ ഭാവിജീവിതത്തിനു വേണ്ട കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാം.

വ്യക്തിയില്‍ അഭിരുചികളും കഴിവുകളും ചെറുപ്രായത്തിലേ പ്രകടമാക്കാറുണ്ട്. ഇത് മനസ്സിലാക്കേണ്ടത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളല്ലാതെ മറ്റാരുമല്ല. സ്വന്തം മക്കളുടെ അഭിരുചികളും കഴിവുകളും നിരീക്ഷിച്ച് കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാനും അവരുടെ താല്‍പര്യമനുസരിച്ചുള്ള വിഷയത്തിലേക്ക് തിരിച്ചുവിടാനും പരിശ്രമിക്കണം. നമ്മുടെ പാഠ്യപദ്ധതിയില്‍ ഇന്നത്തെ ചുറ്റുപാടില്‍ താല്‍പര്യമുള്ള തൊഴില്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമില്ല എന്നു പറയാം. കരിയര്‍ ഗൈഡന്‍സ് എന്ന പേരില്‍ വല്ലപ്പോഴും ചില ക്ലാസുകള്‍ ഉണ്ടെന്നല്ലാതെ ശരിയായ ടാലന്‍റ് എഡ്യുക്കേഷന്‍ ഇനിയും നടപ്പിലാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മക്കളുടെ കഴിവുകളും പ്രത്യേക വൈഭവങ്ങളും കണ്ടുപിടിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇതില്‍ പരിചയസമ്പന്നരും കഴിവുള്ളവരുമായ അധ്യാപകരുടെ സഹായം തേടുന്നതും ഏറെ സഹായകമാകും.

കുട്ടികളുടെ അഭിരുചിയിലും കഴിവിലും പ്രായഭേദമനുസരിച്ച് മാറ്റം ഉണ്ടാകാം. നന്നേ ചെറുപ്പത്തില്‍ കാണിക്കുന്ന വൈഭവം ചിലര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ കാണിച്ചെന്നു വരില്ല. അതുപോലെ ചിലര്‍ക്ക് പ്രായമാകുന്നതനുസരിച്ച് അസാധാരണ കഴിവുകള്‍ വളര്‍ന്നുവന്നേക്കാനുമിടയുണ്ട്. അതുകൊണ്ട് കുട്ടികളുടെ പ്രായത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഇത് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അഭിരുചികള്‍ കണ്ടെത്തുന്ന മനഃശാസ്ത്ര പരീക്ഷകളില്‍ പങ്കെടുപ്പിക്കുന്നത് ഇതിന് സഹായകമാകും. വിദ്യാഭ്യാസം ഏറെ പുരോഗമിച്ചിട്ടും അഭിരുചിയും തൊഴിലുമായി ബന്ധപ്പെട്ട പരീക്ഷകള്‍ നമ്മുടെ നാട്ടില്‍ സാര്‍വത്രികമായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

എന്തായാലും അഭിരുചികള്‍ കണ്ടെത്തിയാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ വേണ്ട പ്രോത്സാഹനവും സാഹചര്യവും സൃഷ്ടിക്കുന്നതുതന്നെയാകും നല്ലത്. ഇത്തരക്കാര്‍ക്കു മാത്രമേ ഭാവിയില്‍ അവരുടെ ആ തൊഴിലിനോട് ആഭിമുഖ്യവും അതില്‍ സംതൃപ്തിയും ലഭിക്കുകയുള്ളൂ. ആ തൊഴിലില്‍ നീതി പുലര്‍ത്താന്‍ കഴിയുകയുള്ളൂ.

ഇനി വേറെ ചിലരുണ്ട്, എളുപ്പത്തില്‍ കൂടുതല്‍ പണമുണ്ടാക്കുന്ന ജോലികളിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെടുകയും എന്തു ചെയ്തും പണമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കട്ടിട്ടായാലും പിടിച്ചുപറിച്ചായാലും കൊന്നിട്ടായാലും കൈ നിറയെ കാശുണ്ടാകണം എന്ന ചിന്താഗതിക്ക് ആക്കം കൂടിയിരിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്ന ചിലര്‍ ഭീകര പ്രവര്‍ത്തനങ്ങളിലും കൊട്ടേഷന്‍ സംഘങ്ങളിലും ആകര്‍ഷിക്കപ്പെട്ട് ജീവിതത്തെ സ്വയം തകര്‍ക്കുന്നു. ചുരുക്കത്തില്‍ എങ്ങനെ ജീവിതം അടിപൊളിയാക്കാം എന്ന ആശയം അഥവാ അമിതാവേശം ഇന്നത്തെ ചെറുപ്പക്കാരെ (പെണ്‍കുട്ടികളും ഇതില്‍ കണ്ണികളാകാറുണ്ട്) പിടികൂടിയിരിക്കുന്നു. മാതാപിതാക്കള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ മക്കളെ എന്നെന്നേക്കും നഷ്ടമാകും എന്ന് മനസ്സിലാക്കിയിരിക്കുക. തൊഴിലിനെസ്സംബന്ധിച്ചും ജീവിതത്തെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് മക്കളില്‍ സൃഷ്ടിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയേണ്ടതാണ്.

സ്വന്തം കഴിവും താല്‍പര്യവും ഉള്ള തൊഴില്‍ കണ്ടെത്താനും അത് സ്വീകരിച്ച് പരമാവധി കഴിവുകള്‍ അതില്‍ വിനിയോഗിക്കാനും തയ്യാറാകുകയാണു വേണ്ടത്. ആയതിന് പ്രോത്സാഹനവും സാഹചര്യവും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അതോടൊപ്പം തൊഴിലിനെസ്സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റി യഥാര്‍ത്ഥ മഹത്വം തിരിച്ചറിയാനും കഴിയേണ്ടതാണ്.

മുരളീധരന്‍ മുല്ലമറ്റം

പുസ്തകങ്ങളെ കൂട്ടുകാരാക്കുക

ഓരോ  പുസ്തകവും എന്നോട് സംസാരിക്കാറുണ്ട്. ഗസാന്‍ കനഫാനി എന്ന ഫലസ്തീനി എഴുത്തുകാരന്റെ”ഓള്‍ ദാറ്റ്സ് ലെഫ്റ്റ് റ്റു യു എന്ന പുസ്തകമാണ് ഞാനീയിടെ വായിച്ചത്. പുസ്തകം ഞാന്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ യു.എ.ഇയില്‍ പോയപ്പോള്‍ വാങ്ങിയതാണ്. ദുബായ് മാളിലെ ബുക്സ് കിനോ കുനിയ യില്‍ നിന്ന്. നിങ്ങള്‍ക്കിഷ്ടമുള്ള പുസ്തകം വാങ്ങിക്കോ എന്നെന്നോട് പറഞ്ഞത് റഫീഖ് മേമുണ്ടയാണ്. ഇ.കെ. ദിനേശനും ഒപ്പമുണ്ടായിരുന്നു. കൗണ്ടറിലിരിക്കുന്ന ഫലസ്തീനിയോട് ഗസാന്‍ കനഫാനിയുടെ ഏതെങ്കിലും പുസ്തകമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്കത്ഭുതം. ഒരു മലയാളി തങ്ങളുടെ എഴുത്തുകാരനെ അന്വേഷിക്കുന്നതില്‍.

കുട്ടിക്കാലം തൊട്ടേ പുസ്തകങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നു. സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ലാറ്റിനമേരിക്കന്‍ കവിത ഞാന്‍ വാങ്ങിയത് വടകരയിലെ പാപ്കോസ് ബുക്സ്റ്റാളില്‍ നിന്ന്. അന്നതിന്റെ വില ഒമ്പത് രൂപ മാത്രം. ശിഖ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം.

കറുത്ത കവിതകളുടെ സമാഹാരമായ ദി ബ്ലാക് പോയറ്റസ് എനിക്ക് കിട്ടിയത് മുംബൈയില്‍ നിന്ന്. പല പുസ്തകങ്ങളും യാത്രകളുടെ ഓര്‍മകള്‍ കൂടിയാണെനിക്ക്.

പണ്ട് താനക്കോട്ടൂര്‍ യു.പി. സ്കൂളില്‍ പഠിക്കുമ്പോള്‍ ലൈബ്രറി പുസ്തകങ്ങള്‍ എടുത്തുതന്നത് ഹിന്ദി പഠിപ്പിക്കുന്ന കണാരന്‍ മാസ്റ്ററായിരുന്നു. അന്ന് അദ്ദേഹം എടുത്തുതന്ന പുസ്തകങ്ങളായിരുന്നു വായനയുടെ അടിത്തറ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ബഷീറിന്റെയും തകഴിയുടെയും ദേവിന്റെയും പൊറ്റക്കാടിന്റെയും പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചതോര്‍ക്കുന്നു. ഇക്കൂട്ടത്തില്‍ ബഷീറിന്റെ പുസ്തകങ്ങളായിരുന്നു ഏറ്റവും ഇഷ്ടം. പൊന്നങ്കോട്ടെ മുകള്‍ നിലയിലെ പത്തായത്തിന്മേലിരുന്ന് ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ആനവാരിയുടെയും പൊന്‍കുരിശു തോമയുടെയുമൊക്കെ കഥകള്‍ ആര്‍ത്തിയോടെ വായിക്കുമ്പോള്‍ ഉമ്മ കൂട്ടിരിക്കുമായിരുന്നു.

മെക്സിക്കോവിലെ ആദിവാസി നേതാവ് മാര്‍ക്കോസുമായി ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്വ മാര്‍കേസ് നടത്തിയ സംഭാഷണത്തിനിടയില്‍ വായന കടന്നുവരുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ചോദിക്കുന്നു: “”ഇത്തരത്തിലുള്ള എല്ലാ തിരക്കുകളില്‍ നിന്നും നിങ്ങള്‍ വായിക്കാനുള്ള സമയം കണ്ടെത്താറുണ്ടോ?” ആദിവാസി നേതാവ് പറയുന്നു: “”ഉവ്വ്. അല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും? പഴയ സൈനികര്‍ ഒഴിവ് സമയത്ത് ആയുധങ്ങള്‍ തുടച്ച് വൃത്തിയാക്കുകയും വെടിമരുന്ന് ശേഖരിച്ച് വെക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ ആയുധം വാക്കുകളാണ്. ആ ആയുധപ്പുര ഞങ്ങള്‍ക്ക് ഏത് നിമിഷവും ആവശ്യമായി വരും.”

ഓര്‍ക്കുക: ഒരു പുസ്തകം ഒരാളെ മാറ്റിത്തീര്‍ക്കാം. അതുകൊണ്ട് നല്ല പുസ്തകങ്ങളെ നമുക്ക് കൂട്ടുകാരാക്കാം.

പി.കെ. പാറക്കടവ്

പരീക്ഷയെ മറികടക്കാന്‍

വര്‍ഷാന്ത്യ പരീക്ഷയുടെ കാലമായി. നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും ഇതു ടെന്‍ഷന്റെ കാലം തന്നെ. പരീക്ഷാ പേടിയില്‍ വിറച്ച് ആത്മവിശ്വാസംതന്നെ നഷ്ടപ്പെട്ട് തകര്‍ന്നുപോകുന്ന ധാരാളം കുട്ടികളെ നമ്മുടെ ചുറ്റിലും കാണാം. എന്നാല്‍ പരീക്ഷയെ ഇത്രമാത്രം പേടിക്കേണ്ടതില്ല എന്നതാണു സത്യം. പരീക്ഷയെന്നത് പഠിപ്പിച്ച കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കിയോ എന്നറിയാനുള്ള ഒരു ടെസ്റ്റ് മാത്രമാണ്. അതില്‍ ജയിക്കാം; തോല്‍ക്കാം. അതത്ര വലിയ കാര്യമല്ല. ഇനിയും എത്രയോ പരീക്ഷകള്‍ എഴുതാനിരിക്കുന്നു. അതുകൊണ്ട്, പരീക്ഷാപ്പേടിയില്‍ വലിഞ്ഞുമുറുകിയിരിക്കുന്ന മനസ്സിനെ അയച്ചു വിടുകയാണ് കുട്ടികള്‍ ചെയ്യേണ്ടത്.
ഉഴപ്പാതെ പഠിക്കാന്‍ സഹായിക്കുന്ന ഇന്ധനമാണ് ചെറിയ തോതിലുള്ള ടെന്‍ഷനെന്ന് പൊതുവെ പറയാറുണ്ട്. ഒരു പരിധിവരെ ഇതു ശരിയാണ്. എന്നാല്‍ ടെന്‍ഷന്‍ മനസ്സിനെ കീഴ്പ്പെടുത്തിയാലോ? അമിതമായ പേടി മൂലം പഠിക്കുന്നത് ഗ്രഹിക്കാനോ ഓര്‍മിക്കാനോ പോലും പറ്റാതെ വരും. ചിലരില്‍, പരീക്ഷാപ്പേടി രോഗങ്ങളുടെ രൂപത്തിലും പ്രകടമാകും. ശക്തിയായി നെഞ്ചിടിക്കുക, കൈ വിറയ്ക്കുക, ശ്വാസതടസ്സം, ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടും നെഞ്ചുവേദനയും, വയറിളക്കം, പഠിച്ചത് മറന്നുപോവുക, ബോധക്ഷയം എന്നിവ ഉദാഹരണങ്ങളാണ്.
പരീക്ഷാപ്പേടിയും ടെന്‍ഷനും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ശരിയായ രീതിയിലുള്ള തയ്യാറെടുപ്പാണ്. പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണമെന്നും പഠിച്ചത് പെട്ടെന്ന് ഓര്‍ത്തെടുക്കാനും മറവി കുറയ്ക്കാനുമുള്ള മാര്‍ഗങ്ങളും മനസ്സിലാക്കിയാല്‍ പരീക്ഷയെ ധ്യൈമായി നേരിടാം.
പരീക്ഷയടുക്കുമ്പോള്‍ പഠിക്കാന്‍ സമയം തികയുന്നില്ല എന്നതാണ് എല്ലാവരുടെയും പരാതി. സമയമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനം ക്രമീകരിച്ചാല്‍ എല്ലാറ്റിനും വേണ്ടത്ര സമയം ലഭിക്കും. പഠിക്കാന്‍ മാത്രമല്ല; കുട്ടികളുടെ ഭക്ഷണം, ഉറക്കം, വ്യായാമം, പ്രാര്‍ത്ഥന തുടങ്ങിയവക്കൊക്കെ സമയം ക്രമീകരിക്കുന്ന രീതിയില്‍ വേണം ടൈം ടേബിള്‍ ഉണ്ടാക്കേണ്ടത്. അവധി ദിവസവും ക്ലാസുള്ള ദിവസവും പ്രത്യേകം പ്രത്യേകം ടൈംടേബിള്‍ ഉണ്ടാക്കണം.
ടൈംടേബിള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ആവരുത്. മറിച്ച് പഠനം കൂടുതല്‍ എളുപ്പവും രസകരവുമാക്കുന്ന രീതിയില്‍ ആകണം. കുട്ടിയുടെ ഇഷ്ടമുള്ള വിഷയം, താല്‍പര്യം, അഭിരുചി എന്നിവയനുസരിച്ചാണ് സമയം ക്രമീകരിക്കേണ്ടത്. കുട്ടികള്‍ ഇഷ്ടപ്പെട്ട പഠന സമയം തിരഞ്ഞെടുക്കട്ടെ. ചിലര്‍ രാത്രി വളരെ വൈകിവരെ ഇരിക്കും. മറ്റു ചിലര്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന സ്വഭാവമുള്ളവരായിരിക്കും. അവ മാറ്റരുത്. പ്രയാസമുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കണം. ഇഷ്ടമുള്ളത് എപ്പോള്‍ വേണമെങ്കിലും പഠിക്കാമല്ലോ.
ഷോര്‍ട്ട് ടേം മെമ്മറിയെ ലോങ്ങ് ടേം മെമ്മറിയാക്കുകയാണ് പഠനത്തില്‍ നടക്കുന്നത്. ആവര്‍ത്തിച്ചുള്ള പഠനം കാര്യങ്ങളെല്ലാം ഓര്‍മയില്‍ ഉറപ്പിച്ചു വയ്ക്കാന്‍ സഹായിക്കും. ഓരോ കുട്ടിയും ഓരോ രീതിയിലാണ് പഠിക്കുന്നത്. ചിലര്‍ ഉച്ചത്തില്‍ വായിച്ചു പഠിക്കുന്നവരാണ്. ഇവര്‍ ശബ്ദത്തിനാണു പ്രാധാന്യം നല്‍കുന്നത്. മൗനത്തില്‍ വായിക്കുന്നവര്‍ കാഴ്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. നടന്നു പഠിക്കുന്നവര്‍ ശാരീരിക ചലനങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നവരായിരിക്കും. ഓരോരുത്തരുടെയും താല്‍പര്യമനുസരിച്ച് ഉറക്കെ വായിക്കുകയോ പതുക്കെ വായിക്കുകയോ ആകാം. പഠിച്ച ഭാഗങ്ങളെക്കുറിച്ച് നോട്ട് കുറിക്കുന്നതും റിവിഷന്‍ സമയത്ത് ആ നോട്ടുകള്‍ നോക്കി പഠിച്ചവ ഓര്‍ത്തെടുക്കുന്നതും ഗുണകരമാണ്. ഉച്ചത്തില്‍ വായിക്കുന്നത് ശരിയല്ല എന്നു പലരും കരുതാറുണ്ട്. എന്നാല്‍, നിശബ്ദമായി വായിക്കുന്നതിനേക്കാളും മനസ്സിരുത്തി വായിക്കാന്‍ ഉച്ചത്തില്‍ വായിക്കുന്നതുകൊണ്ടു കഴിയും. ഈ രീതിയില്‍ രണ്ടു പ്രാവശ്യമാണ് ഒരു കാര്യം പഠിക്കുന്നത്. നോക്കി വായിക്കുന്നതു വഴിയും വായിച്ച ഭാഗം വീണ്ടും കേള്‍ക്കുന്നതു വഴിയും.
കുട്ടികള്‍ക്ക് പഠനമുറി ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വേണ്ടത്ര വെളിച്ചവും വായുവും ലഭ്യമാകുന്ന മുറിയായിരിക്കണം. മറ്റുള്ളവരുടെ ശ്രദ്ധ തീരെ എത്തിച്ചേരാത്ത സ്ഥലത്താകരുത് കുട്ടികള്‍ ഇരിക്കുന്നത്. കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, ഇന്‍സ്ട്രുമെന്റ് ബോക്സ്, കാല്‍ക്കുലേറ്റര്‍, ഡിക്ഷ്ണറി, പേന, പെന്‍സില്‍, റഫറന്‍സ് ബുക്കുകള്‍ എന്നിവ അടുക്കി ക്രമീകരിച്ചു വെക്കുന്നതോടൊപ്പം പഠിക്കാനുപയോഗിക്കുന്ന മേശയും മുറിയുമെല്ലാം വൃത്തിയായും അടുക്കും ചിട്ടയുമായും സൂക്ഷിക്കണം. മുറിയില്‍ പല തരത്തിലുള്ള ചാര്‍ട്ടുകള്‍, വൈറ്റ് ബോര്‍ഡ് എന്നിവ വയ്ക്കുന്നതോടൊപ്പം പഠനവുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍, കണ്ണാടി, കളിപ്പാട്ടങ്ങള്‍ എന്നിവ പഠനമുറിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യണം. കുടിക്കാനുള്ള വെള്ളം പഠനമുറിയില്‍ കരുതാനും മറക്കരുത്.
പല പഠന രീതികളും നിലവിലുണ്ടെങ്കിലും വളരെ പ്രചാരമുള്ളതും എളുപ്പത്തില്‍ ഉപയോഗിക്കുന്നതുമായ ഒരു രീതിയാണ് ഝഞട രീതി. ക്വസ്റ്റ്യന്‍, സര്‍വേ, റീഡ്, റിസൈറ്റ്, റിവ്യൂ എന്നിവയാണ് ഇതിലെ അഞ്ചു ഘടകങ്ങള്‍.
ചോദ്യം(ഝൗലെേശീി)
ഈ പാഠഭാഗത്തുനിന്നും ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ കണ്ടുപിടിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. പാഠത്തിന്റെ അവസാനം, ടീച്ചര്‍ നല്‍കുന്ന നോട്ടുകള്‍, മുന്‍വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ എന്നിവയില്‍ നിന്നെല്ലാം ഇതു ലഭിക്കും.
സര്‍വേ(ടൗൃ്ല്യ)
ഈ ഘട്ടത്തില്‍ പഠിക്കേണ്ട പാഠഭാഗത്തിലുള്ള പ്രധാന തലക്കെട്ടുകള്‍, ആശയങ്ങള്‍, ചാര്‍ട്ടുകള്‍ എന്നിവ ഓടിച്ചു നോക്കുക. വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഇതുവഴി ഒരു രൂപരേഖ കിട്ടും.
വായിക്കുക(ഞലമറ)
നേരത്തെ കണ്ടുപിടിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടുപിടിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. ചോദ്യത്തിന്റെ ഉത്തരങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്നതു കൂടുതല്‍ ഉപകരിക്കും.
പറഞ്ഞുനോക്കുക(ഞലരശലേ)
ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒരു പ്രാവശ്യം വായിച്ചതുകൊണ്ടായില്ലല്ലോ. വീണ്ടും വീണ്ടും പറഞ്ഞുനോക്കുമ്പോള്‍ ബുക്ക് നോക്കാതെ തന്നെ പറയാന്‍ കഴിയും. ഫിസിക്സ്, കണക്ക് എന്നിവയുടെ ഉത്തരങ്ങള്‍ എഴുതി പഠിക്കുന്നതാണ് ഉത്തമം.
പുനരവലോകനം നടത്തുക(ഞല്ശലം)
പുസ്തകം നോക്കാതെ ഉത്തരം പറയാമെന്നുറപ്പായാല്‍ ഒന്നു പരീക്ഷിച്ചുനോക്കാം. ചിലപ്പോള്‍ ഒന്നുകൂടി ആവര്‍ത്തിക്കണം. ഈ ഘട്ടത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍/എഴുതാന്‍ കഴിഞ്ഞാല്‍ പരീക്ഷയെ സധ്യൈം നേരിടാം. മാനസിക പിരിമുറുക്കമോ, പേടിയോ ഇല്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ ഈ രീതിയില്‍ പഠിക്കുന്നതുകൊണ്ടു സാധിക്കുന്നതാണ്.
പഠിക്കാനുള്ളവയെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് പഠിക്കാന്‍ ഓര്‍ത്തുവെക്കുന്നതും രസകരമായ പദങ്ങളോടും സംഭവങ്ങളോടും ചേര്‍ത്ത് ഓര്‍ത്തുവെക്കുന്നതും പ്രയോജനം ചെയ്യും. പഠിക്കാനുള്ളവയെ ചിത്രങ്ങളായി കണ്ട് ഓര്‍മിച്ചുവെക്കുന്നതും ഗുണകരമാണ്. പ്രധാന പോയിന്‍റുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് രസകരങ്ങളായ വാക്കുകളുണ്ടാക്കുന്ന രീതി ഉപന്യാസങ്ങളും മറ്റും ഓര്‍ക്കാന്‍ സഹായകമാകും.
പഠന രീതിയും പ്ലാനിങും എല്ലാം ശരിയാക്കിയിട്ടും പരീക്ഷാപ്പേടി മാറാത്തവര്‍ക്ക് കൗണ്‍സലിങും സൈക്കോതെറാപ്പിയും നല്‍കേണ്ടി വരും. കൗണ്‍സലിങ് സെഷനുകള്‍ കുട്ടിയിലെ അമിതമായ ഭീതിയും ഉല്‍കണ്ഠയും നീക്കി ആത്മവിശ്വാസം നിറയ്ക്കും. ഇത് വിജയിക്കുമെന്ന വിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ കുട്ടിയെ പ്രാപ്തനാക്കും. പരീക്ഷയെ വെറുക്കുകയും പഴിക്കുകയും ചെയ്യാതെ പോസിറ്റീവായി നേരിടാനും കൗണ്‍സലിങ് സഹായിക്കും.
മനസ്സിനെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ടെന്‍ഷനും ഉല്‍കണ്ഠയും മാറി സ്വഛവും ശാന്തവുമായ മാനസിക നില കൈവരിക്കാന്‍ ചില ലഘുവ്യായാമങ്ങള്‍ സഹായിക്കും. ധ്യാനം ചെലവു കുറഞ്ഞതും ആര്‍ക്കും എവിടെയും വച്ച് ചെയ്യാവുന്നതുമായ വ്യായാമമാണ്. ലളിതമായ യോഗാസനങ്ങള്‍ പരിശീലിക്കുന്നതും മനസ്സില്‍ നിറയുന്ന ആധി അകറ്റും. ചില കുട്ടികളില്‍ പരീക്ഷാപ്പേടി വര്‍ധിച്ച് വിഷാദത്തിലെത്താം. വിഷാദത്തിന്റെ പിടിയിലമരുന്നതോടെ താന്‍ കഴിവുകെട്ടവനാണെന്ന തോന്നലുണ്ടാകും. അതോടെ പഠിക്കുന്നതൊന്നും തലയില്‍ കേറാതാകും. ഓരോ വരി വായിക്കുമ്പോഴും ഇതൊന്നും ഓര്‍ത്തുവെക്കാനാവില്ലെന്നു മനസ്സു പറയാന്‍ തുടങ്ങും. ഒടുവില്‍ ആത്മഹത്യ മാത്രമാണു പോംവഴി എന്ന ചിന്തയിലെത്താം. അതുകൊണ്ട് കുട്ടി പരീക്ഷയോട് അമിതമായ പേടിയും ഉല്‍കണ്ഠയും കാണിക്കാന്‍ തുടങ്ങുമ്പോഴേ വേണ്ട കൗണ്‍സലിങ് നല്‍കണം. കടുത്ത വിഷാദത്തിലകപ്പെട്ടുകഴിഞ്ഞാല്‍ ആന്‍റി ഡിപ്രസന്റ് മരുന്നുകള്‍ നല്‍കേണ്ടിവരും.
മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും സമ്മര്‍ദ്ദവുമാണ് ഒരു പരിധി വരെ കുട്ടിയുടെ പരീക്ഷാപ്പേടിയുടെ അടിസ്ഥാനം. അതുകൊണ്ട് കുഞ്ഞുമനസ്സുകളെ അധിക സമ്മര്‍ദ്ദത്തിലാക്കാതെ, പരീക്ഷയിലെ ജയവും തോല്‍വിയും പ്രധാനപ്പെട്ടതല്ലെന്നും പഠനത്തിന്റെ ഭാഗം മാത്രമാണെന്നും കുട്ടികളോട് പറയുകയാണ് വേണ്ടത്. അവര്‍ക്കു വേണ്ട വൈകാരിക പിന്തുണ നല്‍കുന്നതോടൊപ്പം പഠനത്തിന്റെ പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്താനും സാധിക്കണം.
അമിതമായ ചിട്ടകള്‍ അടിച്ചേല്‍പ്പിച്ച് പഠിപ്പിക്കുന്ന രീതി ഗുണമല്ല, ദോഷമാണ് വരുത്തിവെക്കുന്നത്. സമയാസമയങ്ങളില്‍ പോഷകാഹാരവും ആവശ്യത്തിന് വെള്ളവും വേണ്ടത്ര വിശ്രമവും നല്‍കി വേണം കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കാന്‍. ഭാവിയിലേക്കുള്ള ഒരു പുതിയ ചുവടുവെപ്പാണ് പരീക്ഷയെന്നും ഞങ്ങള്‍ കൂടെയെപ്പോഴുമുണ്ടെന്നും രക്ഷിതാക്കള്‍ കുട്ടിയെ ബോധ്യപ്പെടുത്തിയാല്‍ പരീക്ഷാപ്പേടി പമ്പ കടക്കും.

ഡോ. രഘുനാഥ് പാറക്കല്‍
കൗണ്‍സിലര്‍, പാലക്കാട്

കുട്ടികള്‍ക്ക് അല്‍പം ശിക്ഷയാവാം, പക്ഷേ…

അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ ഇടപെടലുകളാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത്. അതിനാല്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും അവധാനതയോടെ മാത്രമേ അവര്‍ കുട്ടികളെ സമീപിക്കാവൂ. വളരുന്ന തലമുറയുടെ ഭാവി രൂപപ്പെട്ടുവരേണ്ടത് ഏത് രീതിയിലാവണം എന്ന് തീരുമാനിക്കാനുള്ള ബാധ്യതയും അതിനുള്ള കഴിവും ഈ ഇരുവിഭാഗത്തിന് തന്നെ. കുട്ടിയുടെ പ്രഥമ പാഠശാല വീടാണ്. അതിനാല്‍ രക്ഷിതാക്കള്‍ക്കാണ് കുട്ടിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുക.
“കുശവന്റെ കയ്യിലെ കളിമണ്ണ് പോലെയാണ് രക്ഷിതാക്കളുടെ കയ്യിലെ കുട്ടികള്‍.” അവരെ ഏത് രൂപത്തിലും പരിവര്‍ത്തിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. നല്ല സ്വഭാവത്തിനുടമയായിത്തീരണമെങ്കില്‍ നല്ല പരിചരണവും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് മാത്രം. കൈപ്പിഴ പറ്റുന്നത് നന്നായി ശ്രദ്ധിക്കുകയും ചെയ്യണം. അതിന് രക്ഷിതാവിന് സന്താന ശിക്ഷണത്തെക്കുറിച്ച് തികഞ്ഞ അവധാനതയുണ്ടാവണം. വേണ്ടപ്പോള്‍ വേണ്ടത് ചെയ്യാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കണം. കുട്ടിയോട് എങ്ങനെ പെരുമാറണം? ശിക്ഷാമുറകള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ അത് ഏത് രീതിയിലാവണം? തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നിസ്സാരമെന്ന് നാം കരുതുന്ന ഒരു കാര്യംമതി കുട്ടികളുടെ ഭാവി അവതാളത്തിലാവാന്‍; ശിക്ഷയുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും.
ശിക്ഷകള്‍ നല്‍കുമ്പോള്‍ പല രക്ഷിതാക്കള്‍ക്കും യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ചിലര്‍ കുട്ടികളെ നോവിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. സന്താന ശിക്ഷണത്തില്‍ മുഖ്യമായും അറിഞ്ഞിരിക്കേണ്ടതുമാണ്. യഥാര്‍ത്ഥത്തില്‍ സ്നേഹമാണ് ഏറ്റവും നല്ല ആയുധം. ഭയപ്പെടുത്തിയും കണ്ണുരുട്ടിയുമുള്ള ശിക്ഷാമുറകള്‍ കുട്ടികളെ ദോഷകരമായാണ് ബാധിക്കുക. അവരുടെ ഇളം മനസ്സില്‍ ശിക്ഷിക്കുന്നവരോട് വെറുപ്പും വിദ്വേഷവും ഉടലെടുക്കാനേ അത് ഉപകരിക്കൂ. അത് ദുര്‍വാശിക്കും കുശുമ്പിനും അനുസരണക്കേടിനുമൊക്കെ വഴിയൊരുക്കും. സ്വന്തം ഉപ്പയെ, അല്ലെങ്കില്‍ ഉമ്മയെക്കുറിച്ച് തെറ്റായ ഒരു ചിത്രം കുട്ടിയുടെ മനസ്സില്‍ രൂപപ്പെട്ടുവരാന്‍ അത് ഇടയാക്കും. രക്ഷിതാവിനെതിരെ ഒരു പ്രതികാര മനസ്സ് സൂക്ഷിക്കാനും ഭാവിയില്‍ അതൊരു ആയുധമാക്കി തിരിഞ്ഞുകുത്താനും നിമിത്തമാകും. സ്നേഹിച്ചു കീഴടക്കുകയാണ് അഭികാമ്യം. ഏറെ പണിപ്പെടാതെതന്നെ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ അതുവഴി സാധിക്കുമെന്നത് തീര്‍ച്ചയാണ്.
കുട്ടികള്‍ക്ക് ആവശ്യമായ സ്നേഹം പകര്‍ന്നുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട്. അവരുടെ മനസ്സില്‍ കുട്ടികളോട് വലിയ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടാവാം. എന്നാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ല. തങ്ങളുടെ സ്നേഹം കുട്ടികളെ ബോധ്യപ്പെടുത്തണം. അത് ഒളിച്ചുവെക്കാനുള്ളതല്ല. സ്നേഹത്തിന്റെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവര്‍ സത്യത്തില്‍ കുട്ടികളെ നശിപ്പിക്കുകയാണ്. ആവശ്യമായ സ്നേഹം പകര്‍ന്ന് നല്‍കിയാല്‍ വടിയുടെ യാതൊരാവശ്യവുമുണ്ടാവുകയില്ല. ഏത് അനുസരണക്കേട് കാണിക്കുന്ന കുട്ടിയും അനുസരണശീലമുള്ളവനായി മാറും. സ്നേഹത്തിന് അത്രമാത്രം അത്ഭുതശക്തിയുണ്ട്. ആത്മാര്‍ത്ഥമായും നിര്‍ലോഭവും അത് കുട്ടികളിലേക്ക് ഒഴുക്കിവിടാനുള്ള സന്മനസ്സും സന്നദ്ധതയും വേണമെന്ന് മാത്രം. അനുസരണയുടെ ഒന്നാം പാഠം പഠിച്ചുകഴിഞ്ഞ ഒരു കുട്ടിയെ സദ്ഗുണ സമ്പന്നനും സല്‍സ്വഭാവിയുമാക്കിത്തീര്‍ക്കാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരില്ല.
എന്നാല്‍ ശിക്ഷാനടപടികള്‍ പാടേ ഉപേക്ഷിക്കുന്നത് കരണീയമല്ല. തീരെ അനുസരണശീലമില്ലാത്തവനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ചിലപ്പോള്‍ ശിക്ഷണം അത്യാവശ്യമായിവരാം. വേറെ മാര്‍ഗങ്ങളൊന്നുമില്ലാത്തപ്പോഴായിരിക്കണം അത്. അനിവാര്യ ഘട്ടത്തില്‍ ശിക്ഷിക്കേണ്ടിവന്നാല്‍ തന്നെ പരിധി ആവശ്യമാണ്. ആവശ്യമായ സമയത്ത് ആവശ്യമായ അളവില്‍ മാത്രമായിരിക്കണം ശിക്ഷകള്‍ നല്‍കേണ്ടത്. രക്ഷിതാവ് കോപിഷ്ടഠനായിരിക്കുമ്പോഴോ, വികാരവിക്ഷോഭമുണ്ടാകുമ്പോഴോ ശിക്ഷാനടപടികള്‍ സ്വീകരിക്കരുത്. അത്തരം അവസരങ്ങളില്‍ കഴിയുന്നതും ശിക്ഷ ഉപേക്ഷിക്കുന്നതായിരിക്കും ഉചിതം. അല്ലായെങ്കില്‍ ഒരുപക്ഷേ, തന്റെ കോപവും വികാരവും തീര്‍ക്കാനുള്ള ഒരു ഉപകരണമായി കുട്ടി മാറാന്‍ സാധ്യതയേറെയാണ്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കുട്ടികളെ ശിക്ഷിക്കുന്ന ദുഃസ്വഭാവം വര്‍ജ്ജിക്കണം; അതെത്ര ചെറിയ ശിക്ഷയാണെങ്കിലും. എപ്പോഴുമുള്ള ശിക്ഷാമുറകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ശിക്ഷകള്‍ പലപ്പോഴും കുട്ടികളുടെ മനസ്സിനെ വ്രണപ്പെടുത്തും. സദാസമയവും അതാകുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. “അവനെ എത്ര തല്ലിയിട്ടും കാര്യമില്ല” എന്ന് ചില രക്ഷിതാക്കള്‍ പറയാറുണ്ടല്ലോ. അതിന്റെ കാരണം തേടി എങ്ങും പോകേണ്ടതില്ല. അപ്രായോഗികമായ ശിക്ഷകള്‍ തന്നെ അതിന് ഹേതു. അതുപോലെ ശിക്ഷിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ശിക്ഷയുടെ കാരണം കുട്ടിയെ ബോധ്യപ്പെടുത്തുക എന്നത്. “താന്‍ എന്തിന് ശിക്ഷിക്കപ്പെടുന്നു” എന്ന ബോധം കുട്ടിക്കുണ്ടാവണം. എങ്കിലല്ലേ, താന്‍ ചെയ്തത് തെറ്റാണെന്ന് അവന്‍ മനസ്സിലാക്കുകയും ഭാവിയില്‍ അത് ഉപേക്ഷിക്കുകയും ചെയ്യുകയുള്ളൂ. മാന്യതയും അന്തസ്സും കൈവിട്ടുകൊണ്ടുള്ള പ്രാകൃത ശിക്ഷാമുറകളും അരുത്. ശിക്ഷകളും തെറിയഭിഷേകങ്ങളും കുറ്റപ്പെടുത്തലുകളുമായ് പരിണമിക്കരുത്. ആന്തരികവും ബാഹ്യവുമായ ക്ഷതങ്ങള്‍ക്കോ പൊട്ടലുകള്‍ക്കോ കാരണമാകുന്ന രീതിയിലും അസ്ഥാനത്തും ശിക്ഷിയരുത്. ശിക്ഷിക്കുമ്പോള്‍ പരമാവധി വീട്ടില്‍ വെച്ചായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
“ശിക്ഷണം ശിക്ഷയിലൂടെ” എന്ന നയം നമുക്കിനി ഉപേക്ഷിക്കാം. സ്നേഹത്തിന്റെ തലോടലേറ്റ് കുട്ടികള്‍ വളരട്ടെ. പുതിയ കാലത്ത് ഏറ്റവും അനുയോജ്യവും ഈ രീതിശാസ്ത്രം തന്നെ. ചിന്തകളാണ് പെരുമാറ്റങ്ങളുടെ കാതലായി വര്‍ത്തിക്കുന്നത്. അതിനെ നല്ല പരിചരണത്തിലൂടെ ചെത്തിമിനുക്കിയെടുക്കാന്‍ സാധിക്കണം. ഇടയനില്ലാത്ത ആട്ടിമ്പറ്റംപോലെ നമ്മുടെ കുട്ടികള്‍ ആയിത്തീരരുത്. ശിക്ഷണമില്ലാതെ വളര്‍ന്നാല്‍ അവര്‍ തീര്‍ച്ചയായും വഴിതെറ്റും. “ശരിയായ ബോധനവും പരിശീലനവും ലഭിക്കാത്ത കുട്ടി കര്‍മവിമുഖനും മൂകനും ശരിയായ അഭിപ്രായം ഇല്ലാത്തവനും ആയിത്തീരും. ജീവിതത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവന്‍ പരാജയപ്പെടും.

ആരിഫാ സൈദലവി, വിളയൂര്‍

3.05882352941
Dop Aug 06, 2019 07:25 PM

അപ്പോസ്‌ജിസ്ക്പ്പ്സല്സപ്പപ്സ്റ്റവ്‌ജിസ്.. goood good very nice

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top