ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഒരു സമ്പുഷ്ട ഭാഷയാണ് മലയാളം. തമിഴ്, തെലുഗു, കന്നഡ എന്നിവയാണ് ദ്രാവിഡ ഗോത്രത്തിലെ മറ്റു സമ്പുഷ്ട ഭാഷകള്‍. ചെന്തമിഴ് കാലഘട്ടം തൊട്ടേ മലയാളത്തിന്റെ സവിശേഷതകള്‍ അല്പാല്പമായി അനുഭവപ്പെടുന്നുണ്ട്. ചെന്തമിഴില്‍ ഇല്ലാത്ത ചില പ്രയോഗവിശേഷങ്ങള്‍ തൊല്ക്കാപ്പിയത്തില്‍ കാണാം. ചിലപ്പതികാരത്തിലെ പ്രാദേശിക പ്രയോഗങ്ങള്‍, സംഘകാല കവികളില്‍ കേരളീയരുടെ സജീവ സാന്നിധ്യം ഇവയെല്ലാം പണ്ഡിതന്മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംഘകൃതിയായ പതിറ്റുപ്പത്ത്, പത്തു ചേരരാജാക്കന്മാരെ സ്തുതിക്കുന്ന പാട്ടുകളാണ്. പെരുംചോറ്റ് ഉതിയന്‍ ചേരല്‍ ആതന്‍, ഇമയവരമ്പന്‍ നെടും ചേരല്‍ ആതന്‍, പല്‍യാനൈചേല്‍ കെഴുകുട്ടുവന്‍, കളങ്കായ് കണ്ണി നാര്‍മുടി ചേരല്‍, ചേരന്‍ ചെങ്കുട്ടുവന്‍, ആടുകോട്പാട്ടുച്ചേരല്‍ ആതന്‍, ചെല്‍വ കടും കോ അഴിയാതന്‍, തകടൂര്‍ എറിന്ത പെരും ചേരല്‍ ഇരും പൊറൈ, കുടക്കോ ഇളം ചേരല്‍ ഇരും പൊറൈ, യാനൈ കാല്‍ചേയ്മാന്തരം ചേരല്‍ ഇരും പൊറൈ എന്നിവരാണ് ഈ ചേരരാജാക്കന്മാര്‍. കവികളില്‍ പരണര്‍, കുമട്ടൂര്‍ കണ്ണനാര്‍, കാക്കൈപ്പാടിനിയാര്‍, നച്ചെള്ളൈയാര്‍ എന്നിവര്‍ കേരളീയരാണെന്ന് അനുമാനിക്കപ്പെടുന്നു. പാലൈ കൗതമനാര്‍, അയ്യനരിതനാര്‍, പാലൈ പാടിയ പെരുങ്കടുങ്കോ, മാന്തരം ചേരല്‍ ഇരുമ്പൊറൈ, വേണാട്ടടികള്‍, ചിലപ്പതികാരം രചിച്ച ഇളങ്കോ അടികള്‍ എന്നിങ്ങനെ അക്കാലത്തെ കേരള കവിസാന്നിധ്യം പ്രബലമാണ്. ആര്യജനതയുടെ ആവിഷ്കാര വിഷയങ്ങളും ശൈലികളും അവരെ സ്വാധീനിച്ചിരുന്നില്ല. അതിനാല്‍ കേരളചരിത്രവും പ്രകൃതിയും മനുഷ്യസമ്പര്‍ക്കങ്ങളും സംഘംകൃതികളില്‍ അകൃത്രിമഭാവരൂപങ്ങളോടെ സംരക്ഷിക്കപ്പെട്ടു. അകം കവിതകള്‍, പുറം കവിതകള്‍ എന്നിങ്ങനെ വിഷയപരമായി വിഭജിക്കപ്പെട്ട ഈ കവിതകള്‍ കൃത്യമായ ജനവര്‍ഗവിവേചനത്തോടുകൂടിയ 'തിണൈ സങ്കല്പം' ഭാവാനുരൂപമായി അംശീകരിച്ചു. തിണൈ എന്നതിന് ഭാഗം, വര്‍ഗം എന്നൊക്കെ അര്‍ഥമുണ്ട്. ഏഴ് അകത്തിണൈകളില്‍ (കൈക്കിളൈ, മുല്ലൈ, കുറിഞ്ചി, പാലൈ, മരുതം, നെയ്തല്‍, പെരുന്തിണൈ എന്നിവ) നടുക്കു അഞ്ചുതിണൈകളുടെ നടുക്കുള്ളതൊഴികെ (പാലൈ) നാലുതിണൈകളായിട്ടാണ് ശബ്ദിക്കുന്ന കടല്‍ ചൂഴ്ന്ന ഈ ലോകം വിഭജിക്കപ്പെട്ടിട്ടുള്ളതെന്ന് തൊല്ക്കാപ്പിയര്‍. വളരെ ഭദ്രവും സാന്ദ്രവുമായ ഈ കാവ്യസങ്കല്പത്തിന്റെ വഴി ആധുനിക കാലത്തുപോലും കേരളീയ നിരൂപണം വളരെ കുറച്ചേ കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ളൂ. തമിഴ് ഛന്ദശ്ശാസ്ത്രത്തിന്റെയും സൌന്ദര്യശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും ഭാവഭദ്രതയില്‍ അഭിരമിച്ച കേരളീയ കവികളില്‍ പണ്ഡിതന്മാരും നാടന്‍ ഗായകകവികളും ഉണ്ടായിരുന്നു. ജനവര്‍ഗത്തിന്റെ മഹത്ത്വം തന്നെ ഈ സാംസ്കാരികപരിപ്രേക്ഷ്യത്തെ അവലംബിച്ചായിരുന്നു. പില്ക്കാലത്ത് ജാതി വ്യവസ്ഥയുടെ അടരുകളില്‍ ഈ കേരളീയ പരിപ്രേക്ഷ്യം തകര്‍ന്നടിഞ്ഞുപോയി. സര്‍ഗാത്മകജനതയെ അധികാരശക്തികള്‍ ചവിട്ടിത്താഴ്ത്തി. അതോടെ ജാതികേന്ദ്രീകൃതമായ പുതിയ ജനതാശ്രേണി രൂപപ്പെട്ടു.
മലയാളത്തിന്റെ ഉത്പത്തി പരിശോധിക്കാനുള്ള സന്ദര്‍ഭം ഇതാണ്. ഭാഷയിലെ അസംസ്കൃതവും സ്വാഭാവികവും ആയ പ്രകാശനരീതിയാണ് ഭാഷയുടെ ഉത്പത്തി നിര്‍ണയിക്കുന്നതിന് ഏറ്റവും പ്രാമാണികമായ ഘടകം. സാഹിത്യഭാഷയെക്കാള്‍ സാധാരണക്കാരുടെ വാങ്മയഭാഷ, വിവിധ ആദാന പ്രദാനങ്ങളിലൂടെ അതില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍, വര്‍ധിച്ചുവരുന്ന പദസമ്പത്തും പ്രയോഗ വൈവിധ്യങ്ങളും-ഇവയെല്ലാം പരിഗണിക്കപ്പെടേണ്ടിവരുന്നു. പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഇപ്രകാരം സംക്ഷേപിക്കാം:
ഒന്ന്-മലയാളം സംസ്കൃതജന്യമാണ് (വടക്കുംകൂര്‍ രാജരാജവര്‍മ).
രണ്ട്-മൂലദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖ. (ആറ്റൂര്‍, ഉള്ളൂര്‍, ഗോദവര്‍മ തുടങ്ങിയവര്‍).
മൂന്ന്-സംസ്കൃതം, തമിഴ് എന്നിവയുടെ മിശ്രം. (ഇളംകുളം കുഞ്ഞന്‍പിള്ള)
നാല്-ആദിദ്രാവിഡ ഭാഷ രണ്ടായി പിരിഞ്ഞ് അതില്‍ ഒരു ശാഖ തെലുഗുവിനും കന്നഡയ്ക്കും രൂപംകൊടുത്തു എന്നും ഇതര ശാഖ തമിഴും മലയാളവുമായി പരിണമിച്ചുവെന്നും.
അഞ്ച്-ചെന്തമിഴ് സാഹിത്യം ഇന്നത്തെ തമിഴിന്റെ എന്നപോലെ മലയാളത്തിന്റെയും പൂര്‍വകാല സമ്പത്താണ് എന്ന വാദം-അതായത് മലയാളത്തിന്റെ പ്രാഗ്രൂപം ചെന്തമിഴാണെന്ന വാദം.
മലയാളത്തില്‍ സുലഭമായ സംസ്കൃത പദങ്ങള്‍, പ്രയോഗങ്ങള്‍, പ്രാകൃത പദങ്ങള്‍, തമിഴ് തത്സമ പദങ്ങള്‍, ഇവയിലൊന്നും പെടാത്ത സ്വതന്ത്ര രൂപിമങ്ങള്‍ എന്നിവ ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഇടനല്കുന്നതില്‍ അദ്ഭുതമില്ല. കേരളഭാഷയുടെ വികാസഘട്ടങ്ങളില്‍ നിരവധി ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ സ്വീകരിക്കപ്പെടുകയും സ്വകീയമെന്ന് കരുതപ്പെടുകയും ചെയ്തിട്ടുണ്ട്. തനതു രൂപങ്ങള്‍ പലതും നിരാകരിക്കപ്പെടുകയോ അധഃസ്ഥിതമാവുകയോ ചെയ്തതിന് ഭാഷാചരിത്രം സാക്ഷി. ഭാഷയിലൂടെ സാഹിത്യം സംസ്കാരത്തിന്റെ നിമ്നോന്നതഗതികള്‍ക്കുകൂടി ഇവ സാക്ഷ്യമാകുന്നു. ബുദ്ധ-ജൈനമതങ്ങളുടെ സാര്‍വത്രികമായ സ്വാധീനം ബ്രാഹ്മണാധിനിവേശത്തിനു മുമ്പുള്ള പ്രധാന സാംസ്കാരിക പ്രവണതയായിരുന്നു, അവരിലൂടെ പാലിഭാഷയും കേരളഭാഷയുമായി അടുത്ത സമ്പര്‍ക്കമുണ്ടായി. ഭരണപരമായ നിരവധി പാലിപദങ്ങള്‍ കേരളഭാഷയില്‍ പ്രചരിച്ചു. അരചന്‍, ചാമന്തന്‍, റാണി, അരമന, അത്താണി, കയ്യം, ഗോപുരം, ചേവുകം, പരിവട്ടം, പല്ലക്ക്, കഴകം, കപ്പം, തളി, താനം, പട്ടയം, പട്ടിക തുടങ്ങിയ പദങ്ങള്‍ കാണുക. ബുദ്ധ-ജൈനമതക്കാരുടെ അഹിംസാനയം പോലും ഭാഷയില്‍ പ്രതിഫലിക്കുന്നുണ്ട്. യുദ്ധം, ആയുധം എന്നിവയുമായി ബന്ധപ്പെട്ട പദങ്ങളുടെ കുറവ് ശ്രദ്ധിക്കുക. വീട്, ശരീരം, ഭക്ഷണം, വസ്ത്രം, പ്രകൃതി, കാലം, പരിസ്ഥിതി, സസ്യജാലം, പ്രാണിവര്‍ഗം, വൈജ്ഞാനികരംഗം എന്നിങ്ങനെ സാര്‍വത്രികവും സമഗ്രവുമാണ് പാലിഭാഷയുടെ അധിനിവേശം. അത് നിലവിലുള്ള ഭാഷയ്ക്ക് കൂടുതല്‍ വഴക്കങ്ങളും പ്രയോഗസന്ദര്‍ഭങ്ങളും നല്‍കി. പില്ക്കാലത്ത് സംസ്കൃതവും ഇതേ ധര്‍മമാണ് പിന്തുടര്‍ന്നത്. എങ്കിലും അവ ഉപരിശിലകള്‍ മാത്രമാണെന്നും അടിസ്ഥാനശിലകളല്ലെന്നും നാം ധരിക്കേണ്ടതുണ്ട്. കൂടുതല്‍ പ്രബലമായ സംസ്കാരം ജീവിത സന്ദര്‍ഭങ്ങളിലെന്നപോലെ ഭാഷയിലും സാഹിത്യത്തിലും അധിനിവേശം ഉറപ്പിക്കുന്നു. അതൊരിക്കലും പ്രബലമല്ലാത്ത സംസ്കാരത്തെ പാടേ നിഷേധിക്കുന്നതില്‍ ചെന്നെത്തുന്നില്ല. കേരളനാട്ടിലെ തനതു ഭാഷയുടെ സാര്‍വത്രികമായ സാന്നിധ്യം എല്ലാ അധിനിവേശത്തിനുമിടയില്‍ പച്ചപിടിച്ചു നില്ക്കുന്നു. ക്രിസ്തുവര്‍ഷത്തിന്റെ ആരംഭഘട്ടത്തില്‍പ്പോലും തമിഴകത്തിന്റെ വ്യവഹാരഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു വ്യവഹാരഭാഷ കേരളത്തിനുണ്ടായിരിക്കാമെന്ന് പ്രൊഫ. സി.എല്‍. ആന്റണി അഭിപ്രായപ്പെടുന്നത് ഇതര ഭാഷകളിലില്ലാത്ത ചില തനതു പ്രത്യേകതകള്‍ വച്ചാണ്. കേരളനാട്ടിലെ ഭാഷ ചെന്തമിഴ്, പ്രാകൃതം, സംസ്കൃതം എന്നിവയുടെ സമ്പര്‍ക്കത്തിലൂടെ പല രൂപഭേദങ്ങള്‍ക്ക് വിധേയമായി ഒരു സാഹിത്യഭാഷാപാരമ്പര്യത്തിന് വഴിതെളിച്ചു എന്നു പറയാം. സംവേദനവൈപുല്യത്തിന്റെ ദീര്‍ഘമായ കാലഘട്ടത്തില്‍ നിരവധി ഭാഷകളും സാഹിത്യവിശേഷങ്ങളും കേരളഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്ര പോഷണത്തിന് പ്രേരകമായി. കേരളീയജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതാണ് പരകീയ ഭാഷണ സമൂഹങ്ങളുടെ അധിനിവേശം.
മലയാളലിപി. മലയാളത്തിന്റേത് അക്ഷരലിപിയാണ്. ഒരു ലിപിക്ക് ഒന്നിലേറെ ഉച്ചാരണം 'ന'യുടെ കാര്യത്തിലേ ഉള്ളൂ. 'നനയുക' എന്ന പദം ഈ ഉച്ചാരണ വ്യത്യാസത്തിന് ഉദാഹരണം. കേരളപാണിനി 'ന'യ്ക്ക് മറ്റൊരു ലിപി ഉപയോഗിച്ചെങ്കിലും അത് പ്രചരിച്ചില്ല. ഇന്നത്തെ മലയാള ലിപിയുടെ മാതൃക ഗ്രന്ഥാക്ഷരമാണ്. ആ, ആ, ഇ, ഈ, ഉ, ഊ, ഋ, ന. എ, ഏ, ഐ, ഒ, ഓ, ഔ, അം, അഃ എന്നിങ്ങനെ പതിനാറു സ്വരങ്ങളും (ദീര്‍ഘമായ ന യും പഴയ ആശാന്മാര്‍ പഠിപ്പിക്കാറുണ്ട്) ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ, ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ബ, ഫ, മ, യ, ര, ല, വ, ശ, ഷ, സ, ഹ, ള, ഴ, റ എന്നിങ്ങനെ മുപ്പത്താറു വ്യഞ്ജനങ്ങളും മലയാളത്തിലുണ്ട്. പഴയ താളിയോലകളില്‍ ന്റ, ന്ററ എന്നിങ്ങനെയുള്ള ലിപിവ്യത്യാസം കാണുന്നു. മലയാളഭാഷയുടെ ചിഹ്നവ്യവസ്ഥ, ലിപി പരിഷ്കരണ കമ്മിറ്റി സമൂലം പരിഷ്കരിക്കുകയുണ്ടായി. ഇന്ന് അച്ചടിയിലും മിക്ക മലയാളം സോഫ്റ്റ് വെയറുകളിലും ടൈപ്പിങ്ങിലും കൂടുതല്‍ സൗകര്യപ്രദമായ ഈ പരിഷ്കൃത ലിപി ഉപയോഗപ്പെടുത്തുന്നു. പഴയ രൂപങ്ങള്‍ നിലനിര്‍ത്തുന്ന സോഫ്റ്റ് വെയറും ഇന്ന് ലഭ്യമാണ്.
സാഹിത്യചരിത്രഘട്ടങ്ങള്‍.
മലയാളസാഹിത്യത്തിന്റെ ചരിത്രഘട്ടങ്ങള്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്നത് ഇപ്രകാരം സംക്ഷേപിക്കാം. ആദിമമലയാളം ബി.സി. 600 മുതല്‍ എ.ഡി. 800 വരെ, മധ്യമലയാളം 800 മുതല്‍ 1500 വരെ, നവീന മലയാളം 1500 മുതല്‍ (ആദ്യ ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള). ആദ്യഘട്ടം, മധ്യഘട്ടം, ആധുനികഘട്ടം, യഥാക്രമം 825-1325, 1325-1625, 1625- മുതല്‍ (ഏ.ആര്‍. രാജരാജവര്‍മ) പ്രാചീന സാഹിത്യകാലം, നവീന സാഹിത്യകാലം അദ്യതന സാഹിത്യകാലം യഥാക്രമം കൊല്ലം 700 വരെ, 700 മുതല്‍ 1030 മുതല്‍ (ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍), പ്രാചീനകാലം 13-ാം ശ. വരെ, മധ്യകാലം 16-ാം ശ. വരെ, പിന്നെ ആധുനികകാലം (പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍), പ്രാചീനകാലഘട്ടം, എഴുത്തച്ഛന്റെ കാലഘട്ടം വരെ, തുടര്‍ന്ന് ആധുനിക കാലഘട്ടം (ഡോ. കെ.എം. ജോര്‍ജ്). വിവിധ തരംഗദൈര്‍ഘ്യമുള്ള ഒരു അനുസ്യൂത പ്രവാഹമാണ് കേരളസാഹിത്യചരിത്രത്തിനുള്ളത്. അതെവിടെയും നിന്നു പോകുന്നില്ല. സംഘകാലം, രാമചരിതകാലം, എഴുത്തച്ഛന്റെയും കുഞ്ചന്‍നമ്പ്യാരുടെയും കാലം, ഉണ്ണായിവാര്യരുടെ കാലം, ആധുനിക കാലം എന്നിങ്ങനെ ആ പ്രവാഹം തുടരുന്നു. സംഘകാല സമകാലികത, ആര്യപാരമ്പര്യസമീകരണം, സംസ്കൃത കാവ്യരൂപങ്ങളുടെ സ്വാധീനത, ഗദ്യത്തിന്റെ കഥാപരവും കഥേതരവുമായ വിവിധതരം വികാസങ്ങള്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നതാണ് ഈ സാഹിത്യതരംഗം. എന്നാല്‍ പ്രാചീന മലയാളം എന്നത് തികച്ചും അയഥാര്‍ഥമായ ഒരു സങ്കല്പമാണെന്നും ആധുനികമലയാളത്തിന്റെ മുന്‍ഗാമി എന്നതാണ് സത്യമെന്നും വാദമില്ലായ്കയില്ല. കാരണം പ്രാചീന കാലത്തു ഇന്നത്തെ ഭാരതീയ ഭാഷകള്‍ രൂപപ്പെട്ടിരുന്നില്ല എന്ന് ഈ വാദം ചൂണ്ടിക്കാണിക്കുന്നു.
കടപ്പാട്-web-edition.sarvavijnanakosam.gov.in
അവസാനം പരിഷ്കരിച്ചത് : 7/22/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍