സാഹിത്യത്തില്‍, ഗദ്യത്തിന്റെയും പദ്യത്തിന്റെയും വിവിധവും സമ്പന്നവുമായ വികാസ രീതികളാണ് കേരളഭാഷയില്‍ കാണുന്നത്. ലഭ്യമായിട്ടുള്ള ആദ്യത്തെ മലയാള ലിഖിതരചന ഭാഷാകൗടലീയത്തിന്റെ പരിഭാഷയാണ്. ഈ ഗദ്യകൃതി ഭാഷയുടെ അന്നത്തെ വ്യവസ്ഥിതിയുടെ സാക്ഷ്യപത്രമാകുന്നു. പദ്യത്തിന്റെ കാര്യത്തില്‍ നിയമങ്ങളും നിയന്ത്രണങ്ങളും കുറേക്കൂടി പ്രകടമാണ്. ആദ്യത്തെ മലയാള പദ്യരചന എന്ന സ്ഥാനം ചീരാമകവി രചിച്ച ഇരാമചരിതം എന്ന രാമചരിതത്തിനാണ്. പദ്യസാഹിത്യത്തിന്റെ ഏറ്റവും പ്രബലമായ ഒരു വിഭജനം ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ സ്ഥാനം നല്‍കുന്നതായിരുന്നു. 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ലീലാതിലകം എന്ന മണിപ്രവാള ലക്ഷണശാസ്ത്രത്തിലാണ് ഈ വിഭജനം നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. പാട്ട്, മണിപ്രവാളം എന്നിങ്ങനെയാണ് വിഭജനം. ദ്രാവിഡ ഭാഷയില്‍ ലഭ്യമായ ലിപി ഉപയോഗിച്ച് തമിഴില്‍ പ്രചുരമായ വൃത്തങ്ങളില്‍ 'എതുക', 'മോന' എന്നീ പ്രാസങ്ങള്‍ ഉപയോഗിച്ച് രചിക്കപ്പെടുന്നതാണ് പാട്ട്. ബ്രാഹ്മണരും അവരുടെ പാര്‍ശ്വവര്‍ത്തികളുമടങ്ങുന്ന ത്രൈവര്‍ണികര്‍ സംസ്കൃതത്തോട് പക്ഷപാതം കാണിച്ചെഴുതിയതാണ് പൊതുവേ മണിപ്രവാളം. രാജഭാഷ എന്നനിലയ്ക്ക് തമിഴിനും കേരളത്തിലെ മതാധികാര കോയ്മകളുടെ ഭാഷ എന്ന നിലയ്ക്ക് സംസ്കൃതത്തിനും പ്രാമാണ്യം തുല്യമായിരുന്നു. ചീരാമകവി ത്രൈവര്‍ണികനാണെങ്കിലും അദ്ദേഹം അന്നത്തെ സാധാരണക്കാരുടെ ഭാഷയും ഭാഷണസംസ്കൃതിയും ഉപയോഗപ്പെടുത്തിയത് ആസ്വാദകവിവേചനത്തിന്റെ ഫലമായാണ്. 'ഊഴിയില്‍ ചെറിയവര്‍ക്കു' വേണ്ടിയാണ് താന്‍ രാമകഥാഖ്യാനം നടത്തുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാമായണത്തിലെ യുദ്ധകാണ്ഡമാണ് നൂറ്റി അറുപത്തിനാല് പടലങ്ങളിലായി ആയിരത്തി എണ്ണൂറ്റി പതിനാലുപാട്ടുകളുള്ള ഈ ഗാനകാവ്യത്തിലെ പ്രമുഖ കഥാംശം. വാങ്മയ കവിതയുടെ എല്ലാ അംശങ്ങളും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം അത് ജനപ്രിയമാക്കി. വാല്മീകി രാമായണത്തില്‍ ഇല്ലാത്ത കവിഭാവനകളും പ്രകൃതി വര്‍ണനകളും തന്റെ കൃതിയില്‍ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
കേരളചരിത്രവും ആചാരങ്ങളും ദേവതാ സങ്കല്പങ്ങളും ഇഴ ചേര്‍ന്ന തിരുനിഴല്‍മാല, രാമചരിതത്തിന്റെ പാട്ടു പാരമ്പര്യത്തില്‍ തുടര്‍ന്നുളള മുന്നേറ്റം കുറിക്കുന്നു. ഇതെഴുതിയത് ഗോവിന്ദന്‍ എന്നൊരു കവിയാണെന്ന് കൃതിയില്‍ സൂചനയുണ്ട്. തിരുവാറന്മുളയപ്പന്റെ തിരുനിഴല്‍ കൊണ്ടാടുന്നത് മൂന്നു ഭാഗമായി ഇതില്‍ വര്‍ണിക്കുന്നു. ഒന്നാം ഭാഗത്ത് ചരിത്രപരമായ പശ്ചാലത്തിന്റെ കാവ്യാത്മക വര്‍ണനയാണ്. രണ്ടാം ഭാഗത്ത് ദേവന്മാരും ദേവിമാരും ഋഷികളും പങ്കെടുക്കുന്ന തൂവലുഴിയലും, ദേവന്മാരും, ഊരാളര്‍, നാടികള്‍, തളിയാന്മാര്‍, പൊതുവാണന്മാര്‍, ചാക്യാന്മാര്‍, പുഷ്കന്മാര്‍, വാര്യാന്മാര്‍, ഓതിക്കന്മാര്‍ തുടങ്ങിയവരുടെ നാകൂറുമാണ് പ്രതിപാദ്യം. മൂന്നാംഭാഗത്ത് മലയരുടെ ബലിയാണ് വര്‍ണിക്കപ്പെടുന്നത്. ഇതാണ് തിരുനിഴല്‍മാലയിലെ പ്രധാന അംശം. തമിഴ്ച്ചുവ കുറഞ്ഞ മലയാള ഭാഷയാണ് ഈ ഗ്രന്ഥത്തിലേത്. സാമാന്യജനതയുടെ ദേശഭാഷ എത്രത്തോളം വ്യത്യസ്തമായ വളര്‍ച്ച പ്രാപിച്ചു എന്ന് ഈ രചന നമുക്ക് അറിവ് തരുന്നു. നാടന്‍ശീലുകളും തമിഴ് വിരുത്തങ്ങളും കൊണ്ട് സംസ്കൃത ചമ്പു എന്ന 'ഗദ്യപദ്യമയം' കാവ്യത്തിന് സമാന്തരമായൊരു ധാര ഇതില്‍ പ്രകടമാകുന്നു. പ്രബലമായ ഒരു 'മലനാട്ടു കവിഗണം' ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് ഈ കൃതി സൂചന നല്‍കുന്നു. കേരളത്തിന്റെ തനത് ആചാരങ്ങള്‍, ചരിത്രം, അധികാരഘടന, സമുദായ വൈചിത്ര്യം ഇവയിലേക്കെല്ലാം ഈ കൃതി ആദ്യമായി കാല്പനികതയ്ക്കൊപ്പം വെളിച്ചം വീശുന്നു.
രാമകഥാപ്പാട്ട് എന്ന ജനകീയ മഹാകാവ്യം മലയാളം, തമിഴ്, സംസ്കൃതം എന്നിവയുടെ സവിശേഷമായ മിശ്രണമുള്ള കാവ്യശൈലിയില്‍ രചിച്ചതാണ്. 'ചന്ദ്രവളയം' എന്ന സംഗീതോപകരണത്തിന്റെ അകമ്പടിയോടെ പാടുന്നതിന് രചിക്കപ്പെട്ട രാമകഥാപ്പാട്ട് രചിച്ചത് ആയിരത്തിനാനൂറാമാണ്ടോടുകൂടി കോവളത്ത് ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാനാണ്. മലയാളത്തിലെ ആദ്യത്തെ പൂര്‍ണരാമായണ കൃതിയാണ് രാമകഥാപ്പാട്ട്. ദ്രാവിഡ വൃത്തങ്ങളിലും ഗാനശീലുകളിലുമായി ഇതില്‍ 279 വിഭാഗങ്ങളുണ്ട്; ആകെ 3163 ശീലുകള്‍. ഈ ഗ്രന്ഥത്തിന്റെ പകുതിയിലേറെ യുദ്ധകാണ്ഡമാണ്. പാട്ടിന് ലീലാതിലകകാരന്‍ നിര്‍ദേശിച്ച ലക്ഷണത്തെ അതിലംഘിച്ചെങ്കിലും പാട്ടിന്റെ മൗലികതയായ ദ്രാവിഡത്വം അദ്ദേഹം തിരസ്കരിക്കുന്നില്ല. ശ്രദ്ധേയമാണ് ഭാഷാപരമായ ഈ പരിണാമം. രാമകഥാപ്പാട്ട് വെറും ഭക്തി കാവ്യമായല്ല രചിച്ചിരിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ കണ്ഠഗതപ്രാണമായിരുന്ന ഈ പാട്ട് ഡോ. പി.കെ. നാരായണപിള്ള പ്രസാധനം ചെയ്തിട്ടുണ്ട്. ദ്രാവിഡത്തനിമ പ്രകടിപ്പിക്കുന്ന മാവാരതം പാട്ട് രചിച്ചത് അയിനിപ്പിള്ളയാണ്.
ഈ കൃതികള്‍ക്കൊപ്പം, ഐതിഹ്യനിഷ്ഠമായ ഒട്ടേറെ ദേശചരിതങ്ങളും നാടോടി എന്നു വിശേഷിപ്പിക്കപ്പെടാതെ രചിക്കപ്പെട്ടിട്ടുണ്ട്. ഉലകുടപെരുമാള്‍ പാട്ട്, അഞ്ചുതമ്പുരാന്‍ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്, പഞ്ചവന്‍കാട്ടുനീലിപ്പാട്ട്, കുഞ്ചുത്തമ്പിപ്പാട്ട്, കന്നടിയന്‍ പോര്, പുരുഷാദേവിയമ്മപ്പാട്ട് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇവയെ 'തെക്കന്‍പാട്ട്' എന്ന് പൊതുവേ വിളിക്കാറുണ്ട്. തെക്കന്‍പാട്ടില്‍ തെക്കന്‍ പ്രദേശങ്ങളിലെ ദേശ്യഭാഷയില്‍ അവിടത്തെ വീരകഥാപാത്രങ്ങളെക്കുറിച്ച് പാടുമ്പോള്‍, വടക്കന്‍പാട്ടില്‍ വടക്കന്‍ പ്രദേശങ്ങളിലെ വീരപുരുഷന്മാരാണ് കഥാപാത്രങ്ങള്‍. ഭാഷാപരമായ വികാസം കേരളത്തിലെവിടെയും ഒരുപോലെയല്ലെന്ന് ഈ പാട്ടുകള്‍ വ്യക്തമാക്കുന്നു.
ഭാഷാപരിണാമ (എ.ഡി. 1400-1500) ഘട്ടത്തില്‍ അടുത്തതായി വിലയിരുത്തപ്പെടേണ്ടവരാണ് നിരണം കവികള്‍. ത്രൈവര്‍ണികരുടെ മണിപ്രവാള സംസ്കാരത്തിന് ബദലായ വിഷയവും ഭാഷയും അവതരിപ്പിച്ച നിരണം കവികള്‍ ഒരു കവികൂട്ടായ്മ എന്ന നിലയില്‍ വേറിട്ടുനില്ക്കുന്നു. ഗാനാത്മകത തികഞ്ഞ സംസ്കൃത വൃത്തം, ദ്രാവിഡരീതിയില്‍ വളര്‍ത്തിയെടുത്തതാണ് നിരണം വൃത്തം. സംസ്കൃത വ്യാകരണവും ഭാഷാവ്യാകരണവും അവര്‍ കൂട്ടിക്കലര്‍ത്തി. മൂന്നുപേരാണ് നിരണം കവികള്‍-മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍. ഇവരുടെ പൂര്‍വികനായ കണ്ണശ്ശപ്പണിക്കര്‍ ഒരു ഉഭയകവീശ്വരനാണെന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമപ്പണിക്കരുടേതാണ് കണ്ണശ്ശരാമായണം. മഹാഭാരതത്തിന്റെ മലയാളത്തിലുണ്ടായ ആദ്യ സംഗ്രഹം ശങ്കരപ്പണിക്കരുടെ ഭാരതമാലയാണ്. ഭഗവദ്ഗീതയ്ക്ക് ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയിലുണ്ടായ ആദ്യ തര്‍ജുമ മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയുമാകുന്നു.
പുരാണങ്ങളിലുള്ള അവഗാഹതയും അവ കേരളീയ സമൂഹത്തിന് പ്രത്യേകരീതിയില്‍ പകര്‍ന്നുകൊടുക്കുന്നതിലുള്ള ക്രാന്തദര്‍ശിത്വവും നിരണം കവികളെ വ്യതിരിക്തരാക്കുന്നു. കണ്ണശ്ശ ഭാഗവതവും ഭാരതമാലയും കണ്ണശ്ശരാമായണവും ഭഗവദ്ഗീതാ വിവര്‍ത്തനവും പില്ക്കാലത്ത് എഴുത്തച്ഛന്‍ വികസിപ്പിച്ച ഭക്തി സാഹിത്യ സംസ്കാരത്തിന് മാര്‍ഗദര്‍ശിത്വം വഹിച്ചിട്ടുണ്ട്.
ഇക്കാലത്ത് വടക്കന്‍ കേരളത്തില്‍ പിറന്ന കൃതിയാണ് മഹാകാവ്യലക്ഷണങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കൃഷ്ണഗാഥ അഥവാ കൃഷ്ണപ്പാട്ട്. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മന്‍ എന്ന രാജാവിന്റെ ആജ്ഞ അനുസരിച്ച് ചെറുശ്ശേരി നമ്പൂതിരി രചിച്ചതാണ് ഈ ഗാഥ. മലയാളവൃത്തത്തില്‍ രചിക്കപ്പെടുന്ന ആദ്യമഹാകാവ്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭാഗവതം ദശമസ്കന്ധത്തെയാണ് രചനയ്ക്ക് ആധാരമാക്കിയിട്ടുള്ളത്. നവരസങ്ങളും തികഞ്ഞ ഈ കാവ്യത്തില്‍ ശൃംഗാരത്തിനും ഭക്തിക്കും പ്രത്യേകസ്ഥാനം നല്‍കിയിരിക്കുന്നു. നമ്പൂതിരിക്കവിതകളുടെ ഹാസ്യബോധം ഗാഥയെ സജീവമാക്കുന്നു. തത്ത്വചിന്തകള്‍ സുലഭമാണെങ്കിലും അവ കവിതാഭംഗിക്ക് ദാസ്യം വഹിക്കുന്നുവെന്ന് കാണാം. സാമ്യോക്തി അലങ്കാരങ്ങളുടെ നിബിഡത കൃഷ്ണഗാഥയുടെ സവിശേഷതയാണ്. പുരാണങ്ങളില്‍ നിന്നും കാളിദാസാദികളുടെ കൃതികളില്‍ നിന്നും ധാരാളം വാങ്മയങ്ങള്‍ കൃഷ്ണഗാഥാ കര്‍ത്താവ് സര്‍ഗാത്മകമായി മിനുക്കിയെടുത്തിട്ടുണ്ട്. പാട്ടിന്റെ ഭാഷാപരമായ വളര്‍ച്ചയും മണിപ്രവാള കവിതയുടെ വിഷയാപഗ്രഥന രീതികളും വിളക്കിയെടുത്തതാണ് കൃഷ്ണഗാഥയുടെ സമഗ്രശില്പം.
പാട്ടിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പ് ത്രൈവര്‍ണികര്‍ വളര്‍ത്തിയെടുത്ത മണിപ്രവാള സംസ്കാരത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ പ്രത്യേകതകള്‍ അവലോകനം ചെയ്യേണ്ടതുണ്ട്. മണിപ്രവാളത്തിന് ലീലാതിലകകാരന്‍ നല്‍കിയിട്ടുള്ള നിര്‍വചനം 'ഭാഷാസംസ്കൃതയോഗോ മണിപ്രവാളം' എന്നാണ്. മണിപ്രവാളത്തിലെ ആദികാവ്യങ്ങളില്‍ ഒന്നാണ് വൈശികതന്ത്രം. എന്നാല്‍ തോലകവി രചിച്ചതെന്ന് വിശ്വസിക്കുന്ന ധാരാളം ഒറ്റ ശ്ളോകങ്ങള്‍ പൂര്‍വകാല മണിപ്രവാളത്തിലുണ്ട്. ലീലാതിലകകാരന്‍ ഭാഷയ്ക്കും സംസ്കൃതത്തിനുമുള്ള വിവിധതരം ചേര്‍ച്ചകളും സഹൃദയഹൃദയങ്ങളെ ആനന്ദിപ്പിക്കുന്നതിലുള്ള കഴിവും മുന്‍നിര്‍ത്തി മണിപ്രവാളത്തെ ത്രൈവര്‍ണിക ഭാഷയുടെ സൌന്ദര്യശാസ്ത്രമാക്കി ഉയര്‍ത്തി. ഭാഷയ്ക്കും വ്യംഗ്യത്തിനും പ്രാധാന്യമുള്ള രചനയെ ഉത്തമമണിപ്രവാളം എന്നദ്ദേഹം വിശേഷിപ്പിച്ചു. സംസ്കൃതത്തിനും വാച്യാര്‍ഥത്തിനും പ്രാധാന്യമുള്ളത് അധമ മണിപ്രവാളം. ഈ നാല് അംശങ്ങളുടെ വിവിധ ചേര്‍ച്ചകളിലൂടെ മണിപ്രവാളത്തിന്റെ വിപുലമായ സാധ്യതകള്‍ അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തി. അതിലൂടെ കേരളത്തിന്റെ ഭാഷാരീതിയില്‍ പുതിയൊരു സമന്വയത്തിന് സാധ്യത തെളിയുകയും ചെയ്തു.
മൂന്ന് ഘട്ടമായി മണിപ്രവാളത്തെ വിഭജിക്കാറുണ്ട്. പ്രാചീന മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ. പ്രാചീന മണിപ്രവാളത്തില്‍ തോലനുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ഒറ്റശ്ലോക സംസ്കാരത്തിന് ഒപ്പം ആദ്യകാലത്തെ മൂന്ന് അച്ചീചരിതങ്ങളായ ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നിവയും ഉള്‍പ്പെടുന്നു. പതിനാലാം ശതകത്തിലേതാണ് ഉണ്ണിയാടീ ചരിതം. കര്‍ത്താവ് ഒരു ദാമോദര ചാക്യാര്‍. ഉണ്ണിച്ചിരുതേവി ചരിതത്തിന്റെ കര്‍ത്താവ് ആരെന്ന് വ്യക്തമല്ല. മധുര മലയാണ്മയുടെ ഗാനാത്മകത, ശബ്ദപ്രാസങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക്, കേരളപ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യാവിഷ്കാരങ്ങള്‍, ദ്രാവിഡവൃത്തമെന്ന ചമ്പുഗദ്യം എന്നിവയുടെ അകമ്പടിയോടെ അലൌകിക സൌന്ദര്യം അലതല്ലുന്ന നായികമാരെ വര്‍ണിക്കലാണ് മൂന്ന് അച്ചീചരിതങ്ങളുടെയും ഉള്ളടക്കം.
ധാരാളം ലഘുകവനങ്ങള്‍ നായികാ വര്‍ണനകളായി, പ്രാചീനമണിപ്രവാളത്തിലുണ്ട്. കാവ്യരൂപത്തിന്റെ സൌകുമാര്യത്തിന് ഉതകുന്ന പരിചിത ജീവിതങ്ങളുടെ അനുഭൂതി മണ്ഡലമാണ് ഒരുതരത്തില്‍ ഈ ദന്തഗോപുരവാസികള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.
കാളിദാസന്റെ മേഘസന്ദേശത്തിന്റെ മാതൃക മണിപ്രവാള കവികളെ വശീകരിച്ചിട്ടുണ്ട്. ശുകസന്ദേശം, ഭ്രമരസന്ദേശം, മയൂരദൂതം, കോകില സന്ദേശം, സുഭഗസന്ദേശം തുടങ്ങിയവ കേരളീയ കവികളുടെ സംസ്കൃത സന്ദേശകാവ്യങ്ങളാകുന്നു. ഉണ്ണുനീലീസന്ദേശം, കോകസന്ദേശം എന്നിവയാണ് ഇക്കാലത്തെ മികച്ച മണിപ്രവാള സന്ദേശകാവ്യങ്ങള്‍. തിരുവനന്തപുരം മുതല്‍ കടുത്തുരുത്തി വരെയുള്ള മാര്‍ഗ വിവരണവും അതിനിടെ കാണാവുന്ന ക്ഷേത്രങ്ങള്‍, ദേവദാസി ഗൃഹങ്ങള്‍ തുടങ്ങിയവയുടെ വര്‍ണനയും സന്ദേശവുമാണ് ഉണ്ണുനീലീസന്ദേശത്തിന്റെ ഉള്ളടക്കം. പൂര്‍ണമായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കോകസന്ദേശത്തില്‍ (1400-ന് അടുത്ത് രചിക്കപ്പെട്ടത്) ചേതിങ്കനാട്ടില്‍ നായികയോടു കൂടി വസിക്കുന്ന നായകന്‍, തന്നെ ഒരു ആകാശചാരി പൊക്കിക്കൊണ്ടുപോകുകയും വെള്ളാട്ടുകരെ വിടുകയും ചെയ്യുന്നത് സ്വപ്നം കാണുന്നു. സ്വപ്നത്തില്‍ത്തന്നെ നായികയ്ക്ക് കോകം വഴി സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. കിട്ടിയ തൊണ്ണൂറ്റാറു ശ്ലോകങ്ങളില്‍ ഗുരുവായൂരിനടുത്തുള്ള വെള്ളാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളുടെ വര്‍ണന കാണാം. ഇക്കാലത്തുതന്നെ നിരവധി സ്ത്രോത്രകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമാണ് ചെല്ലൂര്‍ നാഥോദയം.
ഏതു സംവേദനരീതിയും ചെടിച്ചു പോയാല്‍ അതിനോടുള്ള പ്രതികരണം പ്രതിഭാശാലികളില്‍ നിന്നുണ്ടാകും. സന്ദേശകാവ്യങ്ങളെ പരിഹസിക്കുന്ന കാകസന്ദേശം അത്തരത്തിലുള്ള ഒരു കൃതിയാണ്. എന്നാല്‍ ദേവദാസീസംസ്കാരത്തിന് വിടുപണിചെയ്യുന്ന ഒരു സമൂഹത്തെ മുഴുവന്‍ സമര്‍ഥമായി വിമര്‍ശിക്കുകയും ആഴത്തില്‍ത്തന്നെ പരിഹസിക്കുകയും ചെയ്യുന്ന മണിപ്രവാളകാവ്യമാണ് 1500-ന് അടുത്ത് രചിക്കപ്പെട്ട ചന്ദ്രോത്സവം.
സംസ്കൃത ചമ്പുക്കളുടെ ക്ളാസ്സിക്കല്‍ മാതൃകകള്‍ ആണ് മധ്യകാല മണിപ്രവാളകവികള്‍ പിന്തുടര്‍ന്നത്. സംസ്കൃത ശ്ളോകങ്ങള്‍ പദ്യമെന്നും ദ്രാവിഡവൃത്തത്തിലുള്ളത് ഗദ്യമെന്നും പരിഗണിക്കപ്പെട്ടു. ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും സംസ്കൃതത്തിലും ഉണ്ടെന്നത് കേരളീയ ചമ്പുക്കളുടെ പ്രത്യേകതയാണ്.
മൂന്നു ചമ്പുക്കളാണ് മധ്യകാലമണിപ്രവാളത്തില്‍ ഏറെ ശ്രദ്ധേയം. പുനം നമ്പൂതിരിയുടെ രാമായണംചമ്പു, ഭാരതംചമ്പു, മഴമംഗലം നമ്പൂതിരിയുടെ നൈഷധം ചമ്പു എന്നിവ. ഇരുപതു ഖണ്ഡങ്ങളിലായി രാമായണകഥ പ്രപഞ്ചനം ചെയ്യുന്ന രാമായണം ചമ്പൂപ്രതിഭയുടെ ആഴവും പരപ്പും കൊണ്ട് നിസ്തുലമാണ്. മാനവിക്രമസദസ്സിലെ കവിരാജനായ നമ്പൂതിരിയെ ഭാഷാകവി ആയതുകൊണ്ട് അരക്കവി എന്നാണ് വിളിച്ചിരുന്നത്. പതിനാലു ഖണ്ഡങ്ങളായി ആഖ്യാനം ചെയ്തിട്ടുള്ള ഭാരതം ചമ്പുവും ഇദ്ദേഹത്തിന്റേതുതന്നെ എന്നു വിശ്വസിച്ചുപോരുന്നു. മേല്പുത്തൂര്‍ പതിമൂന്ന് ചമ്പുക്കളും മഴമംഗലം നൈഷധം, രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം എന്നീ നാലു ചമ്പുക്കളും രചിച്ചിട്ടുണ്ട്. നീലകണ്ഠകവിയുടെ തെങ്കൈലനാഥോദയം ചമ്പു വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ്. പുരാണകഥകള്‍ അല്ലാത്ത ചമ്പുക്കളില്‍ പൊതുവേ ഒരു നവ ചമ്പുസംസ്കാരമാണ് നിറഞ്ഞു നില്ക്കുന്നത്. ഭാരതസംസ്കൃതിയോട് കേരള മനസ്സിനെ അടുപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗിക പുരാണമായി ഇതിനെ കണക്കാക്കാം.
ചമ്പൂകവികളെ അത്യന്തം ആകര്‍ഷിച്ച കാവ്യരൂപങ്ങളില്‍ ദണ്ഡകവൃത്തവും മുക്തകങ്ങളും പ്രധാനപ്പെട്ടതാണ്. ഗദ്യങ്ങള്‍ വിവരണാത്മകവും പ്രാസനിര്‍ഭരവും ഹാസ്യപ്രധാനവും പലപ്പോഴും സൂക്ഷ്മനിരീക്ഷണപരവുമാണ്. ഏറെ ശക്തമായിരുന്നു മധ്യകാലചമ്പുക്കളുടെ നവശ്രേഷ്ഠ പ്രഭാവം. ചാക്യാര്‍ കൂത്തിന്റെയും പാഠകത്തിന്റെയും ബന്ധത്തോടെ സുഘടിതമാണ് ഈ കാവ്യ സര്‍ഗാത്മകത.
തുഞ്ചത്തെഴുത്തച്ഛന്‍.
തുഞ്ചത്തെഴുച്ഛന്റെ പേര്‍ രാമന്‍ എന്നാണെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഭൂസ്വത്തിന്റെ രേഖ തെളിയിക്കുന്നു. രാമാനന്ദന്‍ എന്ന് ആശ്രമജീവിതകാലത്ത് സന്ന്യാസനാമം സ്വീകരിക്കാമെന്ന് ചിറ്റൂര്‍ ഗുരുമഠത്തിലെ രാമാനന്ദാഗ്രശാല എന്ന പേരും തെളിവാണ്. അദ്ദേഹം സ്വന്തമായി വാങ്ങി കളരിയും ആശ്രമവും അഗ്രഹാരങ്ങളും വേദശാസ്ത്രപാഠശാലയും സ്ഥാപിച്ച വിപ്ളവാത്മകമായ സാമൂഹിക പരിവര്‍ത്തനത്തിന് വഴിതെളിച്ച് തെക്കേഗ്രാമം കേരളീയന്റെ നവോത്ഥാന ചരിത്രത്തില്‍ സുപ്രധാനമാകുന്നു.
ഭക്തിയുടെ ഉന്നതാശയങ്ങളും സന്ദര്‍ഭങ്ങളും പാമരനു പോലും പ്രയോഗിച്ചു നോക്കാവുന്ന ജപസംസ്കാരത്തോട് സംയോജിപ്പിച്ച് എഴുത്തച്ഛന്‍ കേരളജനതയുടെ ചിന്താസംസ്കാരവും ഭക്തിമാര്‍ഗവും പുനര്‍നിര്‍വചിച്ചു. പണ്ഡിതന്റെയും പാമരന്റെയും ചിന്താമാര്‍ഗങ്ങള്‍ സമന്വയിപ്പിച്ചതാണ് എഴുത്തച്ഛന്റെ ചരിത്രപരമായ സംഭാവന. കേരളമൊട്ടാകെ സ്വീകരിക്കപ്പെടുന്ന ഒരു ഭാഷാന്തരീക്ഷം എഴുത്തച്ഛന്‍ സൃഷ്ടിച്ചു. തെക്കും വടക്കും കണ്ണശ്ശക്കവികള്‍, ചെറുശ്ശേരി തുടങ്ങിയവരുടെ കൃതികളിലൂടെ പ്രാദേശികമായി വളര്‍ന്നുവന്ന ഭാഷയ്ക്ക് സാമാന്യവത്കരണത്തിന്റെ മഹിമ ലഭിച്ചത് എഴുത്തച്ഛന്‍ കൃതികളിലൂടെയാണ്. ഭാഷയ്ക്കും ഭാവത്തിനും ലഭിച്ച നവത്വവും അതിന്റെ സാമാന്യവത്കരണവും അദ്ദേഹത്തിന് 'ഭാഷയുടെ പിതാവ്' എന്ന ആലങ്കാരികപദവി നല്‍കി. സാംസ്കാരിക ബോധത്തിന് സമഗ്രമായ പരിവര്‍ത്തനം വരുത്താന്‍ എഴുത്തച്ഛന്റെ ഭാഷയും കാവ്യവിഷയങ്ങളും സമര്‍ഥമായി.
തുഞ്ചത്തെഴുത്തച്ഛന്‍ അധ്യാത്മരാമായണം, മഹാഭാരതം എന്നിവയുടെ പരിഭാഷ രചിച്ചു. ഉത്തരരാമായണം, ബ്രഹ്മാണ്ഡപുരാണം, ഭാഗവതത്തില്‍ കാളിയമര്‍ദനം വരെയുള്ള ഭാഗങ്ങള്‍, ദേവീമാഹാത്മ്യം, ശതമുഖരാമായണം എന്നിവയും അദ്ദേഹത്തിന്റെ രചനകളാണെന്ന് ഉള്ളൂരിനെപ്പോലുള്ളവര്‍ വിശ്വസിക്കുന്നു. ഹരിനാമകീര്‍ത്തനം എഴുത്തച്ഛന്റെ കൃതിയാണെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. ഇതിഹാസ പരിഭാഷകള്‍ക്കൊപ്പം കേരളം മുഴുവന്‍ പ്രചരിക്കുകയും വിളക്കു വച്ച് വായിക്കപ്പെടുകയും ചെയ്ത കൃതിയാണ് ഹരിനാമകീര്‍ത്തനം. മറ്റൊരു കൃതിക്കും അത്തരം സ്ഥാനം വ്യാപകമായി ലഭിച്ചിട്ടില്ല. ഇത്ര ഭക്തിസാന്ദ്രത എഴുത്തച്ഛന്റെ ഇതിഹാസ തര്‍ജുമകളിലേ കാണുന്നുമുള്ളൂ. ഭക്തിഗൗരവം കൊണ്ട് അവ ഏകകര്‍ത്തൃകമാണെന്ന് വാദിച്ചാല്‍ തെറ്റില്ല.
അധ്യാത്മരാമായണത്തിന് കൂടുതല്‍ ഗാഢമായ ഭാവസംക്രമണം തന്നെ നല്‍കി, കേരളത്തിലെ ഹൈന്ദവ മനസ്സുകളില്‍ രാമപ്രതിഷ്ഠ നടത്തിയത് യഥാര്‍ഥത്തില്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണപരിഭാഷയാണ്. പക്വതയുള്ള ദ്രാവിഡ ശീലുകളില്‍ എഴുതിയ ഈ കിളിപ്പാട്ട് മലയാളിയുടെ ആലാപന സംസ്കാരത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠത വരുത്തിയത് എഴുത്തച്ഛന്റെ ആഖ്യാനഭാഷയാണ്. ആര്‍ജവവും ലാളിത്യവും ഭാവാനുസൃതമായ ആഖ്യാനവൈവിധ്യങ്ങളുമുള്ളതാണ് ആ ഭാഷ.
കവിത്വത്തിന് എഴുത്തച്ഛന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് മഹാഭാരത തര്‍ജുമയിലാണ്. നാനാരസഭാവതരംഗിതവും സംഭവബഹുലവുമായ മഹാഭാരതം മുഖ്യ സന്ദര്‍ഭങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ആഖ്യാന സൌന്ദര്യത്തിന് പോറലേല്പിക്കാതെ അവിസ്മരണീയമായ വേദാന്താശയങ്ങള്‍ വിന്യസിച്ച് സ്വതന്ത്ര ശില്പത്തിന്റെ മൗലികതയോടെ അദ്ദേഹം ഭാഷാന്തരം ചെയ്തു. അധര്‍മവും കലഹവും ഹിംസയും ദുഷിച്ച രാജധര്‍മങ്ങളും നിറഞ്ഞ സമകാലികതയോടെ, ധര്‍മത്തെ, സത്യത്തെ ഈശ്വരനെ പൂജിക്കുക എന്ന ആഹ്വാനമാണ് എഴുത്തച്ഛന്റെ കാവ്യധര്‍മത്തിന്റെ പൊരുള്‍. നിയതാര്‍ഥത്തില്‍ എഴുത്തച്ഛന്റേത് കേരളീയ സമൂഹത്തിന് ലഭിച്ച പിതൃശാസനയാണ്.
കീര്‍ത്തനങ്ങളിലൂടെയും ആത്മനിഷ്ഠമായ കഥാഗാനങ്ങളിലൂടെയും ഏതു പാമരനും ഹൃദ്യമായ ഭക്തി സാഹിത്യം രചിച്ച പൂന്താനത്തെ നമ്പൂതിരിക്കവികളുടെ വൈഷയിക പാപങ്ങള്‍ കഴുകിക്കളഞ്ഞ ശ്രേഷ്ഠ പ്രതിഭയായി പില്ക്കാലത്ത് നാം അറിയുന്നു (കാലം 1547-1640). ഇരുപതിലേറെ ഭക്തി കൃതികള്‍ മലയാളത്തിലും കുറേയെണ്ണം തമിഴിലും പൂന്താനം നമ്പൂതിരി രചിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം ഭഗവദ്ഗീതയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന, ഘനസംഘം, ആനന്ദനൃത്തം തുടങ്ങിയവ ഭക്തിലഹരിയില്‍ സ്വയം മറന്നു പാടിയവയാണ്. നരജന്മത്തിന്റെ മഹത്ത്വവും, അതില്‍ നിറഞ്ഞു നില്ക്കുന്ന ശോകത്തെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹത്തിന്റെ മുഖ്യ ആഖ്യാന വിഷയങ്ങളാകുന്നു. ഭക്തിയും ജ്ഞാനവും മാത്രമല്ല, കര്‍മശുദ്ധിയും ആ കവിതകളിലൂടെ അദ്ദേഹം പഠിപ്പിച്ചു കൊടുക്കുന്നു. തുടര്‍ന്ന് രാമപുരത്തുവാര്യരുടെ (1703-1763) ഏറെ പ്രസിദ്ധമായ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ആത്മാംശഭരിതമായ ഖണ്ഡകാവ്യം വിരചിതമായി. ഈ തത്സമയ കവിത ലളിതവും ഒട്ടേറെ ഭാഗങ്ങള്‍ വികാരവത്തുമാണ്. കുചേലന്റെ ആത്മസംഭാഷണത്തില്‍ കവിയുടെ സ്വന്തം മനസ് നിറഞ്ഞു നില്ക്കുന്നുണ്ടെന്നാണ് ഐതിഹ്യം.
ഇക്കാലത്ത് പണ്ഡിതനായ ഒരു കവി ബൃഹത്തായ ഒരു ഗീതപ്രബന്ധം രചിച്ചത് സാഹിത്യഗവേഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പൊതുവേ പണ്ഡിതോചിതമായ ഭാഷയില്‍ രചിക്കപ്പെട്ട ഗിരിജാകല്യാണം, ക്ലിഷ്ട കല്പനകളുടെ പ്രദര്‍ശന ശാലയാണ്. അപൂര്‍വമാണ് ഇത്തരം ഒരു കാവ്യോദ്യമം എന്ന് ഈ ഗീതപ്രബന്ധത്തെ വിലയിരുത്താതെ വയ്യ.
ക്രൈസ്തവഭവനങ്ങളില്‍ പാരായണം ചെയ്തിരുന്ന പുത്തന്‍പാന (അര്‍ണോസ്പാതിരി രചിച്ചത്) ക്രൈസ്തവ ഭക്തിഗാഥയിലെ ഏറ്റവും മികച്ച പൂര്‍വിക കൃതിയാണ്. ചേകോട്ടാശാന്‍, ചാക്കോമാപ്പിള തുടങ്ങി കേരളീയ കവികളും ക്രൈസ്തവ ഭക്തി പോഷിപ്പിച്ചവരാണ്.
കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടം, കോട്ടയത്ത് തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിര്‍മീരവധം, കാലകേയവധം എന്നിവ കഥകളിയുടെ വികാസപരിണാമങ്ങളുമായി ബന്ധപ്പെട്ട ആട്ടക്കഥകളാണ്. നാട്യപോഷണത്തിന് യുക്തമായ രചനകളാണ് കോട്ടയം കഥകള്‍.
എന്നാല്‍ സാഹിത്യകൃതി എന്ന നിലയ്ക്ക് ഉണ്ണായിവാര്യരുടെ നളചരിതത്തിനുള്ള ഔന്നത്യം മറ്റൊരു ആട്ടകഥയ്ക്കുമില്ല. അത് നാട്യകൃതി മാത്രമല്ല സാഹിത്യകൃതിയും കൂടിയാണ്. 'വെങ്കലഭാഷ' എന്നാണ് നളചരിതഭാഷയെ ഏ.ആര്‍. രാജരാജവര്‍മ വിശേഷിപ്പിച്ചത്. നാലു ദിവസമായി ആടാന്‍ സംവിധാനം ചെയ്ത ഈ ആട്ടക്കഥ ഭാഷയുടെ ഉച്ഛൃംഖലത കൊണ്ട് അഭിനയ കലാകാരന്മാരെ വിഷമിപ്പിക്കും. എന്നാല്‍ കഥാപാത്രങ്ങളുടെ ഹൃദയാന്തരാളത്തിലേക്ക് ഇത്രയേറെ കടന്നുചെന്ന ഒരു കവിയില്ലെന്ന് ഇതിന്റെ വ്യാഖ്യാനതലങ്ങള്‍ നമ്മെ അനുഭവപ്പെടുത്തുന്നു. മലയാളിയുടെ ശാകുന്തളമാണിതെന്ന് മുണ്ടശ്ശേരി പ്രശംസിക്കുമ്പോള്‍ ഈ കൃതിയുടെ ഭാവഗൗരവമാണ് നിര്‍ദേശിക്കപ്പെടുന്നത്. ശ്ലോകങ്ങള്‍ക്ക് മലയാളിത്തവും ഊര്‍ജസ്വലതയും നല്കുന്നതില്‍ മാത്രമല്ല, വിവിധ രസങ്ങള്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍ ആവിഷ്കരിക്കുന്നതിലും ഉണ്ണായിവാര്യര്‍ മഹാകവിത്വം കാണിച്ചു.
കാര്‍ത്തികതിരുനാള്‍, അശ്വതിതിരുനാള്‍, ഇരയിമ്മന്‍തമ്പി തുടങ്ങിയവര്‍ ആട്ടക്കഥാകൃത്തുകളെന്ന യശസ്സ് ഇന്നും കൂടുതല്‍ പരിവേഷത്തോടെ നിലനിര്‍ത്തുന്നു. നരകാസുരവധം (കാര്‍ത്തികതിരുനാള്‍), പൂതനാമോക്ഷം, അംബരീക്ഷചരിതം, രുക്മിണീ സ്വയംവരം, പൗണ്ഡ്രകവധം (അശ്വതി തിരുനാള്‍) കീചകവധം, ദക്ഷയാഗം, ഉത്തരാസ്വയംവരം (ഇരയിമ്മന്‍തമ്പി) എന്നിവ ഇന്നും നാട്യരംഗത്ത് സജീവമായ ആട്ടക്കഥകളാണ്. ഇരയിമ്മന്‍തമ്പി ഗാനലയസംവിധമായ തന്റെ രചനകള്‍ കൊണ്ട് ഉണ്ണായി വാര്യര്‍ക്ക് സമശീര്‍ഷനായി നില്ക്കുന്നു. കൊച്ചിയിലെ വീരകേരളവര്‍മ തന്നെ നൂറോളം ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്. ഹൈന്ദവപുരാണങ്ങള്‍ പോലെ ക്രൈസ്തവപുരാണങ്ങളും മറ്റു ക്ലാസ്സിക്കുകളും കഥാവിഷയമായിട്ടുണ്ട്.
കുഞ്ചന്‍ നമ്പ്യാര്‍.
ഭക്തി, ശൃംഗാരം, ഹാസ്യം ഇവയെ കേന്ദ്രീകരിച്ചാണ് മലയാള കവിതാചരിത്രം രൂപപ്പെട്ടത്. കവിതയില്‍ ഹാസ്യസംസ്കാരത്തിന് ശക്തമായ അടിത്തറയിട്ടത് കലക്കത്ത് കുഞ്ചന്‍ നമ്പ്യാരാണ്. സമകാലികതയുടെ സമ്പര്‍ക്കം നല്‍കി അദ്ദേഹം പുരാണകഥകളെയും കഥാപാത്രങ്ങളെയും പുനരാവിഷ്കരിച്ചു. അന്നത്തെ കേരളത്തിന്റെ അവസ്ഥകളെ ധര്‍മപ്രേരണ കൊണ്ട് കൂര്‍ത്ത പരിഹാസത്തോടെ അവതരിപ്പിക്കാനാണ് അദ്ദേഹം തന്റെ തുള്ളലുകള്‍ വഴി ഉദ്യമിച്ചത്. തുള്ളലിന് നമ്പ്യാര്‍ നല്‍കിയ വിഭജനം തന്നെ അദ്ദേഹത്തിന്റെ പരിപ്രേക്ഷ്യം വിശദമാക്കും. ശീതങ്കന്‍ തുള്ളല്‍, ഓട്ടന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍ എല്ലാം അധഃസ്ഥിതവര്‍ഗങ്ങളുമായി ബന്ധപ്പെട്ടത്. ഊഴിയില്‍ ചെറിയവര്‍ക്കൊപ്പം നിന്ന പൂര്‍വികരായ പാട്ടുകാരെക്കാള്‍ സാമൂഹിക പരിഷ്കരണം ദൃഢലക്ഷ്യമാക്കിയ നമ്പ്യാര്‍ പൗരാണിക സാംസ്കാരിക ഭാവങ്ങളെ ഉടച്ചു വാര്‍ത്ത് സമകാലികതയ്ക്കുവേണ്ട കരുക്കള്‍ സൃഷ്ടിച്ചു. കേരളീയനില്‍ പഴഞ്ചൊല്ലു പോലെ, സൂത്രവാക്യങ്ങള്‍ പോലെ, അവ എന്നും നിലനില്ക്കുന്നു. കണ്ണടച്ചു പ്രാര്‍ഥിക്കാനല്ല, കണ്ണും ചെവിയും തുറന്ന് ചുറ്റുമുള്ള കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യാനാണ് അദ്ദേഹം നിഷ്കര്‍ഷിച്ചത്. അതിനു അനുയോജ്യമായ ഭാഷയും ആഖ്യാനരീതിയും അദ്ദേഹം ബോധപൂര്‍വം തെരഞ്ഞെടുത്തു.
ഉണ്ണായി വാര്യര്‍
കുഞ്ചന്‍ നമ്പ്യാര്‍
പില്ക്കാലത്ത് തുള്ളലുകള്‍ രചിച്ചവര്‍ക്ക് കുഞ്ചന്‍നമ്പ്യാരുടെ പ്രതിബദ്ധത ഉണ്ടായിരുന്നില്ല. അതിനാല്‍ അവരുടേത് അനുകരണങ്ങള്‍ മാത്രമായി.
കേരളീയ സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക ഗാനരീതി രൂപപ്പെട്ടു: കൈകൊട്ടിക്കളിപ്പാട്ട് അഥവാ തിരുവാതിരക്കളിപ്പാട്ട്. ഇതില്‍ ഏറെ കേമനായ കവി പണ്ഡിതനും ജ്യോത്സ്യനുമായ മച്ചാട്ട് ഇളയതാണ്. രണ്ടു വൃത്തം മുതല്‍ ഇരുപത്തിനാലു വൃത്തം വരെയുണ്ട് ഈ ഗാനങ്ങള്‍. പുരാണകഥകള്‍ പലതും കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് ഇത്തരം ഗാനങ്ങളായി ലഭിച്ചിട്ടുണ്ട്. 'ഓടും നരപതി', 'കല്യാണി കളവാണി' തുടങ്ങിയ മച്ചാട്ടിന്റെ പാട്ടുകള്‍ അവിസ്മരണീയങ്ങളാകുന്നു.
വാഗ്ഗേയകാരനായ സ്വാതിതിരുനാളിന്റെ നിരവധി ശാസ്ത്രീയ രചനകള്‍, ഇരയിമ്മന്‍തമ്പിയുടെ രസ നിഷ്യന്ദിയായ ഗാനങ്ങള്‍ എന്നിങ്ങനെ മികച്ച ഭാവകാവ്യങ്ങളുടെ ഗാനരൂപങ്ങള്‍ ഇക്കാലത്ത് രചിക്കപ്പെട്ടത് ഇന്നും ആസ്വാദകരില്‍ സജീവമാണ്. കവികളുടെ വിനോദത്തില്‍പ്പെട്ട മുക്തകങ്ങള്‍ക്കും ഒരു സദസ്സുകിട്ടി. ഒരു പരിധിവരെ കവിത ചൊല്ലുന്നതിന്റെ ഭംഗി സംരക്ഷിക്കുന്ന അക്ഷരശ്ളോകസദസ്സ് മലയാള കവിതാ ചരിത്രത്തില്‍ വിസ്മരിക്കാവുന്നതല്ല.
ഭാഷയുടെയും സാഹിത്യത്തിന്റെയും ഭാവപരിണാമത്തിന് വ്യത്യസ്തമായ ചില ചരിത്രഗതികള്‍ ഇവിടെ സംക്ഷിപ്തമായി പ്രതിപാദിക്കേണ്ടിയിരുന്നു. അച്ചടിക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായത് ഗ്രന്ഥപ്രസാധനത്തിന് ആക്കം കൂട്ടി. സാഹിത്യത്തിലും വൈജ്ഞാനിക മേഖലയിലും സാമൂഹികതലത്തിലും ഇംഗ്ലീഷ്ഭാഷയും സാഹിത്യവുമായുള്ള സമ്പര്‍ക്കങ്ങള്‍ മനോവ്യതിയാനങ്ങള്‍ സൃഷ്ടിച്ചു. മതേതരമായ സാഹിത്യത്തിലേക്ക് പതുക്കെയെങ്കിലുമുള്ള മാറ്റം ഇതിന്റെ ഫലമാണ്.
ഇവിടെ ആദ്യം പരിചയപ്പെടേണ്ടത് വെണ്മണി പ്രസ്ഥാനമാണ്. സംസ്കൃത മേല്‍ക്കോയ്മയില്‍ നിന്ന് ഉപരിവര്‍ഗ കവികള്‍ തന്നെ സാധാരണക്കാരുടെ ഭാഷാ ശൈലിയിലേക്ക് വഴിമാറിയതിന് സാക്ഷ്യം വഹിച്ച പ്രസ്ഥാനമാണിത്. ഇവരില്‍ ചിലര്‍ മുക്തകങ്ങളില്‍ റിയലിസ്റ്റിക്കായ ചിത്രങ്ങള്‍ ആവിഷ്കരിച്ചു. ചേലപ്പറമ്പു നമ്പൂതിരിയാണ് ഈ പ്രവണതയുടെ മുന്‍ഗാമി. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ കളരിയിലാണ് ഈ കാവ്യകലയുടെ സമൃദ്ധ കേളികള്‍ ഉണ്ടായത്. പാണ്ഡിത്യം തുടികൊട്ടിനിന്ന പശ്ചാത്തലത്തില്‍ ജന്മവാസനകൊണ്ട് അനുഗൃഹീതരായ പൂന്തോട്ടം നമ്പൂതിരിയും വെണ്മണി അച്ഛനും മഹനും ഈ കാവ്യരീതിക്ക് ഉന്മേഷം നല്‍കി. പ്രത്യേകിച്ച് മഹന്‍ നമ്പൂതിരി. തൃശൂര്‍പ്പൂരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പൂരപ്രബന്ധം ശ്രദ്ധേയമാണ്. കവിതയില്‍ ഒന്നാംതരം തൂലികാചിത്രങ്ങള്‍ ഇക്കാലത്ത് ആവിഷ്കരിക്കപ്പെട്ടു. കയ്പവള്ളിക്കുഞ്ഞുങ്ങളെ ആവിഷ്കരിച്ച അന്നത്തെ കവിയും, കയ്പവല്ലരിയെയും കാക്കയെയും സ്നേഹിച്ച ആധുനിക കവിയും സൗന്ദര്യസദാചാരത്തിന്റെ സമാനതയാണ് വെളിപ്പെടുത്തുന്നത്. ഭക്തിയും ശൃംഗാരവും വാത്സല്യവുമെല്ലാം കോരിവിളമ്പിയവരാണ് വെണ്മണികള്‍. പ്രതിപാദ്യത്തിന് ആത്മനിഷ്ഠത നല്‍കാന്‍ ഏതവസരത്തിലും അവര്‍ ശ്രദ്ധിച്ചു.
ഇതേ ആഖ്യാന പരിസരത്തില്‍ വളര്‍ന്ന പ്രവണതകള്‍ ഏറെയാണ്. സംസ്കൃത മഹാകാവ്യത്തിന്റെ രൂപശില്പത്തിലുള്ള രാമചന്ദ്രവിലാസം (അഴകത്ത് പദ്മനാഭക്കുറുപ്പ്) തുടക്കമിട്ട മഹാകാവ്യപ്രസ്ഥാനം പാണ്ഡിത്യത്തിന്റെ പക്ഷപാതത്തില്‍ വളര്‍ന്നു വന്നു. കവിപക്വാവലി, കവിപുഷ്പമാല, കവിഭാരതം, കവി മൃഗാവലി, കവിപക്ഷിമാല തുടങ്ങിയവ പില്ക്കാലത്ത് സ്വതന്ത്രകാലഘട്ടവുമായി ബന്ധപ്പെട്ട നേതാക്കളെ വിലയിരുത്താനും കവികള്‍ മാതൃകയാക്കിയിട്ടുണ്ട്. കാവ്യസമസ്യകള്‍, കൂട്ടുകവിത, പദ്യത്തിലുള്ള കത്തെഴുത്തുകള്‍, ദ്രുതകവിതകള്‍, പച്ചമലയാളം, പ്രാസവാദം, വലിയകോയിത്തമ്പുരാന്‍ തുടങ്ങിവച്ച സംസ്കൃത നാടക തര്‍ജുമ, കവിസമാജപ്രവര്‍ത്തനങ്ങള്‍, ഒറ്റശ്ലോകങ്ങളുടെ പെരുപ്പം ഇവയെല്ലാം സാഹിത്യാന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. എന്നാല്‍ പ്രതിഭയുടെ ഉത്തുംഗത പ്രകാശിതമായത് ഏകഹസ്തനായി വെറും ഇരുപത്തിയൊമ്പതു മാസം കൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വഹിച്ച മഹാഭാരതം തര്‍ജുമയിലാണ് (1906). ക്ലേശപൂരിതമായ ഇത്തരമൊരു ഏകാന്തശ്രമം വള്ളത്തോളും നടത്തിയിട്ടുണ്ട്. വാല്മീകി രാമായണ തര്‍ജുമ (1907), ഉമാകേരളം, മയൂരസന്ദേശം, കേശവീയം, ശ്രീയേശുവിജയം, വേദവിഹാരം, കോമപ്പന്‍ എന്നിങ്ങനെ കാലഘട്ടത്തെ അതിജീവിക്കുന്ന കാവ്യങ്ങള്‍ അക്കാലത്ത് ആവിര്‍ഭവിച്ചു. കേരളവര്‍മയുടെ കാലത്തു തന്നെ മുളപൊട്ടിയിരുന്ന പ്രവണതകള്‍ കാല്പനികതയുടെ വികാസഘട്ടത്തിലെത്തിയപ്പോള്‍ മലയാള കവിതയ്ക്ക് പുനര്‍ജന്മം ലഭിച്ചതുപോലെയായി.
ഭാഷയുടെ വ്യാകരണത്തിനും അലങ്കാര ദര്‍ശനത്തിനും സാഹിത്യ നിരൂപണത്തിനും രൂപബന്ധിതമായ രചനകളില്‍ നിന്നുള്ള വിടുതലിനും ആശയപരമായ പിന്തുണ നല്‍കിയ ഏ.ആര്‍. രാജരാജവര്‍മയാണ് പൂര്‍ണാര്‍ഥത്തിലുള്ള ഒരു മൗലിക കാല്പനിക ഖണ്ഡകാവ്യം ഭാഷയില്‍ ആദ്യമായി രചിച്ചത്; 'മലയവിലാസം' എന്ന കവിത (1895). കേശവപിള്ളയുടെ ആസന്നമരണ ചിന്താശതകം, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരു വിലാപം, എം. രാജരാജവര്‍മയുടെ പ്രിയ വിലാപം, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം, ആശാന്റെ വീണപൂവ് എന്നിങ്ങനെ ഇംഗ്ലീഷിലെ 'എലിജി'യുടെ രൂപമാതൃകയും ഭാവസാന്ദ്രതയും ആവാഹിച്ചുകൊണ്ട് ഒട്ടേറെ കവിതകള്‍ ഇക്കാലത്ത് ഉണ്ടായി. പ്രകൃത്യുപാസനയുടെ ആദ്യമാതൃകയായിരുന്നു വി.സി.യുടെ വിശ്വരൂപം. കാലത്തെയും വ്യാഖ്യാനങ്ങളെയും വീണപൂവാണ് ഏറെ ആകര്‍ഷിച്ചത്. മനുഷ്യന്റെ ദുഃഖം മാനുഷികം മാത്രമല്ലെന്നും അത് പ്രകൃതിയിലെ ചരാചരങ്ങള്‍ ഏതിനോടും ബന്ധപ്പെട്ടതും അനിവാര്യവുമായ അനുഭവമാണെന്നും നിസ്സഹായമായി നാം അതിനെ നേരിട്ടേ പറ്റൂ എന്നും വീണപൂവ് പ്രബോധിപ്പിക്കുന്നു. ഈ മൃത്യുകാവ്യങ്ങളുടെ പ്രാധാന്യം മൃതിയെ മറികടക്കാനുള്ള ദാര്‍ശനികത അവയില്‍ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ്.
കുമാരനാശാന്‍.
ശ്രീ നാരായണഗുരുവിന്റെ ആത്മീയ ദര്‍ശനം കേരളീയനെ വിപ്ളവകരമായി സ്വാധീനിച്ചതിന്റെ കാവ്യപ്രഭാവമാണ് ആധുനിക കവിത്രയമെന്ന് അറിയപ്പെടുന്നവരില്‍ മുന്‍പനായ കുമാരനാശാന്‍. രതിയും വിരതിയും ഏറ്റവും ഉന്നതമായ ആത്മീയതയോടെ അദ്ദേഹത്തിന്റെ കവിതയ്ക്ക് ഭാവമായി. നളിനിയും ലീലയുമാണ് ഈ നിലയ്ക്ക് ശ്രദ്ധാര്‍ഹമായ കൃതികള്‍. ജാതിഭേദങ്ങള്‍ കൊണ്ടു കലുഷിതമായ സാമൂഹ്യനീതിക്കെതിരെ കേരളീയ പശ്ചാത്തലത്തില്‍ ദുരവസ്ഥയും ഭാരതീയ പശ്ചാത്തലത്തില്‍ ചണ്ഡാലഭിക്ഷുകിയും അദ്ദേഹം രചിച്ചു. സ്ത്രീശാക്തീകരണത്തിന്റെ നാവായി ചിന്താവിഷ്ടയായ സീത.ഏതു രീതിയിലും പൊട്ടിവിടരുന്ന സത്യാന്വേഷണത്തിന്റെ ആത്മസമര്‍പ്പണമാണ് കരുണയിലെ പ്രതിപാദ്യം. നിലവിലുള്ള കാവ്യാന്തരീക്ഷത്തെ സമഗ്രമായി മാറ്റിമറിക്കാനും കവിതയെഴുത്ത് വിനോദമല്ല, ആത്മസമര്‍പ്പണവും പരിഷ്കൃതിയുടെ ആയുധവുമാണെന്ന് ബോധ്യപ്പെടുത്താനും ആശാന് കഴിഞ്ഞു. ആത്മീയ വിപ്ലവത്തിന്റെ പാഠങ്ങളാണ് അദ്ദേഹം പ്രബോധിപ്പിച്ചത്. മലയാള കവിതയ്ക്ക് കവിത്രയത്തോടെ സംഭവിച്ച പരിവര്‍ത്തനത്തിന് ശക്തമായ അടിത്തറ കുമാരനാശാന്റെ കവിതകളാണ്.
കുമാരനാശാന്‍ ഉള്ളൂര്‍ എസ്. ജി.ശങ്കരക്കുറുപ്പ് വള്ളത്തോള്‍ പരമേശ്വരയ്യര്‍ |
വള്ളത്തോള്‍.
കവിത്രയത്തിലെ മറ്റൊരു കവി വള്ളത്തോള്‍ നാരായണമേനോനാണ്. ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ ഗാന്ധിയുഗം ആരംഭിച്ചതോടെ മഹാത്മാഗാന്ധിയുടെ ഉറച്ച അനുയായി യായി മാറിയ അദ്ദേഹത്തിന്റെ ഭാവകവിതകളുടെ സമാഹാരമാണ് സാഹിത്യമഞ്ജരി. മതസമന്വയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഷയമായിരുന്നു. അവയെല്ലാം ദേശീയ പ്രബുദ്ധതയുടെ ഭാഗമായി ഗാന്ധിജി സ്വപ്നം കണ്ടതാണ്. ഗാന്ധിജിയുടെ വ്യക്തിത്വവും കര്‍മപരിപാടികളും, സത്യം, അഹിംസ, സമരരീതികള്‍, സാമൂഹികപരിപ്രേക്ഷ്യം എന്നിവകളും വള്ളത്തോളിന്റെ കാവ്യശേഖരത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരുന്നു. കവിത്രയത്തിലെ ഈ കവി തൊട്ടുമുമ്പുള്ള നിയോക്ലാസ്സിക് കാവ്യസംസ്കാരം ഉള്‍ക്കൊണ്ട്, പിന്നെ അതില്‍ നിന്ന് കുതറിമാറി റൊമാന്റിക്കായി സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ തെളിഞ്ഞ പാട്ടുകാരനായി.
കഥകളിയും മോഹിനിയാട്ടവും അഭ്യസിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സ്ഥാപനമെന്ന നിലയ്ക്ക് ഇന്ന് വികസിച്ചു കഴിഞ്ഞിട്ടുള്ള കേരളകലാമണ്ഡലം വള്ളത്തോളിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്. മഗ്ദലനമറിയവും കൊച്ചുസീതയും എഴുതിയ ഈ കവി മതേതര കവിതകള്‍ കൊണ്ട് മലയാളിയെ ഏറെ സ്വാധീനിക്കുകയും ചെയ്തു.
ഉള്ളൂര്‍.
കവിത്രയത്തിലെ മൂന്നാമന്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ആണ്. പാണ്ഡിത്യം സര്‍ഗാത്മകതയ്ക്കെതിരാകുമെന്ന വാദത്തിന് പലപ്പോഴും ഉദാഹരിക്കപ്പെടാവുന്ന കവി. എന്നാല്‍ സാംസ്കാരിക ചരിത്രത്തില്‍ ദത്തശ്രദ്ധനായ ഈ കവിയുടെ ജ്ഞാനകുബേരത്വവും പദകുബേരത്വവും മലയാളത്തിലെ മറ്റൊരു കവിക്കും ഇത്ര വരപ്രസാദമായി ലഭിച്ചിട്ടില്ല. പുരാണങ്ങളിലെ ധാര്‍മിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ നിരവധി കവിതകളുടെ ഉള്ളടക്കങ്ങളായി. മഹാകാവ്യവും ചമ്പുവും ഖണ്ഡകാവ്യങ്ങളും ഭാവഗീതങ്ങളും മുക്തകങ്ങളും അദ്ദേഹത്തിന്റെ കാവ്യരചനകളില്‍പ്പെടുന്നു. അക്കാലത്തെ സാഹിത്യ സംവാദങ്ങളിലും, സാഹിത്യ ചരിത്രസംവാദങ്ങളിലും ഭാഷാ സംവാദങ്ങളിലും നിര്‍ണായകമായ പങ്ക് ഉള്ളൂര്‍ വഹിച്ചിട്ടുണ്ട്. വികാരവത്തായ കവിതയും തനിക്കു രചിക്കാനാകുമെന്ന് പ്രേമസംഗീതത്തിലൂടെ തെളിയിച്ച ഈ കവി ക്ഷേത്രപ്രവേശനവിളംബരത്തെ അനുകൂലിച്ചും കവിതയെഴുതി. അഗാധമായ ഇംഗ്ലീഷ് പരിജ്ഞാനം 'കവിത വിവേകപൂര്‍ണമായ സംവാദമാണെ'ന്ന ബോധം ഇദ്ദേഹത്തില്‍ ജനിപ്പിച്ചു.
കവിയും പണ്ഡിതനും വൈദ്യനും ഗുഢശാസ്ത്രനിപുണനുമായ കരിപ്പാടുമാമന്‍ കുരുക്കള്‍ വിവിധ രാമായണ കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി പാന, കേക, കാകളി എന്നീ വൃത്തങ്ങളില്‍ രചിച്ച നവീനരാമായണം ഹൈന്ദവ ഭക്തിയുടെ സാഫല്യം എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്ന് വിശ്വസിച്ച കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, രാവണായനവാദക്കാരനായ പള്ളത്തുരാമന്‍, കവികുലഗുരുവെന്ന് ബഹുമാനിക്കപ്പെട്ട പി.വി. കൃഷ്ണവാര്യര്‍, കണ്ണുനീര്‍ത്തുള്ളിയുടെ കര്‍ത്താവായ നാലപ്പാട്ടു നാരായണമേനോന്‍ ടാഗൂര്‍ ദര്‍ശനത്തിന്റെ സാരം ഉള്‍ക്കൊണ്ട് ഗീതങ്ങളുടെയും മുക്തകങ്ങളുടെയും കാവ്യവര്‍ഷം പൊഴിച്ച, മിസ്റ്റിക് മയക്കമുള്ള കെ.കെ. രാജാ, സ്വാതന്ത്ര്യകാല കവിതകള്‍ കൊണ്ട് ശ്രദ്ധേയനായ വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, തുളസീദാസ രാമായണം തര്‍ജുമ ചെയ്ത വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയ ഒട്ടേറെപ്പേര്‍ കവിത്രയകാലത്തെ പോഷിപ്പിച്ച കവികളാണ്.
ജി. ശങ്കരക്കുറുപ്പിന്റെ തലമുറ.
ജി. ശങ്കരക്കുറുപ്പിന്റെ സര്‍ഗാത്മക തലമുറ മലയാള കവിതയിലെ അര്‍ഥപൂര്‍ണമായ കാല്പനികതയ്ക്ക് ഊര്‍ജം നല്‍കി. മതനിരപേക്ഷമായ മിസ്റ്റിസിസം, ഫ്രഞ്ചുസിംബലിസ്റ്റുകളുടെ ഓര്‍മ ഉണര്‍ത്തുന്ന ഇമേജറിയുടെ മായാപ്രവാഹങ്ങള്‍, സയന്‍സ് കണ്ടെത്തുന്ന പ്രകൃതി ദര്‍ശനങ്ങള്‍, വിശ്വസംസ്കാരത്തെ ഭീഷണിപ്പെടുത്തുന്ന ഹിംസദര്‍ശനങ്ങളുടെ ഭീഷണമുഖങ്ങള്‍, സ്വാതന്ത്ര്യഗാഥകള്‍ ഇവയെല്ലാം ഇഴയടുപ്പമേറിയ രചനകളില്‍ അദ്ദേഹം ആവിഷ്കരിക്കുന്നു. ബുദ്ധിയുടെയും വികാരത്തിന്റെയും വിപുലമായ സാംസ്കാരികാന്തരീക്ഷത്തില്‍ ജീവിച്ച ജി. യുടെ ഭാഷയും ചിന്തയും പരിഷ്കൃതമായ കാവ്യസന്ദേശത്തിന്റെ ഭാഗമാണ്. ആദ്യത്തെ ജ്ഞാനപീഠ ഉപലബ്ധിയോടെ ഇന്ത്യന്‍ കവികളിലൊന്നാമനായി പരിഗണിക്കപ്പെട്ട ജി. മലയാളകവിതയിലെ ഭാവ പരിഷ്കൃതിയുടെ ഏറ്റവും മികച്ച ശക്തിസ്പന്ദമാകുന്നു. ഭാവാത്മകതയ്ക്കൊപ്പം ഗീതം, ഗീതകം, സ്വഗതാഖ്യാനം തുടങ്ങിയ ഭാവഗീതമാതൃകകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിച്ചതും ജി.യുടെ സര്‍ഗാത്മക രചനകളാണ്.
പി.കുഞ്ഞിരാമന്‍ നായര്‍ |
ബാലാമണിയമ്മ | ലളിതാംബിക അന്തര്‍ജനം | ഇടപ്പള്ളി രാഘവന്‍പിള്ള | ചങ്ങമ്പുഴ കൃഷ്ണപിള്ള |
പാലാ നാരായണന്‍ നായര്‍ | വൈലോപ്പിള്ളി | ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ | അക്കിത്തം അച്യുതന്‍ നമ്പൂതിരി | ഒ.എന്‍.വി.കുറുപ്പ് |
അയ്യപ്പപണിക്കര്‍ | എന്‍.എ. കാക്കനാട് | ഡി. വിനയചന്ദ്രന്‍ | മധുസൂദനന്‍ നായര്‍ | എ.അയ്യപ്പന്‍ |
കടമ്മനിട്ട രാമകൃഷ്മന്‍ | സുഗതകുമാരി | കെ.ജി.ശങ്കരപിള്ള | ബാലചന്ദ്രന്‍ ചുള്ളിക്കാട് |
അലയാന്‍ നിയോഗിക്കപ്പെട്ട കവിയായ പി. കുഞ്ഞിരാമന്‍ നായരാണ് ജി. യുടെ മഹത്ത്വത്തിനൊപ്പം നിന്ന മറ്റൊരു പ്രതിഭ. അനാദികാലം മുതലേ മനുഷ്യന്‍ അനുഭവിക്കുന്ന തീര്‍ഥയാത്രാബോധവും നഷ്ടസ്വര്‍ഗഭാവവും പി.യുടെ ജീവിതത്തിലും കവിതയിലും നിറഞ്ഞു നില്ക്കുന്നു. കളിയച്ഛനാണ് പി.യുടെ ഏറ്റവും പ്രസിദ്ധ കവിത. തീവ്രമായ പാപബോധത്തില്‍ നിന്ന് ശാന്തിക്കുവേണ്ടി പ്രകൃതിയെ പ്രാപിക്കുന്ന ഒരു ഗുരുനിന്ദകന്റെ ആത്മഭാവമാണത്. നരബലി എന്ന കവിത നന്മയുടെ തീവ്രശക്തിക്കുവേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ത്വരകൊള്ളുന്ന മനസ്സിന്റെയും 'ചെമ്പകാശോകപുന്നാഗസൗഗന്ധികസുമ'ങ്ങളാല്‍ അലങ്കൃതമായ ദേവി, കവിയുടെ വിളിപ്പാട്ടിലുണ്ട്. ഭൗതിക ദുഃഖങ്ങളിലാണ്ടുമുങ്ങുമ്പോഴും കവിതയെഴുത്ത് ഉന്നതമായ ഒരു ദൗത്യമാണെന്ന് കുറവനും കിളിയും എന്ന കവിതയില്‍ കവി ധ്വനിപ്പിക്കുന്നു. പൂക്കളം, രഥോത്സവം എന്നിവയില്‍ സമാഹരിച്ചിട്ടുള്ള കവിതകള്‍ സമകാലികജീവിതത്തിന്റെ മൂല്യച്യുതിക്കെതിരെ ശക്തി ജ്വാല വഹിക്കുന്ന ധര്‍മരോഷത്തിന്റെകൂടി കവിതയാണ്.
സ്ത്രീമനസ്സിന്റെ അമൃതധാരയാണ് ബാലാമണിയമ്മയുടെ കവിത. പ്രപഞ്ചത്തിന്റെ അമ്മയായിത്തീരുക എന്ന ദിവ്യഭാവം അവരുടെ കവിതകളുടെ ശക്തിയാകുന്നു. അമ്മ, കുടുംബിനി, മുത്തശ്ശി, വെയിലാറുമ്പോള്‍ എന്നീ കവിതാനാമങ്ങള്‍ തന്നെ താന്‍ കടന്നുപോന്ന അവസ്ഥകളുടെ പ്രതികരണഭാവങ്ങളാണ്. 'മാതൃത്വത്തിന്റെ കവയിത്രി' എന്നവര്‍ അറിയപ്പെടുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജ, മേരി ജോണ്‍ കൂത്താട്ടുകുളം, കടത്തനാട്ട് മാധവിയമ്മ, മുതുകുളം പാര്‍വതി അമ്മ, ലളിതാംബിക അന്തര്‍ജനം തുടങ്ങിയവരാണ് അവരുടെ സമകാലികരായ കവയിത്രികളില്‍ ചിലര്‍.
റൊമാന്റിസിസത്തിന്റെ സ്വപ്നാത്മകതയില്‍ മുങ്ങിയ കവികളാണ് ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും. കേരളീയന്റെ മനസ്സില്‍ ഏറ്റവും കൂടുതല്‍ കടന്നു ചെന്ന, ചങ്ങമ്പുഴയുടെ കാവ്യമാണ് രമണന്‍. യുദ്ധകാലത്തിന്റെ ദീനതയും വിഷാദാത്മകമായ യൗവനവികാരങ്ങളും മരണാഭിമുഖ്യവുമൊക്കെ അവരുടെ കൃതികളില്‍ നിറഞ്ഞുതുളുമ്പി. ചങ്ങമ്പുഴ വിശ്വസാഹിത്യംകൊണ്ട് മനസ്സു നിറച്ച പ്രതിഭയായിരുന്നു. ഇത്രയേറെ അനുയായികളെ സൃഷ്ടിച്ച മറ്റൊരു കവിയില്ല. ഇടപ്പള്ളിയുടെ ഏറ്റവും വിഖ്യാതമായ കാവ്യം മണിനാദമാണ്. ചങ്ങമ്പുഴയാകട്ടെ ബാഷ്പാഞ്ജലി തൊട്ട് നീറുന്ന തീച്ചൂള വരെ വിലാപവും വിപ്ലവവും ഹാസ്യവും പ്രണയവും ഉന്മത്തതയും തികഞ്ഞ നാല്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു.
പാലാ നാരായണന്‍ നായര്‍, കെ.എസ്.കെ. തളിക്കുളം, വി.വി.കെ. നമ്പ്യാര്‍, ബോധേശ്വരന്‍, പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചങ്ങമ്പുഴയുടെ കാവ്യപരിസരത്ത് ജീവിച്ചവരാണ്. അതേ പരിസരത്ത് ജീവിച്ചിട്ടും വ്യക്തിത്വത്തോടെ കാവ്യഗതി മാറ്റിയ പ്രമുഖകവി വൈലോപ്പിള്ളിയാകുന്നു.
വൈലോപ്പിള്ളിയെ മലയാള കവിതയിലെ 'സംക്രമപുരുഷന്‍' എന്നു വിശേഷിപ്പിക്കാറുണ്ട്. 'നെഞ്ചുകീറിക്കാട്ടുന്ന നേരാണ്' അദ്ദേഹത്തിന് കവിത. കുടിയൊഴിയല്‍ എന്ന കൃതിയില്‍ മധ്യവര്‍ഗത്തിന്റെ വിപ്ളവബോധവും വിഷാദവും അദ്ദേഹം ആവിഷ്കരിച്ചു. 'കാച്ചിക്കുറുക്കിയ കവിത'കളാണ് വൈലോപ്പിള്ളിയുടേത്. അന്ധവിശ്വാസത്തിന്റെ അന്തകനായും ഹൃദയലാളിത്യത്തിന്റെ ഭാവഗായകനായും ബോധവിപ്ളവത്തിന്റെ പേരാളിയായും ആധുനികമായ അറിവുകളുടെയും അതുണര്‍ത്തുന്ന ലോകക്രമത്തിന്റെയും ആരാധകനായും നാടന്‍മണ്ണിന്റെയും ഗ്രാമീണലാളിത്യത്തിന്റെയും കാമുകനായും സുവര്‍ണ പ്രതിപക്ഷമായ രാഷ്ട്രീയവേദാന്തിയായും അദ്ദേഹം കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. മാനുഷികമായതെന്തിനെയും മഹത്ത്വമുള്ളതായി കാണുന്ന കവിക്ക് മനുഷ്യ സമത്വത്തിന്റെ ഉദ്ഗാനമാണ് കവിത.
'ശക്തിയുടെ കവി' എന്നാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാമീണ ജീവിതമാണ് അദ്ദേഹത്തിന് കവിതയുടെ നിലപാടും. ഗാന്ധിജി അദ്ദേഹത്തിന്റെ ഗുരുബിംബമാണ്. മന്ത്രസമാനമായ കവിതകളെഴുതിയ ഇടശ്ശേരി ആധുനിക ശൈലിയുടെയും ശക്തി ആവാഹിക്കാന്‍ ശ്രദ്ധിച്ചു. കാവിലെപ്പാട്ട്, ബുദ്ധനും ഞാനും നരിയും, പൂതപ്പാട്ട്, കുറ്റിപ്പുറം പാലം തുടങ്ങിയവ പ്രഖ്യാത കവിതകള്‍.
എം. ഗോവിന്ദന്‍ സ്വതന്ത്രചിന്തകനും സ്വന്തം ഭാഷാശൈലിയിലൂടെ സ്വന്തം ചിന്ത പ്രകാശിപ്പിച്ച തനതുകവിയുമാണ്. പൊന്നാനിക്കാരന്റെ മനോരാജ്യം അദ്ദേഹത്തിന്റെ തനതു കവിതയാകുന്നു. ചങ്ങമ്പുഴയ്ക്ക് ബദലായി കവിതയെഴുത്ത് തുടങ്ങിയ എന്‍.വി. കൃഷ്ണവാര്യര്‍ മലയാള കവിതയുടെ കാല്പനികത കുടഞ്ഞുകളയാന്‍ നേതൃത്വപരമായി പുതിയ ശൈലിയും വിഷയങ്ങളും വീക്ഷണങ്ങളും സ്വീകരിച്ചു. നീണ്ട കവിതകള്‍ എന്ന രീതി മലയാളത്തില്‍ അദ്ദേഹം അവതരിപ്പിച്ചു. കൊച്ചുതൊമ്മന്‍, അലക്ലിസ്പുണ്യവാളന്‍, തീവണ്ടിയിലെ പാട്ട്, ഗാന്ധിയും ഗോഡ്സെയും തുടങ്ങിയ കവിതകളെല്ലാം പ്രകടമായ ലക്ഷ്യബോധം നിറഞ്ഞവയാണ്.
പ്രണയകവിതകളില്‍ നിന്ന് അസംബന്ധകവിതകളിലെത്തിയ ഗാന്ധിയന്‍ ആക്ടിവിസ്റ്റായ കവി ജി. കുമാരപിള്ള, വിപ്ളവബോധവും സമുദായബോധവും തികഞ്ഞ കവിതകളെഴുതിയ ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി, 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരനായ' അക്കിത്തം അച്യുതന്‍ നമ്പൂതിരി, ചുവന്ന ദശകങ്ങളുടെ പാട്ടുകാരായ കെ.പി.ജി, പി. ഭാസ്കരന്‍ (ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംമ്പുരു), ഒ.എന്‍.വി. (കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്), തിരുനല്ലൂര്‍ കരുണാകരന്‍ (റാണി), വയലാര്‍ രാമവര്‍മ (ആയിഷ, സര്‍ഗസംഗീതം), പുതുശ്ശേരി രാമചന്ദ്രന്‍, പുനലൂര്‍ ബാലന്‍ തുടങ്ങിയവരും പുരോഗമിക്കപ്പെടേണ്ട ഒരു ലോകവ്യവസ്ഥിതിയെക്കുറിച്ച് ആവുന്നത്ര ഉച്ചത്തില്‍ പാടിയവരാണ്. അവര്‍ കവിതയ്ക്ക് സമകാലികതയും ഭൗതികതയുടെ മാനവിക പ്രേരണകളും കൂടുതലായി നല്‍കി.
ആധുനിക കവിതകള്‍.
മലയാള കാവ്യശൈലിയെ പാടേ പരിവര്‍ത്തനം ചെയ്തകാലമാണ് ആധുനികകാലമെന്നറിയപ്പെടുന്നത്. നഗരകവിതകള്‍ എന്ന് ഇതിലെ പല കവിതകളെയും വിശേഷിപ്പിക്കാം. ഉള്ളില്‍ കുരുങ്ങുന്ന ഭഗ്നബിംബങ്ങളിലൂടെ തങ്ങളുടെ രോഷവും വിശ്വാസഭംഗവും അവര്‍ അടയാളപ്പെടുത്തുന്നു. ലോകമാകെവന്ന സംവേദന വ്യതിയാനത്തില്‍ മലയാള സാഹിത്യം പങ്കുചേര്‍ന്നു. യുക്തിഭദ്രമായ വൈലോപ്പിള്ളിക്കവിതയില്‍ ആദരിക്കപ്പെട്ടുതുടങ്ങിയ നവീനസംവേദനത്വം മാധവന്‍ അയ്യപ്പത്തിന്റെ മണിയറക്കവിതകളാണ് പ്രകടമായ സാന്നിധ്യം ആദ്യം അനുഭവിച്ചത്. എന്നാല്‍ അയ്യപ്പപ്പണിക്കരുടെ കവിതകളില്‍ അതിന്റെ സമഗ്രദര്‍ശനം സാധ്യമായി. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം നവീനകവിതയ്ക്ക് ദിശാബോധം സൂചിപ്പിച്ച കാവ്യമാണ്.
പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീയാത്ര, തുടങ്ങിയ കാവ്യങ്ങള്‍ രചിച്ച എന്‍.എന്‍. കക്കാട് ചിരന്തനമൂല്യങ്ങളുടെ അന്വേഷണവും പുതിയ നാഗരികതയുടെ പൊള്ളത്തരങ്ങളും ഗ്രാമജീവിതത്തിന്റെ ജീര്‍ണിപ്പുമെല്ലാം തന്റേതായ വഴിയേ അവതരിപ്പിക്കുന്നു. വിവിധതരം ശൈലികള്‍ പരീക്ഷിച്ച ഈ കവി തനി നാടോടിശൈലിയില്‍ എഴുതിയ കവിതകളില്‍ വിമര്‍ശനാത്മകമായ ഹാസ്യം തെളിഞ്ഞു നില്ക്കുന്നു.
മൗനത്തോടടുത്തഭാഷയില്‍ കവിത എഴുതിയ ആര്‍. രാമചന്ദ്രന്‍, ദാര്‍ശനികന്റെ ചിരി നിറഞ്ഞ കവിതകളെഴുതിയ കുഞ്ഞുണ്ണി, നാടോടിസംസ്കാരത്തിന്റെ താളലയത്തിലും ഭാഷാവിവേകത്തിലുമൊതുങ്ങിയ കാവാലം നാരായണപ്പണിക്കര്‍, പുരാവൃത്തങ്ങളും മായാഭ്രമങ്ങളും സഞ്ചയിച്ച ചെറിയാന്‍ കെ. ചെറിയാന്‍, പാരമ്പര്യവും സമകാലവൈരുധ്യങ്ങളും ശക്തമായ ഭാവബിംബങ്ങളില്‍ ധ്വനിപ്പിക്കുന്ന ആറ്റൂര്‍ രവിവര്‍മ, ആധുനികതയെ തനതു തലങ്ങളില്‍ ഉജ്ജ്വലിപ്പിച്ചു നിര്‍ത്തിയ താളബോധത്തിന്റെ വാങ്മയം കൊണ്ട് ഗംഭീര ധ്വനികളാക്കിയ കടമ്മനിട്ട രാമകൃഷ്ണന്‍, കാല്പനികതയെ വൈദികപ്രഭാവവുമായി കൂട്ടിയിണക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരി, കാല്പനികതയ്ക്ക് പ്രകൃതിസ്നേഹപരവും സ്ത്രീശാക്തീകരണപരവുമായ ധ്വനികള്‍ നല്കിയ സുഗതകുമാരി, യൂറോപ്യന്‍ കവിത, ലാറ്റിനമേരിക്കന്‍ കവിത, ആഫ്രിക്കന്‍ കവിത തുടങ്ങിയവയുടെ വീര്യം കലര്‍ത്തി ഇന്ത്യന്‍ സാഹചര്യങ്ങളെ വാചാലമാക്കിയ സച്ചിദാനന്ദന്‍, സമകാലിക ധ്വനികള്‍ക്ക് കവിതയെ വിട്ടുകൊടുത്ത കെ.ജി. ശങ്കരപ്പിള്ള, കേരള സ്മൃതിയുടെ സമകാലിക ഭാവവും താളവും തോറ്റിയെടുത്ത ഡി. വിനയചന്ദ്രന്‍, ആഘാതവും പീഡനങ്ങളും കൊണ്ട് ദുഃസ്വപ്നത്തിലേക്ക് വഴുതിവീണവന്റെ ബലിപൂര്‍ണമായ കാവ്യബിംബങ്ങള്‍ കവിതയാക്കിയ എ. അയ്യപ്പന്‍, പ്രതിജ്ഞാബദ്ധമായ കവിത രചിക്കുന്ന പ്രഭാവര്‍മ, എഴാച്ചേരി രാമചന്ദ്രന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, വിഹ്വല യൗവനത്തിന്റെ ഉരുകുന്ന വചനങ്ങളിലൂടെ പ്രശസ്തനായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിപ്ലവ വചസ്സും കാരുണ്യവും നിറഞ്ഞ ബൈബിളിന്റെ പരിസരങ്ങളില്‍ അലയുന്ന വി.ജി. തമ്പി (തച്ചനറിയാത്ത മരം, നഗ്നന്‍), വാഗ്ഗേയകാരനായ വി. മധുസൂദനന്‍ നായര്‍, ശോകത്തിന്റെ ഏകാന്തസൗഖ്യം കണ്ടെത്തിയ ഒ.വി.ഉഷ, വിജയലക്ഷ്മി തുടങ്ങിയവര്‍ വര്‍ത്തമാനകാല മലയാള കവിതാചരിത്രത്തെ പുതുക്കി നിര്‍വചിക്കാന്‍ ജാഗരൂകരാണ്. നവീന കവിക്കൂട്ടം മലയാളകവിതയുടെ പുതിയ കുതിച്ചുചാട്ടത്തിന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്നു. മൗലികതകൊണ്ട് ശ്രദ്ധേയനായ പി.എന്‍. ഗോപീകൃഷ്ണന്‍, സെബാസ്റ്റ്യന്‍, എസ്. ജോസഫ്, അന്‍വര്‍ അലി, എം.ബി. മനോജ്, പി.പി. രാമചന്ദ്രന്‍, പി. രാമന്‍, മുരുകന്‍ കാട്ടാക്കട എന്നിവര്‍ പുതിയ പൊടിപ്പുകളാണ്.
കടപ്പാട്- web-edition.sarvavijnanakosam.gov.in
അവസാനം പരിഷ്കരിച്ചത് : 6/17/2020