Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബാലസാഹിത്യം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

കുട്ടികളെ മുഖ്യമായും ഉദ്ദേശിച്ച് എഴുതപ്പെട്ടതാണ് ബാലസാഹിത്യഗ്രന്ഥങ്ങള്‍. കുട്ടികളുടെ ഇടയില്‍ പ്രചാരമുള്ള ധാരാളം നാടന്‍ പാട്ടുകളും നാടോടിക്കഥകളും നമ്മുടെ ഭാഷയിലുണ്ട്.

കുട്ടികളെ ഉദ്ദേശിച്ചെന്ന് വ്യക്തമായി നിര്‍ദേശിച്ച് എഴുതപ്പെട്ട ആദ്യ മലയാളരചന കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടാണ്. 'ഗ്രന്ഥവിസ്താരേ ഭയമുള്ള ബാലകന്മാര്‍ക്ക് ഭാഷയായി ചൊല്ലിയത്' എന്ന് കവി അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിലെ സൂത്രവാക്യം പോലുള്ള പലസന്ദര്‍ഭങ്ങളും കേരളത്തിലെ കുട്ടികള്‍ക്ക് ഒരു കാലത്ത് ഹൃദിസ്ഥമായിരുന്നു. ഉദാ. 'മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു'. കുട്ടികള്‍ക്ക് അറിവ് ഉണ്ടാകുന്നതിന് ഒരു നല്ല ഗ്രന്ഥം ഉദ്ദേശം 850-നിടയ്ക്ക് (ക്രിസ്തുവര്‍ഷം 1775) കണ്ണിപ്പറമ്പത്ത് ഒരു വിദ്വാന്‍ രചിച്ചതായി പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു (അഞ്ചടി). ചെറു പൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ കഥകള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള (1824) മലയാളകഥയിലെ ആദ്യത്തെ മിഷനറി ദൗത്യമാണ്. തര്‍ജുമയാണെങ്കിലും ഗദ്യരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ കഥകളാണവ. കുട്ടികളെ ഉദ്ദേശിച്ച് എഴുതിയ പാഠപുസ്തക രൂപത്തിലുള്ള കഥകളാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പാഠമാല (1860). ബാലബോധിയാണ് ഇക്കാലത്തെ മറ്റൊരു മിഷനറി ദൗത്യമുള്ള ബാലസാഹിത്യ സംഗ്രഹം. ഗദ്യവും പദ്യവും ഇടകലര്‍ത്തി വൈക്കത്ത് പാച്ചുമൂത്തത് 1868-ല്‍ പ്രസിദ്ധീകരിച്ച ബാലഭൂഷണത്തില്‍ ഈശ്വരവിചാരം, ദയ, സത്യം, ദേഹശുദ്ധി, വിദ്യ, ദിനചര്യ, മനം, ദാനം, ക്ഷമ, കീര്‍ത്തി എന്നിവ തൊട്ട് കാലഗണന, വാനശാസ്ത്രം, ജ്യോതിഷം തുടങ്ങിയവയും സ്ത്രീപുരുഷ മര്യാദകള്‍, ലൈംഗികബന്ധം, സന്താനോത്പാദനം തുടങ്ങിയ വിഷയങ്ങളും പ്രതിപാദിക്കുന്നു.

1968-ലാണ് കേരളവര്‍മയുടെ സന്മാര്‍ഗ സംഗ്രഹം പ്രസിദ്ധീകരിച്ചത്. അതിനുമുമ്പേ ധനതത്ത്വനിരൂപണം എന്നൊരു കൃതി വിദ്യാര്‍ഥികള്‍ക്കു വേണ്ടി അദ്ദേഹം രചിച്ചു. വിജ്ഞാന മഞ്ജരി, കഥാകൗതുക മഞ്ജരി, സാരോപദേശകഥകള്‍ തുടങ്ങിയവയിലൂടെ ലേഖനങ്ങളായും കഥകളായും ബാലന്മാര്‍ക്ക് പുതിയതും പഴയതുമായ ആശയങ്ങള്‍ വിമര്‍ശനപൂര്‍വം മനസ്സിലാക്കാന്‍ സഹായകമായ അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചു. ആനുകാലികങ്ങളില്‍ കാണുന്ന ആദ്യത്തെ കഥ 1847-ല്‍ ജ്ഞാനനിക്ഷേപത്തിലെ ആനയെയും തുന്നനെയും കുറിച്ചുള്ള കഥയാണ്. ഛാത്രാണാം ഹിതാര്‍ഥം പ്രസിദ്ധപ്പെടുത്തിയതാണ് ഹിതോപദേശമെങ്കിലും അതിന്റെ ഭാഷ, കര്‍ത്താവ് എന്നിവ വ്യക്തമല്ല.

കുട്ടികള്‍ക്കുവേണ്ടി രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, ഹിതോപദേശം, സംസ്കൃതത്തിലെ കാവ്യനാടകങ്ങള്‍ എന്നിവ ആഖ്യാനം ചെയ്യുന്നതിന് ധാരാളം എഴുത്തുകാര്‍ തയ്യാറായി. കെ. പപ്പുപിള്ളയുടെ ബാലമിത്രം, ഇ.വി. കൃഷ്ണപിള്ളയുടെ പഞ്ചതന്ത്രകഥകള്‍, എം. ആര്‍ വേലുപ്പിള്ളശാസ്ത്രിയുടെ ഹിതോപദേശ കഥകള്‍, എ. രാമപ്പൈയുടെ ബാലഭാരതം, ആര്‍. ഈശ്വരപിള്ളയുടെ ശ്രീരാമന്‍, പി.എസ്. സുബ്ബരാമപ്പട്ടരുടെ പുരാണകഥകള്‍, പി. അനന്തന്‍ പിള്ളയുടെ ഭീഷ്മര്‍, കുന്നത്തു ജനാര്‍ദന മേനോന്റെ കുചേലന്‍, ഗദ്യരാമായണം, കണ്ണമ്പ്രകുഞ്ഞുണ്ണിനായരുടെ വിദുരര്‍, ചേലനാട്ട് അച്യുതമേനോന്റെ പുരാണമഞ്ജരി, മൂര്‍ക്കോത്തുകുമാരന്റെ ഭാരതകഥാ സംഗ്രഹം, ആറ്റൂരിന്റെ പുരാണ പുരുഷന്മാര്‍, ലഘുരാമായണം, താരക, കുമാരനാശാന്റെ ബാലരാമായണം, അമ്പലപ്പുഴ കൃഷ്ണശാസ്ത്രിയുടെ ഭീഷ്മവിജയം എന്നിവയെല്ലാം ആദ്യകാല ചരിത്രത്തിലുള്ള പൌരാണിക രചനകളാണ്. മൂര്‍ക്കോത്തിന്റെ ശാകുന്തളം, ടി.എസ്. കല്യാണിഅമ്മയുടെ കാദംബരി കഥാസംഗ്രഹം, എം.ആര്‍.കെ.സി.യുടെ രഘുവംശചരിതം, പി. കുഞ്ഞിരാമന്‍നായരുടെ നാഗാനന്ദം തുടങ്ങിയവ ഇക്കാലത്ത് കാവ്യനാടകാദികളില്‍ നിന്ന് പുനരാഖ്യാനം ചെയ്യപ്പെട്ടതാണ്. കെ. പരമുപിള്ളയുടെ ചരിത്ര കഥകള്‍, നന്ത്യാരുവീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ തിരുവിതാംകൂര്‍ ചരിത്രകഥകള്‍, സി.പി.ഗോവിന്ദപ്പിള്ളയുടെ തിരുവിതാംകൂര്‍ ചരിത്ര കഥകള്‍, ജോസഫ് ഇമ്മട്ടിമാത്യുവിന്റെ ധീരോദാത്ത കഥകള്‍ എന്നിവ ചരിത്ര വിഭാഗത്തിലെ ആദ്യകാലരചനകളാണ്. ഭാരത കഥാപാത്രമാല, സംസ്കൃത സാഹിത്യമാല എന്നിവ പി.എം. കുമാരന്‍ നായരുടെ പ്രസിദ്ധീകരണപരമ്പരകളാകുന്നു. മഹച്ചരിത സംഗ്രഹമാണ് ജീവചരിത്രപരമായ ആദ്യ ബാലകഥകള്‍. നൂറ്റിയേഴെണ്ണം ഉള്ളതില്‍ നാല്പതോളം രചിച്ചത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ്. ബാലപ്രിയനും (ആര്‍ച്ച്ഡീക്കന്‍ ഉമ്മന്‍), നബിചരിത്ര കഥകളും (ആര്‍. മുഹമ്മദും, കെ.സി, കോമക്കുട്ടിയും) മതപരമായ കഥകളില്‍പ്പെടുന്നു. തോരണത്ത് പരമേശ്വര മേനോന്റെ ബാലോപദേശ ശതകം, പി.കെ. ഗോവിന്ദപ്പിള്ളയുടെ ബാലോപദേശം, ചേര്‍ത്തല ജാനകി അമ്മയുടെ ബാലോപദേശകഥകള്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ബാലോപദേശം, സി.പി. ഗോവിന്ദപ്പിള്ളയുടെ നീതിപാഠങ്ങള്‍, കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെ ബാലോപദേശം എന്നിവ ബാലോപദേശകഥകളില്‍ ചിലതു മാത്രം. പാശ്ചാത്യസാഹിത്യത്തില്‍ നിന്ന് ആദ്യത്തെ ബാലരചന സി.വി. രാമന്‍പിള്ളയുടെ റോബിന്‍സണ്‍ ക്രൂസോ ആണ്. പി. പരമുപിള്ള, ആര്‍. ഈശ്വരപിള്ള, പി. അനന്തന്‍പിള്ള തുടങ്ങിയവര്‍ ഷെയ്ക്സ്പിയര്‍ കഥകള്‍ അവതരിപ്പിച്ചു. ചോസര്‍ കഥകള്‍, യവനകഥകള്‍, അറബിക്കഥകള്‍ എന്നിവയുടെ പുനരാഖ്യാനമാണ് മറ്റൊരു പ്രധാന ബാലസാഹിത്യശേഖരം. കെ. പരമുപിള്ള, സി.പി. പരമേശ്വരന്‍പിള്ള, എസ്. കുഞ്ഞുപിള്ള, കെ. പദ്മനാഭപിള്ള, ഉക്കണ്ടനുണ്ണി നായര്‍, എസ്. വെങ്കിടാചാര്യര്‍ തുടങ്ങിയവരാണ് ഇതിന് ഉത്സാഹിച്ചത്. യവനകഥകളും അറബിക്കഥകളും കുട്ടികളെ ആകര്‍ഷിച്ചവയാണ്. ഗ്രിമ്മിന്റെ കഥകളും ഈസോപ്പുകഥകളുമാണ് ലോകസാഹിത്യത്തിന്‍ നിന്ന് കുട്ടികള്‍ക്ക് പകര്‍ന്നു കിട്ടിയ മറ്റു കഥകളില്‍ പ്രധാനം, കെ. പരമുപിള്ള, ആര്‍തര്‍ രാജാവിന്റെ വീരകഥകളും (രാജകഥകള്‍) കല്യാണി അമ്മ ഈസോപ്പുകഥകളില്‍ ചിലതും ആഖ്യാനം ചെയ്തു. ടോള്‍സ്റ്റോയിക്കഥകള്‍, എ. ഗോപാലമോനോന്‍ (ടോള്‍സ്റ്റോയിയുടെ നീതികഥകള്‍), അമ്പാടി ഇക്കാവമ്മ (ടോള്‍സ്റ്റോയിയുടെ നീതികഥകള്‍), വക്കം അബ്ദുള്‍ ഖാദര്‍ (ടോള്‍സ്റ്റോയിയുടെ നീതികഥകള്‍) എന്നിവര്‍ കേരളത്തിലെ കുട്ടികള്‍ക്കുവേണ്ടി ബാലസാഹിത്യരൂപത്തില്‍ രചിച്ചു. പാവങ്ങള്‍ എന്ന ഹ്യൂഗോയുടെ നോവല്‍ ഇരുളും വെളിച്ചവും എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി എന്‍. കൃഷ്ണപിള്ള സംഗ്രഹിച്ചു. ഒലിവര്‍ ട്വിസ്റ്റ് (എം. ജോര്‍ജ്), രണ്ടു നഗരങ്ങളുടെ കഥ, നിധി ദ്വീപ് (ടി.എസ്. തോമസ്) എന്നിവയും കുട്ടികള്‍ക്കു വേണ്ടി രചിക്കപ്പെട്ടു.


1911-ല്‍ കെ. ഗോവിന്ദന്‍ തമ്പി രചിച്ച വിദേശീയ ബാലന്‍ എന്ന കൃതിയും കുന്നത്ത് ജനാര്‍ദനമേനോന്റെ കുചേലനും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികളെ അവരുടെ വ്യത്യസ്ത നാടുകള്‍, ആവാസ വിശേഷം, വിദ്യാഭ്യാസ സമ്പ്രദായം, നാടോടിക്കഥാമാതൃകകള്‍ ഇവയെല്ലാം സഹിതം പരിചയപ്പെടുത്തുന്ന തമ്പിയുടെ ഗ്രന്ഥത്തിന് സദൃശമായ ഒരു പിന്‍ഗാമി ഇപ്പോള്‍ ഏറെ വളര്‍ന്നിട്ടും മലയാള ബാലസാഹിത്യരംഗത്ത് ഉണ്ടായിട്ടില്ല. ശ്രീകൃഷ്ണനെ ഒരു പ്രഭുവായി സങ്കല്പിച്ചെഴുതിയതാണ് കുചേലന്‍.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ ബാലസാഹിത്യ രംഗത്ത് ഉത്സാഹം കൂടുന്നു. കുമാരനാശാന്റെ ബാലരാമായണം മുമ്പേ സൂചിപ്പിച്ചു. പുഷ്പവാടി എന്ന സമാഹാരം കുട്ടിക്കവിതകളുടേതാണ്. മലയാളത്തിലെ ആദ്യമഹാകാവ്യമെഴുതിയ അഴകത്ത് പദ്മനാഭക്കുറുപ്പും (രണ്ടു രാക്ഷസന്മാര്‍) പദം കൊണ്ട് പന്താടിയ പന്തളം കേരളവര്‍മയും (നാഴികമണി, അമ്പിളി അമ്മാവന്‍, തത്ത, ആന, നക്ഷത്രം) മഹാകവി കെ.സി.കേശവപിള്ളയും (നീതി വാക്യങ്ങള്‍, അഭിനയഗാനമാലിക) മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കരും (ബാല ചൂഡാമണി) കുട്ടികളെ മറന്നിട്ടില്ല. മഹാകവി ഉള്ളൂര്‍ അഞ്ഞൂറു ശ്ലോകങ്ങളുള്ള ദീപാവലിയും പുരാണകഥകള്‍ വച്ച് സദാചാര ദീപികയും കുട്ടികള്‍ക്കായി രചിച്ചു. ഉള്ളൂരിന്റെ വകയായും എഴു ഭാഗങ്ങളിലുള്ള ഒരു പദ്യമഞ്ജരിയുണ്ട്; എല്ലാം ബാലകവിതകള്‍.

പില്ക്കാല തലമുറയില്‍പ്പെട്ട ജി. ശങ്കരക്കുറുപ്പ് (ഇളം ചുണ്ടുകള്‍, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ), വൈലോപ്പിള്ളി (കുന്നിമണികള്‍), പി. കുഞ്ഞിരാമന്‍നായര്‍ (ബാലാമൃതം), പാലാ നാരായണന്‍ നായര്‍ (ഓമനപ്പൈതല്‍), നാലാങ്കല്‍ കൃഷ്ണപിള്ള (പൂക്കൂട), അക്കിത്തം അച്യുതന്‍ നമ്പൂതിരി (ഒരു കുല മുന്തിരിങ്ങ), ഒ.എന്‍.വി. (വളപ്പൊട്ടുകള്‍), കുഞ്ഞുണ്ണി (കുഞ്ഞുണ്ണിക്കവിതകള്‍) തുടങ്ങിയവരെല്ലാം ബാലഹൃദയങ്ങളില്‍ കടന്നു കയറിയവരാണ്. കുറുംകവിതകളും കടങ്കവിതകളും കൊണ്ട് വലിയവരെയും കുട്ടികളെയും ഒരു പോലെ സന്തോഷിപ്പിച്ച ബാലസാഹിത്യപ്രതിഭ ദര്‍ശന ലാളിത്യമുള്ള കുഞ്ഞുണ്ണിമാഷ് തന്നെ. സിപ്പി പള്ളിപ്പുറം, പി.ഐ. ശങ്കരനാരായണന്‍ തുടങ്ങിയ കുട്ടിക്കവിതകള്‍ എഴുതുന്ന ധാരാളം ബാലസാഹിത്യകാരന്മാര്‍ ഇന്നുണ്ട്.

കഥാരംഗത്ത് കാരൂര്‍, മാലി, സുമംഗല, പി. നരേന്ദ്രനാഥ്, സി.എ. കിട്ടുണ്ണി, രാമനാഥന്‍, തായാട്ടു ശങ്കരന്‍, ഗീതാലയം ഗീതാകൃഷ്ണന്‍, എ. വിജയന്‍, ശ്രീധരന്‍ കൊയിലാണ്ടി തുടങ്ങിയവരാണ് പ്രമുഖര്‍. കാരൂര്‍ വളരെ സ്വാഭാവികതയോടെ എഴുതിയ കഥകളില്‍ അഞ്ചു കടലാസ്, ആനക്കാര്‍, അഴകനും പൂവാലിയും, രാജകുമാരിയും ഭൂതവും, ഭൃത്യന്‍ എന്നിവ ഏറെ ഹൃദയസ്പര്‍ശിയായ രചനകളാണ്. സരസ സല്ലാപത്തിന്റെ ഭാഷയാണ് മാലി രാമായണം, മാലി ഭാരതം തുടങ്ങിയ പുരാണാഖ്യാനങ്ങളിലും. പുരാണകഥാഖ്യാനത്തില്‍ ലാളിത്യവും സംഭാഷണപ്രിയത്വവും ചേര്‍ത്ത് മനോഹരമാക്കിയവയാണ് സുമംഗലയുടെ കഥകള്‍. കെ.വി. രാമനാഥന്റെ അപ്പുക്കുട്ടനും ഗോപിയും സി.എ. കിട്ടുണ്ണിയുടെ അണ്ണാറക്കണ്ണന്‍, പി. നരേന്ദ്രനാഥന്റെ കുഞ്ഞിക്കൂനന്‍, തായാട്ടു ശങ്കരന്റെ വനഭോജനം, ഉറൂബിന്റെ അപ്പുവിന്റെ ലോകം തുടങ്ങിയവ ബാലസാഹിത്യത്തിന് ഇതരശാഖകളെക്കാള്‍ മാന്യത നല്കുന്നതിന് കഴിഞ്ഞവരുടെ രചനകളാണ്. എം.ടി.യുടെ മാണിക്കക്കല്ലും നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകവും ആഖ്യാനസുന്ദരമായി കുട്ടികള്‍ ആസ്വദിക്കുന്നു.

ബാലസാഹിത്യരംഗത്ത് നാടകങ്ങള്‍ രചിച്ചവരില്‍ അക്കിത്തം, ജി. ശങ്കരപ്പിള്ള എന്നിവരും ശാസ്ത്ര ലേഖനങ്ങള്‍ രചിച്ചവരില്‍ ഡോ. കെ. ഭാസ്കരന്‍ നായര്‍, പി.ടി. ഭാസ്കരപ്പണിക്കര്‍ തുടങ്ങിയവരും ഏറെ ശ്രദ്ധേയരാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്ത്രലേഖകരുടെ എണ്ണവും ആഭിമുഖ്യവും വര്‍ധിച്ചിട്ടുണ്ട്. എന്‍.വി. കൃഷ്ണവാര്യര്‍, പാലാ കെ.എം. മാത്യു, പി.എ. വാര്യര്‍, എം.എസ്. കുമാര്‍, പ്രൊഫ. എസ് ശിവദാസ്, പ്രൊഫ. കെ. പാപ്പൂട്ടി, ടി.ആര്‍. ശങ്കുണ്ണി, സി.ജി. ശാന്തകുമാര്‍, കെ.കെ. നീലകണ്ഠന്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ് തുടങ്ങിയവര്‍ ഈ രംഗത്ത് ഏറെ പ്രതിഷ്ഠാപിതരാണ്. മലയാളത്തില്‍ ഏറെ ബാലസാഹിത്യകൃതികള്‍ രചിച്ചിട്ടുള്ളത് ഡോ. കെ. ശ്രീകുമാറാണ്; ഏറെ മികച്ച ശാസ്ത്രശേഖരം പ്രൊഫ. എസ്. ശിവദാസിന്റെയും ഗണിതശേഖരം പള്ളിയറ ശ്രീധരന്റെയും.

ബാലസാഹിത്യരംഗത്ത് ധീരത കാണിച്ച പ്രസ്ഥാനമാണ് ബാലന്‍ പബ്ലിക്കേഷന്‍സ്. ചങ്ങമ്പുഴയുടെ ബാലസാഹിതി ഈ ദിശയില്‍ മറ്റൊരു ആത്മാര്‍ഥമായ പ്രവര്‍ത്തനമായിരുന്നു. തുടര്‍ന്ന് എസ്.പി.സി.എസ്., ഡി.സി, പൂര്‍ണാ പബ്ലിക്കേഷന്‍സ്, ശാസ്ത്രസാഹിത്യപരിഷത് എന്നിവ ബാലസാഹിത്യത്തിന്റെ പരിപോഷണത്തിനു മുന്നോട്ടു വന്നു. കേരള സര്‍ക്കാരിന്റെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സാഹിത്യശാഖയ്ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ഒട്ടേറെ ബാലമാസികകളും ഈ രംഗത്തുണ്ടായി. ബാലമിത്രം, ബാലരമ, പൂമ്പാറ്റ, തളിര്, കുട്ടികളുടെ ദീപിക, ബാലയുഗം, ശാസ്ത്രകേരളം, യുറീക്ക, ബാലകേരളം, അമ്പിളി അമ്മാവന്‍, തത്തമ്മ, കളിച്ചെപ്പ്, ബാലമംഗളം തുടങ്ങിയവ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കി. എന്‍.എം. മോഹനന്‍ സങ്കല്പനം ചെയ്ത ബാലരമയിലെ മായാവിയാണ് ഇതില്‍ താരം.

പ്രഭാതിന്റെ ബാലവിജ്ഞാനകോശം, വിദ്യാര്‍ഥിമിത്രത്തിന്റെ വിജ്ഞാനമണ്ഡലം, സ്റ്റെപ്സിന്റെ ജീവചരിത്രവിജ്ഞാനകോശം തുടങ്ങി കുട്ടികള്‍ക്കു വേണ്ടിയുള്ള നിരവധി റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഇന്നു ലഭ്യമാണ്. ബാലസാഹിത്യരചന ഗൌരവമായ സര്‍ഗാത്മകവിഷയമായി ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നു.

ദര്‍ശനങ്ങള്‍.

നാലുവേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുക്കളും പതിനെട്ടു പുരാണങ്ങളും വേദാന്തങ്ങളുമെല്ലാം തര്‍ജുമയിലൂടെയും വ്യാഖ്യാനത്തിലൂടെയും കേരളീയ പണ്ഡിതന്മാര്‍ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം, ബുദ്ധ-ജൈനമതങ്ങള്‍ ഇവിടെ സമന്വയിച്ചു. ഇവയ്ക്ക് സാന്ദ്രത നല്കാന്‍ ശ്രീശങ്കരന്റെ അദ്വൈതദര്‍ശനത്തിന് കഴിഞ്ഞു.

ഉപനിഷത്തുക്കളുടെ ക്രോഡീകരണത്തിനു ശ്രമിച്ച നവീന പണ്ഡിതന്മാരില്‍ പത്ത് ഉപനിഷത്തുക്കള്‍ വ്യാഖ്യാനിച്ച എല്‍.എ. രവിവര്‍മയാണ് പ്രാതഃസ്മരണീയന്‍. സി.കെ. നാരായണപിള്ള, ഇ.വി. രാമന്‍ നമ്പൂതിരി, ആര്‍.പി. ചിറ്റേഴം, ജാനകി എന്‍ മേനോന്‍, ടി.എന്‍.എന്‍. ഭട്ടതിരിപ്പാട് എന്നിവരെല്ലാം ഈ ബ്രഹ്മവിദ്യാസമുച്ചയത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു. മുനി നാരായണപ്രസാദ്, മൃഡാനന്ദസ്വാമി, വേദബന്ധു, നിത്യചൈതന്യയതി, ആചാര്യ നരേന്ദ്രഭൂഷണ്‍, വി. ബാലകൃഷ്ണന്‍, ഡി. ശ്രീമാന്‍ നമ്പൂതിരി തുടങ്ങിയവരുടെ പ്രൗഢയത്നങ്ങള്‍ ഉപനിഷത് മേഖലയിലുണ്ടായി. ഡോ.എന്‍.പി. ഉണ്ണിയുടെ 108 ഉപനിഷത്, ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ ഉപനിഷത് സര്‍വസ്വം എന്നിവ പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസി ഉപനിഷത്തുക്കളുടെ ആസ്വാദനവും നിത്യചൈതന്യയതിയുടെ തത്ത്വമസി തത്ത്വവും അനുഷ്ഠാനവും മൂല്യാപഗ്രഥനവുമാണ്.

ചതുര്‍വേദങ്ങളുടെ തര്‍ജുമകള്‍കൊണ്ടും പഠനങ്ങള്‍കൊണ്ടും സമ്പന്നമാണ് മലയാളം. വള്ളത്തോള്‍ നാരായണമേനോന്റെ ഋഗ്വേദവിവര്‍ത്തനം പ്രഖ്യാതമായ പദ്യവിവര്‍ത്തനമാണ്. ഇ.പി. അരവിന്ദാക്ഷപ്പിഷാരടി (ഋഗ്വേദസംഹിത, ഗദ്യം), എ.വി. രാധാകൃഷ്ണവൈദിക് (യജുര്‍വേദസംഹിത) എന്നിവര്‍ ഗദ്യത്തിലും വേദങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വി.കെ. നാരായണഭട്ടതിരി, ഒ.എം.സി. നമ്പൂതിരിപ്പാട്, വേദബന്ധു, ആചാര്യ നരേന്ദ്രഭൂഷന്‍, ഡി. ശ്രീമാന്‍ നമ്പൂതിരി, ഡോ.എ.ജി. കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ വേദാര്‍ഥ വിചാരങ്ങളുടെ നവീനലോകം തുറന്നവരാണ്. ഭഗവദ്ഗീതയ്ക്ക് ആദ്യപരിഭാഷ ഭാഷാഭഗവദദ്ഗീതയിലൂടെ വാര്‍ന്നുവീണത് ഇന്ത്യന്‍ ഭാഷകളില്‍ ശ്രേഷ്ഠമലയാളത്തിലാണ്. തുടര്‍ന്ന് നിരവധി തര്‍ജുമകളും ഭാഷ്യങ്ങളുമുണ്ടായി. പി. ശങ്കുണ്ണിമേനോന്‍, കെ.എന്‍. ഗുരുക്കള്‍, കൊല്ലങ്കോട് ഗോപാലന്‍ നായര്‍, കെ.എം.ജി. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് ഭാഷ്യകര്‍ത്താക്കളില്‍ പ്രമുഖര്‍. പ്രണവവേദം എന്ന അഞ്ചാം വേദവും കേരളീയശ്രദ്ധയില്‍ പ്രമുഖമാണ്.

ഒ.എം.ചെറിയാന്റെ ഹൈന്ദവധര്‍മ സുധാകരം, ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ ഹിന്ദുധര്‍മതത്ത്വസാരം, സി.വി. വാസുദേവഭട്ടതിരിയുടെ ഭാരതീയ ദര്‍ശനങ്ങള്‍ തുടങ്ങി ദര്‍ശനത്തിന്റെ പൊതുലോകം അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ക്ക് ഹിന്ദുദാര്‍ശനിക മേഖലകളില്‍ പ്രമുഖ സ്ഥാനമുണ്ട്. കേരളീയന്റെ സമൂഹമനസ്സില്‍ പടര്‍ന്നേറിയതാണ് രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നിവയുടെ സംസ്കാരം. കാവ്യപാരമ്പര്യത്തോടൊപ്പം അവയ്ക്ക് ചിന്തയുടെ ഗൌരവമുള്ള ഗദ്യതര്‍ജുമകള്‍ മലയാളത്തിലുണ്ട്. വ്യാസഭാരതം (വിദ്വാന്‍ കെ. പ്രകാശം), സമ്പൂര്‍ണഭാരതം (ഡോ. കല്പറ്റ ബാലകൃഷ്ണന്‍ ജന. എഡിറ്റര്‍) എന്നിങ്ങനെ രണ്ട് സമ്പൂര്‍ണ ഗദ്യതര്‍ജുമകളുണ്ട് മഹാഭാരതത്തിന്. പുരാണങ്ങളുടെ തര്‍ജുമയില്‍ വള്ളത്തോള്‍ ശ്രദ്ധാലുവായിരുന്നു. ഭാരതപര്യടനം ഭാരതത്തെക്കുറിച്ചുള്ള കുട്ടിക്കൃഷ്ണമാരാരുടെ ഉജ്ജ്വലപഠനമാണ്. സി.വി. കുഞ്ഞിരാമനും തുറവൂര്‍ വിശ്വംഭരനും ഈ വഴിയേ പഠനം നടത്തിയിട്ടുണ്ട്. ഉപനിഷത്തുക്കള്‍, വേദഗ്രന്ഥങ്ങള്‍, പുരാണങ്ങള്‍ എന്നിങ്ങനെ ആര്‍ഷസമൃദ്ധി മലയാളവത്കരിക്കുന്നതില്‍ ഏറെ ഉത്സാഹം ഇന്ന് ഭാഷാരംഗത്ത് കാണുന്നു. സ്വാമി ചന്ദ്രശേഖരസരസ്വതിയുടെ ഹിന്ദുമതം-ഒരു സമഗ്രവീക്ഷണം ഏറ്റവും പുതിയ ഹിന്ദുമതപരിചയപഠനമാണ്. രംഗനാഥാനന്ദസ്വാമി, മൃഡാനന്ദസ്വാമി, ആഗമാനന്ദസ്വാമി, നടരാജഗുരു, വി. പനോളി തുടങ്ങിയവരാണ് ഹിന്ദുധര്‍മത്തിന്റെ വിശ്വവ്യാപകത്വം ചൂണ്ടിക്കാട്ടിയ മഹാപ്രതിഭകള്‍. പുനരാഖ്യാനം ചെയ്യപ്പെട്ട പരമഹംസര്‍ കഥകള്‍, മഹാത്മജിയുടെ വിവിധമേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങള്‍, വിവേകാനന്ദന്റെ സമ്പൂര്‍ണലേഖനങ്ങള്‍, രമണമഹര്‍ഷിയുടെയും ജിദുകൃഷ്ണമൂര്‍ത്തിയുടെയും രചനകള്‍ തുടങ്ങിയവയും ഇന്ത്യന്‍ ജീവിതത്തിന്റെ തേജോമയ ചിന്തകളുടെ സഞ്ചയങ്ങളാണ്. മഹാവീരന്റെ അഹിംസാത്മകവ്യക്തിത്വം പഠനത്തിനും സര്‍ഗാത്മകസാഹിത്യത്തിനും പ്രചോദകമായിട്ടുണ്ട്. പഞ്ചാപകേശയ്യര്‍ മഹാവീരന്റെ ചരിത്രം മലയാളിക്ക് പരിചയപ്പെടുത്തി.

‌‌ബുദ്ധദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാന കല്പലത (വള്ളത്തോള്‍), തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം, തേലപ്പുറത്ത് നാരായണന്‍നമ്പിയുടെ ധര്‍മപാദം, ധര്‍മാനന്ദ കൊസാംബിയുടെ ഭഗവാന്‍ ബുദ്ധന്‍, അശ്വഘോഷന്റെ ശ്രീബുദ്ധചരിതം തുടങ്ങിയ രചനകള്‍ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. എന്‍.ആര്‍. പിള്ളയുടെ ബുദ്ധതത്ത്വപ്രകാശിക, ജാതകകഥകള്‍, 101 സെന്‍കഥകള്‍ (എന്‍.ഡി. കൃഷ്ണനുണ്ണി) അയ്യപ്പത്തിന്റെ ധര്‍മപാദതര്‍ജുമ, രാഘവന്‍തിരുമുല്പാട്, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവരുടെ പഠനങ്ങളും കേരളീയരെ ആകര്‍ഷിച്ചു. ബസവാനുയായികള്‍ക്ക് ഗിരിരാജയുടെ ബസവദര്‍ശനം എന്ന കൃതി, വിശുദ്ധ ഖുര്‍ ആന്റെ വിവിധ തര്‍ജുമകള്‍ (സി.എന്‍. അഹമ്മദ് മൌലവി, അബ്ദുറഹ്മാന്‍മഖ് ഭൂമി, ഇമ്പിച്ചിക്കോയത്തങ്ങള്‍ തുടങ്ങിയവരുടേത്), കുഞ്ഞി അഹമ്മദ് മൗലവി പരിഭാഷപ്പെടുത്തിയ ഇഹ്യ, സമ്പൂര്‍ണ ഇസ്ലാം ചരിത്രം ശരീയത്ത്, ഇസ്ലാം മതനിയമസംഹിത തുടങ്ങിയവയും ഇസ്ലാം അനുശാസിക്കുന്ന പ്രവാചകവൈദ്യം, ഖുര്‍ ആന്‍ ചികിത്സ, സന്മാര്‍ഗം, വൈവാഹിക ജീവിതം, നിയമസംഹിത, ശാസ്ത്രസത്യങ്ങള്‍ തുടങ്ങിയ പ്രായോഗിക ജീവിതദര്‍ശനങ്ങളും ബഹുമുഖമായ ഇസ്ലാം ദര്‍ശനസമുച്ചയത്തിലുണ്ട്.

മിഷനറിമാരുടെ കാലംതൊട്ട് ബൈബിള്‍ പരിഭാഷയ്ക്കുവേണ്ടിയുള്ള ശ്രമം ക്രിസ്ത്യന്‍ സമൂഹത്തില്‍ നടന്നുപോന്നിട്ടുണ്ട്. കുരിയര്‍ പ്രസ്സില്‍ അച്ചടിച്ച മലയാളം ബൈബിളാണ് ഇതിന് തുടക്കം കുറിച്ചത്. ബെയ്ലിയുടെ പുതിയനിയമം പരിഭാഷയും ഗുണ്ടര്‍ട്ടിന്റെ സുവിശേഷസംഗ്രഹം, പുതിയ നിയമം എന്നിവയും ബൈബിള്‍ സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ സത്യവേദപുസ്തകവും തുടര്‍ന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. സത്യവേദ ഇതിഹാസം, ത്രാണകമാഹാത്മ്യം ശ്രീയേശുക്രിസ്തു മാഹാത്മ്യം, ബൈബിളിന്റെ മഞ്ഞുമ്മേല്‍ പരിഭാഷ, ഓശാന പബ്ളിക്കേഷന്‍സിന്റെ ബൈബിള്‍ പരിഭാഷ, പാസ്റ്ററല്‍ ഓറിയന്റേഷന്‍ സൊസൈറ്റിയുടെ ബൈബിള്‍ തര്‍ജുമ എന്നിങ്ങനെ ക്രിസ്ത്യന്‍ സമൂഹത്തിലെ സഭാസ്വഭാവമനുസരിച്ച് നിരവധി പരിഭാഷാ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ദാനിയേല്‍ റെഫറന്‍സ് ബൈബിള്‍ എന്ന പേരില്‍ എ.പി. ദാനിയേലിന്റെ ബൈബിളും ഉള്‍പ്പെടുന്നു.

ആരാധനാക്രമങ്ങള്‍, സാക്ഷ്യവേദങ്ങള്‍, സന്മാര്‍ഗവേദങ്ങള്‍ തുടങ്ങി ക്രിസ്തുദര്‍ശനത്തിന്റെ അനുശാസനങ്ങളും ബൈബിള്‍ പഠനങ്ങളുംകൊണ്ട് വളരെ വിപുലമാണ് ക്രിസ്തീയ ദര്‍ശനസംഹിത. പുത്തന്‍പാന, ചതുരന്ത്യം തുടങ്ങിയ അര്‍ണോസ് കൃതികള്‍, ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഉണ്ടായ പ്രാര്‍ഥനാഗീതങ്ങള്‍ ഇവയെല്ലാം ഏറെ പ്രചരിച്ചവയാണ്. ക്രിസ്ത്വാനുകരണം പരിഭാഷ സുപ്രധാന ദര്‍ശനരചനയത്രെ. സോളമന്റെ ഗീതങ്ങള്‍, പുതിയ നിയമത്തിലെ മറിയം എന്നിങ്ങനെ ദര്‍ശനവും കാവ്യസൌന്ദര്യവും തികഞ്ഞ ഭാഗങ്ങള്‍ ഏറെ പ്രത്യേകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജെ. കട്ടയ്ക്കല്‍ (ക്രൈസ്തവദര്‍ശനം), പി.ടി. കുരുവിള (ക്രൈസ്തവചിഹ്നങ്ങള്‍), കെ.ജി. കുര്യന്‍ (പുതിയ നിയമപ്രവേശിക), ജോസഫ് എം.ഒ. നെടുങ്കുന്നം (അരണ്യനാദം), പി.ടി. ചാക്കോ (അന്വേഷണം) എന്നിവര്‍ പ്രശസ്ത ക്രിസ്ത്യന്‍ ചിന്തകരാണ്. റവ. ജോസഫ് പ്ലാമ്പനയുടെ ഉപ്പ് എന്ന ഗ്രന്ഥം ബൈബിളിലെ ഉപ്പിന്റെ ധ്വനിസാന്ദ്രതയിലൂടെയുള്ള പണ്ഡിതോചിത പര്യടനമാകുന്നു. ചാവറ കുരിയാക്കോസച്ചനാണ് ക്രിസ്തുമത ദാര്‍ശനികരില്‍ പ്രമുഖനായ പണ്ഡിതന്‍. സാധു ഇട്ടിയവരനെപ്പോലുള്ള അവധൂതരും കുറവല്ല. അനുഭവസാക്ഷ്യംകൊണ്ട് ഉത്തേജനം നല്കിയവരുടെ ഗ്രന്ഥങ്ങള്‍ ഏറെ. വിതക്കാരന്റെ വചനം, വചനവഴിയേ ദൈവമേ അങ്ങെന്നെ ഉണര്‍ത്തി എന്നിങ്ങനെ. മതശാസ്ത്രത്തിന്റെ സംവാദനതലം പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ പൗലോസ്, ഫാ. അടപ്പൂര്‍ തുടങ്ങിയ പുരോഹിത പണ്ഡിതന്മാര്‍ സജീവമാക്കി. മാര്‍ ഗ്രിഗോറിയോസിന്റെ ദര്‍ശനത്തിന്റെ പൂക്കള്‍ വിഖ്യാതം. വിമോചനദൈവശാസ്ത്രത്തിന്റെ വക്താവാണ് പൗലോസ് മാര്‍ പൗലോസ്. മാര്‍ക്സിയന്‍ ദര്‍ശനരംഗത്ത് ഇ.എം.എസ്., കെ. ദാമോദരന്‍ സി. ഉണ്ണിരാജ, എന്‍. ഇ. ബലറാം, പി. ഗോവിന്ദപ്പിള്ള എന്നിവരുടെ ശ്രദ്ധേയമായ രചനകളുണ്ട്. മാര്‍ക്സിയന്‍ തത്ത്വഗ്രന്ഥമായ മൂലധനം മലയാളത്തിന്റെ സമ്പൂര്‍ണതര്‍ജുമയ്ക്കു വിധേയമായി. മതേതരദര്‍ശനം പടുത്തുയര്‍ത്തുന്നതില്‍ ഇവര്‍ക്കൊപ്പം പ്രൊഫ. എ.ടി. കോവൂര്‍, എം.സി. ജോസഫ് തുടങ്ങിയവര്‍ നയിച്ച യുക്തിവാദദര്‍ശനവും എന്‍.കെ. ജോസ്, കെ.കെ. കൊച്ച്, കെ.എം. സലിംകുമാര്‍, ജെയിംസ് തുടങ്ങിയവര്‍ വളര്‍ത്തിയെടുത്ത ദലിത ദര്‍ശനങ്ങളും മലയാളിയുടെ ശക്തിയായി.

ടാഗൂര്‍, മഹാത്മാഗാന്ധി, സ്വാമിവിവേകാനന്ദന്‍, അരവിന്ദമഹര്‍ഷി, രമണ മഹര്‍ഷി, ഡോ. അംബേദ്കര്‍, ജിദുകൃഷ്ണമൂര്‍ത്തി, കാറള്‍മാര്‍ക്സ്, ലെനിന്‍, ട്രോട്സ്കി, മാവോത്സെതുങ്, വാഗ്ഭടാനന്ദന്‍, സാര്‍ത്ര്, കാമു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, രംഗനാഥാനന്ദ സ്വാമി തുടങ്ങിയ ദാര്‍ശനിക വ്യക്തിത്വങ്ങളെ അടുത്തു കണ്ടറിയാന്‍ കേരളീയര്‍ ശ്രമിച്ചിട്ടുണ്ട്. ആശയതലത്തിലും പ്രായോഗികതലത്തിലും അവരെ കേരളമനസ് ഉള്‍ക്കൊണ്ടു. ആത്മവിദ്യയും ആനന്ദമതവും സത്യാന്വേഷണവും വര്‍ഗസമരവും ഭാരതീയതയും അസ്തിത്വവാദവുമെല്ലാം ഇളക്കി മറിച്ച വയലാണ് കേരളീയമനസ്. ദാര്‍ശനികഫലപുഷ്ടി അതിന് ഏറും.

കലാശാസ്ത്രങ്ങള്‍.

കലാനിരൂപണങ്ങള്‍ക്ക് അടിസ്ഥാനമായ, രൂപഭാവസങ്കല്പങ്ങള്‍ നിര്‍ണയിക്കുന്ന ചിന്താശാസ്ത്രത്തെയാണ് കാവ്യമീമാംസ എന്ന് വിവരിക്കുന്നത്. ഭാരതീയ കാവ്യമീമാംസയ്ക്ക് അടിത്തറയിട്ടത് ഭരതന്റെ നാട്യശാസ്ത്രവും അതേക്കുറിച്ച് പില്ക്കാലത്തുണ്ടായ ചര്‍ച്ചകളുമാണ്. ഭരതന്റെ നാട്യശാസ്ത്രം കെ.പി. നാരായണപ്പിഷാരടി തര്‍ജുമ ചെയ്തിട്ടുണ്ട്. ആനന്ദവര്‍ധനന്റെ ധ്വന്യാലോകം, അഭിനവ ഗുപ്തന്റെ ധ്വന്യാലോകലോചനം, ഭാമഹന്റെ കാവ്യാലങ്കാരം, ഉദ്ഭടന്റെ കാവ്യാലങ്കാര സംഗ്രഹം തുടങ്ങിയവയെല്ലാം മലയാളത്തില്‍ വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി. ഭാരതീയ അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെ മൌലികമായി കണ്ടെത്തുന്ന കൃതിയാണ് രാജരാജവര്‍മയുടെ ഭാഷാഭൂഷണം. അതില്‍ പ്രാസവാദപരമായ ചര്‍ച്ച ഭാഷയുടെ മേഖലയില്‍ നടത്തിയ ആദ്യത്തെ മൗലികവും ഉത്പതിഷ്ണുത്വപരവുമായ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നു. ഭാരതീയകാവ്യശാസ്ത്രം (ഡോ. ടി. ഭാസ്കരന്‍), സംസ്കൃതത്തിലെ സാഹിത്യചിന്ത (കൃഷ്ണചൈതന്യ), അഭിനവഗുപ്തന്റെ രസസിദ്ധാന്തം (വേദബന്ധു), എം.പി. പോള്‍ (സൗന്ദര്യനിരീക്ഷണം), സാഹിത്യലോചനം (പി.എം. ശങ്കരന്‍ നമ്പ്യാര്‍), അലങ്കാരശാസ്ത്രം മലയാളത്തില്‍ (ചാത്തനാണ് അച്യുതനുണ്ണി), പൗരസ്ത്യകാവ്യദര്‍ശനം (എം.എസ്. മേനോന്‍), അലങ്കാരശാസ്ത്രം (ഫാ. ജരാര്‍ദ്), അലങ്കാരശാസ്ത്രം (മുഴൂര്‍), അലങ്കാരദീപിക (എണ്ണയ്ക്കാട്ട് രാജരാജവര്‍മ) എന്നിങ്ങനെ പൌരസ്ത്യ സാഹിത്യമീമാംസയെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറെയാണ്.

ഇതോടൊപ്പം കാണണം പാശ്ചാത്യസൗന്ദര്യശാസ്ത്രപരമായ ദര്‍ശനങ്ങള്‍ ക്രോഡീകരിച്ച പഠനങ്ങള്‍. എം. അച്യുതന്റെ പാശ്ചാത്യ സാഹിത്യവിമര്‍ശനം, കെ.എം. തരകന്‍ രചിച്ച പാശ്ചാത്യസാഹിത്യ തത്ത്വശാസ്ത്രം, കെ.എം. ഡാനിയേലിന്റെ കലാദര്‍ശനം, എം.കെ. സാനുവിന്റെ കാവ്യതത്ത്വപ്രവേശിക, നിത്യചൈതന്യയതിയുടെ കലയും ആവിഷ്കാരവും, ചാത്തനാത്ത് അച്യുതനുണ്ണിയുടെ അലങ്കാരശാസ്ത്രം മലയാളത്തില്‍, നെല്ലിക്കല്‍ മുരളീധരന്റെ പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളുടെ പരിചയഗ്രന്ഥം, വിശ്വസാഹിത്യദര്‍ശനങ്ങള്‍, ഡോ. കല്പറ്റ ബാലകൃഷ്ണന്റെ നിരൂപകന്റെ വിശ്വദര്‍ശനം, ഡോ. രാധിക സി.നായരുടെ സമകാലികസാഹിത്യസിദ്ധാന്തം-ഒരു പാഠപുസ്തകം, പ്രൊഫ. കെ. ഗോപിനാഥന്‍നായരുടെ യവനകാവ്യ ചിന്തകന്മാര്‍ ഇവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. എം.കെ. ഗുരുക്കളുടെ കലാവിദ്യാവിവരണം, എ.ഡി. ഹരിശര്‍മയുടെ നാടകപ്രവേശിക, ആര്‍. നാരായണപ്പണിക്കരുടെ ഹൈന്ദവ നാട്യശാസ്ത്രം, ആറ്റൂരിന്റെ സംഗീത ചന്ദ്രിക, എ.ഡി.മാധവന്റെ കര്‍ണാടക സംഗീതമാലിക, ഹിന്ദുസ്ഥാനി സംഗീതം, എ.കെ. രവീന്ദ്രനാഥിന്റെ കര്‍ണാടകസംഗീത ചരിത്രം, മാലിയുടെ കേരളസംഗീതം, വി.ടി. മുരളിയുടെ സംഗീതത്തിന്റെ കേരളീയപാഠങ്ങള്‍ എന്നിവ കലാനിരൂപണത്തിന്റെ ഉദാത്തമാതൃകകളാണ്.

ജി. കൃഷ്ണപിള്ളയുടെ കഥകളി, മാണി മാധവചാക്യാരുടെ നാട്യകല്പദ്രുമം, പി.സി. വാസുദേവന്‍ ഇളയതിന്റെ കൃഷ്ണനാട്ടം, ഡോ. ആര്‍. ശ്രീകുമാറിന്റെ കഥകളി മുദ്ര, കെ.പി.എസ്, മേനോന്റെ കഥകളിരംഗം, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിയുടെ സര്‍വാംഗാഭിനയം, സി.പി. ഉണ്ണിക്കൃഷ്ണന്റെ കരണങ്ങള്‍, കലാമണ്ഡലം പദ്മനാഭന്‍ നായരുടെ കളിവേഷം, ചൊല്ലിയാട്ടം, അയ്മനം കൃഷ്ണക്കൈമളുടെ അഭിനയസാഹിത്യം, വേണുജിയുടെ കഥകളിയിലെ കൈമുദ്രകള്‍, പി.കെ. വിജയഭാനുവിന്റെ നൃത്യപ്രാകാശിക, ഡോ. ടി.ജി. ശൈലജയുടെ നാട്യപ്രയോഗങ്ങള്‍ എന്നിവ വിവിധ നാട്യരീതികളുടെ പഠനങ്ങളാണ്. താണ്ഡവ നാട്യത്തിന്റെ ലക്ഷണം വേദബന്ധുവിന്റെ താണ്ഡവലക്ഷണം എന്ന കൃതിയില്‍ വിവരിക്കപ്പെടുന്നു. ഇന്ദിരാഭായി തങ്കച്ചിയുടെ ഭരതനാട്യമാണ് ഈ നൃത്തരൂപത്തെക്കുറിച്ചുള്ള ആദ്യകൃതികളില്‍ ഒന്ന് (1952). ലാസലാവണ്യം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം-ചരിത്രവും ആട്ടപ്രകാരവും എന്ന കൃതിയിലും കലാവിജയന്റെ മോഹിനിയാട്ടത്തിലും നിറഞ്ഞുനില്‍ക്കുന്നു. മൃണാളിനി സാരാഭായി ഭരതനാട്യം എന്ന കൃതി രചിച്ചു. ഗിരിജാചന്ദ്രന്‍ സഹകര്‍ത്താവായി ഭരതനാട്യചിന്താമണി എന്നൊരു പഠനവുമുണ്ട്.

കേസരി ബാലകൃഷ്ണപിള്ളയുടെ നവീന ചിത്രകല, കെ.ടി. രാമവര്‍മയുടെ ചിത്രകലാപ്രസ്ഥാനങ്ങളിലൂടെ, ആര്‍. രവീന്ദ്രനാഥിന്റെ ചിത്രകല സര്‍ഗഭാവനയുടെ രൂപാന്തരങ്ങള്‍, വിജയകുമാര്‍ മേനോന്റെ ഭാരതീയ കലാചരിത്രം, ആധുനികകലയുടെ ലാവണ്യതലങ്ങള്‍, പയ്യന്നൂര്‍ കേശവനാശാരിയുടെ ചിത്രശില്പകലാശാസ്ത്രം, പദ്മനാഭന്‍തമ്പിയുടെ ചിത്രകലാദര്‍ശനം, കെ.കെ. വാര്യരുടെ ചിത്രസൂത്രം എന്നിവ ചിത്രലാവണ്യത്തിന്റെ തികവും മികവും ആലേഖനം ചെയ്യുന്നു. ശില്പകലയെക്കുറിച്ച് ആധികാരികഗ്രന്ഥമാണ് എന്‍. കോയിത്തട്ടയുടെ ഇന്ത്യന്‍ ശില്പകല. ചിത്രകലയും സാഹിത്യവുമായുള്ള ബന്ധം ആധുനികതയുടെ സവിശേഷ ചര്‍ച്ചാവിഷയമാണ്. എം.വി. ദേവന്‍, അയ്യപ്പപ്പണിക്കരുടെ കവിതയ്ക്കെഴുതിയ അവതാരിക, ടി.ആറിന്റെ ചിത്രകലയും ചെറുകഥയും, വിജയകുമാര്‍ അനാവൃതമാക്കുന്ന സൗന്ദര്യത്തിന്റെ വിസ്മയഭാവങ്ങള്‍ ഇവയെല്ലാം ഇത്തരം ശ്രേഷ്ഠശ്രമങ്ങളാണ്. കേരളത്തിലെ ചുവര്‍ച്ചിത്രപഠനത്തില്‍ എം.ജി. ശശിഭൂഷന്‍ മുന്നിട്ടുനില്ക്കുന്നു. പ്രശസ്തചിത്രകാരനായ രാമചന്ദ്രനെക്കുറിച്ചുള്ള നിരൂപണമാണ് പി. സുരേന്ദ്രന്റെ രാമചന്ദ്രന്റെ കല.

വാദ്യവിശേഷങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കുന്നു. അന്നമനട പരമേശ്വരന്‍ മാരാരുടെ തിമിലവാദ്യം, എ.എസ്.എന്‍. നമ്പീശന്റെ മേളങ്ങള്‍ താളവാദ്യങ്ങള്‍, കോമരത്ത് ഗോപാലമേനോന്റെ താളമേളങ്ങള്‍, ഇ.പി. നാരായണപ്പിഷാരടിയുടെ മൃദംഗമഞ്ജരി, ശങ്കരവാര്യരുടെ മദ്ദളമെന്ന മംഗളവാദ്യം, ഞെരളത്ത് ഹരിഗോവിന്ദന്റെ കേരളീയവാദ്യകല, അജിത് നമ്പൂതിരിയുടെ മേളരാഗാമൃതം, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പഞ്ചവാദ്യപഠനം, പി. നാരായണന്‍ നമ്പ്യാരുടെ മിഴാവ്, ഈശ്വരനുണ്ണിയുടെ മിഴാവൊലി എന്നിങ്ങനെ കേരളീയ വാദ്യങ്ങളെ അടുത്തറിയാന്‍ മികച്ച യത്നങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട്. നാട്ടുവാദ്യങ്ങളും നാടന്‍ കലകളും ജനാര്‍ദനന്‍ പുതുശ്ശേരിയുടെ ഈ വിഷയത്തിലുള്ള സമഗ്രപഠനമാണ്. തെയ്യത്തിന്റെ മുഖത്തെഴുത്തിനെക്കുറിച്ച് തട്ടുംദളം എന്ന ഗ്രന്ഥത്തില്‍ ചന്ദ്രന്‍ മുട്ടത്ത് പ്രതിപാദിക്കുന്നു. പി.എം. റാംമോഹന്റെ നേപഥ്യം കഥകളിയിലെ ചുട്ടിയെ കേന്ദ്രീകരിച്ചുള്ള പഠനമാണ്. ചവിട്ടുനാടകരൂപത്തെക്കുറിച്ചുള്ള ആധികാരികപഠനമാണ് സെബിനാറാഫിയുടെ ചവിട്ടുനാടകം. കൃഷ്ണനാട്ടത്തെക്കുറിച്ച് എ.സി.ഡി. രാജയും പഠനം നടത്തിയിട്ടുണ്ട്.

നാടകകലയെക്കുറിച്ചുള്ള പഠനങ്ങള്‍കൊണ്ട് ഏറെ സമ്പന്നവുമാണ് നമ്മുടെ ഭാഷ. നാടകചരിത്രനിര്‍മാതാക്കളില്‍ പ്രധാനി ജി. ശങ്കരപ്പിള്ളയാണ്. സംവിധായകസങ്കല്പമാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷഗ്രന്ഥം. എന്‍.എന്‍. പിള്ളയുടെ നാടകദര്‍പ്പണം, കര്‍ട്ടന്‍, വയലാവാസുദേവന്‍പിള്ളയുടെ രംഗഭാഷ, അരങ്ങിന്റെ അര്‍ഥതലങ്ങള്‍, ഭാസിമടവൂരിന്റെ നാടകവേദി, മേക്കൊല്ലയുടെ നവീനനാടകാദര്‍ശം, അഴകേശന്റെ എപ്പിക് തിയെറ്റര്‍ കേരളത്തനിമയില്‍, ജി. ഗംഗാധരന്‍നായരുടെ മലയാളനാടകം : ഗ്രന്ഥപാഠവും രംഗപാഠവും, ചേലങ്ങാടിന്റെ സംഗീതനാടകപ്രസ്ഥാനം കേരളത്തില്‍, കെ. ശ്രീകുമാറിന്റെ സംഗീതനാടകചരിത്രം, ടി.പി. സുകുമാരന്റെ നാടകം കണ്ണിന്റെ കല, കാട്ടുമാടത്തിന്റെ മലയാളനാടകപ്രസ്ഥാനം, കെ.എസ്. നാരായണപിള്ളയുടെ ദൃശ്യവേദി, വൈക്കം ചന്ദ്രശേഖരന്‍നായരുടെ രംഗപ്രവേശം, നരേന്ദ്രപ്രസാദിന്റെ അരങ്ങും പൊരുളും തുടങ്ങിയവയും മലയാള നാടകപ്രവര്‍ത്തകരുടെ അഭിനയാനുഭവങ്ങളും ഇതോടൊപ്പം ചേര്‍ക്കണം. നാടകപഠനത്തില്‍ വിപ്ലവകരമായ സ്വരം ഏറെ മുഴങ്ങിയത് സി.ജെ. തോമസിന്റെ ഉയരുന്ന യവനികയിലാണ്. മഹാപണ്ഡിതനായ എം.പി. ശങ്കുണ്ണിനായര്‍ നാടകീയാനുഭവം എന്ന രസം, നാട്യമണ്ഡപം എന്നീ ഗ്രന്ഥങ്ങളില്‍ ഭാരതീയനാടകവേദിയെ ഉത്പതിഷ്ണുത്വത്തോടെ സമീപിക്കുന്നു.

സര്‍ക്കസ്, മാജിക്, കായികവിനോദങ്ങള്‍, കരാട്ടെ, കളരിപ്പയറ്റ്, മാന്ത്രികം തുടങ്ങിയവയും കലാപഠനത്തില്‍ ഉള്‍പ്പെടുത്തി വ്യവഹരിക്കുന്നു. കേരളത്തിന് ഈ വിഷയങ്ങളിലെല്ലാം ഒരു നൈരന്തര്യമുള്ളതിനാല്‍ ഏറെ പഠനങ്ങള്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. കാലാനുസൃതമായ വീക്ഷണവ്യതിയാനങ്ങള്‍ ക്ലാസ്സിക് രൂപങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നു. വിവിധ കലാരൂപങ്ങളെക്കുറിച്ചുള്ള സമഗ്രാന്തരീക്ഷം മലയാളം അഭിമാനപൂര്‍വം നിലനിര്‍ത്തുന്നു.

നാട്ടറിവുകള്‍.

നാടന്‍കലകളുടെ വൈവിധ്യം, ആചരണത്തിന്റെ അധികാരികള്‍, രീതികള്‍ എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു നാടന്‍ കലാസൂചിക സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍, തെയ്യങ്ങള്‍, നാടന്‍പാട്ടുകള്‍, നാടോടി നാടകങ്ങള്‍, വിവിധസമുദായങ്ങളുടെ ആചരണക്രിയകള്‍ ഇവയെല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. വടക്കന്‍പാട്ടും തെക്കന്‍പാട്ടും പുരാണസമുദായാംശങ്ങളും ചെങ്ങന്നൂര്‍ ആതി തുടങ്ങിയ കഥാഗാനങ്ങളും നാടോടി വിജ്ഞാനത്തില്‍പ്പെടുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തീയാട്ട്, തെയ്യവും തിറയും തുടങ്ങിയവയും.

അനുഷ്ഠാനകലകളെക്കുറിച്ച് അറിവുനല്‍കുന്ന ഗ്രന്ഥങ്ങള്‍ ഏറെയാണ്. എം.വി. വിഷ്ണുനമ്പൂതിരിയാണ് ഈ രംഗത്തെ സമുന്നത വ്യക്തിത്വം. ഫോക്ലോറും ജനസംസ്കാരപഠനവും എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. വി.എം. കുട്ടിക്കൃഷ്ണമേനോന്റെ കേരളത്തിന്റെ നടനകല ജനകീയകലാ ലക്ഷണളെക്കുറിച്ചുള്ള ആഴമേറിയ പഠനമാണ്. ജി. ഭാര്‍ഗവന്‍പിള്ള, കാക്കാരിശ്ശി നാടകത്തിന്റെ രൂപനിര്‍ണയത്തില്‍ ശ്രദ്ധിച്ചു. ഫോക്ലോര്‍ രംഗത്ത് ചുമ്മാര്‍ ചൂണ്ടല്‍, വെട്ടിയാര്‍ പ്രേംനാഥ് എന്നിവര്‍ നല്‍കിയ സംഭാവനകള്‍ ഗണനീയമാണ്. വാണിദാസ് എളയാവൂര്‍, എ. രാഘവന്‍ പയ്യനാട്, മുരളീധരന്‍ തഴക്കര, വേലായുധന്‍ പണിക്കശ്ശേരി, സി.ആര്‍. സുമേഷ്, ബി. രവികുമാര്‍ തുടങ്ങിയവര്‍ നാട്ടുസൌന്ദര്യവിജ്ഞാനരംഗത്ത് സജീവരാണ്. സുമേഷിന്റെ അരങ്ങിന്റെ ബഹുസ്വരതയും അനുഷ്ഠാനത്തിന്റെ ഉത്സവപരതയും അപഗ്രഥിക്കുന്ന പറണേറ്റും ഫോക്ലോര്‍ ആചരണങ്ങള്‍ അപഗ്രഥിക്കുന്ന അനുഷ്ഠാനകല രംഗാവതരണങ്ങളും ഫോക്ലോറും ഈ രംഗത്തെ രൂപമീമാംസാപ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. രാഘവന്‍ പയ്യനാടിന്റെ ഫോക്ലോര്‍ ഒരു പഠനസഹായി, ജി. ഭാര്‍ഗവന്‍പിള്ളയുടെ നാട്ടരങ്ങ് വികാസവും പരിണാമവും അറിവിന്റെ ഈ രംഗത്ത് ലക്ഷണഗ്രന്ഥങ്ങളാണ്. അജ്ഞാത കര്‍ത്തൃകമായ കൃഷിഗീത എന്ന ഗ്രന്ഥമാണ് മലയാളത്തിലെ നാടോടി വിജ്ഞാനപ്രചോദിതമായ ആദ്യ സമ്പൂര്‍ണ കൃഷിശാസ്ത്ര രചനയെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന് നാടോടിവിജ്ഞാനം കടല്‍, കാട്, നാട്, ജന്തുക്കള്‍, ചരിത്രം, വൈദ്യം, പാട്ടുകള്‍, കാവ്, പഴമൊഴി, പൂക്കള്‍, പക്ഷികള്‍, വയല്‍, വെള്ളം, ഭക്ഷണം എന്നിങ്ങനെ വ്യാപകമേഖലയാണ്. നെഗ്രിറ്റ്യൂഡ് എന്ന ഗ്രന്ഥത്തിലൂടെ കെ.എം. സലിംകുമാര്‍ അടിസ്ഥാനവിഭാഗങ്ങളുടെ സൌന്ദര്യശാസ്ത്രപ്രശ്നങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. കെ.കെ. കൊച്ച്, എന്‍.കെ. ജോസ് തുടങ്ങിയവരാണ് ഈ മേഖലയിലെ പ്രമുഖര്‍. നാടോടിവിജ്ഞാനീയത്തില്‍ ഗണ്യമായ ഒന്നാണ് ദലിതവീക്ഷണം. പൊതുസമൂഹപഠനത്തിലും ഏറെ നിയാമകം.

കവിതയിലെ നാടും നഗരവും നാട്ടുകലാസൗന്ദര്യദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നിരൂപണമാണ്. ആദിവാസി ഗാനങ്ങളുടെ അപൂര്‍വമായ ശേഖരണവും വിലയിരുത്തലുമാണ് എം. സെബാസ്റ്റ്യന്റെ കാട്ടിലെ പാട്ടുകള്‍. സിജി. എന്‍. എഴുതിയ തിറയാട്ടവും അഞ്ചടിയും സവിശേഷ നാടന്‍ രൂപപഠനമാണ്. മലബാറിലെ നാടന്‍ കലകളെ മുന്‍നിര്‍ത്തി ഡോ. കെ.കെ.എന്‍. കുറുപ്പ് രചിച്ച ദ്രാവിഡഘടകങ്ങള്‍ മലബാറിലെ നാടന്‍ കലയില്‍ എന്ന ഗ്രന്ഥം തൃക്കരിപ്പൂരിലെ രാമവില്യം കഴകത്തെക്കുറിച്ചുള്ള സവിശേഷപഠനമാണ്. നാടോടിവിജ്ഞാനം മലയാളസാഹിത്യ നിരൂപണത്തെയും ചരിത്രദര്‍ശനത്തെയും ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരുന്നതിന്റെ മാതൃകയാണ് ഈ ഗ്രന്ഥവും ഡോ. വി. റിജയുടെ തൃക്കോട്ടൂര്‍താവഴിയും. സമൂഹത്തെ ആഴത്തില്‍ അറിയുന്നതിന് ഫോക്ലോര്‍ നിയാമകശക്തിയാകുന്നു. ആധുനികചിന്തയില്‍ ഫോക്ലോറിനുള്ള ഈ സ്ഥാനം ഇന്ന് ഏറെ പരീക്ഷിക്കപ്പെടുന്നു. കേരളീയന്റെ കലാചിന്തയില്‍ പ്രത്യേകസ്ഥാനം നാടോടിവിജ്ഞാനീയത്തിന്റെ ഭാവരൂപപഠനങ്ങള്‍ നേടിയെടുത്തുകഴിഞ്ഞു.

ചലച്ചിത്രസാഹിത്യം.

ജെ.സി. ഡാനിയേലിന്റെ 'വിഗതകുമാരനി'ല്‍ തുടങ്ങുന്നതാണ് മലയാളചലച്ചിത്ര ചരിത്രം. നാടകത്തിന്റെ ശൈലീവിശേഷങ്ങളും പുരാണപ്രീതികളും പരീക്ഷിച്ചു മൗലികമായ സാമൂഹ്യപ്രമേയത്തില്‍ തുടങ്ങിയെങ്കിലും നാടകത്തിലെന്നപോലെ തമിഴിന്റെ സ്വാധീനം പില്ക്കാല സിനിമയില്‍ ധാരാളമുണ്ടായി. 'സ്ത്രീ' എന്ന ചിത്രം തുടര്‍ന്ന് ജീവിതഗന്ധിയായ സിനിമയുടെ അന്തരീക്ഷം സൃഷ്ടിച്ചു. കല എന്ന നിലയ്ക്ക് കാല്പനികതയും റിയലിസവും നിയോറിയലിസവും കമേഴ്സ്യലിസവും മലയാളശൈലിയുടെ പരിവര്‍ത്തനശൈലികളായി. അവതരണത്തിലും പ്രമേയത്തിലും ഏറെ പരീക്ഷണങ്ങള്‍ പിന്നിട്ട മലയാളസിനിമ ഇന്ത്യന്‍ സിനിമയിലെ സുപ്രധാന ശക്തിയാണ്. ഇന്ന് ന്യൂജനറേഷന്‍ എന്ന പേരില്‍ അത് വളര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ പ്രമേയങ്ങള്‍, പുതിയ അവതരണശൈലികള്‍, പുതിയ അഭിനേതാക്കള്‍ അതാണ് ന്യൂജനറേഷന്‍ സിനിമ.

ചലച്ചിത്രകലയെ അടുത്തുകാണുന്നതിന് ശ്രമിച്ച ആദ്യകാലികരില്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പ (സിനിമ), ആര്‍.എസ്. നാഗവള്ളി (ചലച്ചിത്രകല), ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (സിനിമയുടെ ചരിത്രം), വേലപ്പന്‍ ആലപ്പാട്ട്, കെ. വേലപ്പന്‍, ഗോപി കുഴൂര്‍ എന്നിങ്ങനെ ഒരു നിരയുണ്ട്. അമ്പതുകളിലും അറുപതുകളിലുമാണ് അവര്‍ സിനിമാനിരൂപണം തുടങ്ങിവച്ചത്. 'നീലക്കുയില്‍' ആദ്യകാല പ്രതിഷ്ഠാപിത ചലച്ചിത്രമായി. രാമുകാര്യാട്ട്, പി. ഭാസ്കരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, കെ.പി. കുമാരന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ ആധുനിക സംവേദനശക്തിയുള്ള സംവിധായകന്‍ സിനിമയുടെ നട്ടെല്ലായ തിരക്കഥാവിഷ്കരണത്തിനും സംവിധാനത്തിന്റെ കലാപൂര്‍ണതയ്ക്കും തീവ്രവും ശക്തവുമായ മാനങ്ങള്‍ നല്കി. തുടര്‍ന്ന് എം.ടി. വാസുദേവന്‍ നായര്‍, പി. പദ്മരാജന്‍, എ.കെ. ലോഹിതദാസ്, ലെനിന്‍ രാജേന്ദ്രന്‍, ശ്യാമപ്രസാദ് തുടങ്ങിയവരും തങ്ങളുടെ ചലച്ചിത്രങ്ങളില്‍ സാഹിത്യത്തെ കൂട്ടിയിണക്കി.

സിനിമയെക്കുറിച്ചുള്ള പരിപ്രേക്ഷ്യത്തില്‍ വന്ന മാറ്റം ലോകസിനിമയുമായി സമ്പര്‍ക്കം ആഴത്തില്‍ സംഭവിച്ചതിന്റെ ഫലമാണ്. നിയോറിയലിസത്തിന്റെ വക്താവായ അടൂര്‍ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം', അരവിന്ദന്റെ 'തമ്പ്' എന്നിവയെല്ലാം രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' എന്ന ക്ലാസ്സിക്കല്‍ രചനയുടെ പിന്നാലെ കേരളീയസംവേദനത്തെ ത്വരിപ്പിച്ചു. അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, വി. രാജകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി, സലിം കാരശ്ശേരിയുടെ സിനിമാലോചന, തോട്ടം രാജശേഖരന്റെ സിനിമ മിഥ്യയും സത്യവും, ഒ.പി. രാജ്മോഹന്റെ ആധുനിക സിനിമ-സങ്കേതവും മൂല്യവും, ജി.പി. രാമചന്ദ്രന്റെ സിനിമയും മലയാളിയുടെ ജീവിതവും, എം.സി. രാജുനാരായണന്റെ സിനിമ യാഥാര്‍ഥ്യവും സ്വപ്നങ്ങളും, രവീന്ദ്രന്റെ സിനിമയിലെ രാഷ്ട്രീയം, വി.കെ. ജോസഫിന്റെ സിനിമയും പ്രത്യയശാസ്ത്രവും, മധു ഇറവങ്കരയുടെ മലയാള സിനിമയും സാഹിത്യവും, ജോണ്‍ പോളിന്റെ എം.ടി: ഒരു അനുയാത്രയും ഇതേ പാതയിലുള്ളതാണ്. കെ. ഗോപിനാഥിന്റെ സിനിമയും സംസ്കാരവും, എം. ചന്ദ്രശേഖരന്റെ ബോധതീരങ്ങളില്‍ കാലം മടിക്കുമ്പോള്‍, ജോസ് കെ. മാനുവേലിന്റെ തിരക്കഥാ സാഹിത്യം: സൗന്ദര്യവും പ്രസക്തിയും, പി. എസ്. രാധാകൃഷ്ണന്റെ ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹര്‍ഷ മൂല്യങ്ങള്‍, സുധാവാര്യരുടെ അനുകല്പനത്തിന്റെ ആട്ടപ്രകാരം എന്നിവ ഈ സാഹചര്യമുള്‍ക്കൊള്ളുന്ന രചനകളുടെ മാതൃകകളാണ്. എം.ടി. വാസുദേവന്‍നായര്‍ ചെറുകഥയിലെന്നതുപോലെ കാല്പനികതയുടെ ചേരുവകൂട്ടിയാണ് ചലച്ചിത്രവും വിഭാവനം ചെയ്തത്. 'നിര്‍മാല്യം', 'മുറപ്പെണ്ണ്', 'ഒരു വടക്കന്‍വീരഗാഥ', 'കേരളവര്‍മ പഴശ്ശിരാജ', 'പരിണയം' ഇവയെല്ലാം സംവേദനത്തിലെ മധ്യവര്‍ത്തിത്വമാണ് ഉള്‍ക്കൊള്ളുന്നത്. അരവിന്ദന്‍ വല്ലച്ചിറ 'ആത്മനിന്ദയുടെ പൂക്കള്‍' എന്ന പഠനത്തില്‍ എം.ടി.യെ പരിചയപ്പെടുത്തുന്നു. മധു വയ്പന, പി.കെ. മാത്യു, ശ്രീകുമാരന്‍തമ്പി, കോഴിക്കോടന്‍ എന്നിവര്‍ സിനിമയുടെ ശില്പബോധത്തിനും സാങ്കേതികഭദ്രതയ്ക്കും ആസ്വാദ്യതയ്ക്കും ഊന്നല്‍ നല്‍കിയ ചലച്ചിത്രനിരൂപകരാണ്. ഏറെ നിഷ്പക്ഷതയോടെ വിലയിരുത്തുന്നതില്‍ സിനിക് ശ്രദ്ധിച്ചു. ലോകസിനിമയെ പരിചയപ്പെടുത്തുന്നതില്‍ വിജയകൃഷ്ണനും (ലോകസിനിമ) ഐ. ഷണ്‍മുഖദാസും, എം.എഫ്. തോമസുമാണ് ഏറെ താത്പര്യം കാണിച്ചത്.

ഇതോടൊപ്പം സുരേഷ് എ.പി. കാഴ്ചയുടെ കലയിലും മങ്കട രവിവര്‍മ ചിത്രം ചലച്ചിത്രം എന്ന പഠനത്തിലും സി. രാധാകൃഷ്ണന്‍ സിനിമയുടെ തനിമയിലും സാങ്കേതികാംശങ്ങളുടെ അപഗ്രഥനത്തിന് മുന്‍തൂക്കം നല്‍കി.

തിരക്കഥ ഒരു സുപ്രധാന സാഹിത്യാംശമാകുകയും അതിന്റെ സൗന്ദര്യശാസ്ത്രപഠനം ഊര്‍ജസ്വലമാക്കുകയും ചെയ്തതോടെ ഒട്ടേറെ തിരക്കഥകള്‍ ഗ്രന്ഥരൂപത്തില്‍ അവതരിച്ചു. സി.എസ്. വെങ്കിടേശ്വരന്‍, കെ.പി. ജയകുമാര്‍, എന്‍.പി. സജീഷ്, സുജിത്ത് കുമാര്‍, ഡോ. ബിജു തുടങ്ങിയവരാണ് പുതിയ തലമുറയിലെ ശ്രദ്ധേയരായ ചലച്ചിത്ര നിരൂപകര്‍.

ഭാഷാശാസ്ത്രം/വ്യാകരണം.

മൗലികദര്‍ശനങ്ങളുള്ള ചുരുക്കം ഭാഷാ ശാസ്ത്രവ്യാകരണഗ്രന്ഥങ്ങളെ പരിചയപ്പെടുത്താം. മലയാളത്തിലെ പ്രധാനസാഹിത്യഭാഷയായിരുന്ന മണിപ്രവാളത്തിന്റെ അപഗ്രഥനമായ ലീലാതിലകമാണ് മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം. ലീലാതിലകം മണിപ്രവാള ഭാഷയെയും കാവ്യാംശങ്ങളെയും കുറിച്ചുള്ള പഠനമാണെങ്കിലും ആധുനികകാലപ്രസക്തി കുറവാണ്; പരാമര്‍ശങ്ങളും കുറവ്. അന്യഭാഷ പഠിക്കുമ്പോഴുള്ള ശ്രദ്ധ ഏറെ പുലര്‍ത്തിയ മിഷനറിമാര്‍ കേരളഭാഷാ വ്യാകരണത്തിന് നല്കിയ സംഭാവന ചെറുതല്ല. ആഞ്ജലോസ് ഫ്രാന്‍സിസിന്റെ വ്യവഹാരഭാഷയുടെ വ്യാകരണം, അര്‍ണോസ്പാതിരിയുടെ ഗ്രന്ഥഭാഷാവ്യാകരണം, റോബര്‍ട്ട് ഡ്രമ്മണ്ടിന്റെ വ്യാകരണം, ജോസഫ്പിറ്റ്, സ്പ്രിങ് എന്നിവരുടെ വ്യാകരണരചനകള്‍ തെളിവ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാവ്യാകരണവും കാള്‍ഡ്വലിന്റെ ദ്രാവിഡഭാഷാവ്യാകരണവുമാണ് ഏറ്റവും അടിസ്ഥാനപരം. ചോദ്യോത്തരരൂപത്തിലും മലയാളവ്യാകരണസംബന്ധിയായ ഒരു ഗ്രന്ഥം ഗുണ്ടര്‍ട്ട് രചിച്ചിട്ടുണ്ട്.

മിഷനറിമാരാണ് ഭാഷാ ശാസ്ത്രഗ്രന്ഥങ്ങള്‍ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചത്. മലയാഴ്മയുടെ വ്യാകരണം (റവ. ജോര്‍ജ് മാത്തന്‍) ആണ് ഒരു മലയാളിയുടെ ആദ്യഭാഷാഗ്രന്ഥം. വൈക്കത്ത് പാച്ചുമൂത്തത് (കേരള ഭാഷാവ്യാകരണം), കോവുണ്ണി നെടുങ്ങാടി (കേരളകൗമുദി) എന്നിവര്‍ ഒരേ സരണിയില്‍ തുടര്‍ന്നു. സംസ്കൃതജന്യമാണ് മലയാളം എന്ന മതം പ്രചരിപ്പിച്ച കേരളകൗമുദിക്കാരനാണ് കൂടുതല്‍ വിസ്തരിച്ച് ഭാഷ, അലങ്കാരം, വൃത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചത്. പക്ഷേ ഭാഷയുടെ ഉത്പത്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇന്ന് അംഗീകരിക്കപ്പെടുന്നില്ല.

ഭാഷാവ്യാകരണത്തിന്റെ അടിത്തറ ഉറപ്പിച്ചത് ഏ.ആര്‍. രാജരാജവര്‍മയാണ്. എങ്കിലും സജീവമായ സംസാരഭാഷയായിരുന്നില്ല അദ്ദേഹത്തിന്റെ പഠനാധാരം (കേരളപാണിനീയം, മണി ദീപിക). വ്യാകരണമിത്രം (ശേഷഗിരിപ്രഭു), പാണിനീയ പ്രദ്യോതം (ഐ.സി. ചാക്കോ), പ്രയോഗദീപിക (പി.കെ. നാരായണപിള്ള), മലയാളശൈലി, ഭാഷാപരിചയം (കുട്ടിക്കൃഷ്ണമാരാര്‍), കേരളപാണിനീയഭാഷ്യം (സി.എല്‍. ആന്റണി), കേരളപാണിനീയ വിമര്‍ശം (പുതുശ്ശേരി രാമചന്ദ്രന്‍), ഭാഷാ വിജ്ഞാനീയം (ഡോ. ഇ.വി.എന്‍. നമ്പൂതിരി), ശബ്ദസൗഭാഗ്യം (ജോണ്‍ കുന്നപ്പള്ളി), വ്യാകരണപഠനം (എസ്. അച്യുതവാര്യര്‍), മലയാളവ്യാകരണവും ഉപാഖ്യാനവും (പി.എസ്.കെ. നായര്‍) തുടങ്ങിയവ ഭാഷയുടെ പൊതുപഠനത്തിനും വ്യാകരണപ്രധാനമായ പഠനത്തിനും ശ്രദ്ധിച്ച ഗ്രന്ഥങ്ങളാണ്. ഗോദവര്‍മയുടെ കേരളഭാഷാ വിജ്ഞാനീയം, ഇളംകുളത്തിന്റെ കേരളഭാഷയുടെ വികാസപരിണാമങ്ങള്‍ കുഞ്ഞുണ്ണി രാജയുടെ ഭാഷാഗവേഷണം, ബി.സി. ബാലകൃഷ്ണന്റെ ഭാഷാവിജ്ഞാനീയം, വി.ഐ. സുബ്രഹ്മണ്യം, കെ.എം. പ്രഭാകരവാര്യര്‍, ഡോ. പി.എം. ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണന്‍, ഒ. ഷംസുദ്ദീന്‍ (മാപ്പിള മലയാളം), പി. സോമശേഖരന്‍നായര്‍, എന്‍.ആര്‍. ഗോപിനാഥപിള്ള, ചാത്തനാത്ത് അച്യുതനുണ്ണി, പ്രബോധചന്ദ്രന്‍നായര്‍, വേണുഗോപാലപ്പണിക്കര്‍, പന്മനരാമചന്ദ്രന്‍ നായര്‍ എന്നിവരുടെ ഭാഷാവിഷയപരമായ പഠനങ്ങള്‍ അക്കാദമിക് സ്വഭാവം പുലര്‍ത്തുന്നവയാണ്. കോവുണ്ണി നെടുങ്ങാടിയുടെ കേരളകൌമുദിയെ തുടര്‍ന്ന് പാഠപുസ്തകരൂപത്തിലുള്ള വ്യാകരണഗ്രന്ഥങ്ങള്‍ ഭാഷയില്‍ ഉണ്ടായി. പാച്ചുമൂത്തതിന്റെ കേരളഭാഷാവ്യാകരണം, ഗാര്‍ത്ത് വെയ്റ്റ് എഴുതിയ മലയാള വ്യാകരണസംഗ്രഹം, മലയാളവ്യാകരണ ചോദ്യോത്തരം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ബാലബോധിനി, മലയാളവ്യാകരണപ്രാഥമിക പാഠങ്ങള്‍ ഇവയെല്ലാം പാഠപുസ്തകത്തിലുള്ള ഇത്തരം രചനകളാണ്. ഗദ്യസാഹിത്യത്തിന്റെ ഭാഷാമാധ്യമത്തെ നവീകരിക്കണമെന്ന മനഃപൂര്‍വമായ ബോധം ഈ രചനകളില്‍ പ്രബലമായിരുന്നില്ല.

ഏ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയം, ശബ്ദശോധിനി, പ്രഥമവ്യാകരണം, ഗോദവര്‍മയുടെ കേരളഭാഷാ വിജ്ഞാനീയം, മധ്യമവ്യാകരണം, സാഹിത്യപഞ്ചാനനന്റെ ലഘുവ്യാകരണം, ആറ്റൂരിന്റെ ഭാഷാസുധാകരം, വാസുദേവഭട്ടതിരിയുടെ അഭിനവമലയാളവ്യാകരണം, എസ്. അച്യുതവാര്യരുടെ വ്യാകരണപഠനം, അനന്തനാരായണശാസ്ത്രിയുടെ വാക്യതത്ത്വം, ഇ.വി.എന്‍. നമ്പൂതിരിയുടെ കേരളഭാഷാവ്യാകരണം തുടങ്ങിയവ വ്യാകരണപരമായ പുരോഗതിക്കും കൃത്യതയ്ക്കും ഏറെ സഹായകമായി. മലയാളഭാഷയുടെ പരിണാമത്തെക്കുറിച്ചുള്ള പ്രൗഢപഠനമാണ് തിരുനല്ലൂര്‍ കരുണാകരന്റെ മലയാളഭാഷാപരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും.

ഭാഷയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ചട്ടമ്പിസ്വാമികളുടെ ആദിഭാഷ. എല്‍.വി. രാമസ്വാമി അയ്യരുടെ മലയാള ഭാഷാശാസ്ത്രപരമായ ആഴമേറിയ പഠനങ്ങള്‍ ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ആഴമേറിയ പഠനങ്ങളുടെ ആകരമാണ് രണ്ടും.

മാരാരുടെ മലയാളശൈലി, സി.വി. വാസുദേവഭട്ടതിരിയുടെ നല്ല മലയാളം, പ്രൊഫ. പന്മനരാമചന്ദ്രന്‍നായരുടെ ശുദ്ധമലയാളം തുടങ്ങിയവ സജീവമലയാളത്തിലേക്കുള്ള വിചിന്തനങ്ങളാണ്. പി.കെ. നാരായണന്റെ ഭാഷ എന്ന മാധ്യമമാണ് ശ്രദ്ധേയമായ മറ്റൊരു രചന.

ഭാഷാശാസ്ത്രരംഗത്ത് നയസൂചകമാണ് ഇളംകുളത്തിന്റെ കേരളഭാഷയുടെ വികാസപരിണാമങ്ങള്‍. ഡോ. കുഞ്ഞുണ്ണിരാജയുടെ ഭാഷാഗവേഷണം, ബി.സി. ബാലകൃഷ്ണന്റെ വിജ്ഞാനീയം, ചമ്പക്കുളം അപ്പുക്കുട്ടന്‍നായരുടെ ഭാഷാശാസ്ത്രചിന്തകള്‍, സി.എല്‍. ആന്റണിയുടെ ഭാഷാചിന്തകള്‍, വി.ഐ. സുബ്രഹ്മണ്യം, കെ.എം. പ്രഭാകരവാര്യര്‍, ഡോ. പി.എം. ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണന്‍, ആര്‍. ലീലാദേവി, കെ.ഒ. ഷംസുദ്ദീന്‍, പി. സോമശേഖരന്‍നായര്‍, എന്‍.ആര്‍. ഗോപിനാഥപിള്ള, പി. മീരാക്കുട്ടി, സെബാസ്റ്റ്യന്‍ എടമരത്ത്, ചാത്തനാത്ത് അച്യുതനുണ്ണി, പ്രബോധചന്ദ്രന്‍നായര്‍, വേണുഗോപാലപ്പണിക്കര്‍ തുടങ്ങിയ ഭാഷാശാസ്ത്രപണ്ഡിതന്മാര്‍ നവീനശാസ്ത്രസങ്കേതങ്ങള്‍ സ്വീകരിച്ച് ഭാഷാപഗ്രഥനം നടത്തുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നവ താത്ത്വികപഠനമാണ് ഡോ. പി. ആന്‍ഡ്രൂസ്കുട്ടിയുടെ ഭാഷാശാസ്ത്രം സിദ്ധാന്തവും പ്രയോഗവും.

പി.എം. ഗിരീഷിന്റെ കേരളത്തിലെ ആചാരഭാഷ സാമൂഹിക ഭാഷാശാസ്ത്രപരമാണ്. മലയാളത്തിലെ സംബോധനാപദങ്ങളുടെ സാമൂഹികപശ്ചാത്തലം ഉഷാ നമ്പൂതിരിപ്പാട് പഠനവിധേയമാക്കി. മലയാള വ്യാകരണ സിദ്ധാന്തനിയമങ്ങള്‍ കേരളപാണിനീയത്തിനുശേഷം (മേരി എന്‍.കെ.) വ്യാകരണപഠനത്തിലെ ഏറ്റവും പുതിയ ഈടുവയ്പാണ്. വ്യാകരണത്തിലെ പുതിയ ദര്‍ശനങ്ങളുടെ സാങ്കേതിക സഹായത്തോടെ രചിച്ചതാണ് ഈ ഗ്രന്ഥം.

വൃത്തശാസ്ത്രം.

ഭാഷയിലെ ആദ്യത്തെ വൃത്തനിരീക്ഷണം ലീലാതിലകത്തിന്റേതാണ്. "ദ്രമിഡസംഘാതാക്ഷര നിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ട് എന്ന പാട്ടിന്റെ നിര്‍വചനം കാണുക. സമകാലികപദ്യരചനാ പാരമ്പര്യത്തിന്റെ വെളിപ്പെടുത്തലാണത്. എന്നാല്‍ ലീലാതിലകകാരന്‍ മണിപ്രവാള വംശജനാണ്. സംസ്കൃത വൃത്തത്തിനോടാണ് മണിപ്രവാള പദ്യത്തിന് വേഴ്ച. മലയാളത്തില്‍ സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും അതില്‍ത്തന്നെ നാടന്‍വൃത്തങ്ങളും പ്രയോഗത്തിലുണ്ട്. പാട്ടുപ്രസ്ഥാനം തമിഴ് വിരുത്തത്തില്‍ ഒതുങ്ങി തമിഴ് വിരുത്തത്തിലുള്ളതാണ് രാമചരിതം, രാമകഥാപ്പാട്ട് തുടങ്ങിയവ. സംസ്കൃതവൃത്തങ്ങളുടെ സ്വതന്ത്രവിനിമയങ്ങളെന്ന് പറയാവുന്ന ഭാഷാവൃത്തങ്ങളും ഉണ്ട്.

ഒരു ശാസ്ത്രമെന്ന നിലയ്ക്ക് പദങ്ങളുടെ ക്രമീകരണം തൊട്ട് താളഭേദങ്ങളുടെ വൈചിത്ര്യങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് വൃത്തശാസ്ത്രം. കോവുണ്ണി നെടുങ്ങാടിയുടെ കേരളകൗമുദിയാണ് നവീനകാലത്ത് ഭാഷയിലെ ആദ്യത്തെ വൃത്തചിന്തയുള്‍ക്കൊള്ളുന്ന ഗ്രന്ഥം. ഏ.ആര്‍. രചിച്ച വൃത്തമഞ്ജരിയാണ് പ്രാമാണികമായത്. സംസ്കൃത ദ്രാവിഡശീലുകളുടെ ഈ ലക്ഷണഗ്രന്ഥത്തില്‍ ഭാഷാശീലുകള്‍ക്ക് ഗാനത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ളതാണ്. 'ദ്രാവിഡവൃത്തങ്ങളുടെ ദശാപരിണാമങ്ങളെ'ക്കുറിച്ച് അപ്പന്‍തമ്പുരാന്‍ പ്രാമാണിക ഗവേഷണം നടത്തിയിട്ടുണ്ട്. കേരളീയ വാദ്യങ്ങളുടെ താളസംസ്കാരമാണ് കുട്ടിക്കൃഷ്ണമാരാരുടെ ഭാഷാവൃത്തങ്ങള്‍, വൃത്തശില്പം ഇവയെ നയിച്ചത്. ഏ.ആറില്‍ നിന്നും ഭിന്നമായ പല നിലപാടുകളും സ്വീകരിച്ച വൃത്തശാസ്ത്രജ്ഞനാണ് കെ.കെ. വാധ്യാര്‍ (വൃത്തവിചാരം). മലയാള വൃത്തങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ എന്‍. വി. കൃഷ്ണവാര്യര്‍ ഇംഗ്ലീഷിലാണ് തന്റെ നിഗമനങ്ങള്‍ പ്രസിദ്ധീകരിച്ചത്. താളത്തിന്റെ ആശയപരമായ അംശം അതില്‍ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. ഈ രംഗത്തെ മറ്റു പ്രതിഭകളാണ് പി. കുഞ്ഞികൃഷ്ണമേനോന്‍ (വൃത്തമഞ്ജരീ ഭാഷ്യം, ഭാഷാ വൃത്തചിന്തകള്‍), ഡോ. ടി.വി. മാത്യു (വൃത്തശാസ്ത്രം), നീലംപേരൂര്‍ രാമകൃഷ്ണന്‍ നായര്‍, എഴുപ്രം കൃഷ്ണന്‍കുട്ടി (ഭാഷാവൃത്തവിചിന്തനം), പി. നാരായണക്കുറുപ്പ് (മലയാളവൃത്തപഠനം) എന്നിവര്‍. എ ഹിസ്റ്ററി ഒഫ് മലയാളം എന്‍. വി. കൃഷ്ണവാര്യര്‍ മലയാള വൃത്തങ്ങളെക്കുറിച്ച് ഇംഗ്ലീഷില്‍ രചിച്ച കൃതിയാണ്. എഴുത്തച്ഛന്‍ ക്രമപ്പെടുത്തിയ വൃത്തങ്ങളെ ശ്ലഥമാക്കിയും വൃത്തത്തിന്റെ ഘടനയില്‍ മാറ്റം വരുത്താതെ അതിനെ മുറിച്ചെടുത്തും കവികള്‍ ഇന്ന് ഉപയോഗിക്കുന്നത് സാധാരണമായിരിക്കുന്നു. ഇംഗ്ലീഷിലെ ഗദ്യതാളങ്ങളുടെ പ്രയോഗവും ഇന്ന് ഭാഷയില്‍ ഏറെയുണ്ട്. ആദിവാസികളുടെ താളബോധം ഒരു നാടന്‍ കവിക്കും സ്വാഭാവികമായി ലഭിക്കുന്നതല്ല. ഇവയെല്ലാം ഇന്നത്തെ വൃത്തശാസ്ത്രചിന്തകനെ ഉത്തേജിപ്പിക്കേണ്ട ഘടകങ്ങളാണ്. വൃത്തത്തില്‍ നിന്ന് അകന്നാലും മൗലികമായ താളങ്ങളില്‍ നിന്ന് അന്യനാവാന്‍ കവിക്ക് കഴിയില്ല. അതിനാല്‍ വൃത്തശാസ്ത്രം പുതിയ അവബോധങ്ങള്‍ക്ക് ശക്തമായ സഹായകമാവും. കലയില്‍ ഭാവക്രമീകരണത്തിന് ആധാരമായ ഭാഷാസംസ്കാരമാണ് വൃത്തചിന്തയില്‍ പരിശോധിക്കുന്നത്.

നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍.

നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും ഒരു സമ്പുഷ്ടഭാഷയുടെ ആത്മാഭിമാനങ്ങളാണ്; ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും സമഗ്രക്രോഡീകരണങ്ങള്‍. ഇവ രണ്ടും രണ്ടുതരത്തിലുള്ള ജ്ഞാനപരിചരണങ്ങളാണ്. പൊതുസ്വഭാവമുള്ളതും പ്രത്യേകവിഷയങ്ങളെ ആസ്പദിച്ചുള്ളതും; സൂക്ഷ്മതയോടെ തയ്യാറാക്കപ്പെടുന്നതാണ് ഇത്തരം ഗ്രന്ഥങ്ങള്‍. ബെഞ്ചമിന്‍ ബെയ്ലിയുടെ എ ഡിക്ഷണറി ഒഫ് ഹൈ ആന്‍ഡ് കൊളോക്യല്‍ മലയാളമാണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു സംരംഭം. മലയാളം വാക്കുകള്‍ക്ക് ഇതില്‍ ഇംഗ്ലീഷില്‍ അര്‍ഥവിവരണം നല്‍കിയിരുന്നു. റിച്ചാര്‍ഡ് കോളിന്‍സിന്റെ മലയാളനിഘണ്ടുവാണ് വാക്കും അര്‍ഥവും ഒരുപോലെ മലയാളത്തിലാക്കിയിട്ടുള്ള ആദ്യനിഘണ്ടു. അര്‍ണോസ് പാതിരി രചിച്ചതാണ് മലയാളം പോര്‍ച്ചുഗീസ് നിഘണ്ടു. ഗുണ്ടര്‍ട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവാണ് ഏറ്റവും വിഖ്യാതവും ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടതും. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി പുതിയ വാക്കുകള്‍ ചേര്‍ത്ത് പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ഏറ്റവും ആധികാരിക നിഘണ്ടുവാകുന്നു. ആര്‍. നാരായണപ്പണിക്കരുടെ നവയുഗഭാഷാനിഘണ്ടു, ടി. രാമലിംഗംപിള്ളയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു, വി. മുഹമ്മദിന്റെ അറബി-മലയാളം ലെക്സിക്കന്‍, കാണിപ്പയ്യൂരിന്റെ സംസ്കൃത-മലയാള നിഘണ്ടു, അഭയദേവിന്റെ ഹിന്ദി മലയാളം നിഘണ്ടു, സി. മാധവന്‍പിള്ളയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു, വി.സി. ചാക്കോയുടെ ജര്‍മന്‍-മലയാളം നിഘണ്ടു, എസ്. ഗുപ്തന്‍നായരുടെ കേരളഭാഷാനിഘണ്ടു, വി. ബാലകൃഷ്ണന്‍/ലീലാദേവിയുടെ വിദ്യാര്‍ഥിമിത്രം സംസ്കൃത-ഭാഷാനിഘണ്ടു ഇവയെല്ലാം ഭാഷാപദങ്ങളെ സംബന്ധിച്ചും മറ്റുഭാഷകളുമായുള്ള അര്‍ഥനിര്‍ണയം സംബന്ധിച്ചും മലയാളത്തിലുണ്ടായിട്ടുള്ള പണ്ഡിതോചിതമായ യത്നങ്ങളാണ്. കെ.എസ്. നീലകണ്ഠനുണ്ണിയുടെ ഭാഷാപ്രയോഗ നിഘണ്ടു, കെ. പ്യാറിന്റെ ശബ്ദശാഖ, പി.ആര്‍. നായരുടെ പദവിജ്ഞാനീയം, ഇ.പി. നാരായണഭട്ടതിരിയുടെ ശൈലി നിഘണ്ടു, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയുടെ മലയാളപര്യായനിഘണ്ടു, ബി.സി. ബാലകൃഷ്ണന്റെ ശബ്ദകോശം, ശബ്ദസാഗരം, സി.ജി. ജയപാലിന്റെ എതിര്‍ലിംഗനിഘണ്ടു എന്നിവയും ഭാഷാപരമായ നിഘണ്ടുക്കളില്‍പ്പെടുന്നു. ദ്വിഭാഷാ നിഘണ്ടുക്കളും ത്രിഭാഷാനിഘണ്ടുക്കളും അറബിനിഘണ്ടുക്കളും ഇതിനോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ടി. രാമലിംഗംപിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം. എന്‍.വി. കൃഷ്ണവാര്യര്‍, ഡോ. അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്; ഈ ബൃഹദ്ഗ്രന്ഥം


ഭാഷേതരമായ പ്രാധാന്യമുള്ളതാണ്, തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദീയ ഔഷധി നിഘണ്ടു, താമരക്കുളം ജി. കൊച്ചുശങ്കരന്‍ വൈദ്യന്റെ ആയുര്‍വേദ ഔഷധി നിഘണ്ടു, ഡോ. വി. ശ്യാമളയുടെ ചികിത്സാവിജ്ഞാനകോശം, കുഞ്ഞുണ്ണിയുടെ കുട്ടികളുടെ നിഘണ്ടു, എം.ആര്‍.സി. നായരുടെ ഗണിതശാസ്ത്ര നിഘണ്ടു, ഡോ. രാജഗോപാല്‍ കമ്മത്തിന്റെ നേഴ്സിങ് ഡിക്ഷണറി, ഭൗതികശാസ്ത്ര നിഘണ്ടു, ഓണക്കൂര്‍ ശങ്കരഗണകന്റെ ജ്യോതിഷനിഘണ്ടു, സുധീഷ് നമ്പൂതിരിയുടെ തന്ത്രനിഘണ്ടു, സനല്‍ പി. തോമസിന്റെ ക്രിക്കറ്റ് എന്‍സൈക്ലോപീഡിയ എന്നിവ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സമഗ്രപഠനത്തിന് ഉപകരിക്കുന്നതാണ് കെ. രവീന്ദ്രന്‍ തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിഘണ്ടു.

പൈലോപോളിന്റെ പുരാണകഥാനിഘണ്ടുവും സാഹിത്യനിഘണ്ടുവും ഒന്നിച്ച് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൗരാണികകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയയും, സി. പ്രസാദിന്റെ പുരാണ സംജ്ഞാഗമകോശവും ആര്‍. വാസുദേവന്‍കര്‍ത്തായുടെ പുരാണനിഘണ്ടുവും കുഞ്ഞനന്തന്‍നായരുടെ പുരാണനിഘണ്ടുവും, മാധ്യമങ്ങളെക്കുറിച്ചുള്ള നിഘണ്ടുവാണ് പി.കെ. രാജശേഖന്‍/ജയപ്രകാശ് രചിച്ച മാധ്യമനിഘണ്ടു. സയന്‍സിനെക്കുറിച്ച് ബാലശാസ്ത്രകാരനായ എസ്. ശിവദാസ് ഒരു സയന്‍സ് നിഘണ്ടു രചിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്രാനുഷ്ഠാനങ്ങളെക്കുറിച്ചും, അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദമരുന്നുകളെയും ചികിത്സകളെയും കുറിച്ചും വിപുലമായ സമാഹൃതഗ്രന്ഥങ്ങള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. പ്രശസ്ത സംഗീതജ്ഞനായ സുനിലിന്റെ സംഗീതനിഘണ്ടു നിഘണ്ടുയത്നങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു. എം.വി. വിഷ്ണുനമ്പൂതിരിയുടെ ഫോക്ലോര്‍ നിഘണ്ടുവാണ് ഫോക്ലോര്‍ പഠനത്തില്‍ വേറിട്ടുനില്‍ക്കുന്ന കൃതി. കവിയൂര്‍ മുരളിയുടെ ദലിത് ഭാഷാ നിഘണ്ടു വര്‍ഗചരിത്രപരമാണ്.

പദംപ്രതിയുള്ള അടുക്കലിനുപകരം സമഗ്രവും സംക്ഷിപ്തവുമായ അറിവിന്റെ അടുക്കലാണ് വിജ്ഞാനകോശങ്ങള്‍. ആര്‍. ഈശ്വരപിള്ളയുടെ സമസ്ത വിജ്ഞാനഗ്രന്ഥാവലിയാണ് മലയാളത്തില്‍ ഇതിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് മാത്യു എം. കുഴിവേലിയുടെ കൂടുതല്‍ വിപുലവും സമഗ്രവുമായ ഏഴുഭാഗങ്ങളുള്ള വിജ്ഞാനം പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. വെള്ളംകുളത്ത് കരുണാകരന്‍ നായരുടെ ബാലവിജ്ഞാനകോശം, വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ, പി.ടി. ഭാസ്കരപ്പണിക്കര്‍ എഡിറ്റ് ചെയ്ത ജീവചരിത്രകോശം, ഡോ. ശാന്തകുമാറിന്റെ ചികിത്സാവിജ്ഞാനകോശം, രാഘവന്‍ തിരുമുല്പാടിന്റെ മേല്‍നോട്ടത്തിലുള്ള ആയുര്‍വേദവിജ്ഞാനകോശം സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ വിശ്വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലകൈരളി വിജ്ഞാനകോശം, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കുട്ടികള്‍ക്കൊരു വിജ്ഞാനകോശം ഇവ പൊതുവിജ്ഞാനരംഗത്തെ സമ്പുഷ്ടമാക്കിയ ഗ്രന്ഥങ്ങളാണ്. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച അഖിലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ദേശബന്ധുവിന്റെ കേരളവിജ്ഞാനകോശം ഇവയ്ക്ക് പൊതുസ്വഭാവമാണുള്ളത്. ഹിന്ദുധര്‍മജ്ഞാനസമാഹരണമാണ് ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ ഹിന്ദുധര്‍മകോശം. സവിശേഷ വിജ്ഞാനകോശങ്ങളില്‍ കേരള സ്ഥലവിജ്ഞാനകോശം (കോട്ടയം ബാബുരാജ്), സഭാചരിത്രനിഘണ്ടു (മാര്‍ അപ്രേം/ടി.പി. എബ്രഹാം), നിയമവിജ്ഞാനകോശം (കെ. സത്യവാന്‍നായര്‍), ഓണവിജ്ഞാനകോശം (പി.സി. കര്‍ത്താ), കഥകളിവിജ്ഞാനകോശം (അയ്മനം കൃഷ്ണക്കൈമള്‍), നിയമവിജ്ഞാനകോശം (ഇ.കെ. കൃഷ്ണന്‍ എഴുത്തച്ഛന്‍), നവമി ക്ഷേത്രവിജ്ഞാനകോശം (പൂത്തില്ലം നാരായണന്‍നമ്പൂതിരി), കേരളസംഗീത നാടക അക്കാദമിയുടെ നാടോടി ദൃശ്യകലാസൂചിക, ശ്രീധരന്‍പള്ളിയറയുടെ ഗണിതവിജ്ഞാനച്ചെപ്പ്, ആര്‍. രവീന്ദ്രനാഥിന്റെ ചിത്രകല-ഒരു സമഗ്രപഠനം ഇവയെല്ലാം അടിസ്ഥാനപരമായ വിജ്ഞാനസമാഹരണഗ്രന്ഥങ്ങളാണ്. ഡോ. വി.ജെ. വര്‍ഗീസിന്റെ 500 വര്‍ഷത്തെ കേരളം-ചില അറിവടയാളങ്ങള്‍ വിഷയവൈവിധ്യങ്ങള്‍കൊണ്ടു സമ്പന്നമെങ്കിലും ഭാഗികമായ ദേശവിജ്ഞാനകോശമേ ആവുന്നുള്ളൂ.

പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, ഒറ്റമൂലികള്‍ തുടങ്ങിയ ഫോക്ലോര്‍ വിഷയങ്ങളിലുമുണ്ട് ഇത്തരം ഒട്ടേറെ ക്രോഡീകൃതപ്രവര്‍ത്തനങ്ങള്‍. കുഞ്ഞുണ്ണി, വേലായുധന്‍പണിക്കശ്ശേരി, പി.സി. കര്‍ത്താ, ഡോ.ജെ. ഗുണമണി എന്നിവര്‍ ഇതില്‍ ശ്രദ്ധേയരത്രേ. വിവിധ നാട്ടറിവുകള്‍ ഡി.സി. പ്രസാധനം ചെയ്തിട്ടുണ്ട്. അവയില്‍ നാട്ടറിവും നാമപഠനവും, മലയാളത്തിലെ നാടന്‍പാട്ടുകള്‍, കടല്‍, കാട്, കൃഷി, വെള്ളം, ഭക്ഷണം, ചന്ത, ചരിത്രം തുടങ്ങിയവയെക്കുറിച്ചുള്ള നാട്ടറിവുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. എം.വി. വിഷ്ണുനമ്പൂതിരി, കെ.പി. ദിലീപ്കുമാര്‍, എം. നുജും, സി.ആര്‍. രാജഗോപാലന്‍ തുടങ്ങിയവരാണ് ഈ രംഗത്തെ വിജ്ഞാനങ്ങള്‍ സമാഹരിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍. പ്രൊഫ. എം. ശിവശങ്കരന്‍ ബാലശാസ്ത്രവിജ്ഞാനകോശം രചിച്ചു. പ്രൊഫ. ശിവദാസ് അതേ പേരില്‍ ഒരു ഗ്രന്ഥം എഡിറ്റു ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചിക(എഡിറ്റര്‍ കെ.എം. ഗോപി)യാണ് ഇത്തരം സമാഹരണങ്ങളില്‍ ഏറെ സമഗ്രവും മാതൃകാപരവും. ശാസ്ത്രത്തിലെ മുഴുവന്‍ അറിവുകളും സമഗ്രമായ കുടുംബവിജ്ഞാനവും ഉള്‍ക്കൊള്ളുന്ന വിജ്ഞാനകോശങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണഭാഷാ നിഘണ്ടു മലയാളം ഔദ്യോഗികഭാഷയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള മികച്ച സഹായകഗ്രന്ഥമാണ്.

കേരളസംസ്ഥാനസര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറെ ബൃഹത്തായ വിജ്ഞാനകോശനിര്‍മിതിക്കുള്ള സമഗ്രയത്നം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇരുപതു വാല്യങ്ങളിലായി സര്‍വവിജ്ഞാനകോശം പൂര്‍ത്തീകരിക്കാനുള്ള യത്നത്തിലാണ് ഈ മഹാസ്ഥാപനം. വിശ്വസാഹിത്യവിജ്ഞാനകോശം, പരിസ്ഥിതിവിജ്ഞാനകോശം, പരിണാമവിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം തുടങ്ങിയവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മലയാളിക്ക് അഭിമാനിക്കാവുന്നതാണ് ഇത്തരം സംഘടിതവിജ്ഞാനസമാഹരണയത്നങ്ങള്‍. അവ സമഗ്രവും ഏറ്റവും പുതിയ ഉള്ളടക്കങ്ങള്‍ അടങ്ങുന്നതുമാവാന്‍ ഏറെ ശ്രദ്ധചെലുത്തിയവയാണ്. എങ്കിലും കേരളത്തിന്റെ സമഗ്രമായ സാമൂഹിക സാംസ്കാരിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സവിശേഷ സമാഹരണത്തിന് ഇനിയുമുണ്ട് ഇടങ്ങള്‍ എന്നു സൂചിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ സംഘടിതവും വിവിധവിജ്ഞാനമേഖലകളെ സ്പര്‍ശിക്കുന്നതും ഭാഷയുടെയും അറിവിന്റെയും പൊതുജീവിതത്തിന്റെയും സൂക്ഷ്മതലാന്വേഷകവുമായ ഗ്രന്ഥങ്ങള്‍ ഇനിയും വരാനുണ്ട്. മലയാളം ശ്രേഷ്ഠഭാഷാപദവി നേടിയ സാഹചര്യത്തില്‍ വിശാലമായ ജ്ഞാനമേഖലകളെക്കുറിച്ചുള്ള സമഗ്രചര്‍ച്ചയിലൂടെ ആധാരഗ്രന്ഥനിര്‍മിതികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ദിനംപ്രതി വര്‍ധിച്ചുവരുന്ന മലയാളിയുടെ വൈജ്ഞാനിക ജാഗ്രത നിലനിര്‍ത്താന്‍ ബഹുമുഖമായ ശ്രമം അനിവാര്യമാകുന്നു.

(പ്രൊഫ. കല്പറ്റ ബാലകൃഷ്ണന്‍)

കടപ്പാട്-സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍

3.08888888889
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top