Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കായികവിനോദങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ പ്രാചീനകാലം മുതല്‍ ഇന്നോളം ഒട്ടനവധി കളികള്‍ നിലനിന്നുപോരുന്നു. ഗ്രാമങ്ങള്‍ നഗരങ്ങളായി പരിണമിക്കുകയും ജീവിതരീതികളില്‍ മാറ്റം സംഭവിക്കുകയും ചെയ്തതോടെ ഇവയില്‍ ഏറിയ പങ്ക് വിനോദങ്ങളും വിസ്മൃതിയിലായിട്ടുണ്ട്. വിനോദവും വിജ്ഞാനവും ഒത്തിണങ്ങിയ അപ്പംതിന്നല്‍കളി, കായികവിനോദമായ കുഴിപ്പന്തുകളി, കൌശലംനിറഞ്ഞ ഈര്‍ക്കില്‍ക്കളി, ചെമ്പഴുക്കാക്കളി, കൈകുത്തിക്കളി, തൊപ്പിക്കളി, ഒളിച്ചുകളി, കലംപൊട്ടിക്കല്‍, ഉറുമ്പുകളി തുടങ്ങിയ കുട്ടികളുടേതുമാത്രമായ കളികള്‍ക്കു പുറമേ പ്രായഭേദമന്യേ സംഘം ചേര്‍ന്നു ധാരാളം കായികവിനോദങ്ങളും നിലനിന്നിരുന്നു. ഇതില്‍ പ്രമുഖമായ ഏതാനും കായികവിനോദങ്ങളെക്കുറിച്ചാണ് ഈ വിഭാഗത്തില്‍ വിവരിക്കുന്നത്.

ഓണത്തല്ല്

ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണിത്. പഴയകാലത്ത് പട്ടാളക്കാര്‍ നടത്തിയിരുന്ന യുദ്ധപ്രകടനങ്ങളുടെ അവശിഷ്ടമാണിതെന്നു പറയാം. ഓണപ്പട, തല്ല്, കൈയാങ്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലും തമിഴ്നാട്ടിലും ചിങ്ങമാസത്തിലെ തിരുവോണദിവസം ഓണത്തല്ലു നടത്തിയിരുന്നതായി സംഘം കൃതികളില്‍ ഒന്നായ മതുരൈക്കാഞ്ചിയില്‍ പ്രസ്താവിച്ചു കാണുന്നു. ഈ ഓണപ്പട ഉത്തരകേരളത്തില്‍ മൈസൂറിന്റെ ആക്രമണം ഉണ്ടായതുവരെ തുടര്‍ന്നു പോന്നു. തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആയുധനിയമം നിലവില്‍ വന്നതോടെ ഈ വിനോദത്തിന്റെ വേരറ്റു. എന്നാല്‍ കുന്നംകുളത്തും മറ്റുചില ഭാഗങ്ങളിലും ഒരു കായികവിനോദം എന്ന നിലയില്‍ ഇന്നും അപൂര്‍വമായി ഓണത്തല്ല് നടത്തിവരുന്നുണ്ട്. നോ. ഓണത്തല്ല്

കല്ലുകളി

കല്ലുകളിക്ക് പ്രാദേശികമായ പല വകഭേദങ്ങളുമുണ്ടെങ്കിലും പരക്കെ അറിയപ്പെടുന്നതും വ്യാപകമായി കളിച്ചുവരുന്നതും 'അഞ്ചുകല്ലുംപാറ', 'കൂട്ടക്കല്ലുകളി' എന്നീ പേരുകളിലാണ്. കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇതിനെ പാറകളി എന്നാണ് പറഞ്ഞുവരുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ അഞ്ചു കല്ലുകള്‍ ഉപയോഗിച്ചാണ് അഞ്ചുകല്ലുംപാറ കളിക്കുന്നത്; മത്സരിക്കുന്നത് ഒറ്റയായിട്ടും. കളി തുടങ്ങുന്നത് നിലത്തിരുന്നുകൊണ്ട് ഒറ്റക്കൈക്കുള്ളില്‍ നിന്ന് അഞ്ചുകല്ലുകളുമൊരുമിച്ച് മുകളിലേക്കെറിഞ്ഞുകൊണ്ടാണ്. നിലത്തുവീണ കല്ലുകളില്‍ നിന്ന് ഒരെണ്ണമെടുത്ത് മുകളിലേക്കെറിഞ്ഞശേഷം അതേ കൈകൊണ്ട് നിലത്തുനിന്ന് ഒരു കല്ല് കൈക്കലാക്കുകയും മുകളിലേക്കെറിഞ്ഞ കല്ല് കൈവശപ്പെടുത്തുകയും ചെയ്യുന്നു. അടുത്തതായി നിലത്തുനിന്ന് രണ്ടുകല്ലും മുകളിലേക്കെറിഞ്ഞ കല്ലും ഒരുമിച്ച് രണ്ടുപ്രാവശ്യം കൈവശപ്പെടുത്തുന്നു. ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ നിലത്തുനിന്ന് ആദ്യം മൂന്നുകല്ലും പിന്നീട് ഒരുകല്ലും കൈക്കലാക്കും. മുകളിലേക്കെറിയുന്ന കല്ലും നിലത്തുകിടക്കുന്ന നാലുകല്ലും ഒപ്പം കൈക്കലാക്കുന്നതോടെ കളിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.

ഇനിവേണ്ടത് അഞ്ചുകല്ലും ഒരുമിച്ച് നിവര്‍ത്തിപ്പിടിച്ച് കൈയുടെ പുറത്തുനിന്ന് മുകളിലേക്കിട്ടശേഷം പുറംകൈകൊണ്ട് അവയെ പിടിക്കുക എന്നതാണ്. കളിയില്‍ ജയിക്കുന്നതിന് ഈ ഘട്ടത്തില്‍ കരവിരുതുകൂടി കാണിക്കേണ്ട ആവശ്യമുണ്ട്. അഞ്ചു കല്ലുകളും ഒരുമിച്ച് ഉള്ളംകൈയില്‍ നിന്നു മുകളിലേക്കെറിഞ്ഞശേഷം അവ കൈക്കലാക്കുകയാണ് അടുത്തപടി. ആദ്യം മുകളില്‍പ്പറഞ്ഞ കൈമിടുക്കുകളെല്ലാം പൂര്‍ത്തിയാക്കുന്ന കളിക്കാരന്‍ ജയിക്കുന്നു. കൈപ്പിഴ എപ്പോള്‍ നേരിട്ടാലും അടുത്തയാള്‍ കളി തുടങ്ങുന്നു.

കളരിപ്പയറ്റ്

പ്രാചീന കേരളത്തിലെ ആയോധനകലയാണിത്. കേരളത്തില്‍ കായിക വിദ്യാഭ്യാസവും സമരമുറകളും പരിശീലിപ്പിച്ചുപോന്ന സ്ഥാപനങ്ങളാണ് കളരികള്‍. പ്രാദേശികമായ രീതിഭേദങ്ങളുണ്ടെങ്കിലും കേരളത്തിലെങ്ങും പരിശീലിപ്പിച്ചുവന്ന കായികവിദ്യയാണ് കളരിപ്പയറ്റ്. ആരോഗ്യം, ആയാസം, ആത്മരക്ഷ എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട് കേരളാചാര്യന്മാര്‍ ആസൂത്രണം ചെയ്ത അഭ്യാസക്രമങ്ങളാണ് കളരിപ്പയറ്റിലെ മുറകള്‍. നോ. കളരിപ്പയറ്റ്

കിളിത്തട്ടുകളി

ഗ്രാമീണരുടെ കായിക വിനോദമായ ഈ കളി ഓണക്കാലത്തും ഉത്സവാവസരങ്ങളിലുമാണ് കൂടുതലായി നടത്തിവരുന്നത്. നോ. കിളിത്തട്ടുകളി

കുടുകുടു

ഭാരതമൊട്ടാകെ പ്രചാരമുള്ള ഈ കായികവിനോദം ചടുകുടു, കബഡി എന്നീ പേരുകളിലും അറിയപ്പെടുന്നു; കബഡി എന്ന പേരിനാണ് കൂടുതല്‍ പ്രചാരം. തെക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ ഈ കളിക്ക് 'ശവംതൂക്ക്' എന്നും പേരുണ്ട്. കളിസ്ഥലത്തെ രണ്ടു തുല്യ ഭാഗങ്ങളായി തിരിച്ചുകൊണ്ട് കുറുകെ ഒരു വര വരയ്ക്കുന്നു. ഇങ്ങനെ കളിക്കളം രണ്ടായി തിരിച്ചതില്‍ ഓരോ ഭാഗത്തും ഓരോ സംഘം നിലയുറപ്പിക്കുന്നു. ഒരു സംഘത്തില്‍ ഒരാള്‍ എന്തെങ്കിലും വായ്ത്താരി ചൊല്ലിക്കൊണ്ട് നേര്‍വരയിലെത്തി മറു സംഘത്തിനിടയിലേക്ക് ഓടുന്നു. ഓടുമ്പോള്‍ ശ്വാസം വിടാതെ എന്തെങ്കിലും ഉരുവിട്ടുകൊണ്ടേ ഇരിക്കണമെന്നു നിബന്ധനയുണ്ട്. സാധാരണ ഉരുവിടാറുള്ള പദങ്ങളാണ് 'കുടുകുടു', 'ചടുകുടു', 'കബഡി' എന്നിവ. ഇങ്ങനെ കയറിച്ചെല്ലുന്നയാള്‍ ഉരുവിടല്‍ നിര്‍ത്തുന്നതിനകം, അതായത് ശ്വാസം വിടുന്നതിനുള്ളില്‍ എതിര്‍കക്ഷിയിലെ ആളുകളെ കൈകൊണ്ടോ കാലുകൊണ്ടോ തൊട്ടിട്ടു മടങ്ങിപ്പോരണം. ഇങ്ങനെ സ്പര്‍ശിക്കപ്പെട്ടവരെല്ലാം 'ചത്ത'തായി കണക്കാക്കും. ചത്തവര്‍ കളിയില്‍ നിന്നും മാറി നില്‍ക്കണം. അതേസമയം കയറിവരുന്നവനെ എതിര്‍കക്ഷിക്കു കൈയോടെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ കയറിവന്നവന്‍ വെളിയില്‍ നില്ക്കണം. പിടികൂടിയിരിക്കുന്നവരെയെല്ലാം വലിച്ചുകൊണ്ട് കളിക്കളത്തിലെ തന്റെ പകുതിയിലേക്ക് (ശ്വാസംവിടാതെ) വലിച്ചുകൊണ്ടു വരാന്‍ കഴിഞ്ഞാല്‍ അവരൊക്കെ ചത്തവരാകും. ഒരു ഭാഗത്തു നിന്നുള്ള ആള്‍ കയറിക്കഴിഞ്ഞാല്‍ മറുഭാഗക്കാരുടെ ഊഴമായി. ഏതു ഭാഗത്താണോ കൂടുതലാളുകള്‍ ചത്തത് ആ കക്ഷി തോറ്റതായി പ്രഖ്യാപിക്കപ്പെടുന്നു.

കുട്ടിയും കോലും

ഇത് രണ്ടോ അതിലധികമോ ആള്‍ക്കാര്‍ക്കു പങ്കെടുക്കാവുന്ന ഒരു വിനോദമാണ്. ഉത്തരേന്ത്യയില്‍ ഈ കളി 'ഗുല്ലിഡംഡി' എന്ന പേരിലാണറിയപ്പെടുന്നത്. മറാഠിയില്‍ നിന്നു വന്നതാണ് ഈ കളി എന്ന് ഒരഭിപ്രായമുണ്ട്. ഇതില്‍ ഉപയോഗിക്കുന്ന ചില പദങ്ങള്‍ക്ക് മറാഠിയുമായുള്ള അടുത്ത ബന്ധം ഈ സംശയത്തിന് വക നല്‍കുന്നു. ഏക്കുട്ട, ചാത്തിപ്പുറം, സാദേമ്പര്‍, നൂറുമുട്ടി, അയിറ്റിക്കോണി, ആറങ്ക്, പണം ഒന്ന് എന്നിങ്ങനെയുള്ള ഈ കളിയുടെ എണ്ണത്തില്‍ മറാഠി ഭാഷയുമായുള്ള സാമ്യം വ്യക്തമാണ്. ഏക്കുട്ടയ്ക്ക് ചാക്കുട്ട (ചിലയിടങ്ങളില്‍ യാക്കുട്ട) എന്നും അയിറ്റിക്കോണിക്ക് നായ്ക്കോണിയെന്നും പണം ഒന്ന് എന്നതിന് ഉല്ലാസ് എന്നും ചിലയിടങ്ങളില്‍ പറഞ്ഞുവരുന്നുണ്ട്. ബലമുള്ളതും 70-75 സെ. മീ. നീളമുള്ളതുമായ ഒരു വടി; 15 സെ. മീ. നീളമുള്ള മറ്റൊരു കമ്പ് (ആദ്യത്തേതിന് കോല് എന്നും രണ്ടാമത്തേതിന് കുട്ടി എന്നും പേര്‍) ഇവ രണ്ടുമാണ് കളിക്കാര്‍ക്കു വേണ്ട ഉപകരണങ്ങള്‍. ഈ കളിയുടെ ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം പ്രകടനവിധം നിശ്ചയിച്ചിട്ടുണ്ട്. നോ. കുട്ടിയും കോലും

കൂട്ടക്കല്ലുകളി

ഈ കളിക്ക് നൂറ് ചെറിയ കല്ലുകളുപയോഗിക്കുന്നു. കല്ലുകളൊരുമിച്ച് മുകളിലേക്കെറിഞ്ഞാണ് കളി തുടങ്ങുന്നത്. നിലത്തു ചിതറിക്കിടക്കുന്ന കല്ലുകളെ രണ്ടു കല്ലുകള്‍ വീതമുള്ള ജോടികളായി 'വെട്ടി' കൈവശപ്പെടുത്തേണ്ടതാണ്. ജോടിയാക്കുന്നത് രണ്ടു കല്ലുകള്‍ക്കിടയില്‍ക്കൂടി വിരലോടിച്ചാണ്. വിരല്‍ ഏതെങ്കിലുമൊരു കല്ലില്‍ കൊണ്ടാല്‍ അവ ജോടിയാവുകയില്ല; വെട്ടുന്ന കളിക്കാരന്‍ പുറത്താവുകയും എതിരാളിക്കു കളിക്കാന്‍ അവസരം കിട്ടുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ജോടി തിരിക്കുന്നയാള്‍ കളിയില്‍ ജയിക്കും.

രണ്ടു കല്ലുകളുടെയിടയ്ക്ക് കൂടി അവയില്‍ തൊടാതെ വിരലോടിച്ചശേഷം വിരല്‍കൊണ്ട് തട്ടി ഒരു കല്ല് രണ്ടാമത്തെ കല്ലില്‍ കൊള്ളിക്കുന്നതിനെ 'ഞോടുക' എന്നു പറയുന്നു. തട്ടിയ കല്ല് ഉന്നംവച്ച രണ്ടാമത്തെ കല്ലില്‍ കൊണ്ടാല്‍ ആ കല്ല് ഞോടിയ കളിക്കാരനു കിട്ടുന്നതും കൂടുതല്‍ കല്ലു ഞോടിയെടുക്കുന്ന കളിക്കാരന്‍ ജയിക്കുന്നതുമാണ്. കല്ലുകളി പെണ്‍കുട്ടികളുടെ വിനോദമായിട്ടാണ് കരുതിപ്പോരുന്നത്.

ഗോലികളി

പ്രധാനമായും കുട്ടികളുടെ വിനോദമാണിത്. ഗോട്ടി, വട്ട്, കച്ചി, രാശി എന്നിങ്ങനെ പല പേരുകളില്‍ ഈ കളി അറിയപ്പെടുന്നു. ഇരുമ്പ്, ഗ്ലാസ്, കളിമണ്ണ്, കരിങ്കല്ല് തുടങ്ങിയ വസ്തുക്കള്‍കൊണ്ടു നിര്‍മിച്ച ഗോലിയാണ് കളിക്കാനുപയോഗിക്കുന്നത്. പനയുടെ കായ്പോലെ കടുപ്പമുള്ള കായ്കളും ഉപയോഗിക്കാറുണ്ട്.

ഗോലികളി

ഗോലികളി പലതരത്തിലുണ്ട്. മതിലിന്റെയോ പാറപോലെ ബലമുള്ള വസ്തുക്കളുടെയോ മരത്തിന്റെയോ സഹായത്തോടെ കളിക്കുന്ന കളിയാണ് ഒരിനം. മേല്പറഞ്ഞ രീതിയില്‍ ബലമുള്ള എന്തിന്റെയെങ്കിലും അടുത്ത് (ഏകദേശം മൂന്നടി അകലത്തില്‍) ഒരു ഗോലി വയ്ക്കുന്നു. കളിയില്‍ പങ്കെടുക്കുന്നവര്‍ ഓരോരുത്തരായി ഗോലിയുടെ പിന്നിലുള്ള ഭിത്തിയിലേക്കോ മരത്തിലേക്കോ പാറയിലേക്കോ തന്റെ കൈയിലുള്ള ഒരു ഗോലി എറിയുന്നു. ആ ഗോലി തെറിച്ചു തിരിച്ചുവന്നു നിലത്തു വച്ചിരിക്കുന്ന ഗോലിയില്‍ കൊണ്ടാല്‍ അയാള്‍ക്ക് ഒരു പോയിന്റ് കിട്ടുന്നു. ഇതാണ് തൃശൂര്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന രീതി. ഏകദേശം 5 സെ.മീ. വ്യാസവും 3.5 സെ.മീ. ആഴവും ഉള്ള ഒരു കുഴി കുഴിച്ച് ഇതില്‍ നിന്ന് കുറേ മാറി (ഏകദേശം 5 മീ. അകലെ) ഒരു വര വരയ്ക്കുന്നു. കളിയില്‍ പങ്കെടുക്കുന്നവര്‍ ഈ വരയ്ക്കു പിന്നില്‍ നിന്ന് ഓരോരുത്തരായി ഒരു കൈയിലെ നടുവിരലിന്റെയോ ചൂണ്ടുവിരലിന്റെയോ അഗ്രത്തില്‍ ഗോലി പിടിച്ച് മറ്റേ കൈയിലെ ചൂണ്ടുവിരലിന്റെയോ നടുവിരലിന്റെയോ സഹായത്തോടെ കുഴിയെ ലക്ഷ്യമാക്കി എയ്തുവിടുന്നു. ഗോലി കുഴിയില്‍ വീണാല്‍ അയാള്‍ക്ക് ഒരു പോയിന്റ് കിട്ടുന്നു. ഇതു രണ്ടാമത്തെ രീതി.

ഇവ രണ്ടില്‍നിന്നും വ്യത്യസ്തമായി മറ്റൊരു രീതിയുണ്ട്. ഇവിടെയും മുകളില്‍പ്പറഞ്ഞപോലെ ഗോലി എയ്തു വിടുകയാണ് പതിവ്. മറ്റു കാര്യങ്ങളില്‍ വ്യത്യാസമുണ്ട്. തുല്യ അകലത്തില്‍ മുകളില്‍പ്പറഞ്ഞ വലുപ്പമുള്ള മൂന്നു കുഴികള്‍ കുഴിക്കുന്നു (കളിയില്‍ പങ്കെടുക്കുന്നവര്‍ക്കു പൊതുവില്‍ സമ്മതമായ അകലമായിരിക്കും കുഴികള്‍ തമ്മിലുള്ളത്. എങ്കിലും പങ്കെടുക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്നയാളിന്റെ മൂന്നു ചുവടാണ് സാധാരണ അകലം). പങ്കെടുക്കുന്നവര്‍ ഇവയില്‍ ഒരറ്റത്തുള്ള കുഴിക്കു പിമ്പില്‍ നിന്നുകൊണ്ട്, കൈയിലെ ഗോലി മറ്റേ അറ്റത്തെ കുഴിയില്‍ വീഴ്ത്താനുള്ള ലക്ഷ്യത്തോടെ ഉരുട്ടുന്നു. നിവര്‍ന്നു നിന്നുകൊണ്ട് വേണം ഇങ്ങനെ ഉരുട്ടാന്‍. കുഴിയോട് ഏറ്റവും അടുത്തു വീഴുന്ന ഗോലിയുടെ ഉടമ ആദ്യം കളിക്കും: അടുപ്പത്തിന്റെ ക്രമമനുസരിച്ച് രണ്ടാമന്‍, മൂന്നാമന്‍ എന്നിങ്ങനെ.

കളി തുടങ്ങുന്നത് ഇപ്രകാരവുമാകാം. കളിക്കാരന്‍ ആദ്യത്തെ കുഴിയില്‍ കൈയിലെ തള്ളവിരല്‍ ഊന്നി ഗോലി എയ്തു നടുവിലത്തെ കുഴിയിലേക്കു വിടുന്നു. കുഴിയില്‍ വീണാല്‍ ആ കുഴിയില്‍ തള്ളവിരല്‍ ഊന്നി അടുത്തതിലേക്ക് ഗോലി എയ്തു വിടുന്നു. ഇങ്ങനെ 7-ാമതും കുഴിയില്‍ വീണാല്‍ രാശി. അയാള്‍ കളി ജയിച്ചു. പക്ഷേ ഇവിടെ മറ്റൊരു നിയമം ഉണ്ട്. കളിയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ഗോലി അടിച്ചകറ്റിയാലേ ജയം പൂര്‍ണമാകുകയുള്ളൂ. നോ. നാടന്‍കളികളും വിനോദങ്ങളും

തലപ്പന്തുകളി

ഓണക്കാലത്തു കുട്ടികളുടെയും യുവാക്കളുടെയും ഒരു വിനോദമാണിത്. വീട്ടുമുറ്റത്തും അമ്പലമുറ്റത്തും മൈതാനത്തും കളിക്കാവുന്ന ഇതില്‍ രണ്ടോ അതിലധികമോ ആളുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ആകെയുള്ളവര്‍ രണ്ടു സംഘങ്ങളായി തിരിയുന്നു. ഒരു കൂട്ടര്‍ കളിക്കുന്നു. മറ്റേ കൂട്ടര്‍ കാക്കുന്നു (ക്രിക്കറ്റിലെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും പോലെ). കളിസ്ഥലത്തിന്റെ ഒരറ്റത്തു ഏകദേശം 150 സെ.മീ. നീളമുള്ള ഒരു കമ്പു നാട്ടുന്നു. കമ്പ് സാധാരണ ഒരു പെന്‍സിലിന്റേതിനെക്കാള്‍ കൂടുതല്‍ വണ്ണമുള്ളതായിരിക്കുകയില്ല. കാക്കുന്നവര്‍ പല സ്ഥലത്തായി നിന്നുകഴിഞ്ഞാല്‍ കളി തുടങ്ങാം. തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിന്‍കീഴ്, ഇണ്ടന്‍, ചക്കരക്കൈ എന്നിങ്ങനെ എട്ട് ഇനങ്ങളും പൂര്‍ത്തിയാക്കിയാല്‍ അക്കൂട്ടര്‍ ഒന്നാം വട്ടം ജയിച്ചു. ഓലകൊണ്ടോ, പാളയുടെ ഉള്ളൂരികൊണ്ടോ പന്തുണ്ടാക്കുന്നു. കളി തുടങ്ങുന്നയാള്‍ കാക്കുന്നവര്‍ക്ക് പുറംതിരിഞ്ഞ്, കോലിന് അഭിമുഖമായി, കോലില്‍ നിന്ന് 100-120 സെ.മീ. അകലത്തില്‍ നില ഉറപ്പിച്ച് ഒരു കൈകൊണ്ട് പന്തു മേലോട്ടെറിഞ്ഞ് മറ്റേ കൈകൊണ്ട് പുറകോട്ടു തട്ടിത്തെറിപ്പിക്കുന്നു. ഈ ഇനത്തിന് തലപ്പന്തെന്നും തലപ്പൊങ്ങി എന്നും പറയാം. പൊങ്ങിവരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പ് കാക്കുന്നവര്‍ ആരെങ്കിലും പിടിച്ചാല്‍ കളിക്കാരന്റെ കളി പോയി. പിടിക്കാന്‍ പറ്റാതെ നിലത്തു വീണ പന്തു ഉരുണ്ടു നീങ്ങുമ്പോള്‍ എവിടെവച്ചു തടുത്തു നിര്‍ത്തിയോ അവിടെ നിന്നു കൊണ്ട് എറിഞ്ഞു കോലില്‍ കൊള്ളിച്ചാലും കളിക്കാരന്റെ കളി പോകും. ഇങ്ങനെ പിടികൊടുക്കാതെയും കമ്പില്‍ കൊള്ളാനിടയാകാതെയും തലപ്പൊങ്ങില്‍ തുടര്‍ച്ചയായി മൂന്നു തവണ കളിച്ചാല്‍ പിന്നെ അടുത്ത ഇനമായ 'ഒറ്റ' കളിക്കാം. ഒരു കൈകൊണ്ട് പന്തു മുകളിലേക്കെറിഞ്ഞ് അതേ കൈകൊണ്ടുതന്നെ പന്തു തട്ടിത്തെറിപ്പിക്കുന്നതാണ് ഒറ്റ. ഇപ്പോള്‍ കളിക്കാരന്‍ കാക്കുന്നവര്‍ക്കഭിമുഖമായാണ് നില്ക്കുന്നത്. ഇവിടെയും കളിക്കാരന്റെ കളി പോകുന്നതും കളി മുഴുമിപ്പിക്കുന്നതും പഴയപടി തന്നെ. കളിക്കേണ്ട എണ്ണവും മൂന്ന്. ഇങ്ങനെ എട്ടിനവും ഈ സംഘം പൂര്‍ത്തിയാക്കിയാലേ ജയമാകൂ. ഈ കളിയുടെ നിയമങ്ങള്‍ക്കും രീതിക്കും ഒക്കെത്തന്നെ ക്രിക്കറ്റിന്റേതുമായി സാമ്യമുണ്ട്. നോ. തലപ്പന്ത്

വള്ളംകളി

ലോകപ്രശസ്തമായ ഒരു കേരളീയ വിനോദമാണ് വള്ളംകളി. ഒരാള്‍ക്ക് കയറാന്‍ മാത്രം വലുപ്പമുള്ള കൊതുമ്പുവള്ളം മുതല്‍ 120 ആളുകള്‍ക്കു വരെ കയറാവുന്ന ചുണ്ടന്‍വള്ളങ്ങള്‍ വരെ ഇതില്‍ പങ്കെടുക്കുന്നു. വള്ളത്തിനു രണ്ടു ഭാഗങ്ങളാണ് പ്രധാനം; അമരവും അണിയവും. പിന്‍ഭാഗത്താണ് അമരം. അമരക്കാരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. വള്ളംകളി മത്സരമായി നടത്താറുണ്ട്. കുട്ടനാടിന്റെ ദേശീയോത്സവമാണ് ചമ്പക്കുളം മൂലംവള്ളംകളി. ആറന്മുള വള്ളംകളി മധ്യതിരുവിതാംകൂറിന്റെ ദേശീയോത്സവമാണെന്നു പറയാം. കുമാരനല്ലൂരിലെ ഊരു ചുറ്റുവള്ളംകളി പല കരക്കാര്‍ ചേര്‍ന്നു നടത്തുന്നതാണ്.

വള്ളംകളി മത്സരത്തിന് ഒരു ഔദ്യോഗികച്ഛായ വന്നത് 1952-ല്‍ തുടങ്ങിയ നെഹ്റു ട്രോഫി മത്സരത്തോടെയാണ്. ആലപ്പുഴ പുന്നമടക്കായലിലാണ് ഇതു നടത്തുക പതിവ്.

വള്ളംകളിയുമായി ബന്ധപ്പെട്ട ഒരു സാഹിത്യശാഖയും ഉണ്ടായിട്ടുണ്ട്-വഞ്ചിപ്പാട്ടുകള്‍ അഥവാ വള്ളപ്പാട്ടുകള്‍. വള്ളം തുഴയുന്നതിന്റെ താളത്തിനൊക്കുന്ന ഏതു പാട്ടും വഞ്ചിപ്പാട്ടിന്റെ ഇനത്തില്‍ പെടുത്താമെങ്കിലും ഇന്നു വഞ്ചിപ്പാട്ട് എന്നു പറഞ്ഞാല്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നത് നതോന്നതാവൃത്തത്തില്‍ എഴുതിയിരിക്കുന്ന ശീലുകളാണ്. നോ. വള്ളംകളി; വഞ്ചിപ്പാട്ട്

പമ്പരക്കളി

പ്രധാനമായും കുട്ടികളുടെ ഒരു വിനോദമാണിത്. രണ്ടോ അതിലധികമോ പേര്‍ ഇതില്‍ പങ്കെടുക്കുന്നു. അടിഭാഗം കൂര്‍ത്തിരിക്കുന്ന ഒരു കളിപ്പാട്ടമാണ് പമ്പരം. തടികൊണ്ടാണ് ഇതുണ്ടാക്കുന്നത്. പമ്പരം കറക്കിവിടുന്ന കളിയാണ് പമ്പരക്കളി. ഏറെ പഴക്കമുള്ള ഒരു കളിയാണിത്. ഏറുപമ്പരമെന്നും വട്ടപ്പമ്പരമെന്നും രണ്ടുതരം പമ്പരങ്ങളുണ്ട്. പ്രത്യേക രീതിയില്‍ എറിഞ്ഞുകറക്കുന്ന പമ്പരമാണ് ഏറുപമ്പരം. ഏറുപമ്പരത്തിന്റെ മുകള്‍ഭാഗത്ത് ചരടുചുറ്റാന്‍ ഒരു സൂത്രമുണ്ട്. ചുറ്റിയ ചരടിന്റെ ഒരറ്റത്ത് പിടിച്ച് ഒരു പ്രത്യേകരീതിയില്‍ എറിയുമ്പോള്‍ പമ്പരം കറങ്ങിക്കളിക്കും. ഇതിന് നല്ല പരിചയം ആവശ്യമാണ്. ചരട് ഉപയോഗിക്കാതെ തിരിക്കാവുന്ന പമ്പരമാണ് വട്ടപ്പമ്പരം. വട്ടപ്പമ്പരത്തിന്റെ മുകള്‍ഭാഗത്തെ അല്പം നീളത്തിലുള്ള ആണിയില്‍ പിടിച്ചാണ് കറക്കുന്നത്

കടപ്പാട്-സര്‍വ്വ വിജ്ഞാനകോശം വെബ് എഡിഷന്‍.

3.28571428571
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top