অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അധികാരം - വിശദ വിവരങ്ങൾ

അധികാരിത

(Authority)

ഒരു വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അവ ലംഘിക്കുന്നവരെ ശിക്ഷിക്കുവാനുമുള്ള അവകാശവും ശക്തിയും ആണ് 'അധികാരിത' എന്ന രാഷ്ട്രതന്ത്രസംജ്ഞയുടെ വിവക്ഷ. സാമൂഹികശാസ്ത്രത്തിലും ഇതിനു പ്രസക്തിയുണ്ട്. സ്റ്റേറ്റിന്റെ അധികാരം നിലവില്‍ വരുന്നതിന് വളരെ മുന്‍പുതന്നെ അധികാരിത എന്ന പ്രതിഭാസം നിലവിലിരുന്നു. വ്യക്തിയോ വ്യക്തികളോ മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്തുന്ന രീതി എല്ലാ മാനവസമുദായങ്ങളിലും സംഘടനകളിലും കാണാവുന്നതാണ്.

മാതാപിതാക്കള്‍ക്ക് കുട്ടികളുടെമേലുള്ള നിയന്ത്രണാധികാരം മുതല്‍ രാഷ്ട്രത്തിലെയും അന്താരാഷ്ട്ര സംഘടനകളിലെയും രാഷ്ട്രീയാധികാരംവരെ അധികാരിതയുടെ പരിധിയില്‍പ്പെടുന്നു. എന്നാല്‍ അവയുടെ പ്രയോഗത്തില്‍ വ്യത്യാസം കാണാം.

പൌരനും സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്ളേറ്റോ (ബി.സി. 427-347) മുതല്ക്കുള്ള ചിന്തകന്മാര്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്റ്റേറ്റിന്റെ നിയമങ്ങളും രാഷ്ട്രീയാധികാരങ്ങളും എല്ലാക്കാലത്തും രാഷ്ട്രമീമാംസകരുടെ പഠനത്തിനും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. സോക്രട്ടീസിന്റെ (ബി.സി. 469-399) കാലത്ത് സ്റ്റേറ്റിന്റെ അധികാരിതയെ ചോദ്യം ചെയ്യപ്പെടേണ്ട ഒരു സന്ദര്‍ഭം സംജാതമായി. സ്റ്റേറ്റിന്റെ അന്യായമായ അധികാരിതയെ നേരിടാന്‍ രണ്ടു മാര്‍ഗങ്ങളെ സോക്രട്ടീസിനുണ്ടായിരുന്നുള്ളു. ഒരു പൌരന്‍ എന്ന നിലയില്‍ നിയമം മാറ്റാനായി വാദിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക; അല്ലെങ്കില്‍ ആ രാഷ്ട്രത്തിലെ പൌരത്വം ഉപേക്ഷിച്ചു നാടുവിടുക. ആദ്യമാര്‍ഗം പ്രായോഗികമാക്കുന്നതില്‍ പരാജിതനായ അദ്ദേഹം രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കാന്‍ സന്നദ്ധനായിരുന്നില്ല. അതിനാല്‍ സ്റ്റേറ്റിന്റെ അധികാരിതയ്ക്ക് വിധേയനായി, അദ്ദേഹം മരണശിക്ഷ അനുഭവിക്കുകയാണുണ്ടായത്.

അധികാരിതയും (authority) ശക്തിയും (power) പ്രാചീനകാലം മുതല്‍ രാഷ്ട്രമീമാംസകരുടെയും സാമൂഹികശാസ്ത്രജ്ഞന്മാരുടെയും പഠനത്തിനു വിധേയമായിട്ടുണ്ട്. ഇവരെല്ലാം പലതരത്തിലുള്ള നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. മാക്സ്വെബര്‍ എന്ന ചിന്തകന്‍ അധികാരിതയെ മൂന്നു രീതിയില്‍ തരംതിരിച്ചിട്ടുണ്ട്: 'നിയമ-യുക്ത്യധിഷ്ഠിതം' (legal-rational), പാരമ്പര്യാധിഷ്ഠിതം (traditional), വ്യക്തിപ്രഭാവഗതം (charismatic). അവസാനത്തെ രണ്ടുവിധത്തിലുള്ള അധികാരിത വ്യക്തിനിഷ്ഠമാണ്. പാരമ്പര്യമായി അധികാരമുള്ള നേതാവിനോടോ വ്യക്തിത്വത്തിന്റെ സവിശേഷപ്രഭാവംകൊണ്ട് അധികാരവും ശക്തിയും നേടിയ നേതാവിനോടോ മാത്രമായിരിക്കും പൌരന്മാരുടെ കടപ്പാട്. എന്നാല്‍ ആദ്യത്തെ രീതിയിലുള്ള അധികാരിത, അധികാരസ്ഥാനങ്ങളോടുള്ള നിയമാനുസൃതവും യുക്തിപരവുമായ കടപ്പാടാണ്. ഇന്നത്തെ ഉദ്യോഗസ്ഥഭരണക്രമം (bureaucracy) ഇതിനുദാഹരണമാണ്.

സാമൂഹികശാസ്ത്രജ്ഞന്മാര്‍ അധികാരിതയ്ക്കു നല്കുന്ന നിര്‍വചനം മറ്റൊന്നാണ്. ഒരു സമൂഹത്തിന്റെ മേല്‍ അധീശത്വം പുലര്‍ത്തുവാന്‍ തക്കവണ്ണം സ്വയംലബ്ധമോ ആര്‍ജിതമോ ആയ കഴിവാണിത്. അധികാരിതയെ കഴിവോ സാമര്‍ഥ്യമോ ആയി പരിഗണിക്കുന്നതു ശരിയല്ലെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ വാദിക്കുന്നു. വ്യക്തികളിലും സമൂഹങ്ങളിലും നിലനില്‍ക്കുന്ന ബന്ധങ്ങളെ അധികാരിതയായി വിശേഷിപ്പിക്കുന്ന സാമൂഹികശാസ്ത്രജ്ഞന്മാരുമുണ്ട്. ഏതായാലും അധികാരിതയ്ക്ക് ശക്തി(power)യുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് എല്ലാ സാമൂഹികശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. ശക്തിയുടെ ബഹിര്‍സ്ഫുരണമാണ് അധികാരിത എന്നു വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അധികാരിതയെ ഔപചാരിക ശക്തിയായി (formal power) ചില രാഷ്ട്രമീമാംസകര്‍ നിര്‍വചിച്ചിട്ടുണ്ട്. ഈ നിര്‍വചനത്തെ വിമര്‍ശിക്കുന്ന രാഷ്ട്രമീമാംസകരും ഉണ്ട്.

ശക്തി, നിര്‍ബന്ധം, ബലാത്കാരം, ഭയപ്പെടുത്തിയുള്ള ഭരണം, നേതൃത്വം, പ്രേരണ, സ്വാധീനത എന്നിവയില്‍ നിന്നു വ്യത്യസ്തമാണ് അധികാരിത; ന്യായാനുസരണത (legitimacy) എന്ന സ്വഭാവവിശേഷം അധികാരിതയ്ക്കുണ്ട്. മേലേക്കിടയിലുള്ളവര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ താഴേക്കിടയിലുള്ളവര്‍ ബാധ്യസ്ഥരാണെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിലുള്ളത്. അത് ചോദ്യം ചെയ്യപ്പെട്ടാല്‍ അധികാരിത ഇല്ലാതായിത്തിരുകയോ, അതിന്റെ ഗൌരവസ്വഭാവം നഷ്ടപ്പെടുകയോ ചെയ്യുന്നു. താഴെയുള്ളവര്‍ മുകളില്‍നിന്നുമുള്ള ആജ്ഞകള്‍ പ്രതീക്ഷിക്കുന്നിടത്ത് അധികാരിത കൂടുതല്‍ ഗൌരവസ്വഭാവമുള്ളതായിത്തീരും.

അധികാരിത ഉദ്യോഗസ്ഥ ശ്രേണിയിലുള്ള നിശ്ചിത മണ്ഡലങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. മാതാപിതാക്കളും സന്താനങ്ങളും തമ്മിലും അധ്യാപകരും അധ്യേതാക്കളും തമ്മിലും ഭരണാധികാരികളും ഭരണീയരും തമ്മിലും, തൊഴിലുടമകളും തൊഴിലാളികളും തമ്മിലും ഉള്ള ബന്ധങ്ങളില്‍ അധികാരിത പ്രയോഗിക്കപ്പെടുന്നുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്കു ലഭ്യമായിട്ടുള്ള അനവധി ശക്തിപ്രഭവങ്ങളി(resources)ലൊന്നാണ് അധികാരിത. നോ: അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും, അധീശാധികാരം, ഭരണനടത്തിപ്പ്, രാഷ്ട്രം, ശക്തി

അധ്യക്ഷന്‍

യോഗനടപടികള്‍ നിയന്ത്രിക്കുന്ന ആള്‍. ഗവണ്‍മെന്റ് വകുപ്പിന്റെ തലവന്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങളുടെ മേധാവി, ഭരണം നടത്തുന്ന ആള്‍, അധികാരി, നിയമസഭ, കോമണ്‍സ് സഭ, പാര്‍ലമെന്റ് എന്നിവയുടെ നിയന്ത്രണാധികാരി എന്നിവര്‍ക്കെല്ലാം അധ്യക്ഷന്‍ എന്നു പറയുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ നിയമങ്ങളില്‍ അധ്യക്ഷന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

സഭയിലെ നടപടികള്‍ നിയന്ത്രിക്കുക അധ്യക്ഷന്റെ പ്രധാനജോലിയാണ്. യോഗത്തില്‍ ആരൊക്കെ സംസാരിക്കണം, അത് ഏതുക്രമത്തിലായിരിക്കണം എന്നൊക്കെ തീരുമാനിക്കുവാന്‍ അധ്യക്ഷന് അധികാരമുണ്ട്. പ്രമേയങ്ങള്‍ വോട്ടിനിടുക, വോട്ടിങ് ഫലം പ്രഖ്യാപിക്കുക, ഇരുഭാഗം വോട്ടുകളും സമമായിവന്നാല്‍ നിര്‍ണായകവോട്ട് (casting vote) രേഖപ്പെടുത്തുക എന്നീ അധികാരങ്ങളും അധ്യക്ഷനില്‍ നിക്ഷിപ്തമാണ്. യോഗം സമാപിച്ചതായി പ്രഖ്യാപിക്കുന്നതും അധ്യക്ഷന്‍ തന്നെയാണ്. പ്രാസംഗികര്‍ അധ്യക്ഷനെ അഭിസംബോധന ചെയ്തു സംസാരിക്കണമെന്ന് കീഴ്വഴക്കമുണ്ട്. അധ്യക്ഷപദവിയെ ബഹുമാനിക്കുകയെന്നത് ഒരു അലിഖിതനിയമമാണ്. ഒരു കമ്പനിയുടെ നിയമാവലി അനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിലെ ഒരാളെ ഒരു നിശ്ചിതകാലത്തേക്ക് അധ്യക്ഷനായി നിയമിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലും അധ്യക്ഷന്മാരുണ്ട്. സഭാംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളാണ് അധ്യക്ഷന്‍

അനുരഞ്ജനം

Conciliation

തൊഴില്‍-മാനേജ്മെന്റ് തര്‍ക്കങ്ങള്‍ രമ്യതയിലാക്കുന്നതിന് ഒരു മൂന്നാംകക്ഷി ഇടപെടുന്ന സമ്പ്രദായം. വ്യവസായത്തര്‍ക്കങ്ങള്‍ പണിമുടക്കിലും ലോക്കൌട്ടിലും ചെന്നെത്താറുണ്ട്; പണിമുടക്കും ലോക്കൌട്ടും കൂടാതെ സന്ധിസംഭാഷണങ്ങള്‍വഴി രമ്യതയിലാകുന്ന പതിവുമുണ്ട്. ക്ഷേമരാഷ്ട്രസിദ്ധാന്തത്തിന്റെ ആവിര്‍ഭാവത്തോടെ പണിമുടക്കും ലോക്കൌട്ടും മൂലം വേതനവും ലാഭവും നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നുള്ള കാര്യത്തില്‍ ഇരുകൂട്ടരും ശ്രദ്ധിച്ചുതുടങ്ങി. സംഘടിതമായ വിലപേശലിന് സൌകര്യമുള്ള മേഖലകളില്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളിലും നിയമവ്യവസ്ഥകളുണ്ട്.

തര്‍ക്കത്തിന്റെ സ്വഭാവവും അവ ഒത്തുതീര്‍പ്പിലാക്കാനുള്ള ശ്രമവും പല രാജ്യങ്ങളിലും വ്യത്യസ്തങ്ങളാണ്. വേതനം, ജോലിസമയം, പിരിച്ചുവിടല്‍, സംഘടിതമായ വിലപേശല്‍ ഇവയെ ആധാരമാക്കിയാണ് സാധാരണ തൊഴില്‍ത്തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. വ്യാവസായിക പുരോഗതി കൈവന്നിട്ടുള്ള രാഷ്ട്രങ്ങളില്‍ തൊഴിലാളിക്ക് പണി മുടക്കുന്നതിനുള്ള അവകാശമുണ്ട്. ക്ഷേമരാഷ്ട്രസംവിധാനത്തില്‍ തൊഴില്‍-മാനേജ്മെന്റ് തര്‍ക്കങ്ങളില്‍ സ്റ്റേറ്റിന്റെ കൈകടത്തലുകള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ രാഷ്ട്രത്തിന്റെ നന്മയെ ലാക്കാക്കിയും സാമ്പത്തികഭദ്രത അപകടത്തിലാകാതിരിക്കണമെന്നുള്ള താത്പര്യംകൊണ്ടും സ്റ്റേറ്റ്, തര്‍ക്കങ്ങളില്‍ അവസാനമായി ഇടപെടാറുണ്ട്. മാധ്യസ്ഥം(mediation), അനുരഞ്ജനം ഇവ ഇതില്‍പ്പെടുന്നു.

ഓരോ രാജ്യത്തും നിലവിലുള്ള നിയമവ്യവസ്ഥകളനുസരിച്ച് അനുരഞ്ജനനടപടികളില്‍ വ്യത്യാസങ്ങളുണ്ട്. തര്‍ക്കകക്ഷികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കുകയും കൂടിയാലോചനകള്‍വഴി തര്‍ക്കം ഒത്തുതീര്‍പ്പിലാകുന്നതിനു സഹായിക്കുകയുമാണ് 'അനുരഞ്ജനം'കൊണ്ടുദ്ദേശിക്കുന്നത്. തര്‍ക്കത്തിന്റെ പ്രത്യേക പരിതഃസ്ഥിതികള്‍ കണക്കിലെടുത്തുകൊണ്ടാണ് തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് അനുരഞ്ജകന്‍ ഒരുമ്പെടുന്നത്. എന്നാല്‍ അനുരഞ്ജകന്‍ തര്‍ക്കങ്ങളിലുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍നിന്ന് അകന്നുനില്ക്കാറുണ്ട്. തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കങ്ങള്‍ സാധ്യമല്ലാതെ വരുന്ന അവസരങ്ങളില്‍ അനുരഞ്ജകന്റെ പ്രവര്‍ത്തനം അനിവാര്യമായിത്തീരുന്നു. പ്രശ്നങ്ങളെപ്പറ്റിയുള്ള വിധിപ്രസ്താവനകള്‍ അയാള്‍ നടത്താറില്ല. പ്രശ്നങ്ങളില്‍ ഉണ്ടായിട്ടുള്ള ശരിയെയും തെറ്റിനെയുംപറ്റി തീര്‍ച്ചപ്പെടുത്തുന്നതിനെക്കാളേറെ രണ്ടു കക്ഷികള്‍ക്കും സ്വീകാര്യമായരീതിയില്‍ അനുരഞ്ജകന്‍ ഒത്തുതീര്‍പ്പിന് സഹായിക്കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും തര്‍ക്കപരിഹാരത്തിന് കക്ഷികളെ പ്രേരിപ്പിക്കുകയുമാണ് പതിവ്. തര്‍ക്കങ്ങള്‍ തീരുന്നതിന് തന്റെ നിര്‍ദേശങ്ങള്‍ സ്വീകാര്യമായിരിക്കുമെന്ന് അനുരഞ്ജകന് ബോധ്യമുണ്ടെങ്കില്‍ മാത്രമേ അയാള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാറുള്ളു. അനുരഞ്ജനം രണ്ടു വിധത്തിലുണ്ട്; (1) നിര്‍ബന്ധിതമായ അനുരഞ്ജനം, (2) സ്വമേധയായുള്ള അനുരഞ്ജനം.

വ്യവസായത്തര്‍ക്കങ്ങള്‍ തുടരുകയാണെങ്കില്‍ പ്രവര്‍ത്തനം സ്തംഭിക്കുകയും അങ്ങനെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് ഹാനിയുണ്ടാകുമെന്നു വരികയും ചെയ്താല്‍ നിര്‍ബന്ധിത അനുരഞ്ജനം നടപ്പാക്കാറുണ്ട്. തര്‍ക്കങ്ങളുടെ ഫലമായി പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍ പ്രശ്നം മാധ്യസ്ഥത്തിനും അനുരഞ്ജനത്തിനും വിടണമെന്നും അനുശാസിക്കുന്ന നിയമങ്ങളുണ്ട്.

അനുരഞ്ജന നടപടികള്‍ക്ക് വിധേയമായി തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിനും അനുരഞ്ജനം തൃപ്തികരമല്ലെങ്കില്‍ പണിമുടക്കുന്നതിനും ലോക്കൌട്ടുചെയ്യുന്നതിനും കക്ഷികള്‍ക്ക് അവകാശമുണ്ട്. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറമേയുള്ള ഒരു കക്ഷിയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങേണ്ടിവരുമെന്നതുകൊണ്ട് കക്ഷികള്‍ പലപ്പോഴും അനുരഞ്ജനവ്യവസ്ഥകള്‍ സമ്മതിക്കുന്നു. നോ: തൊഴില്‍നിയമങ്ങള്‍, തൊഴില്‍ബന്ധങ്ങള്‍, മാധ്യസ്ഥം

അനുരഞ്ജനസമിതി

Conciliation Board

ഇന്ത്യയിലെ വ്യവസായത്തര്‍ക്കനിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തര്‍ക്കം തീരുമാനിക്കുന്നതിന് സന്ദര്‍ഭാനുസരണം ഔദ്യോഗികഗസറ്റില്‍ ഗവണ്‍മെന്റ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. സമിതിയില്‍ ഒരു അധ്യക്ഷനും ഗവണ്‍മെന്റിന് യുക്തമെന്നു തോന്നുന്നതുപോലെ രണ്ടോ അല്ലെങ്കില്‍ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കേണ്ടതാകുന്നു. അധ്യക്ഷന്‍ ഒരു കക്ഷിയിലും പെടാത്തയാളും മറ്റംഗങ്ങള്‍ തര്‍ക്കത്തിലെ കക്ഷികളില്‍ ഓരോന്നിന്റെയും ശുപാര്‍ശയനുസരിച്ച് എണ്ണം തുല്യമാകത്തക്കവണ്ണം നിയമിക്കപ്പെടുന്നവരുമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കക്ഷി അങ്ങനെ നിയമിക്കപ്പെടുന്നതിനു വേണ്ട ശുപാര്‍ശ, നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ചെയ്യുന്നില്ലെങ്കില്‍, ഗവണ്‍മെന്റിന്, ആ കക്ഷിയെ പ്രതിനിധാനം ചെയ്യാനുള്ള ആളെയോ ആളുകളെയോ നിയമിക്കാം. ഒരു സമിതിയിലെ അധ്യക്ഷനോ അംഗങ്ങളില്‍ ആരെങ്കിലുമോ ഹാജരില്ലെന്നോ അംഗസ്ഥാനങ്ങളില്‍ ഒഴിവുണ്ടെന്നോ വന്നാലും നിര്‍ണയിക്കപ്പെട്ട കോറമുള്ള പക്ഷം അതിന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അധ്യക്ഷന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ സേവനം ലഭിക്കാതെ വന്നിരിക്കുന്നുവെന്ന് ഗവണ്‍മെന്റ് ആ സമിതിയെ അറിയിക്കുന്നുവെങ്കില്‍ പുതിയ അധ്യക്ഷനെയോ അംഗത്തെയോ നിയമിക്കുന്നതുവരെ സമിതിക്കു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. അനുരഞ്ജനസമിതിക്ക്, ഈ ആവശ്യത്തിനു വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ക്കു വിധേയമായി, യുക്തമെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സമിതിക്ക് നിലവിലുള്ളതോ ഉദ്ഭവിച്ചേക്കാവുന്നതോ ആയ തര്‍ക്കത്തെപ്പറ്റി അന്വേഷണം നടത്തുന്നതിന്, ആ തര്‍ക്കം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണോ ആ സ്ഥാപനത്തിലും അതിന്റെ പരിസരത്തിലും പ്രവേശിക്കാവുന്നതാണ്.

അധികാരങ്ങള്‍. അന്വേഷണം നടത്തുന്നതിന്, സമിതിക്ക് സിവില്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് സാക്ഷികളെ ഹാജരാക്കുന്നതിനും വിസ്തരിക്കുന്നതിനും, രേഖകളും സാധനങ്ങളും ഹാജരാക്കിക്കുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നതിനുമുള്ള അധികാരങ്ങളും, നിര്‍ണയിക്കപ്പെടാവുന്ന മറ്റധികാരങ്ങളുമുണ്ടായിരിക്കും. അതിന്റെ നടപടികള്‍ ഇ.ശി.നി.-ലെ 193-ഉം 228-ഉം വകുപ്പുകളുടെ അര്‍ഥത്തില്‍ നീതിന്യായനടപടി ആയിരിക്കുന്നതാണ്. അധ്യക്ഷനും അംഗങ്ങളും പ്രസ്തുത നിയമമനുസരിച്ച് പൊതുജീവനക്കാരായി കരുതപ്പെടുന്നതാകുന്നു. സമിതിയുടെ തീരുമാനത്തിന് വിധേയമായ ഏതെങ്കിലും തര്‍ക്കത്തിന് എത്രയും നേരത്തേ ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി കക്ഷികളെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സമിതി സ്വീകരിക്കേണ്ടതും അന്വേഷണം നടത്തേണ്ടതുമാകുന്നു.

നടപടിക്രമങ്ങള്‍. ഒത്തുതീര്‍പ്പായാല്‍ അതിനെപ്പറ്റി ഒരു റിപ്പോര്‍ട്ടും ഒത്തുതീര്‍പ്പുമെമ്മോറാണ്ടത്തോടൊന്നിച്ച് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അന്വേഷണം അവസാനിച്ചാല്‍ എത്രയും നേരത്തേ, സമിതി തത്സംബന്ധമായി എടുത്ത നടപടിയെക്കുറിച്ചുള്ള വസ്തുതകളും സാഹചര്യങ്ങളും വിവരിച്ചുകൊണ്ടും അതിന്റെ തീരുമാനം രേഖപ്പെടുത്തിക്കൊണ്ടും ഒത്തുതീര്‍പ്പുണ്ടാകാനിടയാക്കാതിരുന്ന കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും തര്‍ക്കത്തിന്റെ തീരുമാനത്തിന് സമിതിക്കു ചെയ്യുവാനുള്ള ശുപാര്‍ശ ഇന്നതാണെന്നു പ്രസ്താവിച്ചുകൊണ്ടും ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒരു തര്‍ക്കം സമിതിയുടെ തീരുമാനത്തിനയച്ചുകൊടുത്താല്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളിലോ, അതില്‍ കുറവായ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ ആ കാലയളവിനുള്ളിലോ സമര്‍പ്പിക്കേണ്ടതാകുന്നു. ഈ കാലയളവ് നീട്ടിക്കൊടുക്കുവാനുള്ള അധികാരം ഗവണ്‍മെന്റിനുണ്ട്. കൂടാതെ തര്‍ക്കകക്ഷികള്‍ രേഖാമൂലം സമ്മതിക്കുന്നപക്ഷം അങ്ങനെ സമ്മതിക്കുന്ന കാലത്തിനുള്ളില്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്.

അന്വേഷണക്കമ്മിഷനുകള്‍

Commission of Enquiry

പൊതുജനതാത്പര്യത്തെ മുന്‍നിര്‍ത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമാനുസൃതം നിയമിക്കുന്ന കമ്മിഷനുകള്‍. 1952-ലെ 'കമ്മിഷന്‍ ഒഫ് എന്‍ക്വയറി ആക്ട്' അനുസരിച്ചാണ് സാധാരണ അന്വേഷണങ്ങള്‍ നടത്താറുള്ളത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുന്‍പ് പൊതു പ്രാധാന്യമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിയിരുന്നത് അതാതു കാലങ്ങളിലുണ്ടാകുന്ന സര്‍ക്കാര്‍ ഉത്തരവുകളിലൂടെയോ, പ്രത്യേകമായി ഉണ്ടാക്കുന്ന നിയമങ്ങളിലൂടെയോ സ്ഥാപിതമാകുന്ന കമ്മിഷനുകളായിരുന്നു. അന്വേഷണ കമ്മിഷനുകള്‍ക്ക് ഒരു കേന്ദ്രീകൃത നിയമമുണ്ടാക്കുക, അധികാരം കയ്യാളുന്നവര്‍ അഴിമതിയാരോപണ വിധേയരാകുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സി രൂപീകരിക്കുക തുടങ്ങിയവയാണ് 1952-ലെ അന്വേഷണക്കമ്മിഷന്‍ നിയമത്തിന്റെ ഉദ്ദേശ്യങ്ങള്‍.

1952 ഒ. 1-ന് പ്രാബല്യത്തില്‍വന്ന ഈ ആക്ടിലെ പ്രധാന വ്യവസ്ഥകള്‍ താഴെ പറയുന്നവയാണ്:

1. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതുപ്രാധാന്യമുള്ള ഏതെങ്കിലും കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കമ്മിഷനുകളെ നിയമിക്കാവുന്നതാണ്. അതിനായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയിലും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയിലും പ്രമേയം പാസ്സാക്കുകയും അത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും വേണം.

2. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ പൊതുപ്രാധാന്യമുള്ള ഒരു സംഗതിയെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഒരു കമ്മിഷനെ നിയമിക്കേണ്ടതാണെന്ന് പ്രമേയം മൂലം ആവശ്യപ്പെട്ടാല്‍ ഗവണ്‍മെന്റ് അപ്രകാരം ഒരു കമ്മിഷനെ നിയമിക്കേണ്ടതാണ്.

3. ആ കമ്മിഷന്‍, അതിന്റെ കര്‍ത്തവ്യങ്ങള്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്ന കാലാവധിക്കുള്ളില്‍ നിര്‍വഹിക്കേണ്ടതാണ്.


4. കേന്ദ്ര ഗവണ്‍മെന്റിന്റെ കാര്യത്തിലാണെങ്കില്‍ ഭരണഘടനയിലെ ഏഴാം പട്ടികയില്‍ ചേര്‍ത്തിട്ടുള്ള കേന്ദ്രലിസ്റ്റ്, സമവര്‍ത്തിലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ് എന്നിവയില്‍ പ്രതിപാദിച്ചിട്ടുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടാം. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്റിന് കേന്ദ്രലിസ്റ്റില്‍പ്പെട്ട ഏതെങ്കിലും വിഷയം സംബന്ധിച്ച് അന്വേഷണം നടത്താനുള്ള അധികാരമില്ല.

5. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നിയമിക്കുന്ന കമ്മിഷനില്‍ ഒന്നോ അതിലധികമോ അംഗങ്ങള്‍ ഉണ്ടാകാം. ഒന്നില്‍ക്കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ അവരിലൊരാള്‍ കമ്മിഷന്റെ അധ്യക്ഷനായി നിര്‍ദേശിക്കപ്പെടും. കമ്മിഷനിലെ അംഗങ്ങളും മറ്റു ഉദ്യോഗസ്ഥരും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 21-ാം വകുപ്പില്‍ നിര്‍വചിച്ചിരിക്കുന്ന പബ്ളിക് സെര്‍വന്റ്സിന്റെ നിര്‍വചനത്തില്‍ പെടുന്നവരായിരിക്കണം.

6. കമ്മിഷന് ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും വ്യക്തിയെ അതിന്റെ മുന്‍പാകെ ഹാജരാക്കുന്നതിന് 'സമണ്‍' ചെയ്യാനും (അയാളുടെ ഹാജര്‍ പ്രാബല്യത്തില്‍ വരുത്താനും) വിസ്തരിക്കാനും ആവശ്യപ്പെടാം. ഏതെങ്കിലും പ്രമാണത്തിന്റെ വെളിപ്പെടുത്തലോ ഹാജരാക്കലോ ആവശ്യപ്പെടാനും സത്യവാങ്മൂലത്തെളിവ് സ്വീകരിക്കാനും ഏതെങ്കിലും കോടതിയില്‍നിന്നോ ആഫീസില്‍നിന്നോ പബ്ളിക്ക് റിക്കാര്‍ഡോ അതിന്റെ പകര്‍പ്പോ ആവശ്യപ്പെടാനും ഏതെങ്കിലും സാക്ഷിയെ വിസ്തരിക്കാനും പ്രമാണം പരിശോധിക്കാനും കമ്മിഷന് അധികാരമുണ്ടായിരിക്കും.

അന്വേഷണത്തിനു വിധേയമായ സംഗതിയുടെ സ്വഭാവവും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് കമ്മിഷന് കൂടുതല്‍ അധികാരങ്ങള്‍ നല്കുവാനും ഗവണ്‍മെന്റിന് അധികാരമുണ്ട്. അന്വേഷണത്തിന് വിധേയമായ വിഷയത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്കുവാന്‍ ആരോടും ആവശ്യപ്പെടാനുള്ള അധികാരവും അന്വേഷണവിഷയം സംബന്ധിക്കുന്ന കണക്കുബുക്കുകളോ മറ്റു പ്രമാണങ്ങളോ കൈവശപ്പെടുത്താനും ആവശ്യമായ ഉദ്യോഗസ്ഥന്‍മാരെ പ്രത്യേകമായി നിയമിക്കുവാനുമുള്ള അധികാരവും (ക്രിമിനല്‍ നടപടി സംഹിതയിലെ 102-ഉം 103-ഉം വകുപ്പുകള്‍ക്കു വിധേയമായി) കമ്മിഷനുണ്ട്. കമ്മിഷന്റെ മുന്‍പാകെ ആരെങ്കിലും കൊടുക്കുന്ന സ്റ്റേറ്റുമെന്റുകളും മൊഴികളും (അവ കള്ളസാക്ഷ്യമാണെങ്കിലെന്ന സംഗതിയിലൊഴികെ) അയാളെ ഏതെങ്കിലും സിവിലോ ക്രിമിനലോ ആയ സംഗതികള്‍ക്ക് ബാധ്യസ്ഥനാക്കുന്നതല്ല.

കമ്മിഷന്റെ മുന്‍പാകെ നടക്കുന്ന നടപടികള്‍ ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയിലെ 193-ഉം 223-ഉം വകുപ്പുകളനുസരിച്ചുള്ള ജൂഡീഷ്യല്‍ നടപടികളായി കരുതപ്പെടുന്നതാണ്.


അന്വേഷണത്തെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യം വെളിയില്‍ കൊണ്ടുവരുന്നതിന് യൂണിയന്‍ ഗവണ്‍മെന്റിന്റെയും സ്റ്റേറ്റ് ഗവണ്‍മെന്റിന്റെയും കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സേവനം അതതു ഗവണ്‍മെന്റിന്റെ സമ്മതത്തോടെ ഉപയോഗിക്കാവുന്നതാണ്. ആ ഉദ്യോഗസ്ഥന്‍ കമ്മിഷന്‍ നിശ്ചയിക്കുന്ന സമയത്തിനുള്ളില്‍ വേണ്ട അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ടതാണ്. ആ റിപ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങള്‍ ശരിയാണോ എന്ന് തിട്ടപ്പെടുത്തുന്നതിന്, കമ്മിഷന് യുക്തമെന്നു തോന്നുന്ന അന്വേഷണങ്ങള്‍, സാക്ഷികളെ വിസ്തരിക്കുക എന്നതുള്‍പ്പെടെ നടത്താവുന്നതാണ്. ബന്ധപ്പെട്ട ഗവണ്‍മെന്റിന് ഗസറ്റ് വിജ്ഞാപനംവഴി പാര്‍ലമെന്റോ, സ്റ്റേറ്റ് നിയമസഭയോ പാസ്സാക്കിയ പ്രമേയാനുസരണം നിയമിച്ച കമ്മിഷന്റെ കാര്യത്തിലല്ലാതെയുള്ള കാര്യങ്ങളില്‍, കമ്മിഷന്‍ തുടര്‍ന്നു പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് അഭിപ്രായമുണ്ടെങ്കില്‍, അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാവുന്നതാണ്. പ്രമേയാനുസരണം അന്വേഷണം നടത്തുന്ന കമ്മിഷന്റെ കാര്യത്തില്‍ പാര്‍ലമെന്റോ സ്റ്റേറ്റ് നിയമസഭയോ, കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസ്സാക്കുന്നുവെങ്കില്‍ അതനുസരിച്ച് അവസാനിക്കുന്നതായിരിക്കും. അവസാനിക്കുന്ന തീയതി പരസ്യംവഴി നിശ്ചയിക്കും.

കമ്മിഷന്‍ ഒഫ് എന്‍ക്വയറി ആക്ടിലെ ചട്ടങ്ങള്‍ക്കു വിധേയമായി കമ്മിഷന്, അതിന്റെ നടപടികള്‍ ക്രമപ്പെടുത്താവുന്നതാണ്. കമ്മിഷന്റെ പ്രവര്‍ത്തനസ്ഥലവും സമയവും അതില്‍ പരാമര്‍ശിച്ചിരിക്കും. അന്വേഷണ നടപടികളുടെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടാകുന്ന അംഗങ്ങളുടെ ഒഴിവുകള്‍ പൂരിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഗവണ്‍മെന്റ് അധികാരം ഉണ്ടായിരിക്കുന്നതാണ്. കമ്മിഷനില്‍ രണ്ടോ അതിലധികമോ അംഗങ്ങള്‍ ഉള്ളപ്പോള്‍ ഏതെങ്കിലും സ്ഥാനം ഒഴിവുണ്ടായിരുന്നാലും കമ്മിഷന് പ്രവര്‍ത്തിക്കാം. അതുപോലെ നടപടിയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടാകുന്ന ഒഴിവില്‍ ഒരു പുതിയ ആളെ നിയമിച്ചാല്‍ നടപടികള്‍ ആദ്യം മുതല്ക്കേ പുനരാരംഭിക്കേണ്ടതില്ല. അന്വേഷണത്തിനിടയ്ക്ക് അന്വേഷണംമൂലം ഏതെങ്കിലും ആളിന്റെ കീര്‍ത്തിക്കു ഹാനി തട്ടുമെന്നു തോന്നുന്നപക്ഷം അയാള്‍ക്ക് തനിക്കെതിരായി വന്നേക്കാവുന്ന സംഗതികള്‍ സംബന്ധിച്ച് പ്രതിവാദം ചെയ്യാന്‍ ന്യായമായ അവസരം നല്കേണ്ടതാണ്. അയാള്‍ക്ക് ഏതെങ്കിലും സാക്ഷിയെ ക്രോസ്വിസ്താരം ചെയ്യുന്നതിനും കമ്മിഷന്റെ മുന്‍പാകെ വാദം നടത്തുന്നതിനും വേണമെന്നുണ്ടെങ്കില്‍ ഒരു അഭിഭാഷകനെയോ, കമ്മിഷന്റെ അനുവാദത്തോടെ മറ്റേതെങ്കിലും ആളെയോ നിയോഗിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്. ഗവണ്‍മെന്റിന്റെയോ കമ്മിഷനിലെ ഏതെങ്കിലും അംഗത്തിന്റെയോ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മേല്‍ എന്തെങ്കിലും വ്യവഹാരം നടത്തുകയോ നടപടി എടുക്കുകയോ ചെയ്യാവുന്നതല്ല. കമ്മിഷനെയോ അതിലെ ഏതെങ്കിലും അംഗത്തെയോ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ വാങ്മൂലമായോ രേഖാമൂലമായോ എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ ചെയ്താല്‍ അയാള്‍ക്ക് ആറു മാസം വരെയുള്ള വെറും തടവുശിക്ഷയോ, പിഴശിക്ഷയോ, രണ്ടുംകൂടിയോ നല്കി ശിക്ഷിക്കാവുന്നതാണ്. തത്സംബന്ധമായ പ്രോസിക്യൂഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയോ, സ്റ്റേറ്റ് ഗവണ്‍മെന്റിന്റെയോ മുന്‍കൂട്ടിയുള്ള അനുമതിയോടെ ആയിരിക്കേണ്ടതാണ്. ഏതെങ്കിലും ഗവണ്‍മെന്റ് പൊതുപ്രാധാന്യമുള്ള ഒരു പ്രത്യേക വിഷയം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഒരു കമ്മിഷന്‍ അല്ലാതെയുള്ള അധികാരസ്ഥാനത്തെ നിയമിക്കുകയാണെങ്കില്‍ (അതു ഏതുപേരില്‍ അറിയപ്പെട്ടാലും) ഈ നിയമത്തിലെ വ്യവസ്ഥകള്‍ അതിനെ ബാധിക്കുന്നതായിരിക്കുമെന്ന് ഗവണ്‍മെന്റിന് പ്രഖ്യാപിക്കാം. അങ്ങനെ അതൊരു കമ്മിഷനായി കരുതപ്പെടുന്നതാണ്.

അന്വേഷണക്കമ്മിഷനുകളുടെ ചുമതല വസ്തുതകള്‍ കണ്ടെത്തുകയും ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും മാത്രമാണ്. ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള അധികാരം കമ്മിഷനുകള്‍ക്കില്ല. എന്നാല്‍ ലോക്സഭയുടെയോ നിയമസഭയുടെയോ പ്രമേയപ്രകാരം നിയമിച്ച ഒരു അന്വേഷണക്കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടും, അതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയെപ്പറ്റി ഒരു മെമ്മോറാണ്ടവും അതതുസഭകളുടെ മുമ്പാകെ ആ ഗവണ്‍മെന്റ് വയ്ക്കേണ്ടതാകുന്നു. എന്നാല്‍ ഗവണ്‍മെന്റ് ഉത്തരവു പ്രകാരം നിയമിക്കുന്ന കമ്മിഷനുകളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നോ അതിന്‍മേല്‍ നടപടി സ്വീകരിക്കണമെന്നോ നിയമത്തില്‍ വ്യവസ്ഥയില്ല.

മറ്റു പല നിയമങ്ങളിലും പ്രത്യേക കാര്യങ്ങള്‍ക്കായി അന്വേഷണക്കമ്മിഷനുകളെ നിയോഗിക്കുന്നതിനുള്ള അധികാരം ഗവണ്‍മെന്റിനു നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാ. 1956-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമത്തില്‍ കേന്ദ്ര മെഡിക്കല്‍ കൌണ്‍സിലിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് അന്വേഷണ കമ്മിഷനെ നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

അന്വേഷണക്കോടതി

Court of Enquiry

ഗവണ്‍മെന്റുകള്‍ ചില ആവശ്യങ്ങള്‍ക്കുവേണ്ടി അന്വേഷണക്കോടതികള്‍ ഏര്‍പ്പെടുത്താറുണ്ട്. അവ സാധാരണയായി ഭരണനിര്‍വഹണപരമായി ട്രൈബ്യൂണലുകളുടെ സ്വഭാവത്തിലുള്ളവയാണ്. അവയില്‍ പ്രാമുഖ്യമര്‍ഹിക്കുന്നവ, ഗവണ്‍മെന്റിന്റെ കീഴില്‍ ഉദ്യോഗം വഹിക്കുന്നവരുടെ മേല്‍ കര്‍ത്തവ്യവിലോപം, അഴിമതി, ക്രമവിരുദ്ധമായ നടപടികള്‍ എന്നിവ ആരോപിക്കപ്പെടുമ്പോള്‍ അവയെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുവേണ്ടി രൂപവത്ക്കരിക്കുന്ന അന്വേഷണക്കോടതികളാണ്. 1850-ലെ ഇന്ത്യന്‍ പബ്ളിക് സര്‍വന്റ്സ് എന്‍ക്വയറീസ് ആക്റ്റില്‍ അന്വേഷണക്കോടതിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ കീഴില്‍ അതിന്റെ അനുമതി കൂടാതെ പിരിച്ചുവിടാനാവാത്ത ഉദ്യോഗം വഹിക്കുന്ന ആളുകളെ സംബന്ധിച്ചുന്നയിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഗവണ്‍മെന്റിന് അഭിപ്രായമുള്ളപക്ഷം അങ്ങനെ അന്വേഷണം നടത്തുന്ന ചുമതല ഏല്‍പിക്കാവുന്ന അധികാരസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അന്വേഷണക്കോടതി ഉള്‍പ്പെടുന്നു. ആ കോടതിയുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണെന്ന് ആ ആക്ടില്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സിവില്‍ സര്‍വ്വീസസ് (ക്ളാസിഫിക്കേഷന്‍, കണ്‍ട്രോള്‍ ആന്റ് അപ്പീല്‍) റൂള്‍സനുസരിച്ച് രൂപവത്ക്കരിച്ചിട്ടുള്ള അധികാരസ്ഥാനം അന്വേഷണക്കോടതിയുടെ സ്വഭാവത്തിലുള്ളതുതന്നെയാകുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പൊതുജീവനക്കാരുടെമേല്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് അന്വേഷണക്കോടതിയുടെ സ്വഭാവത്തിലുള്ള അധികാരസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിനു വിധേയരായ പൊതുജനസേവകര്‍ക്ക്, ഭരണഘടനയിലെ 311-ാം അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സംരക്ഷണവ്യവസ്ഥകള്‍ അന്വേഷണക്കോടതിയിലെ നടപടികളില്‍ ആദരിക്കുന്നുണ്ടാവും.


ഇതു കൂടാതെ 1955-ലെ ആള്‍ ഇന്ത്യാ സര്‍വീസസ് (ഡിസിപ്ളിന്‍ ആന്‍ഡ് അപ്പീല്‍സ്) റൂളുകളിലും റയില്‍വേ എസ്റ്റാബ്ളിഷ്മെന്റ് കോഡിലും മേല്‍പറഞ്ഞ തരത്തിലുള്ള അധികാരസ്ഥാനത്തെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോ: അന്വേഷണക്കമ്മിഷന്‍, അഴിമതി നിവാരണനിയമം, ഓംബുഡ്സ്മാന്‍

അഭിജാതാധിപത്യം

 

Aristocracy

പ്രഭുക്കളും അഭിജാതരുമായ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തിലുള്ള ഭരണസമ്പ്രദായം. 'ശ്രേഷ്ഠം' (കുലീനം) എന്നും 'അധികാരം' എന്നും യഥാക്രമം അര്‍ഥം വരുന്ന അരിസ്റ്റോസ് (Aristos), ക്രാറ്റോസ് (Kratos) എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നും സംജാതമായിട്ടുള്ളതാണ് 'അരിസ്റ്റോക്രസി' (Aristocracy) അഥവാ അഭിജാതാധിപത്യം എന്ന സംജ്ഞ. ഒരു രാജ്യത്തിലെ ഉന്നതകുലജാതരായ ചുരുക്കം ചില ആളുകളില്‍ ഭരണാധികാരം നിക്ഷിപ്തമാകുമ്പോഴാണ് അഭിജാതാധിപത്യം ഉടലെടുക്കുക. എന്നാല്‍, പുരാതനകാലംമുതല്‍ അടുത്തകാലംവരെ അങ്ങിങ്ങായി നിലനിന്നിട്ടുള്ള ഈ ഭരണസമ്പ്രദായം, പ്രായേണ, ഏതാനും ധനവാന്‍മാരുടെയോ സമുദായത്തിലെ മറ്റു വിഭാഗങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തി അവരെ നിയന്ത്രിച്ചു നിറുത്തുവാന്‍ കഴിവും സാമര്‍ഥ്യവും ആര്‍ജിച്ചിട്ടുള്ള പ്രത്യേക താത്പര്യങ്ങളുടെയോ കൈയിലമര്‍ന്നുപോയിട്ടുണ്ട്.

വിഭാഗങ്ങള്‍. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടല്‍ (ബി.സി. 384-322) ഭരണകൂടങ്ങളെ 'സാധാരണ' (normal) എന്നും 'ദുഷിച്ചത്' (perverted) എന്നും പൊതുവായി രണ്ടായി തരംതിരിച്ചിട്ടുണ്ട്. സാധാരണ ഭരണത്തില്‍ രാജവാഴ്ച (Monarchy), അഭിജാതാധിപത്യം (Aristocracy), പോളിറ്റി (Polity) എന്നിവ ഉള്‍പ്പെടുമെന്നും അവ ഓരോന്നും അധഃപതിക്കുമ്പോള്‍ യഥാക്രമം സ്വേച്ഛാധിപത്യം (Tyranny), അല്പാധിപത്യം (Oligarchy), ജനാധിപത്യം (Democracy) എന്നിങ്ങനെ ആയിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതില്‍ അഭിജാതാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വമായി ഗ്രീക്കുകാര്‍ ഗണിച്ചത് ബുദ്ധിശക്തിയും സന്‍മാര്‍ഗനിഷ്ഠയും ആയിരുന്നു. ഈ അടിസ്ഥാനതത്ത്വത്തില്‍നിന്നും വ്യതിചലിക്കുമ്പോഴാണ് അഭിജാതാധിപത്യം അല്പാധിപത്യമായി തരംതാഴ്ത്തപ്പെടുന്നത്.

അരിസ്റ്റോട്ടലിന്റെ മാതൃക കുറെയേറെ സ്വീകരിച്ചുകൊണ്ട് ഫ്രഞ്ചുദാര്‍ശനികനായ റൂസോ (Jean Jacques Rousseau, 1712-78) ഗവണ്‍മെന്റുകളെ ഏകാധിപത്യം, അഭിജാതാധിപത്യം, പ്രജാധിപത്യം എന്നിങ്ങനെ തരംതിരിക്കുകയും, അതില്‍ അഭിജാതാധിപത്യത്തെ വീണ്ടും 'സ്വാഭാവികം' (natural), 'തെരഞ്ഞെടുക്കപ്പെട്ടത്' (elective), 'പരമ്പരാഗതം' (hereditary) എന്നു വിഭജിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഭിജാതാധിപത്യം (Elective Aristocracy) ആണ് ഏറ്റവും ശ്രേഷ്ഠമെന്നും, പാരമ്പര്യസ്വഭാവമുള്ള അഭിജാതഭരണം ഏറ്റവും അധമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ശ്രേഷ്ഠത. പ്രാചീനകാലത്ത് അഭിജാതാധിപത്യം നിലവിലിരുന്ന ഓരോ രാജ്യത്തിലേയും അത്യുന്നതന്‍മാരും ശ്രേഷ്ഠന്‍മാരുമായിരുന്നു ഭരണചക്രം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവരുടെ ശ്രേഷ്ഠത നിര്‍ണയിച്ചിരുന്നത് വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നു. അതില്‍ ഒന്നാണ് 'ജനനം'. പൌരാണിക സാമൂഹിക സമ്പ്രദായത്തില്‍ ഓരോ ഗോത്രത്തിനും ഓരോ തലവനുണ്ടായിരിക്കുകയും, ഗോത്രവികസനത്തെത്തുടര്‍ന്ന് ഒരു പൊതുപിതാമഹനില്‍നിന്നും ജാതരായ തലമുറക്കാര്‍ ഒരു വര്‍ഗമായി വര്‍ത്തിക്കുകയും അന്യവര്‍ഗക്കാരെ അകറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ ജനപ്പെരുപ്പമോ മറ്റു പ്രശ്നസങ്കീര്‍ണതകളോ അന്നില്ലാതിരുന്നതുകൊണ്ട് കുറെക്കാലത്തേക്ക് ഈ സമ്പ്രദായം നിലനിന്നു. പില്ക്കാലങ്ങളില്‍ 'അഭിജാത കുടുംബ'ങ്ങളില്‍ ജനിച്ചവര്‍ക്കാണ് രാജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സന്ദര്‍ഭം ലഭിച്ചത്. ഇന്നും പല രാജ്യങ്ങളിലും ചില കുടുംബക്കാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഭരണരംഗത്ത് കൂടുതല്‍ ശേഷിയും നൈപുണ്യവും അനുഭവജ്ഞാനവും കൈവന്നിട്ടുള്ളവരായി കാണപ്പെടുന്നുണ്ട്.

ആഭിജാത്യം നിര്‍ണയിക്കുവാനുള്ള മറ്റൊരു മാനദണ്ഡം ധനസ്ഥിതിയാണ്. ഇതനുസരിച്ച് ഏറ്റവും സമ്പന്നരായ വ്യക്തികളാണ് പല രാജ്യങ്ങളിലും ഭരണം നടത്തിയിരുന്നത്. സാധാരണക്കാരന് ഭരണകാര്യങ്ങളില്‍ പങ്കെടുക്കുവാന്‍ സാധ്യമാകാത്ത വിധത്തിലായിരിക്കും അതിലെ സംവിധാനം. മറ്റു ചില സ്ഥലങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടരും വിദ്യാസമ്പന്നരുമായിരുന്നു ഭരണാധികാരികളായ 'അഭിജാതന്‍മാര്‍'. കായികശക്തിയുടെ അടിസ്ഥാനത്തിലും കുലീനത്വം കല്പിച്ചിരുന്ന ജനവര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ സൈനികമേധാവികള്‍ കുലീനത്വം സ്വായത്തമാക്കി ഭരണഭാരമേറ്റെടുത്തിട്ടുള്ളതിന് ഉദാഹരണങ്ങളും കുറവല്ല. മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും നിന്ന് ഒന്നോ രണ്ടോ പ്രതിനിധികള്‍ ചേര്‍ന്ന് അഭിജാതാധിപത്യം പരീക്ഷിച്ചു നോക്കിയിട്ടുള്ളതിനും തെളിവുകളുണ്ട്.

ഏതൊരു രാഷ്ട്രത്തിന്റേയും പരമാധികാരം എപ്പോഴും ഏതെങ്കിലും ഒരു വര്‍ഗത്തിന്റെ കൈയില്‍ അമര്‍ന്നിരിക്കുമെന്നാണ് പ്രൊഫ. ജി. ജെല്ലിനിക്കിന്റെ അഭിപ്രായം. അതു ജന്‍മിവര്‍ഗമോ പുരോഹിതന്‍മാരോ സൈനികരോ ആയിരിക്കാം. പക്ഷേ, അധികാരിവര്‍ഗം ഏതുതരത്തിലുള്ളവരായാലും അധികാരം അവരുടെ അധീനതയിലിരിക്കുന്നിടത്തോളംകാലം അവര്‍ സമൂഹത്തിലെ മറ്റു വിഭാഗങ്ങളെക്കാള്‍ പ്രബലരും പ്രമാണികളും മറ്റുള്ളവര്‍ക്കനുവദിക്കപ്പെടാത്ത പല ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരും ആയിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തന്‍മൂലം അഭിജാതാധിപത്യം വെറും സംഖ്യയുടെ അടിസ്ഥാനത്തില്‍ അധിഷ്ഠിതമാണെന്നു കരുതുന്നത് തെറ്റാണെന്നും അദ്ദേഹം വാദിച്ചു.

ചില വ്യാഖ്യാനങ്ങള്‍. അഭിജാതാധിപത്യത്തെ, 'അഭിജാതജനാധിപത്യം' (Aristo-democracy) എന്നു വിളിച്ചുതുടങ്ങിയിട്ടുണ്ട്. പ്രജായത്തഭരണംതന്നെ ഒരുവിധത്തില്‍ അഭിജാതാധിപത്യമാണെന്നാണ് ചിലരുടെ പക്ഷം; കാരണം, മൊത്തം ജനസംഖ്യയുടെ ചെറിയ ഒരു വിഭാഗം മാത്രമാണ് യഥാര്‍ഥത്തില്‍ ഭരണചക്രം തിരിക്കുന്നത്. ഉദാ. പാര്‍ലമെന്ററി ഭരണസമ്പ്രദായത്തില്‍, ക്യാബിനറ്റുകള്‍ രൂപവത്കരിക്കുന്നതും അധികാരം നിയന്ത്രിക്കുന്നതും തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുന്ന കക്ഷിയിലെ (കക്ഷികളിലെ) നേതാക്കന്മാരായിരിക്കും. അതുപോലെതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള പല ജനാധിപത്യരാജ്യങ്ങളിലും പ്രതിനിധിസഭകളുടെ ഉപരിമണ്ഡലങ്ങളില്‍ ഇന്നും ചിലതരം വ്യക്തികള്‍ക്ക് പ്രാതിനിധ്യം നല്കുന്നുണ്ട്. സാമാന്യജനങ്ങള്‍ക്ക് ഭരണനിര്‍വഹണത്തിനാവശ്യമായ പരിജ്ഞാനം, അഭിരുചി, കഴിവ്, സമയം, സൌകര്യം എന്നിവ വേണ്ടത്ര ഉണ്ടായിരിക്കുകയില്ല എന്ന നിഗമനത്തിന്റെ വെളിച്ചത്തിലാണ് മേല്‍വിവരിച്ച വിധത്തില്‍, ചുരുക്കം ചിലരുടെ കൈയില്‍ ഭരണഭാരം ഏല്പിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാരണങ്ങള്‍കൊണ്ട് അഭിജാതാധിപത്യവും ജനാധിപത്യവും ഒന്നാണെന്നു കരുതുന്നത് ശരിയല്ല. അഭിജാതാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ സാമാന്യജനങ്ങളുടെ കഴിവ്, അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വകവച്ചുകൊടുക്കുകയില്ലെന്നു മാത്രമല്ല, സമുദായത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കേ അവ ഉണ്ടായിരിക്കുകയുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നു. ജനാധിപത്യ വിശ്വാസികളാകട്ടെ, എല്ലാ ജനവിഭാഗങ്ങളുടേയും കഴിവുകളും അവകാശങ്ങളും ഒന്നുപോലെ കണക്കിലെടുക്കുകയും വിവേചനംകൂടാതെ മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുകയും ചെയ്യുന്നു. പൌരനാകാന്‍ അര്‍ഹതയുള്ള ഏതൊരാള്‍ക്കും ഭരണകാര്യങ്ങളില്‍ ഭാഗഭാക്കാകാനുള്ള അവകാശം ഉണ്ടെന്നുള്ളതാണ് ജനാധിപത്യത്തിന്റെ കാതലായ തത്ത്വം.

മേന്മകള്‍. അഭിജാതാധിപത്യത്തില്‍ ഭരണാധികാരികളുടെ ബുദ്ധി, ഭരണനൈപുണ്യം, കഴിവ് മുതലായവ പ്രകടമായിരിക്കും. ഇതുകൊണ്ടുതന്നെയാണ് ചിലര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠന്‍മാരാണെന്നും അക്കാരണത്താല്‍ അവരെ മാത്രമാണ് ഭരണകാര്യങ്ങള്‍ ഏല്പിക്കേണ്ടതെന്നും അഭിജാത ഭരണത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. പല രാജ്യങ്ങളിലും മെച്ചപ്പെട്ട ഭരണക്രമം പ്രദാനം ചെയ്യുവാന്‍ അവിടങ്ങളിലെ അഭിജാതഭരണത്തിന് കഴിഞ്ഞുവെന്ന് തെളിഞ്ഞിട്ടുണ്ട്. അര്‍ഹതയും ശേഷിയും ഉള്ളവര്‍മാത്രം ഭരണരംഗത്തേക്കു കടന്നുവരുന്നതുകൊണ്ട് അവരുടെ കൈയില്‍ സകല നിയന്ത്രണാധികാരങ്ങളും ഏല്പിച്ചുകൊടുക്കുന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്ക് അന്ന് വൈമുഖ്യം ഉണ്ടായിരുന്നില്ല. സാമര്‍ഥ്യമുള്ളവര്‍ ഒരു രാജ്യം ഭരിക്കുന്നത് അത്യുത്തമമായിരിക്കുമെന്നാണ് ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന റൂസോ പോലും പറഞ്ഞിട്ടുള്ളത്. സ്കോട്ടിഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ (1795-1881) പ്രസ്താവിച്ചിട്ടുള്ളത് ബുദ്ധിശൂന്യരായ ജനങ്ങള്‍ക്ക് ബുദ്ധിമാന്മാരുടെ ഭരണം ലഭ്യമാകുന്നത് അവരര്‍ഹിക്കുന്നതില്‍വച്ച് ഏറ്റവും വലിയ ആനുകൂല്യം ആയിരിക്കും എന്നാണ്.

രാഷ്ട്രീയത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്ന്, തങ്ങളെ ഏല്പിച്ചിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമായി ചെയ്തുതീര്‍ക്കാനുള്ള കഴിവും പരിചയസമ്പന്നതയും ഉള്ള ഒരു ഭരണവര്‍ഗത്തെ ദാനം ചെയ്യുന്നു എന്നുള്ളതാണ് അഭിജാതഭരണത്തിന്റെ മറ്റൊരു മേന്‍മ. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി വിവേകപൂര്‍വമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ അഭിജാതഭരണത്തിന് പ്രയാസമില്ല. ജനാധിപത്യത്തിലെപ്പോലെ ഭൂരിപക്ഷം ആളുകളുടെ അപക്വതീരുമാനങ്ങള്‍ക്കോ, രാജവാഴ്ചയിലെപ്പോലെ ഒരാളുടെമാത്രം ധിക്കാരംനിറഞ്ഞ നടപടികള്‍ക്കോ ഇവിടെ സ്ഥാനമില്ല. കൂടാതെ ജനാധിപത്യത്തിലെ ഭാരിച്ച പാഴ്ചെലവുകളും രാജവാഴ്ചയിലെ അനിയന്ത്രിതമായ ധൂര്‍ത്തും ഈ സംവിധാനത്തില്‍ ഒഴിവാക്കപ്പെടുന്നു. കെട്ടുറപ്പും കാര്യക്ഷമതയും ഉള്ള ഭരണം പ്രദാനം ചെയ്യുവാന്‍ അഭിജാതഭരണത്തിന് കഴിയുമെന്ന് വിശ്വസിക്കുവാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ട്. ഗവണ്‍മെന്റുകളില്‍, കാര്യനിര്‍വഹണത്തിന് സ്ഥായിയായ കഴിവും ഓജസ്സും നല്കുവാന്‍ കഴിഞ്ഞിട്ടുള്ളത് ഒരഭിജാതഭരണത്തിനാണെന്ന് ഇംഗ്ളീഷ് ദാര്‍ശനികനും സാമ്പത്തികശാസ്ത്രജ്ഞനുമായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-73) അഭിപ്രായപ്പെടുന്നു.

അനിയന്ത്രിതവും വിവേചനരഹിതവുമായ അധികാര ദുര്‍വിനിയോഗം ഒഴിവാക്കുന്നു എന്നതാണ് അഭിജാതഭരണത്തിന്റെ സാമാന്യമായ ഒരു മേന്‍മ. ആസൂത്രിതമാകാതെ കൂടെക്കൂടെ ഉണ്ടാകാന്‍ ഇടയുള്ള ഭരണപരിവര്‍ത്തനങ്ങള്‍ അതിരുകവിഞ്ഞവിധത്തില്‍ ആകാതിരിക്കുവാന്‍ അഭിജാതാധിപത്യം ശ്രദ്ധിക്കുന്നു.

പരിമിതികള്‍. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അഭിജാതാധിപത്യം പ്രതിനിധാനം ചെയ്യുന്നുള്ളു എന്നതാണ് അതിന്റെ പ്രധാന ന്യൂനത. പൊതുതാത്പര്യങ്ങള്‍ക്കെതിരായിപ്പോലും ആ പ്രത്യേക വിഭാഗത്തിന്റെ ഗുണത്തിനായി നിലകൊള്ളുവാന്‍ അഭിജാതഭരണം നിര്‍ബന്ധിതമായിത്തീരുന്നു. ശ്രേഷ്ഠന്‍മാര്‍ എന്നു കരുതപ്പെടുന്ന ഭരണാധികാരികള്‍, തങ്ങളെക്കാള്‍ കഴിവിലും ബുദ്ധിയിലും മറ്റും താഴ്ന്ന നിലവാരത്തിലുള്ള ജനവിഭാഗങ്ങളോടുള്ള പെരുമാറ്റത്തില്‍ വെറുപ്പോ അമര്‍ഷമോ പുച്ഛമോ കാണിക്കുന്നത് അസ്വാഭാവികമല്ല. അഭിജാതഭരണം കാലക്രമേണ വര്‍ഗഭരണമായി അധഃപതിച്ചിട്ടുള്ളതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. പലപ്പോഴും അത് ദുര്‍ഭരണത്തിലേക്കും വഴുതിവീഴാറുണ്ട്. അധികാരവും ശക്തിയും സ്വായത്തമാകുമ്പോള്‍ അധികാരികള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ യാതൊരു താത്പര്യവും കാണിക്കാറില്ലെന്നു മാത്രമല്ല, അത്തരം കാര്യങ്ങള്‍ മിക്കപ്പോഴും തള്ളിക്കളയുവാനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്യും. വര്‍ഗവിവേചനം വിവിധ വര്‍ഗക്കാര്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും എതിര്‍പ്പിനും വഴക്കിനും വഴിതെളിക്കാറുണ്ട്. അതുപോലെതന്നെ അഭിജാതന്‍മാര്‍ക്കിടയിലും അന്യോന്യവിരോധത്തിനും കലഹത്തിനും വഴിയുണ്ടാകുകയും ചെയ്യും. ചിലപ്പോള്‍ ഇത്തരം വഴക്കുകളും എതിര്‍പ്പുകളും ആഭ്യന്തരയുദ്ധത്തിനുതന്നെ കളമൊരുക്കാറുണ്ട്.

ഏതാനും ആളുകള്‍മാത്രം ഭരിക്കുവാന്‍ പറ്റിയവരും മറ്റുള്ളവര്‍ ഭരിക്കപ്പെടേണ്ടവരുമാണെന്നുള്ള സിദ്ധാന്തം മാനുഷികമൂല്യങ്ങള്‍ക്കും പ്രജായത്തഭരണ സമ്പ്രദായത്തിനും കടകവിരുദ്ധമാണ്. ജനങ്ങളില്‍ രാഷ്ട്രീയാഭിരുചി വളര്‍ത്തുകയും ഭരണപരിചയം ഉണ്ടാക്കുവാന്‍ വഴിതെളിക്കുകയും ചെയ്യുന്നതിനുപകരം സാമാന്യജനസഞ്ചയത്തെ എന്നെന്നും ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തുകയാണ് അഭിജാതാധിപത്യം ചെയ്യുന്നത്. കുടുംബപാരമ്പര്യംവഴി അധികാരം സ്വായത്തമാക്കിയിട്ടുള്ള എല്ലാവരും ഒരേവിധത്തില്‍ ഭരണപരിശീലനം സിദ്ധിച്ചവരോ ഉത്തമന്‍മാരോ ആയിരിക്കണമെന്നില്ല. ഭരണപാരമ്പര്യമുള്ള കുടുംബങ്ങളിലുള്ള പലരും ഭരണാധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്.

അഭിജാതാധിപത്യത്തിന്റെ മറ്റൊരു ന്യൂനത അയവില്ലാത്ത നയപരിപാടികളാണ്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പല പുരോഗമന നടപടികളും അഭിജാതാധിപത്യത്തിന്റെ പിടിയില്‍ നിര്‍ജീവമായിത്തീരാറുണ്ട്. പുരോഗമനപരമായ മാറ്റങ്ങള്‍ കാംക്ഷിക്കുന്ന ജനതയ്ക്ക് അഭിജാതാധിപത്യം മാര്‍ഗദര്‍ശനം നല്കുമെന്ന് കരുതുവാന്‍ ന്യായമില്ല. നോ: ഗവണ്‍മെന്റുകള്‍

അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും

പ്രവര്‍ത്തിക്കാനുള്ള കഴിവിലും അവകാശത്തിലും അധിഷ്ഠിതമാണ് അധികാരം. സ്വാധീനത, അധികാരിത, പ്രേരകശക്തി, ബലം പ്രയോഗിക്കല്‍, നിയന്ത്രണാധികാരം, ശക്തി, നിര്‍ബന്ധം ചെലുത്തല്‍ ആദിയായവയും അധികാരമെന്ന വാക്കിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. അധികാരം വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമാവാം; പക്ഷേ, അത് സമൂഹത്തില്‍നിന്ന് ലഭിച്ചതായിരിക്കും. അധികാരം പല വിധത്തിലുണ്ടെങ്കിലും രാഷ്ട്രീയാധികാരമാണ് സാധാരണയായി ഈ പദംകൊണ്ടു അര്‍ഥമാക്കുന്നത്.

ഓരോ രാജ്യത്തിലും ആഭ്യന്തരകലഹം, വിദേശീയാക്രമണം മുതലായ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാനോ, തരണം ചെയ്യുവാനോ വേണ്ടി വിശാലവും നിഷ്കൃഷ്ടവുമായ ചില പൊതുധാരണകള്‍ ഉണ്ടാക്കുവാന്‍ അവിടത്തെ ജനങ്ങള്‍ നിര്‍ബദ്ധിതരായിത്തീരുന്നു. അത്തരം അവസ്ഥാവിശേഷത്തില്‍ നിന്നും സംജാതമാവുന്നതാണ് രാഷ്ട്രീയാധികാരം. ഭരണകൂടവും നിയമവ്യവസ്ഥകളും രാഷ്ട്രീയാധികാരത്തിന് ഒരു സ്ഥിരത കല്പിക്കുകയും അതിനെ വേണ്ടത്ര ഫലപ്രദമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. രാഷ്ട്രീയാധികാരത്തിന്റെ കാതലായ ലക്ഷ്യം തന്നെ നിയമനിര്‍മാണവും നിയന്ത്രണവുമാണ്. അധികാരം കൈകാര്യം ചെയ്യുന്നത് കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ ആകാം.

കേന്ദ്രീകരണം. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരം മുഴുവന്‍, കേന്ദ്ര ഗവ.-ന്റെ കൈയിലമരുകയും കീഴ്ഘടകങ്ങള്‍ക്ക് കാര്യമായ പ്രവര്‍ത്തനസ്വാതന്ത്യ്രം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആ രാഷ്ട്രത്തില്‍ അധികാരകേന്ദ്രീകരണം ഉണ്ടാകുന്നു.

അധികാരകേന്ദ്രീകരണം എക്കാലവും (ഫ്യൂഡലിസത്തിന്റെ കാലം ഒഴികെ) നിലവിലിരുന്നു. എന്നാല്‍ വികേന്ദ്രീകൃത സ്വഭാവിയായ ഫ്യൂഡല്‍ വ്യവസ്ഥിതി സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയിലും കുഴപ്പത്തിലും നിന്നുടലെടുത്ത ദേശരാഷ്ട്രങ്ങളുടെ (National States) കൂടപ്പിറവി ആയിട്ടാണ്, അധികാരകേന്ദ്രീകരണം ആധുനികയുഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍പാപ്പാ, ചക്രവര്‍ത്തി, പ്രഭുക്കന്‍മാര്‍ തുടങ്ങിയവരില്‍ വിഭജിക്കപ്പെട്ടു കിടന്നിരുന്ന രാഷ്ട്രീയാധികാരം അതതു രാജ്യങ്ങളില്‍ അവിടത്തെ രാജാവില്‍ ചെന്നുചേരുകയും, തദ്വാരാ ഒരു കേന്ദ്രീകൃത സംവിധാനം ദേശരാഷ്ട്രങ്ങളില്‍ ഉടലെടുക്കുകയും ചെയ്തു. ഇതു പ്രായേണ ഫ്യൂഡലിസത്തിന്റെ തളര്‍ച്ചയ്ക്കും ദേശരാഷ്ട്രങ്ങളുടെയും ഭരണകേന്ദ്രീകരണത്തിന്റെയും വളര്‍ച്ചയ്ക്കും കാരണമായി. എങ്കിലും വ്യാവസായിക വിപ്ളവത്തിനുശേഷമാണ് കേന്ദ്രീകരണം പ്രബലമായത്.

വ്യാവസായിക വിപ്ളവത്തിന്റെ പുരോഗതിയെത്തുടര്‍ന്ന്, ആധുനിക വാര്‍ത്താവിനിമയസൌകര്യങ്ങള്‍ വര്‍ധിച്ചു. തന്മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും പ്രാദേശിക ഘടകങ്ങളുടെമേല്‍ കൂടുതല്‍ നിയന്ത്രണം ചെലുത്തുവാനും കേന്ദ്രഭരണാധികാരികള്‍ക്കു സാധിച്ചു. ഭക്ഷ്യകാര്യങ്ങളിലും മറ്റും പ്രാദേശിക ഗവ.-കള്‍ക്കുണ്ടായിരുന്ന സ്വയംപര്യാപ്തതയ്ക്ക് കോട്ടം തട്ടുകയും പല കീഴ്ഘടകങ്ങളും കേന്ദ്രത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തതാണ് വ്യാവസായിക വിപ്ളവത്തിന്റെ മറ്റൊരു ഫലം. ശാസ്ത്രസാങ്കേതിക വിഷയങ്ങളുടെ പുരോഗതി, കേന്ദ്രീകരണത്തിന് ഗണ്യമായി സഹായിച്ചിട്ടുണ്ട്.

രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ അനുഭവപ്പെട്ട സാമ്പത്തികത്തകര്‍ച്ച, വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധസന്നാഹങ്ങള്‍, ദേശീയ ആസൂത്രണപരിപാടികള്‍, കാര്യനിര്‍വഹണ പ്രശ്നങ്ങളിലെ വളര്‍ന്നുവരുന്ന സങ്കീര്‍ണത ഏകീകൃത കമ്പോളത്തില്‍ അധിഷ്ഠിതമായ ആഗോളവല്‍ക്കരണം മുതലായവ അധികാരകേന്ദ്രീകരണത്തിന് വഴിതെളിച്ചു.

പ്രയോജനങ്ങള്‍. ഫലപ്രദമായ മേല്‍നോട്ടത്തിലൂടെയും നിയന്ത്രണത്തിലൂടെയും കീഴ്ഘടകങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പാഴ്ച്ചെലവുകള്‍ ഒഴിവാക്കുക, നിയമ-കാര്യനിര്‍വഹണ പരിപാടികള്‍ക്ക് ഒരു എകീകൃത സ്വഭാവം കൈവരുത്തുക, അമിതമായ പ്രാദേശികത്വത്തില്‍ നിന്നും ഉളവാകുന്ന കുഴപ്പങ്ങള്‍ ദൂരീകരിക്കുക, ദേശീയമായ ഐക്യവും ദാര്‍ഢ്യവും വളര്‍ത്തുക, പ്രാദേശിക നിയമനങ്ങള്‍, ക്രയവിക്രയം തുടങ്ങിയ കാര്യങ്ങളിലലെ അഴിമതികള്‍ കഴിവതും തുടച്ചു മാറ്റുക, ഭരണനിര്‍വഹണകാര്യത്തില്‍ ചുമതലാബോധം വളര്‍ത്തിയെടുത്ത്, കാര്യക്ഷമതയില്‍ ഉന്നത നിലവാരം പുലര്‍ത്തുക തുടങ്ങി നിരവധി ഗുണങ്ങള്‍ കേന്ദ്രീകരണ സംവിധാനത്തില്‍ തെളിഞ്ഞു കാണാം.

ന്യൂനതകള്‍. അമിതമായ അധികാര കേന്ദ്രീകരണം വ്യക്തിസ്വാതന്ത്യ്രത്തിനും ജനാധിപത്യതത്ത്വത്തിനും വിരുദ്ധമാണ്. പ്രാദേശികമായ ഉണര്‍വിനേയും രചനാത്മക ശക്തിയേയും നിരുത്സാഹപ്പെടുത്തുക, തീരുമാനങ്ങള്‍ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും കാലവിളംബം വരുത്തുക, പ്രാദേശിക വൈവിധ്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെ അമിതമായ ഏകീകരണ നടപടികള്‍ സ്വീകരിക്കുക, പ്രാദേശിക താത്പര്യങ്ങള്‍ പലതും നിറവേറ്റാതെപോവുക, പൌരബോധം വളര്‍ത്തിയെടുക്കുവാനോ പൌരധര്‍മം ഫലപ്രദമാക്കുവാനോ സൌകര്യമില്ലാതാക്കുക, പ്രാദേശികഘടകങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തില്‍ ഒരുതരം അപകര്‍ഷതാബോധം - അവരുടെ നില കേന്ദ്രഭരണോദ്യോഗസ്ഥന്മാരുടേതായി തുലനം ചെയ്യുമ്പോള്‍ - സൃഷ്ടിക്കുക, ആവശ്യത്തിലേറെ പരിശോധനയും നിയന്ത്രണവും നടപ്പാക്കുക എന്നിവയാണ് കേന്ദ്രീകൃതസമ്പ്രദായത്തിലെ പ്രധാന ന്യൂനതകള്‍.

വികേന്ദ്രീകരണം. മുകള്‍ത്തട്ടിലുള്ള ഭരണഘടകങ്ങളില്‍ നിന്നും കീഴ്ത്തട്ടുകളിലേക്ക് അധികാരം കൂടുതലായി പകര്‍ന്നുകൊടുക്കുന്ന വ്യവസ്ഥിതിയാണ് വികേന്ദ്രീകരണം. മധ്യകാലഘട്ടങ്ങളില്‍, വാര്‍ത്താവിനിമയ രംഗത്തുള്ള വൈഷമ്യങ്ങളും ഭരണനിര്‍വഹണത്തിന്റെ ലാളിത്യവും മറ്റും കേന്ദ്രീകരണത്തെക്കാള്‍ വികേന്ദ്രീകരണത്തിനാണ് വഴി തെളിച്ചത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും, അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള പ്രവണത അന്നു ദൃശ്യമായിരുന്നു. വ്യാവസായിക വിപ്ളവത്തിനുശേഷം കേന്ദ്രീകരണ പ്രവണത ശക്തിപ്പെട്ടുവന്നുവെങ്കിലും ഏറെത്താമസിയാതെതന്നെ ജനപ്പെരുപ്പം, രാജ്യാതിര്‍ത്തിവിപുലീകരണം, ഭരണച്ചുമതലാവികസനം, ജനാധിപത്യതത്ത്വത്തിലുള്ള വിശ്വാസം മുതലായവ കൊണ്ട് അധികാരം വികേന്ദ്രീകരിക്കേണ്ടതായി വന്നു. ഇന്ന് കേന്ദ്രീകരണ പ്രവണതയോടൊപ്പംതന്നെ വികേന്ദ്രീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. സ്വിറ്റ്സര്‍ലണ്ട്, ഇംഗ്ളണ്ട് ആദിയായ രാഷ്ട്രങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമാണുള്ളത്.

ഇന്ത്യയില്‍. ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങളില്‍ 'പഞ്ചായത്തു'കള്‍ എന്ന ഭരണഘടകങ്ങള്‍ പുരാതനകാലം മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി 1957 ജനു.-യില്‍ ബല്‍വന്ത്റായ്മേത്ത കമ്മിറ്റി നിയമിതമായി. അധികാരം വികേന്ദ്രീകരിച്ച് ജനപ്രതിനിധികളെ ഏല്‍പ്പിച്ചെങ്കില്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാനാവു എന്ന നിഗമനത്തിലാണ് മേത്താ കമ്മിറ്റി എത്തിച്ചേര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന ഗവണ്‍മെന്റിനു താഴെ, ആസൂത്രണവും വികസനവും ഉള്‍പ്പടെ, വ്യാപകമായ അധികാരങ്ങളുള്ള ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കണമെന്ന് ശിപാര്‍ശയും ചെയ്തു. താഴെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തും അതിനുമുകളില്‍ (ബ്ളോക്ക് തലത്തില്‍) പഞ്ചായത്ത് സമിതിയും ഏറ്റവും മുകളില്‍ ജില്ലാപരിഷത്തുമാണ് കമ്മിറ്റി വിഭാവന ചെയ്തത്.

ഇതനുസരിച്ച്, 1957-ല്‍ മദ്രാസ് ഗവണ്‍മെന്റ് സംസ്ഥാനത്തെ ഒരു ബ്ളോക്കിലും, തുടര്‍ന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇരുപത് ബ്ളോക്കിലും പരീക്ഷണാര്‍ഥം ഇത് നടപ്പിലാക്കി. എന്നാല്‍ സംസ്ഥാനത്തുടനീളം ആദ്യമായി വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കിയത് രാജസ്ഥാനിലാണ് - 1959, ഒ. 2-ന്. ഇതിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കിയെങ്കിലും അറുപതുകളുടെ അന്ത്യത്തോടെ പഞ്ചായത്ത് സംവിധാനം തകര്‍ന്നടിഞ്ഞു.

എഴുപതുകളുടെ അന്ത്യത്തിലും എണ്‍പതുകളിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ നാശത്തില്‍നിന്ന് കരകയറ്റാന്‍ ഗൌരവമായ പല നീക്കങ്ങളും ദേശീയ-സംസ്ഥാന തലങ്ങളില്‍ അരങ്ങേറുകയുണ്ടായി. ഈ കാലയളവില്‍ അനേകം പഠന സംഘങ്ങളെ നിയമിക്കുകയും, പ്രധാനപ്പെട്ട ചില നിയമ നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തു. അശോക് മേത്താ കമ്മിറ്റി (1977), ജി.വി.കെ. റാവു കമ്മിറ്റി (1985), എന്‍.എം. സിങ്ക്വി കമ്മിറ്റി (1986) തുടങ്ങിയ പഠന സംഘങ്ങളുടെ ശിപാര്‍ശകളും, കര്‍ണാടകം, ആന്ധ്രാ, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ പാസ്സാക്കിയ വികേന്ദ്രീകരണ നിയമങ്ങളും ഇതിലെ ശ്രദ്ധേയമായ ചുവടുവയ്പുകളാണ്. എന്നാല്‍ അധികാര വികേന്ദ്രീകരണം സാര്‍ഥകമാക്കാന്‍ ഏറെ സഹായിച്ച രണ്ട് സുപ്രധാന നിയമനിര്‍മാണങ്ങളാണ് 1992-ല്‍ പാസ്സാക്കിയ 73-74 ഭരണഘടനാ ഭേദഗതികള്‍. ഇവ യഥാക്രമം ഗ്രാമപഞ്ചായത്ത് നഗരപാലികാ സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. കൃത്യമായ തിരഞ്ഞെടുപ്പ്, പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംവരണം, പ്രാദേശിക ഭരണത്തെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടി ഗ്രാമസഭാ/ വാര്‍ഡ്സഭാ സംവിധാനങ്ങള്‍, ഗ്രാമീണ മേഖലയില്‍ ത്രിതല (ഗ്രാമം, ബ്ളോക്ക്, ജില്ല) ഭരണ സംവിധാനം, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനുവേണ്ടി സംസ്ഥാനതല ധനകാര്യകമ്മീഷന്‍ - ഇവയാണ് 73, 74 ഭരണഘടനാ ഭേദഗതികളുടെ സവിശേഷതകള്‍.

കേരളത്തില്‍. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും ചില പഴമകളൊക്കെ അവകാശപ്പെടാനുണ്ട്. വളരെ മുന്‍പ് തന്നെ, ഭരണ സൌകര്യത്തിനായി, രാജ്യത്തെ തറ, കഴകം, ഗ്രാമം, ദേശം, നാട് തുടങ്ങിയ ഘടകങ്ങളായി വേര്‍തിരിച്ച് അവയുടെ ഭരണം പ്രാദേശിക ശക്തികളെ ഏല്‍പ്പിക്കുന്ന സമ്പ്രദായം ഇവിടെ പ്രചരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമേ സൈനികാവശ്യങ്ങള്‍ക്കായും ചില പ്രാദേശിക ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറ്റുവര്‍, അഞ്ഞൂറ്റുവര്‍, അറുനൂറ്റുവര്‍ തുടങ്ങിയവയെ ഈ ഗണത്തില്‍പ്പെടുത്താം. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ മറ്റു ചില നീക്കങ്ങളും ഈ ദിശയില്‍ നടക്കുകയുണ്ടായി. 1914-ല്‍ കൊച്ചിയില്‍ നിലവില്‍ വന്ന കൊച്ചി പഞ്ചായത്ത് ആക്ട്, 1925-ലെ തിരുവിതാംകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്ട്, 1884-ലെ മദ്രാസ് ലോക്കല്‍ ബോഡീസ് ആക്ട് പ്രകാരം മലബാറില്‍ നിലവില്‍വന്ന പഞ്ചായത്ത് യൂണിയനുകള്‍, 1920-ലെ മദ്രാസ് വില്ലേജ് ആക്ട് പ്രകാരം നിലവില്‍ വന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡുകള്‍, 1950-ലെ തിരു-കൊച്ചി പഞ്ചായത്ത് ആക്ട് തുടങ്ങിയവ ഇത്തരുണത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു.


കേരളപിറവിക്കുശേഷം അധികാരം വികേന്ദ്രീകരിച്ച് ജില്ലാതലത്തിലും അതിനു താഴെയുള്ള ജനായത്ത ഘടകങ്ങള്‍ക്കും നല്‍കാന്‍ പലവുരു ശ്രമിക്കുകയുണ്ടായി. 1957 ആഗ. 15-ന് നിയമിക്കപ്പെട്ട ഭരണപരിഷ്കാരകമ്മിറ്റിയും അതിന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കേരളാ പഞ്ചായത്ത് ബില്ലും (1958, ഡി. 9) കേരള ജില്ലാ സമിതിബില്ലും (1959 ഏ. 16); 1960-ലെ കേരള പഞ്ചായത്ത് ആക്ടും, കേരളാ മുനിസിപ്പാലിറ്റീസ് ആക്ടും, 1961-ലെ കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍സ് ആക്ടും, 1964-ലെ കേരള പഞ്ചായത്ത് യൂണിയന്‍ കൌണ്‍സില്‍ ജില്ലാ പരിഷത്ത് ബില്ലും; 1967-ലെ കേരള പഞ്ചായത്ത് രാജ് ബില്ലും; 1980-ലെ ജില്ലാഭരണ നിയമവും 1988-ലെ വി. രാമചന്ദ്രന്‍ കമ്മിറ്റിയും 1990-ല്‍ നിലവില്‍വന്ന ജില്ലാ കൌണ്‍സിലുകളും ഈ ദിശയിലെ സുപ്രധാന നീക്കങ്ങളാണ്. പക്ഷേ, ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 73-74 ഭരണഘടനാ ഭേദഗതികളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 1994-ല്‍ കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുനിസിപ്പാലിറ്റീസ് ആക്ടും പാസ്സാക്കുകയും ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുകയും ചെയ്തു. നഗരപ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സജീവമായി.

എന്നാല്‍ അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കേരളം നല്‍കിയ ഏറ്റവും വലിയ സംഭാവന വികേന്ദ്രീകൃതാസൂത്രണം അഥവാ ജനകീയാസൂത്രണമായിരുന്നു (1999). ഒരു പക്ഷേ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗണനീയമായൊരു ജനാധിപത്യവികസന പരീക്ഷണമായിരുന്നു ഇതിലൂടെ ഉരുത്തിരിഞ്ഞുവന്നത്. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി തുകയുടെ 30-40 ശ.മാ. പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും അത് വിനിയോഗിക്കുന്നതിന് വിശദമായ മാര്‍ഗരേഖകള്‍ തയ്യാറാക്കുകയും ജനങ്ങളെ പ്രാദേശിക ഭരണത്തിലെന്നതുപോലെ നാടിന്റെ വികസനത്തിലും പങ്കാളികളാക്കുകയും ചെയ്ത ഒന്നായിരുന്നു ജനകീയാസൂത്രണം. സ്വാഭാവികമായും അതിന് പല പോരായ്മകളുടെയും നടുവിലും സംസ്ഥാനത്തിന്റെ വികസനത്തിലും വികേന്ദ്രീകരണത്തിലും അര്‍ഥവത്തായ സംഭാവനകള്‍ നല്‍കാനായി.

പ്രയോജനങ്ങള്‍. കേന്ദ്രഭരണത്തിന്റെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വഭാരം കുറയ്ക്കുവാന്‍ വികേന്ദ്രീകരണം സഹായകമാണ്. കേന്ദ്രതലത്തില്‍ കെട്ടിക്കിടക്കേണ്ടിവരുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും വികേന്ദ്രീകരണത്തിലൂടെ സാധിക്കുന്നു. ജനങ്ങളെ ഭരണകാര്യങ്ങളില്‍ സഹകരിപ്പിക്കുകയും അവര്‍ക്ക് പങ്കാളിത്തം നല്കുകയും ചെയ്യുന്നതിലൂടെ ജനതാത്പര്യം മുന്‍നിര്‍ത്തി പല നല്ല കാര്യങ്ങളും നടപ്പിലാക്കുന്നതിന് കഴിയുന്നു. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനഹിതാനുസരണം ഭരണം നടത്തുവാനും വികേന്ദ്രീകരണം ആവശ്യമാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ കാര്യങ്ങളില്‍ പരിശീലനം നേടുവാനും പങ്കെടുക്കുവാനും വികേന്ദ്രീകരണം മൂലം അവസരം ലഭിക്കുന്നു. സാങ്കേതികവും ശാസ്ത്രീയവുമായ അറിവ് പ്രത്യേകിച്ച് ഭരണനിര്‍വഹണപരമായ വിവിധ തുറകളിലേക്കു വ്യാപിപ്പിക്കുവാനും വികേന്ദ്രീകരണം സഹായിക്കുന്നുണ്ട്. ഭരണത്തില്‍ വേണ്ടത്ര അയവു (Flexibility) വരുത്തുവാനും ഇതുപകരിക്കുന്നു.

ന്യൂനതകള്‍. അമിതമായ വികേന്ദ്രീകരണം ദേശീയൈക്യത്തെയും ഭദ്രതയെയും തുരങ്കം വയ്ക്കുകയും പ്രാദേശിക വൈരുധ്യങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വഴി തെളിയിക്കുകയും ചെയ്യുന്നു. ഭരണനിര്‍വഹണത്തിലുള്ള കാര്യക്ഷമതയ്ക്കും അധികാരവികേന്ദ്രീകരണംകൊണ്ട് ചിലപ്പോള്‍ കോട്ടംവരാറുണ്ട്. പൊതുവേ പറഞ്ഞാല്‍ കേന്ദ്രീകരണത്തിന്റെ മേന്മകള്‍ എല്ലാംതന്നെ വികേന്ദ്രീകരണത്തിന്റെ വൈകല്യങ്ങളാകാം. ലോകത്തില്‍ ഒരൊറ്റ ഭരണസംവിധാനത്തിലെങ്കിലും പരിപൂര്‍ണമായ കേന്ദ്രീകരണമോ വികേന്ദ്രീകരണമോ കാണുക സാധ്യമല്ല. ചില രാജ്യങ്ങളില്‍ കേന്ദ്രീകരണ പ്രവണത കൂടുതലായി അനുഭവപ്പെടുമ്പോള്‍ മറ്റു പല രാജ്യങ്ങളിലും സ്ഥിതി നേരെ മറിച്ചാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ഒരു രാജ്യത്ത് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും മറ്റൊരിടത്ത് അത് വികേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേരുന്നത്

അധികാര വിഭജനം

Distribution of powers

ഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങള്‍ തമ്മില്‍ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞ. ഇത് ഏറ്റവും പ്രകടമായി കാണാനാവുന്നത് ഫെഡറല്‍ രാഷ്ട്രങ്ങളിലാണ്. ഫെഡറല്‍ ഗവണ്‍മെന്റ് രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍പെട്ടതാണ്, കേന്ദ്രഗവണ്‍മെന്റും സ്റ്റേറ്റ്ഗവണ്‍മെന്റുകളും തമ്മിലുള്ള അധികാര വിഭജനം. 'രാഷ്ട്രം ഒന്ന്, ഗവണ്‍മെന്റുകള്‍ ധാരാളം' എന്ന ആശയത്തില്‍ അധിഷ്ഠിതമാണ് 'ഫെഡറലിസം'.

അധികാര വിഭജനത്തിന്റെ രീതി. ഫെഡറല്‍ ഭരണ സമ്പ്രദായം രൂപീകരിക്കുന്നതിലെ രീതി വ്യത്യാസമനുസരിച്ച് അധികാരവിഭജനത്തിന്റെ രീതിയും മാറുന്നു. നിലവിലുള്ള പരമാധികാര രാജ്യങ്ങള്‍ ഐക്യപ്പെട്ട് ഒരു ഫെഡറല്‍ രാഷ്ട്രമായിമാറുമ്പോള്‍ (ഉദാ. അമേരിക്ക) അധികാരം പ്രാദേശിക ഭരണകൂടങ്ങളില്‍നിന്ന് കേന്ദ്രത്തിനും; നിലവിലുള്ളൊരു രാജ്യത്തെ ഭരണസൌകര്യാര്‍ഥം ചെറുതുണ്ടുകളായി മുറിച്ച് ഒരു ഫെഡറല്‍ രാഷ്ട്രമാക്കി മാറ്റുന്ന സാഹചര്യത്തില്‍ (ഉദാ. ഇന്ത്യ) അധികാരം കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രാദേശിക സര്‍ക്കാരുകളിലേയ്ക്കും വിന്യസിക്കപ്പെടുന്നു. പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങള്‍ - ആഭ്യന്തരം, വനം, ഗ്രാമവികസനം, റവന്യു തുടങ്ങിയവ - സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ പ്രാധാന്യമുള്ളവ - രാജ്യരക്ഷ, വിദേശകാര്യം, വാര്‍ത്താവിനിമയം തുടങ്ങിയവ - കേന്ദ്രസര്‍ക്കാരിനും നല്‍കുകയെന്നതാണ് അധികാര വിഭജനത്തിന്റെ കാര്യത്തില്‍ പിന്തുടരുന്ന പൊതുവായ തത്ത്വം.

വിഭജനത്തിന്റെ വിശദാംശങ്ങളിലേക്കു വരുമ്പോഴും ശ്രദ്ധേയമായ പല വ്യത്യാസങ്ങളും കാണാം. ചില രാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങള്‍ നിര്‍വചിക്കുകയും ബാക്കിയുള്ളവ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുകയും, മറ്റുചില രാജ്യങ്ങളില്‍ നേരേ മറിച്ചും ചെയ്യാറുണ്ട്. ഇനിയും ചില രാജ്യങ്ങളില്‍ കേന്ദ്ര-സ്റ്റേറ്റ് ഗവണ്‍മെന്റുകളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളെ പ്രത്യേകം പ്രത്യേകം നിര്‍വചിക്കുന്ന രീതിയും നിലവിലുണ്ട്. ഭരണഘടനയില്‍ പ്രത്യേകമായി പരാമര്‍ശിക്കാത്ത വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമനിര്‍മാണ പ്രശ്നങ്ങളോ, ചില പ്രത്യേകവിഷയങ്ങളെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട സന്ദര്‍ഭങ്ങളോ ഉണ്ടാകുമ്പോള്‍ അവയില്‍ അവസാന നിര്‍ണയം ചെയ്യേണ്ടത്, കേന്ദ്രഗവണ്‍മെന്റോ സ്റ്റേറ്റ് ഗവണ്‍മെന്റോ എന്ന് വ്യക്തമായി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യാറുണ്ട്. അതനുസരിച്ച് തീരുമാനങ്ങള്‍ കേന്ദ്രഗവണ്‍മെന്റോ, സ്റ്റേറ്റുഗവണ്‍മെന്റുകളോ എടുക്കുന്നു. ചില ഭരണഘടനകള്‍ ഇമ്മാതിരിയുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിന് കേന്ദ്ര-സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്ക് തുല്യാധികാരങ്ങള്‍ നല്കുന്നുണ്ട്. യു.എസ്സില്‍ ഫെഡറല്‍ ഗവണ്‍മെന്റിനു നല്കിയിട്ടില്ലാത്തതും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്ക് നിഷേധിച്ചിട്ടില്ലാത്തതുമായ എല്ലാ അധികാരങ്ങളും (Resi-duary powers) ഭരണഘടന സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കു നല്കിയിരിക്കുന്നു. ചില അധികാരങ്ങള്‍ ഫെഡറല്‍ ഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കും കൂട്ടായി അനുഭവിക്കാവുന്നതാണ്. ഇവയെ സമവര്‍ത്തി (Concurrent) അധികാരങ്ങള്‍ എന്നു പറയും. ആസ്റ്റ്രേലിയന്‍ ഭരണഘടനയുടെ 51-ാം വകുപ്പില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അവശിഷ്ടാധികാരം അവിടെ സ്റ്റേറ്റു ഗവണ്‍മെന്റുകളില്‍ നിക്ഷിപ്തമാണ്. രണ്ടു ഗവണ്‍മെന്റുകള്‍ക്കും നിയമനിര്‍മാണം നടത്താവുന്ന ചില പൊതുവിഷയങ്ങളുണ്ട്. ഈ വിഷയങ്ങളില്‍ സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ നിര്‍മിക്കുന്ന നിയമം കേന്ദ്ര ഗവണ്‍മെന്റിന്റേതിന് വിരുദ്ധമാണെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിയമമായിരിക്കും പ്രാബല്യത്തില്‍ വരുക. അതേസമയം, ഭരണഘടന ചില വിലക്കുകള്‍ സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കും കേന്ദ്രഗവണ്‍മെന്റിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. (ഉദാ. നാണയം ഉണ്ടാക്കുന്നതിന് സ്റ്റേറ്റു ഗവണ്‍മെന്റിന് അധികാരമില്ല. അതുപോലെ കേന്ദ്രഗവണ്‍മെന്റിന് ഒരു സ്റ്റേറ്റിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കിക്കൊണ്ടു വിവേചനാപരമായി നിയമനിര്‍മാണം നടത്താനും അധികാരമില്ല.)

യൂണിറ്ററി ഫെഡറല്‍ സംവിധാനങ്ങളിലെ വ്യത്യാസം. ചില യൂണിറ്ററി ഗവണ്‍മെന്റുകളിലും ഏതാണ്ട് ഈ രീതിയിലുള്ള അധികാര വിഭജനം കാണാം. ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള ചില അധികാരങ്ങള്‍, പ്രാദേശിക ഗവണ്‍മെന്റുകളും മുനിസിപ്പാലിറ്റികളുമടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കുന്ന പതിവിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഫെഡറല്‍ ഭരണ സംവിധാനത്തില്‍ കേന്ദ്രഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കുമായി അധികാര വിഭജനം നടത്തുന്നതില്‍ നിന്ന് വ്യത്യസ്തമാണ്, യൂണിറ്ററി ഗവണ്‍മെന്റുകളിലെ ഈ അധികാരവിഭജനം.

ഫെഡറല്‍ ഭരണസംവിധാനത്തില്‍ കേന്ദ്രഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കും അധികാരം ലഭിക്കുന്നത് ജനങ്ങളില്‍നിന്നാണ്. അതുകൊണ്ട് കേന്ദ്രഗണ്‍മെന്റിന് മറ്റൊരു സ്റ്റേറ്റു ഗവണ്‍മെന്റിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ അവകാശമില്ല. ഇരുഗവണ്‍മെന്റുകളും അവരവരുടെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ പരമാധികാരമുള്ളവയാണ്; നേരേ മറിച്ച് യൂണിറ്ററി ഗവണ്‍മെന്റിലാണെങ്കില്‍, ചില അധികാരങ്ങള്‍ ഭരണസൌകര്യാര്‍ഥം ദേശീയ സര്‍ക്കാര്‍ സ്വമേധയാ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നുവെന്നേയുള്ളു; പരമാധികാരം എപ്പോഴും കേന്ദ്ര ഗവണ്‍മെന്റിനുതന്നെ ആയിരിക്കും. എന്നാല്‍ ഒരു ഫെഡറേഷനിലെ സ്റ്റേറ്റുഗവണ്‍മെന്റിന് ഭരണഘടനാനുസൃതമായി ലഭിച്ചിട്ടുള്ള വിഷയങ്ങളിലെ നിയമനിര്‍മാണത്തിന് പരമാധികാരമുള്ളതിനാല്‍, അതു നടപ്പിലാക്കുന്ന നിയമങ്ങള്‍ക്ക്, മറ്റൊരു ഗവണ്‍മെന്റിനും നിഷേധിക്കാനാവാത്ത നിയമസാധുത ഉണ്ട്. യൂണിറ്ററി രാഷ്ട്രത്തിലെ സ്വയംഭരണ സ്ഥാപനങ്ങളെ നിയമാനുസൃതം നിലവില്‍ വരുത്താനും നിലനിര്‍ത്താനും ഇല്ലാതാക്കാനും ഉള്ള അധികാരങ്ങള്‍ അവിടത്തെ കേന്ദ്രഗവണ്‍മെന്റിന് ഉണ്ടായിരിക്കും. ഉദാ. ഇംഗ്ളണ്ടിലെ ഒരു കൌണ്ടി(County)യെയോ മുനിസിപ്പാലിറ്റിയെയോ ഭരണഘടനാതത്ത്വങ്ങള്‍ക്കു വിരുദ്ധമാകാതെ തന്നെ, വേണമെങ്കില്‍, ഇംഗ്ളണ്ടിലെ പാര്‍ലമെന്റിനു ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍, ആസ്റ്റ്രേലിയയിലെ ഒരു സ്റ്റേറ്റു ഗവണ്‍മെന്റിന്റെ അധികാരങ്ങളെ മറികടക്കാനോ ചോദ്യം ചെയ്യാനോ ഇല്ലാതാക്കാനോ കേന്ദ്ര ഗവണ്‍മെന്റിനു നിയമാനുസൃതം അസാധ്യമാണ്.

ഇതുവരെ പറഞ്ഞതില്‍നിന്നും ഒരുകാര്യം വ്യക്തമാണ്: ഓരോ രാഷ്ട്രവും അതിന്റേതായ പ്രത്യേക പരിതഃസ്ഥിതികളെ കണക്കിലെടുത്തുകൊണ്ടാണ് അധികാരവിഭജനം നടത്തുന്നത്. ഇങ്ങനെയുള്ള അധികാര വിഭജനത്തില്‍ ഒരു സാമാന്യവത്കരണം സാധ്യവുമല്ല. ഓരോ രാഷ്ട്രത്തിന്റെയും ചരിത്രവും മറ്റു ഭൌതികപരിതഃസ്ഥിതികളും വ്യത്യസ്തമായിരിക്കുന്നതുപോലെതന്നെ, അവയുടെ അധികാര വിഭജനത്തിലും വിവിധ മാനദണ്ഡങ്ങളാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. യു.എസ്., സ്വിറ്റ്സര്‍ലണ്ട്, കാനഡ, ആസ്റ്റ്രേലിയ, ഇന്ത്യ എന്നീ ഫെഡറല്‍ ഗവണ്‍മെന്റുകളിലെല്ലാം, കേന്ദ്രഗവണ്‍മെന്റിനും സ്റ്റേറ്റു ഗവണ്‍മെന്റുകള്‍ക്കുമായി അധികാരവിഭജനം നടത്തിയിട്ടുള്ളതില്‍ ഐകരൂപ്യം കാണുകയില്ല. അതിനാല്‍ ആ ഫെഡറേഷന്‍ രാഷ്ട്രങ്ങളിലെ കേന്ദ്രഭരണകൂടവും സ്റ്റേറ്റു ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാഷ്ട്രങ്ങളില്‍ ഭരണഘടനയില്‍ പ്രത്യേകം പരാമര്‍ശിക്കാത്ത വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടാധികാരങ്ങള്‍ കേന്ദ്രഗവണ്‍മെന്റിനും മറ്റു ചില രാഷ്ട്രങ്ങളില്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്കുമാണ്.

അധികാര വിഭജനം-ഇന്ത്യന്‍ ഭരണഘടനയില്‍. അധികാരവിഭജനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണഘടന, 1935-ലെ ഇന്ത്യാഗവണ്‍മെന്റ് നിയമത്തിലെ വ്യവസ്ഥകളെയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയില്‍ അധികാര കേന്ദ്രീകരണപ്രവണത കൂടുതലായി കാണാം. പ്രവിശ്യകള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്കുന്നതിനുള്ള വൈമനസ്യം 1935-ലെ നിയമത്തിന് രൂപംനല്കിയ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാം പട്ടികയില്‍ ഫെഡറല്‍ ലെജിസ്ളേറ്റീവ് ലിസ്റ്റില്‍ കേന്ദ്രഗവണ്‍മെന്റിന് നിയമനിര്‍മാണാവകാശമുള്ള വിഷയങ്ങള്‍, സ്റ്റേറ്റിനു നിയമനിര്‍മാണാവകാശമുള്ള വിഷയങ്ങള്‍, കേന്ദ്രത്തിനും സ്റ്റേറ്റിനും നിയമനിര്‍മാണാവകാശമുള്ള വിഷയങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ കാണാം. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ 254-ാം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം. 248-ാം വകുപ്പ്, അവശിഷ്ടാധികാരങ്ങള്‍ കേന്ദ്രത്തിനു നല്കിയിരിക്കുന്നു. ദേശീയതാത്പര്യത്തെ ലാക്കാക്കി കേന്ദ്ര ഗവണ്‍മെന്റിന്, സ്റ്റേറ്റ് ലിസ്റ്റില്‍പ്പെട്ട സംഗതികളിലും നിയമനിര്‍മാണം നടത്താന്‍ അധികാരം നല്കുന്ന വകുപ്പുകളാണ് 249-ഉം 250-ഉം.

കേന്ദ്രഗവണ്‍മെന്റിന് നിയമനിര്‍മാണാധികാരം നല്കുന്ന കേന്ദ്രലിസ്റ്റില്‍ 97 വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പൊതുവേ താത്പര്യമുള്ളവയും നിയമങ്ങള്‍ക്ക് ഐകരൂപ്യം ആവശ്യമുള്ളവയുമായ വിഷയങ്ങളാണ് കേന്ദ്രലിസ്റ്റില്‍ ഉള്ളത്. രാജ്യരക്ഷ, വിദേശകാര്യം, യുദ്ധസമാധാനങ്ങള്‍, റെയില്‍വെ, അന്താരാഷ്ട്രവ്യാപാരം, വാണിജ്യം, ബാങ്കിങ്, നാണയം, തെരഞ്ഞെടുപ്പുകള്‍, ആദായനികുതി, വര്‍ത്തമാനപത്രങ്ങള്‍ ആദിയായവ കേന്ദ്രലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാന ലിസ്റ്റില്‍ 66 വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിയമനിര്‍മാണം നടത്തുന്നത് സഹായകമായ രീതിയിലാണ് ഈ വിഷയങ്ങള്‍ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമസമാധാനം, പൊലീസ്, നീതിന്യായം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം ആദിയായ വിഷയങ്ങള്‍ സ്റ്റേറ്റുലിസ്റ്റിലാണ്. ഒരു സംസ്ഥാനത്തില്‍ രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടനാ വ്യവസ്ഥയനുസരിച്ച് കേന്ദ്രഗവണ്‍മെന്റിനു ലഭിക്കുന്നു.

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണാധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ 47 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ നിയമം, കരുതല്‍ തടങ്കല്‍ നിയമം, വസ്തു കൈമാറ്റം, കരാറുകള്‍, ഭക്ഷ്യങ്ങളില്‍ മായം ചേര്‍ക്കല്‍, ട്രേഡ് യൂണിയന്‍, വ്യവസായ തൊഴില്‍ത്തര്‍ക്കങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, പാപ്പരത്വ-നിര്‍ധനത്വനിയമങ്ങള്‍ ആദിയായവ ഇതില്‍പ്പെടുന്നു. കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മില്‍ യോജിപ്പില്ലാതെ വന്നാല്‍ കേന്ദ്രനിയമത്തിനാണ് പ്രാബല്യം. ഒരു സംസ്ഥാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ആ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആ നിയമത്തിനു പ്രാബല്യമുണ്ടെങ്കിലും, അത് അസാധുവാക്കാനും രാഷ്ട്രപതിക്ക് കഴിയും. സംസ്ഥാനങ്ങള്‍ക്കു ലഭിച്ചിട്ടുള്ള നിയമനിര്‍മാണാധികാരം തന്മൂലം ശാശ്വതമല്ല. നോ: അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും, അവശിഷ്ടാധികാരങ്ങള്‍

അധികാരപത്രം


ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷന്‍ (അംബാസിഡര്‍) മറ്റൊരു രാഷ്ട്രത്തില്‍, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ നിയുക്തനാകുമ്പോള്‍ തന്റെ രാഷ്ട്രത്തലവനില്‍നിന്നും ഹാജരാക്കുന്ന പ്രമാണപത്രം. സാധാരണ കത്തിന്റെ രൂപത്തിലുള്ള ഈ അധികാരപത്രം നിയുക്ത രാജ്യത്തിലെ രാഷ്ട്രത്തലവന് സമര്‍പ്പിക്കുന്നു. നിയുക്ത പ്രതിപുരുഷന്‍ രാഷ്ട്രത്തലവനെ ഔദ്യോഗികമായി സന്ദര്‍ശിച്ച് തനിക്ക് തന്റെ രാഷ്ട്രത്തലവനില്‍ നിന്നു ഒപ്പോടുകൂടി ലഭിച്ചിട്ടുള്ള ഈ അധികാരപത്രം സമര്‍പ്പിക്കുന്നു. ഉദാഹരണമായി യു.എസില്‍ നിന്നു ഇന്ത്യയിലേക്ക് നിയുക്തനായ അംബാസിഡര്‍ ന്യൂഡല്‍ഹിയില്‍, രാഷ്ട്രപതിഭവനില്‍ ഹാജരായി, തന്റെ അധികാരപത്രം ഇന്ത്യന്‍ പ്രസിഡന്റിനു നല്കുന്നു. അതുപോലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇംഗ്ളണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി, രാജ്ഞിക്ക് (രാജാവിന്) അധികാരപത്രം സമര്‍പ്പിക്കുന്നു.

അധികാരപത്രം സമര്‍പ്പിച്ച് പ്രതിപുരുഷപദവി ഏറ്റെടുത്തു കഴിയുന്നവര്‍ക്ക് പല ആനുകൂല്യങ്ങളും നിയുക്തരാഷ്ട്രത്തില്‍ ലഭിക്കും. പ്രതിപുരുഷന്മാര്‍ തങ്ങളുടെ രാഷ്ട്രവുമായി നടത്തുന്ന കത്തിടപാടുകളും മറ്റു രഹസ്യസന്ദേശങ്ങളും 'നയതന്ത്രസഞ്ചി' (Diplomatic bag) മുഖേനയാണ് അയയ്ക്കുന്നത്. അന്താരാഷ്ട്രനിയമമനുസരിച്ച് ഈ 'ഡിപ്ളോമാറ്റിക് ബാഗുകള്‍' കസ്റ്റംസ് അധികാരികളോ അതിര്‍ത്തികളിലുള്ള മറ്റ് അധികൃതരോ തുറക്കാറില്ല. പ്രതിപുരുഷന് നയതന്ത്ര പാസ്പോര്‍ട്ട് (Diplomatic passport) ആണ് നല്കാറുള്ളത്. അധികാരപത്രം സമര്‍പ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥനായിത്തീരുന്ന വ്യക്തിയുടെ ആഫീസും (Embassy) വാസസ്ഥലവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നതുകൊണ്ട് അവിടെ പൊലീസിനു പ്രവേശനാധികാരമില്ല. നോ: അംബാസിഡര്‍, ഹൈക്കമ്മീഷണര്‍

അധികാരപൃഥക്കരണം

Separation of powers

ഭരണകൂടത്തിന്റെ അധികാരങ്ങളെ നിയമനിര്‍മാണപരം (Legislative), ഭരണനിര്‍വഹണപരം (Executive), നീതിന്യായപരം (Judicial) എന്നിങ്ങനെ മൂന്നായി വിഭജിക്കുകയും ഓരോന്നും ഓരോരോ സ്വതന്ത്രഘടകത്തിന്റെ ചുമതലയില്‍ ഏല്പിക്കുകയും ചെയ്യുന്ന രീതി. ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യ പ്രവണതകളെ നിയന്ത്രിക്കുവാന്‍ ഇത് സഹായകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഏത് ആധുനിക ഭരണകൂടത്തിനും മൂന്നു ഘടകങ്ങളുണ്ട് -- നിയമനിര്‍മാണസമിതി, ഭരണനിര്‍വഹണസമിതി, നീതിന്യായ ഭരണസമിതി. ആദ്യഘടകം നിയമം നിര്‍മിക്കുന്നു; രണ്ടാമത്തേത് നടപ്പിലാക്കുന്നു; മൂന്നാമത്തേതാകട്ടെ നിയമനിര്‍വഹണത്തില്‍ നിന്നുദ്ഭവിക്കുന്ന തര്‍ക്കങ്ങളില്‍ നിയമം വ്യാഖ്യാനിച്ച് തീര്‍പ്പു കല്പിക്കുന്നു. വ്യത്യസ്ത ധര്‍മങ്ങളോടുകൂടിയ ഈ ഘടകങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുക എന്നതാണ്, അധികാരപൃഥക്കരണത്തിന്റെ അടിസ്ഥാനം.

ഭരണഘടനാപരമായ ഈ ആശയം രാഷ്ട്രീയവിചിന്തനത്തില്‍ പണ്ടുമുതല്ക്കേ പരിഗണനാവിഷയമായിരുന്നു. സമ്മിശ്രഭരണകൂടമെന്ന ആശയത്തിന് 'പ്ളേറ്റോയുടെ നിയമ'ങ്ങളോളം പഴക്കമുണ്ട്. അരിസ്റ്റോട്ടല്‍ (ബി.സി. 384-322), പോളിബിയസ് (ബി.സി. 204-122) തുടങ്ങിയ ദാര്‍ശനികരുടെ കാലത്തുതന്നെ രാജാവ്, കുലീനര്‍ (പ്രഭുക്കള്‍), സാമാന്യജനങ്ങള്‍ എന്നിവര്‍ ഒന്നിച്ചുകൂടിയ ഭരണക്രമം പ്രാധാന്യം അര്‍ഹിച്ചിരുന്നു. മാഴ്സീലിയസ് (ബി.സി. 268-208), തോമസ് അക്വിനാസ് (1225-74), മാക്ക്യവെല്ലി (1469-1527) തുടങ്ങിയ ചിന്തകരും ഈ ആശയത്തെ അനുകൂലിച്ചിരുന്നു. മധ്യകാല ഭരണഘടനാതത്ത്വങ്ങളിലും ഇതു വിഭാവനം ചെയ്യപ്പെട്ടിരുന്നു. ഇംഗ്ളണ്ടില്‍ രാജാവും കോടതികളും തമ്മിലും രാജാവും പാര്‍ലമെന്റും തമ്മിലും ഉണ്ടായ തര്‍ക്കങ്ങള്‍ ഈ സിദ്ധാന്തത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയുണ്ടായി. നിയമനിര്‍മാണപരമായ അധികാരം രാജാവിനും പാര്‍ലമെന്റിനുമായി വിഭജിക്കപ്പെടണമെന്ന് ജോണ്‍ലോക്ക് (1632-1704) വാദിച്ചു. എന്നാല്‍ ഈ സമ്പ്രദായത്തില്‍ വ്യക്തമായ നിര്‍വചനവും പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നത് 18-ാം ശ.-ത്തിന്റെ മധ്യത്തില്‍ ഫ്രഞ്ച് സൈദ്ധാന്തികനായ മൊണ്ടേസ്ക്യു(1689-1755)വാണ്. അദ്ദേഹത്തിന്റെ സ്പിരിറ്റ് ഒഫ് ലാസ് (Spirit of Laws) എന്ന കൃതിയിലാണ് ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നത്. സ്വാതന്ത്യ്രലബ്ധിക്കുശേഷം, 1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയുടെ 40-ാം വകുപ്പില്‍ പഞ്ചായത്തുകള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. അലിഖിതമായ ബ്രിട്ടിഷ് ഭരണഘടനയെ സംബന്ധിച്ച ഒരു സമഗ്രപ്രതിപാദനത്തില്‍, നിയമനിര്‍മാണസമിതി, ഭരണനിര്‍വഹണവിഭാഗം, നീതിന്യായവകുപ്പ് എന്നിവയും ഓരോന്നിന്റെയും അധികാര പരിധിയും യുക്തിസഹമായി വേര്‍തിരിക്കപ്പെടണമെന്ന് മോണ്ടേസ്ക്യൂ സമര്‍ഥിച്ചു.

മൊണ്ടേസക്യുവിനുശേഷം അധികാര പൃഥക്കരണസിദ്ധാന്തം പല രാജ്യങ്ങളിലെയും ഭരണഘടനാപ്രമാണങ്ങളില്‍ സ്ഥാനം പിടിച്ചു. യു.എസ്സിലെ ഭരണഘടന, വിപ്ളവകാലത്തെ ഫ്രഞ്ച് ഭരണഘടനകള്‍, നെപ്പോളിയനുശേഷം പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടായ രാജാധിപത്യ ഭരണഘടനകള്‍ എന്നിവയിലെല്ലാം അധികാരപൃഥക്കരണം തത്ത്വത്തില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. അധികാരപൃഥക്കരണത്തിലേക്കു നയിക്കുന്ന വകുപ്പുകള്‍ ഇന്ത്യന്‍ ഭരണഘടനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധികാരപൃഥക്കരണം നൂറു ശ.മാ. പ്രായോഗികമല്ല. ഗവ.-ന്റെ മൂന്നു ഘടകങ്ങളും സിദ്ധാന്തപരമായി വേര്‍തിരിക്കപ്പെടുന്നുവെങ്കിലും, അവ വെള്ളം കയറാത്ത അറകളൊന്നുമല്ല. ഇന്ത്യന്‍ ഭരണഘടന തന്നെ ഉദാഹരണം. പാര്‍ലമെന്റിന്റെ മുഖ്യധര്‍മം നിയമനിര്‍മാണമാണെങ്കിലും അത് ഭരണസമിതിയെ തെരഞ്ഞെടുക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഭരണസമിതിയുടെ തലവനായ രാഷ്ട്രപതിയാണ്, നീതിന്യായവകുപ്പിലെ ഉന്നതസ്ഥാനങ്ങളില്‍ നിയമനം നടത്തുന്നത്. അങ്ങനെ നീതിന്യായവകുപ്പ് ഭരണസമിതിയുടെ പരോക്ഷ നിയന്ത്രണത്തിന് വിധേയമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുക്കുന്ന ഭരണസമിതിക്ക് പാര്‍ലമെന്റിനെത്തന്നെ ഇല്ലാതാക്കാന്‍ പഴുതു നല്കുന്ന വ്യവസ്ഥകളുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഓരോ ഘടകവും ഒരതിര്‍ത്തിവരെ എങ്കിലും ഇതരഘടകങ്ങളുമായി ബന്ധിതമാണ്. എന്നിരുന്നാലും വ്യവസ്ഥാപിതഭരണകൂടത്തില്‍ ഫലപ്രദമായ ഭരണത്തിന് വിഘാതമാകാതെ, ഭരണാധികാരം വികേന്ദ്രീകരിക്കാനും നിയന്ത്രിക്കാനും അധികാരപൃഥക്കരണം സഹായകമാണ്.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate