অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രാഥമിക വിദ്യാഭ്യാസം

പ്രാഥമിക വിദ്യാഭ്യാസം

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്‍ത്തിയിരിക്കുന്നതുമായ അടിത്തറയാണ് പ്രാഥമിക വിദ്യാഭ്യാസം. അടുത്തകാലത്തായി, പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അവരെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുന്നതിലും സ്ഥിരമായ ഹാജര്‍ നിരക്കിലും ജനസംഖ്യയുടെ മൂന്നില്‍ രണ്ടുവിഭാഗത്തിലേയ്ക്കും സാക്ഷരത വിപുലീകരിക്കുന്നതിലും ഇന്ത്യ വന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നമ്മുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് പ്രധാന സംഭാവന നല്കിയ ഘടകങ്ങളിലൊന്നായി പലപ്പോഴും ഇന്ത്യയുടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം എടുത്തുകാണിക്കപ്പെടുന്നു. അതേസമയംതന്നെ, ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ആശങ്കയ്ക്കു വഴിവെയ്ക്കുകയും ചെയ്യുന്നു.

ലക്ഷ്യം

പതിന്നാലു വയസ്സുവരെയുളള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം നമ്മുടെ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. പാര്‍ലമെന്‍റ് അടുത്തിടെ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ആറ് മുതല്‍ 14 വയസ്സു വരെ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൌലികാവകാശം ആക്കിയിട്ടുണ്ട്. എല്ലായിടങ്ങളിലും നൂറുശതമാനം കുട്ടികള്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശനം ലഭ്യമാക്കുന്നതിനും അവരുടെ വാസസ്ഥാനങ്ങളില്‍ സ്കൂള്‍ സൌകര്യങ്ങളോടെ നിലനിര്‍ത്തുന്നതും മുന്‍നിറുത്തിയുളള പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ആഗോളവത്ക്കരണം (യുഇഇ) എന്ന നേട്ടം നാം കൈവരിക്കേണ്ടിയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിനായാണ് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വിപുലമായ പദ്ധതികളിലൊന്നായ സര്‍വ്വശിക്ഷ അഭിയാന് 2001ല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍, ഐസിടി, വിദ്യാഭ്യാസമേഖലയില്‍ ചെയ്യാന്‍ സാധിക്കുന്നവയും അല്ലാത്തവയുമായവ തമ്മിലെ അന്തരം ഇല്ലാതാക്കുന്നതിന് ഗ്രാമീണഭാരതത്തില്‍ സ്തുത്യര്‍ഹമായ ഭാഗം വഹിക്കുന്നു. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ആഗോളവത്കരണം എന്ന ലക്ഷ്യം സ്വരൂപിക്കുന്നതിനാവശ്യമായ വിഭവ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലൂടെ അധ്യാപകരെയും കുട്ടികളെയും ശക്തരാക്കുവാനുള്ള ശ്രമമാണ് വികാസ് പീഡിയയുടെ പ്രാഥമിക വിദ്യാഭ്യാസ ലക്ഷ്യം.

ആരോഗ്യവിദ്യാഭ്യാസം

 

 

ആരോഗ്യസംരക്ഷണം, രോഗകാരണം എന്നിവയെപ്പറ്റി മനുഷ്യന്‍ ഇന്ന്‌ വളരെ ബോധവാനാണ്‌. ആതുരശുശ്രൂഷാലയങ്ങളുടെയും പ്രതിരോധപ്രവർത്തനങ്ങളുടെയും ഫലമായി ആരോഗ്യവിദ്യാഭ്യാസം വികസിതരാഷ്‌ട്രങ്ങളിൽ അതിശയകരമായ നിലയിൽ പുരോഗമിച്ചിട്ടുണ്ട്‌. വികസ്വരരാജ്യങ്ങളിൽ അവ അത്രതന്നെ പുരോഗമിച്ചിട്ടില്ല. എങ്കിലും ആരോഗ്യസംരക്ഷണപ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള യത്‌നങ്ങള്‍ അവിടെ തുടർന്നു കൊണ്ടിരിക്കുന്നു.

"ആരോഗ്യം' എന്ന പദത്തിന്‌ രോഗമില്ലാത്ത അവസ്ഥ എന്ന വിവക്ഷയ്‌ക്കുപുറമേ ശാരീരികവും വൈകാരികവും വൈചാരികവുമായ പ്രവർത്തനങ്ങളുടെ പരമമായ ഉപയോഗം വഴി സുഖസംതൃപ്‌തമായ പൂർണജീവിതം നയിക്കൽ എന്ന അർഥവ്യാപ്‌തി വന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ വ്യക്തികള്‍ക്കും ആരോഗ്യവിദ്യാഭ്യാസം ലഭിക്കുക ഇന്ന്‌ അനിവാര്യമായിത്തീർന്നിരിക്കുന്നു. ആരോഗ്യപ്രസ്ഥാനത്തിലെ ഘടകങ്ങള്‍. ശാസ്‌ത്രീയവും സർവവ്യാപകവും കാര്യക്ഷമവുമായ ഒരു ആരോഗ്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‌ മൂന്നു ഘടകങ്ങള്‍ ആവശ്യമുണ്ട്‌: (1) ശാസ്‌ത്രീയമായ പഠനവും പരിശീലനവും ലഭിച്ച ആരോഗ്യരക്ഷാപ്രവർത്തകരുടെ സംഘം; (2) ആതുരശുശ്രൂഷയ്‌ക്കും രോഗപ്രതിരോധപ്രവർത്തനങ്ങള്‍ക്കും വേണ്ടത്ര സൗകര്യങ്ങളുള്ള സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തന-സംവിധാനവും; (3) രോഗപ്രതിരോധനടപടികളെപ്പറ്റി ശാസ്‌ത്രീയമായ അറിവുനേടിയതും അത്തരം അറിവുകള്‍ പ്രാവർത്തികമാക്കാന്‍ താത്‌പര്യമുള്ളതുമായ ഒരു ജനസമൂഹം. ഇതിൽ മൂന്നാമത്തേതിന്‌ പ്രാബല്യമുണ്ടെങ്കിൽ മാത്രമേ ഒരു രാഷ്‌ട്രത്തിന്‌ ആരോഗ്യസംരക്ഷണത്തിൽ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയൂ.

വിവിധഘട്ടങ്ങള്‍. "ചൊട്ടയിലെ ശീലം ചുടലവരെ' എന്ന ചൊല്ല്‌ ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒന്നാണ്‌. തന്മൂലം പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിൽ ശരീരവ്യവസ്ഥിതിയെപ്പറ്റിയുള്ള സാമാന്യമായ കാര്യങ്ങളും രോഗങ്ങളെയും രോഗകാരണങ്ങളെയും സംബന്ധിച്ചുള്ള പൊതുസിദ്ധാന്തങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഉപാധികളും പഠനവിഷയങ്ങളാക്കേണ്ടതാണ്‌. സയന്‍സ്‌, സാമൂഹ്യശാസ്‌ത്രം തുടങ്ങിയ മറ്റു പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കണം ഇതിലേക്കുള്ള സംവിധാനമുണ്ടാക്കേണ്ടത്‌. ദേഹശുചീകരണം, വ്യായാമം, നേത്രസംരക്ഷണം, ഭക്ഷ്യവസ്‌തുക്കളെക്കുറിച്ചുള്ള സാമാന്യജ്ഞാനം, ആഹാരക്രമം, ഉറക്കം, കൂട്ടുകാരുമായി ഒന്നിച്ചുകഴിയുന്നതിനുള്ള ശീലം, പരിസരശുചീകരണശുഷ്‌കാന്തി, കക്കൂസും കുളിമുറിയും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പരിശീലനം എന്നിങ്ങനെ ഒട്ടുവളരെ കാര്യങ്ങള്‍ പ്രാഥമിക വിദ്യാലയത്തിൽനിന്നു പുറത്തുവരുന്ന വിദ്യാർഥികള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌.

സെക്കണ്ടറി വിദ്യാഭ്യാസഘട്ടത്തിൽ ആരോഗ്യവിദ്യാഭ്യാസത്തിന്റെ ആഴവും വ്യാപ്‌തിയും ന്യായമായും വർധിപ്പിക്കാവുന്നതാണ്‌. രോഗപ്രതിരോധപ്രവർത്തനങ്ങള്‍, പ്രഥമശുശ്രൂഷാമാർഗങ്ങള്‍ എന്നിങ്ങനെയുള്ള പുതിയ വിഷയങ്ങളും ഉള്‍ക്കൊള്ളിക്കണം. ഈ ഘട്ടത്തിൽ ലൈംഗികവിജ്ഞാനവും പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുന്നത്‌ ഉചിതമായിരിക്കും. കോളജ്‌ വിദ്യാഭ്യാസഘട്ടത്തിൽ ആരോഗ്യവിദ്യാഭ്യാസം അത്ര സാർവത്രികമാക്കേണ്ട ആവശ്യം വരുന്നില്ല. എങ്കിലും ആരോഗ്യസംരക്ഷണതത്ത്വങ്ങള്‍ സാധാരണക്കാർക്കിടയിൽ പ്രചരിപ്പിക്കാനുള്ള ഉപാധികളെപ്പറ്റി വൈദ്യവിദ്യാഭ്യാസം, പാരാമെഡിക്കൽ കോഴ്‌സുകള്‍, നഴ്‌സിംഗ്‌, ഗൃഹശാസ്‌ത്രം മുതലായവ പഠിക്കുന്ന വിദ്യാർഥികള്‍ക്ക്‌ പ്രത്യേകം അറിവു നല്‌കേണ്ടത്‌ ആവശ്യമാണ്‌. ചികിത്സയിലും ആതുരശുശ്രൂഷയിലും മാത്രം ഊന്നിക്കൊണ്ടുള്ള ഇന്നത്തെ വൈദ്യവിദ്യാഭ്യാസത്തിൽ ഈ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല.

രോഗകാരണങ്ങളെയും പ്രതിരോധ ഉപാധികളെയും സംബന്ധിച്ച്‌ ബോധവാന്മാരായ, ശാരീരികവും മാനസികവുമായി പൂർണതയെ ആഗ്രഹിക്കുന്ന, ശാസ്‌ത്രീയവീക്ഷണമുള്ള സമൂഹമാണ്‌ ഒരു രാഷ്‌ട്രത്തിന്റെ സമ്പത്ത്‌. അത്തരമൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന്‌ സമഗ്രമായ ഒരു ആരോഗ്യവിദ്യാഭ്യാസപരിപാടി അത്യാവശ്യമാണ്‌. സമീകൃതാഹാരപദ്ധതികള്‍, കുട്ടികള്‍ക്കുള്ള പോഷകാഹാര പരിപാടികള്‍ എന്നിവ നടപ്പിലാക്കുവാന്‍ ആഹാരവസ്‌തുക്കളെയും ഭക്ഷണരീതികളെയും പറ്റി നിലവിലുള്ള മാമൂലുകളും അന്ധവിശ്വാസങ്ങളും ആദ്യം തുടച്ചുനീക്കപ്പെടണം. ജനനനിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്‌ ജീവശാസ്‌ത്രത്തെയും സമൂഹശാസ്‌ത്രത്തെയും പറ്റിയുള്ള അറിവ്‌ ഒരു ജനതയ്‌ക്ക്‌ അനുപേക്ഷണീയമാണ്‌. ജനതാമധ്യത്തിൽ ആരോഗ്യവിദ്യാഭ്യാസം പ്രചരിപ്പിക്കുവാന്‍ ഉപകരിക്കുന്ന പ്രധാന മാധ്യമമാണ്‌ പ്രാദേശികഭാഷാ ഗ്രന്ഥശേഖരങ്ങളുള്ള വലിയ വായനശാലകള്‍. നാടകം, ഓട്ടന്‍തുള്ളൽ, സിനിമ, റേഡിയോ, ടെലിവിഷന്‍ എന്നിവയും ഫലപ്രദങ്ങളായ മാധ്യമങ്ങളാണ്‌. ആരോഗ്യവിദ്യാഭ്യാസത്തിനു യോജിച്ച പ്രചരണോപായങ്ങളാണ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍.

പല രാജ്യങ്ങളിൽ പല വിധത്തിലാണ്‌ ആരോഗ്യവിദ്യാഭ്യാസം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയിൽ ആരോഗ്യവിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌ കേന്ദ്ര ആരോഗ്യകാര്യാലയത്തിന്റെ കീഴിലുള്ള സെന്‍ട്രൽ ഹെൽത്ത്‌ എഡ്യുക്കേഷന്‍ ബ്യൂറോ ആണ്‌. ഈ ബ്യൂറോ അതിലേക്കുവേണ്ടി ധാരാളം പുസത്‌കങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിക്കുന്നുണ്ട്‌.

കേരളത്തിൽ. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസപ്രവർത്തനം ഇന്ന്‌ രണ്ടു വിഭാഗങ്ങളിലായിട്ടാണ്‌ നടന്നുവരുന്നത്‌-വിദ്യാഭ്യാസവകുപ്പിലും ആരോഗ്യവകുപ്പിലും. സ്‌കൂള്‍കുട്ടികളെയും അധ്യാപകരെയും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ പ്രവർത്തനങ്ങള്‍. ആരോഗ്യവിദ്യാഭ്യാസം പൊതുജനമധ്യത്തിൽ പ്രചരിപ്പിക്കുന്നതിന്‌ ആരോഗ്യവകുപ്പിന്റെ കീഴിൽ ഹെൽത്ത്‌ സർവീസ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടറുടെ മേൽനോട്ടത്തിൽ തലസ്ഥാന നഗരിയിൽ ഒരു ബ്യൂറോ പ്രവർത്തിച്ചുവരുന്നു. ആരോഗ്യവിദ്യാഭ്യാസത്തിന്റെയും കുടുംബസംവിധാനത്തിന്റെയും വിവിധ മണ്ഡലങ്ങളെ ആസ്‌പദമാക്കിയുള്ള ധാരാളം പ്രദർശനവസ്‌തുക്കളടങ്ങിയ ഒരു സ്ഥിരം മ്യൂസിയം അവിടെ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്‌. നാടിന്റെ നാനാഭാഗങ്ങളിൽ ഓരോ കാലത്ത്‌ സംഘടിപ്പിക്കപ്പെടുന്ന പ്രദർശനങ്ങളിൽ (exhibitions) ഈ സ്ഥിരം മ്യൂസിയത്തിലെ വസ്‌തുക്കള്‍ പ്രദർശിപ്പിക്കപ്പെട്ടുവരുന്നു. പ്രദർശനങ്ങളിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിനുള്ള പൊതുജനങ്ങളെ ആരോഗ്യപരമായി കൂടുതൽ വിജ്ഞരാക്കുവാന്‍ ഇതുവഴി സാധ്യമാകുന്നു. പ്രതിരോധക്കുത്തിവയ്‌പുകള്‍, പ്രയുക്തപോഷകാഹാര പരിപാടികള്‍, മസൂരിനിർമാർജനം മുതലായവയെപ്പറ്റി പ്രകടനങ്ങള്‍, ലഘുലേഖകള്‍ എന്നീ മാധ്യമങ്ങളിലൂടെ ഈ ബ്യൂറോ ആരോഗ്യവിദ്യാഭ്യാസപ്രവർത്തനങ്ങള്‍ നടത്തിവരുന്നുണ്ട്‌. ഈ സ്ഥാപനത്തിൽനിന്ന്‌ പ്രസിദ്ധീകരിക്കപ്പെടുന്ന സുസ്ഥിതി എന്ന മാസിക ഈ പ്രവർത്തനങ്ങള്‍ക്കുവേണ്ട പ്രചരണത്തിന്‌ വളരെയധികം സഹായകമാണ്‌. ചീഫ്‌ ഹെൽത്ത്‌ എഡ്യുക്കേറ്ററും അദ്ദേഹത്തിന്റെ സഹായികളുമാണ്‌ ഇവിടുത്തെ മുഖ്യ പ്രവർത്തകന്മാർ. സംസ്ഥാനത്ത്‌ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോർപ്പറേഷനുകള്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽത്ത്‌ ഇന്‍സ്‌പെക്‌ടർമാർ, ഹെൽത്ത്‌ അസിസ്റ്റന്റുമാർ, ഫാമിലിപ്ലാനിംഗ്‌ എഡ്യുക്കേറ്റർമാർ എന്നീ ഉദ്യോഗസ്ഥന്മാരും ആരോഗ്യവിദ്യാഭ്യാസ പരിപാടികളിൽ സജീവമായി പങ്കെടുത്തുവരുന്നുണ്ട്‌.

ആരോഗ്യവിദ്യാഭ്യാസ പ്രവർത്തകരെയും മറ്റും പരിശീലിപ്പിക്കുന്നതിനുള്ള കോഴ്‌സുകള്‍ ഇന്ന്‌ എല്ലാ മെഡിക്കൽകോളജുകളിലും സോഷ്യൽ ആന്‍ഡ്‌ പ്രിവന്റീവ്‌ മെഡിസിന്‍ എന്ന വകുപ്പിന്റെ കീഴിൽ നടത്തിവരുന്നുണ്ട്‌. കേരളത്തിൽ അടുത്ത കാലത്തായി പടർന്നുപിടിക്കുന്ന എലിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ജനങ്ങളെ വളരെയേറെ ഭയപ്പെടുത്തുന്നു. ഇതിനെതിരെയുള്ള ബോധവത്‌കരണത്തിനും ശുചിത്വപരിപാലനത്തിലുള്ള നിഷ്‌കർഷയ്‌ക്കും ആരോഗ്യവിദ്യാഭ്യാസത്തിൽ ഊന്നൽ നൽകേണ്ടിയിരിക്കുന്നു. ആരോഗ്യരംഗത്തുള്ള പുത്തന്‍ പ്രവണതകളേയും ചികിത്സാ ക്രമങ്ങളേയും പ്രതിപാദിക്കുന്ന ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ ഇന്നു ലഭ്യമാണ്‌.

ലോകരോഗ്യസംഘടന (W.H.O.), ഐക്യരാഷ്‌ട്രശിശുക്ഷേമനിധി (UNICEF), ഐക്യരാഷ്‌ട്ര-വിദ്യാഭ്യാസ, ശാസ്‌ത്ര, സാംസ്‌കാരികസംഘടന (UNCESCO), ഭക്ഷ്യകാർഷികസംഘടന (FAO) എന്നീ ലോകസംഘടനകളുടെ സഹായം സ്വീകരിച്ച്‌ അനേകം ലോകരാഷ്‌ട്രങ്ങള്‍ ആരോഗ്യവിദ്യാഭ്യാസരംഗത്ത്‌ പുരോഗതി പ്രാപിച്ചുവരുന്നു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate