অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവപരിണാമം

ജൈവപരിണാമം

ജൈവപരിണാമം- കൂടുതൽ തെളിവുകൾ- ഭാഗം 1


1859ലാണ്‌ ഡാർവിൻ, ജൈവശാസ്ത്രലോകത്തെ ഇളക്കി മറിച്ച കൃതി, "Origin of Species"പ്രസിദ്ധീകരിക്കുന്നത്. ഇന്ന് ഒട്ടേറെ ശാസ്ത്രശാഖകൾ-Geology, Paleontology, Genetics, Molecular Biology, Anthropology - അതിനോട് ചേർന്ന് അതിനെ ഒരു ബ്രഹത് ശാസ്ത്രമാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ശാസ്ത്രശാഖകൾ  നല്‍കുന്ന അറിവിന്റെ വെളിച്ചത്തിൽ, വ്യത്യസ്ത ജീവി വിഭാഗങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുന്നു, എപ്പോൾ Extinct ആകുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.  'പ്രപഞ്ചബാഹ്യമായ' ഒരു ‘ശക്തി’ക്കും 'ജൈവസൃഷ്ടി'യിൽ പങ്കില്ലെന്നും മറിച്ച് ‘ദൈവം’ മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നും നമുക്ക് ബോധപ്പെടുത്തിത്തരുന്ന ഈ ശാസ്ത്രശാഖ യുക്തിവാദത്തിന്റെയും നാസ്തികതയുടെയും അടിത്തറ തന്നെയാകുന്നു.

നമ്മുടെ ചുറ്റിലും ഒന്ന് നോക്കുക. എന്തെന്ത് ജീവി വിഭാഗങ്ങളെയെല്ലാമാണ്‌ നാം കാണുന്നത്. പക്ഷികൾ തന്നെ എത്രയോ വിഭാഗങ്ങൾ ഉണ്ട്. പിന്നെ, പശു, ആട്, ആന, അങ്ങനെ പോകുന്നു. എല്ലാം മനോഹരങ്ങളായ ഡിസൈനുകൾ. പരിണാമ ശാസ്ത്രം വികസിക്കുന്നതുവരെ ഈ ജീവികളെയെല്ലാം പ്രത്യേകം പ്രത്യേകമായി ദൈവം 'സൃഷ്ടിച്ച'താണെന്ന് കരുതിയിരുന്നു. ദൈവം ഉണ്ടെന്നുള്ളതിന്‌ ഈ ഡിസൈനുകളെല്ലാം തെളിവായി കരുതിയിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി. പരിണാമശാസ്ത്രം നല്കുന്ന വെളിച്ചത്തിനു മുന്നിൽ സൃഷ്ടിയും സ്രസ്ടാവും പരസ്പരം മാറിയിരിക്കുന്നു. ദൈവം മനുഷ്യന്റെ ഒരു 'മഹത്തായ' സൃഷ്ടിയാണ്‌.

ഇന്ന് ഭൂമുഖത്തുള്ളതും, ഇന്നലെവരെ ഉണ്ടായിരുന്നതും, ഇനി നാളെ ഉണ്ടാകാവുന്നതുമായ ഒരു ജീവിയും എവിടെനിന്നും പൊട്ടിമുളച്ചുണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. പൂർവ്വിക ഡിസൈനിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ്‌ പുതിയ ജീവി വിഭാഗങ്ങൾക്ക് ജന്മം നല്കുന്നത്. ഒരു സവിശേഷ പരിതസ്ഥിതിൽ ജീവിച്ചുവന്ന പൂർവ്വികജീവി, ആ പരിതസ്ഥിതിയിൽ മാറ്റം വന്നപ്പോൾ സംജാതമായ പുതിയ പരിതസ്ഥിതിൽ ജീവിക്കുവാൻ അതിന്റെ ഘടനയിൽ ചില മാറ്റങ്ങൾ സംഭവിക്കേണ്ടിവരും. പുതിയ പരിതസ്ഥിതിയിൽ ജീവിക്കാൻ അനുകൂലമായ മാറ്റങ്ങൾ സംഭവിച്ച ജീവികളേ ഇവിടെ ജീവിക്കാൻ അർഹത നേടൂ. ഈ പരിതസ്ഥിതി മാറ്റത്തിൽ ഒരുപാട് പൂർവ്വ ജീവിവിഭാഗങ്ങൾ നശിപ്പിക്കപ്പെടും. അർഹത നേടിയ ജീവികൾക്ക് പൂർവ്വ ജീവിവിഭാഗങ്ങളിൽ നിന്ന് ചില ഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും. 
ഈ പ്രക്രിയ സംഭവിക്കുന്നത്, ഫോസിലുകളിൽ വളരെ വ്യക്തമായി കാണാം. ഇത് ഒരുതരം തെളിവ്. ഇനി വേറൊരു തരം തെളിവുണ്ട്. അത് വഹിച്ചും കൊണ്ടാണ്‌ നാമോരുത്തരും-ഇതര ജീവികളും-ജീവിക്കുന്നത്. അത് നമ്മുടെ ശരീരത്തിലുണ്ട്; DNAയിലുണ്ട്. നമ്മുടെ DNAയിൽ നമ്മെ രൂപപ്പെടുത്തുന്ന Active ജീനുകളേക്കാൾ കൂടുതൽ dead gene കൾ ഉണ്ട്. ഈ pseudo genes- സ്യൂഡോ ജീനുകൾ, ഇന്ന് നമുക്ക് ആവശ്യമില്ലാത്തതിനാൽ പ്രകൃതി നിർധാരണം വഴി നിർവീര്യമാക്കപ്പെട്ടവയാണ്‌. എന്നാൽ ഈ ജീനുകൾ നമ്മുടെ പൂർവ്വികർക്ക് ആവശ്യമുള്ളവയായിരുന്നു. നമ്മിൽ നിർവീര്യമാക്കപ്പെട്ടു കിടക്കുന്ന ഈ ജീനുകൾ നമ്മുടെ പൂർവികരെ വെളിപ്പെടുത്തുന്നു. ഒപ്പം അവരിൽ നിന്ന് നമ്മൾ എങ്ങനെ ഉല്ഭവിച്ചു എന്ന വസ്തുതയും പുറത്തുകൊണ്ടുവരുന്നു. നമ്മുടെ ജനോം ഇത്തരം നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ഒരു കൂമ്പാരമാണ്‌. ഈ pseudo genesകൾ, ഇന്ന് ഒരുപാട് ഗവേഷണം നടക്കുന്ന മേഖലയാണ്‌.

ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്‌. അതെ, ഒരു ജീവശരീരം "കണ്ടം ബെച്ച കോട്ടാ"ണ്‌. ശരീരം നിറയെ ഏപ്പുകളാണ്‌, കൂട്ടിച്ചേർക്കലുകളാണ്‌. നൂറ്‌ കണക്കിന്‌ പാർട്സുകളാൽ പ്രകൃതി, ഓരോ പരിസ്ഥിതിക്കനുസരിച്ച് എടുത്തുകളഞ്ഞു കൂട്ടിച്ചേർത്തും രൂപംകൊടുത്തതാണ്‌ ഓരോ ജീവശരീരവും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ body design അതിപുരാതനമാണ്‌. അത് കാംബ്രിയൻ യുഗത്തിന്‌ മുമ്പും ഉണ്ട്. കാംബ്രിയന്‌ ശേഷവും ഉണ്ട്. സൃഷ്ടിവാദികളുടെ ‘ഇഷ്ടപ്പെട്ട കാംബ്രിയൻ ജീവിയാണ്‌’ ട്രൈലോബൈറ്റ്. ഈ ജീവിയുടെ ശരീരം ആവർത്തിച്ചുള്ള ഖണ്ഡങ്ങളുടെ സമാഹാരമാണ്‌. ഉദാ:-Olenoides serratus. Natural History Museumങ്ങളിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ ഫോസിലുകൾ ഇപ്പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു."ജീവശരീരത്തെ രൂപം കൊടുക്കുന്നതിൽ ആവർത്തിച്ചുള്ള ഭാഗങ്ങളുടെയും ഖണ്ഡഘടനയുടെയും വ്യാപകമായ ഉപയോഗം പരിണാമത്തിൽ സംഭവിച്ചതായി ഈ ഫോസിലുകൾ വ്യക്തമാക്കുന്നു ജീവി, സൃഷ്ടിയല്ലാത്തതുകൊണ്ടും Modular design ആയതുകൊണ്ടുമാണ്‌ ഇന്ന് ഇത്രയും വൈപുല്യമാർന്ന ജീവസഞ്ചയം സംജാതമായത്. ജീവി സൃഷ്ടിയാണെങ്കിൽ പിന്നെ മാറ്റത്തിന്‌ പ്രസക്തിയില്ല; അങ്ങനെ സംഭവിക്കാതിരിക്കത്തക്കവണ്ണം അത് ഏക ശിലാ രൂപമായിരിക്കും. Modular design ആയതുകൊണ്ട് അത് മാറ്റത്തിന്‌ വിധേയമാണ്‌. ഒരു design ഒരു പ്രത്യേക പരിതസ്ഥിതിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു design അവതരിപ്പിക്കാം. അത് ആ പരിതസ്ഥിതിക്കനുയോജ്യമാണെങ്കിൽ ആ design അതിജീവിക്കും. അങ്ങനെ അതിജീവനം സിദ്ധിച്ച നൂറ്‌ നൂറ്‌ designകളുടെ ഇങ്ങേതലയ്ക്കലുള്ള കണ്ണികളാണ്‌ മനുഷ്യൻ.


പൂർവ്വ design- ജീവികളിൽ- മാറ്റം സംഭവിച്ച് ഇന്നത്തെ design- നമ്മളും ഇതര ജീവികളും- രൂപം കൊണ്ടപ്പോൾ പൂർവ്വികർക്ക് ആവശ്യമായിരുന്ന പല ഘടകങ്ങളും പുതിയവർക്ക് അനാവശ്യമായി വന്നു. അങ്ങനെ ആ ഘടകങ്ങൾ പുതിയവയിൽ നിർവ്വീര്യമാക്കപ്പെട്ടു. അങ്ങനെ നിർവീര്യമാക്കപ്പെട്ട ഘടകങ്ങളും ജീനുകളും നമ്മുടെ ശരീരത്തിൽ നിന്നും DNAയിൽ നിന്നും പൂർണമായും എടുത്തുമറ്റപ്പെട്ടിട്ടില്ല. ആ അവശിഷ്ടങ്ങളും പേറിക്കൊണ്ടാണ്‌ നാം ഇപ്പൊഴും ജീവിക്കുന്നത്. ആ ഘടകങ്ങളെയും ജീനുകളെയും ചെറുതായൊന്ന് സൂചിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. അതിനു മുമ്പ് modular design ലൂടെ നമ്മെ രൂപപ്പെടുത്തിയ പൂർവ്വ design -പൂർവ്വ ജീവികളെ- Geologic time scale ലൂടെ ഒന്ന് കാണേണ്ടതുണ്ട്. ഈ യാത്ര സൃഷ്ടിവാദവും അവരുടെ സൃഷ്ടിയായ ദൈവവും എത്രവലിയ പൊളിയാണെന്ന് നമുക്ക് കാണിച്ചുതരുന്നു.

കാംബ്രിയൻ യുഗത്തിൽ നമ്മുടെ body plan രൂപപ്പെടുത്തുന്ന HOX ജീനുകളിൽ സംഭവിച്ച duplication വഴി അവ ഇരട്ടിച്ചതിനെപ്പറ്റി - ഒരു സെറ്റിനുപകരം നാലു സെറ്റുകൾ- കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഒരിക്കൽ ഒരു ജീൻ ഡൂപ്ലിക്കേറ്റ് ചെയ്തുകഴിഞ്ഞാൽ അതിന്റെ മറ്റൊരു കോപ്പികൂടി ഉണ്ടാകുന്നു. ഈ ജീനിന്റെ ശരിയായ പ്രവത്തനം നിർവ്വഹിക്കാൻ ഒരു കോപ്പി മാത്രം മതിയാകും. അപ്പോൾ സ്വന്തന്ത്രമായ മറ്റേ കോപ്പി മ്യൂട്ടേഷന്‌ വിധേയമാകും. ഇങ്ങെനെ കൂടുതൽ മ്യൂട്ടേഷനുകൾ നടന്നുകഴിഞ്ഞാൽ ഈ രണ്ടാമത്തെ കോപ്പി പുതിയ ജീനായി പരിണമിക്കും; അതിന്‌ പുതിയ function ഉണ്ടായിരിക്കും. 4 HOX സെറ്റുകളിൽ ഈ പ്രക്രിയ സംഭവിച്ചുകഴിഞ്ഞപ്പോൾ അവ പുതിയ ബോഡി പ്ലാനുകൾ നിർമ്മിക്കാൻ സജ്ജമായി. ഫോസിൽ രേഖകളിൽ കാംബ്രിയൻ യുഗത്തിനു മുമ്പ് നട്ടെല്ലില്ലാത്ത ജീവികളെയും കാംബ്രിയനിലും അതിനു ശേഷവും നട്ടെല്ലികളെയും കാണുന്നതിനുകാരണം ഇതാണ്‌. അന്നത്തെ പരിസ്ഥിതി-സമുദ്ര-ക്ക് പുതിയ body planകള്‍ അനുകൂലമായിരുന്നു. അതിനാൽ അവയ്ക്കനുകൂലമായി പ്രകൃതിനിർധാരണം നടക്കുന്നു. എന്നാൽ ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ നട്ടെല്ലിവിഭാഗങ്ങൾ ഉല്‍ഭവിക്കുന്നില്ല. നല്ലൊരു നട്ടെല്ലിയായ Jawed fish നെ കാണണമെങ്കിൽ ഓർഡോവിഷൻ യുഗത്തിലെത്തണം- 43.8 കോടി വർഷം തൊട്ട് 41.7 കോടി വർഷം വരെ- . നട്ടെല്ലിലോകത്തെ മികച്ച ഡിസൈനാണ്‌ മൽസ്യങ്ങൾ. ഡവോണിയൻ യുഗത്തിന്റെ മധ്യഘട്ടം വരെ ഈ body plan മാത്രമാണ്‌ നട്ടെല്ലിലോകത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 39 കോടി വർഷം തൊട്ട് സ്ഥിതിയി മാറ്റം വരുന്നു. ഈ വേളയിൽ അടിസ്ഥാന മൽസ്യ body plan ൽ ചില വ്യത്യാസങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ മാറ്റങ്ങൾ നട്ടെല്ലി ലോകത്ത് വളരെ പ്രധാനമാണ്‌. 3 കോടി വർഷത്തെ പരിണാമത്തിനൊടുവിൽ ജലത്തിലും കരയിലും ജീവിക്കാൻ അനുകൂലനം നേടിയ വേറൊരു നട്ടെല്ലിയെ നമുക്ക് ഫോസിലിൽ കാണാം. അവയാണ്‌ ഉഭയജീവികൾ-കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ- നട്ടെല്ലിലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിണാമങ്ങളിൽ ഒന്നാണിത്. പിന്നീട് കരയിൽ പരിണമിച്ച 3 നട്ടെല്ലി-ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ-വിഭാഗങ്ങളും ഈ ഉഭയജീവികളിൽനിന്നാണ്‌ പരിണമിച്ചത്. ജലമാധ്യമം വിട്ട് തികച്ചും വ്യത്യസ്തമായ കരയിൽ ജീവിക്കണമെങ്കിൽ പൂർവ ഡിസൈനിൽ-മൽസ്യത്തിൽ- വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കണം.       

ജലപരിസ്ഥിതിയിൽ ജീവിക്കുന്ന മൽസ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, കരയിലെ പരിതസ്ഥിതിയിൽ ജീവിക്കുവാൻ ജീവികൾ എങ്ങനെ അർഹത നേടിയെന്ന് നമുക്ക് അല്‍ഭുതം തോന്നാം. എന്നാൽ ഇക്കാലത്തെ ഫോസിലുകളെ പഠിക്കുമ്പോൾ ഇതിൽ വലിയ അല്‍ഭുതത്തിനൊന്നും കാര്യമില്ല. ജീവികളുടെ അടിസ്ഥാന body plan ൽ ചില മാറ്റങ്ങൾ സംഭവിച്ചതുതന്നെയാണ്‌ അതിനു കാരണം. അവയിൽ ചിലത് നോക്കാം. അന്തരീക്ഷവായു ശ്വസിക്കുന്നതിന്‌ ശ്വാസകോശങ്ങൾ രൂപപ്പെട്ടു; അതായത് ചെകിളയുടെ സ്ഥാനത്ത് വായുഅറയുണ്ടായി. അടുത്തത് ഗുരുത്വബലത്തെ രൂപീകരിക്കലാണ്‌. ജലമാധ്യമത്തിൽ ഇതൊരു പ്രശ്നമല്ല. ശരീരത്തിന്റെ ഭാരം നാലു കാലുകളിലേക്ക് വ്യന്യസിച്ചാണ്‌ കരയിൽ ഈ പ്രശ്നം പരിഹരിച്ചത്. അടുത്ത പ്രശ്നം നിർജലീകരണമാണ്‌. അത് തടയാൻ കട്ടിയുള്ള തൊലിയുണ്ടായി. മറ്റൊന്നുള്ളത് മണം പിടിക്കനുള്ള ശേഷിയാണ്‌. ജലമാധ്യമത്തിലെ മണംപിടിക്കുന്നതിനുള്ള സംവിധാനമല്ല കരയിൽ വേണ്ടത്. അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിന്‌ വേറെ ചില സംവിധാനങ്ങളാണ്‌ വേണ്ടത്. കരയിലെ ജീവിതം സാധ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ ഇതിനായി വളരെയധികം ജീനുകൾ രൂപപ്പെട്ടു. പിന്നീട്, പരിണാമം സസ്തനികളിലെത്തിയപ്പോൾ ഈ ജീനുകളുടെ എണ്ണം duplication വഴി ആയിരക്കണക്കായി മാറി. അങ്ങനെ മൽസ്യത്തിന്റെ അടിസ്ഥാന body planല്‍ ചില മാറ്റങ്ങൾ സംഭവിച്ചതുവഴി കഴിഞ്ഞ 36 കോടി വർഷങ്ങൾതൊട്ട് ഭൂമുഖത്ത് വേറൊരു ജീവി വിഭാഗം പ്രത്യക്ഷപ്പെട്ടു. അവരാണ്‌ നാലുകാലികൾ- tetrapods- ഡെവോണിയൻ ഫോസിൽ രേഖകളിൽ ഈ പരിവർത്തന ചരിത്രം വളരെ വ്യക്തമാണ്‌. (അതേപറ്റി വിശദമായ മറ്റൊരു കുറിപ്പ് പിറകെ) ഇരുകാലികളാണെങ്കിലും മനുഷ്യനും tetrapod തന്നെയാണ്‌. നാലുകാലിയായി വൃക്ഷവാസം നയിച്ചിരുന്നവരാണ്‌ നമ്മുടെ പൂർവ്വികർ. ഒരു സവിശേഷ പരിതസ്ഥിതിയോടുള്ള അനുകൂലനം എന്ന നിലയിലാണ്‌ നമ്മളിൽ ഇരുകാലി നടത്തം വികസിച്ചതും അതിന്റെ ഫലമായി കൈകൾ സ്വതന്ത്രമായതും.

വിരലുകൾ പരിണമിച്ചത് കരയിലെ ചലനത്തിന്‌ അനുകൂലനം എന്ന നിലയിലായിരുന്നു. എന്നുതന്നെയല്ല, ഇത് ആദ്യം പ്രത്യക്ഷപ്പെടുന്നത് മനുഷ്യനിലല്ല. കഴിഞ്ഞ 39 കോടി വർഷങ്ങൾക്കു ശേഷം ഇത് ആ കാലഘട്ടത്തിലെ നാലുകാലികളിൽ പ്രത്യക്ഷപ്പെടുന്നു. ഡെവോണിയൻ നാലുകാലികളായ Ichthyostega
യുടെ ഒരു കാലിൽ 8 വിരലുകളും Acanthostega യുടെ കാലിൽ 7 വിരലുകളും അല്പം കൂടി കഴിഞ്ഞ് Tulerpeton ൽ എത്തുമ്പോൾ അത് 6 വിരലുകളായും പരിണമിക്കുന്നു. ഈ ജീവികളുടെ മുൻ കാലുകളിൽ നിന്നാണ്‌ മനുഷ്യന്റെ കരങ്ങൾ രൂപപ്പെടുന്നത്. ഇവയുടെ മുൻ കാലിൽ നമ്മുടെ  humerus, radius, ulna, carpals എന്നീ ഘടകങ്ങൾ എല്ലാം ഉണ്ട്.

നട്ടെല്ലിലോകത്ത് അടുത്ത കാതലായ മാറ്റങ്ങൾ സംഭവിക്കുന്നത് കാർബണിഫറാസ്(Carboniferous)-കഴിഞ്ഞ 36 കോടി വർഷം മുതൽ തുടങ്ങി 29 കോടി വർഷം വരെ-യുഗത്തിലാണ്‌. ആദ്യം കരയിലേക്ക് പ്രവേശിച്ച ഉഭയജീവികളിൽ-ജലത്തിലും കരയിലും ജീവിതചക്രമുള്ള-നിന്നും ഈ യുഗത്തിൽ വേറൊരു ജീവി വിഭാഗം പരിണമിക്കുന്നു. അതാണ്‌ ഉരഗങ്ങൾ-Reptiles-. ആമ, പല്ലി, പാമ്പ് , മുതല ഇവയെല്ലാം ഇതില്‍ പെടുന്നു. അതോടെ നട്ടെല്ലികൾ 3 വിഭാഗങ്ങളിലായി രണ്ട് സവിശേഷ പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നു. കരയിൽ നട്ടെല്ലി ജീവിതം സംസ്ഥാപിതമാകുന്നതോടെ അവയിൽ വ്യത്യസ്ത ദിശയിലേക്കുള്ള പരിണാമങ്ങൾ സംഭവിക്കുന്നു. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത ഘട്ടമായ പെർമിയ(Permian)-29 കോടി വർഷം മുതൽ 24.5 കോടി വർഷം വരെ-ന്റെ തുടക്കത്തിലുമായി ഉരഗജീവിതം 3 വ്യത്യസ്ത ജീവി വിഭാഗങ്ങൾക്ക് ജന്മമേകുന്നു. അവ 1. Anapsids- ഇവയിൽ നിൻ പില്‍കാലത്ത് ആമ തുടങ്ങിയ ജീവികൾ ഉരുത്തിരിയുന്നു. 2. Diapsids- അതിൽ  നിന്നും ആദ്യം ദിനോസറുകൾ, Pterosaurs (പറക്കുന്ന ഉരഗങ്ങൾ) എന്നിവയും പിന്നീട് ഡിനോസറുകളിൽനിന്ന് പക്ഷികളും രൂപം കൊള്ളുന്നു.

3. Synapsids- ഈ വിഭാവത്തിൽ നിന്നാണ്‌ പില്‍കാലത്ത് ഇന്നത്തെ പ്രബല ജീവി വിഭാഗമായ സസ്തനികൾ വികസിക്കുന്നത്. അങ്ങനെ നട്ടെല്ലി ജീവിതം പുതിയ ദിശകളിലേക്ക് തിരിയുന്നു. പെർമിയൻ യുഗത്തിൽ ഇത്തരം തിരിവുകൾ ഉണ്ടായെങ്കിലും പക്ഷികളെ കാണണമെങ്കിൽ ജൂറാസിക് യുഗത്തിന്റെ അവസാന മധ്യ ഭാഗത്തെത്തണം. അതുപോലെ സസ്തനികളുടെ ശരിയായ വികാസം കാണണമെങ്കിലോ സിനോസോയിക്(Cenozoic) ഘട്ടത്തിന്റെ -കഴിഞ്ഞ 6.5 കോടി വർഷം മുതൽ- ആദ്യഭാഗത്ത് നോക്കണം. എങ്കിലും, പെർമിയൻയുഗം ജീവന്റെ ചരിത്രത്തിൽ വളരെ നിർണായകമാണ്‌. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലാണ്‌ ജീവലോകത്തെ മിക്കവാറും തുടച്ചുനീക്കിക്കൊണ്ട് അതിഭീകരമായ Mass Extinction സംഭവിച്ചത്. അന്ന് ഭൂമുഖത്തെ ജീവജാലങ്ങളിൽ 96 % അപ്രത്യക്ഷമായി. (അതേപ്പറ്റി വിശദമായ കുറിപ്പ് പിറകെ) എന്നിരുന്നാലും, പെർമിയൻ കൂട്ടവിനാശത്തെ നട്ടെല്ലികളും നട്ടെല്ലില്ലാത്തവയും അതിജീവിച്ചു. അതെ, ജീവന്റെ കൈത്തിരി കെട്ടുപോയില്ല. അത് പതിയെ മുന്നോട്ട്, ദൈവത്തെയോ പിശാചിനെയോ കാക്കാതെ മുമ്പോട്ട്...

നട്ടെല്ലികളുടെ ചരിത്രം ഫൊസിലുകളിലൂടെ തിരിഞ്ഞ് നോക്കുമ്പോഴാണ്‌ മുകളിൽ പറഞ്ഞ പരിണാമഗതി മനസിലാവുക. ഒപ്പം പരിണാമ ചരിത്രത്തിലെ മറ്റൊരു വസ്തുത കൂടി നാമിവിടെ കാണുന്നുണ്ട്. അതായത് ഒരു ജീവിവിഭാഗവും തനിയേ, വെവ്വേറെ രൂപം കൊണ്ടതല്ല. ഓരോന്നും അവയുടെ പൂർവ്വ രൂപങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാൽ മൽസ്യം രൂപപ്പെട്ട കാംബ്രിയൻ-ഓർഡോവിഷൻ യുഗങ്ങളിൽ നമ്മൾ ഒരിക്കലും ഒരു സസ്തനിയെ കാണില്ല,മൽസ്യത്തിന്റെ പിൽകാല പരിണാമ രൂപമാണ്‌ സസ്തനി.

ജീവന്റെ വൃക്ഷം.


ജീവൻ എന്നത് ഒരു വൃക്ഷമാണ്‌. വളർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു കൂറ്റൻ വട വൃക്ഷം. ഈ വൃക്ഷത്തിന്റെ എല്ലാ ശാഖകളും പരസ്പരം ബന്ധിക്കപ്പെട്ടവയാണ്‌. ഒരു ശാഖയ്ക്കും വേറിട്ട് തനിയെ നിലനില്പ്പില്ല. ഈ ജീവ വൃക്ഷം ആരംഭിച്ചത് കഴിഞ്ഞ 400 കോടി വർഷത്തിനിപ്പുറം വളരെ ലളിതമായ രൂപമായിട്ടാണ്‌. അതിന്റെ പില്‍കാലത്തുണ്ടായ വ്യത്യസ്തവും സങ്കീർണവുമായ ശാഖകളാണ്‌ ഇന്ന് കാണുന്ന ഓരോ ജീവിവിഭാഗവും. ഇതിലെ ശാഖകളെ നോക്കുക. വലിയ ശാഖകളിൽനിന്നും മുളപൊട്ടി വേറെ ശാഖകൾ ഉണ്ടാകുന്നു. ആ ശാഖ കുറച്ചുവലിപ്പം വെയ്ക്കുന്നു. വീണ്ടും അതിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖ വരുന്നു. അങ്ങനെ അത് ശാഖോപശാഖകളായി വളർന്നുവികസിച്ചുനില്ക്കുന്നു.

ഒരു വലിയ ശാഖയിൽനിന്നും മുളപൊട്ടി മറ്റൊരു ശാഖയുണ്ടാകുമ്പോൾ ആദ്യത്തെ ശാഖ മുളപൊട്ടിയ ശാഖയുടെ പൊതു പൂർവ്വികനാകുന്നു. തുടർന്ന് ഇപ്പോൾ മുളപൊട്ടിയ ശാഖ ക്രമേണ വികസിക്കുന്നു. പിന്നീട് ഇതിൽ നിന്നും പുതിയ ശാഖകൾ ഉണ്ടാകുന്നു. ഇതിലെ ഓരോ ശാഖയും മുമ്പത്തെ ശാഖയിൽ നിന്നും വ്യത്യസ്തതകളുള്ള ജീവി വിഭാഗമായിരിക്കും. ഇങ്ങനെയാണ്‌ വ്യത്യസ്ത ജീവി വിഭാഗങ്ങളായി ജീവന്റെ വൃക്ഷം പന്തലിച്ചുനില്ക്കുന്നത്. ഇവിടെ ഒരു ശാഖ പൊതുപൂർവ്വികശാഖയോട് എത്രമാത്രം അടുത്തുനില്ക്കുന്നുവോ (സമയം കൊണ്ട്) അത്രത്തോളം പൊതുപൂർവ്വികന്റെ ഗുണങ്ങൾ പുതിയ ശാഖയിൽ നിഴലിക്കും; ഇത് പുതിയൊരു ജീവി വിഭാഗം രൂപപ്പെടുന്നതിന്റെ സൂചനയാണ്‌. “നിലവിലുള്ള ഒരു ജീവി വിഭാഗം രണ്ടായി പിരിയുമ്പോൾ പുതിയ ജീവിവർഗം രൂപം കൊള്ളുന്നു. ജീനുകൾ വേർപിരിയുന്നു. ജനിതക കാഴ്ചപ്പാടിൽ ഇതാണ്‌ Speciation -പുതിയ ജീവികളുടെ ആവിർഭാവം- ഇതൊരു നീണ്ട ഗുഡ് ബൈ ആണ്‌.. നമ്മൾ നേരത്തെ കണ്ട, പുതുതായി രൂപം കൊണ്ട ജീവികളിലും ഈ പ്രക്രിയ ആവർത്തിക്കും. അങ്ങനെ പുതിയ speciesകൾ ഉണ്ടാകും. നട്ടെല്ലിലോകത്തെ മാത്രമെടുത്താൽ കഴിഞ്ഞ 53 കോടി വർഷങ്ങൾക്കുശേഷം ഇത് നിരന്തരം നടന്നുകൊണ്ടിരുന്നു. ഓർക്കുക, ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന എല്ലാ ജീവി വിഭാഗങ്ങളും വിജയം വരിക്കണമെന്നില്ല. പല ജീവികളും പിന്നീട് extinct ആയിട്ടുണ്ട്.

ഇങ്ങനെ രൂപപ്പെടുന്ന എല്ലാ ജീവികളും അവയുടെ പൂർവ്വികരെ സംബന്ധിച്ചുള്ള ഒട്ടനേകം തെളിവുകളുമായിട്ടാണ്‌ ജീവിക്കുന്നത്. അതെ, എല്ലാ ജീവികളിലും അവയുടെ പൂർവ്വികരെ സംബന്ധിച്ച തെളിവുകളുണ്ട്. ഒരു ജീവിയും “സൃഷ്ടി”യല്ലായെന്ന് വ്യക്തമാക്കുന്ന പരിണാമത്തിന്റെ ബാക്കിപത്രങ്ങളാണിവ. ജീവികൾ ‘സൃഷ്ടി’കളാണെങ്കിൽ അവയുടെ DNAയിൽ ഉള്ള എല്ലാ ജീനുകളും active ആയിരിക്കും. അല്ലാതെ inactive ജീനുകൾ അവിടെ ആവശ്യമില്ലല്ലോ. എന്നാൽ ഒരു ജീവിയുടെ DNA യിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നതോ, inactive ആക്കപ്പെട്ട ഒരുപാട് ജീനുകൾ. ഈ ജീനുകൾ എങ്ങനെയാണ്‌ ജീവിയുടെ DNA യിൽ വന്നത്? അത് അവയുടെ പൂർവ്വികർക്ക് ആവശ്യമായിരുന്നു.; അവയെ രൂപപ്പെടുത്തിയത് ആ ജീനുകൾ കൂടി ഉള്‍പ്പെട്ടിട്ടായിരുന്നു. എങ്കിലും പിൻഗാമികൾക്ക് ആ ജീനുകൾ ആവശ്യമില്ല. കാരണം അവയുടെ ഘടന വേറെയാണ്‌. അതിനാൽ പ്രകൃതി നിർദ്ധാരണം ആ ജീവികളെ inactive ആക്കി.

നിർവീര്യമക്കപ്പെട്ട ആ ജീനുകൾ ഇപ്പോഴും നമ്മുടെ DNAയിൽ ഉണ്ട്. അതു മാത്രമല്ല, പല ജീവികളും അവരുടെ പൂർവ്വികർക്ക് ആവശ്യമായിരുന്ന അവയവങ്ങൾ തനിക്ക് ആവശ്യമില്ലാഞ്ഞിട്ടുകൂടി vestige ആയി പേറി നടക്കുന്നവരാണ്‌. നോക്കുക, ഒരു ‘സമ്പൂർണ സൃഷ്ടിയിൽ’ ഇതിന്റെ ആവശ്യമെന്താണ്‌? ജീവികൾ “സമ്പൂർണനായ ദൈവത്തിന്റെ സൃഷ്ടികൾ” ആണെങ്കിൽ അവ തികച്ചും തനിമയുള്ളതായിരിക്കണം. അത് ദൈവത്തിന്റെ ശുദ്ധമായ പാറ്റേൺ ആയിരിക്കും. അങ്ങയാണെന്ന് മതവിശ്വാസികൾ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും അതല്ല സത്യം.

ഒരു മനുഷ്യശിശു രൂപമെടുക്കുന്ന കാര്യംതന്നെ മതി സൃഷ്ടിവാദത്തിന്റെ കാറ്റുപോകാൻ. പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ച് ബീജ കോശങ്ങൾ(അണ്ഡവും ബീജവും) ഒന്നായിച്ചേരുന്നു. 23 ക്രോമസോം വീതമുള്ള ആ രണ്ട് ബീജങ്ങൾ കൂടിച്ചേർന്ന് 23 ജോഡി ക്രോമസോമുള്ള ഒറ്റ കോശമായിത്തീരുന്നു. ആ നിമിഷം മുതൽ അത് ഒരു മനുഷ്യശിശുവിന്റെ രൂപം ആർജിക്കുന്നില്ല. 'മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്ന' മതവാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അങ്ങനെയായിരുന്നുവെങ്കിൽ കൂടിച്ചേരുന്ന നിമിഷം മുതൽ അത് ഒരു മനുഷ്യക്കുഞ്ഞായി വളർന്ന് തുടങ്ങണമായിരുന്നു. മൈക്രൊസ്കോപ്പിലൂടെ കാണാവുന്ന ഒരു കുഞ്ഞുമനുഷ്യൻ. അതിന്റെ ആന്തരികാവയവങ്ങളും ബാഹ്യാവയവങ്ങളും പൂർണമായും ഒരു മനുഷ്യന്റേതുതന്നെയായിരിക്കണം. എന്നാൽ അങ്ങനെയൊന്നുമല്ലല്ലോ മനുഷ്യന്റെ പിറവി. മനുഷ്യന്റേതുമാത്രമല്ല, ഒരു ജീവിയുടെയും പിറവി മേല്പറഞ്ഞ രിതിയിലല്ല. ജീവികൾ അവയുടെ ഭ്രൂണാവസ്ഥയിൽ അവരുടെ പൂർവ്വികരെ സംബന്ധിച്ച വ്യക്തമായ വെളിപ്പെടുത്തലുകൾ നടത്തുന്നു. Jerry Coyne പറയുന്നു: എല്ലാ നട്ടെല്ലികളും വികാസം ആരംഭിക്കുന്നത് മൽസ്യത്തിന്റെ ഭ്രൂണം പോലത്തെ ഭ്രൂണമുള്ള മൽസ്യപൂർവ്വികരിൽ നിന്നാണ്‌. അവയവങ്ങളും രക്തക്കുഴലുകളും മൽസ്യചെകിള(gill slits)കളും അസാധാരണമാംവിധം മാറ്റിമറിക്കപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും നാം കാണുന്നു. കാരണം പൂർവ്വികരുടെ ജിനുകളും അവയുടെ വികാസരീതികളും പിൻഗാമികളായ നാം നമ്മുടെ ജനിതകഘടനയിൽ  ഇപ്പോഴും വഹിക്കുന്നു." എല്ലാ നട്ടെല്ലികളും ഭ്രൂണാവസ്ഥയിൽ കടന്നുപോകുന്ന അവസ്ഥയാണിത്. എന്തുകൊണ്ടാണ്‌ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ജീവികൾ പരിണമിച്ചുണ്ടായതുകൊണ്ട് അവ ഉല്‍ഭവിച്ച വഴിയെപ്പറ്റി വ്യക്തമായ തെളിവുകൾ അവയുടെ ജനിതക ഘടനയിൽ ഉണ്ടായിരിക്കും. പരിണാമം നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ ഒരു ജീവിയെ രൂപപ്പെടുത്തുന്നത് അതിനെ "ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചല്ല", മറിച്ച് ഉള്ള ജീവികളിൽ തന്നെ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാണ്‌. അപ്പോൾ പൂർവ്വ ജീവിയെ സംബന്ധിച്ച വിവരങ്ങൾ പുതിയ ജീവി വഹിച്ചേതീരൂ.

ഓരോ ജീവശരീരവും അവയുടെ പൂർവികനെ സംബന്ധിച്ച തെളിവുകൾ തരുന്നു. ചിലപ്പോൾ അവ vestigial organ രൂപത്തിലാകും. പൂർവ്വികർക്ക് അനിവര്യമായതും എന്നാൽ നമുക്ക് അനാവശ്യമായതുമായ അവയവങ്ങളാണിവ. മറ്റൊരു തെളിവ് Atavism ആണ്‌. പൂർവ്വികർക്ക് ആവശ്യമായിരുന്ന ചില ജീനുകളാണിവ. പിൻഗാമികളിൽ ദീർഘകാലം നിശബ്ദമായി നിന്നതിനുശേഷം ചിലപ്പോൾ ഇവ ഓൺ ആകുന്നു.

വേറൊരു തെളിവ് dead genes ആണ്‌. പ്രകൃതി നിർധാരണം, പുതുതായി രൂപാന്തരം പ്രാപിച്ച ജീവികൾക്ക് ചില പൂർവ്വിക ജീനുകൾ ആവശ്യമില്ലായെങ്കിൽ അവയെ നിർവീര്യമാക്കി വിടും. അത്തരം ഒരുപാട് dead genes നമ്മുടെ ജനോമില്‍ ഉണ്ട്. ഇതെല്ലാം പരിണാമം നടന്നു എന്നതിനുള്ള ശക്തമായ തെളിവുകളാണ്‌. ഈ തെളിവുകളും പേറിക്കൊണ്ടാണ്‌ ഓരോ ജീവികളും നടക്കുന്നത്. എങ്കിൽ ആ ജീവി എങ്ങനെ ‘സൃഷ്ടി’യാകും? സൃഷ്ടി എന്നാൽ പൂർണതയാണ്‌. ‘ദൈവ’ത്തിന്റെ പദ്ധതിയനുസരിച്ചുള്ള പൂർണത. എന്നാ ഓരോ ജീവിയും അപൂർണതയാണ്‌. മനുഷ്യനടക്കം.

ഇനി നമുക്ക് മുകളിൽ പറഞ്ഞ മൂന്ന് തെളിവുകളെ പരിശോധിക്കാം. ആദ്യം vestigial organs നെ നോക്കാം. നമ്മുടെ പ്രധാനപ്പെട്ട vestige ആണ്‌ Appendix. ഇത് മിക്കവാറും എല്ലാവർക്കും അറിയുന്ന കാര്യമാണ്‌. വൻകുടലും ചെറുകുടലും കൂടിച്ചേരുന്നിടത്ത് കനം കുറഞ്ഞ സിലിണ്ടറാകൃതിയിലുള്ള, കലകളെകൊണ്ട് നിർമിതമായ പുറത്തേക്ക് തള്ളിനില്ക്കുന്ന ഭാഗം(cecum). മനുഷ്യനിൽ ഇതിന്റെ വലിപ്പം വ്യത്യസ്തമാണ്‌. ചിലപ്പോൾ 1 ഇഞ്ച് തൊട്ട് 1 അടിവരെയാകാം. ചിലര്‍ ഇത് ഇല്ലാതെയും ജനിച്ചേക്കാം. ഈ അവയവം നമുക്ക് ഒട്ടും ആവശ്യമില്ല. ഉപകാരം ഒന്നുമില്ലാത്ത, എന്നാൽ ഉപദ്രവം മാത്രമുള്ള ഒരു വിനാശകാരിയായ അവയവം. വാസ്തവത്തിൽ ഈ അവയവം നമ്മൾ വയറ്റിൽ ചുമന്നുകൊണ്ട് നടക്കുന്ന ഒരു ബോംബാണ്‌. അതിൽ അണുബാധയുണ്ടായാൽ അപ്പെൻഡിസൈറ്റിസ് ഉണ്ടാകും. അത് മൂർച്ഛിച്ചാൽ അതീവ ഗുരുതരമായിരിക്കും ഫലം; മരണം സംഭവിക്കാം. അത് സർജറി വരും മുമ്പത്തെ കഥ. ഇന്ന് പേടിക്കേണ്ടതില്ല. എങ്കിലും സർജറി വരും മുമ്പുള്ള കാലം ഒന്നോർത്തുനോക്കൂ. എത്ര ഹതഭാഗ്യർ! ഇത്ര അപകടം പിടിച്ച ഘടകം എന്താണ്‌?

ഇല മുഖ്യ ഭക്ഷണമാകുന്ന ജീവികൾക്ക് ഈ അവയവം ആവശ്യമാണ്‌. കംഗാരു, മുയലുകൾ, ആസ്ത്രേലിയൻ koala എന്നിവയിൽ ഈ അവയവം മനുഷ്യനേക്കാൾ വലുതാണ്‌. അതുപോലെതന്നെയാണ്‌ പ്രൈമേറ്റുകളിലെ ഇല ഭക്ഷകരായ Lorises, lemurs, spider monkey എന്നിവയിലും. ഈ ജീവികളിൽ സീക്കം, ബാക്റ്റീരിയയെ ഉപയോഗിച്ച് സെല്ലുലോസ് വിഘടിപ്പിച്ച്‌ പഞ്ചസാരയുണ്ടാക്കുന്നതിനുള്ള പുളിപ്പിക്കൾ പാത്രമായി വർത്തിക്കുന്നു. (ഇത് പശുവിലും മറ്റും  കാണുന്ന Extra stomachs നെപ്പോലെയാണ്‌.) പ്രൈമേറ്റുകളിൽ വളരെകുറച്ചുമാത്രം ഇലകൾ ഭക്ഷിക്കുന്ന ഒറാങ്ങ് ഊട്ടാൻ, മക്വാക കുരങ്ങ്, എന്നിവയിൽ ഇത് ചെറിയവയാണ്‌. മനുഷ്യൻ ഇല ഭക്ഷകരല്ല. നമുക്ക് സെല്ലുലോസ് വിഘടിപ്പിക്കാനുള്ള കഴിവുമില്ല. അതുകൊണ്ട് അനാവശ്യമായ ഈ അവയവം മനുഷ്യനിൽ ചുരുങ്ങി. എങ്കിലും നമ്മുടെ ഉള്ളിൽ ഈ അവയവം ഒരു അവശിഷ്ടമായി ഇപ്പോഴും തുടരുന്നു.

കരയിലെ നട്ടല്ലികളുടെ ഇല ഭക്ഷണ ചരിത്രം കാർബോണിഫറസ് യുഗത്തിന്റെ അവസാനഘട്ടത്തിൽ തുടങ്ങുന്നു. ഈ ഘട്ടത്തിലും അടുത്ത യുഗമായ പെർമിയന്റെ ആരംഭ ഘട്ടത്തിലുമായി, മൂല ഉരഗ വിഭാഗത്തിൽ നിന്നും synapsids എന്ന വിഭാഗം ജീവികൾ ആവിർഭവിക്കുന്നത്. ഇവ mammal-like reptiles ആണ്‌. ഇവയിൽ നിന്നാണ്‌ പിൽ കാലത്ത് സസ്തനികൾ ആരംഭിക്കുന്നത്.

പെർമിയൻ യുഗത്തിന്റെ ആരംഭത്തിൽ കണ്ടുവരുന്ന pelycosaurs ആണ്‌ ഈ വിഭാഗത്തിലെ അദ്യ ജീവികൾ. ഫോസില്‍ രേഖകളിൽ മൂന്ന് ഗ്രൂപ്പുകളിലായി ഇവയെ കണ്ടുവരുന്നു. ഈ pelycosaurs വിഭാഗത്തിലെ Edaphosaurus നെ ആദ്യത്തെ സസ്യഭുക്ക് ആയി കണക്കാക്കുന്നു. അവന്റെ പല്ലിന്റെ ഘടന ഈ വസ്തുതയെ വെളിവാക്കുന്നു. (പല്ലിന്റെ ഘടന നോക്കിയാൽ ഒരു ജീവിയുടെ ഭക്ഷണരീതി മനസ്സിലാക്കാം.) എന്നാൽ ഇതേ ഗ്രൂപ്പിൽ പെട്ട Dimetrodon മാംസഭുക്കാണ്. ഇത് കാണിക്കുന്നത് നമ്മുടെ ഈ പൂർവ്വികർ വ്യത്യസ്തമായ ഭക്ഷണരീതിയുമായി പൊരുത്തപ്പെട്ടു എന്നാണ്‌. ഇനി ഈ ഭക്ഷ്യരീതിയുടെ വികാസമാണ്‌ നമ്മൾ ഫോസിലിൽ കാണുന്നത്. മധ്യപെർമിയൻ - 26 കോടി വർഷം തൊട്ട്- എത്തുമ്പോൾ കുറച്ചുകൂടി വികസിതമായ mammal-like reptiles കളെ കാണാം. അവയാണ്‌ TherapsidsTherapsidsകളിലും ഒട്ടനേകം വിഭാഗങ്ങൾ ഉണ്ട്. Dicynodontsകൾ ആണ്‌ അവയിലെ പ്രധാനപ്പെട്ടവ. ഇവ സസ്യഭുക്കുകളാണ്‌. പെർമിയനിൽ ഇവയുടെ വലിപ്പം ഒരു മുയലിന്റെ വലിപ്പം മുതൽ 3 മീറ്റർ വരെ വ്യത്യാസപ്പെട്ടുന്നു. എന്നാൽ ഈ യുഗത്തിന്റെ അവസാനം നടന്ന അതി ദാരുണമായ Mass Extinctionൽ വലിയ വിഭാഗങ്ങളെല്ലാം ചത്തൊടുങ്ങി. ഇതിലെ ചെറിയ സസ്യഭുക്കുകൾ, എന്നിരുന്നാലും, കൂട്ട വിനാശത്തെ അതിജിവിച്ചു. അടുത്ത യുഗമായ ട്രയാസിക്കിൽ (24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെ) Dicynodonts വിഭാഗത്തിലെ മറ്റൊരു സസ്യഭുക്ക് Lystrosaurusനെ കാണുന്നു. ഇതോടൊപ്പം cynodonts എന്ന എന്ന വിഭാഗം ജീവികളെയും ഫോസിലിൽ കാണുന്നു. ഒരു പട്ടിയുടെ അത്രയും വലിപ്പമുള്ള അവയിൽ മാംസഭുക്കുകളും സസ്യഭുക്കുകളും ഉണ്ട്. അങ്ങനെ, കണ്ണടച്ചുതുറക്കുന്നതുപോലെ പറഞ്ഞുപോയ, ജിയോളജിക് ടൈം സ്കേലിലൂടെയുള്ള സസ്തനി വിഭാഗത്തിലേക്കുള്ള പരിണാമ വികാസത്തിൽ നമ്മൾ ഒരു ശരിയായ സസ്തനിയെ കാണുന്നത് ജൂറാസിക് യുഗത്തിന്റെ ആരംഭത്തിലാണ്‌. (20.8 കോടി മുതൽ 14.5 കോടി വരെ) ഈ കാലത്തെ ഫോസിലിൽ കാണുന്ന  Megazostrodon കാഴ്ചയിൽ ഒരു പെരുച്ചാഴിയെപ്പോലിരിക്കുന്ന, ശരിയായ സസ്തനിയാണ്‌. പിന്നീട് ഡിനോസറുകളുടെ പരിണാമവും അവയുടെ ആധിപത്യവും അതോടൊപ്പം സസ്തന ജീവിതം ഒരരികിലായതും നമുക്കറിയാവുന്നതാണ്‌(കഴിഞ്ഞ പൊസ്റ്റ് നോക്കുക). പിന്നീട് 6.5 കോടി വർഷം തൊട്ടാണ്‌ ശരിയായ അർത്ഥത്തിലുള്ള mammalian radiation സംഭവിക്കുന്നത്. അപ്പോഴും നല്ലൊരു ശതമാനം സസ്തനികളും സസ്യബുക്കുകളായിരുന്നു.

ഓരോ സസ്തനിയുടെയും ഘടനയനുസരിച്ച് സെല്ലുലോസ് വിഘടിപ്പിക്കുന്ന്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. എന്തൊക്കെയായാലും സസ്തനവിഭാഗത്തിലെ ഒരു ഓർഡർ ആയ പ്രൈമേറ്റിൽ പെടുന്ന നമുക്ക്, നമ്മുടെ പൂർവ്വികരിൽ സീക്കത്തിന്റെ ആവശ്യമുണ്ടായിരുന്നു. (പ്രൈമേറ്റുകൾക്ക് ഇത് അവരുടെ പൂര്‍വ്വികരിൽ നിന്ന് കിട്ടി. )
ഇല ഭക്ഷകരായ നമ്മുടെ  പ്രൈമേറ്റ്പൂർവ്വികർ അത് ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കും. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. കഴിഞ്ഞ 70-60 ലക്ഷം വർഷം തൊട്ട് മനുഷ്യപരിണാമം ആരംഭിച്ചപ്പോൾ സ്ഥിതി മാറുന്നു; ഭക്ഷണരീതി മാറുന്നു. അത് ധാന്യങ്ങളിലെക്കും കിഴങ്ങുകളിലേക്കും പഴങ്ങളിക്കും മാംസത്തിലേക്കും തിരിയുന്നു. അങ്ങനെ വരുമ്പോൾ സെല്ലുലോസ് ദഹിച്ചിരുന്ന അവയവത്തിന്‌ ഉപയോഗമില്ലാതാകുന്നു. ഉപയോഗമില്ലാത്ത അവയവം ക്രമേണ ചുരുങ്ങി ചുരുങ്ങിപ്പോകുന്നു. എന്നാൽ ഉപയോഗമില്ലാത്ത ഈ അവയവം നിർമിക്കാനുള്ള പ്രോഗ്രാം നമ്മിൽ ഉള്ളതുകൊണ്ട് നമ്മൾ, പ്രസ്തുത അവശിഷ്ട അവയവം പേറി നടക്കുന്നു. എന്നിരുന്നാലും കരയിൽ സംസ്ഥാപിതമായ നട്ടെല്ലി ജീവികളിൽ നിന്നും കഴിഞ്ഞ 30-28 കോടി വർഷങ്ങൾ തൊട്ടാരംഭിക്കുന്ന Synapsidകളുടെ പരിണാമത്തിൽ നിന്നും - അവരുടെ ഇല ഭക്ഷക ചരിത്രത്തിൽ നിന്നും - സസ്തനികള്‍ ഉല്ഭവിച്ചതും പിന്നീട് മൻഷ്യർ ആവിർഭവിച്ചതുമായ പരിണാമ പരമ്പരകളെ മനസ്സിലാക്കാൻ ഈ അവയവത്തിന്റെ സാന്നിധ്യം നമ്മെ സഹായിക്കുന്നുണ്ട്. എന്നാലും സൃഷ്ടിവാദികൾ ഇതേപ്പറ്റി പറയുന്ന ഒരു വാദമുണ്ട്:ഇനിയും നമുക്ക് മനസിലാകാത്ത എന്തോ പ്രവർത്തനം അതിനുണ്ടെത്രെ.! അല്ലാതെ സ്രഷ്ടാവ് ഇത്തരം ഒരവയവം നമുക്ക് നല്കില്ല.അതെ, ശരിയാണേ, മനുഷ്യന്റെ വയറ്റിൽ ഒരു ബോംബും ഫിറ്റ് ചെയ്ത് അവനെ ‘പടച്ച’ സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തിന്‌ ഒരു സല്യൂട്ട്.

ഇനി വേറൊന്ന് നോക്കാം. താങ്കൾക്ക് ചെവി ചലിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ താങ്കൾ പരിണാമത്തിന്‌ തെളിവും കൊണ്ട് നടക്കുന്നയാളാണ്‌. നമ്മുടെ പരിസരത്ത് ഈ കഴിവുള്ളയാളുകളുണ്ട്. ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ ശിരസ്സിൽ ചെവിയെ ബന്ധിപ്പിച്ചുകൊണ്ട് 3 മസിലുകളുണ്ട്. ചെവിയെ ചലിപ്പിക്കാനുള്ള സംവിധാനമാണിത്. നമ്മിൽ പലരിലും ഈ മസിലുകൾ നിഷ്പ്രയോജനമാണ്‌. എന്നാൽ അപൂർവ്വം ചിലരിൽ ഈ പേശികൾ പ്രവർത്തിക്കും; അവരിൽ ചെവി ചലിക്കും. പൂച്ചയും കുതിരയും പശുവും മറ്റും ചെവി ചലിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതേ മസിലുകൾ തന്നെയാണ്‌ മനുഷ്യനിലും ഉള്ളത്. മൃഗങ്ങൾ ഇത് ഇത് ചെയ്യുന്നത് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാണ്‌.

അവ അതുകൊണ്ട് അവയുടെ ശത്രുക്കളെ തിരിച്ചറിയുന്നു, കുട്ടികളെ കണ്ടെത്തുന്നു. ചെവി ആട്ടിക്കൊണ്ടിരിക്കുന്ന ആന പെട്ടെന്ന് ചെവി വട്ടം പിടിക്കുന്നത് കണ്ടിട്ടില്ലേ? ശബ്ദത്തിന്റെ കേന്ദ്രം കണ്ടെത്താനുള്ള ശ്രമമാണത്. അവർക്ക് ശബ്ദം മുഖ്യമായ സംവേദനോപാധിയാണ്‌. എന്നാൽ മനുഷ്യനിൽ ചെവിയുടെ മസിലുകൾ vestige ആയി കാണപ്പെടുന്നു. ഇതിന്റെ കാരണമറിയണമെങ്കിൽ നമ്മൾ ഡിനോസറുകളുടെ കാലത്തെ സസ്തനികളിലെത്തണം. ആ കാലത്തെ സസ്തനികൾ നിശാചരന്മാരായിരുന്നു. രാത്രി ജീവിതത്തിന്‌ കാഴ്ചയല്ല പ്രധാനം; മറിച്ച് ശബ്ദത്തിനും മണത്തിനുമാണ്‌ പ്രാധാന്യം. അതുകൊണ്ട് ശബ്ദം പിടിച്ചെടുക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ വികസിച്ചേ പറ്റൂ. ചെവി ചലിപ്പിക്കുമ്പോൾ വിവിധ ദിശകളിൽ നിന്നുള്ള ശബ്ദങ്ങളെ സ്വീകരിക്കുവാൻ സാധിക്കും. അതിജീവനത്തിന്‌ ഈ ഗുണങ്ങൾ അനിവാര്യമായതിനാൽ ഇതിനനുകൂലമായി നിർധാരണം നടന്നു. പിന്നീട് 6.5 കോടി വർഷത്തിനു ശേഷം ഡിനോസറുകൾ അപ്രത്യക്ഷമാവുകയും സസ്തനികൾ വ്യാപകമാവുകയും ചെയ്യുന്നു. 4.5 കോടി വർഷങ്ങൾക്കു മുമ്പേ സസ്തനികളിലെ ഒരു ഓർഡറായ പ്രമേറ്റുകൾ രംഗത്തുവരുന്നു. (മനുഷ്യനും വാലില്ലാ കുരങ്ങുകളും സാദാ കുരങ്ങുകളും ലീമറുകളുമെല്ലാം പെടുന്ന വലിയ വിഭാഗം) ഇവർ വൃക്ഷജീവിതം (വൃക്ഷ പരിസ്ഥിതി) നയിക്കുന്നവരായിരുന്നു. ഏറെ പ്രധാനപ്പെട്ടത് ഇവരിൽ ഒരു വിഭാഗം പകൽജീവിതവുമായി പൊരുത്തപ്പെട്ടവരായിരുന്നു എന്നതാണ്‌. പകൽ ജീവിതത്തിന്‌ ശബ്ദമല്ല പ്രധാനം; കാഴ്ചയാണ്‌. വൃക്ഷക്കൊമ്പിലൂടെയുള്ള നടത്തത്തിനും ചാട്ടത്തിനും വികസിതമായ കാഴ്ചശേഷി കൂടിയേ തീരൂ. ഇതിനായി ചില അനുകൂലനങ്ങൾ പ്രൈമേറ്റുകളിൽ നടന്നിട്ടുണ്ട്. പ്രൈമേറ്റുകൾക്ക് full color vision ഉണ്ട്. നമുക്ക് ഇത് സാധ്യമാകുന്ന 3 opsin ജീനുകളുണ്ട്. (ഇതര സസ്തനങ്ങൾക്ക് full color vision ഇല്ല; അവർക്ക് 2 opsin ജീനുകളേ ഉള്ളു). കാഴ്ചയ്ക്ക് പ്രാധാനുമുള്ള പരിതസ്ഥിതിൽ ജീവിക്കുമ്പോൾ ശബ്ദത്തിന്റെ പ്രാധാന്യം കുറയുന്നു; ചെവി ചലിപ്പിച്ച് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ആവശ്യകത കുറയുന്നു. അങ്ങനെ വരുമ്പോള്‍ ആവശ്യമില്ലാത്ത അവയവം ക്രമേണ ചുരുങ്ങിപ്പോകും. ആ അവസ്ഥയിലാണ്‌ നമ്മിൽ ഈ മസിലുകൾ. അത് ഇപ്പോൾ നമ്മളിൽ ഒരു അവശിഷ്ടമാണ്‌. പൂർവികരുടെ ഓർമ്മക്കായി നാമിപ്പോഴും അത് പേറി നടക്കുന്നു.

ഇനി നമുക്ക് തിമിംഗലത്തെ നോക്കാം. vestigial organs വഹിക്കുന്ന ഒന്നാംതരമൊരു ഉദാഹരണമാണ്‌ ഈ ജീവി. ഇതൊരു സമുദ്രജീവിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തിമിംഗലം ഒരു സസ്തനിയാണ്‌. അത് നമ്മെപ്പോലെ ഉഷ്ണരക്തമുള്ളതും കുട്ടികളെ പ്രസവിക്കുന്നതുമാണ്‌. ഇത്തരം ഒരു ജീവി എങ്ങനെ സമുദ്രത്തിൽ ഉണ്ടായി. നേരത്തെ നമ്മൾ സസ്തനികളുടെ പരിണാമ ചരിത്രം ഒന്നോടിത്തുകണ്ടു. ഈ പരിണാമം നടന്നത് പൂർണമായും കരയിലാണെന്നാണ്‌ ഫോസിൽ രേഖകൾ തെളിയിക്കുന്നത്. ഓർഡോവിഷനിലെ മൽസ്യ ഫോസിലുകൾക്കൊപ്പം ഒരു തിമിംഗല ഫോസിൽ കൂടി ഹാജരാക്കിയാൽ പരിണാമ ശാസ്ത്രം പൊളിയുകയായി. ഇതിനാകട്ടെ ഇന്നുവരെ ഒരു സൃഷ്ടിവാദിക്കും കഴിഞ്ഞിട്ടുമില്ല.

എന്നാൽ ഇന്ന് ജീവിക്കുന്ന തിമിംഗലങ്ങൾ സൃഷ്ടിവാദികൾക്ക് ഒരു ബാലി കേറാമലയാണ്‌. കാരണം; അത് അതിന്റെ കരയിലെ പൂർവ്വികരെ സംബന്ധിച്ച തെളിവും വഹിച്ചുകൊണ്ടാണ്‌ ജീവിക്കുന്നത്.തിമിംഗലത്തിന്റെ ശരീരത്തിൽ ഇപ്പോഴും കരയിലെ സസ്തനികൾക്കുള്ള (മനുഷ്യനും)തുപോലത്തെ ഇടുപ്പ് അസ്ഥി ഭാഗങ്ങളൂം തുടസ്ഥിയും vestige ആയി ഉണ്ട്. തിമിംഗലത്തിന്റെ അസ്ഥിക്കൂടത്തോട് ബന്ധമറ്റ നിലയിൽ ഈ അസ്ഥിഭാഗങ്ങൾ മാംസത്തിൽ തൂങ്ങിക്കിടക്കുകയാണ്‌. ഈ അസ്ഥി ഭാഗങ്ങൾ ഈ ജീവിയുടെ അസ്ഥിക്കൂടത്തിന്റെ ഭാഗം തന്നെയായിരുന്നു. പിന്നീട് ഇടുപ്പ് ഭാഗത്തിന്‌ ഉപയോഗമില്ലാതെ വന്നപ്പോൾ അവ ചുരുങ്ങിപ്പോവുകയും പ്രധാന ഭാഗത്തുനിന്ന് വേർപെട്ട് മാംസത്തിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തു. പിന്നീട് വിശദമായി പറയേണ്ട പരിണാമ കഥ ഇവിടെ ചെറുതായൊന്ന് സൂചിപ്പിച്ചുവെന്നേയുള്ളു. തിമിംഗലം ഉല്ഭവിച്ചത് കരയിലെ നാലു കാലികളിൽ നിന്നാണ്‌. സസ്തനികളിലെ ഒരു ഓർഡറായ Artiodactyla യിൽ നിന്നാണ്‌ തിമിംഗലത്തിന്റെ പരിണാമം. ഇതിലെ ഹിപ്പോ പൊട്ടൊമസ് വിഭാഗത്തിൽ നിന്നാണ്‌ 4 കോടി വർഷം മുമ്പ് ഇയോസിൻ യുഗത്തിൽ ഇവയുടെ പരിണാമം നടക്കുന്നത്. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന pakicetus എന്ന ജീവിയിൽ തുടങ്ങി കഴിഞ്ഞ 2.5 കോടി വർഷം മുമ്പ് തിമിംഗലങ്ങൾ രൂപപ്പെടുന്നതുവരെയുള്ള ഫോസിൽ രേഖകളും ജനിതക തെളിവുകളും ഇന്ന് ലഭ്യമാണ്‌. തിമിംഗലത്തിന്റെ പൂർവ്വികർ ജല ജീവിതവുമായി പൊരുത്തപ്പെട്ടപ്പോൾ-പുതിയൊരു ecological niche, പുതിയ ജീവിത പരിസ്ഥിതി- അവയുടെ മുൻ കാലുകൾ തുഴകളായി പരിണമിച്ചു. ജലമാധ്യമത്തിൽ പിൻ കാലുകൾക്ക് ഉപയോഗമില്ലാത്തതിനാൽ അവ പതിയെ ചുരുങ്ങി വന്നു. എന്നാൽ, തിമിംഗലങ്ങൾ ഇന്നും അവയുടെ കരയിലെ പൂർവികനെ വ്യക്തമാക്കിക്കൊണ്ട് ഇടുപ്പ് അസ്ഥികളും തുടയസ്ഥികളും അവശിഷ്ട ഭാഗങ്ങളായി ശരീരത്തിൽ വഹിക്കുന്നു.

ഇനി Atavisam ത്തെ നോക്കാം. പൂർവ്വികനുണ്ടായിരുന്ന ഒരു ഘടകം, പിൻഗാമിക്ക് ആവശ്യമില്ലെങ്കിലും അവയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു രീതിയാണിത്. ഇതിന്റെ നല്ലൊരുദാഹരണമാണ്‌ മനുഷ്യനിൽ വാൽ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ ജനിതകഘടനയിൽ വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. നമ്മുടെ ഭ്രൂണത്തിന്റെ വികാസത്തിൽ ആദ്യത്തെ 7 ആഴ്ചകൾക്കുള്ളിൽ ഈ വാൽ പരമാവധി വലിപ്പം വെയ്ക്കുന്നു. 7 ആഴ്ച കഴിഞ്ഞാൽ സാധാരണയായി ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആവുകയും വികാസം തടയുകയും ചെയ്യും. അങ്ങിനെ അതിലെ എല്ലുകളും ടിഷ്യൂകളും ശരീരത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. ചിലപ്പോൾ ഈ പ്രോഗ്രാം സ്വിച്ച് ഓഫ് ആകില്ല. അങ്ങിനെ സംഭവിച്ചാൽ ആ ശിശു വാലുമായി ജനിക്കും. ചില വാലുകളിൽ എല്ലുകളില്ലാതെ മൃദുവായിരിക്കും. ചിലതിൽ അസ്ഥികൾ ഉണ്ടാകും. നീളം 1 ഇഞ്ച് മുതൽ ഒരടിവരെയകാം. അതിൽ രോമങ്ങളും രക്തക്കുഴലുകളും മസിലുകളും നാഡികളും ഉണ്ടായിരിക്കും. എന്നുതന്നെയല്ല ചില വാലുകൾക്ക് ചലന ശേഷിയും ഉണ്ടായേക്കാം. ഇന്ന് ഇത്തരം ഒരു വാൽ ഉണ്ടായാൽ ഒരു പ്രശ്നവുമില്ല, സർജറി മൂലം എളുപ്പത്തിൽ അത് നീക്കം ചെയ്യാം.

എന്തുകൊണ്ടാണ്‌ നമുക്ക് ഇങ്ങനെയൊരു വാൽ നിർമ്മാണ പദ്ധതി. നട്ടെല്ലികൽ കഴിഞ്ഞ 50 കോടി വർഷത്തിലേറെയായി വാൽ ഉപയോഗിച്ചുവരുന്നു. അത്, മൻസ്യങ്ങളിൽ തുടങ്ങി സസ്തനികളിലൂടെ പ്രൈമേറ്റുകളിലെത്തിയപ്പോഴും പയോഗത്തിലിരുന്നു. എന്നാൽ പ്രൈമേറ്റിൽ നിന്ന് Hominidae- ഹോമിനിഡെ, മനുഷ്യനും വാലില്ലാ കുരങ്ങന്മാരും ചേർന്ന വിഭാഗം- രൂപപ്പെട്ടപ്പോൽ വാൽ അപ്രത്യക്ഷമായി. (ഗിബ്ബൺ, ഒറാങ്ങ് ഊട്ടാൻ, ഗറില്ല, ചിമ്പൻസി ഇവയാണ്‌ വാലില്ലാ കുരങ്ങുകൾ. 2 കോടി വർഷങ്ങൾക്കു മുമ്പാണ്‌ ഹോമിനിഡെയുടെ ആവിർഭാവം. എന്നാൽ മറ്റു പ്രൈമേറ്റുകളെപ്പോലെ ഇവർക്കും വാൽ നിർമ്മിക്കാനുള്ള ജീനുകൾ ഉണ്ട്. എന്നാൽ ഹോമിനിഡെയുടെ പൂർവ്വികനിൽ ഈ ജീൻ supress ചെയ്യപ്പെട്ടിരുന്നു. പൂർവ്വികന്റെ അതേ കോപ്പി ജീനുകൾ പിന്നീടുവന്ന എല്ലാ ഹോമിനിഡെകളും പങ്കുവെയ്ക്കുന്നു. അതുതന്നെ നമുക്കും കിട്ടി. വാലുണ്ടാകാനുള്ള പ്രോഗ്രാം ഉണ്ട്. എന്നാൽ ഭ്രൂണത്തിൽ 7 ആഴ്ച കഴിഞ്ഞാൽ ആ ജീൻ switch off ആകും. അതുകൊണ്ട് നമ്മൾ വാലില്ലാത്തവരായി ജനിക്കുന്നു. എനാൽ അപൂർവ്വമായി ഈ ജീൻ ഓഫ് ആവില്ല, അപ്പോൾ വാലുമായി ജനിക്കും.

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും

കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്ത് അവരുടെ വാളിൽ, മലപ്പുറത്തുകാരുടെ ഭാഷാശൈലിയെ കളിയാക്കിക്കൊണ്ട് കുറിച്ചിട്ട തമാശ ഇങ്ങനെ:

നാല് മലപ്പുറത്തുകാർ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ കയറി. വെയ്റ്റർ ഓർഡർ എടുക്കാൻ ടാബിളിന്നരികിൽ വന്നു ചോദിച്ചു:

'എന്താ കഴിക്കാൻ വേണ്ടത്?'

‘എത്താള്ളത്?'

 

ബിരിയാണി ഉണ്ട് സർ .

 

ഒരാള്‍ പറഞ്ഞു ,

 

‘എന്നാ ഞമ്മക്ക് ഒരു കൊയിബിര്യാണി'

വൈറ്റെർ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി -

“ച്ചും...ച്ചും.. ച്ചും“

“ച്ചും” ഒന്നൊരു അർത്ഥമുള്ള വാക്ക് മലയാളത്തിൽ ഇല്ല. എന്നാൽ സന്ദർഭത്തിൽ നിന്നും, മലപ്പുറംഭാഷ തിരിയാത്തവർക്കും സംഗതി ഊഹിച്ചെടുക്കാം. ‘എനിക്കും’ എന്നത് ആദ്യം ‘ഇച്ചും’ ആയും പിന്നീട് വെറും “ച്ചും” ആയും ലോപിക്കുകയായിരുന്നു. സത്യത്തിൽ മലപ്പുറത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രയോഗം ഇല്ല. അത് ചിലയിടങ്ങളിൽ മാത്രം ഒതുങ്ങുന്ന പ്രയോഗമാണ്. കൊണ്ടോട്ടിയിലെയും തിരൂരിലെയും പൊന്നാനിയിലെയും സംസാരഭാഷയെടുത്ത് പരിശോധിച്ചാൽ പോലും ഏറേ വൈജാത്യങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള പ്രാദേശിക സംസാരഭാഷാ പ്രയോഗങ്ങൾ മലപ്പുറത്തോ, കേരളത്തിലോ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാനാകും.

ഇനി നമ്മൾ കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക് ഒരു യാത്രപോകുന്നുവെന്ന് സങ്കൽ‌പ്പിക്കുക. കാസർഗോഡിന്റെ വടക്കെയറ്റത്തുനിന്നും യാത്ര തുടങ്ങുമ്പോൾ മലയാളത്തോടൊപ്പം കന്നടയുടെ സ്വാധീനം ഏറെ കാണാനാകും. എന്നാൽ അവിടെനിന്നും കണ്ണൂരിലേക്കും തുടർന്ന് കോഴിക്കോടേക്കും എത്തുമ്പോൾ തന്നെ വാക്കുകളീലും ശൈലികളിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ നമ്മളെ അൽഭുതപ്പെടുത്തും. വടകരക്കാരുടെ “പോയിക്കി-വന്നിക്കി-കീഞ്ഞിക്കി” പ്രയോഗങ്ങളും കോഴിക്കോടിന്റെ സ്പീഡ് കൂടിയ സംഭാഷണവും, മലപ്പുറത്തിന്റെ തനതായ “ജ്ജും” “ച്ചി മാണ്ട”യുമെല്ലാം തൃശൂരിലെത്തുമ്പോൾ വലിച്ചുനീട്ടിയ പ്രയോഗങ്ങളായി മാറുന്നതു കാണാം. എന്നാൽ അതേ സമയം നമ്മൾ ഓരോ വീടും കയറിയിറങ്ങി ആളുകളോട് സംസാരിക്കുന്നുവെന്നിരിക്കട്ടെ; അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരുടെ ഭാഷയിൽ യാതൊരു വ്യത്യാസവും അനുഭവപ്പെടുകയുമില്ല.  അടുത്തടുത്ത ഗ്രാമങ്ങളോ കവലകളൊ എടുത്ത് പരിശോധിച്ചാലും സംസാരഭാഷയിൽ വ്യത്യാസങ്ങൾ കണ്ടെത്തുക വലിയ പ്രയാസമായിരിക്കും. എന്നാൽ കാസർഗോഡുനിന്ന് കണ്ണൂരും അവിടെനിന്ന് വടകരയും കോഴിക്കോടും കൊണ്ടോട്ടിയും മലപ്പുറവും പാലക്കാടും തൃശൂരുമെല്ലാം എത്തുമ്പോൾ പ്രകടമായ വ്യത്യാസം തന്നെ അനുഭവപ്പെടും. സത്യത്തിൽ രണ്ട് പ്രദേശങ്ങളുടെ ഏത് അതിർത്തിയിൽ വെച്ചാണ് ഈ വ്യത്യാസങ്ങൾ വേർതിരിയുന്നതെന്ന് കണ്ടെത്തുക ഏറേക്കുറെ അസാധ്യമായിരിക്കും.  നമുക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത നേരിയ വ്യത്യാസങ്ങൾ ഓരോ അടുത്തടുത്ത പ്രദേശത്തും ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. വ്യത്യസ്തങ്ങളായ ഈ നേരിയ വ്യതിയാനങ്ങൾ പലവട്ടം കുമുഞ്ഞുകൂടുമ്പോഴാണ് രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലെത്തുമ്പോൾ അത് നമുക്ക് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നത്.

ഇത് ഭാഷാപ്രയോഗങ്ങളുടെ ദേശപരമായ വൈജാത്യങ്ങൾ. ഇനി നമുക്ക് കാലാന്തരങ്ങളിൽ ഒരേ പ്രദേശത്തുതന്നെ വല്ല വ്യത്യാസങ്ങളും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം. സംസാരഭാഷയിൽ മാത്രമല്ല, എഴുത്തുഭാഷയിലും കാലാന്തരത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പഴയകാലത്ത് എഴുതപ്പെട്ട പുസ്തകങ്ങളിലെ ഭാഷയും ഇന്നത്തെ ഭാഷയും തമ്മിലുള്ള വ്യതാസം പരിശോധിച്ചാൽ ഒറ്റനൊട്ടത്തിൽ തന്നെ ബോധ്യപ്പെടും. നമ്മുടെ പൂർവ്വികർ സംസാരിച്ചുകൊണ്ടിരുന്ന ഭാഷയല്ല ഇന്ന് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. തലമുറകൾ പിന്നിടുമ്പോൾ ഭാഷയിലും തുടർച്ചയായ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പത്രഭാഷയിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. എന്നാൽ ഏത് ദിവസം മുതലാണ് ഈ വ്യത്യാസങ്ങൾ ഉണ്ടായത് എന്ന് കൃത്യമായി പറയുക സധ്യമല്ല. പ്രാദേശികമായ വ്യതിയാനങ്ങൾ സംഭവിച്ച രീതിയിൽ തന്നെ, കാലാന്തരത്തിൽ സംഭവിക്കുന്ന നേരിയ വ്യതിയാനങ്ങൾ കുമിഞ്ഞുകൂടി കാലത്തിന്റെ രണ്ട് വ്യത്യസ്ത പോയിന്റുകളിൽ വെച്ച് നമ്മൾ പരിശോധിക്കുമ്പോൾ അത് നമുക്ക് പ്രകടമായി അനുഭവപ്പെടുകയാണ് ചെയ്യുന്നത് എന്ന് വ്യക്തം.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ തന്നെ ചരിത്രം എടുത്ത് പരിശോധിച്ചാൽ ഏറേ അൽഭുതകരമായി തോന്നും. ഇന്ന് കാണുന്ന എല്ലാവിധ ശൈലിയോടും പ്രയോഗങ്ങളോടും വ്യാകരണങ്ങളോടും കൂടി ഒരിടത്ത് താനെ ഉണ്ടായി വന്നതല്ല മലയാള ഭാഷ. എ ഡി ഒമ്പതാം നൂറ്റാണ്ടിലാണ് മലയാളം ഉരുത്തിരിഞ്ഞുവന്നതെന്ന് കരുതപ്പെടുന്നു.ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം,തമിഴ്, കന്നട, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നുണ്ട്. മൂ‍ലഭാഷയിൽ നിന്ന് കന്നടയും തെലുങ്കും വേർപിരിഞ്ഞ ശേഷം ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു. ഇതിൽ കൊടുംതമിഴിൽ നിന്നും പിന്നീട് ഉരുത്തിരിഞ്ഞതാണ് മലയാളം എന്ന അഭിപ്രായത്തിനാണ് ഇന്ന് സ്വീകാര്യത കൂടുതൽ. സംസ്കൃതഭാഷയിൽ നിന്നുള്ള വാക്കുകൾ പിന്നീട് മലയാളത്തെ സമ്പുഷ്ടപ്പെടുത്തിയതായും കരുതപ്പെടുന്നു. ഇന്ന് ഇംഗ്ലീഷിൽ നിന്നും അറബിയിൽ നിന്നും മറ്റ് ഇതരഭാഷകളിൽ നിന്നും കടമെടുത്ത വാക്കുകളും മലയാളത്തിൽ ഏറെയുണ്ട്.

കൊടുംതമിഴിൽ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞത് എന്ന് പറയുമ്പോൾ, അതിന് ഏതെങ്കിലും ഒരു പ്രത്യേക കാലത്ത് പെട്ടെന്ന് വേർപിരിഞ്ഞുവെന്നോ അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവ്വം വേർപെടുത്തിയെന്നോ അർത്ഥമില്ല. ഇത്തരത്തിലുള്ള വഴിപിരിയലുകൾക്ക് പിന്നിൽ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പല ഘടകങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ഇന്നത്തെപ്പോലെ മറ്റ് പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന യാത്രാസൌകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പ്രാദേശികമായ ആചാരങ്ങളും, ജീവിതരീതികളും, വീക്ഷണങ്ങളും, ഒപ്പം പുറമെനിന്ന് എത്തിയ ജനവിഭാഗങ്ങളുടെ സ്വാധീനവും ഭാഷാപരിണാമത്തിൽ മുഖ്യ പങ്ക് വഹിച്ചിരിക്കാമെങ്കിലും മലയാളനാടിനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വേർതിരിക്കുന്ന സഹ്യപർവ്വതം സൃഷ്ടിച്ച ഭൂമിശാസ്ത്രപരമായ വേർപെടുത്തൽ ആണ് മലയാളത്തെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഷയായി പരിണമിപ്പിച്ചത് എന്നാണ് വിദഗ്ദമതം. കോഴിക്കോടൻ ഭാഷയും, തൃശൂർ ഭാഷയും തിരുവനന്തപുരം ഭാഷയും, മറ്റനേകം പ്രാദേശിക സംസാരരീതികളും കേൾക്കുമ്പോൾ ഇതരദേശക്കാർക്ക് ഒറ്റയടിക്ക് മനസ്സിലാക്കാൻ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാ‍കില്ല. എന്നാൽ മലയാളം മാത്രമറിയാവുന്ന ഒരു മലയാളിക്ക് തമിഴ് ഭാഷ കേൾക്കുമ്പോൾ കാര്യമായൊന്നും മനസ്സിലാകില്ല, ചില വാക്കുകളുടെ അർത്ഥം പിടികിട്ടാമെങ്കിലും. പ്രാദേശികമായി കാലാന്തരത്തിൽ കുമിഞ്ഞുകൂടുന്ന നേരിയ വ്യതിയാനങ്ങൾ ഇത്തരത്തിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലുത്തുമ്പൊഴാണ് നാം ഇവയെ വ്യത്യസ്ത ഭാഷകളായി എണ്ണുന്നത്. കന്നടയും, തലുങ്കും, തമിഴും, കൊടഗുമെല്ലാം ഇത്തരത്തിൽ പരസ്പരം മനസ്സിലാക്കാൻ കഴിയാത്തവിധം പ്രത്യേകമായി പരിണമിച്ചപ്പോഴാണ് പ്രത്യേക ഭാഷകളായി പരിഗണിച്ചുതുടങ്ങിയതെന്ന് സാരം.

മലയാളത്തിന്റെ മാത്രമല്ല, മറ്റേതൊരു ഭാഷയുടെയും ഉൽ‌പ്പത്തി ചികഞ്ഞാൽ ഇത്തരത്തിലുള്ള ചരിത്രങ്ങൾ നമുക്ക് മുന്നിൽ അനാവൃതമാകും. സ്പാനിഷ്, ഇറ്റാലിയൻ, പോർചുഗീസ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ റോമാനിക് ഭാഷാ കുടുംബത്തിൽ (Romance Language) പെടുന്നു. ഡച്ച്, ജർമ്മൻ, സ്കാഡിനേവിയൻ ഭാഷകൾ ജർമനിക് ഭാഷാ (Germanic Family) കുടുംബത്തിൽ പെടുന്നു. അതുപോലെ ഹിന്ദിയും സംസ്കൃതവുമുൾപ്പെടെ മിക്ക ഉത്തരേന്ത്യൻ ഭാഷകളും ദേവനാഗരി ലിപിയിൽ ആണ് എഴുതപ്പെടുന്നത്. ഇന്ന് ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെങ്കിലും വലിയ വൈവിധ്യം ഇതിൽപോലും കാണാം. നമുക്കെല്ലാം കേട്ട് പരിചയമുള്ള ഒരു പഴയ കഥയുണ്ടല്ലോ. പണ്ട്, ഒരു സമ്മേളനത്തിൽ ഒരു ഇന്ത്യക്കാരൻ ഇംഗ്ലീഷിൽ സംസാരിച്ചുകഴിഞ്ഞ ശേഷം അത് കേട്ട ഒരു ഇംഗ്ലീഷ് സായിപ്പ് പറഞ്ഞുവെത്രെ, ഇദ്ദേഹം സംസാരിച്ച ഭാഷയ്ക്ക് ഞങ്ങളുടെ ഭാഷയുമായി നല്ല സാമ്യം തോന്നുന്നുണ്ടല്ലോയെന്ന്!

ഭാഷകളുടെ പരിണാമത്തെക്കുറിച്ച് ഇത്രയും പറഞ്ഞത്, ജൈവലോകത്ത് നടക്കുന്ന പരിണാമത്തിന്റെയും ഭാഷാപരിണാമത്തിന്റെയും രീതിശാസ്ത്രങ്ങൾ തമ്മിലുള്ള അസാമാന്യമായ സാമ്യം ബോധ്യപ്പെടുത്തുവാനാണ്. ഒരേ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ തമ്മിൽ കാലങ്ങളോളം പരസ്പരം ബന്ധമില്ലാത്ത വിധം ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെടുന്ന അവസ്ഥയിലാണ് അവരുടെ ഭാഷ വ്യത്യസ്തമായി പരിണമിക്കുന്നത് എന്ന് നാം കണ്ടു. ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലുകളും, രാജ്യങ്ങളെ വേർതിരിക്കുന്ന പർവ്വതങ്ങളും, പരസ്പരം കാൽ നടയായി എത്തുച്ചേരാവുന്നതിലധികമുള്ള ദൂരവും ഇത്തരത്തിൽ ഭാഷയുടെ പരിണാമത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുവെങ്കിൽ ജൈവസമൂഹത്തിന്റെ പരിണാമത്തിന് കാരണമാകുന്നത് പരസ്പരം ബന്ധപ്പെടാത്തവിധം വേർതിരിക്കുന്ന ദ്വീപ്(Islands)വൽക്കരണമാണ്. ദ്വീപ് എന്ന് പറയുമ്പോൾ അത് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കരപ്രദേശം തന്നെ ആയിരിക്കണമെന്നില്ല. ഒരു മരുഭൂമിക്കു നടുവിലെ ഫലഭൂയിഷ്ടമായ മരുപ്പച്ച( Oasis) അവിടെ ജീവിക്കുന്ന ഒരു തവളയെ സംബന്ധിച്ച് ഒരു ദ്വീപ് ആയി പരിഗണിക്കാവുന്നതാണ്. ഒരു മത്സ്യത്തെ സംബന്ധിച്ച് അത് ജീവിക്കുന്ന തടാ‍കം പുറം ലോകവുമായി ബന്ധമില്ലാത്ത വിധം ഒരു ദ്വീപ് ആയി പരിഗണിക്കാം. പേനിന്റെ കാര്യത്തിൽ ഒരു തലയാകാം ഒരു ദ്വീപ്. ഭാഷയുടെ കാര്യത്തിലായാലും, ജീവിലോകത്തിൽ ജീൻ പൂളിന്റെ(Gene Pool) കാര്യത്തിലായാലും ഒരു ‘ദ്വീപി‘ലെ പോപ്പുലേഷൻ മറ്റൊരു ‘ദ്വീപി‘ലെ പോപ്പുലേഷനുമായി പരസ്പരബന്ധമില്ലാത്തവിധം വേർതിരിക്കപ്പെടുമ്പോഴാണ് അവയ്ക്ക് സ്വതന്ത്രമായി പരിണമിക്കാനുള്ള അവസരമുണ്ടാകുന്നത്.

Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപ വർഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാൽ ഇത് ഓർത്തുവെക്കാൻ വളരെ എളുപ്പമാണ്. ഒരു ജീവി കുടുംബത്തിൽ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. ഒരു ജീവിയുടെയോ സസ്യത്തിന്റെയോ ശാസ്ത്രീയനാമത്തിൽ രണ്ട് ലാറ്റിൻ(Latin) വാക്കുകൾ ഉണ്ടാകും, ഇത് സാധാരണ italic- ൽ ആണ് എഴുതുന്നത്. ഇതിൽ ആദ്യത്തെ വാക്ക് ചില പ്രത്യേക സ്പീഷീസുകളുടെ ഗ്രൂപ്പ് ഉൾപ്പെടുന്ന ജീനസിനെയും(Genus), രണ്ടാമത്തെ വാക്ക് ജീനസിനുള്ളിലെ വ്യക്തിഗത സ്പീഷീസിനെയും സൂചിപ്പിക്കുന്നു. ഉദാഹരണം: Homo Sapiens ( മനുഷ്യൻ), 
Elephas maximus (ആന) തുടങ്ങിയവ. ഒരോ സ്പീഷീസും ഒരു ജീനസിലെ അംഗമായിരിക്കും. Homo ഒരു ജീനസ് ആണ്. അതുപോലെ Elephas ഉം. നമ്മുടെ ജീനസിലെ അതിജീവിച്ച ഒരേയൊരു സ്പീഷീസ് ആണ് മനുഷ്യൻ. പക്ഷേ, അതിജീവിക്കാൻ കഴിയാതെ മണ്ണടിഞ്ഞുപോയ നിരവധി സ്പീഷീസുകൾ ഹോമോ ജീനസിൽ ഉൾപ്പെട്ടിരുന്നതിന് ഫോസിൽ രേഖകളിൽ വ്യക്തമായ തെളിവുകൾ ഉണ്ട്. ഹോമോ ഇറക്റ്റസ്, ഹോമോ ഹാബിലിസ് തുടങ്ങിയവ ഹോമോ ജീനസിൽ പെടുന്നുവെങ്കിൽ ചില മനുഷ്യസമാനമായ ഫോസിലുകൾ ഹോമോയിൽനിന്ന് വ്യത്യസ്തമായ ജീനസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഉദാഹരണം: ആസ്ത്രലോപിത്തക്കസ് ആഫ്രിക്കാനസ്(Australopithecus Africanus, ആസ്ത്രലോപിത്തക്കസ് അഫരൻസിസ്(Australopithecus Afarensis) തുടങ്ങിയവ.

ഓരോ ജീനസും ഒരു ഫാമിലിയിൽ ഉൾപ്പെടുന്നു. സിംഹം, പുള്ളിപ്പുലി, ചീറ്റ, കാട്ടുപൂച്ച, വ്യത്യസ്തയിനം പൂച്ചകൾ തുടങ്ങിയവയുടെ ജീനസുകൾ Felidae ഫാമിലിയിൽ ഉൾപ്പെടുന്നു.  ഒരോ ഫാമിലിയും ഒരു ഓർഡറിലെ അംഗമാണ്. പൂച്ചകൾ, നായകൾ, കരടി, കീരി, കഴുതപ്പുലി തുടങ്ങിയവ Carnivora ഒർഡറിലെ വ്യത്യസ്ത ഫാമിലികളെ പ്രതിനിധാനം ചെയ്യുന്നു. പ്രൈമേറ്റ് (primates) എന്ന ഓർഡറിലെ വ്യത്യസ്ത ഫാമിലിയിൽ പെടുന്നവയാണ് കുരങ്ങുകൾ, ആൾകുരങ്ങുകൾ, മനുഷ്യൻ, ലീമറുകൾ തുടങ്ങിയവ. അതുപോലെ ഒരുപാട് ഓർഡറുകൾ ഒരു ക്ലാസ്സിൽ (Class) ഉൾപ്പെടുന്നു. എല്ലാ സസ്തനികളും Mammalia എന്ന ക്ലാസിലെ അംഗങ്ങളാണ്.

ഇവിടെ ശാഖോപശാഖകളായി തിരിയുന്ന ഒരു വൃക്ഷമാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്. നിരവധി ശാഖകളും, ശാഖയുടെ ശാഖകളും, അവയുടെ ശാഖകളും, അവയുടെയെല്ലാം നിരവധി ഉപശാഖകളുമുള്ള  ഒരു വലിയ വൃക്ഷം. മണ്ണിൽ വേരൂന്നി നിൽക്കുന്ന ഈ വൻ വൃക്ഷം നമ്മുടെ ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

ഭാഷകൾ വേർപെടുന്നതുപോലെതന്നെ കാലത്തിന്റെയും ദേശത്തിന്റെയും അതിരുകളിൽ സ്പീഷീസുകളും വേർപെട്ടുകൊണ്ടിരിക്കുകയാണ്. വാക്കുകൾ ഭാഷയെ ഏതുവിധത്തിൽ നിർമ്മിക്കുന്നുവോ, അതുപോലെ ഓരോ ജീവിയും എങ്ങനെയിരിക്കണമെന്ന് നിർണയിക്കപ്പെടുന്നത് അതിന്റെ DNA യെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് ഭാഷയിൽ വാക്കുകളുടെ ധർമ്മം ഒരു ജീവിയുടെ നിർമ്മിതിയിൽ അതിന്റെ DNA യ്ക്കാണുള്ളതെന്ന് സാരം. ഓരോ ജീവിയും ജനിക്കുന്നത് അതിന്റെ മാതാപിതാക്കളുടെ DNAയുടെ മിശ്രണത്തോടെയാണ്. ജീവികൾക്കിടയിലെ വ്യക്തിഗത ലൈഗികതയിലൂടെ പോപ്പുലേഷനുകൾക്കകത്ത് ജീൻ പ്രവാഹമാണ് നടക്കുന്നത്. ജൈവശരീരത്തിലെ കോശങ്ങൾക്കകത്താണ് ജീനുകൾ ഉള്ളത്. ലൈംഗിക പ്രത്യുല്പാദനം നടക്കുമ്പോൾ മാതാപിതാക്കളുടെ ജീനുകളുടെ ‘മിശ്രണ‘മാണ് നടക്കുന്നത്. ഇവിടെ മിശ്രണമെന്ന് പറയുമ്പോൾ നിറങ്ങൾ കൂടിക്കലരുന്നതുപോലെ ജീനുകൾ തമ്മിൽ കലരുന്നില്ല. കുറെയെണ്ണം ശീട്ടുകൾ കൂട്ടിക്കലർത്തിയശേഷം അവയിൽ നിന്നും നിശ്രിത എണ്ണം തെരഞ്ഞെടുക്കുന്ന പ്രക്രിയയാണവിടെ നടക്കുന്നത്. അതായത് ഏതെങ്കിലും ഒരു പ്രത്യേക ജീനെടുത്താൽ ഒന്നുകിൽ മാതാവിൽ നിന്ന്, അല്ലെങ്കിൽ പിതാവിൽ നിന്ന് ലഭിച്ച അതിന്റെ പതിപ്പാണ് ഏതൊരു അണ്ഡത്തിലും, അല്ലെങ്കിൽ ബീജത്തിൽ, ഉള്ളത്. അല്ലാതെ മാതവിന്റെയും പിതാവിന്റെയും ജീനുകൾ കൂടിക്കലർന്ന സങ്കരജീനല്ല കുട്ടികൾക്ക് ലഭിക്കുക. ഇത്തരത്തിൽ നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് മിശ്രണം(shuffled) ചെയ്യപ്പെട്ട് നിങ്ങൾക്ക് ലഭിക്കുന്ന ജീനുകൾ നിങ്ങളുടെ നാല് മാതാ/പിതാമഹന്മാരുടേതാണ്. ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വർഷങ്ങളിലൂടെ ഈ പ്രക്രിയ ആവർത്തിക്കുമ്പോൾ അത് ഒരു പോപ്പുലേഷനകത്ത് കൂടിക്കലർന്ന് പരസ്പരം കുഴഞ്ഞുമറിയുന്നു. ഇതിനെയാണ് ജീൻ പൂൾ (gene pool) എന്ന് വിളിക്കുന്നത്.

പരസ്പരം ബന്ധമില്ലാതെ കാലങ്ങളോളം വേർപെട്ട് നിൽക്കുമ്പോഴാണ് ഭാഷകൾ വ്യത്യസ്തമായി മാറുന്നതെന്ന് നാം കണ്ടു. മലയാളവും തമിഴും വേർപെട്ടതുപോലെ, ഇറ്റാലിയനും ഫ്രഞ്ചും വഴിപിരിഞ്ഞതുപോലെ, ഒരേ സ്പീഷിസിനകത്തുള്ള വ്യത്യസ്ത പോപ്പുലേഷനുകൾ കാലങ്ങളോളം പരസ്പരം വേർപെട്ട് ജീൻ ഫ്ലോ (Gene flow) ഇല്ലാതാകുന്നതിലൂടെ, പരസ്പരം കൂടിച്ചേന്ന് പുതിയ തലമുറയെ ഉല്പാദിപ്പിക്കാനുള്ള ശേഷി കാലാന്തരത്തിൽ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭാഷകളിലെ വാക്കുകൾ പരസ്പരം മനസ്സിലാകാ‍ത്തവിധം മാറുന്നതുപോലെ ഒരേ സ്പീഷീനകത്ത് നടക്കുന്ന ഇത്തരം വേർപെടൽ അവയുടെ DNA കൾ പരസ്പരം ‘മനസ്സിലാക്കാനാകാത്ത‘വിധം അകലുന്നതിന് ഇടയാക്കുന്നു. ഈ സമയത്ത് നാം അവയെ വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കുന്നു. ലൈംഗികബന്ധത്തിലൂടെ പുനരുല്പാദനശേഷിയുള്ള കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള ശേഷിയുള്ള ജീവികളെയാണ് ഒരേ സ്പീഷീസായി പരിഗണിക്കുന്നതെന്ന് സാരം. കുതിരയ്ക്കും കഴുതയ്ക്കും പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയും. ഇവ രണ്ടിന്റെയും DNA കൾക്ക് പുതിയൊരു ജീവിക്ക് ജന്മം നൽകാൻ കഴിയും വിധം പരസ്പരം മനസ്സിലാക്കാൻ- മിശ്രണം ചെയ്യാൻ- ശേഷിയുണ്ട്. പക്ഷേ, അങ്ങനെ ജനിക്കുന്ന കുട്ടിക്ക് വീണ്ടും മറ്റൊരു കുട്ടിക്ക്(പുതിയൊരു തലമുറയ്ക്ക്) ജന്മം നൽകാൻ കഴിയും വിധം ആ ശേഷിയില്ല താനും. അതായത് കുതിരയ്ക്കും കഴുതയ്ക്കും ജനിക്കുന്ന കോവർകഴുത(Mule) യ്ക്ക് പുനരുല്പാദന ശേഷിയില്ല. ആയതിനാൽ കുതിരയും കഴുതയും വ്യത്യസ്ത സ്പീഷീസുകളിൽപെടുന്നു. തൊട്ടടുത്ത പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നതിനാൽ ഈ രണ്ട് ജീവികളും കസിനുകളായി പരിഗണിക്കപ്പെടുന്നു. കുതിരകളും കഴുതകളും Equus എന്ന ജീനസിനകത്ത്Equus caballus, Equus assinus എന്നീ രണ്ട് സ്പീഷീസുകളിൽ ഉൾപ്പെടുന്നു. കുതിരകളും, നായകളും പ്രത്യുല്പാദനശേഷിയില്ലാത്ത ഒരു കുഞ്ഞിനുപോലും  ജന്മം നൽകുന്നില്ലെന്ന് മാത്രമല്ല, അവ പരസ്പര ലൈംഗികതയ്ക്ക് ശ്രമിക്കുന്നുപോലുമില്ല. കൂടുതൽ അകന്ന ഒരു പൊതുപൂർവ്വികനെയാണ് അവ പങ്കുവെയ്ക്കുന്നതെന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. എന്നാൽ ആകാരത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഭീമാകാരരായ വേട്ടനായ്ക്കളും കുഞ്ഞന്മാരായ വീട്ടുനായ്ക്കളും(Toy dogs) പരസ്പരം ലൈംഗികമായി ബന്ധപ്പെടുന്നെന്ന് മാ‍ത്രമല്ല, പ്രത്യുല്പാദനശേഷിയുള്ള നായ്ക്കുട്ടികളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു എന്നതിനാൽ അവയെ ഒരേ സ്പീഷീസിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭൂമുഖത്ത് ഇന്ന് അവശേഷിക്കുന്നവയിൽ മനുഷ്യനുമായി, ഏറ്റവുമടുത്ത പൊതുപൂർവ്വികനെ പങ്കുവെക്കുന്ന ജീവി ചിമ്പാൻസിയാണ്. മനുഷ്യനും ചിമ്പാൻസിയും പങ്കുവെയ്ക്കുന്ന പൊതുപൂർവ്വികനെ കണ്ടെത്തണമെങ്കിൽ നമ്മൾ ചുരുങ്ങിയത് 60 ലക്ഷം വർഷങ്ങൾ പിറകോട്ട് പോകണം. അത്തരമൊരു വേർപിരിയൽ സംഭവിക്കണമെങ്കിൽ ഭൂമിശാസ്ത്രപരമായ ഒരു വിഭജനരേഖ അതിൽ  മുഖ്യ പങ്കുവഹിച്ചിരിക്കണം. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി(Great Rift Vally)യാണ് ഇതിന് വേദിയായതെന്നാണ് വിദഗ്ദമതം; ഇതിന്റെ കിഴക്കുഭാഗത്ത് മനുഷ്യനും പടിഞ്ഞാറുഭാഗത്ത് ചിമ്പാൻസിയും പരിണമിച്ചുണ്ടായതായി കരുതപ്പെടുന്നു. ഇത്തരത്തിൽ വേർപിരിഞ്ഞ ചിമ്പാൻസി പൂർവ്വികർ പിന്നീട്, സാധാരണ ചിമ്പാൻസികളും, പിഗ്മി ചിമ്പാൻസി(Bonobos)കളുമായി വ്യത്യസ്ത സ്പീഷീസുകളായി വേർപിരിയുന്നു. ഈയൊരു വഴിപിരിയലിനു കാരണമായിഭവിച്ചത് കോംഗോ നദിതീർത്ത വലിയൊരു ‘ഇടമതിലാ‘യിരുന്നു.

 

ആധുനികലോകത്ത് അതിജീവനം നേടിയ എല്ലാ സസ്തനികളുടെയും പൊതുപൂർവ്വികർ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നത് 18.5 കോടി വർഷങ്ങൾക്ക് മുമ്പായിരുന്നു. അവയുടെ പിന്തുടർച്ചക്കാർ ശാഖകളായി, അവയുടേ ശാഖകളായി, അവയുടെ ശാഖകളായി…. ശാഖോപശാഖകളായി ഇന്നുകാണുന്ന ആയിരക്കണക്കിനു സസ്തന സ്പീഷീസുകളായി വേർപിരിഞ്ഞു. അവ മാംസഭോജി(Carnivores)കളുടെ 231 സ്പീഷീസുകളായും(ഉദാ: നായകൾ, പൂച്ചകൾ, കീരികൾ) , കാർന്നുതിന്നുന്ന വർഗത്തിന്റെ(Rodents) 2000 സ്പീഷീസുകളായും, തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും 88 സ്പീഷീസുകളായും, പിളർന്ന കുളമ്പുള്ള മൃഗങ്ങളുടെ (Cloven hoofed) 196 സ്പീഷീസുകളായും (ഉദാ: പശുക്കൾ, മാനുകൾ, പന്നികൾ, കൃഷ്ണമൃഗം, ആടുകൾ), കുതിരയുടെ കുടുംബത്തിൽ (കുതിര, സീബ്ര, കണ്ടാമൃഗങ്ങൾ) പെട്ട 16 സ്പീഷീസുകളുടെയും, മുയൽ വർഗത്തിന്റെ 87 സ്പീഷീസുകളായും, വവ്വാലുകളുടെ 977 സ്പീഷീസുകളായും, കംഗാരുക്കളുടെ 87 സ്പീഷീസുകളായും, മനുഷ്യൻ ഉൾപ്പെടെയുള്ള കുരങ്ങുവർഗത്തിന്റെ 18 സ്പീഷീസുകളായും ഇന്ന് ഭൂമുഖത്ത് അതിജീവനസമരത്തിലേർപ്പെട്ട് ജീവിക്കുന്നു. ഇതിലുമെത്രയോ ഇരട്ടി സ്പീഷീസുകൾ ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടിട്ടുമുണ്ട്. ഇതിൽ വംശനാശം സംഭവിച്ചവയിൽ, ഫോസിലുകളിൽ നിന്ന് കണ്ടെത്താനായ ചില മനുഷ്യവംശങ്ങളും ഉൾപ്പെടുന്നു

ഭാഷകളുടെയും ജൈവലോകത്തിലെയും പരിണാമത്തിലെ സമാനതകൾ നമ്മൾ കണ്ടു. എന്നാൽ സ്പീഷീസുകളുടെയും ഭാഷയുടെയും വേർപിരിയലിന്റെ കാര്യത്തിൽ സുപ്രധാനമായ ചില വ്യത്യാസങ്ങളും എടുത്തുപറയേണ്ടതുണ്ട്. പരസ്പരം വേർപിരിഞ്ഞശേഷവും ഭാഷകൾക്ക് പരസ്പര സമ്പർക്കത്തിലൂടെ പിന്നീട് വാക്കുകളെ ‘ദത്തെടുക്കാൻ‘ കഴിയുന്നു എന്നതാണ് ഇതിലെ മർമ്മപ്രധാനമായ വ്യത്യാസം. ഇതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ സംസാരഭാഷയിൽ പോലുമുണ്ട്. കറി, വെരാന്ത, ചുരൂട്ട്, ഷോൾ, മൺസൂൺ തുടങ്ങിയ സാധാരണ വാക്കുകൾ വിദേശഭാഷകളായ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ കൊളോണീയൽ ഭാഷകളുടെ സ്വാധീനത്തിൽ മലയാളത്തിൽ എത്തിയവയാണ്. ഇംഗ്ലീഷ് ആകട്ടെ, ‘ഷാമ്പൂ‘വിനെ ഹിന്ദിയിൽ നിന്നും, ‘ബംഗ്ലാവി’നെ ബംഗാളിയിൽ നിന്നും കടമെടുത്തിരിക്കുന്നു. ഇത്തരത്തിൽ നിരവധി പുറത്തുനിന്നുള്ള വാക്കുകൾ ഓരോ ഭാഷയ്ക്കും മുതൽകൂട്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കൽ വേർപെട്ട ശേഷം ജന്തുസ്പീഷീസുകൾ പരസ്പര സമ്പർക്കത്തിലൂടെ DNA കൈമാറ്റം ചെയ്യുന്നില്ല. സ്പീഷീസിനകത്ത് മാത്രമേ ജീൻഫ്ലോ നടക്കുന്നുള്ളു, അത് സ്പീഷീസിനകത്ത് സുരക്ഷിതമാണ്. ഇതിനൊരപവാദം ബാക്റ്റീരിയകൾ മാത്രമാണ്.

ഒരു പ്രത്യേക സ്പീഷീസിനകത്തെ, ഒരു പോപ്പുലേഷനിലെ ഒരോ വ്യക്തിയും ആ ജീൻപൂളിന്റെ ഒരു സാമ്പിൾ മാത്രമാണെന്ന് നാം കണ്ടു. ഒരു പോപ്പുലേഷനകത്തെ രണ്ട് ജീവികളുടെ ജീനുകൾ ഒരേ ജീൻപൂളിന്റെ അംശങ്ങൾ തന്നെയായിരിക്കും. എന്നാൽ രണ്ട് വ്യത്യസ്ത ജീവികളുടെ ജീനുകൾ ഒരിക്കലും കൂടിക്കലരാൻ ഇടവരുന്നില്ല. നായയും പൂച്ചയും മിത്രങ്ങളായോ ശത്രുക്കളയോ ഒരേ സ്ഥലത്ത് ഒരുമിച്ച് ജീവിച്ചിരിക്കുമ്പോഴും എല്ലാ ദിവസവും കണ്ടുമുടുമ്പോഴും അവയുടെ ജീനുകൾ ഒരിക്കലും മിശ്രണം ചെയ്യപ്പെടുന്നില്ല. അതുപോലെ ഒരേ സ്പീഷീസിൽ പെട്ട പോപ്പുലേഷനുകൾ കാലങ്ങളോളം ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അകന്നു ജീവിക്കാനിടവരികയും പിന്നീട് എപ്പോഴെങ്കിലും ദീർഘകാലത്തിനുശേഷം കണ്ടുമുട്ടാനിടവരികയും ചെയ്താൽ അവയ്ക്ക് പരസ്പര ലൈംഗികത അസാധ്യമായിത്തീരും. തുടർന്ന് അവയുടെ ജീനുകൾ ഒരിക്കലും മിശ്രണം ചെയ്യപ്പെടാനിടവരാതെ അകറ്റപ്പെടുകയും ദശലക്ഷക്കണക്കിനു വർഷങ്ങൾക്കുശേഷം അവ വ്യത്യസ്തമായി പരിണമിക്കുകയും ചെയ്യാം. മനുഷ്യനും പാറ്റകളും തമ്മിൽ എത്രമാത്രം വ്യത്യാസമുണ്ടൊ അതിലുമധികം വ്യത്യാസത്തോടെ.

ജൈവപരിണാമം കൂടുതൽ തെളിവുകൾ-ഭാഗം 2

 

Atavism ത്തിന്റെ വേറൊരു ഉദാഹരണം ഇനി നോക്കാം. എല്ലാ നട്ടെല്ലികളിലും കൈകാലുകളിൽ വിരലുകൾ ഉണ്ട്. നമുക്ക് രണ്ടിലും കൂടി ഇരുപത് വിരലുകൾ. എന്നാൽ പല നട്ടെല്ലികളിലും അവ അനുകൂലനം നേടിയ പരിതസ്ഥിതിക്കനുസരിച്ച് വിരലുകളിൽ വ്യത്യാസം വന്നിട്ടുണ്ട്. നട്ടെല്ലികളിൽ കഴിഞ്ഞ 37 കോടി വർഷങ്ങൾക്കുമുമ്പുതന്നെ കൈകാലുകളിൽ വിരലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് രൂപപ്പെട്ട ജനിതകപ്രോഗ്രാം പിന്നീട് വന്ന എല്ലാ നട്ടെല്ലി വിഭാഗങ്ങളിലേക്കും പകർന്നു. തുടർന്നുള്ള പരിണാമഘട്ടങ്ങളിൽ, രൂപം കൊണ്ട എല്ലാ ജീവികളും അവർ അനുകൂലനം നേടിയ പരിസ്ഥിതിക്കനുസരിച്ച് വിരലുകൾ വ്യത്യസ്ത രൂപങ്ങളിൽ ഫോസിലിൽ കാണപ്പെടുന്നു. ഈ പ്രോഗ്രാം കുതിരയിൽ പ്രവർത്തിക്കുന്നത് നോക്കാം. കുതിര ഒറ്റക്കുളമ്പുള്ള ജീവിയാണെന്ന് നമുക്കറിയാം. ഈ ഒറ്റക്കുളമ്പ് എന്ന് പറയുന്നത് വാസ്തവത്തിൽ, അതിന്റെ നടുവിരലാണ്. കുതിര, അതിന്റെ ഭ്രൂണാവസ്ഥയിൽ, അതിന് മൂന്ന് വിരലുകളുണ്ട്. ആദ്യഘട്ടത്തിൽ അവ മൂന്നും ഒരേപോലെ വളരുന്നു. പിന്നീട് മധ്യവിരൽ അതിവേഗം വളരുകയും തുടർന്ന് അത് ഇന്നത്ത് ഒറ്റക്കുളമ്പായി തീരുകയും ചെയ്യുന്നു. വളർച്ച തടയപ്പെട്ട മറ്റ് രണ്ട് വിരലുകളും ചുരുങ്ങി കുളമ്പിന് മുകളിൽ രണ്ട് എല്ലിൻ കഷണം ഒട്ടിച്ചുവെച്ചപോലെ രൂപപ്പെട്ട് പ്രസവിക്കുന്നു. ഇതാണ് സാധാരണ നമ്മൾ കാണുന്ന അവസ്ഥ. എന്നാൽ അപൂർവ്വം ചില അവസരങ്ങളിൽ കുതിരയിൽ കുളമ്പിനു മുകളിലായി ചുരുങ്ങിപ്പോയ വിരലുകൾ ശരിയായ വിരലുകളായിതന്നെ വികസിക്കും.


അതായത് കുതിരയുടെ DNA യിൽ suppress ചെയ്യപ്പെട്ട് കിടക്കുന്ന വിരലുകൾ നിർമ്മിക്കുന്നതിനുള്ള കോഡ് വഹിക്കുന്ന ജീനുകൾ “ഓൺ” ആവുകയും പൂർണ അർത്ഥത്തിലുള്ള വിരലുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് Atavism. പഴയകാലത്ത്, വശങ്ങളിൽ വിരലുകളുമായി ജനിക്കുന്ന കുതിരകൾ ഭാഗ്യവാന്മാരാണെന്ന് വിശ്വസിച്ചിരുന്നു. അലക്സാണ്ടാർ ചക്രവർത്തിക്കും ജൂലിയാസ് സീസറിനും ഇത്തരം കുതിരകൾ ഉണ്ടായിരുന്നുവെത്രെ. ഇത് ഭാഗ്യമോ, കഷ്ടമോ അല്ല്ല. പരിണാമത്തിന് സ്ഥിരീകരണം നൽകുന്ന മറ്റൊരു തെളിവ് മാത്രമാണ്. പൂർവ്വികന് ആവശ്യമായിരുന്ന മൂന്ന് വിരലുകളുള്ള ഘടന, പിൻ ഗാമിക്ക് വേണ്ടാതായപ്പോൾ-ഇന്നത്തെ കുതിരയിലെ ഒറ്റക്കുളമ്പ്- അതായത് പിൻ ഗാമിയുടെ പരിസ്ഥിതി പൂർവികന്റേതിൽ നിന്നും വ്യത്യസ്തമായതിനാൽ, അതിൽ അനുകൂലനം നേടണമെങ്കിൽ ഒരെണ്ണം മതി എന്ന അവസ്ഥ വരികയും ചെയ്തപ്പോൾ പ്രകൃതിനിർധാരണം മറ്റ് രണ്ട് വിരലുകൾ നിർമ്മിക്കുന്ന കോഡുകൾ  വഹിക്കുന്ന ജീനുകളെ supress ചെയ്തു. എന്നാൽ ചില ഘട്ടങ്ങളിൽ ഇത്തരം ജീനുകൾ പ്രകാശനം നേടുമ്പോഴാണ് മനുഷ്യന് വാലുണ്ടാകുന്നതും, കുതിരയ്ക്ക് വിരലുകൾ പ്രത്യക്ഷപ്പെടുന്നതും.

5 കോടി വർഷങ്ങൾക്കുമുമ്പ്, ഇയോസിൽ യുഗത്തിലാണ് ഇന്നത്തെ കുതിരയിലേക്കുള്ള പരിണാമം നടക്കുന്നത് (Class-Mammalia, Order-perissodactyla). ഈ കാലത്ത് ജീവിച്ച, ഒരു നായയുടെ വലിപ്പമുള്ള ജീവി- Eohippus-യിൽ നിന്നാണ് കുതിരയുടെ പരിണാ‍മം നടക്കുന്നത്. കുതിരയുടെ പരിണാമം നന്നായി ഡോക്യൂമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. Eohyppus ന്റെ കാലിൽ നാല് വിരലുകൾ വീതം ഉണ്ടായിരുന്നു. തുടർന്നുള്ള ഘട്ടങ്ങളിൽ ഈ ഘടനയ്ക്ക് മാറ്റം വന്നു. അത് 1.5 കോടി വർഷം മുമ്പത്തെ Merychippus-ൽ എത്തുമ്പോൾ വിരലുകൾ 3 ആയി; ഒപ്പം വലിപ്പവും കൂടി. ഈ കുതിരപൂർവ്വികന്റെ 3 വിരലുകൾ നിർമിക്കാനുള്ള ജനിതകപ്രോഗ്രാമാണ് ഇന്നത്തെ കുതിരകളും വഹിക്കുന്നത്. എന്നാൽ ഇന്ന് കുതിരകൾക്ക് ഒരു വിരൽ  മതി. അതുകൊണ്ട് മറ്റ് രണ്ട് വിരൽ ജീനുകൾ supress ചെയ്യപ്പെട്ടു. എന്നാൽ ഇത് ചുരുക്കം ചില ഘട്ടങ്ങളിൽ Atavism ആയി പ്രത്യക്ഷപ്പെടുന്നു; കുതിര വന്നവഴി കാണിച്ചുകൊണ്ട്.

 


Atavismത്തിനു മറ്റൊരു തെളിവ് തിമിംഗലത്തിലുണ്ട്. നമ്മൾ നേരത്തെ തിമിംഗലത്തിൽ ഇടുപ്പ് അസ്ഥികളും തുടസസ്ഥിയളും അവശിഷ്ട അവയവങ്ങളായി കണ്ടു. ഈ ജീവിയിൽ ചിലപ്പോൾ, ‘മനുഷ്യന്റെ വാലു‘പോലെ, ‘കുതിരയുടെ വിരലുകൾ‘ പോലെ,  പിൻ കാലുകൾ പുറത്തേക്ക് വലർനുവരും. കാരണം, തിമിംഗലം അതിന്റെ കരയിലെ സസ്തനിപൂർവ്വികന്റെ പിൻ കാൽ നിർമ്മിക്കുന്നതിനുള്ള ജനിതക പ്രോഗ്രാം ഇപ്പോഴും വഹിക്കുന്നു എന്നതുതന്നെ. ഈ ജീനുകൾ ചിലപ്പോൾ പ്രകാശനം നേടും. അപ്പോഴാണ് പിൻ കാലുകൾ ഉണ്ടായി പുറത്തേക്ക് വികസിക്കുന്നത്. ആ കാലുകളിൽ Femur, tibia, fibula എന്നിവ വ്യക്തമായി ഉണ്ടാകും; ഒരുവേള പാദത്തിന്റെ വിരലുകളും. എന്നാൽ ഈ പിൻ കാലുകൾ കരയിലെ പൂർവ്വികന്റേതുപോലെ perfect legs അല്ല. അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. 5 കോടി വർഷങ്ങൾക്കുമുമ്പാണ് കരയിലെ പൂർവ്വികരിൽ നിന്ന് തിമിംഗലത്തിലേക്കുള്ള പരിണാമം സംഭവിക്കുന്നത്. ജലജീവിതത്തിന് പിൻ കാലുകൾ ആവശ്യമല്ലാത്തതിനാൽ അവ നിർമ്മിക്കുന്നതിനുള്ള ജീനുകൾ supress ചെയ്യപ്പെട്ടു. അങ്ങനെ അഞ്ചുകോടി വർഷങ്ങളോളം ആ ജീനുകൾ ഉപയോഗിക്കപ്പെടാതെ കിടന്നു. അക്കാരണത്താൽ ഈ ജീനുകളിൽ ക്രമേണ degradation സംഭവിച്ചു. ഇതാണ്, Atavismത്തിൽ പൂർണമായും പിൻ കാലുകൾ പ്രത്യക്ഷപ്പെടാതിരിക്കാനുള്ള കാരണം.

Pseudo Gene


ഇനി നമുക്ക Pseudo Gene കളെ പരിശോധിക്കാം. ജീവന്റെ ആരംഭത്തിൽ, വളരെ ലളിതമായ ജൈവരൂപങ്ങളാണ് ഭൂമിയിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ ലളിതരൂപങ്ങളിൽ നിന്ന് ജീവൻ സങ്കീർണതകളിലേക്ക് പതിയെ പരിണമിക്കുകയായിരുന്നു. ബാക്റ്റീരിയത്തിൽ നിന്ന് തിമിംഗലത്തിലേക്ക്. ഈ പ്രക്രിയയ്ക്ക് 400 കോടി വർഷത്തെ ചരിത്രമുണ്ട്. യഥാർത്ഥത്തിൽ എന്താണ്, ഈ പവർത്തനത്തിന്റെ ഉള്ളിൽ സംഭവിച്ചത്? ഒരു ജീവിയുടെ ജനിതകഘടന- ജനോം-യിലെ ജീനുകളാണ് ആ ജീവിയെ രൂപപ്പെടുത്തുന്നത് എന്ന് നമുക്കറിയാം. ഒരു ബാക്റ്റീരിയത്തിന്റെ ജനോമിൽ 1800 ഓളം ജീനുകളുണ്ട്. എന്നാൽ തിമിംഗലത്തിലെത്തുമ്പോൾ 25,000 ആണ്. ജീനുകളുടെ എണ്ണം പെരുകി. വ്യത്യസ്തങ്ങലായ ഈ രണ്ട് ജീവിവിഭാഗങ്ങൾക്കുള്ളിലെ വിസ്തൃതമായ കാലയളവിനുള്ളിൽ ഒട്ടനേകം പുതിയ ജീവികൾ രംഗത്തുവരുന്നു; അല്ലെങ്കിൽ നിരവധി പുതിയ Body Planകൾ ഉണ്ടാകുന്നു. ജീൽ duplication ആണ് ജീൻ പെരുപ്പത്തിന്റെ കാരണം. സാധാരണ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീനിൽ ചിലപ്പോൾ അതിന്റെ duplicate copy രൂപം കൊള്ളും. ഇങ്ങനെയാണ് ജനോം വികസിക്കുന്നത്. ഈ ജീൻ duplication അപൂർവ്വമായേ സംഭവിക്കൂ. ഡ്യൂപ്ലിക്കേറ്റ് ചെയ്ത ജീൻ ഒറിജിനൽ ജീനിന്റ് അടുത്തുതന്നെ ഉണ്ടാകും. എന്നാൽ ഈ ജീൻ active അല്ല. പിന്നീട് ഈ ജീനിൽ ഒരുപാട് മ്യൂട്ടേഷനുകൾ സംഭവിക്കും. അങ്ങനെ അനവധികാലം കഴിയുമ്പോൾ ഈ ജീൻ  active ജീൻ ആയി മാറും, അതായത് ഈ ജീനിന് പുതിയ പണി കിട്ടും. ജീവന്റെ ചരിത്രത്തിലുടനീളം ഈ പ്രക്രിയ സംഭവിച്ചിട്ടുണ്ട്. പരിണാമത്തെ സ്ഥിരീകരിക്കുന്ന ശക്തമായ തെളിവാണിത്. ജനോം വികസിച്ചതിനാൽ വ്യത്യസ്തങ്ങളായ ജീവികൾ വ്യത്യത കാലങ്ങളിൽ രൂപം കൊള്ളുന്നതിന് വഴിയൊരുങ്ങി. ഇത് ഫൊസിൽ രേഖകളിൽ വ്യക്തമാണ്. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. മുമ്പ് പറഞ്ഞതുപോലെ ഒരു ഘട്ടത്തിൽ duplicate ചെയ്ത ജീൻ active ആയി മാറുന്നതുപോലെ, ചില ഘട്ടങ്ങളിൽ active ആയ ജീൻ inactive ആക്കി മാറ്റപ്പെടും.പല ജീനുകളും, അത് പ്രതിനിധാനം ചെയ്യുന്ന ജീവി നിൽക്കുന്ന പരിസ്ഥിതിക്ക് യോജിച്ചതായതിനാൽ അതിനനുകൂലമായി ശക്തമായ നിർധാരണം ഉണ്ടാകും.

എന്നാൽ ചില ജീനുകൾ പരിസ്ഥിതിക്ക് യോജിക്കാതെവരും. അത്തരം ജീനുകളെ inactive ആക്കും. അതാണ് pseudo gene കളുടെ കഥ. ഇതിലെ ഗുട്ടൻസ് ഇതാ. പൂർവ്വികജീവികൾ ജീവിച്ച ഒരു പ്രത്യേക പരിതസ്ഥിതിയിൽ അനുപേക്ഷണിയ്മായ ഒരു ജീൻ, മാറിയ പരിതസ്ഥിതിയിൽ ജീവിക്കുവാൻ അനുകൂലനം നേടിയ പിൻ ഗാമികൾക്ക് ആവശ്യമില്ല. അപ്പോൽ പിൻ ഗാമികളിൽ ഈ ജിനിന് inactivation സംഭവിക്കും. അങ്ങനെ ആ ജീൻ ഒരു   pseudo gene ആയി നമ്മുടെ ജനോമിൽ കിടക്കും. എല്ലാ ജീവികളുടെയും ജനോമിൽ ഇത്തരം അനേകം pseudo gene കൾ ഉണ്ട്. മോളിക്യുലാർ ബറ്റോളജി വികസിച്ച ഇക്കാലത്ത്, ആ ജീനുകൾക്ക് എന്തുകൊണ്ട്, എന്ന്, ഇങ്ങനെ സംഭവിച്ചു എന്നത് നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അപ്രകാരം ചുരുളഴിഞ്ഞ സംഭവങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നത് ഇതാണ് “ നമ്മൾ വന്ന വഴി”. അത്തരം രണ്ട് പ്രധാനപ്പെട്ട ജീനുകളുടെ കഥ നോക്കാം.

നമ്മിൽ വിറ്റാമിൻ C ഉല്പാദിപ്പിക്കുന്ന ഒരു ജീനുണ്ട്. ആ ജീനിന്റെ പേരാണ് GULO. എന്നാൽ ഈ ജീൻ നമ്മിൽ പൂർണമായും inactive ആണ്. പ്രൈമേറ്റുകളിൽ ആകമാനം ഈ ജീൻ inactiveആക്കപ്പെട്ടിരിക്കുകയാണ്  എന്നാൽ സസ്തനികളിലെ പ്രൈമേറ്റ് എന്ന ഓർഡർ ഒഴികെ ബാക്കി എല്ലാ വിഭാഗം ജീവികളിലും ഈ ജീൻ active ആണ്. വിറ്റാമിൻ C വളരെ പ്രധാനപ്പെട്ട ഘടകമാണ്. നമുക്ക് ഇത് ഭക്ഷണത്തിലൂടെ കിട്ടുന്നുണ്ട്, പ്രത്യേകിച്ചും പഴങ്ങൾ ഇതിന്റെ ഒരു കലവറയാണ്. ഭക്ഷണം വഴി നമുക്ക് വിറ്റാമിൻ Cകിട്ടിയില്ലെങ്കിലോ? അപ്പോൾ നമുക്ക് scurvy എന്ന രോഗം പിടിപെടും. മോണ പൊട്ടി രക്തം ഒലിക്കുക, മുറിവുകളിൽ നിന്നും ചോര ധാരധാരയായി പുറത്തുവരിക, എന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 18-ആം നൂറ്റാണ്ടിലെ നാവികരെ വളരെ രൂക്ഷമായി ബാധിച്ച പ്രശ്നമായിരുന്നു ഇത്. മാംസബുക്കുകളായ സിംഹവും കടുവയും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരല്ലല്ലോ. എന്നാൽ അവയിലൊന്നും വിറ്റാമിൻ Cയുടെ പ്രശ്നമില്ല. അവയിലും ഇതര നട്ടെല്ലികളിലും ഈ വിറ്റാമിൻ നിർമ്മിക്കുന്ന ജീൻ active ആയതുകൊണ്ട് അവയ്ക്കൊരു പ്രശ്നവുമില്ല. എന്നാൽ പ്രൈമേറ്റുകളിൽ ഈ ജീൻ ഉണ്ടായിട്ടും അത് ഓഫ് ആയി കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ചുചെല്ലുമ്പോഴാണ് മനുഷ്യപരിണാമത്തെ സംബന്ധിച്ച മറ്റൊരു തെളിവ് പുറത്തുവരുന്നത്.

അഞ്ച് കോടി വർഷങ്ങൾക്കുമുമ്പാണ് സസ്തനികളിൽ പ്രൈമേറ്റ് വിഭാഗം രൂപം കൊള്ളുന്നത്. പൂർവ്വികരിൽ നിന്നും വ്യത്യസ്തമായ, ഒരു സവിശേഷ പരിതസ്ഥിതിയിൽ ജീവിക്കുവാനാണ് പ്രൈമേറ്റുകൾ അർഹരായത്. പ്രൈമേറ്റുകൾക്ക് പൂർവ്വികന്റെ ഇതര ജീനുകൾക്കൊപ്പം GULO ജീനും പകർന്ന് കിട്ടിയിരുന്നു. എന്നാൽ “വൃക്ഷങ്ങളിൽ ജീവിക്കുക“ എന്ന പ്രത്യേക പരിതസ്ഥിതിയിൽ ജീവിക്കുവാനാണ് അവർ അനുകൂലനം നേടിയത്. ഈ വൃക്ഷജീവിതമാണ് GULO ജീനിന്റെ നിർവീര്യമാക്കലിലേക്ക് നയിച്ചത്. വൃക്ഷപരിസ്ഥിതിയിലെ ഒരു പ്രധാന ഭക്ഷണമാണ് പഴങ്ങൾ. നമ്മുടെ പ്രൈമേറ്റ് പൂർവ്വികർ ഈ പഴങ്ങൾ ധാരാളം ഭക്ഷിക്കുവാൻ തുടങ്ങി- ഈ ഭക്ഷ്യ വസ്തു മുഖ്യ ആഹാ‍രമാകുന്ന ഒരു പരിസ്ഥിതി, അതിനോട് അനുകൂലനം നേടുന്ന ജീവി വിഭാഗം- ഈ ഭക്ഷ്യരീതികാരണം വളരെയധികം വിറ്റാമിൻ C ശരീരത്തിനു ലഭ്യമാകുന്ന അവസ്ഥ വരുന്നു. ഈ സ്ഥിതി സ്ഥിരമാകുമ്പോൾ ശരീരത്തിൽ വിറ്റാമിൻ C നിർമ്മിക്കേണ്ട  ആവശ്യമില്ലാതെ വരുന്നു. അതായത് GULO ജീ‍നിന് പണിയില്ലാതെ വരുന്നു. Active ആയ ഒരു ജീൻ തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ ആ ജീൻ നിഷ്ക്രിയമാക്കപ്പെടും.ഈ തത്വം പ്രൈമേറ്റ് പരിണാമത്തിൽ പ്രയോഗിക്കപ്പെട്ടു. ഇഷ്ടം പോലെ ഈ വിറ്റാമിൻ ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പരിസ്ഥിതിയിൽ ജീവിക്കുന്ന ജീവികളിൽ ഈ വിറ്റാമിൻ നിർമ്മിക്കേണ്ട കാര്യമില്ലല്ലോ. പ്രകൃതിനിർധാരണം, അക്കാരണത്താൽ ഈ ജീനിനെ നിർവീര്യമാക്കി.

 

5 കോടി വർഷങ്ങൾക്കു മുമ്പ് ഇയോസിൽ യുഗത്തിൽ സംഭവിച്ച ഈ പ്രക്രിയയിലൂടെ നിർവീര്യമാക്കപ്പെട്ട GULO ജീനും കൊണ്ട് പ്രമേറ്റുകൾ പരിണമിക്കുകയായിരുന്നു. ഇയോസിൻ യുഗത്തിനുശേഷം പ്രമേറ്റുകളിൽ ഒട്ടേറെ ജീവിവിഭാഗങ്ങൾ ഉരുത്തിരിഞ്ഞു. എല്ലാവർക്കും കിട്ടി ഈ inactive ജീൻ. അവരാരും തന്നെ വൃക്ഷപരിസ്ഥിതിയിൽ നിന്നും വിട്ടുനിന്നില്ല എന്നാണിത് കാണിക്കുന്നത്. അവസാനം, കഴിഞ്ഞ 70-60 ലക്ഷം മുതൽ മനുഷ്യൻ പരിണമിക്കാൻ തുടങ്ങി. നമുക്കും കിട്ടി ഈ ജീൻ. നമ്മൾ വൃക്ഷപരിസ്ഥിതിയിൽ നിന്നും മാറി വേറൊരു പരിസ്ഥിതിയോട് പൊരുത്തപ്പെട്ടു എങ്കിലും നമ്മുടെ പഴങ്ങൾ ഭക്ഷിക്കൽ രീതി തുടർന്നു. എങ്കിലും നമ്മുടെ ജനോമിൽ GULO ജീൻ active ആയി നിലനിന്നിരുന്ന അതേ സ്ഥാ‍നത്തുതന്നെ  നിർവീര്യമാക്കപ്പെട്ട് ഇപ്പോഴും അത് pseudo gene ആയി നിലനിൽക്കുന്നു.

മനുഷ്യൻ ദൈവസൃഷ്ടികളിൽ ഏറ്റവും ഉത്തമനായിട്ടുള്ളതാണെന്നാണ് സൃഷ്ടിവാദികൾ വീമ്പിളക്കുന്നത്. എന്നിട്ടുമെന്തേ അവരുടെ ദൈവം പട്ടിക്കും പൂച്ചയ്ക്കും പാമ്പിനും ചേമ്പിനും പക്ഷിക്കുമെല്ലാം അവയുടെ ശാരീരത്തിൽ ഈ വിറ്റാമിൻ നിർമ്മിക്കാനുള്ള കഴിവുകൊടുത്തപ്പോൾ മനുഷ്യനെ മാത്രം ഇങ്ങനെ പറ്റിച്ചത്! ദൈവത്തിന്റെ ഈ കടുംകൈ കൊണ്ട് മനുഷ്യർ എത്രമാത്രം യാതനയനുഭവിച്ചിട്ടുണ്ട്? ഇത് ഏറ്റവും രൂക്ഷമായത് കഴിഞ്ഞ ഹിമയുഗകാലത്താണ്. കഴിഞ്ഞ 18 ലക്ഷം വർഷം തൊട്ട് കഴിഞ്ഞ 10,000 വർഷം വരെ നീണ്ടുനിന്ന പ്ലിസ്റ്റോസിൻ യുഗത്തിൽ നടന്ന 4 ഹിമയുഗങ്ങളിൽ അവസാനത്തെ ഹിമയുഗത്തിന്റെ (Wurm ഹിമയുഗം- ആരംഭം 1.2 ലക്ഷം വർഷം മുതൽ കഴിഞ്ഞ 10000 വർഷം വരെ) മധ്യത്തിലണ് മനുഷ്യന്റെ ആഫ്രിക്കയിൽ നിന്നും ഇതര ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രയാണം നടക്കുന്നത്. ഈ വേളയിൽ യൂറോപ്പും അമേരിക്കയും ഏഷ്യയും ഹിമയുഗത്തിൽ ശരിക്കും അമർന്നിരുന്നു. ഹിമയുഗത്തിൽ വൃക്ഷങ്ങളും ഫലസസ്യങ്ങളും അധികം വളരില്ല. ചെറിയതരം സസ്യങ്ങളും പായൽ പോലുള്ള മഞ്ഞിൽ വലരുന്ന സസ്യജാലങ്ങളുമായിരിക്കും ഉണ്ടാകുക. ഇവിടെ പഴവർഗങ്ങളുടെ ലഭ്യതയിൽ വൻ കുറവുണ്ടാകും. സമം വിറ്റാമിൻ C യുടെ അഭാവം ഫലം Scurvy രോഗത്തിന്റെ സാർവത്രികത. വേട്ടയാടാലിനിടയിൽ പറ്റിയ ഉണങ്ങാത്ത മുറിവിൽനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തെനോക്കി, മോണയിൽ നിന്നും പൊട്ടിയൊലിച്ച ചൊര തുപ്പിക്കളഞ്ഞുകൊണ്ട് അവൻ സങ്കടത്തോടെ മനസ്സിൽ പറഞ്ഞുകാണും:“ ഈ മുറിവൊന്നുണങ്ങിയിരുന്നെങ്കിൽ”. നമ്മുടെ 2000 തലമുറകൾക്കു മുമ്പത്തെ വന്ദ്യനാ‍യ ആ മനുഷ്യനോട് നമുക്ക് പറയാം. “അല്ലയോ പിതാമഹാ, അങ്ങയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം അങ്ങയുടെ ഭക്ഷണത്തിൽ വേണ്ടത്ര പഴവർഗങ്ങൾ ഇല്ലാത്തതാണ്. ദൈവം നമ്മെ രണ്ടുതരത്തിൽ ചതിച്ചു. ഒന്ന് നമ്മുടെ  GULO ജീൻ ഓഫാക്കി. രണ്ട്, ഹിമയുഗമുണ്ടാക്കി നമ്മെ അതിലും കൂടുതൽ ബുദ്ധിമുട്ടിച്ചു. ഇതുകേട്ടപാടെ നമ്മുടെ പിതാമഹൻ തന്റെ ഒറിഗ്നേഷ്യൻ കന്മഴു കയ്യിലെടുത്തുകൊണ്ട് അലറും: “എവിടെ ആ കാലമാടൻ”

ഇനി മറ്റൊരു pseudo gene നെപ്പറ്റി.

മണം പിടിക്കാനുള്ള ശേഷി സസ്തനികളിൽ അപാരമാണ്. പറമ്പിൽ കെട്ടിയിട്ടിരിക്കുന്ന ആന അതിന്റെ ഒന്നാം പാപ്പാന്റെ സാന്നിധ്യം ഒരു ഫർലോങ് അകലെനിന്ന് തിരിച്ചറിയും. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട്: “പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും“. പത്തായം എങ്ങനെ അടച്ചുപൂട്ടിയാലും അതിനുള്ളിലിരിക്കുന്ന നെല്ലിന്റെ മണം എലി പിടിക്കും. നായ മണം പിടിക്കുന്നതിനെപ്പറ്റി നമുക്കറിയാമല്ലോ. ഇതെല്ലാം സൂചിപ്പിക്കുന്നത് സസ്തനികളുടെ അത്യധികമായ ഘ്രാണശേഷിയെയാണ്. നട്ടെല്ലി ലോകത്ത് ഏറ്റവും കൂടുതൽ ഘ്രാണശേഷിയുള്ളത് സസ്തനികൾക്കാണ്. ഘ്രാണശേഷിയുടെ വിപുലത്തിനായി സസ്തനികൾക്ക് വളരെയധികം ജീനുകളുണ്ട്. എലിയുടെ കാര്യം എടുക്കുക. എലി മണത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. എലി ഒരു രാത്രീഞ്ചരനാണ്. അത് ഇരതേടുന്നതും, ഇണയെ കണ്ടെത്തുന്നതും കുട്ടികളെ തിരിച്ചറിയുന്നതും ശത്രുവിനെ മനസ്സിലാക്കുന്നതും, മറ്റൊരാൾ തന്റെ പ്രദേശത്തേക്ക് അതിക്രമിച്ച് കയറുന്നത് കണ്ടെത്തുന്നതുമെല്ലാം മണം കൊണ്ടാണ്. നിശാജീവിതത്തിന് എന്തുകൊണ്ടും അനുയോജ്യം മണമാണ്; കാഴ്ചയല്ല. രാത്രിയിൽ കാഴ്ചശേഷിക്ക് വലിയ പ്രസക്തിയില്ല.(മനുഷ്യൻ എണ്ണയും വൈദ്യുതിയും ഉപയോഗിച്ച് വെളിച്ചം ഉണ്ടാക്കുന്നതുവരെ രത്രിയിലെ പ്രകാശ സ്രോതസ്സ് ചന്ദ്രനും നക്ഷത്രങ്ങളുമായിരുന്നു.) എലിയുടെ ജനോമിൽ 25000 ത്തോളം ജീനുകളുണ്ട്. അതിൽ 1000 ജീനുകൾ മണം  പിടിക്കാൻ വേണ്ടി മാത്രമുള്ളതാണ്. (Olfactory Receptor genes-OR ജീനുകൾ). നിശാജീവിതത്തിന് അനുയോജ്യമായി മണം പിടിക്കൽ ശേഷിക്ക് അനുകൂലമായി ശക്തമായ നിർധാരണം നടന്നു എന്നതാണ് സസ്തനികളിൽ കാണുന്ന Olfactory Receptor geneകളുടെ ആധിക്യത്തിന് കാരണം. ചുറ്റും കാണുന്ന സസ്തനികളെ ഒന്ന് ശ്രദ്ധിച്ചുനോക്കുക:-പശു, ആട്, കുതിര, പൂച്ച-ഇവയെല്ലാം മണം പിടിച്ച് അവയുടെ പ്രവർത്തനങ്ങൾ നടത്തുന്നത് കാണാം.

എന്നാൽ നമ്മുടെ സ്ഥിതിയോ. മണം പിടിക്കുന്നതിന്റെ കാര്യത്തിൽ കാര്യത്തിൽ മേല്പറഞ്ഞ ജീവികളുടെ ഏഴയലത്ത് നിൽക്കാനുള്ള കഴിവ് മനുഷ്യർക്കില്ല. നമുക്ക് മണം പിടിക്കാനുള്ള ശേഷി നൽകുന്ന ജീനുകളിൽ പകുതിയോളം inactive ആയിരിക്കുന്നു, അതുതന്നെ കാരണം. നമ്മുടെ ജനോമിന്റെ 3 ശതമാനം ജീനുകൾ മണം പിടിക്കാനുള്ള ശേഷി നൽകുന്നവയാണ്. അതായത് 800 ജീനുകൾ. അതിൽ 400 ജീനുകൾ നിർവീര്യമാക്കപ്പെട്ടു. ഇത് മനുഷ്യനിൽ മാത്രം സംഭവിച്ചതല്ല; ഒട്ടുമിക്ക പ്രൈമേറ്റുകളിലും ഇത് തന്നെയാണ് സ്ഥിതി.

കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പേതന്നെ മണം പിടിക്കാനുള്ള ശേഷി ആരംഭിച്ചിരുന്നു. ജലത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. കാംബ്രിയൻ യുഗത്തിൽ HOX ജീനുകളിൽ സംഭവിച്ച duplication കളുടെ ഫലമായി പുതുതായി ചില body plan കൾ ഉരുത്തിരിഞ്ഞതായി നാം കണ്ടുവല്ലോ. മത്സ്യങ്ങളാണ് ഇതിന്റെ ആദ്യ പ്രതിനിധികൾ. അവയുടെ ജീവസന്ധാരണത്തിന് “മണം പിടിക്കൽ” അനുയോജ്യമായപ്പോൾ അനുകൂലമായ നിർധാരണം നടന്നു. മണം പിടിക്കുന്നതിന് 2 തരം ജീനുകൾ ഉണ്ട്. ജലത്തിലെ മണം പിടിക്കുന്നതും അന്തരീക്ഷത്തിലെ മണം പിടിക്കുന്നതും. ഭൂമിയിൽ ഇന്ന് കാണുന്ന ഏറ്റവും പ്രാചീന മത്സ്യങ്ങളാണ് Jawlless fish കൾ. Lampryയും Hagfish ഉം ഇതിൽ പെടുന്നവയാണ്. ഇവയിലുള്ള മണം പിടിക്കാനുള്ള ജീനുകൾ ജലത്തിലെ മണം പിടിക്കുന്നതിനുള്ളതോ അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിനുള്ളതോ അല്ല. പകരം രണ്ടും കൂടിയതാണ്.(5). ഇവിടുത്തെ ജനിതക സൂചന വ്യക്തമാണ്; ഘ്രാ‍ണ ജീനുകൾ, ജലത്തിലെ മണം പിടിക്കാനുള്ള ജീനുകൾ, അന്തരീക്ഷത്തിലെ മണം പിടിക്കാനുള്ള ജീനുകൾ എന്ന രണ്ട് തരം ജീനുകൾ രൂപപ്പെടുന്നതിനു മുമ്പ് ഉള്ള നട്ടെല്ലികളാണ് ഇവ എന്ന്. Jawless fishകളിൽ മണം പിടിക്കുന്നതിനുള്ള വളരെക്കുറച്ച് ജീനുകളെയുള്ളു. അടുത്ത നട്ടെല്ലി ഘട്ടം Jawed fishകളാണ്. പരിണാമം ഇവരിലെത്തുമ്പോൾ മണം പിടിക്കാനുള്ള ജീനുകളുടെ എണ്ണം കൂടുന്നു (Duplication വഴി). അങ്ങനെ ഘ്രാണ ജീനുകളുടെ എണ്ണം, മത്സ്യത്തിൽ നിന്ന് ഉഭയജീവികൾ വഴി, ഉരഗങ്ങൾ വഴി സസ്തനികളിൽ എത്തുമ്പോൾ അത് ആയിരത്തിൽ പരമാകുന്നു. സസ്തനികൾ മണം പിടിക്കാനുള്ള കാര്യത്തിൽ Highly specialized ആണ്.

ഇനി സസ്തനികളുടെ ഘ്രാണ ജീവിതത്തെ പിന്തുടരാം. സസ്തനികളിൽ ഇത്രയധികം ഘ്രാണ ജീനുകൾ ഉണ്ടാവാനുള്ള കാരണം, കഴിഞ്ഞ 20 കോടി വർഷം തൊട്ട് തുടങ്ങുന്ന അവയുടെ നിശാജീവിതമാണ്. പകൽജീവിതം ഡിനോസറുകൾ കയ്യടകിയതിനാലാണ് ഇവയ്ക്ക് നിശാജീവിതവുമായി പൊരുത്തപ്പെടേണ്ടിവന്നത്. സ്വാഭാവികമായും അവിടെ കാഴ്ചയ്ക്കല്ല, മണം പിടിക്കുന്നതിനാണ് പ്രാധാന്യം എന്നതിനാൽ അതിനനുകൂലമായി നിർധാരണം നടക്കും.  അങ്ങനെ ആയിരത്തിലധികം മണജീനുകളുമായി സസ്തനിജീവിതം തുടരുന്നു. പിന്നീട് സസ്തനി വിഭാഗങ്ങളിൽനിന്നും പ്രൈമേറ്റുകൾ രൂപപ്പെടുന്നു. വൃക്ഷങ്ങളിൽ ജീവുക്കുവാൻ അനുകൂലനം നേടിയ പ്രൈമേറ്റുകൾക്ക്, അവരുടെ പൂർവികരുടെ ഇതര ജീനുകൾക്കൊപ്പം വിപുലമായ മണം പിടുത്തജീനുകളും പകർന്നുകിട്ടി. ഇനിയാണ് മണം പിടിക്കുന്നതിനുള്ള ഇത്രയും ജീനുകളിൽ പകുതിയോളം ജീനുകളെ നിർവീര്യമാക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ നടക്കുന്നത്. പ്രൈമേറ്റുകളിൽ കുറെപേർ പകൽജീവിതം നയിക്കുവാൻ അർഹതനേടിയവരായിരുന്നു. വൃക്ഷജീവിതത്തിന്റെ നിലനില്പിന് അനിവാര്യം കാഴ്ച്ശേഷിയാണ്. പകൽജീവിതം ലളിതമാക്കുന്നവിധത്തിൽ കാഴ്ചശേഷിയുടെ കാര്യത്തിൽ പ്രൈമേറ്റുകളിൽ ചില വ്യതിയാനങ്ങൾ നടന്നു. ഇത് അവർക്ക് ത്രിമാന വീക്ഷണവും Full colour vision ഉം നൽകി. വൃക്ഷജീവിതത്തിന് ഈ ഗുണങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടണമെങ്കിൽ ത്രിമാനവീക്ഷണം കൂടിയേ തീരൂ. അതുപോലെ Full colour vision അവർക്ക് ഭൂമിയിലെ വർണലോകത്തെ കാട്ടിക്കൊടുത്തു. ഇത് ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രധാനമാണ്. ഇതെല്ലാം പകൽ സമയത്ത് മാത്രമേ നടക്കൂ. അതുകൊണ്ട് കാഴ്ച സുപ്രധാനമായി. സസ്തനി ലോകത്ത് പ്രൈമേറ്റുകൾക്കു മാത്രമേ Full colour vision ഉള്ളു. അതിനായി നമുക്ക് 3 opsin ജീനുകൾ ഉണ്ട്. പ്രൈമേറ്റുകൾ ഒഴിച്ചുള്ള മറ്റ് സസ്തനികൾക്കെല്ലാം 2 opsin ജീനുകൾ മാത്രം. അവയ്ക്ക് ഫുൾ കളർവിഷൻ ഇല്ല. (ഇക്കാര്യത്തിൽ ‘ദൈവം’ അവരെ പറ്റിച്ചു!) അപ്പോൾ മണം പിടിക്കൽ അപ്രസക്തമായി. ഈ ഘട്ടത്തിൽ ഒരു ജീൻ ഉപയോഗിച്ചുകൊണ്ടേയിരിക്കുക അല്ലെങ്കിൽ നഷ്ടപ്പെടുത്തുക എന്ന തത്വം വീണ്ടും പ്രയോഗത്തിൽ വരുന്നു. അങ്ങനെ പകൽ ജീവിതായോധനത്തിന് മണം പിടിക്കൽ അനിവാ‍ര്യമല്ലാത്തതിനാൽ, പ്രകൃതി നിർധാരണം മണം പിടിക്കുന്നതിനുള്ള ഒട്ടനവധി ജീനുകളെ നിർവീര്യമാക്കുന്നു. അപ്രകാരം നിർവീര്യമാക്കപ്പെട്ട 400 ഓളം ജീനുകളെയും പേറിക്കൊണ്ട് അല്ലെങ്കിൽ നമ്മൾ വന്ന വഴിയുടെ ‘ഭൂപട‘വും വഹിച്ചുകൊണ്ട് നമ്മൾ ഓരോരുത്തരും ജീവിക്കുന്നു. അതിൽ സൃഷ്ടിവാദിയെന്നോ യുക്തിവാദിയെന്നോ ഭേദമൊന്നുമില്ല.

ജൈവപരിണാമത്തിനുള്ള അനിഷേധ്യമാ‍യ തെളിവുകളാണ് നാമിവിടെ കണ്ടത്. ഓരോ മനുഷ്യന്റെയും - ഇതര ജീവികളുടെയും- ജനോമിൽ, അവരെ രൂപപ്പെടുത്തുന്നതിനാവശ്യമായ യഥാർത്ഥ ജീനുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് നിർവീര്യമാക്കപ്പെട്ട ഇത്തരം pseudo geneകളുടെ എണ്ണം. ഒരു പുതിയ ജീവി, അതിന്റെ പൂർവികരിൽനിന്ന് പരിണമിക്കുമ്പോൾ പൂർവ്വികനെ രൂപപ്പെടുത്തിയ ജീനുകളിൽ ചിലത് പുതിയ ജീവിക്ക് അനാവശ്യമായി വരും. അപ്പോഴത്തെ ഒരു വഴിയാണ് ജീൻ inactivation. അങ്ങനെ നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ശവപ്പറമ്പാണ് നമ്മുടെ ജനോം. അത്തരം ഓരോ ജീനുകളുടെയും പഠനം നമ്മൾ നമ്മളായിത്തീർന്ന വഴിയെ നമുക്ക് മനസ്സിലാക്കിത്തരുന്നു. ജീവികൾ ‘ദൈവ’സൃഷ്ടികളാണെങ്കിൽ എന്തിന് അവർ ഇത്തരം  pseudo geneകളെ പേറണം? ദൈവത്തിന്റെ അന്യദൃശമായ കൽ‌പ്പനാവൈഭവത്തിൽ രൂപപ്പെടുന്ന ഒരു ജീവിയിൽ ഇത്തരം തെറ്റുകൾ ഒന്നും തന്നെ ഉണ്ടാവാൻ വഴിയില്ലല്ലോ. എന്നാൽ സൃഷ്ടിവാദത്തിന്റെ നട്ടെല്ലൊടിക്കുന്ന തെളിവുകളും പേറിക്കൊണ്ടാണ് ഓരോ പരിണാമവാദിയും സൃഷ്ടിവാദിയും ജീവിക്കുന്നത്.

പൂർവ്വികബന്ധത്തെ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി നോക്കാം. (ഇത് ജീനിനെ സംബന്ധിച്ചല്ല; അവയവത്തെപ്പറ്റിയാണ്). മതങ്ങൾ പഠിപ്പിക്കുന്നത് മനുഷ്യർ ദൈവത്തിന്റെ ‘ഉൽകൃഷ്ട സൃഷ്ടി‘യാണെന്നാണ്. മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ തന്നെയാണ് സൃഷ്ടിച്ചതെത്രെ. അങ്ങനെയാണെങ്കിൽ മനുഷ്യരൂപം ഭൂമിയിലെ ഇതരരൂപങ്ങളേക്കാൾ മനോഹരമായതും കുറ്റമറ്റതുമായിരിക്കും. അപ്പോൾ അത് മഹത്തായ ഒരു design ആയിരിക്കും. അത്തരം ഒരു ഡിസൈൻ തീർക്കുന്നയാൾ Intelegent Designer  ആയിരിക്കും, സൃഷ്ടിവാദികൾ അവകാശപ്പെടുന്നതുപോലെ. എന്നാൽ അപ്രകാ‍രം ഒരു ഡിസൈനറെ നമുക്ക കാണാൻ കഴിയുന്നില്ല, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അയാൾ ഒരു പടുവിഡ്ഢിയായിരിക്കും. മനുഷ്യനിലെ മോശം ഡിസൈനുകളിൽ ഒരെണ്ണം ഇതാ. പുരുഷന്മാർക്ക് സർവ്വസാധാരണയായി വരുന്ന ഒരു രോഗമാണ് ഹെർണിയ (Inguinal Hernia)-കുടലിറക്കം- സർജറി വരും മുമ്പുള്ള കാലത്ത് ഈ രോഗം അതീവ ഗുരുതരമായിരുന്നു. പോയകാലത്ത് എത്രയോ മനുഷ്യർ ഈ രോഗം വന്ന് മരണപ്പെട്ടിരുന്നു. ‘ദൈവം’ ഉണ്ടെങ്കിൽ അങ്ങേരുടെ മണ്ടത്തരമാണ് ഈ ദാരുണമായ അന്ത്യത്തിനു കാരണം. ഇന്ന് സർജറികൊണ്ടും മരുന്നുകൊണ്ടും രക്ഷപ്പെടുത്താവുന്ന ഈ രോഗം എന്തുകൊണ്ടുണ്ടാകുന്നു എന്ന് അറിയുന്നത് രസകരമാണ്. പുരുഷന്റെ വൃഷണങ്ങൾ ശരീരത്തിനുവെളിയിൽ ഒരു സഞ്ചിയിൽ ആണല്ലോ കിടക്കുന്നത്. അതിന്റെ കാരണം ബീജങ്ങളുടെ നിൽനിൽ‌പ്പിന് ശരീരത്തിനകത്തെ താപനില ഹാനികരമാണ്. അതിനാൽ പ്രകൃതി ശരീരത്തിനുവെളിയിൽ പ്രത്യേക സഞ്ചിയിൽ ഇരിപ്പിടമൊരുക്കി. ഇപ്പോൾ അത് വെളിയിലാണ് കാണുന്നതെങ്കിലും വൃഷണങ്ങൾ രൂപം കൊള്ളുന്നത് വയറിനകത്ത് കരളിനടുത്തായാണ്. ഗർഭസ്ഥ ശിശുവിന് 6-7 മാസം പ്രായമാകുമ്പോൾ ഈ വൃഷണങ്ങൾ രണ്ട് ചാനലുകളിലൂടെ- inguinal canals- സാവധാനം താഴേക്കിറങ്ങുന്നു. ഇതൊരു വേദനാ ജനകമായ യാത്രയാണ്. ഗർഭസ്ഥശിശു ഇതറിയുന്നില്ല എന്നേയുള്ളു. അങ്ങനെ അത് വൃഷണസഞ്ചിയിൽ എത്തിച്ചേരുന്നു. വൃഷനങ്ങൾ താഴേക്കിറങ്ങിയ ശേഷം inguinal canals ശാരീരത്തിലെ ഏറ്റവും ദുർബലമായ ഒരു ഭാഗമായി അവശേഷിക്കുന്നു. ഇവിടെ എളുപ്പത്തിൽ infection സംഭവിക്കും. ഇതാണ് inguinal hernia എന്ന് പറയുന്നത്. അത് ചിലപ്പോൾ കുടലിനെ തകർത്ത് കളയും. അത് മരണത്തിൽ കലാശിക്കും. ഇത് ഒരു മോശം ഡിസൈൻ ആണ്. ഒരു ഇന്റലിജൻസ് ഡിസൈൻ ഉണ്ടെങ്കിൽ വൃഷണം ഗർഭസ്ഥാവസ്ഥയിൽ തന്നെ വൃഷണസഞ്ചിയിൽ രൂപപ്പെടണം. അപ്പോൾ വേറൊരിടത്ത് ഉൽഭവിച്ച് സഞ്ചിയിലേക്ക് ഇറങ്ങിവരേണ്ടി വരുമായിരുന്നില്ല. അതോടൊപ്പം inguinal canals ന്റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല, കൂടെ ഹെർണിയയും പിടിപെടില്ല.

പ്രകൃതിനിർധാരണമാണ് മനുഷ്യനിൽ ഇത്തരമൊരു adjustment വരുത്തിയത്. അതിന്റെ ചരിത്രമറിയണമെങ്കിൽ നാം പരിണാമശാസ്ത്രത്തിലേക്ക് തിരിയണം. ഈ സംഭവങ്ങളുടെ ആരംഭം 40 കോടി വർഷങ്ങൾക്കുമുമ്പാണ്. നമ്മൾ മുമ്പ് കണ്ടപോലെ മത്സ്യങ്ങളിൽ നിന്ന് തന്നെയാണ് ഇതിന്റെയും തുടക്കം. മത്സ്യത്തിന്റെ അടിസ്ഥാന ബോഡിപ്ലാനിൽ പിന്നീട് സംഭവിച്ച നീക്കുപോക്കുകളുടെ ഫലമായുണ്ടായതാണ് പിന്നീട് വന്ന നട്ടെല്ലി ജൈവസഞ്ചയം മുഴുവൻ. അതുകൊണ്ട് പൂർവികമായ ഈ മത്സ്യ body plan, പിൻഗാമികളായ വ്യത്യസ്ത ജീവികളിൽ വേറിട്ട രൂപത്തിലാണെങ്കിലും കാണാൻ സാധിക്കും. അതുതന്നെയാണ് വൃഷണങ്ങളുടെ കാര്യത്തിലും. കരയിലുള്ള എല്ലാ നട്ടെല്ലികളുടേയും വൃഷണങ്ങളുടെ വികാസപരിണാമങ്ങൾ മത്സ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒരു സ്രാവിനെപിടിച്ച് അതിന്റെ വയറ് കീറി നോക്കുക. ആദ്യം അതിന്റെ ലിവർ കാണാം. സ്രാവിന് ലിവർ വളരെയധികമാണ്. അതിന്റെ മുകളിലായി ഹൃദയത്തിനടുത്താണ് വൃഷണങ്ങളുടെ സ്ഥാനം. സ്രാവിനുമാത്രമല്ല, ഇതര മത്സ്യങ്ങൾക്കും ഇപ്പോഴും ഹൃദയത്തിനടുത്തുതന്നെയാണ് വൃഷണങ്ങളുടെ സ്ഥാനം. മത്സ്യത്തിന്റെ ഈ അടിസ്ഥാന ഘടന പിന്നീട് അതിൽനിന്നും ആവിർഭവിച്ച എല്ലാ നട്ടെല്ലിവിഭാഗങ്ങളും സ്വീകരിച്ചു. ആ തുടർച്ച മനുഷ്യനും കിട്ടി. മനുഷ്യനിലും കരളിനടുത്താണ് വൃഷണങ്ങൾ ആദ്യം രൂപപ്പെടുന്നത്. എന്നാൽ നമ്മൾ ഉഷ്ണരക്തമുള്ള ജീവികളായതിനാൽ വൃഷണത്തിന് അതിന്റെ ഉൽഭവസ്ഥാനത്തുതന്നെ നിൽക്കാ‍ൻ സാധ്യമല്ല. (ബീജങ്ങൾ നശിക്കുമെന്നതുതന്നെ പ്രധാന കാരണം) അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ വഴിയാണ് കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്. അത് താഴേക്കിറങ്ങുവാനായി രണ്ട് കനാലുകൾ രൂപപ്പെടുന്നു. അതിലൂടെ വൃഷണത്തെ സഞ്ചിയിലേക്ക് നീക്കുന്നു. ഇതാണ് പരിണാമം. അപ്പപ്പോൾ വേണ്ട ചില നീക്കുപോക്കുകളുണ്ടാക്കി പ്രശ്നത്തെ പരിഹരിക്കുക. അത് ഒരിക്കലും തുടക്കം തൊട്ടേ ഒരു പൂർണജീവിയെ സൃഷ്ടിക്കുന്നില്ല.മറിച്ച് നിലവിലുള്ളതിൽ ചില ഫിറ്റിങ്ങുകൾ നടത്തി പുതിയ രൂപത്തിലേക്ക് ജീവിയെ രൂപപ്പെടുത്തുന്നു. അതുകൊണ്ട് ഒരു ജീവി എന്നത് അപൂർണതയാണ്. ഈ അപൂർണതയാണ് ഹെർണിയ എന്ന ദുരിതാ‍വസ്ഥയിലേക്ക് നമ്മെ നയിക്കുന്നത്. ദൈവം എന്നത് ഒരു മതനുണയാണെന്നാണ് ഇത് കാണിക്കുന്നത്. ഉണ്ടെങ്കിൽ വൃഷണം തുടക്കം തൊട്ടേ വൃഷണസഞ്ചിയിൽ രൂപപ്പെട്ടേനെ. അപ്പോൾ പിന്നെ ഹെർണിയ എന്ന പ്രശ്നം തന്നെ ഉണ്ടാ‍വില്ലല്ലോ.

നമ്മുടെ ശരീരം ഒരു Old body യാണ്. കഴിഞ്ഞ 400 കോടി വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ജീവജാലങ്ങളിലെ ഇങ്ങേതലയ്ക്കലെ കണ്ണി മാത്രമാണ് മനുഷ്യൻ. ഇതിനിടയിലെ ഓരോ ജീവിക്കും അവരുടെ പരിണാമകഥ പറയാനുണ്ട്. ജീവന്റെ ഉല്പത്തിക്കുശേഷം അഭംഗുരം തുടരുന്ന പരിണാമത്തിന്റെ കഥ. ഒരോ ഘട്ടത്തിലെയും പരിസ്ഥിതിക്കനുസരിച്ച് പ്രകൃതിനിർധാരണം രൂപപ്പെടുത്തിയ ജീവികളുടെ സംഭവപരമ്പരയാനത്. പരിസ്ഥിതിക്കനുസരിച്ച് പഴയ body planൽ ചെറിയ അഡ്ജസ്റ്റുമെന്റ്റുകൾ. (ഒരിക്കലും ഒരു മത്ഷ്യത്തിൽ നിന്ന് നേരിട്ട് ഒരു ആനയുണ്ടാവില്ല.മത്സ്യത്തിൽ നിന്ന് ചെറിയ മാറ്റങ്ങളോടെ ഉഭയജീവിതന്നെയാണുണ്ടാവുക.)

പിന്നെ നമ്മൾ കാണുന്നത്, പഴയതിൽ നിന്നും വ്യത്യസ്തതയുള്ള വേറൊരു ജീവി. എന്നിരുന്നാലും ശരീരത്തിന്റെ അടിത്തറ-അടിസ്ഥാന ഘടന- പഴയതിൽ നിന്നുതന്നെ. അങ്ങനെ കൂട്ടിയും കുറച്ചും പരിണാമം മുന്നോട്ട്. അതുകൊണ്ട് ഒന്നുകൂടി ഉറപ്പിച്ചുപറയട്ടെ, നമ്മുടേത് ഒരു Old body ആണ്. എന്നാൽ നമ്മുടെ ഈ Old Gold body രൂപപ്പെടാൻ ജീവൻ ആരംഭിച്ചശേഷം 400 കോടി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

മലയാളത്തിലെ പരിണാമവിമർശന പരീക്ഷണങ്ങൾ..

ലോകത്തിൽ ഏറ്റവും വികസിതമെന്ന് അഭിമാനിക്കുന്ന അമേരിക്കൻ ജനസംഖ്യയുടെ 40 ശതമാനത്തിലേറെ ആളുകൾ, മനുഷ്യൻ മറ്റൊരു ജീവിവർഗത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല മനുഷ്യൻ ഭൂമുഖത്ത് എത്തിയിട്ട് പതിനായിരത്തിലധികം വർഷങ്ങൾ ആയിട്ടില്ല എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നു. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇക്കൂട്ടരുടെ സംഖ്യ അത്ര ഉയർന്നതല്ലെങ്കിലും അത് അത്രയൊന്നും ചെറുതല്ലെന്നതാണ്‌ വസ്തുത. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെയും താരതമ്യേന വിദ്യാസമ്പന്നമായ കേരളത്തിലെയും സ്ഥിതി വിശകലനം ചെയ്യാൻ. ഇന്ത്യയിൽ പരിണാമവിഷയങ്ങൾ ജീവശാസ്ത്ര പുസ്തകങ്ങളിൽ പഠിക്കാനുണ്ടെങ്കിലും അത് പഠിച്ച് മാർക്ക് നേടാൻ ഉള്ളതാണെന്നതിലുപരി കൂടുതലൊന്നും അതേക്കുറിച്ച് പഠിച്ച് ‘സമയം കളയാൻ‘ അധികമാരും മെനക്കെടാറില്ല. ഇത് പരിണാമത്തിനു മാത്രമല്ല ശാസ്ത്രവിഷയങ്ങൾക്കാകമാനം ബാധകമാണ്‌. അതുകൊണ്ടുതന്നെ പരിണാമം മാത്രമല്ല, പരിണാമ വിമർശനങ്ങളും അധികമൊന്നും സാധാരണക്കാരിലേക്ക് എത്താറില്ല.

ലോകത്തിൽ പരിണാമത്തെക്കുറിച്ച് ഇറങ്ങിയ പരിണാമ പുസ്തകങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മലയാളത്തിൽ ഇറങ്ങിയ പരിണാമഗ്രന്ഥങ്ങളുടെ എണ്ണം തുലോം വിരളമാണ്‌. കേരള ശാസ്ത്രസാഹിത്യ പരിഷത് ഇതിനുള്ള ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രൊഫ. കുഞ്ഞുണ്ണി വർമ്മയുടെ പുസ്തകങ്ങൾ എടുത്തുപറയേണ്ടവയാണ്.. സംസ്ഥാന സർവ്വവിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരിണാമവിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് കുറച്ച് പരിണാമപുസ്തകങ്ങളും മലയാളത്തിൽ ലഭ്യമാണ്‌. റിച്ചാർഡ് ഡോക്കിൻസിന്റെ ‘God Delusion’ നെ അടിസ്ഥാനമാക്കി സി രവിചന്ദ്രൻ രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നാസ്തികനായ ദൈവം’ എന്ന ഗ്രന്ഥത്തിൽ പരിണാമം കുറെയൊക്കെ ചർച്ചചെയ്യുന്നുണ്ട്. എങ്കിലും ഏറ്റവും ഒടുവിൽ ഇറങ്ങിയ ഡോക്കിൻസിന്റെ തന്നെ ‘The Greatest Show on Earth’ എന്ന കൃതിയുടെ മലയാള പരിഭാഷ- ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം- എന്ന പുസ്തകത്തിലാണ്‌ പരിണാമത്തെ അതിന്റെ തെളിവുകൾ വെച്ച് വിശകലനം ചെയ്യുന്നത്. ഈ പുസ്തകങ്ങളെയൊക്കെ വിമർശനപരമായി സമീപിക്കാൻ മലയാളത്തിൽ ഒരാൾ മാത്രമേ കുറച്ചെങ്കിലും ശ്രമിച്ചിട്ടുള്ളു എന്നതാണ്‌ വസ്തുത. അതിനാകട്ടെ മതസംഘടനകളുടെ മുഖമാസികകൾക്ക് പുറത്ത് ഏറെയൊന്നും ഇടം കിട്ടിയിട്ടുമില്ല. പരിണാമത്തെ വിമർശിക്കാനാണെങ്കിൽ പോലും അതിനെ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ഒരു ചെറിയ ചർച്ചക്കെങ്കിലും കാരണമാക്കുന്നതിൽ ശ്രീ എൻ എം ഹുസ്സൈൻ വഹിക്കുന്ന പങ്കിനെ കുറച്ചുകാണാൻ കഴിയില്ല. എങ്കിലും വിമർശനാത്മകമായി പരിശോധിക്കുമ്പോൾ പരിണാമവിമർശനം എന്ന പേരിൽ അദ്ദേഹം നടത്തുന്നത് മലയാളത്തിൽ ഇറങ്ങിയ ഏതെങ്കിലും പരിണാമ പുസ്തകങ്ങൾ എടുത്തുവെച്ച് അതിൽ നിന്ന് ഏതെങ്കിലും ഒരു ഖണ്ഡികയെടുത്ത് അതിലെ അക്ഷരങ്ങളെയോ വ്യാകരണത്തെയോ ഇഴകീറി പരിശോധിക്കുകയോ, എഴുതിയവന്റെ ഗ്രാഹ്യശേഷിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലൊതുങ്ങുന്നു എന്ന് കാണാൻ കഴിയും. പരിണാമത്തെ സമഗ്രമായി വിമർശനവിധേയമാക്കാൻ മലയാളത്തിൽ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. ഉള്ള വിമർശനങ്ങളാകട്ടെ, പുസ്തകശാലക്കുള്ളിൽ എലി കയറി എല്ലാ പുസ്തകങ്ങളുടെയും വക്കും മൂലയുമൊക്കെ കരണ്ടു നോക്കുന്നതുപോലെ വളരെ ഉപരിപ്ലവമായ വിമർശനങ്ങളേ ആകുന്നുള്ളു. അതിൽ അല്ഭുതത്തിനൊട്ടും തന്നെ കാര്യവുമില്ല. കാരണം മലയാളത്തിലെ എല്ലാ പരിണാമ വിമർശനങ്ങളും സക്കീർ നായിക്കിനെപ്പോലുള്ള മതവാദികളുടെ വിമർശനങ്ങളുടെ ചുവടുപിടിച്ചുള്ളവ മാത്രമാണ്.

ഇന്നുള്ള കുരങ്ങന്മാരെന്തേ മനുഷ്യരാകാത്തത്?

ഭൂമിയിൽ ജീവജാലങ്ങൾ ഇന്നത്തെ രീതിയിൽ പ്രത്യേകം പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാകാൻ വഴിയില്ലെന്നും, സൃഷ്ടിക്കുശേഷം അത് ഇന്നത്തെ നിലയിലേക്ക് പരിണമിച്ചാതാകാമെന്നും പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രസ്താവിച്ചിരുന്നുവെങ്കിലും കൃസ്ത്യാനികൾ ഭൂരിപക്ഷവും ഇന്നും കളിമൺ സൃഷ്ടിവാദത്തെ കണ്ണുമടച്ചു പിന്തുണക്കുന്നവർ തന്നെയാണ്. ‘ഹൈന്ദവ‘രിൽ  ഭൂരിപക്ഷവും മനുഷ്യൻ ദൈവത്തിന്റെ വിശേഷസൃഷ്ടിയാണെന്ന് കരുതുന്നുവെങ്കിലും അതിന് അവർക്ക് സെമിറ്റിക് മതങ്ങളുടേതുപോലെയുള്ള ശാഠ്യങ്ങൾ ഇല്ല. പരിണാമമായാലും കുഴപ്പമില്ല, അത് ദൈവത്തിന്റെ ‘ലീലാവിലാസ‘മാണെങ്കിൽ അവർ തൃപ്തിപ്പെട്ടുകൊള്ളും. തങ്ങൾ യഥാർത്ഥ മുസ്ലിംകളാണെന്ന് സ്വയം അവകാശപ്പെടുന്നുവെങ്കിലും മുസ്ലിം സംഘടനകൾ ആകമാനം ‘അമുസ്ലിം‘ ഗണത്തിൽ പെടുത്തിയിരിക്കുന്ന അഹ്മദീയരാകട്ടെ പരിണാമം സത്യമാണെന്ന് വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്, അത് ദൈവത്തിന്റെ നിയന്ത്രണത്തിൽ നടന്നതായിരിക്കണമെന്ന ഒറ്റ കണ്ടീഷനിൽ-അത്രയെങ്കിലും നല്ലത്. എന്നാൽ പരിണാമത്തെ നഖശിഖാന്തം എതിർക്കുന്നത് ഇന്ന് ഇസ്ലാമിക സംഘടനകൾ മാത്രമാണ്. അവരുടെ പരിണാമവിമർശനമാകട്ടെ, “മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായതാണ്” എന്ന ‘മഹത്തായ അറിവി‘ന്മേലുള്ള കടന്നാക്രമണവുമാണ്. ഇത് ഏതാണ്ട് പൊയ്ക്കുതിരയെ തല്ലിക്കൊല്ലുന്നതിനെ ഓർമ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഒരു മതസംഘടനാ ഗ്രൂപ്പിന്റെ സമ്മേളന മാമാങ്കത്തിന്റെ പ്രചരണാർത്ഥം വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യപ്പെട്ട ലഘുലേഖയിൽ പറയുന്നത്, മനുഷ്യൻ ഭൂമുഖത്തെത്തിയിട്ട് “ഏതാനും ആയിരം” വർഷങ്ങളേ ആയിട്ടുള്ളു എന്നാണ്. ഈ ‘ഏതാനും ആയിരം‘ എന്നാൽ എത്ര ആയിരം വരുമെന്നുപോലും വ്യക്തമായി പറയാനുള്ള ആർജവം അവർക്കില്ലതാനും.

പരിണാമത്തെ തങ്ങൾ ‘ശാസ്ത്രീയമായി‘തന്നെയാണ് വിമർശിക്കുന്നതെന്നാണ് പരിണാമവിമർശകരുടെ അവകാശവാദം. എന്നാൽ ഈ ‘ശാസ്ത്രീയരീതി’  തങ്ങളുടെ വിശ്വാസപ്രമാണങ്ങളായ കെട്ടുകഥകൾക്കുമേൽ പ്രയോഗിക്കാൻ ഒരിക്കൽ പോലും ഇവർ ധൈര്യം കാണിച്ചിട്ടില്ലെന്ന വസ്തുത പരിശോധിക്കുമ്പോൾ ഇവരുടെ പരിണാമവിമർശനത്തിന്റെ ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. തങ്ങളുടെ മതദൈവങ്ങളുടെ ഗുണഗണങ്ങൾ പരിശോധിക്കാൻ നാസ്തികർക്ക് അവകാശമില്ലെന്നും ആദ്യം ‘ദൈവം’ ഉണ്ട് എന്ന് തീരുമാനിച്ച ശേഷം മാത്രമേ അത്തരം പരിശോധനകൾക്ക് അവകാശമുള്ളു എന്നും മുൻകൂർ ജാമ്യമെടുക്കുന്ന ചരിത്രനിഷേധികളായ പരിണാമവിമർശകർ അതേ ന്യായം വെച്ച്, പരിണാമത്തെ വിമർശിക്കും മുമ്പ്  അത് സത്യമാണെന്ന് സമ്മതിക്കേണ്ടതില്ലേ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ ബാക്കിനിൽക്കുന്നു.

പരിണാമത്തെ മൊത്തത്തിൽ അംഗീകരിക്കാതിരിക്കുമ്പോഴും സ്പീഷിസുകൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പരിണാമത്തെ അംഗീകരിക്കാൻ ഇക്കൂട്ടർ നിർബന്ധിതരാകുന്നുണ്ട്. അത് അംഗീകരിക്കാതെ പിടിച്ചുനില്ക്കുക ഇവർക്ക് പ്രയാസമാകുന്നതിനുകാരണം അത് അവരുടെ കണ്മുന്നിൽ കാണുന്നു എന്നതാണ്‌. രണ്ട് സ്പീഷീസുകൾക്കിടയിലെ അതിർവരമ്പുകൾ വളരെ നേർത്തതാണെന്നും ഒരിക്കൽ വേർപിരിഞ്ഞശേഷം പിന്നീട് ലൈംഗികബന്ധത്തിലൂടെ പുതിയതലമുറയെ ഉല്പ്പാദിപ്പിക്കാൻ കഴിയുന്ന അവസ്ഥ നഷ്ടപ്പെടുമ്പോഴാണ്‌ സ്പീഷിസുകളായി തരം തിരിക്കപ്പെടുന്നതെന്നുമുള്ള വസ്തുത ഇവർ അറിഞ്ഞോ അറിയാതെയോ മറച്ചുവെക്കുന്നു.  ‘സ്പീഷീസുകൾക്കകത്തേ പരിണാമം നടക്കുന്നുള്ളു, സ്പീഷീസിനു പുറത്തില്ല‘ എന്ന അറിവ് അവരുടെ സൌകര്യാർത്ഥം, അവരുടെ മുൻവിധികൾ സംരക്ഷിക്കുന്നതിനുവേണ്ടി, അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന് സാരം. വളർത്തുമൃഗങ്ങളിൽ നടത്തിയ കൃത്രിമ നിർധാരണത്തിലൂടെ അവയുടെ രൂപത്തിലും  സ്വഭാവത്തിലും മനുഷ്യൻ വരുത്തിയ മാറ്റം അൽഭുതാവഹമാണ്. മനുഷ്യർ വിവിധ ആവശ്യങ്ങൾക്കായി വളർത്തുന്ന ഭീമാകാരരായ നായകൾ മുതൽ ഓമനകളായ കുഞ്ഞൻ നായകൾ വരെ ഒരേ പൊതുപൂർവികനായ കാട്ടുചെന്നായകളിൽ, തുടക്കത്തിൽ ബോധപൂർവമല്ലാതെയും പിന്നീട് വ്യക്തമായ ഉദ്ദേശത്തോടെയും മനുഷ്യൻ നടത്തിയ ജനിതക ഇടപെടലുകളുളെ ഉൽ‌പ്പന്നങ്ങളാണ്.

ഗ്രേഹൗണ്ട് നായ്ക്കൾ വളരെ ശക്തമായ പേശികളും വളഞ്ഞ ആകൃതിയിലുള്ള ശരീരവും നീളമേറിയ കാലുകളും വാലും ഉള്ളവയാണ്‌. ഓടാനുള്ള ശേഷിയെ കൃത്രിമമായി നിർധാരണം ചെയ്താണ്‌ ഇവയെ വികസിപ്പിച്ചെടുത്തത്. എന്നാൽ ഇതിനു വിപരീതമായി ഡാഷ്ഹൗണ്ട് നായ്ക്കളുടെ ശരീരം കുറിയ കാലുകൾ ഉള്ള കുള്ളന്മാരെ ഓർമ്മിപ്പിക്കുന്നു. ഇത് മാളങ്ങളിൽ നുഴഞ്ഞുകയറി നായാടുക എന്ന പ്രത്യേക ആവശ്യത്തിനായി നിർധാരണം ചെയ്തെടുത്തവയാണ്‌. അതുപോലെ വീട്ടിലെ കിടക്കയിലും അടുക്കളയിലും കുഞ്ഞുങ്ങളെന്നപ്പോലെ പെരുമാറുന്ന ടോയ് ഡോഗുകൾ ഉൾപ്പെടെയുള്ള ഇനങ്ങൾ അരുമകളായി പോറ്റിയളർത്താൻ വികസിപ്പിച്ചെടുത്തവയാണ്‌. ഇതുപോലെതന്നെയാണ്‌ വളത്തുപ്രാവുകളുടെയും അലങ്കാരക്കോഴികളുടെയും കഥ. എന്തെല്ലാം വൈവിധ്യമാർന്ന ആകൃതികളിലേക്കാണ്‌ അവ ചുരുങ്ങിയ കാലം കൊണ്ട് പരിവർത്തിപ്പിക്കപ്പെട്ടിരിക്കുന്നത്! എന്നാൽ കൃത്രിമനിർധാരണം നടക്കുന്നത് മനുഷ്യന്റെ ബോധപൂർവ്വമായ ഇടപെടലുകളിലൂടെയാണെന്നുമാത്രമല്ല, അത് സ്പീഷീസുകളെ മാറ്റുന്നില്ലെന്നും, ഒരു നായയെ നിർധാരണത്തിലൂടെ ഒരു പൂച്ചയാക്കി കാണിക്കാമോ എന്നെല്ലാമുള്ള അപഹാസ്യമെങ്കിലും, പരിണാമം നടക്കുന്ന കാലദൈർഘ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തവരെ സംബന്ധിച്ച് യുക്തിസഹമെന്ന് തോന്നുന്ന ചോദ്യങ്ങളിലൂടെയാണ്‌ വിമർശകർ പരിണാമത്തെ നിരാകരിക്കാൻ ശ്രമിക്കുന്നത്. ബോധപൂർവ്വമായ ഇടപെടലിലൂടെ മനുഷ്യൻ നടത്തുന്ന നിർധാരണത്തെ അപേക്ഷിച്ച്, പ്രകൃതിയിൽ പാരിസ്ഥിതികാനുകൂലത്തിലൂടെ നടക്കുന്ന  സ്വാഭാവിക നിർധാരണം കാലമേറെ എടുക്കുമെങ്കിലും സമാന ഫലം തരുമെന്നും ഇത് സ്പീഷീകരണത്തിനുതന്നെ വഴിവെക്കുമെന്നുമാണ് കൃത്രിമനിർധാരണത്തിന്റെ അനന്തസാധ്യതകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

എല്ലാ ജീവികളിലും നിരന്തരമായി മ്യൂട്ടേഷൻ നടക്കുന്നുവെന്നാണ്‌ പരിണാമവാദികൾ പറയുന്നതെന്നും, അങ്ങനെയെങ്കിൽ ആദിമജീവജാലങ്ങളായ ബാക്റ്റീരിയകൾ ഇന്നും എന്തുകൊണ്ട് ബാക്റ്റീരിയകളായി തുടരുന്നുവെന്നുമാണ്‌ പരിണാമവിമർശകരുടെ മറ്റൊരു മാസ്റ്റർപീസ് വിമർശനം. ഇതിന്റെ ചുവടുപിടിച്ച്, കുരങ്ങിൽ നിന്നാണ്‌ മനുഷ്യനുണ്ടായതെങ്കിൽ പിന്നെയെന്തുകൊണ്ട് ഇന്നും കുരങ്ങുകൾ ഉണ്ടാകുന്നു, അവ എന്താണ്‌ പരിണമിച്ച് മനുഷ്യനാകാത്തത് എന്നൊക്കെയുള്ള ചില കിടിലൻ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരം ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നാണ്‌ അത് കേൾക്കുമ്പോൾ മനസ്സിലാക്കേണ്ടത്. അതല്ലെങ്കിൽ അവർക്ക് കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയെന്ന വ്യക്തമായ അജണ്ടയുണ്ടെന്നും.

 

ഒരു സ്പീഷീസിലെ എല്ലാ ജീവികൾക്കും ഒരേ സമയം ഒരേ രീതിയിലുള്ള മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടെന്നും അവയെല്ലാം സമാനമായി  നിർധാരണം ചെയ്യപ്പെടുന്നുണ്ടെന്നും അതുവഴി ഒരേ വഴിയിലൂടെ പരിണമിക്കുന്നുണ്ടെന്നും പരിണാമശാസ്ത്രം പറയുന്നുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു ചോദ്യത്തിനുതന്നെ പ്രസക്തിയുള്ളു. കുരങ്ങിൽ നിന്ന് മനുഷ്യൻ പരിണമിക്കുകയല്ല, മറിച്ച് ഇന്നത്തെ കുരങ്ങനും മനുഷ്യനും ഒരേ പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നുവെന്നാണ്‌ പരിണാമശാസ്ത്രം പറയുന്നത്. കുരങ്ങന്റെ തന്നെ ഒരു സ്പീഷീസ് അല്ല ഉള്ളത്. ഗിബ്ബണുകൽ, ഒറാങ്ങ് ഊട്ടാൻ, ചിമ്പൻസി, ഗോറില്ല തുടങ്ങി നിരവധിയിനം കുരങ്ങുകൾ ഉണ്ട്. ഇവയെല്ലാം പ്രൈമേറ്റുകളുടെ പരിണാമശാഖയിൽ നിന്നും വ്യത്യസ്ത അവസരങ്ങളിൽ വേർപിരിഞ്ഞവയാണ്‌. ലീമറുകൾ, തേവാങ്കുകൾ, ബുഷ് ബേബി, ടാർസിയറുകൾ മുതലായവയുൾപ്പെടുന്ന ‘പ്രൊസീമി’ യും ആൾകുരങ്ങുകളും മനുഷ്യനും ഉൾപ്പെടെയുള്ള ‘ഹോമിനിഡെ’ ഫാമിലിയുമെല്ലാം ഇതേ പരിണാമവൃക്ഷത്തിൽ നിന്ന് പലയവസരത്തിൽ വേർപെട്ട വിഭാഗങ്ങൾ ആണ്‌. ഇത് സൂചിപ്പിക്കുന്നത്, കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്നല്ല, മറിച്ച്  പ്രൈമേറ്റ് വിഭാഗങ്ങൾ പലവിധത്തിൽ പലപ്പോഴായി പരിണമിച്ച് വേർപിരിഞ്ഞു എന്നാണ്‌. അതുപോലെ മനുഷ്യനും പട്ടികളും, മനുഷ്യനും ആനകളും, മനുഷ്യനും എലികളും, മനുഷ്യനും ബാക്റ്റീരിയകളും വരെ പങ്കുവെക്കുന്ന വിവിധ പൊതുപൂർവികർ ഉണ്ടാകുമെന്നാണ്‌. പരിണാമത്തിന്റെ ഈ ബാലപാഠമറിയുന്നവർക്ക് ബാക്റ്റീരിയ ഇന്നും പരിണമിക്കാതെ എന്തുകൊണ്ട് തുടരുന്നു എന്നെല്ലാമുള്ള ചോദ്യങ്ങളെ ആസ്വദ്യകരമായ ഫലിതങ്ങളായേ വീക്ഷിക്കാൻ കഴിയൂ.

കണ്ണുകൾ താനേ ഉണ്ടാകുമോ?
“കണ്ണുകൾ എന്ന അൽഭുതപ്രതിഭാസം എങ്ങനെ പരിണമിച്ചുണ്ടായി’ എന്ന ‘ഉത്തരം മുട്ടിക്കുന്ന‘ ചോദ്യവുമായി പരിണാമവിരോധികൾ കുറക്കാലം മുമ്പുവരെ സജീവമായിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു ചോദ്യം എടുത്തിടാൻ അവർ അധികമൊന്നും ശ്രമിച്ചുകാണുന്നില്ല. കാരണം ജീവികളുടെ കണ്ണുകളുടെ  പരിണാമം  ശാസ്ത്രം കൃത്യമായിതന്നെ നിർധാരണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ്. ഏറ്റവും ലളിതഘടനയുള്ള ജീവികൾക്കുമുതൽ സങ്കീർണമായ ശരീരഘടയുള്ള ജീവികൾക്കുവരെ കണ്ണിന്റെ ദൗത്യം നിർവഹിക്കുന്ന അവയവങ്ങൾ ഉണ്ട്. ഒരു കണ്ണും സമ്പൂർണമല്ല, ഓരോ ജീവിയുടെയും നിലനില്പ്പിന്റെ ആവശ്യാനുസരണം നിർധാരണം ചെയ്യപ്പെട്ട കണ്ണുകളാണ്‌ അവയ്ക്കുള്ളത്. ജന്തുക്കൾ മാത്രമല്ല, സസ്യങ്ങളും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട്. പ്രകാശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ  കഴിവിനെ ഓരോ ജീവിയുടെയും നിലനില്പ്പിനാവശ്യമായ അളവിൽ, പ്രകൃതിനിർധാരണത്തിലൂടെ ലക്ഷക്കണക്കിന്‌ വർഷങ്ങൾ നീണ്ടുനിന്ന പരിണാമത്തിലൂടെ രൂപമെടുത്തതാണ്‌ ഒരോ ജീവിയുടെയും കണ്ണുകൾ. സസ്തനികളിൽ പ്രൈമേറ്റുകൾക്കു മാത്രമേ പൂർണ്ണ വർണ്ണ ക്കാഴ്ച്ചയുള്ളു. മനുഷ്യൻ, ഏപ്സ്, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ എന്നിവയ്ക്ക് 3 opsin ജീനുകൾ ഉള്ളതാണ് അവയുടെ വർണക്കാഴ്ചയ്ക്ക് നിദാനം. എന്നാൽ പശു ,ആന, കടുവ മുതലായവയ്ക്ക് [non primates] 2 opsin ജീനുകൾ മാത്രമുള്ളതിനാൽ ഫുൾ കളർ വിഷൻ ഇല്ല. പച്ചയും ചുവപ്പും വേർതിരിച്ചറിയാൻ അവയ്ക്കു സാധ്യമല്ല. പ്രകൃതി നിദ്ധാരണമാണിവിടെ നടന്നത്. കാഴ്ച്ചയുടെ ഉൽപ്പത്തിയിലേക്ക് പ്രകൃതി നിർദ്ധാരണം എങ്ങനെ കാരണമാകുന്നുവോ അതേ പോലെ കാഴ്ച്ചക്കുറവിലേക്കും കാഴ്ച്ചയില്ലായ്മയിലേക്കും പ്രകൃതി നിർദ്ധാരണം കാരണമാകുന്നുണ്ട്.

ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ഠരെന്ന് സൃഷ്ടിവാദികൽ അഹങ്കരിക്കുന്ന മനുഷ്യന്റെ കണ്ണുകൾ, അത്രയൊന്നും ‘ഉൽകൃഷ്ഠര‘ല്ലാത്ത ചില ജീവികളുടെ കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രയേറെ ശ്രേഷ്ഠമല്ല എന്ന വസ്തുത അവരെസംബന്ധിച്ച് ഏറെ അരോചകമായ അറിവുമാണ്.

ഡ്രാഗൺ ഫ്ലൈയുടെ ചിറകുകൾ സൃഷ്ടിവാദത്തിനു തെളിവാകുമോ?

‘ജീവിക്കുന്ന ഫോസിലുകൾ‘ എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ജീവികൾ ആണ് പരിണാമവിരോധികളുടെ മറ്റൊരു ഇഷ്ട ഇനം. പ്രാചീനകാലത്ത് ജീ‍വിച്ചിരുന്ന ജീവികളുടെ സ്പീഷീസിൽ പെട്ടതും അവയോട് സാദൃശ്യം പുലർത്തുന്നതും വലിയമാറ്റങ്ങളില്ലാതെ ഭൂമുഖത്ത് നിലനിൽക്കുന്നതുമായ സ്പീഷീസുകൾ ഉണ്ട്, അത്തരം ജീവികളെയാണ് ശാസ്ത്രലോകം ‘ജീവിക്കുന്ന ഫോസിൽ‘(Living 
Fssils) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഘടനാപരമായ കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത നിരവധി ജീവികളുടെ ഫോസിലുകൾ ലഭ്യമായിട്ടുണ്ട്. ശ്വാ‍സകോശ മത്സ്യം (Lung fish), കുതിരലാടത്തിന്റെ ആകൃതിയുള്ള ഒരിനം ഞണ്ട്(Horse-shoe crab), സ്റ്റർജൻ മത്സ്യം(sturgeon) ലിങ്ഗുല(Lingula), ബ്രാക്കിയോപോഡുകൾ(brachiopods), പേളി നോട്ടിലസ്(pearly nautilus), വെൽവെറ്റ് പുഴു(velvet wrom), ജിങ്കോ വൃക്ഷങ്ങൾ(ginko trees) തുടങ്ങിയവക്കെല്ലാം പ്രത്യക്ഷമായ മാറ്റങ്ങൾ അധികമൊന്നും സംഭവിക്കാത്ത പരിണാമ ചരിത്രമാണുള്ളത്. സൃഷ്ടിവാദക്കാരിൽ ഹർഷോന്മാദമുണ്ടാക്കിയ മറ്റൊരു ഫോസിലാണ് ‘ഡ്രാഗൺ ഫ്ലൈ’(തുമ്പി)യുടേത്. 30 കോടി വർഷങ്ങൾക്ക് ശേഷവും ഡ്രാഗൺഫ്ലൈയുടെ ചിറകുകൾ ഇന്നും ‘മാറ്റമില്ലാതെ‘ തുടരുന്നത് പരിണാമം നടന്നിട്ടില്ല എന്നതിനു തെളിവാണെന്നാണ് ഇവർ കൊട്ടിഘോഷിച്ചത്. അതുപോലുള്ള മറ്റൊരു സംഭവമാണ് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചിരുന്നുവെന്ന് കരുതിയിരുന്ന സീലാകാന്തസ് (coelacanthus) മത്സ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ പൂർവതീരത്തിനുസമീപം ആഴക്കടലിൽ നിന്ന് കണ്ടെത്തിയത്.

ഡ്രാഗൺ ഫ്ലൈ ഫോസിലുകൾ വെച്ച് പരിണാമം നടന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതുതന്നെ വലിയ മണ്ടത്തരമാണ്.  വലിപ്പത്തിലും ആകൃതിയിലും നിറത്തിലും വൈവിധ്യമാർന്ന 3000 ൽ പരം സ്പീഷീസുകൾ ഇന്ന് ഭൂമുഖത്തുണ്ട്. 30 കോടി വർഷങ്ങൾക്ക് മുമ്പ് കാർബോണിഫരസ് യുഗത്തിൽ ജീവിച്ചിരുന്ന ഡ്രാഗൺ ഫ്ലൈയുടെ ഫോസിലുകളാകട്ടെ വളരെ വലിയ ഇനവുമായിരുന്നു. അവയുടെ ചിറകുകൾക്ക് 65 സെന്റീമീറ്റർ വരെ നീളമുണ്ടായിരുന്നു. ഈ വസ്തുതകളെല്ലാം വെച്ചുതന്നെ ഡ്രാഗൺ ഫ്ലൈക്ക് പരിണാമമൊന്നും സംഭവിച്ചിട്ട് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ അത് 30 കോടി വർഷത്തിനിടക്ക് അതിന്റെ ആകൃതിയിൽ, വലിപ്പത്തിലല്ല, പരിണാമമൊന്നും സംഭവിച്ചിട്ടില്ല എന്നേ വരൂ. മറിച്ച് 30 കോടി വർഷങ്ങൾക്ക് മുമ്പ് അത് അതേ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നതിന്‌ ഇതെങ്ങനെ തെളിവാകും! മുപ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അവ അവയുടെ പൂർവികരിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല എന്നതിനും ഇത് തെളിവാകുന്നില്ല. എന്നാൽ രസകരമായ കാര്യം, ഈ ഭൂമിതന്നെ ഉണ്ടായിട്ട് ‘ഏതാനും ആയിരം’ വർഷങ്ങളേ ആയിട്ടുള്ളു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഇക്കൂട്ടർ 30 കോടി വർഷം പഴക്കമുള്ള ഡ്രാഗൺഫ്ലൈ ഫോസിലുകളുമായി സർക്കസ് കളിക്കുന്നതാണ്‌.

ഇടക്കണ്ണിയുണ്ടൊ, ഇടക്കണ്ണി?

ഫോസിൽ രേഖയിലെ ‘വിടവുകൾ’ എല്ലാ കാലത്തും പരിണാമത്തിന്റെ മുനയൊടിക്കാൻ സൃഷ്ടിവാദക്കാർ ഉപയോഗിച്ചുവരുന്നുണ്ട്. പണ്ടു ജീവിച്ചിരുന്ന ജീവികളുടെ ശരീരഭാഗങ്ങൾ കൃത്യമായി അടുക്കി സൂക്ഷിക്കാനും അത് നമ്മുടെ ആവശ്യാനുസരണം ലഭ്യമാക്കാനും ആരെങ്കിലും സംവിധാനമൊരുക്കിയിരുന്നെങ്കിലേ എല്ലാ ഫോസിലുകളും നമ്മുടെ ആവശ്യാനുസരണം ലഭ്യമാകുകയുള്ളു. ഒഴുക്കിൽ പെട്ട് ജലാശായങ്ങളുടെയും കടലിന്റെയും അടിത്തട്ടിൽ എത്തുന്ന ജീവികളുടെ ശരീരങ്ങൾക്ക് മുകളിൽ മണ്ണും അവസാദങ്ങളും വന്നടിഞ്ഞ് കാലക്രമത്തിൽ രൂപ്പടുന്ന അവസാദശിലകളിലാണ്‌ സാധാരണയായി ഫോസിലുകൾ കാണപ്പെടുന്നത്. കരയിലും ഇത്തരം അവസാദശിലകൾ രൂപപ്പെടാറുണ്ട്. ഇത്തരം ഫോസിലുകൾ ഉണ്ടെങ്കിൽ തന്നെ അവ കൃത്യമായി കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്‌. ഇത്തരത്തിൽ ഫോസിലുകൾ കിട്ടുന്നതുതന്നെ വലിയ ഭാഗ്യമാണെന്നിരിക്കെ അവക്കിടയിൽ ‘വിടവുകൾ’ പാടില്ലെന്ന് വാശിപിടിക്കുന്നത് ആത്മാർത്ഥമായി കണ്ടെത്താനുള്ള  ആഗ്രഹം കൊണ്ടല്ല, മറിച്ച് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രഥകൊണ്ടാണെന്ന് വ്യക്തം. ഇനി രണ്ട് ഫോസിലുകൾക്കിടയിൽ അവയുടെ ഇടയിലുള്ള മറ്റൊരു ഫോസിൽ കിട്ടിയെന്നിരിക്കട്ടെ, സൃഷ്ടിവാദക്കാർക്ക് ഉൽസാഹം കൂടും. കാരണം ഇപ്പോൾ മൂന്ന് ഫോസിലുകൾക്കിടയിൽ വിടവുകൾ രണ്ടായി വർധിച്ചിരിക്കുകയാണ്‌. ഇത് അവരുടെ വാദത്തിന്‌ ‘ഇരട്ടി’ ശക്തിലഭിച്ചിരിക്കുന്നതിന്‌ തെളിവാകുന്നു!

പരിണാമത്തെ അതിന്റെ രീതിശാസ്ത്രം വെച്ച് പരിശോധിച്ചാൽ ഇടക്കണ്ണി തന്നെ പ്രസക്തമല്ലെന്ന് കാണാം. കാരണം ഓരോ സ്പീഷീസും ഓരോ ഇടക്കണ്ണി തന്നെയാണ്. പരിണാമം ക്രമാനുഗതവും നിരന്തരമായി നടക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിനിടയിൽ സംഭവിക്കുന്ന ചെറിയ വ്യത്യാസങ്ങൾ കാലങ്ങളിലൂടെ പെരുകുമ്പോഴാണ് ഒരു ജീവി മറ്റൊന്നായി മാറുന്നത്. ഇത്തരത്തിൽ സംഭവിക്കുന്ന കാലത്തിന്റെ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ലഭിക്കുന്ന ഫോസിലുകൾ നമ്മൾ ഒന്നുകിൽ ഒരു വിഭാഗത്തിൽ അല്ലെങ്കിൽ മറ്റൊരു വിഭാഗത്തിൽ പെടുത്തുന്നു എന്നുമാത്രം.

കുയിലിന്റെ പാട്ടും മയിലിന്റെ പീലിയും പരിണാമവിരുദ്ധമോ?

മയിലിന്റെ മനോഹരമായ പീലിയും കുയിലിന്റെ സുന്ദരമായ പാട്ടും അന്ധമായ പരിണാമത്തിലൂടെ ഉരുത്തിരിയുമെന്ന് നിങ്ങൾ കരുതുന്നുവോ എന്ന ചോദ്യം കേട്ടാൽ ഒരു വക പരിണാമവാദികളൊക്കെ ഒന്ന് സംശയിക്കും. ശത്രുക്കളുമായുള്ള മൽസരത്തിന്‌ മയിലിന്‌ അതിന്റെ മനോഹരമായ പീലി ഒരിക്കലും സഹായകമാകുകയില്ല, മറിച്ച് അത് അപായകരവുമായി ഭവിക്കുകയും ചെയ്യും. പിന്നെങ്ങനെ അത് അതിജീവിച്ചു? ചില പക്ഷികളുടെ വൈവിധ്യമാർന്ന വർണങ്ങൾക്ക് അതിജീവനത്തിൽ എന്ത് പങ്കാണുള്ളത്?

ദൈവം അയാൾക്കുതോന്നിയ ജീവികൾക്കൊക്കെ തോന്നിയ കഴിവുകൊടുത്തു എന്ന് പറഞ്ഞാൽ ഉത്തരം വളരെ ലളിതമാണ്‌. ചോദ്യങ്ങളും അതോടെ അവസാനിച്ചു. എന്നാൽ പരിണാമശാസ്ത്രത്തിനു പറയാനുള്ളത് ലൈഗികനിർധാരണം എന്ന ഉത്തരമാണ്‌. പെൺ പക്ഷികൾ അവയ്ക്ക് ഇഷ്ടമുള്ള ഇണകളെ തെരഞ്ഞെടുത്ത് അവരുമായി ഇണചേരാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. മരിയൻ പെട്രോയും(Marion Petrov) സഹപ്രവർത്തകരും ആൺമയിലുകളുടെ വാലിൽ നിന്നും കൺപൊട്ടുകൾ നീക്കം ചെയ്തുകൊണ്ട്, കൂടുതൽ കൺപൊട്ടുകളുള്ള ആൺ മയിലുകളെയും അവ നീക്കം ചെയ്ത ആൺ മയിലുകളെയും പെൺ മയിലുകളുമായി ഇണചേരാൻ അനുവദിച്ചപ്പോൾ ആകർഷകമായ വാലുള്ളവ കൂടുതലായി തെരഞ്ഞെടുക്കപ്പെട്ടതായി കണ്ടെത്തി. അതുപോലെ ആൻഡേഴ്സൺ  1982-ൽ നീണ്ട വാലുള്ള വിഡോ പക്ഷികളിൽ, ആൺപക്ഷികളുടെ വാലിന്റെ നീളം കൃത്രിമമായി കൂട്ടിയും കുറച്ചും നടത്തിയ പരീക്ഷണത്തിൽ വാൽ നീളം കൂടുതലുള്ള ആൺ പക്ഷികൾ പെൺ പക്ഷികളാൽ കൂടുതൽ ആകർഷിക്കപ്പെതായി കണ്ടെത്തി. അവയെ ആകർഷിച്ചത് നിറമോ മറ്റെന്ത് മറ്റേതെങ്കിലും ഘടകമോ ആകാം. ഏതായാലും പെൺപക്ഷികൾ തെരഞ്ഞെടുപ്പ് നടത്തി എന്നത് സത്യം. ഇത്തരത്തിൽ കൂടുതലായി പെൺ പക്ഷികളാൽ തെരഞ്ഞെടുക്കപ്പെടുന്ന തരം ആൺ പക്ഷികളുടെ ജീനുകൾ അടുത്ത തലമുറകളിലേക്ക് പകർത്തപ്പെടാനും അത് ആ പ്രത്യേക ഗുണം അതിജീവിക്കാനും ഇടവരുത്തുന്നു. അതുപോലെ ഇണകൾക്കുവേണ്ടിയുള്ള മൽസരത്തിൽ നിർധാരണം ചെയ്യപ്പെട്ട അവയവങ്ങളും ഉണ്ട്. മാൻ, വാൽറസ് എന്നിവയുടെ കൊമ്പുകളും കുരങ്ങുകളുടെ കോമ്പല്ലുകളും ഇത്തരത്തിൽ നിർധാരണം ചെയ്യപ്പെട്ട പ്രതിരോധാവയവങ്ങൾ ആണ്‌.

പരിണാമം തെറ്റെങ്കിൽ സൃഷ്ടിവാദം ശരിയാകുമോ?

പരിണാമശാസ്ത്രം ജീവശാസ്ത്രത്തിന്റെ ഭാഗമല്ലെന്നുപോലും പ്രചരിപ്പിക്കുന്ന ഹാസ്യസാമ്രാട്ടുകളായ പരിണാമവികർശകർ ഇന്ന് നമുക്കുമുന്നിലുണ്ട്. പ്രകൃതിയിൽ ജീവികൾ തമ്മിൽ നിലനിൽ‌പ്പിനായുള്ള മത്സരമൊന്നും നടക്കുന്നില്ല എല്ലാവരും നല്ല ഒത്തൊരുമയിൽ ആണ് ജീവിച്ചുവരുന്നത് എന്നും ഇവർ കണ്ടെത്തിയിട്ടുമുണ്ട്. സ്പീഷീസുകൾക്കകത്തെ സൂക്ഷമപരിണാമം ശരിയാണെന്ന് സമ്മതിച്ചാലും, പ്രകൃതിയുമായുള്ള മൽസരത്തിൽ ചിലവയുടെ തിരോധാനമോ മറ്റുചിലവയുടെ അതിജീവനമോ സംഭവിച്ചാൽ തന്നെയും അതൊന്നും പരിണാമത്തിനു കാരണമാകുന്നില്ലന്നാണ്‌ ഇക്കൂട്ടരുടെ പ്രധാന വാദം.

കുതിരയും കഴുതയും തമ്മിലുള്ള ഇണചേരലിൽ ജനിക്കുന്ന കോവർകഴുതക്ക് പ്രത്യുല്പാദനശേഷിയില്ലാത്തത് കഴുത കഴുതയായും കുതിരകുതിരയായും തുടരുന്നു വെന്നതിന്‌ ഉദാഹരണമായി ശ്രീ എൻ എം ഹുസ്സൈൻ എടുത്തുകാണിക്കുന്നു (സ്നേഹസവാദം മാസിക- ജനുവരി 2013). ഇത് വായിച്ചാൽ തോന്നുക രണ്ട് സ്പീഷീസുകൾ തമ്മിൽ ഇണചേരുമ്പോൾ ജനിക്കുന്ന സന്തതികൾ മൂന്നാമതൊരു സ്പീഷീസാകുന്നുവെന്ന് ശാസ്ത്രം പറയുന്നുവെന്നാണ്‌. അതുപോലെതന്നെയാണ്‌ പ്രകൃതിനിർധാരണം സ്പീഷീകരണത്തിനു കാരണമാകുന്നില്ല എന്ന വാദവും. ഒരു ജീവി പാരിസ്ഥിതികാനുകൂലനം നേടുന്നതാണ്‌ പരിണാമത്തിനുകാരണമാകുന്നത് എന്ന് അദ്ദേഹം ധരിച്ചുവശായിരിക്കുന്നതായി തോന്നുന്നു. ഒന്നുകിൽ ‘പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമം‘ എന്താണെന്ന് അറിയില്ല എന്ന് വ്യക്തം. അല്ലെങ്കിൽ അത് അറിഞ്ഞിട്ടും കെട്ടുകഥകളായ തന്റെ മതധാരണകളുടെ ശിഥിലകോട്ടകൾ സംരക്ഷിക്കാനുള്ള വ്യഗ്രഥയിൽ സത്യം മറച്ചുവെക്കുന്നു.

ജീവികളിൽ സംഭവിക്കുന്ന, അവയ്ക്ക് ദോഷകരമാകാതെ സംരക്ഷിക്കപ്പെടുന്ന ഗുപ്തമ്യൂട്ടേഷനുകൾ അനുകൂല പാരിസ്ഥിതിക അവസ്ഥയിൽ അതിജീവിക്കുകയും അത്തരം മ്യൂട്ടേഷനുകൾ നേരിയ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങൾ കുന്നുകൂടി ജീവിയുടെ ശരീരഘടനയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിക്കുന്നു.  ഒരു സ്പീഷീസിനകത്തെ ഒരു വിഭാഗം അതിന്റെ തന്നെ മറ്റൊരു കൂട്ടത്തിൽ നിന്ന് പരസ്പരം ഇണചേരാൻ സാധിക്കാത്തവിധം ദ്വീപ് വല്ക്കരിക്കപ്പെടുന്ന അവസ്ഥയിൽ, വ്യത്യസ്തമായി പരിണമിക്കുകയും- ഒരു കൂട്ടം മാറ്റമില്ലാതെ തുടരുകയുമാകാം- ഈ രണ്ട് വിഭാഗവും പിന്നീട് എപ്പോഴെങ്കിലും സന്ധിക്കാനിടവരുമ്പോഴേക്കും പരസ്പരം ഇണചേർന്ന് ആരോഗ്യമുള്ള സന്തതിപരമ്പരകളെ ഉല്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് അവ രണ്ട് വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കപ്പെടുന്നത് എന്ന ശാസ്ത്ര സത്യത്തെയും അതുവഴി സംഭവിക്കുന്ന പരിണാമത്തെയും എത്രതന്നെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും വളച്ചോടിച്ചാലും ഏറിയാൽ പരിണാമം തെറ്റാണെന്ന് ചിലരെയൊക്കെ തെറ്റിദ്ധരിപ്പിക്കാനേ അവർക്ക് കഴിയൂ, പക്ഷേ, അതുകൊണ്ട് തങ്ങളുടെ മതപുസ്തകത്തിലെ കെട്ടുകഥകൾക്ക് ന്യായീകരണം കണ്ടെത്താൻ കഴിയുകയില്ലെന്നും അവർ തിരിച്ചറിയണം.

സോഷ്യൽ ഡാർവിനിസവും ഡാർവിനും തമ്മിലെന്ത്?

അർഹതയുള്ളവയുടെ അതിജീവനമാണ്‌ പ്രകൃതിയുടെ നിയമം. ജീവജാലങ്ങൾ തമ്മിൽ തമ്മിലും ജീവികൾ പ്രകൃതിയുമായും നിലനില്പിനായുള്ള നിരന്തരമായ തുറന്ന മൽസരമാണ്‌ പ്രകൃതിയിൽ നടക്കുന്നത്. ഈ മൽസരത്തിൽ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ളവർ അതിജീവിക്കുകയും പിന്തള്ളപ്പെടുന്നവ ഭൂമുഖത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടുകയോ പർശ്വവല്ക്കരിക്കപ്പെടുകയോ ചെയ്യുന്നു. ജൈവപരിണാമത്തിന്‌ അടിസ്ഥാനമായി വർത്തിക്കുന്ന ഈ പ്രക്രിയയെയാണ്‌ ഡാർവിൻ പ്രകൃതിനിർധാരണം (Natural Selection) എന്ന് പേരിട്ട് വിളിച്ചത്.

പ്രകൃതിയുടെ ഈ നിയമം വലിപ്പചെറുപ്പഭേദമന്യേ എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്‌. ഭീമാകാരന്മാരായ ഡിനോസറുകൾ ഭൂമുഖത്ത് അടക്കിവാണത് ഏതാണ്ട് 15 കോടിയിലധികം വർഷങ്ങളാണെന്ന് കരുതപ്പെടുന്നു. ഇന്നേക്ക് ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി കരുതുന്ന ഉൽക്കാപതനത്തിൽ ഈ ഭീമാകാരസമൂഹം ഒന്നടങ്കം മണ്ണടിഞ്ഞ കാലത്ത്,  ഇന്നത്തെ മനുഷ്യരടക്കമുള്ള പ്രൈമേറ്റുകളുടെ പൂർവ്വികരായ സസ്തനികൾക്ക് ഒരു പെരുച്ചാഴിയോളം വലിപ്പമേ ഉണ്ടായിരുന്നുള്ളു. ഡിനോസറുകൾ മദിച്ചുജീവിച്ചിരുന്ന ജീവിതപരിസരം ശൂന്യമായപ്പോൾ സസ്തനികൾക്ക് തുറന്നുകിട്ടിയത് അവരുടെ പറുദീസയായിരുന്നു. ഭൂമിയിൽ ഇന്ന് ജീവിക്കുന്ന ജീവിവർഗങ്ങളേക്കാൾ എത്രയോ മടങ്ങ് ജീവികൾ പ്രകൃതിയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട് തിരശ്ശീലയ്ക്കുപിന്നിൽ മറഞ്ഞിട്ടുണ്ട്.  ഭൂമിയിലെ പരിണാമചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത കഴിവുകൾ ആർജിച്ച മനുഷ്യനും ഇതേ പ്രകൃതി നിയമത്തോട് പൊരുതിക്കൊണ്ടുതന്നെയാണ്‌ ഇന്നത്തെ നിലയിലേക്ക് വികസിച്ചതും. പ്രകൃതിശക്തികളോടും ദുരന്തങ്ങളോടും രോഗങ്ങളോടും ഹിംസ്രജന്തുക്കളോടും ഇതരഗോത്രങ്ങളോടുമുള്ള മത്സരത്തിൽ അതിജീവിച്ചതുകൊണ്ടാണ് ഇന്നത്തെ മനുഷ്യസമൂഹം നിലനിൽക്കുന്നതുതന്നെ. എന്നിരിക്കിലും ഇന്ന് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത് ഇതേ പ്രകൃതിനിയമങ്ങൾ തന്നെയാണോ? ജൈവലോകത്തിലെ ഈ അടിസ്ഥാന നിയമം മനുഷ്യ സമൂഹത്തിലും ബാധകമാക്കേണ്ടതുണ്ടോ? പ്രകൃതിക്കുമേൽ മേൽക്കൈ നേടി അതിനെതന്നെ ഒരു പരിധിവരെ നിയന്ത്രിക്കാനും കൃത്രിമനിർധാരണത്തിലൂടെ പരിണാമപ്രക്രിയയെതന്നെ വഴിതിരിച്ചുവിടാനും കഴിവുനേടിയ മനുഷ്യസമൂഹത്തെയും പ്രകൃതിനിർധാരണത്തിന്റെ ‘ക്രൂര’ നിയമങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന വാദം എത്രത്തോളം സ്വീകാര്യമാകും?

ചാൾസ് ഡാർവിൻ കണ്ടെത്തിയ പരിണാമസിദ്ധാന്തത്തെ മറയാക്കി, ഒരിക്കൽ പാശ്ചാത്യരാജ്യങ്ങളിൽ ഉദയം കൊള്ളുകയും സാമൂഹ്യരംഗത്ത് ഏറെക്കാലം സജീവമായ ചർച്ചകൾക്ക് വഴിവെക്കുകയും ചിലപ്പോഴെങ്കിലും പ്രായോഗികവർക്കരിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സിദ്ധാന്തമാണ്‌ സാമൂഹിക ഡാർവിനിസം (Social Darwinism).  ഹെർബർട്ട് സ്പെൻസർ (Herbert Spencer -1820-1903) എന്ന ബ്രിട്ടീഷ് ചിന്തകനായിരുന്നു മനുഷ്യസമൂഹത്തിനുമേൽ പ്രകൃതിനിർധാരണത്തെ നിഷ്കരുണം പ്രയോഗിക്കാൻ ശ്രമിച്ചവരുടെ ബുദ്ധികേന്ദ്രം.

ജീവജാലങ്ങളിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകൾ അതിജീവനത്തിലായുള്ള മൽസരത്തിൽ പുതിയ കഴിവുകൾ ആർജിക്കുക്കതിന്‌ കാരണമായിത്തീരുന്ന പ്രക്രിയയാണ്‌ പരിണാമത്തിന്‌ അടിസ്ഥാനമായി വർത്തിക്കുന്നത്. ഇത്തരത്തിൽ കഴിവുകൾ ആർജിക്കാൻ കഴിയുന്നു എന്നല്ലാതെ, ആ കഴിവുകൾ ആർജിക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്താൻ ഡാർവിന്റെ കാലഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല. ഡാർവിന്റെ സമകാലികനായിരുന്ന ഗ്രിയഗർ മെന്റലിന്റെ (Gregor Mendel) ജനിതക ശാസ്ത്ര കണ്ടെത്തലുകൾ അക്കാലത്ത് ആരും അറിഞ്ഞിരുന്നുമില്ല. എന്നാൽ ഇന്ന് ജനിതകശാസ്ത്രവും തന്മാത്രാ ജീവശാസ്ത്രവും ജീവികൾ പുതിയ കഴിവുകൾ ആർജിക്കുന്ന പ്രക്രിയയെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്‌.

പ്രകൃതിയെ നയിക്കുന്ന പ്രകൃതിനിർധാരണ നിയമങ്ങളെ മനുഷ്യസമൂഹത്തിന്റെ ധാർമിക ബോധത്തിനുമേൽ കെട്ടിയേൽ‌പ്പിക്കാനുള്ള ശ്രമമാണ് സ്പെൻസർ ഉൾപ്പെടെയുള്ള സോഷ്യൽ ഡാർവിനിസ്റ്റുകൾ നടത്തിയത്. മനുഷ്യസമൂഹത്തെ നയിക്കുന്ന ധാർമിക മൂല്യങ്ങൾ ഏതെങ്കിലും പ്രകൃതിനിയമത്തെ ആധാരമാക്കി രൂപപ്പെട്ടതല്ലെന്ന് മാത്രമല്ല, അത് അങ്ങനെയായിരിക്കണമെന്ന് വാശിപിടിക്കേണ്ടതുമില്ല. പ്രകൃതിയെ നയിക്കുന്ന നിയമത്തെ മനുഷ്യന്റെ ധാർമികതയുമായി ബന്ധിപ്പിക്കുന്നതിലെ അശാസ്ത്രീയതതന്നെയാണ് സോഷ്യൽ ഡാർവിനിസത്തെ ഒറ്റനോട്ടത്തിൽ തന്നെ മനുഷ്യവിരുദ്ധമാക്കുന്നത്. പ്രകൃതിയിൽ നടക്കുന്നതെല്ലാം പ്രകൃതിയിൽ നടക്കുന്നു എന്ന കാരണത്താൽ സാധൂകരിക്കത്തക്കതാണെന്നുവരുമ്പോൾ അത് തള്ളിക്കളയുന്നത് സാമൂഹ്യജീവിതത്തിലൂടെ മനുഷ്യൻ ആർജിച്ച ധാർമികതയെതന്നെയാണ്. പ്രകൃതിയിൽ നടക്കുന്നതെല്ലാം നല്ലതാണെന്ന വാദം ‘നച്ചുറലിസ്റ്റിക് ഫാലസി‘യിലേക്ക് വഴുതിവീഴുന്നതാണ്.

 

പ്രകൃതിയിൽ ബഹുഭൂരിപക്ഷം ജീവികളും പ്രത്യുല്പാദനത്തിനായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. ഭൂരിപക്ഷം ജീവികളും ഇക്കാര്യത്തിൽ ഇണയുടെ സമ്മതത്തിനായി കാത്തുനിൽക്കാറുമില്ല-കുറെ കാലത്തേക്ക് ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന ജീവികളുമുണ്ട്. എന്നാൽ മനുഷ്യന്റെ ധാർമ്മികത ഇക്കാര്യത്തിൽ കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അത് എല്ലാ കാലത്തും ദേശത്തും ഒരുപോലെയായിരിക്കില്ല എന്നിരിക്കിലും. വ്യത്യസ്ത സമൂഹങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ മനുഷ്യസമൂഹത്തിൽ ഏറെക്കുറെ വിലക്കപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, ഇണയുടെ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികതയെ മനുഷ്യർ ബലാത്സംഗത്തിന്റെ ഗണത്തിലാണ് പെടുത്തുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുമ്പോൾ പ്രകൃതിയിൽ നടക്കുന്ന അർഹതയുള്ളവയുടെ അതിജീവനപ്രക്രിയ മനുഷ്യസമൂഹത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന വാദത്തിലെ അശാസ്ത്രീയതയും അധാർമ്മികതയും ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

മത്സരാധിഷ്ഠിത സമൂഹത്തിൽ അർഹതയുള്ളവർ മാത്രം അതിജീവിക്കുന്നതല്ല, മറിച്ച് ദുർബലനെയും കൈപിടിച്ച് കൂടെ നിർത്തുന്നതാണ് മനുഷ്യന്റെ ധാർമികത. അനുകമ്പയും സ്നേഹവും മാത്രമല്ല ദേഷ്യവും വിദ്വേഷവും, ബോധമുള്ള ജീവികളിൽ, വിശേഷിച്ചും തലച്ചോർ വികസിച്ച ജീവികളിൽ മാത്രം കാണുന്ന വികാരങ്ങൾ ആണ്. ഈ വികാരങ്ങളിൽ ആണ് മനുഷ്യന്റെ ധാർമികബോധത്തിന്റെ മൂലക്കല്ല് കുടികൊള്ളുന്നത്. ബോധരഹിതമായ സ്വാഭാവികപ്രകൃതിയിൽ ഇതിനൊട്ടും സ്ഥാനവുമില്ല. വെട്ടിപ്പിടിക്കാനും മേൽക്കൈ നേടാനുമുള്ള ആർത്തിക്കൊപ്പം തന്നെ ദുർബലനെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള സഹബോധമാണ്‌ മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിനാധാരം. സ്വാഭാവികപ്രകൃതിയിൽ ജീവിക്കാനുള്ള കഴിവുനഷ്ടപ്പെടുമായിരുന്ന മനുഷ്യരെ സംരക്ഷിച്ച് കൂടെ നിർത്തുകയും തലമുറകളിലൂടെ അവരെ നിലനിൽക്കാൻ പര്യാപ്തമാക്കുയയും ചെയ്യുന്ന ഇടപെടലുകൾക്ക് മനുഷ്യൻ ഇന്ന് പ്രാപ്തനാണ്‌. എന്നാൽ പ്രകൃതിയിൽ നടക്കുന്ന നിലനില്പ്പിനായുള്ള മൽസരങ്ങൾ സ്വാഭാവികമാണെന്നും, മനുഷ്യസമൂഹത്തിൽ ബലവാൻ ദുർബലനുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇതേ പ്രകൃതി നിയമത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അത് തികച്ചും ന്യായവും സ്വാഭാവികവും, അതിൽ ‘അധാർമികത’ ഒട്ടും തന്നെ ഇല്ലെന്നുമാണ്‌ സോഷ്യൽ ഡാർവിനിസം സമർത്ഥിക്കാൻ ശ്രമിച്ചത്.

കോളനിവല്ക്കരണവും, ഇതര രാജ്യങ്ങൾക്കും മനുഷ്യസമൂഹങ്ങൾക്കും മേലുള്ള അധിനിവേശവും സാർവത്രികമായിരുന്ന കാലഘട്ടത്തിൽ ഹെർബർട്ട് സ്പെൻസറിന്റെ പ്രതിലോമകരമായ ഈ സിദ്ധാന്തം ഏറെ കൊണ്ടാടപ്പെട്ടു. കോളനികളുടെ വെട്ടിപ്പിടുത്തത്തിന്‌ നേതൃത്വം കൊടുത്തവരൊക്കെ വെളുത്ത വർഗക്കാരായിരുന്നതിനാൽ, വെള്ളക്കാർ കറുത്തവരേക്കാൾ പരിണാമപരമായി ഔന്നത്യം നേടിയവരാണെന്ന വാദങ്ങൾ അവരുടെ പ്രവൃത്തികൾക്ക് ന്യായം ചമയ്ക്കുന്നതിനായി ഉപയോഗിക്കപ്പെട്ടു. കറുത്ത വർഗക്കാർ പൂർണ മനുഷ്യരല്ലെന്ന ന്യായവാദം നിരത്തിയിരുന്നവർ സോഷ്യൽ ഡാർവിനിസത്തിന്റെ സത്തയെ അറിഞ്ഞാണോ അങ്ങനെ പറഞ്ഞത് എന്നറിയില്ലെങ്കിലും ഇത്തരം വാദങ്ങൾക്ക് സൈദ്ധാന്തിക ആവരണം അണിയിക്കുകയാണ് സോഷ്യൽ ഡാർവിനിസ്റ്റുകൾ ചെയ്തത്.

മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരു ന്യൂനപക്ഷം, ബഹുഭൂരിപക്ഷം വനുന്ന മനുഷ്യരെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിൽ അപാകതയൊന്നുമില്ലന്ന വാദത്തിന് ഡാർവിനിസത്തെ മറയാക്കുന്നതാണ്  സോഷ്യൽ ഡാർവിനിസ്റ്റുകൾ നിർവ്വഹിച്ച മറ്റൊരു ദൌത്യം.. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന മത്സരാധിഷ്ഠിത വിപണിവ്യവസ്ഥയിൽ ഒരു വിഭാഗം സമ്പന്നരാകുന്നത് അവർക്ക് പ്രത്യേക കഴിവുകൾ ഉള്ളതുകൊണ്ടാ‍ണെന്നും, അതിനു ശേഷിയില്ലാത്ത വിഭാഗങ്ങൾ ദരിദ്രവൽക്കരിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും, അത് പ്രകൃതിപരമായി ന്യായീകരികത്തക്കതാണെന്നും വ്യാഖ്യാനങ്ങൾ വന്നു. ചാതുർവർണ്യം മായാസൃഷ്ടമെന്ന വാദത്തോളം, അത് അടിമത്ത വ്യവസ്ഥയെയും വംശീയവാദത്തെയും വെട്ടിപ്പിടുത്തങ്ങളെയും ന്യായീകരിക്കാനായി ഉപയോഗിക്കപ്പെട്ടു.

ഇന്ത്യയിൽ സവർണർക്കിടയിൽ നിലനിന്ന വർണവ്യവസ്ഥ ജനനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വിവിധ തട്ടുകളായി തിരിക്കുന്നതായിരുന്നു. ചാതുർവർണ്യത്തിനു പുറത്തുള്ള വിഭാഗങ്ങൾ അസുരരായും രാക്ഷസരായുമെല്ലാം മുദ്രകുത്തപ്പെട്ടു. ഈ ഭൂമിയിലെ സകല സ്വത്തിന്റെയും ഉടമസ്ഥാവകാശം ബ്രാഹ്മണർക്കാണെന്ന് സമർത്ഥിക്കുന്നതിനും അത് ചാതുർവർണ്യത്തിനു താഴെ തട്ടിലുള്ളവർക്കും, പുറത്തുള്ളവർക്കും  കൂടി സ്വമേഥയാ സ്വീകാര്യമാക്കുന്നതിനും ചാതുർവർണ്യം ദൈവികമായ തീരുമാനമാണെന്ന തുറുപ്പുചീട്ടാണ് ഉപയോഗിക്കപ്പെട്ടത്.  വർണവ്യവസ്ഥയിൽ ബഹുഭൂരിപക്ഷത്തിനുമേലുള്ള മേൽകോയ്മക്ക് ന്യായീകരണമായി ഉപയോഗിക്കപ്പെട്ടത് ദൈവത്തെയായിരുന്നെങ്കിൽ സോഷ്യൽ ഡാർവിനിസ്റ്റുകൾ അതിനായി പ്രകൃതിയെതന്നെ ഉപയോഗപ്പെടുത്തി.

 

സത്യത്തിൽ ഡാർവിനിസത്തിന് സോഷ്യൽ ഡാർവിനിസവുമായി യാതൊരു ബന്ധവുമില്ലെന്നും അത് ധാർമിക മൂല്യങ്ങളും സംസ്കാരങ്ങളും ആർജിച്ച മനുഷ്യ സമൂഹത്തിൽ പ്രയോഗിക്കുന്നത് അശാസ്ത്രീയവും അധാർമ്മികവുമാണെന്നും കാണാൻ കഴിയും. ജീവികളിൽ കണ്ടുവരുന്ന പ്രകൃതിനിയമം അതേപടി മനുഷ്യ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡാർവിൻ പറഞ്ഞിട്ടില്ല. അത്തരമൊരു പ്രയോഗത്തിന്റെ സാംഗത്യം ഡാർവിനിസം പരിശോധിച്ചിട്ടുമില്ല. പ്രകൃതിയിലെ ഇതര ജൈവസമൂഹങ്ങളിലെന്നപോലെ ഒരിക്കൽ മനുഷ്യസമൂഹത്തെയും ഭരിച്ചിരുന്ന പ്രകൃതിനിർധാരണ നിയമങ്ങളെ സഹബോധത്തിലധിഷ്ഠിതമായ സംസ്കാരങ്ങളിലൂടെയാണ്‌ മനുഷ്യൻ അതിജീവിച്ചത്.  വൈദ്യശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ, രോഗങ്ങൾക്കും രോഗാണുക്കൾക്കും മേൽ മനുഷ്യൻ നേടിയ മേൽ കൈ ‘ദുർബല’ന്റെ തിരോധാനത്തിന്‌ തടയിടുന്നതിനു കാരണമായിട്ടുണ്ട്. രോഗികളെ അവരുടെ സ്വാഭാവിക വിധിക്ക് വിടുകൊടുക്കാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അതിജീവനത്തിനു പ്രാപ്തമാക്കുന്നത് സ്വാഭാവികപ്രകൃതിനിയമത്തിനുമേലുള്ള മനുഷ്യന്റെ വ്യക്തമായ ആധിപത്യത്തെയാണ്‌ കാണിക്കുന്നത്. പ്രകൃതിയുമായുള്ള മൽസരത്തിൽ മനുഷ്യന്‌ പൂർണമായി വിജയിക്കാനായിട്ടില്ലെങ്കിലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള നിലനില്പിനായുള്ള മൽസരത്തിൽ ഉന്മൂലന സിദ്ധാന്തങ്ങളെ തള്ളിക്കളയാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് കാലങ്ങളായി അവൻ ആർജിച്ചെടുത്ത സാംസ്കാരികബോധത്തിലൂടെയാണെന്ന് കാണാൻ കഴിയും.

 

മൃഗങ്ങളെക്കൊണ്ട് വണ്ടിവലിപ്പിക്കുകയും ഭാരം ചുമപ്പിക്കുകയും, ജോലിയൊന്നും ചെയ്യിക്കാൻ കഴിയാതെ വരുമ്പോൾ അവയെ ഭക്ഷണമാക്കുകയും ചെയ്യുന്നതിലോ, ഭക്ഷണത്തിനായി പ്രത്യേകമായി (പരിണാമപരമായ കഴിവുകൾ കൃത്രിമമായി നല്കിക്കൊണ്ട്) വളർത്തിയെടുക്കുന്നതിലോ യാതൊരപാകതയും അധാർമികതയു നമുക്ക് തോന്നാറില്ല. എന്നാൽ കറുത്തവർ വെളുത്തവരേക്കാൾ പരിണാമപരമായി പിന്നിലാണെന്നും  അതുകൊണ്ട് അവനെ അടിമയാക്കി ജോലിചെയ്യിക്കാനൊ കൊല്ലാൻ തന്നെയോ ഉള്ള അധികാരം പ്രകൃതിപരമായിതന്നെ ന്യായീകരിക്കത്തക്കതാണെന്നും വരുമ്പോൾ അത്തരമൊരു ചിന്താപദ്ധതി നിർവ്വഹിക്കുന്ന ഔത്യം മാനവികവിരുദ്ധവും ശാസ്ത്രവുരുദ്ധവുമാകുന്നു. അതുപോലെ പ്രകൃതി നിർധാരണം,  ഇതര ജൈവലോകത്ത് നടക്കുന്നതുപോലെ മനുഷ്യസമൂഹത്തിലും നടക്കേണ്ടതുണ്ടെന്നും, എന്നാൽ മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ അതിനു തടസ്സം നില്ക്കുന്നുവെന്നും വാദിച്ചവരും ഉണ്ടായിരുന്നു. ഡാർവിന്റെ കസിൻ സഹോദരനായിരുന്ന ഫ്രാൻസിസ് ഗാൽട്ടൻ(Francis Galton) ആയിരുന്നു അവരിൽ പ്രധാനി. സാമൂഹിക ഡാർവിനിസത്തിന്റെ ആശയങ്ങൾ തന്നെയാണ് യൂജെനിക്സ് എന്ന പേരിൽ അറിയപ്പെട്ട ഈ പ്രസ്ഥാനത്തിനും ആധാരമായി ഉപയോഗിക്കപ്പെട്ടത്.

ദുർബലരും കഴിവുകെട്ടവരുമായ വ്യക്തികളെ സമുഷ്യസമൂഹം സംരക്ഷിക്കുന്നത് പ്രകൃതിനിർധാരണം അസാധ്യമാക്കിതീർക്കുന്നുവെന്നും, കഴിവുകെട്ടവരെ സംരക്ഷിക്കുകയല്ല, അവരെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണ്‌ വേണ്ടതെന്നും വാദിക്കുന്ന ശുദ്ധീകരണവാദക്കാരും യൂജെനിക്സ് പ്രസ്ഥാനക്കാരും ഒരിക്കൽ രംഗം നിറഞ്ഞാടി. അത്തരക്കാരുടെ സന്തതിപരമ്പരകളെ ഒഴിവാക്കി മനുഷ്യസമൂഹത്തെ ‘ശുദ്ധീകരി‘ച്ചെടുക്കാൻ നിർബന്ധിത വന്ധീകരണം ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് പശ്ചാത്യ രാജ്യങ്ങളിൽ ഈ ആശയങ്ങൾ സർക്കാർ തലത്തിൽ തന്നെ പ്രയോഗവൽക്കരിക്കപ്പെടുകയുണ്ടായി.

 

എന്നാൽ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അവബോധവും അതിന്റെ അടിസ്ഥാനത്തിൽ ലോകത്താകമാനം നടന്ന നിയമനിർമ്മാണങ്ങളും സാമൂഹിക ഡാർവിനിസം മുന്നോട്ട് വെച്ച ‘പ്രാകൃത’സിദ്ധാന്തത്തെ തിരസ്കരിക്കാൻ പര്യാപ്തമായിട്ടുണ്ട്. വർഗം, വർണം, ജാതി, ലിംഗം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായി എണ്ണാൻ മനുഷ്യസമൂഹത്തിന് ഇന്ന് കഴിയുന്നുണ്ട്.

അണുശക്തിയെ ആണവായുധങ്ങൾക്കായി ദുപയോഗം ചെയ്യുന്നതുപോലെ ഡാർവ്വിൻ മുന്നോട്ട് വെച്ച വിപ്ലവകരമായ അറിവിനെ മനുഷ്യത്വരഹിതമായി ദുരുപയോഗം ചെയ്യുന്നതിന്‌ ന്യായീകരണമില്ല. ‘ദുർബല’നെയും ‘കഴിവുകെട്ട’വനെയും അവന്റെ സ്വാഭാവികവിധിക്ക് വിട്ടുകൊടുക്കാതെ, മനുഷ്യാവകാശത്തെയും മാനവികതയെയും അടിസ്ഥാനപ്പെടുത്തിയ പുതിയ ധാർമ്മികബോധമാണ്‌ ലോകത്താകമാനമുള്ള മനുഷ്യസമൂഹം ഇന്ന് നേടിയിരിക്കുന്നത്. എങ്കിലും സാമൂഹിക ഡാർവിനിസത്തിന്റെ പല സ്വാധീനങ്ങളും ഇന്നും സമൂഹത്തിൽ നിലനില്ക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അത്തരം വാദഗതികൾക്കെതിരെ നാം സദാ ജാകരൂകരായിരിക്കേണ്ടതുണ്ട്.

സൃഷ്ടിവാദവും ഫോസിൽ തെളിവുകളും



ദൈവമാണ്‌ പ്രപഞ്ചത്തെയും ജീവജാതികളെയും സൃഷ്ടിച്ചതെന്ന് സൃഷ്ടിവാദികൾ വിശ്വസിക്കുന്നു. തങ്ങൾ വിശ്വസിക്കുന്നു എന്നതുതന്നെയാണ്‌ ഈ വിശ്വാസങ്ങൾ വാസ്തവമാണെന്നതിന്‌ ഏറ്റവും വലിയ തെളിവായി ഇവർ എടുത്തുകാണിക്കുന്നതെങ്കിലും ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ പുതിയ പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്ന തിരക്കിലാണിവരിൽ ചിലർ. എന്നാൽ ശാസ്ത്രീയമായ കണ്ടെത്തലുകൾക്ക് മുമ്പിൽ ഇത്തരം സിദ്ധാന്തങ്ങൾ ചീറ്റിപ്പോകുന്നു. ദൈവം നടത്തിയെന്നവകാശപ്പെടുന്ന സൃഷ്ടികഥതന്നെയാണ് എന്നും ഇവരുടെ ചരക്ക്. പക്ഷേ, ഇതേ ഉല്പത്തികഥതന്നെ ഇവർ പുതിയ ചേരുവകളുമായി പുനവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. എന്ത് പേരിട്ട് വിളിച്ചാലും ചരക്ക് പഴയതുതന്നെ. എത്ര പുതിയ കുപ്പികളിൽ നിറച്ചാലും വീഞ്ഞ് പഴയതുതന്നെ. ആധുനികശാസ്ത്രത്തിനുമുന്നിൽ ഇത്തരം ഉല്പത്തികഥകൾക്ക് പിടിച്ചുനില്ക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രം എന്നും അവരുടെ മുഖ്യശത്രുവാണ്‌; പ്രത്യേകിച്ചും പരിണാമ ശാസ്ത്രം. പരിണാമ ശാസ്ത്രത്തെ തകർക്കാൻ സൃഷ്ടിവാദികൾ കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌. യൂറോപ്പിലും അമേരിക്കയിലും പരിണാമശാസ്ത്രത്തിനെ നിഷ്പ്രഭമാക്കാൻ സൃഷ്ടിവാദികൾ കഠിന ശ്രമം നടത്തുന്നു. എന്നാൽ നാൾക്കുനാൾ പുതിയതെളിവുകളോടെ പരിണാമശാസ്ത്രം ശക്തമാകുന്ന കാഴ്ചയാണ്‌ നമ്മൾ കാണുന്നത്.


എന്തുകൊണ്ടാണ്‌ പരിണാമശാസ്ത്രം സൃഷ്ടിവാദികളെ ഇത്രമേൽ പ്രകോപിപ്പിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്‌. ജീവികളുടെ ഉല്ഭവത്തെക്കുറിച്ച് മതങ്ങൾ ഇക്കാലമത്രയും പറഞ്ഞകാര്യങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് പരിണാമശാസ്ത്രം തെളിവുകളോടെ വിശദീകരിക്കുന്നു. ഏതെങ്കിലും ‘ദൈവം’ ഉണ്ടാകട്ടെ എന്ന്‌ ഉരുവിട്ടപ്പോഴോ അല്ലെങ്കിൽ ഓം ഹ്രീം ഐസ്ക്രീം സ്വാഹാ എന്ന് ജപിച്ചപ്പോഴോ അല്ല ഇന്നുകാണുന്ന ജീവജാലങ്ങളൊന്നും രൂപം കൊണ്ടതെന്നും മറിച്ച് ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ നടന്ന പരിണാമപ്രക്രിയയിലൂടെയാണെന്നും പരിണാമശാസ്ത്രം വിശദീകരിക്കുന്നു. ഈ തെളിവുകൾക്കുമുന്നിൽ മതവാദങ്ങൾ തകർന്നുതരിപ്പണമാകുമ്പോൾ ഇരിക്കപ്പൊറുതി നഷ്ടപ്പെടുന്ന സൃഷ്ടിവാദികൾ  പുതിയ ആരോപണങ്ങളും പുത്തൻ സിദ്ധാന്തങ്ങളുമായി അരങ്ങത്തെത്തുന്നു. പക്ഷേ അജയ്യമായ തെളിവുകളുമായി പരിണാമശാസ്ത്രം എന്നും അവർക്ക് തലവേദനയായി നിലകൊള്ളുന്നു.

 

മതങ്ങൾ പടച്ചുവിട്ട ഉല്പത്തികഥകളിലെ കേന്ദ്രബിന്ദു എന്നും മനുഷ്യനായിരുന്നു. മനുഷ്യൻ എന്ന വിശേഷസൃഷ്ടിക്കുവേണ്ടിയാണ്‌ ദൈവം ഈ പ്രപഞ്ചത്തെതന്നെ സൃഷ്ടിച്ചിരിക്കുന്നതെന്ന് മതങ്ങൾ സിദ്ധാന്തിക്കുന്നു. ദൈവം തന്റെ തനിസ്വരൂപത്തിലാണെത്രെ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നാൽ സൃഷ്ടിവാദകഥകളിലെ കേന്ദ്രബിന്ദുവായ മനുഷ്യന്റെ രംഗത്തുവരവ് എപ്പോഴായിരുന്നെന്ന് ഫോസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനാണ്‌ ഈ പോസ്റ്റിൽ മുഖ്യമായും ലക്ഷ്യമിടുന്നത്. ജീവലോകത്ത് മനുഷ്യന്റെ ആഗമനം എന്നായിരുന്നു?

 

സൃഷ്ടിവാദികൾക്ക് തന്നെ നല്ല നിശ്ചയമില്ലാത്ത ഏതൊ കാലത്താണത്രെ ദൈവം ജീവലോകത്തെ സൃഷ്ടിച്ചത്. ഈ കർമ്മം 6 ദിവസം കൊണ്ട് ദൈവം പൂർത്തിയാക്കി; ഏഴാം ദിവസം ദൈവം വിശ്രമിച്ചു. മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസമാണ്‌. അതും സ്വന്തം സ്വരൂപത്തിൽ. ഇവിടെ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. സൃഷ്ടികർമ്മം 6 ദിവസം കൊണ്ടാണ്‌ പൂർത്തിയാക്കിയത് എന്നാണൊന്ന്. ഇതിലെ 6 ദിവസങ്ങൾ എന്നത് 6 ദിവസങ്ങൾ തന്നെയാണ്‌. ഒരു ദിവസത്തെ നീട്ടിപ്പരത്തി അതിന്‌ ലക്ഷക്കണക്കിനും കോടിക്കണക്കീനും ദൈർഘ്യം ഉണ്ടെന്ന് വ്യാഖ്യാനിക്കാൻ സാധ്യമല്ല. എന്തെന്നാൽ ഒരു ദിവസത്തിന്‌ ലക്ഷക്കണക്കിനുവർഷത്തെ സമയം ഉണ്ടെന്ന് വന്നാൽ, ആ സമയത്തിനിടയ്ക്ക് പരിണാമം നടന്നിരിക്കും. അതായത് ഈ സമയം കൊണ്ട് ഒരു ജീവി മറ്റൊന്നായി പ്രിണമിച്ചിരിക്കും. അത് പരിണാമത്തെ അംഗീകരിക്കലാകും. അല്ലെങ്കിലും ദൈവത്തിന്‌ ആറ്‌ ദിവസം കൊണ്ട്, അതായത് 6x24 മണിക്കൂർ കൊണ്ട് സൃഷ്ടി നടത്താകില്ലെന്ന് പറഞ്ഞ് ദൈവത്തെ കൊച്ചാക്കാൻ ഇവർ ശ്രമിക്കുമെന്നും കരുതാനാകില്ല. ഇതുകൂടാതെ വേറെയും പ്രശ്നമിരിക്കുന്നു. 'ഭൂമിയെ പരത്തിയിട്ടിരിക്കുന്നു' തുടങ്ങിയ മതഗ്രന്ഥത്തിലെ പരാമർശങ്ങളെ ഇവർ സാധൂകരിക്കുന്നത് 'മനുഷ്യന്‌ മനസ്സിലാകുന്ന വിധം പരത്തിയിട്ടിരിക്കുന്നു' എന്ന് വ്യാഖ്യാനിച്ചാണല്ലോ. അപ്പോൾ പിന്നെ ഇത് മനുഷ്യന്‌ മനസ്സിലാകാത്ത 'ദിവസ'മാണെന്ന് വ്യാഖ്യാനിക്കാനും കഴിയില്ല.

 

രണ്ടാമത്തെ കാര്യം സൃഷ്ടികൾക്ക് മാറ്റം സംഭവിക്കില്ല എന്ന ഇവരുടെ സിദ്ധാന്തമാണ്‌. അതായത് ദൈവം എന്ന് ജീവികളെ സൃഷ്ടിച്ചുവോ അന്നുമുതൽ ജീവികൾക്ക് യാതൊരു മാറ്റവും സംഭവിക്കാതെ ഇന്നും തുടരുന്നു. അത് നാളെയും തുടരും. സൃഷ്ടികൾക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നത് സൃഷ്ടിവാദത്തിന്റെ പരമപ്രധാനമായ ആശയമാണ്‌. സൃഷ്ടിവാദികളുടെ ഈ സിദ്ധാന്തം വാസ്തവമാണെങ്കിൽ, ഏത് ഫോസിൽ അടരുകൾ പ്രിശോധിച്ചാലും ഇന്ന് കാണുന്ന ജീവികളുടെ ഫോസിലുകൾ അവയിൽ കാണണം. അങ്ങനെ ഇന്നു കാണുന്ന ജീവികളുടെ ഫോസിലുകൾ വിദൂരമായ ഭൂതകാലത്തുനിന്നും കിട്ടുകയാണെങ്കിൽ സൃഷ്ടിവാദം സത്യമാകും. എന്നാൽ ഫോസിൽ തെളിവുകൾ സൃഷ്ടിവാദത്തെ സാധൂകരിക്കുന്നുണ്ടോ? 

ഫോസിലുകൾഉണ്ടാകുന്നത്.

ജീവികൾ ജലത്തിലോ ചതുപ്പിലോ  ചത്തുവീഴുന്നു. മാംസളമായ ഭാഗങ്ങൾ അതിവേഗം അളിഞ്ഞുപോകുന്നു. തുടർന്ന് അസ്തിപഞ്ചരത്തിനുള്ളിലേക്ക് ചുറ്റുപാടുമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നു. മേല്ക്കുമേൽ അടിഞ്ഞുകൂടുന്ന പ്രക്രിയ ലക്ഷക്കണക്കിനുവർഷങ്ങളോളം തുടരുന്നു. ഇതിന്റെ ഫലമായി അടിയിലെ ഭാഗങ്ങൾ അമർന്ന് കട്ടിയായിത്തീരുന്നു. ഇതില്പ്പെട്ട ജീവികളുടെ അവശിഷ്ടങ്ങൾ ലക്ഷക്കണക്കിന്‌ വർഷങ്ങൾക്കുശേഷം ഫോസിലുകളായി നമുക്ക് ലഭിക്കുന്നു. ഇങ്ങനെ കണ്ടെത്തിയിട്ടുള്ള 2.5 ലക്ഷത്തോളം ഫോസിലുകൾ നമുക്കുണ്ട്. കൂടാതെ അവയുടെ കൃത്യമായ കാലവും ഇന്ന് ലഭ്യമാണ്‌. ഇതിൽ മനുഷ്യനെ കാണുന്നത് എപ്പോഴാണെന്നതാണ്‌ മുഖ്യവിഷയം.

ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ  Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoonaഎന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്‌ അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷം.

ബാക്റ്റീരിയയ്ക്കും ജീവനുണ്ട്, മനുഷ്യനും ജീവനുണ്ട്. രണ്ടുപൊരെയും സൃഷ്ടിച്ചത് ഒരേ ദൈവംതമ്പുരാൻ. സൃഷ്ടിവാദമനുസരിച്ച് ഇവരുടെ സൃഷ്ടി നടന്നത് വെറും  6 ദിവസത്തിനുള്ളിൽ. ഇത് സത്യമാണെങ്കിൽ രണ്ട് പേരുടെയും അവശിഷ്ടങ്ങൾ ഒരേ ഫോസിൽ അടരിൽതന്നെ കാണേണ്ടതാണ്‌. അതായത് Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല. കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌.

ജീവന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടാമാണ്‌ കാംബ്രിയൻ യുഗം. കഴിഞ്ഞ 54.5 കോടി വർഷം മുതൽ കഴിഞ്ഞ 49 കോടി വർഷം വരെയുള്ള കാലഘട്ടമാണിത്. ശരിയായ അർത്ഥത്തിലുള്ള ജീവികൾ(കൈ, കാൽ, കണ്ണ്‌, തല, വാൽ)പ്രത്യക്ഷപ്പെടുന്നത് ഈ കാലയളവിലാണ്‌. കാംബ്രിയനുമുമ്പത്തെ യുഗമായ വെന്റിയ(60 കോടി മുതൽ 54.5 കോടിവരെ വർഷം)നിൽ കാണാത്ത ജീവികളെ നമ്മൽ ഇവിടം മുതൽ കണ്ട് തുടങ്ങുകയാണ്‌. ആന പോലുള്ള ജീവികളൊന്നുമല്ല, ഏതാനും ഇഞ്ചുകൾ മാത്രം വലിപ്പമുള്ള ജീവികളാണിവ. Trilobites, Hallucigenia, odaria, eldonia, എന്നിവയാണ്‌ പ്രധാനപ്പെട്ട ജീവികൾ. കാനഡായിലെ Burges Shale ഫോസിൽ ശേഖരം, ചൈനയിലെ Chengsiang ഫോസിൽ ശേഖരം എന്നിവിടങ്ങളിൽനിന്ന് ഇവയുടെ ധാരാളം ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതായ ഒരു സംഭവമുണ്ട്. ആദ്യകാല പരിണാമശാസ്ത്രകാരന്മാർക്ക് കാംബ്രിയനിൽ മുമ്പില്ലാത്തവിധം ജീവികൾ ഫോസിലിൽ പ്രത്യക്ഷപ്പെട്ടതിന്റെ പിന്നിലെ “ഗുട്ടൻസ്”ശരിയാംവണ്ണം വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ചിലർ ഇതിനെ കാംബ്രിയൻ എക്സ്പ്ലോഷൻ-Cambrian explosion(പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ) എന്നും വേറെ ചിലർ കാമ്പ്രിയനിൽ ഈ ജീവികളെ “ആരോ കൊണ്ടുവെച്ചതുപോലെ” എന്നൊക്കെ വിശദീകരിച്ചു. ( Cambrian explosion-നെപറ്റി പിന്നീട് വിശദമായി പറയുന്നതാണ്.) ഈ നിരീക്ഷണങ്ങൾ സൃഷ്ടിവാദികൾക്ക് പ്രോൽസാഹനമായി. പ്രശ്നം സൃഷ്ടിവാദികൾ ഏറ്റുപിടിച്ചു. കാമ്പ്രിയൻ യുഗത്തിൽ കാണുന്ന ജീവികളെ ദൈവം സൃഷ്ടിച്ചതാണ്‌, അവയ്ക്ക് പൂർവ്വരൂപങ്ങളില്ല, ദൈവം അവയെ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചതാണ്‌, ഇതാണ്‌ കാമ്പ്രിയൻ എക്സ്പ്ലോഷന്‌ കാരണം, ഇതുതന്നെയാണ്‌ ദൈവാസ്തിത്വത്തിനു തെളിവ് എന്നെല്ലാം അവർ കാച്ചിവിട്ടു. പിന്നീടവർ കാമ്പ്രിയൻ പ്രശ്നത്തെ ഉൽസവമാക്കി പരിണാവാദികളെ ഒതുക്കാൻ പരമാവധി ഉപയോഗിച്ചു. ചാൾസ് ഡാർവിൻ പോലും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തിനെതിരായ ഏറ്റവും വലിയ ഒരേയൊരു അപവാദമായി ജീവികളുടെ ഈ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലിനെ കണ്ടു. 



എന്നാൽ, ഇന്ന് എന്തുകൊണ്ട് കാംബ്രിയനിൽ ഇങ്ങനെ സംഭവിച്ചു എന്ന് വളരെ കൃത്യമായി വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. കാംബ്രിയൻ ജീവികൾക്ക് പൂർവ്വങ്ങളുണ്ടെന്ന് കണ്ടുപിടിക്കുകയും ചെയ്തു. എന്നിട്ടും സൃഷ്ടിവാദികൾ അവരുടെ പഴയ പല്ലവി തുടരുകയാണ്‌. ഇവരുടെ വാദം സത്യമാണെങ്കിൽ അത് അംഗീകരിക്കുന്നതിന്‌ യാതൊരു മടിയുമില്ല; കാംബ്രിയൻ ജീവികളുടെ കൂട്ടത്തിൽ ഒരു മനുഷ്യന്റെ ഫോസിലും കൂടി കണ്ടെത്തിലാൽ. സൃഷ്ടിവാദികൾക്ക് മരുന്നിനെങ്കിലും ഒരെണ്ണം കാണിച്ചുതരുവാൻ സാധിക്കുമോ? എവിടുന്ന് കിട്ടാൻ? ഈ യുഗത്തിൽ ഒരു കുഞ്ഞുമീനിന്റെ ഫോസിൽ പോലും കിട്ടില്ല; എന്നിട്ടല്ലേ മനുഷ്യൻ! സൃഷ്ടിവാദമനുസരിച്ച് ട്രൈലോബൈറ്റും മനുഷ്യനും തമ്മിൽ സൃഷ്ടിയുടെ കാര്യത്തിൽ വെറും ആറു ദിവസത്തെ വ്യത്യാസമല്ലേയുള്ളു? അതുകൊണുതന്നെ ഇവർ രണ്ടുകൂട്ടരുടെയും ഫോസിലുകൾ ഒരേ ഫോസിൽ അടരിൽ തന്നെ കാണേണ്ടതാണ്‌. വിഷയം ഇവിടെയും തീരുന്നില്ല. 350 കോടി വർഷം തൊട്ടുകാണുന്ന Cyanobacteria യെ സൃഷ്ടിച്ചത് ദൈവമാണെന്ന് കരുതുക. പ്രശ്നം ഇനിയും താഴോട്ട് പോകും. ഇതല്ല ആദ്യത്തെ ദൈവരൂപം. ഗ്രീൻലന്റിൽ നിന്നും കിട്ടിയ ജൈവാംശങ്ങളടങ്ങിയ  ഫോസിൽ പാറകളുണ്ട്.ഇവയുടെ പ്രായം 385 കോടി വർഷമാണ്‌.അപ്പോൾ അതിലും താഴെയാണ്‌ ജീവന്റെ ആരംഭഘട്ടം. ഏതാണ്ട് 400 കോടി വർഷത്തിനുമപ്പുറം.(ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഭൂമി 400 കോടി വർഷം തൊട്ട് തണുക്കാൻ തുടങ്ങിയതിനു ശേഷമാണ്‌ ജീവന്റെ ആരംഭം.)  


ജീവൻ ആവിർഭവിച്ചതായിട്ടാണ്‌ പരിണാമശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ നമ്മൾ ശരിയായ അർത്ഥത്തിലുള്ള ജീവികളെ കാണുന്നതോ കാംബ്രിയൻ യുഗത്തിലും. അതായത് 345.5 കോടി വർഷങ്ങൾ കഴിഞ്ഞിട്ട്! ദൈവമാണ്‌ സൃഷ്ടി നടത്തിയതെങ്കിൽ എന്തേ ഇത്ര കാലതാമസം? ബാക്റ്റീരിയയെ സൃഷ്ടിച്ചതിനു ശേഷം ദൈവം ഉറങ്ങിയോ? സൃഷ്ടിവാദത്തിന്‌ ഈ പ്രശ്നത്തിന്‌ ഉത്തരമില്ല.; ഇതു വിശദീകരിക്കാൻ പരിണാമശാസ്ത്രത്തിനേ കഴിയൂ.


എവിടെ വെച്ചാണ്‌ നമുക്കൊരു ഫോസിൽ മനുഷ്യനെ കാണാനാവുക? ഫോസിൽ ചരിത്രത്തിലെ പ്രധാനപ്പെട്ട ഡെവോണിയൻ(കഴിഞ്ഞ 41.7 കോടി വർഷം മുതൽ 36.2 കോടി വർഷം വരെ)യുഗത്തിലാണ്‌.  ഈ കാലഘട്ടത്തിലാണ്‌ ജീവികൾ കരയിലേക്ക് പ്രവേശിക്കുന്നത്.കഴിഞ്ഞ 400 കോടി വർഷം തൊട്ട് 37.5 കോടി വർഷം വരെ ജീവൻ കഴിഞ്ഞിരുന്നത് ജലത്തിൽ തന്നെയായിരുന്നു. (സർവ്വശകതന്റെ ഓരോരോ തമാശ നോക്കണേ) 37.5 കോടി വർഷം മുതൽ ജീവികൾ കരയിലേക്ക് കയറാൻ തുടങ്ങുന്നു. ദൈവസഹായത്താൽ ഒരു ദിവസം രാവിലെ കയ്യും കാലും വെച്ച് ചാടിക്കയറിയതൊന്നുമല്ല. ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന ഒട്ടേറെ മ്യൂട്ടേഷനുകളുടെ ഫലമായിട്ടാണ്‌ ഇത് സംഭവിച്ചത്. ഈ കാലഘട്ടത്തിലെ ജീവികൾ മുമ്പ് കണ്ട കാംബ്രിയനിലെ ട്രൈലോബൈറ്റുകളേക്കാൾ വലിപ്പമേറിയവയാണ്‌. അത്തരം ജീവികളുടെ വളരെയധികം ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്‌Tiktalic, Ichtyostega, Accantostega തുടങ്ങിയവ. വാസ്തവത്തിൽ ഇവ ഇടക്കണ്ണികളാണ്‌. നട്ടല്ലികളായ മത്സ്യങ്ങൾക്കും ഉഭയജീവികൾക്കും ഇടയ്ക്കുള്ളവ. ഇവയിൽ നടന്ന പരിണാമമാണ്‌ ഇന്ന് കരയിൽ കാണുന്ന ഇത്രയേറെ നട്ടെല്ലുള്ള ജീവികളുടേ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാകുന്നതിനു കാരണം.

 

3 അടിയോളം വലിപ്പമുള്ള Tiktalic ന്റെയും മറ്റും ഫോസിലുകൾ കിട്ടിയിട്ടുണ്ടെങ്കിലും ഒരു മനുഷ്യന്റെ ഫോസിൽ കിട്ടുന്നില്ല. മേമ്പൊടിയായി ഒരു തുടയസ്ഥിയെങ്കിലും. Tiktalic നെയും നമ്മളെയും സൃഷ്ടിച്ചത് ഒരേ ‘സൃഷ്ടികർത്താവ്’. അതും 6 ദിവസത്തിനുള്ളിൽ. ആ നിലയ്ക്ക് രണ്ട് പേരുടെയും ഫോസിലുകൾ ഒരേ അടരിൽ കാണണം. ആർട്ടിക് മേഖലയിൽ നിന്നാണ്‌ ഈ ഫോസിലുകൾ കിട്ടിയിട്ടുള്ളത്. സൃഷ്ടിവാദികളെ നിങ്ങൾക്ക് അവിടെപോയി ഒരു മനുഷ്യന്റെ അസ്ഥിക്കഷണം തപ്പിയെടുത്തുതരാമോ? അതോടെ പരിണാമവാദികളുടെയും യുക്തിവാദികളുടെയും വായ അടയും. പിന്നെ നിങ്ങൾക്ക് അർമാദിക്കാം. 


ഡെവോണിയൻ യുഗം വിട്ട് ട്രയാസിക് (കഴിഞ്ഞ 24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെയുള്ള കാലം)യുഗത്തിലെ ഫോസിലുകളിൽ മനുഷ്യനുണ്ടൊ എന്ന് പരിശോധിക്കാം. ഉരഗജീവികൾക്ക് പ്രാമുഖ്യമുള്ള കാലഘട്ടമാണിത്.3 മീറ്റർ വരെ വലിപ്പമുള്ള ജീവികൾ. അവയിൽ പ്രധാനികളാണ്‌ Rhynchosaur, Actosaur, Phytosaur എന്നിവ. ട്രയാസിക് ഫോസിൽ ശേഖരത്തിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് കാര്യമില്ല സുഹൃത്തേ, അവിടെയൊന്നും താങ്കൾക്ക് മനുഷ്യനെ കണ്ടെത്താനാവില്ല. കാരണം വ്യക്തം. അതിനിനിയും കോടിക്കണക്കിന്‌ വർഷങ്ങൾ കഴിയണം.

 

നമുക്കിനി ജൂറാസിക് (കഴിഞ്ഞ 20.8 കോടി വർഷം മുതൽ 14.5 കോടി വർഷം വരെ) യുഗത്തിലേക്ക് വരാം.നമുക്കെല്ലാം അറിയാവുന്നതുപോലെ ഇത് ഡിനോസറുകളുടെ കാലമാണ്‌.ചെറുതും വലുതുമായി ഒട്ടേറെ ഡിനോസറുകൾ. ഇതിൽ സസ്യഭുക്ക് വിഭാഗത്തിലെ Brachiosaurന്‌ 25 മീറ്റർ നീളവും 55 ടൺ ഭാരവുമുണ്ടായിരുന്നു.അതുപോലെ മാംസഭുക്ക് വിഭാഗത്തിലെ Tyrannosaur Rex ന്‌ 14 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ടായിരുന്നു. ഇവനാണ്‌ ഭൂമിയിൽ ഇന്നോളം ജീവിച്ച ജീവികളിൽ വെച്ച് ഏറ്റവും ഭീകരൻ. ഇവന്റെ അറക്കവാൾ പോലത്തെ പല്ലുകളിൽ നിന്ന് ഒരു ജീവിക്കും രക്ഷപ്പെടാ​നാ‍വില്ല. ഇത്രയും വലിപ്പമേറിയതും ഭീമാകാരന്മാരുമായ ജീവികളെ സൃഷ്ടിച്ച സ്രഷ്ടാവ് ഈ കാലയളവിൽ മനുഷ്യനെ സൃഷ്ടിച്ചില്ല. ലോകമെമ്പാടുമുള്ള Natural Museum ങ്ങളിൽ ജൂറാസിക് കാലഘട്ടത്തിലെ ഡിനോസർ ഫോസിലുകളുണ്ട്. എന്നിരുന്നാലും ഈ കാലത്ത് ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ അവയിലൊന്നും ഇല്ല. സൃഷ്ടിവാദമനുസരിച്ച് അങ്ങനെയുണ്ടാകാൻ വഴിയുണ്ടല്ലോ? കാരണം 6 ദിവസത്തെ വ്യത്യാസമല്ലേ രണ്ട് ജീവികളും തമ്മിലുള്ളു? സത്യത്തിൽ സൃഷ്ടിവാദം പറയുന്നത് കളവാണ്‌. ഡിനോസറുകൾക്കൊപ്പം മനുഷ്യനില്ല. ഇത് സത്യമാണെങ്കിലും ഡിനോസറുകളെക്കുറിച്ച് നമ്മുടെ പുരാണകർത്താക്കൾ മനസ്സിലക്കാതെ പോയത് കഷ്ടമായിപ്പോയി. അറിഞ്ഞിരുന്നെങ്കിൽ ഇതിനെപ്പിറ്റിച്ച് ഏതെങ്കിലും ദൈവത്തിന്റെ വാഹനമാക്കിയേനെ. എലിയെപ്പിടിച്ച് വാഹനമാക്കിയവർക്കുണ്ടോ ഡിനോസറിനെപ്പിടിച്ച് വാഹനമാക്കാൻ ബുദ്ധിമുട്ട്? നമ്മുടെ ഏതെങ്കിലും ഒരു പുരാണദൈവം പട്ടുടുപ്പിട്ട് കിരീടവും ചൂടി വാള്‌, കുന്തം, കൊടച്ചക്രം ഇത്യാദി ആയുധങ്ങളുമായി ഡിനോസറിന്റെ പുറത്തുകയറി യാത്രചെയ്യുന്ന ചിത്രം ഒന്ന് സങ്കല്പിച്ചുനോക്കൂ. ഡിനോസറിനെപ്പിടിച്ച് തനിക്ക് ബലിനല്കാൻ ഒരു ദൈവവും ആവശ്യപ്പെടതായും അറിവില്ല




ജൂറാസിക് യുഗം വിട്ട് അടുത്ത യുഗമായ ക്രിറ്റേഷ്യസിലേക്ക് (കഴിഞ്ഞ 14.5 കോടി വർഷം മുതൽ കഴിഞ്ഞ 6.5 കോടി വർഷം വരെയുള്ള കാലം) വരാം. ഈ യുഗവും ഡിനോസറുകളുടെ കാലഘട്ടമാണ്‌. ജൂറാസിക്കിലും ക്രിറ്റേഷ്യസിലുമായി 14 കോടി വർഷങ്ങൾ ഇവരായിരുന്നു ഭൂമിയിലെ പ്രബല ജീവിവിഭാഗങ്ങൾ. അങ്ങനെ ഡിനോസറുകൾ മദിച്ചുപുളച്ചുനടക്കവെ ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം ഒരു Extinction-ജീവവിഭാഗങ്ങളുടെ കൂട്ട വിനാശം -സംഭവിക്കുന്നു. ജീവന്റെ ചരിത്രത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു ദാരുണ സംഭവമാണ്‌ Extinction. ഇങ്ങനെ സംഭവിക്കുമ്പോൾ ജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങും. അങ്ങനെ ക്രിറ്റേഷ്യനിലെ കൂട്ടവിനാശത്തിൽ ഡിനോസറുകളും അന്നത്തെ വലിയ ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങി. ഇവയെയെല്ലാം സൃഷ്ടിച്ചത്‌ ഒരു ദൈവമാണെങ്കിൽ, സ്വന്തം സൃഷ്ടികളെ കൂട്ടത്തോടെ നശിപ്പിക്കുന്നവൻ കരുണാമയനും നീതിമാനുമൊന്നുമാകില്ലല്ലോ. ഒരു ഉല്ക്കാപതനം വഴിയാണ്‌ ഈ Extinction സംഭവിച്ചത് എന്ന് ഇന്ന്‌ വ്യക്തമായിട്ടുണ്ട്. 56% ജീവികൾ ഈ കൂട്ടവിനാശത്തിൽ ചത്തൊടുങ്ങി. 6.5 വർഷം തൊട്ടുള്ള ഫോസിൽ രേഖകളിൽ ഇത് ദൃശ്യമാണ്‌. ഇപ്പോഴും നമ്മൾ ഡിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തുന്നു; എന്നിട്ടും ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കണ്ടുകിട്ടുന്നില്ല. ഇത് സൂചിപ്പിക്കുന്നത് 6.5 കോടി വർഷങ്ങൾക്കുമുമ്പും ഭൂമിയിൽ മനുഷ്യനില്ല എന്നാണ്‌. സൃഷ്ടിവാദികളുടെ പടച്ചതമ്പുരാൻ ‘സൃഷ്ടിച്ച’ പല പ്രധാനപ്പെട്ട ജീവികളും ഇപ്പോൾ ഫോസിലുകളിലൂടെ കടന്നുപോയല്ലോ; എന്നിട്ടുമെന്തേ ഇവയ്ക്കെല്ലാം ‘മേധാവിയായി’ ദൈവം രൂപം കൊടുത്ത മനുഷ്യനെ കാണാത്തത്!

 

കഴിഞ്ഞ 6.5 കോടി വർഷം മുതൽ ഇന്നോളം വരുന്ന കാലമാണ്‌ സീനോസോയിക്. ഈ കാലയളവ് സസ്തനികളുടേതാണ്‌. ഡിനോസറുകൾ അപ്രത്യക്ഷരായി അധികം വൈകാതെ സസ്തനികളുടെ വിപുലീകരണം സംഭവിക്കുന്നു. അതിനു കാരണം, ഡിനോസറുകൾ ഇട്ടേച്ചുപോയ ജീവിതപരിസരങ്ങളിലേക്ക്‌ സസ്തനികൾക്ക് അതിവേഗം വ്യാപിക്കാനായി എന്നതാണ്‌. സീനോസോയിക്കിന്‌ 6 വിഭാഗങ്ങൾ ഉണ്ട്.

 

ഇതിൽ ആദ്യത്തെ കാലമാണ്‌ പാലിയോസിൽ-കഴിഞ്ഞ 6.5 കോടി വർഷം  തൊട്ടുതുടങ്ങി കഴിഞ്ഞ 5.4 കോടി വർഷം വരെ- ഈ യുഗത്തിൽ ഇന്നത്തെ കുതിര, കഴുത, കണ്ടാമൃഗം ഇന്നിവയുൾക്കൊള്ളുന്ന Mammalian, order perissodactyla വിഭാഗത്തിലെ പൂർവ്വജീവികൾ പ്രത്യക്ഷപ്പെടുന്നു. എന്നിരുന്നാലും ഈ കാലത്തും മനുഷ്യഫോസിൽ കിട്ടുന്നില്ല. ഇനി അടുത്ത യുഗമായ ഇയോസിനിലേക്ക്(5.4 കോടി വൃഷം മുതൽ 3.5 കോടി വർഷം വരെ) നോക്കാം. ഇന്നത്തെ വ്യത്യസ്തങ്ങളായ സസ്തനവിഭാഗ(order)ങ്ങൾ ഈ കാലത്ത് രംഗത്ത് വരുന്നതുകാണാം. കുതിരവംശത്തിന്റെ പൂർവ്വജീവിയായ ഇയോഹിപ്പസ്-മിഡിൽ ഇയോസിൻ, കണ്ടാമൃഗത്തിന്റെ പൂർവ്വജീവിയായ Hyrachyus അതുപോലെ പശു, ഒട്ടകം, മാൻ, ജിറാഫ്, പന്നി(Artiodactyla) എന്നിവയുടെ പൂർവ്വരൂപങ്ങളുടെ ഫോസിലുകൾ ഈ യുഗത്തിൽ കാണാം. കന്നുകാലികൾ, കുതിര, ഒട്ടകം, പന്നി എന്നിവപോലെ മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട ജീവിയാണ്‌ ആന (order; probhoscidea) ആനയുടെ പൂർവ്വജീവിയായ Moeritherium മിഡിൽ ഇയോസിനിൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ ജീവികളെയെല്ലാം ‘ഉപയോഗിക്കപ്പെടുത്തേണ്ട’ മനുഷ്യൻ ഇയോസിൻ യുഗത്തിൽ ജീവിച്ചിരുന്നോ എന്നതാണ്‌ ചോദ്യം. സൃഷ്ടിവാദക്കാർക്ക് ഇതിനെന്ത് ഉത്തരമാണുള്ളത്? അനേകവർഷം പരിണാമശാസ്ത്രത്തിനെതിരെ ഗവേഷണം നടത്തി തെളിവുകൾ ശേഖരിച്ച സൃഷ്ടിവാദത്തിന്റെ തലതൊട്ടപ്പന്മാരെവിടെ? സൃഷ്ടിവാദകളേ, നിങ്ങൾക്ക് ആത്മാർത്ഥതയുടെ അല്പം കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ, ഇയോസിൽ യുഗത്തിൽ, സസ്തനികൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കൊണ്ടുവരൂ. എന്നിട്ട് പരിണാമവാദികളുടെയും യുക്തിവാദികളുടെയും മുഖത്തേക്ക്‌ വലിച്ചെറിയൂ. അതോടെ അവരുടെ വായടയും. ഇങ്ങൾക്ക് അത് സാധിക്കില്ല എന്ന് ഞങ്ങളേക്കാളും നന്നായി നിങ്ങൾക്കറിയാം. കാരണം മനുഷ്യന്റെ ഫോസിൽ ഫോസിൽ കിട്ടാൻ ഇനിയും കോടിക്കണക്കിന്‌ വർഷങ്ങൾ കഴിയണം, അതുതന്നെ.

സൃഷ്ടിവാദികൾ പരിണാമശാസ്ത്രത്തോട് എതിരിട്ട് ഉത്തരം മുട്ടുമ്പോൾ അലമുറയിട്ടുവാദിക്കുന്ന ഒരു ചോദ്യമുണ്ട്. “എവിടെ ഇടക്കണ്ണികൾ” എന്ന്. പ്രിയപ്പെട്ട സൃഷ്ടിവാദക്കാരാ, താങ്കൾ ഇയോസിൻ ഫോസിൽ ശേഖരത്തിലേക്ക് ഒന്നു നോക്കൂ. ഇവിടെവെച്ച് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ജീവി, തിമിംഗലം പരിണമിക്കുന്നത് കാണാം. തിമിംഗലം ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ദൈവം 'ഉണ്ടാകൂ' എന്ന് പറഞ്ഞപ്പോൾ ഉണ്ടായതൊന്നുമല്ല. ഒരു വിഭാഗം സസ്തനികളിലെ പരിണാമമാണ്‌ ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ തിമിംഗലത്തിലെത്തിച്ചേർന്നത്. ഇയോസിൻ യുഗത്തിലാണ്‌ ഇതിന്റെ ആരംഭം.(4.5 കോടി വർഷം തൊട്ട്) ഹിപ്പോപൊട്ടൊമസിന്റെ തൊട്ടടുത്ത ബന്ധുവിൽനിന്നാണ്‌ ആ പരിണാമം തുടങ്ങുന്നത്. ഇതുസംബന്ധമായി ഒട്ടേറെ ഫൊസിലുകൾ പാകിസ്ഥാനിൽനിന്നും ആഫ്രിക്കയിൽ നിന്നും കിട്ടിയിട്ടുണ്ട്.Pakicetus, Ambulocetus, Basilosaurus, Dorudon  എന്നിവ ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഫൊസിലുകളാണ്‌.

 

ഫോസിൽ കഥ അധികം വലിച്ചുനീട്ടേണ്ടതില്ല. ആധുനിക മനുഷ്യൻ, അതായത് നമ്മൾ ഹോമോസാപിയൻസ് 1450 ക്യുബിക് സെന്റീമീറ്റർ തലച്ചോറുമായി ആദ്യമായി ഫോസിലിൽ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷമാണ്‌. നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ആധുനിക മനുഷ്യന്റെ ഫോസിലിന്റെ പ്രായം 1,95,000 വർഷമാണ്‌. എത്യോപ്യയിലെ ഓമോ കിബിഷ് എന്ന സ്ഥലത്തുനിന്നാണ്‌ അത് കിട്ടിയിട്ടുള്ളത്. എന്നാൽ ഈ കാലയളവിൽ ആധുനിക മനുഷ്യൻ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതൊന്നുമല്ല. മനുഷ്യപരിണാമം കഴിഞ്ഞ 70-60 ലക്ഷം തൊട്ടാരംഭിക്കുന്നു. (മിയോസിൻ യുഗം കഴിഞ്ഞ2.3 കോടി വർഷം മുതൽ 53 ലക്ഷം വർഷം വരെ)അവിടം മുതൽ ആധുനിക മനുഷ്യൻ പ്രത്യക്ഷപ്പെടുന്നതുവരെയുള്ള മനുഷ്യപൂർവ്വികരെ സംബന്ധിക്കുന്ന ഒട്ടേറെ ഫോസിലുകൾ-ഇടക്കണ്ണികൾ- നമുക്ക് കിട്ടിയിട്ടുണ്ട്. ആ പ്രക്രിയയുടെ പരിണിതരൂപമായിട്ടാണ്‌ കഴിഞ്ഞ 2 ലക്ഷം വൃഷങ്ങൾക്കുശേഷം ആധുനിക മനുഷ്യനെ നമ്മൾ ഫോസിലിൽ കാണുന്നത്. അതായത് 1450 ക്യുബിക് സെന്റീമീറ്റർ തലച്ചോർ, പൂർണമായ നിവർന്ന നടത്തം, ഉപകരണങ്ങൾ നിർമിക്കാനുള്ള കഴിവ് ഇത്യാദി കഴിവുകളുള്ള ആധുനിക മനുഷ്യന്റെ ആദ്യത്തെ പതിപ്പ്. ഈ കാലത്തുനിന്നും താഴോട്ട് പോകുംതോറും തലച്ചോറിന്റെ അളവിലും ഉപകരണങ്ങൾ നിർമിക്കാനുള്ള കഴിവിലും കുറവുകാണുന്നു. അപ്പോൾ കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പത്തെ ഫോസിലുകളിൽ മനുഷ്യനെ തപ്പിനോക്കിയിട്ട് കാര്യമില്ലെന്നും വളരെ പില്കാലത്തുമാത്രമേ മനുഷ്യനെ നോക്കേണ്ടൂ എന്നുമാണ്‌ ഫോസിൽ ചരിത്രം പറയുന്നത്.


ഫോസിലുകൾ നല്കുന്ന തെളിവുകൾ പരിണാമശാസ്ത്രത്തിന്റെ അപ്രമാദിത്തം വെളിവാക്കുന്നു. പരിണാമശാസ്ത്രത്തിനെതിരെ സൃഷ്ടിവാദികൾ കെട്ടിപ്പൊക്കിയെന്നവകാശപ്പെടുന്ന കളിമൺ കൊട്ടാരങ്ങൾ ഫോസിലുകളുടെ പ്രളയത്തിൽ കുത്തിയൊലിച്ചുപോകുന്നു. 'മഹത്തായ സൃഷ്ടിയായ' മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ഈ ഭൂമിയിൽ പ്രീകാംബ്രിയനിലെ(കഴിഞ്ഞ 460 കോടി വർഷം മുതൽ കഴിഞ്ഞ 54.5 കോടി വർഷം വരെ നീണ്ടുനിന്ന കാലത്തെ മൊത്തം പറയുന്ന പേര്‌) മനുഷ്യനെ കാണിച്ചുതരാൻ കഴിയുന്നില്ലെന്നതോ പോകട്ടെ, ജൂറാസിക് യുഗത്തിൽ ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കാണിച്ചുതരാൻ പോലും സൃഷ്ടിവാദത്തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല. അതിനവർക്ക് സാധിച്ചാൽ പരിണാമശസ്ത്രം പൊളിയും. സൃഷ്ടിവാദം സത്യമാകും. നിരീശ്വരവാദികൾക്കും പരിണാമവാദികൾക്കും മനം മാറ്റമുണ്ടാകും. അവർക്കെല്ലാം സ്രഷ്ടാവിനെ അംഗീകരിക്കേണ്ടിവരും. ലോകത്തിലെ പല യൂണിവേഴ്സിറ്റികളും കോടിക്കണക്കിനുരൂപയാണ്‌ പരിണാമഗവേഷണങ്ങൾക്കായി ചെലവഴിക്കുന്നത്. പരിണാമത്തെ പൊളിച്ചടുക്കിയാൽ ആ തുകയെല്ലാം മതപഠനത്തിന്‌ ഉപയോഗിക്കുകയും ചെയ്യാം. 

പരിണാമശാസ്ത്രത്തെ അങ്ങനെ എളുപ്പത്തിൽ പൊളിക്കാനാകില്ല എന്ന് സൃഷ്ടിവാദികൾക്ക് നന്നായറിയാം. സൃഷ്ടിവാദത്തിന്‌ വിശ്വാസമാണ്‌ പിൻബലമെങ്കിൽ പരിണാമത്തിന്‌ തെളിവുകളാണ്‌ പിൻബലം.Cyanobacteria യുടെ ഫോസിൽ കിട്ടി, പിന്നീട് 350 കോടി വർഷം കഴിഞ്ഞിട്ടാണ്‌ മനുഷ്യന്റെ ഫൊസിൽ കിട്ടുന്നത്, ഇതിനിടയിലുള്ള കാലങ്ങളിൽ വ്യത്യസ്തങ്ങളായ ജിവികളുടെ ഫോസിലുകളും കിട്ടുന്നുണ്ട്. അപ്പോൾ ഇവിടെ നടന്നത് സൃഷ്ടിയല്ല, പരിണാമമാണ്‌ എന്നല്ലേ ഇത് തെളിയിക്കുന്നത്? മാത്രമല്ല, ഫോസിൽ തെളിവുകളുടെ മുന്നിൽ ഇവരുടെ സ്ഥിരതാവാദവും പൊളിയുന്നു. ദൈവം ജീവികളെ സൃഷ്ടിച്ചതിനു ശേഷം അവയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അന്നത്തെപോലെ ഇന്നും നിലനില്ക്കുന്നു എന്നതാണ്‌ സ്ഥിരതാവാദത്തിന്റെ കാതൽ. എങ്കിൽ ഏറ്റവും കുറഞ്ഞത് കാംബ്രിയൻ തൊട്ട് ഇന്നോളം വരെയുള്ള ഫോസിൽ രേഖകളിൽ ഒരേതരം ജീവികളെതന്നെ കാണേണ്ടതാണ്‌. അതായത് ഇന്നത്തെ ജീവികൾ ആന, മയിൽ, ഒട്ടകം, കുതിര, കൂടെ പാമ്പ്, തവള മത്സ്യം ഒപ്പം നമ്മളും ഇവരുടെയെല്ലാം ഫോസിലുകൾ കാംബ്രിയൻ തൊട്ടുള്ള ഫോസിൽ ശേഖരങ്ങളിൽ നിരന്തരമായി കിട്ടിക്കൊണ്ടിരിക്കണം. എന്നാൽ അങ്ങനെയല്ല ഫോസിൽ രേഖകളെന്ന് നമ്മൾ കണ്ടതാണ്‌. അത് ലളിതമായ ജൈവരൂപങ്ങളിൽനിന്ന്‌ സങ്കീർണമായ ജൈവരൂപങ്ങൾക്കിലേക്ക് നിരന്തരം രൂപം മാറിക്കൊണ്ടിരിക്കയായിരുന്നു; പരിണമിക്കുകയായിരുന്നു. കഴിഞ്ഞ 400 കോടി വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ആ പ്രക്രിയയുടെ ഇന്നത്തെ പതിപ്പാണ് മനുഷ്യൻ. സ്ഥിരതാവാദമുയർത്തുന്ന സൃഷ്ടിവാദികൾ ആദ്യം ചെയ്യേണ്ടത് കാംബ്രിയനിലെ ട്രൈലോബൈറ്റിനെ ഇന്നത്തെ ഏതെങ്കിലും പുഴയിലോ, കുളത്തിലോ കടലിൽതന്നെയോ മുങ്ങിത്തപ്പി കാണിച്ചുതരികയാണ്


കാംബ്രിയൻ ഘട്ടത്തിൽ ആദ്യം കാണുന്നത് നട്ടെല്ലില്ലാത്ത ജീവികളെയാണ്‌. മധ്യകാംബ്രിയനിൽ എത്തുമ്പോഴേക്കും നട്ടെല്ലുള്ള ജീവികളുടെ പൂർവ്വരൂപങ്ങളെ കണ്ടുതുടങ്ങുന്നു. ഇനി നട്ടെല്ലികളുടെ മാത്രം പരിണാമപ്രക്രിയ എടുത്താൽ സലൂറിയനിൽ (43.8 കോടി വർഷം മുതൽ 41.7 കോടി വർഷം വരെ) എത്തുമ്പോഴേക്കും മത്സ്യവിഭാഗങ്ങളെ കണ്ടുതുടങ്ങുന്നു. ഇത് പിന്നീട് ഡേവോനിയനിൽ എത്തുമ്പോൾ ഉഭയജീവികളിലേക്ക് പരിണമിക്കുന്നു. പെർമിയനിൽ (കഴിഞ്ഞ 29 കോടി വർഷം മുതൽ കഴിഞ്ഞ 24.5 കോടി വർഷം വരെ) ഉരഗങ്ങളെ നമ്മൾ കാണുന്നു. ഉരഗപരിണാമം പിന്നീട് 20 കോടി വർഷങ്ങൾക്കു മുമ്പ് രണ്ടായി തിരിയുന്നു. ഒരു ശാഖ ഡിനോസറുകളിലേക്കും ഒരു ശാഖ സസ്തനികളിലേക്കും നീങ്ങുന്നു. എന്നാൽ പ്രകൃതിനിദ്ധാരണം ഡിനോസറുകൾക്ക് അനുകൂലമായതിനാൽ അവ വംശനാശമടയുന്നതുവരെ, സസ്തനികൾ ഒരരികിലേക്ക് ഒതുക്കപ്പെട്ടു. 6.5 കോടി വർഷം മുതൽ-ഡിനോസർ വിനാശത്തിനുശേഷം- സസ്തനികൾ വ്യപിക്കുന്നു. 4.5 കോടി വർഷം തൊട്ട് സസ്തനികളിൽ പ്രൈമേറ്റുകൾ രൂപം കൊള്ളുന്നു. പ്രൈമേറ്റ് പരിണാമം 70-60 വർഷം മുതൽ മനുഷ്യനിലേക്ക് നീങ്ങുന്നു. അങ്ങനെ കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം മനുഷ്യൻ പരിണമിക്കുന്നു. അങ്ങനെ മനുഷ്യജന്മം കിട്ടിയവർ തന്നെയാണ്‌ വന്നവഴി നിഷേധിച്ചുകൊണ്ട് ഇല്ലാത്ത ദൈവത്തിന്റെ പിടലിക്ക് സൃഷ്ടിയുടെ ഉത്തരവാദിത്വം കെട്ടിയേല്പിക്കുന്നത്. കപടമായ സൃഷ്ടിവാദം എന്തുതന്നെ കെട്ടിയെഴുനെള്ളിച്ചാലും മനുഷ്യൻ തേച്ചാലും കുളിച്ചാലും പോകാത്ത ഒന്നുണ്ട്. അത് നമ്മുടെ DNAയിൽ രേഖപ്പെടുത്തപെട്ടതാണ്‌. കടുത്ത ദൈവവിശ്വാസിയുടെയും പക്കാ നാസ്തികന്റെയും DNAയിൽ അവർ വന്നവഴിയെക്കുറിച്ച് വ്യക്തമായ രേഖകളുണ്ട്. നമ്മുടെ DNAയിൽ കോടിക്കണക്കിൻ വർഷത്തെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. DNAയിലെ ഫോസിൽ ജീനുകളാണ്‌ നമ്മുടെ ആവിർഭാവത്തെപ്പറ്റി വ്യക്തമായ തെളിവുകൾ നല്കുന്നത്. ഫോസിൽ ജീനുകൾ:പ്രകൃതിനിർധാരണം വഴി നിർവീര്യമാക്കപ്പെട്ട ജീനുകൾ.  ഈ ജീനുകൾ നമ്മുടെ പൂർവികജീവികൾക്ക് ആവശ്യമായിരുന്നു. എന്നാൽ നമുക്ക് ആവശ്യമില്ല, അതുകൊണ്ട് ഫോസിലാക്കപ്പെട്ടു. ഇത്തരം ജീനുകളുടെ ശവപ്പറമ്പാണ് നമ്മുടെ ജൈനോം. ഈ ജീനുകളിൽ നടന്ന പഠനം പരിണാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമാക്കിയിരിക്കുന്നു.

 

മനുഷ്യൻ സൃഷ്ടിവാദക്കാർ പറയുന്നതുപോലെ ദൈവസൃഷ്ടിയല്ല, മറിച്ച് പരിണാമത്തിലൂടെയാണ്‌ രൂപപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. മനുഷ്യനും ചിമ്പാൻസിയും തമ്മിൽ കാഴ്ചയ്ക്ക് യാതൊരു സാമ്യവുമില്ല. മനുഷ്യൻ രണ്ട് കാലിൽ നിവർന്ന് നടക്കുന്ന, വികസിതമായ തലച്ചോറുള്ള, ഉപകരണങ്ങൾ നിർമിക്കുന്ന, സംസ്കാരങ്ങൾ സൃഷ്ടിച്ച വിശിഷ്ടജീവി. ചിമ്പാൻസിയോ ഏതാനും ചുവടുകൾ മാത്രം ഇരുകാലിൽ നടക്കുവാൻ കഴിയുന്ന, മനുഷ്യന്റെ മൂന്നിലൊന്ന് മാത്രം തലച്ചോറുള്ള, സർവാംഗം രോമമുള്ള ഒരു ജീവി. എന്നാൽ കാഴ്ചയിലുള്ള ഈ വ്യത്യാസത്തെ അപ്രസക്തമാക്കുന്ന അപാരമായ സാമ്യം ഈ രണ്ട് ജീവികൾ തമ്മിലുണ്ട്. അതായത്‌ നമ്മളും ചിമ്പാൻസിയും തമ്മിൽ ജനിതകതലത്തിൽ 98.5%(11) തുല്യമാണ്‌. എന്നുവെച്ചാൽ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന ജീനുകളും ഒരു ചിമ്പാൻസിയെ രൂപപ്പെടുത്തുന്ന ജീനുകളും 98.5 % ഒന്നാണ്‌. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വന്തം രൂപത്തിൽ തന്നെയാണെന്ന് മതങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‌ മറ്റുജീവികളിൽ നിന്ന് വ്യത്യസ്തമായ ഒരു ജനിതകഘടന ഉണ്ടകേണ്ടതുണ്ട്‌. അതെ, മനുഷ്യന്റെ ജനിതകഘടാന മറ്റൊരു ജീവിയുടെ ജൈനോമുമായി ഒത്തുപോകാൻ പാടില്ല. എന്നാൽ ഇവിടെ നമ്മൾ കാണുന്നതോ, കാഴ്ചയ്ക്ക് വ്യത്യസ്തരായ രണ്ട് ജീവികൾ തമ്മിൽ ജീൻ തലത്തിൽ അമ്പരപ്പിക്കുന്ന സാമ്യം. വെറും 1.5 % ജീനുകൾ തമ്മിലുള്ള വ്യത്യാസം കണ്ടിട്ടാണ്‌ ജെറീദ്ഡായമണ്ട് മനുഷ്യനെ മൂന്നാം ചിമ്പാൻസിയെന്ന് വിളിച്ചത്. മനുഷ്യൻ ജീൻ തലത്തിൽ ഇതര മനുഷ്യക്കുരങ്ങുകളുമായും ഗണ്യമായവിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. ഇത് വിളിച്ചുപറയുന്നത്, മനുഷ്യന്റെ ഉല്പത്തി ഈ ജന്തുലോകത്തുനിന്നുതന്നെയാണെന്നാണ്‌. ഇത് മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളുംജനിതകമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇതൊരു പ്രാപഞ്ചിക സത്യമാണ്‌. ദൈവത്തെ നിഷേധിക്കുന്ന അനിഷേധ്യമായ തെളിവുകൾ.

 

ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുദീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ്‌ മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്‌. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല.

മനുഷ്യവംശത്തിന്റെ ഉൽപത്തി- പരിണാമശാസ്ത്രത്തിലൂടെ ഒരു യാത്ര.

 

തന്നെക്കുറിച്ചും തന്റെ വംശം വന്ന വഴികളെക്കുറിച്ചും ഒരിക്കലെങ്കിലും ചിന്തിക്കാത്ത മനുഷ്യർ ആരുണ്ട്? താൻ ആരാണ്‌? എവിടെനിന്ന് വന്നു? എങ്ങനെ വന്നു? എവിടേക്ക് പോകുന്നു? ഉത്തരം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് എത്രയേറെ പഴക്കമുണ്ടാകാം?

 

 

റെഡിമെയ്ഡ് ഉത്തരങ്ങളുമായി മതങ്ങൾ എപ്പോഴേ റെഡി. അവ പറയുന്നു: മനുഷ്യനെ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായി-അതും ഇന്നു കാണുന്ന അതേ രൂപത്തിൽ. ജീവികളുടെ സൃഷ്ടിക്കുശേഷം അവയുടെ ആകാരത്തിൽ ഒരല്പം പോലും മാറ്റം വന്നിട്ടില്ലെത്രെ. മാത്രമല്ല, ഇക്കൂട്ടത്തിൽ വിശേഷജീവിയായ മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ തന്നെയാണെത്രെ സൃഷ്ടിച്ചത്. ഇനിയെന്തോന്നന്വേഷിക്കാൻ? എല്ലാവരും ദൈവത്തിനു സ്തോത്രം ചൊല്ലി കഴിഞ്ഞുകൂടുവിൻ, നിങ്ങളെ കാത്തിരിക്കുന്നത് നിത്യസ്വർഗമാണ്‌; ഇതെത്രെ മനുഷ്യോല്പത്തിയെക്കുറിച്ച മതപരമായ വ്യാഖ്യാനം. കഴിഞ്ഞ 3000 വർഷങ്ങൾക്കിപ്പുറത്ത് സംഘടിത മതങ്ങളുടെ ആവിർഭാവത്തോടെ ഇത്തരം വിശ്വാസങ്ങൾ സമൂഹത്തിൽ നിലവിലിരിക്കുന്നു. നിരക്ഷരർ മാത്രമല്ല വിദ്യാസമ്പന്നരായ മനുഷ്യരും പഠിച്ചതേ പാടിക്കൊണ്ട്, അനുസരണയോടെ ചോദ്യം ചെയ്യാതെ ജീവിക്കുന്നു. എന്നാൽ മതപരമായ ഈ അറിവിനുമപ്പുറത്ത് മറ്റൊരു ലോകമുണ്ട്. അത് അന്വേഷണത്തിന്റെ വഴിയാണ്‌; അത് തിരിച്ചറിവിന്റെ വഴിയാണ്‌; അത് ശാസ്ത്രത്തിന്റെ വഴിയാണ്‌. മനുഷ്യോല്പത്തിയെക്കുറിച്ച് ആധികാരികമായ അറിവു തരാൻ ഇന്ന് നമുക്കുമുന്നിൽ പരിണാമശാസ്ത്രത്തിന്റെ വഴികളുണ്ട്. വ്യക്തമായ തെളിവുകളോടെ അത് മനുഷ്യൻ വന്ന വഴികളിലേക്ക് വെളിച്ചം വീശുന്നു. അത് പറയുന്നു: മനുഷ്യൻ മാത്രമല്ല, ഭൂമിയിലെ സകല ജീവികളും ഇന്ന് കാണുന്ന അതേ രൂപത്തിൽ ‘സൃഷ്ടിക്ക’പ്പെട്ടതല്ല, മറിച്ച് ഇന്ന് കാണുന്ന രൂപത്തിലേക്ക് അവയുടെ പൂർവ്വരൂപങ്ങളിൽനിന്ന് ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമത്തിന്റെ ഫലമായി ആയിത്തീർന്നതാണെന്ന്. ഈ ‘ആയിത്തീരൽ’ എന്ന പ്രക്രിയയാണ്‌ പരിണാമം. അതാണ്‌ എവല്യൂഷനറി ബയോളജി. മുൻ വിധികളില്ലാതെ വന്ന വഴികൾ അന്വേഷിക്കുന്ന, മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യക്തമായ ഉത്തരം തരുന്ന ശാസ്ത്രശാഖ.

 

ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളും ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായ ജീവികളും-ഉദാ: ഡിനോസർ- പരസ്പരം ബന്ധിതരാണ്‌. ഒന്നിൽ നിന്ന് മറ്റൊന്ന് ക്രമേണ രൂപം കൊള്ളുന്നു. ഭൂമിയിൽ ആദ്യമുണ്ടായ ജൈവരൂപത്തിന്റെ പില്കാല പ്രതിനിധികളാണ്‌ നമ്മളെല്ലാം. ഒരു ജീവി വിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന്‌ അല്ലെങ്കിൽ ഒന്ന് ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന്‌ അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം നോക്കൂ: തിമിംഗലം ഒരു കടൽ ജീവിയാണ്‌; സസ്തനിയുമാണ്‌. അതിന്റെ ഉല്പത്തി കരയിൽ നാല്‌ കാലിൽ നടന്നിരുന്ന ഒരു സസ്തനിയിൽ നിന്നാണ്‌. ഹിപ്പോപൊട്ടോമസിന്റെ ഒരു അടുത്ത ബന്ധുവിൽ നിന്നാണ്‌ 5 കോടി വർഷങ്ങൾക്ക് മുമ്പ് തിമിംഗലം പരിണമിച്ചത്! [1](വിശദാംശങ്ങൾ മറ്റൊരു പൊസ്റ്റിൽ)

 

ഒരു വലിയ വൃക്ഷത്തെ സങ്കല്പ്പിക്കുക. വളർന്ന് പടർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു വടവൃക്ഷം. അതിന്‌ അനേകമനേകം ശാഖോപശാഖകൾ ഉണ്ട്. അതിന്റെ മണ്ണോട് ചേർന്ന് നില്ക്കുന്ന ഭാഗം ആദ്യത്തെ ജൈവരൂപമാണെങ്കിൽ, അതിന്റെ ഏറ്റവും മുകളറ്റത്ത് കാണുന്ന കൊച്ചു കൊമ്പ്- അതാണ്‌ മനുഷ്യൻ. ആ കൊമ്പ് തനിയെ ആകാശത്തിൽ നില്ക്കില്ല. അത് മറ്റുശാഖകളുമായി ബന്ധപ്പെട്ടാണ്‌ നില്ക്കുന്നത്; അല്ലെങ്കിൽ മറ്റുപല ശാഖകളിൽ നിന്നുമാണ്‌ പ്രസ്തുത ശാഖ ഉണ്ടാകുന്നത്. ഈ ആദ്യ ജൈവരൂപത്തിൽനിന്ന് മനുഷ്യൻ എന്ന ശാഖയിലേക്കെത്തുവാൻ 400 കോടി വർഷം എടുത്തു. ഭൂമിയിൽ കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിച്ചു. നമുക്ക് കിട്ടിയിട്ടുള്ള ജീവികളുടെ ജൈവാംശമടങ്ങിയ ഏറ്റവും പഴക്കമുള്ള പാറകൾ ഗ്രീൻലാന്റിലെ അകീലിയ ദ്വീപിൽ (Akilia Island)നിന്നാണ്‌. 1995-ൽ കാലിഫോർണിയയിലെ Scripps Institute of  Oceanographyയിലെ Gustaf Arrhenius ഉം സംഘവും കൂടി കണ്ടുപിടിച്ചു. അതിലടങ്ങിയിരുന്ന ജൈവാംശങ്ങളുടെ പ്രായം 385 കോടി വർഷമാണ്‌[2]. ഇതനുസരിച്ച് ജീവശാസ്ത്രകാരന്മാർ കണക്കു കൂട്ടിയെടുത്തു; ഭൂമിയിൽ കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം എപ്പൊഴോ ജീവൻ ആവിർഭവിച്ചുവെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഇക്കാലത്ത് ‘ദൈവം’ മനുഷ്യനെന്ന ‘പ്രമാണി’യെ സൃഷ്ടിച്ചില്ല? 6 ദിവസം കൊണ്ടാണല്ലോ ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയത്. 350 കോടി വർഷം മുമ്പെങ്കിലും ഉള്ള ഒരു മനുഷ്യഫോസിൽ കണ്ടെത്തിയാൽ പരിണാമവാദം പൊളിഞ്ഞു. എന്നാൽ കാര്യങ്ങളുടെ കിടപ്പ് ദൈവത്തിന്‌ അത്ര സുഖകരമായ വിധത്തിലല്ലല്ലോ.

 

പരിണാമം സംഭവിക്കുന്നത്

 

ഒരു  ജീവിക്ക് -ഏതു ജീവിയുമാവാം-സന്തതിപരമ്പരകൾ  ഉണ്ടാകുമ്പോൾ  അതിന്റെ ജനിതക -DNA-വസ്തുവിൽ ചില  വ്യതിയാനങ്ങൾ  സംഭവിക്കാനിടയുണ്ട്. ഈ വ്യതിയാനം എന്നു  പറയുന്നത്  ജീനുകളിൽ  സംഭവിക്കുന്ന  അക്ഷരത്തെറ്റുകളാണ്‌ - മ്യൂട്ടേഷൻസ് -. അങ്ങനെ  മ്യൂട്ടേഷൻ  സംഭവിച്ചാൽ  നിലവിൽ  ആ ജീൻ കോഡ് ചെയ്തിരുന്ന  പ്രോട്ടീനുപകരം  വേറൊരു  പ്രോട്ടീനായിരിക്കും ഉല്പാദിപ്പിക്കുക. ഈ മാറ്റങ്ങളോടെ  ജനിക്കുന്ന  ജീവി ആ പരിസ്ഥിതിക്ക് അനുകൂലമാണെങ്കിൽ   മാത്രമേ അതിജീവിക്കൂ.  പരിസ്ഥിതിക്ക്  യോജിച്ചതാണെങ്കിൽ അതിനനുകൂലമായി  പ്രകൃതി നിർധാരണം നടക്കും.  അല്ലാത്തപക്ഷം ആ ജീവി തെറ്റായ  മ്യൂട്ടേഷൻ  മൂലം  നശിച്ചുപോകും. അങ്ങനെ  ഇത്തരം കൊച്ചു കൊച്ചു മാറ്റങ്ങൾ  അനേകായിരം തലമുറകളിലൂടെ, ലക്ഷക്കണക്കിനു വർഷങ്ങളെടുത്ത്  കടന്നുപോകുമ്പൊൾ  നമ്മൾ ആദ്യം കണ്ട ജീവിയായിരിക്കില്ല  ഇപ്പോൾ കാണുന്നത്. അത് തികച്ചും  വ്യത്യസ്ത ജീവിയായിരിക്കും . ഇവിടെ  പരിണാമമാണു പ്രവർത്തിച്ചത്.  ഇവിടെ   ഒരു  കാര്യം പ്രത്യേകം ഓർമ്മിക്കണം. പരിണാമം എന്നത് നേരെമുകളിലേക്ക്  കയറിപ്പേ​‍ാകുന്ന കോണിപ്പടിയല്ല. അത് ശാഖോപശാഖകളായി  പിരിയുകയാണ്‌. അതിൽ എല്ലാ ശാഖകളും പരിസ്ഥിതിക്ക് അനുകൂലമാവുകയില്ല. വളരെ കുറച്ചു മാത്രമേ പരിസ്ഥിതിയോട് ഒത്തിണങ്ങിപ്പോകൂ. അവയ്ക്ക്  അനുകൂലമായ പ്രകൃതി നിർധാരണം(Natural Selection) നടക്കും.  അല്ലാത്ത  ശാഖകളെല്ലാം പൂർണ്ണമായും നശിച്ചുപോകും.മനുഷ്യന്റെ പരിണാമം തന്നെയാണിതിനു ഏറ്റവും നല്ല ഉദാഹരണം.  ഭൂമിയിലെ എല്ലാ ജീവികളും ഈ കാരണത്താൽ പരസ്പരം ബന്ധപ്പെട്ടവരാണ്‌. നമ്മിലെ പല ജീനുകളും മറ്റുപലജീവികളിലും കാണാം. അതായത് ഭൂമിയിലെ എല്ലാ ജീവികളും ആദിമ ജൈവരൂപത്തിന്റെ വ്യത്യസ്തമായ കിളിർപ്പുകളാണ്‌. പരിണാമശാസ്ത്രത്തിന്റെ വെളിച്ചത്തിൽ   ഒന്നുകൂടി  തറപ്പിച്ചു  പറയട്ടെ ;മനുഷ്യൻ ഒരു ദൈവ സൃഷ്ടിയല്ല; മറിച്ച് പരിണാമത്തിലൂടെ   ആയിത്തീർന്നതാണ്‌.  ഇനി മനുഷ്യൻ  മറ്റു ജീവികളിൽ നിന്ന്  പരിണമിച്ചതാണ്‌ എന്നതിന്റെ തെളിവുകൾ നോക്കാം.

 

ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ നട്ടെല്ലുള്ള ജീവികൾ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 53 കോടി വർഷങ്ങൾ തൊട്ടാണ്‌. മത്സ്യങ്ങൾ, ഉഭയ ജീവികൾ, ഉരഗങ്ങൾ, പക്ഷികൾ സസ്തനികൾ എന്നിവയാണു നട്ടെല്ലുള്ള ജീവികൾ. മത്സ്യങ്ങളിലെ പരിണാമം ഒരു ഘട്ടത്തിൽ ഉഭയജീവി -കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ,-തവള-കളിലെത്തുന്നു. ഉഭയ ജീവികളിൽ നിന്നുക്രമേണ അത് ഉരഗങ്ങളിലെത്തുന്നു. ഉരഗപരിണാമം പിന്നീട്  പക്ഷികളിലേക്കും സസ്തനികളിലേക്കും നീങ്ങുന്നു. ഒറ്റശ്വാസത്തിൽ ഇങ്ങനെ പറഞ്ഞുവെങ്കിലും മൽസ്യങ്ങളിൽ നിന്നും പരിണാമം സസ്തനികളിലെത്താൻ 46.5 കോടി വർഷമെടുത്തു. ദൈവം തമ്പുരാൻ സൃഷ്ടിച്ചതൊന്നുമല്ല ഈ ക്രമം . അത് പ്രകൃതി നിർധാരണത്തിലൂടെ സംഭവിച്ചതാണ്‌. മനുഷ്യഭ്രൂണം ഈ ക്രമത്തെ പുനരവതരിപ്പിക്കുന്നു.

ബീജ, അണ്ഡ കോശങ്ങൾ ഒന്നായിച്ചേർന്ന് കഴിഞ്ഞാൽ ചില അല്ഭുതകരമായ പ്രവർത്തനങ്ങൾ ഗർഭപാത്രത്തിൽ നടക്കുന്നുണ്ട്. ഒരു പുരുഷനിൽ നിന്നും 23 ക്രോമസോമുകളും വഹിച്ചുകൊണ്ട് ബീജവും സ്ത്രീയിൽ നിന്ന് 23 ക്രോമസോമുകളും വഹിച്ചുകൊണ്ട്  അണ്ഡവുമാണ്‌ കൂടിച്ചേരുന്നത്‌. അണ്ഡവഹിനിക്കുഴലിൽ വെച്ച്‌ അവ കൂടിച്ചേർന്ന്‌ 23 ജോഡി ക്രോമസോം ഉള്ള ഒരു കോശമായിത്തീരുന്നു. ഇപ്പോൾ ആ കോശത്തിൽ 300  കോടി ബേസ് ജോഡികളും 30,000ത്തോളം ജീനുകളുമുണ്ട്.DNA യിൽ പ്രോട്ടീൻ  ഉല്പാദിപ്പിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളടങ്ങിയ ചില പ്രത്യേക ഭാഗങ്ങളുണ്ട്‌. ആ ഭാഗങ്ങളാണ്‌ ജീനുകൾ. ഈ ജീനുകൾ ഒരു പൂർണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നതിനുവേണ്ട പാചകക്കുറിപ്പുകളാണ്‌. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും എവിടെ, എപ്പോൾ രൂപം കൊള്ളണമെന്ന്‌ നിശ്ചയിക്കുന്നത്‌ ഈ ജീനുകളാണ്‌. സ്ത്രീ പുരുഷ കോശങ്ങൾ ഒന്നായിച്ചേർന്ന്‌ കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ താനേ നടന്നുകൊള്ളും . ഈ ഘട്ടത്തിൽ ഒരു ആത്മാവ്‌ ബീജ സങ്കലനം നടന്ന കോശത്തിൽ പ്രവേശിക്കുന്നില്ല.

ഇനിയാണ്‌ അതിശയങ്ങൾ അരങ്ങേറുന്നത്‌. ഭ്രൂണത്തിന്റെ പരിണാമം  ഈ കോശത്തിൽ നിന്നാരംഭിക്കുന്നു. ഈ ഏകകോശം ജീവന്റെ ആവിർഭാവ ഘട്ടത്തിലെ  പ്രാഥമിക രൂപത്തെക്കുറിച്ചുള്ള സൂചനയാണ്‌. പിന്നീട്‌ ഭ്രൂണം വളർന്ന്‌ 6 ആഴ്‌ച വരെയെത്തുന്ന കാലയളവിൽ ചില അന്തർനാടകങ്ങൾ നടക്കുന്നു. നട്ടെല്ലുള്ള എല്ലാജീവി വിഭാഗങ്ങളും കാഴ്ചയിൽ തീത്തും  വ്യത്യസ്‌തരാണ്. എന്നാൽ ഇവയുടെ എല്ലാം ഭ്രൂണത്തിന്റെ ആദ്യഘട്ടം മത്സ്യത്തിന്റെ ഭ്രൂണം പോലെയാണ്.  മനുഷ്യന്റേതും  അങ്ങനെതന്നെ.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും ഉത്കൃഷ്‌ടനാണ്‌ മനുഷ്യൻ. ദൈവം അവനെ, അവന്റെ രൂപത്തിൽ തന്നെയാണ്‌ സൃഷ്‌ടിച്ചത്. അങ്ങനെയണെങ്കിൽ ബീജവും അണ്ഡവും കൂടിച്ചേർന്ന്‌കഴിഞ്ഞാലുടൻ അതൊരു  കുഞ്ഞുമനുഷ്യൻ ആവണം. പ്രസവിക്കും വരെ അതു നിരന്തരം വളരണം . എന്നാൽ അങ്ങനെയല്ല തുടക്കത്തിൽ സംഭവിക്കുന്നത്‌. നടക്കുന്നത് മറ്റൊരു വിധത്തിലാണ്‌.പരിണാമശ്രേണിയിൽ വളരെ പില്ക്കാലത്ത്‌ മാത്രം പ്രത്യക്ഷപ്പെടുന്ന മനുഷ്യൻ, അവന്റെ ഭ്രൂണവികസനത്തിന്റെ ആദ്യഘട്ടത്തിൽ അവൻ വന്ന വഴി വ്യക്തമായി കാണിക്കുന്നു.

 

ആദ്യം ഭ്രൂണത്തിൽ ചെകിളകൾ ഉണ്ടാകുന്നു[3] . ചെകിള; ജലജീവി-മൽസ്യ-കളുടെ ശ്വസനാവയമാണ്‌. മനുഷ്യന്റെ ഭ്രൂണത്തിൽ ചെകിളകൾ എന്തിന്? മനുഷ്യൻ അന്തരീക്ഷവായു നേരിട്ട് ശ്വസിക്കുന്നവനാണ്‌. എന്നിട്ടും മനുഷ്യഭ്രൂണത്തിൽ ചെകിളകൾ രൂപപ്പെടുന്നു. ഇതിനർത്ഥം ചെകിളകൾ ഉല്പാദിപ്പിക്കുന്ന ജീൻ നാം വഹിക്കുന്നുണ്ട് എന്നാണ്‌. എന്തുകൊണ്ട് നമ്മുടെ ജനിതകഘടനയിൽ മൽസ്യങ്ങളുടെ ശ്വ്വസനാവയവം നിർമ്മിക്കുന്ന ജീനുകൾ കടന്നുകൂടി? ഈ ജീനുകൾ വഴിതെറ്റി കയറിവന്നവയാണോ? അല്ല, അത് മനുഷ്യൻ എവിടെനിന്ന് ഉല്ഭവിച്ചുവെന്നാണ്‌ കാണിച്ചുതരുന്നത്. മനുഷ്യൻ ഉല്ഭവിച്ചത് മൽസ്യ വിഭാഗത്തിൽ നിന്നുമാണ്‌. അവ നമ്മുടെ വിദൂരസ്ഥമായ പൊതു പൂർവികനാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ ജനിതകഘടനയിൽ അവയുടെ ജീനുകളും വന്നത്. ഭ്രൂണത്തിന്റെ തുടക്കത്തിൽ പല പൊതു പൂർവികരും വന്ന് തലകാട്ടി പോകും. അങ്ങനെയാണ്‌ ചെകിളയുണ്ടാക്കുന്ന ജീനുകൾ “ഓൺ” ആകുകയും ചെകിളകളിലൂടെ മൽസ്യപൂർവികർ രംഗത്തുവരികയും ചെയ്യുന്നത്. പിന്നീട് ഈ ജീനുകൾ “ഓഫ്” ആകുന്നു. തുടർന്ന്‌ മനുഷ്യനിലേക്ക്‌ ഭ്രൂണം നീങ്ങുകയും ചെയ്യും. ചെകിളയുണ്ടായ  സ്ഥാനത്ത്‌ പിന്നീട്‌ നാവ്‌, കീഴ്‌ത്താടി, കഴുത്ത്‌, ശ്വാസകോശം എന്നിവ രൂപം കൊള്ളും. ഇനി മറ്റൊരു പൊതുപൂർവ്വികൻ വരുന്നു. അത്‌ വാലും കൊണ്ടാണ്‌ വരുന്നത്‌. മനുഷ്യന്‌ വാലുണ്ടോ?  ഇപ്പോൾ തപ്പിനോക്കിയാൽ കാണില്ല. എന്നാൽ നമ്മൾ ഭ്രൂണാവസ്‌ഥയിൽ ആയിരിക്കുമ്പോൾ നമുക്ക് വാലു മുളക്കുന്നു. അത്‌ നമ്മുടെ ഉരഗ , സസ്‌തന,പൂർവ്വികരെ സൂചിപ്പിക്കുന്നു. അതായത്‌ അവർക്ക്  വാലുണ്ടാക്കുന്ന ജീനുകൾ നമ്മുടെ ജനിതക ഘടനയിലും, ഗർഭം തുടങ്ങി 7ആഴ്‌ച വരെയുള്ള കാലയലവിൽ  ഈ വാൽ വളരുന്നു. ഈ “വാൽ” ചരിത്രം വ്യക്തമാക്കുന്നത് നമ്മുടെ ഉത്‌പത്തി വാലുള്ള - ഉരഗ സസ്‌തന-ജീവികളിൽ നിന്നായിരുന്നു എന്നാണ്‌. അതുകൊണ്ട്‌ അവയുടെ അംശങ്ങൾ നമ്മളും പേറുന്നു. സാധാരണയായി 7 ആഴ്ച കഴിഞ്ഞാൽ ഈ വാൽ ജീൻ തനേ ഓഫാവുകയും ഭ്രൂണം മനുഷ്യനിലേക്ക്‌ നീങ്ങുകയും ചെയ്യണം . ചിലപ്പോൾ പ്രസ്തുത ജീൻ ഓഫാവുകയില്ല. അപ്പോൾ സംഗതി കാര്യമാവും  അങ്ങനെ വന്നാൽ ശിശു “വാലായിട്ട്” ജനിക്കും. ഉത്തരേന്ത്യയിൽ കുറച്ച് വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ശിശു വാലുമായിട്ട്  ജനിച്ചു. തുടർന്ന്‌  അത്‌ ഹനുമാന്റെ അവതാരമാണെന്നു പറഞ്ഞ്‌ ചില കോലാഹലങ്ങളുണ്ടായത്‌ ചിലരെങ്കിലും  ഓർക്കുന്നുണ്ടാവും.  ഈയടുത്ത് നടന്നചില ജനിതക പഠനങ്ങൾ കാണിക്കുന്നത്‌ ചുണ്ടെലികളിൽ വാലുണ്ടാക്കുന്ന അതേ ജീനുകൾ തന്നെയണെത്രേ മനുഷ്യനിലും പ്രവർത്തിക്കുന്നത്‌[4] പിന്നീട്‌ മനുഷ്യനിൽ അവ നിർവീര്യമാക്കപ്പെടുന്നുണ്ട്‌.

 

തവളകളുടെ കൈകാലുകൾ ചർമ്മം പൊതിഞ്ഞവയാണ്‌. ഏതാണ്ടിതുപോലെതന്നെയാണ്‌ ഭൂണാവസ്ഥയിൽ മനുഷ്യന്റെ കൈകാലുകൾ. ഇത് നമ്മുടെ ഉഭയജീവി പൂർവികബന്ധം സൂചിപ്പിക്കുന്നു. പിന്നീട് ഈ ചർമ്മമെല്ലാം കൊഴിഞ്ഞുപോയി വിരലുകൾ പ്രത്യേകം പ്രത്യേകമാകുന്നു. മനുഷ്യൻ സസ്തനിയാണ്‌. സസ്തനി വിഭാഗത്തിലെ ഒരുOrder ആയ പ്രൈമേറ്റ് വിഭാഗത്തിലാണ്‌ മനുഷ്യന്റെ സ്ഥാനം.  നമ്മുടെ പ്രൈമേറ്റ് ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവ് നോക്കാം. മനുഷ്യന്‌ മറ്റു പ്രൈമേറ്റുകളെപ്പോലെ രോമാവൃതമായ ശരീരമില്ല.  എന്നാൽ ഭ്രൂണവളർച്ചയുടെ ഒരു ഘട്ടത്തിൽ  ശരീരം രോമാവൃതമാകുന്നുണ്ട്. ഗർഭം 6 മാസം പിന്നിടുമ്പോൾ ശിശുവിന്റെ മേലാകെ രോമാവൃതമാവും.[5] പ്രസവത്തിന്‌ ഒരു മാസം മുമ്പ് ഈ രോമമെല്ലാം കൊഴിഞ്ഞുപോകും. അങ്ങിനെ ഒരു ഒത്ത മനുഷ്യക്കുഞ്ഞായി അത് പിറക്കും. Lanugo എന്നാണ്‌ ഈ നനുത്ത രോമങ്ങളുടെ പേര്‌. ഇത് കൃത്യമായും നമ്മുടെ പ്രൈമേറ്റ് പൂർവ്വികരെ വെളിപ്പെടുത്തുകയാണ്‌. രസകരമായ കാര്യം, കുരങ്ങുകൾക്കും ഭ്രൂണവസ്ഥയിൽ ഇതേ സമയത്ത് തന്നെയാണ്‌ രോമങ്ങൾ മുളയ്ക്കുന്നത്. പക്ഷേ അവർക്കത് കൊഴിയുന്നില്ലെന്ന് മാത്രം.

 

സസ്തനി ബന്ധം വ്യക്തമാക്കുന്ന മറ്റൊരു ശക്തമായ തെളിവാണ്‌ നമ്മുടെ അപ്പെന്റിക്സ്. നമുക്ക് ഒട്ടും തന്നെ ഉപയോഗമില്ലാത്ത എന്നാൽ തീർത്തും ഉപദ്രവകാരിയായ ഒരു അവയവമാണ്‌ Appendix. എന്നാൽ മുയൽ, കങ്കാരു തുടങ്ങിയ ജീവികൾക്ക് വളരെ അത്യാവശ്യമായ ഒരു അവയവമാണിത്. സെല്ലുലോസ്‌ ദഹിപ്പിച്ചെടുക്കാൻ അവർക്കിത്‌ വളരെ ആവശ്യമാണ്‌ . നമുക്കിത്‌ ഒട്ടും തന്നെ ആവശ്യമില്ല, എന്നിട്ടും നമ്മുടെ ജനിതക ഘടനയിൽAppendix നിർമ്മിക്കുന്നതിനുള്ള ജീനുകളും അടങ്ങുന്നു. എന്താണിത് കാണിക്കുന്നത്‌; നമ്മുടെ പിറവി സസ്‌തനി കുടുംബത്തിൽ നിന്നു തന്നെയാണെന്നാണ്‌ ഇതു കാണിക്കുന്നത്‌. അങ്ങിനെ ഭ്രൂണശാസ്ത്രത്തിലെ തെളിവുകൾ മനുഷ്യന്റെ ഉല്പത്തി  എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായി കാണിച്ചുതരുന്നു. അതായത്‌ സൃഷ്‌ടിയുടെ 6-ആം‍ ദിവസം ദൈവം ഓം‍ ഹ്രീം ഐസ്‌ക്രീം സ്വാഹ എന്നു പറഞ്ഞപ്പോൾ ഉണ്ടായതല്ല മനുഷ്യൻ എന്നും കോടിക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമത്തിന്റെ ഫലമായിട്ടാണ്‌ മനുഷ്യൻ രൂപം കൊണ്ടതെന്നുമാണ്‌  ഇത്‌ കാണിക്കുന്നത്.

 

സസ്‌തനികളുടെ  രംഗപ്രവേശം

 

കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി വിഭാഗമാണ്‌ സസ്തനികൾ . നമ്മൾ ഉൾക്കൊള്ളുന്ന Class ഇതാണ്‌. സസ്‌തനികൾ ഭൂമിയിലെ ഒരു പ്രബല ജീവിവിഭാഗമായി തീരുന്നത്‌ കഴിഞ്ഞ 6.5 കോടി വർഷങ്ങൾക്ക്‌ ശേഷമാണ്‌.  വാസ്‌തവത്തിൽ  കഴിഞ്ഞ 21 കോടി വർഷങ്ങൾ തൊട്ടേ സസ്തനികൾ  പരിണമിച്ചെങ്കിലും അവർക്ക്‌ വികസനത്തിന്‌ അവസരമുണ്ടായില്ല. അതിന്‌ കാരണം ഡിനോസറുകളുടെ സാന്നിദ്ധ്യമാണ്‌. ഉരഗവിഭാഗതതിൽ നിന്ന്‌ സസ്‌തനികളും ഡിനോസറുകളും ഏതാണ്ട്‌ ഒരേ സമയത്തുതന്നെയാണ്‌ വേർപെട്ട് പുതിയ ജീവി വിഭാഗമായി തീരുന്നത്‌. എന്നാൽ ഡിനോസറുകൾക്കനുകൂലമായി ശക്‌തമായി പ്രകൃതി നിർദ്ധാരണം നടക്കുന്നു. അതുകൊണ്ട്‌ ഡിനോസറുകൾ  അതിവേഗം  വിപുലപ്പെടുകയും വ്യത്യസ്‌ത വിഭാഗമായി തീരുകയും ചെയ്‌തു. 30ഓളം ജീനറകളിലായി 530 തരം ഡിനോസറുകൾ  അവർ കഴിഞ്ഞ 21 കോടി വർഷം മുതൽ  കഴിഞ്ഞ 6.5കോടി വർഷം വരെയുള്ള നീണ്ട 15 കോടി വർഷങ്ങൾ ഭൂമിയിലെ പ്രബല ജീവി വിഭാഗമായി ഭൂമിയെ അടക്കിവാണു. ഡിനോസറുകൾ പ്രബലന്മാരായി കഴിഞ്ഞിരുന്ന വേളയിൽ മറ്റുജീവി വിഭാഗങ്ങൾക്കൊന്നും വികാസമുണ്ടായില്ല. നമ്മുടെ വിഭാഗമായ സസ്തനികൾ ഒരരികിലേക്ക്‌ ഒതുക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സസ്‌തനികളുടെ വലിപ്പം ഒരു പെരുച്ചാഴിയുടെ അത്രയേയുള്ളൂ. അതും രാത്രിഞ്ചരന്മാരായി  കഴിയേണ്ടി വന്നു. അതിനു കാരണം പകൽ ജീവിതം ഡിനോസറുകൾ കൈയടക്കി എന്നതാണ്‌. പകൽ സമയത്ത്‌ പുറത്തിറങ്ങിയാൽ ആഹാരമാവുമെന്നതിനാൽ രാത്രി ജീവിതവുമായി അവർക്ക്‌ പൊരുത്തപ്പെടേണ്ടി വന്നു. ഭൂമിയിൽ ഒരു ജീവിക്കും ശാശ്വതമായി ജീവിക്കുവാൻ അവസരമില്ല. ദിനോസറുകളുടെ കാര്യത്തിലും അത്‌ സംഭവിച്ചു. 6.5 കോടി വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു ഉൽക്കാപതനം വഴി ദിനോസറുകൾ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും അപ്രത്യക്ഷരായി. ഭൂമിയിലെ ജീവന്റെ ചരിത്രത്തിലെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ്‌ ജീവന്റെ കൂട്ട വിനാശം-Mass Extinction -, ചില ഘട്ടങ്ങളിൽ ഇത്‌ ജീവൻ പാടെ തുടച്ചു നീക്കപ്പെടും- 96 ശതമാനം ജീവികൾ നശിച്ച ഘട്ടം , 24.5 കോടി വർഷം മുമ്പ്‌ പെർമിയൻ  യുഗത്തിൽ - എന്ന അവസ്‌ഥവരെ വന്നിട്ടുണ്ട്‌ . 6.5 കോടി വർഷം മുമ്പ്‌ ക്രിറ്റേഷ്യസ് യുഗത്തിൽ സംഭവിച്ച ഈ ജീവന്റെ തുടച്ചു നീക്കലിൽ 70% ജീവികളും[6] ചത്തു തുലഞ്ഞുപോയി . ഇവിടെ ഒരു ചോദ്യം ഉയരുന്നു. ദൈവം ഉണ്ടെങ്കിൽ, ആ ദൈവം തന്നെ സൃഷ്‌ടിച്ച ജീവികളെ അങ്ങേര്‌ തന്നെ  ഇത്ര നികൃഷ്ടമായി കൂട്ടത്തോടെ നശിപ്പിക്കുന്നതെന്തിന്‌? സൃഷ്‌ടിക്കലും കൂട്ടക്കൊലയും ഇതെന്താ കുട്ടിക്കളിയാണോ? വിശ്വാസികൾക്കതിന്‌ മറുപടിയുണ്ടോ?

 

എന്തായാലും 6.5 കോടി വർഷങ്ങളൊടെ ഡിനോസറുകൾ പൂർണമായും രംഗത്തുനിന്നും അപ്രത്യക്ഷരായി. അതോടെ അവർ ജീവിച്ചുവന്നിരുന്ന ജീവിതപരിസരം കാലിയായി. അവിടേക്ക് സസ്തനികൾ പ്രവേശിക്കുന്നു. അങ്ങനെ 6.5 കോടി വർഷം തൊട്ട് ഇന്നുവരെയുള്ള കാലത്തെ സസ്തനയുഗം-Mammalian age- എന്ന് വിശേഷിപ്പിക്കാം. തുടർന്ന് സസ്തനികളിലെ വൈവിധ്യവല്കരണം അതിവേഗം നടക്കുന്നു. പാലിയോസിൻ യുഗം-6.5 കോടി വർഷം മുതൽ കഴിഞ്ഞ 5.4 കോടിവർഷം വരെ- അവസാനിക്കുമ്പോഴേക്കും സസ്തനികൾ വ്യത്യസ്ത വിഭാഗങ്ങളായി പിരിയുന്നു. ഓരോരോ വ്യത്യസ്ത പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്. സസ്തനികളിൽ പരിസ്ഥിതിക്കനുസരിച്ച് അനുകൂലനം നേടിയ ഒരുപാട് വിഭഗങ്ങ-Order-ളുണ്ട്. ഒട്ടകം, പന്നി, ഹിപ്പൊ​‍ എന്നിവ ഉൾക്കൊള്ളുന്നArtiodactyla, കുതിരയുടെയും കണ്ഡാമൃഗത്തിന്റെയും വിഭാഗമായPerrisodactyla, എലി, മുയൽ എന്നിവയുടെ Rodentia, ആനയുടെ Proboscidea, മാസഭുക്കുകളുടേ വിഭാഗമായ Carnivora ഇങ്ങനെ പോകുന്നു സസ്തനികളിലെ വിഭാഗങ്ങൾ. ഇതില്പ്പെടുന്ന മറ്റൊരു വിഭാഗമാണ്‌ പ്രൈമേറ്റുകൾ. ഇവരാണെങ്കിലോ വൃക്ഷങ്ങളിൽ ജീവിക്കുവാനാണ്‌ അനുകൂലനം നേടിയത്. നമ്മൾ ഇനി മറ്റെല്ലാ ജീവവിഭാഗങ്ങളെയും വിട്ട്, പ്രൈമേറ്റുകളെ പിന്തുടരുകയാണ്‌. എന്തുകൊണ്ടെന്നാൽ ഇവയുടെ പില്കാല വികാസമാണ്‌ മനുഷ്യനെ രൂപപ്പെടുത്തിയത്.

വൃക്ഷജീവിതം നേടിയെടുക്കാൻ വളരെ സങ്കീർണമായ അനുകൂലനങ്ങൾ സംഭവിക്കണം. കയ്യിന്റെയും കാലിന്റെയും ചലനക്ഷമതയാണ്‌ പ്രധാനം. ഒരു കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടിക്കടക്കാൻ കൈകളുടെ ഉപയോഗം വിലയേറിയതാണ്‌. കൊമ്പിൽ മുറുകെ പിടിക്കണമെങ്കിൽ വിരലുകൾ പ്രദക്ഷിണമായും അപ്രദിക്ഷിണമായും വ്യന്യസിച്ചിരിക്കണം. ഈ അനുകൂലനം പ്രൈമേറ്റുകൾക്കുണ്ട്. മറ്റൊന്ന് ത്രിമാന കാഴ്ചയാണ്‌. കണ്ണുകൾ മുൻ വശത്തായതുകൊണ്ട് ഒരേ വസ്തുവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി വസ്തുവിന്റെ ത്രിമാന ചിത്രം-നീളം, വീതി, കനം- ലഭ്യമാവുകയും ചെയ്യും. ഈ ഗുണം പ്രൈമേറ്റുകൾക്കുണ്ട്. ഇതില്ലായെങ്കിൽ പ്രൈമേറ്റുകൾക്ക് ഒരു കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടക്കാൻ സാധിക്കില്ല. പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകത അവയുടെ കളർ വിഷൻ-വർണ കാഴ്ച-യാണ്‌. കളർവിഷൻ ലഭ്യമാക്കുന്ന 3opsin ജീനുകൾ പ്രൈമേറ്റുകൾക്കുണ്ട്. എന്നാൽ പ്രൈമേറ്റൊഴികെയുള്ള സസ്തന വിഭാഗങ്ങളിൽ 2 opsin ജീനുകളെയുള്ളു. അതുകൊണ്ട് ചുവപ്പ് നിറത്തെ പച്ചനിറത്തിൽ നിന്ന് തിരിച്ചറിയാൻ അവർക്ക് കഴിയില്ല. പ്രൈമേറ്റുകൾക്കുള്ള ഈ കളർ വിഷൻ ഭക്ഷണകാര്യത്തിൽ അവർക്ക് ഒരുപാട് ഗുണം ചെയ്തു. ഭൂമധ്യരേഖാ പ്രദേശത്തെ സസ്യങ്ങളുടെ മിക്കവയുടെയും ഇളം കമ്പുകൾ ചിവപ്പ് നിറത്തിലാണ്‌.  പോഷകസമൃദ്ധമാണിവ. പ്രൈമേറ്റുകൾക്ക് ഇത് പരമാവധി ചൂഷണം ചെയ്യാനായി.

സസ്‌തനവിഭാഗത്തിലെ ഈ Order കഴിഞ്ഞ 5.8 കോടി വർഷങ്ങൾക്കുമുമ്പേ രംഗത്തു വരുന്നു. 200 ഓളം വിഭാഗങ്ങൾ അതിലുണ്ട്‌. ലീമറുകൾ , ലോറിസുകൾ, ടാർസിയറുകൾ, ബുഷ് ബേബികൾ, സാധാകുരങ്ങുകൾ, വാലില്ലാകുരങ്ങന്മാർ, - ആൾക്കുരങ്ങ്, മനുഷ്യക്കുരങ്ങ് എന്നൊക്കെ പറയുന്നവർ

അവ ചിമ്പാൻസി, ഗറില്ല, ഉറാങ്ങ് ഉട്ടാൻ, ഗിബ്ബൺ എന്നിവയാണ്‌- പിന്നെമനുഷ്യൻ. ഇവരാണ് വിഭാഗത്തിലെ പ്രധാന വിഭാഗങ്ങൾ. മനുഷ്യൻപ്രൈമേറ്റാണ്‌; പ്രൈമേറ്റ് മഹാപരമ്പരയിലെ ഒരു പിൽക്കാലകണ്ണിമാത്രം. 5.8 കോടി വർഷങ്ങൾക്കു ശേഷമുള്ള ഫോസിൽ രേഖകളിൽ,പ്രൈമേറ്റ് എന്ന പൊതു പൂർവ്വിക പരമ്പരയിൽ നിന്ന് ഓരോ ജീവികളുംപ്രത്യേകം വിഭാഗമായി പിരിഞ്ഞുപോകുന്നതായി കാണാം. മാറിവരുന്നപരിസ്ഥിതികളുമായി അനുകൂലനം നേടുന്നതിന്റെ ഫലമായിട്ടാണ്ഇങ്ങനെ വരുന്നത്. അങ്ങനെ ടാർസിയറുകൾ 5.8 കോടി വർഷങ്ങൾക്കുമുമ്പു തന്നെ മറ്റൊരു ശാഖയാകുന്നു. 4 കോടി വർഷം മുമ്പ്‌ New World-അമേരിക്കൻ ഭൂഖണ്ഡം - കുരങ്ങുകൾ പ്രത്യേകം ശാഖയാകുന്നു. Old World -ഏഷ്യൻ, ആഫ്രിക്കൻ- കുരങ്ങുകൾ 2.5 കോടി വർഷങ്ങൾക്കു മുമ്പേപ്രത്യേകം ശാഖകളായി മാറുന്നു.

 

മനുഷ്യനും ചിമ്പാൻസിക്കും ഒരു പൊതു പൂർവ്വികനുണ്ടെന്നും അതിൽ നിന്നാണ് ഇവർ വേർപിരിഞ്ഞതെന്നും അതും ആഫ്രിക്കയിൽ വെച്ചാകാനാണ് സാധ്യത എന്നുമാണ് ഡാർവിൻ പറഞ്ഞത്, അതിനെയാണ് ഇങ്ങനെ വളച്ചൊടിച്ച്, കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നു പറഞ്ഞത്. വാസ്തവത്തിൽ നമ്മിൽ നിന്നും 2.5 കോടി വർഷം മുമ്പ് അകന്നു മാറി പ്രത്യേകം ശാഖയായി മാറുകയാണ് കുരങ്ങുകൾ. ഇനിയത്തെ ഊഴം മനുഷ്യക്കുരങ്ങുകളുടേതാണ്. ഫോസിൽ രേഖകളിൽ ഇവർ 2.3 കോടി വർഷങ്ങൾക്ക് ശേഷം കണ്ടു വരുന്നു . ഇതിൽ 1.8 കോടി വർഷങ്ങൾക്കു മുമ്പേ ഗിബ്ബൺ പ്രത്യേകം ശാഖയായി മാറുന്നു. അടുത്ത് ഒറാങ്ങ് ഉട്ടാനാണ് . ഇത് 1.4 കോടി വർഷം തൊട്ട് പ്രത്യേക ശാഖയായി പിരിഞ്ഞുനിൽക്കുന്നു. ഇനി കഴിഞ്ഞ 80 ലക്ഷം വർഷം മുമ്പ് ഗറില്ല പ്രത്യേക ശാഖയായി പോകുന്നു. കഴിഞ്ഞ 60-50 ലക്ഷം വർഷം മുമ്പ്പ്രൈ മേറ്റ് പൊതു പൂർവ്വിക പരമ്പരയിൽ  മറ്റൊരു വിഭജനം കൂടിനടന്നു. അതുവഴി രണ്ടുവ്യത്യസ്തജീവികൾ രൂപം കൊള്ളുകയും ചെയ്തു. ഈ കലഘട്ടത്തിൽ സംഭവിച്ച പാരിസ്ഥിതിക മാറ്റത്തിനോടുള്ള അനുകൂലം എന്ന നിലയിലായിരുന്നു; പ്രസ്തുത ജീവിവിഭാഗങ്ങൾ ആവിർഭവിച്ചത്. ആ ജീവികൾ മനുഷ്യനും ചിമ്പാൻസിയുമാണ്. ആദ്യം പാരിസ്ഥിതികമാറ്റം എന്താണെന്നു നോക്കാം . അതൊരു ഹിമയുഗമായിരുന്നു[7].

 

ഹിമയുഗം  ഭൂമിയിലെ ചരിത്രത്തിലെ ഒരു സവിശേഷ പ്രതിഭാസമാണ്. സമുദ്രജലം ഐസായി പരിണമിക്കുകയും അത് കടലിലും കരയിലും കുമിഞ്ഞു കൂടുകയും ചെയ്യും. അത് ധ്രുവ പ്രദേശത്തു നിന്ന് പതിയെ ഭൂമദ്ധ്യരേഖാ പ്രദേശത്തേക്കു നീങ്ങും . ഇതിന്റെ ഫലമായി സമുദ്ര ജലനിരപ്പ് കുത്തനെ താഴും. ഈ അവസ്ഥ ചിലപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കും. ഹിമയുഗം സംഭവിക്കുന്നതോടെ ജീവികളുടെ കൂട്ടവിനാശവും ഒപ്പമുണ്ടാകും.  ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ ഹിമയുഗത്തിന്റെ വരവും ജീവികളുടെ കൂട്ടവിനാശവും നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്  ഇതിൽ ഒരു ഒഴികഴിവുണ്ട്. അത് ഭൂമദ്ധ്യരേഖാപ്രദേശത്ത് കിടക്കുന്നു; കഴിഞ്ഞ 5.5 കോടി വർഷങ്ങളായി - അതിനു മുമ്പ്   അത് ഗോണ്ഡ് വാനാലാന്റ് എന്ന സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. അതിൽ അന്റാർട്ടിക്കയും, ആസ്ത്രേലിയായും, തെക്കേ അമേരിക്കയും, ഇന്ത്യൻ ഉപഭൂഖണ്ഡവും, ആഫ്രിക്കയും ഉള്ളടങ്ങിയിരുന്നു. ജൂറാസിക് യുഗത്തിൽ - 20.8 കോടി മുതൽ 14.5 കോടി വർഷം വരെ - അത് പിളരാൻ തുടങ്ങി. ഓരോ ഭൂഭാഗവും  ഓരോ  വഴിക്ക് നീങ്ങി. അങ്ങനെ ഭൂമദ്ധ്യരേഖക്ക് തെക്ക് കിടന്നിരുന്ന  ഗോണ്ഡ്വാനാ ഭൂഖണ്ഡത്തിന്റെ ബാക്കിഭാഗം ഭൂമദ്ധ്യരേഖാപ്രദേശത്ത് വന്നു 5.5  കോടി വർഷങ്ങൾക്കു മുമ്പ് നിലയുറപ്പിച്ചു  ഭൂമദ്ധ്യരേഖാ പ്രദേശത്തുള്ള ആഫ്രിക്കയുടെ നില്പ്പാണ് പിൽ ക്കാലത്ത് മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ  നിർണ്ണായക പങ്ക്  വഹിച്ചത് എന്നു പറഞ്ഞാൽ തെറ്റാവുകയില്ല.


ഹിമയുകം വന്നാൽ, മറ്റ് ഭൂഖണ്ഡങ്ങളെ ബാധിക്കുന്നതു പോലെ ആഫ്രിക്കയെ ബാധിക്കില്ല. മറിച്ച് അവിടെ ഒരു തരം വരണ്ട കലാവസഥയായിരിക്കും. ഇതുമൂലം കൊടുംകാടുകൾ കുറഞ്ഞു വരികയും പകരം പുല്മേട് പ്രദേശങ്ങൾ ഉയർന്നുവരികയുംചെയ്യും. വൃക്ഷജീവിതം നയിച്ചിരുന്ന പ്രൈമേറ്റ് പൂർവ്വികരെ   ഇത് വല്ലാത്ത പ്രതിസന്ധിയിലാക്കി. ആഹാരമാണല്ലോ മുഖ്യ പ്രശ്നം. അത് ഹിമയുഗം വരെ വൃക്ഷങ്ങളിൽ നിന്ന് സുലഭമായി കിട്ടിയിരുന്നു. ഹിമയുഗത്തിന്റെ വരവോടെ വനം ചുരുങ്ങുകയും ഭക്ഷണത്തിന്‌ ദൗർബല്യം നേരിടുകയും ചെയ്തു. അതേ സമയം പുല്മേട് പ്രദേശത്ത് പുതിയ ഭക്ഷ്യവ്യവസ്ഥ ഉയർന്നുവന്നു. ജീവസന്ധാരണാർത്ഥം പ്രൈമേറ്റ് പൂർവികരിലെ ഒരു വിഭാഗം തഴെ പുല്മേട് പ്രദേശത്തെ പരിസ്ഥിതിയിലേക്കിറങ്ങുകയും അവിടെ ജീവിക്കാൻ അനുകൂലനം നേടുകയും ചെയ്തു. എന്നാൽ പ്രൈമേറ്റ് പൂർവ്വികരിൽ ഒരു വിഭാഗം അപ്പോഴും വൃക്ഷങ്ങളിലെ ജീവിതം തുടരുകയും ചെയ്തു. പുല്മേട് പ്രദേശത്ത് ജീവിക്കാൻ അനുകൂലനം നേടിയവരിൽ നിന്ന് പിന്നീട് മനുഷ്യൻ രൂപം കൊള്ളുകയും മരത്തിൽ തന്നെ തുടർന്നവരിൽ നിന്ന് പിന്നീട് ചിമ്പൻസി ഉണ്ടാവുകയും ചെയ്തു.


ഈ വസ്തുതയ്ക്ക് ശക്തമായ ജനിതക-Genetic- തെളിവുകളുണ്ട്. നമ്മുടെ DNAയും ചിമ്പൻസിയുടെ DNAയും തമ്മിൽ 98.5 ശതമാനം തുല്യമാണ്‌[8]. അതായത് DNA തലത്തിൽ ചിമ്പൻസിയും മനുഷ്യനും തമ്മിൽ വെറും 1.5 ശാതമാനത്തിന്റെ വ്യത്യാസമേയുള്ളു. മനുഷ്യനും ചിമ്പൻസിയും ഒരേ പൊതുപൂർവ്വികരിൽ നിന്ന് വേർപെട്ട് പോന്നവരാണെന്നാണ്‌ DNA തലത്തിലെ അത്യധിക സാമ്യം കൊണ്ട് കാണിക്കുന്നത്. രണ്ട് വ്യത്യസ്ത ജീവികൾ തമ്മിൽ DNA തലത്തിൽ സാമ്യം കൂടുംതോറും അവർ പരസ്പരം വേർവിപിഞ്ഞിട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെന്നും DNA തലത്തിൽ സാമ്യം കുറഞ്ഞാൽ അതിനർത്ഥം അവർതമ്മിൽ വേർപെട്ടിട്ട് വളരെയേറെ കാലമായി എന്നുമാണ്‌. അപ്രകാരം, മനുഷ്യനും ചിമ്പൻസിയും തമ്മിൽ വേർപെടൽ നടന്നിട്ട് 60-50 ലക്ഷം വർഷങ്ങളേ ആയിട്ടുള്ളു[9]. DNA തലത്തിലെ അത്യധിക സാമ്യം കണ്ടിട്ടാണ്‌ (http://www.suite101.com/content/reviewthe-rise-and-fall-of-the-third-chimpanzee-a206587)ജെറീദ് ഡയമന്റ് ഇങ്ങനെ പറഞ്ഞത്: പുറം ലോകത്തുനിന്നുള്ള ഒരു ജന്തുശാസ്ത്രജ്ഞൻ, ചിമ്പൻസിയോടും ആഫ്രിക്കയിലെ സയറിൽ കാണുന്ന ബോണോബോ എന്ന പിഗ്മി ചിമ്പൻസിയോടുമൊപ്പം മനുഷ്യനെ വളരെവേഗം മൂന്നാം ചിമ്പൻസിയായി തരം തിരിക്കും. [10]

ഗറില്ലയും ചിമ്പാൻസിയും രണ്ട് ജീവജാതികളാണ്‌. മനുഷ്യകുരങ്ങുകളെക്കുറിച്ച് വലിയ പരിചയമില്ലാത്ത ഒരാൾക്ക് ഗറില്ല ചേട്ടനും ചിമ്പാൻസി അനുജനുമാണെന്ന് തോന്നിയേക്കാം. എന്നാൽ ചിമ്പാൻസിക്ക് DNA തലത്തിൽ ഗറില്ലയോടുള്ള സാമ്യത്തേക്കാൾ കൂടുതൽ സാമ്യം മനുഷ്യനോടാണ്‌. എന്താണിതു കാണിക്കുന്നത്? ദൈവം തന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്നവകാശപ്പെടുന്ന ഉല്കൃഷ്ടനും സമസ്തജീവികളുടെയും അധിപനുമായ മനുഷ്യന്റെയും വെറുമൊരു ചിമ്പൻസിയുടെയും DNA കൾ തമ്മിൽ എന്തുകൊണ്ടാണിത്ര സാമ്യം? ഇത്രയും ഉല്കൃഷ്ടനായ മനുഷ്യൻ ഒരു സവിശേഷ DNA ഉണ്ടാകേണ്ടാതല്ലേ? അതിൽ ചിമ്പൻസിയെ സൃഷ്ടിക്കുന്ന ജീനുകൾക്കെന്താണ്‌ സ്ഥാനം? എന്നാൽ എല്ലായ്പ്പോഴും സത്യം വളരെ സുന്ദരമായിരിക്കണമെന്നില്ല. മതങ്ങളും മതദൈവങ്ങളും ദിവ്യവെളിപാടുകളും പറയുന്നതല്ല ശരി. പരിണാമശാസ്ത്രം പറായുന്നതാണ്‌ ശരി. മനുഷ്യൻ ഉണ്ടായത് ഈ ജന്തുലോകത്തുനിന്നുതന്നെയാണ്‌. അതാണ്‌ ജനിതകശാസ്ത്രം ഉറക്കെവിളിച്ചുപറയുന്നത്. ആരൊക്കെ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല. പൊൻ പാത്രം കൊണ്ട് മൂടിവെച്ച ആ സത്യം അധികനാൾ ഇനിയും മറച്ചുവെയ്ക്കാനാകില്ല.



ഇനി, നിലത്തിറങ്ങി, പുല്മേട് പ്രദേശത്തെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട നമ്മുടെ പൂർവികരിലേക്ക് വരാം. മനുഷ്യപരിണാമ മഹാകഥ ഇവിടെ ആരംഭിക്കുന്നു. ഇനിയുള്ള മനുഷ്യപരിണാമത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് ആഫ്രിക്കയിലാണ്‌. ഈ കാലഘട്ടത്തിൽ, -60 ലക്ഷം വർഷം- ഈ പുല്മേട് പ്രദേശത്ത് വെച്ച്,  പില്കാലത്ത്‌ ആധുനികമനുഷ്യനെ രൂപം കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അതിശയകരമായ ഒരു അനുകൂലനം- പരിണാമം- സംഭവിച്ചു. അതേപറ്റി പറഞ്ഞിട്ട് തുടങ്ങാം. അത് വലിയ തലച്ചോറിന്റെ വികാസമല്ല; പില്കാലത്ത്‌ അല്ഭുതങ്ങൾ പലതും സൃഷ്ടിച്ച കൈകളുടെ പ്രവർത്തനശേഷിയുമല്ല. ഇതെല്ലാം സാധിക്കുന്നതിന്റെ മുന്നോടിയായി അതിപ്രധാനമായി ഒരു പരിണാമം നടന്നു. അതാണ്‌ മനുഷ്യന്റെ രണ്ടുകാലിലുള്ള നിവർന്നുനില്പ്പും നടത്തവും. ഈ പരിണാമം നടന്നതിനുശേഷമാണ്‌ ജന്തുലോകത്തെ ഏറ്റവും സങ്കീർണമായ മനുഷ്യമഹാമസ്തിഷ്കം വികസിച്ചത്. നിവർന്നുനിന്നപ്പോൾ, ചലനത്തിന്‌ പിൻ കാലുകൾ മാത്രം മതിയെന്നായപ്പോൾ മുൻ കാലുകൾ-കൈകൾ-സ്വതന്ത്രമായി. ആ കൈകൾ പിന്നീട് മനുഷ്യന്റെ ബുദ്ധിവികാസത്തിന്റെയും സംസ്കാരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും മുന്നുപാധിയായി മാറി. ഇതെല്ലാം ഇരുകാലി ചലനം മനുഷ്യന്‌ സ്വായത്തമായതിനുശേഷം മനുഷ്യന്‌ കൈവന്ന ഗുണങ്ങളാണ്‌. എന്നാൽ ഇരുകാലിൽ നടക്കുന്ന ആദ്യജീവിയൊന്നുമല്ല മനുഷ്യൻ. പക്ഷികൾ ഇരുകാലിൽ നടക്കും. ഡിനോസറുകളിലെ മാംസഭുക്ക് വിഭാഗം-ഉദാ:ടിറാന്നോസോറാസ് റെക്സ്-ഇരുകാലിൽ ചലിക്കും. എന്നാൽ പക്ഷികളുടെ മുൻ കാലുകൾ ചിറകുകളായി പരിണമിച്ചു. ഡിനോസറുകളുടെ മുൻ കാലുകൾ ചുരുങ്ങിപ്പോയി. വാസ്തവത്തിൽ ഇരുകാലിൽ നടക്കുന്നതുകൊണ്ടുള്ള പൂർണപ്രയോജനം സിദ്ധിച്ച ജന്തുലോകത്തെ ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്‌.  


എങ്ങനെയാണ്‌ മനുഷ്യപൂർവികർ ഇരുകാലിൽ നിവർന്നുനിന്നത്. ഏതെങ്കിലും ഡിസൈനർ വലിച്ചുനിവർത്തിയതാണോ? മനുഷ്യന്റെയും ചിമ്പൻസിയുടെയും പൊതുപൂർവികൻ ചിമ്പൻസിയോട് വലരെ അടുത്ത രൂപസാദൃമുള്ളതായിരിക്കണം. ചിമ്പൻസിയുടെ ചലനം ശ്രദ്ധിക്കുക; മുൻഭാഗം ഉയർന്നിട്ടും പിൻഭാഗം താഴ്ന്നിട്ടുമാണ്‌. ഏതാണ്ടിതേ രൂപം തന്നെയായിരുന്നിരിക്കണം മനുഷ്യപൂർവികനും. എന്നാൽ ചിമ്പൻസി ഏതാനും ചുവടുകൾ ഇരുകാലിൽ നടക്കും. വീണ്ടും നടത്തം 4 കാലിൽ തന്നെയാകും. അപ്പോൾ ഇരുകാലി നടത്തം അസാധാരണമായ അനുകൂലനം തന്നെയാണ്‌. ഇത് സാധിതമാവണമെങ്കിൽ അരക്കെട്ട് ഭാഗത്ത് വളരെയധികം മാറ്റങ്ങൾ സംഭവിക്കണം. മാത്രവുമല്ല, രണ്ട് കാലിൽ നിവർന്ന് നില്ക്കുമ്പോൾ ഗുരുത്വാകർഷണകേന്ദ്രം മാറിവരുന്നു എന്ന ഒരു പ്രശ്നവുമുണ്ട്. ഈ പ്രശ്നം 40 കോടി വർഷങ്ങൾക്കുമുമ്പ് ഡവൊണിയൻ യുഗത്തിൽ നാല്‌ കാലികളുടെ പൂർവ്വികർ നേരിട്ടതാണ്‌. ഈ കാലത്താണ്‌ ജലജീവികളിൽ പരിണാമം സംഭവിച്ച് അവ കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നത്. ജലമാധ്യമത്തിൽ അനുഭവിച്ച ഗുരുത്വ ബലമായിരുന്നില്ല കരയിലേത്. അന്ന് കരയിലേക്ക് പ്രവേശിച്ച ജീവികൾ  4 കാലുകളിലേക്കും ശരീരഭാരം പകുത്തുനല്കി പ്രശ്നം പരിഹരിച്ചു.

മനുഷ്യന്റെയും ചിമ്പാൻസിയുടെയും അരക്കെട്ടിലെ അസ്ഥികൾ പരിശോധിച്ചാൽ മനുഷ്യപൂർവികർ എങ്ങനെ ഈ പ്രശ്നത്തെ പരിഹരിച്ചു എന്ന് മനസ്സിലാകും. മനുഷ്യന്റെ അരക്കെട്ട് ഭാഗങ്ങൾ വിസ്തൃതിയേറിയതും ആഴം കുറഞ്ഞതുമാണ്‌. അതേ സമയം ചിമ്പൻസിയുടേത് ആഴം കൂടിയതും വിരിവ് കുറഞ്ഞതുമാണ്‌. മനുഷ്യന്റെ ഇടുപ്പ്- pelvis- ഭാഗത്തെ എല്ലിൻ കൂടിൽ നിന്ന് പുറപ്പെടുന്ന തുടയസ്ഥി-Femur- ഉള്ളിലോട്ട് ചെരിഞ്ഞ് മുട്ടുകാലിലെ സന്ധിയിൽ ചേരുന്നു. തുടയസ്ഥിയുടെ ചെരിഞ്ഞുകൊണ്ടുള്ള ഈ സംവിധാനം നിവർന്ന് നില്പ്പിന്‌ അത്യന്താപേക്ഷിതമാണ്‌. എന്നാൽ ചിമ്പൻസിയിൽ അങ്ങനെയല്ല തുടയസ്ഥിയുടെ സംവിധാനം. അവയിൽ തുടയസ്ഥി വളവില്ലാതെ നേരെ മുട്ടുകാലിൽ ചെന്ന് ചേരുന്നു. അതുകൊണ്ട് ചിമ്പാൻസിക്ക്  ഏതാനും ചുവടുകൾ മാത്രമേ രണ്ടുകാലിൽ നടക്കാൻ സാധിക്കൂ. എന്നാൽ മനുഷ്യനിൽ ഇരുകാലി നടത്തം സാധിതമാകുകയും ചെയ്തു. നമ്മുടെ ഇടുപ്പ് സന്ധിയോട് ചേർന്നാണ്‌ ഗുരുത്വാകർഷണ കേന്ദ്രം വരുന്നത്.  അത് അങ്ങനെ വരുമ്പോൾ മാത്രമാണ്‌ കുഴപ്പമില്ലാതെ നിവർന്ന് നില്ക്കാനും നടക്കാനും സാധ്യമാകുന്നത്. ഇത് ഇടുപ്പ് ഭാഗത്തിനുമുന്നിലേക്ക് നീങ്ങിയാൽ നടത്തവും നിവർന്നുള്ള നില്പ്പും വിഷമത്തിലാകും. ചിമ്പാൻസിക്ക് അരഭാഗത്തിനു മുകളിലുള്ള ഭാഗം വിരിവേറിയതും ഭാരക്കൂടുതലുതുമാണ്‌. അതുകൊണ്ട് അവയുടെ ഗുരുത്വാകർഷണ കേന്ദ്രം അരക്കെട്ടിന്‌ കുറച്ച് മുകൾ ഭാഗത്താണ്‌. അതാണ്‌ ചിമ്പൻസിക്ക് അധികദൂരം നിവർന്ന് നടക്കാൻ സാധികാത്തത്. നമ്മുടെ ഇടയിലെ പൊണ്ണത്തടിയന്മാർക്കും കുടവയറന്മാർക്കും നടത്തം വിഷമകരമാണെന്നോർക്കുക. 

പുല്മേട് പ്രദേശത്തെ ജീവിതസാഹചര്യങ്ങളുമായി അനുകൂലനം നേടിയതാണ്‌ മനുഷ്യപൂർവ്വികന്റെ അരക്കെട്ട് ഭാഗത്തെ അഴിച്ചുപണിയിലേക്ക് നയിച്ചത്. ഒട്ടേറെ മ്യൂട്ടേഷനുകൾ- ജീനുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ, വ്യതിയാനങ്ങൾ- ഇതിനായി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമേ മനുഷ്യന്‌ നിവർന്നുനില്കാനാകൂ. അല്ലാതെ ഒരു ദൈവവും പിടിച്ചുനിവർത്തിയതൊന്നുമല്ല. ഭൂമിയിൽ മനുഷ്യൻ രൂപം കൊണ്ടത് പൂർവ്വനിശ്ചിതമല്ല. മറിച്ച ആയിത്തീർന്നതാണ്‌. അതിന്‌ പ്രൈമേറ്റുകൾ ഉണ്ടാകണം. അവയുടെ വിശേഷഗുണങ്ങൾ ഉണ്ടാകണം. അതിന്‌ സസ്തനികൾ രൂപപ്പെടണം. സസ്തനികൾ ഉണ്ടാകണമെങ്കിൽ ഉരഗങ്ങൾ ഉണ്ടാകണം. അതിനു മുമ്പ് ഉഭയജീവികൾ രംഗത്തുവരണം. ഇപ്പറഞ്ഞ വിഭാഗം ജീവികളെങ്കിലും ഉണ്ടാകണമെങ്കിലോ, 37.5 കോടി വർഷം മുമ്പ് tiktalic ഉം 36 കോടി വർഷം തൊട്ട് lchtyostegaഉം Acenthosteg ജലജീവിതത്തിൽ നിന്ന് പരിണാമം സംഭവിച്ച് കരജീവിതം നയിക്കാനുള്ള അനുകൂലനം നേടണം. 40-36 കോടി വർഷക്കാലത്ത് ഇതൊന്നും സംഭവിച്ചിരുന്നില്ലായിരുന്നെങ്കിൽ ഈ ബ്ലോഗെഴുതാൻ ഞാനും ഇതുവായിക്കാൻ താങ്കളും ഉണ്ടാകുമായിരുന്നില്ല. 40 കോടി വർഷത്തിനുശേഷം ആരംഭിക്കുന്ന കരജീവിതത്തിന്റെ ഒന്നോ ഒന്നരയോ ശതമാനം സമയമേ ആയിട്ടുള്ളു ഒരു ജീവി നിവർന്ന് നില്ക്കാൻ തുടങ്ങിയിട്ട്. കാര്യങ്ങൾ സംഭവിച്ചത് ഇങ്ങനെയൊക്കെയെങ്കിൽ പിന്നെയെവിടെയാണ്‌ സൃഷ്ടികർത്താവായ ‘ദൈവത്തിന്റെ’ സ്ഥാനം?

ഫോസിൽമനുഷ്യർ

ഇനി നമുക്ക് ആധുനിക മനുഷ്യ പരിണാമത്തിലേക്ക്‌ നയിച്ച പൂർവ്വിക മനുഷ്യ  വിഭാഗങ്ങളെ പരിചയപ്പെടാം. ഈ വിഭാഗം മനുഷ്യർക്ക്‌ മൊത്തത്തിൽ ഒരു പേരുണ്ട്‌. അതാണ്‌ ഹോമിനിഡെ- ഇപ്പോൾ ഹോമിനിനെ എന്ന പദവും ഉപയോഗിക്കുന്നു- ആഫ്രിക്കയിലെ ഛാഡ്‌ എന്ന രാജ്യത്തു നിന്നും 2002-ൽ മൈക്കേൽ ബ്രൂണെറ്റും സംഘവും കൂടി കണ്ടെത്തിയ ഫോസിലാണ്‌ ഇതിൽ ഏറ്റവും പഴക്കമേറിയത്‌. ഈ ഫോസിലിന്റ പേര്‌ സഹേലാന്ത്രോപ്പസ്‌ ചാഡെൻസിസ്. ഇവന്റെ  പ്രായം 70 ലക്ഷം വർഷത്തിനും 60 ലക്ഷം വർഷത്തിനും മദ്ധ്യേ. ഇതിന്റെ വിളിപ്പേര്‌ ടൗമായ്. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്‌ ചിമ്പാൻസി, മനുഷ്യൻ വിഭജനം നടക്കുന്നത്, മോളിക്യൂലാർ ബയോളജി-തന്മാത്രാ ജീവശാസ്ത്രം-യാണ്‌ ഈ കാലം കണ്ടെത്തിയത്; അത് ഫൊസിൽ മനുഷ്യനുമായി ഒത്തുപോകുന്നു. എന്നാൽ ഈ ഫൊസിലിനെ ആദിമ ഹോമിനിഡായി കരുതുന്നതിൽ പലിയോ ആന്ത്രോപോളജിസ്റ്റ്- പ്രാചീന മനുഷ്യനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ-കൾ ചില വിയോജിപ്പുകൾ ഉയർത്തിയിട്ടുണ്ട്.

 

എങ്കിലും ഒട്ടുമിക്ക ഗവേഷകരും ഇതിനെ ആദിമഹോമിനിഡായി കരുതുന്നു. ഇതിന്റെ തലയോടാണ്‌ ഫോസിലായി കിട്ടിയത്‌. തലയോട്ടിക്ക്‌ ചിമ്പാൻസി, മനുഷ്യ ലക്ഷണങ്ങൾ ഉണ്ട്‌. തലയോട് ചിമ്പൻസിയുടേതു പോലിരിക്കുമ്പോൾ മുഖം മനുഷ്യാകൃതിയുള്ള - പരന്ന- താണ്‌. പല്ലുകൾ ചെറുതാണ്‌ പില്ക്കാല മനുഷ്യ ഫൊസിലുകളിൽ പുരികത്തിട്ട് - പുരികത്തിൽ കാണുന്ന കനത്ത തടിപ്പ്‌ - ഇതിൽ വ്യക്തമായിട്ടുണ്ട്‌. എന്നാൽ ചലനത്തെ സംബന്ധിച്ച്‌ ഒരു നിർണ്ണായക തെളിവ്‌ ഈ ഫോസിൽ തരുന്നു. നമ്മുടെ തലയോട്ടി , സ്പൈനൽ കോളവുമായി - നട്ടെല്ല്‌ കൂടിച്ചേരുന്നത്‌, തലയോട്ടി മദ്ധ്യഭാഗത്ത് വെച്ചാണ്‌. ഈ ഭാഗത്ത് ഒരു ദ്വാരമുണ്ട്‌ Foramen Magnumഎന്നാണതിന്റെ  പേര്‌.  ഇതിലൂടെയാണ്‌ Spinal Cordഉം മറ്റും പ്രവേശിക്കുന്നത്. ഈ Foramen Magnum തലയോടിന്റെ മദ്ധ്യഭാഗത്ത് വരുന്നതിനാൽ  അതിന്മേൽ ബാലൻസ്‌ ചെയ്ത് ശിരസ് നില്ക്കുന്നു. ഈ ദ്വാരം നിവർന്ന് നില്ക്കുന്ന ജീവിക്ക്‌ മാത്രമേ- മനുഷ്യന്‌ - മദ്ധ്യഭാഗത്ത് വരൂ. ചിമ്പാൻസിയടക്കമുള്ള മനുഷ്യക്കുരങ്ങുകൾക്ക്‌ Foramen Magnum മദ്ധ്യഭാഗത്തുനിന്ന്‌ നീങ്ങി തലയുടെ പിൻഭാഗത്തായിരിക്കും സ്ഥിതിചെയ്യുക . അതുകൊണ്ട്‌ അവയുടെ ശിരസ്സുകൾ  നട്ടെല്ലിൽ തൂങ്ങിക്കിടക്കുന്നതായി തോന്നും. ഇക്കാരണത്താൽ തന്നെ അവക്ക്‌ ഇരുകാലിത്തം സാദ്ധ്യവുമല്ല. എന്നാൽ സഹേലന്ത്രോപസിൽ Foramen Magnum മനുഷ്യന്റേതുമാതിരിയാണ്‌. അതുകൊണ്ട്‌ ഈ ജീവിയെ ആദ്യത്തെ ഹൊമിനിഡ ആയി കരുതുന്നു. അതായത്‌ 60 ലക്ഷം വർഷങ്ങൾക്കു മുൻപ്‌ തന്നെ ഭൂമിയിൽ ഇരുകാലിത്തം സംസ്ഥാപിതമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. എന്നാൽ രണ്ടു കാലിൽ നിവർന്ന് നിന്നതിന്‌ മനുഷ്യ വംശം വലിയ വില കൊടുക്കേണ്ടിവന്നു. അത്‌ അധികവും അനുഭവിക്കേണ്ടി വന്നത്  സ്ത്രീകളാണ്‌. ആ കഥ പിന്നീട് പറയാം.

സഹേലാന്ത്രോപ്പോസിനു ശേഷം ഫോസിലിൽ കാണുന്ന ഹോമിനിഡ്‌ ഒറോഗിടജെൻസിസ്(Orrorin tugensis)  ഇവന്റെ പ്രായം 60 ലക്ഷം വർഷമാണ്‌. ഇരുകാലിത്തം വ്യക്തമാക്കുന്ന തുടയസ്ഥികളാണ്‌ കിട്ടിയിട്ടുള്ളത്. 2000 ൽ മർട്ടിൻ പിക് ഫോർഡും സംഘവും കൂടി കെനിയയിലെ ടുജെൻ കുന്നുകളിൽ നിന്നും ഇവന്റെ ഫോസിൽ കണ്ടെത്തി . മില്ലേനിയം ആൻസെസ്റ്റർ എന്നാണ്‌ ഈ ഫൊസിൽ അറിയപ്പെടുന്നത്‌.

അടുത്ത ഫോസിൽ  ആൻഡിപിത്തേക്കസ് കടബ്ബ. 58 ലക്ഷം വർഷമാണ്‌ ഇതിന്റെ പ്രായം. എത്യോപ്യയിലെ മദ്ധ്യ ആവാഷ് മേഖലയിൽ നിന്നും 1996ൽ യോഹന്നാസ് ഹെയ്‌ലി ഇവനെ കണ്ടെത്തി. ഇരുകാലിത്തം സ്ഥിരീകരിക്കുന്ന ഫോസിൽ തന്നെയാണിത്‌.അടുത്ത കുറച്ചുകാലത്തേക്ക് നമുക്ക് ഫോസിൽ അഭാവമുണ്ട്‌.

അടുത്ത ഫോസിൽ 44 ലക്ഷം വർഷം പഴക്കമുള്ളതാണ്‌. 1992-ൽ Tim White ഉം സംഘവും കൂടി എത്യോപ്പ്യയിലെ അരാമിസ് മേഖലയിൽ നിന്ന് ഇതിനെ കണ്ടെടുത്തു. പേർ ആർഡിപിത്തേക്കസ് റാമിഡസ്. പ്രാചീന ഹോമിനിഡായി കണക്കാക്കുന്ന ഇതിന്‌ അണപ്പല്ലുകളുടെ പ്രാഗ് രൂപം ഉണ്ടായിരുന്നു. ഇതും ഇരുകാലിതന്നെ. അടുത്തത് 1994-ൽ മീവ്ലീകിയും സംഘവും കെനിയയിലെ കനോപി മേഖലയിൽ നിന്നും കണ്ടെടുത്തതാണ്‌. ഇതിന്റെ പേര്‌ ആസ്തേലേപിത്തേക്കസ് അനാമൻസിഡ്.

എന്നിരുന്നാലും മനുഷ്യപൂർവികൻ രണ്ട് കാലിൽ നടന്നു എന്നതിന്‌ പൂർണമായും സ്ഥിരീകരണം കിട്ടുന്നത് 1978-ൽ  നടന്ന ഒരു മഹാ കണ്ടുപിടുത്തത്തോടെയാണ്‌. മേരി ലിക്കിയും സംഘവും ടാൻസാനിയയുടെ വടക്കുഭാഗത്തുള്ള ലറ്റോളി എന്ന സ്ഥലത്ത് ഗവേഷണം നടത്തുകയായിരുന്നു. അപ്രതീക്ഷതമായി അവർ ചില പാദമുദ്രകൾ കണ്ടുപിടിച്ചു. ഈ പാദമുദ്രകളുടെ പ്രായം 36 ലക്ഷം വർഷമായിരുന്നു. ഈ കാലത്തെ ടാൻസാനിയയിൽ ഒരു അഗ്നിപർവ്വതവിസ്ഫൊടനം നടന്നിരുന്നു. ഇതിൽ നിന്നും പുറത്തുവന്ന ലാവ എമ്പാടും വ്യാപിച്ചു. ഈ ലാവ തണുത്തുറയും മുമ്പായി രണ്ട് ഹോമിനിഡുകൾ-ആസ്ത്രേലെപിത്തക്കസ് അഫാരൻസിസ്- ആ ലാവയിൽ ചവിട്ടി കടന്നുപോയി. 75 അടിയോളം നീളത്തിൽ രണ്ട് പൂർവ്വമനുഷ്യരുടെ കാലടിപ്പാടുകൾ. ഭക്ഷണമോ മറ്റോ തേടിപ്പോയതാകാം. എന്തായാലും ആ കാലടി പാടുകളിൽ പിന്നീട് മറ്റാരും ചവിട്ടി താറുമാറാക്കിയില്ല. അതവിടെ കിടന്നു. ക്രമേണ ഉറച്ചു. അങ്ങനെ ലക്ഷക്കണക്കിൽ വർഷങ്ങൾ കൊണ്ട് അത് പാദമുദ്രകളുടെ ഫോസിലായി പരിണമിച്ചു. നമ്മൾ ചേറിൽ ചവിട്ടിയാൽ എങ്ങനെയിരിക്കും. നമ്മുടെ പാദമുദ്ര കൃത്യമായി അതിൽ പതിയുമല്ലോ?അതുപോലെയാണിതും പതിഞ്ഞുകിടക്കുന്നത്. ഭൂമിയിൽ മനുഷ്യപൂർവികർ രണ്ടുകാലിൽ നടന്നു എന്നതിന്‌ അസന്ധിഗ്ദമായ തെളിവുമായി, പാദമുദ്രകളുടെ ഘടനയിൽനിന്നും ഈ പുരാമനുഷ്യരുടെ വലിപ്പം ഏതാണ്ട് തിട്ടപ്പെടുത്തിയിട്ടുണ്ട്. വലിയ പാദത്തിന്റെ ഉടമയ്ക്ക് 4 അടി ഒമ്പതിഞ്ച്, ചെറിയ പാദത്തിന്റെ ഉടമയ്ക്ക് 4 അടി 1 ഇഞ്ച്.

വളരെ നിർണായകമായ ഫോസിലാണ്‌ അടുത്ത ഘട്ടത്തിലേത്. 1974-ൽ അമേരിക്കൻ അന്ത്രോപ്പോളജിസ്റ്റായ ഡൊണാൾഡ് ജോഹൻസൺ എത്യോപ്പ്യയിലെ ഹഡർ മേഖലയിൽനിന്നും ഈ ഫോസിൽ കണ്ടെടുത്തു. 20 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള ഒരു സ്ത്രീയുടെ ഫോസിലായിരുന്നു അത്. 3.5 അടി ഉയരമുണ്ടായിരുന്ന ഇതിന്‌ 30 കിലോ തൂക്കവുമുണ്ടായിരുന്നു. 32 ലക്ഷം വർഷമാണ്‌ ഫോസിലിന്റെ പ്രായം. പേര്‌ ആസ്ത്രേലേപിത്തക്കസ് അഫാരൻസിസ്. വിളിപ്പേര്‌ ലൂസി. ഇന്നോളം കിട്ടിയിട്ടുള്ള ഹോമിനിഡ് ഫൊസിലുകളിൽ വെച്ചേതാണ്ട് പൂർണമായത്. കഴിഞ്ഞ 36 ലക്ഷം വർഷം മുതൽ 30 ലക്ഷം വർഷം വരെ ഈ വിഭാഗം മനുഷ്യർ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ഈ വിഭാഗത്തിന്റെ ഒട്ടേറെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. ഇതിൽ നിന്നും അവയുടെ ഏകദേശചിത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇടുപ്പ് ഭാഗവും കാൽ മുട്ടും കണങ്കാലും പൂർണമായും നമ്മുടെ നടത്തം ഇവർക്ക് സാധ്യമാക്കിയിരുന്നു. നീളം കൂടിയ കൈകളും വിരലുകളുമാണവർക്ക്. മരംകേറികൾ ആയിരുന്നുവെന്ന് കരുതുന്ന ഗവേഷകരുണ്ട്. അത് പഴങ്ങൾ പറിക്കാനാകാം; അല്ലെങ്കിൽ ശത്രുക്കളിൽനിന്ന് രക്ഷ നേടാനാകാം. കനത്ത് മസിലുകളുള്ള ഇവർക്ക് 5 അടി ഉയരവും 50 കിലോ വരെ തൂക്കവുമുണ്ട്. ഇവരിലെ പുരുഷന്മാർക്ക് ആകാരത്തിൽ സ്ത്രീകളേക്കാൾ വലിപ്പം കൂടും. എന്നാൽ ഇവരുടെ ശിരസ്സിന്‌ മനുഷ്യക്കുരങ്ങ് സാമ്യം കൂടും.

 

കഴിഞ്ഞ 25 ലക്ഷം വർഷം തൊട്ട് ആസ്ത്രേലേപിത്തക്കസ് എന്ന ജീനസിനോടൊപ്പം മറ്റൊരു ജീനസ് കൂടി രംഗത്ത് വരുന്നു. അവരാണ്‌ ഹോമോ. ഇതാണ്‌ നമ്മുടെ സ്വന്തം ജീനസ്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. ഒന്നിനുപിറകെ ഒന്നായി പേര്‌ പറഞ്ഞുപോകുമ്പോൾ, മനുഷ്യപരിണാമം നടന്നത് കോണിപ്പടി പോലെയാണെന്ന് തോന്നാം. പരിണാമം സംഭവിച്ചത് അങ്ങനെയല്ല. ഏകകാലത്ത് പലവിഭാഗം ഹോമിനിഡു-പൂർവ്വമനുഷ്യർ-കളും ജീവിച്ചിരുന്നിരിക്കാം. പ്രകൃതിനിർധാരണം അനുകൂലമല്ലാത്തതിനാൽ പലവിഭാഗങ്ങളും കുറ്റിയറ്റ് പോയതാണ്‌. അനുകൂല മ്യൂട്ടേഷനുകൾ നടന്നവ അതിജീവിക്കും. ആസ്തൃലേപിത്തേക്കസിലെ റോബസ്റ്റസ് വിഭാഗം തന്നെ ഉദാഹരണം. കാഴ്ചയിൽ അവർ ആഫ്രിക്കാനസിനേക്കാൾ ശക്തരാണ്‌. എങ്കിലും പ്രകൃതിനിർധാരണം നടന്നത് ആഫ്രിയ്താനസിനനുകൂലമായാണ്‌. ഇതുമൂലം ഇവർ മനുഷ്യാകൃതിയിലേക്ക് കൂടുതൽ അടുത്തുവരുന്നു. ഇവർ അതിജീവിച്ചപ്പോൾ റോബസ്റ്റസ് കുറ്റിയറ്റ് പോയി.

 

കഴിഞ്ഞ 25 ലക്ഷം വർഷം വരെ ഹോമിനിഡുകളുടെ പ്രത്യേകത രണ്ടുകാലിൽ നിവർന്നുനിന്നു, ഇരുകാലിനടത്തം സ്വായത്തമാക്കി; ഇതിൽ ഒതുങ്ങുന്നു. തലച്ചോറ്‌ വികസിക്കുകയോ കരങ്ങൾ കൊണ്ട് അല്ഭുതങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ല. എന്നാൽ ഇപ്പറഞ്ഞതിനെല്ലാം കളമൊരുക്കി എന്നതാണ്‌ ഈ കാലഘട്ടത്തിന്റെ സവിശേഷത. ഇക്കാലം വരെ ഹോമിനിഡുകളുടെ തലച്ചോറ്‌ പരമാവധി 440 ക്യുബിക് സെന്റിമീറ്റർ(cc) ആണ്‌. എന്നാൽ 25 ലക്ഷം വർഷം തൊട്ട് കാണുന്ന പുതിയ ജീവജാതി-ഹോമോ- മുതൽ സ്ഥിതിയാകെ മാറുന്നു. അത് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള വേഗത കൂട്ടുന്നു. 2 സുപ്രധാന പ്രവർത്തനങ്ങൾ ഇക്കാലത്ത് സംഭവിക്കുന്നു. 1. തലച്ചോറിന്റെ ഉള്ളളവ് വർധിക്കുന്നു. അത് ആദ്യം 800 cc ആയും പിന്നീട് 1000 cc മുതൽ 1200 cc വരെയും പിന്നീട് ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ ഉള്ളളവായ 1450 cc വരെ നിരന്തരം വികസിച്ചുകൊണ്ടിരുന്നു; 2. ഇക്കാലത്ത് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള ഒരു സങ്കീർണ പ്രവർത്തനം തുടങ്ങി വെയ്ക്കുന്നു. അത് പറയും മുമ്പ് ഹോമോ എന്ന് ജീനസിനെ പരിചയപ്പെടാം. ഈ ജീനസിൽ ഒട്ടനവധി പൂർവ മനുഷ്യവിഭാഗങ്ങളുണ്ട്. നമുക്കിവിടെ പ്രസക്തമായത് 4 പേരാണ്‌. ആദ്യത്തെ ആൾ ഹോമോ ഹാബിലിസ്, 2. ഹോമോ ഇറക്റ്റസ്, 3. ഹോമോ നിയാർതാലെസിസ്, 4. ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യൻ-നമ്മൾ തന്നെ.

 

25 ലക്ഷം വർഷങ്ങൾക്കുമുമ്പ് ആസ്ത്രേലേപിത്തക്കസ് ആഫ്രിക്കാനസ് ഉള്ളപ്പോൾ തന്നെ ഹോമോ ഹാബിലിസ് ഉയർന്നുവരുന്നു. ഹാബിലിസിനെ അർദ്ധമനുഷ്യൻ എന്നും പറയാറുണ്ട്. 4 അടിയാണ്‌ ഇവന്റെ ഉയരം. കൈകൾ മുട്ടോളമെത്തുന്നു. ദേഹമാകെ രോമങ്ങൾ. കഴുത്തിനുതാഴെ പൂർണമനുഷ്യാകാരം. ശിരസ്സിൽ നമ്മെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുണ്ട്. മൂക്ക് പമ്മിയതാണ്‌. നമ്മുടേതുപോലത്തെ നെറ്റിയില്ല. പുരികത്തിൽ കട്ടിയായ ഒരു തടിപ്പുണ്ട്-പുരികത്തിട്ട്- മുതൽ മേലോട്ട് ചരിഞ്ഞാണ്‌ തലയുടെ ആകൃതി. ഈ പൂർവ്വമനുഷ്യന്റെ കാലം കഴിഞ്ഞ 25 ലക്ഷം വർഷം മുതൽ കഴിഞ്ഞ 17 ലക്ഷം വർഷം വരെയാണ്‌. 1960-ൽ ലൂയി ലീക്കിയും സംഘവും ടാർസാനിയയിലെ ഓൾഡുവായ് താഴ്വരയിൽ നിന്നും ഇവന്റെ ആദ്യ ഫോസിൽ കണ്ടെടുത്തു. പിന്നീട് ആഫ്രിക്കയുടെ വിവിധ ഭാഗത്തുനിന്നും ഇവന്റെ ഒട്ടേറെ ഫൊസിലുകൾ കിട്ടി.  



എന്നാൽ പ്രശ്നം അവിടെയല്ല. ഹാബിലിസിന്റെ തലച്ചോറിന്റെ അളവ് 800 cc വരെയാണ്‌. എന്നാൽ ആഫ്രിയ്താനസിന്റേത് 440 cc മാത്രമാണ്‌. ഇവിടെതലോച്ചോറിന്റെ അളവ് മാറാൻ എന്ത് മറിമായമാണ്‌ സംഭവിച്ചത്. ഏതെങ്കിലും അതീതശക്തി ഇടപെട്ടുവോ? ഇല്ല. അത് പാലിയോ ആന്ത്രോല്ലോളജിസ്റ്റുകളെ ഏറെകാലം കുഴക്കിയ പ്രശ്നമായിരുന്നു. ഇതിനുത്തരം കിട്ടിയത് ജനിതക ശാസ്ത്രത്തിൽ നിന്നായിരുന്നു.


ജനിതകശാസ്ത്രത്തിലേക്ക്


1998ൽ ജനിതക ശാസ്ത്രകാരന്മാർ സംഭവം കണ്ടെത്തി. അതിൽ നിർണ്ണായക പങ്കു വഹിച്ചത് അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ഒരു മലയാളി വംശജനും . കോട്ടയം ജില്ലയിൽ വേരുകളുള്ള അജിത് വർക്കി, സംഗതി ഇതാണ്‌. ഭൂതകാലത്ത് മനുഷ്യ പൂർവ്വികനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു. അതായത് നമ്മുടെ ജനിതകഘടനയിൽ നിന്നും ഒരു ജീൻ നമുക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് മനുഷ്യവംശത്തിന്‌ ഒരുപാട് ദുരിതങ്ങൾ ഉണ്ടായി. എന്നാൽ അതിന്‌ മറുഫലവും ഉണ്ടായി.  അത് വിലമതിക്കാനാകാത്ത പ്രയോജനം മാനവരാശിക്കു നല്കി.


അജിത് വർക്കി ഗ്ലൈക്കോ ബയോളജിയിൽ ഗവേഷണം നടത്തുകയായിരുന്നു. ഒരുതരം സിയാലിക് ആസിഡാണിത്. ചിമ്പാൻസിക്കും, മനുഷ്യക്കുരങ്ങുവിഭാഗത്തിലെ എല്ലാവർക്കും, പ്രൈമേറ്റുകൾക്കും, സസ്തനികൾക്കും, അവയുടെ കോശത്തിനു പുറത്ത് സിയാലിക് ആസിഡിന്റെ ഒരു ആവരണം ഉണ്ടായിരിക്കും. N-Glyecolneuramic Acid എന്നാണതിന്റെ പേര്‌. ഇതിന്‌ രണ്ടു രൂപങ്ങൾ ഉണ്ട്‌. Acയും,Gcയും. Ac രൂപത്തിൽ നിന്നാണ്‌ Gc രൂപം നിർമ്മിക്കുന്നത്. അതിന്‌ പ്രത്യേകമായ ഒരു എൻസൈം ഉണ്ട്‌. നമ്മുടെ 6​‍ാമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ ഈ എൻസൈം നിർമ്മിക്കാനുള്ള കോഡ് വഹിക്കുന്നത്. പേര്‌ CMAH. എന്നാൽ മനുഷ്യന്റെ ജനിതക ഘടനയിൽ നിന്നും ഈ ജീൻ നഷ്ടപ്പെട്ടു. 92 അക്ഷരങ്ങൾ -bases- ഈ ജീൻ സീക്വൻസിൽ നിന്നും ചാടിപ്പോയതാണ്‌ CMAH നിർജീവമാവാൻ കാരണം. ഇക്കാരണത്താൽ പ്രസ്തുത ആസിഡിന്റെ Gc രൂപം നിർമിക്കാൻ നമുക്ക് കഴിവില്ല. അതേ സമയം നമ്മുടെ തൊട്ടടുത്ത ബന്ധുവായ ചിമ്പാൻസിയിലും മറ്റു സസ്തനികളിലും ഈ ജീൻ പൂർണ്ണമായി പ്രവർത്തിക്കുന്നു. ഇതു മൂലം ഒരുപാടു രോഗങ്ങൾ എളുപ്പത്തിൽ മനുഷ്യനെ ബാധിക്കുന്നു. നമ്മെ  മലേറിയ, കോളറ, ബോട്ടുലിസം, തുടങ്ങിയ സംക്രമിക രോഗങ്ങൾ വളരെ വേഗം ബാധിക്കുന്നു. എന്നാൽ ചിമ്പാൻസിക്കും കൂട്ടർക്കും ഈ രോഗങ്ങൾ എളുപ്പത്തിൽ  ബാധിക്കില്ല. സിയാലിക് ആസിഡിന്റെ ഈ Gc രൂപം  കോശത്തിന്‌ പുറത്ത് ഒരു ആവരണമായി വർത്തിക്കുന്നതുകൊണ്ട് രോഗാണുക്കൾക്ക്  എളുപ്പത്തിൽ കോശത്തെ ബാധിക്കാനാവില്ല എന്നതാണ്‌ കാരണം . ഒരു ജീൻ നഷ്ടം കൊണ്ട്‌ മാനവരാശിക്ക് ദുരിത വശം ഉണ്ടായെങ്കിലും അതിന്‌ ഒരു ഗുണ വശം കൂടി ഉണ്ടായി . പ്രൈമേറ്റിലെ എല്ലാ ജീവികളിലും പ്രസവിച്ചു കഴിഞ്ഞയുടനെ അവയുടെ തലച്ചോറിന്റെ  വളർച്ച അവസാനിപ്പിക്കുന്നു. അതിനു കാരണം, N-Glycolylneuramic Acid ന്റെ Gc രൂപം  തലച്ചോറിന്റെ വികാസം  തടസ്സപ്പെടുത്തുന്നു എന്നതാണ്‌[11]. എന്നാൽ മനുഷ്യനിൽ മാത്രം  പ്രസവശേഷവും തലച്ചോർ വളർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനിൽ Ac രൂപത്തിന്റെ സാന്നിദ്ധ്യം ഗുണപരമായി ഭവിച്ചു. അതായത് ഒരു ജീൻ നഷ്ടം; തലച്ചോറിന്റെ വികാസത്തെ ത്വരിതപ്പെടുത്തി പിൽക്കാലത്ത് മനുഷ്യ മസ്തിഷ്കം നിരന്തരം വികസിക്കുകയായിരുന്നു. ഇതിലേക്ക് നയിച്ച പല മ്യൂട്ടേഷനുകളും ഉണ്ട്‌. അതിൽ ചിലതു മാത്രമാണിവിടെ പറയുന്നത്. മസ്തിഷ്കം വളരെ  വളരെ ചെലവേറിയ ഒരു അവയവമാണ്‌. പ്രായപൂർത്തിയായ ഒരാളിന്റെ 100 കലോറി ഊർജജത്തിൽ നിന്നും 25 കലോറിയും ഉപയോഗിക്കുന്നത് തലച്ചോറാണ്‌. എന്നാൽ ശിശുക്കളിൽ ഇതിന്റെ അളവ് 60 കലോറിവരെയാണ്‌. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്‌. അജിത് വർക്കിയും  സംഘവും ഈ മ്യൂട്ടേഷനെ തിരിച്ചറിഞ്ഞപ്പോൾ തന്നെ അതു സംഭവിച്ച കാലവും കൃത്യമായി മനസ്സിലാക്കി. 27 ലക്ഷം വർഷങ്ങൾക്കു മുമ്പാണ്‌ ഈ മ്യൂടേഷൻ നടന്നത്. ഈ കാലഘട്ടത്തിനു ശേഷം ലഭിക്കുന്ന ഹോമോയുടെ ഫോസിലുകളിൽ തലച്ചോറിന്റെ ഉള്ളളവിൽ , അതിന്റെ മുമ്പത്തെ വിഭാഗങ്ങളേക്കാൾ , ഏതാണ്ട്‌ ഇരട്ടിക്കുന്നു. അന്ന് സംഭവിച്ച മ്യൂടേഷന്റെ ഫലമായുണ്ടായ തലച്ചോറിന്റെ വികാസം പിന്നീട് ലക്ഷക്കണക്കിൽ വർഷങ്ങളിലൂടെ തുടർന്നുവന്നു. അതും നമുക്കു ഫോസിലുകളിൽ കാണാം. അതുകൊണ്ട്‌ വർദ്ധിതമായ തലച്ചോരുമായി രംഗത്തുവരുന്ന ഹാബിലിസ് കൂടുതൽ മനുഷ്യസ്വഭാവം കാണിക്കുന്നതുകൊണ്ട്‌ അത് നമ്മുടെ സ്വന്തം ജീനസ്സായി മാറുന്നു. ഹാബിലിസ്സ് അങ്ങനെ തുടങ്ങുന്ന സമയത്ത് അതിപ്രധാനമായ  മറ്റൊരു മ്യൂടേഷൻ കൂടി സംഭവിച്ചു. 


നമ്മുടെ കീഴ്താടി ചിമ്പാൻസി, ഗറില്ല, മകാക്വ കുരങ്ങ് എന്നിവയുമായി ഒത്തുനോക്കിയാൽ വലിയൊരു വ്യത്യാസം കാണും. ഇതിൽ മനുഷ്യന്റേത് വളരെ ചെറുതും മറ്റുള്ളവയുടേത് വളരെ വലുതുമാണ്‌. ആൾകുരങ്ങുകളുടെ തൊട്ടടുത്ത ബന്ധുവായിരുന്നിട്ടുകൂടി എന്തുകൊണ്ട് മനുഷ്യന്റെ കീഴ്താടി ചെറുതായി പോയി എന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ Hensell Stedman ഉം സംഘവും കൂടി 2004-ൽ കണ്ടുപിടിച്ചപ്പോൾ തലച്ചോറിന്റെ വികാസത്തിലേക്ക് നയിച്ച ഒരു പ്രതിഭാസം കൂടി വെളിവാക്കപ്പെട്ടു. നമ്മുടെ ഒന്നാമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ MYH 16. ഈ ജീൻ കോഡ് ചെയ്യുന്ന പ്രോട്ടീനാണ്‌ കീഴ്താടിയെ ചലിപ്പിക്കുന്നത്. ഗറില്ലയെ നോക്കുക; അവന്റെ കീഴ്താടി കനത്തതാണ്‌. മുളംതണ്ടുകളും ഇലത്തണ്ടുകളും അവൻ കടിച്ചുമുറിച്ച് തിന്നും. അതിന്‌ അവനെ സഹായിക്കുന്നത് ശക്തിയേറിയ കീഴ്താടിയാണ്‌. ഇത്രയും ശക്തമായ കീഴ്താടി പ്രവർത്തിക്കണമെങ്കിൽ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന ശക്തിമത്തായ മസിലുകൾ വേണം. അവന്റെ ചെവിക്ക് പിന്നിലുള്ള ഭാഗത്താണ്‌ ഈ മസിലുകൾ ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഗറില്ലയിൽ അത് ഭംഗിയായി പ്രവർത്തിക്കുന്നു. പക്ഷേ, മനുഷ്യനിൽ കഴിഞ്ഞ 27 ലക്ഷം വർഷത്തിനും 21 ലക്ഷം വർഷത്തിനുമിടയിൽ MYH16 എന്ന ജീനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു[12]. അത് ഈ ജീനിനെ താറുമാറാക്കി. ഫലം ഈ ജീനിന്‌ പൂർണമായും പ്രോട്ടീൻ ഉല്പാദിപ്പിക്കാൻ കഴിവില്ല എന്നതാണ്‌. ഇക്കാരണത്താൽ മനുഷ്യനിൽ കീഴ്താടിയെ ബന്ധിപ്പിച്ചിരുന്നു മസിലുകൾ ചുരുങ്ങിപ്പോയി. ചുരുങ്ങിയ മസിലുകൾക്ക്‌ കനം കുറഞ്ഞ കീഴ്താടിയെ മാത്രമേ താങ്ങാനാകൂ. അപ്പോൾ അതിനനുകൂലമായ പ്രകൃതിനിർധാരണം നടന്നു. ഇത് നമ്മുടെ തലയോട്ടി ഭാഗങ്ങൾ കനം കുറയുന്നതിനും വലുതാകുന്നതിനും വഴിവെച്ചു. കീഴ്താടിയെ താങ്ങി നിർത്തുന്ന കനത്ത മസിലുകൾ തലയോട്ടിയുമായി ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് നമ്മുടെ ചിമ്പൻസി ബന്ധുക്കൾക്ക് തലയോട്ടി വികാസത്തിന്‌ യതൊരു ചാൻസുമില്ല. മനുഷ്യനിൽ ഈ മസിലുകളിൽ വന്ന ചുരുങ്ങൽ തലയോട്ടി വലുതാകുന്നതിനും തലച്ചോർ വികസിക്കുന്നതിനും വഴിവെച്ചു. ഹോമോ ഹാബിലിസിന്റെ കാലത്ത്‌ നടന്ന ഈ മ്യൂട്ടേഷന്റെ ഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നു. ഈ കീഴ്താടി ചുരുങ്ങൽ കൊണ്ട് നമുക്ക് വിലമതിക്കാനാകാത്ത മറ്റൊരു നേട്ടം കൂടിയുണ്ടായി. ഈ കാലഘട്ടാം കഴിഞ്ഞ് ലക്ഷക്കണക്കയോനു വർഷങ്ങൾക്കുശേഷം ആധുനിക മനുഷ്യൻ രൂപപ്പെട്ടപ്പോൾ അവനിലുണ്ടായ ഒരു മ്യൂട്ടേശൻ സംസാരശേഷി വികസിക്കുന്നതിന്‌ വഴിയൊരുക്കി. കീഴ്താടി ചുരുങ്ങിപ്പോയതുകൊണ്ട് മാത്രമാണ്‌ നമുക്കിന്ന് സുഗമമായി സംസാരിക്കാൻ കഴിയുന്നത്. സംസാരശേഷിക്കുള്ള മ്യൂട്ടേഷൻ സംഭവിച്ചാലും  ഗറില്ലയുടേതുപോലത്തെ കനത്ത കീഴ്താടിയായിരുന്നു മനുഷ്യന്‌ ഉണ്ടായിരുന്നതെങ്കിൽ തീച്ചയായും നമുക്ക് സംസാരിക്കുവാൻ കഴിയില്ല.

 


തലച്ചോറിന്റെ വികാസത്തിലേക്ക് നയിച്ച മറ്റൊരു അനുകൂല മ്യൂട്ടേഷൻ 2006ൽ ശാസ്ത്രകാരന്മാർ കണ്ടെത്തി. HARI എന്ന ജീനിൽ സംഭവിച്ച ഒരു മ്യൂട്ടേഷനാണത്[13]. ഈ ജീൻ  കോഴിയിലും ചിമ്പാൻസിയിലും മനുഷ്യനിലും ഉണ്ട്. കഴിഞ്ഞ 31 കോടി വർഷത്തിനും കഴിഞ്ഞ 50 ലക്ഷം വർഷത്തിനും ഇടയിൽ, ഈ ജീനിലുള്ള 118 അക്ഷരങ്ങളിൽ രണ്ടേ രണ്ട് അക്ഷരങ്ങളിൽ  മാത്രമേ  മ്യൂട്ടേഷൻ സംഭവിച്ചിരുന്നുള്ളൂ. പക്ഷേ കഴിഞ്ഞ 50 ലക്ഷം വർഷം തൊട്ട് ഇങ്ങോട്ടുള്ള കാലത്ത് ഈ ജീനിൽ 18 അക്ഷരത്തെറ്റുകൾ സംഭവിച്ചു. ചിമ്പാൻസിയിൽ നിന്നു മനുഷ്യൻ വേർപെട്ട്പോന്നതിന്‌ ശേഷം മനുഷ്യ ജീനിലാണ്‌ ഈ മ്യൂട്ടേഷനുകൾ സംഭവിച്ചത്. അതായത് ആസ്ത്രേലേപിത്തേക്കസിനുകൾ തൊട്ടുവരുന്ന മനുഷ്യ പൂർവ്വിക വിഭാഗങ്ങളിൽ ഈ മ്യൂട്ടേഷനുകൾ  നടന്നു കൊണ്ടിരുന്നു. തലച്ചോറിൽ ഈ മ്യൂട്ടേഷന്റെ പ്രയോജനം അപാരമായിരുന്നു. മനുഷ്യൻ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ 7 മുതൽ 9 വരെയുള്ള മാസങ്ങളിൽ ഈ ജീനിന്റെ പ്രവർത്തനം തലച്ചോറിൽ ഉന്നതാവസ്ഥയിലെത്തുന്നു. ഈ ജീൻ നമ്മുടെ തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നു.


അങ്ങനെ ഒട്ടേറെ മ്യൂട്ടേഷനുകളുടെ ഫലമായിട്ടാണ്‌ നമ്മുടെ തലച്ചോറ്‌ വികസിച്ചത്; അതും ലക്ഷക്കണക്കിന്‌ വർഷങ്ങളെടുത്തുകൊണ്ട്‌. അല്ലാതെ ഇതാ പിടിച്ചോ എന്നു ദൈവം കല്പിച്ചപ്പോഴൊന്നുമല്ല. ദൈവമുണ്ടെങ്കിൽ ഇത്തരം മ്യൂട്ടേഷനുകളുടെ ഒന്നും ആവശ്യമില്ലല്ലോ, വിചാരിച്ച നിമിഷം തലച്ചോർ റെഡി. എന്നാൽ പരിണാമത്തിലൂടെയാണ്‌ നമ്മുടെ തലച്ചോർ വികസിച്ചത് എന്ന് നമ്മുടെ DNA യിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കാര്യം തറപ്പിച്ചു  പറയട്ടെ; ഒരു ദൈവത്തെ സങ്കല്പ്പിക്കണമെങ്കിൽ വിസ്തൃതമായ തലച്ചോറും അതിനനുസരിച്ചുള്ള അറിവും ഉണ്ടായിരിക്കണം അല്ലെങ്കിൽ മറ്റു ജീവികൾ എന്തുകൊണ്ട്‌ ദൈവത്തെ ആരാധിക്കുന്നില്ല എന്ന പ്രശ്നത്തിന്‌ വിശ്വാസികൾ ഉത്തരം പറയട്ടെ.

പ്രശ്നം ഇതാണ്‌. നമുക്കെങ്ങിനെ  അറിവുണ്ടായി. ഒട്ടുമിക്കയാളുകളും കരുതുന്നതുപോലെ ഏദൻ തോട്ടത്തിൽ വെച്ച്, ദൈവം വിലക്കിയ കനി  മനുഷ്യൻ ഭക്ഷിച്ചപ്പോഴാണോ? അല്ല. അതു മനുഷ്യൻ നിർമ്മിച്ച ഒരു കഥ മാത്രമാണ്‌. ഈ കഥ നിർമിക്കുന്നതിനു വേണ്ട പശ്ചാത്തല അറിവുകൾ സമൂഹത്തിൽ ഉണ്ടായിരിക്കുമ്പോഴേ ഇത്തരം കഥകൾ നിർമ്മിക്കാനാവു. ഒരു കാര്യം ഊന്നി പറയട്ടെ, മനുഷ്യൻ നേടിയ അറിവും ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ല ദൈവം തന്നെ മനുഷ്യന്റെ സൃഷ്ടിയാണ്‌; എന്നുതന്നെയല്ല നമ്മൾ ഇപ്പോൾ നല്ക്കുന്നകാലഘട്ടത്തിൽ നിന്നും (ഹാബിലസ് 25 ലക്ഷം വർഷം മുമ്പ്) ദൈവം എന്ന സങ്കല്പത്തിലെത്താൻ ഇനിയും 24 ലക്ഷം വർഷങ്ങൾ പിന്നിടേണ്ടതുണ്ട്. അതുകൊണ്ട് അറിവിന്റെ ഉല്പത്തിയെക്കുറിച്ചറിയുവാൻ  നമുക്ക്, നമ്മുടെ ചരിത്രത്തിലേക്കുതന്നെ തിരിയേണ്ടിവരും. മനുഷ്യന്റെ ജനിതക ഘടനയിൽ 30,000 ത്തോളം ജീനുകളുണ്ട്. എന്നാൽ അതിൽ ഒറ്റ  ജീനും അറിവ് ഉല്പാദിപ്പിക്കുന്നവയായില്ല. അതായത് അറിവ് ജനിതകമല്ല മറിച്ച് ആർജിതമാണ്‌. മറ്റ് ജീവികൾ ജന്മ വാസനകൊണ്ടാണ്‌ ജീവിതം നയിക്കുന്നത്. മനുഷ്യന്‌ ജന്മ വാസനകൾ കുറവും ആർജിത അറിവുകൾ കൂടുതലും ആണ്‌. ആർജിത അറിവുകൾ, അത് ജീവിതത്തിൽ നിന്ന് ഉപകരണങ്ങളുടെ പ്രയോഗത്തിലൂടെ നേടിയെടുക്കുന്നതാണ്‌. അത് സംഭരിച്ച് തലമുറകളിലൂടെ കൈമാറുന്നതാണ്‌.     എങ്കിൽ അതിനൊരു തുടക്കമുണ്ടായിരിക്കും  അത് തുടങ്ങിയത്  24 ലക്ഷം വർഷങ്ങൾക്കുമുമ്പ്  ആഫ്രിക്കയിൽ വെച്ചാണ്‌. എനിക്കും താങ്കൾക്കും ആധുനിക മനുഷ്യരെന്ന നിലയിൽ കുറേ അറിവുകളുണ്ട്‌, മറക്കാതിരിക്കുക, നമ്മളല്ല ഈ അറിവുകളുടെയെല്ലാം ആദ്യ ഉല്പാദകൻ. അതു തുടങ്ങിവെച്ചത് നമ്മുടെ സ്വന്തം ജീനസ്സായ  ഹോമോയിലെ ആദ്യ മനുഷ്യൻ ഹോമോ ഹാബിലിസാണ്‌.

 

എന്താണ്‌ സംഭവിച്ചത് എന്നു നോക്കാം, ഇന്ന് കമ്പ്യൂട്ടറും 3ജി മൊബൈലുമൊക്കെ ഉപയോഗിക്കുന്നവരല്ലോ നമ്മൾ. എന്നാൽ അതിന്റെ പൂർവ്വ രൂപ ഓൾഡോവാൻ സംസ്കാരത്തിൽ ഹാബിലിസ് ഉണ്ടാക്കിയ ശിലോപകരണങ്ങളാണ്‌ എന്നു പറഞ്ഞാൽ, അത് വിശ്വസിക്കുവാൻ പ്രയാസമാണെങ്കിലും സത്യമാണ്‌. അല്ലെങ്കിൽ ഈ ശിലോപകരണങ്ങളുടെ പടിപടിയായ വികാസത്തിന്റെ ഒരു ഘട്ടത്തിലാണ്‌ കമ്പ്യൂട്ടർ സൃഷ്ടിക്കപ്പെടുന്നത്. നടന്നതിന്റെ ചുരുക്കം ഇതാണ്‌, ഹാബിലിസ്-ഹാബിലിസ്  മാത്രമല്ല, ഹോമോ ഇറക്റ്റസും ആധുനിക മനുഷ്യനും എന്തിനേറെ അന്നും ഇന്നും - ഒരു ഉപകരണം നിർമ്മിക്കുന്നു. തുടർന്ന് അത് ഉപയോഗിക്കുന്നു. കുറേക്കാലം അത് ഉപയോഗത്തിലിരിക്കുന്നു. കുറേക്കാലം എന്നു പറഞ്ഞാൽ ലക്ഷക്കണക്കിൽ വർഷങ്ങൾ. നമ്മുടെ പകുതിയിൽ അല്പം കൂടി മാത്രമേ  അവനു തലച്ചോറുള്ളൂ എന്ന കാര്യം ഓർമ്മ വേണം. ഉപയോഗിച്ച്, ഉപയോഗിച്ച് ഒരു ഘട്ടമെത്തുമ്പോൾ പ്രസ്തുത ഉപകരണം അവന്‌ നല്കുന്ന പ്രയോജനം പോരെന്ന് അവന്‌ മനസ്സിലാകും. അപ്പോൾ ആ ഉപകരണം ഉപയോഗിച്ച് എത്തിയ അറിവിന്റെ ഒരു തലം ഉണ്ടായിരിക്കും. ആ തലത്തിൽ നിന്ന് പ്രസ്തുത ഉപകരണത്തിന്റെ പോരായ്മ എന്തെന്ന് അവന്‌ മനസ്സിലാകും; അതനുസരിച്ച് ആ ഉപകരണത്തെ അല്പമൊന്ന് പരിഷ്കരിക്കാനും അവന്‌ കഴിയും. മനുഷ്യന്റെ ചരിത്രത്തിൽ ഇന്നോളം നടന്നത് ഉപകരണ നിർമ്മാണ, പ്രയോഗ, പരിഷ്കരണ  പ്രവർത്തനങ്ങളാണ്‌. ഒരു ഉപകരണം പ്രയോഗിക്കുമ്പോൾ  അത് അറിവ് ഉല്പാദിപ്പിക്കുന്നു.  ശിലോപകരണം കൊണ്ട്  വിത്തിന്റെ കവചം പൊട്ടിച്ച്  കാമ്പെടുക്കലും കിഴങ്ങുകൾ മാന്തിയെടുക്കലും ശക്തിയായി ഒരടി കിട്ടിയാൽ ചെറിയ ജീവികൾ ചത്തുപോകുമെന്നതും  ആർജിതമായ അറിവാണ്‌. അത് ഇതിനു മുമ്പത്തെ ഒരു ജീവിക്കും നേടിയെടുക്കാനായിട്ടില്ല. ഇനി മനുഷ്യന്റെ ചരിത്രം കാണിക്കുന്നത്;  ഈ ആർജിതമായ അറിവിന്റെ വികാസമാണ്‌. അത് ഇന്നും തുടരുന്നു. ഉപകരണം കൊണ്ടുള്ള പ്രവർത്തനത്തിൽ 3 കാര്യങ്ങൾ ഒരേ സമയം നടക്കുന്നു. ആർജിതമായ അറിവ് മനുഷ്യന്‌ (അവന്റെ പൂർവികർക്കും) എത്രത്തോളമുണ്ടോ  അത്രകണ്ട്‌ മികവുറ്റ ഉപകരണങ്ങൾ നിർമ്മിക്കുവാൻ അവനു കഴിയും. ഒരുപകരണം എത്രകണ്ട് മികവുറ്റതായി പ്രവർത്തിക്കുന്നുവോ അത്രകണ്ട് അത് അറിവ് ഉല്പാദിപ്പിക്കും.



അറിവിന്റെ - ബുദ്ധിയുടെ- വികാസവും ഉപകരണങ്ങളുടെ വികാസവും പരസ്പരം ബന്ധിതമായ പ്രവർത്തനങ്ങളാണ്‌. തനിയായി അതിന്‌ നിലനില്പില്ല. അറിവ് വികസിക്കുമ്പോൾ ഉപകരണം വികസിക്കുന്നു. ഉപകരണം മികവുറ്റതായി പ്രവർത്തിക്കുമ്പോൾ അറിവും വികസിക്കുന്നു. ഇതിന്റെ ഫലമായി 3 ആമത്തെ കാര്യം നടക്കുന്നു. അതായത് സംസ്കാരികമാറ്റം. ഉപകരണവും അറിവും മാറുമ്പോൾ അത് നിലനിർത്തിയിരുന്ന ജീവിതസാഹചര്യവും - സംസ്കാരം - മാറുന്നു. സംസ്കാരം മാറുന്നതിനും ഉപകരണങ്ങൾ മാറുന്നതിനും തെളിവുകളായി പുരാവസ്തുക്കൾ ടൺ കണക്കിനുണ്ട്.  സംസ്കാരങ്ങൾ മാറി മാറി വന്നതിന്‌ നമ്മുടെ കാലത്തും ഉദാഹരണങ്ങളുണ്ട്‌. കാടത്ത സംസ്കാരം ; അതിന്‌ അതിന്റേതായ ഉപകരണ വ്യവസ്ഥയും അറിവുകളുമുണ്ട്‌. പക്ഷേ അത് ശാശ്വതമായിരുന്നില്ല . അതു മാറുന്നു.കാടന്മാർ ഒരു സുപ്രഭാതത്തിൽ  കാടത്തരീതി മതി, ഇനി ഫ്യൂഡലിസം തുടങ്ങാം എന്നു കരുതിയതുകൊണ്ടല്ല ഫ്യൂഡലിസം വന്നത്. കാടത്തസംസ്കാരത്തെ നിലനിർത്തിയിരുന്ന ഉപകരണങ്ങളും അറിവുകളും മാറിയപ്പോഴാണ്‌ ഫ്യൂഡലിസം വന്നത്. ഇതുതന്നെയാണ്‌ ഫ്യൂഡലിസത്തിൽ നിന്ന്‌ മുതലാളിത്തത്തിലേക്കുള്ള സംക്രമണരീതിയും  . അടുത്ത സാമൂഹ്യവ്യവസ്ഥ എന്താണെന്ന് തീരുമാനിക്കുന്നത് നമ്മളല്ല. നാളെ ഈ ഉപകരണങ്ങളും അറിവുകളും എന്തൊക്കെയായിതീരും എന്ന് ഇന്ന് സങ്കല്പ്പിക്കാനാവില്ല. അത്രമേൽ വൈവിദ്ധ്യത്തോടെയാണ്‌ അത് വികസിക്കുന്നത്. 



വീണ്ടും ഹാബിലിസിലേക്ക്. കഴിഞ്ഞ 25 ലക്ഷം വർഷം മുതൽ കഴിഞ്ഞ 17 ലക്ഷം വർഷം വരെയാണ്‌ ഇവരുടെ കാലം. ഇവൻ ഉപകരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നതോടെ പ്രാചീനശിലായുഗം ആരംഭിക്കുന്നു. കഴിഞ്ഞ 24 ലക്ഷം വർഷം മുതൽ 10,000 വർഷം വരെയുള്ള ബൃഹത്കാലഘട്ടത്തെയാണ്‌ പ്രാചീന ശിലായുഗം എന്ന് പറയുന്നത്. അതിൽ പൂർവ്വ, മധ്യമ, ഉത്തര എന്നിങ്ങനെ വിഭജനങ്ങളുണ്ട്. തലച്ചോറിന്റ് ഉള്ളളവിൽ ആദ്യ ഘട്ടത്തിൽ നിന്ന് പില്കാലത്തെത്തുമ്പോൾ നേരിയ വർധനവ് ഉണ്ടാകുന്നു. അത് അവന്റെ ഉപകരണനിർമ്മാണ പ്രവർത്തനങ്ങളിലും തെളിയുന്നു. ഓൾഡോവാൻ ഉപകരണങ്ങൾ പില്കാലത്ത് അല്പം കൂടി വികസിക്കുന്നു. ഹോമോ ഹാബിലിസിന്‌ സമാനമായി ഇതേ കാലത്ത് മറ്റൊരു ടൈപ്പ് കൂടിയുണ്ട്. അവരാണ്‌ ഹോമോ റുഡോൾഫെൻസിസ്. ഇവർ ഉള്ളപ്പോൾ തന്നെ മറ്റൊരു വിഭാഗം മനുഷ്യർ കഴിഞ്ഞ 18 ലക്ഷം വർഷം മുതൽ രംഗത്തുവരുന്നു. ഈ വിഭാഗം പൂർവ്വമനുഷ്യനാണ്‌ ഹോമോ ഇറക്റ്റസ്. ഇവർക്ക് ഹാബിലിസിനേക്കാൾ ആധുനികമനുഷ്യ സാദൃശ്യം കൂടും. ഇവർക്ക് 5 അടിയോളം ഉയരമുണ്ട്. തലച്ചോറിന്റെ ഉള്ളളവ് 750 cc മുതൽ 1200 cc വരെ. രണ്ട് പ്രധാന വിഭാഗങ്ങൾ ഇതിലുണ്ട്. ഹോമോ ഇറക്റ്റസും ഹോമോ എർഗാസ്റ്ററും. ഇവർ ഉണ്ടാക്കിയ ഉപകരണ സംസ്കാരത്തെ അച്യൂലിയൻ എന്ന് പറയും. കഴിഞ്ഞ 17 ലക്ഷം വർഷം മുതൽ കഴിഞ്ഞ 2.5 ലക്ഷം വർഷം വരെ ഈ ഉപകരണനിർമ്മാണ വ്യവസ്ഥ നിലനില്ക്കുന്നു.  ഈ ഉപകരണങ്ങൾ നേരത്തെയുള്ള ഓൾഡോവാൻ ഉപകരണങ്ങളെക്കാൾ വികസിച്ചതാണ്‌. ഒരു ഉരുളൻപാറക്കഷണത്തിന്റെ വശങ്ങളെല്ലാം തട്ടിക്കളഞ്ഞ് അടിച്ചടിച്ച് ഒരു വശം കൂർപ്പിക്കുന്നു. അച്യൂലിയൻ കൈക്കോടാലി എന്നുപറയുന്ന ഈ ഉപകരണം അതിനു മുമ്പത്തേതിനേക്കാൾ വളരെ മികച്ചതും പ്രയോജനം കൂടിയതുമാണ്‌. അതിനർത്ഥം ഉപകരണ വ്യവസ്ഥ അച്യൂറിയനിലെത്തിമ്പോൾ മനുഷ്യന്റെ അറിവും വർദ്ധിച്ചു; അത് ഉപകരണത്തിലും പ്രതിഫലിച്ചു എന്നാണല്ലോ.

ഇറക്റ്റസിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇവരാണ്‌ ആഫ്രിക്ക വിട്ട ആദ്യത്തെ മനുഷ്യപൂർവ്വികൻ. കഴിഞ്ഞ 10 ലക്ഷം വർഷങ്ങൾക്കുമുമ്പ് ഇറക്റ്റസുകളിലെ ഒരു വിഭാഗം ജന്മദേശമായ ആഫ്രിക്ക വിടുന്നു. അവർ ഈജിപ്ത് വഴി ഏഷ്യയിലെത്തുന്നു. ഇന്ത്യയിലും അവർ പിന്നീടെത്തിയിരിക്കാം. എന്നാൽ തെളിവ് കിട്ടുന്നത് ഇന്റോനേഷ്യയിൽനിന്നും ചൈനയിൽനിന്നും പിന്നീട് യൂറോപ്പിൽ നിന്നുമാണ്‌. ഇന്റോനേഷ്യയിൽ നിന്നുള്ള ഫോസിൽ 1891-ൽ യൂജിൻഡുബോയിസ് എന്ന ഡച്ച് അനാറ്റമിക് കണ്ടുപിടിച്ചു. അദ്ദേഹം ആ ഫോസിലിനെ പിത്തേക്കന്ത്രോപ്പസ് എന്ന് പേരിട്ടു. ചൈനയിലെ ചൌകൗത്തിയൻ ഗുഹയിൽനിന്നും 1933-ൽ ഡേവിഡ്സൺ ബ്ലേക്ക് ഈ പൂർവ്വമനുഷ്യന്റെ ഫോസിൽ കണ്ടെത്തി. ഇതിന്‌ സിനാന്ത്രോപ്പസ് എന്ന് പേരിട്ടു. എന്നാൽ എവ രണ്ടും ഒരേ വിഭാഗം പൂർവ്വ മനുഷ്യർ തന്നെയാണ്‌. ഇന്നവ ഹോമോ ഇറക്റ്റസ് എന്ന പേരിൽതന്നെ അറിയപ്പെടുന്നു. ഏഷ്യയിലേക്ക് പോന്ന വിഭാഗം ഹോമോ ഇറക്റ്റസും ആഫ്രിക്കയിൽ തന്നെ തങ്ങിയ വിഭാഗം ഹോമോ എർഗാസ്റ്ററും ആയി വേർപെട്ടു.

 

മറ്റൊരു പ്രാധാന്യം കൂടി ഹോമോ ഇറക്റ്റസിനുണ്ട്. ഇവരാണ്‌ ആദ്യമായി അഗ്നിയുടെ ഉപയോഗം മനസ്സിലാക്കിയതും അതിനെ മെരുക്കിയെടുത്തതും. ചൗകൗത്തിയൻ ഗുഹയിൽനിന്നും യൂറോപ്പിലെ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നും ഇതിന്‌ തെളിവ് കിട്ടിയിട്ടുണ്ട്. ചൗകൗത്തിയൻ ഗുഹയിൽ ഈ പ്രക്രിയ കഴിഞ്ഞ 5 ലക്ഷം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. അഗ്നിയെ മനുഷ്യൻ മെരുക്കി എടുത്തതിനെപ്പറ്റി ഒട്ടേറെ കഥകളുണ്ട്. അതിലെല്ലാം ദൈവങ്ങളും വരും. ഹിന്ദുപുരാണത്തിൽ അഗ്നിക്ക് ഒരു ദേവൻ തന്നെയുണ്ട്. ആ ദേവകളെ വിശ്വസിക്കുമ്പോഴും ഭൂമിയിൽ ആദ്യമായി അഗ്നിയെ മെരുക്കിയെടുത്തത് നമ്മളല്ല; മറിച്ച് പ്രാചീനമനുഷ്യനായ ഹോമോ ഇറക്റ്റസ് ആണ്‌ എന്ന് നാം മറക്കരുത്.

ഇനി ആഫ്രിക്കയിൽ നടക്കുന്നതിനെ പിന്തുടരാം. അവിടെയാണല്ലൊ ആധുനിക മനുഷ്യന്റെ ഈറ്റില്ലം. അവിടെ ഹോമോ എർഗാസ്റ്ററിൽ നിന്നും പുതിയ വിഭാഗങ്ങൾ ഉരുത്തിരിയുന്നു. അതിൽ നിന്നും കഴിഞ്ഞ 10 ലക്ഷം വർഷങ്ങൾക്കു ശേഷം ഹോമോ ആന്റിസെസ്സർ എന്ന വിഭാഗം ഉരുത്തിരിയുന്നു.  ഈ വിഭാഗത്തിൽ നിന്നുംകഴിഞ്ഞ 5 ലക്ഷം വർഷങ്ങൾക്കുശേഷം ഹോമോ ഹൈഡല്ബർഗൻസിസ് രൂപം കൊള്ളുന്നു. ഈ വിഭാഗം സാദൃശ്യത്തിൽ നമ്മുടെ തൊട്ട് മുന്നിൽ നില്ക്കുന്നു. ഇവരുടെ ചലച്ചോർ 1100cc മുതൽ 1400cc വരെയാണ്‌. ഈ പ്രചീന മനുഷ്യരിൽ നിന്ന് പില്ക്കാലത്ത് 2 വിഭാഗം മനുഷ്യർ ഉണ്ടാകുന്നു. ഒരു വിഭാഗം നിയാണ്ടാർതാലുകളും മറ്റേ വിഭാഗം ആധുനിക മനുഷ്യരും ആയിത്തീരുന്നു.

അതിൽ നിയാണ്ടർതാൽ എന്ന വിഭാഗം കഴിഞ്ഞ 30,000 വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായി. ഹോമോ ജീനസിൽ ഇന്ന് അവശേഷിക്കുന്ന ഏക ജീവി ഹോമോസാപിയൻസ് എന്ന പേരിൽ അറിയപ്പെടുന്ന നമ്മൾ മാത്രമാണ്‌. കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം 1450 cc തലച്ചോറുമായി നമ്മൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു. എത്യോപ്പ്യയിലെ ഓമോ കിബിഷ് എന്ന സ്ഥലത്ത് നിന്നാണ്‌ ആധുനിക മനുഷ്യന്റെ ഏറ്റവും പഴക്കമുള്ള ഫോസിൽ കിട്ടിയിട്ടുള്ളത്. ഇതിന്റെ പ്രായം 1,95,000 വർഷമാണ്‌[14]. 1967-ൽ റിച്ചാർഡ് ലീക്കിയും സംഘവും കിബിഷ് മേഖലയിൽ നിന്നും ആദ്യത്തെ ആധുനിക മനുഷ്യന്റെ ഫോസിൽ കണ്ടെത്തി. 1997-ൽ TD White ഉം സംഘവും കൂടി മറ്റൊരു ആധുനികമനുഷ്യന്റെ ഫോസിലും കണ്ടുപിടിച്ചു. എന്നാൽ ആദ്യം അവയുടെ കാലഘട്ടങ്ങൾ നിർണയിച്ചതിൽ ചില അപാകതകൾ ഉണ്ടായിരുന്നു. ഈയിടെയാണ്‌ ഈ പ്രശ്നങ്ങൾ പരിഹരിച്ചത്. 2005-ൽ ആസ്ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇയാൻ മക്ഡൂകലിന്റെ നേതൃത്വത്തിലുള്ള ജിയോളജിസ്റ്റുകളുടെയും അന്ത്രോപ്പോളജിസ്റ്റുകളുടെയും സംഘം ആർഗൺ-ആർഗൺ ഡേറ്റിങ്ങിലൂടെ കാലഗണനയിലുണ്ടായിരുന്ന അപാകതകൾ പരിഹരിച്ചു. അങ്ങനെയാണ്‌ കിബിഷ് മനുഷ്യന്റെ കാലം 1,95,000 എന്ന്‌ കണ്ടേത്തിയത്. (ഇതിനു മുമ്പത്തെ പ്രായം 1,60,000 വർഷമായിരുന്നു)

 

അങ്ങനെ കഴിഞ്ഞ 70 ലക്ഷം വർഷങ്ങൾക്കുശേഷം ആരംഭിച്ച ഹോമോനിഡ് പരിണാമം വ്യത്യസ്ത ശാഖകളിലായി പിരിഞ്ഞ് പോകുകയും, അതിൽ ചില ശാഖകൾക്ക് വികസിക്കാനവസരം കിട്ടുകയും, എന്നാൽ ഒട്ടുമിക്ക ശാഖകളും പൂർണമായി നാശമടയുകയും ചെയ്തു. വിജയിച്ച ശാഖകളിലൂടെ ഇരുകാലി നടത്തം, വർധിതമായ തലച്ചോർ, സ്വതന്ത്രമായ കൈകൾകൊണ്ട് ഉപകരണങ്ങളുണ്ടാക്കുകയും അതുവഴി അറിവുകൾ ആർജിച്ച് മുന്നേറുകയും ചെയ്ത മനുഷ്യപൂർവ്വ വിഭാഗങ്ങളിൽനിന്ന് കഴിഞ്ഞ 2 ലക്ഷം വർഷങ്ങൾക്കുശേഷം ആധുനിക മനുഷ്യനുണ്ടായി. എന്നാൽ പ്രകൃതിനിർദ്ധാരനം മനുഷ്യനെ കൂടുതൽ ആധുനിക മനുഷ്യനാക്കുകയാണ്‌. ഇതാ വരുന്നു അല്ഭുതകരമായ ഒരു സിദ്ധി മനുഷ്യന്‌; ഒരു മ്യൂട്ടേഷൻ വഴി. ഇത്തവണ സംഭവിച്ചത്, ആശയപ്രകാശനത്തിന്‌ മുഖ്യോപാധിയും ദൈവങ്ങളുടെ നിലനില്പ്പിന്‌ അനുപേക്ഷണീയവും, ജീവലോകത്ത് മനുഷ്യന്‌ മാത്രം അവകാശപ്പെട്ടതുമായ ഒരു സവിശേഷമായ കഴിവ് ‘സംസാരശേഷി’യിലേക്ക് നയിച്ച മ്യൂട്ടേഷനായിരുന്നു. നമ്മുടെ 7 ആമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ FOXP2. ഈ ജീൻ സസ്തനികളിലും, പ്രൈമേറ്റുകളിലും കാണാം. കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം മനുഷ്യനിൽ ഉള്ള ഈ ജീനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു   [15].  ആകെ 715 അക്ഷരങ്ങളാണ്‌ ഈ ജീനിലുള്ളത്. അതിൽ രണ്ട് അക്ഷരങ്ങൾ തെറ്റി. പക്ഷേ ഫലം ഏറ്റവും ഗുണകരമായിരുന്നു. സംസാരിക്കുവാനുള്ള - ഒരാശയം വ്യാകരണ ബദ്ധമായി പ്രകാശിപ്പിക്കുന്നതിന്‌, ഈ പ്രക്രിയ തലച്ചോറിലാണ്‌ നടക്കുന്നത് - കഴിവിനും സ്വനപേടകത്തിന്റെയും സ്വനതന്തുക്കളുടേയും സുഗമമായ പ്രവർത്തനത്തിനും ഈ ജീൻ അത്യാവശ്യമാണ്‌. നമ്മിൽ ഇപ്പോഴുള്ള ROXP2 വിന്‌ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാൽ തീർച്ചയായും ആ വ്യക്തിക്ക് ആ കഴിവുകൾ നഷ്ടപ്പെടും. വ്യക്തമായി പറഞ്ഞാൽ മനുഷ്യന്‌ സംസാരിക്കുവാനുള്ള ശേഷി കൈവന്നത് ഈ മ്യൂട്ടേഷനിലൂടെയാണ്‌. ഇതിനു മുമ്പത്തെ മനുഷ്യവിഭാഗങ്ങൾക്കൊന്നുമില്ലാത്ത ഈ അല്ഭുതകരമായ കഴിവ് മനുഷ്യനുമാത്രം ഇതിലൂടെ കൈവന്നു. എന്നാൽ 2 ലക്ഷം വർഷത്തിനിപ്പുറം മനുഷ്യൻ സംസാരിച്ചു എന്ന് ഇതിനർത്ഥമില്ല. അന്ന് ജീവിച്ചിരുന്ന മനുഷ്യകൂട്ടങ്ങളിൽ ഒരാൾക്ക് മാത്രമാണ്‌ ഈ മ്യൂട്ടേഷൻ സംഭവിച്ചിരിക്കുക. അത് അനുകൂല മ്യൂട്ടേഷൻ ആണെന്ന് വന്നപ്പോൾ സമൂഹത്തിൽ വ്യാപിക്കാൻ തുടങ്ങി. ആദ്യം മക്കൾക്ക്, പിന്നെ അവരുടെ മക്കൾക്ക്....... അങ്ങനെ ഈ അനുകൂലനം മനുഷ്യസമൂഹത്തിൽ വ്യാപിക്കാൻ ആയിരക്കണക്കിന്‌ വർഷങ്ങൾ എടുത്തിരിക്കും. ഈ രംഗത്ത് വെച്ച് ഒരു കാര്യം ആലോചിക്കുന്നത് രസാവഹമായിരിക്കും. മനുഷ്യന്‌ സംസാരശേഷിയില്ലായിരുന്നുവെങ്കിൽ ദൈവങ്ങളുടെ കാര്യം എന്താകുമായിരുന്നു. ദൈവങ്ങളെ ഉണ്ടാകുമായിരുന്നില്ല എന്ന് ഉറപ്പാണ്‌.

 

ഇനി നമുക്ക് വളരെ പ്രധാനപ്പെട്ട 2 കാര്യങ്ങളിലേക്ക് കടക്കാം. 1. മൈറ്റോ കോണ്ട്രിയൽ ഹവ്വ. 2. Y ക്രോമോസോമൽ ആദം. നമുക്ക് പൂർവ്വികമായ ഒരമ്മയുണ്ട്. ആ അമ്മയിൽ നിന്നാണ്‌ നമ്മുടെ വംശാവലി പുറപ്പെടുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ അമ്മ ബൈബിളിലെ ഹവ്വയല്ല; അതിന്‌ തെളിവില്ല; തീർത്തു സങ്കല്പ്പം. ഇത് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരമ്മ. അതാണ്‌ മെറ്റോകോണ്ട്രിയൽ ഹവ്വ. എന്തുകൊണ്ടെന്നാൽ ആ അമ്മയെപറ്റിയുള്ള തെളിവും കൊണ്ടാണ്‌ നാമോരോരുത്തരും നടക്കുന്നത്. ഭാരതീയ ജാതിവ്യവസ്ഥയിൽ ബ്രാഹ്മണൻ അത്യുന്നതാനാണ്‌. വിരാട് പുരുഷന്റെ മുഖത്തുനിന്നും ജനിച്ചവൻ. അവന്റെ ശ്രേഷ്ഠതയ്ക്ക് കണക്കില്ല. എന്നാൽ ചണ്ഡാലൻ ജാതി വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവൻ; നികൃഷ്ടൻ. എന്നാൽ ബ്രാഹ്മണനും ചണ്ഡാലനും അതിനിടയിൽ വരുന്നവരും എന്നുതന്നെയല്ല, ആഫ്രിക്കൻ ഭൂഖണ്ഡത്തിനു പുറത്തുള്ള ഭൂഭാഗങ്ങളിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും, കറുകറുത്ത, ഓട്ടുകലത്തിന്റെ മൂടുപോലുള്ള ഒരു ആഫ്രിക്കൻ സ്ത്രീയിൽ നിന്നാണ്‌ ഉല്ഭവിച്ചത് എന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ പ്രയസമാണെങ്കിലും അതാണ്‌ സത്യം. തെളിവ് നമ്മളിൽതന്നെയുണ്ട്. നമ്മുടെ മൈറ്റോകോൺട്രിയൻ DNAയിൽ. നമ്മുടെ കോശത്തിനകത്തെ പവർഹൗസ് ആണ്‌ മൈറ്റോകോണ്ട്രിയ. പഞ്ചസാരയെ വിഘടിപ്പിച്ച് ഊർജമാക്കി മാറ്റുന്നത് ഇവിടേയാണ്‌. വളരെ വിചിത്രമാണ്‌ മൈറ്റോകോൺട്രിയയുടെ ഉല്പത്തി. കഴിഞ്ഞ 200 കോടി വർഷത്തിനും 150 കോടി വർഷത്തിനുമിടയിൽ ബഹുകോശജീവികൾ ഉരുത്തിരിയുന്ന സമയത്ത്, അവയുടെ കോശത്തിനകത്തേക്ക് പരാദമായിവലിഞ്ഞുകയറിയ ഒരു ബാക്റ്റീരിയയാണിത്. പിൽ കാലത്ത് പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായി അത് ബഹുകോശജീവികളുടെ കോശത്തിന്റെ അവിഭാജ്യഘടകമായി മാറി. ഇപ്പോൾ അത് നമ്മുടെ കോശത്തിലെ പവർ ഹൗസാണ്‌. അമ്മ വഴി മാത്രമേ മറ്റോകോൺട്രിയയുടെ വ്യാപനം ജീവികളിൽ നടക്കൂ. അമ്മയിൽ നിന്ന് മകളിലേക്ക്, മകളിൽനിന്ന് അവളുടെ മകളിലേക്ക്, അങ്ങനെയാണതിന്റെ പിന്തുടർച്ച. ഇതിന്‌ സ്വന്തമായി DNA യുണ്ട്. അതിൽ 16,500 ന്യൂക്ലിയോടൈഡുകൾ ആണുള്ളത്. ഇതിൽ നടന്ന ഗവേഷണം നമ്മുടെ ഉല്പ്പത്തി സ്ഥാനം ഒന്നുകൂടി വെളിപ്പെടുത്തി. ഗവേഷണത്തിന്റെ സാങ്കേതികത ഒഴിവാക്കി പറഞ്ഞാൽ ‘സംഭവം’ ഇതാണ്‌. ആഫ്രിക്ക ഭൂഖണ്ഡത്തിന്‌ വെളിയിലുള്ള എല്ലാ മനുഷ്യരുടെയും മൈറ്റോകോൺട്രിയൽ DNA ഒരേ മൈറ്റോകോൺട്രിയയിൽ നിന്ന് ഉല്ഭവിച്ചതായി കാണിക്കുന്നു. അതേസമയം, ആഫ്രിക്കയിൽ ഇത് വലരെ വ്യത്യസ്തത കാണിക്കുന്നു. അതിനർത്ഥം ആഫ്രിക്കൻ ജനത വളരെ മുമ്പേതന്നെ രൂപപ്പെട്ടുവെന്നും അതിലെ ഒരു വിഭാഗത്തിൽ നിന്നുമാണ്‌ ഇന്ന് ആഫ്രിക്കയ്ക്ക് പുറത്തുള്ളവർ രൂപപ്പെട്ടത് എന്നുമാണ്‌, പുറത്തുവർ ഒരേ മൈറ്റൊകോൺട്രിയ പങ്കുവെയ്ക്കുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. പുറത്തുള്ളവർ പങ്കുവെയ്ക്കുന്ന മൈറ്റോകോൺട്രിയ സ്വന്തമായുള്ള സ്ത്രീയാണ്‌ നമ്മുടെ ആദിമാതാവ്, അല്ലെങ്കിൽ ആ അമ്മയുടെ താവഴികളാണ്‌ നമ്മളെല്ലാം.     അതുമല്ലെങ്കിൽ Non Africansന്റെ ആദിമാതാവാണ്‌ നമ്മുടെ മൈറ്റോകോൺട്രിയ സ്വന്തമായുള്ള ആഫ്രിക്കക്കാരി. എന്നാൽ ഒരു കാര്യം ഓർമ്മവേണം. ആ സ്ത്രീ മനുഷ്യകുലത്തിന്റെ ആകമാനം അമ്മയല്ല, ആ സ്ത്രീ ജീവിച്ചിരുന്നപ്പോൾ തന്നെ ആഫ്രിക്കയിൽ ഒട്ടനേകം വിഭാഗങ്ങളിലായി മനുഷ്യരുണ്ടായിരുന്നു. കഴിഞ്ഞ 2 ലക്ഷം വർഷം തൊട്ട് ആധുനിക മനുഷ്യൻ അവിടെ രൂപപ്പെട്ടതിന്റെ തുടർച്ചയാണത്. അപ്രകാരം ഒരു വിഭാഗത്തിലെപെട്ട ഒരു സ്ത്രീയിൽ നിന്നാണ്‌ നമ്മുടെയെല്ലാം ഉല്പ്പത്തി. അതുകൊണ്ട് ഈ അമ്മ നമ്മുടെ Most Recent Common Ancestor-ഏറ്റവും തൊട്ടടുത്ത പൊതുപൂർവ്വികൻ-ആകുന്നു. ഈ തൊട്ടടുത്ത പൊതുപൂർവ്വിക അമ്മ ജീവിച്ചിരുന്നത് 1,50,000 വർഷങ്ങൾക്കുമുമ്പാണ്‌[16]. പ്രസിദ്ധമായ നേച്ചർ മാസികയിലാണ്‌ ഇത് സംബന്ധിച്ച ആദ്യത്തെ പ്രബന്ധം വന്നത്. അതിൽ, അതിന്റെ രചയിതാക്കൾ- അലൻ വിൽസൻ, റബേക്കാ കാന്മാർക്ക് സ്റ്റോൺകിംഗ്- മറ്റോകോൺട്രിയൽ ഹവ്വ എന്ന പദം ഉപയോഗിച്ചിട്ടില്ല. പോപുലർ സയൻസിന്റെ ഭാഗമായി ഈ വിഷയം മാധ്യമങ്ങളിൽ വന്നപ്പോൾ ഒരു പത്രപ്രവർത്തകനാണ്‌ ഈ പദം ഉപയോഗിച്ചത്. മതക്കാർ അത് ഏറ്റ് പിടിക്കുകയും അത് ബൈബിളിലെ ഹവ്വയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. നോർമൻ ജോൺസനെ പോലുള്ള ജനിതകശാസ്ത്രജ്ഞന്മാർ ഇപ്പോൾ The mother of all Mitocondrial DNA എന്നാണ്‌ നിർദ്ദേശിക്കുന്നത്. 

മോളിക്യുലാർ ബയോളജിയിലെ അതിശക്തമായ മറ്റൊരു കണ്ടെത്തലാണ്‌ Y Cromosomal ആദം. ഇത്തവണ ഗവേഷണം നടന്നത് നമ്മുടെ Y ക്രോമസോമിൽ ആണ്‌. ഈ ക്രോമസോമാണ്‌ ബീജസങ്കലനം നടന്ന കോശത്തെ പുരുഷപ്രജയാക്കുന്നത്. ഇതിന്റെ സംക്രമണം അച്ഛനിൽ നിന്ന് മകനിലേക്ക് മാത്രമാണ്‌. 59,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പുരുഷന്റെ-ഈ മനുഷ്യൻ വഹിച്ചിരുന്ന Y ക്രോമസോമിന്റെ പേര്‌ M168- പിന്തുടർച്ചക്കാരാണ്‌ നമ്മൾ[17]. അതായത്, ഇന്നുള്ള എല്ലാ പുരുഷന്മാരുടെയും ഉല്പത്തിക്ക് നിദാനമായ Y ക്രോമസോം നല്കിയത് ഈ മനുഷ്യനാണ്‌. അല്ലെങ്കിൽ നമ്മുടെയെല്ലാം Y ക്രോമസോമിന്റെ ഉറവിടം അന്വേഷിച്ചുചെന്നാൽ എത്തുന്നത് ഈ മനുഷ്യനിലാണ്‌. മെറ്റോകോണ്ട്രിയൻ ഹവ്വയെപ്പോലെ ഈ മനുഷ്യനും മനുഷ്യവംശത്തിന്റെ ഏറ്റവും തോട്ടടുത്ത പൊതുപൂർവ്വികൻ മാത്രമാണ്‌.അല്ലാതെ മനുഷ്യവംശത്തിന്റെ മൊത്തം പിതാവല്ല. ഇയാൾ ജീവിച്ചിരുന്നപ്പോൾതന്നെ ആഫ്രിക്കയിൽ അനേകമനേകം പുരുഷന്മാർ ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട കാര്യം മെറ്റോകോണ്ട്രിയൻ ഹവ്വയും, Y ക്രോമസോമൽ ആദവും തമ്മിൽ 80,000 വർഷത്തെ കാലവ്യത്യാസം ഉണ്ടെന്നാണ്‌. അതായത് നമ്മുടെ ഏറ്റവും തൊട്ടടുത്ത പൊതു പൂർവികരായ ഈ മാതാ-പിതാക്കൾ പരസ്പരം ഒരിക്കലും കണ്ടിട്ടില്ല. ഇവർ രണ്ടുപേരും പരസ്പരം അറിയാതെ, രണ്ട് വ്യത്യസ്ത സമയത്തായി, അഫ്രിക്കയുടെ പുറത്തുള്ളവരുടെ പൊതുപൂർവികരായി എന്നാണ്‌ സത്യം. ഈ ശാസ്ത്രീയ സത്യങ്ങളുടെ വെളിച്ചത്തിൽ ബൈബിളിലെ ആദം ഹവ്വ കഥകൾ ശുദ്ധവിഡ്ഢിത്തരമാണെന്ന് നിശ്ശംശയം പറയാം.

അങ്ങിനെ എല്ലാ അർത്ഥത്തിലുമുള്ള ആധുനിക മനുഷ്യൻ ആഫ്രിക്കയിൽ രൂപം കൊണ്ടു. കഴിഞ്ഞ 70 ലക്ഷം വർഷങ്ങൾക്കുശേഷം ആരംഭിച്ച മനുഷ്യന്റെ 'ആയിത്തീരൽ' ഇവിടെ സംഭവിച്ചിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രകൃതി നിർദ്ധാരണം മനുഷ്യനെ രൂപപ്പെപ്പെടുത്തിയിരിക്കുന്നു. ഇനി സംഭവിക്കാനുള്ള പ്രധാനപ്പെട്ട കാര്യം, ആഫ്രിക്കയിൽ നിന്നും നമ്മുടെ പുറത്തേക്കുള്ള പ്രയാണമാണ്‌. ആ പ്രക്രിയ നടക്കുന്നത് കഴിഞ്ഞ 70,000 വർഷത്തിനും 50,000 വർഷത്തിനും ഇടയിലാണ്‌. ഈ കാലഘട്ടത്തിൽ ഒരു കൂട്ടം മനുഷ്യർ അവർ സൃഷ്ടിച്ച ഉപകരണങ്ങളുമായി എന്നെന്നേക്കുമായി ജന്മഗൃഹമായ ആഫ്രിക്ക വിടുന്നു. അവർ ചെങ്കടലിന്റെ പടിഞ്ഞാറേ കര വഴി യൂറേഷ്യ-യൂറോപ്പും ഏഷ്യയും-യിലേക്ക് പ്രവേശിക്കുന്നു. എന്നാൽ യൂറേഷ്യയിൽ  ഒരു പ്രതിസന്ധിയായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്. അതാണ്‌ ഹിമയുഗം. കഴിഞ്ഞ 18 ലക്ഷം വർഷം മുതൽ ആരംഭിച്ച് 10,000 വർഷം വരെ നീണ്ടുനിന്ന ജിയോളജിക് കാലഘട്ടത്തെ പ്ലീറ്റോസിൻ എന്ന് പറയുന്നു. ഈ കാലഘട്ടത്തിൽ 4 ഹിമയുഗങ്ങൾ സംഭവിച്ചു. അവ, ഗുൺസ്, മിൽഡൽ, റിസ്, വും എന്നിങ്ങനെയാണ്‌. ഹിമയുഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്ലീസ്റ്റോസീനിൽ അത് തുടർച്ചയായി സംഭവിക്കുകയായിരുന്നു. ആദ്യം ഒരു ഹിമയുഗം വരും. കുറച്ചുകാലം ഇലനില്ക്കും; പിന്നീട് അത് പിൻവാങ്ങും. തുടർന്ന് ചൂടുള്ള കാലാവസ്ഥ സംജാതമാകും. ക്രമേണ ചൂടുള്ള കാലാവസ്ഥ പിൻവാങ്ങും, ഹിമയുഗം വരും. അങ്ങനെ 4 തവണ ആവർത്തിച്ചു. 4ആമത്തെ ഹിമയുഗം 1,20,000 വർഷം മുമ്പ് തുടങ്ങി കഴിഞ്ഞ 10,000 വർഷം ആയപ്പോൾ അവസാനിച്ചു. അപ്പോൾ “വും” ഹിമയുഗത്തിന്റെ മദ്ധ്യഘട്ടത്തിലാണ്‌ മനുഷ്യൻ യുറേഷ്യയിലേക്ക് കാലെടുത്തുവെച്ചത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഹിമയുഗത്തിലെ സ്ഥിതി ഭയാനകമാണ്‌.ഹിമത്തിൽ വളരുന്ന സസ്യങ്ങളും അവയെ ആശ്രയിച്ച് ജീവിതം നയിക്കാവുന്ന വിധത്തിൽ അനുകൂലനം സിദ്ധിച്ച ജീവികളും മാത്രമേ ഈ പരിതസ്ഥിതിയെ തരണം ചെയ്യൂ. ഒട്ടനവധി ജീവികൾ ഈ പരിസ്ഥിതിയിൽ അനുകൂലനം കിട്ടാതെ നശിച്ചുപോകും. ഇത്തരം സ്ഥിതിയിലേക്കാണ്‌ നമ്മുടെ പൂർവ്വികരുടെ കടന്നുവരവ്. എന്നാൽ ഇത്തരം പരിസ്ഥിതിയെ തരണം ചെയ്യാൻ മനുഷ്യന്‌ കഴിയും. എന്തുകൊണ്ടെന്നാൽ നമുക്ക് അറിവുണ്ട്. മികച്ച ഉപകരണങ്ങളുണ്ട്. ഇത്തരം കഴിവുകൾ ആർജിച്ച ഒരു ജീവിക്ക് മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനും പെറ്റുപെരുകാനും സധിക്കൂ. മനുഷ്യന്‌ അത് സാധിച്ചു എന്നതിന്‌ കഴിഞ്ഞ 50,000 വർഷത്തെ ചരിത്രം സാക്ഷിയാണ്‌.

 

യൂറേഷ്യയിലേക്ക് പ്രവേശിച്ച മനുഷ്യൻ സിറിയ, ജോർദ്ദാൻ, ഇറാക്ക്, ഇറാൻ വഴി ഇന്ത്യയിലെത്തുന്നു. ഇവിടെനിന്നും അത് രണ്ടായി പിരിയുന്നു. ഒരു ശാഖ കിഴക്കോട്ട്. അത് ബർമ്മ, തായ്‌ലാന്റ്, ഇന്തോനേഷ്യ വഴി ആസ്ത്രേലിയായിലെത്തുന്നു. ആസ്ത്രേലിയയിലെ മുംഗോ തടാകത്തിൽനിന്നും 1974-ൽ Jim Bowler കണ്ടെടുത്ത ഫോസിലിന്റെ പ്രായം 45,000 വർഷമാണ്‌ എങ്കിലും ആസ്ത്രേലിയയിൽ മനുഷ്യൻ എത്തിയതിനെക്കുറിച്ച് ചില സന്ദേഹങ്ങൾ ഉണ്ട്. എത്തി എന്നത് സത്യമാണ്‌. ഹിമയുഗം മൂർദ്ധന്യത്തിൽ നില്ക്കുന്നതുകൊണ്ട് സമുദ്രജലനിരപ്പ് കുത്തനെ താഴാൻ സധ്യതയുതുകൊണ്ട് ഐസ് കൊണ്ടുള്ള കരപ്പാലങ്ങൾ ഉയർന്നുവരാനിടയുണ്ട്. അതിലൂടെയാകാം അസ്ത്രേലിയയിലെത്തിയത് എന്ന് ഒരു നിഗമനം. എങ്കിലും, മനുഷ്യന്റെ ലോകവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ മനുഷ്യൻ അവിടെ എത്തി എന്നത് സത്യം.  


ഇന്ത്യയുടെ വടക്കുപടിഞ്ഞാറേ ഭാഗത്തുനിന്ന് ഒരു ശാഖ വടക്കോട്ട് നീങ്ങുന്നു. അത് ക്രമേണ ഏഷ്യയുടെ വടക്കൻ മേഖലകളിലേക്ക് വ്യാപിക്കുന്നു. അതോടൊപ്പം തന്നെ ഒരു ശാഖ യൂറോപ്പിലേക്കും തിരിയുന്നു. അവിടെ കഴിഞ്ഞ 40,000 വർഷം കൊണ്ട് ആധുനിക മനുഷ്യന്റെ സാന്നിധ്യം കാണുന്നു. അമേരിക്കയിലേക്കാണ്‌ മനുഷ്യൻ അവസാന പ്രവേശിക്കുന്നത്. അവിടെ കഴിഞ്ഞ 20,000 വർഷത്തിനും 15,000 വർഷത്തിനും ഇടയിലാണ്‌ ഇത് സംഭവിച്ചത്. റഷ്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബെറിംഗ് ഉൾക്കടൽ വഴിയാണ്‌ മനുഷ്യൻ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയത്. ആ സമയത്ത് ഹിമയുഗമായിരുന്നതിനാൽ ഉൾക്കടലിലെ ജലം ഘനീഭവിച്ച് ഐസായി മാറിയിരിക്കും. അങ്ങനെ അത് ഐസ് കൊണ്ടുള്ള ഒരു പാലം പോലെ പ്രവർത്തിക്കും. അതിലൂടെ മനുഷ്യന്‌ കടന്നുപോകാം. അതോടെ ആധുനിക മനുഷ്യന്റെ ലോകവ്യാപനം പൂർത്തിയായി. 


യൂറോപ്പിന്റെ പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ, നമ്മൾ  മറ്റൊരു നരവരഗ്ഗത്തെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. അവരാണ്‌ നിയാണ്ടർതാലുകൾ-ഹോമോനിയാണ്ടാർതലെൻസിസ്-യൂറോപ്പിൽ നിന്നാണ്‌ ഇവരുടെ ഫൊസിലുകൾ അധികവും കിട്ടിയിട്ടുള്ളത്. ഇവരുടെ ഉല്പ്പത്തി ആഫ്രിക്കയിലാണ്‌. അവിടെ 3 ലക്ഷം വർഷം മുമ്പ് തന്നെ നിയാണ്ടർതാലുകൾ പ്രത്യക്ഷപ്പെടുന്നു. ഹോമോ ഹൈഡൻബർഗിൽസിൽനിന്നാണ്‌ ഉല്ഭവം ഇവർ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് കടന്നതായി Genetic rout കാണിക്കുന്നു. ഇവരോട് ബന്ധപ്പെട്ട ഉപകരണ നിർമ്മാണ സംസ്കാരമാണ്‌ മൗസ്റ്റീരിയൻ. ഇവർ മുഖച്ഛായയിൽ നിന്നും നമ്മിൽനിന്ന് വ്യത്യസ്തരാണ്‌. നമ്മേക്കാൾ വലിയ മുഖം. പുരികത്തിൽ കനത്ത ഒരു തിട്ട്. വലിയതും പരന്നതുമായ മൂക്ക്., നെറ്റി വളരെ കുറവ്, വലിയ പല്ലുകൾ. എന്നുതന്നെയല്ല, നമ്മേക്കാൾ കനത്ത എല്ലുകളും മസിലുകളും ഇവർക്കുണ്ട്. കൂടാതെ തലച്ചോറിന്റെ ഉള്ളളവ്‌ നമ്മേക്കാൾ കൂടുതലാണവർക്ക്. ചില നിയാണ്ടർതാൽ മനുഷ്യരുടെ തലച്ചൊറിന്റെ അളവ് 1750cc വരെ കണ്ടുവരുന്നു. ഇപ്രകാരമുള്ള നിയണ്ടർതാൽ മനുഷ്യർ ജീവിക്കുന്നിടത്തേക്കാണ്‌ 40,000 വർഷം മുമ്പ് ആധുനിക  മനുഷൻ കടന്നുവരുന്നത്. അതു കഴിഞ്ഞ് 10,000 വർഷം കഴിയുമ്പോഴേക്കും ഭൂമിയിൽ പിന്നെ നിയാണ്ടർതാൽ മനുഷ്യനെ കാണുന്നില്ല. കഴിഞ്ഞ 30,000 വർഷത്തോടെ നിയാണ്ടർതാൽ മനുഷ്യൻ പൂർണമായും അപ്രത്യക്ഷരായി. മൗസ്റ്റീരിയൻ സംസ്കാരം നിലനിന്ന സ്ഥലങ്ങളിൽ 30,000 വർഷം തൊട്ട് കാണുന്നത് ആധുനിക മനുഷ്യന്റെ സംസ്കാരമാണ്‌. ആ മാനവവിഭാഗം എങ്ങനെ അപ്രത്യക്ഷരായി? ഒരു പിടിയിമില്ല. ചില നിഗമനങ്ങൾ ഇതാ. നിയാണ്ടാർതാലുകളെക്കാൾ മികച്ച ഉപകരണങ്ങളും അറിവുകളും ആധുനിക മനുഷ്യനുണ്ടായിരുന്നു. ഇതിനു മുന്നിൽ പിടിച്ചുനില്ക്കാനാവാതെ ഒരു പോക്കറ്റിലേക്ക് ഒതുങ്ങുകയും പിന്നീട് കുലം മുടിഞ്ഞ് പോകുകയും ചെയ്തു. മറ്റൊരു നിഗമനം അവരെ നമ്മൾ ഭക്ഷണമാക്കോയിയിരിക്കാം എന്നതാണ്‌. ഇതോടെ അനവധി സ്പീഷീസുകൽ ഉണ്ടായിരുന്ന ഹോമോ എന്ന ജീനസിൽ ഹോമോസപ്പിയൻ എന്ന നമ്മൽ മാത്രം അവശേഷിച്ചു.


കഴിഞ്ഞ 40,000 വർഷംതൊട്ട് മനുഷ്യന്റെ ചരിത്രത്തിൽ ആകമാനമായ മാറ്റങ്ങൾ സംഭവിക്കുന്നു. ജെറീദ് ഡയമണ്ട് ഈ കാലഘട്ടത്തെക്കുറിച്ച് പറയുന്നത് “മഹത്തായ ഒരു കുതിച്ചുചാട്ടം” എന്നാണ്‌. ഇതിന്റെ മൂലകാരണം ഉപകരണങ്ങളിൽ വന്ന മാറ്റമാണ്‌. അച്യൂലിനിയനിലെ വിവിധ ഘട്ടങ്ങളെ അപേക്ഷിച്ച്, ഈ കലഘട്ടം വളരെ പുരോഗമനപരമാണ്‌. ഉപകരണങ്ങളുടെ വൈവിധ്യവും പ്രയോഗക്ഷമതയും കൂടി വരുന്നു. ഈ ഘട്ടത്തിലെ ഉപകരണ നിർമ്മാണ സംസ്കാരത്തെ ഒറിഗ്നേഷ്യൻ എന്നു പറയും. പാറക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ എത്രയെത്ര വൈവിധ്യമാർന്ന ഉപകരണങ്ങൾ! അരികുകൾ തട്ടിക്കളഞ്ഞ് കൂടുതൽ പരപ്പുള്ളതും മൂർച്ചയേറിയതുമായ ഉപകരണങ്ങൾ.ചിലവ കൈക്കോടാലിപോലെ ഉപയോഗിക്കാവുന്നവ. വേറെ ചിലത് മാംസം ചെത്തിയെടുക്കാവുന്നത്രയും മൂർച്ചയുള്ളത്. ഇവയെല്ലാം മുമ്പില്ല്ലാത്തവിധം സൂക്ഷമതയേറിയ ഉപകരണങ്ങളാണ്‌. ഇവയൊന്നും പൂർവ്വ ചരിത്രത്തിൽ തിരഞ്ഞാൽ കിട്ടില്ല. ഈ ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ അറിവുകൾ ഈ കാലത്തുമാത്രമേ ഉല്പാദിപ്പികാനാകൂ എന്നതാണ്‌ കാരണം. അറിവ് എത്രമാത്രം മികച്ചതാണോ അത്രകണ്ട് മികച്ച ഉപകരണം നിർമിക്കാൻ കഴിയും; ഉപകരണം എത്രകണ്ട് മികച്ചതാണോ അത്രകണ്ട് മികച്ച അറിവുകൾ അത് ഉല്പാദിപ്പിക്കും എന്ന തത്വമാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്. തുടർന്ന് വരുന്ന ഗ്രാവറ്റിയൻ, സൊലൂട്രിയൻ, അസീലിയൻ,  മഗ്ധലേനിയൻ എന്നീ സംസ്കാരിക ഘട്ടങ്ങളിലും ഈ തത്വം പ്രവർത്തിക്കുന്നതായി കാണാം. ഇതിനെ നിഷേധിച്ചിട്ട് കാര്യമില്ല; എന്തുകൊണ്ടെന്നാൽ, ഈ തത്വത്തെ സ്ഥിരീകരിക്കുന്ന ടൺ കണക്കിന്‌ ഉപകരണങ്ങളാണ്‌ ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിൽ സംഭരിക്കപ്പെട്ടിട്ടുത്.  


അങ്ങനെ മാനവജീവിതം തുടരവെ, അത് കഴിഞ്ഞ 10,000 വർഷത്തിലെത്തുന്നു. ഇതോടെ ഭൗമശാസ്ത്ര-ജിയോളജീയ-പരമായ ചില കാതലായ മാറ്റങ്ങൾ ഭൂമിയിൽ സംഭവിക്കുന്നു. ഹിമയുഗം പിൻവാങ്ങി എന്നതാണ്‌ ഏറ്റവും പ്രധാനമായത്. എങ്കിലും നമ്മൾ ഓർമ്മിക്കേണ്ട ഒരു സംഗതിയുണ്ട്. നാലാമത്തെ ഹിയമയുഗവും പിൻ വാങ്ങി എന്നത് സത്യമാണ്‌. എന്നിരുന്നാലും ഹിമയുഗം നാളെ തിരിച്ചുവരില്ല എന്നു പറയാൻപറ്റില്ല. തിരിച്ചുവന്നാൽ പടച്ചോനെ വിളിച്ച് കരഞ്ഞിട്ടൊന്നും ഒരു കര്യവുമുണ്ടകില്ല, അതോടെ ഒരു Extinction ഉറപ്പ്.

 

നവീന ശിലായുഗം

 

കഴിഞ്ഞ 10,000 വർഷം തൊട്ട് നവീനശിലായുഗം ആരംഭിക്കുന്നു. ഇനി മനുഷ്യന്റെ ജീവിതത്തിലെ മാറ്റങ്ങൾ വളരെ വേഗത്തിലാണ്‌. ഉപകരണങ്ങളും അറിവും അതിവേഗം പുരോഗമിച്ചു. പേർ സൂചിപ്പിക്കുന്നതുപോലെ, ഈ കാലഘട്ടത്തിലെ ഉപകരണങ്ങൾ പ്രചീന ശിലായുഗത്തിലേക്കാൾ സൂക്ഷ്മതയും പ്രയോഗക്ഷമതയും ഏറിയവയാണ്‌. അതിനർത്ഥം മനുഷ്യന്റെ അറിവിന്റെ തലവും വർദ്ധിച്ചു എന്നതാണ്‌. ഈ പശ്ചാത്തലത്തിൽ വേണം മനുഷ്യന്റെ മഹത്തായ മറ്റൊരു കണ്ടുപിടുത്തത്തെ മനസ്സിലാക്കാൻ. അതാണ്‌ “കൃഷി”യുടെ കണ്ടെത്തൽ. 400 കോടി വർഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ ആഹാരസമ്പാദനത്തിന്റെ കാര്യത്തിൽ ഒരു ജീവി നടത്തിയ “അട്ടിമറി”യാണ്‌ കൃഷിയുടെ കണ്ടെത്തലിലൂടെ സംഭവിച്ചത്. ഭൂമിയിലെ മറ്റൊരു ജീവിക്കും കൈവരിക്കാനാകാത്ത മഹത്തായ നേട്ടം. കൃഷി കണ്ടെത്തുന്നതിന്‌ മുമ്പുള്ള ഘട്ടങ്ങളിൽ അവൻ ആഹാരം ശേഖരിക്കുകയായിരുന്നു; പഴങ്ങളായും കിഴങ്ങുകളായും മംസമായും. അങ്ങനെ ശേഖരിക്കപ്പെടുന്നത് അവനുതന്നെ ഉല്പാദിപ്പിക്കാമെന്നതാണ്‌ കൃഷിയിലൂടെ കരഗതമായ നേട്ടം. തുടർന്നുള്ള മനുഷ്യന്റെ എല്ലാവിധ വികാസത്തിന്റെയും-ദൈവത്തെ സൃഷ്ടിച്ചതിന്റെയും-  അടിത്തറയായി വർത്തിച്ചതും കാർഷികവൃത്തിയാണ്‌. തുടർന്ന് കഴിഞ്ഞ 7,000 വർഷം മുതൽ നമ്മൾ നാഗരികതയിലേക്ക് പ്രവേശിക്കുന്നു. അതിന്റെ തുടക്കം ഈജിപ്തിലും മെസോപൊട്ടോമിയയിലും കാണാം. നാഗരികതയുടെ വികാരത്തോടൊപ്പം മനുഷ്യന്റെ ഏറ്റവും വലിയ ശാപമായ ദൈവവിശ്വാസവും വികസിച്ചുവരുന്നു. ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിൽ അത് അതിവേഗം വികസിക്കുകയും മനുഷ്യന്റെ ജീവിതത്തെ മുച്ചൂടും ദുരിതമയമാക്കുന്ന വിധത്തിൽ ജീവിതത്തിന്റെ സകല മേഖലകളിലേക്കും അതിന്റെ നീരാളിക്കൈ വളരുകയും ചെയ്തു. അങ്ങനെ മതാധിഷ്ഠിതവും അന്ധവിശ്വാസ ജഡിലവുമായ ഒരു സമൂഹത്തിൽ നിന്ന് ഉല്പത്തികഥപോലൊരു കെട്ടുകഥ രൂപപ്പെടുകയും ചെയ്തു. അതിലെ പമ്പര വിഡ്ഢിത്തരം നോക്കുക. മനുഷ്യൻ അറിവ് നേടിയത് ദൈവം വിലക്കിയ കനി ഭക്ഷിച്ചതുകൊണ്ടാണത്രെ! മനുഷ്യകുലത്തെ ഇത്രമാത്രം അപമാനപ്പെടുത്തിയ മറ്റൊരു വിഡ്ഢിക്കഥ വേറെയില്ല. അതിലൂടെ 24 ലക്ഷം വർഷത്തെ ഉപകരണ നിർമ്മാണ, പ്രയോഗ, പരിഷ്കരണ പ്രക്രിയയെയും അതിലൂടെ ആർജിച്ച അറിവിന്റെ വികാസത്തെയും ദൈവമെന്ന മനുഷ്യന്റെ സാങ്കല്പ്പിക സൃഷ്ടിക്കുമേൽ കെട്ടിയേല്പിച്ചു. മനുഷ്യൻ മനുഷ്യകുലത്തോറ്റ് ചെയ്ത മഹാദ്രോഹം. എന്നാൽ ഒരു കനി ഭക്ഷിച്ചാൽ അറിവുണ്ടാകുമെന്ന മിത്ത് സൃഷ്ടിച്ച മനുഷ്യൻ-മനുഷ്യരോ- ആ കഥ സൃഷ്ടിക്കുന്നതിനു വേണ്ടിതന്നെയും ഏതാനും അറിവുകൾ വേണ്ടിവരും എന്ന വസ്തുത മറന്നുപോയി. ആ കെട്ടുകഥ അവിടെയും നില്ക്കുന്നില്ല. ദൈവം വിലക്കിയ കനി ഭക്ഷിക്കുവാൻ ആദമിനെ പ്രേരിപ്പിച്ചത് ഹവ്വയാണല്ലോ. അതുകൊണ്ട് ദൈവം ഹവ്വയെ ശപിച്ചുവത്രെ. “നീ കുഞ്ഞുങ്ങളെ വേദനയോടെ പ്രസവിക്കുമെന്ന്‌”. അതികൊണ്ടാണുപോലും മനുഷ്യസ്ത്രീക്ക് മറ്റു ജീവികൾക്കൊന്നുമില്ലാത്ത അത്രയ്ക്ക് തീഷ്ണമായപ്രസവവേദനയും ഇതര ബുദ്ധിമുട്ടുകളും ഉണ്ടായത്. ഏറ്റവും കടുത്ത ദൈവഭക്തയ്ക്ക് പോലും ഇതിൽ ഒരു കഴഞ്ച് പോലും ഡിസ്കൗണ്ടില്ല.




മനുഷ്യസ്ത്രീക്ക് പ്രസവവേദന കഠിനവും മറ്റ് ജീവികൾക്കൊന്നുമില്ലാത്തവിധം പ്രയാസമേറിയതുമാണ്‌. എന്തുകൊണ്ടിത് സംഭവിക്കുന്നു? മനുഷ്യന്റെ പരിണാമചരിത്രത്തിലാണ്‌ അതിനുത്തരമുള്ളത്. മനുഷ്യന്റെ നിവർന്ന് നില്പ്പും നടത്തവുമാണ്‌ ഘോരമായ പ്രസവവേദനക്കും ഇതര വൈഷമ്യങ്ങൾക്കും കാരണം. നിവർന്ന് നിന്നത് തൊട്ട് മനുഷ്യന്റെ Birth canal ഇടുങ്ങിപ്പോയി. നലുകാലിൽ നടക്കുന്ന ഏതൊരു സസ്തനിയെയും നോക്കുക. അവയുടെ പ്രസവം വിഷമം പിടിച്ചതോ ദൈർഘ്യമേറിയതോ അല്ല. അവയുടെBirth canal മനുഷ്യരുടേതുപോലെ ഇടുങ്ങിയതല്ല എന്നതാണ്‌ കാരണം. മനുഷ്യനിൽ ഇരുകാലി നടത്തം രൂപപ്പെട്ടപ്പോൾ അരയ്ക്ക് മുകളിലുള്ള ഭാഗങ്ങൾ നട്ടെല്ല് താങ്ങേണ്ടി വന്നതിനാൽ ഇടുപ്പ് ഭാഗത്ത് നടന്ന പുന:സംവിധാനത്തിന്റെ ഫലമായിട്ടാണ്‌ Birth canal ഇടുങ്ങിപ്പോയത്. ഈ ഇടുങ്ങിയ ഭാഗത്തുകൂടിയാണ്‌ ശിശു ഇറങ്ങിവരുന്നത്. ഇതാണ്‌ പ്രസവം വേദനാജനകവും ദൈർഘ്യമേറിയതും ആയതിന്‌ കാരണം. പ്രസവ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയുടെ വയറ്റത്ത് ചവിട്ടുന്ന ഈ കഥ എഴുതിവിട്ടവന്റേത്. ഈ കെട്ടുകഥകളിലാണ്‌ മതത്തിന്റെ ആണിക്കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത്. പരിണാമ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തിനുമുന്നിൽ ആ ദുർബലശിലകൾ തകർന്നുപോകുമെന്ന് മതത്തെ താങ്ങിനിർത്തുകയും അതിന്റെ ചെലവിൽ മനുഷ്യരുടെ അജ്ഞതയെ മുതലെടുത്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പുരോഹിതവർഗത്തിനും മതവക്താക്കൾക്കും നല്ലവണ്ണം അറിയാം. അതിനാലാണ്‌ പരിണാമശാസ്ത്രം എന്നും അവരുടെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. പക്ഷേ, പൊൻപാത്രം കൊണ്ട് മൂടിയാലും സത്യത്തെ അധികകാലം മൂടിവെയ്ക്കാൻ ആർകുമാവില്ല എന്നാണ്‌ കഴിഞ്ഞകാലചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

 

കാംബ്രിയൻ വിസ്ഫോടനവും സൃഷ്ടിവാദികളും.

 

ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വർഷങ്ങൾക്ക് മുമ്പ്  ഉല്‍ഭവിക്കുകയായിരുന്നു എന്ന് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിന്റെ  ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയൻ വിസ്ഫോടനം എന്ന് വിളിക്കുന്നത്.  ജീവികളുടെ ഈ ‘പെട്ടെന്നുള്ള ഉല്‍ഭവം‘ വഴി സൃഷ്ടിവാദികളെ ഏറ്റവുമധികം ആഹ്ലാദഭരിതരാക്കിയ 'കാംബ്രിയൻ' ഇപ്പോഴുമവർ ഉൽസവമാക്കി കൊണ്ടുനടക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പരിണാമശാസ്ത്രത്തിന്‌ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടു എന്നതാണ്‌. എന്നാൽ ഇന്ന് കാംബ്രിയൻ പ്രതിഭാസം പരിണാമശാസ്ത്രത്തിനുമുന്നിൽ അനാവൃതമായിരിക്കുന്നു. പടിഞ്ഞാറൻ സൃഷ്ടിവാദികളായിരുന്നു, തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിക്ക് കാംബ്രിയനിൽ ഇടം കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഏറ്റുപിടിച്ച് പൊലിപ്പിക്കാൻ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ട്.

 

കാംബ്രിയൻ യുഗം, കഴിഞ്ഞ 54.5 കോടി വർഷം തൊട്ട് 49 കോടി വർഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വർഷം) മുതൽ ജീവികളുടെ ഫോസിലുകൾ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേർതിരിഞ്ഞ ജീവികൾ) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌. ഇത്തരം ജീവികളെ കാംബ്രിയന്‌ മുമ്പുള്ള കാലത്ത് കാണാനാവില്ല. എന്നാൽ ഈ ജീവികൾ കാംബ്രിയൻ യുഗത്തിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല. തീർച്ചയായും അവയ്ക്ക് പൂർവ്വരൂപങ്ങളുണ്ട്. ആ പൂർവ്വരൂപങ്ങളിൽ നിന്നു തന്നെയാണ്‌ കാംബ്രിയൻ ജീവികൾ ആവിർഭവിച്ചത്.  കാംബ്രിയനിൽ ഏറ്റവും കൂടുതൽ കാണുന്ന വിഭാഗം Arthropods (ഖണ്ഡശരീരികൾ) ആണ്‌. ഇവയിൽ തന്നെ ട്രൈലോബൈറ്റുകളാണ്‌ ഏറ്റവും പ്രധാനം. ഈ ഫോസിലുകൾ കാണപ്പെടുന്ന ഏറ്റവും നല്ല ഇടങ്ങൾ, കാനഡയിലെ burgess shale ഫോസിൽ ശേഖരവും ചൈനയിലെ chengjiang ഫോസിൽ ശേഖരവുമാണ്‌.

 

പരിണാമശാസ്ത്രത്തിന്റെ വികാസത്തിലെ ആദ്യഘട്ടങ്ങളിൽ, ഫോസിലുകൾ കുറേശ്ശെയായി ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും കാംബ്രിയനു മുമ്പത്തെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാംബ്രിയനിൽ ധാരാളം ജീവികളെ കാണുകയും ചെയ്യുന്നു. ഇതൊരു പ്രഹേളികയായിരുന്നു. പരിണാമശാസ്ത്രത്തിന്‌ ഇത് വിശദീകരിക്കുവാൻ ബുദ്ധിമുട്ടായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാർ കാര്യം തുറന്നുപറയുകയും ചെയ്തു. ചിലർ കാംബ്രിയനിൽ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ എന്നെല്ലാം പ്രസ്താവിക്കുകയും ചെയ്തു.  ഈ പ്രസ്താവനകളെ സൃഷ്ടിവാദികൾ അവർക്കനുകൂലമായി വ്യാഖ്യാനിച്ചു. അതിന്മേൽ നിന്നുകൊണ്ട് അവർ അവരുടെ ആശയങ്ങൾക്ക് പുതു ഭാഷ്യങ്ങൾ നൽകി.

 

പ്രതിഭാസത്തിന്റെ സൃഷ്ടിവാദ ഭാഷ്യം.

 

“52 കോടി വർഷങ്ങൾക്കുമുമ്പ്, കാംബ്രിയൻ യുഗത്തിൽ പൊടുന്നനവെ ജീവികൾ ഫോസിലുകളിൽ പ്രത്യക്ഷപ്പെടുന്നു. പരിണാമശാസ്ത്രം പറയുന്നതു പ്രകാരമാണെങ്കിൽ കാംബ്രിയനു മുമ്പത്തെ കാലഘട്ടങ്ങളിൽ ഈ ജീവികൾക്ക് പൂർവ്വ രൂപങ്ങൾ ഉണ്ടായിരിക്കണം. ഈ പൂർവ്വജീവികളിൽ നിന്നാകണം കാംബ്രിയൻ ജീവികളുടെ ആവിർഭാവം. എന്നാൽ പ്രസ്തുത പൂർവജീവികളുടെ ഫോസിലുകൾ ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് പരിണാമശാസ്ത്രത്തിന്‌ കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാനാകില്ല. അതിനുള്ള ഉത്തരം ഒന്നുമാത്രം. കാംബ്രിയനിൽ നടന്നത് സൃഷ്ടിയാണ്‌; തീർത്തും ദൈവിക സൃഷ്ടി. സർവ്വജ്ഞനും സർവ്വജ്ഞാനിയുമായ ദൈവം ആദ്യമായി സൃഷ്ടി നടത്തിയിരിക്കുന്നു. ”- ഇതെത്രെ കാംബ്രിയൻ വിസ്ഫോടനത്തെക്കുറിച്ചുള്ള സൃഷ്ടിവാദ ഭാഷ്യം. എന്നാൽ സൗകര്യപൂർവ്വം അവർ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഒളിച്ചുവെച്ചു. കാംബ്രിയൻ കാലഘട്ടം തുടങ്ങുന്ന 54.5 കോടി വർഷങ്ങൾക്കും മുമ്പ്, ഭൂമിയുണ്ടായി ഏതാണ്ട് 80 കോടി വർഷങ്ങൾക്കകം തന്നെ, ഭൂമിയിൽ സൂക്ഷ്മ ജീവികൾ ഉണ്ടായിരുന്നു. അതായത് കാംബ്രിയൻ വിസ്ഫോടനത്തിന്‌ മുമ്പ് ഏതാണ്ട് 325 കോടി വർഷക്കാലവും ഈ ഭൂമുഖത്ത് ജീവൻ ഉണ്ടായിരുന്നു. മാത്രമല്ല കാംബ്രിയനിൽ ‘സൃഷ്ടിക്കപ്പെട്ട’ ജീവികളുടെ കൂട്ടത്തിൽ ഒരു മനുഷ്യനെയോ ഒരു പശുവിനെയോ, എന്തിന്‌ ഒരു കുരങ്ങനെയോ ഒരു പക്ഷിയെപ്പോലുമോ സൃഷ്ടിക്കാൻ ദൈവത്തിനു തോന്നിയില്ല! ഇവരുടെ വാദപ്രകാരം ദൈവം സൃഷ്ടി നടത്തിയത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലായിരിക്കണം(അങ്ങനെയെങ്കിൽ മതഗ്രന്ഥങ്ങളിൽ പറയുന്ന സൃഷ്ടി തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും)

 

. തുടക്കത്തിൽ ഫോസിൽ തെളിവുകളുടെ അപര്യാപ്തതമൂലം കാംബ്രിയൻ പ്രതിഭാസം വിശദീകരിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്കപ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാൻ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു. എന്നാൽ പഴയകാല പുസ്തകങ്ങളിലെ അറിവുകളെ മാത്രം ആശ്രയിച്ച് അവർ ഇന്നും വിസ്ഫോടനം, സൃഷ്ടി എന്നെല്ലാം അലമുറയിട്ടുകൊണ്ടിരിക്കുന്നു.

 

കാംബ്രിയന്റെ പ്രത്യേകത

 

മുൻ കാലത്തുനിന്നും വ്യത്യസ്തമായി ‘ശരിയായ അർത്ഥത്തിലുള്ള ജീവികൾ‘ ഈ യുഗത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് കാംബ്രിയന്റെ പ്രധാന സവിശേഷത. ഫോസിലീകരിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം ഈ ജീവികൾക്ക് കട്ടിയുള്ള പുറംതോട് ഉണ്ടായിരുന്നു എന്നതാണ്. ഇന്നുള്ള പല ജീവികളുടെയും പൂർവ്വരൂപങ്ങൾ ഈ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു.  എന്നാൽ കാംബ്രിയൻ ജീവികൾ പൂർവരൂപങ്ങളില്ലാതെ ഒരു ദിവസം പൊടുന്നനെ രംഗത്തുവന്നവയല്ല.  60 കോടി വർഷം തൊട്ട് ബഹുകോശജീവികൾ (Multicellular organisms) പ്രത്യക്ഷപ്പെടുന്നതായി ഫോസിലുകൽ വെളിപ്പെടുത്തുന്നു. തുടർന്ന് 8 കോടി വർഷങ്ങൾ നീണ്ട പരിണാമത്തിനൊടുവിൽ മിഡിൽ കാംബ്രിയനിലെത്തുമ്പോഴാണ് ശരിയായ ജീവികളെ കണ്ടുതുടങ്ങുന്നത്. 8 കോടി വർഷത്തെ പരിണാമപ്രക്രിയയ്ക്കിടയിൽ ഒരു ഫലം കണ്ടാൽ അത് ‘വിസ്ഫോടന‘മാകില്ലല്ലോ.  യാഥാർത്ഥത്തിൽ കാംബ്രിയനിൽ കാണുന്നത് പൊടുന്നനെയുള്ള വിസ്ഫോടനമല്ല, മറിച്ച് മന്ദഗതിയിൽ നടന്ന പരിണാമപ്രക്രിയയുടെ 8 കോടി വർഷത്തിനുശേഷം സംഭവിക്കാവുന്ന സ്വാഭാവിക ഫലം മാത്രം. ഈ വസ്തുതയെ വ്യക്തമായി വിശദീകരിക്കാൻ തുടക്കത്തിൽ തുടക്കത്തിൽ പരിണാമശാസ്ത്രത്തിനു വിഷമം നേരിട്ടപ്പോൾ അവിടെ ദൈവത്തെ കുടിയിരുത്തി സൃഷ്ടിനടത്തിക്കാൻ സൃഷ്ടിവാദികൾ നടത്തിയ ശ്രമത്തിന്റെ ദയനീയമായ പരാജയമാണ് കാംബ്രിയൻ പഠനത്തിലൂടെ ചുരുൾ നിവർത്തുന്നത്

സൃഷ്ടിവാദത്തിന്റെ നട്ടെല്ലൊടിക്കുന്ന മറ്റൊരു സുപ്രധാന സംഭവം കാംബ്രിയനിൽ നടന്നു. അതെത്രെ സസ്തനിയുഗം(Mammalian age) നമ്മളെല്ലാം സസ്തനികളാണ്; കൂടാതെ നട്ടെല്ലുള്ളവയുമാണ്. പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയാണ് മറ്റ് നട്ടെല്ലികൾ.

കാംബ്രിയൻ ഫോസിലുകളിലേക്ക് നോക്കുക. അവിടെ കാണുന്ന ജീവികൽ അധികവും നട്ടെല്ലില്ലാത്തവയാണ്.  ഇനി വാദത്തിന് 52 കോടി വർഷം മുമ്പ് മിഡിൽ കാംബ്രിയനിൽ ‘ദൈവം‘ സൃഷ്ടി നടത്തി എന്ന് കരുതുക. അന്ന് ദൈവം നട്ടെല്ലുള്ള ജീവികളെയും പടച്ചിരിക്കും എന്ന കാര്യത്തിൽ  സംശയമില്ലല്ലോ. എന്നാൽ സംഗതി സൃഷ്ടിവാദികൾക്ക് അത്ര സുഖകരമല്ല;കാംബ്രിയൻ വിസ്ഫോടനത്തിൽ പെട്ട   ഫോസിലുകളിൽ നട്ടെല്ലുള്ള വിഭാഗത്തിലെ ഒരു ജീവിയുടെപോലും ഫോസിൽ കിട്ടുന്നില്ല. കാംബ്രിയനിൽ ദൈവം സൃഷ്ടി നടത്തി എന്ന് ഘോരഘോരം വാദങ്ങൾ നടത്തുന്ന സൃഷ്ടിവാദത്തിന്റെ അപ്പോസ്തലന്മാർ, അക്കാലത്തെ ഫോസിലുകൽളിൽ മനുഷ്യരുടെ ഫോസിലുകൾ ഉണ്ടോ എന്ന ചോദ്യത്തിനുമുന്നിൽ ക-മാന്നരക്ഷരം മിണ്ടാതെ മൌനം പാലിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയോ?മിഡിൽ കാംബ്രിയനിൽ ഒരു മനുഷ്യന്റെ ഫോസിൽ കിട്ടിയിരുന്നെങ്കിൽ പരിണാമശാസ്ത്രം തകിടം മറിയും എന്ന കാര്യത്തിൽ തർക്കമില്ല, മാത്രമല്ല, സൃഷ്ടിവാദം ശരിയെന്ന് വാദിക്കാൻ അതില്പരം മറ്റൊരു തെളിവും വേണ്ടതന്നെ. പക്ഷേ, മനുഷ്യൻ മാത്രമല്ല, ഒരു കാക്കയോ പൂച്ചയോപോലും ഇക്കൂട്ടത്തിലില്ല

പക്ഷേ, വിചിത്രമെന്ന് പറയട്ടെ, ഇന്ന് ജലത്തിലും കരയിലും, ആകാശത്തിലും ആധിപത്യം നട്ടെല്ലികൾക്കാണ്. ഇതെന്തൊരു മറിമായമാണ്! അനേകവർഷം പരിണാമശാസ്ത്രത്തിനെതിരായി പഠനം നടത്തിയെന്നവകാശപ്പെടുന്ന സൃഷ്ടിവാദത്തമ്പുരാക്കൾക്ക് ഇതിനെന്ത് വിശദീകരണമാണ് നൽകാനുള്ളത്? ഇതിനുത്തരം പറയാൻ പരിണാമശാസ്ത്രത്തിനേ കഴിയൂ. പരിണാമശാസ്ത്രത്തിനു മാത്രം! നട്ടെല്ലികളുടെ ആവിർഭാവത്തിന് ഹേതുവായ സംഭവങ്ങൾ കാംബ്രിയനിൽ വെച്ചുതന്നെ നടക്കുന്നു. അതുകൊണ്ട് നട്ടെല്ലികൾ ഉണ്ടായി. ആ സംഭവത്തിന്റെ പിൽകാല പരിണാമമാണ് ഈ കുറിപ്പെഴുതുന്നയാളും ഈ ബ്ലോഗറും, ഇത് വായിക്കുന്ന ഇതര നട്ടെല്ലികളും. കാംബ്രിയൻ യുഗത്തിൽ വെച്ച് ആ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലോ. ഒരു ചെറിയ അനുമാനം പറയട്ടെ, അങ്ങനെ വന്നാൽ, ഭൂമിയിലെ പ്രധാനപ്പെട്ട ജീവവിഭാഗം നട്ടെല്ലില്ലാത്തവർ തന്നെയാകുമായിരുന്നു. അപ്പൊൾ ദൈവങ്ങളുടെ കാര്യമോ?

പരിണാമശാസ്ത്രസംബന്ധിയായ രചനകൾ മലയാളത്തിൽ ഏറേയൊന്നുമില്ല. വളരെകുറച്ച് എഴുത്തുകാർ മാത്രമാണ്‌ ഈ രംഗത്തുള്ളത്. എന്നിരുന്നാലും ഉള്ളവയിൽ കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഈ രംഗത്ത് സജീവമായിട്ടുള്ളവരിൽ ഒരാൾ ശ്രീ. ജീവൻ ജോബ് തോമസാണ്‌. അദ്ദേഹം പരിണാമശാസ്ത്രത്തെ വിശദീകരിക്കുന്ന കുറെ ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതി. അത് പിന്നീട് ഡി സി ബുക്സ് “പരിണാമസിദ്ധാന്തം: പുതിയ വഴികൾ, കണ്ടെത്തലുകൾ” എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതോടെ ഇരിക്കപ്പൊറുതിമുട്ടിയ സൃഷ്ടിവാദികൾ വാളും വട്ടകയുമായി രംഗത്തെത്തി. ഉടനെ ശ്രീ. എൻ എം ഹുസ്സൈൻ, ജീവൻ ജോബിന്റെ പുസ്തകത്തിന്‌ “പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികൾ” എന്ന പേരിൽ ഒരു മറുഗ്രന്ഥമിറക്കി. പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികൾ, എത്രയോ ഗവേഷകന്മാർ. അവർ നിരന്തരം ഗവേഷണത്തിലേർപ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തുന്നത്. ഈ തെളിവുകളാണ്‌ ജീവൻ ജോബിന്റെ രചനയ്ക്ക് ആധാരം. എന്നാൽ ഇത്തരം യാതൊരു ഗവേഷണങ്ങളുടെയും പിൻബലമില്ലാതെയാണ്‌ സൃഷ്ടിവാദികളുടെ ‘ഖണ്ഡനം’.  ജീവൻ ജോബിന്റെ വാക്കുകളിൽ ഞാന്നുകിടന്നുകൊണ്ടുള്ള ഒരു അഭ്യാസമാണ്‌ ശ്രീ. ഹുസ്സൈന്റെ രചന. ഒരു ഉദാഹരണം നോക്കാം:- ജീവൻ ജോബ് തന്റെ ഗ്രന്ഥത്തിൽ പരിണാമശാസ്ത്രകാരനായ ആൻഡ്രൂ പാർക്കറെ-Andrew Parker- അവലംബിച്ചുകൊണ്ട് കാംബ്രിയൻ വിസ്ഫോടനത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ഓക്സ്ഫഡിലെ ഗവേഷകൻ Andrew Parker വളരെ വ്യത്യസ്തമായ ഒരാശയം മുന്നോട്ട് വെയ്ക്കുന്നുണ്ട്. അദ്ദേഹം കാംബ്രിയൻ കാലഘട്ടത്തിലെ ജീവികളിലുണ്ടായ മാറ്റങ്ങളെ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്നു. വളരെ വിപ്ലവകരമായ ഒരു സൃഷ്ടി ആ സമയത്തുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ ഫോസിൽ തെളിവുകളെ മുൻ നിർത്തി പാർക്കർ പറയുന്നു, അത് കണ്ണുകളാണ്‌. കണ്ണുകളുടെ രൂപപ്പെടലാണ്‌ ആത്യന്തികമായി ഭൂമിയിലെ ജൈവവൈവിധ്യത്തിന്‌ പുതിയ മാനങ്ങൾ നല്കിയത്. [1] 52 കോടി വർഷങ്ങൾക്ക് മുമ്പ് ജീവികളിൽ പുതിയ body plan കൾ രൂപപ്പെട്ടതോടൊപ്പം കണ്ണുകളും ഉരുത്തിരിഞ്ഞു. ഈ കണ്ണുകളുടെ രൂപപ്പെടൽ ആത്യന്തികമായി ജൈവവൈവിധ്യത്തിന്‌ പുതിയ മാനങ്ങൾ നല്കി. മുൻ രൂപങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട കണ്ണ്‌ ഈ ജീവികൾക്കുണ്ടായിരുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്. അതുകൊണ്ടാണ്‌ ജീവൻ ജോബ്, കണ്ണിന്റെ രൂപപ്പെടലിനെ ‘വളരെ വിപ്ലവകരമായ ഒരു സൃഷ്ടി’  എന്ന് ആലങ്കാരികതയോടെ പറഞ്ഞത്. എന്നാൽ ജോബിന്റെ പുസ്തകത്തിൽ ഭൂതക്കണ്ണാടിയുമായി നോക്കിയിരുന്ന ശ്രീ. ഹുസ്സൈൻ, സൃഷ്ടി എന്ന പ്രയോഗത്തിൽ കയറിപിടിച്ചു. പിന്നെ ‘സൃഷ്ടി’കൊണ്ടുള്ള ഒരു ആറാട്ടാണ് നടക്കുന്നത്. അതിലൂടെ ശ്രീ. ഹുസ്സൈന്റെ ശരിയായ മനസ്സിലിരിപ്പ് പുറത്ത് വരികയും ചെയ്തു. അദ്ദേഹം എഴുതുന്നു.:- സൃഷ്ടി നടന്നു എന്ന് മാത്രമേ സൃഷ്ടിവാദികൾ പറയാറുള്ളു. എന്നാൽ ഇപ്പോൾ പരിണാമവാദികൾ പറയുകയാണ്‌ സൃഷ്ടിയുണ്ടായെന്ന്. വെറും സൃഷ്ടിയല്ല;വളരെ വിപ്ലവകരമായ സൃഷ്ടി. പരിണാമവാദികളെ ഇത്ര വലിയ വളരെ വളരെ വിപ്ലവകരമായ സൃഷ്ടിവാദത്തിൽ നിന്ന് രക്ഷിച്ച് സാധാരണ സൃഷ്ടിവാദത്തിലേക്ക് കൊണ്ടുവരാൻ ഇനി സ്രഷ്ടാവിനു മാത്രമേ സാധിക്കൂ ഹുസ്സൈന്റെ ഗ്രന്ഥത്തിന്റെ ”കഴമ്പ്“ അളക്കാൻ ഈയൊരൊറ്റ ഉദാഹരണം തന്നെ ധാരാളം.

ഒരാൾ പ്രശ്നത്തിന്റെ ശാസ്ത്രീയത വിശദമാക്കുമ്പോൾ മറ്റേയാൾ വാക്കുകളിൽ പിടിച്ച്‌ കസർത്തുകാട്ടി പ്രശ്നത്തിന്റെ കാരണം ദൈവമാണെന്ന് വരുത്തിത്തീർക്കുന്നു. ഇതാണോ ഖണ്ഡനം? ഏത് സൃഷ്ടിവാദി എത്രയൊക്കെ ഖണ്ഡനവ്യായാമം ചെയ്താലും ഈ പ്രപഞ്ചത്തിൽ ഒരു ദൈവിക സൃഷ്ടിയും നടക്കാൻ പോകുന്നില്ല. കാരണം, ‘സൃഷ്ടിനടത്തുന്ന ദൈവത്തെ’ സൃഷ്ടിച്ചത് മനുഷ്യനാണ്‌. ഈ ഭൂമിയിലെ ഒരു ജീവിപോലും അതിന്റെ തനതായ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതല്ല. അവയെല്ലാം അവയുടെ പൂർവ്വരൂപങ്ങളിൽനിന്ന് ഇന്നത്തെ രൂപത്തിലേക്ക് ആയിത്തീർന്നവയാണ്‌. കാംബ്രിയനിലും ഇതിൽ കൂടുതലൊന്നും സംഭവിച്ചിട്ടില്ല. കാംബ്രിയൻ തൊട്ടല്ല ജീവികൾ ആരംഭിച്ചത്. കാംബ്രിയന്‌ 300 കോടി വർഷങ്ങൾക്കു മുമ്പുതന്നെ ഭൂമിയിൽ ജീവനുണ്ട്. അതിന്‌ ഫോസിൽ തെളിവുകളടക്കം ഇഷ്ടം പോലെ തെളിവുകളുമുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ കാംബ്രിയനിൽ ദൈവം സൃഷ്ടി  നടത്തി എന്ന വാദത്തെ തള്ളിക്കളയാവുന്നതേയുള്ളു. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ സൃഷ്ടിവാദികൾ ഇപ്പോഴും പഴയ പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു.

ഈ പ്രശ്നത്തെ നമുക്ക് മൂന്ന് ഭാഗങ്ങളായി എടുത്തുകൊണ്ട് പരിശോധിക്കാം.

1. ഭൂമിയിൽ ജീവന്റെ ആവിർഭാവം മുതൽ കഴിഞ്ഞ 60 കോടി വർഷം വരെയുള്ള ഘട്ടം.

2. 60 കോടി വർഷം മുതൽ കാംബ്രിയൻ ജീവികൾ വരെയുള്ള ഘട്ടം.

3. നട്ടെല്ലികളുടെ ആവിർഭാവവും അതിന്റെ തുടർച്ചയും.

കാംബ്രിയന്റെ മുമ്പത്തെ ജീവന്റെ അവസ്ഥ.

ഭൂമി ഉണ്ടായിട്ട് 455 കോടിവർഷങ്ങളായി. അന്നത്തെ ഭൂമി ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ഇന്ന് കാണുന്ന രീതിയിലുള്ള ഹരിതമായ പശ്ചാത്തലമോ ഇതര ജീവികളൊ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ ഭൂതലം തന്നെ ഉണ്ടായിരുന്നില്ല. ഭൂമി അന്ന് ഉരുകിത്തിളച്ച നിലയിലായിരുന്നു. ഈ സമയത്ത് വളരെയധികം ഉല്ക്കകളും വാൽ നക്ഷത്രങ്ങളും ഭൂമിയിൽ പതിച്ചുകൊണ്ടിരുന്നു. ഇടിയുടെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭയാനകമായ ചൂടിൽ പദാർത്ഥങ്ങളെല്ലാം ഉരുകിപ്പോകുന്നു. Paul Davis ഈ സമയത്തെ ഭൂമിയെ ‘സമുദ്രം പോലെ’  എന്നാണ്‌ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ ആവിർഭാവത്തിന്റെ ആദ്യഘട്ടത്തിൽ ഇതൊരു സ്ഥിരം പ്രതിഭാസമായിരുന്നു. പിന്നിട് ഉല്‍ക്കാപതനം കുറഞ്ഞു കുറഞ്ഞു വന്നു. ഉല്‍ക്കാപതനം കുറഞ്ഞുവന്നതിൽ ശനിക്കും വ്യാഴത്തിനും പ്രധാനപ്പെട്ട പങ്കുണ്ട്. അന്ന് സൗരയൂഥത്തിൽ തലങ്ങും വിലങ്ങും ഉല്‍ക്കകളും വാൽനക്ഷത്രങ്ങളും പാഞ്ഞുകൊണ്ടിരുന്നു. വ്യാഴത്തിന്റെയും ശനിയുടെയും അപാരമായ ഗുരുത്വകർഷണം മൂലം പല ഉല്‍ക്കകളും വാൽനക്ഷത്രങ്ങളും ഈ ഗ്രഹങ്ങളിൽ പതിക്കാനിടയായി. 1996-ൽ ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രം വ്യാഴത്തിൽ വന്നിടിച്ചത് ഓർക്കുക. ആ വാൽനക്ഷത്രം വ്യാഴത്തിനുപകരം ഭൂമിയിലാണ്‌ ഇടിച്ചിരുന്നതെങ്കിലോ? തീർച്ച; ഇവിടെ ആറാമത്തെ Mass extinction സംഭവിക്കുമായിരുന്നു.

ഇനി നമുക്ക് 455 കോടി വർഷത്തെ ഭൂമിയുടെ ചരിത്രത്തെ ഒറ്റ ദിവസത്തിലേക്ക് ചുരുക്കിയാൽ, കാണുന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം. അർധരാത്രി കൃത്യം 12 മണി, ഭൂമി ഉല്‍ഭവിച്ചു. തുടർന്ന് പുലർച്ചെ 3 മണിവരെ ഉല്‍ക്കാപതനങ്ങൾ. പുലർച്ചെ 4 മണി-ജീവൻ ഉല്ഭവിച്ചു. 5.36 ന്‌ ഏറ്റവും പഴക്കമേറിയ ഫോസിൽ. തുടർന്ന് 6 മണി മുതൽ ഉച്ചയ്ക്ക് 1.52 വരെ Cyanobacteria യുടെ പ്രവർത്തനഫലമായി ഓക്സിജൻ ഉണ്ടാകുകയും അത് സമുദ്രത്തിലെ ഇരുമ്പുമായി ചേർന്ന് Rusty sediment (തുരുമ്പിന്റെ അവക്ഷിപ്തം) ഉണ്ടാകുകയും ചെയ്യുന്നു (Banded iron formations). 2.08 ന്‌ Single celled ആൽഗകൾ പ്രത്യക്ഷപ്പെടുന്നു. വൈകുന്നേരം 6.08 ന്‌ ലൈംഗിക പുനരുല്പാദനം ആരംഭിക്കുന്നു. രാത്രി 8.28 ന്‌ കടൽ പായലുകൾ (See weeds) രംഗത്തുവരുന്നു. തുടർന്ന് രാത്രി 8.48 ന്‌ ജെല്ലിഫിഷു (Jelly fish) കളുടെ ആവിർഭാവം. രാത്രി 9 മണി കഴിഞ്ഞ് 4 മിനിറ്റ് ആയപ്പോൾ ട്രൈലോബൈറ്റുകൾ (Trilobites) രംഗപ്രവേശം ചെയ്യുന്നു. (ഈ ട്രൈലോബൈറ്റുകളാണ്‌ സൃഷ്ടിവാദികളുടെ കാംബ്രിയൻ വിസ്ഫോടനത്തിലെ പ്രധാന ദൈവസൃഷ്ടി!) അതു കഴിഞ്ഞ് 9.52 ആകുമ്പോഴേക്കും കരയിൽ സസ്യങ്ങൾ ആവിർഭവിക്കുന്നു. രാത്രി 10.24 ന്‌ കല്‍ക്കരി രൂപപ്പെടുന്നു. രാത്രി 10.56 നാണ്‌ ഡിനോസറുകൾ രംഗത്തുവരുന്നത്. തുടർന്ന് 11.39 ന്‌ സസ്തനികളുടെ ആരംഭമായി. അവസാനമായി 11.58.43 ന്‌, അതായത് അർദ്ധരാത്രിക്ക് വെറും ഒന്നര മിനിറ്റുള്ളപ്പോൾ മാത്രമാണ്‌ മനുഷ്യൻ രംഗത്തുവരുന്നത്

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്‌. ട്രൈലോബൈറ്റുകൾക്കു മുമ്പും ഭൂമിയിൽ ജൈവരൂപങ്ങൾ ഉണ്ട് എന്ന്. എന്നാൽ കഴിഞ്ഞ 60 കോടി വർഷങ്ങൾക്ക് മുമ്പുള്ള കാലം Age of microscopic life ആണ്‌. ജീവന്റെ ചരിത്രത്തിലെ 80 % ത്തോളം സമയം ഈ സൂക്ഷ്മ ജീവിതമാണ്‌.

ഭൂമിയുടെ ഉല്പത്തിക്കുശേഷം ഭൂമി തണുക്കുന്നതുവരെയുള്ള കഠിനമായ അവസ്ഥയെക്കുറിച്ച് ഓർക്കുക. (ഇതാകാം സൃഷ്ടിവാദികളുടെ ഏദൻ തൊട്ടം!) തുടർന്ന് 400 കോടി വർഷത്തിലെത്തുമ്പോൾ ഭൂമി തണുത്തുതുടങ്ങി. തീർച്ചയായും 380 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ ഭൂമിയിൽ ജീവൻ ആവിർഭവിച്ചു കഴിഞ്ഞിരുന്നു[6]. അവിടം മുതൽ ഇന്നോളം ഭൂമിയിൽ ജീവൻ അഭംഗുരം തുടരുകയായിരുന്നു. ഈ പ്രക്രിയക്കിടയിൽ ദൈവത്തിനോ പിശാചിനോ  യാതൊരു സ്ഥാനവുമില്ല.

 

പിന്നീടങ്ങോട്ട് ജീവന്റെ വികാസമാണ്‌ കാണാൻ കഴിയുക. 350 കോടി വർഷത്തിലെത്തുമ്പോൾ ലളിതമായ ജൈവരൂപങ്ങളെ വ്യക്തമായി കണ്ടെത്തുന്നു. ഈ രൂപങ്ങൾ Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona ഫോസിൽ മേഖലയിൽ നിന്നാണ്‌ ഈ Cyanobacteria യുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്.ഇതിന്റെ പ്രായം 35൦ കോടി വര്‍ഷം.ജൈവരൂപങ്ങളിൽ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളുണ്ട്. പ്രോക്കാരിയോട്ടുകളും (Prokaryotes) -bacteria- യൂക്കാരിയോട്ടുകളും(Eukaryotes) (ഏകകോശരൂപമായ അമീബ മുതൽ ബഹുകോശരൂപങ്ങളായ ജീവികളും സസ്യങ്ങളും ഇതിൽ പെടുന്നു.) 350 കോടി വർഷം തൊട്ട് കാണുന്ന ജൈവരൂപങ്ങൾ പ്രോകാരിയോട്ടുകളാണ്‌. ജീവന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണവ. ഒരു പ്രോകാരിയോട്ട് കോശത്തിൽ ന്യൂക്ലിയസ് ഉണ്ടായിരിക്കില്ല; അതുപോലെ കോശത്തിനുള്ളിലെ സങ്കീർണമായ ഘടകങ്ങളും. ഇത്തരം ലളിതമായ ജൈവരൂപങ്ങളിൽ നിന്നാണ്‌ പില്കാലത്ത് സങ്കീർണമായ ജൈവരൂപങ്ങൾ-മനുഷ്യൻ, തിമിംഗലം- ആവിർഭവിക്കുന്നത്. Cyanobacteria യുടെ -പ്രോകാരിയോട്ട്-ആവിർഭാവം ജൈവപരിണാമത്തിലെ ഒരു പ്രധാന ഘട്ടമാണ്‌. ഈ ജിവരൂപം, പില്കാലത്ത് സങ്കീർണ ജൈവരൂപങ്ങൾ ഉണ്ടാകുന്നതിനെ നിർണയിച്ച ഒരു മഹാപ്രവർത്തനം തുടങ്ങിവെയ്ക്കുന്നു. അതാണ്‌ ഓക്സിജന്റെ ഉല്പാദനം. Cyanobacteria ക്കുമുമ്പ് അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. സൈനോബാക്റ്റീരിയ Clorophyll ഉപയോഗിച്ചുകൊണ്ട് പ്രകാശസംശ്ലേഷണം നടത്തുന്നു.  ഇതിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഇനിയുള്ള ഘട്ടങ്ങളിൽ ഓക്സിജന്റെ സാന്നിധ്യം വർധിച്ചു വരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ജൈവരൂപം ഈ പ്രോകാരിയോട്ടുകളാണ്‌. ഒപ്പം ഓക്സിജന്റെ അളവും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ഓക്സിജൻ സമ്പന്നമായ അന്തരീക്ഷം പ്രോകാരിയോട്ടുകളുടെ പിൻഗാമികളായ സങ്കീർണമായ ജൈവരൂപങ്ങളുടെ ഉല്പത്തിയിലേക്കും വിജയത്തിലേക്കും നയിച്ച അതിപ്രധാനമായ ഘടകങ്ങളായി ആ പുതിയ ജൈവരൂപങ്ങളാണ്‌ യൂക്കാരിയോട്ടുകൾ.

യൂക്കാരിയോട്ടുകൾ

നമ്മുടേതുപോലത്തെ കോശം; അതാണ്‌ യൂക്കാരിയോട്ടുകൾ. വളരെ സങ്കീർണമാണതിന്റെ ഘടന. അതിന്‌ ഒരു ന്യൂക്ലിയസുണ്ട്. ജനിതകവസ്തു ഇതിനകത്താണ്‌. കൂടാതെ മൈറ്റോകോൺട്രിയ തുടങ്ങി ഒട്ടനവധി അതിസങ്കീർണമായ ഘടകങ്ങൾ. യൂക്കാരിയോട്ടിക് കോശത്തിന്റെ രൂപികരണം ജീവചരിത്രത്തിലെ അല്‍ഭുതകരമായ സംഭവമാണ്‌. ലളിതരൂപത്തിലുള്ള പ്രോകാരിയോട്ടിക്-ബാക്റ്റീരിയ-കോശത്തിൽ നിന്നും വളരെ വികസിതമായ യൂക്കാരിയോട്ടിക് കോശത്തിലേക്കുള്ള പരിണാമം ജീവന്റെ ചരിത്രത്തിന്‌ പുതിയ വഴികൾ നല്കി. അത് സസ്യങ്ങൾ, Fungi, ജന്തുക്കൾ, തുടങ്ങി സങ്കീർണ ജൈവരൂപങ്ങളുടെ ആവിർഭാവത്തിന്‌ വഴിയൊരുക്കി. ന്യൂക്ലിയസുള്ള കോശം, ലൈംഗികമായ പുനരുല്പാദനം മിയോസിസ് അതുപോലെ ഉയർന്ന ജീവികൾക്കുള്ള എല്ലാവിധ സവിശേഷ ഗുണങ്ങളും എല്ലാം തന്നെ ആദ്യ യൂക്കാരിയോട്ട് കോശത്തിന്റെ പിൻഗാമികൾക്കുള്ള നേട്ടങ്ങളാണ്‌. പില്‍കാലത്ത്‌ നാം ഉൾപ്പെടെയുള്ള ജീവിവർഗങ്ങളുടെയെല്ലാം ആവിർഭാവത്തിലേക്ക് വഴിവെച്ച യൂക്കാരിയോട്ട് കോശത്തിന്റെ ഉല്പത്തി സംഭവിച്ചത് Archaebacterium ഉം Eubacterium ഉം തമ്മിൽ നടന്ന കൂടിച്ചേരലിലൂടെ(Symbiosis)യാണ്‌ യൂക്കാരിയോട്ടിക്‌ ജീനോമിൽ(Genome) ഭാഗികമായി Archaebacterium ത്തിന്റെയും Eubacterium ത്തിന്റെയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 280 കോടി വർഷങ്ങൾക്ക് മുമ്പേതന്നെ യൂക്കാരിയോട്ടുകൾ ആവിർഭവിച്ചു കഴിഞ്ഞിരുന്നു ഇവയുടെ ചയാപചയ പ്രവർത്തനത്തിന്റെ ഫലമായുണ്ടായ രാസവസ്തുക്കൾ പാറകളിൽ കുടുങ്ങിപ്പോയത് ഈയടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. അവയുടെ പ്രായം 270 കോടി വർഷമാണ്‌. നമ്മുടേതുപോലത്തെ കോശം രൂപം കൊണ്ടെങ്കിലും ജീവന്റെ വികാസത്തിൽ പൊടുന്നനെ ഒന്നും സംഭവിക്കുന്നില്ല. കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിച്ച ശേഷം, കഴിഞ്ഞ 60 കോടി വർഷങ്ങൾക്ക് മുമ്പ് ബഹുകോശജീവികളെ കാണുന്നതുവരെയുള്ള ബ്രഹത്തായ കാലയളവ് വരെ വളരെ മന്ദഗതിയിലുള്ള പരിണാമമാണ്‌ നടന്നത്. എന്നിരുന്നാലും യൂക്കാരിയോട്ട് ആവിർഭാവത്തിനുശേഷം നേരിയ വികാസങ്ങൾ ഫോസിലുകളിൽ കാണുന്നുണ്ട്.

പരിണാമം തുടരുകയാണ്‌. അത് കഴിഞ്ഞ 210 കോടി വർഷത്തിലെത്തുമ്പോൾ Primitive eukaryotic algae പ്രത്യക്ഷപെടുന്നു. തുടർന്ന് 100 കോടി വർഷത്തിലെത്തുമ്പോൾ See weeds (കടൽ പായൽ) ഉരുത്തിരിയുന്നു. ഇനി നമ്മൾ ബഹുകോശ ജൈവരൂപങ്ങൾ കാണാൻ പോകുകയാണ്‌.

കഴിഞ്ഞ 60 കോടി വർഷം തൊട്ട് തുടങ്ങി കഴിഞ്ഞ 54.5 കോടി വർഷം വരെ നീണ്ടുനിന്ന കാലഘട്ടമാണ്‌ വെൻഡിയൻ. ഈ കാലം തോട്ട് കിട്ടുന്ന ഫോസിലുകൽ ഏകകോശ രൂപങ്ങളുടേതല്ല.; മറിച്ച് ബഹുകോശ രൂപികളായ ജീവികളുടേതാണ്‌. ഈ ജീവികളുടെ പേരാണ്‌ Ediacaran. 1946 ൽ Reg Sprigg(Reginald Claude Sprigg) ആസ്ത്രേലിയയിലെ Ediacaran പ്രദേശത്തുനിന്നും ഈ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി. ഈ ജീവികൾ അസ്ഥിക്കൂടമോ കട്ടിയുള്ള പുറം തോടോ ഇല്ലാത്ത മൃദുശരീരികളായിരുന്നു. പാറകളിൽ മുദ്രണം ചെയ്ത രീതിയിലായിലാണ്‌ ഈ ജീവികളുടെ മിക്ക ഫോസിലുകളും കിട്ടിയിട്ടുള്ളത്. ആദ്യം ആസ്ത്രേലിയയിൽ നിന്നാണ്‌ കിട്ടിയതെങ്കിലും പിന്നീട് റഷ്യ, ചൈന, നമീബിയ, ന്യൂ ഫൗണ്ട് ലാന്റ്, സൈബീരിയ, ഇംഗ്ലണ്ട്, എന്നിവിടങ്ങളിൽനിന്നും ഇവയുടെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. വളരെയധികം വൈവിധ്യം കാണിക്കുന്ന ഈ ജീവികളുടെ രണ്ടായിരത്തിലധികം specimen കൾ കിട്ടിയിട്ടുണ്ട്[13]. ഇതിലെ മിക്ക ഫോസിലുകളും Jelly fish, sea pen, worms എന്നിവയുമായി ബന്ധപ്പെട്ടവയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ 62 കോടി വർഷം തൊട്ട് തുടങ്ങി കഴിഞ്ഞ 55 കോടി വർഷം വരെയാണ്‌ ഇവയുടെ കാലം

താമരയിലെപോലെ വൃത്താകൃതിയിലുള്ള ഒരു ജീവിയുടെ ഫൊസിൽ ഉണ്ട്. Dickinsonia Costata എന്നാണിതിന്റെ പേര്‌. ഖണ്ഡം ഘണ്ഡമായിട്ടാണ്‌ ശാരീരഘടന. ഇത് ഫൈലം Annelids മായി ബന്ധപ്പെട്ടതാകാമെന്ന്‌ കോൺ വേ മോറിസ് പറയുന്നു. മറ്റൊരു ജീവിയാണ്‌Spriggina Flounderesi ദീർഘവൃത്തമാണ്‌ ഇതിന്റെ ആകൃതി. ഇത് ഫൈലം ആർത്രോപോഡയുമായി ബന്ധപ്പെട്ടതാണ്‌

അങ്ങനെ ഒട്ടനവധി ജീവികൾ. സൃഷ്ടിവാദത്തെ അട്ടത്തുകയറ്റി വെയ്ക്കാൻ പ്രകൃതി നല്കുന്ന തെളിവുകൾ. സത്യത്തിൽ Ediacaran ജീവികൾക്ക് സംസാരശേഷിയുണ്ടെങ്കിൽ അവർ സൃഷ്ടിവാദികളെ നോക്കി കൂകി വിളിച്ചേനെ. അങ്ങനെ ‘സൃഷ്ടാവായ ദൈവം’ സൃഷ്ടി നടത്തി എന്നു പറയുന്ന കാലത്തിനും 8 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഈ ജീവികൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നു. അങ്ങനെ ഇന്നത്തെ പല ജീവി വിഭാഗങ്ങളോടും ബന്ധപ്പെടുത്താവുന്നതും എന്നാൽ ബന്ധം ഏത് രീതിയിലെന്ന് മനസ്സിലാക്കാൻ പറ്റാത്തതുമായ ഒട്ടനേകം ജീവി വിഭാഗങ്ങളുടെ ഒരു സഞ്ചയമാണ്‌ Ediacaran Fossils. മറ്റൊരു പ്രധാനപ്പെട്ട സംഗതികൂടി ഇവിടെ പറയേണ്ടതുണ്ട്. Ediacaran ജീവികളുടെ ആവിർഭാവത്തെ സംബന്ധിച്ച ഫോസിൽ തെളിവുകൾ കിട്ടുന്നത് കഴിഞ്ഞ 60 കോടി വർഷ മുതല്‍ക്കാണെങ്കിലും Molecular Biology (തന്മാത്രാ ജീവശാസ്ത്രം) നല്‍കുന്ന തെളിവുകൾ അതിലും താഴെയാണ്‌. അതുപ്രകാരം നട്ടെല്ലില്ലാത്ത ജീവികളുടെ ആരംഭഘട്ടം കഴിഞ്ഞ 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌[16]. ഈ കാലത്ത് ബഹുകോശജീവികൾ ആവിർഭവിച്ചിരുന്നാലും അവയുടെ ഫോസിലുകൾ കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്‌. Ediacaran ജീവികൾ തന്നെ വളരെ മൃദുശരീരികളായിരുന്നു. അപ്പോൾ അവയ്ക്കുമുമ്പുള്ള ജീവികൾ അതിലും മൃദുത്വമുള്ളവയായിരിക്കും. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്‌. എന്നിരുന്നാലും പാലിയന്തോളജിസ്റ്റുകൾ ശ്രമം തുടരുകയാണ്‌. 60 കോടി വർഷം മുമ്പത്തെ പാറകളിൽ മുദ്രണം ചെയ്യപ്പെട്ട ജീവികളുടെ ഫോസിലുകളിൽ നിന്ന് ഇനി നമുക്ക് ശരിയായ ഫോസിൽ ജീവികളിലേക്ക് നീങ്ങാം

കാംബ്രിയൻ യുഗത്തിൽ ട്രൈലോബൈറ്റുകൾക്ക് മുമ്പത്തെ ജീവികൾ

കാംബ്രിയൻ യുഗത്തിൽ, ട്രൈലോബൈറ്റുകളടക്കം കട്ടിയുള്ള പുറംതോടും കവചങ്ങളുമുള്ള ഒട്ടനേകം നട്ടെല്ലില്ലാത്ത ജീവികൾ പൊടുന്നനെ ഫോസിലിൽ പ്രത്യക്ഷപ്പെടുകയല്ല. 52 കോടി വർഷങ്ങൾക്ക് മുമ്പും ഇത്തരം സവിശേഷതകളുള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പ്രത്യക്ഷപ്പെടുന്ന ഫോസിൽ അടരിന്റെ തൊട്ടുതാഴത്തെ അടരിൽ അവ ഉണ്ട്. അവയാണ്‌ Small Shelly Fossils[17]. കാംബ്രിയൻ യുഗത്തിന്റെ ആദ്യഘട്ടമായNemakit Daldynian -Tommotion (കഴിഞ്ഞ 54.5 കോടി വർഷം മുതൽ 52 കോടി വർഷം വരെ) പീരിയഡിലാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്. റഷ്യൻ പാലിയന്തോളജിസ്റ്റുകളാണ്‌ ഇവയെ സൈബീരിയയിൽ നിന്നും ആദ്യം കണ്ടെത്തിയത്. ഏതാനും മില്ലീമീറ്റർ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവികളാണിവ. വളരെ വിചിത്രമായ ആകൃതിയാണിവയ്ക്ക്. ഉരുണ്ടും, നീളത്തിലും, ഇഡ്ഡലിപോലെയും ചിലവ. വേറെ ചിലത് തൊപ്പി പോലെ. വേറൊന്ന് കോളി ഫ്ലവർ പോലെ. Tommotion ഘട്ടത്തിൽ- 53 കോടി വർഷം തൊട്ട് 51 കോടി വർഷം വരെ- ഇവയിലെ വൈവിധ്യം വർധിക്കുന്നു. ഒപ്പം ഒട്ടേറെ തരത്തിലുള്ള നട്ടെല്ലില്ലാത്തെ ജീവികളുടെ വ്യാപനം സംഭവിക്കുന്നു. ഈ സമയത്ത് അല്പം കൂടി വലിപ്പമുള്ള നട്ടെല്ലില്ലാത്തെ ജീവികൾ പ്രത്യക്ഷപ്പെടുന്നു[18]. മിഡിൽ കാംബ്രിയനിൽ ട്രൈലോബൈറ്റുകളടക്കം കൂടുതൽ വികസിതമായ ജീവികൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ജീവന്റെ അവസ്ഥകളെയാണ്‌ നാമിവിടെ കണ്ടത്. കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിക്കുകയും തുടർന്ന് വ്യത്യസ്ത രൂപങ്ങളാർജിച്ച് Small Shelly Fossils വരെയെത്തിനില്‍ക്കുന്നു. അണമുറിയാത്ത ജീവന്റെ ഈ പ്രയാണത്തിൽ ദൈവത്തിനോ സൃഷ്ടിക്കോ യാതൊരു പങ്കുമില്ലെന്ന് വ്യക്തം. ജീവന്റെ സ്വാഭാവികമായ വികാസത്തിലെ ഒരു ഘട്ടത്തിലാണ്‌ നമ്മൾ Small Shelly Fossils നെ കണ്ടത്. ഈ ജീവികളിലെ സ്വാഭാവിക വികാസമാണ്‌ ഇനി നമ്മൾ മിഡിൽ കാംബ്രിയനിൽ കാണുന്നത്. എന്നാൽ ഈ സ്വാഭാവിക വികാസത്തെ സൃഷ്ടിവാദികൾ ഒരിക്കലും സമ്മതിച്ചുതരില്ല. അവർക്ക് മിഡിൽ കാംബ്രിയനിൽ ദൈവത്തെ പ്രതിഷ്ഠിച്ചേ തീരൂ. ശ്രീ. ഹുസൈന്റെ വാക്കുകൾ നോക്കൂ:-“പരിണാമപ്രക്രിയയുടെ സ്വാഭാവികരീതിയെക്കുറിച്ചുള്ള ഡാർവിൻ സിദ്ധാന്തം അബദ്ധമാണെന്നും അസ്വാഭാവികരീതിയിലൂടെയാണ്‌ ജീവികൾ ഉല്ഭവിച്ചതെന്നുമാണ്‌ സൃഷ്ടിവാദികൾ പറയുന്നത്. നൂറ്റമ്പത് വർഷങ്ങളായ് സ്വാഭാവികരീതി മുറുകെ പിടിച്ച് മുനോട്ട് നീങ്ങിയ പരിണാമവാദികൾപുതിയ ഫോസിൽ ഗവേഷണങ്ങൾ കണ്ട് അസ്വാഭാവിക രീതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതാം

അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. പുതിയ ഫൊസിൽ ഗവേഷണങ്ങൾ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസിൽ ഗവേഷണങ്ങൾ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസിൽ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകൾ പരിണാമശാസ്ത്രത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഇനിയിപ്പോ സൃഷ്ടിവാദികൾ പുതിയ ഫോസിൽ ഗവേഷണം നടത്തി സൃഷ്ടിവാദത്തിനനുകൂലമായി പുതിയ തെളിവുകൾ കണ്ടേത്തിയോ ആവോ! ഏതായാലും അത്തരം അറിവുകൾ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ സൃഷ്ടിവാദികൾ ഗവേഷണം നടത്തി പരിണാമം തെറ്റാണെന്ന് തെളിയിക്കുകയാണ്‌ വേണ്ടത്. അല്ലാതെ ‘സ്രഷ്ടാവായ ദൈവത്തെ’ പിടിച്ചുകൊണ്ടുവന്ന് കാംബ്രിയനിൽ ഫിറ്റുചെയ്യുകയല്ല.

കംബ്രിയൻ ജൈവ വൈവിധ്യത്തിലേക്ക്

ബഹുകോശജീവികൾ 60 കോടി വർഷം മുമ്പേ ഫോസിലിൽ പ്രത്യക്ഷപ്പെടുന്നു എന്ന് നമുക്കറിയാം(Ediacaran Fossils). പിന്നീട് Small Shelly Fossils കണ്ടു. (54.5 കോടി മുതൽ 52 കോടി വരെ) അങ്ങനെ 8 കോടി വർഷത്തെ നിരന്തരമായ പരിണാമത്തിന്റെ 52 കോടി വർഷം തൊട്ട് കാണുന്ന സ്വാഭാവിക ജൈവവികാസം മാത്രമാണ്‌ കാംബ്രിയൻ ജീവികൾ.

ഇതെല്ലാമാണ്‌ കാംബ്രിയനില്‍ ദൈവം നടത്തിയ സൃഷ്ടികള്‍. അയലയില്ല, അരണയില്ല, കുഞ്ഞനെലിയില്ല, മനുഷ്യന്മാര്‍ ഒട്ടുമില്ല!!

ചുരുക്കത്തിൽ ഫോസിൽ രേഖകൾ കാണിക്കുന്നത്, ആദ്യം കാണുന്ന പ്രോകാരിയോട്ടിക് ഏക കോശത്തിൽനിന്നുള്ള പടിപടിയായ വികാസം യൂകാരിയോടിക് കോശത്തിലേക്കും അവിടേനിന്നും മൃദുശാരീരികളായ ബഹുകോശ ജീവികളിലേക്കും അതിൽനിന്നും കൊച്ചു കവചങ്ങളുള്ള ജീവികളിലേക്കും പിന്നീട് പൂർണതോതിലുള്ള കവചങ്ങളും പുറംതോടുകളുമുള്ള മിഡിൽ കാംബ്രിയനിൽ കാണുന്ന നട്ടെല്ലില്ലാത്തെ ജീവികളിലേക്കും ജൈവവികാസം സംഭവിക്കുന്നു. ഇതാണ്‌ ഫോസിലിൽ കാണുന്ന ജൈവവികാസത്തിന്റെ ക്രമം. എന്നാൽ ശ്രീ ഹുസ്സൈൻ പറയുന്നു,പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഫോസില്‍ വിവരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാകാന്‍ തുടങ്ങിയത് കാംബ്രിയന്‍ വിസ്ഫോടനം(Cambrian Explosion) എന്ന്‌ പാലിയന്തോളജിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതോടെയാണ്‌[20].  ഫോസിൽ തെളിവുകൾ പരിണാമസിദ്ധാന്തത്തെ ദുർബലമാക്കുകയല്ല മറിച്ച് അത് ജൈവവിസ്ഫോടനത്തിന്റെ കാരണം കണ്ടെത്തി വിശദീകരിച്ച് സ്വയം ശക്തമാകുകയാണുണ്ടായത്. അപ്പോൾ ശ്രീ. ഹുസ്സൈന്‍‍ കളവു പറയുകയാണോ? ഒന്നുകിൽ ആകാം. അല്ലെങ്കിൽ പുതിയ ഗവേഷണഗ്രന്ഥങ്ങൾ ഒന്നും വായിക്കാതെ പഴയകാല ഗ്രന്ഥങ്ങളിൽ പിടിച്ച് കറങ്ങിക്കളിക്കുകയാകാം. രണ്ടായാലും വഞ്ചി തിരുനക്കരതന്നെ.

മിഡിൽ കാംബ്രിയൻ ജീവികൾ

മിഡിൽ കാംബ്രിയനിലെ പ്രത്യേകത ജീവികൾക്ക് പുതിയ ബോഡി പ്ലാനുകൾ ഉണ്ടാകുന്നു എന്നതാണ്‌. അതിന്റെ ഭാഗമായി അവർക്ക് കട്ടിയുള്ള കവചങ്ങളും പുറം തോടുകളുമുണ്ടകുന്നു. ഇന്ന് കാണുന്ന വ്യത്യസ്തത വിഭാഗം ജീവികളുടെ പൂർവ വിഭാഗങ്ങൾ മിഡിൽ കംബ്രിയനിൽ പ്രത്യക്ഷപ്പെടുന്നു. കംബ്രിയന്റെ 52 കോടി വർഷം മുതൽ തുടങ്ങി 51.5 വർഷം വരെയുള്ള ഘട്ടം Atdabanian എന്നാണ്‌ അറിയപ്പെടുന്നത്. ഈ വേളയിൽ ട്രൈലോബൈറ്റുകളും ഇതര ജൈവവിഭാഗങ്ങളും അത്യധികമായി പ്രത്യക്ഷപ്പെടുന്നു. (ട്രൈലോബൈറ്റുകൾ തന്നെ ഒട്ടേറെ വിഭാഗങ്ങളുണ്ട്). മൂന്ന് ഖണ്ഡങ്ങളായി ഏതാനും സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ജീവികളാണ്‌ ഇവ. കാംബ്രിയൻ വിസ്ഫോടനത്തിൽ കാണുന്ന ജീവികൾ എല്ലാം തന്നെ ഏതാനും സെന്റീമീറ്ററുകളോ ഇഞ്ചുകളോ മാത്രം വലിപ്പമുവയാണ്‌. (അവിടെ ആന-മയിൽ-ഒട്ടകങ്ങൾ ഒന്നും കാണുകയില്ല. സൃഷ്ടിയാണ്‌ നടന്നതെങ്കിൽ അതെല്ലാം കാണേണ്ടതല്ലേ?)

കാനഡയിലെ Burgess Shale ഫോസിൽ ഗ്രൂപ്പാണ്‌ കാംബ്രിയൻ വിസ്ഫോടനത്തെക്കുറിച്ച് പഠിക്കാൻ പറ്റിയ ഏറ്റവും നല്ല ഫോസിൽ ശേഖരം. 1909-ൽ Charles Walcott ആണ്‌ അദ്യം ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. അവ Small Shelly Fossils ൽനിന്നും കുറെകൂടി വികസിച്ച ശാരിയായ ജീവികളായിരുന്നു. അവയ്ക്ക് കൊമ്പുകൾ, കൈകാലുകൾ, വാലുകൾ, പിന്നെ പ്രധാനമായി കണ്ണുകൾ ഇവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ, അവ ഇന്നത്തെ ആധുനിക ജൈവവിഭാഗങ്ങളായ Arthropods, Annelids, Chordates, Molluscs  എന്നിവയിൽ പെട്ട പ്രാചീന ജീവികൾ ആയിരുന്നു. ഒന്നരകോടി മുതൽ രണ്ട് കോടി വർഷം വരെ നീണ്ട കാലയളവിലായിരുന്നു ഈ ജീവികളുടെ പ്രത്യക്ഷപ്പെടൽ സംഭവിക്കുന്നത്. അതായത് 52 കോടി മുതൽ 50 കോടി വർഷം വരെയുള്ള കാലം. Small Shellyജീവികളില്‍നിന്ന് കുറെകൂടി വികാസം പ്രാപിച്ച കാംബ്രിയൻ ജീവികൾ പ്രത്യക്ഷപ്പെടുന്നതിന്‌ ഈ കാലയളവ് ധാരാളമാണ്‌. പൊതുപൂർവികനിൽ നിന്നും ചിമ്പാൻസിയും മനുഷ്യരും വേർപെട്ടതിനുശേഷം, നമ്മുടെ ശാഖ 70-60 ലക്ഷം വർഷങ്ങൾക്കുള്ളിലാണ്‌ അതിസങ്കീർണ ഘടനയുള്ള ആധുനിക മനുഷ്യരായി പരിണമിച്ചത് എന്നോർക്കുക. അപ്പോൾ നമ്മേക്കാൾ സങ്കീർണത കുറഞ്ഞ കാംബ്രിയൻ ജീവികൾ രൂപപ്പെടുന്നതിന്‌ രണ്ടുകോടി വർഷങ്ങൾ ധാരാളമാണ്‌. മാത്രമല്ല, കാംബ്രിയനുശേഷമുള്ള എല്ലാ കാലഘട്ടങ്ങളിലും -ഓർഡോവിഷൻ, സിലൂറിയൻ, ഡെവോണിയൻ, കർബോണിഫെറസ്, പെർമിയൻ- ഈ സങ്കീർണത പതിയെ പതിയെ കൂടിവരുന്നതായി കാണുന്നു. ഇതാണ്‌ ജീവൻ ലളിതരൂപത്തിൽനിന്ന് സങ്കീർണതിലേക്ക് പരിണമിക്കുന്നു എന്ന് പറഞ്ഞതിന്റെ ഗുട്ടൻസ്. ആദ്യത്തെ ലളിത ഏകകോശ ജൈവരൂപത്തിൽ നിന്ന് അതിസങ്കീർണമായ ജൈവരൂപമായ മനുഷ്യൻ പരിണമിക്കാൻ 400 കോടി വർഷങ്ങൾ എടുത്തതിന്റെ കാരണവും അതുതന്നെ.

സൃഷ്ടിവാദികൾക്ക് കാംബ്രിയനിൽ സൃഷ്ടി നടന്നു എന്ന് വാദിക്കുന്നതിന്‌ എന്ത് ന്യായമാണുള്ളത്? സൃഷ്ടി നടന്നു എന്ന് അത്രയ്ക്കുറപ്പുണ്ടെനിൽ അവർ കാംബ്രിയൻ ഫോസിൽ ശേഖരത്തിൽ നിന്നും (Burgess Shale Canada, chenggiyang China) ഒരു മനുഷ്യന്റെ ഫോസിൽ എടുത്തുതരട്ട, അല്ലെങ്കിൽ വേണ്ട ഏതെങ്കിലും ഒരു ചെറു പ്രൈമേറ്റിന്റെ ഫോസിലെങ്കിലും. എന്നിട്ടവർ പരിണാമശാസ്ത്രത്തെ തകർത്ത് തരിപ്പണമാകട്ടെ. അതുവഴി ദൈവത്തിന്റെ സിംഹാസനം അവർ എന്നെന്നേക്കുമായി കാംബ്രിയനിൽ ഉറപ്പിക്കട്ടെ. പക്ഷേ, സംഗതി നടക്കില്ലല്ലോ!

ഇനി നമുക്ക് പരിശോധിക്കാനുള്ളത് നട്ടെല്ലികളുടെ ആവിർഭാവമാണ്‌. പ്രധാനപ്പെട്ട ഒരു നട്ടെല്ലിയുടെ ഫോസിലും കാംബ്രിയനിൽ കിട്ടുകയില്ലെങ്കിലും അവയുടെ ആവിർഭാവം ഈ ഘട്ടത്തിൽതന്നെ സംഭവിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റിലും നോക്കുക; ഇന്ന് നട്ടെല്ലുള്ള ജീവികൾക്കാണ്‌ ആധിപത്യം. അത് മൽസ്യങ്ങളായും ഉഭയജീവികളായും ഉരഗങ്ങളായും പക്ഷികളായും സസ്തനികളായും നട്ടെല്ലില്ലാത്ത ജീവികളുടെ മേൽ മേല്‍ക്കൈ നേടിയിരിക്കുന്നു. ജലത്തിലും, കരയിലും, ആകാശത്തിലും ഇവരാണ്‌ മുമ്പന്മാർ. ഇത് എങ്ങനെ സംഭവിച്ചു? കാംബ്രിയനിൽ തന്നെ ഇതിനുത്തരമുണ്ട്. അത് മനസ്സിലാക്കാൻ HOX ജീനുകളെക്കുറിച്ച് അറിയേണ്ടതുണ്ട്.

എല്ലാ ജീവികളുടെയും- നട്ടെല്ലുള്ളവയും നട്ടെല്ലില്ലാത്തവയും- ശരീരനിർമാണ പ്രക്രിയയിൽ അതിപ്രധാന പങ്കുള്ള ജീനുകളാണ്‌ HOXജീനുകൾ. ഒരു ശരീരത്തിന്റെ ആകെയുള്ള body plan നിർണയിക്കുന്നത് ഈ ജീനുകളാണ്‌. ഒരു ജീവിയുടെ മുൻഭാഗവും പിൻഭാഗവും, ഇരു വശങ്ങളും, അതുപോലെ തലതൊട്ട് വാലുവരെ ഇത്യാദി ഭാഗങ്ങൾ രൂപപ്പെടുന്നത് ഈ ജീനുകളുടെ പ്രവർത്തനഫലമായാണ്‌. HOX ജീനുകൾ മാസ്റ്റർ ജീനുകളാണ്‌. (Transcription of factors- മറ്റു ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു. അവയുടെOn-Off ഈ ജീനുകൾ നിർണയിക്കുന്നു. ഓരോ HOX ജീനും ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു.) ക്രോമസോമുകളിൽ ഈ ജീനുകൾ തൊട്ട് തൊട്ടായി കാണപ്പെടുന്നു. ആദ്യം ശിരസ്സ്, പിന്നീട് മറ്റു ഭാഗങ്ങൾ എന്ന രീതിയിൽ ഈ ജീനുകളുടെ പ്രവർത്തനം തുടങ്ങുന്നു. അതനുസരിച്ച് ഒരു ശരീരം -ഗർഭപത്രത്തിൽ വെച്ച്) രൂപം കൊള്ളുന്നു. ഓരോ ജീവിയും ഈ ജീനുകളുടെExpression ശരിയായ രീതിയിലായതുകൊണ്ട് മാത്രമാണ്‌ അതിന്റെ തനതായ രൂപത്തിലിരിക്കുന്നത്. ഈ ജീനുകളിൽ എന്തെങ്കിലും മ്യൂട്ടേഷൻസംഭവിച്ചാൽ ഭയാനകമായിരിക്കും ഫലം. പഴയീച്ചകളിൽ കൃത്രിമമായി HOX ജീനുകളിൽ മ്യൂട്ടേഷൻ ഉണ്ടാക്കി പരീക്ഷണം നടത്തി. ഫലം തലയിൽ കാലുമുളച്ചു. ശരീരനിർമിതിയിൽ അത്യധികം പ്രാധാന്യമുള്ള ഈ ജീനുകൾ ജന്തുലോകത്ത് ആകെ വ്യന്യസിക്കപ്പെട്ടിരിക്കുന്നു. എങ്കിൽ നമുക്കൊരു ചോദ്യം ചോദിക്കാമല്ലോ. ഈ ജീനുകളുടെ ആവിർഭാവം എപ്പോഴായിരുന്നു? തീർച്ചയായും ഈ ജീനുകൾ വളരെ നേരത്തെത്തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. 60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പെ തന്നെ60 കോടി വർഷങ്ങൾക്കുമുമ്പത്തെ ജീവികൾക്ക് HOX ജീനുകളടക്കം സുപ്രധാന ജീനുകൾ എങ്ങനെ ലഭ്യമായി? തീർച്ചയായും അവർക്ക് പൂർവിക ജീവികളുണ്ടായിരിക്കണം. കഴിഞ്ഞ 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌ ബഹുകോശജീവികളുടെ ആവിർഭാവം എന്നാണ്‌ മോലിക്യുലാർ ബയോളജിയിലെ തെളിവുകൾ കാണിക്കുന്നത്. ഈ ജീവികളുടെ പില്‍കാല വികാസമാണ്‌ 60 കോടി വർഷം തൊട്ട് കാണുന്നEdiacaran ജീവികൾ. ഈ ജനിതകതെളിവുകളുടെ വെളിച്ചത്തിൽ സൃഷ്ടിവാദികൾ സൃഷ്ടിച്ച ഇരുട്ട് അകലുന്നു. ദൈവം സൃഷ്ടി നടത്തി എന്ന് സൃഷ്ടിവാദികൾ അവകാശപ്പെടുന്ന മിഡിൽ കാംബ്രിയനിലെ ജീവികൾ പ്രത്യക്ഷപ്പെടുന്നതിനും കുറഞ്ഞത് 28 കോടി വർഷം മുമ്പെങ്കിലും ജീവികൾ ഭൂമിയിൽ രംഗത്തുണ്ടായിരുന്നുവെന്നതാണ്‌ വസ്തുത

ഇനി നട്ടെല്ലികളുടെ ആവിർഭാവത്ത്ലേക്ക് നയിച്ച സംഭവങ്ങളെതെന്ന് നോക്കാം. മൽസ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ ഇവയാണ്‌ പ്രധാന നട്ടെല്ലികൾ. എല്ലാ നട്ടെല്ലികളുടേയും DNA യിൽ 4 സെറ്റുകളിലായി 39 HOX ജീനുകളുണ്ട്. ഈ ജീനുകളാണ്‌ തവള മുതൽ തിമിംഗലം വരെയുള്ള നട്ടെല്ലിലോകത്തെ വ്യത്യസ്ത ജീവികളെ രൂപപ്പെടുത്തുന്നത്. നട്ടെല്ലികളിലെ ഈ ജീനുകൾ എല്ലാവരിലും ഒരേപോലെയാണെങ്കിലും അവ നിയന്ത്രിക്കുന്ന ജീനുകളിൽ വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങളാണ്‌ വ്യത്യസ്ത Body Plan(ജീവികൾ) ഉണ്ടാകുന്നതിനു കാരണം. അതായത് എലിയിലും മനുഷ്യനിലും 4 സെറ്റുകളിലായി 39  HOX ജീനുകൾ തന്നെയാണുള്ളത്. അവ Expressചെയ്യിക്കുന്ന ജീനുകളിലെ മാറ്റങ്ങളാണ്‌ നമ്മെ രണ്ട് വിഭാഗം ജീവികളാക്കിയത്. നട്ടില്ലാത്ത വിഭാഗം ജീവികളിൽ ഒരു സെറ്റ് മാത്രമേയുള്ളു. അതിൽ 8  HOX ജീനുകളുണ്ട്. ഇവിടെ രസകരമായ ഒരു കാര്യമുണ്ട്; പഴയീച്ചയിലെ 8  HOX ജീനുകളുടെ മറ്റൊരു പതിപ്പാണ്‌ എലിയിൽ കാണുന്ന 39 ജീനുകളും. അതായത് നട്ടെല്ലികളിലെ 4 സെറ്റുകളിലായി കാണപ്പെടുന്ന 39  HOX ജീനുകളും ഒരേ  HOX സെറ്റിൽനിന്നാണ്‌ ഉണ്ടായത്. നട്ടെല്ലികളിൽ 4 സെറ്റുകൾ ഉണ്ടായതിനു കാരണം ജീൻ duplication ആണ്‌[23]. നട്ടെല്ലി പരിണാമത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരു സെറ്റ്  HOX ന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പികളുണ്ടായി രണ്ട് സെറ്റുകളുണ്ടാകുകയും പിന്നീട് ഈ രണ്ട് സെറ്റുകളും ഡ്യൂപ്ലിക്കേറ്റ് ചെയ്ത് 4 സെറ്റുകളാകുകയും ചെയ്തു. ഇങ്ങനെ ഡ്യൂപ്ലിക്കേഷൻ വഴി പകർന്നുകിട്ടിയ ഈ ജീനുകളിൽ പലതും ഒറിജിനൽ  HOX ജീനുകളുടെ ജോലി ചെയ്യാൻ തുടങ്ങി. അതിന്റെ ആത്യന്തിക ഫലം പുതിയ ശരീരഘടനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നതാണ്‌.

ഒരു ബാക്റ്റീരിയത്തിന്റെ Genome ൽ ആയിരത്തിലധികം ജീനുകളുണ്ട്. എന്നാൽ മനുഷ്യന്റെ Genome ൽ അത് മുപ്പതിനയിരത്തോളം വരും. നമ്മിൽ എങ്ങനെയാണ്‌ ഇത്രയധികം ജീനുകളുണ്ടായത്? ആയെല്ലാം ഉണ്ടായത് ജീന്‍ ഡ്യൂപ്ലിക്കേഷൻ വഴിയാണ്‌. ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെട്ട ജീൻ, Genome ൽ അതിന്റെ ഒറിജിനൽ ജീനിന്റെ അടുത്തുതന്നെ സ്ഥാനം പിടിക്കുന്നു. ആദ്യഘട്ടത്തിൽ ഈ ജീൻ ഒറിജിനൽ ജീനിന്റെ പ്രവർത്തനം തന്നെ നടത്തുന്നു. പിന്നീട് ഡ്യൂപ്ലിക്കേറ്റ് ജീനിൽ മ്യൂട്ടേഷനുകൾ സംഭവിക്കുന്നു. അതോടെ ഒറിനിനൽ ജീനിൽ നിന്ന് ആ ജീൻ വ്യത്യസ്തമാകുന്നു. Genome (ഒരു ജീവിയുടെ കോശത്തിൽ  കോശത്തിൽ കാണുന്ന മൊത്തം ജനിതക വസ്തുക്കൾ-അതിൽ DNA യും ജീനുകളും ഉൾപ്പെടും) വലുതായിപ്പോകുന്നതിന്റെ കാരണം ഒരു ജീനിന്റെ ഡ്യൂപ്ലിക്കേഷൻ കൊണ്ട് മാത്രമാകണമെന്നില്ല. ചിലപ്പോൾ ഒരു സംഘം ജീനുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം. ചില അവസരത്തിൽ ക്രോമസോം അപ്പടി ഡ്യൂപ്ലിക്കേറ്റ് ചെയ്തേക്കാം. ഒരു ഘട്ടത്തിൽ മൊത്തം ക്രോമസോമുകൾ(Genome പൂർണമായും)ഡ്യൂപ്ലിക്കേറ്റ് ചെയ്യാം[24]. നട്ടെല്ലികളുടെ പരിണാമത്തിൽ HOX ജീനുകളുടെ പരിണാമം നിർണായകമാണെങ്കിലും അതോടൊപ്പം ചില പ്രധാന ജീനുകളും ഡ്യൂപ്ലിക്കേറ്റ് ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിട്ടാണ്‌ നട്ടേല്ലുള്ള ജീവികൾ എന്ന ജൈവവിഭാഗം പരിണമിച്ചത്.

നട്ടെല്ലികളുടെ ആവിർഭാവത്തെ സംബന്ധിച്ച് മുകളിൽ പറഞ്ഞത് ജനിതക തെളിവുകളാണെങ്കിൽ, അതിനു പിൻബലമായി ഫോസിൽ തെളിവുകളുമുണ്ട്. ചൈനയിലെChengjiang ഫോസിൽ ശേഖരത്തിൽനിന്നും കിട്ടിയ ഒരു ഫൊസിലുണ്ട്. അതിന്റെ പേര്‌ Haikouichthys ercaicunensis.ഇതിന്റെ പ്രായം 52 കോടി വർഷമാണ്‌[25]. അത് ഒരു തരം താടിയില്ലാത്ത മൽസ്യമാണ്‌. (അങ്ങനെയാണ്‌ ഈ ഫോസിലിനെ വിവരിക്കുന്നത്. എന്നാൽ കാഴ്ചയിൽ ഈളുപോലെയുള്ള അകൃതിയാണ്‌. ഫോസിലിന്റെ ചിത്രവുംRecunstructionനും നോക്കുക, Prothero, P 201) ഈ ഫോസിലിൽ പത്തിലധികം കശേരു (Vertibra)ഖണ്ഡങ്ങൾ, ശിരസ്സിലെ കൺകുഴികൾ, ചെകിളകൾ, പിൻ വശത്തെയും അടിവശത്തെയും ചിറകുകൾ എന്നിവ വ്യക്തമായിരിക്കുന്നു.Chengjiang-ൽ നിന്നും കിട്ടിയ ഇതേകാലത്തുള്ള മറ്റൊരു ഫോസിലാണ്‌ Haicovella. ആദ്യം പറഞ്ഞ ഫോസിലിൽ നിന്നും അല്പം നീണ്ടുരുണ്ട ആകൃതിയാണിതിനെങ്കിലും ലക്ഷണങ്ങളെല്ലാം ആദ്യം പറഞ്ഞതുതന്നെ. Burgess Shale ഫോസിൽ ശേഖരത്തിൽ നിന്നുള്ള വേറൊരു നട്ടെല്ലി പൂർവികന്റെ ഫോസിലുണ്ട്. അതാണ്‌ pikaia gracilens. പുഴു പരുവത്തിലുള്ള ഈ ജൈവരൂപങ്ങളാണ്‌ നട്ടെല്ലി പരിണാമത്തിലെ ആദ്യ സ്രോതസ്സുകൾ. സൃഷ്ടിവാദികൾ എന്തൊക്കെ ബഡായി പറഞ്ഞാലും കാംബ്രിയനിൽ എന്തുകൊണ്ട് ആനമയിലൊട്ടകത്തെ കാണുന്നില്ല എന്ന ചോദ്യത്തിനുത്തരം അതുതന്നെ.

നട്ടെല്ലില്ലാത്ത ജീവികളെ നമുക്കു ചുറ്റും കാണുന്നുണ്ടല്ലോ. പരിമിതമായ വലിപ്പത്തിൽ ഈ ജീവിവിഭാഗം ഒതുങ്ങി നില്ക്കുന്നു. എന്നാൽ നട്ടെല്ലികളിൽ ശരീരവലിപ്പത്തിന്റെയും വ്യത്യസ്തതകളുടെയും കാര്യത്തിൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചു. നട്ടെലി ലോകം കുഞ്ഞനെലി തൊട്ട് നീല തിമിംഗലം വരെ വിസ്തൃതമാണ്‌. HOX ജീനുകളിലും മറ്റ് ഏതാനും ജീനുകളിലും സംഭവിച്ച ഡ്യൂപ്ലിക്കേഷൻ കൊണ്ടുണ്ടായ അനുകൂലാവസ്ഥ കൊണ്ട് മാത്രമാണ്‌ ഇന്ന് നട്ടെല്ലിലോകത്ത് ഇത്രയും വൈവിധ്യമുണ്ടായത്. നട്ടെല്ലില്ലാത്ത തേളിൽനിന്നും പഴുതാരയിൽ നിന്നും വ്യത്യസ്തമായ് നട്ടെല്ലികൾക്കുണ്ടായ പ്രധാന ആനുകൂല്യം അവയുടെ പുറത്തേക്ക് തള്ളിനില്ക്കുന്ന അവയവങ്ങളിൽ (കൈകൾ, കാലുകൾ,....) വൻ പരിണാമങ്ങൾ സംഭവിച്ചു എന്നതാണ്‌.

(കൈകളിലും കാലുകളിലും നടന്ന പരിണാമങ്ങൾ പില്കാലത്ത്‌ മനുഷ്യപരിണാമത്തിലെ നിർണായക വഴിത്തിരിവുകളായി (മുൻ ലേഖനം നോക്കുക​)‍മാറി. ഈ പരിണാമങ്ങൾ കാംബ്രിയൻ തൊട്ടേ കാണാവുന്നതാണ്‌. ഈ കാലത്തുതന്നെ ശരിയായ താടിയില്ലാത്ത മൽസ്യങ്ങളെ കാണുന്നു. (Agnathans) അടുത്ത യുഗമായ ഓർഡോവിഷനിലെത്തുമ്പോൾ (49 കോടി മുതൽ 43.8 കോടി വർഷം വരെ) ഈ വിഭാഗം മൽസ്യങ്ങളുടെ കൂടുതൽ ഗ്രൂപ്പുകൾ കാണുന്നു. Hetero Stracii, Osteo Straci, tholodonti എന്നിവ ഉദാഹരണം. സിലൂറിയൻ യുഗത്തിലെത്തുമ്പോൾ (43.8 കോടി വർഷം മുതൽ 41.7 കോടി വർഷം വരെ) താടിയുള്ള മൽസ്യങ്ങൾ രംഗത്തുവരുന്നു. പിന്നീട് ഡെവോണിയൻ യുഗത്തിലെത്തുമ്പോൾ (41.7 കോടി മുതൽ 36.2 കോറ്റി വർഷം വരെ) നട്ടെല്ലികളുടെ കരയിലേക്കുള്ള പ്രവേശം നടക്കുന്നു. പിന്നീട് ഫോസിൽ ക്രമം നോക്കുമ്പോൾ, അത് ഉഭയജീവികളായും, ഉഭയജീവികളിൽനിന്ന് ഉരഗങ്ങളിലേക്കും, ഉരഗങ്ങളിൽ നിന്ന് ഒരു ശാഖ സസ്തനികളിലേക്കും മറ്റൊരു ശാഖ ഡിനോസറുകളിലേക്കും ഡിനോസറുകളിൽ നിന്നും പക്ഷികളിലേക്കും നട്ടെല്ലി പരിണാമം സംഭവിക്കുന്നു. ഇത് ജീവന്റെ ചരിത്രത്തിലെ നട്ടെല്ലികളുടെ പരിണാമത്തിന്റെ ഫോസിലുകൾ വെളിപ്പെടുത്തുന്ന വസ്തുതകളാണ്‌. ഈ പരിണാമം ഇങ്ങനെ നടന്നതുകൊണ്ട് മാത്രമാണ്‌  സൃഷ്ടിവാദികൾ, ദൈവം സൃഷ്ടി നടത്തി എന്നു വിളിച്ചുകൂവുന്ന കാംബ്രിയൻ യുഗത്തിൽ സസ്തനിയായ മനുഷ്യന്റെ ഫോസിൽ കാണാത്തത്.

ഇനി കാംബ്രിയൻ യുഗത്തിലെ ഒരു പ്രശ്നത്തെക്കുരിച്ചു പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്‌. അത് കാഴ്ചയെ സംബന്ധിച്ച ചില വസ്തുതകളാണ്‌. ട്രൈലോബൈറ്റുകൾക്കും Haikouichthysനുമെല്ലാം കണ്ണുകളുണ്ടായിരുന്നു. അവർ ജീവിച്ചിരുന്ന പരിസരത്തിൽ (ജലത്തിൽ) ജീവിച്ചുപോകാൻ തക്കവിധം വികസിതമായ കാഴ്ചശക്തി അവരിൽ രൂപപ്പെട്ടിരുന്നു. അങ്ങനെ പരിസ്ഥിതിക്കനുകൂലമായി ഒത്തുപോയതിന്റെ ഫലമായിട്ടാണ്‌ 52 കോടി വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടേറെ പരിഷ്കരിക്കലുകൾക്ക് വിധേയമായി ഇന്നും കണ്ണുകൾ നിലനില്ക്കുന്നത്. എന്നാൽ ഇവിടെയും സൃഷ്ടിവാദി ‘ഗവേഷകർ’ ഗവേഷണം നടത്തി പരിണാമശാസ്ത്രത്തെ കുഴിച്ചുമൂടുന്ന ഫലങ്ങൾ കണ്ടേത്തിയിരിക്കുന്നു. ശ്രീ. ഹുസ്സൈൻ എഴുതുന്നു: പരിണാമവാദികൾ അഭിപ്രായപ്പെടുന്നതുപോലെയാണ്‌ വളരെ വികസിതമായ ട്രൈലോബൈറ്റ് കണ്ണുകൾ രൂപപ്പെട്ടതെന്ന് സങ്കല്പിക്കുക. വളരെ വികസിതമായ കണ്ണുകളുള്ള ട്രൈലോബൈറ്റുകൾക്ക് അതേക്കാൾ വികാസം കുറഞ്ഞ കണ്ണുകളുള്ള മുൻ ഗാമികൾ ഉണ്ടാകണം. അവയ്ക്കുമുമ്പ് അതേക്കാൾ വികാസം കുറഞ്ഞത്. വീണ്ടും പിന്നെയും വികാസം കുറഞ്ഞത്... എന്നിങ്ങനെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം  "എന്നുമാത്രമല്ല, ആദ്യമായി കണ്ണു പ്രത്യക്ഷപ്പെടുമ്പോൾ അവയെല്ലാം വളരെ വികസിച്ച പരുവത്തിലുള്ള കണ്ണുകളാണ്‌ താനും. ഇത് പരിണാമമല്ല, സൃഷ്ടിയാണെന്നതിനാണ്‌ തെളിവാകുന്നത്. സൃഷ്ടിവിശ്വസമനുസരിച്ച് വികസിതമായ കണ്ണുകൾ മുൻ രൂപങ്ങളിലാതെ പ്രത്യക്ഷപ്പെടും കലക്കി. ഒരു നോബൽ സമ്മാനം കിട്ടാനുള്ള കോപ്പുണ്ട് ഈ കണ്ടേത്തലിന്‌.

ജൈവലോകത്ത് കണ്ണ്‌ രൂപപ്പെടുന്നതിന്‌ ഒരു മാസ്റ്റർ ജീൻ ഉണ്ട്. Pax-6എന്നാണതിന്റെ പേര്‌. നട്ടെല്ലില്ലാത്ത ജീവികളിലും നട്ടെല്ലുള്ള ജീവികളിലും കണ്ണ്‌ നിർമിക്കുന്നത് ഈ Pax-6 തന്നെ. എന്നാൽ ഈ ജീനിനെ സംബന്ധിച്ചൊരു രസകരമായ കാര്യമുണ്ട്. അതായത് ഈ ജീൻ, സൃഷ്ടിവാദികൾ ദൈവത്തെക്കൊണ്ട് സൃഷ്ടി നടത്തിച്ചതിനും (52 കോടി വർഷം)  വളരെ മുമ്പേ ഉള്ളതാണ്‌. എന്നുവെച്ചാൽ 60 കോടി വർഷങ്ങൾക്കു മുമ്പ് തന്നെ 60 കോടി വർഷം മുമ്പ് ഈ ജീനുകൾ ഉള്ളതിനാൽ ഈ കാലത്തു കാണുന്ന Ediacaraജീവികൾക്ക് കണ്ണുണ്ട്. കാഴ്ചയുണ്ട്. തുടർന്ന്  54.5 കോടി വർഷം തൊട്ടുകാണുന്ന Small Shelly fossils നും കണ്ണുകളുണ്ട്. എന്നാൽ ഈ ജീവികളെല്ലാം മൃദുശാരീരികളായതുകൊണ്ട്-കട്ടിയുള്ള ശരീര ഭാഗങ്ങളില്ല-കണ്ണുകൾ ഫൊസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ  കുറവാണ്‌. എന്നാൽ പ്രശ്നം അവിടെയും നില്ക്കില്ലല്ലോ. നമ്മൾ നേരത്തെ കണ്ടപോലെ ബഹുകോശ ജീവികളുടെ ആവിർഭാവം, മോളിക്യൂളാർ ബയോളജി തരുന്ന തെളിവനുസരിച്ച് 90 കോടി വർഷത്തിനും 80 കോടി വർഷത്തിനും ഇടയിലാണ്‌. HOX ജീനുകൾ ഈ കാലത്തെ ജീവികളുടെ body planരൂപപ്പെടുത്തിയതുപോലെ Pax-6 അവയുടെ കാഴ്ചശേഷിയും സംജാതമാക്കി. 60 കോടി വർഷം മുമ്പത്തെ ജീവികൾക്ക് അവ കിട്ടിയിട്ടുണ്ടെങ്കിൽ  അതിന്റെ കാരണം ഈ ജീവികൾക്ക് അവയെ പരുവപ്പെടുത്തിയ ജീനുകൾ അവയുടെ പൂർവികരിൽ നിന്ന് കിട്ടിയതായിരിക്കണം എന്നതാണ്‌. മാത്രമല്ല അവയുടെ കണ്ണുകൾ ശ്രീ ഹുസ്സൈൻ പറഞ്ഞതുപോലെ വികസിച്ച കണ്ണുകളൊന്നുമല്ല. സമുദ്രത്തിന്റെ ആഴങ്ങളിൽ ജീവിക്കുന്നവർക്ക് ഇന്നത്തെ നട്ടെല്ലികളുടെ ക്യാമറകണ്ണുകളുടെ ആവശ്യമില്ല. ആ നിസ്സാര ജീവികൾക്ക് അവയുടെ പരിസ്ഥിതിക്കനുസരിച്ച കണ്ണുകളേ ഉണ്ടായിരിക്കൂ. പരിസ്ഥിതി മാറ്റത്തിനനുസരിച്ച് കണ്ണിന്റെ ഘടനയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒട്ടേറെ പരിഷ്കരണത്തിന്റെ ഫലമായിട്ടാണ്‌ ഇന്നത്തെ ക്യാമറാകണ്ണുകൾ. ഇതെല്ലാം സംഭവിച്ചത് പരിണാമം എന്ന പ്രക്രിയയിലൂടെ മാത്രം. പരിണാമം  നടാന്നതുകൊണ്ട് മാത്രമാണ്‌ നമ്മളുള്ളത്.

ഇനി അതല്ലായെങ്കിൽ സൃഷ്ടിവാദികൾ തെളിയിക്കട്ടെ. അതിന്‌ അവര്‍ ഒന്ന് മാത്രം ചെയ്താൽ മതിയാകും. ദൈവം സൃഷ്ടി നടത്തിയത് എന്നവകാശപ്പെടുന്ന കാംബ്രിയൻ യുഗത്തിലെ ഫോസിൽ ശേഖരങ്ങളിൽനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കികൊണ്ടുവരൂ. വേണ്ട, ഒരു ചുണ്ടെലിയുടെയെങ്കിലും. അതിനായി Burgess Shale ലേക്കുംChengjiang ലേക്കും പോകൂ. കൂടെ രണ്ട് പിക്കാസും മമ്മട്ടിയും കൂടെ എടുത്തോളൂ. മാന്തി പൊളിക്കാം. കിട്ടിയാൽ കോളടിച്ചില്ലേ. പിന്നെ ഈ കുരുത്തം കെട്ട പരിണാമവാദികളും യുക്തിവാദികളും, നിരീശ്വരവാദികളും വരിവരിയായി നീങ്ങുകയായി, മതപാഠശാലയിലേക്ക്. സൃഷ്ടിവാദത്തിൽ അത്രയ്ക്ക് ആത്മാർത്ഥമായ വിശ്വാസമുള്ളവർ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് സമയം കളയുന്നതിലും ഉത്തമം അതായിരിക്കും. “കിട്ടിയാ ഊട്ടി; പോയാ ചട്ടി.”

മലയാളത്തിലെ പരിണാമവിമർശന പരീക്ഷണങ്ങൾ.

ലോകത്തിൽ ഏറ്റവും വികസിതമെന്ന് അഭിമാനിക്കുന്ന അമേരിക്കൻ ജനസംഖ്യയുടെ 40 ശതമാനത്തിലേറെ ആളുകൾ, മനുഷ്യൻ മറ്റൊരു ജീവിവർഗത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല മനുഷ്യൻ ഭൂമുഖത്ത് എത്തിയിട്ട് പതിനായിരത്തിലധികം വർഷങ്ങൾ ആയിട്ടില്ല എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നു. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇക്കൂട്ടരുടെ സംഖ്യ അത്ര ഉയർന്നതല്ലെങ്കിലും അത് അത്രയൊന്നും ചെറുതല്ലെന്നതാണ്‌ വസ്തുത. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെയും താരതമ്യേന വിദ്യാസമ്പന്നമായ കേരളത്തിലെയും സ്ഥിതി വിശകലനം ചെയ്യാൻ. ഇന്ത്യയിൽ പരിണാമവിഷയങ്ങൾ ജീവശാസ്ത്ര പുസ്തകങ്ങളിൽ പഠിക്കാനുണ്ടെങ്കിലും അത് പഠിച്ച് മാർക്ക് നേടാൻ ഉള്ളതാണെന്നതിലുപരി കൂടുതലൊന്നും അതേക്കുറിച്ച് പഠിച്ച് ‘സമയം കളയാൻ‘ അധികമാരും മെനക്കെടാറില്ല. ഇത് പരിണാമത്തിനു മാത്രമല്ല ശാസ്ത്രവിഷയങ്ങൾക്കാകമാനം ബാധകമാണ്‌. അതുകൊണ്ടുതന്നെ പരിണാമം മാത്രമല്ല, പരിണാമ വിമർശനങ്ങളും അധികമൊന്നും സാധാരണക്കാരിലേക്ക് എത്താറില്ല.

ലോകത്തിൽ പരിണാമത്തെക്കുറിച്ച് ഇറങ്ങിയ പരിണാമ പുസ്തകങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മലയാളത്തിൽ ഇറങ്ങിയ പരിണാമഗ്രന്ഥങ്ങളുടെ എണ്ണം തുലോം വിരളമാണ്‌. കേരള ശാസ്ത്രസാഹിത്യ പരിഷത് ഇതിനുള്ള ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രൊഫ. കുഞ്ഞുണ്ണി വർമ്മയുടെ പുസ്തകങ്ങൾ എടുത്തുപറയേണ്ടവയാണ്.. സംസ്ഥാന സർവ്വവിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരിണാമവിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് കുറച്ച് പരിണാമപുസ്തകങ്ങളും മലയാളത്തിൽ ലഭ്യമാണ്‌. റിച്ചാർഡ് ഡോക്കിൻസിന്റെ ‘God Delusion’ നെ അടിസ്ഥാനമാക്കി സി രവിചന്ദ്രൻ രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നാസ്തികനായ ദൈവം’ എന്ന ഗ്രന്ഥത്തിൽ പരിണാമം കുറെയൊക്കെ ചർച്ചചെയ്യുന്നുണ്ട്. എങ്കിലും ഏറ്റവും ഒടുവിൽ ഇറങ്ങിയ ഡോക്കിൻസിന്റെ തന്നെ ‘The Greatest Show on Earth’ എന്ന കൃതിയുടെ മലയാള പരിഭാഷ- ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം- എന്ന പുസ്തകത്തിലാണ്‌ പരിണാമത്തെ അതിന്റെ തെളിവുകൾ വെച്ച് വിശകലനം ചെയ്യുന്നത്. ഈ പുസ്തകങ്ങളെയൊക്കെ വിമർശനപരമായി സമീപിക്കാൻ മലയാളത്തിൽ ഒരാൾ മാത്രമേ കുറച്ചെങ്കിലും ശ്രമിച്ചിട്ടുള്ളു എന്നതാണ്‌ വസ്തുത. അതിനാകട്ടെ മതസംഘടനകളുടെ മുഖമാസികകൾക്ക് പുറത്ത് ഏറെയൊന്നും ഇടം കിട്ടിയിട്ടുമില്ല. പരിണാമത്തെ വിമർശിക്കാനാണെങ്കിൽ പോലും അതിനെ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ഒരു ചെറിയ ചർച്ചക്കെങ്കിലും കാരണമാക്കുന്നതിൽ ശ്രീ എൻ എം ഹുസ്സൈൻ വഹിക്കുന്ന പങ്കിനെ കുറച്ചുകാണാൻ കഴിയില്ല. എങ്കിലും വിമർശനാത്മകമായി പരിശോധിക്കുമ്പോൾ പരിണാമവിമർശനം എന്ന പേരിൽ അദ്ദേഹം നടത്തുന്നത് മലയാളത്തിൽ ഇറങ്ങിയ ഏതെങ്കിലും പരിണാമ പുസ്തകങ്ങൾ എടുത്തുവെച്ച് അതിൽ നിന്ന് ഏതെങ്കിലും ഒരു ഖണ്ഡികയെടുത്ത് അതിലെ അക്ഷരങ്ങളെയോ വ്യാകരണത്തെയോ ഇഴകീറി പരിശോധിക്കുകയോ, എഴുതിയവന്റെ ഗ്രാഹ്യശേഷിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലൊതുങ്ങുന്നു എന്ന് കാണാൻ കഴിയും. പരിണാമത്തെ സമഗ്രമായി വിമർശനവിധേയമാക്കാൻ മലയാളത്തിൽ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. ഉള്ള വിമർശനങ്ങളാകട്ടെ, പുസ്തകശാലക്കുള്ളിൽ എലി കയറി എല്ലാ പുസ്തകങ്ങളുടെയും വക്കും മൂലയുമൊക്കെ കരണ്ടു നോക്കുന്നതുപോലെ വളരെ ഉപരിപ്ലവമായ വിമർശനങ്ങളേ ആകുന്നുള്ളു. അതിൽ അല്ഭുതത്തിനൊട്ടും തന്നെ കാര്യവുമില്ല. കാരണം മലയാളത്തിലെ എല്ലാ പരിണാമ വിമർശനങ്ങളും സക്കീർ നായിക്കിനെപ്പോലുള്ള മതവാദികളുടെ വിമർശനങ്ങളുടെ ചുവടുപിടിച്ചുള്ളവ മാത്രമാണ്.

ഇന്നുള്ള കുരങ്ങന്മാരെന്തേ മനുഷ്യരാകാത്തത്?

ഭൂമിയിൽ ജീവജാലങ്ങൾ ഇന്നത്തെ രീതിയിൽ പ്രത്യേകം പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാകാൻ വഴിയില്ലെന്നും, സൃഷ്ടിക്കുശേഷം അത് ഇന്നത്തെ നിലയിലേക്ക് പരിണമിച്ചാതാകാമെന്നും പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രസ്താവിച്ചിരുന്നുവെങ്കിലും കൃസ്ത്യാനികൾ ഭൂരിപക്ഷവും ഇന്നും കളിമൺ സൃഷ്ടിവാദത്തെ കണ്ണുമടച്ചു പിന്തുണക്കുന്നവർ തന്നെയാണ്. ‘ഹൈന്ദവ‘രിൽ  ഭൂരിപക്ഷവും മനുഷ്യൻ ദൈവത്തിന്റെ വിശേഷസൃഷ്ടിയാണെന്ന് കരുതുന്നുവെങ്കിലും അതിന് അവർക്ക് സെമിറ്റിക് മതങ്ങളുടേതുപോലെയുള്ള ശാഠ്യങ്ങൾ ഇല്ല. പരിണാമമായാലും കുഴപ്പമില്ല, അത് ദൈവത്തിന്റെ ‘ലീലാവിലാസ‘മാണെങ്കിൽ അവർ തൃപ്തിപ്പെട്ടുകൊള്ളും. തങ്ങൾ യഥാർത്ഥ മുസ്ലിംകളാണെന്ന് സ്വയം അവകാശപ്പെടുന്നുവെങ്കിലും മുസ്ലിം സംഘടനകൾ ആകമാനം ‘അമുസ്ലിം‘ ഗണത്തിൽ പെടുത്തിയിരിക്കുന്ന അഹ്മദീയരാകട്ടെ പരിണാമം സത്യമാണെന്ന് വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്, അത് ദൈവത്തിന്റെ നിയന്ത്രണത്തിൽ നടന്നതായിരിക്കണമെന്ന ഒറ്റ കണ്ടീഷനിൽ-അത്രയെങ്കിലും നല്ലത്. എന്നാൽ പരിണാമത്തെ നഖശിഖാന്തം എതിർക്കുന്നത് ഇന്ന് ഇസ്ലാമിക സംഘടനകൾ മാത്രമാണ്. അവരുടെ പരിണാമവിമർശനമാകട്ടെ, “മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായതാണ്” എന്ന ‘മഹത്തായ അറിവി‘ന്മേലുള്ള കടന്നാക്രമണവുമാണ്. ഇത് ഏതാണ്ട് പൊയ്ക്കുതിരയെ തല്ലിക്കൊല്ലുന്നതിനെ ഓർമ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഒരു മതസംഘടനാ ഗ്രൂപ്പിന്റെ സമ്മേളന മാമാങ്കത്തിന്റെ പ്രചരണാർത്ഥം വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യപ്പെട്ട ലഘുലേഖയിൽ പറയുന്നത്, മനുഷ്യൻ ഭൂമുഖത്തെത്തിയിട്ട് “ഏതാനും ആയിരം” വർഷങ്ങളേ ആയിട്ടുള്ളു എന്നാണ്. ഈ ‘ഏതാനും ആയിരം‘ എന്നാൽ എത്ര ആയിരം വരുമെന്നുപോലും വ്യക്തമായി പറയാനുള്ള ആർജവം അവർക്കില്ലതാനും.

പരിണാമത്തെ തങ്ങൾ ‘ശാസ്ത്രീയമായി‘തന്നെയാണ് വിമർശിക്കുന്നതെന്നാണ് പരിണാമവിമർശകരുടെ അവകാശവാദം. എന്നാൽ ഈ ‘ശാസ്ത്രീയരീതി’  തങ്ങളുടെ വിശ്വാസപ്രമാണങ്ങളായ കെട്ടുകഥകൾക്കുമേൽ പ്രയോഗിക്കാൻ ഒരിക്കൽ പോലും ഇവർ ധൈര്യം കാണിച്ചിട്ടില്ലെന്ന വസ്തുത പരിശോധിക്കുമ്പോൾ ഇവരുടെ പരിണാമവിമർശനത്തിന്റെ ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. തങ്ങളുടെ മതദൈവങ്ങളുടെ ഗുണഗണങ്ങൾ പരിശോധിക്കാൻ നാസ്തികർക്ക് അവകാശമില്ലെന്നും ആദ്യം ‘ദൈവം’ ഉണ്ട് എന്ന് തീരുമാനിച്ച ശേഷം മാത്രമേ അത്തരം പരിശോധനകൾക്ക് അവകാശമുള്ളു എന്നും മുൻകൂർ ജാമ്യമെടുക്കുന്ന ചരിത്രനിഷേധികളായ പരിണാമവിമർശകർ അതേ ന്യായം വെച്ച്, പരിണാമത്തെ വിമർശിക്കും മുമ്പ്  അത് സത്യമാണെന്ന് സമ്മതിക്കേണ്ടതില്ലേ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ ബാക്കിനിൽക്കുന്നു.

പരിണാമത്തെ മൊത്തത്തിൽ അംഗീകരിക്കാതിരിക്കുമ്പോഴും സ്പീഷിസുകൾക്കുള്ളിൽ നടക്കുന്ന സൂക്ഷ്മ പരിണാമത്തെ അംഗീകരിക്കാൻ ഇക്കൂട്ടർ നിർബന്ധിതരാകുന്നുണ്ട്. അത് അംഗീകരിക്കാതെ പിടിച്ചുനില്ക്കുക ഇവർക്ക് പ്രയാസമാകുന്നതിനുകാരണം അത് അവരുടെ കണ്മുന്നിൽ കാണുന്നു എന്നതാണ്‌. രണ്ട് സ്പീഷീസുകൾക്കിടയിലെ അതിർവരമ്പുകൾ വളരെ നേർത്തതാണെന്നും ഒരിക്കൽ വേർപിരിഞ്ഞശേഷം പിന്നീട് ലൈംഗികബന്ധത്തിലൂടെ പുതിയതലമുറയെ ഉല്പ്പാദിപ്പിക്കാൻ കഴിയുന്ന അവസ്ഥ നഷ്ടപ്പെടുമ്പോഴാണ്‌ സ്പീഷിസുകളായി തരം തിരിക്കപ്പെടുന്നതെന്നുമുള്ള വസ്തുത ഇവർ അറിഞ്ഞോ അറിയാതെയോ മറച്ചുവെക്കുന്നു.  ‘സ്പീഷീസുകൾക്കകത്തേ പരിണാമം നടക്കുന്നുള്ളു, സ്പീഷീസിനു പുറത്തില്ല‘ എന്ന അറിവ് അവരുടെ സൌകര്യാർത്ഥം, അവരുടെ മുൻവിധികൾ സംരക്ഷിക്കുന്നതിനുവേണ്ടി, അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന് സാരം. വളർത്തുമൃഗങ്ങളിൽ നടത്തിയ കൃത്രിമ നിർധാരണത്തിലൂടെ അവയുടെ രൂപത്തിലും  സ്വഭാവത്തിലും മനുഷ്യൻ വരുത്തിയ മാറ്റം അൽഭുതാവഹമാണ്. മനുഷ്യർ വിവിധ ആവശ്യങ്ങൾക്കായി വളർത്തുന്ന ഭീമാകാരരായ നായകൾ മുതൽ ഓമനകളായ കുഞ്ഞൻ നായകൾ വരെ ഒരേ പൊതുപൂർവികനായ കാട്ടുചെന്നായകളിൽ, തുടക്കത്തിൽ ബോധപൂർവമല്ലാതെയും പിന്നീട് വ്യക്തമായ ഉദ്ദേശത്തോടെയും മനുഷ്യൻ നടത്തിയ ജനിതക ഇടപെടലുകളുളെ ഉൽ‌പ്പന്നങ്ങളാണ്.

ഗ്രേഹൗണ്ട് നായ്ക്കൾ വളരെ ശക്തമായ പേശികളും വളഞ്ഞ ആകൃതിയിലുള്ള ശരീരവും നീളമേറിയ കാലുകളും വാലും ഉള്ളവയാണ്‌. ഓടാനുള്ള ശേഷിയെ കൃത്രിമമായി നിർധാരണം ചെയ്താണ്‌ ഇവയെ വികസിപ്പിച്ചെടുത്തത്. എന്നാൽ ഇതിനു വിപരീതമായി ഡാഷ്ഹൗണ്ട് നായ്ക്കളുടെ ശരീരം കുറിയ കാലുകൾ ഉള്ള കുള്ളന്മാരെ ഓർമ്മിപ്പിക്കുന്നു. ഇത് മാളങ്ങളിൽ നുഴഞ്ഞുകയറി നായാടുക എന്ന പ്രത്യേക ആവശ്യത്തിനായി നിർധാരണം ചെയ്തെടുത്തവയാണ്‌. അതുപോലെ വീട്ടിലെ കിടക്കയിലും അടുക്കളയിലും കുഞ്ഞുങ്ങളെന്നപ്പോലെ പെരുമാറുന്ന ടോയ് ഡോഗുകൾ ഉൾപ്പെടെയുള്ള ഇനങ്ങൾ അരുമകളായി പോറ്റിയളർത്താൻ വികസിപ്പിച്ചെടുത്തവയാണ്‌. ഇതുപോലെതന്നെയാണ്‌ വളത്തുപ്രാവുകളുടെയും അലങ്കാരക്കോഴികളുടെയും കഥ. എന്തെല്ലാം വൈവിധ്യമാർന്ന ആകൃതികളിലേക്കാണ്‌ അവ ചുരുങ്ങിയ കാലം കൊണ്ട് പരിവർത്തിപ്പിക്കപ്പെട്ടിരിക്കുന്നത്! എന്നാൽ കൃത്രിമനിർധാരണം നടക്കുന്നത് മനുഷ്യന്റെ ബോധപൂർവ്വമായ ഇടപെടലുകളിലൂടെയാണെന്നുമാത്രമല്ല, അത് സ്പീഷീസുകളെ മാറ്റുന്നില്ലെന്നും, ഒരു നായയെ നിർധാരണത്തിലൂടെ ഒരു പൂച്ചയാക്കി കാണിക്കാമോ എന്നെല്ലാമുള്ള അപഹാസ്യമെങ്കിലും, പരിണാമം നടക്കുന്ന കാലദൈർഘ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തവരെ സംബന്ധിച്ച് യുക്തിസഹമെന്ന് തോന്നുന്ന ചോദ്യങ്ങളിലൂടെയാണ്‌ വിമർശകർ പരിണാമത്തെ നിരാകരിക്കാൻ ശ്രമിക്കുന്നത്. ബോധപൂർവ്വമായ ഇടപെടലിലൂടെ മനുഷ്യൻ നടത്തുന്ന നിർധാരണത്തെ അപേക്ഷിച്ച്, പ്രകൃതിയിൽ പാരിസ്ഥിതികാനുകൂലത്തിലൂടെ നടക്കുന്ന  സ്വാഭാവിക നിർധാരണം കാലമേറെ എടുക്കുമെങ്കിലും സമാന ഫലം തരുമെന്നും ഇത് സ്പീഷീകരണത്തിനുതന്നെ വഴിവെക്കുമെന്നുമാണ് കൃത്രിമനിർധാരണത്തിന്റെ അനന്തസാധ്യതകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

എല്ലാ ജീവികളിലും നിരന്തരമായി മ്യൂട്ടേഷൻ നടക്കുന്നുവെന്നാണ്‌ പരിണാമവാദികൾ പറയുന്നതെന്നും, അങ്ങനെയെങ്കിൽ ആദിമജീവജാലങ്ങളായ ബാക്റ്റീരിയകൾ ഇന്നും എന്തുകൊണ്ട് ബാക്റ്റീരിയകളായി തുടരുന്നുവെന്നുമാണ്‌ പരിണാമവിമർശകരുടെ മറ്റൊരു മാസ്റ്റർപീസ് വിമർശനം. ഇതിന്റെ ചുവടുപിടിച്ച്, കുരങ്ങിൽ നിന്നാണ്‌ മനുഷ്യനുണ്ടായതെങ്കിൽ പിന്നെയെന്തുകൊണ്ട് ഇന്നും കുരങ്ങുകൾ ഉണ്ടാകുന്നു, അവ എന്താണ്‌ പരിണമിച്ച് മനുഷ്യനാകാത്തത് എന്നൊക്കെയുള്ള ചില കിടിലൻ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരം ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നാണ്‌ അത് കേൾക്കുമ്പോൾ മനസ്സിലാക്കേണ്ടത്. അതല്ലെങ്കിൽ അവർക്ക് കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയെന്ന വ്യക്തമായ അജണ്ടയുണ്ടെന്നും.

ഒരു സ്പീഷീസിലെ എല്ലാ ജീവികൾക്കും ഒരേ സമയം ഒരേ രീതിയിലുള്ള മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടെന്നും അവയെല്ലാം സമാനമായി  നിർധാരണം ചെയ്യപ്പെടുന്നുണ്ടെന്നും അതുവഴി ഒരേ വഴിയിലൂടെ പരിണമിക്കുന്നുണ്ടെന്നും പരിണാമശാസ്ത്രം പറയുന്നുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു ചോദ്യത്തിനുതന്നെ പ്രസക്തിയുള്ളു. കുരങ്ങിൽ നിന്ന് മനുഷ്യൻ പരിണമിക്കുകയല്ല, മറിച്ച് ഇന്നത്തെ കുരങ്ങനും മനുഷ്യനും ഒരേ പൊതുപൂർവ്വികനെ പങ്കുവെയ്ക്കുന്നുവെന്നാണ്‌ പരിണാമശാസ്ത്രം പറയുന്നത്. കുരങ്ങന്റെ തന്നെ ഒരു സ്പീഷീസ് അല്ല ഉള്ളത്. ഗിബ്ബണുകൽ, ഒറാങ്ങ് ഊട്ടാൻ, ചിമ്പൻസി, ഗോറില്ല തുടങ്ങി നിരവധിയിനം കുരങ്ങുകൾ ഉണ്ട്. ഇവയെല്ലാം പ്രൈമേറ്റുകളുടെ പരിണാമശാഖയിൽ നിന്നും വ്യത്യസ്ത അവസരങ്ങളിൽ വേർപിരിഞ്ഞവയാണ്‌. ലീമറുകൾ, തേവാങ്കുകൾ, ബുഷ് ബേബി, ടാർസിയറുകൾ മുതലായവയുൾപ്പെടുന്ന ‘പ്രൊസീമി’ യും ആൾകുരങ്ങുകളും മനുഷ്യനും ഉൾപ്പെടെയുള്ള ‘ഹോമിനിഡെ’ ഫാമിലിയുമെല്ലാം ഇതേ പരിണാമവൃക്ഷത്തിൽ നിന്ന് പലയവസരത്തിൽ വേർപെട്ട വിഭാഗങ്ങൾ ആണ്‌. ഇത് സൂചിപ്പിക്കുന്നത്, കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്നല്ല, മറിച്ച്  പ്രൈമേറ്റ് വിഭാഗങ്ങൾ പലവിധത്തിൽ പലപ്പോഴായി പരിണമിച്ച് വേർപിരിഞ്ഞു എന്നാണ്‌. അതുപോലെ മനുഷ്യനും പട്ടികളും, മനുഷ്യനും ആനകളും, മനുഷ്യനും എലികളും, മനുഷ്യനും ബാക്റ്റീരിയകളും വരെ പങ്കുവെക്കുന്ന വിവിധ പൊതുപൂർവികർ ഉണ്ടാകുമെന്നാണ്‌. പരിണാമത്തിന്റെ ഈ ബാലപാഠമറിയുന്നവർക്ക് ബാക്റ്റീരിയ ഇന്നും പരിണമിക്കാതെ എന്തുകൊണ്ട് തുടരുന്നു എന്നെല്ലാമുള്ള ചോദ്യങ്ങളെ ആസ്വദ്യകരമായ ഫലിതങ്ങളായേ വീക്ഷിക്കാൻ കഴിയൂ.

കണ്ണുകൾ താനേ ഉണ്ടാകുമോ?
“കണ്ണുകൾ എന്ന അൽഭുതപ്രതിഭാസം എങ്ങനെ പരിണമിച്ചുണ്ടായി’ എന്ന ‘ഉത്തരം മുട്ടിക്കുന്ന‘ ചോദ്യവുമായി പരിണാമവിരോധികൾ കുറക്കാലം മുമ്പുവരെ സജീവമായിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു ചോദ്യം എടുത്തിടാൻ അവർ അധികമൊന്നും ശ്രമിച്ചുകാണുന്നില്ല. കാരണം ജീവികളുടെ കണ്ണുകളുടെ  പരിണാമം  ശാസ്ത്രം കൃത്യമായിതന്നെ നിർധാരണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നതുതന്നെയാണ്. ഏറ്റവും ലളിതഘടനയുള്ള ജീവികൾക്കുമുതൽ സങ്കീർണമായ ശരീരഘടയുള്ള ജീവികൾക്കുവരെ കണ്ണിന്റെ ദൗത്യം നിർവഹിക്കുന്ന അവയവങ്ങൾ ഉണ്ട്. ഒരു കണ്ണും സമ്പൂർണമല്ല, ഓരോ ജീവിയുടെയും നിലനില്പ്പിന്റെ ആവശ്യാനുസരണം നിർധാരണം ചെയ്യപ്പെട്ട കണ്ണുകളാണ്‌ അവയ്ക്കുള്ളത്. ജന്തുക്കൾ മാത്രമല്ല, സസ്യങ്ങളും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട്. പ്രകാശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ  കഴിവിനെ ഓരോ ജീവിയുടെയും നിലനില്പ്പിനാവശ്യമായ അളവിൽ, പ്രകൃതിനിർധാരണത്തിലൂടെ ലക്ഷക്കണക്കിന്‌ വർഷങ്ങൾ നീണ്ടുനിന്ന പരിണാമത്തിലൂടെ രൂപമെടുത്തതാണ്‌ ഒരോ ജീവിയുടെയും കണ്ണുകൾ. സസ്തനികളിൽ പ്രൈമേറ്റുകൾക്കു മാത്രമേ പൂർണ്ണ വർണ്ണ ക്കാഴ്ച്ചയുള്ളു. മനുഷ്യൻ, ഏപ്സ്, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ എന്നിവയ്ക്ക് 3 opsin ജീനുകൾ ഉള്ളതാണ് അവയുടെ വർണക്കാഴ്ചയ്ക്ക് നിദാനം. എന്നാൽ പശു ,ആന, കടുവ മുതലായവയ്ക്ക് [non primates] 2 opsin ജീനുകൾ മാത്രമുള്ളതിനാൽ ഫുൾ കളർ വിഷൻ ഇല്ല. പച്ചയും ചുവപ്പും വേർതിരിച്ചറിയാൻ അവയ്ക്കു സാധ്യമല്ല. പ്രകൃതി നിദ്ധാരണമാണിവിടെ നടന്നത്. കാഴ്ച്ചയുടെ ഉൽപ്പത്തിയിലേക്ക് പ്രകൃതി നിർദ്ധാരണം എങ്ങനെ കാരണമാകുന്നുവോ അതേ പോലെ കാഴ്ച്ചക്കുറവിലേക്കും കാഴ്ച്ചയില്ലായ്മയിലേക്കും പ്രകൃതി നിർദ്ധാരണം കാരണമാകുന്നുണ്ട്.

ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ഠരെന്ന് സൃഷ്ടിവാദികൽ അഹങ്കരിക്കുന്ന മനുഷ്യന്റെ കണ്ണുകൾ, അത്രയൊന്നും ‘ഉൽകൃഷ്ഠര‘ല്ലാത്ത ചില ജീവികളുടെ കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രയേറെ ശ്രേഷ്ഠമല്ല എന്ന വസ്തുത അവരെസംബന്ധിച്ച് ഏറെ അരോചകമായ അറിവുമാണ്.

ഡ്രാഗൺ ഫ്ലൈയുടെ ചിറകുകൾ സൃഷ്ടിവാദത്തിനു തെളിവാകുമോ?

‘ജീവിക്കുന്ന ഫോസിലുകൾ‘ എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ജീവികൾ ആണ് പരിണാമവിരോധികളുടെ മറ്റൊരു ഇഷ്ട ഇനം. പ്രാചീനകാലത്ത് ജീ‍വിച്ചിരുന്ന ജീവികളുടെ സ്പീഷീസിൽ പെട്ടതും അവയോട് സാദൃശ്യം പുലർത്തുന്നതും വലിയമാറ്റങ്ങളില്ലാതെ ഭൂമുഖത്ത് നിലനിൽക്കുന്നതുമായ സ്പീഷീസുകൾ ഉണ്ട്, അത്തരം ജീവികളെയാണ് ശാസ്ത്രലോകം ‘ജീവിക്കുന്ന ഫോസിൽ‘(Living 
Fssils) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഘടനാപരമായ കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത നിരവധി ജീവികളുടെ ഫോസിലുകൾ ലഭ്യമായിട്ടുണ്ട്. ശ്വാ‍സകോശ മത്സ്യം (Lung fish), കുതിരലാടത്തിന്റെ ആകൃതിയുള്ള ഒരിനം ഞണ്ട്(Horse-shoe crab), സ്റ്റർജൻ മത്സ്യം(sturgeon) ലിങ്ഗുല(Lingula), ബ്രാക്കിയോപോഡുകൾ(brachiopods), പേളി നോട്ടിലസ്(pearly nautilus), വെൽവെറ്റ് പുഴു(velvet wrom), ജിങ്കോ വൃക്ഷങ്ങൾ(ginko trees) തുടങ്ങിയവക്കെല്ലാം പ്രത്യക്ഷമായ മാറ്റങ്ങൾ അധികമൊന്നും സംഭവിക്കാത്ത പരിണാമ ചരിത്രമാണുള്ളത്. സൃഷ്ടിവാദക്കാരിൽ ഹർഷോന്മാദമുണ്ടാക്കിയ മറ്റൊരു ഫോസിലാണ് ‘ഡ്രാഗൺ ഫ്ലൈ’(തുമ്പി)യുടേത്. 30 കോടി വർഷങ്ങൾക്ക് ശേഷവും ഡ്രാഗൺഫ്ലൈയുടെ ചിറകുകൾ ഇന്നും ‘മാറ്റമില്ലാതെ‘ തുടരുന്നത് പരിണാമം നടന്നിട്ടില്ല എന്നതിനു തെളിവാണെന്നാണ് ഇവർ കൊട്ടിഘോഷിച്ചത്. അതുപോലുള്ള മറ്റൊരു സംഭവമാണ് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചിരുന്നുവെന്ന് കരുതിയിരുന്ന സീലാകാന്തസ് (coelacanthus) മത്സ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ പൂർവതീരത്തിനുസമീപം ആഴക്കടലിൽ നിന്ന് കണ്ടെത്തിയത്.

ഡ്രാഗൺ ഫ്ലൈ ഫോസിലുകൾ വെച്ച് പരിണാമം നടന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതുതന്നെ വലിയ മണ്ടത്തരമാണ്.  വലിപ്പത്തിലും ആകൃതിയിലും നിറത്തിലും വൈവിധ്യമാർന്ന 3000 ൽ പരം സ്പീഷീസുകൾ ഇന്ന് ഭൂമുഖത്തുണ്ട്. 30 കോടി വർഷങ്ങൾക്ക് മുമ്പ് കാർബോണിഫരസ് യുഗത്തിൽ ജീവിച്ചിരുന്ന ഡ്രാഗൺ ഫ്ലൈയുടെ ഫോസിലുകളാകട്ടെ വളരെ വലിയ ഇനവുമായിരുന്നു. അവയുടെ ചിറകുകൾക്ക് 65 സെന്റീമീറ്റർ വരെ നീളമുണ്ടായിരുന്നു. ഈ വസ്തുതകളെല്ലാം വെച്ചുതന്നെ ഡ്രാഗൺ ഫ്ലൈക്ക് പരിണാമമൊന്നും സംഭവിച്ചിട്ട് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ അത് 30 കോടി വർഷത്തിനിടക്ക് അതിന്റെ ആകൃതിയിൽ, വലിപ്പത്തിലല്ല, പരിണാമമൊന്നും സംഭവിച്ചിട്ടില്ല എന്നേ വരൂ. മറിച്ച് 30 കോടി വർഷങ്ങൾക്ക് മുമ്പ് അത് അതേ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നതിന്‌ ഇതെങ്ങനെ തെളിവാകും! മുപ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അവ അവയുടെ പൂർവികരിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല എന്നതിനും ഇത് തെളിവാകുന്നില്ല. എന്നാൽ രസകരമായ കാര്യം, ഈ ഭൂമിതന്നെ ഉണ്ടായിട്ട് ‘ഏതാനും ആയിരം’ വർഷങ്ങളേ ആയിട്ടുള്ളു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഇക്കൂട്ടർ 30 കോടി വർഷം പഴക്കമുള്ള ഡ്രാഗൺഫ്ലൈ ഫോസിലുകളുമായി സർക്കസ് കളിക്കുന്നതാണ്‌.

ഇടക്കണ്ണിയുണ്ടൊ, ഇടക്കണ്ണി?

ഫോസിൽ രേഖയിലെ ‘വിടവുകൾ’ എല്ലാ കാലത്തും പരിണാമത്തിന്റെ മുനയൊടിക്കാൻ സൃഷ്ടിവാദക്കാർ ഉപയോഗിച്ചുവരുന്നുണ്ട്. പണ്ടു ജീവിച്ചിരുന്ന ജീവികളുടെ ശരീരഭാഗങ്ങൾ കൃത്യമായി അടുക്കി സൂക്ഷിക്കാനും അത് നമ്മുടെ ആവശ്യാനുസരണം ലഭ്യമാക്കാനും ആരെങ്കിലും സംവിധാനമൊരുക്കിയിരുന്നെങ്കിലേ എല്ലാ ഫോസിലുകളും നമ്മുടെ ആവശ്യാനുസരണം ലഭ്യമാകുകയുള്ളു. ഒഴുക്കിൽ പെട്ട് ജലാശായങ്ങളുടെയും കടലിന്റെയും അടിത്തട്ടിൽ എത്തുന്ന ജീവികളുടെ ശരീരങ്ങൾക്ക് മുകളിൽ മണ്ണും അവസാദങ്ങളും വന്നടിഞ്ഞ് കാലക്രമത്തിൽ രൂപ്പടുന്ന അവസാദശിലകളിലാണ്‌ സാധാരണയായി ഫോസിലുകൾ കാണപ്പെടുന്നത്. കരയിലും ഇത്തരം അവസാദശിലകൾ രൂപപ്പെടാറുണ്ട്. ഇത്തരം ഫോസിലുകൾ ഉണ്ടെങ്കിൽ തന്നെ അവ കൃത്യമായി കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്‌. ഇത്തരത്തിൽ ഫോസിലുകൾ കിട്ടുന്നതുതന്നെ വലിയ ഭാഗ്യമാണെന്നിരിക്കെ അവക്കിടയിൽ ‘വിടവുകൾ’ പാടില്ലെന്ന് വാശിപിടിക്കുന്നത് ആത്മാർത്ഥമായി കണ്ടെത്താനുള്ള  ആഗ്രഹം കൊണ്ടല്ല, മറിച്ച് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രഥകൊണ്ടാണെന്ന് വ്യക്തം. ഇനി രണ്ട് ഫോസിലുകൾക്കിടയിൽ അവയുടെ ഇടയിലുള്ള മറ്റൊരു ഫോസിൽ കിട്ടിയെന്നിരിക്കട്ടെ, സൃഷ്ടിവാദക്കാർക്ക് ഉൽസാഹം കൂടും. കാരണം ഇപ്പോൾ മൂന്ന് ഫോസിലുകൾക്കിടയിൽ വിടവുകൾ രണ്ടായി വർധിച്ചിരിക്കുകയാണ്‌. ഇത് അവരുടെ വാദത്തിന്‌ ‘ഇരട്ടി’ ശക്തിലഭിച്ചിരിക്കുന്നതിന്‌ തെളിവാകുന്നു!

പരിണാമത്തെ അതിന്റെ രീതിശാസ്ത്രം വെച്ച് പരിശോധിച്ചാൽ ഇടക്കണ്ണി തന്നെ പ്രസക്തമല്ലെന്ന് കാണാം. കാരണം ഓരോ സ്പീഷീസും ഓരോ ഇടക്കണ്ണി തന്നെയാണ്. പരിണാമം ക്രമാനുഗതവും നിരന്തരമായി നടക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിനിടയിൽ സംഭവിക്കുന്ന ചെറിയ വ്യത്യാസങ്ങൾ കാലങ്ങളിലൂടെ പെരുകുമ്പോഴാണ് ഒരു ജീവി മറ്റൊന്നായി മാറുന്നത്. ഇത്തരത്തിൽ സംഭവിക്കുന്ന കാലത്തിന്റെ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ലഭിക്കുന്ന ഫോസിലുകൾ നമ്മൾ ഒന്നുകിൽ ഒരു വിഭാഗത്തിൽ അല്ലെങ്കിൽ മറ്റൊരു വിഭാഗത്തിൽ പെടുത്തുന്നു എന്നുമാത്രം.

കുയിലിന്റെ പാട്ടും മയിലിന്റെ പീലിയും പരിണാമവിരുദ്ധമോ?

മയിലിന്റെ മനോഹരമായ പീലിയും കുയിലിന്റെ സുന്ദരമായ പാട്ടും അന്ധമായ പരിണാമത്തിലൂടെ ഉരുത്തിരിയുമെന്ന് നിങ്ങൾ കരുതുന്നുവോ എന്ന ചോദ്യം കേട്ടാൽ ഒരു വക പരിണാമവാദികളൊക്കെ ഒന്ന് സംശയിക്കും. ശത്രുക്കളുമായുള്ള മൽസരത്തിന്‌ മയിലിന്‌ അതിന്റെ മനോഹരമായ പീലി ഒരിക്കലും സഹായകമാകുകയില്ല, മറിച്ച് അത് അപായകരവുമായി ഭവിക്കുകയും ചെയ്യും. പിന്നെങ്ങനെ അത് അതിജീവിച്ചു? ചില പക്ഷികളുടെ വൈവിധ്യമാർന്ന വർണങ്ങൾക്ക് അതിജീവനത്തിൽ എന്ത് പങ്കാണുള്ളത്?

ദൈവം അയാൾക്കുതോന്നിയ ജീവികൾക്കൊക്കെ തോന്നിയ കഴിവുകൊടുത്തു എന്ന് പറഞ്ഞാൽ ഉത്തരം വളരെ ലളിതമാണ്‌. ചോദ്യങ്ങളും അതോടെ അവസാനിച്ചു. എന്നാൽ പരിണാമശാസ്ത്രത്തിനു പറയാനുള്ളത് ലൈഗികനിർധാരണം എന്ന ഉത്തരമാണ്‌. പെൺ പക്ഷികൾ അവയ്ക്ക് ഇഷ്ടമുള്ള ഇണകളെ തെരഞ്ഞെടുത്ത് അവരുമായി ഇണചേരാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. മരിയൻ പെട്രോയും(Marion Petrov) സഹപ്രവർത്തകരും ആൺമയിലുകളുടെ വാലിൽ നിന്നും കൺപൊട്ടുകൾ നീക്കം ചെയ്തുകൊണ്ട്, കൂടുതൽ കൺപൊട്ടുകളുള്ള ആൺ മയിലുകളെയും അവ നീക്കം ചെയ്ത ആൺ മയിലുകളെയും പെൺ മയിലുകളുമായി ഇണചേരാൻ അനുവദിച്ചപ്പോൾ ആകർഷകമായ വാലുള്ളവ കൂടുതലായി തെരഞ്ഞെടുക്കപ്പെട്ടതായി കണ്ടെത്തി. അതുപോലെ ആൻഡേഴ്സൺ  1982-ൽ നീണ്ട വാലുള്ള വിഡോ പക്ഷികളിൽ, ആൺപക്ഷികളുടെ വാലിന്റെ നീളം കൃത്രിമമായി കൂട്ടിയും കുറച്ചും നടത്തിയ പരീക്ഷണത്തിൽ വാൽ നീളം കൂടുതലുള്ള ആൺ പക്ഷികൾ പെൺ പക്ഷികളാൽ കൂടുതൽ ആകർഷിക്കപ്പെതായി കണ്ടെത്തി. അവയെ ആകർഷിച്ചത് നിറമോ മറ്റെന്ത് മറ്റേതെങ്കിലും ഘടകമോ ആകാം. ഏതായാലും പെൺപക്ഷികൾ തെരഞ്ഞെടുപ്പ് നടത്തി എന്നത് സത്യം. ഇത്തരത്തിൽ കൂടുതലായി പെൺ പക്ഷികളാൽ തെരഞ്ഞെടുക്കപ്പെടുന്ന തരം ആൺ പക്ഷികളുടെ ജീനുകൾ അടുത്ത തലമുറകളിലേക്ക് പകർത്തപ്പെടാനും അത് ആ പ്രത്യേക ഗുണം അതിജീവിക്കാനും ഇടവരുത്തുന്നു. അതുപോലെ ഇണകൾക്കുവേണ്ടിയുള്ള മൽസരത്തിൽ നിർധാരണം ചെയ്യപ്പെട്ട അവയവങ്ങളും ഉണ്ട്. മാൻ, വാൽറസ് എന്നിവയുടെ കൊമ്പുകളും കുരങ്ങുകളുടെ കോമ്പല്ലുകളും ഇത്തരത്തിൽ നിർധാരണം ചെയ്യപ്പെട്ട പ്രതിരോധാവയവങ്ങൾ ആണ്‌.

പരിണാമം തെറ്റെങ്കിൽ സൃഷ്ടിവാദം ശരിയാകുമോ?

പരിണാമശാസ്ത്രം ജീവശാസ്ത്രത്തിന്റെ ഭാഗമല്ലെന്നുപോലും പ്രചരിപ്പിക്കുന്ന ഹാസ്യസാമ്രാട്ടുകളായ പരിണാമവികർശകർ ഇന്ന് നമുക്കുമുന്നിലുണ്ട്. പ്രകൃതിയിൽ ജീവികൾ തമ്മിൽ നിലനിൽ‌പ്പിനായുള്ള മത്സരമൊന്നും നടക്കുന്നില്ല എല്ലാവരും നല്ല ഒത്തൊരുമയിൽ ആണ് ജീവിച്ചുവരുന്നത് എന്നും ഇവർ കണ്ടെത്തിയിട്ടുമുണ്ട്. സ്പീഷീസുകൾക്കകത്തെ സൂക്ഷമപരിണാമം ശരിയാണെന്ന് സമ്മതിച്ചാലും, പ്രകൃതിയുമായുള്ള മൽസരത്തിൽ ചിലവയുടെ തിരോധാനമോ മറ്റുചിലവയുടെ അതിജീവനമോ സംഭവിച്ചാൽ തന്നെയും അതൊന്നും പരിണാമത്തിനു കാരണമാകുന്നില്ലന്നാണ്‌ ഇക്കൂട്ടരുടെ പ്രധാന വാദം.

 

കുതിരയും കഴുതയും തമ്മിലുള്ള ഇണചേരലിൽ ജനിക്കുന്ന കോവർകഴുതക്ക് പ്രത്യുല്പാദനശേഷിയില്ലാത്തത് കഴുത കഴുതയായും കുതിരകുതിരയായും തുടരുന്നു വെന്നതിന്‌ ഉദാഹരണമായി ശ്രീ എൻ എം ഹുസ്സൈൻ എടുത്തുകാണിക്കുന്നു (സ്നേഹസവാദം മാസിക- ജനുവരി 2013). ഇത് വായിച്ചാൽ തോന്നുക രണ്ട് സ്പീഷീസുകൾ തമ്മിൽ ഇണചേരുമ്പോൾ ജനിക്കുന്ന സന്തതികൾ മൂന്നാമതൊരു സ്പീഷീസാകുന്നുവെന്ന് ശാസ്ത്രം പറയുന്നുവെന്നാണ്‌. അതുപോലെതന്നെയാണ്‌ പ്രകൃതിനിർധാരണം സ്പീഷീകരണത്തിനു കാരണമാകുന്നില്ല എന്ന വാദവും. ഒരു ജീവി പാരിസ്ഥിതികാനുകൂലനം നേടുന്നതാണ്‌ പരിണാമത്തിനുകാരണമാകുന്നത് എന്ന് അദ്ദേഹം ധരിച്ചുവശായിരിക്കുന്നതായി തോന്നുന്നു. ഒന്നുകിൽ ‘പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമം‘ എന്താണെന്ന് അറിയില്ല എന്ന് വ്യക്തം. അല്ലെങ്കിൽ അത് അറിഞ്ഞിട്ടും കെട്ടുകഥകളായ തന്റെ മതധാരണകളുടെ ശിഥിലകോട്ടകൾ സംരക്ഷിക്കാനുള്ള വ്യഗ്രഥയിൽ സത്യം മറച്ചുവെക്കുന്നു.

ജീവികളിൽ സംഭവിക്കുന്ന, അവയ്ക്ക് ദോഷകരമാകാതെ സംരക്ഷിക്കപ്പെടുന്ന ഗുപ്തമ്യൂട്ടേഷനുകൾ അനുകൂല പാരിസ്ഥിതിക അവസ്ഥയിൽ അതിജീവിക്കുകയും അത്തരം മ്യൂട്ടേഷനുകൾ നേരിയ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം വ്യതിയാനങ്ങൾ കുന്നുകൂടി ജീവിയുടെ ശരീരഘടനയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിക്കുന്നു.  ഒരു സ്പീഷീസിനകത്തെ ഒരു വിഭാഗം അതിന്റെ തന്നെ മറ്റൊരു കൂട്ടത്തിൽ നിന്ന് പരസ്പരം ഇണചേരാൻ സാധിക്കാത്തവിധം ദ്വീപ് വല്ക്കരിക്കപ്പെടുന്ന അവസ്ഥയിൽ, വ്യത്യസ്തമായി പരിണമിക്കുകയും- ഒരു കൂട്ടം മാറ്റമില്ലാതെ തുടരുകയുമാകാം- ഈ രണ്ട് വിഭാഗവും പിന്നീട് എപ്പോഴെങ്കിലും സന്ധിക്കാനിടവരുമ്പോഴേക്കും പരസ്പരം ഇണചേർന്ന് ആരോഗ്യമുള്ള സന്തതിപരമ്പരകളെ ഉല്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് അവ രണ്ട് വ്യത്യസ്ത സ്പീഷീസുകളായി പരിഗണിക്കപ്പെടുന്നത് എന്ന ശാസ്ത്ര സത്യത്തെയും അതുവഴി സംഭവിക്കുന്ന പരിണാമത്തെയും എത്രതന്നെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും വളച്ചോടിച്ചാലും ഏറിയാൽ പരിണാമം തെറ്റാണെന്ന് ചിലരെയൊക്കെ തെറ്റിദ്ധരിപ്പിക്കാനേ അവർക്ക് കഴിയൂ, പക്ഷേ, അതുകൊണ്ട് തങ്ങളുടെ മതപുസ്തകത്തിലെ കെട്ടുകഥകൾക്ക് ന്യായീകരണം കണ്ടെത്താൻ കഴിയുകയില്ലെന്നും അവർ തിരിച്ചറിയണം.

കടപ്പാട്-parinamasasthram.blogspot.in

അവസാനം പരിഷ്കരിച്ചത് : 7/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate