অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിയമവിദ്യാഭ്യാസം

നിയമ-നീതി ശാസ്ത്രശാഖയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിദ്യാഭ്യാസ, നിയമവിദ്യാഭ്യാസം സമൂഹക്രമത്തില്‍ രാജ്യഭരണത്തെ രണ്ട് രീതിയില്‍ വര്‍ഗീകരിക്കാം:

വ്യക്തിവാഴ്ചയുടേതും നിയമവാഴ്ചയുടേതുമായ രണ്ടുക്രമങ്ങള്‍. ഭരണാധികാരിയായ വ്യക്തിക്കാണ് ആദ്യത്തേതില്‍ അപ്രമാദിത്വം കല്പിക്കപ്പെടുക. രണ്ടാമത്തേതിലാകട്ടെ, നിയമത്തിനാണ് അപ്രമാദിത്വം. ഇതരഘടകങ്ങള്‍ എല്ലാം നിയമത്തിന് കീഴ്പ്പെട്ടായിരിക്കും പുലരുക. അത്തരം അവസ്ഥയില്‍ നിയമത്തെസംബന്ധിച്ച അറിവ് പ്രാഥമികവും പ്രധാനവും അനിവാര്യവുമാണ്. ഇന്ത്യ നിയമവാഴ്ച അംഗീകരിക്കപ്പെടുന്ന രാജ്യമാണ്. അതിനാല്‍ നിലവിലുള്ള നിയമങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് പൗരധര്‍മമാണ്. ഇവിടെ പ്രസക്തമാകുന്ന ഒരു നിയമശാസ്ത്രതത്ത്വമുണ്ട്. വസ്തുതയെക്കുറിച്ചുള്ള അറിവില്ലായ്മ ഒഴികഴിവായി കരുതപ്പെടാം: എന്നാല്‍, നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഒഴികഴിവായി പരിഗണിക്കപ്പെടില്ല എന്നതാണത്. ഇതുപ്രകാരം നിലവിലിരിക്കുന്ന നിയമമറിയാന്‍ ഓരോരുത്തരും ബാധ്യതപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല അങ്ങനെ നിയമം അറിയില്ലെന്നത് ഒരു നിയമലംഘനത്തിനോ നിഷേധത്തിനോ കാരണമായി ഉന്നയിക്കാന്‍ കഴിയില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് പൗരവിദ്യാഭ്യാസത്തിന്റെയും പൗരബോധത്തിന്റെയും പൗരധര്‍മത്തിന്റെയും അനിവാര്യഘടകങ്ങളില്‍ ഒന്നായി നിയമവിദ്യാഭ്യാസം മാറുന്നത്.

പൊതുനിയമവിദ്യാഭ്യാസം.

നിര്‍വഹണസൗകര്യത്തിനായി മൂന്ന് വിഭാഗങ്ങളിലായി നിയമവിദ്യാഭ്യാസത്തെ ക്രമീകരിക്കാം. ഒന്ന്, പൊതുനിയമവിദ്യാഭ്യാസം. രണ്ട്, പ്രൊഫഷണല്‍ നിയമവിദ്യാഭ്യാസം. മൂന്ന്, അക്കാദമിക് നിയമവിദ്യാഭ്യാസം., ആവശ്യകത, പ്രായോഗികത, നടത്തിപ്പ് എന്നിവ ആശ്രയിച്ചാണ് ഈ തരംതിരിവ് നടത്തുന്നത്. സമൂഹത്തില്‍ അംഗമായ ഓരോ വ്യക്തിയും ആ സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്പിനും സുഗമമായ പ്രവര്‍ത്തനത്തിനും മാനവികമായ പാരസ്പര്യത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി അറിഞ്ഞിരിക്കേണ്ടുന്നതായ നിയമങ്ങള്‍ സംബന്ധിച്ച അറിവ് നേടാനുതകുന്ന പഠനമാണ് പൊതുനിയമപഠനം എന്നതിനാല്‍ ഉദ്ദേശിക്കുന്നത്. എല്ലാ നിയമവും അറിയണമെന്ന തത്ത്വം അനുശാസിക്കുമ്പോള്‍ത്തന്നെ എല്ലാവരും എല്ലാനിയമവും സമൂലം അറിയുകയെന്നത് പ്രായോഗികവും സുസാധ്യവുമല്ല. ആയതിനാല്‍ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടുന്ന അത്യാവശ്യ അടിസ്ഥാന നിയമങ്ങള്‍ സംബന്ധിച്ച അറിവും അവബോധവും ഉണ്ടാക്കുക മാത്രമാണ് പൊതുനിയമപഠനത്തില്‍ക്കൂടി കഴിയുക.

മുന്‍കാലത്ത് പൗരധര്‍മപഠനത്തിന്റെ ഭാഗമായി സ്കൂള്‍ കാലഘട്ടം മുതല്ക്കേ ഇത്തരം ബോധത്തിന് അവസരം ഒരുക്കിയിരുന്നു. 1976-ലെ 42-ാം ഭരണഘടനാഭേദഗതിയിലൂടെ നിര്‍ദേശിക്കപ്പെട്ട അനുഛേദം 39 പ്രകാരം പൊതുനിയമബോധം, പൊതുനിയമസേവനം, നീതിന്യായ പരിഹാരലഭ്യത എന്നിവയ്ക്കുള്ള അവസരം മൗലികാവകാശമെന്നോണം ഉറപ്പാക്കാന്‍ രാഷ്ട്രത്തിന് ബാധ്യതയുണ്ടെന്ന് അനുശാസിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, സ്ത്രീപദവി അവകാശങ്ങള്‍, സാമൂഹികാവശ്യങ്ങളും കടമകളും, പരിസ്ഥിതി പരിരക്ഷ, ഗതാഗതസുരക്ഷ തുടങ്ങി നിരവധി ഘടകങ്ങള്‍ വിദ്യാലയ പാഠ്യപദ്ധതിയില്‍ത്തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഇതിനുപുറമേ 1987-ലെ നിയമസേവന അതോറിറ്റി പൊതുനിയമബോധനപദ്ധതിതന്നെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്നു. സാധാരണജനങ്ങള്‍ക്ക് സാമാന്യനിയമബോധനത്തിനുള്ള അവസരമൊരുക്കാന്‍ നിയമസേവന അതോറിറ്റി, വനിതാകമ്മിഷന്‍, മനുഷ്യാവകാശകമ്മിഷന്‍, വിവരാവകാശ കമ്മിഷന്‍ തുടങ്ങിയവയും പരിപാടികള്‍ നടപ്പാക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങളുടെ അനിവാര്യകടമകളില്‍ ഒന്നാണ് നിയമസാക്ഷരത ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക എന്നത്. നിയമബിരുദപഠനത്തിന്റെ പ്രായോഗികപരിശീലനങ്ങളുടെ ഭാഗമായി നിയമസാക്ഷരതാപ്രവര്‍ത്തനം നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. പ്രാഥമിക നിയമവിഷയങ്ങള്‍ക്കു പുറമേ ഒട്ടേറെ സവിശേഷമേഖലകളിലും ഇത്തരം (ക്ലിനിക്കല്‍) പ്രായോഗിക നിയമപഠനപരിപാടിവഴി നിയമബോധനം നിര്‍വഹിക്കാനാകുന്നുണ്ട്. ദേശീയതലത്തില്‍ത്തന്നെ പൊതുനിയമപഠനം ഔപചാരികമായി രൂപപ്പെടുത്തി നടപ്പാക്കാനുള്ള വിദഗ്ധസമിതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലുണ്ട്.

പ്രൊഫഷണല്‍ നിയമവിദ്യാഭ്യാസം.

പ്രൊഫഷണല്‍ നിയമവിദ്യാഭ്യാസമെന്നത് നിയമ-നീതിസ്ഥാപനങ്ങളിലും ഇതര നിയമവിദഗ്ധസേവനതുറകളിലും പ്രവൃത്തിക്കാന്‍ അറിവും കഴിവും പരിശീലനവും നേടിയ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് ഉദ്ദേശിച്ചുള്ള നിയതവും സമയബന്ധിതവുമായ പഠനം ആണ്. ബ്രിട്ടീഷ് ഭരണകാലത്ത് രൂപപ്പെട്ടുവന്ന ബോധന-പഠനസമ്പ്രദായം തന്നെയാണ് ചെറുചെറുമാറ്റങ്ങളോടെ ഇന്നും നിലനില്‍ക്കുന്നത്. ഈസ്റ്റിന്ത്യാക്കമ്പനി ഘടകങ്ങളായി സ്ഥാപിതമായ കാര്യനിര്‍വഹണ-ന്യായനിര്‍വഹണസ്ഥാപനങ്ങളിലേക്ക് ഉതകുന്ന കാര്യസ്ഥരെയും നിയമജ്ഞരെയും രൂപപ്പെടുത്തുക എന്ന താത്പര്യത്തോടെയാണ് കഴിഞ്ഞ രണ്ടുനൂറ്റാണ്ടിനുമുമ്പ് കോളനി വാഴ്ചയ്ക്കുകീഴില്‍ ഇന്ത്യയിലും നിയമപഠനം ആരംഭിച്ചത്. പ്ലീഡര്‍മാരെ പരിശീലിപ്പിച്ചെടുക്കാനുള്ള പ്ലീഡര്‍ഷിപ്പ് (എഫ്. എന്‍) കോഴ്സും പരീക്ഷയും തുടര്‍ന്ന് ഉന്നതപഠനാര്‍ഥം വെസ്റ്റ് വിസ്റ്റര്‍ സമ്പ്രദായത്തില്‍ ബാരിസ്റ്റര്‍ പഠനവും പരിശീലനവും എന്നതായിരുന്നു ആദ്യരീതി. പിന്നീട് സര്‍വകലാശാലകളില്‍ അംഗീകൃത ബിരുദതലപഠനമായി ദ്വിവത്സര ബി.എല്‍. കോഴ്സ് നിലവില്‍വന്നു. ബാര്‍കൗണ്‍സില്‍ നടത്തിയിരുന്ന ഒരു വര്‍ഷത്തെ പ്രായോഗികനിയമപരിശീലനപദ്ധതിക്ക് വിധേയമാകുകയും ബാര്‍കൗണ്‍സില്‍ നടത്തുന്ന പ്രായോഗികപരീക്ഷ വിജയിക്കുകയും ചെയ്യുന്നവര്‍ക്കായിരുന്നു കോടതികളില്‍ നിയമജ്ഞരായി വര്‍ത്തിക്കാന്‍ അനുവാദവും അവസരവും ലഭിക്കുക. 1968 മുതല്‍ ഇന്ത്യന്‍ അഡ്വക്കേറ്റ്സ് ആക്റ്റിന് വിധേയമായി ത്രിവത്സരബിരുദപഠന പദ്ധതി പ്രാബല്യത്തില്‍വന്നു. ഏതെങ്കിലും സര്‍വകലാശാലയില്‍ അംഗീകൃതമായ ത്രിവത്സരനിയമബിരുദ പഠനയോഗ്യതയാണ് ബാര്‍കൗണ്‍സില്‍ യോഗ്യത അടിസ്ഥാനമായി നിര്‍ണയിക്കപ്പെട്ടത്. ഈ കോഴ്സിനുള്ള അടിസ്ഥാന യോഗ്യതയാകട്ടെ ഏതെങ്കിലും പഠനശാഖയില്‍ ബിരുദം എന്നതായിരുന്നു. എന്നാല്‍ ബാര്‍കൌണ്‍സില്‍, യു.ജി.സി. എന്നിവ നിയോഗിച്ച വിദഗ്ധസമിതികളുടെ ശിപാര്‍ശപ്രകാരം മുളയിലെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ +2/പ്രീഡിഗ്രി/പ്രീയൂണിവേഴ്സിറ്റി തലം കഴിഞ്ഞുള്ള പഞ്ചവത്സരനിയമപഠനകോഴ്സുകളും സമാരംഭിച്ചു. 2008 ആയപ്പോഴേക്കും വ്യത്യസ്ത പഠനശാഖകളിലെ സങ്കലനം സാധ്യമാക്കാന്‍ ഉദ്ദേശിച്ച് ഉദ്ഗ്രഥിത പഞ്ചവത്സരനിയമപഠനകോഴ്സിനുള്ള നിര്‍ദേശവും ദേശീയബാര്‍കൗണ്‍സില്‍ നല്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രൊഫഷണല്‍ നിയമപഠന-പരിശീലന നിയന്ത്രണം, അംഗീകരണം, ഗുണപരിപാലനം എന്നിവ അഡ്വക്കേറ്റ്സ് ആക്റ്റ് പ്രകാരം നിക്ഷിപ്തമായിട്ടുള്ളത് ദേശീയ ബാര്‍കൗണ്‍സിലില്‍ ആണ്. ആയതിനാല്‍ ബാര്‍കൗണ്‍സില്‍ ചട്ടങ്ങള്‍ സര്‍വകലാശാലകള്‍ക്കും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പ്രവര്‍ത്തനമാരംഭിച്ച ദേശീയനിയമപഠന കേന്ദ്രങ്ങള്‍ക്കും കല്പിതസര്‍വകലാശാലാപദവിയുള്ള നിയമപഠനകേന്ദ്രങ്ങള്‍ക്കും ബാധകമായിരിക്കുന്നു. ഇത്തരത്തില്‍ പ്രൊഫഷണല്‍ നിയമപഠനബിരുദം നേടിയവര്‍ക്കാണ് കോടതികളില്‍ അഭിഭാഷകവൃത്തി നടത്താന്‍ കഴിയുക. ഇതരസ്ഥാപനങ്ങളില്‍ ലാ ഓഫീസര്‍, അഡ്വൈസര്‍ തുടങ്ങിയ നിലകളിലും ഐ.ടി. രംഗത്ത് ട്രാന്‍സ്ക്രിപ്ഷന്‍ മേഖലയിലും ജോലിതേടാന്‍ നിയമബിരുദപഠനം അവസരം ഒരുക്കുന്നു.

അക്കാദമിക് നിയമപഠനം.

ഇതിനും പുറമേ ഉന്നതപഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍കൂടി മുന്‍നിര്‍ത്തി രൂപപ്പെടുത്തുന്നതാണ് അക്കാദമികനിയമപഠനവിഭാഗം. അത്യന്തം അവഗാഹം തേടേണ്ടുന്ന രംഗമായാണിത് ഗണിക്കപ്പെടുന്നത്. നിയമ-നീതിതത്ത്വങ്ങളുടെ രൂപീകരണം, വികാസം, പ്രയോഗം, പരിഷ്കരണം, നിയമനിര്‍മാണം-നിര്‍വഹണം-വ്യാഖ്യാനം എന്നീ ഘടകങ്ങളില്‍ ഓരോ നിയമവിദ്യാര്‍ഥിക്കും പരിശീലനാര്‍ഥിക്കും ഗവേഷണാര്‍ഥിക്കും ഏറ്റവും മികച്ച അക്കാദമിക പഠന സാഹചര്യവും പ്രായോഗികപ്രവൃത്തിപരിശീലനവും സ്വയംവികസന ഉപാധിയും അവസരവും സാധ്യമാക്കുകയാണ് അക്കാദമിക് നിയമപഠനം ലക്ഷ്യമിടുന്നത് എന്ന് ജെ.ബി.മില്‍നര്‍ വ്യക്തമാക്കുന്നു. ബിരുദാനന്തരബിരുദ ഡിപ്ലോമാതലങ്ങളിലും ഡോക്ട്രിനല്‍ ബിരുദതലത്തിലും പോസ്റ്റ് ഡോക്ട്രറല്‍ തലത്തിലും ഇത്തരം പഠന-ഗവേഷണാവസരം നിലവിലുണ്ട്. കേരളത്തില്‍ 1875-ല്‍ തിരുവിതാംകൂര്‍ രാജഭരണമാണ് നിയമകലാലയരംഗത്തെ മാതൃവിദ്യാലയത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ സംസ്ഥാനത്ത് നാല് സര്‍ക്കാര്‍ ലാകോളജുകള്‍, ഒരു സ്വകാര്യലാകോളജ്, കണ്ണൂര്‍-കൊച്ചി-കോട്ടയം എന്നിവിടങ്ങളിലെ സര്‍വകലാശാല, ലാസ്കൂളുകള്‍ എന്നിവിടങ്ങളിലും എറണാകുളത്ത് 'ന്യൂആള്‍സ്' ദേശീയ കല്പിതസര്‍വകലാശാലയിലും നിയമബിരുദപഠന അവസരമുണ്ട്. ഇവിടങ്ങളിലെല്ലാം ബിരുദാനന്തരബിരുദപഠനാവസരവും ഉണ്ട്. കേരള സര്‍വകലാശാലയില്‍ ബിരുദാനന്തരപഠനസാധ്യതയും നല്കുന്നുണ്ട്. ഇതിനുപുറമേ സി.ഡി.എസ്., അലിഗഡ് ദേശീയ സര്‍വകലാശാല ഒഫ് ക്യാമ്പസ് സെന്റര്‍ എന്നിവിടങ്ങളിലും നിയമബിരുദ-ബിരുദാനന്തരപഠനാവസരം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

നിയമവിദ്യാഭ്യാസ ഉപാധികള്‍.

മേല്‍സൂചിപ്പിച്ച രംഗങ്ങള്‍ ഏതായാലും നിയമവിദ്യാഭ്യാസത്തിനായി നിയമഗ്രന്ഥങ്ങള്‍, സ്റ്റാറ്റ്യൂട്ട് ബുക്കുകള്‍, ചട്ടസമാഹരണങ്ങള്‍ എന്നിവയ്ക്കു പുറമേ സമാഹൃതനിയമറിപ്പോര്‍ട്ടുകള്‍, ജേര്‍ണലുകള്‍, ന്യായവിധിപ്രസ്താവങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേസ് ബുക്കുകള്‍, ഡൈജസ്റ്റുകള്‍, നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍, സംഹിതകള്‍, ക്രോഡീകരണങ്ങള്‍ എന്നിവയെല്ലാം പഠന-ബോധനോപാധികളായി കരുതപ്പെടുന്നു. വ്യാഖ്യാനങ്ങള്‍, വിശകലനങ്ങള്‍ എന്നിവയും സമീപപൂര്‍വകാലത്ത് വികസിച്ചുവന്ന സക്രിയഗവേഷണഫലസൂചകങ്ങളും പ്രബന്ധങ്ങളും ഇന്നത്തെ നിയമവിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നുണ്ട്. രാഷ്ട്രമീമാംസ, ധന-സാമ്പത്തികതത്ത്വശാസ്ത്രം, മാനവിക-ചരിത്രവിഷയങ്ങള്‍, ഭൗതിക-ശാസ്ത്ര ഗവേഷണവും പ്രയോഗവും വ്യവസായ-വാണിജ്യരംഗങ്ങള്‍, മാനേജ്മെന്റ് പഠന-പ്രയോഗ മേഖല തുടങ്ങി വിവിധശാഖകളുമായി നിയമവിദ്യാഭ്യാസം ഇന്ന് ഉദ്ഗ്രഥിതമാക്കപ്പെട്ടിരിക്കുന്നു.

നിയമവിദ്യാഭ്യാസ അവസരങ്ങള്‍.

നയരൂപീകരണം, ഭവിഷ്യവിജ്ഞാനീയം, ശാസ്ത്ര-സാങ്കേതികശാസ്ത്രഗവേഷണ-വികാസം, സമഗ്രമാനവിക ശാസ്ത്രപഠന-ഗവേഷണം എന്നിങ്ങനെ വ്യത്യസ്ത തുറകളിലേക്ക് നിയമപഠനവും വിദ്യാഭ്യാസവും വിപുലപ്പെടുകയാണിപ്പോള്‍. നിലവിലുള്ള കേവലനിയമപഠനത്തിന് ഉപരി നീതിബോധനത്തിലേക്കും നീതിവിദ്യാഭ്യാസത്തിലേക്കും ലോകത്തെ വിവിധപ്രദേശങ്ങളില്‍ നിയമവിദ്യാഭ്യാസം പരിവര്‍ത്തനം ചെയ്യപ്പെടുകയാണിന്ന്. ഇന്ത്യയിലും ഈ തരത്തില്‍ നീതിവിദ്യാഭ്യാസ-പരിശീലന-പ്രയോഗതലത്തിലേക്ക് അതിവേഗം പരിണമിക്കാനാണ് സാധ്യത. ഇതിനുതകുന്ന നിയമനീതിവിദഗ്ധരെ രൂപപ്പെടുത്തുകയാകണം സമീപഭാവിയില്‍ നമ്മുടെ ലക്ഷ്യം.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate