অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭൂമിശാസ്ത്രം

അക്ഷാംശരേഖാംശങ്ങള്‍(Latitudes and Longitudes)

ഭൂഗോളത്തിന്റെ ഉപരിതലത്തില്‍ സ്ഥലങ്ങളുടെ ആപേക്ഷികസ്ഥാനം നിര്‍ണയിക്കാനുപയോഗിച്ചുവരുന്ന നിര്‍ദേശാങ്കങ്ങള്‍ (co-ordinates). മധ്യരേഖയില്‍നിന്ന് ഏതെങ്കിലുമൊരു ധ്രുവംവരെയുള്ള ദൂരത്തെ അക്ഷചാപമെന്നും അതിന്റെ തൊണ്ണൂറിലൊരംശത്തെ അക്ഷാംശം (co-ordinates) എന്നുംപറയുന്നു. ഒരു സ്ഥലത്തിന്റെ അക്ഷാംശം അതിന്റെ മധ്യരേഖയില്‍നിന്നുള്ള കോണീയമായ (angular) അകലത്തെ കുറിക്കുന്നു. ഗണിതവിധിപ്രകാരം ഇത് ഒരു സ്ഥലത്തിനും മധ്യരേഖയ്ക്കും ഇടയിലുള്ള പ്രതലചാപം ഭൂകേന്ദ്രത്തില്‍ സമ്മുഖമാക്കുന്ന കോണാണ്. അക്ഷാംശം നിര്‍ണയിക്കുന്നതിന് മധ്യരേഖയ്ക്കു സമാന്തരമായി വടക്കും തെക്കും വൃത്തരേഖകള്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഈ ലഘുവൃത്തങ്ങളെ അക്ഷാംശീയ വൃത്തങ്ങള്‍ (parallels of latitude) എന്നു പറയുന്നു. ഭൂമധ്യരേഖയ്ക്കു വടക്കും തെക്കുമായി 0° മുതല്‍ 90° വരെയാണ് അക്ഷാംശം അളക്കുന്നത്; മധ്യരേഖ 0° അക്ഷാംശമാണ്; ധ്രുവങ്ങള്‍ 90° യും.

ആപേക്ഷികസ്ഥാനനിര്‍ണയത്തിനുള്ള രണ്ടാമത്തെ നിര്‍ദേശാങ്കമാണ് രേഖാംശം (longitude). മധ്യരേഖയുടെ 1/360 ഭാഗമാണിത്. അക്ഷാംശങ്ങളെപ്പോലെ ഡിഗ്രികളിലാണ് രേഖാംശവും അളക്കപ്പെടുന്നത്. മധ്യരേഖയെ ലംബികമായി ഖണ്ഡിക്കുന്ന ഗുരുവൃത്തങ്ങളാണ് രേഖാംശീയവൃത്തങ്ങള്‍ (meridians of longitude). ഇവയില്‍ ഓരോ വൃത്തവും ഭൂഗോളത്തിന്റെ ഇരുവശത്തുമായി രണ്ടു രേഖാംശങ്ങള്‍ നിര്‍ണയിക്കുന്നു. ധ്രുവങ്ങളില്‍ പരസ്പരം ഖണ്ഡിക്കുന്നതുനിമിത്തം രേഖാംശീയ വൃത്തങ്ങള്‍ അവിടങ്ങളില്‍ സംവ്രജിക്കുന്നതായി കരുതാം. 0° രേഖാംശമെന്ന നിലയ്ക്ക് സാര്‍വലൗകികമായി അംഗീകരിച്ചിരിക്കുന്നത് ഗ്രീനിച്ച് രേഖാംശമാണ്. ഇംഗ്ളണ്ടിലെ ബ്രിട്ടിഷ് റോയല്‍ ഒബ്സര്‍വേറ്ററി(British Royal Observatory)യുടെ ആസ്ഥാനമെന്ന നിലയ്ക്കാണ് ഗ്രീനിച്ചിന്റെ പ്രാമാണ്യം. ഗ്രീനിച്ചിനു കിഴക്കും പടിഞ്ഞാറുമായി 180° വരെ രേഖാംശം നിര്‍ണയിക്കുന്നു. അക്ഷാംശരേഖാംശങ്ങളെ ഡിഗ്രി, മിനിട്ട്, സെക്കന്‍ഡ് എന്ന ക്രമത്തിലാണ് അളക്കുന്നത്. ഓരോ ഡിഗ്രിയും 60 മിനിറ്റുകളായും ഓരോ മിനിറ്റും 60 സെക്കന്‍ഡുകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. അക്ഷാംശങ്ങളുടെ ഉത്തര ദക്ഷിണ സ്വഭാവങ്ങളെ വ്യഞ്ജിപ്പിക്കാന്‍ യഥാക്രമം 'വ'. 'തെ' എന്നീ സംജ്ഞകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 17° വ. എന്നാല്‍ പതിനേഴു ഡിഗ്രി ഉത്തരഅക്ഷാംശമെന്നു സാരം. അതുപോല പൂര്‍വ പശ്ചിമ രേഖാംശങ്ങളെ സൂചിപ്പിക്കാന്‍ യഥാക്രമം 'കി', 'പ' എന്നീ സംജ്ഞകള്‍ ഉപയോഗിക്കുന്നു. (ഉദാ. 21° 11' വ. 71° 18' കി.)

രേഖാംശീയ വൃത്തങ്ങളുടെ സംവ്രജനസ്വഭാവം കാരണം രണ്ടു രേഖാംശങ്ങള്‍ക്കിടയിലുളള പ്രതലദൈര്‍ഘ്യം മധ്യരേഖയില്‍നിന്നും ധ്രുവങ്ങളിലേക്കു ചെല്ലുന്തോറും കുറഞ്ഞുവരുന്നു. മധ്യരേഖയില്‍ 1ത്ഥ രേഖാംശത്തിന്റെ ദൈര്‍ഘ്യം 111 കി.മീ.ല്‍ കൂടുതലാണ്. 30&deg അക്ഷാംശത്തില്‍ അതു 96 കി.മീറ്ററും 60° അക്ഷാംശത്തില്‍ 55 കി. മീ.ല്‍ കുറവുമാണ്.

ഭൂമിയുടെ ദീര്‍ഘവൃത്തജ (ellipsoid) ആകൃതിമൂലം അക്ഷാംശീയ ദൂരത്തിലും ഏറ്റക്കുറച്ചില്‍ വരുന്നു. മധ്യരേഖാമേഖലയില്‍ രണ്ട് അക്ഷാംശങ്ങള്‍ക്കിടയിലെ ദൂരം 110 കി.മീ. ആണ്. 45-46 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ ഈ ദൈര്‍ഘ്യം 111 കി.മീ. ആയി വര്‍ധിക്കുന്നു.

ഒരു സ്ഥലത്തിന്റെ അക്ഷാംശം നിര്‍ണയിക്കുന്നതിന് ഗണിതശാസ്ത്രപ്രകാരം പല മാര്‍ഗങ്ങളുണ്ട്. ഇവയില്‍ ഏറ്റവും സുഗമം ധ്രുവനക്ഷത്രത്തെ (pole star) നിരീക്ഷിക്കുകയാണ്. ഒരു സ്ഥലത്ത് ധ്രുവനക്ഷത്രത്തിന്റെ ഉന്നതാംശം (attitude) - തിരശ്ചീനതലത്തിനും നക്ഷത്രത്തിനുമിടയ്ക്കുളള കോണ് - ആ സ്ഥലത്തിന്റെ അക്ഷാംശത്തിനു തുല്യമാണ്.

ഭൂഭ്രമണംമൂലം ഒരു സ്ഥലത്തെ പ്രാദേശികസമയക്രമം (local time) അവിടത്തെ രേഖാംശത്തെ ആശ്രയിച്ചിരിക്കുന്നു; അന്താരാഷ്ട്ര സമയക്രമം ഗ്രീനിച്ച് രേഖാംശത്തെയും. കിഴക്കന്‍ രേഖാംശങ്ങളിലെ സമയക്രമം ഗ്രീനിച്ച് സമയത്തിനു മുന്നിലും പടിഞ്ഞാറന്‍ രേഖാംശങ്ങളിലേതു പിന്നിലുമായിരിക്കും. ഏതെങ്കിലുമൊരു സ്ഥലത്തെയും ഗ്രീനിച്ചിലെയും നിശ്ചിത സമയത്തെ മാധ്യ-സൗരസമയങ്ങള്‍ (mean solar time) തമ്മിലുള്ള വ്യത്യാസത്തില്‍ നിന്നും ആ സ്ഥലത്തിന്റെ രേഖാംശം നിര്‍ണയിക്കാം. നോ: അന്താരാഷ്ട്രസമയക്രമം, ഖഗോളനിര്‍ദേശാങ്കങ്ങള്‍

അഗോണികരേഖ

കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.

കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0° ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.

അധിവാസക്രമം

മനുഷ്യന്‍ പ്രത്യേക പ്രദേശങ്ങളില്‍ നടത്തുന്ന സവിശേഷവും പ്രത്യേകവുമായ അധിനിവേശത്തെ സൂചിപ്പിക്കുവാന്‍ ഭൂമിശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന സംജ്ഞ. കുടിപാര്‍പ്പുറപ്പിക്കുന്നതിനു മുമ്പുള്ള ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെയും ആവശ്യമായ സൌകര്യങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള, അധിവാസത്തിന്റെ ക്രമീകരണവും സംവിധാനവും സംബന്ധിച്ച, ശാസ്ത്രീയ പഠനം സാമൂഹിക-ഭൂമിശാസ്ത്രത്തിലെ ഒരു വിഷയമാണ്. ഒരു പ്രത്യേക സമൂഹത്തിന്റെ ജീവിതക്രമം, പാര്‍പ്പിടസൌകര്യങ്ങള്‍, പ്രാകൃതിക പരിതഃസ്ഥിതികള്‍ എന്നിവയുടെ അന്യോന്യബന്ധത്തിന്റെ വിശദാംശങ്ങളാണ് അധിവാസക്രമങ്ങളെ സംബന്ധിച്ച ഭൂമിശാസ്ത്രപരമായ സമീപനത്തിലൂടെ വിശകലനം ചെയ്യപ്പെടുന്നത്.

ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കുന്നതോടെ മനുഷ്യന്‍ സ്വായത്തമാക്കുന്ന പ്രാഥമിക സൌകര്യങ്ങളാണ് ഭവനങ്ങളും പാതകളും. പ്രസിദ്ധ ഫ്രഞ്ചു ഭൂമിശാസ്ത്രജ്ഞനായ ജീന്‍ ബ്രൂണേ (Jean Bruhnes) ഈ നടപടിയെ 'ഉത്പാദനരഹിതമായ ഭൂവുപയോഗ'മായി വ്യാഖ്യാനിക്കുന്നു. മാനവിക ഭൂമിശാസ്ത്രജ്ഞനെ (Human Geographer) സംബന്ധിച്ചിടത്തോളം അധിവാസങ്ങളുടെ ശാസ്ത്രീയ പഠനം വളരെ പ്രാധാന്യമുള്ള ഒന്നാണ്. പെര്‍പിലോ (perpillou)യുടെ വാക്കുകളില്‍ പറഞ്ഞാല്‍ അധിവാസ ക്രമീകരണം ചുറ്റുപാടുകളുമായി അനുകൂലനം സാധിക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യത്തെ പടിയാണ്. സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം, നഗരാസൂത്രണം തുടങ്ങി വിവിധ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധിവാസക്രമങ്ങളെ സംബന്ധിച്ച വിശദമായ പഠനം ആവശ്യമാണ്. എന്നാല്‍ അവയുടെ ഭൂമിശാസ്ത്രപരമായ പഠനം പ്രത്യേകപ്രസക്തിയുള്ളതാണ്. പ്രാകൃതിക പരിതഃസ്ഥിതികള്‍ അധിവാസക്രമത്തില്‍ ചെലുത്തുന്ന സ്വാധീനതയാണ് ഇവിടെ പഠനവിഷയമാകുന്നത്.

ഭവന മാതൃകകള്‍. അധിവാസക്രമങ്ങളെ സംബന്ധിച്ച പഠനത്തില്‍ ഒരു പ്രധാന ഘടകം ഭവനമാതൃകകളാണ്. ഭക്ഷണം, ജലം, വസ്ത്രം എന്നിവയെപ്പോലെ പാര്‍പ്പിട സൌകര്യവും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്. പാര്‍പ്പിടങ്ങളുടെ നിര്‍മാണരീതി, ഘടന, ശില്പം എന്നിവയും അവയുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന വസ്തുക്കളും പ്രകൃത്യാനുസൃതമായ ചുറ്റുപാടുകള്‍ക്കിണങ്ങുന്ന വിധമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. കാലഭേദങ്ങള്‍ക്ക് അനുസൃതമായി പാര്‍പ്പിടസൌകര്യങ്ങളുടെ സംവിധാനവും വ്യത്യസ്തമായി കണ്ടുവരുന്നു.

മാനവചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ മനുഷ്യന് തനതായ പാര്‍പ്പിടങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രകൃതിയുടെ ആനുകൂല്യത്തിനും പ്രാതികൂല്യത്തിനും വിധേയനായി അവന്‍ അലഞ്ഞു നടന്നിരിക്കണം. ശിലായുഗത്തിന്റെ ഉത്തരഘട്ടത്തില്‍, ഹിമയുഗത്തിന്റെ ആരംഭത്തോടെ ഉണ്ടായ അതിശൈത്യം അവനെ പാറകള്‍ക്കിടയിലും വൃക്ഷകോടരങ്ങളിലും പിന്നീട് ഗുഹകളിലും അഭയം തേടുവാന്‍ നിര്‍ബന്ധിതനാക്കി. ഗുഹാവലംബിയായിക്കഴിഞ്ഞ മനുഷ്യന്‍ തന്റെ താവളങ്ങളുടെ ചുവരുകളെ ചിത്രപ്പണികള്‍കൊണ്ട് അലങ്കരിക്കുകയുണ്ടായി. ഇത്തരം ഗുഹാചിത്രങ്ങള്‍ അക്കാലത്തെ ജീവിതരീതിയെയും വേട്ടയാടിപ്പിടിച്ചിരുന്ന മൃഗങ്ങളെയും സംബന്ധിച്ച വിവിധങ്ങളായ അറിവുകളേകിക്കൊണ്ട് ഇന്നും അവശേഷിക്കുന്നു. പില്ക്കാലത്ത് കൃഷി ഒരു ജീവനോപായമായി സ്വീകരിക്കപ്പെടുകയും ആവശ്യമായ ഭക്ഷണം ഭൂവുപയോഗത്തിലൂടെ തുടര്‍ച്ചയായി ലഭ്യമാക്കാവുന്നതാണെന്നു ബോധ്യപ്പെടുകയും ചെയ്തതോടെ മനുഷ്യന്‍ സ്ഥിരമായി പാര്‍പ്പുറപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. അതോടെ പാര്‍പ്പിടസൌകര്യങ്ങള്‍ വിപുലപ്പെടുത്തുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

ഭവനമാതൃകകളെ സംബന്ധിച്ച പഠനത്തിനു വിവിധ വശങ്ങളുണ്ട്; ഭവനങ്ങളുടെ ആകൃതി, വലുപ്പം, നാനാവിധമായ ഉപയോഗക്രമം, നിര്‍മാണത്തിനുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ തുടങ്ങിയവയൊക്കെയും പരിഗണിക്കപ്പെടേണ്ടതുണ്ട്. നിര്‍മാണവസ്തുക്കളാണ് മേല്‍പ്പറഞ്ഞവയില്‍ മുന്തിയ പരിഗണന അര്‍ഹിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭവനമാതൃകകളുടെ വര്‍ഗീകരണം നടത്താവുന്നതാണ്. അതിപ്രാചീനകാലത്തെ പാര്‍പ്പിടങ്ങള്‍ ഏറിയകൂറും ഈടില്ലാത്ത പദാര്‍ഥങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെട്ടുപോന്നു. തന്നിമിത്തം അവ എളുപ്പം ഇടിഞ്ഞുതകരുന്നവയായിരുന്നു. കാര്‍ഷികവൃത്തി സാര്‍വത്രികമായിത്തീര്‍ന്നതോടുകൂടി ഭവനനിര്‍മാണകല ഗണ്യമായി പുരോഗമിച്ചു. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ചുമരുകള്‍ കെട്ടുവാനും മെഴുകിയോ പൂശിയോ മണ്‍ചുമരുകളുടെ ഈടു വര്‍ധിപ്പിക്കുവാനും തട്ടികളും മേല്പുരവാരികളും ഉപയോഗിക്കുവാനും തുടങ്ങിയത് ഈ കാലഘട്ടത്തോടെയായിരുന്നു. ക്രമേണ തേനീച്ചക്കൂടുപോലെ ധാരാളം അറകളോടുകൂടിയ കെട്ടിടങ്ങളും ഒന്നില്‍ കൂടുതല്‍ നിലകളുള്ള വലിയ ഭവനങ്ങളും നിര്‍മിക്കപ്പെട്ടു. എസ്കിമോ വര്‍ഗക്കാര്‍ മഞ്ഞുകട്ടകളും കല്ലും ഉപയോഗിച്ചു നിര്‍മിക്കുന്ന ഇഗ്ലൂകളും (Igloo) പശ്ചിമ ഏഷ്യന്‍ മരുപ്രദേശങ്ങളിലെ സഞ്ചാരിവര്‍ഗങ്ങളുടെ യര്‍തുകളും (Yurt) മണ്‍സൂണ്‍മേഖലയിലെ ഓലമേഞ്ഞ കുടിലുകളുമൊക്കെ അത്യാധുനികതയുടെ പ്രതീകങ്ങളായ രമ്യഹര്‍മ്യങ്ങളോടൊത്ത് ഇന്നും നിലനിന്നുപോരുന്ന പ്രാചീന ഭവനമാതൃകകളാണ്. നിലം കുഴിച്ചു കുഴിയുണ്ടാക്കി അതിന് തറനിരപ്പില്‍ നിന്നും അല്പം പൊക്കത്തില്‍ ഇലയും പുല്ലും കൊണ്ടു മേഞ്ഞ മേല്‍മൂടിയോടുകൂടിയ -ബുഷ്മെന്‍ വര്‍ഗക്കാരുടെ (ആഫ്രിക്ക)-പാര്‍പ്പിടങ്ങളും ഇന്നു നിലവിലുള്ള ഭവന മാതൃകകളിലൊന്നാണ്. തടിമാത്രം ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ള വീടുകള്‍ കാനഡാ മുതല്‍ കേരളം വരെ പല പ്രദേശങ്ങളിലും കാണാം. മുളകൊണ്ടു നിര്‍മിച്ച വീടുകള്‍ ആസാം പ്രദേശത്തു സാധാരണമാണ്. ആസ്ബെസ്റ്റോസ്, മണല്‍, കല്ല്, ഇഷ്ടിക, സിമന്റ്, കോണ്‍ക്രീറ്റ്, കണ്ണാടി, ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, തുടങ്ങിയ പദാര്‍ഥങ്ങളും ചായക്കൂട്ടുകളുമാണ് ആധുനിക കാലത്ത് ഭവനനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍.

അധിവാസ മാതൃകകള്‍. അധിവാസങ്ങള്‍ താത്കാലികമോ സ്ഥിരമോ രണ്ടിനും മധ്യേയുള്ളതോ ആകാം. നായാടികള്‍, ഇടയന്മാര്‍, സ്ഥാനാന്തര കൃഷിസമ്പ്രദായത്തിലേര്‍പ്പെട്ടവര്‍ തുടങ്ങിയ സഞ്ചാരിവര്‍ഗങ്ങള്‍ക്ക് താത്ക്കാലികവും ഒരു സ്ഥലത്തുനിന്നും എടുത്തുമാറ്റി മറ്റൊരിടത്ത് യഥേഷ്ടം വച്ചുകെട്ടാവുന്നതുമായ പാര്‍പ്പിടസംവിധാനങ്ങള്‍ ഉണ്ടായിരിക്കും. അറബി വര്‍ഗത്തില്‍പ്പെട്ട ദാവൂര്‍ (Dour) ജാതിക്കാര്‍, മംഗോളിയര്‍, കിര്‍ഘികള്‍, പശ്ചിമാഫ്രിക്കയിലെ ഫാങ്ജാതിക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത്തരത്തിലുള്ള ഭവനസംവിധാനമാണുള്ളത്. മധ്യ അക്ഷാംശങ്ങളിലെ ആര്‍ദ്രപ്രദേശങ്ങളിലെ ഇടവര്‍ഗക്കാര്‍ക്ക് എല്ലാംതന്നെ മേല്‍പ്പറഞ്ഞവിധം എളുപ്പം മാറ്റി പ്രതിഷ്ഠിക്കാവുന്ന ഭവനസംവിധാനങ്ങള്‍ ഉണ്ട്. ഇക്കൂട്ടര്‍ തങ്ങളുടെ കാലിക്കൂട്ടങ്ങളുടെ തീറ്റസൌകര്യം ഉദ്ദേശിച്ച് ശിശിരകാലത്തു താഴ്വാരങ്ങളിലും വേനല്‍ക്കാലത്തു കുന്നിന്‍പ്രദേശങ്ങളിലും മാറിമാറിപ്പാര്‍ക്കുന്നവരാണ്.

രൂപഭാവങ്ങളെ അടിസ്ഥാനമാക്കി അധിവാസക്രമങ്ങളെ ചിതറിയത് (dispersed), നിബിഡം (compact) എന്നിങ്ങനെ രണ്ടിനമായി തിരിക്കാം. ചിതറിയ അധിവാസക്രമത്തിന്റെ ഒരു സവിശേഷത ഒറ്റപ്പെട്ട പാര്‍പ്പിടങ്ങളില്‍ കാണാന്‍ കഴിയും. നിബിഡാധിവാസത്തില്‍ അനേകം വീടുകള്‍ ഇടതൂര്‍ന്നു സ്ഥിതിചെയ്യുന്നു. പാര്‍പ്പിടങ്ങള്‍ അങ്ങിങ്ങായി ചിതറിക്കാണുന്നതിനു പ്രധാനമായും ഭൂമിശാസ്ത്രപരമായ കാരണങ്ങളാവും ഉണ്ടാകുക; നിമ്നോന്നതവും സങ്കീര്‍ണവുമായ ഭൂപ്രകൃതി ഇവയിലൊന്നാണ്. കെട്ടിടം വയ്ക്കുന്നതിനാവശ്യമായ നിരപ്പായ ഭൂമി തുലോം കുറവായിട്ടുള്ള പ്രദേശങ്ങളില്‍ മിക്കപ്പോഴും പാര്‍പ്പിടങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ കാണുന്നു. ഇതിനൊരു മറുവശവും ഉണ്ട്. ശാസ്ത്രീയ കൃഷി സമ്പ്രദായം വ്യാപകമായി നിലവില്‍ വന്നിട്ടുള്ള വികസിതരാജ്യങ്ങളിലെ, വിശിഷ്യ യു.എസ്സിലെ, കാര്‍ഷിക മേഖലകളില്‍ പ്രത്യേക കൃഷിസ്ഥലത്തിന് ഒന്ന് എന്ന നിരക്കിലുള്ള പാര്‍പ്പിടങ്ങളാണുള്ളത്. വിസ്തൃതമായ കൃഷിഭൂമിയുടെ നടുവില്‍ ഒറ്റപ്പെട്ട നിലയിലുള്ള പ്രസ്തുത ഭവനങ്ങള്‍ മൊത്തത്തില്‍ ചിതറിയ അധിവാസത്തിന്റെ ദൃഷ്ടാന്തമായി നിലകൊള്ളുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഈ രീതിയിലുള്ള അധിവാസക്രമം കാണാം.

ഇന്ത്യയിലെ ഗ്രാമങ്ങള്‍. ഇന്ത്യയിലെ ജനങ്ങളില്‍ സു. 75 ശ.മ. ഗ്രാമങ്ങളില്‍ വസിക്കുന്നു. 1991-ലെ ജനസംഖ്യാകണക്കനുസരിച്ച് ഇന്ത്യയൊട്ടാകെ ആള്‍പാര്‍പ്പുള്ള 5,87,226 ഗ്രാമങ്ങളും ആള്‍പാര്‍പ്പില്ലാത്ത 47,095 ഗ്രാമങ്ങളുമുണ്ട്. പൊതുവേ നോക്കിയാല്‍ ഭൂരിപക്ഷം ഗ്രാമങ്ങളിലും കേന്ദ്രീകൃതമായ അധിവാസമാണ് കാണാനുള്ളത്. ഹിമാലയന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ ചിതറിയ അധിവാസത്തിന്റെ ഉദാഹരണങ്ങളുണ്ട്. ഗംഗാനദിയുടെ ഡെല്‍റ്റാപ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വീടുകളാണുള്ളത്. ഗ്രാമാധിവാസങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ഭൂമിയുടെ കിടപ്പും ജലലഭ്യതയും നിര്‍ണായകമായ സ്വാധീനം ചെലുത്തിക്കാണുന്നു. നിമ്നോന്നതമായ പ്രദേശങ്ങളില്‍ ചരിവുതലങ്ങള്‍ അവസാനിക്കുന്നിടത്തായി നിരനിരയായി വീടുകളുണ്ടാവുക ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയാണ്. ഭൂപ്രകൃതിയിലെ ഈ രീതിയിലുള്ള വിന്യാസം മൂലം, കേരളമൊട്ടാകെത്തന്നെ രേഖീയമായ (linear) അധിവാസക്രമം കാണാം. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ജനസംഖ്യയുടെ പെരുപ്പവും ജലദൌര്‍ലഭ്യവും ഒന്നുചേര്‍ന്ന് ഇടതൂര്‍ന്ന അധിവാസക്രമത്തിനു കാരണമായിത്തീര്‍ന്നിരിക്കുന്നു. പൊതുവേ നോക്കുമ്പോള്‍ നിയതമായ സംവിധാനക്രമമോ ആസൂത്രണമോ ഇല്ലാതെ, പാര്‍പ്പിടങ്ങളുടെ എണ്ണം അനുദിനം പെരുകിവരുന്ന ഗ്രാമങ്ങളാണ് നമുക്കുള്ളത്. പാര്‍പ്പിടങ്ങളുടെ കേന്ദ്രീകരണത്തില്‍ സവര്‍ണാവര്‍ണഭേദം അടിസ്ഥാനമാക്കിയുള്ള തരംതിരിവ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിലവിലുണ്ടായിരുന്നത് തീര്‍ത്തും ഇല്ലാതായിട്ടുണ്ട് എന്നു പറയുകവയ്യ.

പ്രാദേശിക ഭേദങ്ങള്‍. ഇന്ത്യ ഒട്ടാകെയുള്ള ഗ്രാമങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ക്ക് ഐകരൂപ്യത്തെക്കാള്‍ വൈവിധ്യം അധികം കാണുന്നു. ഭവനമാതൃകയിലും അവയുടെ വിതരണത്തിലും കാര്യമായ വ്യത്യാസങ്ങള്‍ പ്രകടമാണ്. ഉദാഹരണത്തിന് രാജസ്ഥാന്‍ പ്രദേശത്ത് അധിവാസങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഏകഘടകം ജലലഭ്യതയാണ്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അധിവാസങ്ങള്‍ക്ക് അവയുടെ സുരക്ഷിതത്വത്തിലും പ്രതിരോധത്തിലുംകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ട് നീരുറവകള്‍ക്ക് ഏറ്റവും അടുത്തു സൌകര്യമുള്ള സ്ഥാനം തിരഞ്ഞെടുത്ത് കോട്ടകളോ ഉയര്‍ന്ന മതില്‍ക്കെട്ടുകളോ പടുത്തുയര്‍ത്തി അവയ്ക്കുള്ളിലായി ജനങ്ങള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്നു.

പഞ്ചാബ് സമതലത്തില്‍ അധിവാസങ്ങളുടെ ഏറ്റക്കുറച്ചില്‍ മഴയുടെ ലഭ്യത ആശ്രയിച്ചിരിക്കുന്നു. താരതമ്യേന കൂടുതല്‍ മഴയുള്ള ഇടങ്ങളില്‍ വീടുകളുടെ എണ്ണവും കൂടുതലായിരിക്കും. ജലപീഠികത്തിന്റെ ആഴം ജലത്തിന്റെ ലവണത, വെള്ളം കെട്ടിക്കിടക്കല്‍, മണല്‍ക്കൂനകളുടെ ബഹുലത, രക്ഷാസൌകര്യം എന്നിവയൊക്കെത്തന്നെ ഗ്രാമങ്ങളുടെ സ്ഥാനം, വിധാനം, വലുപ്പം തുടങ്ങിയവയില്‍ സ്വാധീനത ചെലുത്തുന്ന ഘടകങ്ങളാണ്. ജലമാര്‍ഗങ്ങള്‍, റോഡുകള്‍, റെയില്‍പ്പാതകള്‍ തുടങ്ങിയവ അധിവാസങ്ങളുടെ പുനഃക്രമീകരണത്തില്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്.

ഗംഗാസമതലത്തില്‍ ഗ്രാമാധിവാസത്തിന്റെ ഇനവും വിധാനവും അവിടത്തെ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണിനെയും സര്‍വപ്രധാനമായ കാര്‍ഷികവൃത്തിക്കുള്ള സൌകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആസാം താഴ്വരകളില്‍ പൊതുവേ രേഖീയാധിവാസമാണ് കാണുന്നത്. അതുതന്നെയും നിരവധി പാര്‍പ്പിടങ്ങള്‍ ഒന്നു ചേര്‍ന്നുള്ള മാതൃകയില്‍ കാണപ്പെടുന്നു. നദീതീരത്തുള്ള ഉയര്‍ന്ന തിട്ടുകളിലും റോഡുകള്‍ക്കരികിലുമായാണ് ഇവയുടെ സ്ഥാനം. മഹാരാഷ്ട്ര പ്രദേശത്താവട്ടെ ഗ്രാമങ്ങളുടെ സ്ഥാനനിര്‍ണയം നടത്തുന്നത് ജലലഭ്യതയെയും മണ്ണിന്റെ ഉര്‍വരതയെയും അടിസ്ഥാനമാക്കിയാണ്. ചെറുനദികളുടെ പാര്‍ശ്വങ്ങളിലുള്ള എക്കല്‍തലങ്ങളില്‍ ധാരാളം പാര്‍പ്പിടങ്ങള്‍ കാണാം. തമിഴ്നാട്ടിലെ ഗ്രാമാധിവാസങ്ങള്‍ പൊതുവേ നിബിഡ-മാതൃകയിലുള്ളവയാണ്. ജലലഭ്യതയെ ആശ്രയിച്ചാണ് ഇവയുടെയും സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അത് നദികളെയോ കുളങ്ങളെയോ കിണറുകളെയോ ആശ്രയിച്ചാകാം. കാവേരി ഡെല്‍റ്റയിലെ സ്ഥിതി ഇതില്‍നിന്നും ഭിന്നമാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഭയന്ന്, മിക്കവാറും ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറി അധിവാസം ഉറപ്പിച്ചിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

നഗരാധിവാസം. ഭൂമിയുടെ പ്രതലസംരചനയെ തിരുത്തിക്കുറിക്കുന്നതിനുള്ള മനുഷ്യപ്രയത്നത്തിന്റെ ഉത്തമോദാഹരണങ്ങളാണ് നഗരങ്ങള്‍. മിക്കപ്പോഴും അവയ്ക്കു മനുഷ്യനിര്‍മിതങ്ങളായ ചുറ്റുപാടുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. നഗരങ്ങള്‍ ഗ്രാമങ്ങളില്‍നിന്നും പല കാരണങ്ങള്‍കൊണ്ടും ഭിന്നമാണ്. ജനസംഖ്യയിലും ജനനിബിഡതയിലും വളരെയേറെ മുന്നിലാണ് നഗരങ്ങള്‍. ച.കി.മീ.ന് 10,000-ത്തിലേറെ ആളുകള്‍ നിവസിക്കുന്ന ധാരാളം വന്‍നഗരങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ഇത്തരത്തിലുള്ള ജനപ്പെരുപ്പംമൂലം ഭൂതലത്തിനു മുകളിലും താഴെയുമായി തന്റെ അധിവാസത്തിനു കൂടുതല്‍ സ്ഥലം കണ്ടെത്തുവാന്‍ നഗരത്തിലെ മനുഷ്യന്‍ നിര്‍ബന്ധിതനായിരിക്കുന്നു. വമ്പിച്ച ജനതതികളെ അധിവസിപ്പിക്കുന്നവയാണ് നഗരങ്ങള്‍. ഇവയുടെ നിര്‍വചനവും വിഭജനക്രമവും ഓരോ രാജ്യത്തും വ്യത്യസ്തമായി കാണുന്നു. നഗരാധിവാസത്തിന്റെ അതിര് നിര്‍ണയിക്കുന്ന കാര്യത്തിലും ബഹുമുഖമായ പ്രശ്നങ്ങളുണ്ട്. മിക്കപ്പോഴും നഗരത്തിന്റെ പുറംഭാഗങ്ങളിലേക്കു പോകുന്തോറും ജനസാന്ദ്രത കുറഞ്ഞ് ഗ്രാമാധിവാസമായി പരിണമിക്കുന്നതായാണ് കണ്ടുവരുന്നത്. മനുഷ്യരുടെ ദൈനംദിന പ്രവൃത്തികളും ജീവനോപാധികളും നഗരത്തില്‍ വ്യത്യസ്തമായിരിക്കും. ആധുനികയുഗത്തില്‍ നഗരങ്ങള്‍ക്കു വിദ്യാഭ്യാസകേന്ദ്രം എന്ന ബഹുമതിയും കൈവന്നിട്ടുണ്ട്. ഓരോ നഗരത്തിനും തനതും സവിശേഷവുമായ വാസ്തുരൂപം ഉണ്ടായിരിക്കുമെന്നതും പരിഗണനീയമായ വസ്തുതയാണ്.

നഗരങ്ങളുടെ ഉദ്ഭവവും സ്ഥാനവും. മാനവസംസ്കാരത്തിന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ നഗരാധിവാസം ആരംഭിച്ചിരുന്നു. 5,000 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സിന്ധുനദീതടത്തിലും പൂര്‍വ-ഏഷ്യയിലും നഗരങ്ങള്‍ സ്ഥാപിതമായിരുന്നു. ഈ നഗരങ്ങള്‍ ജലസേചനത്തിലൂടെയുള്ള കൃഷിക്ക് പ്രാധാന്യമുള്ള അധിവാസകേന്ദ്രങ്ങളായിരുന്നു. ഇവിടെ കലയും സംസ്കാരവും വളരാന്‍ തുടങ്ങി. നാനാമുഖമായ വിജ്ഞാനത്തിന്റെ വളര്‍ച്ച ഈ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ആദ്യത്തെ യന്ത്രസാമഗ്രികളുടെ കണ്ടുപിടിത്തവും ഇക്കാലത്തുതന്നെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ സമൃദ്ധമായ ഉത്പാദനം കൂടുതല്‍ ആളുകള്‍ക്ക് അന്യപ്രവൃത്തികളില്‍ വ്യാപരിക്കുന്നതിന് അവസരം നല്കിയതുകൊണ്ടാണ് മേല്പറഞ്ഞ പുരോഗതി നേടാന്‍ സാധിച്ചത്. മാനവ ചരിത്രത്തിലെ ഈ ഘട്ടത്തെ ആദ്യത്തെ സംസ്കാരിക (നാഗരിക) വിപ്ളവമായി കണക്കാക്കാവുന്നതാണ്. ഏതാണ്ട് ഇക്കാലത്തുതന്നെ ഇത്തരത്തിലുള്ള പുരോഗതി ചൈനയിലും മധ്യ-ദക്ഷിണ അമേരിക്കയിലുമുള്ള ജനങ്ങള്‍ നേടിക്കഴിഞ്ഞിരുന്നു. ഇന്നത്തെ പടുകൂറ്റന്‍ നഗരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മേല്പറഞ്ഞ നഗരങ്ങള്‍ നന്നേ ചെറുതായിരുന്നു. നഗരങ്ങളുടെ യഥാര്‍ഥമായ വളര്‍ച്ച വ്യാവസായിക വിപ്ളവത്തെ തുടര്‍ന്നായിരുന്നു. പ്രകൃതിവ്യവസ്ഥകളുടെ മേല്‍ തുടരെത്തുടരെ നേടാനൊത്ത ആധിപത്യം മനുഷ്യനെ നഗരാധിവാസത്തിലേക്കു കൂടുതല്‍ അടുപ്പിക്കുകയും നഗരങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു നിദാനമാകുകയും ചെയ്തു. ഇന്നത്തെ വന്‍നഗരങ്ങളില്‍ ഒട്ടുമുക്കാലും ആദ്യകാലത്ത് വന്‍തോതിലുള്ള ഉത്പാദനകേന്ദ്രങ്ങളായിരുന്നു. എന്നാല്‍ ഈയിടെയായി നഗരങ്ങളുടെ പ്രാധാന്യം വിനിമയകേന്ദ്രങ്ങളെന്ന നിലയിലാണ്. നോ: നഗരം

നാഗരികതയുടെ വളര്‍ച്ച. കഴിഞ്ഞ ഒന്നര ശതാബ്ദങ്ങള്‍ക്കുള്ളില്‍ ലോകത്തെ നഗരങ്ങള്‍ക്ക് അഭൂതപൂര്‍വമായ വികാസം ഉണ്ടാവുകയും വിപുലമായ ഒരു ഭൂഭാഗം വന്‍നഗരങ്ങളുടെ പശ്ചിഭൂമി (hinderland) എന്ന നിലയില്‍ വളരുകയും ചെയ്തു. എ.ഡി. 1800-ല്‍ 20,000ത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ വസിക്കുന്നവര്‍ ലോകജനസംഖ്യയുടെ കേവലം 2.4 ശ.മാ. മാത്രമായിരുന്നു. 1960-ല്‍ അത് 27.1 ശ.മാ. ആയി. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ 50 മാത്രമായിരുന്നു; ഒന്നര ശതകങ്ങള്‍കൊണ്ട് അത് 900-ല്‍ കവിഞ്ഞു.

നഗരങ്ങളുടെ സ്ഥിതിസ്ഥാപനം. നഗരങ്ങളുടെ സ്ഥാനം നിര്‍ദേശിക്കുന്നത് സാധാരണയായി അക്ഷാംശരേഖാംശ വ്യവസ്ഥയിലാണ്. എങ്കിലും അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതിയും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. പ്രത്യേക ഭൂപരിതഃസ്ഥിതികള്‍ നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തിന് അനുകൂലമാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അവയുടെ വികാസത്തെത്തുടര്‍ന്ന് ഭൂപരമായ പ്രാതികൂല്യങ്ങളെ തരണം ചെയ്യുവാനുള്ള യത്നം എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രാചീനകാലത്ത് നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം പ്രാമാണ്യഘടകം സുരക്ഷാപരമായ സൌകര്യങ്ങളായിരുന്നു. ഏതാണ്ട് ചുറ്റിനുംതന്നെ കീഴ്ക്കാംതൂക്കായ കുന്നുകളുണ്ടായിരിക്കുന്നത് നഗരങ്ങള്‍ക്കുള്ള ഏറ്റവും പറ്റിയ സ്ഥാനമായി ഗണിക്കപ്പെട്ടിരുന്നു. ദുര്‍ഗമപ്രദേശങ്ങളെ മുറിച്ചൊഴുകുന്ന നദികളുടെ വിസര്‍പ്പണം (meandering) മൂലം സൃഷ്ടിക്കപ്പെടുന്ന സമതലങ്ങളും സുരക്ഷാപരമായ കാരണങ്ങളാല്‍ നഗരങ്ങള്‍ക്കു പറ്റിയ സ്ഥാനമായി വിചാരിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഫലഭൂയിഷ്ഠമായ ഒരു പശ്ചഭൂമി ഉണ്ടായിരിക്കുക നഗരങ്ങളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു. നദീമാര്‍ഗങ്ങളില്‍ കുറുകേയുള്ള തരണം സുഗമമായ വിധത്തില്‍ ശാന്തവും ആഴംകുറഞ്ഞതുമായ ഭാഗങ്ങളില്‍ ഇരുകരകളിലുമായോ ഒരു കരയില്‍ മാത്രമായോ നഗരങ്ങള്‍ വളര്‍ന്നിരുന്നു. അതുപോലെതന്നെ തടാകങ്ങളുടെ അറ്റത്ത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ നഗരാധിവാസം സ്ഥാപിതമായി. ഖനനകേന്ദ്രങ്ങള്‍, സാമ്പത്തിക കാരണങ്ങളാല്‍ ജനപ്പെരുപ്പമുണ്ടായ നഗരങ്ങള്‍ക്ക് ഉത്തമദൃഷ്ടാന്തങ്ങളാണ്. പ്രത്യേകോദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെടുന്നതും പ്രത്യേക കാരണങ്ങള്‍കൊണ്ട് അധിവാസം പുഷ്ടിപ്പെട്ടതുമായ നഗരങ്ങളും ഉണ്ട്. തീര്‍ഥാടനകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും വളരെ പെട്ടെന്ന് നഗരങ്ങളുടെരൂപം കൈക്കൊള്ളുന്നു. മിക്കപ്പോഴും നദികളുടെ സംഗമസ്ഥാനങ്ങളിലാണ് ഇത്തരം നഗരങ്ങള്‍ ഉണ്ടായിക്കാണുന്നത്. കടല്‍ത്തീരത്തും ഉയര്‍ന്ന പ്രദേശങ്ങളിലും സുഖവാസ-ഉല്ലാസകേന്ദ്രങ്ങളെന്ന നിലയില്‍ വികാസം പ്രാപിച്ച ധാരാളം നഗരങ്ങള്‍ കാണാം. പ്രതിരോധപരമായ കാരണങ്ങള്‍ കൊണ്ട് മനഃപൂര്‍വം കെട്ടിപ്പടുത്തിട്ടുള്ള നഗരാധിവാസങ്ങളും ഉണ്ട്.

നഗരങ്ങളുടെ വികാസത്തിന് സഹായകമായിത്തീരുന്ന ധാരാളം ഘടകങ്ങളുണ്ട്. ഗതാഗതസൌകര്യമാണ് ഇവയില്‍ പ്രഥമം. പ്രധാന ഗതാഗതമാര്‍ഗങ്ങള്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളില്‍ നഗരാധിവാസം ഉറയ്ക്കുവാനും അത് വന്‍നഗരമായി രൂപാന്തരപ്പെടുവാനും ചുരുങ്ങിയ കാലയളവുമതി. ദുര്‍ഗമമായ മലനിരകള്‍ക്കിടയിലെ രണ്ടു താഴ്വരകള്‍ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥലം, റെയില്‍റോഡുകള്‍ ഒന്നുചേരുന്ന കേന്ദ്രങ്ങള്‍, ഗതാഗതസൌകര്യമുള്ള നദികളുടെ സംഗമം, മരുഭൂമിയുടെ അരികില്‍ മരുപ്പച്ചകളില്‍നിന്നുള്ള പാതകള്‍ സംവ്രജിക്കുന്ന സ്ഥലം തുടങ്ങി മേല്പറഞ്ഞ വിധത്തിലുള്ള നിരവധി കേന്ദ്രങ്ങള്‍ വന്‍നഗരങ്ങളായി രൂപം പ്രാപിച്ചിട്ടുണ്ട്. കടലിടുക്കുകളും സമുദ്രമധ്യത്ത് കപ്പലടുക്കുവാന്‍ സൌകര്യമുള്ള ചെറു ദ്വീപുകളും ഈ വിധത്തില്‍ നഗരങ്ങളായി വളര്‍ന്നിട്ടുണ്ട്. ഇവയൊക്കെത്തന്നെയും വാണിജ്യപരമായ സൌകര്യങ്ങള്‍കൊണ്ട് അഭിവൃദ്ധിപ്പെട്ടിട്ടുള്ളവയാണ്. വ്യാവസായിക വിപ്ളവത്തിനുശേഷം കല്ക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ലഭ്യത വ്യവസായകേന്ദ്രങ്ങളെന്ന നിലയില്‍ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളില്‍ കല്‍ക്കരി ഖനികള്‍ക്കും വൈദ്യുത കേന്ദ്രങ്ങള്‍ക്കും ചുറ്റുമായി ധാരാളം നഗരങ്ങള്‍ വളര്‍ന്നിട്ടുള്ളതായി കാണാം.

നഗരങ്ങളുടെ രൂപഭാവങ്ങളും പ്രവൃത്തിവ്യവസ്ഥയും. ഒരു അധിവാസകേന്ദ്രത്തിലെ ഭൂരിപക്ഷം ജനങ്ങളും പ്രത്യുത്പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ആ അധിവാസത്തെ നഗരം എന്നു വിശേഷിപ്പിക്കുക. ഏറിയകൂറും നഗരങ്ങള്‍ പ്രവൃത്തിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വികസിക്കുന്നവയാണ്. മറിച്ച് പെട്ടെന്നുണ്ടാകുന്ന ഒരു കുടിയേറ്റമല്ല. നഗരത്തിലെ ജനത, പ്രവൃത്തിപരമായി നോക്കുമ്പോള്‍ ഭൂമിയുമായി നേരിട്ടു ബന്ധം പുലര്‍ത്തുന്നവരല്ല. അവര്‍ പൊതുവേ ഉത്പാദനോന്മുഖമായി മറ്റിനം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. ഒരു നഗരത്തിലെ ആളുകള്‍ തന്നെ ബഹുമുഖമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരായിരിക്കും. അവയില്‍ ഏതെങ്കിലുമൊരെണ്ണം ആ പ്രത്യേക നഗരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാകും. ഇവയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളെ പ്രവൃത്തിപരമായി വിഭജിച്ചിരിക്കുന്നു. വ്യാവസായികകേന്ദ്രം, വാണിജ്യകേന്ദ്രം, ഭരണകാര്യ-ആസ്ഥാനം, ഗതാഗതകേന്ദ്രം, സാംസ്കാരികകേന്ദ്രം (വിദ്യാഭ്യാസകേന്ദ്രം, മതകാര്യകേന്ദ്രം, വിനോദകേന്ദ്രം...), ഖനനകേന്ദ്രം ഇത്യാദി. പലപ്പോഴും ഒരു നഗരം പ്രവൃത്തി പരമായി ഒന്നിലധികം തുറകളില്‍ ആഭിമുഖ്യം നേടിയിരിക്കും.

ഒരു നഗരത്തിനുള്ളില്‍തന്നെ പല ഭാഗങ്ങളിലായി പല പ്രവൃത്തികളും കേന്ദ്രീകൃതമാവുന്ന അവസ്ഥ വന്നുചേരാം. വ്യവസായസ്ഥാപനങ്ങള്‍ മാത്രമായി ഒരിടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെയും മറ്റൊരു ഭാഗത്തുമായി സ്ഥാപിതമാകാറുണ്ട്. അതുപോലെതന്നെ നിവാസമേഖലകളും വിനോദശാലകളും പൊതുസ്ഥാപനങ്ങളും പബ്ളിക് മാര്‍ക്കറ്റുകളും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡുകളുമൊക്കെ വെവ്വേറെ കേന്ദ്രങ്ങളിലായി വികാസം പ്രാപിക്കുന്നു. ചുരുക്കത്തില്‍ ഭൂവുപയോഗം അടിസ്ഥാനമാക്കിയുള്ള വിവിധ മേഖലകളായി നഗരം വിഭക്തമാവുന്നു. ഓരോ ആവശ്യത്തിലേക്കും നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളും വാസ്തുശില്പങ്ങളും മറ്റു സംരചനകളും ചേര്‍ന്ന് നഗരത്തിനു തനതായ ഒരു മുഖച്ഛായ ഉണ്ടാക്കും. ഒപ്പംതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പ്രത്യേകമായ രൂപഭാവങ്ങള്‍ ഉണ്ടായിരിക്കയും ചെയ്യും. സാധാരണയായി വ്യാപാരപ്രമുഖമായ മേഖല നഗരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക. ഈ ഭാഗത്തെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് (Central Buisness District,CBD) എന്നു പറഞ്ഞുവരുന്നു.

നഗരാധിവാസം ഇന്ത്യയില്‍. നഗരാധിവാസം അനുദിനം വര്‍ധിച്ചുവരുന്ന ഒരു പരിതഃസ്ഥിതിയാണ് ഇന്ത്യയില്‍ ഇന്നുള്ളത്. വ്യവസായവത്കരണം ഒരു ലക്ഷ്യമായിത്തീരുന്നതിനു മുമ്പുവരെ ഇന്ത്യന്‍ നഗരങ്ങള്‍ കാര്യമായ വികാസം പ്രാപിച്ചിരുന്നില്ല. താരതമ്യേന മന്ദഗതിയിലുള്ള സാമ്പത്തിക പുരോഗതി നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് വിലങ്ങായിരുന്നു. 1961-ല്‍ ഇന്ത്യയില്‍ മൊത്തം ജനസംഖ്യയുടെ 17.97 ശ.മാ. മാത്രമാണ് നഗരവാസികളായി ഉണ്ടായിരുന്നത് 1991-ല്‍ ഇത് 25.73 ശ.മാ. ആയി വര്‍ദ്ധിച്ചു.

ഴയ ഇന്ത്യന്‍ നഗരങ്ങളില്‍ ഒട്ടുമുക്കാലും കോട്ടകൊത്തളങ്ങളോടുകൂടിയ പ്രതിരോധകേന്ദ്രങ്ങളോ പുണ്യക്ഷേത്രങ്ങളോ ഭരണാസ്ഥാനമോ ഇവയൊക്കെചേര്‍ന്നതോ ആയിരുന്നു. സുഖവാസകേന്ദ്രങ്ങള്‍, സൈനികത്താവളങ്ങള്‍, വിദ്യാപീഠങ്ങള്‍, റെയില്‍വേ കേന്ദ്രങ്ങള്‍ തുടങ്ങിയവയും നഗരങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. നഗരാതിര്‍ത്തിക്കുള്ളില്‍ത്തന്നെ വിശാലമായ കൃഷിസ്ഥലങ്ങള്‍ ഉണ്ടായിക്കാണുന്നത് ചില ഇന്ത്യന്‍ പട്ടണങ്ങളുടെയും സവിശേഷതയാണ്. ചെറുകിട നഗരങ്ങളില്‍ ഭൂരിപക്ഷവും വ്യാപാരപ്രാധാന്യം കൊണ്ട് മുഖച്ഛായ മാറിയ വലിയ ഗ്രാമങ്ങള്‍ മാത്രമാണ്. പ്രധാന നഗരങ്ങള്‍ മാത്രം വ്യവസായിക കേന്ദ്രങ്ങളോ വാണിജ്യകേന്ദ്രങ്ങളോ ആണ്.

നഗരമണ്ഡലം. നഗരങ്ങള്‍ ജില്ലകളുടെയും പ്രത്യേക മേഖലകളുടെയും സിരാകേന്ദ്രങ്ങളാണ്. ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും നഗരത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ നിവസിക്കുന്ന സാമാന്യം വിസ്തൃതമായ ഒരു പശ്ചഭൂമി ഓരോ പട്ടണത്തിലും ഉണ്ടായിരിക്കും. പട്ടണവും അതിന്റെ പ്രാന്തപ്രദേശങ്ങളുമായി നിരന്തരമായ സമ്പര്‍ക്കം ഉണ്ടായിരിക്കും. പട്ടണത്തിന് ആവശ്യമായ പച്ചക്കറികള്‍, പാല്, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നത് പ്രാന്തപ്രദേശത്തുനിന്നുമാണ്. പട്ടണത്തില്‍ പ്രവൃത്തിയെടുക്കുന്ന തൊഴിലാളികളില്‍ ഏറിയകൂറും ഈ പ്രദേശത്തു നിന്നും വരുന്നവരാകാം. ക്രയവിക്രയം, പഠനം, വിനോദം, വൈദ്യസഹായം, നിയമോപദേശം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പശ്ചപ്രദേശത്തെ ആളുകള്‍ നഗരത്തിലേക്ക് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഈ പ്രദേശത്തേക്ക് നഗരത്തില്‍ നിന്നും ഗതാഗത സൌകര്യങ്ങള്‍ ഉണ്ടായിരിക്കും. നഗരത്തില്‍ നിന്നും പുറപ്പെടുന്ന പത്രങ്ങളും മറ്റും പ്രാന്തപ്രദേശത്തുകൂടി വിതരണം ചെയ്യപ്പെടുന്നു. നഗരത്തിലേക്കുള്ള ഗതാഗതസൌകര്യത്തിന്റെ അടിസ്ഥാനത്തില്‍ നഗരപ്രാന്തങ്ങള്‍ തുലോം ചെറുതു മുതല്‍ നന്നേ വിസ്തൃതമായ മേഖലവരെയാകാം.

അന്താരാഷ്ട്ര ദിനാങ്കരേഖ

(International Date Line)

ചില വ്യതിയാനങ്ങളോടുകൂടി 180° രേഖാംശ (meridian)ത്തിലൂടെ നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായഒരു സാങ്കല്പികരേഖ.

ഭൂഗോളം ചുറ്റി യാത്ര ചെയ്യുമ്പോള്‍ ഭൂമിയുടെ ഭ്രമണം മൂലം കാലഗണനയില്‍ ഒരു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാവുന്നു. ഈ പിശക് തിരുത്തുവാന്‍ അന്താരാഷ്ട്രദിനാങ്കരേഖ ഉപയോഗിച്ചുവരുന്നു. ഈ രേഖയ്ക്കു കിഴക്കുഭാഗത്തുള്ള തീയതി പടിഞ്ഞാറുള്ളതിന് ഒരു ദിവസം മുമ്പായിരിക്കും. തന്‍മൂലം പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഈ രേഖ മുറിച്ചു കടക്കുമ്പോള്‍, പടിഞ്ഞാറുവശത്തുള്ള തീയതി അതിനടുത്ത ദിവസവും കിഴക്കു ഭാഗത്തു മാറുന്നില്ല. നേരേമറിച്ച് കിഴക്കു നിന്നു പടിഞ്ഞാറോട്ടു സഞ്ചരിക്കുമ്പോള്‍ ഒരു ദിവസം നഷ്ടപ്പെടുകയും ചെയ്യുന്നു. കിഴക്കോട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന അധികദിവസത്തിന് 'രേഖാംശദിനം' (meridian day) എന്നു പറയുന്നു.

ഒരു രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ഒരേ ദിവസത്തെതന്നെ തീയതി ഭിന്നമാകുന്നത് ഒഴിവാക്കാനാണ് അന്താരാഷ്ട്രദിനാങ്കരേഖയ്ക്ക് 180^0 രേഖാംശത്തില്‍നിന്നും അല്പമായ വ്യതിചലനം കല്പിച്ചിരിക്കുന്നത്. ഇമ്മാതിരി വ്യതിചലനം മൂന്നിടത്താണുള്ളത്. ബെറിങ് കടലിടുക്കുവഴി കടക്കുന്നതിന് തെക്കുകിഴക്കായി വ്യതിചലിക്കുകയും അലൂഷ്യന്‍ ദ്വീപുകള്‍ക്കു സമീപം വരെ തെക്കുപടിഞ്ഞാറായി പോയി, പിന്നെ കിഴക്കോട്ട് തിരിഞ്ഞു 180° രേഖാംശത്തിലെത്തുകയും ചെയ്യുന്നു. ഇതുപോലെ തന്നെ ഫിജി, ന്യൂസിലന്‍ഡ് എന്നീ വന്‍കരഭാഗങ്ങളെ കുറുകെ മുറിക്കാതെ കിഴക്കോട്ടു വളഞ്ഞു പോകുന്നു. രേഖാംശക്രമമനുസരിച്ചുള്ള സമയമേഖലകളെ (15° രേഖാംശം = 1 മണിക്കൂര്‍) ഈ രേഖ രണ്ടു നേര്‍പകുതികളായി വിഭജിക്കുന്നു.

സാന്‍ഫ്രാന്‍സിസ്കോയിലുള്ള യു.എസ്.തീര സര്‍വേ (U.S.Cost Survey) ഓഫീസിലെ പ്രൊഫ. ഡേവിഡ്സണ്‍ ആണ് ഈ രേഖ നിര്‍ണയിച്ചത്. പ്രധാന രേഖാംശം (prime meridian) ആയി ഗ്രീനിച്ച് രേഖാംശത്തിന് അംഗീകാരം നല്കാന്‍ വാഷിങ്ടണില്‍ സമ്മേളിച്ച (1884) അന്താരാഷ്ട്രരേഖാംശസമ്മേളനം ദിനാങ്കരേഖയ്ക്ക് ഔദ്യോഗികാംഗീകാരം നല്കിയിട്ടില്ലെങ്കിലും എല്ലാ രാജ്യങ്ങളിലും ഇതിനു സാമാന്യമായ അംഗീകാരം സിദ്ധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഭൂപടം

International Map

അന്താരാഷ്ട്രഭൂമിശാസ്ത്രസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍ദിഷ്ടമാപകത്തില്‍ നിര്‍മിക്കപ്പെടുന്ന ധരാതലീയചിത്രങ്ങള്‍ (Topographic Sheets). പ്രദര്‍ശകഭിന്നം 1:10,00,000. 'ദശലക്ഷഭൂപടങ്ങള്‍' (Million maps) എന്നും ഇവ വിളിക്കപ്പെടുന്നു. പരിഷ്കരിച്ച പോളീകോണിക് പ്രക്ഷേപ(Polyconic projection)ത്തിലാണ് ഈ മാനചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളും ധരാതലീയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

അഞ്ചാമത്തെ അന്താരാഷ്ട്രഭൂമിശാസ്ത്രസമിതിയാണ് ആദ്യമായി ഈ വക മാനചിത്രങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തത്; ഡോ. ആല്‍ബ്രെഷ് പെങ്കാണ് ഇതിന്റെ ഉപജ്ഞാതാവ് (1891). തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വ്യാപകമായ പര്യവേഷണങ്ങളുടെ ഫലമായി സ്ഥലവിവരങ്ങളെ സംബന്ധിച്ച് കാര്യമായ പുരോഗതിയുണ്ടായി. വികസിതരാജ്യങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളുടെയും അധീശപ്രദേശങ്ങളുടെയും ധരാതലീയചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ ദശലക്ഷ ഭൂപടങ്ങളെ ആധാരമാക്കി. സാര്‍വലൌകികപ്രചാരം സിദ്ധിക്കാവുന്നവിധത്തില്‍ സങ്കേതങ്ങള്‍ പരിഷ്കരിക്കുവാനായി നിയുക്തമായ അന്താരാഷ്ട്രഭൂപടസമിതി ലണ്ടനിലും (1909) പാരിസിലും (1913) വീണ്ടും ലണ്ടനിലും (1928) സമ്മേളിച്ചശേഷമാണ് ഇന്നത്തെ രൂപസംവിധാനം കൈവരുത്തിയത്.

പ്രസക്തപ്രദേശങ്ങളുടെ വിസ്തൃതി, സ്ഥലാകൃതി, നിമ്നോന്നതത്വം, ജലസഞ്ചയം തുടങ്ങി ഭൂമിശാസ്ത്രപരമായ എല്ലാ വിവരങ്ങളും സംഗ്രഹിക്കുന്നവയാണ് അന്താരാഷ്ട്രഭൂപടങ്ങള്‍. ആഗോളപ്രചാരം സിദ്ധിച്ച പ്രതീകങ്ങളാണ് നിര്‍ദേശകചിഹ്നങ്ങളായി ഉപയോഗിക്കുന്നത്.

ഈ ശ്രേണിയില്‍പെട്ട ഓരോ ചിത്രത്തിന്റെയും അക്ഷാംശീയ-രേഖാംശീയ വിസ്തൃതി ഇന്നതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഓരോ ധരാതലീയചിത്രത്തിലും 4ബ്ബ അക്ഷാംശവും 6ബ്ബ രേഖാംശവുമാണ് ഉള്‍ക്കൊള്ളിക്കുക. 60ബ്ബ അക്ഷാംശത്തിനുമുകളില്‍ രേഖാംശീയവിസ്തൃതി 12ബ്ബ ആയിത്തീരുന്നു.

നിമ്നോന്നതാവസ്ഥ വ്യക്തമാക്കുന്നതിന് സമോച്ചരേഖാ (contour) രീതിയാണു സ്വീകരിച്ചിട്ടുള്ളത്. കിഴുക്കാം തൂക്കായ ഭൂഭാഗങ്ങളില്‍ പ്രത്യേകനിറങ്ങള്‍ കൊടുക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് സമോച്ചരേഖകളുടെ അന്തരം മീറ്ററുകളില്‍ ക്രമീകരിക്കുന്നു.

സ്ഥലപ്പേരുകള്‍ ഉപയോഗിക്കുന്നത് അതതുസ്ഥലത്തെ തപാല്‍വകുപ്പിനെ ആധാരമാക്കിയാണ്. ജലമാര്‍ഗങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയവയുടെ പേരുകള്‍ക്ക് ചരിഞ്ഞ ലിപികളാണ് ഉപയോഗിക്കുന്നത്.

അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങള്‍

Antarctic Expeditions

അന്റാര്‍ട്ടിക്ക കണ്ടെത്തുകയും വന്‍കരയെ സംബന്ധിച്ച വിവിധ വസ്തുതകള്‍ പുറംലോകത്തിനു ലഭ്യമാക്കുകയും ചെയ്ത പര്യവേക്ഷണങ്ങള്‍. ചെറുതും വലുതുമായ ഒട്ടനവധി രാജ്യങ്ങള്‍ അന്റാര്‍ട്ടിക് പ്രദേശത്ത് പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ വന്‍കരയില്‍ ആദ്യം ചെന്നെത്തിയത് ആരാണെന്നത് ഇന്നും തര്‍ക്കവിഷയമാണ്. റഷ്യന്‍ പര്യവേക്ഷകന്‍ ഫാബിയന്‍ ഗോട്ലീബ് ഫൊണ്‍ ബെലിങ്ഷാസന്‍, ബ്രിട്ടീഷ് നാവികന്‍ എഡ്വേഡ് ബ്രന്‍സ്ഫീല്‍ഡ്, അമേരിക്കന്‍ സീല്‍വേട്ടക്കാരന്‍ നാഥാനിയേല്‍ പാമര്‍ എന്നിവര്‍ 1820-ല്‍ അന്റാര്‍ട്ടിക്കാതീരത്തെ വ്യത്യസ്ത സ്ഥാനങ്ങളില്‍ കാല്കുത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്.

ന്യൂസിലന്‍ഡിലെ തദ്ദേശീയവര്‍ഗമായ മവോറികളുടെ ഐതിഹ്യപ്രകാരം എ.ഡി. 650-ല്‍ പോളിനേഷ്യരായ ഏതാനും പേര്‍ ഉയീ തേ രംഗിയോറായുടെ നേതൃത്വത്തില്‍ തങ്ങളുടെ രാജ്യത്തുനിന്ന് ഒരു വഞ്ചിയില്‍ നേര്‍തെക്കായി യാത്ര തിരിക്കുകയും ഹിമാവൃതമായ കടലിലൂടെ ബൃഹത്തായ ഒരു കരയില്‍ എത്തിമടങ്ങുകയും ചെയ്തു. മധ്യകാലഘട്ടത്തില്‍ യൂറോപ്യരായ ഭൂമിശാസ്ത്രജ്ഞര്‍ ദക്ഷിണധ്രുവ മേഖലയില്‍ ഒരു വന്‍കരയുണ്ടെന്ന് അനുമാനിച്ചിരുന്നു; അതിന് 'ടെറാ ആസ്റ്റ്രേലിസ്' എന്ന സംജ്ഞയാണ് നല്കപ്പെട്ടിരുന്നത്. 1760-കളില്‍ ദക്ഷിണ സമുദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച നീര്‍നായ് വേട്ടയില്‍ യു.എസ്, ബ്രിട്ടന്‍, ആര്‍ജന്റീന, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളിലുള്ള സാഹസികരായ നാവികര്‍ക്ക് സജീവമായ പങ്കുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ സ്കോഷ്യാ മുനമ്പിലാണ് മിക്കവാറും കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത്. 1772-75 കാലത്ത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് ദ. അക്ഷാ. 600 ക്കും 700 ക്കുമിടയിലൂടെ ലോകം ചുറ്റി സഞ്ചരിക്കുകയുണ്ടായി; ടെറാ ആസ്റ്റ്രേലിസ് നിലവിലുണ്ടെങ്കില്‍ അത് ദ. അക്ഷാ. 700 ക്കും തെക്കായിരിക്കുമെന്ന് അദ്ദേഹം നിഗമിച്ചു; അത്തരമൊരു വന്‍കരയുടെ വ്യാപ്തിയെക്കുറിച്ച് ഏകദേശധാരണ നല്കുവാനും ജെയിംസ് കുക്കിനു കഴിഞ്ഞു. 1900 ആയപ്പോഴേക്കും രോമം നല്കാനാവുന്നയിനം സീലുകള്‍ (furseals) വംശനാശം അഭിമുഖീകരിച്ചിരുന്നതിനെ തുടര്‍ന്ന് തിമിംഗല വേട്ടയ്ക്ക് പ്രാമാണ്യം കൈവന്നു. 1837-40 കാലത്ത് ഡ്യൂമോണ്ട് ദെ ഉര്‍വില്‍ നയിച്ച ഫ്രഞ്ച് പര്യവേക്ഷണസംഘം അഡ്ലീലന്‍ഡ് കണ്ടെത്തുകയും അവിടെ ഫ്രാന്‍സിന്റെ അവകാശം സ്ഥാപിക്കുകയും ചെയ്തു. 1838-42-ല്‍ ചാള്‍സ് വൈക്സിന്റെ നേതൃത്വത്തിലുള്ള യു.എസ്. പര്യവേക്ഷകര്‍ പൂര്‍വ അന്റാര്‍ട്ടിക്കാ തീരത്തിലെ ഏറിയ ഭാഗത്തിന്റേയും രൂപരേഖ തയ്യാറാക്കി. ഒന്നാം ലോകയുദ്ധാനന്തരം തിമിംഗല എണ്ണയ്ക്ക് പ്രിയമേറിയതുമൂലം തിമിംഗലവേട്ട വ്യാപകമായി. ഇക്കാലത്തുതന്നെയാണ് അന്റാര്‍ട്ടിക്കയില്‍ ഭൂപ്രകൃതിപരവും ശാസ്ത്രസാങ്കേതികപരവുമായ പര്യവേക്ഷണങ്ങള്‍ ആരംഭിച്ചത്. 1919-21 കാലത്ത് റഷ്യന്‍ കപ്പലുകളായ വോസ്റ്റോഷ്, മിര്‍ണേ എന്നിവ ബെലിങ്ഷാസന്‍ എന്ന കമാന്‍ഡറുടെ നേതൃത്വത്തില്‍ അന്റാര്‍ട്ടിക്കയെ ചുറ്റി പര്യടനം നടത്തി. 1919-20 കാലത്ത് ബ്രന്‍സ്ഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് സംഘം അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മാനചിത്രണം ഭാഗികമായി നിര്‍വഹിച്ചു. 1939-43 കാലത്ത് ജെയിംസ് ക്ളര്‍ക് റാസ് നയിച്ച ബ്രിട്ടിഷ് സംഘമാണ് റാസ് ഐസ് ഷെല്‍ഫ്, വിക്റ്റോറിയാ ലന്‍ഡ് എന്നീ ഭാഗങ്ങളില്‍ പര്യടനം നടത്തി ബ്രിട്ടിഷ് ആധിപത്യം ഉറപ്പിച്ചത്.

സാഹസിക പര്യടനങ്ങള്‍

20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങള്‍ അന്റാര്‍ട്ടിക്കാ പര്യവേക്ഷണത്തിലെ സാഹസികഘട്ടം ആയി വിശേഷിപ്പിക്കപ്പെടുന്നു. വന്‍കരയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരവും ശാസ്ത്രീയവുമായി വളരെയേറെ അറിവുകള്‍ സമാഹരിക്കുവാന്‍ ഇക്കാലത്ത് സാധിച്ചു. അന്റാര്‍ട്ടിക്കയുടെ ഉള്ളറയിലേക്ക് 1901-13 കാലത്ത് മൂന്ന് സാഹസിക പര്യടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. റോബര്‍ട്ട് എഫ്. സ്കോട്ട്, ഏണസ്റ്റ് ഹെന്റി ഷാക്കിള്‍ട്ടണ്‍ എന്നിവര്‍ നയിച്ച ബ്രിട്ടിഷ് പര്യടനസംഘത്തിന് വന്‍കരയുടെ ഉള്‍ഭാഗത്തേക്കുള്ള പാതകള്‍ നിര്‍ണയിക്കാനായതോടൊപ്പം ഭൂവിജ്ഞാനീയം, ഹിമനദീയം, കാലാവസ്ഥ തുടങ്ങിയവയെ സംബന്ധിച്ച അടിസ്ഥാനപരമായ വസ്തുതകള്‍ സംഗ്രഹിക്കുന്നതിനും കഴിഞ്ഞു. ഇത് വന്‍കരയെക്കുറിച്ച് ഇന്നു നടന്നുവരുന്ന ഗവേഷണ പഠനങ്ങള്‍ക്കും പദ്ധതികള്‍ക്കും അടിസ്ഥാനമായിത്തീര്‍ന്നു. അഡ്രിയന്‍ ദേ ഗെര്‍ലാഷെ എന്ന ബെല്‍ജിയന്‍ കപ്പിത്താന്റെ ബെല്‍ജിക്ക എന്ന കപ്പല്‍ 1898 മാ. മുതല്‍ 1899 മാ. വരെ അന്റാര്‍ട്ടിക്കന്‍ തീരത്തെ ബലിങ്ഷാസന്‍ കടലില്‍ പ്ളവദ് ഹിമപുഞ്ജങ്ങള്‍(ice pack)ക്കിടയില്‍ കുടുങ്ങുകയുണ്ടായിയെങ്കിലും കേടുപാടുകള്‍ കൂടാതെ മടങ്ങിപ്പോയി. അടുത്ത വര്‍ഷത്തെ ശൈത്യകാലത്ത് അതിശൈത്യത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പോടെ കാര്‍സ്റ്റണ്‍ ഇ. ബോര്‍ഷ്ഗ്രേവിക്കിന്റെ നേതൃത്വത്തിലെത്തിയ ശാസ്ത്രജ്ഞസംഘം കേപ് അഡയറില്‍ നിര്‍ബാധം കഴിഞ്ഞുകൂടുകയും ദൌത്യം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.

സ്കോട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് നാഷനല്‍ അന്റാര്‍ട്ടിക് പര്യവേക്ഷണസംഘവും (ഡിസ്കവറി, 1901-04), ഷാക്കിള്‍ട്ടണ്‍ നയിച്ച ബ്രിട്ടിഷ് അന്റാര്‍ട്ടിക് പര്യവേഷണസംഘവും (നിമ്റോഡ്, 1907-09) റാസ്സ്ദ്വീപിനെ മുഖ്യതാവളമാക്കിക്കൊണ്ട് വന്‍കരയ്ക്കുള്ളിലേക്ക് സ്ലെഡ്ജ് ഉപയോഗിച്ചുള്ള സാഹസികയാത്രകള്‍ നടത്തി. ഷാക്കിള്‍ട്ടണ്‍, ഇ.എ. വില്‍സണ്‍ എന്നിവരോടൊപ്പം 1902 ഡി. 30-ന് സ്കോട്ട് ദ. അക്ഷാ. 82°17' ലുള്ള റാസ്സ് ഐസ്ഷെല്‍ഫ് വരെ ചെന്നെത്തി. 1909 ജനു 9-ന് ഷാക്കിള്‍ട്ടണ്‍ തന്റെ 5 സഹചാരികള്‍ക്കൊപ്പം ദ. അക്ഷാ. 88°23' -ല്‍ എത്തി; ദക്ഷിണ ധ്രുവത്തിലേക്ക് കേവലം 180 കി.മീ. ദൂരം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. 1902-ല്‍ സ്കോട്ട് ബലൂണുപയോഗിച്ച് ധ്രുവത്തിന്റെ വ്യോമസര്‍വേഷണം നടത്തി; 1908-ല്‍ ഷാക്കിള്‍ട്ടണ്‍ അന്റാര്‍ട്ടിക്കയില്‍ ആദ്യമായി ആട്ടോമൊബൈലുകള്‍ ഉപയോഗത്തില്‍വരുത്തി; ബേഡ്മോര്‍ ഹിമാനിയില്‍നിന്ന് ധ്രുവ-പീഠഭൂമിയിലേക്ക് മഞ്ചൂറിയന്‍ കുതിര(pony)കളുടെ സഹായത്തോടെ യാത്ര തരപ്പെടുത്തുകയും ചെയ്തു. ഇതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് സ്കോട്ട് 1911-12-ല്‍ ദ. ധ്രുവത്തിലേക്ക് സ്ലെഡ്ജുകളുപയോഗിച്ചുള്ള സാഹസികപ്രയാണം നിര്‍വഹിച്ചു.

ദക്ഷിണധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിക്കല്‍, അന്റാര്‍ട്ടിക്കാവന്‍കരയുടെ ഭാഗങ്ങളെ അധീനപ്പെടുത്തല്‍, ആ വന്‍കരയെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്കി. ദക്ഷിണ കാന്തിക ധ്രുവത്തില്‍ എത്തിച്ചേരുവാനുള്ള ഉദ്യമമാണ് ആദ്യം നടന്നത്. കാന്തികധ്രുവത്തിന്റെ സ്ഥാനം 66° തെ. 146° കി. ആണെന്ന ജര്‍മന്‍ ഭൌതിക വിജ്ഞാനി കാള്‍ ഫ്രീഡ്റിക് ഗാസ്സിന്റെ നിഗമനത്തെ അവലംബിച്ച് ഉത്തരകാന്തികധ്രുവം നേരത്തേ കണ്ടെത്തിയിരുന്ന റാസ്, തന്റെ സഹനാവികരായ വൈക്സ്, ദെ ഉര്‍വില്‍ എന്നിവരോടൊപ്പം 20-ാം ശ.-ന്റെ ആരംഭത്തില്‍ പ്രസക്തസ്ഥാനത്തെത്തി; എന്നാല്‍ ഗാസ്സിന്റെ നിഗമനം വസ്തുതാ വിരുദ്ധമായിരുന്നു. ഏറെത്താമസിയാതെ ടി.ഡബ്ള്യു.ഇ. ഡേവിഡ്, ഡഗ്ളസ് മാസന്‍ എന്നിവര്‍ ചേര്‍ന്ന് കാന്തിക ധ്രുവത്തിന്റെ സ്ഥാനം (72°25' തെ.; 155°16' കി.) കണ്ടെത്തി. റോയ്ഡ്സ് മുനമ്പില്‍ നിന്ന് സ്ലെഡ്ജ് യാത്ര ചെയ്താണ് വിക്ടോറിയാലന്‍ഡിലെ ഹിമശിഖരങ്ങള്‍ക്കിടയിലുള്ള കാന്തിക ധ്രുവത്തില്‍ ഈ സാഹസികര്‍ എത്തിച്ചേര്‍ന്നത്. 1911 ഡി. 14-ന് നോര്‍വീജന്‍ അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തിന്റെ നായകനായിരുന്ന അമുണ്‍സെനിനാണ് ആദ്യമായി ദ. ധ്രുവത്തില്‍ എത്തിച്ചേരാനായത് (നോ. അമുണ്‍സെന്‍റോള്‍ഡ്.) കഷ്ടിച്ച് ഒരു മാസത്തെ കാലതാമസത്തില്‍, 1912 ജനു 17-ന് സ്കോട്ടിന്റെ നേതൃത്വത്തില്‍ ബ്രിട്ടിഷ് പര്യവേക്ഷകരിലെ അഞ്ചംഗസംഘത്തിനും ദ. ധ്രുവത്തില്‍ കാലുകുത്താനായി. നായ്ക്കള്‍ വലിക്കുന്ന സ്ലെഡ്ജുകള്‍മാത്രം സഹായത്തിനുണ്ടായിരുന്ന അമുണ്‍സെനും സംഘവും അക്സല്‍ ഹീബെര്‍ഗ് ഹിമാനികള്‍ക്കിടയിലൂടെ വേയ്ല്‍സ് ഉള്‍ക്കടല്‍ തീരത്തെ ഫ്രാമെയ്മ് താവളത്തില്‍ സുരക്ഷിതരായി മടങ്ങിയെത്തി. എന്നാല്‍ ബേര്‍ഡ്മോര്‍ ഹിമാനിയിലൂടെ മടക്കയാത്രയാരംഭിച്ച സ്കോട്ടും സഹായികളും ഹിമപ്രപാതത്തില്‍പെട്ട് ഉന്മൂലനം ചെയ്യപ്പെട്ടു.

ദ. ധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിക്കപ്പെട്ടതോടെ സാഹസികയാത്രികരുടെ താത്പര്യം വന്‍കര മുറിച്ചുകടക്കുന്നതിലായി. റാസ്, വെഡല്‍ എന്നീ കടലുകളെ കൂട്ടിയിണക്കുന്ന ജലപാതകള്‍ ഉണ്ടായിരിക്കുവാനുള്ള സാധ്യതയാണ് ഇക്കൂട്ടര്‍ പ്രധാനമായും പരിഗണിച്ചത്. 1914-ല്‍ ഷാക്കിള്‍ട്ടണ്‍ അന്റാര്‍ട്ടിക്കയ്ക്കു കുറുകേ യാത്രചെയ്യുവാനുള്ള ഉദ്യമമാരംഭിച്ചു; പക്ഷേ ഇദ്ദേഹത്തിന്റെ കപ്പല്‍ (എന്‍ഡറന്‍സ്) വെഡല്‍ കടലിലെ പ്ളവദ്ഹിമപുഞ്ജ (ice pack)ങ്ങളില്‍ കുടുങ്ങി തകര്‍ന്നു. ദശകങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷ(IGY)ത്തിലാണ് ഇത്തരമൊരുദ്യമം വിജയത്തിലെത്തിയത്. വിവിയന്‍ ഫുക്സിന്റെ നേതൃത്വത്തിലുള്ള കോമണ്‍വെല്‍ത്ത് ട്രാന്‍സ്-അന്റാര്‍ട്ടിക് പര്യവേക്ഷണസംഘം ഫില്‍ക്നെര്‍ സ്ഥിരഹിമ പ്രതലത്തിലെ ഷാക്കിള്‍ട്ടണ്‍ താവളത്തില്‍നിന്ന് 1957 നവ. 24-നു യാത്ര തിരിച്ച് ദ. ധ്രുവം താണ്ടി 1958 മാ. 2-ന് റാസ്ദ്വീപിലുള്ള ന്യൂസിലന്‍ഡ് സ്കോട്ട്ബേസില്‍ എത്തിച്ചേര്‍ന്നു. നിരീക്ഷക വിമാനങ്ങളുടെ പിന്തുണയോടെയാണ് ഈ യാത്ര വിജയിപ്പിച്ചെടുത്തത്. 1979-81 കാലത്ത് ബ്രിട്ടിഷ് ട്രാന്‍സ്ഗ്ളോബ് പര്യവേക്ഷണസംഘം ധ്രുവങ്ങളിലൂടെ ഭൂഗോളം ചുറ്റിയതിന്റെ ഭാഗമായി രണ്ടാമതും അന്റാര്‍ട്ടിക്ക മുറിച്ചു കടന്നു. 1989-90-ല്‍ യു.എസ്സിലെ സ്റ്റിഗര്‍ വില്‍സ് സ്വകാര്യ സംരംഭമായി സംഘടിപ്പിച്ച പര്യവേക്ഷണത്തിന്റെ ഭാഗമായി വ്യോമനിരീക്ഷകരുടെ പിന്തുണയോടെയും ഹിമപാദുകം, പരിശീലനം നേടിയനായ്ക്കള്‍ എന്നിവയുടെ സഹായത്തോടെയും ഈ വന്‍കരയ്ക്കു കുറുകേ 5,985 കി.മീ. നീണ്ട പദയാത്ര പൂര്‍ത്തിയാക്കുകയുണ്ടായി.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയ്ക്കുള്ള കാലഘട്ടത്തിലാണ് അന്റാര്‍ട്ടിക്കാ പര്യവേക്ഷണങ്ങളില്‍ യന്ത്രോപകരണങ്ങളുടെ, വിശിഷ്യാ വ്യോമയാനങ്ങളുടെ, പങ്ക് ഉത്തരോത്തരം വര്‍ധിച്ചത്. കവചിതവാഹനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, അതിസൂക്ഷ്മക്യാമറകള്‍, റേഡിയോ തുടങ്ങിയവ ധ്രുവമേഖലാ പര്യടനങ്ങള്‍ക്ക് വന്‍തോതിലുള്ള സുരക്ഷിതത്വവും നിര്‍വഹണക്ഷമതയും പ്രദാനം ചെയ്തു. 1928-ല്‍ ഒറ്റയന്ത്രമുള്ള 'ലോക്ഹീഡ് വേഗാ' വിമാനം വിജയകരമായി പറപ്പിച്ച് സി.ബി. യീല്‍സണ്‍, ജോര്‍ജ്. ഹ്യൂബര്‍ട് വില്‍കിന്‍സ് എന്നിവര്‍ അന്റാര്‍ട്ടിക്കയുടെ മേലുള്ള വ്യോമസഞ്ചാരത്തിനു തുടക്കം കുറിച്ചു. ഇതേതുടര്‍ന്ന് യു.എസ്. നാവികസേനയിലെ റിച്ചാഡ് ഇ. ബേര്‍ഡ് വ്യോമനിരീക്ഷണങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചു. (1928-30; 1933-35; 1939-41, 1946-47). 1926-ല്‍ ഉ. ധ്രുവത്തിനുമുകളിലൂടെ വിമാനം പറപ്പിച്ച ഇദ്ദേഹം തുടര്‍ന്ന് 1929 നവ. 29-ന് ദ. ധ്രുവത്തിനുമുകളിലൂടെയും പറന്നു. 1946-47-ല്‍ നടത്തിയ നാലാമത്തെ പര്യവേഷണത്തിന് ബേര്‍ഡ് അതിവിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. 'ഓപ്പറേഷന്‍ ഹൈജംപ്' എന്നു വിളിക്കപ്പെട്ട ഈ സംരംഭത്തില്‍ രണ്ടു സീപ്ളേന്‍ ടെന്‍ഡറു(sea plane tender)കളും ഒരു വിമാന വാഹിനിയും ഉള്‍പ്പെടെ 13 കപ്പലുകളും 25 വിമാനങ്ങളും പങ്കുകൊണ്ടു. കപ്പല്‍ത്തട്ടുകളില്‍നിന്നു പറന്നിരുന്ന വിമാനങ്ങള്‍ മാത്രമായി 49,000 ഛായാചിത്രങ്ങള്‍ ലഭ്യമാക്കി. കരതാവളമാക്കി പ്രവര്‍ത്തിച്ചിരുന്നവയുടെ സംഭാവന ഇതിലുമേറെയായിരുന്നു. അന്റാര്‍ട്ടിക് തീരമേഖലയുടെ 60 ശ.മാ.ത്തിന്റേയും നിജസ്ഥിതി നിദര്‍ശിപ്പിക്കുവാന്‍ ഈ ചിത്രങ്ങള്‍ പര്യാപ്തമായി; ഇതില്‍ നല്ലൊരു പങ്ക് നേരത്തേ ചെന്നെത്തിയിട്ടില്ലാത്ത ഭാഗങ്ങളുടേതായിരുന്നു. 1935 നവ. 23നും ഡി. 5-നു മിടയ്ക്കു നടത്തിയ അതിസാഹസികമായ നിരീക്ഷണപ്പറക്കലുകളിലൂടെ വന്‍കരയ്ക്കുള്ളില്‍ വിമാനം ഇറങ്ങുന്നതിനും പറന്നുയരുന്നതിനും അനുയോജ്യമായ ഹിമപ്രതല(ice shelf)ങ്ങളുടെ സ്ഥാനനിര്‍ണയനം നടത്തുവാന്‍ ലിങ്കണ്‍ എല്‍സ്വര്‍ത്ത് (യു.എസ്.), ഹെര്‍ബര്‍ട്ട് എച്ച്. കെന്യണ്‍ (കാനഡ) എന്നീ വൈമാനികര്‍ക്കു കഴിഞ്ഞിരുന്നു. ഇവയോടൊപ്പം ക്വീന്‍മാഡ് ലന്‍ഡ് തീരങ്ങളില്‍ നോര്‍വീജിയന്‍ കപ്പലുകളില്‍ നിന്ന് സീപ്ളേനു(Sea Plane)കളുപയോഗിച്ചു നടത്തിയ എണ്ണമറ്റ നിരീക്ഷണപ്പറക്കലുകളിലൂടെ ലഭ്യമായ വിവരങ്ങളും കൂടിച്ചേര്‍ന്ന് അന്റാര്‍ട്ടിക്കയിലെ വ്യോമനിരീക്ഷണ പദ്ധതികള്‍ക്കുള്ള സുവ്യക്തമായ ആധാത്രി (matrix) ലഭ്യമാക്കി.

അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷം

International Geophysical Year-IGY

1879-ല്‍ ജര്‍മനിയിലെ ഹാംബുര്‍ഗില്‍ 11 രാഷ്ട്രങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര ധ്രുവ-സമിതി (International Polar Commission)യുടെ ആദ്യസമ്മേളനം 1882-83-ല്‍ ഒന്നാമത്തെ അന്താരാഷ്ട്ര ധ്രുവ-വര്‍ഷം ആയി ആചരിക്കുവാന്‍ തീരുമാനിച്ചു. അന്റാര്‍ട്ടിക്കയിലെ ശാസ്ത്രീയ ഗവേഷണങ്ങള്‍ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടു. ആര്‍ട്ടിക് മേഖലയിലെ പ്രവര്‍ത്തന പരിപാടികള്‍ക്കാണു മുന്‍തൂക്കം നല്കിയിരുന്നതെങ്കിലും അന്റാര്‍ട്ടിക്കാമേഖലയില്‍ ഭൂകാന്തിക-അന്തരീക്ഷവിജ്ഞാനീയ പഠനങ്ങള്‍ക്കായി നാല് സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയില്‍പ്പെടുത്തിയിരുന്നു. ഇതിന്‍പ്രകാരം ജര്‍മനിയുടെ നിരീക്ഷണകേന്ദ്രം ദ. ജോര്‍ജിയായില്‍ സ്ഥാപിക്കപ്പെട്ടു. രണ്ടാമത്തെ അന്താരാഷ്ട്രധ്രുവ-വര്‍ഷം മുന്‍തീരുമാനപ്രകാരം 1932-33-ല്‍ ആചരിക്കപ്പെട്ടപ്പോള്‍ 34 രാഷ്ട്രങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നെങ്കിലും അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണം സംഘടിപ്പിക്കപ്പെട്ടില്ല. രണ്ടാം ധ്രുവ-വര്‍ഷത്തില്‍ സൂര്യകളങ്കങ്ങള്‍ (sunspots) താരതമ്യേന കുറവായിരുന്നു. ഇതനുസരിച്ച് 1957-58 വര്‍ഷത്തില്‍ സൂര്യകളങ്കങ്ങള്‍ ഏറ്റവും കൂടുതലായിരിക്കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നു. ഈ അനുമാനത്തെ സയന്റിഫിക് യൂണിയനുകളുടെ അന്താരാഷ്ട്രകൌണ്‍സില്‍ - ഐ.സി.എസ്.യു. (International Council Of Scientific Unions-ICSU) അംഗീകരിച്ചു; 1952-ല്‍ ഐ.സി. എസ്.യു. അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷം ആസൂത്രണം ചെയ്യുന്നതിന് ഒരു കമ്മിഷനെ നിയോഗിച്ചു. ഭൂഗോളത്തിന്റെ മൊത്തമായ ഭൂഭൌതിക പഠനം ലക്ഷ്യമിട്ട ഈ സംരംഭത്തില്‍ 67 രാഷ്ട്രങ്ങള്‍ പങ്കുചേരാന്‍ തയ്യാറായി. സൌരപ്രതിഭാസങ്ങള്‍, കാലാവസ്ഥ, ധ്രുവദീപ്തി (aurora), കാന്തികമണ്ഡലം, അയണോസ്ഫിയര്‍ (Ionoshere), കോസ്മിക് വികിരണം തുടങ്ങിയവയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരേയവസരം നിര്‍വഹിക്കപ്പെടാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യപ്പെട്ടത്. ഒന്നാം ധ്രുവ-വര്‍ഷത്തിലെ പഠനങ്ങള്‍ ഭൂതലത്തെ സംബന്ധിച്ചുള്ളവമാത്രമായിരുന്നു. രണ്ടാം ധ്രുവ-വര്‍ഷത്തില്‍ ബലൂണുകളുപയോഗിച്ച് 10,065 മീ. ഉയരംവരെയുള്ള അന്തരീക്ഷപഠനം കൂടി നിര്‍വഹിക്കപ്പെട്ടു. എന്നാല്‍ അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷത്തില്‍ യു.എസ്., സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള ശൂന്യാകാശനിരീക്ഷണം കൂടി ഉള്‍പ്പെടുത്തപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിതമായി; ഇവ സമ്പാദിക്കുന്ന ഗവേഷണപരമായ അറിവുകള്‍ ലോകത്തിലെ ഏതു കോണിലുമുള്ള ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് നിരുപാധികം ലഭ്യമാവുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തപ്പെട്ടു.

1954-ല്‍ റോമില്‍ ചേര്‍ന്ന ഐ.സി.എസ്.യു. കമ്മിറ്റിയോഗം ബഹിരാകാശം, അന്റാര്‍ട്ടിക്ക എന്നിവയെ സംബന്ധിക്കുന്ന പഠനപദ്ധതികള്‍ക്ക് അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തില്‍ മുന്‍ഗണന നല്കണമെന്ന് ശുപാര്‍ശ ചെയ്തു. വന്‍കരയില്‍ ഭൂഭൌതികപഠനങ്ങള്‍ നന്നെക്കുറച്ചു മാത്രമേ നടന്നിട്ടുള്ളൂവെന്നതും ദക്ഷിണാര്‍ധഗോളത്തിലെ ധ്രുവദീപ്തി - കോസ്മിക (auroral &cosmic ray) പ്രതിഭാസങ്ങള്‍ ദ. കാന്തിക ധ്രുവത്തെ (S.magnetic pole) കേന്ദ്രീകരിച്ചാണു നടക്കുന്നതെന്നതുമാണ് അന്റാര്‍ട്ടിക്കാ പഠനങ്ങള്‍ക്കു മുന്‍തൂക്കം വരുവാന്‍ നിദാനമായത്. നേരിട്ടറിയാത്ത ഒട്ടനവധിയിടങ്ങള്‍ ഈ വന്‍കരയില്‍ അവശേഷിച്ചിരുന്നുവെന്നതും വന്‍കരയുടെ പകുതിയോളം മേഖലകളില്‍ മനുഷ്യര്‍ എത്തിയിരുന്നില്ല എന്നതും ഒരു കാരണമായി; 1955 ജൂലായില്‍ ഒന്നാമത്തെ അന്റാര്‍ട്ടിക് സമ്മേളനം പാരിസില്‍ സംഘടിപ്പിക്കപ്പെട്ടു. വന്‍കരയിലെ അറിയപ്പെട്ടിരുന്ന ഭാഗങ്ങള്‍ക്കുമേല്‍ വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്ന അവകാശവാദം ഏകോപിത രീതിയിലുള്ള പഠനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുവാന്‍, ശാസ്ത്രീയപഠനങ്ങള്‍ക്ക് സര്‍വപ്രാധാന്യം കല്പിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി. 12 രാഷ്ട്രങ്ങളുടെ ശൈത്യകാലത്തുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സ്ഥിരം നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ തീരുമാനിക്കപ്പെട്ടു. അന്റാര്‍ട്ടിക്കയിലേക്ക് പതിവായി വിമാന സര്‍വീസുകള്‍ ആരംഭിക്കുവാന്‍ യു.എസ്സിനെ ചുമതലപ്പെടുത്തി. പ.അന്റാര്‍ട്ടിക്കയിലെ ബേര്‍ഡ് സ്റ്റേഷന്‍ (യു.എസ്) കേന്ദ്രീകരിച്ച് വന്‍കരയുടെ ഉള്‍ഭാഗങ്ങളില്‍ നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കുവാനുള്ള പാതയൊരുക്കുന്ന ജോലിയും യു.എസ്സിന്റേതായി. ദ. ഭൂകാന്തികധ്രുവത്തിന് നന്നെ സമീപസ്ഥമായ വോസ്റ്റോഷ് നിരീക്ഷണാലയ(റഷ്യ)ത്തില്‍നിന്ന് ചരക്കുവാഹക വിമാനമുപയോഗിച്ച് ദ. ഭൌമധ്രുവത്തിലെ അമുണ്‍സെന്‍ - സ്കോട്ട് സ്റ്റേഷനി (യു.എസ്)ലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി. ധ്രുവദീപ്തി, വായു പ്രദീപ്തി (airglow), കോസ്മിക് വികിരണം ഭൂകാന്തികത, ഹിമവിജ്ഞാനം (Glaceology), ഭൂഗുരുത്വാ നിര്‍ണയനം (Gravity measurement), അയണോസ്ഫിയര്‍ - ഭൌതികം (Ionosphere physics), അന്തരീക്ഷ വിജ്ഞാനം, സമുദ്ര വിജ്ഞാനം, ഭൂകമ്പ വിജ്ഞാനം (Seismology) എന്നിവയെ സംബന്ധിച്ച പഠനങ്ങള്‍ക്ക് അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷത്തില്‍ പ്രാമാണ്യം നല്കണമെന്നു തീരുമാനിക്കപ്പെട്ടു. ജീവശാസ്ത്രം, ഭൂവിജ്ഞാനം, എന്നീ വിജ്ഞാനശാഖകളെ അടിസ്ഥാനഗവേഷണ വിഷയങ്ങളായി ഉള്‍പ്പെടുത്തിയിരുന്നില്ല.

1955-56 വര്‍ഷത്തിലെ ഗ്രീഷ്മകാലത്തുതന്നെ അന്റാര്‍ട്ടിക്കാ തീരങ്ങളില്‍ ബേസ് സ്റ്റേഷനുകള്‍ സ്ഥാപിതമായി. തൊട്ടടുത്തവര്‍ഷത്തെ വേനല്‍ക്കാലത്ത് ഉള്‍നാടന്‍ സ്റ്റേഷനുകളും സംവിധാനം ചെയ്യപ്പെട്ടു. 1957 ജൂല. 1-ന് അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷം (IGY) സമാരംഭിച്ചതിനെ തുടര്‍ന്നുള്ള 18 മാസക്കാലത്ത് അന്റാര്‍ട്ടിക്കയിലെന്നപോലെ മറ്റു വന്‍കരകളിലും സമുദ്രങ്ങളിലും ബഹിരാകാശത്തും എണ്ണമറ്റ കണ്ടെത്തലുകള്‍ നടന്നു; ഭൂമി, സമുദ്രങ്ങള്‍, വന്‍കരകള്‍, ഹിമാനികള്‍, അന്തരീക്ഷം, ഭൂഗുരുത്വം, ഭൂകാന്തികമണ്ഡലം തുടങ്ങിയവയെ സംബന്ധിച്ച് അന്നേവരെ നിലനിന്നിരുന്ന പല ധാരണകളേയും തിരുത്തിക്കുറിക്കുന്ന ശാസ്ത്രവസ്തുതകള്‍ വെളിച്ചത്തായി. സര്‍വോപരി രാഷ്ട്രീയ തലത്തിലുള്ള വൈരുധ്യങ്ങളേയും കെട്ടുപാടുകളേയും മറികടന്ന് ഭൂമുഖത്തെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരുടേയും ഗവേഷകരുടേയും സഹവര്‍ത്തിത്വവും ആശയവിനിമയ സ്വാതന്ത്യ്രവും നിലവില്‍വന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശീതസമരങ്ങളില്‍ അയവുണ്ടാകുന്നതിനും അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിന്റെ (ഐ.ജി.വൈ.) ആചരണം സഹായകമായി.

അന്റാര്‍ട്ടിക്കാ ഉടമ്പടി

The Antarctic Treaty

ഐ.ജി.വൈ.യുടെ സമാപനത്തോടെ (1958 ഡി. 31), അന്റാര്‍ട്ടിക്കയിലെ വികസന പരിപാടികള്‍ അവതാളത്തിലാവുമെന്ന സ്ഥിതിയുണ്ടായി. ഇതൊഴിവാക്കുവാന്‍ അന്റാര്‍ട്ടിക്കയില്‍ നേരിട്ട് ഇടപെട്ടിരുന്ന 12 രാഷ്ട്രങ്ങളുടെ സഖ്യമുണ്ടാക്കുവാന്‍ യു.എസ്. മുന്നിട്ടിറങ്ങി. 1958 ജൂണില്‍ ഇക്കാര്യത്തിനായി പ്രസക്തരാജ്യങ്ങള്‍ വാഷിങ്ടണില്‍ സമ്മേളിക്കുകയും 1959 ഡി. 1-ന് അന്റാര്‍ട്ടിക്കാ ഉടമ്പടി നിലവില്‍ വരികയും ചെയ്തു. ആര്‍ജന്റീന, ആസ്റ്റ്രേലിയ, ബല്‍ജിയം, ഫ്രാന്‍സ്, ചിലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, നോര്‍വേ, ദ. ആഫ്രിക്ക, സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍ (യു.കെ), യു.എസ് എന്നീ രാഷ്ട്രങ്ങളാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഈ ഉടമ്പടിക്ക് 1961 ജൂണ്‍ 23-ന് അന്താരാഷ്ട്ര നിയമപ്രാബല്യം കൈവന്നു.

അന്റാര്‍ട്ടിക് ഉടമ്പടി രാജ്യതന്ത്രജ്ഞതയുടെ പുതിയൊരു മുഖമാണ് കാഴ്ച വച്ചത്. ഒരു വന്‍കരയൊട്ടാകെ രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത സ്വതന്ത്രമേഖലയാക്കി ശാസ്ത്രലോകത്തിനുമുന്നില്‍ ഗവേഷണപഠനങ്ങള്‍ക്കു തുറന്നിട്ട ഈ നടപടി അന്റാര്‍ട്ടിക്കയെ സമാധാനപരമായ ഉപയോഗങ്ങള്‍ക്കുമാത്രമായി വ്യവസ്ഥ ചെയ്തു. ഈ വന്‍കരയിലെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് നിരുപാധിക പ്രവര്‍ത്തന സ്വാതന്ത്യ്രവും അന്താരാഷ്ട്രസഹകരണവും ഉറപ്പാക്കി പഠനപദ്ധതികള്‍; ഗവേഷണഫലങ്ങള്‍ എന്നിവയേയും ഗവേക്ഷകരേയും വിവിധ രാജ്യങ്ങള്‍ക്ക് പരസ്പരം കൈമാറുവാനുള്ള സ്വാതന്ത്യ്രം നിലവില്‍ വരുത്തി. നാലാം വകുപ്പുപ്രകാരം അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളുടെ മേല്‍ ഓരോ രാജ്യവും ഉന്നയിച്ചു പോന്ന അവകാശവാദങ്ങള്‍ പാടേ നിരാകരിക്കപ്പെട്ടു; പര്യവേക്ഷണ ഫലങ്ങളും ഗവേഷണ വിജയങ്ങളും അവകാശവാദത്തിനുള്ള ഉപാധിയാക്കാന്‍ പാടുള്ളതല്ലെന്ന് തീരുമാനിച്ചു. ഈ വന്‍കരയില്‍ അണുവിസ്ഫോടനം നടത്തുന്നതിനും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. അന്താരാഷ്ട്രനിയമപരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ദ.അക്ഷാ. 60ബ്ബക്കും തെക്കുള്ള മുഴുവന്‍ ജലമണ്ഡലത്തിലും അന്റാര്‍ട്ടിക്കാ ഉടമ്പടിയുടെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഉടമ്പടിയിലെ 9-ാം വകുപ്പുപ്രകാരം ഏതെങ്കിലും അംഗരാഷ്ട്രം ഏര്‍പ്പെട്ടിട്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിന് മറ്റ് അംഗരാഷ്ട്രങ്ങളില്‍ ഓരോന്നിനും പൂര്‍ണസ്വാതന്ത്യ്രമുണ്ട്. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായഭിന്നത ഉണ്ടാവുന്ന പക്ഷം തര്‍ക്കകക്ഷികള്‍ ചര്‍ച്ചയിലൂടെയോ ഉഭയസമ്മതപ്രകാരമുള്ള മധ്യസ്ഥതീരുമാനത്തിലൂടെയോ പ്രശ്നം പരിഹരിക്കണം; ഇതിനു കഴിയാതെ വന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീര്‍പ്പിനു വിടുകയും ആയത് അനുസരിക്കുകയും ചെയ്യേണ്ടതാണ്. ഉടമ്പടിയിലെ വ്യവസ്ഥകള്‍ 30 വര്‍ഷത്തിലൊരിക്കല്‍, ഏതെങ്കിലും അംഗരാഷ്ട്രം ആവശ്യപ്പെടുന്നപക്ഷം പുനരവലോകനം ചെയ്യാവുന്നതാണ്.

നാലാംവകുപ്പനുസരിച്ച് തങ്ങളുടെ അവകാശവാദങ്ങളില്‍ നിന്ന് നിരുപാധികം പിന്‍മാറുവാന്‍ എല്ലാ അംഗരാജ്യങ്ങളും സന്നദ്ധരായിരുന്നില്ല. ഒരേ പ്രദേശത്തിന് ഒന്നിലധികം രാജ്യങ്ങള്‍ ഉന്നയിച്ച അവകാശത്തര്‍ക്കങ്ങള്‍ അന്താരാഷ്ട്രനീതിന്യായക്കോടതിയുടെ തീര്‍പ്പിനായി അവശേഷിക്കുന്നുമുണ്ട്. എന്നാല്‍ ജനവാസയോഗ്യമല്ലാത്തതും സദാ അപകടഭീതി നിലനില്ക്കുന്നതുമായ മേഖലകളുടെ മേല്‍ സ്ഥിരാവകാശം വച്ചുപുലര്‍ത്തുന്നതിലെ അയുക്തി യു.എസ്. ഉള്‍പ്പെടെ ചില അംഗരാഷ്ട്രങ്ങള്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ട്. അന്റാര്‍ട്ടിക്കയിലെ സസ്യ-ജന്തുജാലങ്ങളുടെ പരിരക്ഷണത്തിനും സാഹസികയത്നങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക സ്ഥാനങ്ങള്‍ സ്മാരകങ്ങളാക്കി നിലനിര്‍ത്തുന്നതിനും യുക്തമായ പരിപാടികള്‍ ആവിഷ്കരിച്ച്, നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സ്ഥാപകാംഗങ്ങള്‍ക്കൊപ്പം താത്പര്യമുള്ള മറ്റു രാഷ്ട്രങ്ങള്‍ക്കുകൂടി അന്റാര്‍ട്ടിക്കാസഖ്യത്തില്‍ അംഗത്വം നല്കുവാന്‍ 1977-ല്‍ തീരുമാനമെടുത്തു. തുടര്‍ന്ന് പോളണ്ട് (1977) ജര്‍മനി (1981), ബ്രസീല്‍ (1983), ഇന്ത്യ (1983) എന്നീ രാജ്യങ്ങളെ സഖ്യകക്ഷികളില്‍പ്പെടുത്തി. അന്റാര്‍ട്ടിക് പര്യവേക്ഷണത്തോട് ആഭിമുഖ്യമുള്ള പലരാജ്യങ്ങള്‍ക്കും സഖ്യാനുസൃതമുള്ള അവകാശങ്ങള്‍ ഭാഗികമായി അനുവദിക്കപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിനുശേഷമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍

അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷത്തിന്റെ സമാപനശേഷവും അന്റാര്‍ട്ടിക്കയില്‍ നടക്കാവുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി, 1957 സെപ്.-ല്‍, ഐ.സി.എസ്.യു. മുന്‍കയ്യെടുത്ത് സ്പെഷ്യല്‍ കമ്മിറ്റി ഫോര്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്-എസ്.സി.എ.ആര്‍. (Special Committee for Antarctic Research-SCAR) എന്ന ഉന്നതാധികാരസമിതിക്ക് രൂപംനല്കിയിരുന്നു. വന്‍കരയില്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിവരുന്ന ഗവേഷണങ്ങളെ ഏകോപിപ്പിക്കുന്നതിനൊപ്പം അന്റാര്‍ട്ടിക്കയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധമുള്ള ആഗോളതല ഗവേഷണ പദ്ധതികളില്‍ ഐ.സി.എസ്.യു വഴി ഭാഗഭാഗിത്വം നിര്‍വഹിക്കുന്നതിനു നേതൃത്വം നല്കുന്നതും എസ്.സി.എ.ആര്‍.-ന്റെ ധര്‍മങ്ങളാണ്. സൌരമണ്ഡലം, ഭൂകാന്തിക മണ്ഡലം, അപ്പര്‍മാന്റില്‍ (Upper mantle) തുടങ്ങിയവയെ സംബന്ധിച്ചുള്ള ആഗോളതല പഠനപദ്ധതികള്‍ക്ക് അന്റാര്‍ട്ടിക്കയുമായി ബന്ധപ്പെട്ട ദത്തങ്ങള്‍ (data) പര്യാപ്തമായ തോതില്‍ ലഭ്യമാക്കിയിരുന്നു. ഇന്റര്‍നാഷനല്‍ ഹൈഡ്രളോജിക്കല്‍ ഡെക്കേഡ്, ഇന്റര്‍നാഷനല്‍ ബയളോജിക്കല്‍ പ്രോഗ്രാം എന്നിവയിലും എസ്.സി.എ.ആര്‍.--ന്റെ ആഭിമുഖ്യത്തില്‍ മികച്ച സംഭാവനകള്‍ എത്തുകയുണ്ടായി. ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ നൂതനമായ അറിവുകള്‍ അംഗരാജ്യങ്ങളുമായും ആഗോളതലശാസ്ത്രലോകവുമായും പങ്കുവയ്ക്കുന്നതിന് അന്താരാഷ്ട്രതല സിംപോസിയങ്ങള്‍ സംഘടിപ്പിക്കുന്നത് എസ്.സി.എ.ആര്‍.-ന്റെ പതിവാണ്.

അന്റാര്‍ട്ടിക്കയെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ ദിനം പ്രതി വര്‍ധിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഭൂഗോളത്തെ മൊത്തമായി ബാധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തുവാന്‍ ധ്രുവീയമേഖലയുടെ സൂക്ഷ്മവിശകലനം സഹായകമായിട്ടുണ്ട്. സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ശോഷണം ഈദൃശ പ്രശ്നങ്ങളില്‍ ഒന്നാണ്. നിരവധി ഉപകരണങ്ങള്‍ ഇപ്പോള്‍ ധ്രുവമേഖലയിലെ ഗവേഷകര്‍ക്ക് ക്ഷിപ്രപ്രാപ്യമായിരിക്കുന്നു. ജെറ്റ്വിമാനം, ടര്‍ബൈന്‍ ഘടിപ്പിച്ച ഹെലികോപ്റ്റര്‍, ഹിമപ്രതലത്തിലൂടെ അതിശീഘ്രം ഉരുണ്ടുനീങ്ങുന്ന സ്കീ-പ്ളേന്‍, റേഡിയോ ആക്ടിവ് ഐസോടോപ്പുകളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ദത്ത-ലേഖി (data recorder) എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. ധ്രുവീയ പഥങ്ങളിലൂടെ ഭ്രമണം നടത്തുന്ന കൃത്രിമോപഗ്രഹങ്ങള്‍ ഉപര്യന്തരീക്ഷത്തില്‍നിന്നുള്‍പ്പെടെ കാലാവസ്ഥാപരമായ ദത്തങ്ങള്‍ യന്ത്രസഹായത്തോടെ രേഖപ്പെടുത്തി ഭൂതലകേന്ദ്രങ്ങളിലേക്കു പ്രക്ഷേപണം ചെയ്യുന്നു. റേഡിയോ എക്കോസൌണ്ടിങ് (Radio Echo Sounding) പ്രവിധിയിലൂടെ വിമാനങ്ങളുപയോഗിച്ച് ഹിമാവൃതമായ ആധാരശിലകളുടെ സ്വഭാവ സവിശേഷതകള്‍ ഗ്രഹിക്കാവുന്ന നിലയിലോളം സാങ്കേതികവിദ്യ പുരോഗമിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഏതാനും രാഷ്ട്രങ്ങള്‍ തങ്ങളുടേതായ ഗവേഷണപദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാക്കിയിരുന്നു. ഇന്ത്യ, ഇറ്റലി, ഉറുഗ്വേ, പോളണ്ട്, ജര്‍മനി, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ രാജ്യങ്ങളുടെ പഠനപരിപാടികള്‍ ഭൌതിക വിജ്ഞാനത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്നു. ഉല്കാവിജ്ഞാനം (meteoritics), വന്‍കരാവിസ്ഥാപനം, ആഗോള ജലസന്തുലനം (World Water Balance), അന്തരീക്ഷവിജ്ഞാനം, പുരാകാലാവസ്ഥ, ജീവവിജ്ഞാനം, ഭൂവിജ്ഞാനം എന്നീ പഠനശാഖകളില്‍ കനത്ത സംഭാവനനല്കുവാന്‍ ഈ പഠനങ്ങള്‍ പ്രാപ്തമായിട്ടുണ്ട്. അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള ചില ഉല്കാശില്കള്‍ ചന്ദ്രനില്‍നിന്ന് അപ്പോളോയാത്രികര്‍ ശേഖരിച്ച ശിലകളോടും ഷെര്‍ഗോട്ടൈറ്റ് (Shergottites) എന്ന പ്രത്യേകയിനം ഉല്കാസാമ്പിളുകള്‍ ചൊവ്വാഗ്രഹത്തിലെ ശിലകളോടും സാമ്യം പുലര്‍ത്തുന്നു. 1969-ല്‍ അന്റാര്‍ട്ടിക്കയിലെ ഉല്കാപതനങ്ങളെ സംബന്ധിച്ച് ജപ്പാനിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ അന്വേഷണത്തിലൂടെ ഉല്കാപഠനത്തിനായി ശേഖരിക്കപ്പെട്ടിരുന്ന സാമ്പിളുകളുടെ എണ്ണവും വൈവിധ്യവും ശതഗുണീഭവിച്ചു; ഉല്കാവിജ്ഞാനത്തിന്റെ അഭൂതപൂര്‍വമായ പുരോഗതിക്കു പാതയൊരുങ്ങുകയും ചെയ്തു.

ഉത്തരാര്‍ധഗോളത്തില്‍പ്പെട്ട വ്യാസപ്രതിലോമ(antipodal) സ്ഥാനങ്ങളില്‍ ഇടിമിന്നലുകള്‍ ഉത്പാദിപ്പിക്കുന്ന നന്നെ താണ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങള്‍ അന്റാര്‍ട്ടിക്കയിലെ പ്രസക്ത ഉപകരണങ്ങള്‍ സ്വീകരിച്ച് ആലേഖനം ചെയ്തു. ഇതിനെ അധികരിച്ചുനടന്ന ഗവേഷണപഠനങ്ങള്‍ അയണോസ്ഫിയര്‍, ഭൂകാന്തികത, സൂര്യനില്‍നിന്നുള്ള കോസ്മിക് രശ്മികള്‍ എന്നിവയെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങള്‍ സംഗ്രഹിച്ചു. ഓസോണ്‍ ദ്വാരത്തെക്കുറിച്ച് ആദ്യമായി അറിവായതും (1977) അന്റാര്‍ട്ടിക്കയില്‍ നിന്നാണ്. ഈ വന്‍കരയിലെ ശൈത്യകാലത്ത് വാതസഞ്ചരണത്തിലെ പ്രത്യേകതമൂലം ധ്രുവീയചുഴി (Polar Vortex) എന്ന ഒറ്റപ്പെട്ട അന്തരീക്ഷമേഖല സൃഷ്ടിക്കപ്പെടുന്നു. ഈ മേഖല അത്യധികമായ ഓസോണ്‍വിനാശം നേരിടുന്നതായി ഗവേഷകര്‍ക്കു ബോധ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് 'ഓസോണ്‍ ദ്വാരം' വ്യാപകമായ പഠനത്തിനു വിധേയമായത്. അന്റാര്‍ട്ടിക്കയിലെ ഹിമപാളികള്‍ക്കിടയില്‍ അന്തരീക്ഷത്തിന്റെ ഖരമാലിന്യങ്ങളും ഉപര്യന്തരീക്ഷത്തില്‍നിന്നു പതിക്കുന്ന ഉല്കാധൂളിയും കഷണങ്ങളും ധാരാളമായി അടിഞ്ഞിട്ടുണ്ട്. പുരാകാലാവസ്ഥയുടേയും പ്രാക്കാലത്തെ അഗ്നിപര്‍വത-പ്രക്രിയകളുടേയും വ്യക്തമായ സൂചനകള്‍ ഈ അടിവുകള്‍ ഉള്‍ക്കൊള്ളുന്നുണ്ടാവാം. അന്തരീക്ഷത്തിലേക്ക് വിസര്‍ജിക്കപ്പെടുന്ന വൈയവസായിക - മാലിന്യങ്ങളും അണുവിസ്ഫോടനത്തിലൂടെ വായുമണ്ഡലത്തില്‍ എത്തുന്ന റേഡിയോ ആക്റ്റിവതയുള്ള സ്ട്രോണ്‍ഷ്യ(strontium-90)വും ഒടുവില്‍ അന്റാര്‍ട്ടിക്കന്‍ ഹിമപാളികളില്‍ വന്നടിയുന്നു. ഈദൃശ അവസാദങ്ങള്‍ ഗവേഷണവസ്തുവായി മാറിയിട്ടുണ്ട്.

1968-83 കാലത്ത് യു.എസ്. അന്റാര്‍ട്ടിക്കയെ ചൂഴ്ന്നുള്ള സമുദ്രങ്ങളില്‍ തങ്ങളുടെ ഗ്ളോമല്‍ ചലഞ്ചര്‍ എന്ന സജ്ജീകൃതയാനം ഉപയോഗിച്ച് ആഴക്കടല്‍ ഡ്രില്ലിംഗ് നടത്തി. റാസ് കടലിന്റെ അടിത്തട്ടില്‍ പ്രകൃതിവാതകത്തിന്റെ സമ്പന്നനിക്ഷേപമുള്ളതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ജപ്പാന്റെ സഹകരണത്തോടെ വന്‍കരാതീരത്ത് വ്യാപകമായ ഭൂഭൌതിക - ഭൂകാന്തിക (Geophysical&Geomagnetic) സര്‍വേ പൂര്‍ത്തിയാക്കി. എണ്ണനിക്ഷേപങ്ങളുടെ സാന്നിധ്യവും അവസ്ഥിതിയും നിര്‍ണയിക്കപ്പെട്ടു. ഈ ധാതുവിഭവം ലാഭകരമായി ഖനനം ചെയ്യുവാന്‍ പോന്ന സാങ്കേതികത ഇനിയും കൈവരിക്കാനായിട്ടില്ല.

അന്റാര്‍ട്ടിക്കയില്‍ ഇതരവന്‍കരകളിലെപ്പോലെ പെട്രോളിയത്തിന്റേയും പ്രധാന ധാതുക്കളുടേയും സമ്പന്നനിക്ഷേപങ്ങള്‍ അവസ്ഥിതമാണെന്ന് ജിയോളജീയ-ഭൂഭൌതിക പഠനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ഇവ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ലാഭകരമായി ഖനനം ചെയ്യാനാവില്ല. എന്നാല്‍ ഭാവിയില്‍ ഇവയുടെ ഉപഭോഗം അത്യന്താപേക്ഷിതമായി മാറാവുന്നതുമാണ്. ഇക്കാരണത്താല്‍ അന്റാര്‍ട്ടിക്കയിലെ ധാതുവിഭവങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറി. 1988 ജൂണില്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്ടണില്‍ 33 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സമ്മേളിച്ച്, കണ്‍വെന്‍ഷന്‍ ഓണ്‍ ദ റെഗുലേഷന്‍ ഒഫ് അന്റാര്‍ട്ടിക് മിനറല്‍ റിസോഴ്സ് ആക്റ്റിവിറ്റീസ് (സി.ആര്‍.എ.എം.ആര്‍.എ) എന്നറിയപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി. അന്റാര്‍ട്ടിക്കയിലെ പ്രത്യുത്പാദനപരമല്ലാത്ത വിഭവങ്ങളുടെ ചൂഷണം, വികസനം എന്നിവയുടെ സംവിധാനക്രമങ്ങളാണ് ഈ ധാരണാപത്രത്തിലൂടെ ചിട്ടപ്പെടുത്തിയത്. അന്റാര്‍ട്ടിക്കാ ഉടമ്പടിയില്‍ ഈ വിഷയം ഉള്‍ക്കൊണ്ടിരുന്നില്ല. ഏറെത്താമസിയാതെ പല അംഗരാഷ്ട്രങ്ങളും സി.ആര്‍.എ.എം.ആര്‍.എ-യിലെ വ്യവസ്ഥകളെ വിഗണിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1989-ല്‍ അന്റാര്‍ട്ടിക്കാസഖ്യാംഗങ്ങളുടെ യോഗം പാരിസില്‍ സംഘടിപ്പിച്ചു. സി.ആര്‍.എ.എം.ആര്‍.എ. നിബന്ധനകളെ പാടെ വിസ്മരിച്ച്, അന്റാര്‍ട്ടിക്കയില്‍ ധാതുപര്യവേക്ഷണവും ഖനനവും പൂര്‍ണമായും നിരോധിക്കണമെന്ന് ചിലി ആവശ്യപ്പെട്ടു. 1991-ല്‍ മാഡ്രിഡില്‍ നടന്ന സമ്മേളനത്തില്‍ സി.ആര്‍.എ.എം.ആര്‍.എ. പിന്‍വലിക്കുകയും; അന്റാര്‍ട്ടിക്കാ ഉടമ്പടിയിലെ 7-ാം വകുപ്പില്‍ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിക്കുന്ന ഒരു നയരേഖ (protocol) അനുബന്ധമായി ചേര്‍ക്കുകയും ചെയ്തു. 'ശാസ്ത്രീയ പഠനങ്ങള്‍ക്ക് അവശ്യമായവ ഒഴിച്ച് ധാതുവിഭവങ്ങളെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തനവും അന്റാര്‍ട്ടിക്കയില്‍ പാടുള്ളതല്ല' എന്ന് ഈ നയരേഖ അനുശാസിക്കുന്നു. എല്ലാ അംഗരാഷ്ട്രങ്ങളും ഈ വ്യവസ്ഥ അംഗീകരിക്കുകയുണ്ടായി. അന്റാര്‍ട്ടിക്കയെ ഒരു വിശ്വ-ഉപവന (World park)മായി പ്രഖ്യാപിച്ച്, പരിസ്ഥിതിപരമായി പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തണമെന്ന നിര്‍ദേശത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്.

അന്റാര്‍ട്ടിക്കാ ഗവേഷണവും ഇന്ത്യയും

1981-ലാണ് ഇന്ത്യയുടെ അന്റാര്‍ട്ടിക്കാ ഗവേഷണ പരിപാടി ആരംഭിച്ചത്; ഇന്ത്യയുടെ ഒന്നാം അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തെ നയിച്ചത് ഡോ. എസ്. ഇസഡ്. ഖാസിം ആയിരുന്നു. 23 അന്റാര്‍ട്ടിക് പര്യടനങ്ങള്‍ നാളിതുവരെ സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. ദക്ഷിണ്‍ ഗംഗോത്രിയായിരുന്നു അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ സ്ഥിരം താവളം. ബഹു-ശാഖാപഠനങ്ങളിലൂടെയും (multi disciplinary) വിവിധ ഗവേഷണസ്ഥാപനങ്ങളുടെ ഏകോപിതപങ്കാളിത്തത്തിലൂടെയും വികാസം പ്രാപിച്ച ഈ പരിപാടി ഇപ്പോള്‍ ഒരു ദേശീയപദ്ധതിയായി മാറിയിരിക്കുന്നു. ദ. സമുദ്രത്തില്‍ ധ്രുവവിജ്ഞാനത്തിലെ മുന്തിയ പ്രശ്നങ്ങളുടെ നിര്‍ധാരണം ലക്ഷ്യമാക്കി ക്രില്‍ പര്യവേക്ഷണം (Krill expedition), വെഡല്‍കടല്‍ പര്യവേക്ഷണം (Weddel sea expedition) എന്നീ പേരുകള്‍ നല്കപ്പെട്ട രണ്ടു ഗവേഷണ പരിപാടികള്‍ കൂടി വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കുകയുണ്ടായി. ഇപ്പോള്‍ പൂര്‍വഅന്റാര്‍ട്ടിക്കയില്‍ മധ്യ-ഡ്രോണിങ് മാഡ് ലന്‍ഡില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള 'മൈത്രി'സ്റ്റേഷന്‍ കേന്ദ്രീകരിച്ച്, ദേശീയതലത്തില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 1500-ലേറെ വിദഗ്ധന്മാര്‍ ധ്രുവ-വിജ്ഞാനത്തിലെ പ്രധാന ശാഖകളെ അധികരിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഗ്രീന്‍ഹൌസ് പ്രഭാവത്തിനു നിദാനമായ വാതകങ്ങളുടെ അളവുനിര്‍ണയിക്കല്‍, ടെലി സീസ്മിക (Tele Seismic) പഠനങ്ങള്‍, മൈത്രിസ്റ്റേഷന്റെ സ്ഥാനം അക്ഷാംശ-രേഖാംശാടിസ്ഥാനത്തില്‍ കൃത്യമായി നിര്‍ണയിക്കുന്നതിന് സ്ഥിരമായ ജി.പി.എസ്. ട്രാക്കിങ് (GPS Tracking), ഹിമപ്രതലങ്ങളിലെ വിള്ളലുകളുടെ നിദാനവും സാധ്യതയും കണ്ടെത്തല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്കിയിട്ടുള്ളത്. മൈത്രിയിലെ വാര്‍ത്താവിനിമയ സംവിധാനം സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനും, ധ്രുവമേഖലയിലെ സഞ്ചാരസൌകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള യത്നങ്ങളും നടന്നുവരുന്നു. 1999 മുതല്‍ ഇന്ത്യന്‍ അന്റാര്‍ട്ടിക് പര്യവേക്ഷണസംഘം ദ. ആഫ്രിക്കയിലെ കേപ്ടൌണില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള ഏതാനും തല്പരരാഷ്ട്രങ്ങളുമായി ധ്രുവപഠനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള അവസരം ഇതിലൂടെ കൈവന്നു. 1999 ഡി. 9-ന് ഇന്ത്യയുടെ 47 പേരടങ്ങുന്ന 19-ാം പര്യവേക്ഷണ സംഘമാണ് കേപ്ടൌണില്‍ നിന്നു പുറപ്പെട്ടത്. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ സ്ഥിരം സ്റ്റേഷനായ മൈത്രി താവളമാക്കി എല്ലാക്കാലത്തും പഠനങ്ങളിലേര്‍പ്പെടാനായത് ഇന്ത്യയ്ക്ക് അന്റാര്‍ട്ടിക്കാസഖ്യത്തിലെ പര്യാലോചക-അംഗത്വം (Consultative) നേടിക്കൊടുത്തു (1983). എസ്.സി.എ.ആര്‍.-ന്റെ ആഭിമുഖ്യത്തില്‍ അന്റാര്‍ട്ടിക്കയില്‍ നടന്നുപോന്ന അന്താരാഷ്ട്ര-പഠന പദ്ധതികളില്‍ ഇന്ത്യ പങ്കാളിയാവുകയും (1984) കനത്ത സംഭാവനകള്‍ നല്കുകയും ചെയ്തുവരുന്നു. ഈ രംഗത്ത് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ദ. ആഫ്രിക്ക, ആര്‍ജന്റീന, ഇറാന്‍, പെറു എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വായു, ശബ്ദം, ജലാംശം, ജീവജാലങ്ങള്‍, ഭൂപ്രകൃതി എന്നിവയ്ക്ക് മുന്‍ഗണന നല്കിക്കൊണ്ടുള്ള പരിസ്ഥിതി അവലോകനം നിര്‍വഹിക്കുന്നതിനും മൈത്രിയിലെ ഇന്ത്യന്‍ ഗവേഷകര്‍ മുന്‍ഗണന നല്കുന്നു. ഹിമപ്രതലങ്ങളുടെ അല്‍ബീഡോ (albedo), അന്തരീക്ഷത്തിലെ ഊര്‍ജ-സന്തുലനം തുടങ്ങിയവയെ സ്വയം നിര്‍ണയിച്ചുരേഖപ്പെടുത്തുന്ന നിരവധി അന്തരീക്ഷ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിനും മൈത്രിയിലെ ശാസ്ത്രജ്ഞന്മാര്‍ ശ്രദ്ധിക്കുന്നു.

അന്റാര്‍ട്ടിക്കയെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുള്ള വേദിയായി ഉപയോഗിക്കുമ്പോഴും ഈ വന്‍കരയുടെ പ്രാക്തന-പരിസ്ഥിതി (Pristine environment) അഭംഗുരം നിലനിര്‍ത്തുന്നതിന്റെ അവശ്യകത ഇന്ത്യ എപ്പോഴും അംഗീകരിച്ചിരുന്നു. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന പല പ്രകൃതി പ്രതിഭാസങ്ങളുടേയും നിയന്ത്രണം അചുംബിതമായിരുന്ന ധ്രുവമേഖലാ പരിസ്ഥിതിക്കായിരുന്നു. അന്റാര്‍ട്ടിക്കാ ഉടമ്പടിയില്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് കൂട്ടിച്ചേര്‍ത്ത നയരേഖയെ ഏറ്റവുമാദ്യം അനുകൂലിക്കുവാന്‍ ഇന്ത്യ രംഗത്തുണ്ടായിരുന്നു. നോര്‍വേയില്‍ 1988 ഏ.-ല്‍ നടന്ന അന്റാര്‍ട്ടിക്കാസഖ്യത്തിന്റെ 22-ാമതു യോഗം നിയോഗിച്ച പരിസ്ഥിതി സംരക്ഷണസമിതി (Committee on Environmental Protection-CEP)യില്‍ ഇന്ത്യയും അംഗമാണ്. ഇന്ത്യയുടെ മൂന്നാമത്തെ സ്ഥിരം താവളത്തിന്റെ സ്ഥാനം 2003-2005 വര്‍ഷങ്ങളില്‍ നടന്ന സര്‍വേയിലൂടെ തെ. അക്ഷാ 690 കി. രേഖാ 790 ആയി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.

അവസാനം പരിഷ്കരിച്ചത് : 6/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate