വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു കാവാണ് വള്ളിയൂർക്കാവ് ക്ഷേത്രം. കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വള്ളിയൂർക്കാവില്‍ ദേവിയെ മൂന്ന് പ്രധാന രൂപങ്ങളിൽ ആരാധിക്കുന്നു. വനദുർഗ്ഗ, ഭദ്രകാളി, ജലദുർഗ്ഗ എന്നീ രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് ഈ ക്ഷേത്രം. എല്ലാ വർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ 14 ദിവസം നീണ്ടു നിൽക്കുന്ന വള്ളിയൂർക്കാവ് മഹോത്സവം വയനാട്ടിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. പണ്ടുകാലത്ത് ഉത്സവത്തിനോട് അനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു. വയനാട്ടിലെ ആദിവാസിസമുഹത്തിന്‍റെ ഏറ്റവും വലിയ ഒത്തുചേരല്‍ കൂടിയാണ് ഈ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് 14 ദിവസവും ഇവിടെ അന്നദാനം നടത്തിവരുന്നു. ആദിവാസി മുപ്പന്‍റെ നേതൃത്വത്തിലാണ് ഇവിടെ കൊടിയേറ്റ് നടക്കുന്നത്. ഉത്സവത്തിന്‍റെ അവസാന ദിവസം വയനാട്ടിലെ വിവിധ അമ്പലങ്ങളില്‍ നിന്നും പുറപ്പെടുന്ന എഴുന്നള്ളത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
അവസാനം പരിഷ്കരിച്ചത് : 3/12/2020