Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ മേഖലകൾ

വിവിധ തരത്തിലുള്ള മേഖലകളെ കുറിച്ചുള്ള അറിവുകൾ നൽകുന്നു

ഭാഷ

ദ്രാവിഡ ഭാഷാകുടുംബത്തില്‍പ്പെടുന്ന മലയാളമാണ് കേരളീയരുടെ മാതൃഭാഷ. മലയാള ഭാഷോത്പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ് മലയാളമെന്നും അതല്ല തമിഴില്‍ നി്ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ് എന്നതുമാണ് പ്രബലമായ രണ്ടു വാദങ്ങള്‍. ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ് മലയാളം രൂപപ്പെട്ടതെന്ന് എല്ലാവരും സമ്മതിക്കുന്നു. തമിഴ്, സംസ്കൃതം എന്നിവയുമായി മലയാളത്തിന് ഗാഢമായ ബന്ധമുണ്ട്. വാമൊഴിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 13-ാം നൂറ്റാണ്ടു മുതലാണ് സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്. ഈ കാലയളവിലുണ്ടായ രാമചരിതമാണ് മലയാളത്തിലെ ആദ്യത്തെ കാവ്യം.ചെമ്പു തകിടുകള്‍, കല്ല്, താളിയോല എന്നിവയിലാണ് മലയാള ഗദ്യം ആദ്യമായി രേഖപ്പെടുത്തിയത്. വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മറ്റും സ്വത്തും പണവും ദാനം നല്‍കുന്നതും ഭരണകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതുമൊക്കെയാണ് അവയില്‍ രേഖപ്പെടുത്തിയിരുന്നത്. ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ഇത്തരം താമ്ര, ശിലാ ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നത്തെ ഗദ്യവുമായി വിദൂരബന്ധമേ ശാസനങ്ങളിലെ ഗദ്യത്തിനുള്ളൂ. ലഭിച്ചിട്ടുള്ള ഗദ്യഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് 'കൗടലീയ'ത്തിനാണ്. ചാണക്യ (കൗടല്യന്‍) ന്റെ 'അര്‍ത്ഥശാസ്ത്ര'ത്തിന്റെ മലയാള വ്യാഖ്യാനമാണ് 'ഭാഷാ കൗടലീയം' എന്നറിയപ്പെടുന്ന ഈ കൃതി. 11-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമോ 12-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധമോ ആവാം ഇതിന്റെ കാലമെന്നു കരുതുന്നു.ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത് ലിപിയാണ് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് പിന്നീട് കോലെഴുത്ത് രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ് ഇന്നത്തെ മലയാളലിപി ഉണ്ടായത്. 16-ാം നൂറ്റാണ്ടു മുതലാണ് മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ 'കിളിപ്പാട്ടുകള്‍' എഴുതാന്‍ ഉപയോഗിച്ചത് ഗ്രന്ഥ ലിപിയാണ്. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.6-ാം നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത് വൈകിയാണ്. 1772-ല്‍ റോമില്‍ മുദ്രണം ചെയ്ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ് അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്തകം.

സാഹിത്യം

എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് മലയാള സാഹിത്യത്തിന്. എന്നാല്‍ അതിന്റെ പ്രാരംഭദശ വ്യക്തമാക്കുന്ന കൃതികള്‍ ലഭിച്ചിട്ടില്ലാത്തതു കൊണ്ട് ആ ഉദയകാലത്തിന്റെ ചിത്രം അവ്യക്തമാണ്. നാടന്‍ പാട്ടുകളും മറ്റും അക്കാലത്ത് ഉണ്ടായിരുന്നിരിക്കുമെന്ന് ഊഹിക്കാനേ നിര്‍വാഹമുള്ളൂ. എ.ഡി.10-ാം നൂറ്റാണ്ടിനു മുമ്പുള്ള കൃതികളൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അതിനു ശേഷമുള്ള പല കൃതികളുടെയും കാലത്തെ സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. കേരളത്തിന്റെ സാഹിത്യം എന്നതുകൊണ്ട് പൊതുവേ അര്‍ത്ഥമാക്കുന്നത് മലയാള സാഹിത്യത്തെയാണെങ്കിലും തമിഴിലും സംസ്കൃതത്തിലും കേരളീയരുടെ സാഹിത്യസംഭാവനകള്‍ പ്രാചീനകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത് ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, കന്നഡ, തുളു, കൊങ്കണി, ഹിന്ദി ഭാഷകളില്‍ കേരളീയര്‍ സാഹിത്യരചന നടത്തിയിട്ടുണ്ട്.19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെയുള്ള മലയാള സാഹിത്യത്തിന്റെ ചരിത്രം ഏറെക്കുറെ കവിതയുടെ ചരിത്രമാണ്. സാഹിത്യത്തിന്റെ ആരംഭം കുറിക്കുന്ന ആദിമഗാനങ്ങളുടെ ചരിത്രം 13-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന 'രാമചരിത'ത്തില്‍ നിന്നു തുടങ്ങുന്നു. മലയാളത്തിലെ ആദ്യകാവ്യമായി കണക്കാക്കുന്നത് 'രാമചരിത'ത്തെയാണെങ്കിലും കേളത്തിന്റെ സാഹിത്യപാരമ്പര്യത്തിന് അതിനെക്കാള്‍ പഴക്കമുണ്ട്. പ്രാചീനകാലത്ത് തമിഴകത്തിന്റെ ഭാഗമായാണ് കേരളത്തെയും പരിഗണിച്ചു പോന്നത്്. ദക്ഷിണേന്ത്യയില്‍ ആദ്യമായി സാഹിത്യം ആവിര്‍ഭവിച്ചത് തമിഴകത്തെ ഭാഷയിലാണ്. 'സംഘം കൃതികള്‍' എന്ന പേരിലാണ് തമിഴിലെ ആദ്യകാല സാഹിത്യം അറിയപ്പെടുന്നത്. സംഘകാലം എന്ന പേരുണ്ടായതും ഇവയുടെ രചനയും സമാഹരണവുമായി ബന്ധപ്പെട്ടതാണ്. ഉജ്ജ്വലങ്ങളായ ആ സാഹിത്യ സൃഷ്ടികള്‍ക്ക് പ്രാചീന കേരളത്തിലെ ചേരസാമ്രാജ്യവുമായി ബന്ധമുണ്ട്. സംഘകാല സാഹിത്യകൃതിയായ "പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്തിയാണ്. "ചിലപ്പതികാരം" എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവായ ഇളങ്കോ അടികള്‍ ചേരദേശീയനാണെന്നതിനു പുറമേ മൂന്നു ഖണ്ഡങ്ങളുള്ള ആ കൃതിയിലെ ഒരു ഖണ്ഡമായ "വഞ്ചിക്കാണ്ഡം" ചേരനാട്ടില്‍ വച്ചു നടക്കുന്ന സംഭവങ്ങളാണെന്നും ഓര്‍ക്കേണ്ടതുണ്ട്. സംഘകാലസാഹിത്യത്തിലെ കവികളില്‍ പലരുണ്ട് കേരളീയരായിട്ട്".

പാട്ട്

പാട്ട്, മണിപ്രവാളം എന്നീ ജനുസ്സുകളായാണ് മലയാളത്തിലെ കാവ്യസാഹിത്യം വികസിച്ചത്. തമിഴിനും സംസ്കൃതത്തിനും കേരളത്തിലെ സാഹിത്യഭാഷയില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മയും സ്വാധീനതയും ഈ രണ്ടു കാവ്യ രചനാ രീതികള്‍ വ്യക്തമാക്കുന്നു. തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ കൊണ്ട് എഴുതിയതും എതുക, മോന എന്നീ പ്രാസങ്ങള്‍ ഉള്ളതും ദ്രാവിഡ വൃത്തങ്ങളില്‍ എഴുതിയതുമായ കാവ്യമാണ് പാട്ട്. 'രാമചരിത'മാണ് പാട്ടിന്റെ ഉദാത്ത മാതൃക. 15-ാം നൂറ്റാണ്ടിലെ കണ്ണശ്ശ കൃതികള്‍ പാട്ടിന്റെ പില്‍ക്കാല മാതൃകകളാണ്. നിരണത്ത് രാമന്റെ 'രാമായണം' (കണ്ണശ്ശ രാമായണം), മലയിന്‍കീഴ് മാധവന്റെ 'ഭഗവദ് ഗീത' (ഭാഷാ ഭഗവദ്ഗീത), വെള്ളാങ്ങല്ലൂര്‍ ശങ്കരന്റെ 'ഭാരതമാല' എന്നിവയാണ് കണ്ണശ്ശകൃതികള്‍. 13-ാം നൂറ്റാണ്ടിനു ശേഷമുണ്ടായ 'തിരുനിഴല്‍മാല'യും 15-ാം നൂറ്റാണ്ടിലെ രാമകഥപ്പാട്ടും പാട്ടുകൃതികളാണ്.15-ാം നൂറ്റാണ്ടിലുണ്ടായ 'കൃഷ്ണഗാഥ' തമിഴ് കലര്‍പ്പില്‍ നിന്നു തെളിഞ്ഞ മലയാളത്തിലേക്കുള്ള വികാസത്തിന്റെ തുടക്കം വിളിച്ചോതിയ കൃതിയാണ്. ചെറുശ്ശേരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ്. ഗാഥയെന്നാല്‍ പാട്ട് എന്നു തന്നെയാണ് അര്‍ത്ഥം. ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഭാഗവതകഥയാണ് കൃഷ്ണഗാഥ അവതരിപ്പിക്കുന്നത്. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും രീതികള്‍ കൃഷ്ണഗാഥയിലുണ്ട്.

മണിപ്രവാളം

 

13-ാം നൂറ്റാണ്ടില്‍ പാട്ടിന് സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം. സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. 14-ാം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. കേരളത്തില്‍ കുടിയേറിയ ബ്രാഹ്മണരും അന്നത്തെ കേരളത്തിലെ മേല്‍ക്കോയ്മ വിഭാഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ സാംസ്കാരിക ഫലം കൂടിയായിരുന്നു മണിപ്രവാളസാഹിത്യം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. കൂടിയാട്ടത്തിലെ വിദൂഷകനു വേണ്ടി നിര്‍മ്മിച്ച ശ്ലോകങ്ങള്‍ മണിപ്രവാളത്തിലാണ്. ചമ്പു, സന്ദേശകാവ്യം തുടങ്ങിയ ജനുസ്സുകള്‍ മണിപ്രവാള സാഹിത്യത്തില്‍ ഉണ്ടായി. സുന്ദരികളായ ഗണികകളെ വര്‍ണിക്കുന്ന ശൃംഗാര കൃതികളായിരുന്നു മണിപ്രവാളത്തില്‍ ഏറെയും ഉണ്ടായത്. ദേവതാസ്തുതി, രാജസ്തുതി, ദേശവര്‍ണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു. 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', 'അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', 'നൈഷധം ചമ്പു', 'ഭാരതം ചമ്പു' തുടങ്ങിയ ഒട്ടേറെ പ്രശസ്ത കൃതികള്‍ മണിപ്രവാളസാഹിത്യത്തിലുണ്ടായി. ചമ്പു കാവ്യങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു 15 -16 നൂറ്റാണ്ടുകള്‍

ഗാനപാരമ്പര്യം

 

ഉജ്ജ്വലമായ വാമൊഴി സാഹിത്യപാരമ്പര്യവും കേരളത്തിനുണ്ട്. കൃഷി, വിവാഹം, ജനനം, മരണം, ദേവതാരാധന, അനുഷ്ഠാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടായ നാടന്‍ പാട്ടുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. 12-ാം നൂറ്റാണ്ടിനു മുമ്പുള്ള നാടന്‍ പാട്ടുകളൊന്നും ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. പലതിന്റെയും കാലം കണക്കാക്കുകയും എളുപ്പമല്ല. വാമൊഴി ഗാനപാരമ്പര്യത്തിലെ രണ്ടു പ്രധാന ധാരകളാണ് വടക്കന്‍ പാട്ടുകളും തെക്കന്‍ പാട്ടുകളും. വീരകഥാഗാനങ്ങളാണവ. ഇവയുമായി ബന്ധമില്ലാത്ത മറ്റനേകം ഗാനങ്ങളും ഉണ്ടായിട്ടുണ്ട്. ആധുനിക കാലത്ത് നാടകഗാനങ്ങളും, ചലച്ചിത്രഗാനങ്ങളുമാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്.16-ാം നൂറ്റാണ്ടില്‍ തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടുകള്‍ ഉണ്ടായതോടെ മലയാളത്തിലെ യഥാര്‍ത്ഥ കാവ്യ വിപ്ലവത്തിനു തുടക്കമായി. "സാഹിത്യത്തിലെ പൂര്‍വ്വ ഭാഷാരീതികളുടെ സ്വാഭാവിക പരിണാമമായിരുന്നു എഴുത്തച്ഛന്റെ ഭാഷ. പക്ഷേ, എഴുത്തച്ഛന്റെ ഭാഷാ രീതിവരെ പരിണമിച്ചു നിലവാരപ്പെട്ട മലയാള പദ്യഭാഷയ്ക്ക് അതിനിപ്പുറം പറയത്തക്ക യാതൊരു പരിവര്‍ത്തനവും ആധുനിക കവിത്രയത്തിന്റെയും പിന്നീട് വന്ന പ്രമാണികളുടെയും കൃതികളില്‍ കാണുന്നില്ല". അധ്യാത്മ രാമായണം കിളിപ്പാട്ട്, ഭാരതം കിളിപ്പാട്ട് എന്നിവയാണ് എഴുത്തച്ഛന്റെ ഏറ്റവും പ്രശസ്തമായ കൃതികള്‍. തനിമലയാളവും ഗ്രന്ഥലിപിയും സ്വീകരിച്ച അദ്ദേഹം ആധുനിക മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അടിത്തറ പാകി. ഭാഷാപിതാവെന്ന് തുഞ്ചത്തെഴുത്തച്ഛനെ വിശേഷിപ്പിക്കാവുന്നതും അതുകൊണ്ടാണ്. പൂന്താനം നമ്പൂതിരിയാണ് എഴുത്തച്ഛന്റെ കാലത്ത് ജീവിച്ചിരുന്ന ശ്രദ്ധേയനായ മറ്റൊരു കവി.

വടക്കന്‍ പാട്ടും തെക്കന്‍ പാട്ടും

മലയാളത്തിലെ നാടന്‍ പാട്ടുകളിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് വടക്കന്‍ പാട്ടുകളും തെക്കന്‍ പാട്ടുകളും. വീരകഥാഗാനങ്ങളായ ഇവ കാലങ്ങളായി യഥാക്രമം വടക്കന്‍ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും സാമാന്യജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു വന്നവയാണ്. പില്‍ക്കാലത്ത് വടക്കന്‍ പാട്ടുകഥകളെ ആധാരമാക്കി ഒട്ടേറെ ജനപ്രിയ ചലച്ചിത്രങ്ങള്‍ ഉണ്ടായി. പാട്ടുകളുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകളാണ് ചലച്ചിത്രങ്ങള്‍ക്കായി രചിക്കപ്പെട്ടത്. തെക്കന്‍ പാട്ടുകള്‍ ചലച്ചിത്രവത്കരിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ നാടോടി സാഹിത്യത്തിലെ സുപ്രധാനവിഭാഗമാണ് ഈ രണ്ടു തരം കഥാഗാനങ്ങളും.
വടക്കന്‍ പാട്ടുകള്‍
വടക്കന്‍ കേരളത്തിലെ നാടോടികഥാഗാനങ്ങളാണ് (ballads) വടക്കന്‍ പാട്ടുകള്‍. പൊതുവെ കൃഷിപ്പാട്ടുകളായി പാടുന്ന ഇവയില്‍ വീരാപദാനങ്ങള്‍ക്കാണ് പ്രാധാന്യം. അനുഷ്ഠാനങ്ങളുമായി വടക്കന്‍ പാട്ടുകള്‍ക്ക് ബന്ധമില്ല. കൃഷിപ്പണിക്കിടയിലാണ് ഇവ പാടിയിരുന്നത്. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന വടക്കന്‍ പാട്ടുകളില്‍ പാട്ടിനും കഥയ്ക്കും ഒരു പോലെ പ്രാധാന്യമുണ്ട്. വടക്കന്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ സംസാരഭാഷയിലെ വാക്കുകളും പ്രയോഗങ്ങളുമടങ്ങിയതാണ് വടക്കന്‍ പാട്ടുകളുടെ ഭാഷ. ഇവയില്‍ വീരകഥകള്‍, പ്രേമകഥകള്‍, ശോകകഥകള്‍, ഹാസ്യകഥകള്‍, അദ്ഭുത കഥകള്‍ എന്നിവയെല്ലാം അവതരിപ്പിക്കുന്ന പാട്ടുകളുണ്ട്. മധ്യകാല കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയാവസ്ഥകളുടെ വിശദചിത്രം അവതരിപ്പിക്കുന്നവയാണ് വടക്കന്‍ പാട്ടുകള്‍. ഫ്യൂഡല്‍ സാമൂഹികാവസ്ഥയുടെ നാനാവശങ്ങളും അവയില്‍ പ്രതിഫലിക്കുന്നു. മധ്യകാലത്തെ വീരനായകന്മാരെയും നായികമാരെയും ചിത്രീകരിക്കുന്ന അവ വടക്കന്‍ കേരളത്തിന്റെ ആയോധന സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നു. ഇന്നത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും കര്‍ണ്ണാടക സംസ്ഥാനത്തിന്റെ കേരളത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളുമാണ് വടക്കന്‍ പാട്ടുകളുടെ ഭൂമിശാസ്ത്രം.പഴയകാലത്തെ കാര്‍ഷിക സമ്പ്രദായം, നായാട്ട്, വസ്ത്രങ്ങളും ആഭരണങ്ങളും, ആചാരങ്ങള്‍, കളികള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള വിശദമായ ചിത്രങ്ങള്‍ വടക്കന്‍ പാട്ടുകളിലുണ്ട്. കളരികള്‍, അങ്കം, പൊയ്ത്ത്, കുടിപ്പക തുടങ്ങിയവയുമായി ബന്ധപ്പെട്ട ആയോധനസംസ്കാരത്തിന്റെ പ്രതിഫലനമാണ് വടക്കന്‍ പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത. വടക്കന്‍ പാട്ടുകളില്‍ നിരവധി വിഭാഗങ്ങളുണ്ട് - പുത്തൂരം പാട്ടുകള്‍, തച്ചോളിപ്പാട്ടുകള്‍, പുത്തരിയങ്കം, കന്നിക്കഥാപാട്ടുകള്‍ തുടങ്ങിയവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. ഇവയ്ക്കു പുറമേ സുന്ദരികളായ കന്യകമാരുടെയും വീരയോദ്ധാക്കളുടെയും കഥ പറയുന്ന മറ്റ് പാട്ടുകളുമുണ്ട്. ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേനന്‍, ആരോമുണ്ണി, കണ്ണപ്പച്ചേകവര്‍, ചന്തു, ചാപ്പന്‍, പയ്യം വെള്ളി ചന്തു, അരിങ്ങോടര്‍ തുടങ്ങിയവരാണ് വടക്കന്‍ പാട്ടുകളിലെ മുഖ്യകഥാപാത്രങ്ങള്‍. മലയാളത്തിലെ ജനപ്രിയചലച്ചിത്ര ശാഖ വടക്കന്‍ പാട്ടുകളെ ആധാരമാക്കി നിരവധി സിനിമകളെടുത്തിട്ടുണ്ട്.
തെക്കന്‍ പാട്ടുകള്‍
തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടി ഗാനങ്ങള്‍. തിരുവനന്തപുരം ജില്ലയിലും ഇന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുമാണ് ഇവയ്ക്ക് പ്രചാരമുള്ളത്. തമിഴ് കലര്‍ന്ന മലയാളത്തിലാണ് തെക്കന്‍ പാട്ടുകളുടെ രചന. വീരയോദ്ധാക്കളെയും രാജകുടുംബങ്ങളെയുമൊക്കെക്കുറിച്ചുള്ളവയാണ് ഈ ഗാനങ്ങള്‍. വില്ലടിച്ചാന്‍പാട്ട് (വില്‍പ്പാട്ട്) എന്ന കലാരൂപത്തിനു വേണ്ടിയാണ് മിക്ക തെക്കന്‍ പാട്ടുകളും ഉപയോഗിക്കുന്നത്.ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനുള്ളവ, ദേശചരിത്രങ്ങള്‍, ദേവതാരാധനക്കുള്ളവ എന്നീ മൂന്നു വിഭാഗങ്ങളായി തെക്കന്‍ പാട്ടുകളെ തരംതിരിക്കാം. ധീരന്മാരായ രാജാക്കന്മാര്‍, ഉത്തമ സ്ത്രീകള്‍, വീരയോദ്ധാക്കള്‍ തുടങ്ങിയവര്‍ അപമൃത്യുവിനിരയായാല്‍ മാടന്‍, യക്ഷി തുടങ്ങിയ ദുര്‍ദേവതകളായി മാറുമെന്നും അവരെ പ്രീതിപ്പെടുത്തണമെന്നുമുള്ള വിശ്വാസമാണ് തെക്കന്‍ പാട്ടുകള്‍ക്ക് അടിസ്ഥാനം.അങ്ങനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് വില്ലടിച്ചാന്‍ പാട്ടുകള്‍ (വില്പാട്ടുകള്‍) നടത്തിയിരുന്നത്. എ.ഡി. 9 - 18 നൂറ്റാണ്ടുകള്‍ക്കിടയിലുള്ള പല ചരിത്ര സംഭവങ്ങളും തെക്കന്‍ പാട്ടുകള്‍ക്ക് വിഷയമായിട്ടുണ്ട്. കന്നടിയന്‍ പോര്, ഉലകുടെ പെരുമാള്‍ പാട്ട്, പുരുഷാദേവിയമ്മപ്പാട്ട്, അഞ്ചുതമ്പുരാന്‍പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര് (കണിയാംകുളത്തുപോര്), പഞ്ചവന്‍ കാട്ടുനീലിപ്പാട്ട്, ചാമുണ്ഡികഥ, രാമകഥപ്പാട്ട്, കുഞ്ചുത്തമ്പികഥ, ദിവാന്‍ വെറ്റി, ധര്‍മരാജാവിന്റെ രാമേശ്വരയാത്ര തുടങ്ങിയവയാണ് തെക്കന്‍പാട്ടുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന കൃതികള്‍. എ.ഡി. 17 - 18 നൂറ്റാണ്ടുകളിലാണ് തെക്കന്‍ പാട്ടുകളില്‍ പലതും ഉണ്ടായതെന്നു കരുതുന്നു. ഈ കാലഘട്ടത്തില്‍ മലയാളം സ്വതന്ത്രഭാഷയായി വികസിച്ചിരുന്നുവെങ്കിലും തമിഴ്‌നാടുമായി തെക്കന്‍ കേരളത്തിനുണ്ടായിരുന്ന സമ്പര്‍ക്കമാണ് തെക്കന്‍ പാട്ടുകളില്‍ തമിഴ്ഭാഷാ സ്വാധീനം വര്‍ധിക്കാന്‍ കാരണം.

ആട്ടക്കഥ, തുള്ളല്‍

രംഗകലകളുമായി ബന്ധപ്പെട്ട് 17-18 നൂറ്റാണ്ടുകളില്‍ മലയാള സാഹിത്യം വളര്‍ച്ച നേടി. 17-ാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച കഥകളിയുടെ സാഹിത്യ രൂപമായ ആട്ടക്കഥയും കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച തുള്ളല്‍പ്പാട്ടുകളും സാഹിത്യരംഗത്ത് പുതുവികാസങ്ങള്‍ സൃഷ്ടിച്ചു. കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകള്‍ ആ ജനുസ്സിലെ പ്രഖ്യാത രചനകളാണ്. ഉണ്ണായി വാരിയരുടെ 'നളചരിതം' ആട്ടക്കഥാ സാഹിത്യത്തിലെ മാത്രമല്ല മലയാള സാഹിത്യത്തിലെ തന്നെ ക്ലാസിക് രചനകളിലൊന്നാണ്. സംസ്കൃതബദ്ധമായ കാവ്യഭാഷ തിരസ്കരിച്ച് നാട്ടു മലയാളത്തിലെഴുതിയ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ തുള്ളല്‍പ്പാട്ടുകളിലൂടെ ജനകീയ കാവ്യഭാഷയ്ക്കു തുടക്കം കുറിച്ചു. രാമപുരത്തു വാരിയരുടെ 'കുചേല വൃത്തം വഞ്ചിപ്പാട്ടാ'ണ് ഇക്കാലത്തെ മറ്റൊരു പ്രശസ്ത രചന.

ഗദ്യത്തിന്റെ പ്രചാരം

കൊളോണിയലിസത്തിന്റെയും ക്രിസ്തുമത പ്രചാരണത്തിന്റെയും ഭാഗമായി 18-ാം നൂറ്റാണ്ടില്‍ പാശ്ചാത്യരായ മതപ്രചാരകര്‍ മലയാളത്തില്‍ മതബോധനപരമായ കൃതികള്‍ രചിച്ചത് ഗദ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിച്ചു. 1637 - 1677 കാലത്ത് കൊച്ചിയിലെ ഡച്ച് കമാന്‍ഡറായ വാന്‍ റീഡിന്റെ (Van Reed) നേതൃത്വത്തില്‍ കേരളത്തിലെ ഔഷധസസ്യങ്ങളെപ്പറ്റി 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പുസ്തകം തയ്യാറാക്കി 1686-ല്‍ അച്ചടിപ്പിച്ചു. അര്‍ണോസ് പാതിരി, ക്ലെമന്റ് പാതിരി, പൗലിനോസ് പാതിരി തുടങ്ങിയ വിദേശീയ മതപ്രചാരകരും കേരളീയരായ കരിയാറ്റില്‍ യൗസേപ്പ് മെത്രാന്‍, പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ തുടങ്ങിയവരും തങ്ങളുടെ കൃതികളിലൂടെ ഗദ്യവികാസത്തിനു സഹായിച്ചു. തോമാക്കത്തനാര്‍ രചിച്ച 'വര്‍ത്തമാനപ്പുസ്തക' (1780) മാണ് മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ അച്ചടി. ഇംഗ്ലീഷ് വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം തുടങ്ങിയവ വ്യാപകമായത് സാഹിത്യത്തിലും ഉണര്‍വുണ്ടാക്കി. നോവല്‍, ചെറുകഥ, നാടകം, ഉപന്യാസം, ജീവചരിത്രം, സാഹിത്യ ചരിത്രം തുടങ്ങിയ ജനുസ്സുകള്‍ ആവിര്‍ഭവിച്ചത് ഈ കാലയളവിലാണ്. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' (1889) യായിരുന്നു ആദ്യ മലയാള നോവല്‍. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാ വികൃതി' (1891) ആദ്യ ചെറുകഥയും, കവിതയില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിലുള്ള നിയോ ക്ലാസിക്കല്‍ ധാര, വെണ്മണിക്കവികളുടെ നേതൃത്വത്തിലുള്ള പച്ചമലയാള ധാര, എ. ആര്‍. രാജരാജവര്‍മയുടെ നേതൃത്വത്തിലുള്ള പൂര്‍വകാല്പനികധാര എന്നിവയും രൂപപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉണ്ടായ സാഹിത്യ സംവാദമായ പ്രാസവാദം കവിതയില്‍ വലിയൊരു ഭാവനാപരിവര്‍ത്തനത്തിനും തുടക്കം കുറിച്ചു.

കാവ്യസാഹിത്യം

അധ്വാനവുമായും ആരാധനയുമായുമൊക്കെ ബന്ധപ്പെട്ട് സാമാന്യ ജനങ്ങള്‍ പാടിയ നാടന്‍ പാട്ടുകളാവണം ഏതു ഭാഷയിലെയും കാവ്യസാഹിത്യത്തിന്റെ ആദ്യമാതൃകകള്‍. മലയാളത്തിലും നാടന്‍ പാട്ടുകള്‍ ഉണ്ടെങ്കിലും അവയുടെ പ്രാചീനത തിട്ടപ്പെടുത്താന്‍ മാര്‍ഗമില്ല. “ഉത്പത്തികാലത്തിനു വളരെ പിന്‍പുമാത്രം എഴുതി സൂക്ഷിക്കപ്പെട്ടിരിക്കാവുന്ന നാടന്‍ പാട്ടുകളില്‍ നിന്ന് അവയുടെ ഉത്പത്തികാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്താന്‍ നിവൃത്തിയില്ല. നമുക്കു കിട്ടിയവയില്‍ വച്ച് ഏറ്റവും പഴയ നാടന്‍ പാട്ടുകള്‍ പോലും നമ്മുടെ പ്രാചീനതമഗാനസാഹിത്യത്തിന് പ്രാതിനിധ്യം വഹിക്കുന്നുണ്ടാവില്ല എന്നിരിക്കെ അവയെ ഭാഷാവികാസപഠനത്തിന് വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്നു സംശയിക്കണം”. പാട്ട്, മണിപ്രവാളം എന്നീ സമ്പ്രദായങ്ങളില്‍ ഉണ്ടായ കൃതികളില്‍ നിന്നാണ് സാഹിത്യചരിത്രരചയിതാക്കള്‍ മലയാള കവിതയുടെ ഉദ്ഭവം കണക്കാക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛന്‍
16-ാം നൂറ്റാണ്ടില്‍ തുഞ്ചത്തെഴുത്തച്ഛന്‍ (1500 - 1580) രചിച്ച രണ്ടു കിളിപ്പാട്ടുകള്‍ - അധ്യാത്മരാമായണവും മഹാഭാരതവും - ഉണ്ടായതോടെ മലയാള കവിത അതിന്റെ രാജപാതയിലേക്കു പ്രവേശിച്ചു. ഭാഷാപിതാവെന്ന് സാദരം വിളിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചാണ് തന്റെ കാവ്യങ്ങള്‍ എഴുതിയത്. ഗ്രന്ഥലിപി മലയാളമെഴുതാനുള്ള മാനകരൂപമായി പ്രതിഷ്ഠിതമായതും അങ്ങനെയാണ്. ഭക്തി പ്രധാനമായ ആ കാവ്യങ്ങളിലൂടെ എഴുത്തച്ഛന്‍ പില്‍ക്കാല കവിതയ്ക്കു മുഴുവന്‍ വിളക്കുമരമായി മാറി. കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയില്‍ എഴുതിയതു കൊണ്ടാണ് കിളിപ്പാട്ടുകളെന്ന് എഴുത്തച്ഛന്റെ കൃതികളെ വിശേഷിപ്പിക്കുന്നത്. 'പുതുമലയാണ്‍മതന്‍ മഹേശ്വരന്‍' എന്ന് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ച തുഞ്ചത്തെഴുത്തച്ഛന്റെ കവിതയില്‍ പാട്ടും മണിപ്രവാളവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ മാഞ്ഞുവെന്നു മാത്രമല്ല പുതിയൊരു കാവ്യഭാഷരൂപപ്പെടുകയും ചെയ്തു. ആ മണ്ണിലാണ് പിന്നീടുള്ള മലയാള കവിത മുളച്ചു വളര്‍ന്നു തഴച്ചത്. 'ഉത്തര രാമായണം', 'ഭാഗവതം കിളിപ്പാട്ട്', 'ഹരിനാമ കീര്‍ത്തനം', 'ചിന്താരത്‌നം', 'ബ്രഹ്മാണ്ഡപുരാണം', 'ദേവീമാഹാത്മ്യം', 'ഇരുപത്തിനാലു വൃത്തം', 'ശതമുഖരാമായണം', 'കൈവല്യനവനീതം' എന്നിവയെല്ലാം എഴുത്തച്ഛന്റെ കൃതികളാണെന്നു വാദമുണ്ടെങ്കിലും അക്കാര്യത്തില്‍ തീര്‍പ്പുണ്ടായിട്ടില്ല.
പൂന്താനം നമ്പൂതിരി
തുഞ്ചത്തെഴുത്തച്ഛന്റെ കാലത്തു തന്നെ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി (1547 - 1640) യുടെ കാവ്യങ്ങള്‍ ലാളിത്യത്തിന്റെയും ഭക്തിയുടെയും പ്രസന്നപ്രവാഹങ്ങളായിരുന്നു. തത്ത്വചിന്തയെ അതിലളിതമായി അവതരിപ്പിച്ച അവ കവിതയെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠിതമാണ്. 'ജ്ഞാനപ്പാന', 'സന്താനഗോപാലം', 'ഭാഷാ കര്‍ണാമൃതം' എന്നിവയും 'ഘനസംഘം', 'ആമ്പാടിതന്നിലൊരുണ്ണി', 'കണ്ണനാമുണ്ണിയെക്കാണുമാറാകണം' തുടങ്ങിയ സങ്കീര്‍ത്തനങ്ങളുമാണ് പൂന്താനത്തിന്റെ രചനകള്‍.
ആട്ടക്കഥ
17-ാം നൂറ്റാണ്ടില്‍ ഉടലെടുത്ത രംഗകലാരൂപമായ കഥകളിയുടെ സാഹിത്യമാണ് ആട്ടക്കഥ. ആടാനുള്ള കഥ എന്നര്‍ത്ഥം. കൊട്ടാരക്കരത്തമ്പുരാന്‍ ചിട്ടപ്പെടുത്തിയ രാമനാട്ടമാണ് കഥകളിയായി മാറിയത്. കഥകളിയുടെ ഉപജ്ഞാതാവായി കൊട്ടാരക്കര തമ്പുരാനെ ഗണിക്കുന്നതും അതുകൊണ്ടാണ്. ശ്രീരാമകഥയെ എട്ടു ദിവസം കൊണ്ട് അഭിനയിക്കാവുന്ന രീതിയില്‍ അദ്ദേഹം ചിട്ടപ്പെടുത്തി. രാമനാട്ടത്തെ സംസ്കരിച്ച് ഗുണപുഷ്കലമാക്കിയത് കോട്ടയത്തു തമ്പുരാനാണ്. 'ബകവധം', 'കല്യാണസൗഗന്ധികം', 'കിര്‍മീരവധം', 'കാലകേയവധം' എന്നീ ആട്ടക്കഥകള്‍ അദ്ദേഹം രചിച്ചു. ആട്ടക്കഥാസാഹിത്യത്തിലെ നാലു മണിസ്തംഭങ്ങളാണ് അവ. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാളിന്റെ (ധര്‍മരാജാവ്) 'രാജസൂയം', 'സുഭദ്രാഹരണം', 'ബകവധം', 'പാഞ്ചാലീ സ്വയംവരം', 'കല്യാണസൗഗന്ധികം', അശ്വതി തിരുനാള്‍ മഹാരാജാവിന്റെ 'രുക്മിണീ സ്വയംവരം', 'പൂതനാമോക്ഷം', 'അംബരീഷചരിതം', 'പൗണ്ഡ്രകവധം', ഇരയിമ്മന്‍ തമ്പി (1783 - 1856) യുടെ 'ഉത്തരാസ്വയംവരം', 'ദക്ഷയാഗം', 'കീചകവധം' കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റെ (1823 - 1857) 'രാവണവിജയം' തുടങ്ങി ഒട്ടേറെ പ്രശസ്തങ്ങളായ ആട്ടക്കഥകളാണ് കഥകളിക്കു ശക്തിയും ആസ്വാദ്യതയും പകര്‍ന്നത്.ഇതെല്ലാമാണെങ്കിലും ആട്ടക്കഥാസാഹിത്യത്തിലെ നടുനായകം ഉണ്ണായിവാരിയര്‍ രചിച്ച 'നളചരിത'മാണ്. ആട്ടക്കഥയെന്ന നിലയിലും കാവ്യം എന്ന നിലയിലും 'നളചരിത'ത്തിന് മലയാള കാവ്യചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. 17-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയുള്ള കാലഘട്ടത്തിലാണ് ഉണ്ണായിവാരിയര്‍ ജീവിച്ചിരുന്നത്. ആട്ടക്കഥയെ നാടകവുമായി പരമാവധി അടുപ്പിക്കാന്‍ ശ്രമിച്ചത് ഉണ്ണായിവാരിയരാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കുഞ്ചന്‍ നമ്പ്യാരും തുള്ളലും
കഥകളിക്കും ആട്ടക്കഥയ്ക്കും വരേണ്യസ്വഭാവമുണ്ടായിരുന്നെങ്കില്‍ തികഞ്ഞ ജനകീയതയായിരുന്നു തുള്ളലിന്റെയും തുള്ളല്‍പ്പാട്ടുകളുടെയും സ്വഭാവം. തുള്ളലിന്റെ ഉപജ്ഞാതാവായി പരിഗണിക്കപ്പെടുന്ന കുഞ്ചന്‍ നമ്പ്യാര്‍ (പതിനെട്ടാം നൂറ്റാണ്ട്) മലയാളത്തിന്റെ ജനകീയമഹാകവിയായതും മറ്റൊന്നു കൊണ്ടല്ല. നാടുവാഴിത്തസമൂഹത്തില്‍ ജീവിച്ച നമ്പ്യാര്‍ തന്റെ സാഹിത്യത്തെയും കലയെയും ആ സമൂഹത്തിന്റെ ഉപരിപ്ലവതയെയും നാട്യങ്ങളെയും വൈരുധ്യങ്ങളെയും തുറന്നു കാട്ടാനായി ഉപയോഗിച്ചു. പരിഹാസത്തിന്റെ കനത്ത ചാട്ടവാര്‍കൊണ്ട് അദ്ദേഹം സമൂഹത്തിന്റെ അധാര്‍മികതയെ തല്ലിച്ചതച്ചു. തുള്ളലിന്റെ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നു ഭേദങ്ങള്‍ക്കും വേണ്ടിയുള്ള കൃതികള്‍ അദ്ദേഹം രചിച്ചു. തെളിഞ്ഞ മലയാളത്തില്‍, ഏതു പൗരാണികാന്തരീക്ഷത്തെയും തനികേരളീയമാക്കി നമ്പ്യാര്‍ അവതരിപ്പിച്ചപ്പോള്‍ അവയ്ക്ക് ജനസ്വീകാര്യത ലഭിച്ചു.കല്യാണസൗഗന്ധികം, സഭാപ്രവേശം, കുംഭകര്‍ണവധം, ഘോഷയാത്ര, ഹനുമദുത്ഭവം, കാര്‍ത്തവീര്യവിജയം, നളചരിതം, സത്യാസ്വയംവരം, രുക്മിണീസ്വയം, പഞ്ചേന്ദ്രോപാഖ്യാനം, ധ്രുവചരിതം തുടങ്ങിയവയാണ് കുഞ്ചന്‍ നമ്പ്യാരുടെ പ്രധാന തുള്ളല്‍ക്കൃതികള്‍. ശ്രീകൃഷ്ണചരിതം മണിപ്രവാളം, പഞ്ചതന്ത്രം, ശിവപുരാണം കിളിപ്പാട്ട് തുടങ്ങിയ ഒട്ടേറെ കൃതികളും നമ്പ്യാര്‍ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നുവെങ്കിലും അവയ്‌ക്കൊന്നിനും മതിയായ തെളിവുകളില്ല.
രാമപുരത്തു വാരിയര്‍
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറ്റൊരു ശ്രേഷ്ഠ കവിയാണ് രാമപുരത്തു വാരിയര്‍ (1703 - 1763). 'കുചേലവൃത്തം വഞ്ചിപ്പാട്ട്' എന്ന ഒറ്റക്കൃതികൊണ്ടു തന്നെ അദ്ദേഹം മലയാള കവിതയില്‍ ശാശ്വത പ്രതിഷ്ഠ നേടി. ചേലപ്പറമ്പു നമ്പൂതിരി (1690 - 1780) യുടെ ഒറ്റശ്ലോകങ്ങളും (മുക്തകങ്ങള്‍) ഈ കാലഘട്ടത്തിലെ കവിതയുടെ തിളങ്ങുന്ന മാതൃകകളാണ്.
കൊടുങ്ങല്ലൂര്‍ക്കളരി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലയളവില്‍ കൊടുങ്ങല്ലൂര്‍ കോവിലകം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം കവികള്‍ മലയാള കവിതയില്‍ ഗുണകരമായ മാറ്റത്തിനു വഴിതെളിച്ചു. വെണ്മണി അച്ഛന്‍ നമ്പൂതിരി (1817 - 1891), വെണ്‍മണി മഹന്‍ നമ്പൂതിരി (1844 - 1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865 - 1913), കൊച്ചുണ്ണിത്തമ്പുരാന്‍ (1858 - 1926) തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകര്‍. നടുവത്ത് അച്ഛന്‍ നമ്പൂതിരി (1841 - 1913) ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (1857 - 1916), ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1869 - 1906), കാത്തുള്ളില്‍ അച്യുതമേനോന്‍ (1851 - 1910), കുണ്ടൂര്‍ നാരായണ മേനോന്‍ (1862 - 1936), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 - 1937) തുടങ്ങിയ കവികളും അതിന്റെ വളര്‍ച്ചയ്ക്കു സഹായിച്ചു.സംസ്കൃതത്തിനു മേല്‍ക്കോയ്മയുണ്ടായിരുന്ന കാവ്യഭാഷയെ മലയാള പ്രധാനമാക്കി മാറ്റുകയാണ് കൊടുങ്ങല്ലൂര്‍കളരിക്കാരായ കവികള്‍ ചെയ്തത്. ഭാഷാകവിത, പച്ചമലയാളം എന്നീ പേരുകള്‍ ഈ പ്രസ്ഥാനത്തിനുണ്ടായതും അങ്ങനെയാണ്. പൗരാണിക കഥാസന്ദര്‍ഭങ്ങളെക്കാള്‍ നാടന്‍ ജീവിതരംഗങ്ങള്‍ അവര്‍ കവിതയ്ക്കു വിഷയമാക്കി. എന്നാല്‍ കവിതയെ ഉപരിപ്ലവമായ വര്‍ണനങ്ങളുടെ ഉപാധിയാക്കി മാറ്റിയ ഈ കവികളില്‍ പലരും അതിനെ കേവല വിനോദോപാധിയുടെ നിലയിലേക്കു തരം താഴ്ത്തിയെന്നു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പത്ര മാസികകള്‍ വ്യാപകമായിത്തുടങ്ങിയ കാലഘട്ടത്തില്‍ എഴുതിയിരുന്ന ഈ കവികള്‍ സമസ്യാപൂരണം, മുക്തകരചന, കാവ്യരൂപത്തിലുള്ള കത്തുകള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവയിലും അഭിരമിച്ചു. മലയാളഭാഷയുടെ തനിമയ്ക്കും ജനജീവിതചിത്രീകരണത്തിനും വേണ്ടി വാദിച്ചുവെങ്കിലും വിനോദവും ശൃംഗാരവും ഉപരിപ്ലവതയും കൊണ്ട് രചനകള്‍ നിറച്ച അവര്‍ക്ക് കവിതയെ കലാപരമായ ഔന്നത്യത്തിലേക്ക് ഉയര്‍ത്താനായില്ല. വേദവ്യാസന്റെ മഹാഭാരതം 872 ദിവസം കൊണ്ടു വിവര്‍ത്തനം ചെയ്ത് അദ്ഭുതം സൃഷ്ടിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്ലൂര്‍ക്കവികളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു.
കേരളവര്‍മയും രാജരാജവര്‍മയും
ഒരു വശത്ത് വിനോദപ്രധാനമായ പച്ചമലയാളവും മറുവശത്ത് കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ അതിശക്തമായി നിന്ന സംസ്കൃതമേധാവിത്വപരമായ നിയോക്ലാസിക്കല്‍ പാരമ്പര്യവും പരസ്പരാഭിമുഖമായി നില്‍ക്കുന്നതായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ മലയാള കവിതാരംഗം. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ (1845 - 1914) ആയിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യചക്രവര്‍ത്തി. സംസ്കൃതത്തില്‍ മാത്രം കവിതയെഴുതുകയും “നാടകം, ആട്ടക്കഥ, ഉപന്യാസം, മുതലായ പ്രസ്ഥാനങ്ങളില്‍ ചിലതിനെ നൂതനമായി അവതരിപ്പിച്ചും മറ്റു ചിലതിനെ പരിപോഷിപ്പിച്ചും അദ്ദേഹം കൈരളിയെ അനുഗ്രഹിച്ചു. പത്രങ്ങള്‍ക്കും മാസികകള്‍ക്കും കേരളവര്‍മയായിരുന്നു മുഖ്യരക്ഷാധികാരി. സാംസ്കാരിക സംഘടനകളുടെ തലപ്പന്തിയെ അലങ്കരിച്ചിരുന്ന നേതാക്കന്മാരില്‍ അഗ്രിമനും അദ്ദേഹമായിരുന്നു. മഹാരാജബന്ധുവായ വലിയകോയിത്തമ്പുരാന് സമൂഹത്തില്‍ സിദ്ധിച്ചിരുന്ന സമുന്നത പദവി അനിഷേധ്യമായ സാഹിത്യനേതൃത്വം വഹിക്കാന്‍ അദ്ദേഹത്തിനു സൗകര്യം ഉണ്ടാക്കിക്കൊടുത്തു” മലയാളസാഹിത്യത്തിന്റെ വികാസത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കാനും കേരളവര്‍മയ്ക്കു കഴിഞ്ഞു.സംസ്കൃതത്തില്‍ കവിതയെഴുതിയിരുന്ന കേരളവര്‍മ സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്കു നടത്തിയ കാവ്യപരിഭാഷകളില്‍ സംസ്കൃതം നിറഞ്ഞ മണിപ്രവാളശൈലിയാണ് സ്വീകരിച്ചത്. ശബ്ദസൗന്ദര്യത്തിലും ശയ്യാസുഖത്തിലും പ്രാസദീക്ഷയിലും ഭ്രമിച്ച ആ കാവ്യരീതി മലയാളത്തോടോ പുതുമയോടോ ആഭിമുഖ്യം കാട്ടുന്നതായിരുന്നില്ല. എന്നാല്‍ ഇതിന്റെ എതിര്‍ധ്രുവത്തിലായിരുന്നു അദ്ദേഹത്തിന്റെ അനന്തരവനായ എ. ആര്‍. രാജരാജവര്‍മ. സ്വതന്ത്രമലയാളശൈലിയില്‍ സംസ്കൃതത്തില്‍ നിന്നു കാവ്യവിവര്‍ത്തനം നടത്തുകയും പ്രാസദീക്ഷയും അലങ്കാരഭ്രമവും കൂടാതെ കാല്പനിക സ്വഭാവമുള്ള കവിതകള്‍ എഴുതുകയും വ്യാകരണമായ 'കേരളപാണിനീയം', വൃത്തശാസ്ത്രമായ 'വൃത്തമഞ്ജരി', അലങ്കാരശാസ്ത്രമായ 'ഭാഷാഭൂഷണം' എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്ത രാജരാജവര്‍മ നവീനതയുടെ അഗ്രദൂതനായിരുന്നു. സ്വതന്ത്രമായ മലയാള കാവ്യഭാഷയ്ക്കും ശൈലിക്കും വേണ്ടിയുള്ള നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. കൊടുങ്ങല്ലൂര്‍ക്കളരിക്കാരുടേതുപോലെ ഉപരിപ്ലവമായ മലയാളത്തനിമാബോധമായിരുന്നില്ല അത്. കേരളവര്‍മയും രാജരാജവര്‍മയും തമ്മിലുള്ള പക്ഷാന്തരം 'പ്രാസവാദ'ത്തിലൂടെ മലയാള കവിതയില്‍ മാറ്റത്തിനു നാന്ദി കുറിച്ചു.
പ്രാസവാദം
കവിതയിലെ ദ്വിതീയാക്ഷരപ്രാസം ആവശ്യമാണോ എന്ന പ്രശ്‌നത്തെച്ചൊല്ലി പത്രമാസികകളിലൂടെ ഉണ്ടായ 'പ്രാസവാദം' കേവലമൊരു തര്‍ക്കം മാത്രമായിരുന്നില്ല. ആധുനികതയെക്കുറിച്ചു നടന്ന ആദ്യത്തെ സംവാദമായിരുന്നു അത്. ദ്വിതീയാക്ഷരപ്രാസഭ്രമത്തെ വിമര്‍ശിച്ചുകൊണ്ട് 1891-ല്‍ മലയാള മനോരമ പത്രത്തില്‍ (അക്കാലത്ത് പത്രങ്ങള്‍ സാഹിത്യത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നു) ഒരാള്‍ പേരു വെളിപ്പെടുത്താതെ എഴുതിയ ലേഖനമാണ് പ്രാസവാദത്തിനു തിരികൊളുത്തിയത്. 1903-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗത്തില്‍ കവി കെ. സി. കേശവ പിള്ള നടത്തിയ പ്രഭാഷണം വീണ്ടും പ്രാസവാദത്തെ സജീവമാക്കി.ദ്വിതീയാക്ഷരപ്രാസ (കവിതയിലെ ഓരോ രണ്ടു വരിയിലും രണ്ടാമത്തെ അക്ഷരം ഒന്നു പോലെ വരുന്നതാണ് ദ്വിതീയാക്ഷരപ്രാസം) ത്തെ അനുകൂലിച്ചവര്‍ കേരളവര്‍മ്മയ്ക്കു കീഴിലും എതിര്‍ത്തവര്‍ രാജരാജവര്‍മ്മയ്ക്കു കീഴിലും അണിനിരന്നതോടെ പ്രാസവാദം പാരമ്പര്യവും നവീനതയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കേരളവര്‍മ പക്ഷത്തും കെ. സി. കേശവപിള്ള രാജരാജവര്‍മ പക്ഷത്തും പടനയിച്ചു. അമ്മാവനും അനന്തരവനുമാകട്ടെ നേരിട്ടേറ്റുമുട്ടിയതുമില്ല. പിന്നീട് മലയാള കവിതയില്‍ നവീനതയുടെ അരുണോദയമുണ്ടായത് രാജരാജന്‍ വെട്ടിയ വഴിയിലൂടെയായിരുന്നു.
ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുതിയ കാവ്യബോധത്തിന്റെയും ആശയപരിവര്‍ത്തനത്തിന്റെയും അന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്ന മൂന്നു കവികള്‍ മലയാള കവിതയെ നവചക്രവാളത്തിലേക്കു വിമോചിപ്പിച്ചു. കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍ എന്നിവരായിരുന്നു അവര്‍. മഹാകാവ്യങ്ങളുമായി നിയോക്ലാസിക് പാരമ്പര്യത്തില്‍ നിന്ന് ആരംഭിച്ച ഉള്ളൂരും വള്ളത്തോളും വളരെ വേഗമാണ് പുതുഭാവുകത്വത്തെ പുല്‍കിയത്. വി. സി. ബാലകൃഷ്ണപ്പണിക്കര്‍, സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി എന്നിവരായിരുന്നു ഈ നവതരംഗത്തിന്റെ പതാകവാഹകര്‍.1907-ല്‍ രചിച്ച 'വീണപൂവ്' എന്ന ചെറുകാവ്യത്തിലൂടെ കുമാരനാശാന്‍ (1873 - 1924) ആ നവീനതയുടെ വിപ്ലവത്തിന് അരങ്ങൊരുക്കി. എസ്. എന്‍. ഡി. പി. യോഗത്തിന്റെ ആദ്യ സെക്രട്ടറിയും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും സംസ്കൃത വിദ്യാഭ്യാസം നേടിയയാളുമായ കുമാരനാശാന് സാമൂഹികരംഗത്തും കാവ്യരംഗത്തും ഉണ്ടായി വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിഞ്ഞു. തത്ത്വചിന്താപരമായിരുന്നു ആശാന്റെ കവിത. സാമൂഹികമാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന നവോത്ഥാനസ്വരവും അതില്‍ മുഴങ്ങി. 'നളിനി', 'ലീല', 'ചിന്താവിഷ്ടയായ സീത', 'പ്രരോദനം', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥ' എന്നിവയാണ് ആശാന്റെ പ്രധാന ഖണ്ഡകാവ്യങ്ങള്‍. 'പുഷ്പവാടി', 'വനമാല', 'മണിമാല' എന്നീ കവിതാസമാഹാരങ്ങളുമുണ്ട്. സ്വാമി വിവേകാനന്ദന്റെ 'രാജയോഗ'ത്തിന്റെ പരിഭാഷ, ബാലരാമായണം എന്നിവയാണ് ആശാന്റെ മറ്റു പ്രധാന കൃതികള്‍.മണിപ്രവാളകൃതികള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍, വാല്‍മീകി രാമായണവിവര്‍ത്തനം, ചിത്രയോഗം മഹാകാവ്യം, സംസ്കൃത നാടക പരിഭാഷകള്‍ തുടങ്ങിയവയുമായി സാഹിത്യരംഗത്തു നിറഞ്ഞു നിന്നിരുന്ന വള്ളത്തോള്‍ നാരായണമേനോന്‍ (1878 - 1958) 'ബധിരവിലാപം' (1910)എന്ന ലഘുകാവ്യത്തോടെ പുതിയ കാവ്യസരണിയുടെ മുഖ്യപ്രയോക്താക്കളില്‍ ഒരാളായി. 'ഗണപതി', 'ബന്ധനസ്ഥനായ അനിരുദ്ധന്‍', 'ഒരു കത്ത്', 'ശിഷ്യനും മകനും', 'അച്ഛനും മകളും', 'മഗ്ദലന മറിയം' എന്നിവയാണ് വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍. കവിതകളുടെ സമാഹാരങ്ങളാണ് എട്ടുഭാഗങ്ങളുള്ള 'സാഹിത്യമഞ്ജരി'. പ്രകൃതി സൗന്ദര്യത്തിന്റെയും ദേശീയതയുടെയും കവിയായിരുന്നു വള്ളത്തോള്‍. കേരളത്തോടും ഭാരതത്തോടുമുള്ള ഭക്തിയും പ്രേമവും അദ്ദേഹത്തിന്റെ കവിതയെ കാല്പനിക സുന്ദരമാക്കി. പദസൗന്ദര്യം കൊണ്ടും ലാളിത്യം കൊണ്ടും അവ ജനപ്രിയമായി. കേരളകലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോള്‍ ആയിരുന്നു.മഹാപണ്ഡിതനായിരുന്നു ഉള്ളൂര്‍. കവിതയില്‍ മാത്രമല്ല ഗവേഷണത്തിലും സാഹിത്യ ചരിത്രരചനയിലും യശ:സ്തംഭമായി നില്‍ക്കുന്നു. സംസ്കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍ നിന്നു തുടങ്ങിയ അദ്ദേഹം ആശാനും വള്ളത്തോളിനും പിന്നാലേ നവീനകാവ്യസരണിയില്‍ എത്തിച്ചേര്‍ന്നു. ഉള്ളൂരിന്റെ 'ഉമാ കേരളം' മഹാകാവ്യം കിടയറ്റ രചനയായി പരിഗണിക്കപ്പെടുന്നു. 'ചിത്രശാല', 'പിംഗള', 'കര്‍ണഭൂഷണം', 'ഭക്തിദീപിക' എന്നീ ഖണ്ഡകാവ്യങ്ങളും 'കിരണാവലി', 'താരഹാരം', 'തരംഗിണി', 'അരുണോദയം', 'മണിമഞ്ജുഷ', 'ഹൃദയകൗമുദി', 'ദീപാവലി', 'രത്‌നമാല', 'അമൃതധാര', 'കല്പശാഖി', 'തപ്തഹൃദയം' എന്നീ സമാഹാരങ്ങളുമാണ് ഉള്ളൂരിന്റെ മുഖ്യകാവ്യകൃതികള്‍.നാലപ്പാട്ട് നാരായണമേനോന്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കുറ്റിപ്പുറത്തു കേശവന്‍ നായര്‍, വരിക്കോലില്‍ കേശവന്‍ ഉണ്ണിത്താന്‍, വള്ളത്തോള്‍ ഗോപാല മേനോന്‍, കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പ്, വി. ഉണ്ണികൃഷ്ണന്‍ നായര്‍, കെ. എം. പണിക്കര്‍, ബോധേശ്വരന്‍, പള്ളത്തു രാമന്‍, കെ. കെ. രാജാ, മേരി ജോണ്‍ കൂത്താട്ടുകുളം, കടത്തനാട്ടു മാധവിയമ്മ, എം. ആര്‍. കൃഷ്ണവാരിയര്‍, മലേഷ്യാ രാമകൃഷ്ണപിള്ള, ശാസ്തമംഗലം രാമകൃഷ്ണപിള്ള, അരീപ്പറമ്പില്‍ നാരായണ മേനോന്‍, വി. പി. കെ. നമ്പ്യാര്‍, പന്തളം കെ. പി. രാമന്‍ പിള്ള, എന്‍. ഗോപാല പിള്ള തുടങ്ങിയ ഒട്ടേറെ സ്മരണീയരായ കവികള്‍ ഈ തലമുറയിലും പിന്നാലേയുമായി ഉണ്ടായി.
വസന്തഗായകര്‍
ആധുനിക കവിത്രയത്തിനു പിന്നാലേ ഉയര്‍ന്നു വന്ന കവികളില്‍ കാല്പനികതയുടെ വസന്തഗീതങ്ങള്‍ ആലപിച്ച് കാവ്യചരിത്രത്തില്‍ സ്വന്തം ഇടങ്ങള്‍ നേടിയവരാണ്. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍, ബാലാമണിയമ്മ, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍ പിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍. സാജാത്യത്തെക്കാള്‍ വൈജാത്യമാണ് ഈ കവികള്‍ക്കിടയിലുള്ളത്. അക്കിത്തം, അച്യുതന്‍ നമ്പൂതിരി, ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, എന്‍. വി. കൃഷ്ണവാരിയര്‍, പാലാ നാരായണന്‍ നായര്‍, എം. പി. അപ്പന്‍, പി. ഭാസ്കരന്‍, ജി. കുമാരപിള്ള, നാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയവര്‍ കൂടി ഉള്‍പ്പെട്ട വലിയ കവിനിരയാണ് ഈ കാലഘട്ടത്തിന്റേത്.ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം നേടിയ ജി. ശങ്കരക്കുറുപ്പിന്റെ കവിത ആധ്യാത്മികതയുടെയും യോഗാനുഭൂതികളുടെയും പ്രപഞ്ചദര്‍ശനത്തിന്റെയും സമ്മിളിതരൂപമാണ്. ധ്യാന്യാത്മകമായ കാല്പനിക ശൈലി പില്‍ക്കാല കവിതകളില്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. കാല്പനികതയുടെ യഥാര്‍ത്ഥ കാഹളവാദകര്‍ ചങ്ങമ്പുഴയും ഇടപ്പള്ളിയുമായിരുന്നു. “1930-കളിലെ അസ്വസ്ഥമായ കാലാവസ്ഥയില്‍ അവരുടെ സ്വരം വിഷണ്ണവും വേദനാഭരിതവുമായി. സംഗീതാത്മകവും ആലാപനപ്രധാനവുമായ കവിതയിലൂടെ ഇടപ്പള്ളി കാല്പനികതയുടെ വരവറിയിച്ചു. ചങ്ങമ്പുഴ അത് തരംഗമാക്കിത്തീര്‍ത്തു. വള്ളത്തോള്‍പ്പാരമ്പര്യത്തില്‍ വികസിക്കാന്‍ തുടങ്ങിയ കവിതയെ ആത്മാലാപനത്തിന്റെ തീവ്രതയില്‍ ചങ്ങമ്പുഴ ലംഘിച്ചു. സ്വയം സംസാരിക്കുന്ന ഭാഷയെ അഴിച്ചു വിട്ടുകൊണ്ട് ചങ്ങമ്പുഴ കാവ്യഭാഷയില്‍ വിപ്ലവം നടത്തി. പില്‍ക്കാല കവികള്‍ക്ക് ഭാഷാബോധം നല്‍കിയതിനോടൊപ്പം തങ്ങള്‍ വിട്ടുപോരേണ്ട ഇടങ്ങളെക്കുറിച്ചുള്ള ബോധം കൂടി നല്‍കിയ മധുശാലയായിരുന്നു ചങ്ങമ്പുഴയുടെ കവിത”.ചങ്ങമ്പുഴ സൃഷ്ടിച്ച കടും നിറങ്ങളുടെ ലോകത്തില്‍ നിന്നു വ്യത്യസ്തമായിരുന്നു പി.യുടെയും വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും കാല്പനികത. പി.യില്‍ അത് കേരള പ്രകൃതിയോടും ഭൂതകാലത്തോടുമുള്ള സംവാദമായും ഇടശ്ശേരിയില്‍ ഗ്രാമീണ കര്‍ഷക ജീവിതത്തിന്റെ കൊടിയ യാഥാര്‍ത്ഥ്യത്തിന്റെ വാഹകമായും വികസിച്ചു. ആധുനികശാസ്ത്രത്തോടുള്ള ബന്ധത്തില്‍ നിന്നു ജനിച്ച കര്‍ക്കശമായ യുക്തിബോധവും പുരോഗതിയിലുള്ള വിശ്വാസവും കാവ്യപരമായ അച്ചടക്കവും വൈലോപ്പിള്ളിയുടെ ഈണങ്ങള്‍ക്ക് വൈദ്യുത കാന്തി നല്‍കി. ആധുനികതയെ വ്യത്യസ്തമായ അളവുകളില്‍ അഭിമുഖീകരിക്കാനാണ് ഈ മൂന്നു കവികളും ശ്രമിച്ചത്.
ചുവക്കുന്ന കവിത
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയസമരങ്ങളുടെയും അന്തരീക്ഷം 1940-കളില്‍ കവിതയില്‍ ഒരു ചുവന്ന യുഗത്തിനു കളമൊരുക്കി. പി. ഭാസ്കരന്‍, പുതുശ്ശേരി രാമചന്ദ്രന്‍, വയലാര്‍ രാമവര്‍മ, ഒ. എന്‍. വി. കുറുപ്പ് തുടങ്ങിയവരായിരുന്നു ഈ അരുണ കാല്പനികതയുടെ പ്രതിനിധികള്‍. അടുത്ത ദശകത്തിന്റെ അവസാനത്തോടെ ആ കാവ്യരീതിയില്‍ നിന്ന് ഈ കവികള്‍ പിന്മാറിയതായി കാണാം.
നവകാല്പനികത
അരുണയുഗത്തിന്റെ കവികള്‍ ആത്മാനുഭൂതി കേന്ദ്രിതമായ ഭാവഗീതങ്ങളിലേക്കാണു പിന്മാറിയത്. നവകാല്പനികതയുടെ പിറവിയായിരുന്നു അത്. 1960-കളില്‍ ആവിര്‍ഭവിച്ച ആധുനിക കവിതയ്ക്കു സമാന്തരമായി അതു മുന്നേറി. എന്‍. വി. കൃഷ്ണവാരിയര്‍, ഒ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവരിലാണ് നവകാല്പനികതയുടെ ചിറകൊച്ച ഏറ്റവും നന്നായി കേള്‍ക്കാനാവുക. ആര്‍. രാമചന്ദ്രനില്‍ അത് ആധുനികതയോട് അടുപ്പം കാട്ടി. എന്‍. എന്‍. കക്കാടിലും മാധവന്‍ അയ്യപ്പത്തിലും ഈ സവിശേഷത കാണാം.
ആധുനികതയിലേക്ക്
പാരമ്പര്യവിരുദ്ധവും പരീക്ഷണോന്മുഖവുമായ ആധുനിക കവിതാപ്രസ്ഥാനം 1960-കളില്‍ ആവിര്‍ഭവിച്ചു. അടുത്ത ദശകത്തിലാണ് അത് തീവ്രസാന്നിധ്യമായിത്തീര്‍ന്നത്. അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്ര'ത്തെയാണ് പൊതുവേ ആധുനികതയുടെ തുടക്കമായി കണക്കാക്കുന്നത്. എന്‍. വി. കൃഷ്ണവാരിയരുടെ ചില കവിതകളും ആധുനികഭാവുകത്വത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണാം. അയ്യപ്പപ്പണിക്കര്‍, എം ഗോവിന്ദന്‍, ആര്‍. രാമചന്ദ്രന്‍, ആറ്റൂര്‍ രവിവര്‍മ, എം. എന്‍. പാലുര്, എന്‍. എന്‍. കക്കാട്, ചെറിയാന്‍ കെ. ചെറിയാന്‍, മാധവന്‍ അയ്യപ്പത്ത്, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, കെ. ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മുതല്‍ എ. അയ്യപ്പനും ബാലചന്ദ്രന്‍ ചുള്ളിക്കാടും വരെ നീളുന്നതാണ് ആധുനികരുടെ തലമുറ. ഛന്ദോമുക്തതയും ഗദ്യവും വിരുദ്ധോക്തിയും ശിഥില ബിംബങ്ങളും സ്വഭാവമായ ആധുനിക കവിത ആധുനിക കാലഘട്ടത്തിലെ സ്വത്വപ്രതിസന്ധി, ഗ്രാമജീവിതത്തകര്‍ച്ച, നഗരവത്കരണം, വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, ശൂന്യതാബോധം തുടങ്ങിയ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അങ്ങേയറ്റത്തെ വ്യക്തികേന്ദ്രിതത്വത്തിനു സമാന്തരമായി തീവ്ര ഇടതുപക്ഷ സൗന്ദര്യബോധവും ആധുനികതയിലുണ്ടായിരുന്നു.
ഉത്തരാധുനികത

1990-കള്‍ മുതല്‍ ഉരുത്തിരിഞ്ഞു വന്ന ഭാവുകത്വമാണ് ഉത്തരാധുനികത. ആധുനികതയില്‍ നിന്നു വിട്ടുമാറാനുള്ള യത്‌നമാണ് പ്രധാനമായും ഈ കാവ്യധാരയിലുള്ളത്. അന്‍വര്‍ അലി, പി. പി. രാമചന്ദ്രന്‍, വിജയലക്ഷ്മി, കെ. ആര്‍. ടോണി, വി. എം. ഗിരിജ, റഫീക് അഹമ്മദ്, മനോജ് കുറൂര്‍, എസ്. ജോസഫ് തുടങ്ങിയ ഒട്ടേറെ കവികള്‍ എഴുതിക്കൊണ്ടിരിക്കുന്നതാണ് ഉത്തരാധുനിക തലമുറ.

നോവല്‍ സാഹിത്യം

 

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നടപ്പായ ഗദ്യഭാഷാക്രമത്തിന്റെയും കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെയും പത്രമാസികകളുടെ ആവിര്‍ഭാവത്തിന്റെയും ഫലമായ പുതിയ ആശയാന്തരീക്ഷത്തിലാണ് നോവല്‍ എന്ന സാഹിത്യരൂപം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. നോവലിന്റെ പ്രാഗ് രൂപങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാഖ്യാനകൃതികളില്‍ നിന്നാണ് 'ഇന്ദുലേഖ' (1889) എന്ന യഥാര്‍ത്ഥ നോവലില്‍ മലയാളം എത്തിച്ചേര്‍ന്നത്. 1847 - 1887 കാലഘട്ടത്തില്‍ പന്ത്രണ്ട് കഥാഖ്യാന കൃതികള്‍ മലയാളത്തിലുണ്ടായി. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ 'പരദേശി മോക്ഷയാത്ര' (1847) ജോണ്‍ ബന്യന്റെ ഇംഗ്ലീഷ് കൃതിയായ 'പില്‍ഗ്രിംസ് പ്രോഗ്രസി'ന്റെ വിവര്‍ത്തനമായിരുന്നു. ഇതേ കൃതിക്ക് റവ. സി. മുള്ളര്‍ നടത്തിയ വിവര്‍ത്തനമായ 'സഞ്ചാരിയുടെ പ്രയാണം', കാളിദാസന്റെ ശാകുന്തളത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ രാമവര്‍മ നല്‍കിയ ഗദ്യപരിഭാഷയായ 'ഭാഷാശാകുന്തളം', ഒരു അറബിക്കഥയെ ആധാരമാക്കി ആയില്യം തിരുനാള്‍ രചിച്ച 'മീനകേതനന്‍', ജോണ്‍ ബന്യന്റെ 'ഹോളിവാറി'ന് ആര്‍ച്ച് ഡീക്കന്‍ കോശിയുടെ വിവര്‍ത്തനമായ 'തിരുപ്പോരാട്ടം' (1865), ഷെയ്ക്‌സ്പിയറുടെ 'കോമഡി ഓഫ് എറേഴ്‌സ്' എന്ന നാടകത്തിന് കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് നല്‍കിയ ഗദ്യരൂപാന്തരമായ 'ആള്‍മാറാട്ടം' (1866), മിസ്സിസ് കോളിന്‍സ് എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷില്‍ എഴുതിയ 'സ്ലേയേഴ്‌സ് സ്‌ലെയിന്‍' എന്ന കൃതിയുടെ മലയാള പരിഭാഷയായ 'ഘാതകവധം' (1872), ആര്‍ച്ച് ഡീക്കന്‍ കോശിയുടെ സ്വതന്ത്രഗദ്യകൃതിയായ 'പുല്ലേലിക്കുഞ്ചു' (1882), ചാള്‍സ് ലാംബിന്റെ ഷെയ്ക്‌സ്പിയര്‍ കഥകളെ ആധാരമാക്കി കെ. ചിദംബരവാധ്യാര്‍ രചിച്ച 'കാമാക്ഷീചരിതം', 'വര്‍ഷകാലകഥ', ഹന്ന കാതറിന്‍ മ്യൂലിന്‍സിന്റെ 'ഫൂല്‍മണി ആന്റ് കരുണ'യുടെ പരിഭാഷ, അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' (1887) എന്നിവയാണ് ഈ കാലയളവില്‍ ഉണ്ടായ കൃതികള്‍. എന്നാല്‍ ഇവയൊന്നും നോവല്‍ എന്ന ഗണനാമത്തിനു യോഗ്യമായിരുന്നില്ല.
ചന്തുമേനോന്‍ നട്ട തൈ

ഒ. ചന്തുമേനോന്റെ 'ഇന്ദു ലേഖ' (1889) യോടെയാണ് മലയാള നോവല്‍ ജനിച്ചത്. 'ഇന്ദുലേഖ'യ്ക്കു ശേഷമെഴുതിയ 'ശാരദ' പൂര്‍ത്തിയാകുംമുമ്പേ ചന്തുമേനോന്‍ അന്തരിച്ചു. 1891-ല്‍ സി. വി. രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ' കൂടി പ്രസിദ്ധീകരിച്ചതോടെ മലയാള നോവല്‍ സാഹിത്യത്തിന് ബലിഷ്ഠമായ അടിത്തറ ഒരുങ്ങി. പടിഞ്ഞാറേക്കോവിലകത്ത് അമ്മാമന്‍ രാജായുടെ 'ഇന്ദുമതീസ്വയംവരം' (1890), സി. ചാത്തുനായരുടെ 'മീനാക്ഷി' (1890), പോത്തേരി തൊമ്മന്‍ അപ്പോത്തിക്കിരിയുടെ 'പരിഷ്കാരപ്പാതി' (1892), കിഴക്കേപ്പാട്ട് രാമന്‍ മേനോന്റെ 'പറങ്ങോടി പരിണയം' (1892), കോമാട്ടില്‍ പാഡുമേനോന്റെ 'ലക്ഷ്മീ കേശവം', സി. അന്തപ്പായിയുടെ 'നാലുപേരിലൊരുത്തന്‍' (1893). കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ 'അക്ബര്‍' (1894), ജോസഫ് മൂളിയിലിന്റെ 'സുകുമാരി' (1897) എന്നിവയാണ് 19-ാം നൂറ്റാണ്ടിലുണ്ടായ മറ്റു നോവലുകള്‍.
സി. വി. യുടെ വടവൃക്ഷങ്ങള്‍
'ഇന്ദുലേഖ'യെന്ന പൂത്തുലഞ്ഞ തണല്‍മരം നട്ടുവളര്‍ത്തിയ ചന്തുമേനോനു പിന്നാലേ വന്ന സി. വി. രാമന്‍പിള്ള വടവൃക്ഷങ്ങളാണ് സൃഷ്ടിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തെ ആധാരമാക്കിയുള്ള 'മാര്‍ത്താണ്ഡവര്‍മ' (1891), 'ധര്‍മരാജാ' (1913), 'രാമരാജാ ബഹദൂര്‍' (1921) എന്നിവയും സാമൂഹിക നോവലായ 'പ്രേമാമൃത' (1917)വുമാണ് സി. വി. യുടെ നോവലുകള്‍. ദര്‍ശനത്തിന്റെയും രചനാവൈഭവത്തിന്റെയും അസാധാരണത്വര കൊണ്ട് 'ധര്‍മ്മരാജാ'യും 'രാമരാജാബഹദൂറും' നിത്യവിസ്മയങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. സി. വി. യുടെ സ്വാധീനതയാല്‍ ഒട്ടേറെ ചരിത്ര നോവലുകള്‍ പിന്നീടുണ്ടായി. കാരാട്ട് അച്യുതമേനോന്‍ (വിരുതന്‍ ശങ്കു, 1913), കെ. നാരായണക്കുരുക്കള്‍ (പാറപ്പുറം, 1960 - 1907, ഉദയഭാനു) അപ്പന്‍ തമ്പുരാന്‍ (ഭാസ്കര മേനോന്‍, 1924, ഭൂതരായര്‍ 1923), അമ്പാടി നാരായണപ്പുതുവാള്‍ (കേരള പുത്രന്‍, 1924), ടി. രാമന്‍ നമ്പീശന്‍ (കേരളേശ്വരന്‍, 1929) തുടങ്ങിയവരാണ് സി. വിക്കു ശേഷം വന്ന നോവലിസ്റ്റുകളില്‍ ശ്രദ്ധേയര്‍.നാരായണക്കുരുക്കളുടെ 'ഉദയഭാനു', 'പാറപ്പുറം' എന്നിവ ആദ്യത്തെ രാഷ്ട്രീയ നോവലുകളാണെന്നു സാഹിത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ആദ്യത്തെ അപസര്‍പ്പകനോവലാണ് 'ഭാസ്കര മേനോന്‍'. കേശവക്കുറുപ്പിന്റെ 'മാധവക്കുറുപ്പ്' (1922), ഒ. എം ചെറിയാന്റെ 'കാലന്റെ കൊലയറ' (1928) അനന്തപദ്മനാഭപിള്ളയുടെ 'വീരപാലന്‍' (1933), ചേലനാട്ട് അച്യുതമേനോന്റെ 'അജ്ഞാതസഹായി' (1936) തുടങ്ങിയ അപസര്‍പ്പക നോവലുകളും തുടര്‍ന്നുണ്ടായ കപ്പന കൃഷ്ണമേനോന്റെ 'ചേരമാന്‍ പെരുമാള്‍', കെ. എം. പണിക്കരുടെ 'കേരള സിംഹം', പള്ളത്തു രാമന്റെ 'അമൃത പുളിനം', സി. കുഞ്ഞിരാമമേനോന്റെ 'വെളുവക്കമ്മാരന്‍' തുടങ്ങിയ ചരിത്രനോവലുകളും ഇക്കാലത്തുണ്ടായി. മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ 'അപ്ഫന്റെ മകള്‍' നമ്പൂതിരി സമുദായത്തെ കേന്ദ്രമാക്കി സാമൂഹിക നോവലിന്റെ മാതൃക അവതരിപ്പിച്ചു.

റിയലിസം
ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് പ്രസ്ഥാനം, ശാസ്ത്രരംഗത്തുണ്ടായ ആഗോള മുന്നേറ്റങ്ങള്‍, ലോക സാഹിത്യത്തിലെ പരിവര്‍ത്തനങ്ങളുമായുള്ള പരിചയം തുടങ്ങിയ ഘടകങ്ങള്‍ 1930-കള്‍ തൊട്ട് മലയാള സാഹിത്യത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങി. സാഹിത്യവിമര്‍ശകനായ കേസരി ബാലകൃഷ്ണപിള്ള ലോകസാഹിത്യം, ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യദര്‍ശനം തുടങ്ങിയവയെക്കുറിച്ചെഴുതിയ പ്രബന്ധങ്ങള്‍ ഭാവനാ പരിവര്‍ത്തനത്തിന് ആക്കം കൂട്ടി. ചെറുകഥയിലാണ് ഈ മാറ്റം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സാമൂഹിക യാഥാത്ഥ്യത്തെ അതേപടി ആവിഷ്കരിക്കുന്ന യഥാതഥസമ്പ്രദായ (റിയലിസം) ത്തോട് താല്‍പര്യം കാട്ടിയ ഒരു സംഘം എഴുത്തുകാര്‍ 1940-കളില്‍ രംഗത്തു വന്നു. പി. കേശവദേവ്, തകഴി, എസ്. കെ. പൊറ്റക്കാട്, ഉറൂബ് (പി. സി.കുട്ടികൃഷ്ണന്‍) തുടങ്ങിയവരായിരുന്നു റിയലിസ്റ്റുകളില്‍ പ്രമുഖര്‍.കേശവദേവിന്റെ 'ഓടയില്‍ നിന്ന്' (1944), ബഷീറിന്റെ 'ബാല്യകാല സഖി' (1944) എന്നിവയോടെ മലയാളത്തിലെ യഥാതഥ നോവല്‍ ശാഖ ആരംഭിച്ചു. തകഴിയുടെ 'തോട്ടിയുടെ മകന്‍' (1947) കൂടിയായപ്പോഴേക്കും അത് ശക്തമായൊരു പ്രസ്ഥാനമായി മാറി.സമൂഹത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ ക്ലേശഭരിതമായ ജീവിതമായിരുന്നു റിയലിസ്റ്റുകളുടെ പ്രമേയം. ദരിദ്ര കര്‍ഷകരും, തെണ്ടികളും തോട്ടികളും റിക്ഷത്തൊഴിലാളികളും ചുമട്ടുകാരും ദളിതരും ആ നോവലുകളില്‍ നായകരായി. മുമ്പു ശീലമില്ലാത്തതായിരുന്നു ഈ കഥാപാത്രലോകം.ഓടയില്‍ നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍, മാതൃഹൃദയം, ഒരു രാത്രി, കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ, നടി, ആര്‍ക്കു വേണ്ടി, ഉലക്ക, കണ്ണാടി, സഖാവ് കാരോട്ട് കാരണവര്‍, പ്രേമവിഡ്ഢി, എങ്ങോട്ട്, പങ്കലാക്ഷീടെ ഡയറി, ത്യാഗിയായ ദ്രോഹി, അധികാരം, സുഖിക്കാന്‍ വേണ്ടി തകഴിയുടെ പ്രധാന നോവലുകള്‍ പതിതപങ്കജം, വില്പനക്കാരി, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, പ്രതിഫലം, പരമാര്‍ത്ഥങ്ങള്‍, അവന്റെ സ്മരണകള്‍, തലയോട്, പേരില്ലാക്കഥ, ചെമ്മീന്‍, ഔസേപ്പിന്റെ മക്കള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, പാപ്പിയമ്മയും മക്കളം, അഞ്ചു പെണ്ണുങ്ങള്‍, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, ധര്‍മനീതിയോ? അല്ല ജീവിതം, ഏണിപ്പടികള്‍, നുരയും പതയും, കയര്‍, അകത്തളം, കോടിപ്പോയ മുഖങ്ങള്‍, പെണ്ണ്, ആകാശം, ബലൂണുകള്‍, ഒരു എരിഞ്ഞടങ്ങല്‍ ബഷീറിന്റെ പ്രധാന നോവലുകള്‍ ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മരണത്തിന്റെ നിഴലില്‍, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്, ജീവിതനിഴല്‍പ്പാടുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, താരാസ്‌പെഷ്യല്‍സ്, ആനവാരിയും പൊന്‍കുരിശും, മാന്ത്രികപ്പൂച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍, ശിങ്കിടിമുങ്കന്‍. പൊറ്റക്കാടിന്റെ പ്രധാന നോവലുകള്‍ വിഷകന്യക, നാടന്‍ പ്രേമം, കറാമ്പൂ, പ്രേമശിക്ഷ, മൂടുപടം, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ. ഉറൂബിന്റെ പ്രധാന നോവലുകള്‍ ആമിന, മിണ്ടാപ്പെണ്ണ്, കുഞ്ഞമ്മയും കൂട്ടുകാരും, മൗലവിയും ചങ്ങാതിമാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അണിയറ, അമ്മിണി. റിയലിസ്റ്റ് തലമുറയിലെ മറ്റു പ്രധാന നോവലിസ്റ്റുകള്‍ കൈനിക്കര പദ്മനാഭപിള്ള, ജോസഫ് മുണ്ടശ്ശേരി, നാഗവള്ളി ആര്‍. എസ്. കുറുപ്പ്, വെട്ടൂര്‍ രാമന്‍ നായര്‍, ചെറുകാട്, എന്‍. കെ. കൃഷ്ണപിള്ള, കെ. ദാമോദരന്‍ തുടങ്ങിയവരാണ്. റിയലസിത്തിനും 1960-കളില്‍ ആവിര്‍ഭവിച്ച ആധുനികതയ്ക്കുമിടയില്‍ പ്രതിഭാശാലികളായ ഒരു സംഘം നോവലിസ്റ്റുകള്‍കൂടി ഉയര്‍ന്നു വരുകയുണ്ടായി. ഇ. എം. കോവൂര്‍ ('കാട്', 'മുള്ള്', 'ഗുഹാജീവികള്‍', 'മലകള്‍'), പോഞ്ഞിക്കര റാഫി ('സ്വര്‍ഗദൂതന്‍', 'പാപികള്‍', 'ഫുട്‌റൂള്‍', 'ആനിയുടെ ചേച്ചി', 'കാനായിലെ കല്യാണം')കെ. സുരേന്ദ്രന്‍ ('താളം', 'കാട്ടുകുരങ്ങ്', 'മായ', 'ജ്വാല', 'ദേവി', 'സീമ', 'മരണം ദുര്‍ബലം', 'ശക്തി', 'ഗുരു'). കോവിലന്‍ (വി. വി. അയ്യപ്പന്‍ എന്നു ശരിയായ പേര്. നോവലുകള്‍ : 'തോറ്റങ്ങള്‍', 'ഹിമാലയം', 'എ മൈനസ് ബി', 'ഭരതന്‍', 'തട്ടകം'), പാറപ്പുറത്ത് (കെ. ഇ. മത്തായി എന്നു ശരിയായ പേര്. നോവലുകള്‍ : 'നിണമണിഞ്ഞ കാല്പാടുകള്‍', 'അന്വേഷിച്ചു കണ്ടെത്തിയില്ല', 'അരനാഴിക നേരം', 'ആദ്യകിരണങ്ങള്‍', 'തേന്‍വരിക്ക', 'മകനേ നിനക്കു വേണ്ടി'. 'ഓമന', 'പണിതീരാത്ത വീട്' തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വലിയ നിരയാണത്. ജി. വിവേകാനന്ദന്‍, ജി. എന്‍. പണിക്കര്‍, എസ്. കെ. മാരാര്‍, ജനപ്രിയനോവലിനു തുടക്കമിട്ട മുട്ടത്തു വര്‍ക്കി, നന്തനാര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ജി. പി. ഞെക്കാട്, സി. എ. കിട്ടുണ്ണി, പമ്മന്‍, അയ്യനേത്ത്, ആനി തയ്യില്‍, കാനം ഇ. ജെ. തുടങ്ങിയവരും ആ നിരയിലുണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ അടുത്ത ദശകം നോവലിസ്റ്റുകളില്‍ പ്രത്യാശാശൂന്യതയുടെ കാലമായാണ് പ്രതിഫലിച്ചത്. പുതിയൊരു സമൂഹവീക്ഷണവും അന്തര്‍മുഖത്വവും വിഷാദവും നോവലുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആഖ്യാന രീതിയിലും മാറ്റം വന്നു. വ്യക്തിയുടെ ആത്മവത്തയും അതിന്റെ പ്രതിസന്ധികളും സമൂഹവുമായി വ്യക്തി മനസ്സ് നടത്തുന്ന ഏറ്റുമുട്ടലും പ്രമേയമായി. എം. ടി. വാസുദേവന്‍ നായരുടെ 'നാലു കെട്ട്' (1958) ആണ് ഈ രൂപ-ഭാവ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. ദീര്‍ഘമായ സാഹിത്യ ജീവിതത്തിലൂടെ എം. ടി. സൃഷ്ടിച്ച നോവലുകള്‍ വ്യാപകമായ ജനപ്രീതിയും നിരൂപക പ്രശംസയും നേടി. 'അസുര വിത്ത്', 'കാലം', 'മഞ്ഞ്', 'രണ്ടാമൂഴം', 'വാരണാസി' എന്നിവയാണ് എം. ടിയുടെ മറ്റു പ്രശസ്ത നോവലുകള്‍.

രാജലക്ഷ്മി ('ഒരു വഴിയും കുറേ നിഴലുകളും', 'ഞാനെന്ന ഭാവം', 'ഉച്ചവെയിലും ഇളം നിലാവും'), എന്‍. പി. മുഹമ്മദ് ('ഹിരണ്യകശിപു', 'മരം', 'എണ്ണപ്പാടം', 'ദൈവത്തിന്റെ കണ്ണ്'), വിലാസിനി (ശരിയായ പേര് എം. കെ. മേനോന്‍. നോവലുകള്‍ : 'ചുണ്ടെലി', 'ഊഞ്ഞാല്‍', 'ഇണങ്ങാത്ത കണ്ണികള്‍', 'അവകാശികള്‍', 'യാത്രാമുഖം') സി. രാധാകൃഷ്ണന്‍ ('കണ്ണിമാങ്ങകള്‍', 'പുഴ മുതല്‍ പുഴ വരെ', 'സ്പന്ദമാപിനികളേ നന്ദി', 'പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും', 'പിന്‍ നിലാവ്', 'ഒറ്റയടിപ്പാതകള്‍', 'മുമ്പേ പറക്കുന്ന പക്ഷികള്‍', 'തീക്കടല്‍ കടഞ്ഞ് തിരുമധുരം')ഇ. വാസു ('ചുവപ്പുനാട'), മലയാറ്റൂര്‍ രാമകൃഷ്ണന്‍ ('യന്ത്രം', 'അഞ്ചുസെന്റ്', 'വേരുകള്‍', 'യക്ഷി', 'പൊന്നി', 'അമൃതം തേടി', 'നെട്ടൂര്‍ മഠം', 'ആറാം വിരല്‍'), വി. ടി. നന്ദകുമാര്‍ ('ദൈവത്തിന്റെ മരണം', 'ഇരട്ട മുഖങ്ങള്‍', 'രക്തമില്ലാത്ത മനുഷ്യന്‍'), പെരുമ്പടവം ശ്രീധരന്‍ ('അഭയം', 'അഷ്ടപദി', 'ഒരു സങ്കീര്‍ത്തനം പോലെ') പുതൂര്‍ ഉണ്ണികൃഷ്ണന്‍ ('ആട്ടുകട്ടില്‍', 'ആനപ്പക', 'ധര്‍മ ചക്രം'), പി. വത്സല ('നെല്ല്', 'ആഗ്നേയം', 'കൂമന്‍ കൊല്ലി', 'ഗൗതമന്‍', 'പാളയം') പി. കെ. ബാലകൃഷ്ണന്‍ ('ഇനി ഞാന്‍ ഉറങ്ങട്ടെ'), ലളിതാംബിക അന്തര്‍ജ്ജനം ('അഗ്നിസാക്ഷി'), ജോര്‍ജ് ഓണക്കൂര്‍ ('ഉള്‍ക്കടല്‍', 'കാമന'), യു. എ. ഖാദര്‍, വി. എ. എ. അസീസ്, സാറാ തോമസ്, പി. ആര്‍. ശ്യാമള, ടി. വി. വര്‍ക്കി, പി. ആര്‍. നാഥന്‍ തുടങ്ങി ഒട്ടേറെ നോവലിസ്റ്റുകളുണ്ട് ഈ തലമുറയില്‍. 1960 മുതലാണ് ഈ കൂട്ടത്തില്‍ മിക്കവരും എഴുതിത്തുടങ്ങിയത്.
ആധുനികത
പ്രമേയത്തിലും ആഖ്യാനത്തിലും പാരമ്പര്യവിരുദ്ധമായ നോവലാണ് 1960-കളില്‍ ആരംഭിച്ച ആധുനികതാപ്രസ്ഥാനം അവതരിപ്പിച്ചത്. ശിഥിലമായ സമൂഹത്തില്‍ ആധികാരിക മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണവും മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള സംഘര്‍ഷങ്ങളും സ്വത്വപ്രതിസന്ധിയും നിഷേധദര്‍ശനവും ആധുനികതയുടെ മുഖമുദ്രകളായിരുന്നു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'മാണ് ആധുനിക നോവലുകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എന്ന നിലയിലാണ് 'ഖസാക്ക്' പരിഗണിക്കപ്പെടുന്നത്. ഒ. വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, ആനന്ദ്, വി. കെ. എന്‍., മാടമ്പ് കുഞ്ഞുകുട്ടന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. പദ്മരാജന്‍, മേതില്‍ രാധാകൃഷ്ണന്‍, തുടങ്ങിയവരാണ് പ്രധാന ആധുനിക നോവലിസ്റ്റുകള്‍.ഒ. വി. വിജയന്റെ നോവലുകള്‍ : ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍.കാക്കനാടന്റെ നോവലുകള്‍ : അജ്ഞതയുടെ താഴ്‌വര, പറങ്കിമല, ഏഴാംമുദ്ര, ഉഷ്ണ മേഖല, സാക്ഷി, ആരുടെയോ ഒരു നഗരം, ഒറോത എം. മുകുന്ദന്റെ നോവലുകള്‍ : ദല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സീത, ആവിലായിലെ സൂര്യോദയം, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, നൃത്തം, കേശവന്റെ വിലാപങ്ങള്‍, പുലയപ്പാട്ട്. വി. കെ. എന്നിന്റെ നോവലുകള്‍ : ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്, നാണ്വാര്, കാവി, കുടിനീര്, അധികാരം, അനന്തരം


ആനന്ദിന്റെ നോവലുകള്‍ : ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍ സേതുവിന്റെ നോവലുകള്‍ : പാണ്ഡവപുരം, നിയോഗം, വിളയാട്ടം, കൈമുദ്രകള്‍, നനഞ്ഞമണ്ണ്, താളിയോല പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകള്‍ : അലിഗഢിലെ തടവുകാരന്‍, തെറ്റുകള്‍, സൂര്യന്‍, സ്മാരക ശിലകള്‍, കലീഫ, മരുന്ന്, കന്യാവനങ്ങള്‍, പരലോകം
ഉത്തരാധുനികത
1980-കള്‍ മധ്യത്തോടെ ആധുനികതയില്‍ നിന്നു വ്യത്യസ്തമായ ഭാവുകത്വം രൂപപ്പെടാന്‍ തുടങ്ങി. ഉത്തരാധുനികത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നവഭാവുകത്വം ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവം ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടില്ല. ടി. വി. കൊച്ചുബാവ ('വൃദ്ധസദനം', 'പെരുങ്കളിയാട്ടം'), സി. വി. ബാലകൃഷ്ണന്‍ ('ആയുസ്സിന്റെ പുസ്തകം', 'ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍', 'ദിശ')സി. ആര്‍. പരമേശ്വരന്‍ ('പ്രകൃതി നിയമം')എന്‍. പ്രഭാകരന്‍ ('ബഹുവചനം', 'അദൃശ്യവനങ്ങള്‍', 'തീയൂര്‍രേഖകള്‍', 'ജീവന്റെ തെളിവുകള്‍'), എന്‍. എസ്. മാധവന്‍ ('ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍'), വി. ജെ. ജെയിംസ് ('ചോരശാസ്ത്രം', 'ദത്താപഹാരം'), ജി. ആര്‍. ഇന്ദുഗോപന്‍ ('മണല്‍ ജീവികള്‍', 'ഐസ് - 196 ഡിഗ്രി സെല്‍ഷ്യസ്'), സാറാ ജോസഫ് ('ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി', 'ഒതപ്പ്') കെ. ജെ. ബേബി ('മാവേലി മന്റം'), കെ. രഘുനാഥന്‍ ('ഭൂമിയുടെ പൊക്കിള്‍', 'ശബ്ദായ മൗനം', 'പാതിരാവന്‍കര', 'സമാധനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍'), കെ. പി. രാമനുണ്ണി ('സൂഫി പറഞ്ഞ കഥ', 'ചരമവാര്‍ഷികം', 'ജീവിതത്തിന്റെ പുസ്തകം') തുടങ്ങിയ ഒട്ടേറെ നോവലിസ്റ്റുകള്‍ അടങ്ങുന്നതാണ് ഉത്തരാധുനിക തലമുറ.

ചെറുകഥ


വിദ്യാവിനോദിനി' മാസികയില്‍ 1891-ല്‍ (1066 കുംഭം) പ്രസിദ്ധീകരിച്ച 'വാസനാ വികൃതി' യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ. പത്രപ്രവര്‍ത്തകനായിരുന്ന കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ് 'വാസനാ വികൃതി' രചിച്ചത്. കഥാകൃത്തിന്റെ പേരുവയ്ക്കാതെയാണ് ഈ ചെറുകഥ പ്രസിദ്ധീകരിച്ചത്. സി. എസ്. ഗോപാലപ്പണിക്കര്‍, മൂര്‍ക്കോത്തു കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, അമ്പാടി നാരായണപ്പതുവാള്‍, എം. ആര്‍. കെ. സി., കെ. സുകുമാരന്‍, ഇ. വി. കൃഷ്ണപിള്ള എന്നിവരായിരുന്നു പ്രമുഖരായ ആദ്യകാല കഥാകൃത്തുക്കള്‍. പത്രമാസികകളുടെ പ്രചാരമാണ് ചെറുകഥയ്ക്ക് വായനക്കാരെ സൃഷ്ടിച്ചത്. ഈ അന്തരീക്ഷം ഒട്ടേറെ എഴുത്തുകാരെ ചെറുകഥയിലേക്ക് ആകര്‍ഷിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ശീവൊള്ളി നാരായണന്‍ നമ്പൂതിരി, പന്തളം കേരളവര്‍മ്മ, സി. പി. അച്യുതമേനോന്‍, അപ്പന്‍ തമ്പുരാന്‍, സി. വി. കുഞ്ഞുരാമന്‍, കാരാട്ട് അച്യുതമേനോന്‍, തേലപ്പുറത്ത് നാരായണന്‍ നമ്പി, ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്, എം. രത്‌നം, എന്‍. എം. ദാസ്, ഇ. ഐ. പങ്ങിയച്ചന്‍, കണ്ണമ്പ്ര കുഞ്ഞുണ്ണിനായര്‍, സി. ശങ്കരവാരിയര്‍, പി. ജി. രാമയ്യര്‍, അമ്പാടി കാര്‍ത്ത്യായനി അമ്മ, വി. പാര്‍വതിയമ്മ, ടി. സി. കല്യാണിയമ്മ തുടങ്ങിയ ഒട്ടേറെ എഴുത്തുകാര്‍ ആദ്യകാലത്ത് ചെറുകഥകളെഴുതി. ഈ ആദ്യഘട്ടത്തിന്റെ ഒടുവില്‍ രംഗത്തു വന്ന കഥാകൃത്തുക്കളാണ് കെ. പി. കേശവമേനോന്‍, ചേലനാട്ട് അച്യുതമേനോന്‍, കെ. എന്‍. എഴുത്തച്ഛന്‍, എസ്. രാമാവാരിയര്‍, സി. എ. കിട്ടുണ്ണി, പാവുണ്ണി തൈക്കാട്, വിളാവട്ടത്ത് ശങ്കരപ്പിള്ള, കെ. എസ്. മണി തുടങ്ങിയവര്‍. 1925 മുതല്‍ ചെറുകഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. വ്യക്തമായ സാമൂഹിക വീക്ഷണത്തോടുകൂടി എഴുതിയ ചെറുകഥകളുടെ ഘട്ടമാണത്. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരി, എം. ആര്‍. ബി തുടങ്ങിയവരുടെ കഥകളാണ് ഇതിനുദാഹരണം. 1920-കള്‍ മുതല്‍ ലോകകഥയെ പരിചയപ്പെടുത്തിയും ചെറുകഥയുടെ സൗന്ദര്യശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും നിരൂപകനായ കേസരി ബാലകൃഷ്ണപിള്ള പുതിയൊരു സാഹിത്യാവബോധം മലയാളത്തില്‍ സൃഷ്ടിച്ചു. ചെറുകഥയിലും നോവലിലും പരിവര്‍ത്തനം കൊണ്ടുവരാന്‍ ചെറിയ സഹായമല്ല കേസരി ചെയ്തത്. ഒട്ടേറെ യൂറോപ്യന്‍ ചെറുകഥകള്‍ വിവര്‍ത്തനം ചെയ്തും കേസരി മാതൃക കാണിച്ചു. ജീവല്‍സാഹിത്യ പ്രസ്ഥനവും പുരോഗമന സാഹിത്യപ്രസ്ഥാനവും സാഹിത്യത്തിന് പുതിയ ലക്ഷ്യബോധം പകരുകയും ചെയ്തു. ഈ പരിവര്‍ത്തന ദശയില്‍ ഉയര്‍ന്നു വന്ന അഞ്ചു കഥാകൃത്തുക്കള്‍ മലയാള കഥയുടെ സുവര്‍ണ്ണയുഗത്തിന്റെ സ്രഷ്ടാക്കളായി മാറി. എസ്. കെ. പൊറ്റക്കാട്ട്, പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നിവരാണവര്‍.
സുവര്‍ണ്ണകാലം
പൊന്‍കുന്നം വര്‍ക്കി, പൊറ്റക്കാട്ട്, കേശവദേവ്, തകഴി, ബഷീര്‍ എന്നീ അഞ്ചു പേരും ലളിതാംബിക അന്തര്‍ജ്ജനം, കാരൂര്‍ നീലകണ്ഠപ്പിള്ള, ഉറൂബ് (പി. സി. കുട്ടികൃഷ്ണന്‍), കെ. സരസ്വതിയമ്മ തുടങ്ങിയവരും ചേര്‍ന്നാണ് 1930- കള്‍ക്കു ശേഷം മലയാള കഥയിലെ സുവര്‍ണ്ണയുഗം സൃഷ്ടിച്ചത്. റിയലിസത്തിന്റെ സന്ദേശമാണ് അവര്‍ ഉയര്‍ത്തിയത്. അദ്ഭുതരസവും പരിണാമ ഗുപ്തിയും തൊലിപ്പുറമേയുള്ള ഫലിതവും നിറഞ്ഞ ആദ്യകാല കഥകളില്‍ നിന്നുള്ള വമ്പന്‍ കുതിച്ചു ചാട്ടമാണ് ഈ തലമുറ നിര്‍വഹിച്ചത്. ദരിദ്രമനുഷ്യരുടെ ജീവിതവും അവര്‍ നേരിടുന്ന ചൂഷണങ്ങളും രാഷ്ട്രീയസമരവും അധികാര വിമര്‍ശനവും ഈ കഥാകൃത്തുക്കളുടെ പ്രമേയമായി. വര്‍ക്കിയുടെ 'മന്ത്രിക്കെട്ട്', 'അന്തോണീ നീയുമച്ചനായോടാ, ശബ്ദിക്കുന്ന കലപ്പ', തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍', കേശവദേവിന്റെ 'ഗുസ്തി', 'കൂള്‍ഡ്രിങ്ക്', 'പ്രതിജ്ഞ', ബഷീറിന്റെ 'നീലവെളിച്ചം', 'ജന്മദിനം', 'ടൈഗര്‍', 'പൂവമ്പഴം', പൊറ്റക്കാട്ടിന്റെ 'ഒട്ടകം', 'ഏഴിലംപാല', 'കാട്ടുചെമ്പകം', 'നിശാഗന്ധി', കാരൂരിന്റെ 'മരപ്പാവകള്‍', 'പൂവമ്പഴം', 'അരഞ്ഞാണം', 'ഉതുപ്പാന്റെ കിണര്‍', 'മോതിരം', 'പിശാചിന്റെ കുപ്പായം', അന്തര്‍ജനത്തിന്റെ 'മാണിക്കന്‍', 'പ്രതികാരദേവത', സരസ്വതിയമ്മയുടെ 'പെണ്‍ബുദ്ധി', 'ചോലമരങ്ങള്‍' തുടങ്ങിയ എത്രയോ കഥകള്‍ ആ സുവര്‍ണ്ണഘട്ടത്തിന്റെ സ്മാരകങ്ങളായി നിലനില്‍ക്കുന്നു. ഒട്ടേറെ പുതിയ എഴുത്തുകാര്‍ 1940-കളില്‍ ചെറുകഥാരംഗത്തെ വികസ്വരമാക്കി. പുളിമാന പരമേശ്വരപിള്ള, നാഗവള്ളി ആര്‍. എസ്. കുറുപ്പ്, വെട്ടൂര്‍ രാമന്‍ നായര്‍, പോഞ്ഞിക്കര റാഫി, ടി. കെ. സി. വടുതല തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്നു. മുട്ടത്തു വര്‍ക്കി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ചെറുകാട്, ഐ. കെ. കെ. എം., എം. പരമേശ്വരന്‍ നായര്‍, പെരുന്ന തോമസ്, എന്‍. ഗോവിന്ദന്‍കുട്ടി, ടാറ്റാപുരം സുകുമാരന്‍, ബി. മാധവമേനോന്‍, ഡി. എം. പൊറ്റെക്കാട്ട്, സി. അച്യുതക്കുറുപ്പ്, എസ്. കെ. ആര്‍. കമ്മത്ത്, ഇ. എം. കോവൂര്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി, പി. കെ. രാജരാജവര്‍മ, ആനന്ദക്കുട്ടന്‍, എന്‍. പി. ചെല്ലപ്പന്‍ നായര്‍, പി. സി. കോരുത്, വി. ടി. നന്ദകുമാര്‍, സരളാരാമവര്‍മ, എസ്. കെ. മാരാര്‍ തുടങ്ങി ഒട്ടേറെ കഥയെഴുത്തുകാര്‍ 1940 കള്‍ക്കു ശേഷം ഉയര്‍ന്നു വന്നവരാണ്. മൂന്നാം ഘട്ടം

1950-കള്‍ മുതല്‍ ചെറുകഥ അന്നുവരെയുള്ളതില്‍ നിന്നു വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സാഹിത്യരൂപമെന്ന നിലയില്‍ ചെറുകഥ ഏകാഗ്രവും സൂക്ഷ്മവുമായ ശില്പമായിത്തീര്‍ന്ന ഈ ഘട്ടത്തിലെ കഥകള്‍ ആന്തരികാനുഭവങ്ങള്‍ക്കും മനോവൃത്തികള്‍ക്കും പ്രാധാന്യം നല്‍കി. ബിംബ പ്രധാനമായ ആഖ്യാനരീതിയും പ്രാബല്യം നേടി. ഏകാകിയുടെ വേദനകള്‍ ആവിഷ്കരിക്കുന്ന കഥകളായിരുന്നു ഈ പുതുഭാവുകത്വത്തിലെ ശ്രദ്ധേയമായ രചനകളില്‍ പലതും. എം. ടി. വാസുദേവന്‍ നായരുടെയും ടി. പദ്മനാഭന്റെയും കഥകളാണ് ഈ ഭാവപരിവര്‍ത്തനത്തിനു തുടക്കമിട്ടത്. എം. ടി. യുടെ 'ബന്ധനം', 'വളര്‍ത്തു മൃഗങ്ങള്‍', 'കുട്ട്യേടത്തി', 'ഇരുട്ടിന്റെ ആത്മാവ്', 'പള്ളിവാളും കാല്‍ചിലമ്പും', 'ഓപ്പോള്', 'വാരിക്കുഴി', 'സുകൃതം', 'അജ്ഞാതന്റെ ഉയരാത്ത സ്മാരകം', 'വാനപ്രസ്ഥം', 'ഷെര്‍ലക്' തുടങ്ങിയ കഥകള്‍ അതിപ്രശസ്തമാണ്. 'കടയനെല്ലൂരിലെ ഒരു സ്ത്രീ', 'കാലഭൈരവന്‍', പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി', 'മഖന്‍സിങ്ങിന്റെ മരണം', 'ഭയം', 'ഹാരിസണ്‍ സായ്‌വിന്റെ നായ', 'ശേഖൂട്ടി', 'ഗോട്ടി', 'ഗൗരി' തുടങ്ങിയ ഒട്ടേറെ പ്രശസ്ത കഥകളുടെ കര്‍ത്താവാണ് ടി. പദ്മനാഭന്‍. എന്‍. പി. മുഹമ്മദ്, കെ. ടി മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, സി. രാധാകൃഷ്ണന്‍, കോവിലന്‍, പാറപ്പുറത്ത്, ജി. എന്‍. പണിക്കര്‍, തുളസി, നന്തനാര്‍, വിനയന്‍, ജി. വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ തുടങ്ങിയ ഒട്ടേറെ കഥാകൃത്തുക്കള്‍കൂടി ചേര്‍ന്നതാണ് മൂന്നാംഘട്ടം. ആധുനികതയുടെ കാലമാണ് ചെറുകഥയിലെ നാലാം ഘട്ടം. നഗരകേന്ദ്രിതമായ ആധുനിക സമൂഹത്തില്‍ മാനുഷിക മൂല്യങ്ങളും മനുഷ്യസ്തിത്വവും നേരിട്ട പ്രതിസന്ധികളും ജീവിതത്തിനുണ്ടായ അന്യവത്കരണവും ഏകാന്തതാബോധവുമൊക്കെയായിരുന്നു ആധുനികരുടെ വിഷയങ്ങള്‍. ഒ. വി. വിജയന്‍, മാധവിക്കുട്ടി, എം. പി. നാരായണപിള്ള, കാക്കനാടന്‍, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, വി. കെ. എന്‍., ടി. ആര്‍., കെ. പി. നിര്‍മല്‍ കുമാര്‍, മേതില്‍ രാധാകൃഷ്ണന്‍, എം. സുകുമാരന്‍, പി. കെ. നാണു, യു. പി. ജയരാജ്, സി. ആര്‍. പരമേശ്വരന്‍, സക്കറിയ, സി. വി. ശ്രീരാമന്‍, പി. വത്സല, എസ്. വി. വേണുഗോപന്‍ നായര്‍, വൈശാഖന്‍, മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി, തുടങ്ങിയ ഒട്ടേറെപ്പേരുള്‍പ്പെടുന്നതാണ് ആധുനികതയുടെ തലമുറ. ഒ. വി. വിജയന്റെ 'എണ്ണ', 'അരിമ്പാറ', 'കടല്‍ത്തീരത്ത്', 'കാറ്റു പറഞ്ഞ കഥ', മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണം', 'നാവിക വേഷം ധരിച്ച കുട്ടി', 'പരുന്തുകള്‍', 'നെയ്പായസം', കാക്കനാടന്റെ 'ശ്രീ ചക്രം', 'നിഷാദസങ്കീര്‍ത്തനം', 'യൂസഫ് സരായിയിലെ വ്യാപാരി', 'കുഞ്ഞമ്മപ്പാലം', എം. പി. നാരായണപിള്ളയുടെ 'ജോര്‍ജ്ജ് ആറാമന്റെ കോടതി', 'മുരുകന്‍ എന്ന പാമ്പാട്ടി', എം. മുകുന്ദന്റെ 'രാധ രാധമാത്രം', 'അഞ്ചര വയസ്സുള്ള കുട്ടി', 'ദല്‍ഹി 1981' തുടങ്ങിയ കഥകള്‍ ആധുനിക ചെറുകഥയുടെ മികച്ച മാതൃകകളാണ്. ആധുനികതയ്ക്കു ശേഷം ആധുനികതയുടെ പ്രഭാവ കാലത്തു തന്നെ അതില്‍ നിന്നു വ്യത്യസ്തമായി എഴുതാന്‍ ശ്രമിച്ച ഒരുപറ്റം കഥാകൃത്തുക്കള്‍ രംഗത്തു വന്നു. വി. പി. ശിവകുമാര്‍, എന്‍. എസ്. മാധവന്‍, അയ്മനം ജോണ്‍, യു. കെ. കുമാരന്‍, സി. വി. ബാലകൃഷ്ണന്‍, സാറാ ജോസഫ്, എന്‍. പ്രഭാകരന്‍, അഷ്ടമൂര്‍ത്തി, ടി. വി. കൊച്ചു ബാവ, വി. ആര്‍. സുധീഷ്, അക്ബര്‍ കക്കട്ടില്‍, എം. രാജീവ് കുമാര്‍, മാനസി, ഇ. വി. ശ്രീധരന്‍ തുടങ്ങിയവയെല്ലാം ഈ തലമുറയില്‍ ഉള്‍പ്പെടുന്നു. വിശാലാര്‍ത്ഥത്തില്‍ ആധുനികതയുടെ ഭാഗമാണ് ഈ എഴുത്തുകാരും.
ഉത്തരാധുനികത
1990- കള്‍ മുതല്‍ ആവിര്‍ഭവിച്ച ഭാവുകത്വത്തെയാണ് ഉത്തരാധുനികതയെന്നു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തലമുറയില്‍പ്പെട്ടവരും ഈ പുതുഭാവുകത്വ രീതി സ്വാംശീകരിച്ചു കഴിഞ്ഞിട്ടുണ്ട്. തോമസ് ജോസഫ്, വി. വിനയകുമാര്‍, അശോകന്‍ ചരുവില്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി, ഉണ്ണി ആര്‍. തുടങ്ങിയ ഒട്ടേറെ കഥാകൃത്തുക്കള്‍ ഉള്‍പ്പെടുന്നതാണ് ചെറുകഥയുടെ ഈ വര്‍ത്തമാനകാല തലമുറ.

നാടകസാഹിത്യം

നാടകീയ കലാരൂപങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും നാടക സാഹിത്യം മലയാളത്തില്‍ ആവിര്‍ഭവിച്ചത് 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. ഒരു വിവര്‍ത്തനമായിരുന്നു മലയാളത്തില്‍ ആദ്യമുണ്ടായ നാടക കൃതി - കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ 'അഭിജ്ഞാന ശാകുന്തള' വിവര്‍ത്തനം (1882). 'മണിപ്രവാള ശാകുന്തളം' എന്നു വിളിക്കപ്പെടുന്ന ഈ പരിഭാഷ സ്വതന്ത്ര നാടകങ്ങളുടെയും പരിഭാഷകളുടെയും പ്രവാഹത്തിനു വഴിവച്ചു. 1884-ല്‍ സി. വി. രാമന്‍ പിള്ള 'ചന്ദ്രമുഖീ വിലാസം' എന്ന പ്രഹസനം (ഹാസ്യാത്മകമായ നാടകം) രചിച്ചു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ 'കല്യാണീ നാടകം' (1889), 'ഉമാ വിവാഹം' (1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'ലക്ഷണാസംഗം' (1891), 'ഗംഗാവതരണം' (1892), 'ചന്ദ്രിക' (1892), ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ 'കവിസഭാരഞ്ജനം' (1892), വയസ്കര മൂസിന്റെ 'മനോരമാ വിജയം' (1893), കെ. സി. കേശവപിള്ളയുടെ 'ലക്ഷ്മീ കല്യാണം' (1893), 'രാധാമാധവം' (1893), നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ 'ഭഗവദൂത്' (1892), കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ 'ഇബ്രായക്കുട്ടി' (1893), തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ 'സുഭദ്രാര്‍ജ്ജുനം' (1891), പോളച്ചിറയ്ക്കല്‍ കൊച്ചീപ്പന്‍ മാപ്പിളയുടെ 'മറിയാമ്മ' (1903) എന്നിവയാണ് തുടര്‍ന്നുണ്ടായ മലയാള നാടകങ്ങള്‍. തമിഴ് സംഗീതനാടകങ്ങള്‍ വേദികളില്‍ അരങ്ങു തകര്‍ക്കുന്ന കാലമായിരുന്നു അത്. നാടക രചനാഭ്രമം മൂത്ത് പലരും ഗുണമില്ലാത്ത കൃതികള്‍ സൃഷ്ടിച്ചപ്പോള്‍ അതിനെ കളിയാക്കി നാടകമെഴുതാനും ചിലര്‍ രംഗത്തു വന്നു. മുന്‍ഷി രാമക്കുറുപ്പിന്റെ 'ചക്കീ ചങ്കരം' (1893), ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ 'ദുസ്പര്‍ശാ നാടകം' (1900), കെ. സി. നാരായണന്‍ നമ്പ്യാരുടെ 'ചക്കീ ചങ്കരം' (1893) എന്നിവ ഇങ്ങനെ ഉണ്ടായ ഹാസ്യനാടകങ്ങളാണ്. സി. വി. രാമന്‍ പിള്ള 'പണ്ടത്തെ പാച്ചന്‍' (1917), 'കുറുപ്പില്ലാക്കളരി' (1909), 'പാപിചെല്ലണടം പാതാളം' (1918), 'ഡാക്ടര്‍ക്കു കിട്ടിയമിച്ചം' (1918) എന്നീ പ്രഹസനങ്ങള്‍ കൂടി രചിക്കുകയുണ്ടായി ഇ. വി. കൃഷ്ണപിള്ളയുടെ സംഭാവന പത്രാധിപരും ചെറുകഥാകൃത്തുമൊക്കെയായിരുന്ന ഇ. വി. കൃഷ്ണപിള്ളയാണ് നാടകത്തെ ഒരു സാഹിത്യ പ്രസ്ഥാനമാക്കുന്നതില്‍ ആദ്യകാലത്ത് ഏറ്റവും വലിയ പങ്കു വഹിച്ചത്. 'സീതാലക്ഷ്മി' (1926), 'രാജാ കേശവദാസ്' (1929), 'പ്രണയക്കമ്മീഷന്‍' (1932), 'ബി. എ. മായാവി' (1933). 'വിസ്മൃതി' (1933), 'മായാ മാനുഷന്‍' (1934), 'വിവാഹക്കമ്മട്ടം' (1935), 'ഇരവിക്കുട്ടിപ്പിള്ള' (1934), 'പെണ്ണരശുനാട്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. ഇ. വി. യെ തുടര്‍ന്ന് 1940 വരെയുള്ള കാലത്തിനിടയ്ക്ക് ഒട്ടേറെ നാടകകൃത്തുക്കള്‍ രംഗത്തെത്തി. ചരിത്രനാടകങ്ങളും സാമൂഹികനാടകങ്ങളുമായിരുന്നു ഇവയില്‍ ഏറിയപങ്കും.എന്‍. പി. ചെല്ലപ്പന്‍ നായര്‍ (മിന്നല്‍ പ്രണയം, ലേഡി ഡോക്ടര്‍, വനരാജകുമാരി, പ്രണയജാംബവാന്‍, ആറ്റംബോംബ്, ലെഫ്റ്റനന്റ് നാണി), ടി. എന്‍. ഗോപിനാഥന്‍ നായര്‍ (പിന്തിരിപ്പന്‍ പ്രസ്ഥാനം), ചേലനാട്ട് അച്യുതമേനോന്‍, എം. പി. ശിവദാസമേനോന്‍, തിക്കോടിയന്‍, ജഗതി എന്‍. കെ. ആചാരി, കൈനിക്കര പദ്മനാഭപിള്ള (വേലുത്തമ്പി ദളവ, കാല്‍വരിയിലെ കല്പ പാദപം), അപ്പന്‍ തമ്പുരാന്‍, കപ്പന കൃഷ്ണമേനോന്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കൈനിക്കര കുമാരപിള്ള, മൂര്‍ക്കോത്തു കുമാരന്‍, എന്‍. വി. കൃഷ്ണവാരിയര്‍, ഇ. എം. കോവൂര്‍, കെ. പദ്മനാഭന്‍ നായര്‍, വി. കൃഷ്ണന്‍ തമ്പി തുടങ്ങിയ ഒട്ടേറെ നാടകകൃത്തുക്കളാണ് 1930-കള്‍ മുതല്‍ 1950-കള്‍ വരെയുള്ള ദശകങ്ങളില്‍ രംഗത്തു പ്രവേശിച്ചത്.

ആശയപ്രചരണത്തിന്റെ അരങ്ങ്
സാമൂഹിക പരിഷ്കരണത്തിന് നാടകത്തെ ആയുധമാക്കാമെന്ന് തെളിയിച്ച നാടകകൃത്തുക്കളായിരുന്നു വി. ടി. ഭട്ടതിരിപ്പാട്, എം. പി. ഭട്ടതിരിപ്പാട്, കെ. ദാമോദരന്‍, വി. കൃഷ്ണന്‍ തമ്പി തുടങ്ങിയവര്‍. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ തുറന്നു കാട്ടിക്കൊണ്ട് വി. ടി. രചിച്ച 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' (1930) മലയാള നാടക സാഹിത്യത്തിലെ വെള്ളി രേഖകളിലൊന്നാണ്. എം. പി ഭട്ടതിരിപ്പാടിന്റെ 'ഋതുമതി' (1939), കെ. ദാമോദരന്റെ 'പാട്ട ബാക്കി' (1938) എന്നിവയും നാടകത്തെ ആശയപ്രചാരണത്തിന്റെ ഉപാധിയാക്കി മാറ്റി.നാടകത്തിന്റെ പൂക്കാലം
നാടകം ജനപ്രിയമായ സാഹിത്യരൂപമായിത്തീര്‍ന്നതും നൂറുകണക്കിനു നാടക കൃതികള്‍ രംഗത്തു വന്നതും 1940, 50 ദശകങ്ങളിലായിരുന്നു. ഒട്ടേറെ പരീക്ഷണങ്ങള്‍ അരങ്ങേറിയ ഈ കാലഘട്ടത്തില്‍ നാടക രചന ഗൗരവമേറിയ പ്രവര്‍ത്തനമായി. മലയാളത്തിലെ ഏറ്റവും മികച്ച നാടകകൃത്തുക്കള്‍ കടന്നു വന്നതും ഈ കാലയളവിലാണ്. എന്‍. കൃഷ്ണപിള്ള (ഭഗ്നഭവനം, കന്യക, ബലാബലം, അനുരഞ്ജനം, മുടക്കുമുതല്‍, അഴിമുഖത്തേക്ക്), ജി. ശങ്കരപ്പിള്ള (സ്‌നേഹദൂതന്‍), സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ (നഷ്ടക്കച്ചവടം), കെ. സുരേന്ദ്രന്‍ (ബലി), പുളിമാന പരമേശ്വരന്‍ പിള്ള (സമത്വവാദി), കൈനിക്കര കുമാരപിള്ള (പ്രേമ പരിണാമം, അഗ്നിപരീക്ഷ), കൈനിക്കര പദ്മനാഭപിള്ള (യവനിക, വിധി മണ്ഡപം, അഗ്നിപഞ്ജരം), സി. ജെ. തോമസ് (1128-ല്‍ ക്രൈം 27, അവന്‍ വീണ്ടും വരുന്നു), ടി. എന്‍. ഗോപിനാഥന്‍ നായര്‍ (പൂക്കാരി, പ്രതിധ്വനി, അകവും പുറവും, പരിവര്‍ത്തനം, മൃഗം, നിലാവും നിഴലും, നിഴല്‍ക്കൂത്ത്), ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (കൂട്ടുകൃഷി), എം. ഗോവിന്ദന്‍ (നീ മനുഷ്യനെ കൊല്ലരുത്), ഏരൂര്‍ വാസുദേവ് (ജീവിതം അവസാനിക്കുന്നില്ല), എസ്. എല്‍. പുരം സദാനന്ദന്‍ (ഒരാള്‍ കൂടി കള്ളനായി), കെ. ടി. മുഹമ്മദ് (ഇതു ഭൂമിയാണ്, വെളിച്ചം വിളക്കന്വേഷിക്കുന്നു, ചുവന്ന ഘടികാരം, കറവറ്റ പശു), തിക്കോടിയന്‍ (ജീവിതം, പ്രസവിക്കാത്ത അമ്മ), ചെറുകാട് (തറവാടിത്തം, സ്‌നേഹബന്ധങ്ങള്‍), ഓംചേരി (ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാണ്), തോപ്പില്‍ ഭാസി (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്, മുടിയനായ പുത്രന്‍). പി. കേശവദേവ് (ഞാനിപ്പക്കമ്മ്യൂണിഷ്ടാവും, മന്ത്രിയാക്കൊല്ലേ, തസ്കരസംഘം, നീ മരിച്ചു, നാടകകൃത്ത്, മുന്നോട്ട്, കൊല്ലനും കൊല്ലത്തീം ഒന്ന്, ഓണബ്ലൗസ്, മഴയങ്ങും കുടയിങ്ങും), പൊന്‍കുന്നം വര്‍ക്കി (പൂജ, പ്രേമ വിപ്ലവം, ജേതാക്കള്‍, സ്വര്‍ഗം നാണിക്കുന്നു, വഴി തുറന്നു, വിശറിക്കു കാറ്റുവേണ്ട, ഞാനൊരധികപ്പറ്റാണ്), തകഴി ശിവശങ്കരപ്പിള്ള (തോറ്റില്ല), വൈക്കം മുഹമ്മദ് ബഷീര്‍ (കഥാബീജം), എസ്. കെ. പൊറ്റക്കാട്ട് (അച്ഛന്‍), കാരൂര്‍ നീലകണ്ഠപിള്ള (മണ്ണും പെണ്ണും, തീ കൊണ്ടു കളിക്കരുത്), നാഗവള്ളി ആര്‍. എസ്. കുറുപ്പ് (മേവാര്‍ മാണിക്യം, ആഭിജാത്യം, പൊലിഞ്ഞ ദീപം, സമത്വം) തുടങ്ങിയ നാടക കൃത്തുക്കളുടെ കാലമായിരുന്നു ഇത്.

ലോകനാടകവുമായുള്ള പരിചയം ഈ കാലഘട്ടത്തില്‍ നാടകസാഹിത്യത്തിലെ പരിവര്‍ത്തനങ്ങള്‍ക്കു കാരണമായി. സ്വീഡിഷ് നാടക കൃത്തായ ഹെന്റിക് ഇബ്‌സന്റെ സ്വാധീനത എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളില്‍ കാണാം. അന്ത:സാര ശൂന്യമായ ഫലിതങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കലാണ് നാടകം എന്ന ധാരണ മാറ്റാന്‍ കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ക്കു കഴിഞ്ഞു. ഇബ്‌സനിസ്റ്റ് സമ്പ്രദായത്തിന്റെ സ്വാധീനത പിന്നീട് പ്രത്യക്ഷമായും പരോക്ഷമായും മലയാള നാടകങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പുളിമാന പരമേശ്വരന്‍ പിള്ള 'സമത്വവാദിയിലൂടെ' യൂറോപ്യന്‍ എക്‌സ്പ്രഷനിസവും സി. ജെ. തോമസ് എപ്പിക് നാടക വേദിയുടെ സങ്കല്പങ്ങളും അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരികപ്രചരണത്തിന്റെ ഭാഗമായി ഉദയം ചെയ്ത കായംകുളത്തെ കെ. പി. എ. സി. നാടകസംഘവും അവര്‍ക്കു വേണ്ടി തോപ്പില്‍ ഭാസി എഴുതിയ നാടകങ്ങളും ജനപ്രീതിയിലും പ്രചാരത്തിലും ചരിത്രം സൃഷ്ടിച്ചു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നേടിയ ജനപ്രീതി മലയാള നാടക ചരിത്രത്തിലെ അപൂര്‍വസംഭവമാണ്. 1940 - 60 ഘട്ടം നാടക വേദിയുടെ പൂക്കാലമായിരുന്നു. നാടക സംഘങ്ങളും ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് നാടകത്തെ ജനകീയവത്കരിച്ചത് ഈ കാലയളവിലാണ്.1960 - 1970 കാലഘട്ടം
വാണിജ്യനാടകവേദിയുടെ വളര്‍ച്ചയും അതിനു വേണ്ടി ഉണ്ടായ നാടകങ്ങളുമാണ് 1960-70 കാലഘട്ടത്തിന്റെ സവിശേഷത. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്തമായ രാമായണ നാടക ത്രയത്തിലെ ആദ്യ നാടകമായ 'കാഞ്ചനസീത' (1965)യും ആധുനിക നാടകവേദിയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയ ജി. ശങ്കരപ്പിള്ളയുടെ ചിലനാടകങ്ങളും പ്രത്യക്ഷപ്പെട്ടതും ഈ കാലയളവിലാണ്.

കെ. പി. എ. സി., കൊല്ലം കാളിദാസ കലാകേന്ദ്രം, പി. ജെ. ആന്റണിയുടെ നാടകവേദി, തിരുവനന്തപുരത്തെ കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദി, കോട്ടയത്തെ കേരള തിയേറ്റേഴ്‌സ് തുടങ്ങിയ ഒട്ടേറെ പ്രധാന നാടക സംഘങ്ങള്‍ കേരളത്തിലുടനീളം പ്രശസ്തമായത് 1960 - 70 ഘട്ടത്തിലായിരുന്നു. കെ. പി. എ. സിക്കു വേണ്ടി തോപ്പില്‍ ഭാസി ഒട്ടേറെ നാടകങ്ങള്‍ എഴുതി (അശ്വമേധം, ശരശയ്യ, യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുലാഭാരം). ഇവ മിക്കതും ചലച്ചിത്രരൂപം പ്രാപിച്ചു. ജഗതി എന്‍. കെ. ആചാരി കലാനിലയം നാടകവേദിക്കു വേണ്ടി എഴുതിയ 'കായങ്കുളം കൊച്ചുണ്ണി', 'ഇളയിടത്തു റാണി', 'ഉമ്മിണിത്തങ്ക', 'താജ്മഹല്‍', വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 'ഡോക്ടര്‍', പി. ജെ. ആന്റണിയുടെ 'കടലിരമ്പുന്നു', കാലടി ഗോപിയുടെ 'ഏഴുരാത്രികള്‍' തുടങ്ങിയ നാടകങ്ങള്‍ പ്രശസ്തങ്ങളാണ്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കാലടി ഗോപി, എ. എന്‍. ഗണേശ്, പൊന്‍കുന്നം വര്‍ക്കി, സി. ജി. ഗോപിനാഥ്, പൊന്‍കുന്നം ദാമോദരന്‍, കെ. ടി. മുഹമ്മദ്, എസ്. എല്‍. പുരം സദാനന്ദന്‍ തുടങ്ങിയവരായിരുന്നു വാണിജ്യ നാടകവേദിയിലെ ഏറ്റവും പ്രശസ്തരായ നാടക കൃത്തുക്കള്‍.ഈ കാലഘട്ടത്തില്‍ വാണിജ്യനാടകത്തെയും നാടകാവതരണത്തെ പൊതുവേയും സ്വാധീനിച്ച നാടക കൃത്തും സംവിധായകനുമാണ് എന്‍. എന്‍. പിള്ള. 'ആത്മബലി', 'പ്രേത ലോകം', 'ക്രോസ് ബെല്‍റ്റ്', 'മരണനൃത്തം', 'വൈന്‍ ഗ്ലാസ്', 'ജന്മാന്തരം', 'ഞാന്‍ സ്വര്‍ഗത്തില്‍', 'മെഹര്‍ബാനി', 'വിഷമ വൃത്തം', 'കാപാലിക', 'ഈശ്വരന്‍ അറസ്റ്റില്‍', തുടങ്ങിയ അതിപ്രശസ്ത നാടകങ്ങള്‍ രചിച്ച് അദ്ദേഹം രംഗത്തവതരിപ്പിച്ചു. സാമൂഹിക മര്യാദകളെ ചോദ്യം ചെയ്യാനും സംഭാഷണത്തിനു പ്രാധാന്യം നല്‍കാനും ശ്രമിച്ച എന്‍. എന്‍. പിള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും മറ്റും സന്നിവേശിപ്പിച്ച് തന്റെ നാടകങ്ങള്‍ക്ക് ബഹുജനപ്രീതി ഉണ്ടാക്കുകയും ചെയ്തു. 'നാടക ദര്‍പ്പണം' എന്ന ലക്ഷണ ഗ്രന്ഥവും അദ്ദേഹം രചിച്ചു.സി. എല്‍. ജോസിന്റെ നാടകങ്ങള്‍ അമേറ്റിയൂര്‍ നാടക വേദിക്ക് പ്രിയങ്കരമായിരുന്നു. പ്രാദേശിക കലാ സമിതികള്‍ വ്യാപകമായി അരങ്ങേറിയ രചനകളാണവ. പി. വി. കുര്യാക്കോസ്, കടവൂര്‍ ജി. ചന്ദ്രന്‍ പിള്ള, പറവൂര്‍ ജോര്‍ജ്, പി. ആര്‍. ചന്ദ്രന്‍ തുടങ്ങിയവരുടെ നാടകങ്ങള്‍ക്കും ഇത്തരത്തില്‍ വ്യാപകമായ സ്വീകാര്യത ലഭിച്ചു.പിന്നീട് ആധുനിക നാടകവേദിയുടെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളായിത്തീര്‍ന്ന ജി. ശങ്കരപ്പിള്ളയുടെ 'പൊയ്മുഖങ്ങള്‍', 'ഓലപ്പാമ്പ്', 'പേപിടിച്ച ലോകം', 'കഴുകന്മാര്‍', 'രക്ഷാപുരുഷന്മാര്‍' തുടങ്ങിയ നാടകങ്ങള്‍ ഇക്കാലത്താണു പ്രസിദ്ധീകൃതമായത്. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ 'മാന്യതയുടെ മറ', 'ഏട്ടിലെ പശു' എന്നിവയും ഇക്കാലത്തേതു തന്നെ.

ആധുനിക നാടകവേദി
വാണിജ്യനാടകത്തിനൊപ്പം ആധുനിക പരീക്ഷണനാടകങ്ങള്‍ രംഗത്തെത്തിയത് 1970-കള്‍ മുതലാണ്. ഈ നവീന നാടകത്തിന്റെ മാതൃകയാണ് തനതു നാടകവേദി. നോവലിലും ചെറുകഥയിലും കവിതയിലും ചിത്രകലയിലുമെല്ലാം ഉണ്ടായ ആധുനികതയുടെ ഭാഗമായാണ് നാടകത്തിലും ഈ പരിവര്‍ത്തനമുണ്ടായത്. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, ജി. ശങ്കരപിള്ള, കാവാലം നാരായണപ്പണിക്കര്‍ എന്നിവരാണ് എഴുപതുകളില്‍ നവീന നാടകത്തിന്റെ മുഖ്യപ്രയോക്താക്കളായി ഉയര്‍ന്നു വന്നത്. നാടകക്കളരി പ്രസ്ഥാനവും നവീന നാടകത്തിനു ശക്തിപകര്‍ന്നു. 1967 ഓഗസ്റ്റില്‍ ശാസ്താംകോട്ടയില്‍ ജി. ശങ്കരപ്പിള്ളയുടെ പരിശ്രമഫലമായാണ് ആദ്യത്തെ നാടകക്കളരി നടന്നത്. സി. എന്‍. ആയിരുന്നു കളരിയുടെ ഡയറക്ടര്‍. എസ്. രാമാനുജം, പി. കെ. വേണുക്കുട്ടന്‍ നായര്‍, ജി. അരവിന്ദന്‍, അയ്യപ്പപ്പണിക്കര്‍, എം. വി. ദേവന്‍ തുടങ്ങിയവരെല്ലാം കളരിയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു.സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ 'സാകേതം', 'ലങ്കാലക്ഷ്മി', 'കലി', ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം', 'ബന്ദി', 'കറുത്ത ദൈവത്തെ തേടി', 'കിരാതം', കാവാലം നാരായണപ്പണിക്കരുടെ 'അവനവന്‍ കടമ്പ', 'ദൈവത്താര്‍', 'സാക്ഷി', 'തിരുവാഴിത്താന്‍', ആര്‍. നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക', 'ഇര', 'വെള്ളിയാഴ്ച', 'പടിപ്പുര', വയലാ വാസുദേവന്‍ പിള്ളയുടെ 'അഗ്നി', 'കുചേലഗാഥ', 'വരവേല്പ്', ടി. പി. സുകുമാരന്റെ 'ദക്ഷിണായനം', എന്‍. പ്രഭാകരന്റെ 'പുലിജന്മം', പി. ബാലചന്ദ്രന്റെ 'പാവം ഉസ്മാന്‍', പി. എം. താജിന്റെ 'കടുക്ക', 'ചൂള', മധു മാസ്റ്ററുടെ 'കലിഗുല' തുടങ്ങിയവ ആധുനിക നാടകസാഹിത്യത്തിലെ മികച്ച രചനകളാണ്.1980, 1990 ദശകങ്ങളില്‍ യുവാക്കാളായ ഏതാനും പേര്‍ നാടകരംഗത്തു സജീവമായി. ആധുനിക നാടകത്തെ വ്യത്യസ്തമായി വിപുലീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. പി. ബാലചന്ദ്രന്‍, രാമചന്ദ്രന്‍ മൊകേരി, ഡോ. എസ്. ജനാര്‍ദ്ദനന്‍, എന്‍. ശശിധരന്‍, ജയപ്രകാശ് കുളൂര്, സതീഷ്. കെ. സതീഷ്, സുധീര്‍ പരമേശ്വരന്‍, സിവിക് ചന്ദ്രന്‍, കെ. വി. ശ്രീജ, എം സജിത തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നിരയാണത്. സാഹിത്യരൂപം എന്ന നിലയില്‍ ഇന്ന് വളരെയധികം വായനക്കാര്‍ നാടകത്തിനില്ലെന്നാണ് പ്രസാധനരംഗത്തു നിന്നു വ്യക്തമാകുന്നത്. വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുന്നുമുള്ളൂ. നാടകവേദിയുടെ രംഗത്താകട്ടെ മുന്‍കാലത്തെന്നപോലെ വാണിജ്യ നാടകസംഘങ്ങള്‍, പ്രാദേശിക കലാസമിതികള്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികള്‍, അമേറ്റിയുര്‍ നാടകസംഘങ്ങള്‍ കാമ്പസ്, തിയേറ്റര്‍ തുടങ്ങിയവ സജീവമല്ല.

നിരൂപണ സാഹിത്യം

ലയാളത്തിലെ സാഹിത്യനിരൂപണ (വിമര്‍ശനം) ശാഖയുടെ തുടക്കത്തെപ്പറ്റി വ്യത്യസ്തമായ വാദങ്ങളുണ്ട്. 'മലയാള സാഹിത്യ വിമര്‍ശനം' എന്ന സാഹിത്യ ചരിത്ര സ്വഭാവമുള്ള ഗ്രന്ഥമെഴുതിയ സുകുമാര്‍ അഴീക്കോട് മലയാള നിരൂപണത്തിന്റെ പ്രാരംഭകനായി നിര്‍ദ്ദേശിച്ചിട്ടുള്ളത് കേരളവര്‍മ വലിയ കോയിത്തമ്പുരാനെയാണ്. മറ്റുപലരും 'വിദ്യാവിനോദിനി' സാഹിത്യമാസികയുടെ പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനെ ആ സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുന്നു. അച്യുതമേനോന്‍ എഴുതിയ പുസ്തക നിരൂപണങ്ങള്‍ സാഹിത്യ വിമര്‍ശനത്തിന്റെ വഴിയിലുള്ളതായിരുന്നു. കേരള വര്‍മയാകട്ടെ നിരൂപണാഭിപ്രായങ്ങള്‍ അദ്ദേഹം പല കൃതികള്‍ക്കും എഴുതിയ ആമുഖങ്ങളിലും അഭിപ്രായങ്ങളിലുമാണ്. മലയാള വിമര്‍ശനത്തിന്റെ പ്രാരംഭഘട്ടമാണിതെന്നും അദ്ദേഹത്തിനു ശേഷം മലയാള വിമര്‍ശനത്തിന്റെ നേതൃത്വം എ. ആര്‍. രാജരാജവര്‍മയുടെ കൈകളീലേക്കു പകര്‍ന്നുവെന്നും സുകുമാര്‍ അഴീക്കോട് പറയുന്നു (മലയാള സാഹിത്യ വിമര്‍ശനം, ഡി. സി. ബുക്‌സ്, 1998 പു. 61). തനിക്കു മുന്നില്‍ വന്ന കേരള വര്‍മയെയും തനിക്കു പിന്നില്‍ വന്ന രാജ രാജവര്‍മയെയും പോലെ മലയാള സാഹിത്യ വിമര്‍ശനത്തിന്റെ പ്രാണദാതാക്കളില്‍ ഒരാളെന്നും കേരളവര്‍മയ്ക്കു ശേഷം വിമര്‍ശന രാജ്യത്തിലെ കിരീടമണിയേണ്ടിയിരുന്ന ശിരസ്സെന്നും സുകുമാര്‍ അഴീക്കോട് സി. പി. അച്യുതമേനോനെ വാഴ്ത്തുന്നു.

പുസ്തകനിരൂപണത്തെ സാഹിത്യനിരൂപണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിയ സി. പി. അച്യുതമേനോന്‍ ആമുഖങ്ങളിലും അഭിപ്രായ സര്‍ട്ടിഫിക്കറ്റുകളിലും ഒതുങ്ങി നിന്ന സാഹിത്യവിശകലനത്തെ യഥാര്‍ത്ഥ വിമര്‍ശനകലയിലേക്കു മോചിപ്പിച്ചു. മലയാള നിരൂപണശാഖ വളര്‍ന്നു വികസിച്ചതും അദ്ദേഹം വെട്ടിയ വഴിയിലാണ്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, സി. അന്തപ്പായി, ടി. കെ. കൃഷ്ണമേനോന്‍, എം. കെ. ഗുരുക്കള്‍, പി. ശങ്കരന്‍ നമ്പ്യാര്‍, നെടിയം വീട്ടില്‍ ബാലകൃഷ്ണ മേനോന്‍, കെ. ഇ. ജോബ്, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കെ. വാസുദേവന്‍ മൂസത്, പി. എസ്. അനന്തനാരായണ ശാസ്ത്രി, അപ്പന്‍ തമ്പുരാന്‍, മൂര്‍ക്കോത്ത് കുമാരന്‍ തുടങ്ങിയവരായിരുന്നു അച്യുതമേനോനു പിന്നാലേ വന്ന നിരൂപകര്‍. 'വിദ്യാവിനോദിനി', 'രസിക രഞ്ജിനി', 'ഭാഷാപോഷിണി' തുടങ്ങിയ സാഹിത്യമാസികകളിലെ പുസ്തക നിരൂപണങ്ങളും ലേഖനങ്ങളും വഴിയാണ് അവര്‍ സാഹിത്യാപഗ്രഥനം നടത്തിയത്.

ഈ ആദ്യഘട്ടത്തില്‍ തിളങ്ങിനില്‍ക്കുന്ന പേരാണ് എ. ആര്‍. രാജരാജവര്‍മയുടേത്. കവിതയിലെ ദ്വിതീയാക്ഷരപ്രാസം വേണമോ വേണ്ടയോ എന്നതിനെച്ചൊല്ലി 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലുമായി ഉണ്ടായ 'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. തന്റെ ലേഖനങ്ങളും അവതാരികകളും വഴി പുതിയ സാഹിത്യ സങ്കല്പത്തെ അദ്ദേഹം പിന്തുണച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യ സിദ്ധാന്തങ്ങള്‍ കൂട്ടിയിണക്കാനുള്ള ശ്രമം രാജരാജന്‍ നിര്‍വഹിച്ചു. എന്നാല്‍ സാഹിത്യവിമര്‍ശനമെന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ അദ്ദേഹം എഴുതിയുള്ളൂ.

രണ്ടാംഘട്ടം
പൂര്‍ണ്ണമായും സാഹിത്യനിരൂപകന്‍ എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ എഴുത്തുകാരന്‍ സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയായിരുന്നു. രാജരാജവര്‍മയുടെ ശിഷ്യ പ്രധാനിയായിരുന്ന പി. കെ. ക്ലാസിക് കൃതികളോടാണു താത്പര്യം കാണിച്ചത്. തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറുശ്ശേരി എന്നിവരെപ്പറ്റി അദ്ദേഹം എഴുതിയ മൂന്നു പ്രബന്ധങ്ങള്‍ വിമര്‍ശനത്തിന്റെ പ്രൗഢമാതൃകകളായിരുന്നു. (എന്നാല്‍ കുമാരനാശാന്റെ 'കരുണ'യെ 'കുചേല വൃത്തം വഞ്ചിപ്പാട്ടു'മായി താരതമ്യം ചെയ്ത് മോശപ്പെട്ട നിരൂപണത്തിനും അദ്ദേഹം മാതൃക സൃഷ്ടിച്ചിട്ടുണ്ട്). മലയാളത്തിലെ ഗൗരവപൂര്‍ണ്ണമായ ആദ്യത്തെ സമഗ്രപഠനങ്ങളായിരുന്ന അവയില്‍ 'കുഞ്ചന്‍ നമ്പ്യാര്‍' 1906 ലും 'കൃഷ്ണഗാഥാനിരൂപണം' 1915 ലും 'തുഞ്ചത്തെഴുത്തച്ഛന്‍' 1930ലുമാണ് പുറത്തു വന്നത്.

കെ. ആര്‍. കൃഷ്ണപിള്ള, പി. അനന്തന്‍ പിള്ള ('കേരളപാണിനി', 'വില്യം ഷെയ്ക്‌സ്പിയര്‍', 'മില്‍ട്ടന്‍'), കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, കെ. എം. പണിക്കര്‍ ('കവിതാ തത്ത്വനിരൂപണം'), ഐ. സി. ചാക്കോ, പി. എം. ശങ്കരന്‍ നമ്പ്യാര്‍ ('സാഹിത്യലോചനം'), കുന്നത്ത് ജനാര്‍ദ്ദനമേനോന്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ('മലയാള ഭാഷയും സാഹിത്യവും'), കെ. വാസുദേവന്‍ മൂസത്, വടക്കുംകൂര്‍ രാജരാജവര്‍മ, ശിരോമണി പി., കൃഷ്ണന്‍ നായര്‍ ('കാവ്യജീവിതവൃത്തി') തുടങ്ങിയവരായിരുന്നു ഈ തലമുറയിലെ ശ്രദ്ധേയരായ മറ്റു നിരൂപകര്‍.

മൂന്നാംഘട്ടം : കേസരി, പോള്‍, മുണ്ടശ്ശേരി, മാരാര്‍
സാഹിത്യനിരൂപണത്തെ ശാസ്ത്രീയവും അപഗ്രഥനാത്മകവുമായ വിചാര പദ്ധതിയാക്കി മാറ്റിയ കേസരി എ. ബാലകൃഷ്ണപിള്ള (1889 - 1960), എം. പി. പോള്‍ (1904 - 1952), ജോസഫ് മുണ്ടശ്ശേരി (1903 - 1977) കുട്ടികൃഷ്ണ മാരാര്‍ (1900 - 1973) എന്നിവരാണ് മലയാള നിരൂപണശാഖയ്ക്ക് ബലിഷ്ഠമായ ചുമരുകളും മേല്പുരയും പണിഞ്ഞത്. സാഹിത്യ പഞ്ചാനന്‍ പി. കെ. നാരായണപിള്ള പ്രതിനിധാനം ചെയ്തിരുന്ന പഴയ നിരൂപണ സമ്പ്രദായം കേസരിയുടെ വരവോടെ അവസാനിച്ചു. സാഹിത്യ പഞ്ചാനനന്‍ അന്തരിച്ച 1937-ല്‍ ആണ് കേസരിയുടെ 'രൂപ മഞ്ജരി' എന്ന നിരൂപണ ഗ്രന്ഥം പുറത്തിറങ്ങിയത്. പി. കെ. നാരായണപിള്ള 'സാഹിത്യ പഞ്ചാനനത്വമല്ല സാഹിത്യജംബുകത്വത്തെയാണു കാണിക്കുന്നതെ'ന്ന് 1931-ല്‍ കേസരി പ്രഖ്യാപിച്ചിരുന്നു. വിപ്ലവകരമായിരുന്നു കേസരിയുടെ ചിന്ത. യൂറോപ്യന്‍ സാഹിത്യ പ്രസ്ഥാനങ്ങളെയും ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം പോലുള്ള വിജ്ഞാനപദ്ധതികളെയും അദ്ദേഹം കേരളത്തിനു പരിചയപ്പെടുത്തി. 'വിഗ്രഹ ഭഞ്ജനവും സ്വതന്ത്രചിന്തയും സാഹിത്യ പോഷണത്തിന് അപരിത്യാജ്യമാണെ'ന്ന് 'രൂപമഞ്ജരി'യില്‍ കേസരി തീര്‍ത്തു പറഞ്ഞു. റിയലിസത്തിനും കാല്പനികതയ്ക്കും പിന്തുണ നല്‍കിയ കേസരി തകഴി ശിവശങ്കരപ്പിള്ള ഉള്‍പ്പെടെ ഒരു പറ്റം എഴുത്തുകാരെ വാര്‍ത്തെടുക്കാനും സഹായിച്ചു. ചങ്ങമ്പുഴയ്ക്കും, ജി. ശങ്കരക്കുറുപ്പിനും ബഷീറിനും അവതാരികയെഴുതിയതും അദ്ദേഹമാണ്. നിര്‍ഭയനും നീതിമാനുമായ പത്രാധിപരുടെയും സാഹിത്യ വിമര്‍ശകന്റെയും വ്യക്തിത്വങ്ങള്‍ കേസരി ഒരേ സമയം കൊണ്ടു നടന്നു. ഇബ്‌സന്റെ നാടകമായ 'പ്രേതങ്ങള്‍' (The Ghosts)സ്റ്റെന്‍താളിന്റെ നോവല്‍ 'ചുവപ്പും കറുപ്പും', മോപ്പസാങ്ങിന്റെ 'ഒരു സ്ത്രീയുടെ ജീവിതം' തുടങ്ങിയ കൃതികള്‍ വിവര്‍ത്തനം ചെയ്തു. 'നവലോകം', 'നോവല്‍ പ്രസ്ഥാനങ്ങള്‍' തുടങ്ങിയവയാണ് കേസരിയുടെ പ്രധാന കൃതികള്‍.

'നോവല്‍ സാഹിത്യം' (1930), 'ചെറുകഥാപ്രസ്ഥാനം' (1932), എന്നീ കൃതികളിലൂടെ മലയാളത്തിലെ കഥാസാഹിത്യ വിമര്‍ശനത്തിന് അടിത്തറയിട്ടവരിലൊരാളായി എം. പി. പോള്‍ മാറി. കര്‍ക്കശമായ മൂല്യ വിചാരവും അയവില്ലാത്ത സൗന്ദര്യപക്ഷപാതവുമായിരുന്നു പോളിന്റെ പ്രത്യേകത. 'സൗന്ദര്യ നിരീക്ഷണം', 'സാഹിത്യ വിചാരം', 'ഗദ്യഗതി' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. നോവലും ചെറുകഥയും മലയാളത്തില്‍ അത്രയേറെ വ്യാപകമായിക്കഴിഞ്ഞിട്ടില്ലാത്ത കാലത്താണ് 'നോവല്‍ സാഹിത്യം', 'ചെറുകഥാ പ്രസ്ഥാനം', എന്നീ ലക്ഷണഗ്രന്ഥങ്ങള്‍ പോള്‍ എഴുതിയത്.

കൊടുങ്കാറ്റിന്റെ തീവ്രതയോടെയാണ് ജോസഫ് മുണ്ടശ്ശേരി സാഹിത്യവിമര്‍ശനത്തിലേക്കു കടന്നു വന്നത്. പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തി. പില്‍ക്കാലത്ത് സാഹിത്യസൃഷ്ടിയില്‍ സാമൂഹിക സ്ഥിതി ചെലുത്തുന്ന സ്വാധീനത സുപ്രധാനമാണെന്ന നിലപാടില്‍ മുണ്ടശ്ശേരി എത്തിച്ചേര്‍ന്നു. 'നിരാര്‍ദ്രവും ശുഷ്കവും വസ്തുസ്ഥിതി വിവരണവുമായ ഗ്രന്ഥാലോകനത്തില്‍ നിന്ന്, നിരൂപകന്റെ ആത്മവത്ത അനുപദം പ്രസ്ഫുരിക്കുന്ന, ജീവന്മയമായ ഒരന്തരീക്ഷത്തിലേക്ക് മലയാള സാഹിത്യവിമര്‍ശനത്തെ നയിച്ചതു മുണ്ടശ്ശേരിയാണെന്ന് എന്‍. കൃഷ്ണപിള്ള (കൈരളിയുടെ കഥ) അഭിപ്രായപ്പെടുന്നു. കാവ്യപീഠിക, മാനദണ്ഡം, പ്രയാണം, മനുഷ്യകഥാനുഗായികള്‍, രൂപഭദ്രത, കരിന്തിരി, നാടകാന്തം കവിത്വം, അന്തരീക്ഷം, പുതിയ കാഴ്ചപ്പാടില്‍, രാജരാജന്റെ മാറ്റൊലി, പാശ്ചാത്യസാഹിത്യസമീക്ഷ, നനയാതെ മീന്‍ പിടിക്കാമോ' തുടങ്ങിയവയാണ് മുണ്ടശ്ശേരിയുടെ കൃതികള്‍.

കുട്ടികൃഷ്ണ മാരാര്‍ക്ക് ആധുനിക നിരൂപകനായ കെ. പി. അപ്പന്‍ നല്‍കിയ വിശേഷണം ഹിംസാത്മകമായ വ്യക്തിത്വം എന്നാണ്. തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്ന മാരാരുടെ ബലിഷ്ഠമായ ചിന്തയുടെ വേരുകള്‍ ഉറച്ചിരിക്കുന്നത് ഭാരതീയ കാവ്യമീമാംസയിലും ക്ലാസ്സിക്കല്‍ സാഹിത്യത്തിലുമായിരുന്നു. 'സാഹിത്യം മുഖേന ആവിഷ്കരിക്കപ്പെടുന്ന മാനസിക ജീവിതത്തിന്റെ യോഗഭേദവും മാത്രാഭേദവുമാണ് സാഹിത്യോത്കര്‍ഷത്തിന്റെ പിഴയ്ക്കാത്ത മാനദണ്ഡം' എന്നാണ് മാരാര്‍ വാദിച്ചത്. ആത്മാനുഭൂതിക്ക് അദ്ദേഹം അളവറ്റ പ്രാധാന്യം നല്‍കി. കടുത്ത പക്ഷപാതങ്ങള്‍ മാരാര്‍ക്കുണ്ടായിരുന്നു, എന്നാല്‍ അത് സൗന്ദര്യത്തിനു വേണ്ടിയുള്ള പക്ഷപാതമായിരുന്നു വ്യക്തിപരമായ പക്ഷപാതമായിരുന്നില്ല. സാഹിത്യസല്ലാപം, നിഴലാട്ടം, ഇങ്ങുനിന്നങ്ങോളം, കൈവിളക്ക്, ദന്തഗോപുരം, കല ജീവിതം തന്നെ, ഋഷിപ്രസാദം, ശരണാഗതി, ഭാരതപര്യടനം, രാജാങ്കണം, സാഹിത്യവിദ്യ, ഹാസ്യ സാഹിത്യം തുടങ്ങിയവയാണ് മാരാരുടെ പ്രഖ്യാത വിമര്‍ശന കൃതികള്‍. വൃത്തശില്പം, മലയാള ശൈലി, സാഹിത്യഭൂഷണം, ഭാഷാവൃത്തങ്ങള്‍, കുമാരസംഭവം (വ്യാഖ്യാനം), രഘുവംശം (വ്യാഖ്യാനം), മേഘദ്യൂതം (വ്യാഖ്യാനം) എന്നീ കൃതികളുമുണ്ട്.

പാറായില്‍ വി. ഉറുമീസ് തരകന്‍, സി. എസ് നായര്‍, പി. ശങ്കരന്‍ നമ്പ്യാര്‍, ഡി. പദ്മനാഭനുണ്ണി, എം. ആര്‍. നായര്‍ (സഞ്ജയന്‍) തുടങ്ങിയ വിമര്‍ശകര്‍ ഈ കാലഘട്ടത്തിന്റെ ആരംഭം മുതല്‍ രചനയാരംഭിച്ചവരാണ്. തനതായ വ്യക്തിത്വമുള്ള നിരൂപകരാണ് ഇവര്‍ ഓരോരുത്തരും. കുരുവാന്‍തൊടി ശങ്കരനെഴുത്തച്ഛന്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, സി. ജെ. തോമസ്, വക്കം അബ്ദുള്‍ ഖാദര്‍, എസ്. ഗുപ്തന്‍ നായര്‍, കെ. ദാമോദരന്‍, കെ. ഭാസ്കരന്‍ നായര്‍, പി. കെ. നാരായണപിള്ള, സുകുമാര്‍ അഴീക്കോട്, പി. കെ പരമേശ്വരന്‍ നായര്‍. എസ്. കെ. നായര്‍, കെ. എം. ജോര്‍ജ്, എം. കൃഷ്ണന്‍ നായര്‍, പി. ദാമോദരന്‍ പിള്ള, കെ. എം. ഡാനിയല്‍, കെ. പി. നാരായണപ്പിഷാരടി, കെ. ബാലരാമപ്പണിക്കര്‍, ഇ. വി. ദാമോദരന്‍, പി. എ. വാരിയര്‍, കെ. സുരേന്ദ്രന്‍, എം. ശ്രീധരമേനോന്‍, എം. ലീലാവതി, എം. കെ. സാനു, എം.പി. ശങ്കുണ്ണിനായര്‍, എന്‍. കൃഷ്ണപിള്ള, കെ. രാഘവന്‍ പിള്ള, പി. കെ. ബാലകൃഷ്ണന്‍, എം. അച്യുതന്‍, കെ. എം. തരകന്‍, എം. എന്‍. വിജയന്‍, ഇ. എം. എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപ്പിള്ള, തായാട്ടു ശങ്കരന്‍, കെ. പി. ശരത് ചന്ദ്രന്‍, കെ. പി. ശങ്കരന്‍, എം. ആര്‍. ചന്ദ്രശേഖരന്‍, എന്‍. വി. കൃഷ്ണവാരിയര്‍ തുടങ്ങിയ വലിയൊരു നിര കൂടിയാലേ നിരൂപണത്തിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നുള്ളൂ.

ഈ ഗണത്തില്‍ സവിശേഷപ്രാധാന്യമുള്ള വിമര്‍ശകരാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, കെ. ഭാസ്കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ എന്നിവര്‍. തികഞ്ഞ യുക്തി ചിന്തയാണ് കുറ്റിപ്പുഴയുടെ വിമര്‍ശനത്തിന്റെ കാതല്‍. സാഹിതീയം വിചാരവിപ്ലവം, വിമര്‍ശരശ്മി, ഗ്രന്ഥാവലോകനം, ചിന്താതരംഗം തുടങ്ങിയവ പ്രധാനകൃതികള്‍. വിമര്‍ശനത്തിലെ സൗമ്യമായ മധ്യമാര്‍ഗത്തിന്റെ ഉപാസകനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സുദീര്‍ഘമായ സാഹിത്യജീവിതത്തില്‍ അദ്ദേഹം ഒട്ടേറെ കൃതികള്‍ രചിച്ചു. ആധുനിക സാഹിത്യം, സമാലോചന, ഇസങ്ങള്‍ക്കപ്പുറം, തിരയും ചുഴിയും, കാവ്യസ്വരൂപം, നവമാലിക, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, ഗദ്യം പിന്നിട്ട വഴികള്‍, സമാലോചനയും പുനരാലോചനയും തുടങ്ങിയവ മുഖ്യകൃതികള്‍. ഖണ്ഡനവിമര്‍ശനമാണ് സുകുമാര്‍ അഴീക്കോടിന്റെ രീതി. ധൈഷണികതയും പ്രഭാഷകത്വവും അദ്ദേഹത്തിന്റെ രചനയില്‍ മുന്നിട്ടു നില്‍ക്കുന്നു. ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, രമണനനും മലയാള കവിതയും, പുരോഗമന സാഹിത്യവും മറ്റും വായനയുടെ സ്വര്‍ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, വിശ്വസാഹിത്യപഠനങ്ങള്‍, ഖണ്ഡനവും മണ്ഡനവും, മലയാള സാഹിത്യവിമര്‍ശനം തുടങ്ങിയവ മുഖ്യകൃതികള്‍.

സമൃദ്ധമായ രചനാജീവിതത്തിനുടമയാണ് എം. ലീലാവതി. സ്ത്രീകള്‍ വളരെ കുറച്ചു മാത്രമുള്ള മലയാള നിരൂപണത്തില്‍ പാണ്ഡിത്യം കൊണ്ടും രചനാ വൈപുല്യം കൊണ്ടും ലീലാവതി വേറിട്ടു നില്‍ക്കുന്നു. കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്ത്രവും, മൂല്യസങ്കല്പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി തുടങ്ങിയവ പ്രധാന കൃതികള്‍. 'സാഹിത്യവാരഫലം' എന്ന പ്രശസ്തമായ സാഹിത്യനിരൂപണ പംക്തിയാണ് എം. കൃഷ്ണന്‍ നായരെ പ്രശസ്തനാക്കിയത്. മലയാള നാട്, കലാകൗമുദി, മലയാളം വാരിക എന്നിവയിലായി മുപ്പത്തേഴുവര്‍ഷത്തോളം അദ്ദേഹം മുടക്കം കൂടാതെ വാരഫലമെഴുതി. ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികള്‍ വരെ പരിചയപ്പെടുത്തിയ കൃഷ്ണന്‍ നായര്‍ അവയുടെ വെളിച്ചത്തില്‍ മലയാളത്തിലെ ആനുകാലിക രചനകളെ നിര്‍ദ്ദയം വിലയിരുത്തി. മിത്രങ്ങളെക്കാള്‍ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ സമഗ്രപഠനങ്ങള്‍ക്കോ സ്വകീയമായ സാഹിത്യ നിലപാടുകളുടെ രൂപവത്കരണത്തിനോ അദ്ദേഹം ശ്രമിച്ചില്ല.

ഒരു ശബ്ദത്തില്‍ ഒരു രാഗം, കറുത്ത ശലഭങ്ങള്‍, സ്വപ്‌നമണ്ഡലം, പ്രകാശത്തിന് ഒരു സ്തുതിഗീതം, ഏകാന്തതയുടെ ലയം, ശരത്കാല ദീപ്തി, വായനക്കാരാ നിങ്ങള്‍ജീവിച്ചിരിക്കുന്നുവോ തുടങ്ങിയവ മുഖ്യകൃതികള്‍.

ആധുനിക നിരൂപണം
കവിതയും നോവലും ചെറുകഥയും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വിഗ്രഹഭഞ്ജകമായ മാറ്റം കൊണ്ടുവന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ നിരൂപണം 1970-കളിലാണ് ആവിര്‍ഭവിച്ചത്. പാശ്ചാത്യസാഹിത്യസങ്കല്പങ്ങളോടും ദര്‍ശനങ്ങളോടുമുള്ള പരിചയവും സാഹിത്യത്തിലെ നവീന പരീക്ഷണങ്ങളോടുള്ള കൂറും ആധുനികനിരൂപണത്തെ പെട്ടെന്നു ശ്രദ്ധേയമാക്കി. പഴയ വിമര്‍ശന ശൈലിയില്‍ നിന്നു വിടുതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭാഷയും സൗന്ദര്യസങ്കല്പങ്ങളുമാണ് അവര്‍ അവതരിപ്പിച്ചത്. കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍, ആഷാമേനോന്‍, ആര്‍. നരേന്ദ്രപ്രസാദ്, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ബി. രാജീവന്‍ തുടങ്ങിയവരാണ് ഈ ഗണത്തില്‍ പ്രമുഖര്‍.

കെ. പി. അപ്പന്റെ നിലപാടുകള്‍ ആധുനികതാപ്രസ്ഥാനത്തിനു ശക്തിപകര്‍ന്നു. സൗന്ദര്യം തികഞ്ഞ ഭാഷയും ആക്രമിക്കുന്ന ശൈലിയും കൊണ്ട് അപ്പന്‍ മറ്റ് ആധുനിക വിമര്‍ശകരില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നു. ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വരകളും വര്‍ണങ്ങളും, മലയാള ഭാവന - മൂല്യങ്ങളും സംഘര്‍ഷങ്ങളും, കലാപം വിവാദം വിലയിരുത്തല്‍, സമയപ്രവാഹവും സാഹിത്യകലയും, ഉത്തരാധുനികത : ചരിത്രവും വംശാവലിയും, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, ബൈബിള്‍ : വെളിച്ചത്തിന്റെ കവചം തുടങ്ങിയവ മുഖ്യ കൃതികള്‍.

പ്രമേയാധിഷ്ഠിത വിമര്‍ശനത്തിനുദാഹരണമാണ് രാജകൃഷ്ണന്റെ രചനകള്‍ (മൗനം തേടുന്ന വാക്ക്, രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ്, ചുഴികള്‍ ചിപ്പികള്‍, ചെറുകഥയുടെ ഛന്ദസ്സ്, നഗ്നയാമിനികള്‍, മറുതിരകാത്ത്) പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പരിവ്രാജകന്റെ മൊഴി, പ്രതിരോധങ്ങള്‍, ജീവന്റെ കൈയൊപ്പ്, ഹെര്‍ബേറിയം, ഖാല്‍സയുടെ ജലസ്മൃതി തുടങ്ങിയവയാണ് ആഷാമേനോന്റെ പ്രധാനകൃതികള്‍. ആത്മീയതയോടും പരിസ്ഥിതി ദര്‍ശനത്തോടും ഈ നിരൂപകന്‍ അടുപ്പം കാട്ടുന്നു. സാര്‍ത്രിയന്‍ സ്വാതന്ത്ര്യദര്‍ശനമാണ് നരേന്ദ്രപ്രസാദിന്റെ വിമര്‍ശനകലയുടെ തത്ത്വചിന്താപരമായ അടിത്തറ. നിഷേധികളെ മനസ്സിലാക്കുക, ഭാവുകത്വം മാറുന്നു, ആധുനികതയുടെ മധ്യാഹ്നം, ഉണ്ണി പോകുന്നു തുടങ്ങിയവ മുഖ്യകൃതികള്‍.

ഉത്തരാധുനിക നിരൂപണം
ആധുനികരീതിയില്‍ നിന്നു വ്യത്യസ്തമായ സാഹിത്യസമീപനങ്ങള്‍ ഉയര്‍ത്തുകയും ആധുനികത ഉള്‍പ്പെടെയുള്ള പാരമ്പര്യങ്ങളെ പുനര്‍ വായനക്കും പുനര്‍ മൂല്യവിചാരത്തിനും വിധേയമാക്കുന്ന ഉത്തരാധുനിക നിരൂപണം 1990-കള്‍ മുതലാണ് ആരംഭിച്ചത്. പാശ്ചാത്യ ഉത്തരാധുനിക സാഹിത്യസിദ്ധാന്തങ്ങളുടെയും തത്ത്വചിന്താപദ്ധതികളുടെയും സ്വാധീനത ഈ തലമുറയിലെ പല നിരൂപകരിലും കാണാം. വി. സി. ശ്രീജന്‍ ('ചിന്തയിലെ രൂപകങ്ങള്‍', 'അര്‍ത്ഥാന്തരന്യാസം', 'വാക്കും വാക്കും', 'ആധുനികാനന്തരം : വികലനവും വിമര്‍ശനവും', 'നോവല്‍ വായനകള്‍', 'അര്‍ത്ഥാന്തരങ്ങള്‍), പി. കെ. രാജശേഖരന്‍ ('പിതൃഘടികാരം : ഒ. വി. വിജയന്റെ കലയും ദര്‍ശനവും', 'അന്ധനായ ദൈവം : മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍', 'കാന്ത നഗരങ്ങള്‍ : ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം', 'കഥാന്തരങ്ങള്‍ : മലയാള ചെറുകഥയുടെ ആഖ്യാന ഭൂപടം'), ഇ. വി. രാമകൃഷ്ണന്‍ ('അക്ഷരവും ആധുനികതയും', 'വാക്കും സമൂഹവും')പി. പി. രവീന്ദ്രന്‍ ('ഇടപെടലുകള്‍', 'ആധുനികാനന്തരം'), ബാലചന്ദ്രന്‍ വടക്കേടത്ത്, എസ്. എസ്. ശ്രീകുമാര്‍, വി. സി. ഹാരിസ്, കെ. എസ്. രവികുമാര്‍ ('ചെറുകഥ : വാക്കും വഴിയും', 'കഥയും ഭാവുകത്വപരിണാമവും', 'ആഖ്യാനത്തിന്റെ അടരുകള്‍')ജി. മധുസൂദനന്‍ ('കഥയും പരിസ്ഥിതിയും', 'ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍') തുടങ്ങിയവരാണ് പ്രമുഖരായ ഉത്തരാധുനിക നിരൂപകര്‍.

പത്രപ്രവര്‍ത്തനം

ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രൂപീകരണത്തില്‍ നിര്‍ണായകമായ പങ്കാണ് മലയാള പത്രപ്രവര്‍ത്തനം വഹിച്ചിട്ടുള്ളത്. മലയാള ഭാഷയുടെ വികാസം, അച്ചടിയുടെ വികാസം, വിദ്യാഭ്യാസത്തിന്റെ വികാസം, പൗരാവകാശബോധം വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പത്രപ്രവര്‍ത്തനം നേതൃത്വം നല്‍കി. ദേശീയ സ്വാതന്ത്ര്യസമരത്തിനും ജാതി വ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിലും രാഷ്ട്രീയ സ്വയംഭരണ സമരങ്ങളിലും പത്രങ്ങള്‍ നല്‍കിയ പിന്തുണ നിസ്സീമമാണ്. പാശ്ചാത്യ മിഷനറിമാര്‍ മത പ്രചാരണത്തിന്റെ ഭാഗമായി ആരംഭിച്ച മാസികകളെയാണ് മലയാളത്തിലെ ആദ്യത്തെ പത്രങ്ങളായി പരിഗണിക്കുന്നത്. രാജ്യസമാചാരം, പശ്ചിമോദയം എന്നിവ ഉദാഹരണം. മതപ്രചാരണത്തോടൊപ്പം വിജ്ഞാന പ്രചാരണവും ജ്ഞാന നിക്ഷേപം ലക്ഷ്യമാക്കി.

1860 നുശേഷമാണ് ശരിയായ അര്‍ത്ഥത്തിലുള്ള വര്‍ത്തമാനപത്രങ്ങള്‍ ആരംഭിച്ചത്. ഇംഗ്ലീഷിലുള്ള വെസ്റ്റേണ്‍ സ്റ്റാര്‍, പശ്ചിമതാരക, കേരള പതാക, സന്ദിഷ്ടവാദി, ദീപിക, കേരളമിത്രം, കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പത്രങ്ങളാണ് ഇതിന്റെ മാതൃകകള്‍. 1890-ല്‍ ആരംഭിച്ച മലയാള മനോരമ മലയാള പത്രപ്രവര്‍ത്തനത്തിന് പുതിയ വഴി സൃഷ്ടിച്ചു. സാമുദായിക നവീകരണമായിരുന്നു ആദ്യകാല പത്രങ്ങളില്‍ പലതിന്റെയും ലക്ഷ്യം. മലയാളി, സുജനാനന്ദിനി, മിതവാദി, കേരള കൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ ഈ ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. രാജഭരണത്തിനെതിരെ പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നിരവധി പത്രങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആരംഭിച്ചു. കേരള ദര്‍പ്പണം, കേരള പഞ്ചിക, സ്വദേശാഭിമാനി, കേരള ചിന്താമണി, സമദര്‍ശി, പ്രബോധകന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. നിര്‍ഭയമായ പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട 'സ്വദേശാഭിമാനി' കെ. രാമകൃഷ്ണപിള്ളയും പൗരാവകാശവാദമുയര്‍ത്തി രാജവാഴ്ചയെ എതിര്‍ത്ത കേസരി എ. ബാലകൃഷ്ണപിള്ളയും മലയാള പത്രപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ചു.

ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സ്വാതന്ത്യസമരത്തിന്റെ ഭാഗമായി നിരവധി പത്രങ്ങള്‍ മലയാളത്തില്‍ ആരംഭിച്ചു. സ്വരാട്, മാതൃഭൂമി, അല്‍ - അമീന്‍, മലയാള രാജ്യം, ഗോമതി, ദീനബന്ധു, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ ആവിര്‍ഭാവം സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനത്തിന് 1923-ല്‍ ആരംഭിച്ച മാതൃഭൂമി മഹത്തായ പ്രചോദനം നല്‍കി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മലയാള പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു.

സുഗമമായ വഴിയായിരുന്നില്ല മലയാള പത്രപ്രവര്‍ത്തനത്തിന്റേത്. ആഴ്ചപ്പത്രങ്ങളായും മാസികകളായും ആരംഭിച്ച അവയില്‍ പലതും അകാലത്തില്‍ അവസാനിച്ചു. കുറച്ചു പത്രങ്ങള്‍ക്കു മാത്രമേ ദിനപത്രങ്ങളായി മാറാന്‍ കഴിഞ്ഞുള്ളൂ. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ചന്ദ്രിക, ദേശാഭിമാനി, ദീപിക എന്നിവ മാത്രമാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നേറി ഇന്നും പ്രസിദ്ധീകരിക്കുന്ന ആദ്യകാല പത്രങ്ങള്‍. മാധ്യമം, മംഗളം എന്നീ പത്രങ്ങള്‍ 1980 കളില്‍ ആരംഭിച്ചവയാണ്.

വര്‍ത്തമാന പത്രങ്ങള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ന്യൂസ് മാഗസിനുകള്‍, സ്‌പെഷ്യലിസ്റ്റ് മാഗസിനുകള്‍, സാമുദായിക മാസികകള്‍ എന്നിങ്ങനെ മൂന്നായി അവയെ വര്‍ഗീകരിക്കാം. ഇതോടൊപ്പം തന്നെ പ്രധാനമാണ് സാഹിത്യ പത്രപ്രവര്‍ത്തനവും. മുഖ്യധാരാ സാഹിത്യ മാസികകള്‍ക്കൊപ്പം പ്രാധാന്യമുള്ളവയാണ് 1950 കള്‍ക്കു ശേഷം ആരംഭിച്ച ലിറ്റില്‍ മാഗസിനുകള്‍ എന്ന സമാന്തര പ്രസിദ്ധീകരണങ്ങള്‍.

കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആണ് കേരളത്തിലെ പത്ര പ്രവര്‍ത്തകരുടെ സംഘടന. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രസ് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

പത്രപ്രവര്‍ത്തന മേഖലയുടെ വികാസത്തിനായി കൊച്ചി ആസ്ഥാനമാക്കി കേരള പ്രസ് അക്കാദമി പ്രവര്‍ത്തിക്കുന്നു.

വ്യവസായം എന്ന നിലയില്‍ കേരളത്തില്‍ ശക്തമായ അടിത്തറയുള്ളവയാണ് പത്രങ്ങള്‍. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, ചന്ദ്രിക, മാധ്യമം തുടങ്ങിയ പത്ര ഗ്രൂപ്പുകള്‍ നിരവധി അനുബന്ധ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സര്‍ക്കുലേഷനുള്ള പത്രങ്ങളില്‍പ്പെടുന്നവയാണ് മലയാള മനോരമയും മാതൃഭൂമിയും. ഇംഗ്ലീഷ് പത്രങ്ങളായ ദ ഹിന്ദു (കൊച്ചി, തിരുവനന്തപുരം), ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് (കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം) എന്നിവയ്ക്ക് കേരളത്തില്‍ ഒന്നിലധികം എഡിഷനുകളുണ്ട്.

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍

മലയാള പത്രപ്രവര്‍ത്തനത്തോളം പഴക്കമുണ്ട് മലയാളത്തിലെ മാഗസിന്‍ ജേണലിസ (മാസിക പത്രപ്രവര്‍ത്തന)ത്തിനും. ആദ്യകാല പത്രങ്ങളെല്ലാം മാസികകളോ വാരികകളോ ആയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഉള്ളടക്കത്തിലും മാഗസിനുകളോടായിരുന്നു അവയ്ക്ക് അടുപ്പം. മാസിക, വാരിക, ദൈ്വവാരിക എന്നീ വിഭാഗങ്ങളിലായി നിരവധി മാഗസിനുകള്‍ മലയാളത്തിലുണ്ട്. വാര്‍ത്താ മാഗസിനുകള്‍, സാഹിത്യ മാഗസിനുകള്‍, സ്‌പെഷ്യലിസ്റ്റ് മാഗസിനുകള്‍ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നീ ഗണങ്ങളായി അവയെ വേര്‍തിരിക്കാം. സ്‌പെഷ്യലിസ്റ്റ് മാഗസിനുകളില്‍ ബാല പ്രസിദ്ധീകരണങ്ങള്‍, വനിതാ പ്രസിദ്ധീകരണങ്ങള്‍, കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍, ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍, ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍, കായിക പ്രസിദ്ധീകരണങ്ങള്‍, ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍, കരിയര്‍ മാഗസിനുകള്‍ കാര്‍ട്ടൂണ്‍ മാസികകള്‍, അക്കാദമിക് ജേണലുകള്‍, സാമുദായിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. രാഷ്ട്രീയത്തിന്റെ ഭാഗമായവയാണ് രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍.

മലയാളത്തിലെ ആദ്യകാല പത്രങ്ങളായി പരിഗണിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മിക്കവയും യഥാര്‍ത്ഥത്തില്‍ ഉള്ളടക്കത്തിലും പ്രസിദ്ധീകരണ കാലയളവിന്റെ അടിസ്ഥാനത്തിലും മാസികകളോ, വാരികകളോ ആയിരുന്നു. വിദേശീയരായ മിഷനറിമാര്‍ ആരംഭിച്ച അവയുടെ ലക്ഷ്യം ക്രിസ്തുമത പ്രചാരണവും യൂറോപ്യന്‍ വിജ്ഞാനത്തിന്റെ വിതരണവുമായിരുന്നു. രാജ്യസമാചാരം, പശ്ചിമോദയം, ജ്ഞാന നിക്ഷേപം തുടങ്ങിയവയും കേരളത്തിലെ ആദ്യത്തെ കോളേജ് മാഗസിനായ വിദ്യാസംഗ്രഹവും ഈ ഗണത്തില്‍പ്പെടുന്നു.

1881-ല്‍ ആരംഭിച്ച വിദ്യാവിലാസിനി മലയാളത്തില്‍ സാഹിത്യ പത്രപ്രവര്‍ത്തനത്തിനു മാത്രമല്ല, മാഗസിന്‍ ജേണലിസത്തിന്റെ രണ്ടാം ഘട്ടത്തിനും തുടക്കമിട്ടു. കേരളീയ സുഗുണബോധിനി (1892)യും ശാരദയും (1904) വനിതാ മാസികകള്‍ക്ക് ആരംഭം കുറിച്ചു. സമുദായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് നായര്‍, സര്‍വീസ്, വിവേകോദയം, ഉണ്ണി നമ്പൂതിരി, സഹോദരന്‍ തുടങ്ങിയവ ആരംഭിച്ചത്. രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്ത പൊതു മാഗസിനുകളായിരുന്നു കേരളന്‍, സമദര്‍ശി, പ്രബോധകന്‍, കേസരി തുടങ്ങിയവ.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, മലയാളം, മാധ്യമം ആഴ്ചപ്പതിപ്പ്, ഇന്ത്യാടുഡെ (മലയാളം), ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ചിന്തവാരിക, ഭാഷാപോഷിണി, കേരള ശബ്ദം വാരിക, കുങ്കുമം മാസിക, ജനപ്രിയ പ്രസിദ്ധീകരണങ്ങളായ മലയാള മനോരമ വാരിക, മംഗളം വാരിക തുടങ്ങിയവയാണ് മലയാളത്തില്‍ ഇന്ന് ഏറ്റവും പ്രശസ്തമായ മാഗസിനുകള്‍. കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളില്‍ ബാലരമ, ബാലഭൂമി, കുട്ടികളുടെ ദീപിക, ബാലമംഗളം, അമര്‍ ചിത്രകഥ, ബാല ചന്ദ്രിക, തത്തമ്മ തുടങ്ങിയവയാണ് മുന്നില്‍ നില്‍ക്കുന്നത്.

രാഷ്ട്രീയം

ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കാം കേരളത്തെ. തിരഞ്ഞടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം ലഭിക്കുക. വിവിധ കക്ഷികളടങ്ങിയ മുന്നണി ഭരണം നടത്തുക തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ആദ്യമായി കേരളത്തിലാണു നടന്നത്. വോട്ടിങ്ങ് യന്ത്രം ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചതും കേരളത്തില്‍ തന്നെ. 140 നിയമസഭാ മണ്ഡലങ്ങളും 20 ലോക്‌സഭാ മണ്ഡലങ്ങളും കേരളത്തിലുണ്ട്. നിയമസഭയിലേക്ക് ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ജനതാദള്‍ (എസ്.), മുസ്‌ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ്സ് (ജെ) തുടങ്ങിയവ ഉള്‍പ്പെടെ ചെറുതും വലുതുമായ ഒട്ടേറെ രാഷ്ട്രീയ കക്ഷികളും അവയുടെ പോഷകസംഘടനകളും കേരളത്തിലുണ്ട്. പ്രധാന കക്ഷികള്‍ക്കെല്ലാം അവയുടെ തൊഴിലാളി, വിദ്യാര്‍ത്ഥി, വനിത, യുവജന, കര്‍ഷക, സര്‍വീസ് സംഘടനകളുണ്ട്. "ട്രേഡ് യൂണിയനുകളുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. 1973-ല്‍ കേരളത്തില്‍ 1680 രജിസ്റ്റേഡ് ട്രേഡ് യൂണിയനുകള്‍ ഉണ്ടായിരുന്നു. 1996-ല്‍ അവയുടെ എണ്ണം 10326 ആയി വര്‍ധിച്ചു. തൊഴില്‍ ചെയ്യുന്ന 3000 പേര്‍ക്ക് ഒരു യൂണിയന്‍ വീതമുണ്ട് കേരളത്തില്‍".

കേരളപ്പിറവിക്കു ശേഷം 13 നിയമസഭാ തിരഞ്ഞെടുപ്പുകളും 20 മന്ത്രിസഭകളും 12 മുഖ്യമന്ത്രിമാരും കേരളത്തിലുണ്ടായിട്ടുണ്ട്. 1957 ഏപ്രില്‍ അഞ്ചിന് ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതാണ് ആദ്യത്തെ കേരളമന്ത്രിസഭ

കേരള രാഷ്ട്രീയം

കേരളത്തിലെ ആധുനിക ജനാധിപത്യ സംവിധാനത്തിന്റെ തുടക്കം തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് 1888 ഓഗസ്റ്റ് 15ന് നിലവില്‍ വന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നാണ്. ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൗദ്യോഗികാംഗങ്ങളും ഉള്‍പ്പെട്ട ഈ സഭ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ നിയമനിര്‍മാണസഭയായിരുന്നു. ദിവാനായിരുന്നു സഭാധ്യക്ഷന്‍. 1888 ഓഗസ്റ്റ് 23ന് കൗണ്‍സിലിന്റെ ആദ്യയോഗം ചേര്‍ന്നു. മൂന്നു വര്‍ഷമായിരുന്നു കൗണ്‍സിലിന്റെ കാലാവധി. 1898-ല്‍ അംഗസംഖ്യ 15 ആയി ഉയര്‍ത്തി.

1904 ഒക്ടോബറില്‍ ശ്രീമൂലം തിരുനാള്‍ മറ്റൊരു ജനാധിപത്യ സംവിധാനം കൂടി ഏര്‍പ്പെടുത്തി. ശ്രീമൂലം പ്രജാസഭ എന്ന അസംബ്ലിയായിരുന്നു അത്. വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 100 അംഗങ്ങളാണ് പ്രജാസഭയില്‍ ഉണ്ടായിരുന്നത്. 1904 ഒക്ടോബര്‍ 23ന് തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളില്‍ സഭയുടെ ആദ്യയോഗം ചേര്‍ന്നു. നിയമപരമായ അധികാരമില്ലെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കാനുള്ള വേദിയായി പ്രജാസഭ മാറി. 1921-ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അംഗ സംഖ്യ 50 ആയി ഉയര്‍ത്തി. ഇതില്‍ 28 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. ചില പരിമിതികള്‍ക്കു വിധേയമായി ബജറ്റിലെ ധനാഭ്യര്‍ത്ഥനകളില്‍ വോട്ടു ചെയ്യാനും പ്രമേയങ്ങള്‍ അവതരിപ്പിക്കാനും ഉപചോദ്യങ്ങള്‍ ഉന്നയിക്കാനും അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവരാനുമുള്ള അവകാശം കൗണ്‍സിലിലെ പ്രതിനിധികള്‍ക്കു ലഭിച്ചു. 1930 ജനുവരി 12-ന് സ്വീകരിച്ച നടപടികള്‍ പ്രകാരം കൗണ്‍സിലിന് അഭിപ്രായസ്വാതന്ത്യവും ലഭിച്ചു. അഞ്ചു രൂപയില്‍ കുറയാത്ത ഭൂനികുതി അടയ്ക്കുന്നവര്‍ക്കും സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും നഗരസഭയില്‍ തൊഴില്‍ക്കരം അടയ്ക്കുന്നവര്‍ക്കുമായിരുന്നു വോട്ടവകാശം.

ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ പേര് ശ്രീ ചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ എന്നായി. 1937 മുതല്‍ ഒരു രൂപ കരം തീരുവയുള്ളവര്‍ക്ക് വോട്ടവകാശവും ലഭിച്ചു. സ്‌റ്റേറ്റ് കൗണ്‍സിലിനെ ഉപരിസഭയും പ്രജാസഭയെ അധോസഭയുമായും മാറ്റിക്കൊണ്ടുള്ള ദ്വിമണ്ഡല സമ്പ്രദായമാണ് നിലവില്‍ വന്നത്. 1947 സെപ്തംബര്‍ വരെ ഇത് തുടര്‍ന്നു. 1947 സെപ്തംബര്‍ നാലിന് മഹാരാജാവ് പുറപ്പെടുവിച്ച വിളംബര പ്രകാരം തിരുവിതാംകൂറില്‍ ഉത്തരവാദ സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി രൂപവത്കൃതമായി. ഇതോടെ ശ്രീചിത്രാ സ്‌റ്റേറ്റ് കൗണ്‍സിലും പ്രജാസഭയും ഇല്ലാതായി.

കൊച്ചിയില്‍ 1923-ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നു. 1938 മുതല്‍ ദ്വിഭരണ സമ്പ്രദായവും. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ മന്ത്രിക്ക് കൃഷി, സഹകരണം, പൊതുജനാരോഗ്യം, പഞ്ചായത്ത്, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ ചുമതല കിട്ടി. അമ്പാട്ട് ശിവരാമ മേനോനായിരുന്നു ആദ്യത്തെ ജനകീയ മന്ത്രി. 1947 ഓഗസ്റ്റ് 14ന് കൊച്ചി മഹാരാജാവ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന് പൂര്‍ണ്ണമായ ഉത്തരവാദഭരണം കൈമാറി. ഒക്ടോബറില്‍ ടി. കെ. നായരുടെ നേതൃത്വത്തില്‍ മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. 1948-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചീരാജ്യ പ്രജാമണ്ഡലത്തിന് ഭൂരിപക്ഷം കിട്ടി. ഇക്കണ്ട വാരിയര്‍ പ്രധാന മന്ത്രിയായി കൊച്ചിയില്‍ മന്ത്രിസഭ നിലവില്‍ വന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 24 ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. പിന്നീട് മന്ത്രിസഭ വികസിപ്പിച്ചു. തിരുവിതാംകൂര്‍ ഇടക്കാല ഭരണഘടനാ നിയമം അനുസരിച്ചു നിലവില്‍ വന്ന ഈ സര്‍ക്കാരിന്റെ ഭരണഘടനാപ്രകാരമുള്ള മേധാവി മഹാരാജാവായിരുന്നു.

കേരളസംസ്ഥാന മന്ത്രിസഭകള്‍

കേരളസംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ രാഷ്ട്രപതി ഭരണമാണ് നിലവിലിരുന്നത്. 1957 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്നു. 126 അംഗ നിയമസഭയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് (സി. പി ഐ) ഭൂരിപക്ഷം ലഭിച്ചു. 1957 ഏപ്രില്‍ അഞ്ചിന് ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യത്തെ കേരള മന്ത്രിസഭ നിലവില്‍ വന്നു. ആര്‍. ശങ്കരനാരായണന്‍ തമ്പിയായിരുന്നു ആദ്യത്തെ സ്പീക്കര്‍. കെ. ഒ. ഐഷാബായി ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ് നേതാവ് പി. ടി. ചാക്കോ പ്രതിപക്ഷ നേതാവുമായി.

1957 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 12 നിയമസഭകളാണ് കേരളത്തിലുണ്ടായത്. 1965-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ രൂപവത്കരിച്ചില്ല. 1964 സെപ്തംബര്‍ 10 മുതല്‍ തുടരുകയായിരുന്ന രാഷ്ട്രപതി ഭരണം 1967 മാര്‍ച്ച് ആറുവരെ തുടരാന്‍ ഇതു കാരണമായി.

രാഷ്ട്രപതി ഭരണം നടന്ന കാലയളവുകള്‍
നിയമസഭ നിലവിലില്ലാതിരുന്നതിനാല്‍ താഴെപ്പറയുന്ന കാലയളവുകളില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിലിരുന്നു.
 1. 1959 ജൂലൈ 31 - 1960 ഫെബ്രുവരി 22
 2. 1964 സെപ്തംബര്‍ 10 - 1967 മാര്‍ച്ച് 6
 3. 1970 ഓഗസ്റ്റ് 4 - 1970 ഒക്ടോബര്‍ 3
 4. 1979 ഡിസംബര്‍ 5 - 1980 ജനുവരി 25
 5. 1981 ഒക്ടോബര്‍ 21 - 1981 ഡിസംബര്‍ 28
 6. 1982 മാര്‍ച്ച് 17 - 1982 മേയ് 23

കേരളപ്പിറവിക്കുശേഷമുള്ള മന്ത്രിസഭകള്‍


മുഖ്യമന്ത്രി (കാലയളവ്)
 1. ഇ. എം. എസ്. നമ്പൂതിരിപ്പാട് 1957 ഏപ്രില്‍ 5 - 1959 ജൂലൈ 31
 2. പട്ടം താണുപിള്ള 1960 ഫെബ്രുവരി 22 - 1962 സെപ്തംബര്‍ 25
 3. ആര്‍. ശങ്കര്‍ 1962 സെപ്തംബര്‍ 26 - 1964 സെപ്തംബര്‍ 10
 4. ഇ. എം. എസ്. നമ്പൂതിരിപ്പാട് 1967 മാര്‍ച്ച് 6 - 1969 നവംബര്‍ 1
 5. സി. അച്യുതമേനോന്‍ 1967 നവംബര്‍ 1 - 1970 ഓഗസ്റ്റ് 1
 6. സി. അച്യുതമേനോന്‍ 1970 ഒക്ടോബര്‍ 4 - 1977 മാര്‍ച്ച് 21
 7. കെ. കരുണാകരന്‍ 1977 മാര്‍ച്ച് 25 - 1977 ഏപ്രില്‍ 25
 8. എ. കെ. ആന്റണി 1977 ഏപ്രില്‍ 27 - 1978 ഒക്ടോബര്‍ 26
 9. പി. കെ. വാസുദേവന്‍ നായര്‍ 1978 ഒക്ടോബര്‍ 29 - 1979 ഒക്ടോബര്‍ 7
 10. സി. എച്ച്. മുഹമ്മദ് കോയ 1979 ഒക്ടോബര്‍ 12 - 1979 ഡിസംബര്‍ 1
 11. ഇ. കെ. നായനാര്‍ 1980 ജനുവരി 25 - 1981 ഒക്ടോബര്‍ 20
 12. കെ. കരുണാകരന്‍ 1980 ഡിസംബര്‍ 28 - 1982 മാര്‍ച്ച് 17
 13. കെ. കരുണാകരന്‍ 1982 മേയ് 24 - 1987 മാര്‍ച്ച് 23
 14. ഇ. കെ. നായനാര്‍ 1987 മാര്‍ച്ച് 26 - 1991 ജൂണ്‍ 17
 15. കെ. കരുണാകരന്‍ 1994 ജൂണ്‍ 24 - 1995 മാര്‍ച്ച് 16
 16. എ. കെ. ആന്റണി 1995 മാര്‍ച്ച് 22 - 1996 മേയ് 9
 17. ഇ. കെ. നായനാര്‍ 1996 മേയ് 20 - 2001
 18. എ. കെ. ആന്റണി 2001 മേയ് 17 - 2004 ഓഗസ്റ്റ് 29
 19. ഉമ്മന്‍ ചാണ്ടി 2004 ഓഗസ്റ്റ് 30 - 2006 മേയ്
 20. വി. എസ്. അച്യുതാനന്ദന്‍ 2006 മേയ് 18 - 2011 മേയ് 14
 21. ഉമ്മന്‍ ചാണ്ടി 2011 മേയ് 18 - തുടരുന്നു.

ശാസ്ത്ര സാങ്കേതികരംഗം

പൗരാണികമായ ശാസ്ത്ര-സാങ്കേതിക പാരമ്പര്യമുണ്ട് കേരളത്തിന്.ഗണിതം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ആയുര്‍വേദം, വാസ്തുവിദ്യ, ലോഹശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളീയര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആധുനിക ഇന്ത്യന്‍ ശാസ്ത്രരംഗത്തും കേരളത്തിന്റെ സാന്നിധ്യം ശക്തമാണ്. ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലും കേരളം മുന്നിട്ടു നില്‍ക്കുന്നു. ഒട്ടേറെ കേരളീയ ശാസ്ത്രജ്ഞര്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രങ്ങള്‍ എന്ന നിലയിലാണ് പൗരാണിക കേരളത്തില്‍ ജ്യോതിഷം, മന്ത്രവാദം, തന്ത്രശാസ്ത്രം എന്നിവയും വികസിച്ചത്. ശക്തമായ ശാസ്ത്രസാഹിത്യവും മലയാളത്തിലുണ്ട്.

ഗണിതം, ജ്യോതിശ്ശാസ്ത്രം

ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്ന പോലെ പ്രാചീന കേരളത്തിലും ഗണിതം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം എന്നിവ പരസ്പരബന്ധിതമായാണു വികസിച്ചത്. പ്രാചീന കേരളീയ ഗണിതത്തിന്റെ സംഭാവനകള്‍ ഇന്ന് ലോകശ്രദ്ധ നേടിയിട്ടുണ്ട്. 'കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്' എന്ന സംജ്ഞതന്നെ സമകാലിക ഗണിതചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നു. കേരളീയനെന്ന് ചിലരെങ്കിലും വാദിക്കുന്ന ആര്യഭടന്റെ 'ആര്യഭടീയ'ത്തെ ആസ്പദമാക്കിയാണ് കേരളീയ ഗണിതവും ജ്യോതിശ്ശാസ്ത്രവും വളര്‍ന്നത്. എ. ഡി. ഏഴാം നൂറ്റാണ്ടില്‍ ഹരിദത്തന്‍ ആവിഷ്കരിച്ച 'പരഹിതം', 15-ാം നൂറ്റാണ്ടില്‍ വടശ്ശേരി പരമേശ്വരന്‍ ആവിഷ്കരിച്ച 'ദൃഗ്ഗണിതം' എന്നീ ഗണിതപദ്ധതികള്‍ കേരളീയ ഗണിത, ജ്യോതിശ്ശാസ്ത്രങ്ങളെയും ജ്യോതിഷത്തെയും വലിയ വികാസത്തിനു സഹായിച്ചു പ്രാചീന കേരളീയ ഗണിതശാസ്ത്രജ്ഞരുടെ പട്ടിക വളരെ വിപുലമാണ്. താളിയോലകളിലാണ് അവരില്‍ മിക്കവരുടെയും കൃതികള്‍ ഇന്നും ലഭ്യമാവുന്നത്. വരരുചി ഒന്നാമന്‍, വരരുചി രണ്ടാമന്‍, ഹരിദത്തന്‍, ഗോവിന്ദസ്വാമി, ശങ്കരനാരായണന്‍, വിദ്യാമാധവന്‍, തലക്കുളം ഗോവിന്ദ ഭട്ടതിരി, സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍, നീലകണ്ഠ സോമയാജി, ശങ്കരവാരിയര്‍, ജ്യേഷ്ഠ ദേവന്‍, മാത്തൂര്‍ നമ്പൂതിരിമാര്‍, മഹിഷമംഗലം ശങ്കരന്‍, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി, പുതുമന ചോമാതിരി (പുതുമന സോമയാജി), കൊച്ചു കൃഷ്ണനാശാന്‍, മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരി തുടങ്ങിയ ഒട്ടേറെ പേരുകള്‍ അതില്‍ തിളങ്ങി നില്‍ക്കുന്നു. ഐസക് ന്യൂട്ടന്റെയും ലൈബ്‌നിറ്റ്‌സിന്റെയും പേരില്‍ അറിയപ്പെടുന്ന കലനം (calculus) കേരളീയ ഗണിതശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പു കണ്ടെത്തിയതാണെന്ന് ആധുനിക ഗണിത (ചരിത്രങ്ങള്‍) ഇന്ന് അംഗീകരിക്കുന്നുണ്ട്.

ആധുനിക ശാസ്ത്രം

ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ നവീന ശാസ്ത്രശാഖകളിലെയും കേരളീയര്‍ വൈദഗ്ധ്യം നേടി. വിവിധ ശാഖകളില്‍ പ്രശസ്തരായ ഒട്ടേറെ ശാസ്ത്രജ്ഞരെ ചൂണ്ടിക്കാട്ടാനുണ്ട്. വളരെ വിപുലമാണ് ആധുനിക കേരളീയ ശാസ്ത്രജ്ഞരുടെ പട്ടിക. കെ. ആര്‍. രാമനാഥന്‍, സി. ആര്‍. പിഷാരടി, ആര്‍. എസ്. കൃഷ്ണന്‍, ജി. എന്‍. രാമചന്ദ്രന്‍, ഗോപിനാഥ് കര്‍ത്താ, യു. എസ്. നായര്‍, കെ. ആര്‍. നായര്‍, ഇ. സി. ജി. സുദര്‍ശന്‍, എം. എം. മത്തായി, കെ. ഐ. വര്‍ഗീസ്, എം. എസ്. സ്വാമിനാഥന്‍, താണു പദ്മനാഭന്‍, പി. കെ. അയ്യങ്കാര്‍, എം. ജി. കെ. മേനോന്‍, കെ. എസ്. എസ്. നമ്പൂതിരിപ്പാട്, എം. ജി. രാമദാസ മേനോന്‍, കെ. കെ. നായര്‍, എന്‍. കെ. പണിക്കര്‍, എന്‍. ബാലകൃഷ്ണന്‍ നായര്‍, കെ. കെ. നായര്‍, കെ. ജി. അടിയോടി, ജി. മാധവന്‍ നായര്‍ തുടങ്ങിയ ഒട്ടേറെപ്പേരിലൂടെ ആ നിര നീളുന്നു.സര്‍വകലാശാലകളും ശാസ്ത്രസാങ്കേതിക വിദ്യാലയങ്ങളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമാണ് ആധുനിക ശാസ്ത്ര വികാസത്തില്‍ പങ്കു വഹിക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്തിനെപ്പോലുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

കായികരംഗം

തനതായ കായികസംസ്കാരം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളം വളര്‍ത്തിയെടുത്തിരുന്നു. നാടന്‍ കളികളും, ആയോധനകലകളും, ആധുനിക കായിക വിനോദങ്ങളുമെല്ലാം ചേര്‍ന്നതാണ് കേരളത്തിന്റെ കായികരംഗം. കളരിപ്പയറ്റാണ് കേരളത്തിന്റെ തനത് കായികകല. നാടന്‍ കളികളാല്‍ സമ്പന്നമായിരുന്നു ഒരിക്കല്‍ കേരളീയ ഗ്രാമങ്ങള്‍. ആധുനിക ജീവിതശൈലിയും കായിക വിനോദങ്ങളും നാടന്‍ കളികള്‍ പലതിനെയും ലുപ്തപ്രചാരമാക്കിയിട്ടുണ്ടിപ്പോള്‍. നാട്ടുവിനോദങ്ങളുടെ ഭാഗമാണ് വള്ളം കളിയും.

ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ ആധുനിക കായിക വിനോദങ്ങളില്‍ ഇന്ത്യയിലെ വന്‍ശക്തികളിലൊന്നാണ് കേരളം. ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളായ പി.ടി. ഉഷ കേരളത്തിന്റെ സൃഷ്ടിയാണ്.

ജലോത്സവങ്ങള്‍
കേരളത്തിന്റെ സവിശേഷതയാണ് കായലുകളിലും പുഴകളിലും നടക്കുന്ന ജലോത്സവങ്ങളായ വള്ളം കളികള്‍. നൂറിലധികം പേര്‍ തുഴയുന്ന ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറു വള്ളങ്ങള്‍ വരെ പങ്കെടുക്കുന്ന ഒട്ടേറെ വള്ളം കളികളുണ്ട്. പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളം കളി, ആറന്മുള ഉത്തൃട്ടാതി വള്ളം കളി, ചമ്പക്കുളം വള്ളം കളി, പായിപ്പാട്ട് വള്ളം കളി തുടങ്ങിയവയാണ് ഏറ്റവും പ്രശസ്തമായ ജലോത്സവങ്ങള്‍.

നാടന്‍ കളികള്‍

 

കേരളത്തിന്റെ ഗ്രാമീണ സംസ്കാരത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെയായിരുന്നു നാടന്‍ കളികള്‍. ആചാരങ്ങള്‍, കല, സാഹിത്യം, ജാതി വ്യവസ്ഥ എന്നിവയുമായെല്ലാം അത് ബന്ധപ്പെട്ടിരിക്കുന്നു. വിജയിയെ നിശ്ചയിക്കുക മാത്രമായിരുന്നില്ല നാടന്‍ കളികളില്‍ പലതിന്റെയും ലക്ഷ്യം. പാട്ട്, നൃത്തം, പുരാണകഥാസന്ദര്‍ഭങ്ങളുടെ അനുസ്മരണം, ഒരുമയുടെ പ്രകാശനം എന്നിവയെല്ലാം നാടന്‍കളികള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ വിജയി ഉണ്ടാകാത്ത നിരവധി നാടന്‍ കളികളുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്ന നാടന്‍ കളിപോലുമുണ്ട്. കോഴിയങ്കം ഇതിനുദാഹരണമാണ്. മധ്യകാല കേരളത്തില്‍ നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ആദ്യശ്രമമായാണ് കോഴിയങ്കം നടത്തിയിരുന്നത്. കോഴിയങ്കത്തിലും വിജയിയെ നിശ്ചയിക്കാന്‍ കഴിയാതെ വന്നാല്‍ ആളങ്കം കുറിയ്ക്കുന്നു. കോഴിയങ്കം ഇന്നില്ല. എന്നാല്‍ ഇതിന്റെ ഒരു രൂപമായ കോഴിപ്പോര് ഇന്നും വടക്കന്‍ കേരളത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്.

കേരളത്തിലെ മിക്ക കലകളുടെയും തുടക്കം കളികളില്‍ നിന്നാണ്. അതിപ്രാചീനമായ കളിയാട്ടങ്ങള്‍ കാലക്രമത്തില്‍ കൂടുതല്‍ നിര്‍വചനബദ്ധമായും താളഭദ്രമായും കലകളായി പുനരവതരിച്ചു. പല കലാരൂപങ്ങളും കളിമുറകളില്‍ നിന്ന് ധാരാളം കൊണ്ടു. പരിചമുട്ടുകളി, കോല്‍ക്കളി, തുള്ളല്‍, ദപ്പുകളി, കഥകളി, പൂരക്കളി എന്നിവയില്‍ കളരിപ്പയറ്റിന്റെ സ്വാധീനം കാണാം. കേരളത്തിലെ കളികള്‍ 'കലയും കമലയും' ചേര്‍ന്നിരിക്കാന്‍ വേണ്ടി ആവിഷ്കരിക്കപ്പെട്ടവയാണെന്ന് മൂര്‍ക്കോത്ത് കുമാരന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നും നിലനില്‍ക്കുന്ന പല കളികളിലും താളബദ്ധമായ ചുവടുകളും പാട്ടുകളും ഐത്യഹി ബിംബങ്ങളുമുള്ളത് ശ്രദ്ധിക്കുക. അതുപോലെ കേരളത്തില്‍ ശ്രേഷ്ഠമായ പല കലാരൂപങ്ങളും കളി എന്ന പേരിലാണ് അറിയപ്പെടുന്നത്. കഥകളി, കൈക്കൊട്ടിക്കളി, തുള്ളല്‍ക്കളി, പൂരക്കളി, അറവനക്കളി എന്നിവ ഉദാഹരണം. ഇങ്ങനെ കലക്ക് പ്രാമുഖ്യം വരുന്ന കളികള്‍ നാടന്‍ കളികളുടെ വിഭാഗത്തില്‍പ്പെടുന്നില്ല.

കേരളത്തിലെ തനതു കളികളെ അഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. കലഹക്കളി, കൗശലക്കളി, ഭാഗ്യക്കളി, അന്വേഷണക്കളി, അനുകരണക്കളി, എന്നിവയാണ് ഈ വിഭാഗങ്ങള്‍. വിനോദരൂപത്തിലുള്ള കലഹങ്ങളും സമരങ്ങളും ഉള്‍പ്പെടുന്ന കലകളാണ് കലഹക്കളികള്‍. കുറച്ചൊക്കെ ബലംപ്രയോഗങ്ങളും ഉന്തും തള്ളും പിടിച്ചു വലിയുമൊക്കെ ഇത്തരം കളികളില്‍ ഉണ്ടാകും. കബഡികളി, തുമ്പികളി എന്നിവ ഉദാഹരണങ്ങള്‍.

കൗശലക്കളിയില്‍ തന്ത്രങ്ങള്‍ക്കാണ് പ്രധാന്യം. ശ്വാസം വിടാതെ കുറുക്കു വഴികളില്‍ ലക്ഷ്യം കാണുക, കരുക്കള്‍ നീക്കുക, എതിരാളിയുടെ നീക്കം അറിഞ്ഞ് പ്രതികരിക്കുക എന്നിവയാണ് കൗശലക്കളികളുടെ പൊതു സ്വഭാവം. തലപ്പന്ത് കളി, കക്കുകളി എന്നിവ ഉദാഹരണങ്ങള്‍. ഭാഗ്യത്തെ ആശ്രയിച്ച് കളിക്കുന്നവയാണ് ഭാഗ്യക്കളികള്‍. അല്പം കൗശലവും ഉള്‍പ്പടുന്നുവെങ്കിലും ഭാഗ്യത്തിനാണ് ഇവിടെ പ്രാധാന്യം. ഉത്സവപ്പറമ്പുകളിലെ ഹരമായ ആന മയില്‍ ഒട്ടകം കളി മുതല്‍ ചൂതുകളി, പകിടകളി, തുടങ്ങിയവ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഒളിച്ചു വയ്ക്കലും കണ്ടെത്തലുമാണ് അന്വേഷണകളികളുടെ പൊതു സ്വഭാവങ്ങള്‍. ഊഹത്തിനും ഭാഗ്യത്തിനുമൊക്കെ ഈ കളികളില്‍ പ്രാധാന്യമുണ്ട്. അണ്ടറ്കളി, പൂന്തോലം കളി തുടങ്ങിയവ ഉദാഹരണങ്ങള്‍. പുരാണ കഥാപാത്രങ്ങളെ മുതല്‍ പക്ഷിമൃഗാദികളെ വരെ അനുകരിച്ച് കളിക്കുന്ന കളികളാണ് അനുകരണ കളികള്‍. തവളച്ചാട്ടം പോലുള്ള അനുകരണക്കളികള്‍ക്ക് തവളയെപ്പോലെ ചാടി ഒന്നാമതെത്തുക എന്ന ഘടകം മാത്രമേയുള്ളൂ. എന്നാല്‍ നരിയും പശുവും കളിയില്‍ അല്പം ബലപ്രയോഗവും ഉള്‍പ്പെടുന്നു.

യൂറോപ്പ്യന്‍ കളികളുടെ വരവോടെ കേരളത്തിലെ നാടന്‍ കളികള്‍ പലതും അപ്രത്യക്ഷമായി. ബ്രോഡ് കാസ്റ്റ് തന്ത്രങ്ങളും താരപ്രഭാവവുമെല്ലാം ക്രിക്കറ്റിനെ നമ്മുടെ വയലേലകളിലെത്തിച്ചു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഫുട്‌ബോളും വോളിബോളും ബാസ്ക്കറ്റ്‌ബോളുമെല്ലാം കേരളം അതേ ലഹരിയില്‍ ഏറ്റെടുത്തു. കലയിലും ജീവിതരീതിയിലുമൊക്കെ ആഗോളീകരണം വലിയ മാറ്റങ്ങള്‍ വരുത്തുകയാണ് പതിവ്. പക്ഷേ കളികളുടെ കാര്യത്തില്‍ ഇത്തരം പരിണാമങ്ങള്‍ സംഭവിച്ചില്ല. കേരളത്തിലെ ഒരു തനതു കളിയെയും ആഗോളീകരണത്തിന്റെ സ്വാധീനം സ്പര്‍ശിച്ചില്ല. മറിച്ച് മിക്കവയും അപ്പാടെ നശിക്കുകയായിരുന്നു. പരിണാമമല്ല പര്യവസാനമാണ് നാടന്‍ കളികള്‍ക്ക് സംഭവിച്ചത്. കേരളത്തിലെ നാടന്‍ കളികളെക്കുറിച്ച് ഗവേഷണം നടത്താനും പലതിനെയും പുനരവതരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഡോക്ടര്‍ എം. വി. വിഷ്ണു നമ്പൂതിരി പോലുള്ളവരുടെ ശ്രമങ്ങള്‍ സ്തുത്യര്‍ഹമാണ്. ഫോക്‌ലോര്‍ നിഘണ്ടു, നാടന്‍കളികളും വിനോദങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ നാടന്‍ കളികളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നു.

ആധുനിക കായികവിനോദങ്ങള്‍

പുരാതനകാലം മുതല്‍ക്കേ കായിക വിനോദങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം. വൈവിധ്യപൂര്‍ണ്ണമായ നൂറുകണക്കിന് നാടന്‍കളികള്‍ ഇവിടെയുണ്ടായിരുന്നു. അതില്‍ ചെറിയൊരു ഭാഗം ഇന്നു അവശേഷിക്കുന്നുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചയോടൊപ്പം വന്ന പുത്തന്‍കളികള്‍ നാടന്‍കളികളില്‍ പലതിനെയും തോല്‍പ്പിച്ച് അപ്രത്യക്ഷമാക്കി. പുത്തന്‍കളികളില്‍ നിന്ന് പലതും ഉള്‍ക്കൊണ്ട് കാലാനുസൃതമായി മാറാനുള്ള ശേഷി മിക്ക നാടന്‍കളികള്‍ക്കുമില്ലായിരുന്നു. അതുകൊണ്ടു തന്നെ അവ കളം വിട്ടു. നാടന്‍കളികള്‍ക്ക് സംഘടിതമത്സരങ്ങളോ വേദികളോ ജില്ലാ അടിസ്ഥാനമായെങ്കിലുമുള്ള ടൂര്‍ണ്ണമെന്റുകളോ നിയമാവലികളോ ഇല്ലാത്തതും ഈ അപ്രത്യക്ഷമാകലിനു വേഗം കൂട്ടി. കേരളത്തിന്റെ തനത് കായിക പ്രയോഗങ്ങളില്‍ ഒരു പരിധി വരെയെങ്കിലും പിടിച്ചു നില്‍ക്കുന്നത് കളരിപ്പയറ്റാണ്. അഭ്യാസമുറയായിരുന്ന കളരിപ്പയറ്റിന് പുത്തന്‍ ആയുധങ്ങളുടെ വരവോടെ ആ നിലയ്ക്കുള്ള പ്രസക്തി നഷ്ടപ്പെടുകയും ക്രമേണ ഒരു കായിക വിനോദമായി പരിണാമം സംഭവിക്കുകയുമാണുണ്ടായത്.

ക്രിക്കറ്റ്
മിക്ക ആധുനിക വിനോദങ്ങളും കേരളത്തിലെത്തിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രചാരവും അന്തസ്സും ലഭിച്ചതോടെ ഇംഗ്ലീഷുകാര്‍ കൊണ്ടു വന്ന കളികള്‍ക്കും മലയാളികള്‍ക്കിടയില്‍ അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ മലയാളി ആദ്യം 'തറവാട്ടില്‍ കയറ്റിയ' വിദേശ കളിയായിരുന്നു ക്രിക്കറ്റ്. പഴശ്ശിരാജാവിനെ തളയ്ക്കാന്‍ ബ്രിട്ടീഷ് പടനയിച്ചെത്തിയ ആര്‍തര്‍ വെല്ലസ്ലി (ഡ്യുക് ഓഫ് വെല്ലിങ്ടണ്‍) യാണ് കേരളത്തില്‍ ക്രിക്കറ്റ് കൊണ്ടു വന്നത്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലബാറില്‍ പലതവണയെത്തിയ (പിന്നീട് തലശ്ശേരിയില്‍ തമ്പടിച്ച) വെല്ലസ്ലി തലശ്ശേരിയിലെ തന്റെ ബംഗ്ലാവിനു മുന്നില്‍ ആദ്യമായി സ്റ്റമ്പുകള്‍ നാട്ടി. വെല്ലസ്ലിയിലൂടെ തലശ്ശേരിക്കാര്‍ ക്രിക്കറ്റ് പഠിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ തലശ്ശേരിയില്‍ നടന്നു. നിരവധി തറവാടുകള്‍ സ്വന്തം പേരില്‍ ക്രിക്കറ്റ് ടീമുകള്‍ രൂപവത്ക്കരിച്ചു. അവരില്‍ പ്രമുഖരായിരുന്ന മമ്പാണി തറവാട്ടുകാരിലൂടെ മധ്യ, തെക്കന്‍ കേരളത്തിലും ക്രിക്കറ്റ് പ്രചരിച്ചു. പ്രൗഢമായ ചരിത്രം കേരളത്തിലെ ക്രിക്കറ്റിന് ഉണ്ടെങ്കിലും അമ്പതുകള്‍ക്കുശേഷം ആ ഗരിമ നിലനിര്‍ത്താനായില്ല. രഞ്ജി ട്രോഫിയില്‍ പോലും ശക്തമായ സാന്നിധ്യമുളവാക്കാനും കേരളത്തിന് കഴിഞ്ഞില്ല. മികച്ച താരങ്ങളുണ്ടായിട്ടും കേരളത്തിന്റെ രഞ്ജി ദൗത്യങ്ങള്‍ക്ക് തിളക്കം കുറവായിരുന്നു. ദേശീയ ടീമിലെ മലയാളി സാന്നിധ്യത്തിനും പെരുമ കുറവായിരുന്നു. ടിനു യോഹന്നാനും എസ്. ശ്രീശാന്തുമാണ് ഇന്ത്യന്‍ ടീമില്‍ കളിച്ച രണ്ടു മലയാളികള്‍.

ഫുട്‌ബോള്‍
കേരളത്തിലെ ഏറ്റവും ജനപ്രിയമായ കളികളിലൊന്നാണ് ഫുട്‌ബോള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മലയാളികള്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. ലോക ഫുട്‌ബോളില്‍ ഇന്ത്യ വലിയ ശക്തിയൊന്നുമല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളം അതിശക്തരാണ്. സന്തോഷ് ട്രോഫിയിലെ റെക്കോര്‍ഡ് വിജയങ്ങളും പ്രതിഭാശാലികളായ കളിക്കാരും കേരളത്തിന്റെ ഫുട്‌ബോളിനെ ദേശീയതലത്തില്‍ വ്യതിരിക്തമാക്കുന്നു.

വോളിബോള്‍
1920 - കളിലാണ് വോളിബോള്‍ കേരളത്തിലെത്തിയത്. നാല് ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വോളിയിലെ നിര്‍ണ്ണായക ശക്തിയായി കേരളം മാറി. നിരവധി അന്താരാഷ്ട്ര താരങ്ങളേയും കേരളം സംഭാവന ചെയ്തു. ലോകത്തിലെ തന്നെ 10 മികച്ച വോളി കളിക്കാരില്‍ ഒരാളായി പാശ്ചാത്യകായികലോകം തന്നെ വാഴ്ത്തിയ ജിമ്മി ജോര്‍ജ്ജ് ആണ് അവരില്‍ പ്രമുഖന്‍. ദേശീയ വോളിയിലും കേരളം പലതവണ ചാമ്പ്യന്‍മാരായി.

അത്‌ലറ്റിക്‌സ്
കേരളത്തില്‍ അത്‌ലറ്റിക്‌സിന് അസാധാരണമായ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. ഒരു പക്ഷേ അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവുമധികം കായിക താരങ്ങളെ കേരളം സമ്മാനിച്ചതും അത്‌ലറ്റിക്‌സിനാണ്. 1920 - ലെ പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത, ആദ്യമലയാളി ഒളിമ്പ്യന്‍ സി.കെ. ലക്ഷ്മണന്‍, ഏഷ്യയിലാദ്യമായി എട്ടു മീറ്റര്‍ ചാടിയ ടി. സി. യോഹന്നാന്‍, നാല് ഇനങ്ങളില്‍ വളരെക്കാലം ദേശീയ ചാമ്പ്യനായിരുന്ന സുരേഷ് ബാബു, ഏഷ്യയിലെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പി. ടി. ഉഷ, നിരവധി ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ നേടിയ ഷൈനി എബ്രഹാം, കെ. എം. ബീനാമോള്‍, ലോക അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ്ജ് എന്നിവരടക്കം അന്താരാഷ്ട്ര നിലവാരമുള്ള നിരവധി അത്‌ലറ്റിക്‌സ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്.

മറ്റു കളികള്‍
ബാസ്ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവയ്ക്ക് കേരളത്തില്‍ ശരാശരി പ്രചാരമേ ലഭിച്ചിട്ടുള്ളൂ. സ്കൂള്‍, കോളേജ് ടീമുകളും ക്ലബ്ബുകളുമാണ് സാധാരണ കേരളത്തില്‍ ബാസ്ക്കറ്റ്‌ബോള്‍ കളിക്കുന്നത്. നാട്ടുകാരുടെ സ്വന്തം കളിയായി ഇത് ഇനിയും മാറിയിട്ടില്ല. ബാഡ്മിന്റണില്‍ യു. വിമല്‍കുമാറിനെ പോലുള്ള അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഈ കളിയും ശരാശരി മാത്രം ജനകീയമാണ്. നഗരങ്ങളിലാകട്ടെ ഇന്ന് ഇതൊരു വ്യായാമമുറയായി തീര്‍ന്നിട്ടുമുണ്ട്. ബാഡ്മിന്റണില്‍ തന്നെ ഷട്ടില്‍ ബാഡ്മിന്റണിനാണ് കേരളത്തില്‍ പ്രചാരം. ബോള്‍ബാഡ്മിന്റണ്‍ ന്യൂന പക്ഷം മാത്രമേ കളിക്കുന്നുള്ളൂ. ഷട്ടില്‍ ബാഡ്മിന്റണില്‍ മലയാളിയായ ആദ്യത്തെ ഇന്ത്യന്‍ ജൂനിയര്‍ നാഷണല്‍ താരം ജസ്സി ഫിലിപ്പ് ആദ്യകാലത്ത് കേരളത്തിന്റെ യശസ്സറിയിച്ചു. ലതാ കൈലാസ്, നോറിന്‍ പാളാ, എന്നിവര്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റായ യൂബര്‍ കപ്പില്‍ കളിച്ചിട്ടുണ്ട്. ജോര്‍ജ്ജ് തോമസ്, കൃഷ്ണകുമാര്‍ എന്നീ ജൂനിയര്‍ താരങ്ങള്‍ എബിസി ടൂര്‍ണമെന്റില്‍ വെങ്കലം നേടിയിട്ടുണ്ട്. ടെന്നീസിന് ധാരാളം ആരാധകരുണ്ടെങ്കിലും കളിക്കാര്‍ നന്നേ കുറവാണ്. തിരുവനന്തപുരത്ത് മുപ്പതുകള്‍ മുതല്‍ തന്നെ ടെന്നീസ് കളിച്ചിരുന്നു. മഹാരാജാസ് കോളേജായിരുന്നു (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ആദ്യകാലത്ത് ടെന്നീസ് കളിയുടെ ആസ്ഥാനം. കോളേജ് വിദ്യാഭ്യാസകാലത്ത് താന്‍ മികച്ചൊരു ടെന്നീസ് കളിക്കാരനായിരുന്നതായി, യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും നിരൂപകനുമായിരുന്ന എസ്. ഗുപ്തന്‍ നായര്‍, തന്റെ ആത്മകഥയായ 'മനസാ സ്മരാമിയില്‍' രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്റായ 'കേരള ഓപ്പണ്‍ - 2007' സംഘടിപ്പിച്ചുകൊണ്ട് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് 2007 മെയില്‍ ഈ രംഗത്ത് ചില ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ ചെലവുമൊക്കെ സാധാരണക്കാരെ ഈ രംഗത്ത് നിന്ന് അകറ്റുന്നു.

തെക്കന്‍ ജില്ലകളില്‍ നീന്തലിന് ഒരു കായിക മത്സരം എന്ന നിലയിലും വലിയ പ്രചാരമുണ്ട്. വില്‍സണ്‍ ചെറിയാന്‍, രാധാകൃഷ്ണന്‍, ഓമനകുമാരി തുടങ്ങിയ ദേശീയ താരങ്ങളെ കേരളം സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പിരപ്പന്‍കോട് ആണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ നീന്തല്‍ കേന്ദ്രം. നീന്തലിലൂടെ ഒരു ഗ്രാമം മുഴുവനും രക്ഷപ്പെട്ട ചരിത്രമാണ് പിരപ്പന്‍കോടിനുള്ളത്. തിരുവനന്തപുരം ജില്ലാ അക്വാടിക് ചാമ്പ്യന്‍ഷിപ്പ് മിക്കപ്പോഴും പിരപ്പന്‍കോടുകാരുടെ മാത്രം മത്സരമാണ്. 2007 മെയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പിരപ്പന്‍കോട് പ്രിയദര്‍ശിനി ക്ലബ്ബ് തുടര്‍ച്ചയായി 15-ാം തവണയും ചാമ്പ്യന്‍മാരായി.

3.18
Babu Paul Jul 02, 2018 03:44 AM

വിവിധ മേഖലകൾ - എന്ന വിഭാഗത്തിലെ അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നു.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top