Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

ആലപ്പുഴ

കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെ വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്‌നിക് കേന്ദ്രമാണ് ആലപ്പുഴ. 137 വര്‍ഷം പഴക്കമുള്ള പുരാതനമായ ഒരു കടല്‍പാലം ബീച്ചിലുണ്ട്. സമീപമുള്ള വിജയ ബീച്ച് പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകരും. ബീച്ചിലെ പഴക്കം ചെന്ന ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഹൗസ്‌ബോട്ട് സഞ്ചാരമാണ് ആലപ്പുഴ പകരുന്ന മറ്റൊരു ഹൃദ്യാനുഭവം. പഴയ കെട്ടുവള്ളങ്ങളാണ് പരിഷ്‌കരിച്ച് ഹൗസ് ബോട്ടുകളാക്കി മാറ്റിയിരിക്കുന്നത്. ടണ്‍ കണക്കിന് അരിയും സുഗന്ധദ്രവ്യങ്ങളും മറ്റും ദൂരെയുള്ള കമ്പോളങ്ങളിലെത്തിക്കാനാണ് മുന്‍പ് വലിയ കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നത്. മരപ്പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി നിര്‍മ്മിക്കുന്നതിനാലാണ് കെട്ടു വള്ളങ്ങള്‍ക്ക് ആ പേരു ലഭിച്ചത്.ആധുനിക കാലത്തെ ഹൗസ്‌ബോട്ടുകള്‍ ഒരാഡംബര ഹോട്ടലിലെ എല്ലാ സൗകര്യങ്ങളുമുള്ളവയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികള്‍, ആധുനിക ടോയ്‌ലറ്റ്, സ്വീകരണമുറി, അടുക്കള, ബാല്‍ക്കണി തുടങ്ങിയവയെല്ലാം ഹൗസ്‌ബോട്ടിലുണ്ട്.

യാത്രാസൗകര്യം

 • സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ ബീച്ചില്‍ നിന്ന് 5 കി. മീ.
 • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 85 കി. മീ.

ബേക്കല്‍

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും മാത്രമല്ല ദൈവങ്ങളുടെ കൂടി നാടാണിതെന്ന് പറയാറുണ്ട്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമെന്ന നിലയില്‍ ബേക്കല്‍ കോട്ടയുടെ സാന്നിദ്ധ്യം കാസര്‍കോടിനെ ശ്രദ്ധേയമാക്കുന്നു. കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നാണറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ വികസനത്തിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. സമീപത്ത് ഒരു ഭിത്തിയില്‍ നിലമ്പൂരില്‍ നിന്നുള്ള കലാകാരന്മാര്‍ പരമ്പരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡന്‍ പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നു. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങള്‍ സദാ തണല്‍ നല്‍കുന്നു. പാര്‍ക്കിംഗ് സൗകര്യം : ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കൗണ്‍സില്‍ 7000 ചതുരശ്ര മീറ്റര്‍ സ്ഥലം വാഹന പാര്‍ക്കിംഗിനായി തയ്യാറാക്കിയിട്ടുണ്ട്.

നടപ്പാത :

കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം നടപ്പാത ഒരുക്കിയിരിക്കുന്നു. ഇവിടെ നിന്ന് ബേക്കല്‍ കോട്ടയും കാണാം.

ദീപാലങ്കാരങ്ങള്‍ :

വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയും. ഇതുമൂലം അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ സാധിക്കുന്നു.

വിശ്രമസൗകര്യങ്ങള്‍ :

കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളുണ്ട്. ഇതിനായി തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചിരിക്കുന്നു.

ടോയ്‌ലറ്റുകള്‍ :

ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളുണ്ട്. മുള കൊണ്ടുള്ള മാലിന്യ കൂടകള്‍ ബീച്ചിലെമ്പാടും വെച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ശുചിത്വം ഉറപ്പാക്കാന്‍ ഇതു വഴി സാധിക്കുന്നു.

കുട്ടികളുടെ പാര്‍ക്ക് :

14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കുണ്ട്.ആളൊന്നിന് ഒരു രൂപ മാത്രമാണ് ഇവിടെയുള്ള പ്രവേശന ഫീസ്. വാഹന പാര്‍ക്കിംഗിനും ന്യായമായ ഒരു തുക ഈടാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ഇവിടം പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. 19 ഏക്കര്‍ സ്ഥലത്ത് 2.5 കോടി രൂപ ചെലവഴിച്ചാണ്. ബീച്ച് വികസിപ്പിച്ചെടുത്തത്. സമീപ ഭാവിയില്‍ മറ്റൊരു 11 ഏക്കര്‍ സ്ഥലത്ത് വാട്ടര്‍തീം പാര്‍ക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ആഞഉഇ ഉദ്ദേശിക്കുന്നു.


യാത്രാസൗകര്യം

 • സമീപ റെയില്‍വെ സ്റ്റേഷന്‍ : കാസര്‍കോട്
 • സമീപ വിമാനത്താവളങ്ങള്‍ : മംഗലാപുരം, കാസര്‍കോട് നിന്ന് 50 കി. മീ. / കരിപ്പൂര്‍, കോഴിക്കോട് കാസര്‍കോട് നിന്ന് 200 കി. മീ.

ഫോര്‍ട്ട് കൊച്ചി

ഈ ചരിത്രഭൂമിക നന്നായി മനസ്സിലാക്കാന്‍ കാല്‍നടയായി സഞ്ചരിക്കുകയാണുത്തമം. അലസമായി പരുത്തി വസ്ത്രം ധരിച്ച്, മൃദുവായ ഷൂസുമണിച്ച്, തലയില്‍ ഒരു തൊപ്പി കൂടി വച്ചാല്‍ പൂര്‍ണ്ണമായി. കടല്‍ കാറ്റാസ്വദിച്ച് ഒരു നടത്തം. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. നിങ്ങള്‍ക്ക് ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളിലൂടെ നടക്കാതിരിക്കാനാവില്ല.

കെ. ജെ. മാര്‍ഷല്‍ റോഡിലൂടെ ഇടത്തോട്ടു നടന്നാല്‍ ഇമ്മാനുവല്‍ കോട്ട കാണാം. കൊച്ചി മഹാരാജാവും പോര്‍ട്ടുഗീസുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്മാരകമായ ഈ കോട്ട മുന്‍പ് പോര്‍ട്ടുഗീസുകാരുടെ സ്വന്തമായിരുന്നു. 1503-ല്‍ പണികഴിപ്പിച്ച ഇമ്മാനുവല്‍ കോട്ട 1538 ല്‍ പുതുക്കി. അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ ഡച്ചു സെമിത്തേരിയായി. കാണാം. 1724 മുതല്‍ ഉപയോഗിക്കുന്ന ഈ സെമിത്തേരി CSI സഭയുടെ കൈവശമാണിന്നുള്ളത്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാന്‍ ജന്മനാട് വിട്ടിറങ്ങിയ യൂറോപ്യന്‍മാരെയാണ് ഇവിടുത്തെ പഴയകാലസ്മാരകശിലകള്‍ ഓര്‍മ്മിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്തിന്റെ സമൂര്‍ത്ത പ്രതീകമായി താക്കൂര്‍ ഹൗസ് നില്‍ക്കുന്നു. കുനല്‍ എന്നും ഹില്‍ ബംഗ്ലാവ് എന്നും അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍മാരാണ് താമസിച്ചിരുന്നത്. പ്രമുഖ തേയില വ്യാപാരികളായ താക്കൂര്‍ ആന്റ് കമ്പനിയുടെ കൈവശമാണ് ഈ കെട്ടിടമിപ്പോള്‍.

അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ കൊളോണിയല്‍ കാലത്തെ മറ്റൊരു മന്ദിരം നിങ്ങളെ കാത്തു നില്‍ക്കുന്ന - ഡേവിഡ് ഹാള്‍. 1695-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആണിത് നിര്‍മ്മിച്ചത്. ഡച്ച് കമാന്‍ഡറായ ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്‍ റീഡ് ടോട് ട്രാകെസ്റ്റണുമായി ബന്ധപ്പെട്ടതാണ് ഈ കെട്ടിടം. ട്രാകെസ്റ്റണ്‍ പക്ഷെ ഏറെ പ്രശസ്തനായത് കേരളത്തിലെ സസ്യലതാദികളെക്കുറിച്ചുള്ള തന്റെ ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പേരിലാണ്. പിന്നീട് ഈ കെട്ടിടം സ്വന്തമാക്കിയ ഡേവിഡ് കോഡറിന്റെ പേരിലാണ് ഡേവിഡ് ഹാള്‍ ഇന്നറിയപ്പെടുന്നത്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും സൈനിക പരേഡുകള്‍ നടത്തിയ പരേഡ് ഗ്രൗണ്ടാണ് അടുത്തത്.

അതു കഴിഞ്ഞാല്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ചര്‍ച്ചാണിത്. 1503-ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക്് വിധേയമായി. ഇന്ന് CSI സഭയുടെ കൈവശമാണ് പള്ളി. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്തത് ഇവിടെയാണ്. അന്നത്തെ സ്മാരകശില ഇന്നും കാണാം. അറബിക്കടലില്‍ നിന്നുള്ള കടല്‍കാറ്റു നിറയുന്ന ചര്‍ച്ച് റോഡിലൂടെ സായന്തനങ്ങളില്‍ നടന്നു പോവുന്നത് എത്ര ഉന്‍മേഷദായകമായ അനുഭവമാണ്. ഈ നടത്തത്തിനിടയില്‍ കടലിനടുത്തായി നമുക്ക് കൊച്ചിന്‍ ക്ലബ് കാണാം. നല്ല ഒരു ലൈബ്രറിയും ചുറ്റും പൂന്തോട്ടവുമുള്ള ക്ലബ് ഇന്നും ഒരു ബ്രിട്ടീഷ് അന്തരീക്ഷം നിലനിര്‍ത്തുന്നത് കൗതുകകരമാണ്. ചര്‍ച്ച് റോഡിലാണ് ബാസ്റ്റിയന്‍ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. 1667-ല്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ മന്ദിരം ഇന്തോ-യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമാണ്. ഇപ്പോള്‍ സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണിത്. വാസ്‌കോഡഗാമ സ്‌ക്വയറും സമീപത്തു തന്നെയാണ്. ഇവിടെ വീതികുറഞ്ഞ നടപ്പാതയിലൂടെ അലസമായി നടക്കാം. വ്യത്യസ്തതരം മത്സ്യവിഭവങ്ങളും ഇളനീരും മറ്റും കിട്ടുന്ന ചെറുകടകള്‍ ഇവിടെയുണ്ട്. ഇടയ്ക്കിടെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ചീനവലകളും കാണാം.

കുബ്ലാഖാന്റെ സദസില്‍ നിന്നും വന്ന വ്യാപാരികള്‍ AD 1350 നും 1450 നും ഇടയ്‌ക്കെപ്പഴോ നമ്മെ പരിചയപ്പെടുത്തിയതാണ് ചീനവലകളെന്ന് കരുതപ്പെടുന്നു. ഒരിക്കല്‍ പ്രമുഖ കാപ്പി വ്യവസായികളായിരുന്ന പിയേഴ്‌സ് ലസ്ലി കമ്പിനിയുടെ ആസ്ഥാനമായി വിരാജിച്ച പിയഴ്‌സ് ലസ്‌ലി ബംഗ്ലാവും തീര്‍ച്ചയായും കാണേണ്ടുന്ന ഒരു മന്ദിരമാണ്. ഇവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ പഴയ ഹാര്‍ബര്‍ ഹൗസിലെത്താം. 1808 ല്‍ പ്രമുഖ തേയില ബ്രോക്കര്‍മാരായ കാരിയറ്റ് മോറന്‍സിന്റെ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. ഇതേവര്‍ഷം തന്നെ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ സാമുവല്‍ എസ്. കോഡര്‍ പണി കഴിപ്പിച്ച കോഡര്‍ ഹൗസാണ് തൊട്ടടുത്ത്. ഈ കെട്ടിടങ്ങളെല്ലാം കൊളോണിയല്‍ ആര്‍കിടെക്ചറല്‍ ശൈലിയില്‍ നിന്ന് ഇന്തോ-യൂറോപ്യന്‍ ശൈലിയിലേക്കുള്ള സംക്രമണത്തെ പ്രതിഫലിപ്പിക്കുന്നു. വീണ്ടും വലത്തേക്ക്, നാം പ്രിന്‍സസ് സ്ട്രീറ്റിലെത്തും. ഇരുവശങ്ങളിലും യൂറോപ്യന്‍ ശൈലിയിലുള്ള വാസസ്ഥലങ്ങള്‍ നിറഞ്ഞ ഈ തെരുവ് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന തെരുവുകളിലൊന്നാണ്. ഉല്ലാസപ്രിയര്‍ക്ക് വന്നിരിക്കാവുന്ന ലോഫേഴ്‌സ് കോര്‍ണര്‍ (Loafer's Corner) ഇവിടെയാണ്. ലോഫേഴ്‌സ് കോര്‍ണറില്‍ നിന്ന് വടക്കോട്ട് നടന്ന് സാന്താക്രൂസ് ബസിലിക്കക്കു മുന്നിലെത്താം. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം 1558-ല്‍ പോള്‍ നാലാമന്‍ മാര്‍പാപ്പയാണ് കത്തീഡ്രലായി ഉയര്‍ത്തിയത്. 1984 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ബസലിക്കയായി പ്രഖ്യാപിച്ചു. ബര്‍ഗര്‍ തെരുവും ഇപ്പോള്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റാ സ്റ്റഡി കെട്ടിടവും കണ്ട ശേഷം പ്രിന്‍സസ് സ്ട്രീറ്റുവഴി റോസ് സ്ട്രീറ്റിലെത്താം. വാസ്‌കോഡഗാമ താമസിച്ചിരുന്നതെന്നു കരുതപ്പെടുന്ന വാസ്‌കോ ഹൗസ് ഇവിടെയാണ്. ഈ പരമ്പരാഗത യൂറോപ്യന്‍ കെട്ടിടം കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള പോര്‍ട്ടുഗീസ് വാസസ്ഥലങ്ങളിലൊന്നാണ്. ഇവിടെ നിന്ന് ഇടത്തേക്ക് റിഡ്‌സ്‌ഡേയ്ല്‍ റോഡിലേക്കു തിരിഞ്ഞാല്‍ VOC ഗേറ്റ് കാണാം. പരേഡ് ഗ്രൗണ്ടിനഭിമുഖമായി നില്‍ക്കുന്ന വലിയ മരഗേറ്റാണ് വി.ഒ.സി. ഗേറ്റ്.

1740 ല്‍ നിര്‍മ്മിച്ച ഈ ഗേറ്റില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചിഹ്നം തെളിഞ്ഞു കാണാം. ഈ ചിഹ്നത്തില്‍ നിന്നാണ് ഗേറ്റിന് വി.ഒ.സി. എന്ന പേര് ലഭിച്ചത്. ഇതിന് സമീപത്താണ് യുണൈറ്റഡ് ക്ലബ്. കൊച്ചിയിലെ ബ്രിട്ടീഷുകാരായ ഉന്നതന്‍മാര്‍ക്കായി ഉണ്ടായിരുന്ന നാല് ക്ലബ്ബുകളിലൊന്നായിരുന്നു ഇത്. ഇപ്പോള്‍ സെന്റ് ഫ്രാന്‍സിസ് പ്രൈമറി സ്‌കൂളിന്റെ ഒരു ക്ലാസ് മുറിയായി ഈ കെട്ടിടം ഉപയോഗിക്കുന്നു. ഇതുവഴി നേരെ നടന്നാല്‍ ഈ റോഡിന്റെ അവസാനം 1506-ല്‍ നിര്‍മ്മിക്കപ്പെട്ട ബിഷപ് ഹൗസ് കാണാം. പോര്‍ട്ടുഗീസ് ഗവര്‍ണറുടെ വാസസ്ഥലമായിരുന്നു പരേഡ് ഗ്രൗണ്ടിനടുത്ത് ചെറുകുന്നിനു മുകളിലുള്ള ഈ കെട്ടിടം. ഗോഥിക് ശൈലിയിലുള്ള ആര്‍ച്ചുകള്‍ പ്രത്യേക ഭംഗി പകരുന്ന മന്ദിരം കൊച്ചി ഇടവകയുടെ 27-മത്തെ ബിഷപ്പ് ഡോം ജോസ് ഗോമസ് ഫെരേര ഏറ്റെടുത്തു. ഇന്ത്യയ്ക്കു പുറമെ ബര്‍മ, മലേഷ്യ, ശ്രീലങ്ക എന്നിവയുടെയും ബിഷപ്പായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചിയിലെ സഞ്ചാരം അവസാനിപ്പിക്കാന്‍ സമയമായി. ഇവിടെ കണ്ട കാഴ്ചകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

കോവളം

കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്. 1930-കള്‍ മുതല്‍ യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. അതിനാല്‍ കടല്‍ സ്‌നാനത്തിന് പറ്റിയ വിധം കടല്‍ ഈ ഭാഗത്ത് ശാന്തമായിരിക്കും.വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങള്‍ കോവളത്ത് ഒത്തു ചേരുന്നു.

സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ്, കലാപരിപാടികള്‍ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്. ഉച്ചയോടെയാണ് കോവളം ബീച്ചുണരുന്നത്. രാത്രി വൈകുവോളം ബീച്ച് സജീവമായിരിക്കും. കുറഞ്ഞ വാടകയ്ക്കുള്ള കോട്ടേജുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സൗകര്യങ്ങള്‍, നീന്തല്‍ കുളങ്ങള്‍, യോഗാപരിശീലന സ്ഥലങ്ങള്‍, ആയുര്‍വേദ മസാജ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബീച്ചിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി. മീ. അകലെയാണ് ഈ സ്വപ്‌നതീരം. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം.

തിരുവനന്തപുരം നഗരത്തിനും പരിസരത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. നേപ്പിയര്‍ മ്യൂസിയം, ശ്രീ ചിത്ര ആര്‍ട് ഗ്യാലറി, പത്മനാഭ സ്വാമി ക്ഷേത്രം, പൊന്‍മുടി എന്നിവ ഇതില്‍ ചിലതു മാത്രം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്. എം. എസ്. എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കേരള തനിമയുള്ള കൗതുക വസ്തുക്കള്‍ വാങ്ങാനും കഴിയും. സന്ദര്‍ശനത്തിന് ഉചിതമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ. സ്ഥാനം : തിരുവനന്തപുരത്തു നിന്ന് 16 കി.മി വരെ. യാത്രാ സൗകര്യം.

 • സമീപ റെയില്‍വേ സ്റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍., 16. കി.മി വരെ
 • സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10. കി.മി.
 • കുമരകം

  ഒരു കൂട്ടം ചെറു ദ്വീപുകളുടെ കൂട്ടമായ കുമരകത്ത് 14 ഏക്കറിലായി പരന്നു കിടക്കുന്ന ഒരു പക്ഷിസങ്കേതമുണ്ട്. ദേശാടനക്കിളികളുടെ പ്രിയതാവളമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ തന്നെയാണ്. കൊറ്റികള്‍, പൊന്മാനുകള്‍, ഞാറ, കുയില്‍, ഇരണ്ട, കുളക്കോഴി, താറാവ് തുടങ്ങിയവയ്‌ക്കൊപ്പം ദേശാടനപക്ഷികളായ സൈബീരിയന്‍ കൊറ്റികളും കൂട്ടങ്ങളായി കുമരകത്ത് തമ്പടിച്ചിരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ഏറ്റവും ഉചിതമായത് ഒരു ബോട്ട് സഞ്ചാരമാണ്.

  കുമരകത്തെ ഉല്ലാസ സാധ്യതകള്‍ ഇവിടെ തിരുന്നില്ല. ഒരു പഴയ കാല ബംഗ്ലാവ് സഞ്ചാരികള്‍ക്കു വേണ്ടി റിസോര്‍ട്ടാക്കി പരിവര്‍ത്തനം ചെയ്തു. ടാജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ ബോട്ടിംഗിനും ചൂണ്ടയിടലിനുമൊക്കെ സൗകര്യമുണ്ട്.

  കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വാട്ടര്‍സ്‌കേപ്‌സില്‍ തെങ്ങിന്‍ തോ്പ്പുകളുടെ ഇടയിലുള്ള കോട്ടേജുകളാണുള്ളത്.

  യാത്രാസൗകര്യം

  സമീപ റെയില്‍വെ സ്റ്റേഷന്‍ : കോട്ടയം 16 കി. മീ. അകലെ

  സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, കോട്ടയത്തു നിന്ന് 76 കി. മീ. അകലെ.

  മൂന്നാര്

  തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു.

  വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.

  മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.

  ഇരവികുളം ഉദ്യാനം

  മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്പ് ഇങ്ങനെ മലനിറഞ്ഞ് കുറിഞ്ഞി പൂത്തത് 2006ലാണ്.

  ആനമുടി

  ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.

  മാട്ടുപെട്ടി

  മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രൊജക്ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.

  പള്ളിവാസല്‍

  മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.

  മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.

  ആനയിറങ്ങല്‍

  ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.

  ടോപ്‌സ്റ്റേഷന്‍

  സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.

  തേയില മ്യൂസിയം

  മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്പര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.

  യാത്രാസൗകര്യം

  സമീപ റെയില്‍വെ സ്റ്റേഷന്‍ : - തേനി (തമിഴ്‌നാട്), ഏകദേശം 60 കി. മീ.; ചങ്ങനാശ്ശേരി, ഏകദേശം 93 കി. മീ.

  സമീപ വിമാനത്താവളം : - മധുര (തമിഴ്‌നാട്) ഏകദേശം 140 കി. മീ.; കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.

  തേക്കടി

  സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ - 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരവും.

  മഴ - 2500 മി. മീറ്റര്‍.

  തേക്കടി എന്ന് കേട്ടാലുടന്‍ മനസ്സില്‍ വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്.

  തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്.

  ജില്ലയിലെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കുന്നിന്‍പുറ പട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിംഗില്‍ താത്പര്യമുളളവരെ ഏറെ ആകര്‍ഷിക്കും

  റോഡ് മാര്‍ഗ്ഗമുള്ള യാത്ര

  കുമളിയില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് എപ്പോഴും ബസ് ലഭിക്കും.

  തേക്കടിയില്‍ നിന്ന് പ്രമുഖ പട്ടണങ്ങളിലേക്കുള്ള ദൂരം

  കുമളി 4 കി.മി. ( 15 മിനിട്ട്)

  പുല്ലുമേട് 50 കി.മി. ( 2 മണിക്കൂര്‍)

  ഇടുക്കി 65 കി.മി. (2 1/2 മണിക്കൂര്‍)

  മൂന്നാര്‍ 106 കി.മി. (4 മണിക്കൂര്‍)

  കുമരകം. 128 കി.മി. (4 മണിക്കൂര്‍)

  എരുമേലി 134 കി.മി. (4 മണിക്കൂര്‍)

  കൊടൈക്കനാല്‍ 149 കി.മി. (5 മണിക്കൂര്‍)

  ആലപ്പുഴ 164 കി.മി. (5 മണിക്കൂര്‍)

  കൊല്ലം 220 കി.മി. (6 മണിക്കൂര്‍)

  ഊട്ടി 390 കി.മി. (11 മണിക്കൂര്‍)

  കുമളിയില്‍ നിന്നുള്ള ബസുകളുടെ സമയക്രമം.

  തേക്കടി 9.30,10.45, 11.30, 12.00, 12.30, 13.30, 15.30, hrs.

  കുമരകം 7 00 hrs.

  മൂന്നാര്‍ 6.00. hrs, 09.45 Hrs., 13.30 hrs.

  എറണാകുളം 07.00 , 13.30,15.15, 16.30, 17:15, 19:30. hrs

  തിരുവനന്തപുരം (കുമളിയില്‍ നിന്ന്) 08.40,15.30,16.15 hrs (തേക്കടിയില്‍ നിന്ന്) 08.20, 15.15 hrs

  കോട്ടയത്തിന് എപ്പോഴും ബസ് ലഭിക്കും

  ആലപ്പുഴ 11.15 hrs

  ചേര്‍ത്തല 14.15 hrs

  ഇടുക്കിക്ക് എപ്പോഴും ബസ് ലഭിക്കും

  ചെന്നെ 16.30, 19.00 hrs

  പോണ്ടിച്ചേരി 16.30 , hrs

  മധുര എപ്പോഴും ബസ് ലഭിക്കും

  ഡിണ്ടിഗല്‍ എപ്പോഴും ബസ് ലഭിക്കും

  കൊടൈക്കനാല്‍ : കുമളിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് നേരിട്ട് ബസില്ല. ഡിണ്ടിഗല്‍ ബസില്‍ വാതലകുണ്ടിലിറങ്ങിയാല്‍ അവിടെ നിന്ന് കൊടൈക്കനാല്‍ ബസ് എപ്പോഴുമുണ്ടാകും. 149. കി.മി.

  ട്രിച്ചി 08.55, 10.45 19.25 hrs. പളനി. 09.30, 11.35, 18.30, 18.50 hrs

  സസ്യജാലം

  ഏകദേശം 1965 പുഷ്പിക്കുന്ന സസ്യങ്ങള്‍ ഇവിടെയുണ്ട്. പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട 171 ചെടികളും 143 തരം ഓര്‍ക്കിടുകളും മൂന്നാറില്‍ കാണാം.

  ജന്തു ജാലം

  സസ്തനികള്‍ : കാട്ടാന, മ്ലാവ്, മാന്‍, വരയാട്, തുടങ്ങിയവയ്ക്കു പുറമെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ് , മലയണ്ണാന്‍, കടുവ, കാട്ടുപൂച്ച, തുടങ്ങി നിരവധി ജീവികളെ ഇവിടെ കണ്ടെത്താനാവും.

  പക്ഷികള്‍ :

  ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 265 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. മരംകൊത്തി, പൊന്‍മാന്‍, വേഴാമ്പല്‍, കാട്ടുമൈന, തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

  ഉരഗങ്ങള്‍ :

  മൂര്‍ഖന്‍, അണലി, തുടങ്ങിയവയ്ക്കു പുറമെ നിരവധി വിഷമില്ലാത്ത പാമ്പുകളും ഈ മലനിരകളിലും താഴ്‌വരകളിലുമുണ്ട്.

  ഉഭയ ജീവികള്‍ :

  വിവിധ തരത്തിലുള്ള തവളകളാണ് ഉഭയജീവികളുടെ പട്ടികയിലുള്ളത്.

  പെരിയാര്‍ തടാകത്തിലും സമീപ ജലാശയങ്ങളിലും വ്യത്യസ്തമായ മത്സ്യ സമ്പത്തുണ്ട്. തടാകത്തിലെ ഏക സസ്തനിയായ നിര്‍നായെയും ഇടയ്ക്കിടെ കാണാം.

  തോട്ടങ്ങള്‍ :

  തേയില, ഏലം, കുരുമുളക്, കാപ്പി, എന്നിവ കൃഷി ചെയ്യുന്നവായാണ് ഇവിടുത്തെ തോട്ടങ്ങള്‍.

  വാച്ച് ടവറുകള്‍ :

  പെരിയാര്‍ വനത്തിനുള്ളില്‍ രണ്ട് വാച്ച് ടവറുകളാണുള്ളത്. തേക്കടി ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വാച്ച് ടവര്‍ ബുക്ക് ചെയ്യാം.

  ഫോണ്‍ : 322028

  വര്‍ക്കല

  സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്.

  സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.

  ബീച്ചിന് സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നു.

  ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഇവിടെ ലഭ്യമാണ്. നിരവധി മികച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ആയുര്‍വേദ മസാജ് സെന്ററുകളും വര്‍ക്കലയില്‍ ഉണ്ട്.

  മുഖ്യ ആകര്‍ഷണങ്ങള്‍ : ബീച്ച്, നീരുറവകള്‍, ശിവഗിരിമഠം, രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം.

  സ്ഥാനം : തിരുവനന്തപുരം ജില്ലയില്‍, തിരുവനന്തപുരം നഗരത്തില്‍ നിന്ന് 51. കിലോ മീറ്റര്‍ വടക്കും കൊല്ലത്ത് നിന്ന് 37 കി.മി. തെക്കും

  യാത്രാ സൗകര്യം

  സമീപ റെയില്‍വേസ്റ്റേഷന്‍ , വര്‍ക്കല, 3 കി.മി.

  സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 57. കി.മി.

  വയനാട്

  വിസ്തൃതി : 2132 ചതുരശ്ര കി. മീ.

  ജനസംഖ്യ : 6,71,195 (2001 -ലെ സെന്‍സസ് പ്രകാരം)

  സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍.

  2132 ചതുരശ്ര കി. മീ. സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധ്യനിക നാഗരികത കടന്നു ചെല്ലാത്ത ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണ്. അമ്പലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു. ഡക്കാണ്‍ പീഢ ഭൂമിയുടെ തെക്കേ അഗ്രത്താണ് വയനാടിന്റെ സ്ഥാനം ഭൗമ ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്നത്.

  സമീപ റെയില്‍വെ സ്റ്റേഷന്‍ : കോഴിക്കോട്

  സമീപ വിമാനത്താവളം : കോഴിക്കോട്

  ജില്ലയിലെ പ്രമുഖ പട്ടണങ്ങളും റെയില്‍വെ സ്റ്റേഷനും തമ്മിലുള്ള അകലം.

  കല്‍പറ്റ : കോഴിക്കോട് നിന്ന് 72 കി. മീ.

  മാനന്തവാടി : തലശ്ശേരിയില്‍ നിന്ന് 80 കി. മീ. / കോഴിക്കോട് നിന്ന് 106 കി. മീ.

  സുല്‍ത്താന്‍ ബത്തേരി : കോഴിക്കോട് നിന്ന് 97 കി. മീ.

  വൈത്തിരി : കോഴിക്കോട് നിന്ന് 60 കി. മീ.

  റോഡ് മാര്‍ഗ്ഗം : കോഴിക്കോട്, കണ്ണൂര്‍, ഊട്ടി, മൈസൂര്‍ (കല്‍പറ്റ നിന്ന് 140 കി. മീ. ) എന്നിവിടങ്ങളില്‍ നിന്നെല്ലാം വയനാട് റോഡുമാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു.

  ചെമ്പ്ര കൊടുമുടി

  സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും. കൊടുമുടിയുടെ മുകളില്‍ താമസിച്ചാല്‍ അവിസ്മരണീയമായ ഒരനുഭവമായിരിക്കും അത്.

  ചെമ്പ്രയില്‍ താമസ സൗകര്യം ആഗ്രഹിക്കുന്നവര്‍ കല്‍പ്പറ്റയിലുള്ള ജില്ലാ ടൂറിസം കൗണ്‍സില്‍ ഓഫിസുമായി ബന്ധപ്പെടുക.

  നീലിമല

  വയനാടിന്റെ തെക്കുകിഴക്കേ ഭാഗത്തു സ്ഥിതി ചെയ്യുന്ന നീലിമലയിലേക്ക് കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ എത്തിച്ചേരാം.

  ട്രക്കിംഗിനുള്ള നിരവധി കാനന പാതകള്‍ ഇവിടെയുണ്ട്. നീലിമലയുടെ മുകളില്‍ നിന്നും മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

  മീന്‍മുട്ടി

  നീലിമലയ്ക്കു തൊട്ടടുത്തായി കാണപ്പെടുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയില്‍ നിന്ന് 2 കി.മീ ദൂരം മാത്രമേ ഉള്ളു. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് താഴേക്കു പതിക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.

  ചെതലയം

  വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിക്ക് സമീപമാണ് ചെതലയം വെള്ളച്ചാട്ടം കാണപ്പെടുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തിയാല്‍ ചെതലയം ചെറിയ വെള്ളച്ചാട്ടമാണ്. പക്ഷിനിരീക്ഷകരുടെയും ട്രക്കിംഗ് പ്രിയരുടെയും ഇഷ്ട സ്ഥലമാണ.് ചെതലയത്തിന്റെ പരിസര പ്രദേശങ്ങള്‍.

  പക്ഷി പാതാളം

  സമുദ്രനിരപ്പില്‍ നിന്ന് 1700 ലധികം മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി കുന്നുകളില്‍ വനത്തിനുള്ളിലാണ് പക്ഷിപാതാളം. ഭീമാകാരമായ പാറകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ നിരവധി ഗുഹകള്‍ കാണപ്പെടുന്നു. അപൂര്‍വ്വ പക്ഷി മൃഗാദികളും ചെടികളും നിറഞ്ഞ പക്ഷി പാതാളം മാനന്തവാടിക്കു സമീപമാണ്. തിരുനെല്ലിയില്‍ നിന്ന് നിബിഡ വനത്തിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇവിടെ എത്തിച്ചേരാനാകൂ. നോര്‍ത്ത് വയനാട് DFO യില്‍ നിന്ന് ഇതിനുള്ള പ്രത്യേക അനുമതിയും വാങ്ങണം.

  ബാണാസുര സാഗര്‍ അണക്കെട്ട്

  മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.അണക്കെട്ടിന്റെ റിസര്‍വോയറില്‍ നിരവധി ചെറുദ്വീപുകള്‍ കാണാം. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്.

  വയനാടിന്റെ ഗന്ധവും ശബ്ദവും ആസ്വദിച്ചു കഴിഞ്ഞാല്‍ ഇവിടെ നിന്ന് തനിമയാര്‍ന്ന എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാനാവില്ല. കാപ്പി, തേയില, സുഗന്ധ ദ്രവ്യങ്ങള്‍, തേന്‍, മുള ഉല്‍പ്പന്നങ്ങള്‍, ഔഷധച്ചെടികള്‍ അങ്ങനെ പലതും ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.

  വയനാട് യാത്ര സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് ടൂറിസം ഓര്‍ഗനൈസേഷനുമായി ബന്ധപ്പെടാവുന്നതാണ്.

  വിലാസം
  ജനറല്‍ സെക്രട്ടറി
  വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍
  വാസുദേവ ഇടം, പൊഴുതണ പി.ഒ
  വയനാട്., കേരളം, ഇന്ത്യ
  പിന്‍ 673575
  ഫോണ്‍ : + 91 4936 255308, ഫാക്‌സ് + 91 4936 227341
  ഇമെയില്‍ mail@wayanad.org

  മുഴുപ്പിലങ്ങാട്

  സ്ഥാനം : കണ്ണൂരില്‍ നിന്ന് ഏകദേശം 15. കി..മീ തലശ്ശേരിയില്‍ നിന്ന് ഏകദേശം 8. കി.മീ

  നാലു കി.മീ ദൂരമുള്ള വിശാലമായ ഡ്രൈവ് ഇന്‍ ബീച്ചാണ് മുഴുപ്പിലങ്ങാട്. ഏറെ ചൂക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ മുഴുപ്പിലങ്ങാടിന്റെ സ്വച്ഛത ഇപ്പോഴും നിലനില്‍ക്കുന്നു. അവിടവിടയായി വലിയ പാറകള്‍ ബീച്ചിനെ ശക്തമായ തിരകളില്‍ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ആഴം കുറഞ്ഞ ചെറിയ കുളങ്ങള്‍ രൂപപ്പെടാനും ഈ കരിമ്പാറകള്‍ കാരണമായി. തണല്‍ വിരിക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ സൂര്യന്റെ ശക്തമായ ചൂടില്‍ നിന്ന് മാറി വിശ്രമിക്കാനുള്ള ഇടവും ഒരുക്കുന്നു.

  യാത്രാസൗകര്യം:

 • ദേശീയ പാതയില്‍ നിന്ന് 17 കി.മീ. പടിഞ്ഞാറു മാറിയാണ് മുഴുപ്പിലങ്ങാട് ബീച്ച്
 • സമീപ റെയില്‍വേസ്റ്റേഷന്‍ : കണ്ണൂര്‍.
 • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്്, കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് 93 കി.മീ.
 • 2.94047619048
  നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

  (നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

  Enter the word
  നവിഗറ്റിഒൻ
  Back to top