പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലര്‍ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉള്‍പ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തില്‍പെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണര്‍ത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങള്‍ കുറവായിരിക്കും. എന്നാല്‍ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാന് സാധ്യതയില്ലാത്തതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നു കരുതുന്നു. ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആല്, മരുത് തുടങ്ങിയമരങ്ങള്‍ക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ് സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരന് വി.വി.കെ.വാലത്ത് കരുതുന്നു. പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട് പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാറക്കാടാണ് പാലക്കാടായതെന്ന് കെ.വി. കൃഷ്ണയ്യര്‍ വാദിക്കുന്നു.
പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുന്‍പ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേര്‍ത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുന്‍പ് ഈ ജില്ല മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
നെടുംപൊറൈയൂര്‍ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര് 1363-ല്‍ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചന് മൈസൂര്‍രാജാവിന്റെ സഹായം തേടി. മൈസൂര്‍ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു. ഹൈദരാലിയുടെ പുത്രന് ടിപ്പു സുല്‍ത്താന്‍ 1766-77 കാലത്ത് നിര്‍മിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേര്‍ന്ന് 1783-ല്‍ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോള്‍ സാമൂതിരി പിന്മാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ നടന്ന യുദ്ധത്തേത്തുടര്ന്ന് 1792-ല്‍ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ല്‍ കേരളം രൂപീകൃതമായപ്പൊള്‍ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാര്‍ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂര്‍ ജില്ലയിലായിരുന്ന ചിറ്റൂര്‍ താലൂക്ക് പാലക്കാടിനൊപ്പം ചേര്‍ക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്.
ഏതാണ്ട് അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. എന്നുവെച്ചാല്‍, അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളില്‍ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം. എന്നാല്‍ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂര്‍വ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറന്‍ കോണില്‍ സ്ഥിതിചെയ്യുന്ന 8952 ഹെക്ടര്‍ വരുന്ന ഈ വനമേഖലയില്‍ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാന്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയില്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യസ്പര്ശമേറ്റതിന് തെളിവേ രേഖയോ ഇല്ല.
പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്മാറയില് നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്റെ ഊട്ടിയാണ് നെല്ലിയാമ്പതി.
467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും.
ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍വയലുകള്‍ പച്ചപ്പരവതാനി വിരിച്ച പാലക്കാടിന്റെ ശാദ്വല ഭംഗി വര്ണിക്കുവാന് വാക്കുകള്‍ക്കാവില്ല.
പാഡഗിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.
വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്കിയിരിക്കുന്നതും ഇവിടെ കാണാം.
പാലക്കാട് ജില്ലയിലെ നെന്മാറയില് നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികള്‍ക്കായി ഒട്ടനവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകര്ഷണങ്ങള് 1955-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്ഡന്, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്.
കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്. പ്രകൃതി സൗന്ദാര്യാസ്വാദകരെയും വിനോദയാത്രക്കാരെടുയും സംബന്ധിച്ച് ഇതൊരു വൃന്ദാവനം തന്നെയാണ് എന്നതില്‍ സംശയമില്ല.
ജലവൈദ്യുത പദ്ധതിയും ജലസേനപദ്ധതിയുമെല്ലാം ഉള്‍പ്പെടുന്നതാണ് മലമ്പുഴ അണക്കെട്ട് പ്രദേശം. കേരളത്ിതലെ ഏറ്റവും വലിയ ജലസേചന സംവിധാനമാണ് മലമ്പുഴയിലേത്. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് മലമ്പുഴ. പ്രകൃതിസൗന്ദര്യവും മനുഷ്യപ്രയത്നവും ഒന്നുചേര്‍ന്ന് ഏറ്റവും പ്രശസ്തമായ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒന്നാണ് മലമ്പുഴയിലേത്.
വിനോദസാധ്യതകള്‍
മലമ്പുഴ നദിയ്ക്കുകുറുകെ കെട്ടിയിരിക്കുന്ന അണക്കെട്ടും റിസര്‍വോയറുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അണക്കെട്ടിനടുത്തുനിന്നും 2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഫാന്റസി പാര്‍ക്ക് എന്ന പേരിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. ത്രഡ് ഗാര്ഡന്, സ്നേക് പാര്‍ക്ക്, കാനായി കുഞ്ഞിരാമന് പണിത യക്ഷിയെന്ന ശില്പം, റോക്ക് ഗാര്ഡന്, റോപ്പ് വേ, തേന്‍കുറിശ്ശി എന്നിവയാണ് മലമ്പുഴ അണക്കെട്ടു പരിസരത്തെ പ്രധാന ആകര്ഷണങ്ങള്. മലമ്പുഴ സന്ദര്‍ശനത്തോടൊപ്പം തന്നെ കാണാവുന്ന സ്ഥലങ്ങളാണ് പറമ്പിക്കുളം വന്യജീവിസങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം, നെല്ലിയാമ്പതി, ഡീര്‍ പാര്‍ക്ക്, പോത്തുണ്ടി റിസര്‍വ്വോയര്‍, ധോനി ഫോറസ്റ്റ് റിസര്‍വ്വ് എന്നിവ.
മലമ്പുഴയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍
വേനല്‍ക്കാലം മലുമ്പുഴ സന്ദര്‍ശനത്തിന് ഒട്ടും അനുയോജ്യമല്ല, മഴക്കാലവും അതുപോലെതന്നെ. ശീതകാലമാണ് വിനോദയാത്രയ്ക്ക് ഏറ്റവും യോജിച്ചത്. മലമ്പുഴയുള്‍പ്പെടെ ഒട്ടേറെ മനോഹരമായ കാഴ്ചകളുള്ള നാടാണ് പാലക്കാട്, പ്രത്യേക സംസ്കാരവും ഉത്സവരീതികളുമെല്ലാം കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മലമ്പുഴയെ വ്യത്യസ്തമാക്കുന്നു. കല്‍പ്പാത്തി ബ്രാഹ്മണഗ്രാമത്തില് നടക്കുന്ന കല്‍പ്പാത്തി രഥോത്സവം പാലക്കാട്ടെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. കാളപൂട്ട് മത്സരമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
റെയില്‍, റോഡുമാര്‍ഗ്ഗമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മലമ്പുഴ. കുറഞ്ഞ ചെലവില്‍ ഒരു വിനോദയാത്ര ആഗ്രഹിയ്ക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്.
പ്രകൃതിസ്നേഹികളെ സംബന്ധിച്ച് പാലക്കാട്ടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ സംഗം മലനിരകളിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര അടിയാണ് ഈ സങ്കേതത്തിന്റെ വിസ്തൃതി. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷിമൃഗാദികളും, സസ്യജാലങ്ങളുമാണ് ഇവിടെയുള്ളത്.
മലയര്‍, മുതവാന്മാര്, കാടര്‍ തുടങ്ങിയ ആദിവാസി ജനവിഭാഗവും ഈ വനത്തിനുള്ളില്‍ ജീവിയ്ക്കുന്നുണ്ട്. സിംഹവാലന്‍ കുരങ്ങുകള്‍, വരയാട്, കടുവ, പുള്ളിമാന്‍, ആന തുടങ്ങി ഒട്ടേറെ ജീവികള്‍ ഇവിടെയുണ്ട്. വിവിധയിനത്തില്‍പ്പെട്ട ഉരഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കന്നിമാരി എന്ന പഴക്കമേറെയുള്ള തേക്കുവൃക്ഷം ഈ കാടിനുള്ളിലാണ്.
പറമ്പിക്കുളം റിസര്‍വോയറിലെ ബോട്ടിങ്ങാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയാല്‍ കാടിനുള്ളില്‍ ട്രക്കിങ്ങിനും പോകാം. തൂണക്കടവ് എന്ന സ്ഥലത്ത് ഒരു ട്രീ ഹൗസുണ്ട്. ഇവിടെ താമസിക്കാന്‍ താല്പര്യമുള്ളവര് നേരത്തേ ബുക് ചെയ്യേണ്ടതാണ്. തെള്ളിക്കല്‍, ഇലത്തോട്, തൂണക്കടവ് ഭാഗങ്ങളില്‍ താമസസൗകര്യത്തിനായി വനംവകുപ്പിന്റെ റസ്റ്റ് ഹൗസുകളുണ്ട്. പാലക്കാട് നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ പൊള്ളാച്ചിയില്‍ പോയിട്ടുവേണം പറമ്പിക്കുളത്തേയ്ക്ക് പ്രവേശിയ്ക്കാന്‍. പൊള്ളാച്ചിയില്‍ നിന്നും പറമ്പിക്കുളത്തേയ്ക്ക് 65 കിലോമീറ്റര്‍ ദൂരമുണ്ട്.
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളില്‍ ഒന്നാണ് ഈ കോട്ട.
പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികില്‍ കാണുന്നു.
അവസാനം പരിഷ്കരിച്ചത് : 4/20/2020
കേരളത്തിലെ വിവിധ ജില്ലകൾ, അവയുടെ ചരിത്രം,മറ്റു വിവ...
കേരള സംസ്ഥാനത്തിലെ 12മത് ജില്ലയാണ് വയനാട്
ഇടുക്കി ജില്ല-ചരിത്രം