অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പത്തനംതിട്ട ജില്ല

കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. [5] 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.

രൂപവത്കരണ സമയത്ത് പത്തനംതിട്ട,അടൂർ റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽനിന്നും എടുത്തതും, തിരുവല്ലയും, മല്ലപ്പള്ളിയും ആലപ്പുഴ ജില്ലയിൽ നിന്നും എടുത്തതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭാസാമാജികൻ ശ്രീ കെ കെ നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവന നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളമന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം സാധ്യമാക്കുകയും ചെയ്തു.

രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട: തിരുവല്ലയും അടൂരും . 5 താലൂക്കുകളും, 9 ബ്ലോക്കുകളും, 54 ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട. 68 ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു. അടൂരും തിരുവല്ലയും പത്തനംതിട്ടയും മുനുസിപ്പാലിറ്റികളാണ്.

അഞ്ച് സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രികളും മറ്റ് 43 സർക്കാർ ആയുർവേദ ആശുപത്രികളടക്കം വലിയ ആശുപത്രി ശൃംഘലയുണ്ട്. തീർത്ഥാടന സമയങ്ങളിൽ പ്രത്യേകം സജ്ജീകരിക്കുന്ന ആശുപത്രികളുമുണ്ട്. 751 സ്കൂളുകൾ അടങ്ങുന്ന വിദ്യാഭ്യാസ ശൃംഘലയും പത്തനംതിട്ടക്കുണ്ട്[8]. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ ഊർജാവശ്യങ്ങളുടെ മൂന്നിലൊരു ഭാഗം നിറവേറ്റുന്നതു്.[അവലംബം ആവശ്യമാണ്] ശബരിഗിരി (300 MW), കക്കട് (50 MW), മണിയാർ (Pvt) (7 M) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

ഒറ്റനോട്ടത്തില്‍

വിസ്തീര്‍ണത്തില്‍ ഏഴാം സ്ഥാനം
ജില്ലാ രൂപീകരണം 1982 നവംബര്‍ 1
ജില്ലാ ആസ്ഥാനം പത്തനംതിട്ട
വിസ്തീര്‍ണം 2,642 ച.കി.മീ.
നിയമസഭാ മണ്ഡലങ്ങള്‍ 5 (തിരുവല്ല, അടൂര്‍ (എസ്.സി.), ആറന്മുള, റാന്നി, കോന്നി)
റവന്യൂ ഡിവിഷനുകള്‍ 2
താലൂക്കുകള്‍ 5 (തിരുവല്ല, മുല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍)
വില്ലേജുകള്‍ 68
നഗരസഭകള്‍ 3 (തിരുവല്ല, പത്തനംതിട്ട, അടൂര്‍)
ബ്ലോക്ക് പഞ്ചായത്തുകള്‍ 8
ഗ്രാമപഞ്ചായത്തുകള്‍ 54
ജനസംഖ്യ (2011) 11,95,537
പുരുഷന്മാര്‍ 5,61,620
സ്ത്രീകള്‍ 6,33,917
ജനസാന്ദ്രത 453/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം 1,129/1000
സാക്ഷരത 96.93%
നദികള്‍ പമ്പ, മണിമല, അച്ചന്‍കോവില്‍

ജില്ലയിലൂടെ

1982 നവംബര്‍ 1-നാണ് കേരള സംസ്ഥാനത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല നിലവില്‍ വന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിന്റെ ഒരു വലിയ ഭാഗവും, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ ഒരു ഭാഗവും, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന തിരുവല്ലാ താലൂക്കും, മാവേലിക്കര താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പത്തനംതിട്ട ജില്ലയ്ക്ക് രൂപം നല്‍കിയത്. പത്തനം എന്നാല്‍ മനോഹരമായ വീടുകള്‍ എന്നും തിട്ട എന്നാല്‍ നദീതടം എന്നുമാണ് അര്‍ത്ഥം. നദീതീരത്ത് നിരനിരയായി വീടുകളുള്ള സ്ഥലംഎന്നതില്‍ നിന്നാണ് പത്തനംതിട്ട എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതാം. വടക്കുഭാഗത്ത് കോട്ടയം, ഇടുക്കി ജില്ലകള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനം വരേയും, തെക്കുഭാഗത്ത് കൊല്ലം ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് ആലപ്പുഴ ജില്ല വരേയും അതിരുകള്‍ വ്യാപിച്ചുകിടക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് 2642 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട്  എന്നിങ്ങനെ 8 ബ്ളോക്ക് പഞ്ചായത്തുകളാണ് ഈ ജില്ലയിലുള്ളത്. ഈ ജില്ലയിലെ 8 ബ്ളോക്കുകളിലായി 54 ഗ്രാമപഞ്ചായത്തുകളും 68 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട, തിരുവല്ലാ, അടൂര്‍ എന്നിങ്ങനെ 3 മുനിസിപ്പാലിറ്റികള്‍ പത്തനംതിട്ട ജില്ലയിലുണ്ട്. പത്തനംതിട്ട, തിരുവല്ലാ, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നിങ്ങനെ അഞ്ച് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് പത്തനംതിട്ട ജില്ലയെ മലനാട്, ഇടനാട്, തീരസമതലം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ജില്ലയുടെ കിഴക്കനതിര്‍ത്തികള്‍ പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളാണ്. ഉയര്‍ന്ന മലനാട് പ്രദേശത്തുനിന്നും പടിഞ്ഞാറോട്ട് പോകുന്തോറും ഭൂമി ചരിഞ്ഞാണ് കിടക്കുന്നത്. ഈ ചരിവ് ഇടനാട് പ്രദേശത്തോടടുക്കുന്തോറും കുറഞ്ഞുവരികയും തീരപ്രദേശത്തെത്തുമ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും സമതലരൂപം കൈവരിക്കുകയും ചെയ്യുന്നു. പത്തനംതിട്ട ജില്ലയുടെ ആകെ ഭൂവിസ്തൃതിയില്‍ അഞ്ചു ശതമാനത്തിലേറെ ഭാഗം വനമേഖലയാണ്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള അച്ചന്‍കോവിലാര്‍ നദി ഈ ജില്ലയുടെ ഹൃദയഭാഗത്തു കൂടിയാണ് ഒഴുകുന്നത്. അയ്യപ്പചരിതത്തില്‍ പരാമര്‍ശിക്കുന്ന പല പ്രദേശങ്ങളും ഇന്ന് പത്തനംതിട്ട ജില്ലയുടെ ഭാഗമാണ്. ക്രിസ്തുശിഷ്യനായ തോമാശ്ളീഹാ നിലയ്ക്കല്‍ കുന്നുകളിലെത്തി കുരിശു സ്ഥാപിച്ചത് ചരിത്രമാണ്. ഇവിടെനിന്നാണ് അദ്ദേഹം കോന്നി-അച്ചന്‍കോവില്‍ പാതകളിലൂടെ സഞ്ചരിച്ച് മധുരയില്‍ എത്തിച്ചേര്‍ന്നതെന്ന് ചരിത്രസൂചനകളുണ്ട്. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍‍വന്‍ഷന്‍ നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പമ്പാനദിയിലെ മണല്‍ത്തട്ടിലാണ്.

പ്രത്യേകതകൾ

  • പത്തനംതിട്ട ജില്ലക്ക് കടലുമായി ബന്ധമില്ല.
  • പമ്പ നദിയും മണിമലയാർ,അച്ഛൻകൊവിലാർ എന്നിവ ജില്ലയെ ജലസമൃദ്മാക്കുന്നു
  • കക്കി, അഴുത,കക്കട്ടാർ,കല്ലാർ എന്നീ നദികൾ ചേർന്നാണ് പമ്പാനദി രൂപം കൊള്ളുന്നത്‌.
  • ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട്‌ പഞ്ചായത്തിലാണ്.
  • ജില്ലയുടെ ഏതാണ്ട് പകുതിയോളം വനപ്രദേശങ്ങളാണ്. 155214 ഹെക്ടർ.
  • ചതുരശ്രകിലോമീറ്ററിന് 453 പേർ എന്നതാണ് ജനസാന്ദ്രത.
  • റബ്ബർ,മരച്ചീനി,കുരുമുളക്,വഴ,നെല്ല് എന്നിവയാണ് പ്രധാന വിളകൾ.
  • ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും പ്രസിദ്ധമാണ്.
  • 1000 പുരുഷന്മാർക്ക് 1129 സ്ത്രീകൾ എന്നതാണ് ജനസഘ്യാനുപതം

ഭൂപ്രകൃതി

2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്.

അതിരുകൾ

വടക്ക് കോട്ടയം ജില്ല

തെക്ക് കൊല്ലം ജില്ല

കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ് നാടും

പടിഞ്ഞാറു ആലപ്പുഴ ജില്ല

കൃഷി

പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, തെങ്ങ് 212851 ഹെക്., നെല്ല് 5645, 6438, 4848 ഹെക്., കുരുമുളക് 4820 ഹെക്., ഇഞ്ചി 1137 ഹെക്., കൊക്കോ 671 ഹെക്., മരച്ചീനി 2616 ഹെക്., വാഴ 6108 ഹെക്., കശുവണ്ടി 1671 ഹെക്., റബ്ബർ 61016 ഹെക്., പച്ചക്കറി 1411 ഹെക്., കൈത 161 ഹെക്., കൃഷി ചെയ്തിരിക്കുന്നു. [10] മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളും കൃഷിക്കാരെ സഹായിക്കുന്നു. 62 കൃഷി ഭവനുകളും കൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. [10] . കൂടാതെ പശു, ആട്, പന്നി, താറാവ്, കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു. [10]

കാർഷിക വിളകൾ

കുരുമുളക്‌, തേങ്ങ, ഇഞ്ചി, മഞ്ഞൾ, റബ്ബർ, വെറ്റില, അടയ്ക്ക, നെല്ല്, ഏത്തക്ക, കപ്പ, വാഴക്ക, ഏലക്ക, പച്ചക്കറികൾ, ചേന

പ്രമുഖ നദികൾ

അച്ചൻ‌കോവിലാർ

ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻ‌കോവിലാർ ആലപ്പുഴയിലെ വീയപ്പുറത്ത് ഈ നദി പമ്പയുമായി ചേരുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. [11]

പമ്പാ നദി

പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലറ്റിൽനിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലി‌ൽ ലയിക്കുന്നു. [11]

മണിമലയാർ

പത്തനംതിട്ട ജില്ലയിലെ കാർഷികമേഖലയിൽ ഈ നദി ഒരു പ്രധാന പങ്കു വഹിക്കുന്നു.

കക്കാട്ടാർ

മൂഴിയാർ നിന്നും ആരംഭിച്ച് പെരുനാട് പമ്പാ നദിയിൽ ലയിക്കുന്നു.കക്കാട് പവ്വർ ഹൌസ് കക്കാട്ടാറിൽ ആണ്

സാമൂഹ്യ-സാംസ്കാരിക ചരിത്രം

രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രമുള്ള നിരവധി പുരാതന ജനപദങ്ങള്‍ ഇന്ന് പത്തനംതിട്ട ജില്ലയിലുണ്ട്. ഇന്നത്തെ ശബരിമല ക്ഷേത്രം നിലവില്‍ വരുന്നതിനും നിരവധി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എ.ഡി 52-ല്‍ കേരളത്തിലെത്തിയ ക്രിസ്തുശിഷ്യനായ തോമാശ്ളീഹാ തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലയ്ക്കല്‍ കുന്നുകളില്‍ എത്തി കുരിശു നാട്ടിയിരുന്നു. ഇവിടെനിന്നാണ് അദ്ദേഹം കോന്നി-അച്ചന്‍കോവില്‍ പാതകളിലൂടെ സഞ്ചരിച്ച് മധുരയില്‍ എത്തിച്ചേര്‍ന്നതെന്ന് ചരിത്രസൂചനകളുണ്ട്. ചെന്നീര്‍ക്കര സ്വരൂപം, മധുരയിലെ പാണ്ഡ്യരാജവംശം, തിരുവിതാംകൂര്‍ രാജവംശം എന്നിവരുടെയെല്ലാം ഭരണത്തിനു പുരാതനകാലം മുതലിങ്ങോട്ട് ഇവിടുത്തെ പ്രദേശങ്ങള്‍ വിധേയമായിട്ടുണ്ട്. ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ആസ്ഥാനം ഇന്നത്തെ കൊടുമണ്‍ ആണ്. പണ്ടുകാലത്ത് സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന പന്തളം ഭരിച്ചിരുന്നതാകട്ടെ, മധുരയിലെ പാണ്ഡ്യവംശത്തില്‍പ്പെട്ട രാജാക്കന്‍മാരായിരുന്നു. പാണ്ഡ്യരാജവംശത്തില്‍ നിന്നും പിരിഞ്ഞുപോന്ന ഒരു രാജകുടുംബമാണ് എ.ഡി 1170-ല്‍ പന്തളത്തെത്തി ആസ്ഥാനം ഉറപ്പിക്കുകയും പില്‍ക്കാലത്ത് പന്തളം രാജവംശമായി വളര്‍ന്നു വികസിക്കുകയും ചെയ്തത്. പാണ്ഡ്യരാജാക്കന്മാര്‍ താവളമടിച്ച സ്ഥലമെന്ന നിലയില്‍ പന്തളം ആദ്യകാലത്ത് പാണ്ഡ്യതളം എന്നാണറിയപ്പെട്ടിരുന്നത്. പാണ്ഡ്യതളം പില്‍ക്കാലത്ത് പന്തളമായി മാറുകയായിരുന്നു. ശബരിമല അയ്യപ്പന്റെ വേരുകള്‍ ഈ രാജകുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അങ്ങ് അറേബ്യയില്‍ ഇസ്ളാം മതം നിലവില്‍ വന്നതിനും ശേഷമാവണം അയ്യപ്പന്റെ ജീവിതകാലഘട്ടം. അയ്യപ്പന്റെ ഉറ്റ സുഹൃത്തായ വാവര്‍ (ബാബര്‍ എന്നതിന്റെ ശബ്ദഭേദം) ഒരു ഇസ്ളാം മത വിശ്വാസിയായിരുന്നല്ലോ. എ.ഡി 1150-ല്‍ ചേര-ചോള യുദ്ധകാലത്ത് രാജ്യാതിര്‍ത്തികള്‍ സൈനികത്താവളങ്ങളാക്കി മാറ്റിയപ്പോള്‍ തുമ്പമണ്‍ ഒരു സൈനിക താവളമായിരുന്നു. പുരാണ പ്രസിദ്ധമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൊട്ടാരവും വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടകരെ ആകര്‍ഷിച്ചുവരുന്നു. തോമാശ്ളീഹാ സ്ഥാപിച്ച പള്ളികളിലൊന്ന് ഈ ജില്ലയിലുള്‍പ്പെടുന്ന നിരണത്തായിരുന്നു. തിരുവല്ലയുടെയും നിരണത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിരണം വരേയും സമുദ്രം കയറിക്കിടന്നിരുന്നുവെന്നും നിരണത്തിനു സമീപത്തായി തുറമുഖം ഉണ്ടായിരുന്നുവെന്നും ചരിത്രസൂചനകളുണ്ട്. സമുദ്രജലം വറ്റിമാറിയതുപോലെ തോന്നപ്പെടുന്ന ചെളികലര്‍ന്ന മണലാണ് ഇവിടങ്ങളില്‍ കാണപ്പെടുന്ന മണ്ണ്. ബി.സി 72-ല്‍ രചിച്ച ടോളമിയുടെ സഞ്ചാരരേഖകളില്‍ പുറക്കാടു നിന്നും നിരണത്തേക്കുള്ള സഞ്ചാരരേഖയുടെ വ്യക്തമായ സൂചനയുണ്ട്. അവരുടെ വിലപ്പെട്ട രേഖകളില്‍ നിരണത്തെ നെല്‍ക്കണ്ടി എന്നും, നിയാസണ്ടി എന്നും, മേല്‍ക്കണ്ടി എന്നും, നില്‍സണ്ടാ എന്നും ഏറെക്കുറെ സാമ്യമുള്ള വ്യത്യസ്ത പേരുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. മധുര മുതല്‍ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചന്‍കോവില്‍ പ്രദേശങ്ങളിലൂടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരയിലൂടെ കോന്നിയും, കുമ്പഴയും, പത്തനംതിട്ടയും കടന്ന്, ചെങ്ങന്നൂരില്‍ ഇന്നത്തെ എം.സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിനു പുറമേ വാണിജ്യാവശ്യങ്ങള്‍ക്കും ഈ വനപാത ഉപയോഗിച്ചിരുന്നു. മേല്‍പ്പറഞ്ഞ പാതയ്ക്കു പുറമേ കോന്നിയില്‍ നിന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരയിലൂടെ പന്തളത്തേക്ക് ഒരു പാത (ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും, ആര്യങ്കാവിനേയും, അച്ചന്‍കോവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടിയുണ്ടായിരുന്നു. 17-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കോട്ടയില്‍ കര്‍ത്താക്കന്മാര്‍ റാന്നി പ്രദേശത്ത് രണ്ടു ക്നാനായ കുടുംബക്കാരെ കൊണ്ടുവരുന്നത്. പിന്നീട് കോട്ടയം, കല്ലിശ്ശേരി, കടുത്തുരുത്തി, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിയ ക്നാനായ വിഭാഗക്കാര്‍ കൃഷി, കൈത്തൊഴില്‍, കച്ചവടം, ജലഗതാഗതം തുടങ്ങിയവയില്‍ സമര്‍ത്ഥന്മാരായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ തന്റെ പ്രവാസ ജീവിതകാലത്ത് പത്തനംതിട്ടയുടെ കിഴക്കന്‍പ്രദേശങ്ങളിലും ഒളിച്ചുപാര്‍ത്തിരുന്നുവെന്നു പറയപ്പെടുന്നു. ഇംഗ്ളീഷുകാര്‍ക്ക് പിടികൊടുക്കാതെ താമസിച്ചിരുന്ന കാലത്ത് വേലുത്തമ്പിദളവയും ഇവിടുത്തെ ചില പ്രദേശങ്ങളില്‍ പാര്‍ത്തിരുന്നുവത്രെ. എഴുത്തച്ഛനു മുമ്പ് മലയാളിക്ക് രാമായണം പരിചയപ്പെടുത്തിയ കണ്ണശ്ശകവികളെന്നും നിരണം കവികളെന്നും അറിയപ്പെടുന്ന രാമപ്പണിക്കരും, മാധവപ്പണിക്കരും, ശങ്കരപ്പണിക്കരും ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് നിരണം എന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്നവരാണ്. മഹാകവി പന്തളം കേരളവര്‍മ്മ, വിഷ്ണുനാരായണന്‍ നമ്പൂതിരി, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പുത്തന്‍കാവ് മാത്തന്‍ തരകന്‍, കെ.വി.സൈമണ്‍, പന്തളം കെ.പി.രാമന്‍ പിള്ള, ഹൃദയകുമാരി, കടമ്മനിട്ട രാമകൃഷ്ണന്‍, കോന്നിയൂര്‍ നരേന്ദ്രനാഥ് തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ ഈ നാട്ടുകാരായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന അഡ്മിറല്‍ കുരുവിള (നിരണം), ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി, ഇന്ത്യയിലെ ആദ്യത്തെ ഐ.എ.എസ് വനിതയായ അന്നാ മല്‍ഹോത്ര എന്നീ പ്രശസ്ത വ്യക്തികളും പത്തനംതിട്ട സ്വദേശികളാണ്. പടയണി എന്ന ഗ്രാമീണ അനുഷ്ഠാനകലാരൂപത്തിന്റെ സ്വന്തം നാടാണ് പത്തനംതിട്ട. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സി.കേശവന്‍, സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ അണിനിരക്കുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്തു കൊണ്ട് സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത് ഈ ജില്ലയിലെ കോഴഞ്ചേരിയില്‍ വച്ചായിരുന്നു. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ പമ്പാനദിയിലെ മണല്‍ത്തട്ടിലാണ്. ഇന്ത്യയിലാദ്യമായി സ്വകാര്യഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്ന ആദ്യവിമാനത്താവളം നിലവില്‍ വരാന്‍ പോകുന്നത് പത്തനംതിട്ടയ്ക്കു സമീപത്തുള്ള ആറന്മുളയിലാണ്. പ്രത്യേക വാസ്തുവിദ്യാ വിരുതോടെ നിര്‍മ്മിക്കുന്ന ആറന്മുള കണ്ണാടി ലോകപ്രശസ്തമാണ്. ആറന്മുള കണ്ണാടി പ്രത്യേക ലോഹക്കൂട്ടുകൊണ്ടാണ് നിര്‍മ്മിക്കുന്നത്. വാസ്തുവിദ്യാഗുരുകുലം പത്തനംതിട്ടയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ ആറന്‍മുളയിലാണ് സ്ഥിതി ചെയ്യുന്നത്. മാര്‍ത്തോമാ കോളേജ്, ബി.എ.എം.കോളേജ്, സെന്റ് തോമസ്സ് കോളേജ് റാന്നി, കത്തോലികേറ്റ് കോളേജ് എന്നിവ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ ജില്ലയില്‍കൂടി എം.സി റോഡുള്‍പ്പെടെ പ്രമുഖ സംസ്ഥാന ഹൈവേകള്‍ കടന്നുപോകുന്നുണ്ട്. തിരുവല്ലയിലാണ് ജില്ലയിലെ ഏക റെയില്‍വേസ്റ്റേഷന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരമില, ശ്രീ വല്ലഭ വൈഷ്ണവക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, കടമ്മനിട്ട ദേവീ ക്ഷേത്രം, തേക്കടി ഗുഹാക്ഷേത്രം, വലിയകോയിക്കല്‍ ക്ഷേത്രം, പത്തനംതിട്ട മുസ്ളീം പള്ളി, കുറ്റൂര്‍ മുസ്ളീം പള്ളി, പത്തനംതിട്ട മുസ്ളീം ജമാഅത്ത് പള്ളി, പരുമല ക്രിസ്ത്യന്‍ പള്ളി, മഞ്ഞനിക്കര ക്രിസ്ത്യന്‍ പള്ളി, തിരുവല്ല മാര്‍ത്തോമ്മാ പള്ളി, കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളി, മാരാമണ്‍ മാര്‍ത്തോമ്മാ പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രം പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. പമ്പാനദിയില്‍ നടത്തുന്ന പ്രശസ്തമായ പാമ്പന്‍ വള്ളംകളി, ചരല്‍ക്കുന്ന്, കക്കി ജലസംഭരണി, ചരിത്രപ്രധാനമായ മണ്ണടി തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.

പ്രമുഖ സ്ഥലങ്ങൾ

പത്തനംതിട്ട, പന്തളം, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, വിശ്വപ്രസിദ്ധമായ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ [5]എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, യേശു ക്രിസ്തുവിന്റെ ശിഷ്യനായ സെന്റ്. തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി,നിലക്കൽ പളളി ഭാരതത്തിലെ വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വർ‌ഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്,

പ്രസിദ്ധമാ‍യ ഹനുമാൻ ക്ഷേത്രവും, 8-ആം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന പല്ലവ രീതിയിൽ പാറ തുരന്നുള്ള ഗുഹയിൽ നിർമ്മിതമായ ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്ന കവിയൂർ. ആറന്മുളക്കണ്ണാടിയാലും, ആറന്മുള വള്ളം‌കളിയാലും, ആറന്മുള കോട്ടാരത്താലും പ്രസിദ്ധമായ ആറന്മുള, ഓർമ്മ പെരുന്നാളിന് പ്രസിദ്ധമായ പരുമല പള്ളി, വലിയകോയിക്കൽ ക്ഷേത്രം നിലകൊള്ളുന്ന പന്തളം, മഞ്ഞിനിക്കര തീര്ത്ഥാടന കേന്ദ്രം, ഇലന്തൂർ, വയൽ വാണിഭം കൊണ്ട് പ്രസിദ്ധമായ ഓമല്ലൂർ, സരസകവി മുലൂർ ജനിച്ച ഇലവുംതിട്ട, വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി, നദി പ്രദക്ഷിണം ചെയ്യുന്ന വലചുഴിദേവിക്ഷേത്രം വലംചുഴി,മലയാലപ്പുഴ ദേവീക്ഷേത്രം,[[ശക്തിഭദ്രന്മാരുടെ കാലത്തെ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ശക്തിഭദ്രനെന്ന രാജാവിന്റെ കാലത്തേതെന്ന് കരുതപ്പെടുന്ന ചിലന്തിയമ്പലം നിലകൊള്ളുന്ന കൊടുമൺ, കടമ്മനിട്ട, നാരങ്ങാനം, പ്രക്കാനം, റാന്നി, മരമടിക്കു പേരുകേട്ട ആനന്ദപ്പള്ളി [5]പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആനിക്കാട്ടിലമ്മക്ഷേത്രം, വാഴമുട്ടത്തെ ശ്രീ മഹാ വിഷ്ണു ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം പ്രസിദ്ദമാണ് പ്രത്യേകിച്ചും അവിടുത്തെ കോലം.

പത്തനംതിട്ട-ചരിത്രം

ഉയര്‍ന്ന പ്രദേശത്തെ ജനവാസകേന്ദ്രം എന്നതില്‍ നിന്നുമാണ് പത്തനംതിട്ടയ്ക്ക് ആ പേര് ഉണ്ടായതെന്ന് സ്ഥലനാമചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു. സ്വാതന്ത്യസമരത്തിലേക്കുള്ള വഴിത്തിരിവിൽ വളരെ പ്രാധാന്യം അർഹിക്കുന്നു പത്തനംതിട്ട. 1937 - ൽ മഹാത്മാഗാന്ധി തിരുവതാംകൂറിൽ വന്നപ്പോൾ, ഖാദിയെക്കുറിച്ചും ചർക്കയെക്കുറിച്ചുമുള്ള പ്രചാരണത്തിനെക്കുറിച്ച്, അദ്ദേഹത്തിന്റെ അനുയായികളായ ഖാദർ ദാസിനോടൂം, റ്റി പി ഗോപാലപിള്ളയോടും ചോദിക്കുകയുണ്ടായി. ഇതിൽ നിന്നും പ്രചോദിതനായ ഇദ്ദേഹം 1941-ൽ മഹാത്മാ ഖാദി ആശ്രമം (Mahatma Khadi Ashram) ഇലന്തൂരിൽ സ്ഥാപിക്കുകയുണ്ടായി. ഖാദി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ധനശേഖരണാർത്ഥം ഒരു പദ്ധതി ആവിഷ്കരിക്കുകയും ഏക് പൈസാ ഫണ്ട് (ek paise fund), അങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവെരുത്തുകയും ചെയ്തു. [12] ഖാദി മൂവ്മെന്റ് , ആയിരുന്നു തിരുവിതാംകൂറിൽ നടന്ന ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ മാറ്റൊലി. 1921 - ൽ നടന്ന ഈ സംഭവം പ്രിൺസ് ഓഫ് വേൽസിൽ സന്ദർശനത്തിന്റെ അനുബന്ദം ആയിരുന്നു.1922 - ൽ നടന്ന വിദ്ധ്യാർഥി സമരം സ്വാതന്ത്യസമരക്കാർക്ക് ഒരു പുതു ഉണർവ്വേകി. ഇതേസമയം, കേരളത്തിൽ നിന്നുള്ളാ കോൺഗ്രസ്സ് നേതാക്കന്മാരായ പൊന്നാറ ശ്രീധർ പിന്നെ കെ. കുമാർ‍, നാഗ്പൂറിൽ നടന്ന പതാകാ സത്യാഗ്രഹത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്തു. ഇലന്തൂർ കെ.കുമാർ, തിടയിൽ രാഘവൻ പിള്ള, പന്തളം കെപി പിന്നെ എൻ.ജി. ചാക്കോ എന്നിവരുടെ സംഭാവനകൾ ദേശീയ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തിൽ ഒരു മുതൽക്കൂട്ടാണ്

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി, കണ്ണശ കവികളുടെ കര്‍മ്മഭൂമിയായ നിരണം, ശബരിമല തീര്‍ത്ഥാടനകേന്ദ്രം, ആറന്മുള വള്ളംകളി, ചെറുകോല്‍ പുഴ ഹിന്ദുസമ്മേളനം, ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍, ചന്ദനക്കുടം ഉത്സവം നടക്കുന്ന പത്തനംതിട്ട ജുമാമസ്ജിദ്, പ്രസിദ്ധമായ ചരല്‍കുന്ന്, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട, കൊടുമണ്‍, ചിലന്തിയമ്പലം, കോന്നി ആനവളര്‍ത്തല്‍ കേന്ദ്രം, കക്കി അണക്കെട്ട്, കവിയൂര്‍ മഹാദേവക്ഷേത്രം, മലയാലപ്പുഴ ഭഗവതിക്ഷേത്രം, മഞ്ഞിനിരക്കര ചര്‍ച്ച്, വേലുത്തമ്പി ആത്മഹത്യ ചെയ്ത മണ്ണടി, തീര്‍ഥാടന കേന്ദ്രങ്ങളായ നിലയ്ക്കല്‍, പ്രസിദ്ധമായ നിരണംപള്ളി, ഓമല്ലൂരിലെ പ്രസിദ്ധ ക്ഷേത്രം, പരുമല ഓര്‍ത്തഡോക്സ് പള്ളി, പന്തളം കൊട്ടാരം, പെരുന്തേനവരി വെള്ളച്ചാട്ടം, തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രം തുടങ്ങിയവയെല്ലാം പത്തനംതിട്ടയിലാണ്.

ആറന്മുളകണ്ണാടി

മണ്ണടി ഭഗവതിക്ഷേത്രം

പന്തളം കൊട്ടാരം

പരുമല

ഓര്‍ത്തഡോക്സ് പള്ളി,

ശബരിമല

അവസാനം പരിഷ്കരിച്ചത് : 7/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate