നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി
പാതിയായതുമുതല്‍ പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു:
(പാതിരാഭക്ഷണം അനുഗ്രഹമാണ്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. അത് ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടായാലും മതി. കാരണം, പാതിരാഭക്ഷണം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നു. മലക്കുകള്‍ അവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.)
കിഴക്കെ ചക്രവാളത്തില്‍ പ്രകാശത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രഭാതം. പ്രഭാതമായെന്ന് മനസ്സിലാകുംവരെ ഭക്ഷണം കഴിക്കാം. അതുവഴി നോമ്പിന് ഭംഗം വരുന്നില്ല. പ്രഭോതോദയത്തിനു ശേഷം ഭക്ഷണം കഴിക്കാവതല്ല.
(കറുത്ത രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളിരേഖ പ്രത്യക്ഷപ്പെട്ടതായി നിങ്ങള്‍ക്ക് വ്യക്തമാകുംവരെ തിന്നുകയുംകുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക البقرة:187))
ഈ ഭക്ഷണം പ്രഭാതോദയത്തിന് തൊട്ടുമുമ്പാവുന്നതാണ് ഉത്തമം. അംറുബ്നുമൈമൂന്‍ (റ) പറയുന്നു:
(നബി (സ)യുടെ അനുചരര്‍ വേഗം നോമ്പ്മുറിക്കുന്നവരും വൈകിമാത്രം പാതിരാഭക്ഷണംകഴിക്കുന്നവരുമായിരുന്നു.)
നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം തിന്നുകൊണ്ടോ അതില്ലാത്തപക്ഷം വെള്ളം കുടിച്ചുകൊണ്ടോ ആവുന്നതും ഈത്തപ്പഴം ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയാവുന്നതും നല്ലതാണ്. അനസ് (റ) പറയുന്നു:
(നബി(സ) നമസ്കരിക്കുംമുമ്പ് ഏതാനും ‘റുത്വബ്’ തിന്നുകൊണ്ട് നോമ്പു മുറിക്കുകയായിരുന്നു പതിവ്. ‘റുത്വബ്’ ഇല്ലെങ്കില്‍ ഈത്തപ്പഴം തിന്നുകൊണ്ട് . അതുമില്ലെങ്കില്‍ ഏതാനും ഇറക്ക് വെള്ളം കുടിക്കും.)
ഇവ്വിധം ലഘുവായി നോമ്പ് തുറന്ന് നമസ്കരിച്ചശേഷം ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ ഭക്ഷണാനന്തരം നമസ്കരിക്കുന്നതാണ് ഉത്തമം. നബി(സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു:
(ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചിട്ടുണ്ടെങ്കില്‍ മഗ്രിബ് നമസ്കരിക്കും മുമ്പ് നിങ്ങള്‍ അതു കഴിച്ച് തുടങ്ങുക.
(മൂന്നുപേരുടെ പ്രാര്‍ഥന തള്ളിക്കളയുകയില്ല. നോമ്പുകാരന്റെ പ്രാര്‍ഥന, അയാള്‍ നോമ്പുമുറിക്കുംവരെ; നീതിമാനായ ഭരണാധികാരി; മര്ദ്ദിതന്.)
(തീനും കുടിയും ഉപേക്ഷിക്കലല്ല വ്രതം. അനാവശ്യവാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കലാണ് വ്രതം. ആരെങ്കിലും നിന്നെ അസഭ്യം പറഞ്ഞാല്‍ അല്ലെങ്കില്‍ നിന്നോട് അവിവേകം ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞേക്കുക.)
(കണക്കാക്കാനാവാത്തത്ര തവണ, നോമ്പുകാരനായിരിക്കെ നബി (സ) ദന്തശുദ്ധി വരുത്തുന്നതു ഞാന്‍ കണ്ടിട്ടുണ്ട്്.)
ഖുര്‍ആന്‍ പഠനം, പാരായണം, ദാനം എന്നിവയ്ക്ക് നോമ്പുകാലത്ത് സവിശേഷ പ്രാധാന്യമുണ്ട്്. ഇബ്നു അബ്ബാസ് (റ) പറയുന്നു:
(നബി (സ) ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരനായിരുന്നു. നബി(സ) കൂടുതല്‍ ഉദാരനാവുക റമദാനില്‍ ജിബ്രീല്‍ അദ്ദേഹത്തെ വന്നുകാണുമ്പോഴായിരുന്നു. ജിബ്രീലാകട്ടെ റമദാനില്‍ എല്ലാ രാത്രിയിലും നബി(സ)യുടെ അടുക്കല്‍ വന്ന് ഖുര്‍ആന്‍ പാരായണം ചെയ്യിക്കും. അപ്പോള്‍ നബി(സ) അടിച്ചുവീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരിക്കും.)
(അവസാനത്തെ പത്തുദിവസങ്ങളില്‍ നബി (സ) രാത്രി സജീവമാക്കും. വീട്ടുകാരെ വിളിച്ചുണര്‍ത്തും, അരമുറുക്കിയുടുക്കും.) രാത്രി നമസ്കാരം, ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം, ദിക്ര്, ദുആ എന്നിവ അധികരിപ്പിക്കുകയാണുദ്ദേശ്യം.
മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന കേന്ദ്രങ്ങളും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഒരു രൂപവും ക്രമവും ശരീരത്തിന് പ്രദാനം ചെയ്യുന്നു.
ഇന്ദ്രിയവ്യവസ്ഥകളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാപിതമായി അവയെ ക്രമീകരിക്കുകയും അതുവഴി ശാരീരികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതില്‍ വ്രതത്തിന്റെ പങ്ക് നിസ്തുലമാണ്.മനുഷ്യപ്രകൃതിയുടെ മതമാണ് ഇസ്ലാം. അതിന്റെ ആചാരക്രമങ്ങളും കര്‍മ-അനുഷ്ഠാനങ്ങളും പ്രകൃതിയുടെ പുരോഗമനാത്മകവും നിര്‍മാണാത്മകവുമായ വ്യവഹാരങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അവ പ്രകൃതിയുടെ താല്പര്യവും ശരീരവ്യവസ്ഥയുടെ ചാലകവുമാകുന്നു.
ഇസ്ലാമിലെ വ്രതം അടിസ്ഥാനപരമായി മതപരവും ആത്മീയവുമായ ജീവിതവിശുദ്ധി ലക്ഷ്യമിടുമ്പോള്‍ തന്നെ, തല്‍ഫലമായി സാധ്യമാകുന്ന ഭൗതികവും ശാരീരികവുമായ നേട്ടങ്ങളെ അത് പാടെ നിരാകരിക്കുന്നില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തി യൗവനയുക്തമായ ശരീരവും മനസ്സും പ്രദാനം ചെയ്യുക എന്നതാണ് വ്രതത്തിന്റെ ഭൗതിക ഫലം. ആരോഗ്യപരിപാലനത്തിനും രോഗശമനത്തിനും വ്രതം അത്യാവശ്യമാണെന്ന് ഇപ്പോള്‍ ആരോഗ്യ ലോകം തത്വത്തില്‍ ആംഗീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിലെ പൊരുത്തക്കേടുകള്‍, അമിതാഹാരം, ക്രമരഹിതമായ ഭോജനം എന്നിവയാണ് ഒട്ടുമിക്ക രോഗങ്ങളുടെയും ഹേതുവായി ഗണിക്കപ്പെടുന്നത്. അമിതാഹാരം മൂലം ഭക്ഷണം ശരിയാംവണ്ണം ദഹിക്കാത്ത അവസ്ഥ സംജാതമാകുന്നു. ഇത് ഫലത്തില്‍ ദഹനവ്യവസ്ഥയെ താറുമാറാക്കുന്നു. തല്‍ഫലമായി അടിഞ്ഞുകൂടുന്ന ‘മാലിന്യങ്ങള്‍’ ചേര്‍ന്ന് ദുര്‍മേദസ്സ് ആയിത്തീരുന്നു. ഒട്ടേറെ രോഗങ്ങള്‍ക്ക് ഇത് കാരണമായി ഭവിക്കുന്നു. ക്രമരഹിതമായ ആഹാരരീതി ജീവിതത്തിലെ ആഗിരണത്തെയും ദഹനത്തെയും പ്രതികൂലമായി ബാധിക്കുകയും അതുവഴി ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായി മാറുകയും ചെയ്യുന്നു.
സുദീര്ഘങ്ങളല്ലാത്ത നിരാഹര-ഉപവാസ രീതികള്‍ ദഹനവ്യവസ്ഥയ്ക്ക് വേണ്ടത്ര വിശ്രമം നല്കുന്നു. ക്ലിപ്തപ്പെടുത്തിയ സമയം വിശന്നിരിക്കുക വഴി, പതിവായി ശരീരത്തില്‍ നടക്കുന്ന ദഹനപ്രക്രിയ എന്ന ജോലിഭാരത്തിന്റെ ബാധ്യതയില്‍ നിന്ന് അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നു. തല്‍ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ ദുര്‍മേദസ്സ് എന്ന മാലിന്യം ദീപനത്തിന് വിധേയമാക്കി നീക്കം ചെയ്യപ്പെടുന്നു. ദഹനപ്രക്രിയയുടെ ജോലിഭാരം ലഘൂകരിക്കുക വഴി കരള്‍, വൃക്ക, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമവും കൂടുതല്‍ കരുത്തും പ്രവര്ത്തിനക്ഷമതയും ലഭ്യമാകുന്നു.
വ്രതത്തിന്റെ മറ്റൊരു നേട്ടം, തെറ്റായ രീതിയിലുള്ള പോഷണപരിണാമങ്ങളും ആഗിരണപ്രക്രിയകളും ക്രമീകരിക്കുന്നുവെന്നതാണ്. ആന്തരികാവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടുന്നത് വിസര്‍ജനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ക്രമരഹിതമായ പോഷണ പരിണാമങ്ങള്‍ തടയാനും സഹായകമാകുന്നു. കരളിന്റെയും പിത്താശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ആവശ്യമായ വിശ്രമം നല്‍കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണം വര്‍ധിക്കുകയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിമത്താക്കുകയും ചെയ്യുന്നു. തലച്ചോറിലെയും ഞരമ്പുകളിലെയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും കൊഴുപ്പ് ഉപയോഗിച്ചൊഴിവാക്കുകയും ചെയ്യുന്നത് വഴി ബുദ്ധിയും ഗ്രഹണശേഷിയും ഞരമ്പുകളുടെ സംവേദനക്ഷമതയും വര്‍ധിപ്പിക്കുന്നു
വ്രതാനുഷ്ഠാനം ആത്മാവിനെ ആരോഗ്യദൃഢമാക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണെങ്കില്‍, ശരീരത്തെ അരോഗമാക്കി ശക്തിപ്പെടുത്താന്‍ ലഭ്യമാകുന്ന ഏറ്റവും നല്ല ഉപാധിയും വ്രതം തന്നെയാണ്. ആമാശയത്തിന് ലഭിക്കുന്ന വിശ്രമവും ഉപദ്രവകരമായ പദാര്‍ഥങ്ങളുടെ പുറംതള്ളലിലും ഒട്ടേറെ രോഗങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുകയും പല രോഗങ്ങളുടെയും വ്യാപനം തടയുകയും ചെയ്യുന്നു. ‘നോമ്പനുഷ്ഠിക്കുക, ആരോഗ്യവാന്മാരാകുക’ (ത്വബ്റാനി) എന്ന മുഹമ്മദ് നബി(സ)യുടെ വചനം ആത്മീയവും ശാരീരികവുമായി വ്രതം നല്കുന്ന സല്‍ഫലങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ആഹാരത്തിലെ ആവശ്യഘടകങ്ങള്‍
ശരീരവളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുക, അപചയ പ്രവര്‍ത്തനങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും നികത്തുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുക എന്നിവയാണ് ആഹാരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആഹാരത്തില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങള്‍ താഴെ വിവരിക്കുന്നവയാണ്:
1. അന്നജം (carbohydrates), 2. കാല്‍സ്യം(protein), 3. കൊഴുപ്പ് (fat), 4. ലവണങ്ങള്‍ (minerals), 5. വിറ്റാമിനുകള്‍ (vitamins), 6. വെള്ളം (water).
അന്നജം
ഇന്ധനപ്രധാനമായവയാണ് അന്നജങ്ങള്‍. ശരീരതാപമായും ഊര്‍ജമായും ഉപയോഗിക്കപ്പെടുന്നതിന്റെ കലോറിമാനം ആഗിരണം ചെയ്യുന്ന അന്നജത്തിന്റെ കലോറിമാനത്തിന് തുല്യമാണ്. അന്നജ ആഗിരണം കുറയുമ്പോള്‍ ശരീരം അതിന്റെ സൂക്ഷിപ്പു മുതലിലടങ്ങിയ മാംസ്യവും കൊഴുപ്പും അപചയ പ്രവര്‍ത്തനങ്ങള്‍ (catabolism) വഴി ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അന്നജ ആഗിരണം കൂടുമ്പോള്‍ അത് മറ്റു രൂപങ്ങളില്‍ സൂക്ഷിക്കുകയും അത് വര്‍ധിച്ച് ‘പൊണ്ണത്തടി’ (obesity) ഉണ്ടാകുകയും ചെയ്യുന്നു.
ഒരുഗ്രാം അന്നജം 4.1 കലോറി ഊര്‍ജം ഉത്പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 2000 മുതല്‍ 2500 വരെ ഊര്‍ജം ആവശ്യമാണ്. കൂടുതല്‍ അധ്വാനിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ കലോറി ആവശ്യമാണ്. പഞ്ചസാര, ധാന്യങ്ങള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയില്‍ അന്നജം അധികമായുണ്ട്.
മാംസ്യം
ശരീരഭാഗങ്ങളുടെ നിര്‍മിതിക്ക് മാംസ്യം അത്യന്താപേക്ഷിതമാണ്. ശരീരകോശങ്ങള്‍ (സെല്ലുകള്‍) മാംസ്യവും വെള്ളവുമടങ്ങിയ ‘പ്രോട്ടോപ്ലാസം’ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. പുതിയ കോശങ്ങളുടെ നിര്മിതിക്കുപുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വഴി കോശങ്ങള്‍ക്ക് സംഭവിക്കുന്ന തേയ്മാനം പരിഹരിക്കലും മാംസ്യങ്ങളുടെ ധര്‍മമാണ്. മുട്ട, മാംസം, മത്സ്യം, നിലക്കടല, ബദാം, പരിപ്പ്, പയര്‍ എന്നിവയില്‍ കൂടുതല്‍ മാംസ്യമുണ്ട്.
കൊഴുപ്പുകള്‍
ശാരീരികാവശ്യത്തിന് ഉപയുക്തമായ ഇന്ധനം കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് കൊഴുപ്പിനാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഒരു ഗ്രാം മാംസ്യവും 4.1 കലോറി വീതം ഊര്‍ജം പ്രദാനം ചെയ്യുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9.4 കലോറി ഊര്‍ജം പ്രദാനം ചെയ്യുന്നു. മാംസം, മത്സ്യം, സസ്യ എണ്ണകള്‍ എന്നിവയില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.
ലവണങ്ങള്‍
ശാരീരികാവയവങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലവണങ്ങള്‍ അന്ത്യന്താപേക്ഷിതമാണ്. ശരീരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സന്തുലനത്തിലും ലവണങ്ങള്‍ക്ക് പങ്കുണ്ട്.
വിറ്റാമിനുകള്‍
ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെയേറെ ആവശ്യമാണ് വിറ്റാമിനുകള്‍. പ്രധാന വിറ്റാമിനുകള്‍ എ,ബി,സി,ഡി,ഇ,കെ എന്നിവയാണ്. എ,ഡി,ഇ,കെ വിറ്റാമിനുകള്‍ കൊഴുപ്പുലായകമെന്നും മറ്റുള്ളവ ജലലായകമെന്നും അറിയപ്പെടുന്നു.
വെള്ളം
ശരീരത്തിന്റെ അധികഭാഗവും വെള്ളമാണ്. രക്തത്തിന്റെ പത്തില്‍ ഒന്‍പത് ഭാഗവും മാംസത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വെള്ളമാണ്. അകത്തേക്ക് കഴിക്കുന്ന വെള്ളത്തിന് പുറമെ, ശരീരത്തിലെ ഉപാപചയ പ്രക്രിയ വഴിയും ശരീരത്തിന് ജലാംശം ലഭ്യമാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ പദാര്‍ഥങ്ങള്‍ എത്തിക്കാനും ശരീരത്തില്‍ നിന്ന് ഒഴിവാക്കേണ്ട വസ്തുക്കള്‍ ഒഴിവാക്കാനും ജലമെന്ന മാധ്യമം ആവശ്യമാണ്.
ആഹാരത്തിലെ അവശ്യഘടകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ശരീരത്തിന് ആവശ്യമാണ്. വ്രതം മൂലം അവശ്യഘടകങ്ങളുടെ നിശ്ചിത തോതും അളവും നിയന്ത്രിക്കപ്പെടുന്നു. ക്രമപരമായ വിശ്രമവും ക്ലിപ്തപ്പെടുത്തിയ ഭക്ഷണരീതിയും അവശ്യഘടകങ്ങളുടെ ആധിക്യത്തെയും അമിതപോഷണത്തെയും തടയുന്നു. അവശ്യഘടകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട വിവിധ അവയവങ്ങള്‍ക്കും കോശകലകള്‍ക്കും (ടിഷ്യു) വേണ്ടത്ര വിശ്രമവും പ്രവര്‍ത്തന ലഘൂകരണവും സാധ്യമാകുന്നു.
നിരാഹാരത്തിന്റെ ഘട്ടങ്ങള്‍
നിരാഹാരം(starvation) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ആഹാരപദാര്‍ഥങ്ങള്‍ ശരീരത്തിന് ലഭ്യമാകാത്ത അവസ്ഥയാണ്. ഇത് പെടുന്നനെയോ(acute form) ക്രമേണയോ (chronic form) ആകാം. പൊടുന്നനെയുള്ള നിരാഹാരം ഗുരുതരവും അപകടകരവുമായ അവസ്ഥയിലേക്ക് നയിക്കുന്നു. ക്രമേണയുണ്ടാകുന്ന നിരാഹാരം ക്ഷണികമായി ഗുരുതരമല്ലെങ്കിലും ദൂരവ്യാപകമായ പ്രതിഫലനങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്.
നിരാഹാരത്തിന്റെ പ്രധാന ഘട്ടം ആദ്യത്തെ 36 മണിക്കൂറുകളാണ്. വിശപ്പ്, ദാഹം, ക്ഷീണം എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങള്‍. ശരാശരി ആരോഗ്യനിലവാരത്തിലും താഴ്ന്ന ഒരാള്‍ക്കുപോലും ഈ ഘട്ടം തരണം ചെയ്യാന്‍ സാധിക്കും. 48 മണിക്കൂറിനും 72 മണിക്കൂറിനുമിടയില്‍ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങുന്നു. വിശപ്പിന്റെ വേദന എന്നതാണ് പ്രധാന ലക്ഷണം. വയറിന്റെ മേല്‍ഭാഗത്ത് കഠിനമായ വേദനയനുഭവപ്പെടുകയും അതില്‍ നിന്ന് മുക്തിനേടാനായി വയറിന് മേല്‍ അമര്‍ത്തുകയും സ്വയം ചുരുളുന്ന അവസ്ഥ (curling) ഉണ്ടാവുകയും ചെയ്യുന്നു. ബലക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുക എന്നിവയും അനുഭവപ്പെടും.
നിരാഹാരം തുടരുമ്പോള്‍, മൂന്നാം ദിവസത്തോടെ സ്ഥിതി കൂടുതല്‍ വഷളാവുന്നു. മൂത്രത്തിന്റെ അളവ് കുറയുന്നു. എണ്ണം(frequency) കൂടുന്നു. മലവിസര്‍ജനത്തിന് തടസ്സം നേരിടുന്നു. ശരീരത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്)യുടെ അളവ് കുറയുന്നു. രക്ത സമ്മര്‍ദം, നാഡിമിടിപ്പ്, കൊളസ്ട്രോള്‍ അളവ് എന്നിവ ക്രമാതീതമായി കുറയുന്നു.
നിരാഹാരത്തിന്റെ ആറാം ദിവസം ശരീരമാകമാനം ശോഷിക്കുകയും ത്വക്കിന്നടിയിലെ കൊഴുപ്പ്ശേഖരം കുറയുകയും ചെയ്യുന്നു. കണ്ണുകള്‍ കുഴിയുകയും പ്യൂപ്പിള്‍ വികസിക്കുകയും ചെയ്യുന്നു. കവിള് ഒട്ടുകയും താടിയെല്ലുകള്‍ മുഴച്ചുനില്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലുകളും സന്ധികളും കൂടുതല്‍ മുഴച്ചുനില്ക്കുന്നു. ശബ്ദം ഇടറുകയും പതര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഉമിനീര് കുറയുകയും കൊഴുക്കുകയും ചെയ്യുന്നു. ചുണ്ട് വരളുകയും വിണ്ടുകീറുകയും ചെയ്യുന്നു. നാവ് പ്രത്യേകതരം ആവരണത്തിന് വിധേയമാകുന്നു.
നിരാഹാരം മൂലം മരണമുണ്ടാകുന്നത് രക്തസംവഹന വ്യവസ്ഥയിലെ തകരാറുകൊണ്ടാണ്(cardio vascular failure). ഏറ്റവും അപകടകരമായ ഘട്ടം ഏഴു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലാണ്. ആഹാരമില്ലാതെ പരമാവധി ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടു മാസത്തോളമാണ്.
ഇസ്ലാമിലെ വ്രതരീതി മറ്റ് നിരാഹാര-ഉപവാസ രീതികളില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ക്ലിപ്തപ്പെടുത്തിയ സമയനിഷ്ഠയും മാനസികമായ ഉന്നത നിലവാരവുമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ശരാശരി പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്രതം നിമിത്തം നിരാഹാരത്തിന്റെ (starvation)പൊടുന്നനെയുള്ള അവസ്ഥയോ, നിശ്ചിത ദിവസങ്ങളില്‍ പരിമിതപ്പെടുത്തുന്നതിനാല്‍ നിരാഹാരത്തിന്റെ ക്രമേണയുള്ള അവസ്ഥയോ രൂപപ്പെടുന്നില്ലെന്നു മാത്രമല്ല, ചിട്ടപ്പെടുത്തിയ വ്രതരീതി മറ്റു ഭൗതികവും മാനസികവുമായ നേട്ടങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യുന്നു.
നിരാഹാരത്തിന്റെ പ്രാഥമിക ഘട്ടത്തിന്റെ (36 മണിക്കൂര്‍) മൂന്നിലൊന്നോളം മാത്രമേ ഇസ്ലാമിലെ വ്രതത്തിന്റെ സമയം എത്തുന്നുള്ളൂ എന്നതിനാല്‍ നിരാഹാരത്തിന്റെ പ്രത്യക്ഷ ഫലത്തില്‍ നിന്നും പരോക്ഷ ഫലത്തില്‍ (indirect effect) നിന്നും ശരീരം മുക്തമാകുന്നു. സാധാരണയില്‍ താഴ്ന്ന ആരോഗ്യസ്ഥിതിയുള്ള ഒരാള്‍ക്കുപോലും പ്രഥമഘട്ടത്തിലെ നേരിയ വിശപ്പും ദാഹവും തരണം ചെയ്യാനാകുമെന്നത് സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ഫലത്തില്‍ ഉപവാസത്തിന്റെ ആദ്യഘട്ടത്തിലെ മുഴുവന്‍ ഗുണവും ഇസ് ലാമിലെ വ്രതരീതി കൊണ്ട് കരഗതമാകുന്നു. എന്നാല്‍ നിരാഹാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ നോമ്പുമൂലം ഉണ്ടാകുന്നില്ല എന്നതാണ് സത്യം.
ദഹനത്തിന്റെ പ്രക്രിയകള്‍
മനുഷ്യന് ഭക്ഷിക്കുന്ന ആഹാരപദാര്‍ഥങ്ങളില്‍ നിന്നു പോഷകങ്ങള്‍ വേര്‍തിരിച്ച് രക്തത്തിനും കോശത്തിനും വലിച്ചെടുക്കാവുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ് ദഹനത്തിലൂടെ സാധിച്ചെടുക്കുന്നത്. വായ തൊട്ട് ഗുദം വരെയായി ഏതാണ്ട് മുപ്പതടി നീളമുള്ള അന്നപഥത്തില്‍ വെച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാകുന്നത്.
വായയില്‍ വെച്ചുതന്നെ ദഹനം തുടങ്ങുന്നു. ചവയ്ക്കുമ്പോള്‍ ഭക്ഷണപദാര്‍ഥം വളരെ ചെറുതായി മാറുന്നു. മൂന്ന് ജോഡി ഉമനീര്ഗ്രന്ഥികള് പുറപ്പെടുവിക്കുന്ന ഉമിനീര് ഭക്ഷണത്തെ നനച്ച് മൃദുവാക്കുക മാത്രമല്ല, ഉമിനീരിലെ ട്യാലിന് എന്ന ദഹന എന്‍സൈം ഭക്ഷണത്തിലെ അന്നജനങ്ങളെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഉമിനീരിലെ മ്യൂസിന്(mucin) എന്ന പദാര്‍ഥമാണ് അയവുള്ള രൂപമാക്കി മാറ്റുന്നത്. വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള വഴി താനെ അടയുകയും ഉദരത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു.
വായില്‍ നിന്ന് തൊണ്ടയിലെത്തിയ ഉടനെ തൊണ്ടയിലെ കുഴല്‍ അമര്ത്തിയടയ്ക്കുമ്പോഴാണ് ഭക്ഷണ ഉരുള താഴേക്കിറങ്ങുന്നത്. അതുപോലെ ഭക്ഷണത്തിലുടനീളം കുഴല്‍ അമര്ന്നമര്ന്ന് ഉരുളയെ തള്ളിക്കൊണ്ടു പോകുന്നു. ഇത്തരം പേശീചലനങ്ങളെ പെരിസ്റ്റാള്‍സിസ് എന്നു പറയുന്നു. ഉപവാസ-വ്രത സമയങ്ങളില്‍ ഈ ചലനം മന്ദഗതിയിലാകുന്നത് മൂലം വിഷാംശങ്ങളടങ്ങിയ മാലിന്യങ്ങള്‍ പുറംതള്ളാന്‍ കരളിന് ആയാസം ലഭിക്കുന്നു.
ഉദരത്തിലെ പേശീചലനങ്ങള്‍ മൂലം തന്നെ ഭക്ഷണം ഉരുള മര്‍ദിക്കപ്പെടുന്നു. മിനുട്ടില്‍ മൂന്നു തവണ ഇങ്ങനെ ശക്തിയായി അമര്‍ത്തപ്പെടുന്ന ഭക്ഷണം ആകെ കുഴഞ്ഞ് കലര്‍ന്ന് ദഹനരസങ്ങളുമായി ലയിച്ചുചേരുന്നു. ഉദരത്തില്‍ മാത്രം ഏകദേശം മൂന്നുകോടി ദഹനരസഗ്രന്ഥികളുണ്ട്. പെപ്സിനും ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ന്നാണ് മാംസ്യം വിഘടിപ്പിക്കുന്നത്.
കൊഴുപ്പുകളില്‍ ചിലത് മാത്രമേ ഉദരത്തില്‍ വെച്ച് വിഘടിപ്പിക്കപ്പെടുന്നുളളൂ. കുടലില്വച്ചാണ് കൊഴുപ്പുദഹനം നടക്കുന്നത്. ഉദരത്തിലെ ദഹനപ്രക്രിയ തീരുന്നതോടെ ആഹാരം കൊഴുത്ത ഒരു തരം ദ്രാവകമായി മാറുന്നു. കുടലിലെ ‘ഡ്യൂവോഡിന’ ത്തില്‍ വെച്ച് പാന്‍ക്രിയാസ് ഗ്രന്ഥികളിലെ രസങ്ങളുമായി ഇത് ചേരുന്നു. അവയിലെ എന്‍സൈമുകള്‍ ദഹിക്കാന്‍ ബാക്കിയുള്ള അന്നജത്തെയും മാംസ്യത്തെയും ദഹിക്കാനുള്ള കൊഴുപ്പിനെയും ദഹിപ്പിക്കുന്നു. പിത്താശയഗ്രന്ഥി (gail bladder)യില്‍ നിന്നുമുള്ള സ്രവങ്ങള്‍ കൊഴുപ്പിന്റെ വിഘടനത്തിന് ആക്കം കൂട്ടുന്നു. ഭക്ഷ്യാവശിഷ്ടത്തിലെ ജലം വലിച്ചെടുക്കുന്നത് വന്‍കുടലില്‍ വെച്ചാണ്.
ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഉദരത്തിലെ ദഹനപ്രക്രിയ തിരക്കുപിടിച്ച് നടക്കും. മൂന്നു മണിക്കൂറിനകം അത് പൂര്‍ത്തിയാകുന്നു. അമിതാഹാരം മൂലം എട്ടു മണിക്കൂര്‍ വരെ ഉദരത്തില്‍ ഭക്ഷണം കെട്ടിക്കിടക്കാറുണ്ട്. ഇത് പിന്നീട് അജീര്‍ണമായി രൂപപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വ്രതം വഴി ഈ കെട്ടിക്കിടപ്പു വസ്തുക്കളെയും അജീര്ണത്തെയും സൂക്ഷിപ്പുമുതലിനെയും ശരിയായി ഉപയോഗപ്പെടുത്താനാകുന്നു.
വിശപ്പിന്റെ നിയന്ത്രണം
മനുഷ്യശരീരത്തിലെ ഭക്ഷ്യധാതുക്കളുടെ അളവും വിശപ്പിന്റെ നിയന്ത്രണവും പ്രധാനമായും നിര്‍വഹിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തിലെ ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗമാണ്. ആഹരിക്കലും ആഹരിക്കാതിരിക്കലും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ രണ്ട് കേന്ദ്രങ്ങളാണ്. പാര്‍ശ്വത്തിലായി സ്ഥിതി ചെയ്യുന്ന ‘ഭക്ഷ്യകേന്ദ്രം’, മധ്യത്തിലായി സ്ഥിതി ചെയ്യുന്ന തൃപ്തി കേന്ദ്രം എന്നിവയാണ് ആ കേന്ദ്രങ്ങള്‍.
ഭക്ഷ്യകേന്ദ്രത്തിന്റെ ഉദ്ദീപനം നിയന്ത്രണമില്ലാത്ത ആഹരിക്കലും, ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ വിശപ്പും പ്രദാനം ചെയ്യുമെന്നും, തൃപ്തികേന്ദ്രത്തിന്റെ ഉദ്ദീപനം ആഹരിക്കലിന്റെ സ്തംഭനവും ആ കേന്ദ്രത്തിന്റെ നശീകരണം അനിയന്ത്രിതമായ ഭോജനവും അതുവഴി ഹൈപ്പോതലാമസിന്റെ പൊണ്ണത്തടി എന്ന മാരകരോഗവും ഉണ്ടാക്കുന്നുവെന്നും പരീക്ഷണ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. (ref. The hypothalamus: Haymaker, W, Anderson E, Nauta WJH)
ഭക്ഷ്യ കേന്ദ്രത്തിന്റെയും തൃപ്തികേന്ദ്രത്തിന്റെയും നിയന്ത്രണം പ്രധാനമായും നിര്‍ണിയിക്കുന്നത് ശരീരകോശങ്ങളിലെ പഞ്ചസാര(ഗ്ലൂക്കോസ്)യുടെ അളവിലെ വ്യതിയാനങ്ങളാണ്. ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണ വിഗിരണ തോതിലുള്ള തുലനാവസ്ഥ പ്രസ്തുത കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് മൂലം അത്തരം കോശങ്ങള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളെന്ന് വിളിക്കപ്പെടുന്നു.
മനുഷ്യശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70-110 mg/dl ആണ്. ഗ്ലൂക്കോസിന്റെ കോശ അളവ് കുറയുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു. അപ്പോള്‍ ഭക്ഷ്യ കേന്ദ്രത്തിന്റെ ധര്‍മം തകിടംമറിയുകയും കലശമായ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് കൂടുമ്പോള്‍ ഗ്ലൂക്കോസ്റ്റാറ്റുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ഭക്ഷ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മിതപ്പെടുകയും വ്യക്തിക്ക് ആഹാരം ‘മതിയായതായി’ അനുഭവപ്പെടുകയും ചെയ്യുന്നു.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ തോത് നിശ്ചിത അനുപാതത്തില്‍ കുറയുമ്പോള്‍ വിവിധ ഗ്രന്ഥികളിലേക്ക് കേന്ദ്ര നാഡീവ്യൂഹത്തില്‍ നിന്നു ‘സന്ദേശ’ ങ്ങള് പ്രവഹിക്കാന്‍ തുടങ്ങുന്നു. കോശങ്ങളിലെ ഊര്ജക്കലവറകളില് സംഭരിച്ചുവെച്ചിട്ടുള്ള ഗ്ലൈക്കോജനും കൊഴുപ്പു പദാര്‍ഥങ്ങളും ഗ്ലൂക്കോസാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയ പുനരാരംഭിക്കുന്നു. പ്രധാന അന്തസ്രാവഗ്രന്ഥികളായ പിറ്റിയൂറ്ററി, തൈറോയിഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുവഴി ശരീരകോശങ്ങളിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനില്ക്കുകയും ചെയ്യുന്നു.
ശരീരകോശങ്ങളിലെ ഊര്ജക്കലവറ പ്രധാനമായും ഉദരഭാഗത്തും മുതുകിലും പൃഷ്ഠഭാഗത്തുമാണ് കേന്ദ്രീകരിക്കപ്പെട്ടിട്ടുളളത്. ഗ്ലൈക്കോജന്റെയും വിവിധതരം കൊഴുപ്പുകളുടെയും രൂപത്തിലുള്ള സംഭരണികളായാണ് ഊര്ജക്കലവറകള് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്.
ദഹനവ്യവസ്ഥ: നിയന്ത്രണവും ഏകോപനവും
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ക്രമീകൃതമായ പ്രവര്‍ത്തനം പ്രധാനമായും നിയന്ത്രിക്കുന്നത് അന്നപഥമടക്കമുള്ള ആന്തരികാവയവങ്ങളുടെ നാഡീശൃംഖലകളുടെ വിന്യാസവും ദഹനരസങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാംസബന്ധിതമായ ശൃംഖലയടങ്ങുന്ന Auerbach’s plexus ഉം ഉപരിശ്ലേഷ്മ (submucous) ശൃംഖലയടങ്ങുന്ന (Meissner’s plexus)മാണ് ദഹനേന്ദ്രിയ വ്യൂഹത്തിലെ പ്രധാന നാഡീശൃംഖലാ വിന്യാസങ്ങള്‍. ഇവയുടെ ഉദ്ദീപനം (stimulation)വിവിധ ദഹനഹോര്മോണുകള് ഉല്പാദിപ്പിക്കാന് കാരണമായിത്തീരുന്നു.
ദഹനവ്യവസ്ഥയിലെ പ്രധാന ഹോര്‍മോണുകള്‍ രണ്ട് കുടുംബങ്ങളില്‍ പെടുന്നു. ഗാസ്ട്രിന് കുടുംബം, സെക്രിറ്റിന്‍ കുടുംബം എന്നിവയാണവ ഗാസ്ട്രിന് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ഗാസ്ട്രിനും കോലിസിസ്റ്റോകൈനിനുമാണ്. സെക്രിറ്റില് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ സെക്രിറ്റിന്‍, ഗ്ലൂക്കഗോണ്‍,ഗ്ലിസെന്റിന്, വാസോ ആക്ടീവ് ഇന്റസ്റ്റൈനല്‍ പെപ്റ്റെഡ് (vip), ഗാസ്റ്റട്രിക് ഇന്‍ഹിബിറ്ററി പെപ്റ്റഡ് എന്നിവയുമാണ്.
വിവിധ ഹോര്‍മോണുകളും എന്‍സൈമുകളുമാണ് ദഹനപ്രക്രിയ രൂപപ്പെടുത്തുന്നതെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണം ഇതിനും ബാധകമാണ്. വിവിധതരം ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതും കേന്ദ്ര നാഡീവ്യവസ്ഥയാകയാല് തന്നെ വ്രതംമൂലം വളര്‍ത്തിയെടുക്കുന്ന ആത്മനിയന്ത്രണത്തിനും മനഃസ്ഥൈര്യത്തിനും മാനസിക സന്തുലിതാവസ്ഥയ്ക്കും ദഹനവ്യവസ്ഥയുടെ ഏകോപനത്തില്‍ പ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു.
വ്രതവും സ്ത്രീകളും
നിശ്ചിത സമയങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വ്രതത്തിന്റെ സമയങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില നാഡീസംവഹനികള് സ്ത്രൈണ ലൈംഗികാവയവങ്ങളെ ഉദ്ദീപിപ്പിക്കുന്നുവെന്നും അതുവഴി പ്രത്യുത്പാദനശേഷിയും അതോടൊപ്പം തന്നെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ ഗര്‍ഭസ്ഥശിശുവിനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും വര്‍ധിക്കുന്നതായി ഒരു സംഘം അമേരിക്കന്‍ ആരോശ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു ! (Medicine today: British broadcasting corporation (BBC) channel)
വ്രതം മൂലം സ്ത്രീകളിലെ കൊഴുപ്പിന്റെ അംശം കുറയുകയും പൊണ്ണത്തടി ചുരുങ്ങുകയും ചെയ്യുന്നത് വളരെയധികം രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുതകും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഐച്ഛിക നോമ്പുകളെടുക്കുന്നവരില് താരതമ്യേന കുറവാണ്.
വ്രതത്തിന്റെ ശരീരശാസ്ത്രം
മനുഷ്യന് ആഹരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ ദഹിപ്പിക്കുക എന്നത് ശരീരത്തില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ധാന്യങ്ങളിലും പഴവര്ഗങ്ങളിലുമടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്, വിവിധതരം പ്രോട്ടീന്‍ (മാംസ്യം), എണ്ണയിലും കൊഴുപ്പിലുമടങ്ങിയ ഫാറ്റ് എന്നീ വ്യത്യസ്ത രൂപത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള ഭക്ഷ്യപദാര്‍ഥങ്ങളെ ദഹിപ്പിച്ച് ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പഞ്ചസാരകളും, അമിനോ ആസിഡുകള്‍, ഗ്ലിസറോള്‍ തുടങ്ങിയവയുമായി രൂപാന്തരപ്പെടുന്നു. ശരീരത്തിനാവശ്യമായ ഊര്‍ജം ഉപയോഗിച്ച് ബാക്കി വരുന്നവയെ ഗ്ലൈക്കോജന്‍, കൊഴുപ്പ്, പ്രോട്ടീനുകള്‍ തുടങ്ങിയ രൂപങ്ങളില്‍ ശരീരത്തില്‍ നിക്ഷേപിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു. ഒരു പരിധിവരെ ഈ ശേഖരം പഞ്ഞകാലങ്ങളില്‍ ഉപയോഗപ്പെടുത്താമെങ്കില്‍ ആവശ്യത്തിലധികം സൂക്ഷിപ്പുമുതല്‍ വര്‍ധിക്കുമ്പോള്‍ അത് വിവിധ ജൈവപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. metabolic waste എന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിക്കപ്പെടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുകയും തല്‍ഫലമായി രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റിബോഡിയും എന്‍സൈമുകളും ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയും കഴിവും തീരെ കുറയുകയും ചെയ്യുന്നു.
ഭക്ഷണം ശാരീരികാവശ്യങ്ങള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നത് പോലെത്തന്നെ അത് ദഹിപ്പിക്കാനും അധികമുള്ളവ സംഭരിക്കാനും ശരീരത്തിന് ഊര്‍ജം വ്യയംചെയ്യേണ്ടതുണ്ട്. ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും തല്‍ഫലമായി രൂപംകൊള്ളുന്ന അജീര്‍ണം പ്രതിരോധശേഷി കുറയ്ക്കുകയും വിവിധ രോഗാണുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
വ്രതത്തിന്റെ ഘട്ടത്തില്‍ ദഹനരസോത്പാദനവും ദഹനാവയവങ്ങളുടെ പേശീചലനവും വളരെ മന്ദഗതിയിലാകുന്നു. തല്‍ഫലമായി കരളില്‍ ശേഖരിച്ചുവെച്ചിരുന്ന മാലിന്യങ്ങളും വിഷാംശങ്ങളും വിവിധ metabolite കളായി പിത്തരസത്തോടൊപ്പം ചെറുകുടലിന്റെ ഭാഗമായ ഡുവോഡിനത്തിലൂടെ പുറന്തള്ളപ്പെടുന്നു. കൂടുതല്‍ കൊഴുപ്പ് ഭക്ഷിച്ചിരുന്ന വ്യക്തിയാണെങ്കില്‍ പിത്തരസത്തിന്റെ ഉത്പാദനവും കൂടും. പേശീചലനത്തിന്റെ കുറവുമൂലം ചെറിയതോതില്‍ സ്തംഭനമോ മലബന്ധമോ ഉണ്ടാകാനിടയുണ്ട്.
ശരീരത്തിലെ വിസര്‍ജന-ശുദ്ധീകരണ-അവയവങ്ങളിലെല്ലാം വ്രതത്തോടനുബന്ധിച്ച് വ്യതിയാനങ്ങള്‍ കാണാവുന്നതാണ്. ഉമിനീര്രസത്തിന് സാന്ദ്രത കൂടുകയും അളവ് കുറയുകയും കയ്പ് രുചിയും ദുസ്വാദും അനുഭവപ്പെടുകയും ചെയ്യുന്നു. സാധാരണയില്‍ നിന്നും ഭിന്നമായ സ്രവങ്ങള്‍ ഉദരത്തിലും വയറ്റിലുമെത്തുന്നതിന്റെ ഫലമായി അവയ്ക്ക് പുളിപ്പ് പ്രക്രിയ നടക്കുകയും തല്‍ഫലമായി രൂപംകൊള്ളുന്ന വാതകത്തെ പുറംതള്ളുന്നത് മൂലം ഡയഫ്രം മേലോട്ടുയരുകയും നേരിയ നെഞ്ചിടിപ്പും നാഡിമിടിപ്പു വര്‍ധനയുമുണ്ടാകുന്നു. വൃക്കയിലെ സൂക്ഷ്മനാളികളില് എത്തിക്കൊണ്ടിരുന്ന പദാര്‍ഥങ്ങളുടെ സാന്ദ്രതയില്‍ വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായി വരുന്ന അവസ്ഥാന്തരം (phase shift) മൂലം നേരിയ മൂത്രതടസ്സം അനുഭവപ്പെടാവുന്നതാണ്. വിയര്പ്പിന്റേതുപോലെ മൂത്രത്തിനും ദുര്‍ഗന്ധം വരാന്‍ സാധ്യതയുണ്ട്.
വ്രതത്തിന്റെ തുടക്കത്തിലെ രണ്ടുമൂന്നു ദിവസങ്ങളില്‍ മാത്രമേ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരികാരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങുന്നു. ശരീരത്തിലെ ദുര്‍മേദസ്സ് (ഗ്ലൈക്കോജന്‍, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ) ഉപയോഗിച്ചു തീര്‍ന്നാല്‍ പിന്നീട് ശരീരം ഉപയോഗശൂന്യമായ കോശങ്ങളുടെ മേല്‍ കൈവെക്കുന്നു. ഇത് ഏകദേശം പത്ത് ദിവസത്തിനുള്ളിലായിരിക്കും. തുടര്‍ന്നും ഉപവസിച്ചാല്‍ ശരീരം ഗുരുതരമായി പ്രതികരിക്കും. ദീര്‍ഘകാലം ജലപാനം പോലുമില്ലാതെ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിനെ ആത്മപീഡയായി മാത്രമേ കാണാനാകൂ. അതിനാലാണ് ഇസ് ലാമിലെ വ്രതരീതി പ്രഭാതം മുതല്‍ പ്രദോഷം വരെയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിമതം ഒരിക്കലും പ്രകൃതിവിരുദ്ധമായ ആത്മപീഡക്കും സ്വയം നാശത്തിനും വഴിവെക്കില്ലല്ലോ.
ഉപവാസവേളയില്‍ ഹൃദയമിടിപ്പ് അല്പം കുറയുന്നു. ശരീരത്തിന് പ്രാണവായു അല്പം മതിയെന്നത് ഹൃദയത്തിനുള്ള ഒരു താല്‍ക്കാലിക വിശ്രമവും ആശ്വാസവുമാണ്. അതേസമയം തന്നെ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്നു. കാരണം ഓക്സീകരണത്തിന്റെ കുറവ് ആകാം. ആര് ബി സിയുടെ എണ്ണം കൂടുന്നതിനാല്‍ പ്രാണവായുവിന്റെ കുറവ് അനുഭവപ്പെടുന്നില്ല. വെളുത്ത രക്താണുക്കളുടെ എണ്ണം കുറയുന്നതുമൂലം മജ്ജയ്ക്ക് വിശ്രമം ലഭിക്കുന്നു.
മുപ്പത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വ്രതം മൂലം തലച്ചോറിലെ മടക്കുകളിലെ കൊഴുപ്പുശേഖരം ഉപയോഗപ്പെടുത്താനും അത് ഒഴിവാക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ‘അഗാധ’ ങ്ങളിലേക്ക് സന്ദേശങ്ങള്‍ പ്രവഹിപ്പിക്കാനും സാധിക്കുന്നു. അതിനാല്‍ തന്നെയാണ് തെളിഞ്ഞ ബുദ്ധിയും വ്യക്തമായധിഷണയും ഉപവസിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതെന്ന് ആരോഗ്യരംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
രക്തം ശുദ്ധീകരിക്കപ്പെടുന്നത് മൂലവും ദുര്‍മേദസ്സ് ഒഴിവാകുന്നത് മൂലവും അധ്വാനഭാരം കുറയുന്നത് മൂലവും ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുകയും പുതിയ ഓജസ്സും ഉണര്‍വും ശക്തിയും കൈവരികയും ചെയ്യുന്നു. കരളില്‍ ശുദ്ധീകരണവും മിനുക്കുപണികളും നടക്കുന്നു. അതുവഴി കരള്‍വീക്കം പോലുള്ള രോഗങ്ങളില്‍ നിന്ന് കരള്‍ മുക്തമാകുന്നു. മദ്യപാനവും അമിതാഹാരവുമാണ് സിറോസിസിനു (കരള്‍വീക്കം) കാരണം. മുസ്ലിം സമുദായത്തില്‍ സിറോസിസ് അളവ് കുറയാനുള്ള പ്രധാന കാരണം മദ്യപാനം നിഷിദ്ധമായതും വര്‍ഷത്തില്‍ ഒരു മാസം വ്രതാനുഷ്ഠാനം നടത്തുന്നതുമാണെന്ന് കണ്ടെത്താം!
വൃക്കയിലെ നെഫ്രോണുകളും ട്യൂബുകളും നല്ലപോലെ ‘കഴുകി’ ശുദ്ധിയാക്കല്‍ വ്രതം മൂലം നടക്കുന്നു. എല്ലിന്റെ മജ്ജക്ക് ആശ്വാസവും പ്രവര്‍ത്തനക്ഷമതയും വീണ്ടെടുക്കാനാകുന്നു. ഹൃദയത്തിന് വേണ്ടത്ര ‘ആശ്വാസ’വും ജോലിഭാരവും കുറയുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുകൊണ്ട് മാത്രമല്ല, വ്രതശുദ്ധി മൂലം തന്നെ ഹൃദയഭിത്തി, ഹൃദയധമനി എന്നിവക്ക് പുതിയ ഉണര്‍വ് ഉണ്ടാകുന്നുവെന്നും അനുമാനിക്കപ്പെടുന്നുണ്ട്. നാഡികളും തലച്ചോറും ശുദ്ധീകരിക്കുന്നത് മൂലം വ്രതകാലത്ത് മാനസികാസ്വാസ്ഥ്യങ്ങള്‍ കുറവാണ്. കാഴ്ചശക്തിയും സ്പര്ശശക്തിയും സ്വാദും ഘ്രാണശക്തിയും കേള്‍വിയും വര്‍ധിക്കുന്നു.
ശാരീരികവും മാനസികവുമായ ഒട്ടുവളരെ ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ഒട്ടേറെ രോഗങ്ങള്‍ തടയുകയും ചെയ്യുന്ന വ്രതം പ്രവാചകന് മുഹമ്മദ് (സ) പറഞ്ഞപോലെ ഒരു പരിചതന്നെയാണ്, ആത്മീയവും ശാരീരികവുമായ പ്രതിരോധവും സുരക്ഷയും ഒരേസമയം പ്രദാനം ചെയ്യുന്ന പരിച!
ദുര്‍മേദസ്സിനെ പറഞ്ഞുവിടുന്നു
ദുര്‍മേദസ്സ് അനിയന്ത്രിതവും അമിതവും ക്രമരഹിതവുമായ ആഹാരരീതിയുടെ സന്തതിയാണ്. വിവിധതരം രക്ത-ഹൃദ്രോഗങ്ങള്‍, പ്രമേഹം, പിത്താശയ രോഗങ്ങള്‍ , രക്തസമ്മര്‍ദം മുതലായ ഒട്ടനവധി രോഗങ്ങള്‍ ദുര്‍മേദസ്സിന്റെ കൂടപ്പിറപ്പാണ്. ഒരു പുരുഷന്റെ തൂക്കത്തിന്റെ 20% ത്തിലധികം കൊഴുപ്പില്‍ നിന്നും സ്ത്രീയുടെ തൂക്കത്തിന്റെ 25% ത്തിലധികം കൊഴുപ്പില്‍ നിന്നുമാകുമ്പോള്‍ ദുര്‍മേദസ്സ് രൂപപ്പെടുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അമിതപോഷണം മൂലം ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, സന്ധിരോഗങ്ങള്‍, പിത്താശയരോഗങ്ങള്‍ തുടങ്ങിയ ഒട്ടനവധി രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിവിധ ശസ്ത്രക്രിയകള്‍ ഗുരുതരവ്യാധികള് എന്നിവയില്‍ നിന്ന് ശരീരം സുഖം പ്രാപിക്കുന്നതിന് ദുര്‍മേദസ്സ് തടസ്സം സൃഷ്ടിക്കുന്നു.
‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; അമിതമാവരുത്’ (വി.ഖു) എന്ന സന്ദേശം അമിതാഹാരവും ധൂര്ത്തുമുയര്ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ മാത്രമല്ല; അവ ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധിയും കൂടി അനാവരണം ചെയ്യുന്നു.
‘ ആദമിന്റെ മകന് (മനുഷ്യന്) അവന്റെ ഉദരത്തെക്കാള്‍ ചീത്തയായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന് അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മാത്രം മതി. അനുപേഷ്യമാണെങ്കില് ഉദരത്തിന്റെ മൂന്നിലൊരു ഭാഗം അവന്റെ ആഹാരത്തിനും മൂന്നിലൊരു ഭാഗം കുടിനീരിനും മൂന്നിലൊരുഭാഗം സുഗമമായ ശ്വാസോച്ഛ്വാസത്തിനുമായി അവന് നീക്കിവെക്കട്ടെ’ (നസാഈ, തുര്‍മുദി, അഹ്മദ്). അമിതമായ ആഹാരവും ധൂര്‍ത്തും സങ്കീര്‍ണമായ രോഗങ്ങള്‍ക്ക് നിമിത്തമായി പരിണമിക്കുന്നു.
ദുര്‍മേദസ്സ് ഇന്ന് സമ്പന്നരാജ്യങ്ങളുടെ മാത്രമല്ല, മൂന്നാം രാഷ്ട്രങ്ങളിലെപ്പോലും സാമൂഹിക പ്രതിസന്ധിയായി മാറുന്നു. ശരീരഭാഗം കുറയ്ക്കാനും കൊഴുപ്പിന്റെ അംശം കുറയ്ക്കാനും ചിലര്‍ ഭീമമായ തോതില്‍ പണം ചെലവഴിക്കുന്നു.
മനുഷ്യനെ അധ്വാനശീലനും പ്രയാസങ്ങളോട് മല്ലിടേണ്ടവനുമായാണ് ദൈവം സൃഷ്ടിച്ചത്(വി.കു. 90: 4). അലസപൂര്ണവും ആഡംബരബന്ധിതവുമായ ഒരു ജീവിതമല്ല, മറിച്ച് ക്ലേശപൂര്‍ണവും അധ്വാനബന്ധിതവുമായ ജീവിതമാണ് ഇസ്ലാം വിഭാവനചെയ്യുന്നത്.
കൊല്ലത്തില്‍ ഒരു മാസക്കാലം നിര്‍ബന്ധമായും ഉപവാസമനുഷ്ഠിക്കാനാവശ്യപ്പെടുന്ന ഇസ്ലാം മറ്റ് ഏത് ഉപവാസ പദ്ധതികളെക്കാളും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണോപാധിയാണ് കാഴ്ചവെക്കുന്നത്. ഇതിനേക്കാള്‍ ചുരുങ്ങിയ ഇടവേളയാണ് ഉപവാസത്തിന് നിശ്ചയിക്കുന്നതെങ്കില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ‘മെറ്റബൊളൈസ്’ ചെയ്യപ്പെട്ട് ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ലാഘവം നല്കാന് അത് മതിയാകുകയില്ല. കൊല്ലം മുഴുവന്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന (അമിതാഹാരി) ഒരാള്‍ക്കുപോലും ദുര്‍മേദസ്സ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഒരു മാസത്തെ വ്രതം പര്യാപ്തമായിരിക്കും.
ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരിക്കുന്ന പകല്‍ സമയമാണ് ഇസ്ലാം വ്രതത്തിന് നിശ്ചിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഊര്‍ജവിനിയോഗം മന്ദഗതിയിലാകുന്ന രാത്രിയില്‍ വ്രതം പകലത്തെപ്പോലെ ഫലപ്രദമാകില്ല. പകല്‍സമയത്ത് ഉറങ്ങിയാലും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിനാല്‍ നോമ്പ് നോറ്റുകൊണ്ട് പകലുറങ്ങുന്നത് നോമ്പിന്റെ ആരോഗ്യപരമായ പ്രയോജനം കുറയാന്‍ കാരണമാകും.
റമദാന് പുണ്യം ആണുങ്ങള്‍ക്ക് മതിയോ?
“ആദം സന്തതികളേ, എല്ലാ ആരാധനാലയങ്ങളിലും (എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (വി.ഖു 7:31)
ബ്രോസ്റ്റ്, ഷവര്‍മ, ബര്‍ഗര്‍, തന്തൂരി, സാന്റ്വിച്ച്, കട്ലറ്റ്…. പേര് കേള്‍ക്കുമ്പോഴേക്ക് മലയാളിക്ക് നാക്കില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍. എല്ലാം വറുത്തും പൊരിച്ചും പൊള്ളിച്ചും റെഡിയാക്കിയത്. ജാതിമത പ്രായഭേദമില്ലാതെ മലയാളിയുടെ മനസ്സ് ഈ വറവ് രുചിക്കൂട്ടില്‍ ഉടക്കിനില്ക്കുകയാണിന്ന്.
റമദാനിലും അല്ലാത്തപ്പോഴുമായി മുസ്ലിം കുടുംബങ്ങളിലെ തീന്‍മേശകളിലാണ് ഇവന്മാര് കൂടുതലും കയറിപ്പറ്റുന്നത്. ഷവര്‍മയെ ചിലര്‍ കാലന്‍കോഴി എന്ന് കൂകി വിളിക്കാറുണ്ട്. അതൊഴിച്ച് മറ്റു ബഹിഷ്കരണങ്ങളൊന്നും തീന്മേശകളില് നിന്ന് ഇവരുണ്ടാക്കാറില്ല. മുമ്പ് മൊല്ലാക്കയുടെ കൂടിയ തിരക്ക് കാരണം കൂട്ടിലെ കോഴിയെ കെട്ടിയോനെങ്ങാനും പിടിച്ചറുത്താല് വീട്ടുകാരിക്ക് ഇശ്കാല് തീരില്ല. തോന്നുമ്പം സ്വല്ലിയാ, മൂപ്പര് അറുത്തതൊന്നും ഹലാലാകൂല. പക്ഷേ, ഇന്നത്തെ വറുപ്പ് പൊരിപ്പന്‍ ഉരുപ്പടികളിലെ ആട്മാട് കോഴികള്‍ അറുത്തതോ? ചത്തതോ? തച്ചുകൊന്നതോ? എന്നതിനെക്കുറിച്ചുള്ള ഇശ്കാലും ആര്‍ക്കുമില്ല. തീന് വിചാരത്തിലെന്ത് ദീന് വിചാരം!
പണ്ടെങ്ങോ ഒരുത്തന് പെണ്ണുംപിള്ളയെ മൊഴി ചൊല്ലിയത് നോമ്പ് തുറക്ക് പത്തിരിയില്‍ നിന്ന് മുടികിട്ടിയതിനായിരുന്നുപോലും. അന്നിതിന്റെയൊക്കെ നിര്‍മാണച്ചുമതല വീട്ടിലെ പെണ്ണുങ്ങള്‍ക്കായിരുന്നല്ലോ. ശഅ്ബാനില്‍ തുടങ്ങും നോമ്പ് പത്തിരിക്കുള്ള അവളുടെ വേവും നോവും. നെല്ല് പുഴുങ്ങല്, കുത്തല്, അരി പൊടിക്കല്‍, തരം തിരിച്ച് പാത്രത്തിലാക്കി സൂക്ഷിക്കല്‍. ഇതൊക്കെയും ചെയ്യല്‍ കയ്യും മെയ്യും ഉരലും ഉലക്കയുമൊക്കെ ഉപയോഗിച്ച് തന്നെ വേണംതാനും.
മാനത്ത് റമദാനിന്റെ അമ്പിളിക്കല കീറിക്കഴിഞ്ഞാല്‍ പിന്നെ നവയ്തു സൗമ ഗദിന്… എന്ന് നിയ്യത്ത് വെച്ച് നേരെ ഇറങ്ങുന്നത് അടുക്കളയിലേക്ക്. പുതിയാപ്ലക്ക് പലകയില്‍ പരത്തിയ നേരിയ പത്തിരി. വല്ലിക്കാക്ക് നെയ്പത്തിരി. മൂത്തുമ്മാക്ക് തേങ്ങാപ്പാലൊഴിച്ച് കട്ടിപ്പത്തിരി. ഇങ്ങനെ പത്തിരി തന്നെ പലവിധം. ഇതിലേക്കുള്ള മറ്റ് ഉരുപ്പടികള്‍ വേറെയും. അലീസ, സമൂസ, തരിക്കഞ്ഞി, ജീരകക്കഞ്ഞി. അതിനിടയില്‍ സുബ്ഹ്, ളുഹ്റ്, അസര്‍, മഗ്രിബ് വരെ നമസ്കാരം ഖളാഅ്. എന്നിട്ട് പത്തിരി ചുട്ട് നടുവൊടിഞ്ഞ അവള്‍ക്ക് കിട്ടുന്ന സമ്മാനം മുടി കിട്ടിയതിന് അടിയും. ഇതൊക്കെ ഇന്ന് വെറും പഴംപുരാണങ്ങള്‍. ശഅ്റേ മുബാറക് വന്നതോടു കൂടി തന്നെ തീറ്റ സാധനങ്ങളിലെ മുടികള്ക്കൊക്കെ ഡിമാന്റ് കൂടി. കൂടാതെ പത്തിരി, സമൂസകളില്‍ നിന്നെങ്ങാനും ഒരു മുടി കിട്ടിയാല്‍ പെണ്ണുംപിള്ള ഇന്ന് ഇങ്ങോട്ട് കണ്ണുരുട്ടും. “സാധനം വാങ്ങുമ്പോള്‍ എവിടെ നോക്കിയാ മനുഷ്യാ വായും പൊളിച്ച് നിന്നിരുന്നത്?” കാരണം അതിന്റെയൊക്കെ പാറ്റന്റ് ഊരും പേരുമില്ലാത്ത ആര്‍ക്കോ ആയിരിക്കും. ഏതോ ഒരു മില്ലില്‍ അരിപൊടിച്ച്, ഏതോ ഒരുത്തി പരത്തിച്ചുട്ട്, ആര്‍ക്കും വേണ്ടാത്ത ഒരു പാത്രത്തില്‍ വിളമ്പിവെച്ച പത്തിരി. അതില്‍ നിന്ന് കിട്ടിയ ഒരു മുടിയുടെ പേരില്‍ ആര് ആരെ മൊഴിചൊല്ലും?
ഇങ്ങനെയൊക്കെയാണെങ്കിലും ആരാധനകളാല്‍ പൂത്തുലയേണ്ടതായ പുണ്യറമദാന് പെണ്ണുങ്ങള്‍ക്ക് അന്നും ഇന്നും കയ്യെത്താത്ത ദൂരത്തുതന്നെ. ആദ്യപത്തിലെ മൂന്നാല് ദിവസം പള്ളികളില്‍ തറാവീഹിന് സ്ത്രീകളുടെ ഭാഗം നിറഞ്ഞുകവിയും. സ്വഫ് ശരിയാക്കലും അതിനായി തൊട്ട് നില്‍ക്കുന്നവളുടെ ചെറുവിരലില്‍ ചവിട്ടലും ഇമാമിന് തജ്വീദ് പോരെന്നുള്ള കുറ്റങ്ങളും ഇങ്ങനെ തിരക്കോട് തിരക്ക്. പിന്നെ പിന്നെ സ്വഫിന് നീളം കുറയും. എണ്ണം കുറയും. ഏറ്റവും പുണ്യകരമായ അവസാനത്തെ പത്തുകളിലെത്തുമ്പോഴേക്ക് വിരലിലെണ്ണാവുന്നവര്‍ മാത്രം പള്ളിയില്‍. ബാക്കിയൊക്കെ അങ്ങാടിയിലേക്കും തുണിക്കടയിലേക്കും വഴിമാറും.
“വരാനാഗ്രഹമില്ലാഞ്ഞിട്ടല്ല ക്ഷീണം കൊണ്ട് കഴിഞ്ഞില്ല” -ഇന്നലെ എന്തേ തറാവീഹിന് കണ്ടില്ല എന്ന് ചോദിച്ചാല്‍ പലര്‍ക്കും പറയാനുള്ള മറുപടിയാണിത്. തീറ്റ തന്നെയാണ് അവിടെയും വില്ലന്‍. അണുകുടുംബങ്ങളില്‍ മക്കളുടെ ബാക്കി കൂടി പലപ്പോഴായി എത്തിച്ചേരുന്നത് ഉമ്മയുടെ വയറ്റില്‍ തന്നെയായിരിക്കും. എല്ലാം കൂടി ആമാശയത്തില്‍ കിടന്നുണ്ടാക്കുന്ന അടിപിടി. അതാണ് മിക്കവാറും അവളുടെ തറാവീഹ് നമസ്കാരത്തിന് വഴിമുടക്കിയാകുന്നത്.
സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമങ്ങള്‍ അവന്റെ ഗുണങ്ങളുടെ ബഹിര്‍പ്രകടനങ്ങള്‍ കൂടിയാണ്. അതൊന്നും മനുഷ്യന് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അനുസരിക്കേണ്ടവയല്ല. പ്രത്യുത മനുഷ്യന് സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണവ. ഓരോന്നും അവന്റെ ജീവിത ലക്ഷ്യത്തിലേക്കുള്ള കാല്വെപ്പുകളുമായിരിക്കും. “അതിനെ (ആത്മാവിനെ പരിശുദ്ധമാക്കിയവന് വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന് പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.” (വി.ഖു 91:9-10)
ഒരര്‍ഥത്തില്‍ മനുഷ്യ പ്രകൃതിയുടെ താല്പര്യങ്ങളുടെ പൂരണമാണത്. ദാഹിക്കുന്നവനോട് വെള്ളം കുടിക്കാനും വിശക്കുന്നവനോട് ഭക്ഷണം കഴിക്കാനും അതിലൊന്നും അമിതവ്യയം പാടില്ലെന്നുമുള്ള ദൈവിക കല്പന ഒരാജ്ഞ എന്നതിലുപരി മനുഷ്യന്റെ ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്. മനുഷ്യശരീരമെന്നത് അനേകം അവയവഘടകങ്ങളുടെ ഒരത്ഭുത സങ്കേതമത്രെ. പഞ്ചേന്ദ്രിയങ്ങള്‍, തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍, ശ്വാസോച്ഛാസ വ്യവസ്ഥ, മൂത്രാശയ വ്യവസ്ഥ, അസ്ഥികൂടം, ധമനികള്‍ ഇങ്ങനെ ഒരുപാട് സംവിധാനങ്ങള്‍. ഈ സംവിധാനങ്ങളുടെയൊക്കെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ഭക്ഷണവും അതിന്റെ ദഹന വ്യവസ്ഥയുമാണ്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് തന്റെ കുഞ്ഞിന് വളരാനാവശ്യമായ ഭക്ഷണം അമ്മയില്‍ നിന്ന് ലഭിച്ചുവരുന്നു. അതുകൊണ്ടായിരിക്കാം ഉപവാസ സമയത്തുപോലും ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും അതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് ഇളവ് നല്കപ്പെട്ടവരില് ഇസ്ലാം ഉള്‍പ്പെടുത്തിയത്.
“ഇബ്നുഉമര്‍(റ) പറയുന്നു: സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ ഭയപ്പെടുന്ന ഗര്‍ഭിണി റമദാനില്‍ നോമ്പ് ഉപേക്ഷിച്ചതിന് പ്രായശ്ചിത്തം നല്കിയാല് മതി, നോറ്റുവീട്ടല്‍ (ഖദ്വാഅ്) നിര്‍ബന്ധമില്ല.” (അബ്ദുര്‍റസാഖ്, ത്വബ്രി)
പിഞ്ചുകുഞ്ഞിന് മുലയൂട്ടുന്ന മാതാവിനെയും ഈ ഗണത്തില്‍ തന്നെയാണ് നബി(സ) ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടുന്ന് പറഞ്ഞു: “അല്ലാഹു യാത്രക്കാരന് നമസ്കാരത്തിന്റെ പകുതിയും നോമ്പും ഇളവ് ചെയ്തിരിക്കുന്നു. അതുപോലെ ഗര്‍ഭിണിക്കും കുഞ്ഞിന് മുല കൊടുക്കുന്ന സ്ത്രീക്കും (നോമ്പ് ഉപേക്ഷിക്കാന്‍) ഇളവ് നല്കിയിരിക്കുന്നു.” (അന്നസാഈ)
ഉപവാസവുമായി ബന്ധപ്പെട്ട ദൈവിക നിയമത്തിലെ കാരുണ്യത്തിന്റെ സമീപനമാണിത്. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ലഭിക്കേണ്ട ഊര്‍ജത്തിന്റെ അളവാണ് കലോറി. ഒരാള്‍ക്ക് ആവശ്യമായ കലോറി അയാളുടെ പ്രായം, ലിംഗവ്യത്യാസം, ജോലി, കാലാവസ്ഥ മുതലായവയൊക്കെ അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും. ഒരു കുട്ടിക്ക് വളര്‍ച്ചയുടെ ഘട്ടത്തില്‍ കളിക്കുമ്പോള്‍, സ്വസ്ഥമായിരിക്കുമ്പോള്‍, കൂലിപ്പണിക്കാരന്, ഗര്‍ഭിണി, പ്രസവിച്ച സ്ത്രീ, രോഗി എന്നീ വിവിധ അവസ്ഥകളില്‍ വിവിധ അളവിലുള്ള കലോറി ആവശ്യമായിരിക്കും. അമിതമായാല്‍ അത് ശരീരത്തിന് ഉപദ്രവം വരുത്തും. അതുകൊണ്ടുതന്നെ ഉപവാസത്തിലെ അന്നപാനീയ നിഷേധ സമയത്തിനും ഒരു നിശ്ചിത സമയപാലനം ഖുര്‍ആന്‍ സ്വീകരിച്ചു. “നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് വ്യക്തമായി കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകുന്നത് വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക.” (വി.ഖു 2:187)
ഇരുപത്തിനാല് മണിക്കൂറും അന്നപാനീയങ്ങളുപേക്ഷിച്ചുകൊണ്ട് നടത്തുന്ന ഒരു തരം നിരാഹാര വ്രതത്തിനും ഇസ്ലാമില്‍ പ്രോത്സാഹനമില്ല. ഒരു സത്യവിശ്വാസി അവന്റെ നോമ്പ് ആരംഭിക്കേണ്ടത് രാത്രി അത്താഴം കഴിച്ചുകൊണ്ടായിരിക്കണമെന്നതാണ് ഇസ്ലാമിക നിയമം. നബി(സ) പറഞ്ഞു: “അത്താഴം അല്ലാഹു നിങ്ങള്‍ക്ക് നല്കിയ നന്മയാണ്. അത് നിങ്ങള്‍ വര്‍ജിക്കരുത്.” (അന്നസാഇ). അത്താഴം രാത്രിയുടെ അവസാനത്തേക്ക് പിന്തിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചു. “സൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് അവിടുന്ന് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു: ബാങ്കിന്റെയും അത്താഴത്തിന്റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമ്പത് ആയത്തുകള്‍ ഓതുന്ന സമയം.” (ബുഖാരി)
സമയമായിക്കഴിഞ്ഞാല്‍ നോമ്പ് മുറിക്കുന്നതില്‍ ധൃതി കാണിക്കുന്നതിലാണ് നബിചര്യയുള്ളത്. “നബി(സ) പറയുന്നു: ജനങ്ങള്‍ നോമ്പ് മുറിക്കാന്‍ ധൃതിപ്പെടുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും.” (ബുഖാരി) ശരീര പ്രവര്‍ത്തനത്തിന് അതത് സമയത്ത് ആവശ്യമായ ഭക്ഷണം ലഭ്യമാകാതെ പോകരുതെന്നുള്ള ഇസ്ലാമിന്റെ ദീര്‍ഘവീക്ഷണമാണത്. അതേ ഭക്ഷണം ഒരിക്കലും അമിതമായിപ്പോകരുതെന്നുള്ള നിര്‍ദേശവും അതിലുണ്ട്. നബി(സ) പറയുന്നു: ആദമിന്റെ മകന് അവന്റെ ഉദരത്തേക്കാള് മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന് അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മതി. അത്യാവശ്യമെങ്കില്‍ ഉദരത്തിന്റെ മൂന്നിലൊരു ഭാഗം ആഹാരത്തിനും മൂന്നിലൊന്ന് കുടിനീരിനും മൂന്നിലൊന്ന് വായുവിനുമായി നീക്കിവെക്കട്ടെ.” (നസാഇ തിര്‍മിദി)
മനുഷ്യജീവിതത്തിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന് പ്രകൃതി നിയമാനുസൃതമായ വിധേയത്വം. മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റേതായ ഭാവം. ഇതുപയോഗിച്ചുകൊണ്ട് ദൈവകല്പനകളെ തള്ളാനും കൊള്ളാനും അവനാവും. ഈ തിരസ്കരണ ഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവകല്പനക്ക് വിധേയനായി അന്നപാനീയങ്ങളില്‍ നിന്നും ഭോഗാസക്തി ദുഷിച്ച വിചാരവികാര പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്ക്കുക എന്നതാണ് ഇസ്ലാമിലെ വ്രതാനുഷ്ഠാനം. അതുകൊണ്ടാണ് അതിന്റെ അന്തസ്സത്ത നിലനിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ വചനങ്ങളായി നബി(സ) ഇപ്രകാരം പറഞ്ഞത്. “നോമ്പ് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്. കാരണം എനിക്കുവേണ്ടിയണവന് അവന്റെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ചത്.” (ബുഖാരി)
നോമ്പുകാരനായ സത്യവിശ്വാസിക്ക് സായൂജ്യമടയാന്‍ ഇതിലപ്പുറം എന്തു വേണം. മാനസികമായ ഈ നിര്‍വൃതിയുടെ പൂര്‍ത്തീകരണം നടക്കേണ്ടത് വ്രതാനുഷ്ഠാനത്തോടൊപ്പമുള്ള മറ്റു ആരാധനകളിലൂടെയാണ്. നമസ്കാരം, ദിക്റ്, ദുആ, ഖുര്‍ആന്‍ പാരായണം, പഠനം, പള്ളികളോടുള്ള ബന്ധം, രാത്രി നമസ്കാരം, ഇഅ്തികാഫ് ഇങ്ങനെ പലതും. ഇതില്‍ നിന്നൊന്നും സ്ത്രീകളെഅല്ലാഹു ഒരിക്കലും മാറ്റിനിര്‍ത്തിയിട്ടില്ല. ആഇശ(റ) പറയുന്നു: “നബി(സ) അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്റെ തുണി മുറുക്കി ഉടുക്കുകയും ഭാര്യമാരെ വിളിച്ചുണര്‍ത്തി രാവ് ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു.” (ബുഖാരി, മുസ്ലിം)
രാത്രിയിലെ നമസ്കാരത്തിലും അവസാനത്തെ പത്തിലെ ഇഅ്തികാഫിലുമെല്ലാം നബി(സ)യോടൊപ്പവും അതിന് ശേഷവും സ്ത്രീകളും ഭാഗഭാക്കായി. “ആഇശ(റ) പറയുന്നു: നബി(സ) റമദാനിന്റെ അവസാനത്തെ പത്തില്‍ മരണംവരെ ഇഅ്തികാഫ് ഇരുന്നിരുന്നു. നബി(സ)യുടെ കാലശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫ് ഇരുന്നിരുന്നു.” (ബുഖാരി)
ഇത്തരം ആരാധനാ കര്‍മങ്ങള്‍ ആത്മാര്‍ഥതയോടെയും ഊര്‍ജസ്വലതയോടെയും നിര്‍വഹിക്കണമെങ്കില്‍ ആരോഗ്യം അത്യാവശ്യമാണ്. അബൂഹുറയ്റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ് നമസ്കരിച്ചശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ് നമസ്കരിച്ചു. അവള് ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത് വെള്ളം തളിക്കും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള് രാത്രി എഴുന്നേറ്റ് നമസ്കരിച്ചു. പിന്നീട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ് നമസ്കരിച്ചു. അയാള്‍ ഉണരാന്‍ മടിച്ചാല്‍ അവള് അയാളുടെ മുഖത്ത് വെള്ളം തളിക്കും.” (അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ)
ഐച്ഛികമായ നമസ്കാരങ്ങളില്‍ ഏറ്റവും പ്രതിഫലാര്‍ഹമായത് രാത്രിയിലെ തഹജ്ജുദാണ്. സത്യവിശ്വാസിയുടെ ജീവിതരീതിയിലെ ഉല്‍കൃഷ്ടതയായി ഖുര്‍ആന്‍ ഈ നമസ്കാരത്തെ എടുത്തു പറയുന്നുണ്ട്. രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍. (വി.ഖു 51:18)
റമദാനിലാകുമ്പോള്‍ ഇതിന്റെ പ്രതിഫലം വര്‍ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം നമസ്കാരങ്ങളുടെ കൃത്യനിര്‍വഹണങ്ങളില്‍ സ്ത്രീകളുടെ വഴിമുടക്കിയാകുന്നത് പലപ്പോഴും അമിതാഹാരമായിരിക്കും. ഇവിടെയാണ് നോമ്പുതുറയിലെ സമൂസയും കട്ലറ്റുമൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്. ഇവ നാരങ്ങാവെള്ളവും കൂട്ടായി അസമയത്ത് കാലിയായ വയറ്റിലെത്തിച്ചേരുന്ന ഇവയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കൂടുതലും തറാവീഹ് നമസ്കാരത്തിനിടയിലായിരിക്കും. അതുകൊണ്ടായിരിക്കാം ലളിതമായ ഭക്ഷണം കൊണ്ട് ലഘുവായ ഒരു പ്രാര്ഥനയോടൊത്ത് നോമ്പ് തുറക്കാന്‍ നബി(സ) മാതൃക കാണിച്ചത്.
നബി(സ) അരുളി: നിങ്ങള്‍ നോമ്പ് മുറിക്കുകയാണെങ്കില്‍ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിക്കട്ടെ. അതു നന്മയാണ്. അത് ലഭിക്കാത്തവന് വെള്ളംകൊണ്ട് മുറിക്കട്ടെ. നിശ്ചയം അത് ശുദ്ധീകരണ ക്ഷമമാകുന്നു. (അബൂദാവൂദ്). “അല്ലാഹുവേ, നിനക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കുകയും നിന്റെ ഭക്ഷണത്തിന്മേലായി ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്യുന്നു.” നോമ്പുതുറ സമയത്ത് നബി(സ)യുടെ പ്രാര്‍ഥനയില്‍ ഒന്നായിരുന്നു ഇത്. (അബൂദാവൂദ്)
എല്ലാതരം ഭക്ഷണവും അത് കഴിക്കാനുള്ള സംവിധാനവുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. ഇതില്‍ സത്യവിശ്വാസിക്ക് ഹലാലും ഹറാമും ഏതെന്നും വളരെ വ്യക്തമായി ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഇവിടെയൊക്കെ ഇസ്ലാംമതം പൂര്‍ണമായും സസ്യഭുക്കുകളോട് സമവായം പ്രഖ്യാപിച്ച് മാംസാഹാരങ്ങളോട് പുറംതിരിഞ്ഞിരിക്കുകയാണെന്നൊന്നും ആര്‍ക്കും വായിച്ചെടുക്കാനാവില്ല.
സീനാപ്രദേശത്ത് വെച്ച് ഇസ്റാഈല്യര്‍ക്ക് ജീവിത ചിട്ട പരിശീലിക്കേണ്ടതിനുവേണ്ടി അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യദാനമായ ഭക്ഷണം മന്നയും സല്‍വ (കാടപക്ഷി) യുമായിരുന്നു. നന്ദികെട്ട ഇസ്റാഈല്യര്‍ വിഭവ സമൃദ്ധമായ ഭക്ഷണമായി ഉള്ളി, പയര്‍, ഗോതമ്പ്, ചീര, പയര്‍ എന്നിവയെ ആവശ്യപ്പെട്ടു. തദവസരത്തില്‍ മൂസാ(അ) അവരോട് “നിങ്ങള്‍ ഉത്തമമായതിനെ വിട്ട് താണ തരത്തിലുള്ളതിനെ ആവശ്യപ്പെടുകയാണോ” എന്ന് ചോദിച്ചതായി ഖുര്‍ആനില്‍ കാണാം. (2:61)
ഇബ്റാഹീം(അ)യുടെ വീട്ടില്‍ വിരുന്നുകാരായി വന്ന മലക്കുകള്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ ധൃതിയില്‍ വേവിച്ച തടിച്ച കാളക്കുട്ടിയെ ഭക്ഷണമായി നല്കിയതും ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടുണ്ട് (വി.ഖു 51:26). ഇതില്‍ നിന്നെല്ലാം സത്യവിശ്വാസിക്ക് മാംസഭക്ഷണം നിരുപാധികം ഹറാമാക്കപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയാം. മാംസ ഭക്ഷണങ്ങളിലെ നിഷിദ്ധങ്ങളേതാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കുന്നുമുണ്ട്. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ മേല്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്, അടിച്ചുകൊന്നത്, വീണ് ചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗങ്ങള്‍ കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ജീവനോടെ നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.”(വി.ഖു 5:3)
ഇബ്റാഹീം(അ)യുടെ വീട്ടില്‍ വന്ന വിരുന്നുകാര്‍ക്ക് വേവിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ അന്ന് കാളക്കുട്ടിയുണ്ടായിരുന്നു. മുമ്പ് ഇതുപോലെ മലയാളി മുസ്ലിംകളും സ്വന്തം കൂട്ടില്‍ നിന്നും ആലയില്‍ നിന്നും പിടിച്ച് ബിസ്മി ചൊല്ലിയറുത്ത ഹലാലായ മാംസഭക്ഷണം കഴിച്ചു. ഇന്ന് മൂന്ന് സെന്റില്‍ സ്വന്തത്തിലേക്ക് മാത്രം ചുരുങ്ങിക്കഴിയുന്ന മലയാളി ആട്, മാട്, കോഴി മുതല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളതിനൊക്കെയും ചുരത്തിന് മുകളിലേക്ക് കണ്ണ് നട്ടിരിക്കണം.
മുസ്ലിം പെണ്മനസ്സുകള് ഒരിത്തിരി വിശാലത കാണിച്ചാല്‍ റമദാനിലെങ്കിലും അവനവന്റെയും കുടുംബത്തിന്റെയും തടിയെ ഭക്ഷ്യവിഷാംശങ്ങളില് നിന്ന് കുറച്ചെങ്കിലും രക്ഷിക്കാം. അടുക്കള ബഹിഷ്കരിക്കാതെ തന്നെ തയ്യാറാക്കപ്പെട്ട ഒരു സമയവിവരപ്പട്ടിക മതി അതിന്. പാചകം, ശുചീകരണം, ഖുര്‍ആന്‍ പഠനം, സമയബന്ധിത ആരാധനകള്‍, ഉറക്കം എല്ലാറ്റിലും ഒരു ക്രമീകരണം. ഭക്ഷണങ്ങളില്‍ മിതവ്യയം ശീലിച്ചാല്‍ പുണ്യറമദാനിനെ അവള്‍ക്കും കൈപ്പിടിയിലൊതുക്കാം.
മനുഷ്യവിമോചനത്തിന്റെ പരിച
കാലം ചെല്ലുന്തോറും മനുഷ്യരാശി നൂതനമായ ഒട്ടേറെ പുതിയ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നു. ശാസ്ത്രവിജ്ഞാന മേഖലകളിലുള്ള വളര്‍ച്ചയും സാങ്കേതിക രംഗത്തെ മുന്നേറ്റവും മനുഷ്യന്റെ ഭൗതിക ജീവിതം ഉത്തുംഗതയില്‍ എത്തിച്ചിരിക്കുന്നു. വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവം ലോകത്തിന്റെ അഷ്ടദിക്കുകളെ പരസ്പരം ചേര്‍ത്തു കെട്ടിയിരിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍, ജീവിതം ആയാസരഹിതമാക്കുന്ന നിരവധി പുത്തന്‍ ഉല്പന്നങ്ങള് സമ്മാനിച്ചിരിക്കുന്നു. ആരോഗ്യശാസ്ത്ര രംഗത്തെ വളര്‍ച്ചയുടെ ഫലമായി രോഗനിര്‍ണയ-ചികിത്സാ സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും ആയുര്‍ദൈര്‍ഘ്യ ശരാശരി ഉയരുകയും ചെയ്തിരിക്കുന്നു. ഭൗതിക ജീവിതത്തെ സമൃദ്ധമാക്കുന്ന ഇത്തരം നേട്ടങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുമ്പോഴും അഗാധമായ ആന്തരിക സംഘര്‍ഷങ്ങള്‍ മനുഷ്യനെ തകര്‍ത്തുകൊണ്ടിരിക്കുന്നു എന്നതാണ് അനുഭവ സത്യം.
ശാസ്ത്രത്തിന് നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ ഭൗതിക പുരോഗതി നേടിത്തരാന്‍ മാത്രമേ സാധിക്കൂ. അത്തരം വിജ്ഞാനങ്ങളും അതിന്റെ നേട്ടങ്ങളായ ഉല്പന്നങ്ങളും അനുഭവ വേദ്യമാക്കുന്നത് മനുഷ്യരാണ്. അതിനാല്‍, സമ്പത്തും സമൃദ്ധിയും ഒരു ഭാഗത്തു കുന്നുകൂടി കിടക്കുന്നു. അത് സന്തുലിതമായി ഒഴുകി എല്ലാവരിലുമെത്തുന്നില്ല. മുമ്പത്തേക്കാളുപരി, സാമ്പത്തിക അസമത്വവും വിവേചനവും ഭൗതിക പുരോഗതിയുടെ ഇക്കാലത്താണ് കുതിച്ചുയരുന്നത്. സമ്പന്ന രാജ്യങ്ങളില്‍ പണക്കൊഴുപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി കൊണ്ടും പോഷകാഹാരക്കമ്മി കൊണ്ടും മനുഷ്യര്‍ ചത്തൊടുങ്ങുന്നു. ഒരു വശത്ത് ആളോഹരി വരുമാനം കൂടുകയും സഹസ്ര കോടീശ്വരന്മാര് വര്‍ധിക്കുകയും ചെയ്യുമ്പോള്‍, നിത്യക്കൂലി കൊണ്ട് ജീവിതം തള്ളി നീക്കാന്‍ സാധിക്കാത്ത ദരിദ്രരുടെയും കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെയും സംഖ്യ ഭീകരമായി പെരുകുന്നു.
ഇനി, സാമ്പത്തിക സമൃദ്ധിയില്‍ ആറാടുന്നവര്‍ തന്നെ സമ്പൂര്‍ണ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നുണ്ടോ? നഗരങ്ങളില്‍ ഉയര്ന്നുനില്ക്കുന്ന മാളുകളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന ഉപഭോഗ ഉല്പന്നങ്ങള് കൊണ്ട് നിറഞ്ഞ, അംബരചുംബികളായ സൗധങ്ങളിലും അസംതൃപ്തി ബാക്കിയാവുന്നു. കമ്പോളങ്ങള്‍ മനുഷ്യരെ കീഴ്പ്പെടുത്തിയപ്പോള്‍, വീണ്ടും വീണ്ടും വാങ്ങാനുള്ള ത്വര അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉള്ളതിലും അനുഭവിച്ചതിലുമപ്പുറം ഇനിയും വെട്ടിപ്പിടിക്കാനുള്ള ദുര മനസ്സില്‍ അസംതൃപ്തിയായി പുകഞ്ഞ് ജീവിതം ദുര്ഘടമായിത്തീരുന്നു. ആ ദുരയും ആസക്തിയും മനുഷ്യവര്‍ഗത്തിനു മാത്രമല്ല പരിസ്ഥിതിക്കും പ്രകൃതിക്കും പോലും ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഭൗതിക പുരോഗതിയും ശാസ്ത്ര വിജ്ഞാനങ്ങളും സാങ്കേതിക വിദ്യയും അതിന്റെ ഫലമായ കണ്ടുപിടുത്തങ്ങളുമൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങളെയും ആസക്തിയെയും പൊലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മാര്‍ക്കറ്റുകളില്‍ കുന്നുകൂടുന്ന ഉല്പന്നങ്ങള് ഭോഗതൃഷ്ണയെയും ശരീര കാമനകളെയും മാത്രമേ തൃപ്തിപ്പെടുത്തുന്നുള്ളൂ. ആധുനിക ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്ന മുതലാളിത്ത സംസ്കാരം മനുഷ്യനെ വെറുമൊരു ജന്തുവായി മാത്രമേ കാണുന്നുള്ളൂ. തിന്നുക, കുടിക്കുക, രമിക്കുക, ആസ്വദിക്കുക തുടങ്ങിയ ജന്തുസഹജമായ ശാരീരികാവശ്യങ്ങള്‍ ശമിപ്പിക്കുന്നതിനപ്പുറം മനുഷ്യന്റെ മൂല്യതലം ഉയര്‍ത്തുന്നതില്‍ അവയ്ക്കെന്തുണ്ട് സംഭാവന ചെയ്യാന്‍? മനുഷ്യന് മാത്രം സിദ്ധമായിട്ടുള്ള അപാരമായ ചിന്താശേഷിയും ധിഷണാ വൈഭവവും ഭാവനാപാടവവും, ഈ സിദ്ധികളില്ലാത്ത നാല്ക്കാലികള്ക്കു സമാനം വെറും `ജന്തു’വായി ജീവിക്കാനാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഈ ജീവലോകത്ത് മനുഷ്യന് എന്താണ് സവിശേഷത?
മനുഷ്യന് മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ പദാര്‍ഥ ലോകത്തിന്റെ ഭാഗമാണ്. പ്രത്യുല്പാദനം നടത്തുകയും ജനിച്ചുവളരുകയും തിന്നും കുടിച്ചും ഭോഗിച്ചും ഒടുങ്ങുകയും ചെയ്യുക എന്ന ജൈവ പ്രകൃതി പിന്തുടരുന്ന ജന്തുവര്‍ഗമാണ് മനുഷ്യന്. എന്നാല്‍ ജന്തുസഹജമായ പരിമിതികളെ ഭേദിച്ച്, ഉന്നതമായ ഒരു വിതാനത്തിലേക്ക് ഉയരാനുള്ള പ്രാപ്തി മനുഷ്യാസ്തിത്വത്തില്‍ അന്തര്ഹിതമാണെന്ന് ഖുര്‍ആന്‍ പറയുന്നു. “മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.” (91:7,8)
ധര്മനിഷ്ഠതയുടെ ഈ സഹജ ബോധം ആര്‍ജിച്ചു വികസിപ്പിക്കുമ്പോഴാണ് പൂര്‍ണതയിലേക്ക് മനുഷ്യന് സഞ്ചരിക്കുന്നത്. അതാണ് ജന്തുസഹജഭാവങ്ങളില് നിന്ന് അതുല്യമായ മാനവികതയിലേക്ക് നയിക്കുന്നത്. എന്നാല്‍, ശരീരത്തിന്റെ ഇച്ഛകളില്‍ അമര്‍ന്ന് വെറും ജന്തുവായി തരം താഴുകയാണ് മഹാഭൂരിപക്ഷം മനുഷ്യരും. തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരെ ഖുര്‍ആന്‍ നായയോടാണ് ഉപമിച്ചിരിക്കുന്നത്. “അവന് ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു”(7:176). കണ്ണും കാതും മനസ്സും തുറന്നുവെച്ച് തന്റെ അസ്തിത്വത്തിന്റെ ലക്ഷ്യം തിരിച്ചറിയാതെ ജീവിക്കുന്ന മനുഷ്യര്‍ കാലികളെക്കാള്‍ പിഴച്ചവരാണെന്നും ഖുര്‍ആന്‍ തുടര്‍ന്നു വിശേഷിപ്പിക്കുന്നു. “അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍”(7:179). മനുഷ്യരില്‍ മഹാഭൂരിപക്ഷവും `മാനവിക’മായി ഉയരാതെ മൃഗീയതലത്തില് അധപ്പതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കയ്ക്കിട നല്‍കാതെ പ്രസ്താവിക്കുന്നുണ്ട്.
“തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാണോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെ പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍”(25:43,44). “സത്യനിഷേധികള്‍ സുഖിക്കുകയും നാല്‍ക്കാലികളെ പോലെ ഭുജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.” (57:12). ദുഷ്ട സാധ്യത കണ്ടറിഞ്ഞ് അതിനെ സംസ്കരിച്ച് അസ്തിത്വത്തെ വിമലമാക്കുന്നവനാണ് മനുഷ്യരില്‍ വിജയിക്കുന്നവന്. “തീര്‍ച്ചയായും അസ്തിത്വത്തെ സംസ്കരിച്ചവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.”(91:9,10)
നടേ സൂചിപ്പിച്ച, ദുര, അഹന്ത, അനീതി, വിവേചനം, ധൂര്‍ത്ത്, തുടങ്ങി കടുത്ത മാനവിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന സകല ദുഷ്ടതകളും ശരീരത്തിന്റെ കുടുസ്സായ തടവറയില്‍ മനുഷ്യന് കുരുങ്ങിയതിന്റെ പ്രകടനമാണ്. `മൃഗങ്ങളെക്കാള്‍ അധപ്പതിച്ച’ ആധുനിക മനുഷ്യനെ ആകാശത്തേക്ക് പിടിച്ചുയര്‍ത്താന്‍ ധര്‍മ ബോധവും ആത്മസംസ്കരണവും മാത്രമേ പോംവഴിയുള്ളൂ. മനുഷ്യന്റെ അന്തശ്ചോദനകളെ മെരുക്കി സംസ്കരിക്കാന്‍ ഇച്ഛകളെ നിയന്ത്രണ വിധേയമാക്കുകയാണ് മുന്നുപാധി. സ്വന്തം ഇച്ഛകളുടെ ശമനത്തില്‍ സായൂജ്യമടയുന്ന മനുഷ്യനെ, എല്ലാ മനുഷ്യരുടെയും സഹ സൃഷ്ടികളുടെയും പ്രപഞ്ചത്തിലെ ചരാചരങ്ങളുടെയും സുസ്ഥിതി കൂടി കണക്കിലെടുത്ത് ഒരു സംസ്കൃത ഭോഗശീലത്തിലേക്ക് ആനയിക്കാന്‍ ആത്മനിയന്ത്രണസാധനകളിലൂടെ മാത്രമേ കഴിയൂ. ഒരു മാസക്കാലത്തെ കഠിന വ്രതം ഇക്കാലത്തും പ്രസക്തമായിത്തീരുന്നത് ഇക്കാരണം കൊണ്ടാണ്.
സൂക്ഷ്മത, ജാഗ്രത
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്ന പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്” (2:183). റമദാന് വ്രതത്തിന്റെ മൗലികമായ ലക്ഷ്യം `തഖ്വ’ ആണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. `തഖ്വ’ ഭാഗികമായ ഭയഭക്തിയോ താല്ക്കാലികമായ ആത്മീയ നിര്‍വൃതിയോ അല്ല. പ്രത്യുത, അത് ജീവിതത്തെ സമ്പൂര്‍ണമായി ചൂഴ്ന്നുനില്ക്കുന്ന കഠിനജാഗ്രതയാണ്. മനുഷ്യനെ അധമനും നികൃഷ്ടനുമാക്കുന്ന സകല പൈശാചികതകളില്‍ നിന്നും ജീവിതത്തെ മുക്തമാക്കുകയും മനുഷ്യനെ ഉത്കൃഷ്ടമാക്കുന്ന ഉദാത്ത മൂല്യങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന നിതാന്ത ജാഗ്രതയെയാണ് `തഖ്വ’ എന്ന് സാങ്കേതികമായി പറയുന്നത്.
`തഖ്വ’ വിശ്വാസിയുടെ ജീവിതത്തില്‍ സദാ പുലര്‍ത്തേണ്ട ജാഗ്രതയും സൂക്ഷ്മതയുമാണ്. എന്നാല്‍, ഭൗതിക ജീവിതത്തിന്റെ താല്പര്യ സംഘട്ടനങ്ങളില്‍ മനുഷ്യന് പരാജയപ്പെട്ടുപോകും. അതിനാല്‍, മനസ്സിന് കൂടുതല്‍ കരുത്തും ദാര്‍ഢ്യവും നല്കി പ്രതിരോധ സജ്ജമാക്കാന്‍ കഠിന പരിശ്രമം തന്നെ അനിവാര്യമായിത്തീരുന്നു. ഒരു വ്യക്തിമാത്രം കരുതിയാല്‍ `തഖ്വ’ നേടാന്‍ പലപ്പോഴും കഴിയില്ല. സാഹചര്യവും പ്രധാനമാണ്. അതിനാല്‍ `തഖ്വ’ സമാര്ജിക്കുന്നതിനുള്ള ആസൂത്രിതവും സംഘടിതവുമായ സാഹചര്യം സൃഷ്ടിക്കുകയാണ് റമദാന് മാസം. സമൂഹം മൊത്തത്തില്‍ ഒരു സവിശേഷ മാനസിക വ്രതനിഷ്ഠയിലാകുമ്പോള് പൈശാചിക പ്രേരണകള്‍ അസ്ത പ്രജ്ഞമാകും. പകരം നന്മയുടെ പൊതുവായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. റമദാനില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കുമെന്ന പ്രവാചക വചനത്തില്‍ ഈ വസ്തുതയാണ് ധ്വനിക്കുന്നത്.
അബൂഹുറയ്റ(റ) നിവേദനം: നബി(സ) പറഞ്ഞു. റമദാനിലെ പ്രഥമ രാവ് വന്നണഞ്ഞാല്‍ പിശാചുക്കളും തിന്മ പ്രചരിപ്പിക്കുന്ന ജിന്നുകളും തടവിലാക്കപ്പെടും. നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. പിന്നീട് അതില്‍നിന്ന് ഒരു കവാടവും തുറക്കപ്പെടുകയില്ല. അപ്രകാരം സ്വര്ഗകവാടങ്ങളും തുറക്കപ്പെടും. പിന്നീട് അതില്‍നിന്ന് ഒരു കവാടവും അടയ്ക്കപ്പെടുകയില്ല. അനന്തരം ഒരു വിളിയാളം ഉയരും. `നന്മ ആഗ്രഹിക്കുന്നവരേ, കടന്നുവരിക. തിന്മ ഇച്ഛിക്കുന്നവരേ, പിന്മാറുക. അല്ലാഹു നരകശിക്ഷയില്‍നിന്ന് മോചിപ്പിക്കുന്ന ചില ആളുകളുണ്ട്. എല്ലാ രാത്രിയിലും അതുണ്ടായിരിക്കും. (തിര്‍മിദി)
`സൗമ്’ എന്ന അറബി പദത്തിന്റെ അര്‍ഥം ത്യജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ്. നാശത്തിലേക്ക് നയിക്കുന്ന ശരീരകാമനകളെയും ജീവിതാസക്തികളെയും വെടിയുമ്പോള്‍ മാത്രമാണ് മനുഷ്യജീവിതത്തില്‍ ഭൗതികവും ആന്തരികവുമായ സമാധാനം ഉണ്ടായിത്തീരുക. ഭക്ഷണം, ഭാര്യാസംസര്‍ഗം, ഭാഷണം, തുടങ്ങി സാധാരണ ജീവിതത്തില്‍ അനുവദനീയമായ, പ്രാഥമിക ചോദനകളെ തന്നെ കഠിനനിയന്ത്രണത്തിലൂടെ വരുതിയില്‍ കൊണ്ടുവരാനുള്ള പരിശീലന പ്രക്രിയയാണ് നോമ്പ്. ശരീരത്തിന്റെ ഇച്ഛകള്‍ക്കു പകരം ദൈവത്തിന്റെ ഇച്ഛകള്‍ സ്വയം വരിക്കാനുള്ള തയ്യാറെടുപ്പാണിത്. “മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റേതാണ്. അവന് ചെയ്യുന്ന ഓരോ സല്‍കര്‍മത്തിനും പത്തിരട്ടി മുതല്‍ എഴുന്നൂറിരട്ടി വരെ പ്രതിഫലം ലഭിക്കുന്നതുമാണ്. എന്നാല്‍ അല്ലാഹു പറയുന്നു: നോമ്പ് അങ്ങനെയല്ല, ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന് ഭക്ഷണമുപേക്ഷിക്കുന്നത് എനിക്കു വേണ്ടിയാണ്. സുഖഭോഗങ്ങള്‍ ത്യജിക്കുന്നത് എനിക്കു വേണ്ടിയാണ്. തന്റെ ഭാര്യയില്‍ നിന്നും അകന്നുനില്ക്കുന്നതും എനിക്കു വേണ്ടിയാണ്” (ബുഖാരി). ഈ വചനത്തില്‍ വ്രതനിഷ്ഠയുടെ ഹൃദയം, ഭൗതിക സൗകര്യങ്ങള്‍ ദൈവപ്രീതിക്കുവേണ്ടി ത്യജിക്കാനുള്ള നിശ്ചയത്തിലാണെന്ന് വ്യക്തമാക്കുന്നു.
സംസ്കാരം, സംസ്കരണം
ശരീരത്തിന്റെ ആഗ്രഹങ്ങളെ മെരുക്കുന്നതോടൊപ്പംതന്നെ, സമൂഹവുമായുള്ള ബന്ധത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് മാനവികത സാക്ഷാത്കരിക്കപ്പെടുക. `തഖ്വ’ എന്നത് ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ജാഗ്രത മാത്രമല്ല, പൊതുജീവിതത്തിലെ വിശുദ്ധീകരണം സാധ്യമാക്കുന്ന ഒന്നുകൂടിയാണെന്നര്ഥം. ഈ ലക്ഷ്യം നേടാന്‍ മനുഷ്യര്‍ക്കിടയിലെ വിനിമയങ്ങളെ സംസ്കൃതമാക്കേണ്ടതുണ്ട്. ഇടപഴക്കങ്ങളുടെ പ്രധാന മാധ്യമമായ വാക്കുകള്‍ ഉദാത്തവും മൂല്യവത്തുമാക്കുക കൂടി നോമ്പിന്റെ പരിശീലന പദ്ധതിയില്‍ പ്രധാനമായിത്തീരുന്നത് അതുകൊണ്ടാണ്. ഭക്ഷണപാനം നിയന്ത്രിക്കുകയും വാക്കുകളെ അനിയന്ത്രിതമായി കെട്ടഴിച്ചുവിടുകയും ചെയ്യുന്ന ഒരാളുടെ വ്രതം നിഷ്ഫലമാണ്.
നബി(സ) പറയുന്നു: `ഒരാള്‍ വ്യാജമായ വാക്കും അപ്രകാരമുള്ള പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന് അന്നപാനം വര്‍ജിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” (ബുഖാരി). നോമ്പിലൂടെ സമൂലമായ സംസ്കാര രൂപീകരണമാണ് ലക്ഷ്യമിടുന്നത് എന്ന് സൂചിപ്പിക്കുന്ന വേറെയും വചനങ്ങള്‍ കാണാം. നബി(സ) പറഞ്ഞു: കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതല്ല നോമ്പ്. മ്ലേച്ഛവും അനാവശ്യവുമായ മുഴുവന്‍ കാര്യത്തില്‍ നിന്നും അകന്നുനില്ക്കുക എന്നതാണ്. ഒരാള്‍ നിന്നെ ചീത്ത വിളിക്കുകയോ അവിവേകം കാണിക്കുകയോ ചെയ്താല്‍ നീ അയാളോട് ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്നുമാത്രം പ്രതിവചിക്കുക (ഇബ്നുഖുസൈമ)
ശരീരത്തിന്റെയും മനസ്സിന്റെയും സംയുക്തമായ ധ്യാനപൂര്ത്തിയാണ് നോമ്പില്‍ സംഭവിക്കുന്നത്. ശരീരത്തിന്റെ നിയന്ത്രണവും മനസ്സിന്റെ കടിഞ്ഞാണും ഒന്നിച്ചു സാധിക്കുന്ന വിധമാണ് നോമ്പിന്റെ ചിട്ടവട്ടങ്ങള്‍. ജാബിറിബ്നു അബ്ദില്ല(റ) പറയുന്നു: നീ നോമ്പെടുത്താല്‍ വ്യാജ ഭാഷണങ്ങളില്‍ നിന്നും പാപവൃത്തികളില് നിന്നും വിട്ടകന്ന് നിന്റെ കാതും കണ്ണും നാവും കൂടി നോമ്പെടുക്കട്ടെ. നിന്റെ വേലക്കാരനെ നീ ഉപദ്രവിക്കാതിരിക്കുക, മറ്റു ദിവസങ്ങളില്‍ നിന്ന് ഭിന്നമായി വ്രതനാളില്‍ ഒരു ഗാംഭീര്യവും ശാന്തതയും നിന്നിലുണ്ടായിത്തീരണം. നോമ്പെടുത്ത ദിവസവും നോമ്പെടുക്കാത്ത ദിവസവും ഒരേപോലെ ആയിരിക്കരുത്. (ബുഖാരി). വ്രതത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യ വിമോചനത്തിന്റെ ഉള്‍തലങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഈ വചനം. ഈ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ യാന്ത്രികമായി നോമ്പെടുക്കുന്ന പ്രവണതയെ പ്രവാചകന് അപലപിക്കുകയും ചെയ്തിരിക്കുന്നു.
“എത്രയെത്ര നോമ്പുകാരുണ്ട്! നോമ്പുമൂലം ദാഹമല്ലാതെ മറ്റൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. എത്രയെത്ര നിശാനമസ്കാരക്കാരുണ്ട്. ഉറക്കമിളക്കലല്ലാതെ അതുകൊണ്ടവര്‍ മറ്റൊന്നും നേടുന്നില്ല” (ഇബ്നുമാജ)
പ്രതിരോധത്തിന്റെ പരിച
ഭൗതിക ആസക്തികളുമായുള്ള മല്‍പ്പിടുത്തമാണ് മനുഷ്യജീവിതം. ഈ യുദ്ധത്തില്‍ എപ്പോഴും കാത്തുവെക്കേണ്ട പരിചയാണ് തഖ്വ. നോമ്പിനെ `പരിച’ എന്നാണ് നബിതിരുമേനി വിശേഷിപ്പിച്ചത് എന്നതില്‍ അതിന്റെ ലക്ഷ്യസാരം വ്യക്തമാണ്. നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതില്‍ വിള്ളല്‍ വീഴുന്നില്ലെങ്കില്‍. അപ്പോള്‍ ഒരാള്‍ തിരിച്ചുചോദിച്ചു: എങ്ങനെയാണ് അതില്‍ വിള്ളലുണ്ടാവുക? നബി(സ) പറഞ്ഞു: വ്യാജഭാഷണങ്ങളിലൂടെയും പരദൂഷണങ്ങളിലൂടെയും. (ത്വബ്റാനി)
പരിച എന്ന രൂപകത്തിലൂടെ റമദാന് വ്രതത്തിന്റെ നിത്യപ്രസക്തി ബോധ്യമാകും. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച, ആധുനിക ലോകം അനുഭവിച്ചുവരുന്ന സകല മാനസിക പ്രതിസന്ധികളുടെയും ഒരേഒരു പരിഹാരം ആത്മീയ തലത്തില്‍ മാത്രമാണ്. മനുഷ്യനെ ജന്തുത്വത്തില് നിന്ന് മാലാഖമാരുടെ വിതാനത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്ന ആന്തരിക ജാഗ്രത ദൈവവിശ്വാസത്തിന്റെ മാത്രം ഫലമാണ്. ഭൗതിക മാപിനികള്‍ക്ക് അപ്രാപ്യമായ `ആത്മീയ ഭാവ’ത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്തിത്വം ഉത്കൃഷ്ടവും മാനവകവുമാക്കി വളര്‍ത്താന്‍ കഴിയൂ. ആത്മ ജ്ഞാനത്തിലൂടെ കൈവരുന്ന ജാഗ്രത മനുഷ്യജീവിതത്തില്‍ സാധിക്കുന്ന കാവലും കരുതലും ഭൗതികമായ യാതൊരു നിരീക്ഷണസംവിധാനത്തിനോ നിയമങ്ങള്‍ക്കോ ശിക്ഷാ നടപടികള്‍ക്കോ സാധ്യമല്ല. ഈ ആത്മജ്ഞാനത്തെ ഉണര്‍ത്തി നിര്‍ത്തുകയാണ്, പ്രവര്‍ത്തനക്ഷമമാക്കുകയാണ് റമദാന് വ്രതം ചെയ്യുന്നത്.
വ്രതത്തിന്റെ സ്വാധീന തലങ്ങള്‍
അതിവേഗതയാണ് പുതിയ കാലത്തിന്റെയും ലോകത്തിന്റെയും പ്രത്യേകത. ജീവിത നിലവാരവും സാങ്കേതികവിദ്യയും കുതിച്ചു മുന്നേറുന്നു. മനുഷ്യന് ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താനുള്ളധൃതിപിടിച്ച ഓട്ടത്തിലാണ്. സ്വാസ്ഥ്യം നഷ്ടപ്പെട്ട മനുഷ്യന്റെ ഈ വെപ്രാളപ്പാച്ചില് കരിമ്പിന് തോട്ടത്തില്‍ കയറിയ കാട്ടാനയുടേതിനു തുല്യമാണ്. അവ പലപ്പോഴും നിയതമായ നിയമാവലികളെ പൊളിച്ചിടുന്നു. മഹിത മൂല്യങ്ങളെ ചവിട്ടി മെതിച്ചു കടന്നുപോകുന്നു. അപരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവകാശ നിഷേധം ആഘോഷമാക്കുന്നു. ഈ ജീവിത മത്സരപ്പേമാരിയില് അവന്റെ നിലപാട് വളരെ ലളിതമാണ്. ‘ജീവിച്ചു പോകണ്ടേ’ എന്ന്!
ഇത് കാണുമ്പോള്‍ ഭൗതിക സുഖ സമൃദ്ധിയില്‍ ആറാടി ജീവിക്കണമെന്ന ഏകമുഖ അജണ്ടയേ മനുഷ്യനുള്ളൂവെന്ന് ആര്‍ക്കും തോന്നും. ആ ജീവിതം എങ്ങനെ എന്നതിന് ‘എങ്ങനെയും’ എന്നതാണ് അവന്റെ പക്കലുള്ള ഒരേയൊരു ഉത്തരം. ‘നാണം കെട്ടും പണം നേടിയാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്ന് അവന്റെ ശരീരഭാഷ പറയാതെ പറയുന്നു. ദൈവ വിരുദ്ധത മാത്രമല്ല, പ്രകൃതി വിരുദ്ധതയും ജനവിരുദ്ധതയും എല്ലാം ഉള്‍ചേര്‍ന്ന മറുപടിയാണത്. മൂല്യ നിരപേക്ഷമായ ഈ മുരത്ത ഭൗതികപ്രമത്തത ഭൂമിയില്‍ സര്‍വത്ര നാശം വിതച്ചതിന് ചരിത്രം സാക്ഷി. അതിന്റെ വര്‍ത്തമാന സാക്ഷ്യമാകട്ടെ കൂടുതല്‍ ദുരന്തപൂര്ണമായിക്കൊണ്ടിരിക്കുന്നു. ശരീര കേന്ദ്രീകൃത ജീവിത വീക്ഷണത്തിന്റെ സ്വാഭാവിക പരിണതി. അങ്ങനെ മനുഷ്യമനസ്സ് മരുഭൂസമാനമായി. തദ്ഫലമായി ഭൗതികാസക്തി പകര്‍ച്ചവ്യാധി പോലെ സമൂഹഗാത്രത്തെ കടന്നാക്രമിച്ചു. അതിന്റെ ദുഃസ്വാധീനം സമൂഹത്തിലങ്ങോളമിങ്ങോളം പരന്നൊഴുകി.
ദുഷിച്ചു നാറിയ സംസ്കാരങ്ങളുടെ ദംശനങ്ങളില്‍ നിന്നും പെരുത്ത ജീവിതാസക്തിയില് നിന്നും വിശ്വാസിയുടെ മനസ്സും ജീവിതവും സുരക്ഷിതമാക്കാനുതകുന്ന വ്യവസ്ഥാപിത സംവിധാനം പ്രപഞ്ച നാഥന് തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. അവയാണ് ആരാധനാനുഷ്ഠാനങ്ങള്‍. ശരീരത്തിനും മനസ്സിനും തുല്യ പങ്കാളിത്തമുള്ള നിര്ബന്ധാരാധനകളിലൂടെ വിശ്വാസി സമൂഹം തിന്മകളുടെ അധിനിവേശങ്ങളെ അതിജയിച്ചു വിശുദ്ധിയുടെ ഔന്നത്യം പുല്കുന്നു.
ഈ ആരാധനകളുടെ കൂട്ടത്തില്‍ രൂപഭാവങ്ങളിലും ത്യാഗോജ്ജ്വലതയിലും പ്രതിഫലാധിക്യത്തിലും ഒട്ടേറെ സവിശേഷതകള്‍ ഉള്‍വഹിക്കുന്നതാണ്, റമദാന് വ്രതം. തിന്മകള്ക്കും അപചയങ്ങള്ക്കുമെതിരില് വിശ്വാസി എടുത്തണിയുന്ന വാളും പരിചയുമാണത്. ഒളിഞ്ഞതും തെളിഞ്ഞതുമായ ശത്രുവിനെതിരില്‍ വ്രതവീര്യത്തിന്റെ പടച്ചട്ടയണിഞ്ഞു, പോരാട്ട വീഥിയില്‍ നിറസാന്നിധ്യമാണ്, റമദാനിലെ വിശ്വാസി. വ്രതം ഒരു ആഹ്വാനമാണ്; ജീവിതത്തിന്റെ അഴിച്ചുപണിക്കും തിരുത്തിനുമുള്ള ഉണര്‍ത്തുപാട്ട്.
ഭൗതിക ജാഹിലിയ്യത്ത് വിശ്വാസി സമൂഹത്തില്‍ പോലും ഒരുതരം അടിമത്തവും ആരാധനയും വളര്‍ത്തുന്നതാണ് നിലവിലെ സാഹചര്യം. ‘ആരെങ്കിലും ഐഹിക ജീവിതത്തെ അത്യധികമായി സ്നേഹിക്കുകയും അതില്‍ ആനന്ദം അനുഭവിക്കുകയുമാണെങ്കില്, പരലോക ഭയം അവന്റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകും’ എന്നാണ് പ്രവാചക മൊഴി. ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി ദുന്‍യാവിനെ പൂജിക്കുന്നവര്‍ക്ക് പ്രവാചകന് ശക്തമായ താക്കീത് നല്കി. ‘വിറകു തീ തിന്നുന്നത് പോലെ നിങ്ങളുടെ ഈമാന്‍ തിന്നപ്പെടുന്ന ഒരു കാലഘട്ടം എനിക്ക് ശേഷം നിങ്ങള്‍ക്ക് വരിക തന്നെ ചെയ്യും.’ ഈ പ്രവചനങ്ങളുടെ പുലര്‍ച്ചയെന്നോണം ഭൗതികപൂജ മുസ്ലിം ഉമ്മത്തിലും പിടിമുറുക്കി. കുറ്റകൃത്യങ്ങളിലും അസാന്മാര്‍ഗികതകളിലും സമുദായ പ്രാതിനിധ്യം ഗണ്യമായി പെരുകി. അനന്തര സ്വത്ത് തട്ടിയെടുക്കാന്‍ സ്വന്തം പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഒഴുക്കി മാന്യന്മാരായി വിലസുന്ന മക്കള്‍. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ കുരുന്നു മക്കളെയും ഭാര്യയെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി സ്വാഭാവിക അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കുന്ന ചെറുപ്പക്കാരന്…. ഈ പട്ടിക നീണ്ടതാണ്. ഇങ്ങനെ പലതരം ഇരുട്ടുകളുടെ മരുഭൂമിയില്‍ ഗതികിട്ടാ പ്രേതമായി അലയുന്ന മനുഷ്യന് മുമ്പില്‍ മോചനത്തിന്റെ ഏക വഴിയേയുള്ളൂ. സ്വന്തത്തെയും ദൈവത്തെയും ജീവിത യാഥാര്‍ഥ്യങ്ങളെയും തിരിച്ചറിയുന്ന ആത്മീയതയുടെ വഴി. പരലോകോന്മുഖ ജീവിതത്തിന്റെ അഥവാ സന്തുലിതമായ വിരക്തിയുടെ മാര്‍ഗേണ ഭക്തി നേടി ശക്തരാവുമ്പോഴേ മനുഷ്യന് വിമോചിതനാവൂ. വ്രതം അതിലേക്കുള്ള രാജരഥ്യയാണ്.
വിരക്തി
ശരീരത്തിന്റെ അഥവാ ദുന്യാവിന്റെ തടവറ ഭേദിക്കാന്‍ മാത്രമുള്ള ആത്മീയ, ധാര്‍മിക കരുത്താര്‍ജിക്കുന്ന വിതാനത്തിലേക്ക് സ്വന്തം ഈമാനിനെ വളര്‍ത്തി ഉയര്‍ത്തിയെടുക്കുന്നതില്‍ മുസ്ലിം ഉമ്മത്തിലെ ബഹു ഭൂരിപക്ഷവും പരാജയമാണ്. അത്തരമൊരു ഉമ്മത്തിന് നോമ്പ് സാക്ഷാല്‍ പരീക്ഷണമാണ്. അവര്‍ക്ക് മുമ്പില്‍ നോമ്പ് ജയിച്ചടക്കേണ്ട മേഖലകളും വിപുലമാണ്. പദാര്‍ഥ ലോകത്തിനും അതിലെ വിഭവങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. യഥാര്‍ഥവും ശാശ്വതവുമായ പാരത്രിക ലോകത്ത് വിജയം വരിക്കാന്‍ അവ മാധ്യമമായിത്തീരണം എന്നതാണ് ഇസ്ലാമിക വീക്ഷണം. ‘ഇഹലോകം പരലോകത്തിന്റെ കൃഷിയിടമാണ്’ എന്ന പ്രവാചക മൊഴിയുടെ പൊരുളും മറ്റൊന്നല്ല. ”അല്ലാഹു നിനക്കേകിയ വിഭവങ്ങള്‍ മുഖേന പാരത്രിക ജീവിതമോക്ഷം കൊതിക്കുക. എന്നാല്‍ ഇഹലോകത്തെ നിന്റെ ഓഹരി നീ വിസ്മരിക്കാതിരിക്കുക” (അല്‍ഖസ്വസ്വ് 77).
വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തേണ്ട വിരക്തി (സുഹ്ദ്)യുടെ സവിശേഷ ദര്‍ശനം ഈ ദിവ്യ സൂക്തത്തിലുണ്ട്. വിരക്തിയുടെ ജീവിതമാര്ഗത്തെക്കുറിച്ച് ചിലര്‍ വെച്ച് പുലര്‍ത്തുന്ന അബദ്ധ ധാരണകള്‍ക്ക് കൃത്യമായ തിരുത്തും. ‘അനുവദനീയതകളെ ഉപേക്ഷിക്കലോ സമ്പത്ത് കൈവിട്ടുകളയലോ അല്ല യഥാര്‍ഥ ഭൗതിക വിരക്തി. നിന്റെ കൈവശമുള്ളതിനേക്കാള്‍ അല്ലാഹുവിങ്കലുള്ളതിന് വില കല്പിക്കുന്ന മാനസിക ഔന്നത്യമാണത്’ എന്നാണ് പ്രവാചക പാഠം. ഭൗതിക വിഭവങ്ങളോടുള്ള ഒരാളുടെ വീക്ഷണത്തിലാണ് മാറ്റം വേണ്ടത്. ഇമാം അഹ്മദിനോട് ഒരാള്‍ ചോദിച്ചു: ”കൈയില്‍ ആയിരം ദീനാറുള്ളവര് ദുന്യാവിരക്തനാ(സാഹിദ്)വുമോ?” അദ്ദേഹം പറഞ്ഞു: ”അതെ. ആ പണത്തില്‍ വല്ല കുറവും വന്നാല്‍ ദുഃഖിക്കുകയോ വര്‍ധനവുണ്ടായാല്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍.” ദുന്‍യാവിനെ പാടെ പരിത്യജിക്കാനും സുഖ സൗകര്യങ്ങളോട് മുച്ചൂടും മുഖം തിരിക്കാനും ഇസ്ലാം അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നില്ല. പ്രവാചകനും അനുചരന്മാരും സമ്പത്ത് അനുഭവിക്കുകയും കുടുംബം പുലര്‍ത്തുകയും ജീവിത സൗന്ദര്യം ആസ്വദിക്കുകയും ചെയ്തവര്‍ തന്നെയായിരുന്നു. പക്ഷേ ഭൗതിക ജീവിതത്തിലെ യാതൊന്നും അവരെ ദൈവവിസ്മൃതിയില്‍ അകപ്പെടുത്തിയില്ല. ഭൗതിക ജീവിതത്തെ അവര്‍ ഏകാവലംബമായി കണ്ടില്ല. സ്വന്തം മനസ്സിനെ വൈകാരികമായി ദുന്‍യാവിനോട് ബന്ധിച്ചില്ല. ഐഹിക ജീവിതത്തോടു അനര്‍ഹവും അമിതവുമായ തോതില്‍ അനുരാഗം തോന്നുന്നതിനെ അവര്‍ ജാഗ്രതയോടെ കണ്ടു. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെയുള്ള വിരക്തിയുടെ ജീവിതപാഠം അവര്‍ സമൂഹത്തിന് പകര്‍ന്നു നല്കി.
ഈ ജീവിത പാഠം സ്വായത്തമാക്കുമ്പോഴേ പുതു കാലത്തെ നോമ്പിനു അര്ഥഭംഗി കൈവരൂ. അല്ലാത്ത പക്ഷം ആത്മാവില്ലാത്ത ആചാരമായി വ്രതം മാറും. ലോകവും അതിലെ മനുഷ്യരും അത്രമാത്രം വശംകെട്ട് പോയിരിക്കുന്നു. ഇഹലോകത്തിന്റെ നശ്വരതയുടെ ഓര്‍മപ്പെടുത്തലും നിത്യ ശാശ്വത പരലോകം അനുഭവിപ്പിക്കലുമാണ് ആരാധനകളുടെ കാതല്‍. ഭൂമിയില്‍ നിന്ന് വിട പറയുന്നവന്റെ മനോഭാവത്തോടെ നമസ്കാരത്തില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുക നിര്‍ബന്ധ നമസ്കാര വേളകളില്‍ പ്രവാചകന്റെ പതിവായിരുന്നു. വ്രതാനുഷ്ഠാനത്തിലെ ശാരീരിക ഭൗതിക സുഖവര്ജനം ശരീരവും പദാര്ഥലോകവും അപ്രസക്തമാവുന്ന ഒരു ലോകത്തെയും അതിലെ ജീവിതാനുഭവത്തെയും ഒരു വിശിഷ്ട ലക്ഷ്യത്തിനു വേണ്ടി ആത്മാവില്‍ ഏറ്റുവാങ്ങുന്ന വിശുദ്ധ പ്രക്രിയയാണ്. സാക്ഷാല്‍ ജീവിതമാകുന്ന പരലോകം തന്നെയാണ് സുപ്രധാനമെന്ന സത്യവാങ്മൂലമാണത്. നോമ്പുകാരന്റെ ചിന്തകള്‍, വരാനുള്ള തന്റെ പരലോക ജീവിതത്തിലാണ് ഏറിയകൂറും ചുറ്റിത്തിരിയുന്നത്. പ്രാര്‍ഥനകള്‍ക്ക് വലിയ പ്രാധാന്യമുള്ള റമദാന് രാപ്പകലുകളിലെ നോമ്പുകാരുടെ പ്രാര്‍ഥനകളില്‍ നിറഞ്ഞുകവിയുന്നത് പരലോക മോക്ഷത്തിനും നരക വിമോചനത്തിനുമുള്ള ഉള്ളുരുകിയ, കണ്ണീരണിഞ്ഞ തേട്ടങ്ങളാണ്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും മൂന്നു പത്തുകളായി റമദാന് ക്രമീകരിച്ചതിലും ഈ പരലോക പ്രാധാന്യം ദീക്ഷിച്ചത് ശ്രദ്ധേയമാണ്.
അപ്പോള്‍ ഐഹിക ജീവിതത്തോടുള്ള മാനസികാടിമത്തം നിലനിര്‍ത്തിക്കൊണ്ട്, നോമ്പിന്റെ ലക്ഷ്യം നേടാന്‍ സാധ്യമല്ല. ഒരര്‍ഥത്തില്‍ ഈ മാനസിക അടിമത്തത്തിന്റെ കെട്ട് പൊട്ടിച്ചെറിയുമ്പോഴാണ് റമദാന്റെ ആത്മാവിനെ ഒരാള്‍ തൊട്ടറിയുന്നത്. സമ്പന്നനായ അബ്ദുര്‍റഹ്മാനു ഔഫ് (റ), തനിക്കു നോമ്പുതുറക്കാന്‍ കൊണ്ട് വെച്ച ഭക്ഷണ സാധനങ്ങളുടെ മുമ്പാകെ ഇരുന്ന് പൊട്ടിക്കരയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍. ഈ അനുഗ്രഹ നിറവില്‍, അദ്ദേഹത്തിന്റെ നിനവിലേക്ക് പൊടുന്നനവേ മിസ്അബു ബ്നു ഉമൈറി(റ)ന്റെ ത്യാഗോജ്ജല സ്മരണകള്‍ അലയടിച്ചു വന്നതാണ് ഇബ്നു ഔഫിനെ ഇത്രമേല്‍ വികാരാധീനനാക്കിയത്. സമ്പന്ന കുടുംബത്തില്‍ പിറന്നു ഇസ്ലാമിനു വേണ്ടി എല്ലാം വെടിഞ്ഞു, ഒടുവില്‍ ശഹീദാവുമ്പോള്‍ ശരീരം മൂടാന്‍ തക്ക ഒരു കഫന്‍പുടവ പോലും ലഭിക്കാതെ ഈ ലോകം വിട്ടുപോയ മിസ്അബിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി അദ്ദേഹം പറഞ്ഞു: ”ഇപ്പോള്‍ അല്ലാഹു നമുക്ക് ധാരാളം ഭൗതിക വിഭവങ്ങള്‍ നല്കി. കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം ദുന്യാവില് വെച്ച് തന്നെ അവന് മുഴുവനായി നല്കുകയാണോ?” മുമ്പില്‍ കൊണ്ട് വെച്ച ഭക്ഷണം പോലും കഴിക്കാന്‍ അദ്ദേഹത്തിനു ആ മാനസികാവസ്ഥയില്‍ സാധിക്കുകയുണ്ടായില്ല. മഹാരഥന്മാര് ദുന്‍യാവിനെ വിലയിരുത്തിയതും വീക്ഷിച്ചതും ഈ വിധമായിരുന്നു. വൃക്ഷങ്ങളെയും പറവകളെയും കാണുമ്പോള്‍ മഹാനായ രണ്ടാം ഖലീഫ അബൂബക്ര് സിദ്ദീഖ്(റ), വിചാരണയോ രക്ഷാശിക്ഷകളോ ഇല്ലാത്ത അവറ്റകളുടെ സ്ഥിതി തന്റെതിനേക്കാള്‍ എത്ര ഭേദമാണെന്ന് പറയുമായിരുന്നു. പാരത്രിക ലോക ജീവിതത്തെ ഭയപാരവശ്യത്തോടെ വീക്ഷിച്ച മഹാരഥന്മാരുടെ ചിത്രമാണിത്. പരലോക സ്മരണയുടെ വര്‍ണത്തില്‍ സ്വന്തം ജീവിതത്തെ മുക്കിയെടുക്കാന്‍ അവര്‍ക്ക് സാധ്യമായി. വ്രതാനുഷ്ഠാനം ഉള്‍പ്പെടെയുള്ള ആരാധനാകര്‍മങ്ങള്‍ അതിനവരെ പ്രാപ്തരും യോഗ്യരുമാക്കി.
”എന്നാല്‍ നിങ്ങള്‍ ഈ ലോകജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പരലോകമാണ് ഏറ്റം ഉത്തമവും ശാശ്വതവും. സംശയം വേണ്ട, ഇത് പൂര്‍വ ഗ്രന്ഥങ്ങളിലുണ്ട്; ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്” (അല്‍അഅ്ലാ 16-19). മനുഷ്യന്റെ ഐഹിക പ്രതിപത്തി ഖുര്‍ആന്‍ പലവുരു വിശകലനം ചെയ്തിട്ടുണ്ട്. പലപ്പോഴും വിസ്മൃതിയും പൈശാചിക പ്രലോഭനങ്ങളുമാണ്, പരലോകം അവഗണിക്കാന്‍ മനുഷ്യന് പ്രേരണയാവുന്നത്. അതിനാല്‍ ഖുര്‍ആന്‍, പരലോക സംബന്ധിയായ ഉണര്‍ത്തലുകള്‍ ആവര്‍ത്തിച്ചും അതിശക്തമായും നല്‍കിയതായി കാണാം. പാരത്രിക സ്മരണ അകതാരില്‍ നിറയുമ്പോഴാണ് മനുഷ്യനില്‍ ‘തഖ്വ’ അഥവാ ഭയഭക്തി ഉടലെടുക്കുന്നത്. നിരോധിത വഴികളില്‍ നിന്ന് വിട്ടകലാനും ദൈവ നിര്‍ദിഷ്ട മാര്‍ഗങ്ങളെ ആലിംഗനം ചെയ്യാനുമുള്ള വിശ്വാസിയുടെ ജാഗ്രത്തായ പരിശ്രമങ്ങള്‍ക്ക് പറയുന്ന പേരാണ് ‘തഖ്വ.’ വിശ്വാസം (ഈമാന്‍) ആകുന്ന ദീനീ അടിത്തറ, ഭദ്രത നേടിയെടുക്കേണ്ടത് ഈ പരിശ്രമങ്ങള്‍ വഴിയാണ്. അതുവഴി ഇഹപര ലോകങ്ങളില്‍ എണ്ണമറ്റ സദ്ഫലങ്ങളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. വിശ്വാസിയുടെ ജീവിതത്തെ നയിക്കേണ്ട ആത്മബോധമായി തഖ്വ മാറുന്നതങ്ങനെയാണ്. തഖ്വാ ബോധമാണ് മനുഷ്യന്റെ സ്വഭാവചര്യകളെ സംസ്കരിക്കുന്നത്.
എന്താണ് ഐഹിക വിരക്തി (സുഹ്ദ്) എന്ന ചോദ്യത്തിന് ഇമാം മാലിക് (റ) ഒരിക്കല്‍ നല്കിയ മറുപടി ‘തഖ്വ’ എന്നായിരുന്നു. അനുവദനീയവും ശുദ്ധവുമായ സമ്പാദ്യങ്ങളും അമിതമാകാത്ത ആഗ്രഹങ്ങളും സുഹ്ദിന് വിരുദ്ധമാവില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു ഐഹിക ലോകത്ത് ഔദാര്യവും അനുഗ്രഹവുമായി നല്കിയ ജീവിതോപാധികള്‍ അഹന്തയേതുമില്ലാതെ നന്ദിബോധത്തോടെ വിനിയോഗിക്കുന്നതിനെ തഖ്വയെന്ന് വിശേഷിപ്പിച്ചത് അര്‍ഥപൂര്‍ണമാണ്. ഐഹിക പ്രേമത്തെ മനസ്സില്‍ നിന്ന് പടിയിറക്കി പരലോകബോധത്തെ തദ്സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ വിശ്വാസി മുത്തഖിയാവുന്നു. സകാത്തിനെയും നമസ്കാരത്തെയും നോമ്പിനെയും ഹജ്ജിനെയും ഈമാനെയും ഇഹ്സാനെയും മാത്രമല്ല ഖുര്‍ആന്‍ തഖ്വയോടു ചേര്‍ത്ത് പറഞ്ഞത്. കരാര്‍ പാലനം, പാപവര്‍ജനം, പ്രതിക്രിയ, ഗ്രന്ഥാവതരണം, ഇബാദത്ത്, ഉപദേശം ചെവിക്കൊള്ളല്‍ തുടങ്ങി അനവധി കാര്യങ്ങളെ ഖുര്‍ആന്‍ തഖ്വയുമായി ബന്ധപ്പെടുത്തി കൈകാര്യം ചെയ്യുന്നത് കാണാം. ജീവിതത്തെ മൊത്തം ദിവ്യബോധനത്തിന്റെ വെള്ളിവെളിച്ചത്തില്‍ ക്രമീകരിക്കലാണ് തഖ്വയെന്ന് വ്യക്തം. ഇസ്ലാമിക ജീവിതത്തിന്റെ ശക്തിയും ചൈതന്യവും മഹനീയ മൂല്യവുമായി തഖ്വ വ്യവഹരിക്കപ്പെടുന്നത്, അതിന്റെ സംസ്കരണശേഷിയും സമഗ്രഭാവവും കണക്കിലെടുത്താണ്. റമദാന് വ്രതത്തിന്റെ സമുന്നത ലക്ഷ്യമായി സ്രഷ്ടാവ് തഖ്വയെ അടിവരയിട്ട് അടയാളപ്പെടുത്തുമ്പോള്‍ ആരാധനയും ലക്ഷ്യവും ഒരുപോലെ മഹത്വമാര്ജിക്കുന്നതായി നമുക്ക് അനുഭവേവദ്യമാവും.
റമദാന് : ഇസ്ലാമിക ജീവിതത്തിന്റെ വസന്ത കാലം
മനുഷ്യന്റെ ദ്വിമുഖത്തോടെയുള്ള ഈ സൃഷ്ടിപ്പ് സോദ്യേശത്തോടെയാണ്. കാരണം മനുഷ്യന് ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ജീവിക്കേണ്ടതുണ്ട്. അവന് ഭൂമിയില്‍ ഇടപഴകുകയും ആകാശത്തോട് സംവദിക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂമിയില്‍ ഭക്ഷണം, വസ്ത്രം, ജീവിതം തുടങ്ങിയവയെല്ലാം നിര്‍വഹിക്കേണ്ടതുണ്ട്. ‘ദൈവദൂതന്മാര്ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിരവാസികളുമായിരുന്നില്ല.’ (അമ്പിയാഅ്.8). വിണ്ണില്‍ നിന്നും ദൈവികമായ സന്ദേശം അവനിലേക്ക് ഇറങ്ങേണ്ടതുണ്ട്. അല്ലാഹുവിനെ അറിയാനും സത്യം പ്രാപിക്കാനും നന്മയോട് സ്നേഹമുണ്ടാകാനും സൗന്ദര്യം ആസ്വദിക്കാനും സല്കര്മങ്ങളിലേര്പ്പെടാനുമെല്ലാം ഇത് അനിവാര്യമാണ്. ഭൂമി പരിപാലിക്കാനും അതിലെ വിഭവങ്ങള്‍ ആസ്വദിക്കാനും ഉള്ള ജന്മസിദ്ധമായ സിദ്ധി മനുഷ്യനില്‍ ഒരുക്കിയിട്ടുള്ളതും അവന് തന്നെ.
മനുഷ്യനിലെ ഇത്തരം വികാരങ്ങളും ജന്മവാസനകളും മണ്ണുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ വികാരം അവനില്‍ സ്വാധീനം ചെലുത്തുമ്പോള്‍ നാല്‍ക്കാലികളെ പോലെയായിത്തീരും. അല്ലെങ്കില്‍ അവയെക്കാള്‍ അധപ്പതിക്കും. മനുഷ്യനിലെ ആത്മീയത ഉയരുമ്പോള്‍ അവന്റെ പദവി മാലാഖമാരിലോളം ഉയരുകയും ചെയ്യും. മനുഷ്യനിലെ ഭൗതികതയുടെ അംശത്തേക്കാളേറെ ആത്മീയതയുടെ വശത്തെ ഉയര്‍ത്തലാണ് ദീനിപരമായ ഉത്തരവാദിത്തം. ഇത് എളുപ്പമുള്ള കാര്യമല്ല. കാരണം മനുഷ്യമനസ്സ് താല്പര്യങ്ങളുടെയും വികാരങ്ങളുടെയും പൂര്‍ത്തീകരണത്തിലേക്ക് വശീകരിച്ചുകൊണ്ടിരിക്കും. സന്മാര്ഗത്തിന്റെയും സത്യത്തിന്റെയും പാത ഭാരമുള്ളതാക്കി തോന്നിപ്പിക്കും. അതിനാല്‍ തന്നെ വിശ്വാസ ദാര്‍ഢ്യത്തിന്റെയും സഹനത്തിന്റെയും ആയുധമുപയോഗിച്ച് ദീനില്‍ ഇമാമത്ത് പദവി ലഭ്യമാകുന്നത് വരെ ആത്മ സമരത്തില്‍ നിരന്തരമായി മനുഷ്യന് ഏര്‍പ്പെടേണ്ടതുണ്ട്. ‘അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.'(സജദ:24). സഹനം വികാരങ്ങളെ പ്രതിരോധിക്കും. വിശ്വാസദാര്‍ഢ്യം സംശയങ്ങളെ അകറ്റും. തദനുസൃതമായി ദൈവിക സരണിയിലൂടെ ഒരു വിശ്വാസിക്ക് പുണ്യവാളന്മാരുടെ പദവിയിലെത്താന്‍ സാധിക്കും.
ഭൗതികമായ വശത്തെ അതിജയിക്കാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാം നിയമമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചസ്തംഭങ്ങളായ ആരാധനകള്‍
മനുഷ്യന്റെ ആത്മീയ സാധന നേടിയെടുക്കാനുള്ള ഏറ്റവും പ്രധാന ആയുധമായാണ് നോമ്പിനെ ഇസ്ലാം ദര്‍ശിക്കുന്നത്. അതിലൂടെ മനുഷ്യന് ദൈവപ്രീതി കാംക്ഷിച്ച് അന്നപാനീയങ്ങളും വികാരങ്ങളും അടക്കിനിര്‍ത്തുന്നു. അടുത്ത് ഭക്ഷണമുണ്ടായിരിക്കെ അവന് അത് ആഹരിക്കുന്നില്ല, പാനീയം ലഭ്യമായിട്ടും അവനത് കുടിക്കുന്നില്ല. തന്റെ ജീവിത പങ്കാളി കൂടെയുണ്ടായിട്ടും അവന് ബന്ധപ്പെടുന്നില്ല, സിഗരറ്റ് ലഭ്യമായിട്ടും അവന് അത് കത്തിക്കുന്നില്ല. മനുഷ്യന്റെ വിശ്വാസവും ഉദ്ദേശ്യവും യഥാര്‍ഥത്തില്‍ പരീക്ഷിക്കുകയാണിവിടെ. വിശ്വാസി ഈ പരീക്ഷണത്തില്‍ വിജയിക്കുന്നു. മനുഷ്യന്റെ പൈശാചികതയുടെ മേല്‍ ആത്മീയത കരുത്ത് പ്രാപിക്കുകയും വിജയം നേടുകയും ചെയ്യുവാനുള്ള ഒരു പരിശീലനമാണിത്.
മനുഷ്യനും മൃഗങ്ങളും തമ്മില്‍ അടിസ്ഥാന പരമായി തന്നെ വ്യത്യാസമുണ്ട്. മൃഗങ്ങള്‍ സ്ഥല കാല പരിതസ്ഥിതികള്‍ പരിഗണിക്കാതെ ആഗ്രഹിക്കുന്നതെല്ലാം ചെയ്യും. എന്നാല്‍ മനുഷ്യന് തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ബുദ്ധിയുടെയോ ദീനിന്റെയോ അടിസ്ഥാനത്തിലായിരിക്കും ഏര്‍പ്പെടുക. അതിലൂടെ ദൈവിക പ്രീതി മാത്രമാണ് അവന് കാംക്ഷിക്കുക. എന്നാല്‍ ദേഹേഛകളുടെ പിന്നാലെ വികാരപൂര്‍ത്തീകരണത്തിനായി നടക്കുന്ന മനുഷ്യരെ നമുക്ക് കാണാം. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അബുല്‍ ഫതഹ് അല്‍ബുസ്തി തന്റെ കവിതയില്‍ ചില ചോദ്യങ്ങളുന്നയിക്കുന്നുണ്ട്.
തന്റെ ശരീരത്തിന്റെ സേവകാ! എത്ര അധ്വാനങ്ങളാണ് ശരീരത്തെ പുഷ്ടിപ്പെടുത്താനായി നീ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
നഷ്ടകരമായ കച്ചവടത്തില്‍ ലാഭമന്വേഷിക്കുകയാണോ നീ.
നീ നിന്റെ ആത്മാവിന്റെ സദ്ഗുണങ്ങള്‍ സാക്ഷാല്കരിക്കാന് വേണ്ടി മുന്നിട്ടിറങ്ങുക..
കാരണം താങ്കള്‍ ശരീരം കൊണ്ടല്ല, ആത്മാവ് കൊണ്ടാണ് മനുഷ്യനായത്!
നോമ്പിനെ തന്നോട് ബന്ധപ്പെടുത്തി അല്ലാഹു വിവരിക്കുന്നത് അത് കൊണ്ടാണ്. ഖുദുസിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു. ‘മനുഷ്യ പുത്രന്റെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്. നോമ്പൊഴികെ. കാരണം അത് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്’.
ശുദ്ധീകരണത്തിന്റെ മാസം
ഒരു മാസം മുഴുവന്‍ വികാരങ്ങളും ആനന്ദങ്ങളും അല്ലാഹുവിന് വേണ്ടി മാത്രം അടിമ കയ്യൊഴിയുന്നു. എല്ലാവിധ മ്ലേഛതകളില്‍ നിന്നും അവനെ ശുദ്ധീകരിക്കുന്നു. അതിന്റെ പ്രതിഫലനം വര്‍ഷം മുഴുവനോ, ജീവിതത്തിലുടനീളമോ നിഴലിച്ചു നില്ക്കുന്നു. അവന്റെ എല്ലാ പാപങ്ങളും കഴുകി പരിശുദ്ധനാക്കിത്തീര്ക്കുന്നു. പ്രവാചകന്(സ) പറഞ്ഞു.’ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമദാന് നോമ്പ് അനുഷ്ടിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും’. ദിനേന അഞ്ച് നേരം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നമസ്കാരമെങ്കില്‍ വര്‍ഷം മുഴുവനും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നോമ്പ്. റമദാന് എന്നത് നോമ്പിന്റെ മാത്രം മാസമല്ല, പകലില്‍ നോമ്പനുഷ്ടിക്കുന്നു, രാത്രി നമസ്കരിക്കുന്നു. പള്ളികള്‍ നമസ്കാരക്കാരെ കൊണ്ട് നിറയുന്നു. വിശ്വാസിയുടെ ജീവിതത്തില്‍ ഇതിനേക്കാളേറെ നയനാനന്ദകരമായ സന്ദര്‍ഭങ്ങള്‍ വേറെയേതുണ്ട്! ഭൗതികതയുടെ തടവറയില്‍ കഴിയുന്ന മനുഷ്യന് ഇത് അനുഭവിക്കാന്‍ സാധ്യമല്ല. ഈ ആത്മീയമായ അനുഭൂതി അവരില്‍ നിന്നും തടയപ്പെട്ടിരിക്കുന്നു. ഇതിനെ കുറിച്ചാണ് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുള്ളത്. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയാനുഭൂതിയും സൗഭാഗ്യവും കൊട്ടാരങ്ങളില്‍ അഭിരമിക്കുന്ന രാജാക്കന്മാര് അറിഞ്ഞിരുന്നുവെങ്കില്‍ അത് നേടിയെടുക്കാന്‍ അവര്‍ യുദ്ധം ചെയ്തേനെ’.
ദൈവികാനുഗ്രഹങ്ങളെ കുറിച്ച ഉല്‍ബോധനം
വിശപ്പിലൂടെയും ദാഹിച്ചുകൊണ്ടും മനുഷ്യന് തങ്ങള്‍ക്ക് ലഭ്യമായ ദിവ്യാനുഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കുന്നു. ഒരു വസ്തു നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ അതിന്റെ മൂല്യം നാം അറിയുന്നത്. ആരോഗ്യം കിരീടമാണ്, രോഗിയായ ഒരാള്‍ക്കല്ലാതെ അതിന്റെ മൂല്യം അറിയുകയില്ല എന്ന് പറയാറുള്ളത് ഇതിനാലാണ്. അതിനാലാണ് നോമ്പ് തുറക്കുന്ന സമയത്തില്‍ ഈ പ്രാര്‍ഥന ഉരുവിടണമെന്ന് പ്രവാചകന് പഠിപ്പിച്ചത്. ‘ ദാഹം ശമിച്ചു; ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പ്രകൃതിപരമായ സന്തോഷം പങ്കുവെക്കുന്നു. പ്രവാചകന് (സ) പഠിപ്പിച്ചു. നോമ്പ്കാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് മുറിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന സന്തോഷമാണ് ഒന്നാമത്തെത്. നോമ്പുമായി തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷമാണ് രണ്ടാമത്തെത്.
ദയാനുകമ്പയുടെ മാസം
നോമ്പിലൂടെ മറ്റുള്ളവരുടെ വേദനകള്‍, വിശപ്പ്, വിശപ്പിന്റെ കാഠിന്യം എന്നിവ മനുഷ്യന് അറിയുകയും മാനസികമായി അവരോട് അനുകമ്പ പുലര്‍ത്തുകയും സഹായ ഹസ്തം അവരിലേക്ക് നീട്ടുകയും ചെയ്യുന്നു. സദഖയുടെയും പുണ്യങ്ങളുടെയും സാഹോദര്യത്തിന്റെയും മാസമെന്ന് റമദാന് അറിയപ്പെടുന്നത് അതിനാലാണ്. അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ഉദാരവാനായിരുന്നു പ്രവാചകന് ഈ നാളുകളിലെന്ന് ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈജിപ്തിലെ ഖജനാവിന്റെ ഉടമയായിരുന്നിട്ടും യൂസുഫ് നബി വയറ് നിറയെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല .എന്താണതിന് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ ‘ വയറ് നിറയെ ഭക്ഷണം കഴിച്ചാല്‍ ദരിദ്രരുടെ വിശപ്പിനെ ഞാന്‍ വിസ്മരിക്കും ‘എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസ്ലിമിന്റെ വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തില്‍ അത്യപൂര്‍വമായ അനുഭൂതിയാണ് റമദാന് പകര്‍ന്നു നല്‍കുന്നത്. അതിനാല്‍ ഇസ്ലാമിക ജീവിതത്തിന്റെ വസന്തം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുന്നത്. അതില്‍ ജീവിതം മുഴുവനായി നവീകരിക്കുന്നു. വിജ്ഞാനത്താല്‍ ബുദ്ധി നവീകരിക്കുന്നു. വിശ്വാസത്താലും തഖവയാലും ഹൃദയം നവീകരിക്കുന്നു, പരസ്പര ബന്ധത്താലും സഹവര്തിത്വത്താലും സമൂഹം നവീകരിക്കപ്പെടുന്നു. നന്മയുടെ മുന്നേറ്റത്താല്‍ ദൃഢനിശ്ചയം നവീകരിക്കപ്പെടുന്നു, നന്മയുടെ പ്രേരകങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തിന്മയുടെയും പ്രേരകങ്ങള്‍ കുറയുകയും ചെയ്യുന്നു. നന്മയുടെ മാലാഖമാര്‍ തിന്മയുടെ പിശാചുക്കളെ ആട്ടിയോടിക്കപ്പെടുന്നു. നബി(സ) പറഞ്ഞു. റമദാന് ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നു, നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടും, പിശാചുക്കളെ ബന്ധനസ്ഥരാക്കും, നന്മേഛുക്കളായ മനുഷ്യാ, മുന്നിട്ടു വരൂ, തിന്മയില് വിഹരിച്ച മനുഷ്യാ, നിര്‍ത്തൂ എന്ന് വിളിച്ചു പറയുകയും ചെയ്യും.
റമദാന് ആഗതമാകുന്നതിനു മുമ്പും ശേഷവുമുള്ള മുസ്ലിങ്ങളുടെ ജീവിതം പരിശോധിക്കുന്നവര്‍ക്ക് സാമൂഹികമായ ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതാണ്. നന്മയില് മല്‍സരിച്ച് മുന്നേറുന്നതും തിന്മയിലേര്പ്പെടുന്നതില് നിന്ന് വിമുഖത കാണിക്കുന്നതുമായ പ്രവണ ഈ മാസത്തില്‍ എല്ലായിടത്തും കാണാം. റമദാനിന്റെ അവസാനത്തില്‍ ഇതിന്റെ നൈരന്തര്യം കാത്തു സൂക്ഷിക്കുവാന്‍ പ്രബോധകന്മാര് ഉല്‍ബോധനം ചെയ്യാറുള്ളത് ഇപ്രകാരമാണ്.’ ആരെങ്കിലും റമദാനിനെ ആരാധിച്ചെങ്കില്‍ റമദാന് ഇതാ മരിച്ചിരിക്കുന്നു. ആരെങ്കി അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു എന്നെന്നും ജീവിക്കുന്നവനാണ്. റമദാനില്‍ മാത്രം അല്ലാഹുവിനെ മനസ്സിലാക്കുന്ന ജനത്തിന്റെ അവസ്ഥ എത്ര പരിതാപകരം! നിങ്ങള്‍ റബ്ബിന്റെ ആളുകളാകുക! റമദാന്റെ അടിമകളാവരുത്.
സാമൂഹിക ജീവിതത്തില്‍ വലിയ പ്രതിഫലനം ഈ മാസത്തിനുള്ളതായി നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഒരുമിച്ച് നോമ്പ് മുറിക്കുകയും നോമ്പ് പിടിക്കുകയും ചെയ്യുന്നു. സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ഹൃദ്യമാകുന്നു. ജനങ്ങള്‍ പരസ്പരം സന്ദര്‍ശിക്കുകയും നോമ്പ് തുറപ്പിക്കുകയും ചെയ്യുന്നു. ദരിദ്രര്‍ മറ്റു മാസങ്ങളേക്കാള്‍ നല്ല ഒരവസ്ഥയിലേക്ക് ഉയരുന്നു. സേവന, സദഖ, സകാത്ത് സംരംഭങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. മുസ്ലിം സമൂഹം ഫലപ്രദമായി ഈ മാസത്തെ ഉപയോഗപ്പെടുത്തണം. കാരണം ഇത് മുത്തഖികളുടെ വസന്ത കാലമാണ്. സ്വാലിഹീങ്ങളുടെ അങ്ങാടിയാണ്. നന്മയില് മുന്നേറുന്നവരുടെ കളമാണ്. പാശ്ചാത്താപത്താല്‍ പാപം കഴുകുന്നവര്ക്കുള്ള നീര്‍ത്തടമാണ്. അതിനാല്‍ തന്നെ റമദാന് ആഗതമായാല്‍ മുന്‍ഗാമികള്‍ ഇപ്രകാരം പറഞ്ഞിരുന്നു. ‘ ശുദ്ധീകരിക്കുന്ന മാസമേ നിനക്ക് സ്വാഗതം! പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്. പുണ്യങ്ങളാലും സല്‍കര്‍മങ്ങളാലും പാഥേയമൊരുക്കാനുള്ള അസുലഭ സന്ദര്‍ഭമാണിത്.’
റമദാനിനെ നാം വിശ്വാസപരമായ താവളമാക്കണം. അതിലൂടെ ശക്തി സംഭരിക്കണം, ഉദ്ദേശ്യങ്ങളെ കരുത്തുറ്റതാക്കണം. ദൃഢനിശ്ചയങ്ങളെ ബലവത്താക്കണം. ഉന്നതമായ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള പ്രേരകങ്ങളെ ഇളക്കിവിടണം. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവിടണം, മാതൃകകളെ സംഭവലോകത്തേക്ക് പറിച്ചുനടണം.അറബ് ഇസ്ലാമിക സാഹിത്യകാരനായ മുസ്തഫാ സ്വാദിഖ് അര്റാഫി റമദാനിനെ കുറിച്ച് പറഞ്ഞതെത്ര സത്യം!
‘ഹേ റമദാന്! ജനങ്ങള്‍ നിന്നോട് നീതികാണിച്ചിരുന്നുവെങ്കില് അവര്‍ നിന്നെ മുപ്പത് ദിവസത്തെ പാഠശാല എന്നു വിളിക്കുമായിരുന്നു.’
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
കാരുണ്യത്തിന്റെ അപാരത
കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ എന്നാണ് അല്ലാഹു ഖുര്ആനിന്നു നല്കിയ വിശേഷണങ്ങളിലൊന്ന്. അതു പാരായണം ചെയ്യല്‍, കേട്ടാല്‍ നിശ്ശബ്ദത പാലിക്കല്‍, അര്‍ഥം ഗ്രഹിക്കല്‍ എല്ലാം പ്രതിഫലാര്‍ഹമാണ് എന്ന് മുസ്ലിംകള്ക്കെല്ലാവര്ക്കുമറിയാം. അതിന്റെ അവതരണമാസമായ റമദാനില്‍ മനുഷ്യര്‍ ചെയ്യേണ്ട പ്രധാനകര്‍മം ആ വചനങ്ങളുടെ ഉടമയെ വ്യക്തമായി മനസ്സിലാക്കലാണ്. അല്ലാഹു സ്വര്‍ഗം സൃഷ്ടിച്ചപോലെ നരകവും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, നരകത്തിലേക്ക് അവന് മനുഷ്യരെ ക്ഷണിക്കുന്നില്ല. ക്ഷണിക്കുന്നത് സ്വര്‍ഗത്തിലേക്കു മാത്രമാണ്. ‘അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു, അവന് ഉദ്ദേശിക്കുന്നവരെ അവന് നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു’ (10 : 25)
സ്വര്‍ഗത്തിലെത്താനുള്ള എല്ലാ സൗകര്യങ്ങളും അല്ലാഹു മനുഷ്യര്‍ക്ക് ചെയ്തുകൊടുക്കുന്നു. ഒന്നാമതായി തെറ്റുകള്‍ മനുഷ്യസഹജമായി കണ്ട് അതിന്റെ ശിക്ഷ ഒന്നിന് ഒന്നുമാത്രം എന്ന്, പരിമിതമാക്കിയിരിക്കുന്നു. നന്മക്ക് ഒന്നിന് ചുരുങ്ങിയത് പത്ത് എന്ന നിലക്കാണ് പ്രതിഫലം നല്‍കുക. ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ തെറ്റുകള്‍ പൊറുത്തുകൊടുക്കുക; ഇതെല്ലാമാണ് വിശ്വാസികളെ സ്വര്‍ഗത്തിലെത്തിക്കാന്‍ അല്ലാഹു നല്കുന്ന ഇളവുകള്‍. ‘വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.'(6 :160)
ശിക്ഷക്ക് ശിക്ഷയെന്നല്ല അല്ലാഹു പറഞ്ഞതെന്നത് ശ്രദ്ധേയമാണ്, തിന്മയുടെ പ്രതിഫലം എന്നാണ്. അതിനോട് ചേര്‍ത്തുപറഞ്ഞത് ആരോടും ഒട്ടും അനീതി ചെയ്യുകയില്ലെന്നും, അപ്പോള്‍ പാപി ശിക്ഷിക്കപ്പെടുന്നത് അവന് അല്ലാഹു വെച്ചുനീട്ടിയ കാരുണ്യം തള്ളിക്കളഞ്ഞ് തിന്മയുടെ പാത തെരഞ്ഞെടുത്തതുകൊണ്ടാണ്. അതിനാല്‍ അവനെ ശിക്ഷിക്കുക എന്നത് കാരുണ്യത്തിന് എതിരല്ല. എടുത്ത ജോലിക്കുള്ള കൂലി മാത്രമാണത്.
അല്ലാഹുവെയും അവന്റെ തിരുദൂതനെയും അനുസരിക്കുന്നവര്‍ക്കുള്ള പ്രത്യേക കാരുണ്യവും പാരിതോഷികവുമാണ് മുകളില്‍ പറഞ്ഞ ഒന്നിന് പത്ത് എന്ന പ്രതിഫലം. സത്യവിശ്വാസത്തെ, ശുദ്ധമായ ഏകദൈവവിശ്വാസത്തെ, അതുപഠിപ്പിക്കാന് നിയോഗിക്കപ്പെട്ട പ്രവാചകന്മാരോടുള്ള അനുസരണത്തെ അല്ലാഹു പരമപ്രധാനമായി കാണുന്നു. അതുകൊണ്ടാണ് ചെയ്ത ജോലിക്ക് വര്‍ധിച്ച തോതില്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്, പ്രതിഫലം പത്തുമടങ്ങില്‍ ഒതുങ്ങുകയില്ല എന്ന് താഴെ പറയുന്ന സൂക്തത്തില്‍ നിന്നു ഗ്രഹിക്കാം.
‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അതു ഏഴു കതിരുകകള് ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറു ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(2 : 261)
എഴുന്നൂറ് മടങ്ങാണ് ദാനത്തിന്നു പ്രതിഫലം. ലോകത്തുള്ള ഒരു മതവും ദാനധര്‍മത്തെ ഇത്രയധികം പ്രോല്സാഹിപ്പിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അത് ഇതര മതങ്ങളെ ഇകഴ്ത്തലോ ഇസ്ലാമിനെക്കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിക്കലോ അല്ല. ദാനധര്മത്തിനുള്ള കല്‍പ്പന ഏട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങിയതിന്റെ ഉദാഹരണങ്ങള്‍ റമദാന് മാസത്തില്‍ എവിടെയും കാണാം. ദരിദ്രര്‍ക്ക് ഒരു മാസം ഭക്ഷിക്കാനുള്ള കിറ്റുകള്‍ വരെ നല്കുന്നവരുണ്ട്. ലക്ഷങ്ങളുടെ കറന്‍സി സകാത്ത് കമ്മറ്റിയെ ഏല്‍പ്പിക്കുന്നവരുമുണ്ട്. അയല്‍വാസിക്ക് അവന്റെ മതം ഏതെന്ന് നോക്കാതെ ഭക്ഷണം നല്‍കാറുണ്ട്. അഗതികള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കല്‍ നരക പ്രവേശനത്തിന് കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു.
ഇതൊന്നും ഗൗനിക്കാതെ പണം സ്വന്തം ആവശ്യത്തിന്നു വേണ്ടി ധൂര്‍ത്തടിക്കുകയും ദരിദ്രര്‍ക്ക് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്നവനും, ദരിദ്രരെ തെരഞ്ഞുപിടിച്ച് അവരുടെ അഭിമാനത്തിന് ക്ഷതം പറ്റാത്ത വിധം രഹസ്യമായി ദാനം ചെയ്യുന്നവനും പരലോകത്ത് സമമാകുന്നത് നീതിയല്ലല്ലോ. അപ്പോള്‍ ശിക്ഷ അനീതിയല്ല എന്ന് ചുരുക്കം.
നമ്മളില്‍ പലരെയും പോലെ സമ്പന്നനായിരുന്നില്ല നബി(സ). എന്നാല്‍ അദ്ദേഹത്തിന്റെ റമദാനിലെ ദാനപ്രക്രിയ കാറ്റിനോടാണ് ഉപമിക്കപ്പെട്ടത്. കാരുണ്യവാനായ അല്ലാഹു അവന്റെ ദാസന്മാരും കാരുണ്യ ശീലമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് കുറ്റവാളികള്‍ വിഹരിക്കുന്ന ഈ ലോകം നശിക്കാതെ നില്‍ക്കുന്നത്. മനുഷ്യരുടെ കടുത്ത ധിക്കാരത്തിന് അപ്പപ്പോള്‍ ശിക്ഷ നല്കുകയാണെങ്കില് മനുഷ്യര്‍ പ്രയാസപ്പെടുമായിരുന്നു. അല്ലാഹുവിന് സന്താനമാരോപിക്കുന്നത് അവന്ന് കഠിന കോപമുള്ളതായിട്ടും അവര്‍ക്ക് ഭൗതിക സൗഖ്യം നല്കുന്നതില് അല്ലാഹു വിമുഖത കാണിക്കുന്നില്ലല്ലോ.
പരിശുദ്ധ റമദാനില്‍ വിശ്വാസികളുടെ ബാധ്യത ഖുര്‍ആനില്‍ നിന്ന് അല്ലാഹുവെന്ന പരമകാരുണികനെ ശരിയാംവണ്ണം മനസിലാക്കുക എന്നതാണ്. രണ്ടാമത് അവന് നമുക്കായി അവതരിപ്പിച്ച ഖുര്‍ആന്‍ ഒരു വെളിച്ചമായി ഉപയോഗിക്കാന്‍ നമുക്കു കഴിഞ്ഞുവോ എന്ന പരിശോധനയാണ്. നമ്മുടെ ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിലാണ് ഇരുട്ടുള്ളത് എന്നും, ഉണ്ടെങ്കില്‍ അത് ഈ വെളിച്ചം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും. ഖുര്‍ആനിനെ കുറിച്ച് അല്ലാഹു വെളിച്ചം എന്നുപയോഗിച്ചിട്ടുണ്ട്. ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ചു തന്ന പ്രാകാശത്തിലും വിശ്വസിച്ചു കൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാണ്. (വി.ഖു. 64 : 6)
ഒരു ടോര്‍ച്ച് കൈയ്യിലേന്തി ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടക്കുന്നവന് എത്രമാത്രം വിഡ്ഢിയാണ്. ആ വിഡ്ഢിത്തം തനിക്കുണ്ടോ എന്ന ആത്മ വിചാരണയുടെ മാസമാണ് റമാദാന്. വറ്റാത്ത കാരുണ്യത്തിന്റെ ഖജനാവിന്റെ ഉടമയായ അല്ലാഹു നോമ്പുകാരനോട് കാണിക്കുന്ന കാരുണ്യം മനുഷ്യര്‍ക്ക് അളക്കാന്‍ കഴിയില്ല. ജീവിത പ്രയാസം കൊണ്ടോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ഖുര്‍ആന്‍ പഠിക്കാന്‍ സാധിക്കാത്തവന് പ്രയാസപ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അല്ലാഹു ഇരട്ടി പ്രതിഫലം നല്‍കുമെന്ന് നബി(സ) അരുളിയതായി ബുഖാരി, മുസ്ലിം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം. ഏതു മാസത്തിലെ പാരായണത്തില്‍ നിന്നും ഈ പ്രതിഫലം കിട്ടും. റമദാനില്‍ എത്രയുണ്ട് എന്നു പറയേണ്ടതുമില്ല. സമ്പാദ്യങ്ങളില്‍ വെച്ചേറ്റവും ഉത്തമമാണീ ഗ്രന്ഥം എന്നും അതു നല്‍കുകയും അതിന്റെ അദ്ധ്യാപനത്തിനായി ഒരു നിരക്ഷരനെ നിയോഗിക്കുകയും ചെയ്തുതത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണെന്ന് ഖുര്‍ആന്‍ പറയുന്നു.
‘പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത് നിങ്ങള്‍ക്ക് ലഭിച്ചത്. അതു കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് ‘. (10 : 158)
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് ചെയ്തിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (3 : 164)
ഈ കാരുണ്യത്തിന്, ഉത്തമമായ സമ്പാദ്യം നമുക്കു തരുന്നതിന്, അതു വിവരിച്ചു തരാന്‍ കാരുണ്യത്തിന്റെ തിരുദൂതനെ നിയോഗിച്ചതിന്ന്, ജഗന്നിയന്താവിന് നന്ദിയര്‍പ്പിക്കാന്‍ ഈ ധന്യമുഹൂര്‍ത്തങ്ങള്‍ നമുക്കുപയോഗപ്പെടുത്താം.
നോമ്പിന്റെ ലക്ഷ്യം
കേവലം ഭക്ഷണപാനീയങ്ങളുപേക്ഷിക്കലല്ല നോമ്പ് . വ്രതാനുഷ്ഠാനത്തിന് ഉന്നതലക്ഷ്യങ്ങളുണ്ട്. നോമ്പ് നിര്‍ബന്ധമാണെന്നറിയിക്കുന്ന ഖുര്‍ആന്‍ വാക്യം അതുള്‍ക്കൊള്ളുന്നു.(വിശ്വസിച്ചവരേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു നിയമമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കിയിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍.البقرة:183))വിശ്വാസികള്‍ ‘തഖ്വ’യുള്ളവരായിത്തീരുകയാണ് വ്രതത്തിന്റെ ലക്ഷ്യമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. നിരന്തരമായ ദൈവസ്മരണ, പരലോകബോധം, ജീവിതത്തില്‍ മുഴുവന്‍ ദൈവകല്പനകളനുസരിക്കുന്നതിലും അല്ലാഹു നിരോധിച്ചതോ, അവനിഷ്ടപ്പെടാത്തതോ ആയ പ്രവൃത്തികള്‍ വര്‍ജിക്കുന്നതിലും നിഷ്കര്‍ഷ എന്നിവ ‘തഖ്വ’യിലുള്പ്പെടുന്നു. തെറ്റു ചെയ്യാനുള്ള പ്രേരണകളെ തടുത്തുനിര്‍ത്തി നല്ലതുമാത്രം ചെയ്യുന്നവരായിത്തീ രുകയാണ് തഖ്വയുടെ ഫലം. വ്രതമനുഷ്ഠിക്കുന്നവര്‍ ജീവന് നിലനില്ക്കാനാവശ്യമായ ഭക്ഷണപാനീയങ്ങളും അനുവദനീയമായ ഭാര്യാഭര്‍തൃ സംസര്‍ഗവും ഒരു മാസക്കാലം പകല്‍സമയങ്ങളില്‍ സ്വമേധയാ ഉപേക്ഷി ക്കുന്നു. ചീത്തവാക്കും ദുഷ്പ്രവൃത്തിയും വെടിയുന്നതും, വഴക്കും കലഹവുമുപേക്ഷിക്കുന്നതും നോമ്പിന്റെ പൂര്‍ണതക്കനിവാര്യമാണ് . ഇങ്ങനെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംയമനവും മനസ്സിന്റെയും ശരീരാവയവ ങ്ങളുടെയും നിയന്ത്രണവും സാധിക്കുമ്പോഴാണ് യനോമ്പ് ചൈതന്യപൂര്‍ണമാകുന്നത്.(ആര് കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന് ഭക്ഷണവും പാനീയവുമുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താല്പര്യമില്ല.) എന്ന നബിവചനവും നോമ്പുമുഖേന ഉണ്ടായിത്തീരേണ്ട ജീവിതവിശു ദ്ധിയെ കുറിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന ആത്മനിയന്ത്രണവും സംസ്കരണവും നോമ്പുകാലത്തുമാത്രമല്ല, ജീവിതത്തിലുടനീളം നിലനില്‍ക്കണം. നമസ്കാരം, സകാത്ത്, ഹജ്ജ് എന്നീ മറ്റു പ്രധാന ഇബാദത്തുകളും മനുഷ്യനെ തെറ്റുകളില്‍നിന്ന് തടയുകയും ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പില്‍ ഈ സംസ്കരണ വശം കൂടുതല്‍ പ്രകടമാണ്.
വ്രതാനുഷ്ഠാനം
ഇസ്ലാമിലെ പഞ്ച സ്തംബങ്ങളില് നാലാമത്തതാണ് റമദാന് വ്രതം. സ്വൌം എന്ന പദത്തിന് പിടിച്ചുനില്‍ക്കല്‍, നിയന്ത്രണമേര്‍പ്പെടുത്തല്‍ എന്നീ അര്ഥകല്പനകളുണ്ട്. വ്രതമാചരിക്കുന്നയാള്‍ മതം വിലക്കിയ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രിതനായിരിക്കണം. ഇമാം നവവി (റ) പറയുന്നു. “ശറഇന്റെ സാങ്കേതികത്തില്‍ വ്രതമെന്നാല്‍ നിശ്ചിത സമയത്ത് നിശ്ചിത വ്യക്തി നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തില്‍ വെടിയുക’‘ എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 6/247).
ബുദ്ധിയും ശുദ്ധിയുമുളള മുസ്ലിമായ വ്യക്തി മതം വിലക്കിയിട്ടില്ലാത്ത ദിവസങ്ങളില്‍ ഉണ്മപ്രഭാതം മു തല്‍ സൂര്യാസ്തമയം വരെ നേമ്പ് മുറിച്ചുകളയുന്ന കാര്യങ്ങളില്‍ നിന്ന് നിയമാനുസൃത നിയ്യത്തോടെ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് സ്വൌം (വ്രതം) എന്ന് നിര്‍വ്വചിക്കാം (മബ്സൂത്വ് 3/54).
പ്രായപൂര്‍ത്തിയും, ബുദ്ധിയുമുള്ള ശാരീരികമായി കഴിവുള്ള എല്ലാ മുസ്ലിമിനും വ്രതം വാജിബാണ്. (അനുഷ്ഠിച്ചാല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍ ശിക്ഷയും ലഭിക്കുന്ന കാര്യം). ഹിജ്റ 2-ാം വര്‍ഷം ശഅ് ബാന്‍ മാസത്തിലാണ് വ്രതാചരണം നിര്‍ബന്ധമായത്. അല്ലാഹു പറയുന്നു:“സത്യവിശ്വാസികളേ നിങ്ങളുടെ പൂര്‍വ്വീകര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വ (സൂക്ഷ്മത) പുലര്‍ത്തുന്നവരാകാന്‍ വേണ്ടി. നിര്‍ണ്ണിത ദിവസങ്ങളിലാണ് ഇത് നിര്‍ബന്ധമാകുന്നത്”(അല്‍ ബഖറഃ 183). നബി (സ്വ) പറഞ്ഞു. ഇസ്ലാം അഞ്ചുകാര്യങ്ങളുടെ മേലിലാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്:(1) അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സത്യ സാക്ഷ്യം. (2) കൃത്യമായ നിസ്കാര നിര്‍വ്വഹണം. (3) നിര്‍ബന്ധ ദാനം. (4) റമദാന് മാസം വ്രതമനുഷ്ഠിക്കുക. (5) ഹജ്ജ് ചെയ്യല്‍. നിരവധി നിവേദക പരമ്പരകളിലൂടെ ബുഖാരി (റ) യും മുസ്ലിമും (റ) വും നിവേദനം ചെയ്ത ഹദീസാണിത്.
ഖുര്‍ആന്‍ അവതരണവും വ്രതാനുഷ്ഠാനവും കൂട്ടിയിണക്കിയതെന്തിന്?
ഇമാം റാസി (റ) പറയുന്നു. “റമദാന് മാസത്തെ, വ്രതാചരണത്തിലൂടെ സവിശേഷമാക്കിയതിനു പിന്നില്‍ പല രഹസ്യങ്ങളുമുണ്ട്. റമദാന് മാസത്തെ അല്ലാഹു തന്റെ ദിവ്യവചനങ്ങള്‍ കൊണ്ട് ധന്യമാക്കി ഖുര്‍ആന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആരാധനാ കര്‍മ്മങ്ങളില്‍ അത്യുത്തമമായ നോമ്പു കൊണ്ട് അതിനെ വിശിഷ്ടമാക്കി. ഇതു രണ്ടും ദൈവിക തേജസ്സ് മനുഷ്യന് സിദ്ധമാക്കാന്‍ പര്യാപ്തമാക്കുന്നു. ദൈവികാ ധ്യാപനങ്ങള്‍ ലഭിച്ചിട്ടും ഭൌതിക പ്രമത്തതയും ശരീരേച്ഛകളും ഇലാഹീ ബന്ധത്തില്‍ നിന്നവരെ അകറ്റിക്കളയുന്നു. അതിനെ പ്രതിരോധിക്കാന്‍ ഫലവത്തായ ആരാധനയത്രെ നോമ്പ്. ആത്മാവിന്റെ മാധുര്യം നുകരാന്‍ അത് മനുഷ്യരെ സഹായിക്കുന്നു” (റാസി 5-91).
ത്വല്‍ഹത് (റ) വില്‍ നിന്ന് നിവേദനം. ഒരു അഅ്റാബി നബി (സ്വ) യോട്, ഇസ്ലാാം കാര്യങ്ങള്‍ ആരായുന്നു. അതിന്റെ മറുപടിയില്‍ നബി (സ്വ) റമദാനില്‍ വ്രതമെടുക്കണമെന്നു പറഞ്ഞു. അപ്പോള്‍ ഗ്രാമവാസി ചോദിച്ചു. റമദാാന് അല്ലാത്ത മറ്റു വല്ല നോമ്പും എന്റെമേല്‍ കടമയുണ്ടോ? നബി (സ്വ) പറഞ്ഞു. ‘ഇല്ല. നീ സുന്നത്തായി ചെയ്താലൊഴിച്ച് (ബുഖാരി,മുസ്ലിം). ഇതനുസരിച്ച് റമളാന്‍ വ്രതം മാത്രമേ അടിസ്ഥാന പരമായി നിര്‍ബന്ധമുളളൂ.
ഇമാം നവവി (റ) എഴുതുന്നു.”റമദാനല്ലാത്തവ, മതത്തില്‍ അടിസ്ഥാനപരമായി നിര്‍ബന്ധമല്ലെന്ന് ഇജ് മാഅ് (പണ്ഢിത ഏകോപിതാഭിപ്രായം) മുഖേന സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേര്‍ച്ച, പ്രായശ്ചിത്തം, തുടങ്ങിയ കാരണങ്ങളാല്‍ ചിലപ്പോള്‍ മറ്റു നോമ്പുകളും നിര്‍ബന്ധമായിത്തീരും” (ശറഹുല്‍ മുഹദ്ദബ് 6/248).
വ്രതം പൂര്‍വ്വികര്‍ക്ക് നിര്‍ബന്ധമോ?
വ്രതാനുഷ്ഠാനം തത്വത്തില്‍ മുന്‍കാല സമൂഹത്തിലും നിലവിലുണ്ടായിരുന്നു. എന്നാല്‍ റമളാന്‍ വ്രതം മുഹമ്മദ് നബി (സ്വ്വ) യുടെ ജനതക്ക് മാത്രമുളള പ്രത്യേകതയാണ്.
വ്രതം മുന്‍കാല സമൂഹത്തിലും നിര്‍ബന്ധമായിരുന്നുവെന്ന് ഖുര്‍ആന്‍ 2/183 ല്‍ പ്രസ്താവിക്കുന്നു. ഈ വസ്തുത ഇമാം റാസി (റ) വിവരിക്കുന്നതു കാണുക. “പൂര്‍വ്വികര്‍ക്ക് നോമ്പ് നിര്ബന്ധമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതിന്റെ വിശദീകരണത്തില്‍ പണ്ഢിതര്‍ രണ്ടു പക്ഷമായി. (1) നോമ്പ് അടിസ്ഥാന പരമായി പൂര്‍വ്വികര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അഥവാ ഈ ആരാധന ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകരുടെ കാലം വരെയുളള സകല ജനതക്കും നിര്‍ബന്ധ ബാധ്യതയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടവരല്ല. വ്രതം വിഷമങ്ങള്‍ നിറഞ്ഞതാണെങ്കിലും വിഷമകരമായ ഒരു കാര്യം മൊത്തം ബാധിതമാണെന്നറിയുമ്പോള് സഹിക്കാന്‍ പ്രയാസം കുറവായി അനുഭവപ്പെടുന്നു.”
തഖ്വഃ അതുതന്നെ പരമലക്ഷ്യം:
വ്രതം നിര്‍ബന്ധമാക്കിയതിന്റെ ഫലമായി ഖുര്‍ആന്‍ പ്രഖ്യാപിച്ചത്, നിങ്ങള്‍ ‘തഖ്വ’ ഉളളവരാകാന് വേണ്ടി എന്നാണ്. വിശ്വാസിയുടെ ജീവിതത്തിന്റെ സകല മേഖലകളും ഉള്‍ക്കൊളളിച്ച പ്രസ്താവനയാണത്. തഖ്വ സാക്ഷാത്ക്കരിക്കുന്ന നാനോന്മുഖ നന്മകള് വ്രതാനുഷ്ഠാന ഫലമായി മനുഷ്യന് സ്വായത്തമാകുമെന്ന് ഖുര്‍ആന്‍ വിളിച്ചോതുന്നു.
തഖ്വ ദൈവേച്ഛയനുസരിച്ചുളള ജീവിതത്തിന് നല്കാവുന്ന പേരാണ്. ഈ സ്വഭാവം എത്ര കണ്ട് മനുഷ്യരിലുണ്ടോ അതിനനുസൃതമായി ഇലാഹീ പരിഗണനയില്‍ അവന്റെ മഹത്വം വര്‍ദ്ധിക്കുന്നു.”അല്ലാഹു വിന്റെ പരിഗണനയില്‍ ഏറ്റവും മാന്യര്‍, നിങ്ങളില്‍ ഏറ്റവും തഖ്വയുളളവരാണെന്ന ഖുര്‍ആന്‍ വാക്യം ഈ ന്യായത്തെ സാക്ഷീകരിക്കുന്നു. മഹത്വപൂര്‍ണ്ണമായ ഈ തഖ്വയെയാണ് നോമ്പാചരണത്തിന്റെ ലക്ഷ്യമായി ദൈവം പ്രഖ്യാപിച്ചത്. വിശ്വാസിയുടെ ആത്മീയ മഹത്വത്തിന് പൊന്തൂവലുകള് തുന്നിക്കൂട്ടാന്‍ വ്രതം സഹായകമാണെന്ന് ഇവിടെ നമുക്ക് ഗ്രഹിക്കാം.
വ്രതമാസ വിചാരം:
വ്രതാനുഷ്ഠാനത്തിന്നായി ഹിജ്റഃ വര്‍ഷത്തിലെ ഒമ്പതാം മാസത്തെ അല്ലാഹു തന്നെയാണ് തിരഞ്ഞെടുത്തത്. ‘ശഹ്റു റമദാന്’ എന്ന് നാമകരണം ചെയ്തതും അവന് തന്നെ.
‘റമദാന്’ എന്നത് ‘റമിളസ്സാഇമു’ എന്ന പ്രയോഗത്തില്‍ നിന്നു നിഷ്പന്നമായതാണെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. നോമ്പുകാരന്റെ അകത്തളം ദാഹം നിമിത്തം ചൂട് പിടിച്ചാലാണ് ‘റമിളസ്സാഇമു’എന്ന് പറയാറുളളത്.
“കരിച്ചുകളയുന്നത്” എന്ന അര്‍ഥ കല്പനയുമുണ്ട്. റമദാന് മനുഷ്യരുടെ പാപങ്ങള്‍ കരിച്ചുകളയാന്‍ കാരണമാകുന്നു. അനസ്(റ)വില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാന് മാസത്തിന് ആ പേര് വരാന്‍ കാരണം പാപങ്ങള്‍ കരിച്ചുകളയുന്നതിനാലാണ്.”
ഒരിക്കല്‍ നബി(സ്വ)യോട് പ്രിയപത്നി ആയിഷാ(റ) ചോദിച്ചു. “നബിയേ, എന്താണ് ‘റമദാന്’ എന്ന നാമകരണത്തിലെ താത്പര്യം? നബി(സ്വ) പ്രതിവചിച്ചു. റംസാന് മാസത്തില്‍ അല്ലാഹു സത്യവിശ്വാസികളുടെ പാപങ്ങള്‍ പൊറുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു എന്നതിനാലാണ് ( ഇബ്നു മര്‍ദവൈഹി, ഇസ്വബഹാനി).
മറ്റൊരനുമാനം ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. “ഇമാം ഖലീല്‍(റ)പറയുന്നു. റംളാഅ് എന്നതില്‍ നിന്നാണ് റമദാന് എന്ന പദോല്്പത്തി. ‘റംളാഅ’ എന്നാല്‍ ഗ്രീഷ്മ കാലത്തിന് മുമ്പ് വര്‍ഷിക്കുന്ന മഴ എന്നര്‍ഥം. പ്രസ്തുത മഴ വര്‍ഷത്തോടെ ഭൌമോപരിതലത്തിലെ പൊടിപടലങ്ങളെല്ലാം കഴുകപ്പെടുന്നു. ഇതുപോലെ റമളാന്‍ മാസം മുസ്ലിമിന്റെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്ന് ശുചീകരിക്കാന്‍ കളമൊരുക്കുന്നു.”
റമദാന് എന്ന പദത്തെ വിലയിരുത്തി ആത്മീയലോകത്തെ സുവര്‍ണ്ണ താരം ശൈഖ് ജീലാനി(റ) പറയുന്നതിപ്രകാരമാണ് റമദാന് എന്ന പദത്തില്‍ 5 അക്ഷരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഓ രോന്നും ഓരോ ആശയത്തെ പ്രതിനിധീകരിക്കുന്നു.
വിശ്വാസിയുടെ വസന്തകാലമായ റമദാന് മാസത്തിന്റെ മഹത്വങ്ങള്‍ ഹദീസുകളില്‍ നിറഞ്ഞു നില്ക്കുന്നു. “അല്ലാഹുവിന്റെ ദാസന്മാര് വ്രതമാസത്തിന്റെ ശരിയായ മഹത്വം യഥാവിധി അറിയുകയാണെങ്കില്‍ കൊല്ലം മുഴുവന്‍ റമളാന്‍ ആയിരുന്നെങ്കില്‍ എന്നാശിക്കുമായിരുന്നു” എന്ന ഹദീസ് മാഹാത്മ്യങ്ങള്‍ മുഴുവന്‍ ആവാഹിച്ചു നില്ക്കുന്നു. അവയുടെ ചുരുളഴിക്കുന്ന വചന വിശേഷങ്ങള്‍ ഇവിടെ അണിനിരക്കുന്നു…
സ്വര്‍ഗ്ഗീയാരാമത്തില്‍ ഉത്സവച്ഛായ; ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന വിശേഷ വൃത്താന്തങ്ങള്‍… റംളാനെ വരവേല്‍ക്കാന്‍ സ്വര്‍ഗം അലങ്കരിക്കപ്പെടും. സ്വര്‍ഗം കമനീയമായി സംവിധാനിക്കപ്പെടും.
റമളാനിലെ ആദ്യരാവ് സമാഗതമായാല്‍ അര്ശിന് താഴ്വരയില് നിന്ന് ഒരു മന്ദമാരുതന് തഴുകിത്തലോടിയെത്തും. സ്വര്‍ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ കവാടങ്ങളിലെ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗീയ അപ്സരസ്സുകള്‍ ഈണത്തില്‍ വിളിച്ചു പറയും, ” അല്ലാഹവിലേക്ക് വിവാഹ അഭ്യര്‍ഥനയുമായി വരുന്നവരാരായാലും അവര്‍ക്ക് ഇണയെ സമ്മാനിക്കപ്പെടും തീര്‍ച്ച”- തുടര്‍ന്ന് ഹൂറികള്‍ സ്വര്ഗപാറാവുകാരനായ മലകിനോട് ആരായും, അല്ലയോ രിള്വാന്‍! ഏതാണ് ഈ സുന്ദര രാവ്? “ഇത് റമളാനിലെ ആദ്യരാവാണ്. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തില്‍ നിന്ന് വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി സ്വര്‍ഗീയകവാടങ്ങള്‍ തുറക്കപ്പെടുകയായി ‘ (ബൈഹഖി, ഇബ്നു ഹിബ്ബാന്‍).
അബൂഹുറൈറഃ(റ)യില്‍ നിന്ന് നിവേദിതമായ ഒരു ഹദീസില്‍ സ്വര്‍ഗലോകത്തിന്റെ അവസ്ഥ വര്‍ണ്ണിക്കുന്നതിങ്ങനെ. “എല്ലാ റമളാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗലോകത്തെ അണിയിച്ചൊരുക്കുന്നതാണ്.”
നരകകവാടങ്ങള്‍ കൊട്ടിയടക്കും നാളേത്?
റമദാന് മാസാഗമം ലോകത്ത് ആഹ്ളാദത്തിന്റെ പൂത്തിരി കത്തിക്കുമ്പോള്‍ നരകത്തിന്റെ സ്ഥിതി നോക്കൂ! അബൂഹുറൈറഃ(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാന് ആഗതമായാല്‍ നരക കവാടങ്ങള്‍ അടക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യും”(ബുഖാരി, മുസ്ലിം). മറ്റൊരു തിരുവചനം: “റമദാന് മാസത്തിലെ പ്രഥമ രാത്രിയായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്നതാണ്. ഒരു വാതിലും അടക്കപ്പെടുന്നതല്ല. നരകകവാടങ്ങള്‍ അടക്കപ്പെടും. അതില്‍ നിന്നൊന്നുമേ പിന്നെ റമദാന് വിട പറയുന്നതുവരെ തുറക്കപ്പെടുന്നതല്ല” (ബൈഹഖി). വിവക്ഷ: ഖാളീ ഇയാള്‍ (റ) പറയുന്നു. “നരകകവാടങ്ങള്‍ അടക്കപ്പെടുക എന്നതിന്റെ താത്പര്യം നരകത്തിലേക്ക് നയിക്കുന്ന തെറ്റുകളില്‍ നിന്ന് മനുഷ്യമനസ്സുകളെ തിരിച്ചുവിടുക എന്നാകും. ബാഹ്യാര്‍ഥം തന്നെ ഉദ്ദേശിക്കുന്നതിനും വിരോധമില്ല’ (ശറഹ് മുസ്ലിം 5/50, ഫത്ഹുല്‍ ബാരി 249/8). സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമെന്ന പരാമര്‍ശത്തെ ഖാളീ ഇയാള്‍ വിവക്ഷിക്കുന്നതിങ്ങനെ സംഗ്രഹിക്കാം. “അല്ലാഹുവിന്റെ ദാസന്മാര്ക്ക് മറ്റു മാസങ്ങളില്‍ നിന്നു ഭിന്നമായി റമദാന് മാസത്തില്‍ സുകൃതങ്ങള്‍ക്കും നോമ്പ്, നിസ്കാരാദികര്മ്മങ്ങള്ക്കും തെറ്റുകളില്‍ നിന്നുളള മുക്തിക്കും അവസരമൊരുങ്ങുന്നു. ഇതെല്ലാം സ്വര്‍ഗ പ്രവേശത്തിന് വഴിതെളിക്കുന്നു” (ശറഹ് മുസ്ലിം 5/50, ഫത്ഹുല്‍ ബാരി 249/8).
വാനലോകവൃത്താന്തം
നബി(സ്വ) പറയുന്നു. “റമളാനിലെ ആദ്യസുദിനം വന്നെത്തുന്നതോടെ വാനലോക വാതായനങ്ങള്‍ മുഴുവന്‍ തുറക്കപ്പെടുന്നതാണ്. റമളാനിലെ അവസാന ദിനം വരെ
ഒരു വാതിലും അടക്കപ്പെടുന്നതല്ല. (ബൈഹഖി) ആകാശ കവാടങ്ങള്‍ തുറക്കപ്പെടും എന്നതിന് ദൈവിക കാരുണ്യ വര്‍ഷം അണമുറിയാതെ തുടരുന്നു എന്നര്‍ഥമാക്കാം. അടിമകളുടെ കര്‍മ്മങ്ങള്‍ അസ്വീകാര്യാവസ്ഥയില്‍ നിന്ന് സ്വീകാര്യാവസ്ഥയിലേക്ക് മാറ്റപ്പെടുമെന്നും വിവക്ഷിക്കപ്പെടുന്നു. നോമ്പുകാരന്റെ കര്‍മ്മങ്ങള്‍ക്ക് ആശംസ നേരാന്‍ മലകുകള്‍ക്ക് അല്ലാഹു അവസരം നല്കുന്നു എന്നും അര്‍ഥ കല്പനയുണ്ട്.
ഹജ്ജ്
കുട്ടികള്‍ക്കുള്ള ഹജ്ജ്പാഠങ്ങള്‍
എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഹജ്ജ് കര്‍മത്തിനായി മുസ്ലിംകള് പോകുന്നതായി നമ്മുടെ കുട്ടികള്‍ കേള്‍ക്കാറുണ്ട്.
എന്നാല്‍ ഹജ്ജ് എന്താണെന്നും ഇസ് ലാമില്‍ അതിന്റെ പ്രാധാന്യമെന്തെന്നും കുട്ടികള്‍ക്ക് അറിയാന്‍ സാധിക്കാറില്ല. ചില കുട്ടികള്‍ അതിനെക്കുറിച്ച് ചോദിച്ചാല്‍ അതെങ്ങനെ വിശദീകരിച്ചുകൊടുക്കും എന്നതിനെ സംബന്ധിച്ച് അവരില്‍ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എങ്ങനെ അതിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാം എന്നതാണ് ഇവിടെ കുറിക്കുന്നത്. ഹജ്ജിനെ ലളിതമായി വിവരിക്കുന്ന ബുക് ലെറ്റുകള്‍, പോസ്റ്ററുകള്‍, വെബ്സൈറ്റ് , മാപുകള്‍, വീഡിയോ ക്ലിപുകള്‍ എന്നിവ ആദ്യമേ തന്നെ സംഘടിപ്പിച്ചുവെക്കുക. ഹജ്ജിനെക്കുറിച്ച് പ്രാരംഭസംഗതികള് പറഞ്ഞുകൊടുക്കുക. ഇസ് ലാമിന്റെ അഞ്ച് അനുഷ്ഠാനകര്മങ്ങളെക്കുറിച്ചും അതില്‍ ഹജ്ജിന്റെ സ്ഥാനമെന്തെന്നും വിവരിക്കുക.
സാമ്പത്തികമാനസികശാരീരികശേഷിയുള്ള എല്ലാ മുസ് ലിംകള്‍ക്കും നിര്‍ബന്ധമായ സംഗതിയാണെന്നും ഓരോ വ്യക്തിയും തന്റെ ചുറ്റുപാടുകളില്‍നിന്ന് തീര്‍ത്തും വിടചൊല്ലിക്കൊണ്ട് അനുഷ്ഠിക്കുന്ന ഏകകര്മമാണ് ഹജ്ജെന്നും പ്രത്യേകം ഓര്മപ്പെടുത്താം.
ഇബ്റാഹീംനബിയുടെ ചരിത്രവും അദ്ദേഹത്തില്‍നിന്ന് അല്ലാഹു ആവശ്യപ്പെട്ട ത്യാഗങ്ങളും കുട്ടികള്‍ക്ക് വിശദീകരിക്കണം. ഹജ്ജിന്റെ കര്‍മങ്ങളുടെ പ്രതീകാത്മകത അവര്‍ അറിയേണ്ടതുണ്ട്.
1.ഹജ്ജ് എങ്ങനെയാണ് നിര്‍വഹിക്കേണ്ടതെന്ന് പറഞ്ഞുകൊടുക്കുക. കഅ്ബയുടെ മാതൃക ചെറിയ പെട്ടിയും കറുത്തമഷിയും സുവര്ണനൂലും ഉപയോഗിച്ച് ഉണ്ടാക്കി ഡെമോ നടത്തിയാല്‍ അത് വളരെ ഉപകാരപ്രദമായിരിക്കും.
2. ഹജ്ജിന് മുസ്ലിംകളുടെ വേഷമെന്തെന്നതിനെസംബന്ധിച്ച ചെറുവിവരണം നല്‍കുക. അതിനും ചെറിയ മാതൃക സമര്‍പിക്കാവുന്നതാണ്.
3. തല്ബിയത് അവര്‍ക്ക് ചൊല്ലിക്കേള്‍പ്പിക്കുക.
4. ഹജ്ജ് അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതിനുപുറമെ കഅ്ബയുടെ നിര്‍മാണത്തെപ്പറ്റിയും അവയിലെ സൗകര്യങ്ങളെപ്പറ്റിയും പരാമര്‍ശിക്കാം.
5. വിശ്വാസികള്‍ കഅ്ബയില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ വിവരിക്കുക. ഹജ്ജ് വെറുമൊരു വിദേശട്രിപല്ലെന്ന് വേര്‍തിരിച്ചുമനസ്സിലാക്കാന്‍ അവസരം നല്‍കുക. അറഫയിലും മുസ്ദലിഫയിലും മിനയിലും ചെയ്യുന്ന കാര്യങ്ങള്‍ വിവരിക്കേണ്ടതാണ്. ഹജജ് വിശ്വാസിയുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്ണായകകര്മമാണെന്ന് അവരെ ബോധ്യപ്പെടുത്തുക. ജീവിതം സദാ കര്‍മനിരതനാകുവാനും വിശ്വാസദാര്‍ഢ്യം കരുപ്പിടിപ്പിക്കാനും ഉള്ള പരിശ്രമങ്ങളുടേതാണ് എന്ന ചിന്ത പകര്‍ന്നുകൊടുക്കുക.
മേല്‍ പ്രകാരമുള്ള വിവരണങ്ങളുടെയും വിശദീകരണങ്ങളുടെയും ഒടുവില്‍ ചെറിയ ഒരു പരിശീലനപ്രശ്നോത്തരി നടത്താവുന്നതാണ്. അതിന് ഉത്തരംകണ്ടെത്താന്‍ കുട്ടികള്‍ക്ക് ഫോട്ടോകളും ,കഥകളും വീഡിയോക്ലിപിങുകളും അവലംബിക്കാന്‍ അവസരം നല്‍കണം.അവയില്‍ ചില മാതൃകാചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം.
1.മക്കയ്ക്കുചുറ്റും ഹജ്ജ്കര്മത്തില് ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ മാപില്‍ അടയാളപ്പെടുത്തുക?.
2.ആര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമായിട്ടുള്ളത്?
3. ഹജ്ജിന് പ്രത്യേകമായുള്ള വസ്ത്രധാരണംഎന്ത്? എന്തുകൊണ്ട്?
4. കഅ്ബ എവിടെസ്ഥിതിചെയ്യുന്നു? അതിന് ആ രൂപംഎന്തുകൊണ്ട്? ആരാണത് പടുത്തുയര്‍ത്തിയത്?
5.കഅ്ബയില്‍ ആദ്യമായി സന്ദര്‍ശനംനടത്തുന്ന വിശ്വാസി അനുഷ്ഠിക്കുന്ന കര്‍മമെന്ത്? അതെന്തുകൊണ്ട്?
6. തീര്‍ഥാടകര്‍ അറഫയില്‍ പോയാല്‍ ചെയ്യുന്നതെന്ത്? എന്തുകൊണ്ട്?
ഈ രീതിയില്‍ കുട്ടികളെ ഹജ്ജിനെക്കുറിച്ച പ്രാരംഭജ്ഞാനമുള്ളവരാക്കാന് സാധിക്കും.
ഹജ്ജിന്റെ ചൈതന്യം
ഹജ്ജ് എന്തിന് ?
എല്ലാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവം (അല്ലാഹു) ഏകനാണ്. അവന്റെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായാണ് സര്‍വ ചരാചരങ്ങളും ഉണ്ടാവുന്നതും പ്രവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കുന്നതുമെല്ലാം.
അവന്റെ അസംഖ്യം സൃഷ്ടികളിലൊന്നാണ് മനുഷ്യന്. മനുഷ്യന് ചിന്താസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്കപ്പെട്ടിട്ടുണ്ട്. അവനറിഞ്ഞിരിക്കേണ്ട സത്യങ്ങളും അവന് ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങളും അവനെ ദൈവം അറിയിച്ചുകൊണ്ടേയിരുന്നു. ഈ മാര്‍ഗദര്‍ശനം മതം എന്ന പേരില്‍ അറിയപ്പെടുന്നു.
മനുഷ്യന് മരണശേഷം ശാശ്വതമായ ഒരു ജീവിതത്തിനുള്ള സംവിധാനവും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൗതികജീവിതത്തിന്റെ സ്വാഭാവികമായ അനന്തരഫലമായിട്ടാണ് മരണാനന്തരജീവിതം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മരണാനന്തര ജീവിതം അവഗണിക്കാനുള്ള പ്രേരണകള്‍ ഭൗതികവിഭവങ്ങളിലുള്ളതിനാല്‍ അതേപ്പറ്റി സൂക്ഷ്മത പാലിക്കുകയും വേണ്ടത്ര വിരക്തിപൂണ്ടിരിക്കുകയും വേണം.
ഏക സമൂഹമായി മനുഷ്യന് ജീവിക്കണം. സമത്വബോധവും പരസ്പര സ്നേഹവും സഹകരണവും മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും മനുഷ്യര്‍ക്കുണ്ടാവണം.
മനുഷ്യനെ സംബന്ധിച്ചു മൗലിക പ്രാധാന്യമുള്ള ഈ കാര്യങ്ങളെല്ലാം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
തുന്നാത്ത രണ്ടുകഷ്ണം വെള്ളത്തുണി മാത്രം വസ്ത്രമാക്കി ‘ഞങ്ങളിതാ നിന്റെ വിളിക്കുത്തരം ചെയ്തു വന്നിരിക്കുന്നു, ഞങ്ങളിതാ വന്നിരിക്കുന്നു… നിനക്ക് പങ്കുകാരേ ഇല്ല. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കുതന്നെ, രാജാധികാരവും നിനക്കുതന്നെ. നിനക്ക് പങ്കുകാരേ ഇല്ല’ എന്ന് അറബി ഭാഷയില്‍ എല്ലാവരും വിളിച്ചു പറയുമ്പോള്‍ വിവിധ നാട്ടുകാരും വ്യത്യസ്തതലങ്ങളിലുള്ളവരും എല്ലാം ഒരേ ഭാഷയില്‍ ഒരേകാര്യം ഏകദൈവത്തോട് വിധേയത്വം പ്രഖ്യാപിച്ചുകൊണ്ടുപറയുകയാണ്. തമ്മില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ കാണപ്പെട്ടാലും തങ്ങള്‍ ഏകദൈവത്തിന്റെ സൃഷ്ടികളും അവന്ന് വിധേയമായി ജീവിക്കുന്നവരുമാണ് എന്ന് സമത്വബോധത്തോടെ സമത്വം പ്രകടിപ്പിച്ചുകൊണ്ട് പ്രഖ്യാപിക്കുകയാണ്. ജീവിതത്തില്‍ മുഴുവന്‍ നിലനിര്‍ത്താന്‍ ഏകദൈവം ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ് ഈ പ്രഖ്യാപിക്കുന്നത്.
ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ പെട്ടതാണ്, ത്വവാഫ്, അഥവാ കഅ്ബാ പ്രദക്ഷിണം, ഒരു വെളുത്ത തുണിയും വെളുത്ത ഒരു മേല്‍മുണ്ട് ഇടത്തേ ചുമലില്‍ നിന്നു പൂണൂല് കെട്ടുന്നതുപോലെ കെട്ടിക്കൊണ്ടാണ് കഅ്ബയെ വലവെക്കുന്നത്. പൂണൂല്‍ധരിച്ച ഹിന്ദുക്കള്‍ ക്ഷേത്രം വലംവെക്കുന്നത് പോലെയാണ് മേല്‍തട്ടം ധരിച്ച മുസ്ലിംകള് കഅ്ബയെ വലം വെക്കുന്നത്. മതത്തിന്റെ ഏകത്വവും അനുഷ്ഠാനങ്ങളും മതത്തിന്റെ പിന്നീടുണ്ടായ പകര്‍പ്പുകളില്‍ മാറ്റം വരാതെ നിലനില്‍ക്കാമെന്നാണ് ഇത് തെളിയിക്കുന്നത്. പ്രദക്ഷിണം കഅ്ബക്ക് ചുറ്റും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നത് കഅ്ബയും ഹജ്ജും മുഹമ്മദ് നബിയുടെ കാലത്തിനും ആയിരക്കണക്കിന്നു കൊല്ലങ്ങള്‍ക്കുമുമ്പേ നിലവിലുള്ളതാണ് എന്നതിനും തെളിവാണ്.
വ്യത്യസ്ത നാമങ്ങളില്‍ വിഭിന്നവിശ്വാസാനുഷ്ഠാനങ്ങളോടെ അറിയപ്പെടുന്ന മതങ്ങള്‍ പരസ്പരം അന്യമെന്ന് കരുതി അകറ്റിനിര്‍ത്തുന്നതിനേക്കാള്‍ നല്ലത് അവ ഒരേ വിശ്വാസവും പരസ്പരംപൊരുത്തപ്പെടുന്ന അനുഷ്ഠാനങ്ങളുമുള്ള ഏകമതത്തിന്റെ വിവിധ പതിപ്പുകളാണെന്നു വിചാരിക്കുന്നത്. കാലാന്തരത്തില്‍ അവ ഇത്തിക്കണ്ണി മൂടിയ മരക്കൊമ്പുപോലെ ആയിപ്പോയതാകാം. ഈ ചിന്തക്ക് ഹജ്ജിലെ ത്വവാഫ് കര്‍മ്മം വഴിമരുന്നിടുണ്ട്. ത്വവാഫ് ഏഴു പ്രാവശ്യമാണ്. ക്ഷേത്രപ്രദക്ഷിണവും ഒന്ന്, മൂന്ന്, ഏഴ് എന്നിങ്ങനെ ഒറ്റയായിട്ടാണ് നടത്തുക എന്നതും ശ്രദ്ധേയമാണ്.
സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം തിരക്കിനടക്കലും മൃഗത്തെ ബലിയറുക്കലും ഹജ്ജിലെ കര്‍മ്മങ്ങളില്‍ പെട്ടതാണ്. ഇതുരണ്ടും ഇബ്റാഹീം നബിയുടെ ജീവിതത്തിലെ രണ്ടു സംഭവങ്ങളുടെ അനുസ്മരണമാണ്. ഭാര്യ ഹാജറയെയും പിഞ്ചുപൈതല്‍ ഇസ്മാഈലിനെയും കഅ്ബയുടെ അടുത്തുള്ള സഫാ, മര്‍വാ എന്ന കുന്നുകള്‍ക്കിടയില്‍ കൊണ്ടാക്കി ഇബ്റാഹീം നബി അടുത്തദേശത്തേക്ക് പോകുകയുണ്ടായി. പരിഭ്രമിച്ച ഹാജറ ‘ഇതു അല്ലാഹു കല്പിച്ചതാണോ?’ എന്നു ചോദിച്ചതിന് ഇബ്റാഹീം(അ) ‘അതെ’ എന്നു മറുപടി പറഞ്ഞപ്പോള്‍ സമാധാനിച്ചു. കുടിക്കാന്‍ കരുതിവെച്ച വെള്ളം തീര്‍ന്നു പോയപ്പോള്‍ വിഷമിച്ച് ആ രണ്ടു കുന്നുകളില്‍ മാറിമാറിക്കയറിയെന്നും ഒരാളെപ്പോലും കാണാനാകാതെ വിഷമിച്ച്് അവസാനം കുഞ്ഞിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നപ്പോള്‍ കുഞ്ഞ് കാലിട്ടടിച്ച ഭാഗത്ത് ഒരു നീരുറവു പൊട്ടി ഒഴുകുന്നത് കണ്ടെന്നും അതാണ് ഇന്നും നിലക്കാത്ത ‘സംസം’ എന്നും ഹദീസുകളില്‍ വിവരണമുണ്ട്. ഇബ്റാഹീമിന്റെയും ഹാജറയുടെയും ദൈവാനുസരണത്തിന്റെ രീതിയാണ് ഇവിടെ പ്രസക്തം. ഈ അനുസ്മരണം ദൈവാനുസരണത്തിന്റെ അനുസ്മരണമാണ്. ഇതുപോലെത്തന്നെയാണ് ബലിയറുക്കലും. മകന് ഇസ്മാഈലിനെ ബലിയറുക്കണമെന്ന് സ്വപ്നത്തിലൂടെ കല്പിക്കപ്പെട്ട ഇബ്റാഹീമും മകന് ഇസ്മാഈലിനോട് പ്രസ്തുതസംഗതി വെളിപ്പെടുത്തിയപ്പോള്‍ യാതൊരു മടിയും കൂടാതെ അതിന്നൊരുങ്ങി. മകനെ ചരിച്ചുകിടത്തി ഇബ്റാഹീം കഴുത്തില്‍ കത്തി ആഴ്ത്താന്‍ പുറപ്പെട്ടപ്പോള്‍ അത് നിര്‍ത്താനും പകരം ഒരു മൃഗത്തെ ബലിയറുക്കാനും ദിവ്യകല്പന വന്നു. ആ കല്പനയാണ് ബലികര്‍മത്തിലൂടെ അനുസ്മരിച്ചു നടപ്പാക്കുന്നത്. ഇതില്‍ അനുസ്മരിക്കുന്നത്, ആ കര്‍മ്മത്തേക്കാളുപരി അതിന്റെ പശ്ചാത്തലമായ ദൈവാനുസരണത്തിന്റെ രീതിയാണ്. അല്ലാഹു എന്തുകല്‍പിച്ചാലും ചെയ്യുക എന്നതാണ് ‘ഇസ്ലാം’. ഞങ്ങള്‍ അതിന്ന് തയ്യാറുള്ളവരാണ് എന്ന് പ്രവൃത്തിയിലൂടെ പ്രഖ്യാപിക്കലാണ് ‘ബലികര്‍മ്മം’. ഹജ്ജിലെ ത്വവാഫ് (പ്രദക്ഷിണം) ഇബ്റാഹീം നബിക്കും മുമ്പേ ഉണ്ടായിട്ടുള്ളതാണെന്ന പോലെ, ഈ രണ്ടു കര്‍മ്മങ്ങള്‍ ഇബ്റാഹീം നബിക്ക് ശേഷമുണ്ടായതാണെന്നും മനസ്സിലാക്കാന്‍ ന്യായമുണ്ട്.
ഹജ്ജിലെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് അറഫാമൈതാനിയില്‍ സമ്മേളിക്കല്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന മുസ്ലിംകള് -അല്ലാഹുവിന് കീഴൊതുങ്ങിയവര്‍- തുല്യത പ്രഖ്യാപിക്കുന്ന ലളിത വസ്ത്രത്തില്‍ അവിടെ സമ്മേളിച്ച് ഒരുമിച്ച് നമസ്കരിക്കുകയും ഒരു ഉല്‍ബോധന പ്രസംഗം കേള്‍ക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി(സ) അവിടെ വെച്ചു ചെയ്ത വിടവാങ്ങള്‍ പ്രസംഗം ലോകപ്രസിദ്ധമാണ്. അല്ലാഹുവിനെയും തങ്ങളെത്തന്നെയും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുന്ന ആ മൈതാനത്തിന്റെ പേര് ‘അറഫാ’ (വിജ്ഞാനം) അന്വര്‍ത്ഥമാണ്.
ഹജ്ജിലെ കര്‍മ്മങ്ങള്‍ മുഹമ്മദ്നബി ഉണ്ടാക്കിയതല്ല. നബിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതുമല്ല. ഇബ്റാഹീം നബിയുടെ കാലത്തിന്നുമുമ്പും പിമ്പുമായി ഉണ്ടായിട്ടള്ളതാണ്. ഏകദൈവത്തിങ്കല്‍നിന്ന് മനുഷ്യരാശിക്ക് കിട്ടിക്കൊണ്ടിരുന്നത് ഒരേ മതം തന്നെയാണെന്നും മതങ്ങളെ വ്യത്യസ്തങ്ങളായി ഗണിക്കാന്‍ പാടില്ലെന്നും ഹജ്ജിലെ കര്‍മ്മങ്ങള്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരെല്ലാം അല്ലാഹുവിങ്കല്‍ സൃഷ്ടികളും അടിമകളും തുല്യരും ആണെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഹജ്ജ്.
പാപമോചനത്തിന്റെ അറഫാ ദിനം
അല്ലാഹു തന്റെ ദീന് പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിപ്പിച്ചപ്പോള്‍ ഒരു യഹൂദി ഉമര്‍ ബിന്‍ ഖത്താബിനോട് പറഞ്ഞുവത്രെ ‘ഈ ആയത്ത് ഞങ്ങള്‍ക്ക് മേലായിരുന്നു അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു ‘ഞങ്ങളുടെ ഒന്നല്ല, രണ്ട് പെരുന്നാള്‍ ദിനങ്ങളിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. അറഫാ ദിനത്തില്‍ വെള്ളിയാഴ്ചയായിരുന്നു അത് ഇറങ്ങിയത്’. അറഫാദിനവും, വെള്ളിയാഴ്ചയും വിശ്വാസികള്‍ക്ക് പെരുന്നാളാണ്. അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജ് നിര്വഹിക്കാനെത്തിയവര്ക്ക് പെരുന്നാളാണ് അറഫാദിനം. അല്ലാഹു അന്നേദിവസം പ്രഭാതത്തില്‍ താഴെ ആകാശത്തേക്ക് ഇറങ്ങി വരികയും തന്റെ അടിമകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തന്റെ മാലാഖമാരോട് കല്പിക്കുകയും ചെയ്യുന്നു.
വിവിധങ്ങളായ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട് ആനന്ദിക്കുന്നു. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു തന്റെ മാലാഖമാരോട് ഇപ്രകാരം പറയുന്നു: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ്.’
അല്ലാഹു അവര്‍ക്ക് മേല്‍ വെളിപ്പെട്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് നല്കുന്നു. അനുവദനീയമായ സമ്പത്തും, പാഥേയവുമായാണ് അവര്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചത് എങ്കില്‍. അതിനാലാണ് തിരുദൂതര്‍(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന് ശേഷം അല്ലാഹു പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്.’
അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു.
അബ്ബാസ് ബിന്‍ മിര്‍ദാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അറഫാ രാവില്‍ റസൂല്‍(സ) തന്റെ ഉമ്മത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നുവെന്ന് ഉത്തരം നല്കപ്പെട്ടു. പക്ഷെ, അക്രമിക്ക് ഒഴികെ, അവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ ശിക്ഷിക്കുന്നതാണ്. അപ്പോള്‍ തിരുദൂതര്‍(സ) പറഞ്ഞു. നാഥാ, നീ മര്ദിതന് സ്വര്‍ഗം നല്‍കുകയും, മര്ദകന് പൊറുത്ത് കൊടുക്കുകയും ചെയ്താലും. അന്ന് രാത്രി അതിന് ഉത്തരം ലഭിച്ചില്ല. പിറ്റേന്ന് മുസ്ദലിഫയില്‍ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) തന്റെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. അതുകണ്ട തിരുദൂതര്‍(സ) പുഞ്ചിരിച്ചു. അപ്പോള്‍ അബൂബക്റും ഉമറും(റ) ചോദിച്ചു. ‘അല്ലാഹുവാണ, ഇത് ചിരിക്കുവാനുള്ള സന്ദര്‍ഭമല്ലല്ലോ, താങ്കളെന്തിനാണ് ചിരിച്ചത്? റസൂല്‍(സ) പറഞ്ഞു ‘എന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായും അല്ലാഹു എന്റെ ഉമ്മത്തിന് പൊറുത്ത് കൊടുത്തതായും അറിഞ്ഞ ഇബ്ലീസ് സ്വന്തം തലയിലേക്ക് മണ്ണെടുത്തിട്ടു. അവന് നാശത്തിനായി പ്രാര്‍ത്ഥിച്ചു. അവന്റെ പരിഭ്രമം കണ്ടതിനാലാണ് ഞാന്‍ ചിരിച്ചത്).
അല്ലാഹു അറഫാവാസികള്ക്ക് പൊറുത്ത് കൊടുക്കുന്നതാണ് എന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ)യോട് അനുചരന്മാര് ചോദിച്ചു ‘ഇത് ഞങ്ങള്‍ക്ക് മാത്രമാണോ, അതല്ല ഞങ്ങള്‍ക്ക് ശേഷം ഇവിടെ വരുന്നവര്ക്കുമുണ്ടോ? തിരുമേനി(സ) പറഞ്ഞു ‘അന്ത്യനാള്‍ വരെ ഇവിടെ വരുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതുകേട്ട ഉമര്‍(റ) ആഹ്ലാദത്താല്‍ ന
പാപമോചനത്തിന്റെയും ന്യൂനതകള്‍ മറച്ച് വെക്കപ്പെടുന്നതിന്റെയും ദിനമാണ് ഇത്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല, അവര്‍ പാപമോചനത്തിന് വേണ്ടി അര്ത്ഥിക്കുന്നവര്ക്കും പൊറുത്ത് നല്‍കുമെന്ന് റസൂല്‍(സ) വ്യക്തമാക്കിയിരിക്കുന്നു.
അല്ലാഹുവിന്റെ അടുത്തേക്ക് വന്നവരാണ് ഹജ്ജാജിമാര്‍. തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച്, കഫന്‍ പുടവ ധരിച്ച്, മഹ്ശറയെ അയവിറക്കി അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. അവിടെ നേതാവെന്നോ അനുയായിയെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ, സമ്പന്നനെന്നോ ദരിദ്രനെനന്നോ ഇല്ല. സര്‍വവിധ പ്രൗഢിയില്‍ നിന്നും, ആഢംബരത്തില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നും മുക്തരായി വിനയത്തോടെ, വിധേയത്വത്തോടെ വന്ന് നില്‍ക്കുകയാണ് അവര്‍. ഐഹിക ലോകത്ത് പെരുമ നടിക്കുന്ന എല്ലാറ്റിനെയും അവര്‍ അഴിച്ച് വെച്ചിരിക്കുന്നു. അല്ലാഹുവിന്റെ മുന്നില്‍ തങ്ങളുടെ പാപങ്ങളുടെ ഭാണ്ഡം അഴിച്ച് വെച്ചിരിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അല്ലാഹു നല്കുന്ന മഹത്തായ അവസരം തേടി വന്നവരാണ് അവര്‍.
ശവകൂടീരങ്ങളില്‍ നിന്നും അല്ലാഹുവിന്റെ മുന്നിലേക്ക് പുറപ്പെടുന്ന അന്ത്യനാളിനെയാണ് അവര്‍ ഓര്‍മിക്കുന്നത്. നാം ശേഖരിച്ച് വെച്ചതൊന്നും അന്ന് നമ്മുടെ കയ്യിലുണ്ടാവുകയില്ല. എന്നല്ല നാണം മറക്കാനുള്ള തുണി പോലും നമുക്കില്ല. അല്ലാഹുവിനെ ഭയപ്പെട്ടത് മാത്രമാണ് നമുക്ക് ആകെയുള്ള തുണ. ‘നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തി തന്നതെല്ലാം നിങ്ങളുടെ പിന്നില്‍ വിട്ടേച്ചു പോന്നിരിക്കുന്നു.’ (അന്‍ആം 94)
സന്താനങ്ങളെയും സഹോദരങ്ങളെയും കൊണ്ട് പെരുമ നടിക്കാന്‍ അന്ന് സാധിക്കുകയില്ല. താന്‍ സമ്പാദിച്ച സുകൃതങ്ങളല്ലാതെ മറ്റൊന്നും അവന് അന്ന് ഉപകരിക്കുകയില്ല.
ഹജ്ജിന്റെ ആത്മീയത
മാര്ട്ടിന് ലിംഗ്സ്
1948-ല്‍ ഞാന്‍ നടത്തിയ ഹജ്ജ് 78 ലേതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഞാനന്ന് കയ്റോ സര്‍വകലാശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്നതിന്റെ പേര് ഫുആദ് സര്‍വകലാശാല എന്നായിരുന്നു. സര്‍വകലാശാലയില്‍നിന്ന് എല്ലാ വര്‍ഷവും ഒരുകൂട്ടം ആളുകള്‍ മക്കയില്‍ പോകാറുണ്ടെന്ന് 48-ല്‍ ഞാന്‍ മനസ്സിലാക്കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാല ജീവനക്കാര്‍ തുടങ്ങിയവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു.
തുറമുഖം വരെയുള്ള യാത്ര ട്രെയ്നിലായിരുന്നു. അവിടെ നിന്ന് ബോട്ടില്‍ ചെങ്കടലിലൂടെ ജിദ്ദയിലെത്താന്‍ നാല് ദിവസമെടുത്തു. മധ്യകാലം മുതല്‍ ‘കിസ്വ’ തുന്നുന്നത് ഈജിപ്തില്‍ നിന്നായിരുന്നു. ആ വര്‍ഷത്തെ കിസ്വ ഞങ്ങളുടെ ബോട്ടിലായിരുന്നു.
ഒരു രാത്രി ഞങ്ങളോട് പറഞ്ഞു, നിങ്ങള്‍ ഒരു നിര്‍ണയ സ്ഥാനത്തിലൂടെ കടന്ന് പോകാന്‍ പോവുകയാണ്. അതായത് നിങ്ങള്‍ ഹജ്ജിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്, ഇഹ്റാം കെട്ടുകയാണ്. നിങ്ങള്‍ പ്രാര്‍ഥനകള്‍ ചൊല്ലണം, ഹാജിയുടെ വസ്ത്രങ്ങള്‍ ധരിക്കണം. അതിനു ശേഷം ആളുകളുടെ സ്വഭാവ രീതികളില്‍ വലിയ മാറ്റം സംഭവിക്കുകയാണ്. വസ്ത്രധാരണം പോലെ ഹജ്ജിന് പോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളുണ്ട്. അതിലുപരി നമ്മിലുണ്ടായിത്തീരുന്ന മൂര്‍ത്തമല്ലാത്ത നിയമങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന് നാവിനുമേല് ഒരു കാവല്ക്കാരന്. സംസാരിക്കാം, പക്ഷേ, വാതോരാതെ സംസാരിക്കരുത്, ദേഷ്യം പിടിക്കരുത്. ആത്മീയകാര്യങ്ങള്‍, മരണം തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കുക.
ഞാനെന്റെ ഭാര്യയോട് പറഞ്ഞു: ‘ഇവര്‍ സൂഫികളെപ്പോലെ സംസാരിക്കുന്നു; ദൈവത്തെക്കുറിച്ച്, സ്വര്‍ഗത്തെക്കുറിച്ച്.’
ഇങ്ങനെ പൂര്‍ണമായും പരിവര്ത്തിക്കപ്പെട്ടയാളുകളുടെ കൂടെ ബോട്ടില്‍ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഞങ്ങള്‍ക്ക് ആത്മീയമായ സഹായം കൂടിയായിരുന്നു അത്. ജിദ്ദയിലെത്തുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്‍പരിചയമില്ലാതിരുന്ന ബോട്ടിലുണ്ടായ സ്ത്രീകളെയാണ് കാര്യമായി ബാധിച്ചത്. കാലാവസ്ഥ മൂലം കരയിലേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. നങ്കൂരമിടാനുള്ള ശരിയായ സൗകര്യം തുറമുഖത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വലിയ ബോട്ടില്‍നിന്ന് ചെറിയ ചെറിയ ബോട്ടുകളില്‍ കയറ്റി തീരത്തെത്തിക്കാനായിരുന്നു പദ്ധതി. തിരകളില്‍ ആടിയുലയുന്ന ബോട്ടുകളിലേക്കിറങ്ങുക സ്ത്രീ യാത്രക്കാര്‍ക്ക് ജീവിതത്തിനും മരണത്തിനുമിടയിലെ ഞാണിന്മേല് കളിയായിരുന്നു. ഹജ്ജില്‍ ഇതുമൂലം നല്ല പ്രതിഫലം ലഭിക്കുമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു.
ഇംഗ്ലീഷുകാരായ വെളുത്ത നിറമുള്ള എനിക്കും ഭാര്യക്കും മുസ്ലിംകളാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. പത്ത് വര്‍ഷം മുമ്പേ ഇസ്ലാം സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്നെങ്കിലും അവര്‍ക്കത് മതിയായിരുന്നില്ല. പ്രായമായ മൂന്ന് ആളുകള്‍ ഞങ്ങളുടെ ഇസ്ലാമിനെ അളന്നതിന് ശേഷമാണ് വന്നവരോടൊപ്പം ചേരാന്‍ അനുവദിച്ചത്. ലളിതമായ ചോദ്യങ്ങളായിരുന്നു ഞങ്ങളോടവര്‍ ചോദിച്ചത്;
‘ഒരു ദിവസത്തില്‍ എത്ര നേരമാണ് നമസ്കരിക്കേണ്ടത്?’
‘അസര്‍ നമസ്കാരം എത്ര റക്അത്തുണ്ട്.’ ‘സൂറത്തുല്‍ ഫാത്തിഹ ഒന്ന് ഓതാന്‍ കഴിയുമോ?’ തുടങ്ങിയ വളരെ ലളിതമായ ചോദ്യങ്ങള്‍.
എല്ലാം കഴിഞ്ഞതിന് ശേഷം അവര്‍ എന്നോട് പറഞ്ഞു: ‘നിങ്ങളിലുള്ള ഇസ്ലാമിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.’
അമര്‍ഷത്തോടെ ഞാന്‍ പ്രതികരിച്ചു:
‘നിങ്ങളുടെ ഇസ്ലാമിനെ ഞാനും അഭിനന്ദിക്കുന്നു.’ ഞാന്‍ പ്രതിവചിച്ചു. പത്ത് വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായ ഇസ്ലാമിന് എന്തായാലും അവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ക്ക് വേണ്ടി കൂടെ വന്ന മുഴുവന്‍ ഈജിപ്തുകാരെയും കാത്തുനിര്ത്തേണ്ടി വന്നതില്‍ എനിക്ക് വല്ലാത്ത മനഃപ്രയാസം തോന്നി.
മക്കയിലെ ഹറമില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ഞങ്ങളെത്തി. ഇന്നുമായി താരതമ്യം ചെയ്യുമ്പോള്‍ രാത്രി കഅ്ബ കാണുന്നത് വല്ലാത്ത അനുഭവമായിരുന്നു. രാവിലെ തെളിഞ്ഞ് കാണുന്നത് രാത്രി കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഞങ്ങള്‍ കഅ്ബയെ വലം(ത്വവാഫ്) വെച്ചു. ആ വര്‍ഷമായിരുന്നു ആദ്യമായി മക്കയില്‍ വൈദ്യുതി എത്തിയത്. മക്കയിലും മദീനയിലും മാത്രമായിരുന്നു വൈദ്യുതി ഉണ്ടായിരുന്നത്. ഹറമിന് ചുറ്റും 19 ഗേറ്റുകളുള്ള ഉയരം കുറഞ്ഞ മതിലാണുണ്ടായിരുന്നത്. കഅ്ബയെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ഉയരം കുറച്ചത്. ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കഅ്ബ കാണാമായിരുന്നു.
അബ്രഹാം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീര്‍ഥാടനത്തിനായി മക്കയെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു, അതായത് ജൂതന്മാര് ആരാധനാലയം പണിയുന്നതിന് 1000 വര്‍ഷം മുമ്പ് ഏറ്റവും പുരാതനമായ തീര്‍ഥാടന കേന്ദ്രമായിരുന്നു മക്ക. പഴയ നിയമത്തില്‍ സാമിന്റെ പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അക്കാലത്ത് അത് അറിയപ്പെട്ടിരുന്നത് ‘ബക്ക’ എന്നായിരുന്നു. മക്കയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സാമിന്റെ പുസ്തകത്തില്‍ ദൈവത്തിന് ഏറ്റവും അനുയോജ്യമായ തീര്‍ഥാടന കേന്ദ്രമായി ബക്കയെ വിലയിരുത്തുന്നുണ്ട്. ജൂതന്മാരും തങ്ങളുടെ മഹാനായ പൂര്വികന് അബ്രഹാമിനോടുള്ള ആദരസൂചകമായി പതിവായി മക്ക സന്ദര്‍ശിക്കാറുണ്ടായിരുന്നു. അദ്ദേഹമായിരുന്നു കഅ്ബ സ്ഥാപിച്ചത്, മക്കയെ തീര്‍ഥാടന കേന്ദ്രമാക്കിയത്.
എന്നാല്‍ കാലം ചെന്നതോടെ, അബ്രഹാമിന്റെ മതം ചില അപരിഷ്കൃത വിഗ്രഹാരാധകരാല്‍ മലിനീകരിക്കപ്പെട്ടു. മക്കയില്‍ അബ്രഹാമിന് അനുയായികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സമൂഹത്തിലെ ന്യൂനപക്ഷം മാത്രമായിരുന്നു. മതത്തില്‍ വന്നു ചേര്‍ന്ന തിന്മകളെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ ലോകമായിരുന്നു അവര്‍ക്കെല്ലാം, മരണ ശേഷമുള്ള ജീവിതത്തെപ്പറ്റിയുള്ള ചിന്ത അവര്‍ക്കുണ്ടായിരുന്നില്ല. ഇതിനെല്ലാം പരിഹാരമാവുമെന്ന് കരുതിയാണ് ക്രിസ്തുമതം സ്വാഗതം ചെയ്യപ്പെട്ടത്, എന്നാല്‍ കന്യാമറിയത്തിന്റെയും പുത്രന്റെയും രണ്ട് വിഗ്രഹങ്ങള്‍ കൂടി മക്കയില്‍ സ്ഥാപിക്കപ്പെട്ടു എന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. ഇങ്ങനെ ജനങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ഇസ്ലാമിന്റെ ആഗമനം. അബ്രഹാം പിന്തുടര്‍ന്ന മതത്തിന്റെ സത്ത ഇസ്ലാമില്‍ അവര്‍ ദര്‍ശിച്ചു. ജ്ഞാനവും ആത്മീയതയും ഇസ്ലാം മുഖേന അറേബ്യയില്‍ തിരിച്ചുവന്നു.
സഫാ മര്‍വകള്‍ക്കിടയിലെ ഏഴ് പ്രാവശ്യമുള്ള നടത്തം, സഅ്യ് നിര്‍വഹിക്കാനായി മരുഭൂമിയിലേക്ക്. പാറക്കല്ലുകള്‍ കൂട്ടിയിട്ട ചെറിയ കുന്നായ സഫയില്‍ നിന്ന് ഒരിക്കല്‍ മഹാനായ മുഹമ്മദ്(സ) സഞ്ചരിച്ച മണല്‍പ്പരപ്പിലൂടെ മര്‍വയിലേക്ക്, ഏകദേശം 450 മീറ്റര്‍. ഏഴ് തവണയുള്ള നടത്തം മര്‍വയില്‍ അവസാനിക്കുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ആ നടത്തത്തിനിടയില്‍. എതിര് ദിശയില്‍ ചിലപ്പോള്‍ നേരത്തെ കണ്ടവര്‍. മറ്റു ചിലപ്പോള്‍ പകരം പുതിയ ആളുകള്‍; അബ്രഹാം ധരിച്ച വെള്ള വസ്ത്രത്തില്‍, പഴയ നിയമത്തിലെ താളുകളില്‍നിന്ന് ഇറങ്ങി വന്നതുപോലെ. മഹത്തായ ലയ-താള വാദ്യങ്ങളോടുകൂടിയ സംഗീതം. എട്ടാമത്തെ ദിവസമായിരുന്നു കുറച്ചകലെയുള്ള മിനയിലേക്ക് പോകേണ്ടിയിരുന്നത്, അന്നത് തരിശ് നിലം പോലെയായിരുന്നു. എന്നാല്‍ ഞങ്ങളെ കൊണ്ട് പോകാനുള്ള ബസ് വരാന്‍ വൈകിയതുകൊണ്ട് താമസ സ്ഥലത്തേക്ക് തന്നെ മടങ്ങി. മഗ്രിബ് ബാങ്ക് കൊടുത്തപ്പോള്‍ ഞങ്ങള്‍ മക്കയിലേക്ക് മടങ്ങി. മഗ്രിബും ഇശായും ഹറമില്‍വെച്ച് നിര്‍വഹിച്ചു. ഒന്നാലോചിച്ച് നോക്കൂ, കഅ്ബയുടെ പരിസരത്ത് നിങ്ങളെക്കൂടാതെ എട്ട് പേര് മാത്രം, പുതിയ കിസ്വ എല്ലാ മനോഹാരിതകളോടും കൂടി കഅ്ബയെ പുതപ്പിച്ചിരിക്കുന്നു. ഹജറുല്‍ അസ്വദ് സമാധാനത്തോടെ ചുംബിക്കാന്‍ അതുമൂലം എനിക്ക് കഴിഞ്ഞു. അവസാനം ബസ് എത്തി.
രാത്രി ഞങ്ങള്‍ മിനയിലെത്തി. ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അന്ന് മിന; ഒന്നുമില്ലാത്ത, മരുമണല്‍ പരന്നുകിടക്കുന്ന തരിശായ താഴ്വര. അത് പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. ഉംറ നിര്‍വഹിക്കാനുള്ള സൗകര്യാര്‍ഥം മിനായില്‍ സ്ഥിരമായി തനിക്കൊരു കുടില്‍ കെട്ടിത്തരണമെന്നാവശ്യപ്പെട്ട ആഇശ(റ)യോട് നബി(സ) പറഞ്ഞത് മിന ഇതുപോലെ തന്നെ കെട്ടിടങ്ങളൊന്നുമില്ലാതെ തുറസ്സായി കിടക്കണമെന്നായിരുന്നു. 1948-ല്‍ ഞങ്ങള്‍ വരുമ്പോഴും അങ്ങനെ തന്നെയായിരുന്നു. രാത്രിയില്‍ ചിലര്‍ ആ മണല്‍പ്പരപ്പില്‍ കിടന്ന് ഉറങ്ങുന്നു പോലുമുണ്ടായിരുന്നു.
അബ്രഹാമിന്റെ വിശുദ്ധ മണ്ണാണ് മക്കയെങ്കില് അറഫ ആദമിന്റേതാണ്. ആദമിന്റെ അനുസരണക്കേട് അല്ലാഹു പൊറുത്തുകൊടുത്തത് അറഫ പര്‍വതത്തില്‍ വെച്ചാണ്. ഖുര്‍ആന്‍ പരാമര്ശിക്കുന്നുണ്ടത്.
ഒന്‍പതാം ദിവസം അറഫയിലേക്ക്. എന്റെ ഒരു സുഹൃത്ത് എനിക്ക് മുമ്പേ ഹജ്ജ് നിര്വഹിച്ചിച്ചിട്ടുണ്ടായിരുന്നു. അതിരാവിലെ അറഫയിലെ ഒത്തുകൂടലില്‍ എല്ലാവരും തൂവെള്ള വസ്ത്രം ധരിച്ച് കൈകള്‍ മേലോട്ടുയര്‍ത്തി പ്രാര്‍ഥിക്കുന്നതു കണ്ടപ്പോഴുണ്ടായ അനുഭൂതിയില്‍ അദ്ദേഹം വിചാരിച്ചു ഇത് ലോകത്തിന്റെ അവസാനമാണോ?
അന്നത്തെ രാജാവ് അബ്ദുല്‍ അസീസ് അക്കൊല്ലം ഞങ്ങള്‍ക്കൊപ്പമായിരുന്നു ഹജ്ജ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ കൂടാരം ഞങ്ങളുടെ സമീപത്തായിരുന്നു. നീണ്ട താടിയും മുടിയുമുള്ള, വാളുകള്‍ കൈയിലേന്തിയ പാറാവുകാര്‍ എപ്പോഴും കൂടാരത്തിന് ചുറ്റുമുണ്ടായിരുന്നു.
ഒരു തീര്‍ഥാടനത്തിന്റെ ദൈര്‍ഘ്യം വളരെ പ്രധാനപ്പെട്ടതാണ്. തീര്‍ത്തും വ്യത്യസ്തമായ ജീവിതാവസ്ഥകളില്‍നിന്ന് തീര്‍ഥാടകന്റെ മാനസികാവസ്ഥയിലെത്തിച്ചേരാനുള്ള ദൈര്‍ഘ്യം. ഹജ്ജിന് ശേഷം പലര്‍ക്കും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാന്‍ കഴിയാറില്ല. ഗുണപരമായ ഒന്നായിട്ടാണ് ഞാനിതിനെ മനസ്സിലാക്കുന്നത്.
ഏതൊരു മതത്തിനും ഒഴിച്ചുകൂടാനാവാത്ത രണ്ട് സംഗതികളുണ്ട്. ദൈവത്തില്‍ നിന്നുള്ള ദിവ്യബോധനമാണ് ഒന്നാമത്തേത്, അത് ലംബ(vertical) രൂപത്തിലുള്ളതാണ്. രണ്ടാമത്തേത് ദൈവത്തില്‍ നിന്നുള്ള സത്യം ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് അവിരാമമായി കൈമാറാന്‍ സഹായകരമായ തിരശ്ചീന(horizontal)മായ പാരമ്പര്യമാണ്. ഹജ്ജില്‍ കഅ്ബ ആദ്യത്തേതിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കില്‍ അറഫ ആദമില്നിന്നുള്ള പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒന്ന് സ്വര്‍ഗത്തെയും മറ്റേത് ഭൂമിയെയും. അതിനാല്‍ ഹജ്ജില്‍ വിലയം പ്രാപിക്കുന്ന ഒരാളില്‍ സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നു.
1976-ല്‍ ഹജ്ജില്‍ എത്തിച്ചേരുമ്പോള്‍ ഏതൊരു യൂറോപ്യന്‍ നഗരപ്രാന്തത്തെയും പോലെ മിനായും മാറിയിട്ടുണ്ടായിരുന്നു. അറഫയുടെ കാര്യവും അങ്ങനെത്തന്നെ, ആളുകളാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. 1948-ല്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് അറഫയെയും മിനയെയും വ്യതിരിക്തമാക്കുന്ന അനുഭൂതി 76-ല്‍ അനുഭവപ്പെട്ടില്ല. അന്ന് ചുറ്റും കുന്നുകള്‍ മാത്രം. എവിടെ നിന്ന് നോക്കിയാലും കഅ്ബ കാണാം. തികഞ്ഞ ഏകാന്തതയില്‍ ഹറമില്‍ ഇരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത സമാധാനം.
ഇന്നാണെങ്കില്‍ പുറത്ത് നിന്ന് നോക്കിയാല്‍ അകത്തുള്ളതൊന്നും കാണാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രവേശിച്ചാല്‍ മാത്രമേ കഅ്ബ കാണാന്‍ സാധിക്കുകയുള്ളൂ. അതുപോലെ സഅ്യ് നിര്‍വഹിക്കാന്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് പോകേണ്ടതില്ല. സംസം കിണറിനടുത്ത് നിന്ന് സഫയുടെ അവശേഷിക്കുന്ന പാറകള്‍ക്ക് സമീപത്തേക്ക് എളുപ്പവഴിയുണ്ട്. അവ പള്ളിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയോട് എനിക്കൊരിക്കലും പൊരുത്തപ്പെടാനാവുന്നില്ല, ഹറമിന് വലുപ്പം കൂട്ടണമെങ്കില്‍ ഇതായിരുന്നില്ല വഴി. സഫയും മര്‍വയും എങ്ങനെയായിരുന്നോ അങ്ങനെ തന്നെ സംരക്ഷിക്കേണ്ടതായിരുന്നു. കാരണം ഖുര്‍ആനില്‍ പറയുന്നതുപോലെ ‘സഫയും മര്‍വയും അല്ലാഹുവിന്റെ സ്മാരകങ്ങളാണ്.’ എന്നാല്‍ ഇപ്പോഴതിന്റെ ഏറിയ ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. പല കാരണങ്ങളും ന്യായീകരണങ്ങളും വിപുലീകരണത്തിന് പിന്നിലുണ്ടാകാം. എന്നിരുന്നാലും മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഒരാളുടെ ആത്മീയതയെ എങ്ങനെ ബാധിക്കുമെന്ന് കൂടി അന്വേഷിക്കേണ്ടതായിരുന്നു. പലര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈകാരിക ബന്ധങ്ങള്‍ ഈ സ്ഥലങ്ങളുമായുണ്ടാവാം.
(1909-ല്‍ മാഞ്ചസ്റ്ററില്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച മാര്ട്ടിന് ലിംഗ്സ് ഓക്സ്ഫഡില്‍ അധ്യാത്മജ്ഞാന(metaphysics)ത്തിന്റെ ആചാര്യനായ Rene Guenon ന്റെയും Frithjof Schuon യും ശിഷ്യനായിരുന്നു. Rene Guenonന്റെ ഇസ്ലാമാശ്ലേഷണം ലിംഗ്സിനെയും സ്വാധീനിച്ചു. 20-ാം വയസ്സില്‍ ഇസ്ലാമെത്തിച്ചേര്ന്നതിന് ശേഷം ശൈഖ് അബൂബക്കര്‍ സിറാജുദ്ദീന് എന്ന പേര് സ്വീകരിച്ചെങ്കിലും മാര്ട്ടിന് ലിംഗ്സ് എന്നാണ് കൂടുതലും അറിയപ്പെട്ടിരുന്നത്.
ഷേക്സപിയര്‍ പണ്ഡിതനായ ലിംഗ്സിന്റെ പഠനങ്ങള്‍ സൂഫിസത്തെ കേന്ദ്രീകരിച്ചായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ Muhammad: His Life Based on the Earliest Sources ആണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ജീവിതാവസാനം വരെ വിശ്രമമില്ലാത്ത യാത്രക്കാരനായ അദ്ദേഹം 96-ാം വയസ്സില്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ അവസാന ഹജ്ജ് യാത്ര നിര്‍വഹിച്ചത്.
ബി.ബി.സി നിര്‍മിച്ച Circling the House of God ല്‍ അബ്രഹാം ചരിത്രത്തിന്റെ അകമ്പടിയോടെ പ്രിയപത്നിയോടൊപ്പം ’48-ല്‍ നിര്‍വഹിച്ച ഹജ്ജ് ഓര്‍ത്തെടുക്കുകയാണ് ലിംഗ്സ്. ആദ്യ ഹജ്ജ് നിര്‍വഹണത്തില്‍ ലഭിച്ച ആത്മീയാനുഭൂതിയുടെ തിളക്കം ബി.ബി.സി ചിത്രത്തില്‍ തെളിയുന്ന ആ കണ്ണുകളില്‍ കാണാം.
ഡോ. മാര്ട്ടിന്ലിംഗ്സ്: 1909-2005. എഴുത്തുകാരന്, അറുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. പ്രൊട്ടസ്റ്റന്റ് ഫാമിലിയില്‍നിന്ന് ഇസ്ലാമിലേക്ക് പ്രവേശിച്ചു.)
ഹജ്ജിന്റെ ആത്മാവ്
ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ‘ഗ്രാമങ്ങളുടെ മാതാവ്’ (ഉമ്മുല്‍ ഖുറാ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇത് ഇസ്ലാം ലോകസമക്ഷം സമര്‍പ്പിക്കുന്ന മാതൃകാപട്ടണം (Model City) കൂടിയാണ്.
ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ‘ഗ്രാമങ്ങളുടെ മാതാവ്’ (ഉമ്മുല്‍ ഖുറാ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇത് ഇസ്ലാം ലോകസമക്ഷം സമര്‍പ്പിക്കുന്ന മാതൃകാപട്ടണം (Model City) കൂടിയാണ്. ‘ഇസ്ലാം’ എന്ന പദത്തിന്റെ പൊരുളായ ശാന്തിയും സമാധാനവും എല്ലാ അര്‍ഥത്തിലും നിറഞ്ഞുനില്ക്കുന്ന കേന്ദ്രം. പണ്ടു മുതലേ അവിടെ ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാല്‍ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിര്‍വചനീയമായ വിശുദ്ധിയും ശാന്തിയും അവിടം ചൂഴ്ന്നു നില്ക്കുന്നു. മക്കയിലെ കഅ്ബാലയത്തെ ‘ചിരപുരാതന ഗേഹം’ (അല്‍ബൈത്തുല്‍ അതീഖ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ‘മാനവര്‍ക്കാകെ ദൈവാരാധന നിര്‍വഹിക്കാനായി പണിതുയര്‍ത്തപ്പെട്ട, ഭൂമുഖത്തെ പ്രഥമ ദേവാലയം’ (3:96) എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തെ പരിചയപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ ദീക്ഷിച്ച മാനവികമായ വിശാല വിഭാവന (ലിന്നാസ്) ചിന്തനീയമാണ്. അല്ലാഹു ജനങ്ങളുടെ റബ്ബാണ് (റബ്ബിന്നാസ്); മുഹമ്മദ് നബി ലോകാനുഗ്രഹിയും (21:107) ജനതതികള്‍ക്കാകെ മുന്നറിയിപ്പുകാരനുമാണ്; ഖുര്‍ആന്‍ ‘മാനവതക്കാകെ മാര്‍ഗദര്‍ശനമാണ്’ (ഹുദന്‍ ലിന്നാസ്); മുസ്ലിംകള് ജനങ്ങള്‍ക്കുവേണ്ടി ഉയിര്ത്തെഴുന്നേല്പിക്കപ്പെട്ട ഉത്തമ സമുദായവുമാണ്. ഇതിനോടു തികച്ചും ചേര്‍ന്നു നില്ക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന്ന് നല്‍കിയത്.
മനുഷ്യശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തില്‍ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതില്‍ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തില്‍ നിര്‍വഹിക്കുന്നത്. അല്ലാമ ഇഖ്ബാലിന്റെ ഭാഷയില്‍, ”നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കുന്നു: അത് നമ്മെയും (നമ്മുടെ ഒരുമയെ) കാത്തുസൂക്ഷിക്കുന്നു..” ലോകാടിസ്ഥാനത്തില്‍ വിശ്വാസി സമൂഹത്തിന്റെ ഏകീകരണം സാധ്യമാക്കുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ ഹജ്ജ്, ഉംറ എന്നീ കര്‍മ്മങ്ങളിലൂടെ സാധിക്കുന്നത്, സാധിക്കേണ്ടത് അതു തന്നെ.
ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് ആത്മാവുണ്ട്. അത് ആവാഹിക്കാതെ അനുഷ്ഠിച്ചാല്‍ ഹജ്ജിലൂടെ കരഗതമാവേണ്ട ബഹുമുഖ നന്മകള് ലഭിക്കാതെ പോകും. വിശുദ്ധ ഖുര്‍ആന്‍ ഹജ്ജിന്റെ പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തി പറയാതെ ‘ഹജ്ജിലെ ബഹുമുഖ നന്മകള് അവര്‍ നേരിട്ടനുഭവിച്ചറിയാന്‍’ (22:28) എന്നാണ് പറയുന്നത്. ഹജ്ജില്‍ എല്ലാവര്ക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ – ആന്തരികമായ- ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ ലഭ്യമാവുന്ന അനുഭൂതികള്‍. അതിനാലാണ് ഹജ്ജിന് വേണ്ടി നന്നായി തയാറെടുക്കുകയും പാഥേയം സമാഹരിക്കുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ആത്മീയമായും ഭൗതികമായും ഹജ്ജിന് വേണ്ടി ശരിക്ക് ഒരുങ്ങണം. ഏറ്റവും വലിയ ഒരുക്കം-പാഥേയം- തഖ്വയാണ്. ഹജ്ജിന്റെ ചട്ടങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ‘തഖ്വ’യുടെ കാര്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട് (2:196,197,203). ഹജ്ജിലെ ഓരോ കര്‍മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്‍വം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന്‍ സാധിക്കുകയുള്ളൂ.
ഹജ്ജിലും ഉംറയിലും പ്രാരംഭം കുറിക്കുന്ന ‘ഇഹ്റാമും’ നിയ്യത്തും ഒരുപാട് അര്‍ഥതലങ്ങളുള്ളതാണ്. ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്. ഹജ്ജിലൂടെ ലാക്കാക്കുന്നതെന്ത് എന്ന കൃത്യമായ ബോധമാണ് ഇത് ഹാജിയില്‍ അങ്കുരിപ്പിക്കുന്നത്. ഇഹ്റാമില്‍ പ്രവേശിക്കുന്നത് വരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികള്‍ പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്റാമിന്റെ മര്‍മം. ഇതിന്റെ പൊരുളറിയാത്ത ഒരന്വേഷകന് ഒരുവേള ഇവ്വിധം ചോദിക്കാവുന്നതാണ്: ”ഇത്രയും നാള് അനുവദനീയവും അഭിലഷണീയവുമായ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? …..” ഇതിന്റെ മറുപടിയിലാണ് ഇഹ്റാമിന്റെ മര്‍മം. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല, എപ്പോള്‍ പറ്റും, എപ്പോള്‍ പറ്റില്ല ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ തീരുമാനിക്കേണ്ടതല്ല. മറിച്ച് സൃഷ്ടികര്‍ത്താവും ഉടയോനും നിയന്താവുമായ ഏകമഹാശക്തിക്കാണ് അതെല്ലാം നിര്‍ണയിക്കാനുള്ള സമ്പൂര്‍ണാധികാരം. അവന് അനുവദിച്ചാല്‍ പറ്റും. ഇല്ലെങ്കില്‍ പറ്റില്ല. ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ഇഹ്റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാര്‍ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാര്‍ഥനയും കൂടിയാവണം ഇഹ്റാം.
കഅ്ബാലയത്തിലേക്ക് നാം വരുന്നത് രാജാധിരാജനായ അല്ലാഹു, ജനനേതാവും (2:124) കഅ്ബയുടെ പുനരുദ്ധാരകനും മക്കയുടെ ശില്പ്പിയുമായ ഇബ്റാഹീം നബി(അ)യിലൂടെ നടത്തിയ വിളംബരത്തിന് (22:27) ഉത്തരമേകിക്കൊണ്ടാണ്. പടച്ചവന്റെ വിളിക്ക് അടിയാന്റെ ഉത്തരമെന്ന പൊരുളാണ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…’ എന്ന തല്ബിയത്തിന്. സത്യശുദ്ധവും ദൃഢരൂഢവുമായ ഏകദൈവവിശ്വാസ(തൗഹീദ്)ത്തിന്റെ പ്രഘോഷണവും ആ വിശ്വാസത്തിന്റെ തേട്ടമനുസരിച്ച് ഉടയ തമ്പുരാനോടുള്ള വിനീത വിധേയത്വവും തുളുമ്പി നില്‍ക്കുന്നതാണത്. നമ്മുടെ പ്രയാണം അല്ലാഹുവിലേക്കാണ്; അവന്റെ രാജകീയ ദര്‍ബാറിലേക്കാണ്. സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതരായി, അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. ദാസന് തന്റെ യജമാനന്റെ അടിമത്തം ശരിക്കും അറിഞ്ഞംഗീകരിച്ചുകൊണ്ടുള്ള ഈ ലളിതവേഷം നമ്മുടെ അന്ത്യയാത്രയിലണിയിക്കുന്ന കഫന്‍ പുടവക്ക് തുല്യമാണ്. ഇഹ്റാമില്‍ പ്രവേശിച്ച് ഈ വേഷമണിയുമ്പോള്‍ സംഗതിയുടെ പൊരുളോര്‍ത്ത് പലരും മോഹാലസ്യപ്പെട്ടിട്ടുണ്ട്. ഇഹ്റാമിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നതുപോലെ ആയിപ്പോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ഇഹ്റാമില്‍ യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല; തികഞ്ഞ സമാധാനചിത്തരും വിനയാന്വിതരുമായിരിക്കണം. ഹാജി നേരത്തെ പല മേല്‍വിലാസങ്ങളും പേറിനടന്നിട്ടുണ്ടാവും. ഇനി ഒരൊറ്റ മേല്‍വിലാസമേ ഉള്ളൂ. ‘അബ്ദുല്ല’ (ദൈവദാസന്) എന്നതാണത്. യഥാര്‍ഥ മേല്‍വിലാസവും ഉത്തമവിലാസവും അതാണ്- മഹാന്മാരായ പ്രവാചകന്മാരെ ‘അബ്ദ്’ (അടിമ) എന്നാണല്ലോ അല്ലാഹു സ്നേഹാദരപൂര്‍വം വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസന്മാരെ ‘ഇബാദുര്‍റഹ്മാന്‍’ എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേല്‍വിലാസങ്ങളും വെടിഞ്ഞ് പ്രാര്‍ഥനാപൂര്‍വം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീര്‍ഥാടകന്റെ ഉള്ളില്‍ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും.
ത്വവാഫാണ് കഅ്ബാലയത്തിലെത്തുന്ന തീര്‍ഥാടകന്റെ പ്രഥമ കര്‍മം. കഅ്ബയെ ഇടതുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍ണമായ അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്. എല്ലാ ഭിന്നതകള്‍ക്കുമതീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ്കര്‍മം. ഇതിന്റെ പ്രാരംഭം ഹജറുല്‍ അസ്വദിന്റെ മുന്നില്‍ നിന്നാണ്. അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ചുകൊണ്ടുമാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ കറുകറുത്ത അടയാളക്കല്ലിന്ന് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്. ഒരുപാട് തലമുറകളുടെ ചുംബനവും സ്പര്‍ശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയസാക്ഷി. ആര്, എപ്പോള്‍, എവിടെനിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവില്‍നിന്ന് തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവില്‍ നിന്നാണ് തുടങ്ങുന്നത്. കഅ്ബാലയത്തിലെന്നപോലെ ഈ ബിന്ദുവിലും ലോകമുസ്ലിംകള്‍ ഒന്നിക്കുന്നു. ”തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാന്‍ നിങ്ങളുടെ റബ്ബും. ആകയാല്‍ എനിക്ക് വിധേയപ്പെടുവീന്‍” (21:92) എന്ന ഖുര്‍ആനിക പ്രസ്താവനയുടെ സുന്ദരരൂപമാണ് ഇവിടെ നാം ദര്‍ശിക്കുന്നത്.
തൗഹീദ് എന്നാല്‍ ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ത്വവാഫ് മനസാ വാചാ കര്‍മണായുള്ള പ്രാര്‍ഥനയാണ്. ശാരീരികവും മാനസികവുമായ വിശുദ്ധിയോടുകൂടി നടത്തേണ്ട പ്രാര്‍ഥന. ഒരു ത്വവാഫ് ഏഴ് വട്ടമാണ്. ഈ എണ്ണവും (ഏഴ്) ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്യും പിന്നീട് ജംറകളില്‍ എറിയുന്ന കല്ലും ഏഴാണ്. ആകാശവും ഏഴാണ്. ഒരാഴ്ച എന്നാല്‍ സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലര്‍ത്തുന്നു. ഇങ്ങനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റിക്കറങ്ങുന്ന രീതി പ്രപഞ്ചത്തില്‍ നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്സികളിലും ഇങ്ങേയറ്റം അണുവില്‍ വരെ ചലനം – ഭ്രമണം-ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അര്ശിന് ചുറ്റും മലക്കുകള്‍ നിരന്തരം നിര്‍വഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തില്‍ തന്നെ. അങ്ങനെ അങ്ങോളമിങ്ങോളം സൃഷ്ടികര്‍ത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം പടച്ചതമ്പുരാന്റെ പൊരുത്തത്തിന്ന് മുമ്പില്‍ അടിയറവെച്ച് ”റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി. ഞാന്‍ നിന്റെ വ്യവസ്ഥയോട് ചേര്‍ന്നു നില്ക്കാന് സദാ സന്നദ്ധനാണ്” എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാര്‍ഥനയുമാണ് ത്വവാഫ്. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവര്‍ പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത – താളപ്പൊരുത്തമില്ലാത്ത – അനര്‍ഥത്തിലേക്കാണ് അധഃപതിക്കുന്നതെന്ന അറിവ് ത്വവാഫ് നമുക്കേകുന്നുണ്ട്.
അല്ലാഹുവിന്റെ ചിഹ്നം (2:158) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സ്വഫയും മര്‍വയും. ഇതിനിടയിലുള്ള നടത്തമാണ് സഅ്യ്. സഅ്യ് എന്നതിന്റെ അര്‍ഥം പ്രയത്നം എന്നാണ്. പ്രാര്‍ഥനക്കൊപ്പം അതു പുലരാനാവശ്യമായ പ്രയത്നങ്ങളും വേണമെന്നതാണതിന്റെ സന്ദേശം. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്കര്‍മ നിലപാട് സ്വീകരിക്കരുത്. ഏത് ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്നം പ്രാര്‍ഥനക്കൊപ്പം നാം നടത്തണം. അത്തരം പ്രയത്നങ്ങളെല്ലാം ദൈവാരാധനയുടെ ഭാഗംതന്നെ.
ദുല്‍ഹജ്ജ് 8 മുതല്‍ 13 വരെ ആറുനാള്‍ മിന-അറഫ-മുസ്ദലിഫ-മിന എന്നിവിടങ്ങളില്‍ മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ, ശരാശരി അനുകമ്പ (Sympathy) എന്ന കേവല അവസ്ഥയില്‍ നിന്ന് തന്മയീഭാവം (Empathy) എന്ന വലിയ അവസ്ഥയിലേക്ക് വളര്‍ത്തിക്കൊണ്ട് വരികയാണ്. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാര്‍ത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അറഫാദിനം പകലുകളില്‍ വെച്ചേറ്റവും ശ്രേഷ്ഠമായ പകലാണ്. അവിടെ നമസ്കാരം ജംഉം ഖസ്റുമാണ്. അവിടെ അന്നത്തെ കര്‍മം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ തിരുത്തിന്നും പരിഹാരക്രിയകള്‍ക്കും സന്നദ്ധനാവണം, പ്രതിജ്ഞയെടുക്കണം. എന്നിട്ട്, മനസ്സുരുകി പാപമോചനത്തിനര്‍ഥിക്കണം. അറഫ നാളില്‍ പിശാച് വിറളി പിടിച്ചോടുമെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്.
‘അറഫ’ ദിനം പരലോകത്തെ വിചാരണാദിനത്തെ ഓര്‍മിപ്പിക്കുന്നതാണ്. അറഫയില്‍ ജനലക്ഷങ്ങള്‍ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നില്‍ക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെയുള്ള സകല മനുഷ്യരും അതിതീക്ഷ്ണമായ അന്തരീക്ഷത്തില്‍ യുഗങ്ങളോളം നില്‍ക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കില്‍ നാളെ പരലോകത്ത് തീക്ഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയം വിചാരണ എത്രകണ്ട് ഫലപ്രദമാകുന്നുവോ അത്രകണ്ട് പരലോക വിചാരണയില്‍ ആശ്വാസം കിട്ടും.
‘അറഫ’ എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്ക് അറഫയില്‍ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ ഒരു ദുഃഖസത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറിവുകള്‍ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം ‘മശ്അറുല്‍ ഹറാം’ എന്നാണ്. പവിത്രബോധം അങ്കുരിക്കുന്ന ഇടം എന്നര്‍ത്ഥം. ദുല്‍ഹജ്ജ് ഒമ്പതിന്റെ (അറഫ) പകലിലെ വിലപ്പെട്ട തിരിച്ചറിവുകള്‍ നമ്മുടെ അകതാരില്‍ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ”എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുശ്ശക്തികള്‍ക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാന്‍ സ്വയം പിഴച്ചതിനും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള, എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികള്‍ക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്…” ഈ ദൃഢ തീരുമാനം വേഗം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകള്‍ ശേഖരിച്ച് ദുല്‍ഹജ്ജ് 10-ന് രാവിലെ പ്രാര്‍ഥനാപൂര്‍വം ആവേശഭരിതനായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂര്‍ത്തിയാക്കുന്നു. തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്പോയ ഹാജിമാര്‍ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീര്‍ ചൊല്ലിയാണ് മടങ്ങുന്നത്.
ബലികര്‍മം കേവല ബലികര്‍മ്മമല്ല. ഇബ്റാഹീം(അ) ദൈവാജ്ഞ പ്രകാരം പ്രിയപുത്രന് ഇസ്മാഈല്‍ (അ)നെ ബലികൊടുക്കാന്‍ സന്നദ്ധനായതിന്റെ ഉജ്ജ്വല മാതൃകയെ പിന്‍പറ്റിക്കൊണ്ടുള്ള ത്യാഗസന്നദ്ധതയുടെ പ്രതിജ്ഞാപൂര്‍വമുള്ള ഒരു കര്‍മമാണത്. ഇബ്റാഹീം (അ) തനിക്കേറ്റവും പ്രിയപ്പെട്ടത്- വാര്‍ധക്യകാലത്ത് ആറ്റുനോറ്റുകിട്ടിയ പൊന്നോമന പുത്രനെ – റബ്ബിന്റെ കല്പന പ്രകാരം ബലികൊടുക്കാന്‍ തയാറായി. വേണ്ടി വന്നാല്‍ നാമും നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും (അതെ, നമ്മുടെ ഇസ്മാഈലിനെ) ത്യജിക്കാന്‍, ബലി കൊടുക്കാന്‍ തയാറാവേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ബലിക്ക് അര്‍ഥമുള്ളൂ. ”ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്വയാണ് അല്ലാഹുവിലേക്കെത്തുക”(22:37). ”നിങ്ങള്‍ക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാതെ (ത്യജിക്കാതെ ) നിങ്ങള്‍ പുണ്യം പ്രാപിക്കുകയേ ഇല്ല” (3:92).
പിശാചിനെതിരെ പോരാടി ജയിച്ച ശേഷം പോരാട്ട മാര്‍ഗത്തിലെ ത്യാഗസന്നദ്ധത ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ തലമുണ്ഡനം ചെയ്തിരിക്കവെ ഒരു ശങ്കയുദിക്കുന്നു; പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല; ബദ്റില്‍ തോറ്റോടിയവര്‍ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദില്‍ വീണ്ടും വന്നത് ചരിത്രമാണ്. ആകയാല്‍ പോരാട്ടം നിറുത്തി വെച്ചുകൂടാ. അങ്ങനെ ദുല്‍ഹജ്ജ് 11-നും 12-നും 13-നും ഏറ് തുടരുന്നു. ഒടുവില്‍ കരുണാവാരിധിയായ റബ്ബ് ഇങ്ങനെ നമ്മോട് പറയുന്നതായി നമുക്ക് കരുതാം: ”പാവപ്പെട്ട ഹാജീ, നീ വിദൂര ദിക്കില്‍ നിന്ന് വന്ന് കുറെ നാളുകളിലായി കര്‍മ്മനിരതനാണ്; പരിക്ഷീണിതനാണ്; തല്ക്കാലം ഏറ് നിര്‍ത്താം. പക്ഷെ, ഒന്നുണ്ട്, നാട്ടില്‍ തിരിച്ചെത്തിയാല്‍ നീ ഇവിടെ തല്ക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യംവരെ അക്ഷീണം, അനവരതം തുടരണം…” അങ്ങനെ ഹാജി ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈര്‍മല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു. തിരിച്ചറിവും തീവ്രമായ അവബോധവും, തിന്മക്കെതിരായ പോരാട്ട വീര്യവുമായിട്ടാണ് മടക്കം. വര്‍ഷാ വര്‍ഷം ഇങ്ങനെ ദശലക്ഷ കണക്കിന് വിശുദ്ധ പോരാളികള്‍ ലോകത്തിന്റെ സകല മുക്കു മൂലകളിലേക്കും വന്നെത്തുമ്പോള്‍ ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്.
ഹജ്ജിന്റെ സവിശേഷതകള്‍
ഇസ്ലാമിലെ അടിസ്ഥാന ആരാധനാ കര്‍മങ്ങളില്‍ നമസ്കാരവും നോമ്പും ശാരീരികമായി അനുഷ്ഠിക്കേണ്ട ബാധ്യതകളാണ്. സകാത്ത് സാമ്പത്തിക ബാധ്യതയും. ഹജ്ജാവട്ടെ ഒരേസമയത്ത് ശാരീരികവും സാമ്പ ത്തികവുമായ ബാധ്യതയാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം അവരവരുടെ നാടുകളില്വെച്ചു നിര്‍വഹിക്കുന്ന കര്‍മങ്ങളാണ്. ഹജ്ജാവട്ടെ, ലോകത്തിന്റെ ഏതുഭാഗത്ത് ജീവിക്കുന്നവരായാലും അറ്യേയിലെ മക്കയില്‍ വന്ന് നിര്‍വഹിക്കേണ്ടതാണ്.പ്രവാചകവര്യനായ ഇബ്രാഹിം നബി(അ), പത്നി ഹാജിറ(അ), പുത്രന് ഇസ്മാഇല് നബി(അ) എന്നിവരുടെ ത്യാഗപൂര്‍ണമായ ജീവിത സംഭവങ്ങളുടെ ഓര്‍മകളുണര്‍ത്തുന്നതാണ് ഹജ്ജിലെ ഓരോ കര്‍മവും. അപ്രകാരം തന്നെ അന്ത്യപ്രവാചകന് മുഹമ്മദുനബി (സ.അ)യും മഹാന്മാരായ സഹാബികളും ജീവിക്കുകയും ദൈവമാര്‍ഗത്തില്‍ സ്വദേഹങ്ങളെ അര്‍പ്പിക്കുകയും ചെയ്ത പുണ്യഭൂമിയിലാണ് ഹജ്ജ് നിര്‍വ്വഹിക്കപ്പെടുന്നത്.ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ പ്രതിനിധികള്‍ വര്‍ഷത്തി ലൊരിക്കല്‍ ഒത്തുകൂടുന്ന ആഗോള മുസ്ലിം സമ്മേളനമാണ് ഹജ്ജ്. ധനിക-ദരിദ്ര വ്യത്യാസം കൂടാതെ എല്ലാവരും ലളിതമായ ഒരേ വസ്ത്രമ ണിഞ്ഞ് അല്ലാഹുവിന്റെ ഭവനത്തില്‍ ഒത്തുചേരുന്നത് ഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്.ലോകാവസാനം വരെ ഏതു കാലഘട്ടത്തിലും ഏതു നാട്ടിലും ജീവി ക്കുന്ന മുസ്ലിംകളെ ഇബ്രാഹിം നബി തൊട്ട് മുഹമ്മദുനബിവരെയും ശേഷവുമുള്ള ഇസ്ലാമിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയുമാണ് വര്ഷംതോറുംആവര്ത്തിക്കുന്ന ഹജ്ജ്.
ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും
പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന് ഹജ്ജ് നിര്വ്വഹിച്ചില്ലെങ്കില് അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല. അശ്റഫുല് ഖല്ഖായ നബി(സ്വ)യുടെ ശക്തമായ താക്കീത് ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു. അവിടുന്ന് പറഞ്ഞു: “ഒരാള്‍ ക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം ആദിയായ സൌകര്യങ്ങള്‍ ലഭ്യമായിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവന് ജൂതനോ നസ്വ്റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല” (തിര്‍മുദി). ഇസ്ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതല്‍ സാഹസം ആവശ്യമായതാണ് ഹജ്ജ്. നിസ്കാരത്തില്‍ ശാരീരികാധ്വാനവും മനസാന്നിധ്യവും വിനിയോഗിക്കുന്നു. വ്രതാനുഷ്ഠാനത്തിലാകട്ടെ ശാരീരികാധ്വാനമാണ് പ്രധാനം. സകാത് കര്‍മ്മത്തില്‍ ധനവ്യയം മാത്രമേയുള്ളൂ. എന്നാല്‍ ഹജ്ജ് കര്‍മ്മത്തില്‍ ശാരീരിക ത്യാഗം, ധനവ്യയം, മാനസിക സമര്‍പ്പണം എന്നീ മൂന്നു വിഷയങ്ങളും ഒരുമിച്ച് വിനിയോഗിക്കപ്പെടുന്നു. ഇതുപോലെ ഇവ മൂന്നും ഉപയോഗപ്പെടുത്തുന്ന മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. മറ്റ് ആരാധനകള്ക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത മഹത്തായ പ്രതിഫലങ്ങളും നേട്ടങ്ങളും വിജയങ്ങളും ഹജ്ജ് കര്‍മ്മത്തിനു ലഭിക്കുമെന്ന് പ്രമാണങ്ങളില്‍ വന്നിരിക്കുന്നു. മഹാനായ നബി(സ്വ) പറഞ്ഞു: “മബ്റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളില്‍ നിന്ന് വിമുക്തമാകുന്നതാണ്”. “ഹജ്ജ് കര്‍മ്മം അതിന് മുമ്പ് വന്നുപോയ സര്‍വ്വ പാപങ്ങളും തകര്‍ത്ത് കളയുന്നതാണ്”. സ്ത്രീകളുടെ ജിഹാദ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജിഹാദിന് സമാനമാണ്. ഹജ്ജ് കര്‍മ്മമെന്ന് പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ബീവി ആഇശ(റ)യുടെ ഒരു ചോദ്യത്തിനുത്തരമായി അവിടുന്ന് പറയുകയുണ്ടായി. “ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, സ്ത്രീകള്‍ക്ക് ജിഹാദ് ബാധ്യതയുണ്ടോ?” അവിടുന്ന് പറഞ്ഞു: “അവര്‍ക്ക് പോരാട്ടമില്ലാത്ത ജിഹാദാണുള്ളത്. ഹജ്ജും ഉംറയും.” “മുഴുവന്‍ ദുര്ബലര്ക്കുമുള്ള ജിഹാദാകുന്നു ഹജ്ജ്.” “മറ്റ് ആരാധനകളുടെയും ഹജ്ജിന്റെയും ശ്രേഷ്ഠതാവ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും ഇടയിലുള്ള വ്യത്യാസം പോലെയാണ്”. “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്. അവരെ അവന് വിളിച്ചുവരുത്തിയതാണ്. അവര്‍ വല്ലതും ചോദിച്ചാല്‍ അവന് സ്വീകരിക്കും. പശ്ചാതപിച്ചാല് പൊറുത്തുകൊടുക്കും”. “ഹാജിക്കും ഹാജി ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവോ അവര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കും”. ഹജ്ജ് ചെയ്യുന്നവന് തന്റെ കുടുംബത്തിലെ നാനൂറ് പേര്‍ക്ക് ശിപാര്‍ശ നടത്തിയാല്‍ സ്വീകരിക്കപ്പെടും. “ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം, പിന്നീട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്, പിന്നീട് മബ്റൂറായ ഹജ്ജ്”. പരിശുദ്ധ ഹജ്ജിന്റെ ശ്രേഷ്ഠതയും മഹത്വവും വിവരിക്കുന്ന നിരവധി നബിവചനങ്ങളില്‍ നിന്ന് ചിലതാണ് മുകളിലുദ്ധരിച്ചത്. ഹജ്ജ് സംബന്ധമായ വിവിധ കല്പ്പകളും നിയമങ്ങളും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. സൂറത്തുല്‍ ബഖറയില്‍ പറയുന്നു: “അല്ലാഹുവിനുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്ത്തീകരിക്കുവീന്”. സൂറഃ അല്ബഖറയില് അല്ലാഹു വീണ്ടും പറയുന്നു: “ഹജ്ജിന്റെ സമയം അറിയപ്പെട്ട ചില മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ഹജ്ജിനെ ആര് അനുഷ്ഠിക്കുന്നുവോ, സംയോഗമോ പാപങ്ങളോ തര്‍ക്കമോ ഹജ്ജില്‍ പാടുള്ളതല്ല. നിങ്ങള്‍ നിര്‍വ്വഹിക്കുന്ന ഏതൊരു പുണ്യവും അല്ലാഹു അറിയും. നിങ്ങള്‍ യാത്രക്കുള്ള ഭക്ഷണ സാധനങ്ങള്‍ സജ്ജമാക്കുവീന്. എന്തെന്നാല്‍ ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും ഉത്തമമായത് ജനങ്ങളോട് യാചിക്കാതെ സ്വയം പര്യാപ്തത വരുത്തുന്ന ഒന്നാകുന്നു. ബുദ്ധിമാന്മാരെ നിങ്ങള്‍ എനിക്ക് തഖ്വ ചെയ്യുവിന്‍”. സൂറഃ ആലു ഇംറാനില് അല്ലാഹു പറയുന്നു: “കഅ്ബാ ശരീഫിലെത്തി ഹജ്ജ് ചെയ്യാന്‍ കഴിവു ലഭിച്ച ഏതൊരാള്‍ക്കും ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നു. ആരെങ്കിലും കല്‍പ്പന ലംഘിച്ചാല്‍ അല്ലാഹു അവന്റെ സൃഷ്ടികളില്‍ നിന്നും നിരാശ്രയനാകുന്നു”. മഹാനായ തിരുനബി(സ്വ) ഹജ്ജ് കര്‍മ്മത്തിന്റെ മഹത്വം വാചാ പഠിപ്പിക്കുകയും അതിന്റെ പ്രവര്ത്ത ന രൂപം കര്‍മണാ മനസ്സിലാക്കിത്തരികയും ചെയ്തു. അവിടത്തെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ഹജ്ജ് വേളയില്‍ ഇപ്രകാരം പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ ഹജ്ജ് കര്‍മ്മത്തിന്റെ വിധിവിലക്കുകള്‍ എന്നില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കുവീന്”. മബ്റൂറായ ഹജ്ജ് ഹജ്ജിന്റെ പ്രതിഫലം വിവരിക്കുന്ന പല നബിവചനങ്ങളിലും ഹജ്ജും മബ്റൂര് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘സംശുദ്ധമായ ഹജ്ജ്’ എന്ന ഈ പ്രയോഗം കൊണ്ടുള്ള വിവക്ഷ കുറ്റങ്ങളും കുറവുകളും കലരാത്ത സ്വീകാര്യമായ ഹജ്ജ് എന്നാണ്. ഹജ്ജ് യാത്രയില്‍ വിശന്നവരെ ഭക്ഷിപ്പിക്കുക, സൌമ്യമായി സംസാരിക്കുക, എല്ലാ പ്രവൃത്തിയിലും അല്ലാഹുവിന് തൃപ്തിയില്ലാത്തതിനെ ഉപേക്ഷിക്കുക, പ്രശക്തിയെ ത്യജിക്കുക, അഹംഭാവം ഇല്ലാതിരിക്കുക, സ്ത്രീ ഭോഗം മുതലായ ശാരീരികേച്ഛകളെ വര്‍ജിക്കുക, ചെറുദോഷങ്ങളില് പോലും വ്യാപൃതരാവാതിരിക്കുക തുടങ്ങിയ സദ്ലക്ഷണങ്ങള് സ്വീകരിച്ച ഹജ്ജാണ് മബ്റൂറായിത്തീരുക. കൂടെയുള്ള ഹാജിമാരെ എല്ലാ വിധത്തിലും സഹായിക്കുക, ലുബ്ധത ഇല്ലാതിരിക്കുക തുടങ്ങിയ സദ്ഭാവങ്ങള് പ്രകടമാവുക. വിശിഷ്യാ ഹജ്ജിനു ശേഷം മുമ്പുണ്ടായതിനെക്കാള് നന്മകള് വര്‍ധിക്കുകയും സദ് പ്രവര്‍ത്തനങ്ങളോട് താത്പര്യം കൂടുകയും ദോഷങ്ങളില്‍ നിന്ന് അകന്നുനില്ക്കുകയുമായാല് ഹജ്ജ് മബ്റൂറായ ലക്ഷണങ്ങളാണെന്ന് ഇമാം നവവി(റ) പ്രസ്താവിച്ചിരിക്കുന്നു. ഉംറയുടെ മഹത്വം ഹജ്ജ് പോലെജീവിതത്തില് ഒരുതവണ നിര്‍ബന്ധമുള്ള പുണ്യകര്‍മ്മമാണ് ഉംറ. രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് നിര്‍വഹിക്കാവുന്ന പുണ്യകര്മ്മമാണത്. മീഖാത്തില്‍ നിന്ന് ഇഹ്റാം ചെയ്ത് കഅ്ബാ ശരീഫിലെത്തി ത്വവാഫും ശേഷം സ്വഫാ മര്‍വക്കിടയില്‍ സ’അ്യും പൂര്‍ത്തിയാക്കി മുടിയെടുത്താല് ഉംറ അവസാനിച്ചു. ജീവിതത്തില്‍ ഒരുതവണ നിര്‍ബന്ധമായ ഉംറ പലതവണ ആവര് ത്തിക്കല് ശക്തിയായ സുന്നത്തുണ്ട്. ഒരു ഹജ്ജ് യാത്രയില്‍ തന്നെ നിരവധി തവണ ഉംറ ചെയ്യാന്‍ സമയ സൌകര്യം ലഭിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഉംറയുടെ മഹത്വം കൂടുതലായി വിവരിച്ചിട്ടുണ്ട്. ഹജ്ജിനെക്കുറിച്ച് പറയുന്ന പല പ്രസ്താവങ്ങളിലും ഉംറയെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹു തആലാക്കുവേണ്ടി നിങ്ങള്‍ ഹജ്ജും ഉംറയും പൂര്ത്തീകരിക്കുവീന്”. നബികരീം (സ്വ) പറയുന്നു: “ഒരു ഉംറ മറ്റൊരു ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്”. റമള്വാന് ശരീഫില്‍ ഉംറ നിര്‍വഹിക്കുന്നതിന് കൂടുതല്‍ പുണ്യമുള്ളതായി ഹദീസില്‍ വന്നിരിക്കുന്നു. “റമള്വാനിലെ ഒരു ഉംറ ഹജ്ജ് കര്‍മ്മത്തോട് തുല്യമായതാണ്”. ഹജ്ജിന്റെ വിശേഷങ്ങള്‍ വിവരിച്ച മിക്ക ഹദീസുകളിലും ഉംറയും പരാര്ശ വിധേയമാണ്. വളരെ മഹത്വമേറിയ ഉംറ നിരവധി തവണ ചെയ്യാന്‍ ഹാജിമാര്‍ പരിശ്രമിക്കേണ്ടതാണ്. മഹാനായ ഇമാം ശാഫിഈ(റ) പറഞ്ഞു: “അനുകൂല സാഹചര്യമുള്ള ഓരോരുത്തരും എല്ലാ മാസത്തിലും രണ്ടോ മൂന്നോ തവണ ഉംറ ചെയ്യേണ്ടതാണ്. മാസത്തില്‍ ഒരു ഉംറയെങ്കിലും അനിവാര്യമായും ചെയ്തിരിക്കണം.
വൻപാപങ്ങൾ
പാപസങ്കല്പം: ഒരു താരതമ്യവീക്ഷണം
പ്രഫ. ഷാഹുല്‍ ഹമീദ്
പാപത്തെക്കുറിച്ചുള്ള ഇസ്ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാ
ണ്. ഇസ്ലാമികദൃഷ്ട്യാ പാപമെന്താണ് ? ദൈവകല്‍പനയുടെയോ മനുഷ്യന്റെ മൗലികമായ നന്മയുടെയോ ലംഘനമാണത്. അഥവാ ഒരു മനുഷ്യന് ദൈവാനുസരണത്തിന്റെ മാര്‍ഗത്തിനെതിരെ,അല്ലെങ്കില്‍ സഹജീവിയുടെ അവകാശത്തിനെതിരെ അറിഞ്ഞുകൊണ്ട് സ്വമേധയാ ചെയ്യുന്ന പ്രവൃത്തിയാണ് പാപം. അത് സ്വന്തം ആത്മാവിനെ കളങ്കപ്പെടുത്തുന്നതും, എന്നാല്‍ ഒഴിവാക്കാന്‍ കഴിയുന്നതുമായ ഒരു പ്രവൃത്തിയാണ്.
ആദിപാപം -ജന്മപാപം (Original Sin) ഒരു ക്രൈസ്തവ സങ്കല്പമാണ്. ആദിപിതാവായ ആദാം (ആദംനബി) ഏദന്‍തോട്ടത്തില്‍വെച്ച് ദൈവകല്‍പനലംഘിച്ച് ‘വിലക്കപ്പെട്ട പഴം’ തിന്നതാണ് ആദ്യത്തെ പാപം. തലമുറതലമുറയായി ആ പാപം ആദമിന്റെ സന്തതികള്‍ അനന്തരമെടുക്കുന്നുവെന്ന വിശ്വാസമാണ് ജന്മപാപസങ്കല്പം(The Concept of Original Sin). ദൈവകല്പനക്കെതിരായി പ്രവര്‍ത്തിക്കാനുള്ള അന്തര്പ്രേരണ മനുഷ്യനില്‍ പ്രകൃതാഉള്ളതും ആദിപിതാവില്‍നിന്നും ജനിതകഘടകമെന്നോണം അനിവാര്യമായി സിദ്ധിക്കുന്നതുമാണെന്ന വീക്ഷണം ഇസ്ലാം നിരാകരിക്കുന്നു.
നന്മചെയ്യാനുള്ള ചോദന, തെറ്റുചെയ്യാനുള്ള പ്രവണതയെക്കാള്‍ ശക്തമോ കുറഞ്ഞപക്ഷം അതേ അളവില്‍തന്നെയോ മനുഷ്യനിലുണ്ടെന്നും, അതുവഴി സ്വന്തം തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും മനുഷ്യന് ഉത്തരവാദിയാണെന്നതുമാണ് ഇസ്ലാമികകാഴ്ചപ്പാട്. അതിനാല്‍ ഒഴിവാക്കാനാകാത്തതും സ്വയം തടയാന്‍ കഴിയാത്തതുമായ ഒരു കാര്യത്തിന് മനുഷ്യന് ഉത്തരം പറയേണ്ടതില്ല: ‘ഒരാത്മാവിനും അതിന്റെ കഴിവനുസരിച്ചല്ലാതെ ദൈവം (ഭാരം) ചുമത്തുന്നില്ല'(വിശുദ്ധഖുര്ആന് അല്‍ബഖറ :286)
ജന്മപാപമോ നിഷ്കളങ്കതയോ ?
മേല്‍പ്രസ്താവിച്ചതുപോലെ ജന്മപാപമോ അതിന് സദൃശമായ മറ്റെന്തെങ്കിലുമൊരു ആശയമോ ഇസ്ലാമിലില്ല. ഇക്കാരണത്താല്‍ ആദിമാതാപിതാക്കള്‍ ചെയ്ത പാപം ഓരോമനുഷ്യനും ജന്മനാ ലഭിക്കുന്നു എന്ന ആശയം ഇസ്ലാമിന് അന്യമാണ്. മനുഷ്യന് ശുദ്ധപ്രകൃതിയോടെ ജനിക്കുന്നു എന്നത് ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഒരു ആശയമാണ്. ആദവും ഹവ്വയും ചെയ്ത പാപത്തെക്കുറിച്ച് ബോധം വന്നയുടനെ അവര്‍ ദൈവത്തോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ദൈവം അവര്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ ക്രൈസ്തവദൃഷ്ട്യാ ഓരോ മനുഷ്യശിശുവും പാപിയായി പിറക്കുന്നു. ജന്മപാപത്തില്നിന്നും ആ ശിശുകരകയറണമെങ്കില്‍ അതിനെ മാമോദീസ മുക്കി ക്രിസ്തുമതത്തില്‍ ചേര്‍ക്കണം. മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യനായി അവതരിച്ച ദൈവം കുരിശുമരണത്തിലൂടെയുള്ള പീഡാനുഭവം ‘മറുവില’യായി കൊടുത്തുകൊണ്ട് തങ്ങളെ ജന്‍മപാപത്തില്‍നിന്നുവീണ്ടെടുത്തുവെന്ന് വിശ്വസിക്കാന്‍ പ്രായപൂര്‍ത്തിയെത്തിയ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ്. ഇതാണ് ക്രൈസ്തവവീക്ഷണത്തിലുള്ള ‘രക്ഷ'(Salvation).
മനുഷ്യന് ജന്മനാ നിഷ്കളങ്കനും ദൈവം പൂര്‍ണാര്‍ഥത്തില്‍ നീതിമാനുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അതിനാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മനുഷ്യര്‍ കുറ്റക്കാരാവുന്നില്ല. പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്ക് സന്താനങ്ങള്‍ ശിക്ഷാര്‍ഹരാകുന്നുമില്ല. ദൈവകല്പനക്ക് നിരക്കാത്തത് എന്നറിഞ്ഞുകൊണ്ട് ഒരാള്‍ സ്വമനസ്സാലെ ചെയ്യുന്ന പ്രവൃത്തിയാണ് പാപം. അതിന് അയാള്‍ ഉത്തരവാദിയുമാണ്. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക:
‘തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗത്തോപുകള്‍ സല്ക്കാരമായി ലഭിക്കുന്നതാണ്.'(അല്‍കഹ്ഫ്: 107)
(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ യഹൂദരോ, ക്രൈസ്തവരോ ‘സാബി’മതക്കാരോ ആരുമാകട്ടെ-ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട് . അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടിവരികയുമില്ല.(അല്‍ബഖറ: 62)
‘അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയുംചെയ്യുന്നവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്'(അല്‍ഹജ്ജ്:57)
വിശ്വാസവും പ്രവൃത്തിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് . വിശ്വാസത്തിന്റെ പിന്‍ബലമില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയിലൂടെ വെളിവാകാത്ത വിശ്വാസവും നിഷ്ഫലമാണ്. ഈ ഇസ്ലാമികാശയം ക്രിസ്തുവിന്റെ സഹോദരനും യരുശലേം സഭയുടെ ആദ്യനേതാവുമായിരുന്ന യാക്കോബ്(Jasmes)തന്റെ ലേഖനത്തില്‍ അടിവരയിട്ടുപറയുന്നുണ്ട്(യാക്കോബിന്റെ ലേഖനം 2: 14-26). എന്നാല്‍ ഇന്നത്തെ ക്രൈസ്തവസഭ വ്യത്യസ്തമായ ഒരു ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നത് ഇവിടെ പ്രസക്തമാണ്: ‘അങ്ങനെ മനുഷ്യന് ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍ തന്നെ നീതികരിക്കപ്പെടുന്നു'(റോമര്‍ 3: 28)
നാമറിയാത്ത പാപത്തിന്(ജന്മപാപം) നീതിമാനായ ദൈവം നമ്മെ ശിക്ഷിക്കുമോ? നമ്മുടെ പാപത്തിന്റെ ചതിക്കുഴിയില്‍ നിന്നും നമ്മെകരകയറ്റാന്‍ നിഷ്കളങ്കനായ മനുഷ്യപുത്രനെ(അതോ ദൈവപുത്രനോ?) പരമകാരുണികനായ ദൈവം ബലിയര്‍പിച്ചു എന്ന് വിശ്വസിക്കുക പ്രയാസമാണ്. അത്തരമൊരാശയം ക്രിസ്തുപഠിപ്പിച്ചതായി സുവിശേഷങ്ങളിലൊന്നിലും കാണുന്നുമില്ല. മറിച്ച്, ‘നിത്യജീവനി’ലേക്കുള്ള വഴി, കല്പനകള് പ്രമാണിച്ചുള്ള ജീവിതമാണെന്നേ്രത അദ്ദേഹം പഠിപ്പിച്ചത് (മത്തായി 19:16-22).
ചുരുക്കത്തില്‍, ശരിയായ വിശ്വാസത്തിലധിഷ്ഠിതവും സല്‍ക്കര്‍മനിരതവുമായ ഒരു ജീവിതം നാം സ്വയംതെരഞ്ഞെടുക്കുകയാണ് ‘നിത്യജീവനെ’ പ്രാപിക്കാനുള്ള (അഥവാ സ്വര്‍ഗപ്രാപ്തിക്കുള്ള) വഴിയെന്ന് നാം തിരിച്ചറിയുക.
എങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പുനല്‍കാം’
എഴുതിയത് : അര്‍ഷദ് മുഹമ്മദ് നദ്വി
കുറ്റവാളികള്പോലും കുറ്റകൃത്യങ്ങള്‍ നിര്‍ത്തിവച്ച് നോമ്പെടുത്തു പള്ളിയില്‍ കയറുന്ന മാസമാണല്ലോ റമദാന്. ഏതു പള്ളിയും നോമ്പുകാലമായാല്‍ ദൈവവിശ്വാസവും പരലോകചിന്തയും ഉയര്‍ന്ന സാംസ്കാരികവിചാരങ്ങളും കൊണ്ടു നിറയും. നന്മനിറഞ്ഞ ആ മാസത്തെ വിശ്വാസികള്‍ കണ്ണീരോടെയാണു യാത്രയാക്കാറ്.
റമദാന് വിടപറയാന്‍ ഒന്നുരണ്ടു ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാട്ടിലെ ഇമാമുമായി സൗഹൃദവര്ത്തമാനങ്ങള് പറഞ്ഞിരിക്കുകയായിരുന്നു ചില ചെറുപ്പക്കാര്‍. അതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു: ”അല്ല ഉസ്താദേ, ഇസ്ലാമിത്ര മനോഹരമാണെന്ന് ഞങ്ങള്ക്കിപ്പോഴാണു മനസ്സിലായത്. തെറ്റിദ്ധാരണകള്‍ പലതും തിരുത്താനും നല്ല കാര്യങ്ങള്‍ പലതും പഠിക്കാനും കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആത്മാഭിമാനം തോന്നുന്നു. ഇനി പഴയ വഴിയില്നിന്നൊക്കെ മാറിനടക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. എങ്കിലും പഴയ പരിസരത്തേക്കു തിരിച്ചുപോകുമ്പോള്‍ മേനിയഴകു കാട്ടിക്കൊണ്ടുള്ള പെണ്‍കുട്ടികളുടെ ഘോഷയാത്രകള്‍ ഞങ്ങളെ എത്രത്തോളം പ്രകോപിപ്പിക്കുമെന്നതാണ് പേടി…”
മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന ആണിനും പെണ്ണിനും തങ്ങള്‍ ജീവിക്കുന്ന മലിനമായ സാമൂഹികപരിസരം കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ജീര്‍ണസംസ്കാരങ്ങളുടെ ഇരച്ചുകയറ്റത്തിനു മുമ്പില്‍ മനോബലമുള്ളവര്പോലും പതറിപ്പോവുകയാണ്. ആരെയാണു നമ്മള് കുറ്റപ്പെടുത്തേണ്ടത്? രോഗബീജത്തെയാണോ അവയെ പടച്ചുവിടുന്ന മാലിന്യത്തെയാണോ? അതുമല്ല, മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെയും അവര്‍ക്ക് ഒത്താശചെയ്യുന്നവരെയുമാണോ?
ആര്‍ക്കും പരിചയമുള്ള ആരോഗ്യശാസ്ത്രതത്ത്വമാണല്ലോ, രോഗംവന്ന് ചികില്‍സയേക്കാള്‍ നല്ലത് രോഗപ്രതിരോധമാണെന്ന്. പക്ഷേ, നമ്മള് പലപ്പോഴും തലകീഴായാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാരിസ്ഥിതികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളോടൊക്കെയുള്ള നമ്മുടെ സമീപനം ആ നിലയ്ക്കുള്ളതാണ്.
വായുവും വെള്ളവും മണ്ണും വിഷമയമാക്കാന്‍ കുത്തകക്കമ്പനികള്‍ക്കു സര്‍വവിധ ഒത്താശയും ചെയ്തുകൊടുത്തിട്ട് പൊതുജനാരോഗ്യത്തെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ചും സര്‍ക്കാര്‍വക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ചെറുതും വലുതുമായ ഞെളിയന്‍പറമ്പുകളും വിളപ്പില്‍ശാലകളും നിലനിര്‍ത്തിക്കൊണ്ട് കൊതുകുകളുടെ ഇനങ്ങളെപ്പറ്റിയും അവ പരത്തുന്ന വിവിധയിനം രോഗങ്ങളെപ്പറ്റിയും പ്രതിരോധകുത്തിവയ്പുകളെപ്പറ്റിയും പ്രചാരണം നടത്തുന്നത് എത്രമാത്രം പരിഹാസ്യമാണ്! മദ്യവും സിഗരറ്റും യഥേഷ്ടം ലഭ്യമാക്കി അവ ആരോഗ്യത്തിനു ഹാനികരമാണെന്ന് എഴുതിവയ്ക്കുന്നതിലെ അശ്ലീലത എത്ര വലുതാണ്! ലൈംഗികത്തൊഴിലാളികള്‍ക്കു ലൈസന്‍സ് നല്‍കുകയും സ്വതന്ത്ര ലൈംഗികതയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുകയും ചെയ്ത് എയിഡ്സിനെതിരേ ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്?സാമൂഹികരംഗത്തു കടുത്ത വിവേചനങ്ങളും നീതിനിഷേധവും വരുത്തിവച്ചിട്ട്, പ്രതിഷേധിക്കുന്നവരെ കരിനിയമങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതു ശാസ്ത്രീയമായ പരിഹാരരീതിയാണോ? ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത ശിക്ഷാനടപടികളാണു വേണ്ടതെന്നു പലരും വാദിക്കുന്നു. ശിക്ഷാനടപടികള്‍ ശിക്ഷണക്രമങ്ങളില് അവസാനമായി പരിഗണിക്കേണ്ട സംഗതിയാണ്. കുറ്റംചെയ്യാന്‍ സഹായകമായ പരിസരമാണ് ഒന്നാമതായി ഇല്ലായ്മചെയ്യേണ്ടത്. നാം കാലങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന ജീവിതസംസ്കാരത്തിനു കാതലായ പോറലേറ്റിരിക്കുകയാണ്. മാതാക്കളുടെ സൗഹൃദസംഭാഷണങ്ങളിലും ഈ ആശങ്കയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അവര്‍ ചോദിക്കുന്നു: ”നമ്മളെങ്ങനെയാണ് ഈ പെണ്മക്കളെ പഠിക്കാനയക്കുക. ഇപ്പോഴത്തെ പെണ്മക്കളുടെ കോലംകണ്ടിട്ട് തൊലിപൊളിയുന്നു. ആണ്മക്കളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല….”
കലാലയങ്ങളിലും ഓഫിസുകളിലും തൊഴിലിടങ്ങളിലും പൊതുനിരത്തുകളിലും കാണുകയും ഇടപഴകുകയും ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണരീതികള്‍ പുരുഷന്മാരില് ലൈംഗികോത്തേജനം സൃഷ്ടിക്കുന്ന തരത്തിലുള്ളവയാണ്.
സ്ത്രീകള്‍ സമൂഹത്തിന്റെ അര്‍ധാംശമാണ്. അവര്‍ കഴുകക്കണ്ണുകള്‍ക്കു മുമ്പില്‍ ചമഞ്ഞൊരുങ്ങി നില്‍ക്കേണ്ടവരല്ല. തങ്ങള്‍ കമ്പോളത്തിലെ പരസ്യമോഡലുകളല്ലെന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. ശരീരപ്രധാനമായ വസ്ത്രത്തേക്കാള്‍ അവരുടെ പദവിക്ക് അനുയോജ്യം വ്യക്തിത്വപ്രധാനമായ വസ്ത്രമാണ്.
ഇവിടെ ഭരണകൂടത്തിന്റെ ശ്രദ്ധപതിയേണ്ടതുണ്ട്. നാണം മറയാത്ത വസ്ത്രധാരണരീതികള്‍ നിരോധിക്കാന്‍ രാജ്യത്തു നിയമങ്ങളുണ്ടാവേണ്ടതുണ്ട്. അതിനു ഭരണകൂടവും നീതിന്യായ കേന്ദ്രങ്ങളും മുന്‍കൈയെടുക്കേണ്ടതുമുണ്ട്.സാംസ്കാരികപരിസരത്തെ മലിനമാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണു സാങ്കേതികവിദ്യകളുടെ ദുരുപയോഗം. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും പുതുതലമുറയെ അതിരുവിട്ട ബന്ധങ്ങള്‍ക്കും അശ്ലീലചിത്രങ്ങളുടെ ആസ്വാദനത്തിനും പ്രേരിപ്പിക്കുന്നു. പക്വതയെത്താത്ത കുഞ്ഞുമനസ്സുകളെ ഇക്കിളിപ്പെടുത്തി അസ്വസ്ഥമാക്കാനും രതിവൈകൃതങ്ങള്‍ക്ക് അടിമപ്പെടുത്താനും അവ ദുരുപയോഗം ചെയ്യപ്പെടുകയാണ്. അശ്ലീലസൈറ്റുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടും വിദ്യാലയങ്ങളില്‍ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടും ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാവും.
ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിച്ചുവരുന്നുവെന്നതാണ് അവിഹിതബന്ധങ്ങള്‍ വര്‍ധിക്കാനുള്ള മറ്റൊരു കാരണം. ഒരിക്കല്‍ ഒരുമ്മ തന്റെ മകന്റെ ധാര്‍മിക വിശുദ്ധി നിലനിര്‍ത്താനായി അവരുടെ മരുമകളെ ഉപദേശിച്ചത് ഇങ്ങനെയാണ്: ”മോളേ, വീട്ടിലെ ഊണ് നന്നായിരിക്കണം, രുചികരമായിരിക്കണം. വീട്ടിലെ ഊണ് പറ്റാതെ വരുമ്പോഴാണ് പലരും ഹോട്ടലില്‍നിന്നു കഴിക്കുന്നത്…”
ദാമ്പത്യജീവിതം ആസ്വാദ്യകരമാക്കാനുള്ള ബോധവല്‍ക്കരണപരിപാടികള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രീമാരിറ്റല്‍, മാരിറ്റല്‍ കൗണ്‍സലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മുഖേന നിരവധി സദാചാരപ്രശ്നങ്ങളുടെ മൂലകാരണങ്ങള്ക്കു പരിഹാരം കണെ്ടത്താം.ജീവിതമൂല്യങ്ങളെപ്പറ്റി ഇളംതലമുറയ്ക്ക് ബോധം നല്‍കാതിരിക്കുകയും അവരുടെ ധാര്‍മികച്യുതിയില്‍ വ്യാകുലപ്പെടുകയും ചെയ്യുന്നതിലര്‍ഥമില്ല. ധാര്മികചിന്തകളാല് വിദ്യാര്‍ഥികളെ ഉദ്ബുദ്ധരാക്കാന്‍ പാഠശാലകളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനുതകും വിധം പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും പരിഷ്കരിക്കണം. ഇരകളാവുന്ന സ്ത്രീകള്‍ പലപ്പോഴും ദുര്‍ബലരായതിനാല്‍ അക്രമികള്‍ക്കു ചൂഷണം ചെയ്യാന്‍ എളുപ്പമാണ്.
പെണ്‍കുട്ടികളെ ആത്മബലമുള്ളവരാക്കാന് അനുയോജ്യമായ പദ്ധതികള്‍ ഏര്‍പ്പെടുത്തണം.
വേലിതന്നെ വിളതിന്നുകയല്ലേ, പിന്നെ നമുക്കായാലെന്താ എന്നാണു പലര്‍ക്കും തോന്നുന്നത്. താന്തോന്നിത്തം പ്രവര്‍ത്തിക്കുന്ന മതാധ്യക്ഷന്മാരെയും നേതാക്കളെയും കര്‍ശനമായി വിചാരണചെയ്യാനും അനുയായികള്‍ ജാഗരൂകരാകേണ്ടതുണ്ട്. അതോടൊപ്പം മതസംഘടനകള്‍ ഇത്തരം ജനോപകാരപ്രദമായ അജണ്ടകളിലൂടെ രാജ്യത്തു ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ കൈകോര്‍ക്കേണ്ടതും അനിവാര്യമാണ്. കുറ്റവാളികളെ കണ്ടെത്തി പൊതുജനങ്ങള്‍ക്കു പാഠമാവുന്ന വിധത്തില്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും നമുക്കു കഴിയണം. ഇത്തരത്തില്‍ രാജ്യത്തെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരുടെ യോജിച്ചുള്ള നീക്കത്തിലൂടെ സാംസ്കാരികപരിസരം വിമലീകരിക്കാനും സംശുദ്ധമാക്കാനും സാധിക്കും. അപ്പോഴാണു ഭാവിതലമുറ പിറന്നുവീഴുന്നതു മാനവികത മലിനപ്പടാത്ത അന്തരീക്ഷത്തിലാണെന്നു നമുക്ക് ആശ്വസിക്കാനാവുക.
പ്രവാചകന്(സ) ഇവിടെ മാലോകര്‍ക്കു വഴികാട്ടുകയാണ്. അദ്ദേഹം അനുചരന്മാര്ക്കു ചിന്തോദ്ദീപകമായൊരു സംഭവം വിവരിച്ചുകൊടുത്തു: 99 പേരെ കൊലപ്പെടുത്തിയ ഒരു മനുഷ്യന് പശ്ചാത്താപവിവശനായി വലിയൊരു ഭക്തന്റെ അടുക്കല്‍ ചെന്ന് ചോദിച്ചു. തനിക്ക് പശ്ചാത്തപിക്കാന്‍ അവസരമുണ്ടോയെന്ന്. അയാള്‍ പറഞ്ഞു: ”സാധ്യമേയല്ല.” ക്ഷുഭിതനായ കൊലപാതകി അയാളെക്കൂടി കൊന്ന് നൂറു തികച്ചു. തുടര്‍ന്ന് ഒരു ജ്ഞാനിയെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ”നിന്റെ പശ്ചാത്താപം സ്വീകാര്യമാണ്. താങ്കളെ അതില്‍നിന്നു തടയാന്‍ ആര്‍ക്കുമാവില്ല. നീ തിന്മകള് നിറഞ്ഞ നിന്റെ നാടുപേക്ഷിക്കണം. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യരുള്ള നാട്ടിലേക്കു പൊയ്ക്കൊള്ളുക.” അയാള്‍ തന്റെ നാടുപേക്ഷിച്ച് സച്ചരിതരുടെ നാട് തിരക്കി യാത്രയായി (മുസ്ലിം).
നന്മനിറഞ്ഞ നാടിനെ രൂപപ്പെടുത്തുന്നതിലും അത്തരമൊരു നാട്ടില്‍ കുടുംബസമേതം താമസിക്കുന്നതിലും വലിയ പ്രാധാന്യം കാണുന്നവരാണ് മനുഷ്യരെല്ലാം. മദ്യപാനവും അവിഹിതവേഴ്ചകളും കളവും വഞ്ചനയും നാട്ടുനടപ്പാക്കിയ ഒരു പ്രദേശത്തു സ്വന്തം മക്കളുമായി ജീവിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?വിദേശത്ത് ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന സദാചാരബോധമുള്ള മുസ്ലിംയുവാവ്. അയാള്‍ക്കൊപ്പം നിരവധി വിദേശവനിതകളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്യാത്ത അവര്‍ കാഴ്ചയില്‍ത്തന്നെ അയാളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. അതിലുപരി അവരുടെ ഇടപെടലുകള്‍ കൂടിയായപ്പോള്‍ അയാള്‍ക്കു തന്നെ നിയന്ത്രിക്കാനാവുമോ എന്ന സംശയം ബലപ്പെട്ടു. അതിനിടയില്‍ അയാളുടെ സുഹൃത്തുക്കള്‍ പലരും അവരുടെ ഇംഗിതങ്ങള്‍ക്കു കീഴടങ്ങിക്കഴിഞ്ഞിരുന്നു. യുവാവ് ആ പ്രതികൂലാവസ്ഥയെ മറികടക്കുന്നതിനെപ്പറ്റി തന്റെ ആദര്ശസഹോദരനുമായി ചര്‍ച്ചചെയ്തു. ആ ജോലി ഉപേക്ഷിച്ച് അനുയോജ്യമായ മറ്റൊരിടത്തു കയറാന്‍ അയാള്‍ സഹോദരനെ ഉപദേശിച്ചു. ജീവിക്കുന്ന പരിസരം മലിനമായിത്തീരുമ്പോള് അവിടെനിന്ന് അതു മാറ്റിയെടുക്കാന്‍ ബാധ്യതയുള്ളവരാണു സല്ക്കര്മകാരികള്. അതിനു കഴിയാതെ വരുമ്പോള്‍ തിന്മകളില് പെട്ടുപോകാതെ സാഹസികതയോടെ പിടിച്ചുനില്ക്കാന് അവര്‍ക്കു കഴിയണം. അതിനും കഴിയാത്തപ്പോള്‍ അവിടെവിട്ട് നല്ല സ്ഥലം തിരഞ്ഞെടുക്കുകയാണു വേണ്ടത്.
ഇപ്പോള്‍ വരുന്ന ചില ആനുകാലികങ്ങളുടെ സര്‍വേ റിപോര്‍ട്ടുകളും പത്രവാര്‍ത്തകളും കണ്ടാല്‍ തോന്നുക, ലോകം മുഴുവന്‍ തിന്മയ്ക്കു കീഴടങ്ങിക്കഴിഞ്ഞിരിക്കുകയാണ്, തങ്ങളും ഇനി അങ്ങനെയാവാതിരിക്കാന്‍ തരമില്ലെന്നുമാണ്. ഇപ്പോഴും മഹദ്ജീവിതങ്ങളെ അനുസ്മരിപ്പിക്കുന്ന നൂറുകണക്കിനു സാധാരണക്കാരെ നമുക്കു കാണാന്‍ കഴിയുമെന്ന് ആരും മറക്കാതിരിക്കണം. പ്രവാചകന്(സ) പറയുന്നു: ”ആറു കാര്യങ്ങള്‍ നിങ്ങള്‍ ഉറപ്പുനല്‍കിയാല്‍ ഞാന്‍ നിങ്ങള്‍ക്കു സ്വര്‍ഗം ഉറപ്പുനല്‍കാം. സംസാരം സത്യസന്ധമാക്കുക, വാഗ്ദാനം പാലിക്കുക, ഉത്തരവാദിത്തം നിര്‍വഹിക്കുക, ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കുക, കണ്ണുകള്‍ നിയന്ത്രിക്കുക, കൈകള്‍ തടയുക” (അഹ്മദ്)
പാപങ്ങള്‍: പൈശാചികവും മാനുഷികവും
മുഹമ്മദ് അൽഗസാലി
നന്മയുടെയും ഔന്നത്യതിന്റെയും വഴിയിലേക്കുള്ള പ്രഥമ കാല്‍വെയ്പ് എന്തായിരിക്കണം?
നിസ്സംശയം പറയാം, അല്ലാഹുവിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുക തന്നെ.
എന്നാല്‍ അത്രയുംകൊണ്ട് മതിയോ? ഒരിക്കലും പോരാ. അറിഞ്ഞതിനനുസരിച്ചുള്ള
കര്‍മവും കൂടി അനിവാര്യമാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം ചേര്‍ത്തും പേര്‍ത്തും
പറയുന്നുണ്ട്. വിശ്വാസത്തോടൊപ്പം കേള്‍വിയും അനുസരണവും വേണ്ടാതുന്ടെന്നു അത്
വ്യക്തമാക്കുന്നു:<!–more–> ” ദൈവദൂതന് തന്റെ നാഥനില്നിന് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു,
അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും
വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ‘ദൈവദൂതന്മാരില് ആരോടും
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ’ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ
പ്രാര്‍ഥിക്കുകയും ചെയ്യുന്നു:”ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ മാപ്പേകണമേ. നിന്നിലെക്കാനല്ലോ ഞങ്ങളുടെ മടക്കം.”
ഇവിടെയാണ് മതവാദികള്‍ക്ക് അടി തെറ്റിയത്. അവര്‍ കേവലമായ വിശ്വാസംകൊണ്ട്
മതിയാക്കി, കര്‍മമുഖത്ത് വിമുഖത കാട്ടുകയോ തിരിഞ്ഞു നില്‍ക്കുകയോ
ചെയ്തു. മതകീയതയുടെ ഈ വികലവല്ക്കരണം ഒരു നൈരന്തര്യമായി കാലഘട്ടങ്ങളിലൂടെ
കടന്നു പോന്നിട്ടുണ്ട്. ദൈവത്തെ നന്നായറിഞ്ഞിട്ടും അവന്റെ ആജ്ഞകള്‍ കേള്‍ക്കാനോ
അനുശാസനകള്‍ അനുസരിക്കാനോ, കൂട്ടാക്കാതിരിക്കുകയോ വിമുഖത കാണിക്കുകയോ
ചെയ്യുന്നത് – കാരണം ധിക്കാരമോ ദൌര്‍ബല്യമോ എന്തായാലും – ഒരു ദുരന്തമായി ഇന്നും
തുടര്‍ന്ന് പോരുന്നു.
ആദ്യമായി അല്ലാഹുവിനോട് കയര്‍ത്തതും അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതും
ഇബലീസ് തന്നെ. ദൈവാസ്തിക്യത്തില്‍ അണുവളവു ശങ്കയില്ലാത്തവനാണ് ഇബലീസ്.
എന്നിട്ടും ദൈവകല്പന അവന് തള്ളിക്കളഞ്ഞു. എത്ര നിന്ദ്യവും നിലവാരമില്ലാത്തതുമായ
നിലയിലാണ് ആ നീചന് തന്റെ ധിക്കാരത്തിന് ന്യായം ചമച്ചത്.”അവന് പറഞ്ഞു: ഞാനാണ് അവനെക്കാള്‍ മെച്ചം.
നീയെന്നെ സൃഷ്ടിച്ചത് തീയില്‍നിന്നാണ്. അവനെ മണ്ണില്‍നിന്നും.” അവിടംകൊണ്ടും തീര്‍ന്നില്ല
ആ അധികപ്രസംഗം: വെല്ലുവിളിച്ചും വംബതരമിളക്കിയും ആദംമക്കളെ അവന് ഭീഷണിപ്പെടുത്തി.
അവന് പുലമ്പി: “നീ എന്നെ വഴി പിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും. പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെപ്പേരെയും നന്ദിയുള്ളവരായി നിനക്ക് കാണാനാവില്ല.”
ഇബലീസ് ചെയ്ത തെറ്റ് ശ്രദ്ധിച്ചു നോക്കൂ. കേവലം ഒരു പാപമെന്നതിനപ്പുറം അഹങ്കാരവും ധിക്കാരവുമാനത്തില് മുഴച്ചുനില്‍ക്കുന്നത്. അത് മാപ്പര്‍ഹിക്കാത്ത പാപമായതും
അതുകൊണ്ടുതന്നെ. ഈ പാപികള്‍ നരകത്തിന്റെ ഇന്ധനമായിരിക്കുമെന്നത് തീര്‍ച്ച.
ഇനി രണ്ടാമത്തെ തെറ്റിന്റെ കാര്യമെടുക്കുക. ആദമും ഇണയുമാണവിടെ. വിലക്കപ്പെട്ട കനി ഭുജിച്ചതാണവര് ചെയ്ത തെറ്റ്. അത് പക്ഷെ ധിക്കാരമായിരുന്നില്ല. പിശാചിന്റെ വന്ച്ചനാത്മകവും നിരന്തരവുമായ മധുരപ്രലോഭനങ്ങളില് ഒരു ദുര്‍ഭലനിമിഷത്തില്‍ അകപ്പെട്ടു പോയതിന്റെ പരിണ തിയായിരുന്നത്. പെട്ടെന്ന് തന്നെ നേര്ബോധത്തിലേക്ക് തിരിച്ചുന്ന അവര്‍ കേണു: “ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമാം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിതീരും.”
രണ്ടു പാപങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. ആദ്യത്തേത് കലര്‍പ്പറ്റ ധിക്കാരമായിരുന്നെന്കില്
രണ്ടാമത്തേത് തീര്‍ത്തും സഹജമായ ദൌബര്ല്യത്തിന്റെ നൈമിഷികമായ വഴുക്കല്‍ മാത്രമായിരുന്നു. ഭൂമുഖത്ത് നടമാടിക്കൊണ്ടിരിക്കുന്ന തെറ്റ്കുറ്റങ്ങളെ അഭിവീക്ഷിച്ചാല് അവ ഈ
രണ്ടാലൊരു ഗണത്തില്‍ പെട്ടതാണെന്ന് കാണാം. അതായത് ഒന്നുകില്‍ പൈശാചികവും അല്ലെങ്കില്‍ മാനുഷികവും. ഒന്നുകില്‍ ആദമിന്റെ വീഴ്ച, അല്ലെങ്കില്‍ ഇബലീസിന്റെ ധിക്കാരം! രണ്ടും തീരുമാനിക്കപ്പെടുന്നത് പാപത്തിന്റെ ശൈലിയും പാപിയുടെ സമീപനവുമൊക്കെ നോക്കിയായിരിക്കും.
ഒരു ദുര്‍ബലനിമിഷത്തില്‍ അടിപിഴക്കുകയും പിന്നെയതില്‍ ഖേടിക്കുകയും ചെയ്യുന്നവരുണ്ട്. ദൈവികവിധികളെ തട്ടിമാറ്റി കുറ്റങ്ങളെ നിയമമാക്കുന്നവരുണ്ട്. എല്ലാം നമുക്ക് സുപരിചിതം. ഇവടെപ്പക്ഷേ വിശ്വാസികളെ പറ്റിയാണ് പറയുന്നത്. തെറ്റിലകപ്പെടുകയും ചെയ്തത് തെറ്റായിപ്പോയെന്ന് ബോധ്യപ്പെടുകയും പിശാചിനൊപ്പം കൂടാതെ ദൈവസരണിയില്‍ നിലയുറപ്പിക്കാന്‍ വെംബുകയും ചെയ്യുന്നവര്‍. പാപസുരക്ഷിതത്വം പടച്ചതമ്പുരാന് കല്പിചിട്ടില്ലല്ലോ. വീണാല്‍ എഴുന്നേല്‍ക്കാനും അബദ്ധങ്ങള്‍ തിരുത്താനും പാപം ചെയ്താല്‍ പശ്ചാതപിക്കാനും ആണ് നമുക്ക് നല്കപ്പെട്ട നിര്‍ദ്ദേശം. തെറ്റ്കുറ്റങ്ങളില്‍ അഭിരമിക്കലും നിലകൊള്ളലുമാണ് അപകടകരം. അത് നിശ്ചയമായും നാശത്തിലാണ് കൊണ്ടെത്തിക്കുക. അല്ലാഹു പ്രവാചകനോട് പറഞ്ഞത് കേട്ടില്ലേ: “നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം: നിങ്ങള്‍ക്ക് സമാധാനം.
നിങ്ങളുടെ നാഥന് കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മകാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ചു കര്‍മങ്ങള്‍ നന്നാക്കുകയുമാനെന്കില് അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. ഇവ്വിധം നാം തെളിവുകള്‍ വിവരിച്ചു തരുന്നു. തെമ്മാടികളുടെ വഴി വ്യക്തമായി വേര്‍തിരിഞ്ഞു കാണാനാണിത്.”
നന്മയില് വല്ലപ്പോഴും സംഭവിച്ചേക്കാവുന്ന ഉദ്ദേശ്യത്തലര്ച്ച തിന്മ ചെയ്യാനുള്ള തീരുമാനമായി മാറിക്കൂടാ ഒരിക്കലും. അല്ലാഹുവിലേക്കുള്ള മടക്കമാണ് വിവേകവും ഗുണപ്രദവും. തിരുനബിയുടെ ഈ ചിത്രീകരണം ശ്രദ്ധിക്കൂ.അല്ലാഹു പറഞ്ഞതായി അവിടന്നു ഉദ്ധരിക്കുന്നു: “മനുഷ്യാ! എഴുന്നേല്ക്കൂ, ഞാന്‍ നിന്റടുതെക്ക് നടന്നുവരാം. എന്നിലേക്ക് നടന്നടുക്കൂ, ഞാന്‍ ഓടിവരാം” പശ്ചാതപിക്കുന്നവര്‍ക്ക് ദൈവത്തിന്റെ സ്വാഗതമോത്തു കണ്ടില്ലേ? എത്ര ഹൃദ്യം! ഈയര്‍ഥത്തിലുള്ള തിരുമൊഴികള്‍ ഇനിയുമുണ്ട് വളരെ. കുറ്റങ്ങള്‍ ജീവിതച്ചര്യയാക്കുകയും
നൂറാളുകളെ വകവരുത്തുകയും ചെയ്തയാളുടെ പശ്ചാതാപകഥ പ്രവാചകന് പറഞ്ഞു തന്നത്
പ്രസിദ്ധമാണല്ലോ. പുതുജീവിതത്തിനുള്ള ഒരുക്കതിനിടെ തന്നെ അയാള്‍ മരണമടഞ്ഞു. എന്നാല്‍ ആ മനംമാറ്റം വൃഥാവിലായില്ല. ദുന്യാവില് നിന്ന് അയാള്‍ തിരിഞ്ഞു നടന്നത് നേരെ സ്വര്ഗത്തിലെക്കായിരുന്നു. നോക്കൂ ദിവ്യകാരുണ്യത്തിന്റെ അപാരത! തന്നിലേക്ക് മുന്നിട്ടുവരുന്നവരെ അല്ലാഹു ഒരിക്കലും ആട്ടിയോടിക്കയില്ല. ഉദ്ദേശ്യശുദ്ധിയാണ് മുഖ്യം. അവന്റെ അരുളപ്പാടു കേള്‍ക്കൂ: “പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവൃത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് നാം പാപങ്ങള്‍ പൂര്‍ണമായും പൊറുത്തു കൊടുക്കും.”
ഇരുട്ടിലെ ജീവിതം ഇസ്ലാം പൂര്‍ണമായും തിരസ്കരിക്കുന്നു. രഹസ്യവും പരസ്യവും ഒരുപോലെ പവിത്രമായിരിക്കനമെന്നാണ് വിശ്വാസികളോട് അതിന്റെ നിഷ്കര്‍ഷ. ജനങ്ങളില്‍നിന്ന് മറച്ചുവെക്കുകയും അല്ലാഹുവിനെ വകവെക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് പരമമായ നാശം തന്നെയാണ് ഫലം. തിരുഷിശ്യനായ സൌബാനില്നിന്നും ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:
“തിരുനബി പറഞ്ഞു: എന്റെ സമുദായത്തിലെ ഒരു വിഭാഗം ജനങ്ങളെ എനിക്കറിയാം. അവര്‍ അന്ത്യനാളില്‍ പര്വതംകണക്കെ സല്‍കര്‍മങ്ങളുമായി വരും. എന്നാല്‍ അല്ലാഹു അവ ധൂളിയാക്കിക്കളയും. സൌബാന്‍ പറഞ്ഞു: പ്രവാചകരെ, അവരാരാനെന്നു വിവരിച്ചുതന്നാലും, അറിയാതെ ഞങ്ങള്‍ അക്കൂട്ടരില്‍ പെട്ടുപോകാതിരിക്കാന്‍! അവിടന്നരുളി: അറിഞ്ഞുകൊള്ളുക! അവര്‍ നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരും തന്നെ. നിങ്ങളെപ്പോലെ അവരും രാത്രിയില്‍ ഉപാസനകളര്പ്പിക്കും.പക്ഷെ ഒറ്റക്കായാല്‍ അക്കൂട്ടര്‍ ദൈവികപവിത്രതകളെ പറിച്ച്ചുചീന്തും.”
അകം ദുഷിച്ച സാത്വികത കൊടും കുറ്റമാണ്. പുറം മിനുക്കുന്നവരും പുറം പൂച്ചുകളില്‍ അഭിരമിക്കുന്നവരുമാണ് പലരും. കൂടെക്കിടന്നവര്‍ക്കല്ലേ രാപ്പനിയറിയൂ!
വിശ്വാസി തേനീച്ചയെപ്പോലെയാണ്. തോട്ടങ്ങളിലും പൂന്തോപ്പുകളിലും ചുറ്റിപ്പറന്നു മധു നുകര്‍ന്ന് അത് എല്ലാവര്ക്കും തേന്‍ തരുന്നു.
പാപം ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ അല്ലാഹു പൊറുത്തു തരുമോ?
ചോദ്യം: ഒരു പാപം ചെയ്ത് പശ്ചാത്തപിച്ച് മടങ്ങിയതിന് ശേഷം വീണ്ടും ആവര്‍ത്തിക്കുകയും പാപമോചനത്തിന് വേണ്ടി തേടുകയും ചെയതാല്‍ അല്ലാഹു പൊറുത്തു തരുമോ?
ഈ ചോദ്യത്തിനു ഉത്തരം പറയുന്നതിന് മുമ്പ് ഒരു നബി വചനം സൂചിപ്പിക്കട്ടെ. അബൂദര്‍റി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: മലക്ക് ജിബ് രീല്‍ എന്റെയടുക്കല്‍ വന്ന് ഒരു സന്തോഷവാര്‍ത്തയറിയിച്ചു. അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാതെ ഒരുവന് മരിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ ഞാന്‍ ജിബ് രീലിനോട് ചോദിച്ചു. അവന് മോഷണവും വ്യഭിചാരവും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെത്തന്നെയാണോ? ജിബ് രീല്‍ (അ) പറഞ്ഞു: അവന് മോഷ്ടിച്ചാലും വ്യഭിചരിച്ചാലും ശരി. (ബുഖാരി 579)
അബൂഹുറൈറ പറയുന്നു:നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. ഒരാള്‍ ഒരു പാപം ചെയ്യുകയും എന്നിട്ട് ‘അല്ലാഹുവേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി. എനിക്കു പൊറുത്തുതരണേ’ എന്നു പറയുകയും ചെയ്താല്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന് ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. പിന്നീട് അവന് ഒരു തെറ്റും ചെയ്യാതെ കുറേകാലം കഴിയുന്നു. എന്നാല്‍ കുറെകഴിഞ്ഞ് അവന് മറ്റൊരു തെറ്റ് ചെയ്യുകയും ചെയ്തയുടന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു: അല്ലാഹുവേ, ഞാന്‍ മറ്റൊരു തെറ്റ് കൂടി ചെയ്തിരിക്കുന്നു. എനിക്കു പൊറുത്തു തന്നാലും. അപ്പോള്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന് ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. പിന്നീട് കുറേകാലം പാപങ്ങളൊന്നും ചെയ്യാതെ ജീവിച്ചു. എന്നാല്‍ കുറെകാലം കഴിഞ്ഞ അവന് വീണ്ടും മറ്റൊരു തെറ്റ് ചെയ്തു. അപ്പോള്‍ അവന് പ്രാര്‍ത്ഥിക്കുന്നു: അല്ലാഹുവേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി. എനിക്കു പൊറുത്തുതരണേ’ അപ്പോള്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന് ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. അവന് ഇഷ്ടമുള്ളതെല്ലാം ചെയ്യാം.’ (ബുഖാരി 598)
ഈ ഹദീസുകള്‍ ഒരു നിലക്കും പാപങ്ങള്‍ ചെയ്യാനുള്ള പ്രോത്സാഹനമല്ല. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള കാരുണ്യവും സ്നേഹവും സൂചിപ്പിക്കുന്ന വചനങ്ങളാണിവ. അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും സൂചിപ്പിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്.
എന്നാല്‍ പാപമോചനം ലഭിക്കാന്‍ ഒരാള്‍ ശ്രദ്ധിക്കേണ്ട അവശ്യം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. ആദ്യമായി പാപത്തിനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുകയും സദാ അല്ലാഹുവിനെ കുറിച്ച് ഓര്‍ക്കുകയും ചെയ്യുക. തെറ്റ് ചെയ്യുമ്പോള്‍ അല്ലാഹുവിലേക്ക് തിരിയുക. അവന് മാത്രമാണ് നമുക്ക് പൊറുത്തു തരുന്നത്.
ഇവിടെ ചോദ്യകര്‍ത്താവ് ചോദിച്ചതു പോലെ, ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റും അല്ലാഹു പൊറുത്തുതരും; ആ തെറ്റിനു തൊട്ടുടന്‍ പശ്ചാത്തപിച്ചു മടങ്ങുകയും പാപമോചനം തേടുകയും ചെയ്താല്‍. എന്നാല്‍ ചെറിയ ചെറിയ പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വന്‍ പാപങ്ങളില്‍ ചെന്ന് വീഴാന്‍ കാരണമാകും. ചെറിയ ചെറിയ തെറ്റുകളിലൂടെ വന്‍ പാപങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ വിശ്വാസി അതിജാഗ്രത പുലര്‍ത്തണം.
അല്ലാഹുവിലേക്ക് പരമാവധി അടുക്കണെമെന്നാണ് നാമൊക്കെ കല്പിക്കപ്പെട്ടിരിക്കുന്നത്. അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ കുറിച്ച് എന്തു കരുതുന്നുവോ അങ്ങനെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന് ഏകനായി എന്നെ ഓര്‍ക്കുമ്പോള്‍ ഞാനും അവനെ ഓര്‍ക്കുന്നു. ഒരു കൂട്ടത്തിനിടയില്‍ എന്നെ ഓര്‍ക്കുമ്പോള്‍ അവരേക്കാള്‍ ഉത്തമരായ ഒരു കൂട്ടത്തോടൊപ്പം ഞാന്‍ അവരെ ഓര്‍ക്കുന്നു. അവന് എന്നിലേക്ക് ഒരു ചാണ് അടുക്കുമ്പോള്‍, ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കുന്നു. അവന് ഒരു മുഴം എന്നിലേക്കടുത്താല്‍ ഞാന്‍ അവനിലേക്ക് ഞാന്‍ ഒരടി അടുക്കുന്നു. അവന് എന്നിലേക്ക് നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും. (ബുഖാരി 502)
അല്ലാഹുവിലേക്ക് വിശ്വാസി അടുക്കാന്‍ അവന് അവന്റെ നിര്ബന്ധബാധ്യതകളായ നമസ്കാരവും നോമ്പും സകാത്തും ഹജ്ജും പൂര്‍ത്തീകരിക്കുന്നതോടൊപ്പം എപ്പോഴും അവനെ ഓര്‍ത്തു കൊണ്ടിരിക്കുകയും സാധ്യമാകുന്ന മറ്റെല്ലാ നന്മകളും ചെയ്യുക. അത് നമ്മുടെ പാപങ്ങളെ മായ്ചു കളയും. ഇന്‍ശാ അല്ലാഹ്