Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രാചീന കേരളം

കൂടുതല്‍ വിവരങ്ങള്‍

പ്രാചീനകേരളം (1122 വരെ)

കേരളത്തിന്റെ ചരിത്രാതീതകാലത്തെക്കുറിച്ച് നമുക്കുള്ള അറിവ് തുലോം പരിമിതമാണ്. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ള പുരാതനശിലായുഗത്തിന്റെയും നവീനശിലായുഗത്തിന്റെയും മഹാശിലായുഗത്തിന്റെയും അവശിഷ്ടങ്ങള്‍ (പുലച്ചിക്കല്ല്, മേശക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി) സാക്ഷ്യപ്പെടുത്തുന്നത് പുരാതനശിലായുഗത്തിന്റെ അവസാനഘട്ടംമുതല്‍ കേരളം മനുഷ്യവാസത്തിനു വേദിയായിരുന്നു എന്നാണ്. ഇവിടെ അക്കാലത്ത് ജനവാസമുണ്ടായിരുന്നുവെന്നുള്ളതിന്റെ തെളിവുകളാണ് ഈ സ്മാരകാവശിഷ്ടങ്ങള്‍. ഇവയ്ക്ക് 6,000 കൊല്ലത്തിലധികം പഴക്കം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.

പ്രാചീന ശിലായുഗത്തിന്റെ കാലഘട്ടം മുതല്‍ കേരളത്തില്‍ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കേരളത്തിലെ കാടുകളില്‍ നിവസിക്കുന്ന ഗോത്രവംശജരുടെ മുന്‍ഗാമികളായിരുന്നു ഇവിടത്തെ പ്രാചീന ശിലായുഗസംസ്കൃതിയുടെ വക്താക്കള്‍. ഏഷ്യയും ആഫ്രിക്കയും ആസ്റ്റ്രേലിയയും ഒരുമിച്ച് കൂടിച്ചേര്‍ന്നു കിടന്നിരുന്ന കാലഘട്ടത്തിലായിരിക്കാം നെഗ്രിറ്റോയ്സ്, പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശത്തില്‍പ്പെട്ട ഇക്കൂട്ടര്‍ ഇവിടെ എത്തിയത് എന്നുകരുതുന്നു. നരവംശശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പുരാതന ജനതയെ നെഗ്രിറ്റോ, പ്രോട്ടോ-ആസ്റ്റ്രലോയ്ഡ്, മെഡിറ്ററേനിയന്‍, ആര്യന്‍ എന്നിങ്ങനെ പല വംശക്കാരായി തരംതരിച്ചിരിക്കുന്നു. ഈ വംശങ്ങള്‍ തമ്മില്‍ ലയിച്ച് ഒന്നായിച്ചേര്‍ന്നതായ ഒരു വര്‍ഗമാണ് ഇപ്പോഴുള്ളത്. കാടര്‍, തോടര്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാര്‍ നെഗ്രിറ്റോ വംശത്തില്‍പ്പെട്ടവരാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് വംശക്കാര്‍ ആഹാരം തേടി നടക്കുന്നവരുടെ (Food gatheres) നിലയില്‍ നിന്നും സ്ഥിരതാമസത്തിലേക്കു (settled life) മാറിയിരുന്നു. നെഗ്രിറ്റോയ്ഡ് വംശജരും പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജരുമാണ് കേരളത്തിലെ ആദിമ നിവാസികളെ പ്രതിനിധീകരിക്കുന്നത്. മധ്യധരണ്യാഴിക്കു ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ് മെഡിറ്ററേനിയന്‍ വംശക്കാര്‍. 'തര്‍മിലോയ്' (Termiloi) എന്നു പറയപ്പെട്ടിരുന്ന ഇവരാണ് ആദ്യം ദ്രമിള, ദ്രവിഡ എന്നും പിന്നീട് തമിഴര്‍, ദ്രാവിഡര്‍ എന്നും അറിയപ്പെട്ടത്. ഇവരും പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് വംശത്തില്‍പ്പെട്ടവരുംചേര്‍ന്ന സങ്കരവര്‍ഗം തമിഴര്‍ (ദ്രാവിഡര്‍) എന്നറിയപ്പെടാന്‍ തുടങ്ങി. മഹാശിലാ സംസ്കാരവും ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും ഇവിടെ നടപ്പാക്കിയത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രാതീതകാലത്തുതന്നെ കേരളവും സിന്ധുനദീതടസംസ്കാരവും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നു വിശ്വസിക്കാന്‍ കാരണങ്ങളുണ്ട്. ഹാരപ്പായില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ഈട്ടിമരം കൊണ്ടുള്ള ഒരു ശവപ്പെട്ടിയും മറ്റു ചില ചിത്രരേഖാമുദ്രകളും കേരളവും സിന്ധുനദീതട സംസ്കാരവുമായുള്ള ബന്ധത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുമേരിയന്‍ തലസ്ഥാനമായ ഊര്‍ എന്ന നഗരത്തില്‍ നിന്നും ബി.സി. 2500-നോടടുത്തു പണി ചെയ്യപ്പെട്ട തേക്കുമരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബി.സി.10-ാം ശതകത്തില്‍ ഇസ്രയേല്യരുടെ രാജാവായിരുന്ന സോളമന്‍ ചക്രവര്‍ത്തിയുടെ 'തര്‍ക്കീഷ് കപ്പല്‍ സമൂഹം സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, ആള്‍ക്കുരങ്ങ്, പെരുങ്കുരങ്ങ് (പഴയ തര്‍ജുമകളില്‍ 'മയില്‍') എന്നിവ കൊണ്ടുവന്നിരുന്നു' എന്ന് പഴയനിയമത്തില്‍ (1 രാജാക്കന്മാ x 22) പ്രസ്താവിക്കുന്നത് കേരളത്തില്‍ നിന്നായിരുന്നു എന്ന് പുരാവസ്തുപണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അറബികളും ഫിനീഷ്യരും ചേര്‍ന്നായിരുന്നു കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ യൂറോപ്പില്‍ വിതരണം ചെയ്തിരുന്നത്. ബി.സി. 30-നോടടുപ്പിച്ച് റോമാക്കാര്‍ ഈജിപ്ത് പിടിച്ചടക്കുകയും ഇന്ത്യന്‍ വ്യാപാരത്തില്‍ നിന്ന് അറബികളെ നിശ്ശേഷം തുടച്ചുമാറ്റുകയും ചെയ്തു. 45-ല്‍ ഹിപ്പാലസ് എന്ന യവനനാവികന്‍ കാലവര്‍ഷക്കാറ്റ് ഉപയോഗപ്പെടുത്തി 40 ദിവസം കൊണ്ട് ഏഡന്‍ തുറമുഖത്ത് നിന്ന് അറബിക്കടല്‍ മുറിച്ചുകടന്ന് മുസിരിസ് (മുചിരിപത്തനം=കൊടുങ്ങല്ലൂര്‍) പട്ടണത്തില്‍ നേരിട്ട് എത്തിയത് റോമാസാമ്രാജ്യവുമായി നടന്നിരുന്ന വ്യാപാരത്തിന് വളരെയേറെ ഉത്തേജനം നല്‍കി. റോമാസാമ്രാജ്യവും കേരളവും തമ്മില്‍ നടന്നിരുന്ന വ്യാപാരത്തിന്റെ തെളിവുകളായി നിരവധി നാണയശേഖരങ്ങള്‍ കേരളത്തില്‍ പല സ്ഥലത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്.

കേരളവും ഉത്തരേന്ത്യയും തമ്മില്‍ പ്രാചീനകാലം മുതല്‍ അടുത്ത ബന്ധമുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കേരളത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അവയുടെ കാലനിര്‍ണയത്തിലുള്ള സംശയങ്ങള്‍ കാരണം ആധികാരികങ്ങളായി ഗണിക്കപ്പെടാറില്ല. കേരളത്തെ പരാമര്‍ശിക്കുന്നതും കാലം കൃത്യമായി നിര്‍ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതനഗ്രന്ഥം ബി.സി. 300-നോടടുപ്പിച്ച് എഴുതപ്പെട്ട കാത്യായനന്റെ വാര്‍ത്തികം ആണെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്തുതന്നെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ വളരെ അടുത്ത വാണിജ്യബന്ധം നിലവിലിരുന്നു.

അശോകചക്രവര്‍ത്തിയുടെ (ബി.സി. 272-232) ശിലാശാസനങ്ങളിലാണ് കേരളത്തെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങളുള്ളത്. അദ്ദേഹം കേരളപുത്രം ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ അയല്‍രാജ്യങ്ങളിലും ആതുരശാലകള്‍ സ്ഥാപിക്കുകയും മരുന്നുതോട്ടങ്ങളും തണല്‍വൃക്ഷങ്ങളും വച്ചുപിടിപ്പിക്കുകയും കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു (Rock Edict No. II). അശോകന്റെ പരിശ്രമഫലമായി ബുദ്ധമതവും അതിന് മുമ്പുതന്നെ ജൈനമതവും കേരളത്തില്‍ പ്രചരിച്ചിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ട്.

ആദിചേരവംശം (ഒന്നാം ചേരസാമ്രാജ്യം)

ഇന്ന് ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ തമിഴ് കാവ്യങ്ങള്‍ രചിക്കപ്പെട്ടത് സംഘകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിലാണ്. കവികളുടെ ഒരു സംഘം നിലവിലിരുന്നോ എന്ന കാര്യം സംശയാസ്പദമാണ്. എന്നാല്‍ സമകാലികരായ ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ ഈ സംഘം കൃതികളില്‍ കാണുന്നുണ്ടെന്നും ആ കൃതികള്‍ ക്രിസ്ത്വബ്ദം ആദ്യത്തെ മൂന്നു ശതകങ്ങളില്‍ രചിക്കപ്പെട്ടവയാണെന്നും ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

എട്ടുത്തൊകൈ, പത്തുപ്പാട്ട്, പതിറ്റുപ്പത്ത് എന്നീ കവിതാസമാഹാരങ്ങളിലാണ് ഈ സമകാലിക രാജവംശങ്ങള്‍ കൂടുതലായി പരാമര്‍ശിക്കപ്പെടുന്നത്. ഇവയില്‍ പതിറ്റുപ്പത്ത് ആദ്യകാല ചേരരാജാക്കന്മാരെപ്പറ്റി മാത്രമാണ് പ്രകീര്‍ത്തിക്കുന്നത്. അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലും അവരെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.

ചേര-ചോള-പാണ്ഡ്യരാജവംശങ്ങളില്‍ ഏറ്റവും പുരാതനമായത് ചേരരാജവംശമാണെന്ന് കരുതപ്പെടുന്നു. പ്രാചീന തമിഴകത്തിലെ വില്ലവരാണ് ചേരന്മാര്‍ എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. ചേരന്മാരുടെ രാജ്യം എന്ന അര്‍ഥത്തിലാണ് ഈ പ്രദേശത്തെ 'ചേരളം' എന്നു വിളിച്ചിരുന്നത്. ചന്ദ്രഗുപ്തന്റെ (ബി.സി. നാലാം ശതകം) ഗ്രീക്ക് സ്ഥാനപതി മെഗസ്തനീസ് കേരളത്തിന് നല്‍കുന്ന പേര് 'ചേര്‍മെ' എന്നാണ്. ചേരം എന്ന പദത്തിന്റെ നിഷ്പത്തി നിര്‍ണയിക്കുക വിഷമകരമായ കാര്യമാണ്. മലമ്പ്രദേശമായതിനാല്‍ 'ചേരല്‍' എന്ന പദത്തില്‍നിന്നായിരിക്കണം ആ പദത്തിന്റെ നിഷ്പത്തി എന്നു വാദിക്കുന്നവരുണ്ട്. കേരളം എന്ന പേര് ചേരല്‍ എന്ന വാക്കിന്റെ സംസ്കൃതരൂപമാണെന്ന് കരുതപ്പെടുന്നു. ആദ്യം കുടനാടിന്റെയും കുട്ടനാടിന്റെയും അധിപന്മാരായിരുന്നു ചേരന്മാര്‍. മുചിരി (കൊടുങ്ങല്ലൂര്‍) കുടനാട്ടിലെ പ്രധാന നഗരമായിരുന്നു. ക്രമേണ അവര്‍ വടക്ക് തുളുനാടു മുതല്‍ തെക്ക് ആയ്നാടുവരെയുള്ള തീരപ്രദേശത്തിന്റെയും കിഴക്ക് കൊങ്ങനാടിന്റെയും അധിപന്മാരായിത്തീര്‍ന്നു.

ഉതിയന്‍ ചേരല്‍ ആയിരുന്നു ചേരന്മാരില്‍ ആദ്യത്തെ പ്രധാനപ്പെട്ട രാജാവ്. വാനവരമ്പന്‍ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഇദ്ദേഹമാണ് ചേരരാജവംശം സ്ഥാപിച്ചത്. അദ്ദേഹത്തിന്റ ഭാര്യമാരില്‍ ഒരാള്‍ മലയരയത്തിയും മറ്റൊരാള്‍ കുറത്തിയുമാണ്. ഇദ്ദേഹം കുടനാടു മുഴുവന്‍ ആക്രമിച്ചു കൈവശപ്പെടുത്തി. കരികാലചോളനുമായുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം തോല്പിക്കപ്പെട്ടു. ആയ്രാജാക്കന്മാരുമായും തുളുരാജാക്കന്മാരുമായും ഇദ്ദേഹം വിവാഹബന്ധം സ്ഥാപിച്ചു. അങ്ങനെ പൊറ്റൈനാടും കൊങ്ങുനാടും ഇദ്ദേഹത്തിന്റെ അധീശത്വത്തില്‍ വന്നിരുന്നു. ജനങ്ങള്‍ക്ക് സുഭിക്ഷമായി ആഹാരം നല്‍കിയിരുന്ന ഇദ്ദേഹം 'പെരുംചോറ്റുതിയന്‍' എന്ന പേരിലും അറിയപ്പെട്ടു. കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവപാണ്ഡവ സേനകള്‍ക്ക് ഭക്ഷണം നല്‍കിയതിന്റെ ഫലമായിട്ടാണ് ഇദ്ദേഹത്തിന് 'പെരുംചോറ്റുതിയന്‍' എന്ന അപരനാമധേയം ലഭ്യമായത് എന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. ചെങ്കുട്ടുവന്‍ സിലോണ്‍ രാജാവായിരുന്ന ഗജബാഹുവിന്റെ സമകാലികനായിരുന്നുവെന്നതിനെ ആസ്പദമാക്കി ഇദ്ദേഹത്തിന്റെ ഭരണം ഒന്നാം ശതകത്തിന്റെ ആരംഭത്തില്‍ തുടങ്ങിയെന്നു കരുതാം.

നെടുംചേരലാതന്‍, ഉതിയന്‍ ചേരലിന്റെ പുത്രനായിരുന്നു. വീരനായ ഒരു പോരാളിയായിരുന്ന നെടുംചേരലാതന് 'ഇമയവരമ്പന്‍' (ഹിമാലയം അതിരാക്കിയവന്‍) എന്ന ബിരുദമുണ്ടായിരുന്നു. ഏഴുമുടിചൂടിയ മന്നന്മാരുടെ മേല്‍ വിജയം ചൂടിയ ഇദ്ദേഹം ഏഴുമുടിമാര്‍പ്പന്‍ എന്നറിയപ്പെട്ടു; അങ്ങനെ ഇദ്ദേഹം 'അധിരാജ' പദവിയിലേക്കുയര്‍ന്നു. വനവാസിയിലെ കുറുമ്പരെയും കടല്‍ക്കൊള്ളക്കാരായിരുന്ന യവനന്മാരെയും ഇദ്ദേഹം തോല്പിക്കുകയുണ്ടായി. ഇമയവരമ്പന്റെ ഭരണം (യുവരാജപദവി ഉള്‍പ്പെടെ) 58 കൊല്ലം നീണ്ടുനിന്നതായി പറയപ്പെടുന്നു. പോര്‍ എന്ന സ്ഥലത്തു വച്ച് ചോളരാജാവുമായുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം വധിക്കപ്പെട്ടു. കണ്ണൂരിനടുത്തുള്ള മാന്തൈ ആയിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം.

പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍ (ഇമയവരമ്പന്റെ ഇളയ സഹോദരന്‍) ഭരണവുമായി 25 വര്‍ഷത്തോളം ബന്ധപ്പെട്ടിരുന്നു. പൂഴിനാട് ആക്രമിച്ചു പിടിച്ചെടുത്തു; പാണ്ഡ്യന്മാരില്‍ നിന്ന് കുടനാട് തിരിച്ചുപിടിച്ചു. വേണാട്ടിലെ ആയ്വേള്‍മാരെ തോല്പിച്ച ഇദ്ദേഹം കൊങ്ങുനാട് (സേലം-കോയമ്പത്തൂര്‍ പ്രദേശങ്ങള്‍) ആക്രമിച്ചുപിടിച്ചു. മരതകഖനികള്‍ക്ക് പ്രസിദ്ധമായ പുന്നാട് സംരക്ഷിക്കുന്നതിനുവേണ്ടി കരുവൂര്‍ ഒരു തലസ്ഥാനം സ്ഥാപിച്ചു. അതിനെയും വഞ്ചി എന്നു വിളിച്ചുവന്നിരുന്നു.

പല്‍യാനൈ തന്റെ ജീവിതാവസാനകാലത്ത് ഒരു വിരക്തജീവിതമാണ് നയിച്ചിരുന്നത്. കവികള്‍ക്കും പുരോഹിതന്മാര്‍ക്കും ഇദ്ദേഹം വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കിയിരുന്നു. മഹര്‍ഷി ഗൗതമനാരുടെ നേതൃത്വത്തില്‍ പത്തു യാഗങ്ങള്‍ രാജാവ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. പല്‍യാനൈക്കുശേഷം അദ്ദേഹത്തിന്റെ സഹോദരനായ നാര്‍മുടിച്ചേരല്‍ രാജാവായി. ഏഴിമലയിലെ നന്നനുമായി നാര്‍മുടി തുടര്‍ച്ചയായി പൊരുതി. നന്നന്‍ പുന്നാട് ആക്രമിച്ചതാണ് നാര്‍മുടിയെ പ്രകോപിപ്പിച്ചത്. നന്നന്റെ നാവികസേനയെ വാകൈയൂര്‍ യുദ്ധത്തില്‍ നാര്‍മുടി തോല്പിച്ചുവെങ്കിലും ചോളരുടെ സഹായത്തോടുകൂടി നന്നന്‍ പാഴിയുദ്ധത്തില്‍ നാര്‍മുടിയോടു പകരംവീട്ടി. എന്നാല്‍ അധികം താമസിയാതെ വാകൈപെരുംതുറൈ യുദ്ധത്തില്‍ നന്നനെ ഇദ്ദേഹം തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഈ യുദ്ധത്തെത്തുടര്‍ന്ന് പൂഴിനാട് പൂര്‍ണമായും ചേരന്മാരുടെ അധികാരസീമയില്‍ ഒതുങ്ങി.

'കേരളോത്പത്തി'താളിയോലഗ്രന്ഥം

കടല്‍പിറകോട്ടിയ വേല്‍കെഴുകുട്ടുവന്‍ നെടുംചേരലാതന്റെ മറ്റൊരു മകനായിരുന്നു. പൂഴിനാട്ടിലെ നന്നനെതിരായും മോകൂറിലെ പഴയന്നെതിരായും ഇദ്ദേഹം വിജയങ്ങള്‍ നേടി. ചിലപ്പതികാരത്തിലെ പ്രശസ്ത രാജാവായ ചെങ്കുട്ടുവനാണ് വേല്‍കെഴുകുട്ടുവന്‍ എന്നു വിശ്വസിക്കപ്പെടുന്നു. കരികാലന്റെ മരണത്തെത്തുടര്‍ന്ന് ചോളസിംഹാസനത്തിനുവേണ്ടി നടന്ന അധികാര മത്സരത്തില്‍ ചെങ്കുട്ടുവന്‍ യുദ്ധത്തിന് പുറപ്പെട്ട ഒമ്പതു രാജാക്കന്മാരെ തോല്പിച്ചു തന്റെ സ്യാലനെ അധികാരത്തില്‍ വാഴിച്ചു.

കൊടുങ്ങല്ലൂരിലെ ഭഗവതീക്ഷേത്രത്തില്‍ കണ്ണകിപ്രതിഷ്ഠയ്ക്കു വേണ്ട ശില കൊണ്ടുവരാന്‍ ചെങ്കുട്ടുവന്‍ ഗംഗാതടംവരെ ജൈത്രയാത്ര നടത്തുകയും സമകാലികന്മാരായ പല രാജാക്കന്മാരുടെയും സാന്നിധ്യത്തില്‍ പ്രതിഷ്ഠനടത്തുകയും ചെയ്തു. അപ്പോള്‍ സന്നിഹിതന്മാരായിരുന്ന രാജാക്കന്മാരുടെ കൂട്ടത്തില്‍ സിലോണിലെ ഗജബാഹുരാജാവും ഉണ്ടായിരുന്നു. ഗജബാഹു (173-195)വിന്റെ സമകാലികനായിരുന്നതുകൊണ്ട് ചെങ്കുട്ടുവന്റെ കാലം രണ്ടാം ശതകത്തിന്റെ അന്ത്യപാദമാണെന്നു കണക്കാക്കാം.

പ്രസിദ്ധനായ ഒരു നാവികനായിരുന്നു ചെങ്കുട്ടുവന്‍. ഇദ്ദേഹം കടല്‍ത്തീരങ്ങളിലെ കടല്‍ക്കൊള്ള അവസാനിപ്പിച്ചു. 'കടല്‍പിറകോട്ടിയ കുട്ടുവന്‍' (തന്റെ വേല്‍ കൊണ്ടു കടലിനെ പിറകോട്ടു പായിച്ചവന്‍) എന്ന ഇദ്ദേഹത്തിന്റെ ബിരുദത്തിന് കാരണം ഇദ്ദേഹത്തിന്റെ കാലത്ത് കടല്‍ പിറകോട്ട് പോയതാണോ അതോ വമ്പിച്ച നാവികവിജയം നേടിയതാണോ എന്നത് വ്യക്തമല്ല. ഇദ്ദേഹം അങ്ങേയറ്റം ധര്‍മിഷ്ഠനായിരുന്നതു കൊണ്ടാണ് ചെങ്കുട്ടുവന്‍ എന്നു വിളിക്കപ്പെട്ടിരുന്നതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് വഞ്ചിനഗരത്തില്‍ (കൊടുങ്ങല്ലൂര്‍) പത്തിനിദേവി പ്രതിഷ്ഠ നടത്തിയത്.

ആട്ടുകൊട്ടുപാട്ടുച്ചേരലാതന്‍ നെടുംചേരലാതന്റെ മകനായ യുവരാജാവെന്ന നിലയിലും പിന്നീട് രാജാവെന്ന നിലയിലും മൊത്തം 38 വര്‍ഷം രാജ്യം ഭരിച്ചിരുന്നു. യുദ്ധക്കളത്തില്‍ വിജയം നേടിയ ഉടനെ വാളുമേന്തി വാദ്യഘോഷങ്ങളോടെ പാട്ടും പാടി നൃത്തം ചെയ്യുന്നവനായതുകൊണ്ടാണ് 'ആട്ടുകൊട്ടുപാട്ടുച്ചേരലാതന്‍' എന്ന പേര്‍ സിദ്ധിച്ചതെന്നു പറയപ്പെടുന്നു. സാഹിത്യാദി കലകളെ പരിപോഷിപ്പിക്കുന്നതിലും വാണിജ്യവും വ്യവസായവും വികസിപ്പിക്കുന്നതിലും ഇദ്ദേഹം ഒരുപോലെ ശ്രദ്ധിച്ചിരുന്നു. ചെല്‍വക്കടുങ്കോവാഴിയാതന്‍ കരുവൂര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന ശാഖയിലെ രാജാവായിരുന്നു (ഇദ്ദേഹം പെരുംചേരല്‍ ഇരുമ്പൊറെ I എന്നും അറിയപ്പെടുന്നു). ആ ശാഖക്കാര്‍ക്ക് 'ഇരുമ്പൊറെ' എന്ന ഒരു ബിരുദവുമുണ്ടായിരുന്നു. മൂലകുടുംബത്തിലെ രാജാക്കന്മാര്‍ ചേരല്‍ രാജാക്കന്മാരെന്നും മാകോതൈ (മഹോദയപുരം) തലസ്ഥാനമാക്കി വാണിരുന്ന മറ്റൊരു ശാഖ മാകോ തൈ രാജാക്കന്മാരെന്നും അറിയപ്പെട്ടു.

ചെല്‍വക്കടുങ്കോ പ്രസിദ്ധനായ ഒരു യോദ്ധാവായിരുന്നു. ഇദ്ദേഹത്തിന്റെ സിംഹാസനാരോഹണത്തോടടുപ്പിച്ച് ചോളന്മാരും പാണ്ഡ്യന്മാരും ചേര്‍ന്ന് കരുവൂരിന് നേരെ ആക്രമണം നടത്തി. ചെല്‍വക്കടുങ്കോ നേരിട്ടു യുദ്ധം നയിച്ച് ആക്രമണകാരികളെ തുരത്തി. ഇദ്ദേഹം വൈദികയജ്ഞങ്ങള്‍ നടത്തുകയും കവികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കപിലനായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനകവി. കുന്റൂര്‍കിഴാര്‍, മധുരൈനക്കീരന്‍ തുടങ്ങിയ കവികളെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.

പെരുംചേരല്‍ ഇരുമ്പൊറൈ II ചെല്‍വക്കടുങ്കോവിന്റെ പുത്രനായിരുന്നു. തകടൂര്‍ ആസ്ഥാനമാക്കി വാണിരുന്ന അതികമാന്‍ കുടുംബത്തിലെ എഴിനിയെ ഇദ്ദേഹം യുദ്ധത്തില്‍ തോല്പിച്ചു. എഴിനി അയല്‍പ്രദേശത്തെ മുഖ്യനായ കാരിയെ ആട്ടിയോടിക്കുകയും കാരി ഇരുമ്പൊറൈ II-നോടു സഹായം അഭ്യര്‍ഥിക്കുകയും ചെയ്കയാലാണ് ഇരുമ്പൊറൈ എഴിനിക്കെതിരായി യുദ്ധത്തിന് പുറപ്പെട്ടത്. പാണ്ഡ്യരും ചോളരും എഴിനിയെ സഹായിച്ചുവെങ്കിലും ഇരുമ്പൊറൈ ആ സംയുക്തസൈന്യത്തെ പരാജയപ്പെടുത്തി. എഴിനി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുവരാജാവായിരുന്ന ഇളംചേരല്‍ ഈ യുദ്ധത്തില്‍ ഒരു പ്രധാനപങ്കു വഹിച്ചു.

ഇരുമ്പൊറൈ II പതിനേഴു വര്‍ഷക്കാലം നാടുവാണു. ഇദ്ദേഹം പല യാഗങ്ങളും നടത്തി; കവികളെയും പണ്ഡിതന്മാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇളംചേരല്‍ ഇരുമ്പൊറൈ രാജാവായി ഭരിച്ചോ അതോ യുവരാജാവായിത്തന്നെ മരണമടഞ്ഞോ എന്ന് തീര്‍ച്ചയില്ല. ഇദ്ദേഹം കൊങ്ങുനാട്, പൂഴിനാട് എന്നീ പ്രദേശങ്ങളെല്ലാം ഭരിച്ചിരുന്നതായിട്ടാണ് കരുതപ്പെടുന്നത്. പുകാര്‍ നഗരത്തില്‍ നിന്ന് 'ചതുക്കപ്പൂത'ത്തെ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചത് ഇദ്ദേഹമാണെന്നു വിശ്വസിച്ചുപോരുന്നു. ചെങ്കുട്ടുവന്റെ കാലത്താണ് ഈ പ്രതിഷ്ഠ നടന്നത് എന്ന് ചിലപ്പതികാരത്തില്‍ പറയുന്നത് ശരിയാണെങ്കില്‍ ഇളംചേരല്‍ അക്കാലത്ത് യുവരാജാവായിരുന്നിരിക്കാനാണ് സാധ്യത.

യാനൈക്കാഴ്ചൈ മാന്തരന്‍ചേരല്‍ ഇരുമ്പൊറൈയും ഇളംചേരലും തമ്മിലുള്ള ബന്ധം വ്യക്തമല്ല. മാന്തൈ നഗരം തിരികെപ്പിടിച്ചതു കൊണ്ടാണ് മാന്തരന്‍ചേരല്‍ എന്ന പേരിലറിയപ്പെട്ടിരുന്നത്. തൊണ്ടിയും (സേലം ജില്ല) കൊല്ലിമലയും (വടക്കേ മലബാര്‍) ഇദ്ദേഹത്തിന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം. പ്രജാക്ഷേമ തത്പരനും വിദ്വാനും ആയ ഒരു രാജാവായിരുന്നു യാനൈക്കാഴ്ചൈ. ഇദ്ദേഹത്തിന്റെ ആജ്ഞപ്രകാരമാണ് ഐങ്കുറുനൂറ് എന്ന കാവ്യസമാഹാരം കൂടലൂര്‍കീഴാര്‍ രചിച്ചത്. യാനൈക്കാഴ്ചൈയുടെ ഭരണാന്ത്യത്തില്‍ ഇദ്ദേഹത്തെ നെടുഞ്ചേഴിയന്‍ എന്ന പാണ്ഡ്യരാജാവ് തലൈയാലംകാനം യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. എന്നാല്‍ യാനൈക്കാഴ്ചൈ ബന്ധനത്തില്‍ നിന്ന് പിന്നീട് രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ മരണത്തിന് ഏഴു ദിവസംമുമ്പ് ഒരു കൊള്ളിമീന്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ട ജനങ്ങള്‍ എന്തോ ഒരു അത്യാപത്തിന്റെ മുന്നോടിയായി അതിനെ കരുതി. ഇദ്ദേഹത്തിനുശേഷം ചേരരാജ്യം നാശോന്മുഖമായി.

ചില പില്ക്കാല ചേരന്മാര്‍

സംഘകാലഘട്ടത്തില്‍ ഭരിച്ചിരുന്ന ആദിചേരന്മാരില്‍ ഉതിയന്‍ചേരലിന്റെ ശാഖ 201 കൊല്ലവും മറ്റൊരു ശാഖയായ ഇരുമ്പൊറൈ ശാഖ 58 കൊല്ലവും ഭരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. പതിറ്റുപ്പത്തിലെ സൂചനകളില്‍ നിന്ന് ഉതിയന്‍ ചേരല്‍ ശാഖയുടെ അവസാന നാളുകളില്‍ അതിന്റെ താവഴിയായിട്ടാണ് ഇരുമ്പൊറൈ ശാഖ ഭരിച്ചിരുന്നത്. ഉതിയന്‍ചേരലിന്റെ കാലത്താണ് അന്തുവന്‍ചേരല്‍ ഇരുമ്പൊറൈ ശാഖ സ്ഥാപിച്ചത്. അവര്‍ തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളില്ല. സഹോദരന്മാരായിരിക്കാനാണ് സാധ്യത. നെടുംചേരലാതന്റെ ഭാര്യാസഹോദരിയെയാണ് ചെല്‍വക്കടുങ്കോ വിവാഹം കഴിച്ചതെന്ന കാര്യം അവര്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു.

മാന്തരന്‍ ചേരലിന് ശേഷം ചേരരാജവംശം ക്ഷയോന്മുഖമായി. സംഘകാലകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റു ചേരരാജാക്കന്മാരില്‍ കുണൈക്കാല്‍ ഇരുമ്പൊറൈ, മൂവന്‍ എന്ന ഗോത്രത്തലവനെ തോല്പിക്കുകയും അയാളുടെ പല്ലുകള്‍ പറിച്ച് തൊണ്ടിനഗരത്തിന്റെ ഗോപുരവാതുക്കല്‍ പതിക്കുകയും ചെയ്തു. പില്ക്കാലത്തു ചെങ്ങണാന്‍ എന്ന ചോളരാജാവ് കുണൈക്കാലനെ തോല്പിച്ചു തടവുകാരനായി പിടിച്ചു. അപമാനഭീതിയില്‍ പ്രായോപവേശം അനുഷ്ഠിച്ച് കുണൈക്കാലന്‍ ജീവിതമൊടുക്കിയെന്നു പറയപ്പെടുന്നു. വഞ്ചിശാഖയിലെ മറ്റൊരു രാജാവായിരുന്നു പാലൈപാടിയപെരുംകടുങ്കോ. ഇദ്ദേഹം പ്രതിഭാശാലിയായ ഒരു കവികൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ പല സംഘകാല രചനകളിലും മുഖ്യസ്ഥാനം വഹിക്കുന്നു. മറ്റു ചേരരാജാക്കന്മാരെപ്പറ്റി പരാമര്‍ശങ്ങളുണ്ടെങ്കിലും വിശദമായ ചരിത്രാംശങ്ങള്‍ ലഭ്യമല്ല.

മൂന്നാം ശതകത്തിന്റെ അവസാനത്തോടടുപ്പിച്ച് ദക്ഷിണേന്ത്യയില്‍ ഉണ്ടായ കളഭ്രരുടെ മുന്നേറ്റം ചേരരാജവംശത്തെയും ഉലയ്ക്കുകയുണ്ടായി. അച്ചുതവിക്കണ്ടന്‍ എന്ന കളഭ്രരാജാവ് തമിഴ്നാട്ടിലെ 'മൂന്നുമുടി മന്നന്മാരെ'യും തടവുകാരായി പിടിച്ചതായി പരാമര്‍ശിച്ചുകാണുന്നു. അടുത്ത രണ്ടു ശതകക്കാലം ചേരരാജ്യവും കുഴപ്പത്തില്‍പ്പെട്ടിരുന്നതായി അനുമാനിക്കാന്‍ വേണ്ടുന്ന തെളിവുകളുണ്ട്. യുദ്ധങ്ങള്‍ അപൂര്‍വമായിരുന്നതുകൊണ്ട് ജനജീവിതം വലിയ ദുരന്തങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. പക്ഷേ ഇക്കാലത്ത് തുളുനാട് കദംബരുടെ അധീനതയിലാവുകയും കൊങ്ങുനാട് സ്വതന്ത്രമാവുകയും ചെയ്തു.

വഞ്ചി, ചേരരാജധാനി

ആദിചേരന്മാരുടെ തലസ്ഥാനമായ വഞ്ചിമൂതൂര്‍ എവിടെയായിരുന്നു എന്നത് പ്രാചീന കേരള ചരിത്രത്തിലെ ഒരു വിവാദ വിഷയമാണ്. ആദിചേരരാജ്യത്തിന് പല തലസ്ഥാനങ്ങളുണ്ടായിരുന്നു: വഞ്ചി, കരുവൂര്‍, മാന്തൈ, കുഴമൂര്‍ തുടങ്ങിയവ. ഇവയെല്ലാം ആദിചേരന്മാരുടെ പല താവഴിക്കാരും പല കാലങ്ങളില്‍ താമസിച്ചിരുന്ന സ്ഥലങ്ങളായിരുന്നു. ഇവയില്‍ ആദിചേരന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നുവെന്നതാണ് പ്രശ്നം. കെ.ജി. ശേഷയ്യരും എസ്. കൃഷ്ണസ്വാമി അയ്യങ്കാരും വഞ്ചി, തിരുവഞ്ചിക്കുളമാണെന്നു വാദിക്കുമ്പോള്‍ കെ.എന്‍. ശിവരാജപിള്ളയും വി. കനകസഭയും അത് കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂര്‍ ആണെന്നും എം. രാഘവ അയ്യങ്കാരും വി.ആര്‍. രാമചന്ദ്ര ദീക്ഷിതരും അത് തിരുച്ചിറപ്പള്ളിക്കടുത്തുള്ള കരുവൂര്‍ ആണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

തിരുവഞ്ചിക്കുളമാണ് വഞ്ചി എന്ന വാദത്തിന് പ്രസക്തിയില്ല. തിരുവഞ്ചിക്കുളം പ്രസിദ്ധമായത് രണ്ടാം ചേരരാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയ്ക്കാണ്. അത് ഒമ്പതാം നൂറ്റാണ്ടിലായിരുന്നു. തൃക്കാരിയൂരാണ് വഞ്ചി എന്നറിയപ്പെട്ടതെന്ന വാദത്തിനും ഉപപത്തി കാണുന്നില്ല. വഞ്ചി പെരിയാറിന്റെ തീരത്തായിരുന്നു എന്നാണ് സംഘകാലകൃതികള്‍ വ്യക്തമാക്കുന്നത്. കരുവൂരാണ് വഞ്ചി എന്ന വാദത്തിന് അടിസ്ഥാനം, അത് പൊന്നി (കാവേരി) നദിയുടെ ശാഖയായ അമരാവതി തീരത്താണെന്ന വസ്തുതയാണ്. പല പ്രാചീനശാസനങ്ങളിലും കരുവൂര്‍ വഞ്ചി എന്നു പരാമര്‍ശമുണ്ട്. 10-ാം ശതകത്തിലെ ചിന്നമാനൂര്‍ ശാസനത്തില്‍ വഞ്ചി പൊന്നിനദിയുടെ വടക്കേക്കരയിലാണെന്നു പ്രസ്താവിച്ചിരിക്കുന്നു. കരുവൂര്‍, ചേരരാജാക്കന്മാരില്‍ ഇരുമ്പൊറൈ ശാഖക്കാരുടെ തലസ്ഥാനമായിരുന്നു. പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍ ആണ് കൊങ്ങുദേശം പലതവണ ആക്രമിച്ചു പിടിച്ചടക്കിയത്. ആ പ്രദേ ശത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി കരുവൂര്‍ ഒരു തലസ്ഥാനം സ്ഥാപിച്ചു. അതിനുമുമ്പ് ആദിചേരന്മാരുടെ തലസ്ഥാനം ഏതായിരുന്നു എന്നതാണ് പ്രശ്നം.

വഞ്ചി പടിഞ്ഞാറേ തീരത്തെന്നാണ് ചിലപ്പതികാരവും വിദേശസഞ്ചാരികളുടെ കുറിപ്പുകളും നല്‍കുന്ന വ്യക്തമായ സൂചന. ആദിചേരരാജാക്കന്മാരുടെ ആസ്ഥാനം കുടനാടും കുട്ടനാടുമായിരുന്നു. അവര്‍ കൊങ്ങനാടും കരൂരും പിന്നീടാണ് പിടിച്ചെടുത്തത്. ചിലപ്പതികാരത്തില്‍ ചെങ്കുട്ടുവന്റെ തലസ്ഥാനമായ വഞ്ചിനഗരം പടിഞ്ഞാറന്‍ കടല്‍ക്കരയില്‍ സ്ഥിതിചെയ്തിരുന്നുവെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. പെരിപ്ലസില്‍ മുസിരിസും നെല്‍കിണ്ടയും ഭരണകേന്ദ്രങ്ങളാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ടോളമിയുടെ വിവരണത്തില്‍ നിന്ന് ചേരരാജധാനി കൊടുങ്ങല്ലൂരില്‍ നിന്ന് തൊട്ടു ഉള്ളിലോട്ടു മാറി സ്ഥിതിചെയ്യുന്ന ഒരു നഗരമായിരുന്നു എന്നു കാണാം.

വഞ്ചി കൊടുങ്ങല്ലൂരിനടുത്തുള്ള കരൂപ്പടന്നയായിരിക്കാമെന്നാണ് മറ്റുചില ചരിത്രകാരന്മാരുടെ അഭിപ്രായം. പതിനാലാം ശതകത്തിന്റെ അവസാനത്തില്‍ രചിക്കപ്പെട്ട കോകസന്ദേശത്തില്‍ തിരുവഞ്ചിക്കുളത്ത് എത്തുന്നതിന് മുമ്പ് കുണവായും (തൃക്കണ്ണാമതിലകം) വഞ്ചിയും (കരൂപ്പടന്ന) കടന്നുപോകണമെന്ന് സന്ദേശവാഹകനായ കോകത്തോട് നിര്‍ദേശിക്കുന്നു. പെരിപ്ലസ്കാരന്‍ മുസിരിസിനെ (ചേരരാജ്യത്തിന്റെ തലസ്ഥാനം)പ്പറ്റി പറയുന്നത്: "നദീമുഖത്തിന് രണ്ടുമൈല്‍ അകലെയാണ് കേരബോത്രസ്സിന്റെ ഭരണകേന്ദ്രം എന്നാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാല്‍ ആദിചേരന്മാരുടെ തലസ്ഥാനം മുസിരിസ്സിനടുത്ത വഞ്ചി (കരൂപ്പടന്ന) ആയിരുന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കും.

ഒന്നാം ചേരസാമ്രാജ്യ കാലഘട്ടത്തിലെ പ്രമുഖ തുറമുഖമായിരുന്നു മുസിരിസ്. മുസിരിസ് തുറമുഖം വഴി ചേരരാജാക്കന്മാര്‍ വിദേശരാജ്യങ്ങളുമായി ആരോഗ്യകരമായ വാണിജ്യബന്ധം സ്ഥാപിച്ചിരുന്നു. വിദേശത്ത് ചേരന്റെ കപ്പലുകള്‍ സ്വര്‍ണം കൊണ്ടുവരുന്നതിനെപ്പറ്റി പുറനാനൂറിലെ കവികള്‍ പാടിയിട്ടുണ്ട്.

പുരാതന മുസിരിസ് പട്ടണം. കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുള്ള കേരളീയ തുറമുഖ പട്ടണമായ 'മുസിരിസ്', എറണാകുളം ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശമാകാം എന്ന നിഗമനത്തെ അടിസ്ഥാനപ്പെടുത്തി കേരള ചരിത്രഗവേഷണ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുരാവസ്തു ഗവേഷണമാണ് 'മുസിരിസ് പൈതൃക പദ്ധതി'. വിദേശ സംസ്കൃതിയുടെയും നഗരവത്കരണത്തിന്റെയും കച്ചവടത്തിന്റെയും നിരവധി തെളിവുകള്‍ ഗവേഷകസംഘം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. റോമന്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം ചേരരാജാക്കന്മാരുടെ നാണയങ്ങളും തുടര്‍ച്ചയായ ജനവാസത്തിന്റെ തെളിവുകളും ഇവിടെ നിന്നും ലഭ്യമായിട്ടുണ്ട്. ഏകദേശം 1000 ബി.സി. മുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള തെളിവുകള്‍ പട്ടണം ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ മുഖ്യ തുറമുഖമായിരുന്നു എന്ന സൂചനകള്‍ നല്‍കുന്നു; എറിത്രിയന്‍ കടലിലെ പെരിപ്ലസ് എന്ന വിദേശകൃതിയില്‍ പഴയകാല മുസിരിസ് പട്ടണത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങള്‍, വിശേഷപ്പെട്ട മുത്തുകള്‍, മണ്‍പാത്രങ്ങള്‍, വിദേശ നിര്‍മിത വീപ്പകള്‍ തുടങ്ങി ലോകകമ്പോളത്തില്‍ ലഭ്യമായ എല്ലാ വസ്തുക്കളും കച്ചവടം നടത്തപ്പെട്ടിരുന്ന ആഗോളപ്രസക്തിയുള്ള വ്യാപാരം മുസിരിസില്‍ നടന്നിരുന്നതായി പട്ടണം-മുസിരിസ് ഗവേഷണം സൂചന നല്‍കുന്നു.

ബാബിലോണിയര്‍, ഫിനീഷ്യര്‍, ഇസ്രയേലുകള്‍, ഗ്രീക്കുകാര്‍, റോമന്‍കാര്‍, ചൈനക്കാര്‍, അറബികള്‍ എന്നിവരായിരുന്നു അക്കാലത്ത് ചേരരാജ്യവുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പെരിപ്ലസിന്റെ ഗ്രന്ഥകാരന്‍ പ്ലിനി, ടോളമി എന്നിവരുടെ ഗ്രന്ഥങ്ങളില്‍ ചേരരാജ്യത്തിന്റെ വിദേശവാണിജ്യബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ചേരസാമ്രാജ്യത്തില്‍നിന്നും പല ദൗത്യസംഘങ്ങളും റോം സന്ദര്‍ശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നാവികശക്തിയിലും ചേരന്മാര്‍ മുന്നിലായിരുന്നുവെന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു.

തരിസാപ്പള്ളി ശാസനം

ഇന്നത്തേതില്‍നിന്നും തുലോം വ്യത്യസ്തമായിരുന്നു അക്കാലത്തെ സാമൂഹികവ്യവസ്ഥ. വര്‍ണവ്യവസ്ഥയും ജാതിസമ്പ്രദായവും സമൂഹത്തിന് അന്യമായിരുന്നു. തൊഴിലിന്റെയും വാസസ്ഥലത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ജനങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വസിച്ചിരുന്ന പ്രദേശത്തെ കുറിഞ്ഞി, മരുതം, നെയ്തല്‍, പാല, മുല്ല എന്നിങ്ങനെ അഞ്ചായി വിഭജിച്ചിരുന്നു. കുറിഞ്ഞി പ്രദേശത്ത് താമസിച്ചിരുന്നവര്‍ പുനവര്‍, കുറവര്‍, ആടവര്‍, താനവര്‍ എന്നീ പേരുകളിലും പാല പ്രദേശത്ത് താമസിച്ചിരുന്നവര്‍ മറവര്‍ അഥവാ വേട്ടുവര്‍ എന്ന പേരിലും മുല്ല പ്രദേശത്ത് താമസിച്ചിരുന്നവര്‍ ഇടയര്‍ എന്ന പേരിലും മരുതം പ്രദേശത്ത് താമസിക്കുന്നവര്‍ കൃഷിക്കാര്‍ എന്ന പേരിലും നെയ്തല്‍ (തീരദേശം) വാസികള്‍ പരവര്‍, വലയര്‍, മീനവര്‍, നുളയര്‍, പഴയര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. സ്ത്രീ പുരുഷ സമത്വമായിരുന്നു മറ്റൊരു പ്രത്യേകത. പുരുഷന്മാരോടൊപ്പം സ്ത്രീകളും അധ്വാനിക്കുകയും സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. കുറവൈക്കൂത്ത് ഇവരുടെ പ്രധാന വിനോദമായിരുന്നു. ചോറായിരുന്നു പ്രധാന ആഹാരം. മീനും ഇറച്ചിയും ഇലക്കറികളും ആഹാരത്തിന്റെ ഭാഗമായിരുന്നു. തിന, മുളനെല്ല് എന്നിവകൊണ്ട് പാചകം ചെയ്ത ഭക്ഷണവും നെല്ലില്‍ നിന്നും വാറ്റിയെടുത്ത മദ്യവും പ്രചാരത്തിലുണ്ടായിരുന്നു. ഇരുമ്പുകൊണ്ടു നിര്‍മിച്ച പലതരം കാര്‍ഷികോപകരണങ്ങളും ആയുധങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കൊമ്പ്, ശംഖ് എന്നിവ വിളിച്ചും പെരുമ്പറയടിച്ചുമായിരുന്നു യുദ്ധവിളംബരം നടത്തിയിരുന്നത്. മണ്‍പാത്രങ്ങളും ഉപയോഗിച്ചിരുന്നു. ഞവര, ഉഴുന്ന്, എള്ള്, കടല, വെണ്‍നെല്ല്, കുളനെല്ല്, ചെന്നെല്ല്, തിന, പയര്‍, കടുക് തുടങ്ങിയ വിളകള്‍ കൃഷിചെയ്തിരുന്നു.

ഉത്പന്നങ്ങള്‍ കൈമാറുകയായിരുന്നു പതിവെങ്കിലും അപൂര്‍വമായി നാണയങ്ങളും ഉപയോഗിച്ചിരുന്നു. വിദേശികളായിരിക്കാം നാണയങ്ങള്‍ പരിചയപ്പെടുത്തിയതെന്നു കരുതുന്നു. മൂന്നു തരത്തിലുള്ള ധനാഗമമാര്‍ഗങ്ങളാണ് ചേരരാജാക്കന്മാര്‍ക്കുണ്ടായിരുന്നത്. ജനങ്ങളില്‍ നിന്നുള്ള നികുതി, കച്ചവടക്കാരില്‍ നന്നുള്ള ചുങ്കം, ചിറ്റരചന്മാരില്‍ നിന്നും സ്വീകരിച്ചിരുന്ന തിറ അഥവാ തിരുമുല്‍ക്കാഴ്ച എന്നിവയായിരുന്നു അവ. കൃഷിക്കാര്‍ അവര്‍ ഉത്പാദിപ്പിക്കുന്ന ധാന്യശേഖരണത്തിന്റെ ആറിലൊരു ഭാഗം രാജാവിന് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഗ്രാമകാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഗ്രാമസഭകളും നിലവിലുണ്ടായിരുന്നതായി ചിലപ്പതികാരം വ്യക്തമാക്കുന്നുണ്ട്.

ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലത്താണ് ജൈന-ബൗദ്ധമതങ്ങള്‍ക്കു പുറമേ യഹൂദമതവും ക്രിസ്തുമതവും കേരളത്തില്‍ എത്തുന്നതും പ്രചരിക്കുന്നതും.

ആയ് രാജവംശവും ഏഴിമല രാജ്യവും. ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ പ്രബലമായ മറ്റു രണ്ടു രാജവംശങ്ങള്‍കൂടി കേരളത്തില്‍ നിലനിന്നിരുന്നു. തെക്ക് നാഗര്‍കോവില്‍ മുതല്‍ വടക്ക് തിരുവല്ല വരെയുള്ള സഹ്യപര്‍വതപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആയ് രാജവംശമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് കുട്ടനാടും കുടനാടും ചേര്‍ന്ന ചേരരാജ്യത്തിന് വടക്ക് സ്ഥിതി ചെയ്തിരുന്ന പൂഴിനാട് എന്ന ഏഴിമലദേശവും. വടക്കേ മലബാറും കാസര്‍കോടുവരെയുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ഏഴിമലദേശം. സംഘകൃതികളായ പുറനാനൂറ്, അകനാനൂറ് എന്നിവയില്‍ നിന്നാണ് പ്രധാനമായും ആയ്രാജവംശത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നത്. ടോളമി കേരളത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഒരു അയോയ് രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് ആയ് രാജവംശമാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പമ്പ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങള്‍ ആയ് രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നുവെന്ന് ടോളമിയുടെ വിവരണത്തില്‍ നിന്നും മനസ്സിലാക്കാം. പൊതിയില്‍ മലയടിവാരത്തെ ആയ്ക്കുടിയായിരുന്നു ഇവരുടെ തലസ്ഥാനം. ആയ് അണ്ടിരനായിരുന്നു പ്രധാനരാജാവ്. ഇദ്ദേഹത്തിന്റെ കാലശേഷം തിതിയനും അതിയും രാജ്യം ഭരിച്ചു. അതിയന്റെ ഭരണകാലത്ത് പാണ്ഡ്യരാജാവ് ആയ് രാജ്യം ആക്രമിച്ചു കീഴടക്കിയെങ്കിലും പിന്നീടവര്‍ രാജ്യം തിരിച്ചുപിടിച്ചു.

സംഘകൃതിയായ പുറനാനൂറില്‍ ആയ് രാജാക്കന്മാരായ ആയ് അണ്ടിരന്‍, തിതിയന്‍, അതിയന്‍ എന്നിവരെപ്പറ്റി പറയുന്നുണ്ട്. മുതമോച്ചിയാര്‍, കുട്ടുവന്‍, കിരനാര്‍ തുടങ്ങിയ കവികള്‍ ആയ് രാജാക്കന്മാരെപ്പറ്റി പാടിയിട്ടുണ്ട്.

സംഘകാലത്തിനുശേഷം ആയ് രാജാക്കന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നത് ഏഴാം നൂറ്റാണ്ടിലാണ്. പാണ്ഡ്യരുടെ ചില ശാസനങ്ങളില്‍ പാണ്ഡ്യരാജാക്കന്മാര്‍ തുടര്‍ച്ചയായി ആയ് രാജ്യം ആക്രമിച്ചതായി കാണുന്നു. ഏഴാം നൂറ്റാണ്ടില്‍ അരികേസരി എന്ന പാണ്ഡ്യരാജാവും എട്ടാം നൂറ്റാണ്ടില്‍ മാറന്‍ ചടയന്‍ എന്ന പാണ്ഡ്യരാജാവും ആയ് രാജ്യം ആക്രമിച്ചിട്ടുണ്ട്. അക്കാലത്ത് ചടയന്‍, കരുനന്ദന്‍ എന്നീ രാജാക്കന്മാരാണ് ആയ് രാജ്യം ഭരിച്ചിരുന്നത്. എ.ഡി. 885-925 കാലഘട്ടത്തില്‍ ആയ് രാജ്യത്ത് ഭരണം നടത്തിയ വിക്രമാദിത്യ വരഗുണന്റെ പാലിയം ചെപ്പേട് പ്രസിദ്ധമാണ്. ശ്രീമൂലപാദത്തെ (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിലേക്ക് ഭൂമിദാനം ചെയ്യുന്നതിനെ സംബന്ധിക്കുന്നതാണ് പാലിയം ചെപ്പേട്. വിക്രമാദിത്യ വരഗുണനുശേഷം ചോളന്മാരുടെ ആക്രമണത്തില്‍ ആയ് രാജവംശം അസ്തമിച്ചതായി കണക്കാക്കുന്നു.

സംഘകാലകൃതികളില്‍ നിന്നും അക്കാലത്തെ ശാസനങ്ങളില്‍ നിന്നും ആയ് രാജാക്കന്മാരുടെ ഭരണകാലത്തെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിതിഗതികളെക്കുറിച്ച് ഏറെക്കുറെ മനസ്സിലാക്കാം. ഭരണസൌകര്യാര്‍ഥം രാജ്യത്തെ പല നാടുകളായും നാടുകളെ ഊര്‍, കോട്ട്, കര എന്നിങ്ങനെ വിഭജിക്കുകയും ഓരോ വിഭാഗത്തിന്റെയും ഭരണനിര്‍വഹണത്തിനായി പ്രത്യേകം അധികാരികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കാശ്, ഈഴക്കാശ്, കരുംകാശ്, പഴംകാശ്, ദിനാരം എന്നിവ അക്കാലത്ത് പ്രചാരത്തിലിരുന്ന നാണയങ്ങളായിരുന്നു. ഇതില്‍ ദിനാരം റോമന്‍ നാണയമായിരുന്നു.

ഈ കാലഘട്ടത്തില്‍ സാംസ്കാരിക-വിദ്യാഭ്യാസരംഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. കരുനന്തടക്കന്‍ എന്ന ആയ് രാജാവ് സ്ഥാപിച്ച പാര്‍ഥിവപുരംശാല സംസ്കൃതം, വേദങ്ങള്‍, വ്യാകരണം, മീമാംസ, ആയുധവിദ്യ തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനത്തിന് അവസരമൊരുക്കി. ഈ ശാലയില്‍ പക്ഷേ ബ്രാഹ്മണവിദ്യാര്‍ഥികള്‍ക്കുമാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

കരുനന്തടക്കന്റെ മറ്റൊരു പ്രധാന സംഭാവന പാര്‍ഥിവപുരം ക്ഷേത്രത്തിന്റെ നിര്‍മാണമായിരുന്നു. ഇദ്ദേഹം വൈഷ്ണവ വിശ്വാസിയാണെന്നു കരുതുന്നു.

സംഘകാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന മറ്റൊരു പ്രധാനരാജ്യം ഏഴില്‍മല (ഏഴിമല) രാജ്യമായിരുന്നു എന്നു സൂചിപ്പിച്ചല്ലോ. ഇവര്‍ ചേരസാമ്രാജ്യത്തിന് കീഴിലെ ചിറ്റരചന്മാരായിരുന്നുവെന്നു കരുതുന്നു. ഏഴിമലയായിരുന്നു ഈ രാജ്യത്തിന്റെ തലസ്ഥാനം. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്താണ് ഏഴിമല. പ്രകൃതിദത്തമായൊരു തുറമുഖവും ഇവിടെയുണ്ട്. വടകര മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങളും അതിനു കിഴക്കുള്ള മലമ്പ്രദേശങ്ങളും ഉള്‍പ്പെട്ട ഏഴില്‍മല രാജ്യം എ.ഡി. ആദ്യശതകങ്ങളിലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായിരുന്നു ഈ പ്രദേശം ചിരപുരാതനകാലം മുതല്‍ വിദേശികളെ ആകര്‍ഷിച്ചിരുന്നു. ഏഴില്‍മലയുടെ തെക്കന്‍ അതിര് ചേരരാജ്യവും വടക്കന്‍ അതിര് കര്‍ണാടകവുമായിരുന്നു. നന്നനായിരുന്നു ഏഴിമല രാജാക്കന്മാരില്‍ പ്രമുഖന്‍. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യവിസ്തൃതി കോയമ്പത്തൂര്‍വരെ വ്യാപിച്ചു. സംഘം കവികളായ പരണരും അഴിശ്ശിയും നന്നനെ പ്രകീര്‍ത്തിച്ചു ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ട്. ചേരരാജാക്കന്മാരുമായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ട നന്നന്‍ ഒടുവില്‍ നാര്‍മുടിച്ചേരന്‍ എന്ന ചേരരാജാവുമായുള്ള യുദ്ധത്തില്‍ വധിക്കപ്പെട്ടതോടെ ഏഴിമല രാജവംശം അസ്തമിക്കുകയും രാജ്യം പൂര്‍ണമായും ചേരരാജ്യത്തിന്റെ ആധിപത്യത്തിന്‍ കീഴിലാവുകയും ചെയ്തതായി കരുതുന്നു.

രണ്ടാം ചേരസാമ്രാജ്യം

(എ.ഡി. 9-ാം ശ. മുതല്‍ 12-ാം ശ. വരെ)

മൂന്നാം ശതകത്തിന്റെ അവസാനദശകങ്ങളില്‍ കളഭ്രരുടെ ആക്രമണം നിമിത്തം തമിഴകത്ത് പൊതുവായുണ്ടായ അരാജകത്വാവസ്ഥ കേരളത്തെയും ബാധിച്ചു. അക്കാലത്ത്, പശ്ചിമ റോമാസാമ്രാജ്യം അധഃപതിക്കാന്‍ തുടങ്ങിയതും കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിച്ചിരിക്കണം. ഈ പരിതഃസ്ഥിതി കേരളത്തിലെ രാജവംശത്തെ പ്രതികൂലമായി ബാധിച്ചത് സ്വാഭാവികമാണ്. ഈ നില ആറാം ശതകത്തിന്റെ അവസാനം വരെ തുടര്‍ന്നു. ആറാം ശതകത്തിന്റെ അവസാനം പാണ്ഡ്യരുടെയും പല്ലവന്മാരുടെയും ശക്തി പുനരുജ്ജീവിച്ചതിന്റെ വ്യക്തമായ ചരിത്രം ഉള്ളപ്പോള്‍ ചേരന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അധികമൊന്നും കിട്ടാനില്ല. ഒന്നാം ചേര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതായി അനുമാനിക്കുന്ന അഞ്ചാം നൂറ്റാണ്ടിനുശേഷം ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ ചരിത്രത്തെപ്പറ്റി അറിയാനുള്ള രേഖകള്‍ കുറവാണ്. എന്നാല്‍ എ.ഡി. ഒമ്പതാം ശതകത്തോടെ കുലശേഖരപ്പെരുമാക്കന്മാരുടെ ആധിപത്യത്തില്‍ രണ്ടാം ചേരസാമ്രാജ്യം നിലവില്‍ വന്നതുമുതല്‍ക്കുള്ള വ്യക്തമായ ചരിത്രം ലഭ്യമാണ്.

ഇക്കാലത്തെ മറ്റൊരു പ്രധാനസംഭവം കേരളത്തിലേക്കുള്ള ആര്യബ്രാഹ്മണരുടെ വരവാണ്. ആര്യന്മാരുടെ ആഗമനം ഭാഷയിലും സംസ്കാരത്തിലും തമിഴകത്തില്‍ നിന്ന് കേരളത്തെ വേര്‍തിരിച്ച ഒരു സംഭവമായിരുന്നു. ബ്രാഹ്മണരുടെ പുരസ്കര്‍ത്താക്കളായിരുന്ന ചാലൂക്യരുടെ ഒരു പ്രധാനനഗരമായിരുന്ന അഹിച്ഛത്രത്തില്‍ നിന്നാണ് അവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതെന്നാണ് കേരളോത്പത്തിയില്‍ പരാമര്‍ശിക്കുന്നത്. അവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 32 തളികള്‍ സ്ഥാപിക്കുകയും സമൂഹത്തിലും രാജ്യത്തും തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കുകയും ചെയ്തു. കുലശേഖര രാജാക്കന്മാരുടെ പ്രഭാവത്തിന് പിന്നില്‍ ബ്രാഹ്മണ സ്വാധീനം വ്യക്തമായി കാണാം. അതുവരെ കേരളത്തില്‍ നിലനിന്നിരുന്ന ദ്രാവിഡ-ബുദ്ധ ജൈനസംസ്കൃതികളെ പിന്തള്ളി ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും നടപ്പില്‍ വന്നതും ശൈവ-വൈഷ്ണവ മതവിശ്വാസങ്ങള്‍ പ്രചാരത്തില്‍ വന്നതും ഈ കാലഘട്ടത്തിലായിരുന്നു.

രണ്ടാം ചേരരാജാക്കന്മാര്‍

രാമരാജശേഖരന്‍ (സു. 800-844). രാമരാജശേഖരനായിരുന്നു രണ്ടാം ചേരവംശത്തിന്റെ സ്ഥാപകന്‍. രാമനെന്നത് സ്വന്തം പേരും രാജശേഖരനെന്നത് ബിരുദവുമാണെന്ന വാസുഭട്ടന്റെ യുധിഷ്ഠിരവിജയത്തെ അടിസ്ഥാനമാക്കി കരുതപ്പെടുന്നു. ഇദ്ദേഹം കുലശേഖരനെന്ന വംശനാമം വഹിച്ചിരുന്നതായും കരുതുന്നവരുണ്ട്. ഈ രാജശേഖരന്റെ വ്യക്തിത്വത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വൈഷ്ണവ പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊന്നായിരുന്ന കുലശേഖര ആഴ്വാരും സംസ്കൃതപണ്ഡിതനായിരുന്ന കുലശേഖരനും ഒരാളായിരുന്നുവെന്ന് വാദിക്കപ്പെടുന്നു. തമിഴിലെ പെരുമാള്‍ തിരുമൊഴിയും സംസ്കൃതത്തിലെ മുകുന്ദമാലയും കുലശേഖര ആഴ്വാര്‍ ഭക്തിപ്രസ്ഥാനത്തിന് നല്‍കിയ മഹത്തായ സംഭാവനകളാണ്. കുലശേഖരന്‍ തപതീസംവരണം, വിച്ഛിന്നാഭിഷേകം, സുഭദ്രാ ധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യകൃതിയുടെയും കര്‍ത്താവായി അറിയപ്പെടുന്നു. ഇവര്‍ രണ്ടുപേരും ഒരാളാണെന്ന തീരുമാനത്തിലെത്താനുതകുന്ന തെളിവുകള്‍ ലഭ്യമല്ല.

കേരളത്തില്‍ നിന്നു കണ്ടുകിട്ടിയിട്ടുള്ള ആദ്യത്തെ പുരാരേഖയായ വാഴപ്പള്ളി ശാസനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 'രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവന്‍' ഈ രാജാവാണെന്ന ഒരു വാദമുണ്ട്. ഒരു ശിവഭക്തനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വാഴപ്പള്ളിശാസനം തന്നെ 'സ്വസ്തിശ്രീ' എന്നതിനുപകരം 'നമശ്ശിവായ' എന്നാണ് ആരംഭിക്കുന്നത്.

രാജശേഖരന്റെ കാലത്താണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത് (824-825). ഇക്കാലത്ത് പാണ്ഡ്യന്മാര്‍ ആയ്രാജ്യം ആക്രമിച്ചു വേല്‍നാടി(വേണാട്)ലെ പ്രധാന തുറമുഖമായ വിഴിഞ്ഞം കീഴടക്കുകയുണ്ടായി. ചേരരാജ്യത്തിന്റെ അതിര്‍ത്തിയില്‍ നടന്ന ഈ യുദ്ധം തങ്ങളെയും ബാധിക്കുമെന്ന് കണ്ട ചേരരാജാക്കന്മാര്‍ ആയ് വേല്‍ നാട്ടിലേക്ക് സൈന്യത്തെ അയയ്ക്കുകയും ആ നാടിന്റെ വടക്കുഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. ഈ ഭാഗമാണ് പിന്നീട് വേണാട് (വേല്‍+നാട്) എന്ന പേരില്‍ വിഖ്യാതമായിത്തീര്‍ന്നത്. നഷ്ടപ്പെട്ട വിഴിഞ്ഞത്തിനുപകരം ചേരന്മാര്‍ വികസിപ്പിച്ചെടുത്ത കൊല്ലം തുറമുഖത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെടുത്തിയാകണം കൊല്ലവര്‍ഷം നടപ്പിലായത്.

സ്ഥാണുരവി (സു. 844-883). തരിസാപ്പള്ളി ശാസനം മുഖേന പ്രശസ്തനായ സ്ഥാണുരവിയായിരുന്നു രാമരാജശേഖരന്റെ പിന്‍ഗാമി. സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തില്‍ (849) വേണാട് 'ഉടയവരാ'യ അയ്യന്‍ അടികള്‍ തിരുവടികള്‍ മാര്‍സപീര്‍ ഈശോ എന്ന ക്രിസ്ത്യന്‍ വര്‍ത്തകന്‍ പണിയിച്ച തരിസാപ്പള്ളിക്ക് കുരക്കേണിക്കൊല്ലത്ത് സ്ഥലവും അവകാശങ്ങളും നല്‍കിയതായിട്ടാണ് ശാസനം. കൊല്ലം തുറമുഖത്തിന്റെ വികസനം നടത്താ നും ഒരു പക്ഷേ പാണ്ഡ്യശക്തിയുമായുള്ള കലഹത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും ആഗ്രഹിച്ചുകൊണ്ടാവണം ഈ ശാസനം നല്‍കപ്പെട്ടത്.

സ്ഥാണുരവിയുടെ ഭരണകാലത്തെ മറ്റൊരു സംഭവം തഞ്ചാവൂരിലെ ചോളന്മാരുമായി ചേരന്മാര്‍ സ്ഥാപിച്ച ബന്ധുത്വമാണ്. ശ്രീകണ്ഠചോളനും സ്ഥാണുരവിയുമായി 844-45-ല്‍ ചോളസേനാനായകനായ വിക്കിഅണ്ണന് ചില ബിരുദങ്ങള്‍ നല്‍കിയതായുള്ള തില്ലൈ സ്ഥാനം രേഖ ഈ ബന്ധുത്വത്തെ സൂചിപ്പിക്കുന്നു. ചോളരാജകുമാരനായ പരാന്തകനും സ്ഥാണുരവിയുടെ മകളും തമ്മില്‍ നടന്ന വിവാഹത്തിലൂടെ ഈ ബന്ധുത്വം കുറേക്കൂടി ദൃഢമായിത്തീര്‍ന്നു.

സ്ഥാണുരവി പ്രബലനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് തലസ്ഥാനമായ മാകോതൈ നഗരം (മഹോദയപുരം) ഒരു സാംസ്കാരിക കേന്ദ്രവും വിദ്യാഭ്യാസ കേന്ദ്രവും ആയി ഉയര്‍ന്നിരുന്നു. വിദേശവ്യാപാരം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വിപുലമാക്കി. ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥത്തിന് ഭാഷ്യം ചമച്ച ശങ്കരനാരായണന്‍ സ്ഥാണുരവിയുടെ രാജസദസ്സിലെ ഒരംഗമായിരുന്നു. സ്ഥാണുരവി മഹോദയപുരത്ത് സ്ഥാപിച്ച ഗോളനിരീക്ഷണശാല ശങ്കരനാരായണന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

കോതരവിയുടെ തൃപ്പങ്ങോട്ടുശാസനം

കോതരവി വിജയരാഗന്‍ (സു. 883-913). സ്ഥാണുരവിയുടെ പിന്‍ഗാമിയെപ്പറ്റി തര്‍ക്കമുണ്ട്. സ്ഥാണുരവിയുടെ കാലത്തെ തരിസാപ്പള്ളി ശാസനം തയ്യാറാക്കുന്നതില്‍ രാജാവിന്റെ പ്രതിനിധി (കോയിലധികാരി) എന്ന നിലയില്‍ വിജയരാഗന്‍ പങ്കെടുത്തിരുന്നു. വിജയരാഗന്‍ സ്ഥാണുരവിയുടെ മകളുടെ ഭര്‍ത്താവായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തില്‍ മരുമക്കത്തായ സമ്പ്രദായം ഇക്കാലത്ത് നടപ്പിലില്ലാതിരുന്നതിനാല്‍ ജാമാതാവായ ഇദ്ദേഹം എങ്ങനെ ചേരരാജാവായി എന്ന പ്രശ്നം അവശേഷിക്കുന്നു.

വിജയരാഗദേവനെ സംബന്ധിച്ച മറ്റൊരു പ്രധാന രേഖ മധുരൈകൊണ്ട പുരകേസരിയുടെ 29-ാം ഭരണവര്‍ഷത്തിലെ തിരുവൊറ്റിയൂര്‍ ശാസനമാണ്. അതില്‍ വിജരാഗദേവന്‍ എന്ന ചേരരാജാവിന്റെ മകള്‍ ഇരവിനീലി എന്ന രാജ്ഞി വസ്തുദാനം ചെയ്തതായി പറയുന്നു. വിജയരാഗദേവന്റെ ഭരണകാലത്തെ ഒരു പ്രധാന സംഭവം ഏഴിമലയിലെ മൂഷകരാജാവുമായുണ്ടായ വിവാഹബന്ധമാണ്. മൂഷകവംശകാവ്യത്തില്‍ പ്രസ്താവിച്ചിരിക്കുന്നതനുസരിച്ച് വിജയരാഗന്‍ മൂഷകരാജാവായ കുഞ്ചിവര്‍മന്റെ മകളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ മൂഷകരാജാവും രാഷ്ട്രകൂടരും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന വിജയരാഗന്‍ ഈശാനമൂഷകന്‍ II-ന്റെ കാലത്ത് മൂഷകരാജ്യം ആക്രമിച്ചുവെങ്കിലും വളരെവേഗം സമാധാനം സ്ഥാപിതമാവുകയാണുണ്ടായത്.

കോതകോതകേരളകേസരി (സു. 913-943). കോതകോത എന്നും കേരളകേസരി എന്നും പേരുള്ള രാജാക്കന്മാരെ സംബന്ധിക്കുന്ന രണ്ടു ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ രണ്ടു ശാസനങ്ങളും ഒരേ രാജാവിനെത്തന്നെ സംബന്ധിക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാജാവിന്റെ കാലത്ത് പരാന്തകചോളന്‍ മധുര കീഴടക്കുകയും (910) നാഞ്ചിനാട് ആക്രമിക്കുകയും ചെയ്തു. തന്ത്രപ്രധാനമായ നാഞ്ചിനാടിന്റെ സുരക്ഷിതത്വം ചേരരാജ്യത്തിന്റെയും ആവശ്യമായിരുന്നതുകൊണ്ട് ചേരന്മാര്‍ ആയ്രാജാക്കന്മാരെ സഹായിക്കുകയുണ്ടായി. ചോളന്മാരോട് തോറ്റു നാടുവിട്ടോടിയ മാറവര്‍മന്‍ രാജസിംഹന് ഇദ്ദേഹം രാഷ്ട്രീയാഭയം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് ഉടനടി ഒരു ചേര-ചോള യുദ്ധത്തിന് വഴിതെളിച്ചില്ല.

ഇന്ദുക്കോത (സു. 943-962). ഇന്ദുക്കോതയും മുന്‍രാജാക്കന്മാരുമായുള്ള ബന്ധവും ഭരണാരംഭവും വ്യക്തമല്ല. എന്നാല്‍ ഇന്ദുക്കോതയുടെ പിന്തുടര്‍ച്ചക്കാരന്‍ ഭാസ്കരരവി ആണെന്ന കാര്യത്തില്‍ സംശയമില്ല.

ഇക്കാലത്ത് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വഴിത്തിരിവ് 949-ല്‍ രാഷ്ട്രകൂടര്‍ 'തക്കോലം' യുദ്ധത്തില്‍ ചോളരെ തോല്പിച്ചതാണ്. തുടക്കംകുറിച്ചിരുന്ന ചേര-ചോളബന്ധത്തെയും ഇതു ബാധിച്ചു. പരാന്തകചോളന്‍ കോക്കിഴാന്‍അടികള്‍ എന്ന ചേരരാജകുമാരിയെ വിവാഹം ചെയ്യുകയും ആ വിവാഹബന്ധത്തില്‍ ജനിച്ച രാജാദിത്യനെന്ന രാജകുമാരനെ ഇളയരാജാവാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജാദിത്യന്റെ കീഴിലുണ്ടായിരുന്ന സൈന്യത്തിന്റെ ഒരു പ്രധാന വിഭാഗം കേരളീയരായിരുന്നുവെന്ന് ശാസനങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. തക്കോലം യുദ്ധം ചേരരാജാക്കന്മാരെ നേരിട്ടുബാധിച്ചില്ലെങ്കിലും തെക്കേ ഇന്ത്യയില്‍ പുതിയതായി ഉയര്‍ന്നുവന്ന അധീശശക്തിയെന്ന നിലയില്‍ രാഷ്ട്രകൂടരെ കപ്പം കൊടുത്ത് ചേരര്‍ സ്വാധീനിച്ചതായി വിചാരിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രകൂട രാജാവായ കൃഷ്ണന്‍ മൂന്നാമന്റെ 959-ലെ കാര്‍ഹാഡ് ചെപ്പേടില്‍ ചേരന്മാരില്‍ നിന്നും കപ്പം ഈടാക്കിയതായി പറയുന്നുണ്ട്. 985-ല്‍ രാജരാജന്റെ കാലത്ത് ചോളശക്തി പുനരുജ്ജീവിച്ചതിനുശേഷം ചേര-ചോള ബന്ധം തകരുകയും ചേരരാജ്യം ചോളാക്രമണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു.

ഭാസ്കര രവി (962-1021). ഇന്ദുക്കോതയെ പിന്തുടര്‍ന്നുവന്നത് ഭാസ്കരരവി മനുകുലാദിത്യനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലം 58 വര്‍ഷം നീണ്ടുനിന്നുവെന്നതും അക്കാലത്തെ ശാസനങ്ങളില്‍ വ്യാഴത്തിന്റെ നില പലവിധത്തില്‍ പറഞ്ഞിരിക്കുന്നുവെന്നതും ഭാസ്കരരവി എന്ന പേരില്‍ ഒന്നില്‍ക്കൂടുതല്‍ രാജാക്കന്മാരുണ്ടായിരുന്നു എന്ന സംശയത്തിന് വഴിതെളിക്കുന്നു. ഭാസ്കരരവി എട്ടാമത്തെ വയസ്സില്‍ രാജാവായി. 25-ാമത്തെ വയസ്സില്‍ കിരീടധാരണം നടത്തി. അതുകാരണമാണ് രണ്ടു പരമ്പരയില്‍ ശാസനങ്ങള്‍ കാണുന്നത്. തിരുവല്ലാ ചെപ്പേടില്‍ മനുകുലാദിത്യന്‍ ഇളങ്കോ (ഇളമുറ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ്) എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാസ്കര രവിയുടെ 24 ശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അവയില്‍ സുപ്രസിദ്ധമായത് ഇദ്ദേഹത്തിന്റെ 38-ാമത് ഭരണവര്‍ഷത്തില്‍ (1000-ാമാണ്ടു) ജൂതന്മാരുടെ തലവനായ ജോസഫ് റബ്ബാന് പലവിധ അവകാശങ്ങളും അനുവദിച്ചുകൊടുത്ത ശാസനമാണ്. ഈ പട്ടയം നല്‍കിയ കാലത്തെ പരിതഃസ്ഥിതികള്‍ കണക്കിലെടുത്താല്‍ രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു സമ്പന്ന വണിക് സമുദായത്തിന് ഈ അവകാശപ്രമാണം സമ്മാനിച്ചത് അവരുടെ പിന്തുണയും ആദരവും നേടാന്‍ കൈക്കൊണ്ട ഒരു നയപരിപാടിയായിരുന്നുവെന്ന് കാണാന്‍ കഴിയും. ഈ ശാസനം വ്യക്തമാക്കുന്ന മറ്റൊരു വസ്തുത ഇപ്രകാരമുള്ള അവകാശങ്ങള്‍ നല്‍കുമ്പോള്‍, രാജ്യത്തെ പ്രധാന സാമന്തപ്രഭുക്കളെയെല്ലാം അതിനു സാക്ഷികളാക്കിയിരുന്നു എന്നതാണ്. വേണാട്, വെമ്പൊലിനാട്, ഏറനാട്, വള്ളുവനാട്, നെടുമ്പുറയൂര്‍നാട് എന്നീ പ്രദേശങ്ങളിലെയെല്ലാം ഉടയവര്‍ (ഗവര്‍ണര്‍മാര്‍) ഈ ശാസനത്തിന് സാക്ഷികളായിരുന്നു.

ഭാസ്കര രവിയുടെ ഭരണകാലം ചേര-ചോള ബന്ധത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. 985-ല്‍ അധികാരത്തില്‍ വന്ന രാജരാജചോളന്‍ (985-1016) തന്റെ ഭരണകാലാരംഭത്തില്‍ത്തന്നെ കാന്തളൂര്‍ശാലയും വിഴിഞ്ഞവും ആക്രമിക്കുകയും വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ നാഞ്ചിനാട് പൂര്‍ണമായും ചോളര്‍ക്കധീനമായി. തെക്കന്‍ തിരുവിതാംകൂറില്‍ ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങള്‍ ഒരു പ്രത്യേക മേഖലയാക്കുകയും അതിന്റെ സുരക്ഷിതത്വത്തിന് ഒരു സൈന്യവിഭാഗത്തെ നിയോഗിക്കുകയും ചെയ്തു. വിഴിഞ്ഞവും കാന്തളൂര്‍ശാലയും തുടര്‍ച്ചയായി ആക്രമിച്ചത് ചേരന്മാരുടെ നാവികശക്തിയെ നശിപ്പിക്കാനായിരിക്കണം.

യഹൂദനേതാവ് ജോസഫ് റബ് ബാനു ഭാസ്കരരവിവര്‍മ നല്കിയ ചെപ്പേട്

രാജരാജന്റെ സൈന്യങ്ങള്‍ 1005-ാമാണ്ട് കൊല്ലവും തുടര്‍ന്ന് ചേരരാജധാനിയായ മഹോദയപുരവും ആക്രമിച്ചു. ഈ തുറമുഖങ്ങള്‍ ചോളനാവികപ്പടയുടെ സഹായത്തോടെ ആക്രമിച്ചു കൊള്ളചെയ്തതായിട്ടാണ് കാണുന്നത്. രാജരാജന്റെ ഭരണാന്ത്യത്തില്‍ ചോളന്മാര്‍ മൂഷകരാജാവിന്റെ ഭരണത്തിലിരുന്ന 12,000-ത്തോളം വരുന്ന ദ്വീപുകളെ കീഴടക്കിയതായി പരാമര്‍ശങ്ങള്‍ കാണുന്നു. ഈ ആക്രമണവും ഈ ദ്വീപുകളുമായുണ്ടായിരുന്ന ചേരന്മാരുടെ വ്യാപാരക്കുത്തക തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.

രാജരാജനെ പിന്തുടര്‍ന്ന രാജേന്ദ്രനും (1014-44) സാമ്രാജ്യവിപുലീകരണ പരിപാടി തുടര്‍ന്നു. തിരുവിലങ്ങാട് ചെപ്പേട് പ്രകാരം രാജേന്ദ്രന്‍ കേരളദേശം ആക്രമിക്കുകയും ചേരരാജാവിന്റെ അമൂല്യമായ കിരീടവും മറ്റു കലാശേഖരങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പാണ്ഡ്യരാജ്യം കീഴടക്കി ഒരു പ്രത്യേക വൈസ്രോയിയെ അവിടെ നിയമിച്ചപ്പോള്‍ കേരളരാജാവിനെത്തന്നെ ഇവിടെ ചോളന്മാരുടെ പ്രതിനിധിയായി തുടരുവാന്‍ അനുവദിക്കുകയാണുണ്ടായത്. ചേരരാജാവായ രാജസിംഹന്‍ (സു. 1021-36) രാജേന്ദ്രചോളന്റെ ബഹുമാനാര്‍ഥം മന്നാര്‍ക്കോയിലില്‍ രാജേന്ദ്ര ചോളവിണ്ണകര്‍ എന്നൊരു വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചു. അടുത്ത രാജാവായ രാജരാജനും (1018-89) ചോളസാമന്തനായിരുന്നു.

അടുത്ത ചോളരാജാവായിരുന്ന രാജാധിരാജന്റെ (1018-54) ശാസനങ്ങളിലും കേരളം ആക്രമിച്ചതായി കാണുന്നത് രാജരാജന്റെ ഇളമുറ എന്ന നിലയില്‍ യുദ്ധത്തില്‍ പങ്കെടുത്തതായിരിക്കണം സൂചിപ്പിക്കുന്നത്. കേരളരാജാവായ വീരകേരളനെ ഒരു ആനയെക്കൊണ്ടു ചവിട്ടിച്ചു കൊല്ലിച്ചുവെന്ന് രാജാധിരാജന്റെ 29-ാം ഭരണവര്‍ഷത്തിലെ മണിമംഗലം ശാസനത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍ വീരകേരളനെന്ന ഒരു ചേരരാജാവിനെപ്പറ്റി ഒരു വിവരവും ഇല്ലെന്ന സ്ഥിതിക്ക് ഈ പരാമര്‍ശം പാണ്ഡ്യന്മാരെയോ കൊങ്ങു ചേരന്മാരെയോ സംബന്ധിച്ചതായിരിക്കാനാണ് സാധ്യത.

രവികോതരാജസിംഹന്‍(സു.1021-36). രാജസിംഹനും ചോളന്മാരുടെ സാമന്തനായി കഴിഞ്ഞിരുന്നുവെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. വീരകേരളനെ ആനയെക്കൊണ്ടു ചവിട്ടിച്ചു കൊന്നുവെന്ന രേഖയില്‍ത്തന്നെ ശക്തനായ വില്ലവന്‍ (ചേരരാജാവ്) ഭയപ്പെട്ട് കാട്ടില്‍ ഒളിച്ചോടിയതായി പറഞ്ഞിരിക്കുന്നു. ഈ രാജാവ് രാജസിംഹനായിരിക്കണം. രാജസിംഹന്റെ മൂന്നാമതു ഭരണവര്‍ഷത്തെ തളക്കാടുരേഖയില്‍ രണ്ട് ക്രിസ്ത്യന്‍ കച്ചവടക്കാര്‍ക്ക് ചില പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചതായി സൂചനയുണ്ട്.

രാജരാജന്‍, രവിരാമരാജാദിത്യന്‍, ആദിത്യന്‍കോതരണാദിത്യന്‍ (സു. 1036-89). രാജസിംഹനും അവസാനത്തെ ചേരരാജാവായ രാമകുലശേഖരനുമിടയില്‍ മൂന്നു രാജാക്കന്മാര്‍ ഭരിച്ചിരുന്നതായി കാണുന്നു. 1037-ലെ മന്നാര്‍ക്കോയില്‍ രേഖയില്‍ ചോള വൈസ്രായി ആയിരുന്ന ജടാവര്‍മന്‍ സുന്ദരചോളപാണ്ഡ്യന്‍'ചേരമനാര്‍ രാജരാജന്‍' എന്നൊരു ചേരരാജാവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തൃക്കൊടിത്താനം ക്ഷേത്രരേഖയില്‍ പരാമൃഷ്ടനാകുന്ന മറ്റൊരു രാജാവായ രവിരാമന്‍ രാജരാജന്റെ പിന്‍ഗാമി ആയിരിക്കാനിടയുണ്ട്. നളോദയമെന്ന സംസ്കൃത യമകകാവ്യത്തിന്റെ കര്‍ത്താവായ രവി തന്റെ പുരസ്കര്‍ത്താവായ രാമരാജാദിത്യനെ സ്മരിക്കുന്നുണ്ട്. അടുത്ത രാജാവ് ആദിത്യന്‍കോത എന്ന രണാദിത്യ ചക്രവര്‍ത്തി ആയിരുന്നു. തന്റെ 5-ാം ഭരണവര്‍ഷം നല്കിയ പറമ്പന്‍ തളിക്ഷേത്രരേഖയില്‍ രണാദിത്യനെ 'ചക്രവര്‍ത്തികള്‍' എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഈ രാജാക്കന്മാരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

ചേരമാന്‍പറമ്പ്

രാമകുലശേഖരന്‍ (1089-1122). വീരരാജേന്ദ്രന്റെ (1063-69) കാലത്ത് ചോളരാജ്യത്തിലുണ്ടായ കുഴപ്പം കുലോത്തുംഗന്‍ ഒന്നാമന്റെ (1070-1122) കാലം വരെ തുടര്‍ന്നു. ഇക്കാലത്ത് ചേരരാജ്യം പൂര്‍ണമായോ ഭാഗികമായോ സ്വാതന്ത്യ്രം പ്രാപിച്ചിരുന്നിരിക്കാം. ആദിത്യന്‍ കോതയുടെയും രാമകുലശേഖരന്റെയും ശാസനങ്ങളില്‍ 'ചക്രവര്‍ത്തികള്‍' എന്ന ബിരുദം സ്വീകരിച്ചിരിക്കുന്നതില്‍നിന്നും, കുലോത്തുംഗന്‍ ഒന്നാമന്റെ കാലത്ത് വീണ്ടും വീണ്ടും കേരളം ആക്രമിച്ചിരിക്കുന്നതില്‍നിന്നും ഇങ്ങനെയാണ് ഊഹിക്കേണ്ടത്. കുലോത്തുംഗചോളന്റെ സൈന്യം ആയ്രാജ്യം ആക്രമിച്ചു കീഴടക്കുകയും ചേരരാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയായ വേണാട് ആക്രമിക്കുകയും ചെയ്തു. 1101-ലെ ഒരു ചോളശാസനത്തില്‍ ചോളസൈന്യം 1097-ല്‍ കൊല്ലം പിടിച്ചെടുത്തുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.

തെക്കന്‍ കേരളത്തില്‍ നടക്കുന്ന രൂക്ഷമായ സമരത്തില്‍ പങ്കെടുക്കാനായി രാമകുലശേഖരന്‍ കൊല്ലത്തുവന്ന് താമസിച്ചിരുന്നതായി 1102-ലെ ഒരു രേഖയില്‍ കാണുന്നു. കൊല്ലം പനങ്കാവില്‍ കൊട്ടാരത്തില്‍ രാമകുലശേഖരന്‍ എല്ലാ രാജസന്നാഹങ്ങളോടും നാലുതളി, ആയിരം സാമന്തര്‍(ബ്രാഹ്മണര്‍) എന്നിവരോടുകൂടിയാണ് താമസിച്ചിരുന്നത് എന്നു രേഖപ്പെടുത്തിക്കാണുന്നതിനാല്‍ അദ്ദേഹം മഹോദയപുരത്തു നിന്ന് ഒളിച്ചോടിവന്നു താമസിക്കുകയായിരുന്നു എന്ന പ്രസ്താവത്തിനു അടിസ്ഥാനമില്ല. പിന്നീട് അദ്ദേഹം തന്റെ ചാവേറ്റുപടയുടെ സഹായത്തോടുകൂടി ചോളര്‍ക്കു ശക്തമായ തിരിച്ചടി നല്കിയെന്നും അവരെ കോട്ടാറിലേക്കു പിന്തള്ളിയെന്നും കാണിക്കുന്ന സൂചനകളും ലഭ്യമായിട്ടുണ്ട്.

ഈ ചേര-ചോളയുദ്ധം വീണ്ടും തുടര്‍ന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. 1120-ലെ വിക്രമചോളന്റെ സൈന്യം കേരളം ആക്രമിച്ച് രാജാവില്‍നിന്നും കപ്പം ഈടാക്കിയതായി പറയുന്നു. കാന്തളൂര്‍ശാല പിടിച്ചെടുക്കുകയും (തിരു) അനന്തപുരത്തെ ക്ഷേത്രത്തില്‍ കടക്കുകയും ചെയ്തു. എന്നാല്‍ 1121-നു മുമ്പുതന്നെ ചേരസൈന്യം ചോള-പാണ്ഡ്യ സൈന്യത്തെ തോല്പിച്ച് നാഞ്ചിനാടും കോട്ടാറും പിടിച്ചെടുത്തതായി തെളിവുകള്‍ സൂചിപ്പിക്കുന്നു.

ഈ കുഴപ്പങ്ങള്‍ക്കിടയില്‍ രാമകുലശേഖരന്‍ രംഗത്തുനിന്നു നിഷ്ക്രമിച്ചു. 1122-നു ശേഷം അദ്ദേഹത്തെപ്പറ്റിയോ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരെപ്പറ്റിയോ യാതൊരു രേഖകളും ലഭ്യമല്ല. ഈ അവസ്ഥയില്‍ അവസാനത്തെ പെരുമാള്‍ രാജ്യം തന്റെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കുമായി ഭാഗിച്ചു കൊടുക്കുകയും ഇസ്ലാംമതം സ്വീകരിച്ച് അറേബ്യയിലേക്കു പോവുകയും ചെയ്തുവെന്ന കേരളോത്പത്തി കഥ ശരിയായിരിക്കാനാണ് ഇടയുള്ളത്.

ഭരണരീതിയും സാമൂഹികജീവിതവും

സംഘകാലത്തു ചോള-പാണ്ഡ്യ രാജ്യങ്ങളിലെ ഭരണരീതിതന്നെയാണ് കേരളത്തിലും നടപ്പിലിരുന്നത്. പ്രധാനമായും മൂന്നു രാജവംശങ്ങളായിരുന്നു അക്കാലത്ത് കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. തെക്കേയറ്റത്തെ ആയ് രാജവംശവും മധ്യകേരളത്തിലെ ചേര രാജവംശവും വടക്കന്‍ കേരളത്തിലെ ഏഴിമല വംശവുമായിരുന്നു അവ. മൂന്നുരാജകുടുംബങ്ങള്‍ ഈ രാജ്യങ്ങളില്‍ ഭരണം നടത്തിയിരുന്നു. ഇതിനു പുറമേ ഭൂവിഭാഗങ്ങളില്‍ പാരമ്പര്യമായി ഗോത്രത്തലവന്മാരും ഭരണം നടത്തിയിരുന്നു.ഈ ഗോത്രത്തലവന്മാര്‍ രാജാക്കന്മാരോടു കൂറുപുലര്‍ത്തിയിരുന്നുവെങ്കിലും, അവര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ രാജാവിനെപ്പോലെതന്നെ പെരുമാറി. സംഘാനന്തരകാലത്തു പ്രവിശ്യകളിലെ ഉടയവര്‍ (ഗവര്‍ണര്‍മാര്‍) പാരമ്പര്യമായി അധികാരം വഹിച്ചിരുന്നവരും രാജ്യത്തിന്റെ നിര്‍ണായക കാര്യങ്ങളില്‍ സ്വാധീനതയുള്ളവരുമായിരുന്നു(ഉദാ. തരിസാപ്പള്ളി ചെപ്പേട്-849, ജൂതശാസനം-1000 തുടങ്ങിയവ).

ആദിചേരസാമ്രാജ്യത്തില്‍ നാഞ്ചിനാടുമുതല്‍ ഏഴിമലവരെയുള്ള പ്രദേശങ്ങളും കേരളത്തിനു പുറമേ കോയമ്പത്തൂര്‍-സേലം ജില്ലകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഏഴിമല കേന്ദ്രമായുള്ള മൂഷകരാജ്യവും നാഞ്ചിനാടും സമീപപ്രദേശങ്ങളും ഉള്‍പ്പെട്ട ആയ്രാജ്യവും ആയിരുന്നു. പില്ക്കാലത്ത് മൂഷകരാജ്യവും ആയ്രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളും രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധീശാധികാരം സ്വീകരിച്ചിരുന്നതായി വ്യക്തമാണ്.

സാംസ്കാരിക നവോത്ഥാനം. വിദ്യാഭ്യാസപ്രചാരണം, യാഗാനുഷ്ഠാനം, വിദ്വാന്മാരുടെയും കവികളുടെയും സംരക്ഷണം, കുറ്റക്കാരില്‍ നിന്നും ജനങ്ങളുടെ സംരക്ഷണം മുതലായവയായിരുന്നു രാജാക്കന്മാരുടെ കര്‍ത്തവ്യങ്ങള്‍. നാടുകളുടെ ഭരണം പരമ്പരാഗതരായ നാടുവാഴികളോ രാജാവ് നിയമിച്ച സാമന്തരോ നിര്‍വഹിച്ചുപോന്നു. രാജപ്രതിനിധിയായ കോയിലധികാരികള്‍ നാടുകളുടെ ഭരണമേല്‍നോട്ടം വഹിച്ചിരുന്നു. നാടുവാഴികളെ മുന്നൂറ്റുവര്‍, അറുന്നൂറ്റുവര്‍ തുടങ്ങിയ പ്രാദേശികസമിതികള്‍ സഹായിച്ചിരുന്നു.

രാജാക്കന്മാര്‍ പണ്ഡിതന്മാരെയും കവികളെയും ആദരിച്ചിരുന്നുവെന്നതിന് സംഘകാലകൃതികള്‍ സാക്ഷ്യം വഹിക്കുന്നു. നാര്‍മുടി ചേരന്‍ കാപ്പിയാറ്റു കാപ്പിയനാര്‍ എന്ന കവിക്ക് രാജകീയ വരുമാനത്തിന്റെ ഒരംശവും 40 ലക്ഷം പൊന്നും നല്കിയതായി പറഞ്ഞിരിക്കുന്നു. ഈ പാരിതോഷികത്തിന്റെ തുക സംശയാസ്പദമാണെങ്കിലും സമ്മാനങ്ങള്‍ ഉദാരമായിരുന്നുവെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. രണ്ടാം ചേരരാജ്യത്തിലെ രാജാക്കന്മാരും പണ്ഡിതന്മാരെയും കവികളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പിന്നിലായിരുന്നില്ല. യുധിഷ്ഠിരവിജയം എന്ന സംസ്കൃത കാവ്യത്തിന്റെ കര്‍ത്താവായ വാസുദേവ ഭട്ടതിരിക്കും ശങ്കരനാരായണീയത്തിന്റെ കര്‍ത്താവായ ശങ്കരനാരായണനും ചേരരാജാക്കന്മാരുടെ ഔദാര്യപൂര്‍വമായ പരിഗണന ലഭിച്ചിരുന്നു.

സംഘകാലത്തും പിന്നീടും പ്രധാന വരുമാനമാര്‍ഗം ഭൂനികുതിയായിരുന്നു. അതു സാധാരണയായി 1/6 ആയിരുന്നു. യുദ്ധകാലങ്ങളിലും മറ്റും അതില്‍ക്കൂടുതല്‍ പിരിച്ചിരിക്കാന്‍ ഇടയുണ്ട്. ഭൂനികുതിക്കു പുറമേ തലക്കാണം, ഏണിക്കാണം, ചുങ്കം, അടിമക്കാശ് തുടങ്ങിയ നികുതികളും പിരിച്ചിരുന്നു. കുറ്റങ്ങള്‍ക്കും തെറ്റുകള്‍ക്കും തടവ്, പിഴ എന്നിവയായിരുന്നു ശിക്ഷ. വ്യക്തികള്‍ തമ്മിലും കക്ഷികള്‍ തമ്മിലും ഉള്ള വഴക്കുകള്‍ അങ്കംവെട്ടി തീരുമാനിച്ചിരുന്നു. അങ്കത്തില്‍ മധ്യസ്ഥന്‍ എന്ന നിലയില്‍ രാജാവിനു കാഴ്ചപ്പണം കൊടുക്കേണ്ടതുണ്ടായിരുന്നു.

സംഘകാലവും രണ്ടാം ചേരസാമ്രാജ്യകാലവും തുടര്‍ച്ചയായ യുദ്ധങ്ങളുടെ കാലങ്ങളായിരുന്നു. അയല്‍രാജ്യങ്ങള്‍, എതിരാളികളായ സാമന്തന്മാര്‍ എന്നിവരുമായി യുദ്ധം നടത്തേണ്ടിവന്നിരുന്നു. സംഘകാലത്തായിരുന്നു തുടര്‍ച്ചയായ യുദ്ധങ്ങള്‍ നടന്നിരുന്നത്. രണ്ടാം ചേരരാജ്യത്തിന് ചോളന്മാരുടെ ആക്രമണം തടയാനാണ് പ്രധാനമായും യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നത്.

ഈ കാലഘട്ടത്തില്‍ പാരമ്പര്യമനുസരിച്ചുള്ള ചതുരംഗസേന രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. സൈന്യത്തിന്റെ പ്രധാനഭാഗം കാലാള്‍പ്പടയായിരുന്നു. സംഘകാലത്ത് എല്ലാ സാമൂഹിക വിഭാഗങ്ങളിലുംപെട്ട ആളുകളെ സൈന്യത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ സംഘാനന്തരകാലത്ത് കാലാള്‍പ്പട നായന്മാരുടെ കുത്തകയായിത്തീര്‍ന്നു. കളരികളില്‍ വളരെക്കാലത്തെ പരിശീലനംനേടി വാളും പരിചയും കൊണ്ട് യുദ്ധം ചെയ്യാന്‍ അവര്‍ പ്രത്യേകം വൈദഗ്ധ്യം നേടിയിരുന്നു. ചേര-ചോള യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ചേരരാജാക്കന്മാര്‍ രൂപവത്കരിച്ചിരുന്ന 'ചാവേറ്റുപട' (യുദ്ധത്തില്‍ ജയിക്കുകയോ മരിക്കുകയോ ചെയ്യാന്‍ പ്രതിജ്ഞയെടുത്ത സൈന്യവിഭാഗം) രാജാവിനുവേണ്ടി ചോളാക്രമണങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ വളരെയേറെ പ്രയോജനം ചെയ്തുവെന്നു കാണാവുന്നതാണ്.

ചേരന്മാര്‍ക്ക് സുശക്തമായ ഒരു നാവികസേന ഉണ്ടായിരുന്നു. ചെങ്കുട്ടുവന്റെ ഒരു ബിരുദം തന്നെ'കടല്‍പിറകോട്ടിയ കുട്ടുവന്‍' എന്നായിരുന്നു. സംഘകാലത്തെ പ്രധാന തുറമുഖങ്ങള്‍ മുസിരിസും (കൊടുങ്ങല്ലൂര്‍) വിഴിഞ്ഞവുമായിരുന്നു. ഇവയെക്കൂടാതെ നെല്‍ക്കിണ്ട, ബാക്കരെ എന്നീ ചെറുകിട തുറമുഖങ്ങളുമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്തും ചേരനാവികശക്തി പ്രബലമായിരുന്നു. ചേര-ചോള യുദ്ധങ്ങളില്‍ ചേരനാവികപ്പട ഫലപ്രദമായ ഒരു പങ്കുവഹിച്ചിരുന്നു. ചോളാക്രമണത്തിന്റെ ആദ്യത്തെ ലക്ഷ്യംതന്നെ വിഴിഞ്ഞം നാവികകേന്ദ്രം നശിപ്പിക്കുക എന്നതായിരുന്നു. ചോളര്‍ക്കു നഷ്ടപ്പെട്ട വിഴിഞ്ഞത്തിനു പകരമായിട്ടാണ് കൊല്ലം ഒരു നാവികകേന്ദ്രമായി വികസിപ്പിച്ചെടുത്തത്.

തലസ്ഥാനം. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ മാകോതൈ (മഹോദയപുരം) പുകഴ്പെറ്റതായിരുന്നു. ഒരു പരിഷ്കൃത നഗരത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും അവിടെ ഏര്‍പ്പെടുത്തിയിരുന്നതായി അക്കാലത്തെ കൃതികളില്‍നിന്ന് അനുമാനിക്കാം. നഗരത്തെ പല പ്രധാനഭാഗങ്ങളായി വിഭജിച്ചിരുന്നുവെന്നും വിശാലമായ രാജവീഥികളും മനോഹരങ്ങളായ സൌധങ്ങളും അവയെ ഭംഗിപിടിപ്പിച്ചിരുന്നുവെന്നും കാണാം. മഹോദയപുരത്തു സ്ഥാണുരവിയുടെ കാലത്ത് സ്ഥാപിച്ചിരുന്ന വാനനിരീക്ഷണശാല പ്രഖ്യാതമായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന സൂക്ഷ്മ യന്ത്രങ്ങളെ സംബന്ധിച്ച് ശങ്കരനാരായണീയത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഘണ്ടാനാദത്താല്‍ കൃത്യമായ സമയം അറിയിക്കാനുള്ള ഏര്‍പ്പാടും അവിടെ ഉണ്ടായിരുന്നു.

വിദേശവാണിജ്യബന്ധങ്ങള്‍. വ്യാപകമായ വാണിജ്യം മുഖേന ചേരരാജ്യത്തിന്റെ സാമ്പത്തികനില വളരെയേറെ അഭിവൃദ്ധിപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍, കൊല്ലം, വിഴിഞ്ഞം എന്നിവയായിരുന്നു പ്രധാനതുറമുഖങ്ങള്‍. അബ്ബാസിയ്യാ ഭരണകേന്ദ്രമായി പേര്‍ഷ്യന്‍ ഉള്‍ക്കടലിനെയും യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളെയും ബന്ധിപ്പിച്ചുകൊണ്ട് ബാഗ്ദാദ് നഗരം സ്ഥാപിതമായതും ദീര്‍ഘകാലം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയസമാധാനം നിലവില്‍ വന്നതും കാരണം ആ രാജ്യങ്ങളുമായി കേരളത്തിന്റെ വാണിജ്യബന്ധം അഭൂതപൂര്‍വമായി വികസിച്ചു. അറബി സഞ്ചാരികളായ സുലൈമാന്‍, മസ്ഊദി എന്നിവരുടെ വിവരണങ്ങളില്‍നിന്ന് കുരുമുളകും സുഗന്ധദ്രവ്യങ്ങളും വന്‍തോതില്‍ കേരളത്തില്‍നിന്ന് കയറ്റിയയച്ചിരുന്നതായി കാണാം. ചൈനയുമായും ഇക്കാലത്തു കേരളത്തിനു വിപുലമായ വാണിജ്യബന്ധം ഉണ്ടായിരുന്നതായി സുലൈമാന്‍ സൂചിപ്പിക്കുന്നുണ്ട്.

അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍ എന്നീ പ്രസിദ്ധ വ്യാപാരസംഘങ്ങളെ സംബന്ധിച്ചും അന്നത്തെ രേഖകളില്‍ പ്രസ്താവിച്ചുകാണുന്നുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനമണ്ഡലം ഏതായിരുന്നുവെന്നു വ്യക്തമല്ല. അഞ്ചുവണ്ണം ജൂതന്മാരുടെയും മണിഗ്രാമം ക്രിസ്താനികളുടെയും സംഘങ്ങളായിരുന്നു എന്ന് പൊതുവേ പറഞ്ഞു വരുന്നു. വളഞ്ചിയര്‍ ഒരു ജൈനസംഘമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഈ വണിക് സംഘങ്ങള്‍ കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടി ചെയ്തിരുന്ന സേവനങ്ങള്‍ അമൂല്യങ്ങളായിരുന്നു. ചേരരാജ്യത്തില്‍ അന്നു നിലവിലിരുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത് ആ സംഘങ്ങളുടെ സാമ്പത്തികവും സൈനികവുമായ സഹകരണം കൂടുതല്‍ തേടുവാന്‍ വേണ്ടി ആയിരിക്കണം ക്രിസ്ത്യന്‍ നേതാവായ മാര്‍സപീര്‍ ഈശോ കൊല്ലത്തു സ്ഥാപിച്ച പള്ളിക്കും (849) ജൂതനേതാവായ ജോസഫ് റബ്ബാനും(1000) വിപുലമായ അധികാരങ്ങളും അവകാശങ്ങളും അനുവദിച്ചുകൊടുത്തത്.

ഭരണസൗകര്യാര്‍ഥം രാജ്യത്തെ പല നാടുകളായി വിഭജിച്ചിരുന്നു. ഓരോ നാടും ഓരോ നാടുവാഴിയുടെ കീഴിലായിരുന്നു. നാടിന്റെ ഘടകങ്ങളായിരുന്നു തറകള്‍. തറകളില്‍ ഉള്‍പ്പെട്ട തറവാടുകളുടെ സംഖ്യയനുസരിച്ച് അവിടത്തെ ജനക്കൂട്ടം മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള അനവധി കൂട്ടങ്ങളുടെ സമൂഹമാണ് നാട്. മുന്നൂറ്റിക്കാരും അറുന്നൂറ്റിക്കാരും മറ്റുമായിരുന്നു നാടുവാഴികളുടെ അധികാരത്തെ നിയന്ത്രിച്ചിരുന്നത്. ഉദാഹരണം വേണാട്ടിലെ നാടുവാഴികളുടെ അധികാരം പൂര്‍ണമായി നിയന്ത്രിച്ചിരുന്ന മുന്നൂറ്റവര്‍. കൂട്ടങ്ങള്‍ മൂന്നുതരത്തിലുണ്ട്. തറക്കൂട്ടം, നാട്ടുക്കൂട്ടം, പൊതുക്കൂട്ടം.

നാടുകളെ ദേശങ്ങളായും ദേശങ്ങളെ കരകളായും തിരിച്ചിരുന്നു. ദേശങ്ങളിലെ ഭരണാധികാരികള്‍ ദേശവാഴികള്‍ എന്നറിയപ്പെട്ടു. ദേശങ്ങളിലെ കാരണവരുടെ പ്രാതിനിധ്യസഭയായ കൂട്ടങ്ങളുടെ സഹകരണത്തോടെയായിരുന്നു ദേശവാഴികള്‍ ഭരണം നടത്തിയിരുന്നത്. ജനങ്ങള്‍ ദേശവാഴിക്കും രാജാവിനും പ്രത്യേകം പ്രത്യേകം നികുതി നല്‍കണമായിരുന്നു. ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും സ്വത്തും ഭൂമിയും ദാനം ചെയ്തിരുന്നു. അവയെല്ലാം നികുതിയില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. ഭൂമിയെ ചേരിക്കല്‍ (രാജാവിന്റെ നിയന്ത്രണത്തിലുള്ളത്) ദേവസ്വം, ബ്രഹ്മസ്വം എന്നിങ്ങനെ മൂന്നായി തിരിക്കുകയും നികുതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പലതരത്തിലുള്ള തൊഴില്‍ക്കരങ്ങള്‍, വില്പനനികുതികള്‍, ചുങ്കങ്ങള്‍ എന്നിവയായിരുന്നു രാജാക്കന്മാരുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. സാധാരണക്കാരുടെ എല്ലാവിധ തൊഴിലുകള്‍ക്കും നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കുലശേഖര ആഴ്വാര്‍

വിവേചനാധിഷ്ഠിതമായ നീതിനിര്‍വഹണവും അതിശയിപ്പിക്കുന്ന ശിക്ഷാസമ്പ്രദായവുമായിരുന്നു കുലശേഖരഭരണത്തിന്റെ മറ്റൊരു പ്രത്യേകത. കുറ്റം ചെയ്ത വ്യക്തിയുടെ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷകള്‍ വിധിച്ചിരുന്നത്. ജാതി ഭ്രഷ്ടായിരുന്നു ബ്രാഹ്മണര്‍ക്കു നല്‍കിയിരുന്ന പരമാവധി ശിക്ഷ. കീഴ്ജാതിയില്‍പ്പെട്ടവര്‍ക്ക് ചെറിയ കുറ്റത്തിനുപോലും വധശിക്ഷ നല്‍കിയിരുന്നു. ജാതിനിയമങ്ങളും ആചാര മര്യാദകളും ലംഘിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കിയിരുന്നു. ജാതിവ്യവസ്ഥ ശക്തിപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ അടിമത്തവും ആവിര്‍ഭവിച്ചിരുന്നുവെന്ന് വേണാട്ടു രാജാവായ അയ്യനടികളുടെ തരിസാപ്പള്ളി ചെപ്പേട് വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യാനികളില്‍ നിന്നും അടിമക്കാശ് (അടിമകളെ കൈവശം സൂക്ഷിക്കുന്നവര്‍ നല്‍കേണ്ട നികുതി) ഈടാക്കേണ്ടതില്ലെന്ന സൂചനയാണ് ഈ ചെപ്പേട് നല്‍കുന്നത്.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരികരംഗത്തും ഒട്ടേറെ പുരോഗതി ഈ കാലഘട്ടത്തിലുണ്ടായി. വേദം, തര്‍ക്കം, വ്യാകരണം, മീമാംസ, ജ്യോതിശ്ശാസ്ത്രം എന്നിവ പഠിക്കാന്‍ നിരവധി ശാലകള്‍ ഇക്കാലത്ത് സ്ഥാപിക്കപ്പെട്ടു. സവിശേഷമായ കേരളീയ ശൈലിയില്‍ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിര്‍മിച്ചു തുടങ്ങിയതും ഈ കാലഘട്ടത്തില്‍ത്തന്നെ (എ.ഡി. എട്ടാം ശതകത്തോടെ).

ചേര തലസ്ഥാനമായ മഹോദയപുരത്ത് നിലനിന്നിരുന്ന നക്ഷത്രബംഗ്ലാവ് ആ കാലഘട്ടത്തില്‍ ജ്യോതിശ്ശാസ്ത്രരംഗത്തുണ്ടായ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.

അവര്‍ണസമുദായങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിച്ചിരുന്നെങ്കിലും ഇതര മതവിഭാഗങ്ങളോട് പ്രത്യേകിച്ചും ക്രിസ്ത്യാനികളോടും യഹൂദരോടും സഹിഷ്ണതയോടുകൂടിയായിരുന്നു കുലശേഖര രാജാക്കന്മാര്‍ പെരുമാറിയിരുന്നത്. ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും മുസ്ലിങ്ങള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ രാജാക്കന്മാര്‍ നല്‍കിയിരുന്നു. സ്ഥാണുരവിയുടെ കാലത്ത് കേരളം സന്ദര്‍ശിച്ച മുസ്ലിം സഞ്ചാരിയായ സുലൈമാന്‍ അക്കാലത്തെ കേരളം സമ്പത്സമൃദ്ധമായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം അക്കാലത്തെ വലിയ തുറമുഖമായിരുന്നു എന്നുകൂടി സുലൈമാന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലത്ത് മലയാളം ഏറെക്കുറെ ഒരു സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ തുടങ്ങിയിരുന്നെങ്കിലും സാഹിത്യകൃതികളെല്ലാം തമിഴിലും സംസ്കൃതത്തിലുമാണ് എഴുതിയിരുന്നത്. ഇക്കാലത്ത് എഴുതിയ പ്രധാനപ്പെട്ട രണ്ടു കൃതികള്‍ കുലശേഖര ആഴ്വാറുടെ പെരുമാള്‍ തിരുമൊഴിയും (തമിഴ്) മുകുന്ദമാലയുമാണ് (സംസ്കൃതം). ശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തിനും ഗീതയ്ക്കും ഉപനിഷത്തുക്കള്‍ക്കും ഭാഷ്യങ്ങള്‍ രചിച്ചതും വിവേക ചൂഡാമണി, ഉപദേശ സഹസ്രി, ആത്മബോധം, മഹാമുദ്ഗരം, ശിവാനന്ദലഹരി, സൌന്ദര്യ ലഹരി എന്നീ കൃതികള്‍ രചിച്ചതും ഈ കാലഘട്ടത്തില്‍ത്തന്നെ. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയാണ് ഇക്കാലത്ത് എഴുതിയ ശ്രദ്ധേയമായ മറ്റൊരു കൃതി. ഭക്തിപ്രസ്ഥാനം ആവിര്‍ഭവിച്ചതും ഈ കാലഘട്ടത്തില്‍ത്തന്നെ. കുലശേഖര ആഴ്വാര്‍ ഉള്‍പ്പെടെയുള്ള ശൈവ-വൈഷ്ണവ ഭക്തന്മാര്‍ വിഷ്ണുവിനെയും ശിവനെയും സ്തുതിച്ചുകൊണ്ട് ഭക്തികാവ്യങ്ങള്‍ രചിക്കുന്നതോടെയാണ് ഭക്തിപ്രസ്ഥാനം സമാരംഭിക്കുന്നത്.

മതവിശ്വാസങ്ങള്‍. സംഘകാലത്തിനു മുമ്പുതന്നെ ബുദ്ധമതവും ജൈനമതവും കേരളത്തില്‍ വിപുലമായി പ്രചരിച്ചുവെന്നതിനു തെളിവുകളുണ്ട്. ചേരചോള പാണ്ഡ്യരാജ്യങ്ങളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ചികിത്സയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അശോകന്‍ തന്റെ ശാസനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബുദ്ധമതസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സംഘകാല കൃതികളില്‍ പരാമര്‍ശങ്ങളുണ്ട്. തൃശൂരിലെ വടക്കുന്നാഥക്ഷേത്രം, കൊടുങ്ങല്ലൂരിലെ ഭഗവതീക്ഷേത്രം, ശബരിമലയിലെ ശാസ്താക്ഷേത്രം തുടങ്ങിയ ഹൈന്ദവക്ഷേത്രങ്ങള്‍ ഒരുകാലത്ത് ബൗദ്ധക്ഷേത്രങ്ങളായിരുന്നുവെന്നു കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധമായ ബുദ്ധമത തീര്‍ഥാടനകേന്ദ്രമായിരുന്നു അമ്പലപ്പുഴയ്ക്കും തൃക്കുന്നപ്പുഴയ്ക്കും ഇടയ്ക്കുണ്ടായിരുന്നതായി കരുതപ്പെടുന്ന ശ്രീമൂലവാസം. ഈ ക്ഷേത്രം കടലാക്രമണത്തില്‍പ്പെട്ടുപോയതായി വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ പ്രചാരം കേരളത്തില്‍ സാമൂഹികമായ പല നടപടികള്‍ക്കും ബീജാവാപം ചെയ്തിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്. അക്രമരാഹിത്യവും സസ്യഭക്ഷണവും ബുദ്ധമതവിശ്വാസത്തിന്റെ ഫലമായാണ് ഇവിടെ പ്രചരിച്ചത്. ജാതിവ്യത്യാസം പരിഗണിക്കാത്ത ഒരു സമൂഹമാണ് അന്നു നിലവിലിരുന്നത്. അയ്യപ്പഭക്തന്മാരുടെ ശരണംവിളി ബുദ്ധമതത്തിലെ ശരണത്രയത്തെയാണ് ഓര്‍മിപ്പിക്കുന്നത്.

വിദ്യാഭ്യാസം, സാഹിത്യം, ചികിത്സാപദ്ധതി തുടങ്ങിയ രംഗങ്ങളില്‍ ബൗദ്ധജൈനമതങ്ങള്‍ കേരളത്തില്‍ വമ്പിച്ച സ്വാധീനത ചെലുത്തിയിരുന്നതായി കാണാം. കേരളത്തിലെ വിദ്യാഭ്യാസ പ്രചാരണത്തില്‍ ബുദ്ധമതം മഹത്തായ പങ്കുവഹിച്ചിരുന്നു. ബുദ്ധവിഹാരങ്ങളോടുചേര്‍ന്നു പാഠശാലകള്‍ ഉണ്ടായിരുന്നു. വിദ്യാലയങ്ങള്‍ക്ക് എഴുത്തുപള്ളി എന്ന പേരുതന്നെ ബുദ്ധമതവുമായി അവയ്ക്കുള്ള ബന്ധം സൂചിപ്പിക്കുന്നു; ബുദ്ധവിഹാരങ്ങള്‍ പള്ളി എന്നാണറിയപ്പെട്ടിരുന്നത്. കേരളത്തിലെ സാഹിത്യാദികലകളുടെ വികാസത്തിലും ബുദ്ധമതത്തിന്റെ സ്വാധീനത പ്രകടമാണ്. ആയുര്‍വേദചികിത്സ കേരളത്തില്‍ നേടിയിട്ടുള്ള വമ്പിച്ച പ്രചാരം ബുദ്ധമതത്തിന്റെ സംഭാവനയാണ്. ബൗദ്ധപണ്ഡിതനായ വാഗ്ഭടന്റെ അഷ്ടാംഗഹൃദയം എന്ന ആയുര്‍വേദഗ്രന്ഥം കേരളത്തില്‍ വമ്പിച്ച പ്രചാരം നേടിയിട്ടുള്ളതു സുവിദിതമാണല്ലോ.

ഒന്നാം ശതകത്തില്‍ത്തന്നെ ക്രിസ്തുമതം കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നാണ് പരമ്പരയാ വിശ്വസിച്ചുപോരുന്നത്. 52-ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നു മതപ്രചാരണം ചെയ്തുവെന്നാണ് പരക്കെയുള്ള വിശ്വാസം. 68-ല്‍ വന്ന ജൂതന്മാരും കേരളവും പശ്ചിമേഷ്യയുമായി നിലനിന്നിരുന്ന അടുത്ത ബന്ധം കാരണമായിരിക്കണം കേരളത്തില്‍ എത്തിയത്. കാലക്രമത്തില്‍ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും എണ്ണം വര്‍ധിക്കുകയും അവര്‍ കേരളത്തിന്റെ വാണിജ്യ-വ്യവസായമണ്ഡലങ്ങളില്‍ പ്രധാനമായൊരു പങ്കു വഹിക്കുകയും ചെയ്തു. ഇസ്ലാം മതപ്രവാചകന്റെ കാലത്തിനുമുമ്പുതന്നെ അറേബ്യയും കേരളവും തമ്മില്‍ വലിയതോതില്‍ വാണിജ്യബന്ധം നിലവിലിരുന്നുവെന്നതിനുവ്യക്തമായ തെളിവുകളുണ്ട്. തന്നിമിത്തം പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാംമതം കേരളത്തില്‍ പ്രചരിച്ചിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. കേരളത്തിലെ ഇസ്ലാംമത പ്രചാരത്തെപ്പറ്റി കേരളോത്പത്തിയിലെ കഥ അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ചു മക്കത്തേക്കുപോയി എന്നും പോകുന്നതിനുമുമ്പ് രാജ്യം ഭാഗിച്ച് ബന്ധുക്കള്‍ക്കും അനുചരന്മാര്‍ക്കുമായി കൊടുത്തുവെന്നുമാണ്. ഈ ഐതിഹ്യം ശരിയാണെങ്കില്‍ അത് മഹോദയപുരത്തെ പെരുമാളായ രാമകുലശേഖരന്‍ ആയിരുന്നിരിക്കണം. അദ്ദേഹം അപ്രതീക്ഷിതമായി അന്തര്‍ദാനം ചെയ്തതും രാജ്യം പല ചെറിയ രാജ്യങ്ങളായി വിഭജിക്കപ്പെട്ടതും ഈ കഥയെ ബലപ്പെടുത്തുന്നു. എന്നാല്‍ ഈ വിഭജനത്തിന്റെ സ്മരണയ്ക്കായിട്ടാണ് കൊല്ലവര്‍ഷം 825-ല്‍ തുടങ്ങിയതെന്ന പ്രസ്താവം ശരിയാവാനിടയില്ല. 800 മുതല്‍ 1122 വരെ കേരളം രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഒരു സംയുക്തഭരണത്തിന്‍കീഴിലായിരുന്നുവെന്നു മിക്കവാറും വ്യക്തമായിട്ടുണ്ട്.

ശ്രീശങ്കരാചാര്യര്‍-പെയിന്റിങ്

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

കേരളത്തില്‍ ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇസ്ലാംമതത്തിനും ലഭിച്ച സ്വീകരണവും പുരോഗതിയും കാണിക്കുന്നത് കേരളീയരാജാക്കന്മാരും ജനതയും അനുവര്‍ത്തിച്ച മതസഹിഷ്ണുതാനയമാണ്. പതിനാറാം ശതകത്തിന്റെ അന്ത്യത്തില്‍ എഴുതപ്പെട്ട ഷൈഖ് സൈനുദ്ദീന്റെ തുഹ്ഫതുല്‍ മുജാഹിദീനില്‍ ഈ നയം ഇപ്രകാരം വിവരിക്കപ്പെടുന്നു. 'മലബാറില്‍ പല സ്ഥലത്തും മുസ്ലിങ്ങള്‍ പാര്‍പ്പുറപ്പിച്ചിട്ടുണ്ട്. അവിടെയെല്ലാം അവര്‍ പള്ളികളും കെട്ടിടങ്ങളും പണിയിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. അവരെല്ലാം സംതൃപ്തിയോടും സമാധാനത്തോടും കൂടി ജീവിതം നയിക്കുന്നു.'

ബ്രാഹ്മണരുടെ ആഗമനം. ആര്യന്മാര്‍ കേരളത്തില്‍ പ്രവേശിച്ചത് എന്നാണെന്ന കാര്യത്തെപ്പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. എട്ടാം ശതകത്തിന്റെ ആദ്യവര്‍ഷങ്ങളിലാണ് അവര്‍ കേരളത്തില്‍ പ്രവേശിച്ചതെന്നും തുളുനാട്ടില്‍നിന്ന് കടല്‍ത്തീരം വഴിയാണുവന്നതെന്നുമാണ് ലോഗന്റെ അഭിപ്രായം. കദംബരാജാവായ മയൂരവര്‍മ (345-360) ബ്രാഹ്മണസംഘങ്ങളെ തുളുനാട്ടിലും കേരളത്തിലും കുടിയിരുത്തിയതായി പറയപ്പെടുന്നു. ചാലൂക്യാധിപത്യകാലത്ത് ആര്യബ്രാഹ്മണര്‍ കൂട്ടംകൂട്ടമായി തെക്കേ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത കൂട്ടത്തില്‍ ഒരുകൂട്ടം കേരളത്തിലും വന്നിരിക്കാനിടയുണ്ട്. ഈ പ്രവേശനം അഞ്ചാം ശതകത്തിന്റെ അവസാനത്തിലോ ആറാം ശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കാനാണു സാധ്യത. കൃഷിക്കുപയുക്തമായ ഇരുമ്പുപകരണങ്ങള്‍ നിര്‍മിക്കാനുള്ള വൈദഗ്ധ്യവും കാലഗണനയ്ക്കുള്ള ജ്യോതിശ്ശാസ്ത്രവിവരവും കൈമുതലായുണ്ടായിരുന്ന ആര്യന്മാര്‍ വളരെവേഗം സമൂഹത്തില്‍ സ്വാധീനത ചെലുത്തി. യാഗം നടത്തി അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന ബ്രാഹ്മണരുടെ പ്രലോഭനം രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവരുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണ മതം ജാതിരഹിതമായിരുന്ന കേരളസമൂഹത്തില്‍ ജാതിവ്യവസ്ഥയുടെ പല തട്ടുകളും കെട്ടിപ്പടുക്കുകയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഏര്‍പ്പെടുത്തുകയും സാധാരണജനങ്ങളെ ഹീനജാതിക്കാരായി തരംതാഴ്ത്തുകയും ചെയ്തു.

ഭക്തിപ്രസ്ഥാനം. ഇക്കാലത്ത് തെക്കേ ഇന്ത്യയില്‍ ഉടലെടുത്ത ഭക്തിപ്രസ്ഥാനം ബൗദ്ധ-ജൈനമതങ്ങളുടെ അധഃപതനത്തിനു വഴിതെളിച്ചു. ബുദ്ധവിഹാരങ്ങളെയും ജൈനക്ഷേത്രങ്ങളെയും ഹൈന്ദവക്ഷേത്രങ്ങളായി മാറ്റുകയും ബൗദ്ധക്ഷേത്രകലകളെയും ഉത്സവങ്ങളെയും സ്വന്തമാക്കി, ബുദ്ധജൈനമതങ്ങളെ ആര്യന്മാര്‍ നാട്ടില്‍നിന്നു തൂത്തുമാറ്റുകയും ചെയ്തു. ഭക്തിപ്രസ്ഥാനത്തിനു ഗതിവേഗം കൂട്ടിയ ശങ്കരാചാര്യര്‍ (788-820) അദ്വൈതസിദ്ധാന്തം വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു. വൈഷ്ണവരായ ആഴ്വാര്‍മാരും ശൈവരായ നായനാര്‍മാരും ഭക്തിപ്രസ്ഥാനത്തിന്റെ വികാസത്തിനു കാര്യമായ സംഭാവന ചെയ്തവരാണ്. ഇവരില്‍ പ്രസിദ്ധരായ പലരും കേരളീയരായിരുന്നു. കുലശേഖര ആഴ്വാരുടെ കൃതികളായ പെരുമാള്‍ തിരുമൊഴിയും മുകുന്ദമാലയും സുപ്രസിദ്ധങ്ങളാണ്. ചേരമാന്‍പെരുമാളെപ്പറ്റി ചേക്കിഴാറുടെ പെരിയപുരാണത്തില്‍ വിവരിക്കുന്നുണ്ട്.

ഹിന്ദുമതത്തിന്റെ വികാസത്തില്‍ ഒരു പ്രധാനഘടകമായിരുന്നു ക്ഷേത്രങ്ങളുടെയും അവയോടനുബന്ധിച്ചുള്ള ഉത്സവങ്ങളുടെയും വളര്‍ച്ച. കണ്ടിയൂര്‍ ക്ഷേത്രം 823-ലാണു സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവഞ്ചിക്കുളം ശിവക്ഷേത്രവും തിരുവനന്തപുരം, തിരുവന്‍വണ്ടൂര്‍, ആറന്മുള, തിരുവല്ല, തൃക്കാക്കര മുതലായ വൈഷ്ണവക്ഷേത്രങ്ങളും രൂപംകൊണ്ടതും ക്ഷേത്രനിര്‍മാണവും ക്ഷേത്രകലകളും അഭിവൃദ്ധിപ്പെട്ടതും ഈ കാലഘട്ടത്തിലായിരുന്നു.

കടപ്പാട് : sarvavijnanakosam.gov.in

3.03636363636
Jyothi Sep 28, 2018 09:07 PM

Thank you

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top