താളമിടുന്നതിനായി ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ഗാനനൃത്താദികളുടെ അകമ്പടിവാദ്യമായാണ് ഇവ ഏറിയകൂറും ഉപയോഗിക്കുന്നത്. മരക്കഷണങ്ങളില്‍ തുടങ്ങി ആയിരക്കണക്കിന് രൂപഭാവങ്ങളിലുള്ള താളവാദ്യങ്ങള്‍ ലോകമെങ്ങും നിലവിലുണ്ട്.
താളവാദ്യങ്ങളെ സംഗീതചരിത്രകാരന്മാര്‍ പല രീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ഗാനത്തോടു ചേര്‍ന്ന് തുടര്‍ച്ചയായി വായിക്കപ്പെടുന്നവ, താളത്തിന്റെ അടികളെ മാത്രം സൂചിപ്പിക്കുന്നവ എന്നതാണ് സാമാന്യമായ ഒരു വര്‍ഗീകരണം. മൃദംഗം, തബല തുടങ്ങിയവ ആദ്യവിഭാഗത്തിലും ചേങ്ങില, ജാലറ തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. മറ്റൊരുതരം വര്‍ഗീകരണം ഇങ്ങനെയാണ്.
1. രണ്ട് കൈകൊണ്ടും അടിച്ചു വായിക്കുന്നവ. ഉദാ. മൃദംഗം, മദ്ദളം, ഘടം തുടങ്ങിയവ.
2. ഒരു വശം കോല്‍കൊണ്ടും മറുവശം കൈകൊണ്ടും അടിച്ചു വായിക്കുന്നവ. ഉദാ. തകില്‍
3. ഒരു വശം മാത്രം അടിച്ചു വായിക്കുന്നവ. ഉദാ. ഗഞ്ചിറ
4. ലോഹങ്ങള്‍ കൂട്ടിമുട്ടിയും വടികൊണ്ടടിച്ചും വായിക്കുന്നവ. ഉദാ. ഇലത്താളം, ജാലറ,ചേങ്ങില
5. കുലുക്കിയും ഇളക്കിയും നാദം പുറപ്പെടുവിക്കുന്നവ. ഉദാ. ചിലങ്ക.
പാശ്ചാത്യലോകത്ത് താളവാദ്യങ്ങളെ തരംതിരിച്ചിട്ടുള്ളത് വാദന രീതിയെ അവലംബിച്ചാണ്. അത് 8 തരത്തിലുണ്ട്.
1. നിലത്ത് /ഒരു പ്രതലത്തിലിടിച്ച് ശബ്ദമുണ്ടാക്കുന്നവ. ഉദാ. ട്യൂബുകള്‍, ടാപ് ഷൂ തുടങ്ങിയവ.
2. കുലുക്കി ശബ്ദം പുറപ്പെടുവിക്കുന്നവ. ഉദാ. പലതരം കിലുക്കാംപെട്ടികള്‍.
3. അടിച്ചു ശബ്ദം ഉണ്ടാക്കുന്നവ. ഉദാ. ഡ്രമ്മുകള്‍
4. പരസ്പരം മുട്ടിച്ച് നാദം ഉണ്ടാക്കുന്നവ. ഉദാ. സിംബല്‍, ഇലത്താളം.
5. ഉരച്ച് ശബ്ദം പുറപ്പെടുവിക്കുന്നവ. ഉദാ. കൊക്കര
(നോ: കൊക്കര)
6. ചാലുകളിലൂടെ ഒരു ദണ്ഡ് നീക്കി ശബ്ദം പുറപ്പെടു വിക്കുന്നവ. ഉദാ. വാഷ് ബോര്‍ഡ്
7. ഒരു പ്രതലത്തില്‍ മുട്ടി ആ പ്രതലത്തില്‍ നിന്ന് ശബ്ദം ഉണ്ടാക്കുന്നവ. ഉദാ. ചേങ്ങില
8. വലിച്ചുയര്‍ത്തിയോ ഞെളിച്ചു നീക്കിയോ ശബ്ദം പുറ പ്പെടുവിക്കുന്നവ. ഉദാ. ജൂവ്സ് ഹാര്‍പ്, സന്‍സാസ്
താളവാദ്യങ്ങളെ അവയുടെ ആകൃതിയനുസരിച്ച് വര്‍ഗീകരി ക്കുന്ന പതിവും പാശ്ചാത്യ സംഗീതലോകത്തു കാണാം. ഏറ്റവും പുരാതനവും ലളിതവുമായ താളവാദ്യമാണ് ദണ്ഡുകള്‍ (Stamping sticks). ഇരുന്നുകൊണ്ട് നിലത്തുമുട്ടുന്ന ദണ്ഡുകള്‍, നിന്നുകൊണ്ട് നിലത്തടിച്ചു ശബ്ദം പുറപ്പെടുവിക്കുന്ന ദണ്ഡുകള്‍ എന്നിങ്ങനെ അവ രണ്ടു തരത്തിലുണ്ട്. വലുപ്പം, ഉപയോഗിക്കുന്ന തടിയുടെ സ്വഭാവം എന്നിവയനുസരിച്ച് നാദത്തിനും വ്യതിയാനം ഉണ്ടാകും. മുളപോലുള്ള അകം പൊള്ളയായ തടിയിനങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്. ആഫ്രിക്കയിലെ ആദിവാസികള്‍ക്കിടയില്‍ ഇത്തരം ഒട്ടനവധി നാദദണ്ഡുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. വടിക്കുപകരം കൊമ്പുകളും എല്ലുകളും ഉപയോഗിക്കുന്ന പതിവും ചില സ്ഥലങ്ങളിലുണ്ട്. ബാലിദ്വീപില്‍ ഇത്തരം കൊമ്പുവാദ്യങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ ഇരു കരങ്ങളിലും രണ്ടുവലുപ്പത്തിലുള്ള ദണ്ഡുകള്‍ വച്ചുകൊണ്ട് കൗതുകകരമായ താളം പുറപ്പെടുവിക്കുന്ന പതിവ് ഫിജിയില്‍ നിലവിലുണ്ടായിരുന്നു. കേരളത്തിലെ നെല്ലുകുത്തു പാട്ടില്‍ ഉലക്ക ഇത്തരത്തില്‍ ഒരു താളവാദ്യമായി മാറുമായിരുന്നു. ഇത്തരം താളവാദ്യങ്ങളുടെ ചരിത്രത്തിലെ ഒരു ദുഃഖസ്മരണയാണ് പ്രസിദ്ധ സംഗീതജ്ഞനായ ലുല്ലി. അദ്ദേഹം തന്റെ 'ബാറ്റന്‍' കൊണ്ട് കാലിന് പരുക്കുപറ്റിയാണ് അന്തരിച്ചത്.
താളവാദ്യങ്ങളിലെ പ്രധാന ഇനങ്ങളിലൊന്നാണ് കിലുക്കാംപെട്ടികള്‍. ആഭിചാരകര്‍മങ്ങളില്‍ തുടങ്ങി അത്യാധുനിക സംഗീത വിരുന്നുകളില്‍ വരെ അവയ്ക്കു സ്ഥാനമുണ്ട്. അകത്ത് മുത്തുകളിട്ടടച്ച ഗോളഭാഗവും പിടിച്ചു കുലുക്കാനുള്ള ദണ്ഡും ചേര്‍ന്നതാണ് ഇവയുടെ സാമാന്യരൂപം. എന്നാല്‍ ലോകത്തെമ്പാടുമായി നൂറുകണക്കിനു വൈവിധ്യമുള്ള കിലുക്കാംപെട്ടികളാണ് നിലവിലുള്ളത്. തടികൊണ്ടുള്ളവ, കൊമ്പുകൊണ്ടുള്ളവ, കളിമണ്ണു കൊണ്ടുള്ളവ, ഈറ-മുള തുടങ്ങിയവ കൊണ്ടു മെടഞ്ഞുണ്ടാക്കിയവ, ചെമ്പ് കൊണ്ടുണ്ടാക്കിയവ എന്നിങ്ങനെ ഇത് പലതരത്തിലുണ്ട്. (ചിത്രങ്ങള്‍ നോക്കുക)
ചിലങ്കകള്‍ക്ക് താളവാദ്യങ്ങളില്‍ വലിയ പ്രാധാന്യമുണ്ട് (നോ: ചിലങ്ക). മുത്തുമണികള്‍ ഞാത്തിയിട്ട പലതരം താളവാദ്യങ്ങള്‍ ഉണ്ട്. അത്തരം വാദ്യങ്ങളില്‍ ചിരട്ടക്കഷണങ്ങള്‍ കോര്‍ത്തുണ്ടാക്കിയ ഗോത്ര സംഗീതവാദ്യം മുതല്‍ മൊസാര്‍ട്ടും മറ്റും ഉപയോഗിച്ചിരുന്ന 'സ്ളൈ ബെല്ലു'കള്‍ വരെയുണ്ട്.
താളവാദ്യമെന്ന നിലയില്‍ ഉപയോഗിക്കുന്ന വിവിധതരം മണികളുണ്ട്. മറ്റൊരു വിഭാഗം പലതരം പാത്രവാദ്യങ്ങളാണ്. ഘടം, ജലതരംഗം എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇക്കൂട്ടത്തില്‍ സവിശേഷമായ ഒന്നാണ് എത്യോപ്യയിലെ മണല്‍പ്പാത്രങ്ങള്‍.
മരപ്പലകകള്‍ നിരനിരയായി ചേര്‍ത്തുവച്ച സൈലോഫോണുകളാണ് വേറൊരുതരം താളവാദ്യങ്ങള്‍. ശിലാശകലങ്ങള്‍ കൊണ്ടും ഇത്തരം ഉപകരണം ഉണ്ടാക്കാറുണ്ട്. ഒരു ദണ്ഡുകൊണ്ടടിച്ചാണ് സൈലോഫോണുകള്‍ വാദനം ചെയ്യുന്നത്. ലോഹം കൊണ്ടുള്ള സൈലോഫോണുകളും പല രാജ്യങ്ങളിലും കണ്ടുവരുന്നു.
ഇലത്താളത്തിന്റെ മാതൃകയിലുള്ള വ്യത്യസ്ത തരം സിംബലുകള്‍ ലോകമെങ്ങും നിലവിലുണ്ട്. അസീറിയന്‍ സിംബലുകളാണ് ഏറ്റവും പുരാതനമായവ എന്നു കരുതപ്പെടുന്നു. ഈജിപ്തിലും ഗ്രീസിലും റോമിലും അതിപ്രാചീനകാലത്തുതന്നെ പലതരം സിംബലുകള്‍ നിലവിലിരുന്നു. ലോഹങ്ങള്‍ കൊണ്ടുമാത്രമല്ല, ദന്തം, തടി എന്നിവകൊണ്ടും ഇവ നിര്‍മിച്ചിരുന്നു.
താളവാദ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ഒരിനമാണ് കയ്യില്‍ വച്ച് കൊട്ടുന്ന തരം വാദ്യങ്ങള്‍. ക്ളാപ്പേഴ്സ് എന്നറിയപ്പെടുന്ന ഇവയുടെ കേരളീയ മാതൃകളിലൊന്നാണ് ചപ്ളാംകട്ട. സമാനമായ ഉപകരണങ്ങള്‍ ദക്ഷിണാഫ്രിക്കയിലും ഉണ്ട്.
ഉരസി ശബ്ദമുണ്ടാക്കുന്ന തരം താളവാദ്യങ്ങള്‍ ഗോത്ര സംഗീതത്തിലാണ് ധാരാളമായുള്ളത്. ശംഖ്, ചിപ്പി, തടി, ദന്തം, കൊമ്പ് എന്നിവ കൊണ്ടൊക്കെ ഇവ നിര്‍മിച്ചുപോരുന്നു. ആമത്തോടു കൊണ്ടുണ്ടാക്കിയ ഇത്തരം ഒരുപകരണവുമുണ്ട്. 19-ാം ശ.-ത്തിലുണ്ടായിരുന്ന ഗ്ളാസ് ഹാര്‍മോണിയം ഇത്തരത്തില്‍ ഒന്നായിരുന്നു. ഇത്തരത്തിലുള്ള ലോഹനിര്‍മിതമായ ഒരു താളവാദ്യമാണ് കാണിക്കാരുടെ കൊക്കര.
താളവാദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തുകല്‍ വാദ്യങ്ങളാണ്. വലിച്ചുകെട്ടിയ തോലില്‍ അടിച്ചാണ് ഇവയില്‍ നാദം പുറപ്പെടുവിക്കുന്നത്. മെസപ്പെട്ടോമിയയിലും ഈജിപ്തിലും 4000ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുകല്‍ വാദ്യങ്ങള്‍ വിഭിന്ന രൂപഭാവങ്ങളില്‍ നിലനിന്നിരുന്നതായി കാണാം. സിലിന്‍ഡര്‍ ആകൃതിയിലുള്ളവ, ബാരല്‍ രൂപത്തിലുള്ളവ, ഇരുവശവും തുകല്‍ പൊതിഞ്ഞവ, നിലത്തുറപ്പിച്ചു നിര്‍ത്താവുന്നവ, പാത്രങ്ങളില്‍ തുകല്‍ പിടിപ്പിച്ചിട്ടുള്ളവ, തുകല്‍ ചേര്‍ത്ത് പിടിപ്പിച്ചിട്ടുള്ളവ, ഫ്രെയിമില്‍ കിലുങ്ങുന്ന വസ്തുക്കള്‍ ഘടിപ്പിച്ചിട്ടുള്ളവ എന്നിങ്ങനെ തുകല്‍ വാദ്യങ്ങള്‍ പല രൂപങ്ങളിലുണ്ട്.
സിലിന്‍ഡര്‍ ആകൃതിയിലുള്ള തുകല്‍ വാദ്യങ്ങളില്‍ ചിലവ: പനാമാനിയന്‍ ഡ്രം, പോ-വോ ഡ്രം, ഷാനീ ഡ്രം, ഗ്രീക്ക് ഡൌലി, ബള്‍ഗേറിയന്‍ ടുവാന്‍, റഷ്യന്‍ ടിമൈര്‍, ഇഡി ഗുബു, ചെണ്ട, തബല, മൃദംഗം, ഒക്കിഡോ, ഡെയ്ബ്യോഷി.
കോണ്‍ ആകൃതിയിലുള്ള ഡ്രമ്മുകളില്‍ പ്രധാനപ്പെട്ടവ ഇവ യാണ്-ടെങ്ഗ, കൊബോറോ, ബാറ്റ. ബാരല്‍ ആകൃതിയിലുള്ളവയില്‍ ധോല, ടോം-ടോം, ഡ-ഡെയ്കോ, കലുങ്ഗു, ഡഗ്ഡുഗി, ത്സുസുമി. നിലത്തുറപ്പിച്ചു നിര്‍ത്തി കൊട്ടുന്ന തരം താളവാദ്യങ്ങളുടെ പരമ്പരയില്‍പ്പെട്ട ഒന്നാണ് കോംഗോ ഡ്രം. കഴുത്തില്‍ ഞാത്തിയിട്ട് കൊട്ടുന്ന തരം ഡ്രമ്മുകള്‍ നൂറുകണക്കിനുണ്ട്. തുടിയും പമ്പയും തകിലുമൊക്കെ അത്തരത്തിലുള്ളവയാണ്. ഒരു ഫ്രെയിമിന്റെ ഒരു വശത്തുമാത്രം തുകല്‍ പിടിപ്പിച്ച തരം തപ്പുകള്‍ മിക്കവാറും എല്ലായിടത്തും ദേശഭേദങ്ങളോടെ നിലവിലുണ്ട്. ദഫും ടാംബോറിനുമൊക്കെ ഇതിനുദാഹരണങ്ങളാണ്. കലങ്ങള്‍ പോലുള്ള ലോഹപാത്രങ്ങളുടെ വായ്ഭാഗത്ത് തുകല്‍ പൊതിഞ്ഞുണ്ടാക്കിയ തരം താളവാദ്യങ്ങളിലും വൈവിധ്യമേറെയാണ്. പെറുവിലേയും മെക്സിക്കോയിലേയും കെറ്റില്‍ ഡ്രമ്മുകളും ഇന്ത്യയിലെ ബയയും ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
ബാസ് ഡ്രം, ഗോങ് ഡ്രം, സൈഡ് ഡ്രം, ടിംബെയില്‍സ്, ബോം ഗോം ഡ്രം എന്നിങ്ങനെ പശ്ചാത്തല വാദ്യസംഗീതത്തിനുപയോഗിക്കുന്ന നിരവധി തരം ബാന്റുകള്‍ പാശ്ചാത്യലോകത്തുണ്ട്.
വിവിധതരം താളവാദ്യങ്ങള്‍
കൈയില്‍ വച്ച് കൊട്ടുന്നതരം വാദ്യങ്ങള്‍
മിക്കവാറും എല്ലാ വിഭാഗത്തിലുംപെട്ട താളവാദ്യങ്ങളും ഇന്ത്യയിലുണ്ട്. മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഭാരതം ഇതിലും വൈവിധ്യത്താല്‍ സമ്പന്നമാണ്.
താളം പിടിക്കാനുള്ള പലതരം കോലുകള്‍ ഇന്ത്യയിലുണ്ട്. നര്‍ത്തകര്‍ തന്നെ അത്തരം കോലുകള്‍ മുട്ടി നടത്തുന്ന വിഭിന്ന തരം കോല്‍ക്കളികളും ഇവിടെയുണ്ട്. ഡാന്‍ഡിയ റാസും കോലാട്ടവും അത്തരത്തില്‍ ചിലതാണ്.
കിലുക്കി താളം പിടിക്കുന്ന തരം വാദ്യങ്ങളുടെ ഒട്ടനവധി മാതൃകകള്‍ ഇന്ത്യയില്‍ കാണാം. കാശ്മീരിലെ ഡഹാര അത്തരത്തില്‍ ഒന്നാണ്. ഉത്തരേന്ത്യയില്‍ ലോഹനിര്‍മിതമായ പ്രത്യേക തരം കൈവളകള്‍ അണിഞ്ഞ് താളം പിടിക്കുന്ന ചില വിഭാഗങ്ങളുമുണ്ട്. അത്തരം വളകള്‍ ചുഡിയാന്‍ എന്നാണറിയപ്പെടുന്നത്.
മൂര്‍ശംഖ് വളരെ വ്യത്യസ്തതകളുള്ള ഒരു ഇന്ത്യന്‍ താളവാദ്യ മാണ്. കര്‍ണാടക സംഗീതക്കച്ചേരികളില്‍ ഒരു താളവാദ്യമായി ഇതുപയോഗിച്ചുവരുന്നു. തമിഴ്നാട്ടിലെ ശെമ്മാങ്കലവും കര്‍ണാട കയിലെ ജഗന്തെയും ചേങ്ങില പോലുള്ള താളവാദ്യങ്ങളാണ്.
രാജസ്ഥാനിലെ ശ്രീമണ്ഡലം ഒരു ലോഹഫ്രെയിമില്‍ ഘടി പ്പിച്ചിട്ടുള്ള കിലുങ്ങുന്ന ലോഹക്കഷണങ്ങളുള്ള വാദ്യോപകരണമാണ്. ഇത്തരത്തിലുള്ള പലതരം താളവാദ്യങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്. ചിമിത എന്നാണവ അറിയപ്പെടുന്നത്.
ജാലറ, ഝാലറി, കര്‍ത്താല്‍, ഇലത്താളം, കുഴിത്താളം എന്നി ങ്ങനെ ചെറിയ തരം സിംബലുകള്‍ ധാരാളമുണ്ട് ഭാരതത്തില്‍. വലിയ തരം സിംബലുകളില്‍ ചിലതാണ് ഝഞ്ച്, ബ്രഹ്മ താളം, ബ്രത്താളം തുടങ്ങിയവ.
റന്‍സ, ഖരം, ധോല്‍, തബല, ഡഗ്ഗ, മൃദംഗം, പമ്പ, ദുന്ദുഭി, ഡമരു, തുടി, ചെണ്ട, തകില്‍, മദ്ദളം, ചന്ദ്രപ്പിറ അഥവാ ചന്ദ്രമണ്ഡലം, ദഫ്, തപ്പ്, ഖഞ്ജരി, ഘടം, ചഡ്ചഡി, പമ്പ, ഇടയ്ക്ക, തിമില, പഖ്വാജ്, ഡോലി, പംഗ്, ശ്രീഖോല്‍, ധോലക്, ഉടുക്ക്, ബുറ, നഗര, ബയ തുടങ്ങിയവ ഡ്രമ്മുകളുടെ വിഭാഗത്തില്‍പ്പെടുന്ന ഇന്ത്യന്‍ താളവാദ്യങ്ങളാണ്. ഇക്കൂട്ടത്തില്‍പ്പെടുന്ന വളരെ സവിശേഷമായ ഒരു വാദ്യമാണ് പഞ്ചമുഖവാദ്യം. വില്ലടിച്ചാന്‍പാട്ടില്‍ വില്ല് താളം പിടിക്കുന്നതിനുള്ള ഒരു വാദ്യമായി ഉപയോഗിക്കുന്ന പതിവ് തമിഴ്നാട്ടിലും കേരളത്തിലുമുണ്ട്.
കേരളത്തിന്റെ തനതായ താളവാദ്യങ്ങളിലൊന്നാണ് ചെണ്ട. ഇടയ്ക്കയാണ് സവിശേഷമായ മറ്റൊരു വാദ്യം. വീക്കു ചെണ്ട, പറ, ശുദ്ധമദ്ദളം, ഉടുക്ക്, തുടി, തൊപ്പിമദ്ദളം, തിമില, പാണി, വീരാണം, ഡമാനം, മൃദംഗം, കടുന്തുടി, ഗഞ്ചിറ, തപ്പ്, അറബന, ദഫ്, തകില്‍, വേലത്തവില്‍, കുടുകുടുപ്പാണ്ടി, തമ്പേര്‍, നകാര, ധോലക്, ഘടം തുടങ്ങിയവയാണ് കേരളത്തിലെ താളവാദ്യങ്ങളില്‍ ചര്‍മവാദ്യങ്ങളായുള്ളവ. ഓണവില്ല് കേരളത്തിന്റെ സ്വന്തം വാദ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. കൂത്തിനുപയോഗിക്കുന്ന മിഴാവ് നിരവധി തലങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒരു കേരളീയ താളവാദ്യമാണ്. വ്യത്യസ്തമായ മറ്റൊരു വാദ്യമാണ് പുള്ളുവക്കുടം. നന്തുണി ഒരു ശ്രുതി വാദ്യമായും താളവാദ്യമായും ഉപയോഗിച്ചുവരുന്ന ഒന്നാണ്. ഘന വാദ്യങ്ങളായ (ലോഹനിര്‍മിതം) കേരളീയ താളവാദ്യങ്ങള്‍ ഇവയാണ്: ഇലത്താളം, ചേങ്ങില, കൊക്കര. ഹരികഥാകാലക്ഷേപത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ലഘു താളവാദ്യമാണ് ചപ്ളാംകട്ട.
വടികളോ കല്ലുകളോ എല്ലിന്‍കഷണങ്ങളോ കൂട്ടിമുട്ടിച്ച് താള മിട്ടുതുടങ്ങിയ കാലത്തോളം താളവാദ്യചരിത്രത്തിനു പഴക്കമുണ്ട്. ഇന്നും ഇലക്ട്രോണിക്-ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പുതിയതരം താളവാദ്യോപകരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 3/12/2020