অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ പ്രദേശങ്ങള്‍

കേരളത്തിലെ പ്രദേശങ്ങള്‍

  1. ഭരണങ്ങാനം
  2. അയ്മനം
  3. അഞ്ചരക്കണ്ടി
  4. കോഴിക്കോട് ജില്ലയിലൂടെ
  5. കൊളച്ചേരി
  6. കൊണ്ടോട്ടി
  7. കാളികാവ്‌
  8. ഏറ്റുമാനൂര്‍
  9. ചേലക്കര
  10. ചമ്പക്കുളം
  11. അഴീക്കോട്
  12. ആറളം
  13. അങ്ങാടിപ്പുറം
  14. ആലക്കോട്
  15. താനൂര്‍
  16. വെളിയങ്കോട്
  17. തിരൂരങ്ങാടി
  18. തൃപ്രങ്ങോട്
  19. നഗരൂര്‍
  20. മുദാക്കല്‍
  21. മാണിക്കല്‍
  22. മണമ്പൂര്‍
  23. മലയിന്‍കീഴ്
  24. മടവൂര്‍
  25. കുറ്റിച്ചല്‍
  26. കുന്നത്തുകാല്‍
  27. കുളത്തൂര്‍
  28. കോട്ടുകാല്‍
  29. കൊല്ലയില്‍
  30. കിഴുവിലം
  31. കിളിമാനൂര്‍
  32. കാട്ടാക്കട
  33. കാരോട്
  34. കരവാരം
  35. കാഞ്ഞിരംകുളം
  36. കല്ലിയൂര്‍
  37. കള്ളിക്കാട്
  38. കല്ലറ
  39. കഠിനംകുളം
  40. കടയ്ക്കാവൂര്‍
  41. ഇലകമണ്‍
  42. ഇടവ
  43. ചിറയിന്‍കീഴ്
  44. ചെറുന്നിയൂര്‍
  45. ചെങ്കല്‍
  46. ചെമ്മരുതി
  47. ബാലരാമപുരം
  48. അതിയന്നൂര്‍
  49. ആര്യങ്കോട്
  50. ആര്യനാട്
  51. അഞ്ചുതെങ്ങില്‍
  52. ആനാട്
  53. തിരുനാവായ
  54. മലപ്പുറംജില്ലയിലൂടെ

ചമ്പക്കുളം

സാമൂഹിക-സാംസ്കാരികചരിത്രം
ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര്‍ ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവര്‍ഷം 990-ല്‍ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിര്‍മ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊങ്ങുതടിയില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കള്‍ക്കായി ചുണ്ടന്‍വള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങള്‍, മിന്നല്‍യുദ്ധങ്ങള്‍ക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിന്‍ബലം നല്‍കിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാര്‍ത്താണ്ഡവര്‍മ കീഴടക്കിയതും, മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായതുമുള്‍പ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത്, ബ്രണ്ടന്‍ സായ്പ്പിന്റെ യന്ത്രവത്ക്കരണപ്രവര്‍ത്തനങ്ങള്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി. നവീനവിദ്യാഭ്യാസം ജനങ്ങളുടെയിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. പഞ്ചായത്തില്‍ ആദ്യമായി 1884-ല്‍ ഒരു വിദ്യാലയം പുന്നക്കുന്നത്തുശ്ശേരില്‍ സ്ഥാപിതമായി. ആദ്യത്തെ വായനശാലയായ പബ്ളിക് ലൈബ്രറി ചമ്പക്കുളം 1945-ലാണ് സ്ഥാപിതമായത്. കുട്ടനാട്ടിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ചാക്കോ കാഞ്ഞൂപ്പറമ്പന്‍. ജാതി പീഡനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എം.കെ.കൃഷ്ണന്‍, കുറ്റിക്കാട്ടില്‍ ശങ്കരന്‍ചാന്നാന്‍ (കൈനകരി) എന്നിവര്‍ വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം 1939 ഡിസംബര്‍ 8-നാണ് രൂപീകരിക്കപ്പെടുന്നത്. അടിയാളനെ കൊന്നതിന് തമ്പ്രാനെതിരെ ഫയല്‍ ചെയ്യപ്പെട്ട കുട്ടനാട്ടിലെ ആദ്യത്തെ കേസ് ആണ് ഓമനചിന്ന കേസ്. കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ 1955-ലെ വെള്ളിശ്രാക്കല്‍ സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ ഈ നാട്ടുകാരനായ പി.കെ.പാട്ടമായിരുന്നു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച പി.കെ.പരമേശ്വരകൈമള്‍ എന്ന പി.കെ.പാട്ടം പരക്കെ അറിയപ്പെടുന്ന നേതാവായിരുന്നു. 1964-ല്‍ പ്രസിദ്ധമായ ചിറക്ക് പുറം സമരം നടന്നു. കൂലി ഏട്ടണയില്‍ നിന്നും 12 അണയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ സമരം കാലണാ സമരം എന്നറിയപ്പെടുന്നു. കളത്തില്‍ സ്കറിയ എന്ന ജന്മിയുടെ പാടശേഖരത്തിലാണ് ഈ സമരം നടന്നത്

ഭരണങ്ങാനം

സാമൂഹിക സാംസ്കാരിക ചരിത്രം
ആദ്യകാലം മുതല്‍ ഭരണങ്ങാനം പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കാണാം. ആദ്യമെത്തിയത് നെഗ്രിറ്റോ വര്‍ഗക്കാരായിരുന്നു, പിന്നീട് ദ്രാവിഡര്‍ എത്തി. ഏറ്റവും ഒടുവില്‍ ആര്യന്മാരും. ഭീമസേനന്‍ പാരണം നടത്തിയ വന (കാനം) പ്രദേശം എന്നതില്‍ നിന്ന് ഈ സ്ഥലത്തിന് പാരങ്ങാനം എന്ന പേരുണ്ടായി. പില്‍ക്കാലത്ത് അത് ഭരണങ്ങാനമായി മാറി എന്ന് ഐതിഹ്യം. സാമൂഹ്യപരിഷ്ക്കാരം, ദേശീയസ്വാതന്ത്ര്യം, ഉത്തരവാദഭരണം തുടങ്ങിയ ദേശീയപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള പ്രക്ഷോഭണങ്ങളിലും സമരങ്ങളിലും ഭരണങ്ങാനം പ്രദേശം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഭരണങ്ങാനം മച്ചയാനിയില്‍ പാപ്പച്ചന്‍ എന്നു വിളിച്ചിരുന്ന ഐ.ഡി.ചാക്കോ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിയാണ്. ഭരണങ്ങാനം പള്ളി മുന്‍കൈ എടുത്ത് നിര്‍മ്മിച്ച് സര്‍ക്കാരിനു നല്‍കിയ കെട്ടിടത്തില്‍ 1897-ല്‍ ഒരു ഇംഗ്ളീഷ് സ്കൂള്‍ ആരംഭിച്ചു. 1952 ആഗസ്റ്റ് 15-ന് വേഴങ്ങാനത്ത് ഒരു വില്ലേജ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ആരംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ പഞ്ചായത്തിന്റെ വടക്കുഭാഗത്തു കൂടി കടന്നു പോകുന്നു. പുരാതനകാലത്ത് തമിഴ്നാടുമായി വാണിജ്യം നടത്തുന്നതിന് ഉപയോഗിച്ചുകൊണ്ടിരുന്ന മലമ്പാതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഭരണങ്ങാനത്തുണ്ട്. പാണ്ഡവന്മാര്‍ ഭരണങ്ങാനത്തു സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഇടപ്പാടി വഴനേക്കാവു ക്ഷേത്രം വളരെ പുരാതനമായ ഒന്നാണ്. അളനാട്ടിലുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം ആയിരം വര്‍ഷംമുമ്പു നിര്‍മിച്ചതാണ്. പുണ്യശ്ളോകയായ അല്‍ഫോന്‍സായുടെ ശവകുടീരം ഭരണങ്ങാനത്താണ്. അനുഗ്രഹം തേടി പതിനായിരങ്ങള്‍ ഇവിടെ എത്താറുണ്ട്. മീനച്ചിലാറും പരിസരപ്രദേശങ്ങളും ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. പഞ്ചായത്തിലെ അയ്യമ്പാറയും പറമ്പൂരാംപാറയും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാവുന്ന പ്രദേശങ്ങളാണ്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സായുടെ ശവകുടീരവും അനുബന്ധ സ്മാരകങ്ങളും ഭരണങ്ങാനം പള്ളിയും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന പരിശുദ്ധ തീര്‍ത്ഥാടനകേന്ദ്രമാണ്. ഏകദേശം 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണ്ഡവരാല്‍ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം, പ്രവിത്താനം, ഇളന്തോട്ടം പള്ളികള്‍, സംസ്ഥാന ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കയ്യൂര്‍, കൂവക്കാട് പ്രദേശങ്ങള്‍ കൂടാതെ ഐതിഹ്യമാലയില്‍ പ്രതിപാദിച്ചിരിക്കുന്ന കുളപ്പുറത്ത് ഭീമന്‍ ജീവിച്ചിരുന്ന കയ്യൂര്‍ പ്രദേശം, 2002 ല്‍ ആരംഭിച്ച ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ്, ചെറുപുഷ്പമിഷന്‍ ലീഗ് ആസ്ഥാനം ഭരണങ്ങാനം എന്നീ സ്ഥലങ്ങളും പുറംലോകം അറിയപ്പെടേണ്ട ആകര്‍ഷകങ്ങളായ സ്ഥലങ്ങളാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ്. കത്തോലിക്ക സഭ ഇന്ത്യയില്‍ നിന്നും വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യവനിതയായ അല്‍ഫോന്‍സാമ്മയുടെ ജന്മദേശം ഭരണങ്ങാനം എന്ന ഈ ഗ്രാമമാണ്. വിശുദ്ധയായി പ്രഖ്യാപിച്ചതോടെ അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ചൂണ്ടച്ചേരി ആയുര്‍വേദ ഡിസ്പെന്‍സറി, പ്രവിത്താനം ഹോമിയോ ഡിസ്പെന്‍സറി, അളനാട് ഒരപ്പുഴയ്ക്കല്‍ ഹോമിയോ ഡിസ്പെന്‍സറി, ഉളളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. കൂടാതെ ഭരണങ്ങാനത്ത് ഐ.എച്ച്.എം. ഹോസ്പിറ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണങ്ങാനം പഞ്ചായത്തില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചൂണ്ടച്ചേരിയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. പഞ്ചായത്തില്‍ ഭരണങ്ങാനം ഗ്രന്ഥശാലയും ഇടപ്പാടി സാംസ്കാരിക നിലയം, ഉള്ളനാട് വായനശാല എന്നീ വായനശാലകളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, വില്ലേജ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്നു. വാട്ടര്‍ അതോറിറ്റി ഓഫീസ് പാലായിലും, കൃഷി ഭവന്‍ വേഴാങ്ങാനത്തും സ്ഥിതി ചെയ്യുന്നു. കൂടാതെ സര്‍ക്കാരിന്റെ ഒരു ഡസനോളം മറ്റ് ഓഫീസുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അയ്മനം

പ്രാദേശിക സാമൂഹിക ചരിത്രം
അയ്മനത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിലും യാഥാര്‍ത്ഥ്യങ്ങളിലും കോര്‍ത്തിണക്കപ്പെട്ടതാണ്. പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്ന വനപ്രദേശത്തിന് ഐവര്‍ വനം എന്ന പേരുണ്ടായതായും ക്രമേണ ഈ സ്ഥലം ഐമനം ആയി എന്നുമാണ് ഐതിഹ്യം. തെക്കുംകൂര്‍, ചെമ്പകശ്ശേരി എന്നീ നാട്ടുരാജാക്കന്‍മാരുടെ അധീനതയിലായിരുന്ന രണ്ടു ഭൂവിഭാഗങ്ങളായ കുടമാളൂരും അയ്മനവും കൂടി ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ അയ്മനം ഗ്രാമപഞ്ചായത്ത്. കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്മസ്ഥാനം നഷ്ടപ്പെട്ട ചെമ്പകശ്ശേരി മനയിലെ വിധവയും മകന്‍ ഉണ്ണി നമ്പൂതിരിയും മുത്തശ്ശിയും അയ്മനം എന്ന പേരിലറിയപ്പെട്ടിരുന്ന ഇവരുടെ ആശ്രിതനും കൂടി തിരുവിതാംകൂറുകാരായ ചില പട്ടാളക്കാരുടെ സഹായത്തോടെ തെക്കുംകൂര്‍ രാജാവില്‍ നിന്നും കൌശലപൂര്‍വ്വം നേടിയ പ്രദേശമാണ് കുടമാളൂര്‍. ഉണ്ണിനമ്പൂതിരിയുടെയും മറ്റും ദയനീയ സ്ഥിതി മനസിലാക്കിയ തെക്കുംകൂര്‍ രാജാവ് ഉടവാള്‍ കൊണ്ട് ഒരു ദിവസം വെട്ടിപ്പിടിക്കാവുന്ന സ്ഥലം തന്റെ രാജ്യത്തുനിന്നും സ്വന്തമാക്കിക്കൊള്ളാന്‍ കല്പിച്ചുപോലും, സമര്‍ത്ഥനായ അയ്മനം പട്ടാളക്കാരുടെ സഹായത്താല്‍ രാജാവുനല്‍കിയ ഉടവാള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഊര് അഥവാ ദേശം കാലക്രമേണ കുടമാളൂര്‍ എന്നു പ്രസിദ്ധമായി എന്നാണ് ഒരൈതിഹ്യം. ചെമ്പകശ്ശേരി രാജസദസ്സിലെ കവിയായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കുടമാളൂരില്‍ താമസിച്ചാണ് കിരാതം വഞ്ചിപ്പാട്ട് എഴുതിയിട്ടുള്ളത് എന്നു ചില രേഖകളില്‍ കാണാം. കുടമാളൂര് ചെമ്പകശ്ശേരി മന്ത്രിമാരുടെ ആസ്ഥാനമായിരുന്നെങ്കില്‍, അയ്മനം തെക്കുംകൂര്‍ മന്ത്രിമാരുടെ ആസ്ഥാനമായിരുന്നു. കോട്ടയും കൊട്ടാരവും സ്ഥിതി ചെയ്തിരുന്ന തളികോട്ട അയ്മനത്തിന്റെ തെക്കെ അതിര്‍ത്തിയിലായിരുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ചേരമര്‍ സഭ, ഭരതര്‍ മഹാസഭ, വണിക വൈശ്യസംഘം, വിശ്വബ്രഹ്മ സമാജം, വിശ്വകര്‍മ്മസഭ എന്നിവയും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. രാജഭരണം അവസാനിച്ചിട്ടും ജന്മിത്വം ശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു അയ്മനം. സ്വാതന്ത്ര്യത്തിനു ശേഷവും അയ്മനം പഞ്ചായത്തിലെ കൃഷി ഭൂമി മുഴുവന്‍ മൂന്നു ജന്മിമാരുടെ കൈവശമായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അഖില തിരുവിതാംകൂര്‍ കര്‍ഷക തൊളിലാളി യൂണിയന്‍ മങ്കൊമ്പ് കേന്ദ്രമാക്കി രൂപം കൊണ്ടു. അഖില തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൂലിക്കും പതത്തിനും വേണ്ടി പല ഭാഗങ്ങളിലും സമരങ്ങള്‍ നടത്തുകയുണ്ടായി.

സാംസ്കാരിക ചരിത്രം
കുടമാളൂര്‍ കരികുളങ്ങര ദേവിക്ഷേത്രത്തിലെ ഒറ്റതൂക്കം എന്ന വഴിപാട് കേരളത്തിലെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ചടങ്ങാണ്. പരിപ്പ് ശിലക്ഷേത്രത്തിലെ മേടം ഉല്‍സവം, അയ്മനം നരസിംഹപുരം ക്ഷേത്രത്തിലെ ചിങ്ങമാസത്തിലെ തിരുവോണനാളിലെ ആറാട്ട്, കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ മീനഭരണി ഉല്‍സവത്തോടനുബന്ധിച്ച് കുത്തിയോട്ടം എന്നിവയൊക്കെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ഉല്‍സവാഘോഷങ്ങളാണ്. കുടമാളൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ദു:ഖവെള്ളിയാഴ്ച ദിവസം നടക്കുന്ന നീന്തുനേര്‍ച്ച വളരെ പ്രസിദ്ധമാണ്. ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണീ ഗ്രാമത്തിലെ പ്രധാന മതവിഭാഗങ്ങള്‍. അവരുടെ ആരാധനാലയങ്ങളെ കേന്ദ്രമാക്കി വ്യത്യസ്തങ്ങളും വൈവിദ്ധ്യങ്ങളുമായ വിവിധ ആഘോഷങ്ങള്‍ ആചാരവിധിപ്രകാരം നടത്തിവരുന്നു. കുടമാളൂരില്‍ സി.വി.എന്‍.കളരിയും, കുടയംപടിയില്‍ ഗരുഡ ജിംനേഷ്യവും കായികരംഗത്ത് മികച്ച പരിശീലനങ്ങള്‍ നല്‍കിവരുന്നു. പ്രൊഫ: അയ്മനം കൃഷ്ണകൈമള്‍ പ്രസിദ്ധനായ അദ്ധ്യാപകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ്. അദ്ദേഹത്തിന്റെ ഡാക്ടര്‍ ഫൌസ്റ്റ് എന്ന ആട്ടകഥ അനുവാചകരില്‍ സ്ഥിരപ്രതിഷ്ഠനേടിയ ഗ്രന്ഥമാണ്. കഥകളി വേദികളിലെ നിത്യയൌവ്വനകളായ സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമായ വിധത്തില്‍ അരങ്ങില്‍ അവതരിപ്പിച്ചിട്ടുള്ള കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്ന അനുഗ്രഹീതകലാകാരന്റെ കലാരംഗത്തെ നിസ്തുലമായ സേവനങ്ങളുടെ അംഗീകാരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദിപൂര്‍ത്തിയോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള കുടമാളൂര്‍ കരുണാകരന്‍ നായര്‍ ഷഷ്ഠ്യബ്ദിപൂര്‍ത്തി സ്മാരകഹാള്‍ എന്ന ദൃശ്യസ്മാരക മന്ദിരം അമ്പാടിക്കവലയ്ക്കു സമീപം തലയുയര്‍ത്തി നില്‍ക്കുന്നു. അഷ്ടവൈദ്യപ്രമുഖരില്‍പ്പെട്ട കൊട്ടാരക്കരവൈദ്യനായിരുന്ന ഒളശ്ശ ചിരട്ടമണ്‍ മൂസ്സിന്റെ പിന്‍തുടര്‍ച്ചക്കാരനായ നാരായണമൂസ്സും വൈദ്യശാസ്ത്രരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച മഹത് വ്യക്തിയാണ്. നാടകലോകത്തും, സിനിമാവേദിയിലും തനതായ ശൈലിയിലൂടെ വ്യക്തിമുദ്രപതിപ്പിച്ച് തൊട്ടതൊക്കെ പൊന്നാക്കി ജ്വലിച്ചു നിന്ന എന്‍.എന്‍.പിള്ള, ഈ ഗ്രാമത്തിന്റെ മറ്റൊരു കീര്‍ത്തിസ്തംഭമാണ്.

അഞ്ചരക്കണ്ടി

സാമൂഹ്യ-സാംസ്കാരിക ചരിത്രം

മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍, കോലത്തിനാട് വാണിരുന്ന വടക്കിളംകൂര്‍ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാര്‍ക്ക് രക്ഷ നല്‍കുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നല്‍കാമെന്നറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കാതെ വന്നപ്പോള്‍ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാര്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കി. 1799-ല്‍ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവര്‍ അഞ്ചു കണ്ടികള്‍ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയില്‍ സാധനങ്ങള്‍ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാര്‍ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി. വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവാപ്പട്ട-സിനമണ്‍) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയര്‍ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളില്‍ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്. കേരളത്തില്‍ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. അഞ്ചരക്കണ്ടി സായ്പന്‍മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രൌണ്‍ സായ്പന്മാരുടെ കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളില്‍ പോലും നല്ല മാര്‍ക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. 1800-ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌണ്‍ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൌണ്‍’സ് സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തില്‍ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങള്‍ വരുത്തിയത് ബ്രൌണ്‍ കുടുംബമാണ്. അഞ്ചരക്കണ്ടിയിലെ ഭൂമി സര്‍വേ ചെയ്യാനും അതിന്റെ രേഖകള്‍ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്രജിസ്ട്രാര്‍ ഓഫീസ് അഞ്ചരക്കണ്ടിയില്‍ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം 1914 ഫെബ്രുവരി 2-ന് റോബര്‍ട്ട് എഡ്വേര്‍ഡ് ബ്രൌണ്‍ ആദ്യ അംഗമായി സ്ഥാപിതമായി. ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ബ്രൌണ്‍ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയില്‍ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌണ്‍ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ചക്കരക്കല്‍-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട് എന്നീ റോഡുകള്‍ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തില്‍ വികസനനാഴികക്കല്ലുകളാണ്. 1943-ല്‍ ബ്രൌണ്‍ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാര്‍ഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ക്രെയ്ഗ് ജോണ്‍സ് എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി. പഴയ ചിറക്കല്‍ താലൂക്കില്‍പെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് രൂപവല്‍ക്കരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി പഞ്ചായത്ത്. ഉയര്‍ന്നു പരന്ന കുന്നിന്‍പ്രദേശങ്ങളും ചെരിവുകളും ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. അങ്ങ് വയനാടന്‍ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധര്‍മ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ ഒടുവില്‍ അറബിക്കടലില്‍ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു. ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ മാമ്പ സിയാറത്തുങ്കര മഖാം അഞ്ചരക്കണ്ടിയില്‍ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയില്‍ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമില്‍ നടന്നിരുന്ന നേര്‍ച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി. അഞ്ചരക്കണ്ടിയില്‍ 1942-ല്‍ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരില്‍ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള ശ്രീനാരായണജ്ഞാനപ്രദായനി വായനശാലയില്‍ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേര്‍ന്നത് ഇവിടെ വച്ചാണ്. 1957 ജൂണ്‍ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവര്‍ത്തകര്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്. 1950-ല്‍ മാമ്പദേശത്ത് വെലങ്ങേരി വീട്ടില്‍ വി.എ.അമ്പുവിന്റെ നേതൃത്വത്തില്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പ്രമുഖനേതാക്കള്‍ പങ്കെടുത്ത കര്‍ഷകസമ്മേളനം നടന്നിട്ടുണ്ട്. ഈ സമ്മേളനങ്ങള്‍ കര്‍ഷക-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രധാന കുടില്‍ വ്യവസായമായിരുന്നു, അവില്‍ ഉത്പാദനം. കണ്ണൂരിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനം അഞ്ചരക്കണ്ടിക്കുണ്ടായിരുന്നു. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അഞ്ചരക്കണ്ടിയിലെ ആദ്യത്തെ വിദ്യാലയം പാളയത്ത് അഞ്ചരക്കണ്ടി എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു.

സാംസ്കാരികചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാ-കായിക-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, സമ്പന്നമായൊരു പശ്ചാത്തലമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടി ബ്രിട്ടീഷുകാര്‍ പഞ്ചായത്തില്‍ ഉറപ്പിച്ച ആധിപത്യം സാമൂഹ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മറ്റു സമീപ പ്രദേശങ്ങളില്‍ ജന്മി-നാടുവാഴിത്ത വ്യവസ്ഥകള്‍ സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി കൊടികുത്തി വാണിരുന്ന അവസരത്തിലും അഞ്ചരക്കണ്ടിയില്‍ അതിന്റെ സ്വാധീനം താരതമ്യേന കുറവായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മറ്റു ഉച്ച നീചത്വങ്ങളും നിലവിലുണ്ടായിരുന്നങ്കിലും മറ്റു പ്രദേശങ്ങളിലെ പോലെ അത്ര തീവ്രമായിരുന്നില്ല. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ഇസ്ളാം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ക്രിസ്തുമതവിശ്വാസികളും പഞ്ചായത്തിലെ പ്രബലമതവിഭാഗമാണ്. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളോടുകൂടി ജീവിക്കുന്നവരാണെങ്കിലും ജനങ്ങള്‍ ഐക്യത്തോടും സൌഹാര്‍ദ്ദത്തോടും കൂടി കഴിഞ്ഞുവരുന്നു. ഹിന്ദുമതത്തില്‍, നമ്പ്യാര്‍, വാണിയ, തീയ്യ, മലയ, വണ്ണാന്‍, പേട്ടുവര്‍, കരിമ്പാലന്‍, കൊല്ലന്‍, തട്ടാന്‍, ആശാരി, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ ജാതികളും അവയില്‍ ചിലതില്‍ അതിന്റെ അവാന്തര വിഭാഗങ്ങളുമുണ്ട്. ജനനം, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. മതപരമായും, ജാതീയമായും ആചാരാനുഷ്ഠാനങ്ങളില്‍ വൈജാത്യങ്ങളുണ്ടെങ്കിലും നാനാത്വത്തില്‍ ഏകത്വം എന്ന ചൊല്ല് അന്വര്‍ഥമാക്കുമാറ് ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തനതായ ഒരു സാംസ്കാരികാന്തര്‍ധാരയുമുണ്ടെന്നു കാണാം. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരാതനമായ ധാരാളം ക്ഷേത്രങ്ങളും കാവുകളുമുണ്ട്. കൂടാതെ മുസ്ളിം ജനവിഭാഗത്തിന്റെ ആരാധാനാലയങ്ങളായ പള്ളികളുമുണ്ട്. ക്ഷേത്രങ്ങളിലും, കാവുകളിലും, കെട്ടിയാടിക്കുന്ന മുത്തപ്പന്‍, തമ്പുരാട്ടി, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭദ്രകാളി, ചാമുണ്ഡി, ഭൂതം, ഭൈരവന്‍, വിഷ്ണു, മൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും, ശൈവ, വൈഷ്ണവ പ്രതിഷ്ഠകളും അവയുടെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ജനമനസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതമൈത്രിക്ക് പേരുകേട്ട ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. മാമ്പ സിയാറത്തുങ്കര പള്ളി മഖാം ആ വിഭാഗത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട ഒരാരാധനാലയമാണ്. മണ്‍മറഞ്ഞ രാമന്‍ പെരുവണ്ണാന്‍, കുഞ്ഞമ്പു പെരുവണ്ണാന്‍, കണ്ണന്‍ പെരുവണ്ണാന്‍, ആണ്ടിപണിക്കര്‍, കൊട്ടന്‍ പണിക്കര്‍ എന്നീ പ്രശസ്തരായ തെയ്യം കലാകാരന്മാര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്നവരാണ്. കണ്ണാടിവെളിച്ചം എന്ന പേരില്‍ എ.കെ.ജി.സ്മാരക വായനശാല ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. പണ്ടുകാലത്ത് പഞ്ചായത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തമായ സാംസ്കാരികസ്ഥാപനങ്ങളായിരുന്നു അമ്പിളി കലാ-സാംസ്കാരിക സമിതി, കുഞ്ഞിക്കൃഷ്ണന്‍ സ്മാരക കലാസമിതി തുടങ്ങിയവ. മുന്‍കാലങ്ങളില്‍, മാനസികോല്ലാസത്തിനും കായികശേഷിക്കും ഉപകരിക്കുന്ന ഇട്ടികളി, ഗോട്ടികളി, തലമകളി, കൊത്തങ്കല്ലുകളി, ഞൊണ്ടിക്കളി, സോഡകളി, കബഡികളി, ചട്ടികളി തുടങ്ങിയ കായികവിനോദങ്ങള്‍ വ്യാപകമായിരുന്നു.

കോഴിക്കോട് ജില്ലയിലൂടെ

കൊട്ടാരം എന്നര്‍ത്ഥമുള്ള “കോയില്‍”, എന്ന പദവും, കോട്ടകള്‍ നിറഞ്ഞ സ്ഥലം എന്നര്‍ത്ഥമുള്ള “കോട്” എന്ന പദവും സംയോജിച്ചുണ്ടായ “കോയില്‍ക്കോട്” എന്ന പ്രയോഗത്തില്‍ നിന്നാണ് കോഴിക്കോട് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പ്രഗത്ഭരായ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരിലൂടെ പ്രചാരം സിദ്ധിച്ച “കാലിക്കറ്റ്” എന്ന പ്രയോഗം കോഴിക്കോട് എന്നതിന്റെ അറബിരൂപമായിരുന്നു. കോഴിക്കോട് തലസ്ഥാനമാക്കിയായിരുന്നു പുരാതന കേരളത്തിലെ സാമൂതിരിയുടെ നാട്ടുരാജ്യം നിലനിന്നിരുന്നത്. പില്‍ക്കാലത്ത് ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. പഴയ ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയുടെ ആസ്ഥാനവും കോഴിക്കോടായിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ആകാശവാണി നിലയവും, മെഡിക്കല്‍ കോളേജും, അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കോഴിക്കോട്.

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതന കേരളത്തിലെ പ്രബലമായ നാട്ടുരാജ്യമായിരുന്നു സാമൂതിരിയുടെ കോഴിക്കോട്. മാനവേദന്‍, വിക്രമന്‍ എന്നീ രണ്ടു സഹോദരന്മാരാണ് സാമൂതിരിരാജവംശം സ്ഥാപിച്ചത്. സൈനികബലം കൊണ്ട് ദേശങ്ങള്‍ പിടിച്ചടക്കി രാജാക്കന്മാരായ ഇവര്‍ ക്ഷത്രിയവംശത്തില്‍ ജനിച്ചവരായിരുന്നില്ല. വള്ളുവക്കോനാതിരിയെ തറപറ്റിച്ച് മാമാങ്കത്തിന്‍റെ രക്ഷാധികാരിയായി മാറിയതോടെയാണ് മലബാറിന്‍റെ സമ്പൂര്‍ണ്ണാധികാരം സാമൂതിരിമാരുടെ കൈപ്പിടിയിലാകുന്നത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുരുമുളകിന്റേയും മറ്റു മലഞ്ചരക്കുകളുടെയും അതിവിപുലമായ വ്യാപാരകേന്ദ്രങ്ങളും പണ്ടകശാലകളും പുരാതന കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. മലഞ്ചരക്കുകള്‍ വാങ്ങിച്ചുകൂട്ടുന്നതിന് എത്തിയിരുന്ന അറബികളും ചീനക്കാരുമായ വിദേശവ്യാപാരികളെ കൊണ്ട് ഇവിടുത്തെ തെരുവുകള്‍ തിങ്ങിനിറഞ്ഞിരുന്നു. സത്യസന്ധരും, ഇവിടുത്തുകാരുമായി നല്ല ബന്ധം വച്ചു പുലര്‍ത്തിയിരുന്നവരുമായ അറബികള്‍ക്ക് പരമ്പരാഗതമായി ഈ നാടുമായുണ്ടായിരുന്ന വ്യാപാരബന്ധത്തെ തകര്‍ത്തുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ ഇവിടെ പിടിമുറുക്കിയത്. അതുവരെ സമ്പല്‍സമൃദ്ധമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടതും. വ്യാപാരാവശ്യത്തിനായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിനേയും കൊച്ചിയെയും തമ്മിലടിപ്പിച്ചുകൊണ്ട് കച്ചവടാനുകൂല്യകരാറുകള്‍ സമ്പാദിച്ചെടുക്കുകയും ക്രമേണ ഇവിടെ ആധിപത്യമുറപ്പിക്കുകയുമായിരുന്നു. അക്കാലം മുതല്‍ക്കാണ് യൂറോപ്യന്‍ ശക്തികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വന്നെത്തിയതും ഏറ്റവുമൊടുവില്‍ ബ്രിട്ടന്‍റെ ആധിപത്യത്തിന്‍ കീഴിലേക്ക് ഈ രാജ്യം വഴുതിവീഴുന്നതും. വടക്കന്‍ പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനന്‍ ജനിച്ച തച്ചോളി മാണിക്കോത്ത് വീട് കോഴിക്കോട്ടാണ്. വടക്കന്‍പാട്ടു ചരിതത്തിലെ സംഭവപരമ്പരകള്‍ അരങ്ങേറിയ പ്രദേശങ്ങളെല്ലാം തന്നെ ഈ ജില്ലയിലെ വടകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ തടിവ്യാപാരകേന്ദ്രമായിരുന്നു കോഴിക്കോട് നഗരപ്രാന്തത്തിലെ കല്ലായി. കൂട്ടിക്കെട്ടിയ നിലയിലും അല്ലാതെയും കോഴിക്കോടിന്‍റെ സമൃദ്ധിയുടെ അടയാളമായി കണ്ണെത്താദൂരത്തോളം കല്ലായിപുഴയില്‍ നിറഞ്ഞുകിടന്നിരുന്ന പടുകൂറ്റന്‍ തടികള്‍ ഇന്ന് ഗതകാലസ്മൃതികള്‍ മാത്രം. 1903-ല്‍ സ്വാതന്ത്ര്യ സമരകാലത്ത് കോഴിക്കോട് സംഘടിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തെ തുടര്‍ന്ന് ദേശീയകോണ്‍ഗ്രസ്സിന്‍റെ മലബാറിലെ ആസ്ഥാനമായി കോഴിക്കോട് മാറി. 1915-ല്‍ മലബാറില്‍ വ്യാപകമായിരുന്ന കുടിയാന്‍ പ്രക്ഷോഭം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജനവികാരം തിരിക്കുന്നതില്‍ ഏറെ സഹായകമായി. 1917 ജനുവരിയിലായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് പ്രകടനവും പൊതുയോഗവും കോഴിക്കോട്ട് ആദ്യമായി നടന്നത്. 1939-ല്‍ രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്‍റെ സിരാകേന്ദ്രം കോഴിക്കോട് നഗരമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം 19-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയോടുകൂടിയാണ് കോഴിക്കോട്ടാരംഭിച്ചത്. ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ കല്ലായിയില്‍ സ്ഥാപിച്ച സ്കൂളാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആസ്ഥാനം കോഴിക്കോടിനടുത്ത് തേഞ്ഞിപ്പലത്താണ്. ഗവ:ആര്‍ട് & സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, റൊഫത്തുള്‍ ഉള്‍-അം-അറബിക് കോളേജ്, ക്രിസ്ത്യന്‍ കോളേജ്, പേരാമ്പ്ര, കൊയിലാണ്ടി, കോടഞ്ചേരി, മൊകേരി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ:കോളേജുകള്‍, മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഗവ:ഹോമിയോ കോളേജ്, റീജണല്‍ എഞ്ചിനീയറിംഗ് കോളേജ്, ഗവ:ലോ കോളേജ് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഡിസ്ട്രിക്ട് സെന്‍ട്രല്‍ ലൈബ്രറിയാണ് കോഴിക്കോട്ടെ പഴക്കമേറിയതും പുസ്തകശേഖരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ വായനശാല. കേരളപത്രിക, കേരളം, കേരള സഞ്ചാരി, ഭാരതവിലാസം തുടങ്ങിയ മലയാള പത്രങ്ങള്‍ 1893-ന് മുമ്പായി കോഴക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. മാപ്പിളപാട്ടുകളും, ഒപ്പനയും ഈ നാട്ടിലെ പാരമ്പര്യ കലാരൂപങ്ങളാണ്. ലളിതകലാ അക്കാദമി ഈ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, മലബാര്‍ സ്പിന്നിംഗ് മില്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, കോമണ്‍വെല്‍ത്ത് വീവിംഗ് ഫാക്ടറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. ഓട് വ്യവസായവും, വെസ്റ്റ് ഹില്ലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും എടുത്തുപറയത്തക്കതാണ്. ദേശീയപാത-17, 213, 210 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. തളിക്ഷേത്രം, തിരുവന്നൂര്‍ക്ഷേത്രം, ആഴകൊടിക്ഷേത്രം, ബിലാത്തിക്കുളം ക്ഷേത്രം, ഭൈരംഗിമഠം ക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, മേപ്പയ്യൂര്‍ ദുര്‍ഗ്ഗാക്ഷേത്രം, തിരുവിലങ്ങാട് ക്ഷേത്രം തുടങ്ങിയവയാണ് പ്രസിദ്ധമായ ഹൈന്ദവ ആരാധനാലയങ്ങള്‍. നാദാപുരംപള്ളി, കുട്ടിച്ചിറ, മുസ്ലീംപള്ളി, സി.എസ്.ഐ പള്ളി, മണ്ണാചിറ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പഴശ്ശിരാജ മ്യൂസിയം, രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ആര്‍ട്ട് ഗാലറി, ബേപ്പൂര്‍ ഇരുമ്പു നിര്‍മ്മാണശാല, കോഴക്കോട് ബീച്ച്, കുറ്റ്യാടി ഡാം, ബാണാസുര കൊടുമുടി, മന്നാര്‍ചിറ, മാനാഞ്ചിറ സ്ക്വയര്‍, പ്ലാനെറ്റേറിയം, പെരുവണ്ണാമൂഴിയിലെ മുതലവളര്‍ത്തല്‍ കേന്ദ്രം, കടലുണ്ടി പക്ഷിസങ്കേതം, കാപ്പാട് വാസ്ഗോ ഡ ഗാമ സ്മാരകം, തുഷാരിഗിരി വെള്ളച്ചാട്ടം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.

കൊളച്ചേരി

സാമൂഹ്യസാംസ്കാരികചരിത്രം

ആരുടെയും തലയറുത്തുമാറ്റുവാന്‍ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികള്‍ വാണിരുന്ന സ്ഥിതിവിശേഷം ഇവിടെ നിലനിന്നതുകൊണ്ടാവാം കൊലച്ചേരി എന്ന സ്ഥലനാമം ഉണ്ടാവാന്‍ കാരണമെന്നാണ് നിലവിലുള്ള ഒരു നിഗമനം. കേരള ജാതിവ്യവസ്ഥാ സമ്പ്രദായത്തിന്റെ ചരിത്രത്തിന് പൂര്‍ണ്ണതയോടുകൂടി തെളിവു നല്‍കിയ ദേശമാണ് കൊളച്ചേരി. നമ്പൂതിരിമാരുടെ ആവാസകേന്ദ്രങ്ങളായ ഭരണവും, നായന്മാരുടെ തറകളും, താഴ്ന്ന ജാതിക്കാരുടെ ചേരിഗ്രാമങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. ദേശത്തെ ഭാഗിച്ചുകൊടുത്തുകൊണ്ട് ഓരോ ജാതിക്കാരുടേതുമായി നാട്ടധികാരങ്ങള്‍ ഉള്‍പ്പെടെ 25-ലധികം ജാതികേന്ദ്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി കാണാം. കൊളച്ചേരിയിലെ പ്രബലമായ ഇല്ലമായിരുന്നു കുരുമാരത്ത് ഇല്ലം. പുളിയാങ്കോടുപടി മുതല്‍ പാടിതീര്‍ത്ഥം വരെ നാല്‍പ്പത്തിയൊന്ന് ഇല്ലങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കൈയ്യാളിയിരുന്ന കരുമാരത്തില്ലത്തിന് ഒരു നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുണ്ടത്രെ. കൊളച്ചേരിയുടെ ഭൂരിഭാഗം ഭൂമിയും കരുവാരത്ത് ഇല്ലത്തിന്റെ വകയായിരുന്നു. പ്രധാനമായും ജലമാര്‍ഗ്ഗമുള്ള ഗതാഗതസംവിധാനം മാത്രമാണ് പണ്ടുകാലത്തു ഇവിടെ ഉണ്ടായിരുന്നത്. കല്ലിട്ടകടവ് (നണിയൂര്‍), നൂഞ്ഞേരി ബോട്ട് ജെട്ടി, പുലൂപ്പിക്കടവ്, പടപ്പക്കടവ്, തുരുത്തിക്കടവ്, കമ്പില്‍ കടവ് എന്നിവിടങ്ങളില്‍ നിന്നല്ലാം നാനാഭാഗത്തേക്കും യാത്രാസൌകര്യം ഉണ്ടായിരുന്നു. ആദ്യം തോണിയും പിന്നീട് ബോട്ടുകളും പ്രചാരത്തില്‍ വന്നു. 1968-ല്‍ പന്ന്യങ്കണ്ടി ഉമ്മര്‍ അബ്ദുള്ള കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ സ്ഥാപിച്ചു. 1945-46-ല്‍ കൊളച്ചേരി കയ്യൂര്‍ സ്മാരക വായനശാല ആരംഭിച്ചു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ചേലേരിയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക വായനശാല രൂപം കൊണ്ടത്. നിരവധി വൈദ്യപ്രമുഖരുടെ നാടാണ് കൊളച്ചേരി പഞ്ചായത്ത്. കൊളച്ചേരി പഞ്ചായത്തില്‍ 1976-ല്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ ദി കണ്ണൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മിനി ഇന്‍ഡസ്ട്രിയന്‍ എസ്റ്റേറ്റാണ് വ്യാവസായികപുരോഗതിക്ക് കൊളച്ചേരിയില്‍ തുടക്കം കുറിച്ചത്. കൊളച്ചേരി പഞ്ചായത്തില്‍ 19 ഇനങ്ങളിലായി 52 ചെറുകിട വ്യവസായയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കൊളച്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ യൂണിറ്റായ പാലുല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള വ്യവസായ യൂണിറ്റാണ്. നല്ലരീതിയില്‍ നാളികേരം വിളയുന്ന പഞ്ചായത്താണ് കൊളച്ചേരി. നാളീകേരോല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്ക് നല്ല സാധ്യതയും കൊളച്ചേരിയിലുണ്ട്. കൊളച്ചേരി പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കേരള ഫൈബര്‍ ഇന്‍ഡസ്ട്രിയാണ് ചകിരി സംസ്ക്കരണത്തിനുള്ള ആദ്യത്തെ ചെറുകിട വ്യവസായ സംരംഭം. എഴുത്തുപള്ളിക്കൂടങ്ങള്‍ പലതും പിന്നീട് ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയങ്ങളാവുകയാണുണ്ടായത്. ഇതില്‍ ആദ്യത്തേത് ഇന്നത്തെ ചേലേരി യു.പി.സ്കൂളായിരുന്നു. ഇതിന് അംഗീകാരം ലഭിച്ചത് 1894-ലാണെന്നതിന് മതിയായ തെളിവുണ്ട്. വിവിധ ജാതിമതക്കാരുടെ 57-ഓളം ആരാധനാലയങ്ങള്‍ കൊളച്ചേരി ഗ്രാമപഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങള്‍ക്ക് പുറമെ സമുദായ പരിഷ്ക്കരണത്തിനായി നിലകൊള്ളുന്ന സമുദായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനയുമായി ബന്ധപ്പെട്ട കളിയാട്ടങ്ങള്‍, തിറകള്‍, തെയ്യങ്ങള്‍, വയല്‍ത്തിറകളൊക്കെ ഗ്രാമീണോത്സവങ്ങളായി നിലനില്‍ക്കുന്നു.

കൊണ്ടോട്ടി

സാമൂഹ്യചരിത്രം

പുരാതനകാലത്ത് കൊണ്ടോട്ടിയിലെ ജന്മിമാരില്‍ പ്രധാനികള്‍ തിനയഞ്ചേരി ഇളയത്ത്, തലയൂര്‍ മുസത് എന്നിവരായിരുന്നു. ഇവരില്‍ തലയൂര്‍ മൂസതാണ് മുസ്ളീം സാംസ്കാരികതയുടെ പ്രതീകമായി നിലനില്‍ക്കുന്ന പഴയങ്ങാടി പള്ളിക്ക് കരം ഒഴിവാക്കി സ്ഥലം നല്‍കിയത്. അക്കാലത്ത് ഈ പ്രദേശമത്രയും വന്‍കാടും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്നു. ഈ സ്ഥലത്ത് പള്ളി പണിയുന്നതിന് കാടുവെട്ടി തെളിയിക്കുവാന്‍ സ്ഥലത്തെ നാല് പ്രമുഖ മുസ്ളീം കുടുംബങ്ങള്‍ തീരുമാനിച്ചു. ഇവര്‍ കാട്ടിലേക്ക് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊന്‍പണം എറിഞ്ഞു. ഈ പൊന്‍പണങ്ങള്‍ കരസ്ഥമാക്കാന്‍ നാട്ടുകാര്‍ കാട് വെട്ടിതെളിയിച്ചു. കാടുവെട്ടിതെളിയിച്ച സ്ഥലം കൊണ്ടുവെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് അത് കൊണ്ടോട്ടി ആയി മാറി. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും സാമൂതിരി കോവിലകം, തലയൂര്‍ മുസ്സത് എന്നീ ജന്മിമാരുടേതായിരുന്നു. ഭൂപരിഷ്കരണ നിയമം നിലവില്‍വന്നതോടെ ഈ ഭൂമികളെല്ലാം കൈവശക്കാരന്റെ സ്വന്തമായി മാറി. മിച്ചഭൂമി ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പതിച്ചുകിട്ടി. ഭൂവ്യവസ്ഥയില്‍ വന്ന ഈ മാറ്റം സാമൂഹ്യസാമ്പത്തിക സാംസ്കാരികരംഗങ്ങളില്‍ വലിയ പരിവര്‍ത്തനം വരുത്തി. കാര്‍ഷിക മേഖലയില്‍ തെങ്ങ്, കവൂങ്ങ് എന്നീ കൃഷികളില്‍ മാത്രമേ ജനങ്ങള്‍ താല്പര്യം കാണിക്കുന്നുള്ളൂ. നെല്ല്, മരച്ചീനി, മധുരക്കിഴങ്ങ്, പച്ചക്കറി തുടങ്ങിയവയാണ് മറ്റ് കൃഷികള്‍. കൊണ്ടോട്ടിയില്‍ ആദ്യകാലവിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിക്കുന്നത് 1880 പുകലക്കോട് എന്ന സ്ഥലത്ത് ഏകാധ്യാപക സ്കൂള്‍ സ്ഥാപിച്ചതോടെയാണ്. ആദ്യത്തെ അധ്യാപകന്‍ പി.അബൂബക്കര്‍ മാസ്റ്റ്റര്‍ ആയിരുന്നു. ഈ ഏകാധ്യപക വിദ്യാലയമാണ് ഇന്നത്തെ കൊണ്ടോട്ടി ഗവണ്‍മെന്റ് യു.പി.സ്കൂള്‍. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനം 1920-ല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. എടക്കോട് മുഹമ്മദ്, പാണാളി സൈതാലിക്കുട്ടി, പെരീങ്ങാടന്‍ ആലിക്കുട്ടി, ആലുങ്ങല്‍ ഉണ്ണീന്‍, പൊട്ടവണ്ണി പറമ്പന്‍ വീരാന്‍കുട്ടി എന്നിവരായിരുന്നു പ്രധാനികള്‍. 1945-ല്‍ കുടിയൊഴിപ്പിക്കുന്നതിനെതിരായി രാഷ്ട്രീയവ്യത്യാസമില്ലാതെ നടന്ന ഒരു ഭൂസമരമാണ് എടുത്തുപറയാവുന്ന ഒരു സംഭവം. എര്‍ത്താലി വീരാന്‍കുട്ടിഹാജിയായിരുന്നു ജന്മി. പാമ്പോടന്‍ വീരാന്‍ കുട്ടി മമ്മൂട്ടി എന്നിവരായിരുന്നു കുടികിടപ്പുകാര്‍. കുടി ഒഴിപ്പിക്കലിനെതിരായ സമരത്തിന് നേതൃത്വം കൊടുത്തവര്‍ പി.കെ.ചേക്കുട്ടി, പി.കെ.മുഹമ്മദ്, കൊടഞ്ചാടന്‍ ബിച്ചിക്കോയ, കൊളക്കാടന്‍ ഹുസ്സന്‍, ചെമ്പന്‍ സൈതാലിക്കുട്ടി, കെ.കുഞ്ഞാലി, കപ്പാടന്‍ സൈതാലിക്കുട്ടി, പള്ളിപറമ്പന്‍ യാഹു, കൊട്ടേല്‍സ് മമ്മത് എന്നിവരായിരുന്നു പ്രധാനികള്‍. കൊണ്ടോട്ടിയുടെ സാംസ്കാരിക വളര്‍ച്ചക്ക് മാപ്പിളപ്പാട്ടിന് ഒരു ഉയര്‍ന്ന സ്ഥാനമുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന ഈ സ്ഥലത്ത് കോഴിക്കോട് വിമാനത്താവളം സ്ഥാപിതമായതോടെയാണ് മലബാറിന്റെ ആകാശത്തിനു ചിറകുമുളച്ചതും അവികസിതമായിക്കിടന്നിരുന്ന ഈ പ്രദേശം മിന്നുന്ന വേഗത്തില്‍ വികസനത്തിലേക്ക് കുതിച്ചതും.

സാംസ്കാരികചരിത്രം

പില്‍ക്കാലത്ത് കൊണ്ടോട്ടിയിലുണ്ടായിരുന്ന പല ഓത്തുപള്ളികളും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ഗഫൂര്‍ സാഹിബിന്റെ പ്രോത്സാഹന ഫലമായി പൊതുവിദ്യാലയങ്ങളായി മാറി. ടിപ്പുസുല്‍ത്താനില്‍ നിന്നും ഇനാംദാര്‍ പട്ടം ലഭിക്കുകയും ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പട്ടം തുടരാന്‍ അനുവദിക്കുകയും ചെയ്ത ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങള്‍ ആണ് ഇന്നത്തെകൊണ്ടോട്ടി കുബ്ബക്ക് തറക്കല്ലിട്ടത്. ഇന്ന് കൊണ്ടാടപ്പെടുന്ന കൊണ്ടോട്ടി നേര്‍ച്ച ഹിന്ദു മുസ്ളീം സൌഹൃദത്തിന്റെ പ്രതീകമാണ്. ഇതൊരു ദേശീയ ഉത്സവമായാണ് കൊണ്ടോട്ടിയിലെ മുഴുവന്‍ ജനങ്ങളും ആഘോഷിക്കുന്നത്. കൊണ്ടോട്ടി പഞ്ചായത്തില്‍ അനൌപചാരിക വിദ്യാഭ്യാസകേന്ദ്രമായി 1935-ല്‍ ആരംഭിച്ച പഞ്ചായത്ത് വായനശാലയാണ് ഇന്നത്തെ റൂറല്‍ ലൈബ്രറിയായി കൊടാഞ്ചിറയില്‍ യുവജനസമിതിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.അബ്ദുറഹിമാന്‍ സ്മാരക വായനശാല, ഇസ്ളാമിക് റീഡിംഗ് റൂം ലൈബ്രറി, കലാരഞ്ജിനി നീറാട്, അരങ്ങ് ലൈബ്രറി തുറക്കല്‍, ഇസ്ളാമിക് റീഡിംഗ് റൂം മുണ്ടപ്പാലം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം മേലങ്ങാടി, സലഫി വായനശാല തുറക്കല്‍ എന്നിവയും മുപ്പതിലധികം ക്ളബ്ബുകളും സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ കലാരഞ്ജിനി നീറാട് ജില്ലാതല അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്. കൊണ്ടോട്ടി കള്‍ച്ചറല്‍ യൂണിയന്‍ ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണെന്ന് എടുത്തു പറയേണ്ടതാണ്. 1954-ല്‍ യുവജന കലാസമിതി എന്ന ഒരു സാംസ്കാരിക കേന്ദ്രം കൊണ്ടോട്ടിയില്‍ ഉണ്ടായിരുന്നു. കെ.ടി. മുഹമ്മദ് സാലിഹ് തങ്ങള്‍ രചിച്ച ജീവിതഗതി, കൂലിക്കാരന്റെ പെരുന്നാള്‍, കണക്കപ്പിള്ള എന്നീ നാടകങ്ങള്‍ ഈ കലാസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്. ഈ കലാസമിതിയുടെ നേതൃത്വത്തില്‍ പുലരി എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന ദേശീയ കലാസമിതി, നാടകരംഗത്ത് സംഭാവനകള്‍ നല്കിയിട്ടുണ്ട്. നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാവ് ഉത്സവങ്ങളും കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

കാളികാവ്‌

സാമൂഹ്യചരിത്രം

ഈ പ്രദേശത്തെ ഭൂസമ്പത്ത് മുഴുവന്‍ പണ്ടുകാലം മുതലേ കൈവശം വെച്ചുവന്നിരുന്നത് പടിഞ്ഞാറെ കോവിലകക്കാരായിരുന്നു. പിന്നീട് കാളികാവ്് പഞ്ചായത്തിന്റെ തെക്കോട്ട് ആയിരം നാഴികയോളം വരുന്ന നീരൊഴുക്ക് പ്രദേശവും കോവിലകക്കാര്‍ ചാര്‍ത്തി വാങ്ങി കൈവശം വെച്ചുവന്നിരുന്നതായും അറിയുന്നു. പൌരാണികമായൊരു സാംസ്കാരിക ചരിത്രപശ്ചാത്തലമുള്ള ഗ്രാമമാണ് കാളികാവ്. ഈ പ്രദേശത്തിന്റെ പഴയ പേര് കണ്ണത്ത് കാളികാവ് എന്നായിരുന്നു. കരുവാരക്കുണ്ട് പഞ്ചായത്തിലെ കണ്ണത്ത് എന്ന പ്രദേശത്ത് പുരാതനകാലത്ത് നിലവിലുണ്ടായിരുന്ന ഒരു കാളീക്ഷേത്രത്തിന്റെ കാവായിരുന്നു ഇന്നത്തെ അമ്പകുന്ന് പ്രദേശം. അമ്പകുന്ന് പ്രദേശത്ത് കണ്ണത്ത് കാളിയുടെ കാവ് സ്ഥിതിചെയ്തിരുന്നതിനാല്‍ കണ്ണത്ത് കാളികാവ് എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെട്ടു. കാലാന്തരത്തില്‍ കണ്ണത്ത് കാളികാവ് എന്ന പേര് ലോപിച്ച് “കാളികാവ്” എന്നായി മാറി. കാവിന് തൊട്ടടുത്തായി ഒരു കിണറും അമ്പലപറമ്പും ഉണ്ടായിരുന്നു. അതാണ് ഇന്നത്തെ “അമ്പലകുന്ന് മൈതാനം” എന്നു വിളിക്കപ്പെടുന്നത്. ജന്മിത്വം അവസാനിക്കന്നതുവരെയും ഇവിടുത്തെ അത്യധ്വാനികളായിരുന്ന കര്‍ഷകരുടെ ജീവിതം ജന്മിയുടെയും കങ്കാണിമാരുടെയും അന്യായ പിരിവുകളും പാട്ടസമ്പ്രദായവും കാരണം ഏറെ ദുരിത പൂര്‍ണ്ണമായിരുന്നു. ഒറ്റപ്പെട്ട ചോദ്യം ചെയ്യലുകളുടെയും ചെറുത്തുനില്‍പിന്റെയും പ്രതിരോധസമരങ്ങള്‍ സാമൂഹികജീവിതത്തെ പോരാട്ടസജ്ജമാക്കിയെടുത്തു. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ല്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റര്‍ ചെയ്തതായി അറിയുന്നു. സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളിലെ തീനാളമായി മാറിയ 1921-ലെ കാര്‍ഷിക കലാപത്തിന്റെ രംഗഭൂമികളായിരുന്നു ഇവിടുത്തെ മിക്ക പ്രദേശങ്ങളും. വെള്ളയൂര്‍, മഞ്ഞപെട്ടി, കല്ലാമൂല, പുല്ലങ്കോട്, ചോക്കാട്, കാളികാവ് തുടങ്ങിയ പ്രദേശങ്ങള്‍ കലാപത്തിന്റെ നിരവധി കഥ പറയുന്ന മേഖലകളാണ്.

സാംസ്കാരികചരിത്രം

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധി നേടിയിരുന്ന കാളപൂട്ടു മല്‍സരങ്ങള്‍ കാര്‍ഷിക സമൂഹത്തിന്റെ മുഖ്യ ജനകീയോത്സവമായിരുന്നു. കൂരാട്, പൂച്ചപൊയില്‍, പേവുംന്തറ അമ്പലക്കടവ് എന്നീ പ്രദേശങ്ങളിലെ കന്നുപൂട്ടുമല്‍സരങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചവയായിരുന്നു. ഇന്നും ഈ പഞ്ചായത്തിലെ അമ്പലക്കടവ് കേന്ദ്രീകരിച്ചുള്ള പൂട്ടു മല്‍സരം അഭംഗുരം തുടരുന്നുണ്ട്. വെള്ളയൂരിലെ പുലത്ത് മൂസ്സമൊല്ല, കാളികാവിലെ പാറക്കല്‍ വാപ്പുകാക്ക തുടങ്ങിയ വളരെ പ്രസിദ്ധരായിരുന്ന മുസ്ളീംകലാകാരന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കോല്‍ക്കളി ഈ പ്രദേശത്തെ ഏറെ പ്രചാരം സിദ്ധിച്ച പാരമ്പര്യ ജനകീയകലയായിരുന്നു. 1961-ല്‍ സ്രാമ്പിക്കല്ലില്‍ ആരംഭിച്ച “ടാഗോര്‍ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല. പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലേബര്‍ക്ളബ്ബ് തുടക്കം മുതല്‍തന്നെ സാംസ്കാരിക മേഖലയെ സമ്പുഷ്ടമാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. പുല്ലങ്കോട് കലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന കലാപ്രകടനങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാളികാവ് ജംഗ്ഷനിലെ “നടന കലാവേദി”യാണ് ഇന്നും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കലാസമിതി. ഇവര്‍ കലാപ്രവര്‍ത്തനങ്ങളിലും, സാമൂഹ്യസേവന രംഗത്തും, വികസനരംഗത്തും വിലപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. പൂന്താനത്ത് മുഹമ്മദാലി, പാറക്കല്‍ നാണി എന്നീ പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന പ്രഗല്‍ഭരായ പുതിയ താരങ്ങളുടെ ഒരു വന്‍നിര തന്നെ കാളികാവിലുണ്ട്. ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.

ഏറ്റുമാനൂര്‍

കുലശേഖര രാജാക്കന്മാരുടെ കാലത്ത് ചേര രാജ്യത്തെ 18 നാടുകളായി ഭാഗിച്ചിരുന്നു. അതിലൊന്നാണ് വെമ്പലനാട്. വെമ്പലനാട്ടില്‍പെട്ട പ്രദേശമായിരുന്നു ഏറ്റുമാനൂര്‍. 11ാം നൂറ്റാണ്ടില്‍ ചേരചോളയുദ്ധത്തെത്തുടര്‍ന്ന് ചേരരാജ്യം ഛിന്നഭിന്നമായപ്പോള്‍ ഈ സ്ഥലം വടക്കുംകൂര്‍ പ്രദേശത്തിന്റെ ഭാഗമായി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ചരിത്ര പ്രസിദ്ധി ഏറെയാണ്. ഏറ്റുമാനൂര്‍ പൂരം കാണാന്‍ വര്‍ഷം തോറും ഭക്തസഹസ്രങ്ങളാണ് ഇവിടെ എത്താറുള്ളത്. ഇവിടുത്തെ ഉല്‍സവത്തോടനുബന്ധിച്ച് ഏഴരപൊന്നാനകളുമായുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ലോകപ്രശസ്തമായ ഒന്നാണ്. ക്ഷേത്രോത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ടുനേര്‍ച്ചകളിലും എല്ലാ മതവിശ്വാസികളും ജാതിമതഭേദമെന്യേ ഇവിടെ പങ്കുചേരുന്നു. ഇത്തരം ഉത്സവങ്ങളും, ആഘോഷങ്ങളും ഇവിടുത്തെ നാട്ടുകാര്‍ക്ക് സാംസ്കാരിക ഒത്തുചേരലിന്റെ വേദിയാണ്. നിരവധി പ്രശസ്ത വ്യക്തികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. ഹാസ്യലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ എസ്.പി.പിള്ള ഏറ്റുമാനൂരിന്റെ സന്തതിയാണ്. വി.ടി.രാജപ്പനാണ് എടുത്ത് പറയേണ്ട മറ്റൊരു കലാകാരന്‍. സാഹിത്യരംഗത്ത് ശ്രദ്ധേയരായ നിരവധി വ്യക്തികളും പഞ്ചായത്തിലുണ്ട്. എഴുത്തുകാരന്‍ ചെറുവാണ്ടൂര്‍ ജോയ്, നോവലിസ്റ്റുകളായ ഏറ്റുമാനൂര്‍ ശിവപ്രസാദ്, ജോസഫ് മറ്റം, ഏറ്റുമാനൂര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ ഈ നാടിന്റെ അഭിമാനങ്ങളാണ്. ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കേരളീയന്‍ എന്ന ഖ്യാതി നേടിയ ഡോ.ജോസ് പെരിയപുറവും ഈ നാട്ടുകാരന്‍ തന്നെ. മോക്ഷ സംഗീത വിദ്യാലയം കലാരംഗത്ത് പ്രോത്സാഹനമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ചെറുവാണ്ടൂര്‍, വെട്ടിമുകള്‍, പുന്നത്തറ, പേരൂര്‍ എന്നിവിടങ്ങളിലെ വായനശാലകള്‍ പഞ്ചായത്തിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്.

ചേലക്കര

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പഴയകാലത്ത് ചേലക്കരയിലെ റോഡുകള്‍ക്കിരുവശവും ആല്‍ തുടങ്ങിയ ധാരാളം ചേലവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നുവത്രെ. ചേലമരങ്ങളുള്ള കര എന്ന പ്രയോഗത്തില്‍ നിന്നാണ് ചേലക്കര എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതുന്നു. പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.കുലശേഖരവര്‍മ്മയുടെ സഹോദരീപുത്രനും പെരുമ്പടപ്പ് സാമൂതിരിയുടെ മകനുമായ ഒരു രാജാവാണ് പെരുമ്പടപ്പ് സ്വരൂപത്തിന് രൂപം കൊടുത്തത്. അദ്ദേഹമായിരുന്നു കേരളത്തിലെ ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം പൊന്നാനി താലൂക്കിലെ വന്നരിയിലുള്ള പെരുമ്പടപ്പില്‍ തന്നെ ആയിരുന്നു. പില്‍ക്കാലത്ത് പെരുമ്പടപ്പ് സ്വരൂപം കൊച്ചിയിലേക്ക് ആസ്ഥാനം മാറുകയും കൊച്ചിരാജ്യം രൂപമെടുക്കുകയും ചെയ്തു. ചേലക്കര മുമ്പ് കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു താലൂക്കായിരുന്നു.ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ്,ടിപ്പുസുല്‍ത്താന്‍ മുണ്ടൂര്‍ക്കര പാലിയം പിടിച്ചടക്കാന്‍ ചേലക്കയിലൂടെ പടയോട്ടം നടത്തുകയുണ്ടായി. ചേലക്കര പഞ്ചായത്തുള്‍പ്പെടുന്ന പഴയന്നൂര്‍ പ്രദേശത്തിനുമുണ്ട് പഴയൊരു ചരിത്രം.പഴയ തഞ്ചാവൂര്‍ രാജവംശത്തെ കൊങ്ങന്മാര്‍ അവരുടെ കൊട്ടാരത്തിലെ മധുവിഭാഗ തലൈവന് ജന്മാവകാശം നല്‍കിയ സ്ഥലമാണ് ഇവിടമെന്നും പറയപ്പെടുന്നു. മധുവില്‍പനക്കാരന് പഴയനെന്നാണ് തമിഴില്‍ പറയുക. ഇങ്ങനെ പഴയനു ജന്മാവകാശമായി നല്‍കിയ ഈ ഊരിന്റെ പേര് തുടര്‍ന്ന് പഴയന്നൂര്‍ എന്നായിമാറി എന്നാണ് സ്ഥലനാമചരിത്രം സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തുള്ള ഭൂസ്വത്തുക്കള്‍ ന്യൂനപക്ഷം വരുന്ന ഭൂവുടമകളുടേയും ക്ഷേത്ര കോയ്മകളുടേയും അധീനതയിലായിരുന്നു. തിരുവില്വാമലക്ഷേത്രം, അന്തിമഹാകാളന്‍കാവു, കാളിയറോഡ് പള്ളിയാറം, യാക്കോബ സുറിയാനി പളളി, കത്തോലിക്കപ്പളളി, തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഏക അഹമ്മദീയ മുസ്ളീം പള്ളിയായ വല്ലിങ്ങപ്പാറ പള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങള്‍. ഈ ദേവാലയങ്ങളോടനുബന്ധിച്ച്, അരങ്ങേറാറുള്ള ഉത്സവങ്ങളിലും പെരുന്നാളുകളിലും പൂരങ്ങളിലും ജാതി-മത ഭേദമെന്യേ പ്രദേശവാസികള്‍ മുഴുവന്‍ പങ്കെടുക്കുന്നു. പഴയകാലത്ത് ഇവിടം തിരുവാതിര, കൈകൊട്ടിക്കളി, പുള്ളുവന്‍പാട്ട്, കോലടിക്കളി, കൊയ്ത്തുപാട്ട്, വെള്ളാട്ട്, കളമെഴുത്ത്, കാളകളി, തോല്‍പ്പാവക്കൂത്ത്, ചോഴി, കാളവേല, പൂതന്‍, തെയ്യം, തിറ, പാക്കനാര്‍ക്കൂത്ത്, പരിശമുട്ടുക്കളി, ഉടുക്കുപാട്ട്, പാക്കനാര്‍ പാട്ട്, ഓണത്തല്ല് എന്നിങ്ങനെയുള്ള പാരമ്പര്യകലാരൂപങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. കേരളത്തിലെ സുപ്രസിദ്ധ മുസ്ളീം ദേവാലയങ്ങളാണ് കാളിയാറോഡ് പള്ളി ജറാം, മധ്യകേരളത്തിലെ പേരുകേട്ട ഒരു ഹൈന്ദവാരാധനാകേന്ദ്രമാണ് അന്തിമഹാകാളന്‍ കാവ് ക്ഷേത്രം. വെങ്ങാളല്ലൂര്‍ ശിവക്ഷേത്രം, ചേലക്കര ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ക്ഷേത്രങ്ങള്‍. 1805-ന് സ്ഥാപിക്കപ്പെട്ട പ്രാചീന ക്രിസ്ത്യന്‍ പള്ളിയാണ് യാക്കോബായ സുറിയാനിപള്ളി. ചെറുതുരുത്തിയിലും, തിരുവില്വാമലയിലും, ചേലക്കരയിലും, പഴയന്നൂരും, പാഞ്ഞാളും പഴയകാലത്ത് പേരുകേട്ട ആയൂര്‍വ്വേദ ആചാര്യന്മാര്‍ രോഗചികിത്സ നടത്തിയിരുന്നു. ചേലക്കരയിലെ നാട്ട്യന്‍ചിറയിലുണ്ടായിരുന്ന ഉഴിച്ചില്‍ വിദഗ്ദ്ധന്മാരുടെ സേവനവും ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. മാറാരോഗങ്ങള്‍ പോലും ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്നു. ചെമ്മാട്ടുമാധവന്‍ നായര്‍, രാമചന്ദ്രയ്യര്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തില്‍ നിന്നും ദേശീയസ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരായിരുന്നു. 1940-ലാണ് ഈ പഞ്ചായത്തില്‍ ആദ്യത്തെ ഗ്രാമീണവായനശാലയായ ചേലക്കര ഗ്രാമീണവായനശാല ആരംഭിച്ചത്. തൃശൂര്‍-തിരുവില്വാമല റോഡാണ് ഈ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ്. ഇരുനൂറു വര്‍ഷം പഴക്കമുള്ള ചേലക്കരയിലെ ശനിയാഴ്ച ചന്ത പ്രസിദ്ധമാണ്.1929-ല്‍ കോന്തസ്വാമി പ്രസിഡന്റായി പ്രഥമ പഞ്ചായത്തുകമ്മിറ്റി നിലവില്‍ വന്നു.1953-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുകയും നമ്പ്യാത്ത് കൃഷ്ണന്‍കുട്ടി നായര്‍ പ്രസിഡന്റായിക്കൊണ്ട് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി അധികാരത്തിലേറുന്നത്.

കാര്‍ഷികചരിത്രം
ഈ പ്രദേശത്തെ സമ്പദ് വ്യസ്ഥയുടെ നട്ടെല്ല് കാര്‍ഷികമേഖലയാണെന്നു പറയാം. കാര്‍ഷികരംഗത്ത് പണ്ടുമുതലേ നെല്‍കൃഷി തന്നെയാണ് ഒന്നാം സ്ഥാനത്ത്.തൃശൂര്‍ ജില്ലയില്‍ വിശാലമായ പാടശേഖരങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിയുന്ന ചില പ്രദേശങ്ങളിലൊന്നാണ് ഈ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം.തൃശ്ശൂര്‍ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീര്‍ത്തും അര്‍ഹിക്കുന്ന പ്രദേശമാണിവിടം. ചേലക്കര പഞ്ചായത്തില്‍ ധാരാളം തോടുകളും കുളങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ചേലക്കര പഞ്ചായത്തുപ്രദേശത്ത് അസുരന്‍കുണ്ട് എന്ന ജലസേചനപദ്ധതി നെല്‍കൃഷിയ്ക്ക് സഹായകമാവുന്നുണ്ട്. 1948-ല്‍ കൊച്ചിനാട്ടുരാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ടി.കെ.നായര്‍ നടപ്പിലാക്കിയതും ഇന്നും പ്രചാരത്തിലുള്ളതുമായ പാമ്പാടി ശുദ്ധജല വിതരണ പദ്ധതി, ചെറുതുരുത്തിയിലേയും ചേലക്കരയിലേയും ശുദ്ധജല വിതരണപദ്ധതികള്‍ എന്നിവ എടുത്തുപറയാവുന്നതാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് കാര്‍ഷിക ഉല്‍പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ് കൂടുതല്‍ ഉള്ളത്. മലകള്‍, ചീരക്കുഴി പോലുള്ള നദീപ്രവാഹങ്ങള്‍, രാക്ഷസപാറകള്‍, മലയുടെയും നദിയുടെയും ഇടയ്ക്കുള്ള വിശാലപാടശേഖരങ്ങള്‍, ഒലിച്ചിയും കണ്ടംചിറയും പോലെയുള്ള വിസ്തൃതതടാകങ്ങള്‍, തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍, തെങ്ങിന്‍തോപ്പുകള്‍, കാവുകള്‍, കുളങ്ങള്‍, വിശാലമായ കൃഷിയിടങ്ങള്‍ എന്നിവയൊക്കെചേര്‍ന്ന് പ്രകൃതിരമണീയമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്.

 

ചമ്പക്കുളം

സാമൂഹിക-സാംസ്കാരികചരിത്രം
ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര്‍ ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവര്‍ഷം 990-ല്‍ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിര്‍മ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊങ്ങുതടിയില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കള്‍ക്കായി ചുണ്ടന്‍വള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങള്‍, മിന്നല്‍യുദ്ധങ്ങള്‍ക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിന്‍ബലം നല്‍കിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാര്‍ത്താണ്ഡവര്‍മ കീഴടക്കിയതും, മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായതുമുള്‍പ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത്, ബ്രണ്ടന്‍ സായ്പ്പിന്റെ യന്ത്രവത്ക്കരണപ്രവര്‍ത്തനങ്ങള്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി. നവീനവിദ്യാഭ്യാസം ജനങ്ങളുടെയിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. പഞ്ചായത്തില്‍ ആദ്യമായി 1884-ല്‍ ഒരു വിദ്യാലയം പുന്നക്കുന്നത്തുശ്ശേരില്‍ സ്ഥാപിതമായി. ആദ്യത്തെ വായനശാലയായ പബ്ളിക് ലൈബ്രറി ചമ്പക്കുളം 1945-ലാണ് സ്ഥാപിതമായത്. കുട്ടനാട്ടിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ചാക്കോ കാഞ്ഞൂപ്പറമ്പന്‍. ജാതി പീഡനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എം.കെ.കൃഷ്ണന്‍, കുറ്റിക്കാട്ടില്‍ ശങ്കരന്‍ചാന്നാന്‍ (കൈനകരി) എന്നിവര്‍ വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം 1939 ഡിസംബര്‍ 8-നാണ് രൂപീകരിക്കപ്പെടുന്നത്. അടിയാളനെ കൊന്നതിന് തമ്പ്രാനെതിരെ ഫയല്‍ ചെയ്യപ്പെട്ട കുട്ടനാട്ടിലെ ആദ്യത്തെ കേസ് ആണ് ഓമനചിന്ന കേസ്. കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ 1955-ലെ വെള്ളിശ്രാക്കല്‍ സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ ഈ നാട്ടുകാരനായ പി.കെ.പാട്ടമായിരുന്നു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച പി.കെ.പരമേശ്വരകൈമള്‍ എന്ന പി.കെ.പാട്ടം പരക്കെ അറിയപ്പെടുന്ന നേതാവായിരുന്നു. 1964-ല്‍ പ്രസിദ്ധമായ ചിറക്ക് പുറം സമരം നടന്നു. കൂലി ഏട്ടണയില്‍ നിന്നും 12 അണയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ സമരം കാലണാ സമരം എന്നറിയപ്പെടുന്നു. കളത്തില്‍ സ്കറിയ എന്ന ജന്മിയുടെ പാടശേഖരത്തിലാണ് ഈ സമരം നടന്ന

അഴീക്കോട്

സാമൂഹ്യചരിത്രം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറബികളും മറ്റ് വിദൂര ദേശങ്ങളില്‍ നിന്നുള്ളവരും തടികൊണ്ടുള്ള പണിത്തരങ്ങളും മലഞ്ചരക്കുകളും കയറ്റി കൊണ്ടുപോയിരുന്നത് മലബാറിന്റെ തീരപ്രദേശത്ത് പേരുകേട്ട അഴീക്കല്‍ തുറമുഖത്തു നിന്നായിരുന്നു. അഴി-പ്രദേശം എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ ഗ്രാമത്തിന് അഴീക്കോടെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചെറുകപ്പലുകളും ഉരുവും വന്നടുക്കുന്ന കപ്പക്കടവു പ്രദേശത്തിനും കപ്പല്‍ അടുക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാവാം ഈ പേര് ലഭിച്ചത്. പഴയ ചിറക്കല്‍ കോവിലകത്തിന്റെയും, നാടുവാഴികളുടെയും അധീനതയിലായിരുന്ന ഈ ഗ്രാമം തികച്ചും കാര്‍ഷിക സമ്പദ്ഘടനയെ ആശ്രയിച്ചായിരുന്നു നിലനിന്നുപോന്നത്. നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും നാടായ അഴീക്കോട് അതിപുരാതനവും അപൂര്‍വ്വവുമായ ഒട്ടനവധി തെയ്യങ്ങളുടേയും തിറകളുടേയും നാടു കൂടിയാണ്. ഈ പഞ്ചായത്തിന്റെ ഭൂമിയുടെ ഉടമസ്ഥത പഴയകാലത്ത് നാലോ അഞ്ചാ ദേവസ്വങ്ങളുടേയും, ചില ജന്മികളുടേയും, ചിറക്കല്‍ കോവിലകത്തിന്റേയും, അറക്കല്‍ രാജാവിന്റേയും കൈകളിലായിരുന്നു. ബ്രിട്ടീഷ് ശക്തികളുടെ ആഗമനത്തോടെ പഴയകാല സാംസ്കാരികതനിമകളും കലാരൂപങ്ങളും മറ്റും കൈമോശം വന്നുപോയെങ്കിലും ഇന്നും പ്രാചീനമായ ഇത്തരം കലാരൂപങ്ങളുടെ അവതരണങ്ങള്‍ ക്ഷേത്രോത്സവങ്ങളിലും മറ്റ് പ്രാദേശികമായ തിറകളിലും കാണാന്‍ കഴിയുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ആഗമനത്തിന് മുമ്പ് ചിറക്കല്‍ തമ്പുരാന്റെ സേനയില്‍ നെടുംതൂണായി പ്രവര്‍ത്തിക്കുകയും മാടായിക്കോട്ടയുടെ സംരക്ഷകനായി കഴിയുകയും ചെയ്തിരുന്ന അഴീക്കോട് വാസിയായിരുന്ന മുരിക്കഞ്ചരി കേളു, തമ്പുരാനുമായി ഇടയുകയും സൈന്യവുമായി സുധീരം ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്ത കഥ നാടന്‍പാട്ടുകളിലും മറ്റും കേള്‍ക്കാം. പ്രസിദ്ധമായ വന്‍കുളം നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്ന് ഐതിഹ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ പാലക്കാട് കേന്ദ്രീകരിച്ച്, ജാതീയമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പത്രം നടത്തിയ ആളായിരുന്നു അഴീക്കോട്ടുകാരനായ പൊന്മഠത്തില്‍ കൃഷ്ണസ്വാമി. അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വാഗ്ഭടാനന്ദസ്വാമികളെ പ്രേരിപ്പിച്ചതും പൊന്മഠത്തില്‍ കൃഷ്ണസ്വാമിയായിരുന്നുവെന്നു പറയപ്പെടുന്നു. ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഴീക്കോട് പ്രദേശത്ത്, സാമൂഹ്യപരിഷ്ക്കരണത്തില്‍, പ്രത്യേകിച്ച് അയിത്തം, വിഗ്രഹാരാധന എന്നിവക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ഭടാനന്ദഗുരുവിന്റെ ശിഷ്യനായ എം.ടി.കുമാരന്‍ മാസ്റ്റര്‍ കേരളത്തിലുടനീളം ആത്മവിദ്യാസംഘത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും കലാസാഹിത്യസദസ്സുകളിലും മറ്റും ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തുന്നതിലും ശ്രദ്ധേയനായിരുന്നു. സ്വാമി ബ്രഹ്മവ്രതന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആനന്ദസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പഞ്ചായത്തില്‍ നല്ല വേരോട്ടം കിട്ടിയിരുന്നു. ഇക്കാലത്തു തന്നെ അയിത്തത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍, പ്രത്യേകിച്ചും മിശ്രഭോജനവും ക്ഷേത്രക്കുളത്തിലെ പൊതുസ്നാനം സംഘടിപ്പിക്കുന്നതിലും മുന്നാട്ടു വന്ന്, ഒട്ടനവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ധീരന്‍മാര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പൊതുനിരത്തില്‍ക്കൂടി എല്ലാവര്‍ക്കുമൊപ്പം നടന്നുപോകാനും പൊതുകിണറുകളില്‍ നിന്നും വെള്ളം കോരുന്നതിനും സ്വാതന്ത്യ്രമില്ലാതിരുന്ന, വെറും അടിമകളെപ്പോലെ കഴിയേണ്ടിവന്നിരുന്ന ഹരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പച്ച കൃഷ്ണന്‍മാസ്റ്റര്‍ നടത്തിയ മിശ്രഭോജനം വമ്പിച്ച ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. അതുപോലെ മൊളോളംകുളത്തില്‍ കുളിച്ചതിന്ന് ജയിലില്‍ പോകേണ്ടിവന്ന ചെറുപ്പക്കാരായ രണ്ട് താഴ്ന്ന ജാതിക്കാര്‍ക്ക്, അതിന് ആവേശം പകര്‍ന്നുകൊടുത്ത സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ നായകര്‍ ഈ പ്രദേശത്തിനാകെ അഭിമാനമായിരുന്നു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ അക്കാലത്ത് മുന്നാട്ടു വന്നവരില്‍ അഴീക്കല്‍ സ്വദേശിയായ പി.കെ.ഗോപാലശര്‍മ്മയെ പോലുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് എല്ലാ വിഭാഗക്കാര്‍ക്കും, പ്രത്യേകിച്ച് ഹരിജനങ്ങള്‍ക്ക്, നാട്ടിലെ നാനാമുഖമായ പ്രവര്‍ത്തനമേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് വിവാഹങ്ങളിലും ഉത്സവങ്ങളിലും സാമൂഹ്യരാഷ്ട്രീയ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭ്യമാക്കിയത്. ഈ പ്രവര്‍ത്തനങ്ങളില്‍ പഴയകാലത്ത് ഈ പ്രദേശത്ത് നേതൃനിരയിലുണ്ടായിരുന്നവരില്‍ രാമുണ്ണി വൈദ്യര്‍, കല്ലേന്‍ കുഞ്ഞിരാമന്‍, പനയന്‍ ദാമു എന്നിവര്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. അക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജന്‍മിത്തത്തിനും ഫ്യൂഡല്‍ വാഴ്ചക്കുമെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് കൊണ്ട് സമരം നടത്തിപ്പോന്നിരുന്നു. ഇവിടുത്തെ ഭൂമിയുടെ ആധിപത്യം ചിറക്കല്‍-അറക്കല്‍ രാജവംശങ്ങള്‍, അക്ളിയത്ത് ദേവസ്വം, ചില ജന്മികുടുംബങ്ങള്‍ എന്നിവരില്‍ ഒതുങ്ങിനിന്നിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പ്രായോഗികമാക്കുന്നതിനും വാരം, പാട്ടം എന്നിവ അവസാനിപ്പിക്കുന്നതിനും എ.കെ.ജിയെ പ്പോലുള്ളവര്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പി.വി.ചാത്തുനായര്‍, സി.ഗോപാലന്‍ നമ്പ്യാര്‍, പി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കണ്ടഞ്ഞാറ്റല്‍ കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങി ധാരാളം പേരുണ്ട്. ട്രേഡ്യൂണിയന്‍ മേഖലകളിലും അക്കാലത്ത് അഴീക്കോട്ട് കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നു. ട്രേയിഡ് യൂണിയന്റെ ആദ്യകാലനേതാക്കളില്‍ പി.വി.ചാത്തുനായര്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിയാണ്. ട്രേയിഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യകാലത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ പി.കൃഷ്ണപിള്ള അഴീക്കോട് സന്ദര്‍ശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമ്പദ്ഘടനയില്‍ വ്യാവസായിക മേഖലയില്‍, കുഴിത്തറിയില്‍ നിന്നും കൈത്തറിയിലേക്കുള്ള വളര്‍ച്ച ഒരു വലിയ ഗുണപരമായ മാറ്റമായിരുന്നു. അക്കാലത്ത് കൈത്തറി മേഖലയില്‍ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, കൈത്തറിരംഗത്തെ കണ്ണൂരിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ വന്‍സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച എ.കെ.നായര്‍ അഴീക്കോടിന്റെ വിവിധ മേഖലകളില്‍ വികസനത്തിന് ഒരു പുതിയ പാത തന്നെ വെട്ടിത്തുറക്കുവാന്‍ ശ്രമിച്ച വ്യക്തിയാണ്. 1937-ല്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നാമതായി രൂപീകരിക്കപ്പെട്ട അഴീക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എ.കെ.നായരായിരുന്നു. 1953 മെയ് 29-ന് എന്‍.കൃഷ്ണന്‍ പ്രസിഡന്റായി ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരികയുണ്ടായി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന് ഈ രാജ്യത്ത് മാത്രമല്ല, ലോക നിലവാരത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമായ സുകുമാര്‍ അഴീക്കോട് എന്ന മഹത്വ്യക്തിയ്ക്കു ജന്മം നല്‍കിയ നാടാണ് അഴീക്കോട്. രാജ്യത്തെമ്പാടും ആഞ്ഞടിച്ച സ്വാതന്ത്ര്യസമരത്തിന്റെ കാറ്റ് അഴീക്കോട് പ്രദേശത്തുണ്ടാക്കിയ പ്രതികരണം ശക്തമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ പില്‍ക്കാല നായകന്‍മാരില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അഴീക്കോട്ടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടി.വി.അനന്തന്‍ ദേശീയസമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വൃക്തിയായിരുന്നു. മാക്കുനി കൃഷ്ണന്‍ നമ്പ്യാര്‍, പി.വി. കുഞ്ഞിരാമന്‍ ഗുരുക്കള്‍, മാവില ഗോവിന്ദന്‍ നമ്പ്യാര്‍ തുടങ്ങിയവരും ഈ സമരത്തില്‍ സജീവമായിരുന്നു.

സാംസ്കാരിക ചരിത്രം

കടലിന്റെയും പുഴയുടെയും ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങുന്ന ഈ ഗ്രാമത്തിന് തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളും മറ്റു വിദേശികളും വ്യാപാരാവശ്യാര്‍ത്ഥം ഈ പ്രദേശവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. അഴീക്കല്‍ തുറമുഖം ഒരുകാലത്ത് പ്രമുഖതുറമുഖങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മുന്നറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളുകള്‍ക്ക് ജന്‍മം നല്‍കിയ പ്രദേശമാണിത്. ഒരു കാലത്ത് ആത്മവിദ്യാ സംഘം പോലുള്ള പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം അവിസ്മരണീയമാണ്. മനുഷ്യനെ മനുഷ്യനായി കാണാത്ത ജാതിവ്യവസ്ഥയ്ക്കെതിരെ പാലക്കാട്ടു പോയി പത്രപ്രചാരണം നടത്തിയ യോഗിവര്യന്‍ പൊന്മഠത്തില്‍ കൃഷ്ണ സ്വാമികള്‍ ഈ ദേശത്തിന്റെ വരദാനങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു വായനശാല ഉപ്പായിച്ചാലില്‍ പ്രവര്‍ത്തിക്കുന്നു. കൃഷ്ണസ്വാമിയുടെ ശിഷ്യനും ശ്രീ ശങ്കരന്റെ അദ്വൈത വാക്യങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കുകയും ഒരു സനാതന സംസ്കാരത്തിന് വിത്തുപാകുകയും ചെയ്ത വാഗ്ഭടാനന്ദ ഗുരുദേവര്‍ ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചത്. എം.ടി.കുമാരന്‍ മാസ്റ്റര്‍, ടി.വി.അനന്തന്‍, പി.വി.ചാത്തുനായര്‍, ഡോ.പി.അനന്തന്‍ തുടങ്ങിയ ഒട്ടനവധി ആളുകള്‍ അഴീക്കോടിന്റെയും സാംസ്കാരിക കേരളത്തിന്റെയും മുഖച്ഛായ മാറ്റാന്‍ അഹോരാത്രം പ്രയത്നിച്ചിരുന്നു. ഇന്ന് ലോകം ബഹുമാനിക്കുന്ന, പ്രഭാഷണകലയുടെ രാജാവെന്നറിയപ്പെടുന്ന സുകുമാര്‍ അഴീക്കോടും ഈ ദേശത്തിന്റെ പുത്രനാണ്. കലാരംഗത്തെ ഏറെ മുന്നറ്റമുണ്ടാക്കിയ പ്രദേശമായിരുന്നു അഴീക്കോട്. സംഗീതസന്ധ്യകളും സാഹിത്യസംവാദങ്ങളും നാടകവേദികളും കൊണ്ട് ഇവിടം സജീവമായിരുന്നു. ജയഭാരതം കലാനിലയം, ജയശ്രീ നാടകനിലയം, പുരോഗമന കലാസമിതി, നടരാജ നാട്യകലാനിലയം, കൈരളി കലാനിലയം തുടങ്ങിയ സംഘങ്ങളായിരുന്നു പ്രധാന നാടകസംഘങ്ങള്‍. പുള്ളുവന്‍ വൈദ്യരുടെ ശിക്ഷണത്തില്‍ അല്ലി അര്‍ജ്ജുനചരിതം, മാലതീമാധവം, സതീലോചന, തുടങ്ങിയ നാടകങ്ങള്‍ ഈ സംഘങ്ങള്‍ അവതരിപ്പിച്ചിരുന്നു. തങ്കം ഗോവിന്ദന്‍, കമലം ഗോവിന്ദന്‍, കുഞ്ഞിരാമന്‍ സ്രാപ്പ് എന്നിവര്‍ സ്ത്രീ വേഷത്തിലഭിനയിച്ച് പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. വാഗ്ഭടാനന്ദന്റെ ശിഷ്യനായിരുന്ന സ്വാമി ബ്രഹ്മവ്രതന്‍ നാടകകലയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അനവധി മികച്ച നാടകങ്ങള്‍ അഴീക്കോട് പ്രദേശത്ത് അവതരിപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊടുമ്പിരിക്കൊള്ളുകയും സ്കൂള്‍ മാനേജര്‍മാര്‍ ശമ്പളം നല്‍കാതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നാടകം ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. പില്‍ക്കാലത്തും മികച്ച നാടകകൃത്തുക്കള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കെ.പി.കുമാരന്‍, മമ്മിണിയപ്പന്‍ ബാപ്പു, മീശകരുണന്‍, കെ.പി.കെ.പണിക്കര്‍, പി.ജി.അഴീക്കല്‍, കെ.ടി.ആനന്ദ്, പി.വി.കെ.റാം, കാട്ടാര്‍ തുടങ്ങിയ നടന്‍മാര്‍ നാടകകലയ്ക്ക് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. പാദുക പട്ടാഭിഷേകം, കൃഷ്ണദൂത് എന്നീ നാടകങ്ങളെഴുതി പോരയില്‍ രാമന്‍ നമ്പ്യാര്‍ മികച്ച നാടകകൃത്തെന്ന ഖ്യാതി നേടിയിരുന്നു. തെക്കന്‍ നാട്ടിലുള്ളവര്‍ മാത്രം കഥാപ്രസംഗകലയില്‍ പ്രാവീണ്യം നേടിയിരുന്ന അവസരത്തില്‍ വടക്കുള്ളവര്‍ക്കും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത വ്യക്തിയാണ് പി.ജി.അഴീക്കോട്. സുപ്രസിദ്ധ നാടകനടിയും സിനിമാനടിയുമായിരുന്ന കണ്ണൂര്‍ രാജം, നാടകനടി പി.സി.തങ്കം തുടങ്ങിയവരും ഈ നാടിന്റെ സന്തതികളാണ്. തെയ്യം കലാരൂപങ്ങളുടെ നാടാണിത്. കാവുകളുമായി ബന്ധപ്പെട്ട് ഇന്നും തെയ്യം അരങ്ങേറാറുണ്ട്. പ്രധാനമായും വീരന്‍, വീരാളി, ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തുടങ്ങിയവയാണ് അവതരിപ്പിക്കാറ്. തെയ്യം കലാരൂപങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഈ കാലത്തും പരമ്പരാഗതമായി അവതരിപ്പിക്കുന്ന ഒന്നിലേറെ കുടുംബങ്ങള്‍ ഈ ദേശത്തുണ്ട്. കാവുകളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തന്നെ അപൂര്‍വ്വമായി നടക്കുന്ന തീച്ചാമുണ്ഡി എന്ന ആചാരം ശ്രീകൂര്‍മ്പാഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറാറുണ്ട്. നെയ്യമൃത് ഉത്സവം, ആനയെഴുന്നള്ളത്ത് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് മാറ്റു കുറഞ്ഞെങ്കിലും ഇന്നും ഇവിടെ പ്രചാരത്തിലുണ്ട്. ഒരു കാലത്ത് ഉപ്പെഴുന്നള്ളത്ത് എന്നാരനുഷ്ഠാനം ഇവിടെയുണ്ടായിരുന്നു. മൂന്നുനിരത്തിലെ കൂര്‍മ്പകാവില്‍ നിന്നും അക്ളിയത്ത് ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതായിരുന്നു ഈ അനുഷ്ഠാനം. കാലക്രമത്തില്‍ അതില്ലാതായി. ഉത്സവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാലഞ്ചുമാസം അഴീക്കോട് ആഘോഷത്തിന്റെ ലഹരിയിലാണ്. ഐക്യത്തോടെ തരംതിരിവില്ലാതെ മനുഷ്യന്‍ ഒത്തുകൂടുന്ന അവസരമാണത്. മലബാറിലെ തന്നെ പ്രസിദ്ധമായ ഉറൂസുകളിലൊന്നാണ് ആലാളാം മഖാം ഉറൂസ്. അപൂര്‍വ്വങ്ങളായി മാത്രം കണ്ടുവരുന്ന ഒരു കാളിക്ഷേത്രവും ബാലീക്ഷേത്രവും ഇവിടെയുണ്ട്. തളിപ്പറമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കൊട്ടാരം അഴീക്കോടുണ്ട്. കേരളത്തിന്റെ പാരമ്പര്യആയോധന കലകള്‍ പഠിപ്പിക്കുന്ന കളരികള്‍ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നു. സഹൃദയവേദി, കൈരളികലാനിലയം, പ്രോഗ്രസ്സീവ് ഗ്രൂപ്പ്, പി.ഗോപാലന്‍ സ്മാരക സാംസ്കാരിക വേദി, ശ്രീനാരായണ സാംസ്കാരിക വേദി, മാനവാതീയേറ്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇന്ന് ഈര്‍ജ്ജിതമായിത്തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു. നാടന്‍കലകളായ തെയ്യം, തിറ പോലുള്ള കലാരൂപങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തുന്നതിനു പ്രവര്‍ത്തിക്കുന്ന ഫോക് ലോര്‍ സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമാണ്.

വിദ്യാഭ്യാസചരിത്രം

അഴീക്കോട്, വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ നാടാണ്. കണ്ണൂരിലും പരിസരങ്ങളിലും പണ്ഡിതന്‍മാരെ സൃഷ്ടിച്ച മേപ്പാട് രാമന്‍ ഗുരുക്കള്‍, യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് ശിഷ്യന്‍മാരെ പഠിപ്പിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിനു മുന്‍പ് വിദ്യാലയമാരംഭിച്ച മുണ്ടച്ചാലി കേളന്‍ ഗുരുക്കള്‍, പെരുമാക്കല്‍ ചാത്തു എഴുത്തച്ഛന്‍, പച്ച കണ്ണന്‍ മാസ്റ്റര്‍, കുറ്റിച്ചി രാമന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസ്കാരമെന്തെന്ന് ജനങ്ങളെ പഠിപ്പിച്ചവരാണ്. താഴ്ന്ന ജാതിക്കാരനെ കണ്ടാല്‍പോലും അയിത്തമുണ്ടായിരുന്ന കാലത്ത് അവരെ കൂടെയിരുത്തി വിദ്യ അഭ്യസിപ്പിച്ച പനങ്കാവില്‍ ദാമോദരന്‍ മാ സ്റ്റര്‍ ഒരു സാമൂഹ്യവിപ്ളവകാരി തന്നെയായിരുന്നു. ഇന്നത്തെ അഴീക്കോട് ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാ സ്റ്ററായിരുന്ന കെ. അച്യുതന്‍ മാസ്റ്റര്‍, സംസ്കൃത പണ്ഡിതനും കണ്ണൂരും പരിസരത്തും വലിയൊരു ശിഷ്യഗണത്തിന്റെ ഉടമയുമായ പരയങ്ങാട്ട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സേവനം വിദ്യാഭ്യാസരംഗത്ത് അഴീക്കോട് പ്രദേശത്തിന് എന്നും വഴികാട്ടിയായിരുന്നു. ഇന്ന് അഴീക്കോടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങളും അതിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ആദ്യകാലത്തുണ്ടയിവന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ്. മീന്‍കുന്ന് ഗവ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1880-ല്‍ ഒരു സ്ക്കൂള്‍ തുറന്നു. അനേകമാളുകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ മുണ്ടച്ചാലി കേളന്‍ഗുരുക്കള്‍, കണ്ണൂരും പരിസരങ്ങളിലും അനേകം ശിഷ്യന്‍മാരെ സൃഷ്ടിച്ച ചാത്തു എഴുത്തച്ഛന്‍, മേപ്പാട് രാമന്‍ ഗുരുക്കള്‍, കമാരന്‍ ഗുരുക്കള്‍ എന്നിവരൊക്കെ സ്കൂള്‍ സ്ഥാപകരും ഗുരുനാഥന്‍മാരുമായിരുന്നു. പഞ്ചായത്തില്‍ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ടവയില്‍ ഏറ്റവും പഴക്കമുള്ളവയാണ് അക്ളിയത്ത് സ്കൂള്‍, സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍, അഴീക്കോട് സൌത്ത് യു.പി.സ്കൂള്‍ എന്നിവ. കുറ്റിച്ചി രാമന്‍മാസ്റ്റര്‍, ശങ്കരന്‍ കുമാരന്‍ മാസ്റ്റര്‍, ആര്‍.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പച്ച കണ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന ഗുരുക്കന്‍മാര്‍

ആറളം

സാമൂഹ്യസാംസ്കാരികചരിത്രം

ഇവിടുത്തെ ആദിമനിവാസികളായ കുറിച്ച്യര്‍, പണിയര്‍, മലയാളര്‍, എന്നിവരെ പിന്തള്ളി കുടിയേറ്റക്കാര്‍ കടന്നകയറുന്നത് 20-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലത്ത്, ആദ്യകുടിയേറ്റക്കാരായിരുന്ന കനകത്തടം കുടുംബത്തിന്റെയും, മുസ്ളീം സമുദായത്തില്‍പ്പെട്ട കുഞ്ഞിമായന്‍ ഹാജിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ശീത സമരത്തിന്റെ കാലമായിരുന്നുവെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ മൊഴിയിലെ അതിശയോക്തി ഒഴിവാക്കിയാല്‍ കോട്ടയം രാജാവും കനകത്തടം കുടുംബവും തമ്മില്‍ ഒരു വിശുദ്ധമായ ബന്ധം നിലനിര്‍ത്തിയിരുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ നടന്ന തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിനു മുമ്പുതന്നെ ഇവിടെ, ആദിമജനവിഭാഗങ്ങളെ കൂടാതെ, പരിഷ്കൃതരായ മറ്റൊരു ജനത വസിച്ചിരുന്നു എന്നതിന്റെ തെളിവാണ് അമ്പലക്കണ്ടി, അടിയേരി മഠം, പാലയാട്, മുണ്ടയാംപറമ്പ് എന്നീ ക്ഷേത്രങ്ങള്‍. അന്നത്തെ ജനതയുടെ സാംസ്കാരികവും ശില്‍പപരവുമായ കഴിവുകള്‍ മേല്‍പ്പറഞ്ഞ അമ്പലങ്ങളുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങളില്‍നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. കൂടാതെ ആറളം, കുട്ടക്കലം, കാരപറമ്പ് എന്നിവിടങ്ങളിലെ ചെങ്കല്‍മേഖലകളില്‍ കണ്ടെത്തിയിട്ടുള്ള പല ഗുഹകളും ഇതിനുള്ള മറ്റു തെളിവുകളാണ്. പണിയര്‍, കുറിച്യര്‍, മലയാളര്‍, എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആദിമ ജനവിഭാഗങ്ങള്‍ ഇവിടെ നിലനിന്നിരുന്നതായി കാണാം. ഇവിടത്തെ ആദിമജനതകള്‍ക്കിടയില്‍ സാമ്പത്തികസ്ഥിതിയില്‍ കുറിച്ച്യര്‍ താരതമ്യേന ബഹുദൂരം മുന്നിലാണ്. വിയറ്റ്നാം, കീഴ്പള്ളി എന്നിവിടങ്ങളിലായി പണ്ടുമുതല്‍തന്നെ താമസിച്ചുവന്നിരുന്ന കുറിച്യരുടെ തനതു സംസ്ക്കാരം മറ്റു ജനവിഭാഗങ്ങളുടെ ആഗമനത്തോടെ കൈമോശം വന്നുപോയി. ഇവര്‍ അമ്പും വില്ലും ആയുധങ്ങളായി ഉപയോഗിക്കുകയും മറ്റ് ജനങ്ങള്‍ക്ക് അയിത്തം കല്‍പിക്കുകയും ചെയ്തിരുന്നു. അയിത്തം ഏറെക്കുറെ ഇന്നില്ലാതായിരിക്കുന്നു. വിദ്യാഭ്യാസരംഗങ്ങളില്‍ ഈ വിഭാഗക്കാര്‍ പിന്നിലായിരുന്നു. പണിയര്‍ ഒരുകാലത്ത് ഈ നാടിന്റെ മുഴുവന്‍ അധിപരും പിന്നീട് കനകത്തിടം ജന്മിമാരുടെ അടിമകളും ആയിരുന്നു. അലഞ്ഞുനടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ പിന്നിലാണ്. മലയാളര്‍ എന്ന വിഭാഗം ആറളം പഞ്ചായത്തിലെ വീര്‍പ്പാട് എന്ന ദേശത്തു മാത്രമാണ് താമസിക്കുന്നത്. ഇവരുടെ പിതാമഹന്മാര്‍ കോട്ടയം നാട്ടുരാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ഇപ്പോഴത്തെ ത്വക്കിലങ്ങാടിക്കടുത്തുള്ള പാലാഴി എന്ന സ്ഥലത്തു താമസിച്ചിരുന്നവരാണെന്നു പറയപ്പെടുന്നു. കോട്ടയംരാജാവ് ഈ വിഭാഗക്കാരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ പ്രദേശത്തു കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. വിശ്വവിജ്ഞാന കോശത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇവര്‍ കന്നുകാലി വളര്‍ത്തലും നെല്‍കൃഷിയും പ്രധാനതൊഴിലായി സ്വീകരിച്ചവരാണ്. അമ്പൂം വില്ലും ഒരുകാലത്ത് ഇവരുടെ പ്രധാന ആയുധങ്ങളായിരുന്നു. തുടര്‍ന്ന് തോക്ക് മുതലായ ആധുനിക ആയുധങ്ങളുപയോഗിക്കാനും ഇവര്‍ വിദഗ്ധരായി തീര്‍ന്നു. പാലയാട് ദേവസ്വത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ഇവര്‍ക്കായിരുന്നു. പാലയാട്ടീശ്വരന്‍(ശിവന്‍) ആണ് ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. തെയ്യങ്ങളും തിറകളും നടത്തിയിരുന്ന ഇവര്‍ കുറിച്യര്‍, പണിയര്‍, തുടങ്ങിയ ആളുകള്‍ക്ക് അയിത്തം കല്‍പിച്ചിരുന്നു. ഏകപത്നീവ്രതക്കാരായിരുന്നു ഇക്കൂട്ടര്‍. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാര്‍ ആക്രമണക്കാലത്ത് ഇവിടെയും എത്തിയതായി കരുതപ്പെടുന്നു. ആറളത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മറ്റു ഒറ്റപ്പെട്ട പ്രദേശങ്ങളിലും മലബാറുകാരായ പഴയ കുടിയേറ്റക്കാരുണ്ടായിരുന്നു. ആറളം പഞ്ചായത്തിലെ ഭൂമി മുഴുവന്‍ മുണ്ടയാംപറമ്പ് ദേവസ്വത്തിന്റെയും, പാലയാട് ദേവസ്വത്തിന്റെയും, കനകത്തടം ജന്മിയുടെയും ഉടമസ്ഥയിലായിരുന്നു. കൊല്ലംതോറും പുനംകൃഷി ചെയ്യാന്‍ ജന്മിമാരും മറ്റും, അവരുടെ കുടിയാന്മാരെ അനുവദിക്കുകയും കുടിയാന്‍മാരും മറ്റു ആദിവാസികളും ഈ പ്രദേശങ്ങളില്‍ പുനം കൃഷി നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതൂര്‍ന്ന് വളര്‍ന്ന വന്‍മരങ്ങളുണ്ടായിരുന്ന ഈ മലമ്പ്രദേശങ്ങള്‍ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. 1930-കളിലാണ് ഒറ്റപ്പെട്ടും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായും അധ്വാനശീലരായ കര്‍ഷകകുടുംബങ്ങള്‍ കന്നിമണ്ണു തേടി തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയത്. ഈ പഞ്ചായത്തിലെ ആറളം കേന്ദ്രീകരിച്ചു നാലാം ക്ളാസുവരെയുള്ള ഒരു ബോര്‍ഡ് സ്ക്കൂള്‍ സ്ഥാപിച്ചതോടു കൂടിയാണ് ഈ പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ശ്രദ്ധതിരിച്ചുതുടങ്ങിയത്. 1906-ലാണ് ഈ സ്ക്കൂള്‍ നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു. പഴയകാലത്ത് ഈ പഞ്ചായത്തിലെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഈ സ്ക്കുളാണ് ആറളം പഞ്ചായത്തിലെ ഇപ്പോഴത്തെ ഏക ഗവണ്‍മെന്റ് ഹൈസ്ക്കുളായി മാറിയിരിക്കുന്നത്. ആദ്യകാലത്ത് അപ്പര്‍പ്രൈമറി വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെയുള്ളവര്‍ 15 കിലോമീറ്റര്‍ ദൂരം താണ്ടി കീഴുര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ ഹൈസ്ക്കൂളുകളിലാണ് പോയിരുന്നത്. പിന്നീട് പഞ്ചായത്തിലെ കീച്ചേരി എന്ന സ്ഥലത്ത് നാലാം ക്ളാസ്സുവരെയുള്ള ഒരു സ്ക്കൂള്‍ നിലവില്‍ വരികയും, നാലു വര്‍ഷത്തിനു ശേഷം അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. 1949 മുതലുള്ള കുടിയേറ്റത്തിന്റെ ആരംഭത്തില്‍ തന്നെ എടുര്‍ പ്രദേശത്ത് ഒരു എല്‍.പി.സ്ക്കുള്‍ സ്ഥാപിക്കുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് പിന്നീട് ആറളം പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കുള്‍ (1956) എന്ന ബഹുമതിക്കര്‍ഹമായത്. ആ കാലഘട്ടത്തില്‍ തന്നെ വീര്‍പ്പാട് പ്രദേശത്ത് ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ ഏകദേശം 20 പേര്‍ക്ക് കളരിവിദ്യാഭ്യാസം നല്‍കിക്കൊണ്ട് ആരംഭിച്ച സ്ഥാപനത്തിന് 1944-ല്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുകയും പിന്നീട് രാമാനന്ദവിലാസം സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ഈ പ്രദേശത്തു മാത്രം താമസിക്കുന്ന മലയാളര്‍ എന്ന ജനവിഭാഗത്തിന്റെ വിദ്യാഭ്യാസപുരോഗതിയ്ക്കായി സ്ഥാപിച്ച സ്ക്കൂളായിരുന്നു ഇതെങ്കിലും പിന്നീട് ക്രിസ്ത്യന്‍ മാനേജ്മെന്റിന് വില്‍ക്കുകയാണുണ്ടായത്. എന്നാല്‍ വേണ്ടത്ര കുട്ടികളില്ല എന്ന കാരണം പറഞ്ഞ് സ്ക്കുള്‍ വെള്ളിമനത്തേക്ക് മാറ്റുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് (1949) ഇന്നും സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍, വീര്‍പ്പാട് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തുതന്നെ കണീശന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ 13 പേരെയും കൊണ്ട് 1954-ല്‍ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് ഗവണ്‍മെന്റ് എല്‍.പി.സ്ക്കുള്‍, ഇടവേലി എന്ന പേരില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. സേലം രക്തസാക്ഷികളെ പരാമര്‍ശിക്കാതെ ആറളം ഗ്രാമത്തെക്കുറിച്ച് ഒന്നും പറയാനാവില്ല. സേലം രക്തസാക്ഷി ഞണ്ടാടി കുഞ്ഞമ്പു പുതുക്കുണ്ട് സ്വദേശിയാണ്. 1940കളിലാണ് ആറളം പഞ്ചായത്തിലെ ഓടൂരില്‍ കുടിയേറ്റമാരംഭിച്ചത.് പ്രധാനപ്പെട്ട റോഡുകളായ എടൂര്‍-കീഴ്പ്പള്ളി, കാരാപ്പറമ്പ്-വീര്‍പ്പാട്, കീഴ്പള്ളി-ചതിരൂര്‍, ആറളം-അത്തിക്കല്‍, കാരാപ്പറമ്പ്-ആറളം തുടങ്ങിയ റോഡുകള്‍ കുടിയേറ്റ ജനതയുടെ ശ്രമത്തിന്റേയും ഒത്തൊരുമയുടേയും ഫലമായുണ്ടായതാണ്.

അങ്ങാടിപ്പുറം

സാമൂഹ്യചരിത്രം

പഴയ കാലത്ത് കിഴക്ക് പന്തല്ലൂര്‍ മല വരെയും, വടക്കും തെക്കും അതിരുകളില്‍ ആനക്കയംപുലാമന്തോള്‍ മല വരെയും, പടിഞ്ഞാറ് മലപ്പുറം പാങ്ങ് കുന്നുകള്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, ആധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. സംഘകാലത്ത് (എ.ഡി. 5-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം) പുലയര്‍, കുറുവര്‍, വില്ലവര്‍, പറയര്‍, പാണര്‍, വെള്ളാളര്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ നിവാസികള്‍. വള്ളുവജാതിയില്‍പ്പെട്ടവരുടെ ആധിപത്യം മൂലമാണ് വള്ളുവനാട് എന്ന ദേശനാമം ഉണ്ടായത്. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പ്രദേശത്തിനു ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. ഇന്നും പഴമക്കാര്‍ “വെള്ളാട്ടങ്ങാടി” എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ചരിത്രമുറങ്ങുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രവും, ചാവേര്‍ത്തറയും, തളിയും, കോട്ടപ്പറമ്പും, അല്‍പാക്കുളവും, ചാവേര്‍ക്കാടും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണല്‍പ്പുറത്ത് നടത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ അധീശത്വം “വള്ളുവക്കോനാതിരി”ക്കായിരുന്നു. മാമാങ്കത്തിന്റെ “നിലപാടുതറ”യില്‍ ഉടവാളുമായി അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ സാമൂതിരിയുടെ പടയാളികള്‍ ശിരച്ഛേദം ചെയ്തു വകവരുത്തി. സാമൂതിരിയുടെ വന്‍പടയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിക്കുക അസാധ്യമാണെന്ന് വെള്ളാട്ടരചപ്പടയ്ക്ക് അറിയാമായിരുന്നു. സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി രക്തം ചിന്താനും ജീവന്‍ ത്യജിക്കാനും വള്ളുവനാട്ടിലെ ചാവേര്‍ പടയാളികള്‍ സന്നദ്ധരായി. എട്ടുവീട്ടിലച്ചന്‍മാര്‍ എന്ന നാട്ടുപ്രമാണിമാരിലുടെയായിരുന്നു വള്ളുവക്കോനാതിരി ഭരണം നടത്തിയിരുന്നത്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍ എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഇരുമ്പുഖനനവും ഉല്‍പ്പാദനവും നടത്തുന്നതിനുള്ള നാടന്‍ സാങ്കേതികവിദ്യ ഈ പ്രദേശത്ത് നിലനിന്നിരുന്നു. 1826-ല്‍ ഇംഗ്ളണ്ടുകാരനായ ഹെന്‍ട്രി ഹാമില്‍ടന്‍ ബുക്കാനന്‍ ഈ പഞ്ചായത്തില്‍ വച്ച് ഇരുമ്പയിര് അടങ്ങിയ ചെങ്കല്ല് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇരുമ്പുല്‍പ്പാദനം ആരംഭിക്കുകയും ചെയ്തതോടെ നാടന്‍ സങ്കേതികവിദ്യകള്‍ അപ്രസക്തമായി. എം.പി.നാരായണമേനോന്‍, എം.പി.കുഞ്ഞിക്കണ്ണന്‍മേനോന്‍, എം.പി.ഗോവിന്ദമേനോന്‍ എന്നിവരും, പരേടത്ത് സഹോദരന്‍മാരുടെ നേതൃത്വത്തില്‍ ധാരാളം യുവാക്കളും ഇവിടെ നിന്നും ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ നിയന്ത്രണകേന്ദ്രം എന്ന സ്ഥാനം അങ്ങാടിപ്പുറത്തിനു സിദ്ധിച്ചിരുന്നു. 1957-ലെയും, 1967-ലെയും ഭൂപരിഷ്കരണനിയമങ്ങള്‍ ഭൂവുടമാബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റം വരുത്തി. അമ്പതുകളിലാണ് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ തെക്കന്‍കേരളത്തില്‍ നിന്നുള്ള കുടിയേറ്റകര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. അങ്ങാടിപ്പുറത്തെ പൌരപ്രമുഖനായിരുന്ന കെ.ശേഷുഅയ്യരുടെയും, ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസ് എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെയും നേതൃത്വത്തില്‍ ആയിരത്തിലധികം ആളുകള്‍ ശ്രമദാനം നടത്തിയാണ് അങ്ങാടിപ്പുറം-പരിയാപുരം റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസസ്ഥാപനം കോട്ടപ്പറമ്പ സ്ക്കൂള്‍ ആണ്. 100 വര്‍ഷത്തിലേറെ പഴക്കം ഈ സ്കൂളിനുണ്ട്.

കാര്‍ഷിക ചരിത്രം

കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. ഈ പ്രദേശത്തെ കാര്‍ഷികവിളക്രമം തീരുമാനിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാര്‍ഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ്. പഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ പ്രാമുഖ്യം കൂടുതലുണ്ടായിരുന്നത് നെല്‍കൃഷിക്കായിരുന്നു. കാണച്ചാര്‍ത്തുകളില്‍ മാത്രമേ ദീര്‍ഘകാലവിളകള്‍ ഉണ്ടായിരുന്നുള്ളു. കാരി, അരിവാകാരി, ചെങ്കയ്മ, മുണ്ടകന്‍, തെക്കന്‍ചീര, ചെറുകയ്മ, ആറ്റകയ്മ, തവളക്കണ്ണന്‍, വൃശ്ചികപാണ്ടി തുടങ്ങിയവയായിരുന്നു പ്രധാന വിത്തിനങ്ങള്‍. കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് വിനോദോപാധികളും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. കാളപൂട്ട്, പോത്തുപൂട്ട് എന്നിവ പ്രധാന കാര്‍ഷിക വിനോദ മത്സരങ്ങളായിരുന്നു. കാര്‍ഷിക വിപണനമേളകള്‍ കൂടിയായിരുന്നു ഉത്സവസീസണുകള്‍. ഉത്സവപ്പറമ്പുകള്‍ കാര്‍ഷികോല്‍പന്നങ്ങളുടെയും, കാര്‍ഷികോപകരണങ്ങളുടെയും വില്‍പനകേന്ദ്രങ്ങളുമായിരുന്നു. കരഭൂമി പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ് എന്നിവയും വാണിജ്യാടിസ്ഥാനത്തില്‍ ഇടവിളകളും കൃഷി ചെയ്തിരുന്നു.

സാംസ്കാരികചരിത്രം

ഐതിഹ്യപ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനില്‍ക്കുന്ന “അങ്ങാടിപ്പുറം പൂരം” വള്ളുവനാടിന്റെ ദേശീയോത്സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭക്തമഹാകവി പൂന്താനം പ്രതിഷ്ഠ നടത്തിയ ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം ധാരാളം ഭക്തജനങ്ങളുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. പുത്തനങ്ങാടിയിലെ മുസ്ളീം ദേവാലയവും സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. ചരിത്രാംശമുള്ള ചാവേറുപാട്ടിന്റെയും, ക്ഷേത്രകലകളുടെയും നാടായ ഈ ഗ്രാമം ഒരേ സമയം ജന്മി-കുടിയാന്‍ സംസ്ക്കാരത്തിന്റെ എല്ലാ ദൂഷിതസവിശേഷതകളും പ്രകടിപ്പിച്ചിരുന്നു. വെള്ളാട്ടങ്ങാടി എന്ന അങ്ങാടിപ്പുറം വള്ളുവനാടിന്റെ കലാസാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍, നീലക്കുയില്‍ എന്ന സിനിമയില്‍ “കായലരികത്ത് വലയെറിഞ്ഞപ്പോള്‍….” എന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ സിനിമാനടന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍, എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. 1950-കളിലാരംഭിച്ച അങ്ങാടിപ്പുറം ദേശസേവിനി വായനശാലയും, തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയുമാണ് പഞ്ചായത്തിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നെടുനായകത്വം വഹിക്കുന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരമഹോത്സവം, പുത്തനങ്ങാടി നേര്‍ച്ച, വലമ്പൂര്‍, പരിയാപുരം പള്ളികളിലെ പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങള്‍. കോല്‍ക്കളി, ചെറുമക്കളി, പൂതംകളി തുടങ്ങിയ പാരമ്പര്യകലകള്‍ അനല്‍പമായി ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സംഘടിക്കലും സംഘടിപ്പിക്കലും കൊണ്ട് ഗ്രന്ഥശാലാപ്രസ്ഥാനം തിളങ്ങി നിന്ന കാലഘട്ടത്തില്‍ തന്നെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും ആദ്യ വായനശാലയുണ്ടാകുന്നത്. 1953-54 കാലഘട്ടത്തിലാണ് അങ്ങാടിപ്പുറം ദേശസേവിനി വായനശാല രൂപീകൃതമായത്. അക്കാലത്ത് മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി കഴിഞ്ഞിരുന്ന എസ്.കെ.പൊറ്റക്കാടാണ് ഇത് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ ആദ്യവായനശാല യാഥാര്‍ത്ഥ്യമാകുമ്പോള്‍ അക്കാലത്തെ യുവാക്കളുടെ തീവ്രമായൊരു സ്വപ്നം പൂവണിയുക മാത്രമല്ല, അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പില്‍ക്കാല സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിക്കുവാന്‍ കരുത്തുള്ള ഒരു സ്ഥാപനം പിറക്കുക കൂടിയായിരുന്നു. പഞ്ചായത്തിലെ രണ്ടാമത്തെ വായനശാല, 1959-60 കാലത്ത് നിലവില്‍ വന്ന തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയാണ്. അക്കാലത്ത് സജീവമായിരുന്ന തിരൂര്‍ക്കാട് മഹിളാസമാജം പ്രവര്‍ത്തകരുടെ പ്രയത്നഫലമായിട്ടാണ് ഇതുണ്ടാകുന്നത്

ആലക്കോട്

സാമൂഹ്യചരിത്രം

ആലക്കോട് പഞ്ചായത്തിലെ പലഭാഗത്തും വളരെക്കാലം മുമ്പുതന്ന ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അരങ്ങം ക്ഷേത്രപരിസരത്ത് കണ്ടെത്തിയ ഗുഹകള്‍, നെല്ലികുന്നിലുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍, വൈതല്‍മലയുടെ മുകള്‍ത്തട്ടില്‍ കാണുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ഇതിന് സാക്ഷ്യങ്ങളാണ്. വൈതല്‍കോന്‍ എന്നാരു രാജാവ് ഈ പ്രദേശം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. പഴയ ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായ ചിറയ്ക്കല്‍ താലൂക്കില്‍ പെട്ടിരുന്ന ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ ദേവസ്വം വകയോ ജന്‍മിമാരുടെ വകയോ ആയിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവിടുത്തെ മലയോരങ്ങളില്‍ പുനംകൃഷി നടന്നിരുന്നതായി തെളിവുണ്ട്. രയറോത്ത് മുസ്ളീം ജനവിഭാഗം മറ്റു സ്ഥലങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയിട്ട് ഒന്നര നൂറ്റാണ്ടോളമായിയെന്നു പറയപ്പെടുന്നു. ഇപ്പോള്‍ രയറോത്തുള്ള ജുമാ അത്ത് പള്ളിക്ക് തൊണ്ണൂറോളം വര്‍ഷത്തെ പഴക്കമുണ്ട്്. തിമിരിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ തന്ന ജനവാസം ആരംഭിച്ചിരുന്നതായി ഊഹിക്കാം. അവിടെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രം തന്നയാണ് അക്കാര്യത്തിനുള്ള തെളിവ്. ആലക്കോട് ഗ്രാമപഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. ദക്ഷിണ കേരളത്തില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ നിര്‍മ്മിച്ച ഒരു ജനപദമായിട്ടാണ് ഈ പ്രദേശം ഇന്നറിയപ്പെടുന്നത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ഗതാഗതസൌകര്യം വളരെ കുറവായിരുന്നു. വഴി വെട്ടിയുണ്ടാക്കുന്നതിലും പൊതുസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും, അന്ന് കുടിയേറ്റക്കാരും നാട്ടുകാരും ഉത്സാഹത്തോടെ സംഘടിതമായി പ്രവര്‍ത്തിച്ചിരുന്നു. കുടിയേറ്റ കര്‍ഷകര്‍ ഈ മണ്ണിലുണ്ടാക്കിയ കാര്‍ഷിക പുരോഗതി അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ആലക്കോട് പ്രദേശത്തെ ഏക്കര്‍കണക്കിനു ഭൂമി വാങ്ങിച്ചുകൂട്ടിയ ഭൂവുടമയായിരുന്നു പി.ആര്‍.രാമവര്‍മ്മ രാജ. 1955 ആയപ്പോഴേക്കും കൃഷിഭൂമി അന്വേഷിച്ച് ദക്ഷിണ കേരളത്തില്‍നിന്ന് ആളുകള്‍ വന്നു തുടങ്ങി. അവര്‍ക്കു വേണ്ട ജീവിതസൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്നാട്ടുകാര്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. രാമവര്‍മ്മരാജ സ്വന്തം ചെലവില്‍ തളിപ്പറമ്പു മുതല്‍ മണക്കടവു വരെ ഒരു റോഡുണ്ടാക്കി. ആദ്യകാലത്ത് തടി ഇറക്കികൊണ്ടുപോകുന്നതിനുള്ള കൂപ്പുറോഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡായി വികസിപ്പിച്ചു. 1960 ആയപ്പോള്‍ ഈ റോഡില്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്നു പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയ്ക്കു തന്ന രാജ ഏറ്റെടുത്ത് പണിതീര്‍ത്തു. 1946-ല്‍ തിമിരിയില്‍ കുമിഴി ചാത്തുക്കുട്ടി നമ്പ്യാരുടെ വീട്ടില്‍ ഒരു വിദ്യാലയം ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നാലുക്ളാസ്സുകളുള്ള ഒരു സ്കൂളായി അത് ഉയര്‍ന്നു. ഡിപ്പാര്‍ട്ടുമെന്റിനു നഷ്ടം സംഭവിക്കുന്ന പക്ഷം അതു നികത്തികൊടുക്കാമെന്ന വ്യവസ്ഥയിലാണ് കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തന്ന പി.ആര്‍.രാമവര്‍മ്മരാജ ഇവിടെ ഒരു പോസ്റ്റ് ഓഫീസ് അനുവദിപ്പിച്ചത്. ഒരു പ്രദേശത്തിന്റെ മൊത്തമായി മിനിമം ഗ്യാരണ്ടി വച്ചുകൊണ്ട്, അക്കാലത്തുതന്ന അദ്ദേഹം ഇലക്ട്രിസിറ്റിയും ഇവിടെ എത്തിച്ചു. ആലക്കോട് മാത്രമായി ഒതുങ്ങി നിന്ന ഒരു മിനി ജലവിതരണ പദ്ധതിയും അദ്ദേഹം സ്വന്തം നിലയില്‍ നടപ്പാക്കിയിട്ടുണ്ട്. 1951-ല്‍ തിമിരി ദേവസ്വം മാനേജരായിരുന്ന കുമിഴി ചാത്തുക്കുട്ടിനമ്പ്യാരുടെ നേതൃത്വത്തില്‍ പുരാതനമായ തിമിരി ക്ഷേത്രം പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. 10 വര്‍ഷത്തിനു ശേഷം, 1961-ല്‍ കാടായിക്കിടന്നിരുന്ന അരങ്ങം പ്രദേശത്ത് കണ്ടെത്തിയ പുരാതന ക്ഷേത്രത്തിന്റെ നവീകരണവും പുനര്‍ പ്രതിഷ്ഠാ കലശവും നടന്നു. പി.ആര്‍.രാമവര്‍മ്മരാജ തന്നയാണ് ക്ഷേത്രനവീകരണവും നടത്തിയത്. ആലക്കോട് ഒരു വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുന്നതില്‍ മുന്‍കൈയ്യെടുത്തതും പി.ആര്‍.രാമവര്‍മ്മരാജയാണ്. 1954-ല്‍ സ്ഥാപിച്ച ആലക്കോട് സെന്റ് മേരീസ് ചര്‍ച്ചാണ് ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തീയദേവാലയം. 1960-നു മുമ്പു തന്ന അദ്ദേഹം പ്രസിഡന്റും എ.സി.ചാക്കോ സെക്രട്ടറിയുമായി രൂപീകരിച്ച ആലക്കോട് ഡവലപ്മെന്റ് കമ്മറ്റി മുന്‍കൈയ്യെടുത്ത് ആരംഭിച്ച ഐക്യനാണയ സംഘമാണ് ഇന്നത്തെ ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കായി വികസിച്ചത്. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 

സാംസ്കാരിക ചരിത്രം

കുടിയേറ്റത്തിന്റെ തുടക്കത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും ആലക്കോട് പഞ്ചായത്തില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന ധാരാളം കലാസമിതികള്‍ പഞ്ചായത്തില്‍ അന്നുണ്ടായിരുന്നു. അരങ്ങം ക്ഷേത്രത്തിലെ ഉത്സവവും പള്ളികളിലെ പെരുന്നാളുകളും കലാസാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആലക്കോട് കേന്ദ്രമായി അഖില കേരള നാടകമത്സരവും, അഖില കേരളാ വോളിബോള്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 1969-ല്‍ രൂപം കൊണ്ട പബ്ളിക്ക് ലൈബ്രറി സാഹിത്യകുതുകികള്‍ക്ക് ഒരാവേശമായിരുന്നു. പഞ്ചായത്തില്‍ താമസിച്ചുവരുന്ന നാനാജാതിമതസ്ഥര്‍ പരസ്പരസൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവരുന്നു. ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഹൈന്ദവാരാധനാലയങ്ങള്‍ ആലക്കോട് അരങ്ങം മഹാദേവക്ഷേത്രവും, തിമിരി മഹാദേവ ക്ഷേത്രവുമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആലക്കോട് സെന്റ് മേരീസ് ഫെറോന ചര്‍ച്ചും, മേരിഗിരി ലിറ്റില്‍ ഫ്ളവര്‍ ഫെറോന ചര്‍ച്ചുമാണ് പ്രധാന്യമര്‍ഹിക്കുന്നത്. മറ്റ് ധാരാളം ഇടവക പള്ളികളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയറോം, കുട്ടാപ്പറമ്പ, ആലക്കോട്, നല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഇസ്ളാം മതവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏറ്റവും വലിയ ആഘോഷം അരങ്ങം മഹാദേവക്ഷേത്രത്തില്‍ 8 ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളാണ്. തിരുവിതാംകൂര്‍ ശൈലിയില്‍ ഉത്സവം നടക്കുന്ന മലബാറിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും അരങ്ങത്തിനുണ്ട്. രയറോം മുസ്ളീംപള്ളിയിലെ മഖാം ഉറുസ്സ് വളരെ പ്രസിദ്ധമാണ്. സാമ്പത്തികമായി വ്യത്യസ്ത തട്ടുകളിലുള്ള ജനങ്ങളാണ് പഞ്ചായത്തിലേത്. കാര്‍ഷികവൃത്തിയിലൂടെ തന്ന വളരെ ഉയര്‍ന്ന നിലയിലുള്ളവരും ഇടത്തരക്കാരായിട്ടുള്ളവരുമാണ് ഏറിയകൂറും. താഴെത്തട്ടിലുളള കര്‍ഷക തൊഴിലാളികളും മറ്റുകൂലി വേലക്കാരും എല്ലാം അടങ്ങിയതാണ് പഞ്ചായത്തിലെ സാമ്പത്തിക സാമൂഹ്യഘടന. 1959-ല്‍ ഒരു പബ്ളിക്ക് ലൈബ്രറിയായി ആരംഭിച്ച് പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്ത ആലക്കോട് പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന ലൈബ്രറിയായി ഉയര്‍ന്നിട്ടുണ്ട്. കായികരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞ പഞ്ചായത്താണ് ആലക്കോട്. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ വിവിധയിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് & ഫീല്‍ഡില്‍ സ്വര്‍ണ്ണം നേടിയ വി.കെ.സിന്ധു എന്നിവര്‍ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.

താനൂര്‍

സാമൂഹ്യചരിത്രം

താന്നിമരങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം “താന്നിമരമുള്ള ഊര്” എന്ന അര്‍ത്ഥത്തില്‍ താന്നിയൂരും, താന്നിയൂര്‍ ലോപിച്ച് താനൂരും ആയത് എന്ന് സ്ഥലനാമത്തെക്കുറിച്ച് ഒരഭിപ്രായമുണ്ട്. രാജഭരണകാലത്ത്, താനൂര്‍ ഭരിച്ചിരുന്ന രാജാവിന്റെ ആസ്ഥാനം, ഇന്ന് രായിരിമംഗലം എന്ന് അറിയപ്പെടുന്ന അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു. താനൂര്‍ തീരത്ത് ഫ്രഞ്ചുകാര്‍ക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു. ഇവിടെനിന്നും വന്‍തോതില്‍ നാളികേരകയറ്റുമതി നടന്നിരുന്നു. സ്വാതന്ത്ര്യാനന്തരവും കുറേക്കാലം ഈ സ്ഥലം ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. പിന്നീടിത് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. താനൂരില്‍ പോര്‍ച്ചുഗീസുകാര്‍ക്കും കോളനിയുണ്ടായിരുന്നു. “ലൂസിയാദ്” എന്ന പോര്‍ച്ചുഗീസ് നോവലില്‍ താനൂരിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പഴയ മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായിരുന്ന താനൂരില്‍ നിന്ന് സിംഗപ്പൂര്‍, മലേഷ്യ, കൊളംബോ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് മത്സ്യം കയറ്റുമതി നടത്തിയിരുന്നു. 1861-ല്‍ തിരൂരില്‍നിന്നും ബേപ്പൂരിലേക്കാരംഭിച്ച കേരളത്തിലെ ആദ്യറെയില്‍വേ, താനൂരിന്റെ ഗതാഗതരംഗത്തിന്റെ വികസനത്തിനു നാന്ദി കുറിച്ചു. 1895-ലാണ് ഇവിടെ ആദ്യമായി തപാല്‍ ഓഫീസ് നിലവില്‍ വന്നത്. പരമ്പരാഗതമായി തന്നെ ഇവിടുത്തെ മുഖ്യകൃഷി നെല്ലായിരുന്നു. ഏലക്കുളം, മുത്തേടം, ആട്ടീരി എന്നീ നമ്പൂതിരി കുടുംബങ്ങള്‍ പോക്കേട്ട്, തെക്കേപ്പിറം, ഒരിക്കരകൊല്ലേരി, തേലത്തുനാനാരി തുടങ്ങിയ നായര്‍കുടുംബങ്ങളും, വലിയകത്തു മാളിയേക്കല്‍, കോളങ്ങത്ത് തുടങ്ങിയ മുസ്ളീം കുടുംബങ്ങളുമായിരുന്നു ഇവിടുത്തെ പഴയകാല ഭൂവുടമകള്‍. പിന്നീട് ഭൂമികളില്‍ പലതും ആട്ടീരിമന, തൃക്കേക്കാട്ട്, എരണാകര, നല്ലൂര്‍ ദേവസ്വം എന്നീ ഭൂവുടമകളിലേക്കും, മറ്റു പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. താനൂര്‍ ഒരു കടലോരഗ്രാമമാണ്. പഞ്ചായത്തിന്റെ തെക്കുമുതല്‍ വടക്കുവരെ ആറു വാര്‍ഡുകള്‍ക്ക് വിസ്തൃതമായ കടല്‍തീരമുണ്ട്. ജലസംഭരണശേഷിയും ജൈവാംശവും കുറഞ്ഞ പൂഴിയാണിവിടെ. തെങ്ങാണ് ഇവിടുത്തെ മുഖ്യവിള. സമൃദ്ധിയായി വളരുന്ന മറ്റൊരു സസ്യം മുരിങ്ങയാണ്. താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പല പ്രമുഖരും രാഷ്ട്രീയരംഗത്ത് തിളങ്ങിയിട്ടുണ്ട്. ആദ്യമായി താനൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, കേരള മുഖ്യമന്ത്രിവരെയായ സി.എച്ച്.മുഹമ്മദുകോയ, വിദ്യാഭ്യാസ സിവില്‍സപ്ളൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത യു.എ.ബീരാന്‍, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.അഹമ്മദ്, ചീഫ് വിപ്പായിരുന്ന സീദിഹാജി, എം.മൊയ്തീന്‍കുട്ടി, ഡോ.സി.എം.കുട്ടി, ഉമ്മര്‍ബഫക്കിതങ്ങള്‍ എന്നിവര്‍ താനൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സാംസ്കാരികചരിത്രം
ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടാടപ്പെടുന്ന മലങ്കരി ഉത്സവം പ്രസിദ്ധമാണ്. താനൂരിലെ ദേശീയ ഉത്സവമായി ഇത് സഹര്‍ഷം ആഘോഷിക്കപ്പെടുന്നു. താനൂര്‍ വാഴയ്ക്ക തെരുവിലുള്ള വലിയകുളങ്ങരപ്പള്ളിക്ക് 900 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. താനൂര്‍ അങ്ങാടിപള്ളി മറ്റൊരു പുരാതനപള്ളിയാണ്. ഇവ കൂടാതെ പതിനാലോളം പള്ളികള്‍ കൂടി ഈ പഞ്ചായത്തിലുണ്ട്. ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, ശ്രീചിറക്കല്‍ ഭഗവതിക്ഷേത്രം, ശ്രീഎരണാകരനെല്ലൂര്‍ ഗണപതിയന്‍കാവ് ക്ഷേത്രം, ശ്രീതൃക്കൈക്കാട്ട് ശിവക്ഷേത്രം, ശ്രീപുരപ്പറമ്പ് ഭഗവതി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കലങ്കരി മഹോസ്തവം മലബാറിലെ പൊങ്കാല എന്നാണറിയപ്പെടുന്നത്. ശബരിമല മണ്ഡലപൂജയ്ക്കു ശേഷം വരുന്ന ചൊവ്വ അല്ലെങ്കില്‍ വെള്ളി ദിവസമാണ് കലങ്കരി മഹോത്സവം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഏഴു ദേശത്തു നിന്നുള്ള കൊടിവരവുകള്‍ ഇവിടെ എത്തിച്ചേരുന്നു. മലബാറിലെ ഏറ്റവുമധികം ജനത്തിരക്കനുഭവപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ് കലങ്കരി മഹോത്സവം. ഭഗവതിയാട്ട് മഹോത്സവമാണ് മറ്റൊരു പ്രധാന ഉത്സവം. കലാ-കായിക രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് ഒട്ടനവധി സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങള്‍ താനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെറും ഒമ്പതു പുസ്തകങ്ങളുമായി ആരംഭിച്ച “താനൂര്‍ സഞ്ചാരഗ്രന്ഥാലയം” താനൂരിന്റെ സാംസ്കാരികരംഗത്ത് വിലയേറിയ സംഭാവനയാണ് നല്‍കിയത്. ഇവിടെ കേരളത്തിന്റെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി.ടി.ഭട്ടതിരിപ്പാടു മുതല്‍ എം.ടി.വാസുദേവന്‍നായര്‍ വരെയുള്ളവര്‍ വരികയും സന്ദര്‍ശന റിപ്പോര്‍ട്ടില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സാംസ്കാരികകേന്ദ്രമായി മാറുകയും വികസനരംഗത്ത് ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സ്ഥാപനമാണ് താനൂര്‍ പരിയാപുരം മഹാബോധി ബുദ്ധാശ്രമം. 1938-ല്‍ പരിയാപുരം സെന്‍ട്രല്‍ എ.യു.പി സ്കൂളിന്റെയും ശ്രീനാരായണ ഗ്രാമോദ്ധാരണ സംഘത്തിന്റെയും സംയുക്ത വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേളപ്പജിയോടൊപ്പം എത്തിയ ഭിക്ഷു ധര്‍മ്മ സ്കന്ധസ്വാമികളാണ് ആശ്രമം സ്ഥാപിച്ചത്. സിലോണ്‍ (ശ്രീലങ്ക), നേപ്പാള്‍, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സര്‍വ്വോദയപ്രവര്‍ത്തനവും, ഭൂദാനപ്രസ്ഥാനവും, കോള റിലീഫ് പ്രവര്‍ത്തനവുമൊക്കെ ആശ്രമത്തെ കേന്ദ്രീകരിച്ച് നടത്തിയ ശ്രദ്ധേയമായ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ്.

വെളിയങ്കോട്

സാമൂഹ്യചരിത്രം
സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്ന “വെളിയം” എന്ന ഭൂപ്രദേശം ഈ നാടാണെന്നും, അതല്ല, കൊല്ലം ജില്ലയിലെ “വെളിയം” ആണെന്നും രണ്ടു പക്ഷമുണ്ട്. വാസ്കോഡഗാമ തന്നെ ആദ്യം നങ്കൂരമിട്ടത് വെളിയങ്കോട് തീരത്തായിരുന്നുവെന്നും, പിന്നീട് കാപ്പാട് കടപ്പുറത്തേക്ക് നീങ്ങിയതാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. മലബാര്‍ പിടിച്ചെടുക്കുന്നതിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ നടത്തിയ പടയോട്ടം ഈ മണ്ണിലൂടെ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പാതയാണ് ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയി ടിപ്പുസുല്‍ത്താന്റെ പേരില്‍ തന്നെ അറിയപ്പെടുന്നത്. അറബിനാടുകളില്‍ “ബിലന്‍ കൂത്ത്” എന്ന പേരില്‍ വെളിയങ്കോട് പ്രദേശം നേരത്തെതന്നെ പ്രസിദ്ധി നേടിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത പണ്ഡിതനും ആത്മീയാചാര്യനും അറബികവിയുമായ ഉമര്‍ഖാസിയിലൂടെ ഈ നാടിന്റെ നാമം ഇസ്ളാമിക പുണ്യനഗരമായ മെക്കയിലും മറ്റ് അറബിദേശങ്ങളിലും പ്രചരിച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വെളിയങ്കോട് അങ്ങാടിയില്‍ പോലീസ്റ്റേഷന്‍, രജിസ്ട്രാഫീസ്, സെഷന്‍സ് കോടതി, ഹജൂര്‍കച്ചേരി എന്നിവ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. ഈ ആഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന ഭാഗം “കച്ചേരിപുറായി” എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. മുഹമ്മദുനബിയുടെ ഗോത്ര പരമ്പരയില്‍പെട്ട തങ്ങള്‍മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. വെളിയങ്കോട് എത്തിയ തങ്ങള്‍മാരുടെ പൂര്‍വ്വികര്‍ സൂറത്തില്‍ നിന്നും വന്നവരായതു കൊണ്ട് സൂറത്തിലെ തങ്ങള്‍മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. മതപഠനത്തിനുവേണ്ടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും പലരും വെളിയംകോടു വന്ന് താമസിച്ചിരുന്നു. അക്കാലത്ത് പണികഴിപ്പിച്ചവയാണ് വെളിയങ്കോട് ഇപ്പോള്‍ കാണുന്ന മുസ്ളീംപള്ളികളില്‍ പലതും. തട്ടാങ്ങര കുട്ടിയാമു മുസ്ളിയാര്‍ കേരളത്തിലെ പ്രസിദ്ധനായ ഒരു പണ്ഡിതനായിരുന്നു. കേരളത്തില്‍ അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മക്തി തങ്ങളുടെ ജന്മനാടും കര്‍മ്മമണ്ഡലവും ഈ നാടായിരുന്നു. നാടിനെ പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയ രണ്ട് കുടുംബങ്ങളാണ് ചേന്നാസ് മനയും, പാണ്ടമ്പറമ്പത്ത് മനയും. സാമൂതിരിയുടെ പതിനെട്ടര സാമാജികരില്‍ ഒരാളും, മന്ത്രിമണ്ഡലത്തിലെ പ്രധാനിയുമായിരുന്ന ചേന്നാസിന്റെ സാന്നിധ്യം സാമൂതിരിയുടെ അരിയിട്ട് വാഴ്ച എന്ന ചടങ്ങിന് അനിവാര്യമാണ്. ഇന്നും മുഴുവന്‍ ഹൈന്ദവ ദേവാലങ്ങളിലെയും തന്ത്രമന്ത്രങ്ങളുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്ന “തന്ത്രസമുച്ചയം” രചിച്ചത് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടാണ്. ഗുരുവായൂര്‍ അമ്പലം, കോഴിക്കോട് തളിക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലെ താന്ത്രികജോലി പാരമ്പര്യമായി ചെയ്തുവരുന്നത് ഇപ്പോഴും ഈ കുടുംബമാണ്. ജന്മിമാരുടെയും ഭൂസ്വാമിമാരുടെയും മര്‍ദ്ദനങ്ങളും ഗുണ്ടാവിളയാട്ടങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു. സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി വളര്‍ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും അനുരണനങ്ങള്‍ ഈ നാട്ടിലും ഉണ്ടായിട്ടുണ്ട്. ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസിലും പിന്നീട് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നവരാണ് സാധു പി.അബ്ദുള്ളക്കുട്ടി, കൊളാടി ഉണ്ണി, ഒ.കെ.മമ്മുണ്ണി, എം.ടി.മുഹമ്മദ് ആനകത്ത് തുടങ്ങിയവര്‍. 1940-കളുടെ ആരംഭത്തില്‍ വെളിയങ്കോട് പാലത്തിനു സമീപം വച്ച് നടന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം ചരിത്രസംഭവമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന കെ.ദാമോദരന്റെയും ഇമ്പിച്ചിബാവയുടെയും പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഈ പ്രദേശങ്ങളില്‍ ഭരണകൂടത്തിന്റെ പ്രതിപുരുഷനായി വാണരുളിയിരുന്നത് സര്‍വ്വവിധ അധികാരങ്ങളോടും കൂടിയ “അധികാരി”മാരായിരുന്നു. വലിയ ജന്മി കുടുംബങ്ങളിലെ അംഗങ്ങളെയാണ് ബ്രിട്ടീഷുകാര്‍ ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഈ നാട്ടിലെ ബഹുജന പ്രസ്ഥാനങ്ങളുടെ മുഖ്യധാര കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍തന്നെയായിരുന്നു. പഴയ കാലത്ത്, തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം മുതല്‍ പൊന്നാനി വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക അവലംബം ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വെളിയങ്കോട് ഹൈസ്കൂളായിരുന്നു.

സാംസ്കാരികചരിത്രം
വെളിയങ്കോട് എന്ന ഈ ഗ്രാമത്തില്‍ ജനിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ചിത്രകാരനാണ് കെ.സി.എസ്.പണിക്കര്‍. അദ്ദേഹത്തിന്റെ “വെളിയങ്കോട് പാലം” എന്ന ചിത്രം പ്രശസ്തവും ഈ നാടുമായി ബന്ധപ്പെട്ടതുമാണ്. ഇവിടുത്തുകാരായ വിദ്വാന്‍ എ.കൃഷ്ണന്‍, എ.പി.നമ്പീശന്‍ എന്നിവര്‍ സാഹിത്യരംഗത്തെ അതിപ്രശസ്തരായിരുന്നു. കാലങ്ങളായി ആചരിച്ചുപോരുന്ന വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയിലും, പതിനെട്ടരകാവുകളില്‍പെട്ട കണ്ണേന്‍കാവ്, പണിക്കന്‍കാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സാമുദായിക വ്യത്യാസങ്ങള്‍ വിസ്മരിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു. വെളിയങ്കോട് പഴഞ്ഞിഭാഗത്ത് പരേതനായ ആലക്കാട്ടില്‍ ചിയ്യാമു സാഹിബ് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ദാറുല്‍ ഉലും എന്ന വായനശാലയുടെ പ്രവര്‍ത്തനമാരംഭിച്ചത്. പുരോഗമനചിന്ത ജ്വലിപ്പിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടായ പാരായണവും സംവാദവും ഇവിടെ പതിവായിരുന്നു. എരമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ജയ്ഹിന്ദ് വായനശാലയുടെ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്. എരമംഗലത്ത് തന്നെ 1980-കളുടെ പകുതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ഗ്ഗവേദി ഗ്രന്ഥാലയം, വെളിയങ്കോട് പ്രവര്‍ത്തിക്കുന്ന ടാസ്ക് ലൈബ്രറി എന്നിവയാണ് മറ്റു പ്രമുഖവായനശാലകള്‍. അറബിസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ ആത്മീയാചാര്യനും പണ്ഡിതനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ സാംസ്കാരികരംഗത്തെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ “ഖദീസത്തുല്‍ ഉമരിയ്യ” എന്ന ഗ്രന്ഥം ഈജിപ്തില്‍ പ്രസിദ്ധീകരിക്കുകയും, അറബ് ധൈഷണികരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി കൃതികള്‍ പാശ്ചാത്യ പൌരസ്ത്യ സര്‍വ്വകലാശാലകളില്‍ ഇന്നും പാഠ്യവിഷയങ്ങളാണ്. അറബിസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു രണ്ട് പ്രമുഖവ്യക്തികളാണ് വെളിയങ്കോട് ഹസ്സന്‍ മുസ്ള്യാരും, സനാവുല്ല മക്തി തങ്ങളും. ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ ദ്വീപുകളില്‍ അനേകം ശിഷ്യഗണങ്ങളുള്ള ഒരു അറബിക് പണ്ഡിതനും സൂഫിവര്യനുമായിരുന്നു പാടത്തകായില്‍ ശൈഖ് മുഹമ്മദ് സലിഹ് മൌല. അബു ഉബൈദ് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിരുന്ന ടി.കെ.അബ്ദുള്ള മൌലവി എന്ന വെളിയങ്കോട് സ്വദേശി രചിച്ച “കുശുണ്ടയും കുന്തിരിയും” എന്ന ആക്ഷേപഹാസ്യകൃതി അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രന്ഥമായിരുന്നു. അന്യംനിന്നുപോയ അനുഷ്ഠാന കലകളുടെയും പ്രചുരപ്രചാരം സിദ്ധിച്ച മാപ്പിളകലകളുടെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം

തിരൂരങ്ങാടി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരൂരങ്ങാടി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനു 17.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നിയൂര്‍, എ.ആര്‍.നഗര്‍, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളുമാണ്. തിരൂരങ്ങാടി, തൃക്കുളം വില്ലേജുകള്‍ ചേര്‍ന്നാണ് 1962 ജനുവരി ഒന്നിന് തിരൂരങ്ങാടി ഗ്രാമപഞ്ചായത് ബോര്‍ഡ് നിലവില്‍ വന്നത്. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തില്‍ തിരൂരങ്ങാടിക്കു ഉന്നത സ്ഥാനമാണുള്ളത്. 1836 മുതല്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷുകാരുടെ തെറ്റായ നയത്തിനെതിരെയും, ബ്രിട്ടീഷ്ഭരണാധികാരികളുടെ പാദസേവകരായിരുന്ന ഭൂപ്രഭുക്കന്‍മാര്‍ക്കെതിരെയും നടന്ന മാപ്പിളലഹളകളില്‍ ചിലതിന് ഈ ചരിത്രഭൂമിയുമായി ഗാഢമായ ബന്ധമുണ്ട്. ടിപ്പുവിന്റെയും, സാമൂതിരിയുടെയും കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന റോഡുകളും, കോട്ടക്കിടങ്ങുകളും, പുരാതന ആരാധനാലയങ്ങളും ഈ ഗ്രാമത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മമ്പുറംതങ്ങള്‍ക്കു മുമ്പ് തിരൂരങ്ങാടിയിലെത്തി ബ്രിട്ടീഷ് വിരുദ്ധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അറബിതങ്ങള്‍ തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ നടുവില്‍ ജുമാഅത്ത് പള്ളിയങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. തിരൂരങ്ങാടി ഗ്രാമത്തിലെ അതിപുരാതനമായ തൃക്കുളം ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ചരിത്രപണ്ഡിതര്‍ക്കു കൂടി കഴിഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രത്തിനു ആയിരത്തോളം വര്‍ഷം പഴക്കം കണക്കാക്കാം. 1857-നു ശേഷം ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ധീരമായ മറ്റൊരധ്യായം സൃഷ്ടിച്ചതു മലബാര്‍ കലാപമാണ്. 1921-ല്‍ നടന്ന മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നു തിരൂരങ്ങാടി. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് മലബാറിലെ സമര്‍ഖന്ത് എന്നറിയപ്പെട്ടിരുന്ന തിരൂരങ്ങാടിയിലെ നടുവില്‍ ജുമാ-അത്ത് പള്ളി മുദരിസ് ആയ മഞ്ചേരി നെല്ലിക്കുത്തു സ്വദേശി എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസ്ള്യാരായിരുന്നു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി പരിസരത്തു നടന്ന ഘോരയുദ്ധത്തിനു ശേഷം മാത്രമാണ് മുസ്ള്യാരേയും അനുയായികളേയും ബ്രിട്ടീഷ് പട്ടാളത്തിന് കീഴടക്കാനായത്. കേരളത്തില്‍ അറബിഭാഷയുടെ വളര്‍ച്ചയ്ക്കും, അറബി-മലയാളം ലിപിയുടെ ആവിര്‍ഭാവത്തിനും, മലബാറിലെ മദ്രസ്സാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഈ മണ്ണ് നല്‍കിയ സംഭാവന വാക്കുകളിലോ, കണക്കുകളിലോ ഒതുക്കാവതല്ല. മലബാറിലെ ആദ്യത്തെ അറബി അച്ചുകൂടം 1883-ല്‍ തിരൂരങ്ങാടിയിലാണ് സ്ഥാപിക്കപ്പെട്ടത്. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്നുത്ഭവിക്കുന്ന കടലുണ്ടിപ്പുഴയാണ് തിരൂരങ്ങാടി പഞ്ചായത്തിന്റെ മൂന്നതിരുകള്‍. പഞ്ചായത്തിന്റെ കിഴക്കും, വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കടലുണ്ടിപുഴ വലയം ചെയ്തിരിക്കുന്നു. മലപ്പുറം ജില്ലയിലെ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് തിരൂരങ്ങാടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്

തൃപ്രങ്ങോട്

തൃപ്രങ്ങോടിന്റെ ദേശദൈവമായ ശിവ (തൃപ്രങ്ങോടപ്പന്‍)നുമായി ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളില്‍ “ശ്വേതാരണ്യം”, “പരക്രോഡം” എന്നീ വാക്കുകള്‍ കൊണ്ടും തൃപ്രങ്ങോടിനെ വര്‍ണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാല്‍ തൃപ്പാദംകോട് എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്. പ്രാചീന മലയാളത്തില്‍ “തുപ്രന്‍”, “പറങ്ങോടന്‍” എന്നീ നാമങ്ങള്‍ ശിവന്റെ പര്യായനാമങ്ങളായി ഉപയോഗിച്ചിരുന്നു. മാത്രമല്ല, പല വ്യക്തികള്‍ക്കും ഇപ്പോഴും ഈ പേരുകളുണ്ട്. അതുകൊണ്ട് “തുപ്ര”നില്‍ നിന്നോ “പറങ്ങോട”നില്‍ നിന്നോ തൃപ്രങ്ങോട് എന്ന സ്ഥലനാമം ഉത്ഭവിച്ചുണ്ടാകാമെന്ന നിഗമനമാണ് കൂടുതല്‍ യുക്തിസഹമെന്നു കരുതാം. പറങ്ങോടന്‍ എന്ന പദത്തില്‍ നിന്ന് തിരുപറങ്ങോടന്‍ - തൃപ്രങ്ങോടന്‍ - തൃപ്രങ്ങോട് എന്നീ പദങ്ങള്‍ ഉത്ഭവിച്ചുവെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല. തൃപ്രങ്ങോട്ട്, വെട്ടം, പള്ളിപ്പുറം, ആലത്തിയൂര്‍ എന്നീ ഗ്രാമങ്ങള്‍ കേരളത്തിലെ അതിപുരാതനമായ ഗ്രാമങ്ങളില്‍ പെട്ടവയാണ്. മധ്യകാലത്തോടെയാണ് ഈ പ്രദേശങ്ങള്‍ വെട്ടത്തു രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ വന്നു ചേരുന്നത്. കുറേ കാലത്തോളം വെട്ടത്തു രാജാക്കന്‍മാരുടെ ആസ്ഥാനവും തൃപ്രങ്ങോട് തന്നെയായിരുന്നു. രാജകുടുംബത്തിന്റെ കോവിലകത്തിന്റെ ഭാഗങ്ങളായ കോവിലകത്തുതറ, കോവിലകത്തുവളപ്പ് എന്നിവയുടെ അവശിഷ്ടങ്ങള്‍ തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്. 13-ാം ശതകത്തില്‍ കോഴിക്കോട് സാമൂതിരി മലബാറിലെ ശക്തനായ ഭരണാധികാരിയായി ഉയരുകയും ക്രമേണ വെട്ടത്തുനാട് സാമൂതിരിയുടെ അധീശത്വം സ്വീകരിക്കുകയും ചെയ്തു. 18-ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. 13-ാം ശതകത്തില്‍, സാമൂതിരി തിരുനാവായ മാമാങ്കത്തിന്റെ അധ്യക്ഷപദവി പിടിച്ചെടുക്കുവാന്‍ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തില്‍, സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു. ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ സവര്‍ണ ജാതിക്കാരായിരുന്നു ഇവിടുത്തെ ദേശാധിപത്യം കൈയ്യാളിയിരുന്നത്. അവര്‍ക്ക് പ്രത്യേകാവകാശങ്ങളും അധികാരങ്ങളും കല്‍പിച്ചുനല്‍കപ്പെട്ടിരുന്നു. അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നീ അനാചാരങ്ങള്‍ കൊണ്ട് കലുഷിതമായിരുന്നു ഈ ഗ്രാമം. ചില താണ ജാതികളിലുള്ളവരെ കാണുന്നതുപോലും നമ്പൂതിരിമാര്‍ അയിത്തമായി കരുതിപ്പോന്നു. താണജാതിക്കാരെ മേല്‍ജാതിക്കാര്‍ അടിമകളായാണ് കരുതിയിരുന്നത്. അവരെ ക്രയവിക്രയാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതും അപൂര്‍വ്വമായിരുന്നില്ല. ഇസ്ളാംമതം, പ്രവാചകന്റെ കാലത്തു തന്നെ കേരളത്തില്‍ അറബിവ്യാപാരികളിലൂടെ പ്രചരിച്ചുതുടങ്ങിയിരുന്നു. സാമൂതിരിയുടെ കാലമായപ്പോഴേക്കും മുസ്ളീംസമൂഹം അഭിവൃദ്ധി പ്രാപിച്ചുതുടങ്ങിയിരുന്നു. സാമൂതിരിമാരുടെ ഭരണകാലത്ത് അറബികളുമായുള്ള വ്യാപാരത്തില്‍ ഇടനിലക്കാരായും, സൈന്യത്തില്‍, പ്രത്യേകിച്ചും നാവികസൈന്യത്തില്‍ ഭടന്മാരായും, മുസ്ളീങ്ങള്‍ക്കു ഗണനീയമായ സ്ഥാനമുണ്ടായിരുന്നു. 1763 മുതല്‍ 1791 വരെ, മലബാര്‍ പ്രദേശം മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദര്‍ അലിയുടെയും അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പുവിന്റെയും അധീനതയിലായിരുന്നു. അക്കാലത്ത് മുസ്ളീംസമൂഹം പൂര്‍വ്വാധികം അഭിവൃദ്ധി പ്രാപിച്ചു. 19-ാം നൂറ്റാണ്ടായപ്പോഴേക്കും മുസ്ളീങ്ങള്‍ മലബാറിലെ പ്രബലസമൂഹമായി വളര്‍ന്നിരുന്നു. അവരുടെ സാമൂഹ്യജീവിതം മതത്തിനും മതനിയമങ്ങള്‍ക്കും അനുസരിച്ചവിധത്തിലായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലെ സ്ഥിതിയും ഇതില്‍ നിന്നു ഭിന്നമായിരുന്നില്ല. ഇവിടുത്തുകാരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം അക്കാലത്ത് കൃഷിയായിരുന്നു. പായനെയ്ത്ത്, ഓലക്കുടനിര്‍മ്മാണം, മണ്‍പാത്രനിര്‍മ്മാണം, കുട്ടയുണ്ടാക്കല്‍ മുതലായ പാരമ്പര്യ കൈത്തൊഴിലുകളും നടന്നുവന്നിരുന്നു. മരപ്പണി, ഇരുമ്പുപണി മുതലായവ കുലത്തൊഴിലായി അഭ്യസിച്ചുപോന്നു. പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പര്‍ക്കംമൂലം അഭ്യസ്തവിദ്യരായ ആളുകളില്‍ ദേശീയബോധം വളരുകയും, 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അത് ദേശീയപ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു. 1885-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതു മുതല്‍ തന്നെ മലബാര്‍ പ്രദേശത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 1908-ല്‍ മലബാറില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ജില്ലാകമ്മറ്റി രൂപീകൃതമായി. 1914-18 ലെ ലോകമഹായുദ്ധ കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. 1916-ല്‍ ഹോംറൂള്‍ ലീഗിന്റെ ഒരു ശാഖയും ഇവിടെ ആരംഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് മലബാറില്‍ വിദേശവസ്ത്ര ബഹിഷ്ക്കരണം വളരെ വ്യാപകമായി തന്നെ നടന്നുവെങ്കിലും ഈ വക പ്രസ്ഥാനങ്ങള്‍ തൃപ്രങ്ങോട്ടു പഞ്ചായത്തിലുള്‍പ്പെട്ട ഗ്രാമവാസികളെ ഉണര്‍ത്തിയിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഒന്നാം ലോകമഹായുദ്ധത്തില്‍ തോല്‍പിക്കപ്പെട്ട തുര്‍ക്കി സുല്‍ത്താന്റെ സാമ്രാജ്യം ചെറു രാജ്യങ്ങളായി വിഭജിക്കുവാനും സുല്‍ത്താന്റെ മതപരമായ “ഖലീഫത്ത്” സ്ഥാനം നിഷേധിക്കുവാനും ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ സഖ്യശക്തികള്‍ തീരുമാനിച്ചത്. ഈ നടപടികള്‍ക്കെതിരായി ഇന്ത്യയിലെ മുസ്ളീങ്ങളുടെയിടയില്‍ “ഖിലാഫത്തു പ്രസ്ഥാനം” രൂപംകൊള്ളുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഖിലാഫത്തു കമ്മറ്റിയും യോജിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖിലാഫത്തു പ്രസ്ഥാനത്തില്‍ നിന്നാണ് “മാപ്പിളലഹള” എന്നറിയപ്പെടുന്ന “മലബാര്‍ കലാപം” പൊട്ടിപ്പുറപ്പെട്ടത്. 1921 ആഗസ്ത് 20-ാം തീയതി, തിരൂരങ്ങാടിപള്ളി വളഞ്ഞ്, ഖിലാഫത്തുനേതാവായ ആലിമുസല്യാരെ അറസ്റ്റ് ചെയ്യാന്‍, മലബാര്‍ കലക്ടറായിരുന്ന തോമസ് സായിപ്പിന്റെയും, പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് സായിപ്പിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം ശ്രമിച്ചു. ഈ സേനാ വിഭാഗവുമായി ഏറ്റുമുട്ടിയ മാപ്പിളസംഘത്തില്‍, തൃപ്രങ്ങോടു നിന്നു, കിഴക്കേ പീടികക്കല്‍ ചെറിയ മമ്മുക്കുട്ടിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ പങ്കെടുക്കുകയും, ആലി മുസല്യാരോടൊപ്പം പോലീസ് അവരെയെല്ലാം അറസ്റ്റ് ചെയ്യുകയും, തുടര്‍ന്നു ആന്റമാനിലേക്ക് നാടുകടത്തുകയുമുണ്ടായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അവരില്‍ ചിലര്‍ അവിടെ വെച്ചു മരിക്കുകയും, ശേഷിച്ചവര്‍ 1936-ല്‍ വിട്ടയക്കപ്പെട്ട്, നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പള്ളിയില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നു പരക്കെ ലഹളകള്‍ പൊട്ടിപുറപ്പെട്ടു. തൃപ്രങ്ങോട്ട് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ലഹളകള്‍ ഉണ്ടായില്ലെങ്കിലും ഇവിടെയുള്ള മുസ്ളീങ്ങള്‍ ആഗസ്ത് 22-ാം തിയതി തിരൂര്‍ കച്ചേരി ആക്രമിക്കുന്നതില്‍ പങ്കെടുത്തിട്ടുണ്ട്. ചമ്രവട്ടം സ്വദേശി അവളു എന്നയാള്‍ തിരൂര്‍ കോടതിക്കു മുകളില്‍ കോണ്‍ഗ്രസ്സ് പതാക സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിനു തൊട്ടുകിടക്കുന്ന കൊടക്കല്‍ (തിരുനാവായ പഞ്ചായത്ത്) എന്ന സ്ഥലത്ത് ലഹളയില്‍ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. കലാപം ഏതാണ്ട് ആറുമാസത്തോളം നീണ്ടുനില്‍ക്കുകയും, 1922 ഫെബ്രുവരി അവസാനത്തോടെ കെട്ടടങ്ങുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുമ്പ് തൃപ്രങ്ങോടിനെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ സംഭവം മലബാര്‍ കലാപമാണ്. മലബാര്‍ കലാപത്തിനു ശേഷം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ലഹള നടന്ന താലൂക്കുകളില്‍ മന്ദീഭവിക്കുകയുണ്ടായി. തന്നിമിത്തം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഈ പ്രദേശത്ത് മന്ദഗതിയിലായി. അക്കാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യലബ്ധിവരെ, കാര്യമായി പ്രവര്‍ത്തിച്ചിരുന്നത് അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ഖാദിപ്രസ്ഥാനം, മദ്യനിരോധനം, സാമൂഹികപരിഷ്ക്കരണം എന്നീ രംഗങ്ങളിലായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് അയിത്തോച്ചാടനം, പട്ടികജാതികളുടെ ഉദ്ധാരണം, ഖാദി വസ്ത്ര പ്രചാരണം മുതലായ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, തൃപ്രങ്ങോട് പഞ്ചായത്തില്‍ ഈ വക പ്രസ്ഥാനങ്ങളുടെ തുടക്കം വളരെ താമസിച്ചായിരുന്നു. ഈ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണ്. തൃപ്രങ്ങോട് പഞ്ചായത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ട പരപ്പേരി സ്ക്കൂള്‍ തുടങ്ങിയതു ബി.ഇ.എം മിഷനാണ്. സ്കൂള്‍ തുടങ്ങിയത് 1878-നു മുമ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ 1878-ല്‍ സ്ഥാപിച്ച ഒരു അനാഥാലയം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ആലത്തിയൂരില്‍ 1978-ല്‍ സ്ഥാപിക്കപ്പെട്ട കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ (കെ.എച്ച്.എം.എച്ച്.എസ്) ആണ് ഈ പഞ്ചായത്തിലെ ആദ്യഹൈസ്കൂള്‍.

ഭൂവിനിയോഗചരിത്രം
ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മലബാറില്‍ ഭൂമിയുടെ ഭൂരിഭാഗവും സവര്‍ണ്ണജന്മിഭൂവുടമകളുടെ കൈവശമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ദേവസ്വങ്ങളുടെ ഉടമസ്ഥതയിലും വലിയൊരു ഭാഗം ഭൂമിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍, നായര്‍പ്രമാണികള്‍, മുസ്ളീംപ്രമാണികള്‍ മുതലായവരായിരുന്നു ജന്മിമാര്‍. ബഹുഭൂരിപക്ഷം കര്‍ഷകരും സ്വന്തമായി ഭൂമിയില്ലാത്ത പാട്ടക്കുടിയാന്മാരായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ അധികവും പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു. കൂടെക്കൂടെ നടന്നുകൊണ്ടിരുന്ന ഭൂമിയൊഴിപ്പിക്കലും, കുടിയൊഴിപ്പിക്കലും ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധം കലുഷിതമാക്കിയിരുന്നു. പാട്ട വര്‍ദ്ധനവും മുറയ്ക്കു നടന്നുവന്നിരുന്നു. ഭാരിച്ച പാട്ടം താങ്ങാനാവാത്ത വിധം കൃഷിക്കാര്‍ നിര്‍ധനരും കടബാധിതരും ആയിരുന്നു. ഈ വക അനീതികള്‍ക്കെതിരായി ഏറനാട്ടിലും മറ്റും ചെറിയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്ക് നാമമാത്രമായെങ്കിലും അല്‍പം ആശ്വാസം നല്‍കിയ ആദ്യത്തെ നിയമം, 1887-ല്‍ പാസ്സാക്കപ്പെട്ട മലബാര്‍ കുടിയായ്മ-കുഴിക്കൂര്‍ ചമയബില്ല് ആയിരുന്നു. 1921-ലെ കലാപത്തിനു വഴിവെച്ച ഒരു കാരണം കാര്‍ഷികരംഗത്തുണ്ടായിരുന്ന ഈ പീഡനങ്ങളാണ്. ഗവണ്‍മെന്റ് പിന്നീട് പല അന്വേഷണങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷം, ചിലതരം കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 1930-ല്‍ മലബാര്‍ കുടിയായ്മ നിയമം പാസ്സാക്കി. ഈ നിയമം പിന്നീട് 1945, 1951, 1954 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം 1957-ല്‍ ഒഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. താമസിയാതെ ഇതൊരു നിയമമായി നിയമസഭ പാസ്സാക്കി. ഒഴിപ്പിക്കല്‍ എന്ന ഒഴിയാത്ത ഭീഷണിയില്‍ നിന്നും കൃഷിക്കാര്‍ അതോടുകൂടി മുക്തരായി.

സാംസ്കാരികചരിത്രം
തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍കാവ്, ഗരുഡന്‍കാവ് എന്നീ പൌരാണികക്ഷേത്രങ്ങള്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ നാലു ക്ഷേത്രങ്ങളും കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് പരക്കെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. തൃപ്രങ്ങോട് ശിവക്ഷേത്രം പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ മഹാക്ഷേത്രങ്ങളില്‍ ഒന്നാണുതാനും. ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത്, “ശംബരന്‍” എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതുകൊണ്ട്, അതിനു ചുറ്റുമുള്ള പ്രദേശം ശംബരവട്ടം എന്നറിയപ്പെടുകയും പിന്നീട് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരൈതീഹ്യം. ധര്‍മ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങിനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതീഹ്യം. ബുദ്ധ-ജൈന സംസ്ക്കാരങ്ങളുടെ സ്വാധീനം ഇവിടുത്തെ പൂജാരീതിയിലും ആരാധനാ സമ്പ്രദായത്തിലും കാണുന്നതിനാല്‍, പുരാതനകാലത്തു ഇവിടം ഒരു ബുദ്ധ-ജൈന സങ്കേതമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഭാരതപ്പുഴയില്‍ ഒരു തുരുത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍ കാവ് ആലത്തിയൂരിന്റെ ഗ്രാമക്ഷേത്രമാണ്. ഗരുഡന്‍കാവില്‍ കൂര്‍മാവതാര സങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഷ്ണുവും ഗരുഡപ്രതിഷ്ഠയുമാണുള്ളത്. സാക്ഷാല്‍ പെരുന്തച്ചന്‍ അന്നത്തെ വെട്ടത്തു രാജാവിന്റെ മുമ്പില്‍ മരം കൊണ്ടുള്ള ഒരു ഗരുഡ പ്രതിമ കാഴ്ചവെച്ചുവെന്നും അതാണിവിടുത്തെ പ്രതിഷ്ഠയെന്നും ഒരൈതിഹ്യമുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും പഴയ മുസ്ളീം പള്ളിയാണ് കൈനിക്കര ജുമാമസ്ജിദ്. സ്ഥലത്തെ കാരണവന്‍മാരുടെ അഭിപ്രായത്തില്‍ പള്ളി ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സ്ഥാപിക്കപ്പെട്ടതെന്നു കരുതാം. ക്രിസ്തുമതം മലബാര്‍ പ്രദേശത്ത് പ്രചരിച്ചത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനഫലമായാണ്. ബാസല്‍ മിഷന്‍കാരുടെ പ്രവര്‍ത്തനഫലമായാണ് തൃപ്രങ്ങോട്, പരപ്പേരിയില്‍ ക്രിസ്ത്യന്‍ സമൂഹം ഉയര്‍ച്ച കൈവരിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ ക്രിസ്തുമതവിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനാകേന്ദ്രം പരപ്പേരി പള്ളിയാണ്. അനേകം പണ്ഡിതന്മാര്‍ ജീവിച്ചിരുന്ന നാടാണിത്. എ.ഡി 1237-1295 കാലത്ത് ആലത്തിയൂര്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനാണ് തലക്കുളത്ത് ഭട്ടതിരി. വരാഹമിഹിരന്റെ ബൃഹത് ജാതകത്തിന്, ഭട്ടതിരി “ദശാധ്യായി” എന്ന പേരില്‍ സമഗ്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. മുഹൂര്‍ത്തരത്നം എന്ന ജ്യോതിശാസ്ത്രഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണെന്ന് പറയപ്പെടുന്നു. 1465-1545 കാലത്തുണ്ടായിരുന്ന നീലകണ്ഠ സോമയാജി മധ്യകാലത്തെ പ്രസിദ്ധനായ കേരളീയ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ആര്യഭട്ടീയ ഭാഷ്യം, സിദ്ധാന്തദര്‍പ്പണവും ടീകയും, തന്ത്രസംഗ്രഹം, സുന്ദരരാജപ്രശ്നം, ഗ്രഹണ ഗ്രന്ഥം എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുമംഗലത്തു നീലകണ്ഠന്‍ മൂസ്സത് സംസ്കൃത കൃതികളായ മാതാംഗലീല (ആനച്ചികിത്സ), മനുഷ്യാലയ ചന്ദ്രിക (തച്ചു ശാസ്ത്രം) എന്നീ കൃതികളുടെ കര്‍ത്താവാണ്. ഇദ്ദേഹം തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു. 1828-1888 കാലത്തു ജീവിച്ച കുഞ്ഞുണ്ണി മൂസ്സത്, കിഴക്കെമ്പുല്ലത്ത് പ്രസിദ്ധ ഭിഷഗ്വരനും, സംസ്കൃതപണ്ഡിതനും, പുന്നശ്ശേരി നീലകണ്ഠശര്‍മ്മയുടെ ഗുരുവുമായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധികേട്ട വ്യാകരണ പണ്ഡിതനും, സംസ്കൃതാധ്യാപകനും, വൈദ്യോത്തമനുമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലുള്ള ആലത്തിയൂരിലെ പാരമ്പര്യ വൈദ്യന്മാരായിരുന്നു ആലത്തിയൂര്‍ നമ്പിമാര്‍. “ആലത്തൂര്‍ മണിപ്രവാളം” എന്ന സുപ്രസിദ്ധ വൈദ്യശാസ്ത്രഗ്രന്ഥം രചിച്ചത് ആലത്തിയൂര്‍ നമ്പിമാരിലൊരാളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധനായ സാഹിത്യ വിമര്‍ശകന്‍ കെ.എം.കുട്ടികൃഷ്ണമാരാര്‍ തൃപ്രങ്ങോട്ടാണ് ജനിച്ചത്. അദ്ദേഹം പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിച്ച്, സാഹിത്യശിരോമണി ബിരുദം നേടിയ ശേഷം മഹാകവി വള്ളത്തോളിന്റെ സഹായിയായി അദ്ദേഹത്തിന്റെ കൃതികള്‍ക്ക് “ടിപ്പണി” എഴുതി. കലാമണ്ഡലത്തില്‍ സാഹിത്യ അധ്യാപകനായി കുറേക്കാലം പ്രവര്‍ത്തിച്ചു. ചമ്രവട്ടം സ്വദേശിയായ സുപ്രസിദ്ധ സാഹിത്യകാരനായ സി.രാധാകൃഷ്ണനാണ് ഈ നാട്ടില്‍ ജനിച്ച മറ്റൊരു പ്രസിദ്ധവ്യക്തി. നവജീവന്‍ ഗ്രന്ഥാലയമാണ് പഞ്ചായത്തിലെ ഏറ്റവും പഴയ ഗ്രന്ഥാലയം. 1952-ലാണ് ഈ ഗ്രന്ഥാലയം സ്ഥാപിതമായത്. ചവിട്ടുകളി, അയ്യപ്പന്‍പാട്ട്, ബദര്‍ കിസ്സപ്പാട്ട്, കോല്‍ക്കളി, പൂതന്‍കളി, പകിടകളി, ദഫ്മുട്ട്, അറവനമുട്ട്, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ പാരമ്പര്യകലകള്‍ പണ്ടുകാലത്ത് ഇവിടെ ഏറെ സജീവമായി നിലനിന്നിരുന്നു. തൃപ്രങ്ങോട് കേന്ദ്രമാക്കി മുന്‍കാലത്ത് കിഴക്കേ പീടികയില്‍ വലിയ മമ്മുക്കുട്ടി എന്നയാളുടെ നേതൃത്വത്തില്‍ പ്രശസ്തമായ ഒരു കോല്‍ക്കളി കേന്ദ്രമുണ്ടായിരുന്നു

 

നഗരൂര്‍

സാമൂഹ്യ-സാംസ്കാരിക ചരിത്രം
നാഗരികതയുള്ള പ്രദേശം എന്ന കാഴ്ചപ്പാടില്‍ നഗര ഊര് എന്ന പേരു ലഭിക്കുകയും വാമൊഴിയില്‍ അത് ലോപിച്ച് നഗരൂര്‍ ആയിത്തീരുകയും ചെയ്തു എന്നു പറയപ്പെടുന്നു. 80-തിലധികം നാഗരു കാവുകള്‍ ഉള്ള ഈ ഭൂവിഭാഗത്തിന് നാഗരുടെ ഊരു എന്ന അര്‍ത്ഥത്തില്‍ നഗരൂര്‍ എന്ന പേര്‍ ലഭിച്ചു എന്ന അഭിപ്രായവും പ്രബലമാണ്. ഇവിടുത്തെ ഭൂമിയുടെ അവകാശം മഠങ്ങളുടെയും ദേവസ്വങ്ങളുടെയും രാജ കുടുംബങ്ങളുടെയും കൈയ്യിലായിരുന്നു. നഗരൂര്‍ ഉള്‍പ്പെടെ കിളിമാനൂരിന് സമീപമുള്ള പ്രദേശങ്ങളെല്ലാം പണ്ടുകാലത്ത്  കിളിമാനൂര്‍ കൊട്ടാരം വകയായിരുന്നു. ജന്‍മി-കുടിയാന്‍ സമ്പ്രദായമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. കൊട്ടാരംവക ഭൂമി പാട്ടത്തിനു വാങ്ങി കൃഷി ചെയ്യുന്ന രീതിയായിരുന്നു ഈ പ്രദേശത്തും നിലവിലിരുന്നത്. അക്കാലത്ത് നെല്‍കൃഷിക്കായിരുന്നു പ്രാധാന്യം കൂടുതലുണ്ടായിരുന്നത്. ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ വന്നതോടെ ജന്‍മി സമ്പ്രദായം തൂത്തെറിയപ്പെട്ടു. ഇടത്തരം കര്‍ഷകരും കുടിയാന്മാരും ഭൂവുടമകളായി മാറി. പക്ഷെ പില്‍ക്കാലത്ത് കാര്‍ഷിക മേഖലയിലെ ഉല്‍പാദനം പടിപടിയായി കുറയുകയാണ് ചെയ്തത്. കൃഷിഭൂമികള്‍ തുണ്ടുതുണ്ടായി വിഭജിക്കപ്പെട്ടതായിരുന്നു പ്രധാന കാരണം. പരമ്പരാഗത കാര്‍ഷിക വിളകളായിരുന്ന മരച്ചീനി, അടയ്ക്ക, കൊപ്ര, കുരുമുളക്, നെല്ല്, ഇവയുടെയെല്ലാം ഉല്‍പാദനം ക്രമേണ കുറഞ്ഞു വന്നു. നിരവധി കര്‍ഷക സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങളും, ജാതീയ ഉച്ചനീച്ചത്വങ്ങള്‍ക്കെതിരെയുള്ള നിരവധി സമരങ്ങളും ഈ പഞ്ചായത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് നിരവധി പേര്‍ക്ക് പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ദര്‍ശനാവട്ടം ശ്രീആയിരവില്ലി ക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം, മേല്പേരൂര്‍ മഹാവിഷ്ണു ക്ഷേത്രം, തേക്കിന്‍കാട് തൃക്കോവില്‍, മാവേലിക്കോണം ഭഗവതി ക്ഷേത്രം, വിരാലൂര്‍ക്കാവ് ദേവീക്ഷേത്രം, കീഴ്പേരൂര്‍ ദേവീക്ഷേത്രം, നഗരൂര്‍ മുസ്ലീം പള്ളി, പേരൂര്‍ മുസ്ലീം പള്ളി, മാത്തയില്‍ മുസ്ലീം പള്ളി മുതലായവയാണ് ഇവിടുത്തെ ആരാധനാലയങ്ങള്‍.

മുദാക്കല്‍

സാംസ്കാരികചരിത്രം
മുദാക്കല്‍ ഗ്രാമപഞ്ചായത്തിന് അതിബൃഹത്തായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. അത് ഫ്യൂഡല്‍സാമൂഹ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു, ജന്മിമാരായ ബ്രാഹ്മണരും ഇടപ്രഭുക്കന്മാരായ നായന്മാരും അവരുടെ കുടികിടപ്പുകാരായ അവര്‍ണ്ണവിഭാഗവും ചേര്‍ന്ന ഒരു ജനതയാണ് പഞ്ചായത്തില്‍ അധിവസിച്ചിരുന്നത്. അയിത്തം കൊടികുത്തി വാണിരുന്ന അക്കാലത്ത് പുലയര്‍, കുറവര്‍, പറയര്‍ തുടങ്ങി അധ:കൃത വിഭാഗങ്ങളും തമ്മില്‍ത്തമ്മില്‍ അയിത്തം കല്‍പ്പിച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹൈന്ദവര്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ സ്ഥിരതാമസക്കാര്‍. പില്‍ക്കാലത്ത് മുസ്ലീംങ്ങളും ഇപ്പോള്‍ അപൂര്‍വ്വമായി ക്രിസ്ത്യാനികളും വാസമുറപ്പിച്ചിട്ടുണ്ട്. ആരാധനലായങ്ങളില്‍ ഹൈന്ദവക്ഷേത്രങ്ങളാണ് കൂടുതല്‍. അതേ സമയം മുമ്പുണ്ടായിരുന്ന നാല്‍പതോളം നാഗരും, മാടന്‍കാവുകളും, കുളങ്ങളും ഇന്ന് പകുതിയായി കുറഞ്ഞുവന്നിരിക്കുന്നു. ക്ഷേത്രങ്ങളുടെ പുന:രുദ്ധാരണം മൂലം പുരാതന കേരളീയ വാസ്തുകല അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അയിലം ശിവക്ഷേത്രം, ചിത്തന്‍കുളങ്ങര ശാസ്താക്ഷേത്രം, കട്ടയില്‍ക്കൊണം ഭഗവതിക്ഷേത്രം തുടങ്ങിയ ഏതാനും പുരാതനക്ഷേത്രങ്ങള്‍ മാത്രം പഴമയുടെ സൌന്ദര്യം കൈവിടാതെ നിലനിര്‍ത്തിയിരിക്കുന്നു. ശ്രീകോവിലില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രധാനം കോരാണി വാറുവിളാകം ദേവീ ക്ഷേത്രമാണ്. നാഗരുകാവുകളും മാടന്‍ കാവുകളും നിലനിന്നിരുന്ന സ്ഥലത്ത് പുതിയ ക്ഷേത്രനിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കാവുകളോടനുബന്ധിച്ചുണ്ടായിരുന്ന കുളങ്ങള്‍ നികത്തപ്പെട്ട നിലയില്‍ തന്നെ കാണുന്നു. വാളക്കാട്, അയിലം, ഊരുപൊയ്ക, ചെമ്പൂര് എന്നിവിടങ്ങളിലെ മുസ്ലീംപള്ളികളും പരുത്തൂര്‍ സ്ഥാപിച്ചിട്ടുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുമാണ് മറ്റു മതവിഭാഗങ്ങളുടെ ഈ പ്രദേശത്തെ ആരാധനാലയങ്ങള്‍. ഉത്സവങ്ങള്‍ പ്രധനമായും ഹൈന്ദവ ക്ഷേത്രങ്ങളിലാണ് ആഘോഷിക്കപ്പെടുന്നത്. ചെറുതും വലുതുമായ അനവധി ഉത്സവങ്ങള്‍ നടന്നു വരുന്നു. മുഴുവന്‍ ജനങ്ങളേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉത്സവപ്പറമ്പുകളില്‍ അരങ്ങേറാറുള്ളത്. ജാതിമത ഭേദമെന്യേ ജനതയാകെ സമ്മേളിക്കുന്ന വേദികളാണവ. അയിത്തം കല്‍പ്പിക്കപ്പെട്ട ഉത്സവങ്ങളുടെ കലാപ്രദര്‍ശനങ്ങളും ഉത്സവാഘോഷങ്ങളില്‍ ദ്യശ്യമായിരുന്നു. കീഴാളരുടെ തനതുകലാരൂപങ്ങളായ കമ്പടികളി, തേരുവിളക്ക് കതിര്‍കാളകളി തുടങ്ങിയ വിയര്‍പ്പിന്റെ ഗന്ധമടങ്ങിയ കലാരൂപങ്ങള്‍ മേലാളന്മാരുടെ ഉത്സവാഘോഷങ്ങളിലും അവതരിപ്പിച്ചിരുന്നു. സവര്‍ണ്ണര്‍ പ്രധാനമായും ക്ലാസിക് കലാരൂപങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. രാജകൊട്ടാരത്തില്‍ നിന്നും ചെങ്ങന്നൂര്‍ താഴമണ്‍ തന്ത്രിമാര്‍ക്ക് കരമൊഴിവായി പതിച്ചുനല്‍കിയ പ്രദേശം ഉള്‍കൊണ്ട ഇളമ്പ ഏറത്തുപള്ളിയറ ക്ഷേത്രത്തില്‍ മുന്‍പ് 7 വര്‍ഷത്തിലൊരിക്കലും ഇപ്പോള്‍ 3 വര്‍ഷത്തിലൊരിക്കലുമായി നടത്തപ്പെട്ടുവരുന്ന അതിവിശിഷ്ടമായ കാളിയൂട്ട് മഹോത്സവം ഈ പ്രദേശത്തെ ജനങ്ങളെ മാത്രമല്ല കാതങ്ങള്‍ക്കപ്പുറമുള്ളവരെപോലും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ പൊതു ആരാധനനാലയങ്ങളും വിവിധ ജാതിമതസ്ഥരുടെ ദേവാലയങ്ങളുമായി ധാരാളം പുണ്യസ്ഥലങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇപ്പോള്‍ നിരവധി ക്രിസ്തീയ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളും മോശമല്ലാത്ത ശതമാനം മുസ്ലീംങ്ങളും ഒരു ചെറിയ വിഭാഗം ക്രിസ്താനികളും ഉള്‍പ്പെടുന്നതാണ് ജനവിഭാഗം. പട്ടികജാതിക്കാരും പിന്നോക്കവിഭാഗങ്ങളും ജനസംഖ്യയില്‍ ധാരാളമായുണ്ട്. താഴെ ഇളമ്പയില്‍ ശിവക്ഷേത്രത്തോടു ചേര്‍ന്ന് ഒരു പള്ളിയറയുണ്ടായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് പ്രാമണ്യരായ ഇളമ്പയില്‍ പോറ്റിമാരുടെ ഗ്രാമം സ്ഥിതി ചെയ്തിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരോടു ചേര്‍ന്ന് പോറ്റിമാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരായി കലാപമുണ്ടാക്കിയതിന്റെ ഫലമായി മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഉറപ്പിച്ചതുശേഷം പോറ്റിമാരുടെ വംശം നശിപ്പിച്ചതായും അതോടെ താഴെ ഇളമ്പയുടെ പ്രൌഢി നഷ്ടപ്പെടുകയും, തുടര്‍ന്ന് ഏറത്ത് പള്ളിയറ ക്ഷേത്രം കൊട്ടാരത്തിന്റെ സഹായത്തോടെ സ്ഥാപിതമായെന്നും അനന്തരം കാളിയൂട്ട് ഉത്സവം ആരംഭിച്ചുവെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട ഒരു ചരിത്രസ്മാരകം ആനുപ്പാറയില്‍ സ്ഥിതി ചയ്യുന്നു. മനോഹരമായ കൊത്തുപണികളുള്ള ഒരു കല്‍മണ്ഡപം, കുടമണ്‍പിള്ളയുടേയും ഇളമ്പയില്‍ പോറ്റിമാരുടേയും സംഘവും മാര്‍ത്താണ്ഡവര്‍മ്മയുടെ യോദ്ധാക്കളും തമ്മില്‍ ഇവിടെ വച്ച് സംഘട്ടനം ഉണ്ടായതായി പറയപ്പെടുന്നു. ഇടക്കോട് പ്രദേശത്തെ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട രണശൂരരായ വില്ലാശന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതിനാല്‍ അവര്‍ക്ക് പാരിതോഷികം ലഭിച്ചിട്ടുള്ളതായും പഴമക്കാര്‍ പറയുന്നു. ആ സംഘട്ടനത്തിന്റെ സ്മാരകമായി സ്ഥാപിച്ചിട്ടുള്ള കല്‍മണ്ഡപമാണ് വഴിയമ്പലം. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തെ സ്പര്‍ശിച്ചുകൊണ്ട് കടന്നു പോയിരുന്ന രാജപാതയും പിന്നീടുണ്ടായ ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡും അവയുടെ സമീപപ്രദേശത്തിന്റെ സംസ്കാരിക വളര്‍ച്ചയ്ക്ക് കാര്യമായ സഹായം നല്‍കിയിട്ടുണ്ട്. ആറ്റിങ്ങള്‍ നഗരത്തോട് ബന്ധപ്പെട്ടുകിടന്ന പ്രദേശത്ത്, ഉള്‍പ്രദേശത്തെക്കാളും സംസ്കാരികാഭിവൃദ്ധിയുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ പ്രശ്സതരായ കലാകാരന്മാരും സാഹിത്യകാരന്മാരും നാടിന്റെ അഭിമാനഭാജനങ്ങളായി ആദരിക്കപ്പെടുന്നു. പ്രസിദ്ധ കഥകളിനടന്‍ അവനവഞ്ചരി കൃഷ്ണപിള്ള, ആട്ടക്കഥ തുള്ളല്‍പ്പാട്ട് രചയിതാക്കള്‍, മേലതില്‍ അച്ചുതന്‍പിള്ളയും അറപ്പുറ ശങ്കരപ്പിള്ളയും, നാടകനടന്‍ ചെറുവിളാകത്ത് കുഞ്ഞുകൃഷ്ണപിള്ള, തോറ്റംപാട്ട് വിദഗ്ദ്ധന്‍ ചണമ്പയില്‍ പത്മനാഭാശാന്‍ തുടങ്ങിയ മണ്‍മറഞ്ഞ അനുഗ്രഹീത പ്രതിഭകള്‍ ഈ നാടിന്റെ സംസ്കാരിക സമ്പത്തിന് ഉദാരമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പിന്‍മുറക്കാരായി ആ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ അനവധിയുണ്ട്. അവാര്‍ഡു ജേതാവായ സിനിമാ സംവിധായകന്‍ ജി.എസ്.പണിക്കര്‍, നാടകനടന്മാര്‍, സംഗീതജ്ഞര്‍, കഥാപ്രാസംഗികര്‍, കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ തുടങ്ങിയ അനവധി പേര്‍ ഇവിടുത്തുകാരായുണ്ടു. ഇടക്കോട് ഭൂതനാഥന്‍ കാവിലും ചെമ്പൂര് അമുന്തിരത്ത് നടയിലും ഉത്സവത്തോടനുബന്ധിച്ച് സ്ഥിരമായി കഥകളി നടത്തപ്പെടുന്നതിനാല്‍ പഞ്ചായത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങളില്‍ കഥകളി ആസ്വാദകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.

മാണിക്കല്‍

സ്ഥലനാമ ചരിത്രം
മാണിക്കല്‍ എന്നാല്‍ മാണിക്കകല്ല് വിളയുന്ന സ്ഥലം എന്നാണര്‍ത്ഥം. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മാണിക്യം, വൈഡൂര്യം തുടങ്ങിയ രത്നക്കല്ലുകള്‍ സുലഭമാണ്. സ്വാതി തിരുനാളിന്റെ കാലത്ത് നാടുവിലവീട്ടിലെ മൂത്തയാളിനെ നാട്ടുപ്രമാണിയെന്ന നിലയില്‍ കേസ്സുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി നിയോഗിക്കപ്പെടുകയും പരപ്പനയപ്പന്‍ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്തു. പരപ്പന്‍ അയ്യപ്പന്റെ കോഡ് എന്നത് പിരപ്പന്‍കോടായി മാറി. കോലിഞ്ചി അഥവാ കോലിയം ധാരാളം ഉള്ള സ്ഥലമെന്ന അര്‍ത്ഥത്തിലാണ് കോലിയക്കോടിന് ആ പേരു കൈവന്നത്. നാട്ടിലെ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നത് ഒരു കല്ലിന് സമീപത്തു വച്ചായിരുന്നു. തീര്‍പ്പുകല്‍ എന്നത് തീപ്പുകലായി. വേളാന്‍മാര്‍ ധാരാളം ഉണ്ടായിരുന്ന ഊര് അഥവാ ദേശമാണ് പില്‍ക്കാലത്ത് വേളാവൂര്‍ ആയിമാറിയത്. ആലിന്‍കാടാണ് ആലിയാടായത്.
ഭരണ ചരിത്രം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഭരണ ചരിത്രമാണ് മാണിക്കക്കലിനുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവായി 1729-ല്‍ സ്ഥാനാരോഹണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ, ഭരണ സൌകര്യത്തിനായി രാജ്യത്തെ തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ മൂന്നു മുഖങ്ങളായി തിരിക്കുകയും, ഒരോ മുഖത്തേയും വിവിധ മണ്ടപത്തും വാതുക്കലുകള്‍ അഥവാ താലൂക്കുകളുമായി മാറ്റി. ഇപ്രകാരം തിരിക്കപ്പെട്ടതില്‍ നെടുമങ്ങാടു മണ്ടപത്തും വാതില്‍ക്കലിന്റെ ആസ്ഥാനം പിരപ്പന്‍കോടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. മണ്ടപത്തും വാതില്‍ക്കലിന് അധികാരിയായി അന്ന് ഒരു നായര്‍പടയുടെ സൈന്യാധിപനായിരുന്ന കണക്കുചെമ്പകരാമന്‍ പരപ്പന്‍ അയ്യപ്പന്‍ എന്നയാളെയാണു നിയമിച്ചിരുന്നത്. നീതിനിര്‍വ്വഹണത്തിനും കടമപ്പിരിവിന്റെ (കരം) കണക്കുകള്‍ പരിശോധിക്കുവാനുമായി ഒരു കല്‍മണ്ഡപം തീര്‍ത്തിരുന്നു. ഇതിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കല്‍മണ്ഡപത്തെ മണ്ണപക്കല്‍ എന്നാണ് ദേശവാസികള്‍ വിളിച്ചിരുന്നത്. മണ്ണപക്കല്‍ മണ്ണോക്കും പിന്നെ മാണിക്കലുമായിമാറി എന്നാണ് അനുമാനിക്കേണ്ടത്. മണ്ഡപത്തും വാതുക്കലെ അധികാരിയായ പരപ്പന്‍ അയ്യപ്പന്റെ കോടതിയെ ജനങ്ങള്‍ പരപ്പന്റെ കോട് എന്നു വിളിച്ചുവന്നിരുന്നു. ഇതിന്റെ പില്‍ക്കാല രൂപമാണ് പിരപ്പന്‍കോട് എന്ന സ്ഥലനാമം. മണ്ഡപത്തും വാതുക്കലുകളെ തറകളായി പുനര്‍വിഭജിച്ചപ്പോള്‍ മാണിക്കല്‍ 8-ാമത്തെ തറയായിത്തീര്‍ന്നു. തറകള്‍ കാലാന്തരത്തില്‍ പകുതികളായി മാറുകയും പകുതികളുടെ അധികാരത്തെ പാര്‍വ്വത്യമെന്നും അധികാരിയെ പാര്‍വ്വത്യകാരെന്നും അറിയപ്പെട്ടു. ഈ പ്രദേശത്തെ ഏക അഞ്ചലാപ്പീസ് പിരപ്പന്‍കോട്ടായിരുന്നു സ്ഥാപിതമായത്. മണ്ഡപത്തും വാതുക്കലിന്റെ തലസ്ഥാനമായിരുന്നു പിരപ്പന്‍കോട്. പില്‍ക്കാലത്ത് മണ്ഡപത്തും വാതുക്കലുകള്‍ വിഭജിച്ച് പാര്‍വത്യങ്ങളാക്കി. പാര്‍വത്യങ്ങളില്‍ നിന്ന് വിഭജിച്ചുണ്ടാക്കിയതാണ് മേല്‍ക്കങ്ങാണങ്ങള്‍. നെടുമങ്ങാടു മണ്ഡപത്തും വാതുക്കലിന്റെ എട്ടാമത്തെ പാര്‍വത്യമാണ് മാണിക്കല്‍ പകുതികച്ചേരിയായി രൂപാന്തരം പ്രാപിച്ചത്.
ദേശീയപ്രസ്ഥാന പ്രവര്‍ത്തനം
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പല പ്രമുഖരും ഈ പ്രദേശത്തുണ്ടായിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ പഞ്ചായത്തില്‍ സംഘടിതമായൊരു ദേശീയ പ്രസ്ഥാനമുണ്ടായിരുന്നില്ല. ഇവിടുത്തെ സമര പോരാളികളില്‍ പ്രമുഖനായിരുന്ന വെമ്പായത്തുകാരനായ തേവലക്കാട്ടില്‍ കുഞ്ഞുകൃഷ്ണപ്പണിക്കര്‍ കല്ലറ-പാങ്ങോട് സമരത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റ് പില്‍ക്കാലത്ത് ക്ഷയരോഗമൂലം മരണമടയുകയുണ്ടായി. എന്തുകൊണ്ടും പഞ്ചായത്തിലെ ആദ്യത്തെ പൊതുപ്രവര്‍ത്തകനെന്നും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ സംഘാടകനെന്നും വിശേഷിപ്പിക്കാവുന്ന റ്റി.ആര്‍.ത്രിവിക്രമന്‍പിള്ള 1936-ല്‍ ഗാന്ധിജിയെ പിരപ്പന്‍കോടിനു സമീപമുള്ള കോട്ടപ്പുറത്തു കൊണ്ടുവന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനും മരണം വരെ ഗാന്ധിയനുമായിരുന്ന കെ.എന്‍.നായരാണ് പഞ്ചായത്തിലെ മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി. സചിവോത്തമ ഷഷ്ടിപൂര്‍ത്തി സ്മാരക സ്ക്കൂളിലെ (ഇന്നത്തെ തിരുവനന്തപുരം സെന്റ് മേരീസ് സ്ക്കൂള്‍) സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റായിരുന്ന ചിറയില്‍ കെ.സൂകുമാരന്‍ നായര്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടു 1946-ല്‍ കോലിയക്കോട്ടു നിന്നും വേളാവൂരേക്ക് ജാഥ സംഘടിപ്പിക്കുകയും വിദേശ വസ്ത്രങ്ങള്‍ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഈ ജാഥയ്ക്ക് നേതൃത്വം നല്‍കിയവരില്‍ മറ്റൊരാള്‍ കെ.ഷാഹുല്‍ഹമീദ് ആയിരുന്നു.
സാംസ്കാരിക ചരിത്രം
1950-കള്‍ സാംസ്ക്കാരികമായി ഈ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. 1945-ല്‍ കോലിയക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സരസ്വതി മന്ദിരം ഗ്രന്ഥശാലയായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. 1951 മേയ് 31 വില്ലേജ് യൂണിയന്‍ പ്രവര്‍ത്തിച്ചുവരുന്ന കാലത്താണ് പിരപ്പന്‍കോട് ഒരു റൂറല്‍ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. 1972-ല്‍ ചിറത്തലയ്ക്കല്‍ കേന്ദ്രമാക്കി രാജപ്പന്‍നായര്‍, കെ.ഗോപി, കേശവപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി പുസ്തകം ശേഖരിച്ചു ആരംഭിച്ച ലൈബ്രറിയാണ് വിജ്ഞാന പോഷിണി. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സോമശേഖരന്‍ നായര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേശി 1974 -ല്‍ പ്രവര്‍ത്തനാമാരംഭിച്ച ഗ്രന്ഥശാലയാണ് പ്ലാക്കീഴ് സേമശേഖരന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറി. 1951-ല്‍ പിരപ്പന്‍കോട് ക്ഷേത്രത്തിനോടനുബന്ധിച്ച് അയിത്തം നിലനിന്നിരുന്ന കാലത്താണ് പുന്നപുരം പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ പിരപ്പന്‍കോട് അമ്പലക്കുളം കേന്ദ്രമാക്കി  ഡോള്‍ഫിന്‍  ക്ലബ് പ്രവര്‍ത്തനമാരംഭിച്ചത്. 1985-ല്‍ കാഠ്മണ്ടുവില്‍ നടന്ന സാഫ്ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആര്‍.ജയകുമാര്‍ പഞ്ചായത്തിലെ കായികതാരമാണ്. ഇദ്ദേഹം 1982-ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡില്‍ പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം  ഇങ്ങനെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നപ്പോള്‍ കിഴക്കുഭാഗം സമര കേന്ദ്രമായിരുന്നു. ദേശീയ പ്രസ്ഥാനത്തോടും സമരത്തോടുബന്ധിച്ച് പട്ടം താണുപിള്ള, പൊന്നറ ശ്രീധര്‍ തുടങ്ങിയവര്‍ക്ക് ഈ പ്രദേശങ്ങളില്‍ ഒളിസങ്കേതം ഒരുക്കിയിരുന്നു. 1951-ലെ പിരപ്പന്‍കോട് ഹൈസ്ക്കുള്‍ സമരം നടക്കുമ്പോള്‍ തന്നെ കന്യാകുളങ്ങര ഫോറസ്റ്റ് റെയിന്‍ഞ്ചാഫീസ് ഗ്രൌണ്ടിലുണ്ടായ വിദ്യാര്‍ത്ഥി മര്‍ദ്ദനവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ബഹുജന പ്രക്ഷോഭങ്ങള്‍ക്കും അവകാശ സമരങ്ങള്‍ക്കും ആക്കം കൂട്ടി

മണമ്പൂര്‍

ഭരണചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. കഴിഞ്ഞ നൂറ്റാണ്ടില്‍ നിലനിന്ന മണമ്പൂര്‍ അധികാരം മുതല്‍ ഇന്നത്തെ മണമ്പൂര്‍ വില്ലേജ് വരെയുളള ഭരണ ഘടകങ്ങളുടെ ആസ്ഥാനം ഇന്നത്തെ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെയാണ്. കരമായി പിരിച്ചിരുന്ന നെല്ല് സൂക്ഷിക്കുവാനുളള വലിയ അറകളും മുന്‍പ് ഈ കെട്ടിടത്തോടനുബന്ധിച്ചുണ്ടായിരുന്നു. ഒറ്റൂര്, മണമ്പൂര്‍ പകുതികള്‍ ചേര്‍ന്ന മണമ്പൂര്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കെ.ആര്‍.ഗോപാലകൃഷ്ണ കുറുപ്പായിരുന്നു. 77-ല്‍ മണമ്പൂര്‍ വില്ലേജ് മണമ്പൂര്‍ പഞ്ചായത്തായപ്പേള്‍ മണമ്പൂര്‍ പഞ്ചായത്തിന്റെ നോമിനേറ്റഡ് പ്രസിഡന്റ് ശ്രീ. ഹബീബ് മുഹമ്മദായിരുന്നു.
സാംസ്കാരികചരിത്രം
താരതമ്യേന ശാന്തമായ ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. മംഗല്യത്തിന്റെ നാടാണ് മണമ്പൂര്. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. ഐതിഹ്യമെന്തായാലും ശിവകരമായ ഒരന്തരീക്ഷം ഈ ഗ്രാമത്തിനുണ്ട്. ഇതാകട്ടെ വിജ്ഞാനത്തിന്റെയും കലയുടെയും സ്വാധീനത്തില്‍ നിന്നും ലഭിച്ചതാണ്. കുടിപ്പളളിക്കൂടങ്ങളിലുടെ സംസ്കൃതം പകര്‍ന്നു നല്‍കി നാടിനെ സംസ്ക്കാര സമ്പന്നമാക്കുന്ന പ്രക്രിയ ഇവിടെ പണ്ടുമുതലേ നടന്നിരുന്നു. മണമ്പൂര് വാഴാംകോട്ട് ഗോവിന്ദനാശാന്റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന്‍ സംസ്കൃതം പഠിച്ചത്. സംസ്കൃതത്തിന്റെ പാരമ്പര്യം നിലനിന്നതു കൊണ്ടാകാം ധാരാളം വൈദ്യന്മാരും ഈ ഗ്രാമത്തിലുണ്ടായിരുന്നു. ശിവാനന്ദന്‍ വൈദ്യര്‍, രാമകൃഷ്ണന്‍ വൈദ്യര്‍, ദാമോദരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ പാരമ്പര്യ ആയൂര്‍വേദ ചികിത്സാ രംഗത്തെ പ്രഗല്‍ഭരായിരുന്നവരാണ്. ഈ ഗ്രാമത്തിലെ എടുത്തുപറയത്തക്ക സാമൂഹികാസ്തികളില്‍ പലതും കഴിഞ്ഞ തലമുറയിലെ ഉദാരമതികളും, സേവന തല്‍പരരുമായ അനേകം പേരുടെ ഔദാര്യത്തിന്റെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി രൂപം കൊണ്ടതാണ്. കവലയൂര്‍ ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പോലും ഇങ്ങനെ ലഭിച്ചതാണ്. ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും നിലനിര്‍ത്താനും വേണ്ടിയുളള കൂട്ടായ ശ്രമങ്ങള്‍ അനൌപചാരിക രംഗത്തും നടന്നിട്ടുണ്ട്. സാക്ഷരതാ സമിതികളും, നിശാ പാഠശാലകളും രൂപീകരിച്ച് രാത്രിയും പകലുമായി കഴിഞ്ഞ തലമുറയിലെ പലരും ഈ ഗ്രാമത്തില്‍ വിദ്യയുടെ വെളിച്ചം പരത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പാരമ്പര്യത്തോടൊപ്പം സമ്പന്നമായ ഒരു കലാ പാരമ്പര്യവും ഇവിടെ നിലനിന്നിരുന്നു. പെരുംകുളം കേന്ദ്രമാക്കി ഒരു നാടക സമിതി വളരെ പണ്ടുമുതലേ പ്രവര്‍ത്തിച്ചിരുന്നു. കാക്കാരിശ്ശി നാടകാവതരണത്തില്‍ പേരുകേട്ട ഗോപാലനാശാന്‍ ഇവിടെയുളള വ്യക്തിയായിരുന്നു. ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ അദ്ദേഹം അവതരിപ്പിച്ച നാടകത്തില്‍ സംപ്രീതയായി റാണി അദ്ദേഹത്തിന് നെടുമങ്ങാട് വസ്തുവകകളും മറ്റും നല്‍കി ആദരിച്ചുവത്രെ. മണമ്പൂര് വേടന്‍വിള കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സേവാ സമിതി എന്ന കലാ സമിതിയും കലാ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. കെ.പി.എ.സി-യിലെ പ്രധാനിയായിരുന്ന സി. നാരായണ പിളളയുടെ നേതൃത്വത്തില്‍ മുല്ലപ്പളളിക്കോണം നാരായണപ്പണിക്കര്‍, വേടന്‍വിള കൃഷ്ണന്‍, ശ്രീധരന്‍ പിളള സാര്‍, വി.കെ. സദാനന്ദന്‍, വി.കെ. സുകുമാരന്‍, ഗോവിന്ദപ്പിളള ടൈലര്‍, തെഞ്ചരിക്കോണം നീലകണ്ഠ പിളള എന്നിവരടങ്ങുന്ന സമിതി പ്രഹസനങ്ങള്‍ ഉള്‍പ്പെടെ ധാരാളം നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. കവലയൂരിലുളള വൈ.എം.എ എന്ന സംഘടനയും ഈ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പട്ടികജാതിക്കാര്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശമായ മലവിളയില്‍ ഈശ്വരന്‍ എന്നാരാളിന്റെ നേതൃത്വത്തില്‍ ഒരു സാംസ്കാരിക രംഗം പ്രവര്‍ത്തിച്ചിരുന്നു. കമ്പടിക്കളി, താനായിവട്ടം, തിരുവാതിര, കാക്കാരിശ്ശി നാടകം, പടയണി, എന്നീ കലാരൂപങ്ങള്‍ ഈ സമിതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു. “ശ്രീഹരിശ്ചന്ദ്ര” എന്ന നാടകം അനവധി സദസുകളില്‍ അവതരിപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനു വേണ്ടി ഗോപാലന്‍ വാദ്ധ്യാര്‍, ബാപ്പൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. ഇവ കൂടാതെ മണമ്പൂര്, കുറട്ടുമൂല എന്നിവിടങ്ങളില്‍ നിശാ പാഠശാലകളും പ്രവര്‍ത്തിച്ചിരുന്നു. 1943-ല്‍ നീറുവിള കേന്ദ്രീകരിച്ച് രൂപം കൊണ്ട ഒരു സാംസ്കാരിക കേന്ദ്രമാണ് ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ ഗ്രന്ഥശാല. മുല്ലപ്പളളിക്കോണത്ത് രാമന്‍ നാരായണപിളള  സംഭാവന ചെയ്ത സ്ഥലത്ത് കിളിമാനൂര്‍ കൊട്ടാരത്തിന്റെ സഹായത്താല്‍ നിര്‍മ്മിച്ച ഗ്രന്ഥശാലയാണ് ഇത്. ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം മൂലമാകാം ഈ ഗ്രാമത്തിന്റെ ചിലയിടങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ പ്രസ്ഥാനവും ഉയര്‍ന്നുവരാന്‍ തുടങ്ങി. വേടന്‍വിള കേന്ദ്രമാക്കി നിലനിന്നിരുന്ന സേവാ സമിതി എന്ന സംഘടന ഒരു ഗ്രന്ഥശാലയ്ക്കു വേണ്ടി ശ്രമിക്കുകയും അങ്ങനെ 1943-ല്‍ കിളിമാനൂര്‍ കൊട്ടാരത്തിന്റെ സാമ്പത്തിക സഹായത്തോടെ അവിടെ ഒരു ഗ്രന്ഥശാല രൂപംകൊളളുകയും ചെയ്തു. ഇതാണ് ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ ഗ്രന്ഥശാല. കവലയൂരില്‍ സ്ഥിതി ചെയ്യുന്ന വൈ.എം.എ ഗ്രന്ഥശാലയും ഗ്രാമത്തിലെ പഴക്കംചെന്ന ഗ്രന്ഥശാലയാണ്. ഭൂവിനിയോഗത്തെപ്പറ്റിയാണെങ്കില്‍ ഭൂമിയുടെ സിംഹഭാഗവും ബ്രാഹ്മണര്‍, നായന്‍മാര്‍, മറ്റു സമുദായങ്ങളിലെ ഒരു ചെറുവിഭാഗക്കാര്‍ എന്നിവരുടെ കൈകളിലായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും നാമമാത്ര ഭൂവുടമകളോ ഭൂരഹിതരോ ആയിരുന്നു. ഭൂപരിഷ്ക്കരണ നിയമം നടപ്പില്‍ വരികയും, കുടികിടപ്പവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തതിനു ശേഷമാണ് പട്ടികജാതിയില്‍പ്പെട്ട ഒരു വലിയ വിഭാഗം തുണ്ടുഭൂമിയുടെ ഉടമസ്ഥരായത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കാര്‍ഷിക സമരങ്ങളോ, ജാതിവിരുദ്ധ പ്രക്ഷോഭങ്ങളോ ഈ ഗ്രാമത്തില്‍ നടന്നതായി അറിവില്ല. എന്നാല്‍ പുരോഗമനപരവും നവോത്ഥാനപരവുമായ ഒരു കാഴ്ചപ്പാട് ഗ്രാമത്തില്‍ വളര്‍ന്ന് വരുന്നുണ്ടായിരുന്നു. 1930 കളിലാണ് ഈ ഗ്രാമം ദേശീയ പ്രസ്ഥാനത്തിന്റെ ധാരയിലേയ്ക്ക് വരുന്നത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി 1939-ല്‍ ആറ്റിങ്ങലില്‍ ഡോ.എന്‍.എസ്.പിളളയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരത്തില്‍ ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി സ്ക്കൂളുകള്‍ സ്വകാര്യ മേഖലയില്‍ ആരംഭിക്കുകയും പിന്നീട് തികഞ്ഞ ഔദാര്യത്തോടെ അത് ഗവണ്‍മെന്റിന് വിട്ടുകൊടുക്കാന്‍ സന്മനസ് കാട്ടുകയും ചെയ്തവര്‍ ഈ ഗ്രാമത്തില്‍ കുറവല്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തൊഴില്‍ സമരങ്ങള്‍ വലുതായൊന്നും നടന്നിട്ടില്ലെങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കാനുളള അപൂര്‍വ്വമായ ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇവിടെ വ്യാപകമായി ഉണ്ടായിരുന്ന കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാനുളള ശ്രമമാണിതില്‍ ശ്രദ്ധേയം. വാസുദേവപ്പണിക്കര്‍, രാമകൃഷ്ണന്‍ വൈദ്യന്‍, ശിവാനന്ദന്‍ വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “തൊഴിലാളിസംഘം” കൈത്തറി തൊഴിലാളികള്‍ക്കായുളള ഗ്രാമത്തിലെ ആദ്യത്തെ സംഘടനയായിരുന്നു. അമ്പലങ്ങളും, പളളികളും, മദ്രസകളും, കാവുകളും, കുളങ്ങളും ധാരാളം ഉളള ഗ്രാമമാണ് മണമ്പൂര്. ഈ പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളായ മണമ്പൂര്, കവലയൂര് എന്നിവിടങ്ങളില്‍ വര്‍ഷംതോറും നടക്കുന്ന ഉത്സവങ്ങളില്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ പങ്കെടുത്തുവരുന്നു. 1977-ല്‍ പഞ്ചായത്ത് പുനര്‍ വിഭജനം നടക്കുന്നതുവരെ മീങ്ങോട് സെന്റ് സെബാസ്റ്യന്‍ ചര്‍ച്ച് ഈ പഞ്ചായത്തിലായിരുന്നു. ഗ്രാമീണര്‍ മുഴുവന്‍ പങ്കെടുത്തുകൊണ്ട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവങ്ങള്‍ ഇവിടെ നടന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കടുവായില്‍ ജുമാ മസ്ജിദ്. ഇവിടെ എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ എത്താറുണ്ട്. ഈ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മുസ്ലീം പളളി, ക്രിസ്തീയ പളളി, ഹിന്ദുക്കളുടെ ചെറു ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവ അടുത്തടുത്തായി മത സൌഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായി നിലകൊളളുന്നു.

മലയിന്‍കീഴ്

സ്ഥലനാമചരിത്രം
മലയിന്‍കീഴ് ഗ്രാമവാസികളുടെ ഗ്രാമദേവനായ എള്ളുമല ഭൂതത്താന്റെ അധിവസിക്കുന്ന സ്ഥലമായി കരുതി ആരാധിക്കപ്പെടുന്ന മലയുടെ കീഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് മലയിന്‍കീഴ് എന്ന സ്ഥലനാമം ലഭിച്ചതെന്നാണു പ്രബലമായ ഐതീഹ്യം. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍പിള്ളമാരില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒളിച്ചുതാമസിച്ചിരുന്ന സ്ഥലം മാര്‍ത്താണ്ഡേശ്വരം എന്നും, ദേവപ്രീതിയ്ക്കായി തലയറുത്തു ബലി നടത്തിയിരുന്ന ബലിയറത്തല എന്ന സ്ഥലം പില്‍ക്കാലത്ത് വലിയറത്തലയെന്നും, മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഒളിവില്‍ പാര്‍ക്കുവാന്‍ സൌകര്യം ചെയ്തുകൊടുത്ത ചടച്ചിമാര്‍ത്താണ്ഡപിള്ളയ്ക്ക്, രാജാവ് കരമൊഴിവായി പതിച്ചുനല്‍കിയ ഭൂമിയായ മണപ്പുറത്തെ കുഴിമണ്‍മഠം ഇപ്പോള്‍ കഴിമഠം എന്നും അറിയപ്പെടുന്നു. തിരുവല്ലയില്‍ നിന്നു ഈ പ്രദേശത്തെത്തിയ ആയോധനഗുരുവായ കല്ലാന്താകില്‍ ഗുരുക്കള്‍ തച്ചോട്ടുകാവിലെ മച്ചിനാട് താമസിച്ചിരുന്നു. ധര്‍മ്മരാജാവ് ഇവര്‍ക്ക് കരം ഇളവുചെയ്തു ഭൂമി നല്‍കിയിരുന്നു. മൂക്കുന്നിമലയ്ക്കും എള്ളുമലയ്ക്കും മധ്യേയുള്ള പ്രദേശമായതുകൊണ്ടാണ് ആ പ്രദേശത്തിന് മച്ചേല്‍ എന്നു പേരു ലഭിച്ചതെന്ന് കേള്‍ക്കുന്നു. വഴിയാത്രക്കാര്‍ക്ക് അന്തിയുറങ്ങാനുള്ള വഴിയമ്പലം സ്ഥിതി ചെയ്തിരുന്നയിടമാണ് അന്തിയൂര്‍കോണം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്.
സാംസ്കാരികചരിത്രം
മറ്റെവിടുത്തെയുംപോലെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ പ്രകടമായുണ്ടായിരുന്ന പ്രദേശമായിരുന്നു മലയിന്‍കീഴ്. കൊല്ലവര്‍ഷം 1092-ല്‍ (1917) ആനപ്പാറയ്ക്കു സമീപമുള്ള പരന്ന വിസ്തൃതമായ തണ്ണിപ്പാറയില്‍ അയിത്തജാതിക്കാരേയും കൂട്ടിയിരുത്തി ഈ പ്രദേശത്തെ ആദ്യത്തെ പന്തിഭോജനം നടത്തുകയുണ്ടായി. പില്‍ക്കാലത്ത് ഇതൊരു ചരിത്രസംഭവമായി രേഖപ്പെടുത്തപ്പെടുമെന്ന് കരുതിയിട്ടല്ല അന്നിങ്ങനെയൊക്കെ സംഘടിപ്പിക്കപ്പെട്ടത്. മറിച്ച് അന്നത്തെ ജനതയുടെ ഉയര്‍ന്ന സാംസ്കാരികബോധത്തിനു നിദാനമെന്ന നിലയില്‍ വേണം ഈ സംഭവങ്ങളെ വിലയിരുത്തപ്പെടേണ്ടത്. തച്ചോട്ടുകാവ് പുത്തന്‍വീട്ടില്‍ സ്വാമിശിവശങ്കര്‍ജിയും, മണപ്പുറത്ത് പുകഴനെല്ലൂരില്‍ അധ്യാപകനായിരുന്ന കെ.രാഘവന്‍നായരും മറ്റുമായിരുന്നു, ജാതിയുടെ പേരില്‍ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരത്തിനും എതിരായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം മലയിന്‍കീഴിലുള്ള സ്വന്തം ചായക്കടയില്‍ ഹരിജനങ്ങളെ കയറ്റി ഇരുത്തി ചായയും പലഹാരങ്ങളും നല്‍കിയ പ്രമുഖസ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാറാകോണം കൃഷ്ണമംഗലത്ത് പി.ഗോപിനാഥന് യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. 1910-ലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഊരൂട്ടമ്പലം സ്കൂളില്‍ ഹരിജന്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചതിന്റെ പേരില്‍ യാഥാസ്ഥിതികരായ ചില സവര്‍ണ്ണര്‍ സ്കൂള്‍ തീവെച്ചുനശിപ്പിക്കുകയുണ്ടായി. പിന്നീട് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അതേ സ്കൂളില്‍ ഹരിജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയത് അയിത്തത്തിനെതിരായ മറ്റൊരു പ്രധാന സംഭവമാണ്. കൊല്ലവര്‍ഷം 1090-ല്‍ മലയിന്‍കീഴ് പനവിളാകത്ത് വീടിന്റെ പടിപ്പുരയില്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ കൂടിയിരുന്നു പത്രംവായിക്കുക പതിവായിരുന്നു. മലയാളരാജ്യം, മലയാളി തുടങ്ങിയ പത്രങ്ങളാണ് ഈ പ്രദേശത്ത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതായി കേള്‍ക്കുന്നത്. വായനക്കാര്‍ പിന്നീട് പുസ്തകങ്ങള്‍ വരുത്തി പരസ്പരം കൈമാറി വായിക്കാനാരംഭിച്ചു. ഇന്ന് നെയ്യാറ്റിന്‍കര താലൂക്കിലെ പ്രമുഖ ഗ്രന്ഥശാലകളിലൊന്നായ മലയിന്‍കീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല അങ്ങനെ അവിടെ നിന്ന് ആരംഭിച്ചതാണ്. ആദ്യമായി ഘടികാരം സ്ഥാപിച്ചത് ഇവിടെയായിരുന്നു. കാളവണ്ടിയും യാത്രയ്ക്കുപയോഗിക്കുന്ന വില്ലുവണ്ടികളുമാണ് അക്കാലത്തുണ്ടായിരുന്നത്. വില്ലുവണ്ടി ഉന്നതന്മാര്‍ മാത്രം സാധാരണ ഉപയോഗിച്ചുപോന്നിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിപണനം നടത്തിയിരുന്നത് മേപ്പുക്കടയിലും കൃഷ്ണമംഗലം ചന്തയിലുമായിരുന്നു. കൃഷ്ണമംഗലം ചന്തയുടെ പഴയ പേര് ചുടുകാട്ടില്‍ കട എന്നായിരുന്നു. മുമ്പ് ഒരു ചുടുകാടായിരുന്ന സ്ഥലമായിരുന്നു അവിടം. പൊന്നറ ശ്രീധര്‍, പരുത്തിപള്ളി അച്യുതന്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ ഈ പ്രദേശത്തുനിന്നും പതിനെട്ടു പേര്‍ പങ്കെടുത്തിരുന്നു. മലയിന്‍കീഴ് കോവിച്ചക്കോണത്ത് രാഘവന്‍പിള്ളയുടെ വീട്ടില്‍ കോണ്‍ഗ്രസ്സ് യോഗം നടക്കുമ്പോള്‍ കൂലി പോലിസിന്റെ ആക്രമണം ചെറുക്കുന്നതിന് (ആംഗ്ലോ ഇന്ത്യനായ ശിംശോന്‍ ആയിരുന്നു യോഗം കലക്കുവാന്‍ അഞ്ചുരൂപ കൂലിപ്പടയെ നയിച്ചിരുന്നത്) ഈ പ്രദേശത്തെ ഹരിജനങ്ങളായിരുന്നു കാവല്‍ നിന്നത്. മലയിന്‍കീഴിലെയും സമീപപ്രദേശങ്ങളിലേയും നാനാജാതിമതസ്ഥരായ ആള്‍ക്കാള്‍ ഒത്തുചേര്‍ന്ന് മലയിന്‍കീഴ് ആറാട്ട് ആചരിച്ചുവന്നിരുന്നത് ഇന്നും അതേപടി തുടര്‍ന്നുവരുന്നു. കുംഭമാസത്തിലെ കൊയ്ത്തു കഴിഞ്ഞു, മച്ചേല്‍ താന്നിയറത്തല ഏലായില്‍ വേണിയത്ത് നടയില്‍ പച്ചപന്തലു കെട്ടി കാളിയൂട്ട് നടത്തിയിരുന്നു. പിന്നീട് ഇവിടം മച്ചേല്‍ ദേവീക്ഷേത്രമായി മാറി. കാളിയൂട്ടിനോടനുബന്ധിച്ച് തോറ്റംപാട്ട്, വിളക്കുകെട്ടുകളി, കമ്പടികളി, ഉറിയടി, തിരുവാതിരക്കളി തുടങ്ങിയ കലാരൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇത് പഞ്ചായത്തിന്റെ മറ്റുപ്രദേശങ്ങളിലും നിലവിലിരുന്നു.

മടവൂര്‍

സാമൂഹ്യ-സംസ്കാരിക ചരിത്രം
മഠങ്ങളുടെ ഊരാണ് മടവൂരായതെന്നാണ് സ്ഥലനാമചരിത്രം. മാണ്ഡ്യവന്‍ എന്നാരു മുനി പൂജാദികര്‍മ്മങ്ങള്‍ക്കുവേണ്ടി നിരവധി ബ്രാഹ്മണരെ ഇവിടെ കുടിയിരുത്തുകയും അവരുടെ താമസത്തിന് നാടിന്റെ ചില ഭാഗങ്ങളില്‍ ഒട്ടനവധി മഠങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നുവത്രെ. 1953-ലാണ് മടവൂര്‍ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ നായരായിരുന്നു. പുരാതനകാലം മുതല്‍തന്നെ പ്രഗത്ഭരായ കൃഷിക്കാര്‍, സംസ്കൃതപണ്ഡിതര്‍, വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ തുടങ്ങിയ ധാരാളം പ്രതിഭകള്‍ ജീവിച്ചിരുന്ന നാടാണ് മടവൂര്‍. പണ്ടുമുതലേ കിളിമാനൂര്‍കൊട്ടാരവുമായി വളരെയടുത്ത ബന്ധമുള്ള നാടായിരുന്നു ഇത്. കൊട്ടാരമധികാരികളുടെ വര്‍ദ്ധിച്ച കരംപിരിവിനെതിരായും ജന്മിത്വത്തിനെതിരായും സംഘടിതമായ ജനകീയപ്രക്ഷോഭങ്ങള്‍ ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലും അതിന്റെ ഭാഗമായി നടന്ന കടയ്ക്കല്‍വിപ്ലവം, കാര്‍ഷികസമരങ്ങള്‍ എന്നിവയിലും ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. പണ്ടുകാലത്ത് മടവൂര്‍ പഞ്ചായത്തില്‍ നിറയെ കാടുകളുണ്ടായിരുന്നു. തേക്ക്, ഈട്ടി തുടങ്ങിയ തടിത്തരങ്ങളും സുലഭമായിരുന്നു. ഏതാനും ചില സര്‍പ്പക്കാവുകളാണ് അവശേഷിക്കുന്ന ജൈവവൈവിധ്യപ്രദേശങ്ങളായി ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നത്. ആദ്യകാലത്ത് മടവൂര്‍-പള്ളിക്കല്‍ എന്നായിരുന്നു ഈ പഞ്ചായത്തിന്റെ പേര്. പില്‍ക്കാലത്ത് 1977-ല്‍ മടവൂര്‍ പഞ്ചായത്ത് വിഭജിച്ചാണ് പള്ളിക്കല്‍ പഞ്ചായത്ത് രൂപീകരിക്കുന്നത്. മടവൂര്‍ ഗ്രാമപഞ്ചായത്ത് ഒരു കാര്‍ഷികമേഖലയാണ്. 70% ജനങ്ങളും കൃഷിപ്പണി ചെയ്തു ജീവിക്കുന്നു. മറ്റു തൊഴിലുകളില്‍ പ്രധാനപ്പെട്ടവ കൈത്തറിനെയ്ത്ത്, കശുവണ്ടി, അടയ്ക്ക, കൊപ്ര, കുരുമുളക് മുതലായ കാര്‍ഷികവിഭവങ്ങളുടെ സംഭരണം, സംസ്കരണം, വിതരണം എന്നിവയാണ്. തൃക്കുന്നത്ത് കളരിയില്‍ ദേവീ ക്ഷേത്രം, ആനക്കുന്നും ക്ഷേത്രം, കൃഷ്ണന്‍കുന്നു ക്ഷേത്രം, ഞാറയില്‍ക്കോണം, മടവൂര്‍ മൂസ്ലീംപള്ളികള്‍, വലിയകുന്നില്‍ ക്രിസ്ത്യന്‍പള്ളി, മണ്ടയ്ക്കാട്ക്ഷേത്രം, തെറ്റിക്കുഴിക്ഷേത്രം, കുരിശ്ശോട്ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍.

കുറ്റിച്ചല്‍

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ആദ്യകാലത്ത് ആദിവാസികളായ കാണിക്കാരാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. മണ്ണൂര്‍ക്കര, കൊക്കൂടി, പരുത്തിപ്പള്ളി, കോട്ടൂര്‍ എന്നീ നാലു വാര്‍ഡുകള്‍ ചേര്‍ന്നാണ് 1-7-68 ല്‍ കുറ്റിച്ചല്‍ പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യ പ്രസിഡണ്ട് ആര്‍.ഗോപിനാഥന്‍ നായരായിരുന്നു. 1968-നു മുന്‍പ് പൂവച്ചല്‍ പഞ്ചായത്തിന്റെ കീഴിലായിരുന്നു കുറ്റിച്ചല്‍. കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥത്തില്‍ കുറ്റിച്ചല്‍ ഉണ്ടായതാണെന്നും വെട്ടിയെടുത്തതോ ഏതെങ്കിലും കാരണത്താല്‍ മുറിഞ്ഞുവീണതോ ആയ മരത്തിന്റെ കുറ്റികള്‍ ധാരാളമുള്ള സ്ഥലമായതിനാലാണ് കുറ്റിച്ചല്‍ എന്ന പേരു ലഭിച്ചതെന്നും പറയപ്പെടുന്നു. പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ് പരുത്തിപ്പള്ളി ഗവണ്‍മെന്റ് യു.പി സ്കൂള്‍. 1949-ല്‍ പരുത്തിപള്ളിയില്‍ സ്ഥാപിച്ച കര്‍ഷക സഹൃദയ ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ പഴക്കം ചെന്ന ഗ്രന്ഥശാല. ഉത്തരംകോട്ടുള്ള അരുവിമൂപ്പത്തിയമ്മ ക്ഷേത്രവും കോട്ടൂരിലെ മുണ്ടത്തി ക്ഷേത്രവും കാണിക്കാരുടെ പ്രധാന ആരാധനാലയങ്ങളാണ്. 350 വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് പുനയ്ക്കോട് ശാസ്താ ക്ഷേത്രം. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടെയാണ് ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരമുണ്ടായത്. വളരെ പരിമിതമായ ആളുകള്‍ക്കേ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ. കാട്ടാക്കട ഹൈസ്ക്കുളാണ് ഉപരിപഠനത്തിനുണ്ടായിരുന്ന ഏക ആശ്രയം. നെയ്യാര്‍ഡാമിന്റെ ആവിര്‍ഭാവത്തോടെയാണ് ഗതാഗത സൌകര്യം ഉണ്ടായത്

കുന്നത്തുകാല്‍

സാംസ്കാരികചരിത്രം
പണ്ടുകാലത്ത് പ്രധാന വഴിയോരങ്ങളിലെല്ലാം യാത്രക്കാര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും കുടിവെള്ളത്തിന് കിണറും, തലച്ചുമടിറക്കിവയ്ക്കുവാന്‍ ചുമടുതാങ്ങികളും, ചോലമരങ്ങളും, കല്‍ത്തൂണ്‍ വഴിവിളക്കുകളുമൊക്കെയുണ്ടായിരുന്ന ഗ്രാമമായിരുന്നു കുന്നത്തുകാല്‍. ഇവയൊക്കെ പൂര്‍വ്വികര്‍ സ്ഥാപിച്ചത് അക്കാലത്തെ ജനതയുടെ സാമൂഹ്യസേവനതല്‍പരതയുടെ തെളിവാണ്. അവയില്‍ തട്ടിട്ടമ്പലം, അരുവിയോട് (കടമ്പറമൂല) കുഴീക്കട (ചെക്കിന്‍ മൂട്) എന്നിവിടങ്ങളിലെ വഴിയമ്പലങ്ങള്‍ ഇന്നു സ്മാരകങ്ങളായി നില കൊള്ളുന്നു. വഴിയോരങ്ങളില്‍ നട്ട ചോലമരങ്ങള്‍ വന്‍വൃക്ഷങ്ങളായി ഇന്നും തണലേകി നില്‍ക്കുന്നു. പ്രഗല്‍ഭരായ പല പൂര്‍വ്വികര്‍ക്കും ജന്മം നല്‍കിയ നാടാണ് കുന്നത്തുകാല്‍. ദിവാന്‍പേഷ്കാര്‍ ഇ.പരമുപിള്ള, തിരുകൊച്ചിയിലെ പൊതുമരാമത്ത് ചീഫ് എന്‍ജീനിയര്‍ ഇ.ശിവരാമന്‍ നായര്‍ എന്നിവര്‍ അവരില്‍ മുന്‍നിരക്കരാണ്. കുന്നത്തുകാലിന്റെ പുരോഗതിക്ക് അടിത്തറ പാകിയ മഹത് വ്യക്തി ആയിരുന്നു ദിവാന്‍പേഷ്കാര്‍. കുന്നത്തു വില്ലേജാഫീസ്, അഞ്ചലാഫീസ്, സബ് രജിസ്ട്രാര്‍ ആഫീസ്, ചന്ത, ആദ്യത്ത ഇംഗ്ലീഷ് പള്ളിക്കൂടം (ഇന്നത്തെ പരമുപിള്ള മെമ്മോറിയല്‍ ഹൈസ്കൂള്‍) എന്നിവയൊക്കെ സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കാരക്കോണത്തുള്ള പഞ്ചായത്തുവിശ്രമമന്ദിരം, ദേശസേവിനി ഗ്രന്ഥശാലാമന്ദിരം, റ്റി.വി.കിയോസ്ക്ക് എന്നിവയ്ക്കാവശ്യമായ ഭൂമി സംഭാവനയായി നല്‍കിയതും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ വെല്‍ഫയര്‍ കമ്മീഷണറായിരുന്ന കൃഷ്ണന്‍നായര്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ സഹപാഠിയും ആത്മമിത്രവുമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ട് കുന്നത്തുകാല്‍ പ്രദേശത്തെ ആള്‍ക്കാരും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകതൊഴിലാളികളുടെ കൂലിവര്‍ദ്ധനവിനു വേണ്ടിയും, അയിത്ത-ഉച്ചനീചത്വങ്ങള്‍ക്കെതിരെയും കോരണംകോടു കേന്ദ്രമാക്കി കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭണം ചരിത്രസംഭവമാണ്. സുകുമാരന്‍ (കുമാര്‍ ആനന്ദ്) ആണ് ഈ പ്രക്ഷോഭണത്തിന് നേതൃത്വം നല്‍കിയത്. നേവിയിലെ ഉദ്യേഗസ്ഥനായിരുന്ന കുമാര്‍ ആനന്ദ് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നടന്ന സുപ്രസിദ്ധ നേവി കലാപത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ ഈ ചെറുത്തുനില്‍പ്പുസമരത്തോടെ പിന്നോക്ക കര്‍ഷകതൊഴിലാളിക്ക് മാന്യമായ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. ഉച്ചനീചത്വത്തിനും അനീതിയ്ക്കുമെതിരെയുണ്ടായ ഈ സമരം തെക്കന്‍തിരുവിതാംകൂറിലെ ആദ്യ കര്‍ഷകത്തൊഴിലാളിസമരമാണ്. സ്പെയിനില്‍ നിന്നും ജോണ്‍ ഡൊമസ്റ്റിയന്‍ എന്ന മിഷനറി കുന്നത്തുകാല്‍ പഞ്ചായത്തില്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12 പള്ളികള്‍ സ്ഥാപിച്ച് സാധുക്കളുടെയും പിന്നോക്കകാരുടേയും ഇടയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ബല്‍ജിയത്തില്‍നിന്നും വന്ന ബാപ്റ്റിസ്റ്റു മിഷനറി, മുന്‍ഗാമി പണി കഴിപ്പിച്ച പള്ളികളെ ഉദ്ധരിക്കുകയും ഉണ്ടകോട് ഒരു സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സ്കുളാണ് പില്‍ക്കാലത്ത് അപ്ഗ്രേഡ് ചെയ്ത ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹൈസ്കൂള്‍. ഉണ്ടന്‍കോട് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അനാഥമന്ദിരം സ്ഥാപിച്ചതും, ഇന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ കുരിശു നാട്ടിയതും ഇദ്ദേഹമായിരുന്നു. കുന്നത്തുകാല്‍ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായിരുന്ന കെ.ശിവശങ്കരപിള്ളയുടെ നേതൃത്വത്തില്‍ ഹരിജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ചെഴുങ്ങാനൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ പ്രവേശനത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ഹരിജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. ആദ്യപ്രവേശനത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തികൊടുത്തത് ഹരിദാസന്‍ പോറ്റിയെന്ന പൂജാരിയായിരുന്നു. ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഈ പഞ്ചായത്തില്‍ മലയാളവിദ്യാഭ്യാസത്തിന് പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന സ്കൂളുകളാണ് കാരക്കോണം, തച്ചംകോട്, പേരമ്പക്കോണം, കോട്ടുക്കോണം, കുടയാല്‍ തുടങ്ങിയവ. 1943-ല്‍ കാരക്കോണത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രിപ്പേറട്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. പ്രശ്സതനായ മലയാള കവി പ്രൊഫസര്‍ വി.മധുസൂദനന്‍ നായര്‍ക്ക് ജന്മദേശം കൂടിയാണ് ഈ ഗ്രാമം. ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകളും, വായനശാലകളും, പ്രത്യേക കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇവയില്‍ ദേശസേവിനി ഗ്രന്ഥശാല, കാരക്കോണം, വിദ്യാവിലാസിനി കുന്നത്തുകാല്‍ എസ്.എസ്.എം പബ്ളിക് ലൈബ്രറി- കോട്ടുക്കോണം, ജനതാ സോഷ്യല്‍ റീഡിംഗ് റൂം എന്നിവ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലയാണ് ദേശസേവിനി- കാരക്കോണം.

കുളത്തൂര്‍

ദേശചരിത്രം
പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായ ശ്രീ.ആന്റണീ നാടാരുടെയും സ്വാതന്ത്യസമരസേനാനി ആയിരുന്ന ശ്രീ. ഗാന്ധിവിലാസം കൃഷ്ണന്‍ നായരുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ സാമൂഹികമുന്നേറ്റത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ 12 വാര്‍ഡില്‍ മൂന്ന് വാര്‍ഡുകള്‍ പൂര്‍ണമായും 1 വാര്‍ഡ് ഭാഗീകമായും തീരപ്രദേശത്താണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.  മാത്രമല്ല,  ഇവിടെനിന്നുളള മത്സ്യമാണ് നെയ്യാറ്റിന്‍കര താലുക്കിലെ വിവിധഭാഗങ്ങളില്‍ ലഭിക്കുന്നത്. കുളത്തൂര്‍ വില്ലേജിലെ വിരാലിഭാഗത്ത് തേരിവിള എന്ന സ്ഥലത്താണ് പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്നത്. പോര്‍ട്ടുഗീസുകാരുടെ കാലം മുതല്‍ക്കുതന്നെ വിദേശികള്‍ ഇതിനെ സുഖവാസ കേന്ദ്രമാക്കിയിരുന്നു. അക്കാലത്ത് ഒരു ചെറിയ തുറമുഖമായിരുന്ന പൂവാറില്‍ നങ്കൂരമിടുന്ന പായ്ക്കപ്പലുകള്‍ക്ക് സിഗ്നല്‍ നല്‍കുന്നതിന് തൊട്ടടുത്ത് പൊക്കമുള്ള കുന്നില്‍, വലിയ കൊടി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തലയുയര്‍ത്തിനില്‍ക്കുന്ന ഈ കുന്നിന് ഇക്കാരണത്താല്‍ കൊടിതൂക്കിക്കുന്ന് എന്ന് പേരുണ്ടായി. കൊടിതൂക്കിക്കുന്നിന്റെ ഉത്തുംഗഭാഗത്തുനിന്നു നോക്കിയാല്‍ നാലുവശത്തും കാണുന്ന പ്രകൃതിദൃശ്യങ്ങള്‍ ഏതെരു സന്ദര്‍ശകനെയും വിസ്മയിപ്പിക്കും. നദിയുടെ പടിഞ്ഞാറായി രാജാ കോശവദാസിന്റെയും മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെയും പ്രയാണത്തിനിടയില്‍ അഭയം നല്‍കി ചരിത്രത്തില്‍ സ്ഥാനം പിടിച്ച പൂവ്വാറിലെ പല പ്രദേശങ്ങളും കാണാം. ചികിത്സാരീതികളായ അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി എന്നീ എല്ലാ ചികിത്സാരീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഇവയില്‍ അലോപ്പതി ചികിത്സാരീതികളാണ് കൂടുതലാളുകളും പിന്തുരുന്നത്. നാട്ടുവൈദ്യമുറകളും ചില പ്രദേശങ്ങളില്‍ നിലവിലുണ്ട്. പഞ്ചായത്തില്‍ 2 പ്രൈമറി ഹെല്‍ത്തുസെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളും കുടിലുകളാണ്. പഞ്ചായത്തിലെ പകുതിയോളം വരുന്ന ജനവിഭാഗം, വിസ്തൃതിയില്‍ പഞ്ചായത്തിന്റെ 10% പോലും വരാത്ത ഈ പ്രദേശത്താണ് തിങ്ങിപ്പാര്‍ക്കുന്നത്.
സാംസ്കാരികചരിത്രം
ആദ്യകാലങ്ങളില്‍ ജാതിവ്യവസ്ഥ നിലനിന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയമുന്നേറ്റത്തിന്റെയും ഫലമായി ജാതിവ്യവസ്ഥ തുടച്ചുനീക്കുകയും, നാനാജാതിമതസ്ഥര്‍ ഐക്യത്തോടുകൂടി ജീവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് മാതൃകാപരമായി മാറുകയുമാണുണ്ടായത്. ഒരുകാലത്ത് നാടന്‍കലകളായ കളരിപ്പയറ്റ്, കോല്‍ക്കളി, ചവിട്ടുനാടകം, ചിരമണ്‍കളി, കമ്പടികളി, നാടന്‍പന്തുകളി, റണ്മാന്‍കളി, തകരമേളം തുടങ്ങിയ പരമ്പരാഗത കായികകലകളുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. പാരമ്പര്യവൈദ്യങ്ങളായ തിരുമല്‍, മര്‍മ്മചികിത്സ, സിദ്ധ-വിഷവൈദ്യരീതികളും ഇവിടെ നിലവിലുണ്ടായിരുന്നു. പഞ്ചായത്തില്‍ ആകെ ജനസംഖ്യയുടെ 19.78% പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗമാണ്. ജന്മിവ്യവസ്ഥിതിയും ജാതി വ്യവസ്ഥിതിയും കര്‍ക്കശമായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ സാമുദായികമാറ്റങ്ങളും ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായവും വിദ്യാഭ്യാസം ചെയ്യുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പിന്നോക്കജാതിക്കാരെ ഒരു പരിധിവരെ സഹായിച്ചു. ഈ പഞ്ചായത്തിലെ പ്രധാനവരുമാനമാര്‍ഗങ്ങള്‍ കൃഷിയും, മത്സ്യബന്ധനവുമാണ്. പരമ്പരാഗതതൊഴിലുകളായ പനകയറ്റ്, പായ്നെയ്ത്ത്, കക്കനീറ്റ്, കയര്‍പിരിക്കല്‍ തുടങ്ങിയവയില്‍ നൂറുകണക്കിന് ആളുകള്‍ ആശ്രയം കണ്ടെത്തിയിരുന്നു. കാലക്രമേണയുണ്ടായ സാമൂഹിക-സാമ്പത്തികമാറ്റങ്ങള്‍ മൂലം പരമ്പരാഗതതൊഴിലുകള്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുയാണ്. കുളത്തൂര്‍ ഫണമുഖത്ത് ദേവീക്ഷേത്രത്തിലെ തൂക്കമഹോത്സവം കേരളത്തിലെ തന്നെ പുരാതനവും പ്രസിദ്ധിയാര്‍ജിച്ചതുമായ ഒരു സാംസ്കാരികോത്സവമാണ്. പൊഴിയൂര്‍ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യന്‍ മുസ്ലീംപളളി സമുച്ചയങ്ങളും അവിടുത്തെ ഉത്സവങ്ങളും ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകളെ ആകര്‍ഷിക്കാറുണ്ട്. കുളത്തൂര്‍ പഞ്ചായത്തിന്റെ സാംസ്കാരികത്തനിമയുടെ അടയാളങ്ങളാണ് ഇവുടത്തെ വിവിധവിഭാഗം ജനങ്ങളിലെ ഐകൃത. കുളത്തൂര്‍ പഞ്ചായത്തില്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് മത്സ്യബന്ധനമേഖലയില്‍ നിന്നും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ പഞ്ചായത്തിലെ മത്സ്യബന്ധന മേഖലയിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ രസകരവും ഒപ്പം പരിതാപകരവുമായ പലകാര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടു ജീവിച്ചവരായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട ഒരു കുടില്‍ വ്യവസായം (ചാരായം വാറ്റ്) ഈ മത്സ്യബന്ധനമേഖലയെ അപ്പാടെ തകിടം മറിച്ചു. പലരും മത്സ്യബന്ധനത്തിന് പോകാതെയായി. പകരം ലാഭകരമായിരുന്ന ചാരായക്കച്ചവടത്തിലേക്ക് നീങ്ങി. മത്സ്യബന്ധനം കുറഞ്ഞതോടെ മീനിന്റെ ലഭ്യതയും ഗണ്യമായി കുറഞ്ഞു. എന്നാല്‍ 1992-ല്‍ പല ബോധവത്ക്കരണ പരിപാടികളിലുടെ ഈ പ്രദേശത്തുനിന്നും ചാരായം വാറ്റ് നിശ്ശേഷം തുടച്ചുമാറ്റപ്പെട്ടു. അങ്ങനെ മത്സ്യത്തൊഴിലാളികള്‍ വീണ്ടും മത്സ്യബന്ധനമേഖലയിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിതരായി. വിദ്യാഭ്യാസപരമായി മുന്‍കാലങ്ങളെ അപേക്ഷിച്ച് പല പുരോഗതിയും കൈവന്നിട്ടുണ്ട്. ഉന്നത രീതിയിലുളള വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലിയിലിരിക്കുന്നവരുടെയെണ്ണം പഴയതിനേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സാംസ്ക്കാരിക അഭ്യുന്നതിക്ക് ഈ പഞ്ചായത്തിലുളള 16 കലാകായിക സംഘടനകളും 9 ഗ്രന്ഥശാലകളും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുളത്തൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം കൊടിതൂക്കി സി.എസ്.ഐ.ചര്‍ച്ച് ആണ്. ഉച്ചക്കട ആര്‍.സി.ദേവാലയം, പരിത്തീയൂര്‍ സെന്റ്മേരീസ് മഗ്ദലനാ ചര്‍ച്ച്, കൊല്ലങ്കോട് സെന്റ് മാത്യൂസ് ചര്‍ച്ച്, വിരാലി സി.എസ്.ഐ.ചര്‍ച്ച് എന്നിവയും ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. ചാറോട്ട്കോണം, പൊഴിയൂര്‍ എന്നീ സ്ഥലങ്ങളില്‍ മുസ്ളീം ആരാധനാലയങ്ങള്‍ ഉണ്ട്.

കോട്ടുകാല്‍

 

നിമ്നോന്നതമായ കൃഷിയിടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളാണ് കോട്ടുകാല്‍ ഗ്രാമത്തില്‍ ഏറിയ പങ്കും. ഇതിഹാസ കഥാപാത്രങ്ങളായ പഞ്ചപാണ്ഡവന്മാരും, മാതാവ് കുന്തിയും, ഭാര്യ പാഞ്ചാലിയും അജ്ഞാതവാസക്കാലത്ത് ഇവിടെ ചെലവഴിച്ചിട്ടുണ്ടെന്ന് ഹിന്ദുക്കളുടെയില്‍ ഐതിഹ്യം പ്രചാരത്തിലുണ്ട്. പാണ്ഡവര്‍ ജലപാനം ചെയ്യാന്‍ ഉണ്ടാക്കിയതെന്ന് വിശ്വാസികള്‍ കരുതുന്ന ഒരു കിണ്ണികുഴി ഇവിടെയുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പു കേരളത്തില്‍ ഭരണം നടത്തിയിരുന്ന ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന പുരാതനപട്ടണമായ വിഴിഞ്ഞത്തിനോട് ചേര്‍ന്ന് തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കോട്ടുകാല്‍. അതുകൊണ്ടുതന്നെ ഏറെ പുരാതനമായ ചരിത്രപാരമ്പര്യം അവകാശപ്പെടാവുന്ന ഗ്രാമമാണ് കോട്ടുകാല്‍. ആയി രാജാക്കന്മാരുടെ തലസ്ഥാനവും തുറമുഖപട്ടണവും പട്ടാളകേന്ദ്രവുമായിരുന്നു പ്രാചീനകാലത്ത് വിഴിഞ്ഞം. ഒട്ടേറ ചരിത്ര, സാംസ്കാരിക, സാമൂഹ്യ പ്രാധാന്യമുള്ള ഗ്രാമങ്ങളാണ് കോട്ടുകാലിന്റെ ചുറ്റുമുള്ളവയും. സമുദ്രതീരത്തെ ഗ്രാമമെന്ന നിലയില്‍ മത്സ്യബന്ധനമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗ്ഗം. കൃഷി, പാറ പൊട്ടിക്കല്‍, കയര്‍പിരിക്കല്‍, പാറപൊട്ടിക്കല്‍, കയര്‍പിരിക്കല്‍, കൈത്തറിനെയ്ത്ത് എന്നീ പരമ്പരാഗത സമ്പ്രദായത്തിലുള്ള ജീവിതരീതികളുമായി ബന്ധപ്പെട്ടു കഴിയുന്നവരും ഇവിടെയുണ്ട്. കാര്‍ഷികവൃത്തി തൊഴിലാക്കി കഴിയുന്നവരുണ്ടെങ്കിലും കുറഞ്ഞുവരുന്ന നെല്‍കൃഷി ആ മേഖലയില്‍ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ പരിമിതമാക്കി. സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്ന പ്രധാന കാര്‍ഷികവിളകളാണ് തെങ്ങ്, വാഴ, പച്ചക്കറി മുതലായവ. കോട്ടുകാലില്‍ നിന്നുള്ള പച്ചക്കറികള്‍ ഗള്‍ഫുനാടുകളിലേക്ക് കയ്യറ്റിയയക്കുക പതിവായിരുന്നു. കോവളം, വിഴിഞ്ഞം എന്നീ അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ഇവിടുത്തെ തീരപ്രദേശത്തിനുള്ള സാമീപ്യം സമ്പദ്ഘടനയില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. കോട്ടുകാല്‍ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസ സ്ഥാപനമാണ് വേങ്ങപ്പൊറ്റയില്‍ സ്ഥിതി ചെയ്യുന്ന കഴുവൂര്‍ മൂലക്കര എല്‍.പി.എസ്. ഇത് ഒരു കുടിപ്പള്ളിക്കൂടമായി 1883-ല്‍ ആരംഭിച്ചതാണ്. മുര്യാതോട്ടം ഭഗവതിക്ഷേത്രം, ഊരൂട്ടുവിള ഭദ്രകാളിക്ഷേത്രം, ചൊവ്വര ശാസ്താക്ഷേത്രം പയറ്റുവിള ആര്‍.സി.ദേവാലയം, സി.എസ്.ഐ ദേവാലയം, അടിമലത്തുറ മുസ്ലീം ദേവാലയം, മരുതൂര്‍കോണം മഹാദേവക്ഷേത്രം, ആഴിമല ശിവക്ഷേത്രം, പുന്നക്കുളം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഫാത്തിമ മാതാ ചര്‍ച്ച്, അടിമലത്തുറ എന്നിവയാണ് കോട്ടുകാല്‍ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന ചൊവ്വര, പുളിങ്കുടി എന്നീ സ്ഥലങ്ങള്‍ പഞ്ചായത്തിന്റെ തെക്കേ മേഖലയിലാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രമണീയമായ സമുദ്രതീരം പടിഞ്ഞാറ് ഭാഗത്തുണ്ട്. ആറാലുംമൂട് മുതല്‍ ബാലരാമപുരത്തിന്റെ കിഴക്കുഭാഗം വരെ ഉള്‍പ്പെടുന്നതാണ് ഇന്നത്തെ കോട്ടുകാല്‍ വില്ലേജ്. ഈ വില്ലേജിനെ കോട്ടുകാല്‍, വിഴിഞ്ഞം എന്നീ വില്ലേജുകളായി വിഭജിച്ചു. 1961-ലെ ഉത്തരവു പ്രകാരം കോട്ടുകാല്‍ പഞ്ചായത്ത് നിലവില്‍ വന്നു.

കൊല്ലയില്‍

സാംസ്കാരികചരിത്രപശ്ചാത്തലം
ധനുവച്ചപുരം എന്ന പേര് സിദ്ധിക്കാനുള്ള കാരണം പണ്ട് പഞ്ചപാണ്ഡവന്മാര്‍ ഈ സ്ഥലത്തുകൂടി സഞ്ചരിച്ചിട്ടുളളതായും ആ സമയത്ത് ഇവിടെ നിന്ന് അര്‍ജ്ജുനന്‍ അമ്പ് എയ്തുവിട്ട ശേഷം വില്ല് താഴെ വെച്ചുവെന്നും അങ്ങനെ ഈ സ്ഥലത്തിന് “ധനുവച്ചപുരം” എന്ന പേരു ലഭിച്ചുവെന്നുമാണ് ഐതിഹ്യം. എയ്തുവിട്ട അമ്പ് ചെന്നുകൊണ്ട സ്ഥലമാണ് ഇന്നും ധനുവച്ചപുരത്തിനടുത്ത് എയ്തുകൊണ്ട കാണി എന്നറിയപ്പെടുന്നത്. ഹിന്ദുക്കളും ക്രിസ്താനികളും മുസ്ളീങ്ങളും ഇടകലര്‍ന്നുജീവിക്കുന്ന കൊല്ലയില്‍ പഞ്ചായത്തില്‍ വളരെ ശ്ളാഘനീയമായ മതസൌഹാര്‍ദ്ദമാണുള്ളത്. പുരാതനശില്പകലാമാതൃകകളുടെ ഉത്തമോദാഹരണമായാണ് ഇവിടുത്തെ ക്ഷേത്രങ്ങളും പള്ളികളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കരോട്ടുകോണം, ഈരാറ്റ്, നരിമുഹത്ത്, തേരുമ്മല്‍, പൊരതല്‍കോണം, കാലായില്‍, പനത്തടിക്കല്‍, നെടുംമ്പറമ്പില്‍ യക്ഷിഅമ്മന്‍ കോവിലുകള്‍ തുടങ്ങി നിരവധി ആരാധനാലയങ്ങളുണ്ട്. ധനുവച്ചപുരത്തുള്ള സിറിയന്‍ കാത്തലിക്, സി.എസ്.ഐ, ലൂദര്‍മിഷന്‍ തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന ക്രൈസ്തവദേവാലയങ്ങളാണ്. പഞ്ചായത്തില്‍ സാംസ്കാരികനവോത്ഥാനത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ക്കും, മറ്റു പൊതു സ്ഥാപനങ്ങള്‍ക്കും വഴിയൊരുക്കിയ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരുടെ വിലപ്പെട്ട സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. ഗ്രാമപഞ്ചായത്തില്‍ നിരവധി സാംസ്കാരികസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്താഫീസിനോടനുബന്ധിച്ച് ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്

കിഴുവിലം

സ്ഥലനാമ ചരിത്രം
“കിഴുനിലം” എന്ന സ്ഥല പേരാണ്  കാലക്രമത്തില്‍ കിഴുവിലമായി മാറിയതെന്ന് അറിയപ്പെടുന്നു. പഞ്ചായത്തിന്റെ ഭൂരിഭാഗവും നിലങ്ങളായിരുന്നു. നെല്‍കൃഷിയായിരുന്നു മുഖ്യവിള. കണ്ടുകൃഷി, പറയത്തുകോണം, പുരവൂര്‍, മരങ്ങാട്ടേല, തെന്നൂര്‍കോണം  ഏല, വലിയ ഏല, കിഴുവിലം ഏലാ എന്നിവ മൂന്നുപൂവും കൃഷി ചെയ്യുന്ന നിലങ്ങളായിരുന്നു. ഇക്കാരണങ്ങളാലാവാം കിഴുനിലം എന്ന് പേര് ലഭിച്ചത്. പുരവൂര്‍, പുളിമൂട്, ചെറുവള്ളിമുക്ക്, കുന്തള്ളൂര്‍, ചുമടുതാങ്ങി, കുന്നുവാരം, ഡീസന്റ് മുക്ക്, വൈദ്യന്റെ മുക്ക്, അടീക്കലം, തോട്ടവാരം, കുത്തിമുക്ക്, പൊട്ടന്റെമുക്ക്, വട്ട്മുക്ക്, കൊച്ചാലുംമൂട്, കുറക്കട, അണ്ടൂര്‍, പുകയിലത്തോപ്പ്, കൈലാത്തുകോണം, നൈനാംകോണം, പാവൂര്‍കോണം, തെങ്ങുംവിള, കാവിന്റെമൂല, കല്ലുകെട്ടി, കാട്ടുമുറാക്കല്‍, മുടപുരം, പൊയൂവിള, കമ്മാളകുന്ന്, പാലകുന്ന്, ഇരട്ടങ്കലുങ്ങ്, മുക്കാലുവട്ടം, മുളയറത്തലക്കാവ്, ശിവകൃഷ്ണപുരം, കണ്ടുകൃഷി, തെന്നൂര്‍കോണം എന്നിവ പ്രത്യേകമായി അറിയപ്പെടുന്ന സ്ഥലങ്ങളാണ്.
സ്വാതന്ത്ര്യ സമര ചരിത്രം
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ എടുത്തപറയത്തക്ക സ്ഥാനം പഞ്ചായത്തിനില്ല. എങ്കിലും സ്ക്കൂളുകളില്‍ നിന്നും മറ്റും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളായിരുന്നു. കുന്തള്ളൂര്‍ സ്കൂള്‍ അന്ന് മുസ്ലീം സ്കൂള്‍ ആയിരുന്നു. സ്വദേശി പ്രസ്ഥാനം ഇന്നാട്ടുകാരെ ആകര്‍ഷിച്ചിരുന്നു. കൈത്തറി നെയ്ത്ത് മിക്കവാറും എല്ലാ വീടുകളിലും ഉണ്ടായിരുന്നു. നൂലുചുറ്റല്‍, തെളിക്കല്‍, തറിനെയ്ത്ത് എന്നിവയും കയറുപിരിയ്ക്കലും മുഖ്യവരുമാനമാര്‍ഗ്ഗങ്ങളായി സ്വീകരിച്ചുകൊണ്ട് ഇന്നാട്ടുകാര്‍ സ്വദേശിപ്രസ്ഥാനത്തില്‍ പങ്കു ചേര്‍ന്നിരുന്നു.
സാമൂഹ്യ ചരിത്രം
കിഴുവിലം ഗ്രാമപഞ്ചായത്തില്‍ ഈഴവര്‍, നായര്‍, മുസ്ലീം, പുലയ,  കുറവ, പാണര്‍, തണ്ടാര്‍, ആശാരിമാര്‍, കൊല്ലപ്പണിക്കാര്‍, കുമ്മാളര്‍, ക്രിസ്താനികള്‍ തുടങ്ങിയവര്‍ വളരെ സൌഹാര്‍ദ്ദമായിട്ടാണ് കഴിഞ്ഞിട്ടുള്ളത്. ബാര്‍ട്ടര്‍ സിസ്റ്റം നിലനിന്നിരുന്നു. കൃഷിപ്പണിയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായം നല്‍കുന്നവര്‍ക്ക് വിളവെടുപ്പ് സമയത്ത് നെല്ല് കൂലിയായി നല്‍കിയിരുന്നു. തേങ്ങ ഇടുന്നതിന് തേങ്ങ തന്നെയായിരുന്നു കൂലിയായി  നല്‍കിയിരുന്നത്. അടയ്ക്ക, പുളി, മാങ്ങ എന്നിവ വിളവെടുക്കുന്നതിനും അതേ സാധനങ്ങള്‍ തന്നെ നല്‍കിയിരുന്നു. സാമുദായികമായോ രാഷ്ട്രീയമായോ മറ്റു തരത്തിലുള്ള  സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല. മദ്യപാനം, ചീട്ടുകളി എന്നിവ സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. തെങ്ങിന്‍കള്ള് ശേഖരിച്ച് വില്പന നടത്തിയിരുന്നു.
രാഷ്ട്രീയ ചരിത്രം
ആദ്യകാലത്ത് പഞ്ചായത്തില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. പില്‍ക്കാലത്ത് വിപ്ളവ പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുകയും കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുരോഗമനപരമായ ചിന്താഗതികളും ആശയങ്ങളും ജനങ്ങളെ ഏറെ സ്വാധീനിച്ചു. എങ്കിലും  കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ മാറിമാറി ജയിപ്പിച്ച ചരിത്രമാണ് പഞ്ചായത്തിനുള്ളത്.  എങ്കിലും പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ വൈരമല്ലാതെ മറ്റു സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ല.
ചരിത്രാവശിഷ്ടങ്ങള്‍
സമാധാനപരമായ ജീവിതം കാംക്ഷിയ്ക്കുന്ന ജനവിഭാഗമാണ് ഈ പഞ്ചായത്തിലുള്ളത്. ചുമടുതാങ്ങി ജംഗ്ഷനിലെ ചുമുടുതാങ്ങിക്കല്ല്, കാട്ടുമുറാക്കല്‍ എന്ന സ്ഥലത്ത് വാമനപുരം നദിയുടെ പോഷകനദിക്ക് കുറുകേ സ്ഥാപിച്ചിട്ടുള്ള കല്ല് കൊണ്ടുള്ള പാലം എന്നിവ രാജഭരണകാലത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സ്ഥാപിച്ചവയാണ്. ഇവ രണ്ടും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഇന്നും രാജപ്രൌഡിയോടെ നിലകൊള്ളുന്നു

കിളിമാനൂര്‍

ചരിത്ര പ്രസിദ്ധമായ കിളിമാനൂര്‍ കൊട്ടാരം നഷ്ട പ്രതാപത്തോടുകൂടി ഇന്നും കിളിമാനൂര്‍ പഞ്ചായത്തിലെ “ചൂട്ടയില്‍ ‍” എന്ന പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. ബ്രീട്ടിഷ് സാമ്രാജ്യത്തിനും അതിന്റെ ദുര്‍ഭരണത്തിനുമെതിരെ ആയുധമെടുത്ത് യുദ്ധം ചെയ്ത തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയ്ക്ക് ഈ കൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചരിത്ര രേഖകള്‍ ഉണ്ട്. ശത്രുപക്ഷത്തെ അരിഞ്ഞു വീഴ്ത്തിയെങ്കിലും സ്വന്തം പരാജയം ഉറപ്പായ ദളവാ തന്റെ ഉടവാള്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ ഏല്‍പ്പിച്ചിട്ടാണ് മണ്ണടിയിലേക്ക് യാത്രയായത്. ഈ വാള്‍ തലമുറകളായി കൊട്ടാരത്തിലെ അനന്തരാവകാശികള്‍ വളരെ ഭദ്രമായി സൂക്ഷിച്ചിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം 1956-ല്‍ ഈ വാള്‍, ഭാരതത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് കൊട്ടാരം അധികൃതരില്‍ നിന്നു ഏറ്റുവാങ്ങി രാഷ്ട്രത്തിന് സമര്‍പ്പിച്ചത് മുതിര്‍ന്ന തലമുറയില്‍പ്പെട്ടവര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും. ഈ കൊട്ടാരത്തിന് തിരുവിതാംകൂര്‍ രാജവംശവുമായി അടുത്ത ബന്ധമുണ്ട്. നാടുനീങ്ങിയ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിതാവ് ഈ കൊട്ടാരത്തിലെ കുടുംബാഗമായിരുന്നു. അതുപോലെ ലോകപ്രശസ്തിയാര്‍ജ്ജിച്ച ചിത്രകാരന്‍ രാജാ രവിവര്‍മ്മയും ഈ കൊട്ടാരത്തിലെ പുത്രനാണ്. കോപിഷ്ഠനായ ദുര്‍വ്വാസാവ് മഹര്‍ഷി ശകുന്തളയെ ശപിക്കുന്ന രംഗവും, നളചരിതത്തിലെ ദമയന്തി അരയന്നത്തിനെ ദൂതുമായയക്കുന്ന രംഗവും ചിത്രത്തിലാക്കാന്‍ വേണ്ട നിറക്കൂട്ട് ഉണ്ടാക്കിയതും അപൂര്‍വ്വ ചിത്രങ്ങള്‍ രചിച്ചതും ഈ കൊട്ടാരത്തില്‍ വച്ചായിരുന്നു. കൊട്ടാരം അധികാരികളുടെ ക്രൂര നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭം നയിച്ച ചരിത്രവും ഇവിടെയുണ്ട്. വര്‍ദ്ധിച്ച കരംപിരിവിനെതിരായും ജന്മിത്വത്തിനെതിരായും സംഘടിതമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളിലും, സ്വാതന്ത്യ്ര സമരത്തിലും അതിന്റെ ഭാഗമായി നടന്ന കടയ്ക്കല്‍ വിപ്ളവം, കാര്‍ഷിക സമരങ്ങള്‍ എന്നിവയിലും വിദ്യാര്‍ത്ഥികള്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

കാട്ടാക്കട

സാമൂഹ്യ - സാംസ്കാരിക ചരിത്രം
ഒരുകാലത്ത് നിബിഡമായ വനപ്രദേശമായിരുന്ന ഇവിടുത്തെ ആദിമനിവാസികള്‍ കാണിക്കാര്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ഗിരിവര്‍ഗ്ഗസമൂഹമാണ്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. പഴയകാലത്ത് കാട്ടാലിന്‍കടയില്‍ നടത്തപ്പെട്ടിരുന്ന പതിവു ഗ്രാമസമ്മേളനങ്ങള്‍ക്കുളള ഗ്രാമമുഖ്യരുടെ യാത്ര കാട്ടാല്‍ക്കടയിലേക്കുളള യാത്രയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പില്‍ക്കാലത്ത് അതു ലോപിച്ച് കാട്ടാക്കടയായി എന്നാണ് സ്ഥലനാമചരിത്രം സൂചിപ്പിക്കുന്നത്. ഗാന്ധിരാമകൃഷ്ണപിളള, പൊന്നറ ശ്രീധര്‍, ലക്ഷ്മണന്‍പിളള സാര്‍, ശാന്തിനികേതന്‍ കൃഷ്ണന്‍നായര്‍, സത്യനാഥന്‍ എന്നിവര്‍ ഈ പ്രദേശത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. കാട്ടാക്കട കേന്ദ്രമാക്കി ആരംഭിച്ച കസ്തുര്‍ബാ ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ ആദ്യ വായനശാല. ആദ്യകാലത്ത് കുളത്തുമ്മല്‍ പഞ്ചായത്ത് എന്നായിരുന്നു ഈ പഞ്ചായത്തിന്റെ പേര്. 1953-ലാണ് കാട്ടാക്കട പഞ്ചായത്ത് രൂപീകൃതമാവുന്നത്. 1963 - 1979 ലെ ഭരണസമിതിയുടെ കാലത്താണ് കുളത്തുമ്മല്‍ പഞ്ചായത്തിനെ കാട്ടാക്കട എന്ന് പുനര്‍നാമകരണം ചെയ്തത്. എട്ടിരുത്തി മാധവന്‍നായരായിരുന്നു കാട്ടാക്കട പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്. 500 വര്‍ഷത്തിലധികം പഴക്കമുളള ഒരു ആരാധനാലയമാണ് കാട്ടാല്‍ ശ്രീ ഭദ്രകാളീദേവീക്ഷേത്രം. മൊളിയൂര്‍ ക്ഷേത്രം, ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങള്‍. ക്രിസ്ത്യന്‍കോളേജ് ഫോര്‍  ആര്‍ട്സ് & സയന്‍സ്, പങ്കജകസ്തൂരി ആയൂര്‍വേദിക് മെഡിക്കല്‍ കോളേജ്, പി.ആര്‍.വില്യം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങള്‍.

കാരോട്

കാരോട് എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല.  എ.ഡി. 923-ലെ പാര്‍ത്ഥിവപുരം ശിലാ ലിഖിതത്തില്‍ കിരാത്തൂര്‍, പൊഴിയൂര്‍, കുളത്തൂര്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്  (അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂര്‍ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്.  കാന്തല്ലൂര്‍ശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാര്‍ത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കന്‍മാരുടെ അതിര്‍ത്തി അയിര ആയിരുന്നു.  അയിരയ്ക്ക് വടക്കുള്ള വടവൂര്‍കോണം പണ്ട് പടവൂര്‍ക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാര്‍ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാന്‍ ഈ പടനിലം ഉപയോഗിച്ചിരിക്കാം.

കരവാരം

കാരോട് എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല.  എ.ഡി. 923-ലെ പാര്‍ത്ഥിവപുരം ശിലാ ലിഖിതത്തില്‍ കിരാത്തൂര്‍, പൊഴിയൂര്‍, കുളത്തൂര്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്  (അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂര്‍ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്.  കാന്തല്ലൂര്‍ശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാര്‍ത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കന്‍മാരുടെ അതിര്‍ത്തി അയിര ആയിരുന്നു.  അയിരയ്ക്ക് വടക്കുള്ള വടവൂര്‍കോണം പണ്ട് പടവൂര്‍ക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാര്‍ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാന്‍ ഈ പടനിലം ഉപയോഗിച്ചിരിക്കാം.

കാഞ്ഞിരംകുളം

കേരളസംസ്ഥാന രൂപീകരണത്തിനു മുന്‍പു തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പ്രദേശമാണ് കാഞ്ഞിരംകുളം. 1938-ല്‍ നെയ്യാറ്റിന്‍കര താലൂക്കുസഭയുള്‍പ്പെടെ നിരവധി പ്രാദേശിക വികസന സമിതികള്‍ രൂപം കൊണ്ടിരുന്നു. 1930 കളില്‍ തന്നെയാണ് ഗ്രാമോദ്ധാരണ സമിതിയും (വില്ലേജ് അപ്ലിഫ്റ്റ്മെന്റ് കമ്മിറ്റി) വൈ.എം.ബി എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന യംഗ് മെന്‍സ് ബ്യൂറോയും രൂപീകരിക്കപ്പെടുന്നത്. അക്കാലത്ത് ഗ്രാമത്തിലെ ഏറിയ പങ്കു പ്രബുദ്ധ യുവാക്കളും വൈ.എം.ബിയിലെ അംഗങ്ങളായിരുന്നു. കുമുളി സേഫ്വാട്ടര്‍ പ്രോജക്ടിനു വേണ്ടിയുള്ള ഭൂമി ദാനമായി നല്‍കിയത് വൈ.എം.ബിയായിരുന്നു. 1949-ല്‍ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും സംയോജനത്തിനു ശേഷമായിരുന്നു കാഞ്ഞിരംകുളം പഞ്ചായത്ത് രൂപംകൊള്ളുന്നത്. കാഞ്ഞിരംകുളം വില്ലേജു പ്രദേശവും കഴിവൂര്‍ വില്ലേജിന്റെ ഒരു ഭാഗവും ചേര്‍ത്താണ് കാഞ്ഞിരകുളം പഞ്ചായത്ത് രൂപീകൃതമാവുന്നത്.

കല്ലിയൂര്‍

സാമൂഹ്യ-സാംസ്കാരിക ചരിത്രം
1960-തില്‍ കല്ലിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. കല്ലുകളുടെ ഊരാണ് കല്ലിയൂര്‍ ആയതെന്ന് പറയപ്പെടുന്നു. ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിന്  700 വര്‍ഷത്തെ പഴക്കമുമുണ്ട്. ഈ ക്ഷേത്രത്തിലെ അന്‍പതു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം തെക്കേയിന്ത്യയില്‍ തീര്‍ത്ഥാടനാധിഷ്ഠിതമല്ലാത്ത ഏറ്റവും നീണ്ട ഉത്സവമെന്ന ഖ്യാതി നേടിയിട്ടുള്ളതാണ്. പ്രസിദ്ധമായ കാളീക്ഷേത്രമുള്ള നാടായതിനാല്‍ കാളിയുടെ ഊര് എന്നതാവാം കല്ലിയൂര്‍ എന്നായി മാറിയതെന്നും കരുതാം. കാളിയൂട്ടു മഹോത്സവമെന്ന പേരിലുള്ള ക്ഷേത്രോത്സവം മൂന്നുവര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് നടക്കുന്നത്. ദേവിയെ അന്നമൂട്ടുക എന്നാണ് കാളിയൂട്ട് എന്നതിനര്‍ത്ഥം. വെള്ളായണി ദേവീക്ഷേത്രം, തൃക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ഈ പഞ്ചായത്തിലെ അതിപുരാതന ക്ഷേത്രങ്ങള്‍. വണ്ടിത്തടം ശിവക്ഷേത്രം, റോമന്‍ കത്തോലിക്കാ പള്ളി, സി.എസ്.ഐ പള്ളി, സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, ശാന്തിവിളയിലെ കുറുവാണി മുസ്ലീം പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. 1955-ല്‍ സ്ഥാപിതമായ വെള്ളായണി കാര്‍ഷിക കോളേജ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് സര്‍വ്വോദയം എന്ന പേരില്‍ ഒരു ഖാദി യൂണിറ്റ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇവിടെ ആരംഭിച്ചിരുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അപൂര്‍വ്വയിനം രത്നക്കല്ലുകളുടെ വന്‍നിക്ഷേപമുണ്ട്.  മുന്‍കാലത്ത് ധാരാളമാളുകള്‍ക്ക് ഇവിടെനിന്നും വൈഡ്യൂര്യക്കല്ലുകള്‍ ലഭിച്ചിട്ടുണ്ട്.

കള്ളിക്കാട്

ദേശചരിത്രം
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന  കള്ളിക്കാട് ഗ്രാമം ഒരു കാര്‍ഷിക മേഖലയായിരുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വനാന്തരങ്ങളായിരുന്നു. ആയൂര്‍വേദ ഔഷധസസ്യങ്ങളുടെ പൂങ്കാവനമായിരുന്ന അഗസ്ത്യാര്‍കൂടത്തില്‍ ആയൂര്‍വേദത്തിന്റെയും ജ്യോതിഷത്തിന്റേയും ആചാര്യനെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചതായും, അഗസ്ത്യര്‍ യാഗകുണ്ഠത്തില്‍ ഒഴിച്ച നെയ്യ് വഴിഞ്ഞൊഴുകിയതാണ് ‘നെയ്യാര്‍ ‘ എന്നുമാണ് ഐതിഹ്യം. അമ്പൂരി പഞ്ചായത്ത് നിലവില്‍ വരുന്നതുവരെ, കള്ളിക്കാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു അഗസ്ത്യാര്‍കൂടം. വള്ളിയാര്‍, മുല്ലയാര്‍, കരമനയാര്‍ , കുഴിത്തുറയാര്‍ എന്നീ നദികള്‍ ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. അഗസ്ത്യ മലമുകളില്‍ നിന്നും ഉത്ഭവിച്ച് കീഴ്ക്കാംതൂക്കായി കാനന സാങ്കേതങ്ങളിലൂടെ ഒഴുകി കൊമ്പൈ, മീന്‍മുട്ടി എന്നീ ജലപാദങ്ങളെ തൊട്ടുണര്‍ത്തി നെയ്യാര്‍നദി ജനവാസ പ്രദേശത്തേക്ക് കടക്കുന്നത് കള്ളിക്കാട് ഗ്രാമത്തിലാണ്.  കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ പൌരാണിക ചരിത്രമുറങ്ങുന്ന ക്ഷേത്രമാണ് മൈലക്കര-മങ്കാരമുട്ടം ശിവക്ഷേത്രം. ഈ ക്ഷേത്രത്തിന് 500 - വര്‍ഷത്തിലേറെ പഴക്കമുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനേയും, എട്ടുവീട്ടില്‍ പിള്ളമാരേയും ചുറ്റിപ്പറ്റി ധാരാളം കഥകള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെടുത്തി പഴമക്കാര്‍ പറയുന്നുണ്ട്. ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോട്ടയ്ക്കകം നമ്പൂതിരി ഇല്ലമായിരുന്നുവത്രെ.  പിന്നീടത്  ഒരു പുരാതന നായര്‍ ‍കുടുംബത്തിന്റെ വകയായി മാറി. അന്നത്തെ വഴിയമ്പലവും, ചുമടുതാങ്ങിയും, പൊതുകിണറും ഇന്നും നിലനില്‍ക്കുന്നു. പഴയകോട്ടപ്പുറം, കോട്ടയ്ക്കകം എന്നീ സ്ഥലങ്ങള്‍ക്കും ക്ഷേത്രവുമായി ബന്ധമുണ്ട്. കാളിപാറ, ശാസ്താംപാറ, വില്ലിടുംപാറ, ദ്രവ്യപ്പാറ എന്നീ പാറകള്‍ക്ക് വീരണകാവ് ശാസ്താ ക്ഷേത്രവുമായി ബന്ധമുള്ള ഐതിഹ്യങ്ങള്‍ നില്‍നില്‍ക്കുന്നു. വനം, ജലാശയം, നെയ്യാര്‍നദി, കിഴ്ക്കാംതൂക്കായ മലഞ്ചരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെയാണ് ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതി. വാര്‍ത്താവിനിമയബന്ധങ്ങളോ, യാത്രാസൌകര്യമോ, വിദ്യാഭ്യാസ പശ്ചാത്തലമോ തീരെ ഇല്ലാത്തതും ജനവാസം തീരെ കുറഞ്ഞതുമായ ഒരവികസിത മേഖലയായിരുന്നു കള്ളിക്കാട് ഗ്രാമം. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടെയാണ് നമ്മുടെ ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരമുണ്ടായത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ചെറുവാളക്കോണം സെന്റ് അന്നാസ് എല്‍.പി.എസും പിന്നീടു വന്ന മൈലക്കര ലൂഥറന്‍ എല്‍.പി.എസ്സുമാണ് പ്രൈമറി വിദ്യാഭ്യാസരംഗത്ത് ഈ ഗ്രാമത്തിന് ഒരു മുതല്‍ക്കൂട്ടായി മാറിയത്. പി.കൃഷ്ണപിള്ള സാറും സാമുവല്‍ സാറും ഫേനിസാറും ഈ പ്രദേശത്തെ പഴമക്കാരുടെ ഗുരുനാഥരാണ്. പട്ടികവര്‍ഗ്ഗ മേഖലയായ വ്ളാവെട്ടിയിലും, കുട്ടമലയിലും സര്‍ക്കാര്‍ തലത്തില്‍ പിന്നീട് ഓരോ പ്രൈമറിസ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.നെയ്യാര്‍ ജലസേചന പദ്ധതിയുടെ ആവിര്‍ഭാവത്തോടെ ഈ ഗ്രാമത്തിന്റെ സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലും ഇതര മേഖലകളിലും  പുരോഗതിക്ക് നാന്ദി കുറിച്ചു. നെയ്യാര്‍ഡാം പദ്ധതിയുടെ ഉപജ്ഞാക്കളായ ഡോ:ജി.രാമചന്ദ്രന്‍, മുന്‍മന്ത്രി ജി.ചന്ദ്രശേഖര പിള്ള എന്നിവരെ ഇന്നാട്ടുകാര്‍ക്ക് മറക്കാനാകില്ല. 1955-ല്‍ നെയ്യാര്‍ ഡാം സൈറ്റില്‍ ഒരു ഗവ:എല്‍.പി.എസ് സ്ഥാപിച്ചു. നെയ്യാര്‍ഡാമില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിനുവേണ്ടി പഞ്ചായത്തും നാട്ടുകാരും നിരന്തരം നിവേദനം നല്‍കിയിരുന്നു. ഫലമില്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ നിയമ നിഷേധത്തിന് തയ്യാറായി. രാഷ്ട്രീയത്തിന് അതീതമായി നടന്ന ഹൈസ്കൂള്‍ സമരത്തില്‍ പങ്കെടുത്ത് 300-ല്‍പ്പരം പേര്‍ ജയിലിലടയ്ക്കപ്പെട്ടു. ഈ സമരത്തിന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും, വൈസ് പ്രസിഡന്റായിരുന്ന കള്ളിക്കാട് ഗംഗനും നേതൃത്വം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 1964-ല്‍  ആണ് നെയ്യാര്‍ ഹൈസ്ക്കൂള്‍ യാഥാര്‍ത്ഥ്യമായത്. അന്നത്തെ ജലസേചനവകുപ്പു മന്ത്രിയായിരുന്ന അന്തരിച്ച റ്റി.കെ.ദിവാകരന്‍ ഇറിഗേഷന്റെ വകയായിരുന്ന സ്ഥലവും കെട്ടിടവും ഹൈസ്കൂളിന് നല്‍കുന്നതിനുവേണ്ടി വളരെയധികം സഹായിച്ചിട്ടുണ്ട്. വളരെ പരിമിതമായ ആളുകള്‍ക്കേ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ. കാട്ടാക്കട ഹൈസ്ക്കുളാണ് ഉപരി പഠനത്തിനുണ്ടായിരുന്ന ഏക ആശ്രയം. ഈ മലയോര ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരി ആര്‍.സുകുമാരപ്പിള്ളയാണ്. യാത്രാ സൌകര്യം വളരെ പരിമിതമായിരുന്നതും പില്‍ക്കാലത്ത് സ്റ്റേറ്റ് ഹൈവേയായി മാറിയ നെടുമങ്ങാട് ഷൊര്‍ളക്കോട് റോഡും, ഒറ്റശേഖരമംഗലം മുകുന്ദറ റോഡും, കാട്ടാക്കട കള്ളിക്കാട് റോഡും മാത്രമാണ് ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. വാഹന ഗതാഗതം അക്കാലത്ത് തീരെ ഇല്ലായിരുന്നു. കാളവണ്ടിയും, വില്ലുവണ്ടിയുമായിരുന്നു അന്നത്തെ ഗതാഗതോപാധികള്‍. ക്രമേണ കാട്ടാക്കടയില്‍ നിന്നും രണ്ട് പ്രൈവറ്റ് ഓപ്പണ്‍ബോഡി ബസ്സുകള്‍ കള്ളിക്കാട് വഴി നെടുമാങ്ങാട്ടേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്നു. നെയ്യാര്‍ഡാമിന്റെ ആവിര്‍ഭാവത്തോടെയാണ് ഗതാഗത സൌകര്യം ഉണ്ടായത്. 1964-ല്‍ ഉദ്ഘാടനം ചെയ്ത മുകുന്ദറ പാലത്തിന്റെ പൂര്‍ത്തീകരണം മലഞ്ചരക്ക് കൃഷിയിടങ്ങളായ മലയോര ജനവാസ കേന്ദ്രങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായി മാറി. ഇതോടെയാണ് അമ്പൂരി, വെള്ളറട, കടുക്കറ, ചെമ്പക്കപ്പാറ തുടങ്ങിയ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. കുടിയേറ്റക്കാരായ ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം ഇതിനു പിന്നില്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉലയന്‍കോണം, നിരപ്പുക്കാല, പന്ത എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യ ബസ് സര്‍വ്വീസിന്റെ ശില്പിയായിരുന്ന അന്തരിച്ച പി.വി.കുര്യന്റെ സേവനം സ്മരണീയമാണ്. കൊല്ലവര്‍ഷം 1099-ല്‍ പ്രവര്‍ത്തനമാരംഭിച്ച മുകുന്ദറ പരസ്പര സഹായ സഹകരണ സംഘമാണ് ഇവിടുത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി മാറിയ കള്ളിക്കാട് 668-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. പ്രവര്‍ത്തനരഹിതമായിക്കിടന്ന ഈ സംഘത്തെ വളര്‍ത്തുന്നതിന് പരിശ്രമിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന വി.പി.കൃഷ്ണപിള്ള, ആര്‍.ബാലകൃഷ്ണ പിള്ള, കള്ളിക്കാട് ഗംഗന്‍, എ. വേലായുധന്‍ പിള്ള എന്നിവരാണ്. 1961-ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നെട്ടുകാല്‍ത്തേരിയില്‍, വനം വെട്ടിത്തെളിച്ച പ്രദേശത്ത്, രാഷ്ട്രീയത്യാഗം അനുഭവിച്ച അഭ്യസ്തവിദ്യര്‍ക്കുവേണ്ടി റബ്ബര്‍ പ്ലാന്റേഷന്‍ അനുവദിച്ചത്. മൂന്നരയേക്കര്‍ സ്ഥലം വീതം 91 പേര്‍ക്ക് നല്‍കിയതോടെ ഇവര്‍ തോട്ടമുടമകളായി മാറി. ഇതേത്തുടര്‍ന്ന് ഒരു റബ്ബര്‍ പ്ലാന്റേഷന്‍ സഹകരണ സംഘവും രൂപീകൃതമായി. 1962-ല്‍ കേരളത്തിലെ ആദ്യത്തെ പരീക്ഷണ സംരംഭമായ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് തുടക്കം കുറിച്ചു. ഇന്നിവിടെ കേരളത്തിലെ വിവിധ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 300-ല്‍പ്പരം തടവുകാരെ പാര്‍പ്പിക്കുന്നു. 1981-ല്‍ നെയ്യാര്‍ഡാം പോലീസ് ഔട്ട് പോസ്റ്റ് ഒരു ചാര്‍ജ്ജിങ്ങ് സ്റ്റേഷനായി രൂപാന്തരപ്പെട്ടു. മൈലക്കര, വ്ലാവെട്ടി, മരക്കുന്നം എന്നിവിടങ്ങളില്‍ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളുകള്‍, ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രം, ഫിഷ് സിഡ് ഫാം, സിംഹം സഫാരി പാര്‍ക്ക്, മീന്‍ വളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ജലാശയത്തില്‍ ഉല്ലാസ സവാരി നടത്തുന്നതിനുള്ള ബോട്ട് ക്ലബ് എന്നിവയും നെയ്യാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. തേവന്‍കോട് പട്ടികജാതി കോളനിയും വ്ലാവെട്ടി, നാരകത്തിന്‍കുഴി എന്നീ പട്ടികവര്‍ഗ്ഗ കോളനികളുമാണ് ആദ്യകാല പട്ടികജാതി-പട്ടികവര്‍ഗ്ഗ സങ്കേതം. പരിഷ്കാരത്തിന്റെ പ്രകാശനാളങ്ങള്‍ എത്തിപ്പെടാതെ കിടന്നിരുന്ന വ്ലാവെട്ടി ആദിവാസി സാങ്കേതം നെയ്യാര്‍ഡാമില്‍ നിന്ന് യാത്രസൌകര്യം സജ്ജമാക്കിയതോടെ ഒരു നാട്ടിന്‍പുറമായി മാറി. 1954-ല്‍ രൂപികൃതമായ നവജീവന്‍ ഗ്രന്ഥശാല സംസ്ക്കാരിക-വിജ്ഞാനരംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചക്ക് നാട്ടുകാരും, കേരള ഗ്രന്ഥശാലാ സംഘവും, കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റിയും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിരുന്നു.
സംസ്ക്കാരം
ആദിവാസി സംസ്ക്കാരവും ഗതകാല ജന്മി-കുടിയാന്‍ വ്യവസ്ഥിതിയും ഉള്‍ച്ചേര്‍ന്ന ഒരു സങ്കലന സംസ്കാരത്തില്‍ നിന്നാണ് ഈ പഞ്ചായത്തിന്റെ സംസ്കാരിക പശ്ചാത്തലം രൂപപ്പെടുന്നത്. അന്ധവിശ്വാസത്തിന്റെ പേരില്‍ ഭൂവുടമകള്‍ ആദിവാസി തലവന്മാരെ ഉപയോഗിച്ച് കാര്‍ഷിക വിഭവങ്ങളെ സംരക്ഷിച്ചു പോരുന്ന ഒരു അവസ്ഥ ഇവിടെ നില നിന്നിരുന്നു. നല്ലൊരു വിഭാഗം ആദിവാസികള്‍  വനവിഭവങ്ങള്‍ സംഭരിച്ച് വിപണനം നടത്തി ഉപജീവനം നടത്തിയിരുന്നു. ചികിത്സാ രംഗത്ത് മന്ത്രവാദ രീതികള്‍ അവലംബിച്ചും, പച്ചമരുന്നുകള്‍ ഉപയോഗിച്ചുമാണ് ഏറെ ജനങ്ങളും ചികിത്സകള്‍ ചെയ്തിരുന്നത്. ഗതാഗത രംഗത്ത് കാളവണ്ടികളും വില്ലുവണ്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി മറ്റ് ദിക്കുകളിലേക്ക് സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഈ പ്രദേശത്ത് നിലനിന്നിരുന്ന ഫ്യൂഡല്‍വ്യവസ്ഥിതിയില്‍ അടിമത്തം അനുഭവിച്ചിരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്ക്  ക്രിസ്ത്യന്‍മിഷണറിമാരുടെ വരവോടെയാണ്, വിദ്യാഭ്യാസ-സംസ്കാരിക മേഖലകളില്‍ മുന്നോട്ട് വരാന്‍ കഴിഞ്ഞത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. മുന്നോക്ക-പിന്നോക്ക സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഈ പ്രദേശത്ത് ജാതി-മത ചിന്തയുടെ പേരില്‍ ഇന്നവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

 

കല്ലറ

ചരിത്രം
റോഡു നിര്‍മ്മാണത്തിനിടയിലും കെട്ടിടനിര്‍മ്മാണ വേളയില്‍ തറ ഇടിച്ച് നിരത്തിയപ്പോഴും മിതൃമ്മലയിലും പരിസരപ്രദേശങ്ങളിലും മണ്ണിനടിയില്‍ നിന്നും കിട്ടിയ മണ്‍കലങ്ങളും ലോഹോപകരണങ്ങളും അവയിലെ കരകൌശലപ്പണികളും പുരാതനമായൊരു സംസ്കാരത്തിന്റെ കഥ പറയുന്നു. മിതൃമ്മല ക്ഷേത്രത്തിന് മുന്നിലെ തോട്ടിലുണ്ടായിരുന്ന ഇത്തരം വസ്തുക്കളും  കൂറ്റന്‍ ഒറ്റക്കല്‍ പാലങ്ങളും അങ്ങിങ്ങ്  അവശേഷിച്ചിരിക്കുന്ന കൂറ്റന്‍ എണ്ണയാട്ടു ചക്കുകളും പഴയ അമ്പലങ്ങളിലെ ശില്‍പങ്ങളും, കല്ലുവരമ്പില്‍ കോട്ടയും പഴയകാലത്തെ വസ്തു കൈമാറ്റ ആധാരങ്ങളും (സെറ്റില്‍മെന്റ് രജിസ്റ്റര്‍) പഴമയുടെ സാക്ഷിപത്രങ്ങളായ  ചരിത്രസാമഗ്രികളായി  പരിഗണിക്കാം.
സ്ഥലനാമചരിത്രം
പ്രകൃതിദത്തമായ അറയോടു കൂടിയ പാറകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടാണ് കല്ലറ എന്ന പേര് ഉണ്ടായതെന്നാണ് ഒരു അഭിപ്രായം. കല്ലറ ജംഗ്ഷന്റെ കിഴക്ക് ഭാഗത്തുള്ള പാറമുകളില്‍ അത്തരം അറയോടു കൂടിയ പാറ ഇന്നുമുണ്ട്. കല്ലില്‍ അറ ക്രമേണ കല്ലറയായി എന്നും പറയപ്പെടുന്നു. ഇത്തരം അറകള്‍ ചിലയിടങ്ങളില്‍ കണ്ടിട്ടുള്ളതാണ് ഈ  അഭിപ്രായത്തിനു കാരണം. പണ്ടെങ്ങോ വടക്ക് കല്ലടശേരിയില്‍ നിന്നും ഒരു വല്ല്യമ്മ ഭര്‍ത്താവ് മരിച്ചശേഷമുള്ള അനാഥാവസ്ഥയില്‍ ഇന്നത്തെ മാടന്‍നടയ്ക്കു സമീപം വന്ന് താമസമുപ്പറപ്പിച്ചുവത്രെ. അവരില്‍ നിന്നാണ് കല്ലറ കുടുംബക്കാരുടെ തുടക്കം. അവര്‍ കൊണ്ടു വന്നിരുന്ന ആരാധനാമൂര്‍ത്തിയായ ശിലയാണ് മാടന്‍നടയിലെ ആദ്യത്തെ പ്രതിഷ്ഠ. കല്ലടശ്ശേരിയില്‍ നിന്നും വന്നവരില്‍ നിന്നാണ് ‘കല്ലറ’ എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. കല്ലടശ്ശേരി  ‘കല്ലറശ്ശേരി’യായി ‘ട’  കാരം ‘റ’ കാരമായി മാറി. “ ശ്ശേരി “ കാലക്രമേണ ലോപിച്ചതായി കരുതണം. സ്ഥലനാമത്തെക്കുറിച്ചുള്ള മറ്റൊരഭിപ്രായം ഭൂപ്രകൃതിസംബന്ധമായുള്ളതാണ്. കല്ലറയും പരിസരപ്രദേശങ്ങളും ഉണ്ടക്കല്ലുകള്‍ നിരന്ന ഭൂവല്‍ക്കത്തോടുകൂടിയതായിരുന്നു എന്നതുകൊണ്ട് പ്രസ്തുത ഭൂപ്രകൃതിക്ക് ‘കല്‍തറ’ യെന്ന് ആളുകള്‍ പേരിട്ടു. കല്‍തറ ക്രമേണ ‘കല്ലുതറ’ യായും ഉച്ചാരണാര്‍ത്ഥം  ‘കല്ലറ’ യായും പരിണമിച്ചുവെന്നാണ് മറ്റൊരു വാദഗതി.
കല്ലറ സമരം
പഞ്ചായത്തില്‍ രണ്ട് പൊതുമാര്‍ക്കറ്റുകളാണ് ഉള്ളത്. കല്ലറ മാര്‍ക്കറ്റും മരുതുംമൂട് മാര്‍ക്കറ്റും. കല്ലറ മാര്‍ക്കറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് സ്ഥാപിതമായത്. കാര്‍ഷിക പ്രധാനമായ ഈ പ്രദേശത്തിന്റെ സാമ്പത്തികരംഗത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായകഘടകങ്ങളാണ് ഈ മാര്‍ക്കറ്റുകള്‍. ആദ്യകാലങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളായിരുന്നു ഈ മാര്‍ക്കറ്റ്. ഇന്ന് പഴയ ചന്ത അറിയപ്പെടുന്ന സ്ഥലത്താണ് ആദ്യകാലത്ത് ഈ ചന്ത പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കല്ലറ ജംഗ്ഷനിലേക്ക് മാറ്റിയത്. ആദ്യകാലത്ത് വെള്ളിയും തിങ്കളുമായിരുന്നു ചന്ത ദിവസങ്ങള്‍. പിന്നീട് തിങ്കളും വ്യാഴവും ചന്തദിവസങ്ങളാവുകയും ചെയ്തു. ഈ ചന്ത ജനങ്ങളുടെ സാമ്പത്തികജീവിതം മാത്രമല്ല നിയന്ത്രിച്ചത്. ജനങ്ങളുടെ സാംസ്കാരിക-സാമുഹിക-രാഷ്ട്രീയ ജീവിതത്തേയും രൂപപ്പെടുത്തുന്ന വേദിയായി ഈ മാര്‍ക്കറ്റ്. ജനങ്ങള്‍ക്ക് പരസ്പരം കാണാനും കാര്യങ്ങള്‍ സംസാരിക്കാനും പരിചയം പുതുക്കാനുമുള്ള അവസരമായിരുന്നു ചന്ത ദിവസം അവര്‍ക്ക് ലഭിച്ചിരുന്നത്. കൊ.വ 1114 ല്‍ നടന്ന കല്ലറ-പാങ്ങോട് സമരത്തിന്റെ ആദ്യ ചിന്തകള്‍  രൂപപ്പെട്ടതും ഈ ചന്തയില്‍ നിന്നാണ്. ചന്തയില്‍ കൂടാനിരുന്ന യോഗമാണ് ഒരു ജനക്കൂട്ടത്തിന്റെ പ്രക്ഷോഭമായി ഉരുത്തിരിഞ്ഞ് പോലീസ് സ്റ്റേഷന്‍ ആക്രമണമായി രൂപാന്തരപ്പെട്ടത്.  രാജവാഴ്ചയില്‍ ദിവാന്‍ഭരണത്തില്‍, തഹസീല്‍ദാര്‍മാര്‍ക്കായിരുന്നു ചന്തക്കരം പിരിവിനുള്ള ചുമതലയും ലേലം ചെയ്തുകൊടുക്കാനുള്ള അധികാരവും. പോലീസും ഗുണ്ടകളും കോണ്‍ട്രാക്ടര്‍ക്ക് സഹായികളായപ്പോള്‍ എന്തക്രമവും നടത്താന്‍ കോണ്‍ട്രാക്ടര്‍ തുനിഞ്ഞതില്‍ നിന്നാണ് പ്രക്ഷോഭത്തിന്റെ തുടക്കം. ഈ പ്രദേശത്ത് ആദ്യമായി അനുവദിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായിരുന്നു ഇപ്പോള്‍ പാങ്ങോട് പഞ്ചായത്തില്‍പ്പെട്ട പഴയ  പോലീസ് ഔട്ട് പോസ്റ്റ്. കന്നി 14-ാം തീയതി സ്റ്റേറ്റ് കോണ്‍ഗ്രസുകാരുടെ വലിയയൊരു പൊതുയോഗം കല്ലറ വച്ചുനടത്താന്‍ നിശ്ചയിച്ചിരുന്നു. പ്രമുഖരായ പല നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ചന്ത കോണ്‍ട്രാക്ടറും അയാളുടെ സില്‍ബന്ധികളും കൂടി ചന്തയില്‍ നടത്തിവന്നിരുന്ന അക്രമപ്പിരിവിനെയും (ഗേറ്റുപിരിവും റോഡില്‍ ടോള്‍പിരിവും) ചന്തയിലെത്തുന്ന സ്ത്രീകളോടുള്ള അപമര്യാദയായ പെരുമാറ്റത്തെയും സ്ഥലത്തെ കോണ്‍ഗ്രസുകാര്‍ ചെറുത്തുവന്നിരുന്നു. കന്നി 8-ാം തീയതി കല്ലറച്ചന്തയില്‍ കോണ്‍ട്രാക്ടറും നാട്ടുകാരും തമ്മില്‍ വാഗ്വാദങ്ങളുണ്ടായ പശ്ചാത്തിലായിരുന്നു വിപുലമായൊരു പൊതുയോഗം നടത്താനും കോണ്‍ഗ്രസ്സ് നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചിരുന്നത്. തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കല്ലറ പ്രക്ഷോഭമായി വളര്‍ന്നത്. റിസര്‍വ്വ് പോലീസും, ഗുണ്ടകളും ചേര്‍ന്ന് നാട്ടുകാരെ അതിക്രൂരമായി അടിച്ചൊതുക്കി. വെടിവെപ്പില്‍ ആളുകള്‍ മരിച്ചുവീണു. ഖദര്‍ധാരികളായ സമരസേനാനികളും നാട്ടുകാരും പോലീസ് തേര്‍വാഴ്ചയെ ധീരമായി ചെറുത്തുനിന്നത് സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്.

കഠിനംകുളം

സ്ഥലനാമ ഐതിഹ്യം
ഉദ്ദേശം ഏഴു ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഒരു ചെറു ഭൂചലനത്തിന്റെ ഫലമായി കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് സമുദ്രതീരത്തിനു സമീപം വളരെ ആഴവും വിസ്തീര്‍ണ്ണവുമുളള ഒരു കുളം രൂപപ്പെടുകയും പിന്നീട് വലിയകുളം എന്ന പേരില്‍ ക്ഷേത്രത്തിന്റെ വകയായിതീരുകയും ചെയ്തുവത്രെ. ഇന്നു കാണുന്ന മുതലപ്പൊഴി മേല്‍പ്പറഞ്ഞ ഭൂചലനത്തിനു മുമ്പ് ഇവിടെ ആയിരുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇവിടെ നിന്നും തുടങ്ങുന്ന വിസ്തീര്‍ണ്ണമുളള കായല്‍ പ്രദേശം തന്നെയാണ് അതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നത്. പില്‍ക്കാലത്ത് കായലിന്റെ പല ഭാഗങ്ങളും നികത്തി തൊണ്ട് പൂഴ്ത്തുന്നതിനുളള വട്ടങ്ങളാക്കിത്തീര്‍ത്തു. മേല്‍പ്പറഞ്ഞ കുളത്തിന്റെ ആഴവും വിസ്തീര്‍ണ്ണവും കണക്കിലെടുത്താണ് കഠിനംകുളം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.  കഠിനംകുളം കായല്‍പ്രദേശം വലിയ കുളമായിരുന്നന്നും മറ്റു കായലുകളെ അപേക്ഷിച്ച് ഇതുവഴിയുളള യാത്ര അതീവ ദുഷ്കരമായിരുന്നന്നും പറയപ്പെടുന്നു. ഏതു സമയവും ക്ഷോഭമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷപ്പെടാന്‍ പ്രയാസമായിരുന്നതിനാലാണ് ഈ കായലിനെ കഠിനംകുളം കായല്‍ എന്നുവിളിക്കുന്നതെന്നും ഇതില്‍ നിന്നാകാം കഠിനംകുളം എന്ന പേര് ലഭിച്ചതെന്നും നിഗമനമുണ്ട്. ഈ പ്രദേശങ്ങള്‍ ചതുപ്പു നിലങ്ങളായിരുന്നു എന്നുളളതിന് തെളിവായി മേനംകുളം, വിളയില്‍കുളം, ചേന്ത്രക്കുളം എന്നീ സ്ഥലനാമങ്ങള്‍ ചൂണ്ടിക്കാണിക്കാം.
ദേശചരിത്രം
വേണാട് സ്വരൂപത്തിന്റെ അതിര്‍ത്തി ഉള്ളൂര്‍ വരെ ആയിരുന്നല്ലോ. ആ കാലഘട്ടത്തില്‍ കഠിനംകുളം കായല്‍ ഒരു മുഖ്യ ഗതാഗത മാര്‍ഗ്ഗമായിരുന്നു എന്നും അനുമാനിക്കപ്പെടുന്നു. തിരുവിതാംകൂറിലെ രാജാക്കന്മാര്‍ കണിയാപുരം പുത്തന്‍കടവുവരെ കരമാര്‍ഗ്ഗവും അവിടെ നിന്നു ജലമാര്‍ഗ്ഗവും സഞ്ചരിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. അക്കാലത്ത് ജലഗതാഗതം ഒരു പ്രധാന സഞ്ചാരമാര്‍ഗ്ഗം ആയിരുന്നതുകൊണ്ടാണ് പില്‍ക്കാലത്ത് പാര്‍വ്വതീപുത്തനാര്‍ വെട്ടുന്നതിന് പ്രേരകമായിട്ടുളളതെന്നു കരുതുന്നു. ആ കാലഘട്ടത്തില്‍ വളളക്കടവു മുതല്‍ കൊച്ചി വരെ ചരക്കുകള്‍ ജലമാര്‍ഗ്ഗമാണ് കൊണ്ടുപോയിരുന്നത്. ഉണ്ണുനീലി സന്ദേശത്തിലും മയൂര സന്ദേശത്തിലും കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തെക്കുറിച്ചും ചേരമാന്‍തുരുത്ത് പ്രദേശത്തെക്കുറിച്ചും പാര്‍വ്വതീപുത്തനാറിനെക്കുറിച്ചും പരാമാര്‍ശങ്ങളുണ്ട്.  കഠിനംകുളം ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ ജാതിമത ഭേദമെന്യെ വിശ്വാസപൂര്‍വ്വം നെഞ്ചിലേറ്റിയ ഒരു ജനവിഭാഗം ഇവിടെയുണ്ടായിരുന്നു. ഈ വീക്ഷണത്തെ ബലപ്പെടുത്തുന്ന ഒരു ഐതിഹ്യം പറഞ്ഞു കേള്‍ക്കുന്നു. പണ്ടെന്നോ കഠിനംകുളം ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുളള കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ചിലര്‍ വല വലിച്ചു കയറ്റിയപ്പോള്‍ വലയ്ക്കുളളില്‍ വളരെ വിശിഷ്ടമായ ഒരു തടി കാണുകയുണ്ടായത്രെ. അവര്‍ അതെടുത്ത് കടലിലേക്കെറിഞ്ഞിട്ട് വീണ്ടും വലയിട്ടപ്പോള്‍ രണ്ടാമതും ആ തടി വലയില്‍ കുടുങ്ങിവന്നുപോലും. ശല്യമായല്ലോ എന്നുകരുതി ദേഷ്യം വന്ന മീന്‍പിടിത്തക്കാരിലാരോ അതിനെ അടിച്ചപ്പോള്‍ അതില്‍നിന്നും മനുഷ്യരക്തം തുളുമ്പുന്നതായി കണ്ട് അത്ഭുതപ്പെട്ട് ദൈവീക സാന്നിധ്യം അതിലുണ്ടെന്ന് അനുമാനിക്കുകയും കഠിനംകുളം മഹാദേവരുടെ പ്രതിപുരുഷനായിരുന്നു അതെന്ന് അവര്‍ക്ക് ബോധ്യമാകുകയും ചെയ്തു. ഇക്കാരണത്താലാണ് കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ടായതെന്നും പഴമക്കാര്‍ പറയുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ടു ദര്‍ശനമുളള ഒരേ ഒരു ക്ഷേത്രമാണിത്. ഇപ്പോഴും മീന്‍പിടിത്തക്കാര്‍ മത്സ്യം ലഭിക്കുന്നതിനായി ക്ഷേത്രത്തില്‍ കാണിക്കയും മറ്റു വഴിപാടുകളും അര്‍പ്പിക്കാറുണ്ട്.  സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപം നല്‍കിയ പ്രാദേശികസഭകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തനനിരതമായിരുന്നു. കണിയാപുരം പ്രാദേശികസഭയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. കഠിനംകുളം പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന ഹാജി അബൂബക്കര്‍ കുഞ്ഞു ലബ്ബ പ്രാദേശിക സഭാംഗമായിരുന്നു. ദണ്ഡിയാത്രയില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത എഡ്വേര്‍ഡ് ഗോമസ് കഠിനംകുളം പഞ്ചായത്തിലെ പുത്തന്‍തോപ്പ് നിവാസിയാണ്. സുഭാഷ് ചന്ദ്രബോസ് രൂപം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ (ഐ.എന്‍.എ) പുതുക്കുറിച്ചിയിലെ ബോണിഫെസ് പെരേര സജീവ പങ്കാളിയായിരുന്നു. ബോണിഫൈസ് പെരേര ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആളായിരുന്നു.  ബഹുജന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി കഠിനംകുളം പ്രദേശത്തും ജനകീയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. പച്ചത്തൊണ്ടുതൊഴിലാളി സമരമാണ് ആദ്യമായി നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികള്‍ അന്ന് കഠിനംകുളം കായലില്‍ തൊണ്ടുവളളങ്ങള്‍ താഴ്ത്തുകയുണ്ടായി. കയര്‍ത്തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കിയത് കാട്ടായിക്കോണം ശ്രീധര്‍, കാട്ടായിക്കോണം സദാനന്ദന്‍, എം.കെ.അലിമുഹമ്മദ് എന്നീ നേതാക്കളായിരുന്നു. ഈ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കയര്‍മേഖലയിലെ തൊഴിലാളികള്‍ സംഘടിത സമരത്തിന് ആരംഭം കുറിച്ചത്. കയര്‍ മേഖലയില്‍ വര്‍ഗ്ഗസമര പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ ഫലമായാണ് തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവു ലഭിക്കാനും അധ്വാനഭാരം ക്രമീകരിക്കാനും കഴിഞ്ഞത്. 1958 കാലഘട്ടം ആയപ്പോഴേക്കും കയര്‍ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് കയര്‍ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു

കടയ്ക്കാവൂര്‍

സ്ഥലനാമ ചരിത്രം
കടയ്ക്കാവൂര്‍ എന്ന സ്ഥലപ്പേര് ലഭിച്ചതിനു പിന്നില്‍ വ്യത്യസ്തങ്ങളായ ഐതീഹ്യങ്ങളാണ് നിലനില്‍ക്കുന്നത്. കടലും കായലും ചെര്‍ന്നു കിടക്കുന്ന പ്രദേശമെന്ന നിലയില്‍ കടല്‍-കായല്‍-ഊര് എന്നത് കടയ്ക്കാവൂര്‍ ആയി പരിണമിച്ചു എന്നതാണ് ഒരു കഥ. കടയ്ക്കാവൂരിന്റെ ഉയര്‍ന്ന പ്രദേശങ്ങളായ മേല്‍കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ അടയ്ക്കാ ഉല്പാദനം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അടയ്ക്കാഊരെന്ന് ഈ പ്രദേശത്തെ വിളിച്ചുവരുകയും കാലക്രമേണ അത് കടയ്ക്കാവുരെന്ന് മാറുകയും ചെയ്തു എന്നതാണ് മറ്റൊരു വാദം. ഒരുവശത്ത് വാമനപുരം നദിയും മറുഭാഗത്ത് അഞ്ചുതെങ്ങു കായലും മറ്റൊരു ഭാഗമായ പാലാംകോണം പ്രദേശത്ത് നിബിഡമായ വനവും ഉണ്ടായിരുന്നതിനാല്‍ കടക്കാന്‍ കഴിയാത്ത ഊര് “കടക്കിറതുക്ക് റൊമ്പ കഷ്ടമാന ഊര്” എന്ന പ്രയോഗത്തില്‍ നിന്നും കടയ്ക്കാവൂര്‍ എന്ന പേരു ലഭിച്ചു എന്നും പറയപ്പെടുന്നു.
സാംസ്ക്കാരിക ചരിത്രം
നാട്ടുരാജ്യമായ വേണാടിന്റെ ഭാഗമായിരുന്ന ഈ ദേശത്ത് വന്നുചേര്‍ന്ന തമിഴ് ബ്രാഹ്മണ വിഭാഗങ്ങളുടെ തമിഴ് സംസ്ക്കാരവും തെങ്ങുകൃഷിക്കായി സിലോണില്‍ നിന്നു വന്നവരുടെ സിംഹള സംസ്ക്കാരവും ചേര്‍ന്ന ഒരു സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. അതോടൊപ്പം ക്രൈസ്തവ സംസ്ക്കാരവും, ഇസ്ലാമിക സംസ്ക്കാരവും കടയ്ക്കാവൂരിന്റെ സംസ്കാരിക പാരമ്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ഹൈന്ദവരും മുസ്ലീങ്ങളും ക്രൈസ്തവരും ഉള്‍പ്പെടെയുള്ള നാനാജാതി മതസ്തരും പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന കടയ്ക്കാവൂര്‍ ഗ്രാമം മത സൌഹാര്‍ദ്ദത്തിന് മാതൃകാപരമായ ഉദാഹരണമാണ്. വ്യത്യസ്ത ജാതിമതസ്ഥരുടെ മുപ്പത്തിനാലോളം ആരാധനാലയങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. ഓരോ ഹൈന്ദവ ക്ഷേത്രത്തിലും പൊങ്കാല, കാവടി, കുതിര എടുപ്പ്, ഗരുഡന്‍ തൂക്കം, തെയ്യം, കുത്തിയോട്ടം, തോറ്റംപാട്ട് തുടങ്ങിയ വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളാണ് നിലനില്‍ക്കുന്നത്. കാളിദാസ ഗ്രന്ഥശാല, മഹാത്മാഗാന്ധി റിക്രിയേഷന്‍ ക്ലബ്, ജവഹര്‍ സ്മാരക ഗ്രന്ഥശാല, ശ്രീനാരായണ വിലാസം വായനശാല തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ കാലപ്പഴക്കം കൊണ്ടും പുസ്തക ശേഖരത്തിന്റെ വൈപുല്യം കൊണ്ടും കാളിദാസ ഗ്രന്ഥശാലയാണ് മുമ്പില്‍ നില്‍ക്കുന്നത്. ഏകദേശം 8000-ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയാണിത്. കേരളത്തില്‍ നൃത്ത സംബന്ധിയായി ഇന്നു നിലവിലുള്ള ഏക പ്രസിദ്ധീകരണമായ നൃത്യകലാരംഗം ഈ പഞ്ചായത്തില്‍ നിന്നാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ നാടക സംഘത്തിന് തുടക്കം കുറിക്കുന്നത് കടയ്ക്കാവൂരില്‍ നിന്നാണ്. കുഞ്ഞു കൃഷ്ണ പണിക്കരുടെ നേതൃത്വത്തില്‍ നടന്നിരുന്ന എസ്.എസ് സഹൃദയ നന്ദിനി നടനസഭയില്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ്, ഓച്ചിറ വേലുക്കുട്ടി, മാധവനാശാന്‍, കൊച്ചുകൃഷ്ണനാശാന്‍ തുടങ്ങി അന്നത്തെ പ്രശസ്തരായ പല കലാകാരന്മാര്‍ വരികയും നാടക പരിശീലനം നടത്തുകയും ചെയ്തിരുന്നു. ചികിത്സാ രംഗങ്ങളില്‍ കാവുങ്ങല്‍ കൊച്ചുരാമന്‍ വൈദ്യര്‍, താഴത്തയില്‍ കൃഷ്ണന്‍ വൈദ്യര്‍, കീഴാറ്റിങ്ങല്‍ തെങ്ങുവിള നീലകണ്ഠന്‍ വൈദ്യര്‍ തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമായ ഭിഷ്വഗ്വരന്മാര്‍ ഈ പഞ്ചായത്തിന്റെ പുത്രന്മാരാണ്. സ്വതന്ത്ര ഇന്ത്യയില്‍ അംഗീകൃത തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രദേശത്ത് പല തൊഴിലാളി സംഘടനകളും രൂപീകൃതമാവുകയും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനപ്പെട്ടവയാണ് സ്വതന്ത്ര നാവികത്തൊഴിലാളി യൂണിയന്‍, നെയ്ത്തു തൊഴിലാളി യൂണിയന്‍, കേരള കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍, ചിറയിന്‍കീഴ് താലൂക്ക്  സിനിമാ തൊഴിലാളി യൂണിയന്‍ എന്നിവ.

ഇലകമണ്‍

സ്ഥലനാമ ഐതിഹ്യം
തിരുവനന്തപുരം ജില്ലയില്‍ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ കിടക്കുന്ന ഒരു ഗ്രാമമാണ് ഇലകമണ്‍. ഇലമം എന്നായിരുന്നു പണ്ട് ഇലകമണിന്റെ പേര്. ഇലകമണ്‍ പഞ്ചായത്തിന്റെ ചരിത്രം അയിരൂരില്‍ (ഐരൂര്‍) നിന്നാരംഭിക്കുന്നു. അഞ്ചുമൂര്‍ത്തികളായ ശ്രീകൃഷ്ണന്‍, ശിവന്‍, ശാസ്താവ്, ഗണപതി, മുരുകന്‍ എന്നിവര്‍ ലോകം ചുറ്റി സഞ്ചരിച്ച് ക്ഷീണിച്ച് ഇവിടെ എത്തി. സസ്യശ്യാമള ശീതളവും സോപാന സദൃശവുമായ ഈ ചെറുകുന്നിന്‍ പ്രദേശത്തെ തഴുകി ഒഴുകുന്ന ആറും ആറ്റിന്‍ തീരവും, പടിഞ്ഞാറു നിന്നുള്ള കാറ്റും ഇവരെ വല്ലാതാകര്‍ഷിച്ചു. അങ്ങനെ ഈ ഐവര്‍ (അഞ്ചു പേര്‍) വസിച്ച സ്ഥലമായതുകൊണ്ട് ഐരൂര്‍ എന്ന സ്ഥലനാമമുണ്ടായി എന്നാണ് ഐതിഹ്യം. സമീപ പ്രദേശത്തു കാണുന്ന നെല്‍വയലുകള്‍ ഊമന്‍പിള്ളി അകവൂര്‍മഠക്കാര്‍ക്കായിരുന്നു. ഇവര്‍ക്കായിരുന്നു ക്ഷേത്ര ഭരണമെന്നും പറയപ്പെടുന്നു. ആ ക്ഷേത്രത്തില്‍ അഞ്ചുമൂര്‍ത്തികള്‍ വാഴുന്നതിനാല്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രമെന്നുമറിയപ്പെടുന്നു.
സാംസ്ക്കാരിക ചരിത്രം
പണ്ടത്തെ ദേശിങ്ങനാടിനേയും വേണാടിനേയും വേര്‍തിരിച്ചിരുന്ന അതിര്‍ത്തി ഇലകമണ്‍ പ്രദേശമായിരുന്നു. ചാവര്‍കാവിനടുത്ത് അടുത്തകാലത്ത് ഗുഹകള്‍ കണ്ടെത്തിയിരുന്നു. മനുഷ്യവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളും ആയുധങ്ങളുടെ തുരുമ്പെടുത്ത അവശിഷ്ടങ്ങളും ഇവിടെ കാണാം. പഞ്ചപാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് താമസിച്ചിരുന്ന സ്ഥലമായതുകൊണ്ട് “പാണില്‍” എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്നത്തെ കൊല്ലന്റഴികം ആയുധമുണ്ടാക്കുവാന്‍ വേണ്ടി കൊല്ലന്‍മാര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു എന്നുമാണ് ഐതിഹ്യം. ഇലവുംമൂട്ടില്‍ ഒരു ശാസ്താക്ഷേത്രമുണ്ട്. കടവിന്‍കര ഭഗവതിക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്തു വരുന്നത് ഈ ക്ഷേത്രത്തിലാണ്. മാവേലിക്കര കൊട്ടാരത്തിലുള്ള കൊ.വ.750-ലെ ചെമ്പുപട്ടയത്തില്‍ ഈ ക്ഷേത്ര മഹാത്മ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പണ്ടുകാലത്ത് യുദ്ധത്തിന് പരിശീലനം ലഭിച്ച യോദ്ധാക്കളെ കൊടുത്തിരുന്നത് ഇലകമണിലെ മാടമ്പിമാരായിരുന്നു. കളരിക്കല്‍, മേച്ചേരി എന്നീ വീടുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. അന്നത്തെ പല്ലക്കുചുമട്ടുകാര്‍ കൂറാന്‍മാര്‍ എന്നാരു വര്‍ഗ്ഗക്കാരായിരുന്നു. കൂറാന്‍പുരയിടം, പണിക്കലഴികം എന്നീ വീടുകളും ഇപ്പോഴുമുണ്ട്.  ഇലകമണ്‍ മാധവപുരത്ത് അച്ചുതക്കുറുപ്പ് ശാസ്ത്രികള്‍ രചിച്ച “മാതൃഭൂമി” എന്ന പുസ്തകത്തിലെ (പേജ് 33) ഒരു പ്രസക്തഭാഗം ഇങ്ങനെയാണ്. “മുകിലന്മാരുടെ പടയോട്ടക്കാലത്ത് സൈന്യം താവളമടിച്ച സ്ഥലത്തിന് പാളയംകുന്ന് എന്ന പേരു കിട്ടി. പാളയംകുന്നില്‍ താവളമടിച്ച് സൈന്യം ആക്രമണത്തിന് തയ്യാറായി. അതിനടുത്തുള്ള കടവിന്‍കര ക്ഷേത്രക്കാവിലുള്ള വലിയ മരത്തില്‍ കടന്നല്‍ക്കൂട്ടങ്ങള്‍ കൂടു കെട്ടിയിരുന്നു.  യുദ്ധത്തിന്റെ കാഹളംവിളി മുഴങ്ങി. അക്കരെ മുകിലന്‍മാരും ഇക്കരെ നമ്മുടെ പടയാളികളും. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍. പെട്ടെന്ന് കാവിനുള്ളിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട്ടില്‍ അമ്പുകള്‍ തുരുതുരാ പായിച്ചു. കൂട്ടത്തോടെ കടന്നലുകള്‍ മുകിലസേനകളെ ആക്രമിക്കാന്‍ തുടങ്ങി. കടന്നല്‍കുത്തു സഹിക്കാന്‍ കഴിയാതെ സേനകള്‍ നാലുപാടും പലായനം ചെയ്തു. നമ്മുടേ സേനകള്‍ മുന്നേറി. ശത്രുക്കള്‍ തോറ്റു പിന്‍തിരിഞ്ഞോടി”. പഞ്ചായത്തില്‍ നാനജാതി മതസ്ഥരായ ജനങ്ങളുടെ ആരാധനാലയങ്ങള്‍ ഉണ്ട്. നടവറകായലിനു സമീപത്താണ്  സുപ്രസിദ്ധമായ അയിരൂര്‍ സെന്റ്തോമസ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്.

ഇടവ

സാംസ്കാരികചരിത്രം
നൂറ്റാണ്ടുകളായി ഹിന്ദു-മുസ്ലീം മൈത്രിയുടെ മകുടോദാഹരണമാണ് ഇടവാ പഞ്ചായത്ത്. പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മറ്റു പ്രദേശങ്ങള്‍ വ്യാവസായിക-വാണിജ്യ പുരോഗതി ഉന്നം വച്ച് നീങ്ങിയപ്പോള്‍ ഇടവാ പഞ്ചായത്ത് കൂടുതലായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. പ്രശസ്ത സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ.പൊറ്റക്കാടിന്റെ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇടവയില്‍ നിന്നു അനേകം പേര്‍ മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലെത്തി. ഒരുപക്ഷേ പ്രസ്തുത രാജ്യങ്ങളില്‍ ആദ്യം എത്തിച്ചേര്‍ന്ന മലയാളികള്‍ ഇടവാ സ്വദേശികളായിരുന്നു എന്നാണു അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. ഇവരില്‍ പ്രഥമഗണനീയ വ്യക്തിയായിരുന്നു ശ്രീ എം.ആര്‍.മുഹമ്മദുകുഞ്ഞു സ്രാങ്ക്. അദ്ദേഹം നേടിയ സമ്പത്തില്‍ ഗണ്യമായ ഭാഗം പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിക്കായി വിനിയോഗിച്ചു. ഇടവാ മുസ്ലീം ഹൈസ്കൂള്‍, ഇടവാ കുഞ്ചിയന്‍ വിളാകം മിഡില്‍ സ്കൂള്‍ എന്നിവയുടെ സ്ഥാപകന്‍ അദ്ദേഹമായിരുന്നു. കാപ്പില്‍ പബ്ളിക് ലൈബ്രറിക്കു കെട്ടിടം പണിയുവാന്‍ സ്ഥലം സംഭാവനയായി നല്‍കിയതും അദ്ദേഹം തന്നെയായിരുന്നു. ഇടവായുടെ സാമൂഹ്യ-സംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തന വിജയം നേടിയ ഒരു സ്ഥാപനമാണ് സി.എം.പ്രസ്സ് എന്ന പേരില്‍ അറിയപ്പെടുന്ന കോറനേഷന്‍ മെമ്മോറിയല്‍ പ്രസ്സ്. ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ സ്മരണയ്ക്കായി കൊല്ലവര്‍ഷം 1107-ലാണ് പ്രസ്തുത മുദ്രണശാല സ്ഥാപിക്കപ്പെട്ടത്. ഇടവാ മുട്ടിയാന്‍വിള വീട്ടില്‍ എം.എസ്.ജമാല്‍മുഹമ്മദ് & ബ്രദേഴ്സ് സ്ഥാപിച്ച് ദക്ഷിണേന്ത്യയിലാകെ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന ഈ പ്രസ്സില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, അറബി, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ മുദ്രണം നടത്തിയിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റ് പ്രൈമറി ക്ലാസ്സുകളിലേക്കുള്ള അറബി പാഠപുസ്തകങ്ങള്‍ വളരെക്കാലം ഈ പ്രസ്സില്‍ നിന്നാണ് അച്ചടിച്ച് വിതരണം ചെയ്തിരുന്നത് എന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. 1957-ല്‍ പ്രഥമ കേരള മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്ന ശ്രീ റ്റി.എ.മജിദ് ഈ പഞ്ചായത്തിലെ സല്‍പുത്രന്മാരില്‍ പ്രമുഖനായിരുന്നു. ഇടവാ പഞ്ചായത്തിന്റെ സാംസ്കാരികചരിത്രം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടും പ്രഥമപരിഗണന അര്‍ഹിക്കുന്ന മഹനീയസ്ഥാപനങ്ങളാണ് ശ്രീ വിവേകാനന്ദവിലാസം ഗ്രന്ഥശാലയും എം.ആര്‍.മെമ്മോറിയല്‍ ഗ്രന്ഥശാലയും കാപ്പില്‍ പബ്ളിക് ലൈബ്രറിയും. 1942-ല്‍ സ്ഥാപിച്ച ശ്രീ വിവേകാനന്ദ വിലാസം ഗ്രന്ഥശാല നമ്മുടെ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രാചീനമായ ഗ്രാമീണ ലൈബ്രറികളില്‍ ഒന്നാണ്. കേരള ഗ്രനഥശാലാ സംഘത്തിന്റെ രൂപീകരണത്തിന് മുമ്പായിരുന്നു ഇതിന്റെ സ്ഥാപനം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ പഞ്ചായത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എട്ട് വായനശാലകളില്‍ ആറെണ്ണത്തിലും ഗ്രന്ഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഇടവാ കാപ്പില്‍ പ്രദേശത്തിന്റെ സാംസ്കാരിക നവോത്ഥാനത്തില്‍ പ്രമുഖസ്ഥാനമാണ് കാപ്പില്‍ പബ്ളിക് ലൈബ്രറിക്കുള്ളത്.

ചിറയിന്‍കീഴ്

ചിറയിന്‍കീഴ് സ്ഥലനാമ ചരിത്രം
സീതാപഹരണ സമയത്ത് രാവണനെ പിന്തുടര്‍ന്ന ജഡായുവിന്റെ  ചിറകിന്‍കീഴിലായിരുന്നു ഈ പ്രദേശമെന്നതാണ് ഒരു ഐതിഹ്യം. അതല്ലാ, ചിറകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിന്‍കീഴ് എന്നും വിശ്വാസമുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ഉല്‍പത്തിയ്ക്കും അപ്പുറത്താണ് ഈ കാര്‍ഷിക ഗ്രാമത്തിന്റെ ചരിത്രം. എ.ഡി 9-ം നൂറ്റാണ്ടു മുതല്‍ മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ വാമനപുരം നദിക്ക് സമീപം തങ്ങിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചെക്കിഴാരുടെ പെരിയപുരാണത്തില്‍ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തശേഷം അദ്ദേഹം തന്റെ സുഹൃത്തും സഹചാരിയുമായിരുന്ന സുന്ദരന്‍മൂര്‍ത്തി നായനാരെ കാണാന്‍ തിരുവാരൂര്‍ വരെ പോകുകയുണ്ടായെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് മടങ്ങിയെത്തിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന കൊട്ടാരവും കോടതിയും തികഞ്ഞ ശിവഭക്തനായിരുന്ന പെരുമാള്‍ തന്ന നിര്‍മ്മിച്ച കേളേശ്വരം ശിവക്ഷേത്രവും രാജകീയപ്രൌഢിയുള്ള അനുബന്ധകെട്ടിടങ്ങളും ഒരു കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. ഈ ചരിത്രാവശിഷ്ടങ്ങള്‍ക്ക് വളരെ അകലെയല്ലാതെ കാണുന്ന പ്രകൃതിരമണീയമായ സമുദ്രതീരം പെരുമാതുറയെന്നാണ് അറിയപ്പെടുന്നത്. പെരുമാള്‍തുറ ലോപിച്ചാണ് സ്ഥലത്തിന്  ഈ പേര്  സിദ്ധിച്ചതെന്ന വിശ്വാസം ചേരമാന്‍ പെരുമാളിനെ സംബന്ധിക്കുന്ന ഐതിഹ്യത്തിനു ബലം നല്‍കുന്നു.
പ്രാദേശിക ചരിത്രം
ആധുനിക തിരുവിതാംകൂറിന്റെ ഉദയം ഈ ഗ്രാമത്തിന്റെ ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ശാര്‍ക്കര ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചമയവിളക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ വഴിപാടാണ്. വഴിപാട് നടത്തിപ്പിനായി മഹാരാജാവിന്റെ പ്രതിനിധികള്‍ സര്‍വ്വാഭരണ വിഭൂഷിതരായി സേവകരുടെ അകമ്പടിയോടെ എത്തിക്കഴിഞ്ഞാല്‍ ക്ഷേത്ര പരിസരത്തുള്ള കൊട്ടാരം വക കെട്ടിടത്തിലാണ് കഴിച്ചുകൂട്ടുന്നത്. ഭഗവതി കൊട്ടാരം എന്നു പേരുള്ള ഈ കെട്ടിടത്തിലാണ് ഇന്ന് ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുറേയധികം കുടംബങ്ങളും ഈ ഗ്രാമത്തിലുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് മഹാരാജാവ് എഴുന്നുള്ളുമ്പോള്‍ അദ്ദേഹത്തിന് മുന്നിലായി രാജകീയ ചിഹ്നമുള്ള കൊടിപിടിക്കുന്നത് ഈ ഗ്രാമത്തിലെ പ്രസിദ്ധനായ ആക്കോട്ട് ആശാനായിരുന്നു. ബോംബെ കഴിഞ്ഞാല്‍  ഇംഗ്ലീഷുകാരുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും പ്രധാന നാവികകേന്ദ്രം അഞ്ചുതെങ്ങായിരുന്നു. ബ്രിട്ടീഷ്  അധീനതയിലുള്ള അഞ്ചുതെങ്ങില്‍ പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ സൈന്യത്തിനു അധികാരമുണ്ടായിരുന്നില്ല. ഈ ഗ്രാമത്തെ അഞ്ചുതെങ്ങുമായി ബന്ധിക്കുന്ന കടത്തുകളിലെല്ലാം ചെക്ക് പോസ്റ്റുകളും സെക്യൂരിറ്റി ഗാര്‍ഡുകളും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരായും ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയും പോരാട്ടം നടത്തിയ ഈ നാട്ടിലെയും മറുനാട്ടിലെയും നേതാക്കള്‍ സി.പി.യുടെ പോലീസിനെ ഭയന്ന് ബ്രീട്ടിഷ് താവളമായ അഞ്ചുതെങ്ങില്‍ അഭയം തേടിയിരുന്നു.
സംസ്ക്കാരികചരിത്രം
ഗ്രാമത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ശാര്‍ക്കര ദേവീക്ഷേത്രം ദക്ഷിണ കേരളത്തിലെ എണ്ണപ്പെട്ട പൌരാണിക ദേവീക്ഷേത്രങ്ങളിലൊന്നാണ്. പൌരാണിക കാലത്ത് കലയുടെയും സാഹിത്യത്തിന്റേയും സംഗമസ്ഥാനം കൂടിയായിരുന്ന ഈ ക്ഷേത്രം കൊല്ലവര്‍ഷം 70-ാം ആണ്ടില്‍ സ്ഥാപിതമായതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രോല്‍പ്പത്തി മുതല്‍ക്കുതന്നെ ഉത്സവങ്ങള്‍ പതിവായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം ആക്രമിക്കാന്‍ പോകുമ്പോള്‍ വിശ്രമിക്കാന്‍ തെരഞ്ഞെടുത്തത് ഈ പ്രദേശമായിരുന്നു. ക്ഷേത്രത്തിനു പുറത്തുള്ള പ്രധാന റോഡിനു ഇരുവശവും കാണുന്ന കടകള്‍ ഉള്‍പ്പെട്ട പ്രദേശം പാളയം (പടയാളികള്‍ തമ്പടിച്ച സ്ഥലം) എന്നാണ് ഇന്നും അറിയപ്പെടുന്നത്. മഹാരാജാവിന് വളരെയധികം പ്രയാസങ്ങളുണ്ടാക്കിയ ഈ യുദ്ധത്തില്‍ വിജയിച്ചാല്‍ ഈ ദേവിക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം കാളിയൂട്ട് നടത്തിക്കൊള്ളാമെന്ന് രാജാവ് നേര്‍ന്നിരുന്നതായി ഐതിഹ്യമുണ്ട്. ഉജ്ജ്വലമായൊരു സാംസ്കാരിക പൈതൃകത്തിനും മത മൈത്രിക്കും പ്രസിദ്ധമാണീ ഗ്രാമം. ശാര്‍ക്കര ദേവീക്ഷേത്രത്തിനും അതിനടുത്ത പ്രദേശമായ കാട്ടുമുറാക്കല്‍ മുസ്ലീം ദേവാലയത്തിനും വസ്തുക്കള്‍ ദാനം ചെയ്തത് ഒരേ കുടംബക്കാരാണ്. ഇംഗ്ളീഷുകാര്‍ ഈ ഗ്രാമത്തില്‍ അരയ തുരുത്തിയില്‍ നടത്തിയ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ സ്ഥാപിച്ച ദേവാലയത്തിനും ഈ ഗ്രാമീണര്‍ സര്‍വ്വവിധ പിന്തുണയും നല്‍കി. ഇങ്ങനെ മതമൈത്രിയും, സഹോദര്യവും ഒത്തുചേര്‍ന്ന സാംസ്കാരിക പൈതൃകം ഈ ഗ്രാമത്തിന്റെ ഉദാത്ത വീക്ഷണത്തിന്റെ തെളിവാണ്. ഗ്രാമീണര്‍ ദക്ഷിണ കേരളത്തിലേയും, തമിഴ്നാട്ടിലേയും എണ്ണപ്പെട്ട നാടക കമ്പനികളെ വരുത്തി നാടകം ആസ്വദിക്കുക പതിവായിരുന്നു. അക്കാലത്ത് പ്രസിദ്ധമായിരുന്ന കാക്കരശ്ശി നാടകം ക്ഷേത്രോത്സവങ്ങള്‍ കലാസംഗമത്തിന്റ വേദികളായിരുന്നു. അയിത്തവും തീണ്ടലും നിലനിന്നിരുന്ന കാലത്തു പോലും ക്ഷേത്രോത്സവം ഗ്രാമത്തിന് ലഹരിയായിരുന്നു. ഈഴവര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്ര പ്രവേശനം ഈ ഗ്രാമത്തിലും നിഷിദ്ധമായിരുന്നു. ശാര്‍ക്കര ദേവീക്ഷേത്രത്തിനും കുറേയധികം അകലെ നിന്ന് തൊഴുതു മടങ്ങുകയായിരുന്നു പതിവ്. ഈ അനാചാരങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അലയടിച്ചുയര്‍ന്ന മുന്നേറ്റങ്ങള്‍ ഈ ഗ്രാമത്തെ വളരെയധികം സ്വാധീനിച്ചു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അയിത്തത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും ക്ഷേത്ര പ്രവേശനത്തിനും സാമുഹ്യ സമത്വത്തിന് വേണ്ടിയുണ്ടായ ചായക്കട വഴക്ക് പോലുള്ള സമരങ്ങള്‍ക്കും ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. സാമൂഹ്യ നീതിക്കുവേണ്ടി തിരുവിതാംകൂറില്‍ നടന്ന പ്രഥമ മുന്നേറ്റങ്ങളിലൊന്നായിരുന്നു ശീലവഴക്ക് (നാടാര്‍ ലഹള). താഴ്ന്ന ജാതിക്കാര്‍ക്ക് സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്നതുപോലെ മേല്‍വസ്ത്രം ധരിക്കാന്‍ അക്കാലത്ത് അനുവാദമുണ്ടായിരുന്നില്ല. വസ്ത്ര ധാരണത്തിനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണ തിരുവിതാംകൂറിലുണ്ടായ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിന്റെ അലകള്‍ ഈ ഗ്രാമീണരേയും സ്വാധീനിച്ചു. 1829-ല്‍ അന്നത്തെ തിരുവിതാംകൂര്‍ റാണി പാര്‍വ്വതീഭായി തമ്പുരാട്ടിയുടെ വിളംബരത്തെതുടര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ലഭ്യമായി. എന്നാല്‍ മേല്‍മുണ്ടു ധരിക്കാനുള്ള അവകാശം 1859-ലാണ് ഉണ്ടായത്. നൂറ്റാണ്ടുകളുടെ പഴമയും പേറിനില്‍ക്കുന്ന ക്ഷേത്രങ്ങളും, പള്ളികളും പുരാതന പാശ്ചാത്യ-പൌരസ്ത്യ നിര്‍മ്മാണ കലയുടെ സമന്വയം സൂചിപ്പിക്കുന്നവയാണ്. ഒട്ടനവധി ഐതിഹ്യങ്ങളുടെ കലവറയായ ഈ ആരാധനാലയങ്ങളില്‍ ചിലത് കൊല്ലവര്‍ഷാരംഭത്തിലും, മറ്റു ചിലത് യുറോപ്യന്മാരുടെ ആഗമനത്തിന് ശേഷമുള്ളവയുമാണ്. ശാര്‍ക്കര ദേവീക്ഷേത്രം, കേളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആള്‍സെയിന്‍സ് ചര്‍ച്ച് അരയാതുരുത്തി, മിയാപള്ളി, പണ്ടകശാല തുടങ്ങിയവ പൌരാണിക നിര്‍മ്മിതിക്കുദാഹരണങ്ങളാണ്. ആധുനിക തിരുവിതാംകൂറിലുണ്ടായ സാമൂഹ്യവും, സാംസ്കാരികവുമായ പുരോഗതി ഈ ഗ്രാമത്തേയും സ്വാധീനിച്ചിട്ടുണ്ട്. കലാ-സംസ്ക്കാരിക മേഖലകളില്‍ ഗ്രാമത്തിനാകെ സഹായകമായ ഭഗവതിവിലാസം ഗ്രന്ഥശാല ഈ പ്രദേശത്തിലെ ഗ്രന്ഥശാലകളുടെ മുത്തശ്ശിയായി ഇന്നും തുടരുന്നു. ആയോധന കലകളും ക്ഷേത്ര പരിസരത്ത് വികാസം പ്രാപിച്ചിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആക്കോട്ട് ആശാന്മാരുടെ കളരി ഇന്നും നിലനില്‍ക്കുന്നു. ഈ ക്ഷേത്ര പരിസരത്തും ഗ്രന്ഥശാലയിലും ഹരിശ്രീ കുറിച്ച കലാകാരന്മാര്‍ നിരവധിയാണ്. 1940-കളില്‍ ശാര്‍ക്കരയില്‍ ചിറയിന്‍കീഴ് താലൂക്കിലെ പ്രഥമ സാംസ്കാരിക സമ്മേളനം നടന്നിരുന്നു. കേശവദേവ്, പ്രൊ:ജോസഫ് മുണ്ടശ്ശേരി, തകഴി ശിവശങ്കരപിള്ള, പ്രൊ.എം.എന്‍ കുറുപ്പ് തുടങ്ങിയ മഹാപ്രതിഭകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1968-ല്‍ ദക്ഷിണ തിരുവിതാംകൂറിലെ ആദ്യത്തെ ജലോത്സവം ഇവിടെ സംഘടിപ്പിക്കപ്പെട്ടു. ജലഘോഷയാത്രയ്ക്ക് അമിത പ്രാധാന്യമുണ്ടായിരുന്ന ഈ ജലോത്സവം ചൂണ്ടവള്ളങ്ങളുടെ വരവ് നിലച്ചതോടെ അപ്രത്യക്ഷമായി. 1950-കള്‍ക്ക് ശേഷമാണ് ഈ പ്രദേശത്ത് തൊഴില്‍സമരങ്ങളുണ്ടാകുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി കയര്‍ - കാര്‍ഷിക മേഖലകളില്‍ തൊഴിലാളികള്‍ സംഘടിപ്പിക്കപ്പെട്ടതോടുകൂടി അവരുടെ അടിസ്ഥാനം ശക്തിപ്പെടുകയും തുടര്‍ന്ന് 1950-കളില്‍ ആദ്യമായി ഈ ഗ്രാമത്തില്‍ കയര്‍തൊഴിലാളികള്‍ കൂലിവര്‍ദ്ധനവിനായുള്ള പ്രക്ഷോഭത്തിനായി മുന്നോട്ട് വരികയും ചെയ്തു. 20 ദിവസം നീണ്ടുനിന്ന സമരം വിജയിക്കുകയും എട്ടണക്കൂലി നിലവില്‍ വരുകയും ചെയ്തു. കൈത്തറി, ബീഡി, എന്നീ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുവാനും അക്കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. ജന്മിസമ്പ്രദായമായിരുന്നു അക്കാലത്ത്  നിലനിന്നിരുന്നത്. ഓരോ ജന്മിത്തറവാടുകളേയും കേന്ദ്രീകരിച്ച് കുറെയധികം കാര്‍ഷിക തൊഴിലാളികളുമുണ്ടായിരുന്നു. കാക്കരശ്ശിനാടകരംഗത്ത് പുകള്‍പെറ്റ ഗോവിന്ദനാശാന്‍ , സിനിമാരംഗത്ത് തിളങ്ങിയ പ്രേംനസീര്‍ , പ്രേംനവാസ്, ഭാരത് ഗോപി, ചിറയിന്‍കീഴ് രാമകൃഷ്ണന്‍, ജി.കെ.പിള്ള തുടങ്ങിയവരും ആധുനിക നാടകരംഗത്തെ ആചാര്യനായ ജി.ശിവശങ്കരപിള്ള ശോഭനാ പരമേശ്വരന്‍നായര്‍, പ്രശ്സത കലാകാരന്‍ ശ്രീകണ്ഠന്‍നായര്‍ ഗാനരചനാ, ചിത്രരചനാ രംഗങ്ങളില്‍ നിറഞ്ഞുനിന്ന സോമദത്തന്‍, കൊച്ചുവയലില്‍ ലോഹി, ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് തുടങ്ങിയവര്‍ ഈ പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ്.

ചെറുന്നിയൂര്‍

പതിനഞ്ചാം ശതകത്തിന്റെ ആദ്യത്തില്‍ വേണാട് സ്വരൂപം രണ്ടായി പിരിഞ്ഞ് തൃപ്പാപ്പൂര്‍, ദേശിങ്ങനാട് (ജയസിംഹനാട്) എന്നീ ശാഖകളായി തീര്‍ന്നു. തിരുവിതാംകോട് (ഇന്നത്തെ കന്യാകുമാരി ജില്ല) ആസ്ഥാനമായിരുന്ന തൃപ്പാപ്പൂര്‍ സ്വരൂപമാണ് പിന്നീട് തിരുവിതാംകൂര്‍ എന്നറിയപ്പെട്ടത്. പ്രസ്തുത തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ചില തമ്പുരാട്ടിമാര്‍ ആറ്റിങ്ങലില്‍ താമസിച്ചിരുന്നു. ഇവരെ ആറ്റിങ്ങല്‍ തായ്വഴി എന്നറിയപ്പെട്ടിരുന്നു. ആറ്റിങ്ങലും പരിസരപ്രദേശങ്ങളും ഈ താവഴിയില്‍പ്പെടുത്തി ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ ഭരിച്ചുപോന്നു. എങ്കിലും ഇതൊരു സ്വതന്ത്രഭരണ സമ്പ്രദായമായിരുന്നില്ല. തിരുവിതാംകൂര്‍ രാജാവിന്റെ അനുവാദത്തോടെയും അംഗീകാരത്തോടെയും ആയിരുന്നു ഈ ഭരണക്രമം. ആറ്റിങ്ങല്‍ തായ്വഴികള്‍ അധിവസിച്ചിരുന്ന കൊല്ലമ്പുഴ നിന്നും ഉദ്ദേശം 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ചെറുന്നിയൂരും ഈ തായ്വഴിയുടെ ഭരണനിയന്ത്രണത്തില്‍പ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ടാകാം ഈ പഞ്ചായത്തുപ്രദേശത്തെ ഭൂമികളാകെ പണ്ടാരംവക എന്നും, പണ്ടാരപ്പാട്ടം എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമാണ്. ദേശിങ്ങനാടിന്റെ ആസ്ഥാനം കൊല്ലവും തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവിതാംകോടും ആയിരിക്കെ, വഴിപിരിഞ്ഞ സ്വരൂപങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സൌകര്യമായ ഗതാഗതസംവിധാനം അത്യാവശ്യമായി. ഈ ഗതാഗതത്തിന്റെ ചരിത്രത്തിലാണ് ചെറുന്നിയൂര്‍ പ്രദേശം ശ്രദ്ധിക്കപ്പെടുന്നത്. 1877 -ലും 1880-ലുമായി വര്‍ക്കല തോട്ടില്‍ ഒന്നും രണ്ടും തുരങ്കങ്ങളുടെ പണി പൂര്‍ത്തിയായതോടെ തിരുവനന്തപുരം വരെ നീളുന്ന ഒരു ജലഗതാഗത മാര്‍ഗ്ഗം ഉണ്ടായി. എന്നാല്‍ ഈ തുരങ്കങ്ങള്‍ പൂര്‍ത്തിയാകും മുമ്പ്, കൊല്ലത്തുനിന്നും തോണിയില്‍ത്തന്ന മുഴുവന്‍ ദൂരവും സഞ്ചരിക്കാന്‍ ആകുമായിരുന്നില്ല. ‘മയൂരസന്ദേശം’ 62, 63 പദ്യങ്ങളില്‍ സൂചിപ്പിക്കുംവിധം വര്‍ക്കല നിന്നും അടുത്ത ജലഗതാഗതകേന്ദ്രത്തില്‍ എത്തിച്ചേരാന്‍ ചെറിയൊരു ദൂരം കരമാര്‍ഗ്ഗം സഞ്ചരിക്കേണ്ടിയിരുന്നു. വര്‍ക്കലയുടെ പടിഞ്ഞാറുള്ള ചിലക്കൂര്‍ ആയിരുന്നു ഇങ്ങനെ യാത്ര തുടരേണ്ടിയിരുന്ന ഒരു കേന്ദ്രം. രണ്ടാമതു കേന്ദ്രമാകട്ടെ ചെറുന്നിയൂര്‍ പഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുത്തന്‍കടവ് ആയിരുന്നു. കൊല്ലത്തുനിന്നും വര്‍ക്കലയ്ക്കുള്ള ജലഗതാഗതമാര്‍ഗ്ഗത്തില്‍ സുപ്രധാനമായ ഒരു കേന്ദ്രമായിരുന്ന നടയറ കടവില്‍ നിന്നും, പുത്തന്‍കടവിലേക്ക് ഉദ്ദേശം 4 കിലോമീറ്റര്‍ നീളത്തില്‍ അതിവിശാലമായ ഒരു റോഡ് നിലവിലുണ്ട്. വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ റോഡിന് തീര്‍ച്ചയായും 1877 നും പിറകോട്ട് 15-ം ശതകത്തിന്റെ ആദ്യപകുതിയിലേക്ക് നീളുന്ന ഒരു ഭൂതകാലമുണ്ടായിരിക്കണം. കോഴിത്തോട്ടം കായലില്‍ സ്ഥിതി ചെയ്യുന്ന പുത്തന്‍കടവില്‍ നിന്നും ജലമാര്‍ഗ്ഗം കഠിനംകുളം കായലിലേക്കും തുടര്‍ന്ന് തിരുവനന്തപുരം വരെയും സുഗമമായി ജലപാത അന്നുണ്ടായിരുന്നു.
സ്ഥലനാമ ചരിത്രം
രാജാക്കന്മാരുടെ യാത്രവേളകളുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രദേശത്തിന് ചെറുന്നിയൂര്‍ എന്ന് നാമം കൈവന്നതെന്ന് പരക്കേ പറയപ്പെടുന്നു. ‘ചെറുനീര്‍’ എന്നാല്‍ ‘ഇളനീര്‍’ എന്നും കേരസമൃദ്ധമായ ചെറുന്നിയൂരില്‍ വച്ച് യാത്രാമധ്യേ തിരുമനസ് ഇളനീര്‍ പാനം ചെയ്കയാല്‍ ചെറുനീരുള്ള ഊര് അഥവാ ചെറുന്നിയൂര്‍ എന്ന പേര് ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. പാലച്ചിറ മുതല്‍ പുത്തന്‍കടവുവരെ ചെറുന്നിയൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഈ രാജപാതയില്‍ തന്നയാണ് ‘ദളവാപുരം’ എന്ന സ്ഥലവും നിലവിലുള്ളത്.  ’മന്ത്രിയുടെ മന്ദിരം’ എന്നര്‍ത്ഥം വരുന്ന ഈ സ്ഥലനാമം ഈ പഞ്ചായത്തിന്റെ ഗതകാല പ്രതാപങ്ങള്‍ക്ക് സാക്ഷിയാണ്. സ്ഥലനാമത്തെ സംബന്ധിച്ച് ഭാഷാപരമായി വിശകലനം ചെയ്താല്‍ ചെറു, നീര്‍, ഊര്‍ എന്നീ പദങ്ങളുടെ സമ്മേളനം കാണാന്‍ കഴിയും. നിരവധി ചെറുനീരുറവകളുടെ ഊരാണ് ഈ പ്രദേശം. കൊടുംവേനലില്‍ പോലും വറ്റാത്ത നീരുറവകള്‍ ഇന്നും ഈ മണ്ണിന്റെ പ്രത്യേകതയാണ്. അങ്ങനെ ചെറു-നീര്‍-ഊര്‍ എന്നത് കാലാന്തരത്തില്‍ ചില ശബ്ദങ്ങള്‍ ലോപിച്ച് ഉച്ചാരണലാളിത്യം പ്രാപിച്ച് ചെറുനീരൂര്‍ എന്നും ചെറുന്നിയൂര്‍ എന്നും രൂപാന്തരീകരണം പ്രാപിച്ചതാണെന്നും വിശ്വസിക്കുന്നതില്‍ ഭൌതികാടിത്തറയും ഭാഷാപരമായ ശാസ്ത്രീയതയും ഉണ്ട്. പാശ്ചാത്യരുടെ മേല്‍ക്കോയ്മ ഈ പ്രദേശത്തും വ്യാപരിച്ചിരുന്നു എന്നുള്ളത് വെന്നികോടും പരിസരപ്രദേശവും സാക്ഷ്യപ്പെടുത്തുന്നു. അകത്തുമുറിക്കടവില്‍ ഇപ്പോഴും ‘ഈീാ ഒീൌലെ’ എന്ന് ശില്പചാരുതയോടെ മരത്തില്‍ കൊത്തിവച്ച നാമഫലകവുമായി നിലകൊള്ളുന്ന വളരെ പഴക്കം ചെന്ന ഓഫീസ് കെട്ടിടമുണ്ട്. അകത്തുമുറിക്കടവിന്റെ മുന്‍കാല ഔദ്യോഗികപ്രാധാന്യത്തിനു കൂടി തെളിവാണിത്. വെന്നിക്കോട്ട് നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ബംഗ്ളാവ് കേടുപാടുകളോടെ ഇപ്പോഴും കാണപ്പെടുന്നുണ്ട്. ഈ കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക് രണ്ടര അടിയോളം ഘനം വരും. കേരളീയ വാസ്തുശില്പ മാതൃകയില്‍ അതിവിശാലമായി തീര്‍ത്ത ഓലമേഞ്ഞ ഈ കെട്ടിടത്തില്‍ ബെന്നി എന്ന ഒരു സായ്പ് താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആധിപത്യം ഉണ്ടായിരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ ബെന്നിയുടെ കോട്, ബെന്നികോടെന്നും, ഇത് പില്‍ക്കാലത്ത് വെന്നികോട് എന്നും വിളിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു (കോട്- കോട്ട, അഗ്രം, പാര്‍ശ്വം- അമര മലയാള നിഘണ്ടു). ബ്രീട്ടിഷ് ആധിപത്യം നിലനിന്നിരുന്ന കാലത്ത് മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ക്രിസ്തുമതം സ്വീകരിച്ച ജനവിഭാഗം മറ്റു കേരളീയഗ്രാമങ്ങളിലെപോലെ ഈ പഞ്ചായത്തിലും കാണാന്‍ കഴിയും.

ഗതാഗത ചരിത്രം
ആറു പതിറ്റാണ്ടുകള്‍ക്കപ്പുറം കല്ലമ്പലം വര്‍ക്കല റോഡിന്റെ ഭാഗമായി പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ കടന്നുപോയിരുന്ന ടാര്‍ റോഡല്ലാതെ മറ്റൊരു റോഡ് പഞ്ചായത്തിലില്ലായിരുന്നു. മണ്ണുറോഡുകളും നടപ്പാതകളായി ഉപയോഗിച്ചിരുന്ന ഇടവഴികളുമായിരുന്നു യാത്രാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പാലച്ചിറ പുത്തന്‍കടവു റോഡും അതുമായിച്ചേര്‍ന്ന് ആറ്റിങ്ങല്‍ റോഡുമായിരുന്നു പഞ്ചായത്തിനകത്തുള്ള പ്രധാന റോഡുകള്‍. മണികിലുക്കി ‘കടപട’ ശബ്ദത്തോടെ ചെമ്മണ്‍റോഡുകളില്‍ കൂടി ഓടുന്ന കാളവണ്ടികളും പ്രൌഡിയുടേയും ആഡ്യത്വത്തിന്റേയും പ്രതീകമായ വില്ലുവണ്ടിയുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യദശകങ്ങള്‍ക്കുമുമ്പ് ഈ പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങള്‍. കായലിന്റെ സാന്നിധ്യമുള്ളതുകൊണ്ട് വള്ളങ്ങള്‍ വ്യാപകമായി ഗതാഗതത്തിനുപയോഗിച്ചിരുന്നു. വില്ലുവണ്ടി അഥവാ കാളവണ്ടി സ്വന്തമായുള്ള ഒന്നാ രണ്ടോ പൌരപ്രമുഖന്മാര്‍ വണ്ടിക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുക പോലും ചെയ്തിരുന്നു. ഗ്രാമവാസികള്‍ക്ക് അടിയന്തിരഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും, മറ്റ് ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിലും മാത്രമേ ഈ വണ്ടികള്‍ ഉപയോഗിച്ചിരുന്നുള്ളു. അക്കാലത്തെ പ്രധാന കരഗതാഗത വാഹനമായിരുന്നു അടിയില്‍ റാന്തലും കെട്ടിത്തൂക്കി ഓടുന്ന കാളവണ്ടികള്‍. റോളര്‍ ലിവര്‍ ഉപയോഗിച്ച് സ്റാര്‍ട്ടു ചെയ്ത് ഓടിക്കുന്ന എസ്.കെ.വി മോട്ടോഴ്സിന്റെ വര്‍ക്കല-ആറ്റിങ്ങല്‍ ലൈന്‍ ബസ്സാണ് ആദ്യമായി ഈ പഞ്ചായത്ത് പ്രദേശത്തു കൂടെ ഓടി തുടങ്ങിയ ബസ്സ്. ബസ്സുകള്‍ക്കുള്ളില്‍ തടിബഞ്ചുകള്‍ പിടിച്ചിട്ട് അതിന്മേല്‍ ഇരുന്നാണ് അക്കാലത്തെ യാത്ര. വെള്ളിയാഴ്ചക്കാവുപാലം 1958-ല്‍ പണിയുന്നതുവരെ പേരേറ്റില്‍ വരെയായിരുന്നു സര്‍വ്വീസ്. 1967 ലാണ് കെ.എസ്.ആര്‍.ടി.സിയുടെ ബസ് പഞ്ചായത്തില്‍ കൂടി ആദ്യമായി സര്‍വ്വീസ് നടത്തി തുടങ്ങിയത്. വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ സൈക്കിള്‍ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കല്‍ അക്കാലത്തെ ഒരു പ്രധാന ബിസിനസ്സ് ആയിരുന്നു. പിന്നീടാണ് പഞ്ചായത്തില്‍ ഒന്നുരണ്ടു കാറുകള്‍ പ്രത്യക്ഷമായത്. ടൂവീലര്‍ എന്നത് ആറര പതിറ്റാണ്ടുകള്‍ക്കകത്തു മാത്രം അങ്ങിങ്ങു കണ്ടുതുടങ്ങിയ വാഹനമായിരുന്നു. ആട്ടോറിക്ഷയ്ക്ക് 45 വര്‍ഷത്തോളം പ്രായമേയുള്ളൂ. ഇതൊക്ക പറയുമ്പോള്‍ ബ്രൂക്ക്ബോണ്ട് തേയിലയുടെ സെയില്‍സ് വാഹനമായ കുതിരവണ്ടിയെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. അന്നത്തെ കുട്ടികള്‍ക്ക് ഇതിന്റെ കാഴ്ച കൌതുകം പകര്‍ന്നിരുന്നു.

ചെങ്കല്‍

സാംസ്കാരിക ചരിത്രം
ചെങ്കല്‍ ഗ്രാമം തിരുവിതാംകൂറിന്റെ ചരിത്രാരംഭം മുതല്‍ തന്നെ സാംസ്കാരികമായി അറിയപ്പെടുന്ന ഒരു പ്രദേശമായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ, ധര്‍മ്മരാജ തുടങ്ങിയ സാഹിത്യ കൃതികളുടെ സ്രഷ്ടാവായ സി.വി.രാമന്‍പിള്ളയ്ക്ക് ജന്മം നല്‍കിയ നാടാണിത്. മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് അഭയം കൊടുത്ത പെരിയവീടും തിരുവിതാംകൂര്‍ സൈന്യത്തലവനായിരുന്ന വി.എം.പരമേശ്വരന്‍പിള്ളയുടെ ജന്മഗേഹവും അഭേദാനന്ദാശ്രമത്തിന്റെ സ്ഥാപകനായ  അഭേദാനന്ദന്‍ ജനിച്ചതും ഈ പ്രദേശത്താണ്. വ്ളാത്താങ്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഉദിയന്‍കുളങ്ങര മേലെത്തെരുവ് ശ്രീമുത്തുമാരിയമ്മന്‍ ക്ഷേത്രം, അഴകിക്കോണം ശ്രീ ഭദ്രകാളി ദേവീക്ഷേത്രം, പോരന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രം, വേഞ്ചക്കാവ് ശാസ്താംക്ഷേത്രം, പ്ളാമൂട്ടുക്കട കൊച്ചുഭഗവതിക്ഷേത്രം, പുല്ലൂര്‍കുളങ്ങര ദുര്‍ഗ്ഗാദേവീക്ഷേത്രം, ചെങ്കല്‍ കുറ്റാമത്തു ഭഗവതിക്ഷേത്രം, പുളിങ്കോട് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രം, ചെങ്കല്‍ ശിവശക്തിക്ഷേത്രം തുടങ്ങിയ അനേകം ക്ഷേത്രങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ജാതിമത ഭേദമെന്യെ ഇവിടുത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കുന്നു. വ്ളാത്തങ്കര സെന്റ് മേരീസ് റോമന്‍ കത്തോലിക്കാചര്‍ച്ച്, മര്യാപുരം മൌണ്ട് കാര്‍മ്മല്‍ ചര്‍ച്ച്, സി.എസ്.ഐ കുടുംബോ‍ഡ്, സി.എസ്.ഐ ഇസ്മേനിയപുരം, കോടങ്കര സി.എസ്.ഐ ചര്‍ച്ച്, ആറയൂര്‍ സി.എസ്.ഐ ചര്‍ച്ച്, കൊടയാവ് (പൊന്‍വിള) ലൂഥര്‍ മിഷന്‍ ചര്‍ച്ച് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ക്രിസ്തീയ ദേവാലയങ്ങള്‍. രാജഭരണ കാലത്തുതന്നെ ഇന്നത്തെ തമിഴ്നാട്ടിലെ കുമാരപുരത്തു നിന്നും ശംഖുംമുഖത്തുള്ള കടപ്പുറം വരെ ആറാട്ടിനായി പോകുന്ന വെള്ളിവാഹനം, ശ്രീമുരുകന്‍, വള്ളിയമ്മ ഇവരുടെ പല്ലക്കുമേന്തി വരുന്ന ജനസഞ്ചയത്തിന് വിശ്രമിക്കാനുള്ള കൊട്ടിയമ്പലവും മറ്റും സേതുലക്ഷ്മീപുരം മാര്‍ക്കറ്റിനോടനുബന്ധിച്ചുണ്ടായിരുന്നു. ഗ്രന്ഥശാലകള്‍, വായനശാലകള്‍, മറ്റു സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ അരനൂറ്റാണ്ടു കാലത്തിനു മുന്‍പുതന്നെ ഈ പഞ്ചായത്തില്‍ നിലവില്‍ വന്നിരുന്നു. അവയെല്ലാം ഇന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളെ പരിപോഷിപ്പിച്ചു നിലകൊള്ളുകയും ചെയ്യുന്നു. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ ഭൂരിപക്ഷം വനിതകളും എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും ഇവിടുത്തെ വനിതകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മദ്യവില്‍പന ഈ പഞ്ചായത്തില്‍ നിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിനുവേണ്ടി വനിതകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

ചെമ്മരുതി

സാംസ്കാരികചരിത്രം
ഈ പ്രദേശത്തിന്റെ സാംസ്കാരികശക്തിയായി നിലകൊളളുന്നത് പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം തന്നെയാണ്. നൂറ്റാണ്ടുകളായി ഐതിഹ്യത്തിനും യാഥാര്‍ത്ഥ്യത്തിനും രൂപകമായി ഈ ക്ഷേത്രം നിലകൊളളുന്നു. ശ്രീഭഗവതിയാണ് പ്രതിഷ്ഠ. ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന ഈ ക്ഷേത്രം തൃപ്പോരിട്ടക്കാവ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്. ചുറ്റുമതിലിനു വെളിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുനിവര്‍ന്നു കിടക്കുന്ന കാളിയൂട്ടുപറമ്പ്. ഇവിടെ കാളിയൂട്ടു നടന്ന ഒരുനാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനു വിളിച്ചു. നിമിഷങ്ങള്‍ കൊണ്ട് രംഗം ആകെ മാറി. താളമേളവാദ്യങ്ങള്‍ മുറുകി. പെട്ടെന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തിജ്ജ്വലിച്ചത്. തന്നെ പിടിച്ചിരുന്നവരെ തട്ടി മാറ്റി ഭദ്രകാളി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു. കാളിയൂട്ടു കണ്ടുനിന്ന ജനം അന്ധാളിച്ചുപോയി. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന അറേബ്യന്‍ കടലില്‍ വച്ച് ഭദ്രകാളി “ദാരികന്റെ” കഴുത്തറുത്ത് ചോരകുടിച്ച് പുളച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങളായിരുന്നു. തന്റെ കൂടെപ്പിറപ്പിനെയാണ് താന്‍ വധിച്ചതെന്ന് തിരുമുടി തലയില്‍ നിന്ന് എടുത്തപ്പോഴാണ് ഭദ്രകാളിയുടെ വേഷം കെട്ടിയ സഹോദരന്‍ മനസ്സിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരു നടന്ന കാവ് തൃപ്പോരിട്ടക്കാവായി. ആ സംഭവത്തിനു ശേഷം ഇവിടെ പഴയ ആചാരപ്രകാരമുളള കാളിയൂട്ട് നടത്തിയിട്ടില്ല. എന്നാല്‍ ഇന്നും വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ച് പൊന്നറ സ്തുതിഗീതം പാടിയും പ്രതീകാത്മക കുരുതിനടത്തിയും ശ്രീ ഭദ്രകാളി സേവ ചെയ്തുവരുന്നു. മുന്‍പ് കാളിയൂട്ടിന് ഉപയോഗിച്ചിരുന്ന തിരുമുടിയും വാളും ഒരു വിളിപ്പാടകലെ പടിഞ്ഞാറ് ഭാഗത്ത് “തെക്കതില്‍” ഇപ്പോഴും സൂക്ഷിക്കുന്നു. ഈ തിരുമുടി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നും എപ്പോഴാണോ ഇതിന്റെ വളര്‍ച്ച നില്‍ക്കുന്നത് അപ്പോള്‍ ഈ ഗ്രാമത്തിനും ക്ഷേത്രകുടുംബാംഗങ്ങള്‍ക്കും നാശം ഉണ്ടാകുമെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മീന മാസത്തിലെ ഭരണിയാണ് ദേവിയുടെ തിരുനാള്‍. ഈ ക്ഷേത്രത്തിന്റെ ഊരായ്മക്കാര്‍ നല്‍കിയ സേവനം ചെമ്മരുതി പഞ്ചായത്തിന്റെ സാംസ്കാരിക ഉത്ഥാനത്തിന് സഹായകമായിട്ടുണ്ട് (തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന്റെ ഊരായ്മക്കാരാണ് പനയറ ലോവര്‍ പ്രൈമറി സ്ക്കൂള്‍, ഗ്രന്ഥശാല, റ്റി.വി പാര്‍ക്ക്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വില്ലേജ് ആഫീസ്, ചെമ്മരുതി സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്ഥലം സംഭാവനയായി നല്‍കിയത്). ഈ ക്ഷേത്രത്തിനു പുറമേ പനയറ ഇളങ്ങല്ലൂര്‍ ക്ഷേത്രം, മുത്താന ശിവ ക്ഷേത്രം, മുട്ടപലം മഠത്തുവിളാകം ഭഗവതി ക്ഷേത്രം, പനയറ കുരിച്ചിമണ്‍കുന്ന് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ചേന്നന്‍കോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും കാവുകളും പളളികളും ഈ പ്രദേശത്തുണ്ട്. ശ്രീനിവാസപുരത്തെ കണ്വാശ്രമം കണ്വമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച സ്ഥലമെന്ന് കരുതിപ്പോരുന്നു. കാലഘട്ടത്തിന്റെ സാക്ഷികളെപ്പോലെ പതിഞ്ഞുകിടക്കുന്ന കാല്പ്പാടുകള്‍ കണ്വമഹര്‍ഷിയുടേതാണെന്നാണ് ഐതിഹ്യം. കൌതുകകരങ്ങളായ പക്ഷികളുടെയും മറ്റു ജീവികളുടെയും ആവാസകേന്ദ്രം കൂടിയാണ് കണ്വാശ്രമം. ലോകാരാധ്യനായ നടരാജഗുരു, അദ്ദേഹത്തിന്റെ ശിഷ്യരായ ഗുരു നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് തുടങ്ങിയ സന്യാസിവര്യന്മാരുടെ ആധ്യാത്മികപ്രവര്‍ത്തനങ്ങള്‍ക്ക് ഈറ്റില്ലമായത് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരുകുലമാണ്. നടരാജ ഗുരുവിനാല്‍ സ്ഥാപിതമായ പഴയ ഗുരുകുലങ്ങളുടെ മാതൃകയിലുളള ഈ ആശ്രമം ചെമ്മരുതി പഞ്ചായത്തിന് കൈവന്ന ഒരു മഹാപുണ്യമാണ്. ഈ പ്രദേശങ്ങളെല്ലാം നീണ്ടുനിവര്‍ന്നു കിടക്കുന്ന പാടശേഖരങ്ങളുടെ ഓരങ്ങളിലാണെന്നത് ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. ഈ നാടിന്റെ എല്ലാ ചരിത്രത്തെയും സംസ്കാരത്തെയും നിര്‍ണ്ണായകമായും സ്വാധീനിച്ചിരുന്നത് കൃഷി തന്നെയാണ്. പരമ്പരാഗതമായ കാര്‍ഷികവൃത്തിക്കു പുറമെ ജാതീയമായ കുലത്തൊഴിലും ഉപജീവനമാക്കിയ ഒരു ജനതയുടെ ആവാസഭൂമിയാണ് ചെമ്മരുതി. ജാതി വ്യവസ്ഥ സജീവമായി നിലനില്ക്കുകയും പാലിക്കപ്പെടുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്ത ഒരു ഭൂതകാലം ഇവിടെ ഉണ്ടായിരുന്നു. ജന്മിത്വം കൊടികുത്തി വാണിരുന്ന  പ്രദേശമായതുകൊണ്ട് ഭൂസ്വത്തുക്കളുടെ ഉടമാവകാശവും ജന്മികള്‍ക്കായിരുന്നു. നായര്‍ പ്രമാണിമാര്‍ക്കായിരുന്നു ഒരു പരിധിവരെ നീതിനിര്‍വ്വഹണത്തിന്റെ ചുമതല. കുടിയാന്‍മാര്‍ക്ക് യാതൊരവകാശവും അധികാരവും ഉണ്ടായിരുന്നില്ല. ഹിന്ദുമതവിഭാഗത്തില്‍ പെടുന്നവരാണ് ഭൂരിപക്ഷമെങ്കിലും ഈ പഞ്ചായത്തില്‍ മുസ്ളീം, ക്രൈസ്തവ മതവിഭാഗങ്ങളും അധിവസിക്കുന്നു. മതമൈത്രിയുടെ മകുടോദാഹരണമാണ്  ഈ പഞ്ചായത്ത്. ശ്രീനാരായണ ഗുരു‍, നടരാജഗുരു എന്നിവരുടെ ആത്മീയസാന്നിദ്ധ്യം അനുഭവിക്കുകയും ഉള്‍ക്കൊളളുകയും ചെയ്യുന്ന ജനവിഭാഗമാണ് ബഹുഭൂരിപക്ഷവും. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പ്രദേശത്തും കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തവും വ്യാപകവുമായ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നല്കിയപ്പോള്‍ അതില്‍ ആവേശപൂര്‍വ്വം പങ്കെടുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാന്‍ ചെമ്മരുതിയുടെ പൂര്‍വ്വികര്‍ സന്നദ്ധരായിരുന്നു. മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ആവേശപൂര്‍വ്വം സ്വീകരിക്കുവാന്‍ ഇവിടുത്തെ ജനത മുന്നിട്ടു നിന്നു. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നേതൃത്വം കൊടുക്കുന്നത് ഇവിടുത്തെ ഗ്രന്ഥശാലകളും കലാ-കായിക സംഘടനകളുമാണ്. ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 1952-ല്‍ സ്ഥാപിച്ച ആയിരക്കണക്കിന് പുസ്തക ശേഖരമുളള പനയറ കലാപോഷിണി ഗ്രന്ഥശാലയാണ്. പഞ്ചായത്തില്‍ നിലവില്‍ നാലു വായനശാലകളുണ്ട്.
കാര്‍ഷികചരിത്രം
ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചെമ്മരുതി പഞ്ചായത്ത് ഒരു കാര്‍ഷികമേഖലയായി വളര്‍ന്നുകഴിഞ്ഞിരുന്നു എന്നാണ് ഗ്രാമസഭകളിലൂടെയും മറ്റും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീനിവാസറാവു എന്നൊരു മഹാന്‍ ഈ കാലയളവില്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും വസ്തുക്കള്‍ സ്വന്തമാക്കുകയും സമഗ്രമായ ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുളളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. തുടര്‍ന്നുളള കാലഘട്ടത്തില്‍ വസ്തുക്കളില്‍ സിംഹഭാഗവും ദേവസ്വത്തിന്റേയും മനകളുടെയും അധീനതയിലായി. കോടിയേരി മഠം, വലിയ അകരം മന, പനയറ പോരിട്ടക്കാവ് ദേവസ്വം എന്നിവ ഇവയില്‍ ചിലതാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പുതന്നെ ഗോവിന്ദന്‍ ജഡ്ജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹരിജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമിയും വിഭവങ്ങളും നല്കിക്കൊണ്ട് ശ്രീനിവാസപുരം ഹരിജന്‍ കോളനി സ്ഥാപിച്ചതും, ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ പഞ്ചായത്തിലെ കണ്വാശ്രമം ഭാഗം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിതകര്‍ഷകര്‍ക്ക് വിതരണം നടത്തിയതും പഞ്ചായത്തിലെ കാര്‍ഷിക നവോത്ഥാനചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളായി വിശേഷിപ്പിക്കപ്പെടുന്നു. ഒന്നാം ഗ്രേഡ് പഞ്ചായത്തായ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും നാല്‍പതു ശതമാനത്തോളം കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉളളവരുമാണ്. കാര്‍ഷിക മേഖലയിലാകട്ടെ ഉല്പാദനം കുറഞ്ഞുവരുകയും, ആ മേഖലയില്‍ പണിയെടുക്കുന്നവരില്‍ പലരും മറ്റു തൊഴില്‍ മേഖലകള്‍ തേടി പോകുന്ന കാഴ്ചയുമാണ് ഇന്നുളളത്.

ബാലരാമപുരം

തിരുവനന്തപുരം ജില്ലയില്‍ ചാല കമ്പോളം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരമാണ്. ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് ആണ് ബാലരാമപുരത്ത് ആദ്യമായി കൈത്തറിനെയ്ത്ത് ആരംഭിക്കുന്നത്. മഹാരാജാവ് തന്റെ ദളവ (മുഖ്യമന്ത്രി)യായിരുന്ന ഉമ്മിണിത്തമ്പിയുമായി കൂടിയാലോചിച്ച്, നെല്‍കൃഷി, തെങ്ങുകൃഷി, മത്സ്യബന്ധനം, നെയ്ത്ത്, എണ്ണസംസ്കരണം എന്നീ പരമ്പരാഗത വാണിജ്യമേഖലകളെ വികസിപ്പിച്ചു കൊണ്ട്, ബാലരാമപുരവും പരിസരപ്രദേശങ്ങളും കാര്‍ഷികാധിഷ്ഠിത വാണിജ്യ-വ്യവസായ മേഖലയാക്കി മാറ്റിയെടുക്കാനുളള പ്രവര്‍ത്തനങ്ങള്‍ അക്കാലത്തു  തുടങ്ങിയിരുന്നു. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍, പ്രത്യേകം തെരുവുകളായി തിരിച്ച് വ്യവസായവികസനത്തിനാവശ്യമായ ഭൌതികസൌകര്യങ്ങളൊരുക്കുകയായിരുന്നു. രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ നെയ്യുന്നതിനായി തമിഴ്നാട്ടില്‍ നിന്നും ഏഴ് നെയ്ത്തുകുടുംബങ്ങളെ (ശാലിയാര്‍) കൊണ്ടുവന്ന് ബാലരാമപുരത്ത് പ്രത്യേകമായി കണ്ടെത്തിയ സ്ഥലത്ത് (ഇന്ന് ശാലിയാര്‍ തെരുവ് എന്ന് വിളിക്കുന്നയിടം) പുനരധിവസിപ്പിക്കുകയായിരുന്നു. ഉല്‍പ്പന്നങ്ങള്‍ അനായാസം ക്രയവിക്രയം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ വ്യാപാരകേന്ദ്രങ്ങള്‍ തുറന്നു. ഇന്ന് ശാലിയാര്‍ തെരുവിനിരുവശവുമുളള പാര്‍പ്പിടങ്ങളില്‍ അധിവസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ ഏഴ് കുടുംബങ്ങളുടെ പിന്‍മുറക്കാരാണ്. ശാലിയാര്‍ കുടുംബങ്ങള്‍ തമിഴാണ് സംസാരിക്കുന്നത്. സ്വന്തം സമുദായാംഗങ്ങളുമായിമാത്രമേ അവര്‍ വിവാഹബന്ധത്തിലേര്‍പ്പെടൂ. പ്രധാനപ്പെട്ട നാലു തെരുവുകളിലായിട്ടാണ് ശാലിയാര്‍ സമൂഹം അധിവസിക്കുന്നത്. ഒറ്റത്തെരുവ്, ഇരട്ടത്തെരുവ്, വിനായഗാര്‍ തെരുവ്, പുത്തന്‍ തെരുവ് എന്നിവയാണവ. അഗസ്ത്യാര്‍ക്ഷേത്രം പ്രധാന തെരുവിലാണ് സ്ഥിതിചെയ്യുന്നത്. ഇരട്ടത്തെരുവില്‍ രണ്ടു ക്ഷേത്രങ്ങളാണുളളത്-മുത്താരമ്മന്‍ ക്ഷേത്രവും വിനായഗാര്‍ക്ഷേത്രവും. തോപ്പുതെരുവില്‍ ഒരു ഗണപതിക്ഷേത്രമുണ്ട്. 18 വയസിന് മുകളിലുളള പുരുഷന്‍മാര്‍ കര്‍ശനമായും ഈ ക്ഷേത്രകമ്മിറ്റിയില്‍ അംഗത്വമെടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്.  കാലാന്തരത്തില്‍ ഈ തെരുവിലേക്ക് മറ്റ് ജാതിമതസ്ഥരായ വ്യാപാരികളും കുടിയേറി. മുസ്ളീങ്ങള്‍, ഇന്നത്തെ കന്യാകുമാരി ജില്ലയിലുളള തിരുവിതാം കോടില്‍ നിന്നും വന്ന ക്രിസ്ത്യന്‍ മുക്കുവര്‍ തുടങ്ങിയ വിഭാഗക്കാര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ശാലിയാര്‍ തെരുവിലേക്ക് മുക്കുവസമുദായം കൂടിയെത്തിയതോടെ ഈ സ്ഥലത്തിന് “അഞ്ചു വര്‍ണ്ണത്തെരുവ്” എന്നു കൂടി പേര്‍ വന്നു.  “അഞ്ചു വര്‍ണ്ണത്തെരുവ്” ശാലിയാര്‍, മുക്കുവര്‍, മുസ്ലീങ്ങള്‍, വാണിയര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ അഞ്ചു ജാതികളെ പ്രതിനിധീകരിക്കുന്നു. തങ്ങളുടെ സംസ്കാരം, തൊഴില്‍, മതവിശ്വാസം എന്നിവ പ്രതിഫലിപ്പിക്കുന്ന വീടുകളാണ് ശാലിയാര്‍ നെയ്ത്തുകാരുടേത്. പരസ്പരം ചുവരോട് ചുവര്‍ ചേര്‍ന്നു നില്ക്കുന്ന ശാലിയാര്‍ വീടുകളില്‍ ഓരോന്നിലും വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ചില വീടുകളില്‍ ശേഷിയനുസരിച്ച് ഷോറൂമുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. രൂപത്തില്‍ തനതായ വ്യത്യസ്തത പുലര്‍ത്തുന്ന ശാലിയാര്‍ വീടുകളുടെ നിര്‍മ്മാണരീതിയും അകവശമൊരുക്കിയിരിക്കുന്നതും നെയ്ത്തുവ്യവസായത്തിന് ഏറ്റവും അനുയോജ്യമായ  രീതിയിലാണ്.

അതിയന്നൂര്‍

സാമൂഹികചരിത്രപശ്ചാത്തലം
ഒരുകാലത്ത് ജന്മിത്തവും ഭൂവുടമസമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന നാടാണ് അതിയന്നൂര്‍ പഞ്ചായത്ത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 14.01.1937-ല്‍ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരുട്ടുകാലയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ”നെയ്യാറ്റിന്‍കര വെടിവെയ്പി”ല്‍ ധീരരക്തസാക്ഷിത്വം വരിച്ച വീര രാഘവന്റെ കര്‍മ്മമണ്ഡലം ഈ പ്രദേശമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനും, രാജവാഴ്ചയ്ക്കും അഴിമതിയ്ക്കുമെതിരെ  തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് അതിയന്നൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ കുടില്ലാമേലേ വീട്ടിലാണ്. ഈ പഞ്ചായത്തില്‍ നിരവധി ഗ്രന്ഥശാലകളും  ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വെണ്‍പകല്‍ പ്രീ-പ്രൈമറി  സ്കൂള്‍, അവണാകുഴി ഗവണ്‍മെന്റ്  എല്‍.പി.എസ് എന്നിവയാണ് ആദ്യത്തെ വിദ്യാലയങ്ങള്‍. കമുകിന്‍കോട് സെന്റ് മേരീസ് എച്ച്.എസ്.എസ് 1957-ല്‍ സ്ഥാപിതമായ ദേശബന്ധു ഗ്രന്ഥശാല, 1958-ല്‍ സ്ഥാപിക്കപ്പെട്ട ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല, 1955-ല്‍ സ്ഥാപിതമായ പ്രബോധിനി ഗ്രന്ഥശാല എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രധാന സ്ഥാപനങ്ങള്‍. 1953-ലാണ് അതിയന്നൂര്‍ പഞ്ചായത്ത് രൂപീകൃതമാവുന്നത്. നെയ്യാറ്റിന്‍കര താലൂക്കില്‍ അതിയന്നൂര്‍  വില്ലേജുള്‍പ്പെടുന്ന അതിയന്നൂര്‍ പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റിയുടെ പ്രസിഡണ്ട് പി.ചെല്ലയ്യനും, വൈസ് പ്രസിഡണ്ട് എം.കുമാരപിള്ളയുമായിരുന്നു. തെക്കുഭാഗത്ത് കാഞ്ഞിരംകുളം, തിരുപുറം പഞ്ചായത്തുകളും വടക്കുഭാഗത്ത് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറുഭാഗവും, പടിഞ്ഞാറുഭാഗം കോട്ടുകാല്‍, ബാലരാമപുരം പഞ്ചായത്തുകളുമാണ് അതിയന്നൂരിന്റെ അതിരുകള്‍. ബാലരാമപുരം-അവണാകുഴി-കാഞ്ഞിരകുളം പൂവാര്‍ റോഡ്, അവണാകുഴി കൊടങ്ങാവിള റോഡ്, കൂട്ടപ്പന-കൊടങ്ങാവിള-ഓലത്താന്നി റോഡ് എന്നിവയാണ്  പ്രധാന റോഡുകള്‍. കൈത്തറിയാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. അതിയന്നൂര്‍ ഉള്‍പ്പെടുന്ന പ്രദേശം നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലും, നിയോജകമണ്ഡലം തിരുവനന്തപുരം പാര്‍ലമെന്റു മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്

ആര്യങ്കോട്

 

സാമൂഹ്യ-സാംസ്ക്കാരിക ചരിത്രം
പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തില്‍ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോട് എന്ന പേരില്‍ നിന്നാണ് ചന്തയ്ക്കും തുടര്‍ന്ന് ഈ നാടിനും പഞ്ചായത്തിനും ആര്യങ്കോടെന്ന് പേരു വന്നത്. ജാതിമതങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ആയി മന്നന്‍മാര്‍ അധിവസിച്ചിരുന്ന ഈ പ്രദേശങ്ങളില്‍ ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഉടയന്‍കാവും പള്ളിക്കപറമ്പും ഇതിന് തെളിവുകളാണ്. പാണ്ഡവന്‍പാറയും പഴിഞ്ഞിപ്പാറയും പാണ്ഡവന്‍പാറയിലെ ശിലാവിഗ്രഹങ്ങളും ശിലാരേഖകളും ഈ പഞ്ചായത്തിന്റെ പ്രാചീനതയെ എടുത്തുകാട്ടുന്നു. നയനമനോഹരമായ പന്തംപാച്ചിമലയും കരിമ്പാറകളും കോളൂര്‍ വെള്ളച്ചാട്ടവും കിഴക്കന്‍മലയും കദളിവാഴചുനയും ചരിത്ര പ്രാധാന്യമുള്ളവ കൂടിയാണ്. നാടുവാഴികളും തറവാട്ടുകാരും ഊരാളന്‍മാരും കരയാളന്‍മാരും പരസ്പരം സഹകരിച്ച് നെല്‍കൃഷി നടത്തിയിരുന്ന അന്യാദൃശ്യമായ ഒരു കാര്‍ഷിക-സാംസ്ക്കാരിക ചരിത്രം ഈ പഞ്ചായത്തിനുണ്ട്. നാടുവാഴികളില്‍ പ്രമുഖനായ ദേവത്രിവിക്രമന്‍ കുറ്റിയായണിക്കോട് ആസ്ഥാനമായി കൊട്ടാരവും കോവിലും കോട്ടയും വച്ച് വാണരുളിയ അഞ്ചു തമ്പുരാന്‍ തെക്കത് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. സംഘകാലം മുതല്‍ ദേശങ്ങളെ തറകളായും ഊരുകളായും കരകളായും കോടുകളായും വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യക്രമത്തില്‍ അധിഷ്ഠിതമാണ് ഈ പ്രദേശത്തെ കാര്‍ഷികചരിത്രം. ഈ പഞ്ചായത്തിലെ സ്ഥലനാമങ്ങള്‍ വിശകലനം ചെയ്യുമ്പോഴും ഈ ചരിത്രം മനസ്സിലാക്കാവുന്നതാണ്. “തറ” കളായ തറവാടുകളും “ഊരു”കളായ കോളൂര്, ചെമ്പൂര്, കീഴാറൂര് തുടങ്ങിയവയും ആര്യങ്കോട്, ചെമ്പിയാര്‍കോട്, മഞ്ചംകോട് മുതലായ “കോടു”കളും സ്ഥലനാമങ്ങളായി ഈ പ്രദേശത്തിന്റെ പൂര്‍വ്വകാലചരിത്രത്തെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കുറ്റിയായണിക്കാട് കേന്ദ്രമാക്കി ഒളിവുകാലം കഴിച്ചുകൂട്ടിയതായി ചരിത്രമുണ്ട്. അന്നത്തെ മാടമ്പിമാരുടേയും എട്ടുവീട്ടില്‍ പിള്ളമാരുടേയും ആക്രമണഭീഷണി ഉണ്ടായിരുന്നിട്ടും കുറ്റിയായണിക്കാട് കേന്ദ്രമാക്കിയാണ് മാര്‍ത്താണ്ഡവര്‍മ്മ പടയൊരുക്കിയത്. കൊല്ലവര്‍ഷം 1108-ല്‍ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കമുണ്ടായി. തുടര്‍ന്ന് പടര്‍ന്നുപിടിച്ച മാരകമായ മലമ്പനിയില്‍ അനേകമാളുകള്‍ ചത്തൊടുങ്ങി. ഇതറിഞ്ഞ അമ്മമഹാറാണിയും ശ്രീചിത്തിര തിരുനാളും ഡോക്ടറുടെ സംഘത്തോടൊപ്പം 1112 മിഥുനം 6-ാം തിയതി ആര്യങ്കോട് സ്ഥിതി ചെയ്യുന്ന ഒറ്റശേഖരമംഗലം പോലീസ് ഔട്ട് പോസ്റ്റില്‍ എഴുന്നള്ളുകയും പ്രജകള്‍ക്ക് കൊയ്നയും(പ്രതിരോധമരുന്ന്) ഗുളികകളും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ജനങ്ങളുടെ പരാതി ഉണ്ടാകയാല്‍, അതുവരെ കാട്ടുപാതയായിരുന്ന ഒറ്റശേഖരമംഗലം- ചെമ്പൂര്-വെള്ളറട റോഡ് ജനോപകാരപ്രദമായി വെട്ടുന്നതിന് രാജാവ്, മുട്ടിയറപാക്യനാഥന്‍നാടാര്‍ക്ക് കല്പന കൊടുത്തു. അങ്ങനെ നിര്‍മ്മിച്ച റോഡാണ് പാക്യനാഥന്‍ റോഡെന്ന് പഴമക്കാര്‍ പറയുന്ന ഇന്നത്തെ ചെമ്പൂര് വെള്ളറട റോഡ്. റോഡ് തെളിഞ്ഞതിനെത്തുടര്‍ന്ന് മുട്ടിയറ കുടുംബക്കാരുടെ 10 സെന്റ് തറയില്‍ കൊയ്ന കൊടുക്കുവാന്‍ ഓലഷെഡ് വച്ചു കെട്ടിയതാണ് ഇന്നത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററായി പില്‍ക്കാലത്ത് രൂപാന്തരപ്പെട്ടത്. ഈ പഞ്ചായത്തില്‍ ആര്യങ്കോട് കേന്ദ്രമാക്കി ഒരു അഞ്ചല്‍ ആഫീസ് ഉണ്ടായിരുന്നു. ഈ അഞ്ചല്‍ ആഫീസാണ് ഇന്നത്തെ ഒറ്റശേഖരമംഗലം പോസ്റ്റ് ആഫീസ്. കാഞ്ഞില കുടുംബക്കാരുടെ അധീനതയില്‍ നടത്തപ്പെട്ടിരുന്ന കുടിപ്പള്ളിക്കൂടമാണ് കാലാന്തരത്തില്‍ മൈലച്ചല്‍ ഹൈസ്ക്കൂളായി മാറിയത്. അതാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായി മാറിയത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഈ പഞ്ചായത്തില്‍ സ്ഥാപിച്ച ആദ്യത്തെ ക്രൈസ്തവദേവാലയമാണ് (ആര്‍.സി) ആര്യങ്കോടിന് സമീപത്ത് മൈലച്ചല്‍ സ്ഥിതി ചെയ്യുന്ന തിരുഹൃദയ കുടുംബ ദേവാലയം. തുടര്‍ന്ന് എല്‍.എം.എസുകാരും മറ്റു സഭകളും ഈ പഞ്ചായത്തില്‍ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥാപിച്ചു. മിഷനറിമാര്‍ ചെമ്പൂര് എല്‍.എം.എസ് പള്ളിയില്‍ ആരംഭിച്ച മലയാളം സ്കൂളാണ് പില്ക്കാലത്ത് ആദ്യത്തെ ഇംഗ്ളീഷ് മിഡില്‍ സ്കൂളായി ഉയര്‍ത്തിയത്. 1050-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കാവല്‍ മാടമാണ് ‘ഒറ്റശേഖരമംഗലം ഔട്ട് പോസ്റ്റാ’യി ഇന്നും ആര്യങ്കോട് നിലനില്‍ക്കുന്നത്. പാലംതല കുടുംബത്തില്‍ നിന്നും സൌജന്യമായി നല്‍കിയ 26 സെന്റ് ഭൂമിയിലാണ് പോലീസ് ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തില്‍ പുരാതനകാലം മുതല്‍തന്നെ രാജകുടുംബവുമായി ബന്ധമുള്ള പ്രമുഖ വ്യക്തികളുണ്ടായിരുന്നിട്ടുണ്ട്. ഇവിടെ ജനിച്ച ശ്രേഷ്ഠവ്യക്തിയായിരുന്നു ഈശ്വരപിള്ള വിചാരിപ്പുകാര്‍. ആട്ടക്കഥ കലാകാരനായ അദ്ദേഹം മഹാരാജാവിന്റെ വീരശൃംഖല വാങ്ങിയിട്ടുണ്ട്.

ആര്യനാട്

എ.ഡി. ഒന്നാം ശതകം മുതല്‍ പത്താം ശതകം വരെ ആര്യരാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം എന്നു കരുതപ്പെടുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. 1953 ആഗസ്റ്റ് 15 നാണ് ആര്യനാട് പഞ്ചായത്ത് രൂപീകൃതമായത്. വടക്ക് പൊന്‍മുടി മുതല്‍ തെക്ക് പൂവച്ചല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ പേഴുംമൂട് വരെയുള്ള പ്രദേശമായിരുന്നു ആര്യനാട് പഞ്ചായത്ത്. നീഗ്രോ വര്‍ഗത്തില്‍പ്പെട്ട ദ്രാവിഡര്‍ തന്നെയാണ് ഇവിടുത്തെ ആദിമ നിവാസികള്‍. കാലാന്തരത്തില്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ ജനങ്ങള്‍ കുടിയേറി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശം പ്രഗത്ഭരായ പ്രഭുകുടുംബങ്ങളുടെ ആസ്ഥാനമായിരുന്നു. കോട്ടയ്ക്കകം, കാവല്‍പുരമുക്ക് തുടങ്ങിയ സ്ഥലപേരുകള്‍ ഇതിനുദാഹരണമാണ്. ആര്യ എന്ന ശബ്ദത്തിന് ശ്രേഷ്ഠം, മനോഹരം എന്നൊക്കെ അര്‍ഥമുണ്ട്. കുന്നുകളും മരങ്ങളും കൂടി അതിമനോഹരമായിരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും. അക്കാരണത്താല്‍ മനോഹരമായ നാട് ആര്യമായ നാട് ആര്യനാട് ആയി മാറി.

അരുവിക്കര

ദേശചരിത്രം
അരുവിയുടെ കരയായതുകൊണ്ട് കൂടിയാണ് ഈ ഗ്രാമത്തിന് അരുവിക്കര എന്ന പേര് വന്നതുതന്നെ. പൌരാണിക ആയൂര്‍വേദാചാര്യനായ അഗസ്ത്യമുനിയുടെ ആസ്ഥാനമായി കരുതപ്പെടുന്ന അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഉത്ഭവിച്ച് അരുവിക്കരഗ്രാമത്തിന്റെ മധ്യഭാഗത്തുകൂടി കരമനയാര്‍ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്നു. പുലയസമുദായത്തിന്റെ രാജ്ഞി കോതറാണി ഭരിച്ച കോക്കോതമംഗലവും, സാമ്പവകൊട്ടാരം നിലനിന്നിരുന്ന വെമ്പന്നൂരും അരുവിക്കരയിലെ പ്രദേശങ്ങളാണ്. ഇവിടുത്തെ വനങ്ങളില്‍ നായാട്ടിനെത്തുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിശ്രമസമയത്തു കുതിരകളെ കെട്ടിയിരുന്ന കുതിരകളം ഇപ്പോഴും ഇവിടെയുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവു രാജകൊട്ടാരം പണിയുന്നതിനും അരുവിക്കരയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പ്രശ്നവശാല്‍ ദേവിയുടെ ഹിതത്തിന് എതിരാണെന്ന് മനസ്സിലാക്കി മഹാരാജാവ് അതില്‍ നിന്നു പിന്തിരിയുകയായിരുന്നുവത്രെ. രാജഭരണകാലത്തു പണിതീര്‍ത്ത അരുവിക്കര - വട്ടിയൂര്‍ക്കാവ് - തിരുവനന്തപുരം പാതയും, അഞ്ചലാപ്പീസും, പോലീസ് സ്റ്റേഷനും, ഉദ്യോഗസ്ഥന്‍മാര്‍ക്കു തങ്ങുന്നതിനുള്ള ക്യാമ്പുഷെഡും അരുവിക്കരയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 1931-ല്‍ വെല്ലിങ്ടണ്‍ പ്രഭു വൈസ്രോയിയായിരുന്ന കാലഘട്ടത്തിലാണ് അനന്തപുരിയിലേക്കു കുടിവെള്ളമെത്തിക്കുന്നതിനായി തമിഴ്നാട്ടുകാരായ കല്‍പ്പണിക്കാരെകൊണ്ടു കരമനയാറിന് കുറുകെ അരുവിക്കര അണക്കെട്ട് പണികഴിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണ്ണായകമായ വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ധീരദേശാഭിമാനികള്‍ക്കു ജന്മം നല്‍കിയ നാടാണിത്. ബ്രിട്ടീഷ് പാട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കെ.വി.നായരും അരുവിക്കര കുഴിവിളാകത്തു കുഞ്ഞുരാമന്‍ നായരുമായിരുന്നു അന്ന് കോണ്‍ഗ്രസ്സ് വോളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്‍കിയത്. പട്ടം താണുപിള്ളയുടെ ഭരണക്കാലത്ത് കരമനയാറില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകൊണ്ണി മേഖലയിലുള്ളവര്‍ക്ക് അരുവിക്കരയുമായി ബന്ധപ്പെടുന്നതിനു പണി തീര്‍ത്തതാണ് ചാണിച്ചല്‍ പാലം. ബി.വെല്ലിംഗ്ടണ്‍ മന്ത്രിയായിരുന്ന കാലത്തായിരുന്നു അരുവിക്കരപാലം പണികഴിപ്പിക്കുന്നത്. 1968 കാലഘട്ടത്തില്‍ കരമനയാറിന്റെ തടങ്ങളില്‍ വന്‍ വൈഡ്യൂര്യശേഖരം കണ്ടെത്തി. കോടിക്കണക്കിന് രൂപാ വിലമതിക്കുന്ന പലതരം രത്നങ്ങളും ഇവിടെ നിന്നും ലഭിച്ചതോടെ അരുവിക്കര രത്നവ്യാപാരികള്‍ക്കും പ്രിയപ്പെട്ട നാടായിമാറി.
സാംസ്കാരികചരിത്രം
ശ്രീ നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റു പരിപാവനമായ നാണമല അരുവിക്കരയിലെ ഇരുമ്പയിലാണ്. പുണ്യപുരാതനക്ഷേത്രങ്ങളായ അരുവിക്കര ശ്രീഭഗവതിക്ഷേത്രം, ഇടമണ്‍ ശിവക്ഷേത്രം, മുണ്ടേലാ വലിയതൃക്കോവില്‍, മണ്ണാരംപാറ ശ്രീഭദ്രകാളിക്ഷേത്രം, ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം, ഭഗവതീപുരം കരിയംകുളം ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളും പൊന്തന്‍പാറ, ശാന്തിനഗര്‍, വെമ്പന്നൂര്‍, പാറക്കോണം എന്നിവിടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളും അഴിക്കോട് മുസ്ലീംപള്ളിയുമാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. അയിത്തം കൊടുകുത്തിവാണിരുന്ന പഴയ കാലഘട്ടത്തില്‍ പോലും അരുവിക്കരയില്‍ പുരോഗമനവാദികളുമുണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം. “നായര്‍മാര്‍ക്കും പോറ്റിമാര്‍ക്കും മാത്രം” എന്ന ബോര്‍ഡു സ്ഥാപിച്ച പരമേശ്വരന്‍ എന്നയാളുടെ ബാര്‍ബര്‍ഷോപ്പും എല്ലാപേര്‍ക്കും തുല്യത നല്‍കിയിരുന്ന ഷാഹുല്‍ ഹമീദിന്റെ “ഐക്യസദനം” എന്ന പേരിലുള്ള ഹോട്ടലും അക്കാലത്ത് അരുവിക്കരയിലുണ്ടായിരുന്നു. വാടകയ്ക്കു പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തോഫീസിന് കെട്ടിടം കെട്ടുന്നതിന് സ്ഥലം സംഭാവന ചെയ്തത് അരുവിക്കര ഇടമനമഠത്തില്‍ ഈശ്വരന്‍ പോറ്റിയാണ്. നിയമനാധികാരി കൂടിയായിരുന്ന പഞ്ചായത്തുപ്രസിഡന്റ് ആദ്യമായി നിയമിച്ച ഉദ്യോഗസ്ഥന്‍ രാഘവന്‍ നാടാരാണ്. ക്ലാര്‍ക്കായി  മാധവന്‍ നായരേയും നിയമിക്കുകയുണ്ടായി. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി വിലപിടിപ്പുള്ള ഒരേക്കര്‍ സ്ഥലം സംഭാവന നല്‍കിയത് പഞ്ചായത്തുഭരണസമിതി അംഗം കൂടിയായിരുന്ന അരുവിക്കര സരസ്വതിഭവനില്‍ ബാലകൃഷ്ണപിള്ളയാണ്.

അണ്ടൂര്‍ക്കോണം

സ്ഥലനാമ ഐതിഹ്യം
പണ്ടെന്നോ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ ആന പാപ്പാനോടൊപ്പം താണുപോയത്രെ. പൊങ്ങിയത് കടലിലാണ് എന്നതു കൊണ്ടാണ് ആന താഴ്ന്നു പോയ ചിറ എന്ന വിശേഷണമുണ്ടായത്. ഈ ചിറയാണ് ഇന്ന് ആനതാഴ്ചിറ എന്ന പേരിലറിയപ്പെടുന്നത്. നിലയ്ക്കാത്ത ശക്തമായ ഊറ്റ് ആ ചിറയില്‍ ഉണ്ടായിരുന്നുവെന്ന്,  വേളി വരെ നീണ്ടു കിടക്കുന്ന തോടുകള്‍ തെളിവ് നല്‍കുന്നു. ചുറ്റുമുള്ള കാടുകള്‍ തെളിച്ചതോടുകൂടി മണ്ണൊലിപ്പു കാരണം ചിറ മണ്ണടിഞ്ഞ് നികരാന്‍ തുടങ്ങി. ഊറ്റ് നിശ്ശേഷം അടഞ്ഞുപോയി.
സാംസ്ക്കാരികചരിത്രം
കഴിഞ്ഞ നൂറ്റാണ്ടില്‍ അയിത്തവും ഉച്ചനീചത്വവും അതിശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമാണ് കണിയാപുരം. കണിയാപുരം എന്ന സ്ഥലത്ത് അടിമകമ്പോളം ഉണ്ടായിരുന്നതായും അയിത്തം അതിഭീകരമായി നിലനിന്നിരുന്നതിനാല്‍ ഇതിനെതിരായി പ്രക്ഷോഭസമരം നയിച്ച സാമൂഹ്യപരിഷ്കര്‍ത്താവും മഹാനുമായ ശ്രീ അയ്യങ്കാളിക്ക് കണിയാപുരത്ത് വച്ച് ജന്മിമാരുമായി ഏറ്റുമുട്ടേണ്ടിവന്നതായും ചരിത്രരേഖയുണ്ട്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് 1953-ല്‍ പഞ്ചായത്ത് രൂപീകരണം വരെയുള്ള കാലഘട്ടത്തില്‍  ഈ നാട്ടിലെ  സാംസ്ക്കാരിക രംഗം മാന്ദ്യതയിലായിരുന്നു. നാനാജാതിമതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഈ പ്രദേശത്ത് ക്ഷേത്രങ്ങളും പള്ളികളും അങ്ങിങ്ങ് ദൃശ്യമായിരുന്നു. ഓട്ടന്‍തുള്ളല്‍, കമ്പടവുകളി, തോറ്റംപാട്ട്, കളമെഴുത്ത്, വില്ലുപാട്ട് തുടങ്ങിയ കലകളില്‍ പ്രഗത്ഭരായ പലരും ഇവിടെ ജീവിച്ചിരുന്നു. ദിവംഗതനായ ഓട്ടന്‍തുള്ളല്‍കലാകാരന്‍ ശിവശങ്കരപ്പിള്ള, കമ്പടവുകളി ആശാന്‍മാരായ കീഴാവൂര്‍ സ്വദേശികളായ വാസുദേവന്‍പിള്ള, ശിവശങ്കരന്‍ നായര്‍, തോറ്റംപാട്ടില്‍ പ്രാവീണ്യം നേടി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ആ രംഗത്ത് തന്റെ പാടവം തെളിയിച്ച “സാക്ഷി മാധവന്‍പിള്ള“ എന്നറിയപ്പെടുന്ന മാധവന്‍ പിള്ള തുടങ്ങി പലരും ഇന്ന് വേരറ്റുപോയിക്കൊണ്ടിരിക്കുന്ന ഗ്രാമീണ കലകളെ ഉദ്ധരിക്കാന്‍ ശ്രമിച്ചവരാണ്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ട ദേശാഭിമാനികള്‍ നമ്മുടെ പഞ്ചായത്തിലും ഉണ്ടായിരുന്നു. കേരള സാംസ്ക്കാരികവേദിയെ സംപുഷ്ടമാക്കാന്‍ തങ്ങളുടെ എളിയ കഴിവുകള്‍ പ്രദാനം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമായ ഒട്ടേറെ പ്രതിഭാശാലികള്‍ ഈ പ്രദേശത്തുണ്ട്. കേരള രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ ഉജ്ജ്വലനായ കണിയാപുരം രാമചന്ദ്രന്‍ ആ പേരിലൂടെ അറിയപ്പെടുന്നതില്‍ അഭിമാനിക്കാം. നടനും നാടകകൃത്തും പ്രഭാഷകനും സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കണിയാപുരം ഉണ്ണികൃഷ്ണന്‍ നായര്‍ ഈ പഞ്ചായത്തിന്റെ സാംസ്ക്കാരികമേഖലയെ പരിപുഷ്ടമാക്കാന്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. അരനൂറ്റാണ്ടിനുമുമ്പ് തന്നെ ഗ്രന്ഥശാലാപ്രവര്‍ത്തനം ഈ  പ്രദേശത്തുണ്ടായിരുന്നു. നൂറുല്‍ ഇസ്ലാം ഗ്രന്ഥശാലയുടെ സ്ഥാപനം ശ്രദ്ധാര്‍ഹമായ ഒന്നാണ്. തുടര്‍ന്ന് പല വായനശാലകളും  രൂപം കൊണ്ടു.

അഞ്ചുതെങ്ങില്‍

ഭരണചരിത്രം
ഏകദേശം 15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നത്. 1498-ല്‍ കോഴിക്കോട് കാപ്പാടില്‍ കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1684 കാലഘട്ടങ്ങളില്‍ ആറ്റിങ്ങല്‍ റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇവിടെയെത്തി കുരുമുളകു വ്യാപാരം നടത്തിവന്നു. 1644-ല്‍ വിഴിഞ്ഞത്ത് വ്യവസായശാല സ്ഥാപിക്കാന്‍ വേങ്ങോട് രാജാവില്‍ നിന്നും ഇംഗ്ളീഷുകാര്‍ക്ക് അനുവാദം കിട്ടി. 1684-ല്‍ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു കച്ചവടകേന്ദ്രം തുടങ്ങി. തുടര്‍ന്ന് ജോണ്‍ബ്രാബോണ്‍ എന്ന കമ്പനി ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരം 1690-ല്‍ അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനും കുത്തക അവകാശത്തോടുകൂടി കച്ചവടം നടത്താനും റാണി കമ്പനിക്ക് അനുവാദം നല്‍കി. 1695-ല്‍ കോട്ടയുടെ പണി പൂര്‍ത്തിയായി. 75 വെനീഷ്യന്‍ നാണയം പ്രതിവര്‍ഷം കോട്ടയ്ക്കു വാടക നല്കിക്കൊണ്ട് 251 ഏക്കര്‍ സ്ഥലം കമ്പനി അവകാശം സ്ഥാപിച്ചെടുത്തു. അഞ്ചുതെങ്ങ് കിട്ടിയത് ബ്രിട്ടീഷുകാര്‍ക്ക് വടക്കോട്ടുള്ള ജലഗതാഗതത്തിന് സഹായകമായി. അതോടെ സൈനിക സാമഗ്രികള്‍ സംഭരിക്കുന്ന കേന്ദ്രവും ഇവിടെ തുടങ്ങി. 1697-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം ഉണ്ടായി. പക്ഷേ അത് പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് നാട്ടുകാരും ഇംഗ്ളിഷുകാരും തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായിത്തുടങ്ങിയിരുന്നു. ഗിഫോര്‍ഡ് (ഈസ്റ്റ് ഇന്ത്യ കമ്പനി അധിപന്‍) ആറ്റിങ്ങല്‍ പോകുംവഴി നാട്ടുകാര്‍ ആക്രമിച്ചു. ഗിഫോര്‍ഡിന്റെ സഹായി മാര്‍ഹിറോസിന്റെ അവയവം നാട്ടുകാര്‍ ഛേദിച്ചു. ഗിഫോര്‍ഡിന്റെ ശരീരം തടിയോട് ചേര്‍ത്ത് ആണിയടിച്ച് വെള്ളത്തിലൊഴുക്കി. കൂടെയുണ്ടായിരുന്നവരെ മുഴുവന്‍ കൊന്നാടുക്കുകയും കോട്ട ആക്രമിക്കുകയും ചെയ്തു. റാണിയുടെ അറിവുകൂടാതെ ഇതെല്ലാം നടത്തിയ കാരണത്താല്‍ തലശ്ശേരിയില്‍ നിന്നും മിസ്ഫോര്‍ഡും മുന്നൂറ് ഭടന്മാരും റാണിയുടെ സമ്മതത്തോടെ നാട്ടുകാരെ ആക്രമിച്ചു. 1723-ല്‍ കോട്ടയുടെ ഭരണം മിസ്ഫോര്‍ഡ് ഏറ്റെടുത്തു. റാണിയും കമ്പനിയും തിരുവിതാംകൂര്‍ രാജാവും ചേര്‍ന്ന് ഒരു ഉടമ്പടി ഒപ്പുവച്ചു. അങ്ങനെയങ്ങനെ പശ്ചിമതീരത്തു ബോംബെ കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധസങ്കേതമായി അഞ്ചുതെങ്ങ് മാറി. ഇംഗ്ളീഷ് വ്യാപാരികള്‍ നേതാവായ ഗിഫോര്‍ഡിന്റെ കീഴില്‍ നടത്തിയ ധാര്‍ഷ്ട്യ പ്രവൃത്തികള്‍ നാട്ടുകാരെ ശത്രുക്കളാക്കി മാറ്റിയിരുന്നു. 140 ഇംഗ്ളീഷുകാരുടെ സംഘവുമായി ഗിഫോര്‍ഡ് ആറ്റിങ്ങല്‍ റാണിയെ കാണുവാനായി പുറപ്പെട്ടത് സ്ഥലവാസികളെ രോഷാകുലരാക്കി. അവര്‍ സംഘത്തെ ആക്രമിച്ചു. മുഴുവന്‍ ആള്‍ക്കാരെയും കൊന്ന് 1721 ഏപ്രില്‍ 15-ന് കോട്ട വളഞ്ഞു. ഈ ഉപരോധം 6 മാസം നീണ്ടുനിന്നു. തലശ്ശേരിയില്‍നിന്ന് കൂടുതല്‍ സേനയെ വരുത്തിയാണ് ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ് കോട്ട മോചിപ്പിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി ഭാരതത്തിലുണ്ടായ ആദ്യത്തെ സംഘടിത മുന്നേറ്റമായിരുന്നു ആറ്റിങ്ങല്‍ കലാപമെന്ന് ചരിത്രം രേഖപ്പെടുത്തിയ ഈ സംഭവം. 1809-ല്‍ അഞ്ചുതെങ്ങ് തിരുവിതാംകൂര്‍ റസിഡന്‍സിന്റെ അധീനതയിലായി. കോട്ടയുടെ മുകളില്‍ അതീവ മനോഹരമായ നാല് ബംഗ്ളാവുകളും കൂറ്റന്‍ കൊടിമരവും ഉണ്ടായിരുന്നു. ബ്രിട്ടീഷുഭരണകാലത്ത് തന്നെ 1928 മുതല്‍ അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. 1928 ല്‍ ഇലക്ഷനില്‍ എല്ലാപേരും വോട്ടു രേഖപ്പെടുത്തിയിരുന്നില്ല. കരം കൊടുക്കുന്നവര്‍ക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. അന്നുമുതല്‍ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി വാമദേവന്‍, ജെ.സി.പെരേര (ഈസ്റ്റ് ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍സ്), ബ്രാണ്ടന്‍ബര്‍ക്ക് (ആംഗ്ളോ ഇന്ത്യന്‍സ്), കെ.പി.വേലായുധന്‍ എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1940 മുതല്‍ രണ്ടു വര്‍ഷക്കാലം അഞ്ചുതെങ്ങ് പഞ്ചായത്ത് ഇല്ലാതാവുകയും, കടയ്ക്കാവൂര്‍ പഞ്ചായത്തിനോട് ചേര്‍ക്കുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് കായിക്കരയുടെ (ഹാച്ചിവാളാകം) ഒരു ഭാഗം കൂടി ചേര്‍ത്ത് 4 വാര്‍ഡാക്കി അഞ്ചുതെങ്ങ് പഞ്ചായത്ത് പുനസ്ഥാപിച്ചത് 1952-ലാണ്.

 

ആനാട്

സാംസ്കാരികചരിത്രം
ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യസ്ഥിതിയും ജാതിസമ്പ്രദായങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍വിഭജനങ്ങളും സ്വാതന്ത്ര്യനിഷേധങ്ങളും അടിച്ചമര്‍ത്തലുകളും അതിന്റെ എല്ലാ സവിശേഷതയോടും കൂടി മുന്‍കാലത്ത് ഇവിടെയും നിലനിന്നിരുന്നുവെന്ന് അനുമാനിക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്ഥത കല്‍പ്പിച്ചുകിട്ടിയിരുന്നത് ബ്രാഹ്മണര്‍ക്കും ദേവസ്വങ്ങള്‍ക്കുമായിരുന്നു. അവരും, അവരുടെ ആജ്ഞാനുവര്‍ത്തികളായി നായന്മാര്‍, വെള്ളാളര്‍ മുതലായ കാണക്കുടിയാന്മാര്‍ എന്നറിയപ്പെട്ട സവര്‍ണ്ണരും, മണ്ണില്‍ പണിയെടുക്കുന്ന ഈഴവര്‍, നാടാര്‍, മുസ്ലീം തുടങ്ങിയ പിന്നോക്കജാതിക്കാരും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ജനപ്രകൃതി. അവര്‍ണ്ണവിഭാഗങ്ങള്‍ക്കിടയില്‍ ഈഴവര്‍ അല്പം മെച്ചപ്പെട്ട നില കൈവരിച്ചതൊഴിച്ചാല്‍ ബാക്കി അധഃസ്ഥിതരുടെ നില വളരെ പരിതാപകരമായിരുന്നു. പക്ഷെ ഇവയൊക്കെ സാമൂഹ്യാചാരങ്ങളുടെ ഭാഗമെന്ന നിലയില്‍ പരിഭവങ്ങളോ പരാതികളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ, മനുഷ്യര്‍ പുലര്‍ത്തിവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പോലെ ഏറ്റുവാങ്ങേണ്ടി വന്നവരേപ്പോലെയായിരുന്നു അവര്‍. പ്രബലരായ ഏതാനും നായര്‍, വെള്ളാള കുടുംബങ്ങള്‍, നാമമാത്രമെങ്കിലും ഭൂമിയില്‍ ഉടമസ്ഥത ഉണ്ടായിരുന്ന കുറെ ഈഴവ, മുസ്ലീം, ക്രിസ്ത്യന്‍, നാടാര്‍ കുടുംബങ്ങള്‍ എന്നിവരാണ് അക്കാലത്ത് ഗണനീയമായുണ്ടായിരുന്നത്. കീഴാളര്‍, കാണിക്കാര്‍ ഇവര്‍ക്കൊക്കെ സ്വന്തമായി ഭൂമിയുണ്ടായിരുന്നെങ്കിലും എല്ലാവരാലും അവഗണിക്കപ്പെട്ടവരായിരുന്നു. ഗ്രാമത്തിലെ ചില പ്രത്യേകകേന്ദ്രങ്ങളില്‍ ചേരികളായി കഴിഞ്ഞുകൂടുകയായിരുന്നു അവര്‍. ജന്മിക്കരം, പാതിവാരം, തിരിപ്പുവാരം, രാജഭോഗം തുടങ്ങിയ നികുതിസമ്പ്രദായങ്ങളാണ് അന്ന് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്നത്. മണ്ഡപപിള്ള, അധികാരി തുടങ്ങിയവരാണ് രാജാവിനുവേണ്ടി പ്രാദേശികഭരണം നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍. ഈ കാലയളവില്‍ പട്ടത്തുനിന്നും ഒരു പുലയനെ വിലയ്ക്കുവാങ്ങി (ചാത്തന്‍ പുലയന്‍) ഇവിടെ കൊണ്ടുവന്നതായി ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നായര്‍, വെള്ളാളര്‍, ഈഴവര്‍, വെളുത്തേടര്‍, വണ്ണാര്‍, ആശാരി, കൊല്ലന്‍, ചെട്ടി, കമ്മാളര്‍, പുലയര്‍, പറയര്‍, കുറവര്‍, വേടര്‍, പാണര്‍, തട്ടാര്‍ തുടങ്ങിയ ഹൈന്ദവവിഭാഗങ്ങളും മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇടകലര്‍ന്ന് അധിവസിക്കുന്ന ഈ പഞ്ചായത്തില്‍ ഏതാനും ബ്രാഹ്മണകുടുംബങ്ങളും ഇടക്കാലത്ത് താമസമാക്കിയ ഒരു ആഗ്ളോഇന്ത്യന്‍ കുടുംബവും വിരലിലെണ്ണാവുന്ന കാണിക്കാരും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ ഇന്നത്തെ ജനപ്രകൃതി. നാനാജാതിമതസ്ഥരുടേയും ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അവയുമായി ബന്ധപ്പെട്ട ഉത്സവാദി ആഘോഷങ്ങള്‍ ജാതിമതഭേദമെന്യെ ഈ പഞ്ചായത്തിലെ എല്ലാവരും ചേര്‍ന്നാണ് ആഘോഷിക്കാറുള്ളത്. ഗ്രാമപഞ്ചായത്തില്‍ ഇരുപത്തെട്ട് ക്ഷേത്രങ്ങളും പതിമൂന്ന് ക്രിസ്ത്യന്‍പള്ളികളും അഞ്ച് മുസ്ളീംപള്ളികളും സ്ഥിതി ചെയ്യുന്നു. 1950-കള്‍ക്ക് ശേഷവും അനുവര്‍ത്തിച്ചു പോന്നിരുന്ന മൃഗബലിക്ക് പകരം കുമ്പളങ്ങയാണ് ഇന്ന് കാളീക്ഷേത്രങ്ങളില്‍ ആചാരത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്. ഈ ഗ്രാമപഞ്ചായത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ഇത്തരം അനാചാരങ്ങള്‍ക്ക് അറുതി വന്നത്.   പത്തോളം ഗ്രന്ഥശാലകള്‍ ഈ ഗ്രാമപഞ്ചായത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ 1952-ല്‍ സ്ഥാപിതമായ മന്നൂര്‍കോണം പീപ്പിള്‍സ് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്കാരികരംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസചരിത്രം
കൊല്ലവര്‍ഷം 1080-ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് പ്രജാക്ഷേമമന്വേഷിച്ച് യാത്ര ചെയ്യുകയായിരുന്നു. അന്ന് ആനാട് ജംഗ്ഷനില്‍ നാട്ടുകാര്‍ കൂടി നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടാക്കി തരണമെന്നുണര്‍ത്തിച്ചു. അങ്ങനെ പഞ്ചായത്തിലെ പ്രൈമറിസ്കൂള്‍ ആനാട് സ്ഥാപിതമായി. ഇന്നത്തെ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. ഇതിനു മുന്‍പു തന്നെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി കുടിപ്പള്ളിക്കൂടങ്ങള്‍ വിദ്യാകേന്ദ്രങ്ങളായി നിലനിന്നിരുന്നു. പഞ്ചായത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയിട്ടുണ്ട്. 75 വര്‍ഷം മുമ്പ് ഫാദര്‍ മാനുവല്‍ അമ്പുടയന്റെ നേതൃത്വത്തില്‍ ചുള്ളിമാനൂര്‍ ആര്‍.സി.പള്ളി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം പില്‍ക്കാലത്ത് എസ്.എച്ച്.യു.പി.എസ് ആയി വളര്‍ന്നു. 65 വര്‍ഷം മുമ്പ് തങ്കരാജ നെയ്ത്തുപുരയില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം ചുള്ളിമാനൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസായി. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ എസ്.എന്‍.വി.എച്ച്.എസ് പഞ്ചായത്തിന്റെ മധ്യഭാഗമായ ആനാട് സ്ഥിതി ചെയ്യുന്നു. ആദ്യ പഞ്ചായത്ത് കമ്മിറ്റിയുടെ കാലത്ത് തന്നെ ആറ്റിന്‍പുറത്ത് ഒരു യു.പി സ്കൂള്‍ അനുവദിച്ചു കിട്ടി. സ്ഥലവാസികള്‍ സ്ഥലം സംഭാവനയായി നല്‍കിയിരുന്നു. അക്കാലത്ത് നിയമനാധികാരം പഞ്ചായത്ത് മാനേജ്മെന്റിനായിരുന്നു. ഈ നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളില്‍ ഗ്രാമത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ നിലവില്‍ വന്നുതുടങ്ങി. ആനാട് എല്‍.പി.എസിന്റെ സ്ഥാപനമാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് ലൂഥര്‍ മിഷന്‍ എല്‍.പി.എസ് വേങ്കവിള, രാമപുരം യു.പി സ്കൂള്‍, ചുള്ളിമാനൂര്‍ എല്‍.പി.എസ് ആട്ടുകാല്‍ ഗ്രാന്റ് സ്കൂള്‍ തുടങ്ങിയവയും സ്ഥാപിതമായി. പുത്തന്‍പാലം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ആനാട് 688-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ വക എസ്.എന്‍.വി യു.പി.എസ്സ് പില്‍ക്കാലത്ത് ആനാട് കേന്ദ്രത്തിലേക്ക് മാറ്റുകയും ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ഹൈസ്കൂളിന്റെ സ്ഥാപനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ വി.എന്‍.ഗംഗാധരപണിക്കര്‍ നടത്തിയ സേവനം വിസ്മരിക്കാവതല്ല.
ദേശചരിത്രം
ആനക്കൂട്ടങ്ങളുടെ കേന്ദ്രീകരണത്താല്‍ ആനാട് (ആനകളുടെ നാട്) എന്ന പേര്‍ ലഭിച്ച ഈ ഗ്രാമത്തില്‍ കടുവ, പുലി തുടങ്ങിയ ഹിംസ്രജന്തുക്കളും, പുള്ളിമാന്‍കൂട്ടങ്ങളും സ്വൈരവിഹാരം നടത്തിയിരുന്നതിന് തെളിവേകുന്ന സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും വേണ്ടുവോളമുണ്ട്. അംഗീകൃത വേട്ടക്കാരനും, നൂറ്റിയൊന്ന് പുലികളെ കെണിയില്‍പ്പെടുത്തി രാജാവിന്റെ പട്ടും വളയും, സ്ഥാനപേരും കരസ്ഥരമാക്കിയ കടുവാക്കുറുപ്പ്, പുലി ആക്രമിച്ചു കൊന്ന വേടര്‍ സ്ത്രീയെ കണ്ടെത്തിയ വേടത്തി പാറ, ചുള്ളിമാനൂര്‍, പുലിക്കോട്ടുകോണം, പുലിപ്പാറ, കടുവാച്ചിറ, ആനെയ്ക്കോണം തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. മുന്‍കാലത്ത് നാട്ടുവൈദ്യന്‍മാരാണ് ആരോഗ്യരംഗം കൈകാര്യം ചെയ്തിരുന്നത്. അക്കൂട്ടത്തില്‍ കിഴക്കേല കുന്നുംപുറത്തുവീട്ടില്‍ ശങ്കരന്‍ വൈദ്യര്‍, പാലോട്ടുകോണം രാമന്‍പിള്ള വൈദ്യര്‍, പുലിക്കുഴി മനുവേല്‍ വൈദ്യര്‍ എന്നിവര്‍ ഏറെ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു. ചുള്ളിമാനൂര്‍ കേന്ദ്രമാക്കി ദേവദാസ് ആരംഭിച്ചതാണ് പഞ്ചായത്തിലെ ആദ്യത്തെ അലോപ്പതി ഡിസ്പെന്‍സറി. ഇന്നത്തെ ആനാട്, പനവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഒന്നായിരുന്ന കാലത്ത് ആനാട് വില്ലേജില്‍ കരിക്കുഴി എന്ന സ്ഥലത്ത് കൊല്ലവര്‍ഷം 1100-ാമാണ്ടില്‍ (1925) രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണസ്ഥാപനമാണ് ഇന്നത്തെ ഫാര്‍മേഴ്സ് ബാങ്കായി ഉയര്‍ത്തപ്പെട്ടത്. ആനാട് പ്രദേശത്ത് ആദ്യത്തെ പോസ്റ്റോഫീസ് ചുള്ളിമാനൂരില്‍ ഡി.ചെല്ലരാജാണ് ആരംഭിച്ചത്. 1940-കളോടെ പ്രൈവറ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു. 1953-ഓടു കൂടി പഞ്ചായത്തിലേക്ക് വൈദ്യുതി കടന്നുവന്നു. 1950 കളോടടുപ്പിച്ചാണ് ഡോ.വേലുപ്പിള്ളയുടെ നേതൃത്വത്തില്‍ അക്കാലത്ത് വിജ്ഞാനപ്രദായിനി എന്ന പേരില്‍ ഒരു വായനശാല ആനാട് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ രംഗത്ത് ഒരു സംഘടിത പ്രവര്‍ത്തനം സാദ്ധ്യമായതോടുകൂടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രന്ഥശാലകളുടെ ഒരു നിരതന്നെ സൃഷ്ടിക്കപ്പെട്ടു. മന്നൂര്‍ക്കോണം പീപ്പിള്‍സ് ലൈബ്രറി, ആനാട് യുവജനസമാജം വായനശാല, ഇരിഞ്ചയം യുണെറ്റഡ് ലൈബ്രറി, ആട്ടുകാല്‍ കര്‍ഷകമിത്രം വായനശാല, പനയമുട്ടം കെ.എസ്സ്.എം മെമ്മോറിയല്‍ ഗ്രന്ഥശാല തുടങ്ങിയവ ഇക്കൂട്ടത്തില്‍ എടുത്തുപറയത്തക്കതാണ്. ഇവയുടെ പ്രവര്‍ത്തനം ഈ പ്രദേശത്തിന്റെ സാംസ്കാരികോല്‍കര്‍ഷത്തിന് വഹിച്ച പങ്ക് നിസ്തുലമാണ്. 1952-ലാണ് ആനാട് പഞ്ചായത്ത് രൂപീകൃതമായത്. 1953-ല്‍ നിലവില്‍ വന്ന ആനാട് പഞ്ചായത്തിന്റെ ആദ്യഭരണസമിതി പ്രസിഡണ്ടായി എന്‍.കുഞ്ഞുകൃഷ്ണന്‍നായരെ തെരഞ്ഞെടുത്തു. ജീവനക്കാരായി കെ.ഭാസ്ക്കരപിള്ള (ക്ളാര്‍ക്ക്), ചെല്ലപ്പന്‍ (പ്യൂണ്‍) എന്നിവരാണുണ്ടായിരുന്നത്. പ്യൂണ്‍ ആയിരുന്ന ചെല്ലപ്പന്‍ പഞ്ചായത്തുചെല്ലപ്പനെന്ന വിളിപ്പേരിനര്‍ഹമാക്കുംവിധം പഞ്ചായത്തില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്നത് സ്മരണീയമാണ്. അക്കാലത്ത് തനതുപ്രവര്‍ത്തനമെന്ന നിലയില്‍ നടപ്പാലങ്ങള്‍, കുളങ്ങള്‍, മണ്ണുറോഡുകള്‍, ചെറുകലങ്ങുകള്‍ എന്നിവ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെയ്തിരുന്നു. ചുള്ളിമാനൂര്‍ അന്തിചന്ത എസ്.എച്ച്.യു.പി.എസിനു സമീപം എം.ചെല്ലപ്പന്‍ നാടാരുടെ പുരയിടത്തില്‍ ആരംഭിച്ചു. നാണന്‍ മുതലാളി സംഭാവന ചെയ്ത സ്ഥലത്ത് ഇര്യനാട്ടും ഒരു ചന്ത നടത്തിയിരുന്നു. 1964-ല്‍ കെ.പരമേശ്വരന്‍ നായര്‍ പ്രസിഡന്റും ജി.മനോഹരന്‍ വൈസ് പ്രസിഡന്റുമായിരുന്ന കാലത്ത് സംസ്ഥാനവ്യാപകമായുയര്‍ന്നുവന്ന ലക്ഷംവീട് പദ്ധതി പഞ്ചായത്തിലും നടപ്പിലാക്കി. മണിയംകോട്ടു, ചന്ദ്രമംഗലം, വേട്ടമ്പള്ളി, കരിക്കുഴി എന്നീ സ്ഥലങ്ങളില്‍ ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ചുള്ളിമാനുര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് പഞ്ചായത്ത് സ്ഥലം വാങ്ങിക്കൊടുത്തു. ആര്‍.ഡി.ബി വായ്പകൊണ്ട് ചുള്ളിമാനൂര്‍ മാര്‍ക്കറ്റും ഷോപ്പിംഗ് സെന്ററും പനവൂര്‍ പബ്ളിക് മാര്‍ക്കറ്റും സ്ഥാപിക്കാന്‍ കഴിഞ്ഞു. ആര്‍.ഡി.ബി വായ്പ പഞ്ചായത്ത് തിരിച്ചടച്ചു. ചുള്ളിമാനൂര്‍ അന്തിചന്ത ചുള്ളിമാനൂര്‍ പബ്ളിക് മാര്‍ക്കറ്റായി ഉയര്‍ത്തി. എന്‍.ഇ.എസ് ബ്ളോക്ക് മുഖേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ കാര്യക്ഷമമായി നടന്നതിനാല്‍ ‘ജയന്തി പഞ്ചായത്തായി‘ ആനാട് പഞ്ചായത്തിനെ ഉയര്‍ത്തി. ഗ്രാമസേവകനായിരുന്ന കരുണാകരന്‍നായരും ഗ്രാമസേവികയായിരുന്ന കൃഷ്ണമ്മയ്ക്കും അവാര്‍ഡ് ലഭിക്കുകയും ചെയ്തു. മഹിളാരംഗത്തെ സാമൂഹിക പ്രവര്‍ത്തകരായിരുന്ന കുമാരി വിജയമ്മയെ ഗ്രാമലക്ഷ്മിയായി അംഗീകരിക്കുകയുണ്ടായി. കാലാന്തരത്തില്‍ പഞ്ചായത്തിലെ തദ്ദേശീയരായ വിവിധ ജനങ്ങളുടെ സഹായസഹകരണത്തോടെ പുതിയ റോഡുകള്‍ വെട്ടി. ഗതാഗതസൌകര്യം വര്‍ദ്ധിച്ചു. തന്നിമിത്തം സന്നദ്ധപ്രവര്‍ത്തകരില്‍ പലരുടെ പേരിലും ക്രിമിനല്‍കേസ് വരെയുണ്ടായി. ആയൂര്‍വേദ ആശുപത്രികള്‍ക്കുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സി.അച്ചുതമേനോന്‍ നിര്‍വഹിച്ചു. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോള്‍ പനവുര്‍ പഞ്ചായത്തിലെ പ്രദേശം കൂടി ഉള്‍പ്പെട്ടിരുന്ന ആനാട് പഞ്ചായത്ത് 1976-ല്‍ വിഭജനവിധേയമാകുകയും പനവൂര്‍ പഞ്ചായത്ത് നിലവില്‍ വരികയും ചെയ്തു.

തിരുനാവായ

 

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലാണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്. തിരുനാവായ, അനന്താവൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുനാവായ ഗ്രാമപഞ്ചായത്തിനു 19.58 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ നാടാണ് തിരുനാവായ. ഒരുകാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശമാണ് തിരുനാവായ. ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവയയില്‍ ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് മാമാങ്കം നടത്തിയിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. നവയോഗികളാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം ഭാരതപ്പുഴയുടെ ഇക്കരെയും, ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍ അക്കരെയുമായി സ്ഥിതി ചെയ്യുന്നു. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ദര്‍ശിക്കാനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രവിളക്ക് കെട്ടുപോകാതിരിക്കാനായി, തച്ചുശാസ്ത്രവിധിപ്രകാരം പെരുന്തച്ചന്‍ സ്ഥാപിച്ച കുത്തുകല്ല്, ഇന്നും എടക്കുളം എ.എം.യു.പി.സ്കൂളിനടുത്തായി കാണാം. കേരളത്തിലെ ഏറ്റവും വലിയ നദിയായ, പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്ന് ഉത്ഭവിക്കുന്ന ഭാരതപ്പുഴ തിരുനാവായ പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഒഴുകുന്നത്.
സാമൂഹ്യചരിത്രം
ഒരുകാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശമാണ് തിരുനാവായ. ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞുവീഴ്ത്തിയിരുന്ന ചാവേര്‍ പടയാളികളുടെ മൃതദേഹങ്ങള്‍ വാരിവലിച്ചിട്ട്, ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കണര്‍, കൊടക്കല്‍ മിഷന്‍ ആശുപത്രി കോമ്പൌണ്ടില്‍ ഇപ്പോഴും കാണാം. വീരനായകന്മാരെ മറവു ചെയ്ത സ്ഥലത്ത് കുടയുടെ രൂപത്തില്‍ കല്ലുചെത്തി രൂപപ്പെടുത്തി വെച്ചിരുന്നതുകൊണ്ടാണ് കുടക്കല്ല് (കൊടക്കല്‍) എന്നു പേരു വരാന്‍ കാരണമെന്ന് 1992-ല്‍ അന്തരിച്ച സാമൂതിരി കുടുംബാംഗമായ കെ.സി.വി.രാജ പറഞ്ഞിട്ടുണ്ട്. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും, കൊടക്കല്‍ ബി.ഇ.എം സ്കൂളും, ടൈല്‍സ് ഫാക്ടറിയും ആരംഭിക്കുന്നതും. ബ്രിട്ടീഷുകാരുടെ വരവിനുശേഷം പ്രകടമായ പല മാറ്റങ്ങളും തിരുനാവായ പ്രദേശത്തുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പരാജയത്തെതുടര്‍ന്ന്, ഇന്ത്യയിലെ അവരുടെ എല്ലാ സ്ഥാപനങ്ങളും ബ്രിട്ടന്റെ നിയന്ത്രണത്തിലായി. അങ്ങനെയാണ് “കൊടക്കല്‍ ടൈല്‍ ഫാക്ടറി” ബ്രിട്ടനില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ രൂപം നല്‍കിയ കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ കീഴില്‍ വരാന്‍ കാരണം. ട്രസ്റ്റിന്റെ കേന്ദ്രം ലണ്ടനായിരുന്നു. 1906-ല്‍ സ്ഥാപിച്ച ഈ കമ്പനി മംഗലാപുരത്തെ “ജപ്പൂ ടൈല്‍ ഫാക്ടറി”ക്കു ശേഷം ഇന്ത്യയില്‍ സ്ഥാപിതമായ രണ്ടാമത്തേതാണ്. അന്ന് കൊടക്കല്‍ കമ്പനിയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗം ബന്തര്‍ അഥവാ തുറമുഖത്തു നിന്നും ആരംഭിക്കുന്ന പാതയായിരുന്നു. ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ചെത്തുവഴിയാണ് ഇന്നത്തെ ബി.പി.അങ്ങാടി-കുറ്റിപ്പുറം റോഡ്. കമ്പനിക്കു മുമ്പിലുള്ള പഴയ ബംഗ്ളാവുവളപ്പിലാണ് “മരുന്നറ”യുള്ളത്. ബന്തറിലേക്കുള്ള ഒരു ഗുഹയുടെ കവാടവും ഇവിടെ ദൃശ്യമാണ്. തിരുനാവായ പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം കൊടക്കല്‍ ബി.ഇ.എം.യു.പി.സ്കൂളായിരുന്നു. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോഴിക്കോട്ടു നിന്ന് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാളവണ്ടിയില്‍ കൊടക്കല്‍ എത്തിച്ചിരുന്നത് പുഴക്കല്‍ മുഹമ്മദ് എന്ന വ്യക്തിയായിരുന്നു. തവനൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി ഡിസ്ട്രിക്ട് ബോര്‍ഡില്‍ മെമ്പറായിരിക്കുമ്പോഴാണ് എടക്കുളം റെയില്‍വേ സ്റ്റേഷന്റെ പേര് “തിരുനാവായ” എന്നാക്കിയത്. അക്കാലത്ത് ഇവിടുത്തെ പ്രഗത്ഭ ആയുര്‍വ്വേദ ഭിഷഗ്വരനായിരുന്നു തൃപ്രങ്ങോട് ശങ്കരന്‍ മൂസ്സത്. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. ഇവിടെ അടുത്ത കാലം വരെയുണ്ടായിരുന്ന വെള്ളത്തടാകവും ഈമ്പിപ്പാറയും പ്രസിദ്ധമാണ്. 1921-ലെ മലബാര്‍ ലഹളക്കാലത്ത് പട്ടാളം ക്യാമ്പ് ചെയ്തിരുന്നത്, പഠാണി ശഹീദിന്റെ മഖ്ബറയുടെ പരിസരത്തായിരുന്നു. തുക്കിടി സായ്പിന്റെ ഓഫീസ് തൊട്ടടുത്ത അംശക്കച്ചേരിയിലായിരുന്നു. ഈ പഞ്ചായത്തിലെ കൈത്തക്കര ജുമാ മസ്ജിദിനു 400 വര്‍ഷത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ പള്ളിയുടെ ഖാസിയായ സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു കോന്നല്ലൂര്‍ പള്ളിക്കു കുറ്റിയടിച്ചത്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. തീപിടിച്ച് നശിച്ചതിനെതുടര്‍ന്നാണ് മഠം തവനൂരിലേക്കു മാറ്റിയത്. തിരുനാവായ പഞ്ചായത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മുമ്പ് നെല്‍വയലുകളായിരുന്നു. കളിയടക്ക, വെറ്റില, താമരപ്പൂവ് എന്നിവയായിരുന്നു അന്നത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. വലിയ പറപ്പൂര്‍ കായലിലെ താമരപ്പൂവ് കേരളത്തിനകത്തും പുറത്തും പുകള്‍പെറ്റതാണ്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ചിരുന്ന ഓട്, മുമ്പ് ബന്തര്‍ കടവുവഴിയും റെയില്‍ മാര്‍ഗ്ഗവും നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. 1940-കളുടെ മധ്യകാലം വരെ, വളരെ വിപുലമായ ഒരു മത്സ്യമാര്‍ക്കറ്റ് ഇന്നത്തെ തിരുനാവായ അങ്ങാടിക്കു പടിഞ്ഞാറുവശത്തായി പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇവിടെ നിന്നും തലച്ചുമടായി സമീപ പ്രദേശങ്ങളിലേക്ക് മത്സ്യം കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നു. കൂട്ടിലങ്ങാടി ചന്തയും പ്രസിദ്ധമാണ്. വെറ്റില വ്യാപാരത്തിനായിരുന്നു ഇവിടെ പ്രാധാന്യം. ബര്‍മ്മയില്‍ നിന്നുമുള്ള അരിയും, ജാവയില്‍ നിന്നുമുള്ള പഞ്ചസാരയും മറ്റും പൊന്നാനി വാണിജ്യകേന്ദ്രങ്ങള്‍ വഴി ഭാരതപ്പുഴയില്‍, വള്ളത്തില്‍ തിരുനാവായ കടവത്ത് ഇറക്കിയിരുന്നതായി ചരിത്രം പറയുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തതും ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. 1946-ല്‍ ശങ്കുണ്ണിമേനോന്‍ തിരുനാവായ കടവത്ത് സത്രത്തില്‍, വിദ്യാപീഠം എന്ന പേരില്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ നാവാമുകുന്ദ ഹൈസ്കൂള്‍. മുസ്ളീങ്ങള്‍ക്കു വേണ്ടി എടക്കുളം റെയില്‍വേ സ്റ്റേഷനടുത്ത് ഒരു നിസ്കാരപള്ളിയും അദ്ദേഹം സൌജന്യമായി നിര്‍മ്മിച്ചു നല്‍കി. 1921-ലെ മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട് എടക്കുളം, കൊടക്കല്‍, തിരുനാവായ, അനന്താവൂര്‍, വലിയ പറപ്പൂര്‍, പല്ലാര്‍ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയിരുന്നു. അവരില്‍ പലരും ബെല്ലാരി, കോയമ്പത്തൂര്‍, ജയിലുകളില്‍ വെച്ചു മരിച്ചു. പാറയില്‍ അഹമ്മദ്കുട്ടി മലബാര്‍ കലാപത്തില്‍ വെടിയേറ്റുമരിച്ച വ്യക്തിയാണ്. അക്കൂട്ടത്തില്‍ ജയിലിലടക്കപ്പെട്ട എടക്കുളം ചിറ്റകത്ത് പൊറ്റമ്മല്‍ മൊയ്തീന്‍ ഹാജിയെ സ്വാതന്ത്ര്യാനന്തരം ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചു. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അക്കാലത്ത് തിരുനാവായിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും ജന്മികുടുംബങ്ങളിലും തിരുനാവായ ദേവസ്വത്തിലും ഒതുങ്ങിനിന്നിരുന്നു. ആതവനാട് ആഴ്വാഞ്ചരി മനക്കല്‍ നിന്നും 99 വര്‍ഷത്തെ ലീസിനു കൊടുത്ത സ്ഥലത്താണ് കൊടക്കല്‍ ടൈല്‍ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്ന്, മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. പ്രകൃതി മനോഹാരിതയും മിത്തുകളുടെ സമ്പല്‍ സമൃദ്ധിയും തിരുനാവായുടെ ടൂറിസ്റ്റ്് പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് തിരുനാവായ. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ നവോദയമേള നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുന്നാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുന്നാവായ നവോദയമേളക്കു തുടക്കം കുറിച്ചത്. വേനല്‍ പിറക്കുന്നതോടെ നിളയുടെ തീരങ്ങളിലും മണല്‍പരപ്പിലും വിവിധയിനം ദേശാടനക്കിളികളും അതിഥികളായി എത്താറുണ്ട്.

സാംസ്കാരികചരിത്രം
ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തിയെടുത്തുവെന്ന ഐതിഹ്യത്തിലെ നായകനായ പരശുരാമന്റെ ആസ്ഥാനം തിരുനാവായ ആണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. കേരളചരിത്രത്തിലും സംസ്കാരത്തിലും തിരുനാവായയ്ക്കു വിശിഷ്ഠമായ സ്ഥാനമാണുള്ളത്. നവയോഗികളാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം ഭാരതപ്പുഴയുടെ ഇക്കരെയും, ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍ അക്കരെയുമായി സ്ഥിതി ചെയ്യുന്നു. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. പെരുമ്പിലാവില്‍ കേളുമേനോനെ പോലുള്ള പ്രശസ്തരായ അഭ്യാസികള്‍ പരിശീലനം നേടിയത് താഴത്തറയിലെ ചങ്ങമ്പള്ളികളരിയിലാണെന്ന് ഐതീഹ്യമാലയില്‍ പറയുന്നു. എടക്കുളം കുന്നുമ്പുറത്ത് സ്ഥിതി ചെയ്യുന്ന “പഠാണി ശഹീദിന്റെ മഖ്ബറ”യും, ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലാണ്. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതോടനുബന്ധിച്ച് മതപഠനത്തിനായി ഒരു ഓത്തുപള്ളിയും സ്ഥാപിക്കപ്പെട്ടിരുന്നു. അഞ്ഞൂറോളം ഇല്ലങ്ങളുള്ള ഓത്തന്മാരുടെ ആസ്ഥാനവും തിരുനാവായയായിരുന്നു. ഇപ്പോള്‍ നിളയുടെ തെക്കേകരയില്‍ സ്ഥിതി ചെയ്യുന്ന “ഓത്തന്മാര്‍ മഠം” മുമ്പ് വടക്കെകരയിലായിരുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തുലാം, കുംഭം, കര്‍ക്കിടക വാവുദിവസങ്ങളില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നായാടിമാര്‍ ഇവിടെ എത്തിയിരുന്നു. ഇവരുടെ പ്രധാനതൊഴില്‍ ഉറി വില്‍പ്പനയും ഭിക്ഷാടനവുമായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ദര്‍ശിക്കാനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രവിളക്ക് കെട്ടുപോകാതിരിക്കാനായി, തച്ചുശാസ്ത്രവിധിപ്രകാരം പെരുന്തച്ചന്‍ സ്ഥാപിച്ച കുത്തുകല്ല്, ഇന്നും എടക്കുളം എ.എം.യു.പി.സ്കൂളിനടുത്തായി കാണാം. സുമാര്‍ ഒന്നരയാള്‍ ഉയരത്തിലുള്ളതാണ് ഈ കല്ല്. ഇത്തരത്തിലുള്ള വന്‍ കുത്തുകല്ലുകള്‍ കൈത്തരക്കര ജി.എല്‍.പി.സ്കൂളിനടുത്തും, അനന്താവൂര്‍ കൂത്തുകല്ല് പറമ്പിലും ഇപ്പോഴും നിലകൊള്ളുന്നുണ്ട്. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അന്നത്തെ നാട്ടുപ്രമാണിയായ വെള്ളാടത്ത് തറവാട്ടിലെ വെള്ള തലേക്കെട്ടുകാരനായ തെക്കന്‍ മരക്കാര്‍ മൂപ്പന്റെ നേതൃത്വത്തിലാണ് ചെറുത്തുനില്‍പ്പുണ്ടായത്. ഇതേതുടര്‍ന്ന് ഈ തറവാട്ടുകാര്‍ക്ക് അന്നുമുതല്‍ ക്ഷേത്രത്തില്‍ നിന്നും വര്‍ഷംതോറും ഒരവകാശം കല്‍പ്പിച്ചരുളുകയും തലമുറകളായി അവര്‍ അത് കൈപ്പറ്റിവരികയും ചെയ്തിരുന്നു. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷു വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്നു മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. മഹാപണ്ഡിതനും സൂഫിവര്യനുമായിരുന്ന കൈത്തക്കര മുഹിയുദ്ദീന്‍ കുട്ടി മുസലിയാര്‍, പല്ലാര്‍ കമ്മുമുസലിയാര്‍, എടക്കുളം എന്‍.അബൂബക്കര്‍ മുസലിയാര്‍, കെ.പി.കമ്മു മുസലിയാര്‍, കെ.സി.വി.രാജ, വെള്ളുത്താട്ട് നമ്പൂതിരി, അമരിയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.കെ.പല്ലാര്‍ തുടങ്ങിയവരെല്ലാം ഈ പഞ്ചായത്തില്‍ ജനിച്ച, മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭാധനന്മാരായിരുന്നു. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തത്, ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ “നവോദയമേള” നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുനാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുനാവായ “നവോദയമേള”ക്കു തുടക്കം കുറിച്ചത്. സര്‍വ്വോദയമേളയോടനുബന്ധിച്ച് ഓരോ വര്‍ഷവും ഫെബ്രുവരി 12-ന് നിളയുടെ തെക്കേകരയില്‍ നിന്ന് വടക്കേകരയിലേക്ക് ശാന്തിയാത്ര നടത്താറുണ്ട്. 1948 മുതല്‍ ഇന്നുവരെ ഇതു മുടങ്ങാതെ നടന്നുവരുന്നു. നിളയുടെ വടക്കേക്കരയില്‍ ആരംഭിച്ച സര്‍വ്വോദയമേള പിന്നീട് തെക്കേക്കരയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് കോഴിക്കോട് നവോദയസംഘത്തിന്റെ ഖാദി നെയ്ത്തുകേന്ദ്രവും കേളപ്പജി സ്തൂപവും സ്ഥിതിചെയ്യുന്നത്. വടക്കേകരയിലെ പ്രസിദ്ധമായ നാവാമുകുന്ദാ ക്ഷേത്രത്തിലേക്ക് പോകുന്ന പാതയുടെ കവാടത്തില്‍ ഗാന്ധിജിയുടെ ഒരു സ്മാരകസ്തൂപം സ്ഥിതി ചെയ്യുന്നുണ്ട്. “മാര്‍ക്കണ്ഡേയപുരാണ”ത്തിലൂടെ പ്രസിദ്ധമായ തൃപ്രങ്ങോട്ട് മഹാദേവക്ഷേത്രവും ഇവിടെ അടുത്താണ്. നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ ആസ്ഥാനമായ ചന്ദനക്കാവ്, അരിയിട്ട് വാഴ്ചയുടെ അധിപനായ ആഴ്വാഞ്ചരി തമ്പ്രാക്കള്‍ വാഴുന്ന ആതവനാട്, കുട്ടികൃഷ്ണമാരാരുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തൃപ്രങ്ങോട് എന്നീ സാംസ്കാരിക കേന്ദ്രങ്ങളൊക്കെ തിരുനാവായ പഞ്ചായത്തിന്റെ അയല്‍പക്കങ്ങളിലാണ്.

മലപ്പുറംജില്ലയിലൂടെ

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഉരുക്കുനിര്‍മ്മാണം യൂറോപ്പിന് പോലും അജ്ഞാതമായിരുന്ന കാലത്ത് വാളും, ചട്ടികളും ഉള്‍പ്പെടെയുള്ള ഉരുക്കുസാമഗ്രികള്‍ ഈജിപ്ത്, റോം, തുര്‍ക്കി, ഗ്രീസ്, ദമാസ്ക്കസ് എന്നിവിടങ്ങളിലേക്ക് പുരാതനകാലം മുതല്‍ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. ഒന്നാം ചേര സാമ്രാജ്യ കാലത്തെ തുറമുഖമായിരുന്ന തുണ്ടിസ് (കടലുണ്ടി) മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിപ്രദേശമാണ്. നാലായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രം ജില്ലയിലെ ഏറ്റവും പുരാതനമായ ആരാധനാലയമാണ്. വെട്ടത്തു നാട്ടില്‍ (തിരൂര്‍) പതിനേഴാം നൂറ്റാണ്ടിലാണ് ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ ജനിച്ചത്. കേരളത്തിന്റെ പുരാതനവും ആധുനികവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകമായി മാറിയ സംഭവങ്ങള്‍ അരങ്ങേറിയ ഒട്ടനവധി പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്. പ്രാചീന കേരളത്തിലെ അതിശക്തനായ ഭരണാധികാരിയായിരുന്ന പെരുമാളിന്റെ അധീശാധികാരങ്ങള്‍ അംഗീകരിക്കുന്നതിനായി ഓരോ പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴും കേരളത്തിലെ മുഴുവന്‍ നാട്ടുകൂട്ടങ്ങളും തിരുനാവായയില്‍ ഒത്തുകൂടിയിരുന്ന മഹോത്സവമായിരുന്നു മാമാങ്കം. പെരുമാളിനു ശേഷം മാമാങ്കത്തിന്റെ രക്ഷാപുരുഷനായ വള്ളുവക്കോനാതിരിയെ പുറത്താക്കിക്കൊണ്ട് കോഴിക്കോട് സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയെ ചെറുത്തു തോല്‍പ്പിക്കാനായില്ലെങ്കിലും മാമാങ്കദിവസം ചാവേര്‍പ്പടയായി വള്ളുവക്കോനാതിരിദേശത്തെ യുവജനങ്ങള്‍ അണിനിരക്കുക പതിവായിരുന്നു. പുരാതന രാജവാഴ്ചകളായിരുന്ന നെടിയിരിപ്പ്, പെരുമ്പടപ്പ്, നിലമ്പൂര്‍ കോവിലകം എന്നീ സ്വരൂപങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. 1507-ല്‍ പൊന്നാനിയിലെത്തിയ പോര്‍ച്ചുഗീസുകാരെ തുരത്താന്‍ മാപ്പിളമാര്‍ ശക്തമായി ചെറുത്തുനിന്നു. 1524-ല്‍ സര്‍വസന്നാഹവുമായി പോര്‍ച്ചുഗീസുകാര്‍ പൊന്നാനി ആക്രമിച്ചു. 1574-ല്‍ പോര്‍ച്ചുഗീസുകാര്‍ പരപ്പനങ്ങാടി ആക്രമിക്കുകയും കൊള്ളയും കൊള്ളിവെപ്പും നടത്തുകയും ചെയ്തു. 1663-ല്‍ ഡച്ചുകാരുടെ ആക്രമണത്തിനും പൊന്നാനി വിധേയമായി. 1766-ലാണ് ഹൈദരാലിയുടെ ആക്രമണം മലബാറിനു നേരെയുണ്ടാകുന്നത്. അതോടെ ഈ പ്രദേശങ്ങള്‍ മൈസൂര്‍ സുല്‍ത്താന്റെ ഭരണപ്രവിശ്യകളായി മാറി. മൈസൂര്‍ സൈന്യവും, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി മലബാറില്‍ നടന്ന പ്രധാന ഏറ്റുമുട്ടലുകളിലൊന്ന് തിരൂരിനടുത്തുള്ള മംഗലത്ത് വച്ചായിരുന്നു. 1799-ല്‍ ടിപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ പൂര്‍ണ്ണ അധികാരത്തിന്‍ കീഴിലാവുകയും ചെയ്തു. 1792-മുതല്‍ 1921-വരെ മാപ്പിളമാരുടെ നേതൃത്വത്തില്‍ രൂക്ഷമായ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടില്‍, മമ്പുറം സയ്യിദ് അലവി തങ്ങള്‍ “അസ്സയ്ഫുല്‍ബത്യാര്‍” എന്ന സ്വന്തം കൃതിയിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധസജ്ജരാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യക്കാരില്‍ നിന്ന് നികുതി പിരിക്കാനുള്ള ബ്രിട്ടീഷ് അധികാരത്തെ ആദ്യവര്‍ഷം തന്നെ മാപ്പിളമാര്‍ ചോദ്യം ചെയ്തു. എളുമ്പിലാശ്ശേരി ഉണ്ണിമൂസയും, മഞ്ചേരി അത്തന്‍കുരിക്കളും പോരാട്ടത്തിന് നേതൃത്വം നല്‍കി. നികുതി നിഷേധ സമരത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയ വെളിയങ്കോട് ഉമര്‍ഖാസിയെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തില്‍ പലരും രക്തസാക്ഷികളായി. ഒരുപാട് ആള്‍ക്കാരെ ആസ്ത്രേലിയയിലേക്കും, ഇന്ത്യാസമുദ്രത്തിലെ വിജനമായ ദ്വീപുകളിലേക്കും നാടുകടത്തി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളേയും 57 അനുയായികളേയും അറേബ്യയിലേക്ക് നാടുകടത്തി. ഏറനാട്, വള്ളുവനാട് എന്നീ പ്രദേശങ്ങളില്‍ ഒരുപാട് പേരുടെ മരണത്തിനുത്തരവാദിയായിരുന്ന മലബാര്‍ ജില്ലാകളക്ടര്‍ കനോലിയെ (1855) തടവ് ചാടിയ മൂന്ന് മാപ്പിളമാര്‍ കോഴിക്കോട്ടെ ബംഗ്ളാവില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി. 1921 ആഗസ്റ്റ് 20-ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി തീവച്ചു. തിരൂരങ്ങാടിയിലെ തീവെയ്പിലും കൊള്ളയിലും നേതാക്കന്മാരുടെ അറസ്റ്റിലും പ്രതിഷേധിച്ച് 1921 ആഗസ്റ്റ് 26-നു നടന്ന കലാപമാണ് “പൂക്കോട്ടൂര്‍ യുദ്ധം” എന്ന പേരില്‍ ബ്രിട്ടനു നേരിടേണ്ടി വന്ന ഏകയുദ്ധമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 420-ലധികം ആളുകള്‍ ഈ കലാപത്തില്‍ രക്തസാക്ഷികളാവുകയുണ്ടായി. ആഗസ്റ്റ് 29-ന് ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25-ന് മലപ്പുറം മേല്‍മുറിയിലെ വീടുകള്‍ പട്ടാളം വളയുകയും വൃദ്ധന്മാരും കുട്ടികളുമടക്കം 246 പേരെ വെടിവച്ചുകൊല്ലുകയും ചെയ്തു. എം.എസ് എം.എല്‍.വി 1711 എന്ന നമ്പര്‍ വാഗണില്‍ കലാപത്തില്‍ പിടിക്കപ്പെട്ടവരെ കുത്തിനിറച്ച് 1921 നവംബര്‍ 20-ന് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട തീവണ്ടിയില്‍ ശ്വാസം മുട്ടിയും മരണവെപ്രാളത്തില്‍ മുറിപ്പെട്ടും ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഈ ദാരുണസംഭവം “വാഗണ്‍ ട്രാജഡി” എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1861-ല്‍ ബേപ്പൂര്‍-പട്ടാമ്പി റിയല്‍വേ ലൈനും, 1927-ല്‍ ഷോര്‍ണ്ണൂര്‍-നിലമ്പൂര്‍ റയില്‍വേ ലൈനും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. “നാരായണീയം” എന്ന കൃതിയുടെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, “ജ്ഞാനപ്പാന”യുടെ കര്‍ത്താവായ പൂന്താനം നമ്പൂതിരി, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, മാപ്പിള കവി മോയിന്‍കുട്ടി വൈദ്യര്‍, ഉറൂബ്, കഥകളി ആചാര്യന്‍ വാഴേംകട കുഞ്ചുനായര്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭ വ്യക്തികള്‍ ജനിച്ച സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയുടെ പടിഞ്ഞാറു ഭാഗം കടലായതിനാല്‍ മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാര്‍ഗ്ഗം.സ്റ്റേറ്റ് ഹൈവേയും, നാഷണല്‍ ഹൈവേയും ഈ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. കിഴക്ക് നീലഗിരി മലനിരകളും, 70 കിലോമീറ്റര്‍ നീളത്തില്‍ അറബിക്കടലോരവും ഈ ജില്ലയ്ക്കുണ്ട്. നെടുങ്കയം കനോലി പ്ളാന്റേഷന്‍, കൂട്ടായി അഴിമുഖം, ബിയ്യം കായല്‍, ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായി മാറിയ കടലുണ്ടി, പുറത്തൂര്‍ പ്രദേശങ്ങള്‍, സാഹസികയാത്രയ്ക്ക് പറ്റിയ ആഡ്യന്‍ പാറ, കൊടികുത്തിമല, മമ്പാട് ഒലി, ഈരകം മല തുടങ്ങിയ ട്രക്കിംഗ് പാത്തുകള്‍, എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബിയ്യം-കീഴുപറമ്പ് ജലോത്സവങ്ങള്‍, മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാരികളേയും ചരിത്രകുതുകികളേയും ഒരുപോലെ ആകര്‍ഷിച്ചുവരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വ്വേദ ചികിത്സാരംഗത്ത് ലോകപ്രശസ്തമാണ്. തിരൂരിലെ തുഞ്ചന്‍പറമ്പ് മലയാളഭാഷാപിതാവിന്റെ സ്മാരകവും ഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. കോഴിക്കോട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം, കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍, പൂങ്കുടില്‍മന മാനസികരോഗ ആയുര്‍വേദചികിത്സാ കേന്ദ്രം, ശാന്തപുരം ജാമിയ നൂറിയ അറബിക് കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നതും മലപ്പുറം ജില്ലയിലാണ്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate