অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചലച്ചിത്ര രംഗം

ചലച്ചിത്ര ചരിത്രം

തിരുവിതാംകൂറിന്റെയും, തിരു-കൊച്ചിയുടേയും, കേരളത്തിന്റെ ആകെത്തന്നെയും  കലാചരിത്രത്തില്‍ എക്കാലവും തിരുവനന്തപുരത്തെ പട്ടം ജ്വലിച്ചു നില്‍ക്കും. മലയാള ചലച്ചിത്രരംഗത്ത് ആദ്യപരീക്ഷണങ്ങള്‍ക്ക് ഹരിശ്രീ കുറിച്ചതും ഇവിടെയാണ്. തെക്കന്‍ തിരുവിതാംകൂറില്‍ കളരിപ്പയറ്റില്‍ പ്രാവീണ്യം സിദ്ധിച്ച ജെ.സി.ദാനിയേല്‍ തികഞ്ഞ സഹൃദയന്‍ ആയിരുന്നു. മദിരാശിയിലെ സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടിരുന്ന ദാനിയേലിന്റെ മനസ്സില്‍ നാട്ടില്‍ ഒരു സ്റ്റുഡിയോയെക്കുറിച്ചുള്ള ആഗ്രഹം രൂപമെടുത്തു. ഇപ്പോഴത്തെ പി.എസ്.സി ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള ഓടുമേഞ്ഞ രണ്ടു ചെറിയ മന്ദിരങ്ങള്‍ ഇതിനായി ദാനിയേല്‍ തെരഞ്ഞെടുത്തു. വിശാലമായ വളപ്പിനുള്ളിലെ മന്ദിരങ്ങള്‍ ഒരു കാലത്ത്  പോലീസ് കമ്മീഷണറുടെ റസിഡന്‍ഷ്യല്‍ ബംഗ്ളാവായിരുന്നു. ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന പേരില്‍ അദ്ദേഹവും സുഹൃത്തും ചേര്‍ന്ന് ചലച്ചിത്രരംഗത്ത് ചില പരീക്ഷണങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു. അരലക്ഷം രൂപാവരെ മുതല്‍ മുടക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇടയ്ക്ക് സുഹൃത്ത് പിന്‍മാറി. ദാനിയേല്‍ തന്റെ വസ്തുവകകള്‍ വിറ്റ് ഏകാന്ത സാഹസികനായി സ്വന്തം കര്‍മ്മരംഗത്ത് ഉറച്ചു നിന്നു. സ്വയം കഥ രചിച്ചും നായകന്റെ വേഷം അഭിനയിച്ചുമാണ് ആദ്യത്തെ നിശബ്ദചിത്രത്തിന് ജെ.സി.ദാനിയേല്‍ പശ്ചാത്തലമൊരുക്കിയത്. പട്ടത്തെ ഹരിതാഭയണിഞ്ഞ കുന്നിന്‍തട്ടുകളായിരുന്നു പശ്ചാത്തലം. ക്യാമറ തനിയെ പ്രവര്‍ത്തിപ്പിച്ച് സ്വന്തം കഥയില്‍ കഥാപാത്രത്തെ സെല്ലുലോയിഡിലേക്ക് പകര്‍ത്തി. ‘വിഗതകുമാരന്‍’ എന്ന പേരില്‍ ആദ്യത്തെ മലയാള നിശബ്ദചിത്രം അങ്ങനെ പട്ടത്ത് രൂപമെടുത്തു. 1928 ല്‍ ‘ബാലന്‍’ പുറത്തുവരുന്നതിന് ഒരു പതിറ്റാണ്ട് മുന്‍പ് ദാനിയേലിന്റെ ‘വിഗതകുമാരന്‍’ പുറത്തുവന്നു. ബാലനു മുന്‍പ് വരെ നിശബ്ദചിത്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. തലസ്ഥാന നഗരിയിലെ ഇന്നത്തെ ഏജീസ് ഓഫീസിന് എതിര്‍വശത്തുണ്ടായിരുന്ന ‘കാപ്പിറ്റോള്‍’ തീയേറ്ററിലാണ് ദാനിയേലിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദൃശ്യകലാരംഗത്ത് ദാനിയേലിന്റെ ആദ്യ പരീക്ഷണം വിജയിച്ചില്ല. ചിത്രം വന്‍ നഷ്ടത്തിലായതോടെ ജെ.സി.ദാനിയേല്‍ നാഷണല്‍ പിക്ചേഴ്സ് കൈമാറ്റം ചെയ്തു. 
മലയാള ചലച്ചിത്ര രംഗത്തെ രണ്ടാമത്തെ പരീക്ഷണവും അനന്തപുരിയില്‍ വച്ച് തന്നെ ആയിരുന്നു. ദാനിയേലിന്റെ ബന്ധു എം.സുന്ദരരാജാണ് രണ്ടാമത്തെ സാഹസികന്‍. ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നിശബ്ദചിത്രത്തിന് വ്യാപാരവിജയം നേടാന്‍ കഴിഞ്ഞു. നിറഞ്ഞ സദസ്സില്‍ കാപിറ്റോള്‍ തീയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നെങ്കിലും ഒരാഴ്ചക്കുള്ളില്‍ പ്രദര്‍ശനത്തിന് നിരോധനം ഉണ്ടായി. ’മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവല്‍ പ്രകാശനം ചെയ്ത കമലാലയ ബുക്ക്ഡിപ്പോ തങ്ങളുടെ അനുമതി വാങ്ങിയില്ല എന്ന കാരണത്താലാണ് കോടതി മുഖാന്തിരം വിലക്ക് കല്പിച്ചത്. 
പിന്നീട് പി.സുബ്രഹ്മണ്യം ആയിരുന്നു ചലച്ചിത്ര രംഗത്ത് കടന്നു വന്ന സാഹസികന്‍. അദ്ദേഹം ഈ രംഗത്ത് അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് അറുതിയില്ല. ഔദ്യോഗിക രംഗത്തു നിന്നും ബിസിനസ്സില്‍ നിന്നും സ്വരൂപിച്ച ധനം കൊണ്ട് 1930- ല്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന പി.സുബ്രഹ്മണ്യം ന്യൂ തിയേറ്റര്‍, ശ്രീപത്മനാഭ, കാര്‍ത്തികേയ എന്നീ തീയേറ്ററുകള്‍ സ്ഥാപിച്ചു. തിരുവനന്തപുരത്തിനടുത്ത് നേമത്ത് മെരിലാന്റ് സ്റ്റുഡിയോയും സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
ഇന്ന് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ ഭാരതത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ എഴുപത്തിയഞ്ചേക്കര്‍ വിസ്തൃതമായ പ്രകൃതി മനോഹരമായ കുന്നിന്‍ മുകളില്‍ നിലകൊള്ളുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ മുഴുവന്‍ പ്രക്രിയകളും നിര്‍വ്വഹിക്കത്തക്ക സര്‍വ്വവിധ സംവിധാനങ്ങളും ഒത്തിണങ്ങിയതാണ് ചിത്രാജ്ഞലി സ്റ്റുഡിയോ. മിക്സിംഗിനും എഡിറ്റിംഗിനും സാധ്യമാകുന്ന ഈ സ്റ്റുഡിയോ ഒരു ഇന്‍ഡോര്‍ സ്റ്റുഡിയോ ആണ്. കൂടാതെ നാല് ഔട്ട്ഡോര്‍ യൂണിറ്റുകളും ഒരു സൂപ്പര്‍ മിനിതീയേറ്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി(സി-ഡിറ്റ്) ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. മലയാള സിനിമാമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1975 ല്‍ നിലവില്‍ വന്നതാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍.

ചലച്ചിത്രരംഗത്തിന് അനന്തപുരിയുടെ സംഭാവനകള്‍

“വിഗതകുമാരന്‍” എന്ന നിശബ്ദചലച്ചിത്രം തിരുവനന്തപുരത്തു സ്റ്റാച്ച്യുവിലുള്ള ക്യാപ്പിറ്റോള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് 1933 ലാണ്. ഇതായിരുന്നു തുടക്കം. തുടര്‍ന്ന് മലയാളചലച്ചിത്രരംഗത്തിന്റെ വളര്‍ച്ചയില്‍ തിരുവനന്തപുരവുമായുള്ള ബന്ധം വിസ്മരിക്കാനാവില്ല. 1934-ല്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചലച്ചിത്രം പുറത്തു വന്നു. ശ്രീമാന്‍ കോശി ആരംഭിച്ച പട്ടത്തെ ഫിലിം സ്റ്റുഡിയോ ലാഭകരമായില്ല.  പി.സുബ്രഹ്മണ്യം പടുത്തുയര്‍ത്തിയ നേമത്തുള്ള മെരിലാന്റ് സ്റ്റുഡിയോ ഇന്നും നിലനില്‍ക്കുന്നു. കുളത്തൂര്‍ ശ്രീകൃഷ്ണാ സ്റ്റുഡിയോ ഇന്നില്ല. മധുവിന്റെ ഉടമസ്ഥതയില്‍ വെള്ളൈക്കടവില്‍ തുടങ്ങിയ ‘ഉമാ’ സ്റ്റുഡിയോ ചില പ്രത്യേക കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചുപോയി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തിരുവല്ലത്തെ പ്രകൃതി മനോഹരമായ ചിത്രാഞ്ജലി സ്റ്റുഡിയോ-ലാബ്-കോംപ്ളക്സ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനകരമായി നിലനില്‍ക്കുന്നു.
ആദ്യകാലത്തെ സിനിമാ പ്രവര്‍ത്തനങ്ങളില്‍ കോശിയുടേയും പി.സുബ്രഹ്മണ്യത്തിന്റേയും നാമം പ്രാതസ്മരണീയമാണ്. സ്റ്റീച്ച്യുവിലെ കാപ്പിറ്റോള്‍ തിയേറ്റര്‍ പൊളിച്ചുമാറ്റിയെങ്കിലും പിന്നീട് നിരവധി സിനിമാകൊട്ടകകള്‍ നാട്ടിലെമ്പാടുമായി നിലവില്‍ വന്നു. തിരുവനന്തപുരം നഗരത്തിലെ ന്യൂതിയേറ്റര്‍, ചിത്രാ ടാക്കീസ്, ശ്രീപത്മനാഭ, ശ്രീകുമാര്‍ ഇവ നാല്പതുകളുടെ അവസാനത്തോടെ രൂപമെടുത്തു. പിന്നീട് ശ്രീ വിശാഖ്, സെന്‍ട്രല്‍, അജന്ത, കൃപ, ധന്യ, അശ്വതി, ആതിര, അതുല്യ, അഞ്ജലി, ശ്രീബാല ഇവകൂടാതെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൂന്നുതിയേറ്ററുകളുമുണ്ടായി. കൈരളി, ശ്രീ, കലാഭവന്‍ എന്നിവ. 
അനന്തപുരിയിലെ പ്രശസ്തരായ സിനിമാപ്രവര്‍ത്തകരുടെ നിര വളരെ നീണ്ടതാണ്. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുകുമാരന്‍, സണ്ണി, ഗോപി തുടങ്ങിയവരുടെയൊക്കെ പ്രവര്‍ത്തനമേഖലയും അനന്തപുരിയത്രേ. ലോകചലച്ചിത്ര വേദിയില്‍ അംഗീകാരം സിദ്ധിച്ച അടൂര്‍ ഗോപാലകൃഷ്ണനും  ജി.അരവിന്ദനും ഷാജി എന്‍ കരുണും തങ്ങളുടെ പ്രധാന പ്രവര്‍ത്തനരംഗമായി തെരഞ്ഞെടുത്തിട്ടുള്ളതും അനന്തപുരിയാണ്. ചലച്ചിത്ര രംഗത്തു പുതിയ പ്രവണതകള്‍ക്കു ഹരിശ്രീ കുറിച്ച ചരിത്ര ദൌത്യങ്ങളുടെ ഭാഗമായ ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ ആസ്ഥാനവും നഗരാതിര്‍ത്തിയില്‍നിന്നും കുറച്ചകന്നുമാറി കുളത്തൂര്‍ ഭാഗത്തായിരുന്നു. ചിത്രാഞ്ജലി, ഡി-ലിറ്റ്, ഫിലിം സെന്റര്‍ കേന്ദ്രം, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്, ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍, ഫിലിം സൊസൈറ്റികളുടെ ഫെഡറേഷന്‍ ഓഫീസ്, ഫിലിം സര്‍ക്കിള്‍ മറ്റൊട്ടേറെ  ഫിലിം ആസ്വാദകസംഘങ്ങള്‍ എല്ലാം കൂടി അനന്തപുരിയെ ഒരു ചലച്ചിത്ര നഗരമെന്ന പേരിനര്‍ഹമാക്കിയിരിക്കുന്നു. സൂര്യ, ചലചിത്ര, ആക്ട് എന്നീ ഫിലിം സൊസൈറ്റികളും മറ്റൊട്ടേറെ മാധ്യമപഠനകേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ചലച്ചിത്ര മേഖലയില്‍ മാത്രമല്ല ഇതരമേഖലകളിലും അനന്തപുരിക്കു സാംസ്ക്കാരിക ശോഭയേകുന്ന ഒരു പ്രതിഭയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. 
തിരുവനന്തപുരത്തെ ചലച്ചിത്രാസ്വാദന മേഖലയും വളരെ സജീവവും അര്‍ത്ഥപൂര്‍ണ്ണവുമാണ്. ഇംഗ്ളീഷ് ഭാഷയിലും മറ്റുമുള്ള ക്ളാസിക്കുകള്‍ ഇക്കാര്യത്തില്‍ തിരുവനന്തപുരത്തുകാര്‍ക്ക് പ്രചോദനമേകിയിരിക്കുന്നു. ശ്രീകുമാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ഇംഗ്ളീഷ് ക്ളാസിക്ക് സിനിമകള്‍ ഇല്ലെന്നു തന്നെ പറയാം. ഈ പാരമ്പര്യം ഇന്നും തുടരുന്നു.

പി.സുബ്രഹ്മണ്യം

മലയാള സിനിമാവേദിയുടെ പുരോഗതിക്ക് അതിന്റെ പ്രാരംഭഘട്ടത്തില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച പി.സുബ്രഹ്മണ്യം സ്ഥാപിച്ച ഫിലിം സ്റ്റുഡിയോ ആണ് മെരിലാന്റ് സ്റ്റുഡിയോ. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന സുബ്രഹ്മണ്യം പൊതുരംഗത്തേക്കു കടന്നു വരികയും തിരുവനന്തപുരം നഗരപിതാവ് എന്ന നിലയില്‍ വിശിഷ്ട സേവനമനുഷ്ടിക്കുകയും ചെയ്തു. ചലച്ചിത്ര രംഗത്ത് വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച സുബ്രഹ്മണ്യം തലസ്ഥന നഗരിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകന്നുമാറി സ്ഥിതിചെയ്യുന്ന നേമത്ത് 1951-ല്‍ മെരിലാന്റ് സ്റ്റുഡിയോ സ്ഥാപിച്ചു. നൂറില്‍പ്പരം ചിത്രങ്ങള്‍ ഈ സ്റ്റുഡിയോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. സുബ്രഹ്മണ്യത്തിന്റേതായി നിരവധി സിനിമാ തിയേറ്ററുകള്‍ നഗരത്തിലിപ്പോഴുമുണ്ട്.

കെ.എസ്.എഫ്.ഡി.സി

പൊതുമേഖലാ വികസന കോര്‍പ്പറേഷനുകളില്‍ മുഖ്യസ്ഥാനമര്‍ഹിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കെ.എസ്.എഫ്.ഡി.സി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. സിനിമാ നിര്‍മ്മാണത്തിന്റെ കാര്യത്തിലും ദേശീയ ഭാഷയായ ഹിന്ദി കഴിഞ്ഞാല്‍ കേരളത്തിന് ഇതര സംസ്ഥാനങ്ങളുടെ മുന്‍ നിരയിലാണ് സ്ഥാനം. 1960 കളില്‍ തമിഴ്നാട്ടില്‍ വേരൂന്നി വളര്‍ന്നിരുന്ന ചലച്ചിത്ര വ്യവസായം, 1967 ല്‍ ടി.വി.തോമസ് മന്ത്രിയായിരുന്ന ഘട്ടത്തില്‍ “ചലച്ചിത്ര കോര്‍പ്പറേഷ”നു രൂപം കൊടുത്തതോടുകൂടി ഇവിടം വളര്‍ന്നു വികസിക്കാന്‍ തുടങ്ങി. അന്തര്‍ദ്ദേശീയ പ്രശസ്തിയാര്‍ജ്ജിച്ച ചിത്രങ്ങളും ഇവിടെ രൂപമെടുക്കുന്നുണ്ട്. പി.ഭാസ്ക്കരന്‍, നടന്‍ സുകുമാരന്‍, പ്രശസ്തചിന്തകനും ഗ്രന്ഥകാരനുമായ പി.ഗോവിന്ദപിള്ള തുടങ്ങിയ മഹത് വ്യക്തികള്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍പദവി വഹിച്ചിരുന്നു.

ചിത്രാഞ്ജലി

ഭാരതത്തിലെ തന്നെ മികച്ച സ്ഥാനങ്ങളിലൊന്നായ തിരുവല്ലം ചിത്രാഞ്ജലി സിനിമാ സ്റ്റുഡിയോ എഴുപത്തിയഞ്ചേക്കര്‍ വിസ്തൃതമായ പ്രകൃതി മനോഹരമായ കുന്നിന്‍നെറുകയില്‍ നിലകൊള്ളുന്നു. ചലച്ചിത്രനിര്‍മ്മാണത്തിന്റെ മുഴുവന്‍ പ്രക്രിയകളും നിര്‍വ്വഹിക്കത്തക്ക സര്‍വ്വവിധ സംവിധാനങ്ങളും ഒത്തിണങ്ങിയതാണ് ചിത്രാഞ്ജലി സ്റ്റുഡിയോ.

ഫിലിം സൊസൈറ്റികള്‍

സിനിമ കാണിക്കുന്നതിനും സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി നഗരത്തില്‍ ധാരാളം ഫിലിംസൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സൂര്യ, ചാരുചിത്ര, സപര്യബീം, ചലച്ചിത്ര, സംഘചിത്ര എന്നിങ്ങനെ വലുതും ചെറുതുമായ നിരവധി ഫിലിം സൊസൈറ്റികള്‍ സിനിമയെ പരിചയപ്പെടുത്താനും, സിനിമാ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും വേദിയൊരുക്കുന്നു.
സൂര്യ ആര്‍ട് ആന്‍ഡ് ഫിലിം സൊസൈറ്റി :
ചലച്ചിത്ര ഫിലിം സൊസൈറ്റി : 1960 കളില്‍ നിലവില്‍ വന്ന ‘ചിത്രലേഖാ ഫിലിം സൊസൈറ്റി’ മാതൃകയാക്കി അംഗങ്ങള്‍ക്കായി നല്ല സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടി 1976 ല്‍ രംഗത്തു വന്ന ഒരു സംഘടനയാണ് “ചലച്ചിത്ര ഫിലിം സൊസൈറ്റി”. വേളിയിലെ  ‘വിക്രം സാരാഭായ് സ്പേസ് സെന്റര്‍’ ഉദ്യോഗസ്ഥന്‍മാരുടെ ഒരു സാംസ്കാരിക സംഘടനയാണിത്. കഴിഞ്ഞ ഇരുപത് കൊല്ലമായി ആരോഗ്യകരമായ ഒരു സിനിമാസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ചലച്ചിത്രക്ക് കഴിഞ്ഞിട്ടുണ്ട്.

ചലച്ചിത്ര പ്രതിഭകള്‍

സത്യന്‍ 
പ്രേംനസീര്‍ 
ലളിത-പത്മിനി-രാഗിണിമാര്‍
തിക്കുറിശ്ശി സുകുമാരന്‍ നായര്‍
അരവിന്ദന്‍
ഭരത് ഗോപി

സത്യന്‍
മലയാള ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച അനുഗൃഹീത നടനായിരുന്നു സത്യന്‍ (1912 - 1971). തിരുവനന്തപുരത്ത് തിരുമലയ്ക്കടുത്ത് ആറേമല വില്ലേജില്‍ 1912 നവംബര്‍ ഒമ്പതിനു ജനിച്ചു. സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. പിന്നീട് പട്ടാള ജീവിതം നയിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു മടങ്ങിവന്ന സത്യന്‍, പോലീസ് ഇന്‍സ്പെക്ടര്‍ ആയി. വയലാര്‍ പുന്നപ്ര സമരകാലത്ത് ആലപ്പുഴ എസ്.ഐ ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിരിക്കവേ കെ.ബാലകൃഷ്ണന്‍ തിരക്കഥയെഴുതിയ 'ത്യാഗസീമ'യില്‍ സത്യന്‍ അഭിനേതാവായി. കൌമുദിയുടെ മുഖച്ചിത്രമായി പ്രത്യക്ഷപ്പെട്ടതോടെ സത്യനു പോലീസ് ഉദ്യോഗം നഷ്ടമായി. 'ആത്മസഖി'യാണ് സത്യന്‍ അഭിനയിച്ച ആദ്യ ചിത്രം. 1952 മുതല്‍ 1971 വരെ നൂറ്റിഅന്‍പതോളം ചിത്രങ്ങളില്‍ സത്യന്‍ അഭിനയിച്ചിട്ടുണ്ട്. 'ചെമ്മീനി'ലെ പളനി, 'ഓടയില്‍ നിന്ന്' സിനിമയിലെ പപ്പു, 'ശരശയ്യ'യിലെ ഡോക്ടര്‍, തുടങ്ങി നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് സത്യന്‍ ജീവനേകി. 'മുടിയനായ പുത്രനി'ലേയും 'ശരശയ്യ'യിലേയും അഭിനയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡും മരണാനന്തര ബഹുമതിയായും ലഭിച്ചു. രക്താര്‍ബുദം ബാധിച്ച് മദ്രാസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആ അനുഗ്രഹീത നടന്‍ 1971 ജൂണ്‍ 15-ന് അന്തരിച്ചു. ഭാര്യ ജേസി. സത്യപ്രകാശ്, സതീഷ് സത്യന്‍, ജീവന്‍കുമാര്‍ എന്നീ മൂന്ന് മക്കളുണ്ട്.

പ്രേംനസീര്‍

കലാകേരളത്തിന് അഭിമാനഭാജനവും, മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനുമായിരുന്നു പ്രേംനസീര്‍ (1929 - 1989). ഏതാണ്ടു നാലു പതിറ്റാണ്ടു കാലം മലയാള സിനിമാരംഗത്ത് ജ്വലിച്ചു നില്‍ക്കുകയും മൂന്നു തലമുറകളുടെ സ്നേഹാദരങ്ങള്‍ക്കു പാത്രമാവുകയും ചെയ്ത സവിശേഷവ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 'മരുമകള്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. 'വിശപ്പിന്റെ വിളി'യെന്ന ചിത്രം അദ്ദേഹത്തിന്റെ ചലച്ചിത്ര രംഗത്തെ വഴിത്തിരിവിനെ കുറിക്കുന്നു. ആ ചിത്രത്തില്‍ അഭിനയചാതുരി പ്രകടമാക്കിയതോടെയാണ് അബ്ദുള്‍ഖാദര്‍ പ്രേംനസീര്‍ എന്ന പേരില്‍ ശ്രദ്ധേയനായത്.         
ചിറയിന്‍കീഴിലെ ആക്കോട്ട് തറവാട്ടില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമാബീവിയുടെയും മകനായി 1929 മാര്‍ച്ചില്‍ പ്രേംനസീര്‍ ജനിച്ചു. കലാസാംസ്കാരിക രംഗങ്ങളില്‍ തികഞ്ഞ അഭിരുചി പ്രകടമാക്കിയിരുന്ന പ്രേംനസീര്‍ കുട്ടിക്കാലത്തുതന്നെ അഭിനയകലയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും നാടകരംഗവുമായി സജീവബന്ധം പുലര്‍ത്തുകയും നാടകമത്സരങ്ങളില്‍ സമ്മാനാര്‍ഹനാവുകയും ചെയ്തിരുന്നു. ‘ചിലമ്പൊലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ലനടനുള്ള ഫിലിം ഫാന്‍സ് അവാര്‍ഡിനു 1968-ല്‍ അര്‍ഹനായി. എഴുന്നൂറിലേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച് ഗിന്നസ്ബുക്കില്‍ തന്റെ പേരു രേഖപ്പെടുത്തുവാന്‍ സാധിച്ചത് കേരളത്തിന് അഭിമാനമാണ്. “എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍” എന്ന ഗ്രന്ഥത്തിന്റെ രചിയിതാവ് കൂടിയാണദ്ദേഹം. ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, അടിമകളിലെ ഗോപാലന്‍, മുറപ്പെണ്ണിലെ ബാലന്‍ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കി അവതരിപ്പിച്ച നസീര്‍, വിനയാന്വിതമായ പെരുമാറ്റം കൊണ്ട് വിഖ്യാതിയാര്‍ജ്ജിച്ചു. ജാതിമത ചിന്താഗതികള്‍ക്കതീതമായി കഷ്ടപ്പെടുന്ന ആരേയും സഹായിക്കുന്നതില്‍ സന്മനസ്സുകാട്ടിയിരുന്ന അദ്ദേഹം സാധാരണക്കാരന്‍ മുതല്‍ ഭരണാധികാരികള്‍ വരെയുള്ളവര്‍ക്ക് പ്രിയങ്കരനായിരുന്നു. ഹബീബയാണ് സഹധര്‍മ്മിണി. ലൈല, റസിയ, റീത്ത, ഷാനവാസ് എന്നീ നാലു മക്കളുണ്ട്. 1989 ജനുവരി 16-ന് മദ്രാസില്‍ വച്ച് അന്തരിച്ചു.

ലളിത-പത്മിനി-രാഗിണിമാര്‍

നൃത്തകലോപാസനയിലൂടെയും, നിസ്തുലാഭിനയത്തിലൂടെയും ആഗോള പ്രശസ്തരായിത്തീര്‍ന്ന തിരുവിതാംകൂര്‍ സഹോദരിമാരെന്നറിയപ്പെടുന്ന ലളിതയും പത്മിനിയും രാഗിണിയും ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. കാട്ടാക്കടയില്‍ തേരിക്കുന്നത്ത് തങ്കപ്പന്‍പ്പിള്ളയുടേയും സരസ്വതിയമ്മയുടേയും പുത്രിമാരായ ഇവര്‍ പൂജപ്പുരയില്‍ മലയാകോട്ടേജിലാണ് ജനിച്ചതും വളര്‍ന്നതും. വിദ്യാഭ്യാസത്തിനിടയില്‍ തന്നെ നൃത്തം പഠിച്ച ഇവര്‍ മൂവരും ബോംബെയില്‍ ഉദയ്ശങ്കറിന്റെ സിനിമയില്‍ ബാലതാരങ്ങളായി നൃത്താഭിനയത്തോടെയാണ് സിനിമയില്‍ അരങ്ങേറ്റം. തുടര്‍ന്ന് ഒരു നൃത്തസംഘമായി അനേകം വേദികളില്‍ ഇവര്‍ പ്രശസ്തരായി. കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത് പത്മിനിയാണ്. തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഒട്ടേറെ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. പത്മിനിയുടെ മേരാ നാം ജോക്കര്‍, ജിസ് ദേശ് മേം ഗംഗാ ബഹ്തീ ഹൈ, കാജല്‍ ഇവ പ്രസിദ്ധങ്ങളാണ്.

തിക്കുറിശ്ശി സുകുമാരന്‍ നായര്‍
സാഹിത്യ കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യനായ കലാകാരന്‍, അനുഗ്രഹീത കവി, ശ്രദ്ധേയനായ നാടകകൃത്ത്, ചലച്ചിത്രരംഗത്ത് തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന ഇവയുടെയെല്ലാം ഉറവിടമായ സവിശേഷ വ്യക്തിത്വമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായരുടേത്. തെക്കന്‍ തിരുവിതാംകൂറില്‍ തിക്കുറിശ്ശിഗ്രാമത്തില്‍ സി.ഗോവിന്ദപ്പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി കൊ.വ 1092 തുലാം 9 നു സുകുമാരന്‍ നായര്‍ ജനിച്ചു. ഈ അത്യുന്നത കലാകാരന്‍ കവി, നാടകകൃത്ത് എന്നീ നിലകളിലാണ് കലാരംഗത്തേക്കു കടന്ന് വന്നത്. മലയാള നാടകവേദിയില്‍ നിരവധി പരീക്ഷണങ്ങള്‍ക്കു കളമൊരുക്കുകയും മികച്ച നാടകങ്ങള്‍ രചിച്ച് ആ ശാഖയെ ധന്യമാക്കുകയും ചെയ്തു. ഓജസ്സുള്ള ഭാഷ, ജീവനുള്ള കഥാപാത്രങ്ങള്‍ അതാണ് തിക്കുറിശ്ശിയുടെ നാടകങ്ങളുടെ സവിശേഷത. സ്ത്രീ, മായ, മാതൃക, ബ്രഹ്മചാരി, ജീവിതയാത്ര എന്നീ നാടകങ്ങളിലൂടെ ആ രംഗത്ത് ആധിപത്യമുറപ്പിച്ചു. 450 ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ അഭിനയപാടവം പ്രദര്‍ശിപ്പിച്ച അദ്ദേഹം പത്മശ്രീ ബഹുമതി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പതിനഞ്ചു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇരുപത്തിയഞ്ച് ചിത്രങ്ങള്‍ക്ക് ഗാനങ്ങളും തിരക്കഥയും സംഭാഷണവുമെഴുതി.

അരവിന്ദന്‍
ഒരു ഗവണ്‍മെന്റുദ്യോഗസ്ഥനായിരിക്കുമ്പോഴും വിവിധ കലാരംഗങ്ങളില്‍ സര്‍ഗ്ഗചൈതന്യംവിതറിയിരുന്ന ജി.അരവിന്ദന്‍ (1935-1991) ചിത്രമെഴുത്ത്, സംഗീതം, സിനിമ, കാര്‍ട്ടൂണ്‍ എന്നീ രംഗങ്ങളിലെല്ലാം വിജയം കൈവരിച്ച ഒരുജ്ജ്വല പ്രതിഭയാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് റബ്ബര്‍ബോര്‍ഡില്‍ ഓഫീസറായിരിക്കുമ്പോള്‍ തന്നെ കോഴിക്കോട്ട് എം.ടിയും തിക്കോടിയനും എന്‍.പി.മുഹമ്മദുമൊക്കെയടങ്ങുന്ന സര്‍ഗധനരുടെ സുഹൃത് വലയത്തിന്റെ തീക്ഷ്ണവും സജീവവുമായ സാഹിത്യ സദസ്സുകളില്‍ ഭാഗഭാക്കാക്കുകയും മാതൃഭൂമി വാരികയില്‍ ‘ചെറിയമനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയി ലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കര്‍ണ്ണാടക ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ഉത്തരായനത്തിലൂടെ നല്ല സിനിമയും തനിക്കു വശംവദമാകുമെന്ന് തെളിയിച്ചു. തമ്പ്, കാഞ്ചനസീത, കുമ്മാട്ടി, ചിദംബരം, ഒരിടത്ത്, വാസ്തുഹാര എന്നീ ഒന്നാംകിട കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ അരവിന്ദന് ഏറ്റവും നല്ല ഡയറക്ടര്‍ക്കുള്ള കേന്ദ്രപുരസ്ക്കാരം ലഭ്യമായിട്ടുണ്ട്. ഒന്നിലധികം തവണ മികച്ച ചലച്ചിത്രങ്ങള്‍ക്കുള്ള കേന്ദ്രസംസ്ഥാന ഗവണ്‍മെന്റു സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരിന്നിട്ടുള്ള ജി.അരവിന്ദന്‍ ഒട്ടനവധി ഹ്രസ്വചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. തിരുനെല്‍വേലിയിലെ ഗ്രാമങ്ങളിലൊന്നില്‍ മഞ്ഞുകാലത്തു വന്നെത്തി കൂടുകെട്ടി കുഞ്ഞുങ്ങളെ വളര്‍ത്തി മടങ്ങിപ്പോകുകയും വരുംകൊല്ലം കൃത്യമായി എത്തുകയും ചെയ്യുന്ന കൊക്കുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രം അത്തരത്തിലുള്ള ഏതു പാശ്ചാത്യസിനിമയേയും വെല്ലുന്നതത്രെ. ഈ കൊക്കുകളെ ഗ്രാമീണര്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നുവെന്ന വസ്തുത കൂടി നാം അറിയേണ്ടിയിരിക്കുന്നു. അധികം സംസാരിക്കാന്‍ മടിക്കുന്ന, വായനയും സംഗീതവും, സിനിമയും ചിത്രരചനയുമായി ധന്യമായ ഒരു ജീവിതം നയിച്ചിരുന്ന ജി.അരവിന്ദന്‍ കോട്ടയത്തെ പ്രസിദ്ധ സാഹിത്യകാരനും അഭിഭാഷകനുമായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായരുടെ പുത്രനാണ്. ഫലിതരസപ്രധാനങ്ങളായ ഒട്ടേറെ കഥകളും നോവലുകളും ബാലസാഹിത്യകൃതികളും മലയാളത്തിനു സംഭാവനചെയ്ത സാഹിത്യകാരന്‍ കൂടിയാണ് ഗോവിന്ദന്‍നായര്‍. കുമരകത്തു വീട്ടില്‍ പി.ജി.തങ്കച്ചിയാണ് മാതാവ്. അരവിന്ദന്റെ സഹധര്‍മ്മിണി  ലീല. മകന്‍ രാമു. അരവിന്ദന്‍ 1991 മാര്‍ച്ച് 14-ാം തീയതി അന്തരിച്ചു.

ഭരത് ഗോപി
മലയാളനാടകവേദിയിലും ചലച്ചിത്രരംഗത്തും ശ്രദ്ധ പിടിച്ചു പറ്റിയ ഒരനുഗ്രഹീതനടനാണ് ഗോപി. ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ക്കും ദേശീയ പുരസ്ക്കാരമായ ഭരത് അവാര്‍ഡിനും ഇദ്ദേഹം അര്‍ഹനായി. ചിറയിന്‍കീഴ് വടശ്ശേരി വീട്ടില്‍ വേലായുധന്‍ പിള്ളയുടേയും പാര്‍വ്വതിയമ്മയുടേയും മകനായി 1937 നവംബര്‍ ഒന്നിന് ജനിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബി.എസ്.സി.ബിരുദം നേടി. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി. ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായത് സ്വയംവരം എന്ന അടൂര്‍ഗോപാലകൃഷ്ണന്റെ ചിത്രത്തിലൂടെയാണ്. നല്ല നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനും  ഭരത് അവാര്‍ഡിനും അര്‍ഹനായി. നാടകങ്ങള്‍ രചിക്കുകയും അവതരിപ്പുക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ നടനെന്ന ഖ്യാതി വളരെ മുന്‍പേ ആര്‍ജ്ജിച്ചിരുന്നു. ഹിന്ദി ചിത്രത്തിലും അഭിനയപാടവം പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം മലയാള ചലച്ചിത്ര സംവിധായകന്‍ എന്ന നിലയിലും തികഞ്ഞ ബഹുമതിയ്ക്കര്‍ഹനായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത അഭിനേതാവ് എന്ന നിലയില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഒരു നടനാണദ്ദേഹം. 2008 ജനുവരിയില്‍ അന്തരിച്ചു.

ചലച്ചിത്ര മേളകള്‍

ചലച്ചിത്ര അക്കാദമി
കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആസ്ഥാനം തിരുവനന്തപുരത്ത് ശാസ്തമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര അക്കാഡമിയുടെ മേല്‍നോട്ടത്തിലാണ് വര്‍ഷം തോറും തിരുവനന്തപുരത്ത് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറുന്നത്. മൂല്യാധിഷ്ഠിതമായ ഒരു ചലച്ചിത്രസംസ്കാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ അക്കാദമിയുടെ ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ചലച്ചിത്രാസ്വാദനമേഖലയെ ലോകനിലവാരത്തില്‍ എത്തിച്ചിട്ടുണ്ട്. മഹാന്മാരായ വിദേശ ചലച്ചിത്രപ്രതിഭകളുടെ ലോകക്ളാസിക്കുകളായ ചലച്ചിത്രസൃഷ്ടികള്‍ മലയാളികള്‍ക്ക് കണ്ടാസ്വദിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് അക്കാദമിയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള സാധിതമാക്കുന്നത്.
ഫോണ്‍: 0471 2313920
ഫാക്സ്: 0471 2310322
ഇ മെയില്‍   : chitram@md3.vsnl.net.in
വെബ്സൈറ്റ്: www.keralafilm.com

അവസാനം പരിഷ്കരിച്ചത് : 3/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate