অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളം ഒറ്റനോട്ടത്തില്‍

ഒറ്റനോട്ടത്തില്‍

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനമായ കേരളത്തെ ഭരണ സൗകര്യത്തിനായി 14 ജില്ലകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പ്രധാന നഗരങ്ങള്‍. അന്തര്‍ദ്ദേശീയ ആഭ്യന്തര സഞ്ചാരങ്ങള്‍ക്കായി 3 വിമാനത്താവളങ്ങള്‍ ഇവിടെയുണ്ട്.

കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഉപയുക്തമായ ഏതാനും വിവരങ്ങള്‍.


(i) സ്ഥാനം : ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റം
(ii) വിസ്തൃതി : 38,863 ചതുരശ്ര കിലോമീറ്റര്‍
(iii) ജനസംഖ്യ : 31,84,1374
(iv) തലസ്ഥാനം : തിരുവനന്തപുരം
(v) ഭാഷ : മലയാളം, ഇംഗ്ലീഷും വ്യാപകമായി സംസാരിക്കുന്നു.
(vi) മതങ്ങള്‍ : ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം.
(vii) സമയം : GMT + 5.30
(viii) നാണയം : ഇന്ത്യന്‍ രൂപ
(ix) കാലാവസ്ഥ : ട്രോപിക്കല്‍
(x) വേനല്‍ : ഫെബ്രുവരി - മെയ് (24-33o C)
(xi) മണ്‍സൂണ്‍ (മഴക്കാലം) : ജൂണ്‍ - ആഗസ്റ്റ് (22 - 28o C)
(xii) ശിശിരം : നവംബര്‍ - ജനുവരി (22 - 32o C)

(xiii) ജില്ലകള്‍                      പഴയപേര്
xiv. കാസര്‍കോഡ്
xv. കണ്ണൂര്‍ :                      കാനനൂര്‍
xvi. വയനാട്
xvii. കോഴിക്കോട് :                  കാലിക്കട്ട്
xviii. മലപ്പുറം
xix. പാലക്കാട് :                    പാല്‍ഗാട്ട്
xx. തൃശ്ശൂര്‍ :                       ട്രിച്ചൂര്‍
xxi. എറണാകുളം
xxii. ഇടുക്കി
xxiii. കോട്ടയം
xxiv. ആലപ്പുഴ :                     ആലപ്പി
xxv. പത്തനംതിട്ട
xxvi. കൊല്ലം :                      ക്വയിലോണ്‍
xxvii. തിരുവനന്തപുരം :               ട്രിവാന്‍ട്രം


പ്രധാന നഗരങ്ങള്‍
പഴയപേര്
തിരുവനന്തപുരം : ട്രിവാന്‍ട്രം
കൊച്ചി : കൊച്ചിന്‍
കോഴിക്കോട് : കാലിക്കട്ട്  


വിമാനയാത്രാ സൗകര്യം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
ഫോണ്‍ : + 91 471 2501424


  • ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും
  • അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : കൊളംബോ, മാലിദ്വീപ്, ദുബായ്,
  • ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യുജൈറ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.

  • എയര്‍ ഇന്ത്യ ഫോണ്‍ : + 91 471 2310310
  • ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2318288
  • ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2500710, 2500860
  • ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2471810
  • ഗള്‍ഫ് എയര്‍ ഫോണ്‍ : + 91 471 2728003, 2501206
  • ഒമാന്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2728950
  • കുവൈറ്റ് എയര്‍ വെയ്‌സ് ഫോണ്‍ : + 91 471 2720013
  • സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2723141
  • ഖത്തര്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 3919091, 3919092
  • പാരമൗണ്ട് ഫോണ്‍ : + 91 99954 00003
  • കിങ്ഫിഷര്‍ ഫോണ്‍ : + 91 471 2508822
  • ജെറ്റ്‌ലൈറ്റ് ഫോണ്‍ : + 91 471 4010033

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) നെടുമ്പാശ്ശേരി ഫോണ്‍ : + 91 484 2610113

  • ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : മുംബൈ, ചെന്നൈ, ഗോവ, അഗത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
  • അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ദുബായ്, അബുദാബി, ദഹ്‌റന്‍, ബഹ്‌റിന്‍, റിയാദ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചും.

  • എയര്‍ ഇന്ത്യ ഫോണ്‍ : + 91 484 2610050
  • ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2371141
  • ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2610037
  • സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2352689
  • സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2358131
  • കുവൈറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2382576
  • ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2361263
  • എമിറേറ്റ്‌സ് ഫോണ്‍           : + 91 484 40844444
  • ഖത്തര്‍ എയര്‍വെയ്‌സ് - കാള്‍ സെന്റര്‍ ഫോണ്‍ : 0124 - 4566000
  • ജറ്റ്‌ലൈറ്റ് ഫോണ്‍            : + 91 484 2611340
  • എയര്‍ഡക്കാണ്‍ ഫോണ്‍        : + 91 484 2610289
  • പാരമൗണ്ട് ഫോണ്‍           : + 91 484 2610404

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കരിപ്പൂര്‍, ഫോണ്‍ : + 91 483 2710100

  • ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്്) : മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
  • അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ബഹ്‌റിന്‍, ദുബായ്, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യൂജൈറ എന്നിവിടങ്ങളിലേക്കും തിരിച്ചും.

  • എയര്‍ ഇന്ത്യ ഫോണ്‍         :  + 91 483 2766669
  • ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ :  + 91 483 276643
  • ജറ്റ് എയര്‍വെയ്‌സ് ഫോണ്‍     :  + 91 483 2740052

പോലീസ് സഹായം

  • ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ : + 91 98461 00100
  • തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍     : + 91 98462 00100

ചരിത്രം

കേരളത്തിന്റെ ചരിത്രം, അടുത്തകാലംവരെ സുഗന്ധവ്യഞ്ജന കയറ്റുമതിക്കു ചുറ്റുമായി തിരിഞ്ഞു കൊണ്ടിരുന്ന അതിന്റെ വാണിജ്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനതീരം എന്ന് കീര്‍ത്തികേട്ട കേരളം ഗ്രീക്കുകാര്‍, റോമാക്കാര്‍, അറബികള്‍, ചൈനാക്കാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ആതിഥ്യമരുളി. വാസ്തുവിദ്യ, ഭക്ഷണശൈലി, സാഹിത്യം തുടങ്ങിയ വിവിധമേഖലകളില്‍ ഈ സഞ്ചാരികള്‍ തങ്ങളുടേതായ മുദ്രകള്‍ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്തു.

കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്ന. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്.ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megalithic monuments) ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ് മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.

കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്. പ്രാചീന തമിഴ് സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്തവര്‍ എത്തിയതോടെ ക്രിസ്തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്ത്രമുന്നേറ്റവും, വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്.

സൗകര്യത്തിനു വേണ്ടി കേരളത്തിന്റെ ചരിത്രത്തെ പ്രാചീന ചരിത്രം,മധ്യകാല ചരിത്രം, ആധുനിക ചരിത്രം എന്നു മൂന്നായി വിഭജിക്കാം.

പ്രാചീന ചരിത്രം

പ്രാക് ചരിത്ര കാലം തൊട്ട് കുല ശേഖര സാമ്രാജ്യത്തിന്റെ അസ്തമയ കാലമായ 12-ാം നൂറ്റാണ്ടു വരെ നീളുന്നതാണ് കേരളത്തിന്റെ പ്രാചീന ചരിത്രഘട്ടം.


മഹാശിലാസ്മാരകങ്ങള്‍

പല സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കല്‍, തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത് കുടക്കാട് വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്. ഇത്തരം പൗരാണികാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megaliths)ആണ്. ബി. സി. 500 - എ. ഡി. 300 കാലഘട്ടത്തിലേതാണ് ഈ ശവസ്മാരകങ്ങളെന്നു കരുതുന്നു. “മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശവം സംസ്കരിക്കാനോ മരിച്ചവരുടെ ഓര്‍മ നിലനിര്‍ത്താനോ കൂറ്റന്‍ കല്ലുകള്‍ കൊണ്ടു പടുത്തുണ്ടാക്കിയ അറകളെയും സ്തംഭങ്ങളെയുമാണ്. തെക്കേ ഇന്ത്യയില്‍ പൊതുവേ ദൃശ്യമായിരുന്ന മഹാശിലാ പ്രസ്ഥാനത്തിന്റെ ഭാഗവും പ്രേതാരാധനത്തോടു ബന്ധപ്പെട്ടതുമാണ് കേരളത്തിലെ മഹാശിലാ നിര്‍മിതികള്‍” കൊടും കല്ലറകള്‍, പഴുതറകള്‍, നടുകല്ലുകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, ശിലാഗുഹകള്‍ മുതലായ പലതരം മഹാശിലാ സ്മാരകങ്ങളുണ്ട്. നടുകല്ല്, തൊപ്പിക്കല്ല്, പടക്കല്ല്, പുലച്ചിക്കല്ല്, പാണ്ടു കുഴി, നന്നങ്ങാടി, പുതുമക്കത്താഴി തുടങ്ങിയ പല പേരുകളില്‍ അവ അറിയപ്പെടുന്നു. വലിയ മണ്‍പാത്രങ്ങളിലും മറ്റുമാണ് ശവങ്ങള്‍ അടക്കിയിരുന്നത്. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല.

വിദേശബന്ധങ്ങള്‍

അതി പ്രാചീനകാലം തൊട്ടു തന്നെ കേരളവും വിദേശരാജ്യങ്ങളും തമ്മില്‍ ബന്ധങ്ങളുണ്ടായിരുന്നു. മുഖ്യമായും വാണിജ്യാധിഷ്ഠിതമായിരുന്ന ഈ ബന്ധം കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ പുരാതന കാലത്തു തന്നെ കേരളത്തില്‍ പ്രചരിക്കാന്‍ ഇടയാക്കിയത് വിദേശബന്ധമാണ്.

കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളാണ് പ്രാചീന കാലത്തു തന്നെ വിദേശികളെ ആകര്‍ഷിച്ചത്. ബി. സി. 3000 മുതല്‍ തന്നെ വിദേശീയര്‍ കേരളത്തിലെത്തിയിരുന്നു. പ്രാചീന സുമേറിയന്‍ (മെസൊപ്പൊട്ടേമിയ) നാഗരികത വളര്‍ത്തിയെടുത്ത അസീറിയക്കാരും ബാബിലോണിയക്കാരും കേരളത്തിലെത്തി ഏലം, കറുവപ്പട്ട (ഇലവര്‍ങ്ഗം) തുടങ്ങിയവ കൊണ്ടു പോയി. അറബികളും ഫിനീഷ്യരുമാണ് കേരളവുമായുള്ള സുഗന്ധ വ്യജ്ഞന വ്യാപാരത്തില്‍ ആദ്യം പ്രവേശിച്ചത്. ഒമാനിലെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തെയും അറബികളാവണം സമുദ്രമാര്‍ഗം ആദ്യമായി ഇവിടെ എത്തിയത്. ഉത്തരേന്ത്യയിലൂടെയും കേരളത്തിന്റ സുഗന്ധ ദ്രവ്യങ്ങള്‍ മധ്യേഷ്യയിലെത്തി. ബി. സി. അവസാന ശതകങ്ങളില്‍ ഗ്രീക്കുകാരും റോമക്കാരും കേരളവുമായി വ്യപാരത്തിലേര്‍പ്പെട്ടു. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ദിയോസ്രോര്‍ദീസിന്റെ 'മെറ്റീരിയ മെഡിക്ക' എന്ന വൈദ്യഗ്രന്ഥത്തില്‍ ഏലം, കറുവപ്പട്ട, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഔഷധഗുണത്തെപ്പറ്റി വിവരിക്കുന്നുണ്ട്.

ബി. സി. ഒന്നാം നൂറ്റാണ്ടില്‍ റോമക്കാര്‍ ഈജിപ്ത് ആക്രമിച്ചതോടെ അറബികള്‍ക്ക് കേരളവുമായുണ്ടായിരുന്ന സുഗന്ധ വ്യജ്ഞന വ്യാപാരക്കുത്തക പൊളിഞ്ഞു. ആ സ്ഥാനത്ത് റോമക്കാര്‍ കടന്നു വന്നു. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. എ.ഡി. 45-ല്‍ ഈജിപ്ഷ്യന്‍ നാവികനായ ഹിപ്പാലസ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലവര്‍ഷക്കാറ്റിന്റെ ഗതി കണ്ടു പിടിച്ചതോടെ കേരളത്തിലേക്കുള്ള സമുദ്രയാത്ര എളുപ്പമായി. കുരുമുളകായിരുന്നു കേരളത്തില്‍ നിന്ന് വിദേശത്തെത്തിയ ചരക്കുകളില്‍ ഏറ്റവും വിലപിടിച്ചത്.

കേരളവുമായി വ്യാപാരത്തിലേര്‍പ്പെട്ട മറ്റൊരു വിദേശജനതയായിരുന്നു ചൈനക്കാര്‍. ചൈനീസ് കപ്പലുകള്‍ കേരളത്തിലെ തുറമുഖങ്ങളില്‍ എത്തിയത് ഒരു പക്ഷെ ഗ്രീക്കുകാര്‍ക്കും റോമക്കാര്‍ക്കും മുമ്പുതന്നെയായിരുന്നിരിക്കണം. പ്രാചീന ചൈനീസ് നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ചീനക്കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ചീനച്ചട്ടിയും ചീനവലയും കേരളത്തിലെത്തിയ വഴിയും മറ്റൊന്നല്ല.


പ്രാചീന തുറമുഖങ്ങള്‍

പ്രാചീനമായ നാവിക പാരമ്പര്യവും സൗകര്യങ്ങളുള്ള തുറമുഖങ്ങളും പ്രാചീന കേരളത്തിനുണ്ടായിരുന്നു. ആ തുറമുഖങ്ങള്‍ വഴിയാണ് വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. മുസിരിസ് (കൊടുങ്ങല്ലൂര്‍), തിണ്ടിസ്, ബറക്കേ, നെല്‍ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി പ്രാചീനരായ വിദേശസഞ്ചാരികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുസിരിസ് ഒഴികെയുള്ളവ എവിടെയാണെന്ന കാര്യത്തില്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. പ്രാചീന ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്. മേല്‍പരാമര്‍ശിച്ചതല്ലാത്ത ഒട്ടേറെ ചെറു തുറമുഖങ്ങളും പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്നിരിക്കണം. പില്‍ക്കാലത്ത് കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവ പ്രധാന തുറമുഖങ്ങളായി ഉയര്‍ന്നു വന്നു.

സംഘകാലം

ക്രിസ്തു വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകള്‍ കേരള ചരിത്രം രൂപപ്പെട്ടു തുടങ്ങുന്ന കാലഘട്ടമാണെന്ന് പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ അഭിപ്രായപ്പെടുന്നു. തമിഴ് സാഹിത്യത്തിലെ പ്രസിദ്ധമായ സംഘകാലമാണിത്. അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളവും.

പഴന്തമിഴ് പാട്ടുകള്‍ എന്നു വിളിക്കപ്പെടുന്ന സംഘസാഹിത്യത്തില്‍ നിന്ന് ഈ കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. ബി. സി. ഒന്നാം ശതകത്തിനും എ. ഡി. ആറാം ശതകത്തിനും ഇടയ്ക്കാണ് സംഘകാലമെന്ന് പൊതുവെ എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. എ. ഡി. ആദ്യ മൂന്നു ശതകങ്ങളാണ് ഇക്കാലമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, നീലകണ്ഠശാസ്ത്രി, കനകസഭ, ശേഷയ്യര്‍, പി. കെ. ഗോപാലകൃഷ്ണന്‍ എന്നീ ചരിത്രകാരന്മാരും Cambridge History of Indiaയും അഭിപ്രായപ്പെടുന്നു. എ. ഡി. ഒന്നു മുതല്‍ അഞ്ചു വരെ ശതകങ്ങളെന്ന് എ. ശ്രീധരമേനോനും എ.ഡി. അഞ്ച്, ആറ് ശതകങ്ങളെന്ന് ഇളംകുളവും സമര്‍ഥിച്ചിട്ടുണ്ട്. സംഘസാഹിത്യവും മഹാശിലാസ്മാരകങ്ങളും ഏതാണ്ട് ഒരേ കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ആധുനിക ചരിത്ര ഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്.

സംഘകാല തമിഴകത്തെ പ്രബല രാജാധികാരങ്ങളായിരുന്നു തൊണ്ടൈമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നിവ. ചേരനാടാണ് പില്ക്കാല കേരളം. വഞ്ചിയായിരുന്നു തലസ്ഥാനം. ദക്ഷിണഭാഗത്തെ ആയ് വംശവും ഏഴിമല ആസ്ഥാനമാക്കിയ (പൂഴിനാട്) നന്നവംശവും ഇവയ്ക്കിടയിലുള്ള പ്രദേശം ഭരിച്ച ചേരവംശവുമായിരുന്നു സംഘകാല കേരളത്തിലെ പ്രബലരാജാക്കന്മാര്‍.

സംഘം കൃതികളില്‍ നിന്ന് സംഘകാലകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികാവസ്ഥകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നു. ഗോത്രവര്‍ഗാടിസ്ഥാനത്തില്‍ പലവര്‍ഗങ്ങളായി തിരിഞ്ഞ സമൂഹമായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകം കുടുംബമായിരുന്നു. ഗ്രാമകാരണവന്മാരടങ്ങിയ മന്‍റം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. ഗോത്രഭരണവ്യവസ്ഥയില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള പരിവര്‍ത്തന കാലമാണിതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ കാര്‍ഷിക പ്രധാനമായ ഒരു സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു തുടങ്ങിയത് സംഘകാലത്താണ്. ഭൂമിയെ അഞ്ചു തിണകള്‍ (നിലങ്ങള്‍) ആയിത്തിരിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത് കുറവര്‍, കാനവര്‍ തുടങ്ങിയ ഗോത്രക്കാരും മണല്‍ക്കാടുകളായ 'പാല' തിണയില്‍ മറവര്‍, വേടര്‍ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയില്‍ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യില്‍ കൃഷിക്കാരായ ഉഴവരും കടല്‍ത്തീരമായ 'നെയ്തലി'ല്‍ പരതവര്‍, നുളൈയര്‍, അളവര്‍ എന്നിവരും വസിച്ചു. കൃഷിക്കൊപ്പം കച്ചവടവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. മുസിരിസ് (മുയിരി), നൗറ, തുണ്ടിസ്, നെല്‍കിന്ദ, ബകരെ, കൊട്ടനാര എന്നിവ സംഘകാലകേരളത്തിലെ പ്രധാന തുറമുഖങ്ങളായിരുന്നു. യവനരുടെ വലിയ കപ്പലുകള്‍ ചേരരാജാവിനു ചേര്‍ന്ന മനോഹരമായ ചുള്ളിയിലെ (പെരിയാര്‍) നുരകളിളക്കി മുയിരിപ്പട്ടണത്തിലെത്തി സ്വര്‍ണം കൊടുത്ത് കുരുമുളക് വാങ്ങിക്കൊണ്ടു പോയെന്ന് അകനാന്നൂറില്‍ പാട്ടുണ്ട്. മുയിരി എന്ന മുസിരിസ് (Mousiris) കൊടുങ്ങല്ലൂരാണെന്നാണ് അഭിപ്രായം.

കൃഷിയിലും വാണിജ്യത്തിലും ഉണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം രാജ്യമെങ്ങും നിറഞ്ഞു (പതിറ്റുപ്പത്ത് VI, 6) ഇതോടൊപ്പം ഉഴവര്‍ (കൃഷിക്കാര്‍), ചാന്റോര്‍ (മദ്യോല്‍പാദകര്‍), വണിക്കുകള്‍ (വ്യാപാരികള്‍) എന്നിവരില്‍ നിന്ന് ഒരു സമ്പന്നവര്‍ഗ്ഗം (മേലോര്‍) ഉയര്‍ന്നു വന്നു. ഉഴവര്‍ക്കായിരുന്നു കൂടുതല്‍ സ്വകാര്യസ്വത്തിന്റെയും അവകാശം. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്ന നാട്ടില്‍ മദ്യോല്‍പാദകരുടെ സംരക്ഷകരായിരുന്നു ('ചാന്റോര്‍ മെയ്മ്മറൈ' - പതിറ്റു VI, 8)രാജാക്കന്മാര്‍. പുലവര്‍, പറവര്‍, പാണര്‍, പൊരുനര്‍ എന്നിവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന അംഗീകാരമാണുണ്ടായിരുന്നത്. വിനൈഞര്‍ (തൊഴിലാളികള്‍), അടിയോര്‍ (ദാസന്മാര്‍) എന്നിവര്‍ താഴേക്കിടയിലായിരുന്നു (കീഴോര്‍). എന്നാല്‍ കുലവ്യത്യാസം കൂടാതെ വിവാഹങ്ങള്‍ നടന്നിരുന്നു. പില്‍ക്കാലത്ത് ബ്രാഹ്മണ മതത്തിന് ആധിപത്യം ലഭിച്ചപ്പോഴുണ്ടായ വര്‍ണ-ജാതി വ്യവസ്ഥ സംഘകാലത്ത് നിലവിലുണ്ടായിരുന്നില്ല.

കളവ്, കര്‍പ്പ് എന്നിങ്ങനെ രണ്ടു രീതിയിലുള്ള വിവാഹം പ്രചാരത്തിലിരുന്നു. പ്രേമവിവാഹമായ 'കളവി'ല്‍ നിന്ന് ചടങ്ങുകളോടു കൂടി 'കര്‍പ്പി'ലേക്കുള്ള മാറ്റം മാതൃമേധാവിത്വത്തില്‍ നിന്ന് പിതൃമേധാവിത്വത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സൂചനയാണെന്ന് വാദമുണ്ട്. പെണ്‍കുട്ടികള്‍ സാധാരണ 'തഴയുട' ധരിക്കുന്നു. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിക്കുന്ന പൂവാടയാണിത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങളണിയുന്നു. അരക്കു മീതേ മറച്ചിരുന്നില്ല. ചിലമ്പ്, പൂമാല, മുത്തുമാല, പുലിപ്പല്‍ താലി, വള, തോട തുടങ്ങിയ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരുഷന്‍മാര്‍ മാറില്‍ ചന്ദനം പൂശി, പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കും. യുദ്ധത്തിനു പോകുമ്പോള്‍ പുരുഷന്മാര്‍തുമ്പപ്പൂമാല ചൂടുന്നു. വീരന്മാരായ പൂര്‍വികരായിരുന്നു (നടുകല്ല്) ദൈവം. ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു. ശിവന്‍, യമന്‍, ബലരാമന്‍ എന്നീ ദൈവങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. ചിട്ടയോടു കൂടിയ ഒരു മതവിശ്വാസം സംഘകാലത്ത് പ്രചരിച്ചിരുന്നില്ല.

ആദിചേരന്മാര്‍

ഉതിയന്‍ ചേരല്‍ ആതന്‍, നെടും ചേരല്‍ ആതന്‍, പല്‍യാനൈ ചെല്‍ കെഴുകുട്ടുവന്‍, നാര്‍മുടിചേരല്‍, വേല്‍ കെഴു കുട്ടുവന്‍, ആടുകോട് പാട്ട് ചേരല്‍ ആതന്‍, ചെല്‍വകടും കോവാഴി ആതന്‍, പെരും ചേരല്‍ ഇരുമ്പൊറൈ, ഇളം ചേരല്‍ ഇരുമ്പൊറൈ തുടങ്ങിയവരായിരുന്നു ചേരനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാര്‍. ആദി ചേരന്മാര്‍ എന്നും ഇവരെ വിളിക്കാറുണ്ട്.

ആയ് രാജാക്കന്മാര്‍

തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ആയ് രാജവംശത്തിന്റെ ഉദ്ഭവത്തെപ്പറ്റി മതിയായ രേഖകളൊന്നുമില്ല. അണ്ടിരന്‍, തിതിയന്‍, അതിയന്‍ എന്നിവരാണ് സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആയ് രാജാക്കന്മാര്‍. സംഘസാഹിത്യ കൃതികള്‍ ഇവരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷം കരുനന്തന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ തുടങ്ങിയ രാജാക്കന്മാര്‍ ആയ് വംശത്തിലുണ്ടായി. വിക്രമാദിത്യവരഗുണനു ശേഷം ആയ് വംശത്തിന് പ്രത്യേക രാജവംശം എന്ന സ്ഥാനം നഷ്ടമായി. പിന്നീട് ആയ് വംശം അപ്രത്യക്ഷമായി.

കുലശേഖര സാമ്രാജ്യം

സംഘകാലത്തിനു ശേഷം എ.ഡി. ഒമ്പതാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ തെളിമയുള്ള ചിത്രം അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. ജനജീവിതത്തെയോ രാഷ്ട്രീയ സ്ഥിതിഗതികളെയോ സാംസ്കാരിക വികാസത്തെയോ കുറിച്ചുള്ള വ്യക്തമായ ചിത്രമില്ലാത്ത ഏകദേശം മൂന്നു നൂറ്റാണ്ടിലധികം വരുന്ന ഈ കാലയളവിനെ 'നീണ്ടരാത്രി'യെന്നു വിശേഷിപ്പിക്കാറുണ്ട്. എ.ഡി. 800-ന് അടുത്ത് ആ നീണ്ട രാത്രിക്ക് അന്ത്യം കുറിച്ചു കൊണ്ട് കുലശേഖരന്മാര്‍ എന്നു പ്രസിദ്ധരായ രാജാക്കന്മാര്‍ക്കു കീഴില്‍ ഒരു ചേര സാമ്രാജ്യം ഉയര്‍ന്നു വന്നു. രണ്ടാം ചേര സാമ്രാജ്യം, കുലശേഖര സാമ്രാജ്യം എന്നീ പേരുകളില്‍ ചരിത്ര ഗവേഷകര്‍ വിളിക്കുന്ന ഈ സാമ്രാജ്യം 12-ാം നൂറ്റാണ്ടു വരെ നിലനിന്നു. 800 മുതല്‍ 1102 വരെയുള്ള കാലയളവാണ് കുലശേഖരകാലമായി ഗണിക്കുന്നത്.

ആധുനിക കേരളത്തിന് അടിത്തറയൊരുക്കിയത് കുലശേഖര സാമ്രാജ്യമായിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പ്രദേശങ്ങളിലാണെന്നു പൊതുവേ കരുതപ്പെടുന്ന മഹോദയപുരമായിരുന്നു കുലശേഖരന്മാരുടെ തലസ്ഥാനം. 13 കുലശേഖര ചക്രവര്‍ത്തിമാര്‍ ഈ പ്രാചീന സാമ്രാജ്യം ഭരിച്ചു. കുലശേഖര ആഴ്‌വാര്‍ (800 - 820), രാജശേഖര വര്‍മ (820 - 844), സ്ഥാണു രവിവര്‍മ (844 - 885), രാമവര്‍മ കുലശേഖരന്‍ (885 - 917), ഗോദ രവിവര്‍മ (917 - 944), ഇന്ദുക്കോതവര്‍മ (944 - 962), ഭാസ്കര രവിവര്‍മ ഒന്നാമന്‍ (962 - 1019), ഭാസ്കര രവി വര്‍മ (1019 - 1021), വീരകേരളന്‍ (1022 - 1028), രാജസിംഹന്‍ (1028 - 1043), ഭാസ്കര രവി വര്‍മ മൂന്നാമന്‍ (1043 - 1082), രവി രാമവര്‍മ (1082 - 1090), രാമവര്‍മ കുലശേഖരന്‍ (1090 - 1102) എന്നിവരാണവര്‍.ചോളരാജാക്കന്മാരുടെ ആക്രമണമാണ് രണ്ടാം ചേരസാമ്രാജ്യത്തിന് അന്ത്യം കുറിച്ചത്. ചോള ചക്രവര്‍ത്തിയായ കുലോത്തുംഗന്റെ സൈന്യം മഹോദയപുരം ചുട്ടെരിച്ചതായി പറയപ്പെടുന്നു(7). അവസാനത്തെ ചേര ചക്രവര്‍ത്തി (ചേരമാന്‍ പെരുമാള്‍) രാജ്യം പലര്‍ക്കായി വീതം വച്ചശേഷം ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയിലേക്കു പോയി എന്നൊരു ഐതിഹ്യമുണ്ട്. ഈ ചേരമാന്‍ കഥയെ ഏതെങ്കിലും സമകാലിക രേഖയോ തെളിവോ സ്ഥിരീകരിക്കുന്നില്ല. പ്രാചീന കാലത്തോ മധ്യകാലത്തോ കേരളം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികളാരും തങ്ങളുടെ രേഖകളില്‍ ഇതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുമില്ല(8).കുലശേഖരകാലത്തെ കേരളംകുലശേഖര ഭരണകാലയളവില്‍പ്പെട്ട ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കേരള ചരിത്രത്തിലെ സുവര്‍ണയുഗമായിരുന്നു. ഒട്ടേറെ നാടുകളായി കുലശേഖരന്മാര്‍ രാജ്യത്തെ ഭരണസൗകര്യത്തിനു വേണ്ടി വിഭജിച്ചു. നാടുകളെ ദേശങ്ങളായും വേര്‍തിരിച്ചു. കരയായിരുന്നു ഏറ്റവും ചെറിയ ദേശഘടകം. പതവാരം എന്നറിയപ്പെട്ട പലതരം നികുതികള്‍ അന്നുണ്ടായിരുന്നു. വാണിജ്യം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളം പുരോഗതി നേടി. മഹോദയപുരത്ത് ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്റെ മേല്‍നോട്ടത്തില്‍ ഒരു ഗോളനിരീക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നു.കാന്തളൂര്‍, കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ കുലശേഖരകാലത്തെ വിദേശവ്യാപാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ചൈനയുമായാണ് ഏറ്റവുമധികം വ്യാപാരം നടന്നിരുന്നത്. സുലൈമാന്‍, മസൂദി, തുടങ്ങിയ അറബി സഞ്ചാരികള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സംഘടനകള്‍ ഉണ്ടായിരുന്നു. അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍, നാനാദേശികര്‍ എന്നിവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ സംഘടനകള്‍.

ഭാഷ, സാഹിത്യം

മലയാളം സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ ആരംഭിച്ചത് കുലശേഖര കാലത്താണ്. അന്നത്തെ കേരളത്തില്‍ പ്രചരിച്ചിരുന്ന കൊടും തമിഴ് എന്ന ഭാഷാഭേദത്തില്‍ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞതെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാഷോത്പത്തി സിദ്ധാന്തം. കുലശേഖരകാലം മലയാളത്തിന്റെ ആവിര്‍ഭാവദശയായിരുന്നതിനാല്‍ അന്ന് സാഹിത്യ കൃതികളൊന്നും ഉണ്ടായില്ല. തമിഴിലും സംസ്കൃതത്തിലുമായിരുന്നു കേരളീയര്‍ സാഹിത്യ സൃഷ്ടി നടത്തിയിരുന്നത്. ആദ്യത്തെ കുലശേഖര രാജാവായ കുലശേഖര ആഴ്‌വാരാണ് 'പെരുമാള്‍ തിരുമൊഴി' എന്ന തമിഴ് കൃതിയും 'മുകുന്ദമാല' എന്ന സംസ്കൃതകാവ്യവും രചിച്ചതെന്നു കരുതപ്പെടുന്നു. 'തപതീസംവരണം', 'സുഭദ്രാധനഞ്ജയം', 'വിച്ഛിന്നാഭിഷേകം' എന്നീ സംസ്കൃത നാടകങ്ങളും 'ആശ്ചര്യമഞ്ജരി' എന്ന ഗദ്യഗ്രന്ഥവും എഴുതിയത് ഒരു കുലശേഖര രാജാവാണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 'യുധിഷ്ഠിര വിജയം' എന്ന സംസ്കൃത മഹാകാവ്യം രചിച്ച വാസുദേവന്‍ കുലശേഖര കാലത്തെ കവിയായിരുന്നു.തത്ത്വചിന്ത, ശാസ്ത്രം എന്നീ രംഗങ്ങളിലും ഒട്ടേറെ ഗ്രന്ഥങ്ങളുണ്ടായി. അദൈ്വത വേദാന്തിയായ ശങ്കരാചാര്യര്‍, കവിയായ തോലന്‍, 'ആശ്ചര്യ ചൂഡാമണി' എന്ന നാടകമെഴുതിയ ശക്തിഭദ്രന്‍ 'ശങ്കരനാരായണീയ'മെഴുതിയ ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്‍ം തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'മെഴുതിയ ഇളംകോ അടികള്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികള്‍ കുലശേഖര കാലത്തെ കേരളത്തില്‍ വെളിച്ചം പരത്തി.

മതം

സംഘടിതമതത്തിന്റെ സ്വഭാവമില്ലാത്ത ദ്രാവിഡാചാരങ്ങളും അനുഷ്ഠാനങ്ങളുമായിരുന്നു പ്രാചീന കേരളത്തില്‍ നിലനിന്നിരുന്നത്. കുലദൈവങ്ങളെയും പ്രകൃതി ശക്തികളെയും കൊറ്റവൈ എന്ന യുദ്ധദേവതയെയും അവര്‍ ആരാധിച്ചു. പരേതരെ ആരാധിക്കുന്നതും പതിവുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പുറത്തുനിന്നും ജൈന, ബുദ്ധ, ബ്രാഹ്മണ മതങ്ങള്‍ ഇങ്ങോട്ടു കടന്നു വന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് അവ ദ്രാവിഡാചാരങ്ങളെ കീഴ്‌പ്പെടുത്തി കേരളത്തില്‍ മേധാവിത്വമുറപ്പിച്ചു. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ എത്തിയ ജൈന, ബുദ്ധ മതങ്ങള്‍ക്ക് കേരളത്തില്‍ നിര്‍ണായകമായ സ്വാധീനതയുണ്ടായിരുന്നു. അവര്‍ക്കു പിന്നാലേ തന്നെ ആര്യവംശജരായ ബ്രാഹ്മണരും തങ്ങളുടെ മതവിശ്വാസവുമായി കേരളത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ എ.ഡി. എട്ടാം നൂറ്റാണ്ടു മുതലാണ് ശക്തമായ ബ്രാഹ്മണാധിനിവേശമുണ്ടായത്. ഇതോടെ ഹിന്ദുമതം വേരുറപ്പിച്ചു. ജൈന, ബുദ്ധമതങ്ങളുടെ സ്വാധീനത ഇല്ലാതാക്കിയ ബ്രാഹ്മണ ഹിന്ദുമതം ദ്രാവിഡ സങ്കല്പങ്ങളെയും ദേവതകളെയുമെല്ലാം സ്വാംശീകരിച്ചു വളര്‍ന്നു.കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്താണ് ഹിന്ദുമതം വമ്പിച്ച വളര്‍ച്ച നേടിയത്. ശങ്കരാചാര്യര്‍ (788 - 820) നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഉടനീളം തന്നെ ഹിന്ദുമതത്തിന് ഉണര്‍വും സംഘടിത സ്വഭാവവും നല്‍കി. ഇന്ത്യന്‍ തത്ത്വചിന്തക്ക് മഹത്തായ സംഭാവനകളാണ് തന്റെ കൃതികളിലൂടെ ശങ്കരാചാര്യര്‍ നല്‍കിയത്. ഹിന്ദുമതത്തിന്റെ വളര്‍ച്ച സ്വാഭാവികമായും ക്ഷേത്രങ്ങളുടെ രൂപപ്പെടലിനും വഴി തെളിച്ചു. എ.ഡി. ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. ദ്രാവിഡ ദൈവങ്ങള്‍ പലതും ഹിന്ദു ദൈവങ്ങളായി മാറ്റപ്പെടുകയും ചെയ്തു. ക്ഷേത്രഭരണസമിതികളും ഇതിനു പിന്നാലേ ഉണ്ടായി. ക്ഷേത്രഭരണത്തിനുള്ള നിയമങ്ങളും വ്യവസ്ഥകളും രേഖപ്പെടുത്തിയിട്ടുള്ള മൂഴിക്കുളം കച്ചം പ്രസിദ്ധമാണ്. എറണാകുളത്തെ പറവൂരിനടുത്തുള്ള മൂഴിക്കുളത്ത് നാടുവാഴികളും ക്ഷേത്രാധികാരികളും ഒമ്പതാം നൂറ്റാണ്ടില്‍ ചേര്‍ന്ന പൊതുയോഗത്തെയാണ് മൂഴിക്കുളം കച്ചം എന്നു പറയുന്നത്. ഒട്ടേറെ മറ്റു കച്ചങ്ങളുമുണ്ട്. അക്കാലത്തെ രാജകീയ ശാസനങ്ങള്‍ കച്ചങ്ങളെയും ക്ഷേത്രങ്ങളെയും പറ്റിയുള്ള വില പിടിച്ച പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്.മതവും ക്ഷേത്രങ്ങളും കലയ്ക്കും വിജ്ഞാന വിതരണത്തിനും പ്രോത്സാഹനം നല്‍കി. കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത് ഒമ്പതാം നൂറ്റാണ്ടു മുതലാണ്. ശില്പ കലയും വാസ്തു വിദ്യയും ഒപ്പം വികസിച്ചു. മൂഴിക്കുളം ശാല, തിരുവല്ലാശാല തുടങ്ങിയവ പോലുള്ള ഒട്ടേറെ വിദ്യാകേന്ദ്രങ്ങളും കുലശേഖരകാലത്ത് കേരളത്തില്‍ പലഭാഗങ്ങളിലായി ഉണ്ടായി. ക്ഷേത്രങ്ങളില്‍ വേദപാരായണവും മതസംഹിതകളില്‍ പരീക്ഷകളും ഉണ്ടായിരുന്നു. ഋഗ്വേദ വൈദഗ്ധ്യം പരീക്ഷിക്കുന്ന കടവല്ലൂര്‍ അന്യോന്യം ഇതിനു മാതൃകയാണ്. ബുദ്ധ ജൈന മതങ്ങള്‍ പിന്തള്ളപ്പെട്ടുവെങ്കിലും ക്രിസ്തുമതത്തിനും ജൂതമതത്തിനും ഒട്ടേറെ അവകാശങ്ങള്‍ കുലശേഖര കാലത്ത് ലഭിച്ചിരുന്നു.

യുഗാന്ത്യം

ചോളന്മാരുമായി നടന്ന യുദ്ധങ്ങള്‍ അന്തിമമായി കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലാണു കലാശിച്ചത്. യുദ്ധം കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തി വളര്‍ത്തി. ക്ഷേത്രങ്ങള്‍ക്കു ലഭിച്ച വമ്പിച്ച ഭൂസ്വത്തിന്റെ അധിപന്മാര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ സാമ്പത്തിക ശക്തി കേന്ദ്രങ്ങളായി മാറി. ജന്മി സമ്പ്രദായം രൂപം കൊണ്ടതും മക്കത്തായം തിരോഭവിച്ച് മരുമക്കത്തായം ഉടലെടുത്തതും ഇക്കാലത്താണ്. ബ്രാഹ്മണമേധാവിത്തം ശക്തമായതോടെ അതുവരെ കുലശേഖര സാമ്രാജ്യത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സാമൂഹിക ബന്ധങ്ങളും രാഷ്ട്രീയമായ കെട്ടുറപ്പും അപ്രത്യക്ഷമായി.

മധ്യകാല കേരളം

കുലശേഖല സാമ്രാജ്യം ശിഥിലമായ 12-ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ കോളനി ശക്തികള്‍ ആധിപത്യം പൂര്‍ണ്ണമാക്കിയ 17-ാം നൂറ്റാണ്ടുവരെയുള്ള കാലയളവിനെ കേരള ചരിത്രത്തിലെ മധ്യകാല ഘട്ടമായി കണക്കാക്കാം. ഒട്ടേറെ ചെറു രാജ്യങ്ങളായി കേരളം ചിതറിക്കിടക്കുകയും അവ പാശ്ചാത്യശക്തികളുടെ വരുതിയിലാവുകയും ചെയ്ത കാലമാണിത്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സുപ്രധാനമായ വികാസ പരിണാമങ്ങള്‍ ഉണ്ടായ ഘട്ടം കൂടിയാണിത്.

ചോളന്മാരുമായുള്ള യുദ്ധത്തോടെ കുലശേഖരന്മാരുടെ വാഴ്ച അവസാനിച്ചതോടെ കേരളം ഒട്ടേറെ ചെറു നാടുകളായി മാറി. വേണാട്, എളയിടത്തു സ്വരൂപം, ആറ്റിങ്ങല്‍, ദേശിങ്ങനാട് (കൊല്ലം), കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം (ഓടനാട്), പുറക്കാട് (ചെമ്പകശ്ശേരി), പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, പൂഞ്ഞാര്‍, കരപ്പുറം (ചേര്‍ത്തല), കൈമള്‍മാരുടെ നേതൃത്വത്തിലായിരുന്ന എറണാകുളം പ്രദേശങ്ങള്‍, ഇടപ്പള്ളി, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, അയിരൂര്‍, തലപ്പിളളി, വള്ളുവനാട്, പാലക്കാട്, കൊല്ലങ്കോട്, കവളപ്പാറ, വെട്ടത്തുനാട്, പരപ്പനാട്, കുറുമ്പുറനാട് (കുറുമ്പ്രനാട്), കോഴിക്കോട്, കടത്തനാട്, കോലത്തുനാട് (വടക്കന്‍ കോട്ടയം), കുറങ്ങോട്, രണ്ടു തറ, ആലി രാജാവിന്റെ കണ്ണൂര്‍, നീലേശ്വരം, കുമ്പള എന്നിവയായിരുന്നു ആ കേരള രാജ്യങ്ങള്‍. ഇവയില്‍ വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിവയായിരുന്നു ഏറ്റവും ശക്തം. രാഷ്ട്രീയമായ പരമാധികാരം ഉണ്ടായിരുന്നതും ഈ നാലു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു മാത്രമായിരുന്നു. അവരെ ആശ്രയിച്ചു നിന്നവരോ ഇടപ്രഭുക്കളോ മാടമ്പിമാരോ മാത്രമായിരുന്നു മറ്റു നാടുകളിലെ ഭരണാധികാരികള്‍. ക്ഷത്രിയരും ബ്രാഹ്മണരും, നായന്മാരുമുണ്ടായിരുന്നു അവരില്‍; ഒരു മുസ്‌ലിം രാജവംശവും (കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം).

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കപ്പെട്ടത് മധ്യകാലത്താണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യം കേരളത്തില്‍ പിടി മുറുക്കിയതോടെ ആ കാലഘട്ടം അവസാനിക്കുന്നു. 16, 17 നൂറ്റാണ്ടുകളാണ് മധ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങള്‍. നാടുവാഴിത്തത്തില്‍ അധിഷ്ഠിതമായിരുന്നു അന്നത്തെ സാമൂഹികഘടന. നാടുവാഴിക്കായിരുന്നു രാജ്യാധിപത്യമെങ്കിലും നായര്‍ മാടമ്പിമാര്‍ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ നിയന്ത്രണം. സ്വകാര്യ സൈന്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ആയുധ പരിശീലനം നല്‍കുന്ന കളരികളും അങ്കം എന്ന ദ്വന്ദ്വയുദ്ധവും വ്യക്തികളോ ദേശങ്ങളോ തമ്മിലുള്ള സ്വകാര്യസമരമായ പൊയ്ത്തും പരമ്പരയായി തുടര്‍ന്നിരുന്ന കുടിപ്പകയും അന്നത്തെ സാമൂഹിക ഘടനയുടെ ഭാഗമായിരുന്നു. വടക്കന്‍ പാട്ടുകള്‍ ഈ സാമൂഹിക സ്ഥാപനങ്ങളുടെ ചിത്രം അവതരിപ്പിക്കുന്നു.

വ്യവസ്ഥാപിതമായ നീതിനിര്‍വഹണ സമ്പ്രദായമോ ലിഖിതമായ നിയമസംഹിതയോ ഉണ്ടായിരുന്നില്ല. പൊതുവേ ബ്രാഹ്മണര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സത്യ പരീക്ഷകള്‍ നടത്തിയായിരുന്നു കുറ്റം തെളിയിച്ചിരുന്നത്. കുറ്റവാളിയെന്ന് ആരോപിതനായ ആളെ തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്നത് ഇത്തരം രീതികളില്‍ ഒന്നായിരുന്നു. കൈപൊള്ളിയാല്‍ കുറ്റവാളി എന്നര്‍ത്ഥം. ശുചീന്ദ്രം, ഏറ്റുമാനൂര്‍, തിരുവളയനാട്, ചെങ്ങന്നൂര്‍ തുടങ്ങിയ പല ക്ഷേത്രങ്ങളിലും കൈമുക്കു പരീക്ഷകള്‍ ഉണ്ടായിരുന്നു.

മരുമക്കത്തായമായിരുന്നു പ്രധാന ദായക്രമം. ബഹുഭര്‍ത്തൃത്വവും സാധാരണമായിരുന്നു. ജാതിക്ക് പരമ പ്രാധാന്യമുണ്ടായിരുന്ന മധ്യകാല ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണരായിരുന്നു അറിവിന്റെയും അധികാരത്തിന്റെയും മേല്‍ത്തട്ടില്‍. പടയാളിവര്‍ഗമായ നായന്മാരാണ് ജനസംഖ്യയിലും സ്വാധീന ശക്തിയിലും മുന്നിട്ടു നിന്നത്. തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക വിവേചനങ്ങളും മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില നിന്നിരുന്നു. അടിമ സമ്പ്രദായവും വ്യാപകമായിരുന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയവയായിരുന്നു മറ്റു ദുരാചാരങ്ങള്‍. ക്രൈസ്തവര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഉന്നത സ്ഥാനമുണ്ടായിരുന്നു അക്കാലത്ത്. മലബാറില്‍ മുസ്‌ലീങ്ങളും മധ്യ, ദക്ഷിണ കേരളത്തില്‍ ക്രൈസ്തവരുമായിരുന്നു പ്രധാന ഹൈന്ദവേതര വിഭാഗങ്ങള്‍.

സാമൂഹികമായ അനാചാരങ്ങളും കടുത്ത വിവേചനവും ബ്രാഹ്മണ മേധാവിത്തവും നിലനിന്ന മധ്യകാല സമൂഹത്തില്‍ നിന്നാണ് സാംസ്കാരിക വളര്‍ച്ചയുടെ പുതുപൂക്കളം വികസിച്ചു വന്നത്. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിത ശാസ്ത്രം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ ഉണ്ടായി. സംഗമ ഗ്രാമമാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയ മഹാന്മാരായ ഗണിതജ്ഞര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. മലയാളത്തിലെ ആദികാവ്യമായ 'രാമചരിതം' എഴുതിയ ചീരാമനും കണ്ണശ്ശ കവികളും തൊട്ട് തുഞ്ചത്ത് എഴുത്തച്ഛന്‍ വരെയുള്ള കവികള്‍ ഉയര്‍ന്നു വന്നതും മലയാള സാഹിത്യത്തിന് അടിത്തറയിട്ടതും ഇക്കാലത്താണ്.

വേണാട്

മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യമായിരുന്നു വേണാട് കുലശേഖര സാമ്രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നാടായിരുന്ന വേണാട് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയ്ക്കുള്ള ഒരു ചെറുപ്രദേശം മാത്രമായിരുന്നു. തിരുവനന്തപുരവും തെക്കോട്ടുള്ള പ്രദേശങ്ങളും അക്കാലം വരെ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. 12-ാം നൂറ്റാണ്ടോടെ വേണാട് സ്വതന്ത്രരാജ്യത്തിന്റെ പദവി സ്വായത്തമാക്കി. രാജാവ് ചിറവാ മൂപ്പനെന്നും യുവരാജാവ് തൃപ്പാപ്പൂര്‍ മൂപ്പനെന്നും അറിയപ്പെട്ടു. കൊല്ലത്തെ പനങ്കാവായിരുന്നു ചിറവാമൂപ്പന്റെ ആസ്ഥാനം. തിരുവനന്തപുരത്തിനടുത്തുള്ള തൃപ്പാപ്പൂര്‍ ആസ്ഥാനമാക്കിയ യുവരാജാവ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിച്ചു.

അയ്യനടികള്‍ തിരുവടികള്‍ ആണ് വേണാട്ടിലെ ആദ്യ ഭരണാധികാരിയെന്നു കരുതപ്പെടുന്നു. എ.ഡി. 849 -ല്‍ അദ്ദേഹം കൊല്ലത്തെ തരിസാപ്പള്ളിക്ക് എഴുതിക്കൊടുത്ത ചെപ്പേട് (തരിസാപ്പള്ളി ചെപ്പേട്) പ്രസിദ്ധമാണ്. വേണാട്ടിലെ ആദ്യകാല ഭരണാധികാരികളുടെ വിവരങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. ശ്രീ വല്ലഭന്‍ കോത, ഗോവര്‍ദ്ധന മാര്‍ത്താണ്ഡന്‍ തുടങ്ങിയവരാണ് അയ്യനടികളെ തുടര്‍ന്നു വന്ന ഭരണാധികാരികള്‍.

ചോളന്മാര്‍ യുദ്ധത്തില്‍ തലസ്ഥാനമായ മഹോദയപുരം ചുട്ടെരിച്ചപ്പോള്‍ അവസാനത്തെ കുലശേഖര ചക്രവര്‍ത്തിയായ രാമവര്‍മ കുലശേഖരന്‍ അവരെ നേരിടാന്‍ സൈന്യവുമായി കൊല്ലത്ത് ആസ്ഥാനമുറപ്പിച്ചുവെന്നും ചോളന്മാര്‍ പിന്‍വാങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ചുവെന്നും അദ്ദേഹത്തെ വേണാട് രാജവംശത്തിന്റെ സ്ഥാപകനായി കരുതാമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുലശേഖരപ്പെരുമാള്‍ എന്ന സ്ഥാനപ്പേര് വേണാട്ടിലെയും പിന്നീട് തിരുവിതാംകൂറിലെയും രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നു. കോതവര്‍മ (1102 - 1125), കോതകേരളവര്‍മ അഥവാ വീര കേരള വര്‍മ (1125 - 1155), വീര രവിവര്‍മ (1155 - 1165) ആദിത്യ വര്‍മ (1165 - 1175), ഉദയ മാര്‍ത്താണ്ഡ വര്‍മ (1175 - 1195), വീരരാമ വര്‍മ (1195 - 1205), വീര രാമ കേരളവര്‍മ അഥവാ ദേവധരന്‍ കേരളവര്‍മ (1205 - 1215), രവി കേരളവര്‍മ (1215 - 1240), പദ്മനാഭ മാര്‍ത്താണ്ഡവര്‍മ (1240 - 1253), രവിവര്‍മ കുലശേഖരന്‍ (1299 - 1314) എന്നിവരായിരുന്നു തുടര്‍ന്നുള്ള വേണാട്ടു രാജാക്കന്മാര്‍.

കൊല്ലമായിരുന്നു ഈ രാജാക്കന്മാരുടെ തലസ്ഥാനം. തിരക്കേറിയ തുറമുഖമായിരുന്നു അന്ന് കൊല്ലം. രവിവര്‍മ കുലശേഖരനു കീഴില്‍ വേണാട് സര്‍വതോമുഖമായ വളര്‍ച്ച നേടി. അദ്ദേഹത്തിന്റെ കാലം വരെ മക്കത്തായമനുസരിച്ചാണ് രാജാക്കന്മാര്‍ അധികാരത്തില്‍ വന്നിരുന്നത്. രവി വര്‍മ കുലശേഖരനു ശേഷം മരുമക്കത്തായ ക്രമമനുസരിച്ചായി രാജവാഴ്ച. വീര ഉദയ മാര്‍ത്താണ്ഡവര്‍മ (1314 - 1344) ആയിരുന്നു ഈ ദായക്രമത്തിലെ ആദ്യത്തെ രാജാവ്. കുന്നുമ്മേല്‍ വീര കേരള വര്‍മ തിരുവടി (1344 - 1350) ഇരവി ഇരവി വര്‍മ (1350 - 1383), ആദിത്യ വര്‍മ സര്‍വാംഗനാഥന്‍ (1376 - 1388), ചേര ഉദയ മാര്‍ത്താണ്ഡവര്‍മ (1383 - 1444), രവി വര്‍മ (1444 - 1458), വീരരാമ മാര്‍ത്താണ്ഡ വര്‍മ കുലശേഖരന്‍ (1458 - 1469), കോത ആദിത്യ വര്‍മ (1469 - 1484), രവി രവി വര്‍മ (1484 - 1512), രവി കേരളവര്‍മ (1512 - 1514), ജയസിംഹ കേരളവര്‍മ (1514 - 1516), ഭൂതലവീര ഉദയ മാര്‍ത്താണ്ഡ വര്‍മ (1516 - 1535), ഭൂതല വീര രവി വര്‍മ, രാമ കേരള വര്‍മ, ആദിത്യ വര്‍മ (മൂവരുടെയും ഭരണകാലം വ്യക്തമല്ല), ശ്രീ വീരകേരള വര്‍മ (1544 - 1545), രാമ വര്‍മ (1545 - 1556), ഉണ്ണി കേരള വര്‍മ, ശ്രീ വീര ഉദയമാര്‍ത്താണ്ഡ വര്‍മ, ശ്രീ വീര രവി വര്‍മ, ആദിത്യ വര്‍മ, രാമവര്‍മ, രവി വര്‍മ (1611 - 1663) എന്നിവരായിരുന്നു ഈ പരമ്പരയില്‍ തുടര്‍ന്നുണ്ടായ ഭരണാധികാരികള്‍.

രവി വര്‍മ (1611 - 1663)യുടെ കാലത്ത് തമിഴ് നാട്ടിലെ മധുരയിലെ രാജാവായ തിരുമല നായ്ക്കന്‍ വേണാട് ആക്രമിച്ചു. വേണാടിന്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ് നാട്ടില്‍പ്പെടുന്നതുമായ നാഞ്ചിനാട് പ്രദേശങ്ങളിലേക്കായിരുന്നു തിരുമല നായ്ക്കന്റെ ആക്രമണം. മധുരപ്പടയോടു യുദ്ധം ചെയ്തു മരിച്ച ഇരവിക്കുട്ടിപ്പിള്ള എന്ന വേണാട്ടു വീരന്റെ കഥ പറയുന്ന തെക്കന്‍ പാട്ടുകാവ്യമായ 'ഇരവിക്കുട്ടിപ്പിള്ളപ്പോര്' പ്രശസ്തമാണ്. രവിവര്‍മയുടെ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല സ്ഥാപിച്ചു.

രവി വര്‍മക്കു ശേഷം വന്ന രവിവര്‍മ (1663 - 1672), ആദിത്യ വര്‍മ (1672 - 1677) എന്നീ രാജാക്കന്മാര്‍ ദുര്‍ബലരായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ കര്‍ത്താക്കളായ എട്ടരയോഗവും ഈ രാജാക്കന്മാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. ക്ഷേത്ര സ്വത്തുക്കളില്‍ നിന്നു കരം പിരിക്കല്‍ എട്ടു ദിക്കുകളിലെ എട്ട് നായര്‍ മാടമ്പിമാരെ (എട്ടു വീട്ടില്‍ പിള്ളമാര്‍) എട്ടര യോഗം ചുമതലപ്പെടുത്തി. മതപരമായ അധികാരം നേടിയ യോഗക്കാരും രാഷ്ട്രീയ ശക്തി നേടിയ എട്ടു വീടരും രാജാധിപത്യത്തിനു കടുത്ത വെല്ല വിളി ഉയര്‍ത്തി. രാജ്യം ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തുകയും ചെയ്തു. ഇന്ന് തമിഴ് നാട്ടില്‍പ്പെടുന്ന കല്‍ക്കുളമായിരുന്നു അന്ന് വേണാടിന്റെ തലസ്ഥാനം.

അടുത്ത രാജ്യാവകാശിയായ രവി വര്‍മയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 1677 മുതല്‍ 1684 വരെ അദ്ദേഹത്തിന്റെ മാതൃസഹോദരിയായ ഉമയമ്മ റാണി രാജ്യം ഭരിച്ചു. ഇക്കാലത്ത് മുഗള്‍ സര്‍ദാര്‍ (മുകിലന്‍) എന്ന സാഹസികനായ ഒരു മുസ്‌ലിം വേണാടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തി. മുകിലന്‍ തിരുവനന്തപുരം കീഴടക്കിയതോടെ റാണി നെടുമങ്ങാട് കൊട്ടാരത്തില്‍ അഭയം തേടി. വടക്കന്‍ കോട്ടയത്തെ കേരള വര്‍മയാണ് ഈ സന്ദര്‍ഭത്തില്‍ സഹായത്തിനെത്തിയത്. റാണി അദ്ദേഹത്തെ ഇരണിയല്‍ രാജകുമാരന്‍ എന്ന നിലയില്‍ വേണാട് രാജകുടുംബത്തിലേക്കു ദത്തെടുത്ത് ആ സഹായത്തിന് ഔദ്യോഗികാംഗീകാരം നല്‍കി. തിരുവട്ടാര്‍ വച്ചു നടന്ന യുദ്ധത്തില്‍ കേരളവര്‍മ മുകിലനെ വധിച്ചു. തുടര്‍ന്നുള്ള കാലം കേരള വര്‍മയായിരുന്നു ഉമയമ്മ റാണിയുടെ മുഖ്യ ഉപദേഷ്ടാവ്. അദ്ദേഹത്തിന്റെ നയങ്ങള്‍ നായര്‍ മാടമ്പിമാരില്‍ അനിഷ്ടം സൃഷ്ടിച്ചു. 1696 - ല്‍ അവര്‍ കേരള വര്‍മയെ ഗൂഢാലോചനയിലൂടെ വധിച്ചു. പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ വേണാട്ടില്‍ നിരോധിച്ചത് (1696) കേരള വര്‍മയാണ്.

ഉമയമ്മ റാണിക്കു ശേഷം രവി വര്‍മ (1684 - 1718), ആദിത്യ വര്‍മ (1718 - 1721), രാമ വര്‍മ (1721 - 1729) എന്നിവരായിരുന്നു ഭരണത്തിലെത്തിയത്. മധുരയിലെ നായ്ക്കവംശത്തിന്റെ ആക്രമണങ്ങള്‍ ഇക്കാലത്ത് വേണാട്ടിനെ തളര്‍ത്തി. 1697 - ല്‍ മധുരപ്പട വേണാട്ടിനു മേല്‍ നിര്‍ണ്ണായക വിജയം നേടി. കടുത്ത വ്യവസ്ഥകള്‍ അംഗീകരിപ്പിച്ചു. നാഞ്ചിനാട്ടിലെ കര്‍ഷകരാണ് ഇതിന്റെ ദുതിതം മുഴുവന്‍ അനുഭവിച്ചത്. കരം പിരിവുകാരായ ഉദ്യോഗസ്ഥര്‍ കുടിയാന്മാരായ കര്‍ഷകരെ ആവോളം പിഴിയുകയും ചെയ്തു. രാമവര്‍മയുടെ കാലത്ത് ഉദ്യോഗസ്ഥരും കുടിയാന്മാരും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. എട്ടരയോഗക്കാരും എട്ടു വീട്ടില്‍ പിള്ളമാരും രാജാവിനെതിരായി തിരിയുകയും ചെയ്തു. തന്റെ നില ഭദ്രമാക്കാനായി രാജാവ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായും (1723) മധുരയിലെ നായ്ക്കരുമായും (1726) ഉടമ്പടികള്‍ ഉണ്ടാക്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ അധികാരമേറ്റെടുക്കലിലേക്കും തിരുവിതാംകൂറിന്റെ രൂപവത്കരണത്തിലേക്കും വഴി തെളിച്ച സംഭവങ്ങളുടെ അരങ്ങൊരുങ്ങിയത് ഇക്കാലത്താണ്.

കൊച്ചീ രാജ്യം

മധ്യകാല കേരളത്തിലെ പ്രബല രാജ്യങ്ങളിലൊന്നായിരുന്നു കൊച്ചി. കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നു വന്ന ചെറു നാടുകളില്‍ കൊച്ചിയും വേണാടും കോഴിക്കോടും കോലത്തു നാടുമായിരുന്നു ഏറ്റവും പ്രബലം.

പെരുമ്പടപ്പു സ്വരൂപം എന്നാണ് കൊച്ചീ രാജവംശം അറിയപ്പെട്ടിരുന്നത്. ഈ വംശത്തിന്റെ ഉദ്ഭവം അമ്മ വഴിയ്ക്ക് മഹോദയപുരത്തെ കുലശേഖരന്മാരില്‍ നിന്നാണ് എന്നാണ് ഐതിഹ്യം. 13-ാം നൂറ്റാണ്ടു വരെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തില്‍പ്പെടുന്ന വന്നേരിയായിരുന്നു പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനം. ഈ നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോള്‍ അവര്‍ മഹോദയപുരത്തേക്കു താമസം മാറ്റി. 14-ാം നൂറ്റാണ്ടില്‍ കൊച്ചി ആസ്ഥാനമായി. 15-ാം നൂറ്റാണ്ടില്‍ പെരുമ്പടപ്പു വംശം അഞ്ചു തായ്‌വഴികളായി (മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തി താവഴി, മാടത്തുങ്കല്‍ അഥവാ മുരിങ്ങൂര്‍ താവഴി, ചാഴൂര്‍ താവഴി) പിരിഞ്ഞു. അഞ്ചെണ്ണത്തിലും വച്ച് ഏറ്റവും പ്രായം കൂടിയ ആള്‍ രാജാവാകും എന്നതായിരുന്നു വ്യവസ്ഥ. ഇത് രാജവംശീയര്‍ക്കിടയില്‍ ആഭ്യന്തര ശൈഥില്യത്തിനു കളമൊരുക്കി. 1498 - ല്‍ വാസ്‌കോ ഡ ഗാമ എത്തിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ വ്യാപാര ലക്ഷ്യവുമായി കൊച്ചിയില്‍ വരുമ്പോള്‍ ആഭ്യന്തര ശൈഥില്യം രൂക്ഷമായിരുന്നു.

പോര്‍ച്ചുഗീസ് കപ്പിത്താനായ പെദ്രോ ആല്‍വറസ് കബ്രാള്‍ (Pedro Alvarez Cabral)കൊച്ചിയില്‍ എത്തുമ്പോള്‍ ഉണ്ണിരാമ കോയില്‍ ഒന്നാമനായിരുന്നു രാജാവ്. അദ്ദേഹം പോര്‍ച്ചുഗീസുകാര്‍ക്ക് വാണിജ്യ സൗകര്യങ്ങള്‍ അനുവദിച്ചു. ഉണ്ണിരാമ കോയില്‍ രണ്ടാമന്‍ (1503 - 1537), വീരകേരള വര്‍മ (1537 - 1565) കേശവരാമ വര്‍മ (1566 - 1601) എന്നിവരായിരുന്നു അടുത്ത രാജാക്കന്മാര്‍. മികച്ച ഭരണമാണ് കേശവ രാമ വര്‍മ നടത്തിയത്. ജൂതന്മാര്‍ കൊച്ചിയില്‍ ആസ്ഥാനമുറപ്പിച്ചത് ഇക്കാലത്താണ്. ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് തിരുമല ക്ഷേത്രം നിര്‍മിക്കാന്‍ മട്ടാഞ്ചേരിയില്‍ നികുതി ഒഴിവാക്കി അദ്ദേഹം സ്ഥലമനുവദിച്ചു. 'രാജരത്‌നാവലീയം ചമ്പു', 'നൈഷധം ചമ്പു' എന്നിവ എഴുതിയ മഴമംഗലം നാരായണന്‍ നമ്പൂതിരി, 'രാമവര്‍മവിലാസം', 'രത്‌നകേതുദയം' എന്നീ കാവ്യങ്ങളെഴുതിയ ബാലകവി എന്നിവര്‍ കേശവരാമവര്‍മ്മയുടെ സദസ്യരായിരുന്നു. കേരളത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച ഉദയം പേരൂര്‍ സൂനഹദോസ് (1599) നടന്നത് ഇക്കാലത്താണ്. വാര്‍ധക്യത്തില്‍ കാശിയിലേക്കു പോയ രാജാവ് 1601 മേയ് മൂന്നിന് അവിടെ വച്ച് അന്തരിച്ചു.

വീരകേരള വര്‍മ (1601 - 1615), രവി വര്‍മ (1615 - 1624), വീരകേരള വര്‍മ (1624 - 1637), ഗോദവര്‍മ (1637 - 1645), വീര രായിര വര്‍മ (1645 - 1646), വീരകേരള വര്‍മ (1646 - 1650), രാമ വര്‍മ (1650 - 1656) എന്നിവരായിരുന്നു തുടര്‍ന്നു ഭരിച്ച രാജാക്കന്മാര്‍. രാമവര്‍മയ്ക്കു ശേഷം റാണി ഗംഗാധരലക്ഷ്മി (1656 - 1658) സ്ഥാനമേറ്റു. കൊച്ചീരാജ്യത്തിന്റെ ചരിത്രത്തിലെ ഏക രാജ്ഞിയാണ് ഗംഗാധര ലക്ഷ്മി. അവര്‍ക്കു ശേഷം വെട്ടത്തുനാട് രാജ്യത്തു (ഇന്നത്തെ പൊന്നാനി - തിരൂര്‍ താലൂക്കുകളിലായി വ്യാപിച്ചിരുന്ന പഴയ നാട്ടുരാജ്യം) നിന്നു ദത്തെടുത്ത രാമവര്‍മ (1658 - 1662) രാജാവായി. 1662 ഫെബ്രുവരി മട്ടാഞ്ചേരിയില്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. വെട്ടത്തു നാട്ടില്‍ നിന്നു തന്നെ ദത്തെടുത്ത ഗോദവര്‍മ (1662 - 1663) രാജാവായെങ്കിലും അദ്ദേഹത്തെ ഡച്ചുകാര്‍ സ്ഥാന ഭ്രഷ്ടനാക്കി.

ഗോദവര്‍മയെ പുറത്താക്കിയ ഡച്ചുകാര്‍ വീര കേരള വര്‍മയെ (1663 - 1687) രാജാവാക്കി. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി കൊച്ചിയുടെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാവുകയും ചെയ്തു. പാലിയത്ത് അച്ചന്‍മാരായിരുന്നു പരമ്പരാഗത പ്രധാന മന്ത്രിമാര്‍. 1678 - മേയില്‍ ഒരു ഉടമ്പടിയിലൂടെ ഭരണ നിയന്ത്രണവും ഡച്ചുകാര്‍ കൈപ്പിടിയിലാക്കി. ദത്തെടുക്കേണ്ടത് രാജകുടുംബത്തിന്റെ ഏതു താവഴിയില്‍ നിന്നായിരിക്കണമെന്ന തര്‍ക്കവും കോഴിക്കോട് സാമൂതിരിയും ഡച്ചുകാരുമായുള്ള വ്യാപാരബന്ധവും കൊച്ചിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. രാമവര്‍മ (1687 - 1693), രവി വര്‍മ (1693 - 1697), രാമവര്‍മ (1697 - 1701) എന്നീ രാജാക്കന്മാരുടെ കാലത്ത് ഈ പ്രതിസന്ധികള്‍ മൂര്‍ച്ചിച്ചു.

രാമവര്‍മ രാജാവിന്റെ (1710 - 1722) കാലത്ത് സാമൂതിരി കൊച്ചിയെ ആക്രമിച്ചു. 1710 - ല്‍ സന്ധി ചെയ്ത് യുദ്ധം അവസാനിപ്പിച്ചെങ്കിലും 1715-ല്‍ വീണ്ടും ആക്രമണമുണ്ടായി. 1717 - ലെ സന്ധിപ്രകാരം യുദ്ധം അവസാനിച്ചു. യുദ്ധം രാജ്യത്തെ ദുര്‍ബലമാക്കി. നായര്‍ മാടമ്പിമാര്‍ ശക്തരാവുകയും ചെയ്തു. രാമ വര്‍മ (1731 - 1746), കേരള വര്‍മ (1746 - 1749), രാമവര്‍മ (1749 - 1760) തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. മൂപ്പിളമത്തര്‍ക്കം അതിന് ആക്കം കൂട്ടി.

കേരളവര്‍മ രാജാവ് (1760 - 1775) തിരുവിതാംകൂറുമായി നല്ല ബന്ധം സ്ഥാപിച്ചു. സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ തിരുവിതാംകൂര്‍ പട്ടാളം കൊച്ചിയെ സഹായിക്കാനെത്തിയത് അങ്ങനെയാണ്. 1764 - ല്‍ തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സഹായത്തിനു പ്രതിഫലമായി കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു ലഭിച്ചു. 1776 - ല്‍ മൈസൂര്‍ സൈന്യം കൊച്ചിയുടെ ഭാഗമായ തൃശ്ശൂര്‍ കീഴടക്കുകയും കേരളവര്‍മയെ കപ്പം നല്‍കുന്നതിനു നിര്‍ബന്ധിതനാക്കുകയും ചെയ്തു.

രാമവര്‍മ (1775 - 1790) എന്ന അടുത്ത രാജാവ് ദുര്‍ബലനായിരുന്നതിനാല്‍ ഭരണ നിയന്ത്രണം കൈയാളിയത് ഇളമുറത്തമ്പുരാനായ രാമവര്‍മയായിരുന്നു. തിരുവിതാംകൂറിന്റെയും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാമവര്‍മ പിന്നീട് ശക്തന്‍ തമ്പുരാന്‍ എന്ന പേരില്‍ പ്രശസ്തനായി. 1769 മുതല്‍ തന്നെ ഭരണം നിര്‍വഹിച്ചിരുന്നുവെങ്കിലും 1790-ല്‍ മാത്രമാണ് ശക്തന്‍ തമ്പുരാന്‍ രാജാവായത്.

കൊച്ചിയിലെ ഏറ്റവും മഹാനായ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. നായര്‍ മാടമ്പിമാരെ ഒതുക്കി കേന്ദ്രീകൃതഭരണം ആരംഭിച്ച അദ്ദേഹം കൊച്ചിയെ പുരോഗതിയിലേക്കു നയിച്ചു. കൊച്ചിയുടെ വാണിജ്യ പുരോഗതിക്കും അദ്ദേഹം അടിത്തറയിട്ടു. ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തിനു തടയിട്ട ശക്തന്‍ തമ്പുരാന്‍ ലത്തീന്‍ ക്രൈസ്തവരോടും ഗൗഡ സാരസ്വതരോടും അനുകൂല നിലപാടല്ല സ്വീകരിച്ചത.് എന്നാല്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അദ്ദേഹം ആവോളം സഹായം നല്‍കി. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രവും പെരുമനം (പെരുവനം) ക്ഷേത്രവും തിരുവില്വാമല ക്ഷേത്രവും സര്‍ക്കാര്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് തകര്‍ക്കപ്പെട്ട ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം പുനരുദ്ധരിച്ചു.

തിരുവഞ്ചിക്കുളം ക്ഷേത്രവും പുതുക്കിപ്പണിതു. തൃശ്ശൂര്‍ പൂരം ആരംഭിച്ചതും ശക്തന്‍ തമ്പുരാനാണ്.

കോഴിക്കോട് രാജ്യം

മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളിലൊന്നായിരുന്നു കോഴിക്കോട്. സാമൂതിരി എന്ന സ്ഥാനപ്പേരിലാണ് കോഴിക്കോട്ടെ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്. സാമൂതിരി വാഴ്ചക്കാലത്താണ് 1498 - ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടിനടുത്ത് കാപ്പാട്ട് കപ്പലിറങ്ങിയത്. ആ സംഭവം ഇന്ത്യയിലെ ദീര്‍ഘമായ യൂറോപ്യന്‍ കോളനി വാഴ്ചക്കു തുടക്കം കുറിച്ചു. കേരള സംസ്കാരത്തിന് കോഴിക്കോടും സാമൂതിരിമാരും ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

എ.ഡി. 13-ാം നൂറ്റാണ്ടു മുതലാണ് കോഴിക്കോട് ശക്തമായ രാജ്യമായി വികസിച്ചത്. പോര്‍ളാതിരിമാര്‍ ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു കുലശേഖര സാമ്രാജ്യകാലത്ത് കോഴിക്കോടും പരിസര ദേശങ്ങളും. അക്കാലത്ത് ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട് താലൂക്കിലെ നെടിയിരിപ്പിലുള്ള ഏറാടിമാര്‍ സമുദ്രവാണിജ്യ ലക്ഷ്യവുമായി പോര്‍ളാതിരിയുമായി പലതവണ ഏറ്റുമുട്ടി. പോളനാടു പിടിച്ചെടുത്ത ഏറാടിമാര്‍ അവരുടെ ആസ്ഥാനം നെടിയിരിപ്പില്‍ നിന്നു കോഴിക്കോട്ടേയ്ക്കു മാറ്റി. നെടിയിരുപ്പു സ്വരൂപം എന്ന് കോഴിക്കോട്ടു രാജവംശത്തിനു പേരു വരാന്‍ കാരണം നെടിയിരിപ്പുമായുള്ള ഈ ബന്ധമാണ്. 14-ാം നൂറ്റാണ്ടോടെ കോഴിക്കോട് സുപ്രധാന ശക്തിയായി മാറി.

കോഴിക്കോട് തുറമുഖത്തിന്റെ വളര്‍ച്ചയാണ് സാമൂതിരിമാരുടെ ഭരണത്തിന്റെ വളര്‍ച്ചയ്ക്കും സഹായിച്ചത്. സുഗന്ധദ്രവ്യങ്ങളും തുണിയുമെല്ലാം കോഴിക്കോട്ടു നിന്നു വിദേശങ്ങളിലേക്കയച്ചിരുന്നു. വിദേശക്കപ്പലുകള്‍ തുറമുഖത്ത് നിര്‍ബാധം എത്തിച്ചേര്‍ന്നിരുന്നു. അറബികളും ചൈനാക്കാരുമായിരുന്നു വിദേശവ്യാപാരികളില്‍ പ്രമുഖര്‍. അറബികള്‍ക്കായിരുന്നു വ്യാപാരക്കുത്തക. ഈ വാണിജ്യ ബന്ധങ്ങള്‍ കോഴിക്കോടിനെ സാമ്പത്തികമായും സൈനികമായും സമ്പന്നമാക്കി.

മാമാങ്കം

അയല്‍ രാജ്യങ്ങളായ ബേപ്പൂര്‍, പരപ്പനാട്, വെട്ടത്തുനാട്, കുറുമ്പ്രനാട് തുടങ്ങിയവയെ സാമൂതിരിമാര്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടു വന്നു. എന്നാല്‍ വള്ളുവനാട് രാജാവ് (വള്ളുവക്കോനാതിരി) സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചില്ല. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന മഹോത്സവമായ മാമാങ്ക (മാഘമകം) ത്തിന്റെ അധ്യക്ഷസ്ഥാനം വള്ളുവനാട്ടു രാജാവിനായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള ആ പദവി കൈക്കലാക്കാന്‍ വേണ്ടി സാമൂതിരി വള്ളുവനാട് ആക്രമിച്ചു. നമ്പൂതിരി ഗ്രാമങ്ങളായ പന്നിയൂര്‍, ചൊവ്വര എന്നിവ തമ്മിലുള്ള കിടമത്സര (കുറുമത്സരം) ത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് സാമൂതിരി വള്ളുവനാടിനെ നേരിട്ടത്. പന്നിയൂര്‍ പക്ഷത്തായിരുന്നു സാമൂതിരി; വള്ളുവക്കോനാതിരി ചൊവ്വര പക്ഷത്തും. മറ്റു നാട്ടുരാജാക്കന്മാരും ഇവ്വിധം കക്ഷി ചേര്‍ന്നു. യുദ്ധത്തില്‍ സാമൂതിരി വള്ളുവനാടു പക്ഷത്തെ തോല്‍പ്പിച്ച് മാമാങ്കത്തിന്റെ അധ്യക്ഷപദവി (രക്ഷാപുരുഷ സ്ഥാനം) സ്വന്തമാക്കി.

തുടര്‍ന്നു തലിപ്പിള്ളി രാജ്യവും (ഇന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍) സാമൂതിരി കീഴ്‌പെടുത്തി. കൊച്ചി രാജ്യത്തെ രാജവംശജര്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കത്തില്‍ ഇടപെട്ട സാമൂതിരി പലതവണ കൊച്ചിയില്‍ ആക്രമണങ്ങള്‍ നടത്തി. 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ വടക്കന്‍ കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി സാമൂതിരിയായിരുന്നു. ബദ്ധശത്രുക്കളായിരുന്ന കോലത്തുനാടിനെയും ഇക്കാലത്ത് സാമൂതിരി സ്വാധീന പരിധിയിലാക്കിയിരുന്നു.

1498-ല്‍ എത്തിയ വാസ്‌കോ ഡ ഗാമയ്ക്ക് ഹൃദ്യമായ വരവേല്പാണ് സാമൂതിരി നല്‍കിയത്. 1500-ല്‍ പെദ്രോ ആല്‍വറെസ് കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പോര്‍ച്ചുഗീസ് സംഘമെത്തി. അവര്‍ക്ക് കോഴിക്കോട് വ്യാപാരശാല പണിയാന്‍ സാമൂതിരി അനുവാദം നല്‍കി. വ്യാപാരക്കുത്തകയുണ്ടായിരുന്ന അറബികളെ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചത് സാമൂതിരിയുടെ എതിര്‍പ്പിനിടയാക്കി. നാട്ടുകാര്‍ പോര്‍ച്ചുഗീസ് വ്യാപാരശാല നശിപ്പിച്ചതോടെ കബ്രാള്‍ കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയില്‍ വ്യാപാര ബന്ധമുറപ്പിച്ച ശേഷം കണ്ണൂരിലേക്കു നീങ്ങിയ കബ്രാളിന്റെ സംഘത്തെ കോഴിക്കോടന്‍ കപ്പല്‍പ്പട ആക്രമിച്ചു.

1502-ല്‍ വീണ്ടും ഇന്ത്യയിലെത്തിയ വാസ്‌കോ ഡ ഗാമ സാമൂതിരിയെ സന്ദര്‍ശിച്ചെങ്കിലും ശത്രുത അയഞ്ഞില്ല. കോഴിക്കോട്ടു നിന്ന് അറബി മുസ്‌ലീം വ്യാപാരികളെ പറഞ്ഞയക്കണമെന്ന ഗാമയുടെ ആവശ്യത്തിന് സാമൂതിരി വഴങ്ങിയില്ല. കൊച്ചിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സൗഹൃദത്തില്‍ അസ്വസ്ഥനായ സാമൂതിരി പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കൊച്ചീരാജാവ് ഇതു നിരസിച്ചതിനാല്‍ 1503 മാര്‍ച്ച് ഒന്നിന് കോഴിക്കോട്ടു സൈന്യം കൊച്ചിയിലേക്കു നീങ്ങി. പോര്‍ച്ചുഗീസ് സഹായമുണ്ടായിട്ടും കൊച്ചിക്കു പിടിച്ചു നില്‍ക്കാനായില്ല. രാജാവ് ഇളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ അഭയം തേടി. സെപ്തംബറില്‍ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ് സേന കോഴിക്കോട്ടുകാരെ തോല്പിച്ച് കൊച്ചീരാജാവിനെ പുന : പ്രതിഷ്ഠിച്ചു. 1504-ല്‍ സാമൂതിരി വീണ്ടും ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു പിന്‍ വാങ്ങി. സാമൂതിരിയുടെ കൈവശമുള്ള കൊടുങ്ങല്ലൂര്‍ പോര്‍ച്ചുഗീസുകാര്‍ കീഴടക്കുകയും ചെയ്തു.

പോര്‍ച്ചുഗീസ് ശക്തിയെ ചെറുത്തു നിന്ന മധ്യകാല കേരളഭരണകൂടം സാമൂതിരിയുടേതു മാത്രമായിരുന്നു. പൗരസ്ത്യ ദേശത്തെ പോര്‍ച്ചുഗീസ് പ്രദേശങ്ങളുടെ പ്രതിനിധിയായി 1505-ല്‍ നിയമിതനായ ഫ്രാന്‍സിസ്‌കോ അല്‍മെയ്ദ കണ്ണൂരിലും കൊച്ചിയിലും കോട്ടകള്‍ കെട്ടി. കോലത്തിരി പോര്‍ച്ചുഗീസ് മിത്രമാവുകയും ചെയ്തു. എന്നാല്‍ സാമൂതിരിയുടെ സ്വാധീനതയാല്‍ പിന്നീട് കോലത്തിരി പോര്‍ച്ചുഗീസുകാര്‍ക്കെതിരായി. പല തവണ പോര്‍ച്ചുഗീസുകാരുമായി സാമൂതിരിയുടെ സൈന്യം ഏറ്റുമുട്ടി.

പോര്‍ച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലുകളില്‍ സാമൂതിരിയുടെ ശക്തി കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നേതൃത്വത്തിലുള്ള നാവികപ്പടയായിരുന്നു. പന്തലായിനിക്കൊല്ലമായിരുന്നു കുഞ്ഞാലിമാരുടെ ആസ്ഥാനം. കേരള ചരിത്രത്തിലെ ധീരമായ അധ്യായമാണ് കുഞ്ഞാലിമാര്‍ നടത്തിയ യുദ്ധങ്ങളുടേത്. 1531-ല്‍ വെട്ടത്തുനാട്ടിലെ ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ട സാമൂതിരിക്ക് കനത്ത ഭീഷണിയായിരുന്നു. 1540-ല്‍ സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ സന്ധി ചെയ്തുവെങ്കിലും അതൊരു താത്കാലിക യുദ്ധവിരാമം മാത്രമായിരുന്നു. കൊച്ചിയും വടക്കുംകൂറും തമ്മിലുള്ള തര്‍ക്കത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇടപെട്ടത് വീണ്ടും യുദ്ധത്തിന് (1550) ഇടയാക്കി. തന്റെ മിത്രമായ വടക്കുംകൂര്‍ രാജാവ് വധിക്കപ്പെട്ടതോടെ സാമൂതിരി കൊച്ചി ആക്രമിച്ചു. കൊച്ചിയുടെ പക്ഷത്തായിരുന്ന പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ പ്രദേശങ്ങളും ആക്രമിച്ചു. 1555-ല്‍ വീണ്ടും സമാധാനം നിലവില്‍ വന്നെങ്കിലും അടുത്ത വര്‍ഷം കോലത്തിരി സാമൂതിരിയുടെ പിന്തുണയോടെ പോര്‍ച്ചുഗീസുകാരുടെ കണ്ണൂര്‍ക്കോട്ട ആക്രമിച്ചു.

1570-ല്‍ ബിജപ്പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളിലെ മുസ്‌ലീം ഭരണാധികാരികളുമായി സഖ്യം സ്ഥാപിച്ച് സാമൂതിരി പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. 1571-ല്‍ കുഞ്ഞാലിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട് സേന ചാലിയം കോട്ട പിടിച്ചെടുത്തു. നാവികയുദ്ധങ്ങളില്‍ ഒന്നിലേറെ തവണ പോര്‍ച്ചുഗീസുകാരെ തോല്പിച്ച കുഞ്ഞാലിമാര്‍ ശക്തരായി മാറി. പരാജിതരായെങ്കിലും പോര്‍ച്ചുഗീസുകാര്‍ 1584-ല്‍ പൊന്നാനിയില്‍ വ്യാപാരശാല കെട്ടാനുള്ള അനുമതി സാമൂതിരിയില്‍ നിന്നു നേടിയെടുത്തു. ഇത് കുഞ്ഞാലിമാരുടെ എതിര്‍പ്പിനിടയാക്കി. കുഞ്ഞാലിമാരുടെ പ്രമാണിത്തം വര്‍ധിച്ചതില്‍ സാമൂതിരിയും അസഹിഷ്ണുവായിരുന്നു. 1588-ല്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് സാമൂതിരിയുടെ അനുമതിയോടെ ആസ്ഥാനമുറപ്പിച്ചു. കുഞ്ഞാലിമാര്‍ക്കെതിരേ സാമൂതിരിയും പോര്‍ച്ചുഗീസുകാരും ഒരുമിച്ചു. 1600-ല്‍ സാമൂതിരിയുടെ പട്ടാളം കുഞ്ഞാലിമാരുടെ കോട്ട ആക്രമിച്ചു. മാപ്പു നല്‍കാമെന്ന സാമൂതിരിയുടെ വാഗ്ദാനം വിശ്വസിച്ച് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ കീഴടങ്ങി. വാഗ്ദാനം ലംഘിച്ച സാമൂതിരി അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ക്കു വിട്ടു കൊടുത്തു. കുഞ്ഞാലി നാലാമനെയും അനുയായികളെയും അവര്‍ ഗോവയില്‍ കൊണ്ടു പോയി വധിച്ചു. കുഞ്ഞാലിമാരെ തകര്‍ത്തെങ്കിലും കേരളത്തിലെ പോര്‍ച്ചുഗീസ് മേധാവിത്തം വൈകാതെ അവസാനിച്ചു. ഡച്ചുകാരാണ് അവരെ പുറത്താക്കി മേധാവിത്തം ഉറപ്പിച്ചത്. തുടര്‍ന്ന് ഡച്ചുകാരുമായും സാമൂതിരിമാര്‍ ഒട്ടേറെ ഏറ്റുമുട്ടലുകള്‍ നടത്തി. 1755-ല്‍ ഡച്ചുകാര്‍ക്കു കീഴിലുള്ള കൊച്ചി പ്രദേശങ്ങള്‍ മുഴുവന്‍ സാമൂതിരി പിടിച്ചെടുത്തു.

ശക്തിയുടെ പാരമ്യത്തില്‍ നിന്ന കോഴിക്കോടിനെ തകര്‍ത്തത് 18-ാം നൂറ്റാണ്ടില്‍ മൈസൂര്‍ നടത്തിയ ആക്രമണങ്ങളാണ്. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങള്‍ ചെറുത്തു നിര്‍ത്താന്‍ സാമൂതിരിക്കു കഴിഞ്ഞില്ല. 1766-ല്‍ ഹൈദറിന്റെ സൈന്യം വടക്കന്‍ കേരളത്തില്‍ പ്രവേശിച്ചു. കടത്തനാടും കുറുമ്പ്രനാടും കീഴടക്കി മൈസൂര്‍പ്പട കോഴിക്കോട്ടേക്കു നീങ്ങിയതോടെ കുടുംബാംഗങ്ങളെ പൊന്നാനിക്കയച്ച ശേഷം സാമൂതിരി കൊട്ടാരത്തിനു തീകൊളുത്തിയിട്ട് ആത്മഹത്യ ചെയ്തു.

പിന്നീട് ടിപ്പുവിനായി കോഴിക്കോടിന്റെ മേല്‍ക്കോയ്മ. ടിപ്പു ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങിയതോടെ ശ്രീരംഗപട്ടണം സന്ധി (1792) പ്രകാരം കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മദ്രാസിന്റെ ഒരു ജില്ല മാത്രമായി മാറിയ മലബാര്‍ ഐക്യ കേരള രൂപവത്കരണ (1956) ത്തോടെ കേരള സംസ്ഥാനത്തിന്റെ ഭാഗമായി.

കോലത്തുനാട്

വടക്കേ മലബാര്‍ പ്രദേശമാണ് കോലത്തുനാട് എന്നറിയപ്പെടുന്നത്. സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കിയ നന്നരാജവംശത്തിന്റെ കീഴിലായിരുന്നു പ്രദേശം. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ശതകങ്ങളില്‍ വടക്കേ മലബാറിലെ വയനാട്, തലശ്ശേരി പ്രദേശങ്ങള്‍ കുലശേഖരന്മാരുടെ ആധിപത്യത്തിലായിരുന്നപ്പോള്‍ കാസര്‍കോട്, ചിറയ്ക്കല്‍ പ്രദേശങ്ങള്‍ എഴിമലയ്ക്കടുത്ത് ആസ്ഥാനമുറപ്പിച്ചിരുന്ന മൂഷക വംശത്തിന്റെ ഭരണത്തിലായിരുന്നു ഏഴിമല. നന്നന്റെ പിന്‍തുടര്‍ച്ചക്കാരാവണം മൂഷകര്‍. കുലശേഖരകാലത്ത് തന്നെ ഒരു സ്വതന്ത്ര രാജ്യമായിരുന്നു ഇതെന്ന് ചില ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. കുലശേഖര സാമ്രാജ്യത്തിന്റെ പതനത്തോടെയാവണം പ്രബലമായ സ്വതന്ത്രരാജ്യമായി മാറിയത് എന്നും വാദമുണ്ട്. മൂഷകരാജ്യമാണ് 14-ാം ശതകത്തില്‍ കോലത്തുനാട് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. രാജാക്കന്മാരെ കോലത്തിരി (കോല സ്ത്രീ എന്ന് യൂറോപ്യന്‍ വിവരണങ്ങള്‍) എന്നു വിളിച്ചു പോന്നു.

ആധുനിക കേരളം

കേരള ചരിത്രത്തിലെ ആധുനിക ഘട്ടം 18-ാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്നു. ബ്രിട്ടീഷ് കോളനി വാഴ്ച പൂര്‍ണ്ണമായതു മുതല്‍ ഇന്നു വരെയുള്ള ചരിത്രഘട്ടമാണിത്. ആധുനിക കേരള സമൂഹത്തിന്റെ രൂപവത്കരണം നടന്നതും ഈ കാലയളവിലാണ്. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം നിലവിലില്ലായിരുന്ന തിരുവിതാംകൂര്‍ ആയിരുന്നു ഈ കാലഘട്ടത്തിലെ ഏറ്റവും പ്രബലമായ
രാജ്യം.

തിരുവിതാംകൂര്‍

കേരളത്തിന്റെ തെക്കേയറ്റത്ത് പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയ്ക്കുള്ള ഫലഭൂയിഷ്ടമായ പഴയ നാട്ടുരാജ്യം. ശ്രീ വാഴുങ്കോട് (സമൃദ്ധിയുടെ നാട്) അഥവാ തിരുവാരങ്കോട് എന്നതിന്റെ ഗ്രാമ്യരൂപമായ തിരുവന്‍കോടില്‍ നിന്നാണ് തിരുവിതാംകൂര്‍ എന്ന പേരിന്റെ ഉദ്ഭവം.

എ.ഡി. ആദ്യശതകങ്ങളില്‍ ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഈ പ്രദേശം പിന്നീട് വേണാട് എന്നറിയപ്പെട്ടു. വേണാട് കൊച്ചി വരെ വ്യാപിച്ച് തിരുവിതാംകൂര്‍ എന്ന് പ്രസിദ്ധി നേടിയത് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ (1729 - 1758) കാലത്താണ്. രാജ്യത്തെ ആഭ്യന്തര കലഹങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ആറ്റിങ്ങല്‍, കൊല്ലം, കൊട്ടാരക്കര, കായംകുളം, അമ്പലപ്പുഴ നാട്ടുരാജ്യങ്ങള്‍ കീഴടങ്ങി തിരുവിതാംകൂര്‍ എന്ന പ്രബല രാഷ്ട്രത്തിന് അടിത്തറയൊരുക്കുകയും ചെയ്തത് മാര്‍ത്താണ്ഡവര്‍മയാണ്. തുടര്‍ന്നു ഭരിച്ച ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മയ്ക്ക് (1758 - 1798) മൈസൂറിലെ ടിപ്പുവിന്റെ ആക്രമണത്തെ നേരിടേണ്ടി വന്നുവെങ്കിലും രാജ്യാഭിവൃദ്ധി ലക്ഷ്യമാക്കി നിരവധി ഭരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് അവിട്ടം തിരുനാള്‍ ബാലരാമവര്‍മ (1798 - 1810), റാണി ഗൗരിലക്ഷ്മീബായി (1810 - 1815) റാണി ഗൗരി പാര്‍വതീബായി (1815 - 1829), സ്വാതി തിരുനാള്‍ (1829 - 1847), ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1829 - 1860), ആയില്യം തിരുനാള്‍ (1860 - 1880), വിശാഖം തിരുനാള്‍ (1880 - 1885), ശ്രീമൂലം തിരുനാള്‍ (1885 - 1924), റാണി സേതു ലക്ഷ്മീബായി (1924 - 1931), ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ (1931 - 1949) എന്നിവര്‍ തിരുവിതാംകൂര്‍ ഭരിച്ചു. പത്മനാഭപുരവും തിരുവനന്തപുരവും ആയിരുന്നു ആധുനിക തിരുവിതാംകൂറിന്റെ തലസ്ഥാനങ്ങള്‍. തിരുവനന്തപുരത്തേക്ക് സ്ഥിരമായി തലസ്ഥാനം മാറ്റിയത് ധര്‍മരാജായാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ വേലുത്തമ്പി ദളവയും പണ്ഡിതനും സംഗീത ചക്രവര്‍ത്തിയുമായ സ്വാതി തിരുനാളും ക്ഷേത്രപ്രവേശന വിളംബരം നടത്തിയ അവസാന ഭരണാധികാരി ചിത്തിര തിരുനാളും തിരുവിതാംകൂര്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടും.

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമാകുമെന്ന ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തിനൊടുവില്‍ തിരു വിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവില്‍ വന്നു (1948 മാര്‍ച്ച്). തിരുവിതാംകൂറും കൊച്ചിയുമായി യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം 1949 ജൂലൈ 1 -നും മലബാറുമായി ചേര്‍ന്ന് കേരള സംസ്ഥാനം 1956 നവംബര്‍ 1 - നും രൂപം കൊണ്ടു. കേരള സംസ്ഥാന രൂപീകരണം വരെ തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും രാജപ്രമുഖ പദവി ചിത്തിര തിരുനാളിനായിരുന്നു.

ബ്രിട്ടീഷ് ആധിപത്യം

മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ വ്യാപാര ലക്ഷ്യവുമായി എത്തിയ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി 1664-ല്‍ കോഴിക്കോട് ഒരു വ്യാപാരശാല സ്ഥാപിച്ചു. 1684-ല്‍ അവര്‍ തിരുവിതാംകൂറിലെ അഞ്ചുതെങ്ങ് പ്രദേശം ആറ്റിങ്ങല്‍ റാണിയില്‍ നിന്നു സ്വന്തമാക്കി. 1695 -ല്‍ അവിടെ ഒരു കോട്ടയും പണി തീര്‍ത്തു. ഇതേകാലത്ത് തലശ്ശേരിയിലും അവര്‍ ആസ്ഥാനമുറപ്പിച്ചു. 1723 ഏപ്രിലില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂറും ഉടമ്പടി സ്ഥാപിച്ചു. 1792-ല്‍ ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പു സുല്‍ത്താന്റെ കൈവശത്തു നിന്നും മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. 1791-ല്‍ കൊച്ചിയുമായും കമ്പനി ഉടമ്പടിയുണ്ടാക്കി. ഇതനുസരിച്ച് പ്രതിവര്‍ഷം കപ്പം നല്‍കി കൊച്ചി രാജാവ് ബ്രിട്ടീഷ് സാമന്തനായി. 1800 മുതല്‍ കൊച്ചി മദ്രാസിലെ ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലായി. 1795-ലെ ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറും ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. ഇതനുസരിച്ച് ഒരു ബ്രിട്ടീഷ് റസിഡെന്റ് തിരുവനന്തപുരത്തു താമസിച്ച് ഭരണമേല്‍നോട്ടം വഹിച്ചു. പ്രതിവര്‍ഷം എട്ടുലക്ഷം രൂപയായിരുന്നു തിരുവിതാംകൂര്‍ നല്‍കേണ്ടിയിരുന്ന കപ്പം. 1805-ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരം തിരുവിതാംകൂറില്‍ ഉണ്ടാകുന്ന ആഭ്യന്തര മത്സരങ്ങളിലും ലഹളകളിലും ഇടപെടാനുള്ള അധികാരവും ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. ഇതോടു കൂടി ഫലത്തില്‍ കേരളം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി.

ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരേ

ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയ്‌ക്കെതിരെ സ്വാഭാവികമായും ദേശാഭിമാനികളുടെ പ്രതിഷേധമുയര്‍ന്നു. കേരള വര്‍മ പഴശ്ശിരാജാവും വേലുത്തമ്പി ദളവയും പാലിയത്തച്ഛനും ഇങ്ങനെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുത്തു. അവരുടെ വിപ്ലവങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് വിരോധവും ദേശാഭിമാനവും ജനങ്ങളില്‍ വളര്‍ത്താന്‍ അവ സഹായിച്ചു.

ബ്രിട്ടീഷുകാര്‍ മലബാറില്‍ ഏര്‍പ്പെടുത്തിയ നികുതി സമ്പ്രദായത്തിനെതിരേയായിരുന്നു കോട്ടയം രാജവംശത്തിലെ പഴശ്ശിരാജാ സായുധസമരം നടത്തിയത്. നാട്ടുരാജാക്കന്മാരില്‍ നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ നികുതി പിരിച്ചത്; രാജാക്കന്മാര്‍ ജനങ്ങളില്‍ നിന്നും കോട്ടയത്തെ നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയത് പഴശ്ശിരാജാവിനുപകരം അമ്മാവനായ കുറുമ്പ്ര നാട്ടു രാജാവിനായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 1795 ജൂണ്‍ 28ന് പഴശ്ശിരാജാവ് എല്ലാനികുതി പിരിവും നിര്‍ത്തിവയ്പിച്ചു. 1793 - 1797, 1800 - 1805 കാലങ്ങളിലായി ഒട്ടേറെത്തവണ പഴശ്ശിരാജാവിന്റെ പടയാളികളും ഇംഗ്ലീഷ് സൈന്യവും ഏറ്റുമുട്ടി. വയനാടന്‍ കാടുകളിലേക്കു പിന്‍വാങ്ങി ഒളിയുദ്ധമാരംഭിച്ച പഴശ്ശിരാജാവ് 1805 നവംബര്‍ 30ന് വെടിയേറ്റു മരിച്ചു. അതോടെ അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധം തകര്‍ന്നു.

തിരുവിതാംകൂറില്‍ റെസിഡന്റ് മെക്കാളെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതിനെതിരേ ദളവയായ വേലുത്തമ്പി ഉയര്‍ത്തിയ എതിര്‍പ്പ് തുറന്ന യുദ്ധത്തിലാണു കലാശിച്ചത്. കൊച്ചിയിലെ പ്രധാനമന്ത്രി പാലയത്തച്ചനുമായി ചേര്‍ന്ന് വേലുത്തമ്പി ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. ബ്രിട്ടീഷ് മേധാവിത്തത്തിനെതിരേ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരം 1809 നവംബര്‍ 11 ന് വേലുത്തമ്പി പുറപ്പെടുവിച്ചു. ജനങ്ങള്‍ ആവേശപൂര്‍വം ആ സമരാഹ്വാനം സ്വീകരിച്ചെങ്കിലും ബ്രിട്ടീഷ് സൈന്യം തിരുവിതാംകൂര്‍ സേനയുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കീഴടക്കി. പരാജയം മുന്നില്‍ കണ്ട വേലുത്തമ്പി ആത്മഹത്യ ചെയ്തു. 1812-ല്‍ വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളായ കുറിച്യരും കുറുമ്പരും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തുവെങ്കിലും പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടു.

പുരോഗതിയുടെ ഉദയം : തിരുവിതാംകൂര്‍

18, 19 നൂറ്റാണ്ടുകളില്‍ ഭരണരംഗത്തുണ്ടായ ആധുനിക നയങ്ങള്‍ കാരണം കേരളം സാമൂഹികപുരോഗതിയുടെ ഘട്ടത്തിലേക്കു പ്രവേശിച്ചു. തിരുവിതാംകൂറില്‍ റോഡുകളുടെ നിര്‍മാണവും നീതിന്യായ പരിഷ്കരണവും നികുതി വ്യവസ്ഥ പരിഷ്കരണവുമുണ്ടായി. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാര്‍ത്താണ്ഡവര്‍മയും കാര്‍ത്തിക തിരുനാളും ബലിഷ്ഠമായ രാജ്യത്തിനാണ് അടിത്തറയൊരുക്കിയത്. ഗൗരി ലക്ഷ്മീബായി, ഗൗരി പാര്‍വതീ ബായി എന്നീ റാണിമാരുടെ ഭരണകാലത്തും ഒട്ടേറെ സാമൂഹിക പരിഷ്കരണ നടപടികള്‍ ഉണ്ടായി. സ്വാതി തിരുനാള്‍ രാമവര്‍മ (1829 - 1847) യുടെ ഭരണകാലമായിരുന്നു തിരുവിതാംകൂറിന്റെ സുവര്‍ണകാലം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കമിട്ട അദ്ദേഹം കലകളുടെയും ശാസ്ത്രത്തിന്റെയും പ്രോത്സാഹകനായിരുന്നു. തിരുവനന്തപുരത്ത് 1836-ല്‍ അദ്ദേഹം വാനനിരീക്ഷണാലയം (നക്ഷത്രബംഗ്ലാവ്) ആരംഭിച്ചു. 1834-ല്‍ തിരുവനന്തപുരത്താരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ 1866-ല്‍ ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജായി മാറി. 1836-ല്‍ തിരുവിതാംകൂറില്‍ സെന്‍സസും നടന്നു.

ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് (1847 - 1860) ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കി. 1859-ല്‍ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ സ്കൂളാണ് ഇന്നത്തെ ഗവണ്‍മെന്റ് വിമന്‍സ് കോളേജായി മാറിയത്. 1857-ല്‍ ആലപ്പുഴയിലെ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്‌റ്റോഫീസും 1859-ല്‍ ആദ്യത്തെ ആധുനിക കയര്‍ ഫാക്ടറിയും തുടങ്ങി.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ (1860 - 1880) ഭരണകാലത്തുണ്ടായ പണ്ടാരപ്പാട്ട വിളംബരം (1865), ജന്മി കുടിയാന്‍ വിളംബരം (1867) എന്നിവ ഭൂവുടമാ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റം വരുത്തി. 1858-ല്‍ ദിവാനായി നിയമിതനായ സര്‍ ടി. മാധവറാവു 1872 വരെയുള്ള ഭരണകാലത്ത് ഒട്ടേറെ പുരോഗതികള്‍ക്ക് അടിത്തറയിട്ടു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് (1885 - 1924) വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്കാണു കളമൊരുക്കിയത്. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ച ഈ കാലഘട്ടം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ തന്നെ ആദ്യത്തെ നിയമനിര്‍മ്മാണസഭയുടെ രൂപവത്കരണത്തിനും സാക്ഷിയായി. 1888-ല്‍ രൂപവത്കരിച്ച ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് ശ്രീ മൂലം തിരുനാളിന്റെ ഭരണ നേട്ടങ്ങളില്‍ ഏറ്റവും പ്രമുഖം. സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അടങ്ങിയ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യും 1904-ല്‍ ആരംഭിച്ചു. 1922-ലെ നിയമ പ്രകാരം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗസംഖ്യ 50 ആക്കി ഉയര്‍ത്തി. സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കി.

ശ്രീമൂലം തിരുനാളിനെ തുടര്‍ന്ന് റീജന്റായി ഭരണം നടത്തിയ റാണി സേതുലക്ഷ്മീബായി 1925-ല്‍ കൊണ്ടുവന്ന നായര്‍ റഗുലേഷന്‍ നിയമം തിരുവിതാംകൂറില്‍ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായത്തിനു നിയമ സാധുത നല്‍കി. ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു അടുത്ത രാജാവ്.

നിയമ നിര്‍മാണസഭാ പരിഷ്കരണവും വ്യവസായവത്കരണ നയവും സാമൂഹിക പരിഷ്കരണങ്ങളും കൊണ്ട് അവിസ്മരണീയമാണ് ചിത്തിര തിരുനാളിന്റെ ഭരണകാലം. ദേശീയ സ്വാതന്ത്ര്യ സമരത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ഈ കാലഘട്ടം സാക്ഷിയായി. ക്ഷേത്രപ്രവേശന വിളംബരം (1936) ചിത്തിര തിരുനാളിനെ ചരിത്രത്തില്‍ സുപ്രതിഷ്ഠനാക്കി. തിരുവിതാംകൂര്‍ സര്‍വകലാശാല (1937), ഭൂപണയബാങ്ക് (1932), ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ്, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി, ഫാക്ട്, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി, സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് തുടങ്ങിയവ ഇക്കാലത്താണ് ആരംഭിച്ചത്. ഇവ നടപ്പാക്കുന്നതിനു നേത്യത്വം നല്‍കിയ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ രാഷ്ട്രീയമായി ഏറ്റുമധികം എതിര്‍ക്കപ്പെട്ട വ്യക്തികളിലൊരാളുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ തിരുവിതാംകൂറിലെ രാജവാഴ്ച അവസാനിച്ചു.

കൊച്ചി

തിരുവിതാംകൂറിലെപ്പോലെ പുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ കൊച്ചിയിലും മലബാറിലുമുണ്ടായി. 1812 മുതല്‍ 1947 വരെ ബ്രിട്ടീഷുകാര്‍ നിയമിച്ച ദിവാന്‍മാരാണ് കൊച്ചിയുടെ ഭരണം നിര്‍വഹിച്ചത്. കേണല്‍ മണ്‍റോ (1812 - 1818), നഞ്ചപ്പയ്യ (1815 - 1825), ശേഷ ഗിരിറാവു (1825 - 1830), എടമന ശങ്കരമേനോന്‍ (1830 - 1835), വെങ്കട സുബ്ബയ്യ (1835 - 1840), ശങ്കര വാരിയര്‍ (1840 - 1856), വെങ്കട റാവു (1856 - 1860), തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോന്‍ (1860 - 1879), തോട്ടയ്ക്കാട്ടു ഗോവിന്ദമേനോന്‍ (1879 - 1889), തിരുവെങ്കിടാചാര്യ (1889 - 1892), ജി. സുബ്രഹ്മണ്യ പിള്ള (1892 - 1896), പി. രാജഗോപാലാചാരി (1896 - 1901), എല്‍. ലോക്ക് (1901 - 1902). എന്‍. പട്ടാഭിരാമ റാവു (1902 - 1907), എ. ആര്‍. ബാനര്‍ജി (1907 - 1914), ജെ. ഡബ്ല്യു. ഭോര്‍ (1914 - 1919), ടി. വിജയരാഘവാചാരി (1919 - 1922), പി. നാരായണമേനോന്‍ (1922 - 1925), ടി. എസ്. നാരായണയ്യര്‍ (1925 - 1930), സി. ജി. ഹെര്‍ബര്‍ട്ട് (1930 - 1935), ആര്‍. കെ. ഷണ്‍മുഖം ചെട്ടി (1935 - 1941), എ. എഫ്. ഡബ്ല്യു. ഡിക്‌സണ്‍ (1941 - 1943), സര്‍ ജോര്‍ജ് ബോഗ് (1943 - 1944), സി. പി. കരുണാകര മേനോന്‍ (1944 - 1947) എന്നിവരായിരുന്നു സ്വാതന്ത്ര്യലബ്ധി വരെയുള്ള കൊച്ചി ദിവാന്‍മാര്‍.

കേണല്‍ മണ്‍റോ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ കൊച്ചിയെ ആധുനികതയിലേക്കു നയിച്ചു. ഠാണാദാര്‍മാര്‍ എന്ന പോലീസ് സേനയുടെ രൂപവത്കരണം, എറണാകുളത്ത് ഹജ്ജൂര്‍ കച്ചേരി സ്ഥാപിക്കല്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. ദിവാന്‍ നഞ്ചപ്പയ്യ 1821-ല്‍ അടിമകളെ ദണ്ഡിക്കുന്നതു നിരോധിച്ചു കൊണ്ട് വിളംബരം നടത്തി. പുത്തന്‍ എന്ന പുതിയ നാണയവും അദ്ദേഹം ഏര്‍പ്പെടുത്തി. ശങ്കര വാരിയരുടെ കാലത്താണ് അടിമസമ്പ്രദായം നിര്‍ത്തലാക്കിയത് (1854). 1845-ല്‍ സ്ഥാപിതമായ എലിമെന്ററി ഇംഗ്ലീഷ് സ്കൂള്‍ പില്ക്കാലത്ത് മഹാരാജാസ് കോളേജായി മാറി.

1889-ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ സ്കൂള്‍ തൃശ്ശൂരില്‍ സ്ഥാപിതമായി. ഷൊര്‍ണ്ണൂര്‍ - എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മാണം, എറണാകുളത്ത് ചീഫ് കോര്‍ട്ട് സ്ഥാപിക്കല്‍, കണ്ടെഴുത്തിന്റെ പൂര്‍ത്തീകരണം, പൊതുജനാരോഗ്യവകുപ്പ് രൂപവത്കരണം, എറണാകുളം നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവയിലൂടെ കൊച്ചി ആധുനികീകരിക്കപ്പെട്ടു. 1925-ല്‍ കൊച്ചിയില്‍ നിയമനിര്‍മാണസഭ നിലവില്‍ വന്നു. 1938 ജൂണ്‍ 18ന് ഹൈക്കോടതിയും ഉദ്ഘാടനം ചെയ്തു.

മലബാര്‍

ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് സംസ്ഥാനത്തിലെ ജില്ലയായിരുന്ന മലബാറിലും സമാനമായ ആധുനിക മുന്നേറ്റങ്ങളുണ്ടായി. റോഡുകളുടെയും തോട്ടങ്ങളുടെയും നിര്‍മാണത്തില്‍ ശ്രദ്ധവച്ച ബ്രിട്ടീഷ് ഭരണകൂടം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കൈയെടുത്തു. 1848-ല്‍ ബാസല്‍ മിഷന്‍ കോഴിക്കോട്ടെ കല്ലായിയില്‍ ആരംഭിച്ച പ്രൈമറി സ്കൂളാണ് പില്‍ക്കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജായി മാറിയത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലുള്ള ക്രിസ്തുമത പ്രചാരകര്‍ മലയാള ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി. മദ്രാസ് നഗരവികസന നിയമപ്രകാരം 1866, 1867 വര്‍ഷങ്ങളില്‍ കോഴിക്കോട്. തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഈ നേട്ടങ്ങള്‍ക്കിടയിലും ബ്രിട്ടീഷുകാരുടെ ചൂഷണം തുടരുക തന്നെയായിരുന്നു. ജന്മിമാരുടെയും അവരെ സഹായിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെയും നയങ്ങള്‍ 1836 - 1853 കാലത്ത് ഏറനാട് വള്ളുവനാടു താലൂക്കുകളില്‍ മാപ്പിളമാരുടെ കലാപങ്ങള്‍ക്കു വഴിതെളിച്ചു. ഇവയെ നേരിടാനാണ് 1854-ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രൂപവത്കരിച്ചത്.

19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ അച്ചടി ശാലകളുടെ വ്യാപനവും പത്രങ്ങളുടെയും വിദ്യാലയങ്ങളുടെയും ആവിര്‍ഭാവവും സാഹിത്യത്തിന്റെ വികാസവും കേരളത്തെ സവിശേഷ പരിവര്‍ത്തനത്തിനു വിധേയമാക്കി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ഉണര്‍ച്ച ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തിലും മഹാതരംഗമായി മാറി.

കേരളസംസ്ഥാനം

ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും അവയ്ക്കു പശ്ചാത്തലമായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദ ഗുരു, വൈകുണ്ഠ സ്വാമികള്‍ തുടങ്ങിയ ഒട്ടേറെ നവോത്ഥാന നായകര്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ മഹത്തായ പങ്കു വഹിച്ചു. സാമുദായിക സംഘടനകളും മറ്റു പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നിര്‍വഹിച്ച സംഘടിതയത്‌നങ്ങളും വിദ്യാഭ്യാസപുരോഗതിയുമില്ലായിരുന്നെങ്കില്‍ ആധുനിക കേരളം സാധ്യമാകുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തോടൊപ്പം രാജവാഴ്ചയ്‌ക്കെതിരെ ഉത്തരവാദിത്ത ഭരണത്തിനും സാമൂഹികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളും സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ അരങ്ങേറി.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ടി. കെ. നാരായണ പിള്ളയായിരുന്നു ആദ്യ മുഖ്യമന്ത്രി. ഭാരതസര്‍ക്കാരിന്റെ 1956-ലെ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകള്‍ തിരു-കൊച്ചിയില്‍ നിന്നു വേര്‍പെടുത്തി തമിഴ് നാടിനോടു (അന്ന് മദ്രാസ് സംസ്ഥാനം) ചേര്‍ത്തു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും തെക്കന്‍ കനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും കേരളത്തോടും ചേര്‍ന്നു. 1956 നവംബര്‍ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം രൂപമെടുത്തു.

ഋതുക്കള്‍

ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തു കേരളം, ഒരുഭാഗത്ത്് കടല്‍തീരവും മറുഭാഗത്ത്് പശ്ചിമഘട്ട മലനിരകളും അതിരിടുന്ന കേരളം ഒരു ഉഷ്ണമേഖലാ പ്രദേശമാണ്. ഇവിടെ പ്രകടമായി അനുഭവേദ്യമാകുന്ന ഋതുഭേദങ്ങള്‍ വര്‍ഷവും (ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയും) വേനലുമാണ് (ഫെബ്രുവരി മുതല്‍ മെയ് വരെ). എന്നാല്‍ 28o മുതല്‍ 32o C വരെയുള്ള സാധാരണ താപനിലയില്‍ നിന്ന് നേരിയ കുറവു മാത്രമാണ് ശിശിരകാലത്തുള്ളത്.

ഭൂമിശാസ്ത്രം

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സമുദ്രനിരപ്പില്‍ നിന്ന് 500 മുതല്‍ 2700 വരെ മീറ്റര്‍ ഉയരമുള്ള പശ്ചിമഘട്ടവും തലങ്ങും വിലങ്ങുമായി നാല്‍പത്തിനാല് നദികളുമുള്ള കേരളത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. ഉന്നത ഗിരിനിരകളും അഗാധ താഴ്‌വാരങ്ങളും മുതല്‍ അനവധി കായലുകളും വിശാലമായ സാഗര തീരവും വരെ എല്ലാം ഇവിടെയുണ്ട്.

പടിഞ്ഞാറ് അറബിക്കടലിലേക്കോ കായലുകളിലേക്കോ ഒഴുകുന്ന 41 നദികള്‍, കിഴക്കോട്ടൊഴുകുന്ന മൂന്നു നദികള്‍, കായലുകള്‍, തോടുകള്‍ തുടങ്ങിയവ കേരളത്തെ ജലസമ്പന്നമാക്കുന്നു.

കേരളത്തിലെ നദികള്‍

44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ് 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട് 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍

:
1. മഞ്ചേശ്വരം പുഴ (16 കി. മീ.)
2. ഉപ്പളപുഴ (50 കി. മീ.)
3. ഷീരിയപുഴ (67 കി. മീ.)
4. മെഗ്രാല്‍പുഴ (34 കി. മീ.)
5. ചന്ദ്രഗിരിപുഴ (105 കി. മീ.)
6. ചിറ്റാരിപുഴ (25 കി. മീ.)
7. നീലേശ്വരംപുഴ (46 കി. മീ.)
8. കരിയാങ്കോട് പുഴ (64 കി. മീ.)
9. കവ്വായി പുഴ (31 കി. മീ.)
10. പെരുവമ്പ പുഴ (51 കി. മീ.)
11. രാമപുരം പുഴ (19 കി. മീ.)
12. കുപ്പം പുഴ (82 കി. മീ.)
13. വളപട്ടണം പുഴ (110 കി. മീ.)
14. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
15. തലശ്ശേരി പുഴ (28 കി. മീ.)
16. മയ്യഴി പുഴ (54 കി. മീ.)
17. കുറ്റിയാടി പുഴ (74 കി. മീ.)
18. കോരപ്പുഴ (40 കി. മീ.)
19. കല്ലായി പുഴ (22 കി. മീ.)
20. ചാലിയാര്‍ പുഴ (169 കി. മീ.)
21. കടലുണ്ടി പുഴ (130 കി. മീ.)
22. തിരൂര്‍ പുഴ (48 കി. മീ.)
23. ഭാരതപ്പുഴ (209 കി. മീ.)
24. കീച്ചേരി പുഴ (51 കി. മീ.)
25. പുഴക്കല്‍ പുഴ (29 കി. മീ.)
26. കരുവന്നൂര്‍ പുഴ (48 കി. മീ.)
27. ചാലക്കുടി പുഴ (130 കി. മീ.)
28. പെരിയാര്‍ (244 കി. മീ.)
29. മൂവാറ്റു പുഴയാറ് (121 കി. മീ.)
30. മീനച്ചിലാറ് (78 കി. മീ.)
31. മണിമലയാറ് (90 കി. മീ.)
32. പമ്പയാറ് (176 കി. മീ.)
33. അച്ചന്‍ കോവിലാറ് (128 കി. മീ.)
34. പള്ളിക്കലാറ് (42 കി. മീ.)
35. കല്ലടയാറ് (121 കി. മീ.)
36. ഇത്തിക്കരയാറ് (56 കി. മീ.)
37. അയിരൂര്‍ (17 കി. മീ.)
38. വാമനപുരം ആറ് (88 കി. മീ.)
39. മാമം ആറ് (27 കി. മീ.)
40. കരമനയാറ് (68 കി. മീ.)
41. നെയ്യാറ് (56 കി. മീ.)

കിഴക്കോട്ടൊഴുകുന്ന നദികള്‍ :


42. കബിനീ നദി
43. ഭവാനിപ്പുഴ
44. പാമ്പാര്‍

കേരളത്തിലെ പ്രധാന കായലുകള്

വേമ്പനാട്ടു കായല്‍
അഷ്ടമുടിക്കായല്‍
കായംകുളം കായല്‍
ശാസ്താംകോട്ടക്കായല്‍
പരവൂര്‍ കായല്‍
ഇടവാക്കായല്‍
നടയറ കായല്‍
അഞ്ചുതെങ്ങ് കായല്‍
കഠിനംകുളം കായല്‍
വേളിക്കായല്‍
വെള്ളായണിക്കായല്‍
കൊടുങ്ങല്ലൂര്‍ കായല്‍
വരാപ്പുഴക്കായല്‍
ഏനാമാക്കല്‍ കായല്‍
മണക്കോടി കായല്‍
മൂരിയാട് കായല്‍
വെള്ളിയാങ്കോട് കായല്‍
ചാവക്കാട് കായല്‍
കുമ്പളക്കായല്‍
കല്‍നാട് കായല്‍
ബേക്കല്‍ കായല്‍
ചിത്താരി കായല്‍
കവ്വായിക്കായല്‍

തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കായല്‍, കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കായല്‍, തൃശ്ശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മണക്കോടി കായലുകള്‍ വയനാട്ടിലെ പൂക്കോട് തടാകം എന്നിവ ശുദ്ധജലതടാകങ്ങളാണ്.

ജനങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും അധികം സാക്ഷരരും സാമൂഹ്യ ഔന്നിത്യം ആര്‍ജ്ജിച്ചവരുമായ കേരള ജനതയുടെ സവിശേഷമായ സാര്‍വലൗകിക വീക്ഷണം അവരുടെ സഹിഷ്ണതയും ഉദാരതയും നിറഞ്ഞ സമീപനങ്ങളില്‍ പ്രകടമാണ്. ലോകത്തങ്ങോളമിങ്ങോളമുള്ള വ്യത്യസ്ത നാടുകളുടെയും ജനവിഭാഗങ്ങളുടെയും അംശങ്ങള്‍ സ്വാംശീകരിച്ചിട്ടുള്ള കേരളത്തിന്റെ സമ്മിശ്ര സംസ്‌കാരമാകാം ഇതിന് കാരണം.

നൂറ്റാണ്ടുകളായി മനുഷ്യ പ്രയത്‌നത്തിന്റെ സമസ്ത മേഖലകളിലും പുതിയ സംസ്‌കാരങ്ങളും മൂല്യങ്ങളും സര്‍വ്വാത്മനാ സ്വീകരിക്കാനുള്ള കഴിവ് കേരളം പ്രകടിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും വെല്ലുവിളികള്‍ നേരിടാനും കേരളീയര്‍ക്ക് സാധിച്ചു.

ഉന്നതമായ അവബോധവും രാഷ്ട്രീയധാരണയും കേരളീയര്‍ക്കുണ്ട്. വിദ്യഭ്യാസ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്കായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ത്രീസാക്ഷരതാ നിരക്ക് ഇവിടെയാണ്. കുടുംബത്തിനകത്തും പുറത്തും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കാനും ഇത് കാരണമായിട്ടുണ്ട്.


അവസാനം പരിഷ്കരിച്ചത് : 7/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate