Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള ചരിത്രം - കൂടുതൽ വിവരങ്ങൾ

ചരിത്രവും അതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും

കേരളം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്ത് കിഴക്ക് സഹ്യപര്‍വതനിരകള്‍ക്കും പടിഞ്ഞാറ് ലക്ഷദ്വീപ് കലിനും മധ്യേ സ്ഥിതിചെയ്യുന്ന സംസ്ഥാനം. വടക്ക് അക്ഷാംശം 8°17' 30' നും 12° 47' 40' നും ഇടയ്ക്കും കിഴക്ക് 74°27' 47' നും 77° 37' 12' നും ഇടയ്ക്കുമാണ് കേരളത്തിന്റെ സ്ഥാനം. തെക്ക്-കിഴക്ക് തമിഴ്നാട്, വടക്ക് കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് (ലക്ഷദ്വീപ് കടല്‍) അതിര്‍ത്തികള്‍. 1947-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്യ്രം നേടിയശേഷം നാട്ടുരാജ്യങ്ങളായ തിരുവിതാംകൂര്‍, കൊച്ചി എന്നിവ സംയോജിച്ച് 1949 ജൂല. 1-ന് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടുവെങ്കിലും മലബാര്‍ മദ്രാസ്പ്രവിശ്യയ്ക്കു കീഴിലായിരുന്നു. പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ഭാഷാ സംസ്ഥാന പുനഃസംഘടനാ നിയമമനുസരിച്ച് മലയാളം സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണാടകയിലെ കാസര്‍കോട് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956 ന. 1-ന് കേരളസംസ്ഥാനം ഔദ്യോഗികമായി നിലവില്‍ വന്നു.

ആമുഖം

വൈവിധ്യമേറിയ ഭൂപ്രകൃതിയാലും കാലാവസ്ഥയാലും സമ്പന്നമായ കേരളത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര-സാംസ്കാരിക പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പൗരന്മാര്‍ക്ക് താരതമ്യേന ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യ പരിരക്ഷയും, മിനിമം ഭക്ഷണത്തിനുവേണ്ടിയുള്ള റേഷന്‍, വീടുവയ്ക്കാനൊരുതുണ്ടു സ്ഥലം, മിനിമം കൂലി, സാമൂഹ്യ സുരക്ഷ, സാമൂഹ്യ പാരതന്ത്യ്രത്തിന്റെ നികൃഷ്ടരൂപങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ നയപരിപാടികളിലൂടെയാണ് ഈ സ്ഥിതി കൈവരിച്ചത്. വികസന സൂചികകളില്‍ പലതിലും കേരളം മുന്‍പന്തിയിലാണ്. ശിശുമരണ നിരക്ക്, മാതൃമരണനിരക്ക്, പ്രതീക്ഷിത ആയുസ്സ്, സാക്ഷരത, സാമൂഹ്യക്ഷേമ രംഗങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയിലെല്ലാം കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ആസൂത്രണത്തിലും നിര്‍വഹണത്തിലുമുള്ള ജാഗ്രതയും ജനകീയ ഇടപെടലുകളുമാണ് കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലുള്ളത്. പൊതുജനാരോഗ്യകേന്ദ്രങ്ങള്‍, സ്കൂളുകള്‍, റേഷന്‍കടകള്‍ തുടങ്ങിയ അടിസ്ഥാന സാമൂഹ്യ സംവിധാനങ്ങള്‍ പൊതുവില്‍ സന്തുലിതമായാണ് കേരളത്തില്‍ സ്ഥാപിതമായിട്ടുള്ളത്. ഭൂപരിഷ്കരണം, ഭേദപ്പെട്ട കൂലി, പെന്‍ഷന്‍ പദ്ധതികള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യവസ്ഥാപിതമായ വായ്പാസൗകര്യം തുടങ്ങിയവ വരുമാനത്തിന്റെ പുനര്‍വിതരണത്തിന് വഴിതുറന്നുവിട്ടു.

സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തമായ സ്വാധീനവും പ്രവര്‍ത്തനവുമാണ് കേരളം സ്വായത്തമാക്കിയിട്ടുള്ള നേട്ടങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

പുരാണങ്ങളില്‍. കേരളദേശധര്‍മം, കേരളനാടകം, കേരളപ്പഴമ, കേരളമാഹാത്മ്യം, കേരളോത്പത്തികള്‍ തുടങ്ങിയ പ്രാചീനഗദ്യ-പദ്യകൃതികളില്‍ 'പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്നു സൃഷ്ടിച്ചതാണ് കേരളം' എന്നു പ്രസ്താവിച്ചു കാണുന്നുണ്ട്. ഈ കൃതികളുടെ രചനാകാലത്തെപ്പറ്റിയോ രചയിതാക്കളെപ്പറ്റിയോ വ്യക്തമായ യാതൊരു രേഖയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവയില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ആധികാരികമെന്നു പറയുന്നില്ല. പരശുരാമന് കേരളവുമായുള്ള ബന്ധത്തെക്കുറിക്കുന്ന പുരാണപരാമര്‍ശങ്ങളില്‍പ്പോലും വ്യത്യാസങ്ങള്‍ കാണുന്നതു നിമിത്തം പരശുരാമകഥയും അസ്വീകാര്യമായിത്തന്നെ നിലകൊള്ളുന്നു.

ഭഗീരഥന്‍ നടത്തിയ ഗംഗാവിതരണത്തിന്റെ കഥയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പുരാണപരാമര്‍ശം. ഭാരതത്തില്‍ പതിച്ച ഗംഗ അവിടെ നിന്നൊഴുകി സമുദ്രത്തിലേക്കു കുതിച്ചുപായുകയും സമുദ്രം കരകവിഞ്ഞു രാജ്യത്തിന്റെ പല ഭാഗങ്ങളെയും മുക്കിക്കളയുകയും ചെയ്തു. അക്കൂട്ടത്തില്‍ ഗോകര്‍ണ ക്ഷേത്രവും സമുദ്രജലത്തില്‍ നിമഗ്നമായി. അതു വീണ്ടെടുത്തു തരാന്‍ മഹര്‍ഷിമാര്‍ പരശുരാമനോട് അപേക്ഷിച്ചതിന്റെ ഫലമായി അദ്ദേഹം ഒരു ശൂര്‍പ്പം (മുറം) കടലിലെറിയുകയും അതു വീണഭാഗം വരെയുള്ള സമുദ്രം ഒഴിഞ്ഞുമാറി കര തെളിഞ്ഞുവരികയും ചെയ്തു. ഇതാണത്രെ കേരളം. ഇക്കാരണത്താല്‍ കേരളത്തിനും ഗോകര്‍ണത്തുള്ള ഒരു ക്ഷേത്രത്തിനും 'ശൂര്‍പ്പാരകം' എന്ന പേരും ലഭിച്ചു. ഈ കഥ ബ്രഹ്മാണ്ഡപുരാണത്തിന്റെ 98-99 അധ്യായങ്ങളിലായി കാണുന്നു.

ക്ഷത്രിയനിഗ്രഹം കഴിഞ്ഞു പരശുരാമന്‍ ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്നു എന്ന സങ്കല്പത്തില്‍ കശ്യപനു നല്‍കി. കശ്യപന്റെ ആവശ്യപ്രകാരം അവിടം വിട്ടുപോകേണ്ടിവന്ന പരശുരാമന്‍ തനിക്കു താമസിക്കാന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്ന് കര വീണ്ടെടുത്തു എന്നാണ് മഹാഭാരതത്തില്‍ കേരളോത്പത്തിയെപ്പറ്റി പറയുന്ന കഥ.

"രാമനോടോതിയെന്നാജ്ഞ-

യ്ക്കൂഴിവിട്ടുഗമിക്ക നീ

അവന്‍ കാശ്യപവാക്കാലെ

കടലമ്പെയ്തൊഴിച്ചുടന്‍

കരയാക്കീടിനാന്‍ പിന്നെ

ബ്രാഹ്മണാജ്ഞപ്പടിക്കു താന്‍

മഹേന്ദ്രപര്‍വതത്തിങ്കല്‍

പാര്‍ത്തുകൊണ്ടാനതിന്നുമേല്‍

(ദ്രോണപര്‍വം, അധ്യായം 70, ശ്ലോകം 19, 20)

ദേവീഭാഗവതം അഷ്ടമസ്കന്ധത്തില്‍ സ്വര്‍ഗം, ഭൂമി, പാതാളം എന്നീ ത്രിലോകങ്ങളെ വിവരിക്കുന്നിടത്തു കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണാപഥമാണ് പാതാളമെന്ന് സൂചിപ്പിച്ചിരിക്കുന്നതായി വിചാരിക്കാന്‍ ധാരാളം ന്യായങ്ങളുണ്ട്. ഹിമാലയപര്‍വതം ഉള്‍പ്പെടുന്ന ഉത്തരഭൂവിഭാഗം ദേവലോകവും അവിടെ നിന്ന് തെക്കോട്ട് വിന്ധ്യപര്‍വതം വരെയുള്ള പ്രദേശങ്ങള്‍ ഭൂതലവും വിന്ധ്യനു തെക്കുള്ള സ്ഥലങ്ങള്‍ പാതാളവുമാണെന്ന് ഇതില്‍ പരാമര്‍ശിച്ചുകാണുന്നു. പാതാളം ഭൂമിയുടെ താഴെയുള്ള പ്രദേശങ്ങളാണ്; ദാനവദൈത്യാദികളും നാഗന്മാരും ആണ് ഇവിടത്തെ ആളുകള്‍ എന്നും ചന്ദനം, അകില്‍ തൊട്ടുള്ള സുഗന്ധവസ്തുക്കള്‍ ഇവിടെ സമൃദ്ധിയായി വിളയുന്നു എന്നും ദേവീഭാഗവതകാരന്‍ വര്‍ണിച്ചിട്ടുണ്ട്.

ദേവീഭാഗവതം തൃതീയസ്കന്ധത്തില്‍ കാശിരാജപുത്രിയായ ശശികലയുടെ സ്വയംവരത്തിനു സന്നിഹിതരായിരുന്നവരുടെ കൂട്ടത്തില്‍ 'കേരള'നും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. കാര്‍ത്തവീര്യാര്‍ജുനന്റെ സാമന്തകന്മാരുടെ കൂട്ടത്തില്‍ ചോളകേരളപാണ്ഡ്യ ഭൂപന്മാരുമുള്‍പ്പെട്ടിരുന്നതായി ബ്രഹ്മാണ്ഡപുരാണം (54-ാം അധ്യായം) പരാമര്‍ശിക്കുന്നു. തുര്‍വസുവംശത്തില്‍ പിറന്ന ഗാന്ധാരനെന്ന രാജാവില്‍ നിന്നാണ് കേരളദേശക്കാരുണ്ടായതെന്ന് അഗ്നിപുരാണത്തില്‍ (277-ാം അധ്യായം) പ്രസ്താവിച്ചിട്ടുണ്ട്. രുക്മിണീ സ്വയംവരത്തിനു കേരളനും എത്തിയിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പരാമര്‍ശിച്ചുകാണുന്നു (വംഗനും സിന്ധുരാജന്‍ സൌവീരന്‍ മാത്സ്യന്മാരും ശങ്കരഭക്തന്‍ ചോളന്‍ പാണ്ഡ്യനും കേരളനും).

'കൃതമാലാ മലയാചല പശ്ചിമാംഭോധി മധ്യേ' ആണ് കേരളം സ്ഥിതി ചെയ്യുന്നതെന്ന് മത്സ്യപുരാണത്തിലെ അതിര്‍ത്തിനിര്‍ണയവര്‍ണനയില്‍ നിന്നു മനസ്സിലാക്കാം.

ഇതിഹാസാദികളില്‍.

സീതാന്വേഷണത്തിനായി തെക്കന്‍ ദിക്കിലേക്കു പുറപ്പെട്ട വാനരന്മാരോട് അവര്‍ സീതയെ അന്വേഷിക്കേണ്ട പ്രദേശങ്ങളെപ്പറ്റി സുഗ്രീവന്‍ ഇപ്രകാരം പറയുന്നതായി വാല്മീകീരാമായണത്തില്‍ കാണുന്നു.

"നദീം ഗോദാവരീം ചൈവ

സര്‍വമേവാഥ പശ്യത

തഥൈവാന്ധ്രാംശ്ച പൌണ്ഡ്രാംശ്ച

ചോളാന്‍ പാണ്ഡ്യാംശ്ച കേരളാന്‍

(നിങ്ങള്‍ ഗോദാവരി നദിയിലും ആന്ധ്രയിലും പുണ്ഡ്രത്തിലും ചോളത്തിലും കേരളത്തിലും ചെന്ന് നോക്കണം.)

നന്ദിനിയെ അപഹരിക്കാന്‍ വസിഷ്ഠാശ്രമത്തിലെത്തിയ വിശ്വാമിത്രനെ നേരിടാന്‍ ഒരു പശുവിന്റെ നുരയില്‍ നിന്നുണ്ടായ മ്ലേച്ഛന്മാരുടെ കൂട്ടത്തില്‍ 'ചിബുകന്മാര്‍, പുളിന്ദന്മാര്‍, ചീനന്മാര്‍, ഹൂണര്‍, കേരളര്‍' തുടങ്ങിയവരുണ്ടായിരുന്നതായി മഹാഭാരതം ആദിപര്‍വത്തില്‍ (അധ്യായം 17 5, ശ്ളോകം 38) സൂചിപ്പിച്ചിട്ടുണ്ട്.

ധര്‍മപുത്രരുടെ രാജസൂയത്തോടനുബന്ധിച്ച് ദക്ഷിണ ദിഗ്വിജയത്തിനു പോയ സഹദേവന്‍ 'പാണ്ഡ്യദ്രാവിഡരെയും ചോളകേരളരെയും' (അധ്യായം 31, ശ്ലോകം 72) ജയിച്ചു കപ്പം വാങ്ങിയതായി സഭാപര്‍വത്തില്‍ പരാമര്‍ശമുണ്ട്; 'ശൂര്‍പ്പാരകത്തെയും പാട്ടിലാക്കി' (ശ്ലോകം 66) എന്നു പറയുന്നതും കേരളത്തെ സംബന്ധിച്ചാകാനാണു സാധ്യത. കര്‍ണന്റെ ദിഗ്വിജയത്തിലും കേരളനെ വെന്ന് കപ്പം വാങ്ങിയതായി വനപര്‍വത്തില്‍ കാണുന്നുണ്ട് (അധ്യായം 254, ശ്ലോകം 15).

ഇതിഹാസങ്ങളുടെ രചനാകാലത്തുതന്നെ 'കേരളം' എന്ന പേരില്‍ ഒരു രാജ്യം/പ്രദേശം നിലനിന്നിരുന്നുവെന്നതിനു തെളിവായി ഇതുപോലുള്ള പല പരാമര്‍ശങ്ങളും ഇനിയും ലഭ്യമാണ്.

രഘുവംശത്തില്‍ രഘുവിന്റെ ദിഗ്വിജയവര്‍ണനയില്‍ കാളിദാസനും കേരളത്തെ സ്മരിച്ചിട്ടുണ്ട് (സര്‍ഗം 4).

"ഭയോത്സൃഷ്ടവിഭൂഷാണാം

തേന കേരളയോഷിതാം

അളകേഷു ചമൂരേണു-

ശ്ചൂര്‍ണപ്രതിനിധീകൃതഃ (51)

മുരചീമാരുതോദ് ധൂത-

മഗമത് കൈതകം രജഃ

തദ്യോധവാരവാണാനാ-

മയത്ന പടവാസതാം (52)

(പടയോട്ടത്തില്‍ നിന്നുയരുന്ന പൊടി, ഭയംകൊണ്ട് ആഭരണങ്ങള്‍ കൈവെടിഞ്ഞ കേരളസ്ത്രീകളുടെ കുറുനിരകളില്‍ ഗന്ധചൂര്‍ണങ്ങളുടെ സ്ഥാനം വഹിച്ചു. മുരചീനദിയില്‍ (പെരിയാര്‍) നിന്നുള്ള കാറ്റേറ്റ് പ്രസരിച്ച കൈതപ്പൂവിന്റെ പരാഗം പടയാളികളുടെ കുപ്പായങ്ങള്‍ക്ക് അനായാസമായി ലഭിച്ച സുഗന്ധചൂര്‍ണങ്ങളായിത്തീര്‍ന്നു).

പുരാണേതിഹാസങ്ങളുടെ കാലനിര്‍ണയത്തെപ്പറ്റി സാര്‍വത്രികാംഗീകാരം നേടിയ അവസാനവാക്ക് ഇതുവരെ പറയപ്പെട്ടിട്ടില്ല; എന്നാല്‍ ഇവയ്ക്കെല്ലാം ശതാബ്ദങ്ങളോളം പഴക്കമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുമുണ്ട്. കേരളം എന്ന ഭൂവിഭാഗവും അവിടെ നിവസിക്കുന്ന ജനങ്ങളും ഇവയില്‍ പലതിലും പരാമൃഷ്ടമായിരിക്കുന്നതിന്റെ വെളിച്ചത്തില്‍ ചരിത്രാതീതകാലം മുതല്‍ തന്നെ കേരളം എന്ന രാജ്യം നിലനിന്നിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.

സംഘകൃതികളില്‍. പ്രാചീനകേരളത്തിന്റെ ചരിത്രത്തിലേക്കും അക്കാലത്തെ സാമൂഹിക-സാംസ്കാരിക ജീവിതത്തിലേക്കും വെളിച്ചംവീശുന്ന സാഹിത്യകൃതികളാണ് ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളില്‍ എഴുതപ്പെട്ട സംഘകൃതികള്‍. സംഘകൃതികള്‍ എഴുതിയ കാലഘട്ടം സംഘകാലം എന്നറിയപ്പെടുന്നു. സംഘകൃതികളിലെ പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണിമേഖല എന്നിവയാണ് കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയില്‍ പ്രധാനപ്പെട്ടവ. 1-ാം ചേര സാമ്രാജ്യത്തിലെ 10 രാജാക്കന്മാരെപ്പറ്റി പ്രതിപാദിക്കുന്ന കൃതിയാണ് പതിറ്റുപ്പത്ത്. ഇതില്‍ നിന്നും അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. പുറനാനൂറും അകനാനൂറുമാണ് പ്രാചീന കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തെപ്പറ്റി പ്രതിപാദിക്കുന്ന ഇതര സംഘകൃതികള്‍. കുറുംതൊക, നറ്റിണൈ, ചിലപ്പതികാരം എന്നീ കൃതികളില്‍ നിന്നും പൂര്‍വകാലകേരളത്തിന്റെ ഏകദേശചരിത്രം ഗ്രഹിക്കാവുന്നതാണ്. സംഘകാലത്തിനുശേഷമുണ്ടായ ചില കൃതികളിലും ചേരരാജാക്കന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം (ഉദാ. എ.ഡി. 800-നടുത്ത് രചിക്കപ്പെട്ട മുത്തൊള്ളായിരം). ചേരരാജാക്കന്മാരെപ്പറ്റിയും അവരുടെ ആസ്ഥാനമായ വഞ്ചിയെപ്പറ്റിയുമാണ് ഈ കൃതി പ്രധാനമായും പ്രതിപാദിക്കുന്നത്. കുലശേഖര ആഴ്വാരുടെ (എ.ഡി. 9-ാം ശ.?) പെരുമാള്‍ തിരുമൊഴിയും ചില ചരിത്രവസ്തുതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. വൈഷ്ണവ സിദ്ധനായ നമ്മാഴ്വാറുടെ തിരുവായ്മൊഴിയും പ്രധാനമാണ്. ചേക്കിഴാര്‍ (എ.ഡി. 12-ാം ശ.) എഴുതിയ പെരിയപുരാണം ചേരമാന്‍ പെരുമാള്‍ നായനാരുടെ ജീവിതകഥ അനാച്ഛാദനം ചെയ്യുന്നു. ചേരരാജധാനിയായ വഞ്ചിയെപ്പറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു കൃതിയാണ് ഒട്ടക്കൂത്തന്റെ (12-ാം ശ.) തക്കയാകപ്പരണി.

വിദേശസഞ്ചാരികളുടെ കുറിപ്പുകളില്‍. പല കാലഘട്ടങ്ങളില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികള്‍ എഴുതിയ യാത്രാക്കുറിപ്പുകളിലും പ്രാചീന-മധ്യകാല കേരളത്തെക്കുറിച്ച് പ്രതിപാദിച്ചുകാണുന്നുണ്ട്.

പ്ലിനിയും (എ.ഡി. 1-ാം ശ.) പെരിപ്ലസ് ഒഫ് ദി എറിത്രിയന്‍ സീ എന്ന ഗ്രന്ഥത്തിന്റെ അജ്ഞാതകര്‍ത്താവും (എ.ഡി. 1-ാം ശ.) ടോളമിയും (എ.ഡി. 2-ാം ശ.) നല്‍കുന്ന യാത്രാവിവരങ്ങള്‍ പ്രാചീനകേരളത്തിന്റെ രൂപരേഖ പുനര്‍നിര്‍മിക്കാന്‍ ചരിത്രകാരന്മാരെ സഹായിക്കുന്നു. കേരളരാജാവിനെ 'കേരോബോത്രാസ്' എന്നും കേരളത്തെ 'ലിമുരികേ' എന്നുമാണ് പെരിപ്ളസുകാരന്‍ പരാമര്‍ശിച്ചിരിക്കുന്നത്. ടോളമിയാകട്ടെ ഈ രാജ്യത്തിന്റെ തലസ്ഥാനം 'കരൌര' എന്നുപറഞ്ഞുകാണുന്നു. പ്രാചീനകേരളത്തിലെ തുറമുഖങ്ങളായ മുസ്സിരിസ്, തിണ്ടിസ്, ബറക്കേ എന്നിവിടങ്ങളിലൂടെ കേരളം റോമുമായി നടത്തിയിരുന്ന വിദേശവാണിജ്യത്തെക്കുറിച്ചും ഈ സഞ്ചാരികള്‍ സവിസ്തരം എഴുതിയിട്ടുണ്ട്. ബൈസാന്തിയന്‍ പുരോഹിതനായ കോസ്മോസ് പ്രീസ്തുസ് കേരളത്തെപ്പറ്റി നല്‍കുന്ന വിവരങ്ങളും ശ്രദ്ധേയമാണ്.

എ.ഡി. 7-ാം ശതകത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹ്യൂന്‍സാങ് കേരളവും സന്ദര്‍ശിച്ചതായി ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. വാങ്തായ്വന്‍ എന്ന ചീനക്കച്ചവടക്കാരന്‍ എഴുതിയ കൃതിയിലും കേരളത്തിലെ ചില സ്ഥലങ്ങളെപ്പറ്റി (കായംകുളം, ഏഴിമല, കോഴിക്കോട്) പരാമര്‍ശിക്കുന്നുണ്ട്. മാഹ്വാന്‍ (15-ാം ശ.) എന്ന ചീനക്കാരനും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. കൊച്ചിയെയും കോഴിക്കോടിനെപ്പറ്റിയും ഇദ്ദേഹം നല്‍കുന്ന വിവരങ്ങള്‍ മനോഹരമാണ്. കൊച്ചിയെപ്പറ്റി ആദ്യം എഴുതിയ വിദേശലേഖകന്‍ മാഹ്വാനാണെന്ന് ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു.

യവനരും ചീനരും കഴിഞ്ഞാല്‍ കേരളത്തെപ്പറ്റി ഏറ്റവുംകൂടുതല്‍ എഴുതിയിട്ടുള്ളത് അറബി സഞ്ചാരികളാണ്. 9-ാം ശ. മുതല്‍ക്കുള്ള കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചിത്രമാണ് ഇവരുടെ വിവരണങ്ങളില്‍ കൂടുതലും പ്രതിഫലിക്കുന്നത്. കേരളത്തെപ്പറ്റി ആദ്യമെഴുതിയ അറബിക്കച്ചവടക്കാരന്‍ സുലൈമാനാണ് (എ.ഡി. 815). കൊല്ലത്തെപ്പറ്റിയാണ് ഇദ്ദേഹം കൂടുതലായും രേഖപ്പെടുത്തക്കാണുന്നത്. ഇബ്ന്‍ ഖുര്‍ദാദ്ബി (എ.ഡി. 844-848), ഇബ്നുല്‍ ഫക്കി (902), ഇബ്ന്റസ്റ്റ (903), അബുസെയ്ദ് (915), മസൂദി (945-955) എന്നിവരാണ് സുലൈമാനുശേഷം കേരളം സന്ദര്‍ശിച്ച്, കേരളത്തെക്കുറിച്ച് എഴുതിയ അറബിസഞ്ചാരികളില്‍ പ്രധാനികള്‍. മധ്യകാലഘട്ടത്തില്‍ കേരളം സന്ദര്‍ശിച്ച പ്രമുഖ അറബിസഞ്ചാരിയാണ് അല്‍ബിറൂനി (973-1048). ഇദ്ദേഹത്തിനുശേഷം കേരളം സന്ദര്‍ശിച്ചവരില്‍ പ്രധാനികള്‍ ഇദ്രിസി (1154), യാഖൂത് (1189-1229) എന്നിവരാകുന്നു. ഇവര്‍ പ്രധാനമായും കേരളത്തിന്റെ തീരദേശത്തെക്കുറിച്ചും അവിടത്തെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചുമാണ് കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്.

വടക്കേ മലബാറിലെ കോലത്തുനാടിന്റെ അന്നത്തെ അവസ്ഥയെപ്പറ്റി എഴുതിയ അറബിസഞ്ചാരിയാണ് റഷീദുദ്ദീന്‍ (1247-81). ഇന്ത്യയെക്കുറിച്ച് അക്കാലത്ത് ലഭ്യമായ വിവരണങ്ങള്‍ ക്രോഡീകരിച്ച ഭൂമിശാസ്ത്രകാരനായ അല്‍കസ്വിനി (1263-75) അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ കൊല്ലത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മലബാറിനെപ്പറ്റി എഴുതിയിട്ടുള്ള മറ്റു രണ്ടു ലേഖകന്മാരാണ് ദിമിഷ്കി (1325), അബുല്‍ഫിദ (1273-1331) എന്നിവര്‍. 13-ഉം 14-ഉം ശതകങ്ങളിലെ കേരളത്തെക്കുറിച്ച് അറിയാന്‍ ഇവരുടെ വിവരങ്ങള്‍ സഹായകമാണ്. ഇബ്ന്‍ബത്തൂത്ത (1342-47)യും കേരളത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അറബികള്‍ക്കു പിന്നാലെ കേരളം സന്ദര്‍ശിച്ച യൂറോപ്യന്‍ സഞ്ചാരികള്‍ എഴുതിയിട്ടുള്ള യാത്രാവിവരണക്കുറിപ്പുകള്‍ 14-ാം ശ. മുതല്‍ക്കുള്ള കേരളത്തെ സംബന്ധിച്ചുള്ള വിലപ്പെട്ട അറിവുകള്‍ പ്രദാനം ചെയ്യുന്നുണ്ട്.

ഭൂവിജ്ഞാനീയം

ഭൂപ്രകൃതി

ഭൂമിശാസ്ത്രപരമായി കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് ലക്ഷദ്വീപു കടലിനും മധ്യേ 38,863 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന താരതമ്യേന വീതികുറഞ്ഞ മേഖലയാണ് കേരളം. തീരദേശദൈര്‍ഘ്യം: 560 കി.മീ. സങ്കീര്‍ണമായ നിരവധി ഭൂവിജ്ഞാനീയ പ്രക്രിയകളിലൂടെ രൂപംകൊണ്ട വിവിധങ്ങളായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. കടന്നുപോന്ന ഭൂവിജ്ഞാനീയ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ശിലാസമൂഹങ്ങള്‍ അവയുടേതായ തുടര്‍ച്ചയില്‍ കാണപ്പെടുന്നില്ല എന്നതില്‍ നിന്നും കേരളമേഖല ഒന്നിടവിട്ടുള്ള കാലഘട്ടങ്ങളില്‍ അപരദനത്തിനും അവസാദനിക്ഷേപണത്തിനും ആവര്‍ത്തിച്ചു വിധേയമായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഭൂമിശാസ്ത്രജ്ഞന്മാരുടെ വിവക്ഷയനുസരിച്ച് കേരളത്തില്‍ മൂന്നു പ്രകൃതി വിഭാഗങ്ങളാണുള്ളത്: (i) സമുദ്രനിരപ്പില്‍ നിന്ന് 76 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനാട്; (ii) 7.6 മുതല്‍ 76 മീ. വരെ ഉയരത്തിലുള്ള ഇടനാട്; (iii) സമുദ്രനിരപ്പില്‍ നിന്ന് 7.6 മീ. വരെ ഉയരത്തിലുള്ള തീരപ്രദേശം. കേരളമേഖലയെ ഒട്ടാകെ 44 നദീതടങ്ങളായി വിഭജിക്കാവുന്നതാണ്. ഈ രീതിയിലുള്ള സമീപനം വികസന പ്രവര്‍ത്തനങ്ങള്‍ക്കും അവയുടെ ആയോജനത്തിനും തികച്ചും അനുയോജ്യവുമാണ്; എന്നിരിക്കിലും ഭൂപ്രകൃതി അടിസ്ഥാനമാക്കിയുള്ള വിഭജനമാണ് കൂടുതല്‍ സൌകര്യപ്രദം. ഭൂനിരപ്പിന്റെ തോതനുസരിച്ച് കേരളമേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററിനു മേല്‍ ഉയരത്തിലുള്ള ഉന്നത പ്രദേശം അഥവാ മലനാട്; (ii) 300 മുതല്‍ 600 വരെ മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇടനാട്; (iv) 30 മുതല്‍ 300 വരെ മീ. ഉയരത്തിലുള്ള താഴ്വാരങ്ങള്‍; (iv) കായലുകളും മണല്‍ത്തിട്ടകളും നിറഞ്ഞ താണനിലങ്ങള്‍-തീരസമതലം.

മേല്പറഞ്ഞ ഭൂപ്രകൃതിവിഭാഗങ്ങള്‍ വിസ്തീര്‍ണത്തില്‍ തികച്ചും അസന്തുലിതമാണ്. കേരളക്കരയിലെ 24,000-ത്തിലേറെ ച. കി. മീ. സ്ഥലങ്ങള്‍ക്ക് 300 മീറ്ററില്‍ താഴെ ഉയരമേയുള്ളൂ. പശ്ചിമഘട്ടത്തിന്റെ ശാഖകളായി പടിഞ്ഞാറോട്ടു വ്യാപിക്കുന്ന കുന്നിന്‍ നിരകള്‍ ദീര്‍ഘകാലത്തെ അപരദനത്തിനു വിധേയമായി ഭൂരിഭാഗവും കാര്‍ന്നെടുക്കപ്പെടുകയും ഉയരംകുറഞ്ഞ മൊട്ടക്കുന്നുകളായി അവശേഷിക്കുകയും ചെയ്യുന്നതിനാലാണ് ഭൂനിരപ്പിലെ സമവിന്യാസം നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കുവാന്‍ ന്യായം കാണുന്നു. ഇമ്മാതിരി കുന്നിന്‍നിരകള്‍ സമുദ്രതീരം വരെ തുടര്‍ന്നുകാണുന്നത് അപൂര്‍വമല്ല.

മലനാട്

കേരളത്തില്‍ ഏറ്റവും പ്രാമുഖ്യം വഹിക്കുന്ന ഭൂപ്രകൃതി വിഭാഗമാണ് ഇത്. തെക്കേ ഇന്ത്യയിലെ പ്രമുഖ പര്‍വതനിരയായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമാണ് കേരളത്തിന്റെ കിഴക്കരികിലായി തുടര്‍ന്നുകാണുന്നത്. താപ്തിനദി മുതല്‍ തെക്കോട്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തിലെ മലകളും കൊടുമുടികളും ഒരു നെടുങ്കോട്ടപോലെ ഒന്നിനൊന്നു ബന്ധപ്പെട്ടു സ്ഥിതിചെയ്യുന്നവയാണ്. ഇവയില്‍ പൂര്‍വാഭിമുഖമായി ചാപാകാരത്തില്‍ രൂപംകൊണ്ടിട്ടുള്ള നീലഗിരി, ആനമല, പഴനിമല എന്നീ ഗിരിനിരകളുടെയും താരതമ്യേന ഉയരംകുറഞ്ഞ വര്‍ഷനാട്-ആണ്ടിപ്പട്ടി നിരകളുടെയും ഭാഗങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗമായ ആനമുടി (2695 മീ.) കേരളത്തിനുള്ളിലാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത്, കടല്‍ത്തീരത്തു നിന്ന് 12 കി. മീ. കിഴക്കായി കാണുന്ന മലനിരകള്‍ കോഴിക്കോടിനു കിഴക്കുള്ള വാവല്‍മലവരേക്കും തടരേഖയ്ക്ക് ഏതാണ്ടു സമാന്തരമായി തുടരുന്നു. വാവല്‍മലയില്‍ നിന്ന് കിഴക്കോട്ടു തിരിയുന്ന ഗിരിനിരകള്‍ പിന്നീട് അല്പം വടക്കോട്ടും തുടര്‍ന്നു ചാപാകാരമായി തെക്കോട്ടും നീളുന്നു. പാലക്കാട്ടു പാതയ്ക്കു വടക്കുള്ള വടമലയില്‍ ഈ തുടര്‍ച്ച അവസാനിക്കുന്നു. പാലക്കാട്ടു പാതയ്ക്കു തെക്കുള്ള തെന്മലയും വടമലയെപ്പോലെ ചെങ്കുത്തായി ഉയര്‍ന്നുകാണുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള മലനിരകള്‍ ആനമലപ്രദേശത്ത് ഏറ്റവും ഉയരത്തിലെത്തുന്നു. ആനമലയ്ക്കു തെക്കുള്ള ഹൈറേഞ്ച് പ്രദേശത്തും ഉയരം കൂടിയ കൊടുമുടികളാണുള്ളത്. ഏതാണ്ട് ഒരു ആംഫിതിയെറ്ററിന്റെ ആകൃതി കൈക്കൊള്ളുന്ന ഈ മേഖലയിലെ ഗിരിശൃംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും വിവിധ മാതൃകയിലുള്ള പര്‍വതനിരകള്‍ക്ക് രൂപം നല്‍കുന്നു. ഓരോ കൊടുമുടിയും തൂക്കായി എഴുന്നു നില്‍ക്കുന്നവയാണ്. ഇവയ്ക്കിടയില്‍ അഗാധങ്ങളായ താഴ്വരകളും കാണാം. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ നിരന്ന പ്രതലത്തിന്മേല്‍ അങ്ങിങ്ങായി കുമ്പിളുകള്‍ കൂട്ടിവച്ചതുപോലുള്ള ഒരു ഭൂദൃശ്യമാണ് ഈ മേഖല പ്രദര്‍ശിപ്പിക്കുന്നത്. 2,000 മീറ്ററിലേറെ ഉയരമുള്ള 14 കൊടുമുടികള്‍ ഹൈറേഞ്ചിലുണ്ട്. ഇവയില്‍ ആനമുടി ഇന്ത്യയില്‍ ഹിമാലയം ഒഴിച്ചുള്ള ഭാഗത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ്. ഭൂപ്രകൃതിയനുസരിച്ച് ഹൈറേഞ്ചിനെ ഏതാനും മലനിരകളും അവയ്ക്കിടയ്ക്ക് തലങ്ങും വിലങ്ങുമായുള്ള താഴ്വരകളും ഒറ്റപ്പെട്ട ചെറിയ ഉന്നത തടങ്ങളുമായി വിഭജിക്കാം.

പാലക്കാട്ടുപാത ഒഴിവാക്കിയാല്‍ പശ്ചിമഘട്ടത്തിലെ മലനിരകള്‍ അവിച്ഛിന്നമെന്നു തോന്നുംവണ്ണം വിന്യസിക്കപ്പെട്ടുകാണുന്നു. ഏതാണ്ട് 30 കി.മീ. വീതിയില്‍ കിഴക്കുപടിഞ്ഞാറായി 80 കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന പാലക്കാട്ടു താഴ്വാരമാണ് പശ്ചിമഘട്ടത്തിനു കുറുകെയുള്ള ഏറ്റവും പ്രധാന മലമ്പാത. കേരള മേഖലയെ കിഴക്കു തമിഴ്നാടു പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഇരുപുറവും 1,100 മീ. മുതല്‍ 2,000 മീ. വരെ ഉയരമുള്ള തൂക്കായി എഴുന്ന മലകളാണുള്ളത്. താഴ്വാരത്തിന്റെ ഉയരം സമുദ്രനിരപ്പില്‍നിന്ന് 20 മുതല്‍ 100 വരെ മീറ്ററാണ്. പശ്ചിമ പര്‍വതത്തിലെ മറ്റൊരു മുഖ്യപാത ആര്യങ്കാവിലാണ്; ഈ താഴ്വാരത്തിലൂടെയാണ് കൊല്ലം-ചെങ്കോട്ട റെയില്‍പ്പാതയും ചെങ്കോട്ടയിലേക്കുള്ള പ്രധാനറോഡും കടന്നുപോകുന്നത്; റെയില്‍പ്പാത 1.2 കി. മീ. നീളമുള്ള ഒന്നുള്‍പ്പെടെ ഏതാനും തുരങ്കങ്ങള്‍ കടന്നാണ് മറുപുറത്തെത്തുന്നത്.

മേല്പറഞ്ഞവയ്ക്കിടയ്ക്കായി കേരളത്തെയും തമിഴ്നാടിനെയും കൂട്ടിയിണക്കുന്ന മറ്റു ചില പാതകളും ഉണ്ട്. ഇവ മിക്കവാറും ഇടുങ്ങിയവയാണ്. കുമിളിയില്‍ നിന്ന് കിഴക്കോട്ട് കമ്പം വഴി മലയിറങ്ങുന്നതാണ് ആദ്യത്തെ പാത. അതിന് അല്പം വടക്കായി കമ്പംമേട്ടിലുള്ള രണ്ടാമത്തെ പാത ഉടുമ്പന്‍ചോല പ്രദേശത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു. ഏലമലയുടെ താഴ്വരയിലൂടെ തേവാരത്തേക്കു പോകുന്ന പാത വളരെ ഇടുങ്ങിയതാണ്; പ്രായേണ ദുര്‍ഗമവും. ഇതിനു വടക്കുള്ള മൂന്നാര്‍-ബോഡിനായ്ക്കന്നൂര്‍ പാത പ്രാചീന കാലം മുതല്ക്കേ സുപ്രധാനമായ ഒരു വാണിജ്യമാര്‍ഗമാണ്.

നീലഗിരിമലകള്‍ക്കു തെക്ക് 900-950 മീ. ഉയരത്തില്‍ തുടങ്ങി കിഴക്കോട്ടും വടക്കുകിഴക്കോട്ടും ചാഞ്ഞിറങ്ങുന്ന വയനാടു പീഠഭൂമി ദക്ഷിണേന്ത്യയിലെ ഏറ്റവും വ്യാപ്തിയേറിയ ഭൂരൂപമാണ്. വടക്ക് മൈസൂര്‍ പീഠഭൂമിയില്‍ ലയിക്കുന്ന വയനാടിന്റെ പടിഞ്ഞാറതിരില്‍ ചെങ്കുത്തായ ചുരങ്ങളാണുള്ളത്. ഹൈപ്പര്‍-ഗ്രാനുലൈറ്റ് (hyper granulite) ശിലാപടലങ്ങളുടെ ആധിക്യം കണക്കിലെടുക്കുമ്പോള്‍ വയനാടു പീഠഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വളരെ താഴ്ചയില്‍ നിന്ന് ഘട്ടംഘട്ടമായി ഉയര്‍ത്തപ്പെട്ട് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി അനുമാനിക്കേണ്ടിവരുന്നു (രാധാകൃഷ്ണ, 1968). മധ്യ-മയോസീന്‍ കാലത്ത് പശ്ചിമപര്‍വതങ്ങളുടെ പടിഞ്ഞാറായി അനുഭവപ്പെട്ട ഭൂഭ്രംശ (കൃഷ്ണന്‍, 1961)വും വയനാടിന്റെ ഇന്നത്തെ അവസ്ഥിതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടാവണം. ഇന്നത്തെ പ്രസ്പഷ്ടങ്ങളായ ഭൂരൂപങ്ങളില്‍ പലതും മുന്‍കാല പ്രതലത്തിന് അപരദനഫലമായുണ്ടായ രൂപവ്യത്യാസത്തിന്റെ പരിണാമങ്ങളാണെന്നു കരുതപ്പെടുന്നു; പന്തലൂരിലെ മാഗ്നട്ടൈറ്റ്-ക്വാര്‍ട്ട്സൈറ്റ് കുന്നുകള്‍, കല്‍പ്പറ്റയിലും തൊവരിമലയിലും ധാരാളമായുള്ള കുംഭകാകാര ഗ്രാനൈറ്റ് ഖണ്ഡങ്ങള്‍ എന്നിവ മേല്പറഞ്ഞപ്രകാരം ഉരുത്തിരിഞ്ഞവയാണ് (പാര്‍ഥസാരഥി-വൈദ്യനാഥന്‍, 1974).

പശ്ചിമപര്‍വതനിരയുടെ ഒരു ശാഖ തൊടുപുഴ താലൂക്കിലൂടെ പടിഞ്ഞാറ് ആലുവ വരെ നീണ്ടുകിടക്കുന്നു. നിമ്നോന്നതമായ കുന്നിന്‍പ്രദേശം പടിഞ്ഞാറോട്ടു ചെല്ലുന്തോറും പടിപടിയായി താഴുന്ന ഉന്നത തടങ്ങളായി മാറുന്നു. ഇവയ്ക്കു കുറുകെ തലങ്ങും വിലങ്ങുമായി നീളുന്ന താഴ്വാരങ്ങളും ഉണ്ട്. ഇവ ഉദ്ദേശം 300 മീ. ഉയരത്തോളം എത്തുമ്പോള്‍ ഇടനാടിന്റെ സവിശേഷതയായ അവശിഷ്ടക്കുന്നുകളായി രൂപാന്തരപ്പെടുന്നു. തൊടുപുഴ താലൂക്ക് മൊത്തത്തില്‍ 300 മീറ്ററിലേറെ ഉയരത്തിലാണ്; 900 മീറ്ററിലേറെ ഉയരമുള്ള കുന്നുകള്‍ ഇവിടെ ധാരാളമുണ്ട്. പടിഞ്ഞാറോട്ടു വരുന്തോറും കുന്നുകളുടെ ചായ്വ് ക്രമേണ കുറഞ്ഞുവരുന്നു.

കുന്നുകള്‍ കാര്‍ന്നെടുക്കപ്പെട്ട് നിരന്നപ്രതലങ്ങള്‍ രൂപംകൊള്ളുന്ന തലീകരണപ്രക്രിയ (planation process) വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കപ്പെട്ട അവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. നീലഗിരി തടത്തിനോടനുബന്ധിച്ച് കേരളത്തില്‍ വയനാടുതടം (900-950 മീ.), മലബാര്‍തടം (75 മീ.) എന്നിങ്ങനെ രണ്ടു തലങ്ങള്‍ ഭൂരൂപപ്രക്രിയക(geomorphic process)ളിലൂടെ രൂപംകൊണ്ടിട്ടുള്ളതായി പാര്‍ഥസാരഥി, വൈദ്യനാഥന്‍ എന്നിവര്‍ (1974) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡെമന്‍ഗോട്ട് (1975) സൂചിപ്പിക്കുന്നത് മറ്റു രണ്ടു തലങ്ങളാണ്: (i) 350 മീ. ഉയരത്തില്‍ നിന്ന് പാലക്കാട്ടു പാതയിലെപ്പോലെ ക്രമേണ ചാഞ്ഞിറങ്ങുന്ന ആദ്യത്തെ തലം; ഈ തലത്തിനുമുകളില്‍ സാമാന്യമായ കനത്തില്‍ ചെങ്കല്ല് മൂടിക്കാണുന്നു; (ii) 75 മീ. ഉയരത്തില്‍നിന്ന് സമുദ്രനിരപ്പുവരെയുള്ള തീരസമതലം. ഇവ രണ്ടുംതന്നെ പടിഞ്ഞാറോട്ടു ചായ്വുള്ളവയാണ്. തിരുജ്ഞാനസംബന്ധം (1976) മധ്യകേരളത്തില്‍ നടത്തിയ പഠനങ്ങളിലൂടെ അഞ്ചു തലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്; 550 മീ. മുതല്‍ 1500-1700 മീ. വരെ ഉയരങ്ങള്‍ക്കിടയിലാണ് ഇവ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. മൂര്‍ത്തിയും സഹപ്രവര്‍ത്തകരും (1976) 1,500 മീ., 600-900 മീ., 300-390 മീ., 150-210 മീ., 60-120 മീ. എന്നീ ഉയരങ്ങളില്‍ അഞ്ച് തലങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാട്ടി; പക്ഷേ ഈ തലങ്ങള്‍ കേരളമേഖലയിലൊട്ടാകെ വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇവര്‍ക്കു സന്ദേഹമുണ്ട്; എന്നാല്‍ കിട്ടിയ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ ഭൂരൂപപ്രക്രിയയുടെ ഫലമായി വിന്യസിക്കപ്പെട്ട ഈ തലങ്ങളോരോന്നും പടിഞ്ഞാറോട്ടു ചാഞ്ഞിറങ്ങുന്നവയും വിജാഗിരികൊണ്ടു ബന്ധിപ്പിക്കപ്പെട്ടതുപോലെ ഒന്നിനൊന്നു സംബന്ധപ്പെട്ടവയുമാണ്. ഇവ കൂട്ടുചേരുന്ന സമ്മിശ്രമേഖല തടരേഖയ്ക്കു തൊട്ടടുത്തുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് കേരളതീരം ആവര്‍ത്തിച്ചുള്ള പ്രോത്ഥാന (uplift) ങ്ങള്‍ക്കു വഴിപ്പെട്ടിട്ടുണ്ടാവുമെന്നും ഘട്ടംഘട്ടമായുള്ള ഈ പ്രക്രിയകള്‍ക്ക് ഇടയ്ക്കുള്ള കാലയളവില്‍ തീവ്രമായ അപരദനത്തിലൂടെ ഗണ്യമായി ശോഷിപ്പിക്കപ്പെട്ടിട്ടുണ്ടാവുമെന്നും അനുമാനിക്കപ്പെടുന്നു.

നീണ്ട മലനിരകളും ചെങ്കുത്തായ പര്‍വതങ്ങളും സ്തൂപാകാരങ്ങളായ കൊടുമുടികളും നിറഞ്ഞ് നിമ്നോന്നതവും സങ്കീര്‍ണവുമായ ഒരു ഭൂപ്രകൃതിയാണ് പശ്ചിമഘട്ടം. പര്‍വതങ്ങളും ഗിരിശൃംഗങ്ങളും അഗാധങ്ങളായ താഴ്വരകളാല്‍ വേര്‍തിരിക്കപ്പെട്ട് പരസ്പരബന്ധമില്ലാതെ എഴുന്നുകാണുന്നു. മലകളുടെ ഉയരം പടിഞ്ഞാറോട്ടു വരുന്തോറും ക്രമേണ കുറഞ്ഞുവരുന്നു. ഇവയ്ക്കിടയിലായി കാണുന്ന വീതികുറഞ്ഞ ഉന്നതതടങ്ങള്‍ മലകള്‍ അപരദനത്തിലൂടെ ശോഷിപ്പിക്കപ്പെട്ടതിന്റെ ഫലമായി നിക്ഷിപ്തമായ അവസാദങ്ങള്‍ അട്ടിയിട്ടു രൂപംകൊണ്ടവയായി കരുതാം.

ഇടനാട്

പശ്ചിമഘട്ടത്തിലെ പ്രധാന നിരയില്‍നിന്നു വേര്‍പെട്ട് പടിഞ്ഞാറോട്ടു നീളുന്ന ശാഖകള്‍ കേരളമേഖലയിലുടനീളം അവസ്ഥിതമാണ്. ഇവയില്‍ മിക്കവയും ക്രമേണ ഉയരംകുറഞ്ഞ് മൊട്ടക്കുന്നുകളായി പരിണമിച്ചിട്ടാണെങ്കില്‍പ്പോലും കടല്‍ത്തീരം വരെ സംക്രമിച്ചുകാണുന്നു; സാമാന്യം ഉയരമുള്ള കുന്നുകളായി കടലിലേക്കു കടന്നുകയറി സ്ഥിതിചെയ്യുന്ന അവസ്ഥയും വിരളമല്ല. കല്ലടയാറിനു തെക്കുഭാഗത്ത് മലനിരകളുടെ പടിഞ്ഞാറോട്ടുള്ള ചായ് വ് ക്രമമുള്ളതും ഏറക്കുറെ ഏകതാനവുമാണ്. തത്ഫലമായി പടിഞ്ഞാറോട്ടു ചെല്ലുന്തോറും കുന്നുകളുടെ ഉയരം പടിപടിയായി കുറഞ്ഞുവരുന്നു. തെക്കു വടക്കായി സാമാന്യം നീളത്തില്‍ രൂപംകൊണ്ടിട്ടുള്ള ഈ കുന്നിന്‍നിരകള്‍ക്കിടയ്ക്ക് വിസ്തൃതങ്ങളായ താഴ്വരകളുണ്ട്; കുന്നുകളുടെ ഉയരം കുറയുന്നതിനൊപ്പം ഈ താഴ്വരകളുടെ വ്യാപ്തി വര്‍ധിച്ചുകാണുകയും ചെയ്യുന്നു. കല്ലടയാറിനു വടക്ക്, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖല തുടങ്ങി വടക്കോട്ട്, പാലക്കാട്ടുപാത ഒഴിച്ചുള്ള ഭാഗങ്ങളില്‍, പ്രധാന നിരയില്‍നിന്നു ചെങ്കുത്തായ മലകളും അവയ്ക്കിടയിലെ അഗാധ താഴ്വാരങ്ങളും ഉള്‍ക്കൊണ്ട് പടിഞ്ഞാറോട്ടു നീളുന്ന ശാഖകള്‍, ക്രമേണ ഉയരം കുറഞ്ഞ് മൊട്ടക്കുന്നുകളും ചരിവുതലങ്ങളും തുടര്‍ന്നുള്ള തടപ്രദേശങ്ങളുമായി പരിണമിക്കുന്നു. പടിഞ്ഞാറരികില്‍ തീരസമതലവുമായി സന്ധിക്കുന്നിടത്ത് തൂക്കായ ചരിവുകള്‍ സാധാരണമാണ്. കിഴക്കരികിലുള്ള പര്‍വതങ്ങളില്‍ ഉദ്ഭവിച്ചൊഴുകുന്ന നദികള്‍ വളഞ്ഞുപുളഞ്ഞൊഴുകി, ഗതിമാര്‍ഗങ്ങള്‍ക്കിരുപുറവുമായി വീതി കുറഞ്ഞ താഴ്വരകള്‍ സൃഷ്ടിച്ചിരിക്കുന്നു. 300 മുതല്‍ 600 വരെ മീ. ഉയരങ്ങളിലുള്ള ഈ നിമ്നോന്നത മേഖലയാണ് ഇടനാട് എന്നു വ്യവഹരിക്കപ്പെടുന്നത്. ഈ മേഖലയുടെ പ്രധാന സവിശേഷത, ഉടനീളം ചെങ്കല്ല് പടലങ്ങളാല്‍ ഇത് മൂടപ്പെട്ടുകാണുന്നു എന്നതാണ്.

താഴ്വാരമേഖല

30 മുതല്‍ 300 വരെ മീ. ഉയരങ്ങളിലുള്ള താഴ്വാരങ്ങള്‍ പൊതുവേ നദീജന്യതലങ്ങള്‍ (peneplanes) ആണ്. ഈ പ്രദേശത്തെ കീറിമുറിച്ചൊഴുകുന്ന ധാരാളം നദികളുണ്ട്. ജലോഢസമതലങ്ങള്‍ (flood planes), അവശിഷ്ടവേദികള്‍ (rock cut terraces), നദീയനിക്ഷേപങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന നിരന്ന പ്രദേശങ്ങള്‍ (fill terraces) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഭൂരൂപങ്ങള്‍. ശരാശരി ചായവ് ഉത്തരകേരളത്തില്‍ 6° ആണ്; തെക്കോട്ടു പോകുന്തോറും ക്രമേണ വര്‍ധിച്ച് ദക്ഷിണകേരളത്തില്‍ 10° വരെ ഏറുന്നു. കേരളത്തിലെ നദികള്‍ ഇപ്പോള്‍ ഒഴുകുന്നത് മേല്പറഞ്ഞ നദീജന്യതലത്തിന്റെ പൊതു ചായവിനു ലംബമായ ദിശയിലാണ് എന്നത് ശ്രദ്ധേയമാണ്.

തീരസമതലം

സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 4 മുതല്‍ 6 വരെ മീ. ഉയരത്തിലുള്ള വിശാലമായ സമതലമാണ് കേരളത്തിലേത്. ഇന്നത്തെ തടരേഖയ്ക്കു സമാന്തരമായി ചെറുതും വലുതുമായ മണല്‍ത്തിട്ടുകള്‍ തീരസമതലത്തിലെമ്പാടും കാണാം. ഈ മണല്‍ത്തിട്ടുകള്‍ക്കിടയിലുള്ള ഗര്‍ത്തങ്ങള്‍ കായലുകളും ചതുപ്പുകളുമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ശരാശരി 10 കി. മീ. ഉള്ളിലോട്ടു വ്യാപിച്ചുകിടക്കുന്ന തീരസമതലം കേരളത്തിന്റെ മധ്യഭാഗത്താണ് ഏറ്റവും കൂടിയ വീതിയില്‍ കാണപ്പെടുന്നത്. ഇവിടെ തടരേഖയ്ക്ക് 18 കി. മീ. ഉള്ളിലോളം സമുദ്രജന്യമായ മണല്‍ത്തിട്ടുകള്‍ കാണാം. തീരസമതലത്തിലെ മറ്റൊരു സവിശേഷ ഭൂരൂപം തടരേഖയ്ക്ക് ഏതാണ്ട് ലംബമായി സ്ഥിതിചെയ്യുന്ന പാറക്കെട്ടുകളാണ്. ഇവയില്‍ മിക്കവയും കടലിനുള്ളിലേക്ക് തുടര്‍ന്നുകാണുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാനും മീ. മാത്രം എഴുന്നുനില്‍ക്കുന്ന ഈ പാറക്കെട്ടുകള്‍ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്നത് സാധാര ണമാണ്. ഈ പാറക്കെട്ടുകള്‍ കരയിലേക്കു പോകുന്തോറും ഉയരം കൂടി ചെങ്കല്ല് ആവരണമുള്ള കുന്നുകളായി പരിണമിക്കുന്നതും വിരളമല്ല. മേല്പറഞ്ഞയിനം തിട്ടുകളെ ഒഴിവാക്കിയാല്‍ തീരസമതലം വിസ്തൃതമായ ഒരു മണല്‍പ്പുറമാണ്. ഭൂപ്രകൃതിയിലെ ഏകതാനതയ്ക്കു ഭംഗം വരുത്തുന്നത് കായലുകളും അവയോടനുബന്ധിച്ചുള്ള നീര്‍ച്ചാലുകളും മാത്രമാണ്. കായലുകളുടെയും ചതുപ്പുകളുടെയും അടിത്തറകളില്‍ മറ്റുള്ളിടത്തെപ്പോലെ മണല്‍ അട്ടിയിട്ടിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാം. കടല്‍ത്തീരത്തു സമാന്തരമായി നെടുനീളത്തില്‍ രൂപംകൊണ്ടിട്ടുള്ള മണല്‍ത്തിട്ടുകള്‍ക്ക് ഇടയിലുള്ള താണനിലങ്ങള്‍ എക്കല്‍മണ്ണിന്റെ നേരിയ പടലങ്ങളാല്‍ മൂടിയിരിക്കുന്നു; ഇവ സമുദ്ര-നിക്ഷേപങ്ങളുമായി ഇടകലര്‍ന്നാണ് കാണപ്പെടുന്നത്. കേരളത്തിലെ നദികളില്‍ മിക്കവയും കായലുകളില്‍ പതിച്ചശേഷമാണ് സമുദ്രത്തിലെത്തിച്ചേരുന്നത്.

ഭൂവല്ക്കശിലകളുടെ പഠനങ്ങള്‍ക്കായി നിലംതുരന്ന് പരിശോധിച്ചതില്‍ തീരസമതലത്തിലെ ഏറ്റവും മുകളിലുള്ള മണ്ണട്ടികള്‍ കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇവയ്ക്കിടയില്‍ മണല്‍, കളിമണ്ണ് എന്നിവയുടെ അടരുകളും ഏറ്റവും താഴെ ടെര്‍ഷ്യറി (tertiary) യുഗത്തിലെ അവസാദനിക്ഷേപങ്ങളുമാണുള്ളത്. വിവിധ തുരപ്പുകളില്‍ നിന്നു ശേഖരിക്കപ്പെട്ട മാതൃകകളിലോരോന്നും വൈക്കം സ്തരങ്ങള്‍, കൊല്ലം സ്തരങ്ങള്‍, വര്‍ക്കല സ്തരങ്ങള്‍, ഹോളോസീന്‍ സ്തരങ്ങള്‍ എന്നിങ്ങനെ താഴെ നിന്നു മുകളിലേക്ക് അനുക്രമമായി അടുക്കപ്പെട്ടിട്ടുള്ളതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. ഇവയില്‍ ഏറ്റവും താഴത്തെ വൈക്കം സ്തരങ്ങള്‍ നദീജന്യ നിക്ഷേപങ്ങളാണ്; ആദ്യകാല ചരിവുതലങ്ങളിലും താഴ്വാരങ്ങളിലും രൂപംകൊണ്ട എക്കലട്ടികളാണ് ഇവ. വൈക്കം സ്തരങ്ങള്‍ക്ക് മുകളിലായുള്ള കൊല്ലം സ്തരങ്ങള്‍ സമുദ്രനിക്ഷേപങ്ങളാണെന്നതിനു വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്നു. വ്യാപകമായ കടലാക്രമണത്തിന്റെയും തുടര്‍ന്നുള്ള പിന്‍വാങ്ങലിന്റെയും സൂചനകളാണ് ഇവ നല്‍കുന്നത്. ഈ കാലഘട്ടത്തില്‍ കടല്‍ ഇന്നത്തെ തടരേഖയ്ക്ക് ഏറെ പടിഞ്ഞാറേക്കു പിന്‍വാങ്ങിയിരുന്നുവെന്നും കടലൊഴിഞ്ഞ ഭാഗത്ത് വര്‍ക്കല സ്തരങ്ങള്‍ നിക്ഷേപിക്കപ്പെട്ടുവെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഉത്തരമയോസീന്‍ യുഗത്തില്‍ ആഗോളവ്യാപകമായി കടല്‍ പിന്‍വാങ്ങിയ കാലഘട്ടത്തിലായിരിക്കണം വര്‍ക്കല സ്തരങ്ങള്‍ നിക്ഷേപിക്കപ്പെട്ടത് എന്നു കരുതാനും ന്യായം കാണുന്നു. ഈ കാലഘട്ടത്തില്‍ സമുദ്രത്തിലെ ജലവിതാനം നിലവിലുണ്ടായിരുന്നതില്‍ നിന്ന് 36 മീറ്ററോളം താണ് ഇന്നത്തെ നിരപ്പില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവണമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. മുമ്പ് 30,000 മുതല്‍ 25,000 വരെ വര്‍ഷങ്ങള്‍ക്കിടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ പ്രക്രിയ നടന്നത്. ഹോളോസീന്‍ (Holocene) കാലഘട്ടത്തില്‍ കടല്‍ നിര്‍ണായകമായി കടന്നുകയറുകയും സാവധാനം പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ടാവണം. ഈ പ്രക്രിയകളുടെ ആവര്‍ത്തനം ക്രമേണ തീവ്രത കുറഞ്ഞും കാലയളവിലുള്ള അന്തരം വര്‍ധിച്ചും സംഭവിച്ചിരിക്കാം. അവയുടെ പര്യവസാനത്തോടെ താരതമ്യേന സ്ഥായിയായ ഇന്നത്തെ സ്ഥിതിയില്‍ ഇത് എത്തിച്ചേര്‍ന്നിരിക്കുന്നു. തീരസമതലത്തെ ഇന്നത്തെ നിലയില്‍ ക്രമീകരിച്ചതില്‍ മേല്പറഞ്ഞ പ്രക്രിയകളോടൊപ്പം കേരളക്കരയിലെ നദികള്‍ക്കും നിര്‍ണായകമായ പങ്കുണ്ടായിരുന്നു. ഇന്നത്തേതില്‍നിന്നു വളരെ കൂടിയ തോതില്‍ മഴ ലഭിച്ചിരുന്ന സാഹചര്യത്തില്‍, ഭൂപ്രകൃതിയിലെ നിമ്നോന്നതത്വത്താല്‍ ഉത്തേജിപ്പിക്കപ്പെട്ട് അളവറ്റ തോതില്‍ ശിലാദ്രവ്യങ്ങള്‍ അടര്‍ത്തി നീക്കുവാനും എക്കല്‍ നിക്ഷേപങ്ങളായി വിന്യസിപ്പിക്കുവാനും നദികള്‍ പ്രാപ്തങ്ങളായി. കേരളത്തിന്റെ തടരേഖ കാലാകാലങ്ങളില്‍ ഗണ്യമായ തോതില്‍ വ്യതിചലിച്ചിരുന്നു. ഇപ്പോള്‍ കടലാക്രമണ സാധ്യതയുള്ള ഒരു അവസ്ഥയിലുമാണ്. ഇന്നത്തെ നിലയില്‍ കേരളത്തിന്റെ കടല്‍ത്തീരത്തിന് മൊത്തം 560 കി.മീ. നീളമുണ്ട്. ഇതില്‍ കോഴിക്കോടു മുതല്‍ കൊല്ലം വരെയുള്ള ഭാഗം വളവും തിരിവുമില്ലാതെ ഒരേ ദിശയില്‍ കിടക്കുന്നു. മറ്റു ഭാഗങ്ങളില്‍ പലയിടത്തും ഉള്ളിലേക്കു വളഞ്ഞും കടലിലേക്ക് ഉന്തിയുമാണ് കാണപ്പെടുന്നത്.

പര്‍വതങ്ങള്‍

കേരളത്തിന്റെ വടക്കരികിലെ കൂര്‍ഗ് സാനുക്കള്‍ മുതല്‍ വയനാട് പീഠപ്രദേശം വരെയുള്ള മലകളുടെ ഉയരം 915 മീ. മുതല്‍ 1,525 മീ. വരെ വ്യതിചലിച്ചുകാണുന്നു. 1,825 മീറ്ററിലേറെ ഉയരമുള്ള ഒന്നുരണ്ടു ഗിരിശൃംഗങ്ങള്‍ ഈ ഭാഗത്തുണ്ട്. കിഴക്കരികിലെ നീലഗിരി-കുണ്ടാനിരകളുടെ ശരാശരി ഉയരം 1,825 മീ. ആണ്. നീലഗിരി മലകളുടെ ദക്ഷിണ പാര്‍ശ്വങ്ങളില്‍ ക്രമേണ പൊക്കം കുറയുന്ന മലനിരകള്‍ പിന്നെയും ഔന്നത്യം പ്രാപിച്ച് പാലക്കാട്ടുപാതയ്ക്കു തൊട്ടുവടക്കുള്ള വടമലയിലെത്തുന്നു. പാതയുടെ ഇരുപുറവും തൂക്കായ മലഞ്ചരിവുകള്‍ കാണാം. തെക്കുഭാഗത്തുള്ള തെന്മല, ആനമലയുടെ തുടര്‍ച്ചയാണെന്നു പറയാം. 1,225 മീ. മുതല്‍ 1,525 മീ. വരെ ഉയരത്തിലുളള മലനിരകളാണ് തെന്മല-ആനമല ശ്രേണിയിലുള്ളത്. ഇവയ്ക്കു പടിഞ്ഞാറ് ഏറെ ദൂരത്തോളം ഒന്നിനുതൊട്ടൊന്നായോ ഒറ്റയ്ക്കോ സ്ഥിതിചെയ്യുന്ന മലകളും കുന്നുകളുമുണ്ട്; ഇവയൊക്കെത്തന്നെ താരതമ്യേന ഉയരം കുറഞ്ഞവയുമാണ്.

വയനാടു പീഠഭൂമിയില്‍നിന്ന് പൊട്ടിമുളച്ചതുപോലെ എഴുന്നുകാണുന്ന പര്‍വതങ്ങളില്‍ എടുത്തുപറയേണ്ടവയാണ് ബാണാസുരമല (1,912 മീ.), ബ്രഹ്മഗിരി (1,608 മീ.) എന്നിവ. മാനന്തവാടിക്ക് 8 കി. മീ. വടക്ക് കോട്ടമതില്‍ പോലെ എഴുന്നുകാണുന്ന പര്‍വതമാണ് ബാണാസുരമല. ഇതിന്റെ വടക്കരികില്‍നിന്ന് 6 കി. മീ. വടക്കുമാറി ബ്രഹ്മഗിരി സ്ഥിതിചെയ്യുന്നു. ഇവയ്ക്കിടയിലുള്ള താഴ്വരയാണ് തിരുനെല്ലി. മേല്പറഞ്ഞ മലനിരകള്‍ക്കിടയിലുള്ള ചുരങ്ങള്‍ കേരളത്തെ കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന മലമ്പാതകള്‍ക്കു വഴിയൊരുക്കുന്നു. മാനന്തവാടി-മൈസൂര്‍ റോഡ് കടന്നുപോകുന്ന പെരിയഘാട്ട് പാതയാണ് ഇവയില്‍ പ്രമുഖം. പെരിയഘാട്ടിന്റെ മുഖത്തായി സ്ഥിതിചെയ്യുന്ന മൊറമ്പാറ കുന്നില്‍നിന്ന് പടിഞ്ഞാറു കടല്‍ത്തീരത്തോളമുള്ള പ്രദേശങ്ങളുടെ വിഹഗവീക്ഷണം സാധ്യമാണ്. വയനാടു പീഠഭൂമിയിലെ പര്‍വതസാനുക്കളില്‍ 1,225 മീ. മുതല്‍ 1,525 മീ. വരെ ഉയരങ്ങളില്‍ നിന്നു പടിഞ്ഞാ റോട്ടു ചാഞ്ഞിറങ്ങുന്ന നിബിഡവനങ്ങള്‍ കാണാം. കൊട്ടിയൂര്‍, കണ്ണോത്ത് എന്നീ സംരക്ഷിതവനങ്ങള്‍ ഇവയില്‍പ്പെടുന്നു. തലശ്ശേരി തീരത്തുനിന്നു 16 കി.മീ. അകലെവരെ എത്തിച്ചേര്‍ന്ന പശ്ചിമഘട്ടത്തിന്റെ ഒരു ശാഖയാണ് കനകമല. തലശ്ശേരി താലൂക്കില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പുരളിമല പഴശ്ശി രാജാവ് നയിച്ച ഐതിഹാസിക സമരവുമായി ബന്ധപ്പെട്ടതാണ്. കിഴക്കുപടിഞ്ഞാറ് ദിശയില്‍ ഏതാണ്ട് ഒരേ ക്രമത്തില്‍ നീളുന്ന ഒരു മലനിര (വേദല്‍മല) തളിപ്പറമ്പു താലൂക്കിലും ഉണ്ട്; ശരാശരി 1,371 മീ. ഉയരത്തില്‍ പുല്‍മേടുകള്‍ നിറഞ്ഞുകാണുന്ന വേദല്‍മലയുടെ പടിഞ്ഞാറരിക് തൂക്കായുള്ളതാണ്. കടലോരത്തുള്ള ഏഴിമല(260 മീ.)യും നാനാവിധത്തില്‍ പരിഗണനയര്‍ഹിക്കുന്നു.

ഏറനാടു താലൂക്കില്‍പ്പെട്ട വാവല്‍മല (2,339 മീ.) ആ ഭാഗത്തെ ഏറ്റവും ഉയരംകൂടിയ പര്‍വതമാണ്. പാലക്കാടു ജില്ലയിലെ നാനാഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന മലകളില്‍ എടുത്തുപറയാവുന്ന കൊടുമുടികള്‍ അനംഗിനാട് (2,386 മീ.), കരിമല (1,998 മീ.), പാദഗിരി (1,585 മീ.) എന്നിവയാണ്. തൃശൂര്‍ ജില്ലയിലെത്തുമ്പോള്‍ പശ്ചിമപര്‍വതങ്ങളുടെ ഉയരം 1,440 മീ. മുതല്‍ 330 മീ. വരെയായി കുറഞ്ഞുകാണുന്നു. പരസ്പരം കെട്ടുപിണഞ്ഞു സങ്കീര്‍ണമായ ഭൂപ്രകൃതി ഉളവാക്കുന്ന ഈ മലകള്‍ക്കിടയില്‍ സാമാന്യം വിസ്തൃതമായ ഉന്നത തടങ്ങളും രൂപംകൊണ്ടിരിക്കുന്നു. എറണാകുളം ജില്ലയിലേക്കു അതിക്രമിച്ചുകടക്കുന്ന ശാഖാനിരകളും 915 മീറ്ററിലേറെ ഉയരമില്ലാത്തവയാണ്. ഇവയില്‍ പ്രധാനപ്പെട്ടത് കടയത്തൂര്‍ കുന്നുകളാണ്.

കേരളാതിര്‍ത്തിക്കുള്ളില്‍ പശ്ചിമഘട്ടം ഏറ്റവും എഴുന്നുകാണുന്നത് ഇടുക്കി ജില്ലയിലാണ്. നന്നേ ഉയരം കൂടിയ അനേകം ഗിരിനിരകള്‍ ഈ ഭാഗത്തുണ്ട്. ആകൃതിയിലും പ്രകൃതിയിലും വൈവിധ്യം പുലര്‍ത്തുന്ന ഇവയോടനുബന്ധിച്ചുള്ള ഉന്നതതടങ്ങളും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്നു സ്ഥിതിചെയ്യുന്നു. 2,000 മീറ്ററിലേറെ ഉയരമുള്ള പീഠഭൂമികളും മലനിരകളും ഈ പ്രദേശത്തു സാധാരണമാണ്. ഇവയില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ പരിസരപ്രദേശങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു നില്‍ക്കുന്നതുപോലെ തൂക്കായി എഴുന്നുകാണുന്നു. ഇവയില്‍ ഏറ്റവും ഉയരം കൂടിയത് ആനമുടി ആണ്. 1,980 മീ. മുതല്‍ 2,700 മീ. വരെ ഉയരത്തിലുള്ള മറ്റേതാനും കൊടുമുടികളും ആനമുടിക്കു സമീപത്തായുണ്ട്. ഇവയും അവയുടെ പദതലമായ പീഠഭൂമിയും ഉള്‍പ്പെടുന്ന മേഖലയാണ് ഹൈറേഞ്ച്. പീഠപ്രദേശമായി വിവക്ഷിക്കപ്പെടുന്ന ഹൈറേഞ്ച് യഥാര്‍ഥത്തില്‍ ഉയരം കൂടിയ മലനിരകളും അവയ്ക്കിടയ്ക്കായുള്ള ചുരങ്ങളും പരസ്പരം ബന്ധപ്പെട്ട മലനിരകള്‍ക്കിടയ്ക്കായി രൂപംകൊണ്ടിട്ടുള്ള ഉന്നതതടങ്ങളും ഉള്‍ക്കൊണ്ട നിമ്നോന്നത പ്രദേശമാണ്. ഹൈറേഞ്ചില്‍പ്പെട്ട ദേവികുളം, ആനക്കൂട്, ഇരവിമല, പെരുമാള്‍മല, അഞ്ചനാട്, വട്ടുവട തുടങ്ങിയ ഉന്നതതടങ്ങള്‍ 915 മീ. മുതല്‍ 2,225 മീ. വരെ വിവിധ ഉയരങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ചിലെ ചില താഴ്വരകള്‍ക്കുപോലും സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്ററിലേറെ ഉയരമുണ്ട്.

ഹൈറേഞ്ചിന്റെ തെക്കരികിലുള്ള പീരുമേടുതടം കഴിഞ്ഞാല്‍ പശ്ചിമഘട്ടത്തിന്റെ ഉയരം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. തെക്കോട്ടുപോകുന്തോറും പൊതുവേ ഉയരത്തിനു കുറവുസംഭവിക്കുന്നു. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍പ്പെട്ട മലകളുടെ ശരാശരി ഉയരം 1,220 മീ. ആണ്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങള്‍ ശിവഗിരി(1,744 മീ.)യും മീന്‍മല(1,734 മീ.)യുമാണ്. കൊല്ലം ജില്ലയില്‍ ഏറ്റവും കൂടിയ ഉയരം മുതിരമല(1,041.5 മീ.)യ്ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം 300 മീ. ആയിക്കുറയുന്നു; എന്നിരിക്കിലും നെടുമങ്ങാടു താലൂക്കിലെ തെക്കരികിലുള്ള അഗസ്ത്യമുടിയുടെ ഉയരം 1,869 മീറ്ററും നെയ്യാറ്റിന്‍കര താലൂക്കിലെ മൂക്കുന്നിമലയുടെ ഉയരം 1,074 മീറ്ററും ആണ്. കിഴക്കന്‍ മലനിരകളുടെ തുടര്‍ച്ചയെന്നോണം പടിഞ്ഞാറേക്കു നീണ്ടുകാണുന്ന കുന്നിന്‍നിരകള്‍ ഏതാണ്ട് കടലോരത്തോളം എത്തുന്ന ഭൂദൃശ്യമാണ് ദക്ഷിണകേരളത്തിലുള്ളത്.

നദികള്‍

ഭൂപ്രകൃതിക്ക് അനുസൃതമായ അപവാഹക്രമമാണ് കേരളത്തിലുള്ളത്. പശ്ചിമഘട്ടം കേരളത്തിനും തമിഴ്നാടു സമതലത്തിനും ഇടയ്ക്കുള്ള ജലവിഭാജകമായി വര്‍ത്തിക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളാണുള്ളത്. ഇവയില്‍ മിക്കവയും പടിഞ്ഞാറന്‍ തീരത്തുള്ള കായലുകളിലൂടെ കടലില്‍ എത്തിച്ചേരുന്നവയാണ്. മലഞ്ചരിവുകളിലൂടെ ഒഴുകിയിറങ്ങി സമതലത്തിലെത്തി സാമാന്യം കുറഞ്ഞദൂരം പിന്നിട്ടശേഷം പതനം സംഭവിക്കുന്ന നദികളാണ് കേരളത്തിലുള്ളത്. തന്നിമിത്തം മലമ്പ്രദേശങ്ങളില്‍നിന്നു അവസാദങ്ങളും എക്കലും ഒഴുക്കി തീരസമതലത്തില്‍ നിക്ഷേപിക്കുന്നതാണ് ഈ നദികളുടെ പൊതുവായുള്ള ഗുണധര്‍മം.

കേരളത്തിലെ നദികളുടെ വിശ്ലേഷണം തെളിയിക്കുന്നത് പ്രവാഹമാര്‍ഗത്തിലെ രണ്ടിടങ്ങളില്‍ അവയിലോരോന്നിനും ഗതിവിച്ഛേദം സംഭവിക്കും എന്നതാണ്. നീര്‍ച്ചാലിന്റെ പൊതുവായുള്ള ചായ്വിനു പെട്ടെന്ന് ഏറ്റമുണ്ടാകുമ്പോഴാണ് ഒരു നദിക്ക് ഗതിവിച്ഛേദം അനുഭവപ്പെടുന്നത്. കേരളത്തിലെ നദികളില്‍ 500-800 മീ., 90-150 മീ. എന്നീ ഉയരങ്ങളിലാണ് നീര്‍ച്ചാലിനു പെട്ടെന്നു താഴ്ചയുണ്ടായിക്കാണുന്നത്. മലനാട്, ഇടനാട്, താഴ്വാരപ്രദേശം എന്നിവയ്ക്കിടയ്ക്കുള്ള അതിര്‍ത്തിമേഖലകളാണ് ഈ വിധത്തില്‍ സൂചിപ്പിക്കപ്പെടുന്നതെന്നു കരുതാന്‍ ന്യായമുണ്ട്. കേരളത്തിലെ മിക്ക നദികള്‍ക്കുമുള്ള ഒരു സവിശേഷത ഏറിയ ദൂരത്തോളം ഒരേ ദിശയില്‍ ഒഴുകുന്നുവെന്നതാണ്. വിവര്‍ത്തനിക (tectonics) പ്രക്രിയകളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വിള്ളലുകള്‍ നദീമാര്‍ഗങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്. കേരളത്തിലെ അപവാഹക്രമത്തിന്മേല്‍ സംരചനാപരമായുള്ള സ്വാധീനതയാണ് ഇത് വെളിപ്പെടുത്തുന്നത്. ഉന്നത തടങ്ങളിലെ അപവാഹക്രമം പരസ്പരവൈരുധ്യമുള്ളതാണ്. പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ തങ്ങളുടെ പ്രഭവസ്ഥാനത്തിന്റെ നേര്‍ക്കു തടപ്രദേശം വികസിപ്പിക്കുന്നതിലൂടെ സമീപസ്ഥങ്ങളായ ചെറുനദികളെ ആവാഹിച്ചു ലയിപ്പിച്ചിരിക്കുന്നുവെന്നാണ് ഇതില്‍നിന്ന് അനുമാനിക്കേണ്ടത്. ശിലാസ്തരങ്ങളുടെ സംരചനാക്രമത്തിന് അനുസൃതമായി പൊതുദിശയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ എക്കലും ചെങ്കല്ലും അട്ടിയിട്ടിരിക്കുന്ന താഴ്വാരങ്ങളിലെത്തുന്നതോടെ ഒഴുക്കു കുറഞ്ഞവയായിത്തീരുന്നു. നദികളുടെ ഗതിവേഗം കുറയുന്നതിനുള്ള ഒരു കാരണം ചായ്വു കുറഞ്ഞ ഭൂപ്രകൃതിയാണ്.

പൊതുവേ നോക്കുമ്പോള്‍ കേരളത്തിലെ നദികള്‍ക്ക് ഭ്രംശം, അപരൂപണക്ഷേത്രം (shear zone), അപരൂപ സന്ധി (shear fracture) എന്നീ സംരചനാ-ഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു അപവാഹക്രമമാണുള്ളത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ നീര്‍ച്ചാലുകളില്‍ പെട്ടെന്നുണ്ടായിക്കാണുന്ന താഴ്ച വിവര്‍ത്തനിക ബലങ്ങളുടെയും സമസ്ഥിതിക ചലനങ്ങളുടെയും ഫലമാണെന്നാണ് ഭൂവിജ്ഞാനികളുടെ നിഗമനം. കേരളത്തിലെ നദികളുടെ പരിണാമപരമായ വിശകലനം ഭൂഭൌതിക പഠനങ്ങളിലൂടെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

കേരളത്തിലെ നദികളെ പടിഞ്ഞാറോട്ടൊഴുകുന്നവയെന്നും കിഴക്കോട്ടൊഴുകുന്നവയെന്നും രണ്ടായി വിഭജിക്കാം.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍

വലുപ്പംകൊണ്ട് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള നദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ അഗണ്യങ്ങളാണെങ്കിലും വര്‍ഷാവര്‍ഷമുള്ള നീരൊഴുക്കിന്റെയും ശിലാംശങ്ങളുടെയും അളവു പരിഗണിക്കുമ്പോള്‍ കേരളത്തിലെ നദികള്‍ക്ക് സുപ്രധാനമായ സ്ഥാനം കല്പിക്കേണ്ടതുണ്ട്. ആവാഹക്ഷേത്രങ്ങളിലെ മഴക്കൂടുതലും ഗതിമാര്‍ഗങ്ങളില്‍ പൊതുവെയുള്ള ചായ്വുമാണ് ഈ നദികളെ ജലസമൃദ്ധമാക്കുന്നത്. പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ ഒട്ടുമുക്കാലും പശ്ചിമപര്‍വതത്തില്‍ നിന്ന് ഉദ്ഭവിക്കുന്നവയാണ്; ഈ നദികളൊക്കെത്തന്നെ നേരിട്ടോ കായലുകളിലൂടെയോ ലക്ഷദ്വീപു കടലില്‍ പതിക്കുന്നു. ഇവയില്‍ 10 നദികളുടെ ആവാഹക്ഷേത്രം ഭാഗികമായി അയല്‍സംസ്ഥാനങ്ങളിലാണ്. ഇവയോടൊപ്പംതന്നെ 15 കിലോമീറ്ററിലേറെ നീളമില്ലാത്തവയും എന്നാല്‍ വ്യതിരിക്തമായ ആവാഹക്ഷേത്രങ്ങളുള്ളവയുമായ ഏതാനും നദികളും പടിഞ്ഞാറോട്ടൊഴുകി ലക്ഷദ്വീപുകടലില്‍ നിപതിക്കുന്നുണ്ട്; കുമ്പള, കല്‍നാട്, ബേക്കല്‍, പൂരപ്പറമ്പ എന്നീ നദികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവയെ അടുത്തുള്ള പ്രധാന നദിയുമായി ചേര്‍ത്തു പരിഗണിക്കുകയാണു പതിവ്. കേരളത്തിലെ പ്രധാന നദികള്‍ ഇവയാണ്:

മഞ്ചേശ്വരംപുഴ. കര്‍ണാടക അതിര്‍ത്തിയിലുള്ള ബാലെപ്പൂണി കുന്നുകളില്‍ നിന്നു (സമുദ്രനിരപ്പിന് 60 മീ. ഉയരത്തില്‍) ഉദ്ഭവിക്കുന്ന ഈ നദി വോര്‍ക്കാഡി, പറവൂര്, ബഡജെ എന്നീ വില്ലേജുകളിലൂടെ ഒഴുകി മഞ്ചേശ്വരം പട്ടണത്തില്‍ പ്രവേശിച്ച് 16 കി.മീ. ദൂരം പിന്നിട്ടശേഷം ഉപ്പളക്കായലില്‍ ലയിക്കുന്നു. തടപ്രദേശത്തിന്റെ മൊത്തം വിസ്തീര്‍ണം 90 ച.കി.മീ. ആണ്.

ഉപ്പളപ്പുഴ. കര്‍ണാടക സംസ്ഥാനത്തിലെ വീരക്കംബാ കുന്നുകളില്‍ നിന്നാണ് ഉദ്ഭവം. സമുദ്രനിരപ്പില്‍ നിന്ന് 150 മീ. ഉയരത്തിലാണ് പ്രഭവസ്ഥാനം. 7 കി.മീ. തെക്കോട്ടും തുടര്‍ന്ന് 6 കി.മീ. കേരള അതിര്‍ത്തിയിലൂടെയും ഒഴുകിയശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് കേരളത്തില്‍ കടക്കുന്നു. ഈ നദി മീഞ്ച, കുളൂരു, ബേക്കൂരു, കോടിബയല്‍ എന്നീ വില്ലേജുകള്‍ കടന്നു ലക്ഷദ്വീപു കടലില്‍ പതിക്കുന്നു. ഉപ്പളപ്പുഴയുടെ മുഖം ഒരു കായലായി രൂപാന്തരപ്പെട്ടിരിക്കുന്നു. 50 കി.മീ. നീളമുള്ള ഈ നദിയുടെ മൊത്തം 250 ച.കി.മീ. വരുന്ന ആവാഹക്ഷേത്രത്തില്‍ 174 ച.കി.മീ. പ്രദേശവും കര്‍ണാടക സംസ്ഥാനത്തിലാണ്.

ഷിറിയപ്പുഴ. സമുദ്രനിരപ്പില്‍നിന്നും 230 മീ. ഉയരത്തില്‍ കര്‍ണാടകത്തിലെ ആനക്കുണ്ടി റിസര്‍വ് വനത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഷിറിയ 11 കി.മീ. പടിഞ്ഞാറോട്ടും തുടര്‍ന്ന് 6 കി.മീ. വടക്കോട്ടും ഒഴുകിയശേഷം കേരളാതിര്‍ത്തിയിലെത്തുന്നു. തുടര്‍ന്നുള്ള 30 കി. മീ. ദൂരം കേരളത്തിലൂടെ പടിഞ്ഞാറോട്ടൊഴുകിയശേഷം തെക്കുപടിഞ്ഞാറേക്കു തിരിഞ്ഞ് 8 കി.മീ. ഒഴുകുന്നു. പുത്തിഗെ, മൂഗു, അങ്ങാടി, മൊഗാരു, ബഡൂര്‍, മെയ് രേ, കുണ്ട്ള-മേര്‍ക്കാല, അരിക്കാടി, ഉജര്‍, ഉള്‍വാര്‍ എന്നീ വില്ലേജുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തുടര്‍ന്ന് കയ്യാര്‍, ഇച്ച് ലന്‍ കോഡ്, ഷിറിയ, ബൊംബ്രേന എന്നീ വില്ലേജുകളിലൂടെ പടിഞ്ഞാറോട്ടു പത്തു കിലോമീറ്ററും തെക്കു പടിഞ്ഞാറോട്ടു തിരിഞ്ഞ് മൂന്നു കിലോമീറ്ററും ഒഴുകിയശേഷം കുമ്പളക്കായലിലൂടെ ലക്ഷദ്വീപുകടലില്‍ ലയിക്കുന്നു. എടനാട്ടില്‍ ഉദ്ഭവിച്ചെത്തുന്ന കുമ്പളയാറും ഈ കായലില്‍ പതിക്കുന്നുണ്ട്. ഷിറിയയുടെ പ്രധാന പോഷക നദികളിലൊന്നായ പള്ളത്താഡ്കഹോലേയും കര്‍ണാടക സംസ്ഥാനത്തിനുള്ളില്‍ നിന്നാണ് ഒഴുകിയെത്തുന്നത്. ഇത് അങ്ങാടി മൊഗാരുവില്‍ വച്ച് ഇടതുപാര്‍ശ്വത്തില്‍ക്കൂടി പ്രധാന നദിയില്‍ ലയിക്കുന്നു. മറ്റു പോഷകനദികളായ കല്ലൂജെത്തോട്, കന്യാനത്തോട്, എരമട്ടിഹോലേ എന്നിവ വലത്തുനിന്നും വന്നുചേരുന്നവയാണ്. 67 കി. മീ. നീളമുള്ള ഷിറിയയുടെ തടപ്രദേശത്തിന് 587 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഇതില്‍ 297 ച.കി.മീ. കര്‍ണാടക സംസ്ഥാനത്തിലാണ്.

മൊഗ്രാല്‍പ്പുഴ. 34 കി. മീ. നീളമുള്ള മൊഗ്രാല്‍നദി പൂര്‍ണമായും സംസ്ഥാനത്തിനുള്ളിലൂടെയാണ് ഒഴുകുന്നത്. കാരാഡ്ക റിസര്‍വ് വനത്തിലെ കാണത്തൂര്‍ കുന്നില്‍നിന്ന് ഉദ്ഭവിച്ച് ബെട്ടിപ്പാഡി, മുളിയാര്‍, യേധീര്‍ എന്നിവിടങ്ങള്‍ കടന്ന് മധൂര്‍, പാട് ല വില്ലേജുകളിലെ സമതലപ്രദേശത്തിലൂടെ വളഞ്ഞുപുളഞ്ഞൊഴുകി ലക്ഷദ്വീപ് കടലില്‍ വീഴുന്നു. നദീമുഖത്തിലെ 5 കിലോമീറ്ററോളം ദൂരം കായലായി പരിണമിച്ചിരിക്കുന്നു. പതനസ്ഥാനത്തു നിന്ന് 20 കി.മീ. ഉള്ളിലോളം വേലിയേറ്റഫലമായി ഉപ്പുവെള്ളം കയറാറുണ്ട്. ആവാഹക്ഷേത്രത്തിന്റെ വിസ്തീര്‍ണം: 132 ച.കി.മീ.

ചന്ദ്രഗിരിപ്പുഴ. കേരളത്തിലെ പ്രമുഖ നദികളിലൊന്നായ ചന്ദ്രഗിരി കര്‍ണാടകത്തിലുള്‍പ്പെട്ട പട്ടിഘാട്ട് റിസര്‍വ് വനങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,220 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്നു. ചന്ദ്രഗിരിയുടെ മുഖ്യപോഷകനദിയായ പയസ്വിനിയുടെ ഉദ്ഭവവും പട്ടിഘാട്ടില്‍ നിന്നുതന്നെയാണ്. പതനസ്ഥാനത്തു നിന്നു 15 കി.മീ. അകലെവച്ച് പയസ്വിനിയുമായി യോജിക്കുന്നതോടെ ചന്ദ്രഗിരി സാമാന്യം വലിയ ഒരു ജലധാരയായി പരിണമിക്കുന്നു. 105 കി.മീ. നീളമുള്ള ഈ നദീവ്യൂഹത്തിന്റെ 1,406 ച.കി.മീ. വിസ്തൃതമായ ആവാഹക്ഷേത്രത്തിലെ 836 ചി.കി.മീ. പ്രദേശം കര്‍ണാടക സംസ്ഥാനത്തിനുള്ളിലാണ്. പയസ്വിനിയുമായിച്ചേരുന്ന സ്ഥാനത്തോളം വേലിയേറ്റം അനുഭവപ്പെടുന്നു. ആദ്യം വടക്കോട്ടും പിന്നെ തെക്കോട്ടുമായുള്ള നദീമാര്‍ഗത്തില്‍ എല്ലായിടത്തുംതന്നെ ജലനിരപ്പില്‍നിന്നു കഷ്ടിച്ച് ഉയര്‍ന്നുകാണുന്ന ചെറുതും വലുതുമായ തുരുത്തുകള്‍ രൂപംകൊണ്ടിരിക്കുന്നു. 'U' ആകൃതിയില്‍ കാസര്‍കോടുപട്ടണം ചുറ്റിയശേഷം കടലിലേക്കൊഴുകുന്ന ഈ നദിയുടെ പതനസ്ഥാനം ഒരു ചെറുതടാകമായി വികസിച്ചിരിക്കുന്നു. അഴിമുഖത്തിന്റെ സ്ഥാനം തെക്കോട്ടും വടക്കോട്ടും മാറുന്നതും സാധാരണമാണ്. നദീമുഖത്തെ കായല്‍ ഒരു ചെറുകിട മത്സ്യബന്ധന കേന്ദ്രമായി വികസിച്ചിട്ടുണ്ട്.

ചിത്താരിപ്പുഴ. ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കായുള്ള മൂന്നു ചെറു നദികളാണ് കല്‍നാട്, ബേക്കല്‍, ചിത്താരി എന്നിവ. ഭൂമിശാസ്ത്രപരമായി ഈ മൂന്നു പുഴകളുടെയും ആവാഹക്ഷേത്രങ്ങളെ കൂട്ടായി പരിഗണിക്കാവുന്നതാണ്. ചെട്ടിയാന്‍-ചാല്‍കുന്നിന്റെ (91 മീ.) പാര്‍ശ്വങ്ങളില്‍നിന്ന് ഒഴുകിയിറങ്ങി 10 കി. മീ. ദൂരം പിന്നിട്ടു കല്‍നാടുകായലിലൂടെ കടലിലെത്തുന്ന ചെറുനദിയാണ് കല്‍നാടുപുഴ. ഇതിന്റെ തടപ്രദേശത്തിന്റെ മൊത്തം വിസ്തീര്‍ണം 16 ച.കി.മീ. ആണ്. കന്നിയാട്ക, മലഡ്ക്ക എന്നീ കുന്നുകളുടെ പാര്‍ശ്വങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്ന രണ്ടു ചെറുനദികള്‍ ഒന്നുചേര്‍ന്നാണ് ബേക്കല്‍പ്പുഴയായിത്തീരുന്നത്. 75 മീ. ഉയരത്തിലാണു പ്രഭവമെങ്കിലും കേവലം 3 കി.മീ. പിന്നിടുമ്പോഴും നദീതടത്തിന്റെ ശരാശരി ഉയരം സമുദ്രനിരപ്പില്‍നിന്നു കേവലം 10 മീ. ആയി കുറയുന്ന സ്ഥിതിവിശേഷമാണ് ബേക്കല്‍ത്തടത്തിലുള്ളത്. 10 കി.മീ. മാത്രം നീളമുള്ള ബേക്കല്‍പ്പുഴയുടെ തടവിസ്തൃതി 32 ച.കി.മീ. ആണ്. നദീമുഖത്തുനിന്ന് 3 കി.മീ. ഉള്ളില്‍വരെ കടല്‍വെള്ളം കയറുന്നു. കല്‍നാട്, ബേക്കല്‍ എന്നീ നദികളുടെ പതനസ്ഥാനം മിക്ക മാസങ്ങളിലും പൂഴിമൂടിക്കിടക്കുന്നു; മഴക്കാലത്തു പൊഴിമുറിയുമ്പോഴാണു കടലുമായി നേരിട്ടു ബന്ധപ്പെടുന്നത്.

25 കി.മീ. നീളമുള്ള ചിത്താരിപ്പുഴ ചേരാമ്പ, തായേക്കുളം, പുള്ളൂര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ഏതാനും നീര്‍ച്ചാലുകള്‍ ഒത്തുചേര്‍ന്നുണ്ടാകുന്നതാണ്. 97 ച.കിമീ. വിസ്തീര്‍ണമുള്ള തടപ്രദേശമാണു ചിത്താരിക്കുള്ളത്. ചിത്താരിയുടെ പതനസ്ഥാനത്ത് സാമാന്യം വലിയ ഒരു കായല്‍ രൂപംകൊണ്ടിരിക്കുന്നു; നദീമാര്‍ഗത്തില്‍ 6 കി.മീ. ഉള്ളിലേക്ക് വേലിയേറ്റഫലമായി ഉപ്പുവെള്ളം കയറുന്നു.

നീലേശ്വരംപുഴ. ഹോസ്ദുര്‍ഗ് താലൂക്കിലെ കിണനൂരില്‍നിന്ന് ഒഴുകിയിറങ്ങുന്ന പള്ളിച്ചല്‍ത്തോട് പ്രഭവസ്ഥാനത്തുനിന്ന് 8 കി. മീ. ദൂരെ വച്ച് ആര്യങ്കന്‍ തോട്, ബൈഗോടഹോലെ എന്നിവയുമായി സംഗമിക്കുന്നതിലൂടെയാണ് നീലേശ്വരംപുഴ രൂപംകൊള്ളുന്നത്. മേല്പറഞ്ഞ നീര്‍ച്ചാലുകള്‍ സമുദ്രനിരപ്പില്‍ നിന്ന് 140-ലേറെ മീ. ഉയരത്തിലാണ് ഉദ്ഭവിക്കുന്നതെങ്കിലും അവയുടെ സംഗമസ്ഥാനം കേവലം 15 മീ. ഉയരത്തിലാണ്. 46 കി.മീ. നീളമുള്ള നീലേശ്വരംപുഴ നീലേശ്വരം പട്ടണത്തിനു തെക്കുപടിഞ്ഞാറുള്ള കോട്ടപ്പുറത്തുവച്ച് കാരിങ്കോടു നദിയുമായി ലയിക്കുന്നു. നദീമാര്‍ഗത്തില്‍ 11 കിലോമീറ്ററോളം വേലിയേറ്റങ്ങളുടെ പ്രഭാവം അനുഭവപ്പെടുന്നു. ലയനസ്ഥാനത്തോടടുത്ത് നദീമാര്‍ഗം വീതി കൂടി തുരുത്തുകള്‍ നിറഞ്ഞു കാണപ്പെടുന്നു. മുന്‍കാലത്ത് നീലേശ്വരംനദി സ്വതന്ത്രമായി കടലിലേക്കൊഴുകിയിരുന്നതായി കരുതുവാന്‍ ന്യായം കാണുന്നുണ്ട്.

കാരിങ്കോട്ടുപുഴ. കര്‍ണാടകത്തിലുള്‍പ്പെട്ട കൂര്‍ഗില്‍ 1,520 മീ. ഉയരമുള്ള പ്രദേശത്തുനിന്നും ഉദ്ഭവിക്കുന്ന ഈ നദി ആദ്യത്തെ 3 കി.മീ. ദൂരത്തിനുള്ളില്‍ പശ്ചിമഘട്ടത്തിന്റെ ചെങ്കുത്തായ ചരിവുകള്‍ താണ്ടി 460 മീ. ഉയരത്തില്‍ എത്തിച്ചേരുന്നു. മലഞ്ചരിവുകളിലൂടെ വീണ്ടും ഒഴുകി 250 മീ. ഉയരത്തിലെത്തുമ്പോഴേക്കും പ്രധാന പോഷകനദികളായ മണ്ടോര, പടിയന്‍മല എന്നിവയുമായി സംയോജിക്കുന്നു. പുളിങ്ങത്തു വച്ച് മുണ്ടോത്തുഹോലെ എന്ന മറ്റൊരു പോഷകനദിയുമായി ലയിക്കുമ്പോഴേക്കും നദീതടത്തിന്റെ ശരാശരി ഉയരം 36 മീ. ആയി കുറയുന്നു. പ്രധാനനദിയും പോഷകനദികളും തെക്കുപടിഞ്ഞാറേക്കാണ് ഒഴുകുന്നത്. നീലേശ്വരം പുഴയുമായി കൂടിച്ചേരുന്നതോടെ അനേകം കൈവഴികളായി പിരിയുന്നു. ഇവയൊക്കെത്തന്നെ തെക്ക് ഏഴിമലയോളം വ്യാപിച്ചു കിടക്കുന്ന കവ്വായിക്കായലിലേക്കാണ് ഒഴുകുന്നത്. ഈ കായലിനും കടലിനുമിടയ്ക്കുള്ള അഴിയുടെ ഇപ്പോഴത്തെ സ്ഥാനം തുരുത്തി എന്ന സ്ഥലത്തിനടുത്താണ്. ഇവിടം ഒരു മത്സ്യബന്ധന തുറമുഖമായി വികസിച്ചുവരുന്നു. 64 കി.മീ. നീളമുള്ള കാരിങ്കോട്ടു പുഴയുടെ 561 ച. കി.മീ. വരുന്ന തടപ്രദേശത്തിന്റെ 132 ച.കി.മീ. പ്രദേശം കര്‍ണാടകത്തിലാണ്.

കവ്വായിപ്പുഴ. സമുദ്രനിരപ്പില്‍നിന്ന് 385 മീ. ഉയരത്തില്‍ ചീമേനിക്കുന്നുകളില്‍നിന്ന് ഉദ്ഭവിച്ച് ആള്‍പ്പടമ്പ, വടശ്ശേരി എന്നിവിടങ്ങളിലൂടെ കവ്വായിക്കായലിലെത്തിച്ചേരുന്ന ചെറുനദിയാണ് ഇത്. ഉടമന്തയ്ക്കടുത്ത് കായലില്‍ പതിക്കുമ്പോഴേക്കും 31 കി.മീ. പിന്നിടുന്ന കവ്വായിപ്പുഴയുടെ തടപ്രദേശത്തിന് 143 ച.കി.മീ. വിസ്തീര്‍ണമുണ്ട്.

പെരുവമ്പപ്പുഴ. പശ്ചിമഘട്ട സാനുക്കളില്‍ 325 മീ. ഉയരത്തില്‍ ഉദ്ഭവിച്ച് പെരിങ്കോണി, കുട്ടൂര്‍, മാതമംഗലം, കുഞ്ഞിമംഗലം എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഏഴിമലയുടെ പുരോഭാഗത്ത് എത്തിച്ചേരുകയും തുടര്‍ന്നു രണ്ടായി പിരിഞ്ഞ് ഒരു ശാഖ കവ്വായിക്കായലിലേക്കും മറ്റേ ശാഖ കടലിലേക്ക് ഒഴുകി വീഴുകയും ചെയ്യുന്ന പെരുവമ്പയുടെ നീളം 51 കി.മീ. ആണ്. 300 ച.കി.മീ. തടവിസ്തൃതിയുള്ള ഈ നദിക്ക് അതിന്റെ ഉദ്ഭവസ്ഥാനമായ പേക്കുന്നില്‍നിന്നു തന്നെ പുറപ്പെട്ട് മാതമംഗലത്തുവച്ചു പ്രധാന നദിയില്‍ ലയിക്കുന്ന ഒരു പോഷകനദിയും ഉണ്ട്.

രാമപുരംപുഴ. പെരുവപ്പുഴയുടെ കടലിലേക്കൊഴുകുന്ന കൈവഴിയുമായി യോജിച്ച് ഏഴിമലയുടെ തെക്കുഭാഗത്തായി കടലില്‍ പതിക്കുന്ന ചെറുനദിയാണിത്. 19 കി.മീ. മാത്രം നീളമുള്ള രാമപുരത്താറ് സമുദ്രനിരപ്പില്‍നിന്ന് 57 മീ. ഉയരത്തില്‍ ഇരിങ്ങല്‍ കുന്നുകളില്‍ നിന്ന് ഉദ്ഭവിച്ച് പരിയാരം, കൊളപ്രത്തുവയല്‍, ചെറുതാഴം, മാടായി എന്നിവിടങ്ങള്‍ താണ്ടിയാണ് കടലിലെത്തുന്നത്. തടവിസ്തൃതി 52 ച. കി.മീ.

കുപ്പംപുഴ. പായങ്ങാടിപ്പുഴ എന്നുകൂടി പേരുള്ള ഈ നദി കര്‍ണാടകത്തിലെ കൂര്‍ഗ് ജില്ലയില്‍ പാടിനല്‍ക്കാടു റിസര്‍വ് വനങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്നു. പ്രഭവ സ്ഥാനം 1,630 മീ. ഉയരത്തിലാണ്. നദീതടത്തിന്റെ മൊത്തം 539 ച.കി.മീ. വിസ്തീര്‍ണത്തില്‍ 70 ച. കി.മീ. കര്‍ണാടക സംസ്ഥാനത്താണ്. പാക്കാട്ടുപുഴ, അലക്കൂട്ടത്തോട്, കുട്ടിലോലിപ്പുഴ, മുക്കൂട്ടുതോട്, ചിറിയത്തോട് എന്നിവ കുപ്പംപുഴയെ പോഷിപ്പിക്കുന്നു. ആദ്യഘട്ടങ്ങളില്‍ ചെങ്കുത്തായ ചരിവുകളിലൂടെ ഒഴുകിയിറങ്ങുന്ന ഈ നദി പ്രഭവ സ്ഥാനത്തു നിന്ന് 12 കി.മീ. അകലെ കേരളാതിര്‍ത്തിയിലെത്തുമ്പോഴേക്കും നദീതടത്തിന്റെ ശരാശരി ഉയരം 115 മീ. ആയി കുറയുന്നു. കുറേ തെക്കുമാറി ഒഴുകുന്ന വളപട്ടണം നദിക്ക് ഏറെക്കുറെ സമാന്തരമായി തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലൂടെ പ്രവഹിക്കുന്ന ഈ നദി പായങ്ങാടിയില്‍ വച്ച് പൊടുന്നനെ തെക്കോട്ടു തിരിഞ്ഞു കടലോരത്തിനു സമാന്തരമായി ഒഴുകുകയും പതനസ്ഥാനത്തുവച്ച് വളപട്ടണം പുഴയുമായി യോജിച്ച് കടലിലെത്തിച്ചേരുകയും ചെയ്യുന്നു. 82 കി.മീ. നീളമുള്ള കുപ്പംനദി മുന്‍കാലത്തു സ്വതന്ത്രമായി കടലിലേക്കൊഴുകിയിരുന്നുവെന്ന് അനുമാനിക്കുവാനുള്ള തെളിവുകളുണ്ട്. വളപട്ടണം-കുപ്പം നദികളുടെ പൊതുവായുള്ള അഴിമുഖം (അഴീക്കോട്) ഒരു ചെറുകിട മത്സ്യബന്ധനകേന്ദ്രമാണ്.

വളപട്ടണംപുഴ. കര്‍ണാടക സംസ്ഥാനത്തില്‍ ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന മറ്റൊരു നദിയാണ് വളപട്ടണംപുഴ. പ്രഭവസ്ഥാനമായ ബ്രഹ്മഗിരി റിസര്‍വ് വനങ്ങള്‍ 900-1,350 മീ. ഉയരത്തിലാണ്. നദീമാര്‍ഗത്തിലെ ആദ്യത്തെ 19 കി.മീ. കര്‍ണാടകത്തിനുള്ളിലാണ്. കേരളത്തിനുള്ളില്‍ ഇരിട്ടി, പെരുനന, ഇരിക്കൂര്‍, കല്ലിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലൂടെ 91 കി.മീ. ഒഴുകി കുപ്പംപുഴയുമായി യോജിച്ചു കടലില്‍ പതിക്കുന്നു. ശ്രീകണ്ഠപുരംപുഴ, വലിയപുഴ, വേണിപ്പുഴ, ആറളംപുഴ എന്നിവയാണ് പ്രധാന പോഷകനദികള്‍. വളപട്ടണം പുഴയുടെ തടപ്രദേശം ഏറിയകൂറും നിമ്നോന്നതമാണ്. താഴ്വാരങ്ങള്‍ ഫലഭൂയിഷ്ഠങ്ങളാണ്. മലബാര്‍ മേഖലയിലെ നദികളില്‍ ജലസമൃദ്ധിയില്‍ മുന്നിട്ടു നില്‍ക്കുന്നത് വളപട്ടണം പുഴയാണ്. നദീതടത്തിലെ മൊത്തമുള്ള 1,867 ച.കി.മീ. -ല്‍ 1,321 ച.കി.മീ. പ്രദേശം കേരളത്തില്‍പ്പെടുന്നു.

അഞ്ചരക്കണ്ടിപ്പുഴ. കണ്ണോത്തു റിസര്‍വ് വനങ്ങളില്‍ 600 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്ന അഞ്ചരക്കണ്ടിപ്പുഴ ആദ്യത്തെ 16 കി. മീ. നിബിഡവനങ്ങള്‍ നിറഞ്ഞ മലഞ്ചരിവുകളിലൂടെയാണ് ഒഴുകുന്നത്. എന്നാല്‍ കണ്ണാവം എന്ന സ്ഥലത്ത് എത്തുന്നതോടെ നദീമാര്‍ഗത്തിന്റെ ഉയരം സമുദ്രനിരപ്പില്‍നിന്ന് 90 മീ. മാത്രമായി കുറയുന്നു. കുന്തേരിപ്പൊയിലിനു സമീപം വച്ച് കാപ്പുതോട്, ഇരുമ്പത്തോട് എന്നീ ചെറുപുഴകളാല്‍ പോഷിപ്പിക്കപ്പെടുന്നു. തുടര്‍ന്ന് വളഞ്ഞുപുളഞ്ഞൊഴുകുന്ന അഞ്ചരക്കണ്ടി ഓരിക്കര എന്ന സ്ഥലത്തെത്തി രണ്ടായിപ്പിരിയുന്നു. ഇവയില്‍ ഒരെണ്ണം ആദ്യം തെക്കോട്ടും പിന്നെ പടിഞ്ഞാറോട്ടുമായി ഒഴുകി തലശ്ശേരിപ്പട്ടണത്തിനു 3 കി.മീ. വടക്കായി സമുദ്രത്തില്‍ പതിക്കുന്നു. നേര്‍ പടിഞ്ഞാറായി ഒഴുകുന്ന മറ്റേ ശാഖ ഇതിനു 2 കി.മീ. വടക്കുമാറി കടലില്‍ വീഴുന്നു. അഞ്ചരക്കണ്ടിയുടെ രണ്ടു കൈവഴികള്‍ക്കിടയ്ക്കു കിടക്കുന്ന ദ്വീപാണ് ധര്‍മടം. ഇതിനെ ചുറ്റി ഒഴുകുന്നതിനാല്‍ ആദ്യത്തെ ശാഖയെ ധര്‍മടംപുഴ എന്നു വിളിക്കുന്നു. 412 ച.കി.മീ. വരുന്ന അഞ്ചരക്കണ്ടിയുടെ തടപ്രദേശം ഒന്നാകെ സംസ്ഥാനത്തിനുള്ളിലാണ്. 48 കി.മീ. നീളമുള്ള അഞ്ചരക്കണ്ടിപ്പുഴയുടെ ഓരപ്രദേശം തോട്ടവിളകള്‍ക്കു പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു.

തലശ്ശേരിപ്പുഴ. പൊന്നായംപുഴ എന്ന പേരിലും അറിയപ്പെടുന്ന ഈ നദിയുടെ ഉദ്ഭവവും കണ്ണോത്തു റിസര്‍വ് വനങ്ങളില്‍ത്തന്നെയാണ്. 550 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്ന തലശ്ശേരിപ്പുഴയുടെ നീളം 28 കി.മീ. ആണ്.

132 ച.കി.മീ. വരുന്ന  തടപ്രദേശം ചെറുവാഞ്ചേരി, മുടിയാങ്ങ, പാട്യം, മൊകേരി, പന്തക്കാല്‍ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. പന്തക്കാലില്‍ വച്ച് നദി മയ്യഴി അതിര്‍ത്തിയിലൂടെ ഒഴുകുന്നുണ്ട്. നദീമുഖത്തുള്ള പുരാതനമായ കോട്ടയുടെ പേരില്‍ തലശ്ശേരിപ്പുഴയെ കൂടാളിപ്പുഴ എന്നും വിളിക്കാറുണ്ട്.

മയ്യഴിപ്പുഴ. വയനാടു ചുരങ്ങളില്‍ 910 മീ. ഉയരത്തില്‍ ഉദ്ഭവിച്ച് 54 കി.മീ. ഒഴുകി കടലില്‍ വീഴുന്ന ഈ നദിക്ക് എടുത്തുപറയാവുന്ന പോഷകനദികള്‍ ഒന്നും തന്നെയില്ല; എന്നാല്‍ നിരവധി ചെറുതോടുകളാല്‍ പോഷിപ്പിക്കപ്പെട്ട് കനത്ത ജലധാരയുമായാണ് കടലില്‍ എത്തുന്നത്. തലശ്ശേരിപ്പട്ടണത്തിന് 6 കി.മീ. തെക്ക് മയ്യഴിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ഈ നദിയുടെ 394 ച.കി.മീ. വരുന്ന തടപ്രദേശം ഫലഭൂയിഷ്ഠമായ കൃഷിനിലങ്ങളാണ്.

കുറ്റിയാടിപ്പുഴ. വയനാടന്‍ കുന്നുകളുടെ പശ്ചിമപ്രാന്തങ്ങളില്‍ 1,220 മീ. ഉയരത്തില്‍ നിന്നാണു കുറ്റിയാടിപ്പുഴ ഉദ്ഭവിക്കുന്നത്. വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നീ താലൂക്കുകളിലൂടെ ഒഴുകി വടകരപ്പട്ടണത്തിന് 7 കി.മീ. തെക്ക് കോട്ടയ്ക്കല്‍ വച്ചു കടലില്‍ പതിക്കുന്ന ഈ നദിക്ക് 74 കി.മീ. നീളമുണ്ട്. തടപ്രദേശത്തിന്റെ വിസ്തീര്‍ണം 583 ച.കി.മീ. ആണ്. കുറ്റിയാടി ജലസേചന പദ്ധതി ഈ നദിയിലാണ്. ഇതിനു മൂറാട്ടുപുഴ എന്നും പേരുണ്ട്. ഓണിപ്പുഴ, വണ്ണാത്തിപ്പുഴ, മടപ്പള്ളിപ്പുഴ എന്നിവയാണ് പ്രധാന പോഷകനദികള്‍. നദീമുഖത്തെ ചരിത്രപ്രസിദ്ധമായ കോട്ടയ്ക്കല്‍ കോട്ടയുടെ സ്ഥാനം പുരസ്കരിച്ച് ഈ നദിയെ കോട്ടപ്പുഴ എന്നും വിളിക്കാറുണ്ട്.

കോരപ്പുഴ. സമുദ്രനിരപ്പില്‍നിന്ന് 610 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അരിക്കന്‍ കുന്നില്‍നിന്ന് ഉദ്ഭവിച്ച് ഒഴുകുന്ന പണ്ണൂര്‍പ്പുഴയും ഒരു കായലെന്നു വിശേഷിപ്പിക്കാവുന്ന അഗലപ്പുഴ(വിവരണം അന്യത്ര)യുടെ ജലം ചോര്‍ത്തുന്ന നീര്‍ച്ചാലും ചേര്‍ന്നുണ്ടാകുന്ന പുഴയാണ് ഇത്. ഏലത്തൂരിനു സമീപം കടലില്‍ വീഴുന്ന ഈ പുഴയുടെ നീളം 40 കിലോമീറ്ററും തടവിസ്തൃതി 624 ച.കി.മീറ്ററും ആണ്.

കല്ലായിപ്പുഴ. ജനനിബിഡമായ അനേകം പ്രദേശങ്ങളിലൂടെ ഒഴുകി കോഴിക്കോടു നഗരത്തിനു തെക്ക് കല്ലായിയില്‍ കടലുമായി സംയോജിക്കുന്ന 22 കി.മീ നീളമുള്ള ചെറുനദിയാണ് ഇത്. പ്രഭവ സ്ഥാനമായ ചേരിക്കുളത്തൂര്‍ സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് 45 മീ. മാത്രം ഉയരമുള്ളതാണ്. ഈ നദീമുഖം മണല്‍ത്തിട്ടുകള്‍ മൂടി പൊഴിയായിത്തീര്‍ന്നിരിക്കുന്നു. കനത്ത വര്‍ഷമുണ്ടാകുമ്പോള്‍ മാത്രമേ പൊഴി മുറിയുന്നുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ നദീമുഖം ചതുപ്പുകള്‍ ചൂഴ്ന്ന കായലായി മാറിയിരിക്കുന്നു. ഒരു കാലത്ത് ഈ നദീമുഖത്തുള്ള കല്ലായിപ്പട്ടണം പ്രശസ്തിയാര്‍ജിച്ച തടിവില്പന കേന്ദ്രമായിരുന്നു. ഇപ്പോഴും തടിവില്പനയുടെയും തത്സംബന്ധമായ ചെറുകിട വ്യവസായങ്ങളുടെയും കേന്ദ്രമാണ് ഇവിടം. കല്ലായിക്കായലിന്റെ ഒരറ്റം തെക്ക് ബേപ്പൂര്‍പ്പുഴയുമായി തോടുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. ചാലിയാര്‍ (ബേപ്പൂര്‍പ്പുഴ). കേരളത്തിലെ പ്രമുഖ നദികളിലൊന്നാണ് ഇത്. തമിഴ്നാട്ടിലെ ഇളമ്പലേരിക്കുന്നുകളില്‍ 2,066 മീ. ഉയരത്തിലാണ് ഇതിന്റെ ഉദ്ഭവം. ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പന്‍പുഴ, വാടപ്പുറംപുഴ, ഇരിഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴ എന്നിവയാണ് മുഖ്യ പോഷകനദികള്‍. മൊത്തം 2,923 ച.കി.മീ. വരുന്ന തടപ്രദേശത്തില്‍ 388 ച.കി. മീ. തമിഴ്നാട് അതിര്‍ത്തിക്കുള്ളിലാണ്. ഫറൂക്ക് പട്ടണത്തിന്റെ പടിഞ്ഞാറരികില്‍വച്ച് കടലില്‍ വീഴുന്നു; മൊത്തം നീളം 169 കി.മീ. നദീമുഖം ചെറുകിട മത്സ്യബന്ധന കേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു.

ചാലിയാറിലൂടെ ഒഴുകുന്ന ജലത്തിലെ ഏറിയപങ്കും പര്‍വതമേഖല താണ്ടുന്നതിനു മുമ്പുതന്നെ സഞ്ചയിക്കപ്പെടുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഈ നദിയുടെ പ്രധാനപ്പെട്ട മൂന്ന് ഉപനദികള്‍ നിലമ്പൂരിന് ഏതാനും കി.മീ. മുകളില്‍വച്ച് ഒത്തുചേരുന്നു. ഇവയില്‍ കിഴക്കേ അറ്റത്തുള്ള കരിമ്പുഴ മുകൂര്‍ത്തി കൊടുമുടിയില്‍ നിന്ന് ഉദ്ഭവിച്ച് നീലഗിരി, മുകൂര്‍ത്തി എന്നീ പര്‍വതങ്ങള്‍ക്കും ഗുളിക്കല്‍ കുന്നുകള്‍ക്കും ഇടയ്ക്കുള്ള തരുനിബിഡമായ താഴ്വരയിലൂടെ ഒഴുകിയെത്തുന്നതാണ്. രണ്ടാമത്തെ ഉപനദിയായ പൊന്‍പുഴ ആദ്യഘട്ടങ്ങളില്‍ നീലഗിരി-വയനാട് ഉന്നത തടങ്ങളിലൂടെയാണ് ഒഴുകുന്നത്. ഔച്ചര്‍ലോണി, മരപ്പന്‍മാടി എന്നിവിടങ്ങള്‍ താണ്ടി കര്‍ക്കൂര്‍പാതയ്ക്കു സമീപം എത്തുന്നതിനകമുള്ള നദീമാര്‍ഗത്തില്‍ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങളുണ്ട്. പടിഞ്ഞാറേ അറ്റത്തുള്ള ഉപനദിയാണ് ചാലിയാര്‍. വയനാടു കുന്നുകളില്‍നിന്ന് കുത്തിയൊലിച്ച് ചാലാടുപാതയ്ക്കരികില്‍ ഒരു ജലപാതം സൃഷ്ടിച്ചശേഷം വാവല്‍മലയുടെ കിഴക്കേ അടിവാരത്തിലൂടെ ഒഴുകിനീങ്ങുന്ന ചാലിയാര്‍, മറ്റു രണ്ടു ഉപനദികളെയുംപോലെ നിരവധി നീര്‍ച്ചാലുകളെ ലയിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. നിലമ്പൂര്‍ താഴ്വരയിലെ വിശാലമായ തേക്കിന്‍കാടുകളില്‍ പരസ്പരം സന്ധിക്കുന്ന ഈ നദികളുടെ സംഗമസ്ഥാനത്ത് നേരിയതോതില്‍ സ്വര്‍ണനിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് മുന്‍കാലം മുതല്‍ തന്നെ അല്പമായ തോതില്‍ സ്വര്‍ണം ലഭിച്ചുവരുന്നു.

കടലുണ്ടിയാറ്. കരിമ്പുഴ, ഒറവന്‍പുഴ എന്നിങ്ങനെയും പേരുകളുള്ള കടലുണ്ടി ഓലിപ്പുഴ, വേളിയാര്‍ എന്നീ ചെറുനദികള്‍ സംഗമിച്ചുണ്ടാകുന്നതാണ്. ഇവയില്‍ ഓലിപ്പുഴയുടെ ഉദ്ഭവം സമുദ്രനിരപ്പിന് 1,160 മീ. ഉയരെ ചേരക്കൊമ്പന്‍മലയില്‍ നിന്നാണ്. വേളിയാര്‍ ഉദ്ഭവിക്കുന്ന ഇരട്ടക്കൊമ്പന്‍മലയുടെ ഉയരം 1,190 മീ. ആണ്. സൈലന്റ് വാലിയിലൂടെ കടന്ന് ഏറനാടു താലൂക്കില്‍ പ്രവേശിക്കുന്ന കടലുണ്ടി തുടര്‍ന്ന് വള്ളുവനാട്ടിലൂടെ ഒഴുകി ബേപ്പൂരിന് 5 കി.മീ. തെക്കായി കടലില്‍ ലയിക്കുന്നു. വളഞ്ഞുപുളഞ്ഞൊഴുകുന്ന ഈ നദിയുടെ മൊത്തം നീളം 130 കി.മീ. ആണ്. കടലുണ്ടിപ്പുഴയുടെ ഗതി കാലാകാലങ്ങളില്‍ മാറിയിരുന്നുവെന്നതിനു ധാരാളം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. നദീതടത്തിന്റെ മൊത്തം വിസ്തൃതി 1,099 ച.കി.മീ. ആണ്. തിരുവനന്തപുരത്തെ വടകരയുമായി ബന്ധിപ്പിക്കുന്ന ഒരു ജലമാര്‍ഗം പൂര്‍ത്തിയാക്കുന്നതിനുദ്ദേശിച്ച് 1857 മുതല്‍ പല ഘട്ടങ്ങളിലും കടലുണ്ടി നദിയെ ഭാരതപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. ഈ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനായി നിര്‍മിച്ച ഇടുങ്ങിയ തോട് ഇടവപ്പാതിക്കാലത്തുമാത്രം ചെറിയ വള്ളങ്ങള്‍ക്കു യാത്ര ചെയ്യാനാവുമെന്നതൊഴിച്ചാല്‍ ഗതാഗതയോഗ്യമല്ല.

കടലുണ്ടി തടത്തില്‍ത്തന്നെയുള്ള മറ്റൊരു ചെറുനദിയാണ് പൂരപ്പറമ്പ. 8 കി.മീ. നീളമുള്ള പൂരപ്പറമ്പയുടെ മാത്രം ആവാഹക്ഷേത്രം 23 ച.കി.മീ. വരും. കടലുണ്ടിയുടെ മൊത്തം തടവിസ്തീര്‍ണം 1,122 ച.കി.മീ. ആണ്.

തിരൂര്‍പ്പുഴ. 48 കി.മീ. നീളമുള്ള മറ്റൊരു ചെറുനദിയാണ് ഇത്. തിരൂര്‍ താലൂക്കിലെ ആതവനാട്ടില്‍ 86 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്ന ഈ നദി തിരുനാവായ വരെ തെക്കു പടിഞ്ഞാറു ദിശയിലൊഴുകിയ ശേഷം വടക്കു പടിഞ്ഞാറേക്ക് ഗതിമാറ്റുന്നു. തുടര്‍ന്ന് വീണ്ടും തെക്കുപടിഞ്ഞാറു ദിശ അവലംബിച്ച് ഭാരതപ്പുഴയില്‍, അതിന്റെ പതനസ്ഥാനത്തിനു തൊട്ടുമുമ്പ് ലയിക്കുന്നു. തിരൂര്‍പ്പട്ടണം ഉള്‍ക്കൊള്ളുന്ന തടപ്രദേശത്തിന് 117 ച.കി.മീ. വിസ്തീര്‍ണമുണ്ട്. പ്രഭവസ്ഥാനത്തിനടുത്ത് തിരൂര്‍പ്പുഴ വല്ലിലപ്പുഴ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭാരതപ്പുഴ. ദൈര്‍ഘ്യത്തിലും വലുപ്പത്തിലും കേരളത്തിലെ രണ്ടാമത്തെ നദിയാണ് ഇത്. നീളം 209 കി.മീ. ആനമലയില്‍ 1,964 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്നു. തുടക്കത്തില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലൂടെ ഒഴുകുന്ന ഈ നദി കേരളത്തിലേക്ക് കടന്ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളിലൂടെ ഒഴുകി പൊന്നാനിപ്പട്ടണത്തിനു വടക്കുഭാഗത്തുവച്ചു കടലില്‍ പതിക്കുന്നു. പ്രധാന പോഷകനദികള്‍ നാലെണ്ണമാണ്: ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂത്തുപ്പുഴ; ഇവയില്‍ കണ്ണാടിപ്പുഴയ്ക്കു ചിറ്റൂര്‍പ്പുഴ എന്നും പേരുണ്ട്.

ഗായത്രിപ്പുഴയും ആനമലയില്‍ നിന്നുതന്നെയാണ് ഉദ്ഭവിക്കുന്നത്. കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, കോണിയാഴി, പഴയന്നൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരില്‍ വച്ചു പ്രധാന നദിയുമായി സന്ധിക്കുന്നു. ഗായത്രിപ്പുഴയെ പോഷിപ്പിക്കുന്ന അഞ്ച് ഉപനദികളുണ്ട്; മംഗലം, അയലൂര്‍, വണ്ടാഴി, മീങ്കര,

ചുള്ളിയാര്‍. ഇവയില്‍ വണ്ടാഴി ഒഴിച്ചുള്ള നാലു നദികളിലും ജലസേചനം ഉദ്ദേശിച്ചുള്ള അണക്കെട്ടുകള്‍ നിര്‍മിച്ചിരിക്കുന്നു.

കണ്ണാടിപ്പുഴയുടെ ഉദ്ഭവവും ആനമലയില്‍ നിന്നാണ്. തത്തമംഗലം, ചിറ്റൂര്‍ എന്നിവിടങ്ങള്‍ കടന്നു പറളിയിലെത്തുമ്പോള്‍ ഭാരതപ്പുഴയില്‍ ലയിക്കുന്നു. കണ്ണാടിപ്പുഴയുടെ പ്രധാന പോഷകനദികള്‍ പാലാര്‍, അലിയാര്‍, ഉപ്പാര്‍ എന്നിവയാണ്. ഉപ്പാറിലാണ് ചിറ്റൂര്‍പ്പുഴ ജലസേചന പദ്ധതി. അലിയാറില്‍ തമിഴ്നാടു ഗവണ്‍മെന്റ് രണ്ടു ജലസംഭരണികള്‍ നിര്‍മിച്ചിട്ടുണ്ട്.

കല്‍പ്പാത്തിപ്പുഴ. കൊറയാര്‍, വരട്ടാര്‍, വാളയാര്‍, മലമ്പുഴ എന്നീ നാലു ചെറുനദികള്‍ സംയോജിച്ചുണ്ടാകുന്നതാണ് ഈ നദി. ഇവയില്‍ കൊറയാറും വരട്ടാറും ആനമലയില്‍ ഉദ്ഭവിക്കുന്നു. ഇവ ഒരുമിച്ചു ചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകി താമ്പാളത്തുവച്ചു വാളയാറുമായി യോജിക്കുന്നു. ഇവിടെ നിന്ന് 10 കി. മീ. താഴേക്കു ചെല്ലുമ്പോഴാണ് മലമ്പുഴയുടെ ലയനം. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി മലമ്പുഴയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ കൃത്രിമ ജലാശയങ്ങളില്‍ രണ്ടാം സ്ഥാനം വാളയാര്‍ റിസര്‍വോയറിനാണ്.

സൈലന്റ് വാലിയില്‍നിന്ന് ഉദ്ഭവിച്ച് വളഞ്ഞുപുളഞ്ഞൊഴുകി പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനു 2 കി. മീ. അകലെ വച്ച് ഭാരതപ്പുഴയുമായി കൂടിച്ചേരുന്ന തൂത്തുപ്പുഴയുടെ പ്രധാന പോഷകനദികള്‍ കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പന്‍കടവുപുഴ, തുപ്പനാട്ടുപുഴ എന്നിവയാണ്. കാഞ്ഞിരമുക്കുതോടും തൂത്തുപ്പുഴ വ്യൂഹത്തില്‍പ്പെടുന്നു.

സഹ്യപര്‍വത സാനുക്കളില്‍ തുടങ്ങി പതിനൊന്നു താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഭാരതപ്പുഴയുടെ തടപ്രദേശത്തിന് 4,400 ച.കി.മീ. വിസ്തീര്‍ണമുണ്ട്; മൊത്തം വിസ്തീര്‍ണം 6,186 ച. കി.മീ. ആണ്. പശ്ചിമഘട്ടത്തിന്റെ വാതാനുകൂല (wind ward) പാര്‍ശ്വങ്ങളില്‍ ആവാഹക്ഷേത്രത്തിന്റെ നേരിയ ഭാഗം മാത്രമേ വരുന്നുള്ളു എന്നതിനാല്‍ ജലസഞ്ചയനത്തില്‍ വലുതായ കുറവ് അനുഭവപ്പെടുന്നു. മഴക്കുറവുള്ള കാലങ്ങളില്‍ നദീമാര്‍ഗത്തിലെ ഏറിയ ഭാഗവും മണല്‍പ്പരപ്പുകളായി കാണപ്പെടുന്നതു സാധാരണമാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന നദി ഏറെ ദൂരത്തോളം ഗതാഗതയോഗ്യവുമാണ്. എല്ലാക്കാലത്തുംതന്നെ നദീമുഖം തുറന്നുകിടക്കുന്നു; അഴിക്കു കിഴക്കായി തിരൂര്‍പ്പുഴയുടെ ഒരു ഭാഗം ഉള്‍ക്കൊണ്ട് വടക്കോട്ടു നീളുന്ന ഒരു കായല്‍ രൂപംകൊണ്ടിരിക്കുന്നു; ഈ ജലാശയം തിരൂര്‍പ്പട്ടണത്തോളം എത്തുന്നുണ്ട്. അഴിമുഖത്തിന്റെ വലതുപാര്‍ശ്വത്തില്‍ നിന്നു തെക്കോട്ട് വെള്ളിയാങ്കോടു കായലിലൂടെ ചേറ്റുവായ്ക്കായലുവരെ നീളുന്ന ഒരു തോടു നിര്‍മിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന ജലമാര്‍ഗത്തിലെ ഒരു കണ്ണിയാണ് ഈ തോട്.

കീച്ചേരിപ്പുഴ. 365 മീ. ഉയരമുള്ള മാച്ചാടുമലയില്‍ നിന്ന് ഉദ്ഭവിച്ച് വടക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന കീച്ചേരിപ്പുഴ നെല്ലായിക്കടുത്തു വച്ച് പടിഞ്ഞാറേക്കു തിരിയുന്നു. ചൂണ്ടല്‍ എന്ന സ്ഥലത്തുവച്ച് ചൂണ്ടല്‍ തോടുമായി സന്ധിച്ചശേഷം തെക്കു പടിഞ്ഞാറു ദിശയില്‍ ഒഴുകുന്നു. മതുക്കരയില്‍ വച്ച് എനമാക്കല്‍ തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന കോള്‍ക്കനാലുമായി ചേരുന്നു. 51 കി.മീ. നീളമുള്ള കീച്ചേരിപ്പുഴ ചേറ്റുവായ്ക്കായലിലൂടെ കടലില്‍ പതിക്കുന്നു. വടക്കാഞ്ചേരിപ്പുഴ, ആലൂര്‍പ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്ന കീച്ചേരിപ്പുഴയുടെ തടവിസ്തൃതി 401 ച. കി.മീ. ആണ്.‌‌

പുഴയ്ക്കല്‍പ്പുഴ. കിള്ളാന്നൂരില്‍ നിന്ന് ഒഴുകിയെത്തുന്ന പാറത്തോട്, പൂമലത്തോട് എന്നീ നീര്‍ച്ചാലുകള്‍ മണലിത്തറക്കുന്നുകളില്‍ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന നടുത്തോടുമായി ലയിച്ചുണ്ടാകുന്ന ചെറുനദിയാണ് പുഴയ്ക്കല്‍. മുടികൊട്ടിയില്‍ നിന്നെത്തുന്ന കട്ടച്ചിറത്തോടും പുഴയ്ക്കല്‍പ്പുഴയെ പോഷിപ്പിക്കുന്നു. തൃശൂര്‍ പട്ടണത്തിന്റെ വടക്കരികിലൂടെ നീങ്ങി കോള്‍നിലങ്ങളോടനുബന്ധിച്ചുള്ള ചതുപ്പുകളില്‍ ലയിക്കുന്ന പുഴയ്ക്കലിന്റെ നീളം 29 കി.മീ. ആണ്. ഇതിന്റെ തടത്തിന് 234 ച.കി.മീ. വിസ്തീര്‍ണമുണ്ട്.

കരുവണ്ണൂര്‍പ്പുഴ. പശ്ചിമഘട്ടത്തില്‍നിന്നു പുറപ്പെടുന്ന 48 കി. മീ. നീളമുള്ള ഒരു നദിയാണിത്. മണലി, കരുമാലി എന്നീ പുഴകള്‍ കരുവണ്ണൂര്‍പ്പുഴയുടെ പോഷക നദികളാണ്. ഇവയില്‍ കരുമാലി 1,100 മീ. ഉയരമുള്ള പൂമലയില്‍ ഉദ്ഭവിക്കുന്ന ചീമോണി, മൂപ്ളി എന്നീ ചെറുനദികള്‍ സംഗമിച്ചുണ്ടാകുന്നതാണ്. പിള്ളത്തോട് എന്ന മറ്റൊരു നീര്‍ച്ചാലും കരുമാലിയെ പോഷിപ്പിക്കുന്നതായുണ്ട്. വാണിയംപാറക്കുന്നു(365 മീ.)കളില്‍ നിന്നെത്തുന്ന മണലിയുമായി ആറാട്ടുപുഴയ്ക്കടുത്തു പാലക്കടവില്‍ വച്ച് കരുമാലി യോജിക്കുന്നതോടെ കരുവണ്ണൂര്‍പ്പുഴ ഉണ്ടാകുന്നു. തെക്കു പടിഞ്ഞാറ് ദിശയില്‍ പനങ്കുളം വരെ ഒഴുകുന്ന കരുവണ്ണൂര്‍പ്പുഴ തുടര്‍ന്ന് പടിഞ്ഞാറോട്ടു തിരിയുകയും രണ്ടായിപ്പിരിഞ്ഞ് വടക്കേ കൈവഴി ചേറ്റുവായ്കായലിലും തെക്കോട്ടുള്ളത് പെരിയാറിലുമായി ലയിക്കുകയും ചെയ്യുന്നു. തടവിസ്തൃതി 1,054 ച. കി. മീ.

ചാലക്കുടിയാറ്. ആനമലയില്‍നിന്നു പുറപ്പെടുന്ന പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാര്‍, കരപ്പാറ, ആനക്കയം എന്നീ അഞ്ചു പുഴകള്‍ ഒന്നുചേര്‍ന്നാണ് ചാലക്കുടിയാറായിത്തീരുന്നത്. ഇവയൊക്കെത്തന്നെ 400 മീറ്ററിലേറെ ഉയരങ്ങളില്‍ ഉദ്ഭവിക്കുന്നവയാണ്. പറമ്പിക്കുളവും ഷോളയാറും തുടക്കത്തില്‍ തമിഴ്നാടു പ്രദേശത്തുകൂടി ഒഴുകുന്നതിനാല്‍ ചാലക്കുടിയാറ് ഒരു ഉഭയസംസ്ഥാന നദിയായി പരിഗണിക്കപ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ നദീമാര്‍ഗം നിബിഡവനങ്ങളിലൂടെയാണ് സമതലത്തില്‍ എത്തുന്നതുവരെ ഒഴുകുന്നത്. നദീമാര്‍ഗം വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞതാണ്. പുത്തന്‍വേലിക്കര എന്ന സ്ഥലത്തുവച്ച് പെരിയാറിന്റെ വലത്തേക്കൈവഴിയുമായി സന്ധിക്കുന്നതിനാല്‍ ചാലക്കുടിയാറിനെ പെരിയാറിന്റെ പോഷകനദിയായി വ്യവഹരിക്കാറുണ്ട്. 130 കി.മീ. നീളവും 1,440 ച.കി.മീ. തടവിസ്തൃതിയുമുള്ള നദി ചാലക്കുടിപ്പട്ടണത്തെ സ്പര്‍ശിക്കുന്നതിനാലാണ് ഈ പേരു വന്നിട്ടുള്ളത്. ചാലക്കുടി തടത്തിലെ 300 ച.കി.മീ. പ്രദേശം തമിഴ്നാട്ടിനുള്ളിലാണ്.

പെരിയാറ്. കേരളത്തിലെ ഏറ്റവും ജലസമൃദ്ധിയുള്ളതും നീളം കൂടിയതുമായ നദിയാണ് പെരിയാര്‍. വൈദ്യുതിയുടെ ഉത്പാദനത്തിനുള്ള സാധ്യതകളിലും പെരിയാറിന് ഒന്നാം സ്ഥാനമാണുള്ളത്. ശിവഗിരിമല (1,830 മീ.) യില്‍ നിന്ന് ഒലിച്ചിറങ്ങുന്ന അനേകം നീര്‍ച്ചാ ലുകള്‍ ഒന്നുചേര്‍ന്നാണ് പെരിയാറിനു രൂപം നല്‍കുന്നത്. പ്രഭവസ്ഥാനത്തു നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ വടക്കോട്ടു ഗമിക്കുന്ന ഈ നദി പല ചെറുനദികളാലും പോഷിപ്പിക്കപ്പെടുന്നു. 48 കി.മീ. ഗതിക്കുശേഷം മുല്ലയാറുമായി സംയോജിക്കുമ്പോള്‍ നദീതടത്തിന്റെ ശരാശരി ഉയരം 854 മീ. ആയി കുറയുന്നു. അടുത്ത 16 കി.മീ. താണ്ടുന്നതിനുള്ളില്‍ പല ചെറുനദികളെയും ലയിപ്പിക്കുന്നു. മുല്ലയാറുമായുള്ള സംഗമസ്ഥാനത്തിന് 11 കി.മീ. താഴെ പെരിയാര്‍ നന്നേ ഇടുങ്ങിയ ഒരു ചുരത്തിലൂടെ കടന്നുപോകുന്നു; ചുരംവിട്ട് വെളിയിലെത്തുന്നതോടെ ഗതി വടക്കു പടിഞ്ഞാറു ദിശയിലേക്കു മാറുകയും ചെയ്യുന്നു. വണ്ടിപ്പെരിയാര്‍ എത്തുന്നതുവരെ വളഞ്ഞുപുളഞ്ഞ് ഒഴുകിയശേഷം വീണ്ടും ഒരു ചുരത്തിലേക്ക് പ്രവേശിക്കുന്നു. ഈ ചുരത്തിനു താഴെ വച്ച് പെരുന്തുറയാറ് എന്ന പോഷകനദി ഇതില്‍ ലയിക്കുന്നു. തുടര്‍ന്ന് 18 കി.മീ. വടക്കോട്ടൊഴുകിയശേഷം സമുദ്രനിരപ്പിന് 640 മീ. ഉയരത്തില്‍വച്ച് കട്ടപ്പനയാറുമായി സംയോജിക്കുന്നു. അതിനുശേഷമുള്ള നദീമാര്‍ഗം വടക്കു പടിഞ്ഞാറു ദിശയിലാണ്. കുറവന്‍-കുറത്തി മലകള്‍ക്കിടയിലുള്ള ഇടുക്കിച്ചുരം താണ്ടി 54 മീ. ഉയരത്തിലെത്തുമ്പോഴേക്കും മറ്റൊരു പോഷകനദിയായ ചെറുതോണിയാറുമായി യോജിക്കുന്നു. വീണ്ടും വടക്കോട്ടൊഴുകുന്ന പെരിയാര്‍ 305 മീ. ഉയരത്തിലെത്തി പെരിഞ്ചാന്‍കുടി ആറുമായി സംയോജിച്ചശേഷം വടക്കോട്ടുതന്നെ പ്രവഹിക്കുകയും നേര്‍ വിപരീതദിശയില്‍നിന്നു വന്നെത്തുന്ന പ്രധാന പോഷകനദിയായ മുതിരപ്പുഴയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഈ സംഗമത്തെത്തുടര്‍ന്ന് പെരിയാറിന്റെ ഗതി വടക്കു പടിഞ്ഞാറേക്കായി മാറുന്നു; 15 കി.മീ. പിന്നിടുമ്പോള്‍ നദീതടത്തിന്റെ ഉയരം 244 മീ. ആയി കുറയുകയും ചെയ്യുന്നു. കൊക്കാണിപ്പാറ എന്ന സ്ഥലത്തുവച്ച് 30 മീ. ഉയരമുള്ള ഒരു കരിമ്പാറക്കെട്ടിലൂടെ മറിഞ്ഞൊഴുകുന്ന പെരിയാര്‍ കുറേ ദൂരത്തേക്ക് താഴെയുള്ള ചെങ്കുത്തായ പാറകള്‍ക്കടിയിലൂടെ ഒഴുകുന്നതുനിമിത്തം ഏറെക്കുറെ മറയ്ക്കപ്പെടുന്നു; വേനല്‍ക്കാലത്ത് പൂര്‍ണമായി അപ്രത്യക്ഷമാവുന്നതും വിരളമല്ല. മുതിരപ്പുഴ സംഗമത്തിന് 16 കി.മീ. താഴെ കരിമണല്‍ എന്ന സ്ഥലത്ത് എത്തുന്നതോടെ പെരിയാര്‍ സാമാന്യം വലിയ വള്ളങ്ങള്‍ക്ക് സഞ്ചാരയോഗ്യമായിത്തീരുന്നു. ഇവിടെവച്ചാണ് വലതു പാര്‍ശ്വത്തില്‍ നിന്നുള്ള തൊട്ടിയാര്‍ പെരിയാറില്‍ ലയിക്കുന്നത്. അല്പദൂരം പിന്നിടുമ്പോള്‍ മറ്റൊരു പ്രധാന പോഷകനദിയായ ഇടമലയാറുമായിച്ചേരുന്നു. കയറ്റുവാക്കയം വരെ മന്ദഗതിയിലൊഴുകുന്ന നദി തുടര്‍ന്ന് മലയാറ്റൂര്‍ വരെ ദ്രുതവാഹിനിയായി മാറുന്നു. ഈ ഘട്ടത്തിലും ഇരുപാര്‍ശ്വങ്ങളിലും നിന്നുള്ള അനേകം ചെറുനദികളെ ലയിപ്പിക്കുന്നുണ്ട്. മലയാറ്റൂരിനു താഴെയുള്ള 23 കി.മീ. ദൂരം നദി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു. കാലടി, ചൊവ്വര എന്നിവിടങ്ങളില്‍ കടന്ന് ആലുവയിലെത്തുന്നതോടെ പെരിയാര്‍ മംഗലപ്പുഴ, മാര്‍ത്താണ്ഡന്‍പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി പിരിയുന്നു. ഇതിനു മുമ്പു കാലടിയില്‍ വച്ചുതന്നെ വലത്തോട്ട് ഒരു ചെറിയ കൈവഴി നീളുന്നുണ്ട്; ഇത് ചെങ്ങമനാട്ടുവച്ച് വലത്തേ ശാഖയായ മംഗലത്തുപുഴയില്‍ ലയിക്കുന്നു. വടക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന ഈ ശാഖ പുത്തന്‍വേലിക്കരയില്‍ വച്ച് ചാലക്കുടിയാറുമായി കൂട്ടിമുട്ടുകയും മുനമ്പത്തിന് പടിഞ്ഞാറേക്ക് ഒരു കായലിന്റെ രൂപത്തില്‍ പരന്നൊഴുകുകയും ചെയ്യുന്നു. ഈ ഭാഗം സമുദ്രനിരപ്പിനെക്കാള്‍ താഴെയായതിനാല്‍ വേലിയേറ്റങ്ങള്‍ക്കു വിധേയമാണ്. മംഗലപ്പുഴ ഈ വിധത്തില്‍ കടലില്‍ പതിക്കുന്നു. തെക്കോട്ടൊഴുകുന്ന രണ്ടാമത്തെ ശാഖയായ മാര്‍ത്താണ്ഡന്‍പുഴ ആദ്യം രണ്ടായും തുടര്‍ന്ന് നാനാശാഖകളായും പിരിഞ്ഞു വരാപ്പുഴക്കായലില്‍ പതിക്കുന്നു.

പ്രഭവം മുതല്‍ പതനം വരെയുള്ള പെരിയാറിന്റെ നീളം 244 കി.മീ. ആണ്. തമിഴ്നാട്ടിലുള്‍പ്പെട്ട 114 ച.കി.മീ ഉള്‍പ്പെടെ 5,398 ച.കി.മീ. വിസ്തീര്‍ണമുള്ള തടപ്രദേശമാണ് പെരിയാറിനുള്ളത്.

മൂവാറ്റുപുഴയാറ്. തൊടുപുഴ, കാളിയാറ്, കോതമംഗലം ആറ് എന്നീ മൂന്നു നദികള്‍ സംയോജിച്ചുണ്ടാകുന്ന 121 കി.മീ. നീളമുള്ള മറ്റൊരു നദിയാണ് മൂവാറ്റുപുഴയാറ്. ഈ നദിയുടെ തടപ്രദേശം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാല്‍പ്പത്തഞ്ചു ദേശങ്ങളിലായി 1,554 ച.കി.മീ. വ്യാപ്തിയില്‍ വ്യാപിച്ചുകിടക്കുന്നു. തരംഗംകാനംകുന്നു(1,094 മീ.)കളില്‍ നിന്നു പുറപ്പെടുന്ന പ്രധാന പോഷക നദിയായ തൊടുപുഴയാറ് അനേകം നീര്‍ച്ചാലുകളാല്‍ പോഷിപ്പിക്കപ്പെട്ട് 38 കി.മീ. ഒഴുകിയശേഷം മറ്റു രണ്ടു പോഷകനദികളുമായി സംഗമിക്കുന്നു. ഇതിനു 2 കി.മീ. മുകളില്‍ വച്ച് കോതമംഗലം ആറും കാളിയാറും തമ്മില്‍ സംയോജിക്കുന്നു. കാളിയാറിന്റെ നീളം 44 കി.മീ. ആണ്. മൂന്നു നദികളും ഒന്നായിത്തീര്‍ന്ന് സമതലപ്രദേശങ്ങളിലൂടെ 15 കി.മീ. ഒഴുകി വെട്ടിക്കാട്ടുമുക്കില്‍ എത്തുന്നതോടെ മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായും പിന്നീട് അനേകം കൈവഴികളായും പിരിയുന്നു. ഇവയൊക്കെത്തന്നെ വേമ്പനാട്ടുകായലിലേക്കാണ് ഒഴുകുന്നത്. ഇടുക്കി പദ്ധതി പ്രാവര്‍ത്തികമായതിനെത്തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തിനു ശേഷം മൂലമറ്റം പവര്‍സ്റ്റേഷനില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലം തൊടുപുഴയാറില്‍ എത്തിച്ചേരുന്നതിനാല്‍ ഈ നദിയിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവു ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

മീനച്ചിലാറ്. പശ്ചിമഘട്ടത്തില്‍ നിന്നു പുറപ്പെടുന്ന അനേകം നീര്‍ച്ചാലുകള്‍ ഒന്നുചേര്‍ന്നുണ്ടാകുന്ന കടപുഴയാണ് കോണിപ്പാട്ടു തോടുമായി യോജിച്ച് കളത്തുകടവ് ആറായും തുടര്‍ന്ന് തൃക്കോവിലാറിനാല്‍ പോഷിപ്പിക്കപ്പെട്ടു മീനച്ചിലാറായും പരിണമിക്കുന്നത്. ഈരാറ്റുപേട്ടയ്ക്കടുത്തുവച്ച് പ്രധാന പോഷകനദിയായ പൂഞ്ഞാര്‍ ലയിക്കുന്നതിനെത്തുടര്‍ന്ന് പെട്ടെന്ന് ദിശമാറുന്ന മീനച്ചിലാറ് തെക്കോട്ടുള്ള മാര്‍ഗം വെടിഞ്ഞു പടിഞ്ഞാറേക്ക് ഒഴുകുന്നു. കൊണ്ടൂര്‍വച്ച് ഉപനദിയായ ചിറ്റാറുമായി യോജിക്കുന്നു. മറ്റൊരു പോഷകനദിയായ പയ്യപ്പാറത്തോട് ളാലത്തു വച്ച് പ്രധാന നദിയില്‍ ലയിക്കുന്നു. കോട്ടയം നഗരത്തിന് ഏതാനും കി.മീ. മുകളില്‍വച്ച് രണ്ടായിപ്പിരിയുന്ന മീനച്ചിലാറിന്റെ വലത്തേ ശാഖ വടക്കോട്ടൊഴുകി അനേകം കൈവഴികളായി വേമ്പനാട്ടു കായലില്‍ ലയിക്കുന്നു. ഇടത്തേ ശാഖ ആദ്യം പടിഞ്ഞാറേക്കും പിന്നീട് തിരിഞ്ഞ് തെക്കോട്ടും ഒഴുകി കോട്ടയംനഗരത്തെ ചുറ്റിയശേഷം കൈവഴികളായി പിരിയുന്നു; ഇവയും വേമ്പനാട്ടുകായലിലാണ് എത്തിച്ചേരുന്നത്. 78 കി.മീ. നീളമുള്ള മീനച്ചിലാറിന്റെ ആവാഹക്ഷേത്രത്തിന് 1,272 ച.കി.മീ വിസ്തീര്‍ണമുണ്ട്.

മണിമലയാറ്. സഹ്യപര്‍വത സാനുക്കളിലുള്ള തട്ടമല(1,156 മീ.)യില്‍ നിന്ന് ഉദ്ഭവിക്കുന്ന മണിമലയാറ് പമ്പാനദിയുടെ പോഷകനദിയാണ്. 90 കി.മീ. നീളമുള്ള മണിമലയാറ് ഗതിയുടെ ആദ്യഘട്ടത്തില്‍ മലവാരത്തുള്ള തോട്ടങ്ങളിലൂടെയാണ് ഒഴുകുന്നത്. ഇതിനിടയില്‍ നിരവധി നീര്‍ച്ചാലുകളാല്‍ പോഷിപ്പിക്കപ്പെട്ടു ജലസമൃദ്ധമായിത്തീരുന്നു. സമതലത്തിലെത്തുന്നതോടെ വളഞ്ഞുപുളഞ്ഞൊഴുകാന്‍ തുടങ്ങുന്ന ഈ നദി നീരേറ്റുപുറത്തുവച്ചു പമ്പാനദിയില്‍ ലയിക്കുന്നു. മണിമലയാറിന്റെ തടവിസ്തീര്‍ണം 847 ച. കി.മീ. ആണ്.

പമ്പാനദി. നീളത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്നാമത്തെ നദിയായ പമ്പ രൂപംകൊള്ളുന്നത്, പമ്പ, കക്കി, അഴുത, കക്കാട്ടാര്‍, കല്ലാര്‍ എന്നീ ചെറുനദികളുടെ സംഗമത്തിലൂടെയാണ്. ഇവയില്‍ പമ്പയാറ് പീരുമേട് (1,650 മീ.) ഉന്നതതടത്തില്‍ നിന്നുദ്ഭവിക്കുന്ന നീര്‍ച്ചാലുകള്‍ ഒഴുകിക്കൂടി രൂപംകൊള്ളുന്നതാണ്; കക്കിയാറിനെ ലയിപ്പിച്ചശേഷം ഉടുമ്പാറമല വരെ പടിഞ്ഞാറോട്ടൊഴുകുന്നു. അവിടെവച്ച് അഴുതയുമായി യോജിക്കുന്നു. തുടര്‍ന്ന് പെരുന്തേനരുവി വരെ തെക്കു പടിഞ്ഞാറേക്കും അവിടംമുതല്‍ നാരായണമൂഴിവരെ പടിഞ്ഞാറേക്കും അവിടെവച്ച് പെട്ടെന്ന് തിരിഞ്ഞ് പെരുനാടുവരെ തെക്കു കിഴക്കോട്ടേക്കും ഒഴുകുന്നു. കക്കാട്ടാറിന്റെ ലയനം പെരുനാട്ടുവച്ചാണ്. സംഗമസ്ഥാനത്തുനിന്നും തെക്കോട്ട് ഒഴുകുന്ന പമ്പ വടശ്ശേരിക്കരയിലെത്തുമ്പോള്‍ കല്ലാര്‍ ഒഴുകിച്ചേരുന്നു. തുടര്‍ന്നു റാന്നിവരെ ഗതി വടക്കു പടിഞ്ഞാറു ദിശയിലാണ്. അവിടെനിന്ന് കുറിയന്നൂര്‍ വരെ പടിഞ്ഞാറോട്ടും കോഴഞ്ചേരിവരെ തെക്കു പടിഞ്ഞാറോട്ടും പാണ്ടനാടുവരെ വീണ്ടും പടിഞ്ഞാറോട്ടും ഒഴുകുന്നു. പാണ്ടനാട്ട് എത്തുന്നതോടെ നദി രണ്ടു ശാഖകളായി പിരിയുന്നു. വടക്കു പടിഞ്ഞാറു ദിശയില്‍ നീങ്ങുന്ന വലത്തേ ശാഖ നീരേറ്റുപുറത്തുവച്ച് മണിമലയാറുമായി സംയോജിച്ചശേഷം അനേകം കൈവഴികളായി പിരിഞ്ഞു വേമ്പനാട്ടുകായലില്‍ പതിക്കുന്നു. നെടുമുടിയാറ്, പള്ളാത്തുരുത്തിയാറ് എന്നിങ്ങനെ ഓരോ കൈവഴിയും പ്രത്യേകപേരുകളിലാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ ശാഖ പടിഞ്ഞാറോട്ട് ഗതി തുടര്‍ന്ന് പരുമല ദ്വീപിന് ഇരുവശവുമായൊഴുകി മാന്നാറില്‍വച്ച് വീണ്ടും കൂടിച്ചേര്‍ന്ന് വീയപുരത്തുവച്ച് അച്ചന്‍കോവിലാറിനെ ലയിപ്പിച്ചശേഷം പടിഞ്ഞാറോട്ടും വടക്കോട്ടുമായൊഴുകി തകഴി, ചമ്പക്കുളം പ്രദേശങ്ങള്‍ കടന്നു പള്ളാത്തുരുത്തിക്കു സമീപംവച്ച് വേമ്പനാട്ടുകായലില്‍ പതിക്കുന്നു.

176 കി.മീ. നീളമുള്ള പമ്പയുടെ തടപ്രദേശത്തിന് 2,235 ച.കി. മീ. വിസ്തൃതിയുണ്ട്.

അച്ചന്‍കോവിലാറ്. പശ്ചിമഘട്ടപ്രാന്തങ്ങളില്‍ 700 മീറ്ററിലേറെ ഉയരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന അനേകം നീര്‍ച്ചാലുകള്‍ ഒന്നു ചേര്‍ന്നാണ് അച്ചന്‍കോവിലാറ് രൂപം കൊള്ളുന്നത്. 128 കി.മീ. നീളവും 1,484 ച.കി.മീ. തടവിസ്തീര്‍ണവുമുള്ള അച്ചന്‍കോവിലാറ് പമ്പയുടെ പോഷക നദിയാണ്. പല പ്രധാനകേന്ദ്രങ്ങളെയും സ്പര്‍ശിച്ച് ഒഴുകുന്ന ഈ നദി തറമുക്ക് എന്ന സ്ഥലത്തുവച്ച് രണ്ടായി പിരിയുന്നു. ഇതില്‍ ഒരു ശാഖയായ കുട്ടമ്പേരൂര്‍ത്തോട് പമ്പയില്‍ ലയിക്കുന്നു. മറ്റേ ശാഖ നേര്‍പടിഞ്ഞാറേക്ക് ഗതി തുടരുന്നുവെങ്കിലും ഏറെ ദൂരം എത്തുന്നതിനു മുമ്പുതന്നെ പല കൈവഴികളായി പിരിയുന്നു. ഇവയില്‍ പ്രധാനശാഖ വടക്കു- പടിഞ്ഞാറ് ദിശയില്‍ ഒഴുകി വീയപുരത്തുവച്ച് പമ്പാനദിയുമായി ചേരുന്നു. മറ്റു കൈവഴികളൊക്കെ പല ദിശകളിലൂടെയും ഒഴുകി പമ്പയില്‍ത്തന്നെ ലയിക്കുന്നു.

പള്ളിക്കലാറ്. കളരിത്തറക്കുന്നിന്റെ (60 മീ.) തെക്കേച്ചരിവില്‍നിന്നു പുറപ്പെട്ട് 42 കി.മീ. ദൂരം വളഞ്ഞുപുളഞ്ഞൊഴുകിയ ശേഷം കരുനാഗപ്പള്ളിക്കടുത്തുവച്ച് വട്ടക്കായലില്‍ പതിക്കുന്ന ചെറുനദിയാണിത്. പള്ളിക്കലാറിന്റെ തടപ്രദേശത്തിന് 220 ച.കി. മീ. വിസ്തീര്‍ണമുണ്ട്.

കല്ലടയാറ്. കുളത്തൂപ്പുഴ, ചെന്തൂര്‍ണി, കല്‍ത്തുരുത്തി എന്നീ ചെറുനദികള്‍ സംയോജിച്ചുണ്ടാകുന്ന നദിയാണ് കല്ലടയാറ്. സംഗമസ്ഥാനമായ പരപ്പാറില്‍ നിന്ന് ഉറുകുന്നുവരെ വടക്കു പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് മുക്കടവു വരെ പടിഞ്ഞാറോട്ടും ഒഴുകുന്നു. മുക്കടവില്‍വച്ച് നന്നേ ചെറിയ ഒരു ഉപനദി കല്ലടയാറില്‍ വീഴുന്നു. ഇവിടെ നിന്നു വടക്കു പടിഞ്ഞാറോട്ടൊഴുകി പത്തനാപുരത്തെത്തുന്ന നദിയുടെ ഗതി വീണ്ടും പടിഞ്ഞാറോട്ടായി മാറുന്നു. ഏനാത്തിനു താഴെ അഷ്ടമുടിക്കായലില്‍ പതിക്കുന്നതുവരെ തെക്കു പടിഞ്ഞാറു ദിശയിലാണ് ഒഴുകുന്നത്. 121 കി.മീ. നീളമുള്ള കല്ലടയാറിന്റെ തടപ്രദേശത്തിന് 1,699 ച.കി.മീ. വ്യാപ്തിയുണ്ട്.

ഇത്തിക്കരയാറ്. താരതമ്യേന ചെറിയ നദിയാണിത്. 56 കി.മീ. നീളവും 642 ച.കി.മീ. തടവിസ്തൃതിയുമുള്ള ഇത്തിക്കരയാറ് മടത്തറ(240 മീ.)യില്‍നിന്നു പുറപ്പെട്ട് പടിഞ്ഞാറോട്ടൊഴുകി പരവൂര്‍ ക്കായലില്‍ പതിക്കുന്നു.

അയിരൂര്‍ ആറ്. 66 ച.കി.മീ പ്രദേശത്തില്‍ ഒതുങ്ങുന്ന 17 കി. മീ. മാത്രം നീളമുള്ള ചെറുനദിയാണ് അയിരൂര്‍ ആറ്. നാവായിക്കുളത്തിനടുത്തു നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി നടയറക്കായലില്‍ പതിക്കുന്നു. വാമനപുരം ആറ്. സഹ്യസാനുക്കളിലുള്ള ചെമ്മുഞ്ചിമൊട്ട (1,860 മീ.)യില്‍ നിന്ന് പുറപ്പെടുന്നു. കളപ്പാറ, പന്നിവട, പൊന്മുടി, ചിറ്റാര്‍, മഞ്ഞപ്പാറ എന്നീ ആറുകളാണ് തുടക്കത്തില്‍ വാമനപുരം ആറിനെ പോഷിപ്പിക്കുന്നത്. ചിറ്റാറുമായി സംഗമിക്കുന്നതോടെ പടിഞ്ഞാറേക്കു തിരിയുന്ന നദീമാര്‍ഗം പതനസ്ഥാനംവരെ ഏതാണ്ട് ഒരേ ദിശയില്‍ത്തന്നെ തുടരുന്നു. പാലോടിനു 3 കി.മീ. താഴെയായി നദിയില്‍ ഒരു വെള്ളച്ചാട്ടമുണ്ട്. മീന്‍മുട്ടി എന്നറിയപ്പെടുന്ന ഈ അരുവിക്ക് 13 മീ. താഴ്ചയുണ്ട്. വാമനപുരത്തിന് 3 കി.മീ. താഴെവച്ച് പ്രധാന പോഷകനദിയായ കിളിമാനൂര്‍ ആറുമായി സംയോജിക്കുന്നു. 88 കി.മീ. നീളമുള്ള ഈ നദി അഞ്ചുതെങ്ങ് കായലിലാണ് പതിക്കുന്നത്. തടപ്രദേശത്തിന്റെ വ്യാപ്തി 687 ച.കി.മീ.

മാമം ആറ്. അഞ്ചുതെങ്ങുകായലില്‍ നിപതിക്കുന്ന മറ്റൊരു ചെറുനദിയാണ് മാമം ആറ്. പന്തലക്കോട്ടു കുന്നില്‍നിന്നു പുറപ്പെടുന്ന ഈ ആറ് 27 കി.മീ. ഒഴുകി ചിറയിന്‍കീഴിനടുത്തുവച്ച് കായലില്‍ പതിക്കുന്നു. കൂന്തള്ളൂരിനടുത്തുവച്ച് മാമം ആറില്‍ നിന്നു പിരിയുന്ന ഒരു കൈവഴി വടക്കുപടിഞ്ഞാറേക്കൊഴുകി വാമനപുരം ആറില്‍ ചേരുന്നു. മാമം ആറിന്റെ തടവിസ്തീര്‍ണം 114 ച.കി.മീ. ആണ്.

കരമനയാറ്. ചെമ്മുഞ്ചിമൊട്ട (1,605 മീ.) യില്‍ നിന്ന് ഉദ്ഭവിക്കുന്നു. പ്രഭവസ്ഥാനത്തിനടുത്തുവച്ചു തന്നെ കാവിയാറ്, അട്ടയാറ്, വൈയപ്പാടി ആറ്, തൊടയാറ് തുടങ്ങി അനവധി ചെറുനദികളാല്‍ പോഷിപ്പിക്കപ്പെടുന്നു. പ്രധാന പോഷകനദി കിള്ളിയാ റാണ്. ഇത് നടക്കരവച്ചു കരമനയാറില്‍ ലയിക്കുന്നു. തെക്കുപടിഞ്ഞാറു ദിശയില്‍ ഒഴുകി തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ സ്പര്‍ശിച്ചു നീളുന്ന കരമനയാറ് തിരുവനന്തപുരം പിന്നിട്ടശേഷം കടലില്‍ പതിക്കുന്നു. 702 ച.കി.മീ. തടവിസ്തീര്‍ണമുള്ള കരമനയാറിന്റെ നീളം 68 കി.മീ. ആണ്.

നെയ്യാര്‍. കേരളത്തിലെ നദികളില്‍ ഏറ്റവും തെക്കേയറ്റത്തുള്ള നെയ്യാറിന്റെ ഉദ്ഭവം അഗസ്ത്യമല(1,860 മീ.)യാണ്. മലഞ്ചരിവുകളിലൂടെ പാഞ്ഞൊഴുകി സമതലത്തിലെത്തുന്ന ഈ നദി തുടര്‍ന്ന് മന്ദഗതിയിലായിത്തീരുന്നു. തെക്കുപടിഞ്ഞാറു ദിശയില്‍ ഒഴുകി എത്തുന്ന നെയ്യാര്‍ ഒറ്റശ്ശേഖരമംഗലം പിന്നിടുന്നതോടെ പടിഞ്ഞാറേക്കു തിരിയുന്നു. വലപ്പള്ളിക്കോണത്തുവച്ച് വീണ്ടും തെക്കു പടിഞ്ഞാറേക്കു തിരിഞ്ഞൊഴുകി കടലില്‍ ലയിക്കുന്നു. ഈ നദിയുടെ നീളം 56 കിലോമീറ്ററും തടത്തിന്റെ വിസ്തീര്‍ണം 499 ച.കി.മീറ്ററും ആണ്.

കിഴക്കോട്ടൊഴുകുന്ന നദികള്‍

കാവേരിയുടെ പോഷകനദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നിവ കേരള അതിര്‍ത്തിക്കുള്ളില്‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദികളാണ്. ഉഭയ സംസ്ഥാന നദികളായ ഇവ സംസ്ഥാനത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍നിന്നു തികച്ചും ഭിന്നങ്ങളാണ്. ഇവയില്‍ കബനിനദി വയനാട് ജില്ലയില്‍നിന്ന് പുറപ്പെടുന്നു. 1,350 മീറ്ററിലേറെ ഉയരങ്ങളില്‍ ഉദ്ഭവിക്കുന്ന പനമരം, മാനന്തവാടി, ബബാലി, നൂല്‍പ്പുഴ എന്നീ ചെറുനദികളാല്‍ പോഷിപ്പിക്കപ്പെട്ട് ജലസമൃദ്ധമായിത്തീരുന്ന കബനി 12 കി.മീ. ദൂരം സംസ്ഥാന അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം കര്‍ണാടകത്തിലേക്കു പ്രവേശിക്കുന്നു. ഈ സ്ഥാനം വരെ 2,070 ച.കി.മീ. വ്യാപ്തിവരുന്ന തടപ്രദേശത്തില്‍ 1,920 ച.കി. മീറ്ററും കേരളത്തിനുള്ളിലാണ്.

രണ്ടാമത്തേതായ ഭവാനിപ്പുഴയുടെ പ്രഭവവും പശ്ചിമഘട്ടത്തില്‍ തന്നെയാണ്. തമിഴ്നാട്ടിലെ നീലഗിരി(2,500 മീ.)യില്‍ നിന്ന് ഉദ്ഭവിച്ച് 13 കി.മീ. ദൂരം പിന്നിട്ടശേഷമാണ് കേരളത്തിനുള്ളില്‍ കടക്കുന്നത്. തുടര്‍ന്ന് 29 കി.മീ. തെക്കോട്ടൊഴുകി മുക്കാലിയിലെത്തുന്നു. ഇവിടെവച്ച് പൊടുന്നനെ തിരിഞ്ഞ് മല്ലേശ്വരപര്‍വതം ചുറ്റി വടക്കുകിഴക്കു ദിശയില്‍ ഒഴുകുന്നു. കല്‍ക്കണ്ടിയൂര്‍ എന്ന സ്ഥലത്തുവച്ച് അതിര്‍ത്തികടന്ന് തമിഴ്നാട്ടിലേക്കു മടങ്ങുന്നു. ഭവാനിയുടെ തടപ്രദേശങ്ങളില്‍ 562 ച.കി.മീ. കേരളത്തിനുളളിലാണ്. ഉപനദികളില്‍പ്പെട്ട ശിരുവാണി, വരഗാറ് എന്നിവയുടെ ആവാഹക്ഷേത്രങ്ങള്‍ ഇതില്‍പ്പെടുന്നു.

കിഴക്കോട്ടൊഴുകുന്ന മൂന്നാമത്തെ നദി പാമ്പാര്‍ ആണ്. ദേവികുള(1,950 മീ.)ത്തുനിന്നു പുറപ്പെടുന്ന ഈ നദി കേരളത്തിനുള്ളില്‍ 29 കി.മീ. ഒഴുകിയശേഷമാണ് തമിഴ്നാട്ടിലേക്കു കടക്കുന്നത്. തുടക്കത്തില്‍ തലയാര്‍ എന്നറിയപ്പെടുന്ന ഈ നദിയുടെ ഉപനദികളാണ് ഇരവിക്കുളം, മൈലാടി, തീര്‍ഥമല, ചങ്കലാര്‍, തേനാര്‍ എന്നിവ. ഇവയില്‍ തേനാറിന്റെ ആദ്യത്തെ 13 കി.മീ. മാത്രമേ കേരളത്തില്‍ പെടുന്നുള്ളൂ. പാമ്പാര്‍ വ്യൂഹത്തിന്റെ തടത്തില്‍ 384 ച.കി.മീ. പ്രദേശം മാത്രമാണ് ഈ സംസ്ഥാനത്തിനുള്ളിലുള്ളത്. പാമ്പാറും തേനാറും സംയോജിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്; ഈ സംഗമം തമിഴ്നാട്ടിനുളളിലാണ്.

ഉള്‍നാടന്‍ജലാശയങ്ങള്‍

കേരളതീരത്ത് 34 കായലുകളാണുള്ളത്. ഇവയില്‍ 27 എണ്ണം അഴിയോ പൊഴിയോമൂലം കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഷിച്ച ഏഴെണ്ണം ഉള്‍നാടന്‍ ജലാശയങ്ങളാണ്. മേല്പറഞ്ഞ കായലുകളെല്ലാംതന്നെ പ്രകൃതിജന്യമോ മനുഷ്യനിര്‍മിതമോ ആയ തോടുകളാല്‍ പരസ്പരം യോജിപ്പിക്കപ്പെട്ടിരിക്കുന്നു. തടരേഖയ്ക്കു സാമാന്യേന സമാന്തരമായും എന്നാല്‍ തീരദേശമെമ്പാടുമുള്ള മണല്‍ത്തിട്ടുകള്‍ക്കു വിലങ്ങനെ ഉള്ളിലേക്കു വ്യാപിച്ചും കിടക്കുന്ന കായലുകള്‍ വിസ്തൃതമായ ഒരു ഭൂഭാഗത്തെ ജലാവൃതമാക്കി മാറ്റിയിരിക്കുന്നു.

കായലുകള്‍

ഭൂവിജ്ഞാനീയപരമായ പരിഗണനകള്‍ വച്ച് കേരളത്തിലെ കായലുകളെ മൂന്നിനമായി തിരിക്കാവുന്നതാണ്. മേല്‍ സൂചിപ്പിച്ചതു പോലെയുള്ള മണല്‍ത്തിട്ടുകളാല്‍ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കപ്പെട്ട് തടരേഖയ്ക്കു ഏറെക്കുറെ സമാന്തരമായിക്കിടക്കുന്ന ഇനമാണ് ആദ്യത്തേത്; വേമ്പനാട്ടുകായല്‍, കായംകുളം കായല്‍ തുടങ്ങിയവ ഈയിനത്തില്‍പ്പെടുന്നു. ഇവയുടെ നീളത്തെ അപേക്ഷിച്ചു വീതി നന്നേ കുറവായി കാണപ്പെടുന്നു. തീരസമതലത്തില്‍ ഉള്ളിലേക്കു മാറി വ്യാപിച്ചുകാണുന്ന ഇവയ്ക്കും കടലിനും ഇടയില്‍ താരതമ്യേന കെട്ടുറപ്പുള്ള മണല്‍ത്തിട്ടുകള്‍ രൂപംപ്രാപിച്ചിട്ടുണ്ട്. ഈ തിട്ടുകള്‍ക്കിടയ്ക്കുള്ള പഴയ ചാലുകള്‍ മൂടപ്പെട്ടതിലൂടെ വിശാലമായ മണല്‍പ്പുറങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും വിരളമല്ല. വര്‍ക്കലവ്യൂഹം എന്നറിയപ്പെടുന്ന പ്രത്യേകയിനം ശിലാപടലങ്ങള്‍ക്കിടയിലായി വ്യാപിച്ചുകിടക്കുന്നവയാണ് രണ്ടാമത്തേയും മൂന്നാമത്തേയും വിഭാഗങ്ങള്‍. മുഖഭാഗം മണല്‍മൂടിയോ അന്യഥാ പരിവര്‍ത്തനവിധേയമായോ കാണുന്നവയാണ് രണ്ടാമത്തെയിനം. തീരസമതലത്തിന്റെ കിഴക്കരികുവരെ, തടരേഖയ്ക്ക് ഏതാണ്ട് ലംബദിശയില്‍ വ്യാപിച്ചുകിടക്കുന്നവയാണ് മൂന്നാമത്തെ വിഭാഗം. അഷ്ടമുടിക്കായല്‍ ഈയിനത്തില്‍പ്പെടുന്നു. ചെങ്കല്ല് ഇനം ശിലകള്‍ നിറഞ്ഞ കുന്നുകള്‍ ഈ കായലിന്റെ ഓരങ്ങളില്‍ സാധാരണമാണ്. ഈ കുന്നുകള്‍ മാനവിക പ്രക്രിയകളിലൂടെ ഇടിച്ചു നിരത്തപ്പെട്ട് കായലിന്റെ അരികുകള്‍ കരയായി മാറിക്കൊണ്ടിരിക്കുന്നു.

മഴക്കാലത്ത് കായലുകളിലേക്ക് ഉള്‍നാട്ടില്‍നിന്നും നല്ലൊരളവു ശുദ്ധജലം ഒഴുകിയെത്തുന്നു. നദികള്‍ നിറഞ്ഞൊഴുകുന്ന അവസരങ്ങളില്‍ കായലുകളിലെ ജലനിരപ്പ് ഉയരുന്നതും പൊഴിമുറിഞ്ഞ് കടലിലേക്ക് വര്‍ധിച്ച തോതില്‍ അവസാദങ്ങള്‍ തള്ളപ്പെടുന്നതും സാധാരണമാണ്. മഴക്കുറവുള്ള മാസങ്ങളിലാവട്ടെ കായലുകളുടെതന്നെ ഉള്ളിലേക്കുവരെ കടല്‍വെള്ളം കയറുന്നു. ഇതിന്റെയൊക്കെ ഫലമായി കായലുകളിലെ ലവണത, ജൈവാംശം, ഊറലുകള്‍ എന്നിവയുടെ അളവില്‍ ഋതുപരമായ ഏറ്റക്കുറച്ചില്‍ സഹജമാണ്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന കായലുകള്‍ കുമ്പള, കല്‍നാട്, ബേക്കല്‍, ചിത്താരി, കവ്വായി എന്നിവയാണ്. ഇവയില്‍ ആദ്യത്തെ നാലെണ്ണവും നദീമുഖങ്ങള്‍ വികസിച്ചുണ്ടായവയാണ്. കവ്വായിക്കായലാകട്ടെ കടലോരത്തിനു സമാന്തരമായി 21 കി.മീ. നീണ്ടുകിടക്കുന്നു. ഈ കായലും കടലുമായി ഇപ്പോള്‍ ബന്ധപ്പെടുന്നത് കാരിങ്കോട്, ഏഴിമല എന്നീ നദികളുടെ മുഖങ്ങളിലൂടെയാണ്. പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികള്‍ കവ്വായിക്കായലില്‍ പതിക്കുന്നവയാണ്. ഈ കായലില്‍ മാടക്കല്‍, എടേലക്കാട്, വടക്കേക്കാട് തുടങ്ങി സാമാന്യം വിസ്തൃതങ്ങളായ അനേകം തുരുത്തുകളുണ്ട്. സുല്‍ത്താന്‍കനാല്‍ എന്ന മനുഷ്യനിര്‍മിതമായ തോട്ടിലൂടെ ഈ കായലിനെ വളപട്ടണം പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കവ്വായിക്കായലിന്റെ കാരിങ്കോട്ടു മുഖമുള്‍പ്പെടെയുള്ള ഭാഗം ഒരു മത്സ്യബന്ധന കേന്ദ്രമായി വികസിപ്പിക്കുവാനുള്ള പദ്ധതി ഏറെക്കുറെ പ്രാവര്‍ത്തികമായിട്ടുണ്ട്.

ഏഴിമല ആറിനെ പായങ്ങാടി-വളപട്ടണം നദികളുമായി കൂട്ടിയിണക്കുന്ന സുല്‍ത്താന്‍കനാല്‍ 1766-ലാണു നിര്‍മിച്ചത്. ഹൈദര്‍ അലിയുടെ അധീശത്വത്തെത്തുടര്‍ന്ന് കോലത്തിരിനാടിന്റെ ഭരണം നടത്തിയ ആലിരാജാവ് ആണ് 3.2 കി.മീ. നീളമുള്ള ഈ തോടുവെട്ടിച്ചത്. എല്ലാക്കാലത്തും നിറഞ്ഞുകിടക്കുന്ന ഗതാഗതസൗകര്യമുള്ള ഒരു ജലമാര്‍ഗമാണ് സുല്‍ത്താന്‍കനാല്‍.

പേരുകൊണ്ടുതന്നെ 'വിശാലമായ നദി' എന്ന അര്‍ഥം വഹിക്കുന്ന അഗലപ്പുഴയെയും കായലായി പരിഗണിക്കാവുന്നതാണ്. കോഴിക്കോടു ജില്ലയിലുള്‍പ്പെട്ട അഗലപ്പുഴയ്ക്ക് തെക്കുവടക്കായി 25.6 കി.മീ. നീളമുണ്ട്. ഏറെ ഉള്ളിലായാണ് സ്ഥിതിയെങ്കിലും തടരേഖയോട് സമാന്തരത്വം പുലര്‍ത്തുന്ന അഗലപ്പുഴയുടെ തെക്കരിക് കോരപ്പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുന്‍കാലത്ത് കുറ്റിയാടിപ്പുഴ അഗലപ്പുഴയിലാണ് പതിച്ചിരുന്നത് എന്നനുമാനിക്കാന്‍ പോരുന്ന സൂചനകളുണ്ടെങ്കിലും ഇപ്പോള്‍ എടുത്തുപറയാവുന്ന ഒരു നീര്‍ച്ചാലുപോലും ഈ കായലില്‍ വീഴുന്നില്ല. വെള്ളപ്പൊക്കക്കാലത്ത് കുറ്റിയാടിപ്പുഴയെയും അഗലപ്പുഴയെയും വേര്‍തിരിക്കുന്ന ഇടുങ്ങിയ കരഭാഗങ്ങളെ മുറിച്ചോ മറികടന്നോ നദീജലം താരതമ്യേന താണനിലമായ കായലിലേക്കു പ്രവഹിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. അഗലപ്പുഴയെ കുറ്റിയാടിപ്പുഴയുമായി യോജിപ്പിക്കുന്ന കൃത്രിമത്തോടാണ് 1.6 കി.മീ. നീളമുള്ള പയ്യോളിക്കനാല്‍.

കോഴിക്കോടു ജില്ലയിലെ മനുഷ്യനിര്‍മിതമായ മറ്റൊരു തോടാണ് കണോലിക്കനാല്‍. കൊല്ലപ്പുഴ, കല്ലായിപ്പുഴ, ബേക്കല്‍പ്പുഴ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ തോട് 1948-ലാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്തുനിന്നു വടകരവരെ സുഗമമായ ജലമാര്‍ഗം ഏര്‍പ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തോടു നിര്‍മിക്കപ്പെട്ടത്. ഉയര്‍ന്ന കുന്നുകള്‍ക്കു വിലങ്ങനെ നീളുന്ന ഈ തോട് പലയിടത്തും നന്നേ ഇടുങ്ങിയതാണ്; തോടിന്റെ വീതി ഏറിയും കുറഞ്ഞും കാണപ്പെടുന്നു. കല്ലായിപ്പുഴയുടെ പതന സ്ഥാനത്തുള്ള വിസ്തൃതമായ ജലനിരപ്പിനെയും കായലായിത്തന്നെ പരിഗണിക്കാം.

ഭാരതപ്പുഴയില്‍നിന്ന് വടക്കോട്ടും തെക്കോട്ടും ഓരോ ജലമാര്‍ഗം നീളുന്നുണ്ട്. നദീമുഖത്തിനു അല്പം കിഴക്കുനിന്നും വടക്കോട്ടു തിരൂര്‍വരെ നീളുന്ന വിശാലമായ ജലാശയം തിരൂര്‍പ്പുഴയുടെ ഭാഗമായി വ്യവഹരിക്കപ്പെടുന്നു. ഇടതു കരയില്‍നിന്നു തെക്കോട്ടു നിര്‍മിക്കപ്പെട്ടിരിക്കുന്ന 3.2 കി.മീ. നീളമുള്ള പൊന്നാനിക്കനാല്‍ ഭാരതപ്പുഴയെ വെള്ളിയാങ്കോടുകായലുമായി ബന്ധിപ്പിക്കുന്നു. വെള്ളിയാങ്കോടു കായലിനെ ചാവക്കാടു കായലുമായി കൂട്ടിയിണക്കുന്ന ചാലും ഈ കനാലിന്റെതന്നെ മറ്റൊരു ഭാഗമാണ്. വെള്ളിയാങ്കോട്, ചാവക്കാട് എന്നീ കായലുകളെ മൊത്തം 24 കി.മീ. നീളമുള്ള ചെറുതും വലുതുമായ തടാകങ്ങളുടെ ഒരു ശൃംഖലയായി കണക്കാക്കുന്നതാണ് കൂടുതല്‍ ഉചിതം. ഈ കായലുകളെ പോഷിപ്പിക്കുന്ന ഏതെങ്കിലും തോടുകളോ പുഴകളോ ഇല്ല. ഇവയിലെ ജലവ്യാപ്തം വേലാപ്രവര്‍ത്തന(tider action)ങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചേറ്റുവായ് പുഴയിലൂടെയാണ് കടല്‍വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.

തൃശൂര്‍ താലൂക്കിലെ എനമാക്കല്‍, മണക്കോടി എന്നീ കായലുകള്‍ ശുദ്ധജലത്തടാകങ്ങളാണ്. പരസ്പരം ബന്ധപ്പെട്ട ഇവയെ ഒന്നായി കണ ക്കാക്കുന്നതും അനുചിതമല്ല. കരുവണ്ണൂര്‍പ്പുഴ, വിയ്യൂര്‍പ്പുഴ, വടക്കാഞ്ചേരിപ്പുഴ എന്നിവ ഈ ജലാശയത്തിലാണ് പതിക്കുന്നത്. തടാകത്തിന്റെ മൊത്തം വിസ്തീര്‍ണം 25 ച.കി.മീ. വരും. എനമാക്കല്‍, കാരഞ്ചിറ എന്നിവിടങ്ങളിലുള്ള കൈത്തോടുകളിലൂടെ ഈ തടാകത്തിലെ ജലം പടിഞ്ഞാറുള്ള കായലുകളിലേക്ക് ഒഴുകുന്നു. നന്നേ ഇടുങ്ങിയ ഈ തോടുകളിലെ ജലനിര്‍ഗമനം ക്രമപ്പെടുത്തി മേല്പറഞ്ഞ തടാകങ്ങളുടെ അരികുകളെ കൃഷിനിലങ്ങളായി മാറ്റിയിരിക്കുന്നു. പടിഞ്ഞാറുനിന്ന് ഉപ്പുവെള്ളം കടന്നുകയറുവാനുള്ള സാധ്യതകള്‍ ആധുനിക സങ്കേതങ്ങളിലൂടെ പൂര്‍ണമായും ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഈ തടാകങ്ങളുടെ വലിയൊരു ഭാഗം കോള്‍നിലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. എനമാക്കല്‍, മണക്കോടി എന്നിവയോളം വലുപ്പമില്ലാത്ത മറ്റൊരു തടാകമാണ് മുകുന്ദപുരം താലൂക്കില്‍പ്പെട്ട മൂരിയാട്. ഇതിലെ വെള്ളം നിരവധി ചാലുകളിലൂടെ കരുവണ്ണൂര്‍പ്പുഴയിലേക്ക് ഒഴുക്കി തടാകത്തിന്റെ മുക്കാല്‍ഭാഗവും നെല്‍വയലുകളാക്കി മാറ്റിയിരിക്കുന്നു.

ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്ന മൂന്നു കനാലുകള്‍കൂടി തൃശൂര്‍ജില്ലയിലുണ്ട്; പൊന്നാനിക്കനാലിനെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ഇവയും. ചാവക്കാട്, മുകുന്ദപുരം എന്നീ താലൂക്കുകള്‍ക്കിടയിലൂടെ 12.8 കി.മീ. നീണ്ട് കാരഞ്ചിറപ്പുഴയെ വള്ളിവട്ടം കായലുമായി കൂട്ടിയിണക്കുന്ന കണോലിക്കനാലാണ് ആദ്യത്തേത്. മുകുന്ദപുരം താലൂക്കിലെ ഷണ്‍മുഖം കനാല്‍, തൃശൂര്‍ താലൂക്കിലെ പുത്തന്‍തോട് എന്നിവയാണ് മറ്റുള്ളവ. കണോലിക്കനാലില്‍നിന്ന് പിരിഞ്ഞ് ഇരിങ്ങാലക്കുടവരെ എത്തുന്ന 7 കി.മീ. നീളത്തിലുള്ള തോടാണ് ഷണ്‍മുഖം കനാല്‍. കരുവണ്ണൂര്‍പ്പുഴയില്‍നിന്നു തൃശൂര്‍ പട്ടണംവരെ നീളുന്ന ജലമാര്‍ഗമാണ് പുത്തന്‍തോട്.

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ചെറിയ കായലുകളാണ് കൊടുങ്ങല്ലൂര്‍ക്കായലും വരാപ്പുഴക്കായലും. വടക്കും തെക്കുമായി തൊട്ടുകിടക്കുന്ന ഇവയില്‍ വരാപ്പുഴക്കായലിലാണ് പെരിയാറിന്റെ ഒരു ശാഖ പതിക്കുന്നത്. 11.2 കി.മീ. നീളത്തില്‍ ചേരാനല്ലൂരില്‍ നിന്നും ഇടപ്പള്ളിവരെയുള്ള ഒരു തോടും എളംകുളത്തുനിന്ന് എറണാകുളംവരെ ദീര്‍ഘിക്കുന്ന 8 കി.മീ. വരുന്ന മറ്റൊരു തോടും ഈ ഭാഗത്തുള്ള ജലമാര്‍ഗങ്ങളില്‍പ്പെടുന്നു.

കൊച്ചി അഴിമുഖമായുള്ള വേമ്പനാട്ടുകായലിന്റെ ഭൂരിഭാഗവും ആലപ്പുഴജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ കായലിന്റെ വീതി പലയിടത്തും പല മാതിരിയാണ്-നൂറുകണക്കിനു മീറ്ററില്‍ തുടങ്ങി 15 കി.മീ. വരെ ഏറിയും കുറഞ്ഞും കാണപ്പെടുന്നു. വേമ്പനാട്ടു കായലിന്റെ മൊത്തം നീളം 83 കിലോമീറ്ററും വിസ്തീര്‍ണം 205 ചതുരശ്ര കിലോമീറ്ററും ആണ്. മൂവാറ്റുപുഴയാറ്, മീനച്ചിലാറ്, മണിമലയാറ്, പമ്പാനദി, അച്ചന്‍കോവിലാറ് എന്നീ അഞ്ചുനദികളും പതിക്കുന്നത് വേമ്പനാട്ടുകായലിലാണ്. ഇവയുടെ മൊത്തം ആവാഹക്ഷേത്രം 6,630 ച.കി.മീ. വിസ്തീര്‍ണമുള്ളതാണ്. ഈ നദികള്‍ വഹിക്കുന്ന ജലത്തിന്റെ വാര്‍ഷികത്തോത് 5,61,000 മെഗാ ഘനയടി ആണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ എന്നീ താലൂക്കുകളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം എന്നീ താലൂക്കുകളും വേമ്പനാട്ടു കായലിനെ ചൂഴ്ന്നു കിടക്കുന്നു.

ഈ കായലിന്റെ തെക്കരികുകളിലുള്ള ആഴംകുറഞ്ഞ പ്രദേശങ്ങളെ ഒട്ടാകെത്തന്നെ ചിറയിട്ടു വെള്ളം ചോര്‍ത്തി നെല്‍പ്പാടങ്ങളാക്കി മാറ്റിയിരിക്കുന്നു. വേലിയേറ്റ ഫലമായി കടല്‍വെള്ളം കടന്നുവരുന്നത്, വര്‍ഷകാലമൊഴിച്ചുള്ള സമയങ്ങളില്‍ ഈ പ്രദേശത്ത് ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്നതിനു കാരണമായിത്തീരുന്നു. ഇത് പുഞ്ചക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഉപ്പുവെള്ളത്തിന്റെ പ്രവേശനം തടയുന്നതിന് കായലിലെ വീതികുറഞ്ഞ ഭാഗത്ത് പടിഞ്ഞാറേക്കരയിലുള്ള തണ്ണീര്‍മുക്കത്തുനിന്ന് കിഴക്കേക്കരയിലെ വെച്ചൂര്‍വരെ എത്തുന്ന ഒരു വരമ്പ് നിര്‍മിച്ചിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ട് എന്നറിയപ്പെടുന്ന ഇത് ഭാരതത്തിലാകമാനമുള്ള ഏതാദൃശസേതുക്കളില്‍ ഏറ്റവും നീളം കൂടിയതാണ്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കായലിന്റെ തെക്കേ പകുതിയില്‍ ലവണത വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളും സംജാതമായിട്ടുണ്ട്. നോ. തണ്ണീര്‍മുക്കം

കൊടുങ്ങല്ലൂര്‍-വേമ്പനാട്ടു കായലുകള്‍ വളരെയേറെ തുരുത്തുകളെ ഉള്‍ക്കൊള്ളുന്നു. ഇവയില്‍ ചിലതു ദ്വീപുകളായി വിശേഷിപ്പിക്കുവാന്‍ പോന്നവണ്ണം വിസ്തൃതങ്ങളാണ്. വെല്ലിങ്ടണ്‍, വൈപ്പിന്‍, രാമന്‍തുരുത്ത് എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖങ്ങള്‍. ചെറിയ കടമക്കുടി, പോഞ്ഞിക്കര (ബോള്‍ഗാട്ടി), വല്ലാര്‍പ്പാടം, വലിയ കടമക്കുടി, കുമ്പളം, പനങ്ങാട്, ചേപ്പാനം, നെട്ടൂര്‍, പിഴാല, കണ്‍കട്ടുതുരുത്ത്, കോരമ്പാടം, ചേരാനല്ലൂര്‍, ചാത്തന്നൂര്‍, പാതിരാമണല്‍, പള്ളിപ്പുറം, പെരുമ്പളം എന്നിവയാണ് എടുത്തുപറയുവാന്‍ പോന്ന മറ്റു തുരുത്തുകള്‍.

വേമ്പനാട്ടു കായലിനു തൊട്ടുതെക്കാണ് കായംകുളം കായല്‍. 30.4 കി.മീ. നീളത്തില്‍ കാര്‍ത്തികപ്പള്ളി മുതല്‍ പന്മനവരെ 59.6 ച.കി.മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ കായലിന്റെ ജലപ്പരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചിറകെട്ടിയും കട്ടകുത്തി നികത്തിയും തറ നിരപ്പാക്കി കായലിലെ ആഴംകുറഞ്ഞ ഭാഗങ്ങളെയൊക്കെ കൃഷിഭൂമികളായി മാറ്റിയിരിക്കുന്നു. കായംകുളത്തിനു പടിഞ്ഞാറായുള്ള പൊഴിയാണ് കടലുമായി ബന്ധപ്പെടുത്തുന്നത്. ചവറ-പന്മനത്തോട് ഈ കായലിനെ അഷ്ടമുടിക്കായലുമായി കൂട്ടിയിണക്കുന്നു.

ആകൃതിയിലും പ്രകൃതിയിലും പ്രത്യേകത പുലര്‍ത്തുന്ന അഷ്ടമുടിക്കായല്‍ കൊല്ലം ജില്ലയില്‍പ്പെടുന്നതാണ്. പേരു സൂചിപ്പിക്കുന്നതുപോലെ എട്ടു ശാഖകളുള്ള ഈ കായലിന്റെ ഏറ്റവും കൂടിയ നീളം 16 കി.മീ. ആണ്. ശരാശരി 3 കി.മീ. വീതിയില്‍ പല കോണുകളിലേക്കു നീണ്ടുകിടക്കുന്ന ശാഖകളിലോരോന്നിനും വെവ്വേറെ പേരുകളുണ്ട്. എല്ലാ ശാഖകളും കൂടി യോജിക്കുന്ന മധ്യഭാഗത്തിന് 15 കിലോമീറ്ററോളം വീതിയുണ്ട്. ഈ കായലില്‍ വീഴുന്ന പ്രധാന നദി കല്ലടയാറാണ്. നീണ്ടകര അഴിയിലൂടെ അഷ്ടമുടിക്കായല്‍ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അഴിമുഖം ഒരു മത്സ്യബന്ധന തുറമുഖമായി വികസിച്ചിരിക്കുന്നു. അഴിമുഖത്തിനു കിഴക്കായി നാഷണല്‍ ഹൈവേയില്‍ 408.6 മീ. നീളമുള്ള ഒരു പാലം നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

അഷ്ടമുടിക്കു തെക്കായിക്കിടക്കുന്ന താരതമ്യേന ചെറുതും ആഴം കൂടിയതുമായ ജലാശയമാണ് പരവൂര്‍ക്കായല്‍. മുമ്പു കായലിന്റെ മുഖം മഴക്കാലമൊഴിച്ചുളള സമയങ്ങളില്‍ പൊഴിയിട്ടുകിടക്കുമായിരുന്നു. ഇപ്പോള്‍ ഒരു കൃത്രിമത്തോടു നിര്‍മിച്ചു കായലിനും കടലിനുമിടയ്ക്കുള്ള ജലനിര്‍ഗമനം ക്രമപ്പെടുത്തിയിട്ടുണ്ട്. ഇത്തിക്കരയാറിന്റെ പതനം ഈ കായലിലാണ്. ഇതു കൊല്ലംതോട്ടിലൂടെ അഷ്ടമുടിക്കായലുമായും പരവൂര്‍ത്തോട്ടിലൂടെ തെക്കുള്ള ഇടവാ-നടയറക്കായലുകളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു.

കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന താരതമ്യേന വിസ്തീര്‍ണം കുറഞ്ഞ കായലുകളാണ് ഇടവാക്കായലും നടയറക്കായലും. ഇവയും പൊഴികളിലൂടെ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെത്തുടര്‍ന്ന് തെക്ക് തിരുവനന്തപുരം വരെ കായലുകളുടെ ഒരു ശൃംഖലതന്നെയുണ്ട്. ഇവ കൃത്രിമത്തോടുകളിലൂടെ ഒന്നിനൊന്നു ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തീരദേശഗതാഗതം സുഗമമാക്കുന്നതില്‍ കായലുകളും തോടുകളും ഇടകലര്‍ന്നുള്ള ഉള്‍നാടന്‍ ജലമാര്‍ഗത്തിനു സാരമായ പങ്കുണ്ട്. ഈ ശൃംഖല വേണ്ടവിധം സംരക്ഷിച്ചാല്‍ തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ജലമാര്‍ഗമുള്ള സഞ്ചാരം സുസാധ്യമായിത്തീരും. നടയറക്കായലിനു തെക്കുള്ള അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നീ കായലുകള്‍ വിസ്തീര്‍ണവും ആഴവും കുറഞ്ഞവയാണ്. കായല്‍-തോടു ശൃംഖല പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കലക്കുന്നുകള്‍ക്കിടയിലൂടെ യഥാക്രമം 283 മീറ്ററും 721 മീറ്ററും നീളത്തിലുള്ള രണ്ടു തുരപ്പുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ശുദ്ധജലത്തടാകങ്ങള്‍

മേല്പറഞ്ഞവ കൂടാതെ മറ്റു ചില ശുദ്ധജലത്തടാകങ്ങളും കേരളത്തിലുണ്ട്. ഇവയില്‍ തെക്കേ അറ്റത്തുള്ള വെള്ളായണിക്കായല്‍ തലസ്ഥാന നഗരിയില്‍ നിന്ന് 10 കി. മീ. തെക്കായി സ്ഥിതിചെയ്യുന്നു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കായലാണ് ഏറ്റവും വലിയ ശുദ്ധജലത്തടാകം. കല്ലടയാറിന്റെ വലത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ഈ കായലിനു ചുറ്റും ഉയരം കൂടിയ ചെങ്കല്‍ കുന്നുകളുണ്ട്. കിഴക്കരിക് 1.6 കി.മീ. നീളമുള്ള ഒരു വരമ്പിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കേവലം 3.7 ച.കി.മീ. മാത്രം വിസ്തീര്‍ണമുള്ള ഈ തടാകം പൊതുവേ അഗാധമാണ്. ഏറ്റവും കൂടിയ ആഴം 14.3 മീ. ആയി കണക്കാക്കപ്പെട്ടിട്ടുണ്ട്. നോ. ശാസ്താംകോട്ട തടാകം

തെക്കേ വയനാട്ടിലെ പൂക്കോട്ടുകായലാണ് മറ്റൊരു ശുദ്ധജലത്തടാകം. വിസ്തൃതി കുറഞ്ഞ ഈ ജലാശയം എല്ലാക്കാലത്തും ജലസമൃദ്ധമാണ്.

കടലോരം

കേരളത്തിന്റെ 560 കി.മീ. നീളത്തിലുള്ള കടലോരം പൊതുവേ ഋജുവാണെങ്കിലും തടരേഖയില്‍ വളവുകളും തിരിവുകളും തീരെ ഇല്ലെന്നു പറഞ്ഞുകൂട. പൊതു ദിശയില്‍നിന്നും പൊടുന്നനെ തിരിഞ്ഞു കിഴക്കുമാറി നീളുന്നത് കേരളക്കടല്‍ത്തീരത്തിന്റെ ഒരു പ്രത്യേകതയാണ്. ഇങ്ങനെയുള്ള ഉള്‍വ ലിവുകളില്‍ തികച്ചും വ്യതിരിക്തമായുള്ളവ അഴീക്കലിനു വടക്ക് കോടിക്കുന്നിലും വടകരയ്ക്കു തെക്ക് കടലൂരിലുമാണ് കാണുന്നത്. ഇത്തരം വ്യതിരേകങ്ങള്‍ ഭൂഭ്രംശങ്ങളുടെ ഫലമായി ഉണ്ടായിട്ടുള്ളവയാണെന്ന് അനുമാനിക്കപ്പെടുന്നു. കോടിക്കുന്നു മുതല്‍ ആലപ്പുഴവരെയുള്ള തടരേഖ വന്‍കരഭാഗത്തേക്കു വളഞ്ഞു കാണപ്പെടുന്നു. കരയില്‍ നിന്നു നോക്കുമ്പോള്‍ തടരേഖയ്ക്കുണ്ടായിട്ടുള്ള ഈ നതമധ്യസ്വഭാവ (concavity) ത്തിന് ഭൂഭ്രംശങ്ങളിലൂടെ വന്നുചേര്‍ന്നിട്ടുള്ള സംരചനാപരമായ ക്രമീകരണങ്ങള്‍ക്കൊപ്പം തീക്ഷ്ണമായ സമുദ്രാക്രമണത്തെ ചെറുത്തു നിന്ന ശിലാപടലങ്ങളുടെ പ്രതിരോധക (resistant) സ്വഭാവത്തിനും പങ്കുണ്ടായിരിക്കാം. കേരളക്കടല്‍ത്തീരത്തൊട്ടാകെ ഇടവപ്പാതിക്കാലത്ത് ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നതു സാധാരണമാണ്. മാലദ്വീപിനും ലക്ഷദ്വീപിനും ഇടയ്ക്കുള്ള എട്ടും ഒമ്പതും ഡിഗ്രി അക്ഷാംശങ്ങളെക്കുറിക്കുന്ന ചാലുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ തടരേഖ കൃത്യമായും വടക്കുകിഴക്കു ദിശയിലാണ്.

മൊത്തമുള്ള 560 കി.മീ. കടല്‍ത്തീരത്തില്‍ വിവിധ മേഖലകളിലായുള്ള 360 കി.മീ. ദൂരം സജീവമായ കടലാക്രമണത്തിന് വിധേയമാണ്. 1860-ാമാണ്ടിനു ശേഷം ശരാശരി 600 മീ. വീതിയിലുള്ള തീരപ്രദേശം കടലെടുത്തിട്ടുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട് (രാജു & രാജു 1982).

നദീമുഖങ്ങളുള്‍പ്പെടെയുള്ള കായലുകളുടെ ശൃംഖല തടരേഖയ്ക്കു സമാന്തരമായി സ്ഥായിയായ ഒരു ജലപ്പരപ്പ് സംരക്ഷിതമായി നിലനിര്‍ത്തുന്നുണ്ട്. ഇവയ്ക്കും കടലിനുമിടയ്ക്ക് പലയിടങ്ങളിലായുള്ള പൊഴികള്‍ മണ്‍സൂണ്‍ കാലത്തും മറ്റു കാലങ്ങളില്‍ വേലാതരംഗങ്ങള്‍ ഉച്ചസ്ഥായി ആവുന്ന അവസരങ്ങളിലും മുറിയുന്നു. ഇതിലൂടെ കടലും കായലുകളുമായി നേരിട്ടുള്ള ജലവിനിമയത്തിന്റെ തോത് ഗണ്യമായി കൂടുന്നു. മറിച്ച് മഴ കുറവുള്ള കാലത്ത് വീണ്ടും മണ്ണടിഞ്ഞ് പൊഴികള്‍ ഉറയ്ക്കുകയും ചെയ്യുന്നു. വേലീയ തരംഗങ്ങളുടെ ഈദൃശമായ പ്രവര്‍ത്തനത്തിലൂടെതന്നെ തടരേഖയുടെ രൂപഭാവങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുന്നതു സാധാരണമാണ്. ഇവ പൊതുവേ നിസ്സാരങ്ങളാണെങ്കിലും നദികള്‍ ഗതിമാറിപ്പതിക്കുന്നതിലൂടെ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സാരമായ തോതിലുള്ളവയാണ്. നന്നേ ചെറിയ കാലത്തിനുള്ളില്‍ത്തന്നെ പ്രത്യേക നദികളുടെ പതനസ്ഥാനം ഗണ്യമായ അകലങ്ങളിലേക്കു മാറിയിട്ടുണ്ട് എന്നതിനു തെളിവുകളുണ്ട്. തടരേഖയ്ക്ക് ഏറെക്കുറെ സമാന്തരമായി മണല്‍ത്തിട്ടകളും ചാലുകളും ഉള്‍ക്കൊണ്ടും വിലങ്ങനെയുള്ള പാറക്കെട്ടുകളാല്‍ ഇടയ്ക്കിടെ വിച്ഛേദിക്കപ്പെട്ടും കിടക്കുന്ന തീരസമതലം പല ആവൃത്തിയുള്ള സമുദ്രാവതലന (marine subsidence)ത്തിനു വിധേയമായിട്ടുള്ളതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു.

കടലോരത്തെ തൊട്ടുരുമ്മി മിക്കയിടത്തും പാറക്കെട്ടുകളും കുന്നുകളും സ്ഥിതിചെയ്യുന്നു; ഇവ 3 മുതല്‍ 29 വരെ മീ. ഉയരമുള്ളവയാണ്. ചെങ്കല്‍പ്പടലങ്ങളാല്‍ മൂടപ്പെട്ട കടലോരങ്ങളിലെ കുന്നുകളുടെ അടിയിലേക്കുള്ള അടരുകളും വിവിധയിനം അവസാദശിലകളുടേതാണ്. പ്രതിരോധക ശക്തി കുറഞ്ഞ ഈ ശിലാസ്തരങ്ങള്‍ സമുദ്രാക്രമണത്തിലൂടെ കരണ്ടെടുക്കപ്പെടുന്നതിനാല്‍ കുന്നുകളുടെ അടിവാരത്തില്‍ ഗുഹകളും വിള്ളലുകളും സൃഷ്ടിക്കപ്പെടുന്നതിനും തുടര്‍ന്ന് അവ ഒന്നാകെ ഇടിഞ്ഞുതാഴുന്നതിനും സാധ്യതയുണ്ടാകുന്നു. സമുദ്രതീരത്തിനു വിലങ്ങനെയുള്ള കുന്നുകളും പാറക്കെട്ടുകളും പ്രത്യേക ദിശകളില്‍ ഉരുത്തിരിഞ്ഞിട്ടുള്ള വിഭംഗ(fractures)ങ്ങളെ സൂചിപ്പിക്കുന്നവയാണ്. കടലോരത്തിലുള്ള പാറക്കെട്ടുകള്‍ പ്രാക്കാലത്തു നിലവിലിരുന്ന കുന്നുകളുടെ അവശിഷ്ടങ്ങളാണ്. ജലനിരപ്പിനു മുകളില്‍ കേവലം രണ്ടോ മൂന്നോ മീ. മാത്രം ഉയര്‍ന്നു കാണുന്ന പാറക്കെട്ടുകള്‍ കടല്‍ത്തറയില്‍ പടിഞ്ഞാറേക്കു ചരിഞ്ഞിറങ്ങുന്ന നിലയില്‍ വളരെ ദൂരം തുടര്‍ന്നുകാണുന്നതു സാധാരണമാണ്. കടലോരത്ത് ഉയര്‍ന്നുകാണുന്ന ശിലാതലങ്ങളില്‍ കായാന്തരിത (metamorphosed) സ്വഭാവം പ്രകടമാണ്. എന്നാല്‍ കടലിനടിഭാഗത്തു ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള ചെങ്കല്‍പ്പടലങ്ങളാണുള്ളത്. ഈ പാറക്കെട്ടുകളുടെ പടിഞ്ഞാറരിക് എത്ര ദൂരം ഉള്ളിലാണെന്ന് ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ല.

സ്ട്രാബോ (എ.ഡി. 19), പ്ലിനി (എ.ഡി. 77) തുടങ്ങിയ പ്രാചീന ഗ്രന്ഥകാരന്മാര്‍ കേരളത്തിന്റെ കടല്‍ത്തീരത്തു നിലവിലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള മുസിരി, തുണ്ടി, നവൂറ, നല്‍ക്കുണ്ട തുടങ്ങിയ ചെറുകിട കപ്പല്‍ത്താവളങ്ങള്‍ ഇന്നും സ്ഥാനനിര്‍ണയം ചെയ്യപ്പെടാതെ കിടക്കുന്നതേയുള്ളൂ. പെരിപ്ലസി (periplus of the erythrean sea, 80, 89) ന്റെ കര്‍ത്താവ് വ്യാപാരപ്രമുഖങ്ങളായിരുന്ന ഈ കേന്ദ്രങ്ങളെക്കുറിച്ചു വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ ഇന്നും അജ്ഞാതങ്ങളായി തുടരുകയാണ്.

കാലാവസ്ഥ

കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം ഇന്ത്യാ-ഉപഭൂഖണ്ഡത്തിലെ മര്‍മപ്രധാനമായ ഒരു സ്ഥാനത്താണ് കേരളക്കരയുടെ സ്ഥിതി. ഓരോ വര്‍ഷവും മേയ് അന്ത്യത്തോടെയോ ജൂണിന്റെ ആദ്യപകുതിയിലോ ഉപഭൂഖണ്ഡത്തില്‍ പ്രാബല്യം പ്രാപിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യമായി പ്രാഭവം ആര്‍ജിക്കുന്നതു കേരളത്തിലാണ്. കേരളത്തില്‍ വേനലില്‍ ആദ്യമായി പെയ്യുന്ന മഴ കാലാവസ്ഥാശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ആ വര്‍ഷത്തെ മണ്‍സൂണ്‍ മഴയുടെ സൂചകമാണ്. ഡിസംബര്‍ ആരംഭത്തോടെ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ ഉണ്ടാകുമ്പോഴും അതിന്റെ അന്ത്യപാദം കേരളത്തിലാണ് സ്പഷ്ടമായി അനുഭവപ്പെടുന്നത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ വാര്‍ഷികത്തോതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു കേരളത്തിലാണ്; അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ തമിഴ്നാട്ടിലേതില്‍ നിന്നു മൂന്നിരട്ടിയും കര്‍ണാടകത്തിലേതിന്റെ ഇരട്ടിയുമാണ് കേരളത്തിന്റെ ശരാശരി വര്‍ഷപാതം (300 സെ. മീ.). മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി മഴയുടെ വാര്‍ഷികത്തോതില്‍ വലുതായ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാത്ത മേഖലയാണ് കേരളം. അടുത്ത കാലംവരെ ആണ്ടില്‍ ഒന്നോ രണ്ടോ മാസങ്ങളൊഴിച്ച് എല്ലാക്കാലത്തും ഏറിയോ കുറഞ്ഞോ മഴ ലഭിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. വ്യാപകമായ വനനശീകരണത്തെത്തുടര്‍ന്ന് മഴയുടെ വിതരണം പ്രായേണ അസന്തുലിതമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും വാര്‍ഷികത്തോതില്‍ ഗണ്യമായ കുറവുണ്ടായതായിക്കാണുന്നില്ല.

പൊതുവേ പറഞ്ഞാല്‍ കേരളത്തില്‍ നാലിനം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്:

(i) ശൈത്യകാലം (ജനു.-ഫെ.)

(ii) വേനല്‍ക്കാലം (മാ.-മേയ്)

(iii)തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ജൂണ്‍-സെപ്.)

(iv) വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (ഒ.-ഡി.)

ശൈത്യകാലം

ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ആകാശം പൊതുവേ നിര്‍മലമായിരിക്കും. മഴ നന്നേ കുറവായ മാസങ്ങളാണ് ഇവ. ഈ മാസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ വര്‍ഷപാതം ദക്ഷിണകേരളത്തില്‍ 5 സെന്റിമീറ്ററും ഉത്തരകേരളത്തില്‍ 2 സെന്റിമീറ്ററില്‍ താഴെയുമാണ്. ദക്ഷിണകേരളത്തില്‍ മൊത്തം വര്‍ഷപാതത്തിന്റെ 2 ശതമാനം മാത്രമാണിത്; ഉത്തരകേരളത്തിലാവട്ടെ 0.5 ശതമാനത്തില്‍ കുറവുമാണ്.

വേനല്‍ക്കാലം

വിട്ടുവിട്ടു പെയ്യുന്ന മഴയുടെ കാലമാണ് ഇത്. മഴയുടെ തോതും തീവ്രതയും ക്രമേണ കൂടിവരുന്നു. സാധാരണയായി ഇടിയും മിന്നലുമുള്ള (thunder storm) മഴയാണ് ഇക്കാലത്ത് അനുഭവപ്പെടാറുള്ളത്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലാണ്. വടക്കോട്ടും തെക്കോട്ടും നീങ്ങുന്തോറും വേനല്‍മഴയുടെ തോത് ക്രമേണ കുറഞ്ഞുകാണുന്നു; തിരുവനന്തപുരം ജില്ലയില്‍ 30-40 സെന്റിമീറ്ററും കണ്ണൂര്‍ ജില്ലയില്‍ 30 സെന്റിമീറ്ററില്‍ താഴെയുമാണ് ശരാശരിത്തോത്. ലക്ഷദ്വീപിലും ഇതര ദ്വീപുകളിലും ഈ കാലത്ത് 15-20 സെന്റിമീറ്റര്‍ മഴ ലഭിക്കാറുണ്ട്. മൊത്തം വര്‍ഷപാതത്തിന്റെ അടിസ്ഥാനത്തില്‍ വേനല്‍മഴയുടെ തോത് ദക്ഷിണകേരളത്തില്‍ 15-20 ശതമാനവും ഉത്തരകേരളത്തില്‍ 10 ശതമാനത്തില്‍ താഴെയുമാണ്. ഇതില്‍ ഏറിയപങ്കും മേയിലാണ് പെയ്യുന്നത്. സ്ഥിതിവിവരക്കണക്കുകളുടെ സൂചനയനുസരിച്ച് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിന്റെ തെക്കന്‍ഭാഗങ്ങളില്‍ മേയ് 10-നു മേല്‍ പ്രാഭവം ഉറപ്പിക്കുന്നുവെന്നുകാണാം. ഈ മേഖലയില്‍ മഴയുടെ വാര്‍ഷികത്തോതു വര്‍ധിപ്പിക്കുന്നതില്‍ മണ്‍സൂണിന്റെ ആരംഭത്തിലുള്ള മഴയ്ക്കു ഗണ്യമായ പങ്കുണ്ട്.

ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ വാര്‍ഷിക വര്‍ഷപാതത്തിന്റെ 75 ശതമാനത്തോളം തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നാണു ലഭിക്കുന്നത്; മൊത്തം മഴയുടെ 95 ശതമാനവും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നു കിട്ടുന്ന പ്രദേശങ്ങളും വിരളമല്ല. സാധാരണയായി മണ്‍സൂണിന്റെ ആരംഭം കുറിക്കുന്നത് ഇടവിട്ടുള്ള മഴകൊണ്ടാണെങ്കിലും ഇത് ഏറെ നേരം നീണ്ടുപെയ്യാറുണ്ട്. എന്നാല്‍ കാലവര്‍ഷം പൊതുവേ അനിയതവും അസന്തുലിതവുമാണ്. ശരാശരിക്രമമനുസരിച്ച് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ ഒന്നിനാണ്; ഇതില്‍ ചെറിയ തോതില്‍ വ്യതിയാനമുണ്ടാകുന്നതും വിരളമല്ല. 1918, 1955 വര്‍ഷങ്ങളില്‍ മേയ് 11-നു തന്നെ കാലവര്‍ഷം ആരംഭിച്ചതായി കാണുന്നു; എന്നാല്‍ 1972-ല്‍ ജൂണ്‍ 18 വരെ താമസമുണ്ടാകുകയും ചെയ്തു. ആരംഭത്തിനുശേഷം കുറേ ദിവസത്തേക്കു വിട്ടുനിന്ന് വീണ്ടും പ്രാഭവം കാണിക്കുന്ന വര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്; കാലവര്‍ഷം പതിവിലും നേരത്തേ ആരംഭിക്കുന്ന വര്‍ഷങ്ങളിലാണ് ഇടയ്ക്കു മഴയില്ലാതെ വരുന്നത്. സാധാരണയായി തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇടവപ്പാതി എന്നും കാലവര്‍ഷം എന്നും വ്യവഹരിക്കപ്പെടുന്ന ഈ കാലത്ത് തെക്കന്‍ കേരളത്തില്‍ ശരാശരി 70 സെന്റിമീറ്ററും സംസ്ഥാനത്തിന്റെ വടക്കരികില്‍ 250 സെന്റിമീറ്ററും മഴ ലഭിക്കുന്നു. തെക്കു നിന്നു വടക്കോട്ടു നീങ്ങുന്തോറും വര്‍ഷപാതത്തിന്റെ തോതു ക്രമേണ ഏറുന്നതായി കാണാം. കാലവര്‍ഷത്തിലൂടെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശത്തും (375 സെ. മീ.) മലബാറിലെ വൈത്തിരി-കുറ്റിയാടി മേഖലയിലും (350 സെ. മീ.) ആണ്. ലക്ഷദ്വീപു കടലിലെ ദ്വീപുകളില്‍ മഴ താരതമ്യേന കുറവാണ്. അമിനി ദ്വീപില്‍ കാലവര്‍ഷത്തിന്റെ തോത് 105 സെ. മീ. ആയിരിക്കുമ്പോള്‍ അതേ അക്ഷാംശത്തിലുള്ള കോഴിക്കോട്ട് ഇതിന്റെ ഇരട്ടിയിലേറെ മഴ ലഭിക്കുന്നു. പശ്ചിമഘട്ടത്തിന്റെ കിഴക്കേ പ്രാന്തത്തിലുള്ള തമിഴ്നാടു പ്രദേശത്ത് കാലവര്‍ഷത്തിലൂടെ കേരളത്തില്‍ ലഭിക്കുന്നതിന്റെ 10 ശതമാനം പോലും മഴ കിട്ടാറില്ല; ഇത് ഇവിടങ്ങളില്‍ അനുഭവപ്പെടുന്ന മൊത്തം വര്‍ഷപാതത്തിന്റെ 30-40 ശതമാനം ആണ്. ദക്ഷിണകേരളത്തില്‍ കാലവര്‍ഷത്തിന്റെ അളവ് 40-50 ശതമാനവും ഉത്തരകേരളത്തില്‍ 80 ശതമാനവുമാണ്. കേരളത്തിനു പടിഞ്ഞാറുള്ള ദ്വീപുകളിലും മൊത്തം മഴയുടെ 60-70 ശതമാനം കാലവര്‍ഷത്തിന്റെ സംഭാവനയാണ്.

വടക്കു കിഴക്കന്‍ മണ്‍സൂണ്‍

തമിഴ്നാടിന്റെ ദക്ഷിണ പൂര്‍വമേഖലയിലെ പ്രധാന വര്‍ഷകാലമായ ഒക്ടോബര്‍- ഡിസംബര്‍ കാലത്ത് കേരളത്തിലും സാമാന്യമായ തോതില്‍ മഴ പെയ്യുന്നു (തുലാവര്‍ഷം). ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ്. വടക്കോട്ടുപോകുന്തോറും തുലാവര്‍ഷത്തിന്റെ തോത് ക്രമേണ കുറഞ്ഞുവരുന്നു. കാഞ്ഞിരപ്പള്ളി-പീരുമേടു മേഖലയിലും കുറ്റിയാടി പ്രദേശത്തും തന്നെയാണ് തുലാവര്‍ഷത്തിന്റെ ആധിക്യം അനുഭവപ്പെടുന്നത്; ഇവിടങ്ങളില്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഏതാണ്ട് 90 സെ. മീ. മഴ കിട്ടുന്നു. മൊത്തം വര്‍ഷപാതത്തിന്റെ 10 ശതമാനം മാത്രമാണ് ഉത്തരകേരളത്തിലെ തുലാവര്‍ഷം. സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഈ തോത് 30 ശതമാനത്തോളമായി ഉയരുന്നു.

വര്‍ഷപാതം-വിതരണക്രമം

സംസ്ഥാനത്തെ മഴയുടെ ലഭ്യത കൂടുതലാണെങ്കിലും അതിന്റെ വിതരണത്തില്‍ സ്ഥലകാലവ്യത്യാസമനുസരിച്ച് വ്യാപകവ്യതിയാനമുണ്ട്. വിവിധ സീസണുകളിലെ പ്രവണതകള്‍ തമ്മില്‍ പ്രാദേശിക വ്യത്യാസങ്ങളുമുണ്ട്. വിവിധ സ്ഥലങ്ങളിലെ മഴയുടെ ശരാശരി വ്യതിയാനത്തില്‍ നിന്നും വ്യത്യസ്തമായി പ്രാദേശികമായ മാറ്റങ്ങളും കാണുവാന്‍ സാധിക്കുന്നു. 1951 മുതല്‍ 2012 വരെയുള്ള മഴയുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ശരത്കാലത്തിലും ശൈത്യത്തിലും പരമാവധി വര്‍ഷപാതം കൂടുന്നതിനുള്ള പ്രവണത കാണാന്‍ സാധിക്കുന്നു.

2001 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലെ വര്‍ഷപാതത്തിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു കാസര്‍കോട് ജില്ലയാണ്. അതേസമയം സമീപകാലത്ത് ഏറ്റവുമധികം മഴ ലഭിച്ചുവരുന്ന ജില്ല പത്തനംതിട്ടയാണ്. ചെറിയ തോതിലുള്ള വ്യതിയാനങ്ങളോടെ കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുന്നു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വര്‍ഷപാതം രേഖപ്പെടുത്തിപ്പോരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓരോ വര്‍ഷവും (മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ) ലഭ്യമാകാറുള്ള സാധാരണ മഴയുടെ അളവ് ഇപ്രകാരമാണ് (മില്ലീമീറ്ററില്‍). ആലപ്പുഴ (2794.9), കണ്ണൂര്‍ (3314.2), എറണാകുളം (2997.8), ഇടുക്കി (3267.4), കാസര്‍കോട് (3622),കൊല്ലം (2440.3), കോട്ടയം (2913.4), കോഴിക്കോട് (3377.8), മലപ്പുറം (2829.5), പാലക്കാട് (2279), പത്തനംതിട്ട(2891.8), തിരുവനന്തപുരം (1762.8), തൃശൂര്‍ (3052.2), വയനാട് (3238.5).

വര്‍ഷപാതത്തിലെ മാസം തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ മഴ കൂടുതലുള്ളത് യഥാക്രമം ജൂണിലും ഒക്ടോബറിലും ആണെന്നുകാണാം. ഉഷ്ണമേഖലാമധ്യ-താപാഭിനതി മേഖല (inter tropical convergent zone) യുടെ മുന്നോട്ടും പിന്നോട്ടുമുള്ള നീക്കത്തിനനുസരിച്ചാണ് വര്‍ധിച്ച മഴ ലഭ്യമാകുന്നത്. ഈ താപീയ മേഖല കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്ന മാസമാണ് ജൂണ്‍. ഇന്ത്യാഭൂഖണ്ഡത്തിലൂടെ വടക്കോട്ടു നീങ്ങിയശേഷം ശൈത്യകാലാരംഭത്തില്‍ മടങ്ങുന്ന ഈ താപീയ പ്രതിഭാസം ഒക്ടോബറാവുമ്പോഴേക്കും കേരളത്തില്‍ നിലയുറപ്പിക്കുന്നു. ഈ കാലയളവില്‍ സംസ്ഥാനത്തിലെ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ല കളൊഴിച്ചുള്ള ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ പെയ്യുന്നിടത്തോളം മഴ ഒക്ടോബറില്‍ ഉണ്ടാകാറില്ല.

താപനില

താപനിലയിലെ വാര്‍ഷികപരാസം (annual range) ഇന്ത്യയിലെ ഇതരഭാഗങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ കുറവായിരിക്കുന്നു. തീരപ്രദേശത്ത് ഏറ്റവും കൂടിയ ചൂട് 32° C -ഉം (ഏ.-മേയ്) കുറഞ്ഞ ചൂട് 22° C-ഉം (ഡി.-ജനു.) ആണ്. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് താപനില 37° C വരെയായി ഉയരാറുണ്ട്; ഏറ്റവും കുറഞ്ഞ താപനില തീരസമതലത്തിലേതിനോടു ഏറെക്കുറെ തുല്യമായിരിക്കും. താപനിലയിലെ ശരാശരി വാര്‍ഷികപരാസം തിരുവനന്തപുരത്ത് 3° C ആണ്; ഇത് നാഗ്പൂര്‍ (15° C), ഡല്‍ഹി (20° C) എന്നിവിടങ്ങളിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം കുറവാണെന്നു കാണാം. കേരളത്തില്‍ ഏറ്റവും കുറഞ്ഞ മാധ്യതാപനില അനുഭവപ്പെടുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ്.

താപനിലയിലെ ദൈനികപരാസത്തിന്റെ തോതും നന്നേ കുറവാണ്; ഏറ്റവും കുറഞ്ഞ താപനില സൂര്യോദയത്തിനടുത്ത സമയത്തും ഏറ്റവും കൂടുതല്‍ ഊഷ്മാവു മധ്യാഹ്നവേളയിലുമാണ് അനുഭവപ്പെടുന്നത്. കടല്‍ക്കാറ്റ് ശക്തമായി വീശുന്നതുനിമിത്തം തീരസമതലത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലേതിനെക്കാള്‍ നേരത്തേ താപനില ഉച്ചതമമായിത്തീരുന്നു.

(എന്‍. ജെ. കെ. നായര്‍: സ.പ.)

ജൈവവൈവിധ്യം

ജൈവഭൂമിശാസ്ത്രപരമായി കേരളത്തിലെ ജൈവവൈവിധ്യത്തിന് പൂര്‍വ-പശ്ചിമ ഹിമാലയവുമായി ബന്ധമുണ്ട്. മലേഷ്യന്‍, എത്യോപ്യന്‍ എന്നീ ജൈവമേഖലകളുമായും കേരളത്തിലെ വന്യജൈവസമൂഹങ്ങള്‍ക്ക് സാമ്യതയുണ്ട്. ഉയര്‍ന്ന പശ്ചിമഘട്ട നിരകളാല്‍ മറ്റുഭൂപ്രദേശങ്ങളില്‍ നിന്നുള്ള ഒറ്റപ്പെടലും മനുഷ്യന്റെ കടന്നുകയറ്റമില്ലാത്ത നീണ്ടകാലത്തെ പരിരക്ഷയുംമൂലം കേരളത്തിലെ ജൈവവൈവിധ്യസമ്പന്നത വ്യതിരിക്തമായിരിക്കുന്നു.

39,000 ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള കേരളത്തില്‍ 21,000 ചതുരശ്രകിലോമീറ്റര്‍ പര്‍വതനിരകളാണ്. 12,000 ചതുരശ്രകിലോമീറ്റര്‍ ഇടനാടും 6000 ചതുരശ്രകിലോമീറ്റര്‍ തീരപ്രദേശവുമാണുള്ളത്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതി പ്രത്യേകതകള്‍ക്കനുസരിച്ചുള്ള അതീവസമ്പന്നമായ ജൈവവ്യവസ്ഥകളും ഇക്കോവ്യൂഹങ്ങളും കേരളത്തിലുണ്ട്. മധ്യരേഖയ്ക്ക് വളരെയടുത്തു വരുന്ന ഭൂപ്രദേശമാണെങ്കിലും 2000 മീറ്ററിനു മേല്‍ പശ്ചിമഘട്ടമലത്തലപ്പുകളില്‍ മിതശീതോഷ്ണ സസ്യാവരണത്തോട് സാമ്യതയുള്ള പുല്‍മേടുകളും ചോലവനങ്ങളും (Sub - Alpine Shola Grassland Ecosystem) കാണപ്പെടുന്നു.

തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ ഇക്കോ വ്യൂഹവൈവിധ്യത്താല്‍ സമ്പന്നമാണ് കേരളം. കായലുകളും (Backwaters), ഉപ്പുചതുപ്പുകളും (Salt Swamps) നദീമുഖങ്ങളും (Estuaries) തീരവനങ്ങളും (Littoral forests) കണ്ടല്‍ക്കാടുകളും (Mangrove forest) തണ്ണീര്‍ത്തടങ്ങളും (wetlands) മണല്‍ക്കുന്നുകളും (Sand dunes) നിത്യഹരിതവനാവൃതമായ തീരദേശക്കുന്നുകളും കേരളത്തിന്റെ തീരപ്രദേശത്ത് വൈവിധ്യമാര്‍ന്ന ഇക്കോവ്യൂഹങ്ങളും ജൈവാഭയവ്യവസ്ഥകളും സൃഷ്ടിച്ചിരിക്കുന്നു.

കുട്ടനാട്-വേമ്പനാട് മേഖലയിലെ തണ്ണീര്‍ത്തടമാണ് കേരളത്തിലെ ഏറ്റവും വിസ്തൃതമായ തണ്ണീര്‍ത്തടം. തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളും കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലും കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ തണ്ണീര്‍ത്തടവ്യവസ്ഥകളും ജൈവവൈവിധ്യസമ്പന്നമായ ഇക്കോവ്യൂഹങ്ങളാണ്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളിലെ വൈവിധ്യമാര്‍ന്ന ആവാസങ്ങള്‍ അതിസമ്പന്നമായ ജൈവവൈവിധ്യത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും ഒട്ടനവധി മറ്റ് ജലജീവികളുടെയും പ്രജനനകേന്ദ്രങ്ങളും നഴ്സറികളുമായ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും തീരവനങ്ങളും ദേശാടനപ്പക്ഷികളുടെയും നീര്‍നായകളുടെയും നിരവധി കടല്‍ജീവികളുടെയും ആവാസകേന്ദ്രങ്ങളുമാണ്.

കേരളത്തിന്റെ പകുതിയോളം ഭൂപ്രദേശം പശ്ചിമഘട്ടമലനിരകളാണ്. 45 കിലോമീറ്റര്‍ വീതിയിലുള്ള പാലക്കാട് ചുരമൊഴിച്ചാല്‍ തെക്കുനിന്ന് വടക്കോട്ട് നീണ്ടുകിടക്കുന്ന ഈ മലനിരയില്‍ വിടവുകളില്ല. കേരളത്തിന്റെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പരിസ്ഥിതിയിലും നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന പര്‍വതനിരയാണ് പശ്ചിമഘട്ടം. ഈ മലനിരയുടെ ഭൂവിജ്ഞാനീയപരമായ പഴക്കവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാരണമാണ് ഈ മേഖല ലോകത്തിലെ ജൈവസമ്പന്നമായ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായത്.

പശ്ചിമമലനിരയെ ആവരണം ചെയ്തിരിക്കുന്ന ഉഷ്ണമേഖലാ ആര്‍ദ്രവന (Tropical moist forest) ഇക്കോവ്യൂഹങ്ങള്‍ ഉയരം, ഭൂമിയുടെ ചരിവ്, സൂക്ഷ്മകാലാവസ്ഥാവ്യതിയാനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് വിവിധ മേഖലകളില്‍ വ്യത്യസ്തമായ രൂപവും ഘടനയും സ്വഭാവവും പ്രകടിപ്പിക്കുന്നു. താഴ്വാരങ്ങളിലെ പാരിസ്ഥിതിക പരിണാമ ഉച്ചകോടിയിലെത്തിയ നിത്യഹരിതവനങ്ങളും (Gaint evergreens), സമതലപ്രദേശങ്ങളിലെ ഭീമന്‍ നിത്യഹരിതവനങ്ങളും (climax evergreens) പടിഞ്ഞാറന്‍ ചരിവിലെ പര്‍വതവനങ്ങളും (Montane evergreens) ഉയരം കൂടിയ പര്‍വതശൃംഗങ്ങളിലെ ചോലവനപ്പുല്‍മേടുകളും (Shola grassland ecosystems) കേരളത്തിലെ ഇക്കോവ്യൂഹവൈവിധ്യത്തിന്റെ നിദര്‍ശനങ്ങളാണ്.

കിഴക്കന്‍ അട്ടപ്പാടി, തെക്കുകിഴക്കന്‍ വയനാട് എന്നിവിടങ്ങളിലെ വരണ്ട ഇലപൊഴിയും കാടുകളും (Dry Deciduous forests) മനുഷ്യന്റെ ഇടപെടലുകള്‍മൂലം ശോഷിച്ചുകൊണ്ടിരിക്കുന്ന വരണ്ട മുള്‍ക്കാടുകളും (Xerophytic Scrub) കേരളത്തിന്റെ ഇക്കോവ്യൂഹ വൈവിധ്യത്തില്‍പ്പെടുന്നു.

വയനാട്ടിലെയും നെല്ലിയാമ്പതി-പറമ്പിക്കുളം മേഖലയിലെയും വനങ്ങള്‍ക്കുള്ളിലെ ചതുപ്പുകളായ വയലുകള്‍, കുളത്തൂപ്പുഴ വനത്തിലെ കാട്ടുജാതിവൃക്ഷങ്ങള്‍ നിറഞ്ഞ ജാതിചതുപ്പുകള്‍ (Myristica swamps), ചോലവനപ്പുല്‍മേടുകളിലെ അമ്ലത കൂടിയ ചതുപ്പുകള്‍ (Peat Swamps) എന്നിവയും കേരളത്തിന്റെ ഇക്കോവ്യൂഹവൈവിധ്യത്തിന്റെ പ്രത്യേകതകളാണ്.

സസ്യവൈവിധ്യം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ സസ്യസമ്പത്ത് കേരളത്തിനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഈ പ്രത്യേകത അനവധി പണ്ഡിതന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സവിശേഷ ശ്രദ്ധയ്ക്കു വിഷയീഭവിച്ചിരുന്നു. ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാള്‍ ലിന്നയസിനു മുമ്പു പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ബൃഹദ്ഗ്രന്ഥം തന്നെ ഇതിനൊരു തെളിവാണ്. 1678-നും 1703-നുമിടയ്ക്ക് പന്ത്രണ്ടു വാല്യങ്ങളിലായി ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ചു പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന്റെ ഏഴായിരത്തി ഇരുന്നൂറു പുറങ്ങളിലായി ഒട്ടനവധി കേരളീയ സസ്യങ്ങളുടെ വിവരണം വ്യാപിച്ചുകിടക്കുന്നു. അന്ന് കൊച്ചിയിലെ ഡച്ചുഗവര്‍ണറായിരുന്ന ഹെന്റി വാന്റീഡ് ലോകത്തൊരിടത്തും ഇത്ര സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ ഒരു സസ്യസമൂഹം കണ്ടിരുന്നില്ല. അക്കാരണം തന്നെയാണ് ഇങ്ങനെ ഒരു പുസ്തകനിര്‍മാണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

നീണ്ട കടല്‍ത്തീരവും പശ്ചിമഘട്ടവനപ്രദേശത്തിന്റെ സാന്നിധ്യവും ചേര്‍ന്ന് പ്രകൃതിരമണീയമായ ഒരു പ്രദേശം, ഉഷ്ണമേഖലാ കാലാവസ്ഥ, മഴയുടെ സുലഭത, സമുദ്രനിരപ്പു മുതല്‍ മൂവായിരം മീറ്ററിനു മേല്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂമി-ഇതൊക്കെക്കൊണ്ടായിരിക്കണം സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ സസ്യസമ്പത്ത് ഇവിടെ ഉരുത്തിരിഞ്ഞുവന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി മുതല്‍ ആരോഗ്യപ്പച്ച പോലെ അപൂര്‍വങ്ങളായ നിരവധി ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ് പശ്ചിമഘട്ട മലനിരകള്‍.

1997 വരെയുള്ള പഠനങ്ങളില്‍ കേരളത്തില്‍ 10,375 സസ്യയിനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത് . ഇന്ത്യയില്‍ കാണപ്പെടുന്ന സസ്യജാതികളില്‍ 22 ശതമാനം കേരളത്തിലാണുള്ളത്. കേരളത്തില്‍ കാണപ്പെടുന്ന 3872 ഇനം സപുഷ്പി സസ്യങ്ങളില്‍ 1272 സ്പിഷീസുകള്‍ കേരളത്തില്‍ മാത്രം കാണുന്ന ദേശ്യജാതികളാണ്.

കേരളത്തിലെ 300 സ്പിഷീസ് സപുഷ്പിസസ്യങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ചുവന്ന പട്ടികയില്‍ (Red data book) ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്നല്‍ജാതിസസ്യങ്ങളില്‍ കേരളത്തിലെ 30 സ്പിഷീസുകള്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയുമാണ്. ഫംഗസുകള്‍, ലൈക്കനുകള്‍, മോസുകള്‍ തുടങ്ങിയവ നേരിടുന്ന വംശനാശഭീഷണിയെക്കുറിച്ചുള്ള അറിവ് തുലോം പരിമിതമാണ്. അതേ സമയം ഇവ സാമ്പത്തികലാഭം നേടിത്തരുന്നവയും ഔഷധനിര്‍മാണരംഗത്ത് ഗണ്യമായ പങ്കുവഹിക്കുന്നവയുമാണ്.

കേരളത്തിന്റെ കടലോരങ്ങളില്‍ പലയിനം സസ്യങ്ങളും വളരുന്നുണ്ട്. ഉപ്പുരസം അന്തരീക്ഷത്തില്‍ തങ്ങി നിന്നാലും സാരമാക്കാതെ വളരുന്ന സസ്യങ്ങളാണിവ. ഇത്തരം സാഹചര്യത്തില്‍ വളരുന്ന ഒരു മരമാണ് കാറ്റാടി, ചൂളമരം, ചാവോക്ക് എന്നീ പേരുകളിലറിയപ്പെടുന്ന കാഷുറീന. കടുത്ത ചൂടും കടല്‍ത്തീരത്തു ചുറ്റിയടിക്കുന്ന ശക്തിയേറിയ കാറ്റും സഹിച്ചു വളരുന്ന സസ്യമാണിത്. കടല്‍ത്തീരത്തോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങ് സമൃദ്ധിയായി വളരുന്നു. കാറ്റാടിമരങ്ങളെ കൂടാതെ, കടല്‍പ്പുറത്തെ മണല്‍പ്രദേശത്തു വളരുന്ന ചെറുചെടികളുടെ കൂട്ടത്തില്‍ സാന്‍ഡ്ബൈന്‍സര്‍ എന്ന പേരിലറിയപ്പെടുന്ന, മുള്ളുപോലെ കൂര്‍ത്ത ഇലയുള്ള സ്പിനിഫെക്സ്, പിങ്കുനിറത്തിലെ കോളാമ്പിപ്പൂക്കള്‍ ഉതിര്‍ക്കുന്ന ഐപോമിയ, പോര്‍ട്ടുലാക്ക തുടങ്ങിയ ചെടികളും കാണാന്‍ കഴിയും. കടലോരത്തിനടുത്തുള്ള പ്രദേശങ്ങളില്‍ പൂവരശ്, മുരിക്ക്, പ്ളാവ്, മാവ്, പുളി എന്നീ മരങ്ങളും വളരുന്നുണ്ട്. കടല്‍പ്പുറത്തെ മണല്‍പ്രദേശത്തിനപ്പുറം നീലയമരി, പ്ളാവാഴ, അണ്ണാന്‍പൊത്ത എന്നീ സസ്യങ്ങള്‍ വളരുന്നു. മൂടില്ലാത്താളി, ഇത്തിള്‍ തുടങ്ങിയ പരാദസസ്യങ്ങളെയും അവിടൊക്കെ കാണാന്‍ കഴിയും. കായല്‍ത്തീരങ്ങളിലും ചതുപ്പുകളിലും മറ്റു ചിലയിനം സസ്യങ്ങളാണു കാണപ്പെടുക. ഒതളം, സമുദ്രപ്പഴം (Barringtonia), കൈത തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. കുളവാഴ, മുട്ടപ്പായല്‍, ആഫ്രിക്കന്‍ പായല്‍ (സാല്‍വീനിയ) എന്നീ കളച്ചെടികള്‍ തോടുകളിലും കായലുകളിലും സമൃദ്ധിയായി വളരുന്നു.

കേരളത്തില്‍ ജനസാന്ദ്രത ഏറിയ ഭൂവിഭാഗങ്ങളില്‍ വിവിധയിനം കാര്‍ഷികവിളകള്‍ നട്ടുവളര്‍ത്തപ്പെടുന്നു. തെങ്ങ്, നെല്ല്, മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, വാഴ, പച്ചക്കറികള്‍ തുടങ്ങി പലതും ഇക്കൂട്ടത്തില്‍പ്പെടും.

കുന്നുകളും മലകളും നിറഞ്ഞ കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഏറെ വൈവിധ്യമാര്‍ന്ന സസ്യജാലമുള്ളത്. വിലപിടിപ്പുള്ള തടിത്തരങ്ങള്‍ നല്‍കുന്ന തേക്ക്, ഈട്ടി, കരിമരം, ആഞ്ഞിലി, ചന്ദനം, തമ്പകം, തേമ്പാവ്, വേങ്ങ തുടങ്ങി ഒട്ടനവധി മരങ്ങള്‍ കേരളത്തിലെ വനങ്ങളിലും മറ്റു പ്രദേശങ്ങളിലുമായി വളരുന്നുണ്ട്.

കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കപ്പെടാറുള്ള തേക്ക് ഇരുപത്തിയഞ്ച്-മുപ്പതു മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും തേക്കുമരം വളരുന്നുണ്ടെങ്കിലും കേരളത്തിലെ വനങ്ങളിലുള്ള തേക്കിനാണ് കമ്പോളത്തില്‍ ഏറെ പ്രിയം.

കേരളത്തില്‍ വളരുന്ന മറ്റൊരു വിലപിടിപ്പുള്ള മരമാണ് ഈട്ടി (Dalbergia latifolia). തടി ഉരുപ്പടികളുടെ നിര്‍മിതിക്കാണ് മുഖ്യമായും ഈ മരം ഉപയോഗിക്കുന്നത്. ഇരുപത്തിയഞ്ചു മീ. ഉയരത്തില്‍ ഈട്ടി വളരാറുണ്ട്. ബലത്തിന്റെ കാര്യത്തില്‍ തേക്കിനെക്കാളും മുന്തിയതാണ് ഇത്.

കേരളത്തിലെ വനങ്ങളില്‍ അങ്ങിങ്ങായി മാത്രം ഇവ വളര്‍ന്നു കാണുന്ന വൃക്ഷമാണ് കരിമരം. നല്ല കറുപ്പുനിറത്തില്‍ ബലമുള്ള തടിയാണിതിന്റേത്.

സമുദ്രനിരപ്പു മുതല്‍ 1000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്ന ആഞ്ഞിലി(Artocarpus hirsuta)ക്ക് അയണി എന്നും പേരുണ്ട്. കേരളത്തില്‍ കെട്ടിടങ്ങളുടെയും വള്ളങ്ങളുടെയും നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ആഞ്ഞിലിത്തടിയാണ്. തമ്പകം (Hopea parviflora), വേങ്ങ (Pterocarpus marsupium), തേമ്പാവ് (Terminalia tomentosa) എന്നീ മരങ്ങളും ഉപയോഗത്തിന്റെ കാര്യത്തില്‍ ആഞ്ഞിലിയോടടുത്തു നില്‍ക്കുന്നു.

കേരളത്തില്‍ വളര്‍ന്നുകാണുന്ന അതിവിശിഷ്ടമായ ഒരു മരമാണ് ചന്ദനം (Santalum album). വളരെ സാവധാനം വളരുന്ന ഈ മരം അറുപതു മുതല്‍ നൂറുവര്‍ഷം വരെയുള്ള വളര്‍ച്ചകൊണ്ട് ഏറിയാല്‍ 7 മീറ്ററോളം മാത്രമേ പൊക്കം വയ്ക്കുകയുള്ളൂ. പ്രായംകൂടുന്തോറും തടിക്കു സുഗന്ധമേറുന്നു. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ചന്ദനത്തോട്ടമുള്ളത്.

ഏതാണ്ട് അഞ്ഞൂറു വര്‍ഷത്തോളം ആയുസ്സുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു മരമാണ് വെള്ളക്കടമ്പ് (Dysoxylum malabaricum). മഹാഗണിത്തടിയോളം ബലവും ഗുണവുമുള്ള തടി തരുന്ന ഒരു കേരളീയ വൃക്ഷമാണ് ചുവന്ന കടമ്പ് (Cedrella toona). ഇതിന് മലവേപ്പെന്നും ഇന്ത്യന്‍ മഹാഗണി എന്നും പേരുകളുണ്ട്. വെണ്‍തേക്ക് (Lagestroemia lanceolata) എന്നാണു  പേരെങ്കിലും തേക്കിന്റെ കുടുംബക്കാരനല്ലാത്ത വെണ്‍തേക്ക് പൂമരുതിന്റെ ജനുസ്സില്‍പ്പെടുന്നതാണ്. ഓടുപാകിയ മേല്‍ക്കൂരയുള്ള കെട്ടിടങ്ങളുടെ സീലിങ്ങിനാണ് ഇതിന്റെ പലക സാധാരണയായി ഉപയോഗിക്കാറുള്ളത്.

വടക്കന്‍ കേരളത്തിലെ വനങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു മരമാണ് ഇരുള്‍. 30 മീറ്ററോളം വളര്‍ന്നുപൊങ്ങുന്ന ഒരു മനോഹരവൃക്ഷമാണ് മഞ്ഞക്കടമ്പ് (Adina cordifolia). വിശിഷ്ടയിനം ഒട്ടുമാവുകള്‍ കേരളത്തില്‍ നട്ടുവളര്‍ത്തുന്നു. നമ്മുടെ വനങ്ങളിലാവട്ടെ അനവധി ഇനം കാട്ടുമാവുകളുണ്ട്. കേരളീയ വൃക്ഷങ്ങളായ മലമ്പുന്നയും പുന്നയും കാടുകളിലും ഗ്രാമപ്രദേശങ്ങളിലും വളരുന്നുണ്ട്. പൂത്തുകഴിയുന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പുനിറവുമായി പരിസരത്തിനാകെ ശോഭ പകര്‍ന്നുനല്‍കുന്ന ഒരു വൃക്ഷമാണ് ഇലവ് (silk cotton tree). ഇതിന്റെ തടി മാര്‍ദവമുള്ളതാകയാല്‍ (soft wood) തീപ്പെട്ടി വ്യവസായത്തിനും ചാളത്തടിക്കും മറ്റും ഉപയോഗിച്ചുവരുന്നു. കാര്‍ഷികോപകരണങ്ങളുടെ നിര്‍മിതിക്കും ഗൃഹോപകരണങ്ങളുണ്ടാക്കുന്നതിനും വാക (Albizzia sp.)യുടെ തടി ഉപയുക്തമാണ്. കേരളത്തിലെ വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും വളരുന്ന ഈ വൃക്ഷം നഗരങ്ങളിലും നട്ടുപിടിപ്പിക്കാറുണ്ട്.

വിലപിടിപ്പുള്ള തടിത്തരങ്ങള്‍ നല്‍കുന്ന ചില പ്രധാന മരങ്ങളെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. ഇവ കൂടാതെ നമ്മുടെ നാട്ടില്‍ സാധാരണയായി വളര്‍ന്നുകാണുന്ന വേറെയും ഒട്ടനവധി വൃക്ഷങ്ങ ളുണ്ട്. മലങ്കാഞ്ഞിരം, പയിന്‍, കുളമാവ്, ഏഴിലമ്പാല, പലകപ്പയാനി, മരുത്, മുള്ളുവേങ്ങ, കറുവ, ഇലിപ്പ, കല്പയിന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. കേരളത്തിലെ കാവുകള്‍ പലയിനം മരങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്.

തടിക്കു വില കല്പിക്കപ്പെടുന്ന മരങ്ങള്‍ മാത്രമല്ല കേരളത്തിലുള്ളത്. വിവിധയിനം ചായങ്ങള്‍, കുന്തിരിക്കം, അരക്ക് മുതലായവ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളും ഇവിടെ സുലഭമായി വളരുന്നുണ്ട്. ഡ്രാഗന്റെ രക്തം എന്നും ഗംകിനോ എന്നും അറിയപ്പെടുന്ന വേങ്ങക്കറയ്ക്ക് ഔഷധമൂല്യമുണ്ട്. വേങ്ങത്തടിയില്‍ ടംബ്ലര്‍ ഉണ്ടാക്കി അതില്‍ രാത്രി നിറച്ചുവയ്ക്കുന്ന വെള്ളം ദിവസവും രാവിലെ കുടിച്ചാല്‍ പ്രമേഹരോഗത്തിന് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പയിന്‍ (Vateria indica) മരത്തില്‍ നിന്ന് വെള്ളക്കുന്തിരിക്കം എടുക്കുന്നു. കാട്ടിലെ തീ ജ്വാല എന്ന പേരിലറിയപ്പെടുന്ന പ്ലാശ് (Butea frondosa) മരത്തിന്റെ കറ തുകല്‍ ഊറയ്ക്കിടാന്‍ ഉപയോഗിക്കുന്നുണ്ട്. കരുവേല (Acacia arabica) മരത്തില്‍ നിന്നും ഒരിനം പശ ലഭിക്കുന്നു. ഇതിന്റെ കറയും തുകല്‍ ഊറയ്ക്കിടാനെടുക്കുന്നുണ്ട്. കടുക്ക, നെല്ലി, താന്നി എന്നീ മരങ്ങള്‍ക്ക് ഔഷധമൂല്യത്തിനു പുറമേ മേല്പറഞ്ഞ ഗുണങ്ങളുമുണ്ട്. മഞ്ചാടി (Adenanthera pavonina) മരത്തില്‍ നിന്ന് ചുവന്ന ചായം ഉത്പാദിപ്പിച്ചുവരുന്നു.

ഇനി എടുത്തുപറയേണ്ട മറ്റൊരിനം ചോലവൃക്ഷങ്ങളാണ്. ഇവയുടെ കൂട്ടത്തില്‍ തികച്ചും കേരളീയമായവയും വിദേശത്തുനിന്ന് ഇവിടെ വന്നെത്തിയവയും ഉള്‍പ്പെടും. ആല്‍മരം (Ficus benghalensis) ഒരു പ്രധാന ചോലവൃക്ഷമാണ്. അരശ്, ഞാവല്‍, പൂവരശ്, കാറ്റാടി, പുളിമരം, പ്ലാവ്, മാവ്, വേപ്പ്, പയിന്‍, പുന്ന, പറങ്കിമാവ് എന്നീ മരങ്ങളും കേരളത്തിലെ റോഡുകളുടെ വശങ്ങളില്‍ ധാരാളമായി നട്ടുപിടിപ്പിക്കാറുണ്ട്.

തെങ്ങ്, കമുക് തുടങ്ങിയ പലയിനം ഒറ്റത്തടിവൃക്ഷ (palms) ങ്ങളും ഇവിടെ വളരുന്നുണ്ട്. പന, ഉലട്ടി, കാട്ടടയ്ക്കാമരം എന്നിവ നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാന ഒറ്റത്തടി വൃക്ഷങ്ങളാണ്. ഒരുകാലത്ത് കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായിരുന്നു കേരളത്തിലെ നദീമുഖങ്ങളെങ്കില്‍ ഇന്ന് അത് നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. കൊല്ലം, കുമരകം, വളപട്ടണം, ചെറ്റുവായ്, പാപ്പിനിശ്ശേരി, ചിറ്റാരി, കവ്വായ്, തലശ്ശേരി, കടലുണ്ടി തുടങ്ങിയ ഇടങ്ങളില്‍ തുണ്ടുതുണ്ടായി 17 ച.കി.മീ. സ്ഥലത്ത് കണ്ടലുകള്‍ കാണപ്പെടുന്നു. ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ കണ്ണൂര്‍ ജില്ലയിലാണുള്ളത് (755 ഹെക്ടര്‍). പീകണ്ടല്‍ (Rhizophora mucronata), വള്ളിക്കണ്ടല്‍ (R.apiculata), ഉപ്പട്ടി (Avicennia officialis), ചെറുഉപ്പട്ടി (A.marina), പൂക്കണ്ടല്‍ (Aegiceras corniculatus), ചുള്ളിക്കണ്ടല്‍ (Acanthus ilicifolia) എന്നിവ കേരളത്തില്‍ കണ്ടുവരുന്ന ചില പ്രധാന കണ്ടല്‍ സസ്യങ്ങളാണ്.

കേരളത്തിലെ മുഖ്യ നാണ്യവിളകള്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവയാണ്. ഹേവിയ ബ്രസീലിയെന്‍സിസ് എന്ന മരത്തിന്റെ കറയാണ് പാരാറബ്ബര്‍ എന്നറിയപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ അസംസ്കൃത വസ്തു. ഇന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ സിംഹഭാഗവും കേരളസംസ്ഥാനത്തു നിന്നും ലഭിക്കുന്നു.

കോഫിയ അറാബിക എന്ന കാപ്പിച്ചെടിയുടെ ജന്മദേശം അറേബ്യയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമാണ് ഈ കുറ്റിച്ചെടി നന്നായി വളരുന്നതും ഗുണവും മേന്മയുമുള്ള കുരുക്കള്‍ നല്‍കു ന്നതും. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല വനപ്രദേശങ്ങളും വെട്ടിത്തെളിച്ച് കാപ്പിത്തോട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. നോ: കാപ്പി

തളിരിലകളും ഞെട്ടും-രണ്ടിലയും ഒരു തിരിയും നുള്ളിയെടുത്ത് പ്രത്യേക വിധത്തില്‍ പാകം ചെയ്തെടുക്കുന്ന തേയില ഇലയായും പൊടിയായും കമ്പോളത്തിലെത്തുന്നു. സമുദ്രനിരപ്പില്‍ നിന്നും നൂറു മീ. മുതല്‍ രണ്ടായിരം മീ. വരെ ഉയരമുള്ള പ്രദേശങ്ങളാണ് തേയിലക്കൃഷിക്ക് ഏറ്റവും പറ്റിയത്. അത്തരം പ്രദേശങ്ങളിലാണ് കേരളത്തില്‍ ഇവ കൃഷിചെയ്യപ്പെടുന്നതും.

എലറ്റാറിയ കാര്‍ഡമോമം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുറ്റിച്ചെടിയുടെ കായ ആണ് ഏലക്ക. ലോകത്തെ ഏറ്റവും വിശിഷ്ടവും വിലപിടിപ്പുള്ളതുമായ സുഗന്ധമസാല എന്ന ബഹുമതി പിടിച്ചുപറ്റിയ ഏലക്ക കേരളത്തില്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു നാണ്യവിളയാണ്. പ്രധാനമായും മൂന്നിനം-മലബാര്‍ ഏലം, മൈസൂര്‍ ഏലം, സിലോണ്‍ ഏലം-ഏലച്ചെടികളാണ് നമ്മുടെ നാട്ടില്‍ നട്ടുവളര്‍ത്തുന്നത്. ഇടുക്കി ജില്ലയാണ് ഏലക്കൃഷിയില്‍ മുന്നില്‍.

പലയിനം മുളകളും കേരളത്തില്‍ കാണാം. മഞ്ഞമുള, കല്ലുമുള, പച്ചമുള, തോട്ടമുള, കരകൌശല സാമഗ്രികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഈറ തുടങ്ങി നാടിന്റെ വ്യാവസായിക മേഖലയില്‍ സാരമായ പങ്കുവഹിക്കുന്ന പലയിനം മുളകളും കേരളത്തിലെ വനങ്ങളില്‍ വളരുന്നു; അതുപോലെ തന്നെ പലയിനം ചൂരലുകളും കമ്പോളത്തില്‍ വളരെ പ്രിയമുള്ള നാരുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒട്ടനവധി സസ്യങ്ങളും കേരളത്തിലുണ്ട്. ഈഞ്ച, ഇലവ്, മുള്ളിലവ്, വേങ്ങ എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.

കേരളീയ-ഔഷധ സസ്യങ്ങളുടെ പട്ടികയില്‍ പല പണ്ഡിതന്മാരും ആദ്യമായി ഉള്‍പ്പെടുത്തുന്നത് കാഞ്ഞിര(Strychnos nuxvomica)മാണ്. ഉമ്മം, ഒതളം, ചാന്ദ്, മേന്തോന്നി, കുപ്പമേനി, ആടലോടകം, കൂവളം, ചിറ്റരത്ത, ശംഖുപുഷ്പം, നീര്‍വാളം, നീര്‍മാതളം, കസ്തൂരിമഞ്ഞള്‍, വേലിപ്പരുത്തി, കുറുന്തോട്ടി, കൈതോന്നി, കരിനൊച്ചി, കഴഞ്ചി, നറുനീണ്ടി, കുടകപ്പാല, മോതിരക്കണ്ണി, ആനച്ചുവടി, വേപ്പ്, ജാതി, തുളസി, നെല്ലി, കീഴാര്‍നെല്ലി, കുരുമുളക്, കൊടുവേലി, മാതളം, കരിഞ്ഞൊട്ട, കടുക്ക, താന്നി, ഞെരിഞ്ഞില്‍, ഇഞ്ചി തുടങ്ങിയ ഒട്ടനവധി ഔഷധസസ്യങ്ങള്‍ കേരളത്തിലുണ്ട്. ആയുര്‍വേദ ചികിത്സാവിധികള്‍ക്കു പറ്റിയ മിക്കവാറും എല്ലാ സസ്യങ്ങളും ഈ മണ്ണില്‍ വളരുന്നു.

ഒട്ടുവളരെ വിദേശസസ്യങ്ങള്‍ കേരളമണ്ണില്‍ ഇതിനകം വേരുറച്ചുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും വിദേശത്തു നിന്നും കൊണ്ടുവന്നു നട്ടുപിടിപ്പിച്ചവയാണ്. മനോഹരമായ പൂക്കള്‍ക്കും രുചിയേറിയ പഴങ്ങള്‍ക്കും വേണ്ടിയാണ് ഇവ നട്ടുവളര്‍ത്തിയിരുന്നത്. പറങ്കിമാവ്, മംഗൂസ്തിന്‍, ഡാലിയ തുടങ്ങിയവയുടെ വരവിന് മനുഷ്യസഹായമുണ്ടെങ്കില്‍, പൂച്ചെടി (അരിപ്പൂ), ആഫ്രിക്കന്‍ പായല്‍, കമ്യൂണിസ്റ്റ് പച്ച (Chromolaena odo), ശതാവരിച്ചെടി (Asparagus Fern), ധൃതരാഷ്ട്രപ്പച്ച (Milkania macranthus) എന്നിവ കേരളത്തില്‍ വന്നെത്തിയ അധിനിവേശസസ്യങ്ങളാണ്. റോസ്, ചെമ്പരത്തി, കോളാമ്പിപ്പൂവ് (Allamanda cathartica), മന്ദാരം, തെറ്റി, മുല്ല, ചെമ്പകം, കോര്‍ക്കുമരം, വെള്ളില, താമര, ആമ്പല്‍, അരളി, പാരിജാതം തുടങ്ങിയ അനേകം ഇനം ഉദ്യാനസസ്യങ്ങളും കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. ഓര്‍ക്കിഡുകളും ആന്തൂറിയങ്ങളും കേരളത്തിലെ ഉദ്യാനങ്ങളില്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു. ലേഡീസ് സ്ളിപ്പര്‍ എന്നറിയപ്പെടുന്ന പാഫിയോപെഡിലം ഡ്രൂറി, ഏല്‍ഹെല്‍ഡ്രിയ റൊട്ടന്റിഫോളിയ എന്നിവ ചില പ്രധാന ഓര്‍ക്കിഡ് സ്പിഷീസുകളാണ്. അനുദിനമെന്നോണം പലപല പുതിയസസ്യങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുകയും, അവ നമ്മുടെ നാടിന്റേതായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു.

(കെ. രാജേന്ദ്രബാബു, അലക്സ് സി.ജെ.)

ജന്തുവൈവിധ്യം

ഒരു വശത്തു പശ്ചിമഘട്ടവനപ്രദേശവും മറുവശത്ത് അറബിക്കടലും സംരക്ഷണം നല്കുന്നതുമൂലമാകണം, കേരളത്തിലെ ജന്തുജാലങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റിടങ്ങളില്‍ കാണപ്പെടുന്നവയെ അപേക്ഷിച്ചു ചില പ്രത്യേകതകളുള്ളത്. കേരളത്തിനു തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലെ തിരുനെല്‍വേലി, മധുര, കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ജീവജാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ വന്യജീവിസമ്പത്താണ് നമുക്കുള്ളത്. അതാകട്ടെ ഇന്ത്യയോടു തൊട്ടുകിടക്കുന്ന ശ്രീലങ്കയിലേതിനോടു വളരെ സാമ്യമുള്ളതുമാണ്. കടലിടുക്കിനപ്പുറം കിടക്കുന്ന ഒരു ദ്വീപിലെ ജീവികളോടു സാമ്യമുള്ളതും എന്നാല്‍ തൊട്ടുകിടക്കുന്ന മറ്റിടങ്ങളിലെ ജീവജാലങ്ങളോടു വൈജാത്യം പുലര്‍ത്തുന്നവയുമായ ഒരു വന്യജീവിസമൂഹം കേരളത്തിനുണ്ട് എന്ന കാര്യം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തില്‍ കാണപ്പെടുന്ന തേവാങ്ക്, കൂരമാന്‍ തുടങ്ങി ഏതാനും മൃഗങ്ങളും വേഴാമ്പല്‍ പോലെയുള്ള ചില പക്ഷികളും ചിലയിനം ഉരഗങ്ങളും മറ്റും ഹിമാലയത്തിന്റെ കിഴക്കന്‍ മേഖലകളിലും അസമിലും മലയയിലും കാണപ്പെടുന്നുണ്ട്. കേരളത്തിലെ മൂന്നാര്‍, ദേവികുളം, നീലഗിരി എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന കാട്ടാടിന്റെ (നീലഗിരി താര്‍) അടുത്ത ബന്ധുക്കള്‍ ലോകത്ത് ആകെ ഹിമാലയത്തിന്റെ താഴ്വാരങ്ങളില്‍ മാത്രമേയുള്ളൂ.

സിംഹവാലന്‍ കുരങ്ങ്, കരിമന്തി, കീരി, വെരുക് എന്നിവയെ കേരളത്തിന്റെ തനതു സസ്തനികളായി കണക്കാക്കാം. വംശനാശഭീഷണി നേരിടുന്നവയാണ് ഇവയില്‍ പലതും. ശരിയായ സംരക്ഷണനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ചില ഇനങ്ങള്‍ അന്യംനിന്നുപോകാനും സാധ്യതയുണ്ട്. കുരങ്ങുകളിലെ മന്തിവര്‍ഗം മെലിഞ്ഞ ഉടലും നീണ്ട വാലുമുള്ളതാണ്. പശ്ചിമഘട്ടവനങ്ങളാണ് കരിമന്തിയുടെ ആവാസസ്ഥാനം. തലയില്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള രോമവും ഉടലാകെ കറുത്ത രോമപാളികളും വിഷാദമുഖഭാവവും കരിമന്തിയുടെ സവിശേഷതകളാണ്. മനുഷ്യര്‍ ആഹാരത്തിനും മരുന്നിനുമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഇവയുടെ അംഗസംഖ്യ കുറഞ്ഞുതുടങ്ങിയത്. കരിമന്തി ഉള്‍വനങ്ങളിലാണ് കഴിയുന്നതെങ്കില്‍ നാടന്‍കുരങ്ങ് (വെള്ളക്കുരങ്ങ്) അത്ര ഉയരമില്ലാത്ത കുന്നിന്‍ പ്രദേശങ്ങളിലാണു താവളമുറപ്പിക്കുന്നത്. നേര്‍ത്തവാലും അതിനറ്റത്തു കുഞ്ചലവും മുഖത്ത് നരച്ച താടിയും കറുത്ത ഉടലുമുള്ള കുരങ്ങാണ് സിംഹവാലന്‍.

കുരങ്ങുകളുടെ അടുത്ത ബന്ധുവാണ് തേവാങ്ക്. നേര്‍ത്ത കാലുകളും വലിയ ഉണ്ടക്കണ്ണുകളും മാര്‍ദവമേറിയ രോമവുമുള്ള തേവാങ്കുകള്‍ രാത്രിഞ്ചരന്മാരാണ്. കാട്ടില്‍ ഇവയെ കണ്ടുപിടിക്കുക ദുഷ്കരമായ കാര്യമാണ്.

കേരളത്തിലെ വനങ്ങളില്‍ മാംസഭോജികളായ ഒട്ടുവളരെ സസ്തനികള്‍ ഉണ്ടായിരുന്നു. അനിയന്ത്രിതമായ വേട്ടയാടല്‍ കാരണം ഇന്ന് അവയുടെ എണ്ണം സാരമായി കുറഞ്ഞിരിക്കുകയാണ്. പുലികളുടെ കൂട്ടത്തിലെ പുള്ളിപ്പുലി, ഇതിന്റെ തന്നെ കറുത്ത ഇനമായ കരിമ്പുലി, കാട്ടുപൂച്ച, ശ്വാനവര്‍ഗത്തിലെ കുറുനരി, കാട്ടുപട്ടി, മലയണ്ണാന്‍ എന്നിവയെല്ലാം നമ്മുടെ നാട്ടിലെ വനങ്ങളില്‍ ധാരാളമായുണ്ട്. ഇടതൂര്‍ന്ന കാടുകളില്‍ അപൂര്‍വമായെങ്കിലും കരടിയും കാണപ്പെടുന്നുണ്ട്.

കുളമ്പുള്ള സസ്തനികളുടെ കൂട്ടത്തില്‍ കേരളത്തിലെ പ്രധാനി ഗൗര്‍ എന്ന കാട്ടുപോത്താണ്. കന്നുകാലിവര്‍ഗത്തിലെ ഏറ്റവും വലുപ്പംകൂടിയ മൃഗമാണ് കാട്ടുപോത്ത്. വളര്‍ച്ച പൂര്‍ത്തിയായ ഒരു കാട്ടുപോത്തിനു രണ്ടു മീറ്ററോളം ഉയരം കാണും. വലുപ്പമുള്ള വളഞ്ഞ കൊമ്പുകളും കുളമ്പിനു മുകളിലെ വെളുത്ത വരകളും ഇതിന്റെ പ്രത്യേകതകളാണ്. പുള്ളിമാന്‍, മ്ളാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളും നമ്മുടെ വനങ്ങളിലുണ്ട്.

കേരളത്തിന്റെ സംസ്ഥാനമൃഗമായി അംഗീകരിക്കപ്പെട്ട ഏഷ്യന്‍ ആന, അമൂല്യമായ കൊമ്പുകളുണ്ടായിപ്പോയതുമൂലം അതിക്രൂരമായി വേട്ടയാടപ്പെടുന്ന ഒരു മൃഗമാണ്. എന്നിട്ടും ഇന്നും നമ്മുടെ കാടുകളില്‍ ഇവ സമൃദ്ധമായി ഉണ്ട്.

ഈനാംപേച്ചി എന്ന അപരനാമധേയത്താലറിയപ്പെടുന്ന ഉറുമ്പുതീനി കേരളത്തിലെ ഒരു അന്തേവാസിയാണ്. പറക്കുന്ന സസ്തനികളായ വവ്വാലും നരിച്ചീറും നമ്മുടെ നാട്ടില്‍ എല്ലായിടത്തുമുണ്ട്.

കരണ്ടുതീനികളായ അണ്ണാന്‍, മലയണ്ണാന്‍, മുള്ളന്‍പന്നി, എലി, പന്നിയെലി (പെരുച്ചാഴി) എന്നിവയും കേരളത്തില്‍ കാണപ്പെടുന്ന ജന്തുക്കള്‍ തന്നെ.

ഒട്ടനവധി ഇനം പറവകളാണു കേരളത്തിലുള്ളത്. അവയില്‍ കേരളത്തിന്റേതു മാത്രമെന്നവകാശപ്പെടാന്‍ മൂന്നോ നാലോ വര്‍ഗങ്ങളേയുള്ളൂ. ബാക്കിയുള്ളവ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.

ഏതാണ്ട് നൂറിലധികം ഇനം പക്ഷികള്‍ ദേശാന്തരഗമനത്തിന്റെ ഭാഗമായി ചില പ്രത്യേക മാസങ്ങളില്‍ കേരളം സന്ദര്‍ശിക്കുന്നവയാണ്. വടക്കേ ഇന്ത്യയില്‍ ശൈത്യം കഠിനമാകുമ്പോള്‍ ഇങ്ങോട്ടുവന്നെത്തുന്ന പക്ഷികളുടെ കൂട്ടത്തില്‍ കടല്‍ക്കാക്കകളും ഓറിയോള്‍, സ്നൈപ് എന്നിവയുമുള്‍പ്പെടുന്നു. സമതലങ്ങളില്‍ പറന്നു നടക്കുന്ന ചില പക്ഷികള്‍ (ക്രോഫീസന്റ്, പാരഡൈസ് ഫ്ളൈകാച്ചര്‍ തുടങ്ങിയവ) ഗ്രീഷ്മകാലമണയുമ്പോള്‍ കുന്നിന്‍പ്രദേശത്തേക്കു താവളം മാറുന്നു. രണ്ടിനം കാക്കകളാണ് കേരളത്തിലുള്ളത്-ഇന്ത്യന്‍ ഹൌസ്ക്രോയും ജംഗിള്‍ക്രോയും. 'ഏഴു സഹോദരിമാര്‍' എന്നറിയപ്പെടുന്ന ബാബ്ളര്‍ പക്ഷികള്‍ നാട്ടിലും നഗരത്തിലും ഒക്കെ പറന്നുനടക്കുന്നു. എപ്പോഴും ആറോ ഏഴോ അടങ്ങുന്ന സംഘം ഒരുമിച്ചു സഞ്ചരിക്കുന്നതിനാലാണ് ഇവയെ 'ഏഴു സഹോദരിമാര്‍' എന്നു വിളിക്കുന്നത്. അനവധി ഇനം ബുള്‍ബുള്‍ പക്ഷികളും ഇവിടെയുണ്ട്. അവയില്‍ ഒരു പ്രധാനയിനമാണ് ചുവന്ന ബുള്‍ബുള്‍ എന്ന ഇരട്ടത്തലച്ചി.

മനോഹരമായ സംഗീതം ആലപിക്കുന്ന മണ്ണാത്തിക്കിളികള്‍ (മാഗ്പൈ റോബിന്‍) മനുഷ്യവാസമുള്ള വീടുകള്‍ക്കു ചുറ്റും പറന്നു നടക്കുന്നു. സമതലപ്രദേശങ്ങളിലെ ഒരു സാധാരണ പക്ഷിയാണ് കാക്കത്തമ്പുരാട്ടി. ചെറുപ്രാണികളെ കൊത്തിപ്പെറുക്കിത്തിന്നു നടക്കുന്ന ഈ പറവകള്‍ കര്‍ഷകരുടെ മിത്രമാണ്. കാക്കത്തമ്പുരാട്ടിയുടെ മുഖ്യ ഇരകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കൃമികീടങ്ങളാണ്.

കുരുവികളും കേരളീയര്‍ക്കു സുപരിചിതങ്ങളായ പക്ഷികളാണ്. ഉയര്‍ന്ന മരച്ചില്ലയില്‍ ഞാന്നുകിടക്കുന്ന സഞ്ചികള്‍പോലുള്ള തൂക്കണാം കുരുവിക്കൂടുകള്‍ നാട്ടിന്‍പുറങ്ങളിലെ ചില മരങ്ങളില്‍ കാണാന്‍ കഴിയും. ആ കൂടിനുള്ളില്‍ വെളിച്ചം കിട്ടാനായി മിന്നാമിനുങ്ങുകളെ കൊണ്ടുപോയി വയ്ക്കുന്ന സ്വഭാവവും ഈ കുരുവികള്‍ക്കുണ്ടെന്നു പറയപ്പെടുന്നു. പിങ്കുനിറത്തിലെ ചുണ്ടും ചുവന്ന കണ്ണും കടുംമഞ്ഞ ചിറകുകളുമുള്ള തീരെ ചെറിയ പക്ഷികളാണ് മഞ്ഞക്കിളികള്‍ (ഇന്ത്യന്‍ ഓറിയോള്‍). നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ഒക്കെ മൈനകളെ കാണാന്‍ കഴിയും. പുല്‍ച്ചാടികളാണ് ഇവയുടെ മുഖ്യാഹാരം. നടന്നുനീങ്ങുന്ന കന്നുകാലികള്‍ക്കൊപ്പം ഈ കിളികള്‍ പറന്നു നടക്കുന്നു. കന്നുകാലികള്‍ നടക്കുമ്പോള്‍ പുല്‍ച്ചാടികള്‍ ഇളകും. അപ്പോള്‍ ഇവ ആ പ്രാണികളെ ഇരയാക്കുകയും ചെയ്യുന്നു. കുരുവി നെയ്ത്തുകാരന്‍ പക്ഷിയാണെങ്കില്‍ വാര്‍ബ്ല‌ര്‍ തുന്നല്‍ക്കാരനാണ്. ഇലകളുടെ അരികുകള്‍ ഏതെങ്കിലും നാരുപയോഗിച്ചു തുന്നിച്ചേര്‍ത്തു കൂടുണ്ടാക്കാന്‍ ബഹു സാമര്‍ഥ്യമുള്ളവയാണ് ഈ പക്ഷികള്‍.

ഒരു ഡസനോളം ഇനം മരംകൊത്തിപ്പക്ഷികള്‍ കേരളത്തിലുണ്ട്. മരങ്ങളുടെ പോടുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൃമികീടങ്ങളെ തിന്നു കഴിയുന്നു ഈ പക്ഷികള്‍. പറക്കാന്‍ അത്ര സമര്‍ഥരല്ല എന്നുവരികിലും മരം കയറാന്‍ സമര്‍ഥരാണ് മരംകൊത്തികള്‍. സംഗീതവിദഗ്ധരായ പുള്ളിക്കുയിലും കരിങ്കുയിലും കേരളത്തില്‍ എല്ലായിടത്തും കാണപ്പെടുന്ന പക്ഷികളാണ്.

ഒട്ടനവധി ഇനം തത്തകളും കേരളത്തിലുണ്ട്. പഴവര്‍ഗങ്ങളാണ് പഞ്ചവര്‍ണക്കിളികളുടെ മുഖ്യാഹാരം. ചില മരങ്ങള്‍ കായ്ക്കുമ്പോള്‍ കുഞ്ഞുതത്തകള്‍ കൂട്ടത്തോടെ വന്ന് ആ മരത്തെ പൊതിയുക പതിവാണ്. മത്സ്യക്കൊതിയന്മാരായ പൊന്മാനുകള്‍ കടുത്ത വര്‍ണങ്ങളുടെ ഉടയാട അണിഞ്ഞിരിക്കുന്നു. കുളക്കടവുകളിലും ആറ്റുവക്കത്തുമാണ് ഈ പക്ഷികള്‍ താവളമുറപ്പിക്കുന്നത്. ജലാശയങ്ങളുടെ കരയില്‍ ഏതെങ്കിലും മരത്തിലിരുന്നുകൊണ്ട് ഇരയെ ലക്ഷ്യം വയ്ക്കുക ഇവയുടെ സ്വഭാവമാണ്.

കേരളത്തിന്റെ സംസ്ഥാന പക്ഷിയായി അംഗീകരിച്ചിട്ടുള്ളത് വോഴാമ്പലിനെയാണ്. ഇവയുടെ കൂട്ടത്തില്‍ മലമുഴക്കി വേഴാമ്പലാണ് ശ്രദ്ധേയമായുള്ളത്. ഉപ്പന്‍ (ചകോരം), മൂങ്ങ, നത്ത്, പ്രാവ്, കൊക്കുകള്‍, പരുന്ത്, പ്രാപ്പിടിയന്‍ തുടങ്ങിയ പക്ഷികളും കേരളത്തില്‍ സര്‍വസാധാരണമാണ്. തട്ടേക്കാടാണ് കേരളത്തിലെ പ്രധാന പക്ഷിസങ്കേതം. കോട്ടയം ജില്ലയിലെ കുമരകം, എറണാകുളം ജില്ലയിലെ പാതിരാമണല്‍ എന്നിവിടങ്ങളില്‍ ദേശാടനപ്പക്ഷികളെ കാണാം. പാലക്കാട് ജില്ലയിലെ ചൂലന്നൂര്‍ മയിലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നു.

ഉരഗങ്ങളുടെ കൂട്ടത്തില്‍ ഓന്ത്, അരണ, ഗൌളി, ചീങ്കണ്ണി (മുതല), ആമ, പാമ്പ് എന്നിവയുടെ വിവിധ ഇനങ്ങളാണ് കേരളത്തിലുള്ളത്. ഓന്തിന്റെ മുപ്പതോളം ഇനങ്ങള്‍ ഇവിടെയുണ്ട്. ഫ്ളൈയിങ് ഡ്രാഗണ്‍ എന്ന പേരിലറിയപ്പെടുന്ന ഒരിനം പറക്കുന്ന ഓന്തും ഇവയുടെ കൂട്ടത്തില്‍പ്പെടും. കല്ലാര്‍ വനങ്ങളില്‍ കാണപ്പെടുന്ന ഈ ഇനം ഓന്തുകള്‍ ഒരു മരത്തില്‍ നിന്നു വേറൊന്നിലേക്കു പറന്നു ചാടാന്‍ കരുത്തുള്ളവയാണ്. ഓന്തുവര്‍ഗത്തിലെ ഏറ്റവും വലുപ്പം കൂടിയത് ഉടുമ്പ് (വാലി) ആണ്. എണ്‍പതോളം ഇനം പാമ്പുകള്‍ കേരളത്തില്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ഭൂരിപക്ഷവും വിഷമില്ലാത്തവയാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ (എട്ടടിമൂര്‍ഖന്‍, ശംഖുവരയന്‍), അണലി എന്നിവയാണ് വിഷപ്പാമ്പുകളിലെ പ്രധാനികള്‍. രാജവെമ്പാല(കരിഞ്ചാത്തി) എന്ന കിങ്കോബ്രയും കേരളത്തിലെ വനത്തിലുണ്ട്. മഞ്ഞച്ചേര, നീര്‍പ്പുളവന്‍, ഇരുതലമൂരി, പച്ചിലപ്പാമ്പ്, പെരുമ്പാമ്പ് തുടങ്ങിയവ വിഷമില്ലാത്തവയാണ്. എല്ലാ പാമ്പുകളും കര്‍ഷകന്റെ മിത്രങ്ങളാണ്. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന എലികളെ ഇവ പിടിച്ചുതിന്നുന്നു.

തവളകളുടെ കൂട്ടത്തില്‍ ഒട്ടനവധി ഇനങ്ങള്‍ കേരളത്തില്‍ വളരുന്നുണ്ട്. ഏകദേശം 117 സ്പിഷീസ് ഉഭയജീവികള്‍ കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.

നാഷണല്‍ ബ്യൂറോ ഒഫ് ഫിഷ് ജനറ്റിക് റിസോഴ്സസ് (NBFGR), ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഒഫ് നേച്ചര്‍ (IUCN) എന്നീ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളനുസരിച്ച് കേരളത്തില്‍ 273 സ്പിഷീസ് ശുദ്ധജലമത്സ്യങ്ങളാണുള്ളത്. ഇവയില്‍ 67 ജാതികള്‍ ഭക്ഷ്യയോഗ്യവും 106 ജാതികള്‍ അലങ്കാരമത്സ്യങ്ങളുമാണ്. 33 സ്പിഷീസ് മത്സ്യങ്ങള്‍ കേരളത്തിലെ നദികളില്‍ മാത്രം കാണപ്പെടുന്ന ദേശ്യജാതികളാണ്. ഒരു നദിയുടെ വിവിധ മേഖലകളില്‍ കാണുന്ന മത്സ്യങ്ങളുടെ വിതരണത്തിലും വിവിധ നദികളില്‍ കാണുന്ന മത്സ്യങ്ങളുടെ വിതരണത്തിലും അപാരമായ വൈവിധ്യം കാണപ്പെടുന്നു. ചില മത്സ്യങ്ങള്‍ ഒരു നദിയുടെ ചില പ്രത്യേക ആവാസങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ എന്നതും നമ്മുടെ ചെറിയ പര്‍വത നദികളുടെ പ്രത്യേകതയാണ്. ഇവയില്‍ 9 എണ്ണം ഗുരുതരമായ വംശനാശഭീഷണിയിലാണ്, 22 സ്പിഷീസുകള്‍ വംശനാശഭീഷണിയിലേക്ക് നീങ്ങിക്കൊണ്ടുമിരിക്കുന്നു. 11 എണ്ണം നാശോന്മുഖവുമാണ് [NBFGR (2000); IUCN (2000)]. കരിമീന്‍, മാലാവ്, വരാല്‍, മലഞ്ഞില്‍, ചെമ്പല്ലി, മുഷി, പരല്‍, കുറുവ, പൂഞ്ഞാന്‍, പള്ളത്തി, കണമ്പ്, കോല, മാനത്തുകണ്ണി, തേട്, പ്രാച്ചി, വ്ലാങ്ക്, നൂലി, മുരല്‍, ആറ്റുവാള തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ശുദ്ധജല മത്സ്യങ്ങള്‍. മീനിന്റെ കുടുംബക്കാരനല്ലെങ്കിലും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനിന്റെ കാര്യം എടുത്തു പറയാതെ വയ്യ.

സമുദ്രജീവി വൈവിധ്യം

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI)നടത്തിയ പഠനങ്ങളിലൂടെ കേരളത്തിലെ സമുദ്രജീവിവൈവിധ്യത്തെക്കുറിച്ച് ഒരു ഏകദേശരൂപം ലഭിക്കും. കോഴിക്കോട് തീരത്തു മാത്രം 291 സ്പിഷീസ് പ്ലവകസസ്യങ്ങളെ (Phytoplankton) കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കാണപ്പെടുന്ന 64 ആല്‍ഗ കുടുംബങ്ങളില്‍ 25 കുടുംബങ്ങള്‍ കേരളത്തിലും ലക്ഷദ്വീപിലുമായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കാണുന്ന 215 ജനുസ് സമുദ്ര ആല്‍ഗകളില്‍ 75 ജനുസുകള്‍ കേരള-ലക്ഷദ്വീപ് മേഖലയിലുണ്ട്.

സമുദ്രമത്സ്യസമ്പത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. 300-ല്‍പ്പരം സ്പിഷീസ് സമുദ്രമത്സ്യങ്ങളാണിവിടെ കാണപ്പെടുന്നത്. വാണിജ്യപ്രാധാന്യമുള്ള 54 ജാതി കൊഞ്ചുകള്‍ (Prawns and shrimps) കേരളത്തിലുണ്ട്. 300-ല്‍പ്പരം സ്പിഷീസ് കടല്‍ കക്കാപ്രാണിവര്‍ഗ(Marni mollusc)ങ്ങളെ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ 10 സ്പിഷീസുകള്‍ വാണിജ്യപ്രാധാന്യമുള്ളവയാണ്. 80 ജാതി എക്കൈനോഡേം (Echinoderm) ജീവികളും കടല്‍വിശറി (Sea fan), ഗോര്‍ഗോണിഡ് (Gorgonids) തുടങ്ങിയ വര്‍ഗങ്ങളുടെ 110 സ്പിഷീസുകളും കേരളത്തിലുണ്ട്.

ഇന്ത്യയിലെ കടല്‍ത്തീര ആവാസവ്യവസ്ഥകളില്‍ സ്ഥിരതാമസക്കാരും ദേശാടകരുമായ 177 ജാതി പക്ഷികളെകണ്ടെത്തിയതില്‍ 45 സ്പീഷീസുകള്‍ കേരളത്തിന്റെ തീരദേശവനങ്ങളിലും കണ്ടല്‍ക്കാടുകളിലും കാണപ്പെടുന്നു.

കടലാമകള്‍ക്ക് പുറമേ ഡ്യൂഗോംഗുകള്‍ (Dugongs), ഡോള്‍ഫിനുകള്‍ (Dolphins), കടല്‍പ്പന്നികള്‍ (Porpoises) എന്നീ കടല്‍സസ്തനികളെയും കേരളതീരത്തിനടുത്തുള്ള കടലുകളില്‍ കാണാം.

കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തും കാസര്‍കോട് ജില്ലയിലെ തൈക്കടപ്പുറത്തും മുട്ടയിടാനെത്തുന്ന കടലാമകളെ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.

കേരളത്തില്‍ 300-ല്‍പ്പരം ഇനങ്ങളിലുള്ള ചിത്രശലഭങ്ങളുണ്ട്. ഏറ്റവും ചെറിയ ചിത്രശലഭ ഇനമായ രത്നനീലി (southern grass jewel)യും വലുപ്പമേറിയ ഇനമായ ഗരുഡശലഭ (southern bird wing)വും ഇവിടെ കണ്ടുവരുന്നു. ബുദ്ധമയൂരി(Papilio budha), വെള്ളച്ചാത്താന്‍ (Udaspes folus), കരിമ്പരപ്പന്‍ (Tapena thwiaitesi), പളരുതലച്ചി (Rathinda amor) എന്നിവ വംശനാശ ഭീഷണി നേരിടുന്ന ചില പ്രധാന ശലഭ ഇനങ്ങളാണ്.

39,000 ചതുരശ്രകിലോമീറ്റര്‍ ഭൂവിസ്തൃതിയുള്ള കേരളത്തില്‍ 21,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലുള്ള പശ്ചിമഘട്ട മലനിരകളില്‍ മാത്രമേ നൈസര്‍ഗിക ഇക്കോവ്യൂഹങ്ങള്‍ ശേഷിക്കുന്നുള്ളൂ. നഗരവത്കരണവും നാണ്യവിളത്തോട്ടങ്ങളും നഗരമാലിന്യങ്ങളും നദികളിലെ അണക്കെട്ടുകളും മണല്‍വാരലും കുന്നിടിക്കലും എല്ലാം കൂടി വന്യജീവനും ആവാസങ്ങള്‍ക്കും നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു.

2009-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ 13 ജന്തുസ്പിഷീസുകളും 26 സസ്യസ്പിഷീസുകളും ഗുരുതരമായ വംശനാശഭീഷണിയിലാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വവ്വാല്‍ (Fruit Bat), മലബാര്‍ പുള്ളി വെരുക് (Malabar Large Spotted Civet), കടുവ (Tiger), ഇന്ത്യന്‍ കഴുകന്‍ (Indian vultur) ലെതര്‍ബാക്ക് കടലാമ (Leatherback turtle), ഹാക്സ്ബില്‍ കടലാമ (Hawaksbill turtle), രണ്ടു സ്പിഷീസ് തവള (Murthis frog), ഒരു സ്പിഷീസ് മത്സ്യം (Greensaw fish) എന്നിവ കേരളത്തില്‍ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജന്തുക്കളാണ്. കാട്ടുഞാവലിന്റെ രണ്ടിനം (Syzygium palghatense; Syzygium periarensis), ന്യാരപ്പഴം (Vanda thwaitesii), അരയാല്‍പത്രം (Janakia arayalpathra) എന്നിവയാണ് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളില്‍ പ്രധാനപ്പെട്ടവ.

വനങ്ങള്‍

ഇന്തോ-മലയന്‍ ഉഷ്ണമേഖലാ മഴക്കാടുകളുടെ ഗണത്തില്‍പ്പെടുന്നതാണ് കേരളത്തിലെ വനങ്ങള്‍. അറബിക്കടലിനു സമാന്തരമായി കടലിലേക്ക് ചരിഞ്ഞുള്ള ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഘടന, കാലാവസ്ഥ, കാറ്റിന്റെ ഗതിയും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, കാലവര്‍ഷം, തുലാവര്‍ഷം എന്നീ രണ്ടു മഴക്കാലങ്ങളുടെ സാന്നിധ്യം എന്നീ ഘടകങ്ങളാല്‍ നിയന്ത്രിതമാണ് കേരളത്തിലെ വനങ്ങള്‍. തീരപ്രദേശങ്ങളോട് ചേര്‍ന്നു കാണുന്ന കണ്ടല്‍ വനങ്ങള്‍ മുതല്‍ പശ്ചിമഘട്ടത്തിന്റെ നെറുകയില്‍ കാണപ്പെടുന്ന ചോലവനങ്ങള്‍ വരെ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ വനസമ്പത്ത്.

ബ്രിട്ടീഷ് ഭരണകൂടമാണ് ഇന്ത്യയില്‍ വനസംരക്ഷണത്തിനുതുടക്കമിട്ടത്. 1887-ല്‍ തിരുവിതാംകൂറില്‍ നിലവില്‍വന്ന വനനിയമപ്രകാരം 1888 ഒ. 9-ന് കോന്നി വനമേഖല കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടു. 1889-ല്‍ കൂടുതല്‍ പ്രദേശങ്ങള്‍ റിസര്‍വ് വനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. 1894-ല്‍ തിരുവിതാംകൂര്‍ വനനിയമം സമഗ്രമായി പുനഃസംവിധാനം ചെയ്തു. ഔദ്യോഗികമായി കേരള സംസ്ഥാനം നിലവില്‍വന്നപ്പോള്‍ പ്രദേശത്തെ വനമേഖലകളെ കൊല്ലം, ചാലക്കുടി, കോഴിക്കോട് എന്നീ സര്‍ക്കിളുകള്‍ക്കു കീഴിലാക്കി.

ഫോറസ്റ്റ് സര്‍വേ ഒഫ് ഇന്ത്യ 2009-ല്‍ നടത്തിയ വിദൂര സംവേദക ഉപഗ്രഹപഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തില്‍ 17,300 ചതുരശ്രകിലോമീറ്റര്‍ വനാവരണമുണ്ടെന്നാണ്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 44.52 ശതമാനം വരും. ഇതില്‍ 1442 ചതുരശ്രകിലോമീറ്റര്‍ (8.3 ശതമാനം) നിബിഡവനങ്ങളും (Very dense forest) 93.94 ചതുരശ്രകിലോമീറ്റര്‍ (54.3 ശതമാനം) മിതനിബിഡവനങ്ങളും (Moderately dense forest), 6464 ചതുരശ്രകിലോമീറ്റര്‍ തുറസ്സായ വനങ്ങളുമാണ് (Open forest). വനാവരണമുള്‍പ്പെടെ മൊത്തം വൃക്ഷാവരണം (വനാവരണം+വൃക്ഷാവരണം) മൊത്തം വനവിസ്തൃതിയുടെ 51.61 ശതമാനം (20,055 ചതുരശ്രകിലോമീറ്റര്‍) വരും.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ വനവിസ്തീര്‍ണം 11,309.5032 ച.കി.മീറ്ററാണ്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 29.101 ശ.മാ. മാത്രമേ വരുന്നുള്ളൂ (2013).

ചാമ്പ്യന്റെയും സേത്തിന്റെയും വനവര്‍ഗീകരണ രീതിയനുസരിച്ച് ഫോറസ്റ്റ് സര്‍വേ ഒഫ് ഇന്ത്യ കേരളത്തിലെ വനങ്ങളെ 13 ഇനങ്ങളാക്കി തരംതിരിച്ചിട്ടുണ്ട്. ഈ പതിമൂന്ന് ഇനങ്ങളെയും കൂടി 7 വിഭാഗങ്ങളായും വേര്‍തിരിച്ചിട്ടുണ്ട്.

ചാമ്പ്യന്റെ വനവര്‍ഗീകരണ പദ്ധതിക്കനുസൃതമായി സി. ചന്ദ്രശേഖരന്‍ 1962-ല്‍ കേരളത്തിലെ വനങ്ങളെ തരം തിരിച്ചിട്ടുണ്ട്. ഈ വനവര്‍ഗീകരണത്തിലെ വനവിഭാഗങ്ങളുടെ ആനുകാലികമാറ്റം ഉള്‍ക്കൊണ്ടാല്‍ കേരളത്തിലെ പ്രധാനവനവിഭാഗങ്ങള്‍ ഇവയാണ്:

1. നിത്യഹരിത വനങ്ങള്‍

2. അര്‍ധനിത്യഹരിത വനങ്ങള്‍

3. നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍

4. വരണ്ട ഇലപൊഴിയും കാടുകള്‍

5. പര്‍വതചോലവനങ്ങള്‍

6. പുല്‍മേടുകള്‍

7. കണ്ടല്‍ക്കാടുകള്‍

ഈ പ്രധാന വിഭാഗങ്ങള്‍ക്കുപുറമേ ജാതിച്ചതുപ്പുകള്‍ (Myristica swamps), ചൂരല്‍ക്കാടുകള്‍, ഈറ്റക്കാടുകള്‍, മുളങ്കാടുകള്‍, നദീതടവനങ്ങള്‍, കാവുകള്‍ തുടങ്ങിയ വനവിഭാഗങ്ങളും കേരളത്തില്‍ ഉണ്ട്.

കേരളത്തിലെ വനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നിത്യഹരിതവനങ്ങളാണ്. കേരളത്തിന്റെ ജൈവസമ്പത്തിന്റെ സിംഹഭാഗവും കാണപ്പെടുന്നത് ഈ വനങ്ങളിലാണ്. വളരെ ഉയരത്തില്‍ വളരുന്ന വന്‍വൃക്ഷങ്ങള്‍ മുതല്‍ കുറ്റിച്ചെടികള്‍വരെ ഉള്‍പ്പെട്ട സസ്യജാലം 4-5 തട്ടുകളിലായാണ് നിത്യഹരിത വനങ്ങളില്‍ വളരുന്നത്. ആയതിനാല്‍ മിക്ക നിത്യഹരിത വനമേഖലകളിലും വളരെ കുറഞ്ഞ അളവില്‍ മാത്രമേ സൂര്യപ്രകാശം മണ്ണില്‍ എത്തുന്നുള്ളൂ. അരയാഞ്ഞിലി, കാരാഞ്ഞിലി, പ്ലാവ്, പുന്നപ്പ, കുളമാവ്, ചീനി, നാങ്ക്, ആഞ്ഞിലി, പാലി, കാട്ടശോകം, അകില്‍, മൂട്ടിപ്പുളി, ചെങ്കുറിഞ്ഞി, കാട്ടുചാമ്പ, മലയെരിപ്പ, കമ്പകം, കാട്ടുവടന തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വൃക്ഷങ്ങള്‍. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലും മുമ്പ് നിത്യഹരിത വനങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ അവശേഷിക്കുന്ന അടയാളങ്ങളാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന സര്‍പ്പക്കാവുകളും മറ്റ് വിശുദ്ധ വനങ്ങളും.

നിത്യഹരിത വനങ്ങളുടെ ചില സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതും ഉയര്‍ന്ന കുന്നുകളുടെ മലയിടുക്കുകളില്‍ പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട് കാണപ്പെടുന്നതുമായ വനങ്ങളാണ് ചോലവനങ്ങള്‍. തെക്കേഇന്ത്യയുടെ മാത്രം സവിശേഷതയായ ഒരു ജൈവവ്യവസ്ഥയാണ് ചോലവനങ്ങള്‍. കാട്ടുപൂവരശ്, മരമഞ്ഞള്‍, കാട്ടുഞാവല്‍, കാട്ടുപാച്ചോറ്റി, സ്വര്‍ണ പന്നല്‍ തുടങ്ങിയ ഉയരം കുറഞ്ഞ വൃക്ഷങ്ങളുള്ള ആവാസവ്യവസ്ഥയാണിവിടം. ഈ വൃക്ഷങ്ങളില്‍ പന്നലുകളും പൂപ്പലുകളും സമൃദ്ധമായി വളരുന്നു. ഓര്‍ക്കിഡുകളുടെ കലവറകള്‍ കൂടിയാണ് ചോലവനങ്ങള്‍.

ഇലകൊഴിയാത്ത മരങ്ങള്‍ക്കൊപ്പം ഇലകൊഴിയുന്ന മരങ്ങളും വളരുന്ന ജൈവവ്യവസ്ഥയാണ് അര്‍ധനിത്യഹരിതവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിത്യഹരിതവനങ്ങള്‍ക്കും ഇലകൊഴിയും വനങ്ങള്‍ക്കും മധ്യേയുള്ള പരിണാമഘട്ട അവസ്ഥയായാണ് അര്‍ധനിത്യഹരിത വനങ്ങളെ കണക്കാക്കുന്നത്.

കേരളത്തില്‍ കാണപ്പെടുന്ന ഇലകൊഴിയും കാടുകള്‍ രണ്ടു വിധമുണ്ട്; നനവാര്‍ന്ന ഇലപൊഴിയും കാടുകളും വരണ്ടഇലപൊഴിയും കാടുകളും. വേനല്‍ക്കാലത്ത് ഇലകൊഴിക്കുന്ന മരങ്ങളാണ് ഈ കാടുകളുടെ പ്രത്യേകത. മഴയുടെ ലഭ്യതയ്ക്കനുസൃതമായി രണ്ടു മുതല്‍ നാല് മാസക്കാലത്തേക്ക് ഇത്തരം മരങ്ങള്‍ ഇലകളില്ലാതെ വളരുന്നു. വര്‍ഷത്തില്‍ 1500 മില്ലിമീറ്റര്‍ മുതല്‍ 1800 മില്ലിമീറ്റര്‍ വരെ മഴലഭിക്കുന്ന പ്രദേശങ്ങളിലാണ് പൊതുവേ നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍ കാണപ്പെടുന്നത്. ഇത്തരം കാടുകളില്‍ തേക്ക്, വീട്ടി, വെണ്‍തേക്ക്, തേമ്പാവ്, വേങ്ങ, മരുതി, പാതിരി, ഉന്നം തുടങ്ങിയവ വളരുന്നു. 1200 മില്ലിമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് വരണ്ട ഇലകൊഴിയും കാടുകള്‍ പൊതുവേ കാണപ്പെടുന്നത്. നീര്‍മരുത്, വിരിമരം, കിളിമരം, എബണി, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങള്‍ ഇത്തരം വനങ്ങളുടെ പ്രത്യേകതയാണ്; വരണ്ട ഇലപൊഴിയും കാടുകളും ഇത്തരം വനങ്ങളുടെ പ്രത്യേകതതന്നെ. വരണ്ട ഇലപൊഴിയും കാടുകള്‍ വളരെ കുറഞ്ഞവിസ്തൃതിയിലേ കേരളത്തില്‍ കാണപ്പെടുന്നുള്ളൂ.

സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്ററിനു മുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലാണ് സാധാരണ പുല്‍മേടുകള്‍ കാണപ്പെടുന്നത്. കേരളത്തിലെ പുല്‍മേടുകളെ പൊതുവേ രണ്ടായി തരംതിരിക്കാം; സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ (1800m) വരെ കാണപ്പെടുന്ന വിശാലമായ പുല്‍മേടുകളും സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്ററിനു മുകളില്‍ കാണപ്പെടുന്ന പുല്‍മേടുകളും. ഉഷ്ണമേഖലാ മൊണ്ടേന്‍ പുല്‍മേടുകള്‍ എന്നും ഇവ അറിയപ്പെടുന്നു. ആദ്യ വിഭാഗം പുല്‍മേടുകളില്‍ ഉയരം കൂടിയ പുല്ലിനങ്ങളാണ് പൊതുവേ കാണപ്പെടുന്നത്. ഇവയ്ക്കിടയില്‍ ഉയരം കുറഞ്ഞ ചെറുവൃക്ഷങ്ങളും അപൂര്‍വമായുണ്ട്. ഇത്തരം ജൈവവ്യവസ്ഥ കുറ്റിമുള്‍സാവന്ന (Shrub savanna) എന്നും അറിയപ്പെടുന്നു.

ലവണാംശം കൂടുതലുള്ള ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലും കായല്‍ കടലോരങ്ങളിലും കാണപ്പെടുന്ന പ്രത്യേകതരം വനവിഭാഗമാണ് കണ്ടല്‍ക്കാടുകള്‍. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് കണ്ടല്‍ക്കാടുകള്‍ അധികവും കാണപ്പെടുന്നത് (755 ഹെക്ടര്‍). ഉയരക്കുറവും വെള്ളത്തിനടിയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ശ്വസനമൂലങ്ങളും ഇവയുടെ പ്രത്യേകതയാണ്. 29-ഓളം സസ്യകുടുംബങ്ങളില്‍പ്പെട്ട ചെറുസസ്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെട്ടതാണ് കണ്ടല്‍സസ്യങ്ങള്‍. റൈസോഫോറേസീ കുടുംബത്തിലെ റൈസോഫോറ, ബ്രുഗീറ, സെറിയോപ്സ്; മീലിയേസീ കുടുംബത്തിലെ കരാപ്പ; ലിത്രേസീ കുടുംബത്തിലെ സൊണറേഷ്യ; അക്കാന്‍തേസീ കുടുംബത്തിലെ അക്കാന്തസ്; വെര്‍ബിനേസീ കുടുംബത്തിലെ അവിസീനിയ എന്നിവയാണ് യഥാര്‍ഥ കണ്ടല്‍സസ്യങ്ങള്‍. കണ്ടല്‍ സസ്യങ്ങളോടൊപ്പം വളരുന്ന മറ്റു ചില സസ്യങ്ങളുമുണ്ട്. കണ്ടല്‍ സഹചാരി സസ്യങ്ങള്‍ (mangrove associates) എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം ചില സസ്യജീനസുകളാണ് എക്സോക്കേറിയ, സെര്‍ബീറ, ഡെറിസ്, അക്രോസ്റ്റിക്കം എന്നിവ.

ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും

വനപ്രദേശത്തിന്റെ 24 ശതമാനത്തോളം ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും അടങ്ങിയ സംരക്ഷിത മേഖലയാണ്. ഇപ്പോള്‍ കേരളത്തില്‍ അഞ്ച് ദേശീയോദ്യാനങ്ങളും പതിനാറ് വന്യജീവിസങ്കേതങ്ങളുമുണ്ട്. ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, ആനമുടിച്ചോല, മതികെട്ടാന്‍ ചോല എന്നിവയാണ് ദേശീയോദ്യാനങ്ങള്‍. 1934-ല്‍ 'നെല്ലിക്കാംപെട്ടി' എന്ന പേരില്‍ പ്രഖ്യാപിച്ച 'പെരിയാര്‍ ടൈഗര്‍ റിസര്‍വ്' ആണ് കേരളത്തിലെ പ്രഥമ വന്യജീവിസങ്കേതം; പെരിയാര്‍, നെയ്യാര്‍, പീച്ചി-വാഴാനി, പറമ്പിക്കുളം, വയനാട്, ഇടുക്കി, പേപ്പാറ, ചിമ്മിണി, ചിന്നാര്‍, ചെ(ശെ)ന്തുരുണി, ആറളം, തട്ടേക്കാട്, മംഗളവനം, കുറിഞ്ഞിമല, മലബാര്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ തട്ടേക്കാടും മംഗളവനവും പക്ഷിസംരക്ഷണസങ്കേതങ്ങളാണ്. ഇവ കൂടാതെ നീലഗിരി, അഗസ്ത്യവനം എന്നിങ്ങനെ രണ്ടു ജൈവസംരക്ഷണ മേഖലകളും (Biosphere reserves) കേരളത്തിലുണ്ട്.

ഇരവികുളം. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ 97 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. 1928-ല്‍ മൂന്നാറിന്റെ സുന്ദരമായ ഭൂപ്രകൃതിയെയും വംശനാശഭീഷണി നേരിടുന്ന വരയാട് അഥവാ നീലഗിരി താര്‍ (Nilgiri Tahr) എന്നറിയപ്പെടുന്ന കാട്ടാടിനെയും വിനാശത്തില്‍നിന്നു രക്ഷിക്കാനായി കണ്ണന്‍ദേവന്‍ തേയിലത്തോട്ട ഉടമസ്ഥര്‍ വനസ്നേഹികളായ മുതുവാന്മാരെ ഏല്പിച്ചു. 1971-ല്‍ ഈ വനഭൂമി മുഴുവന്‍ കേരളസര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 1975-ല്‍ ഇവിടം വരയാട് സംരക്ഷണമേഖലയായി പ്രഖ്യാപിച്ചു. 1978 മേയ് 19-ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയുണ്ടായി.

രാജമലയും മൂന്നാറുമാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍. 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന നീലക്കുറിഞ്ഞി ഇവിടം അത്യാകര്‍ഷകമാക്കുന്നു. നീലക്കുറിഞ്ഞിയുടെ സംരക്ഷണാര്‍ഥം 32 ച.കി.മീ. സ്ഥലം കുറിഞ്ഞിമല സങ്കേത( Kurinjimala sanctuary)മായി 2006 ഒക്ടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. നോ. ഇരവികുളം ദേശീയോദ്യാനം

സൈലന്റ് വാലി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെടുന്ന സൈലന്റ് വാലി 1984-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന് 89.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. 'സൈരന്ധ്രീവനം' എന്ന പേരിലും ഇത് അറിയപ്പെടുന്നു. വനമേഖലകളില്‍ സര്‍വസാധാരണമായുള്ള ചീവീടുകളുടെ ശബ്ദം ഈ താഴ്വരയില്‍ ഇല്ലാത്തതിനാലാണ് സൈലന്റ് വാലി അഥവാ 'നിശ്ശബ്ദ താഴ്വര' എന്ന് ബ്രിട്ടീഷുകാര്‍ ഇതിനു പേരിട്ടത്.

സമുദ്രനിരപ്പില്‍നിന്ന് 1,100 മീറ്ററോളം ഉയരമുള്ള നിത്യഹരിത വനമേഖലയാണ് കുണ്ടലിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന സൈലന്റ് വാലി. വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന കുന്തിപ്പുഴയാണ് സൈലന്റ് വാലിയിലെ പ്രധാന നദി. അന്യംനിന്നു എന്നു കരുതപ്പെടുന്ന വിവിധയിനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ജന്തുക്കളില്‍ അധികവും അത്യപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയുമാണ്. നോ. സൈലന്റ് വാലി

മതികെട്ടാന്‍ ചോല. ഇടുക്കി ജില്ലയില്‍, ഉടുമ്പഞ്ചോല താലൂക്കിലെ പൂപ്പാറ വില്ലേജില്‍പ്പെടുന്ന 1281.74 ഹെക്ടര്‍ പ്രദേശം മതികെട്ടാന്‍ ചോല ദേശീയോദ്യാനമായി 2003 ഒ. 10-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മതികെട്ടാന്‍ ചോല ഏലമലക്കാടുകളുടെ ഒരു ഭാഗമാണ്. 1897 ആഗ. 24-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റില്‍ ഏലമലക്കാടുകളെ മതികെട്ടാന്‍ ചോലയുടെ ഭാഗമായും സംരക്ഷിതവനമായും പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഏലംകൃഷിയും സസ്യജന്തുജാലങ്ങളും ഭൂരൂപവിജ്ഞാനീയ സമ്പത്തും (Geomorphological wealth) പരിരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായാണ് ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. നോ. മതികെട്ടാന്‍ചോല ദേശീയോദ്യാനം

ആനമുടിച്ചോല. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ മറയൂര്‍ വില്ലേജില്‍പ്പെടുന്ന 7.5 ച.കി.മീ. (750 ഹെക്ടര്‍) സ്ഥലം ആനമുടിച്ചോല ദേശീയോദ്യാനമായി 2003 ഡി. 14-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടായ അപൂര്‍വ ഇനം സസ്യങ്ങളും മറ്റു സസ്യസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. മന്നവന്‍ ചോല, മഡവാരിമല, ഇന്ദീവരമല, പുല്ലാര്‍ടിച്ചോല, കണ്ണന്‍ദേവന്‍മല, ഒറ്റക്കൊമ്പുമല, തീര്‍ഥമല എന്നിവയിലെ സംരക്ഷിതവനങ്ങളാണ് ആനമുടിച്ചോല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍. നോ. ആനമുടി

പാമ്പാടും ചോല. ഇടുക്കി ജില്ലയില്‍, ദേവികുളം താലൂക്കിലെ മറയൂര്‍ വില്ലേജില്‍പ്പെടുന്ന 131.80 ഹെക്ടര്‍ 2003 ഡിസംബറില്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. പരിസ്ഥിതിയെയും അപൂര്‍വയിനം ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടം ദേശീയോദ്യാന പദവിയിലേക്കുയര്‍ത്തിയത്.

ധാതുസമ്പത്ത്

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ധാതുസമ്പത്തിന്റെ കാര്യത്തില്‍ കേരളം സമ്പന്നമാണെന്നു പറയാനാവില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ആര്‍ക്കിയന്‍ യുഗത്തിലെ പരല്‍ശിലകള്‍ പ്രധാനമായും ചാര്‍ണൊക്കൈറ്റ്, ഖോണ്‍ഡലൈറ്റ് എന്നീ സമൂഹങ്ങളില്‍പ്പെട്ടവയാണ്. ഇവയോട് ഇടകലര്‍ന്ന് ഗ്രാനിറ്റിക് നയ്സ്, ഗ്രാനൈറ്റ് എന്നീയിനം ശിലകളുടെ അടരുകളും അവസ്ഥിതമാണ്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട മലകളും ഉന്നതതടങ്ങളും പൊതുവേ ചാര്‍ണൊക്കൈറ്റ് പടലങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചാര്‍ണൊക്കൈറ്റ് സമൂഹം വ്യാപകമായുണ്ട്. ഇവയ്ക്ക് കായാന്തരണം സംഭവിച്ചാണ് കേരളത്തിലെ നയ്സ്ശിലകള്‍ ഉണ്ടായിട്ടുള്ളതെന്നാണ് ഭൂവിജ്ഞാനികളുടെ അനുമാനം. ദക്ഷിണകേരളത്തിലും പാലക്കാടു ജില്ലയിലെ ഏതാനും ഭാഗങ്ങളിലുമാണ് ഖോണ്‍ഡലൈറ്റ് ശിലാക്രമം കാണപ്പെടുന്നത്. ഈയിനത്തിലെ പരലാകൃതിയിലുള്ള ചുണ്ണാമ്പുകല്ലുപടലങ്ങള്‍ പാലക്കാട്, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിലെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ധാര്‍വാര്‍ ക്രമത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഷിസ്റ്റ് ശിലകള്‍ വയനാടുമുതല്‍ കാസര്‍കോടുവരെയുള്ള മേഖലയില്‍ ധാരാളമായി അവസ്ഥിതമായിരിക്കുന്നു. ചാര്‍ണൊക്കൈറ്റിന്റെയും ഷിസ്റ്റിന്റെയും അടരുകള്‍ക്കിടയിലേക്ക് തുളച്ചുകയറിയ രീതിയിലുള്ള ഗ്രാനൈറ്റ്-ഓര്‍തോനയ്സ് പടലങ്ങളും സാധാരണമാണ്. തവിട്ടോ പാടലമോ നിറങ്ങളിലുള്ള ഗ്രാനൈറ്റ്സ്തരങ്ങള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ സുലഭമാണ്. ആര്‍ക്കിയന്‍ ശിലാപടലങ്ങളെ ഭേദിക്കുന്ന ഡോളാറൈറ്റ്, ബസാള്‍ട്ട്, ഗാബ്രോ എന്നീ ഇനങ്ങളിലുള്ള ഡൈക്കു(Dyke)കളും വിരളമല്ല.

മയോസീന്‍ യുഗത്തിലെ ശിലാസമൂഹങ്ങളെ വര്‍ക്കലവ്യൂഹം, കൊല്ലംവ്യൂഹം എന്നിങ്ങനെയാണ് വര്‍ഗീകരിച്ചിട്ടുള്ളത്. ഇതില്‍ വര്‍ക്കലവ്യൂഹം മണല്‍ക്കല്ലും ലിഗ്നൈറ്റ് ഇടകലര്‍ന്ന കളിമണ്‍പടലങ്ങളും ഉള്‍ക്കൊള്ളുന്നു. മണല്‍, കളിമണ്ണ് എന്നിവയുടെ ഇടതൂര്‍ന്നതും ആവര്‍ത്തിതവുമായ അട്ടികള്‍ക്കിടയില്‍ ചുണ്ണാമ്പുകല്ലിന്റെ നേരിയ പടലങ്ങളും കടല്‍ജീവികളുടെ അവശിഷ്ടങ്ങളും ഉണ്ടായിരിക്കുന്നത് കൊല്ലം വ്യൂഹത്തിന്റെ സവിശേഷതയാണ്.

കേരളത്തിന്‍ സാര്‍വത്രികമായുള്ള മറ്റൊരിനം ശിലയാണ് ലാറ്ററൈറ്റ് അഥവാ ചെങ്കല്ല്. പ്രാചീനയുഗത്തിലെ പരല്‍ശിലകളും ടെര്‍ഷ്യറി(Tertiary) കല്പത്തിലെ ഊറല്‍പ്പാറകളും രാസാപക്ഷയത്തിനു(നോ. അപക്ഷയം)വിധേയമായി അവശേഷിപ്പിക്കുന്ന ശിലാപടലങ്ങളാണ് ചെങ്കല്ല് എന്നു പറയാം. സംസ്ഥാനത്തെമ്പാടുമുള്ള ഉന്നതതടങ്ങളും കുന്നിന്‍പുറങ്ങളും ചെങ്കല്ല് പടലങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ബോക്സൈറ്റ് നിക്ഷേപങ്ങളും ഇരുമ്പയിരുകളും ജനിതകപരമായി നോക്കുമ്പോള്‍ ലാറ്ററൈറ്റുകളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാനത്തിലെ 38,857 ച.കി.മീ. വിസ്തീര്‍ണമുള്ള ഭൂഭാഗത്തില്‍ 6,000-ത്തിലേറെ ച. കി.മീ. പ്രദേശം എക്കല്‍ സമതലങ്ങളാണ്. ഇവയുടെ ഭൂവിജ്ഞാനീയപരമായ സംരചന സാമ്പത്തികപ്രാധാന്യമുള്ള ധാതുക്കളുടെ സഞ്ചയത്തിന് അനുകൂലമല്ല. എന്നിരിക്കിലും മോണസൈറ്റ്, ഇല്‍മനൈറ്റ്, കളിമണ്ണ്, ബോക്സൈറ്റ്, കണ്ണാടിമണല്‍, ചുണ്ണാമ്പുകല്ല്, ഗ്രാഫൈറ്റ് തുടങ്ങിയവയുടെ നിക്ഷേപങ്ങള്‍ ഇവയ്ക്കിടയില്‍ അവസ്ഥിതമായി കാണുന്നു. കേരളത്തിലെ ധാതുനിക്ഷേപങ്ങളുടെ സംക്ഷിപ്ത വിവരണം താഴെ ചേര്‍ക്കുന്നു:

ഇല്‍മനൈറ്റ്-മോണസൈറ്റ് നിക്ഷേപങ്ങള്‍. കൊല്ലം ജില്ലയിലെ കടലോരങ്ങളില്‍ വിശിഷ്യാ നീണ്ടകര, ചവറ, കോവില്‍ത്തോട്ടം എന്നിവിടങ്ങളിലാണ് ഇല്‍മനൈറ്റിന്റെയും മോണസൈറ്റിന്റെയും അപരദ നിക്ഷേപങ്ങള്‍ വന്‍തോതില്‍ കാണപ്പെടുന്നത്. ഈ ധാതുക്കള്‍ ഏതാനും ദശകങ്ങളായി സാമാന്യമായ തോതില്‍ ഖനനം ചെയ്യപ്പെട്ടുവരുന്നു.

കളിമണ്ണ്. അവസാദങ്ങളില്‍ നിന്നോ അവശിഷ്ടങ്ങളില്‍ നിന്നോ ഉരുത്തിരിയുന്ന വ്യാവസായിക പ്രാധാന്യമുള്ള കളിമണ്ണിന്റെ കനത്ത നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഏഴരലക്ഷം ടണ്‍ വരുന്ന ചീനാക്കളിമണ്ണു നിക്ഷേപമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിനടുത്ത് ചാത്തന്നൂരിലുള്ള നിക്ഷേപത്തിന്റെ അളവ് 80,000 ടണ്‍ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഖനന-ഭൂവിജ്ഞാന വകുപ്പ് തിട്ടപ്പെടുത്തിയിട്ടുള്ളതു പ്രകാരം ചീനാക്കളിമണ്ണിന്റെ ജില്ലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തോത് ടണ്‍ കണക്കില്‍ തിരുവനന്തപുരം-3,40,00,000, കൊല്ലം- 2,23,00,000, എറണാകുളം-43,00,000, കോഴിക്കോട്74,00,000, പാലക്കാട്- 4,00,000, കണ്ണൂര്‍, കാസര്‍കോട്-1,33,50,000 എന്നീ ക്രമത്തിലാണ്. ഇവയ്ക്കുപുറമേ വ്യാവസായിക പ്രാധാന്യമുള്ള മറ്റു കളിമണ്ണിനങ്ങളുടെ കനത്ത നിക്ഷേപങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.

ബോക്സൈറ്റ്. ഉത്തരകേരളത്തില്‍ സമുദ്രനിരപ്പില്‍നിന്നു 50 മുതല്‍ 150 വരെ മീ. ഉയരങ്ങളിലുള്ള തലങ്ങളില്‍ ചെങ്കല്‍ അടരു കളുമായി ഇടകലര്‍ന്ന നിലയില്‍ ബോക്സൈറ്റിന്റെ സമ്പന്ന നിക്ഷേപങ്ങള്‍ അനാച്ഛാദിതമായിക്കാണുന്നു. ഇത്തരം മേടുകളോടനുബന്ധിച്ച് ചരിവുകളിലും അടിവാരങ്ങളിലുമുള്ള അപരദന നിക്ഷേപങ്ങളും ഖനനസാധ്യങ്ങളാണ്. സ്വസ്ഥാനസ്ഥ(in situ)ങ്ങളായ നിക്ഷേപങ്ങളില്‍ അലൂമിന (Al2O3) യുടെ അംശം 40 മുതല്‍ 45 വരെ ശതമാനം മാത്രമേ കാണുന്നുള്ളൂ; ഇരുമ്പിന്റെ അംശം നന്നേ ഏറ്റത്തിലുമായിരിക്കും. എന്നാല്‍ അടിവാരങ്ങളിലെ ബോക്സൈറ്റുകളില്‍ ഇതിനു വിപരീതമായി സിലിക്കാംശം(78%) കൂടിയും അലൂമിനയുടെ അംശം 45 മുതല്‍ 53 വരെ ശതമാനം ആയി വര്‍ധിച്ചും കാണപ്പെടുന്നു. കാസര്‍കോടു ജില്ലയില്‍ കുമ്പളയില്‍ 18,30,000 ടണ്‍ വ്യാപ്തി കണക്കാക്കപ്പെട്ടിട്ടുള്ള ഒരു നിക്ഷേപമുണ്ട്. ഈ ജില്ലയിലെ തന്നെ നീലേശ്വരത്ത് 61,00,000 ടണ്‍ നിക്ഷേപമാണ് കണക്കാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാടിനു സമീപം കണ്ടെത്തിയിട്ടുള്ള മറ്റൊരു നിക്ഷേപത്തിന്റെ അളവ് 71,00,000 ടണ്‍ ആണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില ഭാഗങ്ങളിലും ബോക്സൈറ്റിന്റെ ഏതാദൃശ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; താരതമ്യേന വ്യാപ്തി കുറഞ്ഞ ഇവയിലെ മൊത്തം ധാതുപരിമാണം 36,00,000 ടണ്‍ ആയി അനുമാനിക്കപ്പെട്ടിരിക്കുന്നു.

ഇരുമ്പ്. മാഗ്നറ്റൈറ്റ്-ക്വാര്‍ട്ട്സൈറ്റ് ഇനത്തില്‍പ്പെട്ട ഇരുമ്പയിര് നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ കോഴിക്കോടു ജില്ലയിലെ അഞ്ചു നിക്ഷേപങ്ങളും മലപ്പുറം ജില്ലയിലെ മറ്റൊരു നിക്ഷേപവും ശാസ്ത്രീയമായ പഠനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇവയിലെ മൊത്തം നിക്ഷേപം 3,92,00,000 ടണ്ണായി നിര്‍ണയിക്കപ്പെട്ടു (1968-75). 35 മുതല്‍ 41 വരെ ശതമാനം ലോഹാംശം ഉള്‍ക്കൊള്ളുന്ന ഈ അയിരുനിക്ഷേപങ്ങള്‍ ഭൂതലത്തില്‍ നിന്ന് 40 മീ. താഴ്ചയ്ക്കുള്ളിലായി അവസ്ഥിതമായിരിക്കുന്നുവെന്നതും ഇവയെ മൂടിക്കാണുന്ന മറ്റിനം ശിലാപടലങ്ങള്‍ താരതമ്യേന കാഠിന്യം കുറഞ്ഞവയാണെന്നതും ഇവയുടെ ഖനനസാധ്യത വര്‍ധിപ്പിക്കുന്നതായി മേല്പറഞ്ഞ പഠനം സൂചിപ്പിക്കുന്നു. ഇതു കൂടാതെ കൂടുതല്‍ താഴ്ചയില്‍ താരതമ്യേന മേന്മ കുറഞ്ഞ 444 ലക്ഷം ടണ്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നും അറിവായിട്ടുണ്ട്.

ചുണ്ണാമ്പുകല്ല്. പാലക്കാടുജില്ലയിലെ പണ്ടാരത്ത്-വണ്ണാമട പ്രദേശങ്ങളില്‍ 22,10,000 ടണ്‍ വരുന്ന ചുണ്ണാമ്പുകല്ലുനിക്ഷേപം അവസ്ഥിതമാണ്. ഇവിടത്തെ അയിരില്‍ 50 ശതമാനത്തിലേറെ ചുണ്ണാമ്പി(CaO)ന്റെ അംശമുള്ളതായി കണക്കാക്കിയിരിക്കുന്നു. തീരപ്രദേശത്ത് ഉടനീളമുള്ള കായലുകളില്‍ പലയിടത്തും നീറ്റുകക്ക കനത്ത തോതില്‍ ലഭ്യമാണ്. വേമ്പനാട്ടുകായലിലും കവ്വായിക്കായലിലുമുള്ള നിക്ഷേപങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്. കവ്വായിക്കായല്‍ നികന്ന് കരയായിത്തീര്‍ന്ന പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ അടിഞ്ഞുകാണുന്ന വിവിധയിനം ചുണ്ണാമ്പുകക്കകളെ പ്രസക്തധാതുവിന്റെ കനത്ത നിക്ഷേപമായി കണക്കാക്കാം. വേമ്പനാട്ടുകായലില്‍ മണലും കളിമണ്ണും ഇടകലര്‍ന്ന് അടിഞ്ഞുകൂടിയിട്ടുള്ള ചുണ്ണാമ്പുകക്കയുടെ മൊത്തം അളവ് 30,00,000 ടണ്ണായി മതിക്കപ്പെട്ടിരിക്കുന്നു. കുലശേഖരമംഗലം (1,81,500 ടണ്‍), പള്ളിപ്പുറം (1,03,900 ടണ്‍), വെച്ചൂര്‍പ്പാടം (2,57,050 ടണ്‍), തണ്ണീര്‍മുക്കം (3,10,800 ടണ്‍), വടുതല (8,24,000 ടണ്‍), വൈക്കം(2,23,000 ടണ്‍), ചിത്തിര (1,50,000 ടണ്‍) എന്നിവിടങ്ങളിലാണ് ഈ നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ടന്‍കാളി (3,12,000 ടണ്‍), ഉടുമ്പന്തല (66,000 ടണ്‍), കുന്തരിയം (40,000 ടണ്‍), കുഞ്ഞിമംഗലം (8,000 ടണ്‍) കാരി-മൈക്ക(1,00,000 ടണ്‍), കേളോത്ത്-തായനേരി (1,45,000 ടണ്‍), പയങ്കി (54,000 ടണ്‍) എന്നിവിടങ്ങളിലും കാസര്‍കോടു ജില്ലയിലെ നീലേശ്വരത്തു (38,000 ടണ്‍) മായി മൊത്തം 7,63,000 ടണ്‍ കക്കാ നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. തൃശൂര്‍ജില്ലയിലെ വാടാനപ്പള്ളി, ചേറ്റുവാ, എങ്ങണ്ടിയൂര്‍, തളിക്കുളം, ചേര്‍പ്പ്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകാണുന്ന 40,000 ടണ്‍ മതിക്കപ്പെട്ടിട്ടുള്ള നിക്ഷേപവും പ്രസ്താവ്യമാണ്.

കണ്ണാടിമണല്‍. ആലപ്പുഴ-ചേര്‍ത്തല മേഖലയില്‍ കിഴക്ക് പാണാവള്ളി വരെ വ്യാപിച്ചുകിടക്കുന്ന 35 കി. മീ. നീളത്തിലുള്ള തീരപ്രദേശത്താണ് കണ്ണാടിമണലിന്റെ സമ്പന്നനിക്ഷേപമുള്ളത്. കോതമംഗലത്തും സാമാന്യമായ തോതില്‍ അവസ്ഥിതമായിക്കാണുന്നു. മൊത്തമുള്ള 416 ലക്ഷം ടണ്‍ നിക്ഷേപങ്ങളില്‍ 140 ലക്ഷം ടണ്ണോളം ഖനനയോഗ്യമാണ്. ഗ്ലാസ് നിര്‍മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

ഗ്രാഫൈറ്റ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ ഖോണ്‍ഡലൈറ്റ് ശിലാക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയില്‍ വെള്ളനാട്, ചാങ്ങ, കുറ്റിച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളിലാണ് ഗ്രാഫൈറ്റ് നിക്ഷേപങ്ങളുള്ളത്; വെള്ളനാട്ടെ നിക്ഷേപം 1898-1912 കാലത്തെ ഖനനത്തോടെ ഏതാണ്ട് നഷ്ടപ്രായമായിക്കഴിഞ്ഞിരിക്കുന്നു. ഇതിനടുത്ത് ചാങ്ങയില്‍ 75 ശതമാനം ധാത്വംശമുള്ള 30,000 ടണ്‍ ഗ്രാഫൈറ്റ് അയിരുകള്‍ നിക്ഷിപ്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കറുപ്പല്‍ തോട്ടില്‍ ഗാര്‍നൈറ്റ് സിലിമനൈറ്റ് ശിലകള്‍ക്കിടയില്‍ നേരിയ പടലങ്ങളായി അവസ്ഥിതമായിട്ടുള്ള ഗ്രാഫൈറ്റ് നിക്ഷേപത്തിന്റെ മൊത്തം വ്യാപ്തം 3,500 ടണ്ണാണ്. ഗാര്‍നൈറ്റ് ഗ്രാഫൈറ്റ് ഷിസ്റ്റുകളായി രൂപം പ്രാപിച്ചിരുന്ന ഈ അയിരുകളില്‍ ഗ്രാഫൈറ്റ് അംശം 15 ശതമാനം മാത്രമേ ഉള്ളൂ. കോട്ടയം, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ണൊക്കൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്നയ്സ് എന്നിവയുടെ അടരുകളുമായി ഇടകലര്‍ന്നുകാണുന്ന ഗാര്‍ണെറ്റിഫറസ് നയ്സിന്റെ പടലങ്ങളെ തുളച്ചുകയറിയ മട്ടിലാണ് ഗ്രാഫൈറ്റ് സഞ്ചയിക്കപ്പെട്ടിട്ടുള്ളത്. പിരളിമറ്റം, നാഗപ്പുഴ, മണകാട്, പെരുങ്ങാല, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് കാര്യമായ തോതില്‍ ഗ്രാഫൈറ്റ് കാണപ്പെടുന്നത്. 12 മുതല്‍ 17 വരെ ശതമാനം ധാത്വംശമുള്ള 3,35,700 ടണ്‍ അയിരാണ് നിക്ഷേപങ്ങളില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. രത്നക്കല്ലുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആര്‍ക്കിയന്‍നയ്സ് ശിലകളെ വേധിച്ചുകൊണ്ട് പെഗ്മറ്റൈറ്റ് ഇനത്തില്‍പ്പെട്ട ശിലാസിരകള്‍ സാധാരണമാണ്. അനിയമിതമായി നാനാദിശകളില്‍ അവസ്ഥിതമായിട്ടുള്ള ഈ പെഗ്മറ്റൈറ്റ് സിരകളില്‍ പലയിടത്തും ഉപഖനിജമെന്ന നിലയില്‍ ക്രിസോബെറില്‍ സഞ്ചയങ്ങള്‍ രൂപം കൊണ്ടിരിക്കുന്നു. ഈ സഞ്ചയങ്ങളില്‍നിന്നു തന്നെ സൂക്ഷ്മമായവ മുതല്‍ സാമാന്യം വലുപ്പമുള്ളവ വരെയുള്ള രത്നക്കല്ലുകള്‍ ലഭിച്ചുവരുന്നു. പാറശ്ശാല മുതല്‍ ആറ്റിങ്ങല്‍ വരെ 48 കി.മീ. നീളത്തിലും 11 കി.മീ. വീതിയിലും ചാപാകാരമായി കിടക്കുന്ന പെഗ്മറ്റൈറ്റ് പടലങ്ങളാണ് ക്രിസോബെറില്‍ ലഭ്യമാക്കുന്ന മുന്തിയ ശിലാവ്യൂഹം. അമൂല്യങ്ങളായ വൈഡൂര്യം, മാര്‍ജാരനേത്രം (cat's eye), അലക്സാണ്ടറൈറ്റ് എന്നീയിനം രത്നങ്ങള്‍ ഇവിടെ നിന്നും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ധാരാളമായി ലഭ്യമാകുന്നുണ്ടെന്നാണു നിഗമനം. പകല്‍വെളിച്ചത്തില്‍ പച്ചയും കൃത്രിമവെളിച്ചത്തില്‍ ചുവപ്പും നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന അലക്സാണ്ടറൈറ്റ നന്നേ ദുര്‍ലഭവും തന്മൂലം പ്രിയം കൂടിയതുമാണ്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം, അരുവിക്കര, ബാലരാമപുരം, ബോണക്കാട്, ബ്രൈമൂര്‍, ചാങ്ങ, ചുള്ളിമാനൂര്‍, മടത്തറ, മാണിക്കല്‍, മണിവിള, മുദാക്കല്‍, നെടുമങ്ങാട്, നെട്ടണി, ഊരൂട്ടമ്പലം, പോത്തന്‍കോട്, പിരപ്പന്‍കോട്, ഇടക്കോട്, തോന്നയ്ക്കല്‍, ഉഴമലയ്ക്കല്‍, വെള്ളനാട്, വെഞ്ഞാറമൂട്, വെങ്ങാനൂര്‍, വെമ്പായം എന്നിവിടങ്ങളും കൊല്ലം ജില്ലയിലെ അടുക്കളമൂല, കുളത്തൂപ്പുഴ, പൊടിയാറ്റുവിള, അലച്ചിറ്റ തുടങ്ങിയ ഇടങ്ങളും രത്നഖനനസാധ്യതയുള്ള കേന്ദ്രങ്ങളായി അനുമാനിക്കപ്പെട്ടിട്ടുണ്ട്.

സ്വര്‍ണം. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലുള്‍പ്പെട്ട മേപ്പാടി, ചുണ്ടെലി, വൈത്തിരി, നരിയോട്, നിലമ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ സ്വര്‍ണനിക്ഷേപമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ നദീതടത്തില്‍ മണലും ചരലും ഇടകലര്‍ന്നു സ്വര്‍ണത്തരികള്‍ ലഭിക്കുന്നതു സാധാരണമാണ്.

മേല്പറഞ്ഞവ കൂടാതെ ഖനനസാധ്യത ഇനിയും തെളിയിക്കപ്പെടേണ്ട അനേകം ധാതുനിക്ഷേപങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷോളയാര്‍പദ്ധതി പ്രദേശത്തും സമീപത്തുള്ള പുതിയ മുത്തൂര്‍ പ്രദേശത്തും ചാര്‍ണൊക്കൈറ്റ് പടലങ്ങള്‍ക്കിടയിലെ പെഗ്മട്ടൈറ്റ് സിരകള്‍ അല്ലനൈറ്റ് ധാതു ഉള്‍ക്കൊള്ളുന്നു. പെര്‍ള (12°38', 75° 06') യില്‍ കൊറണ്ടം ധാതുവിന്റെ സഞ്ചയിതനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട ഇരിട്ടി, വടമണ്‍ ഭാഗങ്ങളില്‍ ധാര്‍വാര്‍ സമൂഹത്തില്‍പ്പെട്ട അപക്ഷരണവിധേയമായ പെഗ്മട്ടൈറ്റുകള്‍ക്കിടയില്‍ നിന്ന് കയനൈറ്റ് ധാതു ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോടുജില്ലയിലെ മൂറാട്ട് നൈസര്‍ഗികരൂപത്തില്‍ രസം (mercury) ലഭ്യമാണെങ്കിലും നന്നേ കുറഞ്ഞ അളവിലാണെന്നതിനാല്‍ ഇതിന് ഖനന സാധ്യതയില്ല. കൊല്ലം ജില്ലയിലെ കിക്കേലൂര്‍, കരവൂര്‍ പ്രദേശങ്ങളിലും തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, വെള്ളനാട് ഭാഗങ്ങളിലും ഫ്ളോഗപ്പൈറ്റ് ഇനത്തില്‍പ്പെട്ട അഭ്രം നേരിയ തോതില്‍ കാണപ്പെടുന്നുണ്ട്. പാലക്കാടു ജില്ലയിലെ പത്തിരിക്കാട്, വെട്ടത്തൂര്‍ എന്നിവിടങ്ങളിലും അല്പമാത്രമായ തോതില്‍ ലഭ്യമാണ്. സാമ്പത്തികാടിസ്ഥാനത്തില്‍ സാധ്യമാക്കുന്ന അളവില്‍ അഭ്രം ലഭ്യമല്ല. കണ്ണൂര്‍ ജില്ലയിലെ മുരളമുത്തു, അരണപ്പാലം, പഴശ്ശി, ഇരിട്ടി, ഇടമല, തല്ലൂര്, എടമ്പ എന്നിവിടങ്ങളില്‍ ടാല്‍ക്-സ്റ്റീട്ടൈറ്റ് ധാതു കണ്ടെത്തിയിട്ടുണ്ട്. തീരസമതലത്തിലെ മയോസീന്‍ ശിലാപടലങ്ങള്‍ക്കിടയില്‍ പീറ്റ്, ലിഗ്നൈറ്റ് എന്നീ ഇനങ്ങളില്‍പ്പെട്ട താണനിലവാരത്തിലുള്ള കല്‍ക്കരി പലയിടത്തും അവസ്ഥിതമാണ്; ഇവയുടെ വ്യാപ്തിയും ഖനനസാധ്യതകളും ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ല.

(എന്‍.ജെ.കെ. നായര്‍)

മണ്ണിനങ്ങള്‍

കേരളത്തിലെ വിവിധയിനം മണ്ണുകളെ സംബന്ധിച്ച സമഗ്രമായ പഠനം ഇനിയും പൂര്‍ണമായിട്ടില്ല. ആധുനിക വര്‍ഗീകരണവ്യവസ്ഥ പ്രകാരം കേരളത്തിലെ മണ്ണിനങ്ങളെ എന്റിസോളുകള്‍(Entisols), വെര്‍ട്ടിസോളുക (vertisols), ഇന്‍സെപ്റ്റിസോളുകള്‍(Incepisols), മോളിസോളുകള്‍(Mollisols), ആല്‍ഫിസോളുകള്‍ (Alphisols), ഓക്സിസോളുകള്‍(Oxisols) എന്നിങ്ങനെ ആറു ക്രമ(order)ങ്ങളായി തരംതിരിക്കാം. ഇവയ്ക്ക് ഉപവിഭാഗങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രായോഗികമായ പരിഗണനയില്‍ പൊതുവേ ഏഴിനം മണ്ണുകളാണ് കേരളത്തില്‍ ഗണ്യമായ തോതില്‍ കാണപ്പെടുന്നത്. ഇവയെ മേല്പറഞ്ഞ തരത്തിലുള്ള ക്രമങ്ങളോടും ഉപവിഭാഗങ്ങളോടും ബന്ധപ്പെടുത്താവുന്നതുമാണ് (പട്ടിക).

തേരിമണ്ണ് (Red Loams). തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലെ പ്രത്യേക മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരിനം ചെമ്മണ്ണാണ് ഇത്. ലാറ്ററൈറ്റ് പടലങ്ങളുമായി ബന്ധപ്പെട്ട് അവസാദിതമായി കാണുന്നു. കുന്നിന്‍ചരിവുകളില്‍ നിന്ന് അപക്ഷരണവിധേയമായ ശിലാപദാര്‍ഥങ്ങള്‍ തെന്നിയിറങ്ങിയോ മഴ പെയ്ത് പരന്നൊഴുകുന്ന ജലധാരകളില്‍ വഹിക്കപ്പെട്ടോ അടിവാരങ്ങളിലെത്തി സഞ്ചിതമാകുന്നയിനം മണ്ണാണ് ഇത്. തളംകെട്ടുന്ന ജലം പെട്ടെന്ന് അടിഞ്ഞുതാഴുന്നയിനം ശിലാതലങ്ങളിലാണ് നിക്ഷേപിക്കപ്പെടുന്നതെന്നതിനാല്‍ ഇവ സവിശേഷമായ ധൂളീരൂപം കൈക്കൊണ്ട് സാമാന്യം കനത്തില്‍ അട്ടിയിടുന്നു. ഹേമറ്റൈറ്റ് ധാതുവിന്റെ സാന്നിധ്യംമൂലമാണ് ഇതിനു ചുവപ്പുനിറം കൈവന്നിട്ടുള്ളത്. കൂടുതല്‍ ആഴത്തിലേക്കു നീങ്ങുന്തോറും നിറം കടുത്തുവരുന്നതായി കാണപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ തേരിമണ്ണില്‍ ചരല്‍ നന്നേ കുറവായിരിക്കുന്നു; എന്നാല്‍ കൊല്ലം ജില്ലയില്‍ അങ്ങിങ്ങായുള്ള തേരിമണ്ണില്‍ ചരലട്ടികള്‍ സാധാരണവുമാണ്. കയോലിനൈറ്റിനെപ്പോലെ പശിമകലര്‍ന്നു കാണുന്ന ഈയിനം മണ്ണ് അമ്ലസ്വഭാവമുള്ളതും രന്ധ്രമയവും നന്നായി പൊടിഞ്ഞു ചിതറുന്നതുമാണ്. ഇതില്‍ ജൈവാംശവും വളക്കൊഴുപ്പേകുന്ന ധാത്വംശങ്ങളും സാമാന്യേന കുറവാണ്. ഈയിനം മണ്ണട്ടികളുടെ താഴത്തെ തലങ്ങളില്‍ കയോലിനൈറ്റ് ഇനത്തില്‍പ്പെട്ട കളിമണ്ണ് അടിഞ്ഞുകൂടിയ നിലയിലോ നേരിയ പടലങ്ങളായോ സാധാരണ കാണപ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പകുതിയിലാണ് തേരിമണ്ണിന്റെ ഉത്തമ മാതൃക കണ്ടെത്താവുന്നത്.

ചെങ്കല്‍മണ്ണ്. ഗ്രാനൈറ്റ് ശിലകളും വിവിധയിനം നയ്സ് (gneiss)ശിലകളും അപക്ഷരണവിധേയമായി അവശേഷിപ്പിക്കുന്ന ഇനം മണ്ണാണ് ഇത്. കനത്ത മഴയും കൂടിയ ചൂടുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ചെങ്കല്‍മണ്ണ് ഉത്പാദനത്തിന് അനുകൂലമായ സാഹചര്യം ഉള്ളത്. സ്വസ്ഥാനീയങ്ങളായ ചെങ്കല്‍മണ്ണ് പടലങ്ങള്‍ മാതൃശിലകളിലെ ക്ഷാര സ്വഭാവമുള്ള ഘടകങ്ങള്‍ക്കും സിലിക്കാംശത്തിനും നിക്ഷാളനം(leaching) ഏര്‍പ്പെടുത്തുന്നതിലൂടെയും തുടര്‍ന്ന് ഇരുമ്പ്, അലുമിനിയം എന്നിവയുടെ ഓക്സൈഡുകള്‍ സഞ്ചിതമാകുന്നതിലൂടെയും രൂപം കൊള്ളുന്നു. അന്തരീക്ഷവായുവുമായി സമ്പര്‍ക്കം ലഭിക്കുന്നതോടെ ഉറച്ചു കാഠിന്യം കൂടുന്നുവെന്നത് ചെങ്കല്‍മണ്ണിന്റെ സവിശേഷതയാണ്. ചെങ്കല്‍മണ്ണിന് ചുവപ്പു കലര്‍ന്ന തവിട്ടു മുതല്‍ മഞ്ഞ കലര്‍ന്ന ചുവപ്പു വരെയുള്ള നിറങ്ങള്‍ സാധാരണമാണ്. ഇവ ഏതേതു ശിലാതലങ്ങളില്‍ രൂപം കൊള്ളുന്നുവെന്നതിനെ ആശ്രയിച്ച് ചരല്‍ കലര്‍ന്ന പശിമരാശി മുതല്‍ ചരലും കളിണ്ണും കലര്‍ന്ന ചെളിപ്പരുവം വരെ വിവിധ രൂപങ്ങളായി കാണപ്പെടുന്നു. ഭൂപ്രകൃതിയെ ആശ്രയിച്ചു നന്നേ നേരിയ പടലങ്ങള്‍ മുതല്‍ അനേകം മീ. കനത്തിലുള്ള അട്ടികള്‍ വരെയായി അവസ്ഥിതമാകുന്നു. ഉപരിതലത്തിലും സാമാന്യം ആഴത്തിലും വളരെ ആഴത്തിലുമുള്ള പരിച്ഛേദിക (profiles)കളെ യഥാക്രമം എ,ബി,സി എന്നു വിശേഷിപ്പിക്കുന്നു. ഇവയില്‍ ബി പടലങ്ങള്‍ അയോമയവും സിലിക്കാമയവുമായ ചരല്‍ക്കല്ലുകള്‍ ഉള്‍ക്കൊണ്ടിരിക്കും; ഇവയുടെ അളവ് 20 ശതമാനം മുതല്‍ 75 ശതമാനം വരെയായി വ്യത്യാസപ്പെട്ടുകാണുന്നു. ഈ പടലങ്ങള്‍ക്കിടയിലാണ് കെട്ടിടനിര്‍മാണത്തിനുതകുന്ന വെട്ടുകല്ലുകള്‍ ചെത്തിയെടുക്കുവാന്‍ പറ്റിയ ഇടതൂര്‍ന്ന അട്ടികള്‍ കാണപ്പെടുന്നത്. നന്നേ ആഴത്തിലുള്ള ഈ ബി പടലങ്ങള്‍ മിക്കയിടത്തും അനിയമിതമായി പൊട്ടിഅടരുന്നവയും ആകാം. കൊല്ലംജില്ലയില്‍ എക്കല്‍ നിക്ഷേപങ്ങള്‍ക്കടിയിലായി കടുപ്പമേറിയ ചെങ്കല്‍പ്പടല ങ്ങള്‍ സാധാരണമാണ്. കണ്ണൂര്‍, കാസര്‍കോടു ജില്ലകളിലെ കുന്നിന്‍പുറങ്ങള്‍ മിക്ക ഭാഗങ്ങളിലും കാഠിന്യമേറിയ ചെങ്കല്‍മണ്ണ് തലങ്ങളായി മാറിയിരിക്കുന്നു.

ഇവയില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയുള്ള ഉര്‍വരാംശങ്ങള്‍ സാമാന്യേന കുറവായിരിക്കുന്നു. ജൈവാംശം വളരെ കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്നു. ഇവ പൊതുവേ അമ്ലസ്വഭാവമുള്ളവയാണ്. ചെളി കെട്ടുന്നത് സാധാരണമല്ല. കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്ന ചെങ്കല്‍ മണ്ണുകളെ ശാസ്ത്രീയമായ വളപ്രയോഗവും സംരക്ഷണവും നല്കി കൃഷിയോഗ്യമാക്കാവുന്നതാണ്.

എക്കല്‍മണ്ണ്. സംസ്ഥാനത്ത് ഉടനീളമുള്ള നദികളുടെയും ആറുകളുടെയും തടങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ജലോഢ (fluvial) നിക്ഷേപങ്ങളാണ് ഈയിനത്തില്‍പ്പെടുന്നത്. നീര്‍ച്ചാലുകളുടെ നീളം, ജലസമൃദ്ധി, തടപ്രദേശങ്ങളിലെ ഭൂപ്രകൃതി, ശിലാഘടന എന്നിവയെ ആശ്രയിച്ച് എക്കല്‍ നിക്ഷേപങ്ങളുടെ അളവിലും സ്വഭാവത്തിലും വ്യാപകമായ വ്യത്യാസം ഉണ്ടാകാം. തത്ഫലമായി സംസ്ഥാനത്തെ എക്കല്‍ മണ്ണുകളുടെ സ്വഭാവത്തിലും വൈവിധ്യം കാണപ്പെടുന്നു. മണല്‍കലര്‍ന്ന പശിമരാശിമണ്ണും കളിമണ്ണുകലര്‍ന്ന ചെളിമണ്ണും എക്കല്‍ വര്‍ഗത്തില്‍പ്പെട്ടുകാണുന്നു. പൊതുവേ പറഞ്ഞാല്‍ നനുത്ത തരികളുടെ ആധിക്യം ഈയിനം മണ്ണിന്റെ സവിശേഷതയാണെന്നു പറയാം. വളക്കൂറുനിറഞ്ഞ എക്കല്‍മണ്ണ് അത്യന്തം ഫലഭൂയിഷ്ഠമാണ്.

പഴക്കംചെന്ന എക്കല്‍പ്പരിച്ഛേദികകളില്‍ കളിമണ്ണിന്റെ നേര്‍ത്ത പടലങ്ങള്‍ മിക്കപ്പോഴും കാണപ്പെടുന്നു. ഈര്‍പ്പം നിറഞ്ഞ അവസ്ഥകളെ ദ്യോതിപ്പിക്കുന്ന ചാരനിറവും പ്രത്യേക പ്രരൂപങ്ങളും ഇവയുടെ സവിശേഷതകളാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍പ്പെട്ട കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലും കണ്ണൂര്‍ ജില്ലയിലെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ചാരമണ്ണ് (ഓണാട്ടുകരമണ്ണ്) എക്കല്‍ വിഭാഗത്തില്‍പ്പെടുന്ന മറ്റൊരിനമാണ്. പ്രാക്കാലത്ത് സമുദ്രം ഉള്‍നാട്ടിലെ കുന്നിന്‍നിരകളോളവും കടന്നുകയറിയ കാലത്ത് നിക്ഷേപിക്കപ്പെട്ടവയാണ് ഈയിനം ചാരമണ്ണ് എന്നാണ് അനുമാനിക്കപ്പെട്ടിരിക്കുന്നത്. നിമ്ന ജലസ്തരം (water table) മഴക്കാലത്ത് ഉയര്‍ന്ന ഉപരിതലത്തിന് എത്രയും അടുത്തെത്തുന്നു. ജലപ്രളയത്തിനും മണ്ണ് ചെളികെട്ടുന്നതിനും ഇതു കാരണമായിത്തീരും. വേനല്‍ക്കാലത്ത് നിമ്നജലസ്തരം ഏതാനും മീറ്ററുകളോളം താഴുന്നതിനെത്തുടര്‍ന്ന് പ്രകൃത്യാ രന്ധ്രമയവും പൊടിയുന്നതുമായ ഈ മണ്ണ് ഈര്‍പ്പംവെടിഞ്ഞു വരളുന്നു. ഇക്കാരണം കൊണ്ടുതന്നെ ധാത്വംശങ്ങള്‍ക്ക് നിക്ഷാരണം സംഭവിക്കുകയും മണ്ണിന്റെ ഉര്‍വരതയ്ക്കു ഭംഗമുണ്ടാകുകയും ചെയ്യുന്നു.

ചെളിമണ്ണ്. തീരപ്രദേശത്തും സമീപത്തുമായുള്ള താണഭൂഭാഗങ്ങളിലാണ് ഇതു വ്യാപകമായി കാണപ്പെടുന്നത്. നദികള്‍ വഹിച്ചെത്തിക്കുന്ന എക്കലും വണ്ടലും സ്വതവേ ജലഭൃതങ്ങളായ തീരമണ്ണുമായി ഇഴുകിച്ചേര്‍ന്നുണ്ടാകുന്ന ചെളിമണ്ണ് രാസഭൗതികസവിശേഷതകളിലും രൂപഭാവങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവയാണ്. ചെളിക്കെട്ടുള്ള ഇടങ്ങളില്‍ നിമ്നജലസ്തരം താരതമ്യേന ഉയര്‍ന്നുകാണുന്നു. ജലനിര്‍ഗമനസാധ്യതകള്‍ നന്നേ കുറവായിരിക്കും. സാമാന്യം ആഴത്തില്‍ കാണപ്പെടുന്ന ചെളിമണ്ണട്ടികള്‍ക്കിടയില്‍ ജൈവാംശസഞ്ചയങ്ങള്‍, അയോമയവസ്തുക്കള്‍, ചരല്‍മണ്ണും ചെങ്കല്ലും കലര്‍ന്ന മൃത്പിണ്ഡങ്ങള്‍ തുടങ്ങിയവ പൊതുവേ അവസ്ഥിതമായി കാണുന്നു. ഉപരിതലത്തില്‍ പശിമരാശിമണ്ണോ കളിമണ്ണോ ആയിരിക്കും. ഇവയ്ക്കു പൊതുവേ തവിട്ടുകലര്‍ന്ന ചാരനിറമാണുള്ളത്.

ഉപ്പുമണ്ണ് (Saline soil). തീരമേഖലയിലാണ് ഇതു വ്യാപകമായുള്ളത്. രൂപംകൊള്ളലും ഭാവാന്തരങ്ങളും പരിണതാവസ്ഥയും മൊത്തത്തില്‍ ഭൂപ്രകൃതിപരമായ സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇവ ഭാരതത്തിലെ ഇതരഭാഗങ്ങളിലുള്ള ഉപ്പുമണ്ണുകളില്‍ നിന്ന് ഘടനയിലും രാസഭൗതിക ഗുണങ്ങളിലും വ്യത്യസ്തമാണ്. തടരേഖയ്ക്കു ഏറെക്കുറെ സമാന്തരമായി, തീരപ്രദേശത്ത് ഉടനീളമുള്ള കായലുകള്‍ കടല്‍വെള്ളത്തിന്റെ ഏറ്റമിറക്കങ്ങള്‍ക്ക് വഴിയൊരുക്കുകയും മണ്ണില്‍ ലവണാംശങ്ങള്‍ അടിഞ്ഞുകൂടുന്നതിനു നിദാനമാവുകയും ചെയ്യുന്നു. വിവിധ ഭാഗങ്ങളിലുള്ള ഉപ്പുമണ്ണുകള്‍ക്കിടയില്‍ ലവണതയില്‍ വലുതായ ഏറ്റക്കുറച്ചിലുകള്‍ കാണാം. മഴക്കാലത്ത് ജലപ്രളയത്തെ തുടര്‍ന്ന് ലവണാംശങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ നിക്ഷാളനം ചെയ്യപ്പെട്ട്, മണ്ണിലെ ഉപ്പുരസം താത്കാലികമായി ഒഴിവാകുന്ന അവസ്ഥയും വിരളമല്ല. വേനല്‍ക്കാലത്ത് സസ്യവളര്‍ച്ചയ്ക്ക് തികച്ചും ഹാനികരമായ അളവില്‍ ലവണത വര്‍ധിക്കുകയും ചെയ്യുന്നു.

നന്നേ താഴ്ചയിലോളം ഉപ്പുരസം കടന്നു കയറുന്നതിനാല്‍ ഉപ്പുമണ്ണ് സാമാന്യം കനത്തില്‍ അട്ടിയിട്ടു കാണുന്നു. എക്കല്‍മണ്ണിനങ്ങളിലെപ്പോലെയുള്ള സ്തരീകരണം (Stratification) ഉപ്പുമണ്ണിനങ്ങളിലും സഹജമാണ്. മണലിന്റെയും കളിമണ്ണിന്റെയും നേരിയ പടലങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു. പൊതുവേ തവിട്ടുനിറത്തിലുള്ള ഉപ്പുമണ്ണുകളില്‍ ജലാംശം വാര്‍ന്നുപോകാനുള്ള സാധ്യത തീരെ കുറവായിരിക്കുന്നു. ഈയിനം മണ്ണുകള്‍ക്കിടയില്‍ നിമ്നജലസ്തരം (water table) ഉപരിതലത്തോടടുത്തായിരിക്കുന്നതു നിമിത്തം നീര്‍വാര്‍ച്ചയില്‍ ഉണ്ടാകുന്ന സവിശേഷതകള്‍ ഫലത്തില്‍ മണ്ണിലെ ഓക്സിജന്‍ അംശം കുറയുന്നതിനു കാരണമായിത്തീരുന്നു. ഈയിനം മണ്ണുകള്‍ പൊതുവേ സസ്യപ്രജനനത്തിനു പ്രോത്സാഹകമല്ല.

കുട്ടനാടു മേഖലയിലെ അമ്ലസ്വഭാവമുള്ള ഉപ്പുമണ്ണ് ഒരു പ്രത്യേകയിനമായി പരിഗണിക്കുവാന്‍ പോന്നവിധം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. ഏതാണ്ട് 900 ച.കി.മീ. വിസ്തീര്‍ണമുള്ള കുട്ടനാടു പ്രദേശത്തിന്റെ ഏറിയഭാഗവും സമുദ്രനിരപ്പില്‍നിന്നു താഴെയാണ്. തന്നിമിത്തം മിക്കപ്പോഴും ജലമഗ്നവുമായിരിക്കും.പ്രത്യേകകാലങ്ങളില്‍ വേലിയേറ്റയിറക്കങ്ങളിലൂടെ അടിഞ്ഞുകൂടുന്ന ലവണാംശം നിമിത്തം മണ്ണിന്റെ ഉപ്പുരസം പുനര്‍വിതരണം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കാലവര്‍ഷക്കാലത്തും തുലാവര്‍ഷക്കാലത്തും എത്തിച്ചേരുന്ന ശുദ്ധജലവും നദീജന്യ നിക്ഷേപങ്ങളും ഉപ്പിന്റെ തോത് കുറയ്ക്കുന്നുവെങ്കിലും തുലാവര്‍ഷം കഴിയുന്നതോടെ കടല്‍വെള്ളം കടന്നുകയറി ലവണത പുനഃസ്ഥാപിക്കുന്നു. ജലവിനിമയത്തിലുള്ള പോരായ്മകള്‍ നിമിത്തം ഉണ്ടാകുന്ന പ്രളയങ്ങളും ഓരടിയലും കുട്ടനാട്ടുമേഖലയുടെ ശാപമായി തുടരുന്നു.

രാസഭൗതിക ഗുണങ്ങളിലും ചേരുവയിലും മറ്റിടങ്ങളിലെ മണ്ണിനങ്ങളില്‍ നിന്നും തികച്ചും വേര്‍തിരിഞ്ഞുനില്ക്കുന്ന കുട്ടനാടന്‍ മണ്ണുകളെ കായല്‍മണ്ണ്, കരപ്പാടംമണ്ണ്, കരിമണ്ണ് എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിരിക്കുന്നു. ഇവയില്‍ ആദ്യത്തെയിനം കായലോരങ്ങളില്‍ കട്ടകുത്തി നികത്തിയെടുത്തിട്ടുള്ള ചിറകളിലാണ് കാണപ്പെടുന്നത്. ജലാംശം വാര്‍ന്നു മാറുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത കായല്‍മണ്ണുകളില്‍ കടും തവിട്ടുനിറത്തിലുള്ള എക്കല്‍ മണ്ണിന്റെ ആധിക്യമുണ്ടായിരിക്കും. വിവിധയിനം കക്കകളും ധാരാളമായി ഉണ്ടാവും. പതം വന്ന് ഉറച്ച ചിറകളില്‍ മേല്‍മണ്ണ് നനുത്ത് പശിമരാശിയായോ കളിമണ്ണ് കലര്‍ന്ന് തരിമയമായോ കാണപ്പെടുന്നു. അമ്ലസ്വഭാവമുള്ള കായല്‍മണ്ണിനങ്ങള്‍ ജൈവാംശം മതിയായ തോതില്‍ ഉള്‍ക്കൊള്ളുന്നുവെങ്കിലും വളക്കൊഴുപ്പേകുന്ന ധാത്വംശങ്ങളില്‍ നന്നേ പിന്നോക്കമാണ്; എന്നാല്‍ കാത്സ്യം അംശം മതിയായ തോതില്‍ ഉണ്ടായിരിക്കും. ഉപ്പ് അടിഞ്ഞ് കൃഷിനാശം സംഭവിക്കുന്നത് കായല്‍മണ്ണിനങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണമാണ്; മേല്‍മണ്ണില്‍ വെള്ളനിറത്തില്‍ നേര്‍ത്ത പടലങ്ങളായി ഉപ്പ് അടിഞ്ഞു കാണുന്നു.

പ്രധാന നദികളുടെയും അവയുടെ ശാഖോപശാഖകളുടെയും ഇരുകരകളിലുമായി അടിഞ്ഞുയര്‍ന്നിട്ടുള്ള എക്കല്‍ മണ്ണട്ടികളെയാണ് കരപ്പാടം എന്നു വിശേഷിപ്പിക്കുന്നത്. കുട്ടനാടിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളിലാണ് ഈയിനം മണ്ണ് ഗണ്യമായ അളവിലുള്ളത്. കരപ്പാടം പ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് ഒന്നു മുതല്‍ രണ്ടു വരെ മീ. താഴ്ചയിലായിരിക്കും. മേല്‍പ്പരപ്പില്‍ പശിമരാശിമണ്ണും അവയ്ക്കടിയില്‍ കളിമണ്ണു കലര്‍ന്ന ചെളി മണ്ണുമായി സാമാന്യം കനത്തില്‍ കടും ചാരനിറത്തില്‍ കാണപ്പെടുന്ന കരപ്പാടം മണ്ണുകളിലും നീര്‍വാര്‍ച്ചയ്ക്കുള്ള സംവിധാനം തീരെ കുറവാണ്. ഇവയ്ക്കിടയില്‍ മണലട്ടികള്‍ സഞ്ചിതമായിക്കാണപ്പെടുന്നു. അമ്ലസ്വഭാവവും കൂടിയ ലവണതയുമുള്ള കരപ്പാടം മണ്ണിനങ്ങള്‍ പൂര്‍ണമായും ഇഴുകിച്ചേര്‍ന്നിട്ടില്ലാത്ത ജൈവവസ്തുക്കള്‍ ധാരാളമായി ഉള്‍ക്കൊള്ളുന്നു. ഇത് സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറസ് തുടങ്ങിയ ധാത്വംശങ്ങളാല്‍ സമ്പന്നമല്ല. ഇവയില്‍ ചുണ്ണാമ്പിന്റെ അംശവും കുറവാണ്.

ഇംഗാലമണ്ണു (peaty soil) മായി സാദൃശ്യം പുലര്‍ത്തുന്ന കരിമണ്ണാണ് മൂന്നാമത്തെയിനം. ഇവയുടെ സവിശേഷതകള്‍ പ്രാക്കാലത്തെ വൃക്ഷനിബിഡമായ അവസ്ഥയിലേക്കു വിരല്‍ ചൂണ്ടുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഒന്നുമുതല്‍ രണ്ടുവരെ മീ. താഴ്വരയില്‍ കിടക്കുന്ന പരന്ന പ്രദേശങ്ങളിലാണ് ഇവ അവസ്ഥിതമായിട്ടുള്ളത്. ആണ്ടില്‍ ആറുമാസക്കാലത്തും (ജൂണ്‍-നവംബര്‍) വെള്ളത്തിലാണ്ടുകിടക്കുന്ന കരിപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് നിമ്നജലസ്തരം ഉപരിതലത്തില്‍ നിന്ന് കേവലം 1.5 മീറ്ററിനുള്ളിലായിരിക്കും. നീര്‍വാര്‍ച്ച കുറഞ്ഞ കരിമണ്ണുകള്‍ പൊതുവേ കടുത്ത അമ്ലസ്വഭാവം പ്രദര്‍ശിപ്പിക്കുന്നവയാണ്.

പരുത്തിക്കരിമണ്ണ് (Cotton black soil). പാലക്കാടുജില്ലയിലെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നു; തമിഴ്നാട്ടിലെ കോയ മ്പത്തൂര്‍ ജില്ലയില്‍ വ്യാപകമായുള്ള പരുത്തിക്കരിമണ്ണിന്റെ തുടര്‍ച്ചയാണ് ഇവയെന്ന് അനുമാനിക്കാം. ഇരുണ്ടനിറം, താരതമ്യേന കുറഞ്ഞ ജൈവാംശം, കാത്സ്യം ധാതുവിന്റെ മതിയായ തോതിലുള്ള സാന്നിധ്യം, അവശ്യമായ ആല്‍ക്കലി സ്വഭാവം, കളിമണ്ണിന്റെ കൂടിയ അളവ്, പശിമയേറി പതുപതുപ്പുള്ള അവസ്ഥ എന്നിവയാണ് ഈയിനം മണ്ണിന്റെ സവിശേഷതകള്‍. ജലാംശം ഉള്‍ക്കൊണ്ടു ചീര്‍ക്കുന്നതിനും വെള്ളം ചോര്‍ന്നുപോകുന്നതോടെ ചുരുങ്ങുന്നതിനുമുള്ള കഴിവുമൂലം പരുത്തിക്കരിമണ്ണു പ്രതലങ്ങള്‍ വേനല്‍ക്കാലത്ത് വിണ്ടുകീറുന്നു. മിക്കവാറും ചായ്വു കുറഞ്ഞതോ പരന്നതോ ആയ പ്രദേശങ്ങളിലാണ് ഇവ സഞ്ചയിക്കപ്പെട്ടു കാണുന്നത്.

കാട്ടുമണ്ണ് (Forest loams).പ്രായേണ സസ്യാവരണത്തിനടിയില്‍ കഴിയുന്ന സ്ഥാനീയ പരല്‍ശിലകള്‍ക്ക് അപക്ഷയം (weathering) സംഭവിച്ചുണ്ടാകുന്ന മണ്ണിനമാണ് ഇത്. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള മലമ്പ്രദേശങ്ങളിലാണ് കാട്ടുമണ്ണിന്റെ അവസ്ഥിതി കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അധികം ആഴത്തിലല്ലാതെയും ചിതറിയ നിലയിലും കാണപ്പെടുന്നു. ക്രമമായ ഒരു പരിച്ഛേദിക ഉണ്ടാകുന്നതു പൊതുവേ വിരളമാണ്. കനത്ത സസ്യാവരണത്തിനടിയിലുള്ള നയ്സ് ശിലകള്‍ ക്രമേണ ശിഥിലീഭവിച്ചും ശിലാകണങ്ങള്‍ സസ്യാംശങ്ങളുമായി കൂടിക്കുഴഞ്ഞും ഉണ്ടാകുന്ന മേല്‍മണ്ണിന്റെ പരിണതരൂപമാണ് കാട്ടുമണ്ണ്. ഒരു പ്രത്യേകപരിച്ഛേദിക പരിശോധിച്ചാല്‍ മണ്ണിനോടൊപ്പം ചരലും ഉരുണ്ട ചരല്‍ക്കല്ലുകള്‍ മുതല്‍ സാമാന്യം വലുപ്പത്തിലുള്ള ഉരുളന്‍കല്ലുകള്‍വരെയും ഉണ്ടായിരിക്കും. വൃക്ഷനിബിഡമായയിടങ്ങളില്‍ ഈയിനം പരിച്ഛേദികകള്‍ മാതൃകാരൂപത്തില്‍ കാണപ്പെടുന്നു. കാട്ടുമണ്ണിന്റെ പരിണാമപരമായ വളര്‍ച്ചയില്‍ ക്കപ്പെടുന്ന സാഹചര്യത്തില്‍ ചെങ്കല്‍ മണ്ണുകളുടെ രൂപവത്കരണം ത്വരിതഗതിയില്‍ നടക്കുന്നതോടെ കാട്ടുമണ്ണ് അപ്രത്യക്ഷമാകുന്നവൃക്ഷങ്ങളുടെ ആഴ്ന്നിറങ്ങുന്ന വേരുകള്‍ക്കും ലോമപടലങ്ങള്‍ക്കുമുള്ള പങ്ക് വളരെ വ്യക്തമാണ്. സസ്യാവരണം ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍ ചെങ്കല്‍ മണ്ണുകളുടെ രൂപവത്കരണം ത്വരിതഗതിയില്‍ നടക്കുന്നതോടെ കാട്ടുമണ്ണ് അപ്രത്യക്ഷമാകുന്നു.

കടുംചുവപ്പു മുതല്‍ തവിട്ട് കറുപ്പുവരെ നിറങ്ങളില്‍ കാണപ്പെടുന്ന കാട്ടുമണ്ണ് പൊതുവേ പശിമരാശി സ്വഭാവമുള്ളതാണ്. ഇതില്‍ സസ്യാംശങ്ങള്‍ വര്‍ധിച്ച തോതില്‍ ഉണ്ടായിരിക്കും. പൊതുവേ അമ്ലസ്വഭാവമാണുള്ളത്. ക്ഷാരീയ വസ്തുക്കള്‍ എളുപ്പത്തില്‍ നിക്ഷാളന വിധേയമാകുന്നതാണ് ഇതിനു കാരണം. ഇതു നൈട്രജന്‍ അംശത്തിന്റെ കാര്യത്തില്‍ സമ്പന്നവുമാണ്.

(ബാബുഗിരീശന്‍ സ. പ.)

ജനവിഭാഗങ്ങള്‍

വിവിധ ജനവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് കേരളം. ലഭ്യമായ ശിലായുഗാവശിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീന ശിലായുഗകാലഘട്ടംമുതല്‍ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ ചേവായൂര്‍, എറണാകുളം ജില്ലയിലെ കീഴില്ലം, ഇടുക്കി ജില്ലയിലെ മറയൂര്‍, പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പള്ളി, കൊല്ലം ജില്ലയിലെ തെന്മല, പാലക്കാട് ജില്ലയിലെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രാചീന ശിലായുഗാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് പ്രാചീന ശിലായുഗം മുതല്‍ ഇവിടം മനുഷ്യാധിവാസത്തിന് വിധേയമായിരുന്നു എന്നാണ്. വേട്ടയാടിയും കായ്കനികള്‍ ഭക്ഷിച്ചും ജീവിതം നയിച്ചിരുന്ന നെഗ്രിറ്റോയ്ഡ് വംശജരാണ് ഈ സംസ്കാരത്തിന്റെ സ്രഷ്ടാക്കള്‍. കറുത്ത നിറവും ചുരുണ്ട തലമുടിയും തടിച്ച ചുണ്ടും വിസ്തൃതമായ നാസികയും ഉയരക്കുറവും ഇവരുടെ പ്രത്യേകതയാണ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ മലയര്‍, ഇരുളര്‍, കാണിക്കാര്‍, മലപ്പുലയര്‍, വേടര്‍, കാട്ടുനായ്ക്കര്‍, മലമ്പണ്ടാരങ്ങള്‍, മുതുവന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ നെഗ്രിറ്റോയ്ഡ് വംശജരുടെ പിന്തലമുറക്കാരാകുന്നു. ഇവര്‍ ഇപ്പോഴും അമ്പും വില്ലും ഉപയോഗിക്കുന്നതുകൊണ്ടും ഭക്ഷണസംഭരണവും വേട്ടയാടലും പ്രധാന ഉപജീവനമാര്‍ഗമായി ഇപ്പോഴും പിന്തുടരുന്നതുകൊണ്ടും വനാന്തരങ്ങളില്‍ കഴിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇവരെ പ്രാചീനശിലായുഗസംസ്കാരത്തിന്റെ ശേഷിക്കുന്ന കണ്ണി എന്നും നരവംശശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇവരുടെ നരവംശശാസ്ത്രപരമായ സവിശേഷതകളും നെഗ്രിറ്റോയ്ഡുകളില്‍ നിന്നു വിഭിന്നമല്ല.

നെഗ്രിറ്റോയ്ഡുകള്‍ക്കു പിന്നാലെ കേരളത്തില്‍ കുടിയേറിയ ഗോത്രവിഭാഗമാണ് പ്രോട്ടോ ആസ്റ്റ്രലോയ്ഡുകള്‍. ആസ്റ്റ്രേലിയന്‍ ആദിമനിവാസികളില്‍പ്പെട്ട ഇക്കൂട്ടര്‍ ഇന്ത്യയിലാകെ വ്യാപിക്കുകയും കേരളത്തില്‍ എത്തുകയും ചെയ്തു. നവീനശിലായുഗസംസ്കാരത്തിന്റെ സ്രഷ്ടാക്കളായ ഇവര്‍ കൂടുതല്‍ പരിഷ്കരിച്ച ആയുധങ്ങള്‍ ഉപയോഗിക്കുകയും കാര്‍ഷികവൃത്തിക്കും സ്ഥിരതാമസത്തിനും ആരംഭം കുറിക്കുകയും ചെയ്തു. നാഗാരാധനയായിരുന്നു ഇവരുടെ മറ്റൊരു സംഭാവന. നെഗ്രിറ്റോയ്ഡുകളുമായി ഇടകലര്‍ന്നും വര്‍ഗസങ്കരത്തിലേര്‍പ്പെട്ടും ജീവിച്ച പ്രോട്ടോ ആസ്റ്റ്രലോയ്ഡുകളെയും ആദിവാസികളായാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്. പ്രാകൃതസംസ്കാരത്തിന്റെ കണ്ണികളായി അവശേഷിക്കുന്ന ജനവിഭാഗങ്ങളെ പട്ടികഗോത്രവിഭാഗങ്ങള്‍ (ആദിവാസികള്‍) എന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്.

നെഗ്രിറ്റോയ്ഡുകള്‍ക്കും പ്രോട്ടോ ആസ്റ്റ്രലോയ്ഡുകള്‍ക്കും ശേഷം കേരളത്തില്‍ അധിവാസമുറപ്പിച്ച ജനവിഭാഗം മെഡിറ്ററേനിയന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇവര്‍ നെഗ്രിറ്റോയ്ഡുകളും പ്രോട്ടോ ആസ്റ്റ്രലോയ്ഡുകളുമായി വര്‍ഗസങ്കരത്തിലേര്‍പ്പെടുകയും മഹാശിലായുഗസംസ്കാരത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ബി.സി. 700-നോടടുത്ത് മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നെത്തിയ ഇവര്‍ പ്രധാനമായും ദക്ഷിണേന്ത്യയിലാണ് കേന്ദ്രീകരിച്ചത്. സിന്ധുനദീതട സംസ്കാരത്തിന്റെ സ്രഷ്ടാക്കള്‍ ഇവരാണെന്ന് കരുതപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ നെഗ്രിറ്റോയ്ഡുകളുടെയും പ്രോട്ടോ ആസ്റ്റ്രലോയ്ഡുകളുടെയും സംസ്കാരധാരകളുമായി സമരസപ്പെട്ടു വികസിച്ച ദ്രാവിഡ സംസ്കാരം ഇവരുടെ ഏറ്റവും വലിയ സംഭാവനയായിരുന്നു. നൂറ്റാണ്ടുകളോളം ദക്ഷിണേന്ത്യയെ സ്വാധീനിച്ച ദ്രാവിഡ സംസ്കാരം പക്ഷേ വടക്കുനിന്നുള്ള ആര്യന്‍വംശജരുടെ അധിനിവേശത്തോടെയാണ് പരിവര്‍ത്തനങ്ങള്‍ക്കും സമരസപ്പെടലുകള്‍ക്കും തിരസ്കരണത്തിനും വിധേയമാവുന്നത്. ദ്രാവിഡ സംസ്കാരത്തിന്റെ മൂല്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ആത്മീയസങ്കല്പങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് ആര്യന്മാര്‍ ആധിപത്യം സ്ഥാപിച്ചതോടെ ദ്രാവിഡരില്‍ ഒരു വിഭാഗം അവരുമായി സമരസപ്പെടുകയും അവരുടെ സാമൂഹികവ്യവസ്ഥ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ദ്രാവിഡരില്‍ മറ്റൊരു വിഭാഗം ആര്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറാകുകയും തങ്ങളുടെ സ്വത്വത്തെ നിലനിര്‍ത്താന്‍ പ്രയത്നിക്കുകയും ചെയ്തു. എന്നാല്‍ ആര്യാധിനിവേശത്തിനെതിരെ പ്രതിരോധം സൃഷ്ടിച്ചവര്‍ക്ക് വിജയിക്കാനായില്ല. ഇവര്‍ പില്ക്കാലത്ത് ആര്യന്മാരുടെ സാമൂഹികഘടനയായ ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ അയിത്തജാതിക്കാരായി കണ്ണിചേര്‍ക്കപ്പെട്ടു. 1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന ഇവരെ പട്ടികജാതിക്കാര്‍ എന്നു വിശേഷിപ്പിക്കുകയും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന ഇവരുടെ പുരോഗതിക്കുവേണ്ടി നിരവധി പരിരക്ഷകള്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.

സംസ്കാരങ്ങളുടെയും വംശീയവിഭാഗങ്ങളുടെയും സംഗമഭൂമിക എന്നതുപോലെ മതങ്ങളുടെയും മതസഹിഷ്ണുതയുടെയും നാടുകൂടിയാണ് കേരളം. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് പ്രബല മതവിഭാഗങ്ങള്‍. ചെറിയൊരു ശതമാനം ജൈനരും സിക്കുകാരും ബുദ്ധിസ്റ്റുകളും ജൂതരും ഇവിടെ അധിവസിക്കുണ്ട്. കേരളത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇതര മതവിഭാഗങ്ങളും ജാതികളും ഇടകലര്‍ന്നാണ് ജീവിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2001-ലെ കാനേഷുമാരി പ്രകാരം മൊത്തം ജനസംഖ്യയുടെ 56.2 ശ.മാ. (1,78,83,449) ഹിന്ദുക്കളും 24.7 ശ.മാ. (78,63,342) മുസ്ലിങ്ങളും 19 ശ.മാ. (60,57,427) ക്രിസ്ത്യാനികളുമായിരുന്നു.

ഹിന്ദുക്കള്‍. മെഡിറ്ററേനിയന്‍ വംശജരെ പിന്തുടര്‍ന്ന് കേരളത്തില്‍ എത്തിയ ജനവിഭാഗം ആര്യന്മാരായിരുന്നു. സംഘകാലഘട്ടത്തിന്റെ മധ്യത്തോടെയായിരിക്കാം ആര്യന്മാര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ക്കാന്‍ ആരംഭിച്ചതെന്ന് സംഘകാലകൃതികളുടെ അടിസ്ഥാനത്തില്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ആ കാലഘട്ടത്തിലെ ചേരരാജാക്കന്മാര്‍ക്കുവേണ്ടി പൗരോഹിത്യകര്‍മം നിര്‍വഹിച്ചുകൊണ്ട് സമൂഹത്തിന്റെ മുന്‍നിരയില്‍ പ്രവേശിച്ച ബ്രാഹ്മണര്‍ ക്രമേണ സമൂഹത്തില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതോടെയാണ് ബ്രാഹ്മണമതം കേരളത്തില്‍ വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നത്. എ.ഡി. എട്ടാം ശതകത്തില്‍ രണ്ടാം ചേരസാമ്രാജ്യം (കുലശേഖരഭരണം) സ്ഥാപിതമായതോടെ ബ്രാഹ്മണമതം ശൈവ വൈഷ്ണവ വിഭാഗങ്ങളായി പിരിയുകയും ദ്രാവിഡ പാരമ്പര്യത്തെയും ജൈന-ബുദ്ധമതങ്ങളെയും പിന്തള്ളിക്കൊണ്ട് കേരളത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനവും ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ശൈവ വൈഷ്ണവ വിശ്വാസങ്ങള്‍ക്ക് കരുത്തുപകര്‍ന്നതോടൊപ്പം ബ്രാഹ്മണമതത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുകയും ചെയ്തു. നിയതാര്‍ഥത്തില്‍ രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടം ബ്രാഹ്മണമതത്തിന്റെ വികാസത്തിന്റെയും വ്യാപനത്തിന്റെയും കാലഘട്ടം കൂടിയായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ പതനാനന്തരം രൂപപ്പെട്ട ജാതിവ്യവസ്ഥയും ജന്മിത്വത്തിന്റെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ (12-ാം ശ.) നാടുവാഴിത്തത്തിന്റെ ബ്രഹ്മണമതമൂല്യങ്ങളില്‍ കേന്ദ്രീകൃതമായൊരു പൊതു സാമൂഹികവ്യവസ്ഥ (ജാതിവ്യവസ്ഥ) രൂപപ്പെടുന്നതോടെയാണ് കേരളത്തില്‍ ഹിന്ദുമതം വികസിക്കുന്നത്. വര്‍ത്തമാനകേരളത്തില്‍ ഹിന്ദുക്കളുടെ പട്ടികയില്‍ ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെ ഉള്‍പ്പെടുന്നു. നായര്‍, ഈഴവര്‍, കമ്മാളര്‍, നാടാര്‍, അരയര്‍, പട്ടികജാതിക്കാര്‍, അമ്പലവാസികള്‍ തുടങ്ങി ഹിന്ദുമതജാതികളുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ്. ഓരോ ജാതികള്‍ക്കും ഉപജാതികളുമുണ്ട്. ചില ഉപജാതികള്‍ ചേര്‍ന്ന് സമുദായമായും പരിണമിച്ചിട്ടുണ്ട്. ഓരോ ജാതികള്‍ക്കും അവരുടേതായ പുരാവൃത്തങ്ങളും ആചാരാനുഷ്ഠാനങ്ങളുമുണ്ട്. എങ്കിലും ഹിന്ദുജാതികള്‍ പൊതുവേ ഹിന്ദു ആരാധനാമൂര്‍ത്തികളെ ആരാധിക്കുകയും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

മുസ്ലിങ്ങള്‍. കേരളത്തിന്റെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജനവിഭാഗമാണ് മുസ്ലിങ്ങള്‍. ചിരപുരാതനകാലം മുതല്‍ കേരളത്തിന് അസ്സീറിയ, ബാബിലോണിയ തുടങ്ങിയ പ്രദേശങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാലഘട്ടത്തില്‍ അറബികളും വ്യാപാരാര്‍ഥം കേരളത്തില്‍ എത്തിയിരുന്നു. അങ്ങനെ അവരിലൂടെ ഇസ്ലാം മതത്തിന്റെ ആശയങ്ങള്‍ കേരളത്തിലെത്തിയിരുന്നു. എ.ഡി. 644-ല്‍ മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ എത്തുകയും ഇവിടെ ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തു. വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളാണ് മുസ്ലിം ജനസംഖ്യയില്‍ മുന്നില്‍. സുന്നി, ഷിയ, സൂഫി എന്നിവ കേരളീയ മുസ്ലിങ്ങള്‍ക്കിടയിലെ ഉപവിഭാഗങ്ങളാകുന്നു.

ക്രിസ്ത്യാനികള്‍. ജനസംഖ്യയില്‍ മൂന്നാം സ്ഥാനം ക്രിസ്ത്യാനികള്‍ക്കാണ്. എ.ഡി. 52-ല്‍ മതപ്രചാരണാര്‍ഥം സെന്റ് തോമസ് കേരളത്തില്‍ എത്തുന്നതോടെയാണ് ക്രിസ്തുമതം കേരളത്തില്‍ പ്രചരിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നു. ജൂതന്മാര്‍ക്കിടയില്‍ മതപ്രചാരണം ആരംഭിച്ച സെന്റ് തോമസ് ക്രമേണ ബ്രാഹ്മണരെയും ഇതര ഹിന്ദുജാതികളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു. കൊളോണിയലിസത്തിന്റെ കാലഘട്ടത്തില്‍ (17-ാം ശ.) വ്യാപകമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തിലെത്തുകയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതപ്രചാരണം നടത്തുകയും നല്ലൊരു ശ.മാ. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു. അക്കാലത്ത് അടിമജാതികള്‍ (അയിത്തജാതിക്കാര്‍) എന്നു കണക്കാക്കിയിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപ്രചാരണം നടത്തിയിരുന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ വിഭാഗങ്ങള്‍ക്കിടയിലും ക്രിസ്തുമതം പ്രചരിക്കുകയുണ്ടായി. വര്‍ത്തമാനകാലഘട്ടത്തില്‍ ലത്തീന്‍ കത്തോലിക് ചര്‍ച്ച്, സീറോ-മലബാര്‍ കത്തോലിക് ചര്‍ച്ച്, ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച്, നെസ്റ്റോറിയന്‍ ചര്‍ച്ച്, ആംഗ്ലിക്കന്‍ ചര്‍ച്ച് മര്‍ത്തോമ സിറിയന്‍ ചര്‍ച്ച്, സീറോ-മലങ്കര കത്തോലിക് ചര്‍ച്ച് എന്നിങ്ങനെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കേരളത്തിലുണ്ട്.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുപുറമേ ചെറിയൊരു ശതമാനം ജൂതന്മാരും സിക്കുകാരും ബുദ്ധമതക്കാരും ജൈനരും ആംഗ്ളോഇന്ത്യന്‍ വിഭാഗക്കാരും കേരളത്തിലുമുണ്ട്. യഹൂദര്‍ എന്നാണ് കേരളത്തിലെത്തിയത് എന്നതിനെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ളത്. ഇവിടത്തെ ജൂതത്തെരുവ് പ്രസിദ്ധമാണ്. കേരളത്തില്‍ ജീവിക്കുമ്പോഴും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസപ്രമാണങ്ങളും പരിപാലിക്കുന്നതിനും പിന്തുടരുന്നതിലും ഇവര്‍ ശ്രദ്ധാലുക്കളാണ്. അശോകന്റെ കാലഘട്ടം മുതല്‍ ബുദ്ധമതവും അതേകാലഘട്ടത്തിലോ അതിന് മുമ്പോ ജൈനമതവും കേരളത്തില്‍ പ്രചരിച്ചിരുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണമതം ശക്തിപ്പെട്ടതോടെ ബുദ്ധ-ജൈനമതങ്ങള്‍ക്ക് തിരോധാനം സംഭവിച്ചു. എങ്കിലും ഈ മതങ്ങളുടെ പ്രത്യേകിച്ചും ബുദ്ധമതത്തിന്റെ സ്വാധീനം കേരളീയ സംസ്കാരത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്നുണ്ട്.

ജനസംഖ്യാ വിതരണം

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 12-ാം സ്ഥാനത്തുനിലകൊള്ളുന്നു (2011). 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,060,61 ആണ്. ഇതില്‍ 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരും ഉള്‍പ്പെടുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 47.72 ശതമാനം നഗരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇത് ദേശീയ ശരാശരി(31.16 ശ.മാ.)യെക്കാള്‍ കൂടുതലാണ്. കേരളത്തിലെ ജനസാന്ദ്രത ഒരു ച.കി.മീറ്ററിന് 860 ആണ്. ഇത് ദേശീയ ശരാശരിയെക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണ്. രാജ്യത്തെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ 9.43 വളര്‍ച്ചാനിരക്കാണ് കഴിഞ്ഞ ദശാബ്ദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ-പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ എണ്ണം) പോസിറ്റീവ് സംഖ്യയായിട്ടുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം 1084 ആണ്. കേരളത്തിന്റെ ആകെ വിസ്തൃതി (38,863 ച.കി.മീ.) രാജ്യത്തിന്റെ 1.275 ശ.മാ. മാത്രമേയുള്ളൂവെങ്കിലും ദേശീയ ജനസംഖ്യയുടെ 2.76 ശ.മാ. കേരളത്തിലാണ്.

2001-ലെ കാനേഷുമാരി പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 56.2 ശതമാനം ഹിന്ദുക്കളാണ്; 17,883,449 പേര്‍. 24.3 ശ.മാ. മുസ്ലിങ്ങളും (7,803,342 പേര്‍) 19 ശതമാനം (6,057,427 പേര്‍) ക്രിസ്തുമതക്കാരുമാണ്. കൂടാതെ 2,742 സിക്കുകാരും 2,027 ബൗദ്ധന്മാരും 4,528 ജൈനന്മാരും 2.256 ഇതര മതവിശ്വാസികളും സംസ്ഥാനത്തുണ്ട്. മതം രേഖപ്പെടുത്താത്തവരുടെ എണ്ണം 25,083 ആണ്. ഇതില്‍ 13,867 പേര്‍ പുരുഷന്മാരും 11,216 പേര്‍ സ്ത്രീകളുമാണ്.

2011-ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.47 ശതമാനം പട്ടികജാതി-പട്ടികഗോത്ര വിഭാഗങ്ങളാകുന്നു.

2011-ലെ കാനേഷുമാരി പ്രകാരം ജില്ലാടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ ഒന്നാംസ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. 41,12,920 പേര്‍ ഇവിടെ വസിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാനജില്ലയായ തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. 33,01,427 ആണ് ഇവിടത്തെ ജനസംഖ്യ. 8,17,420 പേര്‍ മാത്രം വസിക്കുന്ന വയനാട് ആണ് ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല.

2001 മുതല്‍ 11 വരെയുള്ള കാലയളവില്‍ 4.91 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1991-2001 കാലയളവില്‍ ഇത് 9.43 ശതമാനമായിരുന്നു.

ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം, ഉടുമ്പന്‍ചോല, കാര്‍ത്തികപ്പള്ളി, അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, ചെങ്ങന്നൂര്‍, ദേവികുളം, റാന്നി, തിരുവല്ല, കുട്ടനാട്, പീരുമേട് എന്നീ താലൂക്കുകളാണ് ജനസംഖ്യാക്കുറവ് രേഖപ്പെടുത്തിയത്. ആറു വയസ്സിനുതാഴെയുള്ള കുട്ടികളുടെ എണ്ണം 2001-ല്‍ 37,93,146 ആയിരുന്നത് 2011-ല്‍ 3,472,955 ആയി കുറഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് -8.44 ശതമാനമാണ്. അതേസമയം മലപ്പുറം ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

2013-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രവാസി സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 16.25 ലക്ഷം പേര്‍ പ്രവാസികളാണ്. ഇതില്‍ 88 ശ.മാ. പേരും ഗള്‍ഫ് നാടുകളിലാണ് കഴിയുന്നത്. യു.എസ്.എ.യില്‍ 78,357 പേരും യു.കെ.യില്‍ 45,264 പേരും വസിക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന മലയാളികളില്‍ 13.25 ലക്ഷം (93 ശ.മാ.) പേര്‍ പുരുഷന്മാരും 99,326 (7 ശ.മാ.) പേര്‍ സ്ത്രീകളുമാണ്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ്. ഏറ്റവും കുറവ് (1240 പേര്‍) കാസര്‍കോട് ജില്ലയില്‍ നിന്നുമാണ്. പ്രവാസി വനിതകളില്‍ 57 ശതമാനവും നഴ്സായി ജോലിചെയ്യുന്നു. 2.9 ലക്ഷം പ്രവാസികളുള്ള മലപ്പുറം ജില്ലയാണ് മുന്നില്‍.

പ്രാഗ് വിജ്ഞാനീയം

പുരാവസ്തുക്കളും സ്മാരകങ്ങളും

പ്രാചീന ശിലായുഗ സംസ്കാരം

അതിപ്രാചീനകാലം (7000 വര്‍ഷം) മുതല്‍ മഹാശിലായുഗസംസ്കാര കാലത്തോളം ദൈര്‍ഘ്യമുണ്ട് കേരളത്തില്‍ പ്രാക്ചരിത്രത്തിന്. പ്രാചീനശിലായുഗ കാലഘട്ടത്തിലെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ ശിലായുധങ്ങള്‍, ഈ കാലഘട്ടത്തിലെ മനുഷ്യരുടെ അധിവാസ സ്ഥാനങ്ങളായിരുന്ന മലമടക്കുകളിലെ ശിലാഗുഹകള്‍, ശിലാഗുഹകള്‍ക്കുള്ളിലെ ആള്‍പ്പെരുമാറ്റത്തെ സ്ഥിരീകരിക്കുന്ന ഗുഹാചിത്രങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിന്റെ പ്രാക്തനചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന ചരിത്രസാമഗ്രികള്‍.

പ്രാചീന ശിലായുഗ മനുഷ്യന്‍ കേരളത്തില്‍ അധിവസിച്ചിരുന്നില്ല എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. എന്നാല്‍ 1863-ല്‍ റോബര്‍ട്ട് ഫൂട്ട് എന്ന പുരാതത്വവിജ്ഞാനി തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പുരാതന ശിലായുഗ സംസ്കാരത്തിന്റെയും നവീന ശിലായുഗസംസ്കാരത്തിന്റെയും ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ദക്ഷിണേന്ത്യയും പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ കണ്ണിയാണെന്നു സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് കേരളത്തില്‍നിന്നും വിപുലമായ തോതിലല്ലെങ്കിലും പ്രാചീന ശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. 1972-74 വര്‍ഷത്തില്‍ ഡെക്കാന്‍ കോളജിലെ ഡോ. സാങ്കലിയ നടത്തിയ പഠനങ്ങളിലൂടെയായിരുന്നു ആദ്യമായി കേരളത്തില്‍ നിന്നും പ്രാചീനശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ ശിലായുധങ്ങള്‍ അഥവാ ശിലോപകരണങ്ങള്‍ കണ്ടെത്താനായത്. ഇതേ കാലയളവിലും അതിനുശേഷവും കണ്ടെത്തിയ ശിലായുധങ്ങളില്‍ പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടം മുതല്‍ നവീന ശിലായുഗം വരെ ഇവിടെ അധിവസിച്ചിരുന്ന ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്ന പരുക്കന്‍ ശിലായുധങ്ങള്‍ മുതല്‍ സൂക്ഷ്മ ശിലായുധങ്ങള്‍ ഉള്‍പ്പെടെ മിനുസപ്പെടുത്തിയ ശിലായുധങ്ങള്‍ വരെ കാണപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ നിന്നും വെള്ളാരങ്കല്ലില്‍ നിര്‍മിച്ച ആയുധങ്ങളും കല്‍മഴുവും കൂര്‍പ്പിച്ച ലഘുശിലായുധങ്ങളും ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ അധിവസിച്ചിരുന്ന ആവാസകേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയതോടെ കേരളത്തിന്റെ പ്രാചീന ശിലായുഗ സംസ്കൃതി അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു.

കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ ചേവായൂരില്‍ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ നദിയുടെ തീരത്തുനിന്നുമാണ് പ്രാചീന ശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന ശിലായുധങ്ങള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം ജില്ലയിലെ ചെന്തുരുണിമലയുടെ അടിവാരത്ത് നിന്നും പ്രാചീനശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ ഗവേഷണങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നും ലഘുശിലായുധങ്ങളും സൂക്ഷ്മശിലായുധങ്ങളും ലഭിച്ചു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയുടെ തീരങ്ങള്‍, കോഴിക്കോട്ടെ ചേവായൂര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി ജില്ലയിലെ മറയൂര്‍, എറണാകുളം ജില്ലയിലെ കീഴില്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായിരുന്നു പ്രധാനമായും ലഘുശിലായുധങ്ങള്‍ ലഭിച്ചത്. എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് നിന്നും ലഘുശിലായുധങ്ങളുടെ ഒരു നിര്‍മാണശാലയും കോഴിക്കോടിനടത്തു നിന്ന് ഏതാനും ലഘുശിലായുധങ്ങളും പില്ക്കാലത്ത് ലഭിക്കുകയുണ്ടായി. വയനാട്ടിലെ എടയ്ക്കല്‍ മലയുടെ താഴ്വാരത്തുള്ള കുപ്പകൊല്ലി, ആയിരംകൊല്ലി എന്നിവിടങ്ങളില്‍നിന്നും സൂക്ഷ്മശിലായുഗസംസ്കാര കാലത്തെ മനുഷ്യര്‍ വെള്ളാരങ്കല്ലില്‍ നിര്‍മിച്ച വിവിധതരം പണിയായുധങ്ങളും കണ്ടെടുത്തു. എടയ്ക്കല്‍ പ്രദേശത്തുനിന്നും അടുത്തകാലത്ത് കല്ലുളിയും സൂക്ഷ്മ ശിലായുധങ്ങളും ലഭിക്കുകയുണ്ടായി.

1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ബത്തേരിക്ക് അടുത്തുനിന്നും നവീനശിലായുഗകാലത്തെ ഏതാനും ശിലായുധങ്ങളും കണ്ടെടുക്കുകയുണ്ടായി. 1901-ല്‍ ഫോസെറ്റ് വയനാട്ടിലെ എടയ്ക്കല്‍ ഗുഹയുടെ സമീപത്തുനിന്നും ഇതേകാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന കല്ലുളിയും കന്മഴുവും കണ്ടെടുത്തു. ഈ കണ്ടെത്തല്‍ എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാം എന്ന നിഗമനത്തെ ബലപ്പെടുത്തുന്നുണ്ട്. പ്രാചീനശിലായുഗത്തിന്റെ അവസാനത്തോടെ അമ്പുംവില്ലും പ്രചാരത്തില്‍വന്നു. അമ്പിന്റെ കൂര്‍ത്തമുനമ്പായി ലഘുശിലായുധങ്ങള്‍ (microliths) ഉപയോഗിക്കുന്ന രീതി പ്രചാരത്തില്‍വന്നു. കേരളത്തില്‍ നിന്നും ലഭിച്ച ലഘുശിലായുധങ്ങള്‍ ഈ വസ്തുതയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ ലഘുശിലായുധങ്ങളുടെ കാലം സുമാര്‍ ബി.സി. 4000 ആയിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. മധ്യശിലായുഗത്തിന്റെ മധ്യത്തിലാണ് ലഘുശിലായുധങ്ങള്‍ ആവിര്‍ഭവിച്ചത്. പ്രാചീന ശിലായുധങ്ങള്‍ കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതിനാല്‍ മധ്യശിലായുഗത്തിന്റെ അവസാനത്തിലാണ് കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചത് എന്ന ചരിത്രകാരന്മാരുടെ മുന്‍കാല വാദത്തിന് അടിസ്ഥാനമില്ല.

വയനാട്ടിലെ എടയ്ക്കല്‍, തൊവരി എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ മറയൂരിനുസമീപത്തെ കുടക്കാടിലും കൊല്ലം ജില്ലയിലെ ചെന്തുരുണിമലയിലുമാണ് പ്രാചീന ശിലായുഗകാലഘട്ടത്തിലെ മനുഷ്യവാസത്തിന്റെ തെളിവടയാളങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. എടയ്ക്കല്‍ ഗുഹയിലെ ഉത്ഖനനത്തില്‍ ലഭിച്ച കല്ലുളിയും സൂക്ഷ്മശിലോപകരണങ്ങളും ശിലായുഗകാലം മുതല്‍ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശിലാഗുഹകളിലെ കൈപ്പെരുമാറ്റം ചിത്രങ്ങളുടെ രൂപത്തിലാണ്. എടയ്ക്കല്‍, തൊവരി എന്നിവിടങ്ങളില്‍ ശിലാപ്രതലത്തില്‍ കല്ലുളിയോ മറ്റോ കൊണ്ട് കുഴിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നതെങ്കില്‍ മറയൂരിലേത് പച്ചിലക്കൂട്ട് ഉപയോഗിച്ചുവരച്ച ഛായാചിത്രങ്ങളാണ്. എടയക്കലില്‍ പല കാലഘട്ടങ്ങളില്‍ വരച്ച ചിത്രങ്ങളും കാണപ്പെടുന്നുണ്ട്. മറയൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. എടയ്ക്കലിലെ ചിത്രങ്ങള്‍ കൊത്തപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുശേഷം രേഖപ്പെടുത്തി എന്നുകരുതുന്ന ഒരു ബ്രഹ്മിലിഖിതവുമുണ്ട്. ഇതിന്റെ ശരിയായ രൂപം 'പലപുലിതാനന്തകാരി' (പല പുലികളെ കൊന്നൊടുക്കിയവന്‍ എന്നാണ്). കേരള വനാന്തരങ്ങളില്‍ ആദ്യം കുടിയേറിപ്പാര്‍ത്ത നരവംശവിഭാഗങ്ങളില്‍ ഒന്നായ ആസ്ത്രലോയ്ഡ് വംശജരായ മുള്ളുവകുറുമരുടെ പൂര്‍വികരായിരിക്കാം എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ കൊത്തിയത് എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെയും (ഫോസെറ്റ്, ഫുള്‍ട്ഷ്) അഭിപ്രായം. കുറുമരുടെ ഏതോ പൂര്‍വികനെയോ ഗോത്രത്തലവനെയോ പ്രതിനിധീകരിക്കുന്നതാണ് എടയ്ക്കല്‍ ചിത്രങ്ങളിലെ മനുഷ്യരൂപം എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

നവീനശിലായുഗത്തിന്റെ ആരംഭത്തോടെ കേരളത്തില്‍ കൃഷി ആരംഭിച്ചതായി കരുതുന്നു. മിനുസപ്പെടുത്തിയ കല്‍ക്കോടാലി ഈ കാലഘട്ടത്തിലേതാണെന്നു കരുതുന്നു. വയനാട്ടിലെ അമ്പലവയലിനു സമീപത്തെ അമ്പുകുത്തിയമലയില്‍ നിന്നും നവീനശിലായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് പുല്‍പ്പള്ളി, കല്പറ്റ എന്നിവിടങ്ങളില്‍നിന്നും നവീനശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. തൊവരി മലയിലെ ഗുഹാചിത്രങ്ങളും നവീനശിലായുഗത്തിലേതുതന്നെ.

പാലക്കാട് ജില്ലയിലെ തെന്മലയില്‍ നടത്തിയ ഉത്ഖനനത്തില്‍ 27 സൂക്ഷ്മശിലായുധങ്ങളും 26 മഹാശിലായുഗസ്ഥാനങ്ങളും കണ്ടെത്തി. ഇവിടെ കണ്ടെത്തിയ ശിലാവരകളുടെ ശൈലിക്ക് പുരാതന ശിലായുഗ സംസ്കൃതിയോടു സാമ്യമുണ്ട്. കൊല്ലങ്കോട്, മുതലമട, ഇലവഞ്ചേരി, പല്ലശ്ശന എന്നിവിടങ്ങളില്‍ നിര്‍ണയിക്കപ്പെട്ട ശിലായുഗസംസ്കൃതിയില്‍ പുരാതന ശിലായുഗ സംസ്കൃതി മുതല്‍ ചരിത്രാരംഭ കാലഘട്ടം വരെയുള്ള അടരുകള്‍ ദൃശ്യമാണെന്നതും ശ്രദ്ധേയമാണ്.

ചേരളവും ചേരമാന്‍ പെരുമാളും നമ്മുടെ ദ്രാവിഡ ചരിത്രം

പ്രാചീന മലയാള നാടിനെക്കുറിച്ച് മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ''മലയാളി സമൂഹം ചരിത്രകാരന്മാര്‍ക്ക് ജന്മം കൊടുത്തിട്ടില്ല.

പ്രാചീന മലയാള നാടിനെക്കുറിച്ച് മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ''മലയാളി സമൂഹം ചരിത്രകാരന്മാര്‍ക്ക് ജന്മം കൊടുത്തിട്ടില്ല. ഒരര്‍ഥത്തില്‍ രേഖപ്പെടുത്താന്‍ മാത്രം ചരിത്രം അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് കാരണം.''1 ഈ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ലെങ്കിലും ലോഗന്‍ ജീവിച്ച കേരളത്തെയും അതിനു മുമ്പുള്ള പ്രാചീന മലയാളനാടിനെയും വിലയിരുത്തുമ്പോള്‍ അദ്ദേഹം പറഞ്ഞതിലും കഴമ്പുണ്ട്. പ്രാചീന മലയാള നാടിന്റെ പൗരാണികത പറയുന്നത് വിഷ്ണുവിന്റെ പരശുരാമാവതാരത്തിലൂടെയാണ്. പരശുരാമന്‍ സ്വന്തം അമ്മയെ വധിച്ചതിന്റെ പാപ പരിഹാരാര്‍ഥം മഴുവെറിഞ്ഞ് സമുദ്രം പിളര്‍ത്തിയുണ്ടാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത ഭൂമിയാണ് കേരളം! കേരള ഭൂമിയില്‍ ധര്‍മജന്യനീതി ഭദ്രഭരണം നടത്തിയ മഹാബലിയെ വിഷ്ണുവിന്റെ വാമനാവതാരം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. ഇതാണ് പ്രാചീന മലയാള നാടിനെക്കുറിച്ചുള്ള പുരാണ സങ്കല്‍പം.

മത്‌സ്യഃ കൂര്‍മോ വരാഹശ്ച

നാരസിംഹശ്ച വാമനഃ

രാമോ രാമമശ്ച രാമശ്ച

കൃഷ്ണഃ ഗഡ്ഗീത്യമി ദശ2

ആര്യ വൈദികതയുടെ ഒരു സങ്കല്‍പ പ്രകാരം വിഷ്ണുവിന്റെ ദശാവതാരങ്ങളുടെ മുന്‍ഗണനാക്രമം ഇപ്രകാരമാണ്. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമാന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, ഗഡ്ഗീത്യമി എന്ന കല്‍ക്കി. അഞ്ചാമത് വാമനാവതാരവും, ആറാമത് പരശുരാമാവതാരവുമാണ് എണ്ണിയിരിക്കുന്നത്. വിഷ്ണുവിന്റെ ആറാമത് അവതാരമായ പരശുരാമനാണ് കേരളം ഉണ്ടാക്കിയതെങ്കില്‍ അതിനു മുമ്പുള്ള അഞ്ചാമത് അവതാരമായ 'വാമനാവതാരം' എങ്ങനെ കേരള ചക്രവര്‍ത്തിയെ ചവിട്ടി താഴ്ത്തും? അവതാര കഥയിലെ യുക്തിഭംഗം അവതാര ശ്ലോകത്തില്‍ തന്നെ അപരിഹാര്യമായി നിലനില്‍ക്കുന്നു. പ്രാചീന മലയാളനാട്ടില്‍ ബ്രാഹ്മണാധിപത്യം വന്നതോടു കൂടിയാണ് ഈ കഥ മലനാട്ടില്‍ പ്രചരിക്കുന്നത്. കൊങ്കണ ദേശത്ത് മുമ്പ് ഈ കഥയുള്ളതായി പറയപ്പെടുന്നു. ഈ കഥയുമായി മലയാളനാടിന് ബന്ധം ഇല്ലാത്തത് കൊണ്ടാണ് പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലില്ലാതിരുന്നത്. തിരുവനന്തപുരത്തിനടുത്തുള്ള തിരുവല്ലം ക്ഷേത്രത്തില്‍ ഇപ്പോള്‍ പരശുരാമ പ്രതിഷ്ഠയുണ്ട്. എന്നാല്‍ പതിനേഴാം നൂറ്റാണ്ട് വരെ അവിടെ ത്രിമൂര്‍ത്തികളുടെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരാണ വര്‍ത്തമാനം ഇങ്ങനെയാണെങ്കിലും പ്രാചീന മലയാള നാടിന് ആദിമ ജനതയും, ഭരണകൂടവും അതിരുകളും ഭാഷയും കൃതികളും ഉണ്ടായിരുന്നു.അത് തികച്ചും ദ്രാവിഡവും തമിഴ് കേന്ദ്രീകൃതവുമായിരുന്നു.

ദ്രാവിഡ നാട്

ഇന്തോ-പാക്ക് ഉപഭൂഖണ്ഡത്തിന്റെ ദക്ഷിണ പഥത്തില്‍ തമിഴ് കേന്ദ്രീകൃത ദ്രാവിഡ നാഗരികത ഉയര്‍ന്നുവന്നു. ക്ലാസിക്കല്‍ കൃതികളിലൂടെ ദ്രാവിഡ നാടിന്റെ അതിരുകള്‍ ഇങ്ങനെ വരക്കാം. 'വടവേങ്കടം തെന്‍ കുമരി'3 എന്ന തോല്‍കാപ്പിയ വിശേഷണവും. 'ആര്‍കലിമു പ്പുറമും ചൂഴ്ന്ത്' എന്ന ചിലപ്പതികാര വാക്യവും ചേര്‍ന്ന് തിരുപതി ഉള്‍പ്പെടെ കാളഹസ്തയില്‍ നിന്ന് പശ്ചിമ സമുദ്രകരയിലെ ചന്ദ്രഗിരി പുഴവരെയെത്തുന്ന ഒരു രേഖ ഉത്തരാതിര്‍ത്തിയാകും.'' ഇന്നത്തെ കേരളവും തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രപ്രദേശിന്റെ ചെറിയൊരു ഭാഗവും വരുന്ന ഭൂപ്രദേശത്ത് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് ഭാഷ സംസാരിച്ചിരുന്നു. ഈ ഭൂഭാഗത്ത് അധികാരം നടത്തിയ ഭരണാസനങ്ങളുടെ തലസ്ഥാനങ്ങളിലൂടെ സ്ഥലനിര്‍ണയം നടത്തുകയാണെങ്കില്‍ ഇപ്രകാരം പറയാം. ചോഴ രാജവംശത്തിന്റെ രാജസ്ഥാനമായിരുന്ന ഉറൈയൂരും, തിരുവോരോരും പാണ്ഡ്യ രാജഗോത്രത്തിന്റെ മധുരയും, ചേരരാജ പെരുമാക്കന്മാരുടെ കൊടുങ്കോളൂരും പല്ലവ രാജാക്കന്മാരുടെ കാഞ്ചിയും ആസ്ഥാനങ്ങളാക്കി മൂവേന്തരുടെ രാജ്യങ്ങള്‍ പൂര്‍ണമായും വല്ലവരുടെ ദക്ഷിണ ഭാഗവും, തമിഴ് ഭാഷ സംസാരിക്കുന്ന ദ്രാവിഡ ജനതയുടെ പൂര്‍വ രാജ്യത്തില്‍ പെടും. ഇവ്വിധമുള്ള ആദി ദ്രാവിഡ ധന്യതയാണ് പ്രാചീന മലയാള നാടിന്റെ പൈതൃകം.

ദ്രാവിഡ ദേശാന്തര പൈതൃകം

ഇസ്‌ലാമിക സമൂഹത്തിന്റെ ഈറ്റില്ലമായ പശ്ചിമേഷ്യയാണ് ദ്രാവിഡ ജനതയുടെ പ്രഭവകേന്ദ്രം. ''ഏലൈമൈറ്റ് ഭാഷയുടെ ജന്മസ്ഥലം പശ്ചിമേഷ്യയാകയാല്‍ അത് ആദി ദ്രാവിഡ ഭാഷയും അത് സംസാരിക്കുന്ന ജനങ്ങളും ഈ പ്രദേശത്ത് നിന്ന് വന്നവരാണ് എന്ന് ഊഹിക്കുന്നതില്‍ അസാംഗത്യമില്ല.'' പൗരാണിക സംസ്‌കാരമായ 'സുമേരിയ'യുമായി ദ്രാവിഡ ജനതക്കുള്ള ബന്ധവും നമ്മെ അത്ഭുതപ്പെടുത്തും. ''ദ്രാവിഡ ഭാഷയിലെ 'അമ്മ' സുമേറിയന്‍ ഭാഷ 'അമ'യാണ്. 'അപ്പ' ശബ്ദം സുമേരിയന്‍ ഭാഷയിലെ 'അബ' ശബ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദ്രാവിഡ ഭാഷയില്‍ ഗ്രാമം, പട്ടണം എന്നീ അര്‍ഥത്തിലുപയോഗിക്കുന്ന 'ഊര്‍' സുമേരിയന്‍ ഭാഷയില്‍ പട്ടണം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. പര്‍വതത്തിന് 'കൂര്‍' എന്നാണ് സുമേരിയന്‍ ശബ്ദം 'കൂര്‍ഇഞ്ഞി' (കുറുഞ്ഞി) എന്നാല്‍ കുന്നിന്‍ പ്രദേശം എന്നാണ് ദ്രാവിഡ ഭാഷാര്‍ഥം. 'ദിമര്‍' എന്ന് സുമേരിയന്‍ ഭാഷയില്‍ ദൈവത്തെ വിളിക്കുന്ന 'തേവര്‍' എന്ന ദ്രാവിഡ ശബ്ദവും.'' (4എ) ആര്യാഗമനത്തിന് മുമ്പ് തന്നെ കേരളത്തിലെ ദ്രാവിഡ ജനത ചന്ദ്രനെ ആധാരമാക്കി മാസങ്ങളും ഗോളശാസ്ത്രവും കണക്കാക്കിയിരുന്നത്. ഈ രീതി ദ്രാവിഡമാണ്. ഈ രീതി തന്നെയാണ് അറേബ്യ, യമന്‍, ഒമാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ അറബികളും സ്വീകരിച്ചിരുന്നത്. ''ആര്യന്മാരേക്കാള്‍ പരിഷ്‌കൃതരും ദ്രാവിഡരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ അനുസരിച്ച് നക്ഷത്രങ്ങള്‍ തിദികള്‍ തുടങ്ങിയ ഗണിത ശാസ്ത്ര കാര്യങ്ങളും അവര്‍ക്കറിയാമായിരുന്നു. (4 ബി) ഇത് അറബികളും കേരളത്തിലെ ആദി ജനതയും തമ്മിലുള്ള വൈജ്ഞാനികവും സാംസ്‌കാരികവുമായ ദ്രാവിഡ സാമ്യതകളാണ്. കേരളത്തിലെ ദ്രാവിഡ ജനതയില്‍ ഒരു വിഭാഗം ഇസ്‌ലാമിക ജീവിത വ്യവസ്ഥ അംഗീകരിക്കുന്നതോടുകൂടി തമലുറകള്‍ക്ക് മുമ്പ് അറേബ്യന്‍ ഉപദ്വീപിലും ഇന്ത്യന്‍ ഉപദ്വീപിലുമായി വഴിപിരിഞ്ഞ ഗോത്ര സഹോദരങ്ങള്‍ തമ്മില്‍ ആദര്‍ശ ഐക്യം കൈവന്നു.

ഭാഷയും ലിപിയും

ദ്രാവിഡ ജനത കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ചു എന്നാണ് ചരിത്ര മതം. വിന്ധ്യന് പടിഞ്ഞാറ് ഭാഗത്തുള്ള ഭൂമിയെ കിഴക്ക് നിന്ന് നോക്കുമ്പോള്‍ കാണുന്ന കുന്നുകളെ അവരുടെ ഭാഷയില്‍ 'മലൈ' എന്നും താഴ്‌വരയെ 'ആളം' എന്നും വിളിച്ചു. പുരുഷാന്തരങ്ങളിലൂടെ 'മലൈആളം' മലയാളമായി മാറി എന്ന വായന ശക്തിയായി നിലനില്‍ക്കുന്നു. ചട്ടമ്പി സ്വാമികള്‍ നമ്മുടെ നാടിന്റെ ചരിത്രമെഴുതാന്‍ഉപയോഗിച്ച തലക്കെട്ട് പോലും 'പ്രാചീന മലയാളം' എന്നാണ്. ഭാഷയല്ല നാടിന്റെ ചരിത്രമാണ് പ്രസ്തുത രചനയുടെ പ്രതിപാദ്യം.

''ദ്രാവിഡമെന്ന പേര്‍പെറ്റ തറവാട്ടില്‍

മക്കള്‍ മൂവര്‍ ഇളയവവള്‍ ഞാന്‍ മനോഹരി

ചെന്തമിഴിനെ അമ്മയെന്ന് വിളിച്ചിനാന്‍

പിന്നെ മലയാളമെന്നാക്കി മാറ്റി നാന്‍''5

ഡോ. കാള്‍ഡ്വലിന്റെ അഭിപ്രായത്തിന്റെ ''ദ്രാവിഡ ഭാഷകളുടെ കൂട്ടത്തില്‍ തമിഴ് കഴിഞ്ഞാല്‍ ഏറ്റവും അടുത്ത സ്ഥാനം മലയാളത്തിനാണ്. തമിഴുമായുള്ള അതിന്റെ അടുത്ത സമ്പര്‍ക്കം മൂലം.'' തേനിനിയും ചെന്തമിഴ് മൊഴികളില്‍ നിന്ന് വേര്‍തിരിഞ്ഞ് കാലന്തരേണ 'മലയാളം' സ്വന്തം അസ്തിത്വമുള്ള ഭാഷയായി. ദ്രാവിഡ ജനത അവരുടെ ഭാഷ ഉളി ഉപയോഗിച്ച് പാറയില്‍ കൊത്തി പാറയില്‍ ശാസനങ്ങള്‍ കൊത്തുമ്പോള്‍ ചതുരത്തേക്കാള്‍ എളുപ്പം വഴങ്ങുന്നത് വൃത്തമായത് കൊണ്ട് ലിപി രൂപപ്പെട്ടപ്പോള്‍ വട്ടെഴുത്തും കോലെഴുത്തുമായി. ഡോ. ബര്‍ണലിന്റെ അഭിപ്രായത്തില്‍ ''തമിഴ് അക്ഷരമാലയുടെ ആദിരൂപമാണ് വട്ടെഴുത്ത്. അതാവട്ടെ തഞ്ചാവൂരിന്റെ തെക്കും ദക്ഷിണ മലബാറിലും തിരുവിതാംകൂറിലും എഴുത്തു ഭാഷയായി ഉപയോഗിച്ചിരുന്നു.''6 വിന്ധ്യന് പടിഞ്ഞാറ് അധിവാസമുറപ്പിച്ച ദ്രാവിഡ ജനതയുടെ ഭാഷയും സംസ്‌കാരവും ക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമായി.

അറബിയുടെ സന്നിവേഷം

മലയാള നാട്ടിലേക്ക് തുറൈ പട്ടണങ്ങളിലൂടെ (തുറമുഖനഗരം) അറബി കടലിനപ്പുറത്ത് ജീവിക്കുന്ന മനുഷ്യരും അവരുടെ ഭാഷകളും സംസ്‌കാരങ്ങളും കടന്നുവന്നു. അവരില്‍ മുഖ്യം അറബിഭാഷയും അറബികളുമായിരുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പ് തന്നെ മലയാളനാട്ടില്‍ അറബി കോളനികള്‍ ഉണ്ടായിരുന്നു. പ്രവാചക വിയോഗത്തിനു ശേഷവും അറബി കോളനികള്‍ നിലനിന്നിരുന്നതായി അല്‍ ബിറൂനിയും രേഖപ്പെടുത്തുന്നു. സ്‌നേഹസമൃദ്ധമായ അറബി-മലയാള സംഗമവും അധിവാസവും മലയാള ഭാഷക്കും സംസ്‌കാരത്തിനും ഗുണമായി ഭവിച്ചു. തമിഴ് പദാവലികളുടെ സിംഹാസനത്തിലുപവിഷ്ടയായ മലയാളത്തിന് പദ കുബേരതയുടെ ധാരാളം സമ്പത്ത് കൈവന്നു. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുമ്പ് നമ്മുടെ നാട്ടില്‍ അറബികള്‍ ജീവിച്ചിരുന്നെങ്കിലും ഇസ്‌ലാമിന്റെ ആഗമനത്തിനു ശേഷമാണ് ഇവിടെ ദൈവികചിന്തകളുടെ നവോത്ഥാനം നടക്കുന്നത്. അറബികളും തദ്ദേശീയരും അടുത്തടുത്ത് ജീവിച്ചപ്പോള്‍ സംസ്‌കാരങ്ങളുടെ നൂതന വ്യാപന മേഖലകള്‍ സൃഷ്ടിക്കപ്പെട്ടു. എവിടെയെല്ലാം സംസ്‌കാരങ്ങള്‍ അടുത്തടുത്ത് ജീവിച്ചുവോ അവിടെയെല്ലാം സംസ്‌കാരങ്ങളുടെ അതിവ്യാപന മേഖലകള്‍ ഉയര്‍ന്നുവരും.

ആര്യാഗമനം

ഇന്തോ-പാക്ക് ഉപഭൂഖണ്ഡത്തിന്റെ ഉത്തരമേഖലയില്‍ നിന്ന് തെക്കോട്ട് നീങ്ങിയ ആര്യജനതയും നമ്മുടെ നാട്ടിലേക്ക് കരമാര്‍ഗം എത്തി. ദ്രാവിഡ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളായ കര്‍ണാടകയിലും ആന്ധ്രയിലെ കുറച്ച് ഭാഗത്തും അധിവാസം ഉറപ്പിച്ചതിനു ശേഷമാണ് ഗോകര്‍ണം വഴി പ്രാചീന മലയാള നാട്ടിലെത്തിയത്. കര്‍ണാടകയിലെ ദീര്‍ഘജീവിതം ആര്യരില്‍ ദ്രാവിഡ ജീവിതരീതിയും ഭാഷയും തുന്നിച്ചേര്‍ത്തു. ആര്യജനത കേരളത്തില്‍ അവരുടെ പറമ്പുകള്‍ക്കും താമസസ്ഥലത്തിനും 'ഇല്ലം', 'മന' എന്ന് ഉപയോഗിക്കുന്നതുപോലെ കര്‍ണാടകയിലും ആന്ധ്രയിലും ഉപയോഗിച്ചിരുന്നു. ഭാഷയിലെ 'കകാര'ത്തിനു പകരം 'ചകാര'മാണ് ഉപയോഗിച്ചിരുന്നത്. ഈ ഭാഷാ പ്രയോഗം 'ചേരള'മായിരുന്ന നമ്മുടെ നാടിനെ 'കേരള'മാക്കി.

ചേരളം

ഭരണാധികാരികളുടെ പേരിലും അവിടെ താമസിക്കുന്ന ജനതയുടെ പേരിലും നാടുകള്‍ അറിയപ്പെടാറുണ്ട്. ചേരരുടെനാട് എന്ന അര്‍ഥത്തില്‍ 'ചേരലം'7 എന്നും 'ചേരളം' എന്നും അറിയപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്ന് ആര്യരെത്തിയപ്പോള്‍ ചെന്നിയ്ക്ക് കെന്നി എന്ന് പ്രയോഗിക്കുന്നതുപോലെ 'ചേരളം' കേരളമായി. ക്രിസ്തബ്ദം ഒന്നാം നൂറ്റാണ്ടില്‍ 'കര്‍ണാടക' പൂര്‍വകേരളം അധീനപ്പെടുത്തിയപ്പോഴും 'മുഴിരി' അഥവ കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ഒരു ചേരരാജശാഖയും കന്യാകുമാരിക്കടുത്ത് 'തിരുവെട്ടാറ്റ്' മറ്റൊരു ചേരരാജപരമ്പരയും കോട്ടം തട്ടാതെ നിലനിന്നു. മലനാട്ടിലെ 'ആയ' വര്‍ഗക്കാരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ട ചേരന്മാരില്‍ രണ പ്രവിണരായ പുതിയ തലമുറകള്‍ ജന്മമെടുത്തു. മറവരുടെ രണ പ്രമത്തതയും സംഘബോധവും 'ആയ' വര്‍ഗത്തിന്റെ കാലിമേയ്ക്കുന്ന കൂട്ടായ്മ രീതിയും ഒന്നായി ചേരരില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ സംഘബോധം അവരെ ഒരു രാഷ്ട്രീയ ശക്തിയാക്കി. 'സംഘബോധം പരമമായി ചെന്നെത്തുന്നത് രാഷ്ട്രീയ അധികാരത്തിലേക്കാണ്'8 എന്ന ഇബ്‌നു ഖല്‍ദൂന്‍ അല്‍ ഹള്‌റമിയുടെ നിരീക്ഷണം ചേരരാജപരമ്പരയില്‍ നമുക്ക് നിഴലിച്ചു കാണാം. കൗടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ പറയുന്ന 'കുലസംഘവാഴ്ച' പോലെ പ്രാചീന മലയാള നാട് ചേരരുടെ രാജഭരണത്തിലായിരുന്നു. രാജഭരണമായിരുന്നെങ്കിലും ജനങ്ങളുടെ ഗുണദോഷത്തിനും നിരൂപണത്തിനും വിധേയമായ ഭരണമായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഗോത്ര സത്വത്തിലും മതകീയ പഞ്ചാത്തലത്തിലും ദ്രാവിഡ സംസ്‌കാര പൈതൃകം ധന്യരായിരുന്ന ചേരരാജപരമ്പരയുടെ രാജഭരണം പ്രജാക്ഷേമ തല്‍പരതയോടെയായിരുന്നു.

'പോയനാട്' സ്ഥലനാമ സാക്ഷ്യം

അവസാനത്തെ ചേരരാജാവ് ഇസ്‌ലാം സ്വീകരിച്ച് മക്കയില്‍ പോയതിന്റെ പിന്തുടര്‍ച്ച എന്നോണം ഉള്ള സ്ഥലനാമ സാക്ഷ്യങ്ങള്‍ ഇങ്ങനെയാണ്. ചേരമാന്‍ പെരുമാള്‍ ചന്ദ്രപിളര്‍പ്പ് കണ്ട് അത്ഭുതപ്പെട്ടു. ആദം മലക്കുപോയ അറബികളുടെ ഭക്തസംഘം കൊടുങ്ങല്ലൂരിലിറങ്ങി. സംഘതലവനായ ശൈഖിനോട് പെരുമാള്‍ ദീര്‍ഘയാത്രക്ക് രഹസ്യമായി കപ്പലൊരുക്കാന്‍ ആവശ്യപ്പെട്ടു. എട്ട് ദിവസം കൊണ്ട് സാമന്ത രാജാക്കന്മാര്‍ക്ക് രാജ്യം ഭാഗിച്ച് കൊടുത്തു. ആദ്യം പന്തലായിനി കൊല്ലത്തും ശേഷം ധര്‍മടം ദ്വീപിലും പോയി. 'ധര്‍മടം' രണ്ടത്തറ അഛന്മാരുടെ അധികാര പരിധിയില്‍ വരും.

'ധര്‍മടം', 'പോയനാട്'9 എന്ന പേരിലാണ് ചേരമാന്റെ മക്കാ യാത്രക്ക് ശേഷം അറിയപ്പെട്ടിരുന്നത്. രാജ്യം ഭാഗിച്ച് കൊടുത്തതും ചേരമാന്‍ പെരുമാള്‍ യാത്ര രഹസ്യമാക്കിയതും ഏതോ രാഷ്ട്രീയമായ ഉത്കണ്ഠയും ഉള്‍ക്കാഴ്ചയുമായിരിക്കാം. ഇങ്ങനെ അനുമാനിക്കുന്നതിന് ഉപോല്‍പലകമായ മറ്റൊരു സംഭവം ചരിത്രത്തില്‍ നമുക്ക് ഇവ്വിധം വായിക്കാം. കേരളത്തിലേക്ക് പ്രബോധനാവശ്യാര്‍ഥം ചേരമാന്‍ പെരുമാള്‍ തിട്ടൂരങ്ങള്‍ എഴുതി ഏല്‍പിച്ചതോടൊപ്പം അവര്‍ക്ക് കൊടുത്ത ഉപദേശം ഇതായിരുന്നു: ''കൊടുങ്ങല്ലൂര്‍, പന്തലായനികൊല്ലം, തെക്കന്‍ കൊല്ലം, ഒഴികെ മലബാറില്‍ എവിടെയും കപ്പലിറങ്ങരുത്'എന്നായിരുന്നു

പെരുമാള്‍ പാറ

അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ പറയുന്നു. ''ലക്ഷദ്വീപില്‍ മനുഷ്യവാസം തുടങ്ങിയതിന്റെ കൃത്യമായ വിവരം ലഭ്യമല്ല. ദ്വീപ് നിവാസികളുടെ കേട്ടറിവ് അനുസരിച്ച് ഇസ്‌ലാം മതം സ്വീകരിച്ച് മക്കത്തേക്ക് പോയ ചേരമാന്‍ പെരുമാളിനെ തേടി മലബാറില്‍ നിന്ന് പുറപ്പെട്ടവരാണ് അവരുടെ പൂര്‍വ പിതാക്കള്‍. കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണ സംഘം ദ്വീപില്‍ കടന്നുകയറുകയാണ് ഉണ്ടായത്. അവിടെ നിന്ന് മടങ്ങിവന്നവരില്‍ നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞ നാടുവാഴിയുടെ വിളംബരം അനുസരിച്ച് ദ്വീപിലേക്ക് ചെല്ലുന്നവര്‍ക്കൊക്കെ കൃഷി ചെയ്യാന്‍ കഴിയുന്നത്ര ഇടം കിട്ടി.''10 ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയും മലബാറില്‍ നിന്ന് തേടി പുറപ്പെട്ടവരുടെ യാത്രയും പിന്നാം തലമുറകള്‍ക്ക് നല്‍കി ലക്ഷദ്വീപിലുള്ള പെരുമാള്‍ പാറ നിലനില്‍ക്കുന്നു.

കോഴിക്കോടും രാജ്യ വിഭജനവും

കോഴിക്കോട് എന്നതും ചേരമാന്‍ പെരുമാളും മക്കാ യാത്രയുടെ സ്ഥലനാമ സാക്ഷിയാണ്. ചേരമാന്‍ രാജ്യം അഞ്ച് നാടുകളോടാണ് അതിരു പങ്കിട്ടത്. പാണ്ടി, കൊങ്ക, തുളു, വയനാട്, പുന്നാട് എന്നിവയാണ് ആ രാജ്യങ്ങള്‍. ഗോകര്‍ണത്തിനും കന്യാകുമാരിക്കുമിടയില്‍ കുന്നെട്ടിക്കും പുതുപട്ടണത്തിനുമകത്ത് തെക്ക് ചങ്ങള തുറമുഖവും വടക്ക് പുത്തുപട്ടണം തുറമുഖവും കിഴക്ക് പതിനെട്ട് മലം തുറകളും പടിഞ്ഞാറ് പതിനെട്ട് അഴിമുഖങ്ങളും ഇവക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് തുടങ്ങി നാല് കോണുകള്‍ക്കുള്ളില്‍ പതിനാറ് കാതം നീളത്തിലായിരുന്നു ചേരമാന്‍ രാജ്യം. ഉദയവര്‍മനെ ഉത്തര ഭാഗത്തിന്റെ പെരുമാളായി വാഴിച്ച് പന്തീരായിരം നായന്മാരെയും നല്‍കി ചേരമാന്‍ മൊഴിഞ്ഞു: 'ഞാന്‍ തിരിച്ചുവരികയാണെങ്കില്‍ നീ ഇളങ്കൂര്‍ (ഇളയരാജാവ്) ആയിരിക്കും. ഞാന്‍ തിരിച്ചുവന്നില്ലെങ്കില്‍ നിനക്കുള്ളതായിരിക്കും ചേരമാന്‍ കിരീടം.'' ദക്ഷിണ ദേശം കുലശേഖര രാജവംശത്തിലെ വേണാട്ടട്ടികള്‍ക്കും നല്‍കി. കല്ലളം കോട്ടയുടെ വലതു ഭാഗത്തുള്ള കൊട്ടാരത്തില്‍ വാഴിച്ചു. വള്ളുവകോനാതിരിക്ക് ഒരു രാജ്യവും മാമാങ്ക നിലപാട് അവകാശവും നല്‍കി. ഈ രീതിയില്‍ ദേശവിഭജനം പൂര്‍ത്തിയാക്കി പെരുമാള്‍ മക്കത്തേക്ക് കപ്പല്‍ കയറാനിരിക്കെ പൂന്തുറ യുവാക്കളില്‍ ജീവനോടെ അവശേഷിച്ച ആള്‍ പെരുമാളിനെ സമീപിച്ച് സങ്കടമുണര്‍ത്തി. പൂന്തുറ യുവാവിനോട് പെരുമാള്‍ പറഞ്ഞു: ''രാജ്യമെല്ലാം ഞാന്‍ പങ്കുവെച്ച് കൊടുത്തിരിക്കുന്നു. ഒരു കോഴി കൂവിയാല്‍ കേള്‍ക്കുന്നത്ര ചെറിയൊരു ദേശവും ഒരു തുണ്ടു ചുള്ളിക്കാടും മാത്രമേ ഇനി ശേഷിപ്പൊള്ളൂ. വേണമെങ്കില്‍ എടുത്തുകൊള്ളുക.''11 പൂന്തുറ യുവാവ് ഈ നിസ്സാര ദാനം സ്വീകരിച്ചപ്പോള്‍ 'നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക' എന്ന ഉപദേശത്തോടൊപ്പം വാളും കൊടുത്തു. ഈ യുവാവും ദേശവും ആണ് കേരളത്തിലെ സാമൂതിരിയും അദ്ദേഹത്തിന്റെ തലസ്ഥാനമായ കോഴിക്കോടും. മൂന്നടി രണ്ടിഞ്ച് നീളം വരുന്ന ഈ ചേരമാന്‍ വാള്‍ ദിവസേന പുഷ്പമാല്യങ്ങള്‍ ചാര്‍ത്തി പൂജിച്ചിരുന്നു. ഇത്തരം പൂജയും ഓര്‍മകളും ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയുടെ ആചാര സാക്ഷ്യങ്ങളായി പില്‍ക്കാലത്ത് അവശേഷിച്ചു.

ആചാര സാക്ഷ്യം

എ.ഡി ആയിരത്തി എണ്ണൂറുകളിലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണ വേളയില്‍ സത്യം ചെയ്യുന്ന ഒരാചാരം ഉണ്ടായിരുന്നു. സത്യം ചെയ്യല്‍ ഇങ്ങനെയാണ്. ''മക്കത്ത് പോയ തങ്ങളുടെ കുലകൂടസ്ഥന്‍ മടങ്ങി വരുന്നത് വരെ മാത്രം രാജ്യഭാരം.''12 കോഴിക്കോട് സാമൂതിരിമാരുടെ വംശത്തിലും ഇതിനു സമാനമായ ആചാരസാക്ഷ്യമുണ്ട്. സാമൂതിരിമാര്‍ അവരുടെ സിംഹാസനാരോഹണ സമയത്ത് 'ജാതിഭ്രഷ്ട'നായി സ്വയം സങ്കല്‍പിക്കുന്ന ഒരു ചടങ്ങിന് വിധേയനാകണം. മാപ്പിള സ്ത്രീയായി വേഷമിട്ട പുരുഷന്റെ കൈയില്‍ നിന്ന് കല്ലായി കടവ് കടക്കുന്ന സാമൂതിരി താബൂലം സ്വീകരിക്കുക എന്നതാണ് ആചാരം.

ചേരമാന്‍ പെരുമാളിന്റെ മക്കാ യാത്രക്ക് ശേഷം അദ്ദേഹത്തെ അനന്തരമെടുത്ത ജനതയില്‍ ഒരു വിഭാഗം ക്രമേണ ഇസ്‌ലാമിനെ സ്വീകരിച്ചു. യമനില്‍ നിന്ന് വന്ന സയ്യിദീ കബീലകളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വന്നവരുമൊഴികെ, കേരളീയ ഇസ്‌ലാമിക സമൂഹത്തിന്റെ മുന്‍ഗാമികള്‍ മേല്‍പറഞ്ഞ ഇസ്‌ലാം സ്വീകരിച്ചവരാണ്. ഈഴവരെന്നും വല്ലവരെന്നും പറയുന്ന ഒരു വിഭാഗം ഇസ്‌ലാം സ്വീകരിക്കാതെ നിന്നു, പില്‍ക്കാലത്തുണ്ടായ ബ്രാഹ്മണാധിപത്യം ഈ വിഭാഗത്തെ പാര്‍ശ്വവത്കരിച്ചു. 'ഈഴവരും പനയും ക്ഷേത്ര സന്നിധിയില്‍ പാടില്ല' എന്ന നിയമം വന്നു. ഈഴവരും പനയും തമ്മിലുള്ള ബന്ധം നമുക്കിതില്‍ നിന്ന് മനസ്സിലാകുന്നു. ഇനി പനയും ചേരരും തമ്മിലുള്ള ബന്ധം നോക്കാം. 'ചേരരുടെ വിജയമാലയ്ക്ക് ഉപയോഗിച്ചിരുന്നത് പനമ്പൂവാണ്. ചേരരുടെ അനന്തര തലമുറയാണ് ഈഴവര്‍.'13 ചേരപരമ്പരയിലൂടെ ഉണ്ടായ ഇസ്‌ലാമിക ധര്‍മബോധനവും മറ്റൊരു പരമ്പരയായ ശ്രീനാരായണീയരില്‍ ഉണ്ടായ ഗുരുപ്രബോധനങ്ങളും ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സവിശേഷ കര്‍മം നിര്‍വഹിച്ചു.

ഹോർത്തൂസ്‌ മലബാറിക്കസ്‌

ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്.എന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് ' അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.

കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (1673-77) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്‍റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. നെതര്‍ലണ്ടില്‍ 1636-ല്‍ , ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്‍റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്‍റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. ഒരു സാധാരണ ഭടനായി കൊച്ചിയില്‍ എത്തിയ വാന്‍റീഡ് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടന്ന നീക്കത്തിലാണ് ശ്രദ്ധേയനായത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. സിലോണ്‍ (ശ്രീലങ്ക) ക്യാപ്റ്റന്‍ , അവിടത്തേയും ഇന്ത്യയിലേയും സൈനികമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍റീഡ് പിന്നീട് മലബാര്‍ കമാന്‍ഡര്‍ ആയി. ആ സമയത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.
വാന്‍റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയിരുന്നു. കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.
ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്.

വാന്‍റീഡ് കൊച്ചിയിലെ കമാണ്ടര്‍ ആയി എത്തുന്ന സമയത്ത് യൂറോപ്പില്‍ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണം ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, കോളനികളിലും മരുന്നിന്റെ ആവശ്യം കൂടുതലായി. ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അറബികള്‍ ശേഖരിച്ച് യൂറോപ്പില്‍ വിറ്റിരുന്ന മരുന്നുകള്‍ കൃത്യസമയത്ത് കിട്ടാതെയായി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സിലോണില്‍ മരുന്നുകള്‍ക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഇതെല്ലാം ആയിരിയ്ക്കാം കേരളത്തിലെ സസ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ബൃഹത്ത് ഗ്രന്ഥം നിര്‍മ്മിക്കാന്‍ വാന്‍റീഡിനെ പ്രേരിപ്പിച്ചത്. വിദഗ്ദ്ധന്മാരുടെ സഹായത്തോടെ ഇത്തരം ഒരു പുസ്തകം നിര്‍മ്മിച്ചാല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍ വാന്‍റീഡ് ഉദ്ദേശിച്ച വിധത്തിലല്ല കാര്യങ്ങള്‍ നീങ്ങിയത്. മേലധികാരികളില്‍ നിന്നും പ്രതീക്ഷ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നിശ്ചയദാര്‍ഢ്യത്തോടെ വാന്‍റീഡ് മുന്നോട്ടുപോയി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. അവിടെ ഒരു കെമിസ്റ്റിനെ നിയമിച്ചു. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെ നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. കാട്ടിലും നാട്ടിലുമായി ചെടികളും മരങ്ങളും അന്വേഷിച്ചുനടന്ന വിദഗ്ദ്ധ സംഘത്തോടൊപ്പം അവയുടെ ചിത്രം വരയ്ക്കാന്‍ ഉണ്ടായിരുന്ന പെയിന്റര്‍മാരില്‍ പലരും വാന്‍റീഡിന്റെ കീഴില്‍ സൈന്യത്തിലുള്ളവരാണെന്ന് കരുതുന്നു. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു. പുസ്തകനിര്‍മ്മാണത്തിന് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നതെങ്കിലും അവരുടെ പേരുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.
ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് (Caseareus) ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭനും പ്രശസ്തനുമായ വൈദ്യനായിരുന്നു ഇട്ടി അച്ചുതന്‍ എന്ന് മനസിലാക്കാം.

വാന്‍റീഡിന്റെ നേതൃത്വത്തില്‍ പുസ്തകനിര്‍മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും മേല്‍ ഉദ്യോഗസ്ഥന്മാര്‍ അത് ഗൗരവമായി എടുത്തില്ല. മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി. "ഹോര്‍ത്തൂസ് മലബാറിക്കൂസ് " പൂര്‍ത്തിയാക്കാനുള്ള മോഹത്തോടെ, മറ്റൊരു സ്ഥലത്തേയ്ക്കു സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷിച്ചു. ഇട്ടി അച്ചുതന്‍പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത

ഹോർത്തൂസ് മലബാറിക്കസ്

ഓർമ്മിക്കേണ്ട വസ്തുതകൾ

മലയാള ലിപികളിൽ അച്ചടി മഷി പുരണ്ട ആദ്യഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്. ഹോർത്തൂസ് മലബാറിക്കസിന്‍റെ മലയാള തത്തുല്യമാണ് മലബാറിന്‍റെ സസ്യലോകം. (മലബാർ പൂന്തോട്ടം എന്നാണ് ഹോർത്തൂസ് മലയാളം പതിപ്പിലുള്ളത്). പതിനേഴാം നൂറ്റാണ്ടിലാണ് ഹോർത്തൂസ് മലബാറിക്കസിന്‍റെരചനാകാലം.ഡച്ച് ഗവർണറായ ഹെൻറിക്ക് വാൻറീഡ് ആണ് ഹോർത്തൂസ് മലബാറിക്കസിന് മേൽനോട്ടം വഹിച്ചത്.ക്രിസ്ത്യൻ പുരോഹിതനായ ഫ.മത്തെവൂസ് ആണ് ഹോർത്തൂസിന്‍റെ തയാറാക്കലിൽ വാൻറീടിനെ ആദ്യം സഹായിച്ചത്.മലബാറിലെ സസ്യങ്ങളെക്കുറിച്ച് ഫ.മത്തെവൂസ് തയാറാക്കിയ ഗ്രന്ഥമായിരുന്നു വിരിഡേറിയം ഓറിയന്റാലെ.

ഇട്ടി അച്യുതൻ വൈദ്യർ എന്ന നാട്ടു വൈദ്യൻ ആണ് ഹൊർത്തൂസിന്‍റെ തയാറാക്കലിൽ വാൻറീഡിനെ സഹായിച്ചത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലുള്ള കടക്കരപ്പള്ളി പഞ്ചായത്തിൽപ്പെടുന്ന  കൊല്ലാട്ട്പറമ്പ് ആണ് ഇട്ടി അച്യുതൻ വൈദ്യരുടെ സ്വദേശം. ഇട്ടി അച്യുതന്‍റെ കുടുംബക്കാർ പരമ്പരയായി സൂക്ഷിക്കുന്ന ഔഷധവിജ്ഞാന (താളിയോല) ഗ്രന്ഥമായ ചോൽക്കേട്ട പുസ്തകമായിരുന്നു ഇട്ടി അച്യുതൻ വൈദ്യർ ഹോർത്തൂസ് മലബാറിക്കസിന്‍റെ തയാറാക്കലിനായി പറഞ്ഞു കൊടുത്ത വിവരങ്ങളുടെ മൂലസ്രോതസ്.

രംഗഭട്ട്, വിനായക പണ്ഡിറ്റ്, അപ്പുഭട്ട് തുടങ്ങിയ കൊങ്ങിണി ബ്രാഹ്മണരും ഹൊർത്തൂസിന്‍റെ സൃഷ്ടിയിൽ സഹായിച്ചിട്ടുണ്ട്. ഹോർത്തൂസ് മലബാറിക്കസിനു പകരമായി വാൻറീഡിന്‍റെ എതിരാളിയായിരുന്ന വാൻ ഗൊൻസ് തയാറാക്കാനുദ്ദേശിച്ച പുസ്തകമായിരുന്നു ഫ്ലോറ ഓഫ് സിലോണ്‍.(Flora of Ceylon) .12 വാല്യങ്ങളാണ് ഹോർത്തൂസ് മലബാറിക്കസിലുള്ളത്.742 സസ്യങ്ങളെക്കുറിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു. ഇതിൽ പനിക്കെതിരെയാണ്  ഏറ്റവും കൂടുതൽ ചികിത്സാവിധികൾ വിവരിച്ചിട്ടുള്ളത്, 136 എണ്ണം.1636 ഏപ്രിൽ 13ന് ആംസ്റ്റർഡാമിൽ ആണ് വാൻറീഡ് ജനിച്ചത്. 1691 ഡിസംബർ 15ന് അദ്ദേഹം അന്തരിച്ചു. സൂറത്തിലാണ് അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്നത്.

വാൻറീഡിന്‍റെ ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സസ്യജനുസ്സാണ് റീഡിയ (Rheedia).സസ്യകുടുംബം:ഗട്ടിഫെറെ (ക്ലൂസിയേസിയെ). ഇട്ടി അച്യുതന്‍റെ ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സസ്യജനുസ്സാണ് അച്യുഡേമിയ (Achudemia).സസ്യകുടുംബം:അർട്ടിക്കേസിയെ. ഫാദർ മത്തേവൂസിന്‍റെ ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സസ്യജനുസ്സാണ് മത്തേയ (Matthaea). സസ്യകുടുംബം:മൊണിമിയേസിയെ.(Monimiaceae).

 

2.96666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top