നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാ-സാംസ്കാരിക പൈതൃകമുണ്ട് കേരളത്തിന്. നാടന്‍ കലകളും അനുഷ്ഠാന കലകളും ക്ഷേത്ര കലകളും മുതല്‍ ആധുനിക കലാരൂപങ്ങള്‍ വരെ കേരളീയ സാംസ്കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. കേരളീയ കലകളെ പൊതുവേ രണ്ടായി തിരിക്കാം : ദൃശ്യകലകളും ശ്രവ്യകലകളും. രംഗകലകളും അനുഷ്ഠാനകലകളും ചിത്രകലയും സിനിമയും ദൃശ്യകലകളില്‍ ഉള്‍പ്പെടുന്നു.
കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിക്കാം. മതപരമായ കലകളില്‍ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉള്‍പ്പെടും. കൂത്ത്,കൂടിയാട്ടം,കഥകളി,തുള്ളല്‍, തിടമ്പു നൃത്തം, അയ്യപ്പന് കൂത്ത്, അര്‍ജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം,കൃഷ്ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതില്‍പ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോന്‍ പാട്ട്, ഗന്ധര്വന് തുള്ളല്‍, ബലിക്കള, സര്‍പ്പപ്പാട്ട്, മലയന്‍ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാസാഹിത്യവുമുണ്ട്.
യാത്രക്കളി, ഏഴാമുത്തിക്കളി, മാര്‍ഗം കളി,ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്, പരിചമുട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളുമാണ്. കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോല്‍പ്പാവക്കൂത്ത്, ഞാണിന്മേല്കളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്. ഇവയ്ക്കു പുറമേയാണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയകലകളും.
അനുഷ്ഠാനകലകളില്‍പ്പെടുന്ന പലതും നാടോടി നാടകങ്ങളാണ്. അനുഷ്ഠാനസ്വഭാവമില്ലാത്ത വിനോദ പ്രധാനമായ നാടോടി നാടകങ്ങളുമുണ്ട്. കുറത്തിയാട്ടം, പൊറാട്ടു നാടകം, കാക്കാരിശ്ശി നാടകം, പൊറാട്ടിന്റെ വകഭേദമെന്നു പറയാവുന്ന പാങ്കളി, ആര്യമ്മാല തുടങ്ങിയവ അനുഷ്ഠാനാംശമില്ലാത്ത നാടോടി നാടകങ്ങളാണ്. മുടിയേറ്റ്, കാളിയൂട്ട്, നിണബലി, പടയണി, കാളിത്തീയാട്ട്, അയ്യപ്പന്കൂത്ത്, തെയ്യം തുടങ്ങിയവയെല്ലാം അനുഷ്ഠാനാംശമുള്ള നാടോടി നാടകങ്ങളാണെന്നു പറയാം. കോതാമൂരിയാട്ടം അനുഷ്ഠാനാംശം കുറഞ്ഞ നാടകമാണ്.
വടക്കന്‍ കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള സീതക്കളി, പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി, വയനാട്ടിലെ ആദിവാസികള്‍ക്കിടയിലുള്ള മാന്ത്രിക കര്മ്മങ്ങളായ ഗദ്ദിക, കുള്ളിയാട്ട്, വെള്ളാട്ട് എന്നിവയും ഒരുതരം നാടോടി നാടകങ്ങളാണ്. കണ്യാര്‍കളി, പൂതം കളി, കുമ്മാട്ടി, ഐവര്‍നാടകം, കുതിരക്കളി, വണ്ണാന്‍കൂത്ത്, മലയിക്കൂത്ത് തുടങ്ങിയവയും ഈ ഗണത്തില്‍ വരും.
കൂടിയാട്ടത്തിന്റെ ഭാഗമായോ അല്ലാതെ സ്വതന്ത്രമായോ ക്ഷേത്രങ്ങളിലെ കൂത്തുതറകളില് അഥവാ കൂത്തമ്പലങ്ങളില്‍ അരങ്ങേറിയിരുന്ന ഒരു സാമൂഹ്യ-മതാത്മക കലയാണ് കൂടിയാട്ടം. മൂകാഭിനയുും, ലഘുഹാസ്യാവതരണങ്ങളും സമന്വയിപ്പിച്ചുള്ള ഏകാംഗപ്രകടന മാണിത്. വിദൂഷകന്റെ വേഷത്തിലാണ് ചാക്യാര്‍ അരങ്ങിലെത്തുന്നത്. രാമായണത്തിലെയും, മഹാഭാരതത്തിലെയും മറ്റ് ഇതിഹാസങ്ങളിലെയും കഥകളെ ആസ്പദമാക്കിയാണ് ചാക്യാര്‍ കൂത്തവതരിപ്പിക്കുന്നത്. ഇതിലേക്ക് നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ അദ്ദേഹം സന്നിവേശിപ്പിക്കുന്നു. ഏതൊരാളും ചാക്യാരുടെ കഥാപാത്രങ്ങളായേക്കാം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും, കഥ പറച്ചിലിന്റെ മാറ്റ് കൂട്ടുന്നു. മിഴാവ് എന്ന വാദ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് കൂത്ത് അവതരിപ്പിക്കുന്നത്.
നങ്ങ്യാരത്തിമാര് അഥവാ ചാക്യാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കൂത്തിന്റെ മറ്റൊരു രൂപമാണ് നങ്ങ്യാര്‍കൂത്ത്. ഭഗവാന് ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങളെ ആസ്പദമാക്കിയാണ് നങ്ങ്യാര്‍കൂത്ത് എന്ന ഏകാംഗ പ്രകടനം അരങ്ങേറുന്നത്. ഗാനങ്ങളോടൊപ്പം, നൃത്തവും മൂകാഭിനയവും ഈ കലാരൂപത്തില്‍ സമന്വയിപ്പിക്കുന്നു. കൂടിയാട്ടത്തിലെ മുദ്രകള്‍ തന്നെയാണ് നങ്ങ്യാര്‍കൂത്തിലും അവലംബിച്ചിരിക്കുന്നത്. പക്ഷെ, അവ അല്പം കൂടി വിശാലമാണ്. തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കോട്ടയത്തെ കുമാരനല്ലൂര്‍ ക്ഷേത്രം തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ എല്ലാം നങ്ങ്യാര്‍കൂത്ത് അരങ്ങേറാറുണ്ട്.
'കൂടിയാട്ട'മെന്നാല്‍ 'കൂടി' അഥവാ ഒരുമിച്ചുള്ള പ്രകടനം. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കല്‍ നാടക രൂപമാണ് കൂടിയാട്ടം. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ചാണ് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കൂടിയാട്ടം രൂപപ്പെടുന്നത്.
ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് സാധാരണയായി കൂടിയാട്ടം നടത്തി വരാറുള്ളത്. ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാന്മാര് പുരുഷ കഥാപാത്രങ്ങളെയും നങ്ങ്യാരുമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇലത്താളമടിക്കുന്നതും സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നതും നമ്പ്യാരുമാരാണ്. നങ്ങ്യാര്‍മാരാണ് പിന്നണിയില്‍ 'മിഴാവ്' വായിക്കുന്നത്.
ഷേക്സ്പീരിയന്‍ നാടകങ്ങളിലെ ബുദ്ധിമാനായ വിഡ്യെ' അനുസ്മരിപ്പിക്കുന്ന വിദൂഷകന് അഥവാ വിവേകശാലിയായ അവതാരകന്. നിര്‍ഭയരായി ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമെടുക്കും. ശരീരത്തിന് ചുറ്റുമുള്ള ഉടയാട ഇദ്ദേഹത്തെ മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ആറ് മുതല്‍ ഇരുപത് ദിവസം വരെയാണ് സാധാരണയായി കൂടിയാട്ടം നടത്തിവരാറുള്ളത്. മിത്തുകളേയും ഐതീഹ്യങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ് കൂടിയാട്ടത്തിന്റെ പ്രമേയം.
ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും കൂടിയാട്ടം അരങ്ങേറുന്നു. അതുല്യനായ ക്കുടിയാട്ട കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍.
ബാലെ, ഒപ്പറ, മാസ്ക്ക്, മൂകാഭിനയം തുടങ്ങി വിവിധ കലകളുടെ സമന്വയമാണ് മുന്നൂറോളം വര്‍ഷത്തെ പാരമ്പര്യമുള്ള കഥകളി. കൂടിയാട്ടം, കൃഷ്ണനാട്ടം, കളരിപ്പയറ്റ് എന്നീ കലകളില്‍ നിന്ന്് രൂപം പ്രാപിച്ചതാണിത്. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ നിന്നാണ് കഥകളിയുടെ പ്രമേയങ്ങള്‍ സ്ഥീകരിച്ചിട്ടുള്ളത്.
ക്ഷേത്രസന്നിധികളിലും മറ്റും രത്രിയിലാണ് കഥകളി അവതരിപ്പിക്കപ്പെടുന്നത്. കേളികൊട്ട് അഥവാ ചേങ്ങിലയുടെ അകമ്പടിയോടെയുള്ള ചെണ്ട മേളം കഥകളിയുടെ ആരംഭം വിളംബരം ചെയ്യുന്നു. നിറങ്ങളുടെയും മുദ്രകളുടേയും സംഗീതത്തിന്റെയും നാടകത്തിന്റെയും നൃത്തത്തിന്റെയും അപൂര്‍വ്വ സമ്മേളനമാണ് കഥകളി പ്രേക്ഷകന് സമ്മാനിക്കുന്നത്.
കഥകളി ചമയങ്ങള്‍ :
കഥകളി കലാകാരന്മാര് മുഖം നിറയെ ചായം പൂശുന്നു. അഞ്ച് തരം വേഷങ്ങളാണ് കഥകളിയിലുള്ളത്. പച്ച, കത്തി, താടി, കരി, മിനുക്ക്.
നീളമേറിയ വസ്ത്രങ്ങളും കഞ്ചുകവും കിരീടവും വര്‍ണ്ണാഭമായ മറ്റ് ആടയാഭരണങ്ങളും ചേര്‍ന്നാണ് കഥകളിക്ക് മാസ്മരിക ദൃശ്യസമ്പന്നത നല്‍കുന്നത്. മനുഷ്യപ്രകൃതി വെടിഞ്ഞ് ഒരു തരം അതീന്ദ്രിയമായ അമാനുഷനായ കഥാപാത്രമായി കഥകളി നടന് മാറുന്നു.
പച്ച :
ധീരന്മാരും നന്മനിറഞ്ഞതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി മുഖത്ത് പച്ച തേച്ച ശേഷം അതിനനുസൃതമായി ഉടുത്തുകെട്ടുന്നു..
കത്തി :
ക്രൗര്യം നിറഞ്ഞ ദുഷ്ടകഥാപാത്രങ്ങളുടെ വേഷമാണ് കത്തി.
താടി :
മൂന്ന് തരം താടി വേഷങ്ങളാണുള്ളത്.
മനുഷ്യാതീതമായ കഴിവുകളുള്ള ഹനുമാനെപ്പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ് 'വെള്ളത്താടി'.
ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള വേഷമാണ് 'ചുവന്നതാടി'
വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ് കറുത്ത താടി.
കരി (കറുപ്പ്) :
രാക്ഷസീയ കഥാപാത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന വേഷമാണ് 'കരിവേഷം'.
മിനുക്ക് :
സ്ത്രീ കഥാപാത്രങ്ങളെയും സന്യാസിവര്യന്മാരെയും അവതരിപ്പിക്കുമ്പോഴാണ് 'മിനുക്ക്' വേഷം ഉപയോഗിക്കാറുള്ളത്.
മുദ്ര :
കഥകളിയിലെ ശൈലിവല്‍കൃത ആംഗ്യഭാഷയാണ് മുദ്രകള്‍. ഒരു ആശയത്തെയോ സാഹചര്യത്തെയോ അവസ്ഥയെയോ സൂചിപ്പിക്കാനാണ് മുദ്രകള്‍ ഉപയോഗിക്കുന്നത്. മുദ്രകളിലൂടെയാണ് ഒരു കഥകളി നടന് തന്റെ ആശയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇതിനായി 'ഹസ്തലക്ഷണ ദീപിക' എന്ന ആധികാരിക ഗ്രന്ഥത്തെ അവലംബിച്ചുള്ള ശാസ്ത്രീയമായ ആംഗ്യഭാഷ നടന് പിന്‍പറ്റുന്നു.
കഥകളി സംഗീതം :
കഥകളി സംഗീതത്തിന്റെ പിന്നണിയില്‍ രണ്ടുതരം വാദ്യോപകരണങ്ങളുണ്ട്-മദ്ദളവും ചെണ്ടയും. ലോഹനിര്‍മ്മിതമായ ചേങ്കിലയും ഇലത്താളവും ഒപ്പം ചേരുന്നു.
കഥകളി പരിശീലനം :
കഥകളി വിദ്യാര്‍ത്ഥികള്‍ വളരെ ചിട്ടയായ കഠിന പരിശീലനത്തിലൂടെയാണ് കടന്നുപോകുന്നത്. വഴക്കമുള്ള ശരീരത്തിനായി എണ്ണ തേച്ചുള്ള തിരുമ്മല്‍, കണ്ണ്, ചുണ്ട്, കവിള്, വായ, കഴുത്ത് എന്നിവയ്ക്കെല്ലാമുള്ള പ്രത്യേകം വ്യായാമമുറകള്‍ തുടങ്ങിയവ പരിശീലനത്തില്‍ നിര്‍ബന്ധം. അഭിനയം, നൃത്തം, പാട്ട് എന്നിവയെല്ലാം കഥകളിയില്‍ ഒരുപോലെ പ്രധാനമാണ്.
പോയകാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്ക്കുന്ന, മണ്മറഞ്ഞുപോയ യവന നാടകസങ്കേതങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശൈലിയിലാണ് കഥകളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുഖഭാവങ്ങളുടെ, മുദ്രകളുടെ, സംഗീതത്തിന്റെ സമഞ്ജസമായ കൂട്ടുചേരലാണ് കഥകളി. ചിട്ടയായ കഥകളി പരിശീലനത്തിന് ഏറ്റവും പേര് കേട്ട സ്ഥാപനമാണ് കേരള കലാമണ്ഡലം.
പദ്യത്തിലുള്ള കഥാകഥനത്തിന്റെയും നൃത്തത്തിന്റെയും സമന്വയമാണ് തുള്ളല്‍ എന്ന ഏകാംഗാവതരണകല. ക്ഷേത്രോല്‍സവ അരങ്ങുകളില്‍ അംഗചലനങ്ങളുടെയും ആംഗ്യത്തിന്റെയും പിന്തുണയോടെ തുള്ളല്‍ കലാകാരന് കഥാകഥനം നടത്തുന്നു. ഉള്ളടക്കം പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
കഥകളിയോട് സാമ്യമുള്ളതെങ്കിലും ലളിതമാണ് തുള്ളലിന്റെ എടുത്തു കെട്ട്. തുള്ളല്ക്കാരന് പാടുന്ന പാട്ട് അകമ്പടി ഗായകന് ഏറ്റുപാടും. മൃദംഗം അഥവാ തൊപ്പി മദ്ദളവും ഇലത്താളവും അകമ്പടി നല്‍കും. ഓട്ടന്‍, പറയന്, ശീതങ്കന്‍ എന്നിങ്ങനെ തുള്ളല്‍ മൂന്നുതരമുണ്ടെങ്കിലും ഓട്ടന്‍ തുള്ളലാണ് ഏറെ പ്രശസ്തവും ജനപ്രിയവും. പദ്യത്തിന്റെ വൃത്തം, ഉടുത്തുകെട്ട് എന്നിവയാണ് വിവിധ തരം തുള്ളലുകളെ വ്യത്യസ്തമാക്കുന്നത്.
സാധാരണയായി ക്ഷേത്രോല്സവങ്ങളോടനുബന്ധിച്ചാണ് തുള്ളല്‍ അരങ്ങേറുന്നത്. ഇവിടെയെത്തുന്ന ആയിരങ്ങളെ തുള്ളല്‍ ആകര്‍ഷിക്കുന്നുണ്ട്.
പണ്ഡിത പാമര ഭേദമന്യെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന കലാരൂപമാണ് കൃഷ്ണനാട്ടം. വര്‍ണ്ണാഭമായ ചമയങ്ങളും തടിയില്‍ തീര്‍ത്ത വലിയ മുഖാവരണങ്ങളും ധരിച്ച കഥാപാത്രങ്ങള്‍ കാഴ്ചയുടെ വിരുന്നൊരുക്കുന്നു. കഥാപാത്രങ്ങളുടെ പുറം വസ്ത്രത്തിനുളില് തുണികള്‍ നിറച്ച് വണ്ണ തോന്നിപ്പിക്കുന്നു. മുഖാവരണമണിയാത്ത കഥാപാത്രങ്ങള്‍ തങ്ങളുടെ മുഖം നിറയെ ചായം പൂശിയും വെള്ളച്ചുട്ടി ധരിച്ചുമാണ് അരങ്ങതെത്തുക. കടും പച്ച, രക്തവര്‍ണ്ണം, ചുവപ്പ് എന്നീ നിറങ്ങളാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. കഥാപാത്രങ്ങള്‍ ചുവന്ന ആടകളും ഉത്തരീയങ്ങളും ധരിക്കുന്നു. ശ്രീകൃഷ്ണന്, അര്ജ്ജുന്, ഗരുഡന് എന്നി കഥാപാത്രങ്ങള്‍ സാധാരണയായി കടുംനീല നിറത്തിലുള്ള വേഷങ്ങളാണ് ധരിക്കാറുള്ളത്.
പാരമ്പര്യരീതിലുള്ള കൃഷ്ണനാട്ടം അവതരണം എട്ടു ദിവസമാണ്. ശ്രീ കൃഷ്ണന്റെ ജീവചരിത്രം - ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ളതാണ് ഈ എട്ടുനാള്‍ പ്രതിപാദിക്കുന്നത്. മദ്ദളം, ഇലത്താളം, ചേങ്ങില എന്നീ വാദ്യോപകരണങ്ങളാണ് കൃഷ്ണനാട്ടത്തിന്റെ പിന്നണിയിലുണ്ടാവുന്നത്. സ്വതസിദ്ധമായ ഒരു നൃത്തശൈലി അവലംബിക്കുന്ന കൃഷ്ണനാട്ടം, പഴയകാല ഗുണപാഠ നാടകങ്ങളെ (Morality Plays) അനുസ്മരിപ്പിക്കുന്നു. എന്നാല്‍ കഥകളിയുടെയോ, കൂടിയാട്ടത്തിന്റെയോ നാടക സങ്കേതങ്ങള്‍ കൃഷ്ണനാട്ടത്തിന് അന്യമാണ്.
ലാസ്യഭംഗിയാര്‍ന്ന ഒരു കേരളീയ ശാസ്ത്രീയ നൃത്തരൂപമാണ് മോഹിനിയാട്ടം. സാവധാനം ഒഴുകിവരും വിധമുള്ള രംഗചലനങ്ങള്‍, അര്‍ത്ഥഗര്‍ഭമായ കൈമുദ്രകള്‍, വികാരഭരിതമായ നേത്രഭാവങ്ങള് എന്നിവയെല്ലാം ഈ മോഹിനീ നൃത്തത്തിന്റെ പ്രത്യേകതകളാണ്. കേരളീയ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രത്തിന് സദൃശമായ സമൃദ്ധമായി കസവുകരയുള്ള ലളിതമായ വെളുത്ത വേഷമാണ് മോഹിനിയാട്ടത്തിന്റേത്.
മോഹിനിയാട്ടത്തിന്റെ വേരുകള്‍ തിരഞ്ഞു ചെന്നാല്‍ നാമെത്തുക ഹിന്ദുപുരാണങ്ങളിലാണ്. ആ കഥ ഇങ്ങനെ : ഒരിക്കല്‍ ദേവന്മാരും അസുരന്മാരും ചേര്‍ന്ന് നിത്യയൗവ്വനം നല്കുന്ന അമൃത് എന്ന ദിവ്യൗഷധം ലഭിക്കാന്‍ പാലാഴി കടഞ്ഞു. എന്നാല്‍ പാലാഴി കടഞ്ഞെടുത്ത അമൃതുമായി അസുരന്മാര് കടന്നുകളഞ്ഞു.നിരാശരായ ദേവന്മാരോട് അസുരന്മാരില് നിന്ന് താന്‍ അമൃത് വീണ്ടെടുത്തു നല്‍കാമെന്ന് മഹാവിഷ്ണു ഉറപ്പു നല്കുന്നു. സുന്ദരിയായ മോഹിനിവേഷം പൂണ്ട മഹാവിഷ്ണു അസുരന്മാരെ സമീപിച്ചു. തന്റെ നൃത്തചുവടുകളില്‍ അസുരന്മാരെ മയക്കി മോഹിനി അമൃത് മോഷ്ടിച്ച് ദേവന്മാര്ക്ക് തിരിച്ചു നല്കി. ഈ നൃത്തം ക്ഷേത്രനര്ത്തകരായ ദേവദാസികള്‍ അനുകരിച്ചെന്നാണ് വിശ്വാസം. അതിനാല്‍ എ.ഡി. 9 മുതല്‍ 12 വരെ നൂറ്റാണ്ടുകളില്‍ പ്രചുര പ്രചാരം നേടിയ മോഹിനിയാട്ടത്തെ ദാസിയാട്ടം എന്നും വിളിക്കുന്നു.
കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാനപരമായ നാടന്‍ കലയാണ് മാര്‍ഗം കളി. ലളിതമായി ഒരു വെള്ള ധോത്തിയും തലപ്പാവില്‍ മയില്‍ പീലിയും ചൂടി ഒരു ഡസന്‍ കലാകാരന്മാര് കത്തിച്ച നിലവിളക്കിനു ചുറ്റുമായി പാട്ടു പാടി ചുവടു വെയ്ക്കുന്നു.
അന്യാപദേശ (അലിഗറി) രൂപത്തിലാണ് ഈ കലാരൂപം.കത്തിച്ച വിളക്ക് ക്രിസ്തുവിനെയും നര്‍ത്തകര്‍ 12 ശിഷ്യന്മാരെയുമാണ് പ്രതിനിധീകരിക്കുന്നത്. രണ്ടു ഭാഗങ്ങളായി തിരിച്ചുള്ള അവതരണത്തിന്റെ ആദ്യം പാട്ടിലും നൃത്തത്തിലൂമായി വിശുദ്ധ തോമാശ്ലീഹയുടെ ജീവിതകഥാ വിവരണമാണ്. രണ്ടാം ഭാഗത്ത് കൃതൃമ വാളും പരിചയുമുപയോഗിച്ചുള്ള പയറ്റു നാടകം അരങ്ങേറും.
കഥാവിവരണം നടക്കുമ്പോള്‍ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ല. കേരളത്തില്‍ പോര്‍ട്ടുഗീസുകാരുടെ അധിനിവേശമുണ്ടാകുന്നതിനും മുന്‍പുള്ള കാലത്താണ് മാര്ഗംകളിപാട്ടുകള് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇന്ന് സ്ത്രീകള്‍ അരങ്ങില്‍ അവതരിപ്പിക്കുന്ന ഒരിനം മാത്രമായി മാര്‍ഗംകളി മാറിയിരിക്കുന്നു.
മലബാറിലെ മുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ അനിവാര്യമായ ഒന്നാണ് ഒപ്പന. വിവാഹവേളയില്‍ വധുവിന്റെ ബന്ധുക്കളായ യുവതികള്‍ വധുവിന് വട്ടമിട്ടു നിന്ന് കൈകള്‍ കൊട്ടി പാട്ടുപാടി നൃത്തം ചെയ്യുന്നു. സംഘത്തിലെ പ്രധാന നര്‍ത്തകി മാപ്പിളപ്പാട്ടിന്റെ വരികള്‍ ആദ്യം പാടുന്നു. സംഘാംഗങ്ങള്‍ ഇത് ഏറ്റുപാടുകയും ചെയ്യുന്നു. വിവാഹത്തിന്റെ മാധുര്യം വിവരിച്ച് മണവാട്ടിയെ കളിയാക്കുന്ന രൂപത്തിലാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. ഇന്ന് ഒപ്പന ഒരു സ്റ്റേജിനമായി വിവിധ പരിപാടികളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ശാസ്ത്രീയ ആയോധന കലയാണ് കളരിപ്പയറ്റ്. കളരിയില്‍ പയറ്റിനുള്ള പരിശീലനം നല്കുന്നു. പരിശീലനത്തിന്റെ തുടക്കത്തില്‍ത്തന്നെ ശരീരം എണ്ണയിട്ട് തിരുമ്മുന്നു. ചാട്ടം, ഓട്ടം, മറിച്ചില്‍ എന്നിവയും അഭ്യസിപ്പിക്കുന്നു. ഏറ്റവുമൊടുവിലാണ് കഠാര, വാള്, കുന്തം, ചുരിക, അമ്പും വില്ലും എന്നിവയുടെ പ്രയോഗങ്ങള്‍ അഭ്യസിപ്പിക്കുന്നത്.
മനസ്സീന്റേയും ശരീരത്തീന്റേയും സമ്പൂര്‍ണ്ണ ഏകോപനമാണ് കളരിപയറ്റു പരിശീലനത്തിന്റെ ലക്ഷ്യം. പരമ്പരാഗത കളരി പരിശീലനത്തില്‍ തനത് ചികിത്സാ പഠനവുമുള്പ്പെടുന്നു. കളരികള്‍ ആരാധനാലയങ്ങള്‍ കൂടിയാണ്. ഒരിക്കല്‍ കളരി പരിശീലനം ലഭിക്കുന്നയാള്‍ തങ്ങളുടെ ആകാര സൗഷ്ഠവവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് എണ്ണ തേച്ചുള്ള മസാജും തുടര്‍ച്ചയായ വ്യായാമവും ചെയ്യേണ്ടതുണ്ട്.
പുരാണ കഥയനുസരിച്ച് ഈശ്വരന്മാരായ ശിവ-പാര്‍വ്വതിമാരുടെ മനുഷ്യ രൂപത്തിലുള്ള അവതാരമാണ് മനുഷ്യരുടെ ഭാവി പ്രവചിക്കാന്‍ കഴിയുന്ന ഗോത്രവര്‍ഗത്തില്‍ പെട്ട കാക്കാലനും കാക്കാത്തിയും. ഈ കഥയെ ആസ്പദമാക്കിയാണ് കാക്കാരിശ്ശി നാടകം രൂപപ്പെട്ടത്. എന്നാല്‍ ഇന്ന് പുരാണ കഥയെ ഒരു ചട്ടക്കൂട് മാത്രമാക്കി നിലനിര്‍ത്തി കാക്കാരശികലാകാരന്മാര് സമകാലീന സാമൂഹ്യ വിമര്‍ശനം നടത്തുന്നു. തമിഴും മലയാളവും ഇടകലര്‍ത്തിയുള്ള ഭാഷയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
കാക്കാലന്‍, കാക്കാത്തി, വേടന്, വെളിച്ചപ്പാട്, തമ്പുരാന്, കോമാളി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി വരുന്നത്. പശ്ചാത്തലസംഗീതത്തിനായി ഡോലക്ക്, ഗഞ്ചിറ, ചെണ്ട, ഹാര്‍മോണിയം തുടങ്ങിയവ ഉപയോഗിക്കുന്നു.
വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലകളാണ് തെയ്യവും തിറയും. മനുഷ്യര്‍ ദേവതാരൂപം ധരിച്ച് നടത്തുന്ന അനുഷ്ഠാന നര്‍ത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നീ വ്യത്യസ്ത നാമങ്ങളില്‍ അറിയപ്പെടുന്നുവെങ്കിലും സാമാന്യമായി മൂന്നും ഒന്നുതന്നെയാണ്. എന്നാല്‍ അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. തെയ്യം എന്ന വാക്കിനര്‍ത്ഥം ദൈവം എന്നുതന്നെയാണ്. ദൈവങ്ങളുടെ കോലം ധരിച്ച് മനുഷ്യര്‍ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും ചെയ്യുന്നു. 'സ്ഥാനം' എന്നറിയപ്പെടുന്ന ദേവതാസങ്കേതങ്ങളിലും തറവാടുകളിലുമാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. കാവ്, അറ, പള്ളിയറ, മുണ്ട്യ, താനം, കോട്ടം തുടങ്ങിയ പല പേരുകളില്‍ 'സ്ഥാന'ങ്ങള് അറിയപ്പെടുന്നു. ഇവിടങ്ങളില്‍ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെയാണ് കളിയാട്ടം എന്നു പറയുന്നത്. അത്യുത്തര കേരളത്തില്‍ കോലം എന്നാണ് തെയ്യത്തിനു പേര്.
അവര്‍ണസമുദായത്തില്‍പ്പെട്ടവരാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. എന്നാല്‍ ആ ദൈവങ്ങളെ സവര്‍ണ്ണരും വണങ്ങി നില്ക്കുന്നു. അവര്‍ കെട്ടിയാടുന്ന കോലങ്ങളില്‍ ദൈവത്തെ ദര്‍ശിക്കുകയാണ് ഭക്തജനങ്ങള്‍ ചെയ്യുന്നത്. തെയ്യത്തിലും തിറയിലും പ്രത്യക്ഷപ്പെടുന്ന ദൈവങ്ങള്‍ വൈദിക സങ്കല്പത്തില്‍പ്പെട്ടവരല്ല. മനുഷ്യര്‍ പോലും തെയ്യങ്ങളായി മാറുന്നു. വടക്കന്‍ പാട്ടിലെ വീരനായകനായ ഒതേനന്റെ തെയ്യം പോലുമുണ്ട്. ദുര്‍മന്ത്രവാദിയായിരുന്ന ഒരു മുസ്ലീം ദുര്‍മരണത്തിനിരയായി തെയ്യമായി മാറിയതാണ് 'ആലിഭൂതം'. മാപ്പിളത്തെയ്യങ്ങള്‍ മാത്രമല്ല, പുലിവേട്ടയ്ക്കിടയില്‍ മരിച്ച വീരനും (കരിന്തിരി നായര്‍) രണ്ടു പെണ്‍പുലികളും (പുള്ളിക്കരിങ്കാളി, പുലിയൂര് കാളി) തെയ്യമായി ആരാധിക്കപ്പെടുന്നു. ജാതിഭേദമില്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവരാണ് ഈ തെയ്യങ്ങള്‍.
ദേവതകള്‍
വ്യത്യസ്ത ജാതികളുടെയും ഗ്രാമങ്ങളുടെയുമൊക്കെ പരദേവതകളാണ് പ്രധാന തെയ്യങ്ങളെല്ലാം. ചില തെയ്യങ്ങളാകട്ടെ തറവാട്ടു പരദേവതകളും. പുരുഷദേവതകളും സ്ത്രീദേവതകളും ഇക്കൂട്ടത്തിലുണ്ട്.
മുച്ചിലോട്ടു ഭഗവതി, വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, അങ്കദൈവം, അണ്ടല്ലൂര്‍ ദൈവം, അസുരാളന്‍, ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആലിത്തെയ്യം, ഊര്പ്പഴച്ചി, ഒറവങ്കര ഭഗവതി, കണ്ടനാര്‍ കേളന്, കതുവന്നൂര്‍ വീരന്, കന്നിക്കൊരു മകന്, വേട്ടയ്ക്കൊരു മകന്, കയറന് ദൈവം, കരിങ്കാളി, കരിന്തിരിനായര്‍, കാരന് ദൈവം, കാള രാത്രി, കോരച്ചന്‍ തെയ്യം, ക്ഷേത്രപാലന്, കുരിക്കള്‍ത്തെയ്യം, തെക്കന്‍ കരിയാത്തന്‍, നാഗകന്നി, പടവീരന്‍, നാഗകണ്ഠന്‍, പുലിമാരുതന്‍, പുലിയൂരു കണ്ണന്, പെരുമ്പുഴയച്ചന്‍, ബാലി, ഭദ്രകാളി, ഭൈരവന്, മാക്കഭഗവതി, മാരപ്പുലി, മുന്നയരീശ്വരന്‍, കുലവന്, വിഷ കണ്ഠന്, വെളുത്ത ഭൂതം, വൈരജാതന്, കുട്ടിച്ചാത്തന്, പൊട്ടന്, ഗുളികന്, ഉച്ചിട്ട, കുറത്തി, രക്തചാമുണ്ഡി, രക്തേശ്വരി, പഞ്ചുരുളി, കണ്ഠകര്‍ണന്‍, മലങ്കുറത്തി, ധൂമാഭഗവതി, പുള്ളിച്ചാമുണ്ഡി, ബപ്പിരിയന്‍, അയ്യപ്പന്, പൂമാരുതന്‍, പുതിയ ഭഗവതി, വസൂരിമാല, കരുവാള്, നാഗകാളി, മലങ്കാരി, പൂതാടി, മാര്‍പ്പുലിയന്‍, അങ്കക്കാരന്‍, തീത്തറ ഭഗവതി, ഉണ്ടയന്, പാമ്പൂരി കരുമകന്, ചോരക്കളത്തില്‍ ഭഗവതി, പേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്‍ത്തി, കാരണോര്, കമ്മിയമ്മ, പരാളിയമ്മ, വീരമ്പിനാറ്, മല്ലിയോടന്‍, നേമം ഭഗവതി, ബില്ലറ, ചൂട്ടക്കാളി, കാലചാമുണ്ഡി തുടങ്ങിയ ഒട്ടേറെ തെയ്യം തിറകളുണ്ട്.
വണ്ണാന്‍, മലയന്‍, പാണന്, മാവിലന്, ചെറവന്‍, ചിങ്കത്താന്‍, കോപ്പാളന്‍, പുലയന്, കളനാടി, പെരുമണ്ണാന്, തുളുവേലന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ടവരാണ് തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. ഓരോ സമുദായവും തോറ്റം, ചമയം, നിറങ്ങള്‍, നൃത്തരീതി തുടങ്ങിയവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
വര്‍ഷത്തില്‍ ഒരു തവണയാണ് കളിയാട്ടം നടത്തുന്നത്. എന്നാല്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് വര്‍ഷങ്ങളിലൊരിക്കല്‍ മാത്രം നടത്തുന്ന കളിയാട്ടങ്ങളുമുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കളിയാട്ടമാണ് പെരുങ്കളിയാട്ടം. വലിയ പണച്ചെലവുണ്ട് പെരുങ്കളിയാട്ടത്തിന്. ഒട്ടേറെ ചടങ്ങുകളും അന്നദാനവും നിരവധി തെയ്യക്കോലങ്ങളും പെരുങ്കളിയാട്ടത്തില്‍ ഉണ്ടാവും.
കളിയാട്ടച്ചടങ്ങുകള്‍
കളിയാട്ടം നടത്താന്‍ തീയതി നിശ്ചയിച്ചാല്‍ നടത്തുന്ന ആദ്യത്തെ ചടങ്ങാണ് 'അടയാളം കൊടുക്കല്‍'. ഓരോ തെയ്യക്കോലവും കെട്ടാന്‍ നിശ്ചിത കോലക്കാരെ ഏല്പിക്കുന്ന ചടങ്ങാണിത്. അവര്‍ കാവിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ എത്തി വാദ്യമേളം നടത്തുന്നതോടെ തെയ്യം തിറകളുടെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കുകയായി. തെയ്യം / തിറ നടക്കുന്നതിനു തലേന്ന് കോലക്കാരന് സ്ഥാനത്തു വന്ന് ചെറിയ തോതില്‍ തെയ്യവേഷമിട്ട് വാദ്യമേളത്തോടെ പാട്ടുപാടി ഉറഞ്ഞു തുള്ളുന്നു. തോറ്റം എന്നാണ് ഈ വേഷത്തിന്റെ പേര്, അയാള്‍ പാടുന്ന പാട്ട് തോറ്റം പാട്ടും. തോറ്റത്തിന് മുഖത്ത് ചായം തേയ്ക്കില്ല. തോറ്റമില്ലാത്ത തെയ്യം തിറകള്‍ക്ക് പകരമുള്ളത് വെള്ളാട്ടമാണ്. തോറ്റത്തെപ്പോലെ തലേന്നു പുറപ്പെടുന്ന വേഷമാണ് വെള്ളാട്ടം. വെള്ളാട്ട് എന്നും ഇതിനു പറയാറുണ്ട്.
തെയ്യക്കലാകാരന്മാര്ക്കു വേഷമണിയാന്‍ ചില കാവുകളില്‍ സ്ഥിരം അണിയറകള്‍ ഉണ്ടാവും. ഇല്ലാത്തിടങ്ങളില്‍ താത്കാലികമായി മറകെട്ടി അണിയറ നിര്‍മിക്കും. ഇവിടെവച്ചാണ് കോലങ്ങള്‍ക്ക് മുഖത്തെഴുത്തു നടത്തുന്നത്. ചെറിയ മുടിയുള്ള തെയ്യങ്ങള്‍ അണിയറയില്‍ വച്ചു തന്നെ വേഷം പൂര്‍ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്തു വന്നശേഷം മുടി അണിയും. ചമയവും മുടിയണിയലും കഴിഞ്ഞാണ് തെയ്യം നൃത്തമാരംഭിക്കുന്നത്.
ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവകൊണ്ട് അലങ്കരിച്ച കള്ളു നിറച്ച ഓട്ടു പാത്രമായ കലശം എഴുന്നള്ളിക്കുന്നതുള്‍പ്പെടെ ഒട്ടേറെ അനുഷ്ഠാനങ്ങള്‍ തെയ്യം നിര്‍വഹിക്കും. കളിയാംബള്ളി എന്ന ബലി, കുരുതി തര്‍പ്പണം, പാരണ തുടങ്ങിയവ ഇത്തരം അനുഷ്ഠാനങ്ങളാണ്. തെയ്യത്തിന് ഇലയില്‍ അവല്, മലര്, പഴം, അപ്പം, ഇളനീര്, കല്‍ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ് പാരണ. ചില കാവുകളില്‍ തെയ്യത്തിന് മീനും നല്‍കും. (മീനമൃത്).
ദൈവം തന്നെയായ തെയ്യം ഭക്തജനങ്ങളോടു നടത്തുന്ന സംഭാഷണമാണ് ഉരിയാട്ടുകേള്പ്പിക്കല്. ഓരോ ജാതിയെയും പ്രത്യേകം പേരില്‍ അഭിസംബോധന ചെയ്ത് തെയ്യം താളാത്മകമായ ഭാഷയില്‍ അനുഗ്രഹം ചൊരിയുന്നു. തെയ്യം / തിറ കഴിഞ്ഞാല്‍ കാവ് അടയ്ക്കും.
മധ്യ-ദക്ഷിണകേരളത്തിലെ അനുഷ്ഠാനപരമായ നാടോടി നാടകരൂപം. ഭദ്രകാളിയുടെ പ്രീതിക്കുവേണ്ടി നടത്തുന്നു. മുടിയെടുപ്പ് എന്നും പേരുണ്ട്. അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഇതിവൃത്തം. ശിവന്, നാരദന്, കാളി, രാക്ഷസരാജാവ്, ദാനവേന്ദ്രന്‍, കൂളി, കോയിമ്പിടാര് എന്നിവരാണ് കഥാപാത്രങ്ങള്‍. പിന്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കനുസരിച്ച് നടന്മാര് കാളി-ദാരിക യുദ്ധകഥ അഭിനയിക്കുന്നു. വീക്കുചെണ്ട, ഉരുട്ടു ചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.
അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്ക്കുന്നു. കളം പൂജ, കളം പാട്ട്, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവയ്ക്കു ശേഷം കളം മായ്ക്കും. അതു കഴിഞ്ഞാണ് മുടിയേറ്റ് തുടങ്ങുന്നത്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ നാരദന് ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടര്‍ന്ന് ദാരികന് പ്രവേശിക്കുന്നു. അതു കഴിഞ്ഞ് കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകല്‍, കലി ശമിപ്പിക്കല്‍, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങള്‍, കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ് ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങള്‍.
പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തിലാണ് മുടിയേറ്റ് അരങ്ങേറുന്നത്. കഥാപാത്രങ്ങള്‍ക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേര്‍ത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയില്‍ അണിയുന്നു. മുടിയേറ്റ് എന്ന് പേരുണ്ടാകാനും കാരണം ഇതു തന്നെ.
കെന്ത്രോന്‍ പാട്ട്
കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള അനുഷ്ഠാനകല. സ്ത്രീകളുടെ ഗര്‍ഭരക്ഷയ്ക്കായി നടത്തുന്നു. വണ്ണാന്‍ ജാതിയില്‍പ്പെട്ടവരാണ് മന്ത്രവാദപരമായ ഈ അനുഷ്ഠാനം നടത്തുന്നത്. 'ഗന്ധര്വന്' എന്ന പദത്തിന്റെ നാടന്‍ രൂപമാണ് കെന്ത്രോന്‍. ഗന്ധര്‍വന്റെയും യക്ഷന്റെയും കളം വരച്ച് ഗര്‍ഭിണിയുടെ ശരീരത്തില്‍ ബാധിച്ചിട്ടുള്ള ഗന്ധര്‍വനെ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പാട്ടുകള്‍ പാടുന്നു. ശാപവും പാപവും ഒഴിപ്പിക്കുന്ന പാട്ട്, കന്നല്പ്പാട്ട്, മാരന് പാട്ട്, പൊലിച്ചു പാട്ട് എന്നിവയാണ് ഗാനങ്ങള്‍. രാത്രിയില്‍ കാമന്, കന്നി എന്നീ തെയ്യങ്ങളും കെന്ത്രോന്‍ പാട്ടിന്റെ ഭാഗമായുണ്ട്. ഗന്ധര്‍വനാണ് കാമന് തെയ്യം.
കോതാമൂരിയാട്ടം
വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലാരൂപം. ഗോദാവരിനൃത്തം, കോതാമൂരി എന്നീ പേരുകളിലും ഈ നാടോടി നാടകം അറിയപ്പെടുന്നു. പശുക്കള്‍ വര്‍ധിക്കാനും അവയുടെ രക്ഷയ്ക്കും കൃഷിയുടെ അഭിവൃദ്ധിക്കുമാണ് കോതാമൂരിയാട്ടം നടത്തുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൊയ്ത്തു കഴിഞ്ഞശേഷമാണ് ഈ അനുഷ്ഠാനകല അരങ്ങേറുന്നത്. ഗോദാവരി എന്ന പശുവിന്റെ കോലം കെട്ടിയ ഒരു കുട്ടിയോടൊപ്പം ഗുരിക്കള്‍, പെടച്ചി ഗുരിക്കള്‍, നര്‍ത്തകരായ പനിയന്മാര് എന്നിവര്‍ വീടുകള്‍തോറും കയറിയിറങ്ങി നൃത്തം ചെയ്യുന്നു. അതിലൂടെ ആര്യറ് നാട്ടില്‍ നിന്നും കോലത്തു നാട്ടിലെത്തിയ 'ചെറുകുന്നത്തമ്മ' എന്ന അന്നപൂര്‍ണ്ണേശ്വരിയുടെയും ഗോദാവരിപ്പശുവിന്റെയും പുരാവൃത്തം ആഖ്യാനം ചെയ്യുന്നു. നൃത്തത്തോടൊപ്പം പനിയന്മാര് ഹാസ്യാത്മകമായ സംഭാഷണവും നടത്തുന്നു. അകമ്പടിയായി ചെണ്ടക്കാരനും ഉണ്ടാവും.
പശുവിന്റെ വേഷം കെട്ടുന്ന കുട്ടി കാളയുടെ മുഖാവരണം കഴുത്തില്‍ തൂക്കിയിട്ടിരിക്കും. പനിയന്മാര് പൊയ്മുഖമണിഞ്ഞിരിക്കും. നിരവധി ഗാനങ്ങള്‍ പാടാറുണ്ടെങ്കിലും 'ചെറുകുന്നത്തമ്മപ്പാട്ടി'നാണ് പ്രാധാന്യം.
കേരളത്തിന്റെ മലഞ്ചെരിവുകളില്‍ പ്രാചീനകാലത്ത് മനുഷ്യവാസം തുടങ്ങിയതു മുതല്‍ ചിത്രകലയുടെ പാരമ്പര്യവും ആരംഭിച്ചിരിക്കണം. പ്രാചീന ഗുഹകളിലെയും മറ്റും ആലേഖനങ്ങള്‍ അതാണു തെളിയിക്കുന്നത്. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ, ഇടുക്കിയിലെ മറയൂരിലെ എഴുത്താലൈ, തിരുവനന്തപുരത്തെ പെരുങ്കടവിളയിലുള്ള പാണ്ഡവന് പാറ (ഈ സ്മാരകം കരിങ്കല്‍ ഖനനം കാരണം ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞു.), കൊല്ലം ജില്ലയിലെ തെന്മലയിലുള്ള ചെന്തരുണിവനം തുടങ്ങിയ ഗുഹകളില്‍ ഇത്തരം ചിത്രങ്ങള്‍ കാണാം. പാറച്ചുവരില്‍ കോറി വരച്ചതോ കൊത്തിയെടുത്തതോ ആയ കൊത്തു ചിത്രങ്ങളും (engravings) പാറച്ചുവരില്‍ മറ്റെന്തെങ്കിലും കൊണ്ടു വരച്ച ശിലാ ചിത്രങ്ങളും (rock carvings)മാണിവ.
വയനാട്ടിലെ അമ്പലവയലിനടുത്ത് അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ (എടകല്‍ എന്നും പറയും). ഗുഹാഭിത്തിയില്‍ ഉരച്ചു വരച്ചുണ്ടാക്കിയവയാണ് ഇവിടത്തെ അതിപ്രാചീന ചിത്രങ്ങള്‍. ശരാശരി മുക്കാല്‍ ഇഞ്ചു മുതല്‍ ഒരിഞ്ചു വരെ വീതിയും ഒരിഞ്ച് ആഴവുമുള്ള രണ്ടറ്റവും കൂര്‍ത്ത വരകള്‍ കൊണ്ടു തീര്‍ത്തവയാണ് മിക്ക ചിത്രങ്ങളും. അനുഷ്ഠാന സ്വഭാവമുള്ള നൃത്തം നടത്തുന്ന മനുഷ്യരൂപങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഇലകള്‍ കൊണ്ടുമെടഞ്ഞുണ്ടാക്കിയതു പോലുള്ള ഒരു തരം മുടിയലങ്കാരങ്ങള്‍ എല്ലാ ആള്‍രൂപങ്ങളിലും കാണാം. ആന, വേട്ടപ്പട്ടി, മാന്‍ തുടങ്ങിയ രൂപങ്ങളുമുണ്ട്. ഇതിനു പുറമേയാണ് ജ്യാമിതീയ രൂപങ്ങള്‍, ആരക്കാലുകളുള്ള ചക്രങ്ങള്‍, ചക്രം പിടിപ്പിച്ച വണ്ടി തുടങ്ങിയ രൂപങ്ങള്‍. നവീന ശിലായുഗത്തിലാണ് എടക്കല്‍ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടതെന്നു കരുതുന്നു.
തൊവരി മലയിലെ പുരപ്പാറ എന്ന പാറപ്പൊത്തിലും ഇത്തരം ചിത്രങ്ങളുണ്ട്. അമ്പ്, കുഴിപ്പാര തുടങ്ങിയ ആയുധങ്ങളുടെയും പക്ഷിയുടെയും ചിത്രങ്ങള്‍ ഇവിടെ കാണാം. മറയൂരിലെ എഴുത്താലൈ ഗുഹയിലെ ചിത്രങ്ങളില്‍ ആന, കുതിര, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ മൃഗരൂപങ്ങളും അമൂര്‍ത്ത ചിത്രങ്ങളുമുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വരച്ചവയാണ് എഴുത്താലൈയിലെ പടങ്ങളെന്ന് അവ ഒന്നിനു മീതെ ഒന്നെന്ന നിലയില്‍ വരച്ചിരിക്കുന്നതില്‍ നിന്നും അനുമാനിക്കാം.
ചുവര്‍ച്ചിത്രങ്ങളും അനുഷ്ഠാനങ്ങളിലെ ധൂളീചിത്രങ്ങളും (കളമെഴുത്ത്), കോലമെഴുത്തുകളും മുഖാവരണങ്ങളും മുഖത്തെഴുത്തുകളുമാണ് കേരളീയ ചിത്രകലയുടെ മറ്റു പ്രാചീന രൂപങ്ങള്‍. ചുവര്‍ചിത്രങ്ങള്‍ ഒഴികെയുള്ളവ ചിത്രകലയുടെ നാടോടി പാരമ്പര്യത്തിന്റെ ഭാഗമാണ്.
ക്ഷേത്രങ്ങളിലും രാജമന്ദിരങ്ങളിലും കുമ്മായച്ചുവരുകളില്‍ വരച്ചിട്ടുള്ളവയാണ് ചുവര്‍ച്ചിത്രങ്ങള്‍ (Murals) കേരളത്തിലെ ചുവര്ച്ചിത്രപാരമ്പര്യത്തിന് പത്തു നൂറ്റാണ്ടിന്റെ തുടര്‍ച്ചയായ ചരിത്രമുണ്ട്. യഥാതഥ ശൈലിയിലുള്ളവയല്ല ചുവര്‍ച്ചിത്രങ്ങള്‍.
തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട് തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട തുടങ്ങിയ ക്ഷേത്രങ്ങളിലും പദ്മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്ണപുരം തുടങ്ങിയ കൊട്ടാരങ്ങളിലുമെല്ലാം ചുവര്‍ച്ചിത്രങ്ങള്‍ കാണാം. അകപ്പറമ്പ്, കാഞ്ഞൂര്‍. തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി തുടങ്ങിയ ക്രൈസ്തവ ദേവാലയങ്ങളിലും ചുവര്‍ചിത്രങ്ങളുണ്ട്.
കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്, എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്. ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, ചാണകം, വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയ ഒട്ടേറെ വസ്തുക്കള്‍ ഉപയോഗിച്ചാണ് ചായങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. മതാത്മകമായ പ്രമേയങ്ങളാണ് ഈ ചിത്രങ്ങളില്‍ കാണാനാവുക. ആധുനികകാലത്ത് മമ്മിയൂര്‍ കൃഷ്ണന് കുട്ടി നായരുടെ നേതൃത്വത്തില്‍ ചുമര് ചിത്രകലയ്ക്ക് പുനര്‍ജീവന്‍ നല്കാന് സാര്‍ത്ഥകമായ ശ്രമങ്ങള്‍ നടന്നു.
കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ പ്രചാരമുള്ളതാണ് കോലമെഴുത്ത്. വീട്ടുമുറ്റത്ത് അരിപ്പൊടികൊണ്ട് എല്ലാദിവസവും രാവിലെ കോലമിടുന്നു. സ്ത്രീകളാണ് ഇതു ചെയ്യുന്നത്. ഐശ്വര്യദേവതയെ വരവേല്‍ക്കുകയാണ് കോലമിടലിന്റെ ലക്ഷ്യം. ശ്രീപോതിക്കോലം, നാലുമൂലക്കോലം എന്നിവയാണ് പ്രധാന കോലങ്ങള്‍. ചിത്രരചനയില്‍ അശിക്ഷിതരായ സ്ത്രീകള്‍ മനോഹരമായ ജ്യാമിതീയ രൂപങ്ങള്‍ അനായാസം വീട്ടിനു മുന്നില്‍ വരയ്ക്കുന്നതു കണ്ടാല്‍ ആര്‍ക്കും അദ്ഭുതമുണ്ടാകും.
മുഖത്തെഴുത്ത്
അനുഷ്ഠാനകലകളില് കലാകാരന്മാരുടെ മുഖത്ത് നടത്തുന്ന ചായമിടലാണ് മുഖത്തെഴുത്ത്. കേരളത്തിന്റെ നാടോടി ചിത്രകലാപാരമ്പര്യം ഇതില്‍ തെളിഞ്ഞു കാണാം. മുടിയേറ്റ്, തെയ്യം, തിറ, കാളികെട്ട്, കാളിയൂട്ട്, തുള്ളല്‍, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, കൂത്ത്, തുടങ്ങിയ കലാരൂപങ്ങളിലെല്ലാം മുഖത്തെഴുത്തുണ്ട്. പുള്ളിട്ടെഴുത്ത്, ശംഖിട്ടെഴുത്ത്, ഹനുമാന് കണ്ണിട്ടെഴുത്ത്, മാന്‍കണ്ണിട്ടെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, അഞ്ചുപുള്ളിയിട്ടെഴുത്ത് തുടങ്ങിയവയാണ് പരമ്പരാഗതമായി പിന്തുടരുന്ന മുഖത്തെഴുത്തു രീതികള്‍. അനുഷ്ഠാന കലാകാരന് കെട്ടിയാടുന്ന ദേവതാരൂപത്തിന്റെ വൈകാരിക ഭാവത്തിനനുസരിച്ചായിരിക്കും മുഖത്തെഴുത്ത് നടത്തുന്നത്.
മാന്തിക, താന്തിക കര്‍മങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന കളങ്ങളാണ് പദ്മങ്ങള്‍. പല നിറത്തിലുള്ള പൊടികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പദ്മങ്ങളില്‍ ഉപാസനാമൂര്‍ത്തി കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. വൃത്തം, ത്രികോണം, ചതുഷ്കോണം, ഋജുരേഖ തുടങ്ങിയ വ്യത്യസ്ത ആകൃതികളില്‍ പദ്മങ്ങളുണ്ട്.
അരിപ്പൊടികൊണ്ട് വരച്ചശേഷം വര്ണ്ണപ്പൊടികള് വിതറിയാണ് പദ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
താന്ത്രികവിധിപ്രകാരം ബ്രാഹ്മണര്‍ നിര്‍മ്മിക്കുന്ന പദ്മങ്ങള്‍ ഇപ്രകാരമാണ്. സ്വസ്തികം, നവകം, നവകം-പഞ്ചഗവ്യം, ചതുശ്ശുദ്ധി, അഷ്ടദളം, മുളയിടുന്ന പദ്മം, അഷ്ടദളം ദ്വാദശനാമം, വാസ്തുബലി, സര്‍പ്പബലി, നവഗ്രഹം, ഭദ്രകം, ശക്തിദണ്ഡകഭദ്രം, ചക്രാബ്ജം, ശിവമഹാകുംഭ സ്വസ്തികഭദ്ര പദ്മം, സ്വസ്തികഭദ്രകം, ഷഡ്ദളം, ശയ്യാവീഥിസ്വസ്തികം, കലശപദ്മങ്ങള്‍.
അഞ്ചുതരം വര്ണ്ണപ്പൊടികള് കൊണ്ട് ആരാധനാ മൂര്‍ത്തിയുടെ രൂപം നിലത്തുവരയ്ക്കുന്ന അനുഷ്ഠാനകലയാണ് കളമെഴുത്ത്. വിവിധ സമുദായങ്ങള്‍ കളമെഴുത്തു നടത്തുന്നു. പല അനുഷ്ഠാനരൂപങ്ങളിലും കളമെഴുത്തുണ്ട്. ദേവപ്രീതിക്കുവേണ്ടിയും അശുഭങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. ഭഗവതീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും സര്‍പ്പക്കാവുകളിലും അയ്യപ്പന്‍കാവുകളിലും വിശേഷാവത്സരങ്ങളില്‍ കളമെഴുത്തു നടത്തുന്നു. വിവിധ ദേവതാരൂപങ്ങളെയാണ് വര്ണ്ണപ്പൊടികള് കൊണ്ട് ചിത്രീകരിക്കുന്നത്. കണിയാന്, വണ്ണാന്‍, പുളുവര്, മലയന്‍, പുലയര്‍, മാവിലര്‍, മുന്നൂറ്റാന്‍, പറയന്, പണിയന്, ആവിയര്‍, വേലന്‍, മണ്ണാന്‍, കോപ്പാളന്‍, കുറവര്‍, തീയ്യാട്ടുണ്ണി, തീയാടി നമ്പ്യാര്‍, തെയ്യംപാടി നമ്പ്യാര്‍, വാരണാട്ടു കുറുപ്പന്മാര്, കല്ലാറ്റക്കുറുപ്പന്മാര്, പുതുശ്ശേരി കുറുപ്പന്മാര്, മാരാര്‍ തുടങ്ങിയ സമുദായങ്ങള്‍ കളമെഴുത്തു നടത്താറുണ്ട്.
മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ചിത്രകലാപാരമ്പര്യം കേരളത്തിന് അവകാശപ്പെടാനില്ല. അനുഷ്ഠാനത്തിലെ ഒരംശം എന്ന നിലയില്‍ മാത്രമാണ് കേരളത്തില്‍ ചിത്രത്തിനു സ്ഥാനമുണ്ടായിരുന്നത്. ചുവര്‍ച്ചിത്രങ്ങള്‍ക്കു മാത്രമാണ് ഇതില്‍ നിന്ന് വ്യത്യാസമുള്ളത്. എന്നാല്‍ അവയുടെ പ്രമേയങ്ങള്‍ മതാത്മകമായിരുന്നു മിക്കവാറും. ഈ പാരമ്പര്യത്തില്‍ നിന്നു ഭിന്നമായാണ് ആധുനിക ചിത്രകല ആവിര്‍ഭവിച്ചത്. ആധുനിക ഭാരതീയ ചിത്രകലയുടെ ചരിത്രം കേരളത്തില്‍ നിന്നു തുടങ്ങുന്നുവെന്നു പറയാം. ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവായ രാജാ രവിവര്‍മയില്‍ നിന്നാണ് ആ ചരിത്രത്തിന്റെ തുടക്കം. എണ്ണച്ചായം എന്ന പുതിയ മാധ്യമവും കാന്‍വാസ് എന്ന പുതിയ ചിത്രസ്ഥലവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്ക്കുന്ന രൂപങ്ങളും പരിചയപ്പെടുത്തുകയായിരുന്നു രവിവര്‍മ ചെയ്തത്. അദ്ദേഹത്തിലൂടെ കേരളം മതനിരപേക്ഷമായ ചിത്രകലയുടെ ലോകത്തേക്ക് ഉണര്‍ന്നു.
രാജാരവിവര്‍മ (1848 - 1906)
തിരുവനന്തപുരത്തെ കിളിമാനൂര്‍ കൊട്ടാരത്തിലാണ് രവി വര്‍മ ജനിച്ചത് (1848 ഏപ്രില്‍ 29). ചിത്രകാരനായ അമ്മാവന് രാജരാജവര്‍മയായിരുന്നു ആദ്യ ഗുരു. അടിച്ചൊതുക്കിയ തറയില്‍ ചുണ്ണാമ്പുകൊണ്ട് രൂപങ്ങള്‍ വരപ്പിച്ചായിരുന്നു അക്കാലത്ത് ചിത്രകലാ പരിശീലനം. പിന്നീടാണ് കടലാസ്സില്‍ പെന്‍സില്‍ കൊണ്ടു വരച്ചു തുടങ്ങുന്നത്. അക്കാലത്ത് ചായങ്ങള്‍ കമ്പോളത്തില്‍ കിട്ടുകയും എളുപ്പമായിരുന്നില്ല. ചെടികളിലും പൂക്കളിലും നിന്ന് ചായങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ചിത്രമെഴുത്തുകാരുടെ രീതി. പരമ്പരാഗതരീതിയില്‍ അഭ്യസനം തുടങ്ങിയ ബാലപ്രതിഭയായ രവിവര്‍മ്മ 1862 മേയില്‍ അമ്മാവനായ രാജരാജവര്‍മയോടൊപ്പം തിരുവനന്തപുരത്തെത്തി ആയില്യം തിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശിച്ചു. ചിത്രകല പരിശീലിക്കാന്‍ തിരുവനന്തപുരത്ത് താമസിക്കാനായിരുന്നു മഹാരാജാവിന്റെ നിര്‍ദ്ദേശം. കൊട്ടാരത്തിലെ ഇറ്റാലിയന്‍ നവോത്ഥാന ശൈലിയിലെ ചിത്രങ്ങള്‍ കണ്ടു പഠിക്കാനും അവിടെയുണ്ടായിരുന്ന തമിഴ് നാട്ടുകാരായ ചിത്രമെഴുത്തുകാരുടെ രീതികള്‍ പഠിക്കാനും രവിവര്‍മയ്ക്കു കഴിഞ്ഞു.
1868-ല്‍ തിരുവനന്തപുരത്തു കൊട്ടാരത്തിലെത്തിയ തിയഡോര്‍ ജെന്സണ് എന്ന ഡച്ച് ചിത്രകാരനില്‍ നിന്നാണ് രവിവര്‍മ പാശ്ചാത്യ ശൈലിയും എണ്ണച്ചായാ രചനാസമ്പ്രദായവും പരിചയപ്പെട്ടത്. മഹാരാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പുതിയ ശൈലിയില്‍ രവിവര്‍മ വരച്ചു. 1873-ല്‍ ചെന്നൈയില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ 'മുല്ലപ്പൂ ചൂടിയ നായര്‍ സ്ത്രീ' എന്ന ചിത്രം ഒന്നാം സമ്മാനം നേടിയതോടെ രവിവര്‍മയുടെ പ്രശസ്തി ഉയരാന്‍ തുടങ്ങി. ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും ഈ ചിത്രത്തിനു സമ്മാനം കിട്ടി. അടുത്ത വര്‍ഷം വരച്ച 'തമിഴ് മഹിളയുടെ സംഗീതാലാപനം' (1874) വീണ്ടും ചെന്നൈയില്‍ സമ്മാനം നേടി. 'ദാരിദ്ര്യം' എന്ന പേരില്‍ ഈ ചിത്രം തിരുവനന്തപുരത്തെ ശ്രീ ചിത്രാ ആര്‍ട്ട് ഗാലറിയിലുണ്ട്. 1876-ല്‍ 'ശകുന്തളയുടെ പ്രേമവീക്ഷണ'വും ചെന്നൈ പ്രദര്‍ശനത്തില്‍ സമ്മാനം നേടി. കാലില്‍ ദര്‍ഭമുന തറഞ്ഞത് എടുക്കാന്‍ എന്ന നാട്യത്തില്‍ ശകുന്തള പിന്തിരിഞ്ഞ് ദുഷ്യന്തനെ നോക്കുന്ന കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ സന്ദര്‍ഭത്തിനു നല്കിയ ഈ ചിത്രവ്യാഖ്യാനം രവിവര്‍മയുടെ ഏറ്റവും പ്രശസ്തമായ രചനകളിലൊന്നാണ്. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ മോണിയര്‍ വില്യംസ് പ്രസിദ്ധീകരിച്ച ശാകുന്തളം ഇംഗ്ലീഷ് പരിഭാഷയുടെ മുഖചിത്രവും ഇതായിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്. ടി. മാധവറാവു രവിവര്‍മയ്ക്കു പരിചിതനായിരുന്നു. ബറോഡ (വഡോദര) യിലെ മഹാരാജാവിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന മാധവറാവു 1880-ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ രവിവര്‍മയുടെ ചില ചിത്രങ്ങള്‍ ബറോഡയ്ക്കുവേണ്ടി വാങ്ങി. പില്ക്കാലത്ത് രവിവര്‍മയുടെ കലാജീവിതത്തില്‍ ബറോഡ രാജകുടുംബം വലിയ പങ്കുവഹിച്ചതിന്റെ തുടക്കം അതായിരുന്നു. രവിവര്‍മച്ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യശേഖരം ഇന്നും ബറോഡ രാജകുടുംബത്തിന്റെ കൈവശമാണ്. 1881-ല്‍ ബറോഡയില്‍ സായജിറാവു ഗെയ്ക് വാഡ് മഹാരാജാവായപ്പോള്‍ കിരീടധാരണോത്സവത്തില്‍ പങ്കെടുക്കാന്‍ രവിവര്‍മയ്ക്കു ക്ഷണം ലഭിച്ചു. അനുജന് രാജരാജവര്‍മയോടൊപ്പം നാലുമാസം അദ്ദേഹം ബറോഡയിലെത്തി താമസിക്കുകയും നിരവധി പുരാണസന്ദര്‍ഭ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. 1885-ല്‍ മൈസൂര്‍ മഹാരാജാവ് ചാമരാജേന്ദ്ര ഒഡയാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ചിത്രങ്ങള്‍ വരപ്പിച്ചു. 1888-മുതലാണ് രവിവര്‍മയുടെ ബറോഡകാലം ആരംഭിച്ചത്. രണ്ടു വര്‍ഷത്തെ ബറോഡാ ജീവിതത്തിനിടയില്‍ പുരാണസംബന്ധിയായ 14 ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. ഉത്തരേന്ത്യയില്‍ വ്യാപകമായ യാത്രകളും നടത്തി. 1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ലോകപ്രദര്‍ശനത്തില്‍ രവിവര്‍മയുടെ പത്തു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ചിത്രകാരനെന്ന നിലയില്‍ അഖിലഭാരതീയ പ്രശസ്തി ലഭിച്ചപ്പോഴാണ് ചിത്രങ്ങള്‍ മുദ്രണം ചെയ്ത് കുറഞ്ഞ വിലയ്ക്ക് എല്ലാവരിലും എത്തിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായത്. ആധുനിക സാങ്കേതികവിദ്യയുമായി ചിത്രകലയെ ബന്ധിപ്പിക്കാനുള്ള ആ തീരുമാനം ഇന്ത്യന്‍ ചിത്രകലാചരിത്രത്തില്‍ പുതിയൊരധ്യായത്തിനു തുടക്കം കുറിച്ചു. 1894-ല്‍ മുംബൈയില്‍ വിദേശത്തുനിന്നും ഒരു കളര്‍ ഓളിയോ ഗ്രാഫിക് പ്രസ് സ്ഥാപിച്ച് അദ്ദേഹം ചിത്രങ്ങളുടെ വിലകുറഞ്ഞ പ്രിന്റുകള്‍ മുദ്രണം ചെയ്തു തുടങ്ങി. 1897-ല്‍ മുംബൈയിലും പൂണെയിലും പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രസ് അടച്ചു പൂട്ടേണ്ടി വന്നു. ഒടുവില്‍ 1901 ജനുരി 21-ന് നിസ്സാരവിലയ്ക്ക് പ്രസും എണ്‍പതിലധികം ചിത്രങ്ങളുടെ പ്രസാധനാവകാശവും അദ്ദേഹത്തിനു വില്‍ക്കേണ്ടി വന്നു.
ഇന്ത്യയിലെ മഹാരാജാക്കന്മാരും ബ്രിട്ടീഷ് ഭരണാധികാരിമാരുമെല്ലാം രവിവര്‍മയെക്കൊണ്ട് ചിത്രം വരപ്പിക്കാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. രാജസ്ഥാനിലെ ഉദയപ്പൂര്‍ മഹാരാജാവ് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി തന്റെ പൂര്‍വികരുടെ ചിത്രങ്ങള്‍ വരപ്പിച്ചു. ഇക്കൂട്ടത്തിലുള്ള മഹാറാണാ പ്രതാപിന്റെ ചിത്രം ഛായാപട രചനയിലെ മാസ്റ്റര്‍പീസുകളിലൊന്നാണ്. 1904-ല്‍ ചെന്നൈയിലെ അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ആര്‍തര്‍ ഹാവ്ലോക്കിന്റെ ചിത്രം വരയ്ക്കാന്‍ രവിവര്‍മയെ ചുമതലപ്പെടുത്തി. ഈ വര്‍ഷം തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് കേസര്‍-ഇ-ഹിന്ദ് ബഹുമതിയും നല്കി. ആദ്യമായിട്ടായിരുന്നു ഒരു കലാകാരന് ആ ഉന്നത ബഹുമതി ലഭിക്കുന്നത്.
'ഹംസദമയന്തി', 'സീതാസ്വയംവരം', 'സീതാപഹരണം', 'സീതാഭൂപ്രവേശം', 'ശ്രീരാമപട്ടാഭിഷേകം', 'വിശ്വാമിത്രനും മേനകയും', 'ശ്രീകൃഷ്ണ ജനനം', 'രാധാമാധവം', 'അര്‍ജ്ജുനനും സുഭദ്രയും' തുടങ്ങിയവയാണ് രവിവര്‍മയുടെ പ്രധാന പുരാണ ചിത്രങ്ങള്‍. 'സ്നാനം കഴിഞ്ഞ സ്ത്രീ', 'നര്‍ത്തകി', 'വിദ്യാര്‍ത്ഥി', 'സരസ്വതി', 'വിരാട രാജധാനിയിലെ ദ്രൗപദി', 'ഇന്ത്യയിലെ സംഗീതജ്ഞര്‍', 'അച്ഛന് ഇതാ വരുന്നു', 'ഉദയപ്പൂര്‍ കൊട്ടാരം', 'ഭടന്', 'ലക്ഷ്മി', 'യശോദയും കൃഷ്ണനും', 'കാദംബരി' തുടങ്ങിയ അനേകം പ്രശസ്ത രചനകള്‍ അദ്ദേഹം സൃഷ്ടിച്ചു. ജീവിതാന്ത്യത്തില്‍ കിളിമാനൂരിലേക്കു മടങ്ങുകയും സമൃദ്ധമായ രചനാജീവിതത്തില്‍ മുഴുകുകയും ചെയ്ത ആ വരയുടെ തമ്പുരാന് 1906 ഒക്ടോബര്‍ രണ്ടിന് അന്തരിച്ചു.
ഇന്ത്യയില്‍ പലയിടത്തുമുള്ള സ്വകാര്യ ശേഖരങ്ങളിലും തിരുവനന്തപുരത്തെ ശ്രീചിത്രാ ആര്‍ട്ട് ഗാലറിയിലുമാണ് രവിവര്‍മയുടെ ചിത്രങ്ങളുള്ളത്. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ഉള്‍പ്പെടെ നിരവധി മ്യൂസിയങ്ങളിലും ചിത്രങ്ങളുണ്ട്.
രവിവര്‍മ്മയ്ക്കു ശേഷം
രാജാരവിവര്‍മയുടെ സഹോദരങ്ങളായ സി. രാജരാജവര്‍മയും മംഗളാഭായി തമ്പുരാട്ടിയും ഒന്നാന്തരം ചിത്രമെഴുത്തുകാരായിരുന്നു. കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ചിത്രകാരിയും മംഗളാഭായി ആയിരിക്കണം. രാജാരവിവര്‍മയുടെ പ്രശസ്തമായ ഛായാപടം വരച്ചത് അവരാണ്. ഭൂഭാഗ ചിത്രണത്തിലായിരുന്നു രാജരാജവര്‍മയ്ക്കു മികവ്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ചിത്രകാരന്മാരായിരുന്ന അച്യുതന് പിള്ള, കിഴക്കേമഠം പദ്മനാഭന് തമ്പി എന്നിവരും രവിവര്‍മയുടെ സമകാലികരായിരുന്നു.
രവിവര്‍മയുടെ മകന് രാമവര്‍മരാജാ, പി. ജെ. ചെറിയാന്, എന്‍. എന്‍. നമ്പ്യാര്‍, കെ. മാധവമേനോന്, പി. ഗംഗാധരന്, രാമകൃഷ്ണനാശാരി, സി. വി. ബാലന് നായര്‍, പി. ഐ. ഇട്ടൂപ്പ് തുടങ്ങിയവരാണ് രവിവര്‍മക്കു ശേഷം ഉയര്‍ന്നു വന്ന തലമുറയില്‍ ഏറ്റവും ശ്രദ്ധേയര്‍. ചിത്രമെഴുത്ത് പി. ജെ. ചെറിയാന് എന്നും ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന് എന്നും അറിയപ്പെട്ടിരുന്ന പി. ജെ. ചെറിയാന് (1891 - 1981) ചിത്രകാരന്, ചിത്രകലാധ്യാപകന്‍, ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകര്‍, നാടകനടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. ചെന്നൈയില്‍ നിന്നാണ് അദ്ദേഹം ചിത്രകല പഠിച്ചത്. പോര്‍ട്രെയ്റ്റ് പെയിന്റിങ്ങില്‍ പ്രത്യേക വൈദഗ്ധ്യം നേടി തിരിച്ചെത്തിയ ചെറിയാന് ഉപരിപഠനത്തിനായി 1913-ല്‍ മാവേലിക്കരയിലെത്തി രാമവര്‍മരാജായുടെ ശിഷ്യനായി. ഇരുവരും ചേര്‍ന്നാണ് മാവേലിക്കരയില്‍ രവിവര്‍മ പെയിന്റിങ്ങ് സ്കൂള്‍ സ്ഥാപിച്ചത്. 1921-ല്‍ ചെന്നൈയിലും ചെറിയാന് ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. നാടകത്തിനും സിനിമയ്ക്കുമൊക്കെയായി ജീവിതം പങ്കുവച്ച ചെറിയാന് 1981 ജനുവരി 18-ന് അന്തരിച്ചു. 'എന്റെ കലാജീവിതം', 'കലാവീക്ഷണം' എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
ബംഗാളിലെ ശാന്തിനികേതനില്‍ ചിത്രകല പഠിച്ച കെ. മാധവമേനോന് കേരളത്തിന്റെ ചിഹ്നങ്ങളാണ് തന്റെ കാന്‍വാസുകളിലേക്കു കൊണ്ടു വന്നത്. ശാന്തിനികേതനിലെ പഠനം കൊണ്ടു തന്നെ സ്വാഭാവികമായും പ്രബലമായ ബംഗാള്‍ സ്കൂളിന്റെ സ്വാധീനതയില്‍ പെട്ടുപോകാമായിരുന്ന മേനോന് ബോധപൂര്‍വം അതില്‍ നിന്നു വിട്ടുനിന്നതിന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിവു നല്കുന്നു. കേരളീയ ഭൂപ്രകൃതിയും താമരക്കുളങ്ങളും പക്ഷികളും മഴയും തെങ്ങുകളും നിറഞ്ഞു നില്ക്കുന്നവയാണ് മാധവമേനോന്റെ ചിത്രങ്ങള്‍. അവയില്‍ 'റൊമാന്റിക് കാവ്യാത്മകത തോന്നിക്കുന്ന ഒരുതരം ക്ലാസിസം കാണാം'(2). പാശ്ചാത്യശൈലിയുമായി പുലബന്ധം പോലുമില്ല മാധവമേനോന്റെ ചിത്രങ്ങള്‍ക്ക്. ഭാരതീയ ശൈലിയിലാണ് അദ്ദേഹം അടിയുറച്ചു നിന്നത്.
പാശ്ചാത്യമായ വസ്തുനിഷ്ഠപഠനത്തിനു പ്രാധാന്യം നല്കിയ ഡോ. എ. ആര്. പൊതുവാള്, രവിവര്‍മയുടെ സ്വാധീനതയില്‍പ്പെട്ട ചിത്രകാരന്മാരായ ആര്. ഗോവിന്ദനാശാരി, വി. എസ്. വല്യത്താന്, ടി. എ. ശ്രീധരന്, ടി. വി. ബാലകൃഷ്ണന് നായര്‍, ആര്. ഹരി തുടങ്ങിയ ഒട്ടേറെ ചിത്രകാരന്മാര് ഇക്കാലത്ത് പ്രശസ്തരായിരുന്നു.
കെ. സി. എസ്. പണിക്കര്‍
ഭാരതീയ ചിത്രകലയില്‍ ആധുനികതയുടെ വെളിച്ചം കൊണ്ടുവന്ന ചിത്രകാരനായിരുന്നു കെ. സി. എസ്. പണിക്കര്‍ (കിഴക്കേ ചിരമ്പത്ത് ശങ്കരപ്പണിക്കര്‍ 1911 - 1977).
മദ്രാസ് സ്കൂള്‍ എന്നറിയപ്പെട്ട ചിത്രകലാപ്രവണതയെ നയിക്കുകയും പാശ്ചാത്യസ്വാധീനത്തില്‍ നിന്നു മുക്തമായ ആധുനികത അവതരിപ്പിക്കുകയും ചോളമണ്ഡലം എന്ന പ്രശസ്തമായ കലാകാരഗ്രാമം സൃഷ്ടിക്കുകയും ചെയ്തു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതീയ ചിത്രകലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്നാണ് പണിക്കരുടേത്. ബംഗാള്‍ സ്കൂള്‍ എന്നറിയപ്പെടുന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ആധിപത്യം നിലനിന്ന കാലത്താണ് പണിക്കര്‍ വരച്ചു തുടങ്ങിയത്. ഒപ്പം പാശ്ചാത്യ ശൈലിയുടെ സ്വാധീനവും ശക്തമായി നിന്നിരുന്നു. അവ രണ്ടില്‍ നിന്നുമുള്ള മോചനമാണ് പണിക്കര്‍ സാധിച്ചത്. കേരളത്തിനു പുറത്തു ജീവിച്ചുകൊണ്ട് കേരളീയമായ രൂപങ്ങളും ദൃശ്യങ്ങളും സ്വന്തം ചിത്രങ്ങളില്‍ വിന്യസിച്ച പണിക്കര്‍ തദ്ദേശീയമായ ആധുനികതയ്ക്കു രൂപം നല്കി.
തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പണിക്കര്‍ ചെറുപ്പത്തില്‍ തന്നെ വര തുടങ്ങിയെങ്കിലും ചിത്രകല പഠിച്ചത് ഉദ്യോഗം രാജിവച്ചശേഷമായിരുന്നു. 1936-ല്‍ അദ്ദേഹം ജോലിയുപേക്ഷിച്ച് ചെന്നൈയിലെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. 1940-ല്‍ ഡിപ്ലോമ നേടിയ പണിക്കര്‍ അടുത്ത വര്‍ഷം അവിടെ അധ്യാപകനായി.
പരമ്പരാഗത ചിത്രരചനാരീതികള്‍ക്കായിരുന്നു അന്ന് ദക്ഷിണേന്ത്യയില്‍ പ്രാധാന്യം. അതിനു വിരുദ്ധമായ മറ്റൊരു ചിത്രണശൈലി സ്വപ്നം കണ്ട പണിക്കര്‍ 1944-ല്‍ ചെന്നൈയില്‍ പ്രോഗ്രസീവ് പെയിന്റേഴ്സ് അസോസിയേഷന് എന്ന സംഘടന രൂപവത്കരിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലയിലെ ആധുനിക പ്രവണതകളെപ്പറ്റി ചര്‍ച്ചകളും പ്രദര്‍ശനങ്ങളും പതിവായി നടത്തി. പുതിയൊരു ചിത്രകലാശൈലിയുടെ ആവിര്‍ഭാവ വര്‍ഷങ്ങളായിരുന്നു അത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന ചിത്ര പ്രദര്‍ശനങ്ങളിലും പണിക്കര്‍ പങ്കെടുത്തു. ജലച്ചായത്തില്‍ നിരവധി മാസ്റ്റര്‍പീസ് രചനകള്‍ ഇക്കാലത്ത് അദ്ദേഹം വരച്ചു. കേരളഗ്രാമങ്ങളിലെ തോടുകളും തോപ്പുകളും നിറഞ്ഞ ഭൂഭാഗദൃശ്യചിത്രങ്ങളായിരുന്നു അവ. ഗ്രാമദൃശ്യത്തിന്റെ തെളിമ ആവിഷ്കരിക്കാന്‍ സാന്ദ്രത കൂടിയ എണ്ണച്ചായത്തേക്കാള്‍ നല്ലത് സുതാര്യമധ്യമമായ ജലച്ചായമാണെന്നു പണിക്കര്‍ തിരിച്ചറിഞ്ഞിരുന്നു. 1954-ല്‍ ന്യൂഡല്‍ഹിയിലെ ലളിതകലാ അക്കാദമി ഭരണസമിതിയംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി, എന്നിവിടങ്ങളില്‍ ഇ വര്‍ഷം പര്യടനം നടത്തിയ പണിക്കരുടെ ഏകാംഗപ്രദര്‍ശനങ്ങള്‍ ലണ്ടന്‍, പാരീസ്, ലീല് നഗരങ്ങളില്‍ നടന്നു. 1955-ല്‍ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ വൈസ് പ്രിന്‍സിപ്പലായ പണിക്കര്‍ 1957-ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. പത്തു വര്‍ശത്തിനു ശേഷം അദ്ദേഹം വിരമിച്ചു. ഈ കാലയളവിനിടയ്ക്ക് നിരവധി വിദേശസഞ്ചാരങ്ങളും കലാപ്രദര്‍ശനങ്ങളും പണിക്കര്‍ നടത്തി. മദ്രാസ് സ്കൂള്‍ എന്ന ചിത്രകലാ പ്രവണതയുടെ വികാസവും ചോളമണ്ഡലത്തിന്റെ സ്ഥാപനവും ഉണ്ടായതും ഇതിനിടയിലാണ്. ന്യൂയോര്‍ക്കില്‍ നടന്ന വേള്‍ഡ് ആര്‍ട്ട് കോണ്‍ഗ്രസ് (1963) ടോക്യോ ഇന്റര്‍ നാഷണല്‍ എക്സിബിഷന് (1964), ലണ്ടനിലെ ഫെസ്റ്റിവല്‍ ഹാള്‍ എക്സിബിഷന് (1965), വെനീസ് ബിനെയ്ല്‍ (1967) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1966-ല്‍ ചെന്നൈയുടെ പ്രാന്തത്തിലുള്ള ഇരിഞ്ചമ്പാക്കത്ത് പണിക്കരുടെ മാനസസന്താനമായ 'ചോളമണ്ഡലം' എന്ന കലാഗ്രാമം സ്ഥാപിതമായി. 1968 - 1976 കാലത്ത് നിരവധി പ്രദര്‍ശനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 1976-ല്‍ ലളിതകലാ അക്കാദമി പണിക്കര്‍ക്ക് വിശിഷ്ടാംഗത്വം നല്കി. 1977 ജനുവരി 15-ന് അദ്ദേഹം ചെന്നൈയില്‍ അന്തരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 1979 മേയ് 30-ന് തിരുവനന്തപുരത്ത് മ്യൂസിയം വളപ്പില്‍ അദ്ദേഹത്തിന്റെ 65-ല്‍ അധികം ചിത്രങ്ങളുള്ള കെ. സി. എസ്. പണിക്കേഴ്സ് ഗാലറി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.
പണിക്കരുടെ ചിത്രകലയില്‍ വ്യക്തമായി വേര്‍തിരിക്കാവുന്ന പല ഘട്ടങ്ങളുണ്ട്. ഭൂഭാഗദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്കിയ 1940-കളിലെ ജലച്ചായ ചിത്രങ്ങള്‍, പിന്നീടുള്ള മനുഷ്യരൂപത്തിനു രൂപം നല്കിയ മനുഷ്യാകാരചിത്രങ്ങള്‍, വാക്കുകളും പ്രതീകങ്ങളും നിറഞ്ഞ അമൂര്‍ത്ത ചിത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കലാവികാസത്തിലെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കുന്നു. 'അമ്മയും കുട്ടിയും' (1954), 'പാപിനി' (1956), 'ചുവപ്പു നിറമുള്ള മുറി' (1960)തുടങ്ങിയ ചിത്രങ്ങള്‍ മനുഷ്യാകാര ചിത്രങ്ങളുടെ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളാണ്. നര്‍ത്തകികള്‍, ക്ഷേത്രത്തിലേക്ക്, പീറ്ററുടെ നിഷേധം, ആള്‍ക്കൂട്ടത്തിലെ ക്രിസ്തു, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി തുടങ്ങിയ നിരവധി പ്രശസ്ത രചനകളും ഇക്കാലത്ത് അദ്ദേഹം സൃഷ്ടിച്ചു. വാക്കുകളും പ്രതീകങ്ങളും എന്ന ചിത്രപരമ്പരയാണ് പണിക്കരുടെ അമൂര്‍ത്ത ഘട്ടത്തിന്റെ ഉദാഹരണം. കേരളീയ പാരമ്പര്യത്തില്‍ നിന്നു സ്വീകരിച്ചിട്ടുള്ള മോട്ടീഫുകളാണ് ഈ ചിത്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.
പണിക്കര്‍ നേതൃത്വം നല്കിയ ഒരു സംഘം ആധുനിക കലാകാരന്മാരെയാണ് മദ്രാസ് സ്കൂള്‍ എന്നു വിളിക്കുന്നത്. വസ്തുവിന്റെ ആകൃതി പകര്‍ത്തുമ്പോള്‍ രേഖയ്ക്കു നല്കിയ പ്രാധാന്യമാണ് മദ്രാസ് സ്കൂളിന്റെ സംഭാവന. സന്താനരാജ്, ആദിമൂലം, റെഡ്ഡപ്പ നായിഡു, എം. വി. ദേവന്, അക്കിത്തം നാരായണന്, രാമാനുജം, കെ. വി. ഹരിദാസന്, നമ്പൂതിരി, ടി. കെ. പദ്മിനി, പാരീസ് വിശ്വനാഥന്, പി. ഗോപിനാഥ്, എ. സി. കെ. രാജ, ഡഗ്ലസ്, ആന്റണി ദാസ്, അല്‍ഫോണ്‍സോ, എസ്. ജി. വാസുദേവ് തുടങ്ങിയ നിരവധി പ്രഗല്ഭ പെയിന്റര്‍മാര്‍ ഈ ഗണത്തില്‍പ്പെടുന്നു. 1960-കളിലാണ് മദ്രാസ് സ്കൂളിന്റെ സുവര്‍ണകാലം. സാഹിത്യത്തിലും കലയിലുമെല്ലാം ആധുനികതാപ്രസ്ഥാനം (modernism)നിറഞ്ഞൊഴുകിയ കാലമായിരുന്നു. അത്.
പണിക്കര്‍ക്കു ശേഷം
സി. കെ. രാ (സി. കെ. രാമകൃഷ്ണന് നായര്‍), അപ്പുക്കുട്ടനാശാരി, എം. വി. ദേവന്, കെ. വി. ഹരിദാസന്, എ. സി. കെ. രാജാ, രുക്മിണീ വര്‍മ, ടി. കെ. പത്മിനി, ടി. പി. രാധാമണി, എച്ച്. ഗീത, ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍, കാട്ടൂര്‍ നാരായണപിള്ള, സനാതനന്, എ. രാമചന്ദ്രന്, എം. ആര്. ഡി. ദത്തന്, പി. എസ്. പുണിഞ്ചിത്തായ, കെ. ദാമോദരന്‍, പാരീസ് വിശ്വനാഥന്, മോഹന്‍കുമാര്‍, അക്കിത്തം നാരായണന്, മുത്തുക്കോയ, ബാലന് നമ്പ്യാര്‍, സി. എന്‍. കരുണാകരന്, കലാധരന്‍, ജയപാലപ്പണിക്കര്‍ തുടങ്ങിയ ഒട്ടേറെ ചിത്രമെഴുത്തുകാര്‍ ആധുനികതാ പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വന്നു. ടി. കെ. പദ്മിനി, എ. രാമചന്ദ്രന്, വിശ്വനാഥന് തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം പ്രസ്താവ്യമാണ്.
29 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ടി. കെ. പദ്മിനി (1940 - 1969) ആധുനികതയുടെ ഏറ്റവും ശക്തയായ പ്രതിനിധിയായിരുന്നു. മദ്രാസ് സ്കൂളിന്റെ സന്താനമായിരുന്നു അവര്‍. ചെന്നൈ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിച്ച പത്മിനി 1968-ല്‍ പ്രശസ്ത ചിത്രകാരനായ കെ. ദാമോദരനെ വിവാഹം കഴിച്ചു. 1969 മേയ് 11-ന് പ്രസവത്തെ തുടര്‍ന്ന് പത്മിനി അന്തരിച്ചു.
സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ് പത്മിനി വരച്ചതും. കേരളീയ ഗ്രാമക്ഷേത്രങ്ങളിലെ ശില്പങ്ങളുടെ ആകാരം പത്മിനിയുടെ ചിത്രങ്ങളില്‍ കാണാം. ദക്ഷിണേന്ത്യന്‍ ക്ഷേത്ര ശില്പങ്ങളിലെ ഉദാത്ത ശൈലിക്കു പകരം തനി കേരളീയമായ ശില്പശൈലിയില് നിന്നും അവര്‍ തന്റെ ചിത്രരൂപങ്ങള്‍ രൂപപ്പെടുത്തി. പൊടിയും എണ്ണയും കുഴഞ്ഞ് എണ്ണക്കറുപ്പായ ആ വിഗ്രഹശില്പങ്ങളുടെ വര്‍ണ വിന്യാസമാണ് തന്റെ ചിത്രങ്ങളില്‍ പത്മിനി സ്വീകരിച്ചത്. വര്‍ണമിതത്വമാണ് അവയുടെ പ്രത്യേകത. നഗ്ന സ്ത്രീരൂപങ്ങളും അര്‍ദ്ധനഗ്നരൂപങ്ങളും അവയില്‍ പ്രാധാന്യത്തോടെ നില്ക്കുന്നു. ദീര്‍ഘശരീരവും ബൊമ്മക്കണ്ണുകളുമുള്ളവയാണ് ആ രൂപങ്ങള്‍. സന്ദര്‍ഭ ചിത്രീകരണമോ സംഭവാഖ്യാനമോ ഇല്ലാത്ത ചിത്രങ്ങളിലൂടെ ആധുനികതയുടെ സ്വഭാവം പത്മിനി വെളിപ്പെടുത്തി.
30 എണ്ണച്ചായാ ചിത്രങ്ങളടക്കം ഇരുനൂറോളം പെയിന്റിങ്ങുകളും സ്കെച്ചുകളും പത്മിനി വരച്ചിട്ടുണ്ട്. ശീര്‍ഷകങ്ങളില്ലാത്തവയാണ് മിക്ക രചനകളും. ആധുനികതയുടെ അമൂര്‍ത്തതാ സങ്കല്പം തുടിച്ചു നില്ക്കുന്ന 'മരിക്കുന്ന പക്ഷി', 'പട്ടം പറപ്പിക്കുന്ന പെണ്‍കുട്ടി' തുടങ്ങിവ ഉള്‍പ്പെടെയുള്ള ആ ചിത്രങ്ങള്‍ കേരളീയ ചിത്രകലയുടെ മുതല്ക്കൂട്ടുകളാണ്. തൃശ്ശൂരിലെ ലളിതകലാ അക്കാദമി ഗാലറിയിലാണ് പത്മിനിയുടെ മിക്ക ചിത്രങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ഹ്രസ്വകാലം മാത്രം ജീവിച്ച അക്കാദമിയുടെ പ്രശംസാപത്രവും 1967-ല്‍ അക്കാദമി അവാര്‍ഡും 1965-ല്‍ അസോസിയേഷന് ഓഫ് യങ് പെയിന്റേഴ്സ് ആന്‍ഡ് സ്കള്‍പ്ചേഴ്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ആധുനികതയ്ക്കു ശേഷം
എണ്‍പതുകളോടെ രംഗത്തെത്തിയ ചിത്രകാരില്‍ പ്രമുഖരാണ് ടി. കലാധരന്‍, അല്ക്സ് മാത്യു, വത്സന് കൊലേരി, എന്‍. എന്‍. മോഹന്‍ ദാസ്, അജയ കുമാര്‍, ബാബു സേവ്യര്‍, ഗോപീ കൃഷ്ണന്, ജ്യോതിബാസു, സജിത ശങ്കര്‍, ജോര്‍ജ്, പുഷ്കിന്, എ. സജിത് തുടങ്ങിയവര്‍. 1980-കളുടെ അവസാനം റാഡിക്കല്‍ പെയിന്റേഴ്സ് എന്ന പേരില്‍ ഒരു സംഘം യുവകലാകാരന്മാര് ചിത്രശില്പകലകളില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ ശ്രമിച്ചു. ഇന്ന് സജീവമായിരംഗത്തുള്ള ഇവരില്‍ ഉത്തരാധുനികമായ സൗന്ദര്യബോധമാണ് മുന്നിട്ടു നില്‍ക്കുന്നത്.
സവിശേഷമായ വാസ്തു വിദ്യാ ശൈലിയുണ്ട് കേരളത്തിന്. ലാളിത്യത്തിനു പ്രാധാന്യം നല്കിയ ആ ശൈലിയുടെ മാതൃകകള്‍ ദേവാലയങ്ങളും പുരാതന ഭവനങ്ങളുമാണ്. തച്ചു ശാസ്ത്രപ്രകാരമാണ് അവ നിര്‍മ്മിച്ചിരുന്നത്. ക്ഷേത്ര വാസ്തു വിദ്യയില്‍ മാത്രമല്ല പല ക്രൈസ്തവ, ഇസ്ലാമിക ദേവാലയങ്ങളിലും കേരളീയ വാസ്തു ശില്പ ശൈലി തെളിഞ്ഞു കാണാം. തന്ത്ര സമുച്ചയം, ശില്പചന്ദ്രിക, മനുഷ്യലയ ചന്ദ്രിക തുടങ്ങിയവ പ്രസിദ്ധ വാസ്തുശില്പ ശാസ്ത്ര ഗ്രന്ഥങ്ങളാണ്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ചലച്ചിത്രരംഗങ്ങളിലൊന്നാണ് മലയാളത്തിലേത്. ആഗോളപ്രശസ്തരായ ഒട്ടേറെ ചലച്ചിത്രകാരന്മാരെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. 1906 - ല്‍ കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദര്‍ശനം നടന്നത്. സഞ്ചരിക്കുന്ന ചലച്ചിത്ര പ്രദര്‍ശങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ സ്ഥിരം സിനിമാകൊട്ടകകള്‍ക്കു വഴിമാറി. തമിഴ് ചിത്രങ്ങളായിരുന്നു ആദ്യകാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന വിശേഷണം അര്‍ഹിക്കുന്ന ജെ. സി. ഡാനിയലിന്റെ നിശ്ശബ്ദചിത്രമായ 'വിഗതകുമാരന്' (1928) ആണ് ആദ്യത്തെ മലയാള സിനിമ. ഈ വര്‍ഷം തന്നെ രണ്ടാമത്തെ ചിത്രമായ 'മാര്‍ത്താണ്ഡവര്‍മ്മ'യും പ്രദര്‍ശനത്തിനെത്തി. 'ബാലന്' (1938) ആയിരുന്നു ആദ്യത്തെ ശബ്ദിക്കുന്ന സിനിമ. 1948 ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയാ' ആലപ്പുഴയില്‍ സ്ഥാപിതമായി. 1951 - ല്‍ പ്രദര്‍ശനത്തിനെത്തിയ 'ജീവിതനൗക'യാണ് വ്യാപാരവിജയം നേടിയ ആദ്യചിത്രം. തിരുവനന്തപുരത്ത് പി. സുബ്രഹ്മണ്യത്തിന്റെ 'മെരിലാന്റ്' സ്റ്റുഡിയോ കൂടി നിലവില്‍ വന്നതോടെ മലയാള ചലച്ചിത്ര വ്യവസായം അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. 'നീലക്കുയിലി'ന്റെ (1954) വരവോടെ മലയാള സിനിമ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.
1960-കള്‍ മുതലാണ് ധാരാളമായി സിനിമകള്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങിയത്. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍ തുടങ്ങിയവര്‍ നിറഞ്ഞു നിന്നിരുന്ന സ്ഥാനത്ത് സത്യനും, പ്രേംനസീറും താരങ്ങളായി ഉയര്‍ന്നു വന്നു. ഉമ്മര്‍, മധു, പി. ജെ. ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, ഷീല, അംബിക, തുടങ്ങി ഒട്ടേറെ നടീനടന്മാര് ജനപ്രിയരായി. 1961 - ല്‍ ആദ്യത്തെ കളര്‍ചിത്രമായ 'കണ്ടംബെച്ച കോട്ട്' പുറത്തു വന്നു. രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' (1966) മലയാള സിനിമയില്‍ പുതിയ അധ്യായത്തിനു തുടക്കമിട്ടു. വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ പാട്ടും മലയാളിയുടെ ജനകീയാഭിരുചികള്‍ക്കു പൊലിമ നല്കി. ചലച്ചിത്ര ഗാന ശാഖയിലും സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും ഒട്ടേറെപ്പേര്‍ രംഗത്തു വന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1974) മലയാളത്തിലെ നവസിനിമയ്ക്കു തുടക്കം കുറിച്ചു. അരവിന്ദന്റെ 'കാഞ്ചനസീത' (1978), പി. എ. ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോള്‍' (1976) തുടങ്ങിയവ ഈ നവതരംഗത്തിന് ആക്കം കൂട്ടി. കെ. ആര്. മോഹനന്, പവിത്രന്, ജോണ്‍ എബ്രഹാം, കെ. പി. കുമാരന് തുടങ്ങിയവരാണ് നവസിനിമയിലെ പ്രതിഭാശാലികളില്‍ ചിലര്‍.
എണ്‍പതുകളോടെ ജനപ്രിയ സിനിമയില്‍ പുതിയ താരങ്ങളും സംവിധായകരും ഉയര്‍ന്നു വന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ഗോപി, നെടുമുടി വേണു തുടങ്ങിയ നടന്മാര് ഈ കാലയളവിലാണ് ശ്രദ്ധേയരായത്. ഇന്ത്യയിലെ ഏറ്റവും വികസിതമായ ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ് മലയാളത്തിലേത്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പി. ജെ. ആന്റണി, ഗോപി, ബാലന് കെ. നായര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, സുരേഷ് ഗോപി, ബാലചന്ദ്രമേനോന് എന്നിവര്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളിയല്ലെങ്കിലും മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന ശാരദ, മോനിഷ, ശോഭന, മീരാ ജാസ്മിന് എന്നിവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ഫാല്‍ക്കെ അവാര്‍ഡു നേടിയ ഏക മലയാളി അടൂര്‍ ഗോപാലകൃഷ്ണനാണ്. കലാമൂല്യമുള്ള ആര്‍ട്ട് സിനിമ, കലാമൂല്യം കുറഞ്ഞ കമ്പോളസിനിമ എന്ന വിഭജനം അതിവേഗം മാഞ്ഞു കൊണ്ടിരിക്കുന്നതാണ് ഇന്നത്തെ മലയാള സിനിമയുടെ സ്വഭാവം.
സംഗീതമാണ് ശ്രവ്യകലകളില്‍ ഉള്‍പ്പെടുന്നത്. നാടോടി സംഗീതം, ശാസ്ത്രീയ സംഗീതം എന്നീ വിഭാഗങ്ങളുണ്ട് അതിന്. നാടന്‍ പാട്ടുകള്‍, അനുഷ്ഠാനകലകളുമായി ബന്ധപ്പെട്ട ഗാനങ്ങള്‍, ദേവതാ സ്തുതികള്‍, അധ്വാനത്തിന്റെ ഭാഗമായ പാട്ടുകള്‍, തിരുവാതിരക്കളി, കുമ്മി, കോലാട്ടം തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള പുരാണകഥാഗാനങ്ങള്‍, വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം നാടോടി സംഗീതത്തിന്റെ പരിധിയില്‍പ്പെടുന്നു. കേരളീയമായ ഒട്ടേറെ നാടോടി വാദ്യങ്ങളുമുണ്ട്.
സംഗീതശാസ്ത്രനിയമങ്ങള്ക്കനുസരിച്ചു രൂപം കൊണ്ടിട്ടുള്ളതാണ് ശാസ്ത്രീയ സംഗീത വിഭാഗത്തില്‍പ്പെടുന്നവ. വായ്പ്പാട്ടും വാദ്യസംഗീതവും ഇതില്‍ ഉള്‍പ്പെടുന്നു. സോപാന സംഗീതം, കഥകളി സംഗീതം, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയെല്ലാം ശാസ്ത്രീയ സംഗീതത്തിന്റെ ഭാഗമാണ്. കര്‍ണ്ണാടക സംഗീതത്തിനും കേരളം മഹത്തായ സംഭാവന നല്‍കിയിട്ടുണ്ട്. സ്വാതി തിരുനാള്‍, ഇരയിമ്മന്‍ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി, കെ. സി. കേശവപിള്ള തുടങ്ങിയവരാണ് ഏറ്റവും പ്രശസ്തരായ ഗാനകര്‍ത്താക്കള്‍. ഷട്കാല ഗോവിന്ദമാരാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, കെ. വി. നാരായണസ്വാമി, കെ. എസ്. നാരായണസ്വാമി, എം. ഡി. രാമനാഥന്, ടി. എന്‍. കൃഷ്ണന്, എം. എസ്. ഗോപാലകൃഷ്ണന്, ടി. എസ്. മണി അയ്യര്‍, യേശുദാസ് തുടങ്ങിയ ഒട്ടേറെ പ്രശസ്ത ഗായകരും കേരളീയരായുണ്ട്. ഒട്ടേറെ സംഗീതശാസ്ത്രഗ്രന്ഥങ്ങളും കേരളീയര്‍ രചിച്ചിട്ടുണ്ട്.
ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകല. പല അനുഷ്ഠാനകലകളും ഇഷ്ടദേവതകളെ പ്രീണിപ്പിക്കുവാനുള്ളവയാണ്. ഈ ധര്‍മം തെയ്യാട്ടത്തിനുമുണ്ട്. എന്നാല്‍ ദേവതതന്നെ പ്രത്യക്ഷമായി ആടുന്നുവെന്നാണ് ഇതിലെ സങ്കല്പം. തെയ്യക്കോലങ്ങള്‍ കെട്ടുന്ന 'കോലക്കാ'രായ നര്‍ത്തകരിലൂടെ ദേവതാചൈതന്യം വെളിപ്പെടുന്നുവെന്നാണു വിശ്വാസം. കെട്ടിയാടുന്ന 'കോലങ്ങ' ളെല്ലാം ദൈവങ്ങള്‍ തന്നെ. സമുദായശ്രേണിയില്‍ താണ വിഭാഗമായി കരുതപ്പെടുന്ന ആദിമ ജനസമൂഹങ്ങളാണ് തെയ്യങ്ങള്‍ കെട്ടിവരുന്നതെങ്കിലും സവര്‍ണാവര്‍ണഭേദം കൂടാതെ ജനങ്ങളെല്ലാം ആ തെയ്യങ്ങളുടെ മുമ്പില്‍ ഭയഭക്തിവിശ്വാസങ്ങളോടെ തൊഴുതു നില്ക്കുന്നു. തെയ്യാട്ടം നടക്കുമ്പോള്‍ നര്‍ത്തകനായ കോലക്കാരനെയല്ല, ദേവതയെയാണ് ഭക്തജനങ്ങള്‍ കാണുന്നത്.
പേരും പൊരുളും
'ദൈവം' എന്ന പദത്തിന്റെ തദ്ഭവമാണ് 'തെയ്യം'. ദേവതകളുടെ രൂപം ധരിച്ചാടുന്ന 'കോലങ്ങള്‍' ആണ് ഇവ. 'കോലംകെട്ട്' എന്നും വ്യവഹാരമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുഖ്യമായും തെയ്യാട്ടം നിലവിലുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ തെയ്യത്തോടു സമാനമായ 'തിറ'കളാണുള്ളത്. എന്നാല്‍, അത്യുത്തര കേരളത്തിലെ തെയ്യാട്ടത്തിന്റെ അരങ്ങില്‍ ചില 'തിറ'കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേട്ടയ്ക്കൊരു മകന്, വൈരജാതന്, മുന്നായരീശ്വരന്‍, ക്ഷേത്രപാലന്, ഇളം കരുമന്‍, കരിമുരിക്കന്‍, ബമ്മുരിക്കന്‍, പൂതൃവാടി കന്നിക്കൊരുമകന്‍, കളിക്കത്തറ (രണ്ട് എണ്ണം), അന്തിത്തറ (മുത്തപ്പന് ദൈവത്തിന്റെ) തുടങ്ങിയ ചില 'കോല'ങ്ങള് 'തിറ'യെന്ന പേരിലാണ് വ്യവഹരിക്കപ്പെടുന്നത്.
തോറ്റവും വെള്ളാട്ടവും
തെയ്യാട്ടത്തിനു തലേദിവസം കോലക്കാരന് ലഘുവായ തോതില്‍ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തില്‍ ഉറഞ്ഞുതുള്ളി നര്‍ത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരന്‍)പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങള്‍ക്കു മാത്രമേ ഈ ലാക്ഷണികമായ അര്‍ഥമുള്ളൂ.
'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അര്‍ഥമുണ്ട്. എന്നാല്‍ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അര്‍ഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതില്‍നിന്നുമുണ്ടായതായിരിക്കണം. ഈ അര്‍ഥസങ്കല്പമെല്ലാം ഇവിടെ യോജിക്കുന്നുമുണ്ട്. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തില്‍ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല.
തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാള്‍ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകള്‍ക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകള്‍ക്കു മിക്കതിനും 'തോറ്റം' കാണും. എന്നാല്‍ വേട്ടയ്ക്കൊരുമകന്‍, ഊര്പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്, പുലികണ്ടന്‍, ബാലി, വൈരജാതന്, പുലിയൂരുകണ്ണന്‍, കന്നിക്കൊരുമകന്‍, വടവീരന്‍, അങ്കക്കാരന്‍, വീരഭദ്രന്, പൂളോന്‍ ദൈവം എന്നീ 'കോല'ങ്ങള്‍ക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതല്‍ നാളുകളില്‍ തെയ്യാട്ടം നടത്തപ്പെടുമ്പോള്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.
കളിയാട്ടവും പെരുങ്കളിയാട്ടവും
കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാല്‍, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വര്‍ഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവിടങ്ങളില്‍ കളിയാട്ടം നടത്തുന്നത്. ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാള്‍ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളില്‍ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്.
കളിയാട്ടത്തിലെ ദേവതമാരില്‍ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതില്‍ പക്ഷാന്തരമില്ല. അതിനാല്‍ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലര്‍ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാല്‍ കേരളോത്പത്തി എന്ന ഗ്രന്ഥത്തില്‍ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തിരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. മതപരമായ ഒരു നാടകമായിട്ടാണ് ഡോ. ഗുണ്ടര്‍ട്ട് ഇതിനെ കണ്ടത്.
'കളിയാട്ട'ത്തിന്റെ അരങ്ങില്‍ എല്ലാ തെയ്യങ്ങള്‍ക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.
തെയ്യസ്ഥാനങ്ങള്‍
കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങള്‍. ആദ്യസങ്കേതങ്ങള്‍ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയില്‍ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളില്‍ കല്പീഠമോ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലേടങ്ങളില്‍ പള്ളിയറ (ശ്രീകോവില്‍) പണിതിട്ടുണ്ടായിരിക്കും. ദുര്ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.
കാവുകളില്‍ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീല്‍കാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേല്‍ക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവര്‍കാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകള്‍ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊര്‍പ്പഴച്ചിക്കാവ്, പാലോട്ടുകാവ് എന്നിങ്ങനെ പുരുഷദൈവങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാകും.
വാണിയ (ചക്കാല നായര്‍) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകള്‍. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടന് തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂര്‍, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാല്‍, നീലേശ്വരം, ക്ണാവൂര്‍, ക്ളായിക്കോട്, ചെറുവത്തൂര്‍, ചന്തേര, കാറോല്, തായനേരി, പയ്യന്നൂര്‍, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂര്‍, കുറുമാത്തൂര്‍, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടച്ച, മുക്വത്ത് എന്നീ പ്രദേശങ്ങളില്‍ മുച്ചിലോട്ടുകാവുകളുണ്ട്.
ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകള്‍. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കന്‍കൊവ്വല്‍, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളില്‍ പൂമാലക്കാവുകള്‍ കാണാം. ഈ കാവുകളില്‍ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു.
കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരില്‍ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകള്‍. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോല്‍, കൂറ്റൂര്, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളില്‍ കണ്ണങ്ങാട്ടുകാവുകളുണ്ട്.
അത്യുത്തരകേരളത്തില്‍ തെയ്യാട്ടം നടത്തുന്ന കാവുകളില്‍ മറ്റൊന്നാണ് 'മുണ്ട്യ'കള്‍. പണ്ട് ഇവ നായാട്ടു സങ്കേതങ്ങള്‍ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മന്‍ കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ പ്രദേശങ്ങളില്‍ മുണ്ട്യക്കാവുകള്‍ കാണാം. മുണ്ട്യകള്‍ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളില്‍ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളില്‍ വയനാട്ടുകുലവന്‍ ദൈവവും ഉണ്ട്.
വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകള്‍. തീയര്, തച്ചന്മാര് (ആശാരിമാര്), മുക്കുവര്‍, കരിമ്പാലന്‍ എന്നീ സമുദായക്കാര്‍ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളില്‍ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോന്‍കര (തൃക്കരിപ്പൂര്‍), ചെറുവത്തൂര്‍, പയ്യന്നൂര്‍, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകള്‍ ആശാരിമാരുടേതാണ്.
തെയ്യാട്ടസ്ഥാനങ്ങളില്‍ ഒരു വിഭാഗമാണ് 'കഴകം'. തീയര്, മണിയാണിമാര്‍ തുടങ്ങി പല സമുദായക്കാര്‍ക്കും 'കഴക'ങ്ങളുണ്ട്. ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങള്‍ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂര്‍കഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. 'കഴക'ങ്ങളില്‍ 'കഴകി'യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു.
താനകം, അറ, പള്ളിയറ തുടങ്ങിയ പേരുകളിലാണ് പല ദേവതാസങ്കേതങ്ങളും അറിയപ്പെടുന്നത്. ചില ദേവതകളുടെ ആരാധനാലയങ്ങള്‍ക്കു പ്രത്യേകം പേരുകളുണ്ട്. മുത്തപ്പന് ദൈവത്തിന്റെ സ്ഥാനമാണ് 'പൊളിക്കുള'വും 'മടപ്പുര'യും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്. 'കോട്ടങ്ങളാ'ണ് ആരാധനാലയങ്ങളില്‍ മറ്റൊരിനം. ഗ്രാമക്കൂട്ടമായ 'കഴകം' തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതന്‍കോട്ടം, പൊട്ടന് ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകന്‍കോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളില്‍ തെയ്യാട്ടം പതിവുണ്ട്. തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയന്‍ കുലോം, ഉദിയന്നൂര്‍ കുലോം, പെരട്ടു കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങള്‍ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നില്‍ പുരാസങ്കല്പങ്ങളുണ്ട്.
കോലക്കാര്‍
തെയ്യം കെട്ടിയാടിവരുന്നത് വണ്ണാന്‍, മലയന്‍, അഞ്ഞൂറ്റാന്‍, വേലന്‍, ചിങ്കത്താന്‍, മാവിലന്, കോപ്പാളര്‍ അഥവാ പുലയന് എന്നീ സമുദായങ്ങളില്‍പ്പെട്ടവരാണ്. അത്യുത്തരകേരളത്തിലെ വണ്ണാന്മാര് മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരില്നിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകള്‍ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നല്‍വേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാള്‍ നീക്ക്, കെന്ത്രോന്‍പാട്ട് (ഗന്ധര്വന് പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികര്‍മങ്ങള്‍ എന്നിവയിലും വണ്ണാന്മാര് ഏര്‍പ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധര്‍വന്‍, പുലിദൈവങ്ങള്‍, വീരന്മാര് തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങള്‍ അവര്‍ കെട്ടിയാടും. ദുര്മൃതിയടഞ്ഞ മനുഷ്യരുടെയും മണ്മറഞ്ഞ പൂര്‍വികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളില്‍ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവര്‍ക്കിടയില്‍ സമൃദ്ധമായുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയര്‍ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങള്‍ ഇവിടങ്ങളില്‍ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാന്‍ പിറന്ന 'ഭദ്രദേവവര്‍ഗ'മാണ് തങ്ങളെന്ന് ഇവര്‍ 'കണ്ണേര്‍പാട്ടി'ല്‍ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയര്ക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവര്‍ വാദ്യക്കാരായി പോകും. മലയികള്‍ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയര്‍ക്കുണ്ട്. മലയന്‍ കെട്ട്, കണ്ണേര്‍ പാട്ട് എന്നിവ ഇവര്‍ നടത്തിവരുന്ന കര്‍മങ്ങളാണ്. കാര്‍ഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള 'കോതമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവന്, കുട്ടിച്ചാത്തന്, ഗുളികന്, പൊട്ടന്, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂര്ത്തികള് മലയത്തെയ്യങ്ങളില്‍ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി, മടയില്‍ചാമുണ്ഡി, കണ്ഠാകര്ണന് (ഘണ്ടാകര്ണന്) എന്നിവയും മലയര്‍ കെട്ടിയാടുന്ന തെയ്യങ്ങളില്‍പ്പെടുന്നു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വേലന്മാര് തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരില്‍നിന്ന് ഭിന്നരാണിവര്‍. 'തുളുവേല'ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാര്‍കുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികന്, ബപ്പിരിയന്‍, അയ്യപ്പന് തുടങ്ങി അനേകം തെയ്യങ്ങള്‍ വേലത്തെയ്യങ്ങളില്‍പ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികള്‍കൂടി പങ്കുകൊള്ളാറുണ്ട്.
അഞ്ഞൂറ്റാന്‍ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ വസതികള്‍. ഇവര്‍ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലന്‍ അഞ്ഞൂറ്റാന്‍ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മറ്റു വേലന്മാരുമായി ഇവര്‍ക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവര്‍കാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതന്‍, തുളുവീരന്‍ തുടങ്ങി ഏതാനും തെയ്യങ്ങള്‍ മാത്രമേ മുന്നൂറ്റാന്മാര് കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാര് മുത്തപ്പന് ദൈവത്തെ കെട്ടിയാടുമത്രെ.
ഹോസ്ദുര്‍ഗ്, തളിപ്പറമ്പ് താലൂക്കുകളില്‍ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരില്‍ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുര്‍ഗ് താലൂക്കിലെ ചിറവര്‍. മാവിലര്‍ കെട്ടിയാടാറുള്ള വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, കുറത്തി, കുറവന്‍, ഗുളികന്, കാപ്പാളത്തി ചാമുണ്ഡി, വേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലര്‍ ഈ തെയ്യങ്ങള്‍ക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രന്, വീരമ്പിനാര്‍ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.
ഏഴിമല, പെരുവാമ്പ, കുറ്റൂര്‍, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളില്‍ (കണ്ണൂര്‍ ജില്ലയില്‍) വസിക്കുന്ന ചിങ്കത്താന്മാര്‍ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങള്‍ തെയ്യം കെട്ടുവാന്‍ തുടങ്ങിയതെന്നും അവരില്‍ ചിലര്‍ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാര്‍കാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങള്‍ക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവര്‍ക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ ചിങ്കത്താന്മാര്‍ കെട്ടിയാടാറുണ്ട്.
കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് എന്നീ താലൂക്കുകളില്‍ കണ്ടുവരുന്ന കോപ്പാളര്‍ എന്ന വിഭാഗക്കാര്‍ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാര്‍ചാമുണ്ഡി, കുഞ്ഞാര്‍കുറത്തി, ധൂമാഭഗവതി, ഗുളിയന്‍, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങള്‍ കോപ്പാളരുടെ തെയ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ പുലയര്‍ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂര്‍വികരായ കാരണവന്മാരുടെയും മണ്മറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങള്‍ ധരിച്ചാടുന്നതില്‍ പുലയര്‍ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചന് (കാരികുരിക്കള്‍), മരുതിയോടന്‍ കുരിക്കള്‍, പനയാര്‍കുരിക്കള്‍, വെള്ളുക്കുരിക്കള്‍, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലന്‍കുരിക്കള്‍, വട്ട്യന്‍പൊള്ള എന്നീ തെയ്യങ്ങള്‍ ആ വിഭാഗത്തില്‍പ്പെടുന്നു. കൂടാതെ, പുലപൊട്ടന്‍, പുലഗുളികന്‍, കുട്ടിച്ചാത്തന്, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മല്‍ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കന്‍കരിയാത്തന്‍, ധര്‍മദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പന്, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളില്‍പ്പെടുന്നു.
ചടങ്ങുകളും അനുഷ്ഠാനങ്ങളും
തെയ്യാട്ടവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമുണ്ട്. പ്രാദേശികഭേദം മാത്രമല്ല സ്ഥാനങ്ങളുടെ വ്യത്യാസങ്ങളും കെട്ടിയാടുന്ന സമുദായങ്ങളുടെ വ്യത്യാസങ്ങളും അവയില്‍ വൈവിധ്യമുളവാക്കുന്ന ഘടകങ്ങളാണ്.
തെയ്യം കെട്ടുന്ന കോലധാരികളും നോറ്റിരിക്കുന്ന കോമരവും സ്ഥാനികരും വ്രതനിഷ്ഠയോടെയിരിക്കണം. കര്‍മസന്നദ്ധതയ്ക്കു വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുവാന്‍ വ്രതാനുഷ്ഠാനങ്ങള്‍ സഹായിക്കുമത്രെ. കോലക്കാരന് ദേവതാഭേദമനുസരിച്ച് മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ നിശ്ചിതകാലം വ്രതമെടുക്കും. 'ഒറ്റക്കോലം' തുടങ്ങിയ തീക്കോലങ്ങള്‍ക്കും ഭാരമേറിയ മുടി തലയില്‍ വഹിക്കേണ്ട തെയ്യങ്ങള്‍ക്കും മറ്റും കൂടുതല്‍ നാളുകള്‍ വ്രതമെടുത്തിരിക്കണം. വ്രതമെടുത്തിരിക്കുന്ന സമയത്ത് പ്രത്യേകം കെട്ടിയ കുടിലില്‍ വസിച്ച് ശുദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ് നിയമം. മത്സ്യമാംസാദികളെല്ലാം വര്‍ജിക്കണം. മദ്യം കഴിക്കുന്ന തെയ്യമാണെങ്കില്‍പ്പോലും തെയ്യാട്ടത്തിന്റെ കര്‍മാംശമായിട്ടേ മദ്യം കഴിക്കാവൂ.
തെയ്യാട്ടത്തിന് കോലധാരിയെ കുറേനാളുകള്‍ക്കു മുമ്പേ തീരുമാനിക്കും. ആ ചടങ്ങിന് 'അടയാളം കൊടുക്കല്‍' എന്നാണ് പറയുക. ദേവതാസ്ഥാനത്തിനു മുന്നില്‍വച്ചാണ് ആ ചടങ്ങ് നടത്തേണ്ടത്. വെറ്റിലയും അടയ്ക്കയും പണവും കോലക്കാരന് നല്കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേരു പറഞ്ഞ് ഏല്പിക്കണം. വ്രതമെടുക്കേണ്ട കോലമാണെങ്കില്‍ അതോടെ വ്രതാനുഷ്ഠാനവും ആരംഭിക്കണം.
കോലക്കാരും വാദ്യക്കാരും 'സ്ഥാന'ത്തെത്തിക്കഴിഞ്ഞാല്‍ വാദ്യങ്ങള്‍ കൊട്ടും. പടഹാദിയായിട്ടാണ് തെയ്യാട്ടച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. 'തെയ്യം കൂടല്‍' എന്നാണ് ഈ ചടങ്ങിന് പ്രാദേശികമായ വ്യവഹാരം. തോറ്റമുള്ള തെയ്യങ്ങളുടെ 'ഉച്ചത്തോറ്റം' സന്ധ്യയ്ക്കു മുമ്പായി നടത്തും. 'അന്തിത്തോറ്റം' സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകള്‍ക്കു 'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും.
തെയ്യങ്ങള്‍ക്ക് വേഷമണിയുവാന്‍ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയില്‍ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയില്‍നിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാല്‍, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങള്‍ പള്ളിയറയ്ക്കു മുമ്പില്‍ വന്ന ശേഷമാണ് മുടി വയ്ക്കുക. പള്ളിയറയ്ക്കു മുമ്പില്‍ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, 'വരവിളിത്തോറ്റം' പാടുവാന്‍ തുടങ്ങും. വച്ചുകെട്ടുവാന്‍ ശേഷിച്ച അണിയലങ്ങള്‍ അപ്പോള്‍ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദര്‍ഭത്തിലത്രെ. ഒടുവില്‍ മുകുരദര്‍ശനമാണ്. ദേവതാരൂപം കോലക്കാരന് കണ്ണാടിയില്‍ നോക്കിക്കാണുന്നു. താന്‍ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനില്‍ ജനിപ്പിക്കുവാന്‍ പ്രസ്തുത ചടങ്ങിനു കഴിയും. സ്ഥാനത്തു നിന്ന് കര്‍മി അരിയെറിയുന്നതും ആ സന്ദര്‍ഭത്തിലായിരിക്കും. അതോടെ കോലക്കാരന് തെയ്യമായി ഉറഞ്ഞുതുള്ളുവാന്‍ തുടങ്ങും. കുരുതിതര്‍പ്പണം ആ സന്ദര്‍ഭത്തില്‍ നടത്താറുണ്ട്.
തെയ്യം കെട്ടി പുറപ്പെട്ടാല്‍ നര്‍ത്തനവും കലാശാദികളും നടക്കും. അതുകഴിഞ്ഞാല്‍ ചില തെയ്യങ്ങള്‍ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം എന്നിവയെറിഞ്ഞ് അതിന്റെ ഗതിനോക്കുകയാണ് ആ ചടങ്ങ്. ചില തെയ്യങ്ങള്‍ പൊയ്മുഖം വെച്ചാടും. ചില തെയ്യങ്ങള്‍ക്ക് 'കലശം' ഉണ്ട്. കലാശത്തോടൊപ്പമോ അതിനുശേഷമോ ആണ് 'കലശമെഴുന്നള്ളിപ്പ്'. മദ്യം നിറച്ച മണ്‍കുംഭങ്ങളാണ് 'കലശം'. അനേകം കുംഭങ്ങള്‍ മേല്‍ക്കുമേലെവച്ച് കുരുത്തോലകൊണ്ട് അലങ്കരിച്ചിരിക്കും. അത് ഒരുക്കി വയ്ക്കുവാന്‍ കലശത്തറയുണ്ടാകും. കലശം തയ്യാറാക്കുകയും അത് തലയില്‍ എഴുന്നള്ളിക്കുകയും ചെയ്യേണ്ടത് തീയസമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. 'കലശക്കാരന്' എന്നാണ് അയാളെ വിളിക്കുക. അത് ആചാരപ്പേരാണ്. തെയ്യത്തിനഭിമുഖമായി നിന്നുകൊണ്ട്, തെയ്യത്തിന്റെ നര്‍ത്തനത്തിനനുഗുണമായി കലശക്കാരന് പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നള്ളിപ്പിന്റെ സ്വഭാവം.
തെയ്യങ്ങള്‍ക്ക് 'മുമ്പുസ്ഥാനം പറയുക' എന്നൊരു പതിവുണ്ട്. ദേവതകളുടെ ഉദ്ഭവചരിതങ്ങളും സഞ്ചാരകഥകളും സൂചിപ്പിക്കുന്ന സ്വഗതാഖ്യാന രീതിയിലുള്ള താളനിബദ്ധമായ ഗദ്യമാണ് മുമ്പുസ്ഥാനം. ചില തെയ്യങ്ങള്‍ക്ക് 'കുലസ്ഥാനം', 'കീഴാചാരം' എന്നിവ പതിവുണ്ട്. മുമ്പുസ്ഥാനത്തിന്റെ മട്ടിലുള്ളവതന്നെയാണിവയും. കീഴാചാരത്തിന് ചിലേടങ്ങളില്‍ 'സ്വരൂപവിചാരം' എന്നും പറയും. കേരളത്തിലെ പഴയ 'സ്വരൂപ'ങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് 'സ്വരൂപ വിചാരം'. വൈരജാതന്, ക്ഷേത്രപാലന് തുടങ്ങിയവയ്ക്ക് 'സ്വരൂപവിചാരം' പ്രധാനമാണ്.
ഭക്തജനങ്ങള്‍ക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂര്‍ത്തമാണ്. പ്രസാദമായി നല്‍കുന്നതാണ് 'കുറി'. ഭഗവതിമാര്‍ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പന്, വെളുത്തഭൂതം, ഊര്പ്പഴച്ചി, വേട്ടയ്ക്കൊരുമകന്‍ തുടങ്ങിയവര്‍ പ്രസാദമായി ഉണക്കലരിയാണ് നല്‍കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാര്‍ ഭസ്മം 'കുറി'യായി കൊടുക്കും. കുറികൊടുക്കുമ്പോള്‍ ഭക്തജനങ്ങള്‍ തെയ്യങ്ങള്‍ക്ക് പണം കൊടുക്കും. 'കുറി തൊടാന്‍ കൊടുക്കുക' എന്നാണ് ഇതിനു പറയുക. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാര് അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണര്‍ത്തിക്കും. അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ 'ഉരിയാട്ടു കേള്‍പ്പിക്കല്‍' എന്നും പറയാറുണ്ട്. തെയ്യങ്ങള്‍ക്കു നേര്‍ച്ചകള്‍ നല്കുന്ന പതിവുണ്ട്. കണ്ണ്, മൂക്ക്, ചെവി, കൈ, കാല് മുതലായ അവയവങ്ങളുടെ രൂപങ്ങളും ആള്‍രൂപങ്ങളും വെള്ളികൊണ്ടോ സ്വര്‍ണംകൊണ്ടോ നിര്‍മിച്ചുവച്ചിരിക്കും. കാവിലോ കഴകത്തിലോ കളിയാട്ടം നടക്കുമ്പോള്‍ ചെറിയ തുക കൊടുത്താല്‍ ഭക്തന്മാര്ക്ക് ഇവ ലഭിക്കും. അത് വാങ്ങി തെയ്യത്തിനു നേരിട്ടു സമര്‍പ്പിക്കാം. ഏതെങ്കിലും അവയവത്തിനോ ശരീരത്തിനു മൊത്തമായോ അസുഖമുണ്ടായാലാണ് ഇത്തരം നേര്‍ച്ചകള്‍ സമര്‍പ്പിക്കപ്പെടുന്നത്. സന്താനലഭ്യത്തിനുവേണ്ടി 'തൊട്ടിലും കുഞ്ഞും' (മാതൃക) സമര്‍പ്പിക്കുന്ന പതിവുമുണ്ട്. ഭഗവതിമാര്‍ക്കു നേര്‍ച്ചയായി പട്ട് ഒപ്പിക്കല്‍ നടത്തുന്നു. കോഴി, ആട് എന്നിവയെ ചില രൌദ്രദേവതമാര്‍ക്കു നേര്‍ച്ചയായി കൊടുക്കാറുണ്ട്. പന്തം വച്ചാടുന്ന തെയ്യങ്ങള്‍ക്ക് പന്തത്തിന് വെളിച്ചെണ്ണ കൊടുക്കുകയെന്നതും സാധാരണമാണ്.
കോഴിയറവ് പല തെയ്യങ്ങള്‍ക്കും പ്രധാനമാണ്. ശാക്തേയക്കാവുകളില്‍ അതിനു പ്രത്യേക സ്ഥാനമുണ്ടാകും. ചില കാവുകളില്‍ തെയ്യംതന്നെ കുരുതിതര്‍പ്പണം നടത്തും. 'കോഴിയും കുരുതിയും' വേണ്ടാത്ത തെയ്യങ്ങള്‍ക്ക് 'പാരണ'യ്ക്കുള്ള വസ്തുക്കള്‍ ഒരു വലിയ തട്ടിലാക്കി സമര്‍പ്പിക്കും. 'പാരണ'യില്ലാത്ത തെയ്യങ്ങള്‍ക്കാകട്ടെ ചന്ദനം, പണക്കിഴി, അരി, നാളികേരം, തണ്ണീനമൃത്, വെറ്റില, അടയ്ക്ക എന്നിവ ഒരു പാത്രത്തിലാക്കി സമര്‍പ്പിക്കുകയാണു വേണ്ടത്. മദ്യപിക്കുന്ന തെയ്യങ്ങള്‍ക്ക് മദ്യം നല്‍കും. മുത്തപ്പന്, കതിവന്നൂര്‍ വീരന് എന്നീ തെയ്യങ്ങള്‍ അതിനു ദൃഷ്ടാന്തമാണ്.
നായാട്ടു ദേവതകള്‍ക്ക് തെയ്യാട്ടത്തോടനുബന്ധിച്ച് നായാട്ടു നടത്തുകയെന്ന ചടങ്ങ് നിര്‍ബന്ധമാണ്. വ്രതമെടുത്ത കുറേപ്പേര് നായാട്ടു നടത്തി കൊണ്ടുവരുന്ന മാംസം തെയ്യത്തിനു കാഴ്ചവയ്ക്കണം. പിന്നീടതു പാകം ചെയ്ത് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കാം. വയനാട്ടു കുലവന് തെയ്യത്തിന് നായാട്ട് പ്രധാനമാണ്. ചില കാവുകളില്‍ 'മീനമൃതാ'ണ് തെയ്യത്തിനു കാഴ്ചയായി സമര്‍പ്പിക്കേണ്ടത്. വ്രതമെടുത്തു ശുദ്ധിയോടിരിക്കുന്ന കുറേപ്പേര് അടുത്തുള്ള പുഴയില്‍ ആഘോഷപൂര്‍വം ചെന്ന് മത്സ്യങ്ങളെ പിടിച്ചു കാഴ്ചയായി കൊണ്ടുവരും. കീഴറക്കോവിലകം, തിരുവര്‍കാട്ടുകാവ്, അഷ്ടമച്ചാല്‍ ഭഗവതിസ്ഥാനം എന്നിവിടങ്ങളില്‍ 'മീനമൃത്' പ്രധാനമാണ്.
തെയ്യം സമാപിക്കുന്ന ചടങ്ങിന് 'മുടിയെടുക്കല്‍' എന്നാണ് പേര്. അതിനുമുമ്പ് 'ആത്മം കൊടുക്കും'. കോലക്കാരനിലെ ദേവതാചൈതന്യം ദേവതാസ്ഥാനത്തേക്കുതന്നെ സമര്‍പ്പിക്കുന്നുവെന്നാണ് അതിലെ സങ്കല്പം. കര്‍മിയോടും കോമരത്തോടും ഭക്തജനങ്ങളോടും 'ആത്മം കൊടുക്കട്ടെ' എന്ന് ചോദിച്ചതിനുശേഷമാണ് തെയ്യങ്ങള്‍ വിടവാങ്ങുന്നത്.
അനുഷ്ഠാന നര്‍ത്തനം
വാദ്യം, ഗീതം (തോറ്റംപാട്ട്) എന്നിവ ചേര്‍ന്നുള്ള അനുഷ്ഠാന നര്‍ത്തനമാണ് തെയ്യം. ചെണ്ട, ഇലത്താളം, ചീനിക്കുഴല്‍ തുടങ്ങിയ വാദ്യങ്ങളുടെ താളമേളങ്ങള്‍ക്കനുഗുണമായാണ് തെയ്യങ്ങള്‍ ആടുന്നത്. പുലയരും മാവിലരും തുടി ഉപയോഗിക്കും. ഓരോ തെയ്യത്തിന്റെയും ഓരോ തോറ്റത്തിന്റെയും നര്‍ത്തനരീതിക്ക് വ്യത്യാസം കാണാം. നര്‍ത്തനങ്ങള്‍ക്കു പ്രത്യേക താളക്രമമുണ്ട്. ഉറഞ്ഞുതുള്ളുക, കാവിന്റെ (സ്ഥാനത്തിന്റെ) തിരുമുറ്റത്ത് പ്രത്യേക രീതിയില്‍ ആടുക, നര്‍ത്തനം ചെയ്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, പള്ളിയറയ്ക്കു നൃത്തപ്രദക്ഷിണം ചെയ്യുക, കലശത്തറയ്ക്കു ചുറ്റും നര്‍ത്തനം ചെയ്യുക, കലശമെഴുന്നള്ളിക്കുമ്പോള്‍ ലാസ്യം ചെയ്തുകൊണ്ട് നീങ്ങുക, വിവിധ കലാശങ്ങള്‍ ചവിട്ടുക എന്നീ പ്രകാരം വിവിധ നര്‍ത്തനരീതികള്‍ തെയ്യാട്ടത്തില്‍ പതിവുള്ളതാണ്. നര്‍ത്തനത്തിന്റെ താളവട്ടങ്ങള്‍ വായ്ത്താരിയായി പഠിക്കാറുണ്ട്. ദീര്‍ഘകാല പരിശീലനംകൊണ്ടു മാത്രമേ നല്ലൊരു കോലക്കാരനാകുവാന്‍ സാധിക്കൂ.
തെയ്യങ്ങളുടെ നൃത്തകലാശാദികള്‍ ചില പ്രത്യേക ആശയങ്ങളെ പ്രതിരൂപാത്മകമായി പ്രതിഫലിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. ഭഗവതി, കാളി, ഭദ്രകാളി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന തെയ്യങ്ങള്‍ക്ക് 'അസുരാട്ടക്കലാശം' എന്ന നര്‍ത്തനവിശേഷം പൊതുവേയുള്ളതാണ്. അസുരാന്തകിമാരാണ് ആ ദേവതമാരെന്നാണ് അതിന്റെ പിന്നിലുള്ള സങ്കല്പം. വലിയമുടി തെയ്യങ്ങള്‍ക്ക് ഉഗ്രതാണ്ഡവത്തെക്കാള്‍ ലാസ്യപ്രധാനമായ ചലനമാണ് കാണുക.
തെയ്യങ്ങള്‍ സംഘമായും ഒറ്റയ്ക്കും ആടും. പന്തം വച്ചാടുന്ന ചില തെയ്യങ്ങളുമുണ്ട്. ഉഗ്രദേവതകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. 'മേലേരി'(തീക്കൂമ്പാരം)യില്‍ വീഴുന്ന തെയ്യങ്ങളെയും കാണാം. 'ഒറ്റക്കോലം' എന്ന് വിശേഷിപ്പിക്കാറുള്ള വിഷ്ണുമൂര്ത്തിയും പൊട്ടന് തെയ്യവും തീയില്‍ വീഴുക പതിവാണ്. ഉച്ചിട്ട എന്ന തെയ്യം കനലില്‍ ഇരിക്കും. പന്തം വച്ചാടുന്ന തെയ്യങ്ങള്‍ രാത്രിയുടെ അന്ത്യയാമത്തിലാണ് പ്രായേണ പുറപ്പെടുന്നത്. കൈകളില്‍ പന്തങ്ങള്‍ വഹിച്ചുകൊണ്ടാടുന്ന തെയ്യങ്ങളുമുണ്ട്. മുച്ചിലോട്ടുഭഗവതി അതിനു തെളിവാണ്. വിരലുകളില്‍ പച്ചയോല ചുറ്റി തിരിവച്ച് തീകൊളുത്തി ഉഗ്രനര്‍ത്തനം ചെയ്യുന്ന തെയ്യമാണ് പുള്ളിബ്ഭഗവതി. തിരികള്‍ കടിച്ചുകൊണ്ട് നര്‍ത്തനം ചെയ്യുന്ന തെയ്യമാണ് കുണ്ഡോറച്ചാമുണ്ഡി. മുഖാവരണം അണിഞ്ഞും കൈകളില്‍ ഓലച്ചൂട്ടുകള്‍ കത്തിച്ചുപിടിച്ചും നര്‍ത്തനം ചെയ്യുന്ന തെയ്യങ്ങളാണ് മടയില്‍ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയവ.
പല തെയ്യങ്ങളും ആയുധങ്ങളെടുത്തുകൊണ്ടാണ് നര്‍ത്തനം ചെയ്യുന്നത്. ഭഗവതിമാരും വീരപുരുഷ സങ്കല്പത്തിലുള്ള തെയ്യങ്ങളും വാള്, പരിച എന്നിവ എടുക്കും. കതിവന്നൂര്‍ വീരന് തെയ്യത്തെപ്പോലുള്ള വീരന്മാര് പയറ്റുമുറകള്‍ പ്രകടിപ്പിക്കാറുണ്ട്. വാളും പരിചയും വിവിധങ്ങളായ ആകൃതികളില്‍ കാണാറുണ്ട്. ശൂലമാണ് ഗുളികന്റെ ആയുധം. പൊട്ടനും കുറത്തിയും ചെറിയ കത്തി കയ്യിലെടുക്കും. നായാട്ടുധര്‍മമുള്ള തെയ്യങ്ങള്‍ വില്ലും ശരവുമാണ് എടുക്കുന്നത്. വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്, മുത്തപ്പന്, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങള്‍ അതില്‍പ്പെടുന്നു. 'ഒപ്പനപ്പൊന്തി'എന്ന ആയുധമാണ് പെരുമ്പുഴയച്ചനും പൂമാരുതനും മറ്റും എടുക്കുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും ഇത്തരം ആയുധങ്ങള്‍ വച്ചു പൂജിക്കും. തെയ്യങ്ങള്‍ പുറപ്പെടുമ്പോള്‍ അവ 'സ്ഥാന'ത്തു നിന്നു കൊടുക്കുന്ന പതിവുണ്ട്.
ഉലക്ക കൈയിലേന്തി, നെല്ലുകുത്തുന്നതുപോലെ അഭിനയിച്ചുകൊണ്ട് ആടുന്ന തെയ്യമാണ് 'മോന്തിക്കോലം'. ചാമുണ്ഡി കുണ്ഡോറപ്പന്റെ ദാസിയായിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്ന രംഗമത്രെ അത്. പടയ്ക്കെത്തി ഭഗവതി കൈകളില്‍ ഉലക്ക, മുറം, ഏറ്റുകത്തി, അടിമാച്ചി (ചൂല്) തുടങ്ങിയ സാധനങ്ങള്‍ എടുക്കും.
ചതുര്‍വിധാഭിനയങ്ങളില്‍ ആംഗികാഭിനയം തെയ്യാട്ടത്തില്‍ കുറവാണ്. എങ്കിലും ചില തെയ്യങ്ങള്‍ക്ക് ആംഗികാഭിനയമുണ്ട്. ബാലിതെയ്യം പുറപ്പെട്ടാല്‍, ബാലിസുഗ്രീവയുദ്ധത്തെ ഓര്‍മിപ്പിക്കുന്ന ചില അഭിനയങ്ങള്‍ പതിവുണ്ട്. വിഷ്ണുമൂര്‍ത്തി തെയ്യമാകട്ടെ, ഹിരണ്യകശിപുവിനെ വധിച്ച നരസിംഹമൂര്‍ത്തിയുടെ ഭാവങ്ങള്‍ അഭിനയിച്ചുകാട്ടും. ദക്ഷയാഗം കഥയിലെ യാഗശാല തകര്‍ക്കുന്ന രംഗമാണ് വീരഭദ്രന് തെയ്യം അഭിനയത്തിലൂടെ കാട്ടുന്നത്.
മുഖത്തെഴുത്തും ചമയങ്ങളും
തെയ്യങ്ങളുടെ മുഖാലങ്കരണം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നീ രണ്ടു പ്രകാരമാണ്. കൂടാതെ, മെയ്യെഴുത്തുമുണ്ട്. ദേവതകളുടെ രൂപവൈവിധ്യത്തിന് ഈ അലങ്കരണങ്ങള്‍ ഹേതുകങ്ങളാകുന്നു. അരിച്ചാന്ത്, മഞ്ഞള്‍, കടും ചുവപ്പു മഷി, മനയോല, ചായില്യം മുതലായവയാണ് തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണരീതിക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും വ്യത്യാസം കാണും. വേലന്‍, കോപ്പളന്‍ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങള്‍ക്കെല്ലാം മുഖത്തു തേപ്പു മാത്രമേ പതിവുള്ളൂ. വണ്ണാന്മാരുടെ മുത്തപ്പന് തെയ്യം, കക്കരഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോന്‍ തെയ്യം തുടങ്ങിയവയ്ക്ക് മുഖത്തുതേപ്പു മാത്രമേ കാണാറുള്ളൂ. എന്നാല്‍, മറ്റു തെയ്യങ്ങള്‍ക്കെല്ലാം മുഖത്തെഴുത്തുണ്ടാകും.
മുഖത്തെഴുത്ത് പല പേരുകളിലാണ് അറിയപ്പെടുന്നത്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് 'കുറ്റിശംഖും പ്രാക്കും' എന്നു പറയുന്ന മുഖത്തെഴുത്താണുള്ളത്. വലിയമുടി വച്ചാടുന്ന തെയ്യങ്ങള്‍ക്കാണ് 'പ്രാക്കെഴുത്ത്' എന്ന പേരിലുള്ള മുഖത്തെഴുത്തു വേണ്ടത്. നരമ്പിന് ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ സ്ത്രീദേവതകളായ തെയ്യങ്ങള്‍ക്ക് 'വൈരിദളം' എന്ന മുഖത്തെഴുത്തായിരിക്കും. 'മാന്‍കണ്ണെഴുത്തു'ള്ള തെയ്യങ്ങളാണ് ചെമ്പിലോട്ടു ഭഗവതിയും മരക്കലത്തമ്മയും. 'മാന്‍കണ്ണും വില്ലുകുറിയും' എന്ന പേരിലുള്ള മുഖത്തെഴുത്തുള്ള തെയ്യമാണ് നാഗകന്നി. 'നരിക്കുറിച്ചെഴുത്താ'ണ് പുലിയുരുകാളി, പുളിക്കരിങ്കാളി എന്നീ തെയ്യങ്ങളുടേത്. കണ്ടനാര്കേളന്, വീരന് തുടങ്ങിയ തെയ്യങ്ങള്‍ക്ക് 'ഇരട്ടച്ചുരുളിട്ടെഴുത്താ'ണ് വേണ്ടത്. 'ഹനുമാന്‍കണ്ണിട്ടെഴുത്തു'ള്ള തെയ്യമാണ് ബാലി. പൂമാരുതന്‍, ഊര്പ്പഴച്ചി, കരിന്തിരി നായര്‍ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത് 'കൊടും പുരികം വച്ചെഴുത്ത്' എന്ന പേരില്‍ അറിയപ്പെടുന്നു. കൊടും പുരികവും കോയിപ്പൂവും എന്ന മുഖത്തെഴുത്ത് വിഷ്ണുമൂര്‍ത്തി തെയ്യത്തിനാണു കാണുന്നത്. വയനാട്ടു കുലവന് തെയ്യത്തിന് 'വട്ടക്കണ്ണിട്ടെഴുത്താ'ണ്. പുലിക്കണ്ടന്, പുലിയുരുകണ്ടന്‍ എന്നീ തെയ്യങ്ങള്‍ 'കുക്കിരിവാല് വച്ചെഴുത്തു'ള്ളവയത്രെ.
കതിവന്നൂര്‍ വീരന്, വെളുത്തദ്രുതം, തെക്കന്‍ കരിയാത്തന്‍, കന്നിക്കൊരു മകന് തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ അരിച്ചാന്തു തേയ്ക്കാറുണ്ട്. വയനാട്ടുകുലവന്‍, പൂമാരുതന്‍, ബാലി, കണ്ടനാര്‍ കേളന്, പുലിയുരുകാളി, പള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങള്‍ മഞ്ഞളാണ് ശരീരത്തില്‍ തേയ്ക്കുക. അരിച്ചാന്തും മഞ്ഞളും ചേര്‍ത്ത് ശരീരത്തില്‍ പൂശുന്ന തെയ്യങ്ങളാണ് മുത്തപ്പനും തിരുവപ്പനും. പള്ളിക്കരിവേടന്‍ തെയ്യത്തിന് അരിച്ചാന്തും കടും ചുവപ്പും മെയ്യെഴുതാന്‍ ഉപയോഗിക്കും. അങ്കക്കാരനാകട്ടെ കറുപ്പും ചുവപ്പും ശരീരത്തില്‍ തേയ്ക്കുന്നു. വേട്ടയ്ക്കൊരു മകന്, ഊര്പ്പഴച്ചി എന്നിവയ്ക്ക് പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവകൊണ്ട് ശരീരത്തിലെഴുതും. 'വരുന്തു വാലിട്ടെഴുത്ത്' എന്ന പേരിലുള്ളതാണ് ഇളം കരുമകന് തെയ്യത്തിന്റെ മെയ്യെഴുത്ത്.
മുടികള്‍, അണിയാഭരണങ്ങള്‍, ഉടയാടകള്‍ തുടങ്ങിയ ചമയങ്ങള്‍ തെയ്യങ്ങള്‍ക്കു രൂപവൈവിധ്യമുണ്ടാക്കുവാന്‍ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാല്‍ച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിര്‍മിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാര് തന്നെയാണു രൂപപ്പെടുത്തുന്നത്. 'മുടി'യാണ് തലച്ചമയങ്ങളില്‍ മുഖ്യം. വലിയമുടി, വട്ടമുടി, പീലിമുടി, തിരുമുടി, ചട്ടമുടി, കൊണ്ടല്‍മുടി, കൊടുമുടി, കൂമ്പുമുടി, കൊതച്ചമുടി, ഓങ്കാരമുടി, തൊപ്പിച്ചമയം, ഓലമുടി, ഇലമുടി, പൂക്കട്ടിമുടി എന്നിങ്ങനെ മുടികള്‍ പലവിധമുണ്ട്. മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങള്‍കൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകള്‍, പലനിറത്തിലുള്ള പട്ടുതുണികള്‍, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിര്‍മിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയില്‍പ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിന്‍പാള തുടങ്ങിയവ മുടികളുടെ നിര്‍മാണത്തിന് ഉപയോഗിക്കും.
തലച്ചമയങ്ങളില്‍പ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലര്‍, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കന്‍കാത്, ചെണ്ടെടത്താങ്ങി എന്നിവ. അരച്ചമയങ്ങള്‍ക്കും വൈവിധ്യമുണ്ട്. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങള്‍ക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പന്‍' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളില്‍ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലന്, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങള്‍ക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടന്, ഗുളികന് എന്നിവര്‍ക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാര്‍ക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂര്‍ത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകള്‍ക്ക് 'ചെണ്ടരയില്‍ക്കെട്ട്', 'അടുക്കും കണ്ണിവളയന്‍' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കള്‍ കാണാം. ചില തെയ്യങ്ങള്‍ക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്. കടകം, വളകള്‍, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാര്‍വട്ടവും തെയ്യങ്ങള്‍ ധരിക്കാറുണ്ട്. സ്ത്രീദേവതകളില്‍ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകള്‍ക്കു 'താടി' പതിവുണ്ട്. മുത്തപ്പന്, കണ്ടനാര്കേളന്, വയനാട്ടുകുലവന്‍ എന്നിവര്‍ക്ക് വെളുത്ത താടിയും പൂമാരുതന്‍, കതിവന്നൂര്‍ വീരന് തുടങ്ങിയവര്‍ക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലന്, ഘണ്ടാകര്ണന്, കുട്ടിച്ചാത്തന്, തിരുവപ്പന് തുടങ്ങിയ തെയ്യങ്ങള്‍ക്കു കറുത്ത തൂക്കുതാടിയാണ്.
പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങള്‍ക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങള്‍ നിര്‍മിക്കുന്നത്. ഗുളികന്, പൊട്ടന് എന്നീ തെയ്യങ്ങള്‍ക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കന്‍ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും.
തെയ്യാട്ടത്തിലെ ദേവതകള്‍
ആരാധനയുടെ ഒരു പ്രകാര ഭേദമാണ് തെയ്യാട്ടം. ശക്ത്യാരാധന, ശൈവാരാധന, ഭൂതാരാധന, നാഗാരാധന, മൃഗാരാധന, യക്ഷ-ഗന്ധര്‍വാദിപൂജ, വൈഷ്ണവാരാധന, പരേതാരാധന, വീരാരാധന തുടങ്ങിയ ആരാധനകളുടെ സവിശേഷതകള്‍ ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്.
'അമ്മദൈവ'ങ്ങള് തെയ്യാട്ടത്തിന്റെ രംഗത്തുണ്ട്. 'അമാനുഷ മാതൃദേവതാ പൂജ'യാണ് പില്ക്കാലത്ത് ശക്ത്യാരാധനയായി മാറിയതെന്ന് കരുതപ്പെടുന്നു. കാളിയും കാളിയുടെ സങ്കല്പഭേദങ്ങളുമായി അനേകം ദേവതകള്‍ തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭഗവതി, കാളിച്ചാമുണ്ഡി, ഈശ്വരി എന്നീ പൊതു പേരുകളിലുള്ള തെയ്യങ്ങളില്‍ മിക്കതും ശക്തിസ്വരൂപിണികളാണ്. ഈ ദേവതകളില്‍ നല്ലൊരു ഭാഗം 'അമ്മ'മാരുമാണ്. എങ്കിലും 'അമ്മ ദൈവ'(തായി)ങ്ങളില്‍ 'തായിപ്പരദേവത' എന്നു വിളിക്കപ്പെടുന്ന തിരുവാര്‍ക്കാട്ടു ഭഗവതി പ്രമുഖസ്ഥാനമലങ്കരിക്കുന്നു. കോലത്തിരിരാജാവിന്റെ മുഖ്യ ആരാധനാദേവത കൂടിയാണ് ഈ അമ്മ. ഈ അമ്മയെ 'മാടായിക്കാവിലച്ചി' എന്നു ഗ്രാമീണര്‍ വിളിക്കുന്നു. പരമേശ്വരന്റെ തൃക്കണ്ണില്‍നിന്നു ജനിച്ച 'തായി', ദാരികാന്തകിയാണ്. തായിപ്പരദേവതയ്ക്ക് അനേകം പേര് പകര്ച്ചകളുണ്ട്. 'കാളി' എന്നു പ്രത്യേകം പേര്ചൊല്ലി വിളിക്കുന്ന തെയ്യങ്ങളുണ്ട്. ഭദ്രകാളി, വീരര്‍കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടലഭദ്രകാളി, പുലിയുരുകാളി എന്നീ തെയ്യങ്ങള്‍ പ്രധാനപ്പെട്ടവയാണ്. ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്വീഴാതെ എഴുന്നേറ്റു കുടിക്കുകയും ചെയ്ത കാളിതന്നെയാണ് ചാമുണ്ഡി. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്തചാമുണ്ഡിയെന്നും രക്തേശ്വരിയെന്നും വിളിക്കുന്നത്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശപാതാളങ്ങളില്‍ അവരെ പിന്തുടര്ന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ട്. പാതാളത്തില്‍ പോയതു കൊണ്ടത്രെ പാതാളമൂര്ത്തി (മടയില്‍ ചാമുണ്ഡി) എന്നു വിളിക്കുന്നത്.
കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്നപോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകള്‍ മാത്രമല്ല ക്ഷേത്രപാലന്, വൈരജാതന്, വേട്ടയ്ക്കൊരുമകന്‍, പടവീരന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളില്‍ പങ്കെടുത്തവരത്രെ.
രോഗങ്ങള്‍ക്ക് ദേവതാസങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തില്‍ രോഗദേവതകളെ കാണാം. ഇവരില്‍ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാര്‍ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവന്, കണ്ഠാകര്ണന്, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരന്‍, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.
ആരിയര്‍നാട് തുടങ്ങിയ അന്യദേശങ്ങളില്‍നിന്നു മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളില്‍ ചിലത് തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍ ബപ്പിരിയന്‍, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങള്‍ 'മരക്കല ദേവത'മാരില്‍പ്പെടുന്നു.
നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തില്‍ നിലനില്ക്കുന്നു. നാഗകണ്ഠന്‍, നാഗകന്നി, നാഗക്കാമന്‍ (കുറുന്തിനിക്കാമന്‍) തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളില്‍ പുലിദൈവങ്ങള്‍ക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാര്വതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയുരുകണ്ണന്‍, പുള്ളിക്കരിങ്കാളി എന്നീ ദേവതകള്‍ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം. ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങള്‍ ശിവാംശഭൂതങ്ങളാണ്. ദുര്മൃതിയടഞ്ഞ പ്രേതപിശാചുക്കളില്‍ ചിലതും 'ഭൂത'മെന്ന വിഭാഗത്തില്‍ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളര്‍ഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.
'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തില്‍ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടില്‍ പറയുന്നുള്ളൂ. വേലന്മാര് കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാര് കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമന്, ഗന്ധര്വന് എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.
വനമൂര്‍ത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചില്‍, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവന് എന്നിങ്ങനെ ചില തെയ്യങ്ങള്‍ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടന്‍, പുള്ളിപ്പുളോന്‍ എന്നീ ദേവതകള്‍ കാവേരി മലയില്‍നിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പന്തെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലര്‍ കെട്ടിയാടുന്ന വീരഭദ്രന്, വീരമ്പിനാര്‍ എന്നീ തെയ്യങ്ങളും നായാട്ടുധര്‍മമുള്ളവരാകുന്നു. വേലന്മാര് കെട്ടിയാടുന്ന അയ്യപ്പന് തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉള്‍ക്കൊള്ളുന്ന തെയ്യങ്ങളാണ്.
കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ട ദേവതകളാണ് ഉര്‍വരദേവതകള്‍. കാലിച്ചേകോന്‍, ഉച്ചാര്‍ തെയ്യങ്ങള്‍ (പുലിത്തെയ്യങ്ങള്‍), ഗോദാവരി എന്നിവ ഉര്‍വരദേവതകളാണ്. ആയന്മാരോടുകൂടി പശുപാലകനായി നടന്ന ദൈവമത്രെ വണ്ണാന്മാര് കെട്ടിയാടുന്ന കാലിച്ചേകോന്‍ തെയ്യം. എന്നാല്‍, പുലയരുടെ കാലിച്ചേകോന്‍ തെയ്യം കൈലാസത്തില്‍നിന്ന് ഭൂമിയിലേക്കിറങ്ങിവന്ന ദേവതയാണ്.
മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂര്ത്തികള്'എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂര്ത്തികള്' പ്രശസ്തരാണ്. ഭൈരവന്, കുട്ടിച്ചാത്തന്, പൊട്ടന്, ഗുളികന്, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂര്ത്തികള്. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവന്. മലയരുടെ കരിങ്കുട്ടിച്ചാത്തന് ശിവാംശഭൂതമായ ദേവതയാണ്. എന്നാല്‍ പൂക്കുട്ടിച്ചാത്തന് വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടന്. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ പെരുവിരലില്‍നിന്നു പൊട്ടിപ്പിളര്‍ന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേല്‍ ഭഗവതി'യത്രെ. കുറത്തിയും മന്ത്രമൂര്‍ത്തികളില്‍പ്പെടും. കുഞ്ഞാര്‍കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കന്‍കുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയില്‍ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകര്‍ണനെ ചിലര്‍ മന്ത്രമൂര്‍ത്തിയായി ഉപവസിക്കുന്നു.
ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവസങ്കല്പത്തിലുള്ളവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. നരസിംഹാവതാരസങ്കല്പത്തിലുള്ള വിഷ്ണുമൂര്‍ത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാരസങ്കല്പത്തിലുള്ള അണ്ടലൂര്‍ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊര്‍പ്പഴച്ചിദൈവം വൈഷ്ണവാംശഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നെടുപാലിയന്‍ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേന്‍ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമന്, സീത എന്നിവരുടെ സങ്കല്പത്തില് മണവാളന്, മണവാട്ടി എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു.
പൂര്‍വികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യന് തെയ്യാട്ടത്തില്‍ ജീവിക്കുന്നു. മരണാനന്തരം മനുഷ്യന് ചിലപ്പോള്‍ ദേവതകളായി മാറുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം. കതിവന്നൂര്‍ വീരന്, കുടിവീരന്‍, പടവീരന്‍, കരിന്തിരിനായര്‍, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനന്, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയില്‍ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ അതിനു തെളിവാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. കുരിക്കള്‍ തെയ്യം, പൊന്ന്വന്‍ തൊണ്ടച്ചന്, വിഷകണ്ഠന്‍ എന്നീ തെയ്യങ്ങള്‍ അതിനു തെളിവാണ്. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ സങ്കല്പത്തിലുള്ള മുന്നായരീശ്വരന്‍, വാലന്തായിക്കണ്ണന്‍ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.
ദുര്മൃതിയടഞ്ഞ മനുഷ്യരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. കണ്ടനാര്കേളന്, പെരുമ്പുഴയച്ചന്‍, പൊന്മലക്കാരന്, കമ്മാരന് തെയ്യം, പെരിയാട്ടു കണ്ടന്, മലവീരന്‍ തുടങ്ങിയവ അതിനു തെളിവാണ്. പാമ്പുകടിയേറ്റ് തീയില്‍ വീണു മരിച്ച കേളനെ വയനാട്ടു കുലവനാണ് ദേവതയാക്കി മാറ്റിയത്. കിഴക്കന്‍ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണു മരിച്ച ഒരാളുടെ സങ്കല്പത്തിലുള്ള തെയ്യമാണ് പെരുമ്പുഴയച്ചന്‍. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊന്മലക്കാരന് തെയ്യവും കമ്മാരന് തെയ്യവും. ഭദ്രകാളിയാല്‍ നിഗ്രഹിക്കപ്പെട്ട ചിണ്ടനെ മലവീരന്‍ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ഒരു 'ചാത്തിര' നാണ് പാടാര്‍കുളങ്ങരവീരന്‍ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ഒരാളുടെ സങ്കല്പത്തിലുള്ളതത്രെ ഉതിരപാലന്‍ തെയ്യം. ദേവതകളുടെ കൈയില്‍പ്പെട്ടു മരണമടഞ്ഞ മനുഷ്യര്‍ ദേവതകളായിത്തീരുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം.
ഗുരുപൂജയിലും പരേതാരാധനയിലും പുലയര്‍ മുമ്പിലാണ്. അവരുടെ 'തൊണ്ടച്ചന് ദൈവ'ങ്ങളില്‍ പ്രമുഖന് പുലിമറഞ്ഞ ഗുരുനാഥനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയില്‍നിന്ന് ആള്‍മാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥന് തമ്പുരാക്കന്മാരുടെ നിര്‍ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാന്‍ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോള്‍ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാല്‍ പുലിവേഷത്തോടെ കാരിക്കുരിക്കള്‍ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാര്‍ കുരിക്കള്‍, വട്ടിയന്‍ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കള്‍, അമ്പിലേരി കുരിക്കള്‍, ചിറ്റോത്ത് കുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, വളയങ്ങാടന്‍ തൊണ്ടച്ചന് തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയര്‍ തെയ്യം കെട്ടിയാരാധിക്കുന്നു.
കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കു പുറമേ ഭവനംതോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതല്‍ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങള്‍ക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകള്‍ക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങള്‍ക്കില്ല. മഴ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലാണ് ഇത്തരം തെയ്യങ്ങള്‍ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാര്ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാണ് ഇത്. വേടന്, കര്‍ക്കടോത്തി, കന്നിമതെ, ഗളിഞ്ചല്‍, കലിയന്, കലിച്ചി തുടങ്ങിയവയാണ് കര്‍ക്കടകമാസത്തിലെ തെയ്യങ്ങള്‍. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദര്‍ശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.
തോറ്റംപാട്ടുകള്‍
തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകള്‍ക്ക് തോറ്റംപാട്ടുകള്‍ എന്നാണു പറയുന്നത്. വരവിളിത്തോറ്റം, സ്തുതികള്‍, കീര്‍ത്തനങ്ങള്‍, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പില്‍ത്തോറ്റം തുടങ്ങിയ ഘടകങ്ങള്‍ ഈ തോറ്റംപാട്ടുകള്‍ക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങള്‍ മുഴുവന്‍ കണ്ടുവെന്നുവരില്ല.
തെയ്യങ്ങള്‍ക്കു 'വരവിളി' പ്രധാനമാണ്. സുദീര്‍ഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങള്‍ക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താര്‍ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവര്‍ദ്ധിക്ക വാണരുളും വര്‍ധനയും... എന്നാടിയ ശേഷം
'വരിക വരിക വേണം (നരമ്പില്‍ ഭഗവതിയമ്മ)
നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു
നാലുഭാഗത്തും നാലുപൊന്നിന്‍ നന്താര്‍ വിളക്കുവച്ച്
നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്
................................................................................
ഞാന്‍ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേന്
ആദിമൂലമായിരിപ്പോരു പരദേവതേ
തോറ്റത്തെ കേള്‍ക്ക...'
എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങള്‍ക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളില്‍ സ്തുതികളും കീര്‍ത്തനങ്ങളും ഉള്‍പ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങള്‍ക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികള്‍ക്ക് ചിലപ്പോള്‍ തരഭേദം കാണാം.
സുദീര്‍ഘമായ കഥാഖ്യാനത്തിന് അഞ്ചടിയില്‍ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവര്‍ണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങള്‍. തോറ്റംപാട്ടെന്ന മഹാവിഭാഗത്തില്‍ത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങള്‍ കാണാം. കുട്ടിച്ചാത്തന്, ഭൈരവന്, ഗുളികന് തുടങ്ങിയ ദേവതകള്‍ക്കെല്ലാം മലയര്‍ ഇത്തരം തോറ്റങ്ങള്‍ പാടാറുണ്ട്.
'കറ്റ ചെഞ്ചിട മുടി
കരകണ്ടറ് മകന് പിള്ളെ
ഒറ്റക്കൊമ്പുടയവനേ
ഓമനയാം ഗണപതിയേ,
കാരെള്ളും പുതിയവില്‍തേങ്ങ
കരിമ്പും തേനിളന്നീരാലേ
കൈയാലേയെടുത്തുടനെ
വായാലെയമൃത് ചെയ്യോനേ'
എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങള്‍ക്ക് 'ഗണപതി തോറ്റ' മായി പാടി കേള്‍ക്കാറുണ്ട്.
തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കള്‍. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകള്‍ ധര്‍മദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്.
'പൊലിക പൊലിക ദൈവമേ
പൊലിക ദൈവമേ
എടുത്തുവച്ച നാല്‍കാല്‍ മണിപീഠം
പൊലിക ദൈവമേ
മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോല്‍
പൊലിക ദൈവമേ
കടഞ്ഞുവച്ച ഭിക്ഷാപൂരക്കോല്‍
പൊലിക ദൈവമേ'
എന്നാരംഭിക്കുന്ന പാട്ട് ഭൈരവന്‍തെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.
ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തില്‍ത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാല്‍ ചിലവയ്ക്ക് ഉറച്ചില്‍ത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്.
'അത്തിത്തുകിലുടുത്താടുമരന്‍ മകള്‍
മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ,
ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന
രക്തചാമുണ്ഡി നീ മുമ്പില്‍ വരികീശ്വരി
.................................................................
വാടാതെ നല്ല സ്തനം നല്ല നാസിക
ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ'
എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയര്‍) പാടാറുള്ള ഉറച്ചില് തോറ്റത്തിലുള്ളതാണ്.
ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. വര്‍ണനാപ്രധാനങ്ങളായ ഭാഗങ്ങള്‍ അവയില്‍ കുറവല്ല.
'കത്തും കനക സമാന്വിതമായൊരു
പുത്തന്‍ നല്ല കീരിടം ചാര്‍ത്തി
മെത്തു മതിന്നുടെ പുറമേ നല്ലൊരു
വ്യക്തമതായ പുറത്തട്ടതിനുടെ
ചുറ്റും പീലികള്‍ കെട്ടി മുറുക്കി
പട്ടുകള്‍ പലതരമായ നിറത്തൊടു
ദൃഷ്ടിക്കമൃതം കാണുന്തോറും
ശശധരശകല സഹസ്രം ചുറ്റും
സരസതരം നല്ലുരഗന്മാതം
................................................
തെളിവൊടു ചന്ദ്രക്കലയതു പോലെ
വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും'
എന്നീ വരികള്‍ അംബികയുടെ തിരുമിഴിയില്‍നിന്ന് ഉദ്ഭവിച്ച കാളി(ചാമുണ്ഡി)യുടെ രൂപവര്‍ണനയാണ്.
രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാല്‍ യുദ്ധവര്‍ണനകള്‍ സ്വാഭാവികമായും തോറ്റംപാട്ടുകളില്‍ കാണാം.
'അടികളാലെയടികള്‍ കെട്ടി
മുടിപിടിച്ചിഴക്കയും
മാര്‍വിടത്തില്‍മല്ലുകൊണ്ടു
കുത്തിയങ്ങു കീറിയും
ചോരയാറു പോലെയങ്ങു
മാര്‍വിടേ യൊലിക്കയും
കൈ തളര്‍ന്നു മെയ്കുഴഞ്ഞു
പോര് പറഞ്ഞങ്ങടുക്കയും
തള്ളിയുന്തിയിട്ടു ബാലി
സുഗ്രീവന്റെ മാറതില്‍
തുള്ളി വീണമര്‍ന്നു ബാലി
കണ്ടുരാമനപ്പൊഴെ'
എന്ന ഭാഗം ബാലിത്തോറ്റത്തിലെ ബാലിസുഗ്രീവയുദ്ധ വര്‍ണനയാണ്. ദുഃഖഭാവം ആവിഷ്കരിച്ച ഭാഗങ്ങളും തോറ്റംപാട്ടിലുണ്ട്. മാക്കഭഗവതിത്തോറ്റം, കതിവന്നൂര്‍വീരന്‍തോറ്റം, ബാലിത്തോറ്റം തുടങ്ങിയവയില്‍ കരുണരസപ്രധാനമായ ഭാഗങ്ങള്‍ കാണാം.
ഭക്തിയും വിശ്വാസവും സാമാന്യജനങ്ങളില്‍പ്പോലും വളര്‍ത്തുവാന്‍ തെയ്യാട്ടത്തിലൂടെ സാധിക്കുന്നു. തോറ്റംപാട്ടുകള്‍ ഒരതിര്‍ത്തിയോളം ഇതിനു സഹായകമാണ്.
'പുലി മുതുകേറി പുലിവാല് പിടിച്ചുടന്
പ്രത്യക്ഷമാകിയ പരദേവതേ തൊഴാം
എള്ളിലെ എണ്ണപോല്‍ പാലിലെ വെണ്ണപോല്
എല്ലാടവും നിറഞ്ഞകമായി നില്പ്പവന്
വന്ദിച്ചവര്‍ക്കു വരത്തെ കൊടുപ്പവന്‍
നിന്ദിച്ചവരെ നിറം കൊടുത്തീടുവോന്‍'
എന്നിങ്ങനെയുള്ള സ്തുതികള്‍ ആ ധര്‍മമാണ് നിര്‍വഹിക്കുന്നത്.
രോഗപീഡകൊണ്ട് ഉഴലുന്നവരുടെ ആത്മനിവേദനങ്ങളും തോറ്റംപാട്ടുകളില്‍ കാണുവാന്‍ കഴിയും. ആത്മജ്ഞാനം പകരുവാന്‍ ശക്തങ്ങളായ ഭാഗങ്ങളും കുറവല്ല. പൊട്ടന് തെയ്യത്തിന്റെ തോറ്റം വേദാന്തതത്ത്വങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
പ്രാചീനകാലത്തെ ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, വിനോദങ്ങള്‍, ദായക്രമം, ജനനം മുതല്‍ മരണപര്യന്തമുള്ള സംസ്കാരച്ചടങ്ങുകള്‍, ആരാധന, തൊഴില്‍, ഉത്പാദനപ്രക്രിയ തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയുവാന്‍ തെയ്യാട്ടത്തിനു പാടുന്ന പാട്ടുകള്‍ സഹായിക്കുന്നു. സാമൂഹിക രംഗത്തുണ്ടായ നീചവും ക്രൂരവുമായ എത്രയോ സംഭവങ്ങള്‍ തെയ്യങ്ങള്‍ക്കു പശ്ചാത്തലമായുണ്ട്. ദുഷ്പ്രഭുതയുടെ കെടുതികള്‍ക്ക് ഉദാഹരണമാണ് ചില തെയ്യങ്ങളുടെ പശ്ചാത്തല കഥകള്‍. ജാതിവൈകൃതത്തിന്റെയും അയിത്താചാരങ്ങളുടെയും അര്‍ഥശൂന്യതയാണ് ചില തെയ്യങ്ങള്‍ വ്യക്തമാക്കുന്നത്.
തെയ്യങ്ങള്‍ക്കു പശ്ചാത്തലമായുള്ള പുരാവൃത്തങ്ങള്‍ പഠനാര്‍ഹങ്ങളാണ്. ഈ മിത്തുകള്‍ മിക്കതും ദേവീദേവന്മാരുടെയും മറ്റ് അലൗകികശക്തികളുടെയും ഉദ്ഭവം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെടുന്നു.
തെയ്യങ്ങളെ സംബന്ധിച്ച മിത്തുകളെല്ലാം പാവനങ്ങളാണ്. അദ്ഭുതവും വൈവിധ്യവും നിറഞ്ഞ അനേകം ദേവതകള്‍ തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദേവതകളുടെ പിറവി, സഞ്ചാരം, വീരമരക്കലയാത്ര, മാന്ത്രികരുമായുള്ള ശക്തിപരീക്ഷ, ദേവതകളുടെ ഭരണം, അവരുടെ അമാനുഷികത, വീരനായാട്ട് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടവയാണ് തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍.
ഐതിഹ്യങ്ങളെയും മിത്തുകളെയും വേര്‍തിരിക്കുവാന്‍ പ്രായോഗികമായി വിഷമമുണ്ട്. ചരിത്രപരമായ ചില വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതും വ്യക്തികളെ സംബന്ധിക്കുന്നതുമായ ഉപാഖ്യാനങ്ങളില്‍ നിന്നുമുണ്ടായ ഐതിഹ്യങ്ങള്‍ മിത്തായിട്ടു പരിഗണിക്കപ്പെടുന്നു. കടാങ്കോട്ടുമാക്കം, മുച്ചിലോട്ടുഭഗവതി, മനയില്‍ഭഗവതി, തോട്ടുംകരഭഗവതി, ചേരമാന്‍കെട്ടില്‍നായര്‍, വിഷകണ്ഠന്‍, പൊന്ന്വന്‍ തൊണ്ടച്ചന്, കുരിക്കള്‍, മുരിക്കഞ്ചേരികേളു തുടങ്ങിയവരുടെ ചരിതങ്ങള്‍ ഐതിഹ്യമെന്ന നിലയില്‍ പ്രശസ്തങ്ങളാണെങ്കിലും അവയെ ഐതിഹ്യപുരാവൃത്തങ്ങളായി പരിഗണിക്കുന്നതാണു നല്ലത്.
ഇതിഹാസ-പുരാണ കഥാപാത്രങ്ങളായ ചില തെയ്യങ്ങളുടെ പശ്ചാത്തലമായ പുരാവൃത്തങ്ങള്‍ പ്രഖ്യാതമായ ചരിതങ്ങളില്‍ നിന്നു വ്യത്യസ്തമായാണു കാണപ്പെടുന്നത്. ക്ഷേത്രപാലന്, വൈരജാതന്, വേട്ടയ്ക്കൊരുമകന്‍, കാളി, ചാമുണ്ഡി ബാലി തുടങ്ങിയ തെയ്യങ്ങളുടെ മിത്തുകള്‍ അതാണു വ്യക്തമാക്കുന്നത്. ഈ തെയ്യങ്ങളുടെ 'മേല്‍ലോക' ചരിതത്തേക്കാള്‍ 'കീഴ്ലോക' ചരിതമാണ് കൂടുതല്‍ ശ്രദ്ധേയം. പല ദേവതകള്‍ക്കും മാനുഷികത കൈവന്നിട്ടുണ്ട്.
ദിവ്യതയുള്ള വ്യക്തികളെയും അര്‍ധദൈവികതയുള്ള വീരന്മാരെയും പറ്റിയുള്ള ചരിതങ്ങള്‍ പുരാവൃത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്. പരിശുദ്ധകളായ സ്ത്രീരത്നങ്ങളും വീരന്മാരായ പുരുഷകേസരികളും മരണാനന്തരം ദേവതകളായി മാറുമെന്ന വിശ്വാസത്തിന് തെയ്യങ്ങളില്‍ അനേകം ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. മണ്മറഞ്ഞ പൂര്വികന്മാരുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഒരുതരം പുരാവൃത്തങ്ങള്‍ (ഇസ്കാടോലോജിക്കല്‍ മിത്ത്) വീരപുരാവൃത്തങ്ങളില്‍പ്പെടും. ടോറ്റമിക് മിത്തോളജിയും ചിലപ്പോള്‍ ഈ വിഭാഗത്തില്‍പ്പെടാം. പ്രാകൃതവര്‍ഗക്കാര്‍ക്കിടയില്‍ വീരന് മൃഗരൂപത്തിലായിരിക്കുമെന്നും ആവശ്യമുളളപ്പോള്‍ വേഷം മാറുവാന്‍ കഴിയുമെന്നും പറയാറുണ്ട്. പുലയരുടെ തെയ്യമായ പുലിമറഞ്ഞ തൊണ്ടച്ചന് അതിനു തെളിവത്രെ.
(എം.വി. വിഷ്ണു നമ്പൂതിരി)
അവസാനം പരിഷ്കരിച്ചത് : 6/19/2020
ഉദ്യോഗാർഥികളെയും തൊഴിൽദായകരെയും പരസ്പരം ബന്ധിപ്പി...
പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താ...
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...
കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ ...