പാമ്പാട്ടികളുടെയും ദുര്മന്ത്രവാദികളുടെയും സതിയുടെയും അപരിഷ്കൃതനാട് എന്നായിരുന്നു ഏതാണ്ട് 70-80 കൊല്ലം മുമ്പുവരെ ഭാരതത്തെ പലരും വിശേഷിപ്പിച്ചിരുന്നത്. വിദേശികളുടെ വരവോടുകൂടിയാണ് ഇവിടെ സംസ്കാരം തഴച്ചുവളര്‍ന്നതെന്നും അവര്‍ പ്രചരിപ്പിച്ചു. സിന്ധുനദി ഒഴുകുന്ന പ്രദേശത്തു നിന്നും മഹത്തായ ഒരു സംസ്കാരത്തെ സൂചിപ്പിക്കുന്ന അവശിഷ്ടങ്ങള്‍ വെളിച്ചത്തുവന്നത് 1921-ലാണ്. അതോടെ ഈജിപ്തിലെ നൈല്‍ നദീതടവും മെസപ്പൊട്ടോമിയയിലെ യൂഫ്രട്ടീസ്- ടൈഗ്രീസ് നദീതടങ്ങളും പോലെ സിന്ധുനദീതടവും മനുഷ്യ സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്നെന്ന് ലോകത്തിനു വിശ്വസിക്കേണ്ടിവന്നു. ആ മഹത്തായ സംസ്കാരത്തെ അടുത്തറിയാം.
ക്രിസ്തുവിന് മുന്‍പ് 2700-1750 വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് ഈ നാഗരികത നിലനിന്നിരുന്നത്. അതായത് ആര്യന്മാര് വരികയും തങ്ങളുടെ വൈദിക സംസ്കാരം ഇവിടെ കെട്ടിപ്പടുക്കുകയും ചെയ്തതിന്റെ 1500 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്. ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമിച്ച, ഏറ്റവും വലിയ സംസ്കാരമായിരുന്നു സിന്ധുനദീതടത്തിലേത്. നൈല്‍ നദീതട സംസ്കാരത്തിന്റെ ഇരട്ടിയും യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതട സംസ്കാരത്തിന്റെ നാലിരട്ടിയോളവും വിസ്താരമായ പ്രദേശത്താണ് (അഞ്ചുലക്ഷം ചതുരശ്ര കിലോമീറ്റര്‍) സിന്ധുനദീതട സംസ്കാരം പണിതുയര്‍ത്തിയിരിക്കുന്നത്. മൂവായിരം കൊല്ലം മുന്‍പ് അത് നശിച്ചു മണ്ണടിയുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ ലാഹോറില്‍ നിന്ന് മുള്‍ട്ടാനിലേയ്ക്കുള്ള റെയ്ല്‍പ്പാത നിര്‍മിക്കുന്നതിനായി മണ്ണൊരുക്കുന്നതിനിടെ 1921-ലാണ് ഈ സംസ്കാരത്തിന്റെ ആദ്യ തെളിവുകള്‍ പുറത്തുവരുന്നത്. ജോണ്‍ മാര്‍ഷല്‍ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1920-ല്‍ തന്നെ ഇന്ത്യയില്‍ ഒരു പുരാവസ്തു വകുപ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്.ഡി. ബാനര്‍ജി, എം.എസ്. വത്സ എന്നിവരുടെ സഹായത്തില്‍ നടന്ന ഉത്ഖനനത്തിലൂടെയാണ് മഹാനാഗരികതയുടെ രഹസ്യംപുറത്തുവന്നത്. മണ്ണിനു മുകളില്‍ ഉയര്ന്നുനില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളും പിരമിഡുകള്‍ പോലുള്ള കുടീരങ്ങളും സിന്ധുനദീതടത്തിലില്ല. പകരം മണ്ണടിഞ്ഞ നഗരങ്ങളുടെ അവശിഷ്ടങ്ങളേയുള്ളൂ. അതാണ് മഹത്തായ ഈ സംസ്കാരം വെളിപ്പെടാന്‍ ഇത്രയും വൈകിയത്. സൈന്ധവ സംസ്കാരത്തിന്റെ സവിശേഷതകള്‍ ഓലയിലോ കടലാസിലോ എഴുതുകയോ കല്ലില്‍ കൊത്തിവയ്ക്കുകയോ ചെയ്തിരുന്നില്ല. അവിടെ നിന്നും കിളച്ചെടുത്ത ആയുധങ്ങള്‍, പാത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു തെളിവുകള്‍ എന്നിവയില്‍ നിന്നാണ് മഹത്തായ ഈ ചരിത്രത്തിന്റെ കഥ നാം വായിച്ചെടുത്തത്.
ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയ ഈ നഗരം ഇന്നത്തെ നഗരാസൂത്രണത്തെക്കൂടി അമ്പരപ്പിക്കുന്നത്ര വിദഗ്ധമായി രൂപകല്‍പ്പന ചെയ്തവയായിരുന്നു. ഈ ആസൂത്രണ മികവാണ് സൈന്ധവ നാഗരികതയെ ലോകോത്തരമാക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും അപ്പോഴും മനുഷ്യന് ഗുഹകളിലാണ് താമസിച്ചിരുന്നതെന്ന കാര്യം കൂടി മനസിലാക്കുമ്പോഴാണ് ഈ നാഗരികതയുടെ മഹത്വം നമ്മില്‍ അഭിമാനം നിറയ്ക്കുന്നത്.
സൗന്ദര്യത്തേക്കാള്‍ പ്രയോജനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിര്‍മാണ രീതിക്കാണ് ഈ നഗരത്തിന്റെ ശില്‍പ്പികള്‍ മുന്‍ഗണന നല്‍കിയത്. മോഹന്‍ജദാരോവിലെയും ഹാരപ്പയിലെയും നഗരങ്ങളുടെ നിര്‍മാണരീതി ഏറെക്കുറെ സമാനമാണ്. തെരുവുകള്‍, ഇടവഴികള്‍, വീടുകള്‍, താമസസ്ഥലങ്ങള്‍ എന്നിവയെല്ലാം സമതുലിതമായ രീതിയിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ചുട്ടെടുത്ത ഇഷ്ടികകള്‍ കൊണ്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഒരു സാധാരണ വീടിന് നടുമുറ്റവും ആറോളം മുറികളും കുളി മുറിയും കക്കൂസും അടുക്കളയും കിണറും മികവുറ്റ ഒരു അഴുക്കുചാല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓവുചാലുകള്‍ ഇഷ്ടിക കൊണ്ടോ ചെത്തുകല്ലുകള്കൊണ്ടോ മൂടിയിരുന്നു. വലിയ വീടുകള്‍ക്കാകട്ടെ രണ്ടു നിലയിലായി 30 ഓളം മുറികളും ഉണ്ടായിരുന്നു. പല വലിപ്പത്തിലുള്ള പലതരം വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഒറ്റമുറിക്കുടിലുകള്‍ ഇരുമുറിപ്പാര്പ്പിടങ്ങള്, പല മുറികളും തട്ടുകളുമുള്ള മാളിക വീടുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.
സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, വെങ്കലം, വെളുത്തീയം, കാരീയം എന്നീ ലോഹങ്ങളാണ് സൈന്ധവ ജനത ഉപയോഗിച്ചിരുന്നത്. ഒരു ഇരുമ്പായുധങ്ങള്‍ പോലും അവിടത്തെ ഉത്ഖനനത്തില്‍ കണ്ടെത്തിയിട്ടില്ല. ചെമ്പും വെങ്കലവും ഉപയോഗിച്ചുള്ള മഴു, കഠാര, അമ്പും വില്ലും, ഗദ, കവണ തുടങ്ങിയവയെല്ലാം അവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സൈന്ധ വരുടെ ആയുധങ്ങള്‍ക്ക് ഉറപ്പോ ഉപരോധ സ്വഭാവമോ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ സമാധാനപ്രിയരായിരുന്നു എന്ന് ചരിത്ര ഗവേഷകര്‍ വിലയിരുത്തുന്നു.
സിന്ധുനദി ഒഴുക്കിക്കൊണ്ടുവരുന്ന ഫലഭൂയിഷ്ഠമായ നനവാര്‍ന്ന എക്കല്മണ്ണില് ആണ് സൈന്ധവര്‍ കൃഷി ചെയ്തിരുന്നത്. ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, പയര്‍, എള്ള്. തണ്ണിമത്തന്, പന, വാഴ മുതലായവയായിരുന്നു പ്രധാന കാര്‍ഷിക വിളകള്‍. സിന്ധുനദീതട പ്രദേശത്ത് നെല്‍ കൃഷിയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഗുജറാത്തിലെ ലോത്തലിലും രംഗ്പൂരിലും കളിമണ്പാത്രശകലങ്ങളില് നെല്ലിന്റെ ഉമി പറ്റിപ്പിടിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടുപക്ഷിയായി കോഴിയെ വളര്‍ത്തിയിരുന്നു. കോലാട്, ചെമ്മരിയാട്, പോത്ത് എന്നിവയെയെല്ലാം ഇണക്കി വളര്‍ത്തി. മോഹന്ജദാരോവില് നിന്നും കിട്ടിയ ഒരു കളി മണ്ണടരില് പൂച്ചയുടെയും നായയുടെയും കാലടയാളം പതിഞ്ഞിട്ടുണ്ട്. ഇതില്‍നിന്നും ഇവയെല്ലാം ഇവര്‍ ഇണക്കിവളര്‍ത്തിയിരുന്നു എന്നു മനസിലാക്കാം. ചുമട്ടു മൃഗങ്ങളായി ഒട്ടകത്തെയും കഴുതയെയും ഉപയോഗിച്ചു. എന്നാല്‍ കുതിരയെപ്പറ്റി ഒരു സൂചനയുമില്ല. ഒരേ സ്ഥലത്തു നിരന്തരമായി കൃഷിചെയ്തതു കാരണം വളക്കൂറു നഷ്ടപ്പെട്ട് തരിശായത് ഈ സംസ്കാരത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ടാവാം.
ഹാരപ്പ
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തെ മോണ്ട്ഗോമറി ജില്ലയിലാണ് ഹാരപ്പ. മോഹന്ജദാരോവിനോളം തന്നെ വിസ്തൃതമായ പ്രദേശത്താണ് ഈ കേന്ദ്രവും പണിതുയര്‍ത്തപ്പെട്ടത്. ആസൂത്രണവും അതുപോലെതന്നെ. മോഹന്ജദാരോവില് ഓരോ വീടിനും ഓരോ കിണറുണ്ടായിരുന്നെങ്കില്‍ ഹാരപ്പയില്‍ ഓരോ ഇടവഴിയും തുടങ്ങുന്നിടത്ത് ഒരു പൊതുകിണറായിരുന്നു എന്ന വ്യത്യാസം മാത്രം.
<ആദ്യത്തെ സിന്ധുനദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയ പുരാവസ്തു ഗവേഷകന് – ദയാറാം സാഹ്നി (1921ല്‍)
<ഏറ്റവും വലിയ സിന്ധുനദീതട സംസ്കാര കേന്ദ്രം – ഹാരപ്പ
<മോഹന്ജദാരോ കണ്ടെത്തിയത് – ആര്.ഡി. ബാനര്‍ജി (1922ല്‍)
<ലോകത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചവര്‍ – സിന്ധുനദീതട നിവാസികള്‍
<മോഹന്ജദാരോ സ്ഥിതിചെയ്യുന്നത് – പാക്കിസ്ഥാനിലെ ലാര്ഖാന ജില്ലയില്‍
<ഹാരപ്പയുടെ പുരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പാക്കിസ്ഥാനിലെ ജില്ല – മോണ്ട്ഗോമറി ജില്ല
<സിന്ധുനദീതട സംസ്കാരത്തിലെ ഏറ്റവും പ്രധാന കേന്ദ്രം – ഹാരപ്പ
<സിന്ധുനദീതട സംസ്കാരകേന്ദ്രത്തിന് ആ പേര് നിര്‍ദേശിച്ച പുരാവസ്തു ശാസ്ത്രജ്ഞന് – സര് ജോണ്‍ മാര്‍ഷല്‍
<ഇന്ത്യന്‍ പുരാസവസ്തു ഗവേഷണ കേന്ദ്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത് – അലക്സാണ്ടര്‍ കണ്ണിങ് ഹാം
<മരിച്ചവരുടെ കുന്ന് അല്ലെങ്കില്‍ സ്ഥലം എന്നറിയപ്പെടുന്ന സിന്ധുനദീതട സംസ്കാരകേന്ദ്രം – മോഹന്ജദാരോ
<സിന്ധുനദീതട നാഗരികതയിലെ പ്രധാന നഗരങ്ങള്‍ – ഹാരപ്പ, മോഹന്ജദാരോ, ലോഥല്‍, കാലിബംഗന്‍
<ധോളവീര വെളിച്ചത്തു കൊണ്ടുവന്ന പുരാവസ്തു ഗവേഷകര്‍ – ആര്.എസ്. ദീക്ഷിത്
<ധോളവീരയുടെ സ്ഥാനം – ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനടുത്ത്
<സിന്ധുനദീ തടവാസികള്‍ ആരാധിച്ചിരുന്ന പുരുഷ, സ്ത്രീ ദൈവങ്ങള്‍ – പശുപതിയും മാതൃദേവതയും
<സിന്ധുനദീ തടനിവാസികള്‍ ആരാധിച്ചിരുന്ന മൃഗം – കാള
<പരുത്തി കൃഷിക്ക് തുടക്കമിട്ടവര്‍ – ഹാരപ്പന്‍ ജനത
<വിഖ്യാതമായ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ശില്‍പ്പം കണ്ടെടുത്തത് – മോഹന്ജദാരോവില് നിന്ന്
സൈന്ധവ സംസ്കാരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തിരുശേഷിപ്പുകള്‍ രണ്ടായിരത്തോളം വരുന്ന മുദ്രകളാണ്. ലോകമെമ്പാടുമുള്ള ചരിത്രാന്വേഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയെങ്കിലും ഇതുവരെ ഈ അക്ഷരപ്പൂട്ടു തുറയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സുമേറിയന്‍ ക്യൂണിഫോം, ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫിക്സ്, ഇന്ത്യന്‍ താന്ത്രിക ചിഹ്നങ്ങള്‍ എന്നിവയെല്ലാമായി ഇതിനെ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇതു വായിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കച്ചവടക്കണക്കുകളും മറ്റു രേഖകളുമായിരിക്കണം ഈ മുദ്രകള്‍ എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
വര്ണവിവേചനമില്ലാതിരുന്ന ജനത
സൈന്ധവ സമൂഹത്തില്‍ വര്‍ണാടിസ്ഥാനത്തിലുള്ള വിഭജനം ഉണ്ടായിരുന്നില്ല. എന്നാല്‍ അക്കാലത്ത് പലതരം ജനവിഭാഗങ്ങള്‍ ഉണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്. പുരോഹിതന്മാര്, ഭിഷഗ്വരന്മാര്, ജ്യോതിഷികള്‍ എന്നിവരടങ്ങുന്ന ഒരു വിഭാഗവും പോരാളികള്‍ (ണമൃൃശീൃ)െ, കച്ചവടക്കാര്‍, കൈവേലക്കാര്‍, കലാകാരന്മാര് തുടങ്ങിയ രണ്ടാമതൊരു വിഭാഗവും തൊഴിലാളികളായ മൂന്നാമത്തെ വിഭാഗവുമായി സമൂഹം വിഭജിക്കപ്പെട്ടിരുന്നു.
ഓര്‍മിക്കാന്‍
<ഹാരപ്പന്‍ മുദ്രകളും ദശാംശസമ്പ്രദായത്തെക്കുറിച്ചുള്ള അറിവും അളവു-തൂക്കങ്ങളും ഹാരപ്പന്‍ ജനത അഭ്യസ്തവിദ്യരായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
<സൈന്ധവ ജനത മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നു. മരിച്ചവരുടെ ശരീരം കുഴിച്ചിടുക, പക്ഷിമൃഗാദികള്‍ക്ക് ഭക്ഷിക്കാനായി സമര്‍പ്പിക്കുക, ശവശരീരത്തോടൊപ്പം വീട്ടുപകരണങ്ങളും ആഭരണങ്ങളും അടക്കം ചെയ്യുക എന്നീ രീതികളെല്ലാം നിലവിലുണ്ടായിരുന്നു.
<ഹാരപ്പന്‍ കാലഘട്ടത്തിലെ പ്രധാന തുറമുഖം – ലോഥല്‍ (ഗുജറാത്ത്). ഇവിടെ കപ്പല്‍ ഉണ്ടാക്കാനും നന്നാക്കാനും വേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.
<ഹാരപ്പന്‍ സംസ്കാര കാലഘട്ടത്തിലെ ഏറ്റവും വലിയ നഗരം – ധൗലാവീര് (ഗുജറാത്ത്)
<ഹാരപ്പന്‍ നാഗരികത കണ്ടെത്തിയത് – ദയാറാം സാഹ്നി (1921)
<ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ധുനദീതട സംസ്കാര കേന്ദ്രങ്ങള്‍ കണ്ടെത്തിയ സംസ്ഥാനം – ഗുജറാത്ത്
<കാലിബംഗാന്‍ എന്ന സിന്ധുനദീതട സംസ്കാര കേന്ദ്രം കണ്ടെത്തിയ സംസ്ഥാനം – രാജസ്ഥാന്
<ലോത്തല്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം – ഗുജറാത്ത്
<മഹത്തായ പത്തായപ്പുര, മഹത്തായ നീന്തല്‍കുളം എന്നിവ സ്ഥിതിചെയ്യുന്ന സിന്ധുനദീതട സംസ്കാര കേന്ദ്രം – മോഹന്ജദാരോ
<സിന്ധുനദീതട സംസ്കാര കാലത്ത് പരിചിതമല്ലാതിരുന്ന ലോഹം – ഇരുമ്പ്
<സിന്ധുനദീതട നിവാസികള്‍ക്ക് പരിചിതമില്ലാതിരുന്ന മൃഗം – കുതിര
<സിന്ധു സംസ്കാര ജനതയുടെ മുഖ്യ ഭക്ഷണം – ഗോതമ്പ്
<ലോഥല്‍ കണ്ടെത്തിയ പുരാവസ്തു ഗവേഷകന് – എസ്.ആര്. റാവു (1955 ല്‍)
<ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ഹാരപ്പാ സംസ്കാര പ്രദേശവും മോഹന്ജദാരോ പ്രദേശവും പാകിസ്ഥാനിലാണിപ്പോള്
<സിന്ധുതട സംസ്കാരത്തെക്കുറിച്ചുള്ള ആദ്യത്തെ ഖനന ഗവേഷണങ്ങള്‍ തുടങ്ങിയ സ്ഥലം – ഹാരപ്പാ
<സിന്ധുതട സംസ്കാരത്തിന്റെ മാതൃകാസ്ഥാനം (ഠ്യുല ടശലേ) എന്നറിയപ്പെടുന്നത് – ഹാരപ്പ
<സിന്ധു സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഹരിയാനയിലെ സ്ഥലം – ഹിസ്സാര്‍ ജില്ലയിലെ ബനവലി
വഴികാണിച്ചത് കാക്ക
ബഹ്റിന് (പണ്ടത്തെ തില്മൂണ്), മെസപ്പൊട്ടേമിയ, സുമേറിയ എന്നിവിടങ്ങളിലേക്കെല്ലാം ലോത്തലില്‍ നിന്നും കപ്പലില്‍ പരുത്തിത്തുണികള്‍, ആനക്കൊമ്പ്, ചെമ്പ്, മുത്ത്, മയില്‍, കുരങ്ങ് എന്നിവ കയറ്റിയയച്ചിരുന്നു. കപ്പല്‍ യാത്രയില്‍ തീരം കാണാതെ വലഞ്ഞാല്‍ കാക്കയെ പറത്തിവിട്ടാണ് കര എവിടെയെന്നു നിര്‍ണയിച്ചിരുന്നത്.
അസ്തമിച്ചതെങ്ങനെ…?
ബി.സി 1500-ഓടെ ഹാരപ്പന്‍ സംസ്കാരം അസ്തമിച്ചു. ഈ സംസ്കാരത്തിന്റെ നാശത്തിനുള്ള കാരണങ്ങളെ സംബന്ധിച്ചു പല അഭിപ്രായങ്ങളുമുണ്ട്. സിന്ധുനദിയിലെ നിരന്തരമായ വെള്ളപ്പൊക്കം, മഴയുടെ ദൗര്‍ലഭ്യം, പ്രകൃതി ക്ഷോഭങ്ങള്‍, സിന്ധുനദി ഗതിമാറിയൊഴുകിയത്, കൃഷിനാശം, ആര്യന്മാരുടെ ആക്രമണം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഈ സംസ്കൃതിയുടെ നാശത്തിനു കാരണമായതായി പറയപ്പെടുന്നു. ഇരുമ്പായുധങ്ങളും കുതിരയെപ്പൂട്ടിയ രഥങ്ങളുമായെത്തിയ ആര്യന്മാരെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.
സൈന്ധവ തടവാസികള്‍ പൊതുവെ ആഭരണപ്രിയരായിരുന്നു. സ്ത്രീകളും പുരുഷന്മാരും മുടിനീട്ടിവളര്‍ത്തി സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ പണിത ഹെയര്പിന്നുകള്കൊണ്ട് മുടി ഒതുക്കി കെട്ടിവച്ചു. ദരിദ്രരും ധനാഢ്യരും ഒരുപോലെ ആഭരണങ്ങള്‍ അണിഞ്ഞു. വള, മാല, മോതിരം എന്നീ ആഭരണങ്ങള്‍ മിക്ക പുരുഷന്മാരും അണിഞ്ഞിരുന്നു. സ്ത്രീകളാകട്ടെ ഇവയ്ക്കുപുറമേ കമ്മല്‍, അരഞ്ഞാണം, പാദസരം എന്നിവയും അണിഞ്ഞിരുന്നു. എന്നാല്‍ മുക്കുത്തിയോ മറ്റു നാസികാഭരണങ്ങളോ ഇവിടെ നിന്നു കണ്ടെത്തുകയുണ്ടായില്ല. സ്വര്‍ണം, വെള്ളി, രത്നങ്ങള്‍, ചെമ്പ്, ചിപ്പി, അസ്ഥി എന്നിവ കൊണ്ടുള്ള ആഭരണങ്ങളാണ് ഇവിടത്തെ ഉത്ഖനനങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുള്ളത്.
കാത്തുപണി ചെയ്ത വസ്തുക്കള്‍, ചുണ്ണാമ്പു കല്ലില്‍ തീര്‍ത്ത താടിയുള്ള പുരുഷ രൂപങ്ങള്‍, ചുട്ട കളിമണ്ണില്‍ തീര്‍ത്ത സ്ത്രീകളുടെയും മൃഗങ്ങളുടെയും സുന്ദരരൂപങ്ങള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തിലെ കലയുടെ പകിട്ടിന് തെളിവാണ്. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ സര് ജോണ്‍ മാര്‍ഷല്‍ സിന്ധുനദീതട സംസ്കാരത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാരപ്പ, മോഹന്ജദാരോ എന്നിവിടങ്ങളിലെ പ്രാചീന നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നത്, അവിടങ്ങളില്‍ ജീവിച്ചിരുന്നവരുടെ നാഗരിക ജീവിതനിലവാരം, പുരാതന ബാബിലോണിയയിലെയും ഈജിപ്തിലെയും ജനങ്ങളുടേതിനേക്കാള്‍ മികച്ചതും സുമേറിയന്‍ സംസ്കാരത്തോട് കിടനില്ക്കുന്നതുമാണ്.
സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും നിര്‍മിച്ച ആഭരണങ്ങള്‍ വളരെ ഭംഗിയായി പണിതീര്‍ത്തവയും മിനുക്കിയവയും ആയിരുന്നതുകൊണ്ട് അവ 5000 വര്‍ഷം മുന്‍പുള്ള ചരിത്രാതീത കാലത്തെ വീടുകളില്‍ നിന്നുള്ളവയെക്കാള്‍ ഇന്നത്തെ ബോണ്ട്സ്ട്രീറ്റിലെ ആഭരണക്കടകളില്‍ നിന്നുള്ളവയാണെന്നാണ് തോന്നുക””.
ഇന്ത്യക്കാര്‍ സിന്ധുവെന്നും പേര്‍ഷ്യക്കാര്‍ ഹിന്ദു വെന്നും ഗ്രീക്കുകാര്‍ ഇന്‍ഡസ് എന്നും വിളിക്കുന്ന ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന സിന്ധു നദിയുടെ ഒരു കൈവഴിയാണ് രവി. രവി നദിയുടെ ഇടത്തേക്കരയില്‍ പഞ്ചാബിലാണ് ഹാരപ്പ സ്ഥിതിചെയ്യുന്നത്. സിന്ധുനദിയുടെ വലതുകരയില്‍ സിന്ധില്‍ മോഹന്‍ജദാരോയും.
ഇപ്പോഴത്തെ പാക്കിസ്ഥാനിലെ സിന്ധില്‍ സിന്ധു നദിയുടെ പടിഞ്ഞാറേ കരയില്‍ ലാര്ഖാന ജില്ലയിലാണ് മോഹന്ജദാരോ എന്ന സ്ഥലം. സിന്ധി ഭാഷയില്‍ ഈ പേരിന്റെ അര്‍ഥം മരിച്ചവരുടെ സ്ഥലം എന്നാണ്. ഈ പേരിനു പിന്നില്‍ ഒരു കഥയുണ്ട്. നഗരം വാണ രാജാവിന്റെ ദുഷ്പ്രവൃത്തികള്‍ കണ്ടുമടുത്ത ദൈവം കോപിച്ച് ഒറ്റ രാത്രികൊണ്ട് നഗരത്തെ തകര്‍ത്തു. നഗരവാസികളെല്ലാം മരിച്ചു. ആ സ്ഥലത്തെ ജനങ്ങള്‍ മോഹന്ജദാരോ എന്നു വിളിച്ചു.
മോഹന്ജദാരോവില്നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ പരുത്തിത്തുണിയുടെ അവശിഷ്ടങ്ങളുമുണ്ട്. പരുത്തി കൃഷിയുടെ ആദിമസ്ഥാനങ്ങളിലൊന്നായിരുന്നു സിന്ധു നദീതടം. ഗ്രീക്ക് ഭാഷയില്‍ പരുത്തിക്ക് സിന്ധോണ്‍ എന്നാണു പറയുക. സിന്ധുവില്‍ നിന്നുമാണ് സിന്ധോണ്‍ ഉണ്ടായതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
അന്നത്തെ ജനങ്ങള്‍ കുട്ടികളെ സ്നേഹിച്ചിരുന്നുവെന്നതിനും അവര്‍ക്കുവേണ്ടി രസകരമായ കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഉത്ഖനനത്തിലൂടെ ലഭിച്ചു. കളിമണ്‍ വണ്ടികള്‍, വിസില്‍, കിലുക്കാംപെട്ടി, ബൊമ്മകള്‍, സ്ത്രീ-പുരുഷന്മാരുടെയും പക്ഷിമൃഗാദികളുടേയും മാതൃകകള്‍ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളായിരുന്നു
അവസാനം പരിഷ്കരിച്ചത് : 7/4/2020
ഇന്ത്യന്‍ കരസേന - വിശദ വിവരങ്ങൾ
ഇന്ത്യന്‍ നാവികസേന- വിശദ വിവരങ്ങൾ
ഇന്ത്യന്‍ നദീതടപദ്ധതികള്‍- വിശദ വിവരങ്ങൾ
ഇന്ത്യയിൽ കരമാർഗമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗതോ...