രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനാ നദിയുടെ തീരത്താണ് .ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾകൊണ്ട് നിർമ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാതെ കത്തിച്ചു വച്ചിരിക്കുന്നു.
ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടം സന്ദർശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുൽ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു. ഇതു കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളിൽ ഇവിടെ പ്രത്യേകം പ്രാർഥനകൾ നടക്കുന്നു
പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ഷാജഹാൻ ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെങ്കോട്ടയുടെ വിവിധ ഭാഗങ്ങൾ
പുരാതന ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രഭാഗമാണ് ചെങ്കോട്ട. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.
പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. ഇതിനുശേഷം ഛത്ത ചൗക്ക് എന്ന ചന്തയും നോബത്ഖാനഎന്ന വാദ്യസംഘക്കാരുടെ മന്ദിരവും കഴിഞ്ഞാൽ ചക്രവർത്തി സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ-ആം എന്ന കെട്ടിടം കാണാം. ഇതിനും കിഴക്കുള്ള ചഹാർബാഗിനപ്പുറത്ത് കോട്ടയുടെ കിഴക്കേ അറ്റത്തുള്ള രംഗ് മഹൽ വരെയുള്ള മേൽപ്പറഞ്ഞ കെട്ടിടങ്ങളെല്ലാം കിഴക്കുപടിഞ്ഞാറായി ഒറ്റവരിയിൽ നിൽക്കുന്നു.
മുഗൾ കാലഘട്ടത്തിലെ കോട്ടയിലെ പ്രധാന രാജമന്ദിരങ്ങൾ, നദിയോട് ചേർന്ന് രംഗ് മഹലിനൊപ്പം ഒരു തട്ടിനുമുകളിൽ ഒറ്റ വരിയിൽ തെക്കുവടക്കായി നിലകൊള്ളുന്നു. ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, ദിവാൻ ഇ ഖാസ്, ഖാസ് മഹൽ എന്നിവ രംഗ് മഹലിന് വടക്കുവശത്തുംമുംതാസ് മഹൽ, രംഗ് മഹലിന് തെക്കുവശത്തും ഈ വരിയിൽ നിൽക്കുന്ന കെട്ടിടങ്ങളാണ്. രംഗ് മഹലിനും മുംതാസ് മഹലിനും ഇടയിൽ ഛോട്ടി ബേഠക് എന്ന ഒരു കെട്ടിടം കൂടിയുണ്ടായിരുന്നെങ്കിലും അതിപ്പോൾ നിലവിലില്ല. കോട്ടയിലെ മറ്റു കെട്ടിടങ്ങൾ ചുവന്ന മണൽക്കല്ലുകൊണ്ട്പൊതിഞ്ഞവയാണെങ്കിൽ ഈ വരിയിലുള്ള രാജകീയമന്ദിരങ്ങൾ വെണ്ണക്കല്ലിൽ തീർത്തവയാണ്. വടക്കുവശത്തുള്ള ഷാ ബുർജിൽ നിന്നാരംഭിക്കുന്ന ഒരു വെള്ളച്ചാൽ ഈ കെട്ടിടങ്ങൾക്കെല്ലാം അടിയിൽക്കൂടി ഒഴുകുന്നു. നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗ്ഗീയധാര എന്നാണ് ഈ വെള്ളച്ചാൽ അറിയപ്പെടുന്നത്. ഈ കെട്ടിടങ്ങൾക്കു പുറമേ കോട്ടക്കകത്ത് വടക്കുകിഴക്കുഭാഗത്തായി ഹയാത്ത് ബക്ഷ് എന്ന പൂന്തോട്ടവും അതിൽ ചില നിർമ്മിതികളുമുണ്ട്.
കോട്ടയുടെ പ്രവേശനകവാടമാണ് പടിഞ്ഞാറുവശത്തുള്ള ലാഹോർ ഗേറ്റ്.ലാഹോറിനോടഭിമുഖമായതിനാലാണ് ഈ പേര്. ചുവന്ന മണൽക്കൽ പാളികൾ കൊണ്ടലങ്കരിച്ചിട്ടുള്ള ലാഹോറി ഗേറ്റിന്റെ ഇരുവശവും ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഗോപുരങ്ങളുണ്ട്. രണ്ടിനുമിടയിലായി മുകളിൽ വെണ്ണക്കൽ താഴികക്കുടങ്ങളോടു കൂടിയ ഏഴ് ഛത്രികളുമുണ്ട്. കോട്ടയുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പിനുള്ളിലാണ് ലാഹോറി ഗേറ്റ് സ്ഥിതിചെയ്യുന്നതെങ്കിലും ഗേറ്റിന്റെ മുകൾഭാഗവും മുകൾഭാഗത്തെ ഏഴ് വെളുത്ത താഴികക്കുടങ്ങളും ഗേറ്റിനിരുവശത്തുമുള്ള ഗോപുരങ്ങളും ദൂരെനിന്നും ശ്രദ്ധയിൽപ്പെടും. ഗേറ്റിന് പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പ് ഷാജഹാന്റെ പുത്രൻ ഔറംഗസേബാണ് പണിയിച്ചത്. ഈ എടുപ്പിന് ഇടതുവശത്തുള്ള കവാടത്തിലൂടെയാണ് ലാഹോറി ഗേറ്റിനു മുമ്പിലുള്ള തളത്തിലേക്ക് പ്രവേശിക്കുന്നത്. ലാഹോറി ഗേറ്റ് കടന്നെത്തുന്നത് ഛത്ത ചൗക്കിലേക്കാണ്.
ലാഹോറി ഗേറ്റിനുമുകളിൽ ഇന്ത്യയുടെ ദേശീയപതാക എപ്പോഴും ഉയർത്തിയിരിക്കും. ലാഹോറി ഗേറ്റിനു മൂന്നിലെ തട്ടിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം നടത്തുന്നത്.
ലാഹോറി ഗേറ്റ് കടന്ന് കോട്ടക്കുള്ളിലേക്ക് പ്രവശിക്കുമ്പോൾ കാണുന്ന ഇരുവശത്തും വാണിജ്യസ്ഥാപനങ്ങളോടുകൂടിയ ഇടനാഴിയാണ് ഛത്ത ചൗക്ക് അഥവാ ഛത്ത ബസാർ. മേൽക്കൂരയുള്ള ചന്ത എന്നാണ് ഈ പേരിനർത്ഥം. ബസാർ ഇ മുസഖഫ് എന്നായിരുന്നു മുമ്പ് ഈ ചന്തയുടെ പേര്. പെഷവാറിലെ ഇത്തരത്തിലുള്ള വാണിജ്യകേന്ദ്രത്തിന്റെ മാതൃകയിലാണ് ഷാജഹാൻ ഈ ചന്ത ആരംഭിച്ചത്. മേൽക്കൂരയുള്ള ഇത്തരം വാണിജ്യസ്ഥാപനങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ അപൂർവ്വമായിരുന്നു. മേൽക്കൂരയുള്ള ഇടനാഴിക്ക് ഇരുവശത്തും 32 വീതം പീടികകൾ രണ്ടുനിലകളിലായുണ്ട്. മുഗൾ കാലത്ത് ഈ ചന്തയിലെ സ്ഥാപനങ്ങൾ രാജകുടുംബാംഗങ്ങൾക്കുള്ള ആഢംബരവസ്തുക്കളായിരുന്നു വിപണനം നടത്തിയിരുന്നത്. ഇന്ന് ഇതിന്റെ താഴെയുള്ള നിലയിൽ കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തി സാധാരണ ജനങ്ങളുമായി സംവദിക്കുന്ന വിശാലമായ മണ്ഡപമാണ് ദിവാൻ-ഇ ആം. 40 തൂണുകളോടുകൂടിയചിഹിൽ സുതുൻ എന്ന വാസ്തുകലാരീതിയിലാണ് ഇത്തരം മണ്ഡപങ്ങൾ നിർമ്മിക്കുന്നത്. നോബത്ഖാനക്കു കിഴക്കുള്ള ഉദ്യാനത്തിനുശേഷം ചെങ്കോട്ടയിലെ ദിവാൻ-ഇ ആം കാണാം. ഇതിന് മദ്ധ്യത്തിൽ ഒരരികത്ത് അലങ്കരിക്കപ്പെട്ട ഉയർത്തിയ വെണ്ണക്കൽത്തട്ടിൽ ചക്രവർത്തിയുടെ ഇരിപ്പിടമുണ്ട്. ഈ തട്ടിനു താഴെ വെണ്ണക്കല്ലുകൊണ്ടുള്ള വസീറിന്റെ (പ്രധാനമന്ത്രിയുടെ) ഇരിപ്പിടവും കാണാം
ദിവാൻ ഇ ആമിനു കിഴക്ക് ഒരു ചഹാർ ബാഗാണ് ഇതിനും കിഴക്കായി കോട്ടയുടെ കിഴക്കേ അറ്റത്ത് നദിക്ക് സമാന്തരമായി തെക്കുവടക്കായി രാജകീയ മന്ദിരങ്ങളുടെ ഒരു നിരയുണ്ട്. ഉയർന്ന ഒരു തട്ടിനുമുകളിലാണ് ഈ കെട്ടിടങ്ങളെല്ലാം നിലനിൽക്കുന്നത്. വടക്കേ അറ്റത്തുള്ള കെട്ടിടമായ ഷാ ബുർജിൽ നിന്ന് ആരംഭിച്ച് തെക്കേ അറ്റത്തെ കെട്ടിടമായ മുംതാസ് മഹൽ വരെ എല്ലാ കെട്ടിടങ്ങളുടെയും അടിത്തട്ടിലൂടെ ഒഴുകുന്ന ഒരു വെള്ളച്ചാൽ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗ്ഗീയധാര എന്നറിയപ്പെടുന്ന ഈ ചാൽ നിർമ്മിച്ചത് അലി മർദാൻ ഖാൻ ആണ്. കെട്ടിടങ്ങളിലെ താപനില ക്രമീകരിച്ച് നിർത്തുക എന്നതായിരുന്നു ഈ വെള്ളച്ചാലിന്റെ പ്രധാനധർമ്മം. ഇതിനുപുറമേ, തോട്ടങ്ങളിലേക്കുള്ള വെള്ളവും ഈ ചാലിൽ നിന്നാണ് തിരിച്ചിരുന്നത്. വടക്കേ അറ്റത്തുള്ള ഷാ ബുർജിൽവച്ചാണ് ഈ ചാലിലേക്കുള്ള വെള്ളം, യമുനാനദിയിൽ നിന്ന് കോരിയൊഴിച്ചിരുന്നത്.
കിഴക്കേ അറ്റത്തെ കെട്ടിടനിരയിൽ ഏറ്റവും വടക്കേ അറ്റത്തെ അഷ്ടഭുജാകൃതിയിലുള്ള ഗോപുരമാണ് ഷാ ബുർജ്. 1857-ലെ ലഹളസമയത്ത് ഈ കെട്ടിടത്തിന് എറെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. താഴികക്കുടത്തോടുകൂടിയ മൂന്നുനിലഗോപുരമായിരുന്ന താഴികക്കുടവും മുകളിലത്തെ നിലയും ഇപ്പോഴില്ല. കോട്ടയിലെ ജലസേചനസംവിധാനത്തിന്റെ സ്രോതസ്സായിരുന്നു ഈ കെട്ടിടത്തിൽ നിന്നാണ് നഹർ-ഇ ബിഹിഷ്ടിലേക്ക് വെള്ളമെത്തിച്ചിരുന്നത്. ഷാജഹാന്റെ കാലത്ത് ഈ കെട്ടിടം രഹസ്യയോഗങ്ങൾക്കുപയോഗിച്ചിരുന്നു. പ്രധാന രാജകുമാരൻമാരുടെ താമസസ്ഥലമായും ഇത് ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ യുവരാജാവായിരുന്ന മിർസ ഫഖ്രു ഇവിടെയാണ് വസിച്ചിരുന്നത്. ഷാ ബുർജിനോട് ചേർന്ന് ബുർജ്-ഇ ശംലി എന്ന ഒരു വെണ്ണക്കൽ മണ്ഡപമുണ്ട് ഇതിനു മദ്ധ്യത്തിൽ നിന്നാണ് നഹർ-ഇ ബിഹിഷ്ട് വെള്ളച്ചാൽ ആരംഭിക്കുന്നത്. ഈ മണ്ഡപം ഔറംഗസേബിന്റെ കാലത്താണ് പണികഴിപ്പിച്ചതെന്ന് കരുതുന്നു.
ഷാ ബുർജിന് സമാനമായ ഒരു നിർമ്മിതി കോട്ടയുടെ തെക്കുകിഴക്കേ മൂലയിലുമുണ്ട്. ആസാദ് ബുർജ് എന്നാണ് ഇതിന്റെ പേര്. കോട്ടയിലെ സഞ്ചാരികൾക്ക് ഇപ്പോൾ ആസാദ് ബുർജ് സന്ദർശിക്കുന്നതിനുള്ള സൗകര്യമില്ല.
നദീതീരത്തുള്ള ഉയർത്തിയ തട്ടിൽ ഷാ ബുർജിന് കുറച്ചു തെക്കുമാറി സ്ഥിതി ചെയ്യുന്ന വെണ്ണക്കൽമണ്ഡപമാണ് ഹീര മഹൽ. ഇത്തരത്തിലുള്ള മറ്റൊരു മണ്ഡപം ഈ തട്ടിൽത്തന്നെ അൽപം വടക്കുമാറി സ്ഥിതിചെയ്തിരുന്നു. അതിന്റെ പേര് മോത്തി മഹൽ എന്നായിരുന്നു. രണ്ടു മണ്ഡപങ്ങളും അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറാണ് നിർമ്മിച്ചത്. 1857-ലെ ലഹളക്കുശേഷം മോത്തി മഹൽ പൊളിച്ചുനീക്കപ്പെട്ടു.
ഉയർത്തിയ തട്ടിൽ തെക്കോട്ടു വരുമ്പോൾ അടുത്ത കെട്ടിടമാണ് ഹമ്മം. മൂന്ന് അറകളോടുകൂടി ഈ കെട്ടിടം രാജകീയ കുളിമുറികളാണ്. ഇതിന്റെ ഒരു ഭാഗം തട്ടിൽ നിന്ന് പുറത്തേക്ക് കടന്നുനിൽക്കുന്നു. വെണ്ണക്കല്ലുകൊണ്ടലങ്കരിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ കുളിക്കുന്നതിനും ആവി കൊള്ളുന്നതിനും സൗകര്യങ്ങളുണ്ടായിരുന്നു.
കോട്ടയുടെ കിഴക്കേ അറ്റത്തുള്ള തട്ടിനടുത്ത് ഹമ്മത്തിന് തൊട്ടുപടിഞ്ഞാറായി നിലകൊള്ളുന്ന ചെറിയ മസ്ജിദ് ആണ് മോത്തി മസ്ജിദ്. സ്വകാര്യാവശ്യത്തിന് ഔറംഗസേബാണ് ഈ മസ്ജിദ് നിർമ്മിച്ചത്. രാജകുടുംബത്തിലെ സ്ത്രീകളും ഈ മസ്ജിദ് ഉപയോഗിച്ചിരുന്നു.
മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തി, ഉന്നതരായ പ്രഭുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മന്ദിരമാണ് ദിവാൻ-ഇ ഖാസ്. കിഴക്കേ അറ്റത്തുള്ള ഉയർന്ന തട്ടിൽ ഹമ്മത്തിന് തെക്കായി ചെങ്കോട്ടയിലെ ദിവാൻ-ഇ ഖാസ് സ്ഥിതിചെയ്യുന്നു. ചതുരാകൃതിയിലുള്ള തൂണുകൾ നിറഞ്ഞ ഈ കെട്ടിടംവെണ്ണക്കല്ലിൽ തീർത്തതാണ്. മേൽക്കൂരയിലെ നാലു മൂലയിലും ഛത്രികളുണ്ട്. തൂണുകളിലെ വെള്ളക്കല്ലുകളിൽ വിവിധവർണ്ണങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികളുണ്ട്. ഈ മന്ദിരത്തിലുള്ള വെണ്ണക്കൽത്തട്ടിലായിരുന്നു വിഖ്യാതമായ മയൂരസിംഹാസനം ഇരുന്നിരുന്നത്. ഈ കെട്ടിടത്തിന്റെ വടക്കും തെക്കും ഭാഗത്തെ മൂലകളിലുള്ള കമാനങ്ങളിൽ, "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്" എന്നആമിർ ഖുസ്രോയുടെ പ്രശസ്തമായ വരികൾ കൊത്തിയിട്ടുണ്ട്. ദിവാൻ-ഇ ഖാസിന് പടിഞ്ഞാറുഭാഗത്ത് പണ്ട് രണ്ട് അറകൾ കൂടിയുണ്ടായിരുന്നു.1857-ലെ ലഹളക്കുശേഷം ഇവയും പൊളിച്ചുനീക്കപ്പെട്ടു. ലഹളക്കാലത്ത് ബഹദൂർഷാ സഫർ, ദിവാൻ-ഇ ഖാസിലായിരുന്നു സഭ നടത്തിയിരുന്നത്.
മുഗൾ കൊട്ടരാരങ്ങളിൽ ചക്രവർത്തിയുടെ സ്വകാര്യമുറികളെയാണ് ഖാസ് മഹൽ എന്നറിയപ്പെടുന്നത്. ദിവൻ-ഇ ഖാസിന് തൊട്ടു തെക്കായി ഉയർന്ന തട്ടിൽത്തന്നെയാണ് ചെങ്കോട്ടയിലെ ഖാസ് മഹൽ സ്ഥിതിചെയ്യുന്നത്. ഇതിന് മൂന്നു ഭാഗങ്ങളുണ്ട്. ദിവാൻ ഇ-ഖാസിന് അഭിമുഖമായുള്ള മൂന്നു മുറികൾതസ്ബി ഖാന എന്നറിയപ്പെടുന്നു. ചക്രവർത്തി സ്വകാര്യ ആരാധനക്കാണ് ഈ മുറികൾ ഉപയോഗിച്ചിരുന്നത്. ഇതിനു പുറകിലുള്ള മൂന്നു മുറികളാണ്ഖ്വാബ്ഗാഹ് അഥവാ കിടപ്പുമുറികൾ. ഇതിന്റയും തെക്ക്, ചുമരുകളിലും മച്ചിലും ചിത്രപ്പണികളോടുകൂടിയ ഒരു നീണ്ട ഹാളുണ്ട്. ഇതാണ് തോഷ് ഖാനഅല്ലെങ്കിൽ ബേഠക് എന്നറിയപ്പെടുന്ന ഇരുപ്പുമുറി. ഈ ഹോളിന്റെ വടക്കേവശത്ത് നഹർ-ഇ ബിഹിഷ്ടിന് മുകളിലായി, മുകളിൽ നീതിയുടെ ചിഹ്നമായ ത്രാസിന്റെ ചിത്രം കൊത്തിവച്ചിട്ടുള്ള വെണ്ണക്കല്ലുകൊണ്ടുള്ള ജനാല ശ്രദ്ധേയമാണ്.
ഖാസ് മഹലിലെ ഖ്വാബ്ഗാഹിൽ തെക്കുവശത്തുള്ള കമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഈ കെട്ടിടം 1639-ൽ പണിയാനാരംഭിക്കുകയും 1648-ൽ പണിപൂർത്തിയാകുകയും ചെയ്തു. 50 ലക്ഷം രൂപയാണ് ഇതിന്റെ പണിക്കായി ചെലവായത്. ഇത് എല്ലാ കൊട്ടാരങ്ങൾക്കും വേണ്ടിവന്ന തുകയായിരിക്കുമെന്ന് കരുതുന്നു. ഖാസ് മഹലിന്റെ ഖ്വാബ്ഗാഹിനോട് ചേർന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഒരു ഗോപുരമുണ്ട്. ഇതാണ് മുത്തമ്മൻ ബുർജ്. അഷ്ടഭുജഗോപുരം എന്നുതന്നെയാണ് ഈ പേരിനർത്ഥം. എല്ലാ ദിവസവും മുഗൾ ചക്രവർത്തി ഇവിടെനിന്ന് ജനങ്ങൾക്ക് ദർശനം നൽകുമായിരുന്നു. മുത്തമ്മൻ ബുർജിലെ ബാൽക്കണി 1808-09 കാലഘട്ടത്തിൽഅക്ബർ ഷാ രണ്ടാമൻ പണികഴിപ്പിച്ചതാണ്. ഇവിടെ നിന്നാണ് 1911-ൽ ഇന്ത്യ സന്ദർശിച്ച ജോർജ്ജ് അഞ്ചാമൻ രാജാവും രാജ്ഞി മേരിയും ജനങ്ങളെ അഭിസംബോധന ചെയ്തത്.
കോട്ടയുടെ കിഴക്കേ അറ്റത്ത് ഖാസ് മഹലിന് തൊട്ടുതെക്കായാണ് രംഗ് മഹൽ സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറുവശത്തുനിന്നും കോട്ടയിലേക്ക് പ്രവേശിക്കുമ്പോൾ ലാഹോറി ഗേറ്റ്, നൗബത് ഖാന, ദിവാൻ-ഇ ആം എന്നിവയുടെ അതേ നിരയിലുള്ള കിഴക്കേ അറ്റത്തെ നിർമ്മിതിയാണിത്. നിറപ്പകിട്ടാർന്ന ഇതിന്റെ ഉൾവശത്തിൽ നിന്നാണ് രംഗ് മഹൽ എന്ന പേരുവന്നത്. ദിവാൻ-ഇ ആമിനും രംഗ് മഹലിനും ഇടയിൽ ചഹാർബാഗ്ശൈലിയിലുള്ള ഒരു പൂന്തോട്ടവുമുണ്ട്.
കമാനങ്ങൾകൊണ്ട് ആറുഭാഗങ്ങളായിത്തിരിച്ച ഒരു വിശാലമായ മുറിയും അതിനിരുവശത്തും ഓരോ അറകളും അടങ്ങിയതാണ് രംഗ് മഹൽ. ഈ അറകളുടെ ചുമരുകളിലും മച്ചിലും ചെറിയ കണ്ണാടിക്കഷണങ്ങൾ പതിച്ചിട്ടുണ്ട്. അതുകൊണ്ട് അവ ശീഷ് മഹൽ (കണ്ണാടിമാളിക) എന്നാണ് അറിയപ്പെടുന്നത്.
കോട്ടക്കകത്തെ കിഴക്കേ അറ്റത്തെ വരിയിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നിർമ്മിതിയാണ് മുംതാസ് മഹൽ. ഇതിന്റെ ചുമരുകളുടെ അടിഭാഗവും തൂണുകളും വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ചതാണ്. കമാനങ്ങൾ കൊണ്ട് തിരിച്ചിട്ടുള്ള ആറ് മുറികൾ ഈ കെട്ടിടത്തിനകത്തുണ്ട്. മുഗൾ കാലത്തെ ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന കാഴ്ചബംഗ്ലാവായി ഇപ്പോൾ ഈ കെട്ടിടം ഉപയോഗപ്പെടുത്തുന്നു.
ഹയാത് ബക്ഷ് പൂന്തോട്ടത്തിനു നടുവിലെ സഫർ മഹൽ. ചിത്രത്തിൽ വലതുവശത്ത് ദൂരെയായി ഭാദോം മണ്ഡപം കാണാം. സഫർ മഹലിനു പിന്നിൽ ചെങ്കോട്ടക്കകത്തുള്ള ബ്രിട്ടീഷ് ബാരക്കുകളും കാണാം
മോത്തി മസ്ജിദിന് വടക്കും കിഴക്കുവശത്തെ കൊട്ടാരനിരക്ക് പടിഞ്ഞാറുമായി ചഹാർബാഗ്ശൈലിയിലുള്ള ഒരു വലിയ പൂന്തോട്ടം ചെങ്കോട്ടയിലുണ്ട് ഇതാണ് ഹയാത് ബക്ഷ്. ഈ പൂന്തോട്ടത്തിന് തെക്കും വടക്കും അറ്റത്ത് മദ്ധ്യഭാഗത്തായി പരസ്പരം അഭിമുഖമായി നിൽക്കുന്ന ഒരേപോലുള്ള രണ്ട് മണ്ഡപങ്ങളുണ്ട്. തെക്കുവശത്തുള്ള മണ്ഡപം സാവൻ എന്നും വടക്കുവശത്തുള്ളത്ത് ഭാദോം എന്നും അറിയപ്പെടുന്നു. നിലവിൽ ഇങ്ങനെയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏതാണ് സാവൻ എന്നും ഭാദോം എന്നും കൃത്യമായി അറിവില്ല. രണ്ടു പേരുകളും നാനക്ശാഹി കാലഗണനയിലെഅഞ്ചാമത്തെയും ആറാമത്തെയും മാസങ്ങളുടെ (മഴക്കാലം) പേരാണ്. ഈ മാസങ്ങളിലാണ് ഈ മണ്ഡപങ്ങൾ ഉപയോഗിക്കപ്പെടുത്തിയിരുന്നതെന്നും കരുതുന്നു. വടക്കുവശത്തുള്ള ഭാദോം മണ്ഡപത്തിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ ജലസംഭരണിയുണ്ട്. അരികത്ത് മെഴുകുതിരികൾ കത്തിച്ച് ഇതിലെ ദൃശ്യത്തെ മനോഹരമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത ചഹാർബാഗിന്റെ പ്രത്യേകത പിന്തുടർന്ന് ഹയാത് ബക്ഷ് പൂന്തോട്ടത്തിന്റെ മദ്ധ്യത്തിൽ ഒരു വലിയ ജലസംഭരണിയും അതിനു നടുവിൽസഫർ മഹൽ എന്ന ഒരു ചുവന്ന മണൽക്കല്ലിൽ തീർത്ത കെട്ടിടവുമുണ്ട്. പൂന്തോട്ടത്തെ നെടുകേ പിളർന്നുള്ള പാതകളിലൂടെ മുൻപ് ഈ കെട്ടിടത്തിലേക്ക് പ്രവേശിക്കാമായിരുന്നെങ്കിലും പിൽക്കാല നവീകരണങ്ങൾക്കുശേഷം കെട്ടിടം കുളത്തിനു മദ്ധ്യത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്. അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫർ ആണ് 1842 കാലഘട്ടത്തിൽ ഈ കെട്ടിടം പണിതത്.
ഹയാത്ത് ബക്ഷ് പൂന്തോട്ടത്തിന് പടിഞ്ഞാറായി, ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമ്മിക്കപ്പെട്ട ബാരക്കുകൾ ഒരു നിരയായി നിലകൊള്ളുന്നു. 1857-ലെ ശിപായിലഹളക്കുശേഷം ബ്രിട്ടീഷുകാർ ദില്ലി പിടിച്ചടക്കിയതിനുപിന്നാലെയാണ് ചെങ്കോട്ടയിലെ അന്തഃപുരക്കെട്ടിടങ്ങൾ പൊളിച്ച് ആ സ്ഥാനത്ത് നിരനിരയായി ബാരക്കുകൾ പണിതത്. ഏറെ വിമർശിക്കപ്പെട്ട ഒരു നടപടിയായിരുന്നു ഇത്. ഹയാത് ബക്ഷ് പൂന്തോട്ടത്തിന്റെ പടിഞ്ഞാറുഭാഗത്തെ കുറേ സ്ഥലവും ഈ കെട്ടിടങ്ങൾ മൂലം കൈയേറപ്പെട്ടു. ഹയാത് ബക്ഷിന് പടിഞ്ഞാറ് മെഹ്താബ് ബാഗ് എന്ന മറ്റൊരു പൂന്തോട്ടവുമുണ്ടായിരുന്നു. ഈ തോട്ടത്തിന്റെ തെളിവുകളൊന്നും ഇന്ന് ബാക്കിയില്ല.
ഇന്ത്യയുടെ തലസ്ഥാനമായഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷംഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം (All India War Memorial) എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.ഇന്ത്യാ ഗേറ്റിൻറെ മൊത്ത ഉയരം 42 മീറ്ററാണ്. ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.
ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സ്ഥാപനകർമ്മം നിർവഹിച്ചത്.
ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്
.
72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്. ഖുത്ബ് മിനാറിന്റെ രീതിയിൽ 8 കോണുകളും 8 ചാപങ്ങളുടേയും രീതിയിലുള്ള അസ്തിവാരവാസ്തുശൈലിയുടെ മാതൃകകൾ അഫ്ഗാനിസ്താനിൽ പലയിടത്തും കാണാൻ സാധിക്കും. ഈ ശൈലിയുടെ ഒരു ആദ്യകാല ഉദാഹരണം, ഇറാനിലെ സിസ്താനിൽ കാണാം. ഇവിടെ ഖ്വാജ സിയ പുഷ് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടീൽ നിർമ്മിച്ച ഇഷ്ടികകൊണ്ടുള്ള ഒരു മിനാറിന്റെ അവശിഷ്ടം നിലനിൽക്കുന്നുണ്ട്. ഒരു ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മദ്ധ്യകാല ആവാസകേന്ദ്രത്തിനുമേൽ ഉയർത്തിയിട്ടുള്ള ഈ മിനാറും ഖുതുബ് മിനാറിന്റെ അതേ അസ്ഥിവാരരൂപരേഖ പങ്കുവക്കുന്നുഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്. 1326ൽ മുഹമ്മദ് തുഗ്ലക്കിന്റെ കാലത്ത് കുത്തബ് മീനറിന് ഇടിമിന്നൽ ഏൽക്കുകയും അത് കേട് പാട് തീർത്തതായും പഴയകാല രേഖകളിൽ കാണുന്നൂ.1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ.
ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ്തീർത്തിട്ടുള്ളത്.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടമാണ് തീൻ മുർത്തി ഭവൻ. ന്യൂ ഡെൽഹിയിൽ രാഷ്ട്രപതി ഭവന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ മന്ദിരം രൂപകൽപ്പന ചെയ്തത് ഡെൽഹിയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസ് രൂപകൽപ്പന ചെയ്ത റോബർട്ട് ടോർ റസ്സൽ ആണ്. ഈ കെട്ടിടം ആദ്യം പണിതത് ഒന്നാം ലോകമഹായുദ്ധത്തിലെ മരിച്ച സൈനികരുടെ ഓർമ്മക്കായാണ്. ഇതിന്റെ കവാടത്തിനു പുറത്ത് മൂന്ന് പ്രതിമകൾ നിൽക്കുന്നതിനാലാണ് മൂന്ന് പ്രതിമകൾ ഉള്ള കെട്ടിടം എന്ന അർത്ഥത്തിൽ തീൻ മൂർത്തി ഭവൻ എന്ന പേര് വന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഈ കെട്ടിടം ബ്രിട്ടീഷ് ഇന്ത്യയുടെ കമാണ്ടർ ഇൻ ചീഫ് ആണ് ഉപയോഗിച്ചിരുന്നത്. 1947 നു ശേഷം ഇത് പ്രധാനമന്ത്രിയുടെ വസതിയായി ഉപയോഗിച്ചു. പിന്നീട് നെഹ്രുവിന്റെ മരണത്തിനു ശേഷം ഇത് ഒരു മെമ്മോറിയൽ ആയി നില നിർത്തുകയായിരുന്നു. ഇവിടെ ഒരു ലൈബ്രറിയും മ്യൂസിയവും സ്ഥിതി ചെയ്യുന്നു.
ഇതിനകത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയും, മ്യൂസിയവും തിങ്കളും, പൊതു അവധി ദിവസങ്ങളിലും ഒഴിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
ഇതിനകത്ത് തന്നെയാണ് നെഹ്രു പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. ഇത് ഫെബ്രുവരി 6, 1984 ന് അന്നത്ത് പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി. ഇന്ദിരഗാന്ധി രാജ്യത്തിനു സമർപ്പിച്ചതാണ്. ഇവിടെ സാധാരണ പ്രദർശനങ്ങൾ 11:30നും 3 മണിക്കും ഇടയിൽ നടക്കുന്നു.
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിഷ്ണു അമ്പലമാണ് ബിർള മന്ദിർ എന്നറിയപ്പെടുന്നലക്ഷ്മിനാരായണ മന്ദിർ. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാവിഷ്ണു തന്റെ പത്നിയായ ലക്ഷ്മിയോടൊപ്പമാണ്. ഈ അമ്പലത്തിനകത്ത് പ്രധാന പ്രതിഷ്ഠ കൂടാതെ ധാരാളം ദേവസ്ഥാനങ്ങളും, ചെറിയ വെള്ളച്ചാട്ടങ്ങളും, ഉദ്യാനങ്ങളും സ്ഥിതി ചെയ്യുന്നു. സാധാരണ ദിവസത്തിൽ കൂടാതെ, ജന്മാഷ്ടമി ദിവസം ഇവിടേക്ക് ധാരാളം ഭക്തജനങ്ങൾ വരാറുണ്ട്.
ഈ അമ്പലം പണിതത് 1622 ലാണ്. ഇത് പണിതത് വീർ സിംഗ് ദേവ് ആണ്. ഇത് പിന്നീട് 1793 ൽ പൃഥ്വി സിംഗ് നവീകരിച്ചു. 1938 നു ശേഷം ഈ അമ്പലം നടത്തിപ്പിന്റെ ചെലവുകളും മറ്റും ബിർള കുടുംബത്തിൽ നിന്നാണ്.
പ്രധാന അമ്പലത്തിനകത്ത് വിഷ്ണു, ലക്ഷ്മി എന്നീ ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഇടത് വശത്ത് ശക്തി ദേവിയായ ദുർഗ്ഗയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
വലത് വശത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാശിവൻ ആണ്.
മുൻ വാതിലിന്റെ വലത് വശത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
മുൻ വാതിലിന്റെ ഇടത് വശത്തായി ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണ് ദില്ലിയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺസ് ടോംബ്. ന്യൂ ഡെൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ് മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടേയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. യുനെസ്കോയുടെലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ശവകുടീരത്തിന്റെ ഇത്തരത്തിലുള്ള വാസ്തുശില്പ്പരീതി ഇന്ത്യയിൽ ആദ്യത്തേതാണ് 1565-70 കാലഘട്ടത്തിൽ പണിതീർത്ത ഈ സ്മാരകത്തിൽ ഇന്ത്യൻ വാസ്തുശിൽപ്പരീതിയിൽ പേർഷ്യൻ രീതിയുടെ സങ്കലനമാണ് ദർശിക്കാനാകുക. ഹുമായൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായിരുന്ന ഹമീദ ബാനു ബേഗമാണ് ശവകുടീരത്തിന്റെ നിർമ്മാണത്തിന് ഉത്തരവിട്ടത്. ഹുമയൂണിന്റെ കല്ലറക്കുപുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധകെട്ടിടങ്ങളിലുമായി ഒട്ടനവധി കല്ലറകളും, നമസ്കാരപ്പള്ളികളും ഈ ശവകുടീരസമുച്ചയത്തിലുണ്ട്. അതുകൊണ്ട് ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം എന്ന് അറിയപ്പെടാറുണ്ട്. ഈസാ ഖാന്റെ ശവകുടീരം, ബുഹാലിമയുടെ ശവകുടീരം, അഫ്‌സർവാല ശവകുടീരം (ഉദ്യോഗസ്ഥരുടെ ശവകുടീരം), ക്ഷുരകന്റെ ശവകുടീരം തുടങ്ങിയവ ഈ സമുച്ചയത്തിലെ അനുബന്ധക്കെട്ടിടങ്ങളാണ്.
വിശാലമായ ഒരു ചഹാർ ബാഗിന്റെ മദ്ധ്യത്തിലാണ് ഈ ശവകുടീരത്തിലെ പ്രധാനകെട്ടിടം സ്ഥിതി ചെയ്യുന്നത്. ഹഷ്ട് ബിഹിഷ്ട്എന്നറിയപ്പെടുന്ന കെട്ടിടനിർമ്മാണശൈലിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എട്ടു പറുദീസകൾ എന്നാണ് ഹഷ്ട് ബിഹിഷ്ട് എന്നതിനർത്ഥം. മദ്ധ്യത്തിൽ വിശാലമായ ഒരു മുറിയും അതിനു ചുറ്റുമായും എട്ടു മുറികളും അടങ്ങുന്നതാണ് ഈ രൂപകല്പ്പന. 12000 ചതുരശ്രമീറ്റർ വിസ്താരമുള്ള ഒരു തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് 47 മീറ്റർ ഉയരമുണ്ട്. വെണ്ണക്കല്ലുകൊണ്ടുള്ള വലിയ മകുടത്തിനു മുകളിലെ പിച്ചളകൊണ്ടുള്ള കൂർത്തഭാഗത്തിനു തന്നെ 6 മീറ്റർ ഉയരമുണ്ട്. കരിങ്കല്ലടുക്കി പണിതിട്ടുള്ള കെട്ടിടത്തിന്റെ ബാഹ്യഭാഗം മുഴുവൻ ചുവന്ന മണൽക്കല്ലുംവെണ്ണക്കല്ലും ഉപയോഗിച്ച് ഭംഗിയാക്കിയിരിക്കുന്നു. ഇത്ര വൻതോതിൽ മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ സ്മാരകമാണിത്. കെട്ടിടത്തിനു മുകളിലെ ചെറിയ മകുടങ്ങളിൽ മുൻപ് നീലനിറത്തിലുള്ള ഓട് പതിച്ചിരുന്നു. ലോകാത്ഭുതമായ താജ് മഹലിന്റെരൂപകൽപ്പന ഈ കെട്ടിടത്തിനോട് വളരെയേറെ സാദൃശ്യമുള്ളതാണ്.
പ്രധാന കെട്ടിടത്തിനു ചുറ്റുമുള്ള സമചതുരാകൃതിയിലുള്ള തോട്ടത്തിന് നാലുവശത്തും കവാടങ്ങളുണ്ട്. ഇതിൽ പടിഞ്ഞാറുവശത്തുള്ള കവാടമാണ് പ്രധാനപ്പെട്ടത്. ഈ കവാടത്തിലൂടെയാണ് സഞ്ചാരികൾ അകത്തേക്ക് പ്രവേശിക്കുന്നത്. 16 മീറ്റർ ഉയരമുള്ള ഈ കവാടത്തിന്റെ വശങ്ങളിലും മുകളിലെ നിലയിലും മുറികളുണ്ട് എന്നാൽ മുഗൾഭരണകാലത്ത് തെക്കുവശത്തുള്ള കവാടത്തിനാണ് ഈ കവാടത്തേക്കാൾ പ്രാധാന്യമുണ്ടായിരുന്നത്. തെക്കേ കവാടം രാജകീയകവാടംഎന്നറിയപ്പെടുന്നു. തോട്ടത്തിലെ വെള്ളച്ചാലുകൾക്ക് ആകെ 3 കിലോമീറ്റർ ദൈർഘ്യമുണ്ട്. പ്രധാനകെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള വിശാലമായ തളത്തിൽ ഹുമായൂണിന്റെ കല്ലറ സ്ഥിതി ചെയ്യുന്നു. ഈ കെട്ടിടത്തിന്റെ ചുറ്റുമായുള്ള മുറികളിൽ മറ്റു മുഗൾ പ്രമുഖരുടെ കല്ലറകളുമുണ്ട്. ഹുമായൂണിന്റെ ഭാര്യയായ ഹമീദാ ബേഗം, ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോ, പിൽക്കാല ചക്രവർത്തിമാരായ ജഹന്ദർ ഷാ, ഫാറുഖ്സിയാർ, റഫി ഉൾ-ദർജത്, ആലംഗീർ രണ്ടാമൻ എന്നിവർ ഇതിൽച്ചിലരാണ്. ഇതിനു പുറമേ കെട്ടിടത്തിനു പുറത്തുള്ള തട്ടിലും, തട്ടിന്റെ വശങ്ങളിലായുള്ള അനേകം അറകളിലുമായി അനവധി കല്ലറകൾ കാണാം.
ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണു. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ. അന്ന് മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് (മഹാരാജാ ജയ്സിങ്ങ് രണ്ടാമൻ) 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണു. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണു. ഖഗോളക്കണക്കുകൾ (Atronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചന്ദ്ര താരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ഇത് ഒരു ആദ്യകാല ഒബ്സർവേറ്ററിയായി കണക്കാക്കപ്പെടുന്നു.
ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.
ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം. എന്താണു 'ജന്തർ മന്തർ' എന്ന ഈ അസാധാരണമായ പേരിന്റെ അർത്ഥം? ഈ സമുച്ചയത്തിന്റെ കണ്ടുപിടിത്തക്കരനും നിർമ്മാതാവും ആയ മഹാരാജാ ജയ് സിങ്ങിന്റെ മാതൃഭാഷയായ രാജസ്ഥാനിയിൽ "ജ" എന്ന അക്ഷരം മറ്റ് ഇന്ത്യൻ ഭാഷകളിൽ"യ" എന്ന അക്ഷരത്തിനു പകരം നിൽക്കുന്നു. അതായത്, ആദ്യത്തെ വാക്ക് 'യന്തർ' എന്നകുന്നു. ഇത് 'യന്ത്ര' (നമുക്കത് 'യന്ത്രം' എന്നു മലയാളത്തിൽ പറയാം) എന്ന ഹിന്ദി/ സംസ്കൃത വാക്കിന്റെ രൂപഭേദം മാത്രമാണു. ഇതേപോലെ, രണ്ടാമത്തെ വാക്ക് 'മന്ത്ര" ആണെന്നു കാണാം- മലയാളത്തിൽ 'മന്ത്രം'. അതായത്, "ജന്തർ മന്തർ" എന്നാൽ യന്ത്രം - മന്ത്രം. മാന്ത്രികയന്ത്രം എന്നു പറയാം.
നേരത്തെ പറഞ്ഞത് പോലെ ഈ സമുച്ചയത്തിൽ പതിമൂന്ന് യന്ത്രങ്ങളുണ്ട്. ഇവ നിർമ്മിക്കുന്ന കാലത്തെ ശാസ്ത്ര നിലവ്വരം വച്ച് നോക്കിയാൽ, ഓരോന്നും മഹത്തായ യന്ത്രങ്ങൾ. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു.
ഭുമിയുടെ കാന്തിക അക്ഷത്തിനു സമാന്തരമായി അക്ഷകർണ്ണം ഉള്ള മട്ട ത്രികോണാകാരത്തിൽ നെട്ടനെ ഉയരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു ജന്തർ മന്തറിലെ ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം.ജന്തർ മന്തർ എന്ന പേരു കേൾക്കുമ്പോൾ അത് നേരിട്ടും ദൃശ്യ മാദ്ധ്യമങ്ങളിലും കണ്ട് പരിചയമുള്ള ആർക്കും ആദ്യം ഓർമ്മ വരുന്നത് ഈ നിർമ്മിതി ആയിരിക്കും. ജന്തർ മന്തറിലെ ഏറ്റവും വലിയ നിർമ്മിതി ഇതാണു.. ഇതൊരു സൂര്യയന്ത്രമാണു. ഘടികാരങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണു സൂര്യയന്ത്രങ്ങൾ. എന്നാൽ സമ്രാട് യന്ത്രം സാധാരണ സൂര്യയന്ത്രങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോയി. നക്ഷത്രങ്ങളുടെ സ്ഥാന നിർണ്ണയത്തിനും കാലനിർണ്ണയത്തിനും മറ്റും ഈ യന്ത്രം വളരെ ഉപകാരപ്രദമായിരുന്നു എന്നു പറയുന്നു.
ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്. ഖുത്ബ് മിനാറടക്കമുള്ള ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള ഖുത്ബ് സമുച്ചയത്തിലാണ് 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രൻ എന്ന ഒരു ചെറുരാജാവാണ് ഈ സ്തംഭം നിർമ്മിച്ചത്. നാലാം നൂറ്റാണ്ടിലെ ചന്ദ്രഗുപ്തൻ രണ്ടാമനാണ് ഇദ്ദേഹം എന്നും കരുതുന്നു.
അവസാനം പരിഷ്കരിച്ചത് : 5/5/2020
ഇന്ത്യന് ഭരണഘടനയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ
ഇന്ത്യന് നാവികസേന- വിശദ വിവരങ്ങൾ
ഇന്ത്യന് നദീതടപദ്ധതികള്- വിശദ വിവരങ്ങൾ
ഇന്ത്യയിൽ കരമാർഗമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗതോ...