ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. ക്രി.മു. 3300 മുതൽ ക്രി.മു. 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി. മു. 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു.മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ ക്രി.മു. 6-ആം നൂറ്റാണ്ടിൽ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ ശ്രമണ തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ (ഏകദേശം ക്രി.മു. 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു.ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ ക്രി.മു. 184 മുതൽ പഞ്ചാബ്, ഗാന്ധാരംഎന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമതകാലഘട്ടത്തിന്റെ ആരംഭം.
ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പലമദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു [3]. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.
കേരളത്തിന് ക്രി.വ. 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്‌ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് ക്രിസ്തുവർഷം 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിംതെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു
18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.
20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്‌ലിം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു
ചരിത്രാതീത യൂറോപ്പിലെപോലെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള വർഷങ്ങളിലാണ് മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല
മദ്ധ്യ ഇന്ത്യയിലെ നർമ്മദാ തടത്തിൽ നിന്നു ലഭിച്ച ഹോമോ എറെക്ടസിന്റെ ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്..[7][8]ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മീസോലിത്തിക്ക് കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ ഹിമയുഗത്തിന്റെ അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.
ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ നിർമ്മിച്ചിരുന്നു. ഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.
5-സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.
വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭീംബെട്ക ശിലാഗൃഹങ്ങളിൽ ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാലനിയോലിത്തിക്ക് സംസ്കാരത്തെ മേർഘഡ് കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിലാണ്. ഘാംബട്ട് ഉൾക്കടലിൽപൂണ്ടുകിടക്കുന്ന രീതിയിലും നിയോലിത്തിക്ക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് റേഡിയോകാർബൺ കാലനിർണ്ണയ പ്രകാരം ക്രി.മു 7500 വരെ പഴക്കം നിർണ്ണയിക്കുന്നു പിൽക്കാല നിയോലിത്തിക്ക് സംസ്കാരങ്ങൾ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതൽ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയിൽ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് പാകിസ്താൻ നിലനിൽക്കുന്ന ഭൂഭാഗത്ത് രണ്ട് ദശലക്ഷം വർഷങ്ങളെങ്കിലും തുടർച്ചയായി മനുഷ്യവാസമുണ്ടായിരുന്നു ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിൽ തെക്കേ ഏഷ്യയിലെ ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളിൽ ചിലതും തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളിൽ ചിലതും ഉൾപ്പെടുന്നു.
പാകിസ്താനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം സോവൻ നദീതടത്തിലെ പാലിയോലിത്തിക് ഹോമിനിഡ് സ്ഥലമാണ്. ഗ്രാമീണജീവിതം ആരംഭിച്ചത് മേർഗഡിലെ നവീന ശിലായുഗസ്ഥലത്താണ്] പ്രദേശത്തെ ആദ്യത്തെ നാഗരികത സിന്ധൂ നദീതട സംസ്കാരം ആയിരുന്നു ഇതിലെ പ്രധാന നഗരങ്ങൾ മോഹൻജൊ ദാരോ, ഹാരപ്പ. എന്നിവയായിരുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ക്രി.മു. 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ സിന്ധൂ നദിയുടെ തടത്തിൽ വസിച്ചിരുന്ന ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു. 1900 വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. ഈ പുരാതന സംസ്കാരത്തിൽ ഹാരപ്പ, മോഹൻജൊ-ദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനികപാകിസ്താനിലെ), ധോളവിര, (ആധുനിക ഇന്ത്യയിലെ) ലോഥൽ. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം ഘാഗ്ഗർ-ഹക്ര നദീ തടം, the ഗംഗാ-യമുനാ ദൊവാബ് ഗുജറാത്ത്, വടക്കേ അഫ്ഗാനിസ്ഥാൻ. എന്നിവിടങ്ങൾ വരെ വ്യാപിച്ചു.
ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരങ്ങൾ, പാതയോരത്തുള്ള അഴുക്കുചാൽ സംവിധാനം, പല നിലകളുള്ള വീടുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ കേന്ദ്രങ്ങളിൽ ഹാരപ്പ, മോഹൻജൊ ദാരോ, ധോളവിര, ഗനേരിവാല, ലോഥാൽ, കാളിബങ്കൻ, രാഖിഗർഹി എന്നിവ ഉൾപ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ ക്ഷയം നഗര സമൂഹങ്ങളുടെ തകർച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി.
ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങളായ വേദങ്ങളുമായി ബന്ധപ്പെട്ട ഇന്തോ-ആര്യൻ സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങൾ വൈദിക സംസ്കൃതത്തിലാണ്വാമൊഴിയാൽ പകർന്നു പോന്നത്. വേദങ്ങൾ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം ക്രി.മു. 1500 മുതൽ ക്രി.മു. 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പിൽക്കാല ഇന്ത്യൻ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തിൽ പല ഇന്ത്യൻ ദേശീയതാവാദികളായ ചരിത്രകാരന്മാർക്കും തർക്കമുണ്ട് - ഇവർ ഇത് ക്രി.മു. 3000 വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു. വേദ കാലഘട്ടത്തിന്റെ ആദ്യ 500 വർഷങ്ങൾ (ക്രി.മു. 1500 - ക്രി.മു. 1000) ഇന്ത്യയുടെ വെങ്കലയുഗവും അടുത്ത 500 വർഷങ്ങൾ (ക്രി.മു. 1000 - ക്രി.മു. 500) ഇന്ത്യയുടെ ഇരുമ്പുയുഗവും ആണ്. പല പണ്ഡിതരും ഇന്ത്യയിലേയ്ക്ക് ഇന്തോ-ആര്യൻ കുടിയേറ്റം ഉണ്ടായി എന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നു - ആദ്യകാല ഇന്തോ-ആര്യൻ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു-പടിഞ്ഞാറേ പ്രദേശങ്ങളിലേയ്ക്ക് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ കുടിയേറി എന്ന് ഇവർ പറയുന്നു. ചില പണ്ഡിതരുടെ സിദ്ധാന്ത പ്രകാരം ഇന്തോ-ആര്യൻ ഗോത്രങ്ങൾ മദ്ധ്യ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും ഉത്ഭവിച്ചവരാണ്. അവിടെനിന്നും അവർ കിഴക്ക് ഇന്ത്യയിലേയ്ക്കും പടിഞ്ഞാറ് മെസൊപ്പൊട്ടേമിയയിലേയ്ക്കും കുടിയേറി അവിടങ്ങളിലെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും അതേ സമയം തങ്ങളുടെ ഭാഷയും സംസ്കാരവും പടർത്തുകയും ചെയ്തു. ഔട്ട് ഓഫ് ഇന്ത്യ സിദ്ധാന്തത്തിന്റെ വക്താക്കൾ ഈ വാദത്തെ എതിർക്കുന്നു. അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പിൽക്കാല ഹാരപ്പൻ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്കൃതികൾ ഗംഗാതടത്തിനുകുറുകേ തെക്കോട്ട് വ്യാപിച്ചു. തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹല്ലൂരിൽ ആണ്.
അലക്സാണ്ടറുടെ സൈനിക വിജയങ്ങൾ ഇന്ത്യയുടെ വടക്കേ അറ്റം വരെ എത്തി, ഇന്നത്തെ പാകിസ്താനിലെ സിന്ധൂ നദി വരെ. ഇത്അക്കീമെനിഡ് സാമ്രാജ്യത്തിനെക്കാൾഅല്പംകൂടി വിസ്തൃതമായിരുന്നു.
ഇതും കാണുക: അക്കീമെനിഡ് സാമ്രാജ്യം, ഗ്രീക്കോ-ബുദ്ധിസം ഒപ്പം അലക്സാണ്ടർ ചക്രവർത്തി
മഹാനായ ദാരിയസിന്റെ കാലത്ത്, ക്രി.മു. 520-ൽ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും (ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനും പാകിസ്താനും) പേർഷ്യൻ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വന്നു. അടുത്ത രണ്ട് നൂറ്റാണ്ടോളം ഇത് തുടർന്നു.[33] ക്രി.മു. 334-ൽ മഹാനായ അലക്സാണ്ടർ ഏഷ്യാമൈനറും അക്കീമെനിഡ് സാമ്രാജ്യവും കീഴടക്കി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തികളിൽ എത്തി. അവിടെ, ഹൈഡാസ്പസ് യുദ്ധത്തിൽ (ഇന്നത്തെ പാകിസ്താനിലെ ഝലം) അദ്ദേഹം പോറസ് (പുരു) രാജാവിനെ പരാജയപ്പെടുത്തി, പഞ്ചാബിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു;[34] എന്നാൽ അലക്സാണ്ടറിന്റെ സൈന്യം ഇന്നത്തെ പഞ്ചാബ് പ്രദേശത്തിലെ ജലന്ധറിന് അടുത്തുള്ള ഹൈഫാസസ് (ബിയാസ്) നദി കടന്ന് ആക്രമണം നടത്താൻ വിസമ്മതിച്ചു. അക്കാലത്തെ മഗധയുടെസൈനികശക്തിയിൽ ഭയപ്പെട്ടാണ് ഇതെന്നു കരുതുന്നു. അലക്സാണ്ടർ പിന്തിരിഞ്ഞ് തന്റെ സൈന്യത്തെ തെക്കുപടിഞ്ഞാറേയ്ക്ക് നയിച്ചു.
പേർഷ്യൻ, ഗ്രീക്ക് കടന്നുകയറ്റങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ പ്രധാനമായ ചലനങ്ങൾ ഉണ്ടാക്കി. പേർഷ്യക്കാരുടെ രാഷ്ട്രീയ സംവിധാനങ്ങൾ മൌര്യ സാമ്രാജ്യത്തിലെ ഭരണം ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിൽക്കാല ഭരണ രൂപങ്ങളെ സ്വാധീനിച്ചു. ഇതിനു പുറമേ, ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടക്കുന്ന ഗാന്ധാരം ഇന്ത്യൻ, പേർഷ്യൻ, മദ്ധ്യേഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളുടെ ഒരു ചൂളയായി മാറി. ഇത് ഒരു സങ്കര സംസ്കാരത്തിന് - ഗ്രീക്കോ ബുദ്ധിസത്തിന് - ജന്മം നൽകി. ക്രി.വ. 5-ആം നൂറ്റാണ്ടുവരെ നിലനിന്ന ഈ സംസ്കാരം മഹായാന ബുദ്ധമതത്തിന്റെ കലാപരമായ വികാസത്തെ സ്വാധീനിച്ചു.
ക്രി.മു. 321-ൽ, പുറത്താക്കപ്പെട്ട നായകനായ ചന്ദ്രഗുപ്തമൗര്യൻ, ചാണക്യന്റെ ആശീർവാദത്തിനു കീഴിൽ, അന്നു ഭരിച്ചിരുന്ന രാജാവായ ധന നന്ദനെ പുറത്താക്കി മൗര്യ സാമ്രാജ്യം സ്ഥാപിച്ചു. ആദ്യമായി ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും മൌര്യ ഭരണത്തിനു കീഴിൽ ഒരേ ഭരണസംവിധാനത്തിനു കീഴിൽ ഒന്നിച്ചുചേർന്നു. ചന്ദ്രഗുപ്ത മൌര്യനു കീഴിൽ മൌര്യ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും പിടിച്ചടക്കിയതിനു പുറമേ, ഗാന്ധാരവും പിടിച്ചടക്കി സാമ്രാജ്യത്തിന്റെ അതിരുകൾ പേർഷ്യ, മദ്ധ്യേഷ്യ എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു. തെക്കേ ഇന്ത്യയിൽ ജൈനമതം പ്രചരിച്ചതിനു കാരണം ചന്ദ്രഗുപ്തമൌര്യനാണെന്ന് കരുതുന്നു.
ചന്ദ്രഗുപ്തനു പിന്നാലെ മകനായ ബിന്ദുസാരൻ അധികാരത്തിൽ വന്നു. ബിന്ദുസാരൻ സാമ്രാജ്യം കലിംഗം ഒഴിച്ചുള്ള ഇന്നത്തെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇന്ത്യയുടെ തെക്കേ അതിരിലേയ്ക്കും കിഴക്കേ അതിരിലേയ്ക്കും ബിന്ദുസാരൻ സാമ്രാജ്യം വ്യാപിപ്പിച്ചു - ഈ പ്രദേശങ്ങൾക്ക് സാമന്തരാജ്യ പദവിയായിരുന്നിരിക്കാം എന്ന് കരുതുന്നു. ബിന്ദുസാരന്റെ സാമ്രാജ്യം മകനായ അശോക ചക്രവർത്തിയ്ക്ക്പരമ്പരാഗതമായി ലഭിച്ചു. ആദ്യകാലത്ത് അശോകൻ തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിച്ചു. കലിംഗ ആക്രമണത്തിന്റെ ഫലമായി ഉണ്ടായ വൻപിച്ച രക്തച്ചൊരിച്ചിലിനു പിന്നാലെ, അശോകൻ യുദ്ധമാർഗ്ഗം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിച്ച് അഹിംസാസിദ്ധാന്തത്തിന്റെ വക്താവായി മാറുകയും ചെയ്തു. അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകൾ. അശോകന്റെ കാലം മുതൽ, രാജവംശങ്ങളുടെ കാലഘട്ടം ഏകദേശം നിർണ്ണയിക്കുന്നത് ഇതുമൂലം സാദ്ധ്യമായി. അശോകനു കീഴിലുള്ള മൌര്യ സാമ്രാജ്യമാണ് കിഴക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളാകെ ബുദ്ധമത തത്ത്വങ്ങളുടെ പ്രചാരത്തിന് ഉത്തരവാദികൾ
പതിനാറു മഹാജനപദങ്ങളിൽ ഒന്നായ മഗധ സാമ്രാജ്യം പല രാജവംശങ്ങളുടെയും കീഴിൽ പ്രാധാന്യത്തിലേയ്ക്കുയർന്നു. പാരമ്പര്യം അനുസരിച്ച് ക്രി.മു. 684-ൽ ഹര്യങ്ക സാമ്രാജ്യമാണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത്. അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു. പിൽക്കാലത്ത് തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. ഈ രാജവംശത്തിനു പിന്നാലെ ശിശുനാഗ രാജവംശം മഗധ ഭരിച്ചു. ശിശുനാഗരെ ക്രി.മു. 424-ൽ നന്ദ രാജവംശം അധികാരഭ്രഷ്ടരാക്കി. നന്ദർക്കു പിന്നാലെ മൗര്യ സാമ്രാജ്യം അധികാരത്തിൽ വന്നു.
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ അഗസ്റ്റസിന്റെ ഭരണകാലത്താണ് ഇന്ത്യയുമായുള്ള റോമാ സാമ്രാജ്യത്തിന്റെ വ്യാപാരബന്ധം ശക്തമാവുന്നത്. അഗസ്റ്റസ് ഈജിപ്തിനെ ആക്രമിച്ച് കീഴടക്കിയതോടെ റോമാ സാമ്രാജ്യം പാശ്ചാത്യ ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആവുകയായിരുന്നു.
ക്രി.മു. 130-ൽ സിസിയസിലെ യൂഡോക്സസ് ആരംഭിച്ച വ്യാപാരം ക്രമേണ വർദ്ധിച്ചു. സ്ട്രാബോയുടെ അഭിപ്രായമനുസരിച്ച് (11.5.12.,അഗസ്റ്റസിന്റെ കാലത്തോടെ, എല്ലാ വർഷവും മയോസ് ഹോർമോസിൽ നിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകൾ വരെ യാത്രതിരിച്ചു. ഈ കച്ചവടത്തിന് ധാരാളം സ്വർണ്ണം ഉപയോഗിച്ചു, ഇത് കുഷാണർ വീണ്ടും ഉരുക്കി തങ്ങളുടെ നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്രയധികം സ്വർണ്ണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതിനെക്കുറിച്ച് പ്ലിനി (NH VI.101) ഇങ്ങനെ പരാതിപ്പെടുന്നു:
"യാഥാസ്ഥിതിക കണക്കുകൾ അനുസരിച്ച് ഇന്ത്യ, ചൈന, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ എന്നിവ നൂറ് ദശലക്ഷം സെസ്റ്റർസ്സ്വർണ്ണം നമ്മുടെ സാമ്രാജ്യത്തിൽ നിന്നും എടുക്കുന്നു: ഇതാണ് നമ്മുടെ സുഖസൗകര്യങ്ങൾക്കും സ്ത്രീകൾക്കും നാം കൊടുക്കുന്ന വില. ഈ ഇറക്കുമതികളുടെ എന്തു ശതമാനമാണ് ദൈവങ്ങൾക്കുള്ള ബലിയ്ക്കോ മരിച്ചവരുടെ ആത്മാക്കൾക്കോ ആയി നീക്കിവെച്ചിരിക്കുന്നത്?"
—പ്ലിനി, ഹിസ്റ്റോറിയ നാച്ചുറേ 12.41.84
ഈ വ്യാപാര മാർഗ്ഗങ്ങളും തുറമുഖങ്ങളും ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ രചിച്ച ഗ്രന്ഥമായ എറിത്രിയൻ കടലിലെ പെരിപ്ലസ് എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ക്രിസ്തുവർഷം 4, 5 നൂറ്റാണ്ടുകളിൽ ഗുപ്ത സാമ്രാജ്യം വടക്കേ ഇന്ത്യയെ ഒരുമിപ്പിച്ചു. ഹിന്ദു നവോത്ഥാനത്തിന്റെ സുവർണ്ണകാലം എന്ന് അറിയപ്പെടുന്ന ഈ കാലത്ത് ഹിന്ദു സംസ്കാരം, ശാസ്ത്രം, രാഷ്ട്രീയ ഭരണനിർവ്വഹണം എന്നിവ പുതിയ ഉയരങ്ങളിലെത്തി. ചന്ദ്രഗുപ്തൻ I, സമുദ്രഗുപ്തൻ,ചന്ദ്രഗുപ്തൻ II എന്നിവരായിരുന്നു ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തരായ രാജാക്കന്മാർ. വേദ പുരാണങ്ങളും രചിച്ചത് ഈ കാലത്ത് ആണെന്ന് വിശ്വസിക്കപ്പെടുന്നു. മദ്ധ്യേഷ്യയിൽ നിന്നും ഹൂണരുടെ ആക്രമണത്തോടെ ഈ സാമ്രാജ്യം അവസാനിച്ചു. 6-ആം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തോടെ ഇന്ത്യ വീണ്ടും പല പ്രാദേശിക രാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായി. ഗുപ്ത രാജവംശത്തിന്റെ ഒരു ചെറിയ തായ്‌വഴി സാമ്രാജ്യത്തിന്റെ വിഘടനത്തിനു ശേഷവും മഗധ തുടർന്ന് ഭരിച്ചു. ഈ ഗുപ്തരെ അന്തിമമായി പുറത്താക്കിക്കൊണ്ട് വർദ്ധന രാജാവായ ഹർഷൻ ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഒരു സാമ്രാജ്യം സ്ഥാപിച്ചു.
ഹെഫലൈറ്റ് സംഘത്തിന്റെ ഭാഗം എന്ന് അനുമാനിക്കുന്ന ഹൂണർ 5-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ അഫ്ഗാനിസ്ഥാനിൽ ശക്തമായി. ഇവർ തലസ്ഥാനം ബാമിയാനിൽ സ്ഥാപിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിന് കാരണക്കാർ ഇവരായിരുന്നു. ഹൂണരുടെ ആക്രമണം ചരിത്രകാരന്മാർ വടക്കേ ഇന്ത്യയുടെ സുവർണ്ണ കാലമായി കരുതുന്ന കാലഘട്ടത്തിന് അവസാനം കുറിച്ചു. എന്നിരിക്കിലും വടക്കേ ഇന്ത്യയിലെ ഈ രാഷ്ട്രീയ അസ്ഥിരത തെക്കേ ഇന്ത്യയെയോ ഡെക്കാൻ പ്രദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയുമോ സ്വാധീനിച്ചില്ല.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങളിൽ ഇന്തോ-ഗ്രീക്കുകാർ, ഇന്തോ-സിഥിയർ (ശാകർ), ഇന്തോ-പാർത്ഥിയർ,ഇന്തോ-സസ്സാനിഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയിൽ ആദ്യത്തേതായ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം സ്ഥാപിച്ചത് ഗ്രീക്കോ-ബാക്ട്രിയൻ രാജാവായഡിമിട്രിയസ് ക്രി.മു. 180-ൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ പരന്നു കിടക്കുന്ന പ്രദേശം ആക്രമിച്ചതോടെയാണ്. രണ്ട് നൂറ്റാണ്ടുകാലത്തോളം നിലനിന്ന ഈ സാമ്രാജ്യം 30-ഓളം ഗ്രീക്ക് രാജാക്കന്മാർ തുടർച്ചയായി ഭരിച്ചു. പലപ്പൊഴും ഇവർ പരസ്പരം പോരാടി.
ഇതിനു ശേഷം ശകർ എന്നും ഇന്തോ-സിഥിയർ എന്നും അറിയപ്പെടുന്ന മദ്ധ്യേഷ്യൻ വർഗ്ഗക്കാർ ഭരണം നടത്തി. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറ് മേഖലകളിൽ ഇവർ ഭരണകൂടങ്ങൾ സ്ഥാപിച്ചു. ഇവയിൽ ചില രാജവംശങ്ങൾ ഗുപ്തരാജാക്കാന്മാർ പിടിച്ചടക്കുന്നതുവരെ ഏകദേശം അഞ്ഞൂറു കൊല്ലക്കാലം ഭരണം നടത്തി[35]. ഇന്തോ-യൂറോപ്യൻ ശാകരുടെ (സിഥിയർ) ഒരു ശാഖയായിരുന്നു ഇന്തോ-സിഥിയർ. ഇവർ തെക്കൻസൈബീരിയയിൽ നിന്നും ആദ്യം ബാക്ട്രിയയിലേയ്ക്കും, പിന്നീട് സോഗ്ദിയാന, കാശ്മീർ, അരക്കോസിയ, ഗാന്ധാരം, പഞ്ചാബ്എന്നിവിടങ്ങളിലേയ്ക്കും, ഒടുവിൽ മദ്ധ്യ ഇന്ത്യ, പടിഞ്ഞാറൻ ഇന്ത്യ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേയ്ക്കും കുടിയേറി. ഇവരുടെ സാമ്രാജ്യം ക്രി.മു. 2-ആം നൂറ്റാണ്ടു മുതൽ ക്രി.മു. 1-ആം നൂറ്റാണ്ടുവരെ നിലനിന്നു. ഗാന്ധാരത്തിലെ കുശാണ രാജാവായ കുജുല കാഡ്ഫിസസ് തുടങ്ങിയ പല തദ്ദേശീയ നാടുവാഴികളെയും തോൽപ്പിച്ച് ഇന്തോ-പാർഥിയർ (പഹ്ലവർ എന്നും ഇവർ അറിയപ്പെടുന്നു) ഇന്നത്തെ അഫ്ഗാനിസ്ഥാനും വടക്കൻ പാകിസ്താനും നിലനിൽക്കുന്ന മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചടക്കി. ഗുപ്ത രാജാക്കന്മാരുടെ സമകാലികരായിരുന്ന പേർഷ്യയിലെസസ്സാനിഡ് സാമ്രാജ്യം തങ്ങളുടെ ഭരണ പ്രദേശം ഇന്നത്തെ പാകിസ്താനിലേയ്ക്കും വ്യാപിപ്പിച്ചു. തത്ഫലമായി ഇന്ത്യൻ, പേർഷ്യൻ സംസ്കാരങ്ങളുടെ സങ്കലനം ഇന്തോ-സസ്സാനിഡ് സംസ്കാരത്തിന് ജന്മം നൽകി.
1526-ൽ റ്റിമൂറിന്റെയും ജെംഗിസ് ഖാന്റെയും ഒരു റ്റിമൂറിദ് (റ്റർക്കോ-പേർഷ്യൻ) പിൻഗാമിയായ ബാബർ ഖൈബർ ചുരം കടന്ന് പ്രദേശങ്ങൾ കീഴ്പ്പെടുത്തി മുഗൾ സാമ്രാജ്യം സ്ഥാപിച്ചു. ഈ സാമ്രാജ്യം 200 വർഷത്തിലേറെ നിലനിന്നു. 1600-ഓടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും മുഗൾ രാജവംശത്തിന്റെ ഭരണത്തിനു കീഴിലായി; 1707-നു ശേഷം മുഗൾ സാമ്രാജ്യം മന്ദഗതിയിലുള്ള അധഃപതനത്തിലേയ്ക്കു പോയി.1857-ലെ സ്വാതന്ത്ര്യ സമരത്തിൽ (ശിപായി ലഹള എന്നും ഇത് അറിയപ്പെടുന്നു) മുഗൾ സാമ്രാജ്യം അന്തിമമായി പരാജയപ്പെട്ടു. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ വ്യാപകമായ സാമൂഹിക മാറ്റത്തിന്റേതായിരുന്നു - ഹിന്ദു ഭൂരിപക്ഷത്തെ മുഗൾ ചക്രവർത്തിമാർ ഭരിച്ചു എന്നതുകൊണ്ടായിരുന്നു ഇത്. അവരിൽ ചിലർ മതപരമായ സഹിഷ്ണുത പുലർത്തിക്കൊണ്ട് ഹിന്ദു സംസ്കാരത്തെ നിർലോഭം പ്രോത്സാഹിപ്പിച്ചു. മറ്റു ചിലർ ചരിത്രപരമായ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അമുസ്ലീങ്ങളുടെ മേൽ നികുതി ഏർപ്പെടുത്തുകയും ചെയ്തു. മുഗൾ സാമ്രാജ്യം അതിന്റെ ഉന്നതിയിൽ മൗര്യ സാമ്രാജ്യത്തെക്കാൾ അല്പം കൂടുതൽ ഭൂവിഭാഗത്തിനുമേൽ അധീനത പുലർത്തി. മുഗൾ സാമ്രാജ്യം ക്ഷയിച്ചപ്പോൾ പല ചെറിയ സാമ്രാജ്യങ്ങളും ഈ വിടവ് നികത്തിക്കൊണ്ട് ഉദിച്ചുവന്നു. അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി. ഒരുപക്ഷേ ലോകത്ത് നിലനിന്നതിൽ ഏറ്റവും ധനികമായ രാജവംശമായിരിക്കാം മുഗൾ സാമ്രാജ്യം. 1739-ൽ നാദിർ ഷാ മുഗൾ സൈന്യത്തെ കർണാൽ യുദ്ധത്തിൽപരാജയപ്പെടുത്തി. ഈ വിജയത്തിനു ശേഷം നാദിർ ദില്ലി പിടിച്ചടക്കി കൊള്ളയടിച്ചു, മയൂര സിംഹാസനം ഉൾപ്പെടെ പല അമൂല്യ നിധികളും കവർന്നുകൊണ്ടു പോയി
മുഗൾ സാമ്രാജ്യത്തിനു ശേഷമുള്ള കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ മറാഠ സ്വയംഭരണ പ്രദേശങ്ങളുടെയും മറ്റ് പ്രാദേശിക രാജ്യങ്ങളുടെയും (ഇവ മിക്കതും മുഗളരുടെ സാമന്തരാജ്യങ്ങൾ ആയിരുന്നു) ഉദയം, യൂറോപ്യൻ ശക്തികളുടെ ഇടപെടലുകളിലുള്ള വർദ്ധനവ് എന്നിവ ആയിരുന്നു. മറാഠ രാജ്യം സ്ഥാപിച്ചതും ശക്തിപ്പെടുത്തിയതും ശിവജി ആയിരുന്നു. 18-ആം നൂറ്റാണ്ടോടെ, അത് പേഷ്വാമാരുടെ അധീനതയിലുള്ള മറാഠ സാമ്രാജ്യമായി വികസിച്ചു. 1760-ഓടെ മറാഠ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ (1761) അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സൈന്യത്തിൽ നിന്നും പരാജയം നേരിട്ടത് ഈ വികാസത്തിന് അവസാനം കുറിച്ചു. അവസാനത്തെ പേഷ്വാ ആയ ബാജി റാവു II-നെ മൂന്നാം ആംഗ്ലോ-മറാഠ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി.
ഏകദേശം ക്രി.വ. 1400-ൽ വഡയാർ രാജവംശം സ്ഥാപിച്ച തെക്കേ ഇന്ത്യയിലെ രാജ്യമായിരുന്നു മൈസൂർ. വഡയാറുകളുടെ ഭരണത്തെഹൈദരലിയും മകനായ ടിപ്പു സുൽത്താനും തടസ്സപ്പെടുത്തി. ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭരണകാലത്ത് മൈസൂർ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ഏർപ്പെട്ടു. ഇത് ചിലപ്പോൾ ബ്രിട്ടീഷ്, മറാഠ സഖ്യ സൈന്യങ്ങളോടും, മിക്കപ്പൊഴും ബ്രിട്ടീഷ് സൈന്യത്തോടുമായിരുന്നു. ഈ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ മൈസൂരിനെ ചെറിയതോതിൽ സഹായിക്കുകയോ, സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്തു. ഗോൽക്കൊണ്ടയിലെകുത്ത്ബ് ഷാഹി രാജവംശമാണ് 1591-ൽ ഹൈദ്രബാദ് സ്ഥാപിച്ചത്. അല്പകാലത്തെ മുഗൾ ഭരണത്തിനു ശേഷം, ഒരു മുഗൾ ഉദ്യോഗസ്ഥനായഅസഫ് ജാ 1724-ൽ ഹൈദ്രബാദിന്റെ ഭരണം പിടിച്ചെടുത്ത് സ്വയം ഹൈദ്രബാദിന്റെ നിസാം-അൽ-മുൽക്ക് ആയി പ്രഖ്യാപിച്ചു. നിസാമുകൾ പരമ്പരാഗതമായി 1724 മുതൽ 1948 വരെ ഹൈദ്രബാദ് ഭരിച്ചു. മൈസൂറും ഹൈദ്രബാദും ബ്രിട്ടീഷ് ഇന്ത്യയിലെ സാമന്ത നാട്ടുരാജ്യങ്ങൾ (princely states) ആയി.
സിഖ് മതവിശ്വാസികൾ ഭരിച്ച പഞ്ചാബ് രാജ്യം ഇന്നത്തെ പഞ്ചാബ് പ്രദേശം ഭരിച്ച രാഷ്ട്രീയ സംവിധാനമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ അവസാനത്തെ സ്ഥലങ്ങളിൽ പഞ്ചാബ് ഉൾപ്പെടുന്നു. സിഖ് സാമ്രാജ്യത്തിന്റെ പതനം കുറിച്ചത് ആംഗ്ലോ-സിഖ് യുദ്ധങ്ങൾ ആണ്. 18-ആം നൂറ്റാണ്ടിൽ ഗൂർഖ ഭരണാധികാരികൾ ഇന്നത്തെ നേപ്പാൾ രാജ്യം രൂപവത്കരിച്ചു. ഷാ മാരും റാണമാരും നേപ്പാളിന്റെ ദേശീയ സ്വഭാവവും അഖണ്ഡതയും വളരെ കർക്കശമായി കാത്തുസൂക്ഷിച്ചു.
മുഗൾ ചക്രവർത്തിയായ ജഹാംഗീർ 1617-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യയിൽ കച്ചവടം നടത്തുന്നതിന് സമ്മതം നൽകി. ക്രമേണ ഇവരുടെ വർദ്ധിച്ചുവരുന്ന സ്വാധീനം മുഗള രാജവംശ പരമ്പരയിലെ അന്നത്തെ മുഗൾ ചക്രവർത്തിയായ ഫറൂഖ് സിയാർ ഇവർക്ക്ബംഗാളിൽ നികുതിയില്ലാതെ വ്യാപാരം നടത്തുന്നതിനുള്ള പട്ടയങ്ങൾ - ദസ്തക്കുകൾ നൽകുന്നതിലേയ്ക്ക് നയിച്ചു ബംഗാളിലെ നവാബുംബംഗാൾ പ്രവിശ്യയുടെ അന്നത്തെ ഭരണാധികാരിയുമായിരുന്ന സിറാജ് ഉദ് ദൌള ബ്രിട്ടീഷുകാരുടെ ഈ പട്ടയങ്ങൾ ഉപയോഗിക്കാനുള്ള ശ്രമങ്ങളെ എതിർത്തു. ഇത് 1757-ലെ പ്ലാസി യുദ്ധത്തിലേയ്ക്ക് നയിച്ചു. ഈ യുദ്ധത്തിൽ റോബർട്ട് ക്ലൈവ് നയിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം നവാബിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ഭരണാധികാരങ്ങൾ ലഭിച്ച ആദ്യത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നു ഇത്. ക്ലൈവിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി 1757-ൽ ബംഗാളിലെ ആദ്യത്തെ 'ഗവർണ്ണർ ജനറലായി അവരോധിച്ചു' 1764-ലെ ബക്സർ യുദ്ധത്തിനുപിന്നാലെ മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമനിൽ നിന്നും കമ്പനി ബംഗാളിൽ പൊതു ഭരണനിർവ്വഹണത്തിനുള്ള അവകാശങ്ങൾ നേടി. ഇത് കമ്പനിയുടെ ഔദ്യോഗിക ഭരണത്തിന് തുടക്കം കുറിച്ചു. പിന്നീട് കമ്പനിഭരണം ഇന്ത്യയിലെ മിക്ക ഭാഗത്തേയ്ക്കും വ്യാപിക്കുകയും ഇത് മുഗൾ ഭരണത്തിനും മുഗൾ രാജവംശത്തിനു തന്നെയും ഒരു നൂറ്റാണ്ടിൽ അവസാനം കുറിക്കുകയും ചെയ്തു ബംഗാളിലെ വ്യപാരത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി കുത്തക പുലർത്തി. ഇവർപെർമെനന്റ് സെറ്റിൽമെന്റ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തി. ഇത് ബംഗാളിൽ സമീന്ദാർ എന്ന് അറിയപ്പെട്ട ഭൂപ്രഭുക്കന്മാരുടെ ഉദയത്തിനു കാരണമായി. 1850-കളോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്നത്തെ ബംഗ്ലാദേശ്, പാകിസ്താൻ പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും നിയന്ത്രിച്ചു. ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളുടെയും സാമൂഹിക - മത സമുദായങ്ങളുടെയും പരസ്പര സ്പർദ്ധ മുതലെടുത്ത ഇവരുടെ നയത്തെ പലപ്പൊഴും വിഘടിപ്പിച്ച് ഭരിക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ബ്രിട്ടീഷ് കമ്പനിയുടെ ധാർഷ്ട്യത്തിനും ഭരണത്തിനും എതിരെ നടന്ന ആദ്യത്തെ പ്രധാന മുന്നേറ്റമായിരുന്നു 1857-ലെ ഇന്ത്യൻ കലാപം. ഇത് "ഇന്ത്യൻ ലഹള", "ശിപായി ലഹള", "ഒന്നാം സ്വാതന്ത്ര്യ സമരം", എന്നിങ്ങനെയും അറിയപ്പെടുന്നു. ഒരു വർഷത്തെ കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം പുതുതായി സംഘം ചേർന്ന ബ്രിട്ടീഷ് ഭടന്മാരുടെ സഹായത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഈ കലാപത്തെ അടിച്ചമർത്തി. ഈ കലാപത്തിന്റെ നാമമാത്ര നേതാവും അവസാനത്തെ മുഗൾ ചക്രവർത്തിയുമായ ബഹദൂർ ഷാ സഫറിനെബർമ്മയിലേയ്ക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ മക്കളെ ശിരച്ഛേദം ചെയ്തു, മുഗൾ തായ്‌വഴി നിരോധിച്ചു. ഈ കലാപത്തിനു ശേഷം എല്ലാ അധികാരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് കിരീടം ഏറ്റെടുത്തു, ബ്രിട്ടീഷ് കിരീടം ഇന്ത്യയുടെ മിക്കഭാഗവും ഒരു കോളനിയായി ഭരിക്കാൻ തുടങ്ങി. കമ്പനിയുടെ ഭൂപ്രദേശങ്ങൾ നേരിട്ടും ബാക്കിയുള്ളവ സാമന്ത രാജ്യങ്ങളിലൂടെയും ബ്രിട്ടീഷ് കിരീടം നിയന്ത്രിച്ചു.
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ബാബർ യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26, ആംഗലേയത്തിൽ Zāhir al-Dīn Mohammad, പേർഷ്യനിൽ
പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു. മദ്ധ്യേഷ്യയിലെഫർഗാനയിലെ തിമൂറി കുടുംബാംഗമായിരുന്ന ബാബർ, ഉസ്‌ബെക്കുകളുമായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു]. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ ഹുമയൂൺ ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, പാനിപ്പത്ത്, ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു
ഇന്ത്യയിലെ മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാണ് ഹുമായൂൺ (1508 മാർച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1955-56) (മുഴുവൻ പേര് നസിറുദ്ദീൻ മുഹമ്മദ് ഹുമായൂൺ)) ബാബറിന്റെ മൂത്തപുത്രൻ. ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം തന്നെ ഹുമായൂൺ യുദ്ധത്തിൽ പങ്കെടുത്തു. പിതാവിന്റെ മരണശേഷം സിംഹാരോഹണം ചെയ്യുമ്പോൾ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാൻ എന്നാണ് പേരിന്റെ അർത്ഥം എങ്കിലും അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇടയ്ക്ക് വച്ച് ഷേർഷാഭരണം പിടിച്ചെങ്കിലും പേർഷ്യക്കാരുടെ സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.
മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് ജലാഅലുദ്ദിൻ മുഹമ്മദ് അക്ബർ (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12). മഹാനായ അക്ബർ എന്നും അറിയപ്പെടുന്നു. ചക്രവർത്തി, ഹുമയൂണിന്റെ പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു മുൻപുള്ള ബാബർ, ഹുമായൂൺ എന്നീ ചക്രവർത്തിമാർക്ക്, യുദ്ധങ്ങൾ നടത്തി സാമ്രാജ്യം സ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാൽ സാമ്രാജ്യത്തിൽ ശക്തമായ ഒരു ഭരണക്രമം സ്ഥാപിച്ചത് അക്ബറാണ്. അതുകൊണ്ട് മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽപി എന്നാണു അക്ബർ അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്.
മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ് ജഹാംഗീർ (പൂർണ്ണനാമം:നൂറുദ്ദീൻ സലീം ജഹാംഗീർ) (1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബർ 28). 1605 മുതൽ തന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ലോകജേതാവ് എന്നാണ് ജഹാംഗീർ എന്ന പേരിന്റെ അർത്ഥം.
പിതാവായ അക്ബറിന്റെ മരണശേഷമാണ് സലീം, ജഹാംഗീർ എന്ന പേരിൽ ചക്രവർത്തിപദത്തിലെത്തിയത്. 1600-ആമാണ്ടിൽ അക്ബർക്കെതിരെ അട്ടിമറിക്ക് ശ്രമിച്ചിരുന്ന സലീമിനെ പിൻഗാമിയാക്കുന്നതിനോട് അക്ബർക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അക്ബറുടെ മരണത്തിന് 8 ദിവസങ്ങൾക്കു ശേഷം, 1605 നവംബർ 3-ന് സലീം ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു. ജഹാംഗീറിന്റെ കാലത്ത് മേവാഡിലെ സിസോദിയ രാജാവ് അമർസിങ്മുഗളരുടെ മേൽകോയ്മ അംഗീകരിച്ചു. സിഖുകാർ, അഹോമുകൾ, അഹ്മദ്നഗർ എന്നിവക്കെതിരെ ജഹാംഗീർ നടത്തിയ ആക്രമണങ്ങൾ അത്ര വിജയം വരിച്ചില്ല
1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ(പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ് ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ.
ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമസ്ഥലമായ കാശ്മീരിൽ 777 ഉദ്യാനങ്ങൾ ഷാജഹാൻ പണിയിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിൽ ചിലതെല്ലാം ഇപ്പോഴും സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 9/24/2019
ഇന്ത്യയിൽ കരമാർഗമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗതോ...
ഇന്ത്യന് കരസേന - വിശദ വിവരങ്ങൾ
ഇന്ത്യന് നാവികസേന- വിശദ വിവരങ്ങൾ
ഇന്ത്യന് നദീതടപദ്ധതികള്- വിശദ വിവരങ്ങൾ