ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ അഖിലേന്ത്യാ തലത്തില്‍നടന്ന ആദ്യത്തെ ബഹുജനപ്രസ്ഥാനം (1920-22). അനീതിയില്‍ അധിഷ്ഠിതമായ ഭരണസംവിധാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ പരീക്ഷിച്ച സത്യഗ്രഹം എന്ന സമരായുധത്തിന്റെ ഒരു രൂപമായിരുന്നു നിസ്സഹകരണം; ബ്രിട്ടീഷ് ഔദ്യോഗികവൃന്ദത്തിന് ഭരണസംവിധാനം നടത്തിക്കൊണ്ടുപോകുന്നതിന് സഹായകമായ ഒന്നും ചെയ്യാതിരിക്കുക എന്നാണ് നിസ്സഹകരണംകൊണ്ട് ഉദ്ദേശിച്ചത്. ബംഗാള്‍ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സ്വദേശി പ്രസ്ഥാനം നിസ്സഹകരണത്തിന്റെ മാതൃകയായിരുന്നെങ്കിലും, നിസ്സഹകരണ പ്രസ്ഥാനത്തെ അവയില്‍നിന്നും വ്യതിരിക്തമാക്കിയത് ഗാന്ധിജിയുടെ അഹിംസ എന്ന ആദര്‍ശമായിരുന്നു.
ഒന്നാം ലോകയുദ്ധത്തില്‍ ഇന്ത്യ നല്കിയ സഹായ സഹകരണത്തിനു പ്രത്യുപകാരമായി ഉത്തരവാദഭരണം സ്ഥാപിക്കുക യാണ് ബ്രിട്ടന്റെ ലക്ഷ്യം എന്ന മൊണ്ടേഗുവിന്റെ (ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറി) ചരിത്രപ്രധാനമായ പ്രഖ്യാപനം ഇന്ത്യയില്‍ പരക്കെ സ്വീകരിക്കപ്പെട്ടു. എന്നാല്‍, ഈ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധപ്രവര്ത്തനങ്ങള് തടയാനെന്ന പേരില്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള റൗലറ്റ് ആക്റ്റ് ഗവണ്മെന്റ് നടപ്പിലാക്കിയത് വന്‍ പ്രതിഷേധമുളവാക്കി. സ്വയംഭരണം, ഉത്തരവാദഭരണം എന്നീ വാഗ്ദാനങ്ങള്‍ നല്കി ലിബറല്‍ നയത്തിന്റെ വക്താക്കള്‍ എന്ന് തോന്നിപ്പിക്കുന്നതിനോടൊപ്പംതന്നെ ശക്തമായ അടിച്ചമര്‍ത്തല്‍ തുടരാനുള്ള ഗവണ്മെന്റിന്റെ നീക്കമാണ്, റൗലറ്റ് ആക്റ്റിലൂടെ വ്യക്തമായത്. ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സംശയമുള്ള വ്യക്തികളെ വിചാരണകൂടാതെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കാനും അവരുടെ നീക്കങ്ങളെ നിയന്ത്രിക്കാനും വ്യവസ്ഥ ചെയ്ത ഈ നിയമം വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രാഥമിക നീതിയുടെയും നഗ്നമായ ഉല്ലംഘനമായിരുന്നു. (ഇത്തരമൊരു നിയമം പാസ്സാക്കിയ ഗവണ്മെന്റ് പരിഷ്കൃത ഗവണ്മെന്റ് എന്ന പേര് അര്‍ഹിക്കുന്നില്ല എന്നാണ് ജിന്ന നിരീക്ഷിച്ചത്.) അന്യായത്തിനെതിരെ അക്രമരഹിതമാര്ഗത്തിലൂടെ പ്രതിഷേധിക്കുവാനായി ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി പരീക്ഷിച്ച സത്യഗ്രഹം എന്ന കര്‍മസിദ്ധാന്തം ഇന്ത്യയില്‍ ദേശവ്യാപകമായി ആദ്യമായി പ്രയോഗിച്ചത് റൗലറ്റ് ആക്റ്റിനെതിരായിട്ടാണ്.
റൗലറ്റ് ആക്റ്റിനെതിരെ പഞ്ചാബില്‍ നടന്ന പ്രതിഷേധത്തിന്റെ പരിണതിയായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സര്.സി. ശങ്കരന്‍നായര്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും രാജിവയ്ക്കുകയും ടാഗൂര്‍ തനിക്കു ലഭിച്ച നൈറ്റ് പദവി ത്യജിക്കുകയും ചെയ്തിരുന്നു. ജൊവാന് ഒഫ് ആര്‍ക്കിനെ ചുട്ടുകരിച്ച പ്രാകൃതകാലത്തിനുശേഷം ഇംഗ്ലീഷ് ചരിത്രത്തിലെ ഏറ്റവും മലിനമായ കളങ്കം എന്ന് ചര്‍ച്ചില്‍ വിശേഷിപ്പിച്ച ജാവിയന്വാലാ ബാഗ് കൂട്ടക്കൊലയ്ക്കു ശേഷവും ഇംഗ്ലീഷുകാരുടെ മൗലികമായ മാനവികതയില്‍ ഗാന്ധിജി വിശ്വസിച്ചുപോന്നു എന്നത് ശ്രദ്ധേയമാണ്. ഗവണ്മെന്റിന്റെ ക്രൂരത ഗാന്ധിജിയെ ഞെട്ടിച്ചുവെങ്കിലും അതിനെക്കാളുപരി അദ്ദേഹത്തെ വിഹ്വലനാക്കിയത് ജനങ്ങളുടെ ആക്രമണോത്സുക സ്വഭാവമായിരുന്നു; ഗവണ്മെന്റ് അത്യന്തം പ്രകോപനകരമായാണ് പെരുമാറിയത്. അതേസമയം ജനങ്ങളും ഭ്രാന്തമായാണ് പ്രതികരിച്ചത് എന്നായിരുന്നു ഈ സംഭവത്തെക്കുറിച്ച് ഗാന്ധിജി നിരീക്ഷിച്ചത്.
1919 വരെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പ്രധാന സഹവര്‍ത്തികളില്‍ ഒരാളായിരുന്നു ഗാന്ധിജി. ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരില്‍ വൈസ്രോയി അദ്ദേഹത്തിന് കൈസര്‍-ഇ-ഹിന്ദ് സുവര്‍ണമെഡല്‍ നല്കുകയുണ്ടായി. ഇംഗ്ലീഷുകാരുടെ സഹജമായ ജനാധിപത്യബോധത്തിലും ഉദാരമനോഭാവത്തിലും വിശ്വസിച്ച ഗാന്ധിജി അവര്‍ പടിപടിയായി ഇന്ത്യയ്ക്ക് സ്വയംഭരണം നല്‍കുമെന്ന് കരുതി. അഹിംസയുടെ പ്രണേതാവായിരിക്കുമ്പോഴും ഒന്നാംലോകയുദ്ധത്തില്‍ ബ്രിട്ടന്റെ യുദ്ധയത്നങ്ങളെ സഹായിക്കാന്‍ ഗാന്ധിജി മുതിര്‍ന്നത് ഈ വിശ്വാസത്തിന്റെ ഉറപ്പിലാണ്.
ജാലിയന്‍വാലാബാഗ് സംഭവം ഇന്ത്യയെ പ്രക്ഷുബ്ധമാക്കിയ കാലത്താണ് ഖിലാഫത്ത് പ്രശ്നം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ധാരയായി ഉയര്‍ന്നുവന്നത്. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടന് തുര്‍ക്കിക്കെതിരെ നടത്തിയ യുദ്ധവും അതിന്റെ പരിണതിയുമായിരുന്നു ഖിലാഫത്തിന്റെ പശ്ചാത്തലം. ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ തുര്‍ക്കി സുല്‍ത്താനെയാണ് തങ്ങളുടെ ആത്മീയനേതാവായി (ഖലീഫ) പരിഗണിച്ചത്. ബ്രിട്ടന് തുര്‍ക്കിക്കെതിരെ നടത്തിയ യുദ്ധം ഇന്ത്യന്‍ മുസ്ലിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയിരുന്നു. ഈ പ്രശ്നത്തില്‍ അവര്‍ക്കുണ്ടായിരുന്ന വൈകാരിക മാനം പരിഗണിച്ച് ഖലീഫയുടെ ശക്തിയും അധികാരവും ദുര്‍ബലമാക്കുന്ന യാതൊരു നടപടിയും എടുക്കുന്നതല്ല എന്ന് യുദ്ധകാലത്ത് ബ്രിട്ടന് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, യുദ്ധത്തില്‍ തുര്‍ക്കി പഗാന്രാജയപ്പെട്ടതോടെ സഖ്യകക്ഷികള്‍ നിശ്ചയിക്കുന്ന ചട്ടക്കൂടിനുള്ളില്‍ തുര്‍ക്കിക്ക് ഒതുങ്ങേണ്ടിവരുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. തുര്‍ക്കിക്ക് അനുകൂലമായ ഒരു സമാധാനസന്ധിക്കായി ബ്രിട്ടീഷ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഇന്ത്യന്‍ മുസ്ലിങ്ങള്‍ ബോംബെ ആസ്ഥാനമായ കേന്ദ്രഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നല്കി. അലി സഹോദരന്മാര്, മൗലാനാ ആസാദ്, ഹക്കിം അജ്മല്ഖാന് തുടങ്ങിയവരായിരുന്നു നേതാക്കള്‍. തുര്‍ക്കിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്ന ആവശ്യമാണ് ഖിലാഫത്തുകാര് ഉന്നയിച്ചത്. തുര്‍ക്കിയുടെ ഭാവി ലോകത്തെ ഇതരഭാഗങ്ങളിലെ മുസ്ലിങ്ങളെ ബാധിച്ചെങ്കിലും ഇന്ത്യയിലാണ് ഈ പ്രശ്നം അത്യന്തം തീവ്രവും വൈകാരികവുമായ തലത്തിലേക്ക് ഉയര്‍ന്നത്.
തുര്‍ക്കിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സഖ്യകക്ഷികള്‍ക്കിടയില്‍ പുരോഗമിക്കവേ, അതികഠിനമായ വ്യവസ്ഥകള്‍ തുര്‍ക്കിക്കുമേല്‍ അടിച്ചേല്പിക്കുന്നത് തടയുന്നതിന് ഹിന്ദുക്കളും ബ്രിട്ടീഷ് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇസ്ലാമിക നേതാക്കള്‍ ആഗ്രഹിച്ചു. ഖിലാഫത്തിന്റെ ധാര്‍മികമായ അടിസ്ഥാനം ബോധ്യപ്പെട്ട ഗാന്ധിജി ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പിക്കാനും ദേശീയധാരയില്‍ നിന്നും അകന്നിരുന്ന മുസ്ലിങ്ങളെ മടക്കിക്കൊണ്ടുവരാനുമുള്ള അപൂര്വാവസരമായിട്ടാണ് ഇതിനെ കണ്ടത്. ഖിലാഫത്ത് പ്രശ്നത്തെ ഏറ്റവുമധികം പിന്തുണച്ച അമുസ്ലിം ഗാന്ധിജിയായിരുന്നു. യഥാര്‍ഥത്തില്‍ ഗാന്ധിജി നല്കിയ പിന്തുണയുടെ പേരിലാണ് ഖിലാഫത്ത് പ്രശ്നത്തിന് ദേശീയ ധാരയില്‍ ഇത്രയധികം പ്രാധാന്യം കൈവന്നത്. ഒരു ഹിന്ദുവെന്ന നിലയില്‍ ഖിലാഫത്ത് പ്രശ്നത്തില്‍ നിസ്സംഗത പാലിക്കുന്നത് അധാര്‍മികമാണ് എന്ന വിശ്വാസമാണ് ഗാന്ധിജിയെ നയിച്ചത്. മുഹമ്മദീയനെ എന്റെ സഹോദരനായി ഞാന്‍ സ്വീകരിക്കുകയാണെങ്കില്‍, അവന്റെ നിലപാട് നീതിയുക്തമാണെന്ന് എനിക്കു ബോധ്യമുള്ള പക്ഷം, അവന്റെ ആപത്ത്സമയത്ത് കഴിവിനൊത്ത് അവനെ സഹായിക്കേണ്ടത് എന്റെ കടമയാണ് എന്ന് യങ് ഇന്ത്യയില്‍ ഗാന്ധിജി നിരീക്ഷിച്ചു.
തുര്‍ക്കിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖിലാഫത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിന്റെ അധ്യക്ഷനാകാനുള്ള ക്ഷണം ഗാന്ധിജി സ്വീകരിച്ചു (ന. 24, 1919). ബ്രിട്ടന് തുര്‍ക്കിയുമായി ഏര്‍പ്പെടുന്ന ഉടമ്പടി തൃപ്തികരമല്ലെങ്കില്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റുമായി നിസ്സഹകരിക്കുമെന്ന ഗാന്ധിജിയുടെ ചരിത്ര പ്രഖ്യാപനത്തിനു ഈ സമ്മേളനം വേദിയായി; ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ താന്‍ ഉപയുക്തമാക്കാന്‍ ആലോചിക്കുന്ന കര്‍മപദ്ധതിക്കു നോണ്‍ കോ-ഓപ്പറേഷന് എന്ന ഇംഗ്ളീഷ് പേര് ഗാന്ധിജി നല്‍കിയത് ഈ സമ്മേളനത്തില്‍ വച്ചാണ്. ബ്രിട്ടനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ച ഖിലാഫത്ത് സമ്മേളനത്തിനു ശേഷം അമൃത്സറില് വച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ (1919. ഡി.) ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹകാരിയായിട്ടാണ് ഗാന്ധിജിയെ ചരിത്രം അടയാളപ്പെടുത്തിയത് എന്നത് ഒരു വൈരുധ്യമായിരുന്നു. ജാലിയന്‍വാലാബാഗ് ഉയര്‍ത്തിയ ദുഃഖസ്മൃതിയുടെ പശ്ചാത്തലത്തില്‍ കൂടിയ സമ്മേളനത്തില്‍ മൊണ്ടേഗു പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഗവണ്മെന്റുമായി സഹകരിക്കണമെന്ന് വാദിച്ചത് ഗാന്ധിജിയായിരുന്നു.
സി.ആര്.ദാസ്, തിലക് തുടങ്ങിയവര്‍ മൊണ്ടേഗു പരിഷ്കരണങ്ങള്‍ നിരാകരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. മൊണ്ടേഗു പരിഷ്കരണങ്ങള്‍ നടപ്പിലാക്കപ്പെടുന്നതോടെ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പുതിയ യുഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന ശുഭാപ്തിവിശ്വാസമായിരുന്നു ഗാന്ധിജി പുലര്‍ത്തിയത്. ജാലിയന്‍ വാലാബാഗ് സംഭവത്തിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും ഖിലാഫത്ത് പ്രശ്നം പരിഹരിക്കാനുമുള്ള നടപടികള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് ഇദ്ദേഹം കരുതി. എന്നാല്‍ അമൃത്സര്‍ കോണ്‍ഗ്രസ്സിനു ശേഷം നടന്ന സംഭവവികാസങ്ങള്‍ ഗാന്ധിജിയെ പുനര്‍ചിന്തനത്തിനു പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാരുമായുള്ള സഹവര്‍ത്തിത്വത്തില്‍ നിന്നും നിസ്സഹകരണത്തിലേക്കുള്ള ഗാന്ധിജിയുടെ മാറ്റത്തിന് രാസത്വരകമായി പ്രവര്‍ത്തിച്ചത് ഖിലാഫത്ത് പ്രശ്നത്തില്‍ ബ്രിട്ടന് കൈക്കൊണ്ട ഇരട്ടത്താപ്പായിരുന്നു. ഖലീഫയുടെ ശക്തിയും അധികാരവും ദുര്‍ബലമാക്കുന്ന യാതൊരു നടപടിയും എടുക്കുന്നതല്ല എന്ന ബ്രിട്ടന്റെ യുദ്ധകാല ഉറപ്പിനു വിരുദ്ധമായി തുര്‍ക്കിയെ വിഭജിച്ച യുദ്ധാനന്തര സെവഴ്സ് കരാറിന്റെ വ്യവസ്ഥകള്‍ വഞ്ചനയുടെ ശേഷിപ്പായി ഗാന്ധിജിക്ക് അനുഭവപ്പെട്ടതോടെ ഖിലാഫത്ത് പ്രശ്നം ആധാരമാക്കി അക്രമരഹിത നിസ്സഹകരണ പരിപാടി ആരംഭിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. (സെവഴ്സ് കരാറിന്റെ വ്യവസ്ഥകള്‍ 1920 മേയില്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും കരാര്‍ ഔപചാരികമായി നിലവില്‍ വന്നത് ആഗസ്റ്റിലാണ്.) സര്‍ക്കാരിന്റെ വിശ്വാസവഞ്ചനയ്ക്കുള്ള മറുപടിയായിരുന്നു നിസ്സഹകരണം. ബോംബെയില്‍ സമ്മേളിച്ച സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി (മേയ്. 1920) ഗാന്ധിയുടെ നിര്‍ദേശം അംഗീകരിക്കുകയും പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് ഗാന്ധിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഏക പ്രായോഗിക പദ്ധതിയായി നിസ്സഹകരണത്തെ ഖിലാഫത്ത് കമ്മിറ്റി അംഗീകരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യശക്തിക്കെതിരെ ആയുധബലം അര്‍ഥശൂന്യമാണെന്ന് മനസ്സിലാക്കിയ മുസ്ലിം ജനതയ്ക്ക് പ്രചോദനവും പ്രേരണയുമായി മാറിയത് ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ പരീക്ഷണമാണ്. സെവഴ്സ് (Sevres) കരാറിന്റെ വ്യവസ്ഥകള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട (മേയ് 15, 1920) അതേമാസം തന്നെ പുറത്തുവന്ന ഹണ്ടര്‍ കമ്മിറ്റി റിപ്പോര്‍ട്ടും (മേയ് 28) ഗാന്ധിജിയില്‍ മനഃപരിവര്‍ത്തനമുണ്ടാക്കി. (പഞ്ചാബ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയാണ് ഹണ്ടര്‍ കമ്മിറ്റി) ജനറല്‍ ഡയറിനെ കുറ്റവിമുക്തനാക്കിയ ഹണ്ടര്‍ കമ്മിറ്റിയും, സാമ്രാജ്യത്തിന്റെ സംരക്ഷകന്‍ എന്ന ബഹുമതി നല്കി ഡയറിന്റെ കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിച്ച ഇംഗ്ളീഷ് ജനതയും, ഗാന്ധിജിയെ സംബന്ധിച്ച് കാപട്യത്തിന്റെ പ്രതീകമായി മാറി.
മുസ്ലിങ്ങളുടെ ഇടയില്‍ ഗാന്ധിജിയുടെ സത്യഗ്രഹത്തിന് സ്വീകാര്യത ലഭിച്ചെങ്കിലും തുടക്കത്തില്‍ കോണ്‍ഗ്രസ്സില്‍ വലിയ ചലനം സൃഷ്ടിക്കുവാന്‍ ഈ കര്‍മപദ്ധതിക്കു കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ പ്രത്യയശാസ്ത്രം ഇന്ത്യന്‍ ജനസാമാന്യത്തിലേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ സംഘടനാബലവും പ്രചരണശൃംഖലയും അനിവാര്യമാണെന്ന് മനസ്സിലാക്കിയ ഗാന്ധിജി തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളാരംഭിച്ചു. നിസ്സഹകരണ പരിപാടിയില്‍ കോണ്‍ഗ്രസ്സിനെ ആകൃഷ്ടമാക്കുന്നതിന്റെ ഭാഗമായി ഖിലാഫത്ത് പ്രശ്നത്തോടൊപ്പം ഹണ്ടര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധിക്കുവാനുള്ള കാരണമായി ചേര്‍ത്തു. മുസ്ലിങ്ങളുടെ മതപരമായ ഖിലാഫത്ത് പ്രശ്നം ഒന്നുകൊണ്ടുമാത്രം ദേശീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാവില്ല എന്ന അവബോധമായിരുന്നു പഞ്ചാബ് അജണ്ടയും കൂടി ഉള്‍പ്പെടുത്തി പ്രസ്ഥാനത്തിന് പുതിയ അര്‍ഥവും വ്യാപ്തിയും നല്കാന് ഗാന്ധിജിയെ പ്രേരിപ്പിച്ചത്. സെവഴ്സ് കരാര്‍, ഹണ്ടര്‍ കമ്മിഷന് റിപ്പോര്‍ട്ട് എന്നിവയ്ക്കെതിരെ പ്രതിഷേധിക്കുവാന്‍ കോണ്‍ഗ്രസ് നിസ്സഹകരണപരിപാടി സ്വീകരിക്കണമെന്ന് ബനാറസില്‍ കൂടിയ ആള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍ ഗാന്ധിജി അവതരിപ്പിച്ച പ്രമേയത്തെ ചര്‍ച്ചയ്ക്കെടുക്കുവാന്‍ എ.ഐ.സി.സി. വിസമ്മതിച്ചുവെങ്കിലും (മേയ്. 30, 1920). നിസ്സഹകരണ പരിപാടിയുടെ ഗുണദോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സിന്റെ ഒരു പ്രത്യേക സമ്മേളനം കല്‍ക്കത്തയില്‍ നടത്താന്‍ എ.ഐ.സി.സി. തീരുമാനിച്ചു.
ഗാന്ധിജിയും ഖിലാഫത്ത് നേതാക്കളും വൈസ്രോയിയെ മുന്‍കൂട്ടി അറിയിച്ചതുപ്രകാരം ആഗ. 1-ന് നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലനില്‍ക്കുന്നത് ഇന്ത്യാക്കാരുടെ സഹകരണത്തെ ആശ്രയിച്ചാണെന്നും ഇന്ത്യാക്കാര്‍ സഹകരണം പിന്‍വലിക്കുന്ന പക്ഷം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തകരുമെന്നും 1909-ല്‍ ഗാന്ധിജി തന്റെ 'ഹിന്ദ് സ്വരാജി'ല്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും 1920-ലാണ് നിസ്സഹകരണം എന്ന സമരതന്ത്രം ബ്രിട്ടീഷ്കാര്‍ക്കെതിരെ പ്രായോഗികപഥത്തില്‍ കൊണ്ടുവന്നത്. വൈസ്രോയിക്ക് എഴുതിയ കത്തില്‍ ഗാന്ധി ഇപ്രകാരം എഴുതി: "ഇന്ന് ഇന്ത്യ ഭരിക്കുന്ന സാമ്രാജ്യപ്രതിനിധികള് അത്യന്തം അവിശ്വസനീയരും ആത്മാര്ഥതയില്ലാത്തവരുമായിത്തീര്ന്നിരിക്കുന്നു എന്നു ഞാന്‍ വല്ലാത്തൊരു സംഭ്രമത്തോടുകൂടി മനസ്സിലാക്കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ആശയാഭിലാശങ്ങളെപ്പറ്റി അവര്‍ക്കൊരു പരിഗണനയും ഇല്ല. ഇന്നു കാണുന്നതുപോലെയുള്ള ഹീനബുദ്ധികള് നയിക്കുന്ന ഗവണ്മെന്റിനോട് എനിക്ക് സ്നേഹവിശ്വാസങ്ങള്‍ പുലര്‍ത്തുക സാധ്യമല്ല. ബ്രിട്ടീഷ് ഗവണ്മെന്റില് നിന്നും കിട്ടിയ ബഹുമതികള്‍ തിരിച്ചുനല്‍കിയ ഗാന്ധിജിയുടെ മാതൃക പിന്തുടര്‍ന്ന ഒട്ടനവധി പേര് (പ്രത്യേകിച്ചും മുസ്ലിങ്ങള്‍) ഔദ്യോഗിക ബഹുമതികള്‍ തിരിച്ചുനല്‍കുകയും കൗണ്‍സിലുകളില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. ഗവണ്മെന്റുദ്യോഗങ്ങള്, ഗവണ്മെന്റ് സ്കൂളുകള്‍, കോളജുകള്‍ എന്നിവ ബഹിഷ്കരിക്കുക, നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ പങ്കുചേരാതിരിക്കുക, യൂറോപ്യന്‍ വസ്ത്രധാരണരീതി കൈവെടിയുക, കൈത്തറി നെയ്ത്തും നൂല്നൂല്പും പ്രോത്സാഹിപ്പിക്കുക, അവസാനമായി നിയമ നിഷേധത്തിനു തയ്യാറാകുക-ഇതുള്‍പ്പെട്ട പരിപാടികളാണ് ഗാന്ധിജി ആവിഷ്കരിച്ചത്.
നിസ്സഹകരണ പരിപാടി ഖിലാഫത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ചെങ്കിലും പരിപാടിയുടെ പ്രായോഗികതയെക്കുറിച്ചുള്ള സംശയം കാരണം, നിസ്സഹകരണത്തോട് തണുപ്പന്‍ പ്രതികരണമാണ് കോണ്‍ഗ്രസ്സിനുണ്ടായത്. തുര്‍ക്കിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുക, പഞ്ചാബ് സംഭവത്തെ നിസ്സാരവത്കരിച്ച ഗവണ്മെന്റ് നയം തിരുത്തുക എന്നിവ നിസ്സഹകരണ പരിപാടിയുടെ ലക്ഷ്യമായി വ്യവസ്ഥ ചെയ്തുകൊണ്ട് ഗാന്ധിജി കല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ (സെ. 1920) അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ക്കുന്നതില്‍ പഴയ നേതൃത്വനിരയും യുവജനവിഭാഗവും സജീവമായിരുന്നു. ഖിലാഫത്തിനുവേണ്ടി ഗാന്ധിജി നടത്തുന്ന ഇടപെടലുകള്‍ പൊതുമണ്ഡലത്തെ വര്ഗീകരിക്കുമെന്ന ആശങ്കയായിരുന്നു ലാലാ ലജ്പത്റായി, മാളവ്യ തുടങ്ങിയ നേതാക്കന്മാര്‍ക്കുണ്ടായിരുന്നത്. വിദ്യാഭ്യാസ ബഹിഷ്കരണം രാജ്യത്തെ പിന്നോക്കാവസ്ഥയിലേക്കു നയിക്കുമെന്ന അഭിപ്രായത്തിനു പ്രതിനിധികള്‍ക്കിടയില്‍ പൊതുവേ സ്വീകാര്യത ലഭിച്ചിരുന്നു. ഖിലാഫത്ത്, പഞ്ചാബ് എന്നിവയെ മാത്രം ആസ്പദമാക്കിക്കൊണ്ടുള്ള നിസ്സഹകരണ പരിപാടിയോട് വിജയരാഘവാചാരിയും മോത്തിലാല്‍ നെഹ്റുവും അതൃപ്തി പ്രകടിപ്പിച്ചതോടെ അവരുടെ താത്പര്യപ്രകാരം സ്വരാജ് എന്ന ആവശ്യംകൂടി പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി ഗാന്ധി വികസിപ്പിച്ചു. പല രീതിയില്‍ വിവക്ഷിക്കപ്പെട്ട ഒരു സംജ്ഞയാണ് 'സ്വരാജ്' എന്ന പദം. ഗാന്ധിജിയെ സംബന്ധിച്ച് കേവലമായ അധികാരമാറ്റത്തിനപ്പുറം സാമ്പത്തികവും സാമൂഹ്യവും ആത്മീയവുമായ ഉയിര്ത്തെഴുന്നേല്പ് ഉള്‍ക്കൊള്ളുന്നതായിരുന്നു സ്വരാജ് സങ്കല്പം; അത് കേവലം ഒരു രാഷ്ട്രീയ വ്യവസ്ഥയോ ഒരു ഭരണസംവിധാനമോ അല്ല. എല്ലാം ഉള്‍ക്കൊള്ളുന്ന ആത്മീയവും ഭൗതികവുമായ തലങ്ങളുള്ള ഒരാശയമാണ്. അതിനെ ആത്മനിയന്ത്രണമെന്നോ, സ്വയം പര്യാപ്തതയെന്നോ വ്യാഖ്യാനിക്കാവുന്നതാണ്. തൊഴിലാളി-കര്‍ഷക വര്‍ഗത്തിന്റെ ദൃഷ്ടിയില് കടബാധ്യതകള്‍ ഇല്ലാതാവുകയും കൂലി വര്‍ധിക്കുകയും, തൊഴില്‍ത്തര്‍ക്കങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് സ്വരാജ്. അതേസമയം സാധാരണ ജനം സ്വരാജിനെ പൂര്‍ണ സ്വാതന്ത്ര്യമെന്നാണ് വ്യാഖ്യാനിച്ചത്. നിസ്സഹകാരികളും എതിരാളികളും തമ്മില്‍ നീണ്ടുനിന്ന സംവാദത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തോടെ ഗാന്ധിജിയുടെ നിസ്സഹകരണ പരിപാടി അംഗീകരിക്കപ്പെട്ടു; കോണ്‍ഗ്രസ്സിലെ മുസ്ലിം അംഗങ്ങളുടെ പിന്തുണ പ്രമേയം പാസ്സാക്കുന്നതില്‍ നിര്‍ണായകമായിരുന്നു.
ഇതിനിടെ ഗാന്ധിജിക്ക് ലഭിച്ച ജനപ്രീതി കോണ്‍ഗ്രസ്സിന്റെ ഭാവി നയത്തെ സ്വാധീനിച്ചതിന്റെ ദൃഷ്ടാന്തമായിരുന്നു. 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം (1920 ഡി). ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ഗാന്ധിജിക്ക് ജനസാമാന്യത്തിനിടയ്ക്ക് ഒരു ദൈവിക പരിവേഷമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഗാന്ധിജിയുമായി വിയോജിക്കുന്നതിനെക്കാള് അദ്ദേഹവുമായി സഹകരിക്കുന്നതാണ് അഭികാമ്യം എന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിജിയുടെ നിസ്സഹകരണ പരിപാടി അംഗീകരിച്ചു. 'രക്തം ചിന്താതെ സ്വാതന്ത്ര്യം നേടുക അസാധ്യം' എന്ന് നിരീക്ഷിച്ച ജിന്ന മാത്രമാണ് നിസ്സഹകരണ പരിപാടിയോടു വിയോജിച്ചത്.
ഖിലാഫത്ത് കോണ്‍ഫറന്‍സ് തുടങ്ങിവച്ച നിസ്സഹകരണ പ്രസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ അതിന് വര്‍ധിച്ച ആര്‍ജവവും ഉണര്‍വും ഉണ്ടായി. നിസ്സഹകരണ പ്രസ്ഥാനത്തെ വിജയിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്ക് നിര്‍ണായകമായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഗവണ്മെന്റ് സ്കൂളുകളും കോളജുകളും ഉപേക്ഷിച്ച് ദേശീയസ്കൂളുകളില് ചേര്‍ന്നു. അധ്യാപകര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയുണ്ടായി. ജാമിയാമിലിയാ ഇസ്ലാമിയ, കാശി, ഗുജറാത്ത് വിദ്യാപീഠങ്ങള്‍ തുടങ്ങിയവയാണ് അക്കാലത്ത് രൂപീകരിക്കപ്പെട്ട ദേശീയ കലാലയങ്ങള്‍.
സ്വദേശി പ്രചരിപ്പിക്കുന്നതിലും വിദേശിവസ്ത്രം ബഹിഷ്കരിക്കുന്നതിലും ജനങ്ങളുടെ സജീവപങ്കാളിത്തമുണ്ടായി. വിദേശ വസ്ത്രങ്ങളുടെ മൂല്യം 1920-21-ലെ 102 കോടി രൂപയില്‍ നിന്നും 1921-22-ല്‍ 57 കോടിയായി കുറഞ്ഞു. വിദേശവസ്ത്രം ശേഖരിക്കുകയും അത് അഗ്നിയില്‍ ദഹിപ്പിക്കുകയും പതിവായി. കൈത്തറിനെയ്ത്തും നൂല്നൂല്പും പ്രോത്സാഹിപ്പിക്കപ്പെട്ടതോടെ ഖാദി, ദേശീയ പ്രസ്ഥാനക്കാരുടെ ഏകീകൃതവേഷമായി. നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പുകള്‍ നാഷണല്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. സി.ആര്.ദാസ്, മോത്തിലാല്‍ നെഹ്റു, എം.ആര്. ജയ്കര്, വല്ലഭായ് പട്ടേല്‍ തുടങ്ങി പല അഭിഭാഷകരും തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ചത് നിരവധിപേര്‍ക്ക് മാതൃകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ നിന്നും വിമുക്തമാകുകയും ജനങ്ങള്‍ സ്വന്തം ആവശ്യത്തിനായുള്ള തുണി ഉത്പാദിപ്പിക്കുകയും ചെയ്യുന്നപക്ഷം അവര്‍ സ്വയം പര്യാപ്തരാകും എന്നതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. ഇതായിരുന്ന ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ 'സ്വരാജ്'. കോടതി ബഹിഷ്കരണത്തിന്റെ ഫലമായി സ്റ്റാമ്പുകള്‍ വഴിയുള്ള ആദായം ഗണ്യമായി കുറഞ്ഞു. മദ്യത്തിനെതിരെയുള്ള ഉപരോധം വന്‍വിജയമായിരുന്നു. മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞപ്പോള്‍, മദ്യം ഉപയോഗിച്ചിരുന്ന ചരിത്രപുരുഷന്മാരായ അലക്സാണ്ടര്‍, നെപ്പോളിയന്, ഷെയ്ക്സ്പിയര്‍ എന്നിവരെ ഉദ്ധരിച്ച് മദ്യത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രചാരണം നടത്തുകയുണ്ടായി.
നിസ്സഹകരണപ്രസ്ഥാനം കര്‍ഷക-തൊഴിലാളി വര്‍ഗത്തെ ഗാഢമായി സ്വാധീനിക്കുകയുണ്ടായി; തൊഴിലാളി പ്രസ്ഥാനത്തില്‍ സ്വാധീനം ചെലുത്തുന്നതിനും, കൃഷിക്കാരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നതിനും നാഗ്പൂര്‍ സമ്മേളനം പ്രത്യേക പ്രമേയങ്ങള്‍ പാസ്സാക്കിയിരുന്നു.
രാജ്യത്ത് തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിച്ച് തൊഴിലാളികളുടെ സാമുഹ്യവും സാമ്പത്തികവുമായ സ്ഥിതി മെച്ചപ്പെടുത്താനും അവര്‍ക്ക് ന്യായമായി ജീവിക്കാന്‍ വേണ്ട ശമ്പളം, പൊതുജീവിതത്തില്‍ അര്‍ഹമായ സ്ഥാനം എന്നിവ പ്രാപ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് ആവശ്യപ്പെടുന്ന പ്രമേയമാണ്, തൊഴിലാളികളെ സംബന്ധിച്ച് സമ്മേളനം പാസ്സാക്കിയത്. കാര്‍ഷിക പ്രശ്നത്തെ സംബന്ധിച്ച് സമ്മേളനം അംഗീകരിച്ച പ്രമേയം ഭൂരിപക്ഷം കൃഷിക്കാര്‍ക്കും അവരുടെ കൃഷിഭൂമി നഷ്ടപ്പെടുത്തുകയും അവരെ സര്വനാശത്തിലെത്തിക്കുകയും ചെയ്ത ഗവണ്മെന്റ് നയത്തില്‍ ശക്തിയായി പ്രതിഷേധിച്ചു. രാഷ്ട്രീയമായി പ്രബുദ്ധരായതോടെ വര്‍ധിച്ച പാട്ടം, അന്യായമായ ഒഴിപ്പിക്കല്‍, നിയമവിരുദ്ധമായ പിരിവുകള്‍ എന്നിവയ്ക്കെതിരെ പൊരുതാന്‍ കര്‍ഷകര്‍ തയ്യാറായി. നിസ്സഹകരണ പ്രസ്ഥാനം കര്‍ഷകരെ സ്വാധീനിച്ചതിന്റെ തെളിവായിരുന്നു അസമിലെ തേയിലത്തോട്ടം തൊഴിലാളികള്‍ നടത്തിയ കൂട്ട പലായനം. കുറഞ്ഞ വേതനത്തിനു പുറമേ, യൂറോപ്യന്‍ തോട്ടം ഉടമകളുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അവരെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ച് കേട്ടറിഞ്ഞ തോട്ടം പണിക്കാര് തങ്ങളുടെ ദുരവസ്ഥ അവസാനിപ്പിക്കുവാന്‍ അവതരിച്ച ദിവ്യപുരുഷനായാണ് ഗാന്ധിജിയെ കണ്ടത്; അടിമത്തം അവസാനിപ്പിച്ചുകൊണ്ട് തോട്ടത്തില്‍ നിന്നും പലായനം ചെയ്ത ഇവരെ ഗൂര്‍ഖാ പട്ടാളത്തിന്റെ സഹായത്തോടെ ബ്രിട്ടീഷ് അധികാരികള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിടപെട്ട് മോചിപ്പിച്ചു.
ദേശീയപ്രസ്ഥാനം തൊഴിലാളിവര്‍ഗത്തെ ആഴത്തില്‍ സ്വാധീനിച്ചതിന്റെ ഫലമായി, പണിമുടക്കുകളില്‍ സാമ്പത്തികാവശ്യങ്ങള്ക്കൊപ്പം തൊഴിലാളികള്‍ നിസ്സഹകരണ മുദ്രാവാക്യങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. 1920-ല്‍ രൂപീകൃതമായ ആള് ഇന്ത്യ ട്രേഡ് യൂണിയന് കോണ്‍ഗ്രസ് (AITUC) തൊഴിലാളികളോട് ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഹ്വാനം ചെയ്തിരുന്നു. 1920-കളുടെ അവസാനത്തില്‍ ബോംബെ, മദ്രാസ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന പണിമുടക്കുകളുടെ പ്രത്യക്ഷകാരണം തൊഴിലാളികളുടെ ദാരുണമായ ജീവിതസ്ഥിതിയായിരുന്നെങ്കിലും അവ രാഷ്ട്രീയ സ്വഭാവത്തോടുകൂടിയവയും നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനത്തോടു ബന്ധപ്പെട്ടവയുമായിരുന്നു എന്ന് ലണ്ടനിലെ ഡെയ്ലി ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലെന്നപോലെ കേരളത്തിലും ആവേശമുണര്‍ത്തി (നോ: കേരളം). പ്രക്ഷോഭത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ഗാന്ധിജിയും മൗലാനാ ഷൗക്കത്ത് അലിയും മലബാര്‍ സന്ദര്‍ശിക്കുകയുണ്ടായി. കോടതി ബഹിഷ്കരണം, വിദേശവസ്ത്ര ദഹനം, വിദ്യാലയ ബഹിഷ്കരണം എന്നീ പരിപാടികള്‍ മലബാറിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത് (നോ: മലബാര്‍). നിസ്സഹകരണപ്രസ്ഥാനകാലത്തെ ഒരു പ്രധാന സംഭവമായിരുന്നു 1921-ലെ മലബാര്‍ ലഹള (നോ: മലബാര്‍ ലഹള).
1921-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിസ്സഹകരണപ്രസ്ഥാനം ശക്തിപ്രാപിച്ച അവസരത്തില്‍ തിരുവിതാംകൂറും കൊച്ചിയും ആവേശപൂര്‍വം അതില്‍ പങ്കുചേര്‍ന്നു (നോ: കൊച്ചി).
വൈസ്രോയി ചെംസ്ഫോര്‍ഡ് നിസ്സഹകരണ പ്രസ്ഥാനത്തെ വിവേകശൂന്യമായ എല്ലാ പദ്ധതികളിലുംവച്ച് ഏറ്റവും വിവേകശൂന്യം എന്നാണ് വിശേഷിപ്പിച്ചത്; സാമൂഹ്യജീവിതത്തില്‍ അശാന്തിയും അരാജകത്വവും ഉളവാക്കുന്ന ഈ പദ്ധതി ജനങ്ങള്‍ തിരസ്കരിക്കുമെന്ന പ്രത്യാശയാണ് ഇദ്ദേഹം പുലര്‍ത്തിയത്. സ്വാഭാവികമായിത്തന്നെ പ്രസ്ഥാനം ദുര്‍ബലമാകും എന്ന ഈ മുന്‍വിധി കാരണം കടുത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍ എടുക്കുന്നതിന് തുടക്കത്തില്‍ അധികാരികള്‍ വിമുഖരായിരുന്നു. ജാലിയന്‍വാലാബാഗ് സംഭവത്താല്‍ ഇളകിമറിഞ്ഞ രാജ്യത്ത് വീണ്ടും കര്‍ക്കശ നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ കാടന്മാര് എന്ന നിലയിലേക്ക് തങ്ങള്‍ നിപതിക്കും എന്ന ആകുലതയും ബ്രിട്ടീഷ് അധികാരികളെ വേട്ടയാടി. മാത്രമല്ല അടിച്ചമര്‍ത്തല്‍ നയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷിത്വം നല്‍കുമെന്നും അവര്‍ ഭയപ്പെട്ടു.അതേസമയം ജനങ്ങളെ ആക്രമണത്തിനു പ്രേരിപ്പിക്കുന്നവരെയും, ഭരണകൂടത്തിനെതിരെ സേനാംഗങ്ങളെ ഇളക്കിവിടുന്നവരെയും കര്‍ശനമായി ശിക്ഷിക്കുമെന്ന് ഗവണ്മെന്റ് വ്യക്തമാക്കി.
1921 ജൂല. 8-ന് കറാച്ചിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനം മുസ്ലിങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുന്നത് നിഷിദ്ധമാണെന്ന പ്രമേയം പാസ്സാക്കി. ഡിസംബറിന് മുന്‍പ് തുര്‍ക്കി പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, കോണ്‍ഗ്രസ്സിന്റെ അഹമ്മദാബാദ് സമ്മേളനത്തില്‍ വച്ച് ഇന്ത്യന്‍ റിപ്പബ്ലിക് പ്രഖ്യാപിക്കപ്പെടുമെന്ന് സമ്മേളനം വ്യക്തമാക്കി. മുസ്ലിങ്ങള്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കരുതെന്ന പ്രമേയം അവതരിപ്പിച്ച അലിസഹോദരന്മാര്‍ ദേശദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. അലി സഹോദരന്മാരെ അഭിനന്ദിച്ചുകൊണ്ട് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയം ഒരു തരത്തിലുള്ള ഗവണ്മെന്റ് സേവനത്തിലും ജനങ്ങള്‍ ഏര്‍പ്പെടരുതെന്ന് (ഒ.1921) ആഹ്വാനം നല്കി. അലി സഹോദരന്മാരുടെ അറസ്റ്റിനെത്തുടര്‍ന്ന് പ്രക്ഷുബ്ധരായ മുസ്ലിം ജനതയ്ക്കിടയില്‍ സര്‍ക്കാരിനെതിരെ നിസ്സഹകരണ പരിപാടിയിലെ അവസാനത്തെ ഇനമായ നിയമലംഘനം നടപ്പില്‍ വരുത്തണമെന്ന അഭിപ്രായം പ്രബലമായി.
പ്രസ്ഥാനത്തെ കൂറേക്കൂടി ഉയര്‍ന്നതലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നികുതിനിഷേധം ഉള്‍പ്പെടെ ബ്രിട്ടീഷ് നിയമങ്ങള്‍ ലംഘിക്കുന്നതിന് അനുമതി നല്കാന് എ.ഐ.സി.സി. അതിന്റെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് (പി.സി.സി.കള്‍) അനുമതി നല്കി (1921 ന.) മിഡ്നാപ്പൂരിലെ കൃഷിക്കാര്‍ യൂണിയന് ബോര്‍ഡ് നികുതികള്‍ നല്കാന് വിസമ്മതിച്ചത്, മുനിസിപ്പല്‍ നികുതി അടയ്ക്കാനുള്ള ഉത്തരവ് ചിറാലയിലെ (ആന്ധ്ര) നിവാസികള്‍ ലംഘിച്ചത്, പാല്‍നാട്ടില്‍ മേച്ചില്‍പ്പാട്ടം നല്കാന് വിസമ്മതിച്ചത്, ഇതെല്ലാംതന്നെ നികുതിനിഷേധം എന്ന ആശയം ജനങ്ങളെ ഊര്ജസ്വലരാക്കിയതിനു തെളിവായിരുന്നു. ആത്മവീര്യം ചോര്‍ന്നുപോയ ഒരു ജനത പെട്ടെന്ന് എണീറ്റു നിവര്‍ന്നുനിന്നു തലയുയര്‍ത്തിപ്പിടിച്ചു രാജ്യവ്യാപകമായ ഒരു സംയുക്തസമരത്തില്‍ പങ്കെടുത്തു എന്നാണ് ജവാഹര്‍ലാല്‍ നെഹ്റു ചൂണ്ടിക്കാട്ടിയത്. നിസ്സഹകരണപ്രസ്ഥാനം രൂപപ്പെടുത്തിയ അധികാരനിഷേധത്തിന്റെ മനോഭാവം പല അനീതികളെയും ചോദ്യം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു എന്നത് പ്രസക്തമാണ്. ഉദാ: പഞ്ചാബില്‍ അകാലി പ്രസ്ഥാനം, ഗുരുദ്വാരകളിലെ അഴിമതിക്കെതിരെ സമരത്തിനു തയ്യാറായി.
രാഷ്ട്രീയാന്തരീക്ഷത്തിന്റെ താപനില ഉയര്‍ന്നതനുസരിച്ച് ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അടിച്ചമര്‍ത്തലും അതിശക്തമായി. മൃഗീയമായാണ് പൊലീസ് കോണ്‍ഗ്രസ്സുകാരെ നേരിട്ടത്. അടിച്ചമര്‍ത്തലിന് പ്രസ്ഥാനത്തെ തളര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നതിനായി സര്‍ക്കാര്‍, ബ്രിട്ടീഷ് കിരീടാവകാശിയായ വെയില്‍സ് രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയുണ്ടായി. രാജകുമാരന്റെ സന്ദര്‍ശനം ജനങ്ങളില്‍ രാജഭക്തി ഉളവാക്കുമെന്നും അത് ദേശീയ പ്രസ്ഥാനത്തില്‍ വിള്ളലുണ്ടാക്കുമെന്നും അധികാരികള്‍ കരുതി. രാജകുമാരന്റെ സന്ദര്‍ശനം പ്രമാണിച്ചുള്ള എല്ലാ ചടങ്ങുകളും ബഹിഷ്കരിക്കണമെന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
1921 ന.-ല്‍ വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തിക്കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ ബഹിഷ്കരണാഹ്വാനത്തിനോട് തൊഴിലാളികള്‍ പ്രതികരിച്ചത്. ബോംബെയില്‍ രാജകുമാരനെ സ്വീകരിക്കാന്‍ സമ്മേളിച്ച യൂറോപ്യന്മാരെയും പാഴ്സികളെയും ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ തീവ്രതയില്‍, ജനങ്ങള്‍ ആക്രമിച്ച സംഭവം 53 പേരുടെ മരണത്തിനിടയാക്കിയ ലഹളയിലാണ് അവസാനിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍നിയമലംഘനം പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി പര്യാലോചിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു.
ബ്രിട്ടന്റെ അന്തസ്സ് കെടുത്തുകയും ജനങ്ങളുടെ നിഷേധസ്വഭാവത്തിന് ആക്കം കൂട്ടുകയും ചെയ്ത, വെയില്‍സ് രാജകുമാരനെതിരെ നടന്ന ബഹിഷ്കരണത്തിനുശേഷം, ഗവണ്മെന്റ് കൂടുതല്‍ ശക്തമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചു. കോണ്‍ഗ്രസ്സിനെയും ഖിലാഫത്തിനെയും നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച സര്‍ക്കാര്‍ അവരുടെ ആഫീസും ഫണ്ടുകളും കണ്ടുകെട്ടി. സമ്മേളനങ്ങള്‍, ജാഥകള്‍ എന്നിവ നിരോധിച്ച അധികാരികള്‍ മൃഗീയമായ ശിക്ഷാമുറകളാണ് സത്യഗ്രഹികള്‍ക്കെതിരെ സ്വീകരിച്ചത്. ഇന്ത്യയിലെ ഈ മര്‍ദക വ്യവസ്ഥയില്‍ പ്രതിഷേധിച്ച സിന്‍ഹ പ്രഭു ബിഹാറിലെ ഗവര്‍ണര്‍പദവി രാജിവയ്ക്കുകയുണ്ടായി. 1921-ന്റെ അവസാനത്തോടെ ഗാന്ധിജിയൊഴികെ പ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളെല്ലാം ഇരുമ്പഴികള്‍ക്കകത്തായി. ഗവണ്മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയം മിതവാദികളെക്കൂടി ഗവണ്മെന്റ് വിരുദ്ധ ചേരിയിലാക്കുമെന്ന ആശങ്ക കോണ്‍ഗ്രസ്സുമായി സന്ധിശ്രമങ്ങള്‍ നടത്താന്‍ വൈസ്രോയി റീഡിങ്ങിനെ പ്രേരിപ്പിച്ചു (ഡി. 1921). മദന്മോഹന് മാളവ്യ വഴി നീങ്ങിയ സന്ധിശ്രമങ്ങള്‍ രണ്ടുകാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനം പിന്‍വലിക്കുകയും വെയില്‍സ് രാജകുമാരന്റെ കല്‍ക്കത്ത സന്ദര്‍ശനം ബഹിഷ്കരിക്കാതിരിക്കുകയും ചെയ്താല്‍ ഗവണ്മെന്റ് അടിച്ചമര്‍ത്തല്‍ നയം അവസാനിപ്പിക്കുകയും ജയിലിലുള്ളവരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇന്ത്യയുടെ ഭാവിഭരണത്തിന്റെ രൂപം നിശ്ചയിക്കുന്നതിന് ഗവണ്മെന്റിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന വട്ടമേശസമ്മേളനം ഗവണ്മെന്റ് വിളിക്കും. അലി സഹോദരന്മാരെയും അവരുടെ സഹപ്രവര്‍ത്തകരെയും മോചിപ്പിക്കുക, വട്ടമേശസമ്മേളനത്തിന്റെ തീയതിയും ഘടനയും പ്രഖ്യാപിക്കുക എന്ന് ഗാന്ധിജി മുന്നോട്ടുവച്ച രണ്ട് ഉപാധികള്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് അസ്വീകാര്യമായതോടെ സന്ധിശ്രമങ്ങള്‍ പരാജയപ്പെട്ടു. ഒരായുഷ്കാലത്ത് കിട്ടാവുന്ന ഏറ്റവും വലിയ അവസരം ഗാന്ധിജി പാഴാക്കിയെന്ന് സി.ആര്.ദാസ് തദവസരത്തില്‍ നിരീക്ഷിക്കുകയുണ്ടായി.
ഗവണ്മെന്റിന്റെ മര്ദകനയത്തിന്റെ നിഴലില്‍ അഹമ്മദാബാദില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ (ഡി. 1921) വൈകാരിക പ്രതിസന്ധിയിലകപ്പെട്ട ഗാന്ധിജിയെയാണ് രാജ്യം കണ്ടത്; ബോംബെയില്‍ ബഹുജനങ്ങള്‍ അഹിംസയുടെ അതിരുലംഘിച്ചത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. 'ജനങ്ങളുടെ ആക്രമണോത്സുകത സ്വരാജിനെ ജുഗുപ്സാവഹമാക്കുന്നു, എന്നാണ് ബോംബെ സംഭവത്തെക്കുറിച്ച് ഗാന്ധിജി പ്രസ്താവിച്ചത്. ഇക്കാരണത്താല്‍ത്തന്നെ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം വൈദേശികാധിപത്യത്തില്‍ നിന്നും തീര്‍ത്തും വിമുക്തമാക്കപ്പെട്ട പൂര്‍ണസ്വാതന്ത്ര്യമാണ് എന്ന് പ്രഖ്യാപിച്ച മൗലാനാ ഹസ്റത്ത് മെഹാനിയുടെ പ്രമേയത്തെ ഗാന്ധിജി ശക്തമായാണ് എതിര്‍ത്തത്. ഗാന്ധിജിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആ പ്രമേയം തള്ളപ്പെട്ടു. ബ്രിട്ടനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് 1920-കളില്‍ ഗാന്ധിജി സ്വീകരിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ എല്ലാതരത്തിലും ദരിദ്രമാക്കി എന്ന് സമ്മതിക്കുമ്പോഴും, ഭരണം നല്ല നിലയിലാക്കാം എന്ന വിശ്വാസം ഗാന്ധിജിക്കുണ്ടായിരുന്നു. അനീതിയിലധിഷ്ഠിതമായ ബ്രിട്ടീഷ് സര്‍ക്കാരില്‍ മാനസാന്തരമുണ്ടാക്കുക എന്നതല്ലാതെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ ഗാന്ധിജി ലക്ഷ്യമിട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 1930-ലാണ് പൂര്‍ണസ്വാതന്ത്യ്രം എന്ന തീരുമാനത്തില്‍ ഗാന്ധിജി എത്തുന്നത്. (ഹസ്റത്ത് മൊഹാനിയുടെ ചിന്താഗതിയെ അനുകൂലിച്ച കോണ്‍ഗ്രസ്സുകാരാണ് പിന്നീട് ഇടതുപക്ഷകോണ്ഗ്രസ്സുകാര്, സോഷ്യലിസ്റ്റുകാര്‍, കമ്യൂണിസ്റ്റുകാര്‍ തുടങ്ങിയ വിഭാഗങ്ങളായി മാറിയത്.) ഗവണ്മെന്റും കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി ഒരു വട്ടമേശസമ്മേളനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മദന്മോഹന് മാളവ്യ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയവും പരാജയപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക പുരോഗതിക്കുള്ള ഏക മാര്‍ഗമായി ഗാന്ധിജിയുടെ നിസ്സഹകരണപരിപാടിയെ സമ്മേളനം അംഗീകരിക്കുകയുണ്ടായി.
ബോംബെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ നിയമലംഘനം പിന്‍വലിക്കുന്ന കാര്യം പ്രവര്‍ത്തകസമിതി ആലോചിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് അണികള്‍ വ്യാപകമായി നികുതിനിഷേധം ആരംഭിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് അഹമ്മദാബാദ് സമ്മേളനത്തില്‍ ഗാന്ധിജി വൈമനസ്യത്തോടെയാണ് ആ ആശയവുമായി പൊരുത്തപ്പെട്ടത്. ബോംബെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനകീയനിയമലംഘനം ആക്രമണത്തില്‍ അവസാനിച്ചേക്കാം എന്ന ഭയമാണ് ഗാന്ധിജിയെ നയിച്ചത്. 1921 ഡിസംബറിലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനം ജനകീയ നിയമലംഘനം ആരംഭിക്കാനുള്ള പൂര്‍ണ അധികാരം ഗാന്ധിജിക്കു നല്‍കിയതിനെത്തുടര്‍ന്ന് നികുതിനിഷേധത്തിനുള്ള അനുമതിതേടി നിരവധി പ്രവിശ്യകള്‍ ഗാന്ധിജിയെ സമീപിച്ചെങ്കിലും ഏതാണ്ട് ഒരു മാസത്തോളം ഗാന്ധിജിയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. (സ്വന്തം നിലയില്‍ നികുതി നിഷേധം ആരംഭിച്ച ഗുണ്ടൂര്‍ ജില്ലയുടെ നടപടിയെ ശക്തിയായി എതിര്‍ത്ത ഗാന്ധിജി, എല്ലാ നികുതികളും നിര്‍ദിഷ്ട ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.)
ഒടുവില്‍, തന്റെ അന്തഃചോദനയ്ക്കനുസൃതമായി ബര്‍ദോളിയില്‍ (സൂറത്ത് ജില്ല) സര്‍വവ്യാപകമായ നികുതിനിഷേധം ആരംഭിക്കാനുള്ള തീരുമാനം വൈസ്രോയിയെ അറിയിച്ചെങ്കിലും അവിചാരിതമായി യു.പി.യിലെ ചൗരിചൗരയില്‍ ബഹുജനകലാപം (നോ: ചൗരിചൗര) നടന്ന പശ്ചാത്തലത്തില്‍ നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കുവാന്‍ ഗാന്ധിജി തീരുമാനിച്ചു.
നിസ്സഹകരണം പിന്‍വലിക്കപ്പെട്ടത് സര്‍വവ്യാപകമായ നൈരാശ്യത്തിനും അന്ധാളിപ്പിനുമിടയാക്കി. നിസ്സഹകരണപ്രസ്ഥാനം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തെ 'ഒരു ദേശീയ ദുരന്തം' എന്നാണ് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്. അനുയായികളെക്കാളേറെ നേതൃത്വത്തിന്റെ ശക്തിക്ഷയമായിട്ടാണ് ഇതിനെ എം.എന്‍.റോയ് കണ്ടത്. ഒരു കുഗ്രാമത്തിലെ ഏതാനും ചിലരുടെ ഭ്രാന്തന് പ്രവൃത്തിയുടെ പേരില്‍ പ്രസ്ഥാനം നിര്‍ത്തിവച്ചതിനെ മോത്തിലാല്‍ നെഹ്റു അപലപിച്ചു. എന്നാല്‍ താന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് വ്യക്തമായ ധാരണ ഗാന്ധിജിക്കുണ്ടായിരുന്നു. 'നിസ്സഹകരണപ്രസ്ഥാനം ഇവിടെവച്ച് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ നാം ഒരു അക്രമരഹിതസമരമല്ല ശരിക്കും അക്രമാസക്തമായ ഒരു സമരം നയിക്കേണ്ടിവന്നേനെ. ഈ പിന്മാറ്റംകൊണ്ട് നമ്മുടെ പ്രസ്ഥാനം വിജയിക്കുകയേയുള്ളൂ' എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. അഹിംസ എന്ന ആദര്‍ശം ബലികഴിച്ചുകൊണ്ട് സ്വരാജ് തനിക്ക് ആവശ്യമില്ലെന്ന് പലതവണ ഗാന്ധിജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമം മുന്‍നിര്‍ത്തി പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ മുതിരും എന്ന് ഗാന്ധിജി ഭയപ്പെട്ടു. പിന്മാറ്റത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക വഴി അടിച്ചമര്‍ത്തലിന്റെ സാധ്യത ഒഴിവാക്കുകയാണ് ഗാന്ധിജി ചെയ്തത് എന്ന് വിലയിരുത്തപ്പെട്ടു.
അതേസമയം, ഗാന്ധിജിയെ ബൂര്‍ഷ്വാ നേതാവെന്ന് വിമര്‍ശിച്ച രജനി പാംദത്ത്, അഹിംസയിലുള്ള വിശ്വാസം കൊണ്ടല്ല, മറിച്ച് പ്രസ്ഥാനത്തിന്റെ നേതൃത്വം കര്‍ഷക-തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലെത്തിച്ചേരുമെന്ന ഭീതികാരണമാണ് ഗാന്ധിജി പ്രക്ഷോഭം പിന്‍വലിച്ചതെന്ന് വാദമുയര്‍ത്തി. ബര്‍ദോളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അവതരിപ്പിച്ച പ്രമേയം കര്‍ഷകരോട് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതും, ഭൂവുടമകളുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചതും ഇതിന് തെളിവായി പാംദത്ത്, ഇ.എം.എസ്., ഹിരണ്‍ മുഖര്‍ജി തുടങ്ങിയവര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളി വര്‍ഗം ഒരു സംഘടിത ശക്തിയെന്ന നിലയ്ക്കു രാഷ്ട്രീയരംഗത്ത് വളര്‍ന്നതോടെ അവര്‍ അഹിംസയുടെ അതിരുകള്‍ ലംഘിക്കുമെന്നും, അവരുടെ സമരമാര്‍ഗങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലെ സ്വത്തുടമാ വര്‍ഗങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുമെന്നുമുള്ള ഭയമായിരുന്നു ഗാന്ധിജിയെ സ്വാധീനിച്ചത് എന്നാണ് ഇവരുടെ പക്ഷം. ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കു വേണ്ടിയാണ് ഗാന്ധിജി പ്രവര്‍ത്തിച്ചത് എന്ന കാരണത്താല്‍ത്തന്നെ അദ്ദേഹം ജന്മി-ഭൂവുടമ ദ്വന്ദ്വത്തിന്റെ സംരക്ഷകനാണ് എന്ന വിശേഷണം തികച്ചും അര്‍ഥശൂന്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
ആദ്യകാല ദേശീയ പ്രസ്ഥാനത്തിന്റെ പരാധീനതയായി ചൂണ്ടിക്കാണിക്കപ്പെട്ടത് അതിന്റെ സങ്കുചിതമായ സാമൂഹ്യാടിത്തറയായിരുന്നു. പട്ടണങ്ങളിലെ അഭ്യസ്തവിദ്യരായ പൗരന്മാരിലേക്ക് മാത്രം ഒതുങ്ങിനിന്ന ദേശീയ സമരം എല്ലാ ജനവിഭാഗങ്ങളിലേക്കും സംക്രമിച്ചത് നിസ്സഹകരണത്തോടെയാണ്. ദേശീയധാരയില്‍ നിന്നും അകന്നുനിന്ന അജ്ഞരായ ഭൂരിഭാഗം ജനങ്ങള്‍ സ്വന്തം രാഷ്ട്രീയാവകാശങ്ങളെപ്പറ്റിയും തങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും ബോധവാന്മാരായി. ഇന്ത്യയിലെ ജനങ്ങളെ ഒന്നാകെ ഉണര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.
അവസാനം പരിഷ്കരിച്ചത് : 6/18/2020
ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ
ഇന്ത്യന്‍ കരസേന - വിശദ വിവരങ്ങൾ
ഇന്ത്യന്‍ നാവികസേന- വിശദ വിവരങ്ങൾ
ഇന്ത്യന്‍ നദീതടപദ്ധതികള്‍- വിശദ വിവരങ്ങൾ