മറാഠ ഭരണത്തിനു കീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്. വാരണാസിയിലെഒരു ഗ്രാമത്തിലാണ് ലക്ഷ്മീബായി ജനിച്ചത്. മണികർണ്ണിക എന്നായിരുന്നു യഥാർത്ഥ നാമം. മനുബായി എന്നവിളിപ്പേരു കൂടി ഉണ്ടായിരുന്നു ഈ കുട്ടിക്ക്. പിതാവ് മോരോപാന്ത് താമ്പേ, അമ്മ ഭാഗീരഥിബായി.
മനുബായി പതിനാലാം വയസ്സിൽ ഝാൻസിയിലെരാജാവായിരുന്ന ഗംഗാധർ
റാവുവിനെ വിവാഹം കഴിച്ചു. ഗംഗാധർ റാവുവിന് പുത്രൻമാരില്ലായിരുന്നു. ബായിയേക്കാൾ വളരേയേറെപ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹത്തിനുശേഷം മനുബായി രാജനിയമങ്ങൾ പ്രകാരം റാണി ലക്ഷ്മീബായി ആയി മാറി. 1851-ൽ ഒരു മകൻ ജനിച്ചുവെങ്കിലും നാലു മാസത്തിനുള്ളിൽ മരണമടഞ്ഞു. ഇതിനുശേഷം ഗംഗാധർ റാവുവും ലക്ഷ്മീബായിയും ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. 1853-ൽ ഗംഗാധർ റാവു അന്തരിച്ചു. എന്നാൽ ഝാൻസിയെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടണ്‍ നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മരണാനന്തര ചടങ്ങുകൾക്കു ശേഷം, ഒട്ടും
പ്രതീക്ഷിക്കാതെ ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രതിനിധിയായ ജനറൽ എല്ലീസ് കൊട്ടാരത്തിലെത്തി ഖജനാവ് ഉൾപ്പടെയുള്ള സ്ഥാവരജംഗമവസ്തുക്കൾ സുരക്ഷിതമായി അടച്ചുപൂട്ടി മുദ്രവെച്ചു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടെങ്കിലും റാണീ ലക്ഷ്മീബായി വരാൻ പോകുന്ന അപകടത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല.
ദാമോദർ റാവു രാജാവിന്‍റെ യഥാർത്ഥ പുത്രനല്ലാതിരുന്നതിനാൽ ഡൽഹൗസി പ്രഭു
ഡോക്ട്രിൻ ഓഫ് ലാപ്സ് എന്ന അധികാരം ഉപയോഗിച്ച് ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു. 1854 മാർച്ചിൽ ബ്രിട്ടീഷുകാർ അറുപതിനായിരം രൂപയുടെ പെൻഷൻ നൽകി രാജ്ഞിയോട് കൊട്ടാരം വിട്ടുപോകാനാവശ്യപ്പെട്ടു. ഇതും ബ്രിട്ടീഷുകാർ ഗോവധം അനുവദിച്ചതും രാജ്ഞിയെ ചൊടിപ്പിച്ചു. ഒടുവിൽ കമ്പനി ഭരണത്തിനെതിരെ വാദിക്കാൻ ഒരു ബ്രിട്ടീഷ് അറ്റോർണിയുടെ സഹായം തേടി. അവസാനം ചെറിയൊരു
പെൻഷനും കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദവും രാജ്ഞിക്ക് നൽകപ്പെട്ടു. അവസാനം റാണിക്ക് കൊട്ടാരം വിട്ടു പോകേണ്ടി വന്നു. വളരെ ചെറിയ ഒരു സൈന്യത്തോടൊപ്പം റാണി യാത്രയായി. ചിലപ്പോൾ കുതിരകളുടെ പുറത്തും, കൂറേദൂരം പല്ലക്കിലുമായി റാണി ഝാൻസി വിട്ടു.
1857 മാർച്ച് 29ന് 34-)o റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് മറ്റു ശിപായിമാർ നിരസിച്ചു. എന്നാൽ പിന്നീട് മംഗൾ
പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു. ഈ വാർത്ത കാട്ടു തീപോലെ പരന്നു, കൂടാതെ ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കലാപത്തെതുടർന്ന് ബ്രിട്ടീഷുകാർ ഝാൻസി വിട്ടുപോയി, രാജ്യം അരാജകത്വത്തിലേക്കു വഴുതിവീഴാൻ തുടങ്ങി. രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ധീര വനിത ഏറ്റെടുത്തു.
പോകെ പോകെ ഭരണ നിർവഹണത്തിൽ റാണി അതിസമർഥയായി. ശിപായി ലഹളക്കുശേഷം ഏതാണ്ട് പത്തുമാസത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. നീതിനിർവ്വഹണത്തിലും, ഭരണനിർവ്വഹണത്തിലും അതീവ നൈപുണ്യമാണ് റാണി കാഴ്ചവെച്ചത്. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതിരുന്നിട്ടുംതന്‍റെ കഴിവിനേക്കാളും മികച്ച രീതിയിൽ ഝാൻസിയുടെ ഭരണം നിർവഹിക്കാൻ റാണിക്കു കഴിഞ്ഞു. സമാധാനവും സന്തോഷവും ഝാൻസിയിലേക്കു തിരിച്ചുവന്നു. ഈ സമയത്ത് ഝാൻസിയിൽ ചില വ്യവസായശാലകൾ സ്ഥാപിക്കാനും അവർ മുൻകൈയ്യെടുത്തു. ഭർത്താവിന്‍റെ
മരണശേഷം ഒരു സന്യാസിനി എന്ന നിലയിൽ നിന്നും കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയിലേക്ക് റാണി ഉയർന്നു. ഭർത്താവിന്‍റെ മരണശേഷം ബ്രാഹ്മണസ്ത്രീകൾ ധരിക്കേണ്ടതായ മൂടുപടം അവർ ഉപേക്ഷിച്ചു. മാത്രമല്ല, കൊട്ടാരത്തിന്‍റെ ദർബാർ ഹാളിൽ സിംഹാസനത്തിലിരുന്നു ഭരണകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ശ്രദ്ധ വേണ്ട കാര്യങ്ങൾക്കു വേണ്ടി അവരുടെ ഉച്ചനേരത്തെ വിശ്രമം പോലും വേണ്ടെന്നു വച്ചു. ഈ
ഭാരപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ റാണിക്ക് കേവലം 22 വയസ്സുമാത്രമായിരുന്നു പ്രായം.
1857 മുതൽ 1858 വരെ
ഝാൻസി രാജ്യം റാണിയുടെ ഭരണ നൈപുണ്യതയിൽ സമാധാനത്തോടെ പുലരുകയായിരുന്നു. ഝാൻസിയെ ശക്തമാക്കാൻ ബ്രിട്ടണ്‍ രാജ്യത്തേക്ക് സൈന്യത്തെ അയക്കുകയാണെന്ന് ഉദ്യോഗസ്ഥർ റാണിയെ അറിയിച്ചു. സർ ഹ്യൂഗ് റോസിന്‍റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേന 1858 മാർച്ച് 23-ന് ഝാൻസി വളഞ്ഞു.
വളരെ കെട്ടുറപ്പുള്ള പ്രതിരോധമാണ് ബ്രിട്ടീഷ് സൈന്യത്തെ വരവേറ്റത്. റാണിയോട് ആയുധം അടിയറ വെച്ച് കീഴടങ്ങാൻ ഹ്യൂഗ് സന്ദേശമയച്ചു. സന്ദേശം നിരാകരിക്കുകയാണെങ്കിൽ കോട്ട ആക്രമിക്കുമെന്നും ഹ്യൂഗ്
റാണിയെ അറിയിച്ചു. റാണി ഈ സന്ദേശം തള്ളിക്കളഞ്ഞു. രാജ്ഞി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാട്ടമാരംഭിച്ചു. അതിശക്തമായ തിരിച്ചടിയാണ് റാണിയുടെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നത്. എന്നിരിക്കിലും യുദ്ധനിപുണരായ ബ്രിട്ടനോട് അധികനേരം പിടിച്ചു നിൽക്കാനാവില്ലെന്ന് റാണിക്ക് അറിയാമായിരുന്നു.
റാണി ലക്ഷ്മീബായി അടിയന്തിര സഹായത്തിനായി താന്തിയോതോപ്പിയെ ബന്ധപ്പെട്ടു.
താന്തിയാതോപ്പിയുടെ നേതൃത്വത്തിൽ 20000 പേരടങ്ങുന്ന സൈന്യം രാജ്ഞിയുടെ സഹായത്തിനെത്തിയെങ്കിലും 1540 പേർ മാത്രമുണ്ടായിരുന്ന, യുദ്ധനൈപുണ്യമുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന് ഇവരെ തുരത്തിയോടിക്കാനായി. കോട്ടയിലെ ഒരു ചെറിയ മുറിപോലും വിട്ടുകൊടുക്കാതിരിക്കാനായി റാണിയുടെ സൈന്യം പൊരുതി. പക്ഷേ ബ്രിട്ടീഷ് സൈന്യം മുന്നേറുകയായിരുന്നു. അവസാനം കൊട്ടാരം വിട്ടുപോകാൻ
റാണി തീരുമാനിച്ചു. ഒന്നുകിൽ താന്തിയോതോപ്പിയുടെ കൂടെയോ അതല്ലെങ്കിൽ നാനാ സാഹേബിന്‍റെ അനന്തരവനായ റാവു സാഹേബിന്‍റെ കൂടെ ചേരുവാനോ ആണ് റാണി നിശ്ചയിച്ചത്. മകനെ പുറത്തു ചേർത്തു ബന്ധിച്ചശേഷം ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയുടെ മുകളിൽ നിന്നും താഴേക്കു ചാടി റാണി രക്ഷപ്പെടുകയായിരുന്നു. ഈ സാഹസത്തിൽ കുതിര അന്ത്യശ്വാസം വലിച്ചുവെങ്കിലും റാണിയും, പുത്രനും രക്ഷപ്പെട്ടു. പിന്നീടുണ്ടായ യുദ്ധത്തിൽ മാരകമായി പരുക്കേൽക്കുകയും റാണി മരണപ്പെടുകയും ചെയ്തു
സൗന്ദര്യവും, ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ''ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും" എന്ന്‍ ഹ്യൂഗ് റോസ് അന്ന് അഭിപ്രായപ്പെടുകയുണ്ടായി.
അവസാനം പരിഷ്കരിച്ചത് : 1/28/2020