অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കായലുകള്‍

കായലുകള്‍

കായലുകള്‍

സ്ഥിരമായോ താത്‌കാലികമായോ കടലുമായി ബന്ധപ്പെട്ടു കിടക്കുകയും കരയില്‍ നിന്നുള്ള ശുദ്ധജലപ്രവാഹംമൂലം ലവണാംശം കുറയുകയും ചെയ്യുന്ന സ്വഭാവത്തോടുകൂടിയ ജലാശയങ്ങള്‍. ഒരു ദേശത്തിന്റെ സാമ്പത്തിക, സാമൂഹ്യവികസനത്തില്‍ ശ്രദ്ധേയമായ ഒരു പങ്കാണ്‌ ഈ ജലാശയങ്ങള്‍ വഹിക്കുന്നത്‌. ലോകത്തിലെ വന്‍നഗരങ്ങള്‍ പലതും ജലാശയങ്ങളുടെ തീരത്താണ്‌ വളര്‍ന്നുവന്നിട്ടുള്ളത്‌. അവിടങ്ങളിലെ ജനജീവിതം ഈ കായലുകളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ജലവിഭവങ്ങള്‍, ജലഗതാഗതം, വിനോദം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രയോജനപ്പെടുത്താവുന്ന ഈ ജലാശയങ്ങള്‍ ഇന്ന്‌ മനുഷ്യന്റെ പ്രത്യേകമായ പഠനങ്ങള്‍ക്ക്‌ വിഷയീഭവിച്ചിരിക്കുകയാണ്‌.

ഉത്‌പത്തി

കടലും കരയും ശുദ്ധജലവും കൂടിച്ചേരുമ്പോഴാണ്‌ കായലുകള്‍ രൂപംകൊള്ളുന്നത്‌. കടല്‍ നിരപ്പ്‌ ഉയരുന്നതുമൂലം സമുദ്രതീരങ്ങളിലുള്ള നദീതടഭാഗങ്ങളും തീരപ്രദേശങ്ങളും ചിലപ്പോള്‍ മുങ്ങിപ്പോകാറുണ്ട്‌. ഇപ്രകാരം മുങ്ങിപ്പോകുന്ന പ്രദേശങ്ങളില്‍ കടലില്‍ നിന്നുള്ള ലവണജലവും നദികളില്‍നിന്നുള്ള ശുദ്ധജലവും തള്ളിക്കയറുന്നു. ഈ രീതിയിലാണ്‌ സാധാരണ കായലുകള്‍ രൂപം കൊള്ളുന്നത്‌. മിക്ക കായലുകളും കരയുടെയോ, കടലിന്റെയോ നിരപ്പിലുള്ള വ്യതിയാനത്തിന്റെ ഫലമായിട്ടാണ്‌ ഉണ്ടായിട്ടുള്ളത്‌. യു.എസ്സിലെ ചെസാപീസ്‌ കായലും ബ്രിട്ടനിലെ ടാമര്‍, ഡാര്‍ട്ട്‌, ഫാല്‍ തുടങ്ങിയ കായലുകളും ഇന്ത്യയിലെ ഹൂഗ്‌ളിമാട്‌ല, മഹാനദി, ഗോദാവരി, വെള്ളാര്‍, കാവേരി, വേമ്പനാട്‌ തുടങ്ങിയ കായലുകളും ഉദാഹരണങ്ങളാണ്‌. ഹിമയുഗകാലത്ത്‌ മഞ്ഞുകട്ടകള്‍ ഉരുകി രൂപംകൊള്ളുകയും പിന്നീട്‌ കടലുമായി ബന്ധമുണ്ടാവുകയും ചെയ്‌തവയാണ്‌ നോര്‍വെ, സ്‌കോട്ട്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങളുടെ പശ്ചിമതീരത്ത്‌ രൂപംകൊണ്ടിട്ടുള്ള കായലുകള്‍.

പ്രത്യേകതകള്‍

നദികളില്‍ നിന്ന്‌ ഒഴുകിയെത്തുന്ന ശുദ്ധജലം കായലുകളിലൂടെ സമുദ്രജലത്തില്‍ എത്തുന്നു. ചില നദികളുടെ വമ്പിച്ച ജലപ്രവാഹത്തിന്റെ ശക്തികൊണ്ട്‌ കടലിലെ പതനസ്ഥാനത്തുനിന്ന്‌ അനേകം കി. മീ. അകലെവരെ സമുദ്രാപരിതലത്തില്‍ ശുദ്ധജലത്തിന്റെ സ്വാധീനത പടര്‍ന്നു കിടക്കുന്നതു കാണാം. കടലുമായി ബന്ധമുള്ള കായലുകളെല്ലാം ലവണാംശമുള്ള ജലം ഉള്‍ക്കൊള്ളുന്നവയാണ്‌. വേലിയേറ്റവേലിയിറക്കങ്ങള്‍ക്കനുസരണമായി കായലിനുള്ളിലെ വെള്ളത്തിന്റെയും, ജീവജാലങ്ങളുടെയും, മണല്‍ത്തരികളുടെയും സ്വഭാവത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. മിക്ക കായലുകളിലേക്കും ശുദ്ധജലവാഹികളായ തോടുകളും, ആറുകളും വന്‍നദികളും വന്നുപതിക്കുന്നുണ്ട്‌. ധാരാളം ശുദ്ധജലപ്രവാഹമുള്ള ഘട്ടത്തില്‍ ശുദ്ധജലത്തിനായിരിക്കും കായലില്‍ കൂടുതല്‍ ശക്തി. ഈ സന്ദര്‍ഭത്തില്‍ ഉപരിതലത്തില്‍ ഒഴുകുന്ന ശുദ്ധജലപാളിയുടെ അടിയിലൂടെ സാന്ദ്രത കൂടിയ ലവണജലം മറ്റൊരു പാളിയായി കടലില്‍ നിന്ന്‌ കായലിലേക്ക്‌ ഒഴുകുന്നു. ഈ ലവണജലപാളി നദികളില്‍ അനേകം കി. മീ. ഉള്ളിലോട്ടു വരെ എത്തുന്നതായി തെളിഞ്ഞിട്ടുണ്ട്‌. മിക്കവാറും മാസങ്ങളില്‍ അടിത്തട്ടില്‍ ലവണജലവും ഉപരിതലത്തില്‍ ശുദ്ധജലവും ആയി കായലിലെ ജലമേഖല അടുക്കിവച്ചിരിക്കുന്ന രണ്ട്‌ പാളിപോലെ സ്ഥിതിചെയ്യുന്നു. ലവണജലത്തിന്റെയും ശുദ്ധജലത്തിന്റെയും അളവിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ കായലിന്റെ സ്വഭാവവും മാറിക്കൊണ്ടിരിക്കും.

സ്ഥിരമായി സമുദ്രത്തോട്‌ ബന്ധപ്പെട്ടു കിടക്കുന്ന കായലുകളില്‍ വേലിയേറ്റവേലിയിറക്കങ്ങള്‍ സാധാരണമാണ്‌. മറ്റുള്ളവ മഴക്കാലത്ത്‌ നദികളില്‍ നിന്ന്‌ വമ്പിച്ച ജലപ്രവാഹമുള്ള ഘട്ടങ്ങളില്‍ സമുദ്രത്തിലേക്ക്‌ തുറക്കപ്പെടുന്നു. സമുദ്രത്തില്‍ നിന്ന്‌ കായലിനെ വേര്‍പെടുത്തി നിര്‍ത്തുന്ന മണല്‍ത്തിട്ട നീക്കം ചെയ്യപ്പെടുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുക. കായലില്‍ നിന്ന്‌ സമുദ്രത്തിലേക്കുള്ള താത്‌കാലിക കവാടങ്ങള്‍ പൊഴിമുഖമെന്നും ശാശ്വതമായ കവാടങ്ങള്‍ അഴിമുഖമെന്നും അറിയപ്പെടുന്നു. കേരളത്തിലെ വേമ്പനാട്ടുകായല്‍, അഷ്‌ടമുടിക്കായല്‍, പശ്ചിമബംഗാളിലെ ഹൂഗ്ലിക്കായല്‍, ഒഡിഷയിലെ മഹാനദിക്കായല്‍ എന്നിവ സ്ഥിരമായി കടലിലേക്ക്‌ തുറന്നുകിടക്കുന്നവയാണ്‌. കേരളത്തിലെതന്നെ കായംകുളംകായലും കോരപ്പുഴക്കായലും കടലിലേക്ക്‌ താത്‌കാലികമായി മാത്രം തുറന്നുകിടക്കാറുള്ളവയില്‍ ചിലതാണ്‌. കായലുകളുടെ പ്രായം സു. 3,000 വര്‍ഷമുണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. അവസാനത്തെ ഹിമയുഗക്കാലത്താണ്‌ സമുദ്രങ്ങള്‍ ഇന്നത്തെ രൂപത്തിലും ഭാവത്തിലും എത്തിച്ചേര്‍ന്നതെന്നു കരുതപ്പെടുന്നു. കായലുകളുടെ ഈ പ്രായക്കുറവ്‌ അവയിലെ ജലസ്വഭാവത്തിലും ജീവജാലങ്ങളുടെ സ്വഭാവത്തിലും പല പ്രത്യേകതകളും വരുത്തിയിട്ടുണ്ട്‌.

രാസ, ഭൗതിക സ്വഭാവങ്ങള്‍

വേലിയേറ്റവേലിയിറക്കങ്ങള്‍

കായലുകളുടെ ഭൗതികസ്വഭാവത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ വേലിയേറ്റവേലിയിറക്കങ്ങള്‍. കടലിലേക്ക്‌ സ്ഥിരമായി തുറന്നുകിടക്കുന്ന കായലുകളില്‍ പ്രതിദിനം രണ്ടുതവണ വേലിയേറ്റവേലിയിറക്കങ്ങള്‍ സംഭവിക്കുന്നു. കായലിലേക്കുള്ള പ്രവേശന കവാടത്തിന്റെ ആഴവും വീതിയും വേലിയേറ്റവേലിയിറക്കങ്ങളുടെ സ്വാധീനതയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്‌. വേലിയേറ്റം നടക്കുന്നതുമൂലം നദികളില്‍ നിന്ന്‌ കായലിലേക്കുള്ള ജലപ്രവാഹവും കായലില്‍ നിന്ന്‌ കടലിലേക്കുള്ള ജലപ്രവാഹവും ഗണ്യമായി തടസ്സപ്പെടുന്നു. ലവണജലവും ശുദ്ധജലവും കായലില്‍ വച്ച്‌ കൂടിക്കലര്‍ന്ന്‌ ഉപ്പുരസം കുറഞ്ഞ ലവണജലമായിത്തീരുന്നു. നദീജലപ്രവാഹംമൂലം ഉപ്പുരസം തീരെ കുറഞ്ഞ കായലുകളും നദികളില്ലാത്തതിനാല്‍ കടലിനെക്കാള്‍ ഉപ്പുരസം കൂടിയ കായലുകളും ഉണ്ട്‌. കടലിലേക്കു താത്‌കാലികമായി മാത്രം തുറന്നുകിടക്കുന്ന കായലുകളില്‍ കടലും കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ വേലിയേറ്റവേലിയിറക്കങ്ങള്‍ സംഭവിക്കുകയുള്ളൂ.

തിര

കായലുകള്‍ പൊതുവേ ആഴം കുറഞ്ഞ ജലാശയങ്ങളായതിനാല്‍ നല്ല കാറ്റുണ്ടെങ്കിലും ഇവയില്‍ വലിയ തിരമാലകള്‍ രൂപം കൊള്ളാറില്ല. സമുദ്രത്തില്‍ രൂപംകൊള്ളുന്ന വലിയ തിരമാലകള്‍ പോലും തീരത്തുവന്ന്‌ കായലില്‍ പ്രവേശിക്കുമ്പോള്‍ ദുര്‍ബലങ്ങളാകുന്നു. തന്മൂലം സാധാരണയായി കായലുകള്‍ തിരമാലകള്‍ കുറഞ്ഞ ശാന്തമായ ജലാശയങ്ങളായിരിക്കും.

ജലപ്രവാഹങ്ങള്‍

നദിയില്‍നിന്നുള്ള ശക്തമായ ഒഴുക്ക്‌, വേലിയേറ്റവേലിയിറക്കം എന്നീ കാരണങ്ങള്‍മൂലം കായലുകളില്‍ ജലപ്രവാഹങ്ങള്‍ ഉണ്ടാകുന്നു. കായലുകളുടെ വിസ്‌തൃതി, ആഴം എന്നിവ ജലപ്രവാഹത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. കായല്‍മുഖം വിശാലമാണെങ്കില്‍ അതിലെ ഒഴുക്കുകള്‍ക്ക്‌ വേഗത കുറവായിരിക്കും; ഇടുങ്ങിയതാണെങ്കില്‍ ഒഴുക്ക്‌ വേഗതയുള്ളതും. ഒഴുക്കുകള്‍ പലതരത്തിലും അവിടത്തെ ജീവജാലങ്ങള്‍ക്ക്‌ സഹായകരമാണ്‌. കടലില്‍ മാത്രം പൂര്‍ണവളര്‍ച്ചയെത്തുന്ന ലാര്‍വകളെ ഈ ഒഴുക്കുകളാണ്‌ കടലില്‍ എത്തിക്കുന്നത്‌. ഇതുപോലെതന്നെ കായലില്‍മാത്രം വളര്‍ച്ച പ്രാപിക്കുന്ന പല ലാര്‍വകളും വേലിയേറ്റത്തോടൊപ്പം അവിടെ എത്തിക്കപ്പെടുന്നു. ജീവത്‌സമൂഹത്തിന്റെ വളര്‍ച്ചയില്‍ കായലിലെ ജലപ്രവാഹങ്ങള്‍ ഗണ്യമായ സ്വാധീനതയാണ്‌ ചെലുത്തുന്നത്‌.

ലവണത

കായലിന്റെ ലവണത അനുസ്യൂതം മാറ്റത്തിന്‌ വിധേയമാകുന്നു. ബാഷ്‌പീകരണം, വേലിയേറ്റവേലിയിറക്കങ്ങള്‍, ജലപ്രവാഹങ്ങള്‍, കടലില്‍ നിന്നും നദിയില്‍ നിന്നും കായലില്‍ എത്തുന്ന ജലത്തിന്റെ അളവ്‌, കായല്‍ത്തറയുടെ സ്വഭാവം എന്നീ ഘടകങ്ങളാണ്‌ കായല്‍ ജലത്തിന്റെ ലവണതയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്‌. കായല്‍മുഖത്ത്‌ ലവണത കൂടിയും ഉള്ളിലോട്ടു ചെല്ലുന്തോറും ലവണത കുറഞ്ഞു കുറഞ്ഞു നദീമുഖത്തെത്തുമ്പോള്‍ തികച്ചും ശുദ്ധജലമായിത്തീരുകയും ചെയ്യും. വേലിയേറ്റ സമയത്ത്‌ കായലിന്റെ എല്ലാ ഭാഗത്തും ലവണതയില്‍ നേരിയ വര്‍ധനവ്‌ ദൃശ്യമാകും. മഴക്കാലത്ത്‌ നദീജലപ്രവാഹം വര്‍ധിച്ച അളവില്‍ സംഭവിക്കുന്നതിനാല്‍ കായലിലെ ലവണത തീരെ കുറയുന്നു. ചില ഘട്ടങ്ങളില്‍ കായല്‍മുഖത്തോടു ചേര്‍ന്നുള്ള കടലില്‍പ്പോലും ശുദ്ധജലത്തിന്റെ ആധിക്യം പ്രകടമാകാറുണ്ട്‌. കായലുകളിലെ ലവണത ദശലക്ഷത്തിന്‌ 0.5 ഭാഗം (parts per million - p.p.m) മുതല്‍ ദശലക്ഷത്തിന്‌ 40 ഭാഗം വരെ എത്താറുണ്ട്‌. അഷ്‌ടമുടിക്കായലിലെ ലവണത വര്‍ഷത്തില്‍ പലപ്പോഴായി പരിശോധിച്ചപ്പോള്‍ അറബിക്കടലിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന നീണ്ടകര തുറമുഖമേഖലയില്‍ ഏറ്റവും കുറഞ്ഞ ലവണത ദശലക്ഷത്തിന്‌ 8.3 ഭാഗവും ഏറ്റവും കൂടിയ ലവണത ദശലക്ഷത്തിന്‌ 34.33 ഭാഗവും ആയിരുന്നു. അവിടെനിന്ന്‌ ഉള്ളിലോട്ടുമാറി അഷ്‌ടമുടി ഭാഗത്ത്‌ ഏറ്റവും കുറഞ്ഞ ലവണത ദശലക്ഷത്തിന്‌ 3.8 ഭാഗവും ഏറ്റവും കൂടിയ ലവണത ദശലക്ഷത്തിന്‌ 30.35 ഭാഗവും, കാഞ്ഞിരക്കോടു ഭാഗത്ത്‌ ഏറ്റവും കുറഞ്ഞ ലവണത ദശലക്ഷത്തിന്‌ 2.74 ഭാഗവും, ഏറ്റവും കൂടിയ ലവണത ദശലക്ഷത്തിന്‌ 27.8 ഭാഗവും, അഷ്‌ടമുടിക്കായലില്‍ വീഴുന്ന കല്ലടയാറ്റില്‍ 8 കി. മീ. ഉള്ളിലായി കടപുഴയില്‍ ഏറ്റവും കുറഞ്ഞ ലവണത ദശലക്ഷത്തിന്‌ 6.35 ഭാഗവും ഏറ്റവും കൂടിയ ലവണത ദശലക്ഷത്തിന്‌ 9.12 ഭാഗവും എന്നിങ്ങനെയുമായിരുന്നു. കല്ലടയാറ്റില്‍ നിന്നുള്ള വമ്പിച്ച ജലപ്രവാഹത്തിന്റെ ഫലമായി അഷ്‌ടമുടിക്കായലിലെ ഉപരിതല ജലപാളി എപ്പോഴും അടിത്തട്ടിലെ ജലപാളിയെക്കാള്‍ ഉപ്പുരസം കുറഞ്ഞതായിരിക്കും.

ലവണതയുടെ അടിസ്ഥാനത്തില്‍ ഒരു കായലിനെ അഞ്ചു മേഖലകളായി തരംതിരിക്കാം. ശുദ്ധജലം കായലിലേക്കു പതിക്കുന്ന ഭാഗത്തെ നദീമുഖം എന്നു പറയുന്നു. ഇവിടത്തെ ലവണത ദശലക്ഷത്തിന്‌ 5 ഭാഗത്തില്‍ കൂടുകയില്ല. ശക്തിയായ ശുദ്ധജലപ്രവാഹത്തിന്റെ ഭാഗമാണിത്‌. നദീമുഖത്തോടടുത്ത കായലിന്റെ ഭാഗമാണ്‌ രണ്ടാമത്തെ മേഖല. ഇവിടെ ശുദ്ധജലവും ലവണജലവും കൂടിക്കലരുന്നു. ഒഴുക്ക്‌ തീരെ കുറവായിരിക്കും. ലവണത ദശലക്ഷത്തിന്‌ 5 ഭാഗം മുതല്‍ 18 ഭാഗം വരെ വ്യത്യാസപ്പെടാം. അടിത്തട്ടു മുഴുവന്‍ ചെളി നിറഞ്ഞതായിരിക്കും. മൂന്നാമത്തെ മേഖലയാണ്‌ കായലിന്റെ മധ്യമേഖല. ഒഴുക്കിന്‌ വേഗത കൂടുകയും ലവണത ദശലക്ഷത്തിന്‌ 18 മുതല്‍ 25 ഭാഗം വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. കായല്‍ മുഖത്തോടു ചേര്‍ന്ന നാലാമത്തെ മേഖലയില്‍ ലവണത ദശലക്ഷത്തിന്‌ 25 ഭാഗം മുതല്‍ 30 ഭാഗംവരെ വ്യത്യാസപ്പെട്ടിരിക്കും. ഈ മേഖലയിലും നല്ല ഒഴുക്കുണ്ട്‌. അഞ്ചാമത്തെ മേഖലയാണ്‌ കായല്‍മുഖം. നല്ല ഒഴുക്കുള്ള മേഖലയാണിത്‌. ലവണതയുടെ കാര്യത്തില്‍ കായല്‍മുഖവും കടലും മിക്കപ്പോഴും തുല്യമായിരിക്കും. കായലിലെ ജീവജാലങ്ങള്‍ക്ക്‌ മാറിക്കൊണ്ടിരിക്കുന്ന ലവണതയ്‌ക്കനുസരിച്ച്‌ തങ്ങളുടെ ജീവിതരീതിയെ ക്രമീകരിക്കുവാനുള്ള പ്രത്യേക സിദ്ധികളുമുണ്ട്‌.

ഊഷ്‌മാവ്‌

വ്യത്യസ്‌ത ഊഷ്‌മാവുള്ള ജലപ്രവാഹങ്ങള്‍ കൂടിക്കലരുന്നതുമൂലം കായല്‍ ജലത്തിന്റെ ഊഷ്‌മാവ്‌ വമ്പിച്ച വ്യതിയാനങ്ങള്‍ക്കു വിധേയമാകുന്നു. ആഴം കുറഞ്ഞ കായലുകളാണെങ്കില്‍ സൂര്യതാപം കൂടുതലായി ജലത്തെ ചൂടുപിടിപ്പിക്കുന്നു. ഊഷ്‌മാവിനു സ്ഥിരതയുള്ള സമുദ്രത്തില്‍ നിന്നും കുടിയേറുന്ന ജീവജാലങ്ങള്‍ക്ക്‌ കായലില്‍ എത്തുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ഊഷ്‌മാവിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ അപകടകരങ്ങളാണ്‌.

കായല്‍ത്തറ

കരയില്‍നിന്നും കടലില്‍ നിന്നും ധാരാളം ഊറല്‍മണ്ണു വന്നടിയുന്ന ഒരു പ്രദേശമാണ്‌ കായല്‍ത്തറ. തറയിലെ മണ്ണിന്റെ സ്വഭാവം അവിടത്തെ ജീവിസമൂഹത്തെ ഗണ്യമായി സ്വാധീനിക്കുന്നു. ജലപ്രവാഹത്തിന്റെ വേഗത, മണല്‍ത്തരികളുടെ വലുപ്പം എന്നിവയാണ്‌ മണല്‍ത്തരികളുടെ നിക്ഷേപത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍. കായല്‍മുഖത്തിന്‌ വീതിയുള്ളപ്പോള്‍ വേലിയേറ്റത്തോടൊപ്പം ധാരാളം കടല്‍മണ്ണ്‌ കായലിലേക്ക്‌ എത്തുന്നു. ചരല്‍ത്തരികളാണ്‌ ആദ്യം നിക്ഷേപിക്കപ്പെടുന്നത്‌; പിന്നീട്‌ മണല്‍ത്തരികളും അവസാനം എക്കല്‍ത്തരികളും അടിയുന്നു. മണ്ണൊലിപ്പുമൂലം നദികളിലേക്കു വീഴുന്ന മണല്‍ത്തരികള്‍ ശക്തിയായ പ്രവാഹത്തില്‍പ്പെട്ടു കായലുകളില്‍ എത്തുന്നു. കായലുകളില്‍ സമുദ്രജലവും ശുദ്ധജലവും സന്ധിക്കുന്ന സ്ഥാനത്ത്‌ ഒഴുക്കിന്റെ ശക്തി കുറയുന്നു. ചരല്‍, മണ്ണ്‌ വിഭാഗത്തിലെ തരികള്‍ കായലില്‍ ആദ്യം നിക്ഷേപിക്കപ്പെടുന്നു. അവസാനമാണ്‌ എക്കല്‍ത്തരികള്‍ അടിയുന്നത്‌. അനേകവര്‍ഷക്കാലം ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ പല കായലുകളുടെയും മധ്യഭാഗം ആഴം കുറഞ്ഞതും വിസ്‌തൃതമായ ചെളിത്തട്ടുകള്‍ ഉള്ളതും ആയിത്തീരുന്നു. മഴക്കാലത്ത്‌ കായലുകളിലെ വെള്ളം ഏറ്റവും കൂടുതല്‍ കലങ്ങിയിരിക്കും. മണ്ണൊലിപ്പുമൂലം ധാരാളം മണ്ണ്‌ നദികളിലൂടെ കായലില്‍ എത്തുന്നു. ഇവ കായല്‍ത്തറയില്‍ അടിയുന്നതിന്‌ ധാരാളം സമയമെടുക്കുന്നു. വേലിയേറ്റവേലിയിറക്കസമയത്തും കായലിലെ വെള്ളം കലങ്ങിമറിയുന്നു. ക്രമാധികമായി എത്തിച്ചേരുന്ന എക്കല്‍ സൂര്യപ്രകാശം ജലത്തിലേക്ക്‌ പ്രവേശിക്കുന്നതിനെ തടയുന്നു. തന്മൂലം കായലിലെ പരിണാമപ്രവര്‍ത്തനങ്ങളെല്ലാം വളരെ സാവധാനത്തിലാണ്‌ സംഭവിക്കുന്നത്‌.

ഓക്‌സിജന്‍

വെള്ളത്തില്‍ ഓക്‌സിജന്‍ അനുസ്യൂതമായി ലയിച്ചുചേരുന്നു. ജലത്തില്‍ ലയിക്കുന്ന ഓക്‌സിജന്റെ അളവിനെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകം ജലോഷ്‌മാവ്‌ തന്നെയാണ്‌. ഊഷ്‌മാവ്‌ കൂടുമ്പോള്‍ ജലജീവികള്‍ക്ക്‌ കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരും. ഇത്‌ കായലിലെ ഓക്‌സിജന്‍ വ്യതിയാനങ്ങള്‍ക്ക്‌ കാരണമാകുന്നു. ശുദ്ധജലപ്രവാഹത്തിന്റെ അളവ്‌, കായല്‍ത്തറയുടെ സ്വഭാവം, വേലിയേറ്റത്തിന്റെ സ്വഭാവം, കായല്‍ത്തട്ടിലെ ജലസസ്യങ്ങള്‍ എന്നിവ ഓക്‌സിജന്റെ അളവിനെ സ്വാധീനിക്കുന്ന ഇതരഘടകങ്ങളാണ്‌. പകല്‍ സമയത്ത്‌ പ്രകാശസംശ്ലേഷണം നടക്കുന്നതുകൊണ്ട്‌ കായലില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാകുന്നു. രാത്രിയില്‍ ഈ പ്രക്രിയ നടക്കുന്നില്ല. പക്ഷേ, ശ്വസനക്രിയ നടക്കുകയും ചെയ്യും. തന്മൂലം പകല്‍ ലഭ്യമായ ഓക്‌സിജന്‍ മുഴുവഌം രാത്രിയില്‍ ഉപയോഗിക്കപ്പെടുന്നു.

ഓക്‌സിജന്റെ ലേയത്വം വെള്ളത്തിന്റെ ലവണതയെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാല്‍ ഒരു കായലില്‍ത്തന്നെ പല സ്ഥാനങ്ങളില്‍ ഓക്‌സിജന്റെ അളവ്‌ പലതായിരിക്കും. അഷ്‌ടമുടിക്കായലില്‍ ഉപരിതല ജലത്തില്‍ ഓക്‌സിജന്റെ ഏറ്റവും ഉയര്‍ന്ന അളവ്‌ നീണ്ടകരയില്‍ ലിറ്ററിന്‌ 9.83 മില്ലിലിറ്റര്‍ അഷ്‌ടമുടിഭാഗത്തു ലിറ്ററിന്‌ 9.04 മില്ലിലിറ്റര്‍ കാഞ്ഞിരക്കോട്‌ ഭാഗത്തു ലിറ്ററിന്‌ 7.91 മില്ലിലിറ്റര്‍കല്ലടയാറ്റില്‍ ലിറ്ററിന്‌ 8.81 മില്ലിലിറ്റര്‍ ആണ്‌. അടിത്തട്ടിലെ ജലപാളിയില്‍ ഓക്‌സിജന്റെ ഏറ്റവും കൂടിയ അളവ്‌ ഈ കേന്ദ്രങ്ങളില്‍ യഥാക്രമം ലിറ്ററിന്‌ 8.7, 5.99, 8.36, 7.46 മില്ലിലിറ്റര്‍ വീതമായിരുന്നു. കായലില്‍ പല ഭാഗങ്ങളിലും മലിനീകരണംമൂലം ഓക്‌സിജന്റെ അളവ്‌ കുറഞ്ഞിട്ടുള്ളതായി കണ്ടിട്ടുണ്ട്‌. ഇടവാനടയറ കായലിലെ ചില ഭാഗങ്ങളില്‍ അഷ്‌ടമുടിക്കായലിലെ ചവറ, കണ്ടച്ചിറ, കുണ്ടറ എന്നീ ഭാഗങ്ങളിലും ജലത്തില്‍ ഓക്‌സിജന്‍ തീരെ ഇല്ലാത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഓക്‌സിജനില്ലാത്ത ഒരു ജലമേഖല, ജീവിസമൂഹത്തെ ഒട്ടാകെ നശിപ്പിക്കുന്നു.

ഹൈഡ്രജന്‍ സള്‍ഫൈഡ്‌

ജീവജാലങ്ങള്‍ക്ക്‌ വളരെയധികം അപകടകാരിയായ ഈ വാതകം കായലുകളില്‍ പല സ്ഥാനങ്ങളിലും ഉയര്‍ന്ന അളവില്‍ ഉള്ളതായി കണ്ടിട്ടുണ്ട്‌. കയര്‍ നിര്‍മാണത്തിനുവേണ്ടി പച്ചത്തൊണ്ട്‌ അഴുക്കുന്നുതുമൂലമാണ്‌ കേരളത്തിലെ കായലുകളില്‍ ഈ വാതകം ഉണ്ടാകുന്നത്‌; വാതകത്തിന്റെ സാന്ദ്രത ഉയര്‍ന്ന തോതിലുമാണ്‌. ചില വര്‍ഷങ്ങളില്‍ ഇടവാനടയറ കായലില്‍ ഏറ്റവും ഉയര്‍ന്ന സാന്ദ്രത ലിറ്ററിന്‌ 52.46 മില്ലിഗ്രാം ഹൈഡ്രജന്‍ സള്‍ഫൈഡ്‌ എന്ന തോതില്‍ ആയിരുന്നു. ഈ വാതകത്തിന്റെ ആധിക്യം നിലനിന്ന സമയങ്ങളില്‍ കായല്‍ ജലത്തില്‍ ഓക്‌സിജന്റെ അളവ്‌ തീരെ കുറവായിരുന്നു എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കായലിലെ "കറുത്ത' മേഖലകളാണ്‌ തൊണ്ടഴുക്കല്‍ പാടങ്ങള്‍. മത്സ്യസമ്പത്തിഌം ചെമ്മീന്‍ സമ്പത്തിഌം വലിയ നാശമാണ്‌ ഇതുമൂലം സംഭവിച്ചിരിക്കുന്നത്‌.

ജീവജാലങ്ങള്‍

കായലില്‍ ജീവിക്കുന്ന ജീവജാലങ്ങളില്‍ ഭൂരിഭാഗവും അടിസ്ഥാനപരമായി ലവണജലസ്വഭാവമോ ശുദ്ധജലസ്വഭാവമോ ഉള്ളവയാണ്‌. വളരെയധികം വെല്ലുവിളികളെ അതിജീവിക്കേണ്ട ഒരു പരിതഃസ്ഥിതിയാണ്‌ കായലില്‍ നിലനില്‌ക്കുന്നത്‌. വേലിയേറ്റവേലിയിറക്കങ്ങളുടെ ഫലമായി ദിവസംതോറും രണ്ടുതവണ കായലിലെ ജലത്തിന്റെ സ്വഭാവം മാറുന്നു. ഊഷ്‌മാവ്‌, ലവണത, ഓക്‌സിജന്‍ എന്നിവയുടെയെല്ലാം അളവിലും കായലിലെ മണല്‍ത്തരികളുടെ സ്വഭാവത്തിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്‌. ഈ മാറ്റങ്ങളെ അതിജീവിക്കുവാന്‍ ശേഷിയുള്ള ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും മാത്രമേ കായലുകളില്‍ കുടിയേറാഌം ജീവിക്കാഌം സാധിക്കൂ. കായലില്‍ പ്രവേശിക്കുന്ന പ്ലവകങ്ങളും സ്വന്തമായി നീന്തുന്നതിനു ശേഷിയുള്ള മറ്റു ജീവികളും അവിടത്തെ ശക്തമായ ഒഴുക്ക്‌, കലങ്ങിയ വെള്ളം എന്നിവയെ അഭിമുഖീകരിക്കുവാന്‍ പ്രാപ്‌തിയുള്ളവയാണ്‌. നദികളില്‍ നിന്നെത്തുന്ന ശുദ്ധജലജീവികള്‍ക്കും ഈ പ്രാപ്‌തി ഉണ്ട്‌.

കായല്‍മുഖത്തു കുടിയേറുന്ന ജീവികളില്‍ അധികവും കടല്‍വാസികളായിരിക്കും, ഉള്ളിലേക്കു ചെല്ലുന്തോറും ഇവയുടെഎണ്ണം കുറയുന്നു. കുടിയേറ്റത്തിന്റെ അടിസ്ഥാനത്തില്‍ കായലിലെ ജീവജാലങ്ങളെ അഞ്ചായി തരംതിരിക്കാം.

1. ഓളിഗോഹാലൈന്‍ ജീവികള്‍. ശുദ്ധജല സ്വഭാവക്കാരായ ഈ ജീവികള്‍, നദികള്‍ കായലിലേക്കു പതിക്കുന്ന ഭാഗത്താണ്‌ കാണുക. ദശലക്ഷത്തിന്‌ 5 ഭാഗം വരെ മാത്രം ലവണതയുള്ള വെള്ളത്തില്‍ ഇവയെ കാണാം. 2. യഥാര്‍ഥ കായല്‍വാസികള്‍. ഈ വിഭാഗത്തില്‍പ്പെട്ട ജീവികള്‍ കായലില്‍ മാത്രമേ കാണുകയുള്ളൂ. ദശലക്ഷത്തിന്‌ 2 മുതല്‍ 25 ഭാഗം വരെ ലവണതയില്‍ ഇവ ജീവിക്കുന്നു. 3. യൂറിഹാലൈന്‍ കടല്‍ ജീവികള്‍. ജന്മനാ സമുദ്രവാസികളാണ്‌ ഇവ. ദശലക്ഷത്തിന്‌ 5 ഭാഗം മാത്രം ലവണതയുള്ള ജലമേഖലയില്‍ ഇവയെ കാണാറുണ്ട്‌. 4. സ്റ്റീനോ ഹാലൈന്‍ കടല്‍ജീവികള്‍. കടല്‍ത്തീരത്തുനിന്ന്‌ കായലിലേക്കു കുടിയേറുന്ന ഇവ ഉയര്‍ന്ന ലവണതയില്‍ മാത്രം കാണുന്ന ജീവികളാണ്‌. 5. താത്‌കാലിക കായല്‍വാസികള്‍. നദികളില്‍ നിന്ന്‌ സമുദ്രത്തിലേക്കും അവിടെ നിന്നു നദികളിലേക്കും ഉള്ള പ്രയാണത്തില്‍ താത്‌കാലികമായി മാത്രം കായലില്‍ നിവസിക്കുന്ന ജീവികളാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌.

സസ്യവിഭാഗം

സസ്യപ്ലവകങ്ങള്‍, ഡയാറ്റമുകള്‍, ബാക്‌റ്റീരിയങ്ങള്‍, ഫംഗസുകള്‍, ആല്‍ഗകള്‍ എന്നിവ ചേര്‍ന്നതാണ്‌ കായലിലെ സസ്യജാലങ്ങള്‍.

i. സസ്യപ്ലവകങ്ങള്‍. സമുദ്രത്തെ അപേക്ഷിച്ച്‌ കായലുകളില്‍ പ്ലവകങ്ങളുടെ അളവു പൊതുവേ കുറവാണ്‌. വെള്ളം അധികകാലവും കലങ്ങിക്കിടന്ന്‌ സൂര്യപ്രകാശം കടന്നു ചെല്ലുന്നതിനെ തടസ്സപ്പെടുത്തുന്നതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. കായലിലെ പ്ലവകങ്ങളില്‍ അധികവും സമുദ്രത്തില്‍ നിന്നും എത്തുന്നവയാണ്‌. ശുദ്ധജല സസ്യപ്ലവകങ്ങള്‍ കായലുകളില്‍ പൊതുവേ തീരെ കുറവായിരിക്കും. സയാനോഫൈസിയ എന്ന വര്‍ഗത്തില്‍പ്പെട്ട സസ്യപ്ലവകങ്ങളാണ്‌ കായലില്‍ ധാരാളമായി കാണുന്നത്‌. ക്ലോറോഫൈസിയേ, ബേസിലാരിയോ ഫൈസിയേ, ഡൈനോഫ്‌ളാജലേറ്റ്‌സ്‌ എന്നിവയാണ്‌ മറ്റു പ്രധാനപ്പെട്ട ഇനങ്ങള്‍. ഡയാറ്റം എന്ന വിഭാഗത്തില്‍പ്പെട്ട ജീവികളും ബാക്‌റ്റീരിയങ്ങളും കായലില്‍ ധാരാളമായി കാണാം. നാവിക്കുലസലിനാറം, നിഷിയ ട്രിബ്ലിയോനെല്ല, സിലിന്‍ഡ്രാതീക്ക സിഗ്നേറ്റ, യൂഗ്ലീന ഒബ്‌ട്യൂസ എന്നിവയാണ്‌ പ്രധാന ഡയാറ്റമുകള്‍. ഇവയും ബാക്‌റ്റീരിയങ്ങളും ആണ്‌ കായലിലെ പ്രാഥമികഉത്‌പാദകര്‍. അഴുകിയ പദാര്‍ഥങ്ങളടങ്ങിയ ചെളിയില്‍ കാണുന്ന ഒരു ബാക്‌റ്റീരിയയാണ്‌ ഡിസള്‍ ഫോവിബ്രിയോ എസ്‌ച്വറി.

ii. ആല്‍ഗകള്‍. കടല്‍ത്തീരത്തു കാണുന്ന ആല്‍ഗകളില്‍ പലതും കായലിലും കാണപ്പെടുന്നുണ്ട്‌. എന്‍ടിറോ മോര്‍ഫ, യുളോത്രിക്‌സ്‌, ഫ്യൂക്കസ്‌, വൗച്ചേറിയ, ക്‌ളാഡോഫൊറ എന്നിവയാണ്‌ പ്രധാന ഇനങ്ങള്‍. ഉറച്ച ചെളിത്തട്ടുകളില്‍ സൂക്ഷ്‌മനാരുകളുള്ള എന്‍ടിറോ മോര്‍ഫ സ്‌പീഷീസ്‌ വളരുന്നു. കായല്‍ത്തീരങ്ങളില്‍ വാസമുറപ്പിക്കുന്ന ആദ്യത്തെ ആല്‍ഗ ഇതാണ്‌. ഒരിക്കല്‍ വേരുറപ്പിച്ചു കഴിഞ്ഞാല്‍ വെള്ളത്തിലൂടെ സമീപത്തെത്തുന്ന മണല്‍ത്തരികളെ ഇവ തടഞ്ഞു നിര്‍ത്തുന്നു. അങ്ങനെ കായല്‍ത്തീരത്തിന്റെ ഉയരം വര്‍ധിക്കുന്നു. ഫ്യൂക്കസ്‌ സ്‌പീഷീസുകള്‍ പാറയുള്ള ഭാഗങ്ങളിലാണ്‌ വാസം ഉറപ്പിക്കാറുള്ളത്‌. പല തരത്തിലുള്ള സസ്യങ്ങള്‍ അധിവാസം ഉറപ്പിക്കുന്നതിനാല്‍ കായലിനോടുചേര്‍ന്നു ചതുപ്പു പ്രദേശങ്ങള്‍ രൂപം കൊള്ളുന്നത്‌ സാധാരണമാണ്‌. ഉഷ്‌ണമേഖലാപ്രദേശത്തെ കായലുകളുടെ തീരത്തുള്ള ചതുപ്പുപ്രദേശങ്ങളില്‍ കണ്ടല്‍ച്ചെടി സമൃദ്ധിയായി വളരുന്നു. ചെളിയിലാണ്‌ ഇവ വളരുക. വിസ്‌തൃതമായ ഭൂപ്രദേശങ്ങളില്‍ ഈ ചെടികള്‍ നിബ-ിഡമായി വളരുന്നുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള കായലുകളില്‍ കണ്ടല്‍ച്ചെടി പാടങ്ങള്‍ വ്യാപകമായി രൂപം കൊണ്ടിട്ടുണ്ട്‌. റൈസോഫൊറ, ഏവിസെന്ന്യ എന്നീ ചെടികളാണ്‌ പ്രധാന ഇനങ്ങള്‍.

ജന്തുവിഭാഗം

വൈവിധ്യമാര്‍ന്ന ഒരു ജന്തുവിഭാഗമാണ്‌ കായലില്‍ നിവസിക്കുന്നത്‌. കടലില്‍ നിന്നും നദികളില്‍ നിന്നും കരയില്‍ നിന്നും എത്തിച്ചേര്‍ന്നവയാണ്‌ ഇവ. കടലില്‍ നിന്നെത്തിയ ജന്തുക്കളില്‍ അധികവും കായല്‍മുഖത്താണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഉയര്‍ന്ന ലവണതയാവശ്യമുള്ള ഇവ ലവണത കുറഞ്ഞ ഉള്‍ഭാഗങ്ങളിലേക്ക്‌ അപൂര്‍വമായി മാത്രമേ സഞ്ചരിക്കാറുള്ളൂ. കായല്‍ ജന്തുക്കളില്‍ ഏറ്റവും കുറഞ്ഞ ശതമാനം മാത്രമാണ്‌ നദികളിലൂടെ എത്തിച്ചേരുന്നത്‌. തീര്‍ത്തും ശുദ്ധജലവാസികളായ ജന്തുക്കളുടെ കുടുംബത്തില്‍പ്പെട്ടവയാണ്‌ ഇവ. ചില ക്രസ്റ്റേഷ്യനുകള്‍, ഷഡ്‌പദങ്ങള്‍, വിരകള്‍, കക്കകള്‍, മത്സ്യങ്ങള്‍ എന്നിവയാണ്‌ കായലിലെ ശുദ്ധജല ജന്യങ്ങളായ ജന്തുക്കള്‍. കരയില്‍ നിന്നുള്ള പല ജന്തുക്കളും കായലിലേക്കു കുടിയേറിയിട്ടുണ്ട്‌. കായല്‍ത്തീരത്തെ ജീവികളില്‍ ചില സ്‌പീഷീസുകള്‍ വേലിയേറ്റ സമയത്ത്‌ കരയിലേക്കു കൂടുതല്‍ നീങ്ങുന്നു. മണിക്കൂറുകളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നാലും തങ്ങളുടെ താവളങ്ങളില്‍ നിന്നും മാറാത്ത ജന്തുക്കളും കായല്‍ത്തീരത്തുണ്ട്‌. സാല്‍മോ സലാര്‍, ആന്‍ഗ്വില്ല എന്നീ മത്സ്യങ്ങള്‍ കടലില്‍ നിന്നു നദിയിലേക്കും അവിടെ നിന്നു കടലിലേക്കും നടത്തുന്ന യാത്രയ്‌ക്കിടയില്‍ കായലുകളെ താത്‌കാലിക താവളങ്ങളായി മാത്രമേ കണക്കാക്കാറുള്ളൂ.

i. ജന്തുപ്ലവകങ്ങള്‍. സഞ്ചരിക്കുന്നതിനു സ്വന്തമായ ശേഷിയില്ലാത്ത ജീവത്‌സമൂഹമാണ്‌ പ്ലവകങ്ങള്‍. കായലിലെ ജന്തുപ്ലവക സമൂഹം കടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയൊരു വര്‍ഗം മാത്രമാണ്‌. വേലിയേറ്റവേലിയിറക്കങ്ങളും നദീജലപ്രവാഹങ്ങളുമാണ്‌ കായലിലെ പ്ലവകസമൂഹത്തിന്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്‌. ക്രസ്റ്റേഷ്യന്‍ വിഭാഗത്തില്‍പ്പെട്ട കോപിപോഡുകളാണ്‌ ഇവയില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ കായലുകളില്‍ മാത്രമായി 21 വര്‍ഗത്തിലുള്ള കോപിപോഡുകളെ കണ്ടെത്തിയിട്ടുണ്ട്‌. പാരാകലാനസ്‌ ഡൂബിയ അക്രാകലാനസ്‌ സിമിലസ്‌, സെന്‍ട്രാപേജസ്‌ ആല്‍കോക്കി, സ്യുഡോഡയപ്‌റ്റോമസ്‌ അനല്‍ഡേലി, അക്കാര്‍ഷിയ സെന്‍ട്രൂറ എന്നീ സ്‌പീഷീസുകളാണ്‌ ഇവയില്‍ പ്രധാനം. സൈക്ലോപ്‌സ്‌ വര്‍ഗത്തില്‍പ്പെട്ട 13 സ്‌പീഷീസുകള്‍ ഇന്ത്യന്‍ കായലുകളില്‍ ഉണ്ട്‌. ഒയീത്തോണ, ഹാലിസൈക്ലോപ്‌സ്‌, മിസോ സൈക്ലോപ്‌സ്‌ എന്നിവയാണ്‌ പ്രധാന വര്‍ഗങ്ങള്‍. ക്യൂമേസിയ, ടനെയ്‌ഡേസിയ എന്നിവയുടെ പ്രതിനിധികളും ചിലപ്പോള്‍ പ്ലവകങ്ങളായി കായലില്‍ കാണാറുണ്ട്‌. മൈസിഡുകളാണ്‌ പ്ലവകത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഇനം. മിസോ പൊഡോപ്‌സിസ്‌ സെയ്‌ലാനിക്ക, ഗാസ്‌ട്രാസാക്കസ്‌ സ്‌പൈനിഹെര്‍ എന്നീ സ്‌പീഷീസുകളാണ്‌ പ്രധാനം. നിയോമൈസീസ്‌ ഇന്റിജെര്‍ എന്ന മൈസിഡ്‌ സ്‌പീഷീസ്‌ കായലിലെ ശുദ്ധജലമേഖലയിലും പ്രത്യക്ഷപ്പെടുന്നു. ലെപ്‌റ്റോമൈസിസ്‌ ഗ്രാസിലിസ്‌ കായല്‍മുഖത്താണ്‌ സാധാരണ കാണുക. ആംഫിപോഡ, ഡെക്കാപ്പോഡ എന്നീ വര്‍ഗത്തില്‍പ്പെട്ട സ്‌പീഷീസുകളും കായലില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. മത്സ്യങ്ങള്‍, കക്കകള്‍, കൊഞ്ചുകള്‍ എന്നിവയുടെ ലാര്‍വകളും പ്ലവകങ്ങളുടെ കൂട്ടത്തില്‍ കായലില്‍ നിന്നു ലഭിക്കാറുണ്ട്‌.

(ii) നെക്‌ടണ്‍. സ്വന്തമായി നീന്തുന്നതിഌം സഞ്ചരിക്കുന്നതിഌം ശേഷിയുള്ള ജന്തുക്കളാണ്‌ നെക്‌ടണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. മത്സ്യങ്ങളാണ്‌ ഇതില്‍ പ്രധാനം. കായലിലെ മത്സ്യങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം ലവണതയാണ്‌. കടല്‍ മത്സ്യങ്ങള്‍ ആഹാരം തേടിയാണ്‌ കായലില്‍ എത്തുന്നത്‌. അയില, ബോംബേഡക്ക്‌ എന്നിവയാണ്‌ ഇവയില്‍ പ്രധാനം. സാല്‍മോ സലാര്‍, ആന്‍ഗ്വില്ല ആന്‍ഗ്വില്ല എന്നിവ കടലില്‍ നിന്നു നദികളിലേക്കും നദികളില്‍ നിന്നു കടലിലേക്കും സഞ്ചരിക്കുന്നു. കണമ്പ്‌, ഏട്ട എന്നിവയും കായലില്‍ സാധാരണ കാണുന്ന മത്സ്യങ്ങളാണ്‌. ശുദ്ധജലജന്യങ്ങളായ കായല്‍ മത്സ്യങ്ങളാണ്‌ തിലാപ്പിയയും കരിമീഌം. മത്സ്യങ്ങള്‍ക്കുപുറമേ നിരവധി ക്രസ്റ്റേഷ്യനുകളും കായലില്‍ കാണാം. നാരന്‍ ചെമ്മീന്‍, കാരച്ചെമ്മീന്‍, പൂവാലന്‍ ചെമ്മീന്‍, കരിക്കാടി ചെമ്മീന്‍ എന്നിവയാണ്‌ സമുദ്രത്തില്‍ നിന്നു പ്രവേശിക്കുന്ന പ്രധാന കൊഞ്ചുകള്‍. ശുദ്ധജലവാസിയായ ആറ്റുകൊഞ്ച്‌ കായലിലെ ലവണത കുറഞ്ഞ സ്ഥലങ്ങളില്‍ കണ്ടുവരുന്നു.

iii. പക്ഷികള്‍. കായലുകളില്‍ സ്ഥിരമായും താത്‌കാലികമായും എത്തിച്ചേരുന്ന പക്ഷികള്‍ ധാരാളമുണ്ട്‌. ആഹാരസമ്പാദനമാണ്‌ ഇവയുടെ ലക്ഷ്യം. വെള്ളത്തില്‍ നിന്ന്‌ മത്സ്യങ്ങള്‍, കൊഞ്ച്‌ തുടങ്ങിയ ജീവജാലങ്ങളെ കൊത്തിയെടുക്കാന്‍ പ്രാപ്‌തമായ പ്രത്യേക വദനഭാഗങ്ങള്‍ ഇവയ്‌ക്കുണ്ട്‌. അരയന്നം, ഞാറപ്പക്ഷി എന്നിവയാണ്‌ ഇവയില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍.

iv. കായല്‍ത്തറയിലെ ജീവികള്‍. കായല്‍ത്തറയിലെ ജീവത്‌സമൂഹവും അവിടത്തെ ലവണതയിലുള്ള വ്യതിയാനങ്ങളെ അതിജീവിക്കുവാന്‍ ശേഷിയുള്ളവയാണ്‌. ഇവയില്‍ അധികവും കായല്‍വാസികളുമാണ്‌. മറ്റുള്ളവ കായലിലെ കുറഞ്ഞ ലവണതയ്‌ക്കൊത്തു പോകുവാന്‍ ശേഷിയുള്ള കടല്‍ജന്യജീവികളാണ്‌. കായല്‍ത്തറയുടെ ഉപരിതലത്തില്‍ വസിക്കുന്നവയും, തറയില്‍ ഗുഹകള്‍ നിര്‍മിച്ച്‌ അതിനുള്ളില്‍ വസിക്കുന്നവയും ഉണ്ട്‌. കായലോരത്തുള്ള ചെളിപ്രദേശത്തും ഈ ജീവത്‌സമൂഹം സമൃദ്ധമായി കാണപ്പെടുന്നു. പ്രാട്ടോസോവ വര്‍ഗത്തില്‍പ്പെട്ട നിരവധി സൂക്ഷ്‌മാണുജീവികള്‍ കായല്‍ത്തറയില്‍ വസിക്കുന്നു. നെമറ്റോഡ, ബ്രയോസോവ, ഓളിഗോകീറ്റ, പോളികീറ്റ, ഹാര്‍പാക്‌ടികോയിഡ, ആംഫിപോഡ, ഓസ്‌ട്രകോഡ, ടനയ്‌ഡേസിയ, മൊളസ്‌ക എന്നിവയാണ്‌ കായല്‍ത്തറയിലെ മുഖ്യജന്തുവര്‍ഗങ്ങള്‍. കായലിലെ നെമറ്റോഡുകള്‍ കടലില്‍ നിന്നു പ്രവേശിച്ചവയാണ്‌. സ്‌പൈറിന പാരസൈറ്റിഫെറ, അനാപ്‌ളോ സ്റ്റോമ വിവിപാരം എന്നിവയാണ്‌ ഇവയില്‍ പ്രധാനം. ബ്രയോസോവ വര്‍ഗത്തില്‍പ്പെട്ട 14 സ്‌പീഷീസുകളെ വേമ്പനാട്ടു കായലില്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. വിക്‌ടോറെല്ല പാവിഡ, ഇലക്‌ട്രാ ക്രസ്റ്റുലെന്റാ ആല്‍ഡെറീന അറബിയന്‍സിസ്‌ തുടങ്ങി പത്തോളം സ്‌പീഷീസുകള്‍ സാധാരണമാണ്‌. നീറിസ്‌, അരനിക്കോള എന്നീ വര്‍ഗത്തില്‍പ്പെട്ട ഓളിഗോകീറ്റ്‌ വിരകളും കായലില്‍ ധാരാളമായി കാണുന്നു. പ്‌ളാറ്റീകീലിപ്പസ്‌ എന്ന ഹാര്‍പാക്‌ട്രികോയിഡ്‌ ക്രസ്റ്റേഷ്യന്‍ സ്‌പീഷീസ്‌ കായല്‍ത്തട്ടില്‍ സ്ഥിരമായി താമസിക്കുന്നു. നെറിട്ടീഡെ കുടുംബത്തില്‍പ്പെട്ട മൊളസ്‌കുകള്‍ കായല്‍ത്തറയില്‍ സര്‍വസാധാരണമാണ്‌. ഗമ്മാരിഡെ വര്‍ഗത്തില്‍പ്പെട്ട ആംഫിപോഡുകളും സ്‌ഫീറോമ വര്‍ഗത്തില്‍പ്പെട്ട ഐസോപോഡുകളും ഡോക്കാപോഡ്‌ വര്‍ഗത്തില്‍പ്പെട്ട വിവിധ ഇനം ചെമ്മീനുകളും കായല്‍ത്തറയിലെ പ്രധാന ജീവികള്‍ തന്നെ.

ഇന്ത്യയിലെ പ്രധാനപ്പെട്ട കായലുകള്‍

ഹൂഗ്‌ളിമാട്‌ല കായലുകള്‍

പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ കായലിന്‌ 2,340 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്‌. ഹൂഗ്‌ളി നദി ബംഗാള്‍ ഉള്‍ക്കടലിലാണ്‌ വന്നു പതിക്കുന്നത്‌. നദിയില്‍ 290 കി.മീ. വരെ ഉള്ളിലേക്കു വേലിയേറ്റപ്രവാഹം എത്താറുണ്ട്‌. നല്ല ഒഴുക്കുള്ള കാലത്ത്‌ അനേക കി.മീ. അകലെ വരെ ബംഗാള്‍ ഉള്‍ക്കടലിന്റെ ഉപരിതലത്തില്‍ ഹൂഗ്‌ളിയുടെ ജലം ഒഴുകി എത്തുന്നു. കായലില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന ഊഷ്‌മാവ്‌ 32.70oCകുറഞ്ഞ ഊഷ്‌മാവ്‌ 22.30oCആണ്‌. കായലിന്റെ നദീമുഖഭാഗത്ത്‌ എപ്പോഴും ശുദ്ധജലമാണുള്ളത്‌. മധ്യഭാഗത്ത്‌ ലവണത ദശലക്ഷത്തിന്‌ 15 ഭാഗം ആണ്‌. കായല്‍മുഖത്ത്‌ ലവണത ബംഗാള്‍ ഉള്‍ക്കടലിന്റെ ലവണതയ്‌ക്കടുത്ത്‌ എത്തുന്നു. ജീവജാലങ്ങളുടെ സ്വഭാവത്തില്‍ ഋതുഭേദങ്ങള്‍ക്കനുസരണമായിട്ടുള്ള വ്യതിയാനങ്ങളും ദൃശ്യമാണ്‌. സസ്യപ്ലവകങ്ങളില്‍ ഡയാറ്റമുകളും ജന്തുപ്ലവകങ്ങളില്‍ കോപിപോഡ്‌ ക്രസ്റ്റേഷ്യനുകളുമാണ്‌ പ്രധാനം.

ഗോദാവരിക്കായല്‍

നാസിക്‌ കുന്നുകളില്‍ നിന്നുദ്‌ഭവിച്ചു 1,330 കിലോമീറ്ററോളം ഒഴുകി ആന്ധ്രസംസ്ഥാനത്തിന്റെ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ വന്നു പതിക്കുന്ന ഗോദാവരി നദിയുടെ പേരിലാണ്‌ ഇവിടത്തെ കായല്‍ അറിയപ്പെടുന്നത്‌. വേലിയേറ്റത്തിന്റെ സ്വാധീനത 45 കി. മീ. വരെ നദിയില്‍ അനുഭവപ്പെടുന്നു. ജലോഷ്‌മാവ്‌ 29ീഇ മുതല്‍ 35ീഇ വരെ മാറുമ്പോള്‍ ലവണത ദശലക്ഷത്തിനു 34 ഭാഗം വരെ എത്താറുണ്ട്‌. ജൂണ്‍സെപ്‌തംബര്‍ കാലത്ത്‌ ലഭിക്കുന്ന ശക്തമായ മഴയുടെ ഫലമായി നദീജലം കലങ്ങിമറിഞ്ഞ്‌ ഒഴുകുന്നു. വേനല്‍ക്കാലത്ത്‌ നദീജലം തെളിയുകയും കായല്‍ വീണ്ടും കടലിന്റെ ആധിപത്യത്തിന്‌ വിധേയമാകുകയും ചെയ്യുന്നു. മാര്‍ച്ച്‌ഏപ്രില്‍ മാസങ്ങളില്‍ സസ്യപ്ലവകങ്ങള്‍ക്കാണ്‌ കായല്‍ ജലത്തില്‍ മുന്‍തൂക്കം. ജന്തുപ്ലവകങ്ങളില്‍ പ്രധാനം ലൂസിഫര്‍, ക്ലാഡോസിറഡെക്കാപോഡ്‌ ലാര്‍വ, മെഡ്യൂസ, സൈഫണോഫൊറ, മൈസിഡ്‌, ഐസോപോഡ്‌, ആംഫിപോഡ്‌ എന്നിവയാണ്‌. മഴക്കാലത്ത്‌ ശുദ്ധജല പ്ലവകങ്ങളാണ്‌ അധികം; വേനല്‍ക്കാലത്ത്‌ ലവണജല പ്ലവകങ്ങളും. മത്സ്യങ്ങള്‍, കൊഞ്ചുകള്‍, കക്കകള്‍ തുടങ്ങി വമ്പിച്ച വിഭവസമ്പത്താണ്‌ ഈ കായലില്‍ ഉള്ളത്‌. വര്‍ഷന്തോറും ഏതാണ്ട്‌ 5,000 ടണ്‍ ചെമ്മീന്‍ ഇവിടെ നിന്ന്‌ ലഭിക്കുന്നു. ചൂടല്‍ച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, കാരച്ചെമ്മീന്‍, പൂവാലന്‍ ചെമ്മീന്‍, കുഴന്തല്‍ ചെമ്മീന്‍ എന്നിവയാണ്‌ പ്രധാന സ്‌പീഷീസുകള്‍. മത്സ്യസമ്പത്തില്‍ കണമ്പാണ്‌ പ്രധാന ഇനം. ആറ്‌ സ്‌പീഷീസ്‌ കണമ്പ്‌ മത്സ്യങ്ങള്‍ ഇവിടെ ലഭ്യമാണ്‌. കായലിനോടു ചേര്‍ന്ന്‌ വിസ്‌തൃതമായ ചെളിത്തട്ടുകള്‍ ഉണ്ട്‌. കണ്ടല്‍ച്ചെടികള്‍ നിറഞ്ഞ ചെളിപ്രദേശങ്ങളും കായല്‍തീരത്ത്‌ ധാരാളമാണ്‌.

വെള്ളാര്‍ കായല്‍

സേലം ജില്ലയിലെ ഉത്തനഗരി കുന്നുകളില്‍ നിന്നുദ്‌ഭവിച്ച്‌ 480 കി.മീ. ഒഴുകി തമിഴ്‌നാടിന്റെ തീരത്ത്‌ പോര്‍ട്ടോ നോവോ എന്ന സ്ഥലത്ത്‌ ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ പതിക്കുന്ന വെള്ളാര്‍ നദിയില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‍ ലഭിച്ചത്‌. മറ്റു കായലുകളുടെ എല്ലാ രാസ, ഭൗതികസ്വഭാവങ്ങളും ഈ കായലിലും ദൃശ്യമാണ്‌.

കേരളത്തിലെ കായലുകള്‍

കേരളത്തിന്റെ ശ്രദ്ധേയമായ ഒരു പ്രത്യേകതയാണ്‌ പടിഞ്ഞാറന്‍ തീരത്ത്‌ അറബിക്കടലിന്‌ സമാന്തരമായി കിടക്കുന്ന കായല്‍ ശൃംഖല. 0.4 മുതല്‍ 12 കി.മീ. വരെ മാത്രം വീതിയുള്ള ഒരു കരയോരമാണ്‌ ഈ ജലാശയങ്ങളെ കടലില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌. 325 കി.മീ. ദൈര്‍ഘ്യമുള്ള ഒരു തോട്‌ തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള ഈ കായലുകളെ കോര്‍ത്തിണക്കുന്നു. കേരളത്തിലെ 44 നദികളില്‍ വലുതും ചെറുതുമായ 41 എണ്ണം ഈ കായലുകളിലൂടെയാണ്‌ കടലുമായിസന്ധിക്കുന്നത്‌. നദികളില്‍ നിന്നുള്ള ഒഴുക്കിന്റെ ശക്തിമൂലം ചില കായലുകള്‍ സ്ഥിരമായി കടലിലേക്കു തുറന്നു കിടക്കുന്നു. കൊല്ലം ജില്ലയിലെ അഷ്‌ടമുടിക്കായലും എറണാകുളം ജില്ലയിലെ വേമ്പനാട്ടു കായലും ഇതിനുദാഹരണങ്ങളാണ്‌. മറ്റു കായലുകള്‍ എല്ലാം തന്നെ മഴക്കാലത്ത്‌ മാത്രം കടലിലേക്കു തുറക്കുന്നവയാണ്‌. മത്സ്യബന്ധനത്തിഌം തൊണ്ടഴുക്കലിഌം, ജലഗതാഗതത്തിഌം വേണ്ടി ഉപയോഗിക്കപ്പെടുന്ന ഈ കായലുകള്‍ക്ക്‌ കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്‌. വേമ്പനാട്‌, അഷ്‌ടമുടിക്കായലുകളെ കേന്ദ്രീകരിച്ച്‌ വികസിതമായിട്ടുള്ള വിനോദസഞ്ചാരം കേരളത്തിലെ ഒരു പ്രമുഖ ധനാഗമ വ്യവസായമായി മാറിയിട്ടുണ്ട്‌. കായല്‍ശൃംഖലയുടെ പടിഞ്ഞാറുഭാഗത്തുള്ള അറബിക്കടലും കിഴക്കുഭാഗത്തുള്ള 41 നദികളും കായലുകളെ അതിവിശിഷ്‌ടസ്വഭാവത്തോടുകൂടിയ ഒരു പരിസ്ഥിതി മേഖലയായി മാറ്റിയിരിക്കുന്നു. മഴക്കാലത്ത്‌ ഈ കായലുകള്‍ വമ്പിച്ച ശുദ്ധജലപ്രവാഹത്തിനു വിധേയമാകുന്നു. തന്മൂലം കായലിലെ വെള്ളം ലവണതയില്‍ നിന്ന്‌ ഒരു പരിധിവരെ വിമുക്തമാകുന്നു. മറ്റു കാലങ്ങളില്‍ കായല്‍മുഖങ്ങളും അവയുടെ നദീമുഖങ്ങളും ലവണജലസ്വാധീനതയ്‌ക്കു വിധേയമാണ്‌. ഉപ്പുരസം കുറഞ്ഞ ലവണജലം കായലിന്റെ മുകള്‍പ്പരപ്പിലും ഉപ്പുരസം കൂടിയ കടല്‍ജലം അടിത്തട്ടിലുമാണ്‌ കാണുക. ഉപ്പുവെള്ളം കായലിലൂടെ അനേകം കി.മീ. വരെ നദികളിലേക്ക്‌ തള്ളിക്കയറുന്നു. ചെറുതും വലുതുമായ 25ഓളം കായലുകള്‍ കേരളത്തിലുണ്ട്‌. വേളി, കഠിനംകുളം, അഞ്ചുതെങ്ങ്‌, അകത്തുമുറി, ഇടവാനടയറ, പരവൂര്‍, അഷ്‌ടമുടി, കായംകുളം, വേമ്പനാട്‌ എന്നിവയാണ്‌ തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട കായലുകള്‍. കൊടുങ്ങല്ലൂര്‍, ഇരിമ്പ്രനല്ലൂര്‍, കീച്ചേരി, പൊന്നാനി, കടലുണ്ടി, ചാലിയാര്‍, കല്ലായി, കോരപ്പുഴ, മയ്യഴി, തലശ്ശേരി, വളപട്ടണം, കവ്വായി, കാസര്‍കോട്‌, കുമ്പള എന്നിവയാണ്‌ വടക്കന്‍ കേരളത്തിലെ മുഖ്യ കായലുകള്‍. 589.50 കി.മീ. ദൈര്‍ഘ്യമുള്ളതും കേരളതീരത്ത്‌ വ്യാപിച്ചു കിടക്കുന്നതുമായ ഈ കായലുകളുടെ വിസ്‌തീര്‍ണം 500 ച.കി.മീ. വരുമെന്ന്‌ കണക്കാക്കിയിരിക്കുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റില്‍ നിന്നും വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റില്‍ നിന്നും സമൃദ്ധമായ മഴയാണ്‌ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ജൂണ്‍മുതല്‍ സെപ്‌തംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റാണ്‌ ഇവയില്‍ പ്രധാനം. കേരളത്തില്‍ ലഭിക്കുന്ന മഴയില്‍ 75 ശതമാനം ഈ കാലയളവിലാണ്‌ ലഭിക്കുക. കേരളത്തിലെ വിസ്‌തൃതമായ കായല്‍ മേഖലയുടെയും ജലസമ്പത്തിന്റെയും മുഖ്യകാരണം മുടങ്ങാതെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ മഴയാണ്‌. മഴവെള്ളത്തില്‍ 60 ശതമാനം നദികളിലൂടെ ഒഴുകുന്നു.

ഇന്ത്യയിലെ മത്സ്യഉത്‌പാദനത്തില്‍ മുന്നിട്ടു നില്‌ക്കുന്ന ഒരു പ്രദേശമാണ്‌ കേരളത്തിലെ കായലുകള്‍. വര്‍ഷംപ്രതി 17,000 ടണ്‍ മത്സ്യവും 88,000 ടണ്‍ കക്കയും കേരളത്തിലെ കായലുകളില്‍ നിന്നു ലഭിക്കുന്നതായിട്ടാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ആകെ ഉത്‌പാദനത്തില്‍ 6070 ശതമാനം ചെമ്മീഌം 11 ശതമാനം കണമ്പും 10 ശതമാനം കരിമീഌം 9. ശതമാനം ഏട്ടവര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യവുമാണ്‌. കായലില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങളില്‍ പ്രധാനം കരിമീന്‍, കണമ്പ്‌, ഏട്ട, വരാല്‍, തിലാപ്പിയ, പൂമീന്‍, കോര, കടങ്ങാലി എന്നിവയാണ്‌. കൊഞ്ചിനങ്ങളില്‍ നാരന്‍ ചെമ്മീന്‍, കാരച്ചെമ്മീന്‍, പൂവാലന്‍ ചെമ്മീന്‍ എന്നിവയാണ്‌ പ്രധാനം. ഞണ്ട്‌, ചിപ്പി എന്നിവയ്‌ക്കും വിവിധ ഇനം ആല്‍ഗകള്‍ക്കും കേരളത്തിലെ കായലുകള്‍ പ്രസിദ്ധമാണ്‌.

കൊച്ചിക്കായല്‍

256 ച.കി.മീറ്റര്‍ വിസ്‌തീര്‍ണമുള്ള വേമ്പനാട്ടുകായല്‍ ഇന്ത്യയുടെ പശ്ചിമതീരത്തുള്ള ഏറ്റവും വലിയ കായലുകളില്‍ ഒന്നാണ്‌. സ്ഥിരമായി അറബിക്കടലിലേക്ക്‌ തുറന്നുകിടക്കുന്ന ഈ കായല്‍ത്തീരത്താണ്‌ കൊച്ചി പട്ടണവും തുറമുഖവും സ്ഥിതിചെയ്യുന്നത്‌. കൊച്ചിക്കായലിന്റെ തെക്കോട്ടുള്ള വിസ്‌തൃതമായ മേഖലയെയാണ്‌ പൊതുവേ വേമ്പനാട്ടുകായല്‍ എന്നു വിളിക്കുന്നത്‌. കേരളത്തിലെ അഞ്ചു വന്‍നദികള്‍ ഈ കായലില്‍ വന്നുപതിക്കുന്നു. വടക്കേ അറ്റത്തു ചേരുന്ന പെരിയാറും തെക്കേ അറ്റത്തു ചേരുന്ന പമ്പയുമാണ്‌ ഇവയില്‍ വലിയ നദികള്‍. മൂവാറ്റുപുഴ, അച്ചന്‍കോവിലാറ്‌, മണിമലയാറ്‌ എന്നിവയാണ്‌ കായലില്‍ പതിക്കുന്ന മറ്റു നദികള്‍. ഒരു മീറ്റര്‍ മുതല്‍ 5 മീ. വരെയാണ്‌ കായലിന്റെ ആഴം. വന്‍തോതിലുള്ള മണ്ണടിയല്‍ കാരണം ധാരാളം ദ്വീപുകള്‍ കായലില്‍ രൂപം കൊണ്ടിട്ടുണ്ട്‌. കായല്‍ത്തീരവും ദ്വീപുകളും വമ്പിച്ച മനുഷ്യാധിവാസ കേന്ദ്രങ്ങളാണ്‌. തിരക്കേറിയ ഒരു ജലഗതാഗതമാര്‍ഗം കൂടിയാണ്‌ ഈ കായല്‍ ശൃംഖല. മേയ്‌സെപ്‌തംബര്‍ കാലയളവിലാണ്‌ മഴയുടെ 75 ശതമാനവും ലഭിക്കുന്നത്‌. മഴക്കാലത്ത്‌ നദീജലത്തിന്റെ സ്വാധീനത മൂലം ശുദ്ധജല വാസികളായ ജീവിസമൂഹം കായലില്‍ കൂടുതല്‍ കാണുന്നു. സമുദ്രവാസികളായ കുടിയേറ്റക്കാര്‍ ഈ കാലഘട്ടത്തില്‍ തീരെ കുറവായിരിക്കും. മഴക്കാലം മാറുമ്പോള്‍ കായല്‍ വീണ്ടും അറബിക്കടലിന്റെ സ്വാധീനതയില്‍പ്പെടുന്നു. സമുദ്രവാസികളായ ജീവികള്‍ കായലില്‍ മേധാവിത്വം വീണ്ടെടുക്കുന്നു. വര്‍ഷന്തോറും ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നു. വേലിയേറ്റത്തിന്റെ സ്വാധീനത കായലില്‍ മുഴുവന്‍ വ്യാപിച്ച്‌ നദികളില്‍ 50 കി.മീ. വരെ ഉള്ളില്‍ എത്തുന്നുണ്ട്‌. വേമ്പനാട്ടു കായലില്‍ പതിക്കുന്ന പെരിയാറിന്റെ തീരത്താണ്‌ ആലുവായിലെ വ്യവസായ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്‌. ഇതുമൂലം കായലില്‍ ജനമലിനീകരണം ഗുരുതരമായ നിലയിലെത്തുന്നുവെന്നാണ്‌ ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്‌.

അഷ്‌ടമുടിക്കായല്‍

വിസ്‌തൃതിയില്‍ രണ്ടാം സ്ഥാനത്ത്‌ നില്‌ക്കുന്ന ഈ കായല്‍ കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്നു. അഷ്‌ടമുടികള്‍എട്ട്‌ ശാഖകള്‍ഉള്ളതിനാലാണ്‌ കായലിന്‌ ഈ പേരു ലഭിച്ചത്‌. പശ്ചിമഘട്ടത്തില്‍ നിന്നുദ്‌ഭവിക്കുന്ന കല്ലടയാര്‍ 85 കി.മീ. ഒഴുകി അരിനല്ലൂര്‍ എന്ന സ്ഥലത്തുവച്ച്‌ കായലില്‍ പതിക്കുന്നു. പുത്തനാര്‍ വഴി കല്ലടയാറ്റിലെ വെള്ളം കാഞ്ഞിരക്കോടു കായലിലും പതിക്കുന്നു. കല്ലടയാറ്റിലൂടെ ഒഴുകി എത്തിയ മണല്‍ത്തരികള്‍ നിക്ഷേപിക്കപ്പെട്ടതിലൂടെ രൂപംകൊണ്ട മണ്‍റോ തുരുത്താണ്‌ അഷ്‌ടമുടിക്കായലിലെ ഏറ്റവും വലിയ ദ്വീപ്‌. നീണ്ടകര എന്ന സ്ഥലത്തുവച്ച്‌ കായല്‍ കടലുമായി ചേരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധനകേന്ദ്രങ്ങളില്‍ ഒന്നാണ്‌ നീണ്ടകര. മേഖല അഷ്‌ടമുടി എന്ന മധ്യഭാഗമാണ്‌ കായലിന്റെ ഹൃദയഭാഗം. സമ്പന്നമായ ഒരു മത്സ്യബന്ധന മേഖലയാണിത്‌. കായലിന്റെ ഏറ്റവും ഉള്ളിലോട്ടു കിടക്കുന്ന ഭാഗമാണ്‌ കാഞ്ഞിരക്കോട്‌ കായല്‍. കുമ്പളം കായല്‍, വെള്ളിമണ്‍ കായല്‍, ചെമ്മക്കാട്‌ കായല്‍ എന്നിവയാണ്‌ ഈ ഭാഗത്തുള്ള പ്രധാന ശാഖകള്‍. വേലിയേറ്റ വേലിയിറക്കങ്ങളുടെ സ്വാധീനത കായലിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നുണ്ട്‌. കല്ലടയാറ്റിലെ ഉപ്പുക്കൂടം എന്ന സ്ഥാനം വരെ ഉപ്പുരസമുള്ള വെള്ളമുണ്ട്‌. ജലമേഖല രണ്ടു പാളിയായിട്ട്‌ കിടക്കുന്നു. ഉപരിതലപാളി ലവണത കുറഞ്ഞ മേഖലയും അടിത്തട്ടിലെ ജലം ലവണത കൂടിയ ജലമേഖലയും ആണ്‌. മത്സ്യസമ്പത്തിലും, ചെമ്മീന്‍, ഞണ്ട്‌, കക്ക എന്നീ വിഭവങ്ങളുടെ കാര്യത്തിലും ഈ കായല്‍ സമ്പന്നമാണ്‌. നീണ്ടകര ഒരു വന്‍കിട മത്സ്യബന്ധന തുറമുഖമായി വികസിച്ചിരിക്കുന്നു. ഈ കായലിന്റെ തീരത്താണ്‌ കൊല്ലം പട്ടണം സ്ഥിതി ചെയ്യുന്നത്‌.

ദക്ഷിണ കേരളത്തിലെ വേളി, കഠിനംകുളം, അഞ്ചുതെങ്ങ്‌, അകത്തുമുറി എന്നീ കായലുകള്‍ തിരുവനന്തപുരം ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇടവാനടയറ, പരവൂര്‍ എന്നീ കായലുകള്‍ കൊല്ലം ജില്ലയിലും കായംകുളം കായല്‍ ആലപ്പുഴ ജില്ലയിലും ആണ്‌.

കായല്‍ജല മലിനീകരണം

മലിനീകരണമാണ്‌ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള കായലുകള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം. നഗരങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും, വ്യവസായശാലകളുടെ കേന്ദ്രീകരണവും, വര്‍ധിക്കുന്ന ജനസംഖ്യാ വിസ്‌ഫോടനവുമാണ്‌ കായല്‍ജലമലിനീകരണത്തിനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നത്‌. കേരളത്തിലെ കായലുകളില്‍ വ്യാപകമായി നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌ തൊണ്ടഴുക്കല്‍. അത്യന്തം അപകടകരമായ പരിസരവ്യതിയാനങ്ങളാണ്‌ ഇതുമൂലം സംഭവിച്ചിരിക്കുന്നത്‌. കേരളത്തിലെ ഇടവാനടയറ കായലില്‍ തൊണ്ടഴുക്കല്‍ വരുത്തിയ പരിസ്ഥിതി വ്യതിയാനങ്ങളെക്കുറിച്ച്‌ നടത്തിയ ചില ശാസ്‌ത്രീയ പഠനങ്ങള്‍ ഇത്തരത്തിലുള്ള മലിനീകരണത്തിന്റെ ഗുരുതരാവസ്ഥയിലേക്കു വെളിച്ചം വീശുന്നു. തൊണ്ടഴുക്കല്‍ പാടങ്ങള്‍ കലങ്ങി മറിഞ്ഞ്‌ ഇരുണ്ടുകറുത്ത്‌, തൊണ്ടുകളാല്‍ ആവൃതമായി കിടക്കുന്നു. തത്‌ഫലമായി ഒക്‌സിജന്റെ അളവ്‌ തീരെ കുറഞ്ഞതും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ ആധിക്യമുള്ളതുമായ ഒരു അന്തരീക്ഷം കായലിനുള്ളില്‍ സംജാതമാകുന്നു. കാലവര്‍ഷത്തിനുശേഷം ആഗസ്റ്റ്‌, സെപ്‌തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ മാത്രമാണ്‌ കായലിലെ ഉപരിതല ജലത്തിലെങ്കിലും ഓക്‌സിജന്‍ ഉണ്ടായിരിക്കുക. ഓക്‌സിജന്‍, ലവണത, ഹൈഡ്രജന്‍ സള്‍ഫൈഡ്‌, ഫോസ്‌ഫേറ്റ്‌, നൈട്രറ്റ്‌, മഴ, ശുദ്ധജലപ്രവാഹം എന്നീ ഘടകങ്ങളില്‍ ഉണ്ടായിട്ടുള്ള വ്യതിയാനങ്ങള്‍ ഒറ്റയ്‌ക്കും കൂട്ടായും ഈ കായലിലെ ജീവസമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. കായലിലെ പ്ലവകങ്ങള്‍, മത്സ്യങ്ങള്‍, ചെമ്മീനുകള്‍, കക്കകള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളും വ്യാപകമായി നശിച്ചുപോയ ചിത്രമാണ്‌ ഇടവാനടയറക്കായലില്‍ കാണുവാന്‍ കഴിയുന്നത്‌.

പ്രധാനപ്പെട്ട വ്യവസായശാലകളിലെ മാലിന്യങ്ങള്‍ കേരളത്തിലെ കായലുകളെ മലിനീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചാലിയാര്‍, പെരിയാര്‍, കല്ലടയാര്‍ തുടങ്ങിയ നദികളും അവ ചെന്നു പതിക്കുന്ന കായലുകളുമാണ്‌ ഏറ്റവുമധികം നാശനഷ്‌ടങ്ങള്‍ക്ക്‌ വിധേയമായിരിക്കുന്നത്‌. പള്‍പ്പും ഫൈബറും നിര്‍മിക്കുന്നതില്‍ നിന്ന്‌ ഉണ്ടാകുന്ന മലിനജലമാണ്‌ ചാലിയാറിലേക്കു തുറന്നുവിടുന്നത്‌. സള്‍ഫ്യൂറിക്‌ അമ്ലം കലര്‍ന്ന മലിനജലം നദിയിലേക്കു പ്രവഹിച്ച്‌ ആ മേഖലയിലെ ജനജീവിതത്തിന്‌ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു. കുടിക്കുന്നതിഌം കുളിക്കുന്നതിഌം മറ്റു ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കുവാന്‍ കൊള്ളാത്ത രീതിയില്‍ വെള്ളം മലിനമായിത്തീര്‍ന്നിരിക്കുന്നു. പെരിയാറിന്റെ തീരത്തുള്ള വന്‍കിട വളനിര്‍മാണശാലകളും, രാസവ്യവസായ ശാലകളും, എണ്ണ ശുദ്ധീകരണശാലകളും ആണ്‌ കൊച്ചിആലുവാ മേഖലയിലെ ജലമലിനീകരണത്തിന്റെ മുഖ്യപ്രഭവസ്ഥാനങ്ങള്‍. മെര്‍ക്കുറി, അമോണിയ, ലെഡ്‌, കാഡ്‌മിയം തുടങ്ങിയ മാരകമായ പല പദാര്‍ഥങ്ങളും നദിയിലും കായലിലും എത്തിച്ചേരുന്നതുമൂലം മത്സ്യസമ്പത്തിഌം ചെമ്മീന്‍ സമ്പത്തിഌം വമ്പിച്ച നാശനഷ്‌ടമുണ്ടാകുന്നു. വേമ്പനാട്ടു കായലും അച്ചന്‍കോവിലാര്‍, പമ്പയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കായലിനോടു ചേരുന്ന ഭാഗങ്ങളും ബന്ധപ്പെട്ട മറ്റു തോടുകളും കൂടിച്ചേര്‍ന്നുണ്ടായ കുട്ടനാട്‌ ജലമേഖല അനിയന്ത്രിതമായ രാസവളങ്ങളുടെയും കീടനീശിനികളുടെയും പ്രയോഗഫലമായി ഗുരുതരമായ മലിനീകരണത്തിന്‌ വിധേയമായിരിക്കുന്നു. ഈ മേഖലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്‌. നഗരങ്ങളില്‍ നിന്നുള്ള അഴുക്കുചാലുകള്‍ സമീപത്തുള്ള കായലിലേക്കാണ്‌ ചെന്നു ചേരുന്നത്‌. കൂടാതെ നഗരങ്ങളില്‍ കുന്നുകൂടുന്ന ചപ്പുകളും ചവറുകളും കായലുകളിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലാണ്‌ നിക്ഷേപിക്കുന്നത്‌. ഇവ ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുന്ന ദ്രാവകം കായലിലെ ജലത്തെ മലിനമാക്കി വരുന്നു. കായലുകളിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന നൗകകള്‍ പുറന്തള്ളുന്ന മാലിന്യങ്ങളും അനധികൃത മണല്‍ഖനനവും സമീപകാല വിപത്തുകളാണ്‌. ഇത്തരത്തിലുള്ള വ്യാപകമായ മലിനീകരണം നമ്മുടെ ജലവിഭവങ്ങളുടെ നിരന്തരമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും രാഷ്‌ട്രത്തിന്റെ സമ്പദ്‌ഘടനയെത്തന്നെ സാരമായി ബാധിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.

കായല്‍ക്കൃഷി

 

 

കരയോടടുത്തുകിടക്കുന്ന കായല്‍ ഭാഗങ്ങള്‍ പൂര്‍ണമായി നികത്തിയെടുത്തോ, ചിറകള്‍ പിടിപ്പിച്ച്‌ അകത്തെ വെള്ളം വറ്റിച്ചോ നടത്തുന്ന കൃഷി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കായലുകള്‍ ഉള്ളത്‌ കേരളത്തിലാണ്‌. 590 കി.മീ. നീളമുള്ള കടല്‍ത്തീരത്തിനു സമീപമായി 25ഓളം കായലുകള്‍ ഉണ്ട്‌. (മൊത്തം വിസ്‌തീര്‍ണം 52,000 ഹെ). ഈ കായലുകളുടെ ദൈര്‍ഘ്യം കേരളത്തിന്റെ തീരപ്രദേശങ്ങളുടെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരും. സംസ്ഥാനത്ത്‌ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ പലതും ഈ കായലുകളില്‍ കൂടിയാണ്‌ കടലിലേക്ക്‌ ജലനിര്‍ഗമനം നടത്തുന്നത്‌. വേമ്പനാട്‌, കായംകുളം, അഷ്‌ടമുടി, കഠിനംകുളം എന്നീ കായലുകളാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ. കരയോടു ചേര്‍ന്നുകിടക്കുന്നതും ആഴംകുറഞ്ഞതുമായ ഭാഗങ്ങളില്‍ ചിറകെട്ടി പമ്പ്‌, ചക്രം മുതലായവ ഉപയോഗിച്ച്‌ അതിനകത്തുള്ള വെള്ളം വറ്റിച്ചു കൃഷി ചെയ്‌താണ്‌ കായലുകള്‍ ആദ്യകാലങ്ങളില്‍ വീണ്ടെടുത്തു വന്നിരുന്നത്‌. പില്‌ക്കാലങ്ങളില്‍ കായലുകളുടെ നടുവില്‍ത്തന്നെ ചെളികുത്തി വീതിയുള്ളതും ശക്തിയുള്ളതുമായ പുറംവരമ്പുകള്‍ നിര്‍മിച്ചു വലിയ പാടശേഖരങ്ങളാക്കാന്‍ തുടങ്ങി. അവയുടെ ഉള്ളില്‍ നെടുകേയും കുറുകേയും ചെറുവരമ്പുകള്‍ കെട്ടി ചെറിയ പാടങ്ങളാക്കുകയും അവയ്‌ക്കിടയില്‍ തോടുകള്‍ ഉണ്ടാക്കി പമ്പുകളുപയോഗിച്ച്‌ വെള്ളം വറ്റിച്ചശേഷം കൃഷിയിറക്കുകയും ചെയ്യുവാന്‍ കര്‍ഷകര്‍ ശ്രമിച്ചുപോന്നു. കുട്ടനാടന്‍ ഭാഗത്ത്‌ ആരംഭിച്ച ഈ കായല്‍ കൃഷി പിന്നീട്‌ അധികം ആഴമില്ലാത്ത മറ്റു കായല്‍പ്രദേശങ്ങളിലും പ്രചരിച്ചു. കായംകുളം കായലിലും തൃശൂര്‍ കോള്‍നിലങ്ങളിലും ആണ്‌ കുട്ടനാടിനു പുറമേ ഇത്തരം കൃഷി തുടരുന്നത്‌.

കാലവര്‍ഷതുലാവര്‍ഷക്കാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെയും വൃശ്ചികം, ധനു എന്നീ മാസങ്ങളിലുണ്ടാകുന്ന വേലിയേറ്റത്തെയും തടഞ്ഞുനിര്‍ത്താന്‍ ശക്തമായ ചിറകള്‍ ആവശ്യമാണ്‌. ഇത്തരം ചിറകള്‍ കെട്ടുന്നതിന്‌ ഭാരിച്ച ചെലവുണ്ട്‌. എത്ര സൂക്ഷ്‌മമായും സുശക്തമായും ചിറകള്‍ കെട്ടിയാലും പുറംവരമ്പ്‌ പൊട്ടി മടവീണ്‌ കൃഷി ചിലപ്പോള്‍ നിശ്ശേഷം നശിക്കാറുണ്ട്‌. കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ സമുദ്രനിരപ്പിന്‌ 2.1 മീ. വരെ താഴെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചെളിയും മണലും ജൈവവസ്‌തുക്കളും സമ്മിശ്രമായി കിടക്കുന്ന ഒരുതരം മണ്ണാണ്‌ അവിടെ കണ്ടുവരുന്നത്‌. ഏകദേശം 30 മീ. താഴ്‌ചവരെ ഇത്തരം മണ്ണുതന്നെയാണ്‌. മണ്ണില്‍ ധാരാളം അമ്ലം ഉള്ളതുകൊണ്ട്‌ പല പ്രാവശ്യം ശുദ്ധജലം കയറ്റി ഇറക്കിയും ധാരാളം കുമ്മായം ചേര്‍ത്തും മറ്റുമാണ്‌ ഈ സ്ഥലങ്ങള്‍ കൃഷിക്കനുയോജ്യമാക്കുന്നത്‌. ചാലക്കുടിയാറിന്റെ പടിഞ്ഞാറേയറ്റം മുതല്‍ പൊന്നാനിവരെ നീണ്ടുകിടക്കുന്നതും സമുദ്രനിരപ്പില്‍നിന്ന്‌ 0.5 മുതല്‍ 2.2 മീ. വരെ താണുകിടക്കുന്നതും കുട്ടനാട്ടിലെ കായല്‍ നിലങ്ങളോടു സാദൃശ്യമുള്ളതുമായ തൃശൂര്‍ കോള്‍നിലങ്ങളും ആണ്ടില്‍ ഏഴുമാസത്തോളം വെള്ളത്തിനടിയില്‍ത്തന്നെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചുറ്റും പുറംവരമ്പുകള്‍ കെട്ടിയുറപ്പിച്ച്‌ ജനുവരി മുതല്‍ മേയ്‌ വരെയുള്ള സമയത്ത്‌ വെള്ളം വറ്റിച്ചാണ്‌ ഇവിടെ പുഞ്ചക്കൃഷി ചെയ്യുന്നത്‌. കായംകുളം കായലിലും പറവൂര്‍ കായലിലും ഇതേ രീതിയിലുള്ള കൃഷി പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

പഴയ തിരുവിതാംകൂര്‍ പ്രദേശത്ത്‌ ആദ്യകാലങ്ങളില്‍ കായല്‍ കുത്തിയെടുത്തു കൃഷിചെയ്യുന്നതിന്‌ സര്‍ക്കാരിന്റെ അനുവാദം ആവശ്യമായിരുന്നില്ല; മൂന്നാം കൊല്ലം നാമമാത്രമായ ഒരു കരംചുമത്തി സര്‍ക്കാര്‍ അതു കൃഷിക്കാരനു പതിച്ചുകൊടുക്കുകയായിരുന്നു പതിവ്‌. പില്‌ക്കാലങ്ങളില്‍ കായല്‍ ലേലം ചെയ്‌തു പതിച്ചു കൊടുത്തുവന്നു. കൃഷിനഷ്‌ടവും കൃഷിനാശവും സാധാരണമായിരുന്നതിനാല്‍ കായല്‍ക്കൃഷി പലപ്പോഴും ഒരു ഭാഗ്യപരീക്ഷണമായിരുന്നു. ഇപ്പോള്‍ വേമ്പനാട്ടുകായലിന്റെ തെക്കുഭാഗത്ത്‌ കൃഷിയോഗ്യമാക്കിയ ഏതാഌം കായല്‍ ബ്ലോക്കുകളുണ്ട്‌. അവിടെ A മുതല്‍ T വരെ ഇംഗ്ലീഷ്‌ അക്ഷരമാലാക്രമത്തില്‍ 20 ബ്ലോക്കുകളുണ്ട്‌. R ബ്ലോക്കൊഴിച്ചുള്ള പാടശേഖരങ്ങളുടെ പുറവരമ്പിന്റെമുകള്‍ഭാഗം വര്‍ഷകാലത്തെ പ്രളയ ജലനിരപ്പിനെക്കാള്‍ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്‌. അതിനാല്‍ വര്‍ഷകാലത്ത്‌ പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കും. എന്നാല്‍ R ബ്ലോക്കിന്റെ ചിറകളുടെ മുകള്‍ഭാഗം പ്രളയജലനിരപ്പിനെക്കാള്‍ ഉയരത്തിലാണ്‌. അതുകൊണ്ട്‌ ഒരിക്കലും പ്രളയജലം വരമ്പുകവിഞ്ഞ്‌ ഒഴുകുകയില്ല. ചിറകള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന തൂമ്പുകള്‍ വഴി നിയന്ത്രിതരീതിയില്‍ വെള്ളം അകത്തു കയറ്റുകയും പമ്പുപയോഗിച്ചു പുറത്തേക്കു കളയുകയും ചെയ്യുന്നു. R ബ്ലോക്കിന്‌ ഹോളണ്ടിലെ കൃഷിരീതിയോട്‌ സാദൃശ്യമുള്ളതിനാല്‍ ഇതിനെ "ഹോളണ്ട്‌ പദ്ധതി' എന്നും വിളിക്കാറുണ്ട്‌. വേമ്പനാട്ടുകായലില്‍ ഏകദേശം 8,100 ഹെക്‌ടര്‍ കായല്‍നിലങ്ങള്‍ വീണ്ടെടുത്ത്‌ 32 പാടശേഖരങ്ങളായി തിരിച്ചിട്ടുണ്ട്‌. R ബ്ലോക്കിനു ഏകദേശം 625 ഹെക്‌ടര്‍ വിസ്‌തീര്‍ണമുണ്ട്‌. നെല്ലിന്‌ പുറമേ വന്‍തോതില്‍ നാണ്യവിളകളും ഇവിടെ കൃഷിചെയ്‌തുവരുന്നു. കായല്‍ക്കൃഷി വളരെ ക്ലേശപൂര്‍ണമായ ഒരു ഉദ്യമമാണ്‌; മറ്റു പുഞ്ചപ്പാടങ്ങളെ അപേക്ഷിച്ച്‌ പണച്ചെലവും വളരെ കൂടുതലാണ്‌. കൂടാതെ പുറച്ചിറകള്‍ എത്ര ഭദ്രമായി സൂക്ഷിച്ചാലും ഉഗ്രമായ കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ തിരമാലകളുടെ ശക്തമായ അടികൊണ്ടും, ചിലപ്പോള്‍ ക്രമാതീതമായ വേലിയേറ്റത്താലുണ്ടാകുന്ന സമ്മര്‍ദംകൊണ്ടും, ചിറകള്‍ പൊട്ടി മട വീഴാറുണ്ട്‌. കൃഷിയിറക്കിയ ശേഷം മടവീണാല്‍ ആ വര്‍ഷം വീണ്ടും ചിറ ശരിയാക്കി വെള്ളം വറ്റിച്ചു കൃഷിയിറക്കുവാന്‍ സാധാരണഗതിയില്‍ സാധ്യമാവുകയില്ല. എന്നാല്‍ അപകടമൊന്നും കൂടാതെ വിളവ്‌ എടുക്കുവാന്‍ സാധിച്ചാല്‍ ഇതുപോലെ ലാഭകരമായ വിളവ്‌ നല്‌കുന്ന വേറെ കൃഷിസ്ഥലങ്ങളും കണ്ടെന്നുവരില്ല.

കായല്‍നികത്തുന്നതിന്റെ ആദ്യഘട്ടം പുറംവരമ്പുകള്‍ ഉണ്ടാക്കുകയാണ്‌. വള്ളങ്ങള്‍വഴി വയ്‌ക്കോല്‍, ചപ്പുചവറുകള്‍, കായലിലെ ചെളി എന്നിവ ഒന്നിടവിട്ട്‌ ജലനിരപ്പുവരെ ഇറക്കിയാണ്‌ പണി ആരംഭിക്കുന്നത്‌. ഏറ്റവും അടിയില്‍ വളരെ വീതിയില്‍ ചെളിയിട്ടു ചിറ ഉറപ്പിക്കുന്നു. വെള്ളത്തിനു മുകളില്‍ ചെളിയും വയ്‌ക്കോലും ചവുട്ടിയുറപ്പിക്കുന്നു. സാധാരണ പ്രളയജലനിരപ്പിനെക്കാള്‍ ഏകദേശം ഒരു മീറ്റര്‍ താഴെ വരെ ചിറ ഉയര്‍ത്തും. ചിറയുടെ മുകള്‍ ഭാഗത്തിന്‌ ഏകദേശം 3 മീ. വീതി കാണും. കായല്‍വശത്ത്‌ ചരിവു കുറച്ചും (1.5:1) പാടശേഖരവശത്തു ചരിവു കൂട്ടിയും (2.5:1) ആണ്‌ ചിറ പൂര്‍ത്തിയാക്കുന്നത്‌. വെള്ളം പുറത്തേക്കു കളയുവാഌം അകത്തേക്കു കയറുവാഌം വേണ്ടി ചിറയുടെ പല ഭാഗങ്ങളിലും തൂമ്പുകള്‍ പണിതിരിക്കും. പാടശേഖരത്തിന്റെ വലുപ്പം അനുസരിച്ച്‌ ചിറയുടെ വശത്ത്‌ ഒന്നോ അധികമോ പമ്പുകളും സ്ഥാപിച്ചിരിക്കും.

ബ്ലോക്കിനു വെളിയിലുള്ള ജലനിരപ്പ്‌ കൃഷിസ്ഥലത്തെക്കാള്‍ വളരെ ഉയര്‍ന്നിരിക്കുന്നതിന്റെ ഫലമായി ഊറല്‍വഴി അല്‌പാല്‌പമായി വെള്ളം പാടശേഖരത്തിനകത്തേക്ക്‌ കടക്കാറുണ്ട്‌. വെള്ളം ഈ ചെറിയ തോടുകള്‍ വഴി ചിറയുടെ വശങ്ങളിലെത്തിച്ച്‌ പമ്പുപയോഗിച്ച്‌ പുറത്തേക്കു കടത്തിവിട്ടുകൊണ്ടിരിക്കും. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ കൊയ്‌തുകഴിഞ്ഞു നിലം ഉണങ്ങിയാലുടനെ പാടം മുഴുവന്‍ ഉഴുതിടും. വര്‍ഷകാലത്തു വെള്ളം കടത്തിവിടുന്നു. ഡിസംബര്‍ ആകുമ്പോള്‍ കായല്‍വെള്ളത്തില്‍ ഉപ്പുരസം തുടങ്ങുന്നതുകൊണ്ട്‌, അവസാനത്തെ വെള്ളംകയറ്റല്‍ അതിനുമുമ്പു നടന്നിരിക്കും. മലവെള്ളത്തിന്റെ ഒഴുക്ക്‌ തുടര്‍ച്ചയായി കടലിലേക്കുതന്നെ ആകുന്നസമയം (ജൂണ്‍) വരെ ഉപ്പുരസം ഉണ്ടായിരിക്കും. ജൂണ്‍ കഴിഞ്ഞാല്‍ കായലില്‍ ശുദ്ധജലമാണ്‌. ആഗസ്റ്റ്‌ വരെ പാടം വെള്ളത്തില്‍ മുങ്ങിത്തന്നെ കിടക്കുവാന്‍ അനുവദിച്ച ശേഷം വെള്ളം പുറത്തേക്കു പമ്പുചെയ്‌ത്‌ ഒക്‌ടോബറില്‍ കൃഷിയിറക്കിത്തുടങ്ങും.

മേല്‌പറഞ്ഞ കൃഷിരീതിയാണ്‌ വേമ്പനാട്ടുകായല്‍ നിലങ്ങളില്‍ സ്വീകരിച്ചുവരുന്നത്‌. കുട്ടനാട്ടിലെ കായല്‍നിലങ്ങളില്‍ കണ്ടുവരുന്ന പുളിരസമുള്ള മണ്ണുതന്നെയാണ്‌ തൃശൂരിലെ കോള്‍നിലങ്ങിലും കാണുന്നത്‌. വെള്ളത്തില്‍ ഉപ്പുരസമുള്ള മാസങ്ങളും അതുപോലതന്നെ. എന്നാല്‍ തൃശൂരിലെ കോള്‍നിലങ്ങളിലെ കൃഷിരീതി അല്‌പം വ്യത്യസ്‌തമാണ്‌.

തൃശൂര്‍ കോള്‍നിലങ്ങളില്‍ കൃഷി ജനുവരിയില്‍ ആരംഭിച്ച്‌ മേയില്‍ അവസാനിക്കുന്നു. കൃഷിക്ക്‌ ആവശ്യമുള്ള ശുദ്ധജലം പാടശേഖരങ്ങളുടെ ഇടയില്‍ കൃത്രിമമായി നിര്‍മിച്ചിരിക്കുന്ന ജലാശയങ്ങളില്‍ മഴക്കാലത്ത്‌ ശേഖരിച്ചിരിക്കും. കായല്‍നിലങ്ങളില്‍ കൃഷിമാസങ്ങളില്‍ ആവശ്യത്തിനു ശുദ്ധജലം ലഭ്യമാകുന്നതുകൊണ്ട്‌ സാധാരണയായി കൃത്രിമജലാശയങ്ങള്‍ ആവശ്യമില്ല. ചിറകളുടെ നിര്‍മാണച്ചെലവിന്റെ മുഖ്യഭാഗവും കൃഷിക്കാര്‍ക്ക്‌ ദീര്‍ഘകാലവ്യവസ്ഥയില്‍ സര്‍ക്കാര്‍ വായ്‌പയായി നല്‌കിയിട്ടുണ്ട്‌.

അവസാനം പരിഷ്കരിച്ചത് : 9/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate