ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള മുനമ്പും ഇതു സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ജില്ലയും. കന്യകയായ കുമാരീദേവിയുടെ സങ്കേതമെന്ന നിലയ്ക്കാണ് മുനമ്പിന് കന്യാകുമാരി എന്ന പേര് ലഭിച്ചത്. കന്യാതീര്‍ഥം, കന്യാകൂപം, കുമരിക്കോട്, കുമരിയംപദി എന്നിങ്ങനെ പല രീതിയില്‍ പുരാണങ്ങളിലും മറ്റും കന്യാകുമാരിയെ പരാമര്‍ശിച്ചിട്ടുണ്ട്. ഗോകര്‍ണം മുതല്‍ തെക്കോട്ടു നീണ്ടുകിടന്നിരുന്ന കേരളത്തിന്റെ ദക്ഷിണാഗ്രമായാണ് കന്യാകുമാരി വ്യവഹരിക്കപ്പെട്ടിട്ടുള്ളത്. സാഗരത്രയങ്ങളുടെ സംഗമഘട്ടമായ കന്യാകുമാരി ചരിത്രാതീതകാലം മുതല്ക്കേ ഭാരതത്തിലെ പുണ്യതീര്ഥങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഒരു സുപ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഉത്തരോത്തരം വികസിച്ചുവരുന്ന കന്യാകുമാരി വിവേകാനന്ദകേന്ദ്രമെന്ന നിലയിലും പരക്കെ അറിയപ്പെടുന്നു.
ഇന്ത്യയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ജില്ല. രാജ്യത്തുള്ള അപൂര്‍വം ദ്വിഭാഷാ ജില്ലകളിലൊന്നാണിത്. തമിഴ്നാട്ടില്‍, പൊതുവേ നല്ല കാലാവസ്ഥ അഌഭവപ്പെടുന്നത് ഈ ജില്ലയിലാണ്. തിരുവിതാംകൂറിന്റെയും പിന്നീട് തിരുക്കൊച്ചിയുടെയും ഭാഗമായിരുന്ന തെക്കന്‍ താലൂക്കുകളായ അഗസ്തീശ്വരം, തോവാള, കല്‍ക്കുളം, വിളവന്‍കോട് എന്നിവ 1956ലെ സംസ്ഥാന പുനഃസംഘടനയുടെ ഫലമായി മദ്രാസിന് (തമിഴ്നാട്) ലഭിച്ചു. അവ നാലും കൂട്ടിച്ചേര്‍ത്ത് അതേ വര്‍ഷം കന്യാകുമാരി ജില്ല രൂപീകരിക്കപ്പെട്ടു. വ. പടിഞ്ഞാറായുള്ള തിരുവനന്തപുരവും (കേരളം) കിഴക്കും വ. കിഴക്കുമായി വ്യാപിച്ചു കിടക്കുന്ന തിരുനെല്‍വേലിയുമാണ് അയല്‍ ജില്ലകള്‍. വ. അക്ഷാ. 80 05ക്ല മുതല്‍ 80 35ക്ല വരെയും കി. രേഖ. 770 05ക്ല മുതല്‍ 770 36ക്ല വരെയും വ്യാപിച്ചു കിടക്കുന്ന ജില്ലയുടെ വിസ്തൃതി 1,684 ച. കി.മീ. ആണ്. തെക്കും തെ.പടിഞ്ഞാറും ഭാഗങ്ങളിലായി ജില്ലയ്ക്ക് 67.59 കി.മീ. ദൈര്‍ഘ്യമുള്ള കടലോരമുണ്ട്. ആവശ്യാഌസരണം ലഭിക്കുന്ന മഴയും സാമാന്യം നിറഞ്ഞൊഴുകുന്ന നദികളും വലിയ തോതിലുള്ള ജലസേചനസൗകര്യങ്ങളും കാരണം കന്യാകുമാരിജില്ലയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ശുചീന്ദ്രം, തിരുവട്ടാര്‍, ഇരണിയല്‍, തിരുവിതാംകോട്, പദ്മനാഭപുരം (കല്‍ക്കുളം), നാഗര്‍കോവില്‍ തുടങ്ങിയ സാംസ്കാരികരാഷ്ട്രീയ കേന്ദ്രങ്ങളുടെ കളിത്തൊട്ടിലായ ഈ പ്രദേശത്തിന് 18-ാം ശ.ത്തിന്റെ അവസാനം വരെ വളരെയധികം ചരിത്രപ്രാധാന്യമുണ്ടായിരുന്നു. ജില്ലയിലെ ജനങ്ങളില്‍ നല്ലൊരു പങ്ക്, മലയാളികളാണ്. ജില്ലാ ആസ്ഥാനം നാഗര്‍കോവില്‍.
സഹ്യാദ്രിയുടെ പടിഞ്ഞാറന്‍ ചരുവില്‍ വ്യാപിച്ചുകിടക്കുന്ന കന്യാകുമാരി ജില്ലയെ കേരളത്തിലെ ജില്ലകളെയെന്നപോലെ ഭൂപ്രക്യതിയഌസരിച്ച് മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. സഹ്യാദ്രിനിരയുടെ ഒരു പിരിവാണ് തിരുവനന്തപുരംകന്യാകുമാരി നാഷണല്‍ ഹൈവേക്കു കിഴക്ക് ഏതാണ്ട് പദ്മനാഭപുരം മുതല്‍ നാഗര്‍കോവില്‍ വരെ നീണ്ടുകിടക്കുന്ന വേളിമല. മുനമ്പുള്ക്കൊള്ളുന്ന അഗസ്തീശ്വരം താലൂക്കിന്റെ ഏറിയപങ്കും തീരപ്രദേശമാണ്; മലനാട്ടില്പ്പെടുത്താവുന്ന ഉയര്‍ന്ന പ്രദേശം ഈ താലൂക്കില്പ്പെടുന്നില്ല. അഗസ്തീശ്വരത്തിന് വ. കിഴക്കായുള്ള തോവാള, തീരദേശം സ്വന്തമായില്ലാത്ത ഏക താലൂക്കാണ്. ഈ താലൂക്കിന്റെ മുക്കാല്‍ പങ്കും മലനാടുമേഖലയില്പ്പെടുന്ന ഉന്നതപ്രദേശമാണ്; കാല്‍ഭാഗം ഇടനാടും. അഗസ്തീശ്വരവും തോവാളയും ചേര്‍ന്ന ഭൂവിഭാഗമാണ് സമ്പദ്സമൃദ്ധവും നെല്‍പ്പാടങ്ങളുടെ സങ്കേതവുമായ നാഞ്ചിനാട്. വിസ്തൃതമായ സമതലപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് കന്യാകുമാരി ജില്ലയുടെ, വിശേഷിച്ച് നാഞ്ചിനാടിന്റെ സവിശേഷത. ജില്ലയിലെ ഏറ്റവും വിസ്തൃതി കൂടിയ താലൂക്കായ കല്‍ക്കുളവും അതിന് വടക്കായുള്ള വിളവന്‍കോട് താലൂക്കും കടലോരം മുതല്‍ പൂര്‍വസീമ വരെ തീരദേശം, ഇടനാട്, മലനാട് എന്നീ മൂന്നു മേഖലകളിലുമായി വ്യാപിച്ചു കിടക്കുന്നു.
കിഴക്ക് സഹ്യാദ്രിയിലുദ്ഭവിച്ച് തെ.പടിഞ്ഞാറൊഴുകി അറബിക്കടലില്‍ പതിക്കുന്ന താമ്രപര്ണിനദി (കോതയാര്‍), വള്ളിയാര്‍, അനന്തനാര്, പുത്തനാര്‍, പഴയാര്‍ എന്നിവയാണ് ജില്ലയിലെ അപവാഹം നിര്‍വഹിക്കുന്നത്. താമ്രപര്‍ണിയുടെ പ്രഭവഘട്ടത്തിലുള്ള കോതയാര്‍ തടാകം, ഭൂതപ്പാണ്ടിക്കു സമീപംവച്ച് രണ്ടായി പിരിയുന്ന പുത്തനാറിന്റെ ഉത്തരശാഖാമാര്ഗത്തിലുള്ള മണക്കുടി തടാകം എന്നിവയാണ് ജില്ലയിലെ രണ്ടു മുഖ്യ ജലസംഭരണികള്‍. ജില്ലയില്‍, തമിഴ്നാട്ടില്‍ സാധാരണയായുള്ളതുപോലെ, ചെറു ജലാശയങ്ങള്‍ ധാരാളമായുണ്ട്. ആധുനിക പ്ലേറ്റ് ടെക്റ്റോണിക സിദ്ധാന്തപ്രകാരം വ. കിഴക്കുദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഷീല്‍ഡിന്റെ വാലറ്റമായതിനാലാകാം ജില്ലയില്‍ മുനമ്പിലും മണവാളക്കുറിച്ചി തുടങ്ങിയ പശ്ചിമ തീരങ്ങളിലും തോറിയനൈറ്റ് (Thorianite), മോണസൈറ്റ് (Monazite), ഇല്‍മനൈറ്റ് (Ilmenite), സീറിയനൈറ്റ് (Cerianite) തുടങ്ങിയ തന്ത്രപ്രധാനമായ ഘനധാതുക്കള്‍ മണല്‍രൂപത്തില്‍ സാന്ദ്രീകൃതമായി കാണപ്പെടുന്നത്.
മണ്‍സൂണ്‍ കാലാവസ്ഥയ്ക്കധീനമായ കന്യാകുമാരി ജില്ലയിലെ വാര്‍ഷികവര്‍ഷപാതം 1,469.7 മി.മീ. ആണ്. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് താപനിലയില്‍ കൂടുതല്‍ സമീകരണം ഏര്‍പ്പെട്ടുകാണുന്നു. ജില്ലയുടെ 30 ശ.മാ.ത്തോളം (900 ച.കി.മീ.) വ്യാപിച്ചു കിടക്കുന്ന വനപ്രദേശത്ത് സമൃദ്ധമായ സസ്യജാലവും, ജന്തുജാലവും നൈസര്‍ഗികാവസ്ഥയില്‍ പരിരക്ഷിക്കപ്പെട്ടുപോരുന്നു. മണ്ണ് പൊതുവില്‍ ഉര്വരതയേറിയതാണ്. സമുദ്രതീര മണല്നിക്ഷേപങ്ങളാണ് ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളതില്‍ പ്രസ്താവ്യമായ ധാതുസമ്പത്ത്.
ജില്ലയുടെ സമ്പദ്ഘടനയുടെ അടിത്തറ കൃഷിയാണ്; നെല്ലാണ് മുഖ്യവിള. ജില്ലയില്‍ ജലസേചനസൗകര്യം പ്രദാനംചെയ്യുന്ന ധാരാളം ജലസംഭരണികളുണ്ട്. പേച്ചിപ്പാറ, പെരുഞ്ചാന്നി, ചിറ്റാര്‍ തുടങ്ങിയവയാണ് ഇതില്‍ മുഖ്യം. കന്നുകാലി വളര്‍ത്തലിന് ജില്ലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായകസ്ഥാനമുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കു പുറമേ തദ്ദേശ സ്വയംഭരണ സ്വകാര്യ ഉടമസ്ഥതകളിലുള്ള അനവധി വ്യവസായങ്ങളും കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലയിലെ 67.59 കി.മീ. ദൈര്‍ഘ്യമുള്ള കടലോരത്ത് നിരവധി മത്സ്യബന്ധന കേന്ദ്രങ്ങളുണ്ട്. കന്യാകുമാരി ജില്ലയില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയില്‍ നിന്ന് ഇന്ധനത്തിഌം വ്യവസായങ്ങള്‍ക്കും ആയി നിരവധി ടണ്‍ തടി വര്‍ഷംപ്രതി ശേഖരിക്കപ്പെടുന്നു.
ജില്ലയിലെ ഗതാഗതവാര്‍ത്താവിനിമയ ശൃംഖലകള്‍ നന്നെ വികസിതമാണ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിഌമിടയ്ക്കുള്ള ദേശീയപാത രാജ്യത്തെ തിരക്കേറിയ പാതകളിലൊന്നാണ്.
2001ലെ സെന്‍സസ് പ്രകാരം 16,69,763 ആണ് ജില്ലാ ജനസംഖ്യ. ഇതില്‍ 8,29,542 പേര് സ്ത്രീകളും 8,40,221 പേര് പുരുഷന്മാരുമാണ്. ജനസാന്ദ്രത: 992/ച.കി.മീ. (2001); സ്ത്രീപുരുഷാഌപാതം: 1000 : 1013 (2001); സാക്ഷരതാനിരക്ക് 88.11 (2001). തമിഴ്നാട്ടിലെ ജില്ലകളില്‍ സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കന്യാകുമാരിജില്ലയാണ്.
തമിഴും മലയാളവുമാണ് കന്യാകുമാരിയില്‍ പ്രചാരത്തിലുള്ള മുഖ്യഭാഷകള്‍. ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവക്രിസ്തീയ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. മുസ്ലിം മതവിഭാഗത്തിനാണ് തൊട്ടടുത്ത സ്ഥാനം. നാടാര്‍, വെള്ളാളര്‍, പരവര്‍, വിളക്കിത്തല നായര്‍, കമ്മാളര്‍, നായര്‍ തുടങ്ങിയ ജനവിഭാഗങ്ങളും ജില്ലയിലുണ്ട്. തമിഴ്നാട്ടില്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നോക്കം നില്ക്കുന്ന ജില്ലയാണ് കന്യാകുമാരി. സ്വാതന്ത്യ്രലബ്ധിക്കു മുമ്പുതന്നെ ക്രിസ്തീയ മിഷണറിമാര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. 2006ലെ കണക്കഌസരിച്ച് 16 കോളജുകളും, 8 സാങ്കേതിക വിദ്യാലയങ്ങളും (പോളിടെക്നിക്കുകള് ഉള്‍പ്പെടെ) ജില്ലയിലുണ്ട്. മൊത്തം 803 സ്കൂളുകളുള്ളതില്‍ 120 എണ്ണം ഹയര്‍സെക്കണ്ടറി സ്കൂളുകളാണ്; 121 എണ്ണം ഹൈസ്കൂളുകളും. നൂറുല്‍ ഇസ്ലാം കോളജ് ഒഫ് എഞ്ചിനീയറിങ് (കുമാരകോവില്‍), സെന്റ് സേവ്യേഴ്സ് കോളജ് ഒഫ് എഞ്ചിനീയറിങ് (ചുങ്കന്‍ കാടൈ), ജയമാത എഞ്ചനീയറിങ് കോളജ് (ആരല്‍ വൊയ് മൊഴി), എന്‍.വി.കെ.എസ്.ഡി. കോളജ് ഒഫ് എഡ്യൂക്കേഷന്‍ (ആറ്റൂര്‍), സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (തോവാള), സണ്‍ കോളജ് ഒഫ് എഞ്ചിനീയറിങ് (എരച്ചക്കുളം), ജയിംസ് കോളജ് ഒഫ് എന്‍ജിനിയറിങ് ആന്റ് ടെക്നോളജി (നാവല്കക്കാട്) ഖവൈറ്റ് മെമ്മോറിയല്‍ ഹോമിയോപതിക് കോളജ് (ആറ്റൂര്‍), നാടാര്‍ മഹജന്‍ സംഘം കോളജ് ഒഫ് ഫാര്‍മസി (മാന്നാര്‍) തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
1830 ല്‍ ലണ്ടന്‍ മിഷണറി സൊസൈറ്റി നെയ്യൂരില്‍ സ്ഥാപിച്ച ആശുപത്രിയാണ് ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യസംരംഭം. തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മി വടശ്ശേരി (നാഗര്‍കോവില്‍)യില്‍ കാതറിന് ബൂത്ത് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. ഇപ്പോള്‍ (2001 2002) ക്ഷയരോഗാശുപത്രികള്‍ ഉള്‍പ്പെടെ 12 ആശുപത്രികള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ അലോപ്പതിആയുര്‍വേദഹോമിയോ ചികിത്സാകേന്ദ്രങ്ങളും ജില്ലയിലുണ്ട്.
കന്യാകുമാരി ജില്ലയെ നാഗര്‍കോവില്‍, പദ്മനാഭപുരം എന്നീ രണ്ടു ഡിവിഷഌകളായും ഇവയെ നാലു താലൂക്കുകളായും വിഭജിച്ചിട്ടുണ്ട്. ഇതില്‍ അഗസ്തീശ്വരം, തോവാള എന്നീ താലൂക്കുകള്‍ നാഗര്‍കോവില്‍ ഡിവിഷനിലും കല്‍ക്കുളം, വിളവന്‍കോട് എന്നീ താലൂക്കുകള്‍ പദ്മനാഭപുരം ഡിവിഷനിലും ഉള്‍പ്പെടുന്നു. ജില്ലയിലെ ഏറ്റവും വിസ്തീര്‍ണമുള്ള താലൂക്ക് കല്ക്കുളമാണ്. നാഗര്‍കോവില്‍ (അഗസ്തീശ്വരം), ഭൂതപ്പാണ്ടി (തോവാള), തക്കല (കല്‍ക്കുളം), കുഴിത്തുറ (വിളവന്‍കോട്) എന്നിവയാണ് താലൂക്കാസ്ഥാനങ്ങള്. ജില്ലാ ആസ്ഥാനം കൂടിയായ നാഗര്‍കോവില്‍, പത്മനാഭപുരം, കുളച്ചല്‍, കുഴിത്തുറ എന്നീ നാലു മുനിസിപ്പാലിറ്റികളാണ് ജില്ലയിലുള്ളത്.
ജില്ലയിലെ ഒന്‍പത് പഞ്ചായത്ത് യൂണിയഌകളിലായി 56 ടൗണ്‍ പഞ്ചായത്തുകളും 99 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.
മഹാഭാരതം, സ്ഥലപുരാണം, സ്കന്ദപുരാണം, സേതുപുരാണം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിലും പെരിപ്ളസ്, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ കൃതികളിലും മുനമ്പും ദേവീക്ഷേത്രവും മാത്രമല്ല ശുചീന്ദ്രം, കുമാരകോവില്‍ തുടങ്ങി ജില്ലയിലുള്ള മറ്റ് ആധ്യാത്മിക കേന്ദ്രങ്ങളും പരാമൃഷ്ടമായിട്ടുണ്ട്. പനമ്പാരനാര്‍ തൊല്കാപ്പിയത്തിന്റെ മുഖവുരയില്‍ വേങ്കടം (തിരുപ്പതി) മുതല്‍ കന്യാകുമാരി വരെ അറബിക്കടലിഌംവംഗോപസാഗരത്തി (ബംഗാള്‍ ഉള്‍ക്കടല്‍)ഌമിടയ്ക്ക് വ്യാപിച്ചിരുന്ന തമിഴകം എന്നൊരു മഹാരാജ്യത്തെ പരാമര്‍ശിക്കുന്നുണ്ട്; ചേരം, ചോളം, പാണ്ഡ്യം എന്ന് മൂന്നു മണ്ഡലങ്ങളായി തമിഴകം വിഭക്തമായിരുന്നു. ഇവിടത്തെ ഭരണാധിപന്മാര് മൂവരചര് എന്ന പേരില്‍ പ്രസിദ്ധരായിരുന്നു.
തിരുവല്ല മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങള്‍ സംഘകാലത്തും കുറേക്കാലം മുമ്പും പിമ്പും ആയ്വംശരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ആയ്രാജാക്കന്മാര്‍ യാദവരും വൃഷ്ണി വംശജരും ആയിരുന്നു. സംഘകൃതികളില്‍ "വേള്' എന്നു വിശേഷിപ്പിച്ചിട്ടുള്ള നാടുവാഴികളില്‍ പലരും ആയന്മാരാണ്. ഇവരുടേതായിരുന്ന ഒട്ടു വളരെ ചെറിയ നാടുകള്‍ ആദ്യകാലം മുതല്ക്കേ തമിഴകത്തുണ്ടായിരുന്നു. അവരില്‍ പലരെയും തോല്പിച്ചിട്ടാണ് പാണ്ഡ്യ, ചേര, ചോളന്മാരും പല്ലവന്മാരും പ്രാബല്യത്തില്‍ എത്തിയത്. വേണാടിനെ വേള്+നാട് എന്ന നിലയ്ക്കു വ്യാഖ്യാനിക്കുമ്പോള്‍ വേണാട്ടരചന്മാരും ആയന്മാരായിരുന്നുവെന്ന് വന്നുകൂടുന്നു. വേണാടിഌ തെക്ക് പൊതിയമലയെ ചൂഴ്ന്ന നാടായിരുന്നു ആയ്രാജ്യം; ഇതിഌം തെക്ക് നാഗര്‍കോവില്‍ മുതല്‍ കന്യാകുമാരി വരെ നാഞ്ചില് മലയെ ചൂഴ്ന്ന രാജ്യം നാഞ്ചിനാടും. പല പ്രബല രാജാക്കന്മാരും അവരുടെ അധീശത്വം അംഗീകരിച്ചവരും അംഗീകരിക്കാത്തവരുമായ ചെറുസ്വരൂപങ്ങളും ആര്യാവര്ത്തത്തിലുണ്ടായിരുന്ന അതേ സ്ഥിതിയാണ് ചേര, ചോള, പാണ്ഡ്യ മണ്ഡലങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ദക്ഷിണഭാരതത്തിലും നിലവിലിരുന്നത്.
സംഘകാലആയ്രാജാക്കളില് പ്രമുഖന്, പുറനാനൂറില്‍ പുകഴ്ത്തപ്പെട്ടിരിക്കുന്ന അണ്ടിരന് ആയിരുന്നു. പെരിയാര്‍ മുതല്‍ കന്യാകുമാരിവരെ കുട്ടനാട് ഒഴിച്ചുള്ള പ്രദേശങ്ങള്‍ ഇദ്ദേഹത്തിന്റെ കീഴില്പ്പെട്ടിരുന്നു. സഹ്യാദ്രിയില്‍ ചെങ്കോട്ട മുതല്‍ തെക്കോട്ടുള്ള ഭാഗമായ "പൊതിയില്‍മല'യിലെ ആയ്ക്കുടി (തെങ്കാശിക്കുസമീപം) ആയിരുന്നു ആയന്മാരുടെ ആസ്ഥാനമെന്ന് പുറനാനൂറില്‍ കാണുന്നു. തന്മൂലം ആയ്രാജ്യം "പൊതിയില്രാജ്യം' എന്നും വിളിക്കപ്പെട്ടുവരുന്നു. ഇക്കാലത്ത് നാഞ്ചിനാട് വാണിരുന്നത് നാഞ്ചില് വള്ളുവന് (നാഞ്ചില് പൊരുതന്‍) എന്ന കുറുനില മന്നനായിരുന്നു. അണ്ടിരനെത്തുടര്ന്ന് തിതിയഌം, തിതിയനെത്തുടര്ന്ന് അതിയഌം പൊതിയില്‍ രാജാക്കന്മാരായി. അതിയന്, പശുംപൂണ്‍ എന്ന പാണ്ഡ്യരാജാവിനാല്‍ തോല്പിക്കപ്പെട്ടു; പാണ്ടിനാട് പശ്ചിമസാഗരം വരെ വ്യാപിച്ചു. എ.ഡി. 75ല്‍ പെരിപ്ളസ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്, പില്ക്കാല തിരുവിതാംകൂറില്പ്പെട്ടിരുന്ന തെക്കന്‍ ഭാഗങ്ങള്‍ പാണ്ടിനാടായിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്; വിഫലമായ തലയാലങ്ങാനം യുദ്ധത്തെ തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ വിജയിച്ച ആയന്മാര് ഒരു തിരിച്ചുവരവ് നടത്തിയതാണ് എ.ഡി. 140ല്‍ ടോളമി തിരുവനന്തപുരത്തിഌ തെക്കോട്ടുള്ള ഇതേ മേഖലയെ ആയ്രാജ്യമെന്ന് സൂചിപ്പിക്കാന്‍ കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു.
സംഘം കൃതികള്‍ക്കുശേഷം ആയ്രാജാക്കന്മാരെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നത് പാണ്ഡ്യശാസനങ്ങളാണ്. എ.ഡി. 7, 8 ശതകങ്ങളില്‍, വേണാടിന്റെ തെക്കതിരായിരുന്ന തൃപ്പാപ്പൂര്‍ മുതല്‍ തെക്കോട്ടു വ്യാപിച്ചിരുന്ന, ആയ്രാജ്യം കീഴടക്കാന്‍ പാണ്ഡ്യന്മാര് നിരന്തരം പടയോട്ടം നടത്തിയിരുന്നു. എ.ഡി. 8-ാം ശ.ത്തിന്റെ അന്ത്യത്തില്‍ പാണ്ഡ്യരാജാവായിരുന്ന മാറന്‍ ചടയന്‍, വിഴിഞ്ഞം ആസ്ഥാനമാക്കി വാണിരുന്ന ആയ്രാജ്യത്തെ പലതവണ ആക്രമിക്കുകയും അരുവിയൂര്‍ക്കോട്ട(തിരുവട്ടാര്‍) തകര്‍ക്കുകയും ചെയ്തു. ഇതേ ശതകത്തിന്‍െറ അന്ത്യപാദത്തില്‍ കാരൈക്കോട്ടയില് വച്ച് പാണ്ഡ്യന്മാര്ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായതിനെത്തുടര്‍ന്ന് യുദ്ധത്തിഌ വിരാമമുണ്ടായി. കൊ.വ. 32ല്‍ (എ.ഡി. 857) കരുനന്തടക്കന്‍ ആയ്രാജാവായി. ഇക്കാലത്ത് വേണാടിഌം തെക്ക് ആയ്രാജ്യത്തിഌം ഇടയ്ക്കുണ്ടായിരുന്ന അതിര്‍ത്തിദേശം തൃപ്പാപ്പൂര്‍ ആയിരുന്നു; ആയന്മാരുടെ തെക്കേ അതിര് നാഗര്‍കോവിലിനെ തൊട്ടുകിടന്നിരുന്നു. അനന്തന്‍കാടും കാന്തളൂര്‍ ശാലയും മറ്റും ആയ്രാജ്യത്തില്പ്പെട്ടിരുന്നു. കരുനന്തടക്കനെ തുടര്‍ന്നു വന്ന വരഗുണഌശേഷം ആയ്രാജാക്കന്മാരെപ്പറ്റി യാതൊരു രേഖകളും ലഭ്യമല്ല. കൊല്ലവര്‍ഷം രണ്ടാം ശതകത്തിന്റെ ആരംഭത്തോടെ പാണ്ഡ്യരാജാവായ രാജസിംഹനെ പരാന്തചോളന് തോല്പിച്ചതായി കന്യാകുമാരി, ശുചീന്ദ്രം, ചെങ്കോട്ട എന്നിവിടങ്ങളിലെ ശിലാരേഖകള്‍ വ്യക്തമാക്കുന്നു. വരഗുണന്റെ കാലശേഷം ആയ്രാജ്യം ശിഥിലമാവുകയും ഓരോ നാടും ഓരോ പ്രഭുവിന്റെ ഭരണത്തിന്‍കീഴിലാവുകയും ചെയ്തു. കല്‍ക്കുളം, അരുമന എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പടൈപ്പനാട് ആയ്രാജ്യം ശിഥിലീകരിച്ചുണ്ടായ നാട്ടുരാജ്യങ്ങളിലൊന്നാണ്. എ.ഡി. 1000ഌ മുമ്പുതന്നെ അനന്തന്കാടിഌ തെക്കുള്ള ആയ്രാജ്യം മുഴുവഌം ചോളസാമ്രാജ്യത്തില്‍ ലയിച്ചു.
രാജരാജചോളന് (എ.ഡി. 985) പില്ക്കാല തെക്കന്‍ തിരുവിതാംകൂര്‍ മുഴുവഌം കൈവശപ്പെടുത്തിയശേഷം കൊല്ലം, മഹോദയപുരം തുടങ്ങിയ ഭാഗങ്ങളും കീഴടക്കാന്‍ ശ്രമിക്കുകയുണ്ടായി. എങ്കിലും ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് ചോളന്മാരില്‍ നിന്ന് നാഞ്ചിനാട് സ്വയം ഭരണം നേടിയെടുത്തു. എ.ഡി. 1100 ആയപ്പോഴേക്കും മഹോദയപുരം വാണിരുന്ന കുലശേഖരന് ചാവേറ്റുപട രൂപീകരിച്ച് ചോളരെ കേരളത്തില്‍ നിന്നു നിശ്ശേഷം പുറത്താക്കി നാഞ്ചിനാടിന്റെ ഉത്തരസീമ വരെ വേണാടിന്റെ പരിധി വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ഇദ്ദേഹത്തിന്റെ പുത്രന് വേണാട്ടു വീരകേരളന്‍ നാഞ്ചിനാടും വേണാടിനോടു ചേര്‍ത്തു. തുടര്‍ന്ന് എ.ഡി. 1260-1310 കാലത്തു നാഞ്ചിനാട് പാണ്ഡ്യന്മാരുടെ അധീനതയിലായി. എന്നാല്‍ പിന്നീട് എന്നന്നേക്കുമായി ഈ പ്രദേശം വേണാട്ടില്‍ ലയിച്ചു (നോ: ഇരണിയല്‍). പിന്നീട് വേണാട് എന്നു പറഞ്ഞുവന്നത് കന്നേറ്റി മുതല്‍ കന്യാകുമാരി വരെ 5,000 ച.കി.മീറ്ററോളം വ്യാപിച്ചു കിടന്ന നാടാണ്. ഇതിന് "കൂപകം' എന്നും പേര് പറഞ്ഞുകാണുന്നു (പ്രപഞ്ചഹൃദയം, കേരളോത്പത്തി). ഇക്കാലത്ത് വേണാട്ടിലുടനീളം നമ്പൂതിരിമാരുടെ പ്രാമാണ്യം വര്‍ധിച്ചുവരുകയും എ.ഡി. 13-ാം ശ. മുതല്‍, 5 നൂറ്റാണ്ടുകാലം, നമ്പൂതിരി യുഗത്തിന്റെ പ്രഭാവം നിലനില്ക്കുകയും ചെയ്തു (നോ: വേണാട്). ഇക്കാലത്താണ് (കൊ.വ. 5-ാം ശ.) ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഭരണം ആദ്യമായി നമ്പൂതിരിമാര്‍ക്കു ലഭിച്ചത്.
കൊ.വ. 6-ാം ശ.ത്തിന്റെ മധ്യത്തോടെ വേണാടിന് ഇളയെടത്തു സ്വരൂപം (കുന്നിന്മേല് ശാഖ) എന്നൊരു ശാഖയുണ്ടായി. ശേഷിച്ച വേണാട്ടില്‍ വീണ്ടും കൊല്ലം, തിരുവിതാംകോട് എന്നീ ശാഖകളുണ്ടായി. തൃപ്പാപ്പൂര്‍ മൂപ്പന് (കോയിലധികാരി) സു.കൊ.വ. 600-ാമാണ്ടില്‍ തിരുവിതാംകോട്ട് ഒരു കൊട്ടാരം പണിയിച്ച് താമസമാക്കി. കൊ.വ. 8-ാം ശ.ത്തില്‍ കല്ക്കുളത്ത് ദര്‍പ്പക്കുളങ്ങര കൊട്ടാരം നിര്‍മിക്കുന്നതു വരെ തൃപ്പാപ്പൂര്‍ ഇളമുറയുടെ ആസ്ഥാനമായിരുന്നു തിരുവിതാംകോട് കൊട്ടാരം. അങ്ങനെ വഞ്ചി രാജവംശത്തില്‍ നിന്നും പിരിഞ്ഞുണ്ടായ തിരുവിതാംകോട് സ്വരൂപത്തിന്കീഴിലായിത്തീര്ന്നു കല്‍ക്കുളവും തെക്കോട്ടു കന്യാകുമാരി വരെയുള്ള പ്രദേശങ്ങളും. നോ: കല്‍ക്കുളം
കന്യാകുമാരി തീരപ്രദേശങ്ങളില്‍ എ.ഡി. 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍, വീരകേരളവര്‍മയുടെ കാലത്ത്, വിശുദ്ധ ഫ്രാന്‍സിസ് വ്യാപകമായ തോതില്‍ ക്രിസ്തുമതപ്രചാരണം നടത്തുകയുണ്ടായി. 1634ല്‍ രവിവര്‍മയുടെ കാലത്താണ് തിരുമല രാമപ്പയ്യന്‍ നാഞ്ചിനാട് ആക്രമിച്ച് ഇരവിക്കുട്ടിപ്പിള്ളപ്പടത്തലവനെ വധിച്ചത് (നോ: ഇരവിക്കുട്ടിപ്പിള്ള). 1677ല്‍ ദര്‍പ്പക്കുളങ്ങര കൊട്ടാരത്തില്‍ വച്ച് ആദിത്യവര്‍മ മരിച്ചതിനെത്തുടര്‍ന്ന് ഉമയമ്മ റാണി ഭരണമേറ്റു. ഇവര്‍ ദത്തെടുത്ത്, ഹിരണ്യ സിംഹനല്ലൂര്‍ രാജകുമാരനാക്കിയ കോട്ടയം കേരളവര്മയാണ് മുകിലനെ തോല്പിച്ചത്. ഇദ്ദേഹമാണ് മണ്ണാപ്പേടി, പുലപ്പേടി എന്നീ രണ്ട് ആചാരാഭാസങ്ങളെ നിരോധിച്ചുകൊണ്ടുള്ള ആജ്ഞ കല്ലില്‍ കൊത്തിച്ച് തിരുവിതാംകോട്ടു സ്ഥാപിച്ചത്.
രാമവര്‍മയുടെ കാലത്ത് (ഭ.കാ. 172129) ആണ് ബ്രിട്ടീഷുകാര്‍ കുളച്ചല്‍ കോട്ട കെട്ടാഌള്ള അഌമതി നേടിയത്. തുടര്‍ന്ന് മരുമക്കത്തായ ദായക്രമപ്രകാരം അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (ഭ.കാ. 172958) രാജാവായി. 1744 വരെ കല്‍ക്കുളം എന്നറിയപ്പെട്ടിരുന്ന സ്ഥലം പിന്നീട് പദ്മനാഭപുരം എന്നറിയപ്പെടാന്‍ തുടങ്ങി (നോ: പദ്മനാഭപുരം). മാര്‍ത്താണ്ഡവര്‍മ രാജ്യവിസ്തൃതി വടക്കോട്ടു വര്‍ധിപ്പിച്ചു. തുടര്‍ന്ന് രാജാവായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവ് (ഭ.കാ. 175898) രാജധാനി കല്ക്കുളത്തു നിന്ന് തിരുവനന്തപുരത്തേക്കു മാറ്റി (നോ: തിരുവിതാംകൂര്‍). തുടര്‍ന്ന് ക്ഷയിച്ചുവന്ന പദ്മനാഭപുരം കൊട്ടാരം ഇന്ന് കേരളത്തിലെ ആര്‍ക്കിയോളജി വകുപ്പിന്റെ കീഴിലാണ്. അതോടെ കന്യാകുമാരി ജില്ലയുടെ ചരിത്രപ്രസിദ്ധി കുറഞ്ഞു.
കന്യാകുമാരി ജില്ലയില്‍പ്പെടുന്ന തലക്കുളമാണ് പ്രസിദ്ധ സ്വാതന്ത്യ്രപ്പോരാളിയായ വേലുത്തമ്പിദളവയുടെ ജന്മസ്ഥലം. കന്യാകുമാരിയിലെയും അടുത്ത പ്രദേശങ്ങളിലെയും നാടാര്‍ സമുദായം നടത്തിയ പ്രക്ഷോഭമാണ് ചാന്നാര്‍ ലഹള. തിരുവിതാംകൂറിന്റെ തെക്കന്‍ ഡിവിഷനില്‍പ്പെട്ടിരുന്ന വിളവന്‍കോട്, കല്‍ക്കുളം, തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകള്‍, ക്രമേണ വിവിധ നിലകളില്‍ വികാസമാര്ജിച്ചു. 1867ല്‍ ഈ ജില്ലയിലെ നാടാര്‍ സമുദായത്തിന് വസ്തുവിന്മേല് സ്ഥിരാവകാശം ലഭിച്ചു.
സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം രൂപം കൊണ്ട തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വിളവന്‍കോട്, കല്‍ക്കുളം, തോവാള, അഗസ്തീശ്വരം എന്നീ നാലു താലൂക്കുകള്‍ 1956 ന. 1ഌ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് ഈ താലൂക്കുകള്‍ ചേര്‍ന്നാണ് കന്യാകുമാരി ജില്ല രൂപംകൊണ്ടത്.
ഇന്ത്യാ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള മുനമ്പ് ഉള്‍ക്കൊള്ളുന്ന പട്ടണം. പഞ്ചായത്ത് നിയമപ്രകാരം ജില്ലയിലുള്ള ഏക പട്ടണം (township) ആണ് കന്യാകുമാരി. ഇത് ജില്ലാ ആസ്ഥാനമായ നാഗര്‍കോവിലിന് 16 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഒരേ രേഖാംശരേഖയില്‍ സ്ഥിതിചെയ്യുന്ന ഡല്‍ഹിയില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള രേഖാംശീയ ദൂരം 2,300 കി.മീ. ആണ്; മുനമ്പില്‍ നിന്ന് ശ്രീലങ്കയുടെ പശ്ചിമതീരത്തേക്കുള്ള കുറഞ്ഞ ദൂരം 240 കി.മീ.ഉം. രാഷ്ട്രതലസ്ഥാനത്തെ സ്പര്‍ശിച്ച് 3, 866 കി.മീ. നീണ്ടു കിടക്കുന്ന കന്യാകുമാരികാശ്മീര് (ജമ്മുതാവി) റെയില്‍പ്പാതയുടെ ദക്ഷിണാഗ്രം കൂടിയാണ് ഈ പട്ടണം. ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങളിലൂടെ നീണ്ടുകിടക്കുന്ന നാഷണല്‍ ഹൈവേകളും കന്യാകുമാരിയോളം എത്തി നില്ക്കുന്നു. ഇന്ത്യയുടെ ദക്ഷിണ പശ്ചിമഭാഗത്തുടനീളവും നീണ്ടുകിടക്കുന്ന പശ്ചിമഘട്ടങ്ങളിലേതായ കഠിനശിലകളുടെ ദക്ഷിണ ദിശയിലുള്ള തുടര്‍ച്ചയാണ് കന്യാകുമാരി മുനമ്പിന്റെ രൂപീകരണത്തിഌ ഹേതുവായിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമായ കന്യാകുമാരിയെപ്പറ്റി പെരിപ്ളസ്, ചിലപ്പതികാരം തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. പൊതുമേഖലയിലും അല്ലാതെയും ഉള്ള ബഹുവിധമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സുഖവാസകേന്ദ്രമാണ് ആധുനിക കന്യാകുമാരി പട്ടണം.
മുനമ്പും അതിനപ്പുറമുള്ള പാറക്കെട്ടുകളും വളരെ മുമ്പുതന്നെ കന്യാകുമാരിയില്‍ ആധ്യാത്മികാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായിരുന്നു. ദേവീക്ഷേത്രത്തിഌ പുറമേ ഇവിടെ "ഗുഹാനാദേശ്വരം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ശിവക്ഷേത്രവും കൂടാതെ സെന്റ് സേവിയര്‍ ദര്‍ശനം നടത്തിയിട്ടുള്ള പരിശുദ്ധ മാതാവിന്റെ പേരിലൊരു റോമന്കത്തോലിക്കാപള്ളിയും ഉണ്ട്. ദക്ഷിണദിശയില്‍ ക്രമേണ ഉയരം കുറഞ്ഞുവരുന്ന പശ്ചിമഘട്ടങ്ങളിലെ തന്നെ കഠിനശിലകളാണ് മുനമ്പിഌം തെക്കായി സമുദ്രാപരി എഴുന്നു കാണപ്പെടുന്ന കൂറ്റന്‍ പാറകള്‍. അവയില്‍ ഇടതുവശത്തായുള്ള വിസ്തൃതിയേറിയ ശിലയില്‍ നിര്‍മിച്ചിട്ടുള്ള വിവേകാനന്ദസ്മാരകമാണ് ഇന്ന് ഉദയാസ്തമയ ദര്‍ശനത്തിനെത്തുന്നവരുടെ മറ്റൊരു സന്ദര്‍ശനകേന്ദ്രം. ഇതിഌ പടിഞ്ഞാറായുള്ള ശിലയില്‍ തിരുക്കുറള്‍ കര്‍ത്താവായ തിരുവള്ളുവരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ദേവീക്ഷേത്രത്തിഌ തെക്കുള്ള ചങ്കിലിത്തുറയും തൊട്ടടുത്തുള്ള പതിനാറുകാല്‍ മണ്ഡപവും സന്ദര്‍ശകരുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. മുനമ്പിലുള്ള ശ്രീശങ്കരസ്മരാകവും ഗാന്ധിമണ്ഡപവും പ്രധാന ആകര്‍ഷണങ്ങളാണ്.
കന്യാകുമാരി മുനമ്പില്‍ ഒരു സ്ഥാനത്തുതന്നെ നിന്ന് സൂര്യന്റെ ഉദയാസ്തമയങ്ങള്‍ മാത്രമല്ല പൗര്‍ണമിനാളില്‍ ഒരേ സമയത്തു തന്നെ ചന്ദ്രാദയവും സൂര്യാസ്തമയവുമോ; സൂര്യോദയവും ചന്ദ്രാസ്തമയവുമോ ദര്‍ശിക്കാന്‍ കഴിയും. കന്യാകുമാരിയില്‍ നിന്ന് ഈവക ദര്‍ശനങ്ങള്‍ നടത്തുന്നത് സര്‍വാഭീഷ്ടസിദ്ധിക്ക് ഉതകുമെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചുപോരുന്നു. പിതൃക്കളുടെ ആത്മശാന്തിക്കായി ഇവിടെ ബലിയര്‍പ്പിക്കുന്നതും സമുദ്രസംഗമത്തില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതും അതിവിശേഷമായി കരുതപ്പെടുന്നു. മഹാഭാരതത്തില്‍ ഗോകര്‍ണത്തെ (നോ: കാനറ) പുണ്യദ്വീപായും കന്യാതീര്ഥത്തെ (കന്യാകുമാരി) മര്ത്യപാപങ്ങളൊക്കെയും കഴുകിക്കളയാന്‍ ശേഷിയുള്ള സ്നാനഘട്ടമായും വിശേഷിപ്പിച്ചിരിക്കുന്നു. ബി.സി. 4-ാം ശ.ത്തില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് കന്യാകുമാരിയെ പരാമര്‍ശിച്ചിട്ടുണ്ട്. പെരിപ്ളസ് ഒഫ് ദി എറിത്രീയന്‍ സീ എന്ന ഗ്രന്ഥത്തില്‍ (എ.ഡി. 60) "കൊമാരി' (കന്യാകുമാരി) ഒരു തുറമുഖമാണെന്നും കന്യാദേവിയുടെ സാന്നിധ്യം കൊണ്ട് ഇവിടം പവിത്രമാണെന്നും വിവരിച്ചിട്ടുണ്ട്. അലക്സാണ്ട്രിയയിലെ പ്രശസ്ത ഭൂശാസ്ത്രജ്ഞനായിരുന്ന ടോളമി (എ.ഡി. 2-ാം ശ.) "കൗമാരിയ അക്രാണ്' എന്നു വിശേഷിപ്പിച്ചിരിക്കുന്ന സ്നാനഘട്ടം ഇവിടമാണ്. വിശ്വസഞ്ചാരിയായിരുന്ന മാര്‍ക്കോപോളോ (1254 1324) ദേവീക്ഷേത്ര സന്ദര്‍ശനത്തെപ്പറ്റി വിസ്തരിച്ചിട്ടുണ്ട്. ഇബ്ഌ ബതൂത്ത (1304 68) "രസ്കുമ്ഹരി' എന്നാണ് മുനമ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഭൂവിജ്ഞാനപരമായി ഇന്നുള്ള മുനമ്പിഌ തെക്കായി വിസ്തൃതമായൊരു ഭൂപ്രദേശം മുന്‍കാലത്ത് നിലനിന്നിരുന്നുവെന്നും "ലിമൂറിയ' എന്നു വിശേഷിപ്പിക്കപ്പെടുന്ന, ഈ ഭൂഭാഗം പില്ക്കാലത്ത് ജലത്തിലാണ്ടു പോയതാണെന്നും ഭൗമശാസ്ത്രജ്ഞര്‍ കരുതുന്നു.
"പറുളിയാറ്റുടന് പന്മലൈയടുക്കത്തുക്കുമരിക്കോടുങ്കടുങ്കടല്ക്കൊള്ള' എന്ന ചിലപ്പതികാരത്തിലെ പരാമര്‍ശം പറ്റുളിനദിയോടൊപ്പം പല മലകളോടുകൂടിയ കുമരിക്കോടി(കന്യാകുമാരി)യെയും കൊടുങ്കടല് ആക്രമിച്ചെടുത്തു എന്നു വ്യക്തമാക്കുന്നു. തമിഴകത്തിന്‍െറ തെക്കേ അറ്റത്തെ കഴകമായിരുന്ന കുമരിക്കണ്ടം ഏതാണ്ടു മുഴുവനായും തന്നെ കടലാക്രമണത്തിന് ഇരയായതു സംബന്ധിച്ചുള്ള സൂചനകള്‍ മറ്റു പല ഗ്രന്ഥങ്ങളിലും നല്കപ്പെട്ടു കാണുന്നു. വെള്ളത്തിലാണ്ടുപോയ ഭൂഭാഗത്തിലെ മലകളുടെ നെറുകകളാവാം ഇന്നു ജലോപരി കാണപ്പെടുന്ന പാറക്കെട്ടുകള്‍. സംഘകാലത്ത് തമിഴകത്തിന്‍െറ തെക്കേ അറ്റമായിരുന്ന ഇന്നുള്ള മുനമ്പ്, 1766ല്‍ നാഞ്ചിനാടിനോടൊപ്പം തിരുവിതാംകൂറിന്റെ ഭാഗമായിത്തീര്‍ന്നു; 190 വര്‍ഷങ്ങള്‍ക്കുശേഷം തമിഴ്നാടിന്റെയും.
വിവേകാനന്ദകേന്ദ്രത്തിന്റെ ധര്‍മപ്രവര്‍ത്തനങ്ങളും മറ്റും വിനോദസഞ്ചാരകേന്ദ്രമെന്ന നിലയ്ക്കുള്ള കന്യാകുമാരിയുടെ ആകര്‍ഷകത്വം ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരി വരെ ദീര്ഘിപ്പിച്ച റെയില്‍പ്പാതയും സുഗമമായ റോഡുകളും ഇവിടേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, കോയമ്പത്തൂര്‍, കോവളം, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിലേക്ക് ധാരാളം ബസ്സര്‍വീസുകളുണ്ട്. മദ്രാസില്‍ നിന്ന് മധുരവഴി തിരുനെല്‍വേലിവരെ എത്തിയിട്ടുള്ള റെയില്‍പ്പാത നാഗര്‍കോവില്‍ വരെ നീട്ടിയതോടെ കന്യാകുമാരിയും ഇന്ത്യാ ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ നഗരങ്ങളുമായി റോഡുമാര്‍ഗവും റെയില്‍ മാര്‍ഗവും സുഗമമായ ഗതാഗതബന്ധം സ്ഥാപിച്ചു.
ഭാരതാംബയുടെ പാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പണം നടത്താന്‍ കന്യാകുമാരിയില്‍ ത്രിസാഗരങ്ങള്‍ അഹമഹവികാധിയാ മത്സരിക്കുന്നുവെന്നാണ് കവിസങ്കല്പം. ത്രതായുഗത്തില്‍ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളക്കരയിലെ ദക്ഷിണാഗ്രദേശമാണ് കന്യാകുമാരി. ഭാര്‍ഗവക്ഷേത്ര(കേരളം)ത്തെ കടലെടുക്കാതിരിക്കാന്‍ പരശുരാമന് തന്നെ കടല്‍ത്തീരത്തുടനീളം ഭൂതനാഥന്റേതായ ശാസ്താക്ഷേത്രങ്ങളും ശക്തിദേവതയുടേതായ ഭഗവതീക്ഷേത്രങ്ങളും സ്ഥാപിച്ച കൂട്ടത്തില്‍പ്പെട്ടതാണ് കന്യകയായ ശക്തിദേവിയെ കുടിയിരുത്തിയിരിക്കുന്ന കന്യാകുമാരി ക്ഷേത്രം. ഇതിന്റെ സ്ഥലപുരാണത്തില്‍
എന്നിങ്ങനെ മഹര്ഷിമാര്ക്ക് മോക്ഷപ്രാപ്തിക്കു തപം ചെയ്യാന്‍ പറ്റിയ ഒരു പുണ്യസങ്കേതമായി സുബ്രഹ്മണ്യന് (മുരുകന്) കന്യാകുമാരിയെ നിര്‍ദേശിക്കുന്നു. സേതുപുരാണത്തില്‍ കന്യാകുമാരി, ധഌഷ്കോടി, കോടിക്കര എന്നീ ദേശങ്ങളെ യഥാക്രമം ആദിമധ്യാന്തസേതുക്കളായി കീര്‍ത്തിക്കുന്നു. ജ്ഞാനാരണ്യ (ശുചീന്ദ്രം)ത്തിഌ കിഴക്കായുള്ള സര്‍വലോകപ്രസിദ്ധമായ കന്യാകുമാരിക്ഷേത്രത്തോടഌബന്ധിച്ച് മാതൃതീര്‍ഥം, പിതൃതീര്‍ഥം, വിനായകതീര്‍ഥം, ചക്രതീര്‍ഥം തുടങ്ങി ഇരുപത്തിയഞ്ച് തീര്‍ഥങ്ങള്‍ ഉള്ളതായാണ് വിവരിക്കപ്പെട്ടിട്ടുള്ളത്. "ആദിസേതോ കന്യാകുമാരിക്ഷേത്ര മാതൃപിതൃ തീര്ഥേ.........' എന്നിങ്ങനെ "സ്നാനമന്ത്ര'ത്തില്‍ ഇവ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സീതാവിരഹിതനായ ശ്രീരാമന് രാവണനിഗ്രഹത്തിനായി ലങ്കയിലേക്കു തിരിക്കുന്നതിഌമുമ്പ് കന്യാദേവിയെയും കണ്ടു വന്ദിച്ചിരുന്നു.
ക്ഷേത്രാത്പത്തിയെപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്:
ശ്രീകൃഷ്ണാവതാരകാലത്ത് കംസന്റെ പിടിയില്‍നിന്നു വഴുതി മേലോട്ടുയര്‍ന്ന് ഇപ്രകാരമോതിയശേഷം അപ്രത്യക്ഷമായ "മായാശിശുവാണ് കന്യാകുമാരി'യെന്ന് പദ്മപുരാണത്തില്‍ പറയുന്നു. ഒരു ബ്രാഹ്മണപത്നി പാതിവ്രത്യഭംഗത്തിഌ പരിഹാരാര്‍ഥം കാശിയില്‍ നിന്ന് ഇവിടെയെത്തി തപം ചെയ്തു നിവൃത്തിനേടിയതുമൂലം കന്യാകുമാരി പരിപാവനത്വം ലഭ്യമാക്കിയെന്ന് മണിമേഖല ഉദ്ഘോഷിക്കുന്നു. സ്കന്ദപുരാണത്തില്‍ ക്ഷേത്രാത്പത്തിയെക്കുറിച്ച് വിശദമായ വിവരണമുണ്ട്: സര്‍വകാല ശിവപ്രാപ്തിക്കുവേണ്ടി ശിവോപദേശപ്രകാരം സര്‍വലോകസംഹാരകാലത്തോളം കന്യാക്ഷേത്രത്തില്‍ തപം ചെയ്യുന്ന മായാസുരപുത്രിയായ പുണ്യകാശിയാണ് ദേവികന്യാകുമാരി; ഉപദേശപ്രകാരം ബാണാസുരാദിവധവും കഴിഞ്ഞ്, ശുചീന്ദ്രത്ത് ബ്രഹ്മനിഷ്ഠയിലിരിക്കുന്ന പരമശിവനെയും ധ്യാനിച്ച് നിത്യകന്യകയായി ദേവി സര്വലോകസംഹാരവേളയും കാത്ത് ഇവിടെ വസിക്കുന്നുവെന്നാണ് സങ്കല്പം.
ഉഗ്രതപം ചെയ്ത് ശക്തിയാര്‍ജിച്ച് മൂന്നുലോകങ്ങളും കീഴടക്കി സജ്ജനങ്ങളെ പീഡിപ്പിച്ചുവന്ന, ശോണിതപുര രാജാവായിരുന്ന കശ്യപപ്രജാപതിസുതന്‍ ബാണാസുരന് കന്യാദേവിയെ കൈയൂക്കുകൊണ്ട് സ്വായത്തമാക്കാന്‍ ശ്രമിച്ചു. പരമശിവനില്‍ നിന്നു ശക്തിയാര്‍ജിച്ച ദേവി ചക്രായുധം കൊണ്ട് ബാണവധം നിര്‍വഹിച്ചു. ചക്രായുധമേറ്റ് ബാണന് പിടഞ്ഞുവീണ ഭാഗമാണ് കന്യാകുമാരിയിലെ ഇരുപത്തഞ്ച് തീര്‍ഥങ്ങളിലൊന്നായ ചക്രതീര്‍ഥമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീദേവിയുടെ ബാണാസുരവധം, നവരാത്രി ഉത്സവവേളയില്‍ വിജയദശമി നാളില്‍ "പള്ളിവേട്ട' മഹോത്സവം എന്ന പേരില്‍ ഇപ്പോഴും അത്യാഡംബരപൂര്‍വം അവതരിപ്പിക്കാറുണ്ട്. വൃശ്ചികം, ഇടവം എന്നീ മാസങ്ങളില്‍ യഥാക്രമം കാര്‍ത്തിക, വിശാഖം എന്നീ നാളുകളിലും ഇവിടെ ആഘോഷങ്ങളുണ്ട്.
കിഴക്കോട്ടഭിമുഖമായി സ്ഥിതിചെയ്യുന്ന കന്യാകുമാരിക്ഷേത്രം ദ്രാവിഡശൈലിയിലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നിത്യകന്യകയായി ശിവപെരുമാനെ തപം ചെയ്തു കഴിയുന്ന, പരാശക്തിയായ ശ്രീപാര്‍വതിയുടെ അവതാരമാണ് കന്യാകുമാരി ക്ഷേത്രത്തിലെ ദേവത. ക്ഷേത്രം വലുതല്ലെങ്കിലും പുരോഭാഗത്തെ സാമാന്യം വലുപ്പത്തിലുള്ള പ്രവേശനകവാടം അണിയണിയായുള്ള കമനീയശില്പങ്ങളാല്‍ അലംകൃതമാണ്. ഈ കിഴക്കേ വാതില്‍ ആണ്ടില്‍ അഞ്ചു തവണ മാത്രമേ തുറക്കുകയുള്ളൂ. ഇതിഌ കാരണം ദേവീവിഗ്രഹത്തിലെ മൂക്കുത്തിയിലുള്ള അമൂല്യരത്നത്തിന്റെ പ്രകാശം, ദീപസ്തംഭത്തില്‍ നിന്നാണെന്ന് ധരിച്ച് കരയ്ക്കണഞ്ഞ പല സമുദ്രനൗകകളും പാറക്കെട്ടുകളില്‍ തട്ടിയുടഞ്ഞുപോയതാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തുള്ള കരിങ്കല്‍ തൂണുകളെല്ലാം കൊത്തുപണികള്‍ ചെയ്ത് മോടിപിടിപ്പിച്ചിരിക്കുന്നു. കോവിലിന്റെ പുറംഭിത്തികള്‍ കോട്ടമതിലുകള്‍ പോലെ ബലിഷ്ഠങ്ങളാണ്. ക്ഷേത്രത്തോടഌബന്ധിച്ച് കടലില്‍ അനേകം സ്നാനഘട്ടങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ തൂണുകളിലെ വിശിഷ്ടശില്പങ്ങള്‍ മിക്കവയ്ക്കും തിരമാലകളുടെ അഌസ്യൂതമായ പ്രഹരത്താല്‍ തേയ്മാനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ദേവീദര്‍ശനം നടത്തി മേടമാസത്തിലെ ചിത്രാപൗര്‍ണമി ദിവസം സൂര്യാസ്തമയവും ചന്ദ്രാദയവും കാണാനായി ഭക്തസഹസ്രങ്ങള്‍ കന്യാകുമാരിയിലെത്താറുണ്ട്.
ദേവീക്ഷേത്രത്തിഌ സമീപത്തായി "ഗുഹനാദേശ്വരം' എന്ന പേരിലറിയപ്പെടുന്ന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. എ.ഡി. 984ല്‍ രാജരാജചോളനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നതിന് രേഖയുണ്ട്. തഞ്ചാവൂര്‍ ക്ഷേത്രത്തെ അഌകരിച്ച് നിര്‍മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം ജീര്‍ണാവസ്ഥയിലാണ്. ക്ഷേത്രത്തിലെ കന്മതിലുകളില് ചോള, പാണ്ഡ്യചക്രവര്ത്തിമാര്, വിജയനഗരരാജാക്കന്മാര്, മധുരയിലെ നായ്ക്കന്മാര്, തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് മുതല്പേരുടേതായ ശാസനങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഇവയില്‍ ചില ലിഖിതങ്ങളില്‍ കന്യാകുമാരിയെ "പുറത്തായനാട്' എന്നു വിശേഷിപ്പിച്ചുകാണുന്നു. ക്ഷേത്രധ്വജത്തിന്റെ അടിത്തറയ്ക്ക് ചുറ്റുമായി സംസ്കൃതഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള ശാസനം വിജയനഗരരാജാവിന്റേതാണെന്നു വിശ്വസിക്കപ്പെടുന്നു. കൊടിമരത്തിഌ സമീപത്തുള്ള സന്നിധി മണ്ഡപത്തിന്റെ ചുവരില്‍ തെലുഗുഭാഷയില്‍ ഉള്ള ശിലാലിഖിതം കാണാം. ചുറ്റുമതിലുകളിലുള്ള പല ശാസനങ്ങളും വെള്ളപൂശിയതുകാരണം മറയ്ക്കപ്പെട്ടിരിക്കുന്നു.
1962 ന.ല്‍ രൂപംകൊണ്ട വിവേകാനന്ദശിലാസ്മാരകസമിതി, (V.R.M.C.) ഇന്നറിയപ്പെടുന്നത് വിവേകാനന്ദകേന്ദ്രം എന്ന ചുരുക്കപ്പേരിലാണ്. വിവേകാനന്ദന്റെ ജന്മശതാബ്ദത്തില് രൂപം കൊണ്ട് വലുതായി വികാസമാര്‍ജിച്ച ഈ കേന്ദ്രം രാജ്യത്തെ ഏറ്റവും ബൃഹത്തായ ഹിന്ദുസര്വീസ് മിഷന് ആയിത്തീര്‍ന്നിട്ടുണ്ട്. ജനങ്ങളെ തങ്ങളിലുള്ള ആത്മീയ ശക്തിയെപ്പറ്റി ബോധവാന്മാരാക്കുക, രാഷ്ട്രത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആധ്യാത്മികവുമായ പുനര്‍നിര്‍മാണത്തിന് ഉതകുമാറ് രൂപപ്പെടുത്തുക, ജനങ്ങളില്‍ മഌഷ്യസ്നേഹവും മാനവമൂല്യബോധവും വികസ്വരമാക്കുക എന്നീ ലക്ഷ്യങ്ങളുടെ സഫലീകരണത്തിഌ വേണ്ടിയാണ് ഈ മിഷന് പ്രവര്‍ത്തിച്ചുവരുന്നത്. "ജനസേവനമാണ് യഥാര്‍ഥ ദൈവപൂജ' എന്ന സ്വാമി വിവേകാനന്ദന്റെ ഉപദേശത്തെ പ്രാവര്‍ത്തികമാക്കുവാന്‍ ഇതിന്റെ സംഘാടകര്‍ ശ്രമിച്ചുവരുന്നു.
മുപ്പതാം വയസ്സില്‍ ആധ്യാത്മിക പ്രകാശമന്വേഷിച്ച് ഭാരതഭൂമിയുടെ ദക്ഷിണാഗ്രത്തിലെത്തിയ വിവേകാനന്ദന് 1892 ഡി. അവസാനവാരത്തില്‍ സമുദ്രസംഗമസ്ഥാനത്തുള്ള ശ്രീപാദപ്പാറയിലേക്ക് നീന്തിപ്പോയി, ദീര്‍ഘസമയം ധ്യാനനിരതനായിരുന്നു. ശ്രീപാദപ്പാറയില്‍ വച്ച് ജ്ഞാനോദയം സിദ്ധിച്ച സ്വാമിജി പാശ്ചാത്യനാടുകളില്‍ ഭാരതമാഹാത്മ്യം ഘോഷിക്കാനായി പുറപ്പെട്ടു. കരയില്‍ നിന്ന് 500 മീ.ഓളം അകലെയുള്ള ശ്രീപാദപ്പാറയില്‍ അദ്ദേഹത്തിനായി പ്രാജ്ജ്വലമായൊരു സ്മാരകം നിര്‍മിച്ച ശേഷം അദ്ദേഹത്തിന്റെ ഉപദേശത്തിന് അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തനശൈലി കണ്ടെത്തുകയാണ് ഇന്ന് അദ്ദേഹത്തിന്റെ അഌയായികള്‍. മുനമ്പിന് ഒരു കി.മീ. ഉള്ളിലായി ഹൈവേയുടെ ഇടതുവശത്തായി 40 ഹെക്റ്റര്‍ വ്യാപിച്ചുകിടക്കുന്ന, വിവേകാനന്ദകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് വിവേകാനന്ദപുരം എന്നാണ്. ബിരുദധാരികളും അവിവാഹിതരുമായ യുവതീയുവാക്കള്‍ക്കും ഐഹികജീവിതത്തോട് വിരക്തിപൂണ്ട പ്രായം ചെന്നവര്‍ക്കും സാമൂഹികസേവനത്തിഌ വേണ്ടുന്ന പരിശീലനം നല്‍കുകയാണ് കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. യോഗവിദ്യയെ സംബന്ധിച്ച് ശരീരശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ ഗവേഷണസൗകര്യങ്ങളുള്ള ഒരു സ്ഥാപനമിവിടെയുണ്ട്. സാമൂഹ്യശാസ്ത്രങ്ങളെയും സാമൂഹികവികസനത്തെയും സംബന്ധിച്ച് ഉന്നതപഠനം നടത്താഌം ഇവിടെ സൗകര്യങ്ങളുണ്ട്. കൂടാതെ അതിവിപുലമായ ഗ്രന്ഥശാല, അച്ചുകൂടം, ആരോഗ്യസംരക്ഷണ കേന്ദ്രം എന്നിവയും കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
1962ല്‍ സ്മാരക സമിതി രൂപം കൊള്ളുകയും 64ല്‍ മദ്രാസ് (തമിഴ്നാട്) ഗവണ്മെന്റില് നിന്ന് നിര്മാണാഌമതി നേടുകയും ചെയ്തു. ആറു വര്‍ഷം കൊണ്ട് 130 ലക്ഷം രൂപ ചെലവുചെയ്ത് പണിയിച്ച വിവേകാനന്ദശിലാസ്മാരകം 1970 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ശില്പഭംഗിയാര്ന്ന ശിലാസ്മാരകമണ്ഡപത്തിന് 26 മീ. നീളവും 12 മീ. വീതിയുമുണ്ട്. മുഖപ്പ് അജന്താഗുഹകളുടേതിഌം മണ്ഡപത്തിന്റെ മേല്‍ഭാഗം ബേലൂര്‍ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിന്റേതിഌം സമാനമാണ്. മണ്ഡപത്തിന്റെ തെക്കുഭാഗത്തെ 20 മീറ്ററോളം ഉയരമുള്ള താഴികക്കുടത്തിഌ കീഴിലാണ് സ്വാമികളുടെ 2.5 മീ. ഉയരമുള്ള പൂര്‍ണകായ വെങ്കലപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പ്രതിമയ്ക്കഭിമുഖമായി മണ്ഡപത്തിന്റെ ഉത്തരഭിത്തിയില് ശ്രീരാമകൃഷ്ണന്റെയും ശ്രീശാരദാദേവിയുടെയും മനോഹര ചിത്രങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ മണ്ഡപത്തിഌ മുന്നിലായുള്ള കന്യാഭഗവതിയുടേതെന്നു വിശ്വസിക്കപ്പെടുന്ന കാലടിപ്പാട് (ശ്രീപാദചിഹ്നം) കമനീയമായ മറ്റൊരു ചെറിയ മണ്ഡപത്തിഌള്ളില്‍ സംരക്ഷിച്ചുപോരുന്നു. സ്മാരകമണ്ഡപത്തിഌ പിന്നില്‍ കീഴ്ഭാഗത്തായി ശാന്തമായിരുന്ന് ഓങ്കാരചിഹ്നത്തില് ശ്രദ്ധിച്ച് ധ്യാനം നടത്താന്‍ സൗകര്യമുള്ള ഒരു ധ്യാനമണ്ഡപമുണ്ട്. സൂര്യന്റെ ഉദയദിശകള് സൂചിപ്പിക്കുന്ന ഒരു സൗരപഞ്ചാംഗവും (solar calendar) വിവേകാനന്ദമണ്ഡപത്തിഌ കിഴക്കു വശത്ത് പാറയില്‍ വരച്ചിട്ടുണ്ട്. ദേവക്കോട്ടയിലെ വാസ്തുവിദ്യാവിദഗ്ധനായ എസ്.കെ. ആചാരി ആണ് സ്മാരകത്തിന്റെ മുഖ്യശില്പി. കരയില്‍ നിന്ന് ഇവിടേക്ക് സന്ദര്ശകരെയെത്തിക്കാന് പകല്‍സമയത്ത് ബോട്ട് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ ബിര്ളാമന്ദിരത്തെപ്പോലെയുള്ള ഉത്തരേന്ത്യന്‍ ശില്പകലാമാതൃകയില് ആണ് ഇതു നിര്‍മിച്ചിരിക്കുന്നത്. 1937 ജഌ. 15ഌ കന്യാകുമാരിയില്‍ തീര്‍ഥസ്നാനം നടത്തിയ ഗാന്ധിജി "കുമാരിദേവിയെപ്പോലെ തന്നെ മുനമ്പും എന്നെന്നും കന്യകയായിരിക്കും' എന്ന് അഭിപ്രായപ്പെടുകയുണ്ടായി. 1948 ഫെ. 13ഌ അദ്ദേഹത്തിന്റെ ചിതാഭസ്മം ത്രിസാഗരസംഗമത്തില് നിമജ്ജനം ചെയ്തു; അതിന്റെ സ്മരണയ്ക്കായി മറ്റൊരു ചിതാഭസ്മകുംഭം സംരക്ഷിക്കുന്ന രീതിയിലാണ് ഗാന്ധിസ്മാരക മണ്ഡപത്തിന്റെ നിര്‍മിതി. ആണ്ടുതോറും ഒ. 2ഌ 12 മണിക്ക് മേല്‍ക്കൂരയിലുള്ള ഒരു സുഷിരത്തിലൂടെ കുംഭത്തില്‍ സൂര്യരശ്മി പതിക്കത്തക്കവിധത്തിലുള്ള ഇതിന്റെ നിര്‍മാണം ആധുനിക വാസ്തുവിദ്യാവൈഭവത്തിന്റെ പ്രകൃഷ്ടനിദര്ശനമാണ്.
തമിഴ്നാടിന്റെ അനശ്വരനായ കവി തിരുവള്ളുവരുടെ പൂര്‍ണകായ പ്രതിമ കന്യാകുമാരിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഡോ. വി. ഗണപതി സ്ഥപതിയാണ് പ്രതിമയുടെ ശില്പി. തീരത്തോടടുത്ത്, വിവേകാനന്ദസ്മാരകത്തിഌ സമീപത്തായി, സമുദ്രാപരിതലത്തില്‍ എഴുന്നുനില്ക്കുന്ന പാറക്കെട്ടുകളിലൊന്നിലാണ് തിരുവള്ളുവര്‍ പ്രതിമ സ്ഥിതിചെയ്യുന്നത്.
ആധാരപീഠമുള്പ്പെടെ തിരുവള്ളുവര്‍ പ്രതിമയ്ക്ക് 40 മീ. ഓളം ഉയരമുണ്ട്. ഇതില്‍ 28.5 മീ. ഉയരം പ്രതിമയുടേതാണ്; ആധാരപീഠത്തിന്റേത് 11.4 മീ.യും. മൊത്തം 7000 ടണ്‍ ഭാരം ഈ സ്മാരകത്തിഌണ്ട്. 38 അടി ഉയരമുള്ള ആധാരപീഠം ധര്മപദ്ധതിയിലെ (Book of Aram) 38 അധ്യായങ്ങളെയും 95 അടി ഉള്ള പ്രതിമ പൊരുളിലെയും ഇമ്പത്തിലെയും മൊത്തം 95 അധ്യായങ്ങളെയും ധപൊരുള് (70), ഇമ്പം (25)പ പ്രതിനിധീകരിക്കുന്നു. തിരുവള്ളുവര്‍ പ്രതിമയുടെ ആധാരപീഠത്തെ വലയം ചെയ്ത് ശില്പഭംഗിയാര്ന്ന ഒരു അലങ്കാരമണ്ഡപമുണ്ട്. മണ്ഡപത്തിഌം 11.4 മീ. ആണ് ഉയരം. മണ്ഡപത്തിന് ചുറ്റും കല്ലില്‍ കൊത്തി വച്ച പത്ത് ആനകളെയും കാണാം. മണ്ഡപത്തിഌള്ളില്‍ പണിതുയര്‍ത്തിയിരിക്കുന്ന 140 കല്പടവുകള് ഭക്തര്‍ക്ക് തിരുവള്ളുവരുടെ പാദപൂജ ചെയ്യുന്നതിഌള്ള സൗകര്യം ഒരുക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 4/23/2020
ഇന്ത്യന്‍ നാവികസേന- വിശദ വിവരങ്ങൾ
ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ
ഇന്ത്യന്‍ കരസേന - വിശദ വിവരങ്ങൾ
ഇന്ത്യന്‍ നദീതടപദ്ധതികള്‍- വിശദ വിവരങ്ങൾ