ഇന്നത്തെ നിലവാരം വെച്ചുനോക്കിയാല്‍ കളിപ്പാട്ടമെന്ന് കരുതാവുന്ന ഒന്നായിരുന്നു ആ ഉപകരണം. ഒരു കുഴല്‍, ഉള്ളില്‍ രണ്ടു ലെന്‍സുകള്‍, അത്രമാത്രം. അക്കാലത്ത് 'ചാരഗ്ലാസ്' (spyglass) എന്ന് അറിയപ്പെട്ടിരുന്ന ആ ദൂരദര്‍ശനി ഉപയോഗിച്ച് ഗലിലിയോ ഗലീലി ആകാശത്ത് നോക്കിയതോടെ പക്ഷേ, ലോകം അടിമുടി മാറി. അതുവരെ കാണപ്പെടാത്ത ഒന്നായി പ്രപഞ്ചം പുനക്രമീകരിക്കപ്പെട്ടു. ഗലീലിയോ ഓരോ രാത്രി ഉറക്കമൊഴിക്കുന്തോറും ആകാശം കൂടുതല്‍ കൂടുതല്‍ മിഴിവാര്‍ന്നു വന്നു. വ്യാഴത്തിന് ചന്ദ്രന്‍മാരുണ്ടായി, ഭൂമിയുടെ ചന്ദ്രനില്‍ ഗര്‍ത്തങ്ങളുണ്ടായി, സൂര്യനില്‍ കളങ്കങ്ങളുണ്ടായി, ശുക്രനും വൃദ്ധിക്ഷയങ്ങള്‍ ഉണ്ടായി, ആകാശഗംഗയില്‍ നക്ഷത്രങ്ങളുടെ അത്ഭുതകരമായ നിരകളുണ്ടായി....ആത്‌്യന്തികഫലം വലുതും ദൂരവ്യാപകവുമായിരുന്നു. സ്വര്‍ഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയന്‍ സങ്കല്‍പ്പത്തിന് നില്‍ക്കക്കള്ളിയില്ലാതായി. പ്രപഞ്ചത്തിന്റെ കേന്ദ്രം തന്നെ എന്നന്നേയ്‌ക്കുമായി മാറ്റിമറിക്കപ്പെട്ടു. ഭൂമി പ്രപഞ്ചകേന്ദ്രം അല്ലാതായി. പിന്നെയൊരിക്കലും ലോകം പഴയതുപോലെ ആയില്ല.
അത്ഭുതങ്ങള്‍ കാത്തിരിക്കുന്ന ആകാശത്തേക്ക് ദൂരദര്‍ശനിയിലൂടെ ഗലീലിയോ ആദ്യം നോക്കിയത് 1609 ലാണ്. അന്നാരംഭിച്ച മനുഷ്യന്റെ അമ്പരപ്പുകള്‍ക്ക് അറുതിയില്ലെന്ന് നാല് നൂറ്റാണ്ട് കഴിഞ്ഞും നമ്മള്‍ മനസിലാക്കുന്നു. ആ തിരിച്ചറിവ് ലോകം ആഘോഷിക്കുകയാണ്, 2009-നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷം' (International Year of Astronomy) ആയി പ്രഖ്യാപിച്ചുകൊണ്ട്. ഗലീലിയോയുടെ ജന്‍മനാടായ ഇറ്റലിയുടെ അഭ്യര്‍ഥന മാനിച്ച് ഐക്യരാഷ്ട്രസഭയാണ് ഈ പ്രഖ്യാപനം നടത്തിയത്. വര്‍ഷാചരണ പരിപാടികള്‍ക്ക് ആഗോളതലത്തില്‍ മേല്‍നോട്ടം വഹിക്കുക അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയനും (IAU) യുനെസ്‌കോയും (UNESCO) ആയിരിക്കും. ജ്യോതിശ്ശാസ്‌ത്ര വാര്‍ഷാചരണത്തിന്റെ ഭാഗമായി നൂറുകണക്കിന് പരിപാടികള്‍ ലോകമെങ്ങും അരങ്ങേറും. ബഹിരാകാശത്ത് സമാധാനപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ആഗോളസഹകരണം എന്നതാകും വാര്‍ഷാചരണത്തിന്റെ സന്ദേശമെന്ന് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അറിയിക്കുന്നു.
ഗലീലിയോയുടെ ജീവിതത്തെയും കാലത്തെയും, അദ്ദേഹം ആകാശത്ത് കണ്ട സംഗതികളെക്കുറിച്ച് മനുഷ്യന് ഇന്ന് എന്തെല്ലാം അറിയാം എന്നും, അവലോകനം ചെയ്യാനുള്ള അവസരം കൂടി നല്‍കുന്നു ഈ വര്‍ഷാചരണം. നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം-ഇവയാണ് ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തത് ആ മഹാനാണ്. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ'ന്ന ഗലീലിയോയുടെ പ്രസ്‌താവന ശാസ്‌ത്രം ഉള്ള കാലത്തോളം മാറ്റമില്ലതെ നിലനില്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചരചനയില്‍ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങള്‍ ഏതാണെന്ന് ലോകത്തിന് പറഞ്ഞു കൊടുത്ത സാക്ഷാല്‍ ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോ നിര്‍മിച്ച അടിത്തറയില്‍ നിന്നാണ് ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്. 'ശാസ്‌ത്രജ്ഞന്‍'(scientist) എന്ന പദം ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കണ്ടെത്തലാണെങ്കിലും, 'ആദ്യശാസ്‌ത്രജ്ഞന്‍' എന്ന് ഗലീലിയോയെ വിശേഷിപ്പിക്കാന്‍ ഇന്നാരും മടിക്കുന്നില്ല.
നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന് മുന്നേറാന്‍ കഴിയൂ എന്ന് ഗലീലിയോ തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. അതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ പക്ഷേ, വിശ്വാസവും (സഭയും) ശാസ്‌ത്രവും തമ്മിലുള്ള സംഘട്ടനത്തിന്റെ നടുത്തളത്തിലാണ് അദ്ദേഹത്തെ പ്രതിഷ്‌ഠിച്ചത്. ഗലീലിയോയെ പീഢിപ്പിച്ചതിന് കത്തോലിക്കസഭ ഇന്ന് പശ്ചാത്തപിക്കുന്നു. ഗലീലിയോയുടെ കാര്യത്തില്‍ സഭയ്‌ക്ക് തെറ്റുപറ്റിയതായി, പതിമൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 1992 ഒക്ടോബര്‍ 31-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഏറ്റുപറഞ്ഞു. ഗലീലിയോയുടെ വാനനിരീക്ഷണത്തിന്റെ നാനൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ വത്തിക്കാനും. 1633-ല്‍ മതദ്രോഹവിചാരണയ്‌ക്ക് ഗലീലിയോ വിധേയമായ കെട്ടിടത്തിന് സമീപം വത്തിക്കാന്‍ ഗാര്‍ഡനില്‍ ആ പ്രതിഭയുടെ പ്രതിമ താമസിയാതെ ഉയരും. മാത്രമല്ല, 40 പ്രമുഖ വാനശാസ്‌ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് ഗലീലിയോയെപ്പറ്റിയുള്ള അന്താരാഷ്ട്രസമ്മേളനവും 2009-ല്‍ വത്തിക്കാനില്‍ നടക്കും. ഒപ്പം പതിനേഴാം നൂറ്റാണ്ടില്‍ നടന്ന മതദ്രോഹവിചാരണയുടെ മുഴുവന്‍ രേഖകളും പ്രസിദ്ധപ്പെടുത്തും. ഗലീലിയോ പ്രശ്‌നത്തില്‍ സഭയ്‌ക്കെതിരെയുള്ള പല തെറ്റിദ്ധാരണകളും മാറാന്‍ അത് സഹായിക്കും എന്നാണ് വത്തിക്കാന്‍ കരുതുന്നത്. എന്തൊക്കെ പുതിയ വിവരങ്ങളാകും ആ രേഖകളില്‍ ഉള്ളത് ? 400 വര്‍ഷമായിട്ടും പറഞ്ഞുതീരാത്ത ഒന്നായി ഗലീലിയോയുടെ ജീവിതം അവശേഷിക്കുകയാണെന്ന് സാരം. വിശ്വാസവും ശാസ്‌ത്രവും തമ്മിലുള്ള സ്‌പര്‍ധ തുടരുന്നിടത്തോളം കാലം അത് അവസാനിക്കുമെന്ന് കരുതാനും നിവൃത്തിയില്ല.
വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാന്‍ ആഗ്രഹിച്ചു, നടന്നില്ല. വൈദ്യശാസ്‌ത്രം പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെ പഠനമുപേക്ഷിച്ച് സര്‍വകലാശാല വിട്ടു. അതേ സര്‍വകലാശാലയില്‍ വീണ്ടുമെത്തുന്നത് (ബിരുദമില്ലാതെ തന്നെ) ഗണിതശാസ്‌ത്ര പ്രൊഫസറായി. നല്ലപ്രായം മുഴുവന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ പിന്തുടര്‍ന്നു. അവിഹിതബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ജനിച്ചു. പക്ഷേ, പിതാവിന്റെ എല്ലാ ബാധ്യതകളും ചുമതലകളും ഒരു ലോഭവും കൂടാതെ മക്കള്‍ക്ക് വേണ്ടി നിര്‍വഹിച്ചു. അധികാരവര്‍ഗവുമായി എന്നും സൂക്ഷിച്ച അടുപ്പം, തന്റെ നിരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അംഗീകാരം നേടിക്കൊടുക്കുന്നതിന് കൂടി ഫലപ്രദമായി ഉപയോഗിച്ചു. വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചു. അതൊടുവില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച് മതദ്രോഹവിചാരണയില്‍ എത്തി. അവസാന എട്ടുവര്‍ഷം വാര്‍ധക്യസഹജമായ രോഗപീഢയ്‌ക്കൊപ്പം സഭ വിധിച്ച വീട്ടുതടങ്കലും. മരിക്കാറാകുമ്പോഴേക്കും അന്ധനായി കഴിഞ്ഞിരുന്നു. കാഴ്‌ച നഷ്ടപ്പെട്ട ഗലീലിയോയുടെ സഹായിയായി വിന്‍സെന്‍സോ വിവിയാനി എത്തി. അയാളെഴുതിയ ജീവചരിത്രത്തിലെ പൊലിപ്പിച്ച പല കഥകളും ഗലീലിയോയെ സംബന്ധിച്ച മിത്തുകളായി പില്‍ക്കാലത്ത് പ്രചരിച്ചു.
ഇറ്റലിയില്‍ ഫ്‌ളോറന്‍സിന് 30 കിലോമീറ്റര്‍ തെക്കുകിഴക്ക് വല്ലംബ്രോസ്സയില്‍ വനമേഖലയിലെ ഒരു പര്‍വതച്ചെരുവിലാണ് കാമല്‍ഡോലീസ് സന്ന്യാസിമഠം (കത്തോലിക്കാസഭയിലെ ബെനഡിക്ടന്‍ സന്ന്യാസിവിഭാഗത്തില്‍ നിന്ന് എ.ഡി. 1012-ല്‍ തെറ്റിപ്പിരിഞ്ഞ ഗ്രൂപ്പാണ് കാമല്‍ഡോലീസ്). വല്ലംബ്രോസ്സയിലെ സന്ന്യാസി മഠത്തില്‍ ളോഹയുപേക്ഷിച്ച വൈദികവിദ്യാര്‍ഥികളുടെ പട്ടികയില്‍ ഒരു പേര് ഇപ്പോഴുമുണ്ട്; ഗലീലിയോ ഗലീലി. 1564 ഫിബ്രവരി 15-ന് ഇറ്റലിയിലെ പിസയിലാണ് ഗലീലിയോ ജനിച്ചത് (വില്ല്യം ഷേക്‌സ്‌പിയര്‍ ജനിച്ചതും മൈക്കലാഞ്ചലോ മരിച്ചതും ഇതേവര്‍ഷമാണ്). 11 വയസ്സുള്ളപ്പോള്‍ ഔപചാരിക വിദ്യാഭ്യാസത്തിന് വല്ലംബ്രോസ്സ മഠത്തില്‍ ഗലീലിയോയെ ചേര്‍ക്കുകയായിരുന്നു. മകനെ ഭിഷഗ്വരനാക്കുക എന്നതായിരുന്നു പിതാവ് വിന്‍സെന്‍സിയോയുടെ ലക്ഷ്യം. ബാലനായ ഗലീലിയോ പക്ഷേ സന്നാസിമഠത്തിലെ ജീവിതത്തില്‍ ആകൃഷ്ടനാവുകയും പതിനഞ്ചാം വയസ്സില്‍ വൈദികവിദ്യാര്‍ഥിയായി ചേരുകയും ചെയ്‌തു. പരിഭ്രാന്തനായ പിതാവ്, കണ്ണിനുണ്ടായ അണുബാധയ്‌ക്ക് ചികിത്സിക്കാനെന്ന കാരണം പറഞ്ഞ് ഗലീലിയോടെ മഠത്തില്‍നിന്ന് വീണ്ടെടുത്തു.
ടസ്‌കനി മേഖലയിലാകെ നവോത്ഥാനചിന്തകളുടെ മൂര്‍ച്ഛ വര്‍ധിച്ചു വരുന്ന കാലമായിരുന്നു അത്; പിസയിലും ഫ്‌ളോറന്‍സിലും പ്രത്യേകിച്ചും. ഫ്‌ളോറന്‍സിലെ നാടുവാഴി പ്രഭു കോസിമോ ഡി മെഡിസിയായിരുന്നു. മൂറുകള്‍ക്കെതിരെ നടത്തിയ വിജയകരമായ പടയോട്ടത്തിനുള്ള അംഗീകാരമായി 1570-ല്‍ ടസ്‌കനിപ്രഭുവായി കോസിമോയെ മാര്‍പാപ്പ സ്ഥാനക്കയറ്റം നല്‍കി ആദരിച്ചു. ടസ്‌കനിയുടെ തലസ്ഥാനമായ ഫ്‌ളോറന്‍സില്‍ കൊട്ടാര സംഗീതജ്ഞനായിരുന്നു ഗലീലിയോയുടെ പിതാവ് വിന്‍സെന്‍സിയോ. ഗണിതശാസ്‌ത്രത്തിലും അദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സാമ്പത്തിക സാധ്യതയും സാമൂഹിക അംഗീകാരവും മുന്നില്‍ കണ്ടാണ് മകനെ ഭിഷഗ്വരനാക്കുകയെന്ന താത്‌പര്യം വിന്‍സെന്‍സിയോ വെച്ചുപുലര്‍ത്തിയത്. മാത്രമല്ല ഏഴുമക്കളില്‍ മൂത്തവനായ ഗലീലിയോ തനിക്കു ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്ന വിചാരവും ആ പിതാവിനുണ്ടായിരുന്നു.
പിതാവിന്റെ ആഗ്രഹപ്രകാരം 1581-ല്‍, പതിനേഴാം വയസ്സില്‍, ഗലീലിയോ വൈദ്യശാസ്‌ത്ര വിദ്യാര്‍ഥിയായി പിസ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നില്ല ഗലീലിയോ. വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ സംശയത്തോടെയാണ് ഗലീലിയോ കണ്ടിരുന്നത്; പ്രത്യേകിച്ചും അരിസ്റ്റോട്ടില്‍ പറഞ്ഞുവെച്ച 2000 വര്‍ഷം പഴക്കമുള്ള വസ്‌തുതകളെ. ഇക്കാരണത്താല്‍ സഹപാഠികളും അധ്യാപകരുമായി മിക്കവാറും തര്‍ക്കത്തില്‍ പെടേണ്ടി വന്നു. വലിയ ഭാരമുള്ള വസ്‌തുക്കള്‍ ഭൂമിയില്‍ വേഗം വീഴും, ചെറിയ വസ്‌തുക്കള്‍ മെല്ലെയേ വീഴൂ എന്ന അരിസ്റ്റോട്ടിലിയന്‍ വാദം അംഗീകരിക്കാന്‍ ഗലീലിയോ കൂട്ടാക്കിയില്ല. അങ്ങനെയെങ്കില്‍ മഞ്ഞുവീഴ്‌ചയുണ്ടാകുമ്പോള്‍ പല വലിപ്പത്തിലുള്ള മഞ്ഞുകട്ടകള്‍ ഭൂമിയില്‍ ഒരുമിച്ച് പതിക്കുന്നതെന്തുകൊണ്ട്-ഗലീലിയോ ചോദിച്ചു. അരിസ്‌റ്റോട്ടില്‍ പറഞ്ഞത് ശരിയാകണമെങ്കില്‍ വലിയ മഞ്ഞുകട്ടകള്‍ വളരെ ഉയരത്തിലുള്ള മേഘങ്ങളിലും, ചെറിയ കട്ടകള്‍ താഴ്‌ന്ന വിതാനത്തിലെ മേഘങ്ങളിലുമാകണം രൂപപ്പെടേണ്ടത്. അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല, ഗലീലിയോ വാദിച്ചു. (1972-ല്‍ അപ്പോളൊ-15 ല്‍ ചന്ദ്രനിലിറങ്ങിയ ഡേവിഡ് സ്‌കോട്ടും ജിം ഇര്‍വിനും, ചന്ദ്രപ്രതലത്തില്‍ ഒരു ചുറ്റികയും തൂവലും ഒരേ സമയം ഇട്ട് പരീക്ഷിച്ചു. ചുറ്റിക ആദ്യം വീണില്ല. 370 വര്‍ഷം മുമ്പ് ഗലീലിയോ പറഞ്ഞതുപോലെ സംഭവിച്ചു, രണ്ടും ഒരേസമയത്തേ നിലംപൊത്തിയൊള്ളു).
ഇത്തരം വാദങ്ങളും തര്‍ക്കങ്ങളും വൈദ്യശാസ്‌ത്രപഠനത്തിന് തടസ്സമായി. 1583 ആയപ്പോഴേക്കും വൈദ്യശാസ്‌ത്രപഠനം പൂര്‍ത്തിയാക്കാമെന്ന ചിന്തയേ അവസാനിച്ചു. ശിശിരകാലത്ത് (ക്രിസ്‌മസ്സ് മുതല്‍ ഈസ്റ്റര്‍ വരെ) ടസ്‌കനിപ്രഭു തന്റെ ആസ്ഥാനം പിസയിലേക്ക് മാറ്റുക പതിവായിരുന്നു. കൊട്ടാര ഗണിതജ്ഞനായ ഓസ്‌റ്റിലിയോ റിക്‌സിയെ പിസയില്‍വെച്ചാണ് ഗലീലിയോ കാണുന്നത്. ഗണിതവുമായുള്ള ഗലീലിയോയുടെ പരിചയത്തിന് അങ്ങനെയായിരുന്നു തുടക്കം. റിക്‌സിയുടെ ഗണിതക്ലാസുകളില്‍ അനൗപചാരികമായി ഗലീലിയോയും പങ്കെടുക്കാന്‍ തുടങ്ങി. വൈദ്യശാസ്‌ത്രത്തെക്കാളും തനിക്ക് താത്‌പര്യം യൂക്ലിഡാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു. ഗലീലിയോയ്‌ക്ക് ഗണിതത്തിലുള്ള വാസന മനസിലാക്കിയ റിക്‌സി, വൈദ്യശാസ്‌ത്രത്തിന് പകരം ആ യുവാവിനെ ഗണിതം പഠിപ്പിക്കാന്‍ അനുവദിക്കൂ എന്ന് അഭ്യര്‍ഥിച്ചെങ്കിലും വിന്‍സെന്‍സിയോ സമ്മതിച്ചില്ല. ഡോക്ടര്‍മാര്‍ക്ക് ഇഷ്ടംപോലെ ജോലികിട്ടും, ഗണിതം പഠിച്ചാല്‍ പക്ഷേ, എന്തുജോലിയാ കിട്ടുക -ഇതായിരുന്ന ആ പിതാവിന്റെ നിലപാട്.
ആ കാലത്താണ് (1584-ല്‍ അല്ലെങ്കില്‍ 1585-ല്‍) പിസയില്‍ ബോറടിപ്പിക്കുന്ന ഒരു കുര്‍ബാന വേളയില്‍, പള്ളിയുടെ മച്ചില്‍നിന്ന് ഞാന്നുകിടക്കുന്ന തൂക്കുവിളക്ക് ദോലനം ചെയ്യുന്നതിന്റെ സയമം സ്വന്തം നാടിമിടിപ്പ് ഉപയോഗിച്ച് അളന്നതും, പെന്‍ഡുലത്തെ സംബന്ധിച്ച ചലനസിദ്ധാന്തം സംബന്ധിച്ച ഉള്‍ക്കാഴ്‌ച ഗലീലിയോയ്‌ക്ക് ലഭിക്കുന്നതും. (1602-ന് ശേഷം ശ്രദ്ധാബദ്ധമായി നടത്തിയ പരീക്ഷണങ്ങളിലൂടെ ആ ഉള്‍ക്കാഴ്‌ച അദ്ദേഹം പ്രസിദ്ധമായ പെന്‍ഡുലസിദ്ധാന്തമായി വികസിപ്പിച്ചു). ഗണിതവുമായി തുടങ്ങിയ ബന്ധം ഗലീലിയോയുടെ മാത്രമല്ല ശാസ്‌ത്രത്തിന്റെയും വിധിയായിരുന്നു. പഠനം തുടര്‍ന്നു. വൈദ്യപഠനം സ്വാഭാവികമായും ഒരു ബാധ്യതയായി. 1585-ല്‍ ബിരുദം നേടാതെ സര്‍വകലാശാല വിടുന്നതിലേക്ക് കാര്യങ്ങളെത്തി. ഫ്‌ളോറന്‍സില്‍ തിരിച്ചെത്തി ജീവിതവൃത്തിക്കായി ഗണിതം, നാച്ചുറല്‍ ഫിലോസൊഫി (പില്‍ക്കാലത്ത് ഈ പഠനശാഖ 'ഭൗതീകശാസ്‌ത്രം' എന്നറിയപ്പെട്ടു) തുടങ്ങിയ വിഷയങ്ങളില്‍ സ്വകാര്യ ട്യൂഷനെടുത്തു. നാലുവര്‍ഷം അവിടെ. അതിനിടെ നാച്ചുറല്‍ ഫിലോസൊഫിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി, കുറിപ്പുകള്‍ തയ്യാറാക്കി. അവ പില്‍ക്കാലത്ത് ഉപയോഗിക്കാന്‍ സൂക്ഷിച്ചുവെച്ചു.
ശാസ്‌ത്രത്തില്‍ സവിശേഷ താത്‌പര്യം പ്രകടിപ്പിച്ചിരുന്ന ഉന്നതനായ മാര്‍ക്വിസ് ഗ്വിഡോബാല്‍ഡോ മോന്റെയുടെ രൂപത്തിലാണ് പിന്നീട് ഗലീലിയോക്ക് പിന്തുണയെത്തിയത്. ഭാഗികമായി മോന്റെയുടെ സ്വാധീനവും, ഗണിതജ്ഞനായി അതിനകം ഗലീലിയോ ഉണ്ടാക്കിയ പേരും അദ്ദേഹത്തെ 1589-ല്‍ വീണ്ടും പിസ സര്‍വകലാശാലയിലെത്തിച്ചു; ഇത്തവണ പക്ഷേ അവിടുത്ത ഗണിത പ്രൊഫസറായിട്ടായിരുന്നു എന്നുമാത്രം. പ്രൊഫസറാണെങ്കിലും വാര്‍ഷികശമ്പളം വെറും 60 ക്രൗണ്‍ മാത്രം. (അതേസമയം വൈദ്യശാസ്‌ത്ര പ്രൊഫസറുടേത് 2000 ക്രൗണും-പിതാവ് വിന്‍സെന്‍സിയോ ഇതുതന്നെയാണ് വാദിച്ചിരുന്നത്). സമ്പന്നകുടുംബങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ഗലീലിയോ അധിക വരുമാനം കണ്ടെത്തിയത്. വ്യവസ്ഥിതികളോട് കലഹിക്കുന്ന കൂട്ടത്തിലായിരുന്ന ഗലീലിയോ സര്‍വകലാശാലയിലെ അക്കാദമിക് ഗൗണ്‍ ധരിക്കാന്‍ കൂട്ടാക്കിയില്ല. ക്ലാസില്‍ കുട്ടികള്‍ക്ക് സിലബസിന്റെ ഭാഗമായി പരമ്പരാഗതകാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നെങ്കിലും, ട്യൂഷന്‍വേളയില്‍ അദ്ദേഹം തന്റെ നൂതന ആശയങ്ങളും കണ്ടെത്തലുകളും ചര്‍ച്ചചെയ്‌തു. മേഖലയിലെ സമ്പന്ന കുടുംബങ്ങളിലെല്ലാം ഗലീലിയോയുടെ ഖ്യാതി പടരാന്‍ അത് നിമിത്തമായി.
പിസ സര്‍വകലാശാലയ്‌ക്ക് ചേര്‍ന്ന വ്യക്തിയായിരുന്നില്ല ഗലീലിയോ. മാത്രമല്ല, 1591-ല്‍ പിതാവ് വിന്‍സെന്‍സിയോ മരിച്ചതോടെ കുടുംബത്തിലെ ബാധ്യത മൂത്തയാളെന്ന നിലയ്‌ക്ക് ഗലീലിയോയുടെ ചുമലിലെത്തി. ഗലീലിയോയുടെ സഹോദരിക്ക് കൊടുക്കാമെന്ന് പിതാവ് കരാര്‍ചെയ്‌ത സ്‌ത്രീധനത്തുകയായിരുന്നു അതില്‍ പ്രധാനം. കുറച്ചുകൂടി ശമ്പളമുള്ള ജോലി അനിവാര്യമായി. പാദുവ സര്‍വകലാശാലയിലെ ഗണിതശാസ്‌ത്ര പ്രൊഫസര്‍ പദവിയാണ് ഗലീലിയോ നോട്ടമിട്ടത്. വെനീഷ്യന്‍ റിപ്പബ്ലിക്കില്‍പെട്ട പാദുവയിലേക്ക് കുടിയേറാന്‍ ഗലീലിയോയെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. റോമുമായി നേരിടാന്‍ തക്ക സൈനികശേഷിപോലുമുണ്ടായിരുന്ന വെനീസില്‍ സ്വതന്ത്ര ആശയങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. 1592 ഒക്ടോബറില്‍, 28-ാം വയസ്സില്‍ ഗലീലിയോ പാദുവ സര്‍വകലാശാലയില്‍ ഗണിത പ്രഫസറായി നിയമതിനായി. പ്രതിവര്‍ഷം 180 ക്രൗണ്‍ ആയിരുന്നു ശമ്പളം. ആദ്യനിയമനം നാലുവര്‍ഷത്തേക്ക് ആയിരുന്നെങ്കിലും അത് 18 വര്‍ഷം നീണ്ടു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലയളവ് എന്നാണ് പാദുവയിലെ വര്‍ഷങ്ങളെ പില്‍ക്കാലത്ത് അദ്ദേഹം അനുസ്‌മരിച്ചത്.
പാദുവയില്‍ ഗലീലിയോയുടെ സാമൂഹിക ജീവിതം ശക്തമായി. ഉന്നതതലത്തില്‍ പുതിയ ചങ്ങാതിമാര്‍ ഉണ്ടായി. ഫ്രെയര്‍ പാവ്‌ലോ സാര്‍പ്പി, കര്‍ദിനാള്‍ റോബര്‍ട്ടോ ബെല്ലാര്‍മിന്‍ തുടങ്ങിയവരൊക്കെ പാദുവയില്‍ വെച്ച് ഗലീലിയയുമായി അടുത്ത ബന്ധമുണ്ടാക്കിയവരാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കുറിപ്പ് തയ്യാറാക്കലും തുടര്‍ന്നു. ചലനം, ത്വരണം, ജഢത്വം എന്നിവ സംബന്ധിച്ച് അന്നുവരെ ആരും കാണാതിരുന്ന ശാസ്‌ത്രസത്യങ്ങള്‍ ഗലീലിയോ മനസിലാക്കി. അതിനൊക്കെ ഗണിത വിശദീകരണവും സാധ്യമാണെന്ന് അദ്ദേഹം മനസിലാക്കി. 1604-ല്‍ നാല്‌പത് വയസ്സായപ്പോഴേക്കും നാച്ചുറല്‍ ഫിലോസൊഫിയില്‍ അഗ്രഗണ്യനായി ഗലീലിയോ പേരെടുത്തു. മറിന ഗാംബ എന്ന സാധാരണക്കാരിയുമായി ഗലീലിയോ സ്ഥിരമായി ബന്ധം സ്ഥാപിച്ചതും പാദുവയില്‍ വെച്ചാണ്. വിവാഹിതരായില്ലെങ്കിലും ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും പിറന്നു. മുന്തിയ വീഞ്ഞും നല്ല ഭക്ഷണവും കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഗലീലിയോയെ പക്ഷേ, സാമ്പത്തിക പരാധീനത വിട്ടൊഴിയാന്‍ ഭാവമില്ലായിരുന്നു. രണ്ടാമത്തെ സഹോദരിയുടെ സ്‌ത്രീധനത്തുകയുടെ പേരില്‍ കേസ് വന്നതോട പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴി എന്ന നിലയ്‌ക്കാണ് കണക്കുകൂട്ടാന്‍ ഉപയോഗിക്കാവുന്ന കോംപസ് അദ്ദേഹം വികസിപ്പിച്ചത്. പക്ഷേ, വാണിജ്യപരമായി അത് വിജയിച്ചില്ല.
ദൂരദര്‍ശനി കണ്ടുപിടിച്ചത് ഗലീലിയോ അല്ല. അങ്ങനെ ഒരിക്കലും അദ്ദേഹം അവകാശപ്പെട്ടിട്ടുമില്ല. എന്നാല്‍, ആ ഉപകരണം ഉപയോഗിച്ച് ആദ്യ കണ്ടുപിടിത്തം നടത്തിയ വ്യക്തി തീര്‍ച്ചയായും ഗലീലിയോ ആണ്. ആകാശനിരീക്ഷണത്തിന് ഉപയോഗിച്ചതോടെ, ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്ന പാലമായി ടെലസ്‌കോപ്പ് മാറി; ഗലീലിയോ ആ പാലത്തിലൂടെ നടന്ന ആദ്യ വ്യക്തിയും ! ടെലസ്‌കോപ്പ് അദ്ദേഹത്തിന് കാട്ടിക്കൊടുത്ത വസ്‌തുതകള്‍ അതുവരെ നിലനിന്ന ജ്യോതിശ്ശാസ്‌ത്രത്തെ മുഴുവന്‍ മാറ്റിമറിച്ചു.
1608-ല്‍ ആയിരുന്നു തുടക്കം. ഒരു കുഴലിനുള്ളില്‍ ഉത്തല, അവതല ലെന്‍സുകള്‍ 14 ഇഞ്ചോളം ദൂരത്തില്‍ സ്ഥാപിച്ച് അതിലൂടെ നോക്കിയാല്‍ അകലെയുള്ള വസ്‌തുക്കള്‍ അടുത്ത കാണാം എന്ന് ആരോ കണ്ടെത്തി. 'ചാരഗ്ലാസ്' എന്ന് പേരിട്ട ആ ഉപകരണം പെട്ടന്ന് പ്രചരിച്ചു. ആ ഹേമന്തത്തില്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ അജ്ഞാതനായ ഒരു വില്‍പ്പനക്കാരന്‍ ചാരഗ്ലാസുമായെത്തി. 'ദൂരയുള്ളവ കാണാന്‍ കഴിയുന്ന ഉപകരണ'ത്തിന് പേറ്റന്റ് വേണം എന്നു കാണിച്ച് ഹോളണ്ടില്‍ മിഡില്‍ബര്‍ഗില്‍ നിന്നുള്ള കണ്ണടനിര്‍മാതാവ് ഹാന്‍സ് ലിപ്പെര്‍ഹേ ഹേഗിലെ അധികാരികള്‍ക്ക് മുമ്പില്‍ 1608 ഒക്ടോബര്‍ രണ്ടിന് അപേക്ഷ നല്‍കി. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇതേ ഉപകരണത്തിന് പേറ്റന്റ് ആവശ്യപ്പെട്ട് മറ്റ് രണ്ട് പേര്‍ കൂടി അപേക്ഷ സമര്‍പ്പിച്ചു. ഹോളണ്ടിലെ അല്‍ക്ക്‌മാറില്‍ നിന്നുള്ള ജേക്കബ്ബ് ആഡ്രിയേന്‍സൂന്‍, മിഡില്‍ബര്‍ഗില്‍ നിന്ന് തന്നെയുള്ള മറ്റൊരു കണ്ണടനിര്‍മാതാവായ സക്കറിയാസ് ജാന്‍സ്സെന്‍ എന്നിവരായിരുന്നു പുതിയ അപേക്ഷകര്‍. ഒരേ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ഒന്നിലേറെ അപേക്ഷകരെത്തിയതോടെ, അത് പേറ്റന്റ് അര്‍ഹിക്കുന്നില്ലെന്ന നിഗനമത്തില്‍ സ്റ്റേറ്റ്‌സ് ജനറല്‍ എത്തി.
ചാരഗ്ലാസിനെക്കുറിച്ച് ഗലീലിയോ കേള്‍ക്കുന്നത്, 1609 ജൂലായില്‍ വെനീസ് സന്ദര്‍ശിക്കുന്ന വേളയിലാണ്. ദൂരെയുള്ള വസ്‌തുക്കള്‍ അടുത്തു കാണാന്‍ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ് ഗലീലിയോ ആദ്യം ചിന്തിച്ചത്. ചാരഗ്ലാസിനെ തനിക്ക് ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസില്‍ കഴിയുമ്പോള്‍, ആഗസ്‌തില്‍, ഒരു ഡച്ചുകാരന്‍ ചാരഗ്ലാസുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തില്‍ പാദുവയില്‍ എത്തുമ്പോഴേക്കും ഡച്ചുകാരന്‍ അവിടംവിട്ട് വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരഗ്ലാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ് വെച്ചുകൊണ്ടുതന്നെ അതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മുന്തിയ ടെലസ്‌കോപ്പ് 24 മണിക്കൂറിനുള്ളില്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ് ശേഷിയുള്ള ടെലസ്‌കോപ്പ് നിര്‍മിച്ച് വെനീസിലെത്തി സെനറ്റിന് മുന്നില്‍ അത് പ്രവര്‍ത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വന്‍വിജയമായി. വെനീസ് രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവര്‍ഷം ആയിരം ക്രൗണ്‍ ആയി വര്‍ധിപ്പിച്ചു. ആ ഒക്ടോബറില്‍ ടെലസ്‌കോപ്പുമായി ഫ്‌ളോറന്‍സിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ കോസിമോ രണ്ടാമന്‍ പ്രഭുവിന് മുന്നില്‍ ആ ഉപകരണത്തിന്റെ സവിശേഷതകള്‍ ഗലീലിയോ കാട്ടിക്കൊടുത്തു.
അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക് തോന്നിയിരുന്നില്ല; കോസിമോ രണ്ടാമന്‍ പ്രഭുവിന് അതുപയോഗിച്ച് ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗര്‍ത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ് ശേഷിയുള്ള ടെലസ്‌കോപ്പ് നിര്‍മിക്കുന്നതില്‍ ഗലീലിയോ വിജയിച്ചു. നവംബര്‍ 30-ന് പാദുവയില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി... അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട് ചാരഗ്ലാസിന് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത് ആ രാത്രിയാണ്.
1609-ല്‍ നിലനിന്നിരുന്ന പ്രപഞ്ചസങ്കല്‍പ്പം എന്തായിരുന്നു എന്ന് നോക്കുക. ഏകകേന്ദ്രമായ ഒന്‍പത് വൃത്തങ്ങള്‍ വരയ്‌ക്കുക. ആ രൂപഘടന പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യും. ഏറ്റവും ഉള്ളിലുള്ള വൃത്തം പ്രതിനിധീകരിക്കുന്ന പ്രപഞ്ചകേന്ദ്രമാണ് ഭൂമി, അടുത്തത് ചന്ദ്രന്റെ ഭ്രമണപഥം, അതിനടുത്തുള്ളവ യഥാക്രമം ബുധന്‍, ശുക്രന്‍, സൂര്യന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയുടെ ഭ്രമണപഥങ്ങള്‍. ഏറ്റവും പുറത്തുള്ള വൃത്തം ആകാശമേലാപ്പാണ്; നക്ഷത്രങ്ങള്‍ പതിച്ചു വെച്ചിരിക്കുന്ന ആകാശമേലാപ്പ്. ഈ അരിസ്റ്റോട്ടിലിയന്‍ പ്രപഞ്ചസങ്കല്‍പ്പത്തിന് ടോളമി ഗണിതസാധൂകരണം നല്‍കി. ടോളമിയുടെ കണക്ക് പ്രകാരം ഭൂമിയുടെ വ്യാസത്തിന്റെ 1200 മടങ്ങ് അകലെയാണ് സൂര്യന്‍ (ഭൂമിയില്‍നിന്ന് 80 ലക്ഷം കിലോമീറ്റര്‍ ദൂരെ); ആകാശമേലാപ്പ് ഭൂമിയുടെ വ്യാസത്തിന്റെ 20,000 മടങ്ങ് (12.8 കോടി കിലോമീറ്റര്‍) അകലെ സ്ഥിതിചെയ്യുന്നു. മാത്രമല്ല, ഭൂമിയില്‍ മാത്രമേ അപൂര്‍ണതകള്‍ കാണാനാകൂ, സ്വര്‍ഗം കുറ്റമറ്റതാണ്. അതുവഴി ദൈവവും കുറ്റമറ്റതാണെന്ന് വരുന്നു.
കത്തോലിക്കസഭ പിറവിയെടുക്കുന്നതിനും മുമ്പ് നിലവില്‍ വന്ന ഈ പ്രപഞ്ചമാതൃകയാണ്, സഭ ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്. ആ സങ്കല്‍പ്പം ശരിയല്ലെന്ന്, ഗലീലിയോ ജനിക്കുന്നതിന് 21 വര്‍ഷം മുമ്പ് അന്തരിച്ച പോളിഷ് ചിന്തകന്‍ നിക്കോളാസ് കോപ്പര്‍നിക്കസ് പറഞ്ഞുവെച്ചിരുന്നു. ഭൂമിയല്ല, സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്നായിരുന്നു കോപ്പര്‍നിക്കസിന്റെ വാദം. അതിനാണ് ഗലീലിയോയുടെ നിരീക്ഷണം വഴി പിന്തുണ ലഭിക്കേണ്ടിയിരുന്നത്. മാത്രമല്ല, ഭൂമിപോലെ സ്വര്‍ഗവും കുറ്റമറ്റതല്ല എന്ന് തെളിയിക്കപ്പെടേണ്ടതും അനിവാര്യമായിരുന്നു. അതിനദ്ദേഹം വ്യാഴത്തിന്റെ ഗ്രഹങ്ങള്‍ കണ്ടെത്തേണ്ടതുണ്ടായിരുന്നു, ആകാശഗംഗയില്‍ പരശ്ശതം നക്ഷത്രങ്ങളാണ് തിങ്ങിക്കൂടിയിരിക്കുന്നതെന്ന് മനസിലാക്കണമായിരുന്നു, സൂര്യനില്‍ കളങ്കങ്ങള്‍ കാണപ്പെടുന്നുണ്ടെന്ന അത്ഭുതം ലോകത്തെ അറിയിക്കണമായിരുന്നു. ആകാശത്തെ മനുഷ്യന് സമ്മാനിക്കുകയെന്ന ചരിത്രനിയോഗം കാലം ഗലീലിയോയെ ഏല്‍പ്പിക്കുകയായിരുന്നു.
പതിവുപോലെ ഒരു സാധാരണ ദിവസമായിരുന്നു 1610 ജനവരി ഏഴ്. ആഴ്‌ചകളായി ഗലീലിയോ രാത്രിയെ പകലാക്കുകയായിരുന്നു, ആകാശനിരീക്ഷണത്തിന്. അതുവരെ കാണാതിരുന്ന മൂന്ന് നക്ഷത്രങ്ങള്‍ അന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. വ്യാഴത്തിന് സമീപത്തായിരുന്നു അവ. ആകാശഗംഗയിലെ പ്രകാശധോരണി നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണെന്ന് കണ്ടിരുന്നതിനാല്‍, പുതിയതായി മൂന്ന് നക്ഷത്രങ്ങളെ കണ്ടതില്‍ എന്തെങ്കിലും പ്രത്യേകത അദ്ദേഹത്തിന് ആദ്യം തോന്നിയില്ല. 'വലിപ്പക്കുറവ് മൂലം നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത മൂന്ന് നക്ഷത്രങ്ങളെ ഇന്ന് കണ്ടു'വെന്ന് ഒരു കത്തില്‍ ഗലീലിയോ എഴുതി. കണ്ടതിനെക്കുറിച്ച് അദ്ദേഹം കുറിച്ചുവെച്ചു; മൂന്നു നക്ഷത്രങ്ങളില്‍ രണ്ടെണ്ണം വ്യാഴത്തിന് കിഴക്കും ഒരെണ്ണം പടിഞ്ഞാറും.
വ്യാഴവും പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ് സ്ഥിതിചെയ്യുന്നത് എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന് വൈകിട്ടും വ്യാഴത്തിന് നേരെ ഗലീലിയോ ദൂരദര്‍ശനി തിരിച്ചു. ഇത്തവണ മൂന്ന് നക്ഷത്രങ്ങളും വ്യാഴത്തിന് പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത് വ്യാഴം കിഴക്കോട്ടാണ് പരിക്രമണം ചെയ്യുന്നത് എന്നാണ്, പിന്നെയെങ്ങനെ താന്‍ കണ്ടത് സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന് വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട് നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന് ഗലീലിയോയ്‌ക്ക് മനസിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത് തോതിലാണ്, വ്യാഴം എങ്ങനെ ചലിച്ചാല്‍ ഇത് സാധിക്കും എന്ന് മനസിലാക്കാന്‍ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോള്‍ ഗലീലിയോയ്‌ക്ക് ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ് ചലിക്കുന്നത് !
ഒരു രാത്രി നാലാമതൊരു നക്ഷത്രത്തെക്കൂടി വ്യാഴത്തിന് സമീപം ഗലീലിയോ കണ്ടു. `മൂന്നെണ്ണം പടിഞ്ഞാറും ഒന്ന് കിഴക്കും'-അദ്ദേഹം കുറിച്ചുവെച്ചു. അതുവരെ പുതിയ നക്ഷത്രങ്ങള്‍ ഓരോ ദിവസവും വ്യാഴത്തിന്റെ ഏത് വശങ്ങളിലാണ് എന്നുമാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് നിരീക്ഷണം കുറച്ചുകൂടി സൂക്ഷ്‌മമാക്കി, ഇടവേളകള്‍ ഇടവിട്ട് നിരീക്ഷിക്കാന്‍ തുടങ്ങി. ഓരോ സമയത്തും നക്ഷത്രങ്ങളുടെ സ്ഥാനം മനസിലാക്കി രേഖപ്പെടുത്തി. ഒടുവില്‍ അദ്ദേഹം നിര്‍ണായകമായ ആ നിഗമനത്തിലെത്തി, താന്‍ കണ്ടെത്തിയവ നക്ഷത്രങ്ങളല്ല, ഗ്രഹങ്ങളാണ്-വ്യാഴത്തിന്റെ ചന്ദ്രന്‍മാര്‍. സുപ്രധാനമായ ഈ കണ്ടെത്തലിനൊപ്പം താന്‍ നടത്തിയ ആകാശനിരീക്ഷണങ്ങളുടെ ഫലം 1610 മാര്‍ച്ചില്‍ ഗലീലിയോ ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു; 'ദി സ്റ്റാറി മെസെഞ്ചര്‍' (നക്ഷത്രങ്ങളില്‍നിന്നുള്ള സന്ദേശം-Sidereus Nuncius). ജ്യോതിശ്ശാസ്‌ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി വെറും 24 പേജുള്ള ആ പുസ്‌തകം പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു. യൂറോപ്പിലെങ്ങും ഗലീലിയോയെ അത് പ്രശസ്‌തനാക്കി (അഞ്ച് വര്‍ഷത്തിനുള്ളില്‍ ആ ചെറുഗ്രന്ഥം ചൈനീസ് ഭാഷയിലേക്കുപോലും വിവര്‍ത്തനം ചെയ്യപ്പെട്ടു). ഗലീലിയോയുടെ ജന്മനാടിന് ഇത് വലിയ ഖ്യാതിയാണ് നല്‍കിയത്.
സ്വര്‍ഗീയ സങ്കല്‍പ്പം തകരുന്നു
ടസ്‌കനിപ്രഭു കോസിമോ രണ്ടാമന്‍ ഡി മെഡിസിക്ക് തന്റെ പുസ്‌തകം സമര്‍പ്പിച്ച ഗലീലിയോ, വ്യാഴത്തിന്റെ ചന്ദ്രന്‍മാര്‍ക്ക് മെഡിസി കുടുംബത്തിന്റെ പേരാണ് നല്‍കിയത്-'മെഡിസിയന്‍ താരങ്ങള്‍' എന്ന്. ഗലീലിയോ സമ്മാനിച്ച ടെലസ്‌കോപ്പിന്റെ സഹായത്തോടെ ജോഹാന്നസ് കെപ്ലര്‍ വ്യാഴത്തിന്റെ ചന്ദ്രന്‍മാരുടെ കാര്യം സ്ഥിരീകരിച്ചിരുന്നു. കെപ്ലറുടെ നിര്‍ദേശപ്രകാരം സിമോണ്‍ മാരിയസ് ആണ് വ്യാഴത്തിന്റെ നാല് ചന്ദ്രന്‍മാര്‍ക്ക് ഗ്രീക്കില്‍ നിന്നുള്ള ഇയോ, കാലിസ്‌റ്റോ, ഗാനീമീഡ്, യൂറോപ്പ എന്നീ പേരുകള്‍ 1614 ഇട്ടത്. (ഗലീലിയോ നിരീക്ഷിക്കുന്നതിന് ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് സിമോണ്‍ മാരിയസ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ നിരീക്ഷിച്ചിരുന്നെങ്കിലും, കണ്ടെത്തല്‍ ആദ്യം പ്രസിദ്ധീകരിച്ച വ്യക്തിയെന്ന നിലയ്‌ക്കാണ് ഗലീലിയോയുടെ പേരില്‍ അവ അറിയപ്പെടുന്നത്). ഗ്രീക്ക് പേരുകള്‍ പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ടു. 1800-കളുടെ പകുതി മുതല്‍ 'ഗലീലയന്‍ ഉപഗ്രഹങ്ങള്‍' എന്ന് അവ അറിയപ്പെട്ടു.
രണ്ടുതവണ വിട്ടുപോന്ന പിസ സര്‍വകലാശാലയിലാണ് വാനനിരീക്ഷണം ഗലീലിയോയെ വീണ്ടുമെത്തിച്ചത്. ജന്മനാടിന് ഖ്യാതി നേടിക്കൊടുത്തവന്‍ എന്ന നിലയ്‌ക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട പിസ സര്‍വകലാശാലയിലെ മുഖ്യഗണിതശാസ്‌ത്രജ്ഞന്‍ പദവി ഗലീലിയോ സ്വീകരിച്ചു. ടസ്‌കനിപ്രഭുവിന്റെ ആസ്ഥാനശാസ്‌ത്രജ്ഞന്‍ എന്ന ആയുഷ്‌ക്കാല പദവിയും നല്‍കപ്പെട്ടു. പ്രതിവര്‍ഷം 1000 ക്രൗണ്‍ ശമ്പളം. ക്ലാസെടുക്കേണ്ട ചുമതലയില്ല. 1610 മെയിലായിരുന്നു അത്. പാദുവ സര്‍വകലാശാലയില്‍ വര്‍ധിപ്പിച്ച ശമ്പളം താന്‍ കൈപ്പറ്റിത്തുടങ്ങിയിട്ടില്ലാത്തിനാല്‍, വെനീസിനോട് തനിക്ക് വലിയ ബാധ്യതയൊന്നുമില്ല എന്ന നിലപാടാണ് ഗലീലിയോ സ്വീകരിച്ചത്. ആ ഒക്ടോബറില്‍ 18 വര്‍ഷത്തിന് ശേഷം ഗലീലിയോ വീണ്ടും ഫ്‌ളോറന്‍സില്‍ തിരികെയെത്തി. സാമ്പത്തിക അരക്ഷിതാവസ്ഥ ഗലീലിയോയെ വിട്ടൊഴിയുന്നത്‌് ഈ സമയത്താണ്. പക്ഷേ, ഗലീലിയോയുടെ മക്കള്‍ക്ക് ജന്മം നല്‍കിയ മറിന ഗാംബ പാദുവയില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. ഇരുവരും എന്നന്നേക്കുമായി വേര്‍പിരിഞ്ഞു. രണ്ടു പെണ്‍മക്കള്‍ പിതാവിനൊപ്പം ഫ്‌ളോറന്‍സിലെത്തി. മകന്‍ പിന്നീട് എത്തി. പെണ്‍മക്കള്‍ രണ്ടുപേരും കന്യാസ്‌ത്രീകളായി.
പാദുവ വിടുന്ന സമയത്ത് ശനി ഗ്രഹത്തിന് എന്തോ ഒരു അസാധാരണത്വം ഗലീലിയോ നിരീക്ഷിച്ചിരുന്നു. അത് ശനിയുടെ വലയങ്ങളാണെന്ന് വ്യക്തമാകാന്‍ ലോകം ക്രിസ്‌ത്യാന്‍ ഹൈജന്‍സിന്റെ വിശദീകരണം ലഭിക്കും വരെ കാക്കേണ്ടിയിരുന്നു. 1610 ഒക്ടോബറില്‍ ഫ്‌ളോറന്‍സില്‍ എത്തി അധികം കഴിയുംമുമ്പ് ശുക്രന് ചന്ദ്രന്റേതുപോലെ വൃദ്ധിക്ഷയങ്ങള്‍ ഉള്ളതായി ഗലീലിയോ കണ്ടെത്തി. സൂര്യനെ ശുക്രന്‍ പരിക്രമണം ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം അനുമാനിച്ചു. ഭൂമിയെയല്ല, സൂര്യനെയാണ് ശുക്രന്‍ പരിക്രമണം ചെയ്യുന്നത് എന്നാണ് ഇതിനര്‍ഥം. കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം ശരിയാണെന്നുള്ളതിന് ശക്തമായ തെളിവായി ശുക്രന്റെ വൃദ്ധിക്ഷയങ്ങളുടെ കണ്ടെത്തല്‍. എന്നാല്‍, കടുംപിടത്തക്കാര്‍ ഇതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ആകാശം കുറ്റമറ്റതും ഭൂമി പ്രപഞ്ചകേന്ദ്രവുമാണെന്ന വ്യവസ്ഥാപിത വിശ്വാസത്തില്‍ കടിച്ചുതൂങ്ങി. ഈ സമയത്താണ് സൂര്യകളങ്കങ്ങള്‍ ഗലീലിയോ നിരീക്ഷിക്കുന്നത് (മറ്റ് ചില വാനനിരീക്ഷകര്‍ ഇത് കണ്ടിരുന്ന കാര്യം ഗലീലിയോയ്‌ക്ക് അറിയാമായിരുന്നില്ല). സ്വര്‍ഗം കുറ്റമറ്റതാണെന്ന അരിസ്റ്റോട്ടിലിയന്‍ വാദത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു ആ കണ്ടെത്തല്‍.
വത്തിക്കാനും ഗലീലിയോയും
ഗലീലിയോയുടെ ഓരോ കണ്ടെത്തലും കോപ്പര്‍നിക്കസിന്റെ പ്രപഞ്ചസങ്കല്‍പ്പം ശരിയെന്ന് തെളിയിക്കുന്നവ ആയിരുന്നു. പക്ഷേ, അക്കാര്യം പൊതുവേദിയില്‍ പ്രസ്‌താവിക്കാതിരിക്കാനും അച്ചടിക്കാതിരിക്കാനും ഗലീലിയോ എപ്പോഴും ശ്രദ്ധിച്ചു. സൂര്യകേന്ദ്ര പ്രപഞ്ചസങ്കല്‍പ്പം പ്രചരിപ്പിച്ചതിന് കത്തോലിക്കസഭ മതദ്രോഹവിചാരണ ചെയ്‌ത് ചുട്ടെരിച്ച ബ്രൂണോയുടെ അനുഭവം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. അഭിപ്രായങ്ങള്‍ക്ക് പകരം, താന്‍ കണ്ടെത്തിയ തെളിവുകളും നിരീക്ഷണഫലങ്ങളും സ്വയം സംസാരിക്കട്ടെയെന്ന് ഗലീലിയോ കരുതി. അതിന്റെ അടിസ്ഥാനത്തില്‍ എപ്പോഴായാലും സഭയ്‌ക്ക് നേരായ വഴിയിലേക്ക് എത്താതിരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. ഇത്തരമൊരു ചിന്താഗതിയാണ് ടെലസ്‌കോപ്പുമായി റോമിലേക്ക് തിരിക്കാന്‍ 1611 മാര്‍ച്ചില്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ടസ്‌കന്‍ രാജ്യത്തിന്റെ ഔദ്യോഗിക ശാസ്‌ത്രഅമ്പാസഡര്‍ എന്ന നിലയ്‌ക്കായിരുന്നു ആ ഉദ്യമം. ജൂണ്‍ വരെ നീണ്ട വത്തിക്കാന്‍ സന്ദര്‍ശനം വന്‍വിജയമായി. പോള്‍ അഞ്ചാമന്‍ മാര്‍പാപ്പയെ മുട്ടില്‍ നിന്നല്ലാതെ അഭിസംബോധന ചെയ്യാന്‍ ഗലീലിയോയ്‌ക്ക് അനുവാദം ലഭിച്ചു.
പാദുവയില്‍ വെച്ച് ഗലീലിയോ ബന്ധം സ്ഥാപിച്ച കര്‍ദിനാള്‍ റോബര്‍ട്ടോ ബെല്ലാര്‍മിന്‍ (ബ്രൂണോയുടെ വിചാരണയില്‍ പങ്കുവഹിച്ച വ്യക്തി) അപ്പോള്‍ വത്തിക്കാനില്‍ മാര്‍പാപ്പയുടെ വലംകൈയാണ്. ബെല്ലാര്‍മിന്‍ നേരിട്ട് ടെലസ്‌കോപ്പിലൂടെ ആകാശം നിരീക്ഷിക്കുകയും, ഗലീലിയോയുടെ അവകാശവാദം ശരിയോ എന്ന് പരിശോധിക്കാന്‍ വാനനിരീക്ഷകരായ സന്ന്യാസിമാരുടെ ഒരു ശാസ്‌ത്രഉപസമിതിയെ നിയമിക്കുകയും ചെയ്‌തു. ജസ്യൂട്ട് പാതിരിമാര്‍ ഉള്‍പ്പെട്ട ആ ഉപസമിതിയുടെ കണ്ടെത്തലുകള്‍ ഇവയായിരുന്നു:
ഇതുമാത്രമല്ല, മറ്റൊരു സംഗതിയിലും ഗലീലിയോയെ സംബന്ധിച്ച് ആ റോം സന്ദര്‍ശനം അവിസ്‌മരണീയമായി. ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ശാസ്‌ത്രസംഘടന എന്ന് കരുതാവുന്ന റോമിലെ 'ലിന്‍സിയന്‍ അക്കാദമി'യില്‍ അദ്ദേഹത്തിന് അംഗത്വം ലഭിച്ചു. 1603-ല്‍ വിജ്ഞാനകുതുകികളായ നാല് പ്രഭുകുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് അക്കാദമിക്ക് രൂപം നല്‍കിയത്. ഗലീലിയോയുടെ ബഹുമാനാര്‍ഥം 1611 ഏപ്രില്‍ 14-ന് അക്കാദമി ഒരുക്കിയ വിരുന്നില്‍ വെച്ച് ഗ്രീക്ക് കവിയും ദൈവശാസ്‌ത്രജ്ഞനുമായ ജോണ്‍ ഡെമിസിയാനി ചാരഗ്ലാസിനെ 'ടെലസ്‌കോപ്' എന്ന് ആദ്യമായി വിളിച്ചു. 'അകലെയുള്ളവ കാണാന്‍ കഴിയുന്നത്' എന്നതിന്റെ ഗ്രീക്ക് പ്രയോഗമായിരുന്നു അത്.
വത്തിക്കാന്‍ സന്ദര്‍ശനം വിജയമായതിന്റെയും, തന്റെ കണ്ടെത്തലുകള്‍ക്ക് ഭാഗികമായെങ്കിലും അംഗീകാരം ലഭിച്ചതിന്റെയും ആഹ്ലാദത്തിലാണ് ജൂണില്‍ ഗലീലിയോ ഫ്‌ളോറന്‍സില്‍ മടങ്ങിയെത്തിയത്. അഭിപ്രായങ്ങള്‍ കുറച്ചുകൂടി ഉറക്കെ പറയാന്‍ തീര്‍ച്ചയായും റോം സന്ദര്‍ശനം അദ്ദേഹത്തിന് ധൈര്യം നല്‍കി. ക്രിസ്‌റ്റിന രാജ്ഞിക്ക് 1614-ല്‍ ഇങ്ങനെ എഴുതി-`പരിക്രമണം ചെയ്യുന്ന ആകാശഗോളങ്ങളുടെ മധ്യത്തില്‍ സൂര്യനാണ് സ്ഥിതിചെയ്യുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭൂമി കറങ്ങുന്നത് സൂര്യന് ചുറ്റുമാണ്'. ബൈബിള്‍ പറയുന്നതുമായി ഇത് യോജിക്കുമോയെന്ന ക്രിസ്‌റ്റിനയുടെ ആശങ്കയ്‌ക്ക് ഗലീലിയോയുടെ മറുപടി ഇങ്ങനെയായിരുന്നു-`പ്രകൃതി പ്രതിഭാസങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍, എഴുതിവെച്ചിരിക്കുന്നതിന്റെ ആധികാരികതയുമായി ഒരാള്‍ അവയെ സമീപിക്കരുത്, പകരം ബോധപൂര്‍മായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വേണം സമീപിക്കാന്‍'. ഇതിനെക്കാള്‍ വ്യക്തമായി ശാസ്‌ത്രീയസമീപനത്തെ വിവരിക്കാന്‍ കഴിയില്ല.
ഗലീലിയോ വിമര്‍ശിക്കപ്പെടുന്നു
1613-ല്‍ സൂര്യകളങ്കങ്ങളെപ്പറ്റി രചിച്ച ഗ്രന്ഥം (Letters on Sunspots) ലിന്‍സിയന്‍ അക്കാദമി പ്രസിദ്ധീകരിച്ചു. അതിന്റെ ആമുഖത്തില്‍ സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത് ഗലീലിയോ ആണെന്ന് ചേര്‍ത്തത് ജസ്യൂട്ട് വാനശാസ്‌ത്രജ്ഞന്‍ ക്രിസ്‌റ്റഫര്‍ ഷീനറുമായി കഠിനമായ സ്‌പര്‍ദയ്‌ക്കിടയാക്കി. വ്യാഴത്തിന്റെ ചന്ദ്രന്‍മാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കോപ്പര്‍നിക്കസിന്റെ സിദ്ധാന്തം അംഗീകരിക്കുന്ന ഒരു പ്രസ്‌താവനയും ഗ്രന്ഥത്തില്‍ കടന്നുകൂടി. ഇതുസംബന്ധിച്ച് ഗലീലിയോയുടെ സ്വകാര്യ അഭിപ്രായങ്ങളും എത്തേണ്ട കാതുകളില്‍ എത്തുന്നുണ്ടായിരുന്നു. ഗലീലിയോയ്‌ക്കെതിരെ വിമര്‍ശം ഉയരാന്‍ തുടങ്ങി. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അന്തരീക്ഷം മയപ്പെടുത്താനുമായി റോമിലേക്ക് വീണ്ടുമൊരു യാത്രയ്‌ക്ക് അദ്ദേഹം ഒരുങ്ങി. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് റോമിലെ ടസ്‌കന്‍ അമ്പാസഡര്‍ നല്‍കിയ മുന്നറിയിപ്പും, മോശമായ തന്റെ ആരോഗ്യസ്ഥിതിയും അവഗണിച്ച് 1615 ഡിസംബര്‍ 11-ന് റോമില്‍ അമ്പാസഡറുടെ വസതിയിലെ ഔദ്യോഗിക അതിഥിയായി ഗലീലിയോ എത്തി.
ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് ഗലീലിയോ എത്തിയതോടെ റോമില്‍ അരങ്ങേറിയത്. കര്‍ദിനാള്‍ ബെല്ലാര്‍മിന്റെ ഉപദേശപ്രകാരം പോള്‍ ആറാമന്‍ മാര്‍പാപ്പ ഒരു പാപ്പല്‍ കമ്മീഷനെ നിയമിച്ചു. കോപ്പര്‍നിക്കസിന്റെ ആശയങ്ങള്‍ മതവിരുദ്ധമാണോ എന്ന് കണ്ടെത്തുകയായിരുന്നു കമ്മീഷന്റെ ജോലി. സൂര്യന്‍ പ്രപഞ്ചകേന്ദ്രമെന്ന് പറയുന്നത് വിഡ്‌ഢിത്തവും വങ്കത്തവുമാണ്, അതുകൊണ്ട് തന്നെ ആ വിശ്വാസം മതദ്രോഹപരവുമാണ് എന്ന് കമ്മീഷന്‍ വിധിയെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോപ്പര്‍നിക്കസ് ആശയങ്ങളില്‍ 'വിശ്വസിക്കുകയോ അതിനെ പ്രതിരോധിക്കുകയോ അത് പഠിപ്പിക്കുകയോ അരുത്' എന്ന് ഗലീലിയ്‌ക്ക് മുന്നറിയിപ്പു നല്‍കാന്‍ ബല്ലാര്‍മിനെ മാര്‍പാപ്പ ചുമതലപ്പെടുത്തി. ഗലീലിയോ ഈ നിര്‍ദേശത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മതദ്രോഹവിചാരണ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കാനും മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി.
പിന്നീട് നടന്ന കാര്യങ്ങളെപ്പറ്റി ചരിത്രരേഖകളില്‍ ചില അവ്യക്തതകളുണ്ട്. 1616 ഫിബ്രവരി 26-നാണ് മാര്‍പാപ്പയുടെ ഉത്തരവ് ഔദ്യോഗികമായി ധരിപ്പിക്കാന്‍ ബെല്ലാര്‍മിന്‍ ഗലീലിയോയെ വിളിപ്പിച്ചത്. മതദ്രോഹവിചാരണയുടെ ഔദ്യോഗിക ചുമതലക്കാരും മുറിയിലുണ്ടായിരുന്നു. ഗലീലിയോ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അപ്പോള്‍ തന്നെ തടവിലാക്കാനായിരുന്നു ഉദ്ദേശം. എതിര്‍പ്പ് പ്രകടിപ്പിക്കാതെ അദ്ദേഹം മാര്‍പാപ്പയുടെ ഉത്തരവ് കേട്ടു. പക്ഷേ, മതദ്രോഹവിചാരണക്കാര്‍ അവിടെ നടന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുകയും ആ അനൗദ്യോഗി മിനിറ്റ്‌സില്‍ ഗലീലിയോയെക്കൊണ്ട് ഒപ്പിടുവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. രോക്ഷാകുലനായ ബല്ലാര്‍മിന്‍ ഗലീലിയോയെ ഉടന്‍തന്നെ മുറിയില്‍നിന്ന് മാറ്റി. ഗലീലിയോ ശിക്ഷിക്കപ്പെട്ടതായി കിംവദന്തി പരന്നു. അങ്ങനെയൊന്നും സംഭവിച്ചില്ല എന്നുള്ള ബെല്ലാര്‍മിന്റെ സാക്ഷിപത്രവും ക്ഷതമേറ്റ മനസുമായി ഗലീലിയോ ഫ്‌ളോറന്‍സിലേക്ക് മടങ്ങി.
ഗലീലിയോയുടെ പില്‍ക്കാല ജീവിതം രോഗപീഢകളാല്‍ ദുരിതമയമായിരുന്നു. മുമ്പുതന്നെ സന്ധിവാതം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഹെര്‍ണിയ കൂടി പിടികൂടി. 1617-ല്‍ ഫ്‌ളോറന്‍സിന് പടിഞ്ഞാറ് മലഞ്ചെരുവിലെ 'ബെല്ലോസ്‌ഗ്വാര്‍ഡോ'യെന്ന് പേരുള്ള കൊട്ടാരസദൃശമായ വസതിയിലേക്ക് താമസം മാറ്റി. അടുത്തുള്ള അര്‍സെട്രി കോണ്‍വെന്റിലാണ് അദ്ദേഹത്തിന്റെ പെണ്‍മക്കളായ വിര്‍ജിനിയയും ലിവിയയും ചേര്‍ന്നിരുന്നത്. അവരെ ഇടയ്‌ക്ക് കാണാന്‍ സൗകര്യമൊരുക്കുന്നതായിരുന്നു പുതിയ വസതി. 1618-ല്‍ മൂന്ന് വാല്‍നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ബെനഡിക്ടന്‍ പാതിരിമാരുമായി മറ്റൊരു വിവാദത്തിനിടയാക്കി. വാല്‍നക്ഷത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബനഡിക്ടന്‍ പാതിരിമാര്‍ എഴുതിയത് ഇലിയഡ് പോലുള്ള സാങ്കല്‍പ്പിക സംഗതികളാണെന്ന് ഗലീലിയോ കളിയാക്കി. വാല്‍നക്ഷത്രങ്ങളെക്കുറിച്ച് ഗലീലിയോ രചിച്ച 'ദി അസ്സയര്‍' എന്ന ഗ്രന്ഥത്തിലാണ് ഈ പരിഹാസം നടത്തിയത് (ദൗര്‍ഭാഗ്യവശാല്‍ വാല്‍നക്ഷത്രങ്ങളെപ്പറ്റി ഗലീലിയോ എഴുതിയതും തെറ്റായിരുന്നു). 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെന്ന' പ്രസിദ്ധമായ പ്രസ്‌താവം ഈ ഗ്രന്ഥത്തിലാണുള്ളത്.
1620-കളില്‍ മുപ്പതുവര്‍ഷ യുദ്ധം താത്‌ക്കാലികമായി കത്തോലിക്കവിഭാഗത്തിന് അനുകൂലമായി മാറി. ഇറ്റലിയിലാകെ രാഷ്ട്രീയ സാഹചര്യം മാറി. ഗലീലിയോയുടെ ജീവിതത്തെ നാടകീയമായി സ്വാധീനിക്കത്തക്കവിധമായിരുന്നു ഈ മാറ്റങ്ങള്‍. 1621-ല്‍ റോമും ഗലീലിയോയും തമ്മിലുള്ള വിവാദവുമായി അടുത്ത് ബന്ധമുള്ള മൂന്ന് സുപ്രധാന വ്യക്തികള്‍ മരിച്ചു-പോള്‍ ആറാമന്‍ മാര്‍പാപ്പയും, ഗലീലിയോയെ അടുത്തറിയാവുന്ന കര്‍ദിനാള്‍ ബല്ലാര്‍മിനും, ഗലീലിയോയെ എന്നും സംരക്ഷിച്ചു പോന്ന ടസ്‌കനിപ്രഭുവായ കോസിമോ രണ്ടാമനും (മുപ്പതാം വയസ്സില്‍). ടസ്‌കനിയുടെ ഭരണച്ചുമതല കോസിമോയുടെ ഭാര്യയുടെയും അമ്മയുടെയും ചുമലിലായി (ടസ്‌കനിയുടെ അനന്തരാവകാശിയായ ഫെര്‍ഡിനാന്‍ഡോ രണ്ടാമന് അന്ന് പ്രായം വെറും 11 വയസ്സ്). ഇറ്റാലിയന്‍ രാഷ്ട്രിയത്തില്‍ ടസ്‌കനിക്കുണ്ടായിരുന്ന സ്വാധീനം ക്ഷയിച്ചു. റോമിനെ എതിര്‍ത്തുകൊണ്ട് ആരെയും സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ഗലീലിയോയുടെ ജന്മനാട് എന്നുസാരം. അടുത്ത മാര്‍പാപ്പ ഗ്രിഗറി പതിനഞ്ചാമന്‍ 1623-ല്‍ അന്തരിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് 'ദി അസ്സയര്‍' പ്രസിദ്ധീകരിക്കാന്‍ ഗലീലിയോയ്‌ക്ക് മാര്‍പാപ്പ അനുമതി നല്‍കിയിരുന്നു.
സ്വാധീനമുള്ള കുടുംബങ്ങളില്‍ സുഹൃത്തുക്കളെ സൃഷ്ടിക്കാന്‍ അപ്പോഴും ഗലീലിയോ ശ്രമിച്ചിരുന്നു. റോമിലെ ഏറ്റവും സ്വാധീനമുള്ള പ്രഭുകുടുംബത്തിലെ ഫ്രാന്‍സെസ്‌കോ ബാര്‍ബെറിനി അതില്‍ ഒരാളായിരുന്നു. 1623-ല്‍ പിസ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ആ ജൂണില്‍ ഫ്രാന്‍സെസ്‌കോയുടെ അമ്മാവനായ കര്‍ദിനാള്‍ മഫെവോ ബാര്‍ബെറിനിയുടെ പക്കല്‍നിന്ന്, അനന്തിരവനെ സഹായിച്ചതിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്ത് ഗലീലിയോയ്‌ക്ക് ലഭിച്ചു. ഗലീലിയോയുടെ ശാസ്‌ത്രനേട്ടങ്ങളെ വാനോളം പുകഴ്‌ത്തിയിട്ടുള്ള വ്യക്തിയായിരുന്നു കര്‍ദിനാള്‍ ബാര്‍ബെറിനി. ഗലീലിയയ്‌ക്കുള്ള കത്ത് എഴുതപ്പെട്ട് രണ്ടാഴ്‌ച കഴിഞ്ഞപ്പോഴാണ് ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ അന്ത്യം. അടുത്ത മാര്‍പാപ്പയായി കര്‍ദിനാള്‍ ബാര്‍ബെറിനി തിരഞ്ഞെടുക്കപ്പെട്ടു. ഉര്‍ബാന്‍ എട്ടാമന്‍ എന്നദ്ദേഹം പേര് സ്വീകരിച്ചു. അനന്തിരവന്‍ ഫ്രാന്‍സെസ്‌കോയെ ഉടന്‍ തന്നെ അദ്ദേഹം കര്‍ദിനാളായി വാഴിക്കുകയും ചെയ്‌തു. ഗലീലിയോയുടെ പുതിയ പുസ്‌തകമായ 'ദി അസ്സയര്‍' പ്രസിദ്ധീകരിച്ച ലിന്‍സിയന്‍ അക്കാദമിക്ക് ഏതായാലും ഉര്‍ബാന്‍ എട്ടാമന് ആ പുസ്‌തകം സമര്‍പ്പിക്കുന്നു എന്ന് അച്ചടിക്കാനുള്ള സമയം ലഭിച്ചു. അത് പുതിയ മാര്‍പാപ്പയെ അങ്ങേയറ്റം സുഖിപ്പിച്ചു. ബെനഡിക്ടന്‍ സന്ന്യാസിമാരുടെ നിഗമനങ്ങളെക്കുറിച്ച് ഗലീലിയോ നടത്തിയ കുത്തുവാക്കുകള്‍ മാര്‍പാപ്പ രസിച്ചു വായിച്ചു.
പുതിയ മാര്‍പാപ്പയെയും ഫ്രാന്‍സിസ്‌കോയെയും സന്ദര്‍ശിക്കാനായി 1624-ലെ വസന്തകാലത്ത് ഗലീലിയോ വീണ്ടും റോമിലെത്തി. വലിയ സ്വീകരണമാണ് ലഭിച്ചത്. മാര്‍പാപ്പയുടെ സ്വര്‍ണമെഡലും മറ്റ് ആനുകൂല്യങ്ങളും ഗലീലിയോയ്‌ക്ക് സമ്മാനിക്കപ്പെട്ടു (മകന്‍ വിന്‍സെന്‍സിയോയ്‌ക്കുള്ള ആയുഷ്‌കാല പെന്‍ഷനും ആനുകൂല്യങ്ങളില്‍ പെടുന്നു). ഗലീലിയോയെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ടസ്‌കനിപ്രഭുവായ ഫെര്‍ഡിനാന്‍ഡോ രണ്ടാമന് മാര്‍പാപ്പ കത്തുമെഴുതി. പക്ഷേ, യഥാര്‍ഥ ബഹുമതി ഇതൊന്നുമായിരുന്നല്ല. രണ്ട് പ്രപഞ്ചമാതൃകകളെയും (ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തവും കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തവും) കുറിച്ച് ഒരു ഗ്രന്ഥമെഴുതാനുള്ള മാര്‍പാപ്പയുടെ അനുമതിയായിരുന്നു യഥാര്‍ഥ ബഹുമതി. പക്ഷഭേദമില്ലാതെ ഇരു മാതൃകകളും വിവരിക്കണം, കോപ്പര്‍നിക്കസിന്റെ മാതൃകയെ അനുകൂലിച്ച് പുസ്‌തകത്തില്‍ ഗലീലിയോ വാദിക്കാന്‍ പാടില്ല-ഇതായിരുന്നു നിബന്ധന. അനുകൂലിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയോടെ കോപ്പര്‍നിക്കസ് മാതൃക പഠിപ്പിക്കാനും അനുമതി ലഭിച്ചു.
'സംവാദം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'രണ്ട് മുഖ്യ പ്രപഞ്ച സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദം' (Dialogue on the Two Chief World Systems) എന്ന പ്രസിദ്ധഗ്രന്ഥം 1629 നവംബറില്‍ ഗലീലിയോ പൂര്‍ത്തിയാക്കി. പേരുപോലെതന്നെ വ്യത്യസ്‌ത പ്രപഞ്ച മാതൃകകളെക്കുറിച്ച് രണ്ട് വ്യക്തികള്‍ നടത്തുന്ന സംവാദമായാണ് പുസ്‌തകം രചിക്കപ്പെട്ടത്. ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോയും കോപ്പര്‍നിക്കസിന്റെ പ്രപഞ്ചമാതൃക അനുകൂലിക്കുന്ന സാല്‍വിയാട്ടിയും തമ്മിലുള്ള സംവാദമാണ് ഉള്ളടക്കം. പുസ്‌തകത്തിലെ മൂന്നാമത്തെ ശബ്ദം ഇരുപക്ഷത്തും ചേരാതെ സംവാദം മുന്നോട്ടുകൊണ്ടുപോകുന്ന സാഗ്രെഡോയുടേതാണ്. പക്ഷേ, ഈ മൂന്നാമന്‍ കൂടുതല്‍ കൂടുതല്‍ സാല്‍വിയാട്ടിയുടെ ഭാഗത്തേക്ക് ചായുകയും കോപ്പര്‍നിക്കസ് മാതൃകയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നതായി പുസ്‌തകം സൂക്ഷിച്ചു വായിക്കുമ്പോള്‍ മനസിലാകും. റോമിലെ ഔദ്യോഗിക സെന്‍സറും ഡൊമിനിക്കന്‍ പുരോഹിതനുമായ നിക്കോലോ റിക്കാര്‍ഡിക്ക് 1630 മെയില്‍ ഗലീലിയോ കൈയെഴുത്ത് പ്രതി സമര്‍പ്പിച്ചു. ഇറ്റലിയുടെ തെക്കുഭാഗത്ത് പ്ലേഗ്‌ബാധ പടരുന്നത് മൂലം പുസ്‌തകത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാകും മുമ്പ് ജൂണില്‍ തന്നെ അദ്ദേഹത്തിന് റോമില്‍നിന്ന് മടങ്ങേണ്ടി വന്നു.
പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം റോമില്‍ ലിന്‍സിയന്‍ അക്കാദമി നിര്‍വഹിക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്ലേഗ്‌ബാധ മൂലമുണ്ടായ പ്രശ്‌നങ്ങളും, ലിന്‍സിയന്‍ അക്കാദമിയിലെ പ്രമുഖനായ ഫ്രെഡറികോ സെസി രാജകുമാരന്റെ അകാല നിര്യാണവും മൂലം കാര്യങ്ങള്‍ ആഴയക്കുഴപ്പത്തിലായി. പുസ്‌തകം ഒടുവില്‍ ഫ്‌ളോറന്‍സില്‍ തന്നെ അച്ചടിക്കാന്‍ സഭ അനുമതി നല്‍കിയെങ്കിലും, 1631 ജൂണിലേ അച്ചടി തുടങ്ങാനായുള്ളു. പ്ലേഗ് മൂലം എല്ലാ സാധാരണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 'സംവാദ'ത്തിന്റെ ആദ്യകോപ്പികള്‍ ഫ്‌ളോറന്‍സില്‍ വില്‍പ്പനയ്‌ക്ക് തയ്യാറായത് 1632 മാര്‍ച്ചിലാണ്. ഏതാനും കോപ്പികള്‍ ഉടന്‍ തന്നെ റോമില്‍ എത്തിച്ചു. താന്‍ പുസ്‌തകം വായിച്ച് എത്ര ആഹ്ലാദചിത്തനായെന്ന് മാര്‍പാപ്പയുടെ അനന്തരവന്‍ കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോ ഗലീലിയോയ്‌ക്ക് എഴുതി. എന്നാല്‍, എല്ലാവരും അങ്ങനെ ആഹ്ലാദിക്കുന്നവര്‍ ആയിരുന്നില്ല.
പുസ്‌തകത്തില്‍ സൂര്യകളങ്കങ്ങളെക്കുറിച്ച് പറയുന്നിടത്ത് ജസ്യൂട്ടായ ക്രിസ്‌റ്റഫര്‍ ഷീനറെ വീണ്ടും ചെറുതായി കുത്തിനോവിക്കാന്‍ ഗലീലിയോ മറന്നില്ല. കോപ്പര്‍നിക്കസ് മാതൃക വെറും അനുമാനം മാത്രമാണെന്ന് പുസ്‌തകത്തിന്റെ അവസാനം ചേര്‍ക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നത് സെന്‍സര്‍ റിക്കാര്‍ഡി ഗലീലിയോയെ അറിയിച്ചിരുന്നു. ഗ്രന്ഥത്തില്‍ ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോ പറയുന്നതായാണ് ഗലീലിയോ ഇത് ചേര്‍ത്തത്. പുസ്‌തകത്തില്‍ സാഗ്രെഡോ കോപ്പര്‍നിക്കസിനോട് ചായ്‌വ് കാട്ടുന്നതിനാല്‍, അത്തരത്തിലൊരു അഭിപ്രായം വേറാരുടെയും നാവില്‍ വെച്ചുകൊടുക്കാനാകുമായിരുന്നില്ല. എന്നാല്‍, ഇത് ഗലീലിയോ മനപ്പൂര്‍വം ചെയ്‌തതാണെന്ന അഭിപ്രായമുയര്‍ന്നു. മാര്‍പാപ്പ തന്നെയാണ് ടോളമിയെ അനുകൂലിക്കുന്ന സിംപ്ലിസിയോയെന്ന് ഇതുവഴി ഗലീലിയോ വരുത്തിത്തീര്‍ത്തിരിക്കുകയാണെന്ന അഭിപ്രായം ഉര്‍ബാന്‍ എട്ടാമനെ ചൊടിപ്പിച്ചു.
കുറ്റവും ശിക്ഷയും
സംഭവത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാന്‍ ഒരു പാപ്പല്‍ കമ്മിഷനെ നിയമിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. പഴയരേഖകളില്‍ എന്തെങ്കിലും ഗലീലിയോയ്‌ക്കെതിരെ ലഭ്യമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിക്കപ്പെട്ടു. ഗലീലിയോയെ മുമ്പേ വിമര്‍ശിച്ചിരുന്ന ജസ്യൂട്ടുകള്‍ നിര്‍ണായകമായ തെളിവ് ഹാജരാക്കി-1616 ലെ നടപടികളുടെ അനൗദ്യോഗിക മിനിറ്റ്‌സ്. കോപ്പര്‍നിക്കസ് ആശയങ്ങളില്‍ 'വിശ്വസിക്കുകയോ അതിനെ പ്രതിരോധിക്കുകയോ അത് പഠിപ്പിക്കുകയോ അരുത്' എന്ന് ഗലീലിയോയെ സഭ വിലക്കിയിട്ടുള്ളതിന്റെ തെളിവായിരുന്നു ഒപ്പുവെയ്‌ക്കാത്ത ആ നടപടി രേഖകള്‍. ആ തെളിവിന്റെ അടിസ്ഥാനത്തില്‍ ഗലീലിയോയോട് റോമിലെത്താനും മതദ്രോഹത്തിന് വിചാരണ നേരിടാനും ഉര്‍ബാന്‍ എട്ടാമന്‍ ഉത്തരവിട്ടു. മാര്‍പാപ്പയുടെ ഔദ്യോഗിക സെന്‍സര്‍ പാസാക്കിയ ഒരു പുസ്‌തകത്തിന്റെ പേരിലാണ് ഇതെന്നോര്‍ക്കണം. പുസ്‌തകത്തിന്റെ വിതരണം നിര്‍ത്തിവെയ്‌ക്കാന്‍ വത്തിക്കാന്‍ ശ്രമിച്ചെങ്കിലും, അച്ചടി ഫ്‌ളോറന്‍സിലായതിനാല്‍ അതത്ര എളുപ്പമായിരുന്നില്ല.
പ്രായാധിക്യവും രോഗത്തിന്റെ കാഠിന്യവും മൂലം റോമിലേക്കുള്ള യാത്ര നീട്ടിത്തരാന്‍ ഗലീലിയോ അഭ്യര്‍ഥിച്ചു. ടസ്‌കന്‍ നാട്ടുരാജ്യത്തിന്റെ രാഷ്ട്രീയ പിന്തുണ ഇക്കാര്യത്തില്‍ നേടാനും ശ്രമിച്ചെങ്കിലും, അപ്പോള്‍ വെറും 19 വയസ്സ് മാത്രം പ്രായമുള്ള ഫെര്‍ഡിനാന്‍ഡോ രണ്ടാമന് ഇക്കാര്യത്തില്‍ കാര്യമായ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 1633 ഫിബ്രവരി 13-ന് ഗലീലിയോ വീണ്ടും റോമിലെത്തി. ഏപ്രിലിലാണ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഗലീലിയോയ്‌ക്കെതിരെ കാര്യമായ കുറ്റങ്ങളൊന്നും കണ്ടെത്താനായില്ല എന്നതാണ് വാസ്‌തവം. ലാറ്റിന് പകരം ഇറ്റാലിയനിലാണ് ഗലീലിയോ എഴുതുന്നതെന്നും, അതിനാല്‍ സാധാരണക്കാര്‍ക്ക് അത് മനസിലാകുന്നു എന്നതുവരെ ഗലീലിയോയ്‌ക്കെതിരെ കുറ്റമായി ആരോപിക്കപ്പെട്ടു. 1616-ലെ അനൗദ്യോഗിക രേഖയല്ലാതെ, ഗലീലിയോ എന്തെങ്കിലും മതദ്രോഹം പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ ജസ്യൂട്ടുകളുടെ പക്കല്‍ തെളിവ് എന്തെങ്കിലും ഉണ്ടായിരുന്നില്ല. 1616-ല്‍ തനിക്ക് ഒരു തരത്തിലുള്ള ശിക്ഷയും മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് കര്‍ദിനാള്‍ ബല്ലാര്‍മിന്‍ നല്‍കിയ രേഖ ഗലീലിയോ ഹാജരാക്കിയതോടെ ജസ്യൂട്ടുകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.
മതദ്രോഹവിചാരണയുടെ ഒരു പ്രശ്‌നം, ഒരിക്കല്‍ അത് പൂര്‍ണതോതില്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടേ തീരൂ എന്നതാണ്. മതദ്രോഹം ചെയ്‌തുവെന്ന് ആരോപിക്കപ്പെടുന്നയാള്‍ നിരപരാധിയാണെന്നു വന്നാല്‍, മതദ്രോഹം ആരോപിച്ചവര്‍ വ്യാജആരോപണമാണ് നടത്തിയതെന്നു വരും. മതദ്രോഹം എന്ന ആരോപണം തെറ്റായി ഉയര്‍ത്തുന്നത് മതദ്രോഹം പോലെതന്നെ കഠിനശിക്ഷയ്‌ക്ക് അര്‍ഹമായ കുറ്റമാണ്. ഗലീലിയോയ്‌ക്കെതിരെ ആരോപണമുയര്‍ത്തിയ സഭയുടെ ഉന്നതര്‍ കുറ്റക്കാരാണെന്ന് വരുന്നതിന് സഭ ആഗ്രഹിക്കില്ലല്ലോ. അതിനാല്‍, എങ്ങനെയെങ്കിലും ഗലീലിയോ കുറ്റക്കാരനാണെന്ന് തീരുമാനിക്കുകയും ശിക്ഷിക്കുകയും ചെയ്‌തേ മതിയാകൂ എന്നായി സ്ഥിതി. 69 വയസ്സായി അപ്പോള്‍ ഗലീലിയോയ്‌ക്ക്. കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുന്ന പീഢനങ്ങളെക്കുറിച്ച് ഗലീലിയോ ബോധവാനായിരുന്നു. കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ പ്രേരണമൂലം, ഒടുവില്‍ ഗലീലിയോ കുറ്റമേറ്റു. കോപ്പര്‍നിക്കസ് പ്രപഞ്ചമാതൃക താന്‍ വിശ്വസിക്കുന്നില്ലെന്നും, അത് തന്റെ പുസ്‌തകത്തില്‍ പറഞ്ഞത് തെറ്റായിരുന്നെന്നും അദ്ദേഹം ഏറ്റുപറഞ്ഞു. ഗലീലിയോയ്‌ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ലോകത്തിന് മുന്നില്‍ ജസ്യൂട്ടുകള്‍ വിജയിച്ചു. പക്ഷേ, വിചാരണയില്‍ പങ്കെടുത്ത പത്ത് കര്‍ദിനാള്‍മാരില്‍ ഫ്രാന്‍സെസ്‌കോ ഉള്‍പ്പടെ മൂന്നുപേര്‍ ശിക്ഷാവിധിയില്‍ ഒപ്പുവെച്ചില്ല (ഗലീലിയോയുടെ വിധിന്യായത്തില്‍ മാര്‍പാപ്പയും ഒപ്പുവെച്ചിരുന്നില്ലെന്ന് വത്തിക്കാന്‍ അടുത്തയിടെ വെളിപ്പെടുത്തി. പുതിയതായി പരസ്യപ്പെടുത്താന്‍ പോകുന്ന ഗലീലിയോ രേഖകള്‍ ഇക്കാര്യം തെളിയിക്കുമത്രേ).
കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ ഇടപെടല്‍ മൂലം ഗലീലിയോയുടെ ശിക്ഷ ക്രമേണ മയപ്പെട്ടു. തടവുശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കിലും, അധികം വൈകാതെ അത് വീട്ടുതടങ്കലായി മാറി. ആദ്യം റോമിലെ ടസ്‌കന്‍ എംബസിയിലും, പിന്നീട് ഗലീലിയോയോട് അനുഭാവമുണ്ടായിരുന്ന സിയേന ആര്‍ച്ച്‌ബിഷപ്പിന്റെ വസതിയിലുമായി തടങ്കല്‍. 1634-ല്‍ അര്‍സെട്രിക്ക് സമീപം സ്വന്തം വസതിയിലേക്ക് തടങ്കല്‍ മാറ്റി. ബെല്ലോസ്‌ഗ്വാര്‍ഡോയെന്ന തന്റെ വസതി വിട്ട് ഗലീലിയോ പിന്നീട് പുറത്ത് പോയിട്ടില്ല (ഫ്‌ളോറന്‍സിലെത്തി ഡോക്ടര്‍മാരെ കാണാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല, എന്നാല്‍ കന്യാസ്‌ത്രീകളായ മക്കളെ കാണാന്‍ കോണ്‍വെന്റ് സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നു). ആ സയമത്താണ് മകള്‍ വെര്‍ജിനിയ (കന്യാസ്‌ത്രീയായ ശേഷം പേര് മരിയ സെലെസ്റ്റെ) യുടെ മരണം; 1634 ഏപ്രില്‍ രണ്ടിന് (രണ്ടാമത്തെ മകളായ ലിവിയ -കന്യാസ്‌ത്രിയായ ശേഷം പേര് അര്‍ക്കാഞ്ചെല-1659 ജൂണ്‍ 14 വരെ ജീവിച്ചിരുന്നു).
വ്യക്തിപരമായ ദുഖങ്ങളും അപമാനവും രോഗവും വാര്‍ധക്യവും നല്‍കുന്ന അവശതകളൊന്നും, അങ്ങേയറ്റം ശ്രമകരമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി ശാസ്‌ത്രത്തെക്കുറിച്ച് താന്‍ ആയുഷ്‌ക്കാലത്ത് കണ്ടെത്തിയ കാര്യങ്ങള്‍ പുസ്‌തകരൂപത്തിലാക്കുന്നതില്‍ നിന്ന് ആ മഹാപ്രതിഭയെ തടഞ്ഞില്ല. ശാസ്‌ത്രചരിത്രത്തില്‍ 'വിലമതിക്കപ്പെടാനാവാത്തതെ'ന്ന് വിലയിരുത്തപ്പെടുന്ന 'ഇരു നവശാസ്‌ത്രങ്ങള്‍' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്റെ (യഥാര്‍ഥ നാമം-Discourses and Mathematical Demonstrations Concerning Two New Sciences) രചന ആ ഏകാന്തവാര്‍ധക്യത്തിലാണ് ഗലീലിയോ നിര്‍വഹിച്ചത്. ചലനം, ത്വരണം, ജഢത്വം തുടങ്ങി ദ്രവ്യത്തിന്റെ വിവിധങ്ങളായ ഗുണങ്ങളെയും സ്വഭാവത്തെയുംപറ്റി മുമ്പ് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്‌ച മുഴുവന്‍ ഉള്‍പ്പെടുത്തിയ 'ഇരു നവശാസ്‌ത്രങ്ങള്‍' ചരിത്രത്തിലെ ആദ്യ 'ആധുനിക ശാസ്‌ത്രപാഠപുസ്‌തകം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തിന് ആവശ്യമായ ശാസ്‌ത്രീയ അടിത്തറ അക്ഷരരൂപം പൂണ്ടത് ആ ഗ്രന്ഥത്തിലാണ്.
റോമിന്റെ വിലക്ക് കാരണം സ്വാഭാവികമായും ഗലീലിയോയുടെ ഗ്രന്ഥം ഇറ്റലിയില്‍ പ്രസിദ്ധീകരിക്കുക സാധ്യമായിരുന്നില്ല. രഹസ്യമായി കടത്തി ആ ഗ്രന്ഥം, കത്തോലിക്കക്കാര്‍ക്ക് സ്വാധീനമില്ലാത്ത പ്രൊട്ടസ്റ്റന്റ് ഹോളണ്ടിലെ ലെയ്‌ദനിലാണ് 1938-ല്‍ പ്രസിദ്ധീകരിച്ചത്. ശാസ്‌ത്രത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍, ഇറ്റലിയിലൊഴികെ യൂറോപ്പിലെങ്ങും വലിയ സ്വാധീനം ആ ഗ്രന്ഥം ചെലുത്തി. നവോത്ഥാനത്തിന്റെ തുടക്കത്തില്‍ ഗലീലിയോയെപ്പോലൊരു മഹാപ്രതിഭയ്‌ക്ക് ജന്മംനല്‍കാന്‍ മാത്രം കരുത്തുണ്ടായിരുന്ന ഇറ്റലി, കണ്ടുപിടിത്തങ്ങളുടെയും ഗവേഷണത്തിന്റെയും കാര്യത്തില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിന്നീട് പിന്തള്ളപ്പെട്ടതിന് ഒരു പ്രധാനകാരണം, കത്തോലിക്കസഭ ഗലീലിയോയ്‌ക്ക് ഏര്‍പ്പെടുത്തിയ അയവില്ലാത്ത വിലക്കായിരുന്നു.
ഗലീലിയോയുടെ പുസ്‌തകങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നതിന് വത്തിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീണ്ടു. 'സംവാദം' ഒഴികെ മറ്റ് പുസ്‌തകങ്ങളുടെ ഒരു എഡിഷന്‍ ഫ്‌ളോറന്‍സില്‍ പ്രസിദ്ധീകരിക്കാന്‍ 1718 -ല്‍ അനുമതി നല്‍കപ്പെട്ടു. സെന്‍സറിങിന് വിധേയമാക്കിയ 'സംവാദം' ഉള്‍പ്പടെ ഗലീലിയോയുടെ എല്ലാ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കാന്‍ 1741-ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ അനുമതി നല്‍കി. ഭൂമിയല്ല പ്രപഞ്ചകേന്ദ്രമെന്ന് വാദിക്കുന്ന പുസ്‌തകങ്ങള്‍ക്ക് പൊതുവെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 1758-ല്‍ വത്തിക്കാന്‍ പിന്‍വലിച്ചു. എന്നാല്‍, 'സംവാദ'ത്തിന്റെ സെന്‍സര്‍ ചെയ്യാത്ത പ്രതിക്കും, കോപ്പര്‍നിക്കസിന്റെ 'ഡി റെവല്യൂഷന്‍സി'നും വിലക്ക് നീങ്ങിയില്ല. വിലക്കപ്പെട്ട പുസ്‌തകങ്ങളുടെ പട്ടികയില്‍നിന്ന് 1835-ല്‍ ആ വിലക്കും നീക്കിയതോടെ, പുതിയ പ്രപഞ്ചമാതൃക സംബന്ധിച്ച് സഭ വെച്ചുപുലര്‍ത്തിയിരുന്ന എതിര്‍പ്പിന്റെ അവസാന തരിയും അവസാനിച്ചു. 1992-ല്‍ ഗലീലിയോയെ കുറ്റവിമുക്തനാക്കിയ സഭ ഇന്നിപ്പോള്‍ ആ ചരിത്രപുരുഷനെ പുനരധിവസിപ്പിക്കാന്‍ പാടുപെടുകയാണ്.
'ഇരു നവശാസ്‌ത്രങ്ങള്‍' പ്രസിദ്ധീകരിക്കുന്ന സമയമായപ്പോഴേക്കും ഗലീലിയോയ്‌ക്ക് പൂര്‍ണമായും കാഴ്‌ച നഷ്ടപ്പെട്ടിരുന്നു. എങ്കിലും പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ആ മനസില്‍നിന്ന് അപ്പോഴും ഒഴിഞ്ഞിരുന്നില്ല എന്നതിന്റെ തെളിവാണ്, പുതിയൊരിനം പെന്‍ഡുലം ക്ലോക്കിനെക്കുറിച്ച് മകന്‍ വിന്‍സെന്‍സിയോയ്‌ക്ക് ഗലീലിയോ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍. ഗലീലിയോയുടെ മരണത്തിന് ശേഷം വിന്‍സെന്‍സിയോ അത്തരമൊന്ന് നിര്‍മിക്കുകയും ചെയ്‌തു. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ യൂറേപ്പിലെങ്ങും അത്തരം പെന്‍ഡുലം ക്ലോക്കുകള്‍ പ്രചാരത്തിലെത്തി. 1638 മുതല്‍ വിന്‍സെന്‍സിയോ വിവിയാനി എന്നയാള്‍ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്. ഗലീലിയോയെക്കുറിച്ച് പില്‍ക്കാലത്ത് പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സൃഷ്ടാവ് വിവിയാനിയാണ് (ഗീലീലിയോ പിസാഗോപുരത്തിന്റെ മുകളില്‍കയറി താഴേക്ക് കല്ലുകളിട്ട് പരീക്ഷണം നടത്തി, പള്ളിയില്‍ ആട്ടവിളക്ക് ആടുന്നത് കണ്ട് ഓടി വീട്ടിലെത്തി പരീക്ഷണം നടത്തി പെന്‍ഡുലസിദ്ധാന്തം രൂപപ്പെടുത്തി തുടങ്ങിയവയൊക്കെ ഇത്തരം കഥകളാണ്). തന്റെ എഴുപത്തിയെട്ടാം ജന്മദിനത്തിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ, 1642 ജനവരി എട്ടിന് രാത്രി ഉറക്കത്തിലായിരുന്നു ഗലീലിയോയുടെ അന്ത്യം.
ഗലീലിയോ മരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം അവതരിപ്പിച്ച ശാസ്‌ത്രരീതി യൂറോപ്പില്‍ സ്വാധീനംചെലുത്താന്‍ തുടങ്ങിയിരുന്നു. 1640-ല്‍ ഫ്രഞ്ചുകാരനായ പിയറി ഗസ്സന്‍ഡി ജഢത്വ (inertia) ത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാന്‍ ഫ്രഞ്ച് നാവികസേനയുടെ ഒരു കപ്പല്‍ വാടകയ്‌ക്കെടുത്ത് പരീക്ഷണം നടത്തി. ഗലീലിയോ പറഞ്ഞത് ശരിയാണെന്ന് പരീക്ഷണം തെളിയിച്ചു. ആശയങ്ങള്‍ ചര്‍ച്ചചെയ്‌ത് നിഗമനങ്ങളിലെത്തുന്നതിന് പകരം, പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാകണം നിഗമനങ്ങള്‍ക്കുള്ള അടിസ്ഥാനം, ലോകത്തെ മനസിലാക്കാനുള്ള ഉപാധി ഇതാകണം എന്ന ഗലീലിയന്‍ ആശയം അദ്ദേഹം മരിക്കുംമുമ്പ് തന്നെ ആഴത്തില്‍ വേരോടിത്തുടങ്ങിയിരുന്നു എന്നതിന് ഉദാഹരണമാണിത്. ശാസ്‌ത്രത്തിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, ഗലീലിയോ തുടങ്ങിവെച്ച വിപ്ലവം അത്ര അടിസ്ഥാനപരമായ ഒന്നായിരുന്നു.
ചില യാദൃശ്ചികതകള്‍ കൗതുകകരം എന്നതിലുപരി, അന്തര്‍ലീനമായ അര്‍ഥതലങ്ങള്‍ക്കൊണ്ട് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഗലീലിയോ മരിച്ച വര്‍ഷമാണ് ഐസക് ന്യൂട്ടന്‍ ജനിച്ചതെന്ന വാദം അത്തരമൊരു യാദൃശ്ചികതയാണ്. യഥാര്‍ഥത്തില്‍ അന്ന് പ്രചാരത്തിലിരുന്ന, വ്യത്യസ്‌ത ക്രമങ്ങള്‍ പിന്തുടരുന്ന രണ്ട് കലണ്ടറുകളുടെ (ഗ്രിഗോറിയന്‍, ജൂലിയന്‍ കലണ്ടറുകളുടെ) സഹായത്തോടെ മാത്രമേ ഗലീലിയോ മരിച്ചതും ന്യൂട്ടന്‍ പിറന്നതും ഒരേ വര്‍ഷമാണെന്ന് സ്ഥാപിക്കാനാകൂ. ഏതെങ്കിലും ഒരു കലണ്ടര്‍ അടിസ്ഥാനമാക്കിയാല്‍ ഈ വസ്‌തുതയ്‌ക്ക് നില്‍ക്കക്കള്ളിയില്ലാതാകും. എങ്കിലും രണ്ടും ഒരേ വര്‍ഷമാണ് സംഭവിച്ചതെന്ന് കരുതാനാണ് ഇന്നെല്ലാവര്‍ക്കും താത്‌പര്യം, കാരണം ഗലീലിയോയുടെ യഥാര്‍ഥ പിന്‍ഗാമി ഐസക് ന്യൂട്ടനല്ലാതെ മറ്റാരുമായിരുന്നില്ല.
അവസാനം പരിഷ്കരിച്ചത് : 7/12/2020