വൈവിധ്യമേറിയ ഭൂപ്രകൃതിയാലും കാലാവസ്ഥയാലും സമ്പന്നമായ കേരളത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര-സാംസ്കാരിക പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പൗരന്മാര്ക്ക് താരതമ്യേന ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യ പരിരക്ഷയും, മിനിമം ഭക്ഷണത്തിനുവേണ്ടിയുള്ള റേഷന്‍, വീടുവയ്ക്കാനൊരുതുണ്ടു സ്ഥലം, മിനിമം കൂലി, സാമൂഹ്യ സുരക്ഷ, സാമൂഹ്യ പാരതന്ത്ര്യത്തിന്റെ നികൃഷ്ടരൂപങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ നയപരിപാടികളിലൂടെയാണ് ഈ സ്ഥിതി കൈവരിച്ചത്. വികസന സൂചികകളില്‍ പലതിലും കേരളം മുന്‍പന്തിയിലാണ്. ശിശുമരണ നിരക്ക്, മാതൃമരണനിരക്ക്, പ്രതീക്ഷിത ആയുസ്സ്, സാക്ഷരത, സാമൂഹ്യക്ഷേമ രംഗങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയിലെല്ലാം കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ആസൂത്രണത്തിലും നിര്‍വഹണത്തിലുമുള്ള ജാഗ്രതയും ജനകീയ ഇടപെടലുകളുമാണ് കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലുള്ളത്. പൊതുജനാരോഗ്യകേന്ദ്രങ്ങള്‍, സ്കൂളുകള്‍, റേഷന്‍കടകള്‍ തുടങ്ങിയ അടിസ്ഥാന സാമൂഹ്യ സംവിധാനങ്ങള്‍ പൊതുവില്‍ സന്തുലിതമായാണ് കേരളത്തില്‍ സ്ഥാപിതമായിട്ടുള്ളത്. ഭൂപരിഷ്കരണം, ഭേദപ്പെട്ട കൂലി, പെന്ഷന് പദ്ധതികള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യവസ്ഥാപിതമായ വായ്പാസൗകര്യം തുടങ്ങിയവ വരുമാനത്തിന്റെ പുനര്‍വിതരണത്തിന് വഴിതുറന്നുവിട്ടു.
സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തമായ സ്വാധീനവും പ്രവര്‍ത്തനവുമാണ് കേരളം സ്വായത്തമാക്കിയിട്ടുള്ള നേട്ടങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്കുവഹിക്കുന്നു.
കേരളദേശധര്‍മം, കേരളനാടകം, കേരളപ്പഴമ, കേരളമാഹാത്മ്യം, കേരളോത്പത്തികള്‍ തുടങ്ങിയ പ്രാചീനഗദ്യ-പദ്യകൃതികളില്‍ 'പരശുരാമന് മഴുവെറിഞ്ഞ് കടലില്‍ നിന്നു സൃഷ്ടിച്ചതാണ് കേരളം' എന്നു പ്രസ്താവിച്ചു കാണുന്നുണ്ട്. ഈ കൃതികളുടെ രചനാകാലത്തെപ്പറ്റിയോ രചയിതാക്കളെപ്പറ്റിയോ വ്യക്തമായ യാതൊരു രേഖയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവയില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ആധികാരികമെന്നു പറയുന്നില്ല. പരശുരാമന് കേരളവുമായുള്ള ബന്ധത്തെക്കുറിക്കുന്ന പുരാണപരാമര്‍ശങ്ങളില്‍പ്പോലും വ്യത്യാസങ്ങള്‍ കാണുന്നതു നിമിത്തം പരശുരാമകഥയും അസ്വീകാര്യമായിത്തന്നെ നിലകൊള്ളുന്നു.
ഭഗീരഥന് നടത്തിയ ഗംഗാവിതരണത്തിന്റെ കഥയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പുരാണപരാമര്‍ശം. ഭാരതത്തില്‍ പതിച്ച ഗംഗ അവിടെ നിന്നൊഴുകി സമുദ്രത്തിലേക്കു കുതിച്ചുപായുകയും സമുദ്രം കരകവിഞ്ഞു രാജ്യത്തിന്റെ പല ഭാഗങ്ങളെയും മുക്കിക്കളയുകയും ചെയ്തു. അക്കൂട്ടത്തില്‍ ഗോകര്‍ണ ക്ഷേത്രവും സമുദ്രജലത്തില്‍ നിമഗ്നമായി. അതു വീണ്ടെടുത്തു തരാന്‍ മഹര്‍ഷിമാര്‍ പരശുരാമനോട് അപേക്ഷിച്ചതിന്റെ ഫലമായി അദ്ദേഹം ഒരു ശൂര്‍പ്പം (മുറം) കടലിലെറിയുകയും അതു വീണഭാഗം വരെയുള്ള സമുദ്രം ഒഴിഞ്ഞുമാറി കര തെളിഞ്ഞുവരികയും ചെയ്തു. ഇതാണത്രെ കേരളം. ഇക്കാരണത്താല്‍ കേരളത്തിനും ഗോകര്‍ണത്തുള്ള ഒരു ക്ഷേത്രത്തിനും 'ശൂര്‍പ്പാരകം' എന്ന പേരും ലഭിച്ചു. ഈ കഥ ബ്രഹ്മാണ്ഡപുരാണത്തിന്റെ 98-99 അധ്യായങ്ങളിലായി കാണുന്നു.
ക്ഷത്രിയനിഗ്രഹം കഴിഞ്ഞു പരശുരാമന് ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്നു എന്ന സങ്കല്പത്തില് കശ്യപനു നല്കി. കശ്യപന്റെ ആവശ്യപ്രകാരം അവിടം വിട്ടുപോകേണ്ടിവന്ന പരശുരാമന് തനിക്കു താമസിക്കാന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്ന് കര വീണ്ടെടുത്തു എന്നാണ് മഹാഭാരതത്തില്‍ കേരളോത്പത്തിയെപ്പറ്റി പറയുന്ന കഥ.
"രാമനോടോതിയെന്നാജ്ഞ-
യ്ക്കൂഴിവിട്ടുഗമിക്ക നീ
അവന് കാശ്യപവാക്കാലെ
കടലമ്പെയ്തൊഴിച്ചുടന്‍
കരയാക്കീടിനാന്‍ പിന്നെ
ബ്രാഹ്മണാജ്ഞപ്പടിക്കു താന്‍
മഹേന്ദ്രപര്‍വതത്തിങ്കല്‍
പാര്‍ത്തുകൊണ്ടാനതിന്നുമേല്‍
(ദ്രോണപര്‍വം, അധ്യായം 70, ശ്ലോകം 19, 20)
ദേവീഭാഗവതം അഷ്ടമസ്കന്ധത്തില്‍ സ്വര്‍ഗം, ഭൂമി, പാതാളം എന്നീ ത്രിലോകങ്ങളെ വിവരിക്കുന്നിടത്തു കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണാപഥമാണ് പാതാളമെന്ന് സൂചിപ്പിച്ചിരിക്കുന്നതായി വിചാരിക്കാന്‍ ധാരാളം ന്യായങ്ങളുണ്ട്. ഹിമാലയപര്‍വതം ഉള്‍പ്പെടുന്ന ഉത്തരഭൂവിഭാഗം ദേവലോകവും അവിടെ നിന്ന് തെക്കോട്ട് വിന്ധ്യപര്‍വതം വരെയുള്ള പ്രദേശങ്ങള്‍ ഭൂതലവും വിന്ധ്യനു തെക്കുള്ള സ്ഥലങ്ങള്‍ പാതാളവുമാണെന്ന് ഇതില്‍ പരാമര്‍ശിച്ചുകാണുന്നു. പാതാളം ഭൂമിയുടെ താഴെയുള്ള പ്രദേശങ്ങളാണ്; ദാനവദൈത്യാദികളും നാഗന്മാരും ആണ് ഇവിടത്തെ ആളുകള്‍ എന്നും ചന്ദനം, അകില് തൊട്ടുള്ള സുഗന്ധവസ്തുക്കള്‍ ഇവിടെ സമൃദ്ധിയായി വിളയുന്നു എന്നും ദേവീഭാഗവതകാരന്‍ വര്‍ണിച്ചിട്ടുണ്ട്.
ദേവീഭാഗവതം തൃതീയസ്കന്ധത്തില് കാശിരാജപുത്രിയായ ശശികലയുടെ സ്വയംവരത്തിനു സന്നിഹിതരായിരുന്നവരുടെ കൂട്ടത്തില്‍ 'കേരള'നും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. കാര്‍ത്തവീര്യാര്‍ജുനന്റെ സാമന്തകന്മാരുടെ കൂട്ടത്തില്‍ ചോളകേരളപാണ്ഡ്യ ഭൂപന്മാരുമുള്‍പ്പെട്ടിരുന്നതായി ബ്രഹ്മാണ്ഡപുരാണം (54-ാം അധ്യായം) പരാമര്‍ശിക്കുന്നു. തുര്‍വസുവംശത്തില്‍ പിറന്ന ഗാന്ധാരനെന്ന രാജാവില്‍ നിന്നാണ് കേരളദേശക്കാരുണ്ടായതെന്ന് അഗ്നിപുരാണത്തില്‍ (277-ാം അധ്യായം) പ്രസ്താവിച്ചിട്ടുണ്ട്. രുക്മിണീ സ്വയംവരത്തിനു കേരളനും എത്തിയിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പരാമര്‍ശിച്ചുകാണുന്നു (വംഗനും സിന്ധുരാജന്‍ സൗവീരന്‍ മാത്സ്യന്മാരും ശങ്കരഭക്തന്‍ ചോളന് പാണ്ഡ്യനും കേരളനും).
'കൃതമാലാ മലയാചല പശ്ചിമാംഭോധി മധ്യേ' ആണ് കേരളം സ്ഥിതി ചെയ്യുന്നതെന്ന് മത്സ്യപുരാണത്തിലെ അതിര്‍ത്തിനിര്‍ണയവര്‍ണനയില്‍ നിന്നു മനസ്സിലാക്കാം.
സീതാന്വേഷണത്തിനായി തെക്കന്‍ ദിക്കിലേക്കു പുറപ്പെട്ട വാനരന്മാരോട് അവര്‍ സീതയെ അന്വേഷിക്കേണ്ട പ്രദേശങ്ങളെപ്പറ്റി സുഗ്രീവന് ഇപ്രകാരം പറയുന്നതായി വാല്മീകീരാമായണത്തില്‍ കാണുന്നു.
"നദീം ഗോദാവരീം ചൈവ
സര്‍വമേവാഥ പശ്യത
തഥൈവാന്ധ്രാംശ്ച പൗണ്ഡ്രാംശ്ച
ചോളാന്‍ പാണ്ഡ്യാംശ്ച കേരളാന്‍
(നിങ്ങള്‍ ഗോദാവരി നദിയിലും ആന്ധ്രയിലും പുണ്ഡ്രത്തിലും ചോളത്തിലും കേരളത്തിലും ചെന്ന് നോക്കണം.)
നന്ദിനിയെ അപഹരിക്കാന്‍ വസിഷ്ഠാശ്രമത്തിലെത്തിയ വിശ്വാമിത്രനെ നേരിടാന്‍ ഒരു പശുവിന്റെ നുരയില് നിന്നുണ്ടായ മ്ലേച്ഛന്മാരുടെ കൂട്ടത്തില്‍ 'ചിബുകന്മാര്‍, പുളിന്ദന്മാര്‍, ചീനന്മാര്, ഹൂണര്‍, കേരളര്' തുടങ്ങിയവരുണ്ടായിരുന്നതായി മഹാഭാരതം ആദിപര്‍വത്തില്‍ (അധ്യായം 17 5, ശ്ളോകം 38) സൂചിപ്പിച്ചിട്ടുണ്ട്.
ധര്‍മപുത്രരുടെ രാജസൂയത്തോടനുബന്ധിച്ച് ദക്ഷിണ ദിഗ്വിജയത്തിനു പോയ സഹദേവന് 'പാണ്ഡ്യദ്രാവിഡരെയും ചോളകേരളരെയും' (അധ്യായം 31, ശ്ലോകം 72) ജയിച്ചു കപ്പം വാങ്ങിയതായി സഭാപര്‍വത്തില്‍ പരാമര്‍ശമുണ്ട്; 'ശൂര്‍പ്പാരകത്തെയും പാട്ടിലാക്കി' (ശ്ലോകം 66) എന്നു പറയുന്നതും കേരളത്തെ സംബന്ധിച്ചാകാനാണു സാധ്യത. കര്‍ണന്റെ ദിഗ്വിജയത്തിലും കേരളനെ വെന്ന് കപ്പം വാങ്ങിയതായി വനപര്‍വത്തില്‍ കാണുന്നുണ്ട് (അധ്യായം 254, ശ്ലോകം 15).
ഇതിഹാസങ്ങളുടെ രചനാകാലത്തുതന്നെ 'കേരളം' എന്ന പേരില്‍ ഒരു രാജ്യം/പ്രദേശം നിലനിന്നിരുന്നുവെന്നതിനു തെളിവായി ഇതുപോലുള്ള പല പരാമര്‍ശങ്ങളും ഇനിയും ലഭ്യമാണ്.
രഘുവംശത്തില്‍ രഘുവിന്റെ ദിഗ്വിജയവര്‍ണനയില്‍ കാളിദാസനും കേരളത്തെ സ്മരിച്ചിട്ടുണ്ട് (സര്‍ഗം 4).
"ഭയോത്സൃഷ്ടവിഭൂഷാണാം
തേന കേരളയോഷിതാം
അളകേഷു ചമൂരേണു-
ശ്ചൂര്‍ണപ്രതിനിധീകൃതഃ (51)
മുരചീമാരുതോദ് ധൂത-
മഗമത് കൈതകം രജഃ
തദ്യോധവാരവാണാനാ-
മയത്ന പടവാസതാം (52)
(പടയോട്ടത്തില്‍ നിന്നുയരുന്ന പൊടി, ഭയംകൊണ്ട് ആഭരണങ്ങള്‍ കൈവെടിഞ്ഞ കേരളസ്ത്രീകളുടെ കുറുനിരകളില്‍ ഗന്ധചൂര്‍ണങ്ങളുടെ സ്ഥാനം വഹിച്ചു. മുരചീനദിയില്‍ (പെരിയാര്‍) നിന്നുള്ള കാറ്റേറ്റ് പ്രസരിച്ച കൈതപ്പൂവിന്റെ പരാഗം പടയാളികളുടെ കുപ്പായങ്ങള്‍ക്ക് അനായാസമായി ലഭിച്ച സുഗന്ധചൂര്‍ണങ്ങളായിത്തീര്‍ന്നു).
പുരാണേതിഹാസങ്ങളുടെ കാലനിര്‍ണയത്തെപ്പറ്റി സാര്‍വത്രികാംഗീകാരം നേടിയ അവസാനവാക്ക് ഇതുവരെ പറയപ്പെട്ടിട്ടില്ല; എന്നാല്‍ ഇവയ്ക്കെല്ലാം ശതാബ്ദങ്ങളോളം പഴക്കമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുമുണ്ട്. കേരളം എന്ന ഭൂവിഭാഗവും അവിടെ നിവസിക്കുന്ന ജനങ്ങളും ഇവയില്‍ പലതിലും പരാമൃഷ്ടമായിരിക്കുന്നതിന്റെ വെളിച്ചത്തില്‍ ചരിത്രാതീതകാലം മുതല്‍ തന്നെ കേരളം എന്ന രാജ്യം നിലനിന്നിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.
പ്രാചീനകേരളത്തിന്റെ ചരിത്രത്തിലേക്കും അക്കാലത്തെ സാമൂഹിക-സാംസ്കാരിക ജീവിതത്തിലേക്കും വെളിച്ചംവീശുന്ന സാഹിത്യകൃതികളാണ് ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളില് എഴുതപ്പെട്ട സംഘകൃതികള്‍. സംഘകൃതികള്‍ എഴുതിയ കാലഘട്ടം സംഘകാലം എന്നറിയപ്പെടുന്നു. സംഘകൃതികളിലെ പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണിമേഖല എന്നിവയാണ് കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയില്‍ പ്രധാനപ്പെട്ടവ. 1-ാം ചേര സാമ്രാജ്യത്തിലെ 10 രാജാക്കന്മാരെപ്പറ്റി പ്രതിപാദിക്കുന്ന കൃതിയാണ് പതിറ്റുപ്പത്ത്. ഇതില്‍ നിന്നും അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. പുറനാനൂറും അകനാനൂറുമാണ് പ്രാചീന കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തെപ്പറ്റി പ്രതിപാദിക്കുന്ന ഇതര സംഘകൃതികള്‍. കുറുംതൊക, നറ്റിണൈ, ചിലപ്പതികാരം എന്നീ കൃതികളില്‍ നിന്നും പൂര്‍വകാലകേരളത്തിന്റെ ഏകദേശചരിത്രം ഗ്രഹിക്കാവുന്നതാണ്. സംഘകാലത്തിനുശേഷമുണ്ടായ ചില കൃതികളിലും ചേരരാജാക്കന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം (ഉദാ. എ.ഡി. 800-നടുത്ത് രചിക്കപ്പെട്ട മുത്തൊള്ളായിരം). ചേരരാജാക്കന്മാരെപ്പറ്റിയും അവരുടെ ആസ്ഥാനമായ വഞ്ചിയെപ്പറ്റിയുമാണ് ഈ കൃതി പ്രധാനമായും പ്രതിപാദിക്കുന്നത്. കുലശേഖര ആഴ്വാരുടെ (എ.ഡി. 9-ാം ശ.?) പെരുമാള്‍ തിരുമൊഴിയും ചില ചരിത്രവസ്തുതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. വൈഷ്ണവ സിദ്ധനായ നമ്മാഴ്വാറുടെ തിരുവായ്മൊഴിയും പ്രധാനമാണ്. ചേക്കിഴാര്‍ (എ.ഡി. 12-ാം ശ.) എഴുതിയ പെരിയപുരാണം ചേരമാന്‍ പെരുമാള്‍ നായനാരുടെ ജീവിതകഥ അനാച്ഛാദനം ചെയ്യുന്നു. ചേരരാജധാനിയായ വഞ്ചിയെപ്പറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു കൃതിയാണ് ഒട്ടക്കൂത്തന്റെ (12-ാം ശ.) തക്കയാകപ്പരണി.
വിദേശസഞ്ചാരികളുടെ കുറിപ്പുകളില്‍. പല കാലഘട്ടങ്ങളില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികള്‍ എഴുതിയ യാത്രാക്കുറിപ്പുകളിലും പ്രാചീന-മധ്യകാല കേരളത്തെക്കുറിച്ച് പ്രതിപാദിച്ചുകാണുന്നുണ്ട്.
പ്ലിനിയും (എ.ഡി. 1-ാം ശ.) പെരിപ്ലസ് ഒഫ് ദി എറിത്രിയന്‍ സീ എന്ന ഗ്രന്ഥത്തിന്റെ അജ്ഞാതകര്‍ത്താവും (എ.ഡി. 1-ാം ശ.) ടോളമിയും (എ.ഡി. 2-ാം ശ.) നല്കുന്ന യാത്രാവിവരങ്ങള്‍ പ്രാചീനകേരളത്തിന്റെ രൂപരേഖ പുനര്‍നിര്‍മിക്കാന്‍ ചരിത്രകാരന്മാരെ സഹായിക്കുന്നു. കേരളരാജാവിനെ 'കേരോബോത്രാസ്' എന്നും കേരളത്തെ 'ലിമുരികേ' എന്നുമാണ് പെരിപ്ളസുകാരന്‍ പരാമര്‍ശിച്ചിരിക്കുന്നത്. ടോളമിയാകട്ടെ ഈ രാജ്യത്തിന്റെ തലസ്ഥാനം 'കരൌര' എന്നുപറഞ്ഞുകാണുന്നു. പ്രാചീനകേരളത്തിലെ തുറമുഖങ്ങളായ മുസ്സിരിസ്, തിണ്ടിസ്, ബറക്കേ എന്നിവിടങ്ങളിലൂടെ കേരളം റോമുമായി നടത്തിയിരുന്ന വിദേശവാണിജ്യത്തെക്കുറിച്ചും ഈ സഞ്ചാരികള്‍ സവിസ്തരം എഴുതിയിട്ടുണ്ട്. ബൈസാന്തിയന്‍ പുരോഹിതനായ കോസ്മോസ് പ്രീസ്തുസ് കേരളത്തെപ്പറ്റി നല്കുന്ന വിവരങ്ങളും ശ്രദ്ധേയമാണ്.
എ.ഡി. 7-ാം ശതകത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹ്യൂന്‍സാങ് കേരളവും സന്ദര്‍ശിച്ചതായി ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നുണ്ട്. വാങ്തായ്വന്‍ എന്ന ചീനക്കച്ചവടക്കാരന്‍ എഴുതിയ കൃതിയിലും കേരളത്തിലെ ചില സ്ഥലങ്ങളെപ്പറ്റി (കായംകുളം, ഏഴിമല, കോഴിക്കോട്) പരാമര്‍ശിക്കുന്നുണ്ട്. മാഹ്വാന്‍ (15-ാം ശ.) എന്ന ചീനക്കാരനും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. കൊച്ചിയെയും കോഴിക്കോടിനെപ്പറ്റിയും ഇദ്ദേഹം നല്കുന്ന വിവരങ്ങള്‍ മനോഹരമാണ്. കൊച്ചിയെപ്പറ്റി ആദ്യം എഴുതിയ വിദേശലേഖകന്‍ മാഹ്വാനാണെന്ന് ചരിത്രകാരന്മാര് അഭ്യൂഹിക്കുന്നു.
യവനരും ചീനരും കഴിഞ്ഞാല്‍ കേരളത്തെപ്പറ്റി ഏറ്റവുംകൂടുതല്‍ എഴുതിയിട്ടുള്ളത് അറബി സഞ്ചാരികളാണ്. 9-ാം ശ. മുതല്ക്കുള്ള കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചിത്രമാണ് ഇവരുടെ വിവരണങ്ങളില്‍ കൂടുതലും പ്രതിഫലിക്കുന്നത്. കേരളത്തെപ്പറ്റി ആദ്യമെഴുതിയ അറബിക്കച്ചവടക്കാരന്‍ സുലൈമാനാണ് (എ.ഡി. 815). കൊല്ലത്തെപ്പറ്റിയാണ് ഇദ്ദേഹം കൂടുതലായും രേഖപ്പെടുത്തക്കാണുന്നത്. ഇബ്ന് ഖുര്‍ദാദ്ബി (എ.ഡി. 844-848), ഇബ്നുല്‍ ഫക്കി (902), ഇബ്ന്റസ്റ്റ (903), അബുസെയ്ദ് (915), മസൂദി (945-955) എന്നിവരാണ് സുലൈമാനുശേഷം കേരളം സന്ദര്‍ശിച്ച്, കേരളത്തെക്കുറിച്ച് എഴുതിയ അറബിസഞ്ചാരികളില്‍ പ്രധാനികള്‍. മധ്യകാലഘട്ടത്തില്‍ കേരളം സന്ദര്‍ശിച്ച പ്രമുഖ അറബിസഞ്ചാരിയാണ് അല്‍ബിറൂനി (973-1048). ഇദ്ദേഹത്തിനുശേഷം കേരളം സന്ദര്‍ശിച്ചവരില്‍ പ്രധാനികള്‍ ഇദ്രിസി (1154), യാഖൂത് (1189-1229) എന്നിവരാകുന്നു. ഇവര്‍ പ്രധാനമായും കേരളത്തിന്റെ തീരദേശത്തെക്കുറിച്ചും അവിടത്തെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചുമാണ് കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്.
വടക്കേ മലബാറിലെ കോലത്തുനാടിന്റെ അന്നത്തെ അവസ്ഥയെപ്പറ്റി എഴുതിയ അറബിസഞ്ചാരിയാണ് റഷീദുദ്ദീന്‍ (1247-81). ഇന്ത്യയെക്കുറിച്ച് അക്കാലത്ത് ലഭ്യമായ വിവരണങ്ങള്‍ ക്രോഡീകരിച്ച ഭൂമിശാസ്ത്രകാരനായ അല്‍കസ്വിനി (1263-75) അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ കൊല്ലത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മലബാറിനെപ്പറ്റി എഴുതിയിട്ടുള്ള മറ്റു രണ്ടു ലേഖകന്മാരാണ് ദിമിഷ്കി (1325), അബുല്‍ഫിദ (1273-1331) എന്നിവര്‍. 13-ഉം 14-ഉം ശതകങ്ങളിലെ കേരളത്തെക്കുറിച്ച് അറിയാന്‍ ഇവരുടെ വിവരങ്ങള്‍ സഹായകമാണ്. ഇബ്ന്‍ബത്തൂത്ത (1342-47)യും കേരളത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അറബികള്‍ക്കു പിന്നാലെ കേരളം സന്ദര്‍ശിച്ച യൂറോപ്യന്‍ സഞ്ചാരികള്‍ എഴുതിയിട്ടുള്ള യാത്രാവിവരണക്കുറിപ്പുകള്‍ 14-ാം ശ. മുതല്ക്കുള്ള കേരളത്തെ സംബന്ധിച്ചുള്ള വിലപ്പെട്ട അറിവുകള്‍ പ്രദാനം ചെയ്യുന്നുണ്ട്.
ഭൂമിശാസ്ത്രപരമായി കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് ലക്ഷദ്വീപു കടലിനും മധ്യേ 38,863 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന താരതമ്യേന വീതികുറഞ്ഞ മേഖലയാണ് കേരളം. തീരദേശദൈര്‍ഘ്യം: 560 കി.മീ. സങ്കീര്‍ണമായ നിരവധി ഭൂവിജ്ഞാനീയ പ്രക്രിയകളിലൂടെ രൂപംകൊണ്ട വിവിധങ്ങളായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. കടന്നുപോന്ന ഭൂവിജ്ഞാനീയ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ശിലാസമൂഹങ്ങള്‍ അവയുടേതായ തുടര്‍ച്ചയില്‍ കാണപ്പെടുന്നില്ല എന്നതില്‍ നിന്നും കേരളമേഖല ഒന്നിടവിട്ടുള്ള കാലഘട്ടങ്ങളില്‍ അപരദനത്തിനും അവസാദനിക്ഷേപണത്തിനും ആവര്‍ത്തിച്ചു വിധേയമായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഭൂമിശാസ്ത്രജ്ഞന്മാരുടെ വിവക്ഷയനുസരിച്ച് കേരളത്തില്‍ മൂന്നു പ്രകൃതി വിഭാഗങ്ങളാണുള്ളത്: (i) സമുദ്രനിരപ്പില്‍ നിന്ന് 76 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനാട്; (ii) 7.6 മുതല്‍ 76 മീ. വരെ ഉയരത്തിലുള്ള ഇടനാട്; (iii) സമുദ്രനിരപ്പില്‍ നിന്ന് 7.6 മീ. വരെ ഉയരത്തിലുള്ള തീരപ്രദേശം. കേരളമേഖലയെ ഒട്ടാകെ 44 നദീതടങ്ങളായി വിഭജിക്കാവുന്നതാണ്. ഈ രീതിയിലുള്ള സമീപനം വികസന പ്രവര്‍ത്തനങ്ങള്‍ക്കും അവയുടെ ആയോജനത്തിനും തികച്ചും അനുയോജ്യവുമാണ്; എന്നിരിക്കിലും ഭൂപ്രകൃതി അടിസ്ഥാനമാക്കിയുള്ള വിഭജനമാണ് കൂടുതല്‍ സൗകര്യപ്രദം. ഭൂനിരപ്പിന്റെ തോതനുസരിച്ച് കേരളമേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററിനു മേല്‍ ഉയരത്തിലുള്ള ഉന്നത പ്രദേശം അഥവാ മലനാട്; (ii) 300 മുതല്‍ 600 വരെ മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇടനാട്; (iv) 30 മുതല്‍ 300 വരെ മീ. ഉയരത്തിലുള്ള താഴ്വാരങ്ങള്‍; (iv) കായലുകളും മണല്‍ത്തിട്ടകളും നിറഞ്ഞ താണനിലങ്ങള്‍-തീരസമതലം.
മേല്പറഞ്ഞ ഭൂപ്രകൃതിവിഭാഗങ്ങള്‍ വിസ്തീര്‍ണത്തില്‍ തികച്ചും അസന്തുലിതമാണ്. കേരളക്കരയിലെ 24,000-ത്തിലേറെ ച. കി. മീ. സ്ഥലങ്ങള്‍ക്ക് 300 മീറ്ററില്‍ താഴെ ഉയരമേയുള്ളൂ. പശ്ചിമഘട്ടത്തിന്റെ ശാഖകളായി പടിഞ്ഞാറോട്ടു വ്യാപിക്കുന്ന കുന്നിന് നിരകള്‍ ദീര്‍ഘകാലത്തെ അപരദനത്തിനു വിധേയമായി ഭൂരിഭാഗവും കാര്‍ന്നെടുക്കപ്പെടുകയും ഉയരംകുറഞ്ഞ മൊട്ടക്കുന്നുകളായി അവശേഷിക്കുകയും ചെയ്യുന്നതിനാലാണ് ഭൂനിരപ്പിലെ സമവിന്യാസം നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കുവാന്‍ ന്യായം കാണുന്നു. ഇമ്മാതിരി കുന്നിന്‍നിരകള്‍ സമുദ്രതീരം വരെ തുടര്‍ന്നുകാണുന്നത് അപൂര്‍വമല്ല.
കേരളത്തില്‍ ഏറ്റവും പ്രാമുഖ്യം വഹിക്കുന്ന ഭൂപ്രകൃതി വിഭാഗമാണ് ഇത്. തെക്കേ ഇന്ത്യയിലെ പ്രമുഖ പര്‍വതനിരയായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമാണ് കേരളത്തിന്റെ കിഴക്കരികിലായി തുടര്‍ന്നുകാണുന്നത്. താപ്തിനദി മുതല്‍ തെക്കോട്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തിലെ മലകളും കൊടുമുടികളും ഒരു നെടുങ്കോട്ടപോലെ ഒന്നിനൊന്നു ബന്ധപ്പെട്ടു സ്ഥിതിചെയ്യുന്നവയാണ്. ഇവയില്‍ പൂര്‍വാഭിമുഖമായി ചാപാകാരത്തില്‍ രൂപംകൊണ്ടിട്ടുള്ള നീലഗിരി, ആനമല, പഴനിമല എന്നീ ഗിരിനിരകളുടെയും താരതമ്യേന ഉയരംകുറഞ്ഞ വര്ഷനാട്-ആണ്ടിപ്പട്ടി നിരകളുടെയും ഭാഗങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗമായ ആനമുടി (2695 മീ.) കേരളത്തിനുള്ളിലാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത്, കടല്‍ത്തീരത്തു നിന്ന് 12 കി. മീ. കിഴക്കായി കാണുന്ന മലനിരകള്‍ കോഴിക്കോടിനു കിഴക്കുള്ള വാവല്‍മലവരേക്കും തടരേഖയ്ക്ക് ഏതാണ്ടു സമാന്തരമായി തുടരുന്നു. വാവല്‍മലയില്‍ നിന്ന് കിഴക്കോട്ടു തിരിയുന്ന ഗിരിനിരകള്‍ പിന്നീട് അല്പം വടക്കോട്ടും തുടര്‍ന്നു ചാപാകാരമായി തെക്കോട്ടും നീളുന്നു. പാലക്കാട്ടു പാതയ്ക്കു വടക്കുള്ള വടമലയില്‍ ഈ തുടര്‍ച്ച അവസാനിക്കുന്നു. പാലക്കാട്ടു പാതയ്ക്കു തെക്കുള്ള തെന്മലയും വടമലയെപ്പോലെ ചെങ്കുത്തായി ഉയര്‍ന്നുകാണുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള മലനിരകള്‍ ആനമലപ്രദേശത്ത് ഏറ്റവും ഉയരത്തിലെത്തുന്നു. ആനമലയ്ക്കു തെക്കുള്ള ഹൈറേഞ്ച് പ്രദേശത്തും ഉയരം കൂടിയ കൊടുമുടികളാണുള്ളത്. ഏതാണ്ട് ഒരു ആംഫിതിയെറ്ററിന്റെ ആകൃതി കൈക്കൊള്ളുന്ന ഈ മേഖലയിലെ ഗിരിശൃംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും വിവിധ മാതൃകയിലുള്ള പര്‍വതനിരകള്‍ക്ക് രൂപം നല്കുന്നു. ഓരോ കൊടുമുടിയും തൂക്കായി എഴുന്നു നില്ക്കുന്നവയാണ്. ഇവയ്ക്കിടയില്‍ അഗാധങ്ങളായ താഴ്വരകളും കാണാം. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ നിരന്ന പ്രതലത്തിന്മേല് അങ്ങിങ്ങായി കുമ്പിളുകള്‍ കൂട്ടിവച്ചതുപോലുള്ള ഒരു ഭൂദൃശ്യമാണ് ഈ മേഖല പ്രദര്‍ശിപ്പിക്കുന്നത്. 2,000 മീറ്ററിലേറെ ഉയരമുള്ള 14 കൊടുമുടികള്‍ ഹൈറേഞ്ചിലുണ്ട്. ഇവയില്‍ ആനമുടി ഇന്ത്യയില്‍ ഹിമാലയം ഒഴിച്ചുള്ള ഭാഗത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ്. ഭൂപ്രകൃതിയനുസരിച്ച് ഹൈറേഞ്ചിനെ ഏതാനും മലനിരകളും അവയ്ക്കിടയ്ക്ക് തലങ്ങും വിലങ്ങുമായുള്ള താഴ്വരകളും ഒറ്റപ്പെട്ട ചെറിയ ഉന്നത തടങ്ങളുമായി വിഭജിക്കാം.
പാലക്കാട്ടുപാത ഒഴിവാക്കിയാല്‍ പശ്ചിമഘട്ടത്തിലെ മലനിരകള്‍ അവിച്ഛിന്നമെന്നു തോന്നുംവണ്ണം വിന്യസിക്കപ്പെട്ടുകാണുന്നു. ഏതാണ്ട് 30 കി.മീ. വീതിയില്‍ കിഴക്കുപടിഞ്ഞാറായി 80 കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന പാലക്കാട്ടു താഴ്വാരമാണ് പശ്ചിമഘട്ടത്തിനു കുറുകെയുള്ള ഏറ്റവും പ്രധാന മലമ്പാത. കേരള മേഖലയെ കിഴക്കു തമിഴ്നാടു പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഇരുപുറവും 1,100 മീ. മുതല്‍ 2,000 മീ. വരെ ഉയരമുള്ള തൂക്കായി എഴുന്ന മലകളാണുള്ളത്. താഴ്വാരത്തിന്റെ ഉയരം സമുദ്രനിരപ്പില്‍നിന്ന് 20 മുതല്‍ 100 വരെ മീറ്ററാണ്. പശ്ചിമ പര്‍വതത്തിലെ മറ്റൊരു മുഖ്യപാത ആര്യങ്കാവിലാണ്; ഈ താഴ്വാരത്തിലൂടെയാണ് കൊല്ലം-ചെങ്കോട്ട റെയില്‍പ്പാതയും ചെങ്കോട്ടയിലേക്കുള്ള പ്രധാനറോഡും കടന്നുപോകുന്നത്; റെയില്‍പ്പാത 1.2 കി. മീ. നീളമുള്ള ഒന്നുള്‍പ്പെടെ ഏതാനും തുരങ്കങ്ങള്‍ കടന്നാണ് മറുപുറത്തെത്തുന്നത്.
മേല്പറഞ്ഞവയ്ക്കിടയ്ക്കായി കേരളത്തെയും തമിഴ്നാടിനെയും കൂട്ടിയിണക്കുന്ന മറ്റു ചില പാതകളും ഉണ്ട്. ഇവ മിക്കവാറും ഇടുങ്ങിയവയാണ്. കുമിളിയില്‍ നിന്ന് കിഴക്കോട്ട് കമ്പം വഴി മലയിറങ്ങുന്നതാണ് ആദ്യത്തെ പാത. അതിന് അല്പം വടക്കായി കമ്പംമേട്ടിലുള്ള രണ്ടാമത്തെ പാത ഉടുമ്പന്‍ചോല പ്രദേശത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു. ഏലമലയുടെ താഴ്വരയിലൂടെ തേവാരത്തേക്കു പോകുന്ന പാത വളരെ ഇടുങ്ങിയതാണ്; പ്രായേണ ദുര്‍ഗമവും. ഇതിനു വടക്കുള്ള മൂന്നാര്‍-ബോഡിനായ്ക്കന്നൂര്‍ പാത പ്രാചീന കാലം മുതല്ക്കേ സുപ്രധാനമായ ഒരു വാണിജ്യമാര്‍ഗമാണ്.
നീലഗിരിമലകള്‍ക്കു തെക്ക് 900-950 മീ. ഉയരത്തില്‍ തുടങ്ങി കിഴക്കോട്ടും വടക്കുകിഴക്കോട്ടും ചാഞ്ഞിറങ്ങുന്ന വയനാടു പീഠഭൂമി ദക്ഷിണേന്ത്യയിലെ ഏറ്റവും വ്യാപ്തിയേറിയ ഭൂരൂപമാണ്. വടക്ക് മൈസൂര്‍ പീഠഭൂമിയില്‍ ലയിക്കുന്ന വയനാടിന്റെ പടിഞ്ഞാറതിരില്‍ ചെങ്കുത്തായ ചുരങ്ങളാണുള്ളത്. ഹൈപ്പര്‍-ഗ്രാനുലൈറ്റ് (hyper granulite) ശിലാപടലങ്ങളുടെ ആധിക്യം കണക്കിലെടുക്കുമ്പോള്‍ വയനാടു പീഠഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വളരെ താഴ്ചയില്‍ നിന്ന് ഘട്ടംഘട്ടമായി ഉയര്‍ത്തപ്പെട്ട് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി അനുമാനിക്കേണ്ടിവരുന്നു (രാധാകൃഷ്ണ, 1968). മധ്യ-മയോസീന്‍ കാലത്ത് പശ്ചിമപര്‍വതങ്ങളുടെ പടിഞ്ഞാറായി അനുഭവപ്പെട്ട ഭൂഭ്രംശ (കൃഷ്ണന്, 1961)വും വയനാടിന്റെ ഇന്നത്തെ അവസ്ഥിതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടാവണം. ഇന്നത്തെ പ്രസ്പഷ്ടങ്ങളായ ഭൂരൂപങ്ങളില്‍ പലതും മുന്‍കാല പ്രതലത്തിന് അപരദനഫലമായുണ്ടായ രൂപവ്യത്യാസത്തിന്റെ പരിണാമങ്ങളാണെന്നു കരുതപ്പെടുന്നു; പന്തലൂരിലെ മാഗ്നട്ടൈറ്റ്-ക്വാര്‍ട്ട്സൈറ്റ് കുന്നുകള്‍, കല്‍പ്പറ്റയിലും തൊവരിമലയിലും ധാരാളമായുള്ള കുംഭകാകാര ഗ്രാനൈറ്റ് ഖണ്ഡങ്ങള്‍ എന്നിവ മേല്പറഞ്ഞപ്രകാരം ഉരുത്തിരിഞ്ഞവയാണ് (പാര്‍ഥസാരഥി-വൈദ്യനാഥന്, 1974).
പശ്ചിമപര്‍വതനിരയുടെ ഒരു ശാഖ തൊടുപുഴ താലൂക്കിലൂടെ പടിഞ്ഞാറ് ആലുവ വരെ നീണ്ടുകിടക്കുന്നു. നിമ്നോന്നതമായ കുന്നിന്‍പ്രദേശം പടിഞ്ഞാറോട്ടു ചെല്ലുന്തോറും പടിപടിയായി താഴുന്ന ഉന്നത തടങ്ങളായി മാറുന്നു. ഇവയ്ക്കു കുറുകെ തലങ്ങും വിലങ്ങുമായി നീളുന്ന താഴ്വാരങ്ങളും ഉണ്ട്. ഇവ ഉദ്ദേശം 300 മീ. ഉയരത്തോളം എത്തുമ്പോള്‍ ഇടനാടിന്റെ സവിശേഷതയായ അവശിഷ്ടക്കുന്നുകളായി രൂപാന്തരപ്പെടുന്നു. തൊടുപുഴ താലൂക്ക് മൊത്തത്തില്‍ 300 മീറ്ററിലേറെ ഉയരത്തിലാണ്; 900 മീറ്ററിലേറെ ഉയരമുള്ള കുന്നുകള്‍ ഇവിടെ ധാരാളമുണ്ട്. പടിഞ്ഞാറോട്ടു വരുന്തോറും കുന്നുകളുടെ ചായ്വ് ക്രമേണ കുറഞ്ഞുവരുന്നു.
കുന്നുകള്‍ കാര്‍ന്നെടുക്കപ്പെട്ട് നിരന്നപ്രതലങ്ങള്‍ രൂപംകൊള്ളുന്ന തലീകരണപ്രക്രിയ (planation process) വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കപ്പെട്ട അവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. നീലഗിരി തടത്തിനോടനുബന്ധിച്ച് കേരളത്തില്‍ വയനാടുതടം (900-950 മീ.), മലബാര്‍തടം (75 മീ.) എന്നിങ്ങനെ രണ്ടു തലങ്ങള്‍ ഭൂരൂപപ്രക്രിയക(geomorphic process)ളിലൂടെ രൂപംകൊണ്ടിട്ടുള്ളതായി പാര്‍ഥസാരഥി, വൈദ്യനാഥന് എന്നിവര്‍ (1974) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡെമന്‍ഗോട്ട് (1975) സൂചിപ്പിക്കുന്നത് മറ്റു രണ്ടു തലങ്ങളാണ്: (i) 350 മീ. ഉയരത്തില്‍ നിന്ന് പാലക്കാട്ടു പാതയിലെപ്പോലെ ക്രമേണ ചാഞ്ഞിറങ്ങുന്ന ആദ്യത്തെ തലം; ഈ തലത്തിനുമുകളില്‍ സാമാന്യമായ കനത്തില്‍ ചെങ്കല്ല് മൂടിക്കാണുന്നു; (ii) 75 മീ. ഉയരത്തില്‍നിന്ന് സമുദ്രനിരപ്പുവരെയുള്ള തീരസമതലം. ഇവ രണ്ടുംതന്നെ പടിഞ്ഞാറോട്ടു ചായ്വുള്ളവയാണ്. തിരുജ്ഞാനസംബന്ധം (1976) മധ്യകേരളത്തില്‍ നടത്തിയ പഠനങ്ങളിലൂടെ അഞ്ചു തലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്; 550 മീ. മുതല്‍ 1500-1700 മീ. വരെ ഉയരങ്ങള്‍ക്കിടയിലാണ് ഇവ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. മൂര്‍ത്തിയും സഹപ്രവര്‍ത്തകരും (1976) 1,500 മീ., 600-900 മീ., 300-390 മീ., 150-210 മീ., 60-120 മീ. എന്നീ ഉയരങ്ങളില്‍ അഞ്ച് തലങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാട്ടി; പക്ഷേ ഈ തലങ്ങള്‍ കേരളമേഖലയിലൊട്ടാകെ വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇവര്‍ക്കു സന്ദേഹമുണ്ട്; എന്നാല്‍ കിട്ടിയ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ ഭൂരൂപപ്രക്രിയയുടെ ഫലമായി വിന്യസിക്കപ്പെട്ട ഈ തലങ്ങളോരോന്നും പടിഞ്ഞാറോട്ടു ചാഞ്ഞിറങ്ങുന്നവയും വിജാഗിരികൊണ്ടു ബന്ധിപ്പിക്കപ്പെട്ടതുപോലെ ഒന്നിനൊന്നു സംബന്ധപ്പെട്ടവയുമാണ്. ഇവ കൂട്ടുചേരുന്ന സമ്മിശ്രമേഖല തടരേഖയ്ക്കു തൊട്ടടുത്തുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് കേരളതീരം ആവര്‍ത്തിച്ചുള്ള പ്രോത്ഥാന (uplift) ങ്ങള്‍ക്കു വഴിപ്പെട്ടിട്ടുണ്ടാവുമെന്നും ഘട്ടംഘട്ടമായുള്ള ഈ പ്രക്രിയകള്‍ക്ക് ഇടയ്ക്കുള്ള കാലയളവില്‍ തീവ്രമായ അപരദനത്തിലൂടെ ഗണ്യമായി ശോഷിപ്പിക്കപ്പെട്ടിട്ടുണ്ടാവുമെന്നും അനുമാനിക്കപ്പെടുന്നു.
നീണ്ട മലനിരകളും ചെങ്കുത്തായ പര്‍വതങ്ങളും സ്തൂപാകാരങ്ങളായ കൊടുമുടികളും നിറഞ്ഞ് നിമ്നോന്നതവും സങ്കീര്‍ണവുമായ ഒരു ഭൂപ്രകൃതിയാണ് പശ്ചിമഘട്ടം. പര്‍വതങ്ങളും ഗിരിശൃംഗങ്ങളും അഗാധങ്ങളായ താഴ്വരകളാല് വേര്‍തിരിക്കപ്പെട്ട് പരസ്പരബന്ധമില്ലാതെ എഴുന്നുകാണുന്നു. മലകളുടെ ഉയരം പടിഞ്ഞാറോട്ടു വരുന്തോറും ക്രമേണ കുറഞ്ഞുവരുന്നു. ഇവയ്ക്കിടയിലായി കാണുന്ന വീതികുറഞ്ഞ ഉന്നതതടങ്ങള്‍ മലകള്‍ അപരദനത്തിലൂടെ ശോഷിപ്പിക്കപ്പെട്ടതിന്റെ ഫലമായി നിക്ഷിപ്തമായ അവസാദങ്ങള്‍ അട്ടിയിട്ടു രൂപംകൊണ്ടവയായി കരുതാം.
പശ്ചിമഘട്ടത്തിലെ പ്രധാന നിരയില്‍നിന്നു വേര്‍പെട്ട് പടിഞ്ഞാറോട്ടു നീളുന്ന ശാഖകള്‍ കേരളമേഖലയിലുടനീളം അവസ്ഥിതമാണ്. ഇവയില്‍ മിക്കവയും ക്രമേണ ഉയരംകുറഞ്ഞ് മൊട്ടക്കുന്നുകളായി പരിണമിച്ചിട്ടാണെങ്കില്‍പ്പോലും കടല്‍ത്തീരം വരെ സംക്രമിച്ചുകാണുന്നു; സാമാന്യം ഉയരമുള്ള കുന്നുകളായി കടലിലേക്കു കടന്നുകയറി സ്ഥിതിചെയ്യുന്ന അവസ്ഥയും വിരളമല്ല. കല്ലടയാറിനു തെക്കുഭാഗത്ത് മലനിരകളുടെ പടിഞ്ഞാറോട്ടുള്ള ചായ് വ് ക്രമമുള്ളതും ഏറക്കുറെ ഏകതാനവുമാണ്. തത്ഫലമായി പടിഞ്ഞാറോട്ടു ചെല്ലുന്തോറും കുന്നുകളുടെ ഉയരം പടിപടിയായി കുറഞ്ഞുവരുന്നു. തെക്കു വടക്കായി സാമാന്യം നീളത്തില്‍ രൂപംകൊണ്ടിട്ടുള്ള ഈ കുന്നിന്‍നിരകള്‍ക്കിടയ്ക്ക് വിസ്തൃതങ്ങളായ താഴ്വരകളുണ്ട്; കുന്നുകളുടെ ഉയരം കുറയുന്നതിനൊപ്പം ഈ താഴ്വരകളുടെ വ്യാപ്തി വര്‍ധിച്ചുകാണുകയും ചെയ്യുന്നു. കല്ലടയാറിനു വടക്ക്, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖല തുടങ്ങി വടക്കോട്ട്, പാലക്കാട്ടുപാത ഒഴിച്ചുള്ള ഭാഗങ്ങളില്‍, പ്രധാന നിരയില്‍നിന്നു ചെങ്കുത്തായ മലകളും അവയ്ക്കിടയിലെ അഗാധ താഴ്വാരങ്ങളും ഉള്‍ക്കൊണ്ട് പടിഞ്ഞാറോട്ടു നീളുന്ന ശാഖകള്‍, ക്രമേണ ഉയരം കുറഞ്ഞ് മൊട്ടക്കുന്നുകളും ചരിവുതലങ്ങളും തുടര്‍ന്നുള്ള തടപ്രദേശങ്ങളുമായി പരിണമിക്കുന്നു. പടിഞ്ഞാറരികില്‍ തീരസമതലവുമായി സന്ധിക്കുന്നിടത്ത് തൂക്കായ ചരിവുകള്‍ സാധാരണമാണ്. കിഴക്കരികിലുള്ള പര്‍വതങ്ങളില്‍ ഉദ്ഭവിച്ചൊഴുകുന്ന നദികള്‍ വളഞ്ഞുപുളഞ്ഞൊഴുകി, ഗതിമാര്‍ഗങ്ങള്‍ക്കിരുപുറവുമായി വീതി കുറഞ്ഞ താഴ്വരകള്‍ സൃഷ്ടിച്ചിരിക്കുന്നു. 300 മുതല്‍ 600 വരെ മീ. ഉയരങ്ങളിലുള്ള ഈ നിമ്നോന്നത മേഖലയാണ് ഇടനാട് എന്നു വ്യവഹരിക്കപ്പെടുന്നത്. ഈ മേഖലയുടെ പ്രധാന സവിശേഷത, ഉടനീളം ചെങ്കല്ല് പടലങ്ങളാല്‍ ഇത് മൂടപ്പെട്ടുകാണുന്നു എന്നതാണ്.
30 മുതല്‍ 300 വരെ മീ. ഉയരങ്ങളിലുള്ള താഴ്വാരങ്ങള്‍ പൊതുവേ നദീജന്യതലങ്ങള്‍ (peneplanes) ആണ്. ഈ പ്രദേശത്തെ കീറിമുറിച്ചൊഴുകുന്ന ധാരാളം നദികളുണ്ട്. ജലോഢസമതലങ്ങള്‍ (flood planes), അവശിഷ്ടവേദികള്‍ (rock cut terraces), നദീയനിക്ഷേപങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന നിരന്ന പ്രദേശങ്ങള്‍ (fill terraces) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഭൂരൂപങ്ങള്‍. ശരാശരി ചായവ് ഉത്തരകേരളത്തില്‍ 6° ആണ്; തെക്കോട്ടു പോകുന്തോറും ക്രമേണ വര്‍ധിച്ച് ദക്ഷിണകേരളത്തില്‍ 10° വരെ ഏറുന്നു. കേരളത്തിലെ നദികള്‍ ഇപ്പോള്‍ ഒഴുകുന്നത് മേല്പറഞ്ഞ നദീജന്യതലത്തിന്റെ പൊതു ചായവിനു ലംബമായ ദിശയിലാണ് എന്നത് ശ്രദ്ധേയമാണ്.
സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 4 മുതല്‍ 6 വരെ മീ. ഉയരത്തിലുള്ള വിശാലമായ സമതലമാണ് കേരളത്തിലേത്. ഇന്നത്തെ തടരേഖയ്ക്കു സമാന്തരമായി ചെറുതും വലുതുമായ മണല്‍ത്തിട്ടുകള്‍ തീരസമതലത്തിലെമ്പാടും കാണാം. ഈ മണല്‍ത്തിട്ടുകള്‍ക്കിടയിലുള്ള ഗര്‍ത്തങ്ങള്‍ കായലുകളും ചതുപ്പുകളുമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ശരാശരി 10 കി. മീ. ഉള്ളിലോട്ടു വ്യാപിച്ചുകിടക്കുന്ന തീരസമതലം കേരളത്തിന്റെ മധ്യഭാഗത്താണ് ഏറ്റവും കൂടിയ വീതിയില്‍ കാണപ്പെടുന്നത്. ഇവിടെ തടരേഖയ്ക്ക് 18 കി. മീ. ഉള്ളിലോളം സമുദ്രജന്യമായ മണല്‍ത്തിട്ടുകള്‍ കാണാം. തീരസമതലത്തിലെ മറ്റൊരു സവിശേഷ ഭൂരൂപം തടരേഖയ്ക്ക് ഏതാണ്ട് ലംബമായി സ്ഥിതിചെയ്യുന്ന പാറക്കെട്ടുകളാണ്. ഇവയില്‍ മിക്കവയും കടലിനുള്ളിലേക്ക് തുടര്‍ന്നുകാണുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാനും മീ. മാത്രം എഴുന്നുനില്ക്കുന്ന ഈ പാറക്കെട്ടുകള്‍ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്നത് സാധാര ണമാണ്. ഈ പാറക്കെട്ടുകള്‍ കരയിലേക്കു പോകുന്തോറും ഉയരം കൂടി ചെങ്കല്ല് ആവരണമുള്ള കുന്നുകളായി പരിണമിക്കുന്നതും വിരളമല്ല. മേല്പറഞ്ഞയിനം തിട്ടുകളെ ഒഴിവാക്കിയാല്‍ തീരസമതലം വിസ്തൃതമായ ഒരു മണല്പ്പുറമാണ്. ഭൂപ്രകൃതിയിലെ ഏകതാനതയ്ക്കു ഭംഗം വരുത്തുന്നത് കായലുകളും അവയോടനുബന്ധിച്ചുള്ള നീര്‍ച്ചാലുകളും മാത്രമാണ്. കായലുകളുടെയും ചതുപ്പുകളുടെയും അടിത്തറകളില്‍ മറ്റുള്ളിടത്തെപ്പോലെ മണല്‍ അട്ടിയിട്ടിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാം. കടല്‍ത്തീരത്തു സമാന്തരമായി നെടുനീളത്തില്‍ രൂപംകൊണ്ടിട്ടുള്ള മണല്‍ത്തിട്ടുകള്‍ക്ക് ഇടയിലുള്ള താണനിലങ്ങള്‍ എക്കല്‍മണ്ണിന്റെ നേരിയ പടലങ്ങളാല്‍ മൂടിയിരിക്കുന്നു; ഇവ സമുദ്ര-നിക്ഷേപങ്ങളുമായി ഇടകലര്‍ന്നാണ് കാണപ്പെടുന്നത്. കേരളത്തിലെ നദികളില്‍ മിക്കവയും കായലുകളില്‍ പതിച്ചശേഷമാണ് സമുദ്രത്തിലെത്തിച്ചേരുന്നത്.
ഭൂവല്ക്കശിലകളുടെ പഠനങ്ങള്‍ക്കായി നിലംതുരന്ന് പരിശോധിച്ചതില്‍ തീരസമതലത്തിലെ ഏറ്റവും മുകളിലുള്ള മണ്ണട്ടികള്‍ കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇവയ്ക്കിടയില്‍ മണല്‍, കളിമണ്ണ് എന്നിവയുടെ അടരുകളും ഏറ്റവും താഴെ ടെര്‍ഷ്യറി (tertiary) യുഗത്തിലെ അവസാദനിക്ഷേപങ്ങളുമാണുള്ളത്. വിവിധ തുരപ്പുകളില്‍ നിന്നു ശേഖരിക്കപ്പെട്ട മാതൃകകളിലോരോന്നും വൈക്കം സ്തരങ്ങള്‍, കൊല്ലം സ്തരങ്ങള്‍, വര്‍ക്കല സ്തരങ്ങള്‍, ഹോളോസീന്‍ സ്തരങ്ങള്‍ എന്നിങ്ങനെ താഴെ നിന്നു മുകളിലേക്ക് അനുക്രമമായി അടുക്കപ്പെട്ടിട്ടുള്ളതിന്റെ വ്യക്തമായ സൂചനകള്‍ നല്കുന്നു. ഇവയില്‍ ഏറ്റവും താഴത്തെ വൈക്കം സ്തരങ്ങള്‍ നദീജന്യ നിക്ഷേപങ്ങളാണ്; ആദ്യകാല ചരിവുതലങ്ങളിലും താഴ്വാരങ്ങളിലും രൂപംകൊണ്ട എക്കലട്ടികളാണ് ഇവ. വൈക്കം സ്തരങ്ങള്‍ക്ക് മുകളിലായുള്ള കൊല്ലം സ്തരങ്ങള്‍ സമുദ്രനിക്ഷേപങ്ങളാണെന്നതിനു വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്നു. വ്യാപകമായ കടലാക്രമണത്തിന്റെയും തുടര്‍ന്നുള്ള പിന്‍വാങ്ങലിന്റെയും സൂചനകളാണ് ഇവ നല്‍കുന്നത്. ഈ കാലഘട്ടത്തില്‍ കടല്‍ ഇന്നത്തെ തടരേഖയ്ക്ക് ഏറെ പടിഞ്ഞാറേക്കു പിന്‍വാങ്ങിയിരുന്നുവെന്നും കടലൊഴിഞ്ഞ ഭാഗത്ത് വര്‍ക്കല സ്തരങ്ങള്‍ നിക്ഷേപിക്കപ്പെട്ടുവെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഉത്തരമയോസീന്‍ യുഗത്തില്‍ ആഗോളവ്യാപകമായി കടല്‍ പിന്‍വാങ്ങിയ കാലഘട്ടത്തിലായിരിക്കണം വര്‍ക്കല സ്തരങ്ങള്‍ നിക്ഷേപിക്കപ്പെട്ടത് എന്നു കരുതാനും ന്യായം കാണുന്നു. ഈ കാലഘട്ടത്തില്‍ സമുദ്രത്തിലെ ജലവിതാനം നിലവിലുണ്ടായിരുന്നതില്‍ നിന്ന് 36 മീറ്ററോളം താണ് ഇന്നത്തെ നിരപ്പില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവണമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. മുമ്പ് 30,000 മുതല്‍ 25,000 വരെ വര്‍ഷങ്ങള്‍ക്കിടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ പ്രക്രിയ നടന്നത്. ഹോളോസീന്‍ (Holocene) കാലഘട്ടത്തില്‍ കടല്‍ നിര്‍ണായകമായി കടന്നുകയറുകയും സാവധാനം പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ടാവണം. ഈ പ്രക്രിയകളുടെ ആവര്‍ത്തനം ക്രമേണ തീവ്രത കുറഞ്ഞും കാലയളവിലുള്ള അന്തരം വര്‍ധിച്ചും സംഭവിച്ചിരിക്കാം. അവയുടെ പര്യവസാനത്തോടെ താരതമ്യേന സ്ഥായിയായ ഇന്നത്തെ സ്ഥിതിയില്‍ ഇത് എത്തിച്ചേര്‍ന്നിരിക്കുന്നു. തീരസമതലത്തെ ഇന്നത്തെ നിലയില്‍ ക്രമീകരിച്ചതില്‍ മേല്പറഞ്ഞ പ്രക്രിയകളോടൊപ്പം കേരളക്കരയിലെ നദികള്‍ക്കും നിര്‍ണായകമായ പങ്കുണ്ടായിരുന്നു. ഇന്നത്തേതില്‍നിന്നു വളരെ കൂടിയ തോതില്‍ മഴ ലഭിച്ചിരുന്ന സാഹചര്യത്തില്‍, ഭൂപ്രകൃതിയിലെ നിമ്നോന്നതത്വത്താല്‍ ഉത്തേജിപ്പിക്കപ്പെട്ട് അളവറ്റ തോതില്‍ ശിലാദ്രവ്യങ്ങള്‍ അടര്‍ത്തി നീക്കുവാനും എക്കല്‍ നിക്ഷേപങ്ങളായി വിന്യസിപ്പിക്കുവാനും നദികള്‍ പ്രാപ്തങ്ങളായി. കേരളത്തിന്റെ തടരേഖ കാലാകാലങ്ങളില്‍ ഗണ്യമായ തോതില്‍ വ്യതിചലിച്ചിരുന്നു. ഇപ്പോള്‍ കടലാക്രമണ സാധ്യതയുള്ള ഒരു അവസ്ഥയിലുമാണ്. ഇന്നത്തെ നിലയില്‍ കേരളത്തിന്റെ കടല്‍ത്തീരത്തിന് മൊത്തം 560 കി.മീ. നീളമുണ്ട്. ഇതില്‍ കോഴിക്കോടു മുതല്‍ കൊല്ലം വരെയുള്ള ഭാഗം വളവും തിരിവുമില്ലാതെ ഒരേ ദിശയില്‍ കിടക്കുന്നു. മറ്റു ഭാഗങ്ങളില്‍ പലയിടത്തും ഉള്ളിലേക്കു വളഞ്ഞും കടലിലേക്ക് ഉന്തിയുമാണ് കാണപ്പെടുന്നത്.
കേരളത്തിന്റെ വടക്കരികിലെ കൂര്‍ഗ് സാനുക്കള്‍ മുതല്‍ വയനാട് പീഠപ്രദേശം വരെയുള്ള മലകളുടെ ഉയരം 915 മീ. മുതല്‍ 1,525 മീ. വരെ വ്യതിചലിച്ചുകാണുന്നു. 1,825 മീറ്ററിലേറെ ഉയരമുള്ള ഒന്നുരണ്ടു ഗിരിശൃംഗങ്ങള്‍ ഈ ഭാഗത്തുണ്ട്. കിഴക്കരികിലെ നീലഗിരി-കുണ്ടാനിരകളുടെ ശരാശരി ഉയരം 1,825 മീ. ആണ്. നീലഗിരി മലകളുടെ ദക്ഷിണ പാര്‍ശ്വങ്ങളില്‍ ക്രമേണ പൊക്കം കുറയുന്ന മലനിരകള്‍ പിന്നെയും ഔന്നത്യം പ്രാപിച്ച് പാലക്കാട്ടുപാതയ്ക്കു തൊട്ടുവടക്കുള്ള വടമലയിലെത്തുന്നു. പാതയുടെ ഇരുപുറവും തൂക്കായ മലഞ്ചരിവുകള്‍ കാണാം. തെക്കുഭാഗത്തുള്ള തെന്മല, ആനമലയുടെ തുടര്‍ച്ചയാണെന്നു പറയാം. 1,225 മീ. മുതല്‍ 1,525 മീ. വരെ ഉയരത്തിലുളള മലനിരകളാണ് തെന്മല-ആനമല ശ്രേണിയിലുള്ളത്. ഇവയ്ക്കു പടിഞ്ഞാറ് ഏറെ ദൂരത്തോളം ഒന്നിനുതൊട്ടൊന്നായോ ഒറ്റയ്ക്കോ സ്ഥിതിചെയ്യുന്ന മലകളും കുന്നുകളുമുണ്ട്; ഇവയൊക്കെത്തന്നെ താരതമ്യേന ഉയരം കുറഞ്ഞവയുമാണ്.
വയനാടു പീഠഭൂമിയില്‍നിന്ന് പൊട്ടിമുളച്ചതുപോലെ എഴുന്നുകാണുന്ന പര്‍വതങ്ങളില്‍ എടുത്തുപറയേണ്ടവയാണ് ബാണാസുരമല (1,912 മീ.), ബ്രഹ്മഗിരി (1,608 മീ.) എന്നിവ. മാനന്തവാടിക്ക് 8 കി. മീ. വടക്ക് കോട്ടമതില്‍ പോലെ എഴുന്നുകാണുന്ന പര്‍വതമാണ് ബാണാസുരമല. ഇതിന്റെ വടക്കരികില്‍നിന്ന് 6 കി. മീ. വടക്കുമാറി ബ്രഹ്മഗിരി സ്ഥിതിചെയ്യുന്നു. ഇവയ്ക്കിടയിലുള്ള താഴ്വരയാണ് തിരുനെല്ലി. മേല്പറഞ്ഞ മലനിരകള്‍ക്കിടയിലുള്ള ചുരങ്ങള്‍ കേരളത്തെ കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന മലമ്പാതകള്‍ക്കു വഴിയൊരുക്കുന്നു. മാനന്തവാടി-മൈസൂര്‍ റോഡ് കടന്നുപോകുന്ന പെരിയഘാട്ട് പാതയാണ് ഇവയില്‍ പ്രമുഖം. പെരിയഘാട്ടിന്റെ മുഖത്തായി സ്ഥിതിചെയ്യുന്ന മൊറമ്പാറ കുന്നില്‍നിന്ന് പടിഞ്ഞാറു കടല്‍ത്തീരത്തോളമുള്ള പ്രദേശങ്ങളുടെ വിഹഗവീക്ഷണം സാധ്യമാണ്. വയനാടു പീഠഭൂമിയിലെ പര്‍വതസാനുക്കളില്‍ 1,225 മീ. മുതല്‍ 1,525 മീ. വരെ ഉയരങ്ങളില്‍ നിന്നു പടിഞ്ഞാ റോട്ടു ചാഞ്ഞിറങ്ങുന്ന നിബിഡവനങ്ങള്‍ കാണാം. കൊട്ടിയൂര്‍, കണ്ണോത്ത് എന്നീ സംരക്ഷിതവനങ്ങള്‍ ഇവയില്‍പ്പെടുന്നു. തലശ്ശേരി തീരത്തുനിന്നു 16 കി.മീ. അകലെവരെ എത്തിച്ചേര്‍ന്ന പശ്ചിമഘട്ടത്തിന്റെ ഒരു ശാഖയാണ് കനകമല. തലശ്ശേരി താലൂക്കില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പുരളിമല പഴശ്ശി രാജാവ് നയിച്ച ഐതിഹാസിക സമരവുമായി ബന്ധപ്പെട്ടതാണ്. കിഴക്കുപടിഞ്ഞാറ് ദിശയില്‍ ഏതാണ്ട് ഒരേ ക്രമത്തില്‍ നീളുന്ന ഒരു മലനിര (വേദല്‍മല) തളിപ്പറമ്പു താലൂക്കിലും ഉണ്ട്; ശരാശരി 1,371 മീ. ഉയരത്തില്‍ പുല്‍മേടുകള്‍ നിറഞ്ഞുകാണുന്ന വേദല്‍മലയുടെ പടിഞ്ഞാറരിക് തൂക്കായുള്ളതാണ്. കടലോരത്തുള്ള ഏഴിമല(260 മീ.)യും നാനാവിധത്തില്‍ പരിഗണനയര്‍ഹിക്കുന്നു.
ഏറനാടു താലൂക്കില്‍പ്പെട്ട വാവല്‍മല (2,339 മീ.) ആ ഭാഗത്തെ ഏറ്റവും ഉയരംകൂടിയ പര്‍വതമാണ്. പാലക്കാടു ജില്ലയിലെ നാനാഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന മലകളില്‍ എടുത്തുപറയാവുന്ന കൊടുമുടികള്‍ അനംഗിനാട് (2,386 മീ.), കരിമല (1,998 മീ.), പാദഗിരി (1,585 മീ.) എന്നിവയാണ്. തൃശൂര്‍ ജില്ലയിലെത്തുമ്പോള്‍ പശ്ചിമപര്‍വതങ്ങളുടെ ഉയരം 1,440 മീ. മുതല്‍ 330 മീ. വരെയായി കുറഞ്ഞുകാണുന്നു. പരസ്പരം കെട്ടുപിണഞ്ഞു സങ്കീര്‍ണമായ ഭൂപ്രകൃതി ഉളവാക്കുന്ന ഈ മലകള്‍ക്കിടയില്‍ സാമാന്യം വിസ്തൃതമായ ഉന്നത തടങ്ങളും രൂപംകൊണ്ടിരിക്കുന്നു. എറണാകുളം ജില്ലയിലേക്കു അതിക്രമിച്ചുകടക്കുന്ന ശാഖാനിരകളും 915 മീറ്ററിലേറെ ഉയരമില്ലാത്തവയാണ്. ഇവയില്‍ പ്രധാനപ്പെട്ടത് കടയത്തൂര്‍ കുന്നുകളാണ്.
കേരളാതിര്‍ത്തിക്കുള്ളില്‍ പശ്ചിമഘട്ടം ഏറ്റവും എഴുന്നുകാണുന്നത് ഇടുക്കി ജില്ലയിലാണ്. നന്നേ ഉയരം കൂടിയ അനേകം ഗിരിനിരകള്‍ ഈ ഭാഗത്തുണ്ട്. ആകൃതിയിലും പ്രകൃതിയിലും വൈവിധ്യം പുലര്‍ത്തുന്ന ഇവയോടനുബന്ധിച്ചുള്ള ഉന്നതതടങ്ങളും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്നു സ്ഥിതിചെയ്യുന്നു. 2,000 മീറ്ററിലേറെ ഉയരമുള്ള പീഠഭൂമികളും മലനിരകളും ഈ പ്രദേശത്തു സാധാരണമാണ്. ഇവയില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ പരിസരപ്രദേശങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു നില്ക്കുന്നതുപോലെ തൂക്കായി എഴുന്നുകാണുന്നു. ഇവയില്‍ ഏറ്റവും ഉയരം കൂടിയത് ആനമുടി ആണ്. 1,980 മീ. മുതല്‍ 2,700 മീ. വരെ ഉയരത്തിലുള്ള മറ്റേതാനും കൊടുമുടികളും ആനമുടിക്കു സമീപത്തായുണ്ട്. ഇവയും അവയുടെ പദതലമായ പീഠഭൂമിയും ഉള്‍പ്പെടുന്ന മേഖലയാണ് ഹൈറേഞ്ച്. പീഠപ്രദേശമായി വിവക്ഷിക്കപ്പെടുന്ന ഹൈറേഞ്ച് യഥാര്‍ഥത്തില്‍ ഉയരം കൂടിയ മലനിരകളും അവയ്ക്കിടയ്ക്കായുള്ള ചുരങ്ങളും പരസ്പരം ബന്ധപ്പെട്ട മലനിരകള്‍ക്കിടയ്ക്കായി രൂപംകൊണ്ടിട്ടുള്ള ഉന്നതതടങ്ങളും ഉള്‍ക്കൊണ്ട നിമ്നോന്നത പ്രദേശമാണ്. ഹൈറേഞ്ചില്‍പ്പെട്ട ദേവികുളം, ആനക്കൂട്, ഇരവിമല, പെരുമാള്‍മല, അഞ്ചനാട്, വട്ടുവട തുടങ്ങിയ ഉന്നതതടങ്ങള്‍ 915 മീ. മുതല്‍ 2,225 മീ. വരെ വിവിധ ഉയരങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ചിലെ ചില താഴ്വരകള്‍ക്കുപോലും സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്ററിലേറെ ഉയരമുണ്ട്.
ഹൈറേഞ്ചിന്റെ തെക്കരികിലുള്ള പീരുമേടുതടം കഴിഞ്ഞാല്‍ പശ്ചിമഘട്ടത്തിന്റെ ഉയരം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. തെക്കോട്ടുപോകുന്തോറും പൊതുവേ ഉയരത്തിനു കുറവുസംഭവിക്കുന്നു. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍പ്പെട്ട മലകളുടെ ശരാശരി ഉയരം 1,220 മീ. ആണ്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങള്‍ ശിവഗിരി(1,744 മീ.)യും മീന്‍മല(1,734 മീ.)യുമാണ്. കൊല്ലം ജില്ലയില്‍ ഏറ്റവും കൂടിയ ഉയരം മുതിരമല(1,041.5 മീ.)യ്ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം 300 മീ. ആയിക്കുറയുന്നു; എന്നിരിക്കിലും നെടുമങ്ങാടു താലൂക്കിലെ തെക്കരികിലുള്ള അഗസ്ത്യമുടിയുടെ ഉയരം 1,869 മീറ്ററും നെയ്യാറ്റിന്‍കര താലൂക്കിലെ മൂക്കുന്നിമലയുടെ ഉയരം 1,074 മീറ്ററും ആണ്. കിഴക്കന്‍ മലനിരകളുടെ തുടര്‍ച്ചയെന്നോണം പടിഞ്ഞാറേക്കു നീണ്ടുകാണുന്ന കുന്നിന്‍നിരകള്‍ ഏതാണ്ട് കടലോരത്തോളം എത്തുന്ന ഭൂദൃശ്യമാണ് ദക്ഷിണകേരളത്തിലുള്ളത്.
നദികള്‍
ഭൂപ്രകൃതിക്ക് അനുസൃതമായ അപവാഹക്രമമാണ് കേരളത്തിലുള്ളത്. പശ്ചിമഘട്ടം കേരളത്തിനും തമിഴ്നാടു സമതലത്തിനും ഇടയ്ക്കുള്ള ജലവിഭാജകമായി വര്‍ത്തിക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളാണുള്ളത്. ഇവയില്‍ മിക്കവയും പടിഞ്ഞാറന്‍ തീരത്തുള്ള കായലുകളിലൂടെ കടലില്‍ എത്തിച്ചേരുന്നവയാണ്. മലഞ്ചരിവുകളിലൂടെ ഒഴുകിയിറങ്ങി സമതലത്തിലെത്തി സാമാന്യം കുറഞ്ഞദൂരം പിന്നിട്ടശേഷം പതനം സംഭവിക്കുന്ന നദികളാണ് കേരളത്തിലുള്ളത്. തന്നിമിത്തം മലമ്പ്രദേശങ്ങളില്‍നിന്നു അവസാദങ്ങളും എക്കലും ഒഴുക്കി തീരസമതലത്തില്‍ നിക്ഷേപിക്കുന്നതാണ് ഈ നദികളുടെ പൊതുവായുള്ള ഗുണധര്‍മം.
കേരളത്തിലെ നദികളുടെ വിശ്ലേഷണം തെളിയിക്കുന്നത് പ്രവാഹമാര്‍ഗത്തിലെ രണ്ടിടങ്ങളില്‍ അവയിലോരോന്നിനും ഗതിവിച്ഛേദം സംഭവിക്കും എന്നതാണ്. നീര്‍ച്ചാലിന്റെ പൊതുവായുള്ള ചായ്വിനു പെട്ടെന്ന് ഏറ്റമുണ്ടാകുമ്പോഴാണ് ഒരു നദിക്ക് ഗതിവിച്ഛേദം അനുഭവപ്പെടുന്നത്. കേരളത്തിലെ നദികളില്‍ 500-800 മീ., 90-150 മീ. എന്നീ ഉയരങ്ങളിലാണ് നീര്‍ച്ചാലിനു പെട്ടെന്നു താഴ്ചയുണ്ടായിക്കാണുന്നത്. മലനാട്, ഇടനാട്, താഴ്വാരപ്രദേശം എന്നിവയ്ക്കിടയ്ക്കുള്ള അതിര്‍ത്തിമേഖലകളാണ് ഈ വിധത്തില്‍ സൂചിപ്പിക്കപ്പെടുന്നതെന്നു കരുതാന്‍ ന്യായമുണ്ട്. കേരളത്തിലെ മിക്ക നദികള്‍ക്കുമുള്ള ഒരു സവിശേഷത ഏറിയ ദൂരത്തോളം ഒരേ ദിശയില്‍ ഒഴുകുന്നുവെന്നതാണ്. വിവര്‍ത്തനിക (tectonics) പ്രക്രിയകളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വിള്ളലുകള്‍ നദീമാര്‍ഗങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്. കേരളത്തിലെ അപവാഹക്രമത്തിന്മേല്‍ സംരചനാപരമായുള്ള സ്വാധീനതയാണ് ഇത് വെളിപ്പെടുത്തുന്നത്. ഉന്നത തടങ്ങളിലെ അപവാഹക്രമം പരസ്പരവൈരുധ്യമുള്ളതാണ്. പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ തങ്ങളുടെ പ്രഭവസ്ഥാനത്തിന്റെ നേര്‍ക്കു തടപ്രദേശം വികസിപ്പിക്കുന്നതിലൂടെ സമീപസ്ഥങ്ങളായ ചെറുനദികളെ ആവാഹിച്ചു ലയിപ്പിച്ചിരിക്കുന്നുവെന്നാണ് ഇതില്‍നിന്ന് അനുമാനിക്കേണ്ടത്. ശിലാസ്തരങ്ങളുടെ സംരചനാക്രമത്തിന് അനുസൃതമായി പൊതുദിശയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ എക്കലും ചെങ്കല്ലും അട്ടിയിട്ടിരിക്കുന്ന താഴ്വാരങ്ങളിലെത്തുന്നതോടെ ഒഴുക്കു കുറഞ്ഞവയായിത്തീരുന്നു. നദികളുടെ ഗതിവേഗം കുറയുന്നതിനുള്ള ഒരു കാരണം ചായ്വു കുറഞ്ഞ ഭൂപ്രകൃതിയാണ്.
പൊതുവേ നോക്കുമ്പോള്‍ കേരളത്തിലെ നദികള്‍ക്ക് ഭ്രംശം, അപരൂപണക്ഷേത്രം (shear zone), അപരൂപ സന്ധി (shear fracture) എന്നീ സംരചനാ-ഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു അപവാഹക്രമമാണുള്ളത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ നീര്‍ച്ചാലുകളില്‍ പെട്ടെന്നുണ്ടായിക്കാണുന്ന താഴ്ച വിവര്‍ത്തനിക ബലങ്ങളുടെയും സമസ്ഥിതിക ചലനങ്ങളുടെയും ഫലമാണെന്നാണ് ഭൂവിജ്ഞാനികളുടെ നിഗമനം. കേരളത്തിലെ നദികളുടെ പരിണാമപരമായ വിശകലനം ഭൂഭൌതിക പഠനങ്ങളിലൂടെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
കേരളത്തിലെ നദികളെ പടിഞ്ഞാറോട്ടൊഴുകുന്നവയെന്നും കിഴക്കോട്ടൊഴുകുന്നവയെന്നും രണ്ടായി വിഭജിക്കാം.
വലുപ്പംകൊണ്ട് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള നദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ അഗണ്യങ്ങളാണെങ്കിലും വര്‍ഷാവര്‍ഷമുള്ള നീരൊഴുക്കിന്റെയും ശിലാംശങ്ങളുടെയും അളവു പരിഗണിക്കുമ്പോള്‍ കേരളത്തിലെ നദികള്‍ക്ക് സുപ്രധാനമായ സ്ഥാനം കല്പിക്കേണ്ടതുണ്ട്. ആവാഹക്ഷേത്രങ്ങളിലെ മഴക്കൂടുതലും ഗതിമാര്‍ഗങ്ങളില്‍ പൊതുവെയുള്ള ചായ്വുമാണ് ഈ നദികളെ ജലസമൃദ്ധമാക്കുന്നത്. പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ ഒട്ടുമുക്കാലും പശ്ചിമപര്‍വതത്തില്‍ നിന്ന് ഉദ്ഭവിക്കുന്നവയാണ്; ഈ നദികളൊക്കെത്തന്നെ നേരിട്ടോ കായലുകളിലൂടെയോ ലക്ഷദ്വീപു കടലില്‍ പതിക്കുന്നു. ഇവയില്‍ 10 നദികളുടെ ആവാഹക്ഷേത്രം ഭാഗികമായി അയല്‍സംസ്ഥാനങ്ങളിലാണ്. ഇവയോടൊപ്പംതന്നെ 15 കിലോമീറ്ററിലേറെ നീളമില്ലാത്തവയും എന്നാല്‍ വ്യതിരിക്തമായ ആവാഹക്ഷേത്രങ്ങളുള്ളവയുമായ ഏതാനും നദികളും പടിഞ്ഞാറോട്ടൊഴുകി ലക്ഷദ്വീപുകടലില്‍ നിപതിക്കുന്നുണ്ട്; കുമ്പള, കല്‍നാട്, ബേക്കല്‍, പൂരപ്പറമ്പ എന്നീ നദികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവയെ അടുത്തുള്ള പ്രധാന നദിയുമായി ചേര്‍ത്തു പരിഗണിക്കുകയാണു പതിവ്. കേരളത്തിലെ പ്രധാന നദികള്‍ ഇവയാണ്:
മഞ്ചേശ്വരംപുഴ. കര്‍ണാടക അതിര്‍ത്തിയിലുള്ള ബാലെപ്പൂണി കുന്നുകളില്‍ നിന്നു (സമുദ്രനിരപ്പിന് 60 മീ. ഉയരത്തില്‍) ഉദ്ഭവിക്കുന്ന ഈ നദി വോര്‍ക്കാഡി, പറവൂര്‍, ബഡജെ എന്നീ വില്ലേജുകളിലൂടെ ഒഴുകി മഞ്ചേശ്വരം പട്ടണത്തില്‍ പ്രവേശിച്ച് 16 കി.മീ. ദൂരം പിന്നിട്ടശേഷം ഉപ്പളക്കായലില്‍ ലയിക്കുന്നു. തടപ്രദേശത്തിന്റെ മൊത്തം വിസ്തീര്‍ണം 90 ച.കി.മീ. ആണ്.
ഉപ്പളപ്പുഴ. കര്‍ണാടക സംസ്ഥാനത്തിലെ വീരക്കംബാ കുന്നുകളില്‍ നിന്നാണ് ഉദ്ഭവം. സമുദ്രനിരപ്പില്‍ നിന്ന് 150 മീ. ഉയരത്തിലാണ് പ്രഭവസ്ഥാനം. 7 കി.മീ. തെക്കോട്ടും തുടര്‍ന്ന് 6 കി.മീ. കേരള അതിര്‍ത്തിയിലൂടെയും ഒഴുകിയശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് കേരളത്തില്‍ കടക്കുന്നു. ഈ നദി മീഞ്ച, കുളൂരു, ബേക്കൂരു, കോടിബയല്‍ എന്നീ വില്ലേജുകള്‍ കടന്നു ലക്ഷദ്വീപു കടലില്‍ പതിക്കുന്നു. ഉപ്പളപ്പുഴയുടെ മുഖം ഒരു കായലായി രൂപാന്തരപ്പെട്ടിരിക്കുന്നു. 50 കി.മീ. നീളമുള്ള ഈ നദിയുടെ മൊത്തം 250 ച.കി.മീ. വരുന്ന ആവാഹക്ഷേത്രത്തില്‍ 174 ച.കി.മീ. പ്രദേശവും കര്‍ണാടക സംസ്ഥാനത്തിലാണ്.
ഷിറിയപ്പുഴ. സമുദ്രനിരപ്പില്‍നിന്നും 230 മീ. ഉയരത്തില്‍ കര്‍ണാടകത്തിലെ ആനക്കുണ്ടി റിസര്‍വ് വനത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഷിറിയ 11 കി.മീ. പടിഞ്ഞാറോട്ടും തുടര്‍ന്ന് 6 കി.മീ. വടക്കോട്ടും ഒഴുകിയശേഷം കേരളാതിര്‍ത്തിയിലെത്തുന്നു. തുടര്‍ന്നുള്ള 30 കി. മീ. ദൂരം കേരളത്തിലൂടെ പടിഞ്ഞാറോട്ടൊഴുകിയശേഷം തെക്കുപടിഞ്ഞാറേക്കു തിരിഞ്ഞ് 8 കി.മീ. ഒഴുകുന്നു. പുത്തിഗെ, മൂഗു, അങ്ങാടി, മൊഗാരു, ബഡൂര്, മെയ് രേ, കുണ്ട്ള-മേര്‍ക്കാല, അരിക്കാടി, ഉജര്‍, ഉള്‍വാര്‍ എന്നീ വില്ലേജുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തുടര്‍ന്ന് കയ്യാര്‍, ഇച്ച് ലന് കോഡ്, ഷിറിയ, ബൊംബ്രേന എന്നീ വില്ലേജുകളിലൂടെ പടിഞ്ഞാറോട്ടു പത്തു കിലോമീറ്ററും തെക്കു പടിഞ്ഞാറോട്ടു തിരിഞ്ഞ് മൂന്നു കിലോമീറ്ററും ഒഴുകിയശേഷം കുമ്പളക്കായലിലൂടെ ലക്ഷദ്വീപുകടലില്‍ ലയിക്കുന്നു. എടനാട്ടില്‍ ഉദ്ഭവിച്ചെത്തുന്ന കുമ്പളയാറും ഈ കായലില്‍ പതിക്കുന്നുണ്ട്. ഷിറിയയുടെ പ്രധാന പോഷക നദികളിലൊന്നായ പള്ളത്താഡ്കഹോലേയും കര്‍ണാടക സംസ്ഥാനത്തിനുള്ളില്‍ നിന്നാണ് ഒഴുകിയെത്തുന്നത്. ഇത് അങ്ങാടി മൊഗാരുവില്‍ വച്ച് ഇടതുപാര്‍ശ്വത്തില്‍ക്കൂടി പ്രധാന നദിയില്‍ ലയിക്കുന്നു. മറ്റു പോഷകനദികളായ കല്ലൂജെത്തോട്, കന്യാനത്തോട്, എരമട്ടിഹോലേ എന്നിവ വലത്തുനിന്നും വന്നുചേരുന്നവയാണ്. 67 കി. മീ. നീളമുള്ള ഷിറിയയുടെ തടപ്രദേശത്തിന് 587 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഇതില്‍ 297 ച.കി.മീ. കര്‍ണാടക സംസ്ഥാനത്തിലാണ്.
മൊഗ്രാല്‍പ്പുഴ. 34 കി. മീ. നീളമുള്ള മൊഗ്രാല്‍നദി പൂര്‍ണമായും സംസ്ഥാനത്തിനുള്ളിലൂടെയാണ് ഒഴുകുന്നത്. കാരാഡ്ക റിസര്‍വ് വനത്തിലെ കാണത്തൂര്‍ കുന്നില്‍നിന്ന് ഉദ്ഭവിച്ച് ബെട്ടിപ്പാഡി, മുളിയാര്‍, യേധീര്‍ എന്നിവിടങ്ങള്‍ കടന്ന് മധൂര്‍, പാട് ല വില്ലേജുകളിലെ സമതലപ്രദേശത്തിലൂടെ വളഞ്ഞുപുളഞ്ഞൊഴുകി ലക്ഷദ്വീപ് കടലില്‍ വീഴുന്നു. നദീമുഖത്തിലെ 5 കിലോമീറ്ററോളം ദൂരം കായലായി പരിണമിച്ചിരിക്കുന്നു. പതനസ്ഥാനത്തു നിന്ന് 20 കി.മീ. ഉള്ളിലോളം വേലിയേറ്റഫലമായി ഉപ്പുവെള്ളം കയറാറുണ്ട്. ആവാഹക്ഷേത്രത്തിന്റെ വിസ്തീര്‍ണം: 132 ച.കി.മീ.
ചന്ദ്രഗിരിപ്പുഴ. കേരളത്തിലെ പ്രമുഖ നദികളിലൊന്നായ ചന്ദ്രഗിരി കര്‍ണാടകത്തിലുള്‍പ്പെട്ട പട്ടിഘാട്ട് റിസര്‍വ് വനങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,220 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്നു. ചന്ദ്രഗിരിയുടെ മുഖ്യപോഷകനദിയായ പയസ്വിനിയുടെ ഉദ്ഭവവും പട്ടിഘാട്ടില്‍ നിന്നുതന്നെയാണ്. പതനസ്ഥാനത്തു നിന്നു 15 കി.മീ. അകലെവച്ച് പയസ്വിനിയുമായി യോജിക്കുന്നതോടെ ചന്ദ്രഗിരി സാമാന്യം വലിയ ഒരു ജലധാരയായി പരിണമിക്കുന്നു. 105 കി.മീ. നീളമുള്ള ഈ നദീവ്യൂഹത്തിന്റെ 1,406 ച.കി.മീ. വിസ്തൃതമായ ആവാഹക്ഷേത്രത്തിലെ 836 ചി.കി.മീ. പ്രദേശം കര്‍ണാടക സംസ്ഥാനത്തിനുള്ളിലാണ്. പയസ്വിനിയുമായിച്ചേരുന്ന സ്ഥാനത്തോളം വേലിയേറ്റം അനുഭവപ്പെടുന്നു. ആദ്യം വടക്കോട്ടും പിന്നെ തെക്കോട്ടുമായുള്ള നദീമാര്‍ഗത്തില്‍ എല്ലായിടത്തുംതന്നെ ജലനിരപ്പില്‍നിന്നു കഷ്ടിച്ച് ഉയര്‍ന്നുകാണുന്ന ചെറുതും വലുതുമായ തുരുത്തുകള്‍ രൂപംകൊണ്ടിരിക്കുന്നു. 'U' ആകൃതിയില്‍ കാസര്‍കോടുപട്ടണം ചുറ്റിയശേഷം കടലിലേക്കൊഴുകുന്ന ഈ നദിയുടെ പതനസ്ഥാനം ഒരു ചെറുതടാകമായി വികസിച്ചിരിക്കുന്നു. അഴിമുഖത്തിന്റെ സ്ഥാനം തെക്കോട്ടും വടക്കോട്ടും മാറുന്നതും സാധാരണമാണ്. നദീമുഖത്തെ കായല്‍ ഒരു ചെറുകിട മത്സ്യബന്ധന കേന്ദ്രമായി വികസിച്ചിട്ടുണ്ട്.
ചിത്താരിപ്പുഴ. ചന്ദ്രഗിരിപ്പുഴയ്ക്കു തെക്കായുള്ള മൂന്നു ചെറു നദികളാണ് കല്‍നാട്, ബേക്കല്‍, ചിത്താരി എന്നിവ. ഭൂമിശാസ്ത്രപരമായി ഈ മൂന്നു പുഴകളുടെയും ആവാഹക്ഷേത്രങ്ങളെ കൂട്ടായി പരിഗണിക്കാവുന്നതാണ്. ചെട്ടിയാന്‍-ചാല്‍കുന്നിന്റെ (91 മീ.) പാര്ശ്വങ്ങളില്നിന്ന് ഒഴുകിയിറങ്ങി 10 കി. മീ. ദൂരം പിന്നിട്ടു കല്‍നാടുകായലിലൂടെ കടലിലെത്തുന്ന ചെറുനദിയാണ് കല്‍നാടുപുഴ. ഇതിന്റെ തടപ്രദേശത്തിന്റെ മൊത്തം വിസ്തീര്‍ണം 16 ച.കി.മീ. ആണ്. കന്നിയാട്ക, മലഡ്ക്ക എന്നീ കുന്നുകളുടെ പാര്‍ശ്വങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്ന രണ്ടു ചെറുനദികള്‍ ഒന്നുചേര്‍ന്നാണ് ബേക്കല്‍പ്പുഴയായിത്തീരുന്നത്. 75 മീ. ഉയരത്തിലാണു പ്രഭവമെങ്കിലും കേവലം 3 കി.മീ. പിന്നിടുമ്പോഴും നദീതടത്തിന്റെ ശരാശരി ഉയരം സമുദ്രനിരപ്പില്‍നിന്നു കേവലം 10 മീ. ആയി കുറയുന്ന സ്ഥിതിവിശേഷമാണ് ബേക്കല്‍ത്തടത്തിലുള്ളത്. 10 കി.മീ. മാത്രം നീളമുള്ള ബേക്കല്‍പ്പുഴയുടെ തടവിസ്തൃതി 32 ച.കി.മീ. ആണ്. നദീമുഖത്തുനിന്ന് 3 കി.മീ. ഉള്ളില്‍വരെ കടല്‍വെള്ളം കയറുന്നു. കല്‍നാട്, ബേക്കല്‍ എന്നീ നദികളുടെ പതനസ്ഥാനം മിക്ക മാസങ്ങളിലും പൂഴിമൂടിക്കിടക്കുന്നു; മഴക്കാലത്തു പൊഴിമുറിയുമ്പോഴാണു കടലുമായി നേരിട്ടു ബന്ധപ്പെടുന്നത്.
25 കി.മീ. നീളമുള്ള ചിത്താരിപ്പുഴ ചേരാമ്പ, തായേക്കുളം, പുള്ളൂര് തുടങ്ങിയ ഇടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന ഏതാനും നീര്‍ച്ചാലുകള്‍ ഒത്തുചേര്‍ന്നുണ്ടാകുന്നതാണ്. 97 ച.കിമീ. വിസ്തീര്‍ണമുള്ള തടപ്രദേശമാണു ചിത്താരിക്കുള്ളത്. ചിത്താരിയുടെ പതനസ്ഥാനത്ത് സാമാന്യം വലിയ ഒരു കായല്‍ രൂപംകൊണ്ടിരിക്കുന്നു; നദീമാര്‍ഗത്തില്‍ 6 കി.മീ. ഉള്ളിലേക്ക് വേലിയേറ്റഫലമായി ഉപ്പുവെള്ളം കയറുന്നു.
നീലേശ്വരംപുഴ. ഹോസ്ദുര്‍ഗ് താലൂക്കിലെ കിണനൂരില്‍നിന്ന് ഒഴുകിയിറങ്ങുന്ന പള്ളിച്ചല്‍ത്തോട് പ്രഭവസ്ഥാനത്തുനിന്ന് 8 കി. മീ. ദൂരെ വച്ച് ആര്യങ്കന്‍ തോട്, ബൈഗോടഹോലെ എന്നിവയുമായി സംഗമിക്കുന്നതിലൂടെയാണ് നീലേശ്വരംപുഴ രൂപംകൊള്ളുന്നത്. മേല്പറഞ്ഞ നീര്‍ച്ചാലുകള്‍ സമുദ്രനിരപ്പില്‍ നിന്ന് 140-ലേറെ മീ. ഉയരത്തിലാണ് ഉദ്ഭവിക്കുന്നതെങ്കിലും അവയുടെ സംഗമസ്ഥാനം കേവലം 15 മീ. ഉയരത്തിലാണ്. 46 കി.മീ. നീളമുള്ള നീലേശ്വരംപുഴ നീലേശ്വരം പട്ടണത്തിനു തെക്കുപടിഞ്ഞാറുള്ള കോട്ടപ്പുറത്തുവച്ച് കാരിങ്കോടു നദിയുമായി ലയിക്കുന്നു. നദീമാര്‍ഗത്തില്‍ 11 കിലോമീറ്ററോളം വേലിയേറ്റങ്ങളുടെ പ്രഭാവം അനുഭവപ്പെടുന്നു. ലയനസ്ഥാനത്തോടടുത്ത് നദീമാര്‍ഗം വീതി കൂടി തുരുത്തുകള്‍ നിറഞ്ഞു കാണപ്പെടുന്നു. മുന്‍കാലത്ത് നീലേശ്വരംനദി സ്വതന്ത്രമായി കടലിലേക്കൊഴുകിയിരുന്നതായി കരുതുവാന്‍ ന്യായം കാണുന്നുണ്ട്.
കാരിങ്കോട്ടുപുഴ. കര്‍ണാടകത്തിലുള്‍പ്പെട്ട കൂര്‍ഗില്‍ 1,520 മീ. ഉയരമുള്ള പ്രദേശത്തുനിന്നും ഉദ്ഭവിക്കുന്ന ഈ നദി ആദ്യത്തെ 3 കി.മീ. ദൂരത്തിനുള്ളില്‍ പശ്ചിമഘട്ടത്തിന്റെ ചെങ്കുത്തായ ചരിവുകള്‍ താണ്ടി 460 മീ. ഉയരത്തില്‍ എത്തിച്ചേരുന്നു. മലഞ്ചരിവുകളിലൂടെ വീണ്ടും ഒഴുകി 250 മീ. ഉയരത്തിലെത്തുമ്പോഴേക്കും പ്രധാന പോഷകനദികളായ മണ്ടോര, പടിയന്‍മല എന്നിവയുമായി സംയോജിക്കുന്നു. പുളിങ്ങത്തു വച്ച് മുണ്ടോത്തുഹോലെ എന്ന മറ്റൊരു പോഷകനദിയുമായി ലയിക്കുമ്പോഴേക്കും നദീതടത്തിന്റെ ശരാശരി ഉയരം 36 മീ. ആയി കുറയുന്നു. പ്രധാനനദിയും പോഷകനദികളും തെക്കുപടിഞ്ഞാറേക്കാണ് ഒഴുകുന്നത്. നീലേശ്വരം പുഴയുമായി കൂടിച്ചേരുന്നതോടെ അനേകം കൈവഴികളായി പിരിയുന്നു. ഇവയൊക്കെത്തന്നെ തെക്ക് ഏഴിമലയോളം വ്യാപിച്ചു കിടക്കുന്ന കവ്വായിക്കായലിലേക്കാണ് ഒഴുകുന്നത്. ഈ കായലിനും കടലിനുമിടയ്ക്കുള്ള അഴിയുടെ ഇപ്പോഴത്തെ സ്ഥാനം തുരുത്തി എന്ന സ്ഥലത്തിനടുത്താണ്. ഇവിടം ഒരു മത്സ്യബന്ധന തുറമുഖമായി വികസിച്ചുവരുന്നു. 64 കി.മീ. നീളമുള്ള കാരിങ്കോട്ടു പുഴയുടെ 561 ച. കി.മീ. വരുന്ന തടപ്രദേശത്തിന്റെ 132 ച.കി.മീ. പ്രദേശം കര്‍ണാടകത്തിലാണ്.
കവ്വായിപ്പുഴ. സമുദ്രനിരപ്പില്‍നിന്ന് 385 മീ. ഉയരത്തില്‍ ചീമേനിക്കുന്നുകളില്‍നിന്ന് ഉദ്ഭവിച്ച് ആള്‍പ്പടമ്പ, വടശ്ശേരി എന്നിവിടങ്ങളിലൂടെ കവ്വായിക്കായലിലെത്തിച്ചേരുന്ന ചെറുനദിയാണ് ഇത്. ഉടമന്തയ്ക്കടുത്ത് കായലില്‍ പതിക്കുമ്പോഴേക്കും 31 കി.മീ. പിന്നിടുന്ന കവ്വായിപ്പുഴയുടെ തടപ്രദേശത്തിന് 143 ച.കി.മീ. വിസ്തീര്‍ണമുണ്ട്.
പെരുവമ്പപ്പുഴ. പശ്ചിമഘട്ട സാനുക്കളില്‍ 325 മീ. ഉയരത്തില്‍ ഉദ്ഭവിച്ച് പെരിങ്കോണി, കുട്ടൂര്‍, മാതമംഗലം, കുഞ്ഞിമംഗലം എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഏഴിമലയുടെ പുരോഭാഗത്ത് എത്തിച്ചേരുകയും തുടര്‍ന്നു രണ്ടായി പിരിഞ്ഞ് ഒരു ശാഖ കവ്വായിക്കായലിലേക്കും മറ്റേ ശാഖ കടലിലേക്ക് ഒഴുകി വീഴുകയും ചെയ്യുന്ന പെരുവമ്പയുടെ നീളം 51 കി.മീ. ആണ്. 300 ച.കി.മീ. തടവിസ്തൃതിയുള്ള ഈ നദിക്ക് അതിന്റെ ഉദ്ഭവസ്ഥാനമായ പേക്കുന്നില്‍നിന്നു തന്നെ പുറപ്പെട്ട് മാതമംഗലത്തുവച്ചു പ്രധാന നദിയില്‍ ലയിക്കുന്ന ഒരു പോഷകനദിയും ഉണ്ട്.
രാമപുരംപുഴ. പെരുവപ്പുഴയുടെ കടലിലേക്കൊഴുകുന്ന കൈവഴിയുമായി യോജിച്ച് ഏഴിമലയുടെ തെക്കുഭാഗത്തായി കടലില്‍ പതിക്കുന്ന ചെറുനദിയാണിത്. 19 കി.മീ. മാത്രം നീളമുള്ള രാമപുരത്താറ് സമുദ്രനിരപ്പില്‍നിന്ന് 57 മീ. ഉയരത്തില്‍ ഇരിങ്ങല്‍ കുന്നുകളില്‍ നിന്ന് ഉദ്ഭവിച്ച് പരിയാരം, കൊളപ്രത്തുവയല്‍, ചെറുതാഴം, മാടായി എന്നിവിടങ്ങള്‍ താണ്ടിയാണ് കടലിലെത്തുന്നത്. തടവിസ്തൃതി 52 ച. കി.മീ.
കുപ്പംപുഴ. പായങ്ങാടിപ്പുഴ എന്നുകൂടി പേരുള്ള ഈ നദി കര്‍ണാടകത്തിലെ കൂര്‍ഗ് ജില്ലയില്‍ പാടിനല്‍ക്കാടു റിസര്‍വ് വനങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്നു. പ്രഭവ സ്ഥാനം 1,630 മീ. ഉയരത്തിലാണ്. നദീതടത്തിന്റെ മൊത്തം 539 ച.കി.മീ. വിസ്തീര്‍ണത്തില്‍ 70 ച. കി.മീ. കര്‍ണാടക സംസ്ഥാനത്താണ്. പാക്കാട്ടുപുഴ, അലക്കൂട്ടത്തോട്, കുട്ടിലോലിപ്പുഴ, മുക്കൂട്ടുതോട്, ചിറിയത്തോട് എന്നിവ കുപ്പംപുഴയെ പോഷിപ്പിക്കുന്നു. ആദ്യഘട്ടങ്ങളില്‍ ചെങ്കുത്തായ ചരിവുകളിലൂടെ ഒഴുകിയിറങ്ങുന്ന ഈ നദി പ്രഭവ സ്ഥാനത്തു നിന്ന് 12 കി.മീ. അകലെ കേരളാതിര്‍ത്തിയിലെത്തുമ്പോഴേക്കും നദീതടത്തിന്റെ ശരാശരി ഉയരം 115 മീ. ആയി കുറയുന്നു. കുറേ തെക്കുമാറി ഒഴുകുന്ന വളപട്ടണം നദിക്ക് ഏറെക്കുറെ സമാന്തരമായി തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലൂടെ പ്രവഹിക്കുന്ന ഈ നദി പായങ്ങാടിയില്‍ വച്ച് പൊടുന്നനെ തെക്കോട്ടു തിരിഞ്ഞു കടലോരത്തിനു സമാന്തരമായി ഒഴുകുകയും പതനസ്ഥാനത്തുവച്ച് വളപട്ടണം പുഴയുമായി യോജിച്ച് കടലിലെത്തിച്ചേരുകയും ചെയ്യുന്നു. 82 കി.മീ. നീളമുള്ള കുപ്പംനദി മുന്‍കാലത്തു സ്വതന്ത്രമായി കടലിലേക്കൊഴുകിയിരുന്നുവെന്ന് അനുമാനിക്കുവാനുള്ള തെളിവുകളുണ്ട്. വളപട്ടണം-കുപ്പം നദികളുടെ പൊതുവായുള്ള അഴിമുഖം (അഴീക്കോട്) ഒരു ചെറുകിട മത്സ്യബന്ധനകേന്ദ്രമാണ്.
വളപട്ടണംപുഴ. കര്‍ണാടക സംസ്ഥാനത്തില്‍ ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന മറ്റൊരു നദിയാണ് വളപട്ടണംപുഴ. പ്രഭവസ്ഥാനമായ ബ്രഹ്മഗിരി റിസര്‍വ് വനങ്ങള്‍ 900-1,350 മീ. ഉയരത്തിലാണ്. നദീമാര്‍ഗത്തിലെ ആദ്യത്തെ 19 കി.മീ. കര്‍ണാടകത്തിനുള്ളിലാണ്. കേരളത്തിനുള്ളില്‍ ഇരിട്ടി, പെരുനന, ഇരിക്കൂര്‍, കല്ലിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലൂടെ 91 കി.മീ. ഒഴുകി കുപ്പംപുഴയുമായി യോജിച്ചു കടലില്‍ പതിക്കുന്നു. ശ്രീകണ്ഠപുരംപുഴ, വലിയപുഴ, വേണിപ്പുഴ, ആറളംപുഴ എന്നിവയാണ് പ്രധാന പോഷകനദികള്‍. വളപട്ടണം പുഴയുടെ തടപ്രദേശം ഏറിയകൂറും നിമ്നോന്നതമാണ്. താഴ്വാരങ്ങള്‍ ഫലഭൂയിഷ്ഠങ്ങളാണ്. മലബാര്‍ മേഖലയിലെ നദികളില്‍ ജലസമൃദ്ധിയില്‍ മുന്നിട്ടു നില്‍ക്കുന്നത് വളപട്ടണം പുഴയാണ്. നദീതടത്തിലെ മൊത്തമുള്ള 1,867 ച.കി.മീ. -ല്‍ 1,321 ച.കി.മീ. പ്രദേശം കേരളത്തില്‍പ്പെടുന്നു.
അഞ്ചരക്കണ്ടിപ്പുഴ. കണ്ണോത്തു റിസര്‍വ് വനങ്ങളില്‍ 600 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്ന അഞ്ചരക്കണ്ടിപ്പുഴ ആദ്യത്തെ 16 കി. മീ. നിബിഡവനങ്ങള്‍ നിറഞ്ഞ മലഞ്ചരിവുകളിലൂടെയാണ് ഒഴുകുന്നത്. എന്നാല്‍ കണ്ണാവം എന്ന സ്ഥലത്ത് എത്തുന്നതോടെ നദീമാര്‍ഗത്തിന്റെ ഉയരം സമുദ്രനിരപ്പില്‍നിന്ന് 90 മീ. മാത്രമായി കുറയുന്നു. കുന്തേരിപ്പൊയിലിനു സമീപം വച്ച് കാപ്പുതോട്, ഇരുമ്പത്തോട് എന്നീ ചെറുപുഴകളാല്‍ പോഷിപ്പിക്കപ്പെടുന്നു. തുടര്‍ന്ന് വളഞ്ഞുപുളഞ്ഞൊഴുകുന്ന അഞ്ചരക്കണ്ടി ഓരിക്കര എന്ന സ്ഥലത്തെത്തി രണ്ടായിപ്പിരിയുന്നു. ഇവയില്‍ ഒരെണ്ണം ആദ്യം തെക്കോട്ടും പിന്നെ പടിഞ്ഞാറോട്ടുമായി ഒഴുകി തലശ്ശേരിപ്പട്ടണത്തിനു 3 കി.മീ. വടക്കായി സമുദ്രത്തില്‍ പതിക്കുന്നു. നേര് പടിഞ്ഞാറായി ഒഴുകുന്ന മറ്റേ ശാഖ ഇതിനു 2 കി.മീ. വടക്കുമാറി കടലില്‍ വീഴുന്നു. അഞ്ചരക്കണ്ടിയുടെ രണ്ടു കൈവഴികള്‍ക്കിടയ്ക്കു കിടക്കുന്ന ദ്വീപാണ് ധര്‍മടം. ഇതിനെ ചുറ്റി ഒഴുകുന്നതിനാല്‍ ആദ്യത്തെ ശാഖയെ ധര്‍മടംപുഴ എന്നു വിളിക്കുന്നു. 412 ച.കി.മീ. വരുന്ന അഞ്ചരക്കണ്ടിയുടെ തടപ്രദേശം ഒന്നാകെ സംസ്ഥാനത്തിനുള്ളിലാണ്. 48 കി.മീ. നീളമുള്ള അഞ്ചരക്കണ്ടിപ്പുഴയുടെ ഓരപ്രദേശം തോട്ടവിളകള്‍ക്കു പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു.
തലശ്ശേരിപ്പുഴ. പൊന്നായംപുഴ എന്ന പേരിലും അറിയപ്പെടുന്ന ഈ നദിയുടെ ഉദ്ഭവവും കണ്ണോത്തു റിസര്‍വ് വനങ്ങളില്‍ത്തന്നെയാണ്. 550 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്ന തലശ്ശേരിപ്പുഴയുടെ നീളം 28 കി.മീ. ആണ്.
132 ച.കി.മീ. വരുന്ന തടപ്രദേശം ചെറുവാഞ്ചേരി, മുടിയാങ്ങ, പാട്യം, മൊകേരി, പന്തക്കാല്‍ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. പന്തക്കാലില്‍ വച്ച് നദി മയ്യഴി അതിര്‍ത്തിയിലൂടെ ഒഴുകുന്നുണ്ട്. നദീമുഖത്തുള്ള പുരാതനമായ കോട്ടയുടെ പേരില്‍ തലശ്ശേരിപ്പുഴയെ കൂടാളിപ്പുഴ എന്നും വിളിക്കാറുണ്ട്.
മയ്യഴിപ്പുഴ. വയനാടു ചുരങ്ങളില്‍ 910 മീ. ഉയരത്തില്‍ ഉദ്ഭവിച്ച് 54 കി.മീ. ഒഴുകി കടലില്‍ വീഴുന്ന ഈ നദിക്ക് എടുത്തുപറയാവുന്ന പോഷകനദികള്‍ ഒന്നും തന്നെയില്ല; എന്നാല്‍ നിരവധി ചെറുതോടുകളാല്‍ പോഷിപ്പിക്കപ്പെട്ട് കനത്ത ജലധാരയുമായാണ് കടലില്‍ എത്തുന്നത്. തലശ്ശേരിപ്പട്ടണത്തിന് 6 കി.മീ. തെക്ക് മയ്യഴിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ഈ നദിയുടെ 394 ച.കി.മീ. വരുന്ന തടപ്രദേശം ഫലഭൂയിഷ്ഠമായ കൃഷിനിലങ്ങളാണ്.
കുറ്റിയാടിപ്പുഴ. വയനാടന്‍ കുന്നുകളുടെ പശ്ചിമപ്രാന്തങ്ങളില്‍ 1,220 മീ. ഉയരത്തില്‍ നിന്നാണു കുറ്റിയാടിപ്പുഴ ഉദ്ഭവിക്കുന്നത്. വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നീ താലൂക്കുകളിലൂടെ ഒഴുകി വടകരപ്പട്ടണത്തിന് 7 കി.മീ. തെക്ക് കോട്ടയ്ക്കല്‍ വച്ചു കടലില്‍ പതിക്കുന്ന ഈ നദിക്ക് 74 കി.മീ. നീളമുണ്ട്. തടപ്രദേശത്തിന്റെ വിസ്തീര്‍ണം 583 ച.കി.മീ. ആണ്. കുറ്റിയാടി ജലസേചന പദ്ധതി ഈ നദിയിലാണ്. ഇതിനു മൂറാട്ടുപുഴ എന്നും പേരുണ്ട്. ഓണിപ്പുഴ, വണ്ണാത്തിപ്പുഴ, മടപ്പള്ളിപ്പുഴ എന്നിവയാണ് പ്രധാന പോഷകനദികള്‍. നദീമുഖത്തെ ചരിത്രപ്രസിദ്ധമായ കോട്ടയ്ക്കല്‍ കോട്ടയുടെ സ്ഥാനം പുരസ്കരിച്ച് ഈ നദിയെ കോട്ടപ്പുഴ എന്നും വിളിക്കാറുണ്ട്.
കോരപ്പുഴ. സമുദ്രനിരപ്പില്‍നിന്ന് 610 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അരിക്കന്‍ കുന്നില്‍നിന്ന് ഉദ്ഭവിച്ച് ഒഴുകുന്ന പണ്ണൂര്‍പ്പുഴയും ഒരു കായലെന്നു വിശേഷിപ്പിക്കാവുന്ന അഗലപ്പുഴ(വിവരണം അന്യത്ര)യുടെ ജലം ചോര്‍ത്തുന്ന നീര്‍ച്ചാലും ചേര്‍ന്നുണ്ടാകുന്ന പുഴയാണ് ഇത്. ഏലത്തൂരിനു സമീപം കടലില്‍ വീഴുന്ന ഈ പുഴയുടെ നീളം 40 കിലോമീറ്ററും തടവിസ്തൃതി 624 ച.കി.മീറ്ററും ആണ്.
കല്ലായിപ്പുഴ. ജനനിബിഡമായ അനേകം പ്രദേശങ്ങളിലൂടെ ഒഴുകി കോഴിക്കോടു നഗരത്തിനു തെക്ക് കല്ലായിയില്‍ കടലുമായി സംയോജിക്കുന്ന 22 കി.മീ നീളമുള്ള ചെറുനദിയാണ് ഇത്. പ്രഭവ സ്ഥാനമായ ചേരിക്കുളത്തൂര്‍ സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് 45 മീ. മാത്രം ഉയരമുള്ളതാണ്. ഈ നദീമുഖം മണല്‍ത്തിട്ടുകള്‍ മൂടി പൊഴിയായിത്തീര്‍ന്നിരിക്കുന്നു. കനത്ത വര്‍ഷമുണ്ടാകുമ്പോള്‍ മാത്രമേ പൊഴി മുറിയുന്നുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ നദീമുഖം ചതുപ്പുകള്‍ ചൂഴ്ന്ന കായലായി മാറിയിരിക്കുന്നു. ഒരു കാലത്ത് ഈ നദീമുഖത്തുള്ള കല്ലായിപ്പട്ടണം പ്രശസ്തിയാര്‍ജിച്ച തടിവില്പന കേന്ദ്രമായിരുന്നു. ഇപ്പോഴും തടിവില്പനയുടെയും തത്സംബന്ധമായ ചെറുകിട വ്യവസായങ്ങളുടെയും കേന്ദ്രമാണ് ഇവിടം. കല്ലായിക്കായലിന്റെ ഒരറ്റം തെക്ക് ബേപ്പൂര്‍പ്പുഴയുമായി തോടുമാര്ഗം ബന്ധിപ്പിച്ചിരിക്കുന്നു.
ചാലിയാര്‍ (ബേപ്പൂര്‍പ്പുഴ). കേരളത്തിലെ പ്രമുഖ നദികളിലൊന്നാണ് ഇത്. തമിഴ്നാട്ടിലെ ഇളമ്പലേരിക്കുന്നുകളില്‍ 2,066 മീ. ഉയരത്തിലാണ് ഇതിന്റെ ഉദ്ഭവം. ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പന്‍പുഴ, വാടപ്പുറംപുഴ, ഇരിഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴ എന്നിവയാണ് മുഖ്യ പോഷകനദികള്‍. മൊത്തം 2,923 ച.കി.മീ. വരുന്ന തടപ്രദേശത്തില്‍ 388 ച.കി. മീ. തമിഴ്നാട് അതിര്‍ത്തിക്കുള്ളിലാണ്. ഫറൂക്ക് പട്ടണത്തിന്റെ പടിഞ്ഞാറരികില്‍വച്ച് കടലില്‍ വീഴുന്നു; മൊത്തം നീളം 169 കി.മീ. നദീമുഖം ചെറുകിട മത്സ്യബന്ധന കേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു.
ചാലിയാറിലൂടെ ഒഴുകുന്ന ജലത്തിലെ ഏറിയപങ്കും പര്‍വതമേഖല താണ്ടുന്നതിനു മുമ്പുതന്നെ സഞ്ചയിക്കപ്പെടുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഈ നദിയുടെ പ്രധാനപ്പെട്ട മൂന്ന് ഉപനദികള്‍ നിലമ്പൂരിന് ഏതാനും കി.മീ. മുകളില്‍വച്ച് ഒത്തുചേരുന്നു. ഇവയില്‍ കിഴക്കേ അറ്റത്തുള്ള കരിമ്പുഴ മുകൂര്‍ത്തി കൊടുമുടിയില്‍ നിന്ന് ഉദ്ഭവിച്ച് നീലഗിരി, മുകൂര്‍ത്തി എന്നീ പര്‍വതങ്ങള്‍ക്കും ഗുളിക്കല്‍ കുന്നുകള്‍ക്കും ഇടയ്ക്കുള്ള തരുനിബിഡമായ താഴ്വരയിലൂടെ ഒഴുകിയെത്തുന്നതാണ്. രണ്ടാമത്തെ ഉപനദിയായ പൊന്‍പുഴ ആദ്യഘട്ടങ്ങളില്‍ നീലഗിരി-വയനാട് ഉന്നത തടങ്ങളിലൂടെയാണ് ഒഴുകുന്നത്. ഔച്ചര്‍ലോണി, മരപ്പന്‍മാടി എന്നിവിടങ്ങള്‍ താണ്ടി കര്‍ക്കൂര്‍പാതയ്ക്കു സമീപം എത്തുന്നതിനകമുള്ള നദീമാര്‍ഗത്തില്‍ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങളുണ്ട്. പടിഞ്ഞാറേ അറ്റത്തുള്ള ഉപനദിയാണ് ചാലിയാര്‍. വയനാടു കുന്നുകളില്‍നിന്ന് കുത്തിയൊലിച്ച് ചാലാടുപാതയ്ക്കരികില്‍ ഒരു ജലപാതം സൃഷ്ടിച്ചശേഷം വാവല്‍മലയുടെ കിഴക്കേ അടിവാരത്തിലൂടെ ഒഴുകിനീങ്ങുന്ന ചാലിയാര്‍, മറ്റു രണ്ടു ഉപനദികളെയുംപോലെ നിരവധി നീര്‍ച്ചാലുകളെ ലയിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. നിലമ്പൂര്‍ താഴ്വരയിലെ വിശാലമായ തേക്കിന്‍കാടുകളില്‍ പരസ്പരം സന്ധിക്കുന്ന ഈ നദികളുടെ സംഗമസ്ഥാനത്ത് നേരിയതോതില്‍ സ്വര്‍ണനിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് മുന്കാലം മുതല്‍ തന്നെ അല്പമായ തോതില്‍ സ്വര്‍ണം ലഭിച്ചുവരുന്നു.
കടലുണ്ടിയാറ്. കരിമ്പുഴ, ഒറവന്‍പുഴ എന്നിങ്ങനെയും പേരുകളുള്ള കടലുണ്ടി ഓലിപ്പുഴ, വേളിയാര്‍ എന്നീ ചെറുനദികള്‍ സംഗമിച്ചുണ്ടാകുന്നതാണ്. ഇവയില്‍ ഓലിപ്പുഴയുടെ ഉദ്ഭവം സമുദ്രനിരപ്പിന് 1,160 മീ. ഉയരെ ചേരക്കൊമ്പന്‍മലയില്‍ നിന്നാണ്. വേളിയാര്‍ ഉദ്ഭവിക്കുന്ന ഇരട്ടക്കൊമ്പന്‍മലയുടെ ഉയരം 1,190 മീ. ആണ്. സൈലന്റ് വാലിയിലൂടെ കടന്ന് ഏറനാടു താലൂക്കില്‍ പ്രവേശിക്കുന്ന കടലുണ്ടി തുടര്‍ന്ന് വള്ളുവനാട്ടിലൂടെ ഒഴുകി ബേപ്പൂരിന് 5 കി.മീ. തെക്കായി കടലില്‍ ലയിക്കുന്നു. വളഞ്ഞുപുളഞ്ഞൊഴുകുന്ന ഈ നദിയുടെ മൊത്തം നീളം 130 കി.മീ. ആണ്. കടലുണ്ടിപ്പുഴയുടെ ഗതി കാലാകാലങ്ങളില്‍ മാറിയിരുന്നുവെന്നതിനു ധാരാളം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. നദീതടത്തിന്റെ മൊത്തം വിസ്തൃതി 1,099 ച.കി.മീ. ആണ്. തിരുവനന്തപുരത്തെ വടകരയുമായി ബന്ധിപ്പിക്കുന്ന ഒരു ജലമാര്‍ഗം പൂര്‍ത്തിയാക്കുന്നതിനുദ്ദേശിച്ച് 1857 മുതല്‍ പല ഘട്ടങ്ങളിലും കടലുണ്ടി നദിയെ ഭാരതപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. ഈ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനായി നിര്‍മിച്ച ഇടുങ്ങിയ തോട് ഇടവപ്പാതിക്കാലത്തുമാത്രം ചെറിയ വള്ളങ്ങള്‍ക്കു യാത്ര ചെയ്യാനാവുമെന്നതൊഴിച്ചാല്‍ ഗതാഗതയോഗ്യമല്ല.
കടലുണ്ടി തടത്തില്‍ത്തന്നെയുള്ള മറ്റൊരു ചെറുനദിയാണ് പൂരപ്പറമ്പ. 8 കി.മീ. നീളമുള്ള പൂരപ്പറമ്പയുടെ മാത്രം ആവാഹക്ഷേത്രം 23 ച.കി.മീ. വരും. കടലുണ്ടിയുടെ മൊത്തം തടവിസ്തീര്‍ണം 1,122 ച.കി.മീ. ആണ്.
തിരൂര്‍പ്പുഴ. 48 കി.മീ. നീളമുള്ള മറ്റൊരു ചെറുനദിയാണ് ഇത്. തിരൂര്‍ താലൂക്കിലെ ആതവനാട്ടില്‍ 86 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്ന ഈ നദി തിരുനാവായ വരെ തെക്കു പടിഞ്ഞാറു ദിശയിലൊഴുകിയ ശേഷം വടക്കു പടിഞ്ഞാറേക്ക് ഗതിമാറ്റുന്നു. തുടര്‍ന്ന് വീണ്ടും തെക്കുപടിഞ്ഞാറു ദിശ അവലംബിച്ച് ഭാരതപ്പുഴയില്‍, അതിന്റെ പതനസ്ഥാനത്തിനു തൊട്ടുമുമ്പ് ലയിക്കുന്നു. തിരൂര്‍പ്പട്ടണം ഉള്‍ക്കൊള്ളുന്ന തടപ്രദേശത്തിന് 117 ച.കി.മീ. വിസ്തീര്‍ണമുണ്ട്. പ്രഭവസ്ഥാനത്തിനടുത്ത് തിരൂര്‍പ്പുഴ വല്ലിലപ്പുഴ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭാരതപ്പുഴ. ദൈര്‍ഘ്യത്തിലും വലുപ്പത്തിലും കേരളത്തിലെ രണ്ടാമത്തെ നദിയാണ് ഇത്. നീളം 209 കി.മീ. ആനമലയില്‍ 1,964 മീ. ഉയരത്തില്‍ ഉദ്ഭവിക്കുന്നു. തുടക്കത്തില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലൂടെ ഒഴുകുന്ന ഈ നദി കേരളത്തിലേക്ക് കടന്ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളിലൂടെ ഒഴുകി പൊന്നാനിപ്പട്ടണത്തിനു വടക്കുഭാഗത്തുവച്ചു കടലില്‍ പതിക്കുന്നു. പ്രധാന പോഷകനദികള്‍ നാലെണ്ണമാണ്: ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂത്തുപ്പുഴ; ഇവയില്‍ കണ്ണാടിപ്പുഴയ്ക്കു ചിറ്റൂര്‍പ്പുഴ എന്നും പേരുണ്ട്.
ഗായത്രിപ്പുഴയും ആനമലയില്‍ നിന്നുതന്നെയാണ് ഉദ്ഭവിക്കുന്നത്. കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, കോണിയാഴി, പഴയന്നൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരില്‍ വച്ചു പ്രധാന നദിയുമായി സന്ധിക്കുന്നു. ഗായത്രിപ്പുഴയെ പോഷിപ്പിക്കുന്ന അഞ്ച് ഉപനദികളുണ്ട്; മംഗലം, അയലൂര്‍, വണ്ടാഴി, മീങ്കര,
ചുള്ളിയാര്‍. ഇവയില്‍ വണ്ടാഴി ഒഴിച്ചുള്ള നാലു നദികളിലും ജലസേചനം ഉദ്ദേശിച്ചുള്ള അണക്കെട്ടുകള്‍ നിര്‍മിച്ചിരിക്കുന്നു.
കണ്ണാടിപ്പുഴയുടെ ഉദ്ഭവവും ആനമലയില്‍ നിന്നാണ്. തത്തമംഗലം, ചിറ്റൂര്‍ എന്നിവിടങ്ങള്‍ കടന്നു പറളിയിലെത്തുമ്പോള്‍ ഭാരതപ്പുഴയില്‍ ലയിക്കുന്നു. കണ്ണാടിപ്പുഴയുടെ പ്രധാന പോഷകനദികള്‍ പാലാര്‍, അലിയാര്, ഉപ്പാര് എന്നിവയാണ്. ഉപ്പാറിലാണ് ചിറ്റൂര്‍പ്പുഴ ജലസേചന പദ്ധതി. അലിയാറില്‍ തമിഴ്നാടു ഗവണ്മെന്റ് രണ്ടു ജലസംഭരണികള്‍ നിര്‍മിച്ചിട്ടുണ്ട്.
കല്‍പ്പാത്തിപ്പുഴ. കൊറയാര്‍, വരട്ടാര്‍, വാളയാര്‍, മലമ്പുഴ എന്നീ നാലു ചെറുനദികള്‍ സംയോജിച്ചുണ്ടാകുന്നതാണ് ഈ നദി. ഇവയില്‍ കൊറയാറും വരട്ടാറും ആനമലയില്‍ ഉദ്ഭവിക്കുന്നു. ഇവ ഒരുമിച്ചു ചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകി താമ്പാളത്തുവച്ചു വാളയാറുമായി യോജിക്കുന്നു. ഇവിടെ നിന്ന് 10 കി. മീ. താഴേക്കു ചെല്ലുമ്പോഴാണ് മലമ്പുഴയുടെ ലയനം. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി മലമ്പുഴയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ കൃത്രിമ ജലാശയങ്ങളില്‍ രണ്ടാം സ്ഥാനം വാളയാര്‍ റിസര്‍വോയറിനാണ്.
സൈലന്റ് വാലിയില്‍നിന്ന് ഉദ്ഭവിച്ച് വളഞ്ഞുപുളഞ്ഞൊഴുകി പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനു 2 കി. മീ. അകലെ വച്ച് ഭാരതപ്പുഴയുമായി കൂടിച്ചേരുന്ന തൂത്തുപ്പുഴയുടെ പ്രധാന പോഷകനദികള്‍ കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പന്‍കടവുപുഴ, തുപ്പനാട്ടുപുഴ എന്നിവയാണ്. കാഞ്ഞിരമുക്കുതോടും തൂത്തുപ്പുഴ വ്യൂഹത്തില്‍പ്പെടുന്നു.
സഹ്യപര്‍വത സാനുക്കളില്‍ തുടങ്ങി പതിനൊന്നു താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഭാരതപ്പുഴയുടെ തടപ്രദേശത്തിന് 4,400 ച.കി.മീ. വിസ്തീര്‍ണമുണ്ട്; മൊത്തം വിസ്തീര്‍ണം 6,186 ച. കി.മീ. ആണ്. പശ്ചിമഘട്ടത്തിന്റെ വാതാനുകൂല (wind ward) പാര്‍ശ്വങ്ങളില്‍ ആവാഹക്ഷേത്രത്തിന്റെ നേരിയ ഭാഗം മാത്രമേ വരുന്നുള്ളു എന്നതിനാല്‍ ജലസഞ്ചയനത്തില്‍ വലുതായ കുറവ് അനുഭവപ്പെടുന്നു. മഴക്കുറവുള്ള കാലങ്ങളില്‍ നദീമാര്‍ഗത്തിലെ ഏറിയ ഭാഗവും മണല്‍പ്പരപ്പുകളായി കാണപ്പെടുന്നതു സാധാരണമാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന നദി ഏറെ ദൂരത്തോളം ഗതാഗതയോഗ്യവുമാണ്. എല്ലാക്കാലത്തുംതന്നെ നദീമുഖം തുറന്നുകിടക്കുന്നു; അഴിക്കു കിഴക്കായി തിരൂര്‍പ്പുഴയുടെ ഒരു ഭാഗം ഉള്‍ക്കൊണ്ട് വടക്കോട്ടു നീളുന്ന ഒരു കായല്‍ രൂപംകൊണ്ടിരിക്കുന്നു; ഈ ജലാശയം തിരൂര്‍പ്പട്ടണത്തോളം എത്തുന്നുണ്ട്. അഴിമുഖത്തിന്റെ വലതുപാര്‍ശ്വത്തില്‍ നിന്നു തെക്കോട്ട് വെള്ളിയാങ്കോടു കായലിലൂടെ ചേറ്റുവായ്ക്കായലുവരെ നീളുന്ന ഒരു തോടു നിര്‍മിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന ജലമാര്‍ഗത്തിലെ ഒരു കണ്ണിയാണ് ഈ തോട്.
കീച്ചേരിപ്പുഴ. 365 മീ. ഉയരമുള്ള മാച്ചാടുമലയില്‍ നിന്ന് ഉദ്ഭവിച്ച് വടക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന കീച്ചേരിപ്പുഴ നെല്ലായിക്കടുത്തു വച്ച് പടിഞ്ഞാറേക്കു തിരിയുന്നു. ചൂണ്ടല്‍ എന്ന സ്ഥലത്തുവച്ച് ചൂണ്ടല്‍ തോടുമായി സന്ധിച്ചശേഷം തെക്കു പടിഞ്ഞാറു ദിശയില്‍ ഒഴുകുന്നു. മതുക്കരയില്‍ വച്ച് എനമാക്കല്‍ തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന കോള്‍ക്കനാലുമായി ചേരുന്നു. 51 കി.മീ. നീളമുള്ള കീച്ചേരിപ്പുഴ ചേറ്റുവായ്ക്കായലിലൂടെ കടലില്‍ പതിക്കുന്നു. വടക്കാഞ്ചേരിപ്പുഴ, ആലൂര്‍പ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്ന കീച്ചേരിപ്പുഴയുടെ തടവിസ്തൃതി 401 ച. കി.മീ. ആണ്.
പുഴയ്ക്കല്‍പ്പുഴ. കിള്ളാന്നൂരില്‍ നിന്ന് ഒഴുകിയെത്തുന്ന പാറത്തോട്, പൂമലത്തോട് എന്നീ നീര്‍ച്ചാലുകള്‍ മണലിത്തറക്കുന്നുകളില്‍ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന നടുത്തോടുമായി ലയിച്ചുണ്ടാകുന്ന ചെറുനദിയാണ് പുഴയ്ക്കല്‍. മുടികൊട്ടിയില്‍ നിന്നെത്തുന്ന കട്ടച്ചിറത്തോടും പുഴയ്ക്കല്‍പ്പുഴയെ പോഷിപ്പിക്കുന്നു. തൃശൂര്‍ പട്ടണത്തിന്റെ വടക്കരികിലൂടെ നീങ്ങി കോള്‍നിലങ്ങളോടനുബന്ധിച്ചുള്ള ചതുപ്പുകളില്‍ ലയിക്കുന്ന പുഴയ്ക്കലിന്റെ നീളം 29 കി.മീ. ആണ്. ഇതിന്റെ തടത്തിന് 234 ച.കി.മീ. വിസ്തീര്‍ണമുണ്ട്.
കരുവണ്ണൂര്‍പ്പുഴ. പശ്ചിമഘട്ടത്തില്‍നിന്നു പുറപ്പെടുന്ന 48 കി. മീ. നീളമുള്ള ഒരു നദിയാണിത്. മണലി, കരുമാലി എന്നീ പുഴകള്‍ കരുവണ്ണൂര്‍പ്പുഴയുടെ പോഷക നദികളാണ്. ഇവയില്‍ കരുമാലി 1,100 മീ. ഉയരമുള്ള പൂമലയില്‍ ഉദ്ഭവിക്കുന്ന ചീമോണി, മൂപ്ളി എന്നീ ചെറുനദികള്‍ സംഗമിച്ചുണ്ടാകുന്നതാണ്. പിള്ളത്തോട് എന്ന മറ്റൊരു നീര്‍ച്ചാലും കരുമാലിയെ പോഷിപ്പിക്കുന്നതായുണ്ട്. വാണിയംപാറക്കുന്നു(365 മീ.)കളില്‍ നിന്നെത്തുന്ന മണലിയുമായി ആറാട്ടുപുഴയ്ക്കടുത്തു പാലക്കടവില്‍ വച്ച് കരുമാലി യോജിക്കുന്നതോടെ കരുവണ്ണൂര്‍പ്പുഴ ഉണ്ടാകുന്നു. തെക്കു പടിഞ്ഞാറ് ദിശയില്‍ പനങ്കുളം വരെ ഒഴുകുന്ന കരുവണ്ണൂര്‍പ്പുഴ തുടര്‍ന്ന് പടിഞ്ഞാറോട്ടു തിരിയുകയും രണ്ടായിപ്പിരിഞ്ഞ് വടക്കേ കൈവഴി ചേറ്റുവായ്കായലിലും തെക്കോട്ടുള്ളത് പെരിയാറിലുമായി ലയിക്കുകയും ചെയ്യുന്നു. തടവിസ്തൃതി 1,054 ച. കി. മീ.
ചാലക്കുടിയാറ്. ആനമലയില്‍നിന്നു പുറപ്പെടുന്ന പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാര്‍, കരപ്പാറ, ആനക്കയം എന്നീ അഞ്ചു പുഴകള്‍ ഒന്നുചേര്‍ന്നാണ് ചാലക്കുടിയാറായിത്തീരുന്നത്. ഇവയൊക്കെത്തന്നെ 400 മീറ്ററിലേറെ ഉയരങ്ങളില്‍ ഉദ്ഭവിക്കുന്നവയാണ്. പറമ്പിക്കുളവും ഷോളയാറും തുടക്കത്തില്‍ തമിഴ്നാടു പ്രദേശത്തുകൂടി ഒഴുകുന്നതിനാല്‍ ചാലക്കുടിയാറ് ഒരു ഉഭയസംസ്ഥാന നദിയായി പരിഗണിക്കപ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ നദീമാര്‍ഗം നിബിഡവനങ്ങളിലൂടെയാണ് സമതലത്തില്‍ എത്തുന്നതുവരെ ഒഴുകുന്നത്. നദീമാര്‍ഗം വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞതാണ്. പുത്തന്‍വേലിക്കര എന്ന സ്ഥലത്തുവച്ച് പെരിയാറിന്റെ വലത്തേക്കൈവഴിയുമായി സന്ധിക്കുന്നതിനാല്‍ ചാലക്കുടിയാറിനെ പെരിയാറിന്റെ പോഷകനദിയായി വ്യവഹരിക്കാറുണ്ട്. 130 കി.മീ. നീളവും 1,440 ച.കി.മീ. തടവിസ്തൃതിയുമുള്ള നദി ചാലക്കുടിപ്പട്ടണത്തെ സ്പര്‍ശിക്കുന്നതിനാലാണ് ഈ പേരു വന്നിട്ടുള്ളത്. ചാലക്കുടി തടത്തിലെ 300 ച.കി.മീ. പ്രദേശം തമിഴ്നാട്ടിനുള്ളിലാണ്.
പെരിയാറ്. കേരളത്തിലെ ഏറ്റവും ജലസമൃദ്ധിയുള്ളതും നീളം കൂടിയതുമായ നദിയാണ് പെരിയാര്‍. വൈദ്യുതിയുടെ ഉത്പാദനത്തിനുള്ള സാധ്യതകളിലും പെരിയാറിന് ഒന്നാം സ്ഥാനമാണുള്ളത്. ശിവഗിരിമല (1,830 മീ.) യില്‍ നിന്ന് ഒലിച്ചിറങ്ങുന്ന അനേകം നീര്ച്ചാ ലുകള്‍ ഒന്നുചേര്‍ന്നാണ് പെരിയാറിനു രൂപം നല്‍കുന്നത്. പ്രഭവസ്ഥാനത്തു നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ വടക്കോട്ടു ഗമിക്കുന്ന ഈ നദി പല ചെറുനദികളാലും പോഷിപ്പിക്കപ്പെടുന്നു. 48 കി.മീ. ഗതിക്കുശേഷം മുല്ലയാറുമായി സംയോജിക്കുമ്പോള്‍ നദീതടത്തിന്റെ ശരാശരി ഉയരം 854 മീ. ആയി കുറയുന്നു. അടുത്ത 16 കി.മീ. താണ്ടുന്നതിനുള്ളില്‍ പല ചെറുനദികളെയും ലയിപ്പിക്കുന്നു. മുല്ലയാറുമായുള്ള സംഗമസ്ഥാനത്തിന് 11 കി.മീ. താഴെ പെരിയാര്‍ നന്നേ ഇടുങ്ങിയ ഒരു ചുരത്തിലൂടെ കടന്നുപോകുന്നു; ചുരംവിട്ട് വെളിയിലെത്തുന്നതോടെ ഗതി വടക്കു പടിഞ്ഞാറു ദിശയിലേക്കു മാറുകയും ചെയ്യുന്നു. വണ്ടിപ്പെരിയാര്‍ എത്തുന്നതുവരെ വളഞ്ഞുപുളഞ്ഞ് ഒഴുകിയശേഷം വീണ്ടും ഒരു ചുരത്തിലേക്ക് പ്രവേശിക്കുന്നു. ഈ ചുരത്തിനു താഴെ വച്ച് പെരുന്തുറയാറ് എന്ന പോഷകനദി ഇതില്‍ ലയിക്കുന്നു. തുടര്‍ന്ന് 18 കി.മീ. വടക്കോട്ടൊഴുകിയശേഷം സമുദ്രനിരപ്പിന് 640 മീ. ഉയരത്തില്‍വച്ച് കട്ടപ്പനയാറുമായി സംയോജിക്കുന്നു. അതിനുശേഷമുള്ള നദീമാര്‍ഗം വടക്കു പടിഞ്ഞാറു ദിശയിലാണ്. കുറവന്‍-കുറത്തി മലകള്‍ക്കിടയിലുള്ള ഇടുക്കിച്ചുരം താണ്ടി 54 മീ. ഉയരത്തിലെത്തുമ്പോഴേക്കും മറ്റൊരു പോഷകനദിയായ ചെറുതോണിയാറുമായി യോജിക്കുന്നു. വീണ്ടും വടക്കോട്ടൊഴുകുന്ന പെരിയാര്‍ 305 മീ. ഉയരത്തിലെത്തി പെരിഞ്ചാന്‍കുടി ആറുമായി സംയോജിച്ചശേഷം വടക്കോട്ടുതന്നെ പ്രവഹിക്കുകയും നേര് വിപരീതദിശയില്‍നിന്നു വന്നെത്തുന്ന പ്രധാന പോഷകനദിയായ മുതിരപ്പുഴയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഈ സംഗമത്തെത്തുടര്‍ന്ന് പെരിയാറിന്റെ ഗതി വടക്കു പടിഞ്ഞാറേക്കായി മാറുന്നു; 15 കി.മീ. പിന്നിടുമ്പോള്‍ നദീതടത്തിന്റെ ഉയരം 244 മീ. ആയി കുറയുകയും ചെയ്യുന്നു. കൊക്കാണിപ്പാറ എന്ന സ്ഥലത്തുവച്ച് 30 മീ. ഉയരമുള്ള ഒരു കരിമ്പാറക്കെട്ടിലൂടെ മറിഞ്ഞൊഴുകുന്ന പെരിയാര്‍ കുറേ ദൂരത്തേക്ക് താഴെയുള്ള ചെങ്കുത്തായ പാറകള്‍ക്കടിയിലൂടെ ഒഴുകുന്നതുനിമിത്തം ഏറെക്കുറെ മറയ്ക്കപ്പെടുന്നു; വേനല്‍ക്കാലത്ത് പൂര്‍ണമായി അപ്രത്യക്ഷമാവുന്നതും വിരളമല്ല. മുതിരപ്പുഴ സംഗമത്തിന് 16 കി.മീ. താഴെ കരിമണല്‍ എന്ന സ്ഥലത്ത് എത്തുന്നതോടെ പെരിയാര്‍ സാമാന്യം വലിയ വള്ളങ്ങള്‍ക്ക് സഞ്ചാരയോഗ്യമായിത്തീരുന്നു. ഇവിടെവച്ചാണ് വലതു പാര്‍ശ്വത്തില്‍ നിന്നുള്ള തൊട്ടിയാര്‍ പെരിയാറില്‍ ലയിക്കുന്നത്. അല്പദൂരം പിന്നിടുമ്പോള്‍ മറ്റൊരു പ്രധാന പോഷകനദിയായ ഇടമലയാറുമായിച്ചേരുന്നു. കയറ്റുവാക്കയം വരെ മന്ദഗതിയിലൊഴുകുന്ന നദി തുടര്‍ന്ന് മലയാറ്റൂര്‍ വരെ ദ്രുതവാഹിനിയായി മാറുന്നു. ഈ ഘട്ടത്തിലും ഇരുപാര്‍ശ്വങ്ങളിലും നിന്നുള്ള അനേകം ചെറുനദികളെ ലയിപ്പിക്കുന്നുണ്ട്. മലയാറ്റൂരിനു താഴെയുള്ള 23 കി.മീ. ദൂരം നദി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു. കാലടി, ചൊവ്വര എന്നിവിടങ്ങളില്‍ കടന്ന് ആലുവയിലെത്തുന്നതോടെ പെരിയാര്‍ മംഗലപ്പുഴ, മാര്‍ത്താണ്ഡന്‍പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി പിരിയുന്നു. ഇതിനു മുമ്പു കാലടിയില്‍ വച്ചുതന്നെ വലത്തോട്ട് ഒരു ചെറിയ കൈവഴി നീളുന്നുണ്ട്; ഇത് ചെങ്ങമനാട്ടുവച്ച് വലത്തേ ശാഖയായ മംഗലത്തുപുഴയില്‍ ലയിക്കുന്നു. വടക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന ഈ ശാഖ പുത്തന്‍വേലിക്കരയില്‍ വച്ച് ചാലക്കുടിയാറുമായി കൂട്ടിമുട്ടുകയും മുനമ്പത്തിന് പടിഞ്ഞാറേക്ക് ഒരു കായലിന്റെ രൂപത്തില്‍ പരന്നൊഴുകുകയും ചെയ്യുന്നു. ഈ ഭാഗം സമുദ്രനിരപ്പിനെക്കാള്‍ താഴെയായതിനാല്‍ വേലിയേറ്റങ്ങള്‍ക്കു വിധേയമാണ്. മംഗലപ്പുഴ ഈ വിധത്തില്‍ കടലില്‍ പതിക്കുന്നു. തെക്കോട്ടൊഴുകുന്ന രണ്ടാമത്തെ ശാഖയായ മാര്‍ത്താണ്ഡന്‍പുഴ ആദ്യം രണ്ടായും തുടര്‍ന്ന് നാനാശാഖകളായും പിരിഞ്ഞു വരാപ്പുഴക്കായലില്‍ പതിക്കുന്നു.
പ്രഭവം മുതല്‍ പതനം വരെയുള്ള പെരിയാറിന്റെ നീളം 244 കി.മീ. ആണ്. തമിഴ്നാട്ടിലുള്‍പ്പെട്ട 114 ച.കി.മീ ഉള്‍പ്പെടെ 5,398 ച.കി.മീ. വിസ്തീര്‍ണമുള്ള തടപ്രദേശമാണ് പെരിയാറിനുള്ളത്.
മൂവാറ്റുപുഴയാറ്. തൊടുപുഴ, കാളിയാറ്, കോതമംഗലം ആറ് എന്നീ മൂന്നു നദികള്‍ സംയോജിച്ചുണ്ടാകുന്ന 121 കി.മീ. നീളമുള്ള മറ്റൊരു നദിയാണ് മൂവാറ്റുപുഴയാറ്. ഈ നദിയുടെ തടപ്രദേശം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാല്പ്പത്തഞ്ചു ദേശങ്ങളിലായി 1,554 ച.കി.മീ. വ്യാപ്തിയില്‍ വ്യാപിച്ചുകിടക്കുന്നു. തരംഗംകാനംകുന്നു(1,094 മീ.)കളില്‍ നിന്നു പുറപ്പെടുന്ന പ്രധാന പോഷക നദിയായ തൊടുപുഴയാറ് അനേകം നീര്‍ച്ചാലുകളാല്‍ പോഷിപ്പിക്കപ്പെട്ട് 38 കി.മീ. ഒഴുകിയശേഷം മറ്റു രണ്ടു പോഷകനദികളുമായി സംഗമിക്കുന്നു. ഇതിനു 2 കി.മീ. മുകളില്‍ വച്ച് കോതമംഗലം ആറും കാളിയാറും തമ്മില്‍ സംയോജിക്കുന്നു. കാളിയാറിന്റെ നീളം 44 കി.മീ. ആണ്. മൂന്നു നദികളും ഒന്നായിത്തീര്‍ന്ന് സമതലപ്രദേശങ്ങളിലൂടെ 15 കി.മീ. ഒഴുകി വെട്ടിക്കാട്ടുമുക്കില്‍ എത്തുന്നതോടെ മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായും പിന്നീട് അനേകം കൈവഴികളായും പിരിയുന്നു. ഇവയൊക്കെത്തന്നെ വേമ്പനാട്ടുകായലിലേക്കാണ് ഒഴുകുന്നത്. ഇടുക്കി പദ്ധതി പ്രാവര്‍ത്തികമായതിനെത്തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തിനു ശേഷം മൂലമറ്റം പവര്‍സ്റ്റേഷനില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലം തൊടുപുഴയാറില്‍ എത്തിച്ചേരുന്നതിനാല്‍ ഈ നദിയിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവു ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
മീനച്ചിലാറ്. പശ്ചിമഘട്ടത്തില്‍ നിന്നു പുറപ്പെടുന്ന അനേകം നീര്‍ച്ചാലുകള്‍ ഒന്നുചേര്‍ന്നുണ്ടാകുന്ന കടപുഴയാണ് കോണിപ്പാട്ടു തോടുമായി യോജിച്ച് കളത്തുകടവ് ആറായും തുടര്‍ന്ന് തൃക്കോവിലാറിനാല്‍ പോഷിപ്പിക്കപ്പെട്ടു മീനച്ചിലാറായും പരിണമിക്കുന്നത്. ഈരാറ്റുപേട്ടയ്ക്കടുത്തുവച്ച് പ്രധാന പോഷകനദിയായ പൂഞ്ഞാര്‍ ലയിക്കുന്നതിനെത്തുടര്‍ന്ന് പെട്ടെന്ന് ദിശമാറുന്ന മീനച്ചിലാറ് തെക്കോട്ടുള്ള മാര്‍ഗം വെടിഞ്ഞു പടിഞ്ഞാറേക്ക് ഒഴുകുന്നു. കൊണ്ടൂര്‍വച്ച് ഉപനദിയായ ചിറ്റാറുമായി യോജിക്കുന്നു. മറ്റൊരു പോഷകനദിയായ പയ്യപ്പാറത്തോട് ളാലത്തു വച്ച് പ്രധാന നദിയില്‍ ലയിക്കുന്നു. കോട്ടയം നഗരത്തിന് ഏതാനും കി.മീ. മുകളില്‍വച്ച് രണ്ടായിപ്പിരിയുന്ന മീനച്ചിലാറിന്റെ വലത്തേ ശാഖ വടക്കോട്ടൊഴുകി അനേകം കൈവഴികളായി വേമ്പനാട്ടു കായലില്‍ ലയിക്കുന്നു. ഇടത്തേ ശാഖ ആദ്യം പടിഞ്ഞാറേക്കും പിന്നീട് തിരിഞ്ഞ് തെക്കോട്ടും ഒഴുകി കോട്ടയംനഗരത്തെ ചുറ്റിയശേഷം കൈവഴികളായി പിരിയുന്നു; ഇവയും വേമ്പനാട്ടുകായലിലാണ് എത്തിച്ചേരുന്നത്. 78 കി.മീ. നീളമുള്ള മീനച്ചിലാറിന്റെ ആവാഹക്ഷേത്രത്തിന് 1,272 ച.കി.മീ വിസ്തീര്‍ണമുണ്ട്.
മണിമലയാറ്. സഹ്യപര്‍വത സാനുക്കളിലുള്ള തട്ടമല(1,156 മീ.)യില്‍ നിന്ന് ഉദ്ഭവിക്കുന്ന മണിമലയാറ് പമ്പാനദിയുടെ പോഷകനദിയാണ്. 90 കി.മീ. നീളമുള്ള മണിമലയാറ് ഗതിയുടെ ആദ്യഘട്ടത്തില്‍ മലവാരത്തുള്ള തോട്ടങ്ങളിലൂടെയാണ് ഒഴുകുന്നത്. ഇതിനിടയില്‍ നിരവധി നീര്‍ച്ചാലുകളാല്‍ പോഷിപ്പിക്കപ്പെട്ടു ജലസമൃദ്ധമായിത്തീരുന്നു. സമതലത്തിലെത്തുന്നതോടെ വളഞ്ഞുപുളഞ്ഞൊഴുകാന്‍ തുടങ്ങുന്ന ഈ നദി നീരേറ്റുപുറത്തുവച്ചു പമ്പാനദിയില്‍ ലയിക്കുന്നു. മണിമലയാറിന്റെ തടവിസ്തീര്‍ണം 847 ച. കി.മീ. ആണ്.
പമ്പാനദി. നീളത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്നാമത്തെ നദിയായ പമ്പ രൂപംകൊള്ളുന്നത്, പമ്പ, കക്കി, അഴുത, കക്കാട്ടാര്‍, കല്ലാര്‍ എന്നീ ചെറുനദികളുടെ സംഗമത്തിലൂടെയാണ്. ഇവയില്‍ പമ്പയാറ് പീരുമേട് (1,650 മീ.) ഉന്നതതടത്തില്‍ നിന്നുദ്ഭവിക്കുന്ന നീര്‍ച്ചാലുകള്‍ ഒഴുകിക്കൂടി രൂപംകൊള്ളുന്നതാണ്; കക്കിയാറിനെ ലയിപ്പിച്ചശേഷം ഉടുമ്പാറമല വരെ പടിഞ്ഞാറോട്ടൊഴുകുന്നു. അവിടെവച്ച് അഴുതയുമായി യോജിക്കുന്നു. തുടര്‍ന്ന് പെരുന്തേനരുവി വരെ തെക്കു പടിഞ്ഞാറേക്കും അവിടംമുതല്‍ നാരായണമൂഴിവരെ പടിഞ്ഞാറേക്കും അവിടെവച്ച് പെട്ടെന്ന് തിരിഞ്ഞ് പെരുനാടുവരെ തെക്കു കിഴക്കോട്ടേക്കും ഒഴുകുന്നു. കക്കാട്ടാറിന്റെ ലയനം പെരുനാട്ടുവച്ചാണ്. സംഗമസ്ഥാനത്തുനിന്നും തെക്കോട്ട് ഒഴുകുന്ന പമ്പ വടശ്ശേരിക്കരയിലെത്തുമ്പോള്‍ കല്ലാര്‍ ഒഴുകിച്ചേരുന്നു. തുടര്‍ന്നു റാന്നിവരെ ഗതി വടക്കു പടിഞ്ഞാറു ദിശയിലാണ്. അവിടെനിന്ന് കുറിയന്നൂര്‍ വരെ പടിഞ്ഞാറോട്ടും കോഴഞ്ചേരിവരെ തെക്കു പടിഞ്ഞാറോട്ടും പാണ്ടനാടുവരെ വീണ്ടും പടിഞ്ഞാറോട്ടും ഒഴുകുന്നു. പാണ്ടനാട്ട് എത്തുന്നതോടെ നദി രണ്ടു ശാഖകളായി പിരിയുന്നു. വടക്കു പടിഞ്ഞാറു ദിശയില്‍ നീങ്ങുന്ന വലത്തേ ശാഖ നീരേറ്റുപുറത്തുവച്ച് മണിമലയാറുമായി സംയോജിച്ചശേഷം അനേകം കൈവഴികളായി പിരിഞ്ഞു വേമ്പനാട്ടുകായലില്‍ പതിക്കുന്നു. നെടുമുടിയാറ്, പള്ളാത്തുരുത്തിയാറ് എന്നിങ്ങനെ ഓരോ കൈവഴിയും പ്രത്യേകപേരുകളിലാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ ശാഖ പടിഞ്ഞാറോട്ട് ഗതി തുടര്‍ന്ന് പരുമല ദ്വീപിന് ഇരുവശവുമായൊഴുകി മാന്നാറില്‍വച്ച് വീണ്ടും കൂടിച്ചേര്‍ന്ന് വീയപുരത്തുവച്ച് അച്ചന്കോവിലാറിനെ ലയിപ്പിച്ചശേഷം പടിഞ്ഞാറോട്ടും വടക്കോട്ടുമായൊഴുകി തകഴി, ചമ്പക്കുളം പ്രദേശങ്ങള്‍ കടന്നു പള്ളാത്തുരുത്തിക്കു സമീപംവച്ച് വേമ്പനാട്ടുകായലില്‍ പതിക്കുന്നു.
അച്ചന്കോവിലാറ്. പശ്ചിമഘട്ടപ്രാന്തങ്ങളില്‍ 700 മീറ്ററിലേറെ ഉയരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന അനേകം നീര്‍ച്ചാലുകള്‍ ഒന്നു ചേര്‍ന്നാണ് അച്ചന്കോവിലാറ് രൂപം കൊള്ളുന്നത്. 128 കി.മീ. നീളവും 1,484 ച.കി.മീ. തടവിസ്തീര്‍ണവുമുള്ള അച്ചന്കോവിലാറ് പമ്പയുടെ പോഷക നദിയാണ്. പല പ്രധാനകേന്ദ്രങ്ങളെയും സ്പര്‍ശിച്ച് ഒഴുകുന്ന ഈ നദി തറമുക്ക് എന്ന സ്ഥലത്തുവച്ച് രണ്ടായി പിരിയുന്നു. ഇതില്‍ ഒരു ശാഖയായ കുട്ടമ്പേരൂര്‍ത്തോട് പമ്പയില്‍ ലയിക്കുന്നു. മറ്റേ ശാഖ നേര്‍പടിഞ്ഞാറേക്ക് ഗതി തുടരുന്നുവെങ്കിലും ഏറെ ദൂരം എത്തുന്നതിനു മുമ്പുതന്നെ പല കൈവഴികളായി പിരിയുന്നു. ഇവയില്‍ പ്രധാനശാഖ വടക്കു- പടിഞ്ഞാറ് ദിശയില്‍ ഒഴുകി വീയപുരത്തുവച്ച് പമ്പാനദിയുമായി ചേരുന്നു. മറ്റു കൈവഴികളൊക്കെ പല ദിശകളിലൂടെയും ഒഴുകി പമ്പയില്‍ത്തന്നെ ലയിക്കുന്നു.
പള്ളിക്കലാറ്. കളരിത്തറക്കുന്നിന്റെ (60 മീ.) തെക്കേച്ചരിവില്‍നിന്നു പുറപ്പെട്ട് 42 കി.മീ. ദൂരം വളഞ്ഞുപുളഞ്ഞൊഴുകിയ ശേഷം കരുനാഗപ്പള്ളിക്കടുത്തുവച്ച് വട്ടക്കായലില്‍ പതിക്കുന്ന ചെറുനദിയാണിത്. പള്ളിക്കലാറിന്റെ തടപ്രദേശത്തിന് 220 ച.കി. മീ. വിസ്തീര്‍ണമുണ്ട്.
കല്ലടയാറ്. കുളത്തൂപ്പുഴ, ചെന്തൂര്‍ണി, കല്‍ത്തുരുത്തി എന്നീ ചെറുനദികള്‍ സംയോജിച്ചുണ്ടാകുന്ന നദിയാണ് കല്ലടയാറ്. സംഗമസ്ഥാനമായ പരപ്പാറില്‍ നിന്ന് ഉറുകുന്നുവരെ വടക്കു പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് മുക്കടവു വരെ പടിഞ്ഞാറോട്ടും ഒഴുകുന്നു. മുക്കടവില്‍വച്ച് നന്നേ ചെറിയ ഒരു ഉപനദി കല്ലടയാറില്‍ വീഴുന്നു. ഇവിടെ നിന്നു വടക്കു പടിഞ്ഞാറോട്ടൊഴുകി പത്തനാപുരത്തെത്തുന്ന നദിയുടെ ഗതി വീണ്ടും പടിഞ്ഞാറോട്ടായി മാറുന്നു. ഏനാത്തിനു താഴെ അഷ്ടമുടിക്കായലില്‍ പതിക്കുന്നതുവരെ തെക്കു പടിഞ്ഞാറു ദിശയിലാണ് ഒഴുകുന്നത്. 121 കി.മീ. നീളമുള്ള കല്ലടയാറിന്റെ തടപ്രദേശത്തിന് 1,699 ച.കി.മീ. വ്യാപ്തിയുണ്ട്.
ഇത്തിക്കരയാറ്. താരതമ്യേന ചെറിയ നദിയാണിത്. 56 കി.മീ. നീളവും 642 ച.കി.മീ. തടവിസ്തൃതിയുമുള്ള ഇത്തിക്കരയാറ് മടത്തറ(240 മീ.)യില്‍നിന്നു പുറപ്പെട്ട് പടിഞ്ഞാറോട്ടൊഴുകി പരവൂര്‍ ക്കായലില്‍ പതിക്കുന്നു.
അയിരൂര്‍ ആറ്. 66 ച.കി.മീ പ്രദേശത്തില്‍ ഒതുങ്ങുന്ന 17 കി. മീ. മാത്രം നീളമുള്ള ചെറുനദിയാണ് അയിരൂര്‍ ആറ്. നാവായിക്കുളത്തിനടുത്തു നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി നടയറക്കായലില്‍ പതിക്കുന്നു.
വാമനപുരം ആറ്. സഹ്യസാനുക്കളിലുള്ള ചെമ്മുഞ്ചിമൊട്ട (1,860 മീ.)യില്‍ നിന്ന് പുറപ്പെടുന്നു. കളപ്പാറ, പന്നിവട, പൊന്മുടി, ചിറ്റാര്‍, മഞ്ഞപ്പാറ എന്നീ ആറുകളാണ് തുടക്കത്തില്‍ വാമനപുരം ആറിനെ പോഷിപ്പിക്കുന്നത്. ചിറ്റാറുമായി സംഗമിക്കുന്നതോടെ പടിഞ്ഞാറേക്കു തിരിയുന്ന നദീമാര്‍ഗം പതനസ്ഥാനംവരെ ഏതാണ്ട് ഒരേ ദിശയില്‍ത്തന്നെ തുടരുന്നു. പാലോടിനു 3 കി.മീ. താഴെയായി നദിയില്‍ ഒരു വെള്ളച്ചാട്ടമുണ്ട്. മീന്മുട്ടി എന്നറിയപ്പെടുന്ന ഈ അരുവിക്ക് 13 മീ. താഴ്ചയുണ്ട്. വാമനപുരത്തിന് 3 കി.മീ. താഴെവച്ച് പ്രധാന പോഷകനദിയായ കിളിമാനൂര്‍ ആറുമായി സംയോജിക്കുന്നു. 88 കി.മീ. നീളമുള്ള ഈ നദി അഞ്ചുതെങ്ങ് കായലിലാണ് പതിക്കുന്നത്. തടപ്രദേശത്തിന്റെ വ്യാപ്തി 687 ച.കി.മീ.
മാമം ആറ്. അഞ്ചുതെങ്ങുകായലില്‍ നിപതിക്കുന്ന മറ്റൊരു ചെറുനദിയാണ് മാമം ആറ്. പന്തലക്കോട്ടു കുന്നില്‍നിന്നു പുറപ്പെടുന്ന ഈ ആറ് 27 കി.മീ. ഒഴുകി ചിറയിന്‍കീഴിനടുത്തുവച്ച് കായലില്‍ പതിക്കുന്നു. കൂന്തള്ളൂരിനടുത്തുവച്ച് മാമം ആറില്‍ നിന്നു പിരിയുന്ന ഒരു കൈവഴി വടക്കുപടിഞ്ഞാറേക്കൊഴുകി വാമനപുരം ആറില്‍ ചേരുന്നു. മാമം ആറിന്റെ തടവിസ്തീര്‍ണം 114 ച.കി.മീ. ആണ്.
കരമനയാറ്. ചെമ്മുഞ്ചിമൊട്ട (1,605 മീ.) യില്‍ നിന്ന് ഉദ്ഭവിക്കുന്നു. പ്രഭവസ്ഥാനത്തിനടുത്തുവച്ചു തന്നെ കാവിയാറ്, അട്ടയാറ്, വൈയപ്പാടി ആറ്, തൊടയാറ് തുടങ്ങി അനവധി ചെറുനദികളാല്‍ പോഷിപ്പിക്കപ്പെടുന്നു. പ്രധാന പോഷകനദി കിള്ളിയാ റാണ്. ഇത് നടക്കരവച്ചു കരമനയാറില്‍ ലയിക്കുന്നു. തെക്കുപടിഞ്ഞാറു ദിശയില്‍ ഒഴുകി തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ സ്പര്‍ശിച്ചു നീളുന്ന കരമനയാറ് തിരുവനന്തപുരം പിന്നിട്ടശേഷം കടലില്‍ പതിക്കുന്നു. 702 ച.കി.മീ. തടവിസ്തീര്‍ണമുള്ള കരമനയാറിന്റെ നീളം 68 കി.മീ. ആണ്.
നെയ്യാര്‍. കേരളത്തിലെ നദികളില്‍ ഏറ്റവും തെക്കേയറ്റത്തുള്ള നെയ്യാറിന്റെ ഉദ്ഭവം അഗസ്ത്യമല(1,860 മീ.)യാണ്. മലഞ്ചരിവുകളിലൂടെ പാഞ്ഞൊഴുകി സമതലത്തിലെത്തുന്ന ഈ നദി തുടര്‍ന്ന് മന്ദഗതിയിലായിത്തീരുന്നു. തെക്കുപടിഞ്ഞാറു ദിശയില്‍ ഒഴുകി എത്തുന്ന നെയ്യാര്‍ ഒറ്റശ്ശേഖരമംഗലം പിന്നിടുന്നതോടെ പടിഞ്ഞാറേക്കു തിരിയുന്നു. വലപ്പള്ളിക്കോണത്തുവച്ച് വീണ്ടും തെക്കു പടിഞ്ഞാറേക്കു തിരിഞ്ഞൊഴുകി കടലില്‍ ലയിക്കുന്നു. ഈ നദിയുടെ നീളം 56 കിലോമീറ്ററും തടത്തിന്റെ വിസ്തീര്‍ണം 499 ച.കി.മീറ്ററും ആണ്.
കാവേരിയുടെ പോഷകനദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നിവ കേരള അതിര്‍ത്തിക്കുള്ളില്‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദികളാണ്. ഉഭയ സംസ്ഥാന നദികളായ ഇവ സംസ്ഥാനത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍നിന്നു തികച്ചും ഭിന്നങ്ങളാണ്. ഇവയില്‍ കബനിനദി വയനാട് ജില്ലയില്‍നിന്ന് പുറപ്പെടുന്നു. 1,350 മീറ്ററിലേറെ ഉയരങ്ങളില്‍ ഉദ്ഭവിക്കുന്ന പനമരം, മാനന്തവാടി, ബബാലി, നൂല്‍പ്പുഴ എന്നീ ചെറുനദികളാല്‍ പോഷിപ്പിക്കപ്പെട്ട് ജലസമൃദ്ധമായിത്തീരുന്ന കബനി 12 കി.മീ. ദൂരം സംസ്ഥാന അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം കര്‍ണാടകത്തിലേക്കു പ്രവേശിക്കുന്നു. ഈ സ്ഥാനം വരെ 2,070 ച.കി.മീ. വ്യാപ്തിവരുന്ന തടപ്രദേശത്തില്‍ 1,920 ച.കി. മീറ്ററും കേരളത്തിനുള്ളിലാണ്.
രണ്ടാമത്തേതായ ഭവാനിപ്പുഴയുടെ പ്രഭവവും പശ്ചിമഘട്ടത്തില്‍ തന്നെയാണ്. തമിഴ്നാട്ടിലെ നീലഗിരി(2,500 മീ.)യില്‍ നിന്ന് ഉദ്ഭവിച്ച് 13 കി.മീ. ദൂരം പിന്നിട്ടശേഷമാണ് കേരളത്തിനുള്ളില്‍ കടക്കുന്നത്. തുടര്‍ന്ന് 29 കി.മീ. തെക്കോട്ടൊഴുകി മുക്കാലിയിലെത്തുന്നു. ഇവിടെവച്ച് പൊടുന്നനെ തിരിഞ്ഞ് മല്ലേശ്വരപര്‍വതം ചുറ്റി വടക്കുകിഴക്കു ദിശയില്‍ ഒഴുകുന്നു. കല്‍ക്കണ്ടിയൂര്‍ എന്ന സ്ഥലത്തുവച്ച് അതിര്‍ത്തികടന്ന് തമിഴ്നാട്ടിലേക്കു മടങ്ങുന്നു. ഭവാനിയുടെ തടപ്രദേശങ്ങളില്‍ 562 ച.കി.മീ. കേരളത്തിനുളളിലാണ്. ഉപനദികളില്‍പ്പെട്ട ശിരുവാണി, വരഗാറ് എന്നിവയുടെ ആവാഹക്ഷേത്രങ്ങള്‍ ഇതില്‍പ്പെടുന്നു.
കിഴക്കോട്ടൊഴുകുന്ന മൂന്നാമത്തെ നദി പാമ്പാര്‍ ആണ്. ദേവികുള(1,950 മീ.)ത്തുനിന്നു പുറപ്പെടുന്ന ഈ നദി കേരളത്തിനുള്ളില്‍ 29 കി.മീ. ഒഴുകിയശേഷമാണ് തമിഴ്നാട്ടിലേക്കു കടക്കുന്നത്. തുടക്കത്തില്‍ തലയാര്‍ എന്നറിയപ്പെടുന്ന ഈ നദിയുടെ ഉപനദികളാണ് ഇരവിക്കുളം, മൈലാടി, തീര്‍ഥമല, ചങ്കലാര്‍, തേനാര്‍ എന്നിവ. ഇവയില്‍ തേനാറിന്റെ ആദ്യത്തെ 13 കി.മീ. മാത്രമേ കേരളത്തില്‍ പെടുന്നുള്ളൂ. പാമ്പാര്‍ വ്യൂഹത്തിന്റെ തടത്തില്‍ 384 ച.കി.മീ. പ്രദേശം മാത്രമാണ് ഈ സംസ്ഥാനത്തിനുള്ളിലുള്ളത്. പാമ്പാറും തേനാറും സംയോജിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്; ഈ സംഗമം തമിഴ്നാട്ടിനുളളിലാണ്.
കേരളതീരത്ത് 34 കായലുകളാണുള്ളത്. ഇവയില്‍ 27 എണ്ണം അഴിയോ പൊഴിയോമൂലം കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഷിച്ച ഏഴെണ്ണം ഉള്‍നാടന്‍ ജലാശയങ്ങളാണ്. മേല്പറഞ്ഞ കായലുകളെല്ലാംതന്നെ പ്രകൃതിജന്യമോ മനുഷ്യനിര്‍മിതമോ ആയ തോടുകളാല് പരസ്പരം യോജിപ്പിക്കപ്പെട്ടിരിക്കുന്നു. തടരേഖയ്ക്കു സാമാന്യേന സമാന്തരമായും എന്നാല്‍ തീരദേശമെമ്പാടുമുള്ള മണല്‍ത്തിട്ടുകള്‍ക്കു വിലങ്ങനെ ഉള്ളിലേക്കു വ്യാപിച്ചും കിടക്കുന്ന കായലുകള്‍ വിസ്തൃതമായ ഒരു ഭൂഭാഗത്തെ ജലാവൃതമാക്കി മാറ്റിയിരിക്കുന്നു.
കായലുകള്‍
ഭൂവിജ്ഞാനീയപരമായ പരിഗണനകള്‍ വച്ച് കേരളത്തിലെ കായലുകളെ മൂന്നിനമായി തിരിക്കാവുന്നതാണ്. മേല്‍ സൂചിപ്പിച്ചതു പോലെയുള്ള മണല്‍ത്തിട്ടുകളാല്‍ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കപ്പെട്ട് തടരേഖയ്ക്കു ഏറെക്കുറെ സമാന്തരമായിക്കിടക്കുന്ന ഇനമാണ് ആദ്യത്തേത്; വേമ്പനാട്ടുകായല്‍, കായംകുളം കായല്‍ തുടങ്ങിയവ ഈയിനത്തില്‍പ്പെടുന്നു. ഇവയുടെ നീളത്തെ അപേക്ഷിച്ചു വീതി നന്നേ കുറവായി കാണപ്പെടുന്നു. തീരസമതലത്തില്‍ ഉള്ളിലേക്കു മാറി വ്യാപിച്ചുകാണുന്ന ഇവയ്ക്കും കടലിനും ഇടയില്‍ താരതമ്യേന കെട്ടുറപ്പുള്ള മണല്‍ത്തിട്ടുകള്‍ രൂപംപ്രാപിച്ചിട്ടുണ്ട്. ഈ തിട്ടുകള്‍ക്കിടയ്ക്കുള്ള പഴയ ചാലുകള്‍ മൂടപ്പെട്ടതിലൂടെ വിശാലമായ മണല്‍പ്പുറങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും വിരളമല്ല. വര്‍ക്കലവ്യൂഹം എന്നറിയപ്പെടുന്ന പ്രത്യേകയിനം ശിലാപടലങ്ങള്‍ക്കിടയിലായി വ്യാപിച്ചുകിടക്കുന്നവയാണ് രണ്ടാമത്തേയും മൂന്നാമത്തേയും വിഭാഗങ്ങള്‍. മുഖഭാഗം മണല്‍മൂടിയോ അന്യഥാ പരിവര്‍ത്തനവിധേയമായോ കാണുന്നവയാണ് രണ്ടാമത്തെയിനം. തീരസമതലത്തിന്റെ കിഴക്കരികുവരെ, തടരേഖയ്ക്ക് ഏതാണ്ട് ലംബദിശയില്‍ വ്യാപിച്ചുകിടക്കുന്നവയാണ് മൂന്നാമത്തെ വിഭാഗം. അഷ്ടമുടിക്കായല്‍ ഈയിനത്തില്‍പ്പെടുന്നു. ചെങ്കല്ല് ഇനം ശിലകള്‍ നിറഞ്ഞ കുന്നുകള്‍ ഈ കായലിന്റെ ഓരങ്ങളില്‍ സാധാരണമാണ്. ഈ കുന്നുകള്‍ മാനവിക പ്രക്രിയകളിലൂടെ ഇടിച്ചു നിരത്തപ്പെട്ട് കായലിന്റെ അരികുകള്‍ കരയായി മാറിക്കൊണ്ടിരിക്കുന്നു.
മഴക്കാലത്ത് കായലുകളിലേക്ക് ഉള്‍നാട്ടില്‍നിന്നും നല്ലൊരളവു ശുദ്ധജലം ഒഴുകിയെത്തുന്നു. നദികള്‍ നിറഞ്ഞൊഴുകുന്ന അവസരങ്ങളില്‍ കായലുകളിലെ ജലനിരപ്പ് ഉയരുന്നതും പൊഴിമുറിഞ്ഞ് കടലിലേക്ക് വര്‍ധിച്ച തോതില്‍ അവസാദങ്ങള്‍ തള്ളപ്പെടുന്നതും സാധാരണമാണ്. മഴക്കുറവുള്ള മാസങ്ങളിലാവട്ടെ കായലുകളുടെതന്നെ ഉള്ളിലേക്കുവരെ കടല്‍വെള്ളം കയറുന്നു. ഇതിന്റെയൊക്കെ ഫലമായി കായലുകളിലെ ലവണത, ജൈവാംശം, ഊറലുകള്‍ എന്നിവയുടെ അളവില്‍ ഋതുപരമായ ഏറ്റക്കുറച്ചില്‍ സഹജമാണ്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന കായലുകള്‍ കുമ്പള, കല്‍നാട്, ബേക്കല്‍, ചിത്താരി, കവ്വായി എന്നിവയാണ്. ഇവയില്‍ ആദ്യത്തെ നാലെണ്ണവും നദീമുഖങ്ങള്‍ വികസിച്ചുണ്ടായവയാണ്. കവ്വായിക്കായലാകട്ടെ കടലോരത്തിനു സമാന്തരമായി 21 കി.മീ. നീണ്ടുകിടക്കുന്നു. ഈ കായലും കടലുമായി ഇപ്പോള്‍ ബന്ധപ്പെടുന്നത് കാരിങ്കോട്, ഏഴിമല എന്നീ നദികളുടെ മുഖങ്ങളിലൂടെയാണ്. പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികള്‍ കവ്വായിക്കായലില്‍ പതിക്കുന്നവയാണ്. ഈ കായലില്‍ മാടക്കല്‍, എടേലക്കാട്, വടക്കേക്കാട് തുടങ്ങി സാമാന്യം വിസ്തൃതങ്ങളായ അനേകം തുരുത്തുകളുണ്ട്. സുല്‍ത്താന്‍കനാല്‍ എന്ന മനുഷ്യനിര്‍മിതമായ തോട്ടിലൂടെ ഈ കായലിനെ വളപട്ടണം പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കവ്വായിക്കായലിന്റെ കാരിങ്കോട്ടു മുഖമുള്‍പ്പെടെയുള്ള ഭാഗം ഒരു മത്സ്യബന്ധന കേന്ദ്രമായി വികസിപ്പിക്കുവാനുള്ള പദ്ധതി ഏറെക്കുറെ പ്രാവര്‍ത്തികമായിട്ടുണ്ട്.
ഏഴിമല ആറിനെ പായങ്ങാടി-വളപട്ടണം നദികളുമായി കൂട്ടിയിണക്കുന്ന സുല്‍ത്താന്‍കനാല്‍ 1766-ലാണു നിര്‍മിച്ചത്. ഹൈദര്‍ അലിയുടെ അധീശത്വത്തെത്തുടര്‍ന്ന് കോലത്തിരിനാടിന്റെ ഭരണം നടത്തിയ ആലിരാജാവ് ആണ് 3.2 കി.മീ. നീളമുള്ള ഈ തോടുവെട്ടിച്ചത്. എല്ലാക്കാലത്തും നിറഞ്ഞുകിടക്കുന്ന ഗതാഗതസൗകര്യമുള്ള ഒരു ജലമാര്‍ഗമാണ് സുല്‍ത്താന്‍കനാല്‍.
പേരുകൊണ്ടുതന്നെ 'വിശാലമായ നദി' എന്ന അര്‍ഥം വഹിക്കുന്ന അഗലപ്പുഴയെയും കായലായി പരിഗണിക്കാവുന്നതാണ്. കോഴിക്കോടു ജില്ലയിലുള്‍പ്പെട്ട അഗലപ്പുഴയ്ക്ക് തെക്കുവടക്കായി 25.6 കി.മീ. നീളമുണ്ട്. ഏറെ ഉള്ളിലായാണ് സ്ഥിതിയെങ്കിലും തടരേഖയോട് സമാന്തരത്വം പുലര്‍ത്തുന്ന അഗലപ്പുഴയുടെ തെക്കരിക് കോരപ്പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുന്‍കാലത്ത് കുറ്റിയാടിപ്പുഴ അഗലപ്പുഴയിലാണ് പതിച്ചിരുന്നത് എന്നനുമാനിക്കാന്‍ പോരുന്ന സൂചനകളുണ്ടെങ്കിലും ഇപ്പോള്‍ എടുത്തുപറയാവുന്ന ഒരു നീര്‍ച്ചാലുപോലും ഈ കായലില്‍ വീഴുന്നില്ല. വെള്ളപ്പൊക്കക്കാലത്ത് കുറ്റിയാടിപ്പുഴയെയും അഗലപ്പുഴയെയും വേര്‍തിരിക്കുന്ന ഇടുങ്ങിയ കരഭാഗങ്ങളെ മുറിച്ചോ മറികടന്നോ നദീജലം താരതമ്യേന താണനിലമായ കായലിലേക്കു പ്രവഹിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. അഗലപ്പുഴയെ കുറ്റിയാടിപ്പുഴയുമായി യോജിപ്പിക്കുന്ന കൃത്രിമത്തോടാണ് 1.6 കി.മീ. നീളമുള്ള പയ്യോളിക്കനാല്‍.
കോഴിക്കോടു ജില്ലയിലെ മനുഷ്യനിര്‍മിതമായ മറ്റൊരു തോടാണ് കണോലിക്കനാല്‍. കൊല്ലപ്പുഴ, കല്ലായിപ്പുഴ, ബേക്കല്‍പ്പുഴ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ തോട് 1948-ലാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്തുനിന്നു വടകരവരെ സുഗമമായ ജലമാര്‍ഗം ഏര്‍പ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തോടു നിര്‍മിക്കപ്പെട്ടത്. ഉയര്‍ന്ന കുന്നുകള്‍ക്കു വിലങ്ങനെ നീളുന്ന ഈ തോട് പലയിടത്തും നന്നേ ഇടുങ്ങിയതാണ്; തോടിന്റെ വീതി ഏറിയും കുറഞ്ഞും കാണപ്പെടുന്നു. കല്ലായിപ്പുഴയുടെ പതന സ്ഥാനത്തുള്ള വിസ്തൃതമായ ജലനിരപ്പിനെയും കായലായിത്തന്നെ പരിഗണിക്കാം.
ഭാരതപ്പുഴയില്‍നിന്ന് വടക്കോട്ടും തെക്കോട്ടും ഓരോ ജലമാര്‍ഗം നീളുന്നുണ്ട്. നദീമുഖത്തിനു അല്പം കിഴക്കുനിന്നും വടക്കോട്ടു തിരൂര്‍വരെ നീളുന്ന വിശാലമായ ജലാശയം തിരൂര്‍പ്പുഴയുടെ ഭാഗമായി വ്യവഹരിക്കപ്പെടുന്നു. ഇടതു കരയില്‍നിന്നു തെക്കോട്ടു നിര്‍മിക്കപ്പെട്ടിരിക്കുന്ന 3.2 കി.മീ. നീളമുള്ള പൊന്നാനിക്കനാല്‍ ഭാരതപ്പുഴയെ വെള്ളിയാങ്കോടുകായലുമായി ബന്ധിപ്പിക്കുന്നു. വെള്ളിയാങ്കോടു കായലിനെ ചാവക്കാടു കായലുമായി കൂട്ടിയിണക്കുന്ന ചാലും ഈ കനാലിന്റെതന്നെ മറ്റൊരു ഭാഗമാണ്. വെള്ളിയാങ്കോട്, ചാവക്കാട് എന്നീ കായലുകളെ മൊത്തം 24 കി.മീ. നീളമുള്ള ചെറുതും വലുതുമായ തടാകങ്ങളുടെ ഒരു ശൃംഖലയായി കണക്കാക്കുന്നതാണ് കൂടുതല്‍ ഉചിതം. ഈ കായലുകളെ പോഷിപ്പിക്കുന്ന ഏതെങ്കിലും തോടുകളോ പുഴകളോ ഇല്ല. ഇവയിലെ ജലവ്യാപ്തം വേലാപ്രവര്‍ത്തന(tider action)ങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചേറ്റുവായ് പുഴയിലൂടെയാണ് കടല്‍വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
തൃശൂര്‍ താലൂക്കിലെ എനമാക്കല്‍, മണക്കോടി എന്നീ കായലുകള്‍ ശുദ്ധജലത്തടാകങ്ങളാണ്. പരസ്പരം ബന്ധപ്പെട്ട ഇവയെ ഒന്നായി കണ ക്കാക്കുന്നതും അനുചിതമല്ല. കരുവണ്ണൂര്‍പ്പുഴ, വിയ്യൂര്‍പ്പുഴ, വടക്കാഞ്ചേരിപ്പുഴ എന്നിവ ഈ ജലാശയത്തിലാണ് പതിക്കുന്നത്. തടാകത്തിന്റെ മൊത്തം വിസ്തീര്‍ണം 25 ച.കി.മീ. വരും. എനമാക്കല്‍, കാരഞ്ചിറ എന്നിവിടങ്ങളിലുള്ള കൈത്തോടുകളിലൂടെ ഈ തടാകത്തിലെ ജലം പടിഞ്ഞാറുള്ള കായലുകളിലേക്ക് ഒഴുകുന്നു. നന്നേ ഇടുങ്ങിയ ഈ തോടുകളിലെ ജലനിര്‍ഗമനം ക്രമപ്പെടുത്തി മേല്പറഞ്ഞ തടാകങ്ങളുടെ അരികുകളെ കൃഷിനിലങ്ങളായി മാറ്റിയിരിക്കുന്നു. പടിഞ്ഞാറുനിന്ന് ഉപ്പുവെള്ളം കടന്നുകയറുവാനുള്ള സാധ്യതകള്‍ ആധുനിക സങ്കേതങ്ങളിലൂടെ പൂര്‍ണമായും ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഈ തടാകങ്ങളുടെ വലിയൊരു ഭാഗം കോള്‍നിലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. എനമാക്കല്‍, മണക്കോടി എന്നിവയോളം വലുപ്പമില്ലാത്ത മറ്റൊരു തടാകമാണ് മുകുന്ദപുരം താലൂക്കില്‍പ്പെട്ട മൂരിയാട്. ഇതിലെ വെള്ളം നിരവധി ചാലുകളിലൂടെ കരുവണ്ണൂര്‍പ്പുഴയിലേക്ക് ഒഴുക്കി തടാകത്തിന്റെ മുക്കാല്‍ഭാഗവും നെല്വയലുകളാക്കി മാറ്റിയിരിക്കുന്നു.
ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്ന മൂന്നു കനാലുകള്‍കൂടി തൃശൂര്‍ജില്ലയിലുണ്ട്; പൊന്നാനിക്കനാലിനെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ഇവയും. ചാവക്കാട്, മുകുന്ദപുരം എന്നീ താലൂക്കുകള്‍ക്കിടയിലൂടെ 12.8 കി.മീ. നീണ്ട് കാരഞ്ചിറപ്പുഴയെ വള്ളിവട്ടം കായലുമായി കൂട്ടിയിണക്കുന്ന കണോലിക്കനാലാണ് ആദ്യത്തേത്. മുകുന്ദപുരം താലൂക്കിലെ ഷണ്മുഖം കനാല്‍, തൃശൂര്‍ താലൂക്കിലെ പുത്തന്‍തോട് എന്നിവയാണ് മറ്റുള്ളവ. കണോലിക്കനാലില്‍നിന്ന് പിരിഞ്ഞ് ഇരിങ്ങാലക്കുടവരെ എത്തുന്ന 7 കി.മീ. നീളത്തിലുള്ള തോടാണ് ഷണ്മുഖം കനാല്‍. കരുവണ്ണൂര്‍പ്പുഴയില്‍നിന്നു തൃശൂര്‍ പട്ടണംവരെ നീളുന്ന ജലമാര്‍ഗമാണ് പുത്തന്‍തോട്.
എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ചെറിയ കായലുകളാണ് കൊടുങ്ങല്ലൂര്‍ക്കായലും വരാപ്പുഴക്കായലും. വടക്കും തെക്കുമായി തൊട്ടുകിടക്കുന്ന ഇവയില്‍ വരാപ്പുഴക്കായലിലാണ് പെരിയാറിന്റെ ഒരു ശാഖ പതിക്കുന്നത്. 11.2 കി.മീ. നീളത്തില്‍ ചേരാനല്ലൂരില്‍ നിന്നും ഇടപ്പള്ളിവരെയുള്ള ഒരു തോടും എളംകുളത്തുനിന്ന് എറണാകുളംവരെ ദീര്‍ഘിക്കുന്ന 8 കി.മീ. വരുന്ന മറ്റൊരു തോടും ഈ ഭാഗത്തുള്ള ജലമാര്‍ഗങ്ങളില്‍പ്പെടുന്നു.
കൊച്ചി അഴിമുഖമായുള്ള വേമ്പനാട്ടുകായലിന്റെ ഭൂരിഭാഗവും ആലപ്പുഴജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ കായലിന്റെ വീതി പലയിടത്തും പല മാതിരിയാണ്-നൂറുകണക്കിനു മീറ്ററില്‍ തുടങ്ങി 15 കി.മീ. വരെ ഏറിയും കുറഞ്ഞും കാണപ്പെടുന്നു. വേമ്പനാട്ടു കായലിന്റെ മൊത്തം നീളം 83 കിലോമീറ്ററും വിസ്തീര്‍ണം 205 ചതുരശ്ര കിലോമീറ്ററും ആണ്. മൂവാറ്റുപുഴയാറ്, മീനച്ചിലാറ്, മണിമലയാറ്, പമ്പാനദി, അച്ചന്കോവിലാറ് എന്നീ അഞ്ചുനദികളും പതിക്കുന്നത് വേമ്പനാട്ടുകായലിലാണ്. ഇവയുടെ മൊത്തം ആവാഹക്ഷേത്രം 6,630 ച.കി.മീ. വിസ്തീര്‍ണമുള്ളതാണ്. ഈ നദികള്‍ വഹിക്കുന്ന ജലത്തിന്റെ വാര്‍ഷികത്തോത് 5,61,000 മെഗാ ഘനയടി ആണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ എന്നീ താലൂക്കുകളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം എന്നീ താലൂക്കുകളും വേമ്പനാട്ടു കായലിനെ ചൂഴ്ന്നു കിടക്കുന്നു.
ഈ കായലിന്റെ തെക്കരികുകളിലുള്ള ആഴംകുറഞ്ഞ പ്രദേശങ്ങളെ ഒട്ടാകെത്തന്നെ ചിറയിട്ടു വെള്ളം ചോര്‍ത്തി നെല്‍പ്പാടങ്ങളാക്കി മാറ്റിയിരിക്കുന്നു. വേലിയേറ്റ ഫലമായി കടല്‍വെള്ളം കടന്നുവരുന്നത്, വര്‍ഷകാലമൊഴിച്ചുള്ള സമയങ്ങളില്‍ ഈ പ്രദേശത്ത് ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്നതിനു കാരണമായിത്തീരുന്നു. ഇത് പുഞ്ചക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഉപ്പുവെള്ളത്തിന്റെ പ്രവേശനം തടയുന്നതിന് കായലിലെ വീതികുറഞ്ഞ ഭാഗത്ത് പടിഞ്ഞാറേക്കരയിലുള്ള തണ്ണീര്‍മുക്കത്തുനിന്ന് കിഴക്കേക്കരയിലെ വെച്ചൂര്‍വരെ എത്തുന്ന ഒരു വരമ്പ് നിര്‍മിച്ചിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ട് എന്നറിയപ്പെടുന്ന ഇത് ഭാരതത്തിലാകമാനമുള്ള ഏതാദൃശസേതുക്കളില്‍ ഏറ്റവും നീളം കൂടിയതാണ്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കായലിന്റെ തെക്കേ പകുതിയില്‍ ലവണത വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളും സംജാതമായിട്ടുണ്ട്. നോ. തണ്ണീര്‍മുക്കം
കൊടുങ്ങല്ലൂര്‍-വേമ്പനാട്ടു കായലുകള്‍ വളരെയേറെ തുരുത്തുകളെ ഉള്‍ക്കൊള്ളുന്നു. ഇവയില്‍ ചിലതു ദ്വീപുകളായി വിശേഷിപ്പിക്കുവാന്‍ പോന്നവണ്ണം വിസ്തൃതങ്ങളാണ്. വെല്ലിങ്ടണ്‍, വൈപ്പിന്‍, രാമന്‍തുരുത്ത് എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖങ്ങള്‍. ചെറിയ കടമക്കുടി, പോഞ്ഞിക്കര (ബോള്‍ഗാട്ടി), വല്ലാര്‍പ്പാടം, വലിയ കടമക്കുടി, കുമ്പളം, പനങ്ങാട്, ചേപ്പാനം, നെട്ടൂര്‍, പിഴാല, കണ്‍കട്ടുതുരുത്ത്, കോരമ്പാടം, ചേരാനല്ലൂര്‍, ചാത്തന്നൂര്‍, പാതിരാമണല്‍, പള്ളിപ്പുറം, പെരുമ്പളം എന്നിവയാണ് എടുത്തുപറയുവാന്‍ പോന്ന മറ്റു തുരുത്തുകള്‍.
വേമ്പനാട്ടു കായലിനു തൊട്ടുതെക്കാണ് കായംകുളം കായല്‍. 30.4 കി.മീ. നീളത്തില്‍ കാര്‍ത്തികപ്പള്ളി മുതല്‍ പന്മനവരെ 59.6 ച.കി.മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ കായലിന്റെ ജലപ്പരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചിറകെട്ടിയും കട്ടകുത്തി നികത്തിയും തറ നിരപ്പാക്കി കായലിലെ ആഴംകുറഞ്ഞ ഭാഗങ്ങളെയൊക്കെ കൃഷിഭൂമികളായി മാറ്റിയിരിക്കുന്നു. കായംകുളത്തിനു പടിഞ്ഞാറായുള്ള പൊഴിയാണ് കടലുമായി ബന്ധപ്പെടുത്തുന്നത്. ചവറ-പന്മനത്തോട് ഈ കായലിനെ അഷ്ടമുടിക്കായലുമായി കൂട്ടിയിണക്കുന്നു.
ആകൃതിയിലും പ്രകൃതിയിലും പ്രത്യേകത പുലര്‍ത്തുന്ന അഷ്ടമുടിക്കായല്‍ കൊല്ലം ജില്ലയില്‍പ്പെടുന്നതാണ്. പേരു സൂചിപ്പിക്കുന്നതുപോലെ എട്ടു ശാഖകളുള്ള ഈ കായലിന്റെ ഏറ്റവും കൂടിയ നീളം 16 കി.മീ. ആണ്. ശരാശരി 3 കി.മീ. വീതിയില്‍ പല കോണുകളിലേക്കു നീണ്ടുകിടക്കുന്ന ശാഖകളിലോരോന്നിനും വെവ്വേറെ പേരുകളുണ്ട്. എല്ലാ ശാഖകളും കൂടി യോജിക്കുന്ന മധ്യഭാഗത്തിന് 15 കിലോമീറ്ററോളം വീതിയുണ്ട്. ഈ കായലില്‍ വീഴുന്ന പ്രധാന നദി കല്ലടയാറാണ്. നീണ്ടകര അഴിയിലൂടെ അഷ്ടമുടിക്കായല്‍ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അഴിമുഖം ഒരു മത്സ്യബന്ധന തുറമുഖമായി വികസിച്ചിരിക്കുന്നു. അഴിമുഖത്തിനു കിഴക്കായി നാഷണല്‍ ഹൈവേയില്‍ 408.6 മീ. നീളമുള്ള ഒരു പാലം നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
അഷ്ടമുടിക്കു തെക്കായിക്കിടക്കുന്ന താരതമ്യേന ചെറുതും ആഴം കൂടിയതുമായ ജലാശയമാണ് പരവൂര്‍ക്കായല്‍. മുമ്പു കായലിന്റെ മുഖം മഴക്കാലമൊഴിച്ചുളള സമയങ്ങളില്‍ പൊഴിയിട്ടുകിടക്കുമായിരുന്നു. ഇപ്പോള്‍ ഒരു കൃത്രിമത്തോടു നിര്‍മിച്ചു കായലിനും കടലിനുമിടയ്ക്കുള്ള ജലനിര്‍ഗമനം ക്രമപ്പെടുത്തിയിട്ടുണ്ട്. ഇത്തിക്കരയാറിന്റെ പതനം ഈ കായലിലാണ്. ഇതു കൊല്ലംതോട്ടിലൂടെ അഷ്ടമുടിക്കായലുമായും പരവൂര്‍ത്തോട്ടിലൂടെ തെക്കുള്ള ഇടവാ-നടയറക്കായലുകളുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു.
കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന താരതമ്യേന വിസ്തീര്‍ണം കുറഞ്ഞ കായലുകളാണ് ഇടവാക്കായലും നടയറക്കായലും. ഇവയും പൊഴികളിലൂടെ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെത്തുടര്‍ന്ന് തെക്ക് തിരുവനന്തപുരം വരെ കായലുകളുടെ ഒരു ശൃംഖലതന്നെയുണ്ട്. ഇവ കൃത്രിമത്തോടുകളിലൂടെ ഒന്നിനൊന്നു ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തീരദേശഗതാഗതം സുഗമമാക്കുന്നതില്‍ കായലുകളും തോടുകളും ഇടകലര്‍ന്നുള്ള ഉള്‍നാടന്‍ ജലമാര്‍ഗത്തിനു സാരമായ പങ്കുണ്ട്. ഈ ശൃംഖല വേണ്ടവിധം സംരക്ഷിച്ചാല്‍ തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ജലമാര്‍ഗമുള്ള സഞ്ചാരം സുസാധ്യമായിത്തീരും. നടയറക്കായലിനു തെക്കുള്ള അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നീ കായലുകള്‍ വിസ്തീര്‍ണവും ആഴവും കുറഞ്ഞവയാണ്. കായല്‍-തോടു ശൃംഖല പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കലക്കുന്നുകള്‍ക്കിടയിലൂടെ യഥാക്രമം 283 മീറ്ററും 721 മീറ്ററും നീളത്തിലുള്ള രണ്ടു തുരപ്പുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
മേല്പറഞ്ഞവ കൂടാതെ മറ്റു ചില ശുദ്ധജലത്തടാകങ്ങളും കേരളത്തിലുണ്ട്. ഇവയില്‍ തെക്കേ അറ്റത്തുള്ള വെള്ളായണിക്കായല്‍ തലസ്ഥാന നഗരിയില്‍ നിന്ന് 10 കി. മീ. തെക്കായി സ്ഥിതിചെയ്യുന്നു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കായലാണ് ഏറ്റവും വലിയ ശുദ്ധജലത്തടാകം. കല്ലടയാറിന്റെ വലത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ഈ കായലിനു ചുറ്റും ഉയരം കൂടിയ ചെങ്കല്‍ കുന്നുകളുണ്ട്. കിഴക്കരിക് 1.6 കി.മീ. നീളമുള്ള ഒരു വരമ്പിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കേവലം 3.7 ച.കി.മീ. മാത്രം വിസ്തീര്‍ണമുള്ള ഈ തടാകം പൊതുവേ അഗാധമാണ്. ഏറ്റവും കൂടിയ ആഴം 14.3 മീ. ആയി കണക്കാക്കപ്പെട്ടിട്ടുണ്ട്. നോ. ശാസ്താംകോട്ട തടാകം
തെക്കേ വയനാട്ടിലെ പൂക്കോട്ടുകായലാണ് മറ്റൊരു ശുദ്ധജലത്തടാകം. വിസ്തൃതി കുറഞ്ഞ ഈ ജലാശയം എല്ലാക്കാലത്തും ജലസമൃദ്ധമാണ്.
കേരളത്തിന്റെ 560 കി.മീ. നീളത്തിലുള്ള കടലോരം പൊതുവേ ഋജുവാണെങ്കിലും തടരേഖയില്‍ വളവുകളും തിരിവുകളും തീരെ ഇല്ലെന്നു പറഞ്ഞുകൂട. പൊതു ദിശയില്‍നിന്നും പൊടുന്നനെ തിരിഞ്ഞു കിഴക്കുമാറി നീളുന്നത് കേരളക്കടല്‍ത്തീരത്തിന്റെ ഒരു പ്രത്യേകതയാണ്. ഇങ്ങനെയുള്ള ഉള്‍വ ലിവുകളില്‍ തികച്ചും വ്യതിരിക്തമായുള്ളവ അഴീക്കലിനു വടക്ക് കോടിക്കുന്നിലും വടകരയ്ക്കു തെക്ക് കടലൂരിലുമാണ് കാണുന്നത്. ഇത്തരം വ്യതിരേകങ്ങള്‍ ഭൂഭ്രംശങ്ങളുടെ ഫലമായി ഉണ്ടായിട്ടുള്ളവയാണെന്ന് അനുമാനിക്കപ്പെടുന്നു. കോടിക്കുന്നു മുതല്‍ ആലപ്പുഴവരെയുള്ള തടരേഖ വന്‍കരഭാഗത്തേക്കു വളഞ്ഞു കാണപ്പെടുന്നു. കരയില്‍ നിന്നു നോക്കുമ്പോള്‍ തടരേഖയ്ക്കുണ്ടായിട്ടുള്ള ഈ നതമധ്യസ്വഭാവ (concavity) ത്തിന് ഭൂഭ്രംശങ്ങളിലൂടെ വന്നുചേര്‍ന്നിട്ടുള്ള സംരചനാപരമായ ക്രമീകരണങ്ങള്‍ക്കൊപ്പം തീക്ഷ്ണമായ സമുദ്രാക്രമണത്തെ ചെറുത്തു നിന്ന ശിലാപടലങ്ങളുടെ പ്രതിരോധക (resistant) സ്വഭാവത്തിനും പങ്കുണ്ടായിരിക്കാം. കേരളക്കടല്‍ത്തീരത്തൊട്ടാകെ ഇടവപ്പാതിക്കാലത്ത് ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നതു സാധാരണമാണ്. മാലദ്വീപിനും ലക്ഷദ്വീപിനും ഇടയ്ക്കുള്ള എട്ടും ഒമ്പതും ഡിഗ്രി അക്ഷാംശങ്ങളെക്കുറിക്കുന്ന ചാലുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ തടരേഖ കൃത്യമായും വടക്കുകിഴക്കു ദിശയിലാണ്.
മൊത്തമുള്ള 560 കി.മീ. കടല്‍ത്തീരത്തില്‍ വിവിധ മേഖലകളിലായുള്ള 360 കി.മീ. ദൂരം സജീവമായ കടലാക്രമണത്തിന് വിധേയമാണ്. 1860-ാമാണ്ടിനു ശേഷം ശരാശരി 600 മീ. വീതിയിലുള്ള തീരപ്രദേശം കടലെടുത്തിട്ടുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട് (രാജു & രാജു 1982).
നദീമുഖങ്ങളുള്‍പ്പെടെയുള്ള കായലുകളുടെ ശൃംഖല തടരേഖയ്ക്കു സമാന്തരമായി സ്ഥായിയായ ഒരു ജലപ്പരപ്പ് സംരക്ഷിതമായി നിലനിര്‍ത്തുന്നുണ്ട്. ഇവയ്ക്കും കടലിനുമിടയ്ക്ക് പലയിടങ്ങളിലായുള്ള പൊഴികള്‍ മണ്‍സൂണ്‍ കാലത്തും മറ്റു കാലങ്ങളില്‍ വേലാതരംഗങ്ങള്‍ ഉച്ചസ്ഥായി ആവുന്ന അവസരങ്ങളിലും മുറിയുന്നു. ഇതിലൂടെ കടലും കായലുകളുമായി നേരിട്ടുള്ള ജലവിനിമയത്തിന്റെ തോത് ഗണ്യമായി കൂടുന്നു. മറിച്ച് മഴ കുറവുള്ള കാലത്ത് വീണ്ടും മണ്ണടിഞ്ഞ് പൊഴികള്‍ ഉറയ്ക്കുകയും ചെയ്യുന്നു. വേലീയ തരംഗങ്ങളുടെ ഈദൃശമായ പ്രവര്‍ത്തനത്തിലൂടെതന്നെ തടരേഖയുടെ രൂപഭാവങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുന്നതു സാധാരണമാണ്. ഇവ പൊതുവേ നിസ്സാരങ്ങളാണെങ്കിലും നദികള്‍ ഗതിമാറിപ്പതിക്കുന്നതിലൂടെ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സാരമായ തോതിലുള്ളവയാണ്. നന്നേ ചെറിയ കാലത്തിനുള്ളില്‍ത്തന്നെ പ്രത്യേക നദികളുടെ പതനസ്ഥാനം ഗണ്യമായ അകലങ്ങളിലേക്കു മാറിയിട്ടുണ്ട് എന്നതിനു തെളിവുകളുണ്ട്. തടരേഖയ്ക്ക് ഏറെക്കുറെ സമാന്തരമായി മണല്‍ത്തിട്ടകളും ചാലുകളും ഉള്‍ക്കൊണ്ടും വിലങ്ങനെയുള്ള പാറക്കെട്ടുകളാല്‍ ഇടയ്ക്കിടെ വിച്ഛേദിക്കപ്പെട്ടും കിടക്കുന്ന തീരസമതലം പല ആവൃത്തിയുള്ള സമുദ്രാവതലന (marine subsidence)ത്തിനു വിധേയമായിട്ടുള്ളതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു.
കടലോരത്തെ തൊട്ടുരുമ്മി മിക്കയിടത്തും പാറക്കെട്ടുകളും കുന്നുകളും സ്ഥിതിചെയ്യുന്നു; ഇവ 3 മുതല്‍ 29 വരെ മീ. ഉയരമുള്ളവയാണ്. ചെങ്കല്‍പ്പടലങ്ങളാല്‍ മൂടപ്പെട്ട കടലോരങ്ങളിലെ കുന്നുകളുടെ അടിയിലേക്കുള്ള അടരുകളും വിവിധയിനം അവസാദശിലകളുടേതാണ്. പ്രതിരോധക ശക്തി കുറഞ്ഞ ഈ ശിലാസ്തരങ്ങള്‍ സമുദ്രാക്രമണത്തിലൂടെ കരണ്ടെടുക്കപ്പെടുന്നതിനാല്‍ കുന്നുകളുടെ അടിവാരത്തില്‍ ഗുഹകളും വിള്ളലുകളും സൃഷ്ടിക്കപ്പെടുന്നതിനും തുടര്‍ന്ന് അവ ഒന്നാകെ ഇടിഞ്ഞുതാഴുന്നതിനും സാധ്യതയുണ്ടാകുന്നു. സമുദ്രതീരത്തിനു വിലങ്ങനെയുള്ള കുന്നുകളും പാറക്കെട്ടുകളും പ്രത്യേക ദിശകളില്‍ ഉരുത്തിരിഞ്ഞിട്ടുള്ള വിഭംഗ(fractures)ങ്ങളെ സൂചിപ്പിക്കുന്നവയാണ്. കടലോരത്തിലുള്ള പാറക്കെട്ടുകള്‍ പ്രാക്കാലത്തു നിലവിലിരുന്ന കുന്നുകളുടെ അവശിഷ്ടങ്ങളാണ്. ജലനിരപ്പിനു മുകളില്‍ കേവലം രണ്ടോ മൂന്നോ മീ. മാത്രം ഉയര്‍ന്നു കാണുന്ന പാറക്കെട്ടുകള്‍ കടല്‍ത്തറയില്‍ പടിഞ്ഞാറേക്കു ചരിഞ്ഞിറങ്ങുന്ന നിലയില്‍ വളരെ ദൂരം തുടര്‍ന്നുകാണുന്നതു സാധാരണമാണ്. കടലോരത്ത് ഉയര്‍ന്നുകാണുന്ന ശിലാതലങ്ങളില്‍ കായാന്തരിത (metamorphosed) സ്വഭാവം പ്രകടമാണ്. എന്നാല്‍ കടലിനടിഭാഗത്തു ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള ചെങ്കല്‍പ്പടലങ്ങളാണുള്ളത്. ഈ പാറക്കെട്ടുകളുടെ പടിഞ്ഞാറരിക് എത്ര ദൂരം ഉള്ളിലാണെന്ന് ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ല.
സ്ട്രാബോ (എ.ഡി. 19), പ്ലിനി (എ.ഡി. 77) തുടങ്ങിയ പ്രാചീന ഗ്രന്ഥകാരന്മാര് കേരളത്തിന്റെ കടല്‍ത്തീരത്തു നിലവിലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള മുസിരി, തുണ്ടി, നവൂറ, നല്‍ക്കുണ്ട തുടങ്ങിയ ചെറുകിട കപ്പല്‍ത്താവളങ്ങള്‍ ഇന്നും സ്ഥാനനിര്‍ണയം ചെയ്യപ്പെടാതെ കിടക്കുന്നതേയുള്ളൂ. പെരിപ്ലസി (periplus of the erythrean sea, 80, 89) ന്റെ കര്‍ത്താവ് വ്യാപാരപ്രമുഖങ്ങളായിരുന്ന ഈ കേന്ദ്രങ്ങളെക്കുറിച്ചു വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ ഇന്നും അജ്ഞാതങ്ങളായി തുടരുകയാണ്.
കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം ഇന്ത്യാ-ഉപഭൂഖണ്ഡത്തിലെ മര്‍മപ്രധാനമായ ഒരു സ്ഥാനത്താണ് കേരളക്കരയുടെ സ്ഥിതി. ഓരോ വര്‍ഷവും മേയ് അന്ത്യത്തോടെയോ ജൂണിന്റെ ആദ്യപകുതിയിലോ ഉപഭൂഖണ്ഡത്തില്‍ പ്രാബല്യം പ്രാപിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യമായി പ്രാഭവം ആര്‍ജിക്കുന്നതു കേരളത്തിലാണ്. കേരളത്തില്‍ വേനലില്‍ ആദ്യമായി പെയ്യുന്ന മഴ കാലാവസ്ഥാശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ആ വര്‍ഷത്തെ മണ്‍സൂണ്‍ മഴയുടെ സൂചകമാണ്. ഡിസംബര്‍ ആരംഭത്തോടെ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ ഉണ്ടാകുമ്പോഴും അതിന്റെ അന്ത്യപാദം കേരളത്തിലാണ് സ്പഷ്ടമായി അനുഭവപ്പെടുന്നത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ വാര്‍ഷികത്തോതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു കേരളത്തിലാണ്; അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ തമിഴ്നാട്ടിലേതില്‍ നിന്നു മൂന്നിരട്ടിയും കര്‍ണാടകത്തിലേതിന്റെ ഇരട്ടിയുമാണ് കേരളത്തിന്റെ ശരാശരി വര്‍ഷപാതം (300 സെ. മീ.). മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി മഴയുടെ വാര്‍ഷികത്തോതില്‍ വലുതായ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാത്ത മേഖലയാണ് കേരളം. അടുത്ത കാലംവരെ ആണ്ടില്‍ ഒന്നോ രണ്ടോ മാസങ്ങളൊഴിച്ച് എല്ലാക്കാലത്തും ഏറിയോ കുറഞ്ഞോ മഴ ലഭിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. വ്യാപകമായ വനനശീകരണത്തെത്തുടര്‍ന്ന് മഴയുടെ വിതരണം പ്രായേണ അസന്തുലിതമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും വാര്‍ഷികത്തോതില്‍ ഗണ്യമായ കുറവുണ്ടായതായിക്കാണുന്നില്ല.
പൊതുവേ പറഞ്ഞാല്‍ കേരളത്തില്‍ നാലിനം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്:
(i) ശൈത്യകാലം (ജനു.-ഫെ.)
(ii) വേനല്‍ക്കാലം (മാ.-മേയ്)
(iii)തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ജൂണ്‍-സെപ്.)
(iv) വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (ഒ.-ഡി.)
ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ആകാശം പൊതുവേ നിര്‍മലമായിരിക്കും. മഴ നന്നേ കുറവായ മാസങ്ങളാണ് ഇവ. ഈ മാസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ വര്‍ഷപാതം ദക്ഷിണകേരളത്തില്‍ 5 സെന്റിമീറ്ററും ഉത്തരകേരളത്തില്‍ 2 സെന്റിമീറ്ററില്‍ താഴെയുമാണ്. ദക്ഷിണകേരളത്തില്‍ മൊത്തം വര്‍ഷപാതത്തിന്റെ 2 ശതമാനം മാത്രമാണിത്; ഉത്തരകേരളത്തിലാവട്ടെ 0.5 ശതമാനത്തില്‍ കുറവുമാണ്.
വിട്ടുവിട്ടു പെയ്യുന്ന മഴയുടെ കാലമാണ് ഇത്. മഴയുടെ തോതും തീവ്രതയും ക്രമേണ കൂടിവരുന്നു. സാധാരണയായി ഇടിയും മിന്നലുമുള്ള (thunder storm) മഴയാണ് ഇക്കാലത്ത് അനുഭവപ്പെടാറുള്ളത്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലാണ്. വടക്കോട്ടും തെക്കോട്ടും നീങ്ങുന്തോറും വേനല്‍മഴയുടെ തോത് ക്രമേണ കുറഞ്ഞുകാണുന്നു; തിരുവനന്തപുരം ജില്ലയില്‍ 30-40 സെന്റിമീറ്ററും കണ്ണൂര്‍ ജില്ലയില്‍ 30 സെന്റിമീറ്ററില്‍ താഴെയുമാണ് ശരാശരിത്തോത്. ലക്ഷദ്വീപിലും ഇതര ദ്വീപുകളിലും ഈ കാലത്ത് 15-20 സെന്റിമീറ്റര്‍ മഴ ലഭിക്കാറുണ്ട്. മൊത്തം വര്‍ഷപാതത്തിന്റെ അടിസ്ഥാനത്തില്‍ വേനല്‍മഴയുടെ തോത് ദക്ഷിണകേരളത്തില്‍ 15-20 ശതമാനവും ഉത്തരകേരളത്തില്‍ 10 ശതമാനത്തില്‍ താഴെയുമാണ്. ഇതില്‍ ഏറിയപങ്കും മേയിലാണ് പെയ്യുന്നത്. സ്ഥിതിവിവരക്കണക്കുകളുടെ സൂചനയനുസരിച്ച് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിന്റെ തെക്കന്‍ഭാഗങ്ങളില്‍ മേയ് 10-നു മേല്‍ പ്രാഭവം ഉറപ്പിക്കുന്നുവെന്നുകാണാം. ഈ മേഖലയില്‍ മഴയുടെ വാര്‍ഷികത്തോതു വര്‍ധിപ്പിക്കുന്നതില്‍ മണ്‍സൂണിന്റെ ആരംഭത്തിലുള്ള മഴയ്ക്കു ഗണ്യമായ പങ്കുണ്ട്.
ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ വാര്‍ഷിക വര്‍ഷപാതത്തിന്റെ 75 ശതമാനത്തോളം തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നാണു ലഭിക്കുന്നത്; മൊത്തം മഴയുടെ 95 ശതമാനവും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നു കിട്ടുന്ന പ്രദേശങ്ങളും വിരളമല്ല. സാധാരണയായി മണ്‍സൂണിന്റെ ആരംഭം കുറിക്കുന്നത് ഇടവിട്ടുള്ള മഴകൊണ്ടാണെങ്കിലും ഇത് ഏറെ നേരം നീണ്ടുപെയ്യാറുണ്ട്. എന്നാല്‍ കാലവര്‍ഷം പൊതുവേ അനിയതവും അസന്തുലിതവുമാണ്. ശരാശരിക്രമമനുസരിച്ച് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ ഒന്നിനാണ്; ഇതില്‍ ചെറിയ തോതില്‍ വ്യതിയാനമുണ്ടാകുന്നതും വിരളമല്ല. 1918, 1955 വര്‍ഷങ്ങളില്‍ മേയ് 11-നു തന്നെ കാലവര്‍ഷം ആരംഭിച്ചതായി കാണുന്നു; എന്നാല്‍ 1972-ല്‍ ജൂണ്‍ 18 വരെ താമസമുണ്ടാകുകയും ചെയ്തു. ആരംഭത്തിനുശേഷം കുറേ ദിവസത്തേക്കു വിട്ടുനിന്ന് വീണ്ടും പ്രാഭവം കാണിക്കുന്ന വര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്; കാലവര്‍ഷം പതിവിലും നേരത്തേ ആരംഭിക്കുന്ന വര്‍ഷങ്ങളിലാണ് ഇടയ്ക്കു മഴയില്ലാതെ വരുന്നത്. സാധാരണയായി തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇടവപ്പാതി എന്നും കാലവര്‍ഷം എന്നും വ്യവഹരിക്കപ്പെടുന്ന ഈ കാലത്ത് തെക്കന്‍ കേരളത്തില്‍ ശരാശരി 70 സെന്റിമീറ്ററും സംസ്ഥാനത്തിന്റെ വടക്കരികില്‍ 250 സെന്റിമീറ്ററും മഴ ലഭിക്കുന്നു. തെക്കു നിന്നു വടക്കോട്ടു നീങ്ങുന്തോറും വര്‍ഷപാതത്തിന്റെ തോതു ക്രമേണ ഏറുന്നതായി കാണാം. കാലവര്‍ഷത്തിലൂടെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശത്തും (375 സെ. മീ.) മലബാറിലെ വൈത്തിരി-കുറ്റിയാടി മേഖലയിലും (350 സെ. മീ.) ആണ്. ലക്ഷദ്വീപു കടലിലെ ദ്വീപുകളില്‍ മഴ താരതമ്യേന കുറവാണ്. അമിനി ദ്വീപില്‍ കാലവര്‍ഷത്തിന്റെ തോത് 105 സെ. മീ. ആയിരിക്കുമ്പോള്‍ അതേ അക്ഷാംശത്തിലുള്ള കോഴിക്കോട്ട് ഇതിന്റെ ഇരട്ടിയിലേറെ മഴ ലഭിക്കുന്നു. പശ്ചിമഘട്ടത്തിന്റെ കിഴക്കേ പ്രാന്തത്തിലുള്ള തമിഴ്നാടു പ്രദേശത്ത് കാലവര്‍ഷത്തിലൂടെ കേരളത്തില്‍ ലഭിക്കുന്നതിന്റെ 10 ശതമാനം പോലും മഴ കിട്ടാറില്ല; ഇത് ഇവിടങ്ങളില്‍ അനുഭവപ്പെടുന്ന മൊത്തം വര്‍ഷപാതത്തിന്റെ 30-40 ശതമാനം ആണ്. ദക്ഷിണകേരളത്തില്‍ കാലവര്‍ഷത്തിന്റെ അളവ് 40-50 ശതമാനവും ഉത്തരകേരളത്തില്‍ 80 ശതമാനവുമാണ്. കേരളത്തിനു പടിഞ്ഞാറുള്ള ദ്വീപുകളിലും മൊത്തം മഴയുടെ 60-70 ശതമാനം കാലവര്‍ഷത്തിന്റെ സംഭാവനയാണ്.
തമിഴ്നാടിന്റെ ദക്ഷിണ പൂര്‍വമേഖലയിലെ പ്രധാന വര്‍ഷകാലമായ ഒക്ടോബര്‍- ഡിസംബര്‍ കാലത്ത് കേരളത്തിലും സാമാന്യമായ തോതില്‍ മഴ പെയ്യുന്നു (തുലാവര്‍ഷം). ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ്. വടക്കോട്ടുപോകുന്തോറും തുലാവര്‍ഷത്തിന്റെ തോത് ക്രമേണ കുറഞ്ഞുവരുന്നു. കാഞ്ഞിരപ്പള്ളി-പീരുമേടു മേഖലയിലും കുറ്റിയാടി പ്രദേശത്തും തന്നെയാണ് തുലാവര്‍ഷത്തിന്റെ ആധിക്യം അനുഭവപ്പെടുന്നത്; ഇവിടങ്ങളില്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഏതാണ്ട് 90 സെ. മീ. മഴ കിട്ടുന്നു. മൊത്തം വര്‍ഷപാതത്തിന്റെ 10 ശതമാനം മാത്രമാണ് ഉത്തരകേരളത്തിലെ തുലാവര്‍ഷം. സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഈ തോത് 30 ശതമാനത്തോളമായി ഉയരുന്നു.
സംസ്ഥാനത്തെ മഴയുടെ ലഭ്യത കൂടുതലാണെങ്കിലും അതിന്റെ വിതരണത്തില്‍ സ്ഥലകാലവ്യത്യാസമനുസരിച്ച് വ്യാപകവ്യതിയാനമുണ്ട്. വിവിധ സീസണുകളിലെ പ്രവണതകള്‍ തമ്മില്‍ പ്രാദേശിക വ്യത്യാസങ്ങളുമുണ്ട്. വിവിധ സ്ഥലങ്ങളിലെ മഴയുടെ ശരാശരി വ്യതിയാനത്തില്‍ നിന്നും വ്യത്യസ്തമായി പ്രാദേശികമായ മാറ്റങ്ങളും കാണുവാന്‍ സാധിക്കുന്നു. 1951 മുതല്‍ 2012 വരെയുള്ള മഴയുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ശരത്കാലത്തിലും ശൈത്യത്തിലും പരമാവധി വര്‍ഷപാതം കൂടുന്നതിനുള്ള പ്രവണത കാണാന്‍ സാധിക്കുന്നു.
2001 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലെ വര്‍ഷപാതത്തിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു കാസര്‍കോട് ജില്ലയാണ്. അതേസമയം സമീപകാലത്ത് ഏറ്റവുമധികം മഴ ലഭിച്ചുവരുന്ന ജില്ല പത്തനംതിട്ടയാണ്. ചെറിയ തോതിലുള്ള വ്യതിയാനങ്ങളോടെ കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുന്നു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വര്‍ഷപാതം രേഖപ്പെടുത്തിപ്പോരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓരോ വര്‍ഷവും (മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ) ലഭ്യമാകാറുള്ള സാധാരണ മഴയുടെ അളവ് ഇപ്രകാരമാണ് (മില്ലീമീറ്ററില്‍). ആലപ്പുഴ (2794.9), കണ്ണൂര്‍ (3314.2), എറണാകുളം (2997.8), ഇടുക്കി (3267.4), കാസര്‍കോട് (3622),കൊല്ലം (2440.3), കോട്ടയം (2913.4), കോഴിക്കോട് (3377.8), മലപ്പുറം (2829.5), പാലക്കാട് (2279), പത്തനംതിട്ട(2891.8), തിരുവനന്തപുരം (1762.8), തൃശൂര്‍ (3052.2), വയനാട് (3238.5).
വര്‍ഷപാതത്തിലെ മാസം തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ മഴ കൂടുതലുള്ളത് യഥാക്രമം ജൂണിലും ഒക്ടോബറിലും ആണെന്നുകാണാം. ഉഷ്ണമേഖലാമധ്യ-താപാഭിനതി മേഖല (inter tropical convergent zone) യുടെ മുന്നോട്ടും പിന്നോട്ടുമുള്ള നീക്കത്തിനനുസരിച്ചാണ് വര്‍ധിച്ച മഴ ലഭ്യമാകുന്നത്. ഈ താപീയ മേഖല കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്ന മാസമാണ് ജൂണ്‍. ഇന്ത്യാഭൂഖണ്ഡത്തിലൂടെ വടക്കോട്ടു നീങ്ങിയശേഷം ശൈത്യകാലാരംഭത്തില്‍ മടങ്ങുന്ന ഈ താപീയ പ്രതിഭാസം ഒക്ടോബറാവുമ്പോഴേക്കും കേരളത്തില്‍ നിലയുറപ്പിക്കുന്നു. ഈ കാലയളവില്‍ സംസ്ഥാനത്തിലെ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ല കളൊഴിച്ചുള്ള ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ പെയ്യുന്നിടത്തോളം മഴ ഒക്ടോബറില്‍ ഉണ്ടാകാറില്ല.
താപനിലയിലെ വാര്‍ഷികപരാസം (annual range) ഇന്ത്യയിലെ ഇതരഭാഗങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ കുറവായിരിക്കുന്നു. തീരപ്രദേശത്ത് ഏറ്റവും കൂടിയ ചൂട് 32° C -ഉം (ഏ.-മേയ്) കുറഞ്ഞ ചൂട് 22° C-ഉം (ഡി.-ജനു.) ആണ്. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് താപനില 37° C വരെയായി ഉയരാറുണ്ട്; ഏറ്റവും കുറഞ്ഞ താപനില തീരസമതലത്തിലേതിനോടു ഏറെക്കുറെ തുല്യമായിരിക്കും. താപനിലയിലെ ശരാശരി വാര്‍ഷികപരാസം തിരുവനന്തപുരത്ത് 3° C ആണ്; ഇത് നാഗ്പൂര്‍ (15° C), ഡല്‍ഹി (20° C) എന്നിവിടങ്ങളിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം കുറവാണെന്നു കാണാം. കേരളത്തില്‍ ഏറ്റവും കുറഞ്ഞ മാധ്യതാപനില അനുഭവപ്പെടുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ്.
താപനിലയിലെ ദൈനികപരാസത്തിന്റെ തോതും നന്നേ കുറവാണ്; ഏറ്റവും കുറഞ്ഞ താപനില സൂര്യോദയത്തിനടുത്ത സമയത്തും ഏറ്റവും കൂടുതല്‍ ഊഷ്മാവു മധ്യാഹ്നവേളയിലുമാണ് അനുഭവപ്പെടുന്നത്. കടല്‍ക്കാറ്റ് ശക്തമായി വീശുന്നതുനിമിത്തം തീരസമതലത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലേതിനെക്കാള്‍ നേരത്തേ താപനില ഉച്ചതമമായിത്തീരുന്നു.
(എന്‍. ജെ. കെ. നായര്‍: സ.പ.)
കടപ്പാട്-സര്‍വ്വവിജ്ഞാനകോശം വെബ്എഡിഷന്‍
അവസാനം പരിഷ്കരിച്ചത് : 6/19/2020
കൂടുതല്‍ വിവരങ്ങള്‍
അക്കൌണ്ടന്‍സി - വിശദ വിവരങ്ങൾ
വ്യത്യസ്തമായ അറിവുകള്‍
അഗ്നി പർവതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ