অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആഗോളവത്കരണം

ആഗോളവത്കരണം

ആഗോളവത്കരണം

ദേശീയ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരവും ഭരണപരവുമായ അതിര്‍ത്തികളെ ഉല്ലംഘിച്ചും അപ്രസക്തമാക്കിയും സാമ്പത്തിക-വ്യാപാര-സാംസ്കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന വ്യാപന പ്രതിഭാസം. അതിരുകളില്ലാത്ത ഒരു ആഗോളസമൂഹം ആഗോളവത്കരണത്തിന്റെ ലക്ഷ്യമായി കരുതപ്പെടുന്നു.

ആഗോളവത്കരണം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ചിത്രം പലപ്പോഴും ആശയങ്ങളുടെയും , സാംസ്കാരികതയുടെയും പരസ്പര വിനിമയത്തോടൊപ്പം സമ്പത്തിന്റെയും തുല്യമായ വിതരണം ഉറപ്പു വരുത്തപ്പെട്ട ആഗോള ഗ്രാമമാണ് . നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിന്‍ എന്ന ബൈബിള്‍ വാക്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്പ് ഗ്ലോബലൈസേഷനുള്ള ഒരാഹ്വാനമായിരുന്നു. അതിനു മുന്‍പേ അശോക ചക്രവര്‍ത്തി ലോകമെങ്ങും ബുദ്ധ മത പ്രചരണത്തിനായി ബുദ്ധ ഭിക്ഷുക്കളെ അയച്ചപ്പോഴും , അലക്സാണ്ടര്‍ ചക്രവര്‍ത്തി തന്റെ വിജയപാത ഇന്ത്യ വരെ എത്തിച്ചപ്പോഴും , അറേബ്യന്‍ വ്യാപാരികള്‍ നമ്മുടെ പലവ്യഞ്ജനങ്ങള്‍ ലോകമെങ്ങും കച്ചവടം നടത്തിയപ്പോഴും ഗ്ലോബല്‍ ട്രെയ്ടിംഗ് തന്നെയാണ് നടന്നത് .

ഇത്തരം വ്യാപാരങ്ങളും വ്യാപാരികളും, ഓരോ രാജ്യങ്ങളിലും നിലനിന്നിരുന്ന നികുതി സമ്പ്രദായം, നാണയ വിനിമയത്തിലെ അപാകതകള്‍ എന്നിവ മൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. പിന്നീ ട്‌ പത്തൊന്‍പതാം നൂറ്റാ ണ്ടില്‍ കോളനി രാജ്യങ്ങളില്‍ നിന്നും പുതിയ ലോകങ്ങളില് (അമേരിക്ക, ആസ്ട്രേലിയ)‍ നിന്നുമുള്ള വ്യാപാരവസ്തുക്കളുടെ കൈമാറ്റം ഉചസ്ഥായിയിലെത്തിയെങ്കിലും ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങള്‍ ലോകവ്യാപരത്തെ പിന്നോക്കം വലിച്ചു. യുദ്ധാനന്തര ലോകത്ത് പിന്നീടു സ്വതന്ത്രവ്യാപാരത്തിനും വ്യവസായത്തിനും തടസ്സമായി നില്കാവുന്ന നികുതി വ്യവസ്ഥകളും മറ്റു തടസ്സങ്ങളും പൂര്‍ണമായി നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ GATT (General Agreement on Tariffs and Trade) നിലവില്‍ വരികയും ലോകരാഷ്ട്രങ്ങളെ വ്യാപാരികളുടെ ചൊല്പടിക്കു നിറുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. 1995 മുതല്‍ GATT ലോകവ്യാപാര സംഘടന (World Trade Organisation) എന്ന പേരില്‍ അതിന്റെ പ്രവര്‍ത്തനം തുടരുന്നു.

പ്രശസ്ത ജർമൻ ചിന്തകനായ ഇമ്മാനുവേൽ കാന്റിന്റെ Enlightenment Theory അനുസരിച്ച് എല്ലാ മനുഷ്യരും ജന്മവാസനാപരമായ മൗഢ്യത്തിലാണ് ജീവിക്കുന്നത്.  അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിലും ഒരു കുഞ്ഞു പോലും മൂഢനായി ജനിക്കുന്നില്ല.  മൗഢ്യം  സമൂഹത്തിലൂടെ,സമൂഹത്തിൽ നിന്ന് അവനിലേക്കാഴ്ന്നിറങ്ങുകയാണ് ചെയ്യുന്നത്. ഈ മൗഢ്യത്തിന്റെ തോടു പൊളിച്ച് വ്യക്തിയുടെ സത്ത (ആത്മാവ്, മനസ്സ്) സത്യത്തിന്റെ, വെളിച്ചത്തിന്റെ പ്രഭാപൂരിതയിലേക്കു കടന്നുവരുമ്പോഴാണു വ്യക്തി അവന്റെ സ്വത്വത്തെ പ്രാപിച്ച് enlighted  എന്ന അവസ്ഥയിലേക്കെത്തുന്നത്, അവന്റെ മുൻപിൽ സത്യം അനാവൃതമാക്കപ്പെടുന്നത്.  സമൂഹജീവിയായ മനുഷ്യൻ പരസ്പരം സംവദിക്കുന്നതിനായി സംസ്കരിച്ചെടുത്ത സംസാര ഭാഷ അവന്റെ സത്തയെ പൂർണ്ണമായി സംവേദിപ്പിക്കുന്നതിനുള്ള കഴിവ് നേടാത്തിടത്തോളം,സത്യം കണ്ടെത്തിയ സത്യാന്വേഷിക്ക് അത് മറ്റുള്ളവരിലേക്കു സംവദിക്കുക അസാദ്ധ്യമായിരിക്കുകയും ചെയ്യുന്നു.

 

ആഗോളവത്കരിക്കപ്പെട്ട ആധുനികലോകത്തിൽ സത്യത്തെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ദുഷ്കരമാണ്. കാരണം ആഗോള വത്കരണത്തിന്റെ പ്രണേതാക്കളും നടത്തിപ്പുകാരും ഉപഭോക്താക്കളുമായ കുത്തക മുതലാളിത്ത കമ്പനികൾ അവരുടെ പ്രത്യേക പ്രവര്ത്തന ശൈലിയിലൂടെ വ്യക്തിയുടെ അന്വേഷണ ത്വരയെയും ഉൽക്കർഷവാഞ്ചയെയും തടയിട്ടു നിറുത്തുന്നു .

 

രാജ്യാന്തര വ്യാപാരവ്യവസായങ്ങൾ മാനവരാശിയുടെ ചരിത്രത്തിലെന്നും തുടർന്ന് പോന്നിരുന്ന്നെങ്കിലും 1950 കൾക്കു ശേഷം ലോകത്തുണ്ടായ ചില വിപ്ലവകരമായ മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും ഇന്ന് നാം വിവക്ഷിക്കുന്ന ആഗോളവത്കരണത്തിനു സഹായകമായി.

ഒന്നാമതായി യുദ്ധാനന്തര ലോകത്ത് രാജ്യാന്തര വ്യാപാരത്തിലും വസ്തു വകകളുടെയും സേവനങ്ങളുടെയും വിനിമയത്തിലും, ജനങ്ങളുടെ ഭൂഖണ്ഡാന്തര കുടിയേറ്റ നിരക്കിലും, നാണയ വിനിമയരംഗത്തും അഭൂതപൂർവമായ പുരോഗതിയാണുണ്ടായത്.  വിവര സാങ്കേതിക വിദ്യയിലും, ഗതാഗത മേഖലയിലുമുണ്ടായ വൻ കുതിച്ചുചാട്ടങ്ങളാണ്‍ ഇതിനു സാദ്ധ്യതയൊരുക്കിയത് .

രണ്ടാമതായി 1946 മുതൽ പടി പടിയായി ഗാട്ടു (GATT) കരാറും അതിന്റെ പിൻ ഗാമിയായ ലോക വ്യാപാര സംഘടനയും (WTO)അംഗരാജ്യങ്ങളുടെ മേൽ  അടിച്ചേൽപ്പിച്ച ഉദാരവത്കരണമെന്ന പ്രക്രിയയും ചേർന്ന് ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളെയെല്ലാം  വികസിത രാഷ്‌ട്രങ്ങളുടെ ഉത്പന്നങ്ങളുടെ വ്യാപാരകെന്ദ്രങ്ങളാക്കി മാറ്റുകയാണ് ഉണ്ടായത്. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചെറുത്തു നില്പ് അസാദ്ധ്യമായിരുന്നു.  ലോക വ്യാപാര മാർക്കറ്റിൽ നിന്ന് പുറത്താക്കപ്പെടും എന്നതിനൊപ്പം World Bank (International Monetary Fund) എന്നിവയുടെയൊക്കെ സമ്മർദ്ദവും കൂടിയായപ്പോൾ ഇന്ത്യയെപ്പോലുള്ള ഏഷ്യൻ രാജ്യങ്ങൾക്ക്  വഴങ്ങിക്കൊടുക്കുകയല്ലാതെ മാർഗ്ഗമില്ലാതെ വന്നു. ഒരു വ്യാഴവട്ടക്കാലത്തിനു മുൻപ്  ഇന്ത്യക്ക് അതിന്റെ കരുതൽ സ്വർണ്ണം ലണ്ടനിൽ പണയം വക്കേണ്ടി വന്നതും അങ്ങനെ ലോകബാങ്കിന്റെ പലിശ അടച്ചു തീർത്തതും ചരിത്രത്തിന്റെ ഭാഗം മാത്രം.

മൂന്നാമതായി അന്താരാഷ്‌ട്ര കമ്പനികളുടെ രൂപഭാവങ്ങളിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്‍.  കമ്യൂണിക്കേഷൻ രംഗത്തുണ്ടായ കുതിച്ചുകയറ്റം  പല കമ്പനികളെയും രാജ്യാന്തരതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ഓരോ രാജ്യത്തും ബ്രാഞ്ചുകളോ സഹോദര സ്ഥാപനങ്ങളോ ആരംഭിക്കുവാനും അവയെ തന്ത്രപരമായി നിയന്ത്രിക്കുന്നതിനും സഹായിച്ചു. പല അന്താരാഷ്ട്ര കമ്പനികളോ അല്ലെങ്കിൽ അവരുടെ സംഘടനകളോ രാഷ്ട്രഭരണകൂടങ്ങളെക്കാൾ ശക്തരാകുകയും ഗവണ്മെന്റുകളുടെ നയരൂപീകരണത്തെ വരെ നിയന്ത്രിക്കുവാൻ ശക്തി നേടുകയും ചെയ്തു.  നോണ് ഗവണ്മെന്റ് ഓർഗനൈസേഷനുകളായ (NGO) UN, UNIDO, UNESCO എന്നിവക്കുണ്ടായ പ്രാധാന്യവും എടുത്തു പറയേണ്ടതു തന്നെ.

നാലാമതായി ലോകരാഷ്ട്രങ്ങൾക്കിടയിൽ സമ്പത്തിനെപ്പറ്റിയും വ്യാപാരത്തെപ്പടിയും ഉണ്ടായ ആശയപരമായ ധാരണയാണ്‍.  George Orwell തന്റെ അനിമൽ ഫാം-ൽ പറയുന്നതുപോലെ “Some animals are equal than others” എന്ന രീതിയിൽ 1978 ൽ  ചൈന Socialist Communist ചേരിയിൽ നിന്ന് ആദ്യ സ്ഥാനാർത്ഥിയായി പ്രതിവിപ്ലവത്തിനു നാന്ദി കുറിച്ച് ക്യാപ്പിറ്റലിസത്തിലേക്കുള്ള ആദ്യ ചുവടുവയ്പു നടത്തി. തുടർന്നുണ്ടായത് കമ്യൂണിസ്റ്റ് ചേരിയിലെ ശക്തരുടെയെല്ലാം പതനവും ആധുനിക ക്യാപ്പിറ്റലിസത്തിന്റെ ഉയിർത്തെഴുന്നേല്പുമാണ്‍.  ഇതിനൊക്കെ തുടക്കം കുറിച്ച ചൈനയാകട്ടെ കമ്യൂണിസ്റ്റു ഭരണത്തിന്റെ ഉരുക്ക് മുഷ്ടിക്കു കീഴെ ക്യാപ്പിറ്റലിസം എത്രമാത്രം തഴച്ചു വളരാമെന്നതിന്റെ ഒരുദാഹരണമാണ്‍.

കമ്യൂണിസത്തിന്റെ തകർച്ചക്കുശേഷം ആഗോളവത്കരണത്തിന്റെ വിധാതാക്കൾ മൂന്നു ലക്ഷ്യങ്ങളാണ് മുന്നിൽ  കണ്ടത്. (1) ആഗോള സമ്പദ്ഘടനയെ സ്ഥിരപ്പെടുത്തുക, (2) വിലകളുടെയും മാർക്കറ്റുകളുടെയും ഉദാരവത്കരണം, (3) ദേശസാത്കൃത സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം എന്നിവയാണവ. ഈ ആധുനിക യുഗത്തിൽ ജനാധിപത്യ ഗവണ്മെന്റുകൾ പാലിക്കേണ്ട പ്രാഥമിക കടമകളെക്കുറിച്ച് ആഗോളവത്കരണത്തിന്റെ പ്രണേതാക്കൾ പാടേ  മറന്നു എന്നാണു നാമിതിൽനിന്നു മനസ്സിലാക്കേണ്ടത്.  അവശ്യ സർവ്വീസുകൾ എന്ന് വിവക്ഷിക്കപ്പെടുന്നതും, രാജ്യസുരക്ഷക്കും, ജനങ്ങളുടെ ജീവസന്ധാരണത്തിനും അവശ്യമായ പലേ മേഖലകളും സ്വകാര്യവത്കരിക്കപ്പെടുന്നത് ദിവസേനയെന്നോണം നാം കാണുന്നു.  ഗതാഗതം, പോസ്റ്റ്, ബാങ്കിങ്ങ് ,ആതുരശുശ്രൂഷാരംഗം ഇവയൊക്കെ സ്വകാര്യവത്കരിക്കപ്പെടുന്നു.  എന്തിനു വേണ്ട, ക്രമസമാധാനപാലകരായ പോലീസ് പോലും ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു സ്വകാര്യ കമ്പനിയായി മാറുമ്പോഴുള്ള അവസ്ഥ ആലോചിക്കുക.

അഞ്ചാമത്: കലാസാംസ്കാരിക രംഗങ്ങളിലും, ഗ്ലോബൽ കമ്യൂണിക്കേഷൻ രംഗത്തും ഇംഗ്ലീഷിനുണ്ടായ ആധിപത്യമാണ്.  ആഗോള ഭാഷയായ ഇംഗ്ലീഷിലൂടെ യു. എസ് . എ .ആഗോള സാമ്രാജ്യത്വ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നു എന്നും മറ്റു രാജ്യങ്ങൾ വെറും കോളനികളുടെ നിലയിലേക്കു തരം  താഴ്ത്തപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഉള്ള ആരോപണങ്ങൾ ഉയർന്നു  കേൾക്കുന്നു.  ലോകസാമ്പത്തിക വിദഗ്ദ്ധരെല്ലാം തന്നെ അതിനൂതനമെന്നും, സാമ്പത്തികോന്നമനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നും പാടിപ്പുകഴ്ത്തുന്ന ആഗോളവത്കരണം സാമൂഹ്യശാസ്ത്രജ്ഞരിൽനിന്നും ചിന്തകരിൽ നിന്നും കടുത്ത വിമർശനം ഏറ്റുവാങ്ങുന്നുണ്ട്.  ഗ്ലോബലൈസേഷൻ, പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം  വളരെ വലുതാക്കി എന്നതാണതിൽ പ്രധാനം.  ആഗോള പരിസ്ഥിതി മലിനീകരണം, കാലവസ്ഥാവ്യതിയാനം , ഭൗമതപനം, ലോകസംസ്കാരികതയുടെ അധ്ഃപതനം മുതലായവ അവയിൽ ചിലത് മാത്രം.

 

  1. ദരിദ്രരാഷ്റ്റ്രങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക?

 

വികസിത-വികസ്വര രാജ്യങ്ങളിൽ തങ്ങളുടെ വ്യാപാരം വ്യാപിപ്പിക്കുവാൻ തത്രപ്പെടുന്ന മള്ട്ടി നാഷണൽ മൂന്നാം ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലേക്കു കടന്നു ചെല്ലുന്നത് മറ്റൊരു ലക്ഷ്യത്തോടെയാണ്. ദരിദ്രരാജ്യങ്ങളിലെ ജനങ്ങളുടെ ദാരിദ്ര്യത്തെ -അവിടങ്ങളിൽ നിലവിലുള്ള കുറഞ്ഞ കൂലിനിരക്കിൽ ലഭ്യമായ തൊഴിലാളികളെയുപയോഗിച്ച് അവരുടെ ഉത്പാദനം നടത്തുവാനാണവർ ശ്രമിക്കുന്നത്.  Sweatshop – കൽ എന്ന് വിളിക്കപ്പെടുന്ന ഇത്തരം ഫാക്ടറികളിൽ തൊഴിലാളികൾ അടിമകളെപ്പോലെ പണിയെടുക്കുകയാണ്. ഇത്തരം ചൂഷണത്തിനു മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്പോര്ട്സ് ഷൂ നിര്മ്മാണ കമ്പനിയെക്കുറിച്ചും, കമ്പ്യൂട്ടർ നിര്മ്മാണ കമ്പനിയെക്കുറിച്ചുമുള്ള വാർത്തകൾ നിങ്ങളൊക്കെ വായിച്ചു കാണുമല്ലോ.  ഇത്തരം ചൂഷണത്തിനെതിരായി അവബോധം സൃഷ്ടിക്കുന്നതിന് പല NGOസംഘടനകളുടെയും ശ്രമം അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും കുറഞ്ഞ വിലയോടുള്ള  ഉപഭോക്താവിന്റെ ആസക്തിയും, കമ്പനികളുടെ ലാഭക്കൊതിയും മൂലം ഇത്തരം ശ്രമങ്ങളൊന്നും തന്നെ ഫലപ്രദമാകുന്നില്ല.

സാമ്പത്തിക ഉദാരവത്കരണത്തിന്റെ ദൂഷ്യഫലങ്ങൾ.

ലോകസാമ്പത്തിക വ്യവസ്ഥ ഇന്ന് വളരെയേറെ പരസ്പര ബന്ധത്തിലും പരസ്പരാശ്രയത്വത്തിലുമാണ്‍ നിലനില്ക്കുന്നത്. അതുകൊണ്ടാണല്ലോ അമേരിക്കൻ റിയൽ  estate market - ലുണ്ടായ ഇടിവ് ലോകത്തെയാകമാനം പിടിച്ചുകുലുക്കിയത്.  wallstreet - ലരെങ്കിലുമൊന്നു തുമ്മിയാൽ അടുത്ത സെക്കണ്ടിൽ ലോകസമ്പദ് വ്യവസ്ത്ഹയാകെ ഇളകി മറിയുമെന്ന അവസ്ഥയാണിന്ന്.

ഇന്നും അന്ത്യമെവിടെയെന്നു പ്രവചിക്കാനാവത്ത്ത ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ലോകരാഷ്ട്രങ്ങളും അന്താരഷ്ട്രകുത്തകകളും സാമ്പത്തിക വിദഗ്ദരും UBSഅടക്കമുള്ള ബാങ്കുകളെ പഴിചാരുമ്പോഴും, ഗ്ലോബലൈസേഷനും ഉദാരവത്കരണവും അമേരിക്കൻ സമ്പദ്ഘടനയിലേല്പിച്ച ആഘാതത്തെപ്പറ്റി  മൗനം പാലിക്കുകയാണ്.ഗ്ലോബലൈസേഷന്റെ ഫലമായി കുതിച്ചുയർന്ന സമ്പദ്ഘടനകളാണ് ഏഷ്യൻ പുലികളെന്നു വിവക്ഷിക്കപ്പെടുന്ന രാജ്യങ്ങൾ.  ചൈനയില്നിന്നും യൂരോപ്യൻ മാർക്കറ്റിൽ കുമിഞ്ഞു കുടിയ ഉപഭോക്തൃ വസ്തുക്കളുടെയും,

ജോലികള ഔറ്റ്സോർസ് ചെയ്തതു  മൂലവും2001-2008 കാലഘട്ടത്തിൽ USA യിലെ 1/6 തൊഴിലവസരങ്ങൾ അപ്രത്യക്ഷമായതായി Economic Policy Institute ന്റെ കണക്കുകൾ കാണിക്കുന്നു.  തൊഴിലില്ലായ്മ മൂലമുണ്ടായ അമേരിക്കാൻ പൗരന്റെ  വിനിമയശേഷിക്കുരവ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ചു എന്ന് കരുതുന്നതല്ലേ കുറേക്കുടി യുക്തം.

 

 

ഗ്ലോബലൈസേഷന്റെ ഫലമായി മാനവരാശിയുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ പ്രിസ്ത്ഹിതി മലിനീകരണത്തോത് ക്രമാതീതമായി ഉയരുന്നതിന് കാരണമായി.  ഉഷ്ണമേഖലാ പ്രദേശങ്ങളിലുല്ല ദരിദ്ര രാജ്യങ്ങളിൽനിന്ന് സമശീതോഷ്ണ-ശൈത്യ മേഖലകളിലുള്ള സമ്പന്നരാജ്യങ്ങളിലേക്കുള്ള ക്രമാതീതമായ കുടിയേറ്റം മനുഷ്യന്റെ പ്രതിശീർഷ ഊർജ്ജോപയോഗത്തിന്റെയും അതുവഴി കാർബൻ അവശിഷ്ടങ്ങളുടെയും അളവു വര്ദ്ധിപ്പിച്ചു. Vegetarianism - ത്തിൽ നിന്നും Non-vegetarianisa-ത്തിലേക്കുള്ള മാറ്റം വനമേഖലയുടെ നാശത്തിനു വഴി തെളിച്ചു. വികസ്വരരാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും ക്രൂഡ് ഓയിൽ ഉപഭോഗം ഓരോ വര്ഷവും 8% കണ്ടു വർദ്ധിക്കുകയാണ്‍.  ഇങ്ങനെ പുറന്തള്ളപ്പെടുന്ന കാർബൻ ഡൈ - മോണോക്സൈഡുകൾ ആഗോളതാപനത്തിനു കാരണമാകുമെന്നുള്ള ഭീതി നിലനില്കുന്നു.  ഈ അവസ്ഥയെ മറികടക്കുവാൻ കണ്ണിൽ  പൊടിയിടുന്ന ചെപ്പടി വിദ്യയുമായി വികസിത രാജ്യങ്ങളും ലോകബാങ്കും NGO കളുമൊക്കെ  ഇറങ്ങി തിരിച്ചിരിക്കുന്നു.  വികസിത രാജ്യങ്ങളിലെ ഉപഭോക്താക്കളിൽനിന്നും അവർ ഉത്പാദിപ്പിക്കുന്ന കാർബൻ മാലിന്യത്തിന് (carbon footprint )നികുതി ഈടാക്കുകയും ലോകത്തെവിടെയെങ്കിലും ഈ carbon footprint നു തുല്യമായ വനഭൂമി സംരക്ഷണത്തിനു അത് ചിലവഴിക്കുകയും ചെയ്യുന്നതാണത്.

 

ഭക്ഷ്യ ശ്രുംഖലയും ഭക്ഷ്യലഭ്യതയും.

1950 മുതൽ 1980 വരെയുള്ളകാലഘട്ടത്തിൽഹരിതവിപ്ലവത്തിന്റെഫലമായിലോകത്തിലെഭക്ഷ്യോത്പാദനം 250% ഉയരുകയുണ്ടായി.  1960-70 കളിൽ CARE  ന്റെവകഗോതമ്പുംപാൽപ്പൊടിയുമെത്താതെവന്നാൽനമ്മുടെസ്കൂളുകളിൽവിദ്യാർത്ഥികൾതളർന്നു  വീഴുമായിരുന്നു.  അക്കാലത്ത്അമേരിക്കൻകര്ഷകന്ന്യായമായവിലലഭിക്കുവാൻഭക്ഷ്യധാന്യങ്ങൾഫെഡറൽ  ഗവണ്മെന്റിന്റെനെതൃത്വത്തിൽസംഭരിച്ചുനശിപ്പിച്ചുകളയുന്നതായുള്ളവാർത്തകൾപലപ്പോഴുംവായി

ച്ച്ചി

രുന്നതോർക്കുന്നു.അവ ദരിദ്ര രാജ്യങ്ങളിൽ വിതരണം ചെയ്താലുണ്ടവുന്ന നന്മകളെക്കുറി ച്ച്അന്നെല്ലാവരും ചിന്തിച്ചിരുന്നു.

ഗ്ലോബലൈസേഷൻ ലാഭേച്ഛുക്കളായ  അന്താരാഷ്ട്ര കമ്പനികളുടെ സൃഷ്ടി ആയതിനാൽ ഇന്നും ലോകത്തി 850 മില്യൻ ജനങ്ങൾ വിശപ്പിലും പട്ടിണിയിലും കഴിയുന്നു.  ഹരിതവിപ്ലവത്തിലൂടെയുണ്ടായ ഭക്ഷ്യ ധാന്യങ്ങൾ എവിടെപ്പോയി എന്നു  നോക്കുമ്പോഴാണ് ഗ്ലോബലൈസേഷൻ നമ്മുടെ ഭക്ഷണശൈലിയെ എത്രമാത്രം മാറ്റി മറിച്ചു  എന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്.  ഗ്ലോബലൈസേഷനിലൂടെ തൊഴിലവസരങ്ങളും ഉയർന്ന  വരുമാനവും ലഭിച്ച ഇടത്തരക്കാരായ ”പുത്തൻ പണക്കാർ” തങ്ങളുടെ ആഹാരത്തിൽ കൂടുതലായി .  മാംസം ഉൾപ്പെടുത്തുവാനാരംഭിക്കുകയും meat production സസ്യാഹാരത്തെക്കാൾ 7 ഇരട്ടി ചിലവേറി യതാവുകയും ചെയ്തു.  ഫലമോ, പരമ്പരാഗതമായി അറിയും ഗോതമ്പും വിളഞ്ഞിരുന്ന പാടങ്ങളിൽ ഇന്ന് കന്നുകാളികല്ക്കും പന്നികൾക്കുമുള്ള ഭക്ഷണം വിളയുന്നു.ലോകജനസംഖ്യ ഇന്നത്തെ രീതിയിൽ വളരുകയും, അവരുടെ ജീവിതശൈലി ഇന്നത്തേതിനൊപ്പം ഉയരുകയും ചെയ്‌താൽ 2050-ൽ ഇന്നുള്ളതിന്റെ 70% കൂടുതൽ ഭക്ഷ്യോത്പാദനം ഉണ്ടായാൽ പോലും ജനങ്ങൾ പട്ടിണി കിടക്കേണ്ടി വരുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 

പകർച്ചവ്യാധികളും രോഗങ്ങളും.

 

ഭൂമിശാസ്ത്രപരമായഅതിർത്തികൾതാണ്ടിവരുന്നരോഗാണുക്കൾവാൻനാശംവിതച്ചതിനുചരിത്രത്തിൽ

ഉദാഹരണങ്ങൾനിരവധിയാണ്.  14-)0നൂറ്റാൻണ്ടിൽഏഷ്യയിൽനിന്നെത്തിയബ്ലാക്ക്ഡെത്തിലൂടെയുറോപ്പിലെജനസംഖ്യയുടെപകുതിയി

ലധികമാണു മരണമടഞ്ഞത്.യുറോപ്യൻ കുടിയേറ്റക്കാർ അമേരിക്കയിലേക്കിറക്കുമതിചെയ്ത small  pox മൂലം അമേരിക്കയിലെ ഇന്കാ – മായാ ജനസമൂഹങ്ങൾ 90% ത്തിലധികം മരണമടഞ്ഞു.  ആഫ്രിക്കാൻ വനാതിർത്തികളിൽ ഒതുങ്ങി നിന്നിരുന്ന ഡങ്കിപ്പനി ഇന്ന് മറ്റു ഭൂഖണ്ഡങ്ങളിൽ നാശം വിതക്കുന്നു.  പക്ഷിപ്പനിയും പന്നിപ്പനിയും അന്ത്രക്സുമൊക്കെ ഈയടുത്ത കാലത്തായി നമ്മെ ഭീതിപ്പെടുത്തുന്നു. ആഫ്രിക്കയിലോതുങ്ങി നിന്നിരുന്ന AIDS  ആഗോള വിനോദസഞ്ചാരത്തോടൊപ്പം ലോകമെങ്ങും പടര്ന്നു കഴിഞ്ഞിരിക്കുന്നു.മൾട്ടി നാഷണൽ കമ്പനികൾ ലോകസമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുകയും, അവയുടെ ആസ്ഥാനങ്ങളും ഉടമസ്ഥതയും വികസിത രാജ്യങ്ങളുടെ കൈവശമായിരിക്കുകയുംചെയ്യുമ്പോൾഅവയുടെ പ്രവർത്തനങ്ങൾ വികസിതരാജ്യങ്ങൾക്ക്  ഇത്തരം കമ്പനികൾ ശ്രമിക്കുന്നു.ഉദാഹരണം :- ശബ്ദമലിനീകരണത്തിന്റെ പേരിൽ യുറോപ്യൻ വ്യോമപാതകളും, വിമാനത്താവളങ്ങളും രാത്രി പത്തിന് ശേഷം അടഞ്ഞു കിടക്കുന്നു.  ഇതേ യുറോപ്യൻ കമ്പനികളുടെ വിമാനങ്ങൾ സമയ ഭേദമില്ലാതെ വികസ്വര രാഷ്ട്രങ്ങളിലെ ജനസാന്ദ്രതയേറിയനഗരങ്ങളില യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്ത്തനം നടത്തുന്നു,വികസിത രാജ്യങ്ങളുടെ മാലിന്യങ്ങൾ പുറന്തള്ളാനുള്ള ചവറ്റുകൂനകളായി വികസ്വരരാജ്യങ്ങൾ രൂപാന്തരപ്പെടുന്നു. അതീവ്മാരകമായ വിഷാംശങ്ങളും വികിരണങ്ങളുമടങ്ങിയ electroschrot  എന്നറിയപ്പെടുന്ന പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പുനഃസംസ്കരിക്കപ്പെദുന്നത് ഇന്ത്യയിലും, പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെയാണല്ലോ?  പഴക്കം ചെന്ന്, ആർക്കും  വേണ്ടാതെ അണുപ്രസരം എത്രമാത്രമെന്നരിയാതത കപ്പലുകൾ പൊളിച്ച് അടുക്കുന്നതും ഇന്ത്യയിൽ തന്നെ.

 

നൈജീരിയയിൽ ഒരു ഭൂമുതലാലിയുടെ സ്ഥലം ഒരന്താരാഷ്ട്ര കമ്പനി ദീർഘ കാലത്തേക്കു പാട്ടത്തിനെടുത്തു . നൈജീരിയൻ ഗവണ്മെന്റോ, സ്ഥലമുടമാഓ അറിയാതെ അവരവിടെ സംഭരിച്ചത് ഇറ്റലിയിൽ നിന്നുള്ള ആണവമാലിന്യങ്ങൾ.ഭക്ഷണലഭ്യതയുടെകാര്യത്തിലേക്ക്കടക്കുമ്പോൾആഗോളവത്കരണംനമ്മോടു

കടുത്തവഞ്ചനയാണുചെയ്യുന്നതെന്ന്കാണാം. ലോകമെങ്ങുംനിന്നുള്ളവിഭവങ്ങൾഇന്ന്നമ്മുടെസൂപ്പർമാർക്കറ്റുകലിലും, ഊണുമേശയിലുംസുലഭമാണ്‍. അവഎങ്ങനെഉത്പാദിപ്പിക്കപ്പെടുന്നു, എത്രമാത്രംവിശ്വസനീയമാണ്‍.  ഭക്ഷ്യമേഖലയിലെഅപവാദങ്ങൾവളരെക്കുറച്ച്മാത്രമേപുരംലോകമറിയു.  അവയിലചിലത്:- യുറോപ്പിൽഉടനീളംവിതരണംചെയ്യപ്പെട്ടകന്നുകാലിഇറച്ചിയിൽനല്ലൊരുശതമാനംകുതിരയായിരുന്നു. ചൈനീസ്ഉത്പന്നങ്ങളോട്ഉപഭോക്താവിനുതാല്പര്യക്കുരവെന്നുകണ്ട്‌ ചൈനയിൽനിന്നുംഇറക്കുമതിചെയ്യപ്പെടുന്നകൂണുകൾ made in  India  ലേബലിൽവിറ്റഴിക്കപ്പെടുന്നു.  നാമിന്നുകടകളിൽനിന്ന്വാങ്ങുന്നപചക്കരികളുടെയുമഇലക്കരികളുടെയുംനല്ലൊരുശതമാനംഹൈഡ്രോ

പോണിക്സ്എന്ന സാങ്കേതിക vവിദ്യയിലൂടെ മണ്ണിനോട് ബന്ധമില്ലാതെ ഉത്പാദിപ്പിക്കപ്പെടുന്നു.  ചെടികളുടെ വളർച്ചക്ക്  വെള്ളവും വെളിച്ചവും ഉത്തേജകമരുന്നുകളും മാത്രമുപയോഗിക്കുന്ന ഇത്തരം പച്ചക്കരികളുപയോഗിച്ചാലുണ്ടാകുന്നഫലവുംഅത്രമാത്രം. ടി.വിയിലൂടെയുംമറ്റുംമാംസോത്പാദനത്തെപ്പറ്റിയുള്ളഫിച്ചറുകൾകണ്ടുമനസ്സിലാക്കിയപലരും ഇന്ന് vegetarianism ത്തിലേക്കും veganisa ത്തിലേക്കും ചേക്കേരിയിരിക്കുന്നു. പക്ഷേ കുത്തക കമ്പനികൾ കാര്ഷിക മേഖലയിലും പിടി മുറുക്കിയ സാഹചര്യത്തിൽ veganismആരോഗ്യ സുരക്ഷക്കുതകുമെന്നു തോന്നുന്നില്ല.എന്നെ സംബന്ധിച്ചിടത്തോളം ഗ്ലോബലൈസേഷൻ മൂലമുണ്ടായ ഏറ്റവും വലിയ ദൂഷ്യഫലം മനുഷ്യനുംമണ്ണുമായുള്ളബന്ധംനഷ്ടപ്പെട്ടുഎന്നതാണ്.സ്വതേഅലസനുംസുഖഭോഗിയുമായമനുഷ്യനെ

അവന്റെസ്വാഭാവികചുറ്റുപാടുകളിൽനിന്നുംമാറ്റിഅവന്റെആവശ്യങ്ങൾവർദ്ധിപ്പിക്കുകയാണ്‍ ആധുനികവത്കരണവുംഗ്ലോബലൈസേഷനുംചെയ്യുന്നത്. സ്വതേസമൂഹജീവിയായമനുഷ്യനെഅവനറിയാതെസമൂഹത്തിൽനിന്ന്അടര്ത്തിമാറ്റുകയാണ്‍. 19-)o നൂറ്റാണ്ടുവരെയുണ്ടായകുടിയേറ്റങ്ങളോരോന്നും, അത്അമേരിക്കയിലേക്കോമലബാരിലേക്കോആയിരിക്കട്ടെ, അവിടെയൊക്കെപുതിയസമൂഹസൃഷ്ടികലുണ്ടായി. എന്നാലിന്ന്കുടിയേറ്റങ്ങൾവ്യക്തിപരമാണ്‍.  കുടിയേറുന്നവ്യക്തികടന്നെത്തുന്നഫ്ലാറ്റുകളിൽവേരുരപ്പിക്കാനവാതെഒറ്റപ്പെടുന്നു. ടെലിവിഷനുംസോഷ്യൽമീഡിയയുംഅവന്റെഒറ്റപ്പെടലിനെപൂർണ്ണമാക്കുന്നു. അവ്ശ്യവസ്തുക്കളായ,പ്രകൃതിയിൽയഥേഷ്ടംലഭ്യമെന്നുകരുതുന്നശുദ്ധവായു, ശുദ്ധജലംതുടങ്ങിയവപോലുംഅവന്  അപ്രാപ്യമാവുന്നു.  മനുഷ്യൻആധുനികജീവിതശൈലികൊണ്ട്, രാസമാലിന്യങ്ങൾകൊണ്ട്രോഗിയായിമാറുന്നു. രോഗാവസ്ഥയിലുംഅവന്റെജീവിതംവലിച്ചുനീട്ടിലാഭംകൊയ്യാൻഅന്താരാഷ്ട്രകുത്തകകൾമരുന്നും

മന്ത്രവുമായി കാവൽ കിടക്കുന്നു. ദിനം തോറും നമ്മുടെ ഊർജ്ജാവശ്യങ്ങൾ വര്ദ്ധിക്കുന്നു. അങ്ങനെ നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്നു.  മാലിന്യ മുക്തമായ വെള്ളത്തിനും, വായുവിനും വേണ്ടിപ്പോലും ഊർജ്ജോപ്യോഗം ആവശ്യമായി വരുന്നു. മനുഷ്യന്റെ രണ്ടു ജന്മ വാസനകൾ- വേട്ടയാടാനും കൃഷി ചെയ്യാനുമുള്ള കഴിവ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. Energy യും അന്താരാഷ്‌ട്ര കമ്പനികലൂമില്ലെങ്കിൽ നാളെ മാനവരാശി തന്നെ ഉണ്ടാവില്ല തന്നെ.Revolution നുകളും Evolution നുകളുമാണ്‍ മാനവരാശിയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ഗ്ലോബലൈസേഷന്റെ ദൂഷ്യവശങ്ങൾ ഇന്നും നമുക്ക് പൂർണ്ണമായും മനസ്സിലാക്കുവനായിട്ടില്ല. മീഡിയകൾ നമ്മെ വഴി തെറ്റിക്കുകയും ചെയ്യുന്നു. ഇനിയൊരുവേള നാമെല്ലാം ഒരു തിരിച്ചു പോക്ക് ആഗ്രഹിച്ചാലും സാദ്ധ്യമല്ല തന്നെ. ഗ്ലൊബലൈസേഷന്റെയും ആധുനികതയുടെയും സഹായമില്ലാതെ നിലനില്പിനുള്ള സ്വയം പര്യാപ്തത നമുക്കു  നഷ്ടപ്പെട്ടിരിക്കുന്നു. ഗ്ലോബലൈസേഷൻ ഇന്നിന്റെ സത്യമാണ്, അതംഗീകരിക്കുകയും അതിറെ നല്ല ഫലങ്ങൾ ആവോളം ആസ്വദിക്കുകയും ചെയ്യുക.

ചരിത്രപശ്ചാത്തലം

ചരിത്രപരമായി നോക്കിയാല്‍ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളര്‍ന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.

കൊളംബസ്സിന്റെ വിഖ്യാത നാവികപര്യടനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ അധിനിവേശശക്തികള്‍ ഏഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളില്‍ കടന്നുകയറി കച്ചവടം വഴിയും ആയുധബലം കൊണ്ടും നയപരമായ ഇടപെടലുകള്‍ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേല്‍ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. ഈ കാലഘട്ടത്തിന്റെ തുടക്കത്തില്‍ അടിമക്കച്ചവടം എന്ന സമ്പ്രദായം കോളനിവത്കരണത്തിന്റെ മുഖമുദ്രയായിരുന്നു.

കോളനിവാഴ്ചയുടെ ചൂഷണം അസഹനീയമായപ്പോള്‍, അതിനെതിരായി ജനമുന്നേറ്റങ്ങള്‍ ഉണ്ടായി. കോളനിവാഴ്ചയില്‍നിന്നും ഇന്ത്യ മോചിതമായതോടെ അതിന്റെ സ്വാധീനത്തില്‍ ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലും, ആഫ്രിക്കന്‍, ലത്തീന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ദേശീയത്വത്തിന്റെ അലകള്‍ ആഞ്ഞടിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം, സാമ്പത്തിക സ്വാതന്ത്യ്രവും ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായി. കോളനിവത്കരണത്തിന്റെ അന്ത്യം തെളിഞ്ഞുവന്നു.

എന്നാല്‍ കോളനിവത്കരണത്തിനു സമാന്തരമായി വളര്‍ന്നുവന്ന മുതലാളിത്തവ്യവസ്ഥിതിയും സാമ്രാജ്യത്വവും അതിവേഗം അവയ്ക്ക് എതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പുകളെ നേരിടാന്‍ വേണ്ട പുത്തന്‍ തന്ത്രങ്ങള്‍ക്കു രൂപം നല്‍കി. മുതലാളിത്ത വ്യവസ്ഥിതി ഒരദ്ഭുതജീവിയുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് അനുഭവം. സമയാസമയങ്ങളിലും തരാതരങ്ങളിലും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു മുന്നേറാനുള്ള അഭൂതപൂര്‍വമായ കഴിവ് അതിനുണ്ട്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മുതലാളിത്തം ഇന്ന് ആഗോളമുതലാളിത്തമായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെ ലോകബാങ്കും അന്താരാഷ്ട്രനാണയനിധിയും ലോകവ്യാപാരസംഘടനയും ചേര്‍ന്ന സമൂഹം സാധാരണ ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും അനുകൂലമായ ആഗോളവത്കരണമെന്നാണ് വിവക്ഷിക്കുന്നത്. ആഗോളവത്കരണം സമൃദ്ധിയുടെയും പുരോഗതിയുടേയും സ്വപ്നലോകത്തേക്കുള്ള മാര്‍ഗമായി ലോകമെമ്പാടും വ്യാപനം ചെയ്യപ്പെടുകയാണ്. ആഗോളവത്കരണത്തിന്റെ പ്രധാന പ്രചാരകരായി വര്‍ത്തിക്കുന്നത് വാഷിംഗ്ടണ്‍ ധാരണയെ (Washington Consensus) അടിസ്ഥാനമാക്കി ഏകമനസ്സോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ട്രഷറി ഡിപ്പാര്‍ട്ടുമെന്റും, ബഹുരാഷ്ട്ര, അന്താരാഷ്ട്രകുത്തകകളും, ബാങ്കിങ് കേന്ദ്രങ്ങളും, ആഗോളനാണയക്കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തരപണമിടപാടു സ്ഥാപനങ്ങളും അന്താരാഷ്ട്ര നിക്ഷേപകരും ഉള്‍പ്പെടുന്ന ശൃംഖലയാണ്. അവരുടെ ലക്ഷ്യം മുതലാളിത്തവ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ച് ആഗോളമൂലധനത്തിന്റെ അധിനിവേശശക്തികള്‍ക്ക് വികസ്വരരാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. അതിനുവേണ്ട പുത്തന്‍ തന്ത്രങ്ങളുടെ ഭാഗമാണ് ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ.

മുതലാളിത്തവ്യവസ്ഥിതിയും കോളനിവത്കരണവും സാമ്രാജ്യത്വവും ആഗോളവത്കരണവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആര്‍ക്കും നിഷേധിക്കാനാവില്ല. മുതലാളിത്തവ്യവസ്ഥിതിയുടെ വളര്‍ച്ചയ്ക്കൊപ്പം കോളനിവത്കരണം ഉണ്ടായപ്പോള്‍ സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച മുതലാളിത്തരാജ്യങ്ങളുടെ ആഗോളവളര്‍ച്ചയ്ക്ക് അനിവാര്യമായി. കോളനിവത്കരണം രാജ്യങ്ങളെ പിടിച്ചടക്കലും, രാഷ്ട്രീയമേല്‍ക്കോയ്മ നേടലും ഒക്കെ ആയിരുന്നെങ്കില്‍, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തില്‍ ഇത്തരം രീതികള്‍ക്കു മാറ്റം വന്നു. സാമ്രാജ്യത്വശക്തികള്‍ തങ്ങളുടെ മേല്‍ക്കോയ്മയും നിയന്ത്രണവും മറ്റു രാഷ്ട്രങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചത്, നേരിട്ടോ അല്ലാതയോ ഉള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍വഴി ആയിരുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണത്തില്‍ സാമ്രാജ്യത്വം മുതലാളിത്തവ്യവസ്ഥിതിയുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഒരു സുപ്രധാന ഏടാണ്. സാമ്രാജ്യത്വത്തിന് രാഷ്ട്രീയവും, സാമ്പത്തികവും സൈദ്ധാന്തികവുമായ ലക്ഷ്യങ്ങള്‍ ചരിത്രപരമായി നിറവേറ്റാനുണ്ട്. പ്രധാനമായും മറ്റ് രാഷ്ട്രങ്ങളെ വരുതിയില്‍ നിര്‍ത്തുവാനുള്ള ശ്രമം നടത്തുന്നത് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുത്തുന്നതിനുവേണ്ടിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും തങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ വില കുറച്ചു ലഭ്യമാക്കുക, അധികമൂലധനം നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുക, ചരക്കുകള്‍ക്കു വിപണി കണ്ടെത്തുക മുതലായവയാണ് ഈ ശ്രമങ്ങള്‍. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ യൂറോപ്പിന്റെ വ്യാപനം ഇത്തരം ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായിരുന്നു എന്ന് മാര്‍ക്സും ലെനിനും സമര്‍ഥിക്കുന്നുണ്ട്. വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ് ചിന്തകരും ഇപ്രകാരം തന്നെയാണ് അമേരിക്ക മുതലായ സമ്പന്നരാഷ്ട്രങ്ങളുടെ മൂന്നാംലോകരാഷ്ട്രങ്ങളിലേക്കുള്ള കടന്നുകയറ്റത്തെയും അതിനുവേണ്ടി ഉപയോഗിക്കുന്ന ആഗോളവത്കരണം എന്ന ആശയത്തെയും നോക്കിക്കാണുന്നത്.

സാമ്രാജ്യത്വം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഉത്പാദനവും മൂലധനവും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിത്തീരുന്ന കുത്തകസംരംഭങ്ങള്‍, ബാങ്ക് മൂലധനവും വ്യാവസായിക മൂലധനവും തമ്മിലുള്ള ഒത്തുചേരലും സമന്വയിക്കലും, ധനമൂലധനകുത്തകകളുടെ ആവിര്‍ഭാവം, ലോകരാജ്യങ്ങളെ വ്യത്യസ്ത കമ്പോളങ്ങളായുള്ള തരംതിരിക്കല്‍ എന്നിവയൊക്കെ സാമ്രാജ്യത്വത്തിന്റെ സുപ്രധാനമായ സ്വഭാവങ്ങളാണ്. നവമാര്‍ക്സിസ്റ്റുകളും ലെനിന്റെ ഈ കാഴ്ചപ്പാടിനെ സ്വീകരിച്ചിട്ടുണ്ട്. മൂലധനകയറ്റുമതിയും സാമ്രാജ്യത്വവികസനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആഫ്രിക്കയുടെയും ഏഷ്യയുടെയും മേലുള്ള ചുരുക്കം ചില ശക്തികളുടെ നിയന്ത്രണം ഇത്തരത്തില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളുടെ നിദര്‍ശനമാണ്. ചുരുക്കത്തില്‍, സാമ്രാജ്യത്വമെന്നത് മുതലാളിത്ത വ്യവസ്ഥിതിയിലമര്‍ന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ (സമ്പന്നരാജ്യങ്ങള്‍) മറ്റ് രാജ്യങ്ങളിലും പ്രദേശങ്ങളിലും, പ്രത്യേകിച്ച് ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ നടത്തുന്ന നിരന്തരമായ ചൂഷണമായും അപഹരണമായും വ്യവഹരിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ നോക്കിക്കാണുമ്പോള്‍ മുതലാളിത്തത്തിന്റെയും കോളനിവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നൂതനതലങ്ങളായാണ് ആഗോളവത്കരണത്തെ മനസ്സിലാക്കേണ്ടത്. ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (New liberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവര്‍ത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകര്‍ന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചര്‍ച്ചകളെത്തുടര്‍ന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ കമ്പോളവത്കരണതലങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക, സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക്, പൂര്‍ണമായ പ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാര്‍ക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങള്‍ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികള്‍. ഇതിന് സ്റ്റേറ്റിനെ മാറ്റിനിര്‍ത്തി കമ്പോളത്തെ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും കേന്ദ്രബിന്ദു ആക്കി. സ്റ്റേറ്റ് പലകാര്യങ്ങളിലും പരാജയപ്പെടുന്നു. എന്നാല്‍ കമ്പോളം കമ്പോളശക്തികളുടെ പ്രവര്‍ത്തനംമൂലം എല്ലായ്പ്പോഴും വിജയിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ഈ രൂപത്തിലുള്ള കാഴ്ചപ്പാടുകള്‍ക്ക് അന്താരാഷ്ട്രനിധിയുടെയും ലോകബാങ്കിന്റെയും പ്രവര്‍ത്തനങ്ങളാലും വായ്പാനയങ്ങളാലും ലോകസമക്ഷം കൂടുതല്‍ സ്വീകാര്യത ലഭ്യമായിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് എല്ലാ അംഗരാഷ്ട്രങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെങ്കിലും കുറേ വര്‍ഷങ്ങളായി അവ സമ്പന്നരാഷ്ട്രങ്ങളുടെ താത്പര്യങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. പ്രഖ്യാപിതലക്ഷ്യങ്ങളെയും സമീപനങ്ങളെയുമൊക്കെ അതിലംഘിച്ചുകൊണ്ടു മൂന്നാംലോകവികസ്വരരാജ്യങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ കൈകടത്തുവാനുള്ള ശ്രമമാണ് ലോകവ്യാപാരസംഘടനയുടെ സഹായത്തോടെ അവ ഇപ്പോള്‍ നടത്തിവരുന്നത്. അന്താരാഷ്ട്രനാണയനിധി (ഐ.എം.എഫ്.), ലോകബാങ്ക്, ലോകവ്യാപാരസംഘടന എന്നീ മൂവര്‍സംഘം നവ ഉദാരവത്കരണത്തിന്റെ മുന്‍നിരവക്താക്കളായി പ്രവര്‍ത്തിച്ചുകൊണ്ട് ആഗോളവത്കരണനയങ്ങളെ മനുഷ്യപുരോഗതിയുടെ മാര്‍ഗങ്ങളായി പ്രഖ്യാപിക്കുകയാണ്.

നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങള്‍ നല്‍കാന്‍ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഷിക്കാഗോ സര്‍വകലാശാലയിലെ ഫ്രെഡറിക്ക് ഫൊന്‍ ഹായക്ക് (Frederich Von Hayek), മിള്‍ട്ടണ്‍ ഫ്രീഡ്മാന്‍ (Milton Frieman) എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. ഉദാരവത്കരണം (Liberlisation), സ്വകാര്യവത്കരണം (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേര്‍ന്ന നയങ്ങള്‍ LPG നയങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവില്‍ വന്നിട്ടുണ്ട്. വിഖ്യാതചിന്തകനായ ഗ്രാംഷി സൃഷ്ടിച്ച 'സാംസ്കാരിക അധീശത്വം' എന്ന സംജ്ഞയുടെ അര്‍ഥം ശരിയായവിധത്തില്‍ ഇക്കൂട്ടര്‍ മനസ്സിലാക്കിയിട്ടുണ്ട്. 'ജനങ്ങളുടെ ബുദ്ധിയെ ഗ്രസിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ മനസ്സും ചെയ്തികളും പിന്നാലെ വന്നുകൊള്ളും' എന്നാണ് ഗ്രാംഷിയുടെ സിദ്ധാന്തം.

ആഗോളവത്കരണത്തിനു ശക്തിപകരുന്ന നവ ഉദാരവത്കരണസിദ്ധാന്തങ്ങള്‍ മനുഷ്യവര്‍ഗത്തിന്റെ സ്വതവേയുള്ളതും സാധാരണവുമായ പരിണാമങ്ങളെയാണ് വിളംബരം ചെയ്യുന്നത്. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍, അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ എന്നിവര്‍ ഭരണരംഗത്ത് നവ ഉദാരവത്കരണനയങ്ങള്‍ അതിശക്തമായി നടപ്പാക്കിയവരാണ്. താച്ചറുടെ കാഴ്ചപ്പാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. മത്സരം മുട്ടനാടുകളെ ആടുകളില്‍നിന്നും, ആണത്തമുള്ളവനെ കുട്ടികളില്‍നിന്നും, കഴിവുള്ളവനെ കഴിവില്ലാത്തവരില്‍നിന്നും വേര്‍പെടുത്തുന്ന പ്രക്രിയയാണ്. മത്സരം ഒരു നേട്ടമാണ്. അതിന്റെ പ്രതിഫലം ഒട്ടുംതന്നെ മോശമാകുകയില്ല. കമ്പോളം ചടുലവും ബുദ്ധിയാര്‍ന്നതും ആയതിനാല്‍ സ്വീകാര്യവുമാണ്. ഈശ്വരന്‍ തന്റെ അദൃശ്യകരങ്ങളിലൂടെ എങ്ങനെയാണോ തിന്മയെ ഇല്ലായ്മ ചെയ്തു നന്മയെ വളര്‍ത്തുന്നത് അതുപോലെ കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ നല്ലതിനെ ചീത്തയില്‍ നിന്ന് പുറത്തുകൊണ്ടുവരും. മത്സരത്തില്‍ പിന്തള്ളപ്പെട്ടവരെക്കുറിച്ച് സങ്കടപ്പെടേണ്ട യാതൊന്നുമില്ലെന്നും അത് അനിവാര്യമായ ഒരു സംഗതിയാണെന്നും അവര്‍ നോക്കിക്കണ്ടു. മനുഷ്യര്‍ എല്ലാവരും ഒരേപോലെ ഉള്ളവരല്ലെന്നും, പ്രകൃത്യാതന്നെ വിഭിന്നരാണെന്നും പറഞ്ഞ അവര്‍ ഇത്തരത്തിലുള്ള വ്യത്യസ്തതകള്‍ സമൂഹത്തിന് അനുഗുണമാകുമെന്ന് വാദിച്ചു. കുലീനപശ്ചാത്തലമുള്ളവരുടെയും പണ്ഡിതന്മാരുടെയും ശക്തന്മാരുടെയും സംഭാവനകള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാകുംവിധം രൂപപ്പെടുത്താന്‍ കമ്പോളവ്യവസ്ഥയ്ക്കു കഴിയുമെന്ന് അവര്‍ കരുതി. കഴിവില്ലാത്തവരോടും വിദ്യാഭ്യാസം ഇല്ലാത്തവരോടും സമൂഹത്തിനു കടപ്പാടൊന്നും ഇല്ല എന്നും ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും ഉള്ള നിലപാടായിരുന്നു മാര്‍ഗരറ്റ് താച്ചര്‍ സ്വീകരിച്ചത്.

ബ്രിട്ടനിലെ ഭരണരംഗത്ത് താച്ചര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ നിരവധിയാണ്. പൊതുമേഖലയ്ക്ക് അടിസ്ഥാനപരമായി കിടമത്സരത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനാവില്ലെന്നും അതിന് ലാഭമോ, കമ്പോളത്തിന്റെ പ്രധാനപങ്കോ നേടാന്‍ പ്രാപ്തിയില്ലെന്നും വിശ്വസിച്ച അവര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടി. പലതും ഓഹരി ആസ്തിവില്പന വഴി സ്വകാര്യമേഖലയ്ക്ക് കൈമാറി. പൊതുമേഖലയിലും ഭരണകൂടത്തിലും ജീവനക്കാരെ വെട്ടിക്കുറച്ചു. മൂലധനതാത്പര്യങ്ങള്‍ക്ക് ഭീഷണിയായ തൊഴിലാളി സംഘടനകളെ ഇല്ലായ്മ ചെയ്യണമെന്ന വാശി മാര്‍ഗരറ്റ് താച്ചര്‍ക്കുണ്ടായിരുന്നു.

അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും അദ്ദേഹത്തിന്റെ നയങ്ങളുടെ ബൗദ്ധികസ്രോതസ്സായിരുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്റെ സഹായത്തോടെ നവ ഉദാരവത്കരണം പുതുഭാഷ്യത്തിലൂടെയാണ് നടപ്പാക്കിയത്. സ്വകാര്യവത്കരണം ജയിലുകളുടെ നടത്തിപ്പിലും നീതിന്യായസ്ഥാപനങ്ങളിലും കോടതികളിലും ഫയര്‍സര്‍വീസിലും ഒക്കെ നടപ്പാക്കി. ഇത്തരം സേവനങ്ങള്‍ സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ കമ്പനികളോ ചെയ്താല്‍ ചിലവ് കുറയുമെന്നും അതുകൊണ്ട് സ്റ്റേറ്റിനെയും പൊതുമേഖലയെയും ഇത്തരം രംഗങ്ങളില്‍നിന്നും ഒഴിവാക്കാമെന്നും റീഗന്‍ വാദിച്ചു. സേവനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരില്‍നിന്നും ഏറ്റവും താഴ്ന്ന നിരക്കില്‍ ലേലം ഉറപ്പിക്കുന്നവര്‍ക്ക് കരാര്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായി. ഇന്നും ആഗോളക്രമത്തില്‍ ഇത്തരം ആശയങ്ങള്‍ അനുസ്യൂതം വ്യാപനം ചെയ്യപ്പെടുന്നുണ്ട്. മറുവശത്ത് ഈ ആശയങ്ങള്‍ ജനജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള ദോഷഫലങ്ങള്‍ നിരവധിയാണെന്നും പഠനങ്ങള്‍ കാണിക്കുന്നു.

ചരിത്രപരമായി നോക്കിയാല്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണനയങ്ങള്‍ ഈ കാലഘട്ടത്തിലെ ഉദാരവത്കരണതലങ്ങളെ വ്യഞ്ജിപ്പിക്കുന്നവയാണ്. നവഉദാരവത്കരണം ഇന്ന് ഒരു വിശ്വമതത്തിന്റെ ഭാവങ്ങളും തലങ്ങളും ആര്‍ജിച്ചിരിക്കുന്നു. അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്നാണ് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.

ആഗോളതലത്തില്‍ നവ ഉദാരവത്കരണവാദികള്‍ മൂന്ന് അടിസ്ഥാനപ്രമാണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഒന്ന്, ചരക്കുകളിലും സേവനങ്ങളിലും സ്വതന്ത്രവ്യാപാരം. രണ്ട്, മുതലാളിത്തമൂലധനത്തിന്റെ സ്വതന്ത്രചലനം. മൂന്ന്, നിക്ഷേപസ്വാതന്ത്ര്യം.

കടബാധ്യതകളിലും കടക്കെണിയിലും അകപ്പെട്ട അല്ലെങ്കില്‍ അകപ്പെടുമെന്നു ഭയപ്പെട്ട ചില രാജ്യങ്ങള്‍ ലോകബാങ്കിനെയും അന്താരാഷ്ട്രനാണയനിധിയെയും സഹായാഭ്യര്‍ഥനയുമായി സമീപിച്ചപ്പോഴൊക്കെ ഈ സ്ഥാപനങ്ങള്‍ സമ്പന്നരാഷ്ട്രങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയിലൂന്നിയ ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തികനയങ്ങള്‍ ആ രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. സമൂഹത്തിന്റെ ആവശ്യാനുസരണം നയരൂപീകരണം എന്ന തത്ത്വത്തെ വിസ്മരിച്ച് നയങ്ങള്‍ക്ക് അനുസ്യൂതമായ സമൂഹം എന്ന നിലയിലേക്ക് നയരൂപീകരണ പ്രക്രിയയെ സിദ്ധാന്തവത്കരിച്ചിരിക്കുകയാണ്. വിജയികള്‍ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറക്കുകയും ചെയ്യുക എന്നുള്ളതാണ് നവ ഉദാരവത്കരണവാദികളുടെ നീതിശാസ്ത്രം. കോളനിവത്കരണത്തില്‍നിന്നും രാഷ്ട്രീയസ്വാതന്ത്ര്യം നേടിയിട്ടും സാമ്പത്തികമായി ആശ്രിതസമൂഹമായി കഴിയാന്‍ നിര്‍ബന്ധിതമായ അനേകം രാജ്യങ്ങള്‍ ഇന്നും ഏഷ്യയിലും ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലുമുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ആശ്രിതത്വത്തെ അരക്കിട്ട് ഉറപ്പിക്കാനാണ് ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വക്താക്കളും അവര്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങളും ആഗോളവത്കരണം, വിപണിസമ്പ്രദായം, ഉദാരവത്കരണം, സ്വകാര്യവത്കരണം, ഭരണനവീകരണം, ഈ-ഭരണം, സിവില്‍ സമൂഹങ്ങള്‍ക്ക് മുന്തിയ പങ്ക്, സ്റ്റേറ്റിന്റെ പാര്‍ശ്വവത്കരണം, സ്വതന്ത്രവ്യാപാരം, മൂലധനത്തിന്റെ സ്വതന്ത്രചലനം, എല്ലാം തുറന്നിടല്‍, അതിരുകളില്ലാത്ത ആഗോളക്രമം എന്നീ ആശയങ്ങള്‍ ലോകമൊട്ടുക്കു വ്യാപനം ചെയ്തുവരുന്നത്. ‌‌ ആശ്രിതസമൂഹങ്ങളുടെ പരിണാമത്തെക്കുറിച്ച് വിപ്ലവചിന്തകന്മാരായ സമീര്‍ അമീന്‍, ഗുന്തര്‍ ഫ്രാങ്ക്, ഇമ്മാനുവല്‍ എന്നിവര്‍ സമര്‍ഥമായി പ്രതിപാദിച്ചിട്ടുണ്ട്. മുതലാളിത്തവും, കോളനിവത്കരണവും, സാമ്രാജ്യത്വവും അവയുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ ഉളവാക്കിയിട്ടുള്ള സാമ്പത്തികത്തകര്‍ച്ചകളും അസന്തുലിതാവസ്ഥയും അവികസിതാവസ്ഥയും ഒക്കെ ഈ ചിന്തകന്മാര്‍ വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. റോല്‍ പ്രെബിഷ്, ഗുണ്ടര്‍ മിര്‍ഡാല്‍ എന്നിവര്‍ യഥാക്രമം ലത്തീന്‍ അമേരിക്കയിലും ഏഷ്യയിലും നിലവില്‍വന്ന ആശ്രിതത്വത്തിന്റെ ഘടനയും സ്വഭാവവും വിശദീകരിച്ചിട്ടുണ്ട്. മിര്‍ഡാല്‍ രചിച്ച ഏഷ്യന്‍ ഡ്രാമ എന്ന ഗ്രന്ഥത്തിന്റെ പൂര്‍ണരൂപം 'രാജ്യങ്ങളുടെ ദാരിദ്യ്രത്തിന്റെ സ്വഭാവം, ഹേതുക്കള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്നാണ്. ആഡം സ്മിത്ത് രചിച്ച 'രാജ്യങ്ങളുടെ സമ്പത്തിന്റെ സ്വഭാവം, ഹേതുക്കള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്ന ഗ്രന്ഥവുമായി താരതമ്യപ്പെടുത്തേണ്ട ഒന്നാണ് മിര്‍ഡാളിന്റെ ഗ്രന്ഥം. വളരെക്കാലത്തിനുശേഷം ജനശ്രദ്ധ സമ്പത്തില്‍നിന്നും ദാരിദ്യ്രം എന്ന പ്രതിഭാസത്തിലേക്കു തിരിച്ചുവിടാന്‍ മിര്‍ഡാളിനു കഴിഞ്ഞു. ആഗോളക്രമത്തില്‍ സമ്പന്ന-ദരിദ്രരാജ്യങ്ങള്‍, ഉത്തര-ദക്ഷിണരാജ്യങ്ങള്‍, മൂന്നാംലോകം എന്നീ തരംതിരിവുകള്‍ പരക്കെ അംഗീകരിക്കപ്പെട്ടത് ഇതിന്റെ ഫലമായിട്ടാണ്. സമ്പന്നരാജ്യങ്ങളുടെ ഒന്നാംലോകവും, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രണ്ടാംലോകവും, വികസ്വരരാജ്യങ്ങളുടെ മൂന്നാംലോകവും എന്ന തരംതിരിവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചു എന്ന് കരുതിയ ചില പാശ്ചാത്യചിന്തകര്‍ രണ്ടാം ലോകം നാമാവശേഷമായി എന്നു വാദിക്കുന്നുണ്ട്. ഒന്നാംലോകം മുറുകെപ്പിടിക്കുന്ന സാമ്പത്തികക്രമമാണ് ലോകമൊട്ടുക്കു വ്യാപിക്കേണ്ടത് എന്നവര്‍ വാദിക്കുന്നു. അതിനുവേണ്ടിയാണ് ആഗോളവത്കരണം എന്ന ആശയത്തെ അവര്‍ ശക്തമായി പ്രചരിപ്പിക്കുന്നത്.

ആഗോളവത്കരണം എന്ന പ്രതിഭാസത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിനു മുന്‍പ് ദക്ഷിണ കമ്മീഷന്റെ (South Commission) വീക്ഷണങ്ങള്‍ അറിയുന്നത് ഉപകാരപ്രദമായിരിക്കും. ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങാണ് ദക്ഷിണ കമ്മീഷന്റെ 'ചലഞ്ച് ടു ദി സൗത്ത്' എന്ന വിഖ്യാതറിപ്പോര്‍ട്ട് തയ്യാറാക്കിയത്. വ്യക്തിഗതരാജ്യങ്ങള്‍ തങ്ങളുടെ തനതായ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്കു പര്യാപ്തമായ ദേശീയ വികസനനയങ്ങള്‍ക്കു രൂപംനല്‍കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. മൂന്നാംലോകരാജ്യങ്ങളിലും മുതലാളിത്തവികസനത്തിനു ബദലായ നയങ്ങള്‍ പലപ്പോഴും മുതലാളിത്തത്തെയും കോളനിവത്കരണത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തുകൊണ്ടു രൂപപ്പെടുത്തുവാനായി കൂട്ടായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ തന്നെ സോഷ്യലിസ്റ്റ് പാതയിലുള്ള വികസനം ലക്ഷ്യമിട്ടു മിശ്രസമ്പദ്വ്യവസ്ഥ എന്ന ആശയം സ്വീകരിച്ച് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ആസൂത്രണം നടപ്പാക്കി. ചിലയവസരങ്ങളില്‍ വികസനം വഴിമുട്ടിയപ്പോള്‍ വിദേശധനസഹായത്തിനുവേണ്ടി കൈനീട്ടിയ ഇന്ത്യയോട് അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളും, സമ്പന്നരാജ്യങ്ങളും വികസനനയങ്ങള്‍ പൊളിച്ചെഴുതാന്‍ ആവശ്യപ്പെട്ടു. 1980-കളുടെ മധ്യം മുതല്‍ ഇതിനുവേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ ഇന്ത്യയുടെമേല്‍ ശക്തമായി. അതിന്റെ ഫലമായി ഇന്ത്യ ഉദാരവത്കരണനയങ്ങളും പിന്നീട് 1991-നുശേഷം ആഗോളവത്കരണനയങ്ങളും നടപ്പാക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.

ദക്ഷിണരാജ്യങ്ങള്‍ എന്നു വിവക്ഷിക്കുന്നത് ഏഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ദരിദ്രവികസ്വരരാജ്യങ്ങളെയാണ്. അവരുടെ കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനമായി ഗ്രൂപ്പ് ഒഫ് 77 അഥവാ ജി-77, ഗാട്ട് (GATT), അണ്‍ക്ടാട് (UNCTAD) എന്നിവ മുതലാളിത്ത വികസനത്തെയും കോളനിവത്കരണം, നവകോളനിവത്കരണം, സാമ്രാജ്യത്വം എന്നിവയെയും ചെറുത്തുനില്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇത്തരം ചെറുത്തുനില്‍പ്പിന്റെ അടിസ്ഥാനം, അനിവാര്യത എന്നിവയാണ് മുന്‍പ് മന്‍മോഹന്‍ സിങ്ങ് എഴുതിയ റിപ്പോര്‍ട്ടിലുള്ളത്.

ആഗോളവത്കരണം എന്ന പ്രതിഭാസം

ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികവികസനം, ഭാഷ, സംസ്കാരം എന്നീ മാനദണ്ഡങ്ങളുടെയടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാല്‍ ആഗോളവത്കരണം എന്ന പ്രതിഭാസം ഇന്ന് ഈ തരംതിരിവുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് പരസ്പരബന്ധങ്ങളിലൂടെ സമാനതയുള്ള ഒരു ലോകസമൂഹവും ആഗോളക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം, ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവരസാങ്കേതികവിദ്യ, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളും അവയില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. പുതിയ വിപണികള്‍, പുതിയ ഉപാധികള്‍, പുതിയ അഭിനേതാക്കള്‍ (New Markets,New Tools,New Actor) എന്നിവയാണ് ആഗോളവത്കരണത്തിന്റെ മുഖമുദ്ര.

ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വിപണി ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് രാത്രിസമയമായതുകൊണ്ട് വിപണി അടയ്ക്കുമ്പോള്‍, മറുഭാഗത്ത് പകല്‍സമയമായതുകൊണ്ട് വിപണി തുറന്നു പ്രവര്‍ത്തിക്കുന്നു. സ്വര്‍ണവിപണി, ഓഹരിവിപണി എന്നിവയ്ക്ക് ഉറക്കമില്ല എന്ന് വേണമെങ്കില്‍ പറയാം. ഏതുരാജ്യത്തുള്ളവര്‍ക്കും ലോകവിപണിയില്‍നിന്നും ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടാം. ഇതിനെ സഹായിക്കുന്നതാണ് പുതിയ ഉപാധികള്‍. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫാക്സ്, മാധ്യമ നെറ്റ്വര്‍ക്കുകള്‍, ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍, റേഡിയോ എന്നിവ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ അഭിനേതാക്കള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആഗോളക്രമത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരായ പുതിയ അഭിനേതാക്കള്‍ എന്നാണ്. പണ്ടുകാലത്ത് പ്രധാന തീരുമാനങ്ങളൊക്കെ സ്റ്റേറ്റ് തന്നെയെടുത്തിരുന്നു. ഇന്ന് സ്റ്റേറ്റിനെ പിന്‍സീറ്റിലാക്കി അവിടെ വിപണിശക്തികളെയും മൂലധനത്തെയും സ്വകാര്യമേഖലയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപാരസംഘടന, മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ട്രാന്‍സ് നാഷണല്‍ കമ്പനികള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, സിവില്‍ സമൂഹങ്ങള്‍ എന്നിവയാണ് ആഗോളവത്കരണത്തിന്റെ ഭാഗമായി മുന്‍നിര തീരുമാനങ്ങള്‍ എടുക്കുന്നത്.

ഇവയൊക്കെ സാധൂകരിക്കാനും പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടു പുതിയ നിയമങ്ങള്‍, മാനദണ്ഡങ്ങള്‍, ചുമതലകള്‍ എന്നിവകൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബൌദ്ധികസ്വത്ത്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, സേവനങ്ങള്‍, തൊഴില്‍, പരിസ്ഥിതി, രാജ്യാന്തരഭീകരവാദഭീഷണി, മനുഷ്യാവകാശം, ശിശുവേല, സ്ത്രീപുരുഷബന്ധങ്ങള്‍, ആരോഗ്യം, കാര്‍ഷികവിളകളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍, ഭരണക്രമത്തിലും നടത്തിപ്പിലും വേണ്ട സുതാര്യത എന്നിങ്ങനെ സമസ്തമേഖലകളിലും നേഷന്‍ സ്റ്റേറ്റുകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ആഗോളവത്കരണത്തിന്റെ ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും പുത്തന്‍ ഗാട്ട്കരാറിന്റെ ഫലമായി ലോകവ്യാപാരസംഘടന നിലവില്‍വന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം. ആഗോളവത്കരണം എന്ന പ്രതിഭാസത്തെ, എതിര്‍ക്കുന്നവരാണ് ലോകവ്യാപാരസംഘടനയെയും എതിര്‍ക്കുന്നത്. ആ എതിര്‍പ്പുകള്‍ സിയാറ്റിലിലും, ദോഹയിലും, ദാവോസിലും, സിംഗപ്പൂരിലും മറ്റും നഗരവീഥികളില്‍ ജനരോഷത്തിന്റെ ജ്വാലകളുയര്‍ത്തി. ആഗോളവത്കരണം എന്ന പ്രതിഭാസത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ ഇതിന്റെ കാരണം മനസ്സിലാക്കാം.

ആഗോളവത്കരണത്തിന്റെ പൊതുസ്വഭാവങ്ങള്‍ ഇവയാണ്.

ഒന്ന്. രാജ്യാന്തരസീമകള്‍ക്കതീതമായ സ്വതന്ത്രവ്യാപനം. വിഭവങ്ങളിലും തൊഴിലിലും മൂലധനത്തിലും വിവരവിശ്ളേഷണങ്ങളിലും അത് ഉദ്ദേശിക്കുന്നു.

രണ്ട്. അനിയന്ത്രിതമായ ധനമൂലധനത്തിന്റെ (Finance Capital) ഒഴുക്ക് ദേശീയനാണയവിനിമയനയങ്ങളെ ദുര്‍ബലമാക്കുകയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന സന്ദിഗ്ധാവസ്ഥയില്‍ നിന്നും ഉണ്ടാകുന്ന കോടിക്കണക്കിനു ഡോളറുകളുടെ ഊഹക്കച്ചവടലാഭം നിമിഷത്തിനുള്ളില്‍ ലോകത്തിന്റെ ഏതു കോണിലേക്കും മാറ്റുവാന്‍ സാധ്യമാവുകയും ചെയ്യുന്നു.

മൂന്ന്. വസ്തുക്കളുടെ ഉത്പാദനം അന്താരാഷ്ട്രവത്കരിക്കപ്പെടുന്നു. ചരക്കുകളുടെ ഉത്പാദനം പല ഘട്ടങ്ങളായിത്തിരിച്ച് അവ ഓരോന്നും ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍വച്ചു ചെലവു കുറഞ്ഞതരത്തില്‍ നിര്‍മിച്ച് ഒരിടത്ത് കൂട്ടിയിണക്കി ചരക്ക് ഉപഭോക്താവിന് എത്തിക്കുന്ന രീതി ഉത്പാദനസാങ്കേതികവിദ്യയുടെ പരിഷ്കാരങ്ങള്‍വഴി ഇന്നു വ്യാപകമായിരിക്കുന്നു. അതുമൂലം ഒരു ചരക്ക് ഇന്ന രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് ലേബലില്‍ രേഖപ്പെടുത്തുമെങ്കിലും, അത് പല രാജ്യങ്ങളില്‍ പല തൊഴിലാളികള്‍ പല സാഹചര്യത്തില്‍ ഉണ്ടാക്കിയതായിരിക്കും. കരാര്‍ തൊഴിലും ഇതിനോടൊപ്പം വ്യാപകമാകുന്നു.

നാല്. മോഹിതവസ്തുക്കള്‍ (Fancy goods) ധാരാളം ഉത്പാദിപ്പിച്ച് ദരിദ്രജനങ്ങളില്‍പ്പോലും ഉപഭോഗതൃഷ്ണ ഉണ്ടാക്കാന്‍ ആഗോളവത്കരണം ശ്രമിക്കുന്നു. കൊക്കോക്കോള, പെപ്സി, പിസ്സാ തുടങ്ങി പോഷകമൂല്യം ഒട്ടും ഇല്ലാത്തവയാണ് മോഹിതവസ്തുക്കള്‍. അവയുടെ ഉത്പാദനത്തിന് വിലയേറിയ പ്രകൃതിവിഭവങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരുന്നു.

അഞ്ച്. രുചിഭേദങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഏകമാനതലമുള്ളതാക്കുന്നു. (Homogenisation of Tastes and perference) ഇന്ന് ലോകമൊട്ടുക്കും പ്രത്യേകിച്ചു വികസ്വരരാജ്യങ്ങളില്‍ ഉപഭോക്താക്കളുടെയിടയില്‍ വളര്‍ന്നുവന്നിട്ടുള്ള ഫാസ്റ്റ്ഫുഡ് സംസ്കാരം ഇതിനുദാഹരണമാണ്. അതുപോലെ വേഷവിധാനത്തിലും, വിനോദോപാധികളിലും (സംഗീതം, സിനിമ) സമാനമായ സ്വഭാവവിശേഷങ്ങള്‍ സൃഷ്ടിക്കാന്‍ ആഗോളവത്കരണത്തിനു കഴിഞ്ഞിട്ടുണ്ട്. ഇംഗ്ളീഷ്ഭാഷയുടെ മേല്‍ക്കോയ്മ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

ആറ്. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ അത്യധികമായി വാണിജ്യരംഗങ്ങളിലും, ബാങ്കിങ് മേഖലകളിലും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇ-ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഇ-വ്യാപാരം, ഓണ്‍ ലൈന്‍ ട്രെയ്ഡിങ് മുതലായവ.

ഏഴ്. സമ്പന്നരാജ്യങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നയപരിപാടികള്‍ ഉടനീളം ഉണ്ടാകുന്നു. ലോകവ്യാപാരസംഘടനയുടെ ട്രിപ്സ് (Trips), ട്രിംസ് (Trims), ഗാറ്റ്സ് (GATS) എന്നീ കരാറുകള്‍തന്നെ ഉദാഹരണം. ബൗദ്ധികസ്വത്തു സംബന്ധിച്ച ഉപാധികളും ചുമതലകളുമാണ് ട്രിപ്സ് കരാറിന്റെ ഉള്ളടക്കം. ഇതിന്റെ ഫലമായി സ്വന്തം താത്പര്യങ്ങള്‍ അവഗണിച്ചുപോലും പേറ്റന്റ് നിയമം പൊളിച്ചെഴുതേണ്ടിവരുന്നു. കൃഷിക്കാര്‍ക്ക് വിത്തിന്മേലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുന്നു. ട്രിംസ് കരാര്‍ അനുസരിച്ച് വിദേശമൂലധനനിക്ഷേപകര്‍ക്ക് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയില്‍ പരമാധികാരം കൈവരുന്നു. വിദേശനിക്ഷേപകര്‍ക്കും സ്വന്തം നാട്ടിലെ നിക്ഷേപകര്‍ക്കു നല്‍കുന്ന അതേ അവകാശങ്ങളും സംരക്ഷണവും നല്‍കേണ്ടിവരുന്നു. ആഭ്യന്തരകമ്പോളം വിദേശക്കമ്പനികള്‍ക്കു പൂര്‍ണമായി തുറന്നിടാനും. ചൂഷണം നടത്തി കൊള്ളലാഭം യഥേഷ്ടം കൊണ്ടുപോകാനുമുള്ള സ്വാതന്ത്യ്രം കിട്ടുന്നു. വിദേശക്കമ്പനികള്‍ അതതു രാജ്യത്തെ തൊഴിലാളികളെയും വിഭവങ്ങളെയും ഉപയോഗിക്കണം എന്നു പറയാന്‍ ആര്‍ക്കും അവകാശമുണ്ടായിരിക്കില്ല. അതുപോലെ വിദേശകമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ചരക്കിന്റെ നിശ്ചിതഭാഗം കയറ്റുമതി ചെയ്യണമെന്നുള്ള നിബന്ധനയും നിലനിര്‍ത്താന്‍ കഴിയില്ല. അതിന്റെ ഫലമായി രാജ്യങ്ങളുടെ വിദേശനാണ്യശേഖരം ക്ഷയിക്കാന്‍ സാധ്യതയേറെയാണ്.

സേവനവ്യാപാരത്തെക്കുറിച്ചുള്ളതാണു ഗാറ്റ്സ് കരാര്‍. 1994-ല്‍ പരിസമാപ്തിയിലെത്തിയ ഉറുഗ്വേവട്ടം ബഹുമുഖവ്യാപാര ചര്‍ച്ചയിലാണ് ആദ്യമായി ചരക്കുകളുടെ വ്യാപാരത്തിനൊപ്പം സേവനങ്ങളുടെ വ്യാപാരവും ഉള്‍പ്പെടുത്തിയത്. വികസ്വരരാജ്യങ്ങള്‍ ഒന്നടങ്കം ഇതില്‍ പ്രതിഷേധിച്ചു. ഇന്ന് ആഗോള ഉത്പാദനമൂല്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സേവനവ്യാപാരത്തില്‍നിന്നും ഉണ്ടാകുന്നതാണ്. ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ (ഓഡിയോ, വീഡിയോ, സിനിമ), പത്രമാധ്യമങ്ങള്‍, ടെലിക്കോം, ഗതാഗതം, ടൂറിസം, ബാങ്കിങ്, ഫൈനാന്‍ഷ്യല്‍ സര്‍വീസുകള്‍, മെഡിക്കല്‍ സര്‍വീസ്, വാസ്തുശില്പ എന്‍ജിനീയറിങ്, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സി എന്നീ പ്രൊഫഷനുകള്‍, ചിത്രകല, സാഹിത്യം എന്നിവയൊക്കെ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി ഇവയൊക്കെ ആഗോളക്രമത്തിന്റെ ചട്ടവട്ടത്തിന്റെയും നിബന്ധനകളുടെയും പൊതുമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണമെന്നു പറഞ്ഞാല്‍ സ്റ്റേറ്റിന്റെ പരമാധികാരം ബലികഴിക്കുന്നതിന് തുല്യമാണ്. സേവനം നല്‍കുന്നവരുടെയും സേവനം സ്വീകരിക്കുന്നവരുടെയും (Service providers and service) അവകാശങ്ങളും ചുമതലകളും ഇനി ആഗോളക്രമത്തിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായിരിക്കും. മൂലധന ഒഴുക്ക് സ്വതന്ത്രമാക്കാമെങ്കില്‍ സേവനം നല്‍കുന്നവര്‍ക്കു ചലനസ്വാതന്ത്ര്യം/കുടിയേറ്റം അനുവദിക്കേണ്ടതാണ്. എന്നാല്‍ സേവനവ്യാപാരമേഖലയില്‍ മുന്‍തൂക്കമുള്ള സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള സേവനദാതാക്കളുടെ സ്വതന്ത്രമായ കുടിയേറ്റം തടയാനായി വിസാ, വര്‍ക്ക്പെര്‍മിറ്റ്, വിദേശനാണ്യനിയന്ത്രണം എന്നിവ കര്‍ക്കശമാക്കിയിരിക്കുന്നു. സേവനവ്യാപാരത്തിന്റെ മേഖലയില്‍ സമ്പന്നരാജ്യങ്ങളും രാജ്യാന്തരക്കമ്പനികളും വികസ്വരരാജ്യങ്ങളെ അടിമകളാക്കാന്‍വേണ്ടി സേവനവ്യാപാരമേഖല പൂര്‍ണമായും തുറന്നിടാന്‍ ആവശ്യപ്പെടുകയാണ്.

എട്ട്. പൊതുവികസനതന്ത്രങ്ങള്‍ക്കു പകരമായി കമ്പോളവത്കൃത വികസനതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതും ആഗോളവത്കരണത്തിന്റെ ഭാഗമാണ്. സ്റ്റേറ്റിനെ എപ്പോഴും കമ്പോളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി സജ്ജമാക്കുക എന്ന ലക്ഷ്യം ആഗോളവത്കരണത്തിനുണ്ട്.

ഒന്‍പത്. ആഗോളവത്കരണത്തിന്റെ ഭാഗമായി വ്യാപാരവും പരിസ്ഥിതിയും തമ്മിലും വ്യാപാരവും തൊഴിലും തമ്മിലും ബന്ധപ്പെടുത്തി പുത്തന്‍ നിബന്ധനകള്‍ കൊണ്ടുവരാന്‍ ലോകവ്യാപാരസംഘടന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശവുമായി വ്യാപാരത്തെ ബന്ധിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാപാരവുമായി ബന്ധപ്പെടുത്തി എല്ലാത്തരം സാമ്പത്തികപ്രവര്‍ത്തനങ്ങളെയും ഒരു ആഗോളചട്ടക്കൂടില്‍ കൊണ്ടുവന്നു സമ്പന്നരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കാനായി ആഗോളപെരുമാറ്റച്ചട്ടവും ചിട്ടയും നിശ്ചയിക്കാനാണ് ലോകവ്യാപാരസംഘടന തയ്യാറായിട്ടുള്ളത്.

ആഗോളവത്കരണം ഒരു സ്വാഭാവികപ്രക്രിയയാണോ അല്ലയോയെന്ന ചര്‍ച്ച ചൂടേറിയതാണ്. ലോകപുരോഗതിയിലെ അനിവാര്യമായ ഒരു പ്രക്രിയയായിട്ട് ആഗോളവത്കരണത്തെ കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ലോകം ഇന്നു സമ്പന്നരാജ്യങ്ങളുടെ വരുതിയിലാണെന്ന് പറയാം, പ്രത്യേകിച്ച് അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, കാനഡാ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി-7 ഗ്രൂപ്പിന്റെ. അവരാണ് അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപരസംഘടന എന്നീ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതും അവയെ ഉപയോഗിച്ച് ലോകക്രമത്തെ മാനേജ് ചെയ്യുന്നതും. ഇവരുടെ സ്വാധീനത്തില്‍ ലോകത്തിലെ വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യമൂലധനം നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍, നവ ഉദാരവത്കരണവാദം ഉയര്‍ത്തുന്ന ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്നാണ് വാഷിംഗ്ടണ്‍ സമന്വയം ഉണ്ടാക്കി ലോകത്തിന്റെ സാമ്പത്തികഭാഗധേയം തീരുമാനിക്കുന്നത്. സ്വന്തം സാദൃശ്യത്തില്‍ ലോകത്തെ വാര്‍ത്തെടുക്കാനാണ് ആഗോളവത്ക്കരണം വഴി അവര്‍ ശ്രമിക്കുന്നത്. കമ്പോളമെന്ന മാധ്യമത്തിലൂടെയുള്ള ഒരു ലോകക്രമമാണ് അവരുടെ സുവിശേഷം. ഇന്നു നടപ്പില്‍ വരുത്തുന്ന തരത്തിലുള്ള ആഗോളവത്കരണം മനുഷ്യവര്‍ഗത്തിന്റെ പുരോഗതിയിലെ ഒരു സ്വാഭാവികപ്രക്രിയയല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. അത് സമ്പന്നരാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മ ലോകക്രമത്തില്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ആഗോളവത്കരണത്തിന്റെ പിറകിലെ യുക്തി

ആഗോളവത്കരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ഇതുവരെ പറഞ്ഞതില്‍നിന്നും ആ പ്രതിഭാസം തികച്ചും സാമ്പത്തികം ആണെന്നു തോന്നാം. മറ്റു മേഖലകളില്‍നിന്നും ആഗോളവത്കരണത്തെ വിശകലനം ചെയ്യുന്നവര്‍ താരതമ്യേന കുറവായതുകൊണ്ടാണ് സാമ്പത്തിക ആഗോളവത്കരണം മുന്‍നിര വിഷയമായത്. പ്രധാനമായും ധനതത്ത്വശാസ്ത്രത്തിലെ കമ്പോളസിദ്ധാന്തവും യുക്തിയുമാണ് ആഗോളവത്കരണത്തിന്റെ അടിസ്ഥാനം. ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ കാലം മുതല്‍ വികസിപ്പിച്ചെടുത്ത ആശയമാണ് മത്സരസ്വഭാവമുള്ള സ്വതന്ത്ര മുതലാളിത്തം (Competitive private capitalism). സ്വതന്ത്രകമ്പോളം (Free Market) വഴി മാത്രമേ ഒരു സമൂഹത്തിനുവേണ്ട ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മത്സരബുദ്ധിയോടെ ഉത്പാദിപ്പിക്കാന്‍ കഴിയൂ എന്ന വിശ്വാസം ഇതിന്റെ പിറകിലുണ്ട്. ലാഭത്തിനുവേണ്ടി ഉത്പാദകരും കുറഞ്ഞ ചെലവില്‍ പരമാവധി പ്രയോജനത്തിനുവേണ്ടി ഉപഭോക്താക്കളും മത്സരിച്ചാലെ ഉത്പാദനവും വിതരണവും ഉപഭോഗവും കാര്യക്ഷമമാകൂ. സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും പൊതുമേഖലയുടെ വരവും സ്വകാര്യവ്യക്തികളുടെയും സംരംഭകരുടെയും സ്വാതന്ത്യ്രം ഹനിക്കുന്നു, കിടമത്സരത്തെ തടയുന്നു, കാര്യക്ഷമതയെ നശിപ്പിക്കുന്നു. മൂലധനഒഴുക്ക്, സ്വതന്ത്രവ്യാപാരം എന്നിവ ഒരിക്കലും തടസ്സപ്പെടാന്‍ ഇടവരുത്തരുത്. കമ്പോളത്തിന്റെ മേന്മകള്‍ എടുത്തുകാട്ടി ദേശീയനയങ്ങള്‍ പൊളിച്ചെഴുതാന്‍ അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും സമ്മര്‍ദം ചെലുത്തുന്നത് ഈ യുക്തിയുടെ അടിസ്ഥാനത്തിലാണ്.

ആഗോളവത്കരണത്തിന്റെ യുക്തി സ്വീകാര്യമല്ലെന്നുള്ള വാദം ഇന്ന് ശക്തമായിട്ടുണ്ട്. ധനതത്ത്വശാസ്ത്രത്തില്‍ വിവരിക്കുന്ന പല യുക്തികളും സിദ്ധാന്തങ്ങളും യഥാര്‍ഥലോകത്തു നിലനില്‍ക്കുന്നില്ലായെന്നതാണ് സത്യം. ഇന്ന് ഒരു സമ്പദ് വ്യവസ്ഥയിലും, അമേരിക്കയില്‍പ്പോലും സ്വതന്ത്രകമ്പോളവും സ്വതന്ത്രമത്സരവും നിലവിലില്ല. ഇന്ത്യയെക്കാളും ശക്തമായ സാമ്പത്തിക നയനിയന്ത്രണങ്ങളുള്ള രാജ്യമാണ് അമേരിക്ക. ലോകവിപണിയിലും സ്വതന്ത്രവ്യാപാരം ഇല്ല. മൂലധനഒഴുക്കുകള്‍ നിയന്ത്രിക്കാത്ത ഒരു രാജ്യവും ഇന്നില്ല. ലോകവ്യാപാരസംഘടനയുടെ നയങ്ങളെ ധ്വംസിക്കുന്ന തരത്തിലാണ് അമേരിക്കയുടെ നടപടികള്‍. അമേരിക്കന്‍ വ്യാപാരതാത്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളെ ഒതുക്കാന്‍ ഉപയോഗിക്കുന്ന അമേരിക്കയുടെ സൂപ്പര്‍ 301, സ്പെഷ്യല്‍-301 എന്നീ ഏകപക്ഷീയ നയങ്ങള്‍ ഉദാഹരണങ്ങളാണ്.

അസന്തുലിതമായ സമ്പത്ത്, കമ്പോളത്തില്‍ പ്രവേശിക്കാന്‍തന്നെ വേണ്ട വരുമാനമില്ലാത്ത ദരിദ്രജനങ്ങളുടെ അനുദിനമായ വര്‍ധനവ് എന്നിവ എങ്ങനെ സ്വതന്ത്ര കമ്പോളത്തിന്റെ യുക്തിയുമായി ചേര്‍ന്നുപോകും? തൊഴിലിനെക്കാളും മൂലധനത്തിനു മുന്‍ഗണന നല്‍കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മൂലധനം സൃഷ്ടിക്കുന്ന തൊഴിലിനെയും അധ്വാനം നല്‍കുന്ന തൊഴിലാളിയെയും എങ്ങനെ പിന്‍നിരയിലേക്കു തള്ളും. മൂലധനത്തിന് ആഗോളാധിപത്യം നല്‍കാനാണ് ആഗോളവത്കരണം ശ്രമിക്കുന്നത്. ഈ പ്രതിഭാസത്തിന്റെ പിറകില്‍ യാഥാര്‍ഥ്യബോധമുള്ള യുക്തിയില്ലാത്തതിനാല്‍ അതിന് അധികകാലം നിലനില്‍ക്കാന്‍ കഴിയില്ല.

ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍

ആഗോളവത്കരണം നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയും. 1997-ല്‍ യു.എന്‍.ഡി.പി. (UNDP) പുറത്തിറക്കിയ മാനവവികസന റിപ്പോര്‍ട്ടില്‍ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു സുവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ധനപരമായും തൊഴില്‍പരമായും ഉടലെടുക്കുന്ന അസന്ദിഗ്ദ്ധാവസ്ഥ, സാമ്പത്തികതലങ്ങളിലും വരുമാനസ്രോതസ്സുകളിലും ഉളവാകുന്ന അസ്ഥിരത, ആരോഗ്യസംവിധാനങ്ങളില്‍ വ്യാപിക്കുന്ന സുരക്ഷയില്ലായ്മ, പരിസ്ഥിതി, രാഷ്ട്രീയരംഗങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് എടുത്തുപറയേണ്ട പ്രത്യാഘാതങ്ങള്‍.

ധനമൂലധനത്തിന്റെ അനിയന്ത്രിതമായ ഒഴുക്കും ഓഹരിവിപണികളില്‍ അതിന്റെ വിന്യാസവും പല രാജ്യങ്ങളിലും ധനപ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിക്കമ്പോളങ്ങള്‍ തകര്‍ച്ചയിലായി. ചെറുകിടസമ്പാദ്യം നടത്തിയവരും നിക്ഷേപം നടത്തിയവരും കുത്തുപാളയെടുത്തു. 1997-99 കാലത്തുണ്ടായ ഏഷ്യന്‍ ധനകമ്പോളപ്രതിസന്ധി (Asian Financial Crisis) തന്നെ ഉദാഹരണം. ബാങ്കിങ് സ്ഥാപനങ്ങള്‍ ലിക്ക്വിഡേഷനിലായി. ജനങ്ങള്‍ക്ക് ബാങ്കിങ്-ധനകാര്യസ്ഥാപനങ്ങളിലുള്ള വിശ്വാസം തകര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയതലത്തിലെ കേന്ദ്രബാങ്കുകള്‍ക്കോ അന്താരാഷ്ട്ര നാണയനിധിക്കോ കഴിഞ്ഞില്ല. എന്നാല്‍ പ്രതിസന്ധിയുണ്ടാക്കി അതില്‍നിന്നും കൊള്ളലാഭം കൊയ്യാന്‍ ചില ധനസ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര മൂലധനഒഴുക്കുകള്‍ നിയന്ത്രിക്കുന്നവര്‍ക്കും കഴിഞ്ഞുവെന്നതാണ് സത്യം.

തൊഴില്‍മേഖലയില്‍ വന്‍പിച്ച പ്രത്യാഘാതങ്ങളാണ് ആഗോളവത്കരണം സൃഷ്ടിച്ചത്. ഒരു മേഖലയിലും തൊഴിലിന് ഉറപ്പില്ലാതായി. ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ വിന്യസിക്കാനുള്ള സ്വാതന്ത്യ്രമാണ് ആഗോളവത്കരണവും വഴക്കവുമുള്ള തൊഴില്‍ നിയമങ്ങളും (Flexible Labour Laws) തൊഴിലുടമകള്‍ക്ക് നല്‍കുന്നത്. അതിന്റെ വെളിച്ചത്തില്‍ സ്ഥിരം തൊഴിലാളികളെ കരാര്‍ത്തൊഴിലാളികളായും, വിദഗ്ധത്തൊഴിലാളികളെ അര്‍ധവിദഗ്ധ-അവിദഗ്ധ തൊഴിലാളികളായും തരംതിരിച്ചു മാറ്റിയും അവരുടെ കൂലിനിരക്കുകള്‍ വെട്ടിച്ചുരുക്കി. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന ട്രെയ്ഡ് യൂണിയന്‍ സംഘടനകളെ തൊഴിലുടമകള്‍ ശക്തമായി നേരിട്ടു. പല തൊഴില്‍ സ്ഥാപനങ്ങളിലും തൊഴിലുടമകളുടെ താത്പര്യസംരക്ഷകരായ യൂണിയനുകള്‍ അവര്‍ തന്നെ ഉണ്ടാക്കി. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമായി. തൊഴില്‍സംരക്ഷണം, സാമൂഹികസുരക്ഷ എന്നിവ തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായി. ഇതിന്റെ ഫലങ്ങള്‍ തൊഴില്‍മേഖലയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.

ആഗോളവത്കരണത്തിന്റെ ഫലമായി ജനങ്ങളുടെ രാജ്യാന്തര ഒഴുക്കു വര്‍ധിച്ചിട്ടുണ്ട്. വിനോദസഞ്ചാരവും കുടിയേറ്റവും വര്‍ധിച്ചതോടുകൂടി എച്ച്.ഐ.വി./എയിഡ്സ് രോഗികളുടെ എണ്ണം പെരുകി. 1998-ല്‍ ഇത്തരത്തില്‍ 33 ദശലക്ഷം രോഗികളുണ്ടായിരുന്നുവെന്നാണ് യു.എന്‍.ഡി.പി.യുടെ കണക്ക്. വര്‍ഷംതോറും 6 ദശലക്ഷം കണ്ട് ഈ രോഗികള്‍ വര്‍ധിക്കുന്നുമുണ്ട്. ഇവരില്‍ 95 ശതമാനവും വികസ്വരരാജ്യങ്ങളിലാണ്. ജനങ്ങളുടെ ശ.ശ. ആയുര്‍ദൈര്‍ഘ്യവും കുറയുന്നതായി കണ്ടിരിക്കുന്നു.

സാംസ്കാരിക അധഃപതനമാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. സമ്പന്നരാജ്യങ്ങളുടെ സംസ്കാരമാണ് ലോകസംസ്കാരമായി വ്യാപനം ചെയ്യപ്പെടുന്നത്. അവരുടെ ഭാഷ, അവരുടെ സാഹിത്യം, അവരുടെ സംഗീതം, അവരുടെ സിനിമ, അവരുടെ ഭക്ഷണരീതി എന്നിവയാണ് ലോകജനതയ്ക്ക് ഏറ്റവും യോജിക്കുന്നത് എന്ന പ്രചരണം ശക്തമാണ്. "ഒരു വസ്ത്രം എല്ലാവര്‍ക്കും യോജിക്കുന്നു എന്ന ആശയമാണ് അതിന്റെ പിന്നില്‍. ലീജീന്‍സ്, മക്ഡോണാള്‍ഡ്സ്, കെന്റക്കിഫ്രൈഡ് ചിക്കന്‍, കൊക്കോകോളാ, പെപ്സി, മാഗി നൂഡില്‍സ് എന്നിവ ലോകചരക്കുകളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ട സംസ്കാരവും പെരുമാറ്റരീതികളും ജനജീവിതത്തില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞു. കംപ്യൂട്ടറും, ഇന്റര്‍നെറ്റും, ഇ-മെയിലും, ചാറ്റിങ്ങും, എസ്.എം.എസ്. സന്ദേശങ്ങളും ലോകജനതയെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം തരപ്പെടാത്ത ഭൂരിഭാഗം ദരിദ്രജനങ്ങള്‍ ഒരുവശത്ത്, ഇവ നിത്യം കൈകാര്യം ചെയ്യുന്ന സമ്പന്നവിഭാഗം മറുവശത്ത്. ഒരു ഡിജിറ്റല്‍ വിഭജനം (Digital Divide) ഇത് ലോകജനതയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭൂരിഭാഗം ദരിദ്രജനങ്ങള്‍ അതുകൊണ്ടുതന്നെ സംസ്ക്കാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റുചില മേഖലകളില്‍നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ പിന്നാംപുറങ്ങളില്‍ എന്നെന്നേക്കുമായി മാറിയിരിക്കേണ്ട അവസ്ഥയാണവര്‍ക്ക്.

ആഗോളവത്കരണം സമൂഹത്തിലെ ക്രിമിനല്‍വത്കരണത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാടെയെടുത്തു കളഞ്ഞപ്പോള്‍ ഹെറോയിന്‍ മുതലായ മയക്കുമരുന്നുകള്‍, ലൈംഗികാസക്തിയും കുറ്റകൃത്യങ്ങളും പരിപോഷിപ്പിക്കുന്ന വസ്തുക്കള്‍, ആയുധങ്ങള്‍, ദുഷിച്ച പണം (Dirty Money) എന്നിവയുടെ പ്രചാരം ഉച്ചകോടിലെത്തിയിട്ടുണ്ട്. ആയുധക്കച്ചവടം ലോകമൊട്ടുക്കു ഭീകരവാദപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്റര്‍നെറ്റിലെ സൈബര്‍ക്രൈം നിരക്കുകള്‍ വര്‍ധിച്ചുവരികയാണ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എനിടൈം മണിസമ്പ്രദായം എന്നിവ ദുരുപയോഗപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സ്വൈരവിഹാരം നടത്തുന്നു. സംഘടിത ക്രിമിനല്‍സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഒരുവര്‍ഷം ദശലക്ഷക്കണക്കിനു ഡോളറാണ് വ്യക്തികള്‍ക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ആഗോളക്രിമിനല്‍ മാഫിയഗ്രൂപ്പുകള്‍ക്കിന്നു ഭരണകൂടങ്ങളെ തകര്‍ക്കാന്‍ കഴിയും എന്ന സ്ഥിതിവരെയായി.

പരിസ്ഥിതിയുടെ തകര്‍ച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാല്‍ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താല്‍ നടത്താന്‍ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങള്‍ വാദിച്ചുതുടങ്ങിയിരിക്കുന്നു.

ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അരക്ഷിതാവസ്ഥയുമാണ്. 1989-98 കാലത്ത് ലോകത്ത് ഏതാണ്ട് 61 വലിയ സായുധസംഘട്ടനങ്ങള്‍/യുദ്ധങ്ങള്‍ ഉണ്ടായതായി യു.എന്‍.ഡി.പി. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമേയാണ് 58 സമൂഹ-സാമുദായിക സംഘട്ടനങ്ങള്‍.

ആഗോളവത്കരണവും തൊഴില്‍മേഖലയും

ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ തൊഴില്‍ മേഖലയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രത്യേകം വിവരിക്കേണ്ടതുണ്ട്.

ആഗോളവത്കരണത്തിന്റെയും അതിന്റെ ചുക്കാന്‍ പിടിക്കുന്ന ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും അഭൂതപൂര്‍വമായ വളര്‍ച്ചക്കൊപ്പം തൊഴിലാളിവര്‍ഗവര്‍ഗീകരണവും വളര്‍ച്ചയും സമാനമായിട്ടു രൂപപ്പെട്ടിട്ടുണ്ടോ എന്നുള്ളത് കാതലായ ഒരു ചോദ്യമാണ്. പൊതുവേ പറഞ്ഞാല്‍ തെളിവുകള്‍ ചുണ്ടിക്കാണിക്കുന്നത് അത്തരത്തിലുള്ള ഒരു മുന്നേറ്റം തൊഴിലാളിവര്‍ഗത്തിന് ഉണ്ടായിട്ടില്ല എന്നതാണ്. ഉത്പാദനത്തിന്റെ അന്താരാഷ്ട്രവത്കരണവും ലോക കമ്പോളതലങ്ങളും യഥാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗമുന്നേറ്റങ്ങളെ എമ്പാടും ഒരു പ്രശ്നഭൂമിക ആക്കുകയാണു ചെയ്യുന്നത്. ലോകത്തിന്റെ പലകോണുകളിലും മുതലാളിത്തവ്യവസ്ഥിതിയെ മാനവീയവത്കരിച്ചു വീക്ഷിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ശ്രമം അതതു രാജ്യങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടു മിക്കപ്പോഴും തൊഴിലാളിസംഘടനകള്‍ നടത്തിവരുന്നുണ്ട്. സംഘടിതശക്തിവഴി നേടിയെടുത്ത സാമ്പത്തികനേട്ടങ്ങളും വ്യാവസായികവളര്‍ച്ചയില്‍നിന്നും ലഭ്യമായ ഭൌതികസമൃദ്ധിയുമൊക്കെ ശക്തമായ ഒരു തൊഴിലാളിവര്‍ഗം ഉണ്ടാകുന്നതിന് തടസ്സമായിരിക്കുന്നു. ആഗോളവത്കരണപ്രതിഭാസവും തൊഴിലാളിവര്‍ഗമുന്നേറ്റങ്ങളെ പലപ്പോഴും തളര്‍ത്തുകയാണ്. സാര്‍വലൌകിക തൊഴിലാളിവര്‍ഗസഹാനുഭാവം പലപ്പോഴും ഉണ്ടാക്കുന്നതില്‍ തൊഴിലാളിവര്‍ഗം പരാജയപ്പെടുന്നു.

മൂലധനം ആഗോളവത്കരിക്കപ്പെട്ടെങ്കിലും തൊഴിലിന് ആ അവസരം നല്‍കിയിട്ടില്ല. മൂലധനത്തിന് സ്വതന്ത്രചലനം ആകാമെങ്കിലും തൊഴില്‍സേവനം നല്‍കുന്നവര്‍ക്ക് അത് നിഷേധിക്കപ്പെട്ടു. ലോകവ്യാപാരസംഘടനയുടെ സാമൂഹികനിയന്ത്രണങ്ങളും തൊഴില്‍ മാനദണ്ഡങ്ങളും അവയൊക്കെ വ്യാപാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള നിലപാടുകളും തൊഴിലാളിവര്‍ഗതാത്പര്യങ്ങളെ ഹനിക്കുന്നതായി കാണാം. അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും ലോകവ്യാപാരസംഘടനയും ആഗോളവത്കരണ ആശയത്തെ ശക്തമായി പിന്താങ്ങുമ്പോള്‍ അതിന്റെ എതിര്‍ഭാഗത്തു ശക്തമായ നിലപാടാണ് അന്താരാഷ്ട്രതൊഴില്‍ സംഘടന (International Labour Organisation-ILO) എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സമ്പന്നരാഷ്ട്രങ്ങളുടെ പിന്തുണ ഐ.എല്‍.ഓ.യ്ക്കു കിട്ടുന്നില്ല.

ആഗോളവത്കരണത്തിന്റെ മുന്നേറ്റത്തില്‍ തൊഴിലാളിവര്‍ഗമെന്ന സങ്കല്പത്തിനും അതിന്റെ സ്വഭാവത്തിനും അഭൂതപൂര്‍വമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. വര്‍ധിതമായ തൊഴിലില്ലായ്മ, തൊഴിലിന്റെ താത്കാലികവത്കരണം (Casualisation), തൊഴിലിന്റെ സ്ത്രീത്വവത്കരണം (Feminisation) കൂലിവെട്ടിക്കുറയ്ക്കല്‍, തൊഴിലാളിസംഘടനകളെ ഉന്മൂലനം ചെയ്യല്‍, സാമൂഹിക സുരക്ഷാപദ്ധതികളെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ അനവധി രൂക്ഷമായ പ്രശ്നങ്ങളാണ് തൊഴിലാളി സമൂഹം ആഗോളവത്കരണപ്രക്രിയയില്‍ നിന്നും അഭിമുഖീകരിക്കേണ്ടിവരുന്നത്.

തൊഴിലാളിസംഘടനകള്‍ക്ക് അതിന്റെ അംഗങ്ങളുടെമേലുള്ള സ്വാധീനവും നിയന്ത്രണവും വളരെ വേഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വര്‍ധിതമായ വേതനവും മറ്റു സാമ്പത്തികമായ ആനുകൂല്യങ്ങളും ചിലരെയെങ്കിലും തൊഴിലാളിവര്‍ഗസമൂഹത്തില്‍നിന്നും വ്യത്യസ്തരാക്കുന്നുണ്ട്. ഇടതുപക്ഷ സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിനോട് ആഭിമുഖ്യമുള്ള സര്‍ക്കാരുകളും ആഗോളവത്കരണനയങ്ങള്‍ വളരെ ഉത്സാഹപൂര്‍വം നടപ്പാക്കിവരുന്നതായി കാണുന്നു. ആഗോളവത്കരണത്തിന്റെ നയപരിപാടികളായ ഉദാരവത്കരണം, സ്വകാര്യവത്കരണം, നിക്ഷേപം പിന്‍വലിക്കല്‍, നിയന്ത്രണങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങി പൊതുമേഖലയുടെ പങ്ക് ചുരുക്കല്‍, സാമൂഹികസുരക്ഷാക്രമങ്ങളില്‍ നിന്നും പിന്‍തിരിയല്‍, ആഗോളവത്കരണത്തിന് പര്യാപ്തമായ തൊഴില്‍ നിയമങ്ങളുടെ പൊളിച്ചെഴുത്തു തുടങ്ങിയ കാര്യങ്ങളാണ് പലപ്പോഴും ഇവരും നടപ്പാക്കുന്നത്. ദേശീയ സര്‍ക്കാരുകള്‍ പലതും അവരുടെ വിവേചനാധികാരവും നിയന്ത്രണാവകാശവുമൊക്കെ സ്വമേധയായോ മറ്റു നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയോ കൈവിട്ടുകളയുന്നു.

ചുരുക്കത്തില്‍, മുതലാളിത്ത ആഗോളവത്കരണത്തിന്റെ ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം പേറേണ്ടിവരുന്നത് തൊഴിലാളിസമൂഹമാണ്. ആഗോള ദേശീയതലങ്ങളില്‍ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ തുലോം ശക്തികുറഞ്ഞവരായി ഭവിച്ചിരിക്കുന്നു.

മറ്റ് ചില പ്രത്യാഘാതങ്ങള്‍

ആഗോളവത്കരണത്തിന്റെ മുഖ്യമായ പ്രത്യാഘാതങ്ങള്‍ മുകളില്‍ വിവരിച്ചുകഴിഞ്ഞു. എന്നാല്‍ ചില രാജ്യങ്ങളിലെ പ്രത്യേക അനുഭവങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ട്. അവയില്‍ ചിലതു ലോകത്തിനാകെ സാമാന്യവത്കരിക്കാനാവുന്ന അനുഭവങ്ങളാണ്. ലാഭം മാത്രം നോക്കി വിഭവവിന്യാസവും ഉപയോഗവും നടത്തുമ്പോള്‍ സാധാരണഗതിയില്‍ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുണ്ടായേക്കാം. എന്നാല്‍ അതിനു വമ്പിച്ച വിലയാണ് സമൂഹം നല്‍കേണ്ടത്. ഉദാഹരണത്തിന് ഉത്പാദനത്തിനുവേണ്ടി അസംസ്കൃത സാധനങ്ങള്‍ അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. മത്സ്യസമ്പത്ത്, വനസമ്പത്ത്, ഭൂഗര്‍ഭജലം, ധാതുസമ്പത്ത് എന്നിവ ഒരു തരത്തില്‍ പറഞ്ഞാല്‍ കൊള്ളയടിക്കപ്പെടും. പ്രകൃതിസംരക്ഷണം ഭരണകൂടങ്ങളുടെയും ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും മുന്‍ഗണനാ അജന്‍ഡയിലില്ലാതാകുന്നു. ഭൂവിഭാഗങ്ങള്‍ വിഭവചൂഷണത്തിന്റെ ആധിക്യംമൂലം മരുഭൂവല്‍ക്കരണ (desertification) ഭീഷണി നേരിടുന്നു. അന്തരീക്ഷമലനീകരണം അപകടകരമായ നിലയിലെത്തുന്നു.

ആഗോളവത്കരണത്തിന്റെ ഫലമായി ഭൂമിയിലെ വിളകളില്‍ മാറ്റം ഉണ്ടാകുന്നു. ഭക്ഷ്യവിളകളെക്കാള്‍ വാണിജ്യവിളകള്‍ക്കാണ് മുന്‍ഗണന കിട്ടുക. കൃഷിക്കാര്‍ക്കു നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കുന്നതുകൊണ്ടു ഭക്ഷ്യഉത്പാദനം തകരാറിലാകും. പല രാജ്യങ്ങള്‍ക്കും ഭക്ഷ്യസുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെടും. പൊതുവിതരണസമ്പ്രദായം ഇല്ലാതാകും. പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കും.

ആഗോളവത്കരണം തൊഴില്‍ ഉണ്ടാക്കാത്ത സാമ്പത്തികവളര്‍ച്ച (jobless growth) ആണ് പ്രോത്സാഹിപ്പിക്കുന്നത്. പല രാജ്യങ്ങളുടെയും അനുഭവം ഇതു തെളിയിക്കുന്നു. യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സംഘടനയായ ഒ.ഇ.സി.ഡി. (Organisation for Economic Co-operation and Development) മേഖലയില്‍ത്തന്നെ ഏതാണ്ട് എട്ടു കോടി പേര്‍ക്ക് 1990-കളില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. സമ്പന്നരാജ്യങ്ങളില്‍ കൂലിനിരക്കുകള്‍ ഉയര്‍ന്നിരിക്കുന്നതുകൊണ്ട്, ഫാക്ടറികള്‍ തന്നെ കൂലി കുറഞ്ഞ വികസ്വരരാജ്യങ്ങളിലേക്കു മാറ്റി സ്ഥാപിക്കാനുള്ള പ്രവണത കണ്ടുവരുന്നുണ്ട്. എന്നാല്‍ അതു വികസ്വര രാജ്യങ്ങളുടെ തനതായ സാമ്പത്തികവളര്‍ച്ചയെ സഹായിച്ചിട്ടില്ല. സംഘടിത ഫാക്ടറി മേഖലയില്‍ നിന്നും ഉത്പാദനം അസംഘിടതമേഖലയിലേക്കു മാറ്റുന്ന രീതിയാണ് എവിടെയും കണ്ടുവരുന്നത്.

ആഗോളവത്കരണത്തിന്റെ യുക്തിയനുസരിച്ച് സാമൂഹികനീതിക്ക് ആരും വിലകല്പിക്കേണ്ടതില്ല എന്നാണു വിവക്ഷ. ദാരിദ്യ്രനിര്‍മാര്‍ജനം, ഭക്ഷ്യസുരക്ഷിതത്വം, ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമം, അസമത്വം കുറയ്ക്കല്‍ എന്നിവയൊന്നും ആഗോളവത്കരണനയങ്ങളുടെ മുന്‍ഗണനയിലില്ല. ഇവയൊന്നും മുലധന ഉടമകളുടെയോ, കമ്പനികളുടെയോ, ഉത്പാദകരുടെയോ ചുമതലകളല്ല. അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില വിദഗ്ധര്‍ തന്നെ നടത്തിയ പഠനങ്ങളില്‍ ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നീ പരിഷ്കാരങ്ങള്‍ സമ്പന്നരും ദരിദ്രരും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ധ്രുവീകരണം ഉണ്ടാക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലത്തീന്‍ അമേരിക്കയിലും ആഫ്രിക്കയിലും അതിഭീകരമായ നിലയിലുള്ള സാമ്പത്തിക സാമൂഹികത്തകര്‍ച്ചയാണ് ഉണ്ടായത്. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. "പൂര്‍വേഷ്യന്‍ മഹാദ്ഭുതം "ഏഷ്യന്‍ പുലികള്‍ (Asian Tigers) എന്നു വിശേഷിപ്പിക്കപ്പെട്ട ദക്ഷിണകൊറിയ, സിംഗപ്പൂര്‍, തായ്വാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തി. സാമ്പത്തികചാഞ്ചാട്ടം അവരുടെ ചരിത്രത്തിലെ നിത്യസംഭവമായി.

ഇന്ത്യയിലെ അനുഭവവും മറിച്ചായിരുന്നില്ല. 1991-ല്‍ ശക്തമായി നടപ്പാക്കിവന്ന പുത്തന്‍സാമ്പത്തികനയത്തിന്റെ ഭാഗമായിരുന്നു ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ. ആദ്യത്തെ മൂന്നുവര്‍ഷംകൊണ്ട് തന്നെ (1991-94) ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം മൂന്നു കോടിയിലധികം വര്‍ധിച്ചുവെന്നാണു കണക്ക്. പിന്നീടും ഈ വര്‍ധന തുടരുന്നതായിട്ടാണ് അനുഭവം. ഔദ്യോഗികകണക്കുകള്‍ ഇതു സ്ഥിരീകരിക്കുന്നില്ല. ചെറുകിടകര്‍ഷകരുടെ ആത്മഹത്യകള്‍ ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. സമ്പദ്വ്യവസ്ഥയിലെ സ്റ്റേറ്റിന്റെ പൊതുനിക്ഷേപത്തില്‍ വമ്പിച്ച കുറവു വന്നിട്ടുണ്ട്. പല മേഖലകളില്‍നിന്നും സ്റ്റേറ്റ് അതിവേഗം പിന്‍വാങ്ങുകയാണ്. കുടിവെള്ളംപോലും വില്പനച്ചരക്കായി മാറിക്കൊണ്ടിരിക്കുന്നു. വിപണി ശക്തികള്‍ നിയന്ത്രിക്കുന്നതരത്തിലാണ് ഇന്ന് ഇന്ത്യയുടെ ഉത്പാദനഘടന രൂപംകൊള്ളുന്നത്. മിക്കവാറും എല്ലാ മേഖലകളും വിദേശനിക്ഷേപകര്‍ക്ക് തുറന്നിട്ടിരിക്കുകയാണ്. ചെറുകിട റീട്ടെയില്‍ വ്യാപാരത്തിലും കൃഷിയിലും വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നു. പ്രാഥമികവിദ്യാഭ്യാസം പൊതുജനാരോഗ്യം എന്നീ മേഖലകള്‍ക്ക് പണ്ടു നല്‍കിയിരുന്ന മുന്‍ഗണന ഇന്നില്ല. വിദ്യാഭ്യാസവും പൊതുജനാരോഗ്യവും വില്പനച്ചരക്കുകളായിത്തീര്‍ന്നു. ചരക്കുകള്‍, സേവനങ്ങള്‍ എന്നിവ എന്തുതന്നെ ആയാലും അവയൊന്നും സൌജന്യമല്ല. അവയ്ക്ക് അവ ഉത്പാദിപ്പിക്കാനാവശ്യമായ ചെലവു പൂര്‍ണമായി നികത്തുന്ന വിലകള്‍ നല്‍കണം. ഇത്തരം നയസമീപനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയെല്ലാം ആഗോളവത്കരണത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണെന്നു പറയുന്നത് ശരിയല്ല. മറിച്ച്, ആഗോളവത്കരണത്തിന്റെ സമ്മര്‍ദത്തില്‍ സ്വകാര്യമുതലാളിത്തമേഖലയുടെ ആവേശത്തില്‍ ഭരണകൂടം കൈക്കൊള്ളുന്ന നയമാറ്റങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ. ഭരണകൂടവും സ്വകാര്യമുതലാളിത്തശക്തികളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവങ്ങളാണ് ഇന്ത്യന്‍ സമൂഹത്തില്‍ പ്രതിഫലിക്കുന്നത്.

മുന്‍സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലെ മുന്‍സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ആഗോളവത്കരണത്തിന്റെ സ്വാധീനത്തില്‍ നടപ്പാക്കിയ സാമ്പത്തികപരിഷ്കാരങ്ങള്‍ വന്‍ദുരന്തങ്ങളാണ് ഉണ്ടാക്കിയത്. അഴിമതി, അക്രമം, ഭീകരപ്രവര്‍ത്തനം, തൊഴിലില്ലായ്മ, പട്ടിണിമരണം എന്നിവ ഈ രാജ്യങ്ങളിലെ ജനജീവിതത്തെ ഉലച്ചു.

ആഗോളവത്കരണത്തിന്റെ ഫലമായി മിക്ക രാജ്യങ്ങളിലും സമൂഹങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കണക്കില്ല. പാര്‍ശ്വവത്കരണത്തിന്റെ കൂടെത്തന്നെയാണ് അവരുടെ പ്രാന്തവത്കരണവും, ദരിദ്രവത്കരണവും. ചെറുകിടകൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സാക്ഷരതയില്ലാത്തവര്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, സ്കൂളില്‍പോകാന്‍ കഴിവില്ലാത്ത കുട്ടികള്‍, ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ തിക്തഫലം അനുഭവിക്കുന്നവരാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഫലങ്ങള്‍ ഈ വിഭാഗങ്ങളിലേക്ക് ഊറിച്ചെന്നില്ല എന്ന വസ്തുത "സാമ്പത്തികവളര്‍ച്ചയിലൂടെ ഊറിഇറങ്ങുന്ന വികസനസിദ്ധാന്തത്തിലുള്ള (Trickle Down Theory) വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

അസമത്വം ഉണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന ആഗോളവത്കരണം വികസ്വരരാജ്യങ്ങളില്‍നിന്നും സമ്പന്നരാജ്യങ്ങളിലേക്കുള്ള വിഭവങ്ങളുടെ തിരിച്ചൊഴുക്ക് (Reverse flow of resources) ശക്തമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ തിരിച്ചൊഴുക്കില്‍ മുഖ്യപങ്ക് മൂലധനഒഴുക്കിനുതന്നെ. വികസ്വരരാജ്യങ്ങള്‍ക്കു കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ മൂലധനനിക്ഷേപം, വായ്പയുടെ തിരിച്ചടവ്, പലിശ, സാങ്കേതികഫീസ്, റോയല്‍റ്റി, ലൈസന്‍സ് ഫീ, പേറ്റന്റ് ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ് എന്നീയിനങ്ങളില്‍ സമ്പന്നരാജ്യങ്ങളിലേക്കു തിരിച്ചൊഴുകുന്നുണ്ട്. മൂന്നാം ലോകരാജ്യങ്ങളുടെ കടക്കെണി വിഭവതിരിച്ചൊഴുക്കിന് ആക്കം കൂട്ടിയിട്ടുണ്ട്. കടക്കെണിയാണ് അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും രൂക്ഷത വര്‍ധിപ്പിക്കുന്നത്. ആഗോളവത്കരണത്തിന്റെ ഫലമായി ആഭ്യന്തരസമ്പദ്വ്യവസ്ഥ പൂര്‍ണമായി തുറന്നിട്ടാല്‍ ഈ അധീശത്വവും വിധേയത്വവും ശക്തമാകും എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.

സാംസ്കാരിക പ്രത്യാഘാതങ്ങള്‍

ആഗോളവത്കരണം രാഷ്ട്രീയ-സാമ്പത്തിക അധിനിവേശം മാത്രമല്ല അടിച്ചേല്‍പ്പിക്കുന്നത്. അതിന്റെ സ്വാധീനം ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ഭാഷ, വിദ്യാഭ്യാസം, ഭരണസമ്പ്രദായം, മതം, പെരുമാറ്റരീതി എന്നിവയിലൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ ഫലമായി ആശ്രിതരാജ്യങ്ങളില്‍ സാംസ്കാരിക വ്യതിയാനങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടകുന്നു. പ്രധാനമായും ഈ രാജ്യങ്ങളിലെ യുവതലമുറ തദ്ദേശസംസ്കാരത്തെയും പൈതൃകത്തെയും അവഗണിക്കുന്നു. വിദേശസംസ്കാരമാണ് മെച്ചം എന്ന മനഃസ്ഥിതി വളരുന്നു. മോഹച്ചരക്കുകള്‍ (Fancy goods), ആഡംബരച്ചരക്കുകള്‍ (Luxury goods), ഇന്റര്‍നെറ്റ്, ഫാഷന്‍ഷോകള്‍, ഹോളിവുഡ് സിനിമകള്‍, ടി.വി. ചാനല്‍ പരിപാടികള്‍ എന്നിവ സാംസ്കാരിക അധിനിവേശം ത്വരിതപ്പെടുത്തുന്നു.

ആഗോളമുതലാളിത്തത്തിനുപരി മറ്റൊന്നില്ല; ആഗോളവത്കരണത്തിന് മറ്റൊരു ബദലില്ല; സമൂഹത്തില്‍ ഉത്പാദകരും ഉപഭോക്താക്കളും എന്നിങ്ങനെ രണ്ട് വര്‍ഗങ്ങളെയുള്ളൂ; സ്നേഹം, കരുണ, സഹജീവികളോടുള്ള അനുകമ്പ, സഹകരണം, പരസ്പരാശ്രയത്വം തുടങ്ങിയ മൂല്യങ്ങള്‍ പ്രസക്തമല്ല; പകരം, മത്സരം, ലാഭം, ആര്‍ത്തി, വാങ്ങിക്കൂട്ടല്‍, വാരിക്കൂട്ടല്‍ എന്നീ മൂല്യങ്ങളാണ് മനുഷ്യജീവിതത്തില്‍ മുഖ്യം ഇവയാണ് ആഗോളവത്കരണം വ്യാപനം ചെയ്യുന്ന ആശയങ്ങള്‍. അറിഞ്ഞോ അറിയാതെയോ ജനങ്ങള്‍ അതിന്റെ പുറകെ പ്രയാണം ചെയ്യുന്നു. ഇതിന്റെയൊക്കെ മറ്റൊരു പ്രതിഫലനമാണു കുറ്റകൃത്യങ്ങളുടെ ആഗോളവത്കരണം. ഒരുവര്‍ഷം അരലക്ഷം കോടിഡോളറിന്റെ മയക്കുമരുന്നു കച്ചവടം നടക്കുന്നുണ്ട്. ഇതില്‍ വലിയ പങ്ക് വികസ്വര രാജ്യങ്ങളിലെ വിപണികളിലാണ് എത്തുന്നത്. ലൈംഗികത്തൊഴിലാളികളുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ അതിനുള്ള സ്ത്രീകളെ റിക്രൂട്ടു ചെയ്തുകയറ്റി അയയ്ക്കാനുള്ള സംവിധാനങ്ങള്‍ അനധികൃതമായി നടക്കുന്നു. ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, കള്ളക്കടത്തു വ്യാപാരം എന്നിവയ്ക്കുവേണ്ടി ചെലവിടുന്ന പണത്തിന് കണക്കില്ല. ഇതില്‍ പങ്കാളികളാകുന്നതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങള്‍ കൂടുതല്‍ ദരിദ്രവത്കരിക്കപ്പെടുന്നു. അവിടങ്ങളിലെ ജനങ്ങള്‍ സാംസ്കാരിക അധഃപതനത്തിലേക്ക് അതിവേഗം വഴുതിവീഴുന്നു.

ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പറയുമ്പോള്‍ പുതിയരീതിയിലുള്ള ഒരു വിധേയത്വം അവികസിത-വികസ്വര-ദരിദ്രരാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു ചിത്രംകൂടി ഉണ്ടെന്നു കാണാം. സാമ്പത്തിക ദേശീയത, സ്വയംപര്യാപ്തത, ലക്ഷ്യബോധത്തോടുകൂടിയ വികസനം, മനുഷ്യവികസനം, നീതിയുക്തമായ വികസനം, ക്ഷേമരാഷ്ട്രം എന്നിവയൊക്കെ വികലമായ ലക്ഷ്യങ്ങളാണെന്നും അവയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് വെറുതെയാണെന്നും ആഗോളവത്കരണത്തിന്റെ വ്യാപനം നടത്തുന്നവര്‍ ഭരണകൂടങ്ങളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും അവയിലെ നേതാക്കളെയും വിശ്വസിപ്പിച്ചിരിക്കുന്നു. ചരക്ക്-സേവന വ്യാപാരം, മൂലധനവ്യാപാരം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഗതാഗതം, ടെലിക്കോം, ബൌദ്ധികസ്വത്തവകാശം, പേറ്റന്റുകള്‍, സാമ്പത്തികനിയമങ്ങള്‍, നികുതിഘടന-നിരക്കുകള്‍ എന്നീ മേഖലകളില്‍ തദ്ദേശീയഭരണകൂടങ്ങള്‍ക്കുണ്ടായിരുന്ന സ്വാതന്ത്യ്രം ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ സംരക്ഷണത്തിനുവേണ്ട നടപടികള്‍ എന്തുകൊണ്ടു സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ആ നടപടികള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാന്‍ വിഷമമുണ്ടെന്നാണ് മറുപടി. ബൌദ്ധികസ്വത്തു സംബന്ധിച്ച് ഇന്ത്യന്‍ കൃഷിക്കാര്‍ പൈതൃകമായി ഉപയോഗിച്ചു വരുന്ന വിത്തുകള്‍, വിളകള്‍ എന്നിവയുടെമേല്‍പ്പോലും അവകാശം സ്ഥാപിക്കാന്‍ നാം നടപടിയെടുക്കുന്നില്ല. ഇന്ത്യയുടെ കാര്‍ഷികമേഖലയില്‍ അന്തകവിത്തുകളുടെ (terminator seeds) വരവ് കര്‍ഷകസമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജനിതകമായി പരിഷ്കരിച്ച വിളകള്‍ (Genetically modified crops-GMC). ഇവ ജനങ്ങളുടെ ആരോഗ്യത്തെത്തന്നെ ഹാനികരമായി ബാധിച്ചേക്കാം. ഇത്തരം വിളകള്‍ സമ്പന്നരാജ്യങ്ങളില്‍ നിരോധിച്ചിരിക്കുകയാണ്. വിത്തുകളുടെ അങ്കുരണം, ചെടിയുടെ വളര്‍ച്ച, പൂവിടല്‍, കായ്പിടിത്തം എന്നീ വിവിധ പ്രക്രിയകളെയെല്ലാം രാസികമായി നിയന്ത്രിക്കുന്ന അന്തകവിദ്യ കര്‍ഷകനെ അടിമത്തത്തിലേക്കു തള്ളിയിടും. കാരണം, കൃഷി തുടങ്ങിയാല്‍ ചെടി വളരാനും ധാന്യം, വിള എന്നിവ മൂപ്പെത്താനും കമ്പനിയുടെതന്നെ പ്രത്യേക ബ്രാന്‍ഡ് രാസവളം, കളനാശിനി, കീടനാശിനി എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇതുപോലെതന്നെയാണ് കംപ്യൂട്ടര്‍-ഐ.ടി. മേഖലയിലും ഉണ്ടാകുന്ന വിധേയത്വം. ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയുടെ ശക്തമായ പിടിയിലാണ് ഇന്നു ലോകത്തു പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കംപ്യൂട്ടറുകളും. പ്രത്യേകം നിര്‍മിച്ച സോഴ്സ് കോഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് അവ പ്രവര്‍ത്തിക്കുന്നത്. ഈ രഹസ്യകോഡ് മൈക്രോസോഫ്റ്റ് കമ്പനിയുടെ കുത്തകാവകാശമാണ്. അതു വിലക്ക് വാങ്ങാം. എന്നാല്‍ അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉപഭോക്താവിന് അവകാശമില്ല.

ആഗോളവത്കരണത്തിന്റെ ഫലമായി രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-രാഷ്ട്രീയബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികബന്ധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരബന്ധം, നയതന്ത്രകാര്യങ്ങള്‍, വിദേശീയരുടെ അവകാശങ്ങള്‍, ഗതാഗതപ്രശ്നങ്ങള്‍, തീരുവ-വ്യാപാരകാര്യങ്ങള്‍ എന്നിവ സാമ്പത്തികകരാറുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ വിദേശക്കമ്പനികളുടെ പദവി, പേറ്റന്റ്, ട്രെയ്ഡ് മാര്‍ക്ക്, കോപ്പിറൈറ്റ് എന്നിവയുടെ സംരക്ഷണം, ഇറക്കുമതി ചുങ്കമുള്‍പ്പെടെയുള്ള നികുതിവലയുടെ വ്യാപ്തി, ചുങ്കനടപടികള്‍, കന്നുകാലി-കന്നുകാലി ഉത്പന്നങ്ങളുടെ വ്യാപാരനിയന്ത്രണം, വിദേശകപ്പലുകള്‍, ഗതാഗതകമ്പനികള്‍ എന്നിവയുടെ നിരക്കുകള്‍ ഇവയൊക്കെ സംബന്ധിച്ച നിയന്ത്രണം സാമ്പത്തികകരാറുകളില്‍ ഉള്‍പ്പെടും. ഇവയുടെമേല്‍ അംഗരാജ്യങ്ങളിലെ ജനപ്രതിനിധിസഭകള്‍ക്കുപോലും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല എന്നതാണ് സവിശേഷത.

സാമ്പത്തികവിധേയത്വത്തിന്റെ മറ്റൊരു മുഖമാണു മെട്രോപൊളിറ്റന്‍ മൂലധനം വികസ്വരരാജ്യങ്ങളില്‍ ഉണ്ടാക്കുന്ന വിധേയത്വം. വികസ്വര രാജ്യങ്ങളെ ഈ മെട്രോപോളിറ്റന്‍ മൂലധനത്തിന്റെ ജൂണിയര്‍ പങ്കാളികളാക്കി മാറ്റിയിരിക്കുന്നു. തദ്ദേശീയവികസനത്തില്‍ തദ്ദേശീയമൂലധനത്തിനു രണ്ടാംനിരസ്ഥാനമേയുള്ളു. ഏതുതരത്തിലുള്ള വികസനത്തിനും മുന്‍നിരയില്‍ വിദേശമൂലധനമുണ്ടായാലേ തദ്ദേശീയമൂലധനത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന ധാരണ പ്രബലമായിരിക്കുകയാണ്. ഇന്ത്യയുടെ കാര്യംതന്നെയെടുക്കുക. വിമാനത്താവളവികസനം, എണ്ണപര്യവേക്ഷണം, നഗരവികസനം എന്നിങ്ങനെ സമസ്തമേഖലകളിലും ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാതെയും വിദേശനിക്ഷേപം സ്വീകരിക്കാതെയും മുന്നോട്ടുപോകാന്‍ സാധ്യമല്ല എന്ന മനഃസ്ഥിതി ഭരണകൂടത്തില്‍ മാത്രമല്ല, വ്യവസായികളിലും തദ്ദേശീയനിക്ഷേപകരിലും ഉണ്ടായിരിക്കുകയാണ്. നെഹ്റുവിന്റെ വീക്ഷണത്തില്‍ സ്വാശ്രയവികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യന്‍ ജനതയെ പിറകോട്ടടിക്കുന്ന ഫലമാണ് ഇന്ന് ആഗോളവത്കരണനയങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദേശരാഷ്ട്രങ്ങളുടെ മുഖച്ഛായതന്നെ മാറ്റാന്‍ ആഗോളവത്കരണത്തിനു കഴിഞ്ഞിരിക്കുന്നു. ഫണ്ടിംഗ് ഉപയോഗിച്ച് സിവില്‍ സമൂഹസംഘടനകളെയും സര്‍ക്കാരിതര ഏജന്‍സികളെയും ബുദ്ധിജീവികളുടെ കൂട്ടായ്മകളെയും തങ്ങളുടെ പക്ഷത്തേക്കു മാറ്റിയെടുക്കാനുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഡോളര്‍വത്കരണം

Dollarisation

ആഗോളവത്കരണം സൃഷ്ടിക്കുന്ന വിധേയത്വത്തെക്കുറിച്ചു പറയുമ്പോള്‍ ഡോളര്‍വത്കരണം എന്ന പ്രതിഭാസത്തെക്കൂടി സ്പര്‍ശിക്കാതെവയ്യ. അമേരിക്കന്‍ ഡോളര്‍ അമേരിക്കയുടെ ദേശീയകറന്‍സിയാണെങ്കിലും വളരെക്കാലമായി അത് ഒരു ലോകകറന്‍സിയുടെ സ്ഥാനം ഏറ്റെടുത്തമട്ടാണ്. ഇന്ന് ലോകവിപണിയില്‍ നടക്കുന്ന എല്ലാ ക്രയവിക്രയങ്ങള്‍ക്കും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന കറന്‍സി ഡോളറാണ്. ഈയടുത്ത കാലത്ത് അമേരിക്കന്‍ ഡോളറിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് യൂറോപ്യന്‍സമൂഹത്തിന്റെ കറന്‍സിയായ യൂറോയും രംഗത്തു വന്നിട്ടുണ്ട്.

ആഭ്യന്തരവിലകള്‍, മൂല്യങ്ങള്‍, കണക്കുകള്‍, ആസ്തികള്‍, ബാധ്യതകള്‍ എന്നിവയൊക്കെ ഡോളറിന്റെ മൂല്യത്തില്‍ തിട്ടപ്പെടുത്തുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇക്വാഡോര്‍, എല്‍സാല്‍വഡോര്‍, പനാമ, ബോസ്നിയ-ഹെര്‍സിഗോവിന, ഇസ്രയേല്‍, മെക്സിക്കോ, പോളണ്ട്, സ്ളോവേനിയ എന്നീ രാജ്യങ്ങളില്‍ ഡോളര്‍വത്കരണം ഏതാണ്ട് പൂര്‍ണമാണ്. അവിടങ്ങളിലെ ബാങ്ക് നിക്ഷേപങ്ങളില്‍ നല്ലപങ്കും ഡോളറാണ്. ലത്തീന്‍ അമേരിക്കയില്‍ ഇത് 51 ശതമാനമാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 42 ശതമാനവും, ആഫ്രിക്കയില്‍ 34 ശതമാനവും എത്തിനില്‍ക്കുന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ 29 ശതമാനം ബാങ്ക് നിക്ഷേപവും ഡോളറിലാണ്.

പുത്തന്‍സാമ്പത്തികനയങ്ങള്‍ ഇന്ത്യ സ്വീകരിച്ചതിനുശേഷം ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശഇന്ത്യാക്കാര്‍ക്കും അവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ ഡോളറിലോ, യൂറോപ്പിലോ സൂക്ഷിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതിന്മേല്‍ ആകര്‍ഷകമായ പലിശനിരക്കും അധികം നിയന്ത്രണമില്ലാതെ കൈമാറ്റം ചെയ്യാനുള്ള സൌകര്യവുമുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്രവ്യാപാരത്തിലെ മൂലധനക്കണക്കില്‍ സര്‍വസ്വതന്ത്രവിനിമയസൗകര്യം (Full Conventibility in Capital Account) നടപ്പാക്കാനുള്ള നടപടികള്‍ ഭാരതസര്‍ക്കാരിന്റെ മുന്തിയ പരിഗണനയിലുണ്ട്. ഇതു നടപ്പായാല്‍ ലോകത്തിലെ ഏതു കറന്‍സിയും കൈവശം വയ്ക്കാനും ആ കറന്‍സിയില്‍ത്തന്നെ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങി സൂക്ഷിക്കാനും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവസരം കിട്ടും. ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്കു യൂറോപ്പിലും അമേരിക്കയിലുമുള്ള മൂലധനക്കമ്പോളങ്ങളില്‍നിന്നും യൂറോ, ഡോളര്‍ എന്നീ കറന്‍സികളില്‍ മൂല്യനിര്‍ണയം ചെയ്തിട്ടുള്ള ഓഹരികളും കടപ്പത്രങ്ങളും വില്‍ക്കാനും നിക്ഷേപം സ്വരൂപിക്കാനും സ്വാതന്ത്യ്രം നല്‍കിക്കഴിഞ്ഞു. ചുരുക്കത്തില്‍ മൂലധനഒഴുക്ക് പൂര്‍ണമായും സ്വതന്ത്രമായിരിക്കുകയാണ്.

പണത്തിന്റെയും മൂലധനത്തിന്റെയും അനിയന്ത്രിതമായ ഒഴുക്ക് സമ്പദ്വ്യവസ്ഥയെ തകര്‍ക്കും. വന്‍തോതിലുള്ള "പേടിച്ചൊഴുക്ക് മൂലം 1997-98 കാലത്ത് പൗരസ്ത്യഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ ധനക്കമ്പോളത്തകര്‍ച്ച വിസ്മരിക്കാന്‍ വയ്യ. ആഭ്യന്തരകറന്‍സികള്‍ തകര്‍ച്ചയിലായി. പാപ്പരത്തത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത ഏറി. ബാങ്കിങ് സ്ഥാപനങ്ങള്‍ തകരാന്‍ ഇടയായി. കറന്‍സിവിനിമയനിരക്കുകളില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ഈ അപകടങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. ആഗോളനിയന്ത്രണത്തിലുള്ള നീതിയുക്തമായ ഒരു ആഗോളകറന്‍സി. അതില്‍ ഒരു രാജ്യത്തിനും കുറേ രാജ്യങ്ങളുടെ സംഘത്തിനും മാത്രമായി മേല്‍ക്കോയ്മയും സ്വാധീനവും അനുവദിക്കാന്‍ പാടില്ല. എന്നാലിത് ഇന്നും ഒരു വിദൂരസ്വപ്നമായി അവശേഷിക്കുന്നു. 1944-ല്‍ അമേരിക്കയിലെ ബ്രെട്ടണ്‍ വുഡ്സ് (Bretton Woods) സമ്മേളനത്തില്‍ പ്രസിദ്ധധനശാസ്ത്രജ്ഞനായ കെയിന്‍സ് പ്രഭു അവതരിപ്പിച്ച കെയിന്‍സ് പദ്ധതി (Keynes Plan) യില്‍ ഇത്തരത്തിലുള്ള ഒരു ആഗോളകറന്‍സി, ആഗോളകേന്ദ്രബാങ്ക് എന്നിവയ്ക്കു രൂപംനല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ എതിര്‍പ്പുമൂലം അവ സ്വീകരിക്കപ്പെട്ടില്ല.

വാഷിംഗ്ടണ്‍ സമവായം

Washington Consensus

ആഗോളവത്കരണം വ്യാപനം ചെയ്യുന്നതില്‍ മുന്‍കൈയെടുക്കുന്ന ഒന്നാണു വാഷിങ്ടണ്‍ സമവായം. ഈ സമവായം ഒരു കൂട്ടായ്മയാണ്. ഇതിന്റെ പിറകില്‍ ഉള്ളത് അമേരിക്കന്‍ ട്രെഷറി (ധനമന്ത്രാലയം), ഓഹരിക്കമ്പോളമായ വാള്‍ സ്ട്രീറ്റ്, അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്, മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ആഗോളമൂലധന-പണക്കമ്പോളത്തില്‍ ചൂതാട്ടം കളിക്കുന്ന സംഘങ്ങള്‍, ഐ.എം.എഫ്., ലോകബാങ്ക് എന്നിവയാണ്. 1980-കളില്‍ ലത്തീന്‍ അമേരിക്കയിലുണ്ടായ കടക്കെണിയും സാമ്പത്തികപ്രതിസന്ധിയും തകര്‍ച്ചയും നേരിടാനാണ് ആദ്യമായി വാഷിങ്ടണ്‍ സമവായം ഉയര്‍ന്നുവന്നത്. സാമ്പത്തിക അച്ചടക്കം, ചെലവു ചുരുക്കല്‍, സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് - ധനനയം, നികുതിപരിഷ്കാരം, പലിശനിരക്ക് കുറച്ച് പലിശ ഘടനയില്‍ വരുത്തുന്ന ഉദാരവത്കരണം, മത്സരാധിഷ്ഠിതമായ വിദേശനാണ്യവിനിമയനിരക്കു സമ്പ്രദായം, വിദേശവ്യാപാരത്തില്‍ ഉദാരവത്കരണം, സ്വതന്ത്രമൂലധന-പണചലനം, എല്ലാ മേഖലകളില്‍നിന്നും സ്റ്റേറ്റ് നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍, വസ്തുക്കള്‍, ആസ്തികള്‍ എന്നിവയില്‍ ഉണ്ടാകുന്ന അവകാശത്തിനു പൂര്‍ണസ്വാതന്ത്യ്രവും പരിരക്ഷയും, എല്ലാ മേഖലകളിലും സ്വകാര്യവത്കരണം, വിപണി ശക്തികള്‍ നിര്‍ണയിക്കുന്ന വിലകള്‍ എന്നിവയൊക്കെ വാഷിങ്ടണ്‍ സമവായത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. വികസ്വരരാജ്യങ്ങളുടെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങളോ സാമൂഹികരാഷ്ട്രീയ ഘടനയോ സംസ്കാരമോ ഒന്നും പരിശോധിക്കാതെയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെയടിസ്ഥാനത്തില്‍ ഐ.എം.എഫിനെയും, ലോകബാങ്കിനെയും മെറ്റ്സ്ലര്‍ സമിതി റിപ്പോര്‍ട്ടില്‍ (Metzler Committee Report) നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍ സമവായത്തിന്റെ പേരില്‍ സാമ്പത്തിക പരിഷ്കാരങ്ങളും ആഗോളവത്കരണവും വിജയിക്കണമെങ്കില്‍ ഭരണക്രമം, മനുഷ്യാവകാശം, ജനാധിപത്യം, രാഷ്ട്രീയം എന്നീ മേഖലകളിലും ജനോപകാരപ്രദമായ പരിഷ്കാരങ്ങള്‍ ഉണ്ടാകണമെന്ന വാദം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ മറ്റെന്തിനെക്കാളും അടിസ്ഥാനസ്ഥാപന പരിഷ്കാരങ്ങള്‍ക്ക് (Basic Institutional Reforms) പ്രാധാന്യം നല്‍കിയിരിക്കുന്നു. സ്റ്റേറ്റിന്റെയും, ഭരണകൂടത്തിന്റെയും, ജനപ്രതിനിധിസഭയുടെയും, നീതിന്യായപീഠത്തിന്റെയും, ആസ്തി-വരുമാന-വിതരണഘടനയുടെയും, ജനാധിപത്യത്തിന്റെയും മൗലികപരിഷ്കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇവയുടെ ആത്യന്തികലക്ഷ്യംതന്നെ ആഗോളവത്കരണം എന്ന പ്രതിഭാസത്തിന് ലോകക്രമത്തില്‍ സ്ഥിരപ്രതിഷ്ഠ നല്‍കുക എന്നതാണ്.

ആഗോളവത്കരണത്തിനെതിരെയുള്ള ജനരോഷം വ്യാപകമായിട്ടുണ്ട്. അതിന്റെ ഫലമായി കുറെയധികം പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ആഗോളവത്കരണത്തിന്റെ വക്താക്കള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഐ.എം.എഫ്., ലോകബാങ്ക്, തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ദരിദ്രജനങ്ങളോടും പാര്‍ശ്വത്കരിക്കപ്പെട്ട വിഭാഗങ്ങളോടും അനുകമ്പയുള്ളവയാക്കി മാറ്റാനും അവരുടെ ഘടനയും പ്രവര്‍ത്തനവും ജനാധിപത്യവത്രിക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനനന്മയും, ക്ഷേമവും ലക്ഷ്യമിട്ടുകൊണ്ടുള്ള ആഗോളക്രമം സൃഷ്ടിച്ചെടുക്കാന്‍ യു.എന്‍.ഡി.പി. മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇവയാണ്.

(i) ഐക്യരാഷ്ട്രസഭ എന്ന പ്രസ്ഥാനം ശക്തമാക്കുക. അതിന്റെ പൊതുസഭയ്ക്ക് (General Assembly) രണ്ട് ചേംബറുകള്‍ ഉണ്ടാക്കുക. ഒന്നില്‍ രാജ്യങ്ങളുടെ പ്രതിനിധികളും, മറ്റേതില്‍ സിവില്‍സമൂഹങ്ങളുടെ (Civil Society) പ്രതിനിധികളും ഉണ്ടാകണം.

(ii) രാജ്യങ്ങളുടെ കടബാധ്യതയ്ക്ക് അന്തിമപരിഹാരം കാണാനും ഫൈനാന്‍ഷ്യല്‍ മേഖലയില്‍ സുസ്ഥിരതയുണ്ടാക്കാനും സഹായിക്കുന്ന തരത്തില്‍ ഒരു ആഗോളകേന്ദ്രബാങ്ക് (Global Central Bank) സ്ഥാപിക്കുക.

(iii) ആഗോളകുത്തകക്കമ്പനികളുടെ പ്രവര്‍ത്തനത്തിനു ധാര്‍മികമാനദണ്ഡങ്ങള്‍ ഉണ്ടാക്കുക.

(iv) ആഗോളപരിസ്ഥിതി സംരക്ഷണ ഏജന്‍സി സ്ഥാപിക്കുക.

(v) വരുമാനത്തിന്റെയും സമ്പത്തിന്റെയും നീതിയുക്തമായ പുനര്‍വിതരണം ഉറപ്പാക്കാനായി ഒരു ആഗോളനിക്ഷേപട്രസ്റ്റ് (Global Investment Trust) സ്ഥാപിക്കുക.

(vi) മനുഷ്യാവകാശസംരക്ഷണവും നീതിനിര്‍വഹണവും ഉറപ്പാക്കുന്നതിന് ഒരു അന്താരാഷ്ട്രക്രിമിനല്‍ കോടതി (International Criminal Court) സ്ഥാപിക്കുക.

(vii) രാജ്യാന്തരഅതിരുകള്‍ ലംഘിച്ച് ഒഴുകിപ്പരക്കുന്ന ഫൈനാന്‍സ് മൂലധനത്തെ നിയന്ത്രിക്കാനുള്ള ആഗോളസംവിധാനം ഉണ്ടാക്കുക.

(viii) ആഗോളതലത്തില്‍ രാജ്യങ്ങളുടെ സാമ്പത്തികനയങ്ങള്‍ സമന്വയിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഒരു വേദി ഒരുക്കുക.

(ix) കടംനല്‍കുന്ന അംഗരാജ്യങ്ങളെ രക്ഷിക്കുന്നതിനുപകരം കടംവാങ്ങുന്നവരുടെ കൂടി താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതരത്തില്‍ ഐ.എം.എഫിനെയും ലോകബാങ്കിനെയും മാറ്റിയെടുക്കുക.

ഈ നിര്‍ദേശങ്ങളില്‍ ഒന്നുപോലും സമ്പന്നരാജ്യങ്ങളുടെ പ്രതികൂലമായ നിലപാടുമൂലം പ്രാവര്‍ത്തികമായിട്ടില്ല.

ആഗോളക്രമത്തിന്റെ ഭരണം സംബന്ധിച്ച് 1998-ല്‍ പുറത്തിറക്കിയ "നമ്മുടെ ആഗോളഅയല്‍ക്കൂട്ടം (Our Global Neighbourhood) എന്ന റിപ്പോര്‍ട്ട് പല സവിശേഷതകളും ഉള്ള ഒന്നാണ്. ആഗോളഭരണകമ്മീഷനാണ് (Commission on Global Governance) ഇതു തയ്യാറാക്കിയത്. ഈ കമ്മീഷനില്‍ പ്രവര്‍ത്തിച്ചവര്‍ ലോകപ്രശസ്തവ്യക്തികളായിരുന്നു. ജര്‍മനിയുടെ ചാന്‍സലറായിരുന്ന വില്ലി ബ്രാന്‍ഡ്ട്, സ്വീഡനിലെ പ്രധാനമന്ത്രിയായിരുന്ന ഇന്‍ഗ്വാര്‍ കാള്‍സണ്‍, കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറലായിരുന്ന ഷിര്‍ദത്ത് രാംഫാള്‍, ലോകബാങ്ക് പ്രസിഡണ്ടായിരുന്ന ബാര്‍ബര്‍ കോനബിള്‍, ഡച്ച് സര്‍ക്കാരിന്റെ വികസനകാര്യമന്ത്രിയായിരുന്ന ജാന്‍ പ്രോങ്ക്, ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഐ.ജി. പട്ടേല്‍ എന്നിവരെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മക്കാര്‍തര്‍, ഫോര്‍ഡ്, കാര്‍ണീജി ഫൌണ്ടേഷണുകള്‍ ആണ് കമ്മീഷന്റെ ചെലവുകള്‍ വഹിച്ചത്.

'നമ്മുടെ ആഗോള അയല്‍ക്കൂട്ടം' എന്ന റിപ്പോര്‍ട്ടില്‍ ആഗോളഭരണക്രമത്തിന്റെ ഒരു ബ്ളൂപ്രിന്റ് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ യു.എന്‍. സംഘടനകള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. യു.എന്‍. സെക്രട്ടറി ജനറലിന് വര്‍ധിച്ച പരമാധികാരംകൂടി നല്‍കണം. ഒരു പ്രത്യേക യു.എന്‍. സേനയും ഉണ്ടാകണം. സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന വീറ്റോ അധികാരം എടുത്തുകളയണം. സിവില്‍ സമൂഹങ്ങള്‍ക്കും (Civil Society groups) സര്‍ക്കാരിതര ഏജന്‍സികള്‍ക്കും പ്രാതിനിധ്യം നല്‍കി യു.എന്‍. പൊതുപ്രതിനിധിസഭ പുനഃസംഘടിപ്പിക്കണം. അന്താരാഷ്ട്രകോടതിയുടെ വിധികള്‍ നടപ്പാക്കാന്‍ അംഗരാഷ്ട്രങ്ങള്‍ ബാധ്യസ്ഥരാകണം.

സമുദ്രം, വായു, ആകാശം, ബഹിരാകാശം എന്നീ പൊതുസ്വത്തുകള്‍ യു.എന്‍. സ്ഥാപനത്തിന്റെ അവകാശ അധികാരപരിധിയില്‍ വരികയാണെങ്കില്‍ അവയുടെ ഉപയോഗത്തിന്മേല്‍ യുക്തമായ നികുതികള്‍ ചുമത്തി ആഗോളക്രമത്തിന്റെ ഭരണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിവരുന്ന വിഭവവരുമാനം സ്വരൂപിക്കാന്‍ കഴിയും. ഇന്ന് അവ ഉപയോഗിക്കുന്നതിനു കപ്പല്‍കമ്പനികള്‍, വിമാനകമ്പനികള്‍, റേഡിയോ-ടെലിവിഷന്‍ പ്രസരണകമ്പനികള്‍ എന്നിവ ഒരു തരത്തിലുമുള്ള നികുതിയോ, ഫീസോ നല്‍കുന്നില്ല. കാരണം, അവയൊക്കെ പൊതുസ്വത്തായി ഗണിക്കുന്നതാണ്. ആഴക്കടല്‍ മത്സ്യസമ്പത്തു ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്ന കമ്പനികള്‍ അതിനു തിരിച്ചൊന്നും നല്‍കുന്നില്ല. ആഴക്കടല്‍ സമ്പത്തിനുണ്ടാകുന്ന നാശവും നഷ്ടവും അവര്‍ക്കു പ്രശ്നമല്ല. ഇന്നു ഭൂമിക്കടിയില്‍നിന്നു മാത്രമല്ല ആഴക്കടലിന്റെ അടിത്തട്ടില്‍കൂടി ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തി എണ്ണധാതുപദാര്‍ഥങ്ങള്‍ എന്നിവ കമ്പനികളും രാജ്യങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. പ്രകൃതി നല്‍കുന്ന സമ്പത്ത് ആര്‍ക്കും എത്രയും ചൂഷണം ചെയ്യാമെന്ന് വന്നിരിക്കുകയാണ്. എന്നാലിത്തരത്തിലുള്ള ചൂഷണം പ്രകൃതിക്കും, പരിസ്ഥിതിക്കും നാശം ഉണ്ടാക്കുന്നു. ചൂഷണം നടത്തുന്നവര്‍ ഈ സമ്പത്തുകളുടെ യഥാര്‍ഥ ഉടമയായ ആഗോളസമൂഹത്തിന് ഒന്നും തിരിച്ചുനല്‍കുന്നില്ല. ഇതിനുകാരണം ആഗോളസമൂഹത്തിനു വ്യക്തമായ ഒരു ഭരണകൂടമോ ഭരണക്രമമോ നിയമാവലിയോ ഇല്ല എന്നതാണ്. മേല്‍പ്പറഞ്ഞ വരുമാനസ്രോതസ്സുകള്‍ ശരിക്കും ചൂഷണം ചെയ്താല്‍ ലോകത്തെമ്പാടുമുള്ള ജനതയുടെ സാമൂഹിക-സാമ്പത്തികനില മെച്ചപ്പെടുത്താനും സുസ്ഥിരമായി അതു ഭദ്രമാക്കാനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

സ്വന്തം താത്പര്യം വിസ്മരിച്ചു പൊതുതാത്പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു പ്രവര്‍ത്തിക്കാന്‍ വ്യക്തികളെയും രാഷ്ട്രങ്ങളെയും പ്രദേശങ്ങളെയും സിവില്‍സമൂഹങ്ങളെയും സ്ഥാപനങ്ങളെയും സംഘടനകളെയും സജ്ജമാക്കാന്‍ തക്ക ഒരു ആഗോളട്രസ്റ്റ് (Global Trust) സ്ഥാപിക്കണമെന്നുകൂടി ആഗോളഭരണകമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനു കമ്മീഷന്റെ അഭിപ്രായത്തില്‍ താഴെപ്പറയുന്ന അടിസ്ഥാനമൂല്യങ്ങള്‍ (Core values) ഉറപ്പാക്കണം:

"ജീവിതം, സ്വാതന്ത്ര്യം, നീതി, സമത്വം, ആത്മബഹുമാനം, പരസ്പരവിശ്വാസം, സഹാനുഭൂതി സഹജീവികളോടുള്ള അനുകമ്പ ഈ മൂല്യങ്ങള്‍ വ്യക്തിതലത്തില്‍നിന്നും സ്ഥാപനതലത്തിലേക്കും രാഷ്ട്രങ്ങളുടെ തലത്തിലേക്കും വളര്‍ന്നു വ്യാപിച്ചാല്‍ ആഗോളക്രമവും ലോകസമൂഹവും ഒരു ഉന്നതതലത്തിലെത്തും.

സിവില്‍ സമൂഹങ്ങളുടെ പങ്ക്

ആഗോളക്രമത്തെ സിവില്‍സമൂഹസംഘടനകളുടെ ഒരു കൂട്ടായ്മയായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ-പ്രാദേശിക-ദേശീയ തലങ്ങളില്‍ ഭരണക്രമത്തെ രാഷ്ട്രീയജനാധിപത്യ ഭരണകൂടങ്ങളുടെ പിടിയില്‍നിന്നും വിടര്‍ത്തി സിവില്‍ സമൂഹങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള തന്ത്രമാണ് ആഗോളമൂലധനവും നവലിബറല്‍ - ആഗോളവത്കരണവാദികളും ശ്രമിക്കുന്നത്. ഇതുണ്ടായാല്‍ 'പൊളിറ്റിക്കല്‍ സ്റ്റേറ്റ്', 'പോളിറ്റിക്സ്' എന്നിവയെ ഒഴിച്ചുനിര്‍ത്താം. അവയാണ് ജനജീവിതം, ദുസ്സഹമാക്കുന്നത് എന്നവര്‍ വാദിക്കുന്നു. അതുകൊണ്ട് പോളിറ്റിക്സിനും, ജനാധിപത്യത്തിനും പരിഷ്കാരങ്ങള്‍ അനിവാര്യമാണ്.

ആഗോളവത്കരണം സംബന്ധിച്ച ആദ്യകാലചര്‍ച്ചകളില്‍ കേന്ദ്രബിന്ദുവായിരുന്നത് കമ്പോളവും നേഷന്‍ സ്റ്റേറ്റുമായിരുന്നു. ഇവ രണ്ട് വ്യത്യസ്ത ബദല്‍ മാതൃകകളാണെന്നു വാദിക്കുന്നവരും മറിച്ച് അവ രണ്ടും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഉത്തമം എന്ന് വാദിക്കുന്നവരും രംഗത്തുവന്നു (Market Vs State Market and State). കമ്പോളവും മത്സരവും ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ആസ്തികളും കഴിവുകളും ഇല്ലാത്തവര്‍ക്കും ഗുണം ചെയ്യില്ല. അതുകൊണ്ട് പാവപ്പെട്ടവരുടെ രക്ഷകനായി സ്റ്റേറ്റ് രംഗത്തുവരണം എന്ന ആശയം ബലപ്പെട്ടു. തുടര്‍ന്നു സ്റ്റേറ്റിന്റെ വലുപ്പവും ശക്തിയും വികസിച്ചു. ബ്യൂറോക്രസിയുടെ ദുര്‍മേദസ്സ് വര്‍ധിച്ചു. ജനങ്ങളില്‍നിന്നും സമാഹരിക്കുന്ന നികുതി-നികുതിയിതര വരുമാനം ബ്യൂറോക്രസിയുടെയും രാഷ്ട്രീയഭരണകൂടത്തിന്റെയും ചെലവിനു മതിയാകാതെ വന്നു. സ്റ്റേറ്റിന്റെ പേരുംപറഞ്ഞു വികസിപ്പിച്ചെടുത്ത ബദല്‍ വികസനമാതൃക യഥാര്‍ഥത്തില്‍ വെല്‍ഫെയര്‍ മുതലാളിത്തവും സ്റ്റേറ്റ് മുതലാളിത്തവും ആണന്നു ചിലര്‍ ആരോപിച്ചു. മുതലാളിത്ത വ്യവസ്ഥ കാലം ചെല്ലുന്തോറും ആഗോളക്രമത്തില്‍ പിടിച്ചുനില്‍ക്കാന്‍ സ്വയം അതിന്റെ ഘടനയും രൂപവും സ്വഭാവവും പ്രവര്‍ത്തനശൈലിയും മാറ്റുന്ന ശ്രമങ്ങള്‍ക്കിടയില്‍ സ്റ്റേറ്റിന്റെ കൂട്ടുകെട്ടുകുടി ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം. ചുരുക്കത്തില്‍, കോര്‍പ്പറേറ്റ് മൂലധനവും സ്റ്റേറ്റും പരസ്പരം അടുത്തു സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതിന് ഇടനിലക്കാരായി ബ്യൂറോക്രസിയും മറ്റു കോംപ്രഡോര്‍ ശക്തികളും സഹായം നല്‍കുന്നു. എന്നാല്‍ ഇതിന്റെ ഭാഗമായി ആഗോളവത്കരണം എന്ന ആശയംകൂടി ശക്തിപ്പെട്ടപ്പോള്‍, മൂലധനശക്തികള്‍ സ്റ്റേറ്റിനെ പിന്‍സീറ്റിലേക്കു മാറ്റിപ്രതിഷ്ഠിച്ചു. ജനനന്മ സംരക്ഷിക്കുക എന്ന ലക്ഷ്യം സ്റ്റേറ്റിന്റെ അജന്‍ഡായില്‍നിന്നും നീക്കംചെയ്തു. മൂലധനശക്തികള്‍ക്കു വേണ്ടത് ഒരുക്കിക്കൊടുക്കുന്ന ഒരു പങ്കേ (facilitator) സ്റ്റേറ്റിനുള്ളു എന്ന സ്ഥിതിയിലെത്തി.

സ്റ്റേറ്റിനു പകരം കമ്പോളം എന്ന മാര്‍ഗം വ്യാപകമായ പ്രതിഷേധത്തിന് ഇടനല്‍കി. അതുകൊണ്ടു സ്റ്റേറ്റിനു പകരം സിവില്‍ സമൂഹം എന്ന നിര്‍ദേശം ഉണ്ടായി. മറ്റൊന്ന് എങ്ങനെയെങ്കിലും സ്റ്റേറ്റിന്റെ ക്ഷീണം മാറ്റി അതിനെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. ഇതിനാണ് സര്‍ക്കാര്‍ ഭരണനവീകരണം (Modernising Government) എന്ന പരിപാടി എ.ഡി.ബി., ലോകബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വികസ്വരരാജ്യങ്ങളുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുന്നത്. അതു നടപ്പാക്കാന്‍ വേണ്ട ധനസഹായവും അവര്‍ നല്‍കുന്നു. കേരളത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയ സര്‍ക്കാര്‍ ഭരണനവീകരണപദ്ധതി ഇത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍, അവരുടെ പുനര്‍വിന്യാസം, ഇ-ഭരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു.

ഈ പരിഷ്കാരത്തിന്റെ പിറകിലെ ചില ആശയങ്ങള്‍ ശ്രദ്ധിക്കുക. ഭരണം എന്നു പറയുന്നത് സര്‍ക്കാരല്ല. ഭരണം ഒരു പ്രക്രിയയാണ്. സ്ഥാപനങ്ങള്‍, സംഘങ്ങള്‍, സംഘടനകള്‍, കമ്പനികള്‍, സിവില്‍സമൂഹങ്ങള്‍ എന്നിവ വഴിയാണു ഭരണം നടത്തേണ്ടത്. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റും ജില്ലാ ആസ്ഥാനങ്ങളിലെ കളക്ടറേറ്റുകളും അതുപോലെ താലൂക്കാഫീസുകളും ജില്ലാ-ബ്ളോക്ക്-ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളുമല്ല ഭരണം നടത്തേണ്ടത്, മറിച്ചു ഭരണം ജനങ്ങളാണ് നടത്തേണ്ടത്. അതിനു ജനങ്ങള്‍ക്കു പുത്തന്‍ വിവരസാങ്കേതികവിദ്യയും ഇന്റര്‍നെറ്റും മറ്റു സൌകര്യങ്ങളും നല്‍കി സജ്ജരാക്കണം. അതുണ്ടായാല്‍ അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ഉയര്‍ന്ന ഗുണമേന്മയോടുകൂടി ജനങ്ങള്‍തന്നെ കിട്ടുന്നിടത്തുനിന്ന് വാങ്ങിക്കൊള്ളും. ശുദ്ധമായ കുടിവെള്ളം 'ന്യായവിലയ്ക്കു' നല്‍കാന്‍ സ്റ്റേറ്റിനോ അതിന്റെ ഏജന്‍സികള്‍ക്കോ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ അവരുടേതായ കൂട്ടായ്മ വഴിയോ, സ്വകാര്യമേഖലയില്‍നിന്നോ അതു നേടും. എല്ലാ കാര്യത്തിലും സ്റ്റേറ്റിനെക്കാള്‍ മെച്ചം സ്വകാര്യമേഖലയും സിവില്‍സമൂഹസംഘങ്ങളും, സര്‍ക്കാതിര സംഘടനകളും ആണെന്ന അടിസ്ഥാന നവലിബറല്‍ ആശയമാണ് ഇതിന്റെ പിന്നില്‍. ഇത് ആഗോളവത്കരണമെന്ന ആശയത്തിന് ഊര്‍ജം പകരുന്നു. ഇത്തരം ആശയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു.

ഇ-ഭരണം, ഇ-ഗവണ്‍മെന്റ് എന്നീ ആശയങ്ങള്‍ വികസിത-സമ്പന്നരാജ്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കാം. പക്ഷേ അവ അതേപടി വികസ്വരരാജ്യങ്ങളില്‍ നടപ്പിലാക്കുന്നത് ഇന്നത്തെ പരിതഃസ്ഥിതിയില്‍ അപകടകരമാണ്. സാധാരണക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ നൂറുശതമാനം കംപ്യൂട്ടര്‍ സാക്ഷരത, ഇന്റര്‍നെറ്റ് കിയോസ്ക്കുകള്‍, ഇ-ബാങ്കിംഗ്, ഇ-വ്യാപാരം, ഇ-ഭരണം എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്ന വികസനം തികച്ചും വികലമായ ഒന്നാണ്. ഡിജിറ്റല്‍ ഡിവൈഡ് (Digital Divide) എന്ന അകല്‍ച്ച നിലനില്‍ക്കുമ്പോള്‍ ഇതു കൂടുതല്‍ അപകടകരമാണ്. വിജ്ഞാനലോകം (Knowledge World) ആണ് ഇന്നുള്ളത്. സമ്പത്തിന്റെ ഉറവിടംതന്നെ വിജ്ഞാനമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സര്‍ക്കാരിന്റെ ഘടനമാറ്റി പുനഃസംഘടിപ്പിക്കുക എന്ന ല്കഷ്യം നടപ്പാക്കുന്നതിനൊപ്പം തന്നെയാണ് സാമൂഹിക-സാമ്പത്തികവികസനത്തില്‍ സര്‍ക്കാരിതര സംഘടനകളുടെയും (NGOs) സിവില്‍ സമൂഹസംഘടനകളുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതും. ഈ പുത്തന്‍ആശയങ്ങള്‍വഴി യഥാര്‍ഥത്തില്‍ നവലിബറലിസത്തിന്റെയും ആഗോളവത്കരണനയത്തിന്റെയും പ്രചാരണമാണു നടക്കുന്നത്. സ്റ്റേറ്റിന് ചെയ്യാന്‍ കഴിയാത്ത പലതും മെച്ചമായി ചെയ്യാന്‍ എന്‍.ജി.ഒ.കള്‍ക്കും സിവില്‍ സമൂഹങ്ങള്‍ക്കും കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചേരിനിര്‍മാര്‍ജനം, കുടിവെള്ളവിതരണം, ഭവനനിര്‍മാണം, പ്രാഥമിക ആരോഗ്യപദ്ധതികള്‍, പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്ന അവസരങ്ങളിലെ ദുരിതാശ്വാസം എന്നിവ തുടങ്ങി ദാരിദ്യ്രനിര്‍മാര്‍ജനം വരെ അവരെ ഏല്പിച്ചാല്‍ മതി. ഇവര്‍ ജനങ്ങളുടെയടുത്തുനിന്ന് അവരുടെ കൂടെ, അവരെയുള്‍പ്പെടുത്തിക്കൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റേറ്റ് ജനങ്ങളില്‍നിന്നും അകലെ നില്‍ക്കും. ന്യൂ മില്ലേനിയം ആര്‍ക്കിടെക്ചര്‍ (New Millennium Architecture) എന്ന പേരില്‍ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ എന്‍.ജി.ഓ.-സിവില്‍ സമൂഹങ്ങള്‍ക്കുവേണ്ടി വാദിക്കുകയാണ്.

1980-കള്‍ക്കുശേഷം ഐ.എം.എഫും ലോകബാങ്കും വികസനത്തിന്റെ സാമൂഹികവശങ്ങളിലേക്കു ശ്രദ്ധതിരിച്ചിട്ടുണ്ട്. വികസനത്തെ ധനശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിലും സമവാക്യങ്ങളിലും തളച്ചിടാന്‍ പാടില്ല. വികസനത്തിന്റെ സാമൂഹികവശം പഠിക്കാന്‍ സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവും സഹായിക്കും. വികസനം മനുഷ്യനുവേണ്ടിയാണ്. മനുഷ്യന്‍ സാമൂഹികജീവിയാണ്. സമൂഹത്തില്‍ വ്യക്തികള്‍ പല തട്ടുകളില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഇതിന്റെയടിസ്ഥാനമാണ് സാമൂഹിക മൂലധനം (Social Capital) എന്ന ആശയം. 1916-ല്‍ ഉദയം ചെയ്ത ഈ ആശയം പില്ക്കാലത്ത് ജെയിംസ് കോള്‍മാന്‍, റോബര്‍ട്ട് പുട്നാം എന്നിവരുടെ പഠനങ്ങള്‍വഴി ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഇന്നു ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ ജനസമൂഹങ്ങളുടെ ജീവിതനിലവാരം കണക്കാക്കാനുള്ള പഠനങ്ങളുടെ അവിഭാജ്യഘടകമായി സാമൂഹികമൂലധനം അളക്കാനുള്ള വിശദമായ സര്‍വേകള്‍ പല രാജ്യങ്ങളും നടത്തുന്നുണ്ട്. അതിനുവേണ്ട മോഡല്‍ സര്‍വേ ചോദ്യാവലികള്‍തന്നെ ലോകബാങ്ക് തയ്യാറാക്കിയിട്ടുണ്ട്.

ഒരു സമൂഹത്തിലെ വൈവിധ്യമാര്‍ന്ന സംഘങ്ങള്‍, കൂട്ടായ്മകള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍, പാലങ്ങള്‍ (Bonds and Bridges) എന്നിവവഴി സമൂഹത്തിലെ വ്യക്തികളെയും കുടുംബാംഗങ്ങളെയും കൂട്ടിയിണക്കുന്നതാണ് സാമൂഹികമൂലധനം. സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനം, ഒത്തുചേരല്‍, കൂട്ടായ്മ എന്നിവ ജനതയുടെ പൊതുവായ പ്രവര്‍ത്തനശൈലി, വിശ്വാസങ്ങള്‍, വ്യക്തിത്വമൂല്യങ്ങള്‍, വിഭവഉപയോഗം, ശാക്തീകരണം, ക്ഷേമലക്ഷ്യങ്ങള്‍ എന്നിവ നിര്‍ണയിക്കുന്നു. കൂട്ടായ്മകള്‍ക്കിടയില്‍ പരസ്പരബന്ധങ്ങളും പാലങ്ങളും സൃഷ്ടിച്ചു സാമൂഹികസാമ്പത്തിക വികസനത്തിന് അവസരങ്ങളുണ്ടാക്കുന്നു. സുസ്ഥിരമായ വികസനത്തിനും സാമൂഹികക്ഷേമത്തിനുംവേണ്ട സാമൂഹികകെട്ടുറപ്പും പ്രതിബദ്ധതയും ഉണ്ടാക്കാന്‍ സാമൂഹികമൂലധനത്തിനു കഴിയും. ഒന്നിലധികം സമൂഹങ്ങളിലും കൂട്ടായ്മകളിലും ഒരേസമയം പങ്കാളിയായി പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ താത്പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം വ്യക്തിതാത്പര്യങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ ഒരു പൌരന്‍ സ്വമനസ്സാലേ, തയ്യാറാകുന്ന കാഴ്ച വിരളമല്ല. പരസ്പരവിശ്വാസം, ദൃഢത, കൂട്ടായ പ്രവര്‍ത്തനം, സഹകരണം, സഹവര്‍ത്തിത്വം, സാമൂഹികകെട്ടുറപ്പ്, അവകാശങ്ങള്‍ ഏതെന്നറിയാനും അവ സധൈര്യം ചോദിച്ചുവാങ്ങാനും ഉള്ള കഴിവ് എന്നിവ സാമൂഹികമൂലധനം എന്ന ആശയത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. ഇത്തരത്തിലുള്ള സാമൂഹിക മൂലധനം വളര്‍ത്തിയെടുത്താല്‍ മാത്രമേ സുസ്ഥിരവികസനം സാധ്യമാകൂ. അതിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണു സിവില്‍ സമൂഹസംഘങ്ങള്‍.

കേരളത്തില്‍ പരീക്ഷിച്ചുവന്നിരുന്ന തറക്കൂട്ടം, അയല്‍ക്കൂട്ടം, ഗ്രാമസഭ എന്നിവ യഥാര്‍ഥത്തില്‍ സാമൂഹികമൂലധനത്തിന്റെ സ്രോതസ്സുകള്‍ വളര്‍ത്തിയെടുക്കാന്‍ പറ്റിയ സംഘങ്ങളാണ്. എന്നാലതിന്റെ പിറകില്‍ ഒളിഞ്ഞുകിടക്കുന്ന വിപത്തു നാം കണ്ടറിയണമെന്ന് അവയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. സമ്പത്തും ആസ്തികളും കഴിവുകളും വികലമായി വിതരണം ചെയ്യപ്പെട്ട ഒരു സമൂഹത്തില്‍ മേല്പറഞ്ഞ സംഘങ്ങളിലും കൂട്ടായ്മകളിലും സമൂഹത്തിലെ ശക്തരായ സമ്പന്നവിഭാഗം നിരന്തരം ഇടപ്പെട്ട് ആ വിഭാഗത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാമൂഹികമൂലധനത്തെയും വിഭവങ്ങളെയും ചൂഷണം ചെയ്യുന്ന അനുഭവമാണുണ്ടായിട്ടുള്ളത്. സാമൂഹിക മൂലധനം തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനും തിരിച്ചുവിടാനും സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങള്‍ക്കു കഴിയുന്നില്ല. കൂട്ടായ്മകളില്‍നിന്നും അവര്‍ പിന്തള്ളപ്പെടുന്നു. അവരെ സംരക്ഷിക്കാന്‍ സിവില്‍സമൂഹങ്ങളുടെ ചക്രവാളത്തിനു മുകളില്‍നിന്ന്, ക്രിയാത്മകമായി ഇടപെടാന്‍ സ്റ്റേറ്റ് എന്ന പ്രസ്ഥാനം/ഏജന്‍സി ഉണ്ടായേ പറ്റൂ.

ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ക്ഷേമം ഉറപ്പാക്കാനും സ്റ്റേറ്റ് ആവശ്യമില്ല. രാഷ്ട്രീയം (Politics) ആവശ്യമില്ല, ആശയതത്ത്വസംഹിതകള്‍ ആവശ്യമില്ല. പൗരധര്‍മ (Civics) പാഠപുസ്തകങ്ങളില്‍ വിവരിച്ചിട്ടുള്ള പരിപാടികള്‍ അതേപടി ഉള്‍ക്കൊണ്ടു സാമൂഹികജീവിതത്തില്‍ നടപ്പാക്കിയാല്‍ സ്റ്റേറ്റും, സ്റ്റേറ്റിന്റെ ഇടപെടലും വേണ്ടിവരില്ല. സ്വന്തം ചുറ്റുവട്ടത്തിനപ്പുറം, സ്വന്തം സംഘത്തിനപ്പുറം ആരും എത്തിനോക്കരുത്. സഹജീവികള്‍ക്ക് പ്രത്യേകിച്ചും സ്വന്തം സംഘത്തിലില്ലാത്തവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്ക വളര്‍ത്തേണ്ട. വ്യക്തികള്‍ അവരവരുടെ കഴിവിനൊത്തു സംഘംചേര്‍ന്നും കൂട്ടായ്മകള്‍ ഉണ്ടാക്കിയും പ്രവര്‍ത്തിച്ചാല്‍മതി. സംഘത്തിന്റെ ലക്ഷ്യങ്ങളാണ് അതിലെ അംഗങ്ങള്‍ക്കുള്ളത്. എന്നാല്‍ ഒന്നിലധികം സിവില്‍സമൂഹസംഘങ്ങളില്‍ ഒരു പൌരന്‍ അംഗമായാലുണ്ടാകുന്ന അപകടം വിസ്മരിക്കാന്‍വയ്യ. കാരണം, എല്ലാ സംഘങ്ങളുടെയും ലക്ഷ്യങ്ങള്‍ ഒന്നാകാന്‍ സാധ്യമല്ല. ലക്ഷ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം അനിവാര്യമാകും. ചുരുക്കത്തില്‍, ഒരു രാജ്യത്തിലെ ജനസമൂഹത്തെയാകെ പല തട്ടുകളിലായി വിഭജിച്ച് ഒതുക്കാനാണ് സിവില്‍ സമൂഹസംഘങ്ങള്‍, സാമൂഹികമൂലധനം എന്ന ആശയസംഹിതകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ ലോകത്ത് ഒന്നിലധികം സിവില്‍സമൂഹസംഘങ്ങളില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കാത്തവരില്ലെ തന്നെ പറയാം. ജാതി, മതം, വിദ്യാഭ്യാസം, തൊഴില്‍, കല, സംസ്കാരം എന്നിവയുടെയടിസ്ഥാനത്തില്‍ സിവില്‍സമൂഹസംഘങ്ങളുണ്ട്. റോട്ടറി ക്ളബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, രക്ഷാകര്‍ത്തൃ-അധ്യാപകസംഘടനകള്‍, കലാസമിതികള്‍, വായനശാലകള്‍, യുവജനസംഘടനകള്‍ എന്നിങ്ങനെ എത്രയോ സംഘങ്ങളെ എണ്ണമിട്ടു പറയാന്‍ പറ്റും.==ആഗോളവത്കരണത്തെ പിന്താങ്ങുന്ന സംഘടനകള്‍== ആഗോളവത്കരണത്തെ പിന്താങ്ങുന്ന അന്താരാഷ്ട്രസംഘടനകളും സ്ഥാപനങ്ങളും നിരവധിയാണ്. അന്താരാഷ്ട്ര തൊഴില്‍സംഘടന ഇതിന് ഒരു അപവാദമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 1944-ല്‍ ആണ് ബ്രെട്ടണ്‍ വുഡ്സ് ഇരട്ടകള്‍ (Bretton Woods Twins) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ.എം.എഫും, ലോകബാങ്കും നിലവില്‍ വന്നത്. അതിനുശേഷം ആഗോളവ്യാപാരവും ആഗോള ജി.ഡി.പി. യില്‍ വികസ്വരരാജ്യങ്ങളുടെ പങ്കും പലമടങ്ങായി വര്‍ധിച്ചു. അവയുടെ വിദേശനാണ്യശേഖരത്തിലും വന്‍ വര്‍ധനയുണ്ടായി. എന്നിട്ടും ഐ.എം.എഫും, ലോകബാങ്കും ഘടനാപരമായ പരിഷ്കാരങ്ങള്‍ (Structural Reforms), ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയുള്‍പ്പെടുന്ന നവലിബറല്‍ അജന്‍ഡയുടെ അതിശക്തരായ വക്താക്കളായി തുടരുന്നു. ആഗോളസാമ്പത്തികക്രമത്തില്‍ ഇതിനകം ഉയര്‍ന്നുവന്ന മിക്ക പ്രതിസന്ധികളിലും ഈ സ്ഥാപനങ്ങള്‍ ഇടപെടുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അവ ദേശീയഭരണകൂടങ്ങളില്‍നിന്നും രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഈ സ്ഥാപനങ്ങളില്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള ചില സാമ്പത്തിക വിദഗ്ധരും ബുദ്ധിജീവികളും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ പിന്താങ്ങിയിട്ടുണ്ട്. അവരില്‍ മുഖ്യന്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് എന്ന സാമ്പത്തിക വിദഗ്ധനാണ്. വളരെക്കാലം ലോകബാങ്കിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം 2000-ല്‍ ആ സ്ഥാനം രാജിവച്ചു. പിന്നീട് "ഞാന്‍ ലോകപ്രതിസന്ധികളില്‍ നിന്നും എന്തു പഠിച്ചു എന്ന പ്രബന്ധവും അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഐ.എം.എഫും ലോകബാങ്കും ഒരേസ്വരത്തിലാണ് നയപരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നത്. അംഗരാജ്യങ്ങള്‍ അവയുടെ സമ്പദ്വ്യവസ്ഥയും വിപണിയും തുറന്നിടണം. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ സമയബന്ധിതമായി അവ നീക്കണം. സ്വകാര്യമൂലധനത്തെയും ഫൈനാന്‍സ് മൂലധനത്തെയും പ്രോത്സാഹിപ്പിക്കണം. അടിസ്ഥാനമേഖലകളില്‍നിന്നും സ്റ്റേറ്റ് പിന്‍വാങ്ങണം. പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭനഷ്ടം നോക്കാതെ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യണം. കടബാധ്യതകള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഫിസ്ക്കല്‍ ചെലവുകള്‍ പരമാവധി ചുരുക്കണം. ഭരണകൂടത്തിന്റെയും ഭരണം നടത്തുന്ന ബ്യൂറോക്രസിയുടെയും വലുപ്പം കര്‍ക്കശമായി വെട്ടിക്കുറയ്ക്കണം. സാമൂഹികസുരക്ഷാവലയം സൃഷ്ടിക്കുന്നതില്‍ സ്വകാര്യഏജന്‍സികള്‍, സര്‍ക്കാരിതരസംഘങ്ങള്‍, സിവില്‍ സമൂഹങ്ങള്‍ എന്നിവയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം. സ്വതന്ത്രവിപണിയും വ്യാപാരവും വികസിപ്പിക്കണം. ആഗോളവത്കരണം എന്ന ആത്യന്തികലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ ഇത്തരം നിര്‍ദേശങ്ങള്‍ വയ്ക്കുന്നു. ഈ രണ്ടു സ്ഥാപനങ്ങളിലും അമേരിക്കയ്ക്കു മാത്രം 17-18 ശതമാനം വോട്ടിങ് അധികാരമുണ്ട്. അത് ഒരു വീറ്റോ ശക്തിതന്നെയാണ്. ലോകബാങ്ക് വായ്പകളുടെ 51 ശതമാനവും അമേരിക്കയുടെ ഖജനാവില്‍നിന്നും ഉദ്ഭവിക്കുന്നതാണ്.

ഈ സ്ഥാപനങ്ങളുടെ അടിസ്ഥാനശില ഉറപ്പിച്ചിരിക്കുന്നതു ബഹുരാഷ്ട്രപരസ്പരരാശ്രയത്വം, ബഹുപാര്‍ശ്വത്വം (Multilateralism) എന്നീ ആശയങ്ങളിലാണ്. എന്നാല്‍ തങ്ങള്‍ പറയുന്ന വഴിക്കു ദരിദ്രരാജ്യങ്ങളെ നടത്താന്‍ ഈ സ്ഥാപനങ്ങളെ അമേരിക്കകൂടി ഉള്‍പ്പെടുന്ന സമ്പന്നരാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് ആഗോളവത്കരണചര്‍ച്ചകളില്‍ "ഐ.എം.എഫും, ലോകബാങ്കും അടച്ചൂപൂട്ടേണ്ട സമയമായി എന്ന് ചിലര്‍ ആവശ്യപ്പെട്ടുതുടങ്ങി. ഉടന്‍ അവ അടച്ചുപൂട്ടിയില്ലെങ്കിലും അവയുടെ ഘടനയിലും സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ചില മാറ്റങ്ങള്‍ അനിവാര്യമാണ്. സാധാരണജനങ്ങളോടു സൌഹൃദം പുലര്‍ത്തുന്നതരത്തില്‍ അവ മാറണം. ആഗോളവത്കരണം സ്വകാര്യമൂലധനത്തിന്റെ ഒഴുക്ക് എന്നിവ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കു പരിഹാരം കാണണം. ആഗോളക്രമത്തില്‍ ഏഷ്യയുടെ, പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും പ്രാധാന്യം വര്‍ധിക്കുന്നതു കണക്കിലെടുക്കണം.

ലോകവ്യാപാരസംഘടന

ആഗോളവത്കരണത്തിന്റെ മുഖ്യവക്താവായി ഇന്നു പ്രവര്‍ത്തിക്കുന്നത് 1994-ല്‍ നിലവില്‍വന്ന ലോകവ്യാപാര സംഘടനയാണ്. ഈ സംഘടന അദൃശ്യമായ ഒരു ആഗോളഗവണ്‍മെന്റായിത്തീര്‍ന്നിരിക്കുന്നു. വളരെ ശക്തമായ നിയമങ്ങളും ബാധ്യതകളും ശിക്ഷാനടപടികളുംകൊണ്ട് അതിനെ അനുസരിക്കാത്ത അംഗരാജ്യങ്ങളെ തടവറയിലാക്കിയിരിക്കുകയാണ്. ദേശീയനിയമങ്ങളെ തള്ളിപ്പറയാനും ദേശീയഗവണ്‍മെന്റുകള്‍ എന്താണു ചെയ്യേണ്ടതെന്നു നിര്‍ദേശം നല്‍കാനും അതു നടപ്പിലാക്കിച്ചെടുക്കാനും ലോകവ്യാപാരസംഘടന ശ്രമിക്കുന്നുണ്ട്. സംഘടനയുടെ തര്‍ക്കപരിഹാര ഏജന്‍സി (Dispute Settlement Body) യഥാര്‍ഥത്തില്‍ വ്യാപാരകാര്യങ്ങളും നിയമങ്ങളും കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ ഒരു പാനല്‍ ആണ്. അവര്‍ക്കു രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരകാര്യത്തില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍കേട്ടു വിധി പറയാനുള്ള അധികാരമാണു നല്‍കിയിരിക്കുന്നത്. ലോകവ്യാപാരസംഘടന ഉണ്ടായതിനുശേഷം ആഗോളവത്കരണ സമീപനങ്ങള്‍ക്കു ശക്തിനല്‍കാന്‍ വേണ്ടി പുത്തന്‍ നിയമങ്ങള്‍, പ്രോട്ടോക്കോളുകള്‍ (Protocols), ഉപാധികള്‍, ബാധ്യതകള്‍ എന്നിവ എഴുതി തയ്യാറാക്കിയിട്ടുണ്ട്. തര്‍ക്കപരിഹാര ഏജന്‍സിയുടെ വിധിയുടെമേല്‍ ഒരു ദേശീയ ഗവണ്‍മെന്റിനും അപ്പീല്‍ പോകാന്‍ വ്യവസ്ഥയില്ല.

വ്യാപാരം, വ്യാപാരം നടത്തുന്ന കമ്പനികള്‍, അതുമായി ബന്ധപ്പെട്ട ആഗോളവത്കരണവക്താക്കള്‍ എന്നിവയുടെ താത്പര്യം സംരക്ഷിക്കാന്‍ സ്ഥാപിച്ച ഒന്നാണ് ലോകവ്യാപാരസംഘടന. മറ്റുള്ള താത്പര്യങ്ങള്‍ സംഘടനയില്‍ അപ്രസക്തമാണ്. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍, പരിസ്ഥിതിസംരക്ഷണം, മനുഷ്യാവകാശം, ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍, സാമൂഹികനീതി, ദേശീയപരമാധികാരം, ജനാധിപത്യസംരക്ഷണം എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ലോകവ്യാപാരസംഘടന നല്‍കിയിട്ടില്ല. ഏതാണ്ട് 500 ബ്യൂറോക്രാറ്റുകളാണു സംഘടനയിലുള്ളതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും. ജനറല്‍ കൗണ്‍സിലാണു സംഘടനയുടെ ഏറ്റവും ഉയര്‍ന്ന ഏജന്‍സി. അതിന്റെ കീഴിലാണ് മന്ത്രിതലസമ്മേളനം (Ministerial Conference). മന്ത്രിതലസമ്മേളനത്തില്‍ വരുന്ന പ്രതിനിധികള്‍ക്ക് അതാത് രാജ്യങ്ങളിലെ ജനപ്രതിനിധിസഭയോടു കുറച്ചെങ്കിലും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ജനറല്‍ കൌണ്‍സിലില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്ക് ആരോടും ഉത്തരവാദിത്വമില്ല. അവരാണ് സംഘടനയുടെ സമ്മേളനങ്ങള്‍ക്ക് അജന്‍ഡ നിശ്ചയിക്കുന്നതും സമ്മേളനങ്ങളുടെയും ചര്‍ച്ചകളുടെയും ദിശ നിയന്ത്രിക്കുന്നതും. ജനറല്‍ കൗണ്‍സിലിനു പുറമേ, ചരക്ക് കൗണ്‍സില്‍ (Goods Council), സേവന കൗണ്‍സില്‍ (Service Council), ട്രിപ്സ് കൌണ്‍സില്‍ (Trips Council) എന്നിവകൂടിയുണ്ട്. ഇതിനുംപുറമേയാണു നേരത്തെ സൂചിപ്പിച്ച തര്‍ക്കപരിഹാര ഏജന്‍സി.

ഇന്നു ലോകവ്യാപാരസംഘടനയില്‍ ആഗോളവത്കരണത്തെ എതിര്‍ക്കാന്‍ ഒറ്റക്കെട്ടായി വികസ്വരരാജ്യങ്ങള്‍ക്കു കഴിയുന്നില്ല. സംഘടനയ്ക്കകത്തു വിവിധ ഗ്രൂപ്പുകള്‍ നിലവില്‍ വന്നിട്ടുണ്ട്. ജി-90, ജി-77, ജി-33, ജി-20, ജി-5, ആസ്റ്റ്രേലിയ നയിക്കുന്ന കെയര്‍ന്‍സ് (Cairns) ഗ്രൂപ്പ്, ആഫ്രിക്കന്‍-കരീബിയന്‍-പസിഫിക്ക് ഗ്രൂപ്പ് (African-Caribbean-Pacific Group-ACP) എന്നിവയാണ് ഇവയില്‍ പ്രധാനം. നിരവധി ഉപഗ്രൂപ്പുകളുമുണ്ട്. പല രാജ്യങ്ങളും ഒന്നിലധികം ഗ്രൂപ്പുകളില്‍ അംഗങ്ങളുമാണ്. ഇത്രയധികം ഗ്രൂപ്പുകള്‍ ഉണ്ടായതുകൊണ്ട് ആഗോളവത്കരണത്തിനെതിരെയുള്ള എതിര്‍പ്പുകള്‍ ഒരു പരിധിവരെ തണുക്കുകയാണ് ചെയ്തിട്ടുള്ളത്.

ഗ്രൂപ്പുകള്‍ നിലനില്‍ക്കെത്തന്നെ ചര്‍ച്ചകള്‍ നയിക്കുന്നതിന് ഒരു പ്രത്യേക രീതിയാണ് ലോകവ്യാപാരസംഘടനയില്‍. ഇതിനെ ഗ്രീന്‍ റൂംചര്‍ച്ചകള്‍ (Green Room Discussion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നാടകം അരങ്ങില്‍ അവതരിപ്പിക്കുന്നതിനുമുമ്പ്, അഭിനേതാക്കള്‍ അരങ്ങിനു പിറകില്‍ വച്ചാണല്ലോ വേഷങ്ങള്‍ - ചമയങ്ങള്‍ - മേക്കപ്പ് എന്നിവ ചാര്‍ത്തുക. അരങ്ങിനു പിറകില്‍ ഗ്രീന്‍ റൂമില്‍ എന്തുനടക്കുന്നുവെന്നു കാണികള്‍ക്ക് അറിയില്ല. അതുപോലെ അരങ്ങിനു പിറകില്‍ പ്രധാനപ്പെട്ട ഗ്രൂപ്പ് മറ്റു പ്രതിനിധികളെ ഒരുമിച്ചുകൊണ്ടുവന്ന് രഹസ്യചര്‍ച്ചകള്‍ നടത്തി കരാറുകളുടെ നക്കല്‍ തയ്യാറാക്കിയതിനുശേഷം അവ പ്രതിനിധികളുടെ പൊതുവായ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ച് എടുക്കുന്ന രീതിയാണ് ലോകവ്യാപാരസംഘടനയില്‍ സ്വീകരിച്ചിട്ടുള്ളത്. 2004-ല്‍ ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ജി-20 ലെ അംഗങ്ങളായ ഇന്ത്യയെയും ബ്രസീലിനെയും പ്രത്യേകം അടര്‍ത്തിമാറ്റി അവരുമായി ഒരു ധാരണയില്‍ എത്താനാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിച്ചത്. അതിന്റെ ഫലമായിരുന്നു അന്നത്തെ കാര്‍ഷികക്കരാര്‍. ഇതിന് പ്രതിഫലമായി ഇന്ത്യയെയും ബ്രസീലിനെയും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ആസ്റ്റ്രേലിയ എന്നീ സമ്പന്നരാജ്യങ്ങളോടൊപ്പം ന്യൂഗ്രൂപ്പ്-5 (NG-5) എന്ന പുതിയ ഗ്രൂപ്പില്‍ ചേര്‍ത്തു. ഈ ഗ്രൂപ്പിനെ Five Interested Parties (FIP) എന്ന് വിളിക്കുന്നു. കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളിലും, ആ മേഖല ആഗോളവത്കരണത്തിന്റെ പ്രത്യാഘാതം എങ്ങനെ നേരിടും എന്ന കാര്യത്തിലും പരസ്പരവിരുദ്ധങ്ങളായ നിലപാടുകളാണ് ഇന്ത്യക്കും ബ്രസീലിനും മറ്റ് അംഗങ്ങള്‍ക്കും ഉള്ളത്.

ബഹുമുഖമായ ആഗോളവത്കരണം

ഈ പ്രബന്ധം അവസാനിപ്പിക്കുന്നതിനു മുന്‍പ് ആഗോളവത്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള സങ്കീര്‍ണമായ ചര്‍ച്ചകളില്‍ പൊന്തിവന്നിട്ടുള്ള ചില കാര്യങ്ങള്‍കൂടി പറയേണ്ടതുണ്ട്. 1960-കളിലാണ് ആഗോളവത്കരണം എന്ന ആശയം പുറത്തുവന്നതെങ്കിലും ഇന്ന് അതു ലോകമൊട്ടുക്ക് പല മാനങ്ങളിലും ഭാഷകളിലും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്താണ് ആഗോളവത്കരണം? അതിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? നേഷന്‍ സ്റ്റേറ്റുകളുടെ തിരോധാനവുമായി അത് ബന്ധപ്പെട്ടിട്ടുണ്ടോ? അതു രാഷ്ട്രീയത്തെ പൂര്‍ണമായി ഒഴിവാക്കി നിര്‍ത്തിയിട്ടുണ്ടോ? ആഗോളവത്കരണത്തെ ജനാധിപത്യവത്കരിക്കാനും സാംസ്കാരികമായി മെച്ചപ്പെടുത്താനും കഴിയുമോ? സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-സാങ്കേതിക വിജ്ഞാനപരമായ ബന്ധങ്ങള്‍ കൂട്ടിയിണക്കുന്നതിനോടൊപ്പം, ആത്മീയമായ ബന്ധവും കൂടി കൂട്ടിയിണക്കി ലോകജനതയെ ഒന്നിച്ചു കൊണ്ടുപോകാന്‍ ആഗോളവത്കരണത്തിനു കഴിയുമോ?

ഇവയ്ക്ക് ഉത്തരം കാണാന്‍ മിക്കവാറും എല്ലാ വിജ്ഞാനശാഖകളിലും പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിച്ചിട്ടുണ്ട്. ഇവരെ പ്രധാനമായും മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താം. ഒന്ന്, "അതി ആഗോളവത്കരണവാദികള്‍(Hyperglobalists), രണ്ട്, "നിഷേധികള്‍ (Sceptics), മൂന്ന്, "രൂപാന്തരീകരണവാദികള്‍ (Transfor-mationalists). ഇതില്‍ ആദ്യത്തേതില്‍ വരുന്നവര്‍ ആഗോളവിപണിശക്തികളുടെ അച്ചടക്കത്തില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ നവലിബറല്‍ ആശയങ്ങളിലും വിശ്വാസം അര്‍പ്പിക്കുന്നു. നേഷന്‍ സ്റ്റേറ്റുകള്‍ ആവശ്യമില്ല. പൊതുമേഖല സ്വകാര്യവത്കരിക്കണം, ഉത്പാദനം, വ്യാപാരം, ഫൈനാന്‍സ് എന്നിവ ആഗോളവത്കരിക്കപ്പെടണം. അതിരുകളില്ലാത്ത ആഗോളക്രമത്തില്‍ മൂലധനഒഴുക്കിനു പൂര്‍ണസ്വാതന്ത്യ്രം നല്‍കണം. സമൂഹത്തിന്റെ ഭരണത്തിനു പുത്തന്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കണം. സ്റ്റേറ്റുകളെക്കാള്‍ ആഗോളമൂലധനത്തിനു കൂടുതല്‍ അച്ചടക്കമുണ്ട്. യുക്തിസഹമായ സാമ്പത്തിക മാനേജ്മെന്റാണ് യഥാര്‍ഥത്തില്‍ "പോളിറ്റിക്സ്. ആഗോളവത്കരണത്തില്‍ വിജയികളും പരാജിതരും ഉണ്ടാകും. പരാജിതരെക്കുറിച്ചു ദുഖിക്കേണ്ട ആവശ്യമില്ല. ഉത്തരദക്ഷിണ ലോകവിവേചനം (North South World), മൂന്നാംലോകം (Third World), കേന്ദ്രം - അതിരുകള്‍ (Centre-Perphery) എന്ന വിവേചനം ഇവയൊക്കെ അര്‍ഥശൂന്യമായ വിശദീകരണങ്ങളാണ്. സമ്പത്തിലും വരുമാനത്തിലും അസമത്വം ഉണ്ടാകുന്നതു പ്രകൃതിനിയമമാണ്. അതു കഴിവിന്റെ പ്രകടനഫലമായിട്ടാണ് ഉണ്ടാകുന്നത്. ഏകജാതീയസ്വഭാവഗുണങ്ങളുള്ള ആഗോളസമൂഹവും സംസ്കാരവും അനിവാര്യമാണ്. ആഗോളമുതലാളിത്ത വ്യവസ്ഥിതി, ആഗോളഭരണക്രമം, ആഗോളസിവില്‍സമൂഹം എന്നിവയും ഒഴിച്ചുകൂടാത്തവയാണ്. ദേശീയഗവണ്‍മെന്റുകളുടെ അധികാരങ്ങള്‍ അതിവേഗം ക്ഷയിക്കും. ആഗോളവത്കരണത്തെ മുന്നോട്ടു നയിക്കുന്നതു മുതലാളിത്തവും പുത്തന്‍സാങ്കേതികവിദ്യയുമാണ്. പഴയ ഘടനകളും ചട്ടക്കൂടുകളും, നിയമങ്ങളും തകരുകതന്നെ ചെയ്യും. ആഗോളസംസ്കാരം ഉണ്ടായേ പറ്റൂ. അതാണ് ആഗോളവത്കരണത്തിന്റെ ചരിത്രലക്ഷ്യം.

എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍വരുന്ന നിഷേധികള്‍ (Sceptics) ആഗോളവത്കരണം പ്രാദേശികത്വത്തെ ശക്തിപ്പെടുത്തും എന്നു വാദിക്കുന്നു. അതിനുദാഹരണമായി യൂറോപ്യന്‍ യൂണിയന്‍, ഏഷ്യാ-പസിഫിക്ക് യൂണിയന്‍, ഉത്തരഅമേരിക്ക എന്നീ പ്രാദേശികശക്തികേന്ദ്രങ്ങളെ എടുത്തുപറയുന്നു. പഴയകാലത്തെ അന്താരാഷ്ട്ര സ്വര്‍ണനാണ്യവ്യവസ്ഥിതി (International Gold Standard) രാജ്യങ്ങളെ ഇന്നത്തെക്കാളും കൂടുതല്‍ ദൃഢമായി ബന്ധിച്ചിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ആഗോളവത്കരണവും പ്രാദേശികവത്കരണവും പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളാണ്. യഥാര്‍ഥത്തില്‍, ഇന്നു ലോകരാജ്യങ്ങള്‍ പൂര്‍ണമായി ആഗോളവത്കരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും പല ഗ്രൂപ്പുകളായി അവര്‍ മാറിനിന്നു ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റിനെ അപ്രധാനമാക്കിക്കൊണ്ടാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. പാശ്ചാത്യസാമ്രാജ്യത്വവും അധിനിവേശവും കൂടുതല്‍ ശക്തിപ്പെടുന്നുണ്ട്. മൂന്നാംലോകരാജ്യങ്ങള്‍ വര്‍ധിച്ച തോതില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു. ഉത്തരമേഖലാരാജ്യങ്ങള്‍ ഇന്ന് ഒരുതരത്തില്‍ വ്യവസായവത്കരണത്തില്‍നിന്നും പിന്നോട്ടു പോകുകയാണ്. അവിടെയുള്ള തൊഴിലവസരങ്ങള്‍ വികസ്വരരാജ്യങ്ങളിലേക്കു വഴിമാറുകയാണ്. ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (Business Process Outsourcing-BPO), നോളഡ്ജ് പ്രോസസ് ഔട്ട്സോഴ്സിംഗ് - KPO) എന്നിവ ആഗോളവത്കരണത്തിന്റെ ഫലമായി ശക്തിയാര്‍ജിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സമ്പന്നരാജ്യങ്ങളില്‍ തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളാണ് ഇതിനുത്തരവാദികള്‍. അമേരിക്കയിലും മറ്റും തൊഴിലാളിസംഘടനകള്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സാമൂഹികസാമ്പത്തിക അസമത്വവും അനീതിയും വര്‍ധിക്കുന്നു. ആഗോളസമൂഹം തുണ്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളസംസ്കാരം, ആഗോളഭരണം, ആഗോളഅയല്‍ക്കൂട്ടം, ആഗോളസിവില്‍സമൂഹം എന്നീ ആശയങ്ങള്‍ക്കു പ്രസക്തിയില്ലാതാകുകയാണ്. വിപണി നിയന്ത്രിക്കുന്ന ഭരണക്രമം സ്ഥായിയല്ല. 1890-നെ അപേക്ഷിച്ച് ഇന്ന് ലോകത്തു പരസ്പരാശ്രയത്വം കുറവാണ്. ദേശീയഗവണ്‍മെന്റുകള്‍ ശക്തിപ്പെട്ടുവരികയാണ്. സ്റ്റേറ്റും വിപണിയും സഹകരിക്കണം. ദേശീയതാത്പര്യം തന്നെയായിരിക്കണം മുഖ്യലക്ഷ്യം. പ്രാദേശിക-തദ്ദേശീയ സംസ്കാരങ്ങള്‍ക്കു പ്രസക്തിയേറി. പിടിച്ചുനില്‍ക്കാനുള്ള സ്റ്റേറ്റിന്റെ ശക്തി വര്‍ധിച്ചിട്ടുണ്ട്.

അവസാനമായി രൂപാന്തരീകരണവാദികളുടെ (Transformationalists) സമീപനം എന്താണെന്നു നോക്കാം. ഒരു പുതിയ സഹസ്രാബ്ദത്തെ സ്വപ്നം കാണുന്നവരാണവര്‍. ആഗോളവത്കരണമാണ് അതിന്റെ പിറകിലെ പ്രധാന ശക്തിയും ഊര്‍ജവും. ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കി മയക്കത്തില്‍നിന്നും ഉണര്‍ത്തുന്ന പ്രതിഭാസമാണ് ആഗോളവത്കരണം. അതിന് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങള്‍ വികസിപ്പിക്കണം. ചരിത്രപരിണാമത്തിന്റെ ഒരു ഘട്ടമാണ് ആഗോളവത്കരണം. അത് ഏത് ദിശയിലേക്കു നീങ്ങുന്നുവെന്ന് പ്രവചിക്കുക വയ്യ. പരമാധികാര സ്റ്റേറ്റുകള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഇന്നു വളരെയധികം അയവു വന്നിട്ടുണ്ട്. അന്താരാഷ്ട്രസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം കിട്ടിയിരിക്കുന്നു. രൂപാന്തരീകരണവാദികളുടെ അഭിപ്രായത്തില്‍ ആഗോളവത്കരണം ചരിത്രപരമായി വളരെ സാന്ദ്രതകൂടിയ ഒരു ബന്ധിത ആഗോളക്രമമാണു സൃഷ്ടിക്കുന്നത്. ദേശീയഗവണ്‍മെന്റുകളുടെ അധികാരങ്ങളെ അതു പുനര്‍നിര്‍വചിക്കുകയും പുനര്‍ക്രമീകരിക്കുകയും ചെയ്യുന്നു. ആധുനികതയുടെ ശക്തികളാണ് ആഗോളവത്കരണത്തെ മുന്നോട്ടു നയിക്കുന്നത്. ലോകക്രമത്തിനു പുത്തന്‍വാസ്തുശില്പവും ഘടനയും ആഗോളവത്കരണം സൃഷ്ടിക്കുന്നു. അതിന്റെ ഭാഗമായി രാഷ്ട്രബന്ധങ്ങളുടെ പുനര്‍ക്രമീകരണവും ഉണ്ടാകുന്നു. ഇതില്‍ ഏകീകരണ (Integration) - തുണ്ടുവത്കരണം (Fragmentation) ശക്തികള്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. ചുരുക്കത്തില്‍, ആഗോളവത്കരണം സ്റ്റേറ്റിന്റെ അധികാരങ്ങളിലും ആഗോളരാഷ്ട്രീയത്തിന്റെ മാനങ്ങളിലും വന്‍പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ആഗോളവത്കരണം ഒരു സവിശേഷ പ്രക്രിയയാണ്. ഏകമുഖ വികസനത്തിന്റെ യുക്തിയല്ല, അതില്‍ പ്രതിഫലിക്കുന്നത്. അനേകം ഘടകങ്ങളുടെ പരസ്പര പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണത്. പല തലങ്ങളിലും ആഗോളവത്കരണം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം, സൈനികം, വ്യാപാരം, സാമ്പത്തികം, ഉത്പാദനവുംവിതരണവും, ഉപഭോഗരംഗങ്ങള്‍, സംസ്കാരം, പരിസ്ഥിതി, തൊഴില്‍ എന്നീ രംഗങ്ങളിലെല്ലാം അതിന്റെ സ്വാധീനം കാണാം. ഏതായാലും ഒരുകാര്യം വ്യക്തമായി പറയാം. ആഗോളവത്കരണം എന്ന പ്രതിഭാസം വളരെ സങ്കീര്‍ണമായ ഒന്നായിത്തീര്‍ന്നിരിക്കുന്നു.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

അവസാനം പരിഷ്കരിച്ചത് : 2/15/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate