Accountancy
അക്കൗണ്ടിങ്ങിനാവശ്യമായ തത്ത്വങ്ങളും നടപടിക്രമങ്ങളും വിവരിക്കുന്ന ശാസ്ത്രശാഖ. സാമ്പത്തികടപാടുകള്‍ ക്രമനിബദ്ധമായി രേഖപ്പെടുത്തുകയും തരംതിരിവിലൂടെ അവയുടെ രത്നചുരുക്കം വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അക്കൗണ്ടിംഗ്. ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വങ്ങളും നടപടിക്രമങ്ങളും ആണ് അക്കൗണ്ടിംഗില്‍ ഉപയോഗിക്കുന്നത്.
ഒരു നിശ്ചിത കാലയളവില്‍ ഏതൊരുസ്ഥാപനത്തിനും വ്യാപാരസ്ഥാപനമെന്നോ വ്യാപാരേതര സ്ഥാപനമെന്നോ വ്യത്യാസം കൂടാതെ, നിരവധി സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടേണ്ടിവരും. ചരക്കുവാങ്ങുക, വില്‍ക്കുക, ശമ്പളം നല്‍കുക, കൂലി കൊടുക്കുക, വിവിധ ഇനം ചെലവ് വഹിക്കുക, വരവ് ഉണ്ടാകുക എന്നിങ്ങനെ ആയിരക്കണക്കിന് ഇടപാടുകളുണ്ടാകും. ഒപ്പം ഭൂമി, കെട്ടിടം, ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ ക്രയവിക്രയവും ഉണ്ടാകാം. ഓരോ ഇടപാടിലും സൂക്ഷ്മത പാലിക്കുകയും കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് സ്ഥാപനം അഭിവൃദ്ധിയിലേക്ക് നീങ്ങുക. അസാധാരണമായ ബുദ്ധിശക്തിയും ഓര്‍മശക്തിയും ഉള്ള ഒരാളിനുപോലും എല്ലാ ഇടപാടുകളും ക്രമമനുസരിച്ച് ഓര്‍ത്തുവയ്ക്കാനാവില്ല. അതിനാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തതയും കൃത്യതയുമുള്ള രേഖകള്‍ എഴുതി സൂക്ഷിക്കേണ്ടിവരുന്നത് സ്ഥാപനത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യമായി മാറുന്നു. ഈ പശ്ചാത്തലമാണ് അക്കൗണ്ടിംഗിന് വ്യാപകമായ അംഗീകാരവും പ്രചാരവും നേടിക്കൊടുത്തത്. ഒപ്പം, അക്കൗണ്ടിംഗിലൂടെ ചില സവിശേഷ നേട്ടങ്ങളുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.
സ്ഥാപനത്തിന്റെ വിഭവശേഷി എത്രയെന്ന് അറിയുക; സ്ഥാപനത്തിന്റെ താത്പര്യവും അവകാശവും എന്ത് എന്ന് ഉറപ്പിക്കുക; കാലാകാലങ്ങളില്‍ വിഭവശേഷിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വിവരങ്ങള്‍ മനസ്സിലാക്കുക; സ്ഥാപനത്തിന്റെ സാമ്പത്തികശേഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് അറിയുക; വിഭവങ്ങള്‍ കാര്യക്ഷമവും ഫലപ്രദവുമായി വിനിയോഗിക്കുന്നുണ്ടോ എന്ന് വിശകലനം നടത്തുക; ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നേടുക തുടങ്ങിയവയാണ് അക്കൗണ്ടിംഗിന്റെ സവിശേഷപ്രയോജനങ്ങള്. സ്ഥാപനത്തിന്റെ ഉടമകള്‍, ഉത്തമര്‍ണര്‍, അധമര്‍ണര്‍, ജീവനക്കാര്‍, നിക്ഷേപകര്‍, സാമ്പത്തികസ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, ഇടപാടുകാര്‍ തുടങ്ങിയവര്‍ക്കും സര്‍ക്കാര്‍, ജനപ്രതിനിധികള്‍, ഭരണാധികാരികള്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ഉപയോഗപ്രദമായ വ്യത്യസ്ത സാമ്പത്തിക കാര്യങ്ങള്‍ അക്കൗണ്ടിംഗ് പ്രദാനം ചെയ്യുന്നു. അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കമ്മിറ്റി ഈ ശാഖയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലപ്പെട്ട സംഭാവന നല്‍കുന്നുമുണ്ട്.
ഒരാളിന് വരുമാനമാര്‍ഗങ്ങളില്‍ ഓരോന്നിലും ലഭിച്ച തുക; ചെലവിനങ്ങളില്‍ ഓരോന്നിലും ചെലവായ തുക; ലാഭം അല്ലെങ്കില്‍ നഷ്ടം; മൂലധനത്തില്‍ ഉണ്ടായ വര്‍ധന അല്ലെങ്കില്‍ കുറവ്; സ്ഥാവരജംഗമ വസ്തുക്കളുടെ ഓരോന്നിന്റേയും മൂല്യം, ബാധ്യതകള്‍ ആസ്തികള്‍, അധര്മ്മണരില്നിന്നു കിട്ടാനുള്ള തുക; സ്ഥാപനത്തിന്റെ കാലാനുഗതമായ വളര്‍ച്ച; നികുതി ഉള്‍പ്പെടെ വ്യാപാരസംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ അക്കൗണ്ടിംഗിലൂടെ വ്യക്തമായി അറിയാന്‍ കഴിയും.
ബുക്ക് കീപ്പിങ്ങും അക്കൗണ്ടിങ്ങും. സാധാരണ നിലയില്‍ ബുക്കു കീപ്പിങ്ങും അക്കൗണ്ടിങ്ങും പര്യായ പദങ്ങളെന്ന നിലയിലാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ ഇവ രണ്ടും വിഭിന്നങ്ങളായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന പദങ്ങളാണെന്നു വ്യക്തമാകും. ക്രമാനുഗതമായി, സാമ്പത്തിക ഇടപാടുകള്‍ ബുക്കുകളില്‍ രേഖപ്പെടുത്തുകയും ചിട്ടയായി അവ സൂക്ഷിക്കുകയും ചെയ്യുന്നതാണ് ബുക്ക് കീപ്പിങ്. വ്യക്തമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ താഴെ ശ്രേണിയിലുള്ള ജീവനക്കാര്‍ക്ക് ഈ ജോലി നിര്‍വഹിക്കാനാകും. അക്കൗണ്ടിങ് കുറച്ചുകൂടി വിശാലമായ പ്രവര്‍ത്തനമേഖലയാണ്. ചില തത്ത്വസംഹിതകളെ ആധാരമാക്കി, സാമ്പത്തിക വിഭവങ്ങളെക്കുറിച്ചുള്ള പട്ടികകള്‍ തയാറാക്കുകയും അവയ്ക്ക് സൂക്ഷ്മപരിശോധനയിലൂടെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് അക്കൗണ്ടിങ്. ആഴത്തിലുള്ള അപഗ്രഥനവും വിശകലനവും സാധ്യമാകുംവിധം വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ധര്‍മവും അക്കൌണ്ടിങ് റ്റെടുക്കുന്നു.കണക്കെഴുത്തുകാരനെന്നതിനുപരിയായി, ഭാവനാവൈഭവം, അനുഭവസമ്പത്ത്, കാര്യക്ഷമത, നൈപുണ്യം എന്നിവ ഒത്തിണങ്ങിയ ഒരാളിനുമാത്രം നിര്‍വഹിക്കാനാകുന്ന ഒരു തൊഴില്‍മേഖലയാണ് അക്കൌണ്ടിങ്. നിയമം, ധനശാസ്ത്രം, സ്ഥിതിവിവരക്കണക്ക്, ഗണിതശാസ്ത്രം, എഞ്ചിനീയറിങ് തുടങ്ങിയ ശാസ്ത്രശാഖകളിലെ സാമാന്യജ്ഞാനം അക്കൗണ്ടന്റിന് അനുപക്ഷേണിയമാണ്.
സാര്‍വദേശീയമായി അംഗീകാരവും പ്രാബല്യവുമുള്ള അക്കൌണ്ടിങ് തത്ത്വങ്ങളെ രണ്ടായി തരംതിരിക്കാം. പൊതുസങ്കല്പവും (concepts) കീഴ്വഴക്കങ്ങളും (conventions). അക്കൗണ്ടിങ്ങിലൂടെ ഉരുത്തിരിച്ചെടുക്കുന്ന വിവരങ്ങള്‍ ഈ പൊതുസങ്കല്പങ്ങളെ ആധാരമാക്കിയാണ് നിലകൊള്ളുന്നത്. വ്യാപാര അസ്തിത്വം, ഊര്‍ജ്ജിതമായി നടക്കുന്ന സ്ഥാപനം, നാണ്യ അളവുകോല്‍, കോള്‍ മുതല്‍, കാലയളവ്, ഇരട്ടഭാവം, സമീകരിക്കല്‍, പ്രത്യക്ഷീകരണം, ബാലന്‍സ്ഷീറ്റിലെ തുല്യത, വസ്തുനിഷ്ഠമായ തെളിവുകള്‍ എന്നീ ഘടകങ്ങളിലെ അന്തസത്തയാണ് പൊതുസങ്കല്പങ്ങള്.
ഉടമയില്‍നിന്ന് വേറിട്ട് നിന്നുള്ള പ്രത്യേക അസ്തിത്വം (Business entity concept) എന്ന സങ്കല്പം, സ്ഥാപനത്തിന് അതിന്റേതായ കണക്കുകള്‍ എഴുതി ഉണ്ടാക്കുന്ന തത്ത്വമാണ് വ്യക്തമാക്കുന്നത്. അതായത്, ഉടമയുടെ സ്വകാര്യ ഇടപാടുകളും സ്ഥാപനത്തിന്റെ ഇടപാടുകളും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. സ്ഥാപനത്തിനെ പ്രത്യക്ഷമായി ബാധിക്കുന്ന ഇടപാടുകള്‍മാത്രം ഉള്‍പ്പെടുത്തി, സ്ഥാപനത്തിന്റെ നടത്തിപ്പിന് ഉടമ മുടക്കുന്ന പണം ഉടമയോട് സ്ഥാപനത്തിനുള്ള ബാധ്യതയായി കണക്കാക്കണമെന്ന തത്ത്വമാണ് വ്യാപാര അസ്തിത്വ സങ്കല്പം അനുശാസിക്കുന്നത്.
എല്ലാ ഇടപാടുകളുടേയും മൂല്യം നിര്‍ണയിക്കാനായി ബന്ധപ്പെട്ട രാജ്യത്തിലെ കറന്‍സിയിലാണ് (Money measurement concept) കുറിപ്പുകള്‍ അക്കൌണ്ടിങ്ങില്‍ രേഖപ്പെടുത്തുക. അപഗ്രഥനവും വിലയിരുത്തലും നടത്തുന്നത് സാമ്പത്തിക യൂണിറ്റിലാണെങ്കിലേ അര്‍ഥസമ്പുഷ്ടി ഉണ്ടാകൂ എന്നതാണ് ഈ സങ്കല്പത്തിന്റെ പിന്നിലെ പൊരുള്‍.
വാങ്ങിയ യഥാര്‍ഥ (കോള്‍ മുതല്‍) വിലയെ അടിസ്ഥാനമാക്കിയാണ് (cost concept) ആസ്തിബാധ്യതകള്‍ ഉള്‍പ്പെടെ ഏതിനവും അക്കൌണ്ടിങ്ങില്‍ ഉള്‍പ്പെടുത്തേണ്ടത്. തന്മൂലം, ആസ്തിബാധ്യതകള്‍ ഓരോ കാലയളവിലും അന്നന്ന് നിലവിലുള്ള കമ്പോളവിലയ്ക്കനുസൃതമായി പുനര്‍മൂല്യനിര്‍ണയം നടത്തി കണക്കുകളില്‍ കാണിക്കുകയില്ല. മാത്രമല്ല, യഥാര്‍ഥവിലയില്‍ ഉള്‍ക്കൊള്ളിക്കുന്ന സ്ഥിരം ആസ്തികളുടെ (Fixed assets) നിരന്തരമായ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന മൂല്യക്ഷയം (Depreciation) വര്‍ഷംതോറും ബന്ധപ്പെട്ട ആസ്തിയുടെ യഥാര്‍ഥവിലയില്‍ നിന്ന് കുറവ് വരുത്തുകയും ചെയ്യും. ഇതിനിടയില്‍ അപ്പപ്പോഴുള്ള കമ്പോളവില കണക്കിലെടുക്കുകയില്ല.
ഓരോ സാമ്പത്തിക ഇടപാടിനും രണ്ടുഭാവങ്ങള്‍ ഉണ്ട് എന്ന സങ്കല്പം (Dual aspect concept) ആണ് അക്കൌണ്ടിംഗിലെ കാതലായതത്ത്വം. ഓരോ ഇടപാടിന്റേയും രണ്ടുഭാവങ്ങളില്‍ ഒന്നില്‍ സ്ഥാപനത്തിന് നേട്ടവും മറ്റൊന്നില്‍ കോട്ടവും വരുന്നുവെന്ന ന്യായമാണ് ഈ തത്ത്വത്തിന് ആധാരം. ഉദാഹരണമായി, 500 രൂപയുടെ ചരക്ക് രൊക്കം പണം നല്കി വാങ്ങുമ്പോള്‍ കൈവശമുള്ള ചരക്കില്‍ 500 രൂപ മൂല്യത്തിലുള്ള നേട്ടവും കൈവശമുള്ള രൊക്കം പണത്തില്‍ 500 രൂപാ കുറവുവരികയും ചെയ്യുന്നു. ഇമ്മാതിരി എല്ലാ സാമ്പത്തിക ഇടപാടിലും രണ്ടു ഭാവങ്ങള്‍ കാണാം. ഈ രണ്ടു ഭാവങ്ങള്‍ രണ്ട് അക്കൌണ്ടുകളെ സൂചിപ്പിക്കുന്നു. ഇതില്‍ ഒരു അക്കൌണ്ട് ഡെബിറ്റ് ചെയ്യുന്നു; മറ്റൊന്നു ക്രെഡിറ്റ് ചെയ്യുന്നു. അതായത് എല്ലാ സാമ്പത്തിക ഇടപാടിലും ഒരു ഡെബിറ്റും ഒരു ക്രെഡിറ്റും കുറിപ്പുകള്‍ വേണ്ടിവരുന്നു. ഡബിള്‍ എന്‍ട്രി സിസ്റ്റമെന്നാണ് ഇതറിയപ്പെടുന്നത്.
ഓരോ ഡെബിറ്റിനും ഓരോ ക്രെഡിറ്റ് നല്കുന്നതുകൊണ്ട് സമാപനകണക്കുകള് തയാറാക്കുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ ആസ്തിബാധ്യതകള്‍ തുല്യമായിരിക്കും. ഇതിനുള്ള അടിസ്ഥാനപ്രമാണം ഇവിധം സംഗ്രഹിക്കാം: ഡെബിറ്റ് = ക്രെഡിറ്റ് എന്നത് വികസിപ്പിച്ചാല്‍ ചെലുവകള്‍ + നഷ്ടങ്ങള്‍ + ആസ്തികള്‍ = വരവുകള്‍ + നേട്ടങ്ങള്‍ + ബാധ്യതകള്‍ (ഉടമയുടെ മുതല്‍ മുടക്ക് ഉള്‍പ്പെടെ). അതായത് ആസ്തികള്‍ = (വരവുകള്‍ + നേട്ടങ്ങള്‍ + ബാധ്യതകള്‍) - (ചെലവുകള്‍ + നഷ്ടങ്ങള്‍). ബാലന്‍സ്ഷീറ്റിലെ തുല്യത (Balancesheet Aggrement concept) എന്ന സങ്കല്പമാണ് ഇത് വ്യക്തമാക്കുന്നത്.
വരവുചെലവുകളെ സമീകരിച്ച് ലാഭനഷ്ടം കണക്കാക്കുന്ന അക്കൗണ്ടിങ് സങ്കല്പം (Matching concept) ഏറെ ശ്രദ്ധേയമാണ്. ഇതനുസരിച്ച് ഒരു പ്രത്യേക അക്കൗണ്ടിങ് കാലയളവിലെ കുടിശ്ശികയും മുന്കൂര്തുകയും യഥാവിധി ക്രമീകരിച്ച് വേണം വരവ്ചെലവ് കണക്കുകള്‍ തിട്ടപ്പെടുത്തേണ്ടത്.
ഇടപാടുകള്‍ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തുന്നതിനും സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്. (Verifiable and Objective Evidence Concept). അതായത്, അക്കൌണ്ടുകളില്‍ ഉള്‍ക്കൊള്ളിച്ച വിവരം പക്ഷപാതരഹിതമാവണം. വിശ്വാസ്യത, ആധികാരികത തുടങ്ങിയ ഗുണവിശേഷങ്ങള്‍ ഉറപ്പുവരുത്തേണ്ടതുമുണ്ട്.
മേല്‍വിവരിച്ച പൊതുസങ്കല്പങ്ങള്‍ക്ക് പുറമേ, അക്കൌണ്ടിങ് ചില കീഴ്നടപ്പുകളെയും അവലംബിക്കുന്നുണ്ട്. മാമൂലുകള്‍ (conventions) എന്ന ഈ വിഭാഗത്തില്‍ വെളിപ്പെടുത്തല്‍ (Disclosure), സ്ഥൂലമാക്കല് (Materiality), സ്ഥിരത (Consistency), യാഥാസ്ഥിതികത്വം (Conservatism) എന്നിവ ഉള്‍ക്കൊള്ളുന്നു.
അക്കൌണ്ടുകളെ പൊതുവേ മൂന്നായി തരംതിരിച്ചിരിക്കുന്നു. പേഴ്സണല്‍ അക്കൗണ്ടുകള്‍, റിയല്‍ അക്കൗണ്ടുകള്‍, നോമിനല്‍ അക്കൌണ്ടുകള്‍ എന്നിങ്ങനെയാണ് ഈ തരം തിരിവ് നടത്തുക. വ്യക്തികളേയും സ്ഥാപനങ്ങളേയും സംബന്ധിച്ച അക്കൌണ്ടുകളാണ് പേഴ്സണല്‍ അക്കൗണ്ടുകള്‍. ഉദാഹരണമായി രാമന്, ലക്ഷ്മണന്, ഭരതന് ആന്‍ഡ് കമ്പനി, ദശരഥന് കമ്പനി ലിമിറ്റഡ് തുടങ്ങിയ അക്കൌണ്ടുകള്‍. സ്ഥാവര ജംഗമ വസ്തുക്കളെ സംബന്ധിച്ച അക്കൌണ്ടുകളാണ് റിയല്‍ അക്കൗണ്ടുകള്‍. ഉദാഹരണമായി ക്യാഷ്, ഭൂമി, കെട്ടിടം, ഉപകരണം, മെഷിനറി, ഫര്‍ണിച്ചര്‍, മോട്ടോര്‍ വാഹനം തുടങ്ങിയവ. വരവ് ചെലവിനങ്ങളെപ്പറ്റിയുള്ള അക്കൌണ്ടുകളാണ് നോമിനല്‍ അക്കൌണ്ടുകള്‍. ഉദാഹരണമായി ശമ്പളം, പലിശ, കൂലി, വാടക, പരസ്യം, കിഴിവ് തുടങ്ങിയവ.
ഇടപാടുകള്‍ രേഖപ്പെടുത്തുന്ന രീതി. ഒരിടപാടിലെ രണ്ട് അക്കൗണ്ടുകളില്‍ ഏത് അക്കൗണ്ടാണ് ഡെബിറ്റ് ചെയ്യേണ്ടതെന്നും ഏതക്കൌണ്ടാണ് ക്രെഡിറ്റ് ചെയ്യേണ്ടതെന്നും നിശ്ചയിക്കുന്നതിന് രണ്ടുതരം സമീപനങ്ങള്‍ നിലവിലുണ്ട്. ഇംഗ്ളീഷ് സമീപനവും അമേരിക്കന്‍ സമീപനവും. അടിസ്ഥാനപരമായി, ഇവ രണ്ടും തമ്മില്‍ ഗണ്യമായ വ്യത്യാസമില്ല. പക്ഷേ സമീപനരീതിയില്‍ വ്യത്യാസം കാണാം.
ഇംഗ്ളീഷ് സമീപനം. ഇംഗ്ളീഷ് സമീപനത്തില്‍ ഡെബിറ്റും ക്രെഡിറ്റും നിശ്ചയിക്കുന്നതിന് പേഴ്സണല്‍ അക്കൗണ്ടുകള്‍ക്കും റിയല്‍ അക്കൗണ്ടുകള്‍ക്കും നോമിനല്‍ അക്കൗണ്ടുകള്‍ക്കും വെവ്വേറെ നിയമമാണുള്ളത്.
പേഴ്സണല്‍ അക്കൗണ്ടുകളില്‍ സ്ഥാപനത്തില്‍നിന്ന് നേട്ടമോ പണമോ കൈപ്പറ്റുന്ന അക്കൌണ്ടിനെ ഡെബിറ്റു ചെയ്യുന്നു; പണമോ മറ്റ് നേട്ടങ്ങളോ തരുന്ന അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നു.
റിയല്‍ അക്കൌണ്ടുകളില്‍ സ്ഥാപനത്തിലേക്ക് വരുന്നതിനെ ബന്ധപ്പെട്ട ആസ്തിയുടെ അക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യുന്നു; പോകുന്നതിനെ ക്രെഡിറ്റ് ചെയ്യുന്നു.
നോമിനല്‍ അക്കൗണ്ടുകളില്‍ സ്ഥാപനത്തിന്റെ ചെലവിനത്തിലും നഷ്ടത്തിലും ബന്ധപ്പെട്ട അക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യുന്നു; വരവിനത്തിലും ലാഭത്തിലും ക്രെഡിറ്റ് ചെയ്യുന്നു.
അമേരിക്കന്‍ സമീപനം. ഡെബിറ്റും ക്രെഡിറ്റും നിശ്ചയിക്കുന്നതിനായി അമേരിക്കന്‍ സമീപനത്തില്‍ അക്കൗണ്ടുകളെ അഞ്ചായി തരംതിരിച്ചിരിക്കുന്നു: മുടക്കുമുതല്‍, ബാധ്യതകള്‍, ആസ്തികള്‍, ചെലവുകള്‍, വരുമാനങ്ങള്‍.
മുടക്കുമുതല്‍ കുറയുമ്പോള്‍ ഡെബിറ്റ് ചെയ്യുന്നു; കൂടുമ്പോള്‍ ക്രെഡിറ്റ് ചെയ്യുന്നു.ബാധ്യതകള്‍ കുറയുമ്പോള്‍ ഡെബിറ്റ് ചെയ്യുന്നു; കൂടുമ്പോള്‍ ക്രെഡിറ്റ് ചെയ്യുന്നു.ആസ്തികള്‍ കൂടുമ്പോള്‍ ഡെബിറ്റ് ചെയ്യുന്നു; കുറയുമ്പോള്‍ ക്രെഡിറ്റ് ചെയ്യുന്നു.ചെലവുകള്‍ കൂടുമ്പോള്‍ ഡെബിറ്റ് ചെയ്യുന്നു; കുറയുമ്പോള്‍ ക്രെഡിറ്റ് ചെയ്യുന്നു. അക്കൌണ്ടുകള്‍ ഉദാഹരണമായി, ശമ്പളം, പലിശ, കൂലി, പരസ്യം, കിഴിവ് തുടങ്ങിയവ.
വിവിധതരം അക്കൗണ്ടിങ്ങുകള്. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, കോസ്റ്റ് അക്കൗണ്ടിങ്, മാനേജ്മെന്റ് അക്കൗണ്ടിങ് എന്നിങ്ങനെ മൂന്നുതരം അക്കൗണ്ടിങ്ങുകള് പ്രയോഗത്തിലുണ്ട്.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്. ഇടപാടുകളെ കാലക്രമമനുസരിച്ച് രേഖപ്പെടുത്തുക, ഓരോ അക്കൌണ്ടിലേയും ഒരു പ്രത്യേക കാലയളവിലുള്ള ഡെബിറ്റും ക്രെഡിറ്റും കുറിപ്പുകള്‍ ക്രമീകരിച്ച് നീക്കി ബാക്കി കണ്ടെത്തുക, ഈ നീക്കി ബാക്കികള്‍ ഉപയോഗിച്ച് പട്ടിക തയാറാക്കുക, അതിന്റെ സഹായത്തോടെ ലാഭ/നഷ്ടം അല്ലെങ്കില്‍ മിച്ചം/കമ്മി തിട്ടപ്പെടുത്തുവാനും സാമ്പത്തികനില കണ്ടറിയുവാനുമുള്ള സമാപനക്കണക്കുകള്‍ തയ്യാറാക്കുക, അവയുടെ അപഗ്രഥനത്തിനാവശ്യമായ രേഖകള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗില്‍ വരുന്നത്.
ഇടപാടുകള്‍ കാലക്രമമനുസരിച്ച് രേഖപ്പെടുത്തുന്ന പ്രാരംഭ പുസ്തകമാണ് നാള്‍വഴി അഥവാ ജേര്‍ണല്‍. ഇതില്‍ രേഖപ്പെടുത്തുന്ന കുറിപ്പുകളെ നാള്വഴികുറിപ്പുകള് എന്നാണ് പറയുക. അതേസമയം, ധാരാളം ഇടപാടുകള്‍ നടക്കുന്ന ഒരു സ്ഥാപനത്തില്‍ എല്ലാ ഇടപാടുകളും ഒരു ബുക്കില്‍ രേഖപ്പെടുത്തുക പ്രായോഗികമല്ല. മാത്രമല്ല, എന്തെങ്കിലും പിശകുകള്‍ പിണഞ്ഞിട്ടുണ്ടെങ്കില്‍ അവ കണ്ടുപിടിക്കുന്നതിനും തിരുത്തുന്നതിനും നന്നേ ബുദ്ധിമുട്ടേണ്ടിവരും. ഓരോ തരത്തിലുമുള്ള ഇടപാടുകള്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി വെവ്വേറെ ബുക്കുകളും ആവശ്യമെങ്കില്‍ പ്രത്യേകചുമതലക്കാരേയും ക്രമീകരിക്കാനാവും. ഇതിനായി ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ജേര്‍ണലിനെ വിഭജനം നടത്തും.
ജേര്‍ണലിന്റെ വിഭജനത്തിലൂടെ രൊക്കം പണം ഇടപാടുകള്‍ക്ക് ക്യാഷ്ബുക്ക്, ചില്ലറ ചെലവുകള്‍ക്ക് പെറ്റിക്യാഷ് ബുക്ക്, കടംചരക്ക് വാങ്ങുന്ന ഇടപാടുകള്‍ക്ക് ക്രയബുക്ക് (purchases book), കടം ചരക്ക് വില്‍ക്കുന്ന ഇടപാടുകള്‍ക്ക് വില്പനബുക്ക് (sales book), ബില്ലുകള്‍ സംബന്ധിച്ച ഇടപാടുകള്‍ക്ക് കിട്ടേണ്ട ബില്‍ബുക്ക് (Bills Receivable Book), കൊടുക്കേണ്ട ബില്‍ ബുക്ക് (Bills Payable Book), മറ്റിനം ഇടപാടുകള്‍ക്കായി പൊതുജേര്ണല് (Journal Proper) തുടങ്ങിയ വെവ്വേറെയുള്ള ജേര്ണലുകളാകാം.
ഓരോ അക്കൌണ്ടിനെയും സംബന്ധിച്ച് എല്ലാ ജേര്‍ണല്‍ കുറിപ്പുകളും ഒരു പ്രത്യേക ബുക്കില്‍ വീണ്ടും പതിക്കുന്ന(Posting)തിന് ഒരു അനുബന്ധ ബുക്ക് കൂടി കരുതും. ഈ ബുക്കിനെ ലെഡ്ജര്‍ (പേരേട്) എന്നാണ് വിളിക്കുക. ഓരോ അക്കൗണ്ടിനും ലഡ്ജറില്‍ വെവ്വേറെ പുറങ്ങള്‍ ഉണ്ടാകും. ജേര്‍ണല്‍ കുറിപ്പുകളെ അപ്പപ്പോള്‍ ലഡ്ജറിലെ ബന്ധപ്പെട്ട അക്കൌണ്ടിലേക്ക് പതിക്കും. നിശ്ചിതകാലയളവിന്റെ അവസാനദിവസം നീക്കിബാക്കി (Balance) അറിയാന്‍ ഇത് സഹായകമാകും. ഇതിനായി, അക്കൗണ്ടിന്റെ ഡെബിറ്റ് വശത്തേയും (Debit side) ക്രെഡിറ്റ് വശത്തേയും (Credit Balance) ആകെത്തുക കണ്ടുപിടിക്കും. ഡെബിറ്റ് സൈഡിലെ ആകെത്തുകയാണ് കൂടുതലെങ്കില്‍ ക്രെഡിറ്റ് സൈഡിലെ ആകെത്തുക കഴിച്ചുള്ള ബാലന്‍സിനെ ഡെബിറ്റ് ബാലന്‍സ് എന്ന് പറയും. മറിച്ചാണെങ്കില്‍ ക്രെഡിറ്റ് ബാലന്‍സും. പൊതുവേ, മുടക്കുമുതല്‍ (Capital), ബാധ്യതകള്‍, വരുമാനങ്ങള്‍ എന്നിവ സദാ ക്രെഡിറ്റ് ചെയ്യുന്ന ഇനങ്ങള്‍ ആയതുകൊണ്ട് ഇവയിലെ അക്കൌണ്ടുകള്‍ ക്രെഡിറ്റ് ബാലന്‍സും ആസ്തികള്‍, ചെലവുകള്‍, നഷ്ടങ്ങള്‍ എന്നിവയിലെ അക്കൌണ്ടുകള്‍ ഡെബിറ്റ് ബാലന്‍സുമാണ് കാണിക്കുക.
വ്യാപാരസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ലാഭ/നഷ്ടം എത്രയെന്ന് അറിയാന്‍ വ്യാപാര ലാഭനഷ്ടക്കണക്കുകളും (Trading and Profit and Loss Account) വ്യാപാരേതര സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം മിച്ചം/കമ്മി എത്രയെന്ന് അറിയാന്‍ വരവുചെലവ് കണക്കുകളും (Income and Expenditure Account) വര്‍ഷാവസാനം തയാറാക്കണം. ഒപ്പം, ആസ്തി-ബാധ്യതകള്‍ ഉള്‍ക്കൊണ്ട സാമ്പത്തിക സ്ഥിതിയെക്കുറിച്ചറിയാന്‍ ഈ സ്ഥാപനങ്ങളും ബാലന്‍സ്ഷീറ്റും (ബാക്കിപത്രം) തയാറാക്കും. ഇവയെ ഒത്തുചേര്‍ത്ത് സമാപനക്കണക്കുകള്‍ എന്നുപറയുന്നു. ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങിന്റെ ഉദ്ദേശ്യലക്ഷ്യംതന്നെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനഫലവും സാമ്പത്തികനിലയും ലാഭനഷ്ടം തിട്ടപ്പെടുത്തിയും (മിച്ചം/കമ്മി തിട്ടപ്പെടുത്തലും) ആസ്തിബാധ്യത നിര്‍ണയിച്ചും കണ്ടറിയുക എന്നതുതന്നെ. ട്രയല്ബാലന്സും കുടിശ്ശിക, മുന്കൂര്പറ്റ്, മൂല്യക്ഷയം, കിട്ടാക്കടം കരുതല്‍, ചരക്ക് നീക്കി ബാക്കി തുടങ്ങിയ മറ്റ് വിവരങ്ങളും ഒത്തുചേര്‍ത്താണ് സമാപനക്കണക്കുകള്‍ തയ്യാറാക്കുക.
റവന്യൂവരവുകളും ചെലവുകളും പ്രത്യക്ഷമെന്നും (Direct) പരോക്ഷമെന്നും (Indirect) തരംതിരിച്ച് യഥാക്രമം വ്യാപാരക്കണക്കുകളിലും (Trading Account) ലാഭനഷ്ടക്കണക്കുകളിലും (Profit and Loss Account) പെടുത്തുമ്പോള്‍ കുറച്ചുകൂടി യഥാര്‍ഥ ഫലം അറിയാനാകും. വ്യാപാരകണക്കുകളില്‍ നിന്ന് വ്യാപാരലാഭം/വ്യാപാരനഷ്ടം (Gross Profit/Gross Loss) എത്രയെന്നും ലാഭനഷ്ടക്കണക്കുകളില്‍ നിന്നും അറ്റാദായം/അറ്റനഷ്ടം എത്രയെന്നും വ്യക്തമാകുന്നു. മുന്നിരിപ്പ് ചരക്ക് വില, വാങ്ങിയവില, കൂലി, തുടങ്ങിയവ പ്രത്യക്ഷചെലവുകളും വില്പനവരവ്, നീക്കിയിരിപ്പ്, ചരക്കുവില തുടങ്ങിയവ പ്രത്യക്ഷവരവുകളും ആണ്. ശമ്പളം, വാടക, അച്ചടി, ഇന്‍ഷ്വറന്‍സ്, പരസ്യം, പലിശ, കമ്മീഷന്, മൂല്യക്ഷയം, കിട്ടാക്കടം, കരുതല്‍ കിട്ടാക്കടം തുടങ്ങിയവ പരോക്ഷ റവന്യൂ ചെലവുകളില്‍പ്പെടുന്നു. പരോക്ഷ റവന്യൂ വരവുകളിലുള്ളവയാണ് പലിശ, വാടക, കമ്മീഷന് തുടങ്ങിയ വരുമാനങ്ങള്‍.
അറ്റാദായം/അറ്റനഷ്ടം തിട്ടപ്പെടുത്തുന്നതോടൊപ്പം തന്നെ ആസ്തിബാധ്യതകള്‍ ഉള്‍ക്കൊണ്ട ഒരു പട്ടികയ്ക്കും തുല്യ പ്രാധാന്യമുണ്ട്. ആസ്തിബാധ്യതകള്‍ വെവ്വേറെ തരംതിരിച്ച് സ്ഥാപനത്തിന്റെ സാമ്പത്തിക വര്‍ഷാവസാനത്തിലുള്ള സാമ്പത്തികനില വ്യക്തമാക്കുന്ന പട്ടികയാണ് ബാലന്‍സ്ഷീറ്റ്. ഇത് പട്ടികരൂപത്തിലും അക്കൌണ്ട് മാതൃകയിലും തയാറാക്കാം. ബാധ്യതകള്‍ ഇടതുവശത്തും ആസ്തികള്‍ വലതുവശത്തും എഴുതി അക്കൌണ്ടിന്റെ മാതൃകയില്‍ ബാലന്‍സ്ഷീറ്റ് തയാറാക്കുന്ന ഇംഗ്ളീഷ് സമീപനരീതിയാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ളത്. ആസ്തികള്‍ ഒന്നൊന്നായി താഴെതാഴെ എഴുതി ആകെ തുകയില്‍നിന്നും വെവ്വേറെ എഴുതിക്കാണിക്കുന്ന പ്രസ്താവനാരൂപത്തിലുള്ള ബാലന്‍സ്ഷീറ്റും മറ്റുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.
ബാലന്‍സ്ഷീറ്റില്‍ ആസ്തിബാധ്യതകള്‍ ഏത് മുറയ്ക്ക് എഴുതണമെന്നുള്ളതിന് ഇന്ത്യന്‍ കമ്പനി നിയമത്തില്‍ പ്രത്യേക നിബന്ധനകളുണ്ട്. എങ്കിലും വ്യക്തികളും പങ്കാളിത്ത സംരംഭങ്ങളും തയാറാക്കുന്ന ബാലന്‍സ്ഷീറ്റ് തയാറാക്കുന്നതിന് പ്രത്യേക ക്രമം നിശ്ചയിച്ചിട്ടില്ല. എങ്കിലും, ഹ്രസ്വകാല ആസ്തികളായ (Current Assets) രൊക്കപണം, ബാങ്ക് ബാലന്‍സ്, കിട്ടേണ്ട ബില്ലുകളും പ്രോനോട്ടുകളും, നിക്ഷേപങ്ങള്‍, അധമര്‍ണര്‍, നീക്കിയിരിപ്പ് ചരക്ക് തുടങ്ങിയവ ആദ്യവിഭാഗത്തിലും സ്ഥിരം ആസ്തികളായ (Fixed Assets) കെട്ടിടം, ഭൂമി, മെഷീനറി, ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, മോട്ടോര്‍വാഹനം തുടങ്ങിയവ മറ്റൊരു വിഭാഗത്തിലും അസ്പര്‍ശ്യ ആസ്തികളായ (Intangible Assets) പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, ഗുഡ്വില് തുടങ്ങിയവ വേറൊരു ഗണത്തിലുംപെടുത്തി ആണ് കാണിക്കുക. ഹ്രസ്വകാല വായ്പയായ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ്, കൊടുക്കേണ്ട ബില്ലുകള്‍, മറ്റിനങ്ങള്‍ എന്നിവ ഒരുമിച്ചും ദീര്‍ഘകാലവായ്പ മറ്റൊരു വിഭാഗത്തിലും മുടക്കുമുതല്‍, ലാഭം, കരുതല്‍ ധനം എന്നിവ വേറൊരു ഗണത്തിലുംപെടുത്തി ബാധ്യതകളെ സംബന്ധിച്ച കണക്കുകള്‍ വെളിവാക്കുന്നു. ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രത നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാനരേഖയാണ് ബാലന്‍സ്ഷീറ്റ്. ബാലന്‍സ്ഷീറ്റിലെ വിവരണങ്ങളോടൊപ്പം, ലാഭനഷ്ടക്കണക്കുകളിലെ വിവരങ്ങള്‍ കൂടി ബന്ധിപ്പിച്ച് സ്ഥാപനത്തിന്റെ സാമ്പത്തികനിലയെക്കുറിച്ച് പലതരത്തിലുള്ള അപഗ്രഥനവും വിശകലനവും നടത്താനാവും.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങിന്റെ വിശ്വാസ്യതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിനും വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യാ (ICAI) ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമമനുസരിച്ചാണ് നിലവില്‍ വന്നിട്ടുള്ളത്. രാജ്യമാകമാനം ചാപ്റ്ററുകളുള്ള ഈ സ്ഥാപനം പ്രൊഫഷണല്‍ അക്കൌണ്ടന്റാകാനുള്ള പഠനപരിശീലനവും നല്‍കുന്നുണ്ട്. കമ്പനികളുടെ അക്കൌണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സൂക്ഷ്മപരിശോധനനടത്തി സാക്ഷിപത്രം നല്‍കണമെന്ന നിയമമുണ്ട്. ഇതുപോലെ തന്നെ സര്‍ക്കാര്‍തലത്തിലും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സാക്ഷിപത്രം നല്‍കിയിട്ടുള്ള അക്കൌണ്ടുകള്‍ക്കാണ് ആധികാരികതയുള്ളത്.
കോസ്റ്റ് അക്കൗണ്ടിങ്. വ്യയം മുന്‍കൂര്‍ നിര്‍ണയിക്കുന്നതിനും അതനുസരിച്ചുള്ള പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും ഉളള നടപടിക്രമങ്ങളും തന്ത്രങ്ങളും അടങ്ങിയതാണ് കോസ്ററ് അക്കൌണ്ടിങ്. ചരക്കുകളുടെ ഉത്പാദനത്തിലും, സേവനങ്ങളുടെ ആദാനപ്രദാനത്തിലും ഇപ്രകാരം മുന്‍കൂര്‍ വ്യയം നിര്‍ണയിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിനും ക്രമാനുഗതമായി ഇത് നടപ്പിലാക്കുന്നതിനുമുള്ള തത്ത്വങ്ങളും വ്യവസ്ഥകളും രീതികളും തന്ത്രങ്ങളും കോസ്റ്റ് അക്കൌണ്ടിങ് ലഭ്യമാക്കുന്നു. കോസ്റ്റിങ്ങും കോസ്റ്റ് അക്കൗണ്ടിങ്ങും പര്യായ പദങ്ങളായി സാധാരണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ തമ്മില്‍ നേരിയ വ്യത്യാസമുണ്ട്.
വ്യയനിര്‍ണയം നടത്തിയിട്ടുള്ള പട്ടിക തയ്യാറാക്കലാണ് കോസ്റ്റിങ്. ഇപ്രകാരമുള്ള നടപടിക്ക് തുടര്‍ച്ചയായി അക്കൌണ്ടിങ് നിയമമനുസരിച്ചുള്ള രേഖകളും പുസ്തകങ്ങളും ഡബിള്‍ എന്‍ട്രി തത്ത്വങ്ങള്‍ അനുസരിച്ച് എഴുതി തയാറാക്കുകയും യഥാവിധി ഇവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് കോസ്റ്റ് അക്കൗണ്ടിങ്. സ്വഭാവികമായും കോസ്റ്റ് അക്കൗണ്ടിങ്ങിന് സാര്‍വലൌകികമായ അംഗീകാരമുളള തത്ത്വങ്ങളും കീഴ്വഴക്കങ്ങളും, രീതികളും ആസൂത്രണത്തിലും നടപ്പിലാക്കലിലും നിയന്ത്രണങ്ങളുണ്ട്.
സ്ഥാപനത്തിലെ ആന്തരികമായ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കാണ് കോസ്റ്റ് അക്കൗണ്ടിങ്ങിന്റെ ഉപയോഗമുള്ളത്. നയരൂപീകരണത്തിലും വിലതിട്ടപ്പെടുത്തുന്നതിലും കോസ്റ്റ് അക്കൗണ്ടിങ്ങിന് സവിശേഷപ്രാധാന്യമുണ്ട്. എങ്കിലും,നിയമപരമായികോസ്റ്റ്അക്കൗണ്ടിങ്ഉപയോഗപ്പെടുത്തിക്കൊള്ളണമെന്ന വ്യവസ്ഥയില്ല.
ഇന്ത്യയില്‍ കോസ്റ്റ് അക്കൗണ്ടന്റുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൌണ്ടന്റ്സ് ഒഫ് ഇന്ത്യയ്ക്കാണ് ചുമതലയുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ വിശേഷാല്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട കോസ്റ്റ് അക്കൗണ്ടന്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം കൊല്‍ക്കത്തയാണ്. രാജ്യമാകമാനം ചാപ്റ്ററുകളുള്ള ഈ സ്ഥാപനം കോസ്റ്റ് അക്കൗണ്ടന്റാകാനുള്ള പഠനപരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്.
മാനേജ്മെന്റ് അക്കൗണ്ടിങ്. ഒരു സ്ഥാപനത്തിന്റെ നയരൂപീകരണത്തിനും ദൈനംദിന പ്രവര്‍ത്തനത്തിനും ആവശ്യമായ വിവരങ്ങള്‍ മാനേജ്മെന്റിന് ലഭ്യമാക്കുന്ന സേവനമാണ് മാനേജ്മെന്റ് അക്കൗണ്ടിങ് നിര്‍വഹിക്കുന്നത്. തീരുമാനം എടുക്കുന്നതിനും ആസൂത്രണത്തിനും നിയന്ത്രണത്തിനും പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമൊക്കെ കൃത്യവും സൂക്ഷ്മവുമായ വിവരങ്ങള്‍ അനിവാര്യമാണ്. നാലു പ്രധാന പ്രവര്‍ത്തന മേഖലകളില്‍ മാനേജ്മെന്റ് അക്കൗണ്ടിങ്ങിന് കാര്യക്ഷമതയോടെ നിലകൊള്ളാനാവും. വ്യയനിര്‍ണയം, വ്യയനിയന്ത്രണം, പ്രവര്‍ത്തനം വിലയിരുത്തല്‍, ആസൂത്രണത്തിനും തീരുമാനം എടുക്കുന്നതിനും സാംഗത്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയാണ് ഈ മേഖലകള്‍. സാമ്പത്തികവും സാമ്പത്തികേതരവുമായ വിവരങ്ങള്‍ കോര്‍ത്തിണക്കുന്നുവെന്നത് മാനേജ്മെന്റ് അക്കൌണ്ടിംഗിന്റെ സവിശേഷതയാണ്.
മനുഷ്യപ്രയത്നം ലഘൂകരിച്ച് വേഗത, കൃത്യത, ചെലവ് കുറവ്, വഴക്കം, വീണ്ടെടുക്കല്‍ (retreval) തുടങ്ങിയ സവിശേഷതകളോടെ കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള അക്കൗണ്ടിങ് വ്യാപകമായ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ഇതിനായി നിരവധി സോഫ്റ്റ് വെയര്‍ പാക്കേജുകളും വിപണിയില്‍ ലഭ്യമാണ്. ദ്രുതഗതിയില്‍ യുക്തിപരമായ വിശകലനത്തോടെ അക്കൗണ്ടിങ് രേഖകള്‍ തയാറാക്കാന്‍ കംപ്യൂട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്താനാകും. അതേസമയം അക്കൌണ്ടിങ് തത്ത്വങ്ങളും മാമൂലുകളും ഈ സമ്പ്രദായത്തിലും നിര്‍ബാധം തുടരാനാകുമെന്നതും ശ്രദ്ധേയമാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
അഗ്നി പർവതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
വ്യത്യസ്തമായ അറിവുകള്‍
അളവുകളും തൂക്കങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...