অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാക്‌സിനേഷന്‍: മിത്തും യാഥാര്‍ത്ഥ്യവും

വാക്‌സിനേഷന്‍: മിത്തും യാഥാര്‍ത്ഥ്യവും

വാക്‌സിനേഷന്‍ ആവശ്യമോ അനാവശ്യമോ എന്നുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അണുബാധയെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനതത്വങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

1. നമ്മുടെ ശരീരത്തില്‍ ബാക്ടീരിയ ഉണ്ടോ ?
ഉണ്ട്. നമ്മുടെ ചുറ്റുപാടും കോടിക്കണക്കിന് ബാക്ടീരിയ ഉണ്ട്. നാം നിത്യവും ചുവട് വയ്കുന്ന മണ്ണിലും ഒരോ നിമിഷവും ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും നമ്മള്‍ കുടിക്കുകയും കുളിക്കുകയും ചെയ്യുന്ന വെള്ളത്തിലും എന്നു വേണ്ട, നമ്മുടെ തൊലി പുറമെയും മൂക്കിലും വായിലും ഉദരത്തിലും കുടലിലും വരെ ബാക്ടീരിയ ഉണ്ട്. നമ്മള്‍ കയ്യും പ്ലേറ്റും കഴുകി ഭക്ഷണം കഴിച്ചാല്‍ പോലും അതില്‍ ബാക്ടീരിയ ഉണ്ട്. 
2. അപ്പോള്‍ നമുക്ക് അണുബാധ ഏല്‍ക്കുന്നത് എപ്പോഴാണ് ?

ഏതെങ്കിലും ഒരു രീതിയില്‍ പുറമേയുള്ള ഒരു ശക്തിയേറിയ രോഗാണു (ബാക്ടീരിയ, വൈറസ്, പ്രിയോണ്‍, പാരസൈറ്റ്) നമ്മുടെ  ശരീരത്തില്‍ കയറിക്കൂടുകയും പറ്റിച്ചേരുകയും (invasion), പെറ്റുപെരുകുകയും (colonisation), രോഗപ്രതിരോധ സംവിധാനത്തെ ഭേദിച്ച് രോഗാവസ്ഥ ഉണ്ടാക്കുകയും (infection) ചെയ്യുമ്പോഴാണ് അണുബാധ ഏറ്റു എന്നു പറയുന്നത്.

3. ഈ ജീവികള്‍ എങ്ങനെയാണ് അസുഖം ഉണ്ടാക്കുന്നത് ?

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ജാഗരൂകരാക്കുന്ന രീതിയിലുള്ള ഏതെങ്കിലും എന്‍സൈമുകളോ (രാസാഗ്നി) വിഷപദാര്‍ത്ഥമോ ഈ ജീവികള്‍ (virus, bacteria, prion, parasite) പുറത്തുവിടും. ഈ അന്യപദാര്‍ത്ഥത്തെ നമ്മുടെ പ്രതിരോധ ശേഷി ഞൊടിയിടകൊണ്ട് തിരിച്ചറിയുകയും നിമിഷങ്ങള്‍ക്കുള്ളില്‍ അതിനെതിരായി പ്രതിരോധം തീര്‍ക്കുകയും ചെയ്യും. അണുബാധ പടരുന്നത് തടയാനായി ആന്റിബോഡികളേയും T-സെല്ലുകളെയും പ്രതിരോധശേഷി റിക്രൂട്ട് ചെയ്യും. ഇതു കൂടാതെ 'വിദേശ അധിനിവേശ'ക്കാര്‍ക്ക് പേടി സ്വപ്നമായ ഇന്‍ഫ്ലമേറ്ററി മീഡിയേറ്ററുകളും നമ്മുടെ ശരീരം ഉത്പാദിപ്പിക്കും. (അണുബാധ മൂലം പനി വരുന്നത് ഇന്‍ഫ്ലമേറ്ററി മീഡിയേറ്ററുകള്‍ കാരണമാണ്). മേല്‍പ്പറഞ്ഞ പടയാളികള്‍ക്ക് അണുബാധയെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. മുമ്പുണ്ടായ ഈ ആക്രമണം നമ്മുടെ പ്രതിരോധ ശേഷി ഓര്‍മയില്‍ സൂക്ഷിക്കുകയും (Immune Memory), അടുത്ത വട്ടം ഇതേ അണുക്കള്‍ ആക്രമണം നടത്തുമ്പോള്‍, മുമ്പത്തേതിലും വേഗതയോടെയും ശക്തമായും അത് പ്രത്യാക്രമണം നടത്തുകയും ചെയ്യും. നമ്മുടെ പ്രതിരോധ ശേഷിയുടെ ഈ ഓര്‍മ്മ ശക്തി (Immune Memory) വാക്‌സിനേഷനില്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു.

4. മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ നമ്മുടെ പ്രതിരോധ ശേഷിക്ക് എല്ലാ രോഗങ്ങളും സുഖപ്പെടുത്തുവാന്‍ സാധിക്കുമോ ?

സാധാരണയായി കണ്ടുവരുന്ന ഒരുപാട് അസുഖങ്ങള്‍ക്ക് നമ്മുടെ പ്രതിരോധ ശേഷിക്ക് തന്നെ പ്രതിവിധി കണ്ടെത്താന്‍ കഴിയും. ഉദാഹരണം: ജലദോഷം, വൈറല്‍ പനി. ഈ അസുഖങ്ങള്‍ക്കെല്ലാം നല്ലപോലെ വിശ്രമവും ധാരാളം ജലപാനവും മാത്രം മതിയാകും. 100°F-ല്‍ കൂടുതല്‍ പനി ഉണ്ടെങ്കില്‍ മാത്രം ശമിപ്പിക്കാനുള്ള മരുന്നുകള്‍ എടുക്കാം. എന്നാല്‍ ചില സമയം ശത്രുപക്ഷം എണ്ണത്തില്‍ അധികം ആയിരിക്കുകയും, നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയുടെ തന്ത്രങ്ങള്‍ മറികടക്കുകയും ചെയ്യും. ഒരു യുദ്ധം പരാജയപെടും എന്ന നില വരുമ്പോള്‍ നാം എന്തു ചെയ്യും? മറ്റു സഖ്യകക്ഷികളുടെ സഹായം തേടുകയല്ലേ ചെയ്യുക? ആന്റിബയോട്ടിക്കുകളുടെ റോളും ഇതു തന്നെ. രോഗാണുക്കള്‍ പെരുകുന്നത് തടഞ്ഞുകൊണ്ടോ അവയെ കൊന്നൊടുക്കിക്കൊണ്ടോ ഈ യുദ്ധം വിജയിക്കാന്‍ നമ്മുടെ പ്രതിരോധശേഷിയെ ആന്റിബയോട്ടിക്കുകള്‍ സഹായിക്കും.

5. അപ്പോള്‍ ആന്റിബയോട്ടികള്‍ ഉപയോഗിക്കുന്നത് മൂലമുള്ള പ്രത്യാഘാതമോ ?

ആന്റി ബയോട്ടിക് എന്നല്ല മനുഷ്യരില്‍ പ്രയോഗിക്കുന്ന ഏതു മരുന്നും വാക്സിനും ഗുണദോഷങ്ങള്‍ വിപുലമായി പഠിച്ചു മനുഷ്യരില്‍ ഉപയോഗത്തിന് സുരക്ഷിതം എന്ന് കണ്ടെത്തിയതിനു ശേഷം മാത്രം പ്രയോഗിക്കപ്പെടുന്നതാണ്. അപൂര്‍വമായി ചെറിയൊരു ശതമാനം ആള്‍ക്കാരില്‍ മാത്രം ഉണ്ടായേക്കാന്‍ സാധ്യതയുള്ള, നമുക്ക് താല്പര്യം ഇല്ലാത്ത പ്രവര്‍ത്തനങ്ങളെ കരുതി ഭൂരിഭാഗം വരുന്ന ഗുണഭോക്താക്കള്‍ക്ക് അത് നിഷേധിക്കെണ്ടതില്ല.ഇത്തരം അപൂര്‍വ പാര്‍ശ്വഫലങ്ങളില്‍ ഭൂരിഭാഗവും പോലും തനിയെ മാറുന്ന അത്ര നിസ്സാരമോ കണ്ടെത്തി ഭേദമാക്കാവുന്നതും ആണ്. 

നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന എത്ര മരുന്നുകള്‍ മൂലം നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടായിട്ടുണ്ട്? എത്ര മരുന്നുകള്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്? ഇതിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ആധികാരികമായ ഒട്ടനവധി വെബ്സൈറ്റുകളില്‍ ലഭ്യമാണ്. കേട്ടുകേള്‍വികള്‍ വിശ്വസിക്കാതെ, അതു നേരിട്ട് വായിച്ചു മനസിലാക്കുകയോ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കുകയോ ചെയ്യുക. ചുരുക്കം ചില മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ഹാനികരമായേക്കാം. അതേസമയം രോഗം ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘ്യാതം ഉണ്ടാക്കും.

6. അപ്പോള്‍ വാക്‌സിന്‍ എന്താണ് ചെയ്യുന്നത് ?

പ്രധാനമായും നമുക്ക് രണ്ടുതരം വാക്‌സിനുകളാണ് ഉള്ളത്: ലൈവ് (Live) & കില്‍ഡ് (Killed). ആയിരക്കണക്കിന് സുരക്ഷാ ക്രമീകരണങ്ങളോടേയും തികഞ്ഞ ജാഗ്രതയിലും ലാബുകളില്‍ സൃഷ്ടിച്ചെടുത്ത വീര്യം കുറഞ്ഞ രോഗാണുക്കള്‍ വളരെ കുറച്ച് എണ്ണം മാത്രം ഉള്‍ക്കൊള്ളുന്നതാണ് ലൈവ് വാക്‌സിനുകള്‍. ഇവയ്ക്ക് വീര്യം കുറവായതിനാല്‍ സാധാരണ രോഗാണുക്കളെപ്പോലെ ശരീരത്തില്‍ പെറ്റുപെരുകാന്‍ സാധിക്കില്ല. ഇവയുടെ എണ്ണം കുറവായതിനാല്‍ നമ്മുടെ പ്രതിരോധ ശേഷിക്ക് വളരെ എളുപ്പം തടഞ്ഞു നിര്‍ത്താനും കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ വാക്‌സിന്‍ അണു മൂലം നമുക്ക് അസുഖം ഉണ്ടാകുന്നും ഇല്ല, പക്ഷെ നമ്മുടെ പ്രതിരോധശേഷിക്ക് അക്രമിയെപ്പറ്റിയുള്ള വിവരം ലഭിക്കുകയും ചെയ്യും (Immune Memory). അതുകൊണ്ട് വാക്‌സിനെടുത്തവരെ വീര്യമേറിയ രോഗാണു ആക്രമിക്കുമ്പോള്‍, വാക്‌സിനേഷന്‍ വഴി ഉണ്ടായിട്ടുള്ള ആന്റിബോഡിയും T-സെല്ലുകളും ആക്രമണത്തെ തടയുകയും പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

കില്‍ഡ് വാക്‌സിനുകളില്‍ നിര്‍ജ്ജീവമായ രോഗാണുവാണ് ഉള്ളത്. അപ്പോള്‍ എന്തുകൊണ്ട് എല്ലാ വാക്‌സിനുകളും നിര്‍ജ്ജീവമാക്കിക്കൂടാ എന്ന ചോദ്യം വരും. എന്തുകൊണ്ടെന്നാല്‍ ചില രോഗാണുക്കളെ നിര്‍ജീവാവസ്ഥയില്‍ നമ്മുടെ പ്രതിരോധശേഷിക്ക് തിരിച്ചറിയാന്‍ സാധിക്കുകയില്ല. പക്ഷെ മറ്റു ചില രോഗാണുക്കളെ നിര്‍ജീവാവസ്ഥയിലും തിരിച്ചറിയാന്‍ കഴിയും.

7. എന്തുകൊണ്ടാണ് വാക്‌സിനുകളില്‍ പ്രിസര്‍വേറ്റീവ് ചേര്‍ക്കുന്നത് ?

കൃത്രിമമായ ഒരു ആവാസവ്യവസ്ഥയില്‍ ബാക്ടീരിയയും വൈറസും അധികകാലം നിലനില്‍ക്കില്ല. അതിനാല്‍ വാക്‌സിനുകളുടെ ശേഷി നിലനിര്‍ത്തുന്നതിനായി നാം മനുഷ്യശരീരത്തിനു ദോഷകരമാകാത്ത പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കുന്നു. അതു മാത്രവുമല്ല, വാക്‌സിനുകളില്‍ ഫംഗസോ മറ്റു ഉപദ്രവകാരികളായ ജീവികളോ വളരുന്നതും പ്രിസര്‍വേറ്റിവുകള്‍ തടയും.

8. എല്ലാ കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ കൊടുക്കാമോ ?

പ്രത്യേകിച്ച് രോഗം ഒന്നുമില്ലാത്ത എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ വാക്സിന്‍ കൊടുക്കുന്നതില്‍ നിന്നും ഡോക്ടര്‍ വിലക്കും. സ്റ്റിറോയിഡ് മരുന്നുകള്‍ എടുക്കുന്ന കുഞ്ഞുങ്ങള്‍,വാക്സിന്‍ അലര്‍ജി, മുന്‍കാല വാക്സിനേഷനേഷനില്‍ സന്നിപാതം മുതലായ ഗൗരവമേറിയ റിയാക്ഷന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒക്കെവാക്സിനേഷന്‍ മാറ്റിവയ്ക്കേണ്ടി വരികയോ എടുക്കാന്‍ പറ്റാതെ വരികയോ ചെയ്യാം.ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വാക്സിന്‍ എടുക്കുന്നതാണ് ഉചിതം.

മേല്‍പ്പറഞ്ഞതെല്ലാം വാക്‌സിനേഷനെ പറ്റി നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഇത്രയും കാര്യങ്ങള്‍ വ്യക്തമായും അറിവുണ്ടെങ്കില്‍ ഒരു വാക്‌സിന്‍ വിരുദ്ധരുടെ തട്ടിപ്പിനും നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഇരയാകുകയില്ല.

ഇനി വാക്‌സിന്‍ വിരുദ്ധര്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഒന്നു പരിശോധിക്കാം.

എല്ലാ വാക്‌സിനുകളെപ്പറ്റിയും വിശദമായി എഴുതുന്നത് പ്രായോഗികമല്ലാത്തതിനാല്‍ പ്രധാനമായും പോളിയോ വാക്‌സിന് ഊന്നല്‍ കൊടുക്കുന്നു.

ആരോപണം - 1
'ഓറല്‍ പോളിയോ വാക്‌സിനില്‍ മൂന്നു തരം വൈറസുണ്ട്' (കുറച്ചു അതിശയോക്തി കലര്‍ത്തി സംഭ്രമജനകമായ ടോണില്‍ വായിക്കുക)

യാഥാര്‍ത്ഥ്യം: പോളിയോ വൈറസ് മൂന്നു തരമുണ്ട്.

Type 1: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. പകര്‍ച്ചവ്യാധി ഉണ്ടാക്കുന്നു. ഞരമ്പുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

Type 2: ലോകത്തുനിന്ന്‍ തുടച്ചു നീക്കപ്പെട്ടിരുന്ന വൈറസ് ടൈപ്പ് ആണിത്. വാക്‌സിനേഷന്‍ പ്രോഗ്രാമുകളുടെ വിജയത്തിന്റെ ഏറ്റവും വലിയ തെളിവ്. എന്നാല്‍ 2014-ല്‍ പോളിയോ വിമുക്തമാക്കപ്പെട്ട ഇന്ത്യയില്‍ തന്നെ, രണ്ടുദിവസം മുന്‍പെ ഈ വൈറസ് പ്രത്യക്ഷപ്പെട്ടു. ഹൈദ്രബാദിലെ ജലസാമ്പിളുകളിലാണ് ഇത് കണ്ടു പിടിച്ചത്. വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ ഉണ്ടാക്കുന്ന അതിശക്തമായ പ്രത്യാഘാതങ്ങള്‍ക്ക് ഇതിലും നല്ല തെളിവ് വേറെ ഇല്ല. ടൈപ്പ് 2 വൈറസുകളുടെ ഉയര്‍ന്ന തോതിലുള്ള സാന്നിദ്ധ്യം, വാക്‌സിന്‍ കവറേജ് കുറവാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

Type 3: പോളിയോ വൈറസ് ഞരമ്പുകളെ ബാധിക്കുകയും തളര്‍വാതം ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും ആണിത് പടരുന്നത്. 95 ശതമാനം പോളിയോ അണുബാധയും യാതൊരു രോഗവും ഉണ്ടാക്കുന്നില്ല. 2-3 ശതമാനം ചെറിയൊരു പനി മാത്രമായി ഒതുങ്ങും. 1 ശതമാനം മെനിഞ്ചൈറ്റിസും, ഒരു ശതമാനത്തില്‍ താഴെ മാത്രം കേസില്‍ തളര്‍വാതവും വരും. എന്നിട്ട് എന്തുകൊണ്ടു വാക്‌സിനേഷന്‍? കാരണം, ഒരിക്കല്‍ തളര്‍വാതം പിടിപെട്ടാല്‍ അത് ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല എന്നതുതന്നെ. രണ്ടേ രണ്ടു തുള്ളി വാക്‌സിന് തളര്‍വാതം നൂറു ശതമാനവും തടയാന്‍ കഴിയും.

ഇന്ത്യയില്‍ ടൈപ്പ് 1 വൈറസ് ആണ് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും ഏതു ടൈപ്പിനു വേണമെങ്കിലും പോളിയോ ഉണ്ടാക്കുവാന്‍ കഴിയും. അതുകൊണ്ടാണ് ഒരു നിശ്ചിത അളവില്‍ വീര്യം കുറഞ്ഞ മൂന്നു ടൈപ്പ് വൈറസുകളേയും വാക്‌സിനില്‍ ഉള്‍പ്പെടുത്തുന്നത്. വാക്‌സിന്‍ വൈറസിനു വീര്യം കുറവായതിനാല്‍ പെറ്റുപെരുകുകയോ അസുഖം ഉണ്ടാക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല മൂന്നു ടൈപ്പ് വൈറസിനും എതിരായ പ്രതിരോധശേഷി ശരീരത്തില്‍ ഉത്പ്പാദിപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു. പോളിയോ പകര്‍ച്ചവ്യാധിയുടെ സമയത്ത്, വാക്‌സിനിലൂടെ സൃഷ്ടിക്കപ്പെട്ട ഈ പ്രതിരോധശക്തി, അസുഖത്തില്‍നിന്നും സംരക്ഷിക്കുകയും തളര്‍വാതത്തില്‍നിന്നും നൂറു ശതമാനം സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ആരോപണം - 2
''പനി, ക്യാന്‍സര്‍ മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ കൊടുക്കുവാന്‍ പറ്റില്ല. എന്തുകൊണ്ട് ?''

ഇതിനുള്ള ഉത്തരം മുകളില്‍ പറഞ്ഞു കഴിഞ്ഞു. ഒരു കാര്യം കൂടെ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. Herd Immunity എന്താണെന്ന് നമുക്കൊന്നു പരിശോധിക്കാം. ഉദാഹരണത്തിന് നമ്മുടെ ആര്‍മിയില്‍ ഒരാള്‍ കുറച്ചു ബലഹീനനാണ് എന്നിരിക്കട്ടെ. ആര്‍മിയുടെ മൊത്തത്തിലുള്ള കരുത്തുപയോഗിച്ച് നമ്മള്‍ യുദ്ധം ജയിയ്ക്കുക തന്നെ ചെയ്യും. അതുപോലെ നിങ്ങളുടെ കുഞ്ഞിനു പ്രതിരോധശേഷി കുറവായതുമൂലം വാക്‌സിനേറ്റു ചെയ്യാന്‍ കഴിയാതെ വന്നാല്‍ പോലും, നിങ്ങളുടെ ചുറ്റം ഉള്ള എല്ലാവരും വാക്‌സിന്‍ എടുത്തിരുന്നാല്‍ മാത്രം മതി, പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നതു നിയന്ത്രിക്കാനും വൈറസ് നിങ്ങളുടെ കുഞ്ഞിലേയ്ക്ക് എത്തുന്നത് തടയുവാനും. പോളിയോയുടെ കാര്യത്തില്‍ ഈ Herd Immunity അതിപ്രധാനമാണ്.

ആരോപണം - 3
'പോളിയോ വാക്‌സിന്‍ എടുക്കുന്ന കുട്ടികള്‍ക്കും അവരുമായി ഇടപഴകുന്ന കുട്ടികള്‍ക്കും വളരെ വിരളമായി പോളിയോ ബാധ വരാറുണ്ട്. അങ്ങനെ വന്നാല്‍ അത് മസ്തിഷ്കത്തിനു ക്ഷതമുണ്ടാക്കുകയും പ്രത്യുല്‍പ്പാദനശേഷി നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ജനസംഖ്യ കുറയ്കാനുള്ള വിദേശതന്ത്രമാണ് വാക്‌സിനുകള്‍.'

വാക്‌സിന്‍ വൈറസിനെ പറ്റിയാണ് മേല്‍പ്പറഞ്ഞ ആരോപണത്തില്‍ സൂചിപ്പിക്കുന്നത് (അവര്‍ക്ക് അതിനെപ്പറ്റി വ്യക്തമായ ധാരണ ഇല്ലെങ്കില്‍ കൂടി). ആദ്യം നമുക്ക് വാക്‌സിന്‍ ഡിറൈവ്ഡ് (Vaccine derived) പോളിയോ വൈറസ് എന്താണെന്നു നോക്കാം.

ഇതു കുറച്ചു സങ്കീര്‍ണ്ണമായ വിഷയമാണെങ്കിലും കഴിയുന്നത്ര ലളിതമായി വിശദീകരിക്കാന്‍ ശ്രമിക്കാം. സാധാരണഗതിയില്‍ ലൈവ് വാക്‌സിനുകള്‍ നമ്മള്‍ ഇഞ്ചക്ഷന്‍ ആയാണു കൊടുക്കുന്നത്. വളരെക്കുറച്ചു മാത്രമേ വായിലൂടെ തുള്ളിമരുന്ന് രൂപത്തില്‍ കൊടുക്കുകയുള്ളൂ.

(ഉദാ: പോളിയോ, ടൈഫോറല്‍). ഇത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പോളിയോ വൈറസ് മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പടരുന്നതെന്ന് മുന്‍പേ പറഞ്ഞല്ലോ. ഇപ്രകാരം പടരുന്ന വൈറസ് കുടലിലാണ്  പെറ്റുപെരുകുക. അതിനാല്‍ വാക്‌സിന്‍ ഇഞ്ചക്ഷന്‍ രൂപത്തില്‍ കൊടുത്താലും, അണുബാധ ഉണ്ടാകുന്ന പക്ഷം കുടലില്‍ പെറ്റു പെരുകുന്ന വൈറസുകള്‍ രക്തത്തില്‍ ഉണ്ടായ ആന്റിബോഡികളില്‍ നിന്നും രക്ഷപ്പെടും.

കുടലിനകത്ത് പ്രത്യേകം ആന്റിബോഡികള്‍ രൂപപ്പെട്ടാല്‍ മാത്രമേ ഈ വൈറസുകളെ തടയാന്‍ കഴിയൂ.

പോളിയോ തുള്ളിമരുന്ന് വായിലൂടെ കൊടുക്കുമ്പോള്‍ വാക്‌സിനകത്തുള്ള വീര്യം കുറഞ്ഞ വൈറസ് കുടലിനകത്ത് ആന്റിബോഡികള്‍ സൃഷ്ടിയ്ക്കുകയും ശേഷം രക്തത്തിലേയ്ക്കു കടന്ന് ശരീരം മുഴുവന്‍ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

വീര്യമുള്ള പോളിയോ വൈറസ് പോലെ തന്നെ, വീര്യം കുറഞ്ഞ വാക്‌സിന്‍ വൈറസിനേയും വാക്‌സിന്‍ ലഭിച്ച കുഞ്ഞുങ്ങള്‍ കുടലില്‍ നിന്നും പുറംതള്ളും. ഈ പ്രക്രിയ 6-8 ആഴ്ച വരെ നില്‍ക്കും. ഇതിനിടയില്‍ വാക്‌സിന്‍ വൈറസിനു രൂപപരിണാമം സംഭവിച്ചേക്കാം. ഇതിനെയാണു നമ്മള്‍ vaccine derived polio virus എന്നു പറയുന്നത്. ഇങ്ങനെ രൂപപരിണാമം സംഭവിച്ച വൈറസ് വളരെ വിരളമായി (1/27000000) കേസുകളില്‍ പോളിയോ തളര്‍വാതം ഉണ്ടാക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? പ്രതിരോധ കുത്തിവയ്പ്പ് ശരിയായ രീതിയില്‍ എടുക്കാത്ത ജനവിഭാഗമാണ് ഇതിനുത്തരവാദി. Herd immunity എത്ര കുറവായിരിക്കുന്നുവോ അത്രയുമധികം കാലം ഈ വൈറസുകള്‍ ജീവിക്കും. കൂടുതല്‍ കാലം ജീവിക്കും തോറും കൂടുതല്‍ രൂപപരിണാമം സംഭവിക്കും. പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ജനവിഭാഗത്തില്‍ വീര്യമുള്ള വൈറസും വാക്‌സിനില്‍ നിന്നുള്ള വൈറസും മൂലമുള്ള പോളിയോ തളര്‍വാതത്തില്‍ നിന്നും 100 ശതമാനം സംരക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ഇനി തലച്ചോറിനു ക്ഷതമേല്‍ക്കും, വന്ധ്യത ഉണ്ടാക്കും മുതലായ ആരോപണങ്ങള്‍ക്കുള്ള ഏറ്റവും ലളിതമായ മറുപടി. ഇന്ത്യയിലെ ജനസംഖ്യ 121 കോടി, ലോകജനസംഖ്യ 700 കോടി. വാക്‌സിനേഷന്‍ വന്ധ്യത ഉണ്ടാക്കുമെങ്കില്‍ ജനസംഖ്യ കൂടുകയല്ലാതെ കുറയാത്തതെന്താണ്?

ഇനി ഇതിനുള്ള ഗൗരവമേറിയ മറുപടി. ടെറ്റനസ് വാക്‌സിനേഷനെതിരേ കെനിയന്‍ ബിഷപ്പുമാര്‍ പടച്ചുവിട്ട കഥയാണ് ഈ വന്ധ്യത, ബ്രെയിന്‍ ഡാമേജ് ആരോപണം. എല്ലാ ആരോപണങ്ങളും ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെറ്റാണെന്ന്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഓരോന്നും ഇവിടെ ചേര്‍ക്കാനുള്ള സ്ഥലപരിമിതി മൂലം അതൊഴിവാക്കുന്നു.

ആരോപണം - 4
'വാക്‌സിനില്‍ മെര്‍ക്കുറിയുണ്ട്. ഇത് ഓട്ടിസം ഉണ്ടാക്കും. അമേരിക്കയിലെ വാക്‌സിനില്‍ മെര്‍ക്കുറിയില്ല. ഇന്ത്യയില്‍ ഇപ്പോഴും മെര്‍ക്കുറിയുള്ള വാക്‌സിന്‍ ഉപയോഗിക്കുന്നു'.

വാക്സിന്‍ വിരുദ്ധര്‍ "മെര്‍ക്കുറി" എന്നും പറ‍ഞ്ഞു പേടിപ്പിക്കുന്ന സംഭവം മള്‍ട്ടി വയല്‍ വാക്സിനുകളില്‍ പ്രിസര്‍വേറ്റീവായി ഉപയോഗിക്കുന്ന " തൈമെറോസാല്‍” എന്ന പദാര്‍ഥമാണ്. (ഇതില്‍ ഓര്‍ഗാനിക്ക് മെര്‍ക്കുറി ഉണ്ട്). പ്രിസര്‍വേറ്റീവുകളുടെ ഉപയോഗം മുന്‍പെ വിവരിച്ചതാണല്ലോ. DT, DT, Influenza Vaccine മുതലായ വാക്സിനുകളിലാണ് ഇതുള്ളത്. 1999ല്‍ തൈമെറോസാല്‍ അടങ്ങിയ വാക്സിനുകള്‍ US ല്‍ തിരികെ എടുക്കുകയുണ്ടായി. അതിനുള്ള കാരണം വാക്സിനില്‍ അടങ്ങിയ മെര്‍ക്കുറി അംശം EPA guideline safety level ന് മുകളിലാണ് എന്ന വാര്‍ത്ത പരന്നതു മൂലമാണ്. പക്ഷേ EPA safety level മീഥൈല്‍ മെര്‍ക്കുറിക്കു മാത്രമേ ബാധകമാവൂ. തൈമെറോസാലില്‍ ഈഥൈല്‍ മെര്‍ക്കുറി ആണുള്ളത്.

ഇനി ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്നു നോക്കാം. മീഥൈല്‍ മെര്‍ക്കുറി ഒരു വിഷ പദാര്‍ഥമാണ്. അതു ശരീരത്തില്‍ അടിഞ്ഞു കൂടുകയും, ഞരമ്പുകള്‍ക്ക് കേടുപാടു വരുത്തുകയും ചെയ്യുന്നു. എന്നാല്‍ തൈമെറോസാല്‍ (ഈഥൈല്‍ മെര്‍ക്കുറി) ശരീരത്തില്‍ അടിഞ്ഞു കൂടുന്നില്ല. അതു ശരീരം പൂര്‍ണ്ണമായും പുറംതള്ളുന്നു. അതിനാല്‍ തന്നെ സുരക്ഷിതവും ആണ്

വാക്സിനുകള്‍ ഓട്ടിസം ഉണ്ടാക്കില്ല എന്ന് വളരെ വിപുലമായ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളതാണ് മറിച്ചു വാക്സിന്‍ ഓട്ടിസം ഉണ്ടാക്കും എന്നതിന് യാതൊരു തെളിവും ഇത് വരെ ആര്‍ക്കും പ്രദാനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.വാക്സിന്‍ വിരുദ്ധര്‍ തന്നെ നടത്തിയ പഠനത്തിലും വാക്സിന്‍ ഓട്ടിസം ഉണ്ടാക്കില്ല എന്ന് അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു. വിശദമായ പഠനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ഇതെഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളില്‍ ഭൂരിഭാഗവും DPT വാക്സിന്‍ എടുത്തിട്ടുണ്ട്. ഇതില്‍ എത്ര പേര്‍ക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ട്?

ഈ ആരോപണങ്ങള്‍ കണ്ണുമടച്ചു വിശ്വസിച്ച് വാക്സിനേഷന്‍ എടുക്കാഞ്ഞതു മൂലം മലപ്പുറത്തു കുട്ടികള്‍ ഡിഫ് ത്തീരിയ ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നു- ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ. പലരും അത്യാസന്ന നിലയില്‍ ആശുപത്രിയിലും.

ഇനി എന്തുകൊണ്ട് അമേരിക്കയെ പോലെ ഇന്ത്യയിലും തൈമെറോസാല്‍ ഇല്ലാത്ത ഒറ്റ വയല്‍ (vial) വാക്സിന്‍ ഉപയോഗിച്ച് ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തിക്കൂടാ എന്ന ചോദ്യത്തിനുള്ള ഉത്തരം - Single vial ഉപയോഗിക്കുവാനുള്ള സാമ്പത്തികശേഷി നമുക്കില്ല. വികസ്വര രാജ്യങ്ങള്‍ 2-20 ഡോസ് വരെ അടങ്ങുന്ന multi dose vial ആണ് ഉപയോഗിക്കുന്നത്. ഇതു നിര്‍മ്മിക്കുവാനും കേടുപാടുകൂടാതെ സൂക്ഷിക്കുവാനും, ട്രാന്‍സ്പോര്‍ട്ടു ചെയ്യുവാനുമുള്ള ചെലവ് വളരെ കുറവാണ്.

ആരോപണം - 5
'മ്യതശരീരം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ ആണ് പാതി ചത്ത ഈ വൈറസുകളെ പ്രിസര്‍വ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. കുരങ്ങന്റെ ചലം, വൃഷ്ണം പഴുപ്പിച്ച ചലം, പന്നിയുടെ തലച്ചോര്‍ പഴുപ്പിച്ച ചലം - ഇതൊക്കെയാണ് വാക്‌സിനിലുള്ളത് ' (സംഭ്രമജനമായ ടോണില്‍ വായിക്കുക)

ഈ പറയുന്ന മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നവര്‍ക്കും ഇതു വിശ്വസിക്കുന്നവര്‍ക്കും ബേസിക് ബയോളജിയെ പറ്റിയുള്ള പരിജ്ഞാനം കുറവാണ് എന്ന് സാരം. വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ നാം ആശ്രയിക്കുന്നത് സെല്‍ കള്‍ച്ചറുകളെയാണ്. അതായത്, ഏതെങ്കിലും ഒരു ജീവിയുടെ ഒരു കോശം എടുത്ത് ലാബിലെ കൃത്രിമമായ അന്തരീക്ഷത്തില്‍ അതിനെ മള്‍ട്ടിപ്ലൈ ചെയ്യുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സെല്‍ കള്‍ച്ചറുകളില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനാവശ്യമായ ബാക്ടീരിയകളെയും വൈറസുകളെയും വളര്‍ത്തിയെടുക്കുന്നു.

ഇനി പഴുപ്പ് എന്നു പറയുന്നത്, അണുബാധയെ പ്രതിരോധിക്കാന്‍ വേണ്ടി ശരീരം നിര്‍മിക്കുന്ന ശ്വേതരക്താണുക്കള്‍ ആണ്. ഇതും, ചത്തുപോയ അണുക്കളും സ്രവവും എല്ലാം കൂടി ചേരുമ്പോള്‍ ചലം ആകും. ചലം ജീവനുള്ള മനുഷ്യ ശരീരത്തിലോ മൃഗശരീരത്തിലോ മാത്രമേ ഉണ്ടാകൂ. സെല്‍ കള്‍ച്ചറുകളില്‍ ചലം ഇല്ല ഇത് വാക്സിനെ കുറിച്ച് അറപ്പ് ഉണ്ടാക്കാന്‍ വേണ്ടിയുള്ള അവാസ്തവ പ്രചരണം മാത്രമാണ്.

വാക്സിന്‍ നിര്‍മ്മിതിയില്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നത് വൈറസിന്റെയും ബാക്ടീരിയയുടെയും എല്ലാം വീര്യം കുറയ്ക്കാന്‍ വേണ്ടി ആണ്.ഇത് വളരെ നേരിയ അളവിലാണ് ഉപയോഗിക്കുക ശരീരത്തിനുള്ളിലെ രാസപ്രവര്‍ത്തനങ്ങളിലൂടെ അതിലേറെ ഫോര്‍മാല്‍ഡിഹൈഡ് നമ്മുടെ ശരീരത്തില്‍ തന്നെ ഉണ്ടാവാറുണ്ട്.ഇതുപോലെ തന്നെയാണ് അലുമിനിയവും, വാക്സിനുകളില്‍ ഉപയോഗിക്കുന്ന ആന്റിബൈയോട്ടിക്കുകളും.

വാക്‌സിനേഷന്‍ എടുക്കാതെ സാംക്രമികരോഗങ്ങള്‍ വന്നു മരിക്കുന്ന കൂഞ്ഞുങ്ങളുടെ എണ്ണം അപകടകരമാംവിധം സാക്ഷര കേരളത്തില്‍ വര്‍ധിക്കുന്നു എന്നത് അത്യന്തം ആശങ്കാജനകമാണ്. ഒന്നു മനസിലാക്കുക, പാസ്ചറെയും, ജന്നറെയും പോലുള്ളവര്‍ ജീവിതം ഹോമിച്ച് ഈ കണ്ടുപിടുത്തങ്ങളൊക്കെ നടത്തിയത് സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല, കോടിക്കണക്കിന് ജനങ്ങള്‍ ഇത്തരം മാരക രോഗം വന്നു മരിച്ചു വീഴുന്നത് തടയാന്‍ വേണ്ടിയാണ്. ആധുനിക വൈദ്യശാസ്ത്രം വാക്‌സിന്‍ വിരുദ്ധരെപ്പോലെയോ മുറിവൈദ്യന്‍മാരെപ്പോലെയോ തെളിവില്ലാതെ വായില്‍ തോന്നിയത് പറയുന്ന പരിപാടിയല്ല. ഒരോ വാക്കിനും ഒരോ കണക്കിനും തെളിവുകളുണ്ട്, പഠനങ്ങളുണ്ട്. വാക്‌സിനേഷന്‍ വേണ്ടെന്നു വച്ചാല്‍ പകര്‍ച്ച വ്യാധി വന്നു മരിക്കും എന്നതിന്, മരിച്ചു വീഴുന്ന ഒരോ കുട്ടിയും തെളിവാണ്. അതില്‍ നാളെ നിങ്ങളുടെ കുഞ്ഞും ഉണ്ടാവാതെയിരിക്കട്ടെ.

93 ശതമാനം സാക്ഷരത എന്ന്‍ ഊറ്റം കൊള്ളുന്ന പ്രബുദ്ധ മലയാളി സമൂഹം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്തുക :

1. വാക്‌സിനേഷനെതിരെ ദുഷ്പ്രചരണം നടത്തി സമൂഹത്തില്‍ പകര്‍ച്ചവ്യാധികള്‍ തിരിച്ചു കൊണ്ടുവരുന്നവരുടെ ഗൂഢമായ ഉദ്ദേശം എന്താണ്?

2. വാക്‌സിനേഷന്‍ എടുക്കുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ച്, കുഞ്ഞുങ്ങള്‍ രോഗം വന്നു മരിക്കാന്‍ ഇടയാക്കി ഇവര്‍ 'ജനസംഖ്യ വര്‍ധന'വിന് തടയിടാന്‍ ശ്രമിക്കുകയാണോ?

3. വാക്‌സിനേഷനെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കും പഠനങ്ങള്‍ അടക്കമുള്ള വ്യക്തവും വിശദവുമായ ആധികാരിക തെളിവുകള്‍ ഹാജരാക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രം തയറാണ് (എല്ലാം ഇന്റര്‍നെറ്റില്‍ ഓപ്പണ്‍ ആയി ലഭ്യവുമാണ്). വാക്‌സിന്‍ വിരുദ്ധരുടെ ഏതെങ്കിലും ഒരു ആരോപണം ഇന്നുവരെ ആധികാരികമായി അവര്‍ തെളിയച്ചിതിന്റെ രേഖ ആരെങ്കിലും കണ്ടിട്ടുണ്ടോ? (എന്നാല്‍ ആരോപണമെല്ലാം തെറ്റാണെന്ന് ശാസ്ത്രീയമായി തെളിയിച്ചതിന്റെ രേഖ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പക്കലുണ്ട്).

ചിന്തിക്കുക. ശരിയായ തീരുമാനങ്ങള്‍ എടുക്കുക.

കടപ്പാട് : അഴിമുഖം

അവസാനം പരിഷ്കരിച്ചത് : 6/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate