অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അവയവ ദാനം

അവയവ ദാനം

ഓഗസ്റ്റ് 13, അന്താരാഷ്ട്ര അവയവദാന ദിനമായി നാം കൊണ്ടാടി. ഒട്ടും ചിലവില്ലാതെ ഏവർക്കും സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന നന്മയുടെ സന്ദേശമോതി ലോകമെമ്പാടും ആചരിക്കുന്ന ദിനം. ലോകമെമ്പാടും ഇന്ന് ഏറ്റവുമധികം ചർച്ചകൾ നടക്കുന്ന ഒരു വിഷയമാണ് അവയവദാനം, വളരെ അനുഭാവപൂർവം പരിഗണിക്കപ്പെടുന്ന ഒരു പ്രവർത്തിയും.

അന്താരാഷ്‌ട്ര സാഹചര്യം മാറ്റി നിർത്തി നമുക്ക് ഇന്ത്യയിലെ സാഹചര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. നമ്മുടെ രാജ്യത്ത് ഇപ്പോൾ ഏകദേശം 130 കോടി ജനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, ലോകത്തിൽ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം. എന്നാൽ അധികമാരും അറിയാൻ ഇടയില്ലാത്ത ചില സ്ഥിതിവിവരക്കണക്കുകളിലേക്ക് നമുക്കൊന്ന് ശ്രദ്ധിക്കാം.

ലോകം മുഴുവൻ മൂന്നരക്കോടി അന്ധരുണ്ടെന്നാണ് കണക്കുകൾ, അതിൽ ഒന്നരക്കോടിയിലധികം മനുഷ്യരും നമ്മുടെ രാജ്യത്താണ് ജീവിക്കുന്നത്. അതായത് അന്ധരുടെ ജനസംഖ്യയിൽ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം. ഇതൊരിക്കലും നമുക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒന്നല്ല, സഹതപിക്കാനുമല്ല. മറിച്ച് ചിന്തിക്കേണ്ട ഒന്നാണ്.

മുകളിൽ പറഞ്ഞ ഒന്നരക്കോടി മനുഷ്യരുടെ കാര്യത്തിൽ 75 ശതമാനം ആളുകളുടെ അന്ധതയും നാമൊന്നായി ശ്രമിച്ചാൽ മാറ്റാൻ കഴിയുന്നതാണ്. അതായത് ഒരുകോടിയിലധികം ആളുകൾക്ക് സുന്ദരമായ ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കാൻ നമുക്ക് കഴിയും. പക്ഷേ എന്താണ് അതിനൊരു തടസ്സമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നത്?

തടസ്സങ്ങളിൽ പ്രധാനം മാറ്റിവയ്ക്കാനുള്ള അവയവങ്ങൾ ലഭ്യമല്ല എന്നതാണ്. ഇത്രയധികം ജനസംഖ്യയുള്ള രാജ്യമായിട്ടും അവയവദാതാവിനെ കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. നേത്രചികിത്സകരുടെ അഭാവത്തോടൊപ്പം കണ്ണ് ദാനം ചെയ്യുന്നവരുടെ കുറവും ഒരു വലിയ കാരണമാണ്.

നമ്മുടെ രാജ്യത്ത് അന്ധതയനുഭിക്കുന്നവരിൽ മൂന്നിലൊന്നും കുട്ടികളാണ്. കോർണിയ സംബന്ധമായ പ്രശ്നങ്ങളാണ് ഇവരിൽ ഏറെ കുട്ടികൾക്കും. ഒരു വർഷം പതിനായിരത്തിലധികം കോർണിയ മാറ്റിവയ്ക്കലുകൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും അന്ധതയനുഭിക്കുന്നവരുടെ എണ്ണത്തോട് താരതമ്യം ചെയ്യുമ്പോൾ വളരെ നിസാരമാണ് അത്. നമ്മുടെ കണ്ണുകൾ ദാനം ചെയ്യാൻ നാം തയ്യാറായാൽ പരിഹരിക്കാൻ കഴിയുന്ന ഒരു സാഹചര്യം മാത്രമാണിത്. എന്താ? നമുക്ക് നമ്മുടെ കണ്ണുകൾ ദാനം ചെയ്തുകൂടെ?

ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നത് നമുക്കെല്ലാം ബോധ്യമുള്ളതാണ്. മരണാനന്തരം നമ്മുടെ കണ്ണുകളും ഉപയോഗശൂന്യമാണ്‌. വെറുതേ അവ മണ്ണിനോട് ചേരുന്നു അല്ലെങ്കിൽ എരിഞ്ഞില്ലാതാകുന്നു. അപ്പോൾ എന്തുകൊണ്ട് നമുക്കവ ദാനം ചെയ്തുകൂട? നാം കണ്ട സുന്ദരമായ ഈ ലോകം കാണാൻ, അതിനവസരം ലഭിച്ചിട്ടില്ലാത്ത രണ്ടുപേർക്കെങ്കിലും അവസരം നൽകാൻ നമ്മളാൽ സാധിക്കും.

അവയവദാനമെന്നത് കണ്ണുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഹൃദയം, കിഡ്നികൾ, ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) തുടങ്ങി നമ്മുടെ ശരീരത്തിലെ പല അവയങ്ങളും നമുക്ക് ദാനം ചെയ്യാൻ സാധിക്കും. അവയവദാനം മൂലം ഒരാളാൽ കുറഞ്ഞത് 8 പേർക്കെങ്കിലും ഗുണം ചെയ്യുമ്പോൾ നമ്മുടെ കണ്ണുകൾ 50 പേർക്ക് വരെ ഗുണം ചെയ്യാം. കണ്ണിലെ കോശങ്ങള്‍ 50 പേർക്ക് വരെ പകുത്തു നൽകാൻ സാധിക്കും, ടിഷ്യൂ സംബന്ധമായ കാഴ്ചാ വൈകല്യങ്ങളുള്ള നിരവധിപേർക്ക് ഒരാളുടെ കണ്ണുകൾ മൂലം കാഴ്ച ലഭിക്കും. അതായത് നമ്മൾ ഓരോരുത്തരാലും ഒരുപക്ഷേ 58 പേർക്ക് വരെ പുതുജീവൻ നൽകാൻ നമുക്ക് സാധിക്കും.

ലളിതമായി ചിന്തിക്കാം. നാം ദാനം ചെയ്യുന്ന നമ്മുടെ കണ്ണുകളാൽ ഒരു കുട്ടിക്ക് കാഴ്ച ലഭിക്കുന്നുവെന്ന് കരുതുക. ആ കുട്ടി നാളെയൊരു ഡോക്ടറോ ശാസ്ത്രജ്ഞനോ പൊതുപ്രവർത്തകനോ ഒക്കെയായി സമൂഹത്തിന് നാം ചെയ്യാതെ പോയ നന്മകൾ ചെയ്യുന്ന ഒരാളായി മാറിയേക്കാം. അതുമൂലം നമ്മുടെ സമൂഹത്തിന്റെ അഭിവൃദ്ധിയിൽ നമ്മളും പങ്കുചേരുകയാണ്. അല്ലെങ്കിൽ ഒരാള്‍ക്ക് ഇതുവരെ കാണാൻ സാധിക്കാത്ത അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ടവരെ മരിക്കും മുൻപ് കാണാനൊരവസരം നൽകിയേക്കാം. നമ്മുടെ ഹൃദയം ഒരു പക്ഷേ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായ ഒരാളെ രക്ഷിച്ചേക്കാം.

എന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഞാൻ ഒപ്പുവെച്ചു, അതോടൊപ്പം എന്റെ പ്രിയപ്പെട്ടവരെ ഞാൻ ഈ വിവരം ധരിപ്പിച്ചിട്ടുമുണ്ട്. ഞാൻ മരിക്കുമ്പോൾ എന്റെ അവയവങ്ങൾ ദാനം ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തിയതോടൊപ്പം അവരുടെ അവയവങ്ങളും ദാനം ചെയ്യാൻ എന്നാൽ കഴിയുന്ന രീതിയിൽ ശ്രമങ്ങൾ തുടരുന്നു. നിങ്ങൾക്കും നിങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാം, അതിനായി നിങ്ങളുടെ അടുത്തുള്ള ഐ ബാങ്കോ / അവയവദാന കേന്ദ്രമോ സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു. ഓർക്കുക, ഇതിനായി യാതൊരുവിധ ചിലവും നിങ്ങൾക്കുണ്ടാകുന്നില്ല.

ഓൺലൈനായും നിങ്ങൾക്ക് നിങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാം, അതിന് സഹായകമായ ചില ലിങ്കുകൾ ചുവടെ നൽകുന്നു.

ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ - http://www.ebai.org/
മോഹൻ ഫൗണ്ടേഷൻ - http://www.mohanfoundation.org/
ഡൊണേറ്റ് ഓർഗൻസ് സേവ് ലൈവ്‌സ് - http://donatelifeindia.org/
ഓർഗൻ ഇന്ത്യ - http://www.organindia.org/
ഗിഫ്റ്റ് എ ലൈഫ് - http://giftalife.org/

 

കടപ്പാട് : അഴിമുഖം

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate