രാജ്യത്തിന്റെ മനുഷ്യവിഭവശേഷി വികാസം പ്രാപിക്കുന്നതിന് ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഉയരങ്ങളിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം സാങ്കേതിക വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളുടെ ലഭ്യത എല്ലാ മേഖലകളിലും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇതിനനുസൃതമായി ഉന്നത വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണത്തിലും ആനുപാതികമായ വര്ധനവുണ്ടാവണം. എന്നാല്‍, ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ പലരേയും ഇതില്‍ നിന്നും അകറ്റുന്നു. പ്രൈമറി വിദ്യാഭ്യാസം എല്ലാവര്ക്കും നല്കാന് സര്‍ക്കാരിന് നിരവധി പദ്ധതികളുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ നേരിടുക എന്നത് സര്‍ക്കാരിന് പ്രായോഗികമല്ല; ഇവിടെയാണ് വിദ്യാഭ്യാസ വായ്പയുടെ പ്രസക്തി.
പണമില്ലെന്ന ഒറ്റക്കാരണത്താല്‍ മിടുക്കരായ വിദ്യാര്‍ഥികളുടെ ഉന്നതപഠനം വഴിമുട്ടി പോകുന്ന സാഹചര്യം ഒഴിവാക്കണം. ഇതിന് ബാങ്ക് പോലെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന മാതൃകാ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ടു വരുന്നത്.
വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശയകുഴപ്പത്തിലായിരിക്കും. വായ്പയ്ക്ക് എവിടെ, എങ്ങനെ അപേക്ഷിക്കണം? എത്ര തുക വരെ ലഭിക്കും? എന്തെല്ലാം കോഴ്സിന് കിട്ടും? പലിശനിരക്ക് എത്ര? സബ്സിഡിക്ക് അര്‍ഹതയുണ്ടോ? തിരിച്ചടവ് കാലാവധിയെത്ര? യഥാസമയത്ത് അടച്ച് തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യും? അപേക്ഷ ബാങ്ക് നിരസിച്ചാല്‍ എന്ത് ചെയ്യണം? തുടങ്ങി നൂറായിരം സംശയങ്ങള്‍.
ബാങ്ക് വായ്പാ രീതികളെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവും. വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കലാണ് വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ലക്ഷ്യം. മിക്കവാറും എല്ലാ മുന്‍നിരബാങ്കുകളും സബ്സിഡിയോടു കൂടിയ വിദ്യാഭ്യാസവായ്പ ലഭ്യമാക്കുന്നുണ്ട്. പലിശനിരക്കിലും വായ്പാ നിബന്ധനകളിലും ചില ചെറിയ വ്യത്യാസങ്ങള്‍ ബാങ്കുകള്‍ തമ്മില്‍ കണ്ടേക്കാം.
പ്ലസ്ടു അഥവാ തത്തുല്യയോഗ്യത പൂര്‍ത്തിയാക്കിയതിനുശേഷം പ്രവേശനപരീക്ഷയോ യോഗ്യത അടിസ്ഥാനമാക്കി മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കോ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചാല്‍ വായ്പയ്ക്കായി അപേക്ഷിക്കാം.
പാസായ പരീക്ഷയുടെ മാര്ക്ക്ലിസ്റ്റ്, പുതിയ കോഴ്സിന് അഡ്മിഷന് ലഭിച്ചതിനുള്ള തെളിവ്, പേര്,വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ എന്നിവ അത്യാവശ്യമാണ്. ഈട് ആവശ്യമെങ്കില്‍ അതിനുള്ള രേഖകളും നല്‍കണം.
ഈ പ്രക്രിയ ആവശ്യമില്ലാത്ത ചില ബിരുദാനന്തര കോഴ്സുകള്‍ക്കു, പ്രവേശനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാലും മതിയാകും. അപേക്ഷ മാതാപിതാക്കളുടെ സ്ഥിരമായ താമസസ്ഥലത്തിനോ, പഠനം നടത്തുന്ന സ്ഥാപനത്തിന്റെയോ ഏറ്റവും അടുത്ത ബാങ്ക് ശാഖയില്‍ വേണം സമര്‍പ്പിക്കാന്‍.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്താണ് താമസമെങ്കില്‍ സ്ഥിരതാമസമായി കണക്കാക്കും. പഠനസ്ഥലത്തിനടുത്താണ് വായ്പ ലഭിക്കുന്നതെങ്കില്‍ പഠനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ താമസസ്ഥലത്തിനടുത്തുള്ള ശാഖയിലേക്ക് വായ്പ മാറ്റണം.
ഓണ്‍ലൈനായും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഒരേ കുടുംബത്തിലുള്ള രണ്ട് ആള്‍ക്കുവരെ (ഇരട്ടക്കുട്ടികളാണെങ്കില്‍ 3 ആള് വരെ) അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള ഏതു കോഴ്സിലും നിയമാനുസൃതം പ്രവേശനം നേടിയ ഇന്ത്യന്‍ പൗരത്വമുള്ള ഏതു വിദ്യാര്‍ഥിക്കും ഇന്ത്യയിലോ വിദേശത്തോ ഉള്ള പഠനത്തിന് വായ്പയ്ക്ക് അര്‍ഹതയുണ്ട്.
മാനേജ്മെന്റ് ക്വാട്ടയില്‍ നേരിട്ട് പ്രവേശനം ലഭിക്കുന്നവര്‍ക്ക് അതതു ബാങ്കുകള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പ ലഭിക്കും. അത്തരം വായ്പകള്‍ക്കു പലിശ സബ്സിഡി ലഭ്യമല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവേശനപരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ മെറിറ്റ് ലിസ്റ്റില്‍ അര്‍ഹതയുള്ളൂ.
സംസ്ഥാനത്തിനു പുറത്തുള്ള സ്വാശ്രയ കോളേജുകള്‍ നടത്തുന്ന പ്രവേശനപരീക്ഷ പാസായി പ്രവേശനം നേടുന്ന അപേക്ഷകരെ മാനേജ്മെന്റ് ക്വാട്ടയായി മാത്രമേ പരിഗണിക്കൂ. അവര്‍ക്ക് ബാങ്ക് നിര്‍ദേശിക്കുന്ന കുറഞ്ഞ മാര്‍ക്ക് ഉണ്ടായിരിക്കുകയും വേണം. അത്തരക്കാര്‍ക്ക് ജനറല്‍ കാറ്റഗറിയില്‍ 60 ശതമാനവും SC/ST/Girls കാറ്റഗറിയില്‍ 50 ശതമാനവും മാര്‍ക്ക് ലഭിച്ചിരിക്കണം.
ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ വാടക, ബോഡിങ് ചെലവുകള്‍, പുസ്തകങ്ങള്‍, ലൈബ്രറി, ലാബ് ഫീസുകള്‍, കമ്പ്യൂട്ടര്‍, യൂനിഫോം, പ്രൊജക്ട് വര്‍ക്ക്, സ്റ്റഡി ടൂര്‍ തുടങ്ങിയവ അനുവദിക്കപ്പെട്ട ചെലവുകളില്‍ പെടുന്നു.
പ്രായം സംബന്ധിച്ച നിബന്ധനകളില്ല. 18 വയസ്സിന് താഴെയാണെങ്കില്‍ രക്ഷിതാവ് മൈനര്‍ക്കുവേണ്ടി രേഖകള്‍ ഒപ്പിടുകയും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇതുസംബന്ധിച്ച് അംഗീകാരം നേടുകയും വേണം.
ഡൊണേഷന്‍, ക്യാപിറ്റേഷന്‍ ഫീസ് എന്നിവയ്ക്ക് ബാങ്ക് വായ്പ ലഭ്യമല്ല. ചില ബാങ്കുകള്‍, സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന ഡെപ്പോസിറ്റ് വായ്പ നല്‍കുന്നുണ്ട്. കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ തുക ബാങ്കിന് തിരിച്ചുനല്‍കാമെന്ന് മാനേജ്മെന്റുമായി ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്.
ഇതിന്റെ പലിശ പഠനകാലയളവില്‍ തിരിച്ചടയ്ക്കണം. അംഗീകൃത ചെലവുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഗവ./സെല്‍ഫ് ഫൈനാന്‍സിങ് കോളേജുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചെലവുകളുടെ അടിസ്ഥാനത്തിലായിരിക്കും.
വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലേക്കു നേരിട്ട് അതത് സമയത്താണ് തുക അയച്ചുകൊടുക്കുക. ഓരോ വര്‍ഷവും വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയത്ത് വിദ്യാര്‍ഥികള്‍ ബാങ്കില്‍ ഹാജരാക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ചെലവുകള്‍ അനുവദിക്കില്ല.
വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന വായ്പയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഇന്ത്യയില്‍ പഠനത്തിന് 10 ലക്ഷം രൂപവരെയും വിദേശപഠനത്തിന് 20 ലക്ഷം രൂപവരെയും ലഭിക്കും.
ആവശ്യപ്പെടുന്ന വായ്പയുടെ നിശ്ചിത ശതമാനം തുക മാര്‍ജിനായി വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. 4 ലക്ഷം വരെയുള്ള വായ്പക്ക് മാര്‍ജിന്‍ ആവശ്യമില്ല. 4 ലക്ഷത്തിന് മുകളില്‍ ഇന്ത്യയിലെ പഠനത്തിന് 5 ശതമാനവും വിദേശപഠനത്തിന് 15 ശതമാനവും മാര്‍ജിന്‍ മണിയായി നിക്ഷേപിക്കണം.
ഇന്ത്യയില്‍ പഠനത്തിന് 7.5 ലക്ഷംവരെ ഈട് ആവശ്യമില്ല. 7.5 ലക്ഷത്തിന് മുകളില്‍ വായ്പ തുകയുടെ അത്രയും വരുന്ന ഈട്, വിദേശപഠനത്തിന് വായ്പ തുകയുടെ അത്രയും വരുന്ന ഈട് നിര്‍ബന്ധം. ആവശ്യമായി വന്നാല്‍ വിദേശപഠനത്തിന് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക യോഗ്യതാ സര്‍ട്ടിഫിക്കറ്റ് (Capability certificate) നല്കാന് വ്യവസ്ഥയുണ്ട്.
ഭൂമിയുടെ ആധാരം, പോസ്റ്റ് ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷൂറന്‍സ് പോളിസികള്‍, ബാങ്ക് നിക്ഷേപ പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണം എന്നിവയും തേര്‍ഡ് പാര്‍ട്ട് ഗ്യാരന്റിയും ഈടായി സ്വീകരിക്കാറുണ്ട്. വായ്പയ്ക്ക് വിദ്യാര്‍ഥിയുടെ ഭാവി വരുമാനത്തിന്മേല് അവകാശം ഉണ്ടായിരിക്കുന്നതാണ്.
(അതായത് വായ്പയെടുത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷവും കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്ന കാലത്തോളം അവന്/അവള് സ്വന്തമാക്കുന്ന സ്വത്ത് വകകളില്‍/വരുമാനത്തില്‍ പ്രസ്തുത ബാങ്കിന് അവകാശമുണ്ടായിരിക്കും).
വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും കൂട്ടുത്തരവാദിത്വത്തിലായിരിക്കും വായ്പ ലഭിക്കുന്നത്. മാതാപിതാക്കളുടെ അഭാവത്തില്‍ കോടതി നിശ്ചയിക്കുന്ന രക്ഷിതാവിന് കൂട്ടുത്തരവാദി ആകാം.
സാധാരണയായി 7.50 ലക്ഷംവരെ ബേസ് റേറ്റിന്റെ 2 ശതമാനം. 7.50 ലക്ഷത്തിനു മുകളില്‍ ബേസ്റേറ്റിന്റെ 1.60% കൂടുതല്‍ പലിശയാണ് ഈടാക്കുന്നത്. പലിശനിരക്കുകളില്‍ വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത നിരക്കുകള്‍ നിലവിലുണ്ട്.
കാലാവധി തീയതിവരെ (മോറട്ടോറിയം ഉള്‍പ്പെടെ) സാധാരണ പലിശയും അത് കഴിഞ്ഞ് കൂട്ടുപലിശയും ഈടാക്കും. കാലാവധി കാലത്ത് വ്യവസ്ഥകള്‍ക്ക് വിധേയമായി പലിശ സബ്സിഡി ലഭ്യമാണ്. ഇത്തരം പലിശയിളവുകള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ അര്‍ഹരല്ല.
പെണ്‍കുട്ടികള്‍ക്ക് 0.5% പലിശയിളവ് ലഭിക്കും. തിരിച്ചടവ് ആരംഭിക്കുന്നതിന് മുമ്പുതന്നെ അതത് സമയത്തെ പലിശ അടയ്ക്കുന്നവര്‍ക്ക് പലിശയില്‍ 0.5% ഇളവ് ലഭിക്കും.
പിഴപ്പലിശ
തിരിച്ചടവില്‍ പിഴവ് വന്നാല്‍ 25000 രൂപവരെ പിഴപ്പലിശയില്ല. അത്കഴിഞ്ഞ് ലക്ഷം രൂപ വരെ 1 ശതമാനവും 2 ലക്ഷത്തിനു മുകളില്‍ 2 ശതമാനവും പിഴപ്പലിശ ഈടാക്കും. കാലാവധിക്ക് മുമ്പായി പണം അടയ്ക്കുന്നതിന് പിഴ ചുമത്തുന്നില്ല.
ഇന്‍ഷൂറന്‍സ്
വിദ്യാര്‍ഥികളുടെ ആവശ്യാനുസരണം ലോണ്‍ തുകയ്ക്ക് അനുസരിച്ചുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ലഭ്യമാക്കാവുന്നതാണ്. കൂടാതെ 16.9.2015ന് ശേഷം അനുവദിക്കപ്പെട്ട വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പക്കായുള്ള Credit Guarantee Fund Scheme for Education Loan (CGFSEC) ന്റെ ആനുകൂല്യവും ലഭിക്കും. പദ്ധതിയനുസരിച്ച് IBA നിര്‍ദേശങ്ങള്‍ക്ക് അനുസരണമായി നല്കപ്പെട്ട വായ്പയുടെ കുടിശ്ശിക സംഖ്യയുടെ 75% ഗാരന്റി ലഭിക്കും. 0.50 ശതമാനമാണ് ഗാരന്റി ഫീ ആയി അടക്കേണ്ടത്.
കോഴ്സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം തിരിച്ചടവ് ആരംഭിക്കും. 15 വര്‍ഷംവരെ തിരിച്ചടവ് കാലാവധിയുണ്ട്. അപേക്ഷകന്റെ കാരണംകൊണ്ടല്ലാതെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ 2 വര്‍ഷംവരെ ഇളവ് അനുവദിക്കാവുന്നതാണ്.
സാധാരണഗതിയില്‍ അപേക്ഷയിന്മേല് 15 ദിവസത്തിനകം ബാങ്കുകള്‍ തീരുമാനം അറിയിക്കും. മതിയായ രേഖകള്‍ ഹാജരാക്കിയിട്ടും ബാങ്ക് വായ്പ അനുവദിക്കാതിരിക്കുകയോ അനാവശ്യമായ കാലതാമസം വരുത്തുകയോ ചെയ്താല്‍ നിയമം നിങ്ങള്‍ക്കൊപ്പമുണ്ടാകും. അങ്ങനെവന്നാല്‍ അതേ ബാങ്കിന്റെ മേലധികാരികളെ സമീപിക്കുക.
കൃത്യമായ കാരണങ്ങളില്ലാതെ ഒരു വിദ്യാഭ്യാസ വായ്പയും നിരസിക്കരുതെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദേശം.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും കേന്ദ്ര ഗവണ്മെന്റിന്റെയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വ്യവസ്ഥകളെന്തെല്ലാമാണെന്ന് അതത് ബാങ്കില്‍ നിന്നും ചോദിച്ച് ഉറപ്പുവരുത്തുക.
കടപ്പാട് : എന്‍.പി. രാധാകൃഷ്ണന്
അവസാനം പരിഷ്കരിച്ചത് : 3/13/2020
ഓൺലൈൻ അപേക്ഷിക്കേണ്ട വിധം
വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍