অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിന്‍ഡോസ് 10

വിന്‍ഡോസ് എട്ടിറക്കി പാഠംപഠിച്ച മൈക്രോസോഫ്റ്റ് പിഴവുകള്‍ തിരുത്തി വിന്‍ഡോസ് പത്തിനെ ഒൗദ്യോഗികമായി പുറത്തിറക്കി. ജൂലൈ 29 മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വെയര്‍ വാങ്ങാം. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് കിറ്റും (എസ്ഡികെ) ആപ്പുകള്‍ക്കുള്ള വിന്‍ഡോസ് സ്റ്റോറും പ്രവര്‍ത്തനക്ഷമമായി. നിലവിലെ ഉപഭോക്താക്കള്‍ക്ക് അപ്ഗ്രേഡ് ചെയ്യാം. മൊബൈല്‍ വ്യവസായരംഗത്തുണ്ടായ തിരിച്ചടി മറികടക്കുകയാണ് ലക്ഷ്യം. ഇതുവരെ വിന്‍ഡോസിന് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് സുരക്ഷിത സ്ഥാനം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഇനി അപ്ഡേറ്റുകള്‍ മാത്രമിറക്കി ജനങ്ങളെ കൈയിലെടുക്കാന്‍ കരുക്കള്‍ നീക്കുന്ന കമ്പനി വിന്‍ഡോസ് ഒമ്പതിനെ മറികടന്നാണ് അവസാന ഒ.എസ് എന്ന് പ്രഖ്യാപിച്ച പത്തുമായി രംഗത്തിറങ്ങിയത്.

ഏറെ പഴി കേട്ട വിന്‍ഡോസ് എട്ട് പുറത്തിറങ്ങിയതിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുതിയ ഒ.എസ്സുമായി മൈക്രോസോഫ്റ്റ് രംഗത്തുവരുന്നത്. വിന്‍ഡോസ് 8ന്‍െറ പരിമിതികള്‍ പുതിയ ഒ.എസിന് മറികടക്കാന്‍ ആവുമെന്നാണ് പ്രതീക്ഷ.

പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ (പി.സി) മാത്രമല്ല സ്മാര്‍ട്ട് ഫോണിലും ടാബ് ലെറ്റിലും വിന്‍ഡോസ് ടെന്‍ ഓപറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ഇതിലെല്ലാം സമാനമായ പെര്‍ഫോമന്‍സായിരിക്കും ഉണ്ടാവുകയെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ആപ്ളിക്കേഷനിലേക്ക് എളുപ്പം പോകാനുള്ള സൗകര്യമാണ് വിന്‍ഡോസ് പത്തില്‍ സംവിധാനിച്ചിരിക്കുന്നത്. നിലവിലുള്ള വിന്‍ഡോസ് ഉപോഭോക്താക്കള്‍ക്ക് വിന്‍ഡോസ് പത്ത് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. വിന്‍ഡോസ് ഇതുവരെ ഇറക്കിയതില്‍ ഏറ്റവും ജനകീയ ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഏഴിന്‍െറ ഏറ്റവും ഇഷ്ടപ്പെട്ട ചില ഫീച്ചറുകള്‍ വിന്‍ഡോസ് ടെന്നില്‍ ഉള്‍പ്പെടുത്തും.

ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ മികച്ച ഒരു ഓപറേറ്റിങ് സിസ്റ്റമാണ് വിന്‍േഡോസ് ടെന്നിലൂടെ മൈക്രോസോഫ്റ്റ് വാഗ്ദാനം നല്‍കുന്നത്.

സ്റ്റാര്‍ട്ട് മെനുവാണ് ഏറ്റവും ആകര്‍ഷകമായ പ്രത്യേകത. ഇത് വിന്‍ഡോസ് സെവന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

വിന്‍ഡോസ് എട്ടില്‍ എടുത്തുകളഞ്ഞ സ്റ്റാര്‍ട്ട് മെനു തിരികെ കൊണ്ടുവന്നതും വിന്‍ഡോസ് എക്സ്പ്ളോററിന് പകരം മൈക്രോസോഫ്റ്റ് എഡ്ജ് എന്ന പുതിയ ബ്രൗസര്‍ കൂട്ടിയിണക്കിയതും കോര്‍ട്ടാന എന്ന പറഞ്ഞാല്‍കേള്‍ക്കുന്ന പേഴ്സണല്‍ അസിസ്റ്റന്‍റിനെ ഉള്‍പ്പെടുത്തിയതുമാണ് പ്രധാന പ്രത്യേകത. അതിവേഗം ഓപണും റെസ്യൂമും ആവും. സുരക്ഷിതമായ പ്രവര്‍ത്തനത്തിന് സഹായിക്കുമെന്നും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ബാക്ക്ഗ്രൗണ്ടും മെനുവും മാറി. എന്നാല്‍ അടിമുടി പരിഷ്കരണത്തിന് മൈക്രോസോഫ്റ്റ് മുതിര്‍ന്നിട്ടില്ല. സെറ്റിങ്സ് ആപ്പും കണ്‍ട്രോള്‍ പാനലും പഴയരീതിയില്‍ തന്നെയാണ്. ആക്ഷന്‍ സെന്‍റര്‍, വോള്യം ഐക്കണ്‍, നോട്ടിഫിക്കേഷന്‍ ഏരിയയിലെ മറ്റ് ആപ്ളിക്കേഷനുകള്‍ എന്നിവ റെസ്പോണ്‍സീവല്ല.

വില എത്രയാകും?


നിലവിലുള്ളവര്‍ക്ക് ഒരുവര്‍ഷത്തേക്ക് സൗജന്യമാണെങ്കിലും പുതിയ ഉപഭോക്താക്കള്‍ വിന്‍ഡോസ് പത്ത് വാങ്ങാന്‍ പണം നല്‍കണം. ഇന്ത്യയിലെ വില വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയില്‍ വിന്‍ഡോസ് 10 ഹോം പതിപ്പിന് 119 ഡോളര്‍ (ഏകദേശം 7,500 രൂപ), വിന്‍ഡോസ് 10 പ്രോ പതിപ്പിന് 199 ഡോളര്‍ (ഏകദേശം 12,600 രൂപ) നല്‍കണം. ഇനി വിന്‍ഡോസ് പത്ത് ഹോം ഉപയോഗിക്കുന്നവര്‍ക്ക് പ്രോയിലേക്ക് മാറാന്‍ 99 ഡോളര്‍ (ഏകദേശം 6,500 രൂപ) നല്‍കിയാല്‍ മതി. വിന്‍ഡോസ് 7 സ്റ്റാര്‍ട്ടര്‍, വിന്‍ഡോസ് 7 ഹോം ബേസിക്, വിന്‍ഡോസ് 7 ഹോം പ്രീമിയം, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ഹോമിലേക്കും തുടര്‍ന്ന് 99 ഡോളര്‍ നല്‍കി വിന്‍ഡോസ് 10 പ്രോയിലേക്ക് അപ്ഗ്രേഡ് ചെയ്യാം. ഇന്ത്യയില്‍ 1500 റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍പന.

ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് പകരം പുതിയ വെബ് ബ്രൗസര്‍ വിന്‍ഡോസ് 10ന്റെ പ്രത്യേകതയാണ്. പേഴ്സണല്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് എന്നിവയില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്ന തരത്തിലാകും വിന്‍ഡോസ്10. ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചമുതല്‍ വിന്‍ഡോസ്10 ലഭ്യമാണ്.

നിങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസസ് 7, അല്ലെങ്കില്‍ 8.1 ഇവയില്‍ ഒന്നിന്റെ ഒറിജിനല്‍ പതിപ്പുണ്ടോ? പൈറേറ്റഡ് അല്ലാത്ത പതിപ്പ്? എങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10ലേക്ക് മാറാന്‍കഴിയും. നിങ്ങളുടെ കംപ്യൂട്ടറിലെ വിന്‍ഡോസ് വേര്‍ഷലന്‍ Vista, XP ഒക്കെയാണോ? അല്ലെങ്കില്‍ പൈറേറ്റഡ് ആണോ? എന്നാല്‍ പിന്നെ വിന്‍ഡോസ് 10 വേണമെങ്കില്‍ പണം ചെലവാകും. ഇത് home പതിപ്പാണ്. pro പതിപ്പ് ആണെങ്കില്‍ അല്‍പം കൂടുതല്‍ ചെലവാകും.

മൈക്രോസോഫ്റ്റിന്റെ തന്നെ വാക്കുകളില്‍ ഇത് the last version of Windowks ആണ്. അടുത്ത 10 വര്‍ഷത്തേക്ക് ഒരു പുതിയ പതിപ്പ് ഇറക്കില്ലെന്നാണ് പറയുന്നത്, പകരം നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട അപ്ഡേറ്റുകള്‍ വന്നുകൊണ്ടേയിരിക്കും. നിങ്ങളുടെ കംപ്യൂട്ടറിന്റെ ഹാഡ്വെയറിന് താങ്ങാന്‍കഴിയുന്നതുവരെയുള്ള അപ്ഡേറ്റുകളെന്ന് എടുത്തുപറയേണ്ടല്ലോ. സ്വന്തന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ലോകം മാറുന്നുണ്ടോ എന്ന സംശയംകൊണ്ടാകണം ഈ സൗജന്യപ്പെരുമഴ. പൈറസിയെ തടുക്കാന്‍ നല്ലവണ്ണം കഷ്ടപ്പെടുന്ന മൈക്രോസോഫ്റ്റിന് ഉപയോക്താക്കളെ തങ്ങളുടെ കൂടെ നിര്‍ത്തണമെങ്കില്‍ ഇത്തരം സൗജന്യങ്ങള്‍ കൊടുത്താലേ മതിയാവൂ എന്ന് നല്ല നിശ്ചയമുണ്ട്. വിന്‍ഡോസ് 8ല്‍ ഇല്ലാതായ സ്റ്റാര്‍ട്ട് മെനു ഇല്ലേ? അത് ഈ പതിപ്പില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൈസ് മാറ്റാന്‍കഴിയുന്ന 8.1ലെ  live ടൈലുകള്‍ 10ലും ഇടംകണ്ടെത്തിയിട്ടുണ്ട്.

വിന്‍ഡോസ് ഫോണുകളിലുള്ള Cortana എന്ന ഡിജിറ്റല്‍ അസിസ്റ്റന്റ് വിന്‍ഡോസ് 10ലൂടെ കംപ്യൂട്ടറുകളിലും എത്തുന്നു. ആപ്പിളിന് kncn എന്ന പോലെ. നമ്മളുടെ ചോദ്യം മനസ്സിലാക്കി വേണ്ടപോലെ ചെയ്യുന്ന ഒരു ശിങ്കിടി. What’s the weather going to be like this weekend?  എന്നു ചോദിച്ചാല്‍ തപ്പി ഉത്തരം കണ്ടെത്തും. Remind me to fill in my tax return tomorrow night എന്നു പറഞ്ഞാല്‍ അത് ഓര്‍മിപ്പിക്കും. കൊള്ളാം അല്ലെ?

Cortanaക്ക് ചെയ്യാന്‍കഴിയുന്ന കാര്യങ്ങളില്‍ ചിലതുമാത്രമാണ് ഇവ. Alt+Tab വഴി നമ്മള്‍ പ്രോഗ്രാമുകള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാറില്ലേ? പുതിയ ഉപയോക്താക്കള്‍ക്ക് ഈ സൂത്രം അറിയില്ല എന്നാണ് മൈക്രോസോഫ്റ്റ് ഭാഷ്യം. ഇത് സുഗമമാക്കാന്‍ Task View എന്നൊരു സൗകര്യം 10ല്‍ ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ക്ക്് സുപരിചിതമായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൗസര്‍ Edge എന്ന പേരില്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. ഈ വിന്‍ഡോസ് പതിപ്പില്‍ എഡ്ജ് ആണ് ബ്രൗസര്‍.

ഇതൊക്കെ വിന്‍ഡോസ് 10 പതിപ്പിലെ ചില പുതുമകള്‍ മാത്രം. ഇത്തരം നിരവധി പുതുമകളുമായി എത്തുന്ന വിന്‍ഡോസ് 10 എല്ലാതരത്തിലുള്ള ഉപയോക്താക്കളെയും മുന്നില്‍ക്കണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് വിപണിയിലെ ഭാഷ്യം. http://www.microsoft.com/en-in/windows/ എന്ന വിലാസത്തില്‍ ചെന്നാല്‍ വിന്‍ഡോസ് 10നെക്കുറിച്ച് കൂടുതല്‍ അറിയാം. സൗജന്യമായി ഈ പതിപ്പിലേക്ക് മാറാനുള്ള വഴിയും ഈ ലിങ്കില്‍ ലഭ്യമാണ്.

എല്ലാത്തിനും ഒറ്റ ഒ.എസ്


പേഴ്സണല്‍ കമ്പ്യൂട്ടര്‍, ടാബ്ലറ്റ്, സ്മാര്‍ട്ട്ഫോണ്‍ൗ ഗെയിം കണ്‍സോള്‍, ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ എന്നിവക്കെല്ലാം ഇനി വിന്‍ഡോസ് പത്ത് മാത്രം മതി. നേരത്തെ പി.സിക്ക് വിന്‍ഡോസ് എട്ട്, ടാബിന് വിന്‍ഡോസ് ആര്‍ടി, സ്മാര്‍ട്ട്ഫോണിന് വിന്‍ഡോസ് ഫോണ്‍ എന്നിങ്ങനെ മൂന്ന് ഓപറേറ്റിങ് സിസ്റ്റങ്ങളായിരുന്നു. ടച്ച്സ്ക്രീനും സാദാ സ്ക്രീനിലും തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ എല്ലാ സംവിധാനങ്ങളും അപ്ഗ്രേഡ് ചെയ്തയുടന്നെ കിട്ടിക്കൊള്ളണമെന്നില്ല. പടിപടിയായുള്ള അപ്ഡേറ്റിലൂടെയേ പല സൗകര്യങ്ങളും പ്രവര്‍ത്തനക്ഷമമാകൂ.

പരാജയത്തില്‍നിന്ന് പാഠം


വിന്‍ഡോസ് ഏഴുവരെ കണ്ടുപരിചയമുള്ള ചുറ്റുപാടില്‍നിന്ന് പറിച്ചുനടലായിരുന്നു 2012 ഒക്ടോബറില്‍ ഇറങ്ങിയ വിന്‍ഡോസ് എട്ട്. ടച്ച്സ്ക്രീനുകള്‍ക്കുവേണ്ടി സ്റ്റാര്‍ട്ട് ബട്ടണ്‍ അടക്കം എടുത്തുകളഞ്ഞ് ഒ.എസിനെ പുതുക്കിപ്പണിതപ്പോള്‍ സാധാരണ കീബാര്‍ഡും മൗസുമുള്ള കമ്പ്യൂട്ടറുകളെ തഴഞ്ഞു. അത് പല ഉപഭോക്താക്കളെയും വിന്‍ഡോസില്‍നിന്ന് അകറ്റി. അങ്ങനെ ഓപറേറ്റിങ് സിസ്റ്റമൊരു പരാജയമായി. പിന്നെ സ്റ്റാര്‍ട്ട് ബട്ടണ്‍ കൂട്ടിച്ചേര്‍ത്ത് വിന്‍ഡോസ് 8.1 അപ്ഡേഷന്‍ ഇറക്കിയെങ്കിലും നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വിന്‍ഡോസ് പത്തില്‍ വിന്‍ഡോസ് ഏഴില്‍ കണ്ട സ്റ്റാര്‍ട്ട് മെനു അടക്കമുള്ള സവിശേഷതകള്‍ തുടരുന്നുണ്ട്.

സ്റ്റാര്‍ട്ട് മെനു തിരികെ


വിന്‍ഡോസില്‍ നിന്ന് പലരെയും അകറ്റിയ സ്റ്റാര്‍ട്ട് മെനു വിഷയം പരിഹരിച്ചു. കുടുതല്‍ പേഴ്സണലും രസകരവും ക്രമീകൃതവുമായ രീതയില്‍ സ്റ്റാര്‍ട്ട് മെനു വീണ്ടുമത്തെുകയാണ് വിന്‍ഡോസ് പത്തില്‍. ടാസ്ക് ബാറിലെ വിന്‍ഡോസ് ലോഗോ ഐക്കണില്‍ തൊട്ടാല്‍, ഇടത്തുവശത്ത് (മോസ്റ്റ് യൂസ്ഡ് വിഭാഗത്തിന് കീഴെ) സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ആപ്പുകള്‍ കാണാം. ഓള്‍ ആപ്സ് ലിസ്റ്റ്, ഷോര്‍ട്ട്കട്ടുകള്‍, ഫയല്‍ എക്സ്പ്ളോറര്‍, പവര്‍, സെറ്റിങ്സ് എന്നിവ അടിയില്‍ കാണാം. പുതുതായി കൂട്ടിച്ചേര്‍ത്ത ആപ്പുകള്‍ റീസന്‍റ്ലി ആഡഡില്‍ കാണാം.
ലോക്ക്, സൈന്‍ ഒൗട്ട്, അറ്റൊരു അക്കൗണ്ടിലേക്ക് മാറുക, അക്കൗണ്ട് പിക്ചര്‍ മാറ്റുക, എന്നിവക്ക് സ്റ്റാര്‍ട്ട്മെനുവിന്‍െറ മുകളിലെ നിങ്ങളുടെ പേരില്‍ ക്ളിക് ചെയ്താല്‍ മതി.
ഇനി സ്റ്റാര്‍ട്ട് മെനുവിന്‍െറ സവിധാനങ്ങള്‍ മാറ്റാന്‍, സ്റ്റാര്‍ട്ട് മെനു തുറന്ന് Settings > Personalization > Start ല്‍ ചെന്ന് സ്റ്റാര്‍ട്ട് മെനുവില്‍ ഏത് ആപ്പുകളാണ് വേണ്ടതെന്ന് ക്രമീകരിക്കാം. ബാക്ക്ഗ്രൗണ്ട്, നിറം, തീം, ലോക്ക്സ്ക്രീന്‍ എന്നിവയിലും മാറ്റങ്ങള്‍ വരുത്താം.

പലകാര്യങ്ങള്‍ ഒരേസമയം


നാല് വിന്‍ഡോസ് ഒരേസമയം ഡെസ്ക്ടോപില്‍ തുറക്കാന്‍ കഴിയും. കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെങ്കിലോ ഗെയിം, ഓഫിസ് ആപ് എന്നിവ പ്രവര്‍ത്തിപ്പികണമെങ്കിലോ വിര്‍ച്വല്‍ ഡെസ്ക്ടോപ് ഉണ്ടാക്കാന്‍ കഴിയും.

പുതിയ ബ്രൗസര്‍


വെബ് ബ്രൗസിങ്ങില്‍നിന്ന് ജോലിയിലേക്ക് എളുപ്പം മാറാന്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ളോററിന് പകരമുള്ള ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജ് അവസരമൊരുക്കുന്നു. എഴുതുക, നോട്ടുകള്‍ ടൈപ്പ് ചെയ്യുക, വെബ് പേജുകളില്‍ ഹൈലൈറ്റ് ചെയ്യുക, എന്നിവ നേരിട്ട് വെബ്പേജുകളില്‍ ചെയ്യാനും അവ മറ്റുള്ളവര്‍ക്ക് അയക്കാനും കഴിയും. ടാബ്ലറ്റ് പെന്‍, കൈവിരല്‍, മൗസ് എന്നിവ ഉപയോഗിച്ച് വെബ്പേജില്‍ എവിടെയും കുത്തിക്കുറിക്കാം. ഇനി വണ്‍നോട്ടില്‍ ഡൂഡിലും വരക്കാം. ഓണ്‍ലൈന്‍ ലേഖനങ്ങളിലെ സംശയങ്ങള്‍ അപ്പപ്പോള്‍ സേര്‍ച്ച് ചെയ്ത് ദുരീകരിക്കാനും പിന്നീട് വായിക്കാനായി വെബ്പേജുകള്‍ സേവ് ചെയ്തുവെക്കാനും കഴിയും. മോസില്ല ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം എന്നിവയില്‍ കണ്ട ടാബ് രീതിയാണ് ഇതിലുള്ളത്. നിങ്ങളുടെ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ കോര്‍ട്ടാനയെയും എഡ്ജില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

വിന്‍ഡോസ് സ്റ്റോര്‍


ആന്‍ഡ്രോയിഡിലെ പോലെ പാട്ട്, വീഡിയോ, ഗെയിം, ആപ്പുകള്‍ എന്നിവയെല്ലാം ഇവിടെ കിട്ടും. വാങ്ങുകയോ സൗജന്യമുള്ളതില്‍നിന്ന് ആപ്പ് തെരഞ്ഞെടുക്കുകയോ ചെയ്താല്‍ അതെല്ലാം നിങ്ങളുടെ എല്ലാ വിന്‍ഡോസ് പത്ത് ഉപകരണങ്ങളിലും പ്രവര്‍ത്തിക്കും.

കോര്‍ട്ടാന


ഗൂഗിളിന്‍െറ ഗൂഗിള്‍ നൗവും ആപ്പിളിന്‍െറ സിരിയും പോലെ ആജ്ഞകള്‍ക്ക് കാതോര്‍ക്കുന്ന ഡിജിറ്റല്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് സ്മാര്‍ട്ട്ഫോണില്‍നിന്ന് പി.സികളിലേക്കും ചേക്കേറിയിരിക്കുകയാണ്. മീറ്റിങ്ങിന്‍െറ കാര്യങ്ങള്‍ ചെയ്യല്‍, ഇമെയില്‍ അയക്കല്‍, ഫയല്‍ തെരഞ്ഞുപിടിക്കല്‍, തമാശ പറയല്‍ എന്നിവക്ക് ഇത് സഹായിക്കും. സെര്‍ച്ച് ബോക്സ് എടുത്ത്് കോര്‍ട്ടാന എന്തുചെയ്യണമെന്ന് ടൈപ്പ് ചെയ്യുക, അല്ളെങ്കില്‍ മൈക്രോഫോണിലൂടെ എന്ത് ചെയ്യണമെന്ന് പറയുക. ശ്രദ്ധിക്കുക. കോര്‍ട്ടാനയുടെ സേവനം തെരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ മാത്രമാണ് ലഭിക്കുക.

വിന്‍ഡോസ് ഹലോ


നിങ്ങള്‍ സൈന്‍ഇന്‍ ചെയ്തിരുന്ന രീതി അടിമുടി മാറുകയാണ് വിന്‍ഡോസ് ഹലോയിലൂടെ ഇവിടെ. പാസ്വേഡിന് പകരം മുഖം, വിരലടയാളം എന്നിവ ഉപയോഗിക്കാം. Settings > Accounts > Signin optionsല്‍ വന്നാല്‍ ഇത് ശരിയാക്കാം. വിരലടയാളം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. മുഖം, കണ്ണ് എന്നിവ തിരിച്ചറിയുന്ന സംവിധാനം ഉടനത്തെും.

എല്ലാം ഫോട്ടോകളും ഒരിടത്ത്


അവസാനമില്ലാത്ത സേര്‍ച്ചിന് വിട. പുതിയ ഫോട്ടോസ് ആപ് കമ്പ്യൂട്ടറില്‍ പല ഫോള്‍ഡറുകളിലായി ചിതറിക്കിടക്കുന്ന നിങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം കണ്ടെടുത്ത് ഒരിടത്ത് കാട്ടിത്തരും. ഫോണ്‍, പി.സി, ക്ളൗഡ് സര്‍വീസായ വണ്‍ഡ്രൈവ് എന്നിവയിലുള്ള ഫോട്ടോകളും ഒരിടത്ത് ഒരു ഉപകരണത്തില്‍ കാണാം. ഇനി ഓര്‍മകള്‍ ആല്‍ബമാക്കാനും ഷെയര്‍ ചെയ്യാനും സംവിധാനവുമുണ്ട്.

എക്സ് ബോക്സ് ആപ്


നിങ്ങള്‍ ഒരു ഗെയിം കളിക്കാരന്‍ ആണെങ്കില്‍ വിന്‍ഡോസ് സ്റ്റോറില്‍ അതിനുള്ള എക്സ് ബോക്സ് ആപ്പുണ്ട്.

ഓഫിസ് ആപ്


ഫോണ്‍, ടാബ്, പി.സി എന്നിവയില്‍ ഏതിലും നിങ്ങള്‍ക്ക് വേര്‍ഡ്, എക്സല്‍, പവര്‍പോയന്‍റ്, വണ്‍നോട്ട്, ഒൗട്ട്ലുക്ക് എന്നിവ പ്രവര്‍ത്തിപ്പിക്കാം. ടച്ച് സ്ക്രീന്‍ ഫ്രണ്ട്ലിയാണ്. ഒരു ഉപകരണത്തില്‍ (പി.സി) തുടങ്ങുന്ന ജോലി മറ്റൊരു ഉപകരണത്തില്‍ (സ്മാര്‍ട്ട്ഫോണ്‍) പൂര്‍ത്തിയാക്കാനും കഴിയും

പി.സി ടാബ് പോലെ


ടാബ്ലറ്റ് മോഡുള്ളതിനാല്‍ പി.സി ടച്ച്സ്ക്രീനുള്ളതാണെങ്കില്‍ ടാബ് പോലെ കൈകാര്യം ചെയ്യാന്‍ കഴിയും. തിരിച്ച് മൗസും കീബോര്‍ഡുമുള്ള പി.സി മോഡിലേക്കും എളുപ്പം മാറാം. അതിന് ടാസ്ക്ബാറിലെ action center എടുത്ത് Tablet mode സെലക്ട് ചെയ്യണം. ആപ്പുകള്‍ ഫുള്‍സ്ക്രീനിലും രണ്ട് ആപ്പുകള്‍ ഇരുവശങ്ങളിലായും പ്രവര്‍ത്തിപ്പിക്കാം.

എങ്ങനെ അപ്ഗ്രേഡ് ചെയ്യാം


വിന്‍ഡോസ് 7, 8, 8.1 എന്നിവയുടെ ഒറിജിനല്‍ പതിപ്പ് ഉപയോഗിക്കുന്ന 190 രാജ്യങ്ങളിലുള്ളവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് പത്ത് അപ്ഗ്രേഡ് ചെയ്യാം. വിന്‍ഡോസ് അപ്ഡേറ്റ് സെന്‍റര്‍ വഴി ബുധനാഴ്ച മുതല്‍ അപ്ഗ്രേഡിങ് തുടങ്ങിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണ. അപ്ഗ്രേഡ് ലഭിക്കാന്‍ കാത്തിരിക്കണം

കൂടുതൽ വിവരങ്ങൾക്ക്: http://www.microsoft.com/en-in/windows/

കടപ്പാട് :ജിൻസ് സ്കറിയ

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate