অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലോകമഹാത്ഭുതങ്ങള്‍

ചിചെന്‍ ഇറ്റ്സയിലെ പിരമിഡ്

(എഡി 800 നു മുമ്പ്), യുകാറ്റന്‍ പെനിന്‍സ്വേല, മെക്സിക്കോ

പിരമിഡ്ഏറ്റവും പ്രസിദ്ധമായ മായന്‍ ക്ഷേത്ര നഗരം ചിചെന്‍ ഇറ്റ്സ, മായന്‍ സംസ്കാരത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമായിരുന്നു. അതിന്‍റെ വിവിധ രൂപശില്പങ്ങള്‍- കുക്കുള്‍കാന്‍ പിരമിഡ്, ചക് മൂലിന്‍റെ ക്ഷേത്രം, ആയിരം കാല്‍ മണ്ഡപം, തടവുകാരുടെ കളിത്തട്ട്- എന്നിവയെല്ലാം ശില്പഭംഗി, സംയോജനം എന്നിവയിലുള്ള അസാധാരണമായ സമര്‍പ്പണത്തിന്‍റെ സാക്ഷ്യമായി ഇന്നും കാണാനാകും. എല്ലാ മായന്‍ ക്ഷേത്രങ്ങളെയും അപേക്ഷിച്ച്, പിരമിഡ് അവസാനത്തേതും ഏറ്റവും ശ്രേഷ്ഠമായതും ആയി നിലകൊള്ളുന്നു.

ക്രൈസ്റ്റ് റെഡീമര്‍ (1931)

റിയോ ഡി ജനീറോ, ബ്രസീല്‍

ഏതാണ്ട് 38 മീറ്റര്‍ ഉയരത്തില്‍, കൊര്‍ക്കൊവാഡോ മലയ്ക്കു മുകളില്‍ റിയോ ഡി ജനീറോക്ക് അഭിമുഖമായി യേശുവിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നു. ബ്രസീല്‍കാരനായ ഹേയ്ടോര്‍ ഡാ സില്‍വ കോസ്റ്റ രൂപകല്പന ചെയ്ത് ഫ്രഞ്ച് ശില്പി പോള്‍ ലാന്‍ഡോവ്സ്കി നിര്‍‍മ്മിച്ച, ഈ ശില്പം ലോകത്തിലെ സുപ്രസിദ്ധമായ സ്മാരകങ്ങളിലൊന്നാണ്. ഈ പ്രതിമ നിര്‍മ്മിക്കുവാന്‍ അഞ്ച് വര്‍ഷം വേണ്ടി വന്നു. 1931, ഒക്ടോബര്‍ 12 നായിരുന്നു അനാച്ഛാദനം. ഇരുകൈകളും വിടര്‍ത്തി സന്ദര്‍ശകരെ സ്വീകരിക്കുന്ന ബ്രസീലിയന്‍ ജനതയുടെ ഊഷ്മളതയുടെയും നഗരത്തിന്‍റെ തന്നെയും ചിഹ്നമായി ഇത് മാറി.

റോമന്‍ കൊളോസിയം

(എഡി 70-82) റോം, ഇറ്റലി

റോമിനു മധ്യത്തിലുള്ള ശ്രേഷ്ഠമായ ഈ രംഗശാല വിജയശ്രീലാളിതരായ ഭടന്‍മാരോടുള്ള ആദരങ്ങള്‍ അര്‍പ്പിക്കുന്നതിനും റോമന്‍ ചക്രവര്‍ത്തിയുടെ പ്രതാപം ആഘോഷിക്കുന്നതിനും വേണ്ടിയാണ് നിര്‍മ്മിച്ചത്. അതിന്‍റെ രൂപസങ്കല്പം കാലഘട്ടത്തെ അതിജീവിച്ച് ഇന്നും നിലനില്ക്കുന്നു. യഥാര്‍ഥത്തില്‍, എല്ലാ ആധുനിക കായിക സ്റ്റേഡിയങ്ങളെല്ലാം തന്നെ ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിക്കപ്പെട്ട കൊളോസിയത്തിന്‍റെ യഥാര്‍ഥ മാതൃകയുടെ അച്ചില്‍ വാര്‍ത്തതു പോലെ തന്നെ കാണപ്പെടുകയും ചെയ്യുന്നു. കാഴ്ചക്കാരന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമുള്ള ക്രൂരമായ പോരുകളെയും കളികളെയും കുറിച്ച് ചലച്ചിത്രങ്ങളിലൂടെയും ചരിത്ര പുസ്തകങ്ങളിലൂടെയും ഇന്ന് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാണ്

താജ് മഹല്‍

(എഡി 1630) ആഗ്ര, ഇന്ത്യ

അഞ്ചാമത് മുസ്ലീം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍, അദ്ദേഹത്തിന്‍റെ മരിച്ചുപോയ പ്രിയ ഭാര്യയുടെ സ്മരണാര്‍ഥം നിര്‍മ്മിച്ചതാണ് വളരെ ബൃഹത്തായ ഈ സ്മാരക സൌധം. വെളുത്ത മാര്‍ബിള്‍ ഉപയോഗിച്ച് പണിതീര്‍ത്ത താജ്മഹല്‍, ഭാരത്തിലെ മുസ്ലീം കലയുടെ പൂര്‍ണ്ണതയാര്‍ന്ന രത്നമായി കണക്കാക്കപ്പെടുന്നു. ചക്രവര്‍ത്തി പിന്നീട് തടവിലാക്കപ്പെടുകയും തടവറയിലെ ചെറിയ ജാലകത്തിലൂടെ താജ്മഹല്‍ മാത്രം ദര്‍ശിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

ചൈനയിലെ വന്‍മതില്‍

(ബിസി 220, എഡി 1368-1644) ചൈന

നിലവിലുള്ള കോട്ടകളെ തമ്മില്‍ ബന്ധിപ്പിച്ച് ഏകീകൃത പ്രതിരോധ സംവിധാനമാക്കി മാറ്റുന്നതിനും ചൈനക്കു പുറത്തുള്ള മംഗോള്‍ ഗോത്രവര്‍ഗ്ഗക്കാരെ തുരത്തുന്നതിനുമായാണ് ചൈനാവന്‍മതില്‍ നിര്‍മ്മിച്ചത്. ഇന്നേവരെ ഭൂമുഖത്ത് മനുഷ്യനിര്‍മ്മിതമായതില്‍ വച്ച് ഏറ്റവും വലിയ സ്മാരകമാണിത്. കൂടാതെ, ശൂന്യാകാശത്തു നിന്ന് ദര്‍ശിക്കാനാകുന്ന ഒരേയൊരു നിര്‍മ്മിതിയും ഇതാണെന്ന വാദവുമുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ബൃഹത്തായ ഈ നിര്‍മ്മിതിയില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ട്.

മാച്ചു പിച്ചു

(14460-1470), പെറു

15 ാം ശതാബ്ദത്തില്‍, ഇന്‍കന്‍ ചക്രവര്‍ത്തിയായിരുന്ന പച്ചാക്യൂട്ടെക്, മലമുകളിലെ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ പണിതീര്‍ത്ത നഗരമാണ് മാച്ചു പിച്ചു എന്ന് അറിയപ്പെടുന്നത്. ഈ അസാധാരണമായ അധിവാസം ആന്‍ഡസ് പീഠഭൂമിക്ക് പകുതി ഉയരത്തില്‍, ആമസോണ്‍ കാടുകളുടെ വന്യതയില്‍, ഉറുബാംബ നദിക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. വസൂരി പടര്‍ന്നു പിടിക്കുകയും സ്പാനിഷുകാര്‍ ഇന്‍കന്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തുകും ചെയ്തതിനാല്‍ ഇത് ഇന്‍കന്‍മാരാല്‍ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് നഗരം മൂന്നു ശതാബ്ദക്കാലം "നഷ്ടപ്പെട്ടതായി" നിലകൊണ്ടു. 1911 ല്‍ ഹിറാം ബിംഗം ഇത് വീണ്ടും കണ്ടെത്തി.

പെട്ര

(ബിസി 9-എഡി 40), ജോര്‍ദ്ദാന്‍

അറേബ്യന്‍ മരുഭൂമിയുടെ അറ്റത്ത്, നബാറ്റിയന്‍ ചക്രവര്‍ത്തിയായിരുന്ന അരിറ്റാസ് നാലാമന്‍റെ (ബിസി 9-എഡി 40) തിളങ്ങുന്ന തലസ്ഥാനമായിരുന്നു, പെട്ര. ജലസാങ്കേതിക വിദ്യയുടെ അഗ്രഗണ്യന്മാര്‍ എന്ന നിലയില്‍ നബാറ്റിയന്‍മാര്‍ അവരുടെ നഗരത്തില്‍ വെള്ളം കെട്ടി നിറുത്തുവാനുള്ള വലിയ കുളങ്ങളും വലിയ ടണലുകളും ലഭ്യമാക്കി. 4,000 കാഴ്ചക്കാരെ ഉള്‍ക്കൊള്ളുന്ന ഗ്രീക്ക്-റോമന്‍ പ്രാഗ്രൂപങ്ങളിലുള്ള ഒരു തീയറ്റര്‍ രൂപം നല്കി. ഇന്ന്, 48 മീറ്റര്‍ ഉയരമുള്ള പെട്രയുടെ ഹെലിനിസ്റ്റിക് ക്ഷേത്രം, പാലസ് ടോംബ്സ് എല്-ദയര്‍ രാജവംശത്തിനു മുഖപ്പായി നില്ക്കുന്നു. ഇത് മധ്യ കിഴക്കന്‍ സംസ്കാരത്തിനു ഉദാഹരണമാണ്.

 

ഉറവിടം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate