অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മലയാളത്തിന്‍റെ എഴുത്തുകാരികള്‍

മലയാളത്തിന്‍റെ എഴുത്തുകാരികള്‍

 1. എസ്. അംബികാദേവി
 2. ഡോ. സിസ്റ്ററ് ആന്‍സി. എസ്.എച്ച്.
 3. സാഹിത്യരത്നം ദ്രൗപതി ജി നായര്‍ (എന്‍. ദ്രൗപതി അമ്മ)
 4. എസ്. ഗീതാകുമാരി
 5. എസ്. ഇന്ദിരാദേവി
 6. ഡോക്ടര്‍ സിസ്റ്റര്‍ ജെസ്മി
 7. സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)
 8. എസ്. ഓമനക്കുട്ടി അമ്മ
 9. സബീന എം. സാലി
 10. സൈനബ സിത്താറമിയ്യ (ടി. പി. സൈനബ)
 11. സജിനി പവിത്രന്‍ (പി. സി. സരോജിനിയമ്മ)
 12. സജിനി എസ്.
 13. സജിത മഠത്തില്‍
 14. സക്കീന ബഷീര്‍
 15. സാലി മോനായി
 16. സംപ്രീത
 17. സന്ധ്യ. ഇ
 18. സന്ധ്യാ മേരി
 19. സന്ധ്യ. വി. സതീഷ്
 20. ശാരദ
 21. എസ്. ശാരദക്കുട്ടി
 22. ശാരദ ജി. നായര്‍
 23. എസ്. ശാരദയമ്മാള്‍
 24. സാറാ ജോസഫ്
 25. സാറാമ്മ ജേക്കബ് ഇലഞ്ഞിക്കല്‍
 26. സരോജാ വര്‍ഗീസ്
 27. എസ്. സരോജം
 28. സരോജിനി നായര്‍ (ചേര്‍ക്കില്‍ സരോജിനി നായര്‍)
 29. സരോജിനി ഉണ്ണിത്താന്‍
 30. സാവിത്രി അന്തര്‍ജ്ജനം
 31. സാവിത്രി രാജീവന്‍
 32. സെബീന റാഫി
 33. സീതാലക്ഷ്മി ദേവ്
 34. ഷബ്ന മോളി
 35. ഷാഹിന ഇ. കെ.
 36. ഷൈലജ രവീന്ദ്രന്‍
 37. ഷൈമ എം. ശങ്കര്‍
 38. ശകുന്തള ഗോപിനാഥ്
 39. ഷാനി എ. മോപ്പിള
 40. ശാന്താ നായര്‍
 41. ശാന്ത സോമസുന്ദരം
 42. ശാന്താ തുളസീധരന്‍
 43. ശാന്തമ്മ രാജന്‍ കൂരാറ്റ
 44. ശാരദാ ചൂളൂര്‍
 45. ഷീബ ഇ. കെ.
 46. ഷീബ എം. കുര്യന്‍
 47. ഷീല
 48. ഷീല ടോമി
 49. ഷിനാ ഹാഷിം
 50. ഷെരീഫ എം.
 51. ഷിംന സീനത്ത്
 52. ഷേര്‍ളി സോമസുന്ദരന്‍
 53. ശോഭനാ രവീന്ദ്രന്‍
 54. ശോഭാരവി
 55. ശോശ ജോസഫ്
 56. ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യം
 57. ശ്രീകുമാരി രാമചന്ദ്രന്‍
 58. ശ്രീലത
 59. ശ്രീലേഖ ഇ. എന്‍
 60. ശ്രീരമ
 61. ശ്രുതി എസ്. മധു
 62. ശുഭാമണി
 63. സുധാ ഗോപാലകൃഷ്ണന്‍
 64. സുധക്കുട്ടി
 65. സുഗതകുമാരി
 66. സുജാറാണി മാത്യു
 67. സുജ എസ്.
 68. സുജ സൂസന്‍ ജോര്‍ജ്
 69. സുജാത രാമകൃഷ്ണന്‍
 70. സുജാത
 71. സുള്‍ഫി
 72. സിബില മൈക്കള്‍ (സിബില മോണിക്ക മൈക്കള്‍)
 73. സില്‍വി വെള്ളനാട്
 74. സില്‍വിക്കുട്ടി
 75. സിന്ധു സതീഷ്
 76. സിസ്റ്റര്‍ സിസിലി ജോസ്
 77. സിതാര എസ്.
 78. സ്മിത. കെ. നായര്‍
 79. സോഫിയാ ഹമീദ്
 80. സൂര്യ ബിനോയ്
 81. ശ്രീദേവി
 82. ശ്രീദേവി എളപ്പില
 83. ശ്രീദേവി എസ്. കര്‍ത്താ
 84. ശ്രീകല എം. എസ്
 85. സുലോചന രാംമോഹന്‍
 86. സുപര്‍ണ്ണ വാരിയര്‍
 87. സൂര്യാ ഗോപി
 88. സ്വര്‍ണലത എം.
 89. സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍

എസ്. അംബികാദേവി

1945 ല്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ജനിച്ചു. ശ്രീമതി വി. ശാരദാമ്മയുടെയും ശ്രീ കോട്ടുകോയിക്കല്‍ വേലായുധന്‍റെയും മകള്‍. തിരുവല്ലാ ബാലികാമഠം ഗേള്‍സ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍ വനിതാ കോളേജ്, കൊല്ലം എസ്. എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാള വിഭാഗം മേധാവിയായി വിരമിച്ചു. നോവല്‍, ലേഖനം, ചെറുകഥ എന്നിവ രചിക്കാറുണ്ട്. സാഹിത്യകേരളം അവാര്‍ഡ് (2004, “നിലാമഴ”), വായന അവാര്‍ഡ് (“നിലാമഴ”, 2005) എന്നിവ ലഭിച്ചു. “നിലാമഴ” എന്ന നോവലില്‍ ഫാന്‍റസിയുടെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ഒരു ലോകമാണുള്ളത്. മരണത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചു ചിന്തിക്കുകയും മരണത്തിനുശേഷമുള്ള കാര്യങ്ങളെ ഓര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ജീവിതത്തിലെ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവുമായ കാര്യങ്ങളെപ്പറ്റി ഈ നോവല്‍ ചിന്തിപ്പിക്കുന്നു. അവതാരിക പ്രൊഫ. എം.കെ. സാനു.

ഡോ. സിസ്റ്ററ് ആന്‍സി. എസ്.എച്ച്.

1956 ഏപ്രില്‍ 10 ന് കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂരില്‍ ജനിച്ചു. 1974 ല്‍ പ്രഥമവ്രതവും 1982 ല്‍ നിത്യവ്രതവും ചെയ്ത് തിരുഹൃദയ സന്യാസിനി സമൂഹത്തിന്‍റെ തലശ്ശേരി പ്രോവിന്‍സ് അംഗമായി. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിലും ഏല്‍ത്തുരത്ത് സെന്‍റ് അലോഷ്യസ് കോളേജിലും പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു.

“ഉള്ളൂരും പ്രബോധനാത്മകതയും” എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്.

കാവ്യരീതി കൊണ്ടും സമീപനത്തിലുള്ള സവിശേഷതകള്‍ കൊണ്ടും വ്യത്യസ്തമായിരുന്ന ഉള്ളൂര്‍ കവിതയെ പഠനവിധേയമാക്കുകയാണ് “ഉള്ളൂരും പ്രബോധനാത്മകതയും” എന്ന പഠനഗ്രന്ഥത്തില്‍ കൂടി. പ്രസ്തുത കൃതിയിലെ മൂന്നാമത്തെ അധ്യായമാണ് ആസ്തികൃത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍. കവി വ്യക്തിത്വത്തിന്‍റെ വെളിപ്പെടുത്തലായിരുന്നു ഉള്ളൂരിന്‍റെ കവിതകള്‍. അതിന് അടിസ്ഥാനം കവിയുടെ നിരുപാധികമായ ആസ്തിക്യ ബോധമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ടതായിരുന്നില്ല ഉള്ളൂരിന്‍റെ ആസ്തിക്യബോധം. കവി പാടിപ്പുകഴ്ത്തുന്ന സ്നേഹവും പ്രയത്നം പോലുള്ള മൂല്യങ്ങള്‍ ഈ അടിസ്ഥാന മൂല്യത്തില്‍ നിന്നാണ് ഊര്‍ജ്ജം സംഭരിക്കുന്നത് എന്ന് എഴുത്തുകാരി കണ്ടെത്തുന്നു. ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന രംഗത്തേയ്ക്ക് കടന്ന് ചെന്ന് ഉള്ളൂര്‍ കവിത സമഗ്രമായി പഠിച്ച്, അടിസ്ഥാനപരമായി ഒരു പ്രബോധനാത്മക കവിയായിരുന്നു ഉള്ളൂര്‍ എന്ന് സിസ്റ്റര്‍ ആന്‍സി കണ്ടെത്തുന്നു.

സാഹിത്യരത്നം ദ്രൗപതി ജി നായര്‍ (എന്‍. ദ്രൗപതി അമ്മ)

1936 ഒക്ടോബര്‍ 20 ന് തൃശൂരിലെ ചാലക്കുടിയില്‍ ജനിച്ചു. എം. എ. (ഹിന്ദി), ബി. എഡ്. ബിരുദങ്ങള്‍. സീനിയര്‍ തിരുവാതിരക്കളി ആര്‍ട്ടിസ്റ്റാണ്. ഹയര്‍സെക്കന്‍ററി സ്കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. പ്രിന്‍സിപ്പല്‍ (എന്‍. എസ്. എസ്. ഇരിങ്ങാലക്കുട) ആയാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. “തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും” (2004), “കേരളീയ കലയും തിരുവാതിരയും” (2006), “ചില്ലുകൊട്ടാരം” (2004), “അഭയ കേന്ദ്രം” (2006), “ഏഴ് ഏകാങ്കങ്ങള്‍ “(2006), “സപ്നോം കാ മഹല്‍” (2004), “പൂജാ കി ആംഖേം” (2007) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ‘ചിത’ എന്ന കഥയില്‍ തന്‍റെ അച്ഛന്‍റെ മരണത്തെ ഒരു കൊച്ചു കുട്ടി എങ്ങനെയാണ് നോക്കി കാണുന്നത് എന്നതാണ് ആവിഷ്കരിക്കുന്നത്. അമ്മ വിലപിക്കുന്നതിന്‍റെ കാരണം അന്വേഷിക്കുന്ന കുട്ടി ഭാരതമാതാവിന്‍റെ ആ ഓമനപുത്രന്‍ നാടിന് ഓമനയായി എന്നോ വീടിന്‍റെ വിളക്കായി ശോഭിക്കേണ്ടവന്‍ ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ചു എന്നോ അറിയുന്നില്ല. ആ മൃതദേഹം ചിതയില്‍ വയ്ക്കുമ്പോള്‍ അച്ഛന്‍ ഉറങ്ങി കിടക്കുകയാണ് എന്നു കരുതിയിരുന്ന ആ പിഞ്ചോമന എന്‍റെ അച്ഛനെ തീ വയ്ക്കല്ലേ, അമ്മേ! പറയൂ അച്ഛനെ തീ വയ്ക്കല്ലേ എന്ന്, മുത്തശ്ശാ പറയൂ മുത്തശ്ശാ! എന്‍റെ അച്ഛനെ തീയില്‍ വയ്ക്കല്ലേ എന്ന്! എന്ന് വിലപിക്കുന്നു. അച്ഛന്‍റെ ചിത കത്തി എരിയുന്നതിനോടൊപ്പം ആ കുഞ്ഞ് മനസിലും ഒരു തീ ആളിക്കത്തുകയാണ്.

എസ്. ഗീതാകുമാരി

1957 സെപ്റ്റംബര്‍ 13-ന് തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട്ടില്‍ ജനിച്ചു. കരമന എന്‍. എസ്. എസ്. വിമന്‍സ് കോളേജ്, തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം യുണിവേഴ്സിറ്റി സെന്‍റര്‍, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം എം. എ. എം. ഫില്‍, ബി. എഡ്. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ മലയാള വിഭാഗത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. “ഫറവോയുടെ നാട്ടില്‍” എന്ന യാത്രാവിവരണമാണ് പ്രസിദ്ധീകരിച്ച കൃതി. പിരമിഡുകള്‍, സൂയസ് കനാല്‍, അസ്വാന്‍ ഡാം, അഹബദ് ഹംദി പാലം, കെയ്റോ മ്യൂസിയം തുടങ്ങി ഈജിപ്തിലെ പുരാതനവും ആധുനികവുമായ ദൃശ്യങ്ങള്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നവയാണ്. ഈജിപ്തിലൂടെ ഏകദേശം ഒരു മാസത്തോളം സഞ്ചരിച്ചറിഞ്ഞ ഗ്രന്ഥകര്‍തൃിയുടെ അനുഭവങ്ങളാണ്. ഈ യാത്രാക്കുറിപ്പിലുളളത്. ഈ പുസ്തകത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നത് ഈജിപ്റ്റിലെ ക്ഷേത്രങ്ങളെയാണ്. ക്ഷേത്രവും ക്ഷേത്രരാധനയും ഒരു നാടിന്‍റെ സംസ്കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണവും കൂടിയാണ് ഈ യാത്രവിവരണം.

എസ്. ഇന്ദിരാദേവി

1946 ല്‍ കന്യാകുമാരി ജിലയിലെ തക്കലയില്‍ ജനിച്ചു. തക്കല ഹൈസ്ക്കൂള്‍, വിമന്‍സ് കോളേജ് തിരുവനന്തപുരം, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിങ്, മാനസ ഗംഗോത്രി മൈസൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം നേടി. 32 വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓഡിയോളജി ആന്‍റ് സ്പീച്ച് പത്തോളജിയില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു.

“ഉച്ചാരണ വൈകല്യം -കാരണവും പരിഹാരമാര്‍ഗ്ഗങ്ങളും” (2005) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്.

“ഉച്ചാരണ വൈകല്യം - കാരണവും പരിഹാര മാര്‍ഗ്ഗങ്ങളും” എന്ന കൃതിയില്‍ സംസാരവൈകല്യമുള്ള കുട്ടികള്‍ക്കു നല്കേണ്ട സാമാന്യ ശിക്ഷണത്തെക്കുറിച്ചും ശിക്ഷണം നല്‍കേണ്ട രീതിയെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യനു മാത്രം സിദ്ധിച്ചിട്ടുള്ള ഒരു വരദാനമാണു ഭാഷ. മനുഷ്യരാശിയെ പരസ്പരം ബന്ധിപ്പിക്കുന്നതിനു പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുമുളള മുഖ്യ ഉപാധിയാണിത്. കുട്ടികളിലും മുതര്‍ന്നവരിലും കാണുന്ന ഉച്ചാരണ വൈകല്യങ്ങള്‍, വേണ്ടത്ര പരിശീലനം ശരിയായ തോതില്‍ നല്‍കാത്തതു കൊണ്ടു ഉണ്ടാകുന്നതാണെന്ന് ഇന്ദിരാദേവി അഭിപ്രായപ്പെടുന്നു. സംസാര വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുക്കള്‍ വളരെ ലളിതമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു. അനുഭവത്തിലൂടെ നേടിയ അറിവും അനന്യമായ ഉള്‍ക്കാഴ്ചയും ഈ കൃതിക്ക് വളരെയേരെ പ്രാമാണ്യത നല്‍കിയിരിക്കുന്നു.

ഡോക്ടര്‍ സിസ്റ്റര്‍ ജെസ്മി

1956 ല്‍ തൃശൂരില്‍ ജനിച്ചു. കൊച്ചന്നയുടേയും സി. വി. റാഫേലിന്‍റെയും മകള്‍. സെന്‍റ് മേരീസ് തൃശൂര്‍, വിമല കോളേജ് ചേറൂര്‍, മേഴ്സി കോളേജ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ബി. എ, എം. എ. ബിരുദങ്ങള്‍. യു. ജി. സി. സ്കോളര്‍ഷിപ്പോടെ എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍. 1981 ഡിസംബറില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 2008 ആഗസ്റ്റ് 31 ന് സി. എം. സി. കോണ്‍ഗ്രിഗേഷനില്‍ നിന്നു വിടുതല്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി മഠം വിട്ടുപോന്നു. റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പലാണ്. സ്ത്രീശാക്തീകരണം, ആത്മകഥകള്‍, പെണ്ണെഴുത്ത്, ആത്മീയ ജീവിതം, ആഖ്യാനശാസ്ത്രം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ക്ലാസ്സുകളും പ്രഭാഷണങ്ങളും എടുക്കുന്നു. ലേഖനങ്ങളും എഴുതാറുണ്ട്. (‘ജാലകങ്ങള്‍’ (വിമലകോളേജ്), ‘തുരുത്തിലെ പവിഴപ്പുറ്റ്’ (സെന്‍റ്മേരീസ്, തൃശൂര്‍) എന്നിങ്ങനെ രണ്ട് കാമ്പസ്സ് ഫിലിമുകള്‍ സൃഷ്ടിച്ചു. “ഇൃലമശ്ലേ ഏശമിേ” (2000) യ്യ ഒീാല ീള ഘലലേേൃെ (കിറശമ ളീൃ ജീലാെ), “ക്ീൃ്യ ഋമഴഹല” (2001) യ്യ ഒീാല ീള ഘലലേേൃെ, കിറശമ ളീൃ ജീലാെ ജൗയഹശവെലറ, 2009 ലെ മികച്ച് പുസ്തകത്തിനുളള സമ്മാനം, കേരളസംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് (“ആമേന്‍, ഒരു കന്യാസ്ത്രീയുടെ ആത്മകഥ”) എന്നിവ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി, 2008 ഡിസംബര്‍ 21, (ജി. ഉഷാകുമാരി, ബാബുരാജ്, ബി. എസ്), ഇന്ത്യാടുഡേ, 2009 മാര്‍ച്ച് 11 (കവര്‍സ്റ്റോറി, രാധാകൃഷ്ണന്‍ എം. ജി), കന്യക, 2009 മാര്‍ച്ച് 1-15 (സജില്‍ ശ്രീധര്‍), ഗൃഹലക്ഷ്മി 2009 ജൂണ്‍ (റീഷ്മദാമോദര്‍), പച്ചക്കുതിര 2009 ഏപ്രില്‍ (സോഫിയ ബിന്ദ്), യുക്തിരേഖ, 2009 ഏപ്രില്‍ (രാധാകൃഷ്ണന്‍ എം. ജി), ദി ഹിന്ദു സണ്‍ഡേ, നവംബര്‍ 2009 (സംഗീത ബാസൂഖ് പിഷാരടി) തുടങ്ങിയ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയിട്ടുണ്ട്. ‘വേട്ടയാടപ്പെടുന്ന ജെസ്മി’ (ജോണി ജെ. പ്ലാത്തോട്ടം, നിശ്ചയം, കൊച്ചി 2009 ഏപ്രില്‍-മെയ്), ‘ഒരു അനുചിന്തനം’, ‘ആമേന്‍’, ‘സിസ്റ്റര്‍ ജെസ്മി’ (ജോസഫ് പുലിക്കുന്നേല്‍, ഓശാന, മെയ് 2009), ‘ആത്മകഥയെന്ന മൂടുപടം’ (ഡോ. ബെറ്റിമോള്‍ മാത്യു, പച്ചക്കുതിര ജൂണ്‍ 2009), ‘അശാന്തമാവുന്ന ആശ്രമങ്ങള്‍’ (പി. എസ്. ശുഭ, പച്ചക്കുതിര, സെപ്റ്റംബര്‍ 2009എന്നിവയാണ് സി. ജെസ്മിയുടെ പുസ്തകത്തെ ആസ്പദമാക്കി വന്ന പഠനങ്ങള്‍. പൊതുസമൂഹത്തിന് വലിയ പരിചയമില്ലാത്ത ‘ഇട’ങ്ങളിലൊന്നാണ് മഠങ്ങള്‍. മഠങ്ങള്‍ക്കുള്ളില്‍ നിശ്ശബ്ദമായും പ്രതിരോധാത്മകമായും പ്രതികരിക്കുന്നവരെയും, അധികാരത്തോടെ മഠത്തിലെ ജീവിതങ്ങളെ അടിച്ചമര്‍ത്തുന്നവരെയും കുറിച്ച് തുറന്നു സംസാരിക്കാന്‍ സി. ജെസ്മിക്കു കഴിഞ്ഞു. ‘ആമേന്‍’ എന്ന ആത്മകഥയിലൂടെ സ്വന്തമായി ഒരു ഇടം അവര്‍ കണ്ടെത്തി. മഠത്തിലെ ജീവിതം ഉപേക്ഷിച്ചതോടെ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം തനിക്കുണ്ടെന്ന് അവര്‍ തെളിയിച്ചു. ‘നിര്‍വ്വികാര കുസുമങ്ങള്‍’ എന്ന അനുഭവക്കുറിപ്പിലും (കലാകൗമുദി) ചില തുറന്നു പറച്ചില്‍ നടത്തുകയാണ്. മിണ്ടടക്കം, കണ്ണടക്കം, കാതടക്കം, തൊടലടക്കം തുടങ്ങി അനേകം അടക്കങ്ങള്‍ സന്യാസിനികളെ അഭ്യസിപ്പിക്കാറുണ്ട്. കണ്ണുനീരും ചിരിയും അടക്കി വച്ച് നിര്‍വ്വികാരരായി ഇരിക്കുമ്പോള്‍ ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് മനസ്സ് തള്ളപ്പെടുന്നു. മഠങ്ങള്‍ക്കുളളിലെ അനേകം വീര്‍പ്പുമുട്ടലുകള്‍, അവരെ രക്ഷിക്കാന്‍ വീണ്ടും ‘നല്ല ഇടയന്‍’ അവതരിക്കുമോ എന്ന ചിന്തയില്‍ ആശ്വാസം കണ്ടെത്തുന്നു എന്നു വേണം കരുതാന്‍ സി.ജെസ്മിയുടെ വിവരണങ്ങള്‍ ചിന്തയ്ക്കു വഴിയൊരുക്കുന്നുണ്ട്. അനുഭവമായതിനാല്‍ ശക്തവുമാണ്.

എസ്. ലേഖ

1974 ല്‍ രാമചന്ദ്രന്‍ നായരുടെയും സുലോചനയുടെയും മകളായി തിരുവനന്തപുരത്തു ജനിച്ചു. സാമ്പത്തിക-ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. “മൗനമൊഴികള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ‘ഹൃദയത്തിന്‍റെ ഭാഷ’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവി എ. അയ്യപ്പനെ അനുസ്മരിച്ച് എഴുതിയ കവിതയാണ് ‘ഹൃദയത്തിന്‍റെ ഭാഷ’. സ്വന്തം ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത രഹസ്യമോതി പണ്ടേ മരിച്ചവനായ കവിയോടുള്ള ആദരവും സ്നേഹവും പങ്കു വയ്ക്കുകയാണ് ലേഖ. അയ്യപ്പന്‍റെ കവിതകളെ എന്നും വ്യതിരിക്തമാക്കിയത് അതിന്‍റെ തെളിനീരുറവ പോലെയുള്ള ഭാഷയും വികാരങ്ങളുടെ നിറം പിടിപ്പിക്കാത്ത ഹൃദയശുദ്ധിയുള്ള ചിന്തകളുമാണ്. ഹൃദയത്തിന്‍റെ ആ കവിഭാഷയ്ക്ക് നമോവാകം പറയുകയാണ് കവയിത്രി. ഉഴറും മനസ്സിന്‍റെ കൈയൊപ്പുകളായ വരികള്‍ കുറിച്ച കവിക്ക് ജീവിച്ചിരിക്കുമ്പോള്‍ നേരിടേണ്ടി വന്ന അപമാനങ്ങളും മരണാനന്തരം ലഭിച്ച ഔപചാരിക ദുഃഖാചരണങ്ങളും എത്രമേല്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് കവയിത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.

സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)

1899 നവംബര്‍ 6 ന് ഇലഞ്ഞിയില്‍ തോട്ടം കുടുംബത്തില്‍ ജനിച്ചു. ഉലഹന്നാന്‍റെയും മാന്നാനം പാട്ടശ്ശേരിയില്‍ മറിയാമ്മയുടെയും മകള്‍. ആശാന്‍ കളരിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. മുത്തോലി കോണ്‍വെന്‍റ് സ്കൂളില്‍ നിന്നു വെര്‍ണാക്കുലര്‍ സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം വടക്കന്‍ പറവൂര്‍ സെന്‍റ് തോമസ് പ്രൈമറി സ്കൂളില്‍ അധ്യാപികയായി. രണ്ടു വര്‍ഷത്തിനു ശേഷം കൊല്ലം ഗവണ്‍മെന്‍റ് മലയാളം സ്കൂളില്‍ ചേര്‍ന്ന് മലയാളം ഹയര്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് വടക്കന്‍ പറവൂരില്‍ തന്നെ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ അധ്യാപികയായും 1922 ല്‍ കുറവിലങ്ങാട് കോണ്‍വെന്‍റ് മിഡില്‍ സ്കൂളില്‍ അധ്യാപികയായും പിറ്റേവര്‍ഷം മുതല്‍ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് മേരി ജോണ്‍ തോട്ടം എന്ന പേരില്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. 1927 ല്‍ ആദ്യ കവിതാസമാഹാരം “ഗീതാവലി”, മഹാകവി ഉള്ളൂരിന്‍റെ അവതാരികയോടെ പുറത്തുവന്നു. ഇതോടെ കവി എന്ന നിലയില്‍ വ്യാപകമായ അംഗീകാരം നേടി. 1928 ജൂലൈ 16 ന് കര്‍മ്മലീത്താ സന്യാസിനീ സഭയില്‍ അംഗമായി ചേര്‍ന്ന് സിസ്റ്റര്‍ മേരി ബനീഞ്ഞയായി. “ലോകമേയാത്ര”, “കവിതാരാമം” (1929), “ഈശ്വര പ്രസാദം” ((1934), “ചെറുപുഷ്പത്തിന്‍റെ ബാല്യകാല സ്മരണകള്‍” (1936), “വിധിവൈഭവം” (1936), “ആത്മാവിന്‍റെ സ്നേഹഗീത” (1936), “ആധ്യാത്മികഗീത” (1945), “മാഗി” (1962), “കവനമേള” (1965), “മാര്‍ത്തോമാവിജയം മഹാകാവ്യം” (1970), “കരയുന്ന കവിതകള്‍” (1971), “ഗാന്ധിജയന്തി മഹാകാവ്യം” (1977), “അമൃതധാര” (1930) എന്നിവയാണ് കൃതികള്‍. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യ സമാഹാരം “തോട്ടം കവിതകള്‍” 1973 ലും രണ്ടാമത്തെ സമാഹാരം “ലോകമേ യാത്ര” മരണാനന്തരം 1986 ലും പ്രസിദ്ധീകരിച്ചു. ആത്മകഥയായ “വാനമ്പാടി”യും 1986 ലാണ് പുറത്തു വന്നത്. 1961 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. 1971 ല്‍ മാര്‍പ്പാപ്പ ബെനേമെരേന്തിര ബഹുമതി നല്കി സാഹിത്യ സേവനം അംഗീകരിച്ചു. 1981 ല്‍ കേരള കത്തോലിക്കാ അല്മായ അസ്സോസിയേഷന്‍ ചെപ്പു നല്‍കി ആദരിച്ചു. 1985 മെയ് 21 ന് നിര്യാതയായി. മലയാള സാഹിത്യത്തിലെ ഒറ്റപ്പെട്ട കവി വ്യക്തിത്വമാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ. അവരുടെ മികച്ച കൃതികളിലൊന്നാണ് “ലോകമേയാത്ര”. മേരി ജോണ്‍ തോട്ടം സിസ്റ്റര്‍ ബനീഞ്ഞയായി മാറുന്ന സംക്രമണഘട്ടം അത്യുഗ്രവും വേദനാമയുമായ ആത്മസംഘര്‍ഷത്തിന്‍റെ മുഹൂര്‍ത്തമായി മാറുകയാണ്. “ലോകമേയാത്ര” എന്ന ആ അവ്യാഖ്യേയ മുഹൂര്‍ത്തത്തിന്‍റെ ധന്യനാദലഹരിയായി വേണം കാണുവാന്‍ എന്ന് സി. പി. ശ്രീധരന്‍ അഭിപ്രായപ്പെടുന്നു. ഈ കവിത ലോകത്തില്‍ നിന്നുള്ള - ജീവിതത്തില്‍ നിന്നുള്ള അവരുടെ വിടവാങ്ങലായിട്ടാണ് ആളുകള്‍ ധരിച്ചിട്ടുള്ളത്. സൂക്ഷിച്ചു വായിച്ചാല്‍ അതല്ലെന്ന് ബോധ്യമാകും. ജനിച്ച നാള്‍ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ച ലോകമേ, നിനക്കു വന്ദനം! പിരിഞ്ഞു പോയിടട്ടെ ഞാനിനി-ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാന്‍. ലോകമെന്നത് മമതബോധമാണ്. ആ ചങ്ങലയറുത്തു സ്വതന്ത്രമാകുമ്പോള്‍ എന്‍റേതെന്നും ഞാനെന്നും നീയെന്നുമുള്ള ലോകബന്ധം മുറിയുന്നു. പിന്നീട് അതേ ലോകത്തില്‍ തന്നെ ജീവിക്കാന്‍ വേണ്ടിയാണ് ഈ ബന്ധങ്ങളറുക്കുന്നത്. ഞാനെന്ന ഭാവത്തോടുള്ള യാത്ര പറച്ചില്‍ കൂടിയാണ് ഈ കവിത.

എസ്. ഓമനക്കുട്ടി അമ്മ

1940 ഏപ്രില്‍ 19 ന് തിരുവനന്തപുരത്തെ തൃപ്പാദപുരത്ത് ജനിച്ചു. എം. ഗോവിന്ദപിള്ളയുടെയും ജി. സരസ്വതിയുടെയും മകള്‍. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എം. എ. (മലയാളം) ബിരുദം നേടി. എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റില്‍ ട്രാന്‍സിലേറ്ററായും തുടര്‍ന്ന് മധുരയില്‍ ഗാന്ധിഗ്രാമിലും, നാഗര്‍കോവിലില്‍ ഹിന്ദു കോളേജിലും ലക്ചററായും ജോലി നോക്കി. പിന്നീട് കേരളാ യൂണിവേഴ്സിറ്റിയില്‍ സി. വിയുടെ ചരിത്യാഖ്യായികളെപ്പറ്റി ഗവേഷണം ചെയ്യവേ, യൂണിവേഴ്സിറ്റി വിമന്‍സ് ഹോസ്റ്റല്‍ വാര്‍ഡനായി കാര്യവട്ടത്ത് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലും, വഴുതയ്ക്കാട് വിമന്‍സ് ഹോസ്റ്റലിലും സേവനം അനുഷ്ഠിച്ചു. “സാരഥി” (2008) എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ‘അഹം’ എന്ന കവിതയില്‍ പലപ്പോഴും നമ്മെ ഭരിക്കുന്ന അഹം എന്ന ബോധത്തെ - അഹങ്കാരത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്നതെങ്കിലും അഭംഗുരം തുടരുന്ന ജീവിതമെന്ന പ്രഹേളിക; മനസ്സിന്‍റെ ചഞ്ചല ചിന്തകളില്‍ മോഹവും സ്നേഹവും കോപവുമൊക്കെയുണ്ട്. എന്നാല്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ദേഹവും ജീവനും ആത്മാംശവും എല്ലാം കടം കൊണ്ടതാണ്. തിരിച്ചു കൊടുക്കേണ്ടതുമാണ്. കടം കൊണ്ട ഈ വസ്തുക്കളില്‍ അഹങ്കരിച്ചിട്ടു കാര്യമില്ല. ഈ വിഡ്ഢി വേഷം കണ്ട് ഇതൊക്കെ തന്നയാള്‍ ചിരിക്കുന്നുണ്ടാകും എന്ന് കവിയിത്രി നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുകയാണ്. “ജീവനോ? നാഥാ! നിന്നിഷ്ടദാനത്തിന- പ്പുറത്തൊന്നുമേയല്ലതും നിന്‍റെതല്ലേ? എന്തിനോതന്നെതിക്കെന്‍റെതായ് കാണുവാ- നെന്നാലതെന്‍ സ്വന്തമാവുന്നതെങ്ങനെ?”

സബീന എം. സാലി

കഥാകാരി. ആലുവയില്‍ ജനിച്ചു. സുബൈദയും മുഹമ്മദ് കുഞ്ഞും മാതാപിതാക്കള്‍. ബി. എസ്സി., എച്ച്. ഡി. സി., ഡി. ഫാം ബിരുദങ്ങള്‍ നേടി. ഇപ്പോള്‍ ഗള്‍ഫില്‍ ഫാര്‍മ്മസിസ്റ്റ് ആയി ജോലി നോക്കുന്നു. “പുഴ പറഞ്ഞ കഥ” എന്ന സമാഹാരത്തിലെ 'കളിപ്പാട്ടങ്ങള്‍ കരയുന്നു' എന്ന ചെറുകഥ അനുവാചക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഒരു എട്ടു വയസ്സുകാരിയുടെ തിരോധാനവും തുടര്‍ന്ന് സ്ഥിരീകരിക്കപ്പെടുന്ന മരണവുമാണ് ഈ കഥയുടെ പ്രമേയം. സമകാലിക സമൂഹത്തിലെ പതിവു സംഭവങ്ങളെ കഥയ്ക്കു പ്രമേയമാക്കിയിരിക്കുകയാണ് കഥാകാരി. ഭാഷയിലും ആഖ്യാന സൗന്ദര്യത്തിലുമുപരി യഥാര്‍ത്ഥ വിവരണത്തിന്‍റെ കരുത്താണ് ഈ കഥയുടെ മേന്‍മ.

എസ്. കെ. സബീന

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം തോട്ടയ്ക്കാട് എന്‍. എസ്. മന്‍സില്‍ മുഹമ്മദ് ഷാഫിയുടെയും ഖദീജാബീവിയുടെയും മകളായി ജനിച്ചു. വര്‍ക്കല എസ്. എന്‍. കോളേജ്, കേരള സര്‍വകലാശാല, അണ്ണാമലൈ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. “ബ്യൂല” (2008) എന്ന നോവല്‍ ആണ് പ്രസിദ്ധീകരിച്ച കൃതി. മനുഷ്യബന്ധങ്ങളുടെ ആര്‍ദ്രതയും സ്വാര്‍ത്ഥതയും നിഗൂഢതയും ചേര്‍ന്നുണ്ടാകുന്ന വിചിത്രമായ രൂപ പരിണാമങ്ങള്‍ വെളിപ്പെടുത്തുന്ന എഴുത്തുകാരിയാണ് എസ്.കെ. സബീന. വ്യത്യസ്ത രീതിയില്‍ വേട്ടായപ്പെടുന്ന കുറെ മനുഷ്യാത്മാക്കളുടെ കഥയാണ് ‘ബ്യൂല’ എന്ന നോവല്‍. ഈ നോവലിലെ കേന്ദ്രകഥാപാത്രത്തിന്‍റെ പേരാണ് ബ്യൂല. കാണുന്നതിലെല്ലാം നന്‍മ കണ്ടെത്തുന്ന കൃഷ്ണമൂര്‍ത്തി, കപടമനസ്സിന്‍റെ ഉടമയായ മൈഥിലി, കണ്‍ മുമ്പില്‍ വിശുദ്ധിയുടെ ഗോപുരം തകര്‍ന്നടിയുന്നതു കണ്ട് അമ്മയെ കൊല്ലേണ്ടി വന്ന ബ്യുല, ഇവരിലൂടെ മനുഷ്യ മനസ്സിന്‍റെ നിഗൂഡതകള്‍ കണ്ടെത്താനുള്ള ശ്രമമാണ് എഴുത്തുകാരി നടത്തുന്നത്.

പി. വി. സഹല

കോഴിക്കോട് ജില്ലയില്‍ ജനിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദം. സ്കൂള്‍, കോളേജ് തലങ്ങളില്‍ കഥാരചന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പി. വി. സഹലയുടേതായി പ്രസിദ്ധീകൃതമായ ആദ്യ പുസ്തകമാണ് “സാമാന്തരികം” (2007). മാതൃഭൂമി ബുക്സ് നവാഗത നോവലിസ്റ്റുകള്‍ക്കായി നടത്തിയ മത്സരത്തില്‍ ലഭിച്ച കൃതികളില്‍ നിന്ന് പ്രസിദ്ധീകരണത്തിനു തെരഞ്ഞെടുക്കപ്പെട്ട പതിനാറു നോവലുകളിലൊന്നാണിത്. ആമിനയുടെ ജീവിത വഴിത്താരകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് ഈ നോവല്‍. ഏഴാകാശവും കടന്ന്, സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കടന്ന് പറന്നുകൊണ്ടിരിക്കുന്ന ഒരു പൂമ്പാറ്റയെ ആമിന സ്വപ്നം കണ്ടിരുന്നു. മഴവില്‍ വര്‍ണങ്ങള്‍ വാര്‍ന്നുവീണ തന്‍റെ കിനാക്കളുടെ മണിച്ചെപ്പില്‍ മാനം കാണിക്കാതെ ഒരു മയില്‍പ്പീലിത്തുണ്ടും കുറേ വളപ്പൊട്ടുകളും അവള്‍ കാത്തുവെച്ചിരുന്നു...... വെറുതെ....ഓത്തുപള്ളിക്കൂടത്തില്‍ മൊല്ലാക്കയില്‍ നിന്നേല്ക്കേണ്ടി വരുന്ന പീഡനങ്ങള്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ അവളെ കാത്തിരുന്ന കരാളതകളുടെ തുടക്കം മാത്രമായിരുന്നു. ബാല്യത്തിന്‍റെ പ്രസരിപ്പുകളൊടുങ്ങും മുമ്പേ മുസ്തഫയുടെ രണ്ടാം ഭാര്യയായി മാറുന്ന ആമിനയില്‍ വിധി അതിന്‍റെ വിളയാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. ആമിനയ്ക്ക് തന്‍റെ ശലഭച്ചിറകുകള്‍ ഒന്നൊന്നായി നഷ്ടമാവുകയായിരുന്നു. നോവലിന്‍റെ രചനാതന്ത്രങ്ങളില്‍ മൗലികത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പാരായണ ക്ഷമമായ ആഖ്യാനശൈലിയാണ് ഈ നോവലിനുള്ളത്.

സഹീറാ തങ്ങള്‍

പാലക്കാട് ജില്ലയിലെ പള്ളിക്കുറഗില്‍ ജനനം. മുത്തുകോയ തങ്ങളുടെയും ആയിഷാബീവിയുടെയും മകള്‍. ബോട്ടണിയില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും. കഥയും കവിതയും നോവലുമെഴുതുന്നു. അറേബ്യ സാഹിത്യ പുരസ്കാരം, കഥക്ക് മലയാളം ന്യൂസ് അവാര്‍ഡ്, ഗള്‍ഫ് ആര്‍ട്സ് ആന്‍റ് ലിറ്റററി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബായില്‍ ഒരു അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ക്ലൈയന്‍റ് സര്‍വീസിങ് മാനേജര്‍ ആയി ജോലി നോക്കുന്നു. “ഞാനെന്ന ഒറ്റവര” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. “റാബിയ” എന്ന നോവലിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് സേതു “റാബിയ്”ക്ക് എഴുതിയ അവതാരിക ശ്രദ്ധേയമാണ് - “ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു സ്ത്രീകളും പുരുഷന്‍റെ ഇരകളാക്കപ്പെട്ടവരാണ്. അവരുടെ ദുരന്തങ്ങള്‍ക്ക് ഏറെക്കുറെ സമാനസ്വഭാവമാണെങ്കിലും കഥയുടെ ഓരോ ഘട്ടങ്ങളിലായി എല്ലാ കെട്ടുമഴിച്ച് ഇവര്‍ രക്ഷപ്പെടുന്നത് ഓരോ തരത്തിലാണ്. രസകരമായി കഥ പറഞ്ഞുകൊടുക്കാനുള്ള കഴിവുണ്ട് ഈ കഥാകാരിക്ക് അതുകൊണ്ടുതന്നെ ഏറെ പാരായണക്ഷമതയുള്ള ഒരു കൃതിയാണിത്. വൈകാരികമായ പിരിമുറുക്കം നിറഞ്ഞ പല മുഹൂര്‍ത്തങ്ങളും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവിടെയെല്ലാം മിതത്വം പാലിക്കാനും ഒരു നോവലിന്‍റെ ചട്ടക്കൂടിനകത്ത് ആഖ്യാനത്തെ ഒതുക്കി നിര്‍ത്താനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. സഹീറാ തങ്ങള്‍ വരഞ്ഞിടുന്ന പല ഇരുണ്ട ചിത്രങ്ങളും ഏറിയും കുറഞ്ഞും മറ്റു സമൂഹങ്ങള്‍ക്കും അന്യമല്ലെന്നിരിക്കെ അവര്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് നമുക്ക് ചുറ്റുമുള്ള പൊതു സമൂഹത്തെത്തന്നെയാണ്.

സൈനബ സിത്താറമിയ്യ (ടി. പി. സൈനബ)

1959 ല്‍ വയനാട്ടിലെ കുന്നമ്പറ്റയില്‍ ജനിച്ചു. കുന്നമ്പറ്റ എ. പി. ജെ. എസ്. എ. എല്‍. പി. സ്കൂള്‍, ചൂണ്ടേല്‍ ആര്‍. സി. ഹൈസ്കൂള്‍, കീഴുപറമ്പ് എ. ഐ. എ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്യാപികയാണ്. കവിതകളും ചെറുകഥകളും എഴുതുന്നു. അറബിക് ഭാഷയിലും കവിതകള്‍ എഴുതാറുണ്ട്. സ്ത്രീയുടെ സങ്കടങ്ങള്‍, പ്രകൃതിയിലെ മാറ്റങ്ങള്‍, ഭൂമിയുടെ സഹനശക്തി, മനുഷ്യന്‍റെ മനോഭാവങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തെക്കുറിച്ചും സൈനബ സിത്താറമിയ്യ തന്‍റെ കവിതകളിലൂടെ സംസാരിക്കുന്നു. രണാങ്കണത്തിനപ്പുറം എന്ന കവിതയില്‍ അമ്മമാരുടെ സങ്കടത്തെക്കുറിച്ചാണ് പറയുന്നത്. ആധുനിക കാലത്തും പുരാതനകാലത്തും യുദ്ധങ്ങളിലും കലാപങ്ങളിലും മക്കളെ നഷ്ടപ്പെടുന്ന അമ്മമാര്‍. പുരാണത്തിലെ ഗാന്ധാരിയുടെ അവസ്ഥതന്നെയാണ് ഇന്നത്തെ സ്ത്രീകള്‍ക്കും. അണുബോംബും മത്സരബുദ്ധിയും അവള്‍ക്ക് നഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീയുടെ മിഴിനീര്‍പ്രവാഹം താങ്ങാന്‍ ഭൂമിക്ക് സാധിക്കുമോ എന്നാണ് കവയിത്രി സംശയിക്കുന്നത്. കാത്തിരിക്കുന്നോ ആകാംക്ഷയോടൂഴി കണ്ണകിയെ, ഉണ്ണിയാര്‍ച്ചയെ? ഹാത്രം വിരചിക്കും കൊടുതീയില്‍ നീറുവാനാവില്ലിനിയും ജീവനുന്നെ ഗര്‍ഭപാത്രങ്ങള്‍ക്ക്! എന്ന് അവള്‍ പറഞ്ഞവസാനിപ്പിക്കുന്നു.

സജിനി പവിത്രന്‍ (പി. സി. സരോജിനിയമ്മ)

1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ജനിച്ചു. മുണ്ടക്കയം സെന്‍റ് ജോസഫ്സ് എല്‍. പി. എസ്., കുന്നം ഗവ. ഹൈസ്കൂള്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. എസ്സ്. സി., ബി. എഡ്. ബിരുദങ്ങള്‍. ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്രഥമാധ്യാപികയായി ജോലിയില്‍ നിന്ന് വിരമിച്ചു. “ആനവരുന്നേ” (1988), “അക്ഷയപാത്രം” (1991), “ഹക്കിള്‍ ബറിഫിന്‍” (1996), “മഞ്ചാടിമണികള്‍” (1998), “മാരിമുത്തും മണിമുത്തും” (2000), “മാരനും മാരിയും” (2000), “ബാലപാഠം” (2000), “ജിങ്കിടി ജിങ്കിടി” (2001), “കൈയ്യിലിരിക്കും കനകം” (2002), “അതാണ് ശരി” (1994), “രണ്ടുപേരും പഠിക്കട്ടെ” (1997), “കുന്നുമ്മേല്‍ കോളനി” (2001), “ദക്ഷിണായനും” (2001), “ദുഃഖിക്കേണ്ട” (2001) “കാട്ടാളന്‍ കുട്ടു” (2006), “ഒരു സ്വപ്നം പോലെ” (2008) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. 1980 ല്‍ ‘യാത്ര’ എന്ന കഥയ്ക്ക് വോയിസ് മാസികയുടെ കഥയ്ക്കുള്ള ഉറൂബ് അവാര്‍ഡ്. 1985 ല്‍ ബാലസാഹിത്യത്തിനുള്ള അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്. “സംഗീതാ അന്നാ ജോണ്‍ എന്ന പെണ്‍കുട്ടി” എന്ന നാടകത്തിന് 1985 ല്‍ നാടക രചനയ്ക്കുള്ള കെ. ജി. ടി. എ. വാര്‍ഷികാഘോഷ കമ്മിറ്റി അവാര്‍ഡ് 1986 ല്‍ കെല്‍ട്രോണ്‍ റിക്രിയേഷന്‍ ക്ലബ് അവാര്‍ഡ് 1991 ല്‍ “ആനവരുന്നേ” എന്ന കവിതാ സമാഹാരത്തിന് ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ്. 1997 ല്‍ “ഹക്കിള്‍ ബറിഫിന്‍” എന്ന പുസ്തകത്തിന് കേരളാ ഗവണ്‍മെന്‍റിന്‍റെ മാലി പുരസ്കാരം - എന്നിങ്ങനെ ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘ഒരു പവിഴമല്ലി പൂവിതളിന്‍റെ ഓര്‍മ്മ’ എന്ന കഥയില്‍ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ ഒരു മൃദു സ്പര്‍ശനത്തിനായി കൊതിക്കുന്ന ഒരു മനസിനെ നമുക്ക് ദര്‍ശിക്കാം. ഒരു കാല് നഷ്ടപ്പെട്ട് കിടപ്പിലായ വൃദ്ധന്‍ തന്‍റെ ജീവിത്തില്‍ സാന്ത്വന സ്പര്‍ശം നല്‍കി കടന്നു പോയ, ഒരു സ്ത്രീയെ കുറിച്ച് ഓര്‍മ്മിക്കുന്നു. ആ സ്നേഹ സാന്ത്വനം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. ഇളയ മകന് ഒരു വയസ്സ് ഉള്ളപ്പോള്‍ ഭാര്യനഷ്ടപ്പെട്ട ഇയാള്‍ തന്‍റെ അഞ്ച് ആണ്‍മക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. വലിയ നിലയില്‍ എത്തിയ മകള്‍ക്ക് അച്ഛന്‍ ഒരു ഭാരമായി അനുഭവപ്പെടുന്നു. മക്കളെ ശല്യപ്പെടുത്താതെ ഒറ്റയ്ക്കായിരുന്നു ഈ വൃദ്ധന്‍റെ ജീവിതം. പതിവുപോലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ ഒരു വണ്ടി വന്ന് തട്ടിത്തെറിപ്പിച്ച് ഇടുന്നു. ഒരു സ്ത്രീയാണ് ആശുപത്രിയില്‍ എത്തിക്കുന്നതും സ്നേഹപരിചരണം നല്‍കുന്നതും. ഒരു കാല് നഷ്ടപ്പെട്ട ആ മനുഷ്യമനസ് സ്നേഹ സാന്ത്വനത്തിനായി കൊതിക്കുന്നു. എന്നാല്‍ മക്കള്‍ വന്ന് കൊണ്ടു പോകുമ്പോള്‍ ആ സ്നേഹം പോലും അദ്ദേഹത്തിന് നഷ്ടമാകുന്നു. മനുഷ്യന്‍റെ മനസിന്‍റെ ആഗ്രഹങ്ങളും, വിഹ്വലതകളും എല്ലാം വളരെ ഭംഗിയായി ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

സജിനി എസ്.

1962 മെയ് 20 ന് എറണാകുളം ജില്ലയിലെ പിറവത്ത് ജനിച്ചു. ആര്‍. ശ്രീധരന്‍റെയും കെ. കെ. രാജമ്മയുടെയും മകള്‍. പിറവം സെന്‍റ് ജോസഫ്സ് എല്‍. പി. സ്കൂള്‍, എം. കെ. എം. ബൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. തുടര്‍ന്ന് മലയാളസാഹിത്യത്തില്‍ എം. എ. ബിരുദം നേടി. ശാസ്ത്രീയ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഗവ. സെക്രട്ടറിയേറ്റില്‍ അണ്ടൂര്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. “മാന്‍ ഓഫ് ദി മാച്ച്” (2005) എന്ന ചെറുകഥാസമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി. 2007 ലെ കേസരി പുരസ്കാരം ഈ ചെറുകഥാ സമാഹരത്തിന് ലഭിച്ചു. സൂക്ഷ്മമായ ജീവിത നിരീക്ഷണമാണ് സജിനിയുടെ കഥകളുടെ പൊതുഗുണം. അനുഭവങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന നിസ്സഹായനായ മനുഷ്യ ജീവിയുടെ ആത്മവിലാപമാണ് സജിനിയുടെ ചെറുകഥകള്‍. ‘ചാവുനിലങ്ങള്‍ക്കായി ഒരു പുഴ’ എന്ന കഥയില്‍, കുഞ്ഞിക്കണ്ണന്‍റെയും ആറ്റയുടെയും ജീവിതത്തിലൂടെ നമുക്ക് ചുറ്റും സംഭവിക്കുന്ന പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് എഴുത്തുകാരി ആവിഷ്ക്കരിച്ചിരിക്കുന്നത്.

സജിത മഠത്തില്‍

കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകാലശാലയില്‍ നിന്ന് നാടകത്തില്‍ എം. എ. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം. ഫില്‍. ബിരുദം. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു. അഭിനേത്രി എന്ന നാടകസംഘത്തിന്‍റെ തുടക്കക്കാരില്‍ ഒരാള്‍. “മുടിത്തെയ്യം”, “ആഷാഡ് കി ഏക് ദിള്‍”, “രാധ”, “ഭാരതവാക്യം”, “ചിറകടിയൊച്ചകള്‍”, “ബ്യൂട്ടി പാര്‍ലര്‍”, “മത്സ്യഗന്ധി”, “ഗാര്‍ഡന്‍സ് ഓഫ് ദ ഡീപ്”, “വാട്ടര്‍ പ്ലേ”, “മതിലുകള്‍”, “സ്പൈനല്‍ കോഡ്” എന്നിവയാണ് പ്രധാനപ്പെട്ട രംഗാവതരണങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘നിഴല്‍ക്കൂത്ത്’, സിബി ജോസിന്‍റെ ‘തുരുത്ത്’, കെ. മണിലാലിന്‍റെ ‘പച്ചക്കുതിര’, എം. ജി. ശശിയുടെ ‘ജാനകി’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈരളി ടീവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റഡ് ലേണിങ് ആന്‍റ് മാനേജ്മെന്‍റില്‍ ലക്ചററും നാടകവിദഗ്ധയുമായിരുന്നു. അദര്‍ മീഡിയാ കമ്മ്യൂണിക്കേഷന്‍സില്‍ ഡോക്യുമെന്‍റേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. കേന്ദ്രസംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചു. “മത്സ്യഗന്ധി”, “ചക്കീചങ്കരന്‍ ഒരു ഫാമിലി റിയാലിറ്റിഷോ” എന്നീ നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള നാടക സ്ത്രീ ചരിത്രം ആണ് മറ്റൊരു പ്രധാനപ്പെട്ട കൃതി. ഈ പുസ്തകത്തിലെ ‘മലയാള നാടക ചരിത്രം സ്ത്രീപക്ഷ വായന’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ട് ദശകത്തിലധികം പാരമ്പര്യമുള്ള മലയാള നാടകചരിത്രത്തില്‍ സ്ത്രീയുടെ ഇടവും പങ്കാളിത്തവും അന്വേഷിക്കുകയും സ്ത്രീനാടകപ്രവര്‍ത്തകരുടെ സംഭാവനകളും അനുഭവങ്ങളും രേഖപ്പെടുത്തുകയും ചെയ്യുന്ന പഠനമാണിത്. മലയാള നാടകവേദിയുടെ പിറവിയും സ്ത്രീകളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതിനൊപ്പം ആദ്യകാല സ്ത്രീനാടകരചനകള്‍ വിലയിരുത്തുകയും ചെയ്യുന്നു ഈ അദ്ധ്യായത്തില്‍.

സക്കീന ബഷീര്‍

തൃശൂര്‍ ജില്ലയിലെ മതിലകത്ത് കൊച്ചു മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകളായി ജനിച്ചു. ഒ. എന്‍. എഫ്. ജി. എച്ച്. എസില്‍ സ്കൂള്‍ വിദ്യാഭ്യാസം. അസ്മാബി കോളേജില്‍ കോളേജ് വിദ്യാഭ്യാസം. “ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്” (2008) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ജീവിതയഥാര്‍ത്ഥ്യം നിറഞ്ഞു നില്‍ക്കുന്ന വൈകാരികത മുറ്റിയ കഥകളാണ് സക്കീന ബഷീറിന്‍റേത്. തന്‍റെ വാര്‍ദ്ധക്യം മക്കള്‍ക്ക് ശാപമാകുന്നത് കണ്ട് മനം നൊന്ത ശങ്കരന്‍ ഭാര്യയായ വള്ളിയമ്മയെ ഓര്‍ത്തു കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നതാണ് ‘സന്ധ്യയുടെ വിലാപം’ എന്ന കഥയിലെ അടിസ്ഥാന പ്രമേയം. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ മാതാപിതാക്കള്‍ ഒരു ഭാരമാണ് എന്ന മക്കളുടെ കണ്ടുപിടിത്തത്തെ എഴുത്തുകാരി പ്രസ്തുത കഥയില്‍ക്കൂടി പരിഹസിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തനിപകര്‍പ്പാണ് “ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്” എന്ന കഥാസമാഹാരത്തിലെ മിക്ക കഥകളും

സാലി മോനായി

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ചൈല്‍ഡ് ഡവലപ്പ്മെന്‍റില്‍ ബിരുദാനന്തരബിരുദവും കേരള പ്രസ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയ സാലി മോനായി മാതൃഭൂമി ദിനപത്രത്തിലും ക്രിസ്തീയ പ്രസാധകരംഗത്തും പ്രവൃത്തി പരിചയം നേടിയിട്ടുണ്ട്. വിവിധ ക്രിസ്തീയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. റെയിനാള്‍ഡ് ബോങ്കെയുടെ ജീവചരിത്രം വിവര്‍ത്തനം ചെയ്തു. “പോള്‍ യോംഗിചോ: വിശ്വാസത്തിന്‍റെ അപ്പൊസ്തെലന്‍” ആണ് ആദ്യ കൃതി. ഈ ജീവചരിത്രഗ്രന്ഥത്തിലെ ആദ്യ അദ്ധ്യായമായ ‘ബുദ്ധനില്‍ നിന്നു ക്രിസ്തുവിലേക്ക്’ എന്ന ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്ഭുത രോഗ സൗഖ്യത്തിലൂടെ സത്യദൈവത്തെ കണ്ടെത്തിയ ഒരു ബുദ്ധമത വിശ്വാസി ലോകത്തിലെ ഏറ്റവും വലിയ പെന്തകോസ്തു സഭയുടെ പാസ്റ്ററായിത്തീര്‍ന്ന അനുഭവ കഥയാണു സാലി വിവരിക്കുന്നത്. വിശ്വാസത്തിന്‍റെ അഗാധതയില്‍ നീന്തിത്തുടിച്ച് വിലയേറിയ മുത്തുകള്‍ പെറുക്കിയെടുത്ത പാസ്റ്റര്‍ ചോയെ ദൈവം നടത്തിയ അത്ഭുത വഴികള്‍ ലളിതമായ ഭാഷയില്‍ വിശകലനം ചെയ്തിരിക്കുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പോള്‍ മണലില്‍ ഈ പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തെ പുനഃപ്രതിഷ്ഠിച്ചതിലൂടെ ക്രിസ്തീയ മഹത്വത്തിലേക്ക് ഉയര്‍ന്ന ഒരു പുരാവൃത്തമാണ് യോംഗീചോ എന്ന വിശ്രുതനായ പ്രഭാഷകന്‍റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നത്. പ്രബുദ്ധതയില്‍ നിന്നൊരു രൂപാന്തരീകരണമാണ് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാഴ്ച വച്ചത്. തന്‍റെ തിരിച്ചറിവുകളെ വിശ്വാസത്തിന്‍റെ അടിപ്പിണരുകളായി യോംഗിചോ നമുക്ക് കാണിച്ചു തരുന്നു. സാലി മോനായിയുടെ “പോള്‍യോംഗിചോ വിശ്വാസത്തിന്‍റെ അപ്പൊസ്തെലന്‍” എന്ന ഗ്രന്ഥം വിശ്വാസത്തിന്‍റെ ആണിപ്പഴുതുകളിലേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുന്നു.

സംപ്രീത

1983 ല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് ജനിച്ചു. കോങ്ങാട് ജി. യു. പി. സ്കൂള്‍, കടമ്പഴിപ്പുറം ഹൈസ്കൂള്‍, കോങ്ങാട് കെ. പി. ആര്‍. പി. ഹൈസ്കൂള്‍, ശ്രീകൃഷ്ണപുരം വി. ടി ഭട്ടതിരിപ്പാട് കോളേജ്, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജ്, തൃശ്ശൂര്‍ പി. ജി. സെന്‍റര്‍, കൊടുവായൂര്‍ ഹോളി ഫാമിലി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗവേഷണ വിദ്യാര്‍ത്ഥിയാണ്. കാവ്യവേദികളില്‍ പങ്കെടുക്കുന്നു. കവിതകളും ലേഖനങ്ങളും എഴുതുന്നു. ഡോ. കെ. ദാമോദരന്‍ സ്മാരക കവിതാ അവാര്‍ഡ് (“ഇലയിടം” - 2007), അങ്കണം ടി. വി. കൊച്ചുബാവ സ്മാരക കവിതാ മത്സര സമ്മാനം (“സൂചിമുല്ലകള്‍ സാക്ഷി”) എന്നിവ ലഭിച്ചിട്ടുണ്ട്. സംപ്രീതയുടെ കവിതകളെപ്പറ്റി സാഹിത്യ ചക്രവാളത്തില്‍ ഡോ. ഉമര്‍ തറമേലും (‘മര്‍മരങ്ങള്‍’ എന്ന കവിതയെപ്പറ്റി വിവരിക്കുന്നു). സാഹിത്യവിമര്‍ശന (2010) ത്തില്‍ ഡോ. സി. ആര്‍. പ്രസാദും (സ്ത്രീഎഴുത്തുകാരികള്‍ രേഖപ്പെടുത്തിയത് എന്ന കോളത്തില്‍ പ്രതിപാദിക്കുന്നു) എഴുതിയിട്ടുണ്ട്. ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങളെ കവിതകളിലൂടെ ആവിഷ്കരിക്കുന്നു. ‘വിളക്കല്‍’ (“ഇലയിടം”) എന്ന കവിതയില്‍ കാതുകുത്തിനെക്കുറിച്ച് പറയുന്നു. നമുക്ക് സുപരിചിതമായ സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കുന്നു. ഇരുപത്തെട്ടു കഴിയുമ്പോള്‍ കാതുകുത്തുന്ന കുഞ്ഞിന്‍റെ കരച്ചിലുകള്‍, തങ്കക്കമ്മലഴിച്ചാല്‍ താനേ അടഞ്ഞുപോകുന്ന തുള, നീണ്ട തണ്ടിട്ട കമ്മലാണെങ്കില്‍ തൂങ്ങി വലിയ തുളകളാവുന്നത് എല്ലാം വിശദമാക്കുന്നു. പ്രായമേറെക്കഴിയുമ്പോള്‍ പാകമാകാത്ത ആഭരരണങ്ങളെല്ലാം കൈമാറുകയാണ്. “ഇരുപത്തെട്ടു കുത്തിയ പേരക്കുഞ്ഞുങ്ങളൊത്തെന്‍റെ പ്രായം വന്നു വിളിക്കുമ്പോള്‍ ഓരോന്നായിക്കൊടുത്തു ഞാന്‍” എന്നാണ് പറയുന്നത്.

സന്ധ്യ. ഇ

1964 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയില്‍ ജനിച്ചു. തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. 2008 ല്‍ പുഴ.കോം അവാര്‍ഡ് (“പുഴ പറഞ്ഞത്”), 2009 ല്‍ സാഹിതീയം തകഴി പുരസ്കാരം (“പടികള്‍ കയറുന്ന പെണ്‍കുട്ടി” - രണ്ടാംസ്ഥാനം), 2010 ല്‍ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് (“അവിലോസുപൊടി” - രണ്ടാംസ്ഥാനം) തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘പുഴ പറഞ്ഞത്’ എന്ന കഥ ജീവിത പ്രതിസന്ധിയില്‍ തളര്‍ന്നു പോകുന്ന ഒരു സ്ത്രീ മനസിന്‍റെ ആവിഷ്ക്കാരമാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് മകളുമായി ജീവിക്കുന്ന രോഹിണിക്ക് ജോലി തിരക്ക് കാരണം മകളെ ശ്രദ്ധിക്കാന്‍ പോലും സമയം ലഭിക്കാറില്ല. അമ്മയുടെയും അച്ഛന്‍റെയും സ്നേഹവും സാമിപ്യവും കൊതിക്കുകയാണ് മകള്‍. മകള്‍ക്ക് അത് കൊടുക്കാന്‍ കഴിയാത്തതില്‍ രോഹിണി വിഷമിക്കുന്നു. താന്‍ പ്രണയിക്കുന്ന ദീപക്കുമായുള്ള വിവാഹത്തിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം മകളെ കുറിച്ചുള്ള ചിന്ത അവളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു. ദീപക്കിനെ സ്വീകരിക്കണോ തന്‍റെ മകള്‍ക്കു വേണ്ടി മാത്രം ജീവിക്കണോ എന്ന് ചിന്തിച്ച് ജനാലകളിലൂടെ പുഴയിലേക്ക് നോക്കി ഇരുന്ന രോഹിണിയോട് പുഴ എന്തോ പറയുന്നതായി തോന്നി. രാത്രി പുഴയില്‍ കത്തിച്ചു വച്ച ദീപങ്ങള്‍ പ്രതീക്ഷ വച്ച് മുന്നോട്ട് പോകാന്‍ തന്നോട് പറയുന്നതായി അവള്‍ക്കു തോന്നി. എന്നാല്‍ രാത്രി മണല്‍വാരാന്‍ വരുന്നവരാണ് ദീപം കത്തിച്ച് വയ്ക്കുന്നതെന്നും, പോലീസ് വരുന്നതുകണ്ടാല്‍ വിളക്ക് കെടുത്തി മുങ്ങിക്കളയും എന്നും പിറ്റേദിവസം മനസിലാക്കുന്ന രോഹിണി ദീപക്കുമായുള്ള ജീവിതത്തില്‍ പ്രതീക്ഷ വയ്ക്കണ്ട എന്ന് തീരുമാനിക്കുന്നു.

സന്ധ്യാ മേരി

എറണാകുളം ജില്ലയിലെ കാണിനാട്ടില്‍ ജനനം കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ മാതൃഭൂമിയുടെ ക്ലബ്ബ് എഫ്. എം പ്രൊഡ്യൂസര്‍. “ചിട്ടിക്കാരന്‍ യൂദാസ് ഭൂതവര്‍ത്തമാന കാലങ്ങള്‍ക്കിടയില്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. നിലവിലുളള കഥാസമ്പ്രദായങ്ങളെ തിരസ്കരിക്കുകയും പുതിയതു പലതും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന എഴുത്തിന്‍റെ മൗലികമാര്‍ന്ന ദൃഷ്ാന്തങ്ങളാണ് സന്ധ്യാ മേരിയുടെ കഥകള്‍. ബിബ്ലിക്കല്‍ ഇമേജുകളിലൂടെ ഒരേ സമയം സ്വര്‍ഗ്ഗീയവും അതിതീക്ഷ്ണവുമായ ജീവിതങ്ങളുടെ വ്യതിരിക്തത ബോധ്യപ്പെടുത്തിത്തരുന്നു കഥകള്‍. ‘ചിട്ടിക്കാരന്‍ യൂദാസ് ഭൂത വര്‍ത്തമാന കാലങ്ങള്‍ക്കിടയില്‍’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്ദ്രീയാനുഭവങ്ങളുടെ സാധാരണത്വവും സ്വാഭാവികതയുമാണ് ഈ കഥയില്‍ നിറയുന്നത്. തൂങ്ങി മരിച്ച കാമുകിയുടെ പ്രേതവുമായി ചിട്ടിക്കമ്പനിക്കാരനായ യൂദാസ് നടത്തുന്ന സംഭാഷണങ്ങളും അവരുടെ അസാധാരണ സമാഗമങ്ങളുമാണ് ഈ കഥയുടെ പ്രമേയം. മദ്ധ്യ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ ഭാഷയുടെ സ്വാഭാവികമായ ഒഴുക്കു കൊണ്ട് ആസ്വാദ്യകരമാണ് ഈ കഥ. പ്രേതവുമായുളള സംസര്‍ഗം യൂദാസിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അയാള്‍ പോലും തിരിച്ചറിയാത്ത, മാനസിക പരിവര്‍ത്തനങ്ങള്‍ അതി സൂക്ഷ്മമായി കഥാകാരി വരച്ചിടുന്നുണ്ട്.

സന്ധ്യ. വി. സതീഷ്

വി. പി സതീശന്‍റെയും കെ. വൈജയന്തിയുടേയും മകളായി കൊല്ലം ജില്ലയിലെ കരുനാഗപ്പളളിയില്‍ ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ നിന്നും എം. ഫില്‍ ഗവേഷണ ബിരുദം എന്നിവ ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതാറുണ്ട്. മഹാത്മാഗാന്ധി സര്‍വ്വകലാശാല സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക കഥാപുരസ്കാരം കടമ്മനിട്ട സ്മാരക കവിതാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. “വീണ്ടും രണ്ടു പെണ്‍കുട്ടികള്‍” ( നോവല്‍) ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ നോവലിലെ ആദ്യത്തെ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ ഒരു മുറി പങ്കിടുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കിടയില്‍ രൂപം കൊളളുന്ന അപൂര്‍വ്വ സുന്ദരമായൊരു പ്രണയത്തിന്‍റെ കഥയാണ് ‘വീണ്ടും രണ്ടു പെണ്‍കുട്ടികള്‍’. ഒരുമിച്ചു നടക്കുന്ന ഇണപിരിയാത്ത സുഹൃത്തുക്കള്‍/ കമിതാക്കള്‍ ആയിരുന്നു കവിതയും ഡെയ്സിയും എന്നാല്‍ തന്‍റെ വിവാഹം നിശ്ചയിച്ചതോടെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്ന പ്രിയ തോഴിക്കൊപ്പം നില്‍ക്കണൊ എന്ന സന്ദിഗ്ധാവസ്ഥയിലാവുന്നു കവിത. ലെസ്ബിയനിസവും ജീവിതത്തിന്‍റെ നശ്വരതയും പ്രമേയമാവുന്ന വേറിട്ടൊരു വായനാനുഭവം പകരുന്ന നോവലാണ് വീണ്ടും രണ്ടു പെണ്‍കുട്ടികള്‍ വി. ടി നന്ദകുമാറിന്‍റെ ലെസ്ബിയന്‍ നോവലിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ശീര്‍ഷകം.

ശാരദ

വടക്കന്‍ പറവൂര്‍ കളത്തിങ്കല്‍ വീട്ടില്‍ ജനിച്ചു. തിരുവനന്തപുരത്ത് വിമന്‍സ് കോളേജില്‍ നിന്ന് എം. എ. ഇംഗ്ലീഷ് പാസ്സായ ശേഷം കേരളാ യൂണിവേഴ്സിറ്റി ഓഫീസില്‍ ജോലി ചെയ്യുന്നു. പ്രകൃതിയിലും സംഗീതത്തിലും താല്പര്യമുള്ള ശാരദയുടെ യഥാര്‍ത്ഥ പേര് ശാരദാമണി കെ. “ഗോപുരം കയറാം” (2000) ആണ് ആദ്യ ചെറുകഥാ സമാഹാരം. “പഴയ ഭാര്യ” എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുട്ടിലൂടെ അലഞ്ഞെത്തുന്ന സാഗരത്തിന്‍റെ മുഴക്കം പോലെ സ്വന്തം ഗഹനത കൊണ്ടും ആഴത്തിന്‍റെ ആരവങ്ങള്‍ കൊണ്ടും ധ്വനിസാന്ദ്രമായ കഥകളാണ് ശാരദയുടേത്. ഇവരുടെ ഓരോ കഥയ്ക്കുമുണ്ട് തികച്ചും വ്യത്യസ്തമായ ഒരു ഭാവരൂപതലം. വൈയക്തികമായ ആന്തരാനുഭവങ്ങളുടെ ഉത്സവമാണ് ശാരദയുടെ കഥകള്‍. വിചിത്രമെന്നു തോന്നിക്കുന്ന മനോവ്യാപാരങ്ങളുടെ ഹൃദ്യങ്ങളായ ആലേഖനങ്ങളാണ് അവരുടെ ഓരോ കഥയും. “പഴയ ഭാര്യ” ദാമ്പത്യത്തിന്‍റെ ആണ്‍പക്ഷമെന്നു തോന്നിപ്പിക്കുന്ന വായനയാണ്. എഴുത്തുകാരിയുടെ എതിര്‍ലിംഗ ആഖ്യാതാവ് കഥ പറയുമ്പോള്‍ സൂക്ഷ്മതകളെ ശ്രദ്ധിക്കേണ്ടതുണ്ട്. കഥയില്‍ സ്ത്രീപക്ഷത്തിന്‍റെ നീരൊഴുക്കുകള്‍ സുലഭമാണെന്നു തെളിയുന്നതിവിടെയാണ്. വിവാഹമോചനത്തിന്‍റെ സങ്കീര്‍ണ്ണ മാനസികാവസ്ഥയെക്കുറിച്ചും അതിലേക്കു നയിച്ച പശ്ചാത്തലങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ഭര്‍ത്താവിന്‍റെ വിചിത്രമായ ഭാവനകളാണു കഥ നിറയെ. കുറ്റസമ്മതത്തിന്‍റെ വെണ്മയില്‍ അയാള്‍ അനുഭവിക്കുന്ന നിഗൂഢ നിര്‍വൃതി കഥാകൃത്ത് വളരെ സമര്‍ത്ഥമായി പകര്‍ത്തിയിരിക്കുന്നു.

എസ്. ശാരദക്കുട്ടി

കോട്ടയം ജില്ലയില്‍ ജനനം. “കവിതയിലെ ബുദ്ധദര്‍ശനം” എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. സ്ത്രീവാദം മലയാളിയുടെ ജീവിതപരിസരങ്ങളിലും സാഹിത്യ സാംസ്കാരിക കലാമണ്ഡലങ്ങളിലും എങ്ങനെ മുദ്ര പതിപ്പിച്ചിരിക്കുന്നു എന്ന് അന്വേഷിക്കുന്നവയാണ് ശാരദക്കുട്ടിയുടെ ലേഖനങ്ങള്‍ അധികവും. അവ മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചു വരുന്നു. ശാരദക്കുട്ടിയുടെ ലേഖനങ്ങളുടെ സമാഹാരം “പെണ്‍വിനിമയങ്ങള്‍” എന്ന പേരില്‍ ഡി. സി.ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, മാധ്യമം എന്നിവയില്‍ പ്രസിദ്ധീകരിച്ചു വന്നവയാണ് ഇതിലുള്ള ലേഖനങ്ങളിലേറെയും. പുസ്തകത്തില്‍ നിന്ന് ‘പെണ്‍നിഘണ്ടുവിലെ പദാര്‍ത്ഥങ്ങള്‍’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. 'സ്ത്രീസഹജം' എന്ന് പറയപ്പെടുന്ന 'ക്ഷമ' എന്ന വികാരം സ്വാഭാവികമല്ല എന്നും മറിച്ച് സമൂഹം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതും അതിന്‍റെ ഭാരം തികഞ്ഞ അസംതൃപ്തിയോടെ സ്ത്രീകള്‍ ചുമക്കുന്നതാണെന്നും പറഞ്ഞ് ഫലിപ്പിക്കാനാണ് ശാരദക്കുട്ടി ഇവിടെ ശ്രമിച്ചിരിക്കുന്നത്. അതിനായി തന്‍റെ അമ്മൂമ്മയുടെയുള്‍പ്പെടെ പല സ്ത്രീജീവിതങ്ങളെ അവര്‍ വിശകലനം ചെയ്തിരിക്കുന്നു.

ശാരദ ജി. നായര്‍

1936 ല്‍ പാലക്കാടു ജില്ലയില്‍ ജനിച്ചു. ടി. ജി. നായരുടെയും മേതില്‍ സരസ്വതിയമ്മയുടെയും മകള്‍. ഇക്കണോമിക്സിലും എഡ്യുക്കേഷനിലും ബിരുദാനന്തര ബിരുദം. മാനേജ്മെന്‍റ് കോഴ്സും പഠിച്ചിട്ടുണ്ട്. തമിഴില്‍ നല്ല പരിജ്ഞാനം തമിഴില്‍ നിന്നും മലയാളിത്തിലേയ്ക്കും ഇംഗ്ലീഷിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1962 മുതല്‍ അധ്യാപകവൃത്തി. 1968 ല്‍ എഫ്. എ. സി. ടി. യുടെ ഉദ്യോഗമണ്ഡല്‍ സ്കൂളില്‍ ടീച്ചര്‍. പിന്നീട് വൈസ് പ്രിന്‍സിപ്പല്‍. 1994 ല്‍ റിട്ടയര്‍ ചെയ്തു. “ശ്രീ ആണ്ടാര്‍ തിരുപ്പാവൈ” (വിവര്‍ത്തനം - പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2008) എന്നൊരൊറ്റ കൃതി മാത്രമേ പ്രസിദ്ധീകരിച്ചിട്ടുളളു. 1968 ല്‍ ‘ചിലപ്പതികാരം - ഒരവലോകനം’ എന്നതിന് എഅഇഠ അംമൃറ ളീൃ ആലെേ അൃശേരഹല ശി ങമഹമ്യമഹമാ ശി എഅഇഠ ങമശെസമ ലഭിച്ചു. ‘ഇന്നത്തെയും നാളത്തെയും നേതാക്കളോട്’ എന്ന ഉപന്യാസത്തിന് 1977 ല്‍ ഡൈജസ്റ്റ് വാര്‍ത്താ അവാര്‍ഡും ‘വിദ്യാര്‍ത്ഥിരംഗത്തെ അസ്വസ്ഥത കാരണങ്ങളും പ്രതിവിധികളും’ എന്നതിന് അഖിലേന്ത്യാ ഉപന്യാസ മത്സരത്തില്‍ പാരിസിലെ ഫിയോക്കസി (ഡചഋടഇഛമളളശഹശമലേറ) എഇഎകഅ (1978) അവാര്‍ഡും ലഭിച്ചു. തെന്നിന്ത്യയിലെ ഭക്ത കവയിത്രികളില്‍ അഗ്രഗണ്യയാണ് ആണ്ടാള്‍. “തിരുപ്പാവൈ” രചനയിലൂടെ ആധുനികരുടെ മനസ്സില്‍ പോലും ആണ്ടാള്‍ വീണ്ടും ജനിച്ചു കൊണ്ടിരിക്കുന്നു. ആ മഹാസമുദ്രത്തെയാണ് ശാരദ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ശ്രീ രംഗനാഥനോടുള്ള ആണ്ടാളുടെ പ്രേമഭക്തിയാണ് പ്രസ്തുത കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലളിതമായ രീതിയിലാണ് ശ്രീമതി ശാരദാ ജി നായര്‍ ഈ ഗാനങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. തമിഴും മലയാളവും പ്രധാനപ്പെട്ട വേരുകളാണെന്നു വസ്തുനിഷ്ഠമായി തെളിയിക്കുന്ന കൃതി കൂടിയാണ് ശ്രീ ആണ്ടാള്‍ തിരുപ്പാവെ.

എസ്. ശാരദയമ്മാള്‍

തോട്ടുവ ധന്വന്തരി ഗ്രാമത്തില്‍ ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്‍റെയും മകളായി 1946 ല്‍ ജനിച്ചു. കൂവപ്പടി പെണ്‍പള്ളിക്കുടം, ഗണപതിവിലാസം എന്നീ സ്കൂളുകളിലും, കാലടി ശ്രീശങ്കര കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആലുവ യു. സി. കോളേജ് എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ആലുവ സെന്‍റ് സേവ്യയേഴ്സ് കോളേജിലും കുറച്ച് കാലം പാരലല്‍ കോളേജിലും അധ്യാപിക. പിന്നീട് കെ. എസ്. ഇ. ബി. യില്‍ സ്ഥിരജോലി. റിട്ടയര്‍മെന്‍റിനുശേഷം ഇപ്പോള്‍ സാഹിത്യ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. “സ്ത്രീശക്തി” (പെന്‍ബുക്സ്, ആലുവ 1997), “മുത്തശ്ശിക്കഥകള്‍” (പെന്‍ ബുക്സ്, മെയ് 2001), “സൈന്‍ വിത് അസ്” (പെന്‍ബുക്സ്, നവംബര്‍, 2004) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രകാശിതമായിട്ടുണ്ട്. “സ്ത്രീശക്തി” (പെന്‍ബുക്സ്, ആലുവ) എന്ന കൃതിയില്‍ വ്യത്യസ്തമായി ചിന്തിപ്പിക്കുന്ന ലേഖനങ്ങളാണ് ഉള്ളത്. ലേഖികയുടെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഈ രചനകളിലുണ്ട്. വ്യക്തമായ ആഖ്യാന ശൈലിയും ക്ലിഷ്ടമല്ലാത്ത ഭാഷയുമാണ്. ‘സ്ത്രീയേ സ്വയം മനസിലാക്കൂ’ എന്ന ലേഖനത്തില്‍ സ്ത്രീകളോട് തങ്ങളെ തന്നെ സ്വയം മനസിലാക്കാന്‍ ആവശ്യപ്പെടുന്നു. എവിടെയൊക്കെയാണ് സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതെന്നും എവിടെയൊക്കെയാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതെന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കാന്‍ ഈ ലേഖനത്തിലൂടെ സാധിക്കുന്നു. സ്ത്രീകളുടെ മോചനത്തിന് വേണ്ടി പടപൊരുതാന്‍ ലേഖിക സ്ത്രീകളോട് ആവശ്യപ്പെടുകയാണ്.

സാറാ ജോസഫ്

തൃശ്ശൂര്‍ ജില്ലയില്‍ കുരിയച്ചിറയില്‍ 1946 ഫെബ്രുവരി 10 ന് ജനിച്ചു. ലൂയീസ് പൂക്കോടന്‍റെയും കൊച്ചു മറിയത്തിന്‍റെയും മകള്‍. ചോലക്കാട്ടുകര മാര്‍ തിമോഥിയൂസ് ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം. തിരൂര്‍ സെന്‍റ് തോമസ് ഹൈസ്ക്കൂള്‍, പട്ടാമ്പി സംസ്കൃത കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃശ്ശൂര്‍ സി. അച്യുത മേനോന്‍, ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള നിര്‍വ്വാഹക സമിതി അംഗമാണ്. “അകലെ അരികെ” (1979 ) “അലാഹയുടെ പെണ്‍മക്കള്‍” (1999), “കാടിതു കണ്ടായോകാന്താ” (2001), “മനസ്സിലെ നീ മാത്രം ( 1977) “പുതുരാമായണം” (2006), “ഗണിതം തെറ്റിയ കണക്കുകള്‍” (1992), “കാടിന്‍റെ സംഗീതം” (1979), “നന്‍മതിന്‍മകളുടെ വൃക്ഷം” (1989) “പാപത്തറ” (1990), “നിലാവ് അറിയുന്നു” (1994), “ഒടുവിലത്തെ സൂര്യകാന്തി” (1998)” പ്രകാശിനിയുടെ മക്കള്‍”, “അശോക, വനദുര്‍ഗ്ഗ”, “മാറ്റാത്തി” (2003) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ദല്‍ഹി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വര്‍ത്തമാനകാല ജീവിതത്തിന്‍റെ നെഞ്ചിടിപ്പില്‍ ആത്മ നൊമ്പരത്തോടെ നോക്കികാണുന്ന എഴുത്തുകാരിയാണ് സാറാ ജോസഫ്. ആട്ടിയകറ്റപ്പെട്ട കീഴ് ജാതിക്കാരോടും, സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സ്ത്രീകളോടുമാണ് അവര്‍ക്ക് കാരുണ്യം. ഇതിനു കാരണക്കാരായ അധീശക്തികള്‍ക്കെതിരെയാണ് എഴുത്തുകാരി ദിശാബോധമുളള സര്‍ഗാത്മക രചനകളിലൂടെ കലാപം നടത്തുന്നത്. പുരുഷ മേധാവിത്വത്തിന്‍റെ പ്രത്യയശാസ്ത്രവുമായി സാറാജോസഫ് നിരന്തരം കലഹിക്കുന്നു. പളളിയോടും മതമേധാവിത്വത്തോടും മാനവികതയുടെ സംരക്ഷണത്തിനായി അവര്‍ പോരാടുന്നു. സ്ത്രീ സ്വാതന്ത്ര്യത്തോടു കൂടി മാത്രമേ മനുഷ്യമോചനം സാധ്യമാകു എന്ന അഭിപ്രായമാണ് എഴുത്തുകാരിക്കുളളത്. സാറാ ജോസഫിന്‍റെ 'പാപത്തറ' എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ സ്ത്രീപക്ഷത്തു നിന്നു സമീപിക്കുന്ന കഥയുടെ പുതിയൊരു ഘട്ടത്തെ ഈ കഥ പ്രതിനിധീകരിക്കുന്നു. സമൂഹത്തില്‍ ജീവിച്ചു പോകേണ്ട ഒരു സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങളാണ് ഈ കഥയിലൂടെ സാറാ ജോസഫ് ആവിഷ്ക്കരിക്കുന്നത്. പെണ്‍കുട്ടിയെ മാത്രം പ്രസവിക്കുന്ന ലക്ഷ്മിക്കുട്ടിയുടെ കഥയാണിത്. പെണ്ണിനെ പിറക്കാന്‍ അനുവദിക്കാത്ത പുരുഷ മേധാവിത്വത്തിന്‍റെ ക്രൂരതയാണ് പ്രസ്തുത കഥയില്‍ തെളിയുന്നത്. തന്‍റെ പെണ്‍കുഞ്ഞിന്‍റെ രക്ഷയ്ക്കായി വെമ്പുന്ന ഒരു മാതൃ ഹൃദയം നമുക്ക് ലക്ഷ്മിക്കുട്ടിയില്‍ കാണാം. "വേദന പൊറുക്കാഞ്ഞിട്ടല്ല.............. കിതപ്പിനിടയില്‍ ലക്ഷ്മിക്കുട്ടി പിറു പിറുത്തു. എന്‍റെ മകളെ ഞാന്‍ ഒളിപ്പിച്ചു വെയ്ക്കും. ഒരു കൊട്ടയിലാക്കി, പഴത്തുണികള്‍ക്കിടയിലൊളിപ്പിച്ച് മുത്തുവേടത്തി, നിങ്ങളെന്‍റെ മകളെ പുഴയ്ക്കക്കരെ കടത്തി തര്വോ? ഈ താലീം മാലേം പൊട്ടിച്ചു തരാം". ഇത്തരത്തില്‍ ഓരൊ അമ്മയുടെ മനസ്സും തന്‍റെ മകളുടെ സംരക്ഷണത്തെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെടുന്നു. ലക്ഷ്മിക്കുട്ടി സ്ത്രീ വര്‍ഗ്ഗത്തിന്‍റെ തന്നെ ഒരു പ്രതിനിധിയായി ഇവിടെ മാറുന്നു.

സാറാമ്മ ജേക്കബ് ഇലഞ്ഞിക്കല്‍

മാരാമണ്‍ തേവര്‍തുണ്ടിയില്‍ തേന്മാലില്‍ ഡോ. ടി. തോമസിന്‍റെയും മറിയാമ്മയുടേയും മകളായി 1924 നവംബര്‍ 21 ന് ജനിച്ചു. എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരിക്കെ ഇ. ജോണ്‍ ജേക്കബുമായ് വിവാഹം. വിമോചന സമരത്തില്‍ ഭര്‍ത്താവിനൊപ്പം പങ്കെടുത്തു. സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍ പേഴ്സണായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്തമറിയം സമാജത്തിന്‍റെ ഭവന്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 2007 ആഗസ്റ്റ് 9 ന് അന്തരിച്ചു. “ഇ. ജോണ്‍ ജേക്കബ് - ഓര്‍മ്മയില്‍ സമരസൂര്യന്‍” ( 2008) ആണ് പ്രസിദ്ധീകരിച്ച കൃതി. സൈനികന്‍, രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ നിലകളില്‍ പ്രശോഭിച്ച ജോണ്‍ ജേക്കബ്ബിന്‍റെ ഐതിഹാസികമായ ജീവിതകഥയാണ് ഈ പുസ്തകം. പതിനൊന്നാം അദ്ധ്യായമായ തൊപ്പിപ്പാള സൈന്യത്തിന്‍റെ കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമോചനസമരത്തിലെ ആദ്യ വനിതയായ സാറാമ്മ ജേക്കബ് തന്‍റെ ജീവിത സഹയാത്രികരെ സമരകാല പശ്ചാത്തലത്തില്‍ അനുസ്മരിക്കുന്നു. രാഷ്ട്രീയ ചരിത്രത്തിന്‍റെ നാള്‍വഴികള്‍ അവതരിപ്പിക്കുക ഗ്രന്ഥകാരിയുടെ ലക്ഷ്യമല്ല, മറിച്ച് അതിലെ നേരും നെറിയും പറയുകയാണ് എഴുത്തുകാരിയുടെ ഉന്നമെന്നു തൊപ്പിപ്പാള സൈന്യത്തെപ്പറ്റിയുളള വിവരണത്തില്‍ നിന്നു ബോദ്ധ്യപ്പെടുന്നു. കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ സ്വാതന്ത്ര്യാനന്തര കേരളത്തിലെ വിമോചന സമരം, കേരള കോണ്‍ഗ്രസിന്‍റെ ഉത്ഭവം തുടങ്ങി നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ , പ്രഗല്ഭ മതികളുടെ തൂലികാ ചിത്രങ്ങള്‍ എന്നിവ വിചാരണ ചെയ്യപ്പെടുന്നു.

പി. എന്‍. സരസമ്മ

കോട്ടയം ജില്ലയിലെ അയര്‍ക്കുന്നത്ത് 1954 ല്‍ ജനനം. സെന്‍റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍, പുന്നത്തുറ ബി. സി. എം. കോളേജ് കോട്ടയം, മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ ഡെപ്യുട്ടി സെക്രട്ടറിയായി ജോലി നോക്കുന്നു. കൂടാതെ പി. എസ്. സി. എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ്, എഫ്. എസ്. ഇ. റ്റി. ഒ. സംസ്ഥാന കമ്മിറ്റിയംഗം, വനിതാസാഹിതി ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥയും കവിതയും പ്രസിദ്ധീകരിക്കാറുണ്ട്. 1999 ലും 2000 ത്തിലും ദേശാഭിമാനിയുടെയും കേരളകൗമുദിയുടെയും വാരാന്തപ്പതിപ്പുകളില്‍ കവിത. 2006 - 2009 നും ഇടയില്‍ സ്ത്രീശബ്ദം മാസികയില്‍ കഥകള്‍. കവി എന്നതിനൊപ്പം ഒരു രാഷ്ട്രീയ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയാണ് ശ്രീ. പി. എന്‍. സരസമ്മ. അവരുടെ കവിതകള്‍ കാല്പനികമായിരിക്കുമ്പോള്‍ തന്നെ പ്രതിരോധത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും സന്ദര്‍ഭങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. പ്രണയം മാതൃത്വം തുടങ്ങി കവിതക്ക് സ്വീകാര്യമായ വിഷയങ്ങളൊക്കെ ഇവിടെയും പരമാര്‍ശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലുമെന്നാത്മാവിന്‍ നീരകണങ്ങള്‍ നിന്‍ സങ്കട ഹൃദയത്തില്‍ വേദമായ് മാറീടേണം നാമെല്ലാമീ മണ്ണിലെ ചാരുശില്പങ്ങള്‍ മാത്രം പൂനുളഅളിയെറിഞ്ഞാലുമുടയും മണ്‍വിഗ്രഹം! (സാന്ത്വനം) എന്നൊക്കെ അതികാല്പിനകമാകുന്നുണ്ട് ചിലപ്പോള്‍ കവിഭാഷ. ഇങ്ങനെ ഗദ്യത്തിന്‍റെ ദൃഢശൈലിയിലും ചിലപ്പോള്‍ കവിത വന്നിരിക്കുന്നു. “ചില്ലുവാതിലിനപ്പുറം” എന്ന സമാഹാരത്തിലെ ‘സാന്ത്വനം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജീവിതാഭിമുഖ്യം, പ്രകൃതിസ്നേഹം, പ്രണയം എന്നിങ്ങനെയുള്ള പ്രസാദ ചിന്തകളാല്‍ സമ്പന്നമാണ് ഈ കവിത.

സരസു

പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്ക എന്ന മലയോര ഗ്രാമത്തില്‍ കര്‍ഷക ദമ്പതികളായ പള്ളിക്കല്‍ പി. ജി. തോമസിന്‍റെയും അന്നമ്മയുടെയും മകളാണ് സരസു. 1955 ജനുവരി 10 ന് ജനിച്ചു. അഞ്ചാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് കഴുത്തിന് താഴെ ചലനമറ്റ നിലയില്‍ കിടപ്പിലായി. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സരസു ഇരുകൈകളും ചേര്‍ത്തുപിടിച്ച് കുറിച്ച ലേഖനങ്ങളും കഥകളും ആനുകാലികങ്ങളിലും ആകാശവാണിയിലും ഇടം കണ്ടെത്തി. 1978 മുതല്‍ തിരുവനന്തപുരത്തെ വികലാംഗ പുനരധിവാസ കേന്ദ്രമായ ചെഷയര്‍ ഹോമില്‍ താമസിക്കുന്നു. തന്നോടൊപ്പമുള്ള പതിനാറ് വീല്‍ ചെയറുകാരെ ഉള്‍പ്പെടുത്തി ‘കനല്‍പ്പാട്’ എന്ന നാടകം രചിക്കുകയും അതിലെ കഥാപാത്രമായി സ്റ്റേജിലും ദൂരദര്‍ശനിലും എത്തുകയും ചെയ്തു. പരിമിതികളേറെയുള്ള തന്‍റെ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമായ “ഇതാണെന്‍റെ കഥയും ഗീതവും” രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ചു. ഇതിന്‍റെ പരിഭാഷ “എന്‍ കതൈയും കീതമും” തമിഴകത്ത് ബെസ്റ്റ് സെല്ലറായി. സരസുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി “ആന്‍ എന്‍ കൗണ്ടര്‍ വിത് എ ലൈഫ് ലിവിങ്ങ്” (ഡോക്യുമെന്‍ററി) “ഹൃദയത്തിനുട” (ടെലിഫിലിം) എന്നിവ പുറത്തിറങ്ങി. ‘ചിറകിന്‍ മറവില്‍’ എന്ന സിനിമയിലും സരസു പ്രധാന കഥാപാത്രമായി വന്നു. “ഇതാണെന്‍റെ കഥയും ഗീതവും” സരസു തന്‍റെ ആത്മകഥ എഴുതിയപ്പോള്‍, മറ്റുള്ളവര്‍ തങ്ങള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ലോകത്തെയാണ് അതിലൂടെ കണ്ടത്. ആരോഗ്യവും യൗവ്വനവും തുളുമ്പുന്ന സാധാരണ മനുഷ്യര്‍ കാണാത്തതും കേള്‍ക്കാത്തതുമായ പലരംഗങ്ങളും അതില്‍ മിന്നിമറയുന്നുണ്ട്. അനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നും ഉതിര്‍ന്നുവീണ വരികള്‍ക്ക് മറ്റുമനസ്സുകളെ സാന്ത്വനിപ്പിക്കാനും സ്നേഹം വളര്‍ത്താനുമുള്ള ശക്തിയുണ്ട്. പാണ്ഡിത്യവും പദവിയുമൊന്നുമല്ല യഥാര്‍ത്ഥ സര്‍ഗ്ഗവാസനയുടെ മാനദണ്ഡം. അത് എത്ര മറച്ചുവച്ചാലും ഒരുനാള്‍ മറനീക്കി പുറത്തുവരും. അതിന് ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥ. സാഹിത്യ ഭംഗിയാര്‍ന്ന ഭാഷയില്‍ വളരെ ലളിതമായ ഭാവനയിലൂടെ തന്‍റെ അനുഭവങ്ങളും വേദനകളും നമുക്ക് മുന്നിലെത്തിക്കുന്നു. നമുക്കു ചുറ്റും ഉള്ള പല കാഴ്ചകളും നമ്മള്‍ കാണുന്നില്ല അതുകാണാനുള്ള ഉള്‍ക്കാഴ്ചയാണ് ഈ കൃതി തരുന്നത്. ഈശ്വരവിശ്വാസത്തിലുറച്ച മനസ്സുമായി എന്തിനേയും നേരിടാനുള്ള കരുത്തുമായി സരസു നമ്മെ ചിന്തിപ്പിക്കുന്നു. ബാല്യകാലത്തെ തന്‍റെ ചെറിയ കാഴ്ചകളെ സരസുവിന്‍റെ മനസ്സിലൂടെ ഊര്‍ന്നുവീണപ്പോള്‍ അത് മികച്ച ഒരു സാഹിത്യകാവ്യമായി അതാണ് ഒന്നാമത്തെ ഭാഗത്ത് പറയുന്നത്. ഈ ആത്മകഥയില്‍ എന്തുകൊണ്ടും സാഹിത്യമൂല്യം കൂടിയ ഭാഗം തന്നെയാണിത്. സരസുവിന്‍റെ കഴിവു മുഴുവനും ഒന്നാം ഭാഗത്തെ വായനയിലൂടെ വ്യക്തമാണ്.

എസ്. സരസ്വതി അമ്മ

1933 മാര്‍ച്ച് 18 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കരുനാഗപ്പള്ളി തഴവാ കോട്ടുകോയിക്കല്‍ വേലായുധന്‍റെയും ശാരദാമ്മയുടെയും മകള്‍. കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം. 1965 ല്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പ്രൊഡ്യൂസറായി ചേര്‍ന്നു. 1984 ല്‍ ഏറ്റവും നല്ല റേഡിയോ ചിത്രീകരണത്തിനുള്ള ദേശീയ പരുസ്കാരം നേടി. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഡയറക്ടറായാണ് ജോലിയില്‍ നിന്നു വിരമിച്ചത്. “അമ്മമാര്‍ അറിഞ്ഞിരിക്കാന്‍” (2003), “പൂക്കളും കുഞ്ഞുങ്ങളും” (2005), “കുപ്പിച്ചില്ലുകളും റോസാദലങ്ങളും” (2006) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. “കുപ്പിച്ചില്ലുകളും റോസാദലങ്ങളും” എന്ന പുസ്തകത്തില്‍ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് പലരും എഴുതുന്ന കത്തുകളും അവയുടെ പ്രശ്നപരിഹാരത്തിനായി നല്‍കുന്ന മറുപടികളുമാണ്. വ്യക്തികള്‍ തങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മാനസിക സംഘര്‍ഷങ്ങളും പറയുമ്പോള്‍ അതിന് ഉചിതമായ മറുപടി നല്‍കാന്‍ എസ്സ.് സരസ്വതി അമ്മയ്ക്ക് കഴിയുന്നു.

സരസ്വതി കാന്തിലാല്‍ ഗാന്ധി

തിരുവനന്തപുരത്ത് തൈക്കാട്ട് നാറാണത്തു തറവാട്ടില്‍ പത്മാവതി തങ്കച്ചിയുടെയും അഡ്വ. എന്‍. കെ. കൃഷ്ണപിള്ള എം. എല്‍. എ. യുടെയും മകളായി 1928 ല്‍ ജനിച്ചു. പ്രശസ്ത ഗാന്ധിയന്‍ ജി. രാമചന്ദ്രന്‍ അമ്മാവനാണ്. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കാന്തിലാല്‍ ഗാന്ധിയുമായി വിവാഹം. വിവാഹശേഷം ഹിന്ദു വിശാരദ്, ബി.എ. ബിരുദങ്ങള്‍ നേടി. സെന്‍ചുറി മില്‍സില്‍ സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസറായിരുന്നു. 2008 ഡിസംബര്‍ 14 ന് അന്തരിച്ചു. “ഓര്‍മകളുടെ വേലിയേറ്റം” (സ്മരണകള്‍) ആണ് പ്രസിദ്ധീകരിച്ച കൃതി. ഗാന്ധി കുടുംബത്തിലെ ബി. ജെ. പി. ക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സരസ്വതി, ഗാന്ധി കുടുംബവുമായും സ്വാതന്ത്ര്യമസര പ്രസ്ഥാനവുമായും തനിക്കുള്ള അഗാധബന്ധങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഈ ഗ്രന്ഥത്തില്‍. പ്രശസ്ത പത്രപ്രവര്‍ത്തക ജോളി അടിമത്രയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ‘ഗാന്ധിജിയുടെ മടിയില്‍ തലവെച്ച്’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക പൂരോഗതിയെക്കുറിച്ചുള്ള ഗാന്ധിതത്വങ്ങള്‍ അപഗ്രഥിക്കാനും വിലയിരുത്താനുമുള്ള ശ്രമം അവരുടെ എഴുത്തില്‍ ഉടനീളം കാണാം. സരസ്വതിക്ക് ബാല്യം മുതലേ സുപരിചിതമായ പേരായിരുന്നു ഗാന്ധിജി. മഹാത്മജി കേരളത്തില്‍ വന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സരസ്വതിയുടെ അമ്മുമ്മയുടെ വീട്ടിലും എത്തിയിരുന്നു. ആ സന്ദര്‍ശനത്തിന്‍റെ സ്മരണകള്‍ പങ്കിടുകയാണ് ഈ അദ്ധ്യായത്തില്‍. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഗാന്ധിജിക്കൊപ്പം പത്തുവയസ്സുകാരി സരസ്വതിയും കാറില്‍ കയറി. ഉറക്കും തൂങ്ങിയ കൊച്ചു പെണ്‍കുട്ടിയെ അദ്ദേഹം മടിയില്‍ക്കിടത്തിയതും മറ്റും അപൂര്‍വ്വചാരുതയോടെയാണ് വിവരിച്ചിരിക്കുന്നത്. മടിയിലുറങ്ങുന്ന കൊച്ചുകുട്ടി തന്‍റെ കൊച്ചു മകന്‍റെ ഭാര്യയായി കുടുംബത്തില്‍ വന്നുകയറുമെന്ന് ഗാന്ധിജി അന്നു ചിന്തിച്ചിരുന്നു പോലുമില്ലല്ലോ.

"ഓര്‍മ്മകളുടെ വേലിയേറ്റം" (സ്മരണ).കോഴിക്കോട്: മാതൃഭൂമി, 2006.

സരസ്വതി നായര്‍

1929 ജൂണില്‍ പാലക്കാട് ജനിച്ചു. നൊട്ടിയത്ത് നാണിക്കുട്ടിയമ്മയും ഗോപാലപ്പണിക്കരും മാതാപിതാക്കള്‍. കോയമ്പത്തൂരും മദിരാശിയിലുമായി വിദ്യാഭ്യാസം. ‘രൂപകല’ എന്ന പേരില്‍ എസ്.കെ. പൊറ്റക്കാട്ടിന്‍റെ ഭാര്യ ജയ പൊറ്റക്കാട്ടുമായി ചേര്‍ന്ന് വനിതാമാസിക നടത്തിയിരുന്നു. നൊട്ടിയത്ത് സരസ്വതിയമ്മ എന്ന തൂലുകാനാമത്തില്‍ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. 2009 മെയില്‍ “പരിശുദ്ധ” എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. “പരിശുദ്ധ” യിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘രൂപകല’ എന്ന സ്ത്രീമാസിക നടത്തിയ കാലത്ത് കണ്ടവരിലും പരിചയപ്പെട്ടവരിലും നിന്നുമായിട്ടാണ് നോവലിന്‍റെ കഥാതന്തു ഉത്ഭവിച്ചത്. 40 കൊല്ലമായി ഈ നോവലിന്‍റെ കൈയെഴുത്തു പ്രതി വെളിച്ചം കാണാതെ ഇരുട്ടില്‍ തന്നെയായിരുന്നു. മനുഷ്യബന്ധത്തിന്‍റെ ഇഴയടുപ്പവും സ്നേഹത്തിന്‍റെ പാരമൃതയും ആവോളം ആസ്വദിക്കാം ഈ നോവലിന്‍റെ ആദ്യ അദ്ധ്യായത്തില്‍.

സരസ്വതി ശര്‍മ്മ (ഡോ. സരസ്വതി അന്തര്‍ജ്ജനം)

1956 ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത് ജനിച്ചു. ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നിന്നും എം. എ. ബിരുദവും, എം. ജി. യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദവും നേടി. സ്വദേശത്തും വിദേശത്തുമുള്ള ആനുകാലികങ്ങളിലും ഇന്‍റര്‍നെറ്റിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയില്‍ കഥ വായിക്കാറുണ്ട്. കോളേജ് അധ്യാപിക (അല്‍ അമീന്‍ കോളേജ്, ആലുവ) ആയി സേവനം അനുഷ്ഠിക്കുന്നു. “ആന്തൂറിയം പൂക്കളെ കാമിച്ച പുരുഷന്‍” (1999), “താഴം പൂവിന്‍റെ ചിരി” (2003), “രാത്രി വണ്ടി” (2010) എന്നീ കഥാ സമാഹാരങ്ങളും “അക്കരപ്പച്ച” (2010) എന്നൊരു ലഘുനോവലുമാണ് പ്രസിദ്ധീകൃതമായ കൃതികള്‍. ‘മറ്റൊരുചിത’ എന്ന കവിതയ്ക്ക് 2009 ലെ നാഷണല്‍ സോഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (കേരളഘടകം) പുരസ്ക്കാരവും 2005 ല്‍ “താഴം പൂവിന്‍റെ ചിരി” എന്ന കഥാസമാഹാരത്തിന് പരമേശ്വരന്‍ നമ്പൂതിരി എന്ന വേദപണ്ഡിതന്‍റെ സ്മരണാര്‍ത്ഥമുള്ള വെള്ളാലം അവാര്‍ഡും ലഭിച്ചു. 2009 ല്‍ നാഷണല്‍ മൂവ്മെന്‍റ് ഫോര്‍ വുമണിന്‍റെ ശക്തി സംഘടന നടത്തിയ മികച്ച പ്രബന്ധ രചനാപുരസ്ക്കാരവും സരസ്വതി അന്തര്‍ജനത്തിനാണ് ലഭിച്ചത്. “അക്കരപ്പച്ച” എന്ന ലഘുനോവലില്‍ കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനസ്സിലൂടെ പല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു. അക്കരപ്പച്ച എന്നതു തന്നെ പ്രതീക്ഷയുടേതായ ഒരു തീനാളമാണ്. നാടിനെക്കുറിച്ച് കൃഷ്ണനുള്ള ഓര്‍മ്മകള്‍ വളരെ മനോഹരമാണ് - പുവും, മാവും, മുത്തശ്ശി ഉണ്ടാക്കുന്ന നാട്ടുവിഭവങ്ങളുമൊക്കെയുണ്ട് അതില്‍. പുഴകള്‍ ഒന്ന് കരയണമെങ്കില്‍ കണ്ണുനീര് പോലും ഇല്ലാത്ത അവസ്ഥയായിരിക്കുന്നു എന്ന് കൃഷ്ണന്‍ പറയുമ്പോള്‍ പുഴയുടെ ദയനീയാവസ്ഥയെ കുറിച്ചാണ് ആ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. അച്ഛന്‍റെ രോഗാവസ്ഥയെക്കുറിച്ച് വായിച്ചറിഞ്ഞ കൃഷ്ണന്‍ ലോകത്തിലെ ഏറ്റവും നന്ദികെട്ട വര്‍ഗ്ഗം മക്കളാണെന്ന് അവര്‍ ചിന്തിക്കുമോ ഈശ്വരാ! എന്നും ചിന്തിക്കുന്നു. അവസാനം കൃഷ്ണന്‍ പ്രവാസത്തിന് വിടപറഞ്ഞ് തിരിച്ച് പോകാന്‍ തന്നെ തീരുമാനിക്കുന്നു. തനിക്ക് പറയാനുള്ളത് വളരെ ഭംഗിയായി ആവിഷ്ക്കരിക്കാനുള്ള സരസ്വതി അന്തര്‍ജനത്തിന്‍റെ കഴിവ് ഈ നോവലില്‍ തെളിഞ്ഞു കാണുന്നു.

സരോജാ വര്‍ഗീസ്

കഥാകാരി, കവയിത്രി, സാമൂഹ്യ പ്രവര്‍ത്തക. തിരുവല്ല സ്വദേശിനിയായ സരോജാ വര്‍ഗീസ് ന്യൂയോര്‍ക്കിലാണ് സ്ഥിര താമസം. മലങ്കര ഓര്‍ത്തഡോക്ട് സിറിയന്‍ ചര്‍ച്ച് മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ഫാമിലി ആന്‍റ് യൂത്ത് കോണ്‍ഫറന്‍സ് എക്സിക്യൂട്ടീവ് അംഗം, കോണ്‍ഫറന്‍സ് സുവനീര്‍ ചീഫ് എഡിറ്റര്‍, അമേരിക്കന്‍ കലാസാഹിതി വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. “തീരം കാണാത്ത തിര”യാണ് ആദ്യ കൃതി. “വിശുദ്ധ സ്വപ്നങ്ങളുമായി വിശുദ്ധ നാട്ടില്‍” എന്ന യാത്രാവിവരണ ഗ്രന്ഥത്തിലെ ‘ബേത്ലഹേം പുരിയില്‍’ എന്ന അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു യാത്രാവിവരണം എന്നതിലുപരി ബൈബിള്‍ നാടുകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനാനുഭവം ആണ് ഈ കൃതി. പുണ്യനാട് സന്ദര്‍ശനം വഴി താന്‍ അനുഭവിച്ച ആത്മിയാനുഭൂതി ഈ ഗ്രന്ഥത്തിലൂടെ വായനക്കാര്‍ക്ക് പകര്‍ന്നു തരുന്നു. ദിവ്യരക്ഷകന്‍ യേശുക്രിസ്തു ജനിച്ച സ്ഥലത്തെ ദേവലായത്തെക്കുറിച്ചും ക്രിസ്തുവിന്‍റെ ജനനവാര്‍ത്ത ആദ്യമായി കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച ആട്ടിടയډാരുടെ മൈതാനത്തെക്കുറിച്ചും ദൂതډാരുടെ പള്ളിയെക്കുറിച്ചും നിര്‍മല ശിശുക്കളുടെ ദേവാലയത്തെക്കുറിച്ചും ഈ അദ്ധ്യായത്തില്‍ ലളിതമനോഹരമായ ശൈലിയില്‍ പ്രതിപാദിക്കുന്നു.

എസ്. സരോജം

തിരുവനന്തപുരം ജില്ലയില്‍ കുളത്തുമല്‍ വില്ലേജില്‍ പാപ്പനം എന്ന സ്ഥലത്ത് 1953 ല്‍ ജനിച്ചു. എം. ചെല്ലയ്യന്‍റെയും സി. സരസമ്മയുടെയും മകള്‍. കാനക്കോട്ടു പ്രൈമറി സ്കൂള്‍, പ്ലാവൂര്‍ അപ്പര്‍പ്രൈമറി സ്കൂള്‍, ഹൈസ്ക്കൂള്‍ കാട്ടാക്കട, തിരുവനന്തപുരം ആള്‍ സെയിന്‍റ്സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സെക്രട്ടറിയേറ്റില്‍ വനം-വന്യജീവി വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി. “മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി” (2005), “വലക്കണ്ണികളില്‍ കാണാത്തത്” (2007) എന്നീ കഥാസമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. പെണ്ണെഴുത്തിന്‍റെ പ്രത്യേകതകളൊന്നുമില്ലാത്ത കഥകളാണ് എസ്. സരോജത്തിന്‍റേത്. ജീവിതത്തിന്‍റെ സത്യം തേടുന്ന കഥകള്‍ എഴുത്തുകാരിയുടെ പ്രത്യേകതയാണ്. യാദൃശ്ചിക മുഹൂര്‍ത്തങ്ങള്‍ പെണ്‍മനസ്സില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ ആഴവും ഒറ്റപ്പെടലിന്‍റെയും നിസ്സഹായ മൗനത്തിന്‍റെ വേദനയും ഇണക്കുന്ന കഥകളാണ് സരോജം നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവിതത്തിന്‍റെ സ്വാഭാവികതയില്‍ നിന്നുമാണ് എഴുത്തുകാരി കഥാബീജം കണ്ടെത്തുന്നത്. നാടന്‍ സൗന്ദര്യത്തിന്‍റെ മനോഹാരിതയാണ് കഥകളില്‍ അങ്ങോളമിങ്ങോളം തെളിയുന്നത്. ജീവിതത്തില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്തവര്‍ ആരുമില്ല. വേര്‍പെടലിന്‍റെ മുറിപ്പാടുകള്‍ സഹിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. നന്ദിനിക്ക് മറ്റെല്ലാം ഉള്ളപ്പോഴും മനസ്സില്‍ ദുഃഖത്തിന്‍റെ നിഴല്‍ വളരുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാത്തതിനാലാണ്. മകനെ വളര്‍ത്തി വലുതാക്കി പക്ഷെ, വളരുംതോറും മകന്‍ നന്ദിനിയില്‍ നിന്ന് അകന്നുകൊണ്ടിരുന്നു. മാതൃഹൃദയത്തിന്‍റെ ദുഃഖം ശക്തമായി ആവിഷ്കരിക്കുന്ന കഥയാണ് ‘നന്ദിനിക്കുമുണ്ട് ദുഃഖം’ എന്ന കൃതി. നന്ദിനി ഒറ്റപ്പെട്ട വ്യക്തിയല്ല. സമൂഹത്തില്‍ വേദനിയ്ക്കുന്ന അമ്മമാരുടെ പ്രതിനിധിയാണ്. ശൈശവത്തിലും ബാല്യത്തിലും ഉള്ളിലൊതുക്കിയ വിഹ്വലതകള്‍ നിഷേധ ചിന്തകളായി രൂപാന്തരപ്പെടുത്തുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് ഇതിലെ ജിത്തു എന്ന കഥാപാത്രം. ഉത്തരാധുനിക എഴുത്തുകാരുടെ നിരയില്‍ ശ്രദ്ധേയമായ എഴുത്തുകാരിയാണ് എസ്. സരോജം.

പി. പി. സരോജിനി മുറുവശ്ശേരി

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് 1942 ജനുവരി 2 ന് ജനിച്ചു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രഥമാധ്യാപികയായി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ജോലിയില്‍ നിന്ന് വിരമിച്ചു. “ആനവരുന്നേ” (1988), “അക്ഷയപാത്രം” (1991), “ഹക്കിള്‍ ബറിഫിന്‍” (1996), “മഞ്ചാടിമണികള്‍” (1998), “മാരിമുത്തും മണിമുത്തും” (2000), “മാരനും മാരിയും” (2000), “ബാലപാഠം” (2000), “ജിങ്കിടി ജിങ്കിടി” (2001), “കൈയ്യിലിരിക്കും കനകം” (2002), “അതാണ് ശരി” (1994), “രണ്ടുപേരും പഠിക്കട്ടെ” (1997), “കുന്നുമ്മേല്‍ കോളനി” (2001), “ദക്ഷിണായനും” (2001), “ദുഃഖിക്കേണ്ട” (2001) “കാട്ടാളന്‍ കുട്ടു” (2006), “ഒരു സ്വപ്നം പോലെ” (2008) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. 1980 ല്‍ ‘യാത്ര’ എന്ന കഥയ്ക്ക് വോയിസ് മാസികയുടെ കഥയ്ക്കുള്ള ഉറൂബ് അവാര്‍ഡ്. 1985 ല്‍ ബാലസാഹിത്യത്തിനുള്ള അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്. “ഒരു പവിഴമല്ലി പൂവിതളിന്‍റെ ഓര്‍മ്മ” എന്ന കഥയില്‍ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ ഒരു മൃദു സ്പര്‍ശനത്തിനായി കൊതിക്കുന്ന ഒരു മനസിനെ നമുക്ക് ദര്‍ശിക്കാം. ഒരു കാല് നഷ്ടപ്പെട്ട് കിടപ്പിലായ വൃദ്ധന്‍ തന്‍റെ ജീവിത്തില്‍ സാന്ത്വന സ്പര്‍ശം നല്‍കി കടന്നു പോയ ഒരു സ്ത്രീയെ കുറിച്ച് ഓര്‍മ്മിക്കുന്നു. ആ സ്നേഹ സാന്ത്വനം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. ഇളയ മകന് ഒരു വയസ്സ് ഉള്ളപ്പോള്‍ ഭാര്യനഷ്ടപ്പെട്ട അയാള്‍ തന്‍റെ അഞ്ച് ആണ്‍മക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. വലിയ നിലയില്‍ എത്തിയ മക്കള്‍ക്ക് അച്ഛന്‍ ഒരു ഭാരമായി അനുഭവപ്പെടുന്നു. മക്കളെ ശല്യപ്പെടുത്താതെ ഒറ്റയ്ക്കായിരുന്നു ഈ വൃദ്ധന്‍റെ ജീവിതം. പതിവുപോലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ ഒരു വണ്ടി വന്ന് തട്ടിത്തെറിപ്പിച്ച് ഇടുന്നു. ഒരു സ്ത്രീയാണ് ആശുപത്രിയില്‍ എത്തിക്കുന്നതും സ്നേഹപരിചരണം നല്‍കുന്നതും. ഒരു കാല് നഷ്ടപ്പെട്ട ആ മനുഷ്യമനസ് സ്നേഹ സാന്ത്വനത്തിനായി കൊതിക്കുന്നു. എന്നാല്‍ മക്കള്‍ വന്ന് കൊണ്ടു പോകുമ്പോള്‍ ആ സ്നേഹം പോലും അദ്ദേഹത്തിന് നഷ്ടമാകുന്നു. മനുഷ്യന്‍റെ മനസിന്‍റെ ആഗ്രഹങ്ങളും, വിഹ്വലതകളും എല്ലാം വളരെ ഭംഗിയായി ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

സരോജിനി നായര്‍ (ചേര്‍ക്കില്‍ സരോജിനി നായര്‍)

1920 സെപ്തംബര്‍ 10 ന് ബീഹാറില്‍ ജനിച്ചു. കല്‍ക്കത്തയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ തത്വചിന്തയിലും പുരാണങ്ങളിലും അവഗാഹം നേടിയിട്ടുണ്ട്. “ശ്രീമദ് ഭദവത് ഗീത ആധുനിക ശാസ്ത്ര വെളിച്ചത്തില്‍” (2005) എന്ന കൃതിയാണ് പ്രസിദ്ധീകൃതമായത്. പരമമായ ജ്ഞാനത്തിന്‍റെ അക്ഷയഖനിയാണ് ഭഗവദ്ഗീത. ധാരാളം വ്യാഖ്യാനങ്ങള്‍ ഇതിനുണ്ടായിട്ടുണ്ട്. എന്നിട്ടും അത് വ്യാഖ്യാനിച്ചു തീരാതെ പുതുമയോടെ അവശേഷിക്കുന്നു. ഇവിടെ ശ്രീമതി. സി. സരോജിനി നായര്‍ തന്‍റെ വ്യാഖ്യാനത്തിലൂടെ ഗീതയെ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ്. ആധുനിക ശാസ്ത്രത്തിന്‍റെ വെളിച്ചത്തിലാണ് അവര്‍ ഗീതയെ സമീപിക്കുന്നത്. അവരുടെ പക്വതയും വിനയവും ഭക്തിയും അനുഭവസമ്പത്തുമെല്ലാം ഈ വ്യാഖ്യാനത്തില്‍ പ്രകടമാണ്.

സരോജിനി ഉണ്ണിത്താന്‍

1936 ജൂണ്‍ 24 ന് പത്തനംതിട്ട ജില്ലയിലെ വെണ്‍മണിയില്‍ ജനിച്ചു. എം. കെ. പത്മനാഭപിള്ളയുടെയും ഗൗരിയമ്മയുടെയും മകള്‍. സരോജിനി ഉണ്ണിത്താന്‍ എന്ന പേരിലാണ് സാഹിത്യലോകത്ത് അറിയപ്പെടുന്നത്. 1959 മുതല്‍ 62 വരെ ഒറീസ്സായിലെ ഹിരാക്കുദിലും 62 മുതല്‍ 90 വരെ റാവുക്കോര്‍ലാ സ്റ്റീല്‍ പ്ലാന്‍റിന്‍റെ അധീനതയിലും അധ്യാപികയായി ജോലി നോക്കി. 1966 മുതല്‍ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനം എന്നിവ എഴുതുന്നു. ഒരു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ. ആര്‍. സ്മാരക അക്ഷരശ്ലോക സമിതി, അധ്യാപികാകലാവേദി, വായന, സമന്വയം സാഹിത്യ സമിതി, മലയാളവേദി എന്നീ സാഹിത്യസംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു. “അര്‍ച്ചന” (1974), “തീര്‍ത്ഥയാത്ര” (2004), “ഊന്നുവടി” (2006), “ഒറിയാ നാടോടിക്കഥകള്‍” (2007), “ആലീസിന്‍റെ വീട്” (2007) എന്നീ കഥാ സമാഹാരങ്ങളും “ചുഴികള്‍” (1977), “വൈരുദ്ധ്യങ്ങള്‍” (1981), “മുക്തി” (1985), “അവള്‍ക്കാത്തിരിക്കും”, “ഫാല്‍ഗുനം”, “അടിയൊഴിക്കുകള്‍”, “ഒരു യാത്രയുടെ അന്ത്യം” (2009) എന്നീ നോവലുകളും ആണ് പ്രസിദ്ധീകൃതമായ കൃതികള്‍. “അവള്‍ കാത്തിരിക്കും” എന്ന നോവലിന് 2009 ല്‍ കാവ്യ രശ്മി അവാര്‍ഡും, “ഒരു യാത്രയുടെ അന്ത്യം” എന്ന നോവലിന് സമന്വയം അവാര്‍ഡും ലഭിച്ചു. ‘തീര്‍ത്ഥയാത്ര’ എന്ന കഥയില്‍ കേശവന്‍ നായരുടെ മനസിലൂടെ, കഥാകാരി ഒരു തീര്‍ത്ഥയാത്ര നടത്തിയിരിക്കുന്നു. തനിക്ക് നഷ്ടമായ ഗ്രാമീണ സൗന്ദര്യത്തില്‍, വിശുദ്ധിയില്‍, നൈര്‍മല്യത്തില്‍ ആ മനസ് വളരെയധികം ദുഃഖിക്കുന്നു. ചെറുപ്പത്തിലെ തന്നെ നഗരത്തില്‍ പറിച്ചു നടപ്പെട്ട കേശവന്‍ നായര്‍ ഗ്രാമത്തിലെ പ്രകൃതി സൗന്ദര്യവും നډയും ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ മോഹിച്ച് വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നു. ഒന്നുമില്ലെങ്കില്‍ മനുഷ്യരെ കാണാമല്ലോ എന്നാണ് കേശവന്‍ നായര്‍ പറയുന്നത്. പട്ടണത്തിലെ മനുഷ്യര്‍ക്ക് പലമുഖങ്ങളാണ് കണ്ടു കണ്ടു മടുത്തു എന്ന് കേശവന്‍ നായര്‍ പറയുമ്പോള്‍ ഗ്രാമീണ മനുഷ്യരുടെ നിഷ്കളങ്കതയെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാല്‍ നാട്ടില്‍ എത്തിയ കേശവന്‍ നായര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട ഗ്രാമീണ സൗന്ദര്യത്തെയോ മനുഷ്യരെയോ അവിടെ ദര്‍ശിക്കാനാകുന്നില്ല. ഗ്രാമീണ വിഭവങ്ങള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു. മനുഷ്യ ബന്ധങ്ങള്‍ക്കു യാതൊരു വിലയും ഇല്ലാത്ത തരത്തില്‍ അവരുടെ മനസ്സിലും സ്വാര്‍ത്ഥത കടന്ന് കൂടിയിരിക്കുന്നു. കാവുകളെല്ലാം വെട്ടി നശിപ്പിച്ചിരിക്കുന്നു. ഇങ്ങനെ നഷ്ടമായ ഗ്രാമീണതയെ വളരെ ഭംഗിയായി ‘തീര്‍ത്ഥയാത്ര’ എന്ന കഥയിലൂടെ സരോജിനി ഉണ്ണിത്താന്‍ ആവിഷ്കരിക്കുന്നു.

സരു ധന്വന്തരി

യഥാര്‍ത്ഥ പേര് സരസ്വതി അന്തര്‍ജ്ജനം. 1949 ല്‍ കോട്ടയം ജില്ലയിലെ മേതിരിയില്‍ ജനിച്ചു. സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും രാമന്‍ നമ്പൂതിരിയുടെയും മകള്‍. മലയാള സാഹിത്യത്തില്‍ എം. എ. ബിരുദം. ഇപ്പോള്‍ തൊടുപുഴ ശാന്തിഗിരി കോളേജില്‍ മലയാളം അദ്ധ്യാപികയാണ്. കവിതകള്‍ എഴുതാറുണ്ട്. കവിയരങ്ങുകളിലും ആകാശവാണി ദേവികുളം, തിരുവനന്തപുരം സ്റ്റേഷനുകളിലും കവിതകള്‍ ചൊല്ലാറുണ്ട്. മാതൃഭൂമി ഗൃഹലക്ഷ്മി വേദി പ്രതിഭകളെ ആദരിച്ച ചടങ്ങില്‍ ഇടുക്കിയില്‍ നിന്നും (2008, സാഹിത്യസംഭാവനയ്ക്ക്) തിരഞ്ഞെടുത്തു. സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സഹകരണത്തോടെ സാഹിത്യ സംഭാവന പരിഗണിച്ച് ആദരിച്ച് ബഹുമതി പത്രം (2008 ഡിസംബര്‍ 12) നല്കി. കന്യകയിലും മാതൃഭൂമി പത്രത്തിലും അഭിമുഖങ്ങള്‍ വന്നിട്ടുണ്ട്. കവിതയുടെ ഉറവ വറ്റിവരളാന്‍ കാലമാറ്റം കാരണമായെന്ന് ‘കവിത തേടി’ എന്ന കവിതയില്‍ പ്രസ്താവിക്കുന്നു. പുതുസമൂഹം മനുഷ്യത്വ ഹീനമായ പ്രവര്‍ത്തികളിലൂടെ കലുഷിതമാകുമ്പോള്‍ തന്‍റെ കാവ്യ ഹൃദയത്തിന് സ്വപ്നം കാണാന്‍ എന്തു നډയാണവശേഷിക്കുന്നത് എന്നു കവി ചോദിക്കുന്നു. മതവും തത്വസംഹിതകളും ദാര്‍ശനികമായി പരാജയപ്പെടുകയും മനുഷ്യബന്ധങ്ങള്‍ തകരുകയും ചെയ്തു. ഒരിറ്റുസ്നേഹം തന്‍റെ നാവിലേക്കു പകര്‍ന്നു നല്കാന്‍ ആരാണിനി അവശേഷിക്കുന്നതെന്ന് കവി വിലപിക്കുകയാണ്. നډയാണ് കവിതയെന്നും നډയുള്ളയിടത്തേ കവിതയ്ക്ക് വസിക്കാനാകുവെന്നും ഉദ്ബോധിപ്പിക്കുകയാണ് കവിത തേടി.

സാവിത്രി അന്തര്‍ജ്ജനം

കൊല്ലവര്‍ഷം 1106 ല്‍ തുരുത്തിയാഴത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടേയും ദേവകി അന്തര്‍ജ്ജനത്തിന്‍റേയും മകളായി ജനിച്ചു. മലയാളസാഹിത്യത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട കവിതകളാണ് സാവിത്രി അന്തര്‍ജ്ജനത്തിന്‍റേത്. ലളിതമായ വിഷയങ്ങളും ലളിതമായ അവതരണശൈലിയും കവിതകളില്‍ ദൃശ്യമാകുന്നു. “കറുകമാല”, “എല്ലാവരുടേയും ഭൂമി” ഈ രണ്ടു കൃതികളിലും തന്‍റേതായ വ്യക്തിത്വം പുലര്‍ത്തിപോരുന്നു എന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ ഏതുവിധത്തിലെടുത്താലും പഴമയുടെ ഗന്ധവും ലാളിത്യവും നിറഞ്ഞൊഴുകുന്ന കവിതകളാണ് സാവിത്രി അന്തര്‍ജ്ജനത്തിന്‍റേത്. “എല്ലാവരുടേയും ഭൂമി” എന്ന കവിതാസമാഹാരത്തിലെ വളരെ മികച്ച ഒരു കവിതയാണ് ജീവിതം. വളരെ കുറച്ചുവരികളിലൂടെ സ്ത്രീജീവിത ചിത്രണമാണ് കവയിത്രി നല്‍കുന്നത്. സ്ത്രീ എത്രയൊക്കെ പുരോഗതി നേടി എന്നു പറഞ്ഞാലും യഥാര്‍ത്ഥ കുടുംബിനിയുടെ ചിത്രം ഇന്നും ഇതു തന്നെയാണ് അത് കവയിത്രി വളരെ മനോഹരമായി അവതരിപ്പിക്കുന്നു. അടുക്കളയില്‍ കരിപുരണ്ടുള്ള കലങ്ങളും പുകക്കുഴലും വിശക്കുന്ന പൈതലും കള്ളടിച്ച് കലിതുള്ളും കാരണോരും സഹിക്കുന്നോള്‍ സഹധര്‍മ്മിണി കേരളത്തിലെ സഹധര്‍മ്മിണികള്‍ എന്നും ഇതാണ്. സ്വന്തം കഴിവുകളാല്‍ ഉയര്‍ന്ന നിലയില്‍ എത്തപ്പെടുമ്പോഴും കുടുംബത്തിലെത്തുമ്പോള്‍ അവളുടെ നിലയും വിലയും വ്യത്യാസപ്പെടുന്നു. അവിടെ ധര്‍മ്മ പത്നിയായി പുരുഷന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കായി നിലക്കൊള്ളുന്ന സ്ത്രീയാകുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായ ചിന്തകളുള്ള സ്ത്രീകള്‍ വളരെ വിരളമാണ്. അത് കവയിത്രി മനസ്സിലാക്കിയിരിക്കുന്നു.

സാവിത്രി രാജീവന്‍

വീട്ടിക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകളായി 1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍ വീട്ടിക്കാട്ട് ഇല്ലത്ത് ജനിച്ചു. പൂക്കോട്ടൂര്‍ ഗവ. ഹൈസ്ക്കൂള്‍, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 മുതല്‍ മലയാളം ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. “ചരിവ്” (കവിതാ സമാഹാരം) 1993 ല്‍ പ്രസിദ്ധീകരിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കവിതകള്‍ പരിഭാഷപ്പെടുത്തി യിട്ടുണ്ട്. “പെന്‍ഗ്വിന്‍ ന്യൂറൈറ്റിംഗ് ഇന്‍ ഇന്ത്യ”, “ഇന്‍ദെയര്‍ ഓണ്‍വോയ്സ്”, “പെന്‍ഗ്വിന്‍ ആന്തോളജി ഓഫ് കണ്ടംപററി വിമന്‍സ് പോയറ്റ്സ്”, തുടങ്ങിയ സമാഹാരങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991 ല്‍ കുഞ്ചുപിള്ള സ്മാരക അവാര്‍ഡും, 1994 ല്‍ ഉദയഭാരതി നാഷണല്‍ അവാര്‍ഡും ലഭിച്ചു. 1995 മുതല്‍ ചിത്ര രചനയില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നു. ആദ്യ ചിത്ര പ്രദര്‍ശനം 1999 ല്‍ ഡല്‍ഹി ഭവന്‍ ഗ്യാലറിയില്‍ നടന്നു. കാലിക സാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്നവയാണ് സാവിത്രി രാജീവന്‍റെ കവിതകള്‍. ദൈനംദിന ജീവതത്തിന്‍റെ സ്വാഭാവികമായ ആവിഷ്കരണമാണ് ഓരോ കവിതയും. ആര്‍ഭാടങ്ങളോ അഹങ്കാരമോ ഇല്ലാതെ വളരെ സ്വാഭാവികമായി അവ ഒഴുകുകയാണ്. ഞാന്‍ സ്ത്രീയാണെന്ന ബോധത്തോടെ സ്ത്രീശ്കതിയെ ഉയര്‍ത്തിക്കാട്ടാന്‍ പലപ്പോഴും അവരുടെ കവിതകള്‍ക്കു കഴിയുന്നു. അതിനു തെളിവുകളാണ് “ചരിവ്”, “ദേഹാന്തരം”, “ഹിമസമാധി” തുടങ്ങിയ കവിതാ സമാഹാരങ്ങള്‍. ‘സ്ത്രീയും വികലാംഗരും’ എന്ന കവിത സ്ത്രീക്ക് പ്രത്യേക പരിഗണന നല്‍കുക വഴി സ്ത്രീയെ തന്നെ സംവരണവിഭാഗമാക്കി മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്ന കവിതയാണ്. ഇങ്ങനെ നിത്യജീവിതത്തിലെ സൂക്ഷ്മ ചലനങ്ങളിലൂടെ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളെ തന്‍റെ കവിതയിലൂടെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. സ്വാഭാവികത ഏറിയിരിക്കുന്നതുകൊണ്ടു തന്നെ കവിതകള്‍ ശ്രദ്ധേയമാകുന്നു. ‘ദേഹാന്തരം’ എന്ന ഒറ്റ കവിത മതി സാവിത്രി രാജീവനിലെ പ്രതിഭയെ കണ്ടെത്താന്‍. സ്ത്രീവാദികളുടെ കാഴ്ചപ്പാടില്‍ സ്ത്രീയുടെ തനതായ അനുഭവങ്ങള്‍ ആവിഷ്ക്കരിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. എല്ലാവരും തിരിച്ചറിയപ്പെടുന്നത് സ്വന്തം ഉടലിലൂടെയാണ് - അതായത് സ്വന്തം സ്വത്വത്തിലൂടെ. അത് നഷ്ടപ്പെട്ടുപോകുന്ന സ്ത്രീയുടെ വേദനയാണ് ഈ കവിതയില്‍ ആവിഷ്കൃതമാകുന്നത്. സ്ത്രീ പലപ്പോഴും അടുക്കളയില്‍ തേഞ്ഞുതീരുന്ന ഉപകരണമായി മാറുന്നു. അവിടെ, അവള്‍ക്ക് ഉടല്‍ അതായത് വ്യക്തിത്വം ആവശ്യമില്ല ഉപകരണമായി ജോലികള്‍ ചെയ്താല്‍ മതി. അങ്ങിനെ സ്ത്രീ സ്വന്തം പേരുപോലും മറന്ന് ജീവിക്കുന്നു. പക്ഷേ ആ ഉടലില്‍ ഉയരുന്ന തിരമാലകളും മനുഷ്യനിര്‍മ്മിത കപ്പലുകളും സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് സ്ത്രീയുടെ പ്രതിഭ പുറംലോകം അറിയുന്നത്. അറിയപ്പെടാതെ പോകുന്ന വളരെയേറെ പ്രതിഭകളെക്കുറിച്ചുളള വ്യാകുലതകളാണ് ഈ കവിത പങ്കുവയ്ക്കുന്നത്. അതിന് നമ്മുടെ സംസ്കാരത്തിന്‍റെയും മിത്തുകളുടെയും സഹായം തേടി എന്നു മാത്രം.

സെബീന റാഫി

എറണാകുളം ജില്ലയിലെ ഗോതുരുത്ത്, മനയ്ക്കല്‍ വീട്ടില്‍ ജോസഫിന്‍റെയും മറിയാമ്മയുടെയും മകളായി 1924 ഒക്ടോബര്‍ 6 ന് ജനിച്ചു. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. അധ്യാപികയായും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചു. ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുമായി വിവാഹം. 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1990 ജൂണ്‍ 22 ന് അന്തരിച്ചു. “ചവിട്ടുനാടകം”, “ക്രിസ്തുമസ് സമ്മാനം”, പോഞ്ഞിക്കര റാഫിയുമായി ചേര്‍ന്നെഴുതിയ “കലിയുഗം” എന്നിവയാണ് പ്രധാന കൃതികള്‍. “ചവിട്ടുനാടക”ത്തിലെ ആദ്യ അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചവിട്ടുനാടകസ്റ്റേജ് കേരളത്തിലെത്തിയതിന്‍റെ ചരിത്രപശ്ചാത്തലം മുതല്‍ ഈ കലയുടെ സമഗ്രമായ വിശദാംശങ്ങള്‍ വിവരിക്കുകയാണ് എഴുത്തുകാരി. സാമൂഹിക ജീവിതത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് കലകള്‍ എന്നതിനാല്‍ കേരള സമൂഹവും സംസ്കാരവും ചരിത്രവഴികളില്‍ പിന്നിട്ട പരിണാമങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് സെബീന റാഫിയുടെ വിവരണം. ഇത് കലയുടെ സാമൂഹിക അസ്തിത്വത്തെക്കുറിച്ച് കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാര്‍ക്കു നല്‍കുന്നു. മതാത്മകവും സാമൂഹികവും സൈനികവുമായ പശ്ചാത്തലത്തിലാണ് ചവിട്ടുനാടകമെന്ന ദൃശ്യകാവ്യപ്രസ്ഥാനം ഉടലെടുത്തതെന്നും സെബീന റാഫി സമര്‍ത്ഥിക്കുന്നു.

സീതാലക്ഷ്മി ദേവ്

ചിറയിന്‍കീഴില്‍ കീരിയത്തു വീട്ടില്‍ കൊച്ചുനാരായണന്‍ നായരുടെയും കിളിമാനൂര്‍ കുന്നുവിള വീട്ടില്‍ കുഞ്ഞുകുട്ടി അമ്മയുടെയും മകളായി 1941 ല്‍ ജനിച്ചു. 1958 നവംബര്‍ 18-ാം തീയതി പി. കേശവദേവിനെ വിവാഹം കഴിച്ചു. “ആരാധിക” (2005), “നീര്‍മിഴിപ്പൂക്കള്‍” (2005), “അവിവാഹിതയായ അമ്മ” (2007), “രേഖാപിള്ളയുടെ മന്ദാരക്കുട്ടന്‍” (2008), “കേശവദേവ് എന്‍റെ നിത്യകാമുകന്‍” (1979), “കേശവദേവിനോടൊപ്പം സീത” (2004), “മനസ്വിനി” (2009), “കമല എന്‍റെ പ്രിയ ചേച്ചി” (2010), “പഠിച്ചകള്ളന്‍മാര്‍” (2008) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജീവിതഗന്ധിയായ നോവലെഴുത്തിലൂടെ പ്രശസ്തയായിത്തീര്‍ന്ന എഴുത്തുകാരിയാണ് സീതാലക്ഷ്മി ദേവ്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ആണ് “നീര്‍മിഴിപ്പൂക്കള്‍” എന്ന നോവലിന് അടിസ്ഥാന വിഷയമായി സ്വീകരിച്ചിരിക്കുന്നത്. കണക്കു കൂട്ടലുകള്‍ തെറ്റിപ്പോകുന്ന - ജീവിതത്തിനു മുമ്പില്‍ തകര്‍ന്നുപോയ രണ്ടു സ്ത്രീകള്‍, മല്ലിയും കോമളവും. ഈ കഥാപാത്രങ്ങളില്‍ക്കൂടി സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തം നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ആ പ്രതീക്ഷകള്‍ തകരുമ്പോള്‍ ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ തളര്‍ന്നു പോകുന്ന വ്യക്തികള്‍. താന്‍ പ്രതീക്ഷിച്ചിരിക്കുന്ന തന്‍റെ സുഹൃത്ത് മരിച്ചു എന്ന കാര്യം അറിയാതെ മല്ലി കാത്തിരിക്കുന്നു ഈ നോവലില്‍. സ്നേഹത്തിന്‍റെ അവശേഷിക്കുന്ന രൂപങ്ങള്‍ക്കായി ..... സാന്ത്വനത്തിന്‍റെ പച്ചപ്പിനായി.....

ഷബ്ന മോളി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ജനിച്ചു. ബിച്ചായിഷയും പരേതനായ കുട്ടിഹസ്സനും മാതാപിതാക്കള്‍. താമരശ്ശേരി ജി. യു. പി. സ്കൂള്‍, പുതുപ്പാടി ജി. എച്ച്. എസ്, ചേളന്നൂര്‍ ശ്രീ. നാരായണഗുരു കോളേജ്, ധര്‍മ്മപുരിയിലെ കോളേജ് ഓഫ് നഴ്സിങ്, ഡല്‍ഹിയിലെ ഫ്രാന്‍ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയിനിംഗ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. “അഭീതുവിന്‍റെ ആകാശക്കൊട്ടാരം” എന്ന നോവലാണ് പ്രസിദ്ധീകരിച്ച കൃതി. പ്രണയത്തിനു വേണ്ടി ജീവ ത്യാഗം ചെയ്ത പ്രിയപ്പെട്ടവന്‍റെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ മറന്നുപോയ അഭീതു. അവളുടെ നഷ്ടസ്വപ്നങ്ങളും ആത്മനൊമ്പരങ്ങളും വരച്ചുകാട്ടുന്ന ഹൃദയ സ്പര്‍ശിയായ നോവലാണ് “അഭീതുവിന്‍റെ ആകാശക്കൊട്ടാരം”. അഭീതയുടെ വ്യഥിതമായ സ്വപ്നങ്ങളും അനുഭവങ്ങളും കൊളാഷ് പോലെ ഈ രചനയില്‍ വന്നുചേരുന്ന ഒരു തുടക്കകാരിയുടെ കൈവിറയലില്ലാതെ, തന്‍റെ പരിമിതികളെകുറിച്ചുള്ള ബോദ്ധ്യത്തോടെ ഷബ്ന അഭീതുവിന്‍റെ മനസ്സിലൂടെ ഒരുതരം ആകാശ സഞ്ചാരം ചെയ്യുകയാണ്. യാഥാസ്ഥിതികമായ ഒരു കുടുംബസാഹചര്യത്തില്‍ നിന്നും വരുന്ന ഈ എഴുത്തുകാരി തന്‍റെ ജീവിതസ്വത്വം രൂപപ്പെടുത്താനുള്ള കുരുക്ക് എഴുത്തിലൂടെ അന്വേഷിക്കുകയാണെന്നും വി. ആര്‍. സുധീഷ് ചൂണ്ടിക്കാട്ടുന്നു.

ഷാഹിന ഇ. കെ.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനിച്ചു. കെ. ആയിഷയും ഇ. കെ. സൂപ്പിയും മാതാപിതാക്കള്‍. പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍, ഗവ. കോളേജ് പെരിന്തല്‍മണ്ണ, എം. ഇ. എസ്. കല്ലടി കോളേജ് മണ്ണാര്‍ക്കാട്, എസ്. എന്‍. ഡി. പി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹിസ്റ്ററി, സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍. വിദ്യാഭ്യാസത്തില്‍ ബാച്ചിലര്‍ ബിരുദം. വനിത കലാലയ കഥാപുരസ്കാരം, ഗൃഹലക്ഷ്മി പുരസ്കാരം, പൂന്താനം കഥാപുരസ്കാരം, പുരോഗമന കലാസാഹിത്യസംഘം കവിതാ പുരസ്കാരം, കടത്തനാട്ടു മാധവിയമ്മ പുരസ്കാരം, അങ്കണം അവാര്‍ഡ് എന്നിവ ലഭിച്ചു. ഇപ്പോള്‍ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ കൗണ്‍സിലര്‍ ആയി ജോലി ചെയ്യുന്നു. “അനന്തപത്മനാഭന്‍റെ മരക്കുതിരകള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ അതേപേരുള്ള കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ ഈ കഥയെ നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ് - “അനന്തപത്മനാഭന്‍റെ മരക്കുതിരകള”ിലെ പെണ്‍കുട്ടി തികച്ചും വ്യത്യസ്തമാണ്. ഫാന്‍റസിയില്‍ ജീവിക്കുന്ന അവള്‍ ഒരു യാത്രാക്കാഴ്ചയ്ക്കപ്പുറം കാമുകനെ ഗൗരവത്തിലെടുത്തിട്ടില്ല. എന്നാല്‍ തകര്‍ച്ചകളുടെ ബാല്യകൗമാരങ്ങള്‍ വേട്ടയാടുന്ന അയാളുടെ അവസാനത്തെ അഭയമായിരുന്നു അവള്‍. അവള്‍ക്കു ശേഷം അവളുടെ ഒരു വിചിത്രമായ ആശയത്തിനു പ്രായോഗികസാഫല്യം നേടാനുള്ള ശ്രമമായി പിന്നീടയാളുടെ നീക്കങ്ങള്‍. ഫാന്‍റസിയുടെ മറ്റൊരു തലത്തിലേക്ക് അയാളും കടക്കുന്നു. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള വഴിയായിത്തീരുകയാണ് ഇതിലെ വിഭ്രമകല്പനകള്‍. മനഃശാസ്ത്രപരമായ ഒരു തലം കൂടി വന്നണയുന്നു അങ്ങനെ ഈ കഥയ്ക്ക്.

ഷൈലജ രവീന്ദ്രന്‍

1963 ജൂണില്‍ തിരുവനന്തപുരത്തു ജനിച്ചു. തിരുക്കുറലും തിരുമന്ത്രവും സമ്പൂര്‍ണഭാഷ്യം ചെയ്ത് കെ. ജി. ചന്ദ്രേശേഖരന്‍ നായരാണ് പിതാവ്. അമ്മ - സരോജിനി അമ്മ. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. നാഗര്‍കോവില്‍ ശ്രീ അയ്യപ്പാ കോളേജില്‍ നിന്നും മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍ നേടി. രാഷ്ട്രീയ ഹിന്ദി സാഹിത്യസമ്മേളനത്തിന്‍റെ 2007 ലെ നല്ല വിവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. “കയറ്റുകട്ടില്‍” എന്ന ചെറുകഥാ സമാഹാരവും “തിരുക്കൂറല്‍ പോക്കറ്റ് എഡിഷനും” “പനമുള്ള്” എന്ന നോവലും തമിഴില്‍ നിന്നും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഒരു നൊമ്പരം” എന്ന കഥാസമാഹാരമാണ് മൗലിക കൃതി. ‘ഒരു നൊമ്പരം’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പ്രണയവും മരണവുമാണെന്ന് വിശ്വസിക്കുന്ന ഒരു കഥാകാരിയാണ് ഷൈലജ രവീന്ദ്രന്‍. സ്നേഹിച്ചു തീരാത്ത, മതിയാവോളം സ്നേഹം ലഭിക്കാത്ത മനസ്സിന്‍റെ വിഹ്വലതകള്‍ വളരെ മനോഹരമായി ഈ കഥയില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്വന്തം കാര്യം നോക്കാത്ത ദരിദ്രനും മുന്‍കോപിയുമായ പൊതുപ്രവര്‍ത്തകന്‍റെ മരണവീട്ടില്‍ ചെല്ലുമ്പോഴുണ്ടാകുന്ന അനുഭവങ്ങളും ചിന്തകളും അവയിലൂടെ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളും വളരെ ഭംഗിയായി അനാവരണം ചെയ്യുന്ന കഥയാണ് ‘ഒരു നൊമ്പരം’. എഴുത്തിന്‍റെ താളവും ഭാഷയുടെ നൈര്‍മല്യവും കൊണ്ടു മികവാര്‍ന്നു നില്‍ക്കുന്ന കഥയാണിത്.

ഷൈമ എം. ശങ്കര്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് പന്തലായനിയില്‍ 1977 ല്‍ ജനിച്ചു. ടി. കെ. ഗംഗാധരന്‍റെയും മാധവിയുടെയും മകള്‍. പത്രപ്രവര്‍ത്തകനായ മണിശങ്കര്‍ ഭര്‍ത്താവാണ്. പന്തലായിനി യു. പി. സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്കൂള്‍, എസ്. എ. ആര്‍. ബി. ടി. എം. ഗവ. കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാള ഭാഷയില്‍ ബിരുദപഠനത്തിനുശേഷം നെഹ്രു യുവക് കേന്ദ്രയില്‍ നാഷണല്‍ സര്‍വീസ് വോളണ്ടിയറായി ചേര്‍ന്നു. പിന്നീട് ലിപി പബ്ലിക്കേഷനിലും ഹരിതം ബുക്സിലും ജോലി നോക്കി. “സസ്യഭക്ഷണം” (2004) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യന്‍ സസ്യഭക്ഷണം ശീലമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്ന കൃതിയാണ് ഷൈമ എം. ശങ്കറിന്‍റെ “സസ്യഭക്ഷണം” എന്ന ലേഖനസമാഹാരം. ശരീരത്തിന് ഏറ്റവും അനുഗുണമായ രീതിയില്‍ ഭക്ഷണം എങ്ങനെ ക്രമീകരിക്കാം എന്നും ഭക്ഷണത്തിന്‍റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നും രോഗകാരിയും രോഗശമനകാരിയും ആയ ഭക്ഷണരീതികളെക്കുറിച്ചും ഷൈമ പ്രസ്തുത കൃതിയില്‍ ആവിഷ്കരിക്കുന്നു. സസ്യഭക്ഷണം ശീലമാക്കുന്നവര്‍ക്ക് കൈവരുന്ന ആരോഗ്യ, മാനസിക നേട്ടങ്ങളെന്തൊക്കെയാണ്? ഓരോ ഭക്ഷണത്തിലുമടങ്ങിയിരിക്കുന്ന വിറ്റാമിന്‍, പ്രോട്ടീന്‍, ധാതു ലവണങ്ങള്‍ ഏതൊക്കെയാണ്? വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധികളെന്ത്? എന്നിങ്ങനെ സസ്യഭക്ഷണത്തെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും വിശദമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.

ശകുന്തള ഗോപിനാഥ്

1936 ജൂണില്‍ കൊല്ലത്തെ പുരാതന കുടുംബമായ പുത്തന്‍മഠത്തില്‍ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ. പരമേശ്വരന്‍ പിള്ളയുടേയും പി. പൊന്നമ്മയുടേയും മകള്‍. സ്കൂള്‍ വിദ്യാഭ്യാസം നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമന്ദിരത്തിലും, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലും കൊല്ലം ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. കൊല്ലം എസ്. എന്‍ വിമന്‍സ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇന്‍റര്‍മീഡിയേറ്റ് കഴിഞ്ഞതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചിത്രരചന, സാരിപെയിന്‍റിംഗ്, ജ്യോതിഷം തുടങ്ങിയവയാണ് ഹോബികള്‍. കുങ്കുമം, കുമാരി, കണ്‍മണി, മഹിളാരത്നം, ജനയുഗം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിശാഗന്ധിപ്പൂക്കള്‍” (2009), “ഇലഞ്ഞിക്കാടുകള്‍ പൂത്തൊരുനാളില്‍” (2009) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അതിലളിതമായ ആഖ്യാനശൈലിയിലൂടെ മനുഷ്യബന്ധങ്ങളുടെ നിര്‍മ്മല സ്നേഹം കഥകളില്‍ ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് ശകുന്തള ഗോപിനാഥ്. പുഞ്ചക്കതിരിന്‍റെയും പുന്നെല്ലിന്‍റെയും ശാസ്താംപാട്ടിന്‍റെയും ഗ്രാമീണമായ അന്തരീക്ഷത്തില്‍ നാണിയുടെ ജീവിതം വളരെ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന കഥയാണ് “ഈണവും താളവും”. ഈണവും താളവും പോലെ ഒന്നിച്ച് ചേര്‍ന്നു നില്‍ക്കേണ്ടവര്‍ക്കിടയില്‍ വന്നുചേരു

ഡോ. ഷംഷാദ് ഹുസൈന്‍

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ ജനിച്ചു. ബീഫാത്തുമയും മുഹമ്മദ് ഹുസൈനും മാതാപിതാക്കള്‍. നെടുവ ജി. യു. പി. സ്കൂള്‍, എസ്. എന്‍. എം. എച്ച്. എസ്., കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് മലബാര്‍ കലാപത്തിന്‍റെ വാമൊഴി പാരമ്പര്യം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ഇപ്പോള്‍ ഇതേ യൂണിവേഴ്സിറ്റിയുടെ തിരൂര്‍ സെന്‍ററില്‍ ലക്ചറര്‍. “ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ സാമൂഹിക-സാംസ്കാരിക ഇടങ്ങളെ വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യകൃതിയാണിത്. മുസ്ലീം സമുദായത്തിന്‍റെ ഭാഗമെന്ന നിലയ്ക്കോ സ്ത്രീയെന്ന പൊതുവിഭാഗത്തിനകത്തോ ഉള്‍ച്ചേര്‍ത്ത് നിര്‍വീര്യമാക്കപ്പെട്ടതാണ് മുസ്ലീം സ്ത്രീകളുടെ ചരിത്രം. പരമ്പരാഗതവും ആധുനികവുമായ വിവിധ മേഖലകളിലെ കര്‍തൃത്വവും നിര്‍വാഹകത്വവും ഉള്ള സ്ത്രീകളെ രാഷ്ട്രീയമായി അടയാളപ്പെടുത്തുകയും മുസ്ലീം സ്ത്രീകളെ സംബന്ധിച്ച പൂര്‍വധാരണകളെ പൊളിച്ചെഴുതുകയും ചെയ്യുന്ന സംസ്കാരപഠനമാണിത്. ഈ ഗ്രന്ഥത്തിലെ ‘സ്ത്രീസംവരണവും മുസ്ലീം സ്ത്രീ പ്രശ്നവും’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്ത്രീസംവരണം എപ്പോള്‍, എങ്ങനെ നിലവില്‍ വരുന്നുവെന്നതിന്‍റെ അത്രതന്നെ പ്രാധാന്യം അതു സംബന്ധിച്ച് ഉരുത്തിരിഞ്ഞിട്ടുള്ള സംവാദങ്ങള്‍ക്കുമുണ്ടെന്നാണ് ലേഖിക കരുതുന്നത്.

ഷാനി എ. മോപ്പിള

1993 ല്‍ പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് ജനിച്ചു. ബീവിയുടെയും അബ്ദുള്‍ ഗഫൂറിന്‍റെയും മകള്‍. ഗുജറാത്തിലെ ഡോണ്‍ബോസ്കോ , അറ്റൂര്‍ അറഫ സ്കൂള്‍, വടക്കാഞ്ചേരി ഗവണ്‍മെന്‍റ് സ്കൂള്‍, പാലക്കാട് മോയന്‍സ് സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥിനിയാണ്. കവിതകള്‍ എഴുതുന്നു. കേരളസാഹിത്യ അക്കാദമിയുടെ എഴുത്തു വിളക്ക്, മലയാള മനോരമ ദിനപത്രം തുടങ്ങിയവയില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈരളി, എ. സി. വി., ചാനലുകള്‍ക്ക് 2008 ല്‍ അഭിമുഖം നല്കി. ദേശാഭിമാനിയിലെ സ്ത്രീ എന്ന പംക്തി (‘കൊച്ചുസഞ്ചാരി പൂക്കുന്ന വരികള്‍’ - ലേഖനം, 2008 ജൂലൈ 1 ) ലും ഷാനിയുടെ കവിതകളെപ്പറ്റി എഴുതിയിട്ടുണ്ട്. “സഞ്ചാരി” എന്ന സമാഹാരത്തിലെ മിക്ക രചനകളും വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പ്രാധാന്യമുള്ളവയാണ്. ‘കല്പാത്തി’ എന്ന ചെറുകഥയില്‍ കല്പാത്തിയിലെ സ്ഥലങ്ങള്‍ ഉള്ളിലുണര്‍ത്തുന്ന ഓര്‍മ്മകളെപ്പറ്റി പറയുകയാണ്. പഴയ കല്പടവുകളും അഗ്രഹാരങ്ങളും ക്ഷേത്രചുമരുകളും സംസ്കാരത്തിന്‍റെയും പ്രതാപത്തിന്‍റെയും കഥ പറയുന്നവയാണ്. ഇനിയും പൂര്‍ത്തിയാകാത്ത കോലങ്ങള്‍ ഇനിയും കൊളുത്താത്ത ദീപങ്ങള്‍ എവിടെയോ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന തേരുകള്‍ മാഞ്ഞുപോയിരിക്കുന്നു ഉജ്ജ്വലപ്രതാപത്തിന്‍ കുങ്കുമത്തരികള്‍

ശാന്താ നായര്‍

ആലപ്പുഴ ജില്ലയിലെ മാന്നാര്‍ ഗ്രാമത്തില്‍ 1930 ല്‍ ജനിച്ചു. അധ്യാപകരായിരുന്ന വി. ശങ്കരപ്പിള്ളയുടേയും ടി. കല്യാണിയമ്മയുടെയും മകള്‍. മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍. എസ്സ്. എസ്സ്. കോളേജിലുമായിരുന്നു വിദ്യാഭ്യാസം 1969 ല്‍ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ സ്ത്രീയ്ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി രചിച്ച “സാമൂഹ്യക്ഷേമത്തിന്‍റെ നായരായവേര്” എന്ന കൃതിക്ക് കേന്ദ്ര ഗവണ്‍മെന്‍റ് പുരസ്കാരം ലഭിച്ചു. സാമൂഹ്യക്ഷേമ വികസന മന്ത്രാലത്തില്‍ പരിശീലകര്‍ക്കായുള്ള റഫറന്‍സ് ബുക്കായി അംഗീകരിച്ച്, കേന്ദ്ര ഗവണ്‍മെന്‍റ് പതിനാല് ഇന്ത്യന്‍ ഭാഷകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ശില”, “ദാഹം”, “മോഹം”, “മനസ്സൊരു ക്ഷേത്രം”, “നൂല്‍പ്പാലം”, “രാമരാജ്യം”, “പിയാനോ വായിക്കുന്ന പെണ്‍കുട്ടി” (2006) എന്നീ നോവലുകളും “ഓര്‍മ്മകളുടെ ഹര്‍ഷാരവം” (1995) എന്ന സ്മരണയും പ്രസിദ്ധീകരിച്ചു. അനുഭവത്തെ ഭാവനയില്‍ക്കൂടി ജീവന്‍ പകര്‍ന്നു നല്‍കുന്ന എഴുത്തുകാരിയാണ് ശാന്താനായര്‍. സുഖവും ദു:ഖവും ഇടകലര്‍ന്നുള്ള ജീവിതത്തില്‍ ചിലരെങ്കിലും വിധിയുടെ ക്രൂരതയില്‍പ്പെട്ടു നിരന്തരമായ ദു:ഖത്തിന്‍റെ ആഴക്കടലില്‍ വീണുപോകുന്നു. ആ വീഴ്ചയില്‍ നിന്നു കരകയറാനുള്ള കുറേ മനുഷ്യരുടെ തത്രപ്പാടാണ് “പിയാനോ വായിക്കുന്ന പെണ്‍കുട്ടി” എന്ന നോവലിന്‍റെ ഇതിവൃത്തം. ഈ നോവലിലെ കേന്ദ്ര കഥാപാത്രമാണ് ഡോ. പ്രദീപ് കുമാര്‍. ത്വക്ക് രോഗവിദഗ്ധനായ ഡോക്ടര്‍ പ്രദീപ് കുമാറിന്‍റെ ഭാര്യ ഒരു കുഷ്ഠരോഗിയായിരുന്നു. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാതെ വിധിയുടെ ക്രൂരതയെ ചിരിച്ചു കൊണ്ടു നേരിടാന്‍ ധൈര്യം കാട്ടിയ ഡോ. പ്രദീപ് കുമാര്‍ സുഹൃത്തുക്കള്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു വിസ്മയം തന്നെയായിരുന്നു. വിധിയുടെ ക്രൂരതയില്‍ തളരാത്ത മനസുമായി ജീവിക്കുന്ന പ്രദീപ് കുമാര്‍, വിരല്‍ സ്പര്‍ശം കാത്തു കിടക്കുന്ന പിയാനോ, പ്രിയപ്പെട്ടവയെല്ലാം ത്യജിച്ച് പ്രദീപിന് സാന്ത്വനമേകാന്‍ സന്നദ്ധത കാണിക്കുന്ന മാലതി, കുഷ്ഠരോഗിയായ പ്രദീപിന്‍റെ ഭാര്യ എന്നീ കഥാപാത്രങ്ങളില്‍ കൂടി അവനവധി ദൂരം സഞ്ചരിച്ച് വായനക്കാര്‍ക്കുള്ളില്‍ ഒരനുഭവമായി നിറയുന്ന നേവലാണ് “പിയാനോ വായിക്കുന്ന പെണ്‍കുട്ടി.”

ശാന്ത സോമസുന്ദരം

തൃശൂരിനടത്ത് ചേറ്റുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി. എ. യും തൃശൂര്‍ ഗവണ്‍മെന്‍റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി. എഡും പാസ്സായി. മാര്‍ത്തോമാ ഗേള്‍ ഹൈസ്കൂള്‍ - അരിമ്പൂര്‍, ശ്രീ ശാരദാ ഗേള്‍ ഹൈസ്കൂള്‍ - പുറനാട്ടുകര, എന്‍. എസ്. എസ്. ഹൈസ്കൂള്‍ തൃശൂര്‍ എന്നിവിടങ്ങളിലും, ഗുജറാത്തിലും അദ്ധ്യാപികയായി ജോലി നോക്കി. ശാന്താ സോമസുന്ദരത്തിന്‍റെ അച്ഛന്‍ ശ്രീ. എം. എന്‍. നമ്പീശന്‍ കവി ആയിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കഥ എഴുതിയത്. സ്കൂള്‍, കോളേജ് പഠനകാലത്ത് കവിതയും, കഥയും, നാടകവുമെഴുതി. ബി. എഡ്. കോളേജില്‍ അവതരിപ്പിക്കാന്‍ വേണ്ടി എഴുതിയ നാടകം ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു വരുന്നു. കോളേജില്‍ വച്ച് കഥയ്ക്കും കവിതക്കും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എഴുത്തില്‍ അച്ഛന്‍റെയും എ. എസ്. മേനോന്‍, കെ. പി. നാരായണ പിഷാരടി തുടങ്ങിയ ഗുരുനാഥന്മാരുടെയും പ്രോത്സാഹനം ലഭിച്ചിരുന്നു. തന്‍റെ വീട് കവിതകളുടെയും സാഹിത്യകാരډാരുടെയും അക്ഷരശ്ലോകക്കാരുടെയും സംഗമസ്ഥാനമായിരുന്നതായി അവര്‍ ഓര്‍ക്കുന്നു. വിവാഹിതയും കുടുംബസ്ഥയും ആയതോടെ അവര്‍ എഴുത്തില്‍ നിന്ന് പതുക്കെ പിന്മാറി. പ്രാരാബ്ധങ്ങള്‍ ഒക്കെ ഏതാണ്ട് ഒതുങ്ങി മുത്തശ്ശിയുമായതിനുശേഷമാണ് വീണ്ടും എഴുതി തുടങ്ങിയത്. ആദ്യ കവിതാസമാഹാരം “വൈകിവന്ന വെളിച്ചം” 1998-ല്‍ പ്രസിദ്ധീകൃതമായി. സ്വാനുഭവങ്ങളെ കവിതകളായി പകര്‍ത്തിയിരിക്കുകയാണിവിടെ. വാത്സല്യം, ഭക്തി, കൗതുകം, സഹതാപം, അനുകമ്പ, പരിഭവം എന്നിങ്ങനെയുള്ള വികാരങ്ങളെ താളലയഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. പേരക്കുട്ടിയോടുള്ള വാത്സല്യം, അച്ഛനനമ്മമാരോടൊപ്പം വിദൂരത്തില്‍ കഴിയുന്ന കുഞ്ഞിനെ താലോലിക്കാന്‍ കഴിയാത്തതിലുള്ള നിരാശ ഒക്കെ വിശദമാക്കുന്നതാണ് സമാഹാരത്തിലെ ‘ജല്പനങ്ങള്‍’ എന്ന കവിത. ഈ കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശാന്താ തുളസീധരന്‍

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ 1955 ല്‍ ജനനം. ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും, ബി. എഡും. ഇപ്പോള്‍ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. കവിത, കഥ, നോവല്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെയുള്ള സാഹിത്യ ശാഖകളില്‍ ശ്രീമതി. ശാന്ത തുളസീധരന്‍റെ സംഭാവനകള്‍ ഉണ്ട്. 1999 ല്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് “ശിശിരം” എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. അദ്ധ്യാപക കലാവേദിയുടെ മഹാകവി പള്ളത്തുരാമന്‍ അവാര്‍ഡ് 2000 ത്തില്‍ “വേനല്‍മഴ” എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് നടന്ന സാഹിത്യമത്സരങ്ങളില്‍ 2000 ത്തില്‍ കഥയ്ക്കും 2001 ലും 2002 ലും കവിതയ്ക്കും ഒന്നാം സമ്മാനം ലഭിച്ചു. ഒരേ സമയം കവിയും കഥാകാരിയും നോവലിസ്റ്റുമൊക്കെയാണ് ശ്രീമതി. ശാന്താതുളസീധരന്‍. ലളിതമായ രചനാരീതിയാണ് അവരുടേത്. പ്രമേയപരമായ വൈചിത്ര്യം നിലനിര്‍ത്താന്‍ വേണ്ടത്ര അനുഭവസമ്പത്തും, ഭാവനാശക്തിയും എഴുത്തുകാരിയിലുണ്ട്. നല്ല ഒഴുക്കുള്ളതും, വികാരഭരിതവുമായ ഒരു ഭാഷയാണ് എഴുത്തുകാരിക്കുള്ളതെന്നും സ്ത്രീയുടെ ദാമ്പത്യ ദുരിതവും, വഞ്ചിക്കപ്പെട്ട പ്രണയവും, വിധി കല്പിതമായ ദുരന്തുവുമൊക്കെ അവതരിപ്പിക്കാന്‍ കഴിയുന്നവയാണ് അവരുടെ കഥകള്‍ എന്നും “ഗ്ലാഡിയോലിസ്” എന്ന കഥാസമാഹാരത്തിന് എഴുതിയിട്ടുള്ള അവതാരികയില്‍ ഡോ. ബി. ബഞ്ചമിന്‍ പറഞ്ഞിരിക്കുന്നു. ശാന്താതുളസീധരന്‍റെ കവിതക്ക് അവരുടെ കണ്‍വെട്ടത്തുള്ള ഏതാണ്ട് എല്ലാംതന്നെ വിഷയമായിട്ടുണ്ട്. വിഷാദാത്മകമാണ് പല കവിതകളും. അവനവന്‍റെ മനസ്സിനുമേല്‍ നിയന്ത്രണം നേടാനാവാത്ത മനുഷ്യന്‍റെ നിസ്സഹായത പ്രകടമാക്കുന്നവയാണ് പല കവിതകളളും. കവിപ്പട്ടം മുറിച്ചിടി അടുപ്പാക്കി നടക്കുമ്പോള്‍ കവിക്കുള്ളം കനല്‍പ്പോടായ് ത്തിളയ്ക്കുന്നു. മരിക്കുന്നു...... മനോരാജ്യപ്പുറം ചുറ്റി നടന്നേറെ വലഞ്ഞിട്ടും മനസ്സെന്ന മഹാമേരു കടക്കാനും കഴിഞ്ഞില്ല.....(കോലങ്ങള്‍) എന്ന പരിതാപത്തിലും വൃദ്ധകൗതുകം പങ്കിട്ടു പൊയ്പ്പോയ നഷ്ടനാളിന്നു താരാട്ടുപാടവേ കേട്ടതല്ലേ പറഞ്ഞതെന്നിന്ദ്രിയം കോട്ടപോലെ വിലങ്ങി നില്‍ക്കുന്നുവോ

ശാന്താ വാരിയര്‍

1935 ജൂണ്‍ 21 ന് കൊല്ലം ജില്ലയിലെ കിഴക്കേ കല്ലചയില്‍ ജനിച്ചു. മാധവവാര്യയുടെയും സുഭദ്രമ്മയുടെയും മകള്‍. ചെറുകഥകളും നോവലുകളും എഴുതാറുണ്ട്. വനിതാ മാസിക നടത്തിയ ലേഖന മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്. “ഇത് എന്‍റെ അമ്മ” എന്ന നോവല്‍ വളരെ ഹൃദയസ്പര്‍ശിയാണ്. ആത്മാംശം സ്പുരിക്കുന്ന കഥയാണ്. എല്ലാവരേയും സ്നേഹിക്കുകയും ഭക്ഷണം നല്കുകയും ചെയ്തിരുന്ന വാര്യത്തമ്മ എന്ന തന്‍റെ അമ്മയെക്കുറിച്ച് മകള്‍ ഓര്‍മ്മിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്നു. പഴമയുടെ കാലം, ഗ്രാമീണ സംസ്കാരം, തുടങ്ങിയവ ഈ നോവലിലുണ്ട്. ലളിതമായ ആഖ്യാനശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.

ശാന്തമ്മ രാജന്‍ കൂരാറ്റ

കോട്ടയം ജില്ലയിലെ കാനം എന്ന സ്ഥലത്ത് ജനിച്ചു. കല്യാണിയമ്മയും നാരായണന്‍ നായരും മാതാപിതാക്കള്‍. കാനം സി. എം. എസ്. ഹൈസ്കൂള്‍, സെന്‍റ് പോള്‍സ് ഹൈസ്കൂള്‍ വാഴൂര്‍, ലീഡിംഗ് കോളേജ് പാമ്പാടി, കോട്ടയം സംസ്കൃത വിദ്യാപീഠം എന്നിവിടങ്ങില്‍ വിദ്യാഭ്യാസം. കുറച്ചുകാലം അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിന്തന എന്ന അഖില കേരള കവിതാസാഹിത്യവേദിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. “ചിപ്പികള്‍” ആണ് പ്രഥമ കവിതാസമാഹാരം. തുറന്ന മനസ്സും കണ്ണും കാതുമായി ശാന്തമ്മ രാജന്‍ എന്ന കവയിത്രി സമൂഹമദ്ധ്യത്തില്‍ കൂടി സഞ്ചരിക്കുകയും ആ യാത്രയിലെ കാഴ്ചകള്‍, കേള്‍വികള്‍, അനുഭവങ്ങള്‍ തന്‍റെ കവിതകളില്‍ കൂടി വാചാലമായി പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്. “ചിപ്പികള്‍” എന്ന സമാഹാരത്തിലെ ‘ഗുരുത്വം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുരു എന്ന അനുഭവത്തിന്‍റെ വിവിധ മുഖങ്ങള്‍ തെളിയുന്ന കവിതയാണിത്. ജീവിതത്തില്‍ പിന്തുടരാവുന്ന നല്ല തത്വങ്ങള്‍ വിശദീകരിക്കുകയാണ് കവയിത്രി ഇതില്‍.

ശാരദാ ചൂളൂര്‍

1953 ല്‍ ഇലന്തൂരപില്‍ ജനിച്ചു. രാജമ്മയും ഭാസ്കരന്‍നായരും മാതാപിതാക്കള്‍. ഒന്‍പതാം വയസ്സിലുണ്ടായ രോഗംമൂലം ശ്രവണശക്തി നഷ്ടപ്പെട്ടു. കുട്ടിക്കാലം മുതല്‍ കഥകളെഴുതി തുടങ്ങി. ആനൂകാലികങ്ങളില്‍ നിരന്തരം കഥകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. സതിക്കൊരു കഥയാണ് ആദ്യകഥാസമാഹാരം. “ശ്രുതിഭംഗം” എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്‍റെ പൊള്ളുന്ന മണലാരണ്യത്തില്‍ കാഴ്ച്ചയും കേള്‍വിയും ഇല്ലാതെ അലയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥയാണ് ‘ശ്രുതിഭംഗം’. ആശുപത്രിക്കിടക്കയില്‍ വായനക്കാര്‍ക്ക് അജ്ഞാതമായ ഏതോ രോഗം പിടിപെട്ട് കിടക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍ വികസിക്കുന്ന കരളലിയിക്കും കഥയാണിത്. മിന്നിമറയുന്ന ബോധത്തിന്‍റെ ഇടവേളകളില്‍, ലോകത്തെ ഉറ്റുനോക്കി ആവലാതിപ്പെടുന്ന രോഗിണിയുടെ മനോവ്യഥകള്‍ തീക്ഷ്ണത ചോരാതെ വിവരിക്കുകയാണ് കഥാകൃത്ത്. ഒരേ സമയം ചോദ്യവും ഉത്തരവും ആയിമാറുന്ന ഒരു വിലാപത്തില്‍ അവളും പങ്കുചേരുമ്പോള്‍ ജീവിതത്തിന്‍റെ ദുഃഖബിന്ദുക്കള്‍ തീര്‍ക്കുന്ന മഴയില്‍ വായനക്കാരും നനയുന്നു.

ഷീബ ഇ. കെ.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനിച്ചു. വനിത കലാലയ കഥാമത്സരം, ഭാഷാപോഷിണി സാഹിത്യാഭിരുചി അവാര്‍ഡ്, മലയാള മനോരമ ചെറുകഥാ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്യുന്നു. “വൈ ടു കെ” ആണ് പ്രസിദ്ധീകരിച്ച കൃതി. കഥയെന്നും കവിതയെന്നും പറയാവുന്ന ഭാവപ്രധാനങ്ങളായ പത്തു ചെറുകഥകളുടെ സമാഹാരമാണിത്. അപൂര്‍വമായ ഭാവുകത്വം കാഴ്ചവയ്ക്കുന്ന കഥകള്‍, ജാതിമത ദേശകാലങ്ങള്‍ക്കതീതമായ ബിംബങ്ങളിലൂടെ ഭാവാനുഭൂതിയുളവാക്കുന്ന രചനകള്‍. ‘വൈ ടു കെ’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാള ചെറുകഥാ സാഹിത്യ ചരിത്രത്തില്‍ ഈ കഥയെ ഡോ. എം. എം. ബഷീര്‍ ഇങ്ങനെ വിലയിരുത്തുന്നു. കാവ്യാത്മകമായ ഭാഷയും തരളവികാരങ്ങളുടെ ഭാവോډീലനവും കൂടിച്ചേര്‍ന്ന് ലാവണ്യമധുരമായ ഒരനുഭവം സൃഷ്ടിക്കാന്‍ ഷീബയ്ക്ക് കഴിയുന്നു. ‘വൈ ടു കെ’ എന്ന കഥയില്‍ പുതിയ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഭര്‍ത്താവിന്‍റെ അചഛനമ്മമാര്‍ക്കൊപ്പം പഴയ കമ്പ്യൂട്ടറുമായി കമ്പ്യൂട്ടര്‍ ഷോപ്പിലേക്കു ചെന്നപ്പോള്‍ അവിടത്തെ സെയില്‍സ് മാന്‍ പഴയ വസ്തുക്കള്‍ ഒഴിവാക്കണം എന്നു പറഞ്ഞു. എന്തിനാണ് എന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു വരാന്‍ പോകുന്നത് പുതിയ നൂറ്റാണ്ട് അവിടെ പഴഞ്ചന്‍ വസ്തുക്കളൊന്നും അവശേഷിക്കരുത്. ആരതി അമ്മയുടെ പഴയ വാച്ചിന്‍റെ കാര്യം ഓര്‍ത്തു. സെയില്‍സ്മാന്‍ വീണ്ടും പറഞ്ഞു. ഇതു നിങ്ങളുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളാണ് അല്ലേ? അയാള്‍ വീണ്ടും തുടര്‍ന്നു. ഇവര്‍ കാരണായിരിക്കും നിങ്ങള്‍ ഭര്‍ത്താവിന്‍റെ കൂടെ പോകാത്തത്. ശരിയല്ലേ ഞാന്‍ പറഞ്ഞത്? തിരിച്ചു പോകുമ്പോള്‍ പഴഞ്ചനായതൊന്നും നിങ്ങളുടെ കൂടെ ഉണ്ടാവില്ല എന്ന് അയാള്‍ ഓര്‍മ്മിപ്പിച്ചു. കഥാകാരി എഴുതുന്നു. ടാക്സിയില്‍ പുതിയ കമ്പ്യൂട്ടറുമായി മടങ്ങുമ്പോള്‍ താന്‍ ഒറ്റയ്ക്കാണെന്നു ആരതി നടുക്കത്തോടെയറിഞ്ഞു. ഷീബയുടെ കഥ അനായാസം ഭാവതലത്തിലേക്കെത്തുന്നു.

ഷീബ എം. കുര്യന്‍

1975 ല്‍ കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു. സി. സി.കുര്യന്‍റെയും എം. കെ. മറിയാമ്മയുടെയും മകള്‍. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്നും എം. എ., കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി. എഡ്. എന്നീ ബിരുദങ്ങള്‍ക്കുശേഷം ആധുനികതയുടെ കേരളീയ പരിസരം : രാഷ്ട്രീയവും പ്രതിവാദപരവുമായ ഒരു പഠനം എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദംനേടി. ഇപ്പോള്‍ തൃശൂര്‍ സെന്‍റ് തോമസ് കോളേജ് അധ്യാപികയാണ്. “വിജയന്‍റെ ചെറുകഥകള്‍ - അധികാരം ചരിത്രം പ്രത്യയശാസ്ത്രം” (2005), “കീഴാളന്‍റെ പ്രതിരോധ തന്ത്രം” (2005) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “വിജയന്‍റെ ചെറുകഥകള്‍ - അധികാരം ചരിത്രം പ്രത്യയശാസ്ത്രം” എന്ന കൃതിയില്‍ ഒ. വി. വിജയന്‍റെ ചെറുകഥകളെ കുറിച്ച് വളരെ ശ്രദ്ധയോടെ പഠനം നടത്തിയിരിക്കുന്നു. അധികാരത്തിന്‍റെ ചരിത്രമാണ് വിജയന്‍ എഴുതിയത്. വിജയന്‍ റിയലിസ്റ്റേതര രചനകളില്‍ വ്യാപരിച്ചയാളാണ് എന്നു തന്നെയല്ല പുരോഗമന സാഹിത്യത്തെ കളിയാക്കികൊണ്ട് കാര്‍ട്ടൂണ്‍ രൂപത്തിലുള്ള ഒരു കഥ തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് ഒരു പ്രശ്നമാണ്. ഉളളടക്കവിശകലനമായിരിക്കുകയും നോണ്‍ റിയലിസ്റ്റിക് കഥകള്‍ പഠന വസ്തുവായിരിക്കുകയും ചെയ്യുന്ന നില. ഇതിനെയാണ് ഷീബയ്ക്ക് പ്രത്യയശാസ്ത്രപരമായ ഉറപ്പുകൊണ്ട് മറികടക്കാന്‍ കഴിഞ്ഞിരിക്കുന്നത്. പരിണാമിയാണ് വിജയന്‍റെ സര്‍ഗ്ഗ പ്രപഞ്ചം എന്നാണ് ഈ അന്വേഷണത്തിന്‍റെ ആകെത്തുക.

ഷീല

തൃശ്ശൂരിലെ കണിമംഗലത്ത് ജനിച്ചു. എസ്. എസ്. രാജേന്ദ്രന്‍റെ നാടകക്കമ്പനിയായിരുന്നു ആദ്യത്തെ കളരി. 1962 ല്‍ പുറത്തുവന്ന പാശമാണ് ഷീലയുടെ പ്രഥമ ചിത്രം. പി. ഭാസ്കരന്‍റെ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കു കടന്നു വന്നത്. സിനിമാ മാസിക, ചിത്രരമ, ചില തമിഴ് പ്രസിദ്ധീകരണങ്ങള്‍ ഇവയിലൊക്കെ കഥകളെഴുതിയിട്ടുണ്ട്. മഞ്ചള്‍ കുങ്കുമം (1973), അപ്പാ അമ്മാ (1974) എന്നീ തമിഴ് ചിത്രങ്ങള്‍ ഷീല നിര്‍മ്മിച്ചവയാണ്. ഇരുനൂറിലേറെ മലയാളം ചിത്രങ്ങള്‍ക്കു പുറമേ അന്‍പതോളം തമിഴ് ചിത്രങ്ങളിലും ഏതാനും തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള പ്രഥമ പുരസ്കാരം കള്ളിച്ചെല്ലമ്മയിലൂടെ ലഭിച്ചു. മൂന്നു തവണ സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഡല്‍ഹി മലയാളി അസോസിയേഷന്‍, മദ്രാസ് ഫിലിം ഫാന്‍സ്, കേരള ഫിലിം ഫാന്‍സ് തുടങ്ങി നിരവധി സംഘടനകളുടെ അവാര്‍ഡുകളും ഷീലയെ തേടിയെത്തിയിട്ടുണ്ട്. “പത്താമത്തെ ചെക്ക്” എന്ന നോവലും ‘നടിയുടെ വീട്ടിലെ കസേര പറഞ്ഞത്’, ‘മഞ്ഞുതുള്ളി’, ‘തിരകള്‍ തീരത്തിനു സ്വന്തമല്ല’ എന്നീ ചെറുകഥകളുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍. നരേഷന്‍റെ സൗന്ദര്യമാണ് ഷീലയുടെ എഴുത്തിന്‍റെ പ്രത്യേകത. വളച്ചു കെട്ടില്ലാതെ നേരിട്ടുള്ളൊരു സഭാഷണം പോലെ ലളിതവും വ്യക്തവുമാണ് അത്. ‘നടിയുടെ വീട്ടിലെ കസേര പറഞ്ഞത്’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരിയറിലൂടെ തനിക്കു സുപരിചിതമായ ചലച്ചിത്ര മേഖലയെക്കുറിച്ച് കഥയെഴുതുമ്പോള്‍ ആഖ്യാനത്തില്‍ ഒഴുക്കും ഭംഗിയും സൂക്ഷിക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ആത്മാംശം നിറഞ്ഞ കഥാപാത്രമാണ് ഈ കഥയിലെ നായികയായ സിനിമാതാരം രതീദേവി.

ഷീല ടോമി

1971 മെയ് 31 -ന്, വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജനിച്ചു. പയ്യമ്പള്ളി സെന്‍റ് കാതറൈന്‍സ് ഹൈസ്ക്കൂള്‍, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചുനാള്‍ എല്‍. ഐ. സി. യില്‍ ഉദ്യോഗസ്ഥയായിരുന്നു. ഗള്‍ഫ് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. 2007 -ലെ അബുദാബി അരങ്ങ് സാംസ്കാരികവേദിയുടെ ചെറുകഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചു. ഇപ്പോള്‍ ദോഹയില്‍ താമസിക്കുന്നു. തെരഞ്ഞെടുത്ത ഇരുപത് കഥകളുടെ സമാഹാരമായ “പുഴ പറഞ്ഞ കഥ”യിലെ 'മകള്‍' എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തീരിക്കുന്നത്. കഥ പറച്ചിലിന്‍റെ വേറിട്ട വഴികള്‍ തേടുന്ന കഥാകൃത്താണു ഷീല. 'ലോലഹൃദയരും സ്നേഹ നിധികളുമായ അച്ഛനമ്മമാര്‍ ഈ കഥ വായിക്കരുത'് എന്ന ആദ്യ വാക്യത്തില്‍ത്തന്നെ ഇക്കാര്യം വായിച്ചെടുക്കാം. കഥ പറച്ചിലില്‍ നിന്നു പുറത്തിറങ്ങി, വായനക്കാരുമായി സംവദിക്കുന്ന കഥാകൃത്ത് ഈ വസ്തുനിഷ്ഠത വിവരണത്തിന്‍റെ കാര്യത്തിലെത്തുമ്പോള്‍ കൗതുകമുളവാകുന്നു. ഒരു ചലച്ചിത്രാവിഷ്ക്കാരത്തിന്‍റെ ഘടനാവിശേഷങ്ങളെ ചെറുകഥയുടെ ഛന്ദസ്സിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുകയാണ് കഥാകാരി. സ്വന്തം പിതാവില്‍ നിന്നും ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വരുന്ന ഏകാകിയായ പെണ്‍കുട്ടിയുടെ ശോകാത്മകമായ ജീവിതം തെളിമയോടെ, ഹൃദയസ്പൃക്കായി ഈ കഥയില്‍ ആവിഷ്ക്കരിക്കുന്നു.

ഷിനാ ഹാഷിം

കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു. ഇസ്ലാമിക നായകനായ പുനലൂര്‍ എ. എം ഹാഷിമിന്‍റെയും റഷീദാബീവിയുടെയും മകള്‍. “സമാഗമം” (2007) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ‘സമാഗമം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം മകനെ കുളിപ്പിച്ച് ഒരുക്കി അവന്‍റെ പുത്തന്‍ ജാക്കറ്റിനുള്ളില്‍ കരിങ്കല്‍ ചീളുകളും ചെറിയ തെറ്റാലിയും ഒളിപ്പിച്ചുവച്ച്, പാറിവീണ മുടിയിഴകള്‍ മാടിയൊതുക്കി, മുഖം പിടിച്ചുയര്‍ത്തി ഉമ്മവെച്ച് യുദ്ധ ഭൂമിയിലേക്കു യാത്രയാക്കുന്ന മാതൃഹൃദയത്തിന്‍റെ ആത്മദാഹം നമുക്ക് ഈ കവിതയില്‍ ദര്‍ശിക്കാം. വിമോചനത്തിനായി പടപൊരുതുന്ന പലസ്തീനിലെയും ഇറാഖിലെയും അമ്മമാരെയും അവരുടെ കുഞ്ഞുമക്കളുടെയും രോദനം നമുക്ക് ഇവിടെ കേള്‍ക്കാനാകും. കണ്ണുകള്‍ അടയ്ക്കുമ്പോള്‍, മാലാഖമാര്‍ കുളിപ്പിച്ച് സുഗന്ധം പൂശിയ കുഞ്ഞുശരീരം സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയരുന്നത് സ്വപ്നമായി തെളിയുന്നു. “മകനേ നീ പോവുക ........ നക്ഷത്രങ്ങള്‍ ചിരിക്കുമ്പോള്‍, ഷെല്ലുകള്‍ പൊട്ടിച്ചിതറുന്നു കലാപഭൂമിയില്‍ നിന്‍റെ കുഞ്ഞു ശരീരം മാലാഖമാര്‍ കുളിപ്പിക്കും സ്വര്‍ഗ്ഗീയ സുഗന്ധം പൂശിയവര്‍ നിന്നേയും കൊണ്ട് പറക്കുമ്പോള്‍, രക്തസാക്ഷിയുടെ ഉമ്മയായി ഞാന്‍ കാത്തിരിക്കും നിന്‍റെ സമാഗമത്തിനായി” സമാഗമം കാത്തിരിക്കുന്ന രക്തസാക്ഷിയുടെ ഉമ്മയുടെ നിസ്സഹായവസ്ഥ ആവിഷ്കരിച്ചിരിക്കുന്നു ഇവിടെ

ഷെരീഫ എം.

1971 ല്‍ ജനിച്ചു. പി. വി. ഉമ്മുഹാനിയും എം. വി. ഇബ്രാഹിമും മാതാപിതാക്കള്‍. ഇപ്പോള്‍ അധ്യാപികയായി ജോലി നോക്കുന്നു. “മണല്‍ പറയുന്നത്” ആണ് പ്രസിദ്ധീകരിച്ച കൃതി വേദനയും വേവലാതിയും ആമോദവും ഉډാദവും കൊണ്ട് ജീവിതത്തെ വിവിധ വര്‍ണ്ണങ്ങളില്‍ വരച്ചിടുന്ന ലളിതവും ശുദ്ധവുമായ കഥകളാണ് ഈ സമാഹാരത്തില്‍. ‘മരു’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൗനങ്ങളില്‍ ഉറഞ്ഞുപോയ സ്ത്രീമനസ്സിന്‍റെ നേര്‍ച്ചിത്രമാണ് ഷെരീഫയുടെ രചനകള്‍ നല്കുന്നത്. ഭയവിഹ്വലതകള്‍ വേട്ടയാടുന്ന പെണ്ണിന് സ്മൃതികള്‍ അമൃതവര്‍ഷമായി മാറുന്നു. ബോധധാരാരീതി പ്രകടമായി തെളിയുന്ന എഴുത്താണ് പല കഥകളിലും. യുദ്ധം മൂലം നശിച്ചുപോയ ഭൂമിയില്‍ അവശേഷിച്ച രണ്ടേ രണ്ടാളുകളിലെ സ്ത്രീയുടെ ആത്മഗതമാണ് ‘മരു’ എന്ന കഥയില്‍ പ്രാചീനശിലായുഗം മുതല്‍ അനവധി ദുരന്തങ്ങളിലൂടെ നൂഴ്ന്നുകടന്ന് പുരോഗതിയുടെ ഉത്തുംഗതയിലെത്തി വീണ്ടും നാശത്തിന്‍റെ തമോഗര്‍ത്തത്തിലാഴുന്ന മനുഷ്യരാശിയെയോര്‍ത്ത് വിലപിക്കുകയാണ് ഭൂമിയിലെ അവശേഷിക്കുന്ന ഏക സ്ത്രീ. ധരിത്രിയുടെ പുനര്‍ജനിക്ക് നിയോഗം ബാക്കി വച്ച രണ്ടു മനുഷ്യരില്‍ ഒരുവള്‍. പക്ഷേ, തുടര്‍ച്ചയ്ക്കുള്ള പാതയില്‍ നിന്ന് ഓടിയകലാന്‍ കൊതിക്കുന്നു. നിലയ്ക്കാത്ത രോദനങ്ങളുടെ ശ്രുതി ചൂളംവിളിയായി കാതില്‍ അലച്ചെത്തുമ്പോള്‍, കണ്ണുകള്‍ കുഴിഞ്ഞ് പേക്കോലമായ ഒരാള്‍ തന്‍റെ വായിലേക്ക് ഇറ്റിക്കുന്ന തീര്‍ത്ഥജലം അവളെ കൃതാര്‍ത്ഥയാക്കുന്നു. പക്ഷേ, വേദനകളുടെ തുടര്‍ക്കഥകള്‍ക്ക് നിമിത്തമാകാതിരിക്കാന്‍ സഹോദരാ, നമുക്ക് മരിക്കാം എന്ന് പറയാനാണ് അവളുടെ ആദ്രമാനസം മുതിരുന്നത്. ഭൂമി, യുദ്ധങ്ങളും ആയുധങ്ങളും വേണ്ടാത്ത ഇതര ജീവികള്‍ പങ്കിടട്ടെയെന്ന് ആശിച്ചുകൊണ്ട്.

ഷിംന സീനത്ത്

1985 സെപ്തംബര്‍ 25 ന് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയ്ക്കടുത്ത് മാപ്പിളപ്പറമ്പ് ശ്രീ മുഹമ്മദ് കളത്തിലിന്‍റെയും ഖദീജയുടെയും മകളായി ജനിച്ചു. എം. ജി. എം. ഹൈസ്സ്കൂള്‍ ഈങ്ങാപ്പുഴ, ചേരു മംഗല്ലൂര്‍ എച്ച്. എസ്. എസ്, കോഴിക്കോട് ഫാറൂഖ് കോളേജ്, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെമിസ്ട്രിയില്‍ പി. ജി. ബിരുദം. “കനല്‍ചിത്രങ്ങള്‍” (2007) എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. “കനല്‍ചിത്രങ്ങള്‍” എന്ന കവിതാസമാഹാരത്തിലെ ‘അനുകരണം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തിനെയും അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിനു നേരെയുള്ള എഴുത്തുകാരിയുടെ കടുത്ത പ്രതിഷേധമാണ് ഈ കവിത. മാധ്യമലോകത്തിന് അടിമയായ ആധുനിക മനുഷ്യന് അനുകരണ വാസന കൂടുതലാണ്. അത് നല്ലതാണോ ചീത്തയാണോ എന്ന് പോലും ചിന്തിക്കാന്‍ അവന് സമയം ഇല്ല. ‘ഫാഷന്‍’ എന്ന പേരില്‍ ഏത് വേഷവും കെട്ടാന്‍ മടികാണിക്കാത്ത ഒരു തലമുറയാണ് ഇത്. അത്തരത്തിലുള്ള ഒരനുകരണം നമുക്ക് ഈ കവിതയിലും കാണാം. ഒറ്റക്കയ്യന്‍ ഷര്‍ട്ട് ചുരുണ്ട മുടി പിന്നീടാണ് സ്വീകരണ മുറിയിലെ അലങ്കരിച്ച സ്ക്രീനിലും ഞാനത് ശ്രദ്ധിച്ചത്. സ്കൂളിലേക്ക് പോകുമ്പോള്‍ ഒറ്റക്കയ്യന്‍ ഷര്‍ട്ടിട്ട ഒരു ചുരുണ്ട മുടിക്കാരന്‍ നില്‍ക്കുന്നത് കണ്ടു. കുറച്ച് ദിവസം കഴിഞ്ഞ് ഇത്തരത്തിലുള്ള ഒരുപാട് പേരെ കാണുന്നു. അതും ഒരു അനുകരണമായിരുന്നു എന്ന് ടി. വി. സ്ക്രീനില്‍ നിന്നും തിരിച്ചറിയുന്നു. ഇത്തരത്തിലുള്ള അനുകരണത്തെ എഴുത്തുകാരി ചുരുങ്ങിയ വാക്കുകളിലൂടെ വളരെ ലളിതമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഈ കവിതയില്‍

ഷേര്‍ളി സോമസുന്ദരന്‍

1959 ല്‍ പത്തനംതിട്ടയിലെ റാന്നിയില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ., ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ ബി. എഡ്., പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം ഇവയില്‍ പി. ജി. ഡിപ്ലോമ. അദ്ധ്യാപികയാണ്. കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ‘തിയറ്റര്‍ ഓണ്‍ വീല്‍സ്’ എന്ന ടൂറിംഗ് തിയറ്റര്‍ സംഘവും മഴവില്ല് എന്ന സ്ഥിരം നാടകവേദിയും കുട്ടികള്‍ക്കായി നടത്തിവരുന്നു. ആക്ടിവിറ്റി ഗ്രൂപ്പിന്‍റെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം, ഇന്‍റര്‍നാഷണല്‍ ബ്രെഹ്റ്റ് സൊസൈറ്റിയുടെ അംഗീകാരം എന്നിവ ലഭിച്ചു. “ദി ഗേള്‍ ഇന്‍ ദ ഫോട്ടോഗ്രാഫ്” നാഷണല്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുത്ത നാടകം കേരളസര്‍ക്കാര്‍ കഠ@ടരവീീഹ ന്‍റെ പ്രോജക്ടായി പ്രദര്‍ശനത്തിനു സ്വീകരിച്ചിട്ടുണ്ട്. ചിന്തിപ്പിക്കുന്ന പ്രമേയങ്ങളാണ് നാടകങ്ങള്‍ക്ക് വിഷയമാക്കിയിട്ടുള്ളത്. പെണ്ണെഴുത്തിന്‍റെ നല്ല ഗുണങ്ങള്‍ ഷേര്‍ളി സോമസുന്ദരന്‍റെ രചനകളില്‍ ഉണ്ട്. അവതരണ രീതിയില്‍, പുതുമ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. “ദി ഗേള്‍ ഇന്‍ ദ ഫോട്ടോഗ്രാഫ്” എന്ന നാടകം വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. യുദ്ധത്തിനിടെ ബോംബിംഗ് നടത്തിയ പൈലറ്റ് വര്‍ഷങ്ങള്‍ക്കു ശേഷവും അതിനിരയായ പെണ്‍കുട്ടിയുടെ മുഖം ഓര്‍മ്മിച്ച് അസ്വസ്ഥനാവുന്നു. അവളുടെ മുഖം അയാളെ വേട്ടയാടുന്നു. പൈലറ്റിന്‍റെ ജോലി ഉപേക്ഷിച്ച അയാള്‍ ആശുപത്രിക്കിടക്കയിലും അവളെ കണ്ട് മാപ്പു പറയാനാഗ്രഹിക്കുന്നു. അപ്പോള്‍ത്തന്നെ ടെലിവിഷനില്‍ അവളുമായി ഒരു അഭിമുഖം നടക്കുന്നതു കാണുന്നു. അവള്‍ അയാളോട് ക്ഷമിച്ചിരിക്കുന്നു എന്ന് അതിലൂടെ പറയുന്നു. ടി. വി. സ്ക്രീനില്‍ നിന്നും അവള്‍ ഇറങ്ങി വന്ന് മുട്ടുകുത്തി നില്‍ക്കുന്ന അയാളെ പിടിച്ചെഴുന്നേല്പിച്ചു. ഈ നാടകം ഇവിടെ അവസാനിക്കുമ്പോള്‍ വികാരഭരിതമായ ചില ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ഇതാണ് നാടകത്തിന്‍റെ വിജയവും.

ശോഭനാ രവീന്ദ്രന്‍

1956 ആഗസ്റ്റ് 13 ന് കുളത്തുപ്പുഴയില്‍ ജനിച്ചു. രാജമ്മയും ഗോവിന്ദനും മാതാപിതാക്കള്‍. കുളത്തൂപ്പുഴ യു. പി. സ്കൂള്‍, വലിയല ഹൈസ്കൂള്‍, അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് പരേതനായ പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്‍. ആനുകാലികങ്ങളില്‍ എഴുതാറുണ്ടണ്‍്. “രവീന്ദ്രസംഗീതം : കേള്‍ക്കാത്ത രാഗങ്ങള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ഓര്‍മപുസ്തകത്തിലെ അഞ്ചാം അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. മലയാളത്തിന്‍റെ എന്നത്തേയും പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍റെ കുടുംബജീവിതവും ഒപ്പം സിനിമാ ഗാനചരിത്രത്തിലെ നാഴികകല്ലുകളായി തീര്‍ന്നിട്ടുള്ള ഗാനങ്ങള്‍ പിറന്ന വഴിയുമെല്ലാം ഓര്‍മിച്ചെടുക്കുകയാണ് അദ്ദേഹത്തിന്‍റെ ജീവിതപങ്കാളിയായിരുന്ന ശോഭനാ രവീന്ദ്രന്‍. ഗായകനാകാന്‍ വേണ്ടണ്‍ി മദ്രാസിലെത്തുകയും തീവ്രാനുഭവങ്ങളുടെ പൊള്ളിക്കുന്ന വേനലിലൂടെ അലയുകയും അസ്വാദകരെ വിസ്മയിപ്പിച്ച സംഗീത സംവിധായകനാവുകയും ചെയ്ത രവീന്ദ്രന്‍റെ ജീവിതത്തിലൂടെയുള്ള യാത്രയാണിത്. ആര്‍ഭാടങ്ങളില്ലാതെ, ആരവങ്ങളില്ലാതെ സ്വന്തബന്ധങ്ങളാരുമില്ലാതെ നല്ലവരായ കുറച്ചു സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ 1974 ഏപ്രില്‍ 10ന് രജിസ്റ്ററില്‍ ഒപ്പുവച്ച് എന്നും ആശ്രയമായിരുന്ന അയ്യപ്പസ്വാമിയെ സാക്ഷിയാക്കി താലി ചാര്‍ത്തിയ ദമ്പതികളുടെ കഥ വിവരിക്കുകയാണ് അഞ്ചാം അദ്ധ്യായത്തില്‍.

ശോഭാരവി

1954 ല്‍ ആലപ്പുഴ ജില്ലയില്‍ ജനിച്ചു. ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ ചെങ്ങന്നൂര്‍ ശാഖയില്‍ ഉദ്യോഗസ്ഥയാണ്. കവിതക്കു പുറമേ ലേഖനങ്ങളും ചെറുകഥകളും എഴുതാറുണ്ട്. ചെങ്ങന്നൂര്‍ സമന്വയ സാഹിത്യ സമിതിയില്‍ അംഗമാണ്. 1970 കളില്‍ കലാകൗമുദി, കുങ്കുമം, വീക്ഷണം എന്നീ വാരികകളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ബാങ്കേഴ്സ് ഫോറത്തിന്‍റെയും ആറന്മുള സോപാനം സാഹിത്യ സമിതിയുടെയും സ്മരണികകളില്‍ കവിതയും ചെറുലേഖനങ്ങളും എഴുതാറുണ്ട്. ചെങ്ങന്നൂര്‍ സമന്വയത്തിന്‍റെ കാവ്യരശ്മി, ചുനക്കര ജനാര്‍ദ്ദനന്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യപോഷിണി എന്നീ ലഘുമാസികകളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. തിരുവനന്തപുരം സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന സായിമഹിമ മാസികയില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രസന്നമാണ് ശോഭാരവിയുടെ കവിതാരീതി, പ്രസാദാത്മകമായ ഭാഷ ധാരാളം എഴുതിക്കൂട്ടി എന്നതിനപ്പുറം എഴുതാന്‍ കൊതിച്ചത് മാത്രം എഴുതുക എന്ന രീതിയാണ് എഴുത്തുകാരിയുടേത് എന്ന് തോന്നും. ‘മൗനം’ എന്ന കവിതയില്‍ ഇത് സംബന്ധിച്ച് സൂചനകള്‍ ഉണ്ട്. പറയുക, പറയുക, യേറെ - പരുത്തതായൊരു ശബ്ദമിണന്ന പറയരുതേ എന്നതിമൃദുവേതോ പ്രതിദ്ധ്വനി നാദവുമിങ്ങനെയിങ്ങനെ ശോഭാരവിയുടെ പ്രസിദ്ധീകൃതമായ ഏക കവിതാ സമാഹാരം - മൊഴിയില്ലാപ്പാട്ടില്‍ നിന്നുള്ള കവിതയാണ് ‘മൗനം’. കാല്പനികമായ, ഗൃഹാതുരത്വമാര്‍ന്ന കവിതകളാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും. ഏതു വിഷയത്തെ കുറിച്ചും കവിക്കുള്ളത് വ്യക്തിപരമായ സമീപനം ആണ്. സ്വപ്നത്തിലിന്നലെ കണ്ടു നിന്നച്ഛനെ ഞാന്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നങ്ങിനെ എന്താണാവോ അയലത്തെയദ്ദേഹമതിരിലെ തണല്‍മരം വെട്ടിമാറ്റീടുവാന്‍ തന്നന്ത്യശാസനം പുലര്‍ച്ചെ കാറ്റില്‍ വീണോരിലഞ്ഞിപ്പൂക്കള്‍ മണ്ണില്‍മെത്ത തീര്‍ത്തിരിക്കുന്നു കൊതിയാവുന്നോ കാണാന്‍ (അമ്മയല്ലാതെ) എന്ന മട്ടില്‍ അമ്മയുടെ സാധാരണ ഫോണ്‍വിളി എന്ന പോലെ പലകാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. “മൊഴിയില്ലാപ്പാട്ട്” എന്ന സമാഹാരത്തിലെ ‘ആത്മാവില്‍ തൊട്ടവര്‍’ എന്ന കവിതയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കവിതാ പുസ്തകത്തിന് ശ്രീ. കെ. വി. മോഹന്‍കുമാര്‍ എഴുതിയ പഠനകുറിപ്പില്‍ ഈ കവിതയെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. കാല്‍പ്പനികതയുടെ ചിറകുകളില്‍ പേറി പറന്നുയരുമ്പോള്‍ കവിയുടെ ജപമാലയില്‍ നിന്നുതിര്‍ന്നു വീണ കവിതയാണ് ആത്മാവില്‍ തൊട്ടവര്‍. ഹൃദയത്തിനേറെ അടുത്തിങ്ങു നില്‍ക്കുമ്പോള്‍ ഒരുപാടു ദൂരൈയാണൊരു പാട് - എന്ന തിരിച്ചറിവിലുമുണ്ട് ആത്മനൊമ്പരത്തിന്‍റെ മുറിപ്പാടുകള്‍.

ശോശ ജോസഫ്

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട് ജനിച്ചു. റോസമ്മ എന്നാണ് യഥാര്‍ത്ഥ പേര്. ബി. എസ്സി, എല്‍. എല്‍. ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1973 മുതല്‍ കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു വരുന്നു. “സ്വര്‍ഗം തേടിപ്പോയ രാജകുമാരന്‍” എന്ന ശോശ ജോസഫിന്‍റെ പുസ്തകം ഒരു ചെറിയ കുട്ടിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. രോഗത്തെയും മരണത്തെയും അവന്‍ ധീരമായി നേരിട്ടതിനെ കുറിച്ചുള്ള സങ്കടകരമായ വിവരണം. ഈ പുസ്തകത്തിലെ നായകനായ അജിന്‍ എന്ന പത്തുവയസ്സുകാരന്‍ എഴുത്തുകാരിയുടെ അടുത്ത ബന്ധുവാണ്. കുട്ടിയുടെ കാലുകള്‍ തളരുന്നതും അവന്‍ രോഗാവസ്ഥയിലേക്ക് എത്തുന്നതും പെട്ടെന്നാണ്. അസാമാന്യമായ ധൈര്യത്തോടെയാണ് കുട്ടി തന്‍റെ അവസ്ഥയെ നേരിട്ടത്. “സ്വര്‍ഗ്ഗം തേടിപ്പോയ രാജകുമാരന്‍” എന്ന പുസ്തകത്തിലെ ആദ്യ അദ്ധ്യായത്തില്‍ നിന്ന് ഏതാനും ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. കുട്ടിയുടെ തന്നെ ചിന്തയും ആത്മഗതങ്ങളുമായാണ് പുസ്തകത്തിന്‍റെ രചനാ ശൈലി. കുട്ടിയുടെ വേര്‍പാടില്‍ നിന്നുണ്ടായ ദുഃഖത്തില്‍ നിന്ന് മുക്തി നേടാനായാണ് താന്‍ ഈ ഗ്രന്ഥം രചന തുടങ്ങിയതെന്നും തുടങ്ങി കഴിഞ്ഞപ്പോള്‍ ദൈവേച്ഛയാല്‍ കുട്ടി തന്നെ ആ ജോലി ഏറ്റെടുത്തതായും പുസ്തകത്തിന്‍റെ ആമുഖ കുറിപ്പില്‍ എഴുത്തുകാരി പറഞ്ഞിരിക്കുന്നു.

ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യം

1932 ല്‍ ചിറ്റൂരില്‍ ജനനം. ശൈശവം മുതല്‍ തന്നെ സംഗീതത്തിലും സാഹിത്യത്തിലും പ്രാഗല്ഭ്യം ലഭിക്കാനുതകുന്ന വിദ്യാഭ്യാസമാണ് ലഭിച്ചത്. കാഞ്ചി കാമകോടിപീഠം ആചാര്യ ശിഷ്യാപരമ്പരയില്‍പ്പെട്ട സംസ്കൃത വിദ്വാന്‍ ശ്രീ. പി. വേങ്കടാദ്രി ശര്‍മ്മയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഭക്തകവിതകളുടം ശ്ലോകങ്ങളുമാണ് പ്രധാനമായും രചിച്ചിട്ടുള്ളത്. ശ്രീമതി ശുഭലക്ഷ്മി വെങ്കിട സുബ്രഹ്മണ്യത്തിന്‍റെ ആദ്ധ്യാത്മിക ആചാര്യനായിരുന്ന ശ്രീ ശ്രീധരസ്വാമിയെ കാണാനിടയായതില്‍ നിന്നുളവായ ആനന്ദത്താല്‍ അദ്ദേഹത്തെ സ്തുതിച്ചുകൊണ്ട് എഴുതിയ “ശ്രീധരാഭരണം” ആണ് അവരുടെ പ്രധാന കൃതി. തന്‍റെ ആദ്ധ്യാത്മികാചാര്യനെ ദൈവമായി തന്നെയാണ് അവര്‍ കണ്ടിരുന്നത്. പ്രത്യേകിച്ച് പാണ്ഡ്യതം ഒന്നുമില്ലാതെ തന്നെ ഈ ശ്ലോകരചനയ്ക്ക് പര്യാപ്തമാക്കിയത് അദ്ദേഹം തന്നെയാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. ശ്ലോകങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും അവര്‍ തന്നെ ഈ കൃതിയോടൊപ്പം എഴുതിചേര്‍ത്തിട്ടുണ്ട്. “ശ്രീധരാഭരണം” എന്ന കൃതിയില്‍ നിന്നും തന്നെ ശ്ലോകവും അതിന്‍റെ വ്യാഖ്യാനവുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അശ്രദ്ധധാനമപ്രിയോഷിത് വിര്‍ണ്ണയി സ്തോത്രേ- നിയോജയ ലസിരാം അദ്ധ്യാത്മസാരമസി സശ്ചിത് സ്വരൂപമസി - അത്യന്ത- ഗുഹാമസി ഭോ യത് കിഞ്ചിതപ്യ വിദുമജ്ഞാനമന്ധതം: വിജ്ഞാനനഷ്ടമയി മേ സത്ക്കീര്‍ത്തി രശ്മിരുചി : വിദ്യാ പ്രബോധഗുരു - സര്‍വ്വാന്ധിദേശിക: വിഭോ! ഞാന്‍ ശ്രദ്ധാലുവല്ല, പണ്ഡിതയല്ല ആബലയുമാണ്. എങ്കിലും അങ്ങ് എന്നെ സ്തോത്രം രചിക്കാന്‍ നിയോഗിച്ചു. അവിടുന്നാവട്ടെ ആദ്ധ്യാത്മികസാരമാണ്. അത്യന്തം രഹസ്യമായ രാജവിദ്യയാണ് ഞാനോ? അജ്ഞാന തിമിരം മൂടി വിജ്ഞാനം മറഞ്ഞ് ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ വലയുന്നു. പരമാചാര്യനായ ഭവാന്‍ സല്‍ക്കീല്‍ത്തി കിരണങ്ങളാല്‍ എന്‍റെ അജ്ഞാനമനസ്സിനെ നശിപ്പിച്ച് വിദ്യാപ്രബോധനം ചെയ്താലും

ശ്രീകുമാരി രാമചന്ദ്രന്‍

1950 ല്‍ കൊച്ചിയില്‍ ജനിച്ചു. വടവട്ടത്തു പ്രഭാകരമേനോന്‍റെയും കുറുപ്പത്തെ സീതാദേവിയുടെയും മകള്‍. എറണാകുളം മഹാരാജാസ്, ദക്ഷിണ ഭാരതഹിന്ദി പ്രചാരസഭ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുകഥ, ലേഖനം, ജീവചരിത്രം, സംഗീതഗ്രന്ഥങ്ങള്‍ എന്നിവ രചിക്കുന്നു. റോട്ടറി സാഹിത്യപുരസ്കാരം (“പരിത്രാണം”), ടാറ്റാപുരം സുകുമാരന്‍ ട്രസ്റ്റ് പുരസ്കാരം (“വിധവകളുടെ ഗ്രാമം”) എന്നിവ ലഭിച്ചു. ‘മുഹാജീര്‍’ എന്ന കഥയില്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ചില മനുഷ്യരുടെ കഥ പറയുകയാണ്. ഒരു ദേശത്തെയും പൗരത്വമില്ലാത്ത അവരെ പട്ടാളക്കാര്‍ നിഷ്കരുണം ഉപദ്രവിക്കുന്നു. നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവമാണിത്. പുരുഷډാരെ മുഴുവന്‍ പിടിച്ചുകൊണ്ടുപോവുകയും കൊല്ലുകയും വീടാക്രമിക്കുകയും ചെയ്യുന്നു. ഈ കഥയിലെ കേന്ദ്രകഥാപാത്രമായ സ്ത്രീ ഭര്‍ത്താവിനും അനുജനും മകനുമൊപ്പം താമസിക്കുകയാണ്. ആരെയെങ്കിലും ഒരാളെ കൊല്ലാതെ വിടാമെന്ന് പട്ടാളക്കാരനവളോട് പറയുന്നു. അനുജനെ എന്ന ഉത്തരം അയാളെ മാനസാന്തരപ്പെടുത്തുകയാണ്. ചിലരിലെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുണ്ടെന്നാണ് എഴുത്തുകാരി പറയാന്‍ ശ്രമിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ അംശങ്ങള്‍ ധാരാളമായി കടന്നുവരുന്ന കഥയാണ് ‘മുഹാജീര്‍’.

ശ്രീലത

ശ്രീ കരുവത്ത് ശങ്കരനാരായണന്‍റേയും പുളിക്കല്‍ പുഷ്പമണിയുടെയും മകളായി തൃശ്ശൂരിനടുത്ത് തളിക്കുളത്ത് ജനിച്ചു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ്, നാട്ടിക എസ്. എന്‍, തൃശ്ശൂര്‍ വിമ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. കഥാരചനയ്ക്ക് കോളേജ് തലത്തില്‍ അംഗീകാരം. നാന 1980 ല്‍ നടത്തിയ തിരക്കഥാമത്സരത്തില്‍ അംഗീകാരം. ക്ഷീരവികസനവകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്റ്ററായിരുന്നു. ഇപ്പോള്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ റീജണല്‍ മാനേജര്‍. ശ്രീലതയുടെ ആദ്യകഥാസമാഹാരമാണ് “അപരിചിതര്‍”. പേരുപോലെ തന്നെ നാം നിത്യവും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ, അപരിചിതമായ വ്യക്തികളെയാണ് ഓരോ കഥയിലും കാണുന്നത്. സമകാലിക കഥാകാരികളെപോലെ തന്‍റെ കഥയില്‍ ദാമ്പത്യത്തിന്‍റെ പ്രശ്നങ്ങളും മാതൃത്വത്തിന്‍റെ തേങ്ങലും വിഷയങ്ങളായി സ്വീകരിക്കപ്പെടുമ്പോഴും, കഥാബീജം ഒന്നാണെങ്കില്‍ കൂടി അതില്‍ തന്‍റേതായ വീക്ഷണങ്ങളും നിലപാടുകളും കൊണ്ടുവരുന്ന ശക്തിയുള്ള ഒരു കഥാകാരിയാണ് ശ്രീലത. നന്നായി കഥപറയാനറിയാവുന്ന ശ്രീലതയ്ക്ക് ഇനിയും ഒരുപാട് മേഖലകള്‍ കീഴടക്കാന്‍ കഴിയുമെന്ന് ആദ്യകഥാസമാഹാരം തന്നെ തെളിവുനല്‍കുന്നുണ്ട്. ഇതിലെ ഓരോ കഥയും വ്യത്യസ്തമായ ജീവിതാവിഷ്കാരവും സ്വഭാവാവിഷ്കാരവുമായി മാറികൊണ്ടിരിക്കുന്നു. “അപരിചിതര്‍” കഥാസമാഹാരത്തിലെ ഏറ്റവും മികച്ച ഒരു കഥയാണ് ‘സ്വര്‍ഗ്ഗവാതില്‍’. ഒരുപാടുക്രൂര കൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു ധനികന്‍ മരണത്തിനുശേഷം സ്വര്‍ഗ്ഗവാതില്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ പടിവാതില്‍ക്കല്‍ വച്ച് ചിത്രഗുപ്തന്‍ അയാളെ തടയുന്നു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം പരമദുഷ്ടനായിരുന്നെങ്കിലും ഒന്നുരണ്ടു നല്ല കാര്യങ്ങള്‍ ചെയത അയാളുടെ കാര്യത്തില്‍ ഒരു പുനരാലോചന വേണമെന്ന് ചിത്രഗുപ്തന് തോന്നിയതുകൊണ്ട് അയാളെ ഭൂമിയിലേക്കു മടക്കുന്നു. മരണവീട്ടിലെ ചുറ്റുപാടുകളില്‍, മരിച്ച ആള്‍ പെട്ടെന്ന് കണ്ണുതുറക്കുമ്പോള്‍ ഉണ്ടാകാവുന്ന കോലാഹലങ്ങള്‍ ഊഹിക്കാവുന്നതേയുളളു. അതുപോലെ ഉറ്റവരുടെയും ഉടയവരുടെയും വ്യത്യസ്തമായ പ്രതികരണങ്ങളും. ഒടുവില്‍ ചിത്രഗുപ്തന്‍റെ അവസാനത്തെ കുറ്റവിചാരണയില്‍ മരിച്ചയാള്‍ വാദിക്കുന്നു. “എന്താണ് തെറ്റ്? എനിക്ക് ശരിയെന്നു തോന്നിയത് ഞാന്‍ എന്നും ചെയ്തു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ശരി ഇഹത്തിലും പരത്തിലും ഉണ്ടോ?” ആ വിചിത്രമായ വാദത്തിനുമുമ്പില്‍ അടിയറവു പറയേണ്ടി വന്ന സാക്ഷാല്‍ ചിത്രഗുപ്തന്‍ ഒടുവില്‍ സ്വര്‍ഗ്ഗകവാടം അയാള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഈ ചോദ്യം കഥാകാരി സമൂഹത്തോട് ചോദിക്കുകയാണ് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇന്നത്തെ തെറ്റ് നാളെ ശരിയായി മാറാം. മനുഷ്യമനസ്സുകള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ശരി തെറ്റുകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഒരു ശരിക്കായി ജീവിതം ഉപേക്ഷിക്കുന്നവര്‍ വിഡ്ഢികളാണ്. അവനവന്‍റെ മനസാക്ഷിക്ക് നിരക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്ന ആഹ്വാനമാണ് ഈ കഥ.

ശ്രീലേഖ ഇ. എന്‍

1963 ല്‍ ജനിച്ചു. നാരായണമേനോന്‍റെയും വിജയലക്ഷ്മിയുടെയും മകള്‍. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. “നിന്നെക്കുറിച്ചു മാത്രം” എന്ന കവിതാസമാഹാരവും “ടിങ്കുവിന്‍റെ ടി. വി” (2007) എന്ന ബാലസാഹിത്യകൃതിയുമാണ് പ്രസിദ്ധീകരിച്ചത്. രസകരമായ ഒരു ബാല സാഹിത്യകൃതിയാണ് “ടിങ്കുവിന്‍റെ ടി. വി.” അച്ഛനും അമ്മയും കുഞ്ഞനിയത്തിയും അടങ്ങുന്നതാണ് ടിങ്കുവിന്‍റെ കുടുംബം. ടിങ്കുവിന് ലോകത്തില്‍ ഏറ്റവുമിഷ്ടം ടി. വി. യോടാണ്. ടെലിവിഷനാണ് അവന്‍റെ ഏറ്റവും വലിയ ചങ്ങാതി. എത്രനേരം കണ്ടാലും ടിങ്കുവിന് മതിവരില്ല.ആഹാരം കഴിക്കുന്നതും, ചിപ്പോഴൊക്കെ ഉറങ്ങുന്നതും ടി. വിയുടെ മുന്നിലാണ്. അതില്ലാത്തൊരു ജീവിതം അവന് ആലോചിക്കാനേ വയ്യ'. ടിങ്കുവിന്‍റെ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ കൃതി കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല.

ശ്രീരമ

1979 ല്‍ കോഴിക്കോട് ജില്ലയിലെ മാങ്കാവില്‍ ജനിച്ചു. സതിദേവീയുടെയും കവി ശ്രീധരനുണ്ണിയുടെയും മകള്‍. ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപികയാണ് (മലയാളം). കവിതകളും ലളിതഗാനങ്ങളും എഴുതുന്നു. വി. ടി. കുമാരന്‍ സ്മാരക പുരസ്കാരം (കവിതകള്‍), വൈലോപ്പിള്ളി കവിതാ പുരസ്കാരം (“പൊടിപിടിച്ച താളിയോല”), മാതൃഭൂമിയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കവിതാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ‘മന്ത്രം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ഏപ്രില്‍ 27 - മെയ് 3) എന്ന കവിതയില്‍ കാത്തിരിപ്പിന്‍റെ ചിത്രം കാണാം. മന്ത്ര ശക്തിയാല്‍ ആണിയില്‍ തളച്ചിടപ്പെടുമ്പോള്‍ തന്നെ സൃഷ്ടിച്ച ദേവന്‍ രക്ഷിക്കാന്‍ വരുന്നില്ല. പകരം നല്കാന്‍ ഒന്നുമില്ലെങ്കിലും മനസ്സ് നീ വരുമെന്ന് മന്ത്രം ജപിക്കുന്നു. കരിനാക്കു നീട്ടുക കാരിരുമ്പാണി മുനകളാല്‍ കോറുമീയക്ഷരം കാണ്‍ക അതു ജപിക്കുമ്പോള്‍ ഉയിരാര്‍ന്നു നില്ക്കാന്‍ എവിടെയാണെന്നെ പടച്ചിട്ട ദേവന്‍ ............................... പകരം തരാനൊന്നുമില്ലെങ്കിലും നീ വരുമെന്ന് മന്ത്രം ജപിക്കുന്നു ചിത്തം

ശ്രുതി എസ്. മധു

ഒക്ടോബര്‍ 2ന് പത്തനംതിട്ടയില്‍ ജനിച്ചു. തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്‍റ്, മാര്‍ ഇവാനിയസ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ എം. ഫില്‍ വിദ്യാര്‍ത്ഥിനി. കാലത്തിനൊപ്പം കടന്നുപോകുന്ന ചിന്തകളുടെയും വികാരങ്ങളുടെയും സമാഹാരമാണ് ശ്രുതിയുടെ രചനകള്‍. വ്യഥയുടെ നീര്‍ക്കണങ്ങള്‍ പൊഴിച്ച് ഗതകാല സ്മരണകളിലൂടെയുള്ള ഏകാന്തയാത്രകളാണ് ഇവരുടെ കവിതകള്‍. “പ്രിയമുള്ള നഷ്ടം” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ഇതേ പേരുള്ള കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേര്‍പിരിയലിന്‍റെ നൊമ്പരങ്ങള്‍ തുടിക്കുന്ന കവിതയാണിത്. മനസ്സിന്‍റെ സ്ഫടിക പാത്രത്തില്‍ സൂക്ഷിക്കുന്ന നേരും നോവും വാക്കുകളായി പിരിഞ്ഞ് കവിതയായി പൂത്തുലയുന്നു. പ്രിയ സ്മരണകളിലേക്കുള്ള യാത്രകളെ ജീവനോളം വിലമതിക്കുകയാണ് കവയിത്രി. പാഴ്വാക്കുകള്‍ മനസ്സാകുന്ന കടലാസില്‍ നിന്നു മായ്ക്കാനുള്ള അഭ്യര്‍ത്ഥന നിമിഷങ്ങളുടെ വേഗവും ജീവിതത്തിന്‍റെ നിസ്സാരതയും ബോധ്യപ്പെടുന്നതിന്‍റെ ഫലമാണ്. ജീവിതത്തിന്‍റെ വ്യസനസുന്ദരമായ കാലാന്തരങ്ങളാണ് ഈ കവിതയില്‍ നിറയുന്നത്.

സുബൈദാ ഉബൈദ്

തലശ്ശേരിയില്‍ ജനനം. വനിത, മലയാളം മനോരമ ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക, പാചകം എന്നീ ആനുകാലികങ്ങളില്‍ പാചകക്കുറിപ്പുകള്‍ എഴുതുന്നു. കൂടാതെ പാചകക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നു. “ഇഷ്ടപാചകം”, “പ്രിയവിഭവങ്ങള്‍”, “നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ആസ്വാദ്യകരമായ രുചികളുമായി പുതുമയാര്‍ന്ന നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ് “നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍” എന്ന പാചകഗ്രന്ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. മധുരവും എരിവുമുള്ള പലഹാരങ്ങള്‍, മുട്ട, മീന്‍, ചിക്കന്‍, മട്ടണ്‍, ബീഫ്, കല്ലുമേക്കായ, ഞണ്ട്, കക്ക തുടങ്ങിയവ കൊണ്ടുള്ള കറികള്‍, പുലാവ്, പറാത്ത, പത്തിരി, സൂപ്പ്, പുഡ്ഡിങ്, കേക്ക്, ചമ്മന്തി, അച്ചാര്‍ തുടങ്ങിയ വിഭവങ്ങളുടെ വ്യത്യസ്തതയാര്‍ന്ന പാചക വിധികളാണ് ഈ പുസ്തകത്തില്‍. ചട്ടിപ്പത്തിരിയുടെ പാചകക്കുറിപ്പാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശുഭാമണി

1958 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ചു. വി. വാസുദേവന്‍ന്‍റെയും എന്‍. ലക്ഷ്മിക്കുട്ടിയുടെയും മകള്‍. പുത്തൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍. വനിതാകോളേജ്, കൊല്ലം എസ്. എന്‍. കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്‍റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. ജെ. ബിരുദങ്ങള്‍. 1985 ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥയായി. ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യുട്ടി ഡയറക്ടര്‍. കവിതകളും കഥകളും ലേഖനങ്ങളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “യാത്രികം” (കറന്‍റ് ബുക്സ്, കോട്ടയം, മാര്‍ച്ച്, 2008) എന്ന കവിതാസമാഹാരം മാത്രമാണ് പുസ്തകമാക്കിയിട്ടുള്ളത്. ഈ കൃതിയെപ്പറ്റി നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അടച്ചു വയ്ക്കട്ടെ ഞാ- നീ, നീയീ കയ്പേടുകള്‍ കാനല്‍ ജല ജ്വാലയില്‍ വഴിമുട്ടം കാഴ്ചകള്‍- ക്കപ്പുറത്താ- യുടയുകയായി വീഥി! (യാത്രികം) ‘യാത്രികം’ എന്ന കവിതയില്‍ മനസ്സിന്‍റെ കാഴ്ചകളെ വര്‍ത്തമാനക്കാല ജീവിതം മറയ്ക്കുന്നത് കാണാം. മനസ്സിന്‍റെ സഞ്ചാരപഥങ്ങളിലൂടെ വായനക്കാരനെയും കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ചിന്തകളിലൂടെ യാത്ര നടത്തുകയാണ് എഴുത്തുകാരി. ചിന്തയുടെ ഇരുണ്ട ആഴങ്ങളിലേക്ക് പതിക്കുമ്പോള്‍ ഓര്‍മ്മയുടെ സ്വച്ഛതയില്‍ അല്പം സുഖം കണ്ടെത്തുന്നു. എന്നാല്‍ കാലവും കിനാക്കളും അശ്വവേഗത്തില്‍ മുമ്പിലൂടെ കടന്നുപോവുകയാണ്. ഭൂതകാല ജീവിതത്തിന്‍റെ അനുഭവങ്ങളിലൂടെ മനസ്സ് യാത്ര നടത്തുമ്പോള്‍ കാല്പനികതയും യാഥാര്‍ത്ഥ്യവും ഈ കവിതയ്ക്കു ചേര്‍ന്നു നില്ക്കുന്നു.

സുധാ ചാറ്റര്‍ജി

1964 ല്‍ തിരുവനന്തപുരം, വര്‍ക്കലയില്‍ ജനിച്ചു. യഥാര്‍ത്ഥ പേര് സുധര്‍മ്മിണി. ശ്രീമതി. വി. സാവിത്രിയുടെയും ശ്രീ. കെ. ജി. ഗോപിദാസിന്‍റെയും മകള്‍. വര്‍ക്കല മോഡല്‍ ഹൈസ്കൂള്‍, വര്‍ക്കല എസ്. എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകള്‍, നോവല്‍, ചെറുകഥ എന്നിവ രചിക്കാറുണ്ട്. “സ്വപ്നമരീചിക” എന്ന നോവലില്‍ സ്ത്രീകളുടെ സ്വഭാവദൂഷ്യങ്ങളിലൂടെ കുടുംബം നശിക്കുന്നത് കാട്ടിത്തരുന്നു. വേലായുധന്‍ മുതലാളിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ ഭാര്യ അയാളെ മറ്റൊരു ബന്ധത്തിനു പ്രേരിപ്പിച്ചു. അതില്‍ ജനിച്ച കുട്ടികളെ അയാള്‍ വളര്‍ത്തി. പിന്നീട് അവരുടെ അമ്മയുമായും സന്തോഷത്തില്‍ കഴിഞ്ഞു. എന്നാല്‍ സുനന്ദ എന്ന മകള്‍ വളരെ ധിക്കാരിയും അഹങ്കാരിയുമായിരുന്നു. അവള്‍ സ്വേച്ഛയാല്‍ വിവാഹം കഴിച്ചു. കഷ്ടപ്പെടേണ്ടി വന്നെങ്കിലും മകന്‍ പണം സമ്പാദിച്ചപ്പോള്‍ വീണ്ടും അഹങ്കാരിയായി. മകന്‍റെ ജീവിതവും അവരാല്‍ കവിയും വിധം നശിപ്പിച്ചു. ഇത്തരം കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ വിവിധ മുഖങ്ങളാണ് അവര്‍ വരച്ചു കാട്ടാന്‍ ശ്രമിക്കുന്നത്. ലളിതമായ ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്നു.

സുധാ ഗോപാലകൃഷ്ണന്‍

തെക്കേടത്ത് ഡോ. ടി. എന്‍. എന്‍. ഭട്ടതിരിപ്പാടിന്‍റെയും അമ്മിണിദേവിയുടെയും മകളായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ്ദം. ഷേക്സ്പിയര്‍ - ഭാസ - നാടകങ്ങളെ അവലംബിച്ച് പാശ്ചാത്യ പൗരസ്ത്യ നാടകങ്ങളിലെ ഹാസ്യ സങ്കല്പത്തിന്‍റെ താരതമ്യ പംനത്തിന് പി. എച്ച്. ഡി. ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി, ഇന്ദിരാഗാന്ധി രാഷ്ട്രീയ കലാ കേന്ദ്രം എന്നീ സ്ഥാപനങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. കേന്ദ്ര സാംസ്ക്കാരിക വകുപ്പില്‍ നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്ക്രിപ്റ്റസില്‍ മിഷന്‍ ഡയറക്ടറായി സേവനമനുഷ്ംിച്ചുവരുന്നു. “പാശ്ചാത്യ പൗരസ്ത്യ ഹാസ്യ സങ്കല്പം”, “കൃഷ്ണഗീതി” (വിവര്‍ത്തനം), “നളചരിതം”, “കൈകൊട്ടിക്കളിപ്പാട്ടുകള്‍" (2004, രാധാമാധവനുമായി ചേര്‍ന്ന്) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. കേരളത്തിന്‍റെ തനതായ പാരമ്പര്യം നിഴലിക്കുന്ന ഒരു രൂപമാണ് കൈകൊട്ടിക്കളിപ്പാട്ടുകള്‍. വായ്മൊഴി രൂപത്തില്‍ പ്രചരിച്ച ഇത്തരം പാട്ടുകള്‍ തിരുവാതിരക്കളികളിലൂടെ പ്രശസ്തി നേടി. ഇവയെക്കുറിച്ച് വിശദമായ പംനവും വിശദീകരണവും നടത്തിയിരിക്കുകയാണ് 'കൈകൊട്ടിക്കളിപ്പാട്ടുകള്‍' എന്ന ഗ്രന്ഥത്തില്‍. കേരളത്തിലുടനീളം പ്രചരിച്ചിരുന്ന ഒരു സംഘനൃത്തമാണ് കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി. അനുഷ്ംാനവേളകളിലും, ആഘോഷാവസരങ്ങളിലും, സ്ത്രീകള്‍ സംഘത്തോടെ വട്ടിത്തില്‍ നിന്നു പാട്ടുപാടി തിരുവാതിരക്കളി അവതരിപ്പിക്കാറുണ്ട്. കൈകൊട്ടിക്കളിക്ക് എത്ര പേരുണ്ടാവണമെന്ന് യാതൊരു നിയമവുമില്ല. പ്രായപരിധിയും പ്രശ്നമല്ല. എത്രപേര്‍ക്കു വേണമെങ്കിലും ഒരേ സമയത്ത് പങ്കെടുക്കുകയും തോന്നുമ്പോള്‍ മാറി നില്ക്കുകയും വീണ്ടും ഇറങ്ങി കളിക്കുകയും ചെയ്യാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ധനുമാസത്തിലെ തിരുവാതിര, കന്നി മാസത്തിലെ മകം മുതലായ അനുഷ്ംാനവസരങ്ങളില്‍ആണ് തിരുവാതിരക്കളി പ്രധാനമായും നടത്താറുള്ളത്. ആദ്യം സ്തുതിഗീതങ്ങളാണ് പാടിക്കളിക്കുക. ഒന്നിലധികം പേര്‍ ഗണപതിയെയും സരസ്വതിയെയും വന്ദിച്ചുകൊണ്ടുള്ള പാട്ടുകള്‍ പാടുന്നു. പിന്നീട്, ശിവന്‍, പാര്‍വ്വതി, കൃഷ്ണന്‍ തുടങ്ങിയ ദേവന്‍മാരുടെ ഊഴമാണ്. അടുത്തഘട്ടം പാട്ടുകളിലൂടെ കഥകള്‍ അവതരിപ്പിക്കലാണ്. പുരാണ കഥകളാണ് പാട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ കൈകൊട്ടിക്കളിയെക്കുറിച്ചും കൈകൊട്ടിക്കളിപ്പാട്ടുകളെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ഈ ഗ്രന്ഥം വളരെയധികം പ്രയോജനകരമാണ്.

സുധ വില്‍സന്‍

1952 ഒക്ടോബര്‍ 11 ന് തൃശൂര്‍ ജില്ലയിലെ മാളയില്‍ ജനിച്ചു. ജാനകിയും കദളിപറമ്പില്‍ ചാത്തപ്പനും മാതാപിതാക്കള്‍. എം. എസ്. സി., പി. എച്ച്. ഡി. ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ കേരള സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്നു. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ കൃതിയാണ് “സൗദാമിനി എല്ലാം കാണുന്നുണ്ട്”. കവിതകളും എഴുതിയിട്ടുണ്ട്. “അഞ്ചുവിന്‍റെ ആകാശം” എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. സുധ വില്‍സന്‍റെ ഏതാനും കഥകളുടെ ഒരു സമാഹാരമാണ്” അഞ്ചുവിന്‍റെ ആകാശം” നിത്യജീവിതസ്പര്‍ശികളായ കഥാമുഹൂര്‍ത്തങ്ങളെ അതിമനോഹരമായി ആഖ്യാനം ചെയ്യാനുള്ള സുധയുടെ കഴിവ് ഈ കഥകളിലൊക്കെ കാണാന്‍ കഴിയുന്നു. സരളവും ഹൃദ്യവുമാണ് സുധയുടെ ശൈലി. ഈ കൃതിയിലെ ഓരോ കഥകളും നമ്മള്‍ ഓരോരുത്തരും നിത്യജീവിതത്തില്‍ തൊട്ടറിഞ്ഞ അനുഭവങ്ങളാണ്. ഉത്തരാധൂനികതയുടെയോ ബുദ്ധിജീവി ജാടയുടെയോ പരിവേഷമില്ലാതെ ജീവിതാനുഭവങ്ങളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് കഥാകാരി അനുവാചകരെ ആനയിക്കുന്നു. കൗമാരമനസ്സിന്‍റെ വിഹ്വലതകളെ തീര്‍ത്തും പരിചിതമായ ജീവിതമുഹൂര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ണ്ണിച്ചിരിക്കുകയാണ് ‘അഞ്ചുവിന്‍റെ ആകാശം’ എന്ന കഥയില്‍. മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന പതിന്നാലുകാരിയായ അഞ്ചുവിന്‍റെ ആകാശം നിറയെ വെള്ളരിപ്രാവുകളാണ്. അവയ്ക്കിടയിലേക്ക് ഒരു കഴുകന്‍ പറന്നുവരുന്നതായി അവള്‍ ഭാവനയില്‍ കാണുന്നു. ഈ വിഷാദാവസ്ഥയുടെ അടിസ്ഥാനം അച്ഛന്‍റെ അഭാവവും അമ്മയുടെ സ്നേഹമില്ലായ്മയുമാണ്. മകളുടെ മനഃശാന്തിക്കുവേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരാന്‍ നിര്‍ബന്ധിതനായിത്തീരുന്ന അച്ഛന്‍റെ അസ്തിത്വ ദുഃഖം സൂചിപ്പിച്ചാണ് കഥ അവസാനിക്കുന്നത്. ആധുനിക ലോകത്തില്‍ കൗമാര മനസ്സുകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ മികച്ച ദൃഷ്ടാന്തമാണ് ഈ കഥ.

സുധക്കുട്ടി

1960 ഒക്ടോബറില്‍ ആലപ്പുഴയില്‍ ജനിച്ചു. സെന്‍റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍, എസ്. ഡി. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കെ 1985 ല്‍ “ആറുവിരലുള്ള കുട്ടിക്കും” 1986 ല്‍ “പരേതരുടെ വഴിക്കും” കേരള യൂണിവേഴ്സിറ്റി യൂണിയന്‍റെ നോവല്‍ പുരസ്കാരം ലഭിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്. ഇപ്പോള്‍ ഡെപ്യുട്ടേഷനില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ ഡയറക്ടര്‍. “ആറുവിരലുള്ള കുട്ടി” എന്ന നോവലിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഥ വിട്ട് ഇറങ്ങി വന്ന് അനുവാചകന്‍റെ മനസ്സില്‍ ഇടം തേടുന്ന കഥാപാത്രങ്ങളും ഭാവനയുടെ ധാരാളിത്തം കൊണ്ട് കെട്ടിപ്പടുത്തതുമായ ഒരു അസാധാരണ നോവലാണ് “ആറു വിരലുള്ള കുട്ടി”. ഭാവനയുടെയും അസാധാരണമായ വിവര സൗന്ദര്യത്തിന്‍റെയും സമൃദ്ധിയാണ് സുധക്കുട്ടിയുടെ രചനയുടെ സവിശേഷത. ദുര്‍നിമിത്തങ്ങളുടെ നരിച്ചീറുകള്‍ പിന്തുടരുന്ന യാത്രയില്‍ ഗര്‍ഭിണിയായ സുനന്ദയുടെ ആശുപത്രി സന്ദര്‍ശനം വിവരിക്കുന്ന ആദ്യ അദ്ധ്യായത്തില്‍ തന്നെ എഴുത്തിന്‍റെ മാസ്മരികത അറിയാം. നഷ്ടങ്ങളുടെ ഭാരമേറിയ ഭൂതകാലത്തിലേക്കുള്ള സുനന്ദയുടെ ഹ്രസ്വമായ തിരിച്ചുപോക്കില്‍ കാലം കണ്ണാടിക്കാഴ്ച പോലെ തിളങ്ങുന്നത് എഴുത്തുകാരിയുടെ രചനാസാമര്‍ത്ഥ്യം കൊണ്ടു തന്നെയാണ്. രൂപകങ്ങളുടെ അനായാസമായ വിന്യാസം ഈ നോവലിന്‍റെ സുപ്രധാന മുതല്‍ക്കൂട്ടാണ്. ബോധനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ് ഇതിലെ ചിലഭാഗങ്ങള്‍.

സുഗതകുമാരി

1934 ജനുവരിയില്‍ തിരുവനന്തപുരത്ത് ജനിച്ചു. കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്‍റെയും പ്രൊഫ. വി. കെ. കാര്‍ത്ത്യായനി അമ്മയുടെയും മകള്‍. തത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്‍റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സെക്രട്ടറിയും കൂടിയാണ് സുഗതകുമാരി. “രാധയെവിടെ” (1995), “ദേവദാസി” (1998), “കുറിഞ്ഞിപ്പൂക്കള്‍” (1987), “പാനം മാനഹൃദയം” (1968), “പാതിരാപ്പൂക്കള്‍” (1967), “രാത്രിമഴ” (1972) “അമ്പലമണി” (1981), “കാവുതീണ്ടല്ലേ” (1993), “ഇരുള്‍ച്ചിറകുകള്‍” (1969), “തുലാവര്‍ഷപ്പച്ച” (1990), “സ്വപ്നഭൂമി” (1965) “മണലെഴുത്ത്” (2006,) “മുത്തുചിപ്പി” (1961), “പ്രണാമം” (1969), “കൃഷ്ണകവിതകള്‍” (1996) തുടങ്ങിയവയാണ് കൃതികള്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (“രാത്രിമഴ”); ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (“അമ്പലമണി”); ആശാന്‍ സ്മാരക സമിതി-മദ്രാസ് അവാര്‍ഡ് (“തുലാവര്‍ഷപ്പച്ച”); അബുദാബി മലയാളി സമാജം അവാര്‍ഡ് (“രാധയെവിടെ”); ജډാഷ്ടമി പുരസ്കാരം, ഏഴുകോണ് ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ് (“കൃഷ്ണക്കവിതകള്‍”); ആദ്യത്തെ (“ഇന്ത്യാഗവണ്‍മെന്‍റ്”) വൃക്ഷമിത്ര അവാര്‍ഡ്; ജെംസെര്‍വ് അവാര്‍ഡ് എന്നിവ ലഭിച്ചു. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയുടെ ഭാഗമാണ് ദേവദാസികള്‍. സമൂഹം അവരെ, പിന്നീട് ഏറ്റവും അധഃകൃതരാക്കിത്തീര്‍ത്തു. കൃഷ്ണനോട്, ദൈവത്തോട് പ്രാര്‍ത്ഥനയോടും പ്രണയത്തോടും ജീവിക്കുന്ന ദേവദാസിയുടെ ഉള്ളിലെ കനല്‍ ഈ കവിതയില്‍ നമുക്ക് കാണാം. തൊഴുതിറങ്ങിക്കയ്യില്‍ മലരും പ്രസാദവും മിഴിയില്‍ തണുപ്പുമായ് പോകുവോരേ, അറിവോരേ, ചോദിക്കയാണു ഞാന്‍ മോഹമു- ണ്ടറിയുവാന്‍ സൗഖ്യമെമ്മിട്ടിരിക്കും? എന്നാണ് ദേവദാസി ചോദിക്കുന്നത് കടലിന്നു മഴയുണ്ട്, മഴവില്ലു വാനിനു- ണ്ടടവിക്കു രാപ്പൂക്കളേറെയുണ്ടു മരുമണല്‍ച്ചൂടിനു നീരൊലിപ്പു, ണ്ടെന്‍റെ കരളിലോ തീവ്രാനുരാഗമുണ്ട് എന്നവള്‍ പറയുന്നു. പക്ഷേ അതിലുള്ള തേനിന് ആര്‍ക്കും വേണ്ടാത്ത മധുരം മാത്രമാണുള്ളത്. ആരും തിരിച്ചറിയാനില്ലാതെ, ഈശ്വരനെ മാത്രം വിചാരിച്ചു കഴിയുന്ന ദേവദാസിയുടെ മനോവികാരം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

സുജാറാണി മാത്യു

1979 ല്‍ കോട്ടയത്തു ജനിച്ചു. ബി. സി. എം. കോളേജ് (ബി. എ. ഇംഗ്ലീഷ്), പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (എം. എ.), ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (എം.ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ലക്ചറര്‍ ആണ്. മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “വുമണിസം - സ്ത്രീചിന്തയും സിദ്ധാന്തവും” എന്ന പഠന ഗ്രന്ഥത്തിലെ ‘വുമണിസം എന്ന ബൗദ്ധിക പ്രായോഗിക സിദ്ധാന്തം’ എന്ന ഭാഗമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വുമണിസത്തിന്‍റെ ഉത്ഭവവും പ്രായോഗികതയും ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

സുജ എസ്.

കെ. രാമാനുജന്‍റെയും ഡി. സതിയമ്മയുടെയും മകളായി വള്ളിക്കുന്നത്ത് ജനിച്ചു. മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍. ബിരുദങ്ങള്‍. അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. “മൗനം ഉടയുമ്പോള്‍” (2004) എന്ന കവിതാസമാഹരമാണ് പ്രസിദ്ധീകൃതമായത്. സ്ത്രീ രചനകളിലെ മൗനത്തിന്‍റെ മുഴക്കവും സൂക്ഷ്മതല വിസ്ഫോടനങ്ങളുമാണ് സുജ തന്‍റെ കവിതയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ‘യാത്രിക’ എന്ന കവിതയില്‍ ജീവിതത്തിന്‍റെയും മൗനത്തിന്‍റെയും സ്വപ്നത്തിന്‍റെയും വിഷാദത്തിന്‍റെയും സങ്കലനമാണ് കാണാന്‍ കഴിയുക. സ്വപ്നങ്ങളില്‍ തനിച്ച്, സ്വയം മറന്ന് ആഴിയുടെ അഗാധതയില്‍ ആകാശത്തിന്‍റെ മൗനം പോലെ കവിതയില്‍ ഭാവസുന്ദരമായി മൗനം വിരിയുന്നു. ഉടഞ്ഞു തകരുന്ന മൗനത്തിന്‍റെ നിലവിളി ഈ കവിതയില്‍ കേള്‍ക്കാം. ‘എന്‍റെ സ്വപ്നങ്ങള്‍ക്ക്, പറക്കുന്ന പക്ഷിയുടെ ഉയരം ആഴിയുടെ അഗാധത ആകാശത്തിന്‍റെ മൗനം’ ആഴമുള്ള ശാന്തതയും, നിത്യമായ അനന്തതയില്‍ കൂടി ധ്യാനമഗ്നയായി സഞ്ചരിക്കുന്ന അപാരതയുടെ പ്രണയവുമാണ് എഴുത്തുകാരിക്ക് കവിത.

സുജ സൂസന്‍ ജോര്‍ജ്

മണാര്‍കാട് സെന്‍റ് മേരീസ് കോളേജില്‍ മലയാളം അധ്യാപിക. സര്‍വ്വവിജ്ഞാനകോശം ഭരണസമിതി അംഗമാണ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ്. “എഴുത്തുകാരികളുടെ മാധവിക്കുട്ടി” (2009) എന്ന കൃതിയാണ് പ്രസിദ്ധികരിച്ചത്. മലയാള സാഹിത്യത്തിലെ സ്ത്രീ ശബ്ദമായ എം. ലീലാവതി, സുഗതകുമാരി തുടങ്ങിയുളള എഴുത്തുകാരികള്‍ മുതല്‍ പുതിയ എഴുത്തുകാരികള്‍ വരെയുളളവരുടെ ‘മാധവിക്കുട്ടി തനിക്ക് ആര്' എന്ന അന്വേഷണങ്ങളാണ് ഈ ലേഖന സമാഹാരം. “എഴുത്തുകാരികളുടെ മാധവിക്കുട്ടി” എന്ന ഈ ലേഖന സമാഹാരത്തിലെ ‘കഥകളിലെ സാംസ്കാരിക വിനിമയങ്ങളും രുഗ്മിണിക്കൊരു പാവക്കുട്ടിയയും’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിരിക്കുന്നത്. കെ. സരസ്വതിയമ്മയുടെ ‘പെണ്‍ബുദ്ധി' , മാധവിക്കുട്ടിയുടെ 'സ്ത്രീ', ‘രുഗ്മിണിക്കൊരു പാവക്കുട്ടി’ എന്നീ കഥകളാണ് ഈ ലേഖനത്തില്‍ പഠനവിധേയമമാക്കിയിരിക്കുന്നത്. ‘പെണ്‍ബുദ്ധി’യിലെ വിലാസിനി, ‘സ്ത്രീ’യിലെ പ്രസന്ന, രമ തുടങ്ങിയ കഥാപാത്രങ്ങള്‍ പുരുഷാധിപത്യത്തെ എതിര്‍ക്കുന്നവരാണ്. ബോംബെയിലെ ചുവന്ന തെരുവില്‍ നിന്ന് അടര്‍ന്നു കിട്ടിയ ചില നിമിഷങ്ങളാണ് ‘രുഗ്മിണിക്കൊരു പാവക്കുട്ടി' എന്ന ദീര്‍ഘമായ കഥയായത്. അമ്മ ബന്ധു വീട്ടില്‍ വിരുന്നിനു പോയ തക്കത്തിന് പ്രായമെത്താത്ത മകളെ വളര്‍ത്തച്ഛന്‍ ബലാല്‍സംഘം ചെയ്യുക. ഒരു ശരാശരി പെണ്‍കുട്ടിയ്ക്ക് വീടിനു പുറമെന്നപ്പൊലെ വീടിനകവും നെരിപ്പോടാണ്. പുരുഷന്‍റെ ശാഠ്യവും സ്നേഹശൂന്യതയും ഭോഗേച്ഛയുഠ സ്ത്രീയുടെ വീടും സമൂഹവും നരകമാക്കുന്നു. അവള്‍ പേറേണ്ടവളും വിധിക്കപ്പെട്ടവളും ആകുന്നു. രുഗ്മിണിയ്ക്ക്, അമ്മ അവളെ കൊണ്ടാക്കിയിടം രണ്ടാം വീടും അവിടുത്തെ അമ്മ രണ്ടാനമ്മയും ആകുന്നതില്‍ നിന്ന് അവളെ തടയാന്‍ അവള്‍ക്ക് ഒന്നുമില്ല. വീടുവിട്ട് പോരേണ്ടി വന്നതിലോ അമ്മയെ ഉപേക്ഷിക്കേണ്ടി വന്നതിലോ അല്പവും വേദനിക്കാന്‍ ഈ പന്ത്രണ്ടുകാരിക്ക്, ആ വീട് ഒന്നും അവശേഷിപ്പിച്ചിട്ടില്ല. നേരും നെറിയുമില്ലാത്ത സദാചാരബോധത്തോടും പുരുഷ കേന്ദ്രീകൃതമായ സംസ്കാരത്തോടും കലഹിക്കുന്നവയാണ് മാധവിക്കുട്ടിയുടെ പല കഥകളും.

സുജാത രാമകൃഷ്ണന്‍

1971 ല്‍ പാലക്കാട് ജില്ലയിലെ വാടനാംക്കുറിശ്ശിയില്‍ ജനനം. സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദം. അദ്ധ്യാപികയാണ്. “ഈറ്റക്കാടിന്‍റെ മക്കള്‍” എന്ന ഒരേയൊരു നോവല്‍ മാത്രമാണ് സുജാത രാമകൃഷണന്‍റേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. മാതൃഭൂമി ബുക്സ് നവാഗത നോവലിസ്റ്റുകള്‍ക്കായി നടത്തിയ മത്സരത്തില്‍ ലഭിച്ച കൃതികളില്‍ നിന്ന് പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്ത പതിനാറ് നോവലുകളിലൊന്നാണിത്. പ്രമേയത്തിന് അനുയോജ്യമായ ഭാഷ, ഗ്രാമീണമായ പശ്ചാത്തലം ഇവയാണ് സുജാതയുടെ നോവലിന്‍റെ പ്രത്യേകതകള്‍. ഈറ്റക്കാടുകളുടെ താളാത്മകമായ മര്‍മ്മരവും കതിര്‍ക്കറ്റകളിലെ ഈര്‍പ്പവും നെല്‍മണവും കൂട്ടിക്കലര്‍ന്നുണ്ടാകുന്ന വാസനയും തങ്ങിനില്‍ക്കുന്ന ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരുടെ അസാധാരണ ജീവിതമാണ് നോവലിന്‍റെ ഇതിവൃത്തം. “ഈറ്റക്കാടിന്‍റെ മക്കള്‍” എന്ന നോവലില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടു ചെറുഭാഗങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഒരു സാധാരണ കാര്‍ഷിക ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിന്‍റെ ജീവിതത്തെ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്ന രണ്ട് ഭാഗമാണിത്. ഒരു ഭാഗത്തില്‍ അതിന്‍റെ സൗന്ദര്യത്തെ കണ്ടെത്തുകയാണെങ്കില്‍, മറ്റേ ഭാഗത്തില്‍ ഗ്രാമീണ ജീവിതം ഉല്‍പ്പാദിപ്പിക്കുകയും, പകരുകയും ചെയ്യുന്ന നിറമില്ലായ്മയാണ് വ്യക്തമാക്കുന്നത്.

സുജാത

തൃശ്ശൂര്‍ ജില്ലയിലെ പെരുമണ്ണില്‍ കപ്രശ്ശേരി കുറുപ്പത്ത് കുടുംബാംഗം. തങ്കം നേശ്യാരും ശ്രീധരന്‍ നായരും മാതാപിതാക്കള്‍. കേരളത്തിലും മുംബൈയിലുമായി വിദ്യാഭ്യാസം. എം. എ., എം. എഡ്., എം. ഫില്‍ ബിരുദങ്ങള്‍. മുംബൈയിലും ഗള്‍ഫുനാടുകളിലും വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം. ആദ്യകഥാ സമാഹാരം “അരയാലുകള്‍”. “പ്രളയത്തിനു മുമ്പൊരു കുമ്പസാരം” എന്ന സമാഹാരത്തിലെ അതേ പേരുള്ള ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുത്തില്‍ ഓരോ വാക്കിലും നിറയുന്ന അര്‍ത്ഥാന്തരവ്യാപ്തിയും വികാരതീവ്രതയുമാണ് സുജാതയുടെ രചനയുടെ സവിശേഷത. ആദിമദ്ധ്യാന്തം, സ്ത്രീപക്ഷമായ ഈ മനോഹര കഥ, ബിബ്ലിക്കല്‍ ഉപമകളുടെ സമൃദ്ധിയോടെയാണ് സുജാത അവതരിപ്പിച്ചിരിക്കുന്നത്. ബിബ്ലിക്കല്‍ പേരുകള്‍ പേറുന്നവരാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. കേന്ദ്ര കഥാപാത്രമായ മറിയയില്‍ നിന്നുതന്നെ ഈ വേദരൂപങ്ങളുടെ ഒഴുക്ക് തുടങ്ങുന്നു. വറുതിക്കാലത്ത് അപ്പവും മുന്തിരിച്ചാറുമായി മനയുടെ പെയ്ത്തു നടത്തിയ ദൈവത്തിന് സ്തുതി പറയുവാന്‍ കുഞ്ഞുങ്ങളോട് പറയുന്ന മറിയ, സങ്കടങ്ങളുടെ ആഴക്കടലാണ്. മൂത്തമകള്‍ അന്ന യഥാര്‍ത്ഥത്തില്‍ മറിയയുടെ അപ്പന്‍റെ മകളാണ്. അന്നയെ കാമാവേശത്തോടെ നോട്ടമിട്ട ഭര്‍ത്താവ് പൗലോസില്‍ നിന്നും രക്ഷപ്പെടാന്‍ വീടുവിട്ടിറങ്ങുന്ന മറിയയ്ക്ക്, കുഞ്ഞുങ്ങളെ പോറ്റാന്‍ പല വഴികള്‍ തേടേണ്ടി വരുന്നു. കഥാകഥനത്തിലുടനീളം പ്രളയജലം പോലെ നിറഞ്ഞു പൊന്തുനന്ന ബിബ്ലിക്കല്‍ രൂപങ്ങള്‍ ഈ കഥയെ സവിശേഷമാക്കുന്നുണ്ട്. ബിബ്ലിക്കല്‍ വാചകങ്ങളുടെ സമര്‍ത്ഥമായ ഉപയോഗവും കഥാഗതിക്കു ചാരുതയേകുന്നു. ഇതിന്‍റെയെല്ലാം അടിനൂല്‍ക്കെട്ടായി വര്‍ത്തിക്കുന്നത് ദുഃഖഭാരങ്ങള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട സ്ത്രീയുടെ വേദനയാണ്. ജീവിതത്തിന്‍റെ ഓരോ ഘട്ടവും ദുരന്തങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ വയര്‍ പൊരിയാതിരിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീ ഒരു പ്രാപഞ്ചിക പ്രതീകമായി ഈ കഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു.

സൂലൈഖാ ബീഗം

കവിയിത്രി, തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്തു ജനിച്ചു. “സുനാമി സഹോദരിമാര്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ അവസാന കവിതയായ ‘ഒരു പകല്‍ സുന്ദരി’യാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുനാമി സഹോദരിമാരില്‍ മുള്ളും പറക്കാരയും മൂര്‍ഖനും മഹാത്മക്കളും മനോഹരോദ്യാനങ്ങളും സ്വര്‍ഗീയ ഗ്രഹങ്ങളും നരകത്തീയുമൊക്കെ ഈ കവയിത്രിയുടെ തൂലിക കാട്ടിത്തരുന്നു. അതെല്ലാം അതിന്‍റേതായ തലത്തില്‍ കണ്ടെത്താന്‍ അനുവാചകനു കഴിയും. ഡോ. എം.എ. കരീം അവതാരികയില്‍ കുറിച്ചതു പോലെ ‘പകല്‍ സുന്ദരി’ എന്ന കവിത ദാര്‍ശനികഭാവം ഉള്‍ക്കൊള്ളുന്നതാണ്. പകല്‍ സമയത്ത് വിടര്‍ന്നു നമ്മെ നോക്കി മനോഹരമായി പുഞ്ചിരിച്ച് സൗരഭം പരത്തുന്ന പൂവിന്‍റെ അവസ്ഥ തന്നെയല്ലേ മനുഷ്യനുള്ളത്. രാവിലെ പൂവിനെ കണ്ട കവയിത്രി വൈകുന്നേരം അതിന്‍റെ അവസ്ഥ കണ്ടപ്പോള്‍ അന്തിച്ചു പോയി. കവയിത്രി ഇങ്ങനെ ആശ്വസിക്കുന്നു. ആരെത്ര തുംഗേ വിലസിയാലും പാടിപ്പതിക്കുമീ മണ്ണിലന്ത്യം വിധി തന്‍റെ തത്വമിതാണ് പൂവേ വാനത്തിന്‍ കീഴിലെ ജീവികള്‍ക്കും

സുള്‍ഫി

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണ് ജനനം. കുലശേഖരപുരം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, കായംകുളം എം. എസ്. എം. കോളേജ് എന്നിവിടങ്ങളില്‍ പഠനം. വിദ്യാഭ്യാസകാലം മുതല്‍ക്ക് നിരവധി ആനുകാലികങ്ങളില്‍ ചെറുകഥയും കവിതയും എഴുതുന്നു. ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മാഗസിന്‍റെ ഓവര്‍സീസ് സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോക്കസ് ബഹ്റൈന്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ്. ബഹ്റൈനിലെ പല മലയാളി കൂട്ടായ്മകളിലും കവിത അവതരിപ്പിക്കാറുണ്ട്. സുള്‍ഫിയുടെ പ്രഥമ കവിതാസമാഹാരമാണ് “വേനല്‍ നടന്ന വഴികള്‍”. സാമൂഹ്യപ്രതിബദ്ധതയോടെ കവിതകള്‍ എഴുതാനാണ് എഴുത്തുകാരിയുടെ ശ്രമം. ചൂഷണങ്ങള്‍ നേരിടുന്ന സ്ത്രീ ജീവിതം പലപ്പോഴും കവിതയ്ക്ക് വിഷയമാകുന്നു. സമൂഹത്തില്‍ കാണുന്ന ധനാര്‍ത്തി, മറ്റ് ദുഷ്പ്രവണതകള്‍ തുടങ്ങിയവയൊക്കെ കവിയെ രോഷം കൊള്ളിക്കുന്നുണ്ട്. സമാഹാരത്തിലെ ‘വാസവദത്ത’ എന്ന കവിത മക്കള്‍ക്കും തനിക്കും വിശപ്പില്‍ നിന്ന് രക്ഷനേടാന്‍ ശരീരം വില്‍ക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള കവിതയാണ്. ആ വാസവദത്ത മോക്ഷത്തിനായി ഉപഗുപ്തനെ തേടുകയാണ്. ‘വാസവദത്ത’ എന്ന കവിത ഇവിടെ ഉള്‍പ്പെടുത്തുന്നു.

സിബില മൈക്കള്‍ (സിബില മോണിക്ക മൈക്കള്‍)

1993 മെയ് 5 ന് തിരുവനന്തപുരത്ത് ജനിച്ചു. വളരെ ചെറുപ്പത്തിലെ തന്‍റെ കഥകളും കവിതകളും എഴുതാറുണ്ട്. മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. “മറയുന്ന തീരം” (2005), “ചില്ലുജാലകം” (2008) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതി. “മറയുന്ന തീരം” എന്ന കൃതി മലയാള സാഹിത്യകുലത്തിന്‍റെ പുരസ്ക്കാരവും ചിന്നപ്പന്‍ മെമ്മോറിയല്‍ കഥാപുരസ്ക്കാരവും നേടി. ഥ’െ ാലി കിലേൃിമശേീിമഹ അവാര്‍ഡും, ഞീമേൃ്യ കിലേൃിമശേീിമഹ അവാര്‍ഡും സിബില മൈക്കിളിന് ലഭിച്ചു. ‘നഗരക്കാഴ്ചകള്‍’ എന്ന കഥ അക്ഷരാര്‍ത്ഥത്തില്‍ ഒരു നഗരക്കാഴ്ച തന്നെയാണ് നമുക്ക് കാട്ടിത്തരുന്നത്. ഓണത്തിന് സദ്യക്കും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങാനാണ് വീണയും അമ്മയും നഗരത്തിലേക്ക് പോയത്. ചീറിപ്പായുന്ന വാഹനങ്ങളും, വേഗം നടന്നു നീങ്ങുന്ന മനുഷ്യരും, തെരുവോരങ്ങളിലെ കച്ചവടക്കാരും, അമ്മാ വല്ലതും തരണേ എന്ന് നിലവിളിക്കുന്ന ഭിക്ഷക്കാരും, പടുകൂറ്റന്‍ കെട്ടിടങ്ങളും, മാലിന്യ കൂമ്പാരങ്ങളും കൊണ്ട് നിറഞ്ഞതാണ് പട്ടണം. മാലിന്യ കൂമ്പാരങ്ങളുടെ ദുര്‍ഗന്ധം അവള്‍ക്ക് അസഹീനമായി തോന്നി. കൂറെ നാള്‍ കഴിഞ്ഞ് തന്‍റെ ഗ്രാമം പട്ടണം ആയാല്‍ ഉളള അവസ്ഥ എന്താകും എന്നോര്‍ത്ത് അവള്‍ ദുഃഖിക്കുന്നു.

സില്‍വി വെള്ളനാട്

1953 ല്‍ തിരുവനന്തപുരം കൊറ്റാമത്ത് ജനിച്ചു. ശ്രീമതി ജീവരത്നത്തിന്‍റെയും ശ്രീ. അപ്പലോസിന്‍റെയും മകള്‍. കവിതകളും കഥകളും നോവലും എഴുതിയിട്ടുണ്ട്. ‘തീക്കടല്‍’ എന്ന കഥയില്‍ യുദ്ധക്കെടുതികളില്‍ വലഞ്ഞ ചില മനുഷ്യരുടെ ജീവിതത്തെക്കുറിച്ചു പറയുന്നു. മുനീറും ഗര്‍ഭിണിയായ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും അയല്‍ക്കാരെപ്പോലെ നാടുവിടാന്‍ തീരുമാനിച്ചു. എന്നാല്‍ മുനീര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഗര്‍ഭിണിയായ മുബീന അവരോടൊപ്പം യാത്രയായി. വഴിയില്‍ വച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു മകന്‍ നഷ്ടപ്പെട്ടു. പ്രസവിക്കുന്നെങ്കിലും കുഞ്ഞു മരിച്ചുപോകുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ അവളും മരിച്ചു. പ്രതികാരം ചെയ്യാതെ ക്ഷമിക്കണമെന്ന ഉപദേശമാണ് മരണസമയത്ത് ഉമ്മ മകനു നല്കിയത്. ഭീകരപ്രവര്‍ത്തകനായെങ്കിലും അവന് എല്ലാം നശിപ്പിക്കും മുന്‍പ് ഉമ്മയുടെ വാക്കുകള്‍ ഓര്‍മ്മ വന്നു. അവന്‍റെ സഹോദരിയും അതു തന്നെയാണ് അവനോടു പറഞ്ഞത്. പ്രതികാരമല്ല ക്ഷമയാണ് മനുഷ്യനുണ്ടാവേണ്ടത്. അതാണ് രാജ്യത്തിനും സഹജീവികള്‍ക്കും ഗുണമാകുന്നത്. ഈ ആശയമാണ് ഈ കഥയിലൂടെ കഥാകാരി നല്‍കുന്നത്.

സില്‍വിക്കുട്ടി

ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് വഴീപ്പുരയ്ക്കല്‍ വി. റ്റി. ജോസഫിന്‍റെയും മറിയാമ്മയുടെയും മകളായി ജനിച്ചു. ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍, കോട്ടയം, അല്‍ഫോണ്‍സാ കോളേജ് പാലാ, സി. എം. എസ്. കോളേജ് കോട്ടയം, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, ട്രെയിനിംഗ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ കൂത്താട്ടുകുളത്തെ മണിമലക്കുന്ന് ഗവ. കോളേജില്‍ മലയാളം അധ്യാപികയാണ്. “അന്നയും കര്‍ത്താവും” (2004) എന്ന കഥാ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് കഥയെഴുതുന്ന വ്യക്തിയാണ് സില്‍വിക്കുട്ടി. ‘ഒളിച്ചോട്ടം’ എന്ന കഥയില്‍ പക്വതയില്ലാത്ത തീരുമാനവും അതിനുശേഷമുള്ള സ്ത്രീ അനുഭവവും വ്യക്തമാക്കുന്നു. സ്നേഹനിധിയായ മാതാപിതാക്കളെ വിട്ട് താന്‍ ഇഷ്ടപ്പെടുന്ന പുരുഷനുമായി നാടുവിടുന്ന മറിയക്കുട്ടി ഒടുവില്‍ പണമില്ല എന്നു മനസ്സിലാക്കുമ്പോള്‍ തിരികെ വീട്ടിലേക്കു തന്നെ പോകുന്നു. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശമാണ് ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രണയത്തിലെ കാപട്യത്തെ എഴുത്തുകാരി തീവ്രമായ ഭാഷയില്‍ പരിഹസിക്കുന്നു. സില്‍വിക്കുട്ടിയുടെ കഥകള്‍ പൂര്‍ണ്ണമായും തുറന്ന കലാപത്തിന്‍റെ കഥകളാണെന്ന് അവതാരികയില്‍ സക്കറിയ ചൂണ്ടിക്കാട്ടുന്നു - മാപ്പു ചോദിച്ചുകൊണ്ടോ, സ്ത്രീസഹജമെന്ന് പറയപ്പെടുന്ന ലാവണ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടോ അല്ല സില്‍വിക്കുട്ടിയുടെ കഥകള്‍ പ്രത്യക്ഷപ്പെടുന്നത്. അവ പ്രദര്‍ശിപ്പിക്കുന്ന പരിഹാസവും പാരമ്പര്യ നിരാസവും വിഗ്രഹധ്വംസനശേഷിയും ശരാശരി മലയാളി സ്ത്രീകളില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിരളമാണ്.

സിന്ധു സതീഷ്

1976 ല്‍ കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസം മാടായി ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്കൂളില്‍. മലയാളത്തില്‍ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഫോക്ലോറില്‍ ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥി ആയിരിക്കുന്ന കാലം മുതല്‍ തന്നെ പ്രാദേശിക പത്ര-മാസികകളില്‍ എഴുതി തുടങ്ങി. കുറച്ചുകാലം അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പടയാളി, സമയം മാസികയില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നു. ശ്രീമതി സിന്ധു സതീഷ് രചിച്ച പുസ്തകമാണ് “പാരമ്പര്യ ഗര്‍ഭശുശ്രൂഷാ രീതികള്‍”. നാട്ടറിവുകളും നാട്ടു വിശ്വാസവും, നാട്ടു ചികിത്സയുമൊക്കെ ഗര്‍ഭധാരണത്തെയും പ്രസവത്തെയും എങ്ങനെയാണ് നേരിടുന്നത് എന്നത് സംബന്ധിച്ച വിവരണങ്ങളാണ് ഈ പുസ്തകത്തില്‍. ഗര്‍ഭ-പ്രസവ ശുശ്രൂഷാ രംഗത്തെ പാരമ്പര്യ അറിവുകളെ സംരക്ഷിച്ച് പ്രയോഗതലത്തില്‍, ആവശ്യമായ മാറ്റങ്ങളോടെ നിലനിര്‍ത്തണമെങ്കില്‍ അതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ സാധിക്കണം. സിന്ധു സതീഷിന്‍റെ പുസ്തകം അതിനായുള്ള ശ്രമമാണ്. വിശ്വാസങ്ങളും, ആചാരങ്ങളും, പഴമൊഴികളും, പ്രയോഗങ്ങളും, നാടോടി വൈദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞിട്ടുള്ള ഒരു ഭാഗമാണ് ഈ പുസ്തകത്തില്‍ നിന്ന് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോക്ലോര്‍ സംബന്ധമായ പഠനകാലത്ത് എഴുത്തുകാരി നടത്തിയിട്ടുള്ള ഗവേഷണങ്ങള്‍ ഈ ഗ്രന്ഥരചനയെ വളരെ സഹായിച്ചിട്ടുണ്ടെന്നു സ്പഷ്ടം.

സിസ്റ്റര്‍ സിസിലി ജോസ്

1949 ല്‍ ഇടുക്കി ജില്ലയിലെ കലയന്താനിയില്‍ ജനിച്ചു. ജോസ് എടാട്ടേലിന്‍റെയും റോസമ്മ മാളിയേക്കലിന്‍റെയും മകള്‍. 1968 ല്‍ നസ്രത്ത് സന്യാസസഭയില്‍ ചേര്‍ന്നു; പുതിയ പേരും സ്വീകരിച്ചു. സിസ്റ്റര്‍ ലേത്തൂസ്. 1979 ല്‍ എം. എ. ബിരുദം നേടി. 1981 മുതല്‍ അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ ഹോംസയന്‍സ് കോളേജില്‍ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്ന് എം. ഫില്‍ ബിരുദം നേടിയിട്ടുണ്ട്. “വര്‍ഷത്തു ആധുനിക കവിതകളില്‍” (പഠനം, 1994) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. ജീവന്‍റെ താളമായ മഴ, മനുഷ്യ ജീവിത്തെ സഹഭാവനയോടെ കാണാന്‍ പ്രേരിപ്പിക്കുന്ന ആന്തരിക ഘടകമായി സിസ്റ്റര്‍ സിസിലി ജോസ് തന്‍റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. പല എഴുത്തുകാരും പ്രകൃതിയെ തങ്ങളുടെ കൃതികളില്‍ ആവാഹിച്ചു. പ്രകൃതി പ്രതിഭാസങ്ങളുടെ അര്‍ത്ഥങ്ങള്‍ വരെ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചു. മഴയ്ക്കുള്ളില്‍ കടന്നുകൂടി മഴയുടെ ഭാഷയും ഭാവവും ഗ്രഹിച്ച് ഖലീല്‍ ജിബ്രാന്‍ എഴുതിയ കവിതയാണ് ‘ടീിഴ ീള വേല ഞമശി’. ആധുനിക കവിതകളിലും പ്രകൃതിയുടെ സര്‍വ്വ തലങ്ങളും മൂലകളും സ്പര്‍ശിക്കുന്ന മഴയെ ബിംബമായി സ്വീകരിച്ചിരിക്കുന്നു. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ഡി. വിനയചന്ദ്രന്‍ എന്നിവരുടെ മഴക്കവിതകള്‍ പഠനവിധേയമാക്കുന്ന മനോഹരമായ കൃതിയാണ് “വര്‍ഷത്തു ആധുനിക കവിതകളില്‍”. മഴയുടെ പല ഭാവങ്ങള്‍ മനുഷ്യ മനസ്സില്‍ വീഴ്ത്തുന്ന നൊമ്പരങ്ങളും, ഹര്‍ഷാരവങ്ങളും പല നിറത്തില്‍ ആധുനിക കവിതകളിലും വീണു കിടപ്പുണ്ട്. ഇവ കൊണ്ട് പുതിയ വായനയ്ക്കുള്ള സാധ്യതയൊരുക്കുകയാണ് സിസ്റ്റര്‍ സിസിലി ജോസ് തന്‍റെ കൃതിയിലൂടെ ചെയ്യുന്നത്.

സിന്ധു ഭാസ്ക്കര്‍

1969 ല്‍ എറണാകുളം ജില്ലയിലെ ഊന്നുകലില്‍ ജനിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദം. കേരളാ കൃഷി വകുപ്പില്‍ കൃഷി ഓഫീസറാണ്. കവിതകളും നോവലും എഴുതാറുണ്ട്. 1994 ല്‍ യുവകവികള്‍ക്കുള്ള വി. ടി. കുമാരന്‍ സ്മാരക അവാര്‍ഡ്, (‘പ്രണയികളുടെ മധ്യാഹ്നം’, ‘പനി’), 2000 ല്‍ യുവകവികള്‍ക്കുള്ള പുനലൂര്‍ ബാലന്‍ സ്മാരക പുരസ്കാരം (‘സാരോപദേശത്തിന്‍റെ ഒരേട്’) എന്നിവ ലഭിച്ചിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് വൈകാരികതയുടെ ശക്തമായ ഒരു തലം സൃഷ്ടിക്കുവാന്‍ എഴുത്തുകാരിക്കു കഴിഞ്ഞിട്ടുണ്ട്. “ശാന്തിവനത്തില്‍ ഇപ്പോള്‍ വെയിലാണ്” എന്ന നോവലില്‍ അര്‍ബുദ ബാധിതനായി കഴിയുന്ന ശ്രീകാന്തിന്‍റെ ഓര്‍മ്മകളിലൂടെ, ജീവിക്കാനുള്ള ആഗ്രഹത്തിലൂടെ, അയാളുടെ പ്രണയത്തിലൂടെ കഥ പറയുകയാണ്. ആലങ്കാരികവും കവിതയുടെ മനോഹാരിതയുമുള്ള ഭാഷയാണ് പലപ്പോഴും ഈ കൃതിയില്‍ കാണാന്‍ കഴിയുന്നത്.

സിതാര എസ്.

1976 മെയ് 8 നു കാസര്‍ഗോഡ് ജനിച്ചു. ശ്രീമതി കെ. ബി. സുശീലയുടെയും, ശ്രീ. എന്‍. ശശിധരന്‍റെയും മകള്‍. കാറഡുക്ക ഗവ. ഹൈസ്കൂള്‍, തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി, സെന്‍റ് ജോസഫ്സ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തില്‍ ഡിപ്ലോമ. അദ്ധ്യാപികയാണ്. കഥകളും കവിതകളും എഴുതുന്നു. കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ്, വി. പി. ശിവകുമാര്‍ സ്മാരക കേളി പുരസ്കാരം (‘ഇടത്താവളം’, കഥ), വനിത കലാലയ പുരസ്കാരം (‘കോമാളി വേഷങ്ങള്‍’, കഥ) എന്നിവ ലഭിച്ചു. സ്ത്രീയുടെ മനസ്സിനെയും ജീവിതത്തെയും കുറിച്ച് വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധേയമായ കഥകളെഴുതിയിട്ടുണ്ട് സിതാര എസ്. അവരുടെ കോമാളിവേഷങ്ങള്‍ എന്ന കഥയില്‍ രേണുക എന്ന പെണ്‍കുട്ടിയുടെ മാനസിക സംഘര്‍ഷവും അവളുടെ ജീവിത രീതികളും പറയുന്നു. പഠനത്തിനിടയില്‍ നല്ല ഒരാലോചന വന്നതോടെ അവളെ വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചയച്ചു. പരീക്ഷവരെയെത്താറായ പഠനം അവസാനിപ്പിച്ച് വിവാഹിതയായ അവള്‍ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ ഒന്നിനോടും ഇഷ്ടം തോന്നുന്നില്ല. കവിതകളെഴുതാനും സാധിച്ചില്ല. അവള്‍ക്ക് കോമാളി സ്വഭാവമാണെന്ന് അവളുടെ അമ്മ പറയാറുണ്ട്. പക്ഷേ കഥ വായിക്കുമ്പോള്‍ ഒരു കോമാളിത്തത്തിനപ്പുറത്ത് ഗൗരവമുള്ള കഥാപാത്രമായി രേണു മാറുന്നു. കല്യാണ ദിവസം അവളുടെ സുഹൃത്തുകളെ കണ്ടിട്ട്, നിന്‍റെ കൂട്ടുകാരധികവും ആണ്‍കുട്ടികളാണല്ലോ? എന്ന് ഭര്‍ത്താവു പറയുന്നു. വഴുവഴുത്തൊരു ജന്തുവിന്‍റെ മേല്‍ ചവിട്ടിയാലെന്ന പോലെ രേണുക നിശ്ശബ്ദയായി എന്നും കഥയില്‍ പറയുന്നു. അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള മടി അയാളില്‍ പ്രകടമാവുന്നു. ഞാന്‍ ശരിക്കും കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്നവള്‍ ചിന്തിക്കുന്നു. അമ്മയാവുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ മൂത്രത്തുണിയുടെയും കഴുകാത്ത പാല്‍കുപ്പിയുടെയും വൃത്തികെട്ട മണം അവളെ പെട്ടെന്നൊരു മടുപ്പിലേക്കു കൂട്ടിക്കൊണ്ടു പോയി. ജീവിതത്തിലാഗ്രഹിച്ച വര്‍ണങ്ങളെല്ലാം പെട്ടെന്നവസാനിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇതില്‍ കാണുന്നത്.

ഡോ. സ്മിത ദാസ്

പെരുണ്ണൂര്‍ വടക്കൂട്ട് ഹരിദാസന്‍ നമ്പൂതിരിയുടെയും കൈക്കുളങ്ങര വാരിയത്ത് പങ്കജത്തിന്‍റെയും മകള്‍. പാലക്കാട്ട് ജില്ലയിലെ തണ്ണീര്‍ക്കോട്ട് ജനിച്ചു. തണ്ണീര്‍ക്കോട്ട് സീനിയര്‍ ബേസിക് സ്കൂള്‍, വട്ടേനാട്ട് ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്നും മലയാളത്തില്‍ എം. എ.ബിരുദം. ഡോ. എന്‍. എം. നമ്പൂതിരിയുടെ കീഴില്‍ സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്. ഇപ്പോള്‍ വളാഞ്ചേരി മര്‍ക്കസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപിക. “ജ്വാലാമുഖി: പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠശര്‍മ്മ” ആണ് പ്രസിദ്ധീകരിച്ച കൃതി. വിദ്യാദാനമാണ് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് മോചനം ലഭിക്കാനുള്ള മാര്‍ഗ്ഗം എന്നു മനസ്സിലാക്കി, ജാതി-മത-ലിംഗ ഭേദമന്യേ ഏവര്‍ക്കും വിജ്ഞാനം പകര്‍ന്നുകൊടുത്ത ജ്വാലാമുഖിയാണ് പുന്നശ്ശേരി നമ്പി ശ്രീ. നീലകണ്ഠശര്‍മ്മ. കേരളം ഒരേ മനസ്സോടെ ഹൃദയപൂര്‍വം നമസ്കരിച്ച ആ മഹാഗുരുനാഥന്‍റെ വ്യക്തിത്വം ആധുനിക വീക്ഷണത്തില്‍ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. ‘പുന്നശ്ശേരി നമ്പിയും കേരളീയ നവോത്ഥാനവും’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവോത്ഥാന നായകന്‍ എന്ന നിലയില്‍ പുന്നശ്ശേരി നമ്പിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ് ഈ അദ്ധ്യായത്തില്‍ ബഹുമുഖമായിരുന്ന നമ്പിയുടെ പ്രവര്‍ത്തന മണ്ഡലം. വിജ്ഞാന ചിന്താമണിയെന്ന സംസ്കൃത വൃത്താന്ത പത്രിക തന്നെയാണ് അദ്ദേഹത്തിന്‍റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും വലിയ തെളിവ്.

സ്മിത. കെ. നായര്‍

തിരുവനന്തപുരം ജില്ലയില്‍ ജനനം. പോങ്ങുംമൂട് മാറനല്ലൂര്‍ ഹൈസ്ക്കൂള്‍, കരമന എന്‍. എസ്. എസ് വനിതാ കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളില്‍ പഠനം. സുവോളജിയില്‍ ബിരുദവും ഭാഷാശാസ്ത്രത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും കോഗ്നിറ്റീവ് സയന്‍സില്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് എം. ഫില്‍. മാനസിക വൈകല്യം ഉളള കുട്ടികളിലെ ഭാഷാന്യൂനതകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റിനായി ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച ഇപ്പോള്‍ മൈസൂറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിങ്ങില്‍ ക്ലിനിക്കല്‍ ലിംഗ്വിസ്റ്റായി ജോലി നോക്കുന്നു. സ്മിത. കെ. നായര്‍ ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. അവരുടെ ആദ്യകൃതി “പുസ്തകപ്പുഴുവിന്‍റെ മതവും മറുകരയിലെ മഴയും” 2011 ല്‍ പ്രസിദ്ധീകൃതമായി. രണ്ട് പേര്‍ ചേര്‍ന്നിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുളളത്. പുസ്തകത്തിന്‍റെ ആദ്യ പകുതി കഥകളാണ്. അവരുടെ ഭര്‍ത്താവ് കൂടിയായ അഡ്വ. രാജേഷ്. ജി പുതുക്കാടാണ് കഥകള്‍ എഴുതിയിരിക്കുന്നത്. ശ്രീ. ഒ. എന്‍. വി എഴുതിയ അവതാരികയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയകാലത്തിന്‍റെ ജീവിതാനുഭവങ്ങളാണ് ഈ കവിതകളില്‍ ഉളളത്. പുതിയ ലോകം നല്‍കുന്ന എല്ലാ ആനന്ദങ്ങള്‍ക്കുമപ്പുറം ഏകാന്തതയും സംശയങ്ങളും മനുഷ്യനില്‍ വേരാഴ്ത്തിയിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന കവിതകള്‍. പുസ്തകത്തില്‍ നിന്ന് ‘പ്രണയത്തിലെ മായം’ എന്ന എന്ന കവിത ഇവിടെ ഉള്‍പ്പെടുത്തുന്നു.

സോഫിയാ ഹമീദ്

ആലുവാ തായിക്കാട്ടുകരയില്‍ ജനനം. എം. ബി പാത്തുവും കെ. എം ഖാദര്‍പിളളയും മാതാപിതാക്കള്‍. ആലുവാ യു. സി കേളേജ്, എറണാകുളം മാഹാരാജാസ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2000- ലെ മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് നേടി. കഥകളും കവിതകളും എഴുതാറുണ്ട്. “പാത്ത” എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാത്തയിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്ധ്യ കേരളത്തിലെ മുസ്ലിം സാമൂഹിക - കുടുംബ ബന്ധങ്ങളില്‍ ചാലിച്ചെടുത്ത ഭാവസാന്ദ്രമായ നോവലാണിത്. ഉറക്കമുണര്‍ന്ന ചരിത്രത്തിന്‍റെ ഏടുകളില്‍ നാട്ടുവര്‍ത്തമാനങ്ങളില്‍, നാട്ടാചാരങ്ങളില്‍ ഗ്രാമീണത്തനിമയുടെ മുദ്ര. ഇവിടെ ജീവിതം കൊതിക്കുന്ന നിഷ്ക്കളങ്കരായ മനുഷ്യര്‍. അവരുടെ അന്തഃസംഘര്‍ഷങ്ങളും ആത്മനൊമ്പരങ്ങളും ഈ നോവല്‍ ഏറ്റു വാങ്ങുന്നു. കാലത്തിന്‍റെ തിരക്കുകളില്‍ മുങ്ങിയും പൊങ്ങിയും മറുകരിയില്‍ എത്താന്‍ തുഴയുന്ന മകളുടെ, കാമുകിയുടെ, ഭാര്യയുടെ, അമ്മയുടെ ആത്മവിശുദ്ധി, തന്‍റേടം അക്ഷരങ്ങളില്‍ സാക്ഷാത്കാരം നേടുന്നു പാത്തയുടെ രൂപഭാവങ്ങളില്‍ തലമുറകള്‍ ഉണര്‍ന്നെഴുന്നേല്ക്കുന്നു.

വി. സ്മിത

1974 ല്‍ ജനിച്ചു. വി. എം. ശാരദയും ബി. ടി. വാസുദേവന്‍ നമ്പൂതിരിയും മാതാപിതാക്കള്‍. ഇപ്പോള്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നു. “ദൈവത്തിന് ഒരു തുറന്ന കത്ത്” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ‘ഭ്രഷ്ട്’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍. എം. നൂലേലി മുഖമൊഴിയില്‍, സ്മിതയുടെ കവിതയെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്. ഏതൊരു സ്ത്രീക്കും ഉണ്ടാകാവുന്ന ഭാവങ്ങള്‍ - മകള്‍, സഹോദരി, അമ്മ, ഭാര്യ, സുഹൃത്ത് എന്നിങ്ങനെ അനന്തവൈവിദ്ധ്യമുള്ളവളാണല്ലോ അവള്‍ - വാക്കുകളുടെ വശ്യതയില്‍ ഇവിടെ പുനര്‍ജനിക്കുന്നു. പ്രണയത്തിന്‍റെ വര്‍ണ്ണ ചാരുതയും വിരഹത്തിന്‍റെ തീക്ഷ്ണനൊമ്പരവും പ്രതികാരത്തിന്‍റെ ആന്തരദാഹവും സ്മിതയ്ക്ക് പഥ്യ വിഷയങ്ങള്‍ തന്നെ. ആധുനിക കാലം അനുഭവിച്ചുകൊണ്ടിരിക്കുന്ന കലികാല സമസ്യകളും ഇവിടെ കാവ്യവിഷയമാകുന്നുണ്ട്. വൃത്തമില്ലെങ്കിലും ഈണം കാത്തുസൂക്ഷിക്കുന്ന ഈ കവിതകള്‍ കാലത്തിന്‍റെ നേര്‍ക്കാഴ്ച്ചകളാണ്. ഒരു നൂറ്റാണ്ടു മുമ്പു കോളിളക്കം സൃഷ്ടിച്ച താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിച്ച കവിതയാണ് ‘ഭ്രഷ്ട്’.

സൂര്യ ബിനോയ്

1986 ആഗസ്റ്റ് 23 ന് പെരിന്തല്‍ മണ്ണയില്‍ ജനിച്ചു. “നിഴല്‍പ്പുര” എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. 18 വയസ്സിന് താഴെയുള്ള വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ കക്കാട് അവാര്‍ഡും (2002) യുവകവികള്‍ക്കുള്ള വി. ടി. കുമാരന്‍മാസ്റ്റര്‍ അവാര്‍ഡും (2008) നേടി. സംസ്ഥാന ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി യുവജനോത്സവങ്ങളില്‍ കവിതാ രചനയ്ക്ക് സമ്മാനം. മാതൃഭൂമി, വിദ്യാര്‍ത്ഥികള്‍ക്കായി 1999, 2002, 2003 വര്‍ഷങ്ങളില്‍ നടത്തിയ കവിതാമത്സരത്തിലും സമ്മാനാര്‍ഹയായി. 2003-2004 ല്‍ കോഴിക്കോട് ജില്ലാ സാഹിത്യ പ്രതിഭയായിരുന്നു. “നിഴല്‍പ്പുര” എന്ന കവിതാസമാഹാരത്തിലെ ‘കീറിയവാക്ക്’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ചില വാക്കുകള്‍ക്കൊപ്പം നടന്ന് കാലുകഴച്ച ഞാന്‍ എന്ന വാക്ക് ഏതൊരു പെണ്‍കുട്ടിയും സ്വയം ചോദിക്കുന്ന ചോദ്യത്തിനുളള വ്യക്തതയില്ലാത്ത ഉത്തരമാണ്. ആരാണ് ഞാന്‍ എന്ന ചോദ്യം ആദിമകാലം മുതല്‍ തന്നെ മനുഷ്യനെ കുഴയ്ക്കുന്ന താത്ത്വിക പ്രശ്നമാണ്. ഒരു പെണ്ണ് പക്ഷേ, ഞാന്‍ ആരെന്ന ചോദ്യത്തിന് ഉപരിപ്ലവമായ ചില ഉത്തരങ്ങള്‍ മാത്രം നല്കാന്‍ ശീലിച്ചവളാണ്. മറ്റൊരാളുടെമേല്‍ ചാരിനിന്നാണ് അവളതിന് എപ്പോഴും ഉത്തരം നല്‍കുക. പക്ഷേ, അവള്‍ക്കറിയാം തന്‍റെയുള്ളിലെ ഭാഷയുടെ ഒടുങ്ങാത്ത ആ ഉറവയെക്കുറിച്ച്. വായടച്ച് തന്നെ ആര്‍ക്കും കൊല്ലുക വയ്യ എന്നാണവളുടെ വിചാരം. അമ്മയുടെ അമ്മുമ്മയും നടന്ന വഴികളിലൂടെ അവള്‍ നടന്നു. അവള്‍ പറയുന്ന ഭാഷയും അവളും നടന്നത് ഒരേ വഴിയിലൂടെയാണ്. അവളെന്തോ അതാണവളുടെ ഭാഷ. തന്‍റെ കൈയിലെ നൂലിന് പട്ടത്തെക്കാള്‍ ഇണങ്ങുന്നത് സൂചിയാണെന്ന് തിരിച്ചറിയുന്നവള്‍. യാത്രയുടെ അവസാനം എന്‍റെ നിഴലില്‍ നിന്നു ദൈവം ഇറങ്ങി വന്നു കണ്ണു നിറഞ്ഞു ചുണ്ടു വിറച്ചു ആ വാക്ക് പറഞ്ഞു ഈ പെണ്ണ് എന്നെ പെണ്ണ് എന്ന് വിളിച്ചു. നിരാലംബയും ദുഃഖിതയുമായ സ്ത്രീ ഇന്നും പെണ്ണ് എന്ന് പറഞ്ഞ് അവഗണിക്കപ്പെടുന്നു എന്ന സത്യത്തെ ധ്വന്യാത്മകമായി കവയിത്രി ഇവിടെ ആവിഷ്കരിക്കുന്നു.

ശ്രീദേവി

1965 ല്‍ കൊല്ലം ജില്ലയില്‍ ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം. എം. എ. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവാഹം. പഠനകാലത്ത് ആനുകാലികങ്ങളില്‍ കവിതകളെഴുതിയിരുന്നു. ആകാശവാണിയിലൂടെ ചെറുകഥകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ശ്രീദേവിയുടെ ആദ്യകവിതാ സമാഹാരമാണ് “മാംഗല്യം തന്തുനാനേന”. ഭാഷാസൗകുമാര്യവും ആശയസംവേദനക്ഷമതയും ഉള്ളവയാണ് ശ്രീദേവിയുടെ കവിതകള്‍. കാലിക പ്രസക്തമായ വിഷയങ്ങളാണ് കവിതക്കായി തിരഞ്ഞെടുത്തിരിക്കുന്നവയിലേറെയും. കുടുംബം എന്ന സംവിധാനത്തിനുള്ളിലെ ഒത്തുതീര്‍പ്പുകളും ഗതികേടുകളും അവര്‍ വിദഗ്ധമായി പകര്‍ത്തി അവതരിപ്പിക്കുന്നു. ‘പുരാവസ്തു’ എന്ന കവിത ശ്രീദേവിയുടെ “മംഗല്യം തന്തുനാനേ” എന്ന കൃതിയില്‍ നിന്നു തന്നെ എടുത്തതാണ്. അവരുടെ രചനാശൈലിയെ വെളിപ്പെടുത്തുന്ന കവിതയാണ് പെണ്ണുങ്ങള്‍ വീടിന്‍റെ വിളക്കാണെന്ന പഴഞ്ചൊല്ലിനെ മുന്‍നിര്‍ത്തി വിളക്കെങ്ങനെ പുരാവസ്തു ആകുന്നുവെന്നു വരച്ചുകാട്ടിയിരിക്കുന്നു കവി തളത്തില്‍ ഉള്ളിക്കുള്ള കളിക്കോപ്പുകള്‍, തട്ടിന്‍ പുറത്തു ഭാഗം വെയ്പില്‍ ലഭിച്ച പാഴ്വസ്തുക്കള്‍ കളിമണ്‍ പ്രതിമകള്‍ക്കുറങ്ങാന്‍ പൂജാമുറി കൗതുകവസ്തുക്കള്‍ക്കായ് ചില്ലലമാരക്കൂടും എന്ന മട്ടില്‍ ഓരോന്നിനെയും അതാതിന്‍റെ സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് വീട്ടുപെണ്ണന്ന നിലയില്‍ തന്‍റെ സ്ഥാനം തേടുകയാണ് കവി. ഒരിടത്തും അവര്‍ സ്വയം പാകമാകുന്നില്ല ഒടുവില്‍. പൈതൃകസ്വത്തിനൊപ്പം മച്ചകമറയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ മാത്രം പഴക്കമെനിക്കാവോം. എന്ന് ചോദിച്ച് അവസാനിപ്പിച്ചിരിക്കുന്നു.

ഡി. ശ്രീദേവി

1958 ഡിസംബര്‍ 22 ന് ആലപ്പുഴ ജില്ലയില്‍ വയലാറില്‍ ജനിച്ചു ദേവകിയമ്മയും വി. രാഘവന്‍ നായരും മാതാപിതാക്കള്‍. വയലാര്‍ ഈസ്റ്റ് യു. പി. സ്കൂള്‍, എസ്. സി. യു. ഹൈസ്കൂള്‍, പട്ടണക്കാട്, എന്‍. എസ്. എസ്. കോളേജ് പള്ളിപ്പുറം, ശ്രീനാരായണ കോളേജ് കൊല്ലം, കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹൈസ്കൂള്‍ മീഞ്ചന്ത എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപിക. ആനുകാലികങ്ങളില്‍ കഥയെഴുതുന്നു. “ഇടവേളകള്‍” എന്ന നോവല്‍ ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. “ഭഗവതിമാരുടെ വസ്ത്രങ്ങള്‍” ആദ്യ കഥാസമാഹാരം. “ഭഗവതിമാരുടെ വസ്ത്രങ്ങള്‍” എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കഥ വാരികയില്‍ അച്ചടിച്ചു വന്നപ്പോള്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലം എന്ന പംക്തിയില്‍ പ്രതികരിച്ചതിങ്ങനെ - പുതുമ വരുത്തിയിട്ടുണ്ട് ശ്രീദേവി രചനയില്‍. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീ പ്രസവിക്കുന്നു. പെണ്‍കുട്ടി. അവള്‍ സുന്ദരിയായി വന്നു. തന്‍റെ ദൗര്‍ഭാഗ്യത്തിലും മകളുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠയാലും ധര്‍ഷണത്തിനു വിധേയമായിപ്പോയ സ്ത്രീക്ക് അതിരു കടന്ന ദേവീഭക്തി, അവള്‍ക്കാശ്രയം ഒരു മാഷാണ്. അയാള്‍ ആ കുടുംബത്തിന് താങ്ങും തണലുമായി എല്ലാക്കാലത്തുമുണ്ടായിരിക്കും എന്ന് അഭിവ്യഞ്ജിപ്പിച്ചുകൊണ്ട് ശ്രീദേവി കഥ പര്യവസാനത്തില്‍ എത്തിക്കുന്നു. തെളിഞ്ഞ ആഖ്യാനമാണ് ഇക്കഥയുടെ സവിശേഷത. അത് ഹൃദ്യമായിരിക്കുന്നു. ശ്രീദേവിയുടെ ഭാഷയും നന്ന്. കാലം ചെല്ലുമ്പോള്‍ പ്രകൃതി സമതോലനത്തിലൂടെ ശ്രീദേവിയുടെ ആഖ്യാന നൈര്‍മ്മല്യത്തിന് കലക്കം വരുത്താതിരിക്കട്ടെ.

ശ്രീദേവി എളപ്പില

കോഴിക്കോട് ജില്ലയിലെ അടുവാട്ടില്ലത്ത് കെ. മാധവന്‍ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജനത്തിന്‍റെയും മകളായി 1960 -ല്‍ ജനിച്ചു. ഇപ്പോള്‍ വയനാട് ജില്ലയില്‍ നിരവില്‍പ്പുഴയില്‍ സ്ഥിര താമസം. “ഒരു പുഴയുടെ നൊമ്പരം” എന്ന കവിതാസമാഹാരത്തിലെ ‘മാമ്പഴം ഒരനുസ്മരണം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. “കണിക്കൊന്ന”, “മഴവില്ല്", “ഒരു പുഴയുടെ നൊമ്പരം” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രശസ്തമായ ‘മാമ്പഴം’ എന്ന കവിതയ്ക്ക് ഒരനുബന്ധം രചിക്കുകയാണ് കവയിത്രി. പ്രകൃതിയമ്മയുടെ വാത്സല്യത്തേന്‍ നുകര്‍ന്ന് മാമ്പഴത്തിന്‍റെ പഴയ മാധുര്യത്തെ പുതിയ നാവുകൊണ്ട് നുണഞ്ഞ്, കാലങ്ങള്‍ക്കിടയിലെ അകലങ്ങള്‍ കവിത കൊണ്ട് നികത്തുകയാണ് ശ്രീദേവി. പ്രശസ്ത കവി പി. കെ. ഗോപി ശ്രീദേവിയുടെ കവിതയെ ഇങ്ങനെ വിലയിരുത്തുന്നു -'മാനവജീവിതത്തിന്‍റെ ശുദ്ധ കാമനകള്‍ കൊളുത്തി വച്ച വിളക്കുകള്‍ വിസ്മൃതിയിലാണ്ടു പോകുമ്പോഴുള്ള തീവ്രവേദനകള്‍ പകര്‍ത്തിവെയ്ക്കുമ്പോള്‍ ശ്രീദേവി അറിയാതെ വിതുമ്പിപ്പോവുകയാണ്. ഇവിടെ പ്രജ്ഞയുടെ വിശുദ്ധഭാവങ്ങള്‍ കാവ്യഭാവനയെ പ്രചോദിപ്പിക്കുന്നു. സാഹോദര്യത്തിന്‍റെ പട്ടുനൂലുകളത്രയും പൊട്ടിപ്പോവുകയും മതസ്പര്‍ദ്ധയുടെ പടുകൂറ്റന്‍ മതിലുകള്‍ പൊങ്ങുകയും ചെയ്യുന്ന കാലത്ത് സ്നേഹനീതിയുടെ ജീവിതാവബോധം ഊട്ടിയുറപ്പിക്കാന്‍ കവി മനസ്സ് വെമ്പുന്നു. പ്രാപഞ്ചികദര്‍ശനത്തിന്‍റെ അടരുകളില്‍ നിന്ന് പ്രതീകങ്ങള്‍ സ്വീകരിച്ച് അവയില്‍ അക്ഷരങ്ങളുടെ കൊത്തളികള്‍ കൊണ്ട് രൂപലാളിത്യം സൃഷ്ടിക്കുന്നു.

ശ്രീദേവി എസ്. കര്‍ത്താ

1966 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ജര്‍മ്മന്‍ ഭാഷയില്‍ ബിരുദാനന്തര ഡിപ്ലോമ. വിവിധ ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. കവിയും വിവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ്. പ്രമേയത്തിന്‍റെ തിരഞ്ഞെടുപ്പിലും രചനാശൈലിയിലും തികച്ചും വ്യത്യസ്തമാണ് ശ്രീദേവിയുടെ കവിതകള്‍. മലയാളകവിതക്ക് ചിരപരിചിതമായ വിഷയങ്ങള്‍ പോലും അവതരണരീതി കൊണ്ട് കാലികമാകുന്നു. ‘സെന്‍റിമെന്‍റല്‍ എച്ച്2ഒ’ എന്ന കവിത തന്നെ നല്ല ഒരു ഉദാഹരണം. ഗൃഹാതുരത എന്നോ നഷ്ടഹൃഹോത്കണ്ഠ എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്നതാണ് ഈ കവിതയുടെ പ്രമേയം. “ഇന്ന് ഞാന്‍ അപ്പച്ചിയുടെ വീട്ടില്‍ പോകും. നാല് മണിക്ക്” എന്ന് ആരംഭിക്കുന്ന കവിതയില്‍ നിന്ന് അതിന്‍റെ പേരില്‍ നിന്നെന്ന പോലെ അവര്‍ വൈകാരികതയെ ഊറ്റി വേര്‍പ്പെടുത്തിയിരിക്കുന്നു. സമയം, യുക്തി, ജീവിതാവസ്ഥകള്‍ എന്നിങ്ങനെ എല്ലാം കെട്ടുപിണഞ്ഞ ഒരു രചനാശൈലിയാണ് ശ്രീദേവി എസ്. കര്‍ത്തയുടേത്. കവിത ഏതു വിഴിക്കും സഞ്ചരിച്ചേക്കാം എന്ന ഭ്രമാത്കതയില്‍ വായനക്കാരെ എത്തിക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. “കണ്ടെന്നുമവള്‍ കണ്ടതേയില്ലെന്നും” എന്നകൃതിയിലെ ‘സാരി’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാരിയായും ഹൃദയമായും രൂപാന്തരപ്പെടുന്ന ഒന്നിനെ കുറിച്ചാണ് കവിത. ഓരോ ദിവസവും ശുദ്ധമാക്കപ്പെടുന്നത്, ഓരോ ദിവസവും അശുദ്ധമാകുന്നതും അടിച്ച് നനച്ച് ഞെക്കിപ്പിഴിഞ്ഞ് കുടഞ്ഞ്, ഒഴിഞ്ഞ ഹൃദയത്തെ ഞാന്‍ അയയില്‍ വിരിക്കുന്നു അങ്ങനെ ശുദ്ധമാക്കപ്പെടുന്നത് ഒരുവളുടെ ഹൃദയവികാരങ്ങളാവാം, ജീവിതം തന്നെയാവാം. കുളികഴിഞ്ഞീറനോടെ വരുന്ന ഒരു സ്വപ്നം രാത്രിയിലതെടുത്തുടുത്ത് കഠിനഹൃദയരുടെ നിദ്രകള്‍ക്കുള്ളിലൂടെ പതിയെ ഉലാത്തും അടുത്ത പുലര്‍ച്ചെ വീണ്ടും അടിച്ച് നനച്ച് പിഴിയപ്പെടാന്‍ വേണ്ടിയുള്ള അതിന്‍റെ സ്വപ്ന സഞ്ചാരം

ശ്രീദേവി വാര്യര്‍

1943 ജനുവരി 25 ന് ജനിച്ചു. ലക്ഷ്മിക്കുട്ടി വാരിയരും എസ്. രാമവാരിയരും മാതാപിതാക്കള്‍. മുപ്പത്തിയഞ്ച് വര്‍ഷം ചിത്രകലാധ്യാപികയായി മുതുകുളം ഹയര്‍സെക്കന്‍ററി സ്കൂളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്താറുണ്ട്. അദ്ധ്യാപക കലാസാഹിത്യസമിതിയുടെ അദ്ധ്യാപക പ്രതിഭയ്ക്കുള്ള അവാര്‍ഡ് നേടി. വര്‍ഷങ്ങളോളം സംസ്ഥാന സ്കൂള്‍ കലോത്സവം, സര്‍വ്വകലാശാല യുവജനോത്സവങ്ങള്‍, കേരളോത്സവം എന്നിവിടങ്ങളില്‍ വിധികര്‍ത്താവായിരുന്നിട്ടുണ്ട്. “തിരുവാതിര” എന്ന നൃത്തപഠനമാണ് പ്രസിദ്ധീകരിച്ച കൃതി. തിരുവാതിരക്കളി ഒരു കലാരൂപമാണെന്നതിലുപരി ജീവിതത്തിലെ വിശ്വാസങ്ങളുടെയും സന്തോഷത്തിന്‍റെയും മണ്ഡലങ്ങളില്‍ നിന്ന് ജെډടുത്തതാണ്. കേരളത്തിന്‍റെ കലാരൂപങ്ങളില്‍ കേരളത്തനിമകൊണ്ട് ഏറെ മുന്നില്‍ നില്‍ക്കുന്ന കലാരൂപമാണ് തിരുവാതിരക്കളി. ആ കലയെക്കുറിച്ച് ഒരു ആധികാരികഗ്രന്ഥമാണ് ശ്രീദേവി രചിച്ചിരിക്കുന്നത്. നൂറ്റിയിരുപത്തിയഞ്ചോളം തിരുവാതിരപ്പാട്ടുകളും ഇതില്‍ ചേര്‍ത്തിരിക്കുന്നു. തിരുവാതിരയുടെ ഐതിഹ്യം എന്ന ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീകല എം. എസ്

1980 മെയ് 15 ന് തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് ജനിച്ചു. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം. മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. 2003 ല്‍ ഇന്ത്യാവിഷനില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. “1957-59 വാര്‍ത്തകള്‍ക്കപ്പുറം” ആണ് പ്രസിദ്ധീകരിച്ച കൃതി. ‘അങ്ങനെ വിമോചന സമരം’ എന്ന് അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1957-59 കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത കാലഘട്ടമാണ്. പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സഞ്ചരിച്ച കനല്‍ നിറഞ്ഞ വഴികള്‍ അടയാളപ്പെടുത്തുകയാണിവിടെ. വാര്‍ത്തകളുടെ ഒരു പില്‍ക്കാല വായനയാണ് ഈ പുസ്തകം. പിണറായി വിജയന്‍ അവതാരികയില്‍ ഈ കൃതിയെ വിലയിരുത്തുന്നതു ശ്രദ്ധേയമാണ്. വിമോചന സമരം എന്ന സമരാഭാസം എങ്ങനെ രൂപം കൊണ്ടു, എങ്ങനെ വളര്‍ന്നു, അതില്‍ പത്രങ്ങളുടെ പങ്കെന്ത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. വിമോചനസമരം എന്താണെന്നു വ്യക്തമാക്കാന്‍ 1959 മെയ് 28 ന് മന്നത്തു പത്മനാഭന്‍ നടത്തിയ പത്രസമ്മളേനത്തിലെ ചോദ്യോത്തരങ്ങളും ഈ അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സുലോചന രാംമോഹന്‍

1962 സെപ്റ്റംബര്‍ 22 ന് തിരുവനന്തപുരത്ത് ജനിച്ചു. ഡോ. ജി.കെ. വാര്യരുടെയും എഴുത്തുകാരിയായ സുധാവാര്യരുടെയും മകള്‍. കോഴിക്കോട് പ്രോവിഡന്‍സ് കോണ്‍വെന്‍റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകാല ശാലയുടെ എം. എ. മലയാളം എം. എ. ഇംഗ്ലീഷ് ബിരുദങ്ങള്‍. കുറച്ചുകാലം കലാകൗമുദിയുടെ വിമന്‍സ് മാഗസിനില്‍ മാധ്യമത്തിലെ സ്ത്രീ എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു. “മാലാഖമാര്‍ കടക്കാന്‍ ഭയക്കുമ്പോള്‍” (ചെറുകഥാസമാഹാരം, 2004), “ഒഴിവുകാല സമാഗമങ്ങള്‍” (നോവല്‍, 2006), “അഷിതയുടെ ഭസ്മക്കുറികള്‍” (തിരക്കഥ, 2009) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. സംയുക്ത, വേള്‍ഡ്പ്ലസ്, കേരളസാഹിത്യ അക്കാദമിയുടെ മലയാളം ലിറ്റററി സര്‍വ്വെ എന്നിവയില്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ചെറുകഥകളും കവിതകളും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വെല്ലുവിളികളുടെ കാല്പനികാവിഷ്ക്കാരം’ എന്ന കഥയില്‍ സ്ത്രീകള്‍ നേരിടുന്ന സമകാലിക വെല്ലുവിളികളെ ആവിഷ്കരിച്ചിരിക്കുന്നു. ജാനി എന്ന ഒരു പരിഷ്കൃത സുഹൃത്ത് തനിക്ക് ഉള്ളതായി സങ്കല്പിച്ച് സാരു അവളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. രണ്ടുപേരുടെയും സംഭാഷണത്തിലൂടെ സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കഥാകാരി വ്യക്തമാക്കുന്നു. എവിടെയാണ് സ്ത്രീക്ക് രക്ഷ? രക്ഷകനെന്നു കരുതി വിശ്വസിക്കുന്നവനാല്‍ പിന്നെയും വഞ്ചിക്കപ്പെടുമ്പോള്‍ അവളും കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നു. സ്ത്രീ സമത്വത്തെ കുറിച്ച് എത്ര തന്നെ പറഞ്ഞാലും സ്ത്രീകള്‍ക്ക് ആ സമത്വവും സ്വാതന്ത്ര്യവും ഇന്ന് ലഭിക്കുന്നുണ്ടോ? എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്തമായ ആഖ്യാന രീതിയിലൂടെ വളരെ ഭംഗിയായി തനിക്ക് പറയാനുള്ളത് ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

സുപര്‍ണ്ണ വാരിയര്‍

1984-ല്‍ തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്‍റ് കോളേജില്‍ നിന്ന് ബി. കോം ബിരുദം തുടര്‍ന്ന് ഡി. സി. സ്കൂള്‍ ഓഫ് മാനേജ്മെന്‍റില്‍ നിന്ന് എം. സി. എ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ സുപര്‍ണ്ണയുടെ കവിത സമ്മാനാര്‍ഹമായി. 2002, 2004 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റര്‍സോണ്‍ കലാമത്സരത്തിലും കവിത വിഭാഗത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. സുപര്‍ണ്ണയുടെ ആദ്യ കവിതാസമാഹാരമാണ് “വഴി” ശ്രീ. കെ. ജി. ശങ്കരപിള്ളയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. സുപര്‍ണ്ണയുടെ പല കവിതകളിലും വികാരത്തിന്‍റെ കഥയേക്കാള്‍ വിചാരത്തിന്‍റെ കടംകഥയാണ് പ്രബലം എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. “ഉള്ളില്‍ ഇടം കൂടുതലുള്ള കവിതകളിലേക്കാണ് സുപര്‍ണ്ണ വളരുന്നത്. വായനയെ സ്വതന്ത്രമാക്കാന്‍ വിടുന്ന കവിതകള്‍ ഉള്ളിനോടും ഉലകത്തിനോടും പ്രിയം നിറഞ്ഞവ” അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. സുപര്‍ണ്ണയുടെ കവിതകളില്‍ നിന്ന് 2003-ല്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘മാറാട’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. പ്രസാദാത്മകതയും ശുഭപ്രതീക്ഷയും തുളുമ്പുന്ന എഴുത്തുകാരിയുടെ ചിന്തകള്‍ വെളിപ്പെടുത്തുന്ന കവിതയാണ് ഇത്. “വലയുടെ നിറമെന്തായാലും മുക്കുവര്‍ക്കെല്ലാം മീന്‍ കൊടുക്കണേ എന്ന പ്രാര്‍ത്ഥന ഫലിക്കുമെന്നെനിക്കുറപ്പുണ്ട്. കാരണം- വെളുത്ത ചിറകുകള്‍ സ്വപ്നം കണ്ടുനടക്കെ ഒരു നനുത്ത തൂവല്‍ എനിക്കു വീണുകിട്ടിയിരുന്നു കനത്ത വര്‍ഷം കാത്തുകാത്തിരിക്കെ ഒരു തണുത്ത തുള്ളിയെന്‍റെ നെറ്റിയില്‍ പെയ്തിരുന്നു തുടുത്ത പുലരികള്‍ ഉദിക്കുമെന്നു കൊതിക്കെ ഒരു കറുത്ത കുഞ്ഞിന്‍റെ ചിരി ഞാന്‍ കണ്ടിരുന്നു.”

സുപ്രഭാദേവി

തിരുവനന്തപുരം ജില്ലയിലെ കരകുളത്തു ജനിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ആകാശവാണിയില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. “പുലരിപ്പൂക്കള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ “ചേച്ചിക്കൊരു ശ്രദ്ധാഞ്ജലി” എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. മാവേലിക്കര അച്യുതന്‍ അവതാരികയില്‍ എഴുതിയതുപോലെ സുപ്രഭാദേവിയുടെ വാങ്മയത്തിന്‍റെ പ്രത്യേകത ഓരോ വരിയിലും അനുഭവതീവ്രത മുറ്റി നില്‍ക്കുന്നു എന്നതാണ്. അകാലത്തില്‍ അന്തരിച്ച ചേച്ചിയുടെ ചിതയില്‍ എരിഞ്ഞടങ്ങിയ തീ തന്‍റെ കവിതയിലേക്കാവാഹിച്ചതാണ് “ചേച്ചിക്കൊരു ശ്രദ്ധാഞ്ജലി” എന്ന കവിത. മാവേലിക്കര അച്യുതന്‍ ഈ കവിതയെ ഇങ്ങനെ വിലയിരുത്തുന്നു - ഈ കൃതിയിലെ അന്ത്യകവിത ദുരന്തം വരിച്ച സ്വന്തം സോദരിയെപ്പറ്റിയുള്ള വികാരാത്മകമായ അനുസ്മരണമാണ്. അങ്ങ് അപാരതയില്‍ നിന്ന് തന്‍റെ നേര്‍ക്ക് അനുഗ്രഹദായകമായ കരമുയര്‍ത്തുന്ന ഈ സ്നേഹസമ്പന്നയോട് കവയിത്രി ചോദിക്കുകയാണ്. ഇനി ജന്മമുണ്ടെങ്കില്‍ സഫലകമാകാത്ത നി- ന്നാശകളൊന്നൊന്നായ് പൂവിടുമോ? പറയുകെന്‍ നഷ്ടവസന്തമേ പാപമീ- യനുജത്തിക്കിനിയെന്നും വേനലല്ലേ? തന്‍റെയുള്ളില്‍ ഉത്കടമായ ദുഃഖത്തിന്‍റെ നെരിപ്പോടു സൂക്ഷിക്കുന്ന ഈ യുവകവയിത്രി തനിക്ക് ഇനിയെന്നും വേനലല്ലേ എന്ന് ഗദ്ഗദത്തോടെ ആത്മഗതം ചെയ്യുമ്പോള്‍ അങ്ങനെയാവില്ല അവിടെ ഋതുസംക്രമത്തില്‍ വസന്തകാലപുഷ്പങ്ങള്‍ ഇനിയും വിടാതിരിക്കില്ല എന്നു മൊഴിഞ്ഞ് സാന്തനമരുളാന്‍ അനുവാചകര്‍ക്കു തോന്നിപ്പോകും.

സൂര്യാ ഗോപി

1986 ല്‍ കൊല്ലത്തു ജനിച്ച സൂര്യാ ഗോപി കവി പി. കെ. ഗോപിയുടെ മകളാണ്. ഇപ്പോള്‍ എറണാകുളം സെയിന്‍റ് തെരേസാസ്  കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയാണ്. സാമൂഹ്യതലങ്ങളില്‍ ലിംഗ പഠനവും സാഹിത്യ പഠനവും എന്ന വിഷയത്തിലാണ് സൂര്യ പഠനം നടത്തുന്നത്. മുട്ടത്തു വര്‍ക്കി കലാലയ കഥാ അവാര്‍ഡ്, പൂര്‍ണ-ഉറൂബ് കഥാമത്സര അവാര്‍ഡ്, മലയാള മനോരമ ശ്രീ കഥാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍. “പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടിയാണ്” പ്രഥമ കഥാസമാഹാരം. "ഉപ്പുമഴയിലെ പച്ചിലകള്‍" എന്ന മറ്റൊരു കൃതിയും കൂടിയുണ്ട്. ‘ചിറകുള്ള ചങ്ങലകള്‍’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വില്‍ക്കപ്പെട്ട പെണ്‍കുട്ടിയുടെ ഏകാന്തചിന്തകളാണ് ‘ചിറകുള്ള ചങ്ങലകള്‍’ എന്ന കഥയുടെ ഉള്ളടക്കം. വീട്ടുവേലയ്ക്കായി മാതാപിതാക്കള്‍ വിറ്റ പെണ്‍കുട്ടി അവിടെ ഏകാന്തതടവിലിരുന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പുറംലോകത്തെ അയത്നലളിതമായ ഭാഷയില്‍ വര്‍ണിക്കുന്നതിനൊപ്പം അവളുടെ വ്രണിതഹൃദയത്തില്‍ നിന്നൂറുന്ന ദുഃഖത്തിന്‍റെ തീവ്രതയും കഥാകൃത്ത് മനോഹരമായി അവതരിപ്പിക്കുന്നു. നഗരത്തിന്‍റെ തിരക്കിലൂടെ തന്നെ വിലയ്ക്കുവാങ്ങിയയാളില്‍ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടുന്ന രംഗത്തോടെയാണ് കഥ അവസാനിക്കുന്നത്. അനിശ്ചിതമായ കഥാന്ത്യമാണിത്. ഈ കഥയില്‍ മിന്നിമറയുന്ന ബിംബങ്ങളും രൂപകങ്ങളും ശ്രദ്ധേയം. കഥയുടെ തുടക്കത്തില്‍ തന്നെ പുഴുത്തു നാറിയ ഒരു കഴുതയുടെ ശവത്തെക്കുറിച്ച് സൂചനയുണ്ട്. ദുരന്തത്തിന്‍റെ അനിവാര്യതയില്‍ തളയ്ക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് നാം തുടര്‍ന്നു വായിക്കുന്നതും.

സുശീല വേലായുധന്‍

1961 ല്‍ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തു ജനിച്ചു. ടി. പി. കല്യാണിയും മാധവന്‍ കേരളവര്‍മര്‍ ആചാരിയും മാതാപിതാക്കള്‍. കണ്ണപുരം ഈസ്റ്റ് യു. പി. സ്കൂളിലും ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്കൂളിലും സ്വകാര്യ കോളേജുകളിലുമായി വിദ്യാഭ്യാസം. ബി. എ. ബിരുദം. അനേകം ചെറുകഥകളും രണ്ടു നോവലുകളും രചിച്ചിട്ടുണ്ട്. “സാവിത്രി “എന്ന നോവലിലെ ആദ്യ അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അച്ഛനമ്മമാരെ ഉപേക്ഷിച്ച് ഉയരങ്ങള്‍ തേടിപ്പോയ രാജശേഖരന്‍ മനസ്സില്‍ ഗ്രാമത്തിന്‍റെ നډയും വിശുദ്ധിയും നിറഞ്ഞ നിഷ്കളങ്കയായ സാവിത്രി, വാര്‍ദ്ധക്യത്തില്‍ ആലംബഹീനരായിത്തീര്‍ന്ന രാവുണ്ണി നായരും കല്യാണിക്കുട്ടിയും മകളുടെ വിധിയില്‍ മനംനൊന്ത് ഹൃദയത്തില്‍ തീരാദുഃഖവുമായി ബാലന്‍ നായര്‍ - മനസ്സിലെ ചെറിയ മോഹങ്ങള്‍ പോലും സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരായ കുറെ മനുഷ്യര്‍. ഇവര്‍ക്ക് മാനം മുട്ടുന്ന മോഹങ്ങളില്ലായിരുന്നു. എന്നിട്ടും ഇവര്‍ക്ക് ജീവിതം കയ്പേറിയതായിത്തീര്‍ന്നു. ആര്‍ദ്രതയുടെ തെളിനീരില്‍ മുക്കിയെടുത്ത നോവലാണ് സാവിത്രി.

സ്വര്‍ണലത എം.

1946 -ല്‍ ജനിച്ചു. ബി. എ. (മലയാളം), ബി. എസ്. സി. (ഫിസിക്സ്), എം. എ. (ഇംഗ്ലിഷ് സാഹിത്യം) ബിരുദങ്ങള്‍. റെയ്കി മാസ്റ്റര്‍ ഹീലര്‍. “റെയ്ക്കി - മുക്തിയിലേക്ക് ഒരു പാത” ആണ് പ്രസിദ്ധീകരിച്ച കൃതി. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മരുന്നുകളില്ലാത്ത, തികച്ചും പ്രകൃതിസഹജമായ ഒരു ബദല്‍ ചികിത്സാസമ്പ്രദായം തേടി അലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാണ് റെയ്കി ചികിത്സ. ഇന്ന്, ഏറ്റവും ലളിതവും ജനസമ്മതിയാര്‍ജിച്ചതുമായ ബദല്‍ ചികിത്സയായി ഇതിനെ ലോകമെങ്ങും അംഗീകരിച്ചു കഴിഞ്ഞു. പ്രായഭേദമെന്യേ ആരേയും വൈകാരികമായും മാനസികമായും ആത്മീയമായും സുഖപ്പെടുത്തുന്ന ചികിത്സയാണിത്. റെയ്കി ഒരുവന് സ്വഭാവികമായ ആരോഗ്യവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. റെയ്കിയെക്കുറിച്ചും ഈ ചികിത്സസയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അവബോധം നല്‍കാന്‍ കഴിയുന്ന പുസ്തകമാണ് "റെയ്കി - മുക്തിയിലേക്കുള്ള പാത" . ഈ പുസ്തകത്തിലെ ‘അല്പം ചരിത്രം’ എന്ന അധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലായിടത്തും വ്യാപിച്ചതും എല്ലാ സൃഷ്ടിക്കും കാരണഭൂതവുമായ ഊര്‍ജത്തെ ജാപ്പനീസ് ഭാഷയില്‍ "റെയ്കി" എന്ന് പറയുന്നു. ഡോക്ടര്‍ മിക്കാ ഓ ഉസൂയി ആണ് റെയ്കിയുടെ ഉപജ്ഞാതാവ്. റെയ്കിയുടെ വിശദമായ ചരിത്രം വിവരിക്കുകയാണ് ഈ അധ്യായത്തില്‍.

സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍

ഒരു അന്തര്‍ദേശീയ സഭയായ സൊസൈറ്റി ഓഫ് കാത്തലിക് മെഡിക്കല്‍ മിഷണറീസിലെ അംഗമാണ് സിസ്റ്റര്‍ വിജയ. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രാജകുമാരി അമൃതകൗര്‍ കോളേജ് ഓഫ് നഴ്സിംഗില്‍ നിന്ന് രോഗപരിചരണത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആതുരശുശ്രുഷാരംഗത്ത് വിപുലമായ അനുഭവസമ്പത്തുണ്ട്. നാടിന്‍റെ വ്യത്യസ്തഭാഗങ്ങളിലായി നഴ്സിംഗ് മേഖലയില്‍ അവര്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും നഴ്സിംഗ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സജീവാംഗമാണവര്‍. ഇപ്പോള്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ നഴ്സിംഗ് സൂപ്രണ്ടായി ജോലി നോക്കുന്നു. “ഹോം നഴ്സിംഗ്” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ പുസ്തകത്തിലെ ഉപക്രമം ആണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകങ്ങളെക്കുറിച്ച് ഈ അധ്യായത്തില്‍ വിവരിക്കുന്നു. ഒപ്പം ദൈനംദിന ജീവിതത്തില്‍ ഒരു വ്യക്തി അവശ്യം നിറവേറ്റണ്ടതായ ഒമ്പതു കാര്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate