অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നമ്മുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞര്‍

നമ്മുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞര്‍

ഭാരതീയ ശാസ്ത്രജ്ഞര്‍

ലിസ്റ്റ്‌ ഭാരതീയ ശാസ്‌ത്രജ്ഞര്‍ .

ഒക്‌ടോബര്‍
1.മേഘനാഥ്‌ സാഹ-ഒക്‌ടോ 6,1893-
2.ജി.എന്‍.രാമചന്ദ്രന്‍- ഒക്‌ടോ 8,1922-
3.എ.പി.ജെ.അബ്‌ദുള്‍ കലാം-ഒക്‌ടോ 15,1931
4.എസ്‌.ചന്ദ്രശേഖര്‍- ഒക്‌ടോ 19,1910-
5.ശിശിര്‍ കുമാര്‍ മിത്ര- ഒക്‌ടോ 24,1890-
6.ഹോമി.ജെ.ഭാഭ- ഒക്‌ടോ 30,1909-
7.ജി.മാധവവന്‍ നായര്‍- ഒക്‌ടോ 31, 1943
നവംബര്‍
1. സി.വി.രാമന്‍- നവം 7,1888-
2. സലിം അലി- നവം 12,1896-
3. ബീര്‍ബല്‍ സാഹ്നി - നവം 14,1891-
4. ജെ.സി.ബോസ്‌- നവം 30,1858-
ഡിസംബര്‍
1. ഉപേന്ദ്രനാഥ്‌ ബ്രഹ്മചാരി- ഡിസം 19,1873-
2. ശ്രീനിവാസരാമാനുജന്‍- ഡിസം 22,1887-
3. കരിമാണിക്കം ശ്രീനിവാസകൃഷ്‌ണന്‍- ഡിസം 4,1898-
ജനുവരി
1. ആര്‍.എ.മഷേല്‍ക്കര്‍-ജനു 1,1943-
2. സത്യേന്ദ്രനാഥ്‌ ബോസ്‌-ജനു 1,1894-
3. ഹര്‍ ഗോവിന്ദ്‌ ഖുരാന-ജനു 9,1922-
4. ഗോപിനാഥ്‌ കര്‍ത്ത -ജനു 27,1922-
5. രാജാരാമണ്ണ- ജനു 28,1925-
ഫെബ്രുവരി
1. ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍- ഫെബ്രു 21,1894-
മാര്‍ച്ച്‌
1. കല്‍പനാ ചൗള- മാര്‍ച്ച്‌ 7,1962-
ജൂണ്‍
1. പി.സി.മഹാലനോബിസ്‌- ജൂണ്‍ 29,1893-
2. സി.എന്‍.ആര്‍. റാവു- ജൂണ്‍ 30,1934
ജൂലൈ
1. ഡി.എസ്‌.കോത്താരി- ജൂലൈ 6,1906-
2. ജയന്ത്‌ നാര്‍ലിക്കര്‍- ജൂലൈ19,1938-
ആഗസ്റ്റ്‌
1. പ്രഫുല്ല ചന്ദ്രറേ- ആഗസ്റ്റ്‌ 2,1861 -
2. എം.എസ്‌.സ്വാമിനാഥന്‍- ആഗസ്റ്റ്‌ 7,1925
3. വിക്രംസാരാഭായ്‌- ആഗസ്റ്റ്‌ 12,1919-
4. എം.ജി.കെ.മേനോന്‍- ആഗസ്റ്റ്‌ 28,1928
സെപ്‌തംബര്‍
1. വിശ്വേശരയ്യ- സെപ്‌തം 15,1860-
2. ഇ.സി.ജി.സുദര്‍ശന്‍- സെപ്‌തം 16,1931

ഭാരതീയ എന്‍ജിനീയര്‍മാര്‍

1. വര്‍ഗീസ്‌ കുര്യന്‍- നവം 26,1921 അമുല്‍
2. എന്‍.എസ്‌.രാമസ്വാമി-ഐ.ഐ.എംബാഗ്ലൂര്‍ സ്ഥാപക ഡയറക്‌ടര്‍
3. അശോക്‌ ജുന്‍ജുന്‍വാല-ഗ്രാമീണ ടെലകോം വിദഗ്‌ദന്‍,ഐ.ഐ.ടി ചെന്നൈ
4. സാം പത്രോദ-ടെലകോം വിദഗ്‌ദന്‍
5. ഇ.ശ്രീധരന്‍-കൊങ്കണ്‍,ഡല്‍ഹിമെട്രോ റെയില്‍വേ
6.സി.ജി.കൃഷ്‌ണദാസ്‌ നായര്‍- എച്‌.എ.എല്‍
7. രാജേന്ദ്ര പച്ചൂരി- 2007 നോബല്‍ സമാധാന സമ്മാനം

ആദ്യ കാല ശാസ്‌ത്രജ്ഞര്‍

ആര്യഭടന്‍
ബ്രഹ്മ ഗുപ്‌തന്‍
സുശ്രുതന്‍
ചരകന്‍
ധന്വന്തരി
ഭാസ്‌കര 1
ഭാസ്‌കര 2
പിംഗള
വാഗ്‌ഭടന്‍
വരാഹമിഹിരന്‍
കണാദന്‍

ഡോ: രാജാ രാമണ്ണ (1925 ജനുവരി 28 - 2004 സെപ്‌തംബര്‍ 24 )

ഭാരത്തിലെ ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനാണ്‌ ഡോ: രാജാരാമണ്ണ. അണുഭൗതികം എന്ന മേഖലയില്‍ ശ്രദ്ധേയമായ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സംഗീതം, സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്നു രാജാരാമണ്ണ.

ര്‍ണ്ണാടക സംസ്ഥാനത്തെ തുംകൂറില്‍ 1925 ജനുവരി 28ന്‌ ജനിച്ചു. ജില്ലാ മജിസ്‌ട്രേറ്റായിരുന്നു. പിതാവ്‌ ബി.രാമണ്ണ. അമ്മയുടെ പേര്‌ രുക്‌മിണിയമ്മ. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്‌ മൈസൂരിലായിരുന്നു. പിന്നീട്‌ ബാഗ്ലൂരിലേക്ക്‌ താമസം മാറി. സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ബാംഗ്ലൂര്‍, മദ്രാസിലെ താംബരത്തുള്ള ക്രിസ്‌ത്യന്‍ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നായി കോളജ്‌ വിദ്യാഭ്യാസം നേടിയശേഷം ഗവേഷണബിരുദത്തിനായി ലണ്ടനിലെ കിംഗ്‌സ്‌ കോളേജില്‍ ചേര്‍ന്നു. ലണ്ടനില്‍ വച്ച്‌ ഹോമി ജെ ഭാഭയെ കാണാനും അതുവഴി ജെ.എന്‍.ടാറ്റാ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കാനായതും രാജാരാമണ്ണയുടെ ജീവിതത്തിലെ വഴിത്തിരിവായി. ന്യൂക്ലിയര്‍ ഭൗതികത്തിലായിരുന്നു. ഇദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചത്‌.

1947 ല്‍ ഭാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (TIFR) ഗവേഷണത്തിനായി ചേര്‍ന്നു. ഇവിടെ ഹോമി ജെ ഭാഭയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ഗവേഷണ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ രാജാരാമണ്ണക്ക്‌ കൂടുതല്‍ ഉത്സാഹം പകര്‍ന്നു. ട്രോംബെയിലുള്ള ബാര്‍ക്കിന്റെ ഡയറക്‌ടറായി 1972 ല്‍ സ്ഥാനമേറ്റു.. ഇക്കാലയളവിലാണ്‌ ഭാരതം ആദ്യ ആണവ പരീക്ഷം നടത്തുന്നത്‌ (1974 മേയ്‌ 18ന്‌). ബുദ്ധന്റെ ചിരി എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ പരീക്ഷണം വിജയമായത്‌ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കുന്നു. 1978 ല്‍ പ്രതിരോധ ഗവേഷണവികസന കേന്ദ്രത്തിന്റെ (DRDO) മേധാവിയായി. 1981 ല്‍ ബാര്‍ക്കിലേക്ക്‌ തിരിച്ചെത്തിയ ഇദ്ദേഹം 1983 വരെ അവിടെ ഡയറക്‌ടറായി തുടര്‍ന്നു. ഇതിനു ശേഷം അണുശക്തി കമ്മീഷന്റെ ചെയര്‍മാനായി .

ദേശീയ അന്തര്‍ദേശീയ ജേണലുകളിലും പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ശാസ്‌ത്രസാങ്കേതിക മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും. നല്ലോരു പിയാനോ വായനക്കാരന്‍ കൂടിയായിരുന്ന രാജാരാമണ്ണ എഴുതിയ The structure of Music in Raga and Western Systems സംഗീത്തിലുള്ള അഗാധ താത്‌പര്യം വ്യക്തമാക്കുന്നു.

തീര്‍ത്ഥാടന വര്‍ഷങ്ങള്‍ (Years of Pilgrimage) എന്ന ആത്മകഥയും (1991)പ്രസീദ്ധീകരിച്ചിട്ടുണ്ട്‌. ലണ്ടനില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ റോയല്‍ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കില്‍ നിന്ന്‌ സംഗീതത്തില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു.ഒട്ടേറെ സമിതികളില്‍, സംഘടനകളില്‍ അംഗമായും മുഖ്യസംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇന്റര്‍നാഷണല്‍ അറ്റോമിക്‌ എനര്‍ജി ഏജന്‍സി അധ്യക്ഷന്‍, ബാംഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ഭരണസമിതി ചെയര്‍മാന്‍, ബോംബെ ഐ.ഐ.ടി ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടര്‍, പ്രതിരോധ മന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്‌, ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി പ്രസിഡന്റ്‌ (1977-78) എന്നിവ അവയില്‍ ചിലതുമാത്രം.

1990 ല്‍ വി.വി.സിംഗ്‌ സര്‍ക്കാരില്‍ പ്രതിരോധ വകുപ്പ്‌ സഹമന്ത്രിയായി. 1997 ല്‍ രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗവുമായ ഇദ്ദേഹം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവതാത്‌പര്യം കാട്ടിയിരുന്നു. ഇറാഖ്‌ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്‍ തന്റെ രാജ്യത്തെ സാങ്കേതിക വിദ്യയുടെ വികാസത്തിന്‌ നേതൃത്വം നല്‍കാന്‍ (1978 ല്‍) രാജാ രാമണ്ണയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു, പിന്നീടിദ്ദേഹം ഇത്‌ നിരസിച്ചു. 2004 സെപ്‌തംബര്‍ 24 ന്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. അവസാന നാളുകള്‍ വരെ നിരവധി കര്‍മമണ്ഡലങ്ങളില്‍ ചുറുചുറുക്കോടെ വ്യാപൃതനായിരുന്ന പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനായിരുന്നു ഡോ. രാജാ രാമണ്ണ.

അംഗീകാരങ്ങള്‍ : ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം (1963), നെഹ്‌റു അവാര്‍ഡ്‌ (1983), മേഘനാഥ്‌ സാഹാ സ്വര്‍ണ മെഡല്‍ (1984), വിശ്വഭാരതിയില്‍ നിന്നും ബഹുമതി ഡോക്‌ടറേറ്റ്‌ (1993), അശുതോഷ്‌ മുഖര്‍ജി സ്വര്‍ണ മെഡല്‍ (1996),പദ്‌മശ്രീ,പദ്‌മഭൂഷണ്‍,പദ്‌മ വിഭൂഷണ്‍.

പ്രശസ്‌തമായ വാചകം : 'ഭാരതത്തിലെ ശ്രദ്ധേയ ശാസ്‌ത്രജ്ഞന്മാരുടെ ഗാലക്‌സിയിലെ തിളങ്ങുന്ന നക്ഷത്രം തന്നെയാണ്‌ ഡോ. രാജാ രാമണ്ണ. ഭാരതത്തിന്റെ വിഖ്യാത പുത്രനും' - ഡോ. മന്‍മോഹന്‍ സിംഗ്‌

ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ (1894 ഫെബ്രുവരി 21- 1955 ജനുവരി 1 )

ഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയില്‍ മികവ്‌ തെളിയിച്ച പ്രതിഭാശാലിയായിരുന്നു ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍. അക്കാദമിക്‌ ഗവേഷണങ്ങള്‍ക്കൊപ്പം തന്നെ വ്യാവസായികശാലകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവയ്‌ക്കുള്ള പ്രായോഗിക പരിഹാരം കണ്ടുപിടിക്കാനും ഭഗ്‌നഗര്‍ ഉല്‍സാഹം കാട്ടിയിരുന്നു. ഇന്ത്യന്‍ 'ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്‌' എന്നാണ്‌ ഇദ്ദേഹത്തെ അറിയപ്പെടുന്നത്‌.

പ്പോള്‍ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ്‌ പ്രദേശത്തെ ഷാപുര്‍ ജില്ലയിലെ ഭേര എന്ന സ്ഥലത്ത്‌ 1894 ഫെബ്രുവരി 21 ന്‌ ജനിച്ചു. പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയശേഷം അധ്യാപകനായി ജോലിയെടുത്തു വന്ന അച്ഛന്‍ പരമേശ്വര സഹായി ഭട്‌നഗറും അമ്മ പാര്‍വ്വതിയും മികച്ച അക്കാദമിക പാരമ്പര്യം ഉള്ളകുടുംബത്തില്‍ നിന്നായിരുന്നു എന്നത്‌ ഭട്‌നഗറിന്റെ ശാസ്‌ത്രഭിരുചി വളര്‍ത്താന്‍ തുടക്കത്തിലേ സഹായകമായി. വളരെ ചെറുപ്പകാലത്തുതന്നെ യന്ത്രകളിപ്പാട്ടം, ചരടുകെട്ടിയുണ്ടാക്കുന്ന ഫോണ്‍ എന്നിവ ഉണ്ടാക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു ശാന്തി സ്വരൂപ്‌. ബാല്യകാലത്തു തന്നെ അച്ഛന്‍ മരിച്ചു. മുത്തച്ഛനാണ്‌ പീന്നീട്‌ ഭട്‌നഗറിനെ വളര്‍ത്തിയത്‌. റൂര്‍ക്കി എന്‍ജിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ ബിരുദമെടുത്ത ആളായിരുന്നു മുത്തച്ഛനെന്നത്‌ യന്ത്രങ്ങളോടും സാങ്കേതിക വിദ്യയോടുമുള്ള ചങ്ങാത്തം കൂടാന്‍ ഭട്‌നഗറിന്‌ സഹായമായി. സ്വന്തം നിലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം തുടര്‍ന്ന്‌ സെക്കന്തരാബാദിലുള്ള എ.വി. ഹൈസ്‌ക്കൂളിലും ചേര്‍ന്നു. 1913-ല്‍ പഞ്ചാബ്‌ സര്‍വ്വകലാശാലയില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസായി. ഭൗതികശാസ്‌ത്രവും രസതന്ത്രവുമായിരുന്നു പിന്നീടങ്ങോട്ട്‌ ഇഷ്‌ട പഠന വിഷയങ്ങള്‍ 1919 ല്‍ രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനായി ലണ്ടനിലെത്തി. പ്രശസ്‌ത ശാസ്‌ത്രജ്ഞനായ പ്രൊഫ. ഡണ്ണന്റെ മേല്‍നോട്ടത്തിലാണ്‌ ഗവേഷണപഠനം നടത്തിയത്‌. 1921 ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഡോക്‌ടറേറ്റും കരസ്ഥമാക്കി.

ഭാരതത്തിലെത്തിയ ശേഷം ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. 1924 - ല്‍ യൂണിവേഴ്‌സിറ്റി കെമിക്കല്‍ ലബോറട്ടറി ഡയറക്‌ടറായി പ്രവേശിച്ചു. 1928-ല്‍ കാന്തികസ്വഭാവം അളക്കുന്നതിനുള്ള ഉപകരണം ബി.എന്‍. മാത്തറുമായി ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്തു. ഈ ഉപകരണം 'ഭട്‌നഗര്‍-മാഗൂര്‍ മാഗ്നെറ്റിക്‌ ഇന്റര്‍ഫറന്‍സ്‌ ബാലന്‍സ്‌' എന്നാണറിയപ്പെടുന്നത്‌.

1940 - ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ രൂപീകരിച്ച ശാസ്‌ത്ര വ്യവസായ ഗവേഷണ ബോഡിന്റെ (BSIR) ഡയറക്‌ടറായി. ഇതിനെ തുടര്‍ന്ന്‌ ഭട്‌നഗറിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചെന്ന (CSIR) സ്ഥാപനം രൂപീകൃതമായി. തുടര്‍ന്ന്‌ CSIR ന്റെ കീഴില്‍ ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കപ്പെട്ടു.

വഹര്‍ലാല്‍ നെഹ്‌റുവുമായുണ്ടായിരുന്ന സൗഹൃദം ഈ ഗവേഷണശാലാ ശൃംഖലയെ കരുത്താര്‍ജ്ജിപ്പാക്കാനായി ഉപയോഗിക്കാന്‍ സാധിച്ചു. നെഹ്‌റുവുമായുള്ള ചങ്ങാത്തത്തെ സി.വി.രാമന്‍ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു. `നെഹ്‌റു -ഭട്‌നഗര്‍ പ്രഭാവം'.1947-ല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തില്‍ ഗവേഷണ വിഭാഗം സെക്രട്ടറിയായി.

ശാസ്‌ത്രം, സാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളില്‍ പ്രായോഗിക ഗവേഷണങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കി. മെഴുകിന്റെ നിറം നിര്‍വ്വീര്യമാക്കാനുള്ളതും, മണ്ണെണ്ണ വിളക്കിന്റെ ജ്വാല ഉയര്‍ത്തുന്നതുമായ ചെറുനീക്കങ്ങള്‍ക്കൊപ്പം എണ്ണശുദ്ധീകരണശാലയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വരെ പരിഹരിക്കുന്നതിലും ഇദ്ദേഹം വ്യാപൃതമായി.ശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കലാസാഹിത്യ സംരഭങ്ങളിലും ഭട്‌നഗര്‍ താത്‌പര്യം കാട്ടിയിരുന്നു. സ്‌കൂള്‍-കോളേജ്‌ പഠനസമയത്ത്‌ നാടകത്തില്‍ അഭിനയിച്ചിരുന്നു. സര്‍വകാലാശാലയിലെ ഔദ്യോഗിക ഗീതം (കുലഗീതം-യൂണിവേഴ്‌സിറ്റി സോംഗ്‌) ചിട്ടപെടുത്തിയതും ഇദ്ദേഹമായിരുന്നു.

ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി തുടങ്ങിയ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്റെ (യു.ജി.സി.) ആദ്യ അധ്യക്ഷനും പ്രൊഫസര്‍ ശാന്തി സ്വരൂപ്‌ ഭട്‌നഗറായിരുന്നു. 1955 ജനുവരി ഒന്നിന്‌ ഇദ്ദേഹം അന്തരിച്ചു.

അംഗീകാരങ്ങള്‍: 1941 ല്‍ സര്‍ ബഹുമതി, 1943 ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം, 1954 ല്‍ പത്മഭൂഷണ്‍. മികച്ച ശാസ്‌ത്രജ്ഞര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ അവാര്‍ഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

പ്രശസ്‌തമായ വാചകം: `നിരവധി പ്രഗത്ഭമതികളുമായി ഞാന്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ലക്ഷ്യപൂര്‍ത്തിക്കുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിനുപരിയായി മറ്റുപല കഴിവുകളും ഒത്തുചേര്‍ന്ന സവിശേഷ ചേരുവയാണ്‌ ഡോ. ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍... ഇന്നു കാണുന്ന ദേശീയ ശാസ്‌ത്രപരീക്ഷണശാലകളുടെ ശൃംഖല ഭട്‌നഗര്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക്‌ കാണാന്‍ സാധിക്കുമായിരുന്നില്ല എന്നു ഞാന്‍ ഉറപ്പു പറയുന്നു' - ജവഹര്‍ലാല്‍ നെഹ്‌റു

ഹര്‍ഗോവിന്ദ്‌ ഖുരാന (1922 ജനുവരി 9- )

ജീവന്റെ ഭാഷമനസിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ശാസ്‌ത്രജ്ഞനാണ്‌ ഹര്‍ ഗോവിന്ദ്‌ ഖുരാന. ജനിതക എന്‍ജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊന്നായി പരിഗണിക്കുന്ന ഖുരാന 1922 ജനുവരി 9-ാം തീയതി ഇപ്പോഴത്തെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരില്‍ ജനിച്ചു. പിതാവ്‌ ബ്രിട്ടീഷ്‌ ഇന്ത്യ ഗവണ്‍മെന്റില്‍ കാര്‍ഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുള്‍ട്ടാന്‍ ഡി.എ.വി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ഭാരത സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന്‌ ഡോക്‌ടറല്‍ബിരുദം നേടി. തുടര്‍ന്ന്‌ സൂറച്ചില്‍ പോസ്റ്റ്‌ഡോക്‌ടറല്‍ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകനാകാന്‍ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്‌തു. 1949 മുതല്‍ 1952 വരെ കേംബ്രിഡ്‌ജില്‍.

1952 ല്‍ കാനഡയിലെ വാന്‍കോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായി. ശരീരത്തില്‍ ജീവശാസ്‌ത്രപ്രവര്‍ത്തനത്തിന്‌ ആവശ്യമായ 'കോഎന്‍സൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയില്‍ ജനിതകരേഖ മനസിലാക്കാന്‍ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ 1968 ല്‍ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു. 1970 ല്‍ അമേരിക്കയിലെ എം.ഐ.ടിയില്‍ ആല്‍ഫ്രഡ്‌ സ്ലോവന്‍ പ്രൊഫസര്‍ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.

1976 ല്‍ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയില്‍ പഠനം നടത്തി. ഈ കൃത്രിമ ജീന്‍ സംയോജനം വന്‍ വിജയമായിരുന്നു. പരീക്ഷണത്തെ തുടര്‍ന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി. ജനതികരഹസ്യം കൂടുതല്‍ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസര്‍ ഖുരാന ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌. 21-ാം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാല്‍ തന്നെ ഈ ഭാരതീയന്‍ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.

അംഗീകാരങ്ങള്‍: വൈദ്യശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം, അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ അംഗം, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ അംഗം.

സത്യേന്ദ്രനാഥ്‌ ബോസ്‌ (1894 JANUARY 1- 1974 ഫെബ്രുവരി 4)

ഭൗതികശാസ്‌ത്രലോകത്ത്‌ വ്യക്തമായ മുദ്രപതിപ്പിച്ച ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ സത്യേന്ദ്രനാഥ്‌ ബോസ്‌. വിഖ്യാത ശാസ്‌ത്രജ്ഞനായ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ചിന്താധാരയെ സ്വാധീനിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളും സത്യേന്ദ്രനാഥ്‌ബോസ്‌ തന്നെ. ബോസ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌, ബോസോണുകള്‍ (ദ്രവ്യത്തിന്റെ ഘടകങ്ങളെ ബോസോണ്‍ എന്നും ഫെര്‍മിയോണ്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്‌). ബോസ്‌- ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.

1894 ലെ നവവല്‍സരദിനത്തില്‍ കൊല്‍ക്കത്തയിലെ ഗോവാബാഗനില്‍ ജനിച്ചു. പിതാവ്‌ സുരേന്ദ്രനാഥ്‌ ബോസ്‌ ഇന്ത്യന്‍ റെയില്‍വേയില്‍ അക്കൗണ്ടന്റായിരുന്നു. അമ്മ അമോദിനിദേവി. കുട്ടിക്കാലത്ത്‌ സത്യയെന്‍ബോസ്‌ എന്നാണ്‌ എല്ലാവരും വിളിച്ചിരുന്നത്‌. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു ബോസ്‌. കൊല്‍ക്കത്തയിലെ ഹിന്ദുസ്‌കൂളില്‍ ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേര്‍ന്നു. കോളേജില്‍ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെന്‍ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. ശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടുകൂടി തന്നെ പൂര്‍ത്തിയാക്കി. 1915 ല്‍ ഉഷ ബാലാഘോഷിനെ വിവാഹം ചെയ്‌തു.

1917ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ചേര്‍ന്നു. ഇവിടെ മോഡേണ്‍ മാത്തമാറ്റിക്‌സിലും ഭൗതിക ശാസ്‌ത്രത്തിലും പുതിയ ബിരുദാനന്തര ബിരുദ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുള്‍ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തം വിദ്യാര്‍ത്ഥികള്‍ക്കായി സിലബസില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തതിനൊപ്പം തന്നെ ഐന്‍സ്റ്റൈന്റെ സംഭാവനകള്‍ ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു. 1921 ല്‍ ധാക്കാ സര്‍വകലാശാലയില്‍ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തില്‍ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടര്‍ന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തില്‍ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേര്‍ണലുകളും ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐന്‍സ്റ്റീന്റെ പക്കലെത്തിയ ഉടന്‍തന്നെ നിര്‍ണായകമായ അംഗീകാരം ലഭിച്ചു. ഐന്‍സ്റ്റൈന്‍ തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു പോപ്പുലര്‍ ലേഖനവും ഐന്‍സ്റ്റൈന്‍ എഴുതി. തുടര്‍ന്ന്‌ ബോസ്‌ ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകള്‍ എന്നും അിറയപ്പെടാന്‍ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273oC) അടുത്തെത്തിച്ചാല്‍ ബോസ്‌-ഐന്‍സ്റ്റൈന്‍ നിയമപ്രകാരം ആറ്റങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാല്‍ 1995 ല്‍ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. എറിക്‌ കോര്‍ണലും വീമാനും ചേര്‍ന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തില്‍ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസന്‍സ്‌, തെര്‍മോലൂമിനസന്‍സ്‌ എന്നിവയില്‍ ബോസ്‌ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തു.

1924 ല്‍ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേര്‍ന്ന്‌ ഗവേഷണം നടത്താനുള്ള സ്‌കോളര്‍ഷിപ്പ്‌ ധാക്കാ സര്‍വകലാശാല അനുവദിച്ചത്‌ ബോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടര്‍ന്ന്‌ ബര്‍ലിനില്‍ വച്ച്‌ ഐന്‍സ്റ്റൈനെ സന്ദര്‍ശിക്കുകയും ചെയ്‌തു. ഭാരത സ്വാതന്ത്ര്യത്തന്‌ തൊട്ടുമുമ്പ്‌ കൊല്‍ക്കത്തയില്‍ തിരിച്ചെത്തി അവിടെ പ്രൊഫസറായി ചേര്‍ന്നു.ശാസ്‌ത്രത്തെ പ്രാദേശിക ഭാഷയിലെത്തിക്കുന്നതില്‍ വളരെയേറെ സംഭാവനകള്‍ ബോസ്‌ നല്‍യിരുന്നു. പ്രാദേശിക ഭാഷയിലെത്തുന്നതോടെ കൂടുതല്‍ ജനങ്ങളിലേക്ക്‌ ശാസ്‌ത്രനേട്ടങ്ങളെ എത്തിക്കാമെന്നത്‌ അദ്ദേഹത്തെ ആവശഭരിതനാക്കിയിരുന്നു. ശാസ്‌ത്രത്തിന്റെ വിവിധ കൈവഴികളെ ജനകീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം രാഷ്‌ട്രീയ പ്രവര്‍ത്തനമായി കാണാം. ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പ്രവര്‍ത്തകരും, സാഹിത്യനായകരും, ശാസ്‌ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം ബംഗാളില്‍ സംഘടിച്ചിരുന്നതും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബോസിന്‌ സഹായകമായി.

ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോണ്‍ സവിശേഷ പഠനവിഷയമാക്കിയവര്‍ക്ക്‌ പിന്നീട്‌ നോബല്‍ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.1974 ഫെബ്രുവരി 4 ന്‌ 80-ാമത്തെ വയസ്സില്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു.

അംഗീകാരങ്ങള്‍: 1944ല്‍ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു,1958 ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം, ഭാരത സര്‍ക്കാരിന്റെ ദേശീയ പ്രൊഫസര്‍ പദവി എന്നിവ ഇദ്ദേഹത്തിന്‌ ലഭിച്ച ബഹുമതികളില്‍ പെടുന്നു. കൊല്‍ക്കത്തയിലെ എസ്‌.എന്‍.ബോസ്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക്‌ സയന്‍സ്‌ ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നു.

പ്രശസ്‌തമായ വാചകം: "ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ചയാള്‍" - ജോണ്‍ ഗ്രിബിന്‍

കെ എസ്‌ കൃഷ്‌ണന്‍ (1898 ഡിസം 4-1961 ജൂണ്‍ 13)

സി.വി രാമന്‌ നോബല്‍ സമ്മാനം ലഭിച്ച 'രാമന്‍ ഇഫക്‌ട്‌' എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാര്‍ച്ച്‌ ലക്കം 'നേച്ചറില്‍' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ എന്ന കെ എസ്‌ കൃഷ്‌ണന്‍. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കെ എസ്‌ കൃഷ്‌ണന്‍ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോര്‍ട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭാശാലിയായിരുന്നു. അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സഹകരിച്ചിരുന്നു. മികച്ച അധ്യാപകന്‍, ഗവേഷണാചാര്യന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ മാതൃകയാക്കാവുന്ന പ്രതിഭാശാലിയായിരുന്നു കെ എസ്‌ കൃഷ്‌ണന്‍.

മിഴ്‌നാട്ടിലെ രാംനാട്‌ ജില്ലയിലെ വാര്‍ട്രാപ്പില്‍ 1898 ഡിസംബര്‍ നാലിന്‌ ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന്‌ ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളില്‍ ചേര്‍ന്നു. മധുരയിലെ അമേരിക്കന്‍ കോളജിലും ചെന്നൈ ക്രിസ്‌ത്യന്‍ കോളജിലുമായി കോളജ്‌ വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന്‌ തിരഞ്ഞെടുത്തത്‌. കൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നത്‌ തന്നെ ഒന്‍പതാം ക്ലാസില്‍ പഠിപ്പിച്ച ഒരു അധ്യാപകന്റെ പ്രേരണയും ക്ലാസുമാണ്‌ ശാസ്‌ത്രത്തില്‍ താത്‌പര്യം ജനിപ്പിച്ചതെന്നാണ്‌. രസതന്ത്ര വിഭാഗത്തില്‍ ഡെമണ്‍സ്‌ട്രേറ്റര്‍ ആയാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളില്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേള്‍ക്കാന്‍ മറ്റ്‌ കോളജുകളില്‍ നിന്നുവരെ സഹൃദയര്‍ എത്തിയിരുന്നു.

1920 ല്‍ കല്‍ക്കത്തയിലെത്തി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സില്‍ ചേര്‍ന്നു. ഇവിടെ വച്ച്‌ സി വി രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴില്‍ ഭൗതികശാസ്‌ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. കല്‍ക്കട്ട സര്‍വകലാശാലയില്‍ വച്ച്‌ ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവ്‌ നേടിയ ശേഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. സി വി രാമനോടൊത്തുള്ള അഞ്ചു വര്‍ഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ്‌ കെ എസ്‌ കൃഷ്‌ണന്‍ തന്നെ എടുത്തു പറയുന്നത്‌.

ശാസ്‌ത്ര ഗവേഷണത്തിലുപരിയായി സാഹിത്യം, മതം, തത്ത്വശാസ്‌ത്രം എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോര്‍ട്‌സില്‍ പ്രത്യേകിച്ച്‌ ഫുട്‌ബോളില്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡനിലെ ഫുട്‌ബാള്‍ മത്സരങ്ങള്‍ പതിവായി കണ്ടിരുന്നു. എന്നാല്‍ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട്‌ ആന്ധ്രാ സര്‍വകലാശാലയിലെ പ്രൊഫസര്‍ പദവിയിലേക്ക്‌ കൃഷ്‌ണനെ നാമനിര്‍ദ്ദേശം ചെയ്‌തപ്പോഴും രാമന്‍ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമന്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌.

1928 ല്‍ ധാക്കാ സര്‍വകലാശാല ഭൗതിക ശാസ്‌ത്ര വകുപ്പില്‍ റീഡര്‍ തസ്‌തികയില്‍ ജോലിക്ക്‌ ചേര്‍ന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കി. അവിടെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ ആയിരുന്നു വകുപ്പ്‌ മേധാവിയെന്നതും കെ എസ്‌ കൃഷ്‌ണന്റെ ശാസ്‌ത്ര മുന്നേറ്റങ്ങള്‍ക്ക്‌ സഹായകമായി. ക്രിസ്റ്റല്‍ മാഗ്നറ്റിസത്തിലും മാഗ്നറ്റോ കെമിസ്‌ട്രിയിലും ആ സമയത്ത്‌ ഗവേഷണങ്ങള്‍ നടത്തി. 1933 ല്‍ കല്‍ക്കത്തയില്‍ തിരിച്ചെത്തി ഐ എ സി എസില്‍ പ്രൊഫസറായി ചേര്‍ന്നു. കാന്തിക സ്വഭാവത്തെക്കുറിച്ചുള്ള പഠനം ഇവിടെയും തുടര്‍ന്നു. 1937 ല്‍ കാവന്‍ഡിഷ്‌ ലബോറട്ടറിയിലും, റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലണ്ടനിലും പ്രഭാഷണത്തിനായി ക്ഷണിച്ചു. 1942 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. 1948 ല്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ഡയറക്‌ടറായി. വളരെ സജീവമായ ശാസ്‌ത്രസാങ്കേതിക ജീവിതത്തിനുടമയായിരുന്നു കെ എസ്‌ കൃഷ്‌ണന്‍. 1961 ജൂണ്‍ 13-ാം തീയതി അന്തരിച്ചു.

അംഗീകാരങ്ങള്‍:

റോയല്‍ സൊസൈറ്റി അംഗത്വം1940,സര്‍ ബഹുമതി(1946),പത്മഭൂഷണ്‍(1954),ദേശീയ പ്രൊഫസര്‍ സ്ഥാനം(1960),ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം(1961),ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ ഉപാധ്യക്ഷന്‍,നാഷണല്‍ അക്കാദമി ോഫ്‌ സയന്‍സ്‌ അധ്യക്ഷന്‍,ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്‌ഥാനം

ശ്രീനിവാസ രാമാനുജന്‍(1887 ഡിസം22-1920 ഏപ്രില്‍ 26)

ഭാരതം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്‌ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജന്‍. സ്വപ്രയത്‌നത്തിന്റെയും ജന്മവാസനയുടെയും മികവില്‍ ഗണിതശാസ്‌ത്രത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം കാട്ടി. കേവലം 33 വര്‍ഷം മാത്രം നീണ്ട ജീവിതത്തിനുള്ളില്‍ തന്നെ ഒരു ഗണിതശാസ്‌ത്രജ്ഞന്‌ എത്താവുന്ന ഉയരങ്ങളില്‍ ശ്രീനിവാസ രാമാനുജന്‍ എത്തി.

ശ്രീനിവാസ അയ്യങ്കാരുടെയും കോമളലതാമ്മാളിന്റെയും പുത്രനായി 1887 ഡിസംബര്‍ 22 ന്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ എന്ന സ്ഥലത്ത്‌ രാമാനുജന്‍ ജനിച്ചു. പഠനകാലത്ത്‌ ഗണിതത്തില്‍ മാത്രം എന്നും ഒന്നാമതെത്തിയിരുന്ന രാമാനുജന്‍ മറ്റു വിഷയങ്ങളില്‍ ഒട്ടും താത്‌പര്യം കാണിച്ചിരുന്നില്ല. പൈ (pi) യുടെ മൂല്യം നാല്‌ ദശാംശ സ്ഥാനം വരെ കൃത്യമായി കണ്ടുപിടിച്ച്‌ സ്‌കൂളില്‍ സഹപാഠികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ്‌ കുംഭകോണം സര്‍ക്കാര്‍ കോളജില്‍ ചേര്‍ന്നതെങ്കിലും ഗണിതത്തോട്‌ മാത്രമുള്ള അതീവ ശ്രദ്ധ മൂലം മറ്റ്‌ വിഷയങ്ങള്‍ തോല്‍ക്കാനിടയായി. ഇതു മൂലം കോളജ്‌ പഠനം തുടരാനായില്ല. ഔദ്യോഗികമായി പഠനം ഉപേക്ഷിച്ചെങ്കിലും നോട്ടുബുക്കുകളില്‍ ഗണിതശാസ്‌ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സ്വയം ഗവേഷണങ്ങള്‍ നടത്തി വന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ഗണിതശാസ്‌ത്ര ലോകത്ത്‌ അപ്പോള്‍ നടന്നു വന്നിരുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും രാമാനുജന്‍ അറിയാതെ പോയി. രാമാനുജന്‍ സ്വയം കെണ്ടത്തിയ പ്രശ്‌ന പരിഹാരങ്ങളില്‍ നേരത്തേ മറ്റുള്ളവര്‍ തെളിയിച്ചിട്ടുള്ളവയും ഉണ്ടായിരുന്നു.

സ്‌ക്കൂള്‍ പഠനകാലത്തുതന്നെ ജി.എസ്‌.കര്‍ എഴുതിയ സിനോപ്‌സിസ്‌ ഓഫ്‌ എലമെന്ററി റിസള്‍ട്ട്‌സ്‌ ഇന്‍ പ്യുവര്‍ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം രാമാനുജന്‌ കൂട്ടായി. വര്‍ഷങ്ങളോളം ഈ ഗ്രന്ഥത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസിപ്പിക്കാനും രാമാനുജന്‍ സമയം കണ്ടെത്തി. 1912 ന്‌ മദ്രാസില്‍ അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസില്‍ ഗുമസ്‌തനായി ജോലിക്കു ചേര്‍ന്നു. പൈ യുടെ വില എട്ടു ദശാംശ സ്ഥാനം വരെ കണ്ടുപിടിക്കാനുള്ള നിര്‍ദ്ധാരണ രീതി രാമാനുജന്‍ എഴുതിയുണ്ടാക്കി. പിന്നീട്‌ ഈ അല്‍ഗോരിതം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ സന്മനസുകളുടെ സഹായത്തോടെ 1913 മേയില്‍ മദ്രാസ്‌ സര്‍വകലാശാല വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇതിനിടെ തന്നെ ഗണിതശാസ്‌ത്ര കണ്ടെത്തലുകള്‍ ഈ രംഗത്തെ ലോകത്തെ പ്രമുഖര്‍ക്ക്‌ തപാല്‍ മാര്‍ഗം എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെയുള്ള കത്തുകളിലൊന്നിലാണ്‌ രാമാനുജന്റെ ജീവിതം തന്നെ മാറ്റിമറിച്ച സൗഹൃദം ഉടലെടുത്തതും.അക്കാലത്തെ ഏറ്റവും പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന ഗോഡ്‌ഫ്രേ ഹരോള്‍സ്‌ ഹാര്‍ഡിയുടെ പക്കലും രാമാനുജന്റെ കുറിപ്പുകള്‍ എത്തി. ആദ്യ വായനയില്‍ തന്നെ ജി.എച്ച്‌.ഹാര്‍ഡി രാമാനുജനിലെ അതുല്യ പ്രതിഭയെ തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജിലേക്ക്‌ രാമാനുജനെ കൊണ്ടുവരാനുള്ള ശ്രമം ഹാര്‍ഡി ആരംഭിച്ചു.

1913 ഏപ്രില്‍ 14 ന്‌ രാമന്‍ ഇംഗ്ലണ്ടിലെത്തി. ഗണിതശാസ്‌ത്രത്തിന്‌ പില്‍ക്കാലത്ത്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയ ഒരു കൂട്ടുകെട്ടു കൂടിയായിരുന്നു ഹാര്‍ഡിയെന്ന ഗവേഷണ ഗുരുവും രാമാനുജനെന്ന അതുല്യ പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയും കൂടി തീര്‍ത്തത്‌. അഞ്ചു വര്‍ഷം അവിടെ തുടര്‍ന്നു. ഇതിനിടെ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ രാമാനുജനെ തേടിയെത്തി. ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥയും പ്രത്യേക ഭക്ഷണക്രമവും രാമാനുജന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു.

രോഗബാധിതനായ രാമാനുജനെ കാണാന്‍ ഗുരുനാഥന്‍ കൂടിയായ ഹാര്‍ഡി എത്തിയ കഥ ഏറെ പ്രശസ്‌തമാണല്ലോ. താന്‍ വന്ന കാറിന്റെ നമ്പര്‍ - 1729 - അശുഭകരമായതാണെന്ന്‌ ഹാര്‍ഡി സംഭാഷണമധ്യേ രാമാനുജനോട്‌ അഭിപ്രായപ്പെട്ടു. അതേമാത്രയില്‍ തന്നെ രാമാനുജന്‍ ആഹ്ലാദചിത്തനായി പറഞ്ഞത്‌ ഇതായിരുന്നു. രണ്ട്‌ വ്യത്യസ്‌ത സംഖ്യാജോടികളുടെ ക്യൂബുകളുടെ തുകയായി എഴുതാന്‍ സാധിക്കുന്ന - അതും രണ്ടു തരത്തില്‍, ഏറ്റവും ചെറിയ സംഖ്യയാണ്‌ ഇത്‌ - 103 + 93 = 123 + 13 = 1729. തന്റെ ശിഷ്യന്റെ പ്രതിഭാവിലാസം നന്നായി അറിയാവുന്ന ഹാര്‍ഡിക്ക്‌ ഇത്‌ അത്ഭുതകരമായ സംഭവമായിരുന്നില്ല. നിമിഷാര്‍ധം കൊണ്ട്‌ മനസിലിട്ട്‌ കണക്കു കൂട്ടാനുള്ള രാമാനുജന്റെ ശേഷി ഇത്‌ പ്രകടമാക്കുന്നു. 1729 രാമാനുജന്‍ സംഖ്യ എന്നാണ്‌ അറിയപ്പെടുന്നത്‌.

1919 ഫെബ്രുവരി 27 ന്‌ രാമാനുജന്‍ ഭാരതത്തിലേക്ക്‌ മടങ്ങി. 1920 ഏപ്രില്‍ 26 ന്‌ ഇദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.

അംഗീകാരങ്ങള്‍: 1916 ല്‍ കേംബ്രിഡ്‌ജില്‍ നിന്ന്‌ പ്രത്യേക അനുമതിയോടെ ബിരുദം.1918 ല്‍ കേംബ്രിഡ്‌ജ്‌ ഫിലോസഫിക്കല്‍ സൊസൈറ്റി,ലണ്ടനിലെ റോയല്‍ സൊസൈറ്റി, കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളജ്‌ പെലോ എന്നീ അംഗത്വങ്ങള്‍. (ഇതെല്ലാം ഒരേ വര്‍ഷം 1918ല്‍). ജന്മദിനമായ ഡിസംബര്‍ 22 തമിഴ്‌നാട്‌ സര്‍ക്കാര്‍ സംസ്‌താന ഐ.ടി ദിനായി ആചരിക്കുന്നു.

പ്രശസ്‌തമായ വാചകം

ഗണിതശാസ്‌ത്ര രംഗത്തെ താങ്കളുടെ ശ്രദ്ധേയ സംഭാവന എന്ത്‌ എന്ന ചോദ്യത്തിന്‌ ജി.എച്ച്‌.ഹാര്‍ഡി എന്ന ജീനിയസിന്റെ മറുപടി ഇതായിരുന്നു. "ഗണിതശാസ്‌ത്രത്തിന്‌ എന്റെ സംഭാവന - രാമാനുജന്‍"

റോബര്‍ട്ട്‌ കാനിബല്‍ ഇങ്ങനെ രേഖപ്പെടുത്തി "ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്‌മയെ ധിഷണമായി തെളിഞ്ഞ ഉള്‍ക്കാഴ്‌ച,കഠിന പരിശ്രമം എന്നിവ കൊണ്ട്‌ രാമാനുജന്‍ ഏറെക്കുറെ പരിഹരിച്ചു.ജി.എച്‌ ഹാര്‍ഡി അഭിപ്രായപ്പെട്ടതുപോലെ ദരിദ്രനും മറ്റ്‌ താങ്ങുകളില്ലാതിരുന്ന ഈ ഭാരതീയന്‍ തന്റെ മസ്‌തിഷ്‌കം യൂറോപ്പിന്റെ വിജ്ഞാനത്തിന്‌ നേരെ തിരിച്ച്‌ അക്കാലത്തെയും പീന്നീട്‌ വന്നതുമായ ഗണിത ശാസ്‌ത്രജ്ഞരെ ആകര്‍ഷിച്ച കണ്ടെത്തലുകള്‍ നടത്തുകയും ചെയ്‌തു".

"The Man Who Knew Infinity" (അനന്തത്തെ അറിഞ്ഞ മനുഷ്യന്‍) എന്ന പേരില്‍ രാമാനുജനെ കുറിച്ച്‌ റോബര്‍ട്ട്‌ കാനിഗല്‍ എഴുതിയ പുസ്‌തകം ശ്രദ്ധേയമാണ്‌. രാമാനുജനെക്കുറിച്ചുള്ള തുടര്‍വായനയ്‌ക്ക്‌ ഈ പുസ്‌തകം മുതല്‍ക്കൂട്ടാകും

സാലിം അലി(1896-നവംബര്‍12-1987 ജൂലൈ 27)

ക്ഷിനിരീക്ഷണം എന്ന വാക്ക്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക്‌ എത്തുക സാലിംഅലിയെന്ന മനുഷ്യസ്‌നേഹിയുടെ പേരായിരിക്കും. ക്ഷമാശീലവും കഠിന പ്രയത്‌നവും കൈമുതലാക്കി ജീവിതത്തിലെ പല പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ്‌ സാലിംഅലി ലോകമറിയുന്ന പക്ഷിനിരീക്ഷണശാസ്‌ത്രജ്ഞനായത്‌. 'ബേഡ്‌മാന്‍ ഓഫ്‌ ഇന്ത്യ' എന്ന അപരനാമത്തില്‍ അറിയുന്ന സാലിം അലി.1896-നവംബര്‍ മാസം12-ന്‌ മുംബൈയില്‍ ജനിച്ചു. മുഴുവന്‍പേര്‌ സാലിം മൊയിസുദ്ദീന്‍ അബ്‌ദുള്‍ അലി.ഇന്ത്യയില്‍ ചിട്ടയായ പക്ഷിനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയും സാലിംഅലി തന്നെ. പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും എഴുതിയ പുസ്‌തകങ്ങള്‍ വിജ്ഞാനകുതുകികള്‍ ഇന്നും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്‌.

മ്മാവനായ അമറുദ്ദീന്‍ തിയാബ്‌ജിയോടൊപ്പമാണ്‌ ബാല്യകാലം ചിലവിട്ടത്‌. മുംബൈ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും ഗണിതത്തിലെ ബീജഗണിതത്തോടും ലോഗരിതം കണക്കു കൂട്ടലുകളോടും പൊരുത്തപ്പെടാനാകാതെ കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കു വച്ച്‌ അവസാനിപ്പിച്ചു. ഇതിനുശേഷം ബര്‍മ്മയിലേയ്‌ക്ക്‌ വണ്ടി കയറി. അവിടെ ഖനന - തടി വ്യവസായങ്ങളിലേര്‍പ്പെട്ടിരുന്ന സഹോദരനെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. ബര്‍മ്മയിലെ ജോലി സ്ഥലത്തുണ്ടായിരുന്ന ചെറിയ വനപ്രദേശം സാലിംഅലിയിലെ പക്ഷിസ്‌നേഹിയെ വീണ്ടുമുണര്‍ത്തി. അധികനാള്‍ അവിടെ നിന്നില്ല. മുംബൈയില്‍ തിരിച്ചെത്തി.ജീവശാസ്‌ത്ര പഠനത്തിലേര്‍പ്പെട്ടു. ബൊംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ വഴികാട്ടിയായുള്ള ജോലി നോക്കി.ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൈസൈറ്റി സെക്രട്ടറിയായിരുന്ന ഡബ്ലൂ. എസ്‌. മില്‍മാര്‍ഡാണ്‌ ഗൗരവമായ പക്ഷി നിരീക്ഷണം സാലിം അലിയെ മനസിലാക്കി കൊടുത്തതും വേണ്ട സഹായങ്ങള്‍ ചെയ്‌തതും.

പക്ഷിനിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ ജര്‍മ്മനിയിലേയ്‌ക്ക്‌ പുറപ്പെട്ടു. പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രോസ്‌മാന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയശേഷം പക്ഷെ തിരികെ ഇന്ത്യയിലേയ്‌ക്ക്‌ എത്തിയപ്പോള്‍ നേരത്തെ ജോലി ചെയ്‌തിരുന്ന പോസ്റ്റ്‌ പോലും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ അകന്ന ബന്ധുവായ തെഹ്‌മിനയെ ജീവിതസഖിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തൊഴിലെങ്കിലും ഉണ്ടാകേണ്ടത്‌ അനിവാര്യമായി. ശാസ്‌ത്ര വിഷയത്തില്‍ ബിരുദാനന്തരബിരുദമോ ഗവേഷണബിരുദമോ ഇല്ലാതിരുന്നതിനാല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ജോലിതേടിയെങ്കിലും ലഭിച്ചില്ല. ഭാര്യയോടൊപ്പം മുംബൈതീരത്തുള്ള കിഹ്‌മില്‍ താമസമാക്കി. ഭാര്യയുടെ ചെറിയ തൊഴിലില്‍നിന്നുള്ളവരുമാനമായിരുന്നു പ്രധാന സാമ്പത്തികാശ്രയം. താമസസ്ഥലത്തിനടുത്തുള്ള വ്യക്ഷത്തില്‍ തുന്നല്‍ക്കാരന്‍പക്ഷികള്‍(weaver birds) കൂടുകൂട്ടുന്നതും മറ്റും സാലിംഅലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചു മാസത്തെ ക്ഷമാപൂര്‍ണമായ നിരിക്ഷണത്തിനൊടുവില്‍ തുന്നല്‍ക്കാരന്‍ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി. ഇത്‌ സലിംഅലിയെ പൊതുജനശ്രദ്ധയിലേക്കെത്തിച്ചു.റോക്കറ്റ്‌ വാലുള്ള പക്ഷിയെയും ഫിന്‍സ്‌ബായ പക്ഷിയെയും നിരീക്ഷിച്ചത്‌ സാലിം അലിയുടെ പക്ഷിനിരീക്ഷണത്തെ കൂടുതല്‍ മികവുള്ളതാക്കി. ഫിന്‍സ്‌ബായ നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്നേ വംശനാശം വന്ന ജാതിയാണെന്ന പൊതുവിശ്വാസത്തെയാണ്‌ സാലിം അലിയുടെ നിരീക്ഷണം പൊളിച്ചെഴുതിയത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിയെ പോലെ അലഞ്ഞ്‌ തിരിഞ്ഞ്‌ പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. 1939-ല്‍ ഭാര്യയുടെ മരണം പിന്നീടുള്ള യാത്രകളില്‍ സലിം അലിയെ ഏകനാക്കി.

1941-ല്‍ ദി ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേഡ്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതോടെ സലിം അലിയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. പക്ഷിനിരീക്ഷണത്തിനായി അഫ്‌ഗാനിസ്ഥാന്‍ ദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സിഡ്‌നി ദില്ലന്‍ റിപ്ലറുമായി ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ ദി ബേഡ്‌സ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ പാകിസ്ഥാന്‍ പത്തു വാല്യങ്ങളുള്ള സമഗ്രമായ ആധികാരിക ഗ്രന്ഥമായിരുന്നു. നാഷണല്‍ ബുക്‌ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച കോമണ്‍ ഇന്ത്യന്‍ ബേഡ്‌സ്‌ ആല്‍ബവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷിനീരീക്ഷണവുമായി ബന്ധപ്പെട്ട്‌ കേരളവും സാലിം അലി സന്ദര്‍ശിച്ചു ഒപ്പം കേരളത്തിലെ പക്ഷികളെ കുറിച്ച്‌ ബേഡ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകവും സാലിം അലി രചിച്ചിട്ടുണ്ട്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും, സൈലന്റ്‌ വാലി ദേശീയോദ്യാനവും സാക്ഷാത്‌കരിക്കുന്നതിനു പിന്നിലും സാലിം അലിയുടെ ശ്രദ്ധ പതിഞ്ഞു.

1976-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 1958-ല്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ഓര്‍ണിത്തോളജിയില്‍ (പക്ഷിവിജ്ഞാനീയം) നാഷണല്‍ പ്രൊഫസര്‍ എന്ന പദവി. ഒട്ടേറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റുകള്‍ നല്‍കി ആദരിച്ചു. 1985 രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി. 1987 ജൂലൈ 27-ം തീയതി പക്ഷികളുടെ കൂട്ടുകാരനും പ്രകൃതി സ്‌നേഹിയുമായ ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാഷണല്‍ ഹിസ്റ്ററി (SACON) ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകെള്ളുന്ന സ്ഥാപനമാണ്‌.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate