പ്രകൃതിരമണീയവും വിസ്തൃതിയേറിയതുമായ സംരക്ഷിത പൊതുവിഹാരമേഖല. ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ ചരിത്രപ്രാധാന്യമുള്ള മനുഷ്യനിര്‍മിത സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളെയോ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന പ്രദേശമാണ് ദേശീയോദ്യാനം.
സംരക്ഷിത മേഖലകള്‍ മൂന്നുതരമാണ്. സംരക്ഷിത വനങ്ങള്‍ (reserve forests), വന്യമൃഗസങ്കേതങ്ങള്‍ (sanctuaries), ദേശീയോദ്യാനങ്ങള്‍ (national parks) എന്നിവയാണ് അവ. സംരക്ഷിത വനങ്ങള്‍ പൊതുവേ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലാതെ ഗവേഷണാവശ്യങ്ങള്‍ക്കു മാത്രമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക സംരക്ഷിതകേന്ദ്രങ്ങളാണ്. ഇവ ദേശീയോദ്യാനങ്ങള്‍ എന്ന നിര്‍വചനത്തില്‍പ്പെടുന്നില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും മറ്റു ജീവികളെയും വനത്തിലെ മുഴുവന്‍ സസ്യങ്ങളെയുമടക്കം സംരക്ഷിക്കുന്നതാണ് ശരണാലയം അഥവാ സങ്കേതം. ഇതിനെക്കാള്‍ ഉന്നത തലത്തിലുള്ള വനപ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങള്‍.
വന്യമൃഗസങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലുമുള്ള വനങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു: ഉള്‍ക്കാടുകളില്‍ വന്യജീവികളുടെ സ്വൈരജീവിതത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പ്രദേശമാണ് കോര്‍ പ്രദേശം (core area). ശാസ്ത്രീയപഠനങ്ങള്‍ അനുവദിച്ചിട്ടുള്ള ഈ പ്രദേശത്തേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഈ പ്രദേശത്തിനു പുറത്തുള്ളത് ബഫര്‍ സോണ്‍ (buffer zone) ആണ്. ഇവിടെയും വിനോദസഞ്ചാരികളെ അനുവദിക്കുന്നില്ല. വനവിഭാഗത്തിന്റെയും മറ്റും പരീക്ഷണനിരീക്ഷണങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയപഠനങ്ങള്‍ക്കും മാത്രമായിട്ടുള്ള പ്രദേശമാണിത്. ഇതിനു പുറത്തുള്ള കാട്ടുപ്രദേശങ്ങളാണ് വിനോദസഞ്ചാരത്തിനായി അനുവദനീയമായിട്ടുള്ളത്.
1872-ല്‍ യു.എസ്സില്‍ സ്ഥാപിതമായ 'യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്' ആണ് ആദ്യത്തെ ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നത്. 1916 ആയപ്പോഴേക്കും യു.എസ്സില്‍ നാല്പതോളം ദേശീയോദ്യാനങ്ങളുണ്ടായി. ഇന്ന് 51 എണ്ണം നിലവിലുണ്ട്. 1872-ല്‍ യു.എസ്സില്‍ രൂപംകൊണ്ട ദേശീയോദ്യാനം എന്ന ആശയം അധികം താമസിയാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. 1900-ാം ആണ്ടോടെ ആസ്റ്റ്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ദേശീയോദ്യാനങ്ങള്‍ ആരംഭിച്ചു. ലോകത്തിലാദ്യമായി ദേശീയോദ്യാന സര്‍വീസ് ആരംഭിച്ചത് (1911) കാനഡയിലാണ്. ഇന്ന് 125 രാജ്യങ്ങളിലായി 1300-ല്‍ അധികം ദേശീയോദ്യാനങ്ങളുണ്ട്.
അവികസിത ഭൂഖണ്ഡമായ ആഫ്രിക്കയിലാണ് ഏറ്റവുമധികം വന്യമൃഗങ്ങളും വന്യമൃഗസങ്കേതങ്ങളും ഉള്ളത്. കെനിയയിലെ അബെര്‍ഡേര്‍ (Aberdare), അംബോസെലി (Amboseli) ഗെയിം പ്രിസര്‍വ്, സാവോ (Tsavo) ദേശീയോദ്യാനം, ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ (Kruger), ടാന്‍സാനിയയിലെ ലേക് മന്യാര(Lake Manyara), ന്ഗൊറോന്ഗോറോ (Ngorongoro), സെരെന്‍ഗെറ്റി (Serengeti) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.
ഏഷ്യയിലെയും ഓഷ്യാനയിലെയും പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങള്‍ ജപ്പാനിലെ അകന് (Akan), ഇന്ത്യയിലെ കോര്‍ബെറ്റ് (Korbet), ന്യൂസിലന്‍ഡിലെ ജോര്ഡ്ലന്ഡ് (Fjordland), ഇസ്രയേലിലെ ഹായ്-ബാര്‍ സൌത്ത് (Hai-Bar South), ആസ്റ്റ്രേലിയയിലെ ലാമിങ്ടണ് (Lamington) എന്നിവയാണ്.
യൂറോപ്പില്‍, പോളണ്ടിലെ ബയാലോവിയെസ (Bialowieza), ഗ്രേറ്റ് ബ്രിട്ടണിലെ കെയ് ന്ഗോര്മ്സ് (Cairngorms), ഫ്രാന്‍സിലെ കാമാര്‍ഗ് (Camargue); വടക്കേ അമേരിക്കയില്‍, കാനഡയിലെ വാട്ടര്‍ടോണ്‍ ലേക്സ് (Waterton lakes), ബാന്‍ഫ് (Banff); തെക്കേ അമേരിക്കയില്‍, ഇക്വഡോറിലെ ഗാലപഗോസ് ഐലന്‍ഡ് (Galapagos Island), ഇഗ്വാസു (Iguassu) എന്നിവയെല്ലാം പ്രമുഖ ദേശീയോദ്യാനങ്ങളില്പ്പെടുന്നു.
ലോകത്തിലാദ്യമായി മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനും കാടുകളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനും നിയമനിര്‍മാണം നടത്തിയത് അശോകചക്രവര്‍ത്തിയാണ്. 1865-ലാണ് ഇന്ത്യയില്‍ ആദ്യമായി വന്യമൃഗസംരക്ഷണനിയമം നടപ്പിലാക്കിയത്. സസ്യസമ്പത്തും വന്യജീവികളുടെ എണ്ണവും കുറഞ്ഞുവന്നതോടെ 1952-ല്‍ മാത്രമാണ് വന്യജീവിസംരക്ഷണ ബോര്‍ഡ് (Indian Wild Life Board) രൂപീകരിച്ചത്; വന്യമൃഗങ്ങളുടെയും പക്ഷികളുടെയും വനങ്ങളുടെയും സംരക്ഷണാര്‍ഥം നിയമനിര്‍മാണമുണ്ടായത് 1955-ലും. വര്‍ഷംതോറും ഒക്ടോബര്‍ ആദ്യവാരം വന്യജീവിസംരക്ഷണവാരമായി ആചരിച്ചുവരുന്നു.
ഇന്ത്യ പ്രകൃതിസംരക്ഷണകാര്യങ്ങളില് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതോടെ 1971-ല്‍ 'പ്രോജക്റ്റ് ടൈഗര്‍' പദ്ധതിക്കു രൂപംനല്കി. ഘട്ടംഘട്ടമായി എല്ലാ കടുവാസങ്കേതങ്ങളെയും ഈ പദ്ധതിയിലുള്‍പ്പെടുത്തുകയും ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ എണ്‍പതോളം ദേശീയോദ്യാനങ്ങളും 441 വന്യമൃഗസങ്കേതങ്ങളുമായി 1,48,994 ച.കി.മീ. വനഭൂമിയുണ്ട്. ഇത് ഇന്ത്യയിലെ വനത്തിന്റെ 23.2 ശതമാനത്തോളം വരും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയോദ്യാനങ്ങളുണ്ട്.
കേരളത്തില്‍ 1,12,44,691 ച.കി.മീ. വനപ്രദേശമുണ്ട് എന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 28.98 ശതമാനമാണ്. വനപ്രദേശത്തിന്റെ 24 ശതമാനത്തോളം ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും അടങ്ങിയ സംരക്ഷിത മേഖലയാണ്. ഇപ്പോള്‍ കേരളത്തില്‍ അഞ്ച് ദേശീയോദ്യാനങ്ങളും പതിനാല് വന്യജീവിസങ്കേതങ്ങളുമുണ്ട്. ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, ആനമുടി ചോല, മതികെട്ടാന്‍ ചോല എന്നിവയാണ് ദേശീയോദ്യാനങ്ങള്‍. 1934-ല്‍ 'നെല്ലിക്കാംപെട്ടി' എന്ന പേരില്‍ പ്രഖ്യാപിച്ച 'പെരിയാര്‍ ടൈഗര്‍ റിസര്‍വ്' ആണ് കേരളത്തിലെ പ്രഥമ വന്യജീവിസങ്കേതം; പെരിയാര്‍, നെയ്യാര്‍, പീച്ചി-വാഴാനി, പറമ്പിക്കുളം, വയനാട്, ഇടുക്കി, പേപ്പാറ, ചിമ്മിണി, ചിന്നാര്‍, ചെ(ശെ)ന്തുരുണി, ആറളം, തട്ടേക്കാട്, മംഗളവനം, കുറിഞ്ഞിമല എന്നിവയാണ് മറ്റുള്ളവ. ഇതില്‍ തട്ടേക്കാടും മംഗളവനവും പക്ഷിസംരക്ഷണസങ്കേതങ്ങളാണ്. ഇവ കൂടാതെ നീലഗിരി, അഗസ്ത്യവനം എന്നിങ്ങനെ രണ്ടു ജൈവമേഖലകളുമുണ്ട്.
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ 97 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. കിഴക്കും തെക്കും ടാറ്റാ (പഴയ കണ്ണന് ദേവന്), ചട്ടമൂന്നാര്‍, വാഗവരൈ, നാമക്കാട്, രാജമലൈ തേയിലത്തോട്ടങ്ങളും മൂന്നാര്‍ വനവും വടക്കുകിഴക്ക് ചിന്നാര്‍ വന്യമൃഗസങ്കേതവും വടക്കുപടിഞ്ഞാറ് തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതവുമാണ്. മൂന്നാറിന് 15 കി.മീ. അകലെയാണ് രാജമല. 1928-ല്‍ മൂന്നാറിന്റെ സുന്ദരമായ പ്രകൃതിയെയും വംശനാശഭീഷണി നേരിടുന്ന വരയാട് അഥവാ നീലഗിരി താര് (Nilgiri Tahr) എന്നറിയപ്പെടുന്ന വന്യജീവിയെയും വിനാശത്തില്‍നിന്നു രക്ഷിക്കാനായി കണ്ണന്‍ദേവന്‍ തേയിലത്തോട്ട ഉടമസ്ഥര്‍ വനസ്നേഹികളായ മുതുവാന്മാരെ ഏല്പിച്ചു. 1971-ല്‍ ഈ വനഭൂമി മുഴുവന്‍ കേരളസര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 1975-ല്‍ ഇവിടം വരയാട്സംരക്ഷണമേഖലയായി പ്രഖ്യാപിച്ചു. 1978 മേയ് 19-ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയുണ്ടായി.
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ (2,695 മീ.) കൊടുമുടിയായ ആനമുടി ഇരവികുളം - രാജമല ദേശീയോദ്യാനത്തിലാണുള്ളത്. ഉദ്യാനത്തിന്റെ ഏറ്റവും കുറഞ്ഞ ഉയരം സമുദ്രനിരപ്പില്‍നിന്ന് 914 മീറ്ററാണ്. പലപ്പോഴും കേരളത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളതും മൂന്നാറില്ത്തന്നെയാണ്. വര്‍ഷംതോറും ശരാശരി 4,800 മി.മീ. മഴ ലഭിക്കുന്ന പ്രദേശമാണ് മൂന്നാര്‍. മൂന്ന് കൊച്ചു നദികള്‍ സംഗമിക്കുന്ന സ്ഥലമാണിത്.
ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന പുല്‍മേടുകള്‍ ഇരവികുളത്തിന്റെ സവിശേഷതയാണ്. ചോളരുദ്രാക്ഷം, പട്ടുതാളി, കാട്ടുചെമ്പകം, മഴവാക, ചെറുഞാവല്‍, കാട്ടുപൂവരശ്, ആറ്റുനീര്മുല്ല, നീലക്കുറിഞ്ഞി, ഇന്ത്യന്‍ വിന്റര്‍ ഗ്രീന്‍ തുടങ്ങിയ സസ്യങ്ങള്‍ ഇവിടെ ധാരാളമായുണ്ട്.
അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ഈ ഉദ്യാനത്തില്‍ വരയാട്, കാട്ടുപോത്ത്, മ്ളാവ്, കേഴമാന്, പുള്ളിപ്പുലി, കരിമ്പുലി, കാട്ടുനായ, കുറുക്കന്, നീലഗിരി മാര്‍ട്ടെന്‍, കാട്ടുപൂച്ച, ചെങ്കീരി, കരിങ്കുരങ്ങ്, മലയണ്ണാന് എന്നീ ജന്തുക്കളും ചൂളക്കാക്ക, കരിഞ്ചെമ്പന്‍, പാറ്റപിടിയന്‍, കരിമ്പന്‍ കാട്ടുബുള്‍ബുള്‍, ചുറ്റീന്തല്‍ക്കിളി, കൊമ്പന് വാനമ്പാടി, മലവരമ്പന്‍ (Nilgiri pipit) തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്. ഉരഗജീവികളും വര്‍ണപ്പകിട്ടുള്ള ചിത്രശലഭങ്ങളും ഇവിടെയുണ്ട്. ലോകത്തില്‍വച്ച് ഏറ്റവും വലുപ്പംകൂടിയ അറ്റ്ലസ് നിശാശലഭങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഉദ്യാനത്തിലെ ജലാശയങ്ങളില്‍ ധാരാളം ഇനം മത്സ്യങ്ങളുണ്ട്. ഈ പ്രദേശത്തു കാണപ്പെടുന്ന, രക്തംകുടിക്കുന്ന അട്ടകള്‍ പലപ്പോഴും ഇവിടേക്കുള്ള യാത്ര ദുരിതപൂര്‍ണമാക്കാറുണ്ട്. രാജമലയും മൂന്നാറുമാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍. 12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന നീലക്കുറിഞ്ഞി ഇവിടം അത്യാകര്‍ഷകമാക്കുന്നു. നീലക്കുറിഞ്ഞിയുടെ സംരക്ഷണാര്‍ഥം 32 ച.കി.മീ. വിസ്തൃതി സ്ഥലം കുറിഞ്ഞിമല സങ്കേത(Kurinjimala sanctuary)മായി 2006 ഒ.-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെടുന്ന സൈലന്റ് വാലി 1984-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഇതിന് 89.52 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 'സൈരന്ധ്രീവനം' എന്ന പേരിലും ഇത് അറിയപ്പെടുന്നു. വനമേഖലകളില്‍ സര്‍വസാധാരണമായുള്ള ചീവീടുകളുടെ ശബ്ദം ഈ താഴ്വരയില് ഇല്ലാത്തതിനാലാണ് 'നിശ്ശബ്ദ താഴ്വര' എന്ന് ബ്രിട്ടീഷുകാര്‍ ഇതിനു പേരിട്ടത്.
സമുദ്രനിരപ്പില്‍നിന്ന് 1,100 മീറ്ററോളം ഉയരമുള്ള നിത്യഹരിത വനമേഖലയാണ് കുണ്ടലിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന സൈലന്റ് വാലി. വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന കുന്തിപ്പുഴയാണ് സൈലന്റ് വാലിയിലെ പ്രധാന നദി. അന്യംനിന്നു എന്നു കരുതപ്പെടുന്ന വിവിധയിനം സസ്യങ്ങള്‍ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. 154 കുടുംബങ്ങളില്‍പ്പെടുന്ന 599 ജീനസ്സുകളുടെ 966-ല്‍ അധികം സസ്യയിനങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 108 ഇനം ഓര്‍ക്കിഡ് സസ്യങ്ങള്‍ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. ഇവിടെ കാണപ്പെടുന്ന 170 ഇനം പക്ഷികളില്‍ 33-ഉം ദേശാടനപ്പക്ഷികളാണ്. 35 ഇനം ഉരഗങ്ങള്‍, 95 ഇനം ചിത്രശലഭങ്ങള്‍, 255 ഇനം നിശാശലഭങ്ങള്‍ എന്നിവയെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അധികവും അത്യപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയുമാണ്.
ഇടുക്കി ജില്ലയില്‍, ഉടുമ്പഞ്ചോല താലൂക്കിലെ പൂപ്പാറ വില്ലേജില്‍പ്പെടുന്ന 1281.74 ഹെ. പ്രദേശം മതികെട്ടാന്‍ ചോല ദേശീയോദ്യാനമായി 2003 ഒ. 10-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മതികെട്ടാന്‍ ചോല ഏലമലക്കാടുകളുടെ ഒരു ഭാഗമാണ്. 1897 ആഗ. 24-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റില്‍ ഏലമലക്കാടുകളെ (cardamom Hill Reserve) മതികെട്ടാന്‍ ചോലയുടെ ഭാഗമായും സംരക്ഷിതവനമായും പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഏലം കൃഷിയും സസ്യജന്തുജാലങ്ങളും ഭൂരൂപവിജ്ഞാനീയ സമ്പത്തും (Geomorphological wealth) പരിരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായാണ് ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ മറയൂര്‍ വില്ലേജില്‍പ്പെടുന്ന 7.5 ച.കി.മീ. (750 ഹെ.) സ്ഥലം ആനമുടി ചോല ദേശീയോദ്യാനമായി 2003 ഡി.14-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശാസ്ത്രലോകത്തിനു മുതല്‍ക്കൂട്ടായ അപൂര്‍വ ഇനം സസ്യങ്ങളും മറ്റു സസ്യസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്ന
തിനാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. മന്നവന്‍ ചോല, മഡവാരിമല, ഇന്ദീവരമല, പുല്ലാര്ടി ചോല, കണ്ണന്‍ദേവന്‍മല, ഒറ്റക്കൊമ്പുമല, തീര്‍ഥമല എന്നിവയിലെ സംരക്ഷിതവനങ്ങളാണ് ആനമുടി ചോല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍.
ഇടുക്കി ജില്ലയില്‍, ദേവികുളം താലൂക്കിലെ മറയൂര്‍ വില്ലേജില്‍പ്പെടുന്ന 131.80 ഹെ. 2003 ഡി.-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. പരിസ്ഥിതിയെയും അപൂര്‍വയിനം ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടം ദേശീയോദ്യാന പദവിയിലേക്കുയര്‍ത്തിയത്.
കര്‍ണാടകത്തില്‍ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്.
ബന്ദിപ്പൂര്‍ (Bandipur). 874.20 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1973-ല്‍ 'പ്രോജക്റ്റ് ടൈഗര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മൈസൂര്‍ രാജാക്കന്മാരുടെ വേട്ടക്കാടുകളായിരുന്ന ബന്തിപ്പുരയാണ് ബന്ദിപ്പൂര്‍ ആയതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 1500 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിലൂടെ നിരവധി നദികള്‍ ഒഴുകുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വന്‍ വൃക്ഷങ്ങളും ധാരാളം മുളങ്കൂട്ടങ്ങളും പുല്‍പ്പരപ്പും ഇവിടെയുണ്ട്. കടുവ, പുള്ളിപ്പുലി, ആന, കാട്ടി, കാട്ടുപന്നി, കുറുക്കന്, കലമാന്‍, പുള്ളിമാന്‍, കൂരമാന്‍, മുള്ളന്‍ പന്നി, ചെന്നായ, കരടി, വെരുക്, കാട്ടുപൂച്ചകള്‍, തൊപ്പിക്കാരന് കുരങ്ങ്, മലബാര്‍ മലയണ്ണാന് തുടങ്ങിയ മൃഗങ്ങളും മയില്‍, കാട്ടുകോഴി, മലമുഴക്കി, മരംകൊത്തി മുതലായ പക്ഷികളും മുതല, ആമ, നീര്‍നായ എന്നീ ജലജീവികളും മലമ്പാമ്പ്, സര്‍പ്പരാജന്‍, വിരിയന്‍ പാമ്പ്, ഉടുമ്പ് മുതലായ ഇഴജന്തുക്കളും ഈ ദേശീയോദ്യാനത്തില്‍ സുലഭമായുണ്ട്.
ബന്നാര്‍ഘട്ട (Bannarghata). ബാംഗ്ളൂര്‍ ജില്ലയില്‍ 104 ച.കി.മീ. വ്യാപിച്ചിരിക്കുന്ന ബന്നാര്‍ഘട്ട 1974-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
അന്‍ഷി (Anshi). ഉത്തര കന്നഡ ജില്ലയിലെ 250 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണിത്.
കുണ് ഡ്രെമുഖ് (Kundremukh). ചിക്മഗളൂര്‍, തെക്കന്‍ കാനറ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനം 600 ച.കി.മീ. വിസ്തൃതിയുള്ളതാണ് 'കുണ്ഡ്രെമുഖ്' എന്ന കന്നഡ വാക്കിന് കുതിരയുടെ മുഖം എന്നാണര്‍ഥം. സമുദ്രനിരപ്പില്‍നിന്ന് സു. 1880 മീ. ഉയരമുള്ള കുന്നും മലകളും നിറഞ്ഞതാണ് ഈ പ്രദേശം.
നാഗര്‍ഹൊളെ (Nagarhole). കുടക്, മൈസൂര്‍ ജില്ലകളില്‍പ്പെടുന്ന 644 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. 1890 മുതല്‍ 1971 വരെ ഇവിടത്തെ വനപ്രദേശങ്ങളില്‍നിന്ന് കാട്ടാനകളെ കെണിയിലാക്കി പിടിച്ച് മെരുക്കിയെടുത്തു വളര്‍ത്താനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. നാഗര്‍ഹൊളെ എന്ന കന്നഡ വാക്കിന് 'നാഗ നദി' എന്നാണര്‍ഥം. വനത്തിലൂടെ ഒഴുകുന്ന സ്നേക്ക് നദിയാണ് ഈ പേരിനു നിദാനം. കടുവ, പുലി, ആന, വെരുക്, കുറുക്കന്, കാട്ടുപന്നി, കരിംകുരങ്ങ്, തൊപ്പിക്കുരങ്ങ്, ഒട്ടര്, ഉറുമ്പുതീനി, പറക്കുംഅണ്ണാന്‍ എന്നിവയും കഴുകന്, തത്ത, മൈന, വേഴാമ്പല്‍, മരംകൊത്തി തുടങ്ങിയ പക്ഷികളും മൂര്‍ഖന്‍, ശംഖുവരയന്‍, മലമ്പാമ്പ് തുടങ്ങിയ ഇനം ഉരഗങ്ങളും ഇവിടെയുണ്ട്.
ഗോവയില്‍ 1978-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഭഗവാന് മഹാബീര് (Bhagwan Mahabir National Park) 240 ച.കി.മീ. വിസ്തൃതിയുള്ളതാണ്. കടുവ, തേവാങ്ക്, മുള്ളന്‍പന്നി, പുള്ളിമാന്‍, മലയണ്ണാന് തുടങ്ങിയ ജന്തുക്കള്‍ ഈ ദേശീയോദ്യാനത്തിലെ നിത്യഹരിത, അര്‍ധ നിത്യഹരിത, ഇലകൊഴിയും വനങ്ങളിലുണ്ട്. ഇതിന്റെ പേര് ആദ്യം മോള്ളെം വന്യമൃഗസങ്കേതമെന്നായിരുന്നു. 1978-ല്‍ ഇതിനകത്ത് 107 ച.കി.മീ. പ്രദേശം മോള്ളെം ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. അതോടെയാണ് ബാക്കി ഭാഗത്തിന് ഭഗവാന് മഹാവീര്‍ ശരണാലയം എന്നു പേരിട്ടത്.
തമിഴ് നാട്ടില്‍ ഗിന്‍ഡി (Guindy), മറൈന്‍ (Marine), ഇന്ദിരാഗാന്ധി, മുതുമലൈ (Mudumalai), മുകുര്‍ത്തി (Mukurthi) എന്നീ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്.
ഗിന്‍ഡി. ചെന്നൈ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഗിന്‍ഡി ദേശീയോദ്യാനം 2.76 ച.കി.മീ. മാത്രം വിസ്തൃതിയുള്ളതാണ്. 1976-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തില്‍ പാമ്പ് ഇനങ്ങള്‍ക്കു മാത്രമായി ഒരു പാര്‍ക്ക് ഉണ്ട്. ഇത് വളരെയധികം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
മറൈന്‍. തിരുനെല്‍വേലി, രാമനാഥപുരം ജില്ലകളിലെ 6.23 ച.കി.മീ. പ്രദേശത്തായുള്ള മറൈന്‍ ദേശീയോദ്യാനം മന്നാര്‍ ഉള്‍ക്കടലിലാണ് (Gulf of Mannar) സ്ഥിതിചെയ്യുന്നത്. കന്മതിലുകൊണ്ടും പവിഴപ്പുറ്റുകള്‍കൊണ്ടും ചുറ്റപ്പെട്ട 21 ദ്വീപുകളുടെ ദ്വീപസമൂഹമാണ് ഈ ദേശീയോദ്യാനം. തുത്തൂക്കുടി (Tuticorin) ആണ് ഇതിന്റെ ഏറ്റവും അടുത്ത റെയില്വേകേന്ദ്രം; മധുര വിമാനത്താവളവും. കടല്‍പ്പുല്ലുകളുടെ പുല്‍പ്പരപ്പും കടലോര വനവും അങ്ങിങ്ങുകാണാം. നട്ടുവളര്‍ത്തിയ തെങ്ങുകളും ബാബുള്‍ വൃക്ഷങ്ങളും അല്ലാതെ സ്വാഭാവികമായി വളരുന്ന മരങ്ങളൊന്നുംതന്നെ ഇവിടെയില്ല. ദ്വീപുകള്‍ എല്ലാംതന്നെ കടലാമകളുടെ പ്രജനനകേന്ദ്രങ്ങളാണ്. ആറ് ഇനം കടലാമകള്‍ ഇവിടെ എത്തി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. നിരവധിയിനം ദേശാടനപ്പക്ഷികളും ഇവിടെയുണ്ട്. ദ്വീപുകളില്‍ സ്ഥാപിതമായിട്ടുള്ള വ്യവസായശാലകളില്‍നിന്നു സമുദ്രത്തിലേക്കു പുറംതള്ളുന്ന മാലിന്യങ്ങള്‍ ഇവിടത്തെ പരിസ്ഥിതിവ്യൂഹത്തിന് ഭീഷണയായിത്തീര്ന്നിട്ടുണ്ട്. ഇത് സമുദ്രത്തിലെ ഡോള്‍ഫിനുകളും തിമിംഗലങ്ങളും ചത്തുപോകാനിടയാക്കുന്നു. ഇവിടെയെത്തുന്ന പൂനാര്‍(Flamingoes)രാജഹംസങ്ങളുടെ എണ്ണത്തിലും നന്നേ കുറവു വന്നിട്ടുണ്ട്.
ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധി ദേശീയോദ്യാനം കോയമ്പത്തൂര്‍ ജില്ലയിലെ 118 ച.കി.മീ. സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. പറമ്പിക്കുളം അണക്കെട്ട് ഇതിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.
മുതുമലൈ (Mudumalai). നീലഗിരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. മുതുമലൈ ദേശീയോദ്യാനത്തിന് 103.24 ച.കി.മീ. വിസ്തൃതിയുണ്ട്. വയനാടന്‍ വനപ്രദേശത്തിന്റെ ഒരു ഭാഗമാണിത്. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തെ മുതുമലൈ ദേശീയോദ്യാനത്തില്‍നിന്നു വേര്‍തിരിക്കുന്നത് മോയാര്‍ (Moyar) നദിയാണ്. തേക്ക്, ഈട്ടി, ചന്ദനം, യൂക്കാലിപ്റ്റസ് തുടങ്ങിയ വന്‍ വൃക്ഷങ്ങള്‍ ധാരാളമായി വളരുന്ന ഇവിടത്തെ അടിക്കാടുകളും സമൃദ്ധമാണ്. നിരവധി മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും ഇവിടെയുണ്ട്.
മുഖര്‍ജി. 78 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം നീലഗിരി ജില്ലയിലാണ്. പുല്‍പ്പരപ്പില്‍ ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയ വൃക്ഷങ്ങളുണ്ട്.
ആന്ധ്രപ്രദേശിലെ ഏക ദേശീയോദ്യാനമായ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിന് 352.62 ച.കി.മീ. വിസ്തീര്‍ണമുണ്ട്.
ഒറീസ സംസ്ഥാനത്ത് രണ്ട് ദേശീയോദ്യാനങ്ങളുണ്ട്. നോര്‍ത്ത് സിംപ്ളിപാന്. ഇത് 1980-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 845.70 ച.കി.മീ. വിസ്തൃതിയുണ്ട്. മയൂര്ഗഞ്ച് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നിരവധി നദികളും അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് അനുഗൃഹീതമാണ് ഈ പ്രദേശം. പാര്‍ക്കിനു ചുറ്റിലുമുള്ള നിരവധി ആദിവാസികളുടെ നിലനില്‍പ്പിന് ആധാരം ഈ ഉദ്യാനമാണ്.ആനകളാണ് ഈ ദേശീയോദ്യാനത്തിന്റെ സവിശേഷത. കൊമ്പില്ലാത്ത ആനകള്‍ ഉള്ളത് ഇവിടെ മാത്രമാണ്. നിരവധിയിനം ദേശാടനപ്പക്ഷികളുള്‍പ്പെടെ 280-ല്‍ അധികം ഇനം പക്ഷികള്‍ ഇവിടെയുണ്ട്. കാട്ടുമൈനകളും വേഴാമ്പലുകളുമാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം.
ഭിതര്‍കനിക (Bhitarkanika). കേന്ദ്രപ്പാറ (Kendrapara) ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 367 ച.കി.മീ. വിസ്തൃതിയുള്ളതാണ്. ഇന്ത്യയില്‍ 67 ഇനം കണ്ടല്വൃക്ഷങ്ങളുള്ളതില് 62 ഇനങ്ങളുമുള്ള വനമാണ് ഇവിടെയുള്ളത്. വലുപ്പത്തിന്റെ കാര്യത്തില്‍ കണ്ടല്‍വനങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇവിടത്തെ വനങ്ങള്‍ക്കുള്ളത്. ഈ കണ്ടല്‍വൃക്ഷങ്ങള്‍ ചുഴലിക്കൊടുങ്കാറ്റുകളെ അതിജീവിക്കാനുതകുന്നു.
വിവിധയിനം ആമകളാണ് ഭിതര്‍കനിക ദേശീയോദ്യാനത്തിന്റെ സവിശേഷത. ഇവിടത്തെ ജലാശയത്തില്‍ ഗംഗാതല ഡോള്‍ഫിനുകളെ കണ്ടുവരുന്നു. മെക്സിക്കന്‍ കടല്‍ത്തീരം കഴിഞ്ഞാല്‍ ഏറ്റവുമധികം ഒലിവ് റിഡ്ലി ആമകള്‍ പ്രജനനം നടത്തുന്നത് ഈ പാര്‍ക്കിലെ ഗഹിര്‍മാതാ ബീച്ചിലാണ്.
മഹാരാഷ്ട്ര സംസ്ഥാനത്തില്‍ തഡോബ (Tadoba), പെഞ്ച് (Pench), നവി ഗവോണ്‍, സഞ്ജയ്ഗാന്ധി, ഗുഗ്മാല് (Gugmal) എന്നീ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്.
തഡോബാ. ചന്ദ്രപ്പൂര്‍ ജില്ലയില്‍ 116 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. 1955-ല്‍ സ്ഥാപിതമായി; 1973-ല്‍ 'പ്രോജക്റ്റ് ടൈഗര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ദേശീയോദ്യാനത്തില്‍ തേക്ക്, മുള തുടങ്ങിയവ ഇടതൂര്‍ന്നു വളരുന്ന കാടുകളും കുറ്റിക്കാടുകളുമുണ്ട്. ഇവിടെ 181 ഇനം പക്ഷികളുണ്ട്. ഈദേശീയോദ്യാനത്തിന്റെ മധ്യഭാഗത്താണ് തഡോബാ തടാകം സ്ഥിതിചെയ്യുന്നത്. അടുത്ത കാലത്ത് ഇതിനെ 'തഡോബാ അന്ധാരി ദേശീയോദ്യാനം' എന്നു നാമകരണം ചെയ്തു.
പെഞ്ച്. 1975-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. നാഗ്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. 257.26 ച.കി.മീ. വിസ്തൃതിയുണ്ട്.
നവി ഗവോണ്‍. 134 ച.കി.മീ. വിസ്തൃതിയുണ്ട്. ബാന്ഡാര ജില്ലയിലുള്ള ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത് 1975-ലാണ്. ഇതിലെ 11 ച.കി.മീറ്ററോളം പ്രദേശത്ത് നവി ഗവോണ്‍ ശുദ്ധജല തടാകമാണ്. തടാകക്കരയില്‍ നിരവധി ദേശാടനപ്പക്ഷികളെത്തിച്ചേരുന്നു.
സഞ്ജയ് ഗാന്ധി. ഈ ദേശീയോദ്യാനത്തിന് 1983-ലാണ് അംഗീകാരം ലഭിച്ചത്. മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ താനെ, ബോറിവില്ലി ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഉദ്യാനം 86.96 ച.കി.മീ. വിസ്തൃതിയുള്ളതാണ്. ഉദ്യാനത്തിന്റെ 40% മുംബൈ മുന്‍സിപ്പല്‍ അതിര്‍ത്തിയിലാണ്. ലക്ഷക്കണക്കിനു ജനങ്ങള്‍ പാര്‍ക്കിന്റെ അതിര്‍ത്തിയില്‍ അധിവസിക്കുന്നു. പാര്‍ക്കിലെ പുള്ളിപ്പുലികളുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും മരണമടയുകയും പതിവാണ്. കണ്ടല്‍വൃക്ഷങ്ങളും തേക്കും ഇവിടെ ധാരാളമായുണ്ട്. ആയിരത്തിലധികം സപുഷ്പി സസ്യയിനങ്ങളും ഇവിടെയുണ്ട്. ഇവിടെ കാണപ്പെടുന്ന 250-ല്‍ അധികം പക്ഷിയിനങ്ങളില്‍ നല്ലൊരു ശതമാനം ദേശാടനപ്പക്ഷികളാണ്. 30 ലക്ഷത്തിലധികം ജനങ്ങള്‍ വര്‍ഷംതോറും സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സന്ദര്‍ശിക്കുന്നതായി കണക്കാക്കുന്നു.
ഗുഗ്മാല്. അമരാവതി ജില്ലയിലെ 361 ച.കി.മീ. സ്ഥലത്തു വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനത്തില്‍ 250-ല്‍ അധികം പക്ഷിയിനങ്ങളും നിരവധി വന്യമൃഗങ്ങളും ഉണ്ട്.
ഗുജറാത്ത് സംസ്ഥാനത്തില്‍ ഗിര്‍, വേളവഡാര്, വാന്‍സ്ഡ, മറൈന്‍ എന്നീ നാല് ദേശീയോദ്യാനങ്ങളുണ്ട്.
ഗിര്‍ (Gir). 1412.13 ച.കി.മീ. വിസ്തൃതിയുള്ള ഗിര്‍ ദേശീയോദ്യാനം 1975-ല്‍ സ്ഥാപിതമായി. സൌരാഷ്ട്ര പ്രദേശത്തുതന്നെയാണ് വന്യമൃഗസങ്കേതവും ദേശീയോദ്യാനവും സ്ഥിതിചെയ്യുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏഷ്യന്‍ സിംഹങ്ങളെ ഇവിടെ സംരക്ഷിച്ചുവരുന്നു. 300-ല്‍ അധികം സിംഹങ്ങള്‍ ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.
തേക്ക്, അക്കേഷ്യ, നെല്ലി, അമ്പഴം, ജാമ്പ തുടങ്ങിയ നിരവധി വന്വൃക്ഷങ്ങള് ഇവിടെയുണ്ട്. പുല്പ്രദേശങ്ങളില് കന്നുകാലികളെ മേയ്ക്കുന്നവരുടെ വാസസ്ഥലങ്ങളുണ്ട്. ഇവിടെ മുന്നൂറിലധികം ഇനം പക്ഷികളുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. തവിട്ടു പാറ്റപിടിയന്മാര്, കഴുകന്, മണല്‍ക്കോഴികള്‍ എന്നിവ സര്‍വസാധാരണമാണ്.
വേളവാഡര് (Velavadar). 1969-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഭവനഗര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന് 34 ച.കി.മീ. വിസ്തൃതിയുണ്ട്. കൃഷ്ണമൃഗം (Black buck ) അഥവാ ചുരുള്‍ ക്കൊമ്പന് മാനിനെയാണ് ഇവിടെ സംരക്ഷിച്ചുപോരുന്നത്. വെള്ളം കുടിക്കാതെ ജീവിക്കാനാകുന്ന ഈ കൃഷ്ണമൃഗങ്ങള്‍ സസ്യഭോജികളാണ്. കൂട്ടംകൂട്ടമായി സ്വൈരജീവിതം നയിക്കുന്ന ഈ മൃഗങ്ങള്‍ ചാടിച്ചാടിയാണ് സഞ്ചരിക്കുക. കുറുക്കനും ചെന്നായ്ക്കളും പ്രാപ്പിടിയന്മാരായ ചിലയിനം പക്ഷികളും ഈ ദേശീയോദ്യാനത്തിലുണ്ട്.
വാന്‍സ്ഡ (Vansda). 1976-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഗുജറാത്തിലെ ബല്‍സാര്‍ ജില്ലയിലുള്ള ഈ ദേശീയോദ്യാനം 24 ച.കി.മീ. വിസ്തീര്‍ണമുള്ളതാണ്. കൃഷ്ണമൃഗം, പുലി, മയില്‍ എന്നിവയെ ഇവിടെ സംരക്ഷിച്ചുപോരുന്നു.
മറൈന്‍ (Marine). ജാംനഗര്‍ ജില്ലയിലെ ഗള്‍ഫ് ഒഫ് കച്ച്(Gulf of Kutch)-ല്‍ സ്ഥിതിചെയ്യുന്നു. 163 ച.കി.മീ.വിസ്തൃതിയുണ്ട്. 1982-ല്‍ നിലവില്‍വന്നു. വനപ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍, കണ്ടല്‍ വനങ്ങള്‍ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ സവിശേഷതകളാണ്. വിവിധയിനം ആമകളും വേഴാമ്പലുകളും ഇവിടെയുണ്ട്.
ഛത്തീസ്ഘട്ട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി കാന്ഹ (Kanha), ബാന്ധവ്ഗഢ് (Bandhavgarh), മാധവ് (Madhav), ഇന്ദ്രാവതി (Indravati), പന്നാ (Panna), സത്പുര (Satpura), സഞ്ജയ് (Sanjay), വന്‍വിഹാര്‍ (Vanvihar), ഫോസില്‍ (Fossil), കാന്‍ഗര്‍ വാലി (Kanger Valley), പെഞ്ച് (Pench) എന്നിങ്ങനെ പതിനൊന്ന് ദേശീയോദ്യാനങ്ങളാണുള്ളത്.
കാന്ഹാ. മധ്യപ്രദേശിലെ ജബല്പ്പൂരില്നിന്ന് 175 കി.മീ. അകലെ മാണ്ഡല, ബലഘാട്ട് ജില്ലകളിലായി 940 ച.കി.മീ. വിസ്തൃതിയുള്ള കാന്ഹാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. 1955-ല്‍ സ്ഥാപിതമായ ഈ ദേശീയോദ്യാനം 1974-ലാണ് 'പ്രോജക്റ്റ് ടൈഗര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ചതുപ്പുനില മാനുകളാണ് ഇവിടത്തെ ആകര്‍ഷണം. 200-ല്‍ അധികം പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. നിറയെ പുഷ്പങ്ങളുണ്ടാകുന്ന ചമത (പ്ളാശ്), ചുവന്ന പുഷ്പങ്ങള്‍ നിറഞ്ഞ പഞ്ഞിപ്പൂള (Silk cotton) എന്നിവ ഇവിടത്തെ മറ്റൊരാകര്‍ഷണമാണ്.
ബാന്ധവ്ഗഢ്. 1968-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 105 ച.കി.മീ. വിസ്തൃതിയുണ്ട്. ഇന്ത്യയിലെ ദേശീയോദ്യാനങ്ങളില്വച്ച് ഏറ്റവും കൂടുതല്‍ കടുവകളുള്ളത് ഈ ഉദ്യാനത്തിലാണ്. 250-ല്‍ അധികം പക്ഷിയിനങ്ങളുണ്ട്. രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ബാന്ധവ്ഗഢ് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ചരിത്രാതീതകാലം മുതലുള്ള നിരവധി ഗുഹകള്‍ ഈ കോട്ടയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗുഹകളില്‍ ബി.സി. ഒന്നാം ശ.-ത്തിനുമുമ്പുള്ള ബ്രാഹ്മി (Brahmi) ശിലാലിഖിതങ്ങളുണ്ട്.
റീവ (Rewa) മഹാരാജാക്കന്മാരുടെ വേട്ടക്കാടുകളായിരുന്ന ബാന്ധവ്ഗഢിലാണ് വെള്ളക്കടുവ ആദ്യമായി കാണപ്പെട്ടത്. വനത്തില്‍നിന്ന് യാദൃച്ഛികമായി കിട്ടിയ വെള്ളക്കടുവയുടെ പിന്തലമുറക്കാരാണ് ഇന്ന് ലോകത്തെങ്ങുമുള്ള കാഴ്ചബംഗ്ളാവുകളിലെ കൌതുകമായ വെള്ളക്കടുവകള്‍. കടുവയുടെ ശരീരത്തില്‍ മെലാനിന്‍ എന്ന വര്‍ണവസ്തു കുറയുന്നതുമൂലമാണ് മഞ്ഞനിറത്തിനു പകരം വെള്ള നിറമുള്ളവ ജനിക്കുന്നത്. 1993-ല്‍ മാത്രമാണ് ബാന്ധവ്ഗഢ് 'പ്രൊജക്റ്റ് ടൈഗര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
മാധവ്. മാധവ് ദേശീയോദ്യാനം ശിവപുരി ജില്ലയിലാണ്. 337 ച.കി.മീ. വിസ്തൃതിയുണ്ട്; 1959-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ 220-ല്‍ അധികം ഇനം പക്ഷികളുണ്ട്. സാല്ഖ്യാ സാഗര്‍ (Salkhya sagar) തടാകം നിരവധി ദേശാടനപ്പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഇവിടെ വര്‍ഷത്തില്‍ 101 സെ.മീറ്ററോളം മഴ ലഭിക്കും.
ഇന്ദ്രാവതി. ബസ്തര്‍ ജില്ലയില്‍ 1978-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ദ്രാവതി 1258 ച.കി.മീ. വിസ്തൃതിയുള്ളതാണ്. 'പ്രോജക്റ്റ് ടൈഗര്‍' പദ്ധതിയില്‍ ഇത് ഉള് പ്പെടുത്തിയിട്ടുണ്ട്.
പന്നാ. ഛത്തര്പൂര്, പന്നാ ജില്ലകളിലായി 543 ച.കി.മീറ്ററോളം വ്യാപിച്ചുകിടക്കുന്നു. 1981-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇത് വജ്രഖനന വ്യവസായത്തിനു പ്രശസ്തിയാര്‍ജിച്ച സ്ഥലവും രാജ്യത്തെ മികച്ച കടുവാസംരക്ഷണകേന്ദ്രങ്ങളിലൊന്നുമാണ്. പാണ്ഡവ് വെള്ളച്ചാട്ടവും തടാകവും രാജ്ഗര് (Rajgarh) കൊട്ടാരവും അതിന്റെ വാസ്തുവിദ്യയും ഈ ദേശീയോദ്യാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നു.
സത്പുര. സത്പുര ദേശീയോദ്യാനം ഹോഷംഗാബാദ് (Hoshangabad) ജില്ലയിലെ 524 ച.കി.മീ. സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.
സഞ്ജയ്. 1981-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1938 ച.കി.മീ. വിസ്തൃതിയാണ് ഈ ദേശീയോദ്യാനത്തിനുള്ളത്. സിന്ധി, സര്‍ഗുജു എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം ഇന്ത്യയിലെ വിസ്തൃതിയേറിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. സാല് വൃക്ഷങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
വന്‍വിഹാര്‍. ഇവിടം 1979-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഭോപ്പാല്‍ ജില്ലയിലുള്ള ഈ ദേശീയോദ്യാനം 4.45 ച.കി.മീ. മാത്രം വിസ്തൃതിയുള്ളതാണ്. ഇവിടെ ശാസ്ത്രഗവേഷണങ്ങള്ക്കുവേണ്ടി വിവിധയിനം ജന്തുക്കളെ കൂട്ടിലടച്ചു വളര്‍ത്തുന്നുണ്ട്. പുലി, കടുവ, തേവാങ്ക്, പുള്ളിമാന്‍, കുട്ടിത്തേവാങ്ക് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളുമുണ്ട്.
ഫോസില്‍. 1983-ല്‍ പ്രഖ്യാപിതമായ ഫോസില്‍ ദേശീയോദ്യാനം മാന്‍ഡ്ല ജില്ലയിലെ 0.27 ച.കി.മീ. സ്ഥലത്തു സ്ഥിതിചെയ്യുന്നു. ജബല്‍പ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 87 കി.മീ. ദൂരെയുള്ള ഈ പാര്‍ക്കില്‍ സസ്യഫോസിലുകള്‍ സംരക്ഷിച്ചുപോരുന്നു.
കാങ്കര്‍ വാലി. ബസ്തര്‍ (Bastar) ജില്ലയിലെ 200 ച.കി.മീ. സ്ഥലത്തു വ്യാപിച്ചിരിക്കുന്നു. 1982-ല്‍ സ്ഥാപിതമായി.
പെഞ്ച്. സിയോണി ജില്ലയില്‍ 1983-ല്‍ പ്രഖ്യാപിക്കപ്പെട്ടതാണ് പെഞ്ച് ദേശീയോദ്യാനം. 293 ച.കി.മീ. വിസ്തൃതിയുണ്ട്. ഇവിടം തേക്ക് വൃക്ഷങ്ങള്‍ ധാരാളമായി വളരുന്ന വനപ്രദേശങ്ങളാണ്.
രാജസ്ഥാന് സംസ്ഥാനത്ത് നാല് ദേശീയോദ്യാനങ്ങളുണ്ട്.
റണ്ഥംഭോര് (Ranthambore). 392 ച.കി.മീ. വിസ്തൃതിയുണ്ട് ഇതിന്. സവായ് മേധാപ്പൂര് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം സവായ് മേധാപ്പൂര് വന്യമൃഗസങ്കേതമെന്നാണ് 1955 മുതല്‍ അറിയപ്പെട്ടിരുന്നത്. 1980-ലാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇത് 1973 മുതല്‍ 'പ്രോജക്റ്റ് ടൈഗര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 256 ഇനം പക്ഷികളും 25-ല്‍ അധികം കടുവകളും നാല്പതോളം പുലികളും ഇവിടത്തെ വനങ്ങളിലുണ്ട്. പുള്ളിമാന്‍, കാട്ടുപന്നി, നീലക്കാള, ചിങ്കാരമൃഗം, മൂളിക്കുരങ്ങ്, റീസസ്കുരങ്ങ്, പുള്ളിപ്പുലി, കാട്ടുപൂച്ച, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങളും തീക്കുരുവി, തീച്ചിന്നന്‍, വെള്ളക്കഴുകന്‍, മൂങ്ങ തുടങ്ങിയവയും നിരവധി ഉരഗങ്ങളും ഇവിടത്തെ സമ്പത്താണ്.
സരിസ്ക്ക (Sariska). അല്‍വാര്‍ ജില്ലയില്‍ 1982-ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിന് 247 ച.കി.മീ. വിസ്തൃതിയുണ്ട്. ഇത് പ്രോജക്റ്റ് ടൈഗര്‍ പദ്ധതിയില്‍ ഉള് പ്പെടുത്തിയിട്ടുള്ള ദേശീയോദ്യാനമാണ്. അവിടവിടെയായി പഴയ കോട്ടകളുടെയും ക്ഷേത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ ഈ ദേശീയോദ്യാനത്തില്‍ കാണാനാകും.
കിയോല്ദിയോ (Keoldeo). 1981-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്റെ മധ്യഭാഗത്തായി ശിവക്ഷേത്രമുള്ളതിനാലാണ് കിയോല്ദിയോ എന്നു പേരുലഭിച്ചത്. 495 മി.മീ. മഴ ലഭിക്കുന്ന ഈ പ്രദേശത്തെ വനങ്ങളില്‍ 90 ജലസസ്യയിനങ്ങള് അടക്കം 282 ഇനം സസ്യങ്ങള്‍ ഉണ്ട്. വേനല്‍ക്കാലത്ത് 46°C വരെ ഉയരുന്ന താപനില തണുപ്പുകാലത്ത് 3°C വരെ താഴാറുണ്ട്.
അജാന്‍ അണക്കെട്ട് (Ajan dam) ഈ ദേശീയോദ്യാനത്തിനടുത്താണ്. ജലപ്പക്ഷികളും ദേശാടനപ്പക്ഷികളുമുള്പ്പെടെ 370 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. 4000 കി.മീറ്ററോളം ദൂരം പറന്ന് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികളാണ് സൈബീരിയന്‍ കൊക്കുകള്‍. ഇവ മാര്‍ച്ച് മാസാവസാനത്തോടെ മടങ്ങിപ്പോവുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ആയിരകണക്കിനു സൈബീരിയന്‍ കൊക്കുകള്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.
ഡെസെര്‍ട്ട് (Desert). ഇത് ജയ്സാല്‍മര്‍-ബാര്‍മര്‍ ജില്ലകളിലെ 3162 ച.കി.മീ. പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. പൂഴിമണല്‍ പ്രദേശമായ ഇവിടെ ഇടയ്ക്കിടെ കാറ്റടിച്ചു പറപ്പിച്ചുകൂട്ടിയ ചെറുമണല്ത്തിട്ടകള് കാണാം. വേനല്‍ക്കാലത്ത് ഇവിടത്തെ താപനില 50°C വരെ ഉയരാറുണ്ട്. മുള്‍ച്ചെടികളാണ് ഇവിടെ സര്‍വസാധാരണം. മണല്‍ക്കോഴികള്‍, വെള്ളച്ചിറകന്‍ ടിറ്റുകള്‍, പരുന്ത്, കഴുകന്, മയിലുകള്‍, കൊക്കുകള്‍ തുടങ്ങിയ പക്ഷിയിനങ്ങള്‍ ഇവിടെ സുലഭമാണ്.
ഹരിയാന സംസ്ഥാനത്ത് ഒരു ദേശീയോദ്യാനമേയുള്ളൂ.
സുല്‍ത്താന്‍പുര്‍ (Sultanpur). ഗുര്‍ഗാവോണ്‍ (Gurgaon) ജില്ലയില്‍ 1.43 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന തടാകവും അതിനു ചുറ്റുമുള്ള വിശാലമായ പുല്‍മേടുകളും ഉള്‍പ്പെടുന്നതാണ് ഈ ഉദ്യാനം. ഇലകൊഴിയുംവൃക്ഷങ്ങള് സമൃദ്ധമായി വളരുന്ന ഇവിടെ നീലക്കാള, വിവിധയിനം മാനുകള്‍, 250-ല്‍ അധികം ഇനം പക്ഷികള്‍ എന്നിവ കാണപ്പെടുന്നു. ഈ പക്ഷികളില്‍ 90 ഇനങ്ങളും ദേശാടനപ്പക്ഷികളാണ്. ജലദൗര്‍ലഭ്യം നേരിടുന്ന ഒന്നാണ് ഈ ഉദ്യാനം.
സംസ്ഥാനത്ത് ഗ്രേറ്റ് ഹിമാലയന്‍, പിന് വാലി (pin valley) എന്നീ രണ്ട് ദേശീയോദ്യാനങ്ങളുണ്ട്.
ഗ്രേറ്റ് ഹിമാലയന്‍. കുളു ജില്ലയില്‍ 1984-ല്‍ സ്ഥാപിതമായ ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനത്തിന് 765 ച.കി.മീ. വിസ്തൃതിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 2500 മീ. വരെ ഉയരമുള്ള പ്രദേശമാണിവിടം.
പിന് വാലി. 675 ച.കി.മീ.ആണ് പിന് വാലി ദേശീയോദ്യാനത്തിന്റെ വിസ്തൃതി. പിന് നദീതാഴ്വരയില്‍ സ്ഥിതിചെയ്യുന്നതിനാലാണ് ഈ ഉദ്യാനത്തിന് പ്രസ്തുത പേരു ലഭിച്ചത്. സ്പിതി ജില്ലയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം സമുദ്രനിരപ്പില്‍നിന്ന് സു. 3,700 മുതല്‍ 6,600 വരെ മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ 4500 മീ. വരെ ഉയരമുള്ള പ്രദേശങ്ങള്‍ വര്ഷംമുഴുവന് മഞ്ഞു മൂടിക്കിടക്കുന്ന മലകളാണ്. തവിട്ടു ഹിമാലയന്‍ കുറുക്കന്, ഹിമക്കരടി, നീല ഹിമാലയന്‍ ചെമ്മരിയാട്, ഹിമച്ചെന്നായ്, ഹിമാലയന്പ്രദേശങ്ങളില് സുലഭമായി കാണപ്പെടുന്ന പക്ഷികള്‍ തുടങ്ങിയവ ധാരാളമായുണ്ട്.
ജമ്മു-കാശ്മീരില്‍ നാല് ദേശീയോദ്യാനങ്ങളാണ് ഉള്ളത്.
ഡച്ചിഗാം (Dachigam). ഇതിനെ 1981-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ശ്രീനഗര്‍ ജില്ലയില്‍ 141 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഈ ഉദ്യാനം സമുദ്രനിരപ്പില്‍നിന്ന് 2,990 മീറ്ററോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഹിമാലയപ്രദേശങ്ങളില്മാത്രം കണ്ടുവരുന്ന വൃക്ഷങ്ങള്‍ (പൈന്‍, ഓക്, കുന്തിരിക്കമരം) ഇവിടെ ഇടതൂര്‍ന്നുവളരുന്നു. വംശനാശഭീഷണി നേരിടുന്ന കാശ്മീര്‍ മാനുകളുടെ ആവാസകേന്ദ്രമെന്ന നിലയിലും ഈ ദേശീയോദ്യാനം ശ്രദ്ധേയമാണ്.
കിഷ്ത് വാര് (Kishtwar). കിഷ്ത്വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന 310 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം സമുദ്രനിരപ്പില്‍നിന്ന് 4,400 മീറ്ററോളം ഉയരത്തിലാണ് നിലകൊള്ളുന്നത്.
ഹെമിസ് (Hemis). 3550 ച.കി.മീ. വിസ്തീര്‍ണമുള്ള ഹെമിസ് ഹൈ ആള്‍ട്ടിറ്റ്യൂഡ് ദേശീയോദ്യാനം (High Altitude National Park) ലേ (Leh) ജില്ലയിലാണ്. 1981-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. സമുദ്രനിരപ്പില്‍നിന്ന് 3140-5854 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഹിമപ്രദേശങ്ങളില് കണ്ടുവരുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണകേന്ദ്രമാണിവിടം.
സിറ്റി ഫോറസ്റ്റ് (City Forest). 9.07 ച.കി.മീ. വിസ്തൃതിയുള്ളതാണ് ഇത്. ശ്രീനഗര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്നു.
ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ഏഴ് ദേശീയോദ്യാനങ്ങളുണ്ട്.
വാലി ഒഫ് ഫ്ളവേഴ്സ് (Valley of flowers). ഉത്തരാഞ്ചലിലെ ചമോലി (Chamoli) ജില്ലയില്‍ സ്ഥിതിചെയ്യുന്ന വാലി ഒഫ് ഫ്ളവേഴ്സ് 1981-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. 87 ച.കി.മീ. വിസ്തൃതിയുണ്ട്. 1931-ല്‍ കാമെറ്റ് (Kamet) പര്‍വതാരോഹണം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയ രണ്ട് ഇംഗ്ളീഷ് പര്‍വതാരോഹകരായ ഫ്രാങ്ക് സ്മൈത് (Frank Smythe), ഹോള്‍ഡ്സ് വര്ത് (Holdsworth) എന്നിവരാണ് പ്രകൃതിസുന്ദരമായ ഈ ഉദ്യാനത്തെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍നിന്ന് 3350-3660 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. പുഷ്പാവതി നദി ഇതിന്റെ അരികിലൂടെ ഒഴുകുന്നു. ജൂണ്‍മാസത്തോടെ മഞ്ഞുരുകിയശേഷം ജൂലായ്-ആഗസ്റ്റ് മാസങ്ങളില്‍ ഏതാണ്ട് മുന്നുറ് ഇനം മനോഹരമായ കാട്ടുപുഷ്പങ്ങള്‍ ഇവിടെയുണ്ടാകാറുണ്ട്. ഇവിടെയെത്തുന്ന ചിത്രശലഭങ്ങള്‍ വളരെ ആകര്ഷണീയതയുള്ളവയാണ്.
നന്ദാദേവി. ചമോലി ജില്ലയിലെ 630 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. 1950 വരെ മനുഷ്യര്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഈ സ്ഥലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രകൃതിസ്നേഹികളും പര്‍വതാരോഹകരും മറ്റും എത്തിപ്പെട്ടത് അവിടത്തെ പരിസ്ഥിതിനാശത്തിനു കാരണമായി. ഈ പ്രദേശത്തെ നാശത്തില്‍നിന്നു രക്ഷിക്കാനായി 1982-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 4500 മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിനെ ചുറ്റി എഴുപതോളം കൊടുമുടികളുണ്ട്. ഇതില്‍ ഏറ്റവും ഉയരം കൂടിയത് 7,817 മീ. ഉയരമുള്ള നന്ദാദേവിയാണ്. കപ്പിന്റെ ആകൃതിയിലുള്ള ഈ ഉദ്യാനം പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും ജൈവസമ്പത്തുംകൊണ്ട് അനുഗൃഹീതമാണ്.
ഗോവിന്ദ്. ഉത്തരാഞ്ചലിലെ ഉത്തരാക്ഷി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. 472 ച.കി.മീ. വിസ്തൃതിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 1300-6315 മീ. വരെ ഉയരത്തിലുള്ളതാണ് ഈ ഉദ്യാനം. വളരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പുല്‍മേടുകളും ഇടതൂര്‍ന്ന വനങ്ങളും ജൈവസമ്പത്തും ആണ് ഇവിടത്തെ സവിശേഷത.
ഗംഗോത്രി. ഗംഗോത്രി ദേശീയോദ്യാനം 2.390 ച.കി.മീ. വിസ്തൃതിയുള്ളതാണ്; ഉത്തരാഞ്ചലിലെ ഉത്തരകാശി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടിയുടെ ആകര്‍ഷണീയതയുള്ള ഈ ഉദ്യാനത്തിലെ ചെറു തടാകങ്ങളും ചെറിയ കൊടുമുടികളും ഉയരം കൂടിയ പുല്‍പ്പരപ്പുകളും ഇതിനെ സവിശേഷമാക്കുന്നു.
കോര്‍ബെറ്റ്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ഇത്. 1936-ല്‍ ഉത്തര്‍പ്രദേശിലെ ഗവര്‍ണറായിരുന്ന സര് മാല്‍കോം ഹെയ്ലി(Malcolm Hailey)യുടെ ഓര്‍മക്കായി ഹെയ്ലി ദേശീയോദ്യാനം എന്നു നാമകരണം ചെയ്തു. സ്വാതന്ത്യലബ്ധിക്കുശേഷം രാമഗംഗ ദേശീയോദ്യാനം എന്നു പേരിട്ടു. 1957-ല്‍ വന്യജീവി സ്നേഹിയും ഫോട്ടോഗ്രാഫറും 'കുമയൂണിലെ നരഭോജികള്‍' (Man eaters of Kumaon) എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവും ആയ ജിം കോര്‍ബെറ്റിന്റെ സ്മരണാര്‍ഥം ഇതിന് കോര്‍ബെറ്റ് ദേശീയോദ്യാനം എന്നു പേരിട്ടു. 1973-ല്‍ ഈ പാര്‍ക്ക് പ്രോജക്റ്റ് ടൈഗര്‍ പദ്ധതിയില്‍ ഉള് പ്പെടുത്തി. പാര്‍ക്ക് കടുവാസങ്കേതത്തിന്റെ ഭാഗമായിത്തന്നെ തുടരുകയും ചെയ്തു.
521 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം നൈനിറ്റാള്‍, സമീപ ജില്ലകള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്നു. കടുവകളുടെ സാമ്രാജ്യമായി ഈ ഉദ്യാനം കണക്കാക്കപ്പെടുന്നു. രാംഗംഗ നദിയിലെ മനുഷ്യനിര്‍മിത റിസര്‍വോയറിന്റെ 82 ച.കി.മീ.-ല്‍ പകുതിയും ഈ ദേശീയോദ്യാനത്തിലാണ്.
580-ല്‍ അധികം പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. തണുപ്പുകാലത്താണ് പക്ഷികള്‍ കൂടുതലായി കാണപ്പെടുന്നത്. ഇതിലധികവും ദേശാടനക്കിളികളാണ്. രാംഗംഗ നദിയിലും റിസര്‍വോയറിലും ഘരിയല്‍ എന്നയിനം മുതലകളെ കണ്ടുവരുന്നു.
രാജാജി. ഡെറാഡൂണ്‍ ജില്ലയിലും അതിനോടടുത്ത ജില്ലകളിലുമായി 820 ച.കി.മീ. സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ആനകളാണ് ഈ പാര്‍ക്കിന്റെ ആകര്‍ഷണം. ഏഷ്യന്‍ ആനകളെ സംരക്ഷിക്കുന്ന ഈ ഉദ്യാനത്തിന്റെ പുറംപോക്കില്‍ ടോങ്കിയ കൃഷിയുണ്ട്. ആദിവാസികള്‍ അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്കായി നടത്തുന്ന വനവിഭവ ശേഖരണം വന്യജീവികള്‍ക്കു ഭീക്ഷണിയായിത്തീര്ന്നിട്ടുണ്ട്. കില ജലവൈദ്യുതപദ്ധതി ഈ ഉദ്യാനത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
ദുധ് വ. ഉത്തര്‍പ്രദേശിലെ ഖേരി (Kheri) ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 490 ച.കി.മീ. വിസ്തൃതിയുള്ളതാണ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഈ ദേശീയോദ്യാനത്തിന്റെ 80 ശതമാനവും സാല് (Shorea robusta) വനമാണ്. ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ള സാല് വൃക്ഷങ്ങളുള്ളതും ഇവിടെത്തന്നെയാണ്. തടാകങ്ങളും കുളങ്ങളും നദികളും പുല്‍പ്പരപ്പുകളും ഈ ഉദ്യാനത്തിന്റെ സവിശേഷതയാണ്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ചതുപ്പുനിലമാനുകള് കൂടുതലായി ഉള്ളത് ഇവിടെയാണ്. ഇവ നൂറെണ്ണത്തിലധികമുള്ള കൂട്ടങ്ങളായി ഇവിടെ സ്വൈരവിഹാരം നടത്തുന്നു.
1958-ല്‍ ചതുപ്പുനില മാന്‍ (Swamp-deer)) വര്‍ഗത്തിന്റെ സംരക്ഷണാര്‍ഥം രൂപവത്കരിക്കപ്പെട്ട ദുധ് വ സങ്കേതത്തില്‍ വംശനാശഭീഷണി നേരിടുന്ന ബംഗാള്‍ ഫ്ളോറിക്കണ് (Bengal Florican) എന്ന പക്ഷിയിനത്തിനും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. ആനകള്‍ വിരളമാണ്.
സാരസക്കൊക്ക്, പലജാതി കഴുകന്മാര്, ഞാറകള്‍, മലമുഴക്കികള്‍, കാലങ്കോഴികള്‍, മരംകൊത്തികള്‍, പച്ചക്കിളികള്‍, കാവി, മീന്കൊത്തികള് തുടങ്ങിയ 400 ഇനം പക്ഷികള്‍ ഇവിടെയുണ്ട്.
ബിഹാര്‍ സംസ്ഥാനത്ത് രണ്ട് ദേശീയോദ്യാനങ്ങളുണ്ട്.
ബെറ്റ്ല (Betla). 232 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം പലാമു ജില്ലയില്‍ സ്ഥിതിചെയ്യുന്നു. സാല്‍വൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഇവിടത്തെ സവിശേഷതയാണ്. വര്‍ഷംതോറും 1,200 മി.മീ. മഴ ലഭിക്കുന്ന പ്രദേശമാണിത്.
വാല്മീകി (Valmiki). ബിഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള വാല്മികി ദേശീയോദ്യാനത്തിന് 335.64 ച.കി.മീ. വിസ്തൃതിയുണ്ട്. സാല്‍വൃക്ഷങ്ങളും ഇലകൊഴിയും വൃക്ഷങ്ങളും ഉള്ള വനപ്രദേശമാണ് ഇവിടെയുള്ളത്. പുലി, കടുവ, തേവാങ്ക്, ചെന്നായ തുടങ്ങിയ മൃഗങ്ങളും പെരുമ്പാമ്പ്, പച്ചിലപ്പാമ്പ് എന്നിവയടക്കം വിവിധയിനം ഉരഗങ്ങളും മയില്‍, തത്ത, മൈന, പൊന്മാന് എന്നീ ഇനം പക്ഷികളുമുണ്ട്.
പശ്ചിമബംഗാള്‍ സംസ്ഥാനത്ത് സുന്ദര്‍ബന്‍സ് (Sundarbans), നിയോറവാലി (Neora valley), സിംഗലീല (Singalila), ബക്സ (Buxa), ഗോരുമാര (Gorumara) എന്നീ അഞ്ച് ദേശീയോദ്യാനങ്ങളാണുള്ളത്.
സുന്ദര്‍ബന്‍സ്. ലോകത്തിലെ ഏക കണ്ടല്‍ക്കാട്-കടുവാസങ്കേതമാണ് ഇവിടം. 1973-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിതമായത്. 2585 ച.കി.മീ. വിസ്തൃതിയുണ്ട്. ഇതില്‍ 1330 ച.കി.മീ. സ്ഥലം കോര്പ്രദേശമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗംഗാ-ബ്രഹ്മപുത്രാ നദികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനുമുമ്പുള്ള നദീമുഖത്തെ ഡെല്‍റ്റാ പ്രദേശങ്ങളിലാണ് ഈ ദേശീയോദ്യാനം. പടിഞ്ഞാറ് ഹൂഗ്ളി നദീമുഖത്തുനിന്ന് ആരംഭിച്ച് കിഴക്ക് മേഘനനദി വരെ എത്തുന്നതാണ് ഈ ദേശീയോദ്യാനം. വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന നിരവധി നദികളും ഉദ്യാനത്തിലുണ്ട്. കടലോരപ്രദേശത്ത് ഏകദേശം 60 ഇനം കണ്ടല്‍ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന കണ്ടല്‍ക്കാടുകളാണുള്ളത്. 1973-ല്‍ത്തന്നെ പ്രൊജക്റ്റ് ടൈഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ കടുവാസങ്കേതത്തില്‍ 250-ലധികം കടുവകളുണ്ട്. ഈ കടുവകള്‍ പൊതുവേ ആക്രമണസ്വഭാവം വളരെ കൂടുതലുള്ളവയാണ്. നരഭോജികളായ കടുവകളും ഇവിടെയുണ്ട്. മറ്റു വന്യജീവിസംരക്ഷണകേന്ദ്രത്തിലൊന്നുമില്ലാത്ത ഒരു സവിശേഷത ഇവിടെയുണ്ട്; വന്‍തോതിലുള്ള തേനീച്ച വളര്‍ത്തല്‍. ഗംഗാതട ഡോള്‍ഫിനുകളും (Gangetic Dolphin) മുതലകളും ആമകളും മത്സ്യങ്ങളും 260 പക്ഷിയിനങ്ങളും ഈ ഉദ്യാനത്തിലുണ്ട്. 1989-ല്‍ സുന്ദര്‍ബന്‍സ് ഒരു 'ബയോസ്ഫിയര്‍ റിസര്‍വ്' വനമായി അംഗീകരിക്കപ്പെട്ടു.
നിയോറ വാലി. 1986-ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയോദ്യാനം ഡാര്‍ജിലിങ് ജില്ലയിലെ 87 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയില്‍ അവശേഷിക്കുന്ന അപൂര്‍വം കന്യാവനങ്ങളിലൊന്നാണിത്. ഉഷ്ണ-ഉപോഷ്ണ-മിതോഷ്ണ മേഖലയിലെ ജൈവസമ്പത്തും സസ്യ-ജന്തു ജാലവും ഇവിടത്തെ സവിശേഷതകളാണ്. വിവിധയിനം ഓര്‍ക്കിഡുകളും സപുഷ്പി സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്. സ്വര്ണപ്പൂച്ച, ചുവന്ന പാണ്ട, അഞ്ചിനം വെരുകുകള്‍, വിവിധയിനം പക്ഷികള്‍ എന്നിവയും രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയ നിരവധി വിഷപ്പാമ്പുകളും ഉരഗങ്ങളും വര്ണശബളതയുള്ള ചിത്രശലഭങ്ങളും വണ്ടുകളും നിശാശലഭങ്ങളും തേനീച്ചകളും ചീവിടുകളും ഈ ദേശീയോദ്യാനത്തിന്റെ മുതല്‍ക്കൂട്ടാണ്.
സിംഗലീല. ഡാര്‍ജിലിങ് ജില്ലയിലെ 78.60 ച.കി.മീ. സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്‍നിന്ന് 3700 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 'ഹിമാലയത്തിന്റെ റാണി' എന്നറിയപ്പെടുന്നു. സിംഗലീല കൊടുമുടിക്ക് 2500 മീ. ഉയരമുണ്ട്. ഹിമാലയന്‍ മുയല്, ഹിമാലയന്‍ കരിങ്കരടി, അണ്ണാന് വര്‍ഗങ്ങള്‍ എന്നിവ സുലഭമായുള്ള ഈ ദേശീയോദ്യാനം പ്രധാനമായും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചുവപ്പുപാണ്ടയെ സംരക്ഷിക്കാനായി രൂപീകരിച്ചതാണ്.
ബക്സ. 117 ച.കി.മീ. വിസ്തൃതിയുള്ളതാണ് ബക്സ ദേശീയോദ്യാനം. ജാല്‍പായ്ഗുരി (Jalpaiguri) ജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഈ ഉദ്യാനത്തിലൂടെ അഞ്ച് നദികള്‍ ഒഴുകുന്നു. നദീതീരങ്ങളില്‍ ഇടതൂര്‍ന്നു വളരുന്ന പുല്‍മേടുകളുണ്ട്. ഇവിടെ ആന, പുലി, കടുവ, വിവിധയിനം മാനുകള്‍, കുരങ്ങുകള്‍, തേവാങ്കുകള്‍, വിവിധയിനം പക്ഷികള്‍ എന്നിവയും ധാരാളമായുണ്ട്.
ഗോരുമാര. ജാല്‍പായ്ഗുരി ജില്ലയിലെ 79 ച.കി.മീ. സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. സാല്‍വൃക്ഷങ്ങളും മുളങ്കൂട്ടങ്ങളുമാണ് ഇവിടത്തെ വനങ്ങളുടെ സവിശേഷത. മറ്റു വന്യമൃഗങ്ങളോടൊപ്പം ഇവിടെ ധാരാളം ആനകളും സ്വൈരവിഹാരം നടത്തുന്നു.
സിക്കിം സംസ്ഥാനത്തെ ഏക ദേശീയോദ്യാനമാണ് കാഞ്ചന്ചുങ്ക. വടക്കെ സിക്കിം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 850 ച.കി.മീ. വിസ്തൃതിയുള്ളതാണ്. 1977-ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിലെ വനപ്രദേശങ്ങളില്‍ താപനില 4°C; മുതല്‍ 17°C; വരെയാണ്. കോണിഫറുകളും ഓക്കുമരങ്ങളുമടക്കം നിരവധിയിനം ഓഷധികളും കുറ്റിച്ചെടികളും സപുഷ്പികളും ഇവിടെയുണ്ട്.
അസം സംസ്ഥാനത്ത് കാസിരംഗ, മനാസ് എന്നീ രണ്ട് ദേശീയോദ്യാനങ്ങളാണുള്ളത്.
കാസിരംഗ (Kasirenga). 430 ച.കി.മീ. വിസ്തൃതിയുള്ളതാണ് ഇത്. ബ്രഹ്മപുത്രാ നദീതീരത്തുള്ള ഈ ദേശീയോദ്യാനം 1950-ല്‍ വന്യമൃഗസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും1974-ലാണ് ദേശീയോദ്യാനമായി അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗത്തെ വംശനാശത്തില്നിന്നുസംരക്ഷിക്കാനാണ് കാസിരംഗ സ്ഥാപിതമായത്. ലോകത്താകെയുള്ള ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളില്‍ 70 ശതമാനവും ഈ ദേശീയോദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടുവരുന്നത്. കാട്ടുപോത്തുകള്‍, ചതുപ്പുനില മാനുകള്‍ എന്നിവയും ഇവിടെ സംരക്ഷിക്കപ്പെടുന്നു. കാട്ടുകോഴികള്‍, തത്തകള്‍, കൊക്കുകള്‍, ഞാറകള്‍, നീര്‍ക്കാക്കകള്‍, മൈനകള്‍, ഹിമാലയപ്രദേശങ്ങളില്‍ കാണുന്ന വിവിധയിനം പക്ഷികള്‍ എന്നിവയെല്ലാം ഇവിടെ ധാരാളമായുണ്ട്. സൈബീരിയയില്‍നിന്നും ഉത്തരധ്രുവത്തില്‍നിന്നും പറന്നെത്തുന്ന ദേശാടനപ്പക്ഷികള്‍ ഈ ദേശീയോദ്യാനത്തിന് അലങ്കാരമാകാറുണ്ട്. ദേശാടനപ്പക്ഷികളില്‍ പ്രധാനം സൈബീരിയന്‍ പെലിക്കണുകളാണ്. ജലാശയങ്ങളില്‍ നീര്‍നായകളുണ്ട്.
കാസിരംഗ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബ്രഹ്മപുത്രാ തടമായതിനാല്‍ ഇടതൂര്‍ന്ന വനങ്ങളൊന്നും ഇവിടെയില്ല. നദീതീരങ്ങളില്‍ സമൃദ്ധമായി പുല്ലുവര്ഗങ്ങളുണ്ട്; ചതുപ്പുനിലങ്ങളില്‍ ആനപ്പുല്ലും. താഴ്വാരപ്രദേശങ്ങളിലാണ് കാടുകളുള്ളത്. ഇവിടെ മലയണ്ണാന്, സ്വര്ണക്കുരങ്ങ്, തൊപ്പിക്കുരങ്ങ് എന്നിവയുണ്ട്.
മനാസ് (Manas). അസമിന്റെ വടക്കുകിഴക്കായി ഇന്ത്യാ-ഭൂട്ടാന് അതിര്‍ത്തിയിലാണ് 1978 ഒ. 1-ന് കടുവാസങ്കേതമായി പ്രഖ്യാപിക്കപ്പെട്ട മനാസ് സ്ഥിതിചെയ്യുന്നത്. 1990 സെപ്. 7-ന് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
ഒറ്റക്കൊമ്പന് കാണ്ടാമൃഗം, പുള്ളിപ്പുലി, കരിമ്പുലി, കാട്ടുപൂച്ചകള്‍, ചെന്നായ, ഹിമാലയന്‍ കരിങ്കരടി, മടിയന്‍ കരടി, ആന, അസംകുരങ്ങ് വര്‍ഗങ്ങള്‍, മരപ്പട്ടികള്‍, ആമ, കലമാന്‍, പാറമാന്, ചതുപ്പുനിലമാന്, കാട്ടുപന്നി, നീര്‍നായ്, അളുങ്ക്, മലമ്പാമ്പ്, ഉഗ്രവിഷമുള്ള പാമ്പുകള്‍ എന്നിവയെല്ലാം മനാസ് ദേശീയോദ്യാനത്തിലുണ്ട്. മുന്നൂറിലധികം പക്ഷിയിനങ്ങളും ഇവിടെയുണ്ട്. തൊപ്പിക്കുരങ്ങും സ്വര്ണക്കുരങ്ങും അപൂര്‍വമായേ ഉള്ളൂ.
നന്ദാഫാ (Namdapha). അരുണാചല്‍പ്രദേശിലെ രണ്ട് ദേശീയോദ്യാനങ്ങളില്‍ പ്രധാനപ്പെട്ടത് നന്ദാഫാ ദേശീയോദ്യാനമാണ്. ഇതിന് 1985.23 ച.കി.മീ. വിസ്തൃതിയുണ്ട്. കടുവാസംരക്ഷണകേന്ദ്രമായ നന്ദാഫായില് 200-4500 മീ. വരെ ഉയരത്തിലുള്ള മഞ്ഞുമൂടിയ പര്‍വതങ്ങളുണ്ട്. ഔഷധസസ്യങ്ങളുടെ കലവറയായ ഈ വനപ്രദേശത്ത് 150-ല്‍ അധികം വ്യാവസായിക പ്രാധാന്യമുള്ള വൃക്ഷയിനങ്ങളുമുണ്ട്. അപൂര്‍വ ഇനം പൈന്‍
വൃക്ഷങ്ങളും നീല വാന്‍ഡ എന്ന ഓര്‍ക്കിഡും ഇവിടെയുണ്ട്. മുള, ചൂരല്‍, കാട്ടുവാഴ എന്നിവ അടിക്കാടുകളായി വളരുന്നു. നാല് ഇനം കടുവകളും പുലികളും പൂച്ചകുടുംബത്തില്പ്പെട്ട മറ്റു ചെറു ജീവികളും അസംകുരങ്ങ്, പന്നി, വാലന്കുരങ്ങ്, മനുഷ്യക്കുരങ്ങ്, ആന, കരിങ്കരടി, വിവിധയിനം മാനുകള്‍, ഉരഗങ്ങള്‍ എന്നിവയും നന്ദാഫായിലുണ്ട്.
മൗളിംങ് (Mauling). ജൈവവൈവിധ്യത്താല്‍ സമ്പന്നമായ മൗളിംങ് ദേശീയോദ്യാനം 483 ച.കി.മീ. വിസ്തൃതിയുള്ളതാണ്.
നാഗാലന്‍ഡില്‍ ഇന്റങ്കി (Intaki) ദേശീയോദ്യാനം മാത്രമേയുള്ളൂ.
കോഹിമ ജില്ലയിലെ ഇന്റങ്കി ദേശീയോദ്യാനത്തിന് 1993-ലാണ് അംഗീകാരം ലഭിച്ചത്. 202.20 ച.കി.മീ. വിസ്തൃതിയുണ്ട്. ഇന്റങ്കി നദി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു; കിഴക്ക് മോംഗ്ളൂ, വടക്കും പടിഞ്ഞാറുമായി ധന്‍സിരി, തെക്ക് ട്വിലോങ് എന്നീ നദികളും ഒഴുകുന്നു. നിറയെ മുളങ്കൂട്ടങ്ങളുള്ള പ്രകൃതിവനമാണ് ഇവിടത്തെ സവിശേഷത.
മേഘാലയ സംസ്ഥാനത്തില്‍ രണ്ട് ദേശീയോദ്യാനങ്ങളുണ്ട്.
ബാല്‍ഫക്രം (Balphakram). 339 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം വെസ്റ്റ് ഗാരോ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. വേഴാമ്പലുകളും വാങ്കോഴികളുമാണ് ഇവിടെ ധാരാളമായുള്ളത്.
നോക്റെക് (Nokrek). വെസ്റ്റ് ഗാരോ ജില്ലയിലെ 48 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു.
മണിപ്പൂര്‍ സംസ്ഥാനത്ത് രണ്ട് ദേശീയോദ്യാനങ്ങളാണുള്ളത്.
കീബുള്‍ ലംജായോ. ഇംഫാല്‍, ബിഷ്ണുപൂര്‍ ജില്ലകളിലെ 40 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. ഥാമിന്‍ മാനുകളുടെ സംരക്ഷണാര്‍ഥം 1975-ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. വംശനാശഭീഷണി നേരിടുന്ന ഒരിനമാണ് മണിപ്പൂരിലെ ഥാമിന്‍ മാനുകള്‍. 200 ച.കി.മീ. വിസ്തൃതിയുള്ള ലോക്തക് (Loktak) തടാകം ഈ ദേശീയോദ്യാനത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥിതിചെയ്യുന്നത്. തടാകത്തില്‍ വളരെ കട്ടിയില്‍ സസ്യങ്ങള്‍ ചീഞ്ഞഴുകിക്കിടക്കുന്നതിനുമുകളില് പുല്ലുവര്‍ഗങ്ങള്‍ വളരുന്നു. ഇതാണ് പലപ്പോഴും ഥാമിന്‍ മാനുകള്‍ക്ക് ഭക്ഷണമായിത്തീരുന്നത്. തടാകത്തില്‍ പൊങ്ങിക്കിടക്കുന്ന ദ്വീപുകള്‍ പോലെയാണ് ഇവ. 150-ലധികം ഥാമിന്‍ മാനുകള്‍ ഇവിടെയുണ്ട്. ധാരാളം ജലപ്പക്ഷികളെയും ഈ പ്രദേശത്തു കാണാം.
സിറോഹി (Sirohi). 1981-ല്‍ സ്ഥാപിതമായി. 41 ച.കി.മീ. വിസ്തൃതിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 2450 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തില്‍ നിരവധി പക്ഷിയിനങ്ങളുണ്ട്.
മിസ്സോറം സംസ്ഥാനത്ത് രണ്ട് ദേശീയോദ്യാനങ്ങളുണ്ട്.
മുര്‍ലെന്‍ (Murlen). ഐസവല് ജില്ലയിലെ 200 ച.കി.മീ. സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം 1991-ല്‍ സ്ഥാപിതമായി.
ബ്ളൂ മൗണ്ടന്‍ (Blue mountain). 1991-ല്‍ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 50 ച.കി.മീ. വിസ്തൃതിയുണ്ട്.
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ സാഡില്പീക്, നോര്‍ത്ത് ബട്ടണ്‍ ഐലന്‍ഡ്, മിഡില്‍ ബട്ടണ്‍ ഐലന്‍ഡ്, സൗത്ത് ബട്ടണ്‍ ഐലന്‍ഡ്, മൗണ്ട് ഹാരിയറ്റ്, മഹാത്മാഗാന്ധി സമുദ്ര ദേശീയപാര്‍ക്ക് എന്നീ ദേശീയോദ്യാനങ്ങളാണുള്ളത്.
സാഡില്‍ പീക്. സാഡില്‍ പീക് ദേശീയോദ്യാനം 1979-ല്‍ പ്രഖ്യാപിക്കപ്പെട്ടു. വടക്കേ ആന്‍ഡമാന്‍ ജില്ലയിലെ 33 ച.കി.മീ. സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഉഷ്ണമേഖലാ വനങ്ങളാണ് ഇവിടെയുള്ളത്. ആന്‍ഡമാന്‍ കാട്ടുപന്നി, മാന്‍, കടല്‍പ്പന്നി, കടലാമ, ജെക്കോ, ലവണജലചീങ്കണ്ണി, ആന്‍ഡമാന്‍ നാട്ടുമൈന, ഇംപീരിയല്‍ പ്രാവുകള്‍ എന്നിവയാണുള്ളത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
നോര്‍ത്ത് ബട്ടണ്‍ ഐലന്‍ഡ്. 1979-ല്‍ മധ്യ ആന്‍ഡമാനില്‍ പ്രഖ്യാപിതമായ നോര്‍ത്ത് ബട്ടണ്‍ ഐലന്‍ഡ് ദേശീയോദ്യാനം 0.44 ച.കി.മീ. വിസ്തൃതിയുള്ളതാണ്. പോര്‍ട്ട്ബ്ളെയര്‍ വിമാനത്താവളത്തില്‍നിന്ന് 80 കി.മീ. ദൂരെയാണ് ഈ ദേശീയോദ്യാനം.
മിഡില്‍ ബട്ടണ്‍ ഐലന്‍ഡ്. മിഡില്‍ ആന്‍ഡമാന്‍ ഐലന്‍ഡ് ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു. 1979-ല്‍ പ്രഖ്യാപിതമായി. 0.44 ച.കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം ആന്‍ഡമാന്‍ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇത് പോര്‍ട്ട് ബ്ളെയര്‍ വിമാനത്താവളത്തില്‍നിന്ന് 80 കി.മീ. ദൂരെയാണ്.
സൗത്ത് ബട്ടണ്‍ ഐലന്‍ഡ്. ഈ ദേശീയോദ്യാനം മധ്യ ആന്‍ഡമാനിലെ 0.3 ച.കി.മീ. സ്ഥലത്ത് 1977-ല്‍ പ്രഖ്യാപിക്കപ്പെട്ടു. പോര്‍ട്ട് ബ്ളെയര്‍ വിമാനത്താവളത്തില്‍നിന്ന് 50 കി.മീ. ദൂരമുണ്ട് ഇവിടേക്ക്.
മൗണ്ട് ഹാരിയറ്റ്. മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം തെക്കേ ആന്‍ഡമാന്‍ ജില്ലയിലെ 47 ച.കി.മീ. സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. 1979-ല്‍ ഒരു 'ബയോസ്ഫിയര്‍ റിസര്‍വ്' ആയി ആരംഭിച്ചതാണ് ഈ ദേശീയോദ്യാനം. പോര്‍ട്ട് ബ്ളെയറില്നിന്ന് 20 കി.മീ. ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ ആന്ഡമാന്പന്നി, വവ്വാല്, നരിച്ചീറുകള്‍, വിവിധയിനം കരണ്ടുതീനികള്‍, മുതല, ചീങ്കണ്ണി, ജെക്കോ, മരംകൊത്തികള്‍, വിവിധയിനം തിത്തിരിപ്പക്ഷികള്‍ എന്നിവയെ കണ്ടുവരുന്നു.
മറൈന്‍. മറൈന്‍ ദേശീയോദ്യാനം തെക്കേ ആന്‍ഡമാന്‍ ജില്ലയില്‍ വണ്ടൂരില്‍നിന്ന് സമുദ്രത്തിലേക്കു ചേരുന്ന ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. 281 ച.കി.മീ. വിസ്തൃതിയുള്ള ഈ മറൈന്‍ പാര്‍ക്ക് പോര്‍ട്ട് ബ്ളെയറില്നിന്ന് 20 കി.മീ. ദൂരെയാണ്.
തെക്കേ ആന്ഡമാനിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള 15 ദ്വീപുകളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. ഓരോ ദ്വീപും അതിന്റേതായ സവിശേഷ ജൈവവൈവിധ്യമുള്ളതാണ്. പഡോക്, ബദാം, സില്‍വര്‍ ഓക് തുടങ്ങിയ വൃക്ഷങ്ങളാണ് ഈ ദ്വീപുകളിലെ വനങ്ങളിലുള്ളത്.
അഞ്ചിനം കടലാമകളുടെ പ്രജനനസ്ഥലമാണ് ദ്വീപുകളുടെ തീരം. കുയില്‍, നാട്ടുമൈന, പരുന്ത്, കഴുകന്, മീന്കൊത്തിപ്പുള്ള്, തിത്തിരിപ്പക്ഷികള്‍, ബുള്‍ബുളുകള്‍ തുടങ്ങിയ പക്ഷികളും വിവിധയിനം ഉരഗങ്ങളും ഇവിടെയുണ്ട്.
മധ്യ ആന്‍ഡമാനില്‍ 1979-ല്‍ പ്രഖ്യാപിക്കപ്പെട്ട മധ്യ ആന്‍ഡമാന്‍ ദ്വീപ് ദേശീയോദ്യാനം 0.6 ച.കി.മീ. വിസ്തൃതിയുള്ളതാണ്. പോര്‍ട്ട് ബ്ളെയര്‍ വിമാനത്താവളത്തില്‍നിന്ന് 70 കി.മീ. ദൂരമുണ്ട്.
ഈ ദേശീയോദ്യാനങ്ങള്‍ അധികവും ഉഷ്ണമേഖലയില്‍ ഉള്‍പ്പെട്ടവയാണ്. ഉയര്‍ന്ന താപനിലയും മഴയുടെ തോതും ഇവിടത്തെ സവിശേഷതകളാണ്. മേയ് മുതല്‍ നവംബര്‍ വരെയാണ് കാലവര്‍ഷം. 2920 മി.മീ. വരെ മഴ ലഭിക്കും. താപനില 22-32°C ആണ്. നിത്യഹരിത വനങ്ങളും കണ്ടല്വൃക്ഷങ്ങളുള്ള ഈര്‍പ്പ ഇലകൊഴിയും വനങ്ങളുമാണ് ഇവിടെയുള്ളത്. ആന്‍ഡമാനിലെ ദേശീയോദ്യാനങ്ങളിലെല്ലാം ആന്‍ഡമാന്‍ കാട്ടുപന്നി, ഡുഗോങ്, ഡോള്‍ഫിന്‍, ആമകള്‍, വിവിധയിനം പാമ്പുകള്‍, പല്ലികള്‍, മുതല, ചീങ്കണ്ണി, ആന്‍ഡമാന്‍ പക്ഷിയിനങ്ങള്‍ എന്നിവയുണ്ട്.
അവസാനം പരിഷ്കരിച്ചത് : 5/28/2020
ഇന്ത്യൻ റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍